ഡയറികൾ പല വിധമുണ്ട്. അന്നന്നത്തെ ഇടപാടുകളുടെ കണക്കുകൾ മാത്രം എഴുതി സൂക്ഷിക്കുന്ന ഒരു കണക്ക പിള്ളയുടെ ഡയറി, വേദനയോടെ തള്ളി നീക്കിയ ഓരോ ദിനങ്ങളേയും കണ്ണീരിന്റെ മഷിയിൽ രേഖപ്പെടുത്തിയ ആന്‍ഫ്രാങ്കിന്റെ ഡയറി, ഇരുചക്ര വാഹനത്തിൽ സാഹസികമായി നടത്തിയ ഒരു യാത്രയുടെ അനുഭവങ്ങളെ അക്ഷരങ്ങളാക്കിയ ചെഗുവേരയുടെ ഡയറി മുതൽ കല്യാണം കഴിഞ്ഞ ശേഷമുള്ള ഒരു വര്‍ഷത്തെ അനുഭവങ്ങളും, കാഴ്ചപ്പാടുകളും ജീവിത്തിലുണ്ടായ മാറ്റങ്ങളും തിരുത്തലുകളുമൊക്കെ കോര്‍ത്തിണക്കിയ എന്റെ പിതാവിന്റെ ഡയറി വരെ അതങ്ങനെ നീണ്ടുപരന്ന് കിടക്കുന്നു. ഒരു പക്ഷേ, എത്ര എത്ര ഡയറികളായിരിക്കാം ഓരോ ദിനവും ഈ ഭൂമിയില്‍ എഴുതപ്പെട്ട് കൊണ്ടിരിക്കുന്നത്. അതെല്ലാം ചേര്‍ത്ത് വച്ചാൽ ഈ പ്രപഞ്ചത്തിലെ ഓരോ ദിനത്തേയും വളരെ സൂക്ഷ്മമായി അതിൽ വായിച്ചെടുക്കാൻ കഴിയുമായിരിക്കും. കാരണം, വീട്ടിലനങ്ങിയ ഒരു ഇലയെക്കുറിച്ചുള്ള കഥ മുതൽ സൂര്യ-ചന്ദ്രന്മാരുടെ ഗ്രഹണ നിലയെ അപഗ്രഥിച്ച് കുറിച്ച് വച്ച ഒരു വാനനിരീക്ഷകന്റെ ഡയറി വരെ ദിനവും ഈ ഭൂമിയില്‍ എഴുതപ്പെട്ടുകൊണ്ടിരിക്കുന്നു. മനുഷ്യന്റെ നന്മ തിന്മകളെ എഴുതി സൂക്ഷിക്കപ്പെടുന്ന വലിയ ഡയറികളുമായി രണ്ട് എഴുത്തുകാര്‍ നമ്മുടെ തോളെല്ലിന് തൊട്ട് പിന്നിലുണ്ടന്ന് ഇസ്ലാമിക അധ്യാപനങ്ങളിൽ പറയുന്നു. ഭൂലോകത്തെ എല്ലാവരും മരിച്ചു കഴിഞ്ഞുള്ള വിചാരണ നാളില്‍ ആ വലിയ ഡയറി നമ്മുടെ കൈയിൽ കിട്ടുമെന്നും അത് പറഞ്ഞ് വെക്കുന്നു. അങ്ങനെയൊക്കെ ആണങ്കിലും, 'അഞ്ച് നേരം കൃത്യമായി നമസ്കരിക്കാത്തവർ എന്റെ വീട്ടിൽ തങ്ങുന്നതെനിക്ക് പൊരുത്തമില്ല' എന്ന് പറഞ്ഞ എന്റെ ഉപ്പപ്പയുടെ ഡയറിയാണ് എന്നെ ആദ്യമായി അദ്ഭുതപ്പെടുത്തിയ ഡയറി താളുകള്‍.
മനുഷ്യര്‍ എന്തിനായിരിക്കാം ജീവിതം ജീവിച്ച് തീർക്കുന്നതോടൊപ്പം ആ അനുഭവങ്ങളെ എഴുതി സൂക്ഷിക്കുന്നതെന്ന് ഞാനന്ന് ചിന്തിക്കാതെയിരുന്നില്ല. ഒരു പക്ഷേ, ഇന്ന ദിവസം, ഇന്ന സമയം നീ എന്തെടുക്കുകയായിരുന്നു എന്ന് എവിടെനിന്നെങ്കിലും ആരെങ്കിലും ചോദിച്ചേക്കാം എന്നതിനാലായിരിക്കാം ഉപ്പപ്പ കിടക്കുന്നതിന് മുമ്പ് അതെല്ലാം എഴുതി കൂട്ടിയിരുന്നതെന്ന് ഞാനന്ന് ധരിച്ചവശയായി പോയിരുന്നു.
മക്കളുടെ ജനനത്തിയ്യതി, പലചരക്ക് കടകളിലെ ദെെനംദിന കണക്കുകൾ, വാടക കെട്ടിടങ്ങളുടെ എഴുത്ത് കുത്തുകൾ തുടങ്ങി തന്റെ കാലശേഷം ഇത് തുറന്ന് വായിക്കാനിടയുള്ള മക്കൾക്ക് കരുതിവെച്ച നിർദ്ദേശങ്ങൾ വരെ ആ താളുകളിൽ അദ്ദേഹം എഴുതിയിരുന്നു. ചില അഭ്യര്‍ത്ഥനകളും അതിൽ കാണാം. എന്തൊക്കെയോ കാരണം കൊണ്ട് അന്ന് അദ്ദേഹത്തിന് ചെയ്യാൻ കഴിയാതെ പോയ കടമകളോ ഉത്തരവാദിത്തങ്ങളോ നിങ്ങൾ ചെയ്യണമേയന്ന അഭ്യര്‍ത്ഥന അതിൽ നിഴലിച്ചിരിക്കുന്നു. ഞാൻ ഇന്ന മകനെ ഇന്ന വിഷയത്തിൽ കൂടുതൽ പരിഗണിച്ചില്ല. അതിനാല്‍ അവന് വേണ്ടി നിങ്ങൾ ഇന്ന കാര്യം ചെയ്യണം... എന്നൊക്കെ പോലെ. അതിൽപ്പെട്ട ഒന്നായിരുന്നു മേൽ ഞാൻ എഴുതിയ നമസ്കാര നിർദ്ദേശം. അതികം ചിത്രപണികളോ വർണ്ണ മനോഹാരിതയോ അല്ലാത്ത പരുക്കൻ ഡയറികളാണ് അന്ന് ഉപ്പപ്പ ഉപയോഗിച്ചു വന്നിരുന്നത്. കടന്ന് പോകുന്ന ഓരോ ദിവസങ്ങളിലേയും വിശദവിവരങ്ങൾ എഴുതി ചേർക്കുന്നതിന് പകരം അതാതു ദിവസത്തെ പ്രധാന കണക്കുകൾ, ഓർമ്മപ്പെടുത്തലുകൾ തുടങ്ങിയവയായിരുന്നു ആ ഡയറിയുടെ മുഖ്യ ആകര്‍ഷണീയത. ഒരു പക്ഷേ, അദ്ദേഹത്തിന്റെ ഓർമ്മകൾ മായുന്നത് വരെ അദ്ദേഹം ആ എഴുത്ത് തുടർന്ന് കാണണം.
ഉപ്പപ്പയോടൊപ്പമുള്ള കുട്ടിക്കാലത്തെ ഓര്‍മ്മകളെ കിനാവ് കാണുന്നതേ വലിയ ആനന്ദം നല്‍കുന്ന കാര്യമാണ്. ഉപ്പ എന്ന നിരന്തര പ്രവാസിക്കിടയില്‍ ഉപ്പപ്പയായിരുന്നു എനിക്ക് ഉപ്പ. പിതാവിനോടുള്ള മക്കളുടെ കടമകളെ കുറിച്ച് ചെറുപ്പത്തിലേ ഒരേകദേശ രൂപം കിട്ടണമെങ്കിൽ നമ്മൾ മുത്തച്ഛരോടൊപ്പം അല്‍പ്പകാലമെങ്കിലും കഴിയണമെന്നെനിക്ക് തോന്നിയിട്ടുണ്ട്. കുട്ടിക്കാലത്ത് നല്ല മണമുള്ള, പഴുത്ത് കറുത്ത നിറമാർന്ന നേന്ത്രപ്പഴം കഴിക്കാൻ ഉപ്പപ്പ എന്നെ മുറിയിലേക്ക് ക്ഷണിക്കുമ്പോൾ അദ്ദേഹത്തിന്റെ പച്ച നിറമാർന്ന തകര അലമാരയിലെ പുസ്തക കെട്ടുകളിലേക്കാണ് ഞാൻ ശ്രദ്ധയൂന്നാറ്. അതിനകത്തെ റസ്കിന്റെ മണം കൂടികലർന്ന പുസ്തകങ്ങളുടെ ഗന്ധം മുറിയിൽ നിറഞ്ഞിരിക്കുന്നതായി എനിക്കപ്പോൾ തോന്നാറുണ്ട്. അനേകം കട്ടിയുള്ള പുസ്തകങ്ങൾക്കിടയിൽ വെട്ടുകല്ലിനിടയിലെ സിമന്റ് മിശ്രിതം പോലെ കുറേ ഡയറികളും കാണാമായിരുന്നു. പിന്നെ എന്താല്ലാമോ മറ്റു വസ്ഥുക്കളും. ക്ഷേത്ര നട തുറക്കപ്പെട്ടത് പോലെ വളരെ വലിയ ആദരവോടേയും, ഭക്തി ബഹുമാനത്തോടേയും ഞാനതിനകത്തേക്ക് കണ്ണ് നട്ടുനില്‍ക്കും. പൊതുവില്‍ ഉപ്പപ്പയുടെ അസാന്നിദ്ധ്യത്തിൽ ആ മുറിയിലേക്ക് പ്രവേശിക്കാന്‍ തന്നെ ഞങ്ങൾ കുട്ടികള്‍ക്ക് ഭയമായിരുന്നു. കാരണം, അത്രക്ക് അടുക്കും ചിട്ടയുമായാണ് സാധന സാമഗ്രികള്‍ അവിടെ വച്ചിരുന്നത്. അതിൽ ഏതെങ്കിലുമൊന്ന് സ്ഥാനം തെറ്റിയാല്‍ അദ്ദേഹമറിയും എന്ന ധാരണ കൊണ്ടായിരുന്നു അങ്ങനെ. ചിലയവസരങ്ങളില്‍ മുറിയുടെ ആ ചാരിയ വാതിൽ തുറന്ന് ഞാനതിനകത്ത് ചെല്ലുമ്പോൾ മേശപ്പുറത്ത് പകുതി എഴുതി വച്ച് നിര്‍ത്തിയപോലെ ഡയറി കാണാം. പേജുകള്‍ക്കിടയിൽ പുറത്തേക്ക് തല ഇട്ടെന്നോണം സ്വർണ്ണ വർണ്ണത്തിലുള്ള ഹീറോ പെന്നിന്റെ മുനയും.
ചെന്നി രോഗം ബാധിച്ച അദ്ദേഹത്തിന്റെ അവസാന നാളുകളിലാണ് ആ അലമാര തുറന്ന് പരിശോധിക്കാൻ വീട്ടുകാർക്ക് അവസരം ലഭിച്ചതെന്ന് തോന്നുന്നു. ഒരായുസ്സ് മുഴുവന്‍ ഉപ്പപ്പ സമ്പാദിച്ച പുസ്തകങ്ങളും, അദ്ദേഹമെഴുതി കൂട്ടിയ വിലപിടിപ്പുള്ള ഓര്‍മ്മകളുമാണ് അതെന്ന ചിന്തയില്ലാതെ വളരെ ക്രൂരമായാണ് അവരതിനെ കൈകാര്യം ചെയതതെന്നെനിക്ക് ഉറപ്പാണ്. കാരണം, ഡയറികളുൾപ്പെടെയുള്ള ആ പുസ്തക കെട്ടുകളെ പിന്നീട് ഞാന്‍ കാണുന്നത് അടുക്കളക്കു വെളിയിലെ ചിമ്മിനിക്കു മുകളിലായിരുന്നു. തകര ഷീറ്റിലെ ചെറിയ വിടവിലൂടെ ഉറ്റി വീഴുന്ന വെള്ളത്തുള്ളികളും ചൂടും വെയിലും പുകയുമേറ്റ് അനേകം നാളുകൾ അവറ്റകളവിടെ മൃതപ്രായരായി കിടന്നുകാണണം. വേദനയോട് കൂടി അന്ന് ഞാനോടിച്ചെന്ന് ആ അലമാര പരിശോധിച്ചതോര്‍ക്കുന്നു. അതിൽ പുസ്തകങ്ങൾക്കും ഉപ്പപ്പയുടെ സാമാനങ്ങൾക്കും പകരം നിറയെ വാരിക്കൂട്ടിയ വസ്ത്രങ്ങളായിരുന്നു ഞാന്‍ കണ്ടത്. എങ്കിലും, ആ മണം അപ്പോഴും അതിൽ അവശേഷിച്ചിരുന്നു. നല്ല പഴുത്ത പൂവൻ പഴത്തിന്റേയും റസ്കിന്റേയും മണം. ഉപ്പപ്പയുടെ മരണ ശേഷം കുറെ കാലങ്ങള്‍ കഴിഞ്ഞ് ഒരിക്കൽ ഞാനും എന്റെ സഹോദരനും ആ പുസ്തക ചാക്ക് താങ്ങിപിടിച്ചിറക്കി അതിലൊരു പരിശോധന നടത്തി. എന്നാൽ, എന്തുകൊണ്ടോ അൽപ്പം ചില പുസ്തകങ്ങളൊഴിച്ച് ബാക്കിയുള്ളവയെല്ലാം തന്നെ അവിടെ ഞാനുപേക്ഷിച്ചു പോന്നു എന്നാണന്റെ ഓർമ്മ. കാരണം, അപ്പോഴേക്കും ആ മണമുള്ള ഡയറികളെക്കുറിച്ചും, സജീവമായിരുന്ന ആ അലമാരയെക്കുറിച്ചുമൊക്കെയുള്ള ഹൃദ്യമായ ഓർമ്മകൾ എന്നില്‍ നിന്നും മാഞ്ഞുപോയിരുന്നു. അങ്ങനെ, തിരിച്ച് പിടിക്കാൻ കഴിയാത്ത വിസ്മൃതിയിലേക്ക് ആ പുസ്തകങ്ങളെല്ലാം തന്നെ മറഞ്ഞു. ആ ഡയറികളും...
പിന്നെ, കാലങ്ങൾക്ക് ശേഷം എങ്ങനെയൊക്കെയോ അവയില്‍ ചിലത് എന്റെ കൈവശം വന്നുചേര്‍ന്നു. ഒരു ഗവേഷക വിദ്യാർത്ഥിയെപ്പോലെ ആ പുസ്തകങ്ങളും ഡയറികളും ഞാന്‍ പഠനവിധേയമാക്കി. അതിലെ ഓരോ താളുകളും വിശദമായി ഞാൻ പരിശോധിച്ചു. അകർഷകമല്ലാത്ത ആ കയ്യക്ഷരങ്ങളെ വായിച്ചെടുക്കുമ്പോൾ എത്ര ദീർഘ വീക്ഷണത്തോടെയാണ് അദ്ദേഹം ആ രചനകളൊക്കെ നിരവഹിച്ചതെന്ന് ഞാന്‍ അദ്ഭുതപ്പെടാതിരുന്നില്ല. മക്കളെ അതിതീവ്രമായി സ്നേഹിക്കുന്ന ഒരു പിതാവിന്റെ മനസ്സ് അതിൽ വായിച്ചെടുക്കാൻ കഴിയുന്നു. പരിലാളനകളെ അക്ഷരങ്ങളായും രൂപം മാറ്റാൻ കഴിയുമെന്ന് അന്നെനിക്ക് ബോധ്യമായി. ആ ഡയറി താളുകളിൾ അപ്പോഴും ആ റസ്കിന്റെ ഗന്ധം അവശേഷിച്ചിരുന്നതായി എനിക്ക് തോന്നി. വെള്ളിയാഴ്ച പ്രാർത്ഥനക്കായി അദ്ദേഹം പള്ളിയിലേക്ക് പുറപ്പെടുമ്പോൾ ഒരു ചെറിയ പഞ്ഞിയിൽ പുരട്ടി തന്റെ ചെവിപടലത്തിനു മുകളിൽ വെച്ചിരുന്ന അത്തറിന്റെ ഗന്ധവും അതിലപ്പോഴുണ്ടായിരുന്നു. കുടുംബത്തിൽ പല ചർച്ചകൾക്കും പൊല്ലാപ്പുക്കൾക്കും വരെ ഇടവരുത്തിയേക്കാവുന്ന പല വിവരങ്ങളും അതിലെനിക്ക് വായിക്കാൻ കഴിഞ്ഞു. കൂടാതെ, പ്രവാചകന്മാരെക്കുറിച്ച് അദ്ദേഹം എഴുതിയ ചില ലേഖനങ്ങൾ അതാതു വിഷയത്തെക്കുറിച്ചുള്ള സംക്ഷിപ്ത രൂപങ്ങളായിരുന്നു. പ്രത്ത്യേകിച്ച് പ്രവാചകൻ ഇബ്രാഹീമിനെക്കുറിച്ചുള്ള വിവരങ്ങൾ.
ലോകത്ത് ചരിത്രം രചിച്ച മിക്ക മഹാന്മാരുടെയും കയ്യക്ഷരം മോശമായിരുന്നു എന്ന തികച്ചും സ്വകാര്യമായ ഒരു ധാരണ എനിക്കന്നുണ്ടായിരുന്നു. അതിനാലായിരിക്കും, വായിക്കാൻ പ്രയാസമാണങ്കിൽ കൂടി എന്റെ ഉപ്പപ്പയുടെ മോശമായ കയ്യക്ഷരത്തെ ചൊല്ലി ഞാനൽപ്പം അഭിമാനിച്ചത്... അദ്ദേഹത്തെ ചൊല്ലിയും…
അദ്ദേഹത്തിൽ സര്‍വ്വ ശക്തനായ ദൈവം സകലാനുഗ്രഹങ്ങളും വര്‍ഷിക്കുമാറാകട്ടെ.


