Thursday, 20 December 2018

ഹെന്നരു ബീഡിക

വയനാടൻ മലനിരകൾ
ജൂൺ  മാസത്തിന്റെ അവസാനം സര്‍ക്കാര്‍ ജോലിക്കായുള്ള എന്റെ പരിശീലനത്തിന്റെ ആദ്യഘട്ടം അവസാനിക്കുകയാണ്. സിലബസ്സനുസരിച്ച് ആദ്യഘട്ടത്തിൽ വിശദമായാണ് ഞാൻ പഠിച്ചിരുന്നത്. ജൂലെെ മുതല്‍ തുടങ്ങുന്ന അടുത്ത ഘട്ടം ഗുളിക രൂപത്തിൽ പരുവപ്പെടുത്തിയ രീതിയിൽ വിജ്ഞാനം സ്വായത്തമാക്കുക എന്നുള്ളതാണ് എന്റെ ലക്ഷ്യം. ഇവക്കിടയിലെ ഒരു ദിനം എന്തെങ്കിലും ഒരു വിനോദത്തിനായി ഉപയോഗപ്പെടുത്താനാണ് ഞാൻ തീര്‍ച്ചപ്പെടുത്തിയിരിക്കുന്നത്. ഒരു യാത്രയാകുമ്പോൾ അതാകും കൂടുതൽ ആനന്ദകരമെന്ന് ഞാൻ കരുതി. കോഴിക്കോടും അവിടെ കാണാൻ ബാക്കിവെച്ച പഴശ്ശി മ്യൂസിയമടക്കമുള്ളവയുടെ ചിത്രങ്ങളാണ് അദ്യമെന്റെ മനസ്സിലേക്ക് കടന്നുവന്നതെങ്കിലും പിന്നീട് എനിക്കി തീരുമാനം മാറ്റി തിരുത്തേണ്ടി വന്നു. കാരണം, കോഴിക്കോട്ടെ ഏത് കാഴ്ച്ചകളും എനിക്ക് ഏറെ പുതുമകൾ സമ്മാനിക്കുന്നതാണങ്കിലും അവിടേക്കുള്ള വഴിത്താര വിരസതയുളവാക്കുന്നതാണന്ന് എനിക്കുറപ്പുണ്ട്. അത്രമേൽ ഞാനാ വഴിയിലൂടെ യാത്ര ചെയതിരിക്കുന്നു. അതിനാൽ മനസ്സിന്‌ ഒട്ടുമേ സംതൃപ്തിയില്ലെങ്കിലും ഒരു പ്രകൃതി രമണീയമായ സ്ഥലത്തേക്കാകട്ടെ യാത്ര എന്ന് ഞാന്‍ തീരുമാനിച്ചുറപ്പിച്ചു.

പ്രാഥമികമായ അന്വേഷണങ്ങൾക്കും ചിന്തകൾക്കുമൊടുവിൽ വയനാടൻ ചുരങ്ങൾക്കപ്പുറത്തെ മലമടക്കുകളിലൊളിച്ചു നില്‍ക്കുന്ന തേയിലതോട്ടങ്ങൾക്കിടയിലെ ടിപ്പു സുല്‍ത്താന്റേയും പഴശ്ശിരാജയുടെയും വീരചരിതം പെയ്തിറങ്ങിയ സുല്‍ത്താൻ ബത്തേരിയെന്ന സുല്‍ത്താൻസ് ബാറ്ററിയിലേക്ക് പോകാൻ ഞാന്‍ തീരുമാനിച്ചു. പോര്‍ച്ചുഗീസ് ഭാഷയിൽ നിന്നും കടം കൊണ്ട 'ബാറ്ററി' എന്ന പദം കൊണ്ട്‌ സൈനിക താവളമെന്നാണ് അര്‍ത്ഥമാക്കുന്നത്. മൈസൂരിൽ നിന്നും കേരളത്തിലേക്കുള്ള ഒരു പ്രധാന പാതയായ ഇവിടെ ടിപ്പു സുല്‍ത്താന്റെ സൈനിക ബാരക് നിലനിന്നിരുന്നിടമെന്ന നിലയിലാണ് 'സുല്‍ത്താന്‍ ബത്തേരി' എന്ന പേര്‌ ലഭിക്കുന്നത്.

പ്രകൃതിയുടെ പച്ചപ്പിനുള്ളിൽ കാലം പാത്തുവച്ച കഥകളുറങ്ങികിടക്കുന്ന വയനാടന്‍ മല നിരകളിലേക്കുള്ള എന്റെ യാത്രയുടെ തിയ്യതി ഞാന്‍ തീരുമാനിച്ചു. വരുന്ന ബുധനാഴ്ച്ച പുലര്‍ച്ചെ 6 മണിക്ക് പെരിന്തൽമണ്ണയിൽ നിന്നും യാത്ര തിരിക്കണമെന്ന് ഞാനുറപ്പിച്ചിരിക്കുന്നത്. യാത്രയെ സംബന്ധിച്ച ചിന്തയില്‍ മനസ്സ് കലുഷിതമായതിനാൽ യാത്രയുടെ തലേ ദിവസത്തെ വളരെ പ്രയാസപ്പെട്ടെന്നോളമാണ് ഞാന്‍ തള്ളി നീക്കിയത്. അന്നേ ദിവസത്തെ ഉച്ചയുറക്കവും രാത്രിയുറക്കവും യാത്രക്കുള്ള ഒരുക്കങ്ങളുടെ നിരന്തര ആലോചനയിൽ മുങ്ങിപ്പോയി. ഉമ്മയോട് കാര്യങ്ങൾ വിശദമായി തന്നെ പറഞ്ഞറിയിച്ചു.

"എന്റെ കുട്ടീന്റെ ഓരോ കാര്യങ്ങൾ"
എന്നും പറഞ്ഞ് തലയാട്ടിയവർ ചിരിച്ചു.

രാത്രി 12.30 ഓടെ, ഒരു ബാഗിൽ എന്റെയൊരു ചെറിയ ക്യാമറ, ശ്രീ സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ 'ഒരു റബ്ബിയുടെ ചുംബനങ്ങൾ' എന്ന പുസ്തകം, ഒരു ഹീറോ പെന്ന്, ഗുളിക, വെള്ളം നിറച്ച കുപ്പി തുടങ്ങിയ സാധനങ്ങളൊക്കെ എടുത്ത് വാച്ച് ഞാനുറങ്ങാൻ കിടന്നു. രാവിലെ 5 മണിക്ക് തന്നെ എണീറ്റ് പതിവ് പരുപാടികളൊക്കെ വേഗത്തിൽ തന്നെ ഓടി നടന്ന് നിര്‍വഹിച്ച ശേഷം ഉമ്മയോട് യാത്ര പറഞ്ഞ് ഞാനിറങ്ങി.

ചെറിയ തണുപ്പുള്ള പ്രദേശത്തേക്കാണല്ലോ പോകുന്നത്. അതിനാല്‍ ഒരു സ്വറ്ററും കയ്യിൽ കരുതിയിരുന്നു. ആദ്യം നേരെ പെരിന്തല്‍മണ്ണ നഗരത്തിലേക്കാണ് പോയത്. അവിടെ പൊതുവാഹന കേന്ദ്രത്തിന്റെ ഒരു മൂലക്കൽ ആളനക്കമേതുമില്ലാതെ നിർത്തിയിട്ടിരുന്ന ഒരു ബസ്സ് എന്റെ ശ്രദ്ധയിൽപെട്ടു.

'വയനാട്'

എന്റെ ബസ്സു തന്നെ. ചാടി കയറി. മാനും മനുഷ്യനുമില്ല. അതിനാല്‍ മുന്‍സീറ്റു തന്നെ എനിക്ക് തരപ്പെട്ടു. ശ്രീ സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞതു പോലെ... മുമ്പിലെ സീറ്റാണ് ചിത്രീകരണത്തിന് ഏറ്റവുമനുയോജ്യമെന്ന വാക്യം വെറുതെ അവിടെ ഇരുന്ന് ഞാന്‍ ചിന്തിച്ചു. Ksrtc ബസ്സിലെ ഏറ്റവും മുമ്പിലെ ഒറ്റ സീറ്റിൽ ഡ്രെെവറുടെ തൊട്ടരികില്‍ ഒരു കോക്-പീറ്റിലെന്നോണമാണ് ഇപ്പോൾ ഞാൻ ഇരുപ്പുറച്ചിരിക്കുന്നത്.

ആളുകൾ വന്ന് തുടങ്ങി. ഇടയില്‍ കണ്ടക്ടറും. അല്‍പ്പം കഴിഞ്ഞ ശേഷം കണ്ടക്ടർ തന്റെ സമീപത്തെ തൂങ്ങി കിടക്കുന്ന കയറില്‍ വലിച്ച് തുടർച്ചയായി മണി നാദം മുഴക്കി കൊണ്ടിരുന്നു. അതിന്റെ പശ്ചാത്തലത്തിൽ ബസ്സല്‍പ്പം പിന്നോട്ടെടുത്ത് മുന്നോട്ട് നീങ്ങിയതോടെ ഞങ്ങളുടെ യാത്രക്ക് തുടക്കം കുറിച്ചു.

ചെവിയിൽ ചെറിയ ശബ്ദത്തിൽ സംഗീതവും മനസ്സിൽ നിറയെ യാത്രയെക്കുറിച്ചുള്ള സ്വപ്നങ്ങളുമായി മുന്നിലെ കാഴ്ച്ചകള്‍ വീക്ഷിച്ച് കൊണ്ട്‌ ആശ്വാസത്തോടെ ഞാനിരുന്നു.

'സര്‍വ്വ സമാധാനം'... ഒരുപക്ഷേ, ഭൂമിയിലിപ്പോൾ ഏറ്റവും സമാധാനം ലഭിക്കുന്നതെനിക്കായിരിക്കാം...

ബസ്സിലെ യാത്രകളെക്കുറിച്ച് വാചാലരാകുന്ന നിരവധി പേരെ ഞാൻ കണ്ടിട്ടുണ്ട്. പ്രത്യേകിച്ച് Ksrtc ബസ്സിലെ. അതിന്റെ ചില്ലില്ലാത്ത വലിയ ജനാലക്കു സമീപം കമ്പിയില്‍ പിടിച്ച് പുറത്തേക്ക് കണ്ണ് പായിച്ച് ചിന്തയിലിണ്ടിരിക്കാൻ ബഹുരാസമാണന്നവർ പറയുന്നത് കേൾക്കാം. ഒരു ചെറിയ ചാറ്റൽ മഴകൂടിയുണ്ടങ്കിൽ രംഗം ഭേഷ്. എന്നാൽ, ഞാനിപ്പോൾ യാത്ര ചെയ്യുന്ന ഈ ബസ്സിനെ സംബന്ധിച്ച് അതിന്റെ മുമ്പിലെ ഈ ഒറ്റസീറ്റിലിരുന്നാലാണ് ആ യാത്രയുടെ സുഖം ഏറ്റവും കൂടുതൽ ആനുഭവേദ്യമാകുന്നതെന്ന് എനിക്ക് പറയാതിരിക്കാന്‍ കഴിയില്ല. കാരണം, മുമ്പിലെ വലിയ ചില്ലിലൂടെ കാഴ്ച്ചകൾ വലിച്ചു കെട്ടിയ ഒരു തിരശ്ചീലയിലെന്നപോലെ സുവ്യക്തമായും മനോഹരമായും കാണാൻ കഴിയുന്നു. കൂടാതെ, അടുത്തിരിക്കുന്നവരുടെയോ മുന്നിലെ സീറ്റിലിരിക്കുന്നവരുടേയോ ശല്ല്യമേതുമില്ലാതെ കാലുരണ്ടും നീളത്തിൽ നീട്ടിവെച്ച് കേമനായങ്ങനെ ആസനസ്ഥനാവുകയുമാവാം.

എന്തായാലും... സംഗതി അടിപൊളി.

ചുരം കാഴ്ച്ച
മുമ്പില്‍... ചാറ്റൽ മഴ വീണ് കടും കറുപ്പ് വീണ റോഡും, ഇരു വശത്തും ഉയരത്തിൽ വളര്‍ന്ന് പന്തലിച്ചു നില്‍ക്കുന്ന തേക്കിൻ കൂട്ടങ്ങളും. നിലമ്പൂരിനെ പിന്നിലാക്കി ബസ്സ് കുതിക്കുമ്പോൾ കുറച്ച് ഭാഗം തേക്കിൻ തോട്ടത്തിനുള്ളിലൂടെ ഒരു വനപാതയിലൂടെയാണ് യാത്ര.

അവിസ്മരണീയമായ അനുഭവം. 

ചെറിയ മഞ്ഞ നിറം കലര്‍ന്ന മുളകളുടെ കൂട്ടങ്ങളെ ഇടക്കിടെ കാണാം... പ്രഭാത വെയിലത്ത് തിളങ്ങുന്ന മുഖങ്ങളുമായി ചിലരേയും. തലേന്ന്‌ പെയ്ത മഴ റോഡിനെ ഏറെ തിളക്കമുള്ളതാക്കിയിരിക്കുന്നു. തേക്കിന്‍കാടുകൾക്കപ്പുറം നീലാകാശത്തെ മറച്ചെന്നോണം ഞാൻ കണ്ട ഒരു കുന്നിൻ ശിഖിരം ഒരു ക്യാൻവാസ് ചിത്രം പോലെ തോന്നിച്ചു. അതിനപ്പുറമാണ് വയനാടന്ന മഹാ സൗന്ദര്യമെന്ന് എന്തുകൊണ്ടോ അത് വരെ ഞാനറിഞ്ഞിരുന്നില്ല. യാത്രയുടെ വിശദാംശങ്ങളന്വേഷിച്ചിരുന്ന വേളയിൽ ഒരു സുഹൃത്തെന്നോടൊരു കാര്യം പറഞ്ഞിരുന്നു...

"വഴിക്കടവിനു ശേഷം ചുരവും, ചുരം പാതയിലൊരിടത്തായി കടന്ന് വരുന്ന തമിഴകത്തിന്റെ കുറച്ച് ഭാഗങ്ങൾക്കും ശേഷമാണ് വയനാട് തുടക്കം കുറിക്കുന്നത്" എന്ന്.

ഒരു പക്ഷേ അകലെയായി ഞാൻ കണ്ട ആ മലയുടെ താഴ്‌വാരത്താകാം ആ ചുരം തുടക്കം കുറിക്കുന്നതെന്ന് ഞാൻ കരുതി. വഴിക്കടവിന് ശേഷം ബസ്സൊരു ചായക്കടക്കരികിൽ ഒതുക്കി നിര്‍ത്തി. അത്യാവശ്യത്തിനുള്ള ഭക്ഷണത്തിനോ പ്രാഥമിക കൃത്യത്തിനോ ഒക്കെയുള്ള സമയം. എനിക്കൊന്നും ആവശ്യമില്ലായിരുന്നു. ഞാന്‍ ബസ്സിനകത്തുതന്നെ വെറുതെ കുത്തിയിരുന്ന് പുറത്തേക്ക്‌ നോക്കി ഓരോന്നാലോചിച്ചു. അൽപ്പ സമയത്തിന് ശേഷം ബസ്സ് പതിയെ മുമ്പോട്ടെടുത്തു. മുന്നിലതാ... മനോഹരാദ്ഭുതകരമായൊരു കാഴ്ച്ച.

വയനാട് ചുരം.

അത് വലിയ വീതിയുള്ള റോഡായി എന്റെ മുന്നിലങ്ങനെ പരന്നുയർന്ന് നില്‍ക്കുന്നു. വയനാടെന്ന ആ ദൃശ്യവിസ്മയത്തിലേക്കുള്ള പടിക്കു തൊട്ടു താഴെയായിരുന്നു ഞങ്ങൾ നിന്നിരുന്നതെന്നെനിക്കപ്പോഴാണ് മനസ്സിലായത്. ചുരത്തിന്റെ ഓരോ വളവും ഞങ്ങൾ പൂര്‍ത്തീകരിക്കുമ്പോൾ ഇടത് വശത്തെ താഴ്വരയിലെ ഓരോരോ കാഴ്ച്ചകളും ഞങ്ങള്‍ക്ക് മുമ്പിൽ കൂടുതൽ കൂടുതൽ വ്യക്തമാക്കപ്പെട്ടുകൊണ്ടിരുന്നു.

ഒരു വലിയ വനപ്രദേശം പോലെ തോന്നിപ്പിക്കുന്ന പച്ചില സമുദ്രം. മധ്യത്തിലായി ഞങ്ങൾ കയറി വന്ന കറുത്ത പാത ചുരത്തിലേക്ക് കയറി വരുന്നു. അതിനിടയില്‍ കാട്ടുമൃഗങ്ങളെപ്പോലെ കുറേ വാഹനങ്ങൾ സാവധാനം നീങ്ങി കൊണ്ടിരിക്കുന്നു. അകലെ, കുന്നുകള്‍... പിന്നെ, ചക്രവാളം.

ചരിത്രം കിതച്ചു കയറിയ ഈ വഴികളിൽ എത്ര എത്ര പടയോട്ടങ്ങളാണുണ്ടായിരിക്കുന്നത്. ആദ്യം പഴശ്ശിയുടെ സെെന്യം, പിന്നീട് ടിപ്പു സുല്‍ത്താന്‍, പിന്നാലെ കുറുച്ച്യർ പടയുടെ അകമ്പടിയോടെ വീണ്ടും പഴശ്ശി. ഒടുവിൽ, ആദ്യം ടിപ്പുവും, പിന്നീട് വീരപഴശ്ശിയും കമ്പനി സൈന്യത്തിനു മുന്നില്‍ അടിയറവ് പറഞ്ഞതും ഈ വഴിത്താരക്കപ്പുറത്തായിരുന്നു. വാട്ടർലൂയിൽ നെപ്പോളിയനെ പരാജയപ്പെടുത്തിയ വെല്ലസ്ലിയും, ബേബറും ഘോര ഘോര യുദ്ധം നയിച്ചതും ഇവിടെ ഈ മണ്ണിലിരുന്നാണ്. ചരിത്രം ചിന്തിക്കുമ്പോൾ ഞാനേറെ ഉന്മേഷവാനായി മാറുന്നു. ഇമവെട്ടാതെ പുറത്തേക്ക് കണ്ണ് പായിച്ച് ഞാനിരുന്നു.

ചുരം കാഴ്ച്ച
ചുരം പാതയിലൂടെ ബസ്സ് ഇടത്തോട്ടും വലത്തോട്ടും വളഞ്ഞ് പുളഞ്ഞ് നീങ്ങികൊണ്ടിരുന്നു. വയനാട് അതിർത്തിയിലെത്തി എന്ന സൂചന നല്‍കിക്കൊണ്ട് 'വയനാട്ടിലേക്ക് സ്വാഗതം' എന്നൊരു ബോര്‍ഡ് ഞാനിടയിൽ കണ്ടു. അതെന്നെ ആവേശഭരിതമാക്കി. പാതകൾ വീതിയേറിയതാണങ്കിലും ഇരു വശത്തുമുള്ള നടപ്പാതകൾ ചെറിയതായിരുന്നു. എങ്കിലും, അത് കല്ലു വിരിച്ച് മനോഹരമാക്കിയിരുന്നതായി കാണാം. അതിലൂടെ ജനങ്ങൾ മന്തം മന്തം നടന്ന് പോകുന്നു.

ഇടതു വശത്ത് മരങ്ങൾ തിങ്ങി നിരന്ന് വളരുന്ന അഗാധമായ താഴ്ച്ച കാണാം. അതിനിടയിൽ കരിനാഗത്തെപ്പോലെ ഞങ്ങൾ കടന്ന് വന്ന റോഡും. വലതു ഭാഗത്താണങ്കിൽ ഏറെ ഉയരത്തിലുള്ള പാറകൾ നിറഞ്ഞ കുന്നിൻ ചെരുവുകളുടെ നിര ഏറെ പേടിപ്പെടുത്തുന്നതാണ്. ഇനി അടുത്തൊരു വളവു കൂടി കഴിഞ്ഞ് വീണ്ടും നേരെ പോകുമ്പോൾ നേരത്തെ വലതു ഭാഗത്ത് കണ്ട കുന്നിൻ പുറം ഇടതു വശത്തെ താഴ്ച്ചയിലേക്ക് ചേര്‍ന്നുനിന്നതിന്റെ വിശ്വരൂപം പൂണ്ടിരിക്കുന്നതായി കാണാം.

പാറകെട്ടുകളിൽ ഇടക്കിടെ ഉയരത്തിൽ നിന്നും പതിക്കുന്ന ചെറു കാട്ടരുവികൾ മനോഹരമായ കാഴ്ച്ചയാണ്. അതുമായി ബന്ധപ്പെട്ട ചെറിയ തണ്ണീർ പൊയ്കകളിൽ നിന്നും പശുക്കള്‍ വെള്ളം കുടിക്കുന്നു. സമീപത്ത് ക്യാൻവാസിൽ വരച്ച ചിത്രങ്ങളെപ്പോലെ ഇളം പച്ച നിറത്തിലുള്ള മുളക്കൂട്ടങ്ങളുടെ കാഴ്‌ച്ച അത്യാകര്‍ഷകമായിരുന്നു. അവിടെ അരുടേയൊക്കെയോ കരവിരുതിൽ വിരിഞ്ഞ ചിത്രങ്ങളാൽ സമ്പന്നമായ ധാരാളം പാറകൾ കാണാൻ കഴിയും. പണ്ടെപ്പോഴോ ഭൂമി തന്റെ തോളൊന്നിളക്കിയപ്പോൾ അടര്‍ന്നു വീണ ഭീമാകാരന്മാരായ ആ വലിയ പാറകൂട്ടങ്ങളെ കണ്ടാൽ അവിടെനിന്നുമിപ്പോളത് അടര്‍ന്ന് വീഴുമെന്ന് തോന്നിപ്പോകുന്നു.

ബസ്സിനുള്ളിൽ എല്ലാവരും കാഴ്ച്ചകളിലായിരുന്നു. ഇളം തണുപ്പിന്റെ അലസത എല്ലാവരിലേക്കും പടര്‍ന്നിരിക്കുന്നു എന്ന് തോന്നുന്നു. ബസ്സിനകത്തെ ആ ഗാഢ നിശബ്ദത എന്നിൽ വല്ലാത്ത അസഹ്യമുളവാക്കി. അതിനാല്‍, ഞാൻ പേനയെടുത്ത് പാടിൽ യാത്രവിവരണം തയ്യാറാക്കുന്നതിലേക്കുള്ള കുത്തിക്കുറിക്കലുകളിലേര്‍പ്പെട്ടു. പുറത്തെ കാഴ്ച്ചകളിലേക്കുള്ള ദീര്‍ഘമായ നോട്ടവും മടിയിലേക്ക് തലതാഴ്ത്തി പേനയെടുത്തുള്ള എഴുത്തും... അങ്ങനെയായിരുന്നു പരുപാടി. വീണ്ടും തലഉയര്‍ത്തി പുറത്തെ കാഴ്ചകളിലേക്ക് മിഴി തുറക്കുന്നു. സഹയാത്രികർ ഇത് ശ്രദ്ധിക്കുന്നുണ്ടായിരിക്കാമെന്ന് എനിക്ക് തോന്നി. എന്റെ തൊട്ട് പിന്നിലെ സീറ്റില്‍ ഒരു പെൺകുട്ടിയുണ്ടായിരുന്നു. നിലമ്പൂരിൽ നിന്നോ മറ്റോ ആണ് അവൾ കേറിയത് എന്ന് തോന്നുന്നു. ഇടക്കിടെ അവളെന്നെ ഇടം കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. ഒരുപക്ഷേ, അവൾ ചിന്തിക്കുന്നുണ്ടായിരിക്കാം... 'ഏതാണീ വലിയ സാഹിത്യകാരനെന്ന്'

ചുരം കയറുന്നതിനനുസരിച്ച് തണുപ്പിനെ കാഠിന്യവും വർദ്ധിക്കുന്നുണ്ടായിരുന്നു. കൂടെ ചെവികൾ രണ്ടും കൊട്ടി അടക്കുന്നത് പോലെ ഒരു തോന്നൽ. എനിക്കിതൊരു ആദ്യാനുഭവമായിരുന്നു. ഉയരങ്ങളിലേക്ക് പോകുന്തോറും ചെവികളിലിങ്ങനെ ചില അസ്വസ്തതകൾ ഉണ്ടായേക്കാമെന്ന് ഞാൻ കേട്ടിട്ടുണ്ടങ്കിലും. അതിത്രക്ക് രൂക്ഷമാകുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല.

ചുരം കാഴ്ച്ച
നട്ടുച്ചനേരത്തുള്ള ഈ തണുപ്പിനെക്കുറിച്ച് സഞ്ചാരികള്‍ അവരുടെ സാഹിത്യ കൃതികളിൽ രേഖപ്പെടുത്തി വെച്ചിട്ടുള്ളത് ഞാൻ വായിച്ചിട്ടുണ്ട്. ഇളം തണുപ്പിലെ ചെറുവെയിലിന്റെ ആ ചൂട് അന്നാണ് ഞാനാദ്യമായി അനുഭവിക്കുന്നത്. കാലാവസ്ഥപ്പോലെ തന്നെ പുറത്തെ കാഴ്ച്ചകളും തണുപ്പ് പുതഞ്ഞതായിരുന്നു. ഓക്ക് മരങ്ങളെപ്പോലെ നീളത്തിൽ ചില്ലകൾ വിടർത്തിയ മരക്കൂട്ടങ്ങളുടെ കാഴ്ച്ചയും അവക്കിടയിലെ തേയില തെെകളുടെ നിരകളും അതിനുമപ്പുറം പച്ചപ്പുൽ മേടുമൊക്കെ കണ്ടാൽ ഇതൊരു യൂറോപ്പ്യൻ യാത്രപോലെ തോന്നുന്നു. ആൽപ്പ്സ് പര്‍വ്വത നിരകളെപ്പോലുള്ള കുന്നിൻ ചെരുവുകളും അതിനപ്പുറമുള്ള നീലാകാശവും പിന്നെ എന്റെ കാതിലെ ഇംഗ്ലീഷ് സംഗീതവുമൊക്കെകൂടി ഒരു സ്കാൻഡിനേവിയൻ ഭൂമികയിലൂടെയുള്ള യാത്രാനുഭൂതിയായിരുന്നു എന്നിൽ. വയനാട്ടിലേക്കുള്ള യാത്രയുടെ ഏറ്റവും വലിയ ആകര്‍ഷണീയത ഈ ചുരം യാത്രതന്നെയാണന്ന് എനിക്ക് തോന്നുന്നു. കുത്തനെയുള്ള ചുരം പാതയിലൂടെയുള്ള യാത്രയിലുടനീളം പ്രകൃതിയൊരുക്കിയ ദൃശ്യവിരുന്ന് മാത്രമാണ്‌ വിഭവം.

ഏകദേശം മുപ്പതു മിനൂട്ടോളമെടുത്താണ് ചുരം കയറി പർവത ശിഖരത്തിലെത്തിപ്പെട്ടത്. അവിടെയാണ് പ്രകൃതിയുടെ കരവിരുതും ചരിത്രവും പിന്നെ ഇതിഹാസങ്ങളും മിത്തുകളും കെട്ടിപ്പിടിച്ചുറങ്ങുന്ന വയനാടന്ന ഭൂമികയുള്ളത്. വഴിയിലുടനീളം ആദ്യമാദ്യം കണ്ട ഒറ്റപ്പെട്ട വീടുകൾക്ക് പകരം ചെറിയതെങ്കിലും അത്യാവശ്യം സൗകര്യങ്ങളൊക്കെയുള്ള ചില ടൗൺ ഷിപ്പുകളും... പ്രാന്തത്തിൽ ചില കൂട്ടവാസ കേന്ദ്രങ്ങളുമാണ് പിന്നെ കാഴ്ച്ചയിലേക്ക് കയറി വന്നത്. മൂടല്‍ മഞ്ഞ് നിറഞ്ഞിരിക്കയായിരുന്നു അവിടെ മുഴുവൻ. അതിനാൽ ബാഗിൽ നിന്നും ഞാൻ കരുതിയ സ്വറ്ററെടുത്തണിഞ്ഞു. എന്റെ സഹയാത്രിക പുറത്തെ കാഴ്ച്ചകളിൽ തന്നെയാണ്. ബസ്സിന്റെ ഇടത് കണ്ണാടി ചില്ലിലൂടെ ഞാനിടക്ക് അവളെ ഒളിച്ചു നോക്കുന്നുണ്ടായിരുന്നു.

തമിഴകം കേരളത്തിലേക്ക് നീട്ടിവെച്ച തമിഴകത്തിന്റെയൊരു ചെറുവിരലോളം പോന്ന ഭാഗം വയനാടിനകത്തുണ്ട്.

എക്കാലത്തും സ്വന്തം അസ്ഥിത്വം ഉയർത്തിപ്പിടിച്ചവരായിരുന്നല്ലോ അവർ. പഴയ കാലത്ത്‌ കൂലികളെന്നും അപരിഷ്കൃത ദ്രാവിഡരെന്നും പരിഹസിക്കപ്പെട്ടവരയിരുന്നു തമിഴർ. സുബ്രഹ്മണ്യ ഭാരതിയുടെ സാഹിത്യത്താൽ സമ്പന്നമായ... കട്ടബൊമ്മന്റെ ധീരതയിൽ പുളകം കൊണ്ട... വഞ്ചിനാഥന്റെയും കപ്പലോടിച്ച തമിഴന്റെയും വീരകഥകളുറങ്ങുന്ന തമിഴ് മണ്ണിലേക്ക് ഞങ്ങൾ കുതിക്കുമ്പോൾ എവിടെയാവും മലയാളിയുടേയും തമിഴിന്റെയും സംസ്കാരങ്ങൾ പരസ്പരം വേര്‍പ്പെട്ടു കിടക്കുന്നയിടം എന്നതിനെ കുറിച്ചായിരുന്നു എന്റെ ചിന്തകളത്രയും. ആദ്യമാദ്യം തമിഴ്-മലയാളം സങ്കര കാഴ്ച്ചകളാണ് കാണാനായത്. കടകളിലെ ബോർഡുകൾ, സൂചന ഫലകങ്ങൾ, വീടുകൾ, മനുഷ്യർ തുടങ്ങി അവരുടെ വസ്ത്രരീതിയിലൊക്കെ അത് പ്രകടമായിരുന്നു. തമിഴകത്തിന്റെ ഉള്ളറകളിലേക്ക് നീങ്ങുന്നതിനനുസരിച്ച് അത് തീരെ ഇല്ലാതായി വരുന്നതും ഞാൻ നിരീക്ഷിച്ചു. പിന്നെ, കാഴ്ച്ചകള്‍ തമിഴന്റെ മാത്രമായി മാറ്റപ്പെട്ടു. കടും നിറത്തിലുള്ള വഴിയമ്പലങ്ങൾ കാണാനായി. തെങ്ങുകൾ അപ്രത്യക്ഷമായി പകരം മരങ്ങൾ തീരെയില്ലാത്ത തൊടികളും ചില മൊട്ട കുന്നുകളും കാണാനായി. പിന്നെ പിന്നെ തമിഴ് ഭാഷയിൽ മാത്രമുള്ള ബോർഡുകളായി കാഴ്ച്ചയില്‍. മനുഷ്യരുടെ നിറത്തിലും ഭാവത്തിലും കണ്ടു ചില പ്രകട മാറ്റങ്ങൾ. ഇരുനിറം മാറി കടും വര്‍ണ്ണത്തിലുള്ള ആളുകൾ. അവർ കവലകളിൽ ഇരു കാൽമുട്ടുകളിലും കൈകൾ നീട്ടി വച്ചിരുന്ന് വെറുതെ എന്തൊക്കെയോ 'സൊള്ളികൊണ്ടിരിക്കുന്നു'. തമിഴ് രാശ്ട്രീയ കഴകങ്ങളുടെ ചുവപ്പും കറുപ്പും നിറത്തിലുള്ള കൊടിതോരണങ്ങളും മുദ്രാവാക്യങ്ങളും തമിഴർക്ക് മാത്രമെന്നോണമെന്ന് ആയിരിക്കുന്നു. റോഡ് നിര്‍മാണത്തിലെ പുതിയ ഒരുതരം രീതി അവിടെ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സിമന്റ് കട്ടകൾ അഥവ ഇന്‍റർലോക്ക് വിരിച്ച അത്തരം പാതകളിലൂടെയുളള യാത്ര നല്ല രസമാണ്.

ടിപ്പു സുല്‍ത്താന്റെ ആയുധ സംഭരണ കേന്ദ്രം അഥവ സെെനിക താവളമായി കുറച്ച് കാലങ്ങൾ ചരിത്രത്തിലിടം പിടിച്ച പ്രദേശമാണ് സുല്‍ത്താൻബത്തേരി. തന്റെ ഐതിഹാസികമായ കേരള പടയോട്ടത്തിന്റെ ഒടുക്കവും തുടക്കവും ആ പ്രദേശം കണ്ടിരിക്കുന്നു. ഏതാനും വഴിദൂരങ്ങൾകൂടി പിന്നിട്ടാൽ അവിടെ എത്തിച്ചേരുമെന്നായപ്പോൾ പുറത്തെ കാഴ്ച്ചയിലും ചില ഭാവ വെത്യാസങ്ങൾ ഞാൻ കണ്ടു. ബോൺസായി വൃക്ഷങ്ങളെപ്പോലെ നിരയായി കണ്ണത്താ ദൂരത്തോളം വളർന്നിരിക്കുന്ന തേയില തോട്ടങ്ങളാണ് പ്രധാനകാഴ്ച. അങ്ങകലെയുള്ള കുന്നിൻ താഴ്വരയിലും കുന്നു കയറി അതിന്റെ ഉച്ചിയിലുമൊക്കെ കാപ്പിരികളുടെ തലയിലെ രോമംപോലെ തേയിലതോട്ടങ്ങൾ കാണാനായി. ഇടതൂർത്തെന്നോണം അടുക്കും ചിട്ടയോടുമാണവയത്രയും വളർത്തികൊണ്ടു വരുന്നത്. സ്വാദിശ്ടമായ ചായ പൊടി ലഭിക്കാനായി കൃത്യമായ ഇടവേളകളിൽ ആവശ്യമായ ചികിത്സ സംരക്ഷണങ്ങൾ അതിന്റെ ഉടമസ്ഥർ അവക്ക് നല്‍കുന്നുണ്ടായിരിക്കാം.

ചുരം കാഴ്ച്ച
പുറത്ത് കെട്ട കെട്ടിവെച്ച് പ്ലാസ്റ്റിക്ക് കവറുകൊണ്ട് തലമറച്ച് തേയിലനുള്ളാനെത്തുന്ന പെണ്ണുങ്ങൾക്ക് നടക്കാനുള്ള ചെറിയ നേർ രേഖ പാതകളും തോട്ടങ്ങൾക്കിടയിൽ കാണാം. ഇടക്കിടെ മിന്നി മറയുന്ന വന്‍കിട തോട്ടയുടമകളുടെ വലിയ കമ്പനികളും അവിടെ നാനാതരം ജോലികളിലേർപ്പെട്ടിരിക്കുന്ന ജോലിക്കാരുടേയും കാഴ്ച്ചകളെന്നെ വല്ലാതെ അദ്ഭുതപ്പെടുത്തി. അവിടെ കൊണ്ട് വന്ന് കൂട്ടിയിട്ട പച്ച തേയിലകൾ കണ്ടാൽ പശുക്കൾക്കായുള്ള പുല്ലാണന്നാണ് തോന്നുക. എന്നാൽ, ഏതാനും സംസ്കരണ പ്രക്രിയകൾക്ക് ശേഷം വിലമതിക്കാനാവാത്ത കറുത്ത മുത്തുകളായി മാറി... അവര്‍ക്കേറെ നാണ്യം നേടികൊടുക്കുന്ന ഒരു വസ്തുവായയി അത് മാറുന്നു എന്നുള്ളതാണ് യാഥാര്‍ത്ഥ്യം.

ഇടക്കൊരിടത്ത് 'തേയില മ്യൂസിയം' എന്നൊരു ബോര്‍ഡ് കാണാനാടിയായി. ബസ്സിൽ നിന്നും ഇറങ്ങി അതൊന്ന് സന്ദർശിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും പിന്നെ ഒരിക്കലാകാമെന്ന് ഞാന്‍ കരുതി. ഈ പ്രദേശത്തെ തേയില വ്യാപാരത്തിന്റെ കുത്തകയാണ് 'ജാൻ ടീ' എന്ന് തോന്നുന്നു. കാരണം, പലയിടത്തുമായി ഞാനതിന്റെ പരസ്യബോര്‍ഡ് കാണ്ടുകഴിഞ്ഞിരിക്കുന്നു. ചില തേയില തോട്ടങ്ങൾക്ക് മുന്നിലെ ഉടമസ്ഥന്റെ പേരെഴുതിയതെന്ന് തോന്നുന്ന വലിയ ഫലകങ്ങളിലും ഞാനത് നേരത്തെ കണ്ടിരിന്നു.

വെെക്കം മുഹമ്മദ് ബഷീറിന്റെ കഥയിലൊരിടത്ത് പറഞ്ഞത് പോലെ 'ഒരു ശകലം ചായ' എന്ന പധം എനിക്ക് വല്ലാത്ത ഇമ്പമുണ്ടാക്കുന്ന വാക്കാണ്. ചുറ്റും നിറഞ്ഞ് നിൽക്കുന്ന തേയിലതോട്ടങ്ങൾക്കിടയിൽ നിന്നും കടുപ്പത്തിലൊരു ചായ കുടിക്കുമ്പോഴുള്ള അനുഭവം ബാഹു രസകരമായിരിക്കാം. പ്രഭാത വെയിൽ മൊട്ടിട്ട ആ ബസ്സിനുള്ളിലെ ഇളം തണുപ്പിലിരുന്ന് ഞാനൊരു കപ്പ് ചായക്കായി കൊതിച്ചു. സുല്‍ത്താൻ ബത്തേരിയിൽ ചെന്നിറങ്ങുമ്പോൾ ആദ്യമേ ഒരു ചായ കുടിച്ചു കളയാമെന്നുറച്ച് ഞാന്‍ കാത്തിരുന്നു.

റോഡിലൂടെ ഞങ്ങളെ കടന്ന് പോയികൊണ്ടിരിക്കുന്ന ചില വാഹനങ്ങളുടെ കാഴ്ച്ച ആകർശണീയമായിരുന്നു. ബ്രിട്ടീഷ് കാലഘട്ടത്തേതെന്ന് തോന്നുന്ന രൂപഭാവത്തിലുള്ള ട്രാക്ക്ട്ടറുകളും പിന്നെ കാളവണ്ടികളുമായിരുന്നു അതൊക്കെ. കാളവണ്ടി കണ്ടപ്പോൾ ഞാനോർത്തത് പ്രശസ്തമായ ഒരു പ്രവചനത്തെക്കുറിച്ചാണ്. "അടുത്ത ഒരു ലോക യുദ്ധത്തിൽ മനുഷ്യൻ ഉപയോഗിക്കുന്ന അത്യാധുനിക ആയുധങ്ങൾ ഏതൊക്കെ ആകുമെന്ന് എനിക്കറിയില്ല. പക്ഷേ, അതിനടുത്ത ഒരു യുദ്ധത്തിലെ ആയുധങ്ങൾ അമ്പും വില്ലും ആയിരിക്കുമെന്നുള്ളതിൽ എനിക്കൊരു സംശയവുമില്ല" എന്ന വിശ്വപ്രസിദ്ധ ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീന്റെ വാക്കുകളായിരുന്നു അത്.

തേയിലതോട്ടങ്ങളുടെ ബാഹുല്ല്യം അൽപ്പാൽപ്പമായി കുറഞ്ഞ് കാഴ്ച്ചകൾ വൻ മരങ്ങൾക്ക് വഴിമാറി. ഇപ്പോൾ ഇടക്കിടെ ചില അങ്ങാടികൾ കാണാൻ തുടങ്ങിയിരിക്കുന്നു. ഏതോ ഒരു ജങ്ഷനിൽ ബസ്സ് നിർത്തിയപ്പോൾ എന്റെ 'സഖി' അവിടെയിറങ്ങി. വയനാട് യാത്രക്കിടയിലെ ഒരു പ്രധാന സ്റ്റോപ്പായിരുന്നു അതെന്ന് തോന്നുന്നു. ബസ്സ് കുറച്ച് നേരം ആരെയോ കാത്തെന്നോണം അവിടെ നിൽക്കുമ്പോൾ ഞാൻ ബസ്സിന്റെ ജാലകത്തിലൂടെ പുറത്തേക്ക്‌ തല നീട്ടി അവളെ കാണുന്നതിനായി ഇടംകണ്ണിട്ടൊന്ന് നോക്കി. ആളുകൾക്കിടയിൽ നിന്നും അവളെന്നേയും തല തിരിച്ച് നോക്കിയത് ഞാൻ പെട്ടന്ന് ഒരു നോക്ക് കണ്ടു. പേടിച്ച് ഞാൻ തല ബസ്സിനകത്തേക്കു തന്നെ തിരിച്ച് നേരെ നോക്കിയിരുന്നു.

ജെെന ക്ഷേത്രം
തേയില തോട്ടങ്ങളും വനഭാഗങ്ങളും ഉയര്‍ന്ന കെട്ടിടങ്ങള്‍ക്കും വ്യാപാര സമുച്ഛയങ്ങൾക്കും വഴിമാറി. അങ്ങനെ ഒടുവില്‍ ഞങ്ങൾ സുല്‍ത്താൻ ബത്തേരി സ്റ്റാന്റിൽ 'പറന്നിറങ്ങി'.

കേവലം ഏതാനും മണിക്കൂറുകൾ മാത്രം നീണ്ടു നില്‍ക്കുന്ന ഒരു ചെറിയ സന്ദര്‍ശനമാണ് ഞാന്‍ നിശ്ചയിച്ചിരിക്കുന്നത്. യാത്ര ചെയ്യൽ മാത്രമായിരുന്നു എന്റെ പ്രധാന ഉദ്ദേശ്യം. നഗരത്തിന് അടുത്ത് സ്ഥിതിചെയ്യുന്ന ഏതാനും ചരിത്ര സ്ഥലങ്ങൾ, ഒഴിച്ചുകൂടാനാവാത്ത ഏതാനും പ്രകൃതി ഭംഗികൾ തുടങ്ങിയവയൊക്കെയുള്ളൂ എന്റെ മനസ്സിൽ. അതിനെക്കുറിച്ചുള്ള ഒരു പ്രാഥമിക അന്യേഷണമാണ് ഞാനാദ്യം നടത്തിയത്. നല്ല മോശമില്ലാത്ത തണുപ്പുണ്ടായിരുന്നു അന്നവിടെ. ഞാനാദ്യം ആ നഗരപ്രാന്തത്തിലൂടെ ഒന്ന് കാല്‍നടയായി കറങ്ങി. ഇമ്പമുള്ള കാഴ്ച്ചകളൊന്നും കണ്ണിൽപെട്ടില്ല.

വയനാട്ടിലെ സമുന്നതനായ രാശ്ട്രീയ നേതാവ് പി സി മുഹമ്മദ് ഹാജിയുടെ നിര്യാണ ദിനമായിരുന്നു അന്നവിടെ. അതിന്റെതായ ഒരു മൂകത ചിലവിടങ്ങളിലൊക്കെ ഞാൻ കണ്ടു. അദ്ദേഹത്തെക്കുറിച്ചുള്ള പഴയ ഓർമ്മകളെ പങ്കുവെച്ചുകൊണ്ടുള്ള ഒന്നിലഥികം അനുശോചന യോഗങ്ങളും അവിടെ അന്നുണ്ടായിരുന്നു.

നടത്തത്തിനിടയിൽ തണുപ്പ് ചെറുതായി അസഹ്യമായി അനുഭവപ്പെടുന്നതിനാൽ ഒരു കടയിൽ കയറി ഒരു കമ്പിളി വസ്ത്രത്തിന്റെ വില ഞാൻ ചോദിച്ചു. എന്നാൽ, വില വളരെ കൂടുതലായിരുന്നു. അതിനാല്‍, കാൽനട യാത്ര ഒഴിവാക്കി ഒരു ഓട്ടോറിക്ഷ പിടിച്ച് ജെെനക്ഷേത്രത്തിലേക്കൊന്ന് പോകാനാണ് ഞാൻ തീരുമാനിച്ചത്.

ഓട്ടോക്ക് കൈകാണിച്ചു.

എന്റെ യാത്ര ഉദ്ദേശം അറിഞ്ഞതോടെ ഓട്ടോ ട്രെെവറൊരു ടൂർ ഗെെഡിനെപ്പോലെ എന്നോട് സംസാരിച്ചു. ഞാൻ നിരന്തരമയാളോട് ചോദ്യങ്ങൾ ചോദിച്ച് കൊണ്ടേയിരുന്നു എന്നുള്ളതാണ്‌ യാഥാർത്ഥ്യം. വയനാടിനെക്കുറിച്ചും ബത്തേരിയുടെ ചരിത്രത്തെക്കുറച്ചുമൊക്കെ അയാളെന്നോട് വാചാലനായി. ബത്തേരിയിലെ അതിപ്രശസ്തമായ ജെെനമേടിനെക്കുറിച്ച് പക്ഷേ അയാള്‍ക്ക് കൂടുതൽ വിവരങ്ങളൊന്നും അറിയുമായിരുന്നില്ല. അതൊരു പ്രത്യേക മതവിഭാഗമായ ജെെനരുടെ ദേവാലയമാണന്നതു മാത്രമാണ്‌ അദ്ദേഹത്തിന് ആകെയുള്ള വിവരമെന്നനിക്ക് തോന്നി.

ജെെന ക്ഷേത്രത്തിന്റെ പടിക്കൽ വരെ എത്തിച്ചേര്‍ന്നെങ്കിലും ഗെയിറ്റ് വലിയ താഴിട്ട് പൂട്ടികിടപ്പായിരുന്നു. എന്തായിരിക്കുമതിന്റെ കാരണമെന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല. ഞാനാകനത്ത ഇരുമ്പ് ഗയിറ്റിനുള്ളിലൂടെ ആ മഹാമന്ദിരം കണ്ട് തൃപ്തിപ്പെട്ടു. പച്ച പുൽ വിരിച്ച് മനോഹരമായി ലാൻഡ്സ്കേപ്പ് ചെയ്ത പൂന്തോട്ടത്തിന് നടുവിൽ ആർക്കിയോളജിക്കൽ സര്‍വ്വെ ഓഫ് ഇന്ത്യയുടെ സംരക്ഷണ വലയത്തിൽ ഒരു കരിങ്കൽ മേട്. ചുറ്റും കുറെ തൂണുകളുമായി ദീര്‍ഘ ചതുരാക്രതീയിലുള്ള ആ കെട്ടിനു ഒത്ത നടുവില്‍ പൂട്ടി കിടക്കുന്ന ഒരു മുറി. ഒരു പക്ഷേ, പ്രധാന പ്രതിഷ്ഠാ അതിനകത്തായിരുന്നിരിക്കണം.

ടിപ്പു സുൽത്താൻ
പതിമൂന്നാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രത്തിനെ പണി പൂർത്തിയാക്കുന്നത്. എഡി 1400 മുതൽ സുല്‍ത്താൻ ബത്തേരിയിലേക്ക് വിജയനഗര സാമ്രാജ്യത്തിന്റെ ഭാഗമായ കർണ്ണാടകയിൽ നിന്നും കുടിയേറികൊണ്ടിരുന്ന ജെെനമതസ്ഥർ അവരുടെ ആരാധനാവശ്യാർത്ഥമാണ് ഇത് നിര്‍മ്മിക്കുന്നത്. അവർ ഈ പ്രധേശത്തെ 'ഹെരഡു വീധി' അഥവ 'ഹെന്നരു ബീഡിക' എന്നാണ് വിളിച്ചിരുന്നത്. സുല്‍ത്താൻ ബത്തേരിയിലേക്ക് നടന്ന അനേകം കുടിയേറ്റ ചരിത്രത്തിന്റെ ആദ്യത്തെ ഏടുകളായിരുന്നു അതെന്ന് പറയാം.

എന്തായാലും കൂടുതൽ നേരം അവിടെ നിന്നതുകൊണ്ട് കാര്യമില്ല എന്ന് ബോധ്യപ്പെട്ടതിനാൽ ഗെയിറ്റിനു പുറത്ത് നിന്നും കുറച്ച് ഫോട്ടോകളെടുത്ത്  തൃപ്തിപ്പെട്ട് ആ ഓട്ടോകാരന്റെ കൂടെ തന്നെ ഞാൻ ബത്തേരി നഗരത്തിലേക്ക് തന്നെ തിരിച്ചു പോയി.

ബത്തേരി ഇന്നൊരു പ്രധാന വ്യാപാര കേന്ദ്രമാണ്. കേരളം-തമിഴ്നാട്-കര്‍ണ്ണാടക തുടങ്ങിയ മൂന്ന് സംസ്ഥാനങ്ങളുമായാണ് ഈ നഗരം അതിർത്തി ബന്ധം സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ, അതിന്റെതായ ഒരു വലിയ പുകിലും പ്രാധാന്യമൊന്നും ഈ നഗരത്തിനില്ലാതെ പോയത് ഒരു പക്ഷേ, ഭൂമിശാസ്ത്രപരമായ ഇതിന്റെ കിടപ്പുകൊണ്ടായിരിക്കാം. ചുറ്റുപാട് നിന്നും കാനന പാതയിലൂടെ ഭയാനകമായ പർവ്വതപാർശ്വത്തിലൂടെ വേണമല്ലോ ഇവിടെ എത്തിച്ചേരാൻ. അതിനാല്‍ തന്നെ ആയിരിക്കാം സെെനികമായ ഒരു വലിയ പ്രാധാന്യം ഈ മേഖലക്ക് കെെവന്നതും. പുറം ലോകമറിയാതെ വലിയ സൈനിക തയാറെടുപ്പുകൾ അന്നവർക്കിവിടെ നടത്താൻ സാധിച്ചിരുന്നു. കൂടാതെ, ഒരു കോട്ടയിൽ നിന്നുമെന്നപോലെ ഈ കുന്നിൻ മുകളില്‍ നിന്നും താഴത്തെ ചുറ്റുപാടുകളെ നിരീക്ഷിക്കാനും കഴിയുമായിരുന്നു. ആ സെെന്യങ്ങളന്ന് നടന്നു കയറിയ വഴിയിലൂടെ കുടിയേറ്റക്കാരും വ്യാപാരികളും ഈ പ്രദേശത്തേക്ക് പിന്നീടെത്തിച്ചേർന്നുവെന്ന് വേണമെങ്കിൽ പറയാം. ഹെന്നരു ബീഡി എന്ന് ഒരു കാലത്ത് വിളിക്കപ്പെട്ട ബത്തേരി നഗരം ചരിത്രത്തെ ഉള്ളിലൊതുക്കി വീണ്ടും മുന്നോട്ട് നീന്തിക്കൊണ്ടിരിക്കുന്നു.

വയനാട്ടിലെ മങ്കമാർക്ക് ഒരേ മുഖഭാവമാണന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ചെറിയ കറുപ്പ് പുരണ്ട ഇരു നിറത്തിൽ വട്ടമുഖം. സുന്ദരികളാണവർ. ഏഷ്യയിലെ അവശേഷിക്കുന്ന ഒരേയൊരു ഗുഹാവാസികളുടെ ചില പ്രതിനിധികളേയും ഞാനവിടെ കണ്ടു. കേരളത്തിലെ ആദിവാസികളിലെ ഭൂരിഭാഗവും താമസിച്ചു വരുന്നത് വയനാട്ടിലാണന്നാണ് കണക്ക് സൂചിപ്പിക്കുന്നത്. പണിയ, കാട്ടുനായ്ക്ക, ഊരാളി തുടങ്ങി അവരിലെ ഭൂവുടമകളും വിദ്യാഭ്യാസത്തിലുയർന്നവരുമായ കുറുമ വിഭാഗങ്ങളേയും ഇവിടെ ധാരാളം കാണാം. വെറ്റില ചുവപ്പിച്ച തടിച്ച ചുണ്ടുകളും ചുരുളൻ തലമുടികളൊക്കെയുള്ള അവർ വെറുതെ അവിടെ ചടഞ്ഞിരിക്കുന്നതായാണ് ഞാൻ കണ്ടത്. ആദിവാസികളനുഭവിക്കുന്ന ഉച്ചനീചത്വങ്ങളുടെ ചില നിഴൽ രൂപങ്ങൾ അവരുടെ മുഖത്ത് നിന്നും വായിച്ചെടുക്കുവാൻ കഴിയുന്നു. ഈ വിശാലമായ ലോകത്തെക്കുറിച്ചറിവില്ലാതെ അത്യാഗ്രഹത്തിന്റെയും അക്രമണത്തിന്റെയും വഴികളറിയാതെ, അവരുടേത് മാത്രമായ ഒരു ചെറിയ ലോകത്തേവർ ജനിക്കുന്നു... ജീവിക്കുന്നു... ഒടുവില്‍, മരിക്കുന്നു. അവര്‍ക്ക് നിഷേധിക്കപ്പെടുന്ന അവകാശങ്ങളുടെ പിന്നിലെ കാരണക്കാർ പോലും ആരാണെന്നവർക്ക് അറിവുണ്ടായിരിക്കില്ല. അവരെപ്പോഴും പൂച്ചകളെ പോലെ സുധീർഘമായ ചിന്തകളിലാണന്നാണ് തോന്നിപ്പോവുക.

പഴശ്ശിരാജ
ഉച്ചഭക്ഷണം കഴിച്ച് വിശ്രമത്തിനും പ്രാര്‍ത്ഥനക്കുമായി ഞാനവിടെ കണ്ട ഒരു പഴയ പള്ളിയിലേക്ക് കയറി. ഒരു കൊട്ടാരം പോലെ തോന്നിക്കുന്ന അതിനകം കടും വര്‍ണ്ണം കൊണ്ടാണ് ചായം പൂശിയിരിക്കുന്നത്. നമസ്കാരത്തിലെ ശ്രദ്ധയെ അത് കവരുമെന്നതിനാൽ ആദ്യം തന്നെ പള്ളിക്കകം ഒന്ന് നടന്നു കാണാൻ ഞാൻ തീരുമാനിച്ചു. നഗരത്തിലെ ഏതെങ്കിലും ഒരു വലിയ പ്രമാണി പണ്ടെന്നോ പണികഴിപ്പിച്ചു നല്‍കിയതായിരിക്കാമത്. പള്ളിക്കകത്തെ തിളങ്ങുന്ന ചുമരുകൾക്കൊപ്പം മരത്തൂണുകളും മിനസമുള്ള പതുപതുത്ത പരവാതാനിയും മുകളിൽ ചെങ്ങലയിൽ തൂങ്ങിയാടുന്ന വർണ്ണവിളക്കുകളും സവിശേഷമായ ഒരു അന്തരീക്ഷമാണ് പള്ളിക്കകത്തുണ്ടാകുന്നത്. നമസ്കാര ശേഷം അല്‍പ്പനേരം അവിടെ ഞാന്‍ മലര്‍ന്നു കിടന്നു. പിന്നെ ചില യാത്രാക്കുറിപ്പുകൾ തയ്യാറാക്കി.

തിരിച്ചുള്ള യാത്രക്കായി പുറത്തിറങ്ങി ബസ്സ് സ്റ്റാന്റിലെത്തിയപ്പോഴേക്ക് ബസ്സിന്റെ മുൻസീറ്റാരോ കെെയടക്കിയിരിക്കുന്നു. അതിനാൽ, അത് കാലിയാകുന്ന മുറക്ക് അങ്ങോട്ടേക്ക് മാറാം എന്ന 'അത്ത്യാഗ്രഹത്തോടെ' തൊട്ട് പിന്നിലെ സീറ്റിൽ ഇരുപ്പറിച്ച് തല്‍കാലം തൃപ്തിപ്പെട്ടു. പോന്ന വഴിയിലൂടെയായിരുന്നില്ല തിരികെ യാത്ര. വീടുകളും കടകളുമൊക്കെ ധാരാള കണക്കിനുള്ള തെരുവുകളിലൂടെയായിരുന്നു യാത്ര. എങ്കിലും, കാൽപ്പനികതയുടെ ചില മനോഹര ഭാവങ്ങളും ഞാനാപാതയിൽ കാണാതിരുന്നില്ല. ഉച്ച തിരിഞ്ഞ സമയമാകയാൽ ഊണും വിശ്രമവുമെല്ലാം കഴിഞ്ഞ് ജോലിക്കാർ പണിയിടങ്ങളിൽ നിന്നും തിരികെ പോകുന്ന സമയമായിരുന്നു അത്. അതിനാൽ, 'കൊട്ടക്കാരികളായ' കുറെ പെണ്ണുങ്ങളെ വഴിയരികിൽ കാണാമായിരുന്നു. അന്നവർ ശേഖരിച്ച തേയിലകൾ കമ്പനിയിലേക്കെത്തിക്കാനുള്ള തയ്യിറെടുപ്പിലായിരിക്കാം അവർ.

തിരികെയാത്ര എനിക്ക് തീരെ ആവേശം നല്കിയില്ല. ഉറക്കറുവും, തണുപ്പും, ബസ്സ് യാത്രയും പിന്നെ, നിരന്തര നടത്തവുമൊക്കെ വല്ലാത്തൊരു ശാരീരികാവസ്ഥയിലാക്കിയിരിക്കുന്നു എന്നെ. നല്ല തലവേദന, കൺപോളകൾ അടയുന്നപോലെ. കൂടെ ചെറിയൊരു കുളിരുകൂടിയായപ്പോൾ സംഗതി ജോർ. താഴേക്ക് കുതിക്കാനെന്നോണം ചുരത്തിന്റെ നെറുകയിലേക്ക് ബസ്സെത്തിയതും ശാരീരിക പ്രയാസങ്ങൾ പിന്നേയും ഏറെ വർദ്ധിച്ചു. ആരോ എന്റെ ഇരു ചെവികളും പൊത്തിപ്പിടിക്കുന്നപോലെ ഒരു തോന്നൽ. ആകെക്കൂടി ഒരു നിഗൂഢതയും നിശബ്ദതയും. അത് കൂടി കൂടി വരുന്ന പോലെ. ആ ഉയർച്ച അതിന്റെ മൂർദ്ധന്യാവസ്ഥയിലെത്തിയാൽ കഥ രക്തപങ്കിലമാകുമോ എന്നൊരു സംശയം എന്നിലുണ്ടാകാതിരുന്നില്ല. ഞാൻ ചെവികളമർത്തി പിടിച്ചു. കെെകൾകൊണ്ട് തട്ടിയുണർത്താന് ശ്രമിച്ചു. ഒരു രക്ഷയുമില്ല. എങ്കിലൽപ്പം ഉറങ്ങാൻ ശ്രമിച്ചു. പക്ഷേ, കണ്ണുകൾ സമരത്തിലെന്നപോലെ അടക്കാനേ കൂട്ടാക്കിയില്ല.

പിന്നീട്, ചുരം ഇറങ്ങിയ ശേഷമാണ് വേദനയൊന്ന് ശമിക്കാൻ തുടങ്ങുന്നത്. ആരോഗ്യം കലാപക്കൊടി കാണിക്കുന്നതിനു മുമ്പേ വീടെത്തുന്നതും കാത്ത് അക്ഷമയോടെ ഞാന്‍ ബസ്സില്‍ കാത്തിരുന്നു.

Saturday, 24 November 2018

ഇന്നൊരു ദിനം ഇംഗ്ലണ്ട്

നോമ്പ് കാലം വിശുദ്ധ കര്‍മ്മങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും മാത്രം കാലമല്ല. ഭക്ഷണ വൈവിധ്യത്തിന്റെയും, സ്നേഹോഷ്മളതയുടേയും കാലം കൂടിയാണത്. നോമ്പ് കാലത്ത് സല്‍മാന്‍ പള്ളിയുടെ മുറ്റത്ത് ചെറിയൊരു പന്തലുയരും. തെരുവില്‍ ജോലിക്കായി വരുന്ന അന്യ നാട്ടുകാരായ ആളുകൾക്കും നാട്ടുകാർക്കുമായാണത്. അവിടെ വിശുദ്ധ മാസത്തിലെ എല്ലാ വൈകുന്നേരങ്ങളില്‍ മൊരിഞ്ഞ സമൂസയുടെ ഗന്ധം അന്തരീക്ഷത്തില്‍ നിറഞ്ഞൊഴുകും. ചില ദിവസങ്ങളില്‍ പൊക്കവടയും കാണും. വലിയ പത്രത്തിലേക്ക് പിഴിഞ്ഞെടുത്ത നാരങ്ങയുടെ മണവും വലിയ താലത്തിൽ വെട്ടി നിരത്തി വെക്കുന്ന വത്തക്ക, പൈനാപ്പിൾ തുടങ്ങിയവയുടെ നിരയും മനോഹരമായ അനുഭവം തന്നെ. ഉസ്താദിന്റെ കട്ടിലിനടിയിലൊരു കടലാസ് പെട്ടിയില്‍ കുനേ കൂട്ടിയടച്ച് വച്ചിരിക്കുന്ന അറേബ്യൻ ഈത്തപ്പഴമാണ് അതിലെ ഏറ്റവും വലിയ സ്ഥാനീയൻ.

ഒരുപക്ഷേ, പ്രവാചകൻ കൈ വിരലുകൊണ്ട്‌ പിളർത്തി ചീന്തുകളായി കഴിച്ച ഏതോ ഈത്തപ്പഴം... അതിൽ നിന്നും ഉപേക്ഷിച്ച കുരുവിൽ നിന്നും തളിരിട്ട പനയില്‍ തളിര്‍ത്ത ഈത്തപ്പഴം.

അല്ലാഹു അഅലം...

അക്കാലത്ത് മദ്ധ്യാഹ്ന നമസ്കാരം കഴിഞ്ഞിരിക്കുന്ന വേളയില്‍ എല്ലവരും അല്‍പ്പം സംസാരിക്കുന്ന സമയമാണ്. കാരണവന്മാരുടെ വീരവാദങ്ങൾ അഥവാ, അനുഭവങ്ങൾ. കുട്ടികളുടെ സ്വപ്നങ്ങൾ, യുവാക്കളുടെ വാഗ്വാദങ്ങൾ. സംവാദങ്ങൾ.

ഞാനങ്ങനെ വെറുതെ നിൽക്കുമ്പോളതാ... എന്റെയൊരു സുഹൃത്ത് പള്ളിയിലെ കോണിപ്പടിക്കു താഴെയങ്ങനെ വെറുതെ ഇരിക്കുന്നു.

ഇംഗ്ലണ്ട്...

സ്വയം ഒരു ചരിത്രം. അനേകം ദേശങ്ങള്‍ക്ക് വീറും വാശിയുമുള്ള ചരിത്രങ്ങൾ സംഭാവന നല്‍കിയ രാഷ്ട്രം. അതിൽ യുദ്ധമുണ്ട്, കീഴ്പ്പെടുത്തലുകളുണ്ട്, ചതിയുണ്ട്, വഞ്ചനയുണ്ട്... അധികാരാരോഹണങ്ങൾ, ക്രൂരതകൾ, ചർച്ചകൾ, അടിച്ചമര്‍ത്തലുകൾ, സമരങ്ങള്‍, കത്തിയാളുന്ന കലാപങ്ങള്‍ ഒടുക്കം യൂണിയൻ ജാക്ക് പതിയെ കൊടിമരത്തെ അള്ളിപ്പിടിച്ചുതിർന്ന് താഴുന്ന വരേക്കുമുള്ള ചരിത്രം. പിന്നെ... സ്വതന്ത്ര ദിനമാണ്. അങ്ങനെ എത്ര എത്രയോ നാടുകൾക്ക് സ്വതന്ത്രം 'നല്‍കിയ' രാഷ്ട്രം. അതാകുന്നു ഇംഗ്ലണ്ട് ദേശം. അവിടെയാണ് പുള്ളി ജോലി ചെയത് വരുന്നത്. ഇപ്പോൾ ലീവിലാണ്.

അക്കാലത്തെ അദ്ദേഹത്തിന്റെ ജീവിത കാലയനുഭവങ്ങൾ ഒട്ടൊരു അത്ഭുതത്തോടെയല്ലാതെ കേട്ടിരിക്കാന്‍ കഴിയില്ല. ബ്രിട്ടനിലെ ഓരോ ഇടവഴികളിലൂടേയും അന്ന് ഞങ്ങൾ വാക്കുകളിലൂടെ സഞ്ചരിച്ചു. അവിടുത്തെ കാറ്റും ഗന്ധവും തണുപ്പും ഞാനനുഭവിച്ചു. ഇംഗ്ലീഷ് ചാനലിന്റെ നിഗൂഡാത്ഭുദമായ ആഴങ്ങളീലേക്ക് ഞങ്ങളൂളിയിട്ടു. ലോകത്തിലെ ഏറ്റവും ശക്തനായ രാഷ്ട്രനായകരിലൊരാളായ ബ്രിട്ടീഷ് പ്രധാനമന്ത്രി വസിക്കുന്ന 'ടെൻ ഡൗണിംഗ് സ്ട്രീറ്റെ'ന്ന വീടിനു മുന്നിലൂടെയാണ്‌ ദിനവും താൻ ജോലിക്ക് പോയി വരുന്നതെന്ന് കേട്ടപ്പോൾ അടക്കാൻ കഴിയാത്ത ജിജ്ഞാസയാണ് അതെന്നിലന്നുണ്ടാക്കിയത്.

ട്രഫാൾഗർ ചത്വരത്തിലെ സാഹസികനായൊരു ബ്രിട്ടീഷ് നാവികന്റെ പേരിലുള്ള നെല്‍സണ്‍ കോളത്തിന്റെ ഒരറ്റത്താണ് അഡ്മിനിസ്ട്രാലിറ്റി ആര്‍ച്ച് നില നില്‍ക്കുന്നത്. അതിനപ്പുറമുള്ള പച്ചപ്പ് പടര്‍ത്തി തണലിട്ട് നില്‍ക്കുന്ന വൃക്ഷങ്ങൾക്ക് നടുവിലൂടെ നീണ്ടു പോകുന്ന ചെമ്മണ്ണു പാത അവസാനിക്കുന്നത് പ്രശസ്തമായ വിക്ടോറിയ കോളത്തിനു മുന്നിലാണ്. അതിനുമപ്പുറത്താണ് യൂണിയൻ ജാക്ക് നെറുകയില്‍ പറക്കുന്ന ബാങ്കിങ്ഹാം കൊട്ടാരകെട്ടുള്ളതത്രെ... എത്രയോ ചരിത്രം പിറവികൊണ്ടയിടം.

ഡോട്ടൻഹാമില്‍ നടന്ന കലാപത്തെ കുറിച്ചും ഞങ്ങൾ ചർച്ച ചെയതു. അദ്ദേഹത്തോട് ഞാനോരോ ചോദ്യങ്ങളും ചോദിക്കുമ്പോഴും വളരെ താല്പര്യത്തോടെയാണ് അതിനൊക്കെ അദ്ദേഹം ഉത്തരം നല്‍കി വന്നത്. അപ്പോഴൊക്കെയും അത്ഭുതത്തോടെ ഞാനാ കണ്ണുകളിലേക്ക് നോക്കി നിന്നു. ഈ ലോകത്തിന്റെ ചരിത്രം മാറ്റി എഴുതിയ ഒരു ചെറിയ നാട് കണ്ട കണ്ണുകളാണത്. കഷണ്ടി ആക്രമിച്ച ആ തലക്ക് മുകളില്‍ അൽപ്പകാലം മുമ്പ് വരെ ഒരു കാലത്ത് 'സൂര്യര്യനസ്തമിക്കാത്ത സാമ്രാജ്യ'മെന്ന് പേരു കേട്ടൊരു രാജ്യത്തിന്റെ ആകാശം പരന്നു കിടന്നിരുന്നു. ചരിത്രം കുളമ്പടിയടിച്ചു നടന്ന് നീങ്ങിയ മണ്ണിലൂടെയായിരുന്നു അദ്ദേഹം നിരന്തരം നടന്ന് നീങ്ങിയിരുന്നത്.

ഒടുവില്‍, ആ സംസാരം അവസാനിക്കുമ്പോള്‍ സവിശേഷമായ ഒരനുഭൂതിയിൽ ഞാനകപ്പെട്ടുപോയിരുന്നു. ഇംഗ്ലണ്ടിലെ ഏതോ തെരുവിലാണ് ഞാനെന്നൊരു തോന്നല്‍. സായാഹ്ന പ്രാർത്ഥനക്ക് ശേഷം പാട വരമ്പിലൂടെ വീട്ടിലേക്ക് ഞാന്‍ നടന്ന് നീങ്ങുമ്പോള്‍ ലണ്ടന്‍ ഗ്രാമപ്രാന്തത്തിലെ എന്റെ വസതിയിലേക്കുള്ള കരിങ്കൽ പാതയാണോ അതന്നെനിക്ക് തോന്നി. കൊയ്ത്ത് തീരാത്ത മനോഹരമായ ഹരിത വര്‍ണ്ണ പാട ശേഖരം പച്ച പുല്ല് വളരുന്ന ഏതോ ഇംഗ്ലീഷ് ഗ്രാമങ്ങളിലെ അടിവാരങ്ങളെ പോലെ തോന്നിപ്പിച്ചു. അങ്ങകലെ കണ്ട തെക്കന്‍ മലയെ ആല്‍പ്സ് പര്‍വ്വത നിരകളുടെ ഏതോ ഉച്ചി പോലെ തോന്നി. ഉച്ച വെയിലിലും കുളിരുകൊണ്ട്‌ ഞാൻ വിറങ്ങലിച്ചു.

അതേ, ഇന്നൊരു ദിനം ഞാന്‍ ഇംഗ്ലണ്ടിലായിരുന്നു

Saturday, 25 August 2018

കത്തും മറുപടികത്തും

07/ 12/ 2010
പ്രിയ സന്തോഷ് ജോർജ്ജ് കുളങ്ങര,
ഞാനിതെഴുതുന്നത് മലപ്പുറം ജില്ലയിലെ ശാന്തപുരം എന്നൊരു കൊച്ചു ഗ്രാമത്തിൽ നിന്നുമാണ്‌. എന്റെ മുറിയിലൊരു കസേരയില്‍ സുമുഖനായങ്ങനെ ഇരുന്ന് തെല്ലൊരു അഭിമാനത്തോടെയാണ് ഞാനീ കത്ത് എഴുതികൊണ്ടിരിക്കുന്നത്. കാരണം, എന്റെ മേശപ്പുറത്ത്‌ എതാനും സിഡികളിരിപ്പുണ്ട്. 3000 രൂപ നല്‍കി പ്രത്യേകമായി മരങ്ങാട്ടുപിള്ളിയിൽ നിന്നും വരുത്തിച്ച വിശ്വവിഖ്യാതമായ സഞ്ചാരം സിഡികൾ. കേരളത്തിലെ ഒരു കുഗ്രാമത്തിൽ കിടക്കുന്ന എന്നെ പോലുള്ള അനേകം പേര്‍ക്ക് ലോകത്തിന്റെ വെത്ത്യസ്ഥവും ആവേശകരവുമായ കാഴ്ച്ച സമ്മാനിച്ച നിധികളിണതൊക്കെ എന്ന് പറയേണ്ടതില്ലല്ലോ. ഇവിടെ ഇങ്ങനെയിരുന്ന് ചൈനയിലെ വന്‍ മതിലിന്റെ കാഠിന്യവും... ന്യൂയോര്‍ക്ക് നഗരത്തിന്റെ ജനത്തിരക്കും... ജപ്പാനിലെ തീവണ്ടികളുടെ വേഗതയും അനുഭവിച്ച് വരുന്നു. ഭൂട്ടാന്റെ സ്വച്ഛതയും... സ്വിസ് നഗരങ്ങളിലെ തണുപ്പും... മാലദ്വീപിലെ കടലോരത്തെ ട്യൂണ മത്സ്യത്തിന്റെ രുചിയും ഞങ്ങളറിയുന്നു. യാത്രകള്‍ തുടരുക. എല്ലാ ആശംസകളും നേരുന്നു. മറുപടി പ്രതീക്ഷിച്ചുകൊണ്ട്.
സ്നേഹത്തോടെ
പ്രിയ ശിഷ്യന്‍... നവീന്‍ ഷറഫ്.


4/ 1/ 2011,
പ്രിയ സുഹൃത്തേ,
ക്ഷേമമെന്ന് കരുതുന്നു. ജീവിത തിരക്കുകൾക്കിടയിലും മുടങ്ങാതെ സഞ്ചാരം കാണുന്നു എന്നറിയുന്നതിൽ ആഹ്ലാദമുണ്ട്. താങ്കളെ പോലുള്ളവരുടെ പ്രോത്സാഹനത്തില്‍ നിന്നുള്ള പ്രചോദനമാണ് സഞ്ചാരത്തെ മുന്നോട്ട് നയിക്കുന്നത്. ഇപ്പോൾ 70 രാജ്യങ്ങൾ പിന്നിട്ട് കഴിഞ്ഞു. 7 ഭൂഖണ്ഡങ്ങളിലും സഞ്ചരിച്ചു. ഇന്ത്യയുടെ ആദ്യ സ്പേസ് ടൂറിസ്റ്റെന്ന നിലയില്‍ ബഹിരാകാശ യാത്രക്കുള്ള തയ്യാറെടുപ്പുകള്‍ തുടരുന്നു. കാണാത്ത നാടുകളിലെ കാഴ്ച്ചകൾ തേടി ക്യാമറയുമായുള്ള സഞ്ചാരവും. നമ്മുടെ ഊഷ്മളമായ സൗഹൃദം കാലാതീതമാകട്ടെ.
ചെറിയൊരു സ്നേഹോപഹാരമായി ഞാന്‍ രചിച്ച ബാൾട്ടിക്ക് ഡയറിയുടെ ഒരു കോപ്പി ഇതോടൊപ്പം അയക്കുന്നു. സ്വീകരിക്കുക.
താങ്കൾക്കും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കൾക്കും നവവത്സരാശംസകള്‍ നേരുന്നു.
ഹൃദയപൂര്‍വ്വം
സന്തോഷ് ജോർജ്ജ് കുളങ്ങര.


22/ 2/ 2011,
പ്രിയ സന്തോഷ് ജോർജ് കുളങ്ങര,
താങ്കൾ അയച്ച മറുപടിക്കും പുസ്കങ്ങൾക്കും ഒരായിരം നന്ദി. താങ്കളുടെ യാത്രകളിൽ നിന്നും പ്രചോദനമുൾകൊണ്ടുള്ള എന്റെ കേരള യാത്രകൾ പുരോഗമിക്കുന്നതായി ഞാൻ അറിയിച്ചുകൊള്ളുന്നു. സന്ദര്‍ശിക്കുന്ന നാടിന്റെ ചരിത്രവും സംസ്കരവും ചിന്തിച്ചുകൊണ്ടുളള ഇത്തരം ഏകാന്ത യാത്രകൾ മനസ്സിന് ഏറെ ആനന്ദം നല്‍കുന്നതും വിജ്ഞാന പ്രധവുമാണ്. വലിയ യാത്രകള്‍ക്ക് അതിന്റെതായ സമാനതകളില്ലാത്ത മുല്ല്യമുണ്ട് എന്നുള്ളത് അവിതർക്കമായ കാര്യമാണ്. എങ്കിലും, താങ്കൾ പ്രാഗും വെനീസും ഡമാസ്കസും സന്ദർശിച്ചപ്പോൾ താങ്കളിലുണ്ടായ ഒരാത്മ സംപ്രപ്തിയുണ്ടല്ലോ അതെനിക്കീ കൊച്ചു കേരളം സന്ദര്‍ശിക്കുമ്പോഴും ലഭിക്കുന്നു. സ്ഥലകാല വെത്ത്യാസങ്ങൾക്കപ്പുറം യാത്രകളെ വെത്ത്യസ്തമാക്കുന്നത് അതിനെ ആസ്വദിക്കാനുള്ള  കഴിവിന്റെ അടിസ്ഥാനത്തിലാണന്നാണ് ഞാനിതിൽ നിന്നും മനസ്സിലാക്കുന്നത്.
എന്നാൽ, ചില യാത്രകളെനിക്ക് വലിയ മനപ്രയാസങ്ങള്‍ നല്‍കാറുണ്ട് എന്ന് പറയാതിരിക്കാൻ കഴിയില്ല. അത്തരം യാത്രകളില്‍ വഴിവക്കിലും തൊട്ടരികിലുമൊക്കെ കാണുന്ന സഹജീവികളുടെ ദെെനതയാർന്ന മുഖങ്ങൾ മനസ്സിൽ വല്ലാത്ത ദുഃഖം ജനിപ്പിക്കാറുണ്ട്. അപ്പോഴൊക്കെയും സഞ്ചാരത്തെ പാതിവഴിലുപേക്ഷിച്ച് മടങ്ങുവാനോ കശ്ടതകളനുഭവിക്കുന്ന ആ മനുഷ്യര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുവാനോ എന്റെ മനസ്സെന്നോട് മന്ത്രിക്കും. യാത്രകൾ മനുഷ്യന്റെ മുൻധാരണകൾ അകറ്റുമെന്ന് പറയുന്നത് എത്ര ശരിയാണ്.
കൂടുതൽ ദീർഘിപ്പിച്ച് മുശിപ്പിക്കുന്നില്ല. മലപ്പുറം പെരിന്തല്‍മണ്ണ വഴി വരികയാണങ്കിൽ സമയം അനുവദിച്ചാൽ എന്റെ ആതിഥ്യം സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു. എന്റെ വിലാസവും നമ്പറും താഴെ ചേര്‍ത്തിട്ടുണ്ട്. ഇനിയും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ താങ്കള്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നതോടൊപ്പം അതിന്നായി സര്‍വ്വശക്തനോട് ആത്മാർത്ഥമായി പ്രാത്ഥിച്ചുകൊണ്ട് നിർത്തുന്നു.
പ്രിയത്തില്‍
നവീന്‍ ഷറഫ്.


14/ 3/ 2011
പ്രിയപ്പെട്ട നവീന്‍,
സ്നേഹ പൂര്‍വ്വം അയച്ച് കത്ത് കിട്ടി. പഠനവും ജോലിയും തുടരുമ്പോള്‍ തന്നെ യാത്രകള്‍ ചെയ്യാനുള്ള താങ്കളുടെ അഭിനിവേശത്തെ ആദ്യമേ അഭിനന്ദിക്കട്ടെ.
യാത്രകള്‍ നമ്മുടെ കാഴ്ചപ്പാടുകളിൽ വലിയ മാറ്റങ്ങൾ വരുത്തുന്നുണ്ട്. ചെറിയ രീതിയിലെങ്കിലും ഒരു യാത്രക്കാരനായി കഴിഞ്ഞ നവീന് ഇക്കാര്യം വ്യക്തമായിട്ടുണ്ടാവുമെന്ന് കരുതട്ടെ. വിശാലമായ ലോകം വലിയ അറിവുകൾ ആണ് പകര്‍ന്നു നല്‍കുന്നത്.
നന്മതിന്മകളും വിജയപരാജയങ്ങളും വന്‍വികസനങ്ങളും നമുക്ക് യാത്രകളിലൂടെ നേരില്‍ കണ്ടറിയാനാകും. ചൈന സന്ദര്‍ശിച്ച വേളയില്‍ ആ രാജ്യം നടത്തുന്ന വികസന കുതിപ്പ് കണ്ട് ഞാന്‍ അത്ഭുദപ്പെട്ടു നിന്നിട്ടുണ്ട്. അടുത്തിടെ മ്യാന്‍മര്‍ സന്ദര്‍ശിച്ചപ്പോൾ ആ നാടിന്റെ അധോഗതി ദര്‍ശിച്ച് നൊമ്പരപ്പെട്ടിട്ടുണ്ട്. യാത്രകള്‍ കാഴ്ചപ്പാടുകളെ മാത്രമല്ല വ്യക്തിത്വത്തന്നെയാണ് സംസ്കരിച്ചെടുക്കുന്നത് എന്നാണ്‌ ഞാന്‍ കരുതുന്നത്.
താങ്കളുടെ യാത്രക്ക് എല്ലാ ആശംസകളും നേരുന്നു. താങ്കളുടെ സ്നേഹത്തിൽ ചാലിച്ച ക്ഷണത്തിന് നന്ദി. അവസരം കിട്ടുമ്പോൾ നമുക്ക് ഒത്തുകൂടാമെന്ന് കരുതുന്നു. കൂടാതെ, താങ്കളുടെ കേരള യാത്രക്കിടയിൽ കോട്ടയം സന്ദര്‍ശിക്കുകയാണങ്കിൽ ചുരുങ്ങിയ സമയത്തെ ഒരു കണ്ടു മുട്ടൽ നമുക്ക് സാധ്യമാകുമെന്ന് കരുതട്ടെ. അതിന്‌ വേണ്ടി ലേബർ ഇന്ത്യ ഓഫീസിലേക്ക് വിളിച്ച് നേരത്തെ സമയം നിശ്ചയിക്കുന്നത് നന്നായിരിക്കും.
സ്നേഹ പൂര്‍വ്വം
സന്തോഷ് ജോർജ്ജ് കുളങ്ങര.


12/ 04/ 2011
പ്രിയ സന്തോഷ് ജോർജ് കുളങ്ങര,
താങ്കളയച്ച മറുപടി കത്ത് കിട്ടി. താങ്കളുടെ ക്ഷണത്തിന്‌ നന്ദി അറിയിക്കുന്നു. ചൈനയിലും മ്യാന്‍മറിലും താങ്കൾ നടത്തിയ ആ യാത്രകളുടെ അനുഭവം ഞങ്ങൾ ചാനലിരുന്ന് കണ്ടപ്പോൾ വലിയ അത്ഭുദം തോന്നി എന്ന്‌ പറയേണ്ടതില്ലല്ലോ. എന്റെ സമീപത്തിരുന്ന് അത് കണ്ടിരുന്ന എന്റെയൊരു സുഹൃത്തിന്‌ ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല... ഈ യാത്രകളൊക്കെയും താങ്കൾ തനിച്ചാണോ നടത്തുന്നതെന്ന്. തീര്‍ത്തും അപരിചിതമായ വഴിത്താരകളിലൂടെ, നാടുകളിലൂടെ, മനുഷ്യര്‍ക്കിടയിലൂടെ താങ്കളൊഴുകി നീങ്ങുന്നത് കാണുമ്പോള്‍ സ്വാഭാവികമായും ആരിലുമുയരുന്ന സന്ദേഹം.
പിന്നെ മറ്റൊരു കാര്യം. സംഗതിയല്‍പ്പം മത സംബന്ധമാണ്. കാര്യമിങ്ങനെ... യാത്രകളെ കുറിച്ച് എന്റെ മതം വല്ലാതെ വാചാലമാകുന്നുണ്ട്. ദൈവത്തിന്റെ ഭൂമി എത്ര വിശാലവും സുന്ദരമാണെന്ന് ബോധ്യപ്പെടാനായി മാത്രമല്ല ഇസ്ലാം യാത്രയെ പ്രോത്സാഹിപ്പിച്ചു കാണുന്നത്. മറിച്ച്, ജനങ്ങളുടെ അവകാശങ്ങളും അധികാരങ്ങളും കാറ്റില്‍ പറത്തികൊണ്ട് താന്‍ പെരുമ നടിച്ച് ഈ ഭൂമിക്ക് മുകളിലൂടെ നടന്ന് നീങ്ങിയ ഒരുപറ്റം നേതാക്കന്മാരുടെ പര്യവസാനം എങ്ങനെ ആയിരുന്നു എന്ന് നിരീക്ഷിക്കാനും അവരിന്ന് കഴിയുന്നതെവിടെയാണന്ന് ബോധ്യപ്പെടാനും കൂടിയാണ്‌ ഇസ്ലാം യാത്രയെ പ്രോത്സാഹിപ്പിച്ചു കാണുന്നത്. കൂടാതെ, യാത്രകള്‍ മനുഷ്യന്റെ തെറ്റുകളെ മായ്ച്ച് കളയുമെന്നും ഇസ്ലാം അനുശാസിക്കുന്നു. കാരണം, യാത്രകള്‍ക്കിടയിലുണ്ടാകുന്ന പ്രയാസങ്ങളൊരു സ്ഥായിയായ സത്യമാണ്. അത്തരം പ്രയാസങ്ങളിലൂടെ കടന്ന് പോകുന്ന ഒരു മനുഷ്യനെ അവന്‍ ചെയ്യുന്ന തെറ്റുകളുടെ പേരില്‍ വീണ്ടും പ്രയാസപ്പെടുത്തരുതന്ന് ദൈവം തീരുമാനിച്ച് കാണണം.
എന്തായാലും, മുശിപ്പിച്ചില്ല എന്ന് വിശ്വസിക്കട്ടെ. ഇനിയും ഏറെ ഉയരങ്ങളിലേക്ക് താങ്കള്‍ക്ക് എത്തിച്ചേരാൻ കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട് നിര്‍ത്തട്ടെ. പ്രാര്‍ത്ഥിച്ചുകൊണ്ട്...
പ്രിയത്തില്‍
നവീന്‍ ഷറഫ്.


09/ 05/ 2012
ശ്രീ നവീന്‍ ഷറഫ്
മലപ്പുറം
സുഹൃത്തേ,
അയച്ച ആശംസ സന്ദേശം കൈപ്പറ്റി. അഭിനന്ദനങ്ങള്‍ക്കും പ്രാർത്ഥനക്കും നന്ദി.
താങ്കളുടെ കേരള യാത്രകള്‍ പുരോഗമിക്കുന്നു എന്നറിയുന്നതിൽ സന്തോഷം. അതിന്‌ എന്റെ സഞ്ചാരം പ്രചോദനമായിട്ടുണ്ട് എന്ന അറിവ് കൂടുതൽ ആഹ്ലാദകരമായ കാര്യം. യാത്രകള്‍ തുടരുക. അങ്ങനെ വിജ്ഞാനത്തിന്റെയും മാനവികതയുടേയും മണ്ഡലത്തെ കൂടുതൽ വിപുലമാക്കുക.
ആശംസകൾ
സന്തോഷ് ജോർജ്ജ് കുളങ്ങര.


തിരക്കോട് തിരക്ക് പിടിച്ച ഒരു രാജ്യാന്തര പര്യവേക്ഷകൻ... യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെർജിൻ ഗാലക്ടിക് കമ്പനിയുടെ ബഹിരാകാശ വിനോദയാത്ര പരിപാടിയിൽ ഇന്ത്യയിൽ നിന്നും പങ്കെടുക്കുന്ന ആദ്യത്തെ ആൾ. മലയാളത്തിൽ നിർമ്മിതമായ ആദ്യ ദൃശ്യയാത്ര വിവരണമായ സഞ്ചാരം 7 ഭൂഖണ്ഡങ്ങളിലുള്ള 130 രാജ്യങ്ങളിലൂടെ സഞ്ചരിച്ച് സമഗ്രമായി ചിത്രീകരിച്ച വ്യക്തി... സ്നേഹത്തോടെയാണങ്കിലും ഞാനയക്കുന്ന കത്തുകൾക്കൊക്കെയും ഒട്ടുമേ പ്രതീക്ഷിക്കാതെ ചറപറ അദ്ദേഹം മറുപടികളയക്കുന്നു. ആശംസ സന്ദേശങ്ങൾ കൈമാറുന്നു. താന്‍ മേനേജിംഗ് ഡയറക്ടറായ ഇന്ത്യയിൽ തന്നെ പ്രമുഖ വിദ്യാഭ്യാസ പ്രസിദ്ധീകരണമായ ലേബർ ഇൻഡ്യ, ഹെറിറ്റേജ് ടൂറിസംരംഗത്തെ 'പോണ്ട്‌ഷോർ' റിസോർട്ട്‌, ലേബർ ഇൻഡ്യ വിദ്യാഭ്യാസ ഗവേഷണകേന്ദ്രം തുടങ്ങിയവയുടെ അറിയിപ്പുകളടങ്ങിയ ബ്രോഷറുകൾ എത്തിക്കുന്നു. കൂടാതെ, പുസ്തകങ്ങളയക്കുന്നു. പുസ്തകങ്ങളെന്ന് വെച്ചാൽ ഇതുവരെ ഒന്നിനൊന്ന് മെച്ചപ്പെട്ട 3 പുസ്തകങ്ങൾ! അത്ഭുദം തോന്നാം. പക്ഷേ, സമയത്തെ കാര്യക്ഷമമായി ഉപയോഗിക്കുന്ന ഏതൊരു മനുഷ്യനും സാധ്യമാകുന്ന കാര്യങ്ങളാണിതൊക്കെ എന്ന് നിസ്സംശയം പറയാൻ കഴിയും. അത് കൊണ്ടാണ്‌. എങ്ങോ കിടന്ന് സ്വപ്നം കാണുന്ന ഈ എന്നെപ്പോലും നിറഞ്ഞ പുഞ്ചിരിയോടെ അദ്ദേഹത്തിന് പരിഗണിക്കാൻ കഴിയുന്നതെന്ന് ഞാന്‍ മനസ്സിലാക്കുന്നു.
സഞ്ചാരം പരിപാടിക്കായി യാത്ര ചെയ്യുന്നതും, കാഴ്ചകൾ ഷൂട്ട് ചെയ്യുന്നതും, ദൃശ്യങ്ങൾ എഡിറ്റു ചെയ്യുന്നതും അദ്ദേഹം തനിച്ചാണന്ന് കേട്ടിട്ടുണ്ട്. ഈ പ്രത്യേകത മൂലം 'ലിംക ബുക് ഓഫ് റെക്കോർഡ്‌സിലും' അദ്ദേഹം സ്ഥാനം പിടിച്ചിട്ടുണ്ടെന്ന് ഞാനീയിടെ വായിച്ചറിഞ്ഞു.

യഹോവയുടെ സാക്ഷികൾ

ഒരു തൊടി മാഹാത്മ്യം പറയാം...

തെക്കന്‍ മലയുടെ ചെരുവിൽ എന്റെ പിതാവിന്റെ പേരിലുള്ള 9 സെന്റ് സ്ഥലത്താണ് ഞങ്ങളുടെ പുരയിടം സ്ഥിതി ചെയ്യുന്നത്. ജില്ലി കല്ലുകൾ വിരിച്ച് മനോഹരമാക്കിയ മുറ്റത്ത് ഏകദേശം ഇടത്തുമാറി ഞങ്ങളുടെ ഇരു നില വീടും, അതിന്റെ വലത് വശത്ത് ചാടി കടക്കാൻ പാകത്തിലുള്ളൊരു തിണ്ടു കെട്ടിയതിനപ്പുറം തൊടിയും സ്ഥിതി ചെയ്യുന്നു. ഏകദേശം 3 സെന്റിൽ കൂടാത്ത സ്ഥലമേ അവിടെയുള്ളൂ. തൊടിയുടെ ഒരു ഭാഗത്ത് ഭൂനിരപ്പിന് താഴെ ഒരു വലിയ സെപ്റ്റിക് ടാങ്കാണുള്ളത്. കോണ്‍ക്രീറ്റ്‌ ഭീമുകൊണ്ട് മറച്ച അതിനു മുകളിലല്‍പ്പം മണ്ണുയർത്തി വെച്ചിട്ടുണ്ടങ്കിലും ചില അലപലാതി കളകളൊഴിച്ച് കാര്യമായൊന്നും ആ ഭാഗത്ത് വളരുന്നില്ല എന്ന് പറയേണ്ടതില്ലല്ലോ. അതിന്‌ തൊട്ടടുത്താണ് നിറയെ തേങ്ങകളുമായി ഉമ്മയുടെ സ്വന്തം തെങ്ങ് സ്ഥിതിചെയ്യുന്നത്. തെങ്ങിന് വളരെ ചെറിയ പ്രായമാണ്.

മധുര പതിനേഴ്

അതിനാല്‍ തന്നെ ഏവരെയും അത്ഭുദപ്പെടുത്തിയെന്നോണം നല്ല മാധുര്യവും കഴമ്പുമുള്ള ധാരാള കണക്കിന്‌ തേങ്ങകൾ അത് ഞങ്ങൾക്ക് നല്‍കുന്നു. തെക്കന്‍ മലയില്‍ നിന്നും ഇടക്കിറങ്ങി വരുന്ന കുരങ്ങന്മാർ താഴ്‌വാരത്തെ തെങ്ങുകളിൽ നിന്നൊക്കെയും തേങ്ങകൾ തുരന്ന് വെള്ളമകത്താക്കാറുണ്ടങ്കിലും മഹത്തായ ഞങ്ങളുടെ തെങ്ങിലേക്ക് മാത്രം അവരുടെ ദൃഷ്ടി പതിഞ്ഞിട്ടില്ല. അത് കൊണ്ട്‌ തന്നെ തേങ്ങകൾ സുലഭമായി ലഭിച്ച് വരുന്നു. തെങ്ങിനെ കൂടാതെ എന്റെ ഓരോ ഒഴിവ് കാലത്തും ഞാന്‍ നട്ട് പിടിപ്പിച്ചതും തനിയെ വളര്‍ന്നതുമായ അനവധി നിരവധി മരങ്ങളാണ് തൊടിയിലങ്ങനെ വളര്‍ന്ന് പന്തലിച്ച് നില്‍ക്കുന്നത്. ഞാൻ മാത്രമല്ല... ഉപ്പയും ഉമ്മയും അതിനായി വിയര്‍പ്പൊഴുക്കിയിരിക്കുന്നു.

വാഴ 15
പ്ലാവ് 2
മൂച്ചി 2
വേപ്പ് വലുത് 1
തേക്ക് 1
മുള 1
പേര 2
ലക്ഷ്മി തരു 1
പപ്പായ 3
മുരിങ്ങാ വലുത് 1
അരി നെല്ലി 1
പുളി 1
ഈനാമ്പഴം 1

ഇതൊക്കെയാണ് ആ മരങ്ങൾ. എന്നിരുന്നാലും, അങ്ങനെ വീണ്ടുമൊരൊഴിവ് ദിനത്തിലാണ് ഞാനിന്നുള്ളത്. വിരസമായ ദിനങ്ങള്‍. സദാസമയവും തൊടിയിൽ ചിലവഴിക്കാനാണ് എനിക്കിഷ്ടം... അതിന്‌ സാധ്യമാകാറില്ലെങ്കിലും. മരങ്ങള്‍ക്ക് ചുറ്റും മണ്ണ് മാന്തിയിടുക, അനാവശ്യ ചില്ലകള്‍ മുറിച്ച് മാറ്റുക, കള പറിച്ച് നിലമടിച്ചുവാരി വൃത്തിയാക്കുക, ചെമ്മലയിൽ തീയിടുക, പുതിയ തൈകൾ നട്ട് പിടിപ്പിച്ച് വെള്ളമൊഴിക്കുക. അങ്ങനെ അനേകമനേകം ജോലികള്‍. മനസ്സിനും ശരീരത്തിനും അത് എന്തെന്നില്ലാത്ത ഊർജ്ജമാണ് പകര്‍ന്നു നല്‍കുന്നതെന്ന പറയേണ്ടതില്ലല്ലോ. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ചിരകാല ബന്ധത്തിന്റെ തെളിവുപോലെയാണ് ആ അനുഭവം.

"എന്തിനാ മകനെ നീ അവിടെ കിടന്നങ്ങനെ കഷ്ടപ്പെടുന്നത്" ഉമ്മയുടെ ശബ്ദമപ്പോൾ ഉയരും.

വീട്ടില്‍ വിരുന്ന് പാര്‍ക്കാൻ വരുന്നവര്‍, ഉമ്മയുടെ അടുത്ത് വൈകുന്നേരത്തെ വെടി പറച്ചിലിന് വരുന്നവര്‍, വെറുതെ സന്ദര്‍ശനത്തിന് വരുന്നവര്‍ തുടങ്ങിയവർകൊക്കെയും തൊടിയിൽ വളരുന്ന ആ വിഭവങ്ങൾ അഭിമാനത്തോടെയവർ കാണിച്ചു നല്‍കുന്നത് കാണാറുണ്ടങ്കിലും ഞാന്‍ തൊടിയിലേക്കിറങ്ങുന്നത് തീരെ അവർക്കിഷ്ടമല്ല. ശരീരത്ത് മണ്ണ് പുരളുക, ക്ഷീണിച്ച് വിയര്‍ത്തൊലിക്കുക, ആയുധങ്ങളെന്തെങ്കിലും ശരീരത്ത് കൊണ്ട് മുറിപ്പെടുക, വെയിലടിച്ച് കരുവാളിക്കുക എന്നിത്യാദികളെന്തെങ്കിലുമെനിക്ക് സംഭവിച്ചേക്കുമോ എന്നാണ്‌ അവരുടെ ഭീതി.

"എനിക്ക് വേണ്ടിയല്ലുമ്മ... മക്കള്‍ക്ക്... അവരുടെ മക്കള്‍ക്ക്... അവരുടെ മക്കളുടെ മക്കള്‍ക്ക് ഒക്കെ വേണ്ടിയുള്ളതാണിത്" ഞാന്‍ വെറുതെ ഉമ്മയോട് കസറും.

അങ്ങനെ തൊടിയിലോരോ പ്രവര്‍ത്തനങ്ങളുമൊക്കെയായി അങ്ങനെ നില്‍ക്കുമ്പോഴാണ് ഗയ്റ്റ് കടന്ന് ഏതാനും പേർ കടന്നു വരുന്നത് ഞാന്‍ കണ്ടത്. ഇൻസൈഡ് ചെയ്ത ഷർട്ടും പേന്റുമാണവരുടെ വേഷം. തനി പരിഷ്കാരികൾ. കയ്യിലേതാനും പുസ്തകങ്ങളും തോളിലൊരു സഞ്ചിയും. ഞാൻ കൈകാൽ കഴുകി അവരുമായി അകത്തേക്കിരുന്നു. അവർ അവരെ സ്വയം പരിചയപ്പെടുത്തി.

"യഹോവയുടെ സാക്ഷികൾ"

യഹോവ,

സകല ലോക ചരാചരങ്ങളേയും സൃഷ്ടിച്ച് പരിപാലിച്ച് മടക്കി വിളിക്കുന്ന ഏകദൈവവും, സ്രഷ്ടാവും, സർവ്വശക്തനുമായവൻ. മുസ്ലീങ്ങളുടെ അല്ലാഹുവും, ജൂതന്മാരുടെ യഹോവയും, ക്രൈസ്തവരുടെ പിതാവും അവനാകുന്നു. ആദിപരാ ശക്തി. ഈ ലോകവും പ്രപഞ്ചവും ഉണ്ടായി തീരുന്നതിന് മുന്നേ... അറ്റമില്ലാത്തൊരു കാലത്തിന്റെ അധീശൻ. എല്ലാത്തി​ന്റെ​യും സ്രഷ്ടാവ്‌. പ്രവാ​ച​ക​ന്മാ​രാ​യ അബ്രാ​ഹാ​മും മോശ​യും യേശു​വും ആരാധിച്ച ദൈവം. പിന്നീട് പ്രവാചകൻ മുഹമ്മദ് ആരാധിച്ച അല്ലാഹുവും അവന്‍ തന്നെ. ഏതെങ്കി​ലും ഒരുകൂ​ട്ടം ആളുക​ളു​ടെ മാത്രമല്ല ഭൂമി​യി​ലു​ള്ള സകലരു​ടെ​യും ദൈവമാണ്‌ യഹോവ.

യഹോവയുടെ സാക്ഷികൾ ക്രെെസ്തവ മതത്തിലെ ഒരു സ്വാതന്ത്ര്യ പ്രബോദക സംഗമാണ്. 100ൽ കുറയാത്ത വർഷങ്ങൾക്ക് മുമ്പ് അമേരിക്കയിലോ മറ്റോ ആണ്‌ അവരുടെ ജനനമെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ക്രെെസ്തവ മതത്തിലെ തികച്ചും വെത്ത്യസ്തമായൊരു വിഭാഗം. കുരിശാരധന, ത്രിത്വസങ്കൽപ്പം പോലുള്ള ചില പ്രധാന വിഷയങ്ങളിൽ മറ്റു ക്രൈസ്തവ വിഭാഗങ്ങളിൽ നിന്നും അവർ ശക്തമായ അകലം പാലിച്ച് വരുന്നു. കൂടാതെ, ക്രിസ്തുമസ്, ഈസ്റ്റർ, ജന്മദിനം എന്നിവക്ക് മതത്തിൽ സ്ഥാനമേയില്ല എന്നവർ വാദിക്കുന്നു. അക്കൂട്ടരിലെയൊരു പ്രതിനിധി സംഗമാണ് ഇന്നെന്റെ വീട്ടിൽ വന്ന മേല്‍ സുഹൃത്തുക്കൾ. പ്രബോധനാവശ്യാർത്ഥം അവരുടെയൊരു പരിപാടിയിലേക്ക് ക്ഷണിക്കലായിരുന്നു ഉദ്ദേശ്യം.

അവർ അവരുടെ മതത്തെക്കുറിച്ച് ഏറെ സംസാരിച്ചു. അവരുടെയും എന്റേയും വിശ്വാസങ്ങളിലെ ചില പൊതുധാരകളെക്കുറിച്ച് ഞങ്ങൾ വാചാലരായി. എന്റെ ചില സംശയങ്ങൾക്കവർ മറുപടി നല്‍കി. ചിലവയുടെ ഉത്തരം പിന്നീട് പഠിച്ച് അറിയിക്കാമെന്നേറ്റു. എന്നുവെച്ചാൽ, അവരെ അനങ്ങാൻ സമ്മതിക്കാത്ത കുറേ കനപ്പെട്ട ബുദ്ധിജീവി ചോദ്യങ്ങളൊന്നും ആയിരുന്നില്ല അത്. എന്നിരുന്നാലും, ഒരു ഔദ്യോഗിക സംവാദം കണക്കേ ശാന്തവും ഗംഭീരവുമായിരുന്നു അതെന്ന് പറയാതിരിക്കാന്‍ കഴിയില്ല. വായിച്ചഭിപ്രായം അറിയിക്കണമെന്നപേക്ഷിച്ച് എതാനും പുസ്തകങ്ങളും അവരെനിക്ക് സമ്മാനിച്ചു. ഞാൻ സ്വീകരിച്ചു. സന്തോഷം... സംസാര മധ്യേ ഒരു ചിത്രം അവരെനിക്ക് കാണിച്ചു നല്‍കിക്കൊണ്ട് പറഞ്ഞു.

"ഇതാണ് ഞങ്ങൾ മുന്നോട്ട് വെക്കുന്ന നീതിയുടെ ലോകം"

ഒരു സിംഹവും, അതിന്റെ സമീപത്ത് അരുമയോടെ അതിനെ തലോടിയെന്നോണം ഒരു ചെറിയ കുഞ്ഞും... അതായിരുന്നു ആ ചിത്രം.

സകല തിന്മകളുടേയും... അസൂയ കുശുമ്പ് തുടങ്ങി അനീതിയന്യായങ്ങളുടേയും ഉച്ഛനീചത്വങ്ങളുടേയും ഏറ്റവും ഉയർന്ന പ്രാഗ് രൂപമാണ് മൃഗരാജനായ സിംഹത്തിലവർ പ്രതിഫലിപ്പിച്ചിരിക്കുന്നതെന്ന് എനിക്ക് തോന്നി. ആ അതിഭയങ്കരനായ സിംഹരാജന്റെ അടുത്ത് സാഹോദര്യം കൊണ്ടും പരസ്പര സഹകരണ മനോഭാവം കൊണ്ടും മാത്രം നേടാൻ കഴിയുന്ന സവിശേഷമായൊരു സാഹചര്യത്തിന്റെ ഫലമായൊരു കുഞ്ഞ് നില്‍ക്കുന്നു.

എന്നാൽ, മേലുദ്ദേശത്തിന്റെ ഒരു പ്രതിഫലനവും ആ ചിത്രത്തിലില്ല എന്നെനിക്ക് തോന്നി. പരമ നിഷ്കളങ്കയായ ആ കുഞ്ഞിന്റേയും സിംഹത്തിന്റേയും സ്ഥാനത്ത് മനുഷ്യരാകുന്നതായിരുന്നു ഉചിതമെന്ന് ഞാൻ വെറുതെ ചിന്തിച്ചു. കാരണം, വര്‍ഗ്ഗ ശത്രുക്കൾ മനുഷ്യരും മൃഗങ്ങളും തമ്മിലല്ലല്ലോ മനുഷ്യരും മനുഷ്യരും തമ്മിലാണല്ലോ.

ലോകത്ത് നടമാടുന്ന ഇന്നത്തെ സകല ഉഛനീചത്വങ്ങൾക്കും പരിഹാരം യഹോവയുടെ അഥവ ദെെവത്തിന്റെ പരമാധികാരം ഭൂമിയില്‍ നടപ്പിൽ വരുത്തുക മാത്രമാണന്നവർ പറഞ്ഞ്‌ വെച്ചു. ഇപ്പോൾ നാം ജീവിക്കുന്നത് ഒരന്ത്യകാലത്താണെന്നും വളരെ പെട്ടെന്നു തന്നെ യഹോവയായ ദൈവം ഈ ഭൂമിയെ കീഴ്മേല്‍ മറിക്കുമെന്നും അവർ വിശ്വസിക്കുന്നു.

അതിശയസംഭ്രമമായ ലോകാവസാനം...

സ്വാഭാവികമായി ചലിച്ച് കൊണ്ടിരിക്കുന്ന ഒരു ദിനത്തിന്റെ അന്ത്യത്തില്‍ എവിടെനിന്നോ ഒരു കാഹള ശബ്ദമുയരുന്നത് കേള്‍ക്കുന്നതോടു കൂടിയാണ്‌ ലോകാവസാനത്തിന്റെ തുടക്കം. ഒരു പക്ഷേ, ഭൂനിവാസികള്‍ മുഴുക്കെയും ഒരേ സമയം കേള്‍ക്കുന്ന ആദ്യ നാദമതായിരിക്കാം അത്. മഹാ വിസ്മയകരമായ അത്ഭുദ നാദം. സൈറൺ പോലെ. അതാകുന്നു അന്തിമ കാഹളം. അതോടു കൂടി മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയാതാകും. തന്റെ മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞിനെ ഉപേക്ഷിച്ച് മാതാവ് പോലും ഇറങ്ങിയോടുന്ന നിമിഷം. എന്നാൽ, ഒരുകൂട്ടർ മാത്രം അന്ന് തങ്ങളുടെ ജോലിയില്‍ മുഴുകിയിരിക്കുന്നത് കാണാൻ കഴിയുമത്രെ.

"ആരാണവർ?" ഞാന്‍ ചോദിച്ചു.

"മരങ്ങൾ നട്ടു പിടിപ്പിക്കുന്നവർ. അതിൽ വെള്ളം ഒഴിക്കുന്നവർ... തടം കെട്ടി കൊണ്ടിരിക്കുന്നവർ". അവർ പറഞ്ഞു നിർത്തി.

ഒടുവിൽ... ഒരോ ക്ലാസ് നാരങ്ങ വെള്ളം കുടിച്ച് പിന്നീട് കാണാമെന്ന് പറഞ്ഞ്‌ യാത്ര പറഞ്ഞവരിറങ്ങുന്ന വേളയില്‍ ഞാനെന്റെ ലെെബ്രറിയൽ നിന്നും 'ക്രിസ്തുമതവും ക്രിസ്തുവിന്റെ മതവും' എന്ന ഗ്രന്ഥം അവര്‍ക്ക് സമ്മാനിച്ചു. എന്റെ സ്വകാര്യ ഗ്രന്ഥാലയത്തിന്റെ ഏറ്റവും ഉചിതമായ ഉത്തരവാദിത്ത നിര്‍വ്വഹണമാണതെന്നാണ് എനിക്ക് തോന്നിയത്.

ഈ രാജ്യത്തിന്റെ ഭരണഘടന ഒരോ പൗരനും നൽകിയ ആശയം കൈമാറ്റത്തിനുള്ള സ്വാതന്ത്രം എത്ര തന്മയത്വത്തോടെയാണ് ഞങ്ങളുപയോഗിച്ചത്. ഒരു കമ്മ്യൂണിസ്റ്റിന് തൊഴിലാളി വർഗ്ഗ സിദ്ധാന്തം പ്രചരിപ്പിക്കാൻ അവകാശമുള്ളപോലെ, ഒരു നാസ്തികൻ മതനിഷേധം ഉദ്ഘോഷിക്കുവാൻ അവകാശമുള്ളത് പോലെ, ഓരോ ക്രിസ്ത്യാനിക്കും മുസ്ലിമിനും ഹിന്ദുവിനും സൗഹൃദ സംഭാഷണങ്ങൾ പോലെ അവരുടെ വിശ്വസവും മറ്റുള്ളവർക്ക് പകർന്ന് നൽകുവാൻ സാധിക്കേണ്ടതുണ്ടന്ന് എനിക്ക് തോന്നി. അതിനെ തടയിടാൻ ശ്രമിക്കുന്നവരാരായാലും, അവർ ആശയദാരിദ്രം അനുഭവിക്കുന്നവരല്ലാതെ മറ്റാരുമാകാൻ തരമില്ല.

ഞാൻ വീണ്ടും ചെറിയ തിണ്ട് കടന്ന് തൊടിയിലെ മരതണലിലേക്ക് നടന്നു.

Tuesday, 7 August 2018

ഇസ്‌ലാമിലെ ജാതിഭേദം

ഇസ്‌ലാമിൽ ജാതിഭേദങ്ങളുണ്ടോ? ഇല്ല എന്നാണ് ഒറ്റയടിക്ക് പറയാൻ കഴിയുക. എന്നാൽ സൂക്ഷ്മമായി നിരീക്ഷിച്ചാൽ ശക്തമായ ജാതിയിലധിഷ്ഠിതമാണ് ഇന്നത്തെ ഇസ്‌ലാമെന്ന് നമുക്ക് ബോദ്ധ്യമാകും. ലോക ഇസ്‌ലാമിനെ മൊത്തമായെടുത്ത് അതിൻ്റെ ആദ്യകാല ചരിത്രങ്ങളും അദ്ധ്യാപനങ്ങളും പഠനവിധേയമാക്കിയാൽ ഇസ്‌ലാം തീർത്തും ജാതിമുക്തമാണെന്ന് മാത്രമല്ല അതിനെതിരെ ശക്തമായി നിലപാടെടുത്ത മതം കൂടിയാണന്ന് നമുക്ക് മനസ്സിലാകും. എന്നാൽ, കേരള സാമൂഹിക മണ്ഡലത്തിലേക്ക് വന്നാൽ ചിത്രം മറ്റൊന്നാണ്. കേരളത്തിലെ കഴിഞ്ഞ കാലത്തെ സവിശേഷ സാമൂഹിക സാഹചര്യത്തിനോടൊപ്പം ഒഴുകിയത് കൊണ്ട് തന്നെ അതിൻ്റേതായ പലവിധത്തിലുള്ള കൂട്ടിച്ചേർക്കലുകളും കേരളീയരുടെ ഇസ്‌ലാമിക വീക്ഷണങ്ങളിലും വന്നതായി കാണാൻ സാധിക്കും. കർമ്മശാസ്ത്രപരമായി ശക്തമായ അച്ചടക്കവും മറ്റ് കൂടിച്ചേരലുകളെ അകറ്റികൊണ്ടുള്ള നിതാന്ത ജാഗ്രതയും വച്ചുപുലർത്തുമ്പോൾ തന്നെ ഹിന്ദുമതങ്ങളിൽ നിന്നുള്ള പലജാതി ആചാരാനുശ്ഠാനങ്ങളും കേരളത്തിലെ ഇസ്‌ലാമിക വിശ്വാസ ധാരയുമായി കൂടിക്കലർന്നിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ നിന്നാണ് അത്യന്തം അപകടകരമായ ജാതി ചിന്തകളും ഇസ്‌ലാമിൽ തലപൊക്കപ്പെട്ടത്. യഥാർത്ഥ ഇസ്ലാമിക വിശ്വാസ രൂപകങ്ങളാണ് അതെല്ലാമെന്ന് തെറ്റിദ്ധരിച്ച് അതിനെ നിലനിർത്തിപ്പോരുമ്പോഴും ഒരു സെമിറ്റിക് ലോക മതമെന്ന നിലയിൽ ഇസ്‌ലാമിൽ എന്തുകൊണ്ട് കേരളത്തിൽ മാത്രമായി ഇങ്ങനെയുള്ള അനാചാരങ്ങളെന്ന് ചിന്തിക്കുന്നവരെയും ഇന്ന് സർവ്വ സാധാരണമായി കാണാൻ സാധിക്കും.

പ്രവാചക കുടുംബമായ ബനൂ ഖുറൈശിലെ ഹാഷിം കുടുംബം അഥവാ സയ്യിദ് കുടുംബമാണ് ഇസ്‌ലാമിക ജാതി വ്യവസ്ഥയിലെ ഒരറ്റമെങ്കിൽ മറ്റൊരറ്റം ഇസ്‌ലാമിലെ പ്രധാന മതചടങ്ങുകളായ ചേലാകർമ്മം, നവജാത ശിശുവിന്റെ ആദ്യത്തെ തലമുണ്ഡനം തുടങ്ങി സാധാരണ മുടിവെട്ടലുകളെല്ലാം നിർവഹിക്കുന്ന ഒസ്സാന്മാരുമാണ്. ഇവർക്ക് രണ്ടുപേർക്കുമിടയിലെ സാധാരണ വിശ്വാസികളെയെല്ലാം മൂന്നാം ജാതിയായും കാണാം. ആധുനിക കാലത്തെ ജാതിവ്യവസ്ഥയെ പോലെ ഇവർ തമ്മിലും നേരിട്ടുള്ള സംഭാഷണം, സൗഹൃദം, സഹകരണം, തുടങ്ങിയവയൊക്കെ ഉണ്ടെങ്കിലും ആ പരിധിക്കപ്പുറം പരസ്പരം കല്യാണം കഴിക്കുവാനോ മറ്റു രീതിയിൽ കുടുംബ ബന്ധം സ്ഥാപിക്കാനോ ഇവർ ശ്രമിക്കാറില്ല. സയ്യിദുമാർ അഥവാ തങ്ങന്മാർ എന്ന വിഭാഗം പ്രവാചകന്റെ കുടുംബ പാരമ്പരയാണെന്ന് അവകാശപ്പെടുന്നത് കൊണ്ട് തന്നെ ഹിന്ദുമതത്തിൽ ബ്രാഹ്മണ വിഭാഗങ്ങൾക്ക് നൽകുന്നത് പോലുള്ള ഒരുന്നത സ്ഥാനം ഇവർക്കും നൽകിയതായി കാണാം. ആത്മീയ സ്ഥാനീയരെന്ന പേരിൽ തികഞ്ഞ വിനയത്തോടും ഭക്ത്യാദരവോടും കൂടി മാത്രം അവരെ കാണുമ്പോൾ ക്ഷുരകർ അഥവാ ഒസ്സാന്മാരെ അവരുടെ ജോലിയുമായി ബന്ധപ്പെടുത്തി താഴ്ന്നവരായി കണ്ട് അകറ്റി നിർത്താനാണ് സാധാരണ ശ്രമിക്കാറ്.

എന്താണ്‌ ജാതി?

ജാതി എന്നാൽ 'ജനനം' എന്നർത്ഥം. പ്രാചീന ഗ്രന്ഥങ്ങളിൽ വളരെ അപൂർവമായി മാത്രമേ ജാതിയെക്കുറിച്ച് സൂചിപ്പിക്കുന്നുള്ളൂ. ജാതി വർണ്ണത്തിൽനിന്നും വ്യക്തമായി വ്യത്യാസപ്പെട്ടിരിക്കുന്നു. വർണ്ണം നാലേയുള്ളൂ. ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര എന്നിവ. എന്നാൽ, ജാതികൾ ആയിരത്തിൽ കൂടുതലുണ്ട്. ചിലർ ജാതി ഒരു തൊഴിൽ സംബന്ധമായ വിഭജനമാണെന്ന് കരുതുന്നുവെങ്കിലും യഥാർത്ഥത്തിൽ ജാതി അതിൻ്റെ അംഗത്തെ അയാൾ ജനിച്ച 'ജാതി തൊഴിലിൽ' നിന്നും മാറി മറ്റൊരാൾ തൊഴിൽ ചെയ്യുന്നതിൽ നിന്നും വിലക്കുന്നില്ലെന്ന് പ്രശസ്ത സമൂഹിക ശാസ്‌ത്രജ്ഞൻ ജിനിൽ ഫ്ലാവർ നിരീക്ഷിക്കുന്നു. എങ്കിലും, തങ്ങളുടെ തൊഴിലുമായി ബന്ധപ്പെടുത്തി സാമൂഹിക മണ്ഡലത്തിൽ ഓരോരുത്തരുടെയും സ്ഥാനമുറപ്പിക്കൽ കഴിഞ്ഞ കാലങ്ങളിൽ നമ്മുടെ നാടുകളിലുണ്ടായിരുന്ന ഒരേർപ്പാടാണ്. അതിൻ്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, ആദിവാസി വിഭാഗങ്ങളിലെല്ലാം വെത്യാസ്ഥ രൂപത്തിൽ ജാതി നിലനിന്നു വരുന്നു. ഇവരിൽ വ്യക്തമായ ഒരു ക്രമം ജാതിയുടെ കാര്യത്തിൽ കാണാൻ കഴിയില്ല. കേരളത്തിലെ സാമൂഹിക വ്യവസ്ഥയിലേക്ക് വരുമ്പോൾ നമ്പൂതിരി, തമ്പുരാൻ തുടങ്ങിയവർ മേൽത്തട്ടിലും നായർ, മേനോൻ, പിള്ള  തുടങ്ങിയ അനേകം വിഭാഗങ്ങൾ തുടർന്നും തിയ്യർ, പറയർ, ചെറുമർ തുടങ്ങിയ ധാരാളം ജാതികളെ താഴെയായും കാണാം. അതിലെ ആദ്യത്തെ രണ്ട് വിഭാഗങ്ങൾ യഥാക്രമം പൗരോഹിത്യത്തിലും  ഭരണത്തിലും ഏർപ്പെട്ടു വരുമ്പോൾ രണ്ടാം വിഭാഗം യുദ്ധം ചെയ്യുവാൻ മേൽജാതിയെ സഹായിക്കുന്നത് മുതൽ കച്ചവടോദ്യോഗ തലത്തിലും സേവനം ചെയ്ത് വരുന്നതായും കാണാം. മേല്‍ജാതിക്കാർക്കിടയിൽ തീർത്തും അകറ്റി നിർത്തപ്പെട്ടവരായിട്ടാണ് മൂന്നാം വിഭാഗത്തെ കണ്ടിരുന്നത്. കൃഷിയും അതിനോടനുബന്ധിച്ച നാടൻ പണികളുമാണ് അവർ ചെയ്തുവന്നിരുന്നത്. അത്തരം തൊഴിലുമായി ബന്ധപ്പെട്ട കായികാധ്വാനങ്ങളുടെ പ്രയാസങ്ങൾ കൂടാതെ നിരന്തരം ചൂഷണത്തിന് വിധേയമായിക്കൊണ്ടിരുന്നവരിയിരുന്നു അവർ. ഒരു മുസ്ലിമിനെ സംബന്ധിച്ച് വിശുദ്ധ ഗ്രന്ഥത്തിലെ അധ്യാപനങ്ങളും പ്രവാചകന്‍ തിരുമേനിയുടെ ചര്യയും ഉപദേശങ്ങളുമാണ് മറ്റെന്തിനേക്കാളും പ്രാധാന്യം. അത് പ്രകാരം നാട്ടുനടപ്പും പ്രാദേശികമായ മാമൂലുകളുമൊക്കെ മാറ്റി വച്ചുകൊണ്ട് ഈ വിഷയത്തിൽ ഇസ്‌ലാമിന് എന്താണ് പറയാനുള്ളത് എന്ന് നോക്കാം.

തങ്ങന്മാർ യഥാർത്ഥത്തിൽ പ്രവാചകന്റെ പാരമ്പരയോ?

പ്രവാചകൻ മരിക്കുമ്പോൾ അദ്ദേഹത്തിന് ആൺ കുട്ടികളാരും തന്നെ ജീവിച്ചിരിപ്പുണ്ടായിരുന്നില്ല. തന്റെ പിതാവിന്റെ സഹോദരൻ അബീത്വാലിബിന്റെ മകൻ അലിയിബ്‌നു അബീത്വാലിബിന് വിവാഹം ചെയ്തു നൽകിയ ഫാത്തിമ സുഹ്‌റ എന്നിവരുടെ മക്കൾ പരമ്പരയെയാണ് റസൂലിന്റെ പരമ്പരയെന്ന് പറഞ്ഞ്‌ വരുന്നത്. യഥാർത്ഥത്തിൽ നബി തങ്ങളുടെ പിതാവിന്റെ അനിയൻ അബീത്വാലിബ് ബിൻ അബ്ദുൽ മുത്ത്വലിബിന്റെയോ അലിയിബ്‌നു അബീത്വാലിബിന്റെയോ പിന്മുറയാണവരെന്നാണ് ചരിത്രം പഠിച്ചാൽ നമുക്ക് ബോദ്ധ്യമാവുക. ഈ പരമ്പരയിലെ ആദ്യകാല കണ്ണിയും പ്രവാചകപുത്രി ഫാത്ത്വിമ സുഹ്റയുടെ മക്കളുമായ ഹസൈൻ, ഹുസൈൻ എന്നിവരുടെ പിതാവ് അലിയും പിന്നെ അദ്ദേഹത്തിൻ്റെ പിതാവ് അബീത്വാലിബിലേക്കും ആ കുടുംബത്തെ ചേർക്കുന്നതിന് പകരം അലിയുടെ ഭാര്യയിലേക്കും അതുവഴി നേരെ പ്രവാചകനിലേക്കും അഥവാ ഭാര്യ പിതാവിലേക്കും കൂട്ടിച്ചേർത്തതായാണ് ഇവിടെ കാണാൻ കഴിയുക. ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം പിതാവ് വഴിക്കുള്ള ബന്ധങ്ങൾക്ക് വലിയ പ്രാധാന്യമാണ് ചരിത്രകാലം മുതലേ അത് നൽകി വരുന്നത്. അതിനാലാണ് അറബ് നാമങ്ങളുടെ കൂടെ പിതാവിന്റെയും പിതാവിന്റെ പിതാവിന്റെയുമൊക്കെ നാമം ചേർത്ത് വിളിക്കപ്പെടുന്നത്. അത് പ്രകാരം എത്ര കാലഘട്ടങ്ങൾക്ക് പിന്നിലും തങ്ങളുടെ പൂർവികരെ എളുപ്പത്തിൽ അവർക്ക് കണ്ടെത്തുവാൻ സാധിക്കുന്നു. അതിനെ പൊതുവിൽ 'സനദ്' എന്നാണ് പറയുന്നത്. അത് മാത്രവുമല്ല, സാധാരണ നമുക്കിടയിൽ നിലവിലുള്ള; പെണ്മക്കളുടെ കൂടെ ഭർത്താവിന്റെ നാമം ചേർക്കുന്ന പരിപാടിയെയും ഇസ്‌ലാം വിലക്കിയിട്ടുണ്ട്. അഥവാ അവിടെയും ഉയർത്തപ്പെടുന്നത് പിതാവ് വഴിക്കുള്ള മനുഷ്യപരമ്പരകളുടെ നിലനില്‍പ്പിന്റെയും ബന്ധങ്ങളുടേയും ദൃഢതയെയാണ്. എന്നാൽ, 'തങ്ങൾ' വിഷയത്തിൽ ഇസ്‌ലാമിന്റെ ശക്തമായ ഈ നിലപാട് തലകുത്തി നിർത്തപ്പെടുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല.

പ്രവാചകന്റെ മരണ ശേഷം, 'ഖുലഫാഉ റാശിദീങ്ങൾ' അഥവാ സച്ചരിതരായ ഖലീഫമാരായി അറിയപ്പെടുന്ന 4 ഭരണാധികാരികളുടെ കാലത്ത് അന്നത്തെ മുസ്ലിം ജനസമാജത്തിൽ രൂപപ്പെട്ട ഒരു രാഷ്ട്രീയ പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങളിലേക്ക് ഇറങ്ങിച്ചെന്നാൽ ഈ വിഷയത്തിന്റെ അപകടം എത്രത്തോളമാണെന്ന് നമുക്ക് ബോധ്യമാകും. അന്ന് ഭരണം മുന്നോട്ടു കൊണ്ടുപോകുവാനുള്ള അവകാശം പ്രവാചക കുടുംബത്തിന് മാത്രമാണെന്ന പേരിൽ 'ഷിയത്തു അലി' അഥവാ, അലിയിബ്നു അബീത്വാലിബിന്റെ പാർട്ടിക്കാർ പ്രത്യക്ഷപ്പെടുകയും അതൊരു വമ്പിച്ച രാഷ്ട്രീയ അരക്ഷിതാവസ്ഥക്ക് കാരണമാവുകയും ചെയ്തതായി ചരിത്രത്തിൽ കാണാം. അതിൻ്റെ ബാക്കിപത്രമായാണ് മൂന്നാം ഖലീഫ ഉസ്മാൻ ഇബ്നു അഫ്ഫാന്റെ വധം വരെ സംഭവിച്ചത്. നേത്യത്വം നല്‍കാനുള്ള അവകാശം പ്രവാചക കുടുംബത്തിന് മാത്രമാണെന്ന്‌ അവകാശ വാദത്തെയാണ് അന്ന് വിശ്വാസികള്‍ ചോദ്യം ചെയ്തതെന്ന് സാരം.

തന്റെ പ്രവർത്തികൾ അഥവാ സുന്നത്തുകള്‍ ജീവിതത്തിൽ പകർത്തുന്നവരും യഥാർത്ഥ ദൈവമായ അല്ലാഹുവിനെ കറകളഞ്ഞ മനസ്സോടെ അനുസരിക്കുന്നവരും മാത്രമാണ് തന്റെ അനുയായികളെന്നും അവരും താനും ഇരുവിരലുകൾ പോലെ ആയിരിക്കുമെന്നും പറയുന്ന കൂട്ടത്തിൽ പ്രവാചകൻ തന്റെ കുടുംബത്തിന് മാത്രമായി അതിൽ പ്രത്യേക ആനുകൂല്യങ്ങളിൽ ചിലത് ലഭിക്കുമെന്ന് പറയുകയുണ്ടായിട്ടില്ല. മാത്രമല്ല, കാലങ്ങള്‍ക്ക് മുമ്പേ തീർത്ഥാടന കേന്ദ്രമായിരുന്ന മക്കയിലെ വിശുദ്ധ കഅബയുടെ നിയന്ത്രണാധികാരം കുത്തകയാക്കി വച്ചിരുന്ന ബനൂ ഖുറൈശ് കുടുംബത്തിൽ നിന്നും എഡി 630  ജനുവരി 11 ന് പ്രവാചകനും അനുയായികളും നിയന്ത്രണാധികാരം ഏറ്റെടുക്കുകയും(മക്കാ വിജയം) തുടർന്ന് ആദ്യമായി കഅബക്ക് മുകളിൽ കയറി ബാങ്ക് കൊടുക്കാൻ പ്രവാചകൻ നിയോഗിച്ചത് ഒരു ആഫ്രിക്കൻ അടിമയായിരുന്ന ബിലാൽ ഇബ്നു റബാഹിനെയായിരുന്നു. ശേഷം കഅബാലയത്തിന്റെ താക്കോൽ നല്‍കിയതാകട്ടെ തന്റെ കുടുംബത്തിൽ നിന്നും ബനൂശൈബ ഗോത്ര പ്രതിനിധിക്കും. പിന്നീട്, മരണാസന്നനായി കിടന്നിരുന്ന അവസരത്തിൽ തന്റെ പിൻഗാമിയായി രാജ്യത്തെ നയിക്കാൻ പ്രവാചകൻ ആഗ്രഹം പ്രകടിപ്പിച്ചതാകട്ടെ തന്റെ സുഹൃത്തും ഭാര്യാ പിതാവുമായ അബൂബക്കർ (റ)വിനേയും. തന്റെ കുടുംബങ്ങളും രക്ത ബന്ധുക്കളും തന്റെ അനുയായി വൃത്തത്തില്‍ നിൽക്കുമ്പോഴായിരുന്നു പ്രവാചകന്റെ ഈ നടപടികളെന്ന് പ്രത്യേക പ്രസ്താവ യോഗ്യമാണ്. അഥവ, അവിടെയൊന്നും പ്രവാചകന്‍ കുലീനമായ തന്റെ കുടുംബത്തിന്റെ മഹിമയായിരുന്നില്ല ഉയർത്തി പിടിച്ചത്. മറിച്ച്, നിസ്വാർത്ഥമായ ദൈവഭക്തിക്കും കഴിവിനും മാത്രമായിരുന്നു എന്ന് സാരം.

ലോകത്ത് ഇന്ന് പ്രവാചക കുടുംബം ശക്തമായി നിലനിൽക്കുന്നതും അവരുടെ പാരമ്പര്യമാവകാശപ്പെടാൻ കഴിയുന്നവരും അറേബ്യയിലുടനീളമുള്ള ഖുറൈശ് കുടുംബങ്ങളാണ്. മക്ക, മദീന തുടങ്ങിയ പ്രദേശങ്ങൾ തൊട്ട് സൗദി അറേബ്യ മുതൽ മിക്ക അറബ് നാടുകളിലും അവരുടെ സാന്നിധ്യം കാണാൻ കഴിയും. എന്നാൽ, അവർക്കിടയിലൊന്നും കാണാത്ത വിവിധ തരത്തിലുള്ള മാമൂലുകളും അനുഷ്ഠാനങ്ങളുമാണ് കേരളത്തിലെ പ്രവാചക കുടുംബമെന്ന് അവകാശപ്പെടുന്നവർ കാട്ടിക്കൂട്ടുന്നത്. അവരോടുള്ള ഈ അമിതമായ ഭക്ത്യാദരവിന്റെ ഫലമായി സമൂഹത്തിൽ അവർക്ക് ഉന്നത സ്ഥാനം തരപ്പെടുകയും അവർ പോലുമറിയാതെ ഒരു ജാതിയെപ്പോലെയോ ജാതിയായോ മാറ്റപ്പെടുകയും ചെയ്തതായാണ് ഇവിടെ കാണാൻ കഴിയുക. അതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മലപ്പുറത്ത് 'തങ്ങൾ വിഭാഗങ്ങൾക്ക്' മാത്രമായി സ്ഥാപിക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനം. അതിനെ ലോക ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യ സംഭവമായിതന്നെ കാണാം. എല്ലാവരും പഠിക്കേണ്ടതും അനുഷ്ഠിക്കേണ്ടതും ഒരേ കർമ്മങ്ങൾ തന്നെയായിരിക്കെ തങ്ങന്മാർക്കായി പ്രത്യേക സ്ഥാപനം തുറന്നത് അവരെ ചിലത് അധികമായി പഠിപ്പിക്കേണ്ടതിനല്ല എന്ന് വ്യക്തമാണ്. മറിച്ച് പുരാതന കാലത്തെ ബ്രാഹ്മണ വിദ്യാഭ്യാസ സമ്പ്രദായ ശൈലിയിൽ സാധാരണക്കാരിൽ നിന്നും വ്യതിരിക്തരാണ് അവരെന്ന് വരുത്തി തീർത്ത് ജാതിവേരുറപ്പിക്കാൻ മാത്രമാണതെന്ന് പറയേണ്ടി വരും.

ഒസ്സാന്മാർ

കേരളം സമൂഹത്തിൽ ജാതിഭേദം അതിൻ്റെ പരമകാഷ്ഠയിൽ കത്തിനിന്നിരുന്ന കാലഘട്ടത്തിൽ ഒരു താഴ്ന്ന ജാതിക്കാരന് തന്റെ ജീവിത നിലവാരത്തിൽ ഒരു മാറ്റത്തിന് സാധ്യമാകണമെങ്കിൽ അന്നത്തെ സാഹചര്യത്തിൽ ഒരൊറ്റ മാർഗമേ അവര്‍ക്കു മുന്നിലുണ്ടായിരുന്നുള്ളൂ. മതം മാറുക. അത് ഇസ്‌ലാമിലേക്കാകുമ്പോൾ പ്രതാപത്തോടെ തന്നെ തുടർന്നുള്ള ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ അവര്‍ക്ക് സാധിക്കുമിയിരുന്നു. അന്നേവരെ അവർക്ക് മുന്നിൽ നിന്നും വെട്ടിമാറ്റിയ വഴികളിലൂടെ അവർക്ക്  നടക്കാനാകുന്നു.. അവർക്ക് മുന്നിൽ കൊട്ടിയടച്ച വാതിലുകള്‍ തുറക്കപ്പെടുന്നു.. മേൽജാതിക്കാരൻ വരുമ്പോൾ നിശ്ചിത അളവിൽ വിട്ടുനിൽക്കേണ്ട നിയമത്തിൽ നിന്നും മാറി മേൽ ജാതിക്കാരനൊത്ത് തന്നെ അവർക്ക് നടക്കാനും സംസാരിക്കാനും സാധ്യമാകുന്നു. മറ്റ് മതങ്ങളെ അപേക്ഷിച്ച് ജാതിചിന്തകൾ തീരെ കാണാത്ത ഇസ്‌ലാമിൽ അവർ വിമോചകനെ കണ്ടപ്പോൾ തന്നെ ഇസ്‌ലാമിലെ ജാതി ചിന്തകൾക്ക് തുടക്കം കുറിച്ചതും മേല്‍ സാഹചര്യത്തില്‍ നിന്നായിരുന്നു എന്നുള്ളതാണ്‌ യാഥാർഥ്യം. ഇത്തരമൊരു സമൂഹിക പശ്ചാത്തലത്തില്‍ നിന്നു തന്നെയാണ് ഒസ്സാൻ വിഭാഗവും ഒരു ജാതിയായി രൂപപ്പെട്ടത്. ഭൂമിയിലുള്ള അനേകം തൊഴിലുകൾക്കിടയിലെ ഒന്ന് മാത്രമാണ് മുടിമുറിക്കലും അതിനോടനുബന്ധിച്ച മറ്റു ജോലികളും. എന്നാൽ ഒരു തയ്യൽക്കാരനോ വൈദ്യനോ ആശാരിയോ അനുഭവിക്കാത്ത ഒരു വിവേചനം ഒസ്സാന്മാർ അനുഭവിക്കുന്നുവെങ്കിൽ അത് ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്. ഇസ്‌ലാം മതത്തിലികുമ്പോൾ പ്രത്യേകിച്ചും. ഹിന്ദു വിഭാഗങ്ങൾക്കിടയിലുണ്ടായിരുന്ന പഴയ ജാതിഭേദങ്ങൾ ചരിത്രത്തിന്റെ കടം വീട്ടൽ പോലെ മാഞ്ഞു തീരെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സവിശേഷ കാലഘട്ടത്തിലും കേരളത്തിലെ മുസ്ലിം നാമധാരികൾ 'തനിമയോടെ' ഇത്തരം ചിന്തകളെ നിലനിർത്തിക്കൊണ്ടുപോകുന്നത് വേദനാജനകമാണ്.

സ്വജാതി വിവാഹം

ജാതി പാരമ്പര്യമായി നിലനിൽക്കുന്ന ഒന്നാണെന്നും അതിനാൽ തന്നെ സ്വജാതി വിവാഹങ്ങളെ പാടുള്ളൂ എന്നുമാണ് പൊതുവെ സമൂഹത്തില്‍ കരുതപ്പെടുന്നത്. അത്തരം ചിന്തകൾ എവിടെ രൂപപ്പെടുന്നുവോ അവിടെ ജാതി രൂപപ്പെടുന്നു എന്ന് സാരം. അതിനാൽ തന്നെ ഇതൊരു ശരിയായ ഏർപ്പാടാണെന്ന് പറയാൻ കഴിയില്ല. പ്രശസ്ത സമൂഹിക ചരിത്രകാരിയായ സൂസൻ ബേലീയുടെ വാക്കുകളിൽ ജാതിയുടെ ഒരു പ്രധാന സ്വഭാവം അതിലെ അംഗങ്ങളുടെ ഇടയിലെ സ്വജാതിവിവാഹമാണ് എന്ന് സമര്‍ത്ഥിക്കുന്നു. ഒരു പ്രത്യേക വിഭാഗത്തിൽ ജനിച്ച മിക്ക ആളുകളും സ്വാഭാവികമായി അവരുടെ ജനിച്ച ജാതിയിൽനിന്നു തന്റെ പങ്കാളിയെ പ്രതീക്ഷിക്കുന്നു.

വിവാഹം പോലുള്ള അവസരങ്ങളിൽ ഒസ്സാൻ കുടുംബത്തിൽ നിന്നും ഒരു ബന്ധത്തിന് സമ്മതം മൂളാൻ നമുക്കിടയിൽ എത്ര പേർക്കുണ്ട് ധൈര്യം? എത്ര സയ്യിദ് കുടുംബങ്ങൾ ഒസ്സാൻമാരിൽ നിന്നോ ഒസ്സാൻ ഇതര വിഭാഗങ്ങളിൽ നിന്നോ വിവാഹം കഴിക്കാൻ തയ്യാറാകും. നിങ്ങൾ നിങ്ങൾക്കിടയിലെ സത്യവിശ്വാസികളും വിശ്വാസിനികളുമായ പവിത്രമതികളെ വിവാഹം ചെയ്യുക എന്നതിനപ്പുറം ഒസ്സാന്മാർ ഒസ്സാന്മാരെയും എന്റെ കുടുംബങ്ങൾ അവരെയും മാത്രം തേടികൊൾകയെന്ന് ഒരിക്കലും പ്രവാചകന്‍ പറയുകയുണ്ടായില്ലല്ലോ. അദ്ദേഹം വിവാഹം കഴിച്ചതാകട്ടെ ഹാഷിം കുടുംബമെന്നോ ഖുറൈശിന്നോ നോക്കിയായിരുന്നില്ല എന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. അക്കാലത്തെ ആവശ്യങ്ങളെ മുന്‍നിർത്തി യുദ്ധങ്ങളിൽ പങ്കെടുത്ത് മരണപ്പെട്ടവരുടെ അനാഥമാക്കപ്പെട്ട ഭാര്യമാരെയും മറ്റുമൊക്കെയായിരുന്നു ആ മഹാനുഭാവൻ വിവാഹം വരിച്ചത്. രക്തവിശുദ്ധിയുടെ പേരിൽ വിവാഹങ്ങളെ വിലക്കുന്നവരറിയുന്നുണ്ടോ പ്രവാചകന്‍ തിരുമേനിയുടെ ഈ വിഷയത്തിലെ ചര്യയെയും നിലപാടുമൊക്കെ.

പരിസമാപ്തി

ജ്യോതിറാവു ഫൂലെ പറയുന്നു പക്ഷി മൃഗാതികളിൽ ജാതി സമ്പ്രദായം നിലനിൽക്കുന്നില്ല. മനുഷ്യരിൽ മാത്രമെന്തിനാണ് ഇത്തരം ചിന്തകളെന്ന്. തൊഴിൽ ജാതിയെ ഉണ്ടാക്കുന്നില്ല. ജാതികൾ തൊഴിലുകളും നിർണ്ണയിക്കുന്നില്ല. അശുദ്ധമായ ജോലികൾ ചെയ്യുന്ന ഒരാൾ താഴ്ന്ന ജാതിയാകുന്നില്ല. അനുശ്ഠാന കർമ്മങ്ങൾ, പ്രവർത്തി എന്നിവ ഒരാളെയും ഉയർത്തുകയോ ഇകഴ്ത്തുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു വെക്കുന്നു. സമൂഹത്തിൽ ചില വിഭാഗങ്ങള്‍ പ്രത്യേക ചതുരത്തിനകത്ത് തന്നെ നിർത്തപ്പെടുന്നതിനുള്ള പ്രധാന കാരണം മനുഷ്യ ബന്ധങ്ങൾ രൂപപ്പെടുന്നതിനുള്ള മാർഗമായ വിവാഹം പോലുള്ള കാര്യങ്ങളിലെ തിരഞ്ഞെടുപ്പാണ് എന്ന് കാണാം. അതിനാൽതന്നെ ഇസ്‌ലാമിലെ ജാതി ചിന്തകൾ നുള്ളിക്കളയാൻ എല്ലാ അപ്രഖ്യാപിത വിഭാഗങ്ങളും പരസ്പരം വിവാഹം കഴിക്കുകയും അതുവഴി കുടുംബബന്ധങ്ങൾ രൂപപ്പെടുത്തുകയും ചെയ്യപ്പെടേണ്ടതുണ്ട്. അപ്രകാരം രക്തമഹിമയെ വഴിയിൽ കളഞ്ഞ് ഒത്തൊരുമയോടെ മുന്നോട്ടുപോകാൻ നമുക്ക് സാധിക്കേണ്ടിയിരിക്കുന്നു.

Saturday, 4 August 2018

സയ്യിദ്

കോഴിക്കോട് തളി ക്ഷേത്ര കുളം. അതിന്റെ കരയില്‍ വെറുതെ ഇരിക്കുകയാണ് ഞാന്‍. അതി പുരാതനവും വിശാലവുമായ ക്ഷേത്രകുളം. അരികിലായി പ്രശസ്തവും സാമൂതിരിമാരുടെ ആസ്ഥാന കോവിലുമായ തളി ക്ഷേത്രം. സമചതുരമാണ് കുളത്തിന്റെ രൂപം. കൂടാതെ നല്ല ആഴവും കാണുമായിരിക്കുമതിന്.

അഗാധമായ ആഴം.

ഈ ഭൂമിയിലെ ഏറ്റവും ആഴം കൂടിയ ഭാഗം മനുഷ്യന്‍ കീഴടക്കിയിട്ടുണ്ടോ. അത്ഭുദ വിശാലമായ സമുദ്രത്തിലാണത് സ്ഥിതി ചെയ്യുന്നതെന്നെനിക്കറിയാം. സമുദ്രത്തിന്റെ അടിത്തട്ടിൽ നിശബ്ദനായങ്ങനെ അവന്‍ കഴിഞ്ഞ് വരുന്നു. സംശയം ഗൂഗിൾ ഗുരുവിനോട് ചോദിച്ചു. ഉത്തരമിതാ കിടക്കുന്നു.

'മാറിയ ട്രഞ്ച്'

അവിടുത്തെ കാണാ താഴ്ചയിലെ ഏതോ ഒരു നിഗൂഢ പ്രതലത്തിനെ ശാസ്ത്ര ലോകം 'മറിയ ട്രഞ്ച്' എന്നാണ്‌ പേരിട്ട് വിളിക്കുന്നതെന്ന് സാരം.

കുളത്തിന്റെ മറു കരയില്‍ ആരൊക്കെയോ മുങ്ങി കളിക്കുന്നുണ്ട്. ചിലര്‍ വസ്ത്രം അലക്കുന്നതും കാണാം. വെള്ള പുതളയിൽ മുങ്ങിയ വസ്ത്രങ്ങൾ കുളകരയിലെ കല്ലില്‍ ദേഷ്യത്തോടെ എന്നോണം ആഞ്ഞാഞ്ഞയാൾ തല്ലുന്നു.

പ്രശാന്ത സുന്ദരമായ ഈ വൈകുന്നേരം ഈ മനോഹര കുള കടവില്‍ ഞാന്‍ എത്തിയത് രാവിലെ മുതൽ തുടങ്ങിയ അലച്ചിലിനൊടുവിലാണ്. ചില ആവശ്യങ്ങള്‍ക്കായി നഗരത്തിൽ എത്തി ചേര്‍ന്നതായിരുന്നു ഞാന്‍. പരിപാടികളൊക്കെ കഴിഞ്ഞ വേളയില്‍ ഒരല്‍പ്പം ശുദ്ധ വായു ശ്വസിക്കാനിവിടെ... ഈ കുളക്കടവില്‍ വന്നു ചേർന്നിരിക്കുന്നു. കൂടെ അല്‍പം ചരിത്രത്തെ കൂടി മനസ്സിന്റെ ഭാവന ലോകത്തേക്കാനയിച്ചാനന്ദിക്കാം എന്ന് ഞാന്‍ കരുതി. ചരിത്ര മന്ദിരങ്ങളോട് ചേര്‍ന്നുള്ള പ്രകൃതി സുന്ദരമായ ഇത്തരമിടങ്ങള്‍ എന്തു കൊണ്ടുമതിന്‌ പറ്റിയതാണ്. ചരിത്രം നടന്ന് നീങ്ങിയ വഴിത്താരകളിലൂടെയതും ചിന്തിച്ച് നടക്കുന്നതിനേക്കാൾ മറ്റെന്ത് ആനന്ദമാണീ ഭൂവിലുള്ളത്.

അങ്ങനെ ചിന്തകൾ മനസ്സിനുള്ളിലൂടെ നില്‍ക്കാതെ പ്രവഹിച്ചു കൊണ്ടിരുന്നു. വീട്, ജോലി, പഠനം, എന്നെ ഉപദ്രവിച്ച ചില കാശ്മളന്മാർ, കാശ്, കൂടുതൽ സമാധാനം, സൗന്ദര്യം... പലതിനെ കുറിച്ചുമങ്ങനെ ഗഹന മനോഹരമായി ചിന്തിച്ചിരിക്കുമ്പോഴാണ് കുളത്തിന്റെ ഇടത്തേ കരയില്‍ കല്‍ക്കെട്ടിനോട് ചേര്‍ന്ന് പാടിത്തുയർത്തിയൊരു കെട്ടിടമെന്റെ ശ്രദ്ധയിൽ വരുന്നത്. ഒരു വേദ പഠന കേന്ദ്രം. ഒരു ചെറിയ ക്ലാസിക് രൂപത്തിലുള്ള ബോർഡിൽ സ്ഥാപനത്തിന്റെ പേരും വിലാസവും എഴുതിയിട്ടുണ്ട്. സ്ഥാപനത്തിന്റെ ഘനഗംഭീരമായ ആ പേര്‌ ഞാനോര്‍ക്കുന്നില്ല. എന്തായാലും അവിടുന്നെനിക്കുണ്ടായ ഒരു ചെറിയ അനുഭവമാണ് ഞാനീ കഥയില്‍ അല്ലെങ്കിൽ കുറിപ്പില്‍ പറയാൻ പോകുന്നത്.

അങ്ങനെ ഞാന്‍ നടന്നവിടെ ആ സ്ഥാപനത്തിന്റെ നേരെ മുന്നില്‍ എത്തിച്ചേർന്നിരിക്കുന്നു. ബ്രാഹ്മണ സമൂഹം വേദ പഠന കേന്ദ്രം. ഒരു ചരിത്ര മന്ദിരത്തിന്റേതായ എല്ലാ കെട്ടിലും മട്ടിലുമത് സംരക്ഷിച്ചിരിക്കുന്നത് കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷമാണെനിക്ക് തോന്നിയത്‌. നല്ല വൃത്തിയിലും വെടുപ്പിലുമത് സന്ദര്‍ശകരെ കാത്തിരിക്കുന്നു. ഞാൻ പടിവാതില്‍ കടന്നകത്തേക്ക് കയറി അവിടെ കണ്ടൊരാളോട് വെറുതെ സൊറ പറയാന്‍ തുടങ്ങി. മൂപ്പരവിടുത്തെ സർവസ്വനാണ്. എന്നുവെച്ചാ... വാച്ച് മേനൊക്കെ മാതിരി ഒരു പുള്ളി.

പ്രധാനമായും സംസ്കൃതം, വേദം, ക്ഷേത്രാനുഷ്ഠാനങ്ങൾ, വ്യക്തിത്വ വികസനം തുടങ്ങിയവയൊക്കെയാണ് അവിടെ പഠിപ്പിച്ചു വരുന്നതെന്നയാളെന്നോട് പറഞ്ഞു. വളരെ വിപുലവും ഗഹനുവുമായ പാഠ്യരീതികളിലൂടെയാണത്രേ അതിവിടെ പഠിപ്പിക്കുന്നത്. സംസാരമധ്യേ ഞാനയാളോട് വെറുതെ ചോദിച്ചു.

"ഇവിടെ ബ്രാഹ്മണർക്കു മാത്രമാണോ പ്രവേശനമനുവദിക്കുക... അതോ"

പ്രതീക്ഷിച്ചൊരു ചോദ്യം പോലെ തലയുയർത്തി അയാളെനിക്കുത്തരം നല്‍കി.

"ആദ്യകാലങ്ങളിൽ ക്ഷേത്രാതി കര്‍മ്മങ്ങളിൽ ബ്രാഹ്മണർക്ക് മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളൂ. എന്നാൽ, ഇന്ന് കഥയാകെ മാറിയല്ലോ... മറ്റുളളവർക്കും അതാകാമെന്ന് വന്നിരിക്കുന്നു. അതിനാൽ, ഈ വാതിലുകളിന്ന് എല്ലാവർക്കുമായാണ് തുറന്നിരിക്കുന്നത്".

എന്നു മാത്രമല്ല വേദ പഠനത്തിന് തയ്യാറായി താങ്കൾ വന്നാലും തങ്ങൾ സ്വീകരിക്കുമെന്നും അയാളെന്നോട് അഭിമാനത്തോടെ പറഞ്ഞു.

മാറിയ കാലത്ത് വന്ന ഈ തിരിച്ചറിവ്‌ എത്ര മനോഹരമായിരിക്കുന്നു എന്ന് ഞാന്‍ വെറുതെ ആലോചിച്ചു. ചരിത്രത്തിന്റെ കൗശലപൂര്‍ണ്ണമായൊരു പകരം വീട്ടല്‍ പോലെ.

ദൈവമേ എത്ര എത്ര ചെവികള്‍... ഈയം ഉരുക്കി ഒഴിക്കപ്പെട്ട എത്ര എത്ര അവർണ്ണ ചെവികള്‍. അതായിരുന്നുവത്രെ പോന്നു തമ്പുരാക്കന്മാരുടെ ഏകാധിപത്യ കാലത്ത്‌ വേദം കേള്‍ക്കാനിടയാകുന്ന അവർണ്ണന് ലഭിച്ചിരുന്ന ശിക്ഷ. ഉരുകി ഒലിക്കുന്ന ഈയം ചെവിക്കുള്ളിലേക്കൊഴിക്കുക.

ഹാ... എന്തായാലും ചരിത്രമിവിടെയും നല്ല അസ്സലായി തന്നെ പകരം ചോദിച്ചിരിക്കുന്നു. വളരെ നല്ലത്.

വേദ പഠന ശാലയിൽ നിന്നും മടങ്ങുമ്പോൾ ഞനോർത്തത് മറ്റൊരു കാര്യത്തെക്കുറിച്ചായിരുന്നു. പൂക്കോട്ടൂരിലുള്ള എന്റെയൊരു സഹോദരന്റെ മനപ്രയാസത്തെ കുറിച്ച്.

വളരെ വളരെ സാമ്പത്തിക പ്രയാസമനുഭവിക്കുന്നവനായിരുന്നു അവന്‍. ഒരിക്കല്‍, തന്റെ കുഞ്ഞിന്റെ തുടർ പഠനാവശ്യത്തിന്നായി വീടിന്‌ സമീപത്ത് തന്നെയുള്ള 'മഅദിൻ സാദത്ത് അക്കാദമി' എന്ന വിദ്യാലയത്തിലേക്കവന്‍ ചെന്നുവത്രെ. പഠനം വീടിന്‌ തൊട്ടാകുമ്പോൾ യാത്ര, ഭക്ഷണം എന്നിത്യാദികളുടെയൊക്കെ ചിലവ് നിയന്ത്രിക്കാമല്ലോ എന്നായിരിക്കാം അവന്‍ ചിന്തിച്ചത്. 

അവിടെ ചെന്നുസ്താദിനോട് കാര്യം പറഞ്ഞു. ചോദ്യം മുഴുമിക്കുന്നതിന് മുമ്പേ ഉസ്താദവനോട് തലയുയർത്തി ചോദിച്ചു.

"താങ്കൾ സയ്യിദാണോ". എന്ന്
(ഒരു തരം മുസ്ലീം ജാതി... ലേശം ഉയർന്നത്!).

"മുസ്ലിമാണ്... ഒരു മനുഷ്യനും" അവനുത്തരം നല്‍കി.

"ഓഹോ... എങ്കിൽ മറ്റേതെങ്കിലും സ്ഥാപനം താങ്കൾ തേടികൊൾക. ഇവിടെ സയ്യിദുമാരെ മാത്രമേ പഠിപ്പിക്കൂ. സാധാരണക്കാരെ പഠിപ്പിക്കില്ല".

ശുഭം സുന്ദരം.

Saturday, 14 July 2018

വിദ്യാലയ വഴി

ഇന്ന്‌ യാദൃശ്ചികമായാണ് ഞാന്‍ പഠിച്ച എന്റെ ആ പഴയ വിദ്യാലയത്തിലേക്കൊരു സന്ദര്‍ശനം നടത്താൻ എനിക്കവസരം ലഭിച്ചത്. കുറച്ച് നേരം ചില ആവശ്യങ്ങള്‍ക്കായി എനിക്കവിടെ ചിലവഴിക്കേണ്ടതുണ്ടായിരുന്നു. എന്റെ ചെറുപ്പം ഓടി തിമിർത്ത ആ വരാന്തയിലൂടെ... ക്ലാസ് മുറികളിലൂടെ... ഓർമ്മകളെ തട്ടിയുണർത്തിയെന്നോണം ഞാൻ വീണ്ടും നടന്നു. അന്ന് ഞാൻ അക്ഷമയോടെ ഇരുന്നിരുന്ന ആ ചെറിയ ബെഞ്ചിന്റെ തലക്കല്‍ ഒരിക്കല്‍കൂടി അൽപ്പനേരം ഇരിക്കാൻ ഞാന്‍ ആഗ്രഹിച്ചു. അവിടെയന്ന് ഞാനൊരു വെള്ള ചോക്ക് കൊണ്ട്‌ എന്റെ പേര്‌ കോറിയിട്ടിരുന്നു... അത് പക്ഷേ, മാഞ്ഞു പോയിരിക്കുന്നു... എങ്കിലും, അവിടവിടെയായി മറ്റനേകം പേരുകളും മറ്റെന്തൊക്കെയോ ചിത്രങ്ങളും ഞാൻ കണ്ടു. ക്ലാസിലെ പുതിയ അതിഥികളുടെ കലാവിരുന്നുകളായിരിക്കാം അതൊക്കെ. ഇനി പുതിയ കുത്തിവരകൾക്ക് വഴിമാറികൊണ്ട് അതും മായും. ഞാൻ വെറുതെ ചിന്തിച്ചു. ഒടുവിൽ വന്ന കാര്യത്തിന്നായി പ്രധാനാദ്ധ്യാപകനിരിക്കുന്ന ഓഫീസ് മുറിയിലേക്ക് നടക്കുമ്പോഴാണ് ഓഫീസ് കവാടത്തിന്റെ ഇടതു വശത്ത് ചുമരിൽ ഒട്ടിച്ചുചേർത്ത ആ കറുത്ത മാർബിളിലെ വാക്കുകളുടെ ഞാന്‍ ശ്രദ്ധിക്കുന്നത്.

'ബഹു കേരള വിദ്യാഭ്യാസ മന്ത്രി സി എച്ച് മുഹമ്മദ് കോയ അവർകൾ ഈ കെട്ടിടത്തിന്റെ മഹനീയ ഉദ്ഘാടന കര്‍മ്മം നിർവ്വഹിച്ചിരിക്കുന്നു' എന്നാണ് അതിൽ കൊത്തിവച്ചിരിക്കുന്നത്.

പണ്ട്‌ ആ 'ലിപി' വായിച്ചെടുക്കാൻ എത്രയോ തവണ ഞാന്‍ ഈ പരിസരത്ത് ചിലവഴിച്ചിട്ടുണ്ട്. അതിലെ ഇംഗ്ലീഷ് അക്ഷരങ്ങളോരോന്നും ഞാൻ വായിച്ചെടുക്കുമെങ്കിലും അത് കൂട്ടിവായിക്കാൻ ശ്രമിക്കുമ്പോഴൊക്കെയും അര്‍ത്ഥയറിയാത്ത ചിത്രങ്ങളെപോലയതെന്നോട് പല്ലിളിച്ചു നിന്നു.

അന്ന് വീട്ടിലെത്തുമ്പോൾ ഞാനേറെ അസ്വസ്ഥനായിരുന്നു. കഴിഞ്ഞ കാലത്തെ പല ഓർമ്മകളും മനസ്സിലേക്ക് വല്ലാതെ പ്രവഹിക്കുന്നത് പോലെ ഒരു തോന്നല്‍. എന്റെ സ്വപ്നങ്ങളും, ചിന്തകളും മുളപൊട്ടിയ... ഞാൻ ഒരു പറവയെപ്പോലെ പാറിനടന്ന ആ വിദ്യാലയ മുറ്റത്തെ ഓര്‍മ്മകളെന്നെ ചിന്തിപ്പിച്ചുകൊണ്ടേയിരാക്കുന്നു...

എല്ലാവർക്കും അവരവരുടെ സ്കൂൾ ദിനങ്ങൾ പ്രിയപ്പെട്ടതാകാതിരിക്കാൻ തരമില്ല. മറ്റെല്ലാവരെയും പോലെ വർണ്ണമുള്ള ഓർമ്മകളാണ് എനിക്കുമത് സമ്മാനിക്കുന്നത്. ഒരു ചെറിയ തെരുവിലെ 'നഗരജീവിയായിരുന്ന' ഞാൻ മനുഷ്യ സഹചമായ പ്രകൃതി ബോധത്തിലേക്ക് വല്ലാതെ ആകര്‍ഷിക്കപ്പെട്ടുകൊണ്ടേയിരുന്ന കാലമായിരുന്നു അത്. അന്നത്തെ എന്റെ ചിന്തകളൊക്കെയും മണ്ണിനെ സംബന്ധിച്ചുള്ളതായിരുന്നു. ഓരോ കുസൃതികൾക്കായി കോപ്പുകൂട്ടുമ്പോഴും ആസൂത്രണങ്ങൾ മുഴുവന്‍ മണ്ണ്, ചെളി, വെള്ളം, മരങ്ങൾ, ചെറു ജീവികള്‍, പക്ഷികള്‍ തുടങ്ങിയവയൊക്കെയായി ബന്ധപ്പെട്ടുകിടന്നു. 1995 മുതൽ 2000 വരെയുള്ള ആ കാലം എന്റെ ജീവിതത്തിലെ സുവര്‍ണ്ണ കാലഘട്ടമാണ്. അല്ലലും വേദനയൊന്നും പരുക്കേൽപ്പിക്കാതെ... തികച്ചും സ്വതന്ത്രനായി... ഒരു പക്ഷിയെപ്പോലെ പാറി നടന്നിരുന്ന കാലം. അന്നത്തെ എന്റെ ചെറിയ ചെറിയ അനുഭവങ്ങളും ചിന്തകളുമാണ് ഇന്നത്തെ എന്നെ രൂപപ്പെടുത്തുന്നതിൽ ഏറെ സ്വാധീനിച്ചത് എന്ന് ഞാന്‍ കരുതുന്നു. രാവിലെ മദ്രസയിലേക്ക് കണ്‍മിഴികൾ തുറക്കുന്നത് മുതൽ വെെകുന്നേരം വീട്ടിലെത്തി ഉറക്കപ്പയിലേക്ക് തല ചായ്ക്കുന്നത് വരെയുള്ള എന്റെ ഒരു ദിനത്തെ കാഴ്ചകളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചുമുള്ള ഓർമ്മകൾ ഓർത്തെടുക്കുന്നതേ രസകരമായിരിക്കും.

അക്കാലത്തെ ഏതോ കഥാപുസ്തകത്തിലോ പാഠപുസ്തകത്തിലോ മറ്റോ രാജു എന്ന് പേരുള്ള ഒരു കാഥാപാത്രമുണ്ടായിരുന്നു. സ്വഭാവ വിശുദ്ധിയും, വൃത്തിയും, അനുസരണയും എല്ലാം കൂടി ചേര്‍ന്ന ഒരുത്തമ ബാലൻ. എവിടെ നിന്നോ അവനെക്കുറിച്ചുള്ള ചില ചിന്തകൾ എന്റെ മനസ്സിനെ ആഴത്തിൽ സ്വാധീനിക്കാനിടയായി. ഒരുതരം ഉട്ടോപ്പ്യൻ ചിന്തപോലെ... അസ്സൽ വട്ട് എന്നൊക്കെ ഇന്നതിനെ ഞാന്‍ വിലയിരുത്തുമെങ്കിലും അന്നതിനോളം എന്നെ സ്വാധീനിച്ച മറ്റൊരു സംഗതിയും ഈ ഭൂമി മലയാളത്തിലുണ്ടായിരുന്നില്ല എന്ന് പറയുന്നത് അതിശയോക്തിയല്ല. ഉമ്മയോട് കാണിക്കുന്ന ദുർവാശികൾ, വികൃതികള്‍, മറ്റ് കുസൃതിത്തരങ്ങൾ തുടങ്ങിയവകൊക്കെ എതിരായുളള ഒരു മറുമരുന്നായിരുന്നു രാജു. എങ്ങനെയെങ്കിലും രാജു ആകണം... രാജുവിനെ പോലെ ആകര്‍ഷണമുള്ള സ്വഭാവത്തിനുടമസ്ഥനാകണം എന്ന് നിരന്തരം എന്റെ മനസ്സെന്നോട് ഉപദേശിച്ച് കൊണ്ടിരുന്നു. എന്തെങ്കിലും വിഷയത്തിൽ തെറ്റ് പറ്റി എന്ന് മനസ്സ് മന്ത്രിക്കുമ്പോൾ ഇനി മുതലങ്ങോട്ട് രാജുവിനെപ്പോലെയാകും ഞാനെന്ന് സ്വയം പറഞ്ഞ് പശ്ചാത്താപിക്കാനും ഞാന്‍ മറക്കാറില്ല. ഒരു വെള്ളക്കരയുള്ള കുപ്പായവും കറുത്ത ട്രൌസറുമണിഞ്ഞ് ചീകിയൊതുക്കിയ തലമുടിയൊക്കെയുള്ള ഒരു വെളുത്തപയ്യന്റേതായിരുന്നു എന്റെ മനസ്സിലെ രാജുവിന്റെ ചിത്രം. അക്കാലത്തെ എന്റെ മിക്ക പ്രഭാതങ്ങളും രാജുവാകാനുള്ള പ്രതിജ്ഞയുമായാണ് ഞാൻ മിഴി തുറക്കാറ്.

എവിടെനിന്നോ എനിക്ക് ലഭിച്ച എന്റെ ആ പ്രിയ കൂട്ടുകാരനെ  ജീവിത യാത്രക്കിടയിലെപ്പോഴോ ഞാൻ പിന്നീട് വിസ്മരിക്കുകയാണുണ്ടായത്.

ഹംസാക്കാന്റെ ഹോട്ടലിൽ നിന്നും ലഭിക്കുന്ന ഒരു തരം പൊറാട്ടയുണ്ടായിരുന്നു അന്ന്. രാവിലെ മദ്രസയിലേക്ക് പോകാൻ നേരം ഒരു രൂപ നാണയം നീട്ടി ഉമ്മ എന്നോടത് വാങ്ങിക്കാൻ പറയുമ്പോൾ മനസ്സിന്‌ വല്ലാത്തൊരു സന്തോഷമാണ്. വീടിനു മുമ്പിലെ കെട്ടിടങ്ങൾക്കിടയിലൂടെ വെളിയിലേക്കിറങ്ങി അൽപ്പം ഇടതു വശത്തേക്ക് മാറി റോഡരികിലാണ് ആ കടയുള്ളത്. അവിടെ നിന്ന് അതും വാങ്ങി തിരിച്ച് വീട്ടിലെത്തുമ്പോഴേക്ക് നല്ല ചൂടുള്ള കട്ടൻ ചായ മേശപ്പുറത്ത് റെഡിയായി ഇരിപ്പുണ്ടാകും. പിന്നെ പൊറാട്ട ഒരു പാത്രത്തിലിട്ട്... അൽപ്പം പഞ്ചസാര വിതറി... ചായയും ഒഴിച്ച്... കുഴച്ച് കഴിക്കുമ്പോൾ വല്ലാത്തൊരു രുചിയാണതിന്. ചൂട് ചായയുടെ ആവിയിൽ തേയിലയുടേയും പൊറാട്ടയിലെ എണ്ണയുടേയും ഇടകലർന്ന ഗന്ധമാണ് അതിനെ ഏറെ സ്വാദിശ്ടമാക്കുന്നത്. അക്കാലങ്ങളില്‍ ഒരു ആഢ്യത്വത്തിന്റെ അടായളമായാണ് പലപ്പോഴും ഞാനാ പൊറാട്ടയെ കണക്കാക്കിയിരുന്നത്. പണക്കാരുടെ തീന്മേശകളിൽ മാത്രം കാണപ്പെടുന്ന ഒരു സംഗതി പോലെ... കഴിച്ചുകഴിഞ്ഞ് കെെകൾ കഴുകി മദ്രസയിലേക്ക് നീങ്ങുമ്പോഴും പൊറാട്ടയുടെ മണം കെെകളിൽ നിന്നും മാഞ്ഞ് കാണില്ല. വലതു കൈ മൂക്കിനോട് ചേര്‍ത്ത് വെച്ച് ഇടക്കിടെ ഞാനാഗന്ധം അവിടെ തന്നെ ഉണ്ടല്ലോ എന്നുറപ്പിക്കും. മദ്രസയിലെത്തിയാൽ അഭിമാനത്തോടെ ഞാനെന്റെ കൂട്ടുകാരോട് പറയും...

"ഇന്ന്‌ ഞാൻ തിന്നത് എന്താണെന്ന് കേൾക്കണോ... പൊറാട്ടയാ..."

ഹമ്പട പൊറാട്ട.

മദ്രസയിലേക്ക് പോകുമ്പോൾ പൂർണ്ണമായും ഉണർന്നിട്ടില്ലാത്ത ചുങ്കം തെരുവിനെ കാണാം. റോഡില്‍ വാഹനത്തിരക്കില്ല, വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിലെ പൊടിപാറുന്ന കച്ചവടമില്ല, റോഡിനിരുവശത്തുള്ള ജനക്കൂട്ടങ്ങളില്ല, തെരുവു കച്ചവടക്കാരുടെ ആർപ്പുവിളികളോ, അവര്‍ക്ക് ചുറ്റും വെറുതെ കൂടി നില്‍കുന്ന മനുഷ്യരോ ഇല്ല. ഉണരാൻ പണിപ്പെടുന്ന മടിയനെപ്പോലെ ആലസ്യത്തിലായ തെരുവ്. തെരുവിലെ വീഥികൾ മുഴുവന്‍ ഒറ്റയായും കൂട്ടമായും മദ്രസയിലേക്ക് നീങ്ങികൊണ്ടിരിക്കുന്ന ഞങ്ങൾ കുട്ടികൾ പിടിച്ചടക്കിയിട്ടുണ്ടാകുമപ്പോൾ. കൂടാതെ, ശാന്തപുരം കോളേജിലെ സീനിയർ വിദ്യാർത്ഥികളായ ഞങ്ങളുടെ അദ്ധ്യാപകരേയും അവിടെ കാണാൻ കഴിയും. അവർ രണ്ടോ മൂന്നോ പേരടങ്ങുന്ന കൂട്ടമായാണ് സാധാരണ പോവുക. മദ്രാസാദ്ധ്യാപകരോടുള്ള അങ്ങേയറ്റത്തെ ബഹുമാനം നിമിത്തം അവരോടൊന്നും തന്നെ ഞങ്ങൾ സംസാരിക്കാറില്ല. അവർ പഠിപ്പിക്കുന്നത് അതിവിശിഷ്ടമായ മതമായതിനാലായിരിക്കാം അങ്ങനെ. ചെറിയ പുഞ്ചിരിയിലോ അഭിവാദ്യമർപ്പിക്കുന്നതിലോ അവസാനിപ്പിച്ച് നിശബ്ദമായി നീങ്ങുന്നതിലാണ് ഏവര്‍ക്കും താത്പര്യമെന്ന് തോന്നിപ്പോകും. ഇന്നലെ വൈകുന്നേരം പോലും ആര്‍പ്പുവിളികളോടെ പരസ്പരം ഓടി നടന്ന കിളിക്കൂട്ടുകാർ വരെ ഞങ്ങളുടെ ക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ, ഒരു മൗന ജാഥപോലെ എല്ലാവരും നിശബ്ദരാണ്...

പരമ നിശബ്ദർ

മദ്രസയിലെത്തി ആദ്യ ബെല്ലടിച്ചാൽ ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തിൽ വിശുദ്ധ ഖുർആനിലെ ഫാത്തിഹ അദ്ധ്യയത്തിന്റെ പാരായണമാണ് ആദ്യത്തെ ചടങ്ങ്. ഒരു സമർത്ഥനായ വിദ്യാർത്ഥി മദ്രസയുടെ ഒത്തനടുക്കത് ഉറക്കെ ചൊല്ലും. മറ്റു വിദ്യാർത്ഥികളെല്ലാവരും എണീറ്റ് നിന്നത് ഏറ്റ് ചൊല്ലും. 'ആമീന്‍' എന്ന് പറയുന്നതിനൊടുവിൽ പിന്നെ... 'ജിലിസ്' എന്ന് കേൾക്കുകയായി. അതോടെ എല്ലാവരും ഇരിപ്പിടത്തിലിരുന്ന് പാഠപുസ്തകമോ വേദഗ്രന്ഥമോ തുറക്കും. അതോടെ അന്നത്തെ അധ്യായന ദിനത്തിനവിടെ ഔദ്യോഗികമായി തുടക്കം കുറിക്കുകയായി. പിന്നെ, മുൾമുനയിലെ പഠന നിമിഷങ്ങളാണ്. എഴുത്തും... വായനയും... കഥയും... ചിരിയും... അടിയും... ഇടിയും... നുള്ളുമൊക്കെയുള്ള പഠന മണിക്കൂറുകൾ. അതിന്റെ ആദ്യപകുതിയുടെ മധ്യത്തിൽ മൂത്രമൊഴിക്കുന്നതിനുള്ള ഒരു ഇന്റര്‍ബെല്ലുണ്ട്. അധികം ഉയരമില്ലാത്ത ചുമരുകളുള്ള ഒരു മൂത്രപ്പുരയിലായിരുന്നു അന്ന് ഞങ്ങൾ കാര്യം സാധിച്ചിരുന്നത്. ചെമ്പക പൂക്കൾ വീണ് കുതിർന്ന് കിടക്കുന്ന വെള്ളമുള്ള വലിയൊരു കൽപ്പാത്തിയാണ് അവിടുത്തെ മുഖ്യ ആകര്‍ഷണം. ആ വെള്ളത്തില്‍ ദ്രവിച്ച ചെമ്പകത്തിന്റെയും മൂത്രത്തിന്റെയും ഇടകലർന്ന ഗന്ധം സഹിക്കാനാകാതെ പാടുപെട്ടാണ് ഞങ്ങളവിടെയന്ന് കാര്യം സാധിച്ചിരുന്നത്. പലപ്പോഴും ആ വെള്ളത്തിൽ കൈ മുക്കാൻ മടിച്ച ഞങ്ങൾ കല്ലുകളാണ് കഴുകാൻ  ഉപയോഗിച്ചിരുന്നത്. മൂന്ന്‌ ചെറിയ കല്ലുകളാണ് അതിനാവശ്യം. മൂത്രമൊഴിച്ച് കഴിഞ്ഞ ശേഷം ജനനേന്ദ്രിയത്തിന്റെ തുമ്പത്ത് ഓരോ കല്ലുകളും മുട്ടിച്ച്... 1, 2, 3 എന്ന് എണ്ണികൊണ്ട്‌ ഞങ്ങളാ കല്ലുകൾ മൂത്രപാത്തിയിലേക്ക് നീട്ടിയെറിയും. അങ്ങനെ കൂനയായി കിടക്കുന്ന കല്ലുകൾകൊണ്ട് നിറഞ്ഞ് നില്‍ക്കുമവിടെ.

മദ്രസയുടെ നേരെ മുമ്പില്‍ മതിലിനപ്പുറം അൽപ്പം വലതുമാറി ഒരു പൂന്തോട്ടം പോലെ തോന്നിപ്പിക്കുന്ന ഇടമുണ്ട്. അതിന്റെ ഒത്ത മധ്യത്തിലായി മനോഹരമായൊരു കോണ്ക്രീറ്റ് വീടും. വെള്ളമണൽ വിരിച്ച അതിന്റെ അതിര്‍ത്തിയില്‍ നിറയെ ഇളം ചുവപ്പും മഞ്ഞയും കലര്‍ന്ന ചെറിയ തേങ്ങകൾ കുലച്ച തെങ്ങുകളാണുണ്ടായിരുന്നത്. അവക്ക് ചുറ്റിലും ഇടതൂർന്ന് വളരുന്ന പേരെന്താണന്നറിയാത്ത ധാരാള കണക്കിന്‌ പൂച്ചെടികളും. അതിന്റെ മറ്റൊരറ്റത്ത് നിറയെ ഫലവൃക്ഷങ്ങൾ വളരുന്ന സജീവമായ ഒരു തൊടിയാണ്ടായിരുന്നു. ബുഷ് ചെടികൾ അതിരിട്ട് നിൽക്കുന്ന അതിനകത്ത് തലങ്ങും വിലങ്ങും കെട്ടി വെച്ച കയറുകളിൽ എന്തൊക്കയോ വള്ളിപടര്‍പ്പുകൾ പടർന്ന് കയറിയിരിക്കുന്നത് കാണാം. വളരെ നല്ല രീതിയിലാണ് അവയൊക്കെയും നിലനിർത്തി വരുന്നത് എന്ന് ഒറ്റനോട്ടത്തിൽ തന്നെ കണ്ടാലറിയാം. ആ തൊടിയിൽ വളരാന്‍ മടിച്ചെന്നോണം പടർന്ന് പന്തലിച്ച് കിടക്കുന്ന ഒരു കുറിയ വൃക്ഷമുണ്ട്. ഒരു ചാമ്പമരം... ഇളം റോസ് നിറത്തിലുള്ള ചെറിയ മധുരമുള്ള ആ ചാമ്പക്കകൾ പെറുക്കാൻ മദ്രസക്കിടയിലെ ആ ഇന്റർബെൽ സമയം ഞങ്ങൾ മതിലെടുത്ത് ചാടി അവിടെയെത്തും. കുലച്ച് നിൽക്കുന്നത് കൂടാതെ താഴെ മണ്ണിൽ പൊടിപിടിച്ച് കിടക്കുന്നവയും ആർത്തിയോടെ ഞങ്ങൾ പെറുക്കികൂട്ടി കീശയിൽ നിറക്കും. ആ ചാമ്പമരത്തെ കുറിച്ച് ഞാനിന്ന് ചിന്തിക്കുമ്പോൾ വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിത്തിലുണ്ടായ രസകരമായ ഒരനുഭവമാണെനിക്കോര്‍മ്മ വരിക. വിശ്വവിഖ്യാതമായ പാത്തുമ്മയുടെ ആട് എന്ന കഥയിലാണ് അക്കാര്യമദ്ദേഹം പറയുന്നത്. സംഭവമിങ്ങനെ...

"തലയോലപ്പറമ്പിലെ വീട്ടുമുറ്റത്ത് മുടിയൊക്കെ ചീകി സുന്ദരനായിയങ്ങനെ ഇരിക്കുന്ന ബഷീറിനു നേരെ സുന്ദരികളായ കുറേ പെണ്‍കുട്ടികള്‍ നടന്ന് വരുന്നത് ബഷീറൊരിക്കൽ കണ്ടുവത്രെ. തെല്ലൊരു അഭിമാനവും സന്തോഷവും തോന്നിയ നിമിഷം. എന്നാൽ, ഗേറ്റ് തുറന്ന് മന്തം മന്തം കടന്നുവന്ന ആ സുന്ദരികൾ പക്ഷെ ബഷീറിനേയും കടന്ന് മുന്നോട്ട് പോയപ്പോഴാണ് അദ്ദേഹത്തിന് കാര്യം പിടികിട്ടിയത്. അവരുടെ കണ്ണുകൾ വീട്ടു വളപ്പിൽ സുലഭമായി വളര്‍ന്ന് പന്തലിച്ചു നില്‍ക്കുന്ന ചാമ്പമരത്തിലായിരുന്നുവത്രേ...

മദ്റസയുടെ ഒരു ഭാഗത്തെ നീണ്ട പാത അതിരിടുന്നത് വലിയ ഊഞ്ഞാലുപോലെയുള്ള വള്ളികൾ പടർന്ന് നിൽക്കുന്ന ഒരു ആൽമരചുവട്ടിലേക്കാണ്. അതിനപ്പുറമാണ് നിറയെ ഉയരമുള്ള തേക്കുമരങ്ങൾ ഇടതൂർന്ന് വളരുന്ന തൊടിയും അതിനൊത്ത നടുവിൽ പ്രേത ഭവനം പോലെ വലിയൊരു പഴഞ്ചൻ വീടുമുണ്ടായിരുന്നത്. വല്ലാത്തൊരു നിശബ്ദത തളം കെട്ടിക്കിടക്കുന്ന ആ നിഗൂഢ വനസമാനമായ കാഴ്ച്ച പേടിപ്പെടുത്തുന്ന ഒരോർമ്മയായിരുന്നു എനിക്ക്. എന്റെ സഹപാഠികൾക്കും അതങ്ങനെതന്നെ ആയിരുന്നിരിക്കാം. കാരണം, ആ ഭാഗത്തേക്ക് തനിച്ച് പോകാൻ ഞങ്ങളുടെ കൂട്ടത്തിലെ ആരും തന്നെയന്ന് സാധാരണ ധൈര്യപ്പെടാറുണ്ടായിരുന്നില്ല. രാത്രി ഉറങ്ങാൻ കിടക്കുമ്പോള്‍ വെറുതെ ആ സ്ഥലത്തെപറ്റി ഭാവനാത്മകമായി ഞാനോരോന്ന് ചിന്തക്കും. അവിടെ ഒറ്റക്ക് അകപ്പെട്ട് പോയാലുള്ള കഥയെ കുറിച്ച്... രാത്രിയുടെ മറവിലവിടെ വന്നേക്കാവുന്ന ശുഭ വസ്ത്രധാരികളായ സ്ത്രീകളെക്കുറിച്ച്.... ആ വഴിയിലൊളിച്ച് നിന്നാക്രമിക്കുന്ന കുറുനരികളെ കുറിച്ച്... അങ്ങനെ എന്തെല്ലാമോ കഥകൾ. ഭാർഗവീനിലയം പോലെയുള്ള ആ വീട് പഴയകാലത്തെ വാസ്തുവിദ്യാ ശെെലിയിൽ നിര്‍മ്മിച്ചിട്ടുള്ളതാണ്. കോണില്‍ പ്രത്യേക രീതിയില്‍ കടഞ്ഞെടുത്ത മരജാലകങ്ങളും, നീളത്തില്‍ ഉയരമുള്ള മര അഴികളിട്ട പൂമുഖവും, സിമന്റുകൊണ്ട് പൊതിയാത്ത ചുമരുകളുമൊക്കെയുള്ള ഒരു പുരാതന ഗൃഹം. അതങ്ങനെ പഴമയുടെ പ്രൗഢിയോടെ ഗിരിനിരകളിലെ നിഗൂഢതയിൽ ലയിച്ച് ഒരു വനത്തിലെന്നപോലെ തലയുയർത്തി നില്‍ക്കുന്നു. വളരെ അപൂർവ്വമായി മാത്രമാണ് ആ വീടിനു വെളിയിൽ മനുഷ്യരെ ഞാന്‍ കണ്ടിട്ടുള്ളത്. ദിവസങ്ങളോളം ഒരു ദ്വീപിലെന്നപോലെ ആവരാ വീട്ടിൽ പുറം ബന്ധങ്ങളില്ലാതെ കഴിഞ്ഞ് കൂടുന്നുണ്ടായിരിക്കാം... ആ വീട്ടിലെയൊരു പെൺകൊടി എന്റെ സഹപാഠിയായിരുന്നു. അവൾ ക്ലാസ്സിൽ മിക്കപ്പോഴും നിശബ്ദമായിരിക്കുകയാണ് പതിവ്. അവളാവീട്ടിലെ അംഗമാണെന്ന കേട്ടറിവ് മാത്രമേ എനിക്കൊള്ളൂ... ഒരു തോന്നല്‍ മാത്രം. ഒരിക്കല്‍ പോലും അവിടേക്കുള്ള ആ മൺവഴിയിലവളെ ഞാന്‍ കണ്ടിട്ടില്ല. അവിടേക്കെത്തി നോക്കുന്ന സമയത്തൊക്കെയും ആ വീടിന്റെ മുറ്റത്തോ കൊലയിലോ മറ്റാരേയും പോലെ അവളുടെ സാന്നിധ്യവും എനിക്കനുഭാവപ്പെട്ടിട്ടില്ല. ഒരു അദൃശ്യ ശക്തിയെപ്പോലെ എവിടെ നിന്നോ വന്ന് എവിടേക്കോ പോയി മറയുന്നത് പോലെയാണ് അവളെ കുറിച്ചുള്ള എന്റെ ഓർമ്മകൾ.

രാവിലെ ഏഴ് മുതല് ഒമ്പത് വരെ നീണ്ടുനിൽക്കുന്ന ആ മദ്റസ അങ്കത്തിനൊടുവിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ചുങ്കം തെരുവിന്റെ മറ്റൊരു ഭാവമവിടെ കാണാന്‍ കഴിയും. തങ്ങൾ ഇങ്ങോട്ട് വരുമ്പോൾ കണ്ട ആ സ്ഥലം തന്നെയാണോ ഇത് എന്ന് സന്ദേഹമുണ്ടാകുന്ന തരത്തിൽ തെരുവിൽ ആളനക്കത്തിന്റെ സജീവതയപ്പോൾ അദ്ഭുതപ്പെടുത്തും. ഇടപാടുകാരാൽ ശബ്ദസാന്ദ്രമായ കടകളും, ചീറിപ്പായുന്ന വാഹനങ്ങൾ നിറഞ്ഞ റോഡും, ബസ്സ് കാത്തിരിപ്പ് കേന്ദ്രങ്ങളിലുള്ള യാത്രക്കാരുടെ തിരക്കുമൊക്കെയായി തെരുവ് വീഥികൾ ആകെക്കൂടി സജീവമായിട്ടുണ്ടാകുമപ്പോൾ. അതിന്റെ ഓരം പറ്റി വീട്ടിലേക്ക് മടങ്ങുമ്പോൾ സ്കൂളിലേക്ക് പോകുന്നതിനുമുമ്പ് ചെയ്ത് തീർക്കേണ്ട കുസൃതികളെക്കുറിച്ചാകും എന്റെ ചിന്തകളത്രയും.

വീട്ടിലെത്തിയാൽ ആദ്യം തന്നെ കുളിച്ച് വസ്ത്രം മാറും. ഉപ്പ ഗള്‍ഫില്‍ നിന്നും കൊടുത്തുവിട്ട ഒരു ചെറിയൊരു സ്പ്രെ കുപ്പിയുണ്ടായിരുന്നു അന്നെന്റെ കൈയിൽ. ഒരു വലിയ സ്ഫടിക ഉള്ളിയെപ്പോലുള്ള മനോഹരമായ ഒന്ന്. പണ്ട്‌ ഇതുപോലൊരു മദ്രസ്സ കഴിഞ്ഞ ദിവസം വീട്ടിലെത്തുമ്പോൾ പൂമുഖത്തെ കസേരയില്‍ ചായയും കുടിച്ചിരുന്ന് ഉപ്പപ്പയോട് സംസാരിക്കുന്ന ഒരു അപരിചിതനെ ഞാന്‍ കണ്ടിരുന്നു. അയാളെന്നെ കണ്ടപാടെ അരികിലേക്ക് വിളിച്ച് പേര്‌ ചോദിച്ചു.

"നവീന്‍ ശറഫ് എ..."

എങ്കിലിതാ പിടിച്ചോ എന്നും പറഞ്ഞ്‌ അയാളൊരു സ്പ്രേ കുപ്പി എനിക്ക് സമ്മാനിച്ചു. ഉപ്പപ്പ എന്നെ നോക്കി പുഞ്ചിരി തൂകിയെന്നോണം അവിടത്തന്നെ ഇരിക്കുന്നു. എന്റെ നെഞ്ചിൽ ക്രമാതീതമായി ഹൃദയം മിടിച്ചു. ഇതെന്ത് കഥ... ഇതെനിക്കുള്ളത് തന്നെയാണോ... അതോ ചുമ്മാ കളിയാക്കിയതാണോ... ഞാനതും പിടിച്ച് അവിടെ തന്നെ നിലയുറപ്പിച്ചു. സ്വന്തം പേര്‌ പറഞ്ഞാൽ ഇത്രയും വലിയ സമ്മാനമോ...

"എന്റപ്പ അണക്ക് കൊട്ക്കാൻ തന്നതാണ്..." അയാൾ എന്റെ കൈവെള്ളയില്‍ തലോടി കൊണ്ട്‌ പറഞ്ഞു...

ആ... എന്റുപ്പ... എനിക്ക് സമ്മാനിച്ചത്... ജീവിതത്തിൽ ആദ്യമായി കിട്ടിയ സമ്മാനം.

അയാൾ ഉപ്പയുടെ സുഹൃത്തായിരുന്നു. ഉപ്പ എനിക്കായി കൊടുത്ത് വിട്ടതാണത്. ഉപ്പ അതിൽ 'ഇത് ആസിഫിന് കൊടുക്കുക' എന്ന് എഴുതി വച്ചിരുന്നത് കൊണ്ടായിരിക്കാം എന്റെ വരവുവരെ അയാളതും കൈയിൽ പിടിച്ച് കാത്തിരുന്നത് (ഔദ്യോഗിക രേഖകളിൽ എന്റെ പേര്‌ മോസ്റ്റ് മോഡേൺ നാമമായ നവീന്‍ ഷറഫും... വീട്ടിലെ വിളിപ്പേര് ആസിഫ് എന്ന പരമ ലളിതമായ പേരുമാണ്) അതിന്റെ നിര്‍മലമായ ഗന്ധം വസ്ത്രത്തിൽ പുരട്ടണമെങ്കിൽ കുളി എന്ന കടമ്പ തീർച്ചയായും ചെയ്തിരിക്കേണ്ടതുണ്ടന്ന ഉമ്മയുടെ തീട്ടൂരം കാരണമാണ് മദ്രസ വിട്ടുവന്നാലുടനെ കുളിക്കുവാനുള്ള എന്റെ അമിതാവേശത്തിന്റെ യഥാർത്ഥ കാരണം. ആ സ്പ്രെ കുപ്പിയുടെ പള്ളയിൾ ഉപ്പ എഴുതി വച്ചിരുന്ന ആ വാക്യങ്ങള്‍  തെല്ലൊരു ആഭിമാനത്തോടെ ഞാൻ നോക്കും. പിന്നെ, വസ്ത്രം മാറി മുടി ചീകിയൊതുക്കി സ്പ്രേ അടിച്ച് ഭക്ഷണത്തിനായി ഞാൻ അടുക്കളയിലേക്ക് പോകും.

അടുക്കളയില്‍ ഉമ്മ ആകെക്കൂടി തിരക്കിലായിരിക്കും. സ്കൂളിലേക്ക് പോകുന്നതിന് മുമ്പത്തെ പ്രധാന ഭക്ഷണം കഞ്ഞിയും അച്ചാറുമായിരുന്നു. ഒരു കുണ്ടം പിഞ്ഞാണത്തിൽ ആവി പറക്കുന്ന കഞ്ഞിയും അതിനു സമീപം അത് പകർന്ന് കഴിക്കാനായി ഒരു പരന്ന പാത്രവും പിന്നെ ഒരു ബസ്സിയില്‍ അൽപ്പം അച്ചാറും... പിഞ്ഞാണത്തിലെ കഞ്ഞി പാത്രത്തിലേക്കൊഴിച്ച് ഊതി പാറ്റി കുടിച്ച് തീർക്കുന്ന മുറക്ക് അടുത്ത് ബാക്കി പാത്രത്തിലേക്കൊഴിക്കും. അക്കാലത്ത് വീട്ടില്‍ എണ്ണയിലോ ആവിയിലോ ചുട്ടെടുത്ത പലഹാരങ്ങൾ പതിവില്ല. പണനെരുക്കം തന്നെ ആയിരിക്കാം അതിന്റെ കാര‍ണം. അനേകം അംഗങ്ങളുള്ള വലിയൊരു തറവാടായിരുന്നു അത്. അപ്രതീക്ഷിതമായ അതിഥികളും ചിലപ്പോളവിടെ വന്ന് കയറും. അതിനാല്‍, ഭക്ഷണം ഉണ്ടാകുമെങ്കിലും അതിൽ വൈവിധ്യം കുറവായിരുന്നു. എന്തായലും കഞ്ഞിയും അച്ചാറും വയറ്‌ നിറയെ കഴിച്ച്... ബേഗും വെള്ളവും... ആവശ്യമെങ്കിൽ കാലൻ കുടയുമൊക്കെ എടുത്ത് ഞാൻ സ്കൂളിലേക്കിറങ്ങുമ്പോൾ ഉമ്മാക്ക് ഒരു മുത്തവും കൊടുക്കാൻ ഞാന്‍ മറക്കാറില്ല.

അങ്ങനെ പതിവ് സ്കൂൾ സഞ്ചാരം തുടങ്ങുകയായി...

ആ വഴിത്താരകൾക്ക് ഇരുവശത്തുമുള്ള കാഴ്ച്ചകൾ കാലമെത്രെ കഴിഞ്ഞാലും ഞാന്‍ മറന്നുകളയാൻ സാധ്യതയില്ല. അത്രക്ക് പരിചിതമാണ് ഇന്നും ആ വഴിയോരത്തെ ജീവിതങ്ങൾ. അന്നവിടെ ഞാനനുഭവിച്ച ഓരോ സ്പന്ദനങ്ങളും ഇന്നുവരെയുള്ള എന്റെ ജീവിതത്തെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ടന്ന് ഉറപ്പായും ഞാൻ വിശ്വസിക്കുന്നു. എന്റെ മനസ്സിന്റെ സൂക്ഷ്മാണുവിൽ പോലും നിറഞ്ഞ് നില്‍ക്കുന്ന... വല്ലാത്തൊരു വൈകാരികാടുപ്പം ഇന്നുമെനിക്കനുഭവപ്പെടുന്ന ഈ ഭൂമിയിലെ ഒരു ചീന്തായിരുന്നു അത്. വിദ്യാലയത്തിലെ പഠനവും, ക്ലാസ് മുറികളിലെ കൃത്രിമ അച്ചടക്കവുമല്ല... മറിച്ച്, ജീവിക്കുന്ന സമൂഹത്തിന്റേയോ സാഹചര്യങ്ങളുടേയോ നിറങ്ങളും വികാരങ്ങളുമാണ് ഒരു മനുഷ്യനെ രൂപപ്പെടുത്തുന്നത് എന്നാണ് എനിക്കതിൽ നിന്നും മനസ്സിലായത്. വല്ലാത്ത ആവേശത്തോടെയാണ് ഞാനവയൊക്കെയും അന്ന് നിരീക്ഷിച്ചും അനുഭവിച്ചും വന്നിരുന്നത്.

റോഡ് മുറിച്ച് കടന്ന് ഇടത്തേക്ക് തിരിഞ്ഞ് അൽപ്പം മുന്നോട്ട് നീങ്ങിയാൽ അദ്യമെന്നെ സ്വാഗതം ചെയ്യുന്നത് അവിടെയുള്ള ഒരു കാസറ്റ് കടയിലെ സിനിമ ഗാനങ്ങളാണ്. പുറത്തേക്ക് തിരിച്ചുവെച്ച വലിയ സ്പീക്കർ പെട്ടിയിലൂടെ ആളുകളെ വശീകരിക്കാനെന്നോണം മധുര മനോഹരമായ പാട്ടുകൾ ആ കടയിൽ നിന്നുമപ്പോൾ കേൾക്കാം. യൂറോപ്പ്യൻ തെരുവുകളിൽ 'നടവഴി ഗായകരുടെ' ഗാനം ശ്രവിച്ചെന്നോണം ചടഞ്ഞിരിക്കുന്ന ഇംഗ്ലീഷുക്കാരെപ്പോലെ കുറേപേർ ആ കടക്കുസമീപം അതാസ്വദിച്ചെന്നോണമവിടെ നിൽക്കുന്നതപ്പോൾ കാണാന്‍ കഴിയും. എന്നാൽ, ആ ഗാനങ്ങൾ മുഴുവനായും അവരെ കേള്‍പ്പിക്കാതിരിക്കാൻ കടക്കാരൻ പ്രത്യേകം ശ്രദ്ധാലുവാണന്ന് തോന്നിപ്പോകുന്നു. സംഗീതത്തിന്റെ മാസ്മരിക ലോകത്തവരെ അലിയിച്ചില്ലാതാക്കാൻ നോക്കി പെട്ടന്നയാളത് നിർത്തി കളയും. ഒരു തരം പ്രലോഭനം പോലെ. അതോട് കൂടി ഉറക്കത്തിൽ നിന്നുണർന്നണ് പോലെ അവർ ചുറ്റുപാടും നോക്കും. ഒരുപക്ഷേ, ആ സംഗീത സദ്യയുടെ പൂര്‍ണ്ണതക്ക് വേണ്ടി വിശപ്പോടെ അവരാ കടയിലേക്ക് കയറി ചെന്ന് ആ കാസറ്റ് വാങ്ങിക്കുന്നുണ്ടായിരിക്കാം... എന്തായാലും, അവിടെ നിന്നും ലഭിച്ച ആ ഗാന ശകലങ്ങള്‍ മൂളിക്കൊണ്ടാണ് അവിടെ നിന്നും ഞാന്‍ നീങ്ങുക...

"ദിൽക്കോ പാഗൽ ഹേ... ദിൽ ദീ വാനാഹേ..."

തുടർന്ന്, മുന്നോട്ട് നീങ്ങിയാൽ അടുത്ത കാഴ്ച്ച ആവണി സ്റ്റുഡീയോയിലേതാണ്. മുള തണ്ടുകൾ ഉപയോഗിച്ച് ധാരാളം അലങ്കാര പണികൾ നിർവ്വഹിച്ചിട്ടുള്ള അതിനകം ആകെക്കൂടി ഒരു പച്ചമയമാണ്. കടും പച്ച ചായം കൊണ്ട് വർണ്ണാഭമാക്കിയ ചുവരുകൾക്കിടയിലെ കറുത്ത തിരശ്ശീലക്കപ്പുറം ഒരു രഹസ്യമുറിയുണ്ടവിടെ. അതിന്റെ അകത്തെ കാഴ്ച്ചയെക്കുറിച്ചുള്ള ജിജ്ഞാസ അക്കാലത്ത് വല്ലാതുണ്ടായിരുന്നു എനിക്ക്. ആ മറ നീങ്ങി അതിനകത്തെ കാഴ്ചകൾ വെളിവാകുന്നതും കാത്ത് ഞാനവിടെ എത്രയോ സമയം നിന്നിട്ടുണ്ട്. ആ സമയം സ്റ്റുഡിയോയുടെ ജീവിത വഴിയിലെ പല അസുലഭ മുഹൂര്‍ത്തങ്ങളും സൂക്ഷിച്ചിരിക്കുന്ന ചില്ലുകൂട്ടിൽ കണ്ണോടിച്ച് നിൽക്കും ഞാൻ. ജനങ്ങൾക്ക് വ്യക്തമായി കാണാവുന്ന തരത്തിൽ പുറത്തേക്കായി പ്രദര്‍ശപ്പിച്ച രൂപത്തിലായിരുന്നു അവകളത്രയുമുണ്ടായിരുന്നത്. പട്ടിക്കാട് ജാമിഅ നൂരിയ അറബി കോളേജ് വാര്‍ഷികത്തോടനുബന്ധിച്ച് പ്രദേശം സന്ദര്‍ശിച്ചിരുന്ന ഇന്ത്യൻ രാഷ്ട്രീയ നേതാക്കന്മാർ മുതൽ ചില കല്ല്യാണ മുഹൂര്‍ത്തങ്ങളും, അദ്ഭുതപ്പെടുത്തുന്ന മുഖവും കോലവുമായി ചില നാട്ടുകാരും വരെ ആ ചിത്രങ്ങളിലുണ്ടായിരുന്നു. വാഴയിലയുടെ മുമ്പിൽ സന്ദേഹത്തോടെ ചോറിനായി കാത്തിരിക്കുന്ന മണവാളൻ. മുടി നീട്ടിവളർത്തി സുമുഖനായി ചിരിച്ചു നില്‍ക്കുന്ന സെന്‍ട്രല്‍ ബേക്കറിയുടമ ബക്കര്‍ക്ക. മേല്‍ക്കോയ്മ സമര്‍പ്പിച്ചെന്നോണം ഭാര്യയെ കസേരയിലിരുത്തി നെഞ്ചുവിരിച്ച് ഗമയോടെയങ്ങനെ നില്‍ക്കുന്ന ഒരു യുവാവ് തുടങ്ങി അക്കാലത്തെ വേദികളെ പ്രകമ്പനം കൊള്ളിച്ചിരുന്ന പലവിധ രാശ്ട്രീയ നേതാക്കന്മാരുടെയൊക്കെ ഫോട്ടോകൾ കൗതുകത്തോടെ ഞാൻ ഏറെ നേരം നോക്കിനിന്നിട്ടുണ്ട്. രാഷ്ട്രീയ നേതാക്കന്മാര്‍ ഘോരഘോരമായി പ്രസംഗിക്കുന്ന ചിത്രങ്ങൾ, അവർക്ക് നല്‍കിയ വര്‍ണ്ണാഭമായ സ്വീകരണം, അവർ സുഹൃത്തുക്കളുമായി സൊറ പറഞ്ഞിരിക്കുന്ന ചിത്രങ്ങൾ... തുടങ്ങി അനേകം ഭൂതകാല ഓര്‍മ്മകള്‍.

ആവണി സ്റ്റുഡിയോക്കപ്പുറത്ത് താളാത്മകമായ ശബ്ദത്താൽ മുഖരിതമായ ഹിലാൽ പ്രസ്സിന്റെ കാഴ്ച്ചയാണ്. അതികത്തെ കറുത്ത ശീലക്കപ്പുറമുള്ള മുറിയിൽ പ്രത്ത്യേക താളത്തിനനുസരിച്ച് വലിയ ശബ്ദത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു അച്ചടിയന്ത്രമുണ്ട്. അവിടെനിന്നാണ് ആ ശബ്ദം ഒഴുകി വന്നിരുന്നത്. ആ ശബ്ദവും കേട്ട് ആ കറുത്ത തിരശ്ചീല മാറുന്നതും കാത്ത് കുറച്ച് നേരം ഞാനവിടെ ചിലവഴിക്കും. ജോലിക്കാർ അകത്തേക്കും പുറത്തേക്കും പോകുന്ന സമയം ചെറുതായി വശത്തേക്ക് നീങ്ങുന്ന കര്‍ട്ടണിനുള്ളിലൂടെ അകത്തെ പേപ്പർ കെട്ടുകളും, മരക്കൂട്ടത്തിനുള്ളിലെ അക്ഷരങ്ങൾ ആലേഖനം ചെയ്ത അച്ചുകളും, ഗ്രീസ് മണക്കുന്ന വലിയ യന്ത്രങ്ങളുമൊക്കെ കാണാം. കഴിഞ്ഞപോയ അധ്യായന വര്‍ഷങ്ങളിലെ നോട്ട് ബുക്കുകളിൽ നിന്നും ബാക്കിയായ പേജുകള്‍ പറിച്ചെടുത്ത് അവര്‍ക്ക് കൊണ്ട്‌ പോയി നല്‍കിയാല്‍ ആ പേജുകളെല്ലാം ചേര്‍ത്ത് വര്‍ണ്ണാഭമായൊരു ചട്ടയൊക്കെ വെച്ച് അവരൊരു പുതിയ നോട്ടുപുസ്തകം തിരിച്ച് നല്‍കും. അതിനായി അവിടെ പോകുമ്പോഴും എങ്ങനെയെങ്കിലും അതിനകത്തേക്കൊന്ന് കയറിപറ്റാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ഞാന്‍ എത്രയോ ആഗ്രഹിച്ചിട്ടുണ്ട്. പിന്നീട്, അച്ചടിയോടും അതിനോടനുബന്ധിച്ച ടെെപ്പിങ്ങിനോടുമൊക്കെ എനിക്കുണ്ടായ അഭിനിവേശത്തിന്റെ പ്രേരകശക്തിയും ഒരുപക്ഷേ അവിടെ നിന്നുള്ള ഈ അനുഭവമാകാം.

പ്രസ്സിന്റെ കാഴ്ച്ചയില്‍ നിന്നും അതിന്റെ അരികിലൂടെ ചിന്നന്‍ വെെദ്യരുടെ വെെദ്യശാലയിലേക്ക് ഞാൻ നീങ്ങുമ്പോഴും ക്രമമായി ഒഴുകിവരുന്ന പ്രസ്സിലെ ആ ശബ്ദകോലാഹലങ്ങൾ അവസാനിച്ചു കാണില്ല. വൈദ്യശാലയുടെ ഒരു വശത്ത് മരുന്ന് നിര്‍മാണത്തിനും സാധനസാമഗ്രികളുടെ സൂക്ഷിപ്പിനുമായി നിർമ്മിച്ച മരുന്നറക്കു മുന്നിലാണ് ആ നീണ്ട മണ്‍പാത അവസാനിക്കുന്നത്. അവിടെ ഏത് നേരവും ജോലി ചെയ്തുവരുന്ന ഒരു കുറിയ മനുഷ്യനുണ്ട്. അദ്ദഹവുമായി അക്കാലങ്ങളില്‍ ഞാൻ വല്ലാത്ത സൗഹൃദത്തിലായിരുന്നു. മിക്ക ദിനങ്ങളിലും ഞാനവിടെ എത്തുമ്പോൾ ഓരോതരം മരുന്നുണ്ടാക്കുന്ന തിരക്കിലാകുമയാൾ. പത്തിരിമാവുപോലെ കുഴൽ പരുവത്തിൽ കുഴച്ച് വച്ച മിശ്രിതത്തിൽ നിന്നും ചെറിയ ഓരോ കഷ്ണങ്ങൾ വീതമെടുത്ത് കെെവെള്ളയിലിട്ട് ഗുളിക രൂപത്തിലാക്കുന്ന പ്രക്രിയയാണ് മിക്കപ്പോഴും ഞാനിവിടെ കാണാറുണ്ടായിരുന്നത്. ചിലപ്പോൾ സ്ഫടിക കുപ്പികളിൽ അരിശ്ടമൊഴിക്കുന്ന തിരക്കിലായിരിക്കുമയാൾ. അതിന്റെയൊക്കെ കൗതുകത്തിലവിടെ കണ്ണും നട്ടിരിക്കുന്ന വേളയിൽ എന്തെക്കെയോ അയാളെന്നോട് ചോദിച്ചുകൊണ്ടിരിക്കും. ഞാനവിടെയാകെ കണ്ണോടിച്ചു കൊണ്ടയാൾക്കുത്തരവും നല്‍കും. ചിലയവസരങ്ങളിൽ വെള്ളം നിറച്ച വലിയൊരു സിമന്റ് പാത്രത്തിൽ നിന്നും സഫടിക കുപ്പികളെടുത്ത് വൃത്തിയാക്കുന്നതും കാണാം. ഏതോ മധ്യകാല യൂറോപ്പ്യൻ പരീക്ഷണ ശാലപോലുള്ള ആ മുറിക്കകത്തെ മര അലമാരകളിൽ മുഴുവൻ ഉണക്കയിലകളും വേരുകളും കായികളുമൊക്കെയാണ്. ഈ മരകഷണങ്ങള്‍ മുഴുക്കെ ആശ്വാസധായകമായ ഔഷധങ്ങളായി മാറുന്ന അത്ഭുതത്തെ കുറിച്ചികും എന്റെ ചിന്തയത്രയും. ചിലയവസരങ്ങളിൽ ആ മുറിക്കകത്തേക്ക് തലയിട്ട് മരുന്നു നിര്‍മ്മാണകാരന് എന്തൊക്കെയോ നിർദ്ദേശങ്ങൾ നൽകുന്ന ചിന്നന്‍ വൈദ്യരേയും അവിടെ ഞാന്‍ കണ്ടിട്ടുണ്ട്. നാട്ടിലെ പേരെടുത്ത ആയ്യുർവ്വേദ വെെദ്യനാണദ്ദേഹം. ആഢ്യത്തം തുളുമ്പുന്ന സ്വര്‍ണ്ണക്കരയുള്ള മുണ്ടും അലക്കി തേച്ച് വടിപോലെ നിൽക്കുന്ന മേൽക്കുപ്പായവും ധരിച്ചുള്ള അദ്ദേഹത്തെ കണ്ടാൽ ഏതോ കോവിലകത്തെ തമ്പുരാനാണന്നാണ് തോന്നുക.

മരുന്നറയുടെ ഒരു വാതിൽ തുറക്കുന്നത് നീണ്ടൊരു വരാന്തയിലേക്കാണ്. കുറുന്തോട്ടി ഇലകളും തണ്ടുകളും ഉണക്കാൻ കെട്ടിവച്ചിരിക്കുന്ന വരാന്തയിലെ മച്ചിനു താഴെ കുഞ്ഞന്‍ വൈദ്യരെ രോഗികൾ കാത്തിരിക്കുന്നത് കാണാം.  അവിടെയാണ് അദ്ദേഹത്തിന്റെ മരുന്ന് വിപണന ശാലയുള്ളത്. കുടുംബ കാരണവന്മാരുടെയും, പരദേവതകളുടേയും ചിത്രങ്ങൾ കെട്ടിത്തൂക്കിയ ചുമരിനു താഴെ കറുത്ത കുറേ പാനീയങ്ങൾ  നിറച്ച സ്ഫടിക കുപ്പികൾ നിരത്തി വച്ച ചില്ലലമാരകൾ. അതിനു നടുവിൽ മരക്കസേരയില്‍ സുമുഖനായിരുന്ന് രോഗികള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും കുറിപ്പടിയും നല്‍കുന്ന വെെദ്യരദ്ദേഹം. മരുന്ന് ആവശ്യത്തിനുള്ള അളവിനും തൂക്കത്തിനും എടുത്ത് കൊടുക്കുന്നതിന് ഒരു സഹായിയേയും ഇടക്കവിടെ കാണാറുണ്ട്. അവിടുത്തെ മരുന്നുകളുടെ ഗന്ധമെനിക്ക് വലിയ ഇശ്ടമായിരുന്നു. രുചികരമായ അരിശ്ടം കുടിക്കുന്നതിന്നായി എത്രയോ പ്രാവശ്യം ഉമ്മുമ്മയോട് ഞാന്‍ കള്ളയസുഖങ്ങള്‍ പറഞ്ഞ്‌ മരുന്ന് വരുത്തിയിരിക്കുന്നു. അരിശ്ട-ലേഹ്യങ്ങളുടേയും മറ്റ് പൊടി-ചൂർണ്ണങ്ങളുടേയും സുഖമുള്ള ആ ഗന്ധമാസ്വദിക്കാനായി കുറച്ച് നേരം ഞാനവിടെ നില്‍ക്കൽ പതിവാണ്. ചില ദിവസങ്ങളിൽ ഉച്ചതിരിഞ്ഞ സമയം അതുവഴി വീട്ടിലേക്ക് പോകുമ്പോൾ വൈദ്യശാലക്കകത്തെ നിലവറപോലുള്ള ഭാഗത്ത് കുഞ്ഞൻ വെെദ്യർ ശീല വിരിച്ച ചാരുകസേരയിൽ ഉച്ചമയക്കത്തിനായി നീണ്ടു മലര്‍ന്ന് കിടക്കുന്നത് കാണാം... നല്ല സ്റ്റൈലൻ കൂര്‍ക്കം വലിയുമായി.

അവിടെ നിന്നും മുന്നോട്ട് പോകുമ്പോൾ പച്ചക്കറികള്‍ മണ്ണെയടുപ്പില്‍ തിളച്ച് മറിയുന്ന സുഖമുള്ള ഗന്ധമാണെന്നെ സ്വാഗതം ചെയ്യാറ്. കഞ്ഞി കുടിച്ച് വീര്‍ത്ത വയറുമായാണ് ഞാനവിടെ എത്തുന്നതെങ്കിലും വല്ലാത്തൊരു വിശപ്പാണവിടെ എത്തുമ്പോളെനിക്ക്. എന്റെ രുചി മുകുളങ്ങളെന്നെ ആ മുറിക്കകത്തേക്ക് നയിക്കും.

ഗതകാല സ്മരണകളുണര്‍ത്തുന്ന തുന്നല്‍ യന്ത്രങ്ങളും നെയ്ത്ത് ഉപകരണങ്ങളുമൊക്കെയുള്ള ഒരു ബേഗ് നിര്‍മ്മാണ യൂണിറ്റിൽ ജോലിചെയ്ത് വന്നിരുന്ന ഏതാനും സ്ത്രീ തൊഴിലാളികളുടെ വിശ്രമ കേന്ദ്രമാണാ മുറി. അവരുടെ പൊതു അടുക്കളയും അതിനകത്തു തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. അവരുടെ ഉച്ചഭക്ഷണ ക്രമീകരണങ്ങളായിരുന്നു അതൊക്കെ. ഏത് നേരവും നിലത്ത് ചമ്രം പടിഞ്ഞിരുന്ന് യന്ത്രം കണക്കെ വേഗത്തിലും താളത്തിലും ജോലി ചെയ്ത് വന്നിരുന്ന അവര്‍ക്ക് ജോലിക്കിടയില്‍ വീണുകിട്ടുന്ന ഒരവസരമായിരിക്കാം ആ മുറിക്കുള്ളിലെ നിമിഷങ്ങൾ. ഭക്ഷണമുണ്ടാക്കലും മുരിഞ്ഞ് കത്തുന്ന ആ മണ്ണെണ്ണയടുപ്പിനരികിൽ നിന്ന് ഉറക്കെയുള്ള സംസാരവും ചിരിയുമൊക്കെയായി അവരാ നിമിഷത്തെ ധന്യമാക്കുമ്പോൾ കൂടുതൽ നേരാം ഞാനവിടെ ചിലവഴിക്കാൻ നില്‍ക്കാറില്ല. സ്റ്റൗവിലെ ഇളം കറുപ്പുള്ള പുകയേയും, കൊതിയൂറുന്ന ആ പാചക ഗന്ധത്തേയും വകഞ്ഞു മാറ്റി വേഗത്തിൽ തന്നെ അടുത്ത കാഴ്ച്ചയിലേക്ക് ഞാൻ നടക്കും.

അതിനപ്പുറമാണ് ദാമുവേട്ടന്റെ ചിത്രകടയുള്ളത്. നിറയെ ബാനറുകളും, തോരണങ്ങളും, പെയിന്റിങ്ങുകളും, പെന്‍സിലും ബ്രഷുമൊക്കെയായി വര്‍ണങ്ങളുടെ ഒരു ലോകമാണത്. പെയിന്റിന്റെ രൂക്ഷമായ ഗന്ധം നിറഞ്ഞ് നിൽക്കുന്ന ആ അന്തരീക്ഷത്തിൽ ഒരു പെൻസിൽ ചെവിപ്പുറത്ത് വച്ച് വലിയൊരു സ്കെെൽ ചേര്‍ത്തു പിടിച്ച് ബാനറുകളിൽ ഓരോ രചനകളിലേർപ്പെട്ടിരിക്കുന്ന ദാമുവേട്ടനെ കാണുമ്പോൾ വലിയൊരു വിശ്വപ്രസിദ്ധ കലാകാരനാണദ്ദേഹമെന്ന് തോന്നിപ്പോകും. ഞാനവിടെ എത്തുമ്പോൾ തല ഉയർത്തി വാത്സല്യത്തോടെ അദ്ദേഹമെന്നെയൊന്ന് നോക്കി പുഞ്ചിരിക്കും. പിന്നെ, വലിച്ചു കെട്ടിയ ശീലകളിൽ പെയിന്റിൽ മുക്കിയ തടിച്ച ബ്രഷ്കൊണ്ട് അക്ഷരങ്ങള്‍ നിഷ്പ്രയാസം എഴുതി കൂട്ടുന്നത് കാണുമ്പോൾ വലിയ അത്ഭുതമാണെനിക്ക് തോന്നാറ്. ആ എഴുതി കൂട്ടുന്ന വാക്കുകളുടെയും, വലിയ മുദ്രാവാക്യങ്ങളുടേയും ആഴവും പരപ്പുമറിയാതെ... പ്രതിഷേധ കൊടുങ്കാറ്റിന്റെ വ്യാപ്തിയറിയാതെ... അതിന്റെ സൗന്ദര്യത്തിൽ മാത്രം മുഖം ചേര്‍ത്ത് ഞാനവിടെ കുറച്ച് നേരം നില്‍ക്കും. എന്നിലൊരു ചിത്രക്കാരനെ രൂപപ്പെടുത്താൻ എത്രയോ പര്യാപ്തമായിരുന്ന കാഴ്ച്ചകൾ. എന്നാൽ, ദാമുവേട്ടന്റെ അപൂര്‍ണ്ണമായ ചില പെയിന്റിങ്ങുകളെപ്പോലെ ആ കഴിവിനേയും നിലനിര്‍ത്തി കൊണ്ടുപോകാൻ ഞാൻ ശ്രമിച്ചില്ല എന്നുള്ളതാണ് പിന്നീടുള്ള കഥ.

വിപ്ലവങ്ങളുടെ കാഹളധ്വനികൾ വര്‍ണ്ണങ്ങളിലൂടെ മുഴങ്ങുന്ന ആ ഷീല ബാനറുകളുടെ കാഴ്ച്ച മതിയാക്കി മുന്നോട്ട് നടക്കുമ്പോൾ... ആ കെട്ടിടത്തിലെ തന്നെ ആളൊഴിഞ്ഞൊരു മുറിയാണെന്റെ കൺമുന്നിലേക്ക് വരിക. ആളുകൾ ഉപേക്ഷിച്ച് പോയ പഴയ കോവിലകങ്ങളിലേയോ, ബംഗ്ലാവുകളിലേയോ നിഗൂഢതകളെ ഓർമ്മിപ്പിക്കുന്ന തരത്തിൽ പരമ നിശബ്ദമായ ചെറിയൊരു മുറിയാണത്. പാതിയടഞ്ഞ ചെറിയ ജനാലയിലൂടെ അകത്തേക്ക് നോക്കുമ്പോൾ പൊട്ടിപ്പൊളിഞ്ഞതും പൊടിപിടിച്ചതുമായ രണ്ട് കസേരകളും, ഒരു മേശയുമാണവിടുത്തെ പ്രധാന കാഴ്ച്ച. ആ മേശക്കു മുകളിലെ ചില്ലു പാത്രത്തിലൊരു നരച്ച പ്ലാസ്റ്റിക് പൂവും കാണാം. ചുവന്ന പൊടിപടലങ്ങള്‍ ചിത്രം വരച്ച വെള്ള ചുമരിൽ മനോഹരമായി ഫ്രെയിം ചെയ്ത രണ്ടു ചിത്രങ്ങൾ ഒരാണിയിൽ തൂക്കിയിട്ടിരിക്കുന്നു. മുൾകിരീടം തലയിലണിഞ്ഞ്... മുൾ പടര്‍പ്പുകള്‍ ചുറ്റി വരിഞ്ഞ രൂപത്തിൽ പുറത്തേക്ക് തുറിച്ച ചുവന്ന ഹൃദയത്തെ ഇടതു കൈപ്പത്തികൊണ്ട് തലോടി... വലതു കെെവള്ളയിലെ ആണിമുറിപ്പാട് പുറത്ത്‌ കാണിച്ചെന്നോണം പരമ ശാന്തനായി നോക്കുന്ന യേശുക്രിസ്തുവിന്റെയും, തൊട്ട് സമീപം എന്തിനോ വാശിപിടിച്ച് കണ്ണീർ വാർക്കുന്ന ഒരു കുലീനത്വമുള്ള ഇംഗ്ലീഷ് കുഞ്ഞിന്റെയും ഫോട്ടോ. നിർവികാരനായ യേശുവിന്റെ പ്രതീക്ഷക്ക് സമീപം ലോകത്തിന്റെ സമസ്ത ദുഖങ്ങളേയും തന്റെ കണ്ണീരിൽ കുതിർത്തിയെന്നോണം ഒരു കുഞ്ഞിന്റെ വിതുമ്പൽ. ആശയ സമ്പുഷ്ടമാണ് ആ രണ്ടു ചിത്രങ്ങളുമെന്നെനിക്ക് ഇപ്പോൾ തോന്നുന്നു. വളരെ കാലങ്ങൾക്ക് ശേഷമാണ് ആ കുഞ്ഞിന്റെ ചിത്രത്തിനു താഴെ എഴുതിവച്ചിരുന്ന 'Don't worry be happy' എന്ന ഇംഗ്ലീഷ് വാക്കിന്റെ അര്‍ത്ഥമെനിക്ക് പിടികിട്ടുന്നത്.

'വിശമിക്കുകയേ വേണ്ട... സന്തോഷമായിരിക്കൂ'

ആകെക്കൂടി അലങ്കോലമായി കിടക്കുന്ന ആ മുറിക്കകത്തെ; മനുഷ്യന്റെ രണ്ടവസ്ഥകളെ ചുമരിൽ തൂക്കിയിട്ടിരിക്കുന്ന ആ കാഴ്ച്ച ഞാനെത്രയോ നേരം നോക്കിനിന്നിട്ടുണ്ട്. അതുമൂലം എനിക്ക് ലഭിച്ചിരുന്ന ആത്മസംതൃപ്തി എന്തായിരുന്നുവെന്ന് എനിക്കിന്നും അജ്ഞാതമാണ്. പലപ്പോഴും ജീവനുള്ളവയാണ് ആ ചിത്രങ്ങളെന്നെനിക്ക് തോന്നാറുണ്ട്. ഞാൻ ജനാലയടച്ച് കയ്യിലെ പൊടിതട്ടി തിരിച്ച് നടക്കുമ്പോഴേക്കും അവര്‍ രണ്ടു പേരും ആ ചില്ലുകൂട്ടിൽ നിന്നും ചാടിയിറങ്ങി ആ മുറിക്കകത്ത് ഓടിച്ചാടി നടക്കുന്നുണ്ടായിരിക്കുമെന്ന് ഞാൻ വെറുതെ അന്ന് ചിന്തിക്കുമായിരുന്നു.

ഒടുവിൽ പതിയെ ആ ജനാലകളടച്ച് മുന്നോട്ട് നടക്കുമ്പോൾ വലിയ ശബ്ദത്തിലും ഒരേ താളത്തിലുമുള്ള ഭയാനകമായ കൊട്ടാണ് കേള്‍ക്കാൻ കഴിയുക. ടപ്പേ... ടപ്പേ എന്നൊരു ശബ്ദം. ഇടക്ക് മണി നാദം പോലെ മറ്റൊന്നും. അതെന്താണന്ന സംശയം അക്കാലയളവിലെന്നെ വല്ലാതെ അലട്ടിയിരുന്നു. നല്ല താളത്തിലും മേളത്തിലും പരന്നൊഴുകിയിരുന്ന മേല്‍ മുഴക്കം ആ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്നാണ്‌ പ്രവഹിച്ചിരുന്നത്. ആ കെട്ടിടത്തിന്റെ ഇരുമ്പ് ഗേറ്റിനപ്പുറമുള്ള മരഗോവണി കയറിയാൽ കാണുന്ന നീണ്ട വരാന്തയുടെ ഒരുവശത്തുള്ള ഏതാനും മുറികളില്‍ നിന്നാണ് ആ ശബ്ദമുയരുന്നതെന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. പക്ഷേ, ആ ഗോവണി കയറിച്ചെന്ന് ആ കാഴ്ച്ചകളൊക്കെയൊന്ന് കാണാനെനിക്ക് വലിയ ഭയമായിരുന്നു. കാരണം, ആ ശബ്ദ പ്രകമ്പനം തന്നെ. വളരെ സജീവമായി ആളുകൾ പ്രവർത്തിക്കുന്ന ആ മാളിക പുറത്തേക്ക്‌ ഞാൻ കയറി ചെന്നാൽ... ക്ഷണിക്കാതെ കയറി വരുന്ന ഈ കശ്മളനിതാരപ്പ എന്ന മട്ടില്‍ അവരെല്ലാവരുമെന്നെ തുറിച്ച് നോക്കിയേക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടു. എല്ലാ കണ്ണുകളും കൂരമ്പുകള്‍ പോലെ എന്നിൽ മാത്രം കേന്ദ്രീകരിക്കുന്ന അതിഭയങ്കരമായ അവസ്ഥ.

കെട്ടിടത്തിന്റെ മുന്‍വശത്തു നിന്നും നോക്കിയാല്‍ കാണുന്ന കമനീയമായ ആർച്ചുകൾക്കപ്പുറത്താണ് ആ വരാന്തയും, മുറികളുമുള്ളത്. അവിടെ വാര്യര്‍ ടീച്ചറുടെ ടെെപ്പ് റെെറ്റിംഗ് സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നു. ടീച്ചറുടെ വിദ്യാര്‍ത്ഥികള്‍ കൂട്ടമായിരുന്ന് വാദ്യക്കാരെപ്പോലെ വാക്കുകൾ ഒരേതാളത്തിലിരുന്ന് ആഞ്ഞടിക്കുന്നതിനാലാണ് അതൊരു വലിയ ശബ്ദമായി പുറത്തേക്ക്‌ പ്രവഹിച്ചിരുന്നതെന്ന് ഞാൻ പിന്നീട് മനസ്സിലാക്കി. ആ വിദ്യാർത്ഥികളിൽ ചിലർ ഗോവണിയിലൂടെ കയറി പോകുന്നതും ഇറങ്ങി വരുന്നതുമൊക്കെ കാണുമ്പോള്‍... ഒരിക്കല്‍ ഞാനുമവിടെ ചേര്‍ന്നത് പഠിച്ചിരിക്കുമെന്ന് മനസ്സിലുറപ്പിച്ചു. കെട്ടിടത്തിന്റെ നേരെ മുന്‍വശത്തുള്ള റോഡിനു മറുവശം ചെന്നു നിന്നാലാണ് അവിടുത്തെ കഴ്ച്ചകൾ ഒന്നുകൂടി വ്യക്തമായി കാണാൻ സാധിക്കുക. തൂവെള്ള കുമ്മായമിട്ട് മിനുസപ്പെടുത്തിയ വലിയ വെട്ടുകൽ ചുമരുകളും, ചതുരാകൃതിയിലുള്ള വലിയ തടിയന്‍ തൂണുകളും, തൂണുകൾക്ക് മുകളിലെ ദീര്‍ഘ വൃത്താകൃതിയിലുള്ള ആർച്ചുകളുമൊക്കെ കണ്ടാൽ ഇതേതോ ചരിത്രമുറങ്ങുന്ന മഹാമന്ദിരമാണന്നാണ് തോന്നിപ്പോകും. ഒരുപക്ഷേ, അനേകം കാലത്തെ കഥകൾ അതിനും പറയാനുണ്ടാകും. തിരക്കുപിടിച്ചൊരു പ്രവര്‍ത്തി ദിനത്തിന്റെ സജീവത അവിടെ കാണാൻ കഴിയും.

ഞാൻ നേരത്തെ പറഞ്ഞ ആ മരഗോവണിയുടെ തൊട്ടടുത്താണ് തകര ഷീറ്റ് മേഞ്ഞൊരു താല്‍ക്കാലിക ഒറ്റമുറി ഷെഡുള്ളത്. അതിനകത്ത് അയലിൽ നീർത്തി വെച്ച ഏതാനും വസ്ത്രങ്ങൾ, വിരിച്ചു വെച്ച പുൽ പായ, മൂലയിൽ അടുക്കി പെറുക്കിവച്ച പാത്രങ്ങൾ, മടക്കി വെച്ച ഏതാനും കാലി ചാക്കുകൾ എന്നിവ കാണാം. ചിലപ്പോഴൊക്കെ അതിനകത്ത് ആളനക്കം കേൾക്കാം. തമിഴ് നാട്ടിൽ നിന്നും നാട്ടിലേക്ക് തൊഴിലെടുക്കാൻ കുടിയേറിയ ഏതാനും അണ്ണന്മാരുടെ പാർപ്പിട കേന്ദ്രമായിരുന്നു അത്. അണ്ണൻ എന്നാൽ തമിഴ് ഭാഷയിൽ ഏട്ടൻ എന്നാണര്‍ത്ഥം. അല്ലെങ്കിൽ, ബഹുമാനം സൂചിപ്പിക്കുന്ന ഒരു വാക്യം. തമിഴ് നാട്ടില്‍ നിന്നും കുടിയേറിയത് കാരണം അവരും 'അണ്ണൻ' എന്ന് വിളിക്കപ്പെട്ടത് യാദൃശ്ചികമാകാൻ വഴിയില്ല. കാൽമുട്ട് വളച്ചിരുന്ന് രണ്ട് കെെകളും അതിൽ നീട്ടി നിവര്‍ത്തിവച്ച് നിരവ്വികാരരായി എന്തോ ചിന്തിച്ചെന്നോണം അവരവിടെ ചടഞ്ഞിരിക്കുന്നത് കാണുമ്പോൾ അവരുടെ മനസ്സിനകത്തെ സംഘർഷങ്ങൾ വായിച്ചെടുക്കാൻ കഴിയുന്നു. ഒരുപക്ഷേ, അവർ തങ്ങളുടെ നാട്ടിലെ വറുതിയുടെ നാളുകളെ കുറിച്ചോർക്കുന്നതാകാം. അല്ലെങ്കിൽ, ഭാര്യയേയോ മക്കളേയോ അച്ചനമ്മമാരേയോ ഓർത്ത് മനസ്സാൽ വിതുമ്പുന്നതുമാകാം. അതുമല്ലങ്കിൽ, അതി കഠിനമായ ജോലിക്കിടയിലെ മടുപ്പിക്കുന്ന ഒരു ഒഴിവു സമയമായത്തെ വെറുതെയിരുന്ന് കൊല്ലുന്നതുമാകാം. എന്തായാലും, പരമ പാവങ്ങളാണാ മനുഷ്യര്‍. ദിവസകൂലിക്കായി കഠിനാധ്വാനം ചെയ്യുന്ന അത്യധ്വാനികൾ.

പീടിക തിണ്ണകളിലും, ജോലി സ്ഥലങ്ങളിലും മറ്റും ബീഡിയും വലിച്ച് തമിഴ് ഭാഷയുടെ ജനിതക രീതിയായ നീട്ടലും വലിക്കലുമൊക്കെയായി വാതോരാതെ സംസാരിക്കുന്ന അണ്ണൻമാരെ പലപ്പോഴും ഞാന്‍ കാണാറുണ്ടങ്കിലും, അവരുടെ ചിരിക്കുന്ന മുഖം വളരെ അപൂർവ്വമായി മാത്രമാണ് ഞാൻ കാണ്ടിട്ടുള്ളത്. ഒരു വല്ലാത്ത ദുഃഖം ഏത് നേരവും അവരുടെ മുഖത്ത് നിഴലിച്ചു നില്‍ക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. എത്ര കഠിനമായ ജോലിയും വളരെ അച്ചടക്കത്തോടേയും വൃത്തിയായും ചെയ്ത് വരുന്ന അവരുടെ തൊഴിലിനോടുള്ള ആത്മാര്‍ത്ഥത വലിയ അളവിലെന്നെ സ്വാധീനിച്ച ഖടകമാണ്. ഒരിക്കൽ വീട്ടിൽ വിറക് കീറാന്‍ വന്ന മേടിയണ്ണൻ കനത്ത മഴയെ വകവെക്കാതെ ജോലിയെടുക്കുന്നത് വീടിനുള്ളിൽ നിന്നും അത്ഭുതത്തോടെ ഞാന്‍ നോക്കിയിരുന്നിട്ടുണ്ട്. കോരി ചൊരിയുന്ന ആ മഴയത്തയാൾ വിറകിലാഞ്ഞാഞ്ഞ് വെട്ടിക്കൊണ്ടിരുന്നു. ഏത് നേരത്തും എന്തും കഴിക്കാൻ തയ്യാറാകുന്നവരും കൂടിയാണവർ. പണ്ട്, തറവാട്ടു വീട്ടില്‍ പണിക്ക് വന്ന ശ്രീനിയണ്ണൻ ഉമ്മ നല്‍കിയ തലേദിവസത്തെ പഴംകഞ്ഞിയിൽ കുമ്പളംകറി ഒഴിച്ച് രുചിയോടെ കഴിക്കുന്നത് ഞാനങ്ങനെ ആശ്ചര്യത്തോടെ നോക്കി നിന്നതോർക്കുന്നു.

റോഡ് മുറിച്ച് കടന്ന് സ്കൂളിന്റെ ഏകദേശം സമീപത്തെത്തിയാൽ അടുത്ത കാഴ്ച്ച ഒരു ചെറിയ പെട്ടികടയുടേതാണ്. മഴക്കാലങ്ങളിൽ വെള്ളം കുത്തിയൊലിച്ച് പോകുന്ന ഓവുചാലിന് മുകളിൽ ഉയർത്തി സ്ഥാപിച്ചിരിക്കുന്ന ഒരു വലിയ മരപെട്ടിയിലാണത് പ്രവര്‍ത്തിച്ചുവന്നിരുന്നത്. ചായ, എണ്ണ പലഹാരങ്ങൾ, മുറുക്കല്‍, പത്രമാധ്യമങ്ങൾ, പ്രസിദ്ധീകരണങ്ങള്‍. പിന്നെ നാനാജാതി മിഠായികളുമൊക്കെയാണ് അവിടുത്തെ പ്രധാന ആകര്‍ഷണം. അപ്പുണ്ണിയേട്ടൻ എന്നാണ് അവിടുത്തെ കച്ചവടക്കാരന്റെ പേര്‌. അദ്ദേഹവും മകൻ മോഹന്‍ദാസുമാണാ കടയെ മുന്നോട്ട് കൊണ്ട്‌ പോകുന്നത്.

ചില ദിവസങ്ങളില്‍ പ്രയാസപ്പെട്ട് ചതിക്കി നടന്ന് നീങ്ങുന്ന അപ്പുണ്ണിയേട്ടനെ ഞാൻ വഴിയില്‍ കണ്ടുമുട്ടാറുണ്ട്. ആ നടത്തം കണ്ടാലറിയാം അദ്ദേഹത്തിന്റെ കാലിൽ വലിയ എന്തോ പരിക്കുണ്ടന്നും അതിന്റെ ഒട്ടുവലിയ വേദന സഹിച്ചാണ് ആ നടത്തമെന്നും. അപ്പുണ്ണിയേട്ടന്റെ മറ്റൊരു മകനായ സന്തോഷ് എന്റെ സഹപാഠിയാണ്. അവനെ കാണുമ്പോളെനിക്ക് വല്ലാത്ത അസൂയ തോന്നാറുണ്ട്. കാരണം, ആ മിഠായി ഭരണികളിൽ ഏതിൽ വേണമെങ്കിലും തരം പോലെയവന് കൈയിടാമല്ലോ... ഭാഗ്യവാന്‍. എങ്കിലും, തന്റെ പിതാവിനൊരു മിഠായി കടയുണ്ട് എന്നൊന്നും തോന്നിപ്പിക്കുമാറ് ഏത് നേരവും ചവച്ചരച്ച് നടക്കുന്ന ഒരു കഴ്ചയൊന്നും അവനിൽ ഞാന്‍ കണാറുണ്ടായിരുന്നില്ല. എങ്കിലും, അവനതിനുള്ള സര്‍വ്വ സ്വതന്ത്രവുമുണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ വല്ലാത്തൊരു അസൂയ അവനോടെനിക്ക് തോന്നാതിരിക്കുന്നതെങ്ങനെ. പുളിയച്ചാർ, ജ്യോതി അച്ചാർ, കട്ച്ചപർച്ചി, പഞ്ഞി മുട്ടായി തുടങ്ങി വിവിദ വര്‍ണ്ണങ്ങളിലും രുചിയിലുമുള്ള അനേകം മിഠായികൾ നിരത്തിവച്ച ആ ഭരണികളെ നോക്കി സ്വയം നിയന്ത്രിക്കാൻ ഞാന്‍ വീണ്ടും പാടുപെടും. ആ പെട്ടിക്കടയുടെ സമീപത്ത് വെറ്റില മുറുക്കികൊണ്ട് അലസരായിരിക്കുന്ന ചില ആളുകളെ കാണാം. പച്ചവെറ്റിലയിൽ വെളുത്ത ചുണ്ണാമ്പ് തേച്ച്, അതിൽ പുകയില വെച്ച് ചവച്ച് കഴിഞ്ഞ് 'ത്ഫൂ...' എന്ന് നീട്ടി തുപ്പുമ്പോൾ വായില്‍ നിന്നും ചുവന്നൊരു ദ്രാവകം പുറത്ത് വരുന്ന അത്ഭുദകരമായ കാഴ്ച്ച എന്നിൽ വലിയ കൗതുകം ജനിപ്പിച്ചിരുന്നു. അങ്ങനെ ഒരിക്കല്‍ വീട്ടില്‍ ചെന്ന് ഉമ്മമ്മയുടെ ചെല്ലപ്പെട്ടി മോഷ്ടിച്ചതൊന്ന് പരീക്ഷിക്കാൻ തന്നെ ഞാന്‍ തീരുമാനിച്ചു. പരീക്ഷണത്തിനൊടുക്കം ചുണ്ടും നാവും പൊള്ളിയതു മാത്രമാണ് മിച്ചമായത്.

കൈയിൽ കാശ് വല്ലതുമുണ്ടങ്കിൽ ആ പെട്ടി കടയില്‍ നിന്നും അല്‍പ്പം മിഠായി വാങ്ങി വായിലിട്ട് പിന്നെ പോകുക അതിന്റെ സമീപത്തുതന്നെയുള്ളൊരു ബേങ്ക് മുറ്റത്തേക്കാണ്. ആ സഹകരണ ബാങ്കിന്റെ മുറ്റത്തെ പടുകൂറ്റന്‍ ബദാം മരത്തിന്റെ തണലിലേക്ക്. ബാങ്കുമായി ബന്ധപ്പെട്ട എഴുത്ത് കുത്തുകളും കത്ത് കവറുകളും പിന്നെ എന്തക്കയോ പേപ്പറുകളും മറ്റുമൊക്കെ കുനുകുനാന്ന് കൊണ്ടിടുന്ന ഒരിടമായിരുന്നു അത്.

തനി മാലിന്യ കൂമ്പാരം...

അവിടെ പേപ്പർ കൂട്ടങ്ങൾക്കിടയിൽ എന്നെ കാത്ത് കുറച്ചാളുകളുണ്ടാകും. ഗാന്ധിജി, അംബേദ്കർ, നഹ്രു, ഇന്ദിര തുടങ്ങിയ അനേകം ദേശീയ നേതാക്കളും പിന്നെ ചില ദേശീയ മന്ദിരങ്ങളും. ബാങ്കിൽ നിന്നും കൊണ്ടിടുന്ന കത്ത് കവറുകളിൽ പതിപ്പിച്ചിരിക്കുന്ന സ്റ്റാമ്പിലായിരുന്നു അവരുണ്ടായിരുന്നത്. ഒരുപക്ഷേ, കണ്ണീരിന്റെ ഉപ്പ് രസമുള്ള കത്തുകളായിരിക്കാം അതൊക്കെ. സാമ്പത്തിക പ്രയാസങ്ങള്‍ വല്ലാതെ അലട്ടുമ്പോൾ ബാങ്കിൽ ചെന്ന് പണം കടം വാങ്ങിക്കുന്നവർക്ക് അവരുടെ തവണകൾ തെറ്റിക്കുമ്പോൾ ലഭിക്കുന്ന മുന്നറിയിപ്പുകത്തുകളും അതിലുണ്ടായിരിക്കാം. പണയം വെച്ച വീടിന്റേയോ, സ്വര്‍ണ്ണ ഉരുപ്പടിയുടേയോ... ലേലം നോട്ടീസ്, ലേലം ചെയ്തതായുള്ള അറിയിപ്പ് തുടങ്ങിയവയും അതിൽ കാണുമായിരിക്കും. എന്നിരുന്നാലും, മനുഷ്യരുടെ ഒരുപിടി സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകൾക്കും വിരാമമിട്ട്... നെട്ടോട്ടങ്ങളുടെ നാളുകളവര്‍ക്ക് സമ്മാനിച്ച ആ കത്തുകളിൽ നിന്നും അവയുടെ അര്‍ത്ഥവും വ്യാപ്തിയുമറിയാതെ ഞാനാ സ്റ്റാമ്പുകളെ ക്രൂരമായി പിഴുതെടുത്ത് വന്നു. ഒരു കത്ത് കവറിൽ തന്നെ അനേകം സ്റ്റാമ്പുകളുണ്ടാകും. വലിയ വട്ടത്തിലുള്ള കറുപ്പ് സീൽ മഷി പതിഞ്ഞ ആ സ്റ്റാമ്പുകളെ പതിയെ അതിൽ നിന്നും അടര്‍ത്തി മറ്റി ഞാനെന്റെ ബാഗിൽ നിറക്കും. യാഥാര്‍ത്ഥത്തിൽ, വെെവിദ്യമാർന്ന നിറത്തിലും ഭാവത്തിലുമുള്ള സ്റ്റാമ്പുകളാണ് ഒരു ഫിലാറ്റലി ബുക്കിന്റെ അഴക് എന്നെനിക്കറിയാം. എന്നാൽ, കിട്ടുന്നതത്രയും ഒരേ നിറത്തിലും രൂപത്തിലുമുള്ളതായതിനാൽ ഒരു ചടങ്ങ് പോലെയാണ് ഞാനാ പ്രവര്‍ത്തി ചെയതു വന്നിരുന്നത്.

ബദാം ചുവട്ടിൽ നിന്നും റോഡിലേക്കു കയറി നേരെ പോയാൽ സ്കൂളിന്റെ വാപൊളിച്ചു നില്‍ക്കുന്ന വലിയ ഇരുമ്പ് ഗയിറ്റിനു മുന്നിലിണ് എത്തിച്ചേരുക. കവാടത്തിനപ്പുറം അതിവിശാലമായ മെെതാനത്തിന്റെ അങ്ങേതലക്കലാണ് എന്റെ സ്കൂൾ. എന്നാൽ, മറ്റൊരു പാതയിലൂടെ വായനശാല വഴിയാണ് ഞാൻ പോവുക. പൊതുവെ എപ്പോഴും അടഞ്ഞു കിടക്കുന്ന പഞ്ചായത്തിലെ ഒരു പ്രധാന കെട്ടിടമാണീ വായനശാല. സിമന്റ് വിരിച്ച മുറ്റത്തിന് ചുറ്റും മതിലിനു സമാന്തരമായി നിർമ്മിച്ച കോൺക്രീറ്റ് ഇരിപ്പിടങ്ങളും തണൽ നൽകികൊണ്ട് ധാരാളം ചീനി മരങ്ങളും അവിടെ ഉണ്ടായിരുന്നു. പുറം ചുമരിൽ മഞ്ഞ പശ്ചാത്തലത്തിലെഴുതിയ 'പൊതുജന വായനശാല' എന്ന എഴുത്ത് മാത്രമാണ്‌ അതൊരു വായനശാലയാണ് എന്നുള്ളതിന് ആകെയുള്ള തെളിവ്. ആ വാക്കിനെ അന്വർത്ഥമാക്കും വിധം... നിരത്തിവച്ച അലമാരകളിൽ നിറയെ വിഷയം തിരിച്ച് മനോഹരമായി അടുക്കി വച്ച പുസ്തകങ്ങളും... ചുമരിൽ തറച്ച സ്റ്റാന്‍ഡിൽ അഭിമാന പുരസരം തലയുയർത്തി നില്‍ക്കുന്ന ട്രോഫികളും മെഡലുകളും... പിന്നെ ചില്ലിട്ടുവച്ച മഹാന്മാരുടെ അർത്ഥകായ ചിത്രങ്ങളുമൊക്കെയാണ് അതിനകത്തെന്നാണ് ഞാനന്ന് കരുതിപ്പോന്നിരുന്നത്. അനേകം വായന പ്രിയർ അതിനകത്തെ പ്രഢമായ മേശകൾക്കു ചുറ്റുമിരുന്ന് നിശ്ശബ്ദമായി പുസ്തകങ്ങൾ പാരായണം ചെയതിരിപ്പുണ്ടാകാമെന്നും... ചിലർ കൂലങ്കഷമായ ചര്‍ച്ചകളിൽ മുഴുകിയിരിപ്പുണ്ടാകമെന്നും ഞാൻ കരുതിപ്പോന്നിരുന്നു. എന്നാൽ, യാഥാര്‍ത്ഥ്യം മറ്റൊന്നാണെന്ന കാര്യം പിന്നീട് കുറേ കാലങ്ങൾക്ക് ശേഷമാണ് ഞാന്‍ മനസ്സിലാക്കിയത്. എങ്കിലും, ലെെബ്രറി പുസ്തകങ്ങടോള്ള എന്റെ അടങ്ങാത്ത അഭിനിവേശത്തിന്റെ തുടക്കം ആ വായനശാലയുടെ മുറ്റത്ത് നിന്നായിരുന്നു എന്നുള്ളത് നഗ്നമായൊരു സത്യമാണ്. കാരണം, ഒരു വിജ്ഞാനത്തിന്റെ സുഗന്ധം എനിക്കെപ്പോഴുമവിടെ നിന്നുമനുഭവപ്പെട്ടിരുന്നു.

മുറ്റത്തിന്റെ ഒരു ഭാഗത്തെ നിരത്തി സ്ഥാപിച്ച കോൺക്രീറ്റ് ഇരിപ്പിടങ്ങളിലേക്ക് ചീനി മര കൊമ്പുകളിലൂടെ ഞാനാദ്യം കയറും. പിന്നെ മതിലിലേക്ക് അള്ളിപ്പിടിച്ച് വലിഞ്ഞ് കയറി അതിലൂടെ നേരെ നടക്കും. മതിലിന്റെ വലതുഭാഗത്ത്  ഗ്രന്ഥശേഖരണമില്ലാത്ത ഗ്രന്ഥാലയവും ഇടതു ഭാഗത്ത് കാടുപിടിച്ചു കിടക്കുന്ന ചുങ്കം പ്രദേശത്തിന്റെ പഴയ കാല ചന്തയുമാണുള്ളത്. അവിടെ ചില കെട്ടിടാവശിഷ്ടങ്ങളൊക്കെ കാണാൻ കഴിയും. ഒരു കാലത്ത്‌ സജീവമായിരുന്ന ആ ചന്തയുടെ ബാക്കിപത്രങ്ങളാണതൊക്കെ. നിറയെ കച്ചവടക്കാരും നാട്ടുകാരും വന്നണഞ്ഞിരുന്ന അതീവ നിരക്കുള്ള ഒരു സ്ഥലമായിരുന്നു ഒരു കാലത്തീ ചന്ത. ഇന്ന് കച്ചവടം കോൺക്രീറ്റ് തണലിന്റെ സുരക്ഷയിലേക്ക് മാറ്റിയതോടെ അന്യം നിന്നുപോയത് ഇത്തരം ഗതകാല സ്മരണകള്‍ ഉയർത്തിവിടുന്ന ഗ്രാമീണ വിശുദ്ധിയുടെ അടയാളങ്ങളാണ്. അതിനു സമീപമെത്തിയാൽ കച്ചവടക്കാരും നാട്ടുകാരും വന്നണഞ്ഞ് പൊടിപാറുന്ന കച്ചവടം നടന്നിരുന്ന അക്കാലത്തെ വെറുതെ മനസ്സിലേക്കാവഹിക്കാൻ ഞാന്‍ ശ്രമിക്കാറുണ്ട്. ഇടിഞ്ഞു വീണു കിടക്കുന്ന അവിടുത്തെ ആ പഴയ ചന്ത കെട്ടിടത്തിലേക്ക് വെറുതെ ഞാനൊന്ന് എത്തിനോക്കും. ചരിത്രം നടന്നു നീങ്ങിയ വഴിത്താരകള്‍ കാണുമ്പോൾ അത്ഭുതത്തോടെ അതിനെ നോക്കിയിരുന്നാസ്വദിക്കുന്ന എന്റെ ഒരു സവിശേഷ ശീലം തുടക്കമിട്ടത് ഒരുപക്ഷേ അന്നവിടെ നിന്നുമായിരിക്കാം എന്ന് ഞാന്‍ കരുതുന്നു.

തടിച്ച് കുള്ളനായ ഒരാള്‍ എല്ലാ തിങ്കളാഴ്ചയും ഒരു ചടങ്ങിനെന്നപോലെ അവിടെ കുറേ വെറ്റില കൊടികളുമായി  വന്നിരിക്കുന്നത് ഞാൻ അക്കാലത്ത് കണ്ടിട്ടുണ്ട്. മുരിഞ്ഞ് കത്തുന്ന മണ്ണണ്ണ വിളക്കിന്റെ ഓറഞ്ച് പ്രകാശത്തിൽ അയാൾ എന്തക്കെയോ തമാശകൾ പറഞ്ഞ് അട്ടഹസിച്ച് ചിരിക്കുന്നത് കാണാം. സന്ധ്യക്കു ശേഷം വെറ്റില വാങ്ങിക്കാൻ ഉമ്മമ്മ ചില്ലറ തുട്ടുകളുമായി എന്നെ അങ്ങോട്ടയക്കും. എന്റെ ഊഴമെത്തുമ്പോൾ മൂന്ന് രൂപ നല്‍കി കുറച്ച് വെറ്റിലയും ചെറിയൊരു പുകയില കഷണവും ഞാൻ പറയും. ഒരു യന്ത്രം കണക്കെ വേഗത്തിൽ അതെടുത്ത് പത്ര കടലാസ്സില്‍ പൊതിഞ്ഞ് നല്‍കുമ്പോള്‍ എന്തൊക്കെയോ അയാൾ എന്നോടും ചോദിക്കും. പിന്നെ ചിരിക്കും. ഞാൻ അതിനൊക്കെ എന്തെല്ലാമോ മറുപടിയും നല്‍കും. അയാൾ വീണ്ടും ഉറക്കെ ചിരിക്കും.

മതിലിനു മുകളിലൂടെയുള്ള ആ വഴിയില്ല വഴി അവസാനിക്കുന്നത് സ്കൂൾ വക അതിവിശാലമായ മെെതാനത്തിന്റെ ഒത്ത നടുഭാഗത്തേക്കാണ്. സ്കൂളിലെത്തുമ്പോൾ മെെതാനത്തെ കാഴ്ചകൾ രസകരമായിരിക്കും. അവിടെ നിറയെ എന്റെ കൂട്ടുകാർ ഓടിച്ചാടി നടക്കുന്നത് മാത്രമാകും കാഴ്ച്ച. അവരിലൊരാളായി ഞാനും അവരുടെ കൂടെ കൂടും.

ഒരു തികഞ്ഞ കാൽപന്ത് കളിക്കാരനെപ്പോലെ പന്തിനു പിന്നാലെ മിന്നൽ വേഗത്തിൽ പായുന്ന കറുത്ത മുത്ത് സുകുവിന്റെ കൂടെ ഒപ്പമെത്താൻ ഞങ്ങൾ മത്സരിക്കും... ബിൻസി ടീച്ചറുടെ മകനും ക്ലാസ്സില്‍ സമര്‍ത്ഥനുമായ ബൈസിൽ ഏലിയാസിന്റെ വാചകമടിയിൽ ഞങ്ങള്‍ ലയിക്കും... ശക്തിമാൻ കഥകളുടെ പ്രചാരകനായ ഫവാസിന്റെ തലേ ദിവസത്തെ എപ്പിസോഡിലെ സംസാരത്തിന്റെ കേള്‍വിക്കാരനാകും... സ്കൂളിനു പിറകിലെ മരത്തിലെ തണ്ടുകൾ കൂട്ടികെട്ടിയുണ്ടാക്കിയ ചൂലുകൊണ്ട് പെണ്‍കുട്ടികള്‍ ചെയ്യുന്നത് പോലെ അവിടെയാകെ അടിച്ചുവാരി വൃത്തിയാക്കാൻ ശ്രമിക്കും... സ്കൂളിന്റെ ഒരു ഭാഗത്ത് കൂനെ കൊണ്ടിട്ട പൊട്ടി പൊളിഞ്ഞ ഓട് കഷ്ണങ്ങൾകൊണ്ട് പെൻസിലുണ്ടാക്കുന്നവരുടെ കൂടെയും കൂടും... സ്കൂളിന്റെ ചുമരിലേക്ക് ആഞ്ഞെറിഞ്ഞുള്ള കോട്ടിക്കളി കളിക്കും.... ആ കളിയുടെ ഒടുവിൽ ചിലപ്പോൾ ഒന്നോ രണ്ടോ കോട്ടികൾ ലാഭം കിട്ടിയെന്നിരിക്കും. ചിലപ്പോൾ, കയ്യിലുള്ളത് മുഴുവനും നശ്ടമായെന്നും വരും. എങ്കിലും, കോട്ടികളിയിലെ അന്താരാശ്ട്ര നിയമം പോലെ ഞങ്ങളാനിയമം അണുവിണ വിടാതെ നിലനിര്‍ത്തി വന്നിരുന്നു.

ജയിക്കുന്നവന് അവനർഹമായത് നൽകുവാനും തോൽക്കുന്നവന് നഷ്ടം സഹിക്കുവാനുമുള്ള മനസ്സ്...

കള്ളനും പോലീസും കളിയിൽ സ്ഥിരമായി കള്ളനാകുന്ന ഒരു സുഹൃത്തുണ്ടായിരുന്നു എനിക്കന്നവിടെ. അവനെ പിടിക്കാൻ നെട്ടോട്ടമോടുന്ന ഞങ്ങൾ 'പോലീസുകാർ' ഒടുവിൽ സുല്ലുപറഞ്ഞ് ക്ലാസിലേക്ക് മടങ്ങുമ്പോൾ ഒരധോലോക നായകനെപ്പോലെ ഞങ്ങളെ കളിയാക്കി ചിരിച്ചു കൊണ്ടവൻ ക്ലാസ്സിന്റെ ഉമ്മറ പടിയില്‍ നില്‍ക്കുന്നത് കാണുമ്പോൾ 'നീ എവിടെ ആയിരുന്നു ഇത്ര നേരം മറഞ്ഞ് നിന്നിരുന്നത്' എന്നവനോടെ ഞാന്‍ അദ്ഭുതത്തോടെ ചോദിച്ചു കൊണ്ടിരുന്നതോർക്കുന്നു. ഒടുവിൽ അന്നത്തെ അദ്ധ്യായന ദിനം അവിടെ തുടങ്ങുകയായി.

ശുഭം...