നമ്മുടെ പൂര്‍വ്വികരെ...
കുടുംബാംഗങ്ങള്‍, സുഹൃത്തുക്കളുടെ പൂര്‍വ്വികര്‍, അയല്‍വാസികൾ, വിദൂര ബന്ധങ്ങൾ... എന്നിങ്ങനെ ആരെയെങ്കിലും. ഒരുപക്ഷേ, അവരുമായുള്ള സഹവാസം ഒരൊട്ടു വലിയ അനുഭവം തന്നെയിയിരിക്കാം. പണ്ട്... പണ്ടാരോ മോഷ്ടിച്ച നമ്മുടെ സ്വൈര ജീവിതം പുനഃസ്ഥാപിക്കാൻ നൂറ്റാണ്ടുകളോളം നിന്ന് പടവെട്ടിയ ആ ധീര ദേശാഭിമാനികളുടെ ഏറ്റവും ഒടുവിലത്തെ കണ്ണികളാണ് നമ്മളിന്നീ അനുഭവിക്കുന്ന സ്വതന്ത്രം നമുക്ക് വാങ്ങി നല്‍കിയത്. അവരനുഭവിച്ച വേദനയും വിയര്‍പ്പുമാണിത്. കുഞ്ഞു മക്കൾ, ഭാര്യ, അമ്മ... അമ്മയുടെ തലോടൽ. അച്ഛൻ... അവർ തറയില്‍ കിടന്ന് എത്രയോ കണ്ണീരൊഴിക്കി കാണണം. അങ്ങനെ എത്രയെത്രയോ മനുഷ്യര്‍ കഴിഞ്ഞ കാലം നമ്മെ കടന്ന് പോയിരിക്കുന്നു. നമ്മെപ്പോലെ രക്തമൊലിക്കുന്ന ഞരമ്പുകളും, പച്ച മാംസവുമുള്ള മനുഷ്യര്‍. എന്തിനു വേണ്ടിയായിരിക്കാം അവരന്നതൊക്കെ അനുഭവിച്ചത്. നമുക്ക് വേണ്ടി... നമ്മളോരോരുത്തർക്കും വേണ്ടി. ഭൂമിയും ആകാശം ഗോളങ്ങളും സൂര്യനു ചുറ്റുമങ്ങനെ അന്തമില്ലാതെ കറങ്ങി കൊണ്ടിരിക്കുന്നതിനിടയിലൊരു 'സുന്ദര ശുഭ' മുഹൂര്‍ത്തത്തിൽ ജനിക്കാനിരിക്കുന്ന 'നവീന്‍' എന്ന ഈ എനിക്കു വേണ്ടി. ഇത് വായിച്ച് കൊണ്ടിരിക്കുന്ന നിങ്ങളോരോരുത്തർക്കും വേണ്ടി...
ഒരിടത്തൊരാൾ മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയതാൽ മറ്റൊരു വശത്ത് അനേകം പേർ രൂപപ്പെട്ട് വരുന്ന അത്ഭുത പ്രതിഭാസമായിരുന്നാ വീരസമരം. അടിയും, ഇടിയും, തൊഴിയും, തെറിയും, നാടുകടത്തലും, ജയിലറകളിലെ നിഗൂഢ രാത്രികളും, പകലുകളും, അസഹ്യമായ ഏകാന്തതയും അനുഭവിച്ചു നീങ്ങിയ ത്യാഗമെന്ന മഹാപ്രസ്ഥാനത്തിലെ അംഗങ്ങളായിരുന്നാ മഹാമനുഷ്യര്‍.
ആ തീക്ഷ്ണമായ നാളുകളെ കുറിച്ചുള്ള ആഴത്തിലുള്ള ചർച്ചകളിലായിരുന്നു ഞങ്ങൾ. ചർച്ചകൾ എന്നാൽ... അതിന്റെ നാൾ വഴികള്‍, പ്രധാന സംഭവവികാസങ്ങൾ, എതിരിട്ട രീതികള്‍, സമരത്തെ അവലോകനം ചെയത് എഴുതപ്പെട്ട വരികള്‍, കനപ്പെട്ട ഗ്രന്ഥങ്ങൾ... അങ്ങനെ ഒന്നമേ അല്ലായിരുന്നു ഞങ്ങളുടെ വിഷയം. ഞാൻ പറഞ്ഞല്ലോ... പൂര്‍വ്വികരെക്കുറിച്ച്. രക്തവും മജ്ജയുമുണ്ടായിരുന്ന, നമ്മളേയൊക്കെ പോലെ ഈ ഭൂമിക്ക് മുകളിലൂടെ സ്വപ്നവും കണ്ട് നടന്നിരുന്ന ഉപ്പഉപ്പപ്പമാരെ കുറിച്ചായിരുന്നു ഞങ്ങളുടെ ചർച്ച. പലരും പല വിധത്തിൽ തങ്ങളുടെ തലമുറക്ക് മുകളിലെ ആ സ്വതന്ത്ര ദാഹികളെ കുറിച്ച് വാചാലരായി. ഉപ്പപ്പ, ഉപ്പപ്പയുടെ ഉപ്പ, ഉമ്മമ്മയുടെ ഉപ്പ. അങ്ങനെ അനേകം പേരെ സംബന്ധിച്ച്. അധികാര തൊടി എന്ന ദേശത്ത് പതിനൊന്ന് ശുഹദാക്കളെ മറമാടിയ കുഴിമാടത്തിന്റെ ചിത്രം ഉയർത്തി കാണിച്ചൊരുവന്‍ പറഞ്ഞു.
"കണ്ടോ. ഇതിനുള്ളിലെ ഒരാൾ എന്റെ ഉപ്പപ്പയുടെ ഉപ്പയാകുന്നു".
ഹോ... മഹാഭാഗ്യവാൻ. ആ വീര ഷഹീദിന്റെ സിരകളിലൊഴുകിയിരുന്ന രക്തം വഹിക്കാന്‍ ഭാഗ്യം സിദ്ധിച്ചവൻ. ഞാൻ മനസ്സിൽ പറഞ്ഞു.
അധികാരതൊടി ഖബറിസ്ഥാന്റെ പായല്‍ പിടിച്ച കരിങ്കൽ കെട്ടിൽ '1921' എന്ന് മാത്രമാണ് എഴുതി വെച്ചിരിക്കുന്നത്. എങ്കിലും, അതെന്താണെന്ന് കണ്ട മാത്രയിൽ തന്നെ ആർക്കും മനസ്സിലാകും. ആ അക്കങ്ങളില്‍ ഒളിഞ്ഞു കിടക്കുന്ന ആവേശകരമായ പോരാട്ട കഥകളെ എത്ര എത്ര വായിച്ചാലും മതിയാകില്ല. കെ മാധവന്‍ നായര്‍, മോയികുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്, ഇഎംസ്, എംപി നാരായണ മേനോന്‍... അങ്ങനെ എത്രയോ പേർ 1921നെ കുറിച്ച് വാചാലമായിരിക്കുന്നു. ഏകദേശം നൂറിന് മുകളിൽ ഗവേഷണ ഗ്രന്ഥങ്ങളിലായി ആ നാലു അക്കങ്ങളെ ഇതുവരേക്കും പഠനവിധേയമാക്കിയിട്ടുണ്ട്. ഒരുപക്ഷേ, ഇന്ത്യൻ ചരിത്രത്തെ സംബന്ധിച്ച അപൂര്‍വ്വമായ സവിശേഷതയായിരിക്കാം അത്. നഖശിഖാന്തം എതിര്‍ത്തെഴുതിയവരുമുണ്ട് ധാരാളം. സാരമില്ല... ചരിത്രങ്ങളുടെ ആവര്‍ത്തിക്കപ്പെടുന്ന വായനക്കും, അന്വേഷണങ്ങൾക്കും അവരെയും ആവശ്യമാണല്ലോ.
അപ്പോൾ നമ്മൾ പറഞ്ഞു വരുന്നത് പൂര്‍വ്വികരെ കുറിച്ചാണല്ലോ... ആരായിരുന്നു നമ്മുടെ പൂര്‍വ്വികര്‍? അവരെ കുറിച്ചന്വേഷിച്ച് ചെന്നാൽ അത്ഭുദപ്പെടുത്തുന്ന പല തരം കഥകളിലേക്കാണ് നമ്മളെത്തി ചേരുക. നമ്മൾ ചരിത്ര ക്ലാസ്സുകളില്‍ കേട്ടിരുന്നിട്ടുള്ള... പുസ്തകങ്ങളില്‍ വായിച്ചത്ഭുദം കൂറിയിട്ടുള്ള പല സംഭവങ്ങളുടേയും ഒരു വശത്ത് അവരും ഉണ്ടായിരുന്നിരിക്കണം. തീ പാറുന്ന കാൽനട ജാഥകളുടെ വഴിത്താരകളിലോ. ആവേശം കൊള്ളിച്ചുയർന്ന ഏതെങ്കിലും പ്രഭാഷണങ്ങളുടെ കേൾവിക്കാരനായോ. കനത്ത പോലീസ് ബൂട്ടുകളുടെ പ്രകമ്പനത്തിൽ ഭയന്നവരായോ അവരും ചരിത്രത്തിന്റെ ഭാഗമായിരുന്ന് കാണാം.
നിങ്ങള്‍ക്ക് വാഗന്‍ ട്രാജഡി അറിയുമോ...
വെള്ളക്കാരിൽ നിന്നുള്ള സ്വതന്ത്രമോ... അല്ലെങ്കിൽ, അല്ലാഹുവിന്റെ അടുക്കലെ താഴ്ഭാഗത്തുകൂടി അരുവികളൊഴുകുന്ന സ്വര്‍ഗ്ഗ തോപ്പുകളോ സ്വപ്നം കണ്ട് നീങ്ങിയ പത്തറുപതഞ്ച് മനുഷ്യരെ ശ്വാസം മുട്ടിച്ച് കൊന്ന ബ്രിട്ടീഷുകാരന്റെ മഹാപാതകത്തിന്റെ പേരാകുന്നു അത്. ഒരിറ്റ് ശ്വാസത്തിന്നായി കേണതിന്റെ പേരില്‍ മാത്രം സ്വര്‍ഗ്ഗാവകാശികളായ ആ കൂട്ടത്തില്‍ നമ്മുടെ പൂര്‍വികര്‍ ഉണ്ടായിരുന്നിരിക്കുമോ... അല്ലെങ്കിൽ, അതിന്റെ ദൃക്‌സാക്ഷികളിലോ... ആ വേദനിപ്പിക്കുന്ന വാര്‍ത്ത കേട്ട് കണ്ണീരൊഴിക്കിയവരിലോ... തല്‍ക്ഷണമങ്ങോട്ട് പുറപ്പെട്ട് നീങ്ങിയവരിലോ അവരുണ്ടായിരുന്നിരിക്കുമോ. ആ ശുഹദാക്കളുടെ മയ്യത്ത് പെറുക്കി കൂട്ടി വെള്ളമുപയോഗിച്ച് കഴുകാതെ മറമാടിയവരിലെങ്കിലും അവരുണ്ടായിരുന്നിരിക്കാം.
ഇസ്ലാമിക വിശ്വാസ പ്രകാരം ധർമ്മ സംസ്ഥാപനത്തിന്നായി വീരമരണം പുല്‍കുന്നവർ കേവലം മരിച്ചവരല്ല. അവർ രക്തസാക്ഷികൾ അഥവാ, ശുഹദാക്കളാണ്. അവർ ദൈവത്തിന്റെയടുക്കൽ ലോകാവസാനം വരെ ഊട്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അവരുടെ രക്തം വമിക്കുന്ന വിശുദ്ധ ശരീരം വെള്ളമുപയോഗിച്ച് കഴുകി 'മലിനമാക്കാൻ' പാടില്ല എന്നാണ് ഇസ്ലാമിക അധ്യാപനം. നാളെ പ്രപഞ്ചമാകുന്ന ഈ പ്രപഞ്ചത്തിലെ മുഴുവന്‍ മനുഷ്യരേയും മഹ്ശറ എന്ന വലിയൊരു മൈദാനിയിൽ ഒരുമിപ്പിച്ച് കൂട്ടുമ്പോൾ മേത്തരം ദ്രവ്യങ്ങളുടെ സുഗന്ധം വമിക്കുന്ന രക്തക്കറകളുമായി കുറെ മനുഷ്യരങ്ങനെ നടന്ന് വരുന്നത് കാണാൻ കഴിയുമത്രെ. ഭൂമിയില്‍ ചെയ്ത ശരി തെറ്റുകളെ സംബന്ധിച്ച വിചാരണയൊന്നും കൂടാതെ സ്വര്‍ഗ്ഗത്തിലേക്ക് ആനയിക്കപ്പെടാൻ പോകുന്ന മഹാഭാഗ്യവാന്‍മാരാണവർ... ഷുഹദാക്കൾ. കാരണം, എന്റേയും നിങ്ങളുടേയും ജീവിതം സുന്ദര മനോഹരവും... സുരക്ഷാ സൗകര്യങ്ങളുമുള്ളതാക്കി മാറ്റാൻ സ്വജീവിതം ബലി നല്‍കിയവരാണവർ.
പൂര്‍വ്വികര്‍...
ഇന്ത്യയുടെ ഭൂപടമൊന്ന് നോക്കാനപേക്ഷ. അതിൽ. ദക്ഷിണേന്ത്യയുടെ ഏറ്റവും കിഴക്കെ അറ്റത്ത്... മഹാബലിപുരത്ത് നിന്നും കടൽ വഴി നേരെ നോക്കിയാല്‍ പേനയിൽ നിന്നും മഷി കുടഞ്ഞത് മാതിരി തെന്നി തെറിച്ച് നില്‍ക്കുന്ന എതാനും ദ്വീപുകളുടെ കൂട്ടത്തെ കാണാൻ കഴിയും. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹം എന്നാണതിന്റെ പേര്. അവിടുത്തെ അതിഭയങ്കരമായ സെല്ലുലാർ ജയിലിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ...? ആരെയും ഭയവിഹ്വലമാക്കാൻ പോന്ന ആ ജയിലിലെ വലിയ എടുപ്പുകൾക്കുള്ളിൽ മേല്‍ പറഞ്ഞ എത്രയോ സ്വതന്ത്ര ദാഹികൾ മരണത്തെ കാത്തു കിടന്നിട്ടുണ്ട്. ക്രൂരമായ പീഡനം കാരണം അലറി വിളിച്ച നിലവിളികളുടെ കമ്പനം ഇപ്പോഴും ആ ചുമരുകളിൽ പ്രതിധ്വനിച്ച് നിൽക്കുന്നുണ്ടായിരിക്കാം. ഇന്നതൊരു മ്യൂസിയമായി പരിണമിച്ചിരിക്കുന്നു. കാലത്തിന്റെ അനേകം തമാശകളിലൊന്ന്. ഇനിയും മ്യൂസിയങ്ങളായി മാറാൻ വെമ്പല്‍ പൂണ്ടു കിടക്കുന്ന എത്ര എത്ര തടവു കേന്ദ്രങ്ങളാണീ ലോകത്തുള്ളത്. എതിർശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാൻ നിര്‍മിച്ച രാഷ്ട്രീയ കശാപ്പു കേന്ദ്രങ്ങള്‍ക്കു മുകളിലെ കുടുമയാണ് ഇന്നത്തെ പല സുന്ദര മോഹന 'ജനാതിപത്യ' സര്‍ക്കാറുകളും. നാളെ അവരും മ്യൂസിയങ്ങളിലെ നിശബ്ദ കാഴ്ച്ചകളായി പരിണമിക്കും.
സംസാര മധ്യേ ഞങ്ങളുടെ കൂട്ടത്തിലൊരാൾ പറഞ്ഞു... അവന്റെ വീട് ആൻഡമാൻ ദ്വീപിലാണന്ന്. മാറിടം മറക്കാത്ത അനേകം ആദിവാസി സ്ത്രീകൾ അധിവസിക്കുന്ന ഒരു ചെറിയ ദ്വീപിന്റെ അയല്‍ ദ്വീപിലാണ് അവനും കുടുംബവും ജീവിച്ചു വരുന്നത്. തനി മലയാളമല്ലാത്ത ഭാഷയിൽ അവനും തന്റെ പൂര്‍വ്വികരെ കുറിച്ച് വാചാലമായി...
സ്വതന്ത്ര്യ സമരത്തില്‍ പങ്കുകൊണ്ടതിന്റെ പേരില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നാടുകടത്തി ജയിലിലിട്ട് പീഢിപ്പിച്ച ഒരാളാണു പോൽ അദ്ദേഹത്തിന്റെ പിതാമഹനും. അക്കാലത്തൊരിക്കൽ... നാടിനെ കുറിച്ചും കുടുംബത്തെ ക്കുറിച്ചും ചിന്തിച്ച് ചിന്തിച്ച് വേദനിച്ചു കിടന്നിരുന്ന ഒരു ദിവസം ജയിലുദ്യോഗസ്ഥൻ വന്ന് പറഞ്ഞുവത്രെ...
"താങ്കൾ ഇന്ന് മുതൽ സ്വാതന്ത്ര്യനാണ്... തനി സ്വതന്ത്രന്‍..."
എന്ത് സ്വതന്ത്രം?
നാല് ഭാഗവും വെള്ളത്താൽ ചുറ്റിയൊരു പ്രദേശത്തിന്റെ വിജനതയിൽ അയാളെന്ത് സ്വതന്ത്രമനുഭവിക്കാനാണ് ഹേ... എന്നിരുന്നാലും, വെളിയിലിറങ്ങി അയാൾ നടന്നു... കുറേ നടന്നു. മുന്നില്‍ തിരയടിക്കുന്ന വിശാല വിശാല നിഗൂഢ സമുദ്രം കാണാം. പിന്നില്‍, വന്ന വഴി മാത്രം. എങ്ങും ശൂന്യത. വിശപ്പുകൊണ്ടയാൾ അവിടെ തളര്‍ന്ന് വീണു. ഹൃദയമുള്ള ചില മനുഷ്യര്‍ അയാൾക്ക് ഭക്ഷണം, വെള്ളം എന്നിവ നല്‍കി ആവശ്യങ്ങള്‍ ആരാഞ്ഞു. അലിവു തോന്നിയ അവർ അയാള്‍ക്കൊരു ജോലി തരപ്പെടുത്തി നല്‍കി. ചെറിയ ശമ്പളം... ചെറിയൊരു വീട്... അങ്ങനെ ജീവിതം മുന്നോട്ട് നീങ്ങി. വിവാഹം... കുട്ടികൾ... പേരക്കുട്ടികൾ. അതിനിടയിലെപ്പോഴോ ഭാരതം സ്വതന്ത്രം പുല്‍കിയ വർത്തമാനം കേട്ടെങ്കിലും തിരിച്ച് പോകാൻ കഴിയുമായിരുന്നിട്ടും ചുറ്റുപാടുകളെ സമ്മര്‍ദ്ദം മൂലം അയാളവിടെതന്നെ തുടർന്നു. അതിനിടയില്‍ എന്റെ ഈ കൂട്ടുകാരനും ആ കുടുംബത്തിൽ ജനിച്ചു. അങ്ങനെ അവനും ആ ദ്വീപിന്റെ സന്തതിയായി മാറി.
എന്തായാലും ഞങ്ങളുടെ ചർച്ച ഏതാണ്ടവസാനിച്ചിരിക്കുന്നു. എന്നാൽ, ഉപസംഹാരമെന്ന നിലയില്‍ ചര്‍ച്ചയുടെ അവസാനത്തില്‍ എനിക്കൊരു 'നല്ല' പേര് ചാര്‍ത്തപ്പെട്ടിരിക്കുന്നു എന്നുള്ളതാണ് ഇപ്പോഴത്തെ എന്റെ വലിയ ദുഃഖം. അതാകുന്നു 'ഒറ്റുകാരൻ'. ഇത്ര കണ്ട് വലിയൊരീ 'ചരിത്ര സെമിനാറില്‍' എനിക്കെങ്ങനെയാണീ പേര് വന്നതെന്നാകും മാന്യ വായനക്കാരുടെ സംശയം. അതൊരു നീണ്ട കഥയാണ്. സംഭവമിങ്ങനെ.
1921ലെ രൂക്ഷമായ ദിനങ്ങള്‍. 'കലാപങ്ങളെന്ന്' ബ്രിട്ടീഷധികാരികള്‍ ഓമനപ്പേരിട്ടു വിളിച്ച സ്വതന്ത്രസമര പോരാട്ടങ്ങള്‍. ജന ജീവിതം ഏറെ ദുസ്സഹമായികൊണ്ടിരിക്കുന്നു. ബ്രിട്ടീഷ് സൈനികരുടെ ബൂട്ടിന്റെ പാട് വീഴാത്ത ഒരു നാടും വീടും മനുഷ്യരുമില്ലാ കാലം. എങ്ങും പോരാട്ടാഹ്വാനങ്ങൾ. ധീരരായ മാതാക്കളും പത്നിമാരും അവരുടെ മക്കളെയും, ഭര്‍ത്താക്കന്‍മാരേയും ഒരു സങ്കോചവും കൂടാതെ പോരാട്ടത്തിനായി പറഞ്ഞ് വിടുന്നു. അവർ ആയുധമെടുത്തും അല്ലാതെയും ശത്രുവായി മുഖാമുഖം പോരാടി മരിക്കുന്നു... അല്ല, വിജയിക്കുന്നു. അങ്ങനെ നാട് മുഴുവന്‍ പോരാട്ട ചൂടില്‍ കത്തി എരിയുമ്പോഴാണ് ആഗസ്റ്റ് ഇരുപതാം തിയ്യതി ഒരു കള്ളനെ പോലെ മന്ദം മന്ദം ജനതക്ക് മുന്നിലേക്ക് കടന്നു വന്നത്. മലബാര്‍ കലാപത്തിന് മുഖ്യ ഹേതുവായി തീര്‍ന്ന ഒരു മഹാസംഭവം നടക്കുന്നത് അന്നേ ദിവസമായിരുന്നു.
ആഗസ്റ്റ് ഇരുപത്...
കളക്ടര്‍ മിസ്റ്റർ തോമസ്, ജില്ലാ പോലീസ് സൂപ്രണ്ട് ഹിച്ച്കോക്ക്, ഡെപ്യൂട്ടി സൂപ്രണ്ട് ഖാന്‍ ബഹാദുര്‍ ആമു സാഹിബ്. കൂടാതെ, മലപ്പുറം സ്പെഷ്യൽ പോലീസില്‍ നിന്ന് അറുപതാം റിസര്‍വ്വ് പോലീസുകാർ എന്നിവർ തിരൂരങ്ങാടിയിൽ എത്തിചേർന്നിരിക്കുന്നു. അവിടെയുള്ള ആലി മുസ്ലിയാരേയും പിന്നെ ചില സമരഭടന്മാരേയും അറസ്റ്റ് ചെയത് കൊണ്ടുപോകുക എന്നുള്ളതാണ് അവരുടെ ലക്ഷ്യം. അതിനായി കടലുണ്ടിപ്പുഴയുടെ ഇരു കരകളിലുമായി സ്ഥിതി ചെയ്യുന്ന മമ്പുറം മഖാം, തിരൂരങ്ങാടി കിഴക്കേ പള്ളി എന്ന തിരൂരങ്ങാടി വലിയ പള്ളി എന്നിവ ശോധനം ചെയ്യാൻ തീരുമാനിച്ചത് നടപ്പിലാക്കാനാണാ വരവ്. വെള്ളക്കാരാണല്ലോ ഭേദ്യത്തിനായി ഇറങ്ങിപുറപ്പെട്ടിരിക്കുന്നത്. അവർ പള്ളിക്കകത്ത് കയറുക തന്നെ ചെയ്തു. അഖില ലോക നാഥനായ തമ്പുരാനെ സ്തുതിക്കുന്ന... അത്യധികം ആദരവോടെ വൃത്തിയിലും വെടുപ്പോടേയും കൊണ്ട് നടക്കുന്ന പള്ളിയിലെ പുൽപായകൾ പോലീസേമാന്മാരുടെ ബൂട്ടടയാളം പതിഞ്ഞ് മലിനമാക്കപ്പെട്ടു. ദര്‍സ് വിദ്യാര്‍ഥികളുടെ പെട്ടികളും കിതാബുകളും വലിച്ച് പുറത്തിട്ടു. ഇതേസമയം പുറത്ത് ചില ഖിലാഫത്ത് പ്രവർത്തകരുടെ വീടുകളും പൊലീസ് വളഞ്ഞു. തിരൂരങ്ങാടി ഖിലാഫത്തോഫിസും അടിച്ച് തകര്‍ത്തു. ഫര്‍ണിച്ചറുകള്‍ തീയിട്ടു. വീടും നാടും നശിപ്പിക്കപ്പെട്ട മുസ്ലിമീങ്ങളുടെ ഒടുവിലത്തെ ആശ്വാസ കേന്ദ്രങ്ങളിയിരുന്ന പള്ളികളും അവർ കയ്യേറാന്‍ തുടങ്ങിയതോടെ ഞങ്ങൾക്കിടയിൽ അടക്കി നിര്‍ത്താന്‍ വയ്യാത്ത തീയ്യായി അത് ആളിപടർന്നു.
ശോധന അവസാനിച്ചെങ്കിലും ആലി മുസ്ലിയാരേയും കൂട്ടരേയും കണ്ടു കിട്ടിയില്ല. പകല്‍ പോരാട്ടവും രാത്രി ഉറക്കമൊഴിച്ച് പടച്ച തമ്പുരാന്റെ മുന്നില്‍ തഹജ്ജുദ് നമസ്കാരവുമായി മുഴുകിയിരിക്കാറുള്ള മുസ്ലിയാര്‍ക്ക് പകരം അവരുടെ ലിസ്റ്റിൽ തന്നെയുള്ള പൊറ്റയില്‍ മുഹമ്മദാജി, കോഴിശ്ശേരി മമ്മദ്, മൊയ്തീന്‍കുട്ടി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് കോണ്ടുപോയത്.
പിന്നെ രംഗം ശാന്തം... മഹാശാന്തത.
ഉച്ച തിരിഞ്ഞ് മൂന്ന് മണി വരെ മഹാനിശബ്ദതയിലായിരുന്നു തിരൂരങ്ങാടി തെരുവ്. എന്നാൽ, മഴ മേഘ കാറ് വീണ ഇരുട്ട് മാത്രമായിരുന്നതെന്ന് എതാനും നിമിഷങ്ങൾക്കകം ബോധ്യമായി. കൊടും മഴ വരാനിരിക്കുന്നു. പേമാരി... അതിശക്തമായ യുദ്ധം, വെടി വെപ്പ്, ആര്‍പ്പു വിളികള്‍...
തിരൂരങ്ങാടി നിശബ്ദ മൂകമായിലങ്ങനെ ലയിച്ചിരിക്കുമ്പോൾ അങ്ങകലെ തിരൂരങ്ങാടിക്ക് ചുറ്റുമുള്ള ഉള്‍പ്രദേശങ്ങൾ വെന്ത് നീറുകയായിരുന്നു. അതിഭയങ്കരമായ ചില ഒരുക്കങ്ങള്‍ നടക്കുകയാണവിടെ. ബ്രിട്ടീഷ് ബൂട്ടിൽ നിന്നും തിരൂരങ്ങാടി പള്ളിയിലെ മുസല്ലയിൽ വീണ മൺ തരികൾ പ്രദേശമാകെ പടര്‍ന്നിരിക്കുന്നു. പള്ളിയില്‍ നടന്ന പരിശോധന, ഭേദ്യം, അറസ്റ്റ് തുടങ്ങിയ വാര്‍ത്തകൾ യഥാക്രമം തച്ചു തകര്‍ക്കൽ, അക്രമണം, വെടിവെപ്പ് എന്നിങ്ങനെയായി അപ്പോഴേക്കും പരിണമിച്ചിരുന്നു.
അങ്ങനെ ജനക്കൂട്ടമിളകി. ആയിരമായിരം മനുഷ്യര്‍. ഉമ്മമാർ മക്കളെ... ഭാര്യമാര്‍ ഇണയെ, കുഞ്ഞുങ്ങള്‍ ബാപ്പയെ യുദ്ധത്തിന്നായി പറഞ്ഞയച്ചു. താനൂര്‍, തിരൂര്‍, കോട്ടക്കല്‍ എന്നുവേണ്ട പ്രദേശങ്ങളിൽ നിന്നൊക്കെയും ആളുകൾ കൈയിൽ കിട്ടിയ ആയുധങ്ങളുമായി കുന്നും പാടവും മൺവഴികളും കടന്ന് തിരൂരങ്ങാടി ലക്ഷ്യമാക്കി നീങ്ങി. കോട്ടക്കല്‍ വഴി യാത്ര ചെയ്തിട്ടുള്ളവർ കണ്ടിട്ടുണ്ടായിരിക്കും അവിടുത്തെ ബസ്സ് സ്റ്റേഷന് മുന്നിലെ കറുത്ത മാര്‍ബ്ൾ ഫലകത്തിൽ കൊത്തിയ വാക്കുകൾ.
"മമ്പുറം പള്ളി തകര്‍ത്തതറിഞ്ഞ് സംഖടിച്ചെത്തിയവർ ഇവിടെ നിന്നും തിരൂരങ്ങാടിയിലേക്ക് യാത്ര തിരിച്ചു"
ഞാൻ പറഞ്ഞല്ലോ എന്റെ സുഹൃത്തുക്കളിൽ പലരുടെയും പൂര്‍വ്വികര്‍ അതിലുണ്ടാകാം. അവർ തക്ബീർ മുഴക്കി നിസ്വാര്‍ത്ഥ മനസ്സുമായി തിരൂരങ്ങാടി കിഴക്കേ പള്ളിയിലേക്ക് കൂട്ടം കൂട്ടമായി നീങ്ങി. അതിൽ കുഞ്ഞി ഖാദറിന്റെ നേതൃത്വത്തിലുള്ള താനൂര്‍ സംഘമാണ് ആദ്യം തിരൂരങ്ങാടി പ്രദേശത്തെത്തിയത്. അത് ശ്രദ്ധയിൽപ്പെട്ട ബ്രിട്ടീഷധികാരികള്‍ നേരെ അങ്ങോട്ടേക്ക് പുറപ്പെട്ടു. തിരൂരങ്ങാടിയിലേക്ക് നീളുന്ന താനൂര്‍ പാതയില്‍ കൂടി കൂട്ടമായി വരികയായിരുന്ന സംഘത്തിനു നേരെ ഒരു മുന്നറിയിപ്പൊന്നുമില്ലാതെ അവർ നിറയൊഴിച്ചു.
ഠേ... ഠേ... ഠേ...
പിന്നെ കേട്ടത് ആർത്തനാഥങ്ങളായിരുന്നു. കേവലം വടിയും കുന്തവുമായെത്തിയ ഒരു ജനതക്ക് നേരെ നിഷ്കരുണമവർ വെടിവെപ്പ് തുടങ്ങിയിരിക്കുന്നു. അനേകം പേരവിടെ പിടഞ്ഞ് വീണ് തൽക്ഷണം മരിച്ചു വീണു. പച്ച മണ്ണിലൂടെ ഒരു വലിയ നദി പോലെ രക്തത്തിന്റെ വലിയ നീര്‍ച്ചാലുകളൊഴികി പരന്നു. ആ വെടി ശബ്ദവും മനുഷ്യരുടെ കൂട്ട നിലവിളികളും കേട്ട് തിരൂരങ്ങാടി പള്ളി പരിസരത്ത് നിലയുറപ്പിച്ചിരുന്ന സമരസഖാക്കൾ അസ്വസ്ഥരായി. ജനങ്ങളെ സമാധാനിപ്പിക്കാന്‍ കെഎം മൗലവി ചങ്കുപൊട്ടുമാറുച്ചത്തില്‍ പ്രസംഗിക്കുന്നുണ്ട്. എന്നാൽ, ആലി മുസ്‌ല്യാര്‍ വന്നപ്പോഴാണ് ജനക്കൂട്ടം ഒന്നടങ്ങിയത്.
ആലി മുസ്‌ല്യാരും രണ്ടാളുകളും പോലിസ് ക്യാമ്പായി മാറിയിരിക്കുന്ന തിരൂരങ്ങാടി കച്ചേരിയിലേക്ക് പോകാൻ തീരുമാനിച്ചു. അവിടെപ്പോയി കാര്യങ്ങളവരെ ബോധ്യപ്പെടുത്തുക, വെടിവെപ്പിന്റെ വിശദാംശങ്ങളാരായുക എന്നിവയായിരുന്നു അവരുടെ ലക്ഷ്യം. ജനക്കൂട്ടം നിരായുധരായി മന്ദംമന്ദമവരെ പിന്തുടര്‍ന്നു. ക്യാംപിനുള്ളിൽ ലിന്‍സ്റ്റണ്‍ റെജിമെന്റിലെ നൂറ്റിപത്ത് ബ്രിട്ടിഷ് സൈനികരും, മുപ്പത് റിസര്‍വ് പോലിസും, അറുപത് എംഎസ്പി പോലീസുകാരുമാണുണ്ടായിരുന്നത്. എല്ലാവരുടെയും കൈയില്‍ റൈഫിളുണ്ട്. മരത്തിന്റെ പാത്തിയും നീളൻ കുഴലുമുള്ള ബ്രിട്ടീഷ് നിര്‍മ്മിത തോക്കുകള്‍. ക്യാംപിന്റെ നേരെ മുന്നിലുണ്ടായിരുന്നത് ഹെഡ് കോണ്‍സ്റ്റബിള്‍ മൊയ്തീനായിരുന്നു. അദ്ദേഹം ആലി മുസ്‌ല്യാരോട് കാര്യമന്വേഷിച്ചു.
"കളക്ടര്‍ സായിപ്പിനെ വിളിക്കൂ... ഞങ്ങൾക്കൊരു കാര്യമന്വേഷിക്കാനുണ്ട്..." ആലി മുസ്ലിയാര്‍ പറഞ്ഞു.
"സമരക്കാരെ സമാധാനിപ്പിക്കുകയും അവരെ പിരിച്ച് വിടുകയും ചെയ്താൽ അറസ്റ്റ് ചെയ്തവരെ വിട്ടയക്കാം..."
മൊയ്തീന്‍ ആലി മുസ്ല്യാർക്കീ ഉറപ്പ് നൽകിയ ശേഷം ക്യാമ്പിലേക്ക് മടങ്ങി. ക്യാംപിനുള്ളില്‍ നിന്നിരുന്ന പാലക്കാട് എഎസ്പി റൗലിയോട് മൊയ്തീന്‍ വിവരങ്ങൾ പറഞ്ഞു. ഉടനെ റൗലി പുറത്തേക്ക് കൈകൾ വീശിയുയര്‍ത്തി സമരക്കാരോടിരിക്കാന്‍ ആംഗ്യം കാണിച്ചു. എല്ലാവരും ഇരുന്നു. ചിലര്‍ വെറും മണ്ണില്‍ നിലത്ത്. ചിലര്‍ റോഡിന്റെ ഇരു വശങ്ങളിലുമായി... അവർ കളക്ടറുടെ മറുപടിയും കാത്തിരുന്നു.
അപ്പോഴതാ കേള്‍ക്കുന്നു...
"ഫയർ..."
കളക്ടര്‍ തോമസിന്റെ ശബ്ദം.
വീണ്ടും വെടിവെപ്പ്... അലര്‍ച്ച... രക്തച്ചാലുകൾ.
പരമശാന്തരായി നിന്ന ജനങ്ങള്‍ക്ക് നേരില്‍ വീണ്ടും ബ്രിട്ടീഷ് സൈന്യം വെടിവെക്കാൻ തുടങ്ങി. ആളുകളെല്ലാം ചിന്നിച്ചിതറി. ആലി മുസ്ലിയാരെ അനുചരന്മാർ ചുറ്റും കൂടി നിന്ന് സംരക്ഷിച്ചതിനാൽ അദ്ദേഹത്തിനൊന്നും പറ്റിയില്ല. ആളുകളാര്‍ത്തു നിലവിളിച്ചു. കണ്ണില്‍ ചോരയില്ലാത്ത സൈന്യം വെടിവെപ്പ് തുടർന്ന് കൊണ്ടേയിരുന്നു. സംഘത്തിന്റെ മുമ്പിലുണ്ടായിരുന്ന പലരും തൽക്ഷണം പിടഞ്ഞ് വീണ് മരിച്ചു. കുറച്ച് പേര്‍ പട്ടാള ക്യാമ്പിലേക്കിരച്ചുകയറി വെടി വെച്ച് കൊണ്ടിരിക്കുന്ന സൈനിക ലൈനിന്റെ പിന്നിലേക്ക് മാറി നിന്നു. അവിടെ ഉയർന്ന പട്ടാള മേധാവികളും മേല്‍ കളക്ടറുമൊക്കെ നിലയുറപ്പിച്ച് നില്‍ക്കുന്നു. എങ്കിലും, സമരക്കാരുടെ വരവ് കണ്ട് ചില പട്ടാളക്കാര്‍ തോക്കുപേക്ഷിച്ച് തിരിഞ്ഞോടി. ആ തക്കത്തിൽ ചിലര്‍ പട്ടാളക്കാരുടെ തോക്കുകള്‍ കൈക്കലാക്കി തിരിച്ചും വെടിവെപ്പ് തുടങ്ങി. ഇതിനിടയിൽ, പോലീസ് നിരയില്‍ നിന്നും ജനങ്ങൾക്ക് നേരെ നിസ്സങ്കോചമായി വെടി വെച്ച് കൊണ്ടിരിക്കുന്ന ജോണ്‍സൺ, വില്ല്യം റൗളി, ഹെഡ് കോണ്‍സ്റ്റബിള്‍ മൊയ്തീൻ എന്നിവരെ സമരക്കാര്‍ തുണ്ടം തുണ്ടമാക്കി. കൂടാതെ, ബ്രിട്ടിഷ് പട്ടാളത്തിലേയും റിസര്‍വ് പോലിസിലേയും എംഎസ്പിയിലേയും പലരുമവിടെ പിടഞ്ഞുവീണു മരിച്ചു.
എങ്ങും രക്തത്തിന്റെ ഗന്ധം മാത്രം. ചിന്നിച്ചിതറി കിടക്കുന്ന മനുഷ്യര്‍, അഴിഞ്ഞു വീണ വസ്ത്രങ്ങൾ, ആർപ്പുവിളികൾ. സുഹൃത്തിനെ നഷ്ടപ്പെട്ട... പിതാവിനെ നഷ്ടപ്പെട്ട... മകനെ നഷ്ടപ്പെട്ട തേങ്ങലുകള്‍. ഇരുപതോളം മാപ്പിളമാരാണ് ആ ഒരൊറ്റ വെടിവെപ്പിൽ മാത്രം കൊല്ലപ്പെട്ടത്. മുപ്പതോളം പേര്‍ക്ക് പരിക്ക് പറ്റി.
ഈ ചരിത്ര സംഭവം പകര്‍ന്നു നല്‍കിയതിനൊടുവില്‍ ഞാനവരോട് ചോദിച്ചു.
"ഹെഡ് കോണ്‍സ്റ്റബിള്‍ മൊയ്തീന്‍... ഹെഡ് കോണ്‍സ്റ്റബിള്‍ മൊയ്തീന്‍ സാഹിബ് ആരാണെന്ന് നിങ്ങള്‍ക്കറിയുമോ...?"
"ഇല്ല..." എല്ലാവരും ഒരേ താളത്തിൽ തല ചലിപ്പിച്ചു.
"ഈയുള്ളവന്റെ ഉപ്പയുടെ പിതാമഹനാകുന്നു അദ്ദേഹം"
ഹമ്പട...
അതുവരെ നിശബ്ദമായെന്റെ വിവരണം മുഴുവന്‍ കേട്ടുനിന്ന പ്രിയ സുഹൃത്തുക്കളെല്ലാവരും എന്റെ മേലേക്ക് ചാടി വീണു. ഒരു ദയാധാക്ഷിണ്യവുമില്ലാതെ അവരെന്നെ ചോദ്യം ചെയ്തു. അധികാരത്തൊടി, വാഗണ്‍ ട്രാജഡി, ആന്‍ഡമാന്‍ ദ്വീപിലെ ജൈലറകൾ... എല്ലാ സംഭവങ്ങളുടേയും എതിർ പക്ഷത്തിന്റെ പ്രതിനിധിയായി അവരെന്നെ മുദ്രകുത്തി.
"ഹോ, ക്രൂരന്‍... നിഷ്ഠൂരനായൊരു മനുഷ്യന്റെ തലമുറ. രാജ്യത്തെ ഒറ്റികൊടുത്ത ആ കഠിനഹൃദയന്റെ രക്തം വമിക്കുന്ന ഈ ഞരമ്പുകൾ വെട്ടി മാറ്റുക..." അവർ ആക്രോശിച്ചു.
ചുരുക്കി പറഞ്ഞാൽ... ഞാനെന്ന ഒറ്റുകാരനവിടെ പിറന്നു വീണു.
പോയ ചരിത്രത്തിലേക്ക് നോക്കുമ്പോൾ ദാരുണവും ദുഖകരമായ ആ സംഭവത്തിന്റെ ഒരു ഭാഗമാകാൻ വിധിയുണ്ടായി എന്നതൊഴിച്ചാൽ മനസ്സിൽ ലവലേശം ശോകാകുലതകളില്ല. കാരണം, ഞങ്ങളുടെ ധമനികളിലോടുന്ന ഈ രക്തമല്ലാതെ... ഹെഡ് കോണ്‍സ്റ്റബിള്‍ മൊയ്തീന്‍ സാഹിബ് ആ വഴിയിലുണ്ടാക്കിയ സമ്പാദ്യത്തിൽ നിന്നും ഒരു നയാ പൈസ പോലും എന്റെ ഉപ്പപ്പയോ... അവിടുത്തെ മക്കളോ ഞങ്ങള്‍ക്ക് വേണ്ടി കരുതിയില്ല എന്ന് അഭിമാനത്തോടെ ഞാനോർക്കുന്നു. ഒരുപക്ഷേ, അതെങ്ങനെയല്ല സംഭവിച്ചിരുന്നത് എങ്കിൽ ചരിത്രത്തിലെ നിശബ്ദ കുറ്റവാളികളായി ഞങ്ങളും മാറിയേനെ...
ശുഭം





