Thursday, 14 March 2019

സ്വര്‍ഗ്ഗവും ചിറകും

ഒക്ടോബർ 19, 2018...

പ്രിയതമയുടെ പ്രസവവേദന ശക്തമായ വാര്‍ത്ത കേട്ടാണ് ഞാനിന്നുണർന്നത്. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചേരാൻ ഉമ്മ പറഞ്ഞിരിക്കുന്നു. അത്യാവശ്യ പ്രഭാത കൃത്യങ്ങളൊക്കെ വേഗത്തിൽ ചെയത് തീര്‍ത്ത് ഉടനെ തന്നെ ഞാനിറങ്ങി. ആശുപത്രിയുടെ പിരിയന്‍ ഗോവണി കയറി ലേബർ മുറിക്കു മുന്നിലെ വിശാലമായ വരാന്തയില്‍ ഞാനെത്തി ചേരുമ്പോള്‍ എല്ലാലരുമവിടെ സന്നിഹിതരായിരുന്നു. അവളുടെ ഉമ്മ, നാത്തൂന്‍, ഏട്ടൻ, എന്റെ ഉമ്മ, സഹോദരിമാര്‍ തുടങ്ങി മിക്കവരും. എല്ലാവരും ആശങ്ക നിയലിച്ച മുഖവുമായി ആകാംഷയോടെ അവിടെ കാത്തിരിക്കുന്നു.

ശക്തമായികൊണ്ടിരിക്കുന്ന പ്രസവവേദനയുടെ വാര്‍ത്ത ഇടക്കിടെ ഡോക്ടർ ബുഷ്റ ഞങ്ങളെ അറിയിച്ചുകൊണ്ടിരുന്നു. ഹിജാബും പര്‍ദ്ദയുമൊക്കെ ധരിച്ച... വളരെ മാന്യമായി പെരുമാറുന്ന ഒരാളാണവർ. ആവശ്യമെങ്കിൽ മാത്രമേ തങ്ങൾ സർജറിക്കുള്ള ഏർപ്പാടുകൾ ചെയ്യുകയുള്ളൂ എന്നും അവരറിയിച്ചു. ശേഷം... അനേകം സ്ത്രീകൾ തങ്ങളുടെ പൊന്നോമനകളെ പ്രാണന്‍ മരവിക്കുന്ന വേദനയുമായി കാത്തുകെട്ടികിടക്കുന്ന ലേബർ റൂമിന്റെ സ്വകാര്യതയിലേക്കവർ മറഞ്ഞു.

കാത്തിരിപ്പ്.

പ്രസവം...

മനുഷ്യന്റെ ഭൂവാസത്തിനു തുടക്കം കുറിക്കുന്ന പരിശുദ്ധമാക്കപ്പെട്ട പ്രക്രിയ. വിശാലാത്ഭുദ ലോകത്തെ നിറമേറിയതും ഇരുളടഞ്ഞതുമായ കാഴ്ച്ചയിലൂടെ പിച്ച വെച്ച് നടക്കാൻ അതോടു കൂടി അവന്‍ തുടക്കം കുറിക്കുന്നു. ഭൂമിയിലെ ചൂട്, തണുപ്പ്, കാറ്റ്‌, മഴ, തീ, ദാഹം, വിശപ്പ്, യുദ്ധം, അക്രമം, കൊള്ള, കൊള്ളിവെപ്പ്, സ്നേഹം, പ്രേമം തുടങ്ങി എല്ലാമെല്ലാം അവിടം മുതൽ അവനും അനുഭവിച്ച് തുടങ്ങുന്നു... പങ്കാളിയാകുന്നു. ചിലതിന് ഉത്തരവാദിയുമാകുന്നു... നന്മ തിന്മകൾ രേഖപ്പെടുത്തി തുടങ്ങുന്നു.

എന്നാൽ, കഴിഞ്ഞ് പോയ എത്ര എത്ര പ്രസവങ്ങൾക്കിടയിലാണ് മനസ്സുകളിൽ ആഴത്തിലുള്ള വേദന സമ്മാനിച്ചു കൊണ്ടത്‌ സംഭവിച്ചിരിക്കുന്നത്...

മരണവും പ്രസവവും... നാണയത്തിന്റെ ഇരു വശങ്ങളാണെന്ന് തോന്നുമാറ്... ആ ഓര്‍മ്മകള്‍ മനസ്സിനെ വല്ലാതെ അലട്ടുമ്പോൾ ഞാനിന്നും അശാന്തനാകുന്നു.

പന്ത്രണ്ട് മണിയോടെയാണന്ന് തോന്നുന്നു ഒരു നെഴ്സ് ലേബർ റൂമിൽനിന്നും തല വെളിയിലേക്കിട്ട് സർജറി പൂര്‍ത്തിയായ വാര്‍ത്ത ഞങ്ങളെ അറിയിച്ചു. അവിട്ടം തിരുനാളിന്റെ സൂര്യതേജസ്സുമായി രണ്ട് പൊന്നോമനകൾ. അവനാണ് ആദ്യം പുറത്ത് വന്നത്. പിന്നാലെ അവളും. ഒരു ചെറിയ വയറികത്ത് ഇരട്ടകളായി വളര്‍ന്നതിന്റേതായ പങ്കുവെക്കൽ കാരണം അവർ തൂക്കം അൽപ്പം കുറവായിരുന്നെങ്കിലും തള്ളയും മക്കളും സുഖമായിട്ടു തന്നെ ഇരിക്കുന്ന വാര്‍ത്ത അവർ ഞങ്ങളെ നിർവികാരമായറിയിച്ചു.

അനേക നാളത്തെ കാത്തിരിപ്പിനൊടുവിൽ ഞാനിതാ ഇന്നൊരു വാപ്പയായി മാറിയിരിക്കുന്നു. അതും ഒറ്റയടിക്ക് രണ്ട് മക്കളുടെ. ഇരുട്ട് പടര്‍ന്ന ഈ ലോകത്ത് ഒരു ചെറിയ വെട്ടമെങ്കിലും ഇവരാലുണ്ടാകട്ടെ. നന്മയുടെ വാക്കും നോക്കും കയ്യും മെയ്യുമാകട്ടെ ഇവർ. ഞാൻ മനസ്സ് കൊണ്ട്‌ പ്രാര്‍ത്ഥിച്ചു.

കഷ്ടി 8 മാസം മാത്രമാണവർ ഗർഭാശയത്തിൽ കഴിഞ്ഞിരിക്കുന്നത്. നേരത്തേയായ പ്രസവം കാരണം അൽപ്പ ദിവസത്തേക്കവരെ കൃത്രിമ ഗർഭാശയത്തിലേക്ക് മാറ്റേണ്ടതുണ്ട്. അതിനായുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം അവളെ മുറിയിലേക്ക് മാറ്റി. മക്കളെ 'നിയോബ്ലസ്സ്' എന്ന് വിളിക്കുന്ന അത്യാധുനികമായൊരു പ്രത്യേക തരം മുറിയിലേക്കും.

ഭൂമിയിലേക്ക് പിറന്നു വീണതിന്റെ അത്ഭുദം മാറാതെ നിയോബ്ലസ്സിലെ കൃത്രിമ ഇളം ചൂടിലവർ കഴിഞ്ഞ് വരുമ്പോൾ... തങ്ങളേതാനും നിമിഷങ്ങൾക്ക് മുമ്പ് കിടന്ന് മറഞ്ഞിരുന്ന ആ വഴുവഴുത്ത ദ്രാവകം നിറഞ്ഞ ഇടം എവിടെയെന്നവർ ചിന്തിക്കുന്നുണ്ടായിരിക്കാം. ഇടക്കിടെ വരുന്ന അമ്മയുടെ തലോടലും ലാളനകളും ഫോണിലൂടെ ഒഴുകി വന്നിരുന്ന ഉപ്പയുടെ ശബ്ദ വീചികളുമൊക്കെ എവിടെ എന്നുമവർ ചിന്തിക്കുന്നുണ്ടാകാം.

തങ്ങളുടെ അമ്മയനുഭവിക്കുന്ന മഹാവേദനയറിയാതെ ഭൂമിയുടെ വിശാലതയിലേക്ക് തങ്ങൾക്കും ചേരാനായോ എന്നവർ ഇടക്കിടെ അന്വോഷിക്കാനിറങ്ങിവന്നിരുന്ന ഗർഭാഷയ കുഴലിന്റെ ഇടുങ്ങിയ ഭിത്തിക്കുപകരം ഒരു വെളുത്ത തുണിയില്‍ മലര്‍ന്നും കമഴ്ന്നും കിടക്കുന്ന ഈ പുതിയ രീതി അവരെ വല്ലാതെ ബോറടിപ്പിക്കുന്നുണ്ടാകണം. അവരുടെ സഹമുറിയന്മാരായ മറ്റ് കുട്ടികളുടെ കരച്ചിലും ശബ്ദ കോലാഹലങ്ങളുമൊക്കെ വളരെ വലിയ ശല്യമാണ് അവര്‍ക്കുണ്ടാക്കുന്നതെന്നും എനിക്ക് തോന്നി.

പിറ്റേ ദിവസം രാവിലെ ഒരു സവിശേഷ ചടങ്ങിനായി ഞാനവരുടെ അരികിലേക്ക് ആദ്യമായി ചെന്നു. ഈ ഭൂമിയിലെ പ്രഥമ ശബ്ദമായി അല്ലാഹുവിന്റെ വചനങ്ങൾ കേൾപ്പിക്കാൻ.

"അല്ലാഹു അക്ബറുല്ലാഹു അക്ബര്‍..." 

അതിനു ശേഷം നമസ്കാരത്തിന്റെ വിളിയാള വചനങ്ങളും ഞാന്‍ ചൊല്ലി. അതുവരെ അക്ഷമരായി കൈയും കാലും ചലിപ്പിച്ച് കിടന്നിരുന്ന അവരത് കേട്ടതോടു കൂടി വളരെ ശാന്തരായി. ഒരുപക്ഷേ, അവരെന്റെ ഗന്ധം തിരിച്ചറിഞ്ഞ് കാണും. അതിന്റെ അച്ചടക്കവും ബഹുമാനവുമാകാമത്. അല്ലാഹുവിന്റെ അനന്തമായ ഈ ദുനിയാവിലെ വിശാല പരിമിതമായൊരു കാലത്തിന്റെ മഹാനുഭവവുമായി ഇവർ മരണപ്പെടുമ്പോൾ അവരുടെ മേലനുശ്ഠിക്കുന്ന മയ്യത്ത് നമസ്കാരത്തിനുള്ള ബാങ്കും ഇഖാമത്തുമാണത്രെ അത്.

ഒരു പിതാവ് തന്റെ മക്കള്‍ക്കായി കാത്തുവെക്കുന്ന പ്രഥമ സമ്പാദ്യം.

സുബ്ഹാനല്ലാ...

അല്‍പ്പ നാളത്തെ ആശുപത്രി വാസത്തിനിടയിൽ കുട്ടികളിപ്പോൾ ഏറെ ഉത്സാഹികളായി മാറിയിരിക്കുന്നു. ചെറിയ തോതിലുള്ള കുസൃതികളളൊക്കെ അവർ കാട്ടി തുടങ്ങിയിട്ടുണ്ടന്ന് നെഴ്സ് പറഞ്ഞു. എങ്കിലും, സദാസമയവും ഉറക്കത്തിലാണവര്‍. നീണ്ട ഏഴരമാസക്കാലത്തെ സുഖനിദ്രയുടെ ഉറക്കച്ചടവ് പതുക്കെ മാത്രമെ അവരിൽ നിന്നും വിട്ടകലുകയുള്ളൂ എന്നാണ് ശാസ്ത്രം. മകൻ കുറച്ചധികം ശക്തനാണന്ന് തോന്നുന്നു. മകൾ ഒരു സ്ത്രീയുടെ ബലഹീനതകളെ സൂചിപ്പിച്ചെന്നോണം സ്വല്‍പ്പം പിറകിലാണ്. എങ്കിലും, അവർ തമ്മിൽ കടുത്ത മത്സരത്തിലാണന്ന് തോന്നുന്നു.

ഒടുവിൽ സര്‍ക്കാര്‍ രേഖകളും തയ്യാറായിരിക്കുന്നു. ഇനി അവരെ ഈ ലോകം വിളിക്കുക കുഞ്ഞുങ്ങളെന്നോ, പൈതങ്ങളെന്നോ, ആശുപത്രിക്കാർ അവര്‍ക്ക് നല്‍കിയിരിക്കുന്ന തിരിച്ചറിയല്‍ യഞ്ജത്തിനായുള്ള ഫസ്റ്റ് ബേബി, സെക്കന്‍ഡ് ബേബി എന്ന പേരോ ആയിരിക്കില്ല. പകരം, ഗനഗംഭീരമായൊരു naamam ഞാനവര്‍ക്ക് ചാര്‍ത്തി നൽകിയിരിക്കുന്നു.

"മെഹ്നൂർ ഷറഫ്, മെഹ്സിൻ ഷറഫ്"

'മെഹ്നൂർ' എന്നാൽ ചന്ദ്രന്റെ പ്രകാശം എന്നാണര്‍ത്ഥം. അഥവ നിലാവ്. രാത്രിയിലെ നിലാവെന്നാൽ അതിനൊരു പ്രത്യേക സൗന്ദര്യമുണ്ടല്ലോ. ഇരുട്ട് മൂടിയ ഭൂമിയിലെ ദിക്കുകളിലെ നിലാവിന്റെ ആവരണം ഒരു പ്രതീക്ഷകൂടിയാണ്. യഥാർതഥത്തിൽ ഈ നാമം ഒരു പാക്കിസ്ഥാനിയിൽ നിന്നുമാണ് എനിക്ക് ലഭിക്കുന്നത്. അഥവാ, അശാന്തമായ അതിർത്തിക്കപ്പുറത്തെ പാകിസ്താനിൽ നിന്നും കടമെടുത്തത്.

'മെഹ്സിൻ' എന്നാൽ അതിന്റെ അർത്ഥത്തെക്കുറിച്ച് എനിക്ക് വലിയ രൂപമൊന്നുമില്ല. എങ്കിലും മോശമാകാൻ വഴിയില്ല എന്നെനിക്കുറപ്പുണ്ട്. ആ പേരിന്റെ സൗന്ദര്യവും മെഹ്നൂർ എന്ന നാമത്തോട് അതിനുള്ള സാമ്യതയുമാണ് അത് തിരഞ്ഞെടുക്കാനെന്നെ പ്രേരിപ്പിച്ചത്. രണ്ട് പേരിന്റെയും ഒടുക്കമുള്ള 'ഷറഫ്' എന്ന ഉച്ചാരണം അവര്‍ക്ക് വലിയ കുടുംബ ബോധവും അതുവഴി ബന്ധങ്ങളുടെ മൂല്ല്യവും സുരക്ഷബോധവും നല്‍കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.

ഒടുവിൽ, 7 ദിവസങ്ങൾക്ക് ശേഷം മെഹ്നുവും മെഹ്സിനും തമ്മിലിന്നാണ് കണ്ടുമുട്ടിയത്. അവരിരുവരേയും ഞങ്ങൾക്കരികിൽ ഒരേ കിടക്കയിലേക്ക് മാറ്റി. തങ്ങളുടെ കൂടപ്പിറപ്പിനെ കണ്ട ഇരുവരും തമ്മിൽ എന്തെക്കെ ആയിരിക്കാം സല്ലപിക്കുന്നത്. അന്നാ ഗർഭാശയമെന്ന ഇരുട്ടറിയിലെ പതുപതുത്ത വെള്ളത്തിൽ കിടന്ന് കളിച്ചിരുന്ന നാൾ മുതൽ ഇന്നീ ആശുപത്രി ദിനങ്ങള്‍ വരെയുള്ള ഓരോ സംഭവങ്ങളും അവർ അവരുടെ ഭാഷയിൽ ചർച്ച നടത്തുന്നുണ്ടാകാം. പരസ്പരം വിശേഷങ്ങൾ പങ്കുവെക്കുന്നുമുണ്ടാകാം.

എന്റെ പ്രിയതമയുടെ കാൽകീഴില്‍ സ്വര്‍ഗ്ഗം ഒളിപ്പിച്ചു വെച്ചാണവർ ഭൂമിയിലെ വിശാലതയിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്. മക്കളുടെ സ്വര്‍ഗ്ഗം അവരുടെ മാതാവിന്റെ കാൽകീഴിലാണെന്നാണ് പ്രവാചകൻ പഠിപ്പിച്ചിരിക്കുന്നത്. അതിനാലായിരിക്കാം ഒരു ഭാര്യ എന്ന നിലയില്‍ നിന്നും അവളൊരമ്മയായി മാറിയപ്പോൾ അവളോടുള്ള സ്നേഹത്തോടൊപ്പം ബഹുമാനവും കൂടി എനിക്കനുഭവപ്പെടുന്നത്. പേറ്റ് നോവുമായി ആശുപത്രിപ്പടി കയറിയ കേവലമൊരു സ്ത്രീ സ്വര്‍ഗത്തെ അണിഞ്ഞവളായി മാറി പരിശുദ്ധമാക്കപ്പെടുന്ന അത്ഭുത മഹാസംഭവമാകുന്നു പ്രസവം.

ഒരു മനുഷ്യനെ സംബന്ധിച്ച് അപൂര്‍വ്വമായി മാത്രമവന് ലഭിക്കുന്ന ദൈവീകമായ സ്ഥാനം. കേവലമൊരു സ്ഥാനം എന്നതിനപ്പുറം ഒരു നിയോഗമാണത്. വീട്ടില്‍ വൃദ്ധയായ മാതാവുള്ളതിനാൽ ധർമ്മയുദ്ധം പോലും ഒരുവന് അനിവാര്യമല്ലാതാക്കി മാറ്റുന്ന കടമയാണതന്ന് സാരം.

ഒരു പിതാവെന്നാൽ അതൊരു വലിയ ഉത്തരവാദിത്തമാണന്ന് ഞാനിന്ന് തിരിച്ചറിയുന്നു. എന്റെ കേവലം അഞ്ച് വിരലുകളുള്ള ഇരുകെെകളും തണൽ വിരിക്കുന്ന അനേകം തൂവലുകളുള്ള രണ്ട് വലിയ ചിറകുകളായി രൂപാന്തരപ്പെടുന്ന നിത്യമഹാദ്ഭുത പ്രക്രിയ. അതെന്റെ ഓരോ അണുവിലും പരന്ന് വ്യാപിക്കുന്നപോലെനിക്ക് തോന്നുന്നു.

കാരണവന്മാരെപ്പോലെ ഒറ്റമുണ്ടടുത്ത് അതിന്റെ നെറി പൊക്കിളിനു മുകളിലേക്കുയർത്തി വെറുതെ ഉലാത്താനെനിക്ക് തോന്നുന്നു. വീടിന്റെ ഉമ്മറപ്പടിയിൽ ഒരു ഗ്ലാസ് ചായയുമായി പ്രഭാതത്തിലും പ്രദോഷത്തിലും ദൂരേക്ക് കണ്ണും നട്ട് മക്കളെ കാത്തെന്നോണം വെറുതെ ചിന്തിച്ചിരിക്കാനും തോന്നുന്നു. ഞാനൊരു പിതാവുകൂടിയാണിപ്പോൾ. വലിയ ഉത്തരവാദിത്തങ്ങളുള്ള അല്ലാഹുവിന്റെ സൃഷ്ടി കർമ്മത്തിലെ ഒരു സുപ്രധാന ഭാഗദേയം നിർവ്വഹിച്ച ഒരു പരമ നിസ്സാരനായ പിതാവ്.

Saturday, 9 March 2019

ഒരു വഴിത്താര

അനേകം വർഷങ്ങൾക്ക് മുമ്പ് അന്നൊരിക്കല്‍ ഉപ്പപ്പയുടെ കൂടെയാണ് ഞാനങ്ങോട്ടാദ്യമായി പോയത്. എത്തിച്ചേരുന്ന ആ സ്ഥലത്തെ അത്ഭുതപ്പെടുത്തുന്ന കാഴ്ച്ചകളെ പ്രതീക്ഷിച്ച് വാഹനം കടന്ന് പോകുന്ന വഴിതാരകളോട് സല്ലപിച്ച് ഞാൻ കാത്തിരുന്നു.

തൂതപുഴക്കപ്പുറമുള്ള പുരാതന നഗരമായ ചെര്‍പ്പുളശ്ശേരിയിൽ ഞങ്ങളെത്തിചേരുമ്പോള്‍ നേരം വൈകുന്നേരമായിരുന്നു. അവിടെ ഏതൊക്കെയോ ചില ഊട് വഴികൾ താണ്ടി ഞങ്ങളൊരു വീട്ടിലെത്തി ചേര്‍ന്നു. പുതിയ രീതിയിലുള്ളൊരു ചെറിയ വാര്‍പ്പുവീട്.

നല്ല സ്വീകരണം. മധുര വെള്ളം. പിന്നെ, ചായയും പലഹാരങ്ങളും.

എന്നാൽ, അല്‍പ്പസമയം കഴിഞ്ഞപ്പോഴേക്കും എനിക്കതൊരു മടുപ്പിക്കുന്ന വീടായി മാറി. കാരണം, എല്ലാവരുമവിടെ വലിയ തിരക്കിലായിരുന്നു. പരസ്പരം സംസാരവും തീനും കുടിയും അട്ടഹാസവും മാത്രം. അതിനിടയില്‍ ഞങ്ങൾ കുട്ടികളെ പരിഗണിക്കിനെവിടെ അവര്‍ക്ക് നേരം. ഞാൻ തിരിച്ച് വീട്ടിൽ പോകുന്നതും പ്രതീക്ഷിച്ച് വിഷമത്തോടെ അവിടെ കാത്തിരുന്നു.

എന്നാൽ, ആ വീട്ടിലെ ഒരു മെലിഞ്ഞ് ഉയരം കുറഞ്ഞ ഒരാൾ ഉപ്പപ്പയോടവിടെ തങ്ങാന്‍ നിര്‍ബന്ധിക്കുന്ന കാഴ്ച്ചയാണ് പിന്നെ ഞാന്‍ കണ്ടത്. ക്രമേണ അവരുടെ സ്നേഹവായ്പ്പിനു മുന്നില്‍ ഉപ്പപ്പ വഴങ്ങുക തന്നെ ചെയതു.

"ഇന്നിവിടെ പാർക്കാം"
ഉമ്മമ്മ ഉപ്പപ്പയോടടക്കം പറയുന്നതും കൂടി കേട്ടതോടെ ഇന്നത്തെ രാത്രി ഇവിടെ തന്നെ എന്ന് ഞാനുറപ്പിച്ചു.

സ്ഥിരമായി കഴിക്കുന്ന ഗുളികകൾ വാങ്ങി നല്‍കിയും ആവശ്യമുള്ള രാത്രി ഭക്ഷണ ശീലങ്ങളെക്കുറിച്ചന്വേഷിച്ചും ആ വീട്ടുകാർ അവരുടെ ഓട്ടം പിന്നേയും തുടർന്നു കൊണ്ടേയിരുന്നു. ഞാൻ കൂട്ടിലകപ്പെട്ടപോലെ പക്ഷിയെപ്പോലെ വിഷണ്ണനായവിടെ എവിടെയോ കിടന്നുറങ്ങി.

പിറ്റേ ദിനം...

വല്ലാത്ത സന്തോഷത്തോടു കൂടിയാണ് ഞാന്‍ എണീറ്റത്. അവിടെനിന്നും മടങ്ങുമ്പോൾ മനസ്സിൽ നിന്നുമൊരു വലിയൊരു കല്ലിറക്കി വെച്ചത് പോലെ വല്ലാത്തൊരു സമാധാനമെനിക്കനുഭവപ്പെട്ടു.

ആശ്വാസത്തിന്റെ തെളിനീര്‍...

അന്ന് തൂതപ്പുഴ പാലം കടന്നെന്റെ നാട് ലക്ഷ്യമാക്കി ഞങ്ങൾ മടങ്ങുമ്പോഴറിഞ്ഞിരുന്നില്ല അകലങ്ങളില്‍ മറയുന്ന ചെര്‍പ്പുളശ്ശേരി എന്ന ആ നാടും അവിടുത്തെ ചരിത്രവും എത്രമേലാണ് ഞങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നതെന്ന്.

ഇന്ന് 2014ലെ ഒരു ജനുവരി ദിവസം.

ഏതാനും ദിവസങ്ങൾ കഴിഞ്ഞാൽ എന്റെ വിവാഹ സുദിനമാണ്. പൊടിപാറുന്ന കല്ല്യാണ പറച്ചിൽ യാത്രകളിലായിരുന്നു ഞാൻ. അതിന്റെ ഭാഗമായാണ് ഒരിക്കല്‍കൂടി ആ തൂതപ്പുഴ കടന്ന് ചെർപ്പുളശ്ശേരിയിൽ വന്നിറങ്ങേണ്ടി വന്നത്. അതേ വഴിയിലൂടെ വീണ്ടും ആ വീട്ടിലേക്ക്.

പഴയ മോഡലിലുള്ള ചെറിയ വാര്‍പ്പു വീട്.

ഇത്തവണ കൂടെ ഉപ്പപ്പ ഉണ്ടായിരുന്നില്ല. അദ്ദേഹം കാലയവനികക്കുള്ളിൽ മറഞ്ഞിരുന്നു. അന്നിവിടെ വന്നപ്പോൾ അദ്ദേഹത്തിന് ചുറ്റുമിരുന്ന് വാതോരാതെ സംസാരിച്ചിരുന്ന വെള്ള മക്കന ധാരികളായ ആ ഉമ്മമ്മമാരേയും കാണുന്നില്ല. അവരും മരിച്ചു പോയിട്ടുണ്ടായിരിക്കാം.

അവരദ്ദേഹത്തിന്റെ പെങ്ങന്മാരായിരുന്നത്രെ.

ഒരുപക്ഷേ, ഏതോ ലോകത്ത് അവരെല്ലാവരും സന്ധിച്ചിട്ടുണ്ടായിരിക്കാം. അന്ന് പറയാൻ ബാക്കി വെച്ച വർത്തമാനങ്ങൾ അവരവിടെയിപ്പോൾ പറഞ്ഞു തീര്‍ക്കുന്നുമുണ്ടാകാം.

അല്ലാഹു അഅലം. ദൈവത്തിന് മാത്രം നിശ്ചയം.

ലക്ഷ്യം കല്യാണ പറച്ചിലാണല്ലോ... അതിനാല്‍, അവിടെയുള്ള ഓരോ കുടുംബാംഗങ്ങളിലൂടേയും ഞങ്ങൾ യാത്ര തുടർന്നു. ആദ്യമാദ്യം ആ പെങ്ങന്മാരുടെ വീടുകളിലൂടെ. പിന്നെ, അവരുടെ മക്കളുടെ വീടുകളിലൂടെ.

തങ്ങളുടെ മാതാക്കളുടെ അരുമയാങ്ങളയുടെ തലമുറയെ അത്യധികം കൗതുകത്തോടെ അവർ നോക്കുന്ന കാഴ്ച്ചയാണ് ഞാനവിടെ കണ്ടത്. അവർ ഞങ്ങളെ കാര്യമായി തന്നെ സ്വീകരിക്കുന്നുണ്ടായിരുന്നു. വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. ഉപ്പപ്പ ജീവിച്ചിരുന്ന ആ നാളുകളെക്കുറിച്ചും അന്നത്തെ അവരുടെ കൂടി ചേരലുകളെക്കുറിച്ചുമൊക്കെ അവർ വാചാലമായി.

അവിടുന്നൊക്കെ യാത്ര പറഞ്ഞിറങ്ങി ഒടുവില്‍ ഞങ്ങളെത്തിച്ചേർന്നത് വലിയ തടിമാടൻ മരങ്ങൾ തണലിടുന്ന ഒരു വനത്തിനുള്ളിലെന്നപോലെ തോന്നിക്കുന്ന ഒരു സ്ഥലത്തേക്കാണ്. അവിടം ഒരു പഴയ മരമില്ലുണ്ടായിരുന്നു. അസ്തമയ സൂര്യന്റെ സ്വര്‍ണ്ണവര്‍ണ്ണം പൂശിയ ഇലച്ചാർത്തുകൾ മറച്ച നടവഴിയിലൂടെ ആ മരമില്ലിലേക്ക് ഞങ്ങൾ പ്രവേശിച്ചു.

"മമ്മുട്ടി സാഹിബ്..."
ഞങ്ങൾക്ക് വഴികാട്ടിയായി മുന്നില്‍ നടന്ന പണിക്കാരൻ നീട്ടി വിളിച്ചു.

അവിടെ മുറിച്ചിട്ട വലിയ മരങ്ങളുടെ ഇടയിലൊരു മരബെഞ്ചിൽ ഒരു വൃദ്ധന്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു. അദ്ദേഹമാകുന്നു മമ്മുട്ടി സാഹിബ്.

ഉച്ച മയക്കത്തിലാണ്.

ആ കിടന്ന കിടപ്പിൽ തന്നെ ഉറക്കച്ചടവോടെ അദ്ദേഹമുണർന്ന് ഞങ്ങളെയൊന്ന് നോക്കി.

ഞങ്ങൾ സ്വയം പരാജയപ്പെടുത്തി നല്‍കിയ ശേഷം വന്ന കാര്യങ്ങളുണര്‍ത്തി. ആ കിടന്ന കിടപ്പിൽ തന്നെ അദ്ദേഹമെല്ലാം കേട്ട് തലയാട്ടി. പിന്നെ, പതുക്കെ എണീറ്റ് മില്ലിനു സമീപത്തു തന്നെയുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഞങ്ങളെ നയിച്ചു. അടുക്കും ചിട്ടയും ലവലേശമില്ലാത്ത ഒരു പഴയ വീട്. വീടിനു സമീപം തന്നെ ഒരാധുനിക ഭവനം ഉയർന്ന് വരുന്നുണ്ടായിരുന്നു.

അടുക്കളയിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യക്ക് അദ്ദേഹം ഞങ്ങളെ പരിചയപ്പെടുത്തുമ്പോൾ അവരുടെ കണ്ണുകളും അദ്ഭുതത്തോടെ തിളങ്ങുന്നത് ഞാൻ ശ്രദ്ധിച്ചു. ഇടയിലവർ അകത്ത് പോയി ശകലം ചായ കൊണ്ടുവന്ന് നൽകി. സംസാരം വീണ്ടും തുടർന്നു. ഒടുവില്‍ ഹാർദ്ദവമായ കല്യാണ ക്ഷണ ശേഷം ഞങ്ങളവിടെ നിന്നും ഇറങ്ങി നടന്നു.

കാലങ്ങൾക്ക് മുമ്പ് ഒരു പൊലീസുകാരന്റെ ബൂട്ടിന്റെ ശബ്ദമേറ്റ് പ്രകമ്പനം കൊണ്ട മണ്ണായിരുന്നു ഇത്. നാട് കത്തികൊണ്ടിരുന്ന ഒരുനാൾ ഒരു വലിയ ദുരന്തവാര്‍ത്ത ഈ കുടുംബത്തിനെ തേടിയെത്തിയതും ഈ ഉമ്മറപ്പടിയിലായിരുന്നു.

"തിരൂരങ്ങാടി കച്ചേരിക്കു മുന്നില്‍ വെച്ച് മൊയ്തീൻ സര്‍ക്കിൾ കൊല്ലപ്പെട്ടിരിക്കുന്നു".

'ഹെഡ് കോണ്‍സ്റ്റബിള്‍ മൊയ്തീൻ'.

എന്റെ പിതാമഹന്റെ പിതാവ്. ബ്രിട്ടീഷ് ഇന്ത്യൻ പോലീസിലെ ജീവനക്കാരൻ. 1921ന്റെ രൂക്ഷമായ ദിനങ്ങളില്‍ ആ തീയണക്കാന്‍ നിയോഗിക്കപ്പെട്ടവരിലൊരാൾ. പോലിസ് സൂപ്രണ്ട് ഹിച്ച് കോക്ക്, ആമു സാഹിബ്, ഖാന്‍ ബഹാദുര്‍ ചേക്കുട്ടി തുടങ്ങിയവരുടെ ഉത്തരവുകള്‍ ശിരസ്സാ വഹിക്കേണ്ടി വന്നവൻ. മൗലാന ഷൗക്കത്തലി, മൗലാന മുഹമ്മദലി, ആലി മുസ്ലിയാര്‍, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ചമ്പ്രശ്ശേരി തങ്ങൾ തുടങ്ങിയവരെ ശത്രു പക്ഷത്ത് നിർത്തേണ്ടി വന്ന ഹതഭാഗ്യൻ.

ആഗസ്റ്റ് 20ന് കച്ചേരിക്ക് മുന്നില്‍ വെച്ച് അദ്ദേഹം കൊല്ലപ്പെട്ടതിനെ തുടർന്ന്... സർവ്വീസിലിരിക്കെ കൊല്ലപ്പെട്ടൊരു ബ്രിട്ടീഷ് സര്‍ക്കാര്‍ സേവകന്റെ കുടുംബത്തിനുള്ള സർക്കാർ ആനുകൂല്ല്യങ്ങളെന്ന നിലക്ക് നിരവധി സഹായങ്ങളാണ് ഈ കുടുംബത്തിനെ തേടിയെത്തിയത്.

മലബാർ കലാപം കത്തിയമര്‍ന്ന ശേഷം സമരം കൊടുമ്പിരികൊണ്ട നാട്ടിലൊക്കെ കനത്ത കൂട്ടപ്പിഴകളാണ് ബ്രിട്ടീഷുകാർ ചുമത്തിയിരുന്നത്. അന്ന് ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ട... അവരൊഴുക്കിയ ആ രക്തം വൃഥാവിലായോ എന്ന് വേദനിച്ച കുറേ പാവം ജനങ്ങളുടെ കെെകളിൽ നിന്നും  ഭീഷണിപ്പെടുത്തിയും കവർന്നും വാങ്ങിയ മുതലിന്റെ ഒരംശം കലാപത്തിൽ കൊല്ലപ്പെട്ട പോലീസുകാരുടേയും  സെെനികരുടേയുമിടയിലും വിതരണം ചെയ്യപ്പെട്ടിരുന്നു.

എന്നിരുന്നാലും, ആ സ്വത്തിലോരു പങ്കിനവകാശമുണ്ടായിരുന്ന എന്റെ ഉപ്പപ്പയെന്ന ആ ഒരേയൊരു മകൻ ചരിത്രപരമായ കാരണങ്ങളാൽ പിന്നീട് തന്റെ ഉമ്മയുടെ നാട്ടിൽ സ്ഥിരതാമസമാവുകയാണുണ്ടായത്.

പ്രായപൂർത്തിയായപ്പോൾ ആ സ്വത്തുക്കളൊന്നും തനിക്കാവശ്യമില്ല എന്നു പറയുക മാത്രമല്ല മരിക്കുന്നതിനു മുമ്പ് തന്റെ മക്കളെ വിളിച്ചു വരുത്തി ഒരു സാഹചര്യത്തിലും ആ സ്വത്തിനവകാശം പറഞ്ഞ് അന്നാട്ടിലേക്ക് ചെല്ലരുതെന്നുകൂടി താക്കീത് ചെയ്തു.

ഒടുവില്‍, ചെർപ്പുളശ്ശേരിയിൽ നിന്നും മടങ്ങുമ്പോൾ ഞാനോർത്തത് നമ്മളൊക്കെ അഭിമാന പുരസരം പറയുന്ന പല ചരിത്രമുഹൂർത്തങ്ങളുടേയും അരികിൽ അതിന്റെ ഏതെങ്കിലും ഒരറ്റത്ത് നമുക്കുമുണ്ട് ചില സ്ഥാനമാനങ്ങൾ എന്ന യാഥാര്‍ത്ഥ്യമാണ്. അതോർത്തെടുക്കാൻ തന്നെ രസമാണ്. അന്വേഷിച്ചിറങ്ങുമ്പോൾ വളരെ വലിയ ത്രില്ലും.

തൂതപ്പുഴ പാലം കടന്ന് പെരിന്തല്‍മണ്ണ ലക്ഷ്യമാക്കി ഞങ്ങൾ കുതിക്കുമ്പോൾ ഞാനോർത്തത് ഈ വഴിത്താരക്ക് ഞങ്ങളുമായുളള പൊക്കിള്‍ കോടി ബന്ധത്തെ കുറിച്ചാണ്. ഞങ്ങളുടെ ധമനികളൊഴുകുന്ന ഓരോ രക്തതുള്ളികളും ഈ വഴിയോട് ഏറെ കടപ്പെട്ടിരിക്കുന്നു. എന്നാൽ, ചരിത്രമറിയാത്ത ഞങ്ങൾ നിർവികാരമായി യാത്ര തുടർന്നു.

ബ്രിട്ടീഷ് പൊലീസിൽ ജോലി ചെയത് വന്ന മൊയ്തീൻ സര്‍ക്കിൾ തിരൂരങ്ങാടി താലൂക്ക് ആപ്പീസ് അക്രമണത്തിൽ കൊല്ലപ്പെട്ട വാര്‍ത്തയറിഞ്ഞ ദിനം... ഒരു യുവതി തന്റെ ചോരകുഞ്ഞിനേയും മാറോടണച്ച് കടന്ന് പോയ പാതകളാണിത്. ഒരുപക്ഷേ, അന്നാ യുവതി സ്വാതന്ത്ര ദാഹികളായ സമരസഖാക്കളെ രക്തധാഹികളെന്ന കണക്കെ വെറുത്ത് കാണണം. സ്വാതന്ത്ര സമരത്തെ ഭയപ്പാടോടെയല്ലാതെ അവരന്നോര്‍ക്കാന്‍ തരമില്ല. ഭയത്തിൽ നിന്നുള്ള വിമോചനമാണ് യഥാര്‍ത്ഥ സ്വാതന്ത്രമെന്ന ചിന്ത അവരില്‍ അലയടിച്ചു കാണണം. ഭര്‍ത്താവ് മരിക്കുന്ന ഒരു മുസ്ലീം പെണ്ണിന്റെ അടിസ്ഥാനവകാശമായ ഇദ്ദക്കുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട്... തന്നെ വിട്ടു പിരിഞ്ഞ തന്റെ പ്രിയതമനെയോർത്ത് ഒന്നുറക്കെ കരയാന്‍ പോലും സമ്മതിക്കാതെ തന്നെയും തന്റെയീ ചോര കുഞ്ഞിനേയും തെരുവിലേക്ക് തള്ളിവിട്ട വാരിയൻകുന്നനേയും ആലിമുസ്ല്യാരേയുമൊക്കെ ആ യുവതി എത്രയോ തവണ മനസ്സുകൊണ്ട്‌ ശപിച്ചിരുന്നിരിക്കണം. അവരെ പടച്ചവന്റെ കോടതിയിൽ കാണേണ്ടതുപോലെ തന്നെ താന്‍ കാണുമെന്നും ആ യുവതി ഒടുവില്‍ ആശ്വസിച്ചിട്ടുണ്ടായിരുന്നിരിക്കാം.

സമരം അടിച്ചമർത്താനിറങ്ങിപ്പുറപ്പെട്ട വെള്ളപ്പട്ടാളവും അവരുടെ നേതാക്കളായ വൈസ്രോയി, ഗവർണ്ണർ, തോമസ് കളക്ടർ, വെള്ള സായിപ്പുമാർ, ഖാൻ ബഹദൂർമാർ തുടങ്ങിയവരാണ് യഥാർത്ഥ നായകരെന്ന അവരുടെ തെറ്റിധാരണ ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിലാ മകന്‍ തിരുത്തി നല്‍കിക്കാണണം. തന്റെ ഭര്‍ത്താവ് എന്നെന്നും പുകഴ്ത്തി സംസാരിച്ചിരുന്ന അവരിലൂടെ മാത്രമാണ് ഇന്ത്യയുടെ മോചനമെന്ന് അന്നുവരെ അവർ തെറ്റിദ്ധരിച്ചിട്ടുണ്ടായിരിക്കാം.

നടന്നും കാളവണ്ടി കയറിയുമുള്ള ആ ദുരിത യാത്രക്കിടെ എവിടെയൊക്കെ ആ യുവതി ഈ വഴിത്താരയില്‍ കിതച്ചു നിന്നിട്ടുണ്ടായിരുന്നു. ആരോടൊക്കെയോ സഹായത്തിന് കേണിട്ടുമുണ്ടായിരുന്നിരിക്കാം. യഥാര്‍ത്ഥത്തില്‍, നാലുനൂറ്റാണ്ടിന്റെ കഥ പറയുന്ന ഒരു ചരിത്ര സംഭവത്തിന്റെ ഒടുവിലത്തെ പോരാട്ട ഭൂമികയിൽ നിന്നും ആരുമറിയാതെ അവർ ഒളിച്ചു കടക്കുകയായിരുന്നു. പിന്നിലേക്ക് നോക്കുമ്പോൾ അങ്ങകലെ കാണുന്ന മലബാർ കലാപമെന്ന ആ വലിയ തീഗോളത്തിന്റെ കത്തി ജ്വലിക്കുന്ന അറ്റത്തിൽ നിന്നും പ്രസരിച്ച ഉൾക്കരുത്തിന്റെ ഊർജ്ജമാകാം തന്റെ മകനെ മാറോടണച്ച ആ യാത്രക്ക് അവര്‍ക്കുള്ള ഇന്ധനമായത്.