സമര്‍പ്പണം-
തങ്ങളുടെ ജീവിത നിലവാരത്തിന്റെ താഴ്ച്ചയറിയാതെ എല്ലാം സ്വാഭാവികമെന്ന് നിശബ്ദമായി അംഗീകരിച്ച് സാമൂഹികമായ പരിണാമ ദശാസന്ധികൾക്ക് മുമ്പും എന്നാൽ ശേഷവും ഭയാനകമായ ഉച്ചനീചത്വങ്ങൾ അനുഭവിച്ച് നമ്മെ കടന്ന് പോയ... തിരിച്ചറിയാനാണെങ്കിൽ പോലും താഴ്ന്ന ജാതികളെന്ന് ഇന്നും നാം അഭിസംബോധന ചെയ്യുന്ന ആ കുറേ പച്ച മനുഷ്യരുടെ നിത്യ സ്മരണകൾക്കു മുന്നില്‍ ഞാനെന്റെയീ ശ്രമത്തെ സമര്‍പ്പിക്കുന്നു.
അവന്റെ മുഖപുസ്തകത്തിലാണ് ഞാനാ ചിത്രങ്ങൾ ആദ്യമായി കാണുന്നത്. ത്രിമാന രൂപത്തിലുള്ള എതാനും ഫോട്ടോകൾ. ആ ചിത്രങ്ങൾക്കുള്ളിൽ മറഞ്ഞു കിടക്കുന്ന വിസ്മയകരമായ വിവരങ്ങളെക്കുറിച്ച് ഞാനേറെയൊന്നും അന്ന് ചിന്തിച്ചിരുന്നില്ല. പിന്നെ കുറേ കാലങ്ങൾ കഴിഞ്ഞു പോയി. അനേകം നാളുകള്‍... മണിക്കൂറുകൾ... ഒരു ദിവസം രാത്രി ഉറങ്ങാൻ നേരം ഞാനെന്റെ ഡയറിയിൽ ഇങ്ങനെ കുറിച്ചു.
"ആകസ്മികമായി കിട്ടിയ ഒരു അവധി ദിവസമായിരുന്നു ഇന്ന്. എങ്കിലും, പ്രത്യേകമായി ഒന്നിലേക്കും ഞാൻ തിരിഞ്ഞിട്ടില്ല. ചില അതിഭയങ്കരമായ ചിന്തകളെന്നെ വീട്ടില്‍ തന്നെ ചടഞ്ഞിരിപ്പിക്കുകയായിരുന്നു. മടിയന്മാർക്ക് പറഞ്ഞ പണിയാണല്ലോ ചിന്തകള്‍. നാട്ടിലെ വിവിധ ചരിത്ര സ്ഥലങ്ങൾ വിശദമായി സന്ദര്‍ശിക്കുക എന്ന എന്റെ വലിയ തീരുമാനം മുൻനിര്‍ത്തി ഒരുപാട് ആസൂത്രണങ്ങൾ ഇതുവരേക്കും ഞാൻ ചെയ്തു കഴിഞ്ഞിരിക്കുന്നു. അതിലെ സുപ്രധാനമായ ഒരദ്ധ്യായത്തിലേക്കാണ് നാളെ ഞാൻ കൺ മിഴിതുറക്കുന്നത്. ആ യാത്രയുടെ... മണ്ണാർമല കോവിലകം യാത്രയെക്കുറിച്ചുള്ള ചിന്തയിലായിരുന്നു ഇന്ന് മുഴുക്കെയും ഞാന്‍"
2016 ഫെബ്രുവരി 19,
പ്രതീക്ഷിച്ചതു പ്രകാരം രാവിലതന്നെ അവന്റെ വിളി എന്നെ തേടിയെത്തി. യാത്രയുടെ വിശദാംശങ്ങൾ പങ്കുവെച്ചു. ചെറിയ മാതിരി ഒരു ചർച്ച നടത്തി ഫോൺ വെച്ചു. ശേഷം, ക്യാമറയും മറ്റ് സംവിധാനങ്ങളുമൊക്കെ പ്രവര്‍ത്തന ക്ഷമമാണോയെന്ന് ഒരിക്കൽകൂടി ഞാനുറപ്പു വരുത്തി അവനെ അവന്റെ വീട്ടില്‍ നിന്നുമെടുത്ത് ഞങ്ങളാ ഐതിഹാസിക യാത്രക്ക് തുടക്കം കുറിച്ചു.
തെക്കന്മലയുടെ താഴ്‌വരയിലൂടെ കോവിലകം ലക്ഷ്യമാക്കി ഞങ്ങൾ കുതിക്കുമ്പോള്‍ വലത് വശത്ത് മലയുടെ ശിഖിരത്തിലേക്ക് നീണ്ടു കിടക്കുന്ന തെങ്ങിൻ തോപ്പും, ഇടതു വശത്ത് തോടിനുമപ്പുറം വിശാലമായി പരന്ന് കിടക്കുന്ന പാടശേഖരങ്ങളുമാണ് കാഴ്‌ച്ചയില്‍. ഒരു കാലത്ത് കോവിലകം വക ഭൂസ്വത്തുക്കളായിരുന്ന ആ നിലങ്ങളുടെ വിശാലത ആശ്ചര്യപ്പെടുത്തുന്നതാണ്. പിന്നീട്, ചില വിരുതന്മാർ വെറ്റിലക്കൊടികളും പുകല തണ്ടും തമ്പുരാന്റെ മുന്നിൽ കാണിക്കവെച്ച് കൗശലത്തിൽ കൈക്കലാക്കിയ സ്വത്തുക്കളെത്രെ അതൊക്കെയും. എന്നാൽ, അതൊരു ആലങ്കാരിക പ്രയോഗം മാത്രമാണന്നാണ് എനിക്ക് തോന്നിയത്. കാരണം, മാറിയ കാലത്തെ അനിവാര്യമായ ചില സാമൂഹിക മാറ്റങ്ങളുടെ പ്രേരണ ഫലമായാണ് ഭൂസ്വത്തുക്കൾ ഇപ്രകാരം എല്ലവരിലേക്കുമായി വിഭജിക്കപ്പെടുന്നത്. ഭൂരഹിതരുടെ സാമൂഹിക ഉന്നമനത്തിന് 1947ന് മുമ്പും ശേഷവുമുണ്ടായ നവോത്ഥാന പ്രവർത്തനങ്ങളും ഭൂപരിഷ്കരണ നിയമങ്ങളുമൊക്കെ ചരിത്രത്തിൽ എത്രയോ കാണാൻ കഴിയുന്നതാണല്ലോ.
ഒരു പ്രദേശത്തിന്റെ നിറവും ഗന്ധവും തുടിപ്പും ആത്മാവും സമ്പൂര്‍ണ്ണമാക്കപ്പെടുന്നത് ആ പ്രദേശത്തിന്റെ തനതായ ചരിത്ര സാംസ്കാരിക പെെത്രകത്തിലൂടെയാണല്ലോ. പടിഞ്ഞാറ് കൊടിയേലം കുന്നും അണിയേലം പാറയും തെക്ക് ഉണ്ണിക്കാളി മല എന്ന തെക്കന്മലയും വടക്ക് മുട്ടിപ്പുറം കുന്നും തിണ്ടലീയം കുന്നും പിന്നെ, അവയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന പാറകളുടെ നിരകളായ മുത്തി മല, തെളിയാൻ മല, കൈകോട്ട് മല, അണിയേലം പാറ, മുറം വെട്ടിപ്പാറ, ഉണ്ണിക്കാളി കൂമ്പൻ തുടങ്ങി മലകളാൽ ചുറ്റപ്പെട്ട ഈ പ്രദേശത്തിന്റെ മടിത്തട്ടിൽ പ്രകൃതി വരഞ്ഞിട്ട ഒരു കവിതയാണ് മണ്ണാർമല പ്രദേശം. ആറു മലകൾക്കിടയിലെ മണ്ണ് എന്ന നിലയിലാണീ പ്രദേശത്തിന് മണ്ണ്-ആറ്-മല അഥവാ മണ്ണാർമല എന്ന പേര് ലഭിക്കുന്നതെന്നൊരു വാമൊഴി നിലവിലുണ്ട്. പ്രകൃതിയെ ഏറെയൊന്നും പരിക്കേൽപ്പിക്കാതെയാണ് ഇവിടുത്തെ ആവാസവ്യവസ്ഥ സംവിധാനിക്കപ്പെട്ടിട്ടുള്ളതെന്ന് കാണാൻ കഴിയുന്നു. മേല്‍ മലകളുടെ താഴ്‌വരയിലൂടെ മണ്ണാര്‍ക്കാട്ട് റോഡിലേക്ക് നീളുന്നൊരു പാതയുടെ ഓരത്താണ് കോവിലകം സ്ഥിതിചെയ്യുന്നത്. ഒരു കാലത്ത് വീതി കുറഞ്ഞൊരു നടപ്പാതയും പിന്നീട് കാലത്തിന്റെ കുത്തൊഴുക്കിൽ മൺപാതയും ഇന്നത്തെ ടാർ പതയുമൊക്കെയായി വേഷം മാറിയ ഈ പാതയുടെ പേരിലാണ് ഈ നാടിന്റെ 'ചരിത്ര പുസ്തകത്തിലെ' ഒരു പ്രധാന അധ്യായം നിലനില്‍ക്കുന്നതെന്ന് പറയാൻ കഴിയും. ചരിത്രം കുളമ്പടിച്ച് നീങ്ങിയ ആ വഴിയിലൂടെ അല്‍പ്പ ദൂരം യാത്ര ചെയ്താൽ പുരാതനമെന്ന് തോന്നിപ്പിക്കുന്നൊരു മുക്കവലയിലാണ് എത്തിച്ചേരുക. അവിടെ നിന്നും മുന്നോട്ട് പോയാല്‍ കാണുന്ന പാറക്കൂട്ടങ്ങളുടെ മുകളില്‍ നിന്നും നോക്കിയാല്‍ ഒരുകാലത്ത് വയലുകള്‍ക്കപ്പുറത്ത് സ്ഥിതിചെയ്യുന്ന കോവിലകം പടിപ്പുര കാണുവാന്‍ സാധിച്ചിരുന്നു. ഇന്നാ വയലുകളൊക്കെയും പുരയിടങ്ങളായി രൂപം മാറിയിരിക്കുന്നു. അവിടെ കാണുന്ന ഓരോ പാറകൾക്കും പറഞ്ഞാൽ തീരാത്ത കഥകൾ നമ്മോട് പറയാനുണ്ട്. കാർഷിക വൃത്തിയുടെ സുവര്‍ണ്ണ കാലത്ത് നെല്ല് മെതിക്കാനും ഉണക്കാനും അളവു തിരിക്കാനും മറ്റും ഉപയോഗിച്ചുവന്നിരുന്ന അല്‍പ്പം നിരപ്പായ രൂപത്തിലുള്ള പുളിക്കല്‍ പാറ, മണ്ണാത്തിമാരുടെ അധ്വാനം കൊണ്ട് തേഞ്ഞ മണ്ണാത്തിപ്പാറ, ഉറികളുമായി ധർമ്മത്തിന്നായി കൂകി ആര്‍ത്തുകൊണ്ട് നായാടികൾ നിലയുറപ്പിച്ചിരുന്ന നായാടിപ്പാറ തുടങ്ങി അനേകം പാറകളവിടെ ഇന്നും കാണാൻ കഴിയും. അവിടെ നിന്നും കാണുന്ന പുതിയ കാലത്തെ നിര്‍മ്മിതിയായ വീതിയേറിയ കോൺക്രീറ്റ് പാതയിലൂടെ നേരെ പോയാൽ കോവികത്തിനു മുമ്പിലെത്തിച്ചേരാൻ സാധിക്കും. 'മണ്ണാർമല കോവിലകം റോഡ്' എന്ന ആ പാത അവസാനിക്കുന്നടത്തു നിന്നുമാണ് ഒരു കാലത്തീ പ്രദേശത്തിന്റെ ഭാഗദേയം നിർണ്ണയിച്ചിരുന്ന കെട്ട് തുടങ്ങുന്നത്.
എന്നാണ് മണ്ണാർമല കോവിലകം സ്ഥാപിക്കപ്പെടുന്നത്...?
കൃത്യമായൊരുത്തരമതിന് പറയാൻ സാധ്യമല്ലങ്കിലും തിരുമാന്ധാംകുന്ന് അമ്പലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഒരു ഏകദേശ ധാരണയിലെത്തിച്ചേരാൻ സാധിക്കും.
വിശ്വസ പ്രകാരം തിരുമാന്ധാംകുന്നിലമ്മയെ പ്രതിഷ്ഠിച്ചിരിക്കുന്ന വള്ളുവനാട് രാജ്യത്തിന്റെ പുരാതന തലസ്ഥാനമായ അങ്ങാടിപ്പുറത്തെ തിരുമാന്ധാം കുന്നിന്റെ അല്ലെങ്കിൽ തിരു മാതാം കുന്നിന്റെ ജന്മാവകാശം മണ്ണാര്‍മല രാജക്കാണത്രെ. തമ്പുരാൻ തിരുമാന്ധാംകുന്ന് ഭഗവതിയെ തൊഴുന്നത് ആനയെ മറനിറുത്തിയാണന്നാണ് പറയപ്പെടുന്നത്. ഈ ആനയെ മറ നിര്‍ത്തുക എന്ന സമ്പ്രദായത്തിനു പിന്നിൽ വലിയൊരു ചരിത്രമുണ്ട്. ഭൂമിക്കുടയവനായ തമ്പുരാൻ വരുമ്പോൾ ഒരുകാൽ പീഠത്തിൽ കയറ്റി വെച്ച് രൗദ്ര ഭാവത്തിൽ ഉപവിശ്ഠയായ ദേവിക്ക് എഴുന്നേൽക്കേണ്ടി വരുമല്ലോ. അതില്‍ നിന്നാണ്, അമ്പലത്തിലേക്കൊരു ആനയെ നടയിരുത്തിയ ശേഷം (അമ്പലത്തിലേക്ക് സംഭാവന നല്‍കിയ ശേഷം) ആ ആനയുടെ മറവില്‍ നിന്നുകൊണ്ട് ക്ഷേത്ര ദര്‍ശനം നടത്തിയാൽ മതിയാകുമെന്ന വിശ്വസം രൂപപ്പെടുന്നത്. ദേവി തന്നെ തൊഴുത് പ്രാര്‍ത്ഥിക്കുന്ന തന്റെ ദാസന്മാര്‍ക്കിടയിൽ മണ്ണാര്‍മല തമ്പുരാനെ കാണാതെയിരിക്കിനാണത്രെ ആനയെ മറനിർത്തി അദ്ദേഹം തൊഴുത് മടങ്ങുന്നത്. ചുരുക്കത്തിൽ, വള്ളുവനാട്ടു രാജാക്കന്മാരുടെ കുലദേവത ക്ഷേത്രമായി അങ്ങാടിപ്പുറത്തെ തിരുമാന്ധാംകുന്ന് മാറ്റപ്പെട്ടത് അവര്‍ മണ്ണാർമല തമ്പുരാനുമായി ഉടമ്പടിപ്പെട്ടാണന്നാണ് ചരിത്രം. തങ്ങളുടെതന്നെ സാമാന്തന്മാരായിരുന്ന മണ്ണാർമല തമ്പുരാനുമായി വെള്ളാട്ടിരി ഉണ്ടാക്കിയ ഉടമ്പടി പ്രകാരം തിരുമാന്ധാംകുന്നിന്റെ ജന്മാവകാശം മണ്ണാര്‍മല തമ്പുരാനാണ്.
ഈ 'മണ്ണാര്‍മല തമ്പുരാൻ ജന്മാവകാശം' കടന്നു വരുന്നത് തിരുമാന്ധാംകുന്ന് അമ്പലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട വസ്തുതയിൽ നിന്നാണെങ്കിൽ ക്ഷേത്രം നിര്‍മ്മിതമായ കാലഘട്ടത്തെ കുറിച്ചുള്ള അന്വേഷണത്തിൽ നിന്നും മണ്ണാര്‍മല കോവിലകത്തിന്റെ കാലപ്പഴക്കത്തെ കുറിച്ച് ഒരേകദേശ ധാരണയിലെങ്കിലുമെത്തിച്ചേരാൻ നമുക്ക് സാധിച്ചേക്കും.
തങ്ങളുടെ പരദേവതയായിരുന്ന അങ്ങാടിപ്പുറത്തെ തിരുമാന്ധാംകുന്നു ഭഗവതീക്ഷേത്രത്തിനു ചുറ്റുമായി കഴിഞ്ഞുകൂടിയിരുന്ന വള്ളുവക്കണക്കന്മാരുടെ ഇടയിലേക്ക് മദ്ധ്യകേരളത്തിൽ നിന്ന് കടൽമാർഗ്ഗം എത്തിപ്പെട്ട് അധികാരം സ്ഥാപിച്ചെടുത്തവരാണ് വള്ളുവക്കോനാതിരിമാർ എന്നും തന്മൂലമാണ് അവരുടെ രാജ്യത്തിന് വള്ളുവനാട് എന്ന് പേർ കിട്ടിയതെന്നുമെന്ന നിരീക്ഷണം മുന്നോട്ട് വെക്കുന്ന പ്രശസ്ത ചരിത്രകാരൻ ഡോ രാജേന്ദുവിന്റെ അഭിപ്രായം പരിഗണിച്ചാൽ വള്ളുവക്കോനാതിരിമാരുടെ കാലഘട്ടത്തിന് മുന്നേ തിരുമാന്ധാംകുന്ന് ക്ഷേത്രം സജീവമായി നിലനിന്നിരുന്നു എന്ന് പറയേണ്ടി വരും. ക്ഷേത്ര നിര്‍മ്മാണ കാലത്ത് അതിനുള്ള സ്ഥലം സംഭാവന നൽകാൻ ആ സ്ഥലത്തിന്റെ ഉടമസ്ഥർ എന്ന നിലയില്‍ മണ്ണാര്‍മല രാജസ്ഥാനം അന്നേ ഉണ്ടാകാതിരിക്കാൻ തരമില്ലല്ലോ.
പില്‍ക്കാല ചേരന്മാർക്ക് ശേഷം കേരളത്തിൽ പ്രാഥമികമായി പ്രത്യക്ഷപ്പെടുന്ന നാട്ടുരാജ്യങ്ങളിലൊന്നാണ് വള്ളുവനാട്. എന്നാൽ, 'വള്ളുവക്കോനാതിരി മൂപ്പിൽ നായര്‍' എന്നും 'കോതൈക്കടുങ്ങോനായ കോവില്‍ കരുമികള്‍' എന്നും അറിയപ്പെടുന്ന വെള്ളാട്ടിരിമാരുടെ മേല്‍ പേരിലെ 'കടുംകോൻ' എന്ന പുരാതന ദ്രാവിഡ നാമത്തിലുള്ള സ്ഥാനപ്പേര് അവരുടെ ഉല്‍പത്തി ആദി ചേരന്മാരുടെ കാലത്തു തന്നെ സംഭവിച്ചിട്ടുണ്ടായിരിക്കാമെന്ന നിഗമനത്തിലെത്തി ചേരാൻ സാധിക്കുന്നു. അങ്ങനെയെങ്കിൽ ഒന്നാം ചേര സാമ്രാജ്യം രൂപപ്പെട്ട BCE 500 കളിലോ പില്‍ക്കാല ചേരവംശം അവസാനിച്ച CE 13 ആം നൂറ്റാണ്ടോടു കൂടിയോ ആയിരുന്നിരിക്കണം വള്ളുവക്കോനാതിരിമാർ വള്ളുവനാടിന്റെ അധികാരം അധീനപ്പെടുത്തുന്നത് എന്നും അക്കാലത്തും തിരുമാന്ധാംകുന്ന് ക്ഷേത്രം സജീവമായി അവിടെ നിലനിന്നിരുന്നു എന്നും പറയേണ്ടി വരും. അഥവാ, അന്നേ മണ്ണാര്‍മല രാജസ്വരൂപം ഈ ദേശത്തുണ്ടായിരുന്നു എന്ന നിഗമനത്തിലെത്തിച്ചേരേണ്ടി വരുമെന്ന് ചുരുക്കം.
ഇനി, തിരുമാന്ധാംകുന്ന് ക്ഷേത്ര പരിപാലനം വള്ളുവക്കണക്കന്മാരിൽ നിന്നും വള്ളാട്ടിരിമാരേറ്റെടുത്ത ശേഷം രാജ്യത്തിന്റെ കുലദൈവമായി തിരുമാന്ധാംകുന്നിലമ്മയെ അംഗീകരിക്കുന്നതിന്റെ ഭാഗമായി നടന്ന ഏതെങ്കിലുമൊരു പ്രക്രിയക്കിടയിലാണ് 'മണ്ണാര്‍മല തമ്പുരാൻ ജന്മാവകാശം' രൂപപ്പെടുന്നെങ്കിൽ കൂടി മണ്ണാര്‍മല രാജയുടെ ഉല്‍പത്തി BCE 500നു തൊട്ട് ശേഷമോ പില്‍ക്കാല ചേരവംശം അവസാനിച്ച CE 13ആം നൂറ്റാണ്ടിന്റെ ഒടുവിലോ ആയിരുന്നിരിക്കണമെന്ന നിഗമനത്തിലുമെത്തിച്ചേരേണ്ടി വരും.
എന്നിരുന്നാലും, വള്ളുവനാട് രാജ്യ രൂപീകരണ ശേഷമാണ് 'മണ്ണാര്‍മല തമ്പുരാൻ ജന്മാവകാശം' രൂപപ്പെടുന്നത് എന്നുള്ള നിഗമനം തീര്‍ത്തും അംഗീകരിക്കാൻ കഴിയാത്തതാണ്. കാരണം, തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം പോലെ, സാമൂതിരിമാരുടെ തളി ശിവ ക്ഷേത്രം പോലെ, കൊച്ചി രാജാക്കന്മാരുടെ ശ്രീപൂർണ്ണത്രയീശ ക്ഷേത്രം പോലെ, വള്ളുവക്കോനാതിരിമാർ അവരുടെ കുലദൈവത്തെ അതിപുരാതന കാലം തൊട്ടേ ആഘോഷിച്ചും ആരാധിച്ചും പോന്നിരുന്നു. തങ്ങളുടെ അന്തസ്സിന്റെ ഭാഗമായികണ്ട് വളരെ ഉയർന്ന നിലയിലാണ് ക്ഷേത്ര പരിപാലന കര്‍മ്മമവർ അനുഷ്ഠിച്ച് പോന്നിരുന്നത്. തങ്ങളുടെ രാജ്യം തന്നെ പ്രതിഷ്ഠക്കു മുന്നില്‍ സമര്‍പ്പിച്ച് തീര്‍ത്തും ഭക്തിസാന്ദ്രമായിട്ടവർ ജീവിച്ചു വന്നു. അതെത്രത്തോളമെന്നാൽ, വള്ളുവനാട് രാജ്യത്തിന്റെ പതനത്തിന് പോലും രാജാവിന്റെ ഈ അമിത ദൈവഭക്തി കാരണമായി എന്ന് ചൂണ്ടിക്കാണിക്കുന്ന ചരിത്രകാരന്മാരുണ്ട്. അങ്ങനെയിരിക്കെ, മേല്‍ കാലഘട്ടത്തിനിടയിൽ എപ്പോഴെങ്കിലും തിരുമാന്ധാംകുന്നമ്പലത്തിന്റെ നിര്‍മ്മാണവുമായോ അതിന്റെ നവീകരണമായോ ബന്ധപ്പെട്ട് ഏതെങ്കിലുമൊരു വെള്ളാട്ടിരിക്കൊരു സംഭാവന സ്വീകരിക്കേണ്ടി വരാനുള്ള സാധ്യത തീരെ ഇല്ല തന്നെ. അഥവാ, മേല്‍ 'ജന്മാവകാശം' കടന്നു വരുന്നത് വള്ളാട്ടിരിമാർക്ക് മുന്നേയോ അവരുടെ കാലഘട്ടത്ത് തൊട്ടുടനേയോ ആണെന്ന നിഗമനത്തിലെത്തിച്ചേരാൻ അതുവഴി സാധിക്കുന്നു.
അവസാനത്തെ ചേരരാജാവ് ചേരമാന്‍ പെരുമാള്‍ തെക്കൻ മലബാറിന്റെ ഭാഗമായ ഈ പ്രദേശം മുഴുവൻ തന്റെ സാമന്തനായ വള്ളുവനാട്ട് രാജാവിന് സമർപ്പിച്ച് മക്കയിലേക്ക് പോയ ചരിത്രം പ്രസിദ്ധമാണല്ലോ. തന്റെ ഉടവാളും പരിചയും കൂടി ദാനം ചെയ്ത ശേഷമാണ് അദ്ദേഹം സ്ഥലം വിട്ടതത്രേ. ചില ചരിത്രകാരന്മാരുടെ വിശ്വാസമനുസരിച്ച് ചേരരാജാവിന്റെ മറ്റൊരു സാമാന്തനും വള്ളുവനാട് രാജാവിന്റെ മുഖ്യ ശത്രുവുമായിരുന്ന സാമൂതിരിയിൽ നിന്ന് രക്ഷപ്പെടാനാണ് അദ്ദേഹം വാളും പരിചയും വള്ളുവനാട് രാജക്ക് സമ്മാനിച്ചത് എന്ന് പറയപ്പെടുന്നു. അതെന്തായാലും, ഒരു കാലത്ത് വള്ളുവക്കോനാതിരിയായിരുന്നു മിക്ക മലബാർ പ്രദേശങ്ങളിലേയും അധിപൻ എന്ന് കാണാൻ കഴിയും. ഏറനാടിനെ വള്ളുവനാടുമായി വേർത്തിരിക്കുന്ന മലപ്പുറത്തെ പന്തലൂർ മലകൾ മുതൽ പൊന്നാനി വരെയാണ് ആദ്യകാലത്ത് അതിന്റെ വിസ്തൃതി എന്ന് വായ്മൊഴികൾ നിലവിലുണ്ട്. അഥവാ, ഇന്നത്തെ പെരിന്തൽമണ്ണ, മണ്ണാർക്കാട് എന്നീ താലൂക്കുകളും പിന്നീട്, നെടുങ്ങനാട്ടിൽ നിന്നും കൂട്ടിച്ചേർത്ത പട്ടാമ്പി, ഒറ്റപ്പാലം, പൊന്നാനി എന്നീ താലൂക്കുകളും, ഏറനാട്, പാലക്കാട് താലൂക്കുകളുടെ ചില ഭാഗങ്ങളും ചേർന്നതാണ് ആറങ്ങോട്ടുസ്വരൂപമെന്ന പേരിലറിയപ്പെടുന്ന പഴയ വള്ളുവനാട് രാജ്യമെന്ന് ചുരുക്കം. എന്നാൽ, സാമൂതിരിപ്പാട് പടിഞ്ഞാറൻ തീരത്ത് അറബികളുടെ സഹായത്താൽ ശക്തമായ സാന്നിദ്ധ്യം ഉറപ്പിക്കുകയും വള്ളുവനാട്ടിലെ കുറേ സ്ഥലങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതോടെയാണ് രംഗവും അതിര്‍ത്തികളും മാറ്റപ്പെട്ടത്.

മൈസൂറിന്റെ ആക്രമണകാലത്ത് അട്ടപ്പാടി താഴ്‌വരയും ഇന്നത്തെ ഒറ്റപ്പാലം താലൂക്കിന്റെ ഒരു ഭാഗവും മാത്രമെ വള്ളുവനാട് രാജ്യത്തിന്റെ അധീനതയിൽ ഉണ്ടായിരുന്നുള്ളൂ. ടിപ്പുവിന്റെ ആക്രമണത്തെ തുടർന്ന് വള്ളുവക്കോനാതിരി തിരുവിതാംകൂറിൽ അഭയം പ്രാപിക്കുകയും 1800കളോടെ ബ്രിട്ടീഷുകാർ മലബാർ കയ്യടക്കിയപ്പോൾ അന്നത്തെ എല്ലാ നാട്ടുരാജാക്കന്മാർക്കുമെന്നപോലെ വള്ളുവനാട്ടു രാജാവിനും മാലിഖാൻ ഏർപ്പെടുത്തി അധികാരങ്ങൾ ഇല്ലാതാക്കുകയും ചെയ്തതായി കാണാൻ സാധിക്കും. മൈസൂര്‍ ഭരണം മലബാറിലെ ജന്മിത്വവ്യവസ്ഥിതിയുടെ ക്ഷയത്തിനും രാജ്യഭരണത്തിന് നൂതനവും പുരോഗാത്മകരവുമായ ആശയങ്ങളുടെ അവതരണത്തിനും വഴിതെളിച്ചു എന്ന് ചരിത്രത്തിൽ പറയുന്നുണ്ടല്ലോ. കേന്ദ്രീകൃത ഭരണസംവിധാനം കൊണ്ടുവരുന്നതോടൊപ്പം തന്നെ നികുതിക്രമം ആധുനിക രീതിയില്‍ കൂടിയാന്മാര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ കൊണ്ടുവരപ്പെടുകയും കരത്തിന്റെ തുക ആ ഭൂമിയില്‍ നിന്നും ലഭിക്കുന്ന വിളവിനനുസൃതമായി നിശ്ചയിക്കുകയും ചെയതു. ഭൂസര്‍വ്വേ നടത്തി അന്യായമായ കൈവശഭൂമി കണ്ടുകെട്ടി പുതിയ നികുതി നിര്‍ണയം നടത്തി. കാര്‍ഷികരംഗത്ത് പ്രത്യേക ആജ്ഞകള്‍ പുറപ്പെടുവിച്ച് പല പരിഷ്കാരങ്ങളും നടപ്പാക്കി. മലബാറില്‍ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ജെമീന്താരി സമ്പ്രദായത്തിന്റെ തനി പകര്‍പ്പായ ജന്മി സമ്പ്രദായത്തിനാണ് ഇതുമുഖേന ഉലച്ചില്‍ പറ്റിയത്. കൃഷിഭൂമിയില്‍ ടിപ്പുസുല്‍ത്താന്‍ ആരംഭിച്ച ഉല്‍പ്പാദന വിപ്ലവം മലബാറിലെ ജന്മിമാരുടെ ശക്തമായ എതിര്‍പ്പാണ് ഉയര്‍ത്തിവിട്ടത്. ഒരുപക്ഷേ, ഈ സാഹചര്യം ഉയർത്തി വിട്ട സവിശേഷമായ രാഷ്ട്രീയ അസ്ഥിരതക്കിടയിലായിരിക്കാം പ്രദേശത്തിന്റെ ഭരണം വള്ളുവക്കോനാതിരിക്ക് അപ്രാപ്യമായി തുടങ്ങിയത്. പിന്നീട് 1799ൽ ശ്രീരങ്കപ്പട്ടണത്ത് വെച്ചുള്ള ടിപ്പു സുല്‍ത്താന്റെ രക്തസാക്ഷിതത്തോടെ മലബാര്‍ പ്രദേശം സമ്പൂര്‍ണ്ണമായി ബ്രിട്ടീഷ് അധികാര മേല്‍ക്കോയ്മക്കു കീഴെ അമർന്നതോടെ വള്ളുവനാട് രാജ്യം തന്നെ അപ്രസക്തമായി മാറി.
മലബാറിലെ ബ്രിട്ടീഷ് അധികാര നാളുകള്‍ക്കിടയിലാണ് 1883ൽ തീപ്പെട്ട മങ്കട കോവിലകത്ത് ഉദയ വർമ്മ രാജ എന്ന വള്ളുവക്കോനാതിരി മണ്ണാര്‍മല എന്ന വനസമാനമായ ഈ പ്രദേശത്തിന്റെ ഭരണാധികാരം മഞ്ചേരി കോവിലകത്തെ അഞ്ചാം സ്ഥാനിയന് കല്‍പിച്ചരുളുന്നത്. അതുവരേക്കും മാറി മാറി വരുന്ന വെള്ളാട്ടിരിമാരുടെ താൽപ്പര്യത്തിനനുസരിച്ചുള്ള ഭരണ സമ്പ്രദായമാണിവിടെ നടന്ന് വന്നിരുന്നത് എന്ന് സ്വാഭാവികമായും ഊഹിക്കാം. പ്രദേശം മഞ്ചേരി കോവിലകത്തെ അഞ്ചാം തിരുമുൽപ്പാടിന് കൈമാറുന്നതിന് തൊട്ടു മുന്നേ മാനിച്ചൻ, വിക്കിരൻ എന്നീ പേരുകളുള്ള രണ്ട് ഏറാടി സഹോദരങ്ങളാണിവിടെ ഭരണം നിര്‍വ്വഹിച്ചിരുന്നത് എന്ന് പഴമക്കാർ പറയുന്നത് കേൾക്കാം. വള്ളുവക്കോനാതിരിമാരുടെ അധികാര ഘടനയിലുൾപ്പെട്ട ഏതെങ്കിലും അംഗങ്ങളായിരിക്കാം അതെന്ന് അനുമാനിക്കാം. അവർക്ക് പിൻതലമുറക്കാർ ഇല്ലാതെ വന്നതിനാലും ടിപ്പുവിന്റെ ഭരണ നാളുകളുടെ അവസാന കാലത്തും പിന്നീട്, ബ്രിട്ടീഷ് നാളുകളുടെ കാലത്തും രൂപപ്പെട്ട രാഷ്ട്രീയ അസ്ഥിരതകൾ കാരണവും കൊണ്ടായിരിക്കാം ഒരുപക്ഷേ, പ്രദേശത്തിന്റെ ഭരണം മഞ്ചേരിക്കു നല്‍കി സമ്പൂർണ്ണ സ്വസ്ഥനാകാൻ വള്ളുവക്കോനാതിരി തീരുമാനിക്കുന്നത്. കൂടാതെ, ചരിത്രകാരന്മാർ സൂചിപ്പിക്കുന്ന മറ്റൊരു കാരണം ഞാൻ നേരത്തെ സൂചിപ്പിച്ച വള്ളുവക്കോനാതിരിമാരുടെ അമിത ദൈവ വിശ്വാസം അതിന് കാരണമായി എന്നുള്ളതാണ്. മാമാങ്കവുമായി ബന്ധപ്പെട്ട് രാജാവിന്റെ അസ്തിത്വത്തിന് വേണ്ടി സ്വശരീരം ആത്മാഹൂതി ചെയ്യുന്ന ചാവേറുകളുടെ സാന്നിധ്യവും അവരെ ചുറ്റിപ്പറ്റിയുള്ള വീരാരാധനകളും വിശ്വസങ്ങളുമൊക്കെ നിലനില്‍ക്കുന്ന ഒരു പരിസ്ഥിതിയിൽ രാജ്യാതിർത്തികളുടെ വിപുലീകരണത്തിനോ നിലവിലുള്ളതിന്റെ സംരക്ഷണത്തിനോ താൽപ്പര്യമെടുക്കാതെ പൊതു ഭരണമെല്ലാം സഹോദരിമാരുടെ മക്കളെ അഥവാ അനന്ദിരവന്മാരെ ഏല്‍പ്പിച്ച് തീര്‍ത്തും ക്ഷേത്രാരാധനയിൽ മാത്രം മുഴുകി ജീവിച്ച രാജാവ് സ്വഭാവികമായും തന്റെ ചുറ്റിലും നടന്നുകൊണ്ടിരുന്നതൊന്നും അറിയാനിടവെന്നില്ല എന്നുള്ളതാണ് സത്യം. ഈ അവസരം മുതലെടുത്ത് അനന്ദിരവന്മാർ പരസ്പരം കലഹിച്ച് അവരുടെ ഇഷ്ടാനുസരണം രാജ്യം ഭരിച്ചു മുടിച്ചു എന്നവർ നിരീക്ഷിക്കുന്നു.
ഇന്നത്തെ മണ്ണാര്‍മല കോവിലകം മഞ്ചേരി കോവിലകവുമായാണ് ബന്ധപ്പെട്ടു കിടക്കുന്നത്. മഞ്ചേരി കോവിലകത്തിന് ഏകദേശം എണ്ണൂറിലലധികം വര്‍ഷങ്ങൾ പഴക്കമുണ്ടന്നാണ് പറയപ്പെടുന്നത്. ചേര വംശത്തിന്റെ അവസാന ഘട്ടത്തിലാണ് ഇവരുടെ ഉദ്ഭവമെന്ന് കരുതപ്പെടുന്നു. നികുതി പിരിക്കാനും അല്ലാത്തതുമായ സകല തീര്‍പ്പിനും ഇവര്‍ക്ക് അധികരമുണ്ടായിരുന്നുവത്രെ. മഞ്ചേരി കോവിലകത്തെ വലിയ തമ്പുരാന്‍ 'കാരണമുൽപ്പാട്' എന്ന സ്ഥാനപ്പേരിലും അദ്ദേഹമൊഴികെ കോവിലകത്തെ മറ്റെല്ലാ പുരുഷ പ്രജകളും 'തിരുമുൽപ്പാട്' എന്നുമാണ് അറിയപ്പെട്ടിരുന്നത്. ഏറ്റവും ഒടുവിലായി മഞ്ചേരിയിൽ പ്രതാപത്തോടെ വാണ കാരണമുൽപ്പാട് വക്കീല്‍ തമ്പുരാൻ എന്ന പേരിലാണ് ഈ നാട്ടുകാര്‍ക്ക് പരിചയം. ഈ പ്രദേശം കൂടാതെ മഞ്ചേരി, വണ്ടൂർ, പാണ്ടിക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ ഒരുപാട് കളങ്ങൾ (അധീനതിയിലുള്ള സ്ഥലങ്ങൾ) ഇവരുടെ അധികാരത്തിൻ കീഴിലുണ്ടായിരുന്നു.
കോവിലകത്തിന് സമീപം ഇന്നും കാണാൻ കഴിയുന്ന ഒരു നായര്‍ കുടുംബത്തിന് ഈ ചരിത്ര സന്ധിയുമായി അഭേദ്യമായ ബന്ധമുണ്ട് എന്ന് പറയുന്നതിൽ അതിശയോക്തി ഇല്ല. ടിപ്പു സുല്‍ത്താന്റെ മലബാര്‍ അധിനിവേശത്തിന് മുമ്പ് വള്ളുവക്കോനാതിരിയുടെ അധികാര നിര്‍വ്വഹണ വിഭാഗങ്ങളായ കരുവയൂർ മൂസ്സത്, ചെറുകര പിഷാരടി, അപ്പംകുളം പിഷാരടി, കുളത്തൂർ വാരിയർ, പാതിരമണ്ണ വെള്ളോടി, എളുമ്പുലാക്കാട് അച്ചൻ, പറക്കാട് നായർ, കക്കൂട്ട് നായർ എന്നിവരോടൊപ്പം മണ്ണാർമല നായർ എന്നൊരു കുടുംബത്തിന്റെ സാന്നിധ്യവും ചരിത്രത്തിൽ കാണുവാന്‍ കഴിയും. ഈ പ്രദേശത്തിന്റെ പേരിനോട് ചേര്‍ത്ത് പറയുന്ന വള്ളുവക്കോനാതിരിയുടെ അധികാര ഘടനയിലെ ഒരു ഭാഗമായ ആ ആഢ്യ നായര്‍ കുടുംബം കോവിലകത്തിന് സമീപത്തുള്ള മേല്‍ നായര്‍ കുടുബം തന്നെയാണ് എന്നുള്ളത് വാമൊഴികളും വസ്തുതകളും മുന്നില്‍ വെച്ച് സമര്‍ത്ഥിക്കാന്‍ സാധിക്കും. പ്രദേശത്തെ ഹരി ജനങ്ങളും ആദിവാസി വിഭാഗങ്ങളും ഇന്നും അവരെ തമ്പുരാൻ/ തമ്പുരാട്ടി എന്നാണ് വിളിച്ചു വരുന്നത്.
നിലവിലുള്ള ഈ കോവിലകം എടുപ്പ് നിര്‍മ്മിക്കുന്നതിന് മുമ്പ് ഈ സ്ഥലത്തിന് തൊട്ടടുത്തായി വിപുലമായ സൗകര്യങ്ങളോടെ ഉണ്ടായിരുന്ന ഒരെട്ട് കെട്ട് നിര്‍മ്മിതിയായിരുന്നത്രെ ആദ്യകാലത്തെ ആ നായര്‍ ഭവനം. ഒരുവേള, കോവിലക നിർമ്മാണം നടന്നത് പോലും ആ നായര്‍ ഭവനത്തിന്റെ രൂപഭാവം കടം കൊണ്ടായിരുന്നു എന്ന് പോലും അവർ പറയുന്നത് കേൾക്കാം. അതെന്തായാലും കോവിലകത്തെ പോലെ അക്കാലങ്ങളിൽ നിലവിലുണ്ടായിരുന്ന വിപുലമായ സൗകര്യങ്ങളൊക്കെ ഉള്ള ഒരു വീടുതന്നെ ആയിരുന്നു അതെന്ന് സ്വാഭാവികമായും അനുമാനിക്കാം. ആ വീടിനെ ചുറ്റിപറ്റി അനേകം ഭൂസ്വത്തുക്കളും അടിയാളന്മാരും അക്കാലങ്ങളിലുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. വള്ളുവനാട്ടധികാര കേന്ദ്രത്തിന്റെ ഓരം ചേര്‍ന്ന് നിന്നിരുന്ന ആ തറവാടിന് വള്ളുവക്കോനാതിരിയിൽ നിന്നും അളവറ്റ നിലങ്ങളും പണവും ലഭിക്കുക സ്വാഭാവികമാണല്ലോ. എന്നിരുന്നാലും, ആ ഭവനത്തിന്റെ ഒരസ്ഥിവാരവും കാണാൻ കഴിയാത്ത രൂപത്തിൽ ഇന്നത് തീര്‍ത്തും അസ്തമിച്ചിരിക്കുന്നു എന്നുള്ളതാണ് സമകാലീന യാഥാർത്ഥ്യം. പകരം, ആ വീട് നിന്നിരുന്ന സ്ഥലത്തും സമീപങ്ങളിലുമായി ഉണ്ണ്യാമ്പത്ത് എന്ന കുടുംബ പേരിൽ കഴിഞ്ഞ് വരികയാണവരിന്ന്. "ഏതോ ചരിത്ര സന്ധിയില്‍ തങ്ങളുടെ സ്വത്ത് വഹകളും വിശാലമായ നിലങ്ങള്‍ ഞങ്ങൾക്ക് നഷ്ടമാവുകയും അതെല്ലാം സമ്പൂര്‍ണ്ണമായി മഞ്ചേരി കോവിലകത്തിനു കീഴിലേക്ക് മാറ്റപ്പെടുകയും ചെയ്തു" എന്ന് ആ കുടുംബാംഗങ്ങളിലൊരാൾ എന്നോട് പറയുകയുണ്ടായി. മൈസൂര്‍ അധിനിവേശ കാലത്ത് മണ്ണാര്‍മല ദേശം ഉള്‍പ്പെട്ട മലബാര്‍ പ്രദേശം മുഴുവനായി മൈസൂരിന് കീഴിലമരുകയും ശേഷം, 1883ൽ തീപ്പെട്ട വള്ളുവക്കോനാതിരി മങ്കട കോവിലകത്ത് ഉദയ വര്‍മ്മ തമ്പുരാന്റെ കാലത്ത് പ്രദേശം മഞ്ചേരിക്ക് നല്‍കുകയും ചെയ്ത, നാം നേരത്തെ ചർച്ച ചെയ്ത ആ ചരിത്ര മുഹൂര്‍ത്തമായിരിക്കാം അതെന്ന് മേല്‍ വാക്കുകളെ വിശ്വാസത്തിലെടുത്താൽ അനുമാനിക്കാൻ സാധിക്കും. കാരണം, പുരാതന കേരളത്തിൽ നിലവിലുണ്ടായിരുന്ന സകല ഭൂഅധികാര ക്രമീകരണങ്ങളേയും റദ്ദു ചെയത് പകരം ഫറൂഖ് കേന്ദ്രീകരിച്ചുള്ള ഒരു കേന്ദ്രീകൃത ഭരണ സംവിധാനമായിരുന്നു മൈസൂര്‍ മലബാറിലന്ന് നടപ്പിൽ വരുത്തിയത്. 1799 കളിൽ അവരുടെ അസ്തമയം സംഭവിച്ചതോടെ രംഗത്തേക്ക് കടന്ന് വന്ന ബ്രിട്ടീഷുകാർ ആദ്യം ബോംബേ സംസ്ഥാനത്തിന് കീഴിലും പിന്നീട് മദ്രാസ് സംസ്ഥനത്തിന് കീഴിലുമായി മലബാര്‍ ജില്ലയെ അതേപടി നിലനിര്‍ത്തി. അതിനിടയിലാണ് ബ്രിട്ടീഷ് മേല്‍ക്കോയ്മ അംഗീകരിച്ച വള്ളുവക്കോനാതിരിക്ക് അവർ മാലിഖാൻ അനുവദിക്കുകയും പ്രദേശത്തെ മുന്‍ ഭരണ വിഭാഗമെന്ന നിലയില്‍ ഏതാനും നിലയങ്ങളുടെ അധികാരാവകാശങ്ങൾ ചാര്‍ത്തി നല്‍കുകയും ചെയ്യുന്നത്. അവ്യക്തമായ ഏതോ കരാറിന്റെ അടിസ്ഥാനത്തിൽ അതിലെ മണ്ണാര്‍മല പ്രദേശത്തിന്റെ നിയന്ത്രണം മഞ്ചേരിയിലെ അഞ്ചാം തിരുമുല്‍പ്പാടിന് നല്‍കിയതോടെ മണ്ണാര്‍മല നായന്മാരുടെ തകര്‍ച്ച സമ്പൂര്‍ണമാവുകയും അവർ കോവിലകത്തെ ചുറ്റിപറ്റിയുള്ള തൊഴിലുകളിൽ ഏർപ്പെടുകയും ചെയ്യാൻ തുടങ്ങി.
ഈ നാടിന്റെ ഇന്നലകളുമായി ബന്ധപ്പെട്ട ചരിത്രം പെയ്തിറങ്ങിയ ആ വലിയ വീട് പടിപ്പുരക്കുള്ളിലൂടെ അല്‍പമകലയായി ഞാന്‍ കണ്ടു നിൽക്കുമ്പോൾ കേട്ടു മാത്രമറിഞ്ഞൊരു ചരിത്ര മന്ദിരത്തിനു മുന്നിൽ നേരിട്ടെത്തിച്ചേരുമ്പോഴുള്ള ഒരു തരം വികാരമായിരുന്നില്ല എന്നിലുണ്ടായിരുന്നത്. മറിച്ച്, ഇതുവരെയും ആ ചരിത്ര ഗൃഹം എന്റെ ശ്രദ്ധയിൽ വരാതെ പോയല്ലോ എന്ന ദുഃഖമായിരുന്നു എനിക്ക്.
ഞങ്ങൾ റോഡിന്റെ ഓരത്ത് വാഹനം ഒതുക്കി നിർത്തി കാഴ്ച്ചകളിലേക്കിറങ്ങാൻ തീരുമാനിച്ചു. തിണ്ടലീയം മലയുടെ പാർശ്വത്തിൽ നിന്നും ഉദ്ഭവിക്കുന്ന ഒരു തോടിന്റെ സംരക്ഷിത വലയത്തിലാണ് കോവിലകമുള്ളതെന്ന് തോന്നും. പഴയ കോട്ടകൾക്ക് ചുറ്റിലും കാണുന്ന കിടങ്ങുകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള മേല്‍ തോട് നേരെ ഒഴുകി ചേരുന്നത് ഏറാൻതോട് എന്ന അല്‍പ്പം കൂടി വീതി കൂടിയ ഒരു നദിയിലേക്കും അതുവഴി കടലുണ്ടി പുഴയിലേക്കുമാണ്. യാഥാർത്ഥത്തിൽ പടിപ്പുരയുടെ വലത് വശത്ത് അല്‍പ്പമകലത്തിൽ കാണുന്ന പുരാതനമായ മണ്ണാര്‍മല ശ്രീ കൃഷ്ണ ക്ഷേത്രത്തിന്റെ സമീപം ഒഴുകി നീങ്ങുന്ന തോടായിരുന്നു ഒരുകാലത്തീ പ്രദേശത്താകെ ഉണ്ടായിരുന്ന ഒരു ജലസേചന മാര്‍ഗ്ഗം. എന്നാൽ, 1939- 45 കാലയളവിൽ പൊട്ടിപ്പുറപ്പെട്ട രണ്ടാംലോക മഹായുദ്ധ കാലത്ത് ബര്‍മ്മയിലെ വയലോലകളിൽ നിന്നും ഇന്ത്യയിലേക്ക് വന്നിരുന്ന അരിയുടെ വരവ് നിലക്കുകയും നാടുകളില്‍ കടുത്ത ക്ഷാമം രൂപപ്പെടുകയും ചെയ്തു (അക്കാലത്താണ് വിശാഖം തിരുനാൾ മഹാരാജാവ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും മരച്ചീനി ഇറക്കുമതി ചെയ്ത് തിരുവിതാംകൂറിലെ ജനങ്ങളുടെ ഭക്ഷ്യാവശ്യങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നത്) സ്വന്തം പ്രദേശത്ത് വല്ലതും നട്ടുമുളപ്പിച്ചാൽ സ്വന്തമായി വല്ലതും കഴിക്കാം എന്ന നില യുദ്ധം തുടങ്ങുന്നതിന് മുമ്പ് 1930 കളിലേ നാടുകളില്‍ വന്നിരുന്നു. അങ്ങനെയാണ് നെല്ലിന്റെ ഉല്‍പാദനം വര്‍ദ്ധിപ്പിച്ച് ഭക്ഷ്യ ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യവുമായി അക്കാലത്തെ മണ്ണാര്‍മല രാജയായിരുന്ന കുഞ്ഞുണ്ണി തമ്പുരാന്റെ നിര്‍ദ്ദേശാനുസരണം ഉണ്ണിക്കാളി മലയുടെ പാര്‍ശ്വത്തിൽ നിന്നും പ്രദേശത്തെ പാട ശേഖരങ്ങളിലേക്ക് പരന്നൊഴുകിയിരുന്ന ഒരു വെള്ളച്ചാട്ടത്തെ ഒരു നദിയുടെ അച്ചടക്കത്തിലേക്ക് കൊണ്ടുവരാനായി തീരുമാനിക്കുന്നത്. മേല്‍ ലക്ഷ്യം കൂടാതെ നാട്ടുകാർക്കുള്ള തൊഴിൽ നിര്‍മ്മാണവും അദ്ദേഹം മുന്നില്‍ കണ്ടിരുന്നിരിക്കണം. എന്തായാലും, ഒരു ക്ഷാമ കാലത്തിന്റെ ഓര്‍മ്മയെ വഹിച്ച് നീങ്ങുന്ന... അതിജീവനത്തിന്റെ ബാലപാഠങ്ങൾ നമുക്ക് പകര്‍ന്ന് നല്‍കുന്ന ഒരു കാഴ്ച്ചയാണ് ഏകദേശം 2 കിലോ മീറ്റര്‍ ദൂരത്തിൽ പരന്നൊഴുകുന്ന ഈ തോടെന്ന് പറയാതിരിക്കാൻ കഴിയില്ല. പടിപ്പുരക്ക് ഇടതു വശത്ത് അല്‍പ്പം അകലെയായി കാണുന്ന ശ്രീ കൃഷ്ണ ക്ഷേത്രത്തിന് സമീപത്തു വെച്ചാണ് പഴയ തോടുമായി സന്ധിച്ച് നേരെ ഏറാൻ തൊട്ടിലേക്കതൊഴുകി നീങ്ങുന്നത്. ഇന്നും സര്‍ക്കാര്‍ രേഖകളിലോ ഗൂഗിൾ മാപ്പിലോ ഈ തോടിന് സ്ഥാനമില്ല എന്ന് കാണുവാൻ കഴിയും. നദി ഒഴുകി നീങ്ങുന്ന അതാതു പറമ്പുകളുടെ ഭാഗങ്ങളായാണ് രേഖകളീ തോടിന്റെ സ്ഥാനത്തെ അടയാളപ്പെടുത്തി വെച്ചിരിക്കുന്നത്. ദീര്‍ഘ ചതുരാകൃതിയിൽ വെട്ടിയെടുത്ത കരിംകല്ലുകൾ കൊണ്ട് മനോഹരമായി പടുത്തുയർത്തിയ പടവിന് മുകളില്‍ വലിയൊരു കൽപ്പാലമവിടെ കാണാം. അതിന്റെ ഒരറ്റത്ത് '1108 ധനു 18 രോഹണി തിരുനാൾ പണി കഴിപ്പിച്ചത്' എന്ന് കൊത്തിവെച്ചിരിക്കുന്നു. അഥവാ, രോഹിണി നക്ഷത്ര തിളക്കവുമായി മഞ്ചേരി കോവിലകത്ത് ജനിച്ച കുഞ്ഞുണ്ണി തമ്പുരാനാണ് 1933ൽ മേല്‍ പാലം പണികഴിപ്പിച്ചതെന്ന് ചുരുക്കം. അഥവാ, തോടിന്റെ പണി കഴിഞ്ഞ മുറക്ക് കോവിലകത്തേക്കുള്ള യാത്ര സുഗമമാക്കുക എന്ന ഉദ്ദേശത്തോടെ വേഗത്തിൽ പണി കഴിപ്പിച്ചതായിരിക്കണം മേല്‍ പാലം എന്ന് സ്വാഭാവികമായും അനുമാനിക്കാം.
കൽപ്പാലങ്ങളവിടെ സ്ഥാപിക്കാനുള്ള ശ്രമം നടന്നിരുന്ന കാലം കുറേ അകലെ നിന്നും കൊത്തി ശരിപ്പെടുത്തിയ കല്ല് ഈന്ത മരത്തടിയിൽ കയറ്റി വെച്ച് ഉന്തി തള്ളിയാണത്രെ അതിവിടെ കൊണ്ടു വന്നിരുന്നത്. ഒരു ശരിയായ കരിംപാറയിൽ അനേക തവണത്തെ അഹോരാത്രം മേട്ടങ്ങൾക്ക് ശേഷമാണല്ലോ അത് മനുഷ്യോപയോഗത്തിന് അനിയോജ്യമായ രൂപത്തിൽ പാല രൂപം കൈവരിക്കുന്നത്. അതിനാല്‍ തന്നെ, വളരെ സൂക്ഷ്മതയോടെ വേണമായിരുന്നു അതിന്റെ കൈകാര്യം നിര്‍വ്വഹിക്കാന്‍. എന്നാൽ, മേല്‍ കൽപ്പാലങ്ങൾ കൊണ്ടു പോകവെ കോവിലകത്തിന് അല്‍പ്പം സമീപത്ത് വെച്ചതിന്റെ ഒരു ഭാഗം തകർന്ന് പോവുകയും ആ തകർന്ന കൽകഷ്ണം ഉപയോഗിച്ച് അത് തകർന്നിടത്തു തന്നെ ഒരു ചെറു പാലം സ്ഥാപിച്ചു എന്നൊരു കഥ നിലവിലുണ്ട്. ഇന്നും ആ തകര്‍ന്ന ഭാഗം കൊണ്ട് പണിത ആ പാലമവിടെ കാണുവാൻ സാധിക്കും.
അതുകൂടാതെ മറ്റൊരു കൽപ്പാലം കൂടി പ്രധാന പടിപ്പുരക്ക് നേരെ മുന്നിലെ പാലത്തിനു സമീപം കാണാന്‍ കഴിയും. പടിപ്പുരയുടെ വലത് വശത്ത് കാണുന്ന ആ പാലം 'കിഴക്കേ പാലം' എന്നാണ് പ്രാദേശികമായി അറിയപ്പെടുന്നത്. അത് കടന്നു പോയാല്‍ നേരെ എത്തിച്ചേരുന്നത് കിണറും അടുക്കളയും ഉള്‍പ്പെടെയുള്ള കോവിലകത്തിന്റെ പിന്‍ ഭാഗത്തേക്കാണ്. തൊലിയുടെ നിറത്തിന്റെ പേരില്‍ സമൂഹത്തിൽ വിഭജനങ്ങളുണ്ടായിരുന്ന കാലത്ത് താഴ്ന്ന ജാതികള്‍ക്ക് തമ്പുരാനെ മുഖം കാണിക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗമായിരുന്നത്. ഹീനമായ ജാതി വിവേചനങ്ങളുടെ ഓര്‍മ്മകള്‍ പേറുന്ന ആ പാലത്തിന് മുന്നില്‍ പുതിയ കാലത്തിന്റെ ബോധോദയങ്ങളുടെ അടയാളം പോൽ തകര്‍ന്നു കിടക്കുന്ന ആ കോവിലകത്തെ കാണാൻ കഴിയുന്നു. പടിപ്പുര കെട്ടിടത്തിൽ ഉപവിശ്ഠനാകുന്ന രാജാവിനെ കാണാൻ നിശ്ചിത സമയമവർക്ക് അനുവദിക്കപ്പെടുമ്പോൾ രാജാവിനും കീഴ്ജാതികൾക്കുമിടയിലൊരു ദൂതൻ നിലയുറപ്പിച്ച് പരസ്പരം സംഭാഷണങ്ങള്‍ നടത്തുന്ന ഒരു വിചിത്ര പരുപാടിയായിരുന്നു അത്. തങ്ങളുടെ വേവലാതികള്‍ക്ക് കൃത്യമായ പരിഹാരം ലഭിക്കില്ല എന്ന ബോധ്യമുണ്ടായിട്ടും സമൂഹം കൽപ്പിച്ചു നല്‍കിയ സകല ആചാരങ്ങളും ശിരസ്സാ വഹിച്ച് തമ്പുരാനെ മുഖം കാണിക്കാൻ ക്ഷമയോടെ ആ വഴി കടന്ന് പോയ ആ പച്ച മനുഷ്യരെയാണ് ആ പാലം കണ്ടപ്പോൾ ഞാനോര്‍ത്തു പോയത്. വര്‍ണ്ണ വിവേചനത്തിന്റെ ഓര്‍മ്മകള്‍ പേറുന്ന അത്തരം എത്ര എത്ര സ്മാരകങ്ങളാണ് ലോകത്തിന്റെ വ്യത്യസ്ത കോണുകളില്‍ നമുക്ക് കാണുവാന്‍ സാധിക്കുന്നത്. എന്നാൽ, ഇന്നും അത്തരം ചിന്തകള്‍ മനസ്സിൽ സൂക്ഷിക്കുന്നവർക്ക് ഇതൊന്നുമൊരു സ്മാരകങ്ങളോ ഓര്‍മ്മകളോ പോലും അല്ലാതെയാകുന്നു എന്നുള്ളതാണ് സത്യം.
ലോകം മാറിയതറിയാതെ സമൂഹിക വിവേചനത്തിന്റെ കൈപ്പുനീർ അരുചികരമാണന്ന ബോധമില്ലാതെ ഇന്നും അനേകം മനുഷ്യര്‍ ആ കോവിലകത്തിന് സമീപം ജീവിച്ചു വരുന്നുണ്ടത്രെ. വീട്ടു പടിക്കൽ വന്ന് "തമ്പുരാനെ... വല്ലതും തരണേ..." എന്ന് അലമുറയിട്ട് കരയുന്ന ആളന്മാരെന്ന ആദിവാസി വിഭാഗങ്ങളാണ് അതിൽ പ്രധാനം. മാതൻ എന്നും മാതി എന്നും സ്വയം വിശേഷിപ്പിക്കാൻ ഇഷ്ടപ്പെടുന്ന അവർ ഇന്നും ഗുഹാ വാസികളായി പ്രദേശത്ത് കഴിഞ്ഞു വരുന്നുണ്ടെന്ന വാര്‍ത്ത വളരെ അത്ഭുദത്തോടെയാണ് ഞാൻ കേട്ടു നിന്നത്. കൂടാതെ, കൈയിൽ സദാ ഉറി മെടഞ്ഞുകൊണ്ട് കടന്ന് വരുന്ന നായാടികളും വീട്ടു പടിക്കല്‍ വരെ മാത്രം വന്ന് കൂകിയാർത്ത് അവരുടെ അടിമത്തം ഉറപ്പിച്ച് കടന്ന് പോകുന്ന കൂട്ടരാണത്രെ.
ഒരു കാലത്ത് വിശാലമായ പാട ശേഖരങ്ങൾകൊണ്ട് സമ്പന്നമായിരുന്ന ഈ കോവിലക മുഖദാവിലെ പ്രദേശങ്ങളിൽ ധാരാളം നീര്‍ച്ചാലുകള്‍ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. സമീപത്തെ തോട്ടില്‍ നിന്നും കൃഷി ആവശ്യത്തിലേക്കായി ഓരോ കണ്ടത്തിലേക്കും കൃത്യമായി വള്ളം ലഭ്യമാക്കുക എന്നുള്ളതായിരുന്നു അതിന്റെ കര്‍ത്തവ്യം. കുട്ടികൾ, സ്ത്രീകൾ തുടങ്ങിയവരുടെ സുഖമമായ യാത്രകള്‍ക്ക് അതൊരു തടസ്സമായി ഭവിക്കുന്നു എന്നതിനാല്‍ മറ്റു പല ദേശങ്ങളിലും ഇത്തരം സ്ഥലങ്ങളില്‍ കവുങ്ങ്, തെങ്ങ് തുടങ്ങിയവയുടെ തണ്ടുകൾ മുറിച്ച് സ്ഥാപിച്ചാണ് ആ പ്രയാസം ഒരളവുവരെ എങ്കിലും പരിഹരിച്ചു വന്നിരുന്നത്. എന്നാൽ, മണ്ണാർമല കോവിലക മുറ്റത്തെ നീർച്ചാലുകൾക്ക് മുകളില്‍ തേക്ക്, വീട്ടി തുടങ്ങിയ മുന്തിയ ഇനം മരങ്ങൾ കൊണ്ട് നടപ്പാലങ്ങൾ നിര്‍മ്മിച്ചുവന്നിരുന്നത് അന്യദേശക്കാരിൽ വലിയ അളവില്‍ അത്ഭുദം സൃഷ്ടിച്ചിരുന്നുവത്രെ. മണ്ണാർമല പ്രദേശത്തിന് ചുറ്റുമുള്ള ഗിരി പാർശ്വങ്ങളിൽ അത്തരം മരങ്ങൾ സുലഭമായിയുണ്ടായിരുന്നു എന്നുള്ളതാണ് അതിന്റെ പിന്നിലെ യഥാർത്ഥ കാരണം. മറുനാടുകളില്‍ വീട് നിര്‍മാണം പോലുള്ള ആവശ്യങ്ങള്‍ക്കാണ് പൊതുവില്‍ അത്തരം തടികൾ ഉപയോഗിച്ചു വന്നിരുന്നത്രെ.
ഏതായാലും, മേല്‍ കൽപ്പാല നിർമ്മാണത്തിന് ഹേതുവായ ആ രോഹിണി നക്ഷത്രക്കാരൻ തമ്പുരാന്റെ നിത്യസ്മരണക്ക് മുന്നില്‍ അഭിവാദ്യമർപ്പിച്ച് ഞങ്ങൾ മുന്നോട്ട് നടന്നു.
പാലം കടന്ന് നേരെ പോയാൽ പടിപ്പുര കെട്ടിലേക്കാണ് എത്തിച്ചേരുക. അത് തകര്‍ച്ചയുടെ വക്കിൽ വിറങ്ങലിച്ച് നില്‍ക്കുന്നു. സുന്ദരമായി പാകിയരുന്ന ഓടുകൾ ഇളകി തുടങ്ങിയിരിക്കുന്നു. ചുമരിലെ ചായം വികൃതമായ മൺചിത്രങ്ങളിലേക്ക് വഴിമാറിയത് വേദനയോടെയല്ലാതെ കണ്ടു നിൽക്കാൻ കഴിയില്ല. പിന്നെ, ചിതലും മാറാലയും വേണ്ടുവോളമുള്ള മേൽതട്ടും കാണാം. പഠിപ്പുര കെട്ടിന്റെ മുകൾ ഭാഗം ഒരു ഔട്ടൗസായാണ് ഉപയോഗിച്ച് വന്നിരുന്നത് എന്ന് ന്യായമായും ചിന്തിക്കുമെങ്കിലും വള്ളുവനാട് ഭഗവതി വാഴുന്ന കോവിലകമകം ഒരു ക്ഷേത്ര പരിശുദ്ധിയിൽ പരിപാലിച്ച് പോരുന്നതിനാൽ പുറത്ത് നിന്ന് വരുന്ന കുടുംബാംഗങ്ങളുൾപ്പെടെയുള്ള സകല മനുഷ്യരും ദേഹശുദ്ധി വരുന്നത് വരെ കഴിയുന്നതവിടെ ആയിരുന്നു എന്നാണ് ചരിത്രം. തിരുമാന്ധാംകുന്നിനു സമീപത്തെ മണ്ണാര്‍മല ഉപകോവിലകത്തിൽ നിന്നും കൂടാതെ... കളങ്ങൾ, ഇല്ലങ്ങൾ, നായര്‍ ഭവനങ്ങൾ തുടങ്ങി നാടിന്റെ നാനാ ദിക്കുകളിൽ നിന്നും വരുന്ന ബന്ധുക്കള്‍ നിശ്ചിത നാളുകള്‍ സമീപത്തെ കുളത്തിൽ നിന്നുള്ള കുളിയും തേവാരവും കഴിച്ചവിടെ കഴിഞ്ഞ് വരുന്നു. ഭക്ഷണാവശ്യത്തിന് മാത്രമാണവർ കോവിലക കെട്ടിനുള്ളിലെ വടക്കിണിയിലേക്ക് കയറുകയത്രെ.
പടിപ്പുര കെട്ടിന്റെ ഇടതു വശത്ത് കാണുന്ന വലിയ മരവാതിലിനപ്പുറത്തെ മുറിയെ 'വേലു നായരുടെ മുറി' എന്നായിരുന്നു പഴയ കാലത്ത് അറിയപ്പെട്ടിരുന്നത്. കുട്ടികൾ വേലു അമ്മാവന്റെ മുറി എന്നതിനെ സൂചിപ്പിച്ചു വന്നു. വെള്ളില സ്വദേശിയായ വേലു നായര്‍ നന്നേ ചെറുപ്പത്തിലേ കോവിലകത്ത് ജോലിക്കായി വന്നു ചേര്‍ന്ന വ്യക്തിയായിരുന്നു. തമ്പുരാന് കൈ കാൽ കഴുകാൻ വെള്ളം നിറച്ച കിണ്ടി എടുത്ത് നല്‍കുക എന്ന ജോലി മാത്രമായിരുന്നത്രെ ചെറുപ്പകാലത്ത് അദ്ദേഹത്തിന്റെ ഏക ഉത്തരവാദിത്തം. ഭക്ഷണവും താമസവും കോവിലകത്ത് തന്നെ. പിന്നീട്, മുതിർന്നപ്പോൾ കോവിലകം വക കലവറയുടെ സൂക്ഷിപ്പുകാരനായി അദ്ദേഹം നിയമിതനായി. സന്ദര്‍ശകരായും അതിഥികളായും അനേകം പേർ ദിനവും വന്നു പോയി കൊണ്ടിരിക്കുന്ന കോവിലകത്തേക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള സാധന സാമഗ്രികളുടെ സൂക്ഷിപ്പും വിതരണവുമായി അദ്ദേഹം കഴിഞ്ഞ് വന്നു. അക്കാലത്ത് പടിപ്പുര കെട്ടിലെ ഇടതു വശത്ത് കാണുന്ന മേല്‍ മുറിയിലെ സ്ഥിരം സാന്നിധ്യമായിരുന്നു വേലു നായര്‍. അതിനാലാണ് ആ മുറി വേലു നായരുടെ മുറി എന്നറിയപ്പെടാൻ തുടങ്ങിയത്.
പടിപ്പുരയുടെ മുകളിലേക്ക് കയറി ചെന്ന് അവിടെയൊക്കെ ഒരു പരിശോധന നടത്തണമെന്ന ചെറിയൊരാഗ്രഹം എനിക്കുണ്ടായിരുന്നെങ്കിലും ആ ഭാഗത്തേക്കുള്ള മരഗോവണി തീരെ തകര്‍ന്നു വീഴാൻ പാകത്തിലുളളതും മേല്‍ക്കൂര ഒന്നാകെ നിലം പൊത്താൻ വെമ്പി നില്‍ക്കുന്നതാകയാലും മുകളിലേക്ക് കയറി അപകടം ക്ഷണിച്ചുവരുത്താൻ ഞങ്ങൾ മിനക്കെട്ടില്ല. പണ്ടൊരിക്കൽ അതിനു മുകളിൽ കയറിയ എന്റെയൊരു സുഹൃത്ത് അന്നവിടെ കണ്ട കാഴ്ചകളെക്കുറിച്ചെന്നോട് പറഞ്ഞതോർക്കുന്നു. കോവിലകത്തിനു കീഴിലെ പ്രദേശങ്ങളിലെ കാര്‍ഷിക വിളവെടുപ്പുകളുടെ വരവ് ചിലവ് കണക്കുകളെഴുതിയ വലിയ ലെഡ്ജറുകളും തിരുമുൽപ്പാടുമാരുമായി ബന്ധപ്പെട്ട ചില ഫോട്ടോകളും അന്നവിടെ അവൻ കണ്ടിരുന്നുവത്രെ. എന്നാൽ, അതിന്റെ പ്രാധാന്യമറിയാതെ അതെല്ലാമവിടെ ഉപേക്ഷിച്ച് പോന്നതിന്റെ ഖേതത്തെക്കുറിച്ച് അവനെന്നോടന്ന് സൂചിപ്പിക്കയുണ്ടായി.
പടിപ്പുര കെട്ടിൽ നിന്നും മുന്നോട്ട് പോയാൽ ഒരു ചെറിയ മുറ്റമാണ്. അത് കടന്നുചെന്നാൽ, ഒ എ വി രാജ അഥവാ, ഒന്നുകുറെ ആയിരത്തിൽ വല്ലഭ രാമ രാജ എന്ന സ്ഥാനപ്പേരിലറിയപ്പെടുന്ന മഞ്ചേരി കോവിലകത്തെ വലിയ തമ്പുരാനിൽ നിന്നുള്ള അഞ്ചാം സ്ഥാനീയൻ തിരുമുൽപ്പാടെന്ന മണ്ണാര്‍മല തമ്പുരാൻ വാഴുന്ന കോവിലകത്തിന്റെ കൊലായിൽ എത്തിച്ചേരാം. ആയിരത്തിൽ ഒന്നു കുറവ് (999) പടയാളികളുടെ മേധാവിയായ രാജാവ് എന്നാണ് മേല്‍ വിശേഷണനാമം കൊണ്ടര്‍ത്ഥമാക്കുന്നത്. വടക്കര സ്വരൂപം എന്നറിയപ്പെടുന്ന മഞ്ചേരി കോവിലകത്തെ വലിയ തമ്പുരാനിൽ നിന്നും കുടുംബത്തിലെ അഞ്ചാം സ്ഥാനക്കാരനെ ഈ കോവിലകത്തേക്ക് നിയമിക്കുന്നതിൽ ഈ പ്രദേശത്തിന്റെ സമൂഹിക, ഭൗമ സവിശേഷതകൾക്ക് വലിയ സ്ഥാനമാണുള്ളതെന്ന് കാണാൻ കഴിയും. മഞ്ചേരി കോവിലകത്തിലെ യഥാക്രമം ഒന്നും രണ്ടും മൂന്നും നാലും സ്ഥാനക്കാരെ ഭൂസ്വത്ത് നോക്കി നടത്തൽ, കൃഷിഭൂമി സംരക്ഷണം, കച്ചവടം, മറ്റു ഓഫീസ് ആവശ്യങ്ങൾ തുടങ്ങിയ വെത്ത്യസ്ഥമായ സ്ഥാനങ്ങളിലേക്ക് നിയമിക്കപ്പെടുമ്പോൾ ഒരു കാടിനു നടുവിലെന്നപോലെ നില്‍ക്കുന്ന മണ്ണാര്‍മല കോവിലകത്തേക്ക് ചോര തിളപ്പുള്ള യുവാക്കളെ നിയമിക്കുന്നതിലൂടെ പ്രതിലോമകരമായ സാഹചര്യത്തിലും ധൈര്യസമേതം ഉത്തരവാദിത്തങ്ങൾ നിര്‍വ്വഹിക്കപ്പെടുമെന്ന ദീര്‍ഘവീക്ഷണമാണന്ന് കാണാൻ കഴിയും. ഒരഞ്ചാം സ്ഥാനീയൻ ആ സ്ഥാനം ഏറ്റെടുത്ത് കഴിഞ്ഞാൽ മരണം വരെ അയാളതിൽ തുടരുന്നു എന്നതിനാൽ വലിയൊരു കാലയളവില്‍ മഞ്ചേരി കോവിലകത്തിന് മണ്ണാര്‍മലയുമായി ബന്ധപ്പെട്ട ഒരു ആശങ്കക്കും ഇടയില്ലാതാകുന്നു. ലൈസൻസുള്ള നടന്‍ തോക്കുൾപ്പെടെയുള്ള സംവിധാനങ്ങളുമായാണ് അവർ അയക്കപ്പടുന്നത് എന്നതിനാല്‍ ഗ്രാമന്തരങ്ങളിലുള്ള അവരുടെ വാസം സുരക്ഷയുള്ളതുമാകുന്നു.
ഞാനക്കാലം വെറുതെ മനസ്സിലേക്കാവാഹിക്കാൻ ശ്രമിച്ചു.
'മനോഹരമായി ചെത്തി മിനുക്കിയ മുറ്റം. മുറ്റത്ത് നിന്നും മുന്നോട്ട് നോക്കിയാല്‍ നീളത്തിൽ കാണുന്ന കോവിലക കൊലായി. അവിടെ തൂകി വൃത്തിയാക്കിയ തിളങ്ങുന്ന നിലം. അതിന്റെ ഇങ്ങേ ഭാഗത്ത് പടിക്കെട്ടിന് സമീപത്തായൊരു പീഠത്തില്‍ സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ളൊരു ചെല്ലപ്പെട്ടിയും താഴെ വലിയ വായയുള്ള കോളാമ്പിയും. തൊട്ടടുത്തൊരു ചാരു കസേരയില്‍ വെറ്റില മുറുക്കികൊണ്ട് തമ്പുരാൻ തിരുമനസ്സ് വലിയ ചാരു കസേരയിലങ്ങനെ കാലിന്മേൽ കാലു കയറ്റി വിശ്രമിക്കുന്നു. കസവുള്ള തുണിയും, തോളത്തൊരു മുണ്ടും, നെറ്റിയില്‍ ചന്ദനക്കുറി, കഴുത്തിൽ ഘനമേറിയൊരു സ്വര്‍ണ്ണമാല... സമീപത്ത് ഓച്ഛാനിച്ചു നില്‍ക്കുന്ന കാര്യസ്ഥർ... മണ്ണാര്‍മല തമ്പുരാൻ തിരുമനസ്സ് പള്ളി വിശ്രമത്തിൽ പരിലയിക്കുന്നു'
അക്കാലങ്ങളിൽ തമ്പുരാൻ എന്ന സ്ഥാനത്തെ വളരെ ആദരവോടും ബഹുമാനത്തോടെയുമാണ് ജനങ്ങൾ കരുതി പോന്നിരുന്നത്. തമ്പുരാൻ കൊലായില്‍ വിശ്രമിക്കുന്നു എന്ന അറിവായാൽ തമ്പുരാന്റെ മുന്നിലേക്ക് നേരെ നടന്ന് കയറാതെ വഴിമാറി നീങ്ങുന്ന ഒരു കാലത്തെ ഈ നാട് കഴിഞ്ഞ് പോയിരിക്കുന്നു. അയല്‍ വീടുകളില്‍ മത്സ്യ മാംസാദികൾ പാകം ചെയ്യുന്ന അവസരങ്ങളിൽ അതിന്റെ ഗന്ധമുയർന്ന് തമ്പുരാനെങ്ങാൻ അലോസരമുണ്ടായേക്കുമോ എന്ന് ശങ്കിച്ചവർ ഇങ്ങനെ പറയുമായിരുന്നത്രേ...
"ദേ... തമ്പുരാൻ... കൊലായിലുണ്ട് കേട്ടോ" എന്ന്.
പാണ്ടിക്കാട് പൊടിപുറപ്പെട്ട ചേലാ കലാപം വരേക്കും ചെറുമ്മി പെണ്ണുങ്ങളിവിടെ മാറുമറക്കാതെ നിന്നിരുന്നിരിക്കണം. അവരുടെ ആൺതരികൾ ഒറ്റമുണ്ട് മാത്രം ധരിച്ച് പരമ പുഛമടക്കി തമ്പുരാന് മുഖം കാണിക്കാൻ നിന്നിരുന്നയിടമിന്ന് കാടുപിടിച്ചു കിടക്കുന്നത് കാണാം. എന്റെ മനസ്സ് ഒരു നൂറ്റാണ്ട് പിന്നിലേക്ക് സഞ്ചരിച്ച് കേരളത്തിൽ തീണ്ടലും തൊടീലുമൊക്കെ ശക്തമായി നിലനിന്നിരുന്ന ആ കഴിഞ്ഞ കാലത്തേക്ക് നീങ്ങി. അവിടെ മനുഷ്യർക്കിടയിൽ അന്നുണ്ടായിരുന്ന ദൂരങ്ങൾ ചരിത്രത്തിൽ കാണാൻ കഴിയുന്നതണല്ലോ.
ഏതാണ്ട് സി ഇ ഒമ്പതാം നൂറ്റാണ്ടോടു കൂടിയാണ് കേരളത്തിൽ ജാതിവ്യവസ്ഥ ശക്തമാകാൻ തുടങ്ങിയത് എന്ന് കാണാൻ സാധിക്കും. ശ്രേണീബദ്ധമായ ജാതിക്രമത്തിൽ നമ്പൂതിരിമാർക്കായിരുന്നു ആധിപത്യം. നാലു വർണ്ണങ്ങളും അവയുടെ ഉപവിഭാഗങ്ങളും അക്കാലങ്ങളിലാണ് അംഗീകരിക്കപ്പെട്ടത്. ഏറ്റവും ഉയർന്ന സ്ഥാനമലങ്കരിക്കുന്ന ബ്രാഹ്മണരെന്നവകാശപ്പെടുന്ന നമ്പൂതിരിമാർ ഓരോ ജാതിയുടെയും ധർമത്തെ സംബന്ധിച്ച് മനുസ്മൃതിയിലെ നിയമങ്ങൾ കർശനമായി പാലിക്കുവാൻ ശ്രദ്ധിച്ചു. നമ്പൂതിരിമാരുടെ സാമൂഹിക ഘടന കൂടുതൽ സുഘടിതമാകുന്നതിനും ജാതി ശ്രേണിയിൽ അവരുടെ മേധാവിത്വം സ്ഥാപിക്കുന്നതിനും വേണ്ടി ആചാരങ്ങൾ ആവിഷ്കരിക്കപ്പെട്ടു. ശങ്കരാചാര്യരാണ് ഇത് നടപ്പിലാക്കിയതെന്നൊരു അഭിപ്രായം നിലവിലുണ്ട്. നമ്പൂതിരിമാർ തങ്ങളുടെ നിത്യ ജീവിതവൃത്തികളിലും മറ്റു ജാതികളുമായുള്ള ബന്ധങ്ങളിലും പാലിക്കേണ്ട പെരുമാറ്റ സംഹിതകളാണ് ഈ ആചാരങ്ങൾ. ഇവ 'അറുപത്തി നാലാചാരങ്ങൾ' എന്നാണറിയപ്പെടുന്നത്. അതിന്റെ ഭാഗമായാണ് തീണ്ടൽ തുടങ്ങിയ അരുതായ്മകൾ ചിട്ടപ്പെടുത്തിയത്. ഈഴവൻ നായരിൽ നിന്ന് 16 അടി. നായരുടെ സ്ഥാനത്ത് നമ്പൂതിരിയാകുമ്പോൾ 32 അടി. പുലയൻ്റെ തീണ്ടാപ്പാട് 54 അടിയാണ്. ഈഴവൻ്റെ സമീപത്ത് നിന്നും പുലയൻ 30 അടി അകന്നു നിൽക്കണം. പറയനോ അത് 64 ആണത്രെ. നമ്പൂതിരി അയ്യരെ തൊട്ടാൽ നമ്പൂതിരി അശുദ്ധമാകും. ഈഴവൻ പുലയനെയും, പുലയൻ പറയനെയും സ്പർശിച്ചാലും ഇതൊക്കെ തന്നെയാണ് അവസ്ഥ. മണ്ണാർമല കോവിലകത്തെക്കുറിച്ചുള്ള പഠനം ഒരു കാലഘട്ടത്തെക്കുറിച്ചുള്ള പഠനമായി മാറുന്നത് അപ്രകാരമാണ്.
കഴിഞ്ഞ കാല കേരളത്തിന്റെ സമൂഹിക ചുറ്റുപാടുകൾക്കനുസരിച്ച് കോവിലകം അകത്തളത്തിൽ താഴ്ന്ന ജാതിക്കാര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. അലക്കുൾപ്പെടെ അടിച്ചുതളിപ്പണികളെല്ലാം ചെയത് വന്നിരുന്നത് നയർ വിഭാഗത്തിലെ സ്ത്രീകളായിരുന്നു. അവരുടെ പുരുഷന്മാർ കാവല്‍, കാര്യസ്ഥ, ഉപകാര്യസ്ഥ പണികളും ചെയത് വന്നു. ഭക്ഷണ വെപ്പിന് എമ്പ്രാന്തിരിയാണുണ്ടായിരുന്നത്. കോവിലകത്ത് അത്തരം ജോലികളിൽ ഏര്‍പ്പെടുന്നത് വലിയ അഭിമാനമായാണ് അവരന്ന് കരുതി പൊന്നിരുന്നത്. അതിനാൽ തന്നെ, മേല്‍ ജാതികള്‍ക്ക് മാത്രമാണ് കോവിലകത്തിനകത്തേക്ക് പ്രവേശനമനുവദിക്കപ്പെട്ടത്. കോവിലകത്തിനകത്തെ തേക്കിനിയിൽ തിരുമാന്ധാംകുന്ന് ഭഗവതിയുടെ പ്രതിഷ്ഠയുള്ളതിനാൽ കോവിലകത്തിനകത്തേക്ക് എന്നല്ല അതിന്റെ നാലഴലത്ത് പോലും താഴ്ന്ന ജാതിക്കാർക്ക് പ്രവേശനമുണ്ടായിരുന്നില്ല. എന്നാൽ, താഴ്ന്ന ജാതികള്‍ക്കിടയിലേക്ക് വന്നിരുന്ന പുതുപ്പെണ്ണുങ്ങളെ മണ്ണാര്‍മല രാജാവിനു ദർശനം നൽകി കാണിക്ക സമര്‍പ്പിക്കുന്ന ഒരു ചടങ്ങ് അക്കാലത്തുണ്ടായിരുന്നത്രെ. കൊലായില്‍ ഉപവിശ്ഠനാകുന്ന തമ്പുരാന് മുന്നില്‍ പുതുപ്പെണ്ണിനെ ഒരുക്കി നിർത്തി അവള്‍ക്ക് ചുറ്റും നൃത്തമാടുന്നൊരു ചടങ്ങായിരുന്നു അത്. വട്ടക്കളി അല്ലെങ്കിൽ ചവിട്ടുക്കളി എന്ന ആ ചടങ്ങിന്റെ പ്രധാന ഉദ്ദേശം കോവിലകത്ത് നിന്നും ലഭിക്കുന്ന നെല്ലോ അരിയോ ആയിരുന്നു. മാറിയ കാലത്ത് കോവിലകത്തിന് സമീപം താമസിച്ചു വരുന്ന മേല്‍ ഹരിജനങ്ങൾ കോവിലകത്തിന്റെ പേരിനോട് ചേര്‍ന്ന് 'കോവിലകത്ത് ചാളയിൽ' എന്ന വിലാസത്തിലാണിന്ന് അറിയപ്പെടുന്നത്. കോവിലകത്തിനു സമീപം താമസിക്കുന്ന ഇന്നും കഠിനമായ വിശ്വസം പുലർത്തിപ്പോരുന്ന മണ്ണാൻ വിഭാഗക്കാർ ഇടിഞ്ഞു പൊളിഞ്ഞ് വീഴാറായ ആ കോവിലക കെട്ടിന് സമീപത്തൂടെ പോലും ആര്‍ത്തവം പോലുള്ള അവസരങ്ങളിൽ നടന്ന് പോകാറില്ല എന്ന വർത്തമാനം വളരെ അത്ഭുദത്തോടെയാണ് ഞാൻ കേട്ടു നിന്നത്.
കഥ പറയുന്ന ആ മുറ്റത്ത് നിന്നും ചരിത്രമതിന്റെ വിരിമാറു കാട്ടി നടന്നു നീങ്ങിയ കൊലായിലേക്ക് ഞാൻ നടന്നു കയറുമ്പോൾ അകക്കണ്ണിൽ ഞാനാ പോയ കാലത്തെ വീണ്ടുമൊരിക്കൽ കൂടി കാണാൻ മറന്നില്ല.
കോലായി ആകെ നാമാവശേഷമാണ്. അവിടവിടെയായി നിറയെ ചെടികൾ വളര്‍ന്ന് നില്‍ക്കുന്നു. ഇരിപ്പിടത്തിൽ വിരിച്ച നീളന്‍ മരപ്പലകകള്‍ ചിതലരിച്ച് ഇളകിയിരിക്കുന്നു. തകര്‍ന്ന് വീഴാറായ മേല്‍ക്കൂരയുടെ നില്‍പ്പ് ഒട്ടൊരു ഭീതിയോടെയല്ലാതെ കാണാൻ കഴിയില്ല. ചുരുക്കത്തിൽ, പടിപ്പുര കെട്ടിൽ നിന്നും ഒട്ടുമേ വെത്ത്യസ്തമായിരുന്നില്ല കോവിലകം കൊലായുടെ അവസ്ഥയും.
വിശാലമായ അതിന്റെ ഒരറ്റത്താണ് അകത്തേക്കുള്ള പ്രധാന കവാടമുള്ളത്. തേക്കിൻ കാതൽ കൊണ്ട് നിര്‍മിച്ചതാകാം ചിത്രപ്പണികളുള്ള ആ വലിയ കവാടമെന്ന് എന്റെ സഹയാത്രകൻ അഭിപ്രായപ്പെട്ടു. അതിലൂടെ അകത്തേക്ക് പ്രവേശിക്കുമ്പോൾ വലതു വശത്ത് പത്തയപ്പുര കാണാം. ഒരുകാലത്ത് നിറയെ നെല്ല് കൂട്ടി വച്ചിരുന്നയിടം. കാണമായും പാട്ടമായും കോവിലകത്തേക്കൊഴുകിയിരുന്ന സമ്പത്ത് കുമിഞ്ഞ് കൂട്ടിയിരുന്നത് അവിടെ ആയിരുന്നു. അതിന്റെ സാക്ഷ്യമെന്നോണം വരും തലമുറയോട് പറയാൻ ബാക്കിവെച്ച കഥ പോലെ അവിടവിടെയായി ഉണങ്ങിയ നെൽ മണികളും സ്വര്‍ണ്ണ വർണ്ണത്തിലുള്ള വൈക്കോല്‍ തുമ്പുകളുമൊക്കെ കാണാൻ കഴിയുന്നു. ഒരു കാലത്ത് നമ്മുടെ നാട്ടില്‍ നിലവിലുണ്ടായിരുന്ന ഭൂവുടമ സമ്പ്രദായത്തെക്കുറിച്ചുളള ഓര്‍മ്മപ്പെടുത്തലുകളാണ് ആ കാഴ്ച്ചകള്‍ കണ്ടപ്പോളെന്റെ മനസ്സിലേക്കോടി വന്നത്. ജന്മിത്ത സമ്പ്രദായത്തിലധിഷ്ഠിതമായ അക്കാലത്ത് ജന്മിയുടെ അശ്രിതരെ കുടിയാന്മാരെന്നാണ് വിളിച്ചിരുന്നത്. ജന്മി തന്റെ ഉടമസ്ഥതയിലുള്ള ഭൂമി കുടിയാന്മാർക്ക് കൃഷി ചെയ്യാൻ കൊടുക്കുകയും ആദായത്തിന്റെ ഒരംശം ജന്മിക്ക് പാട്ടമായി നല്‍കുകയും ചെയ്തിരുന്ന വ്യവസ്ഥയായിരുന്നു അത്. ജാതി വ്യവസ്ഥ ശക്തമായി നിലനിന്നിരുന്ന അക്കാലഘട്ടത്തിൽ ജന്മിത്ത സമ്പ്രദായങ്ങളും ശക്തമായിരുന്നു എന്നു വേണം കരുതാന്‍.
കൃഷിയിടത്തിൽ ജോലി നോക്കുന്നവർക്ക് കൂലിയായി നെല്ലോ ഭക്ഷണമോ ആണ് അക്കാലത്ത് നല്‍കി വന്നിരുന്നത്. തന്റെ അമ്മക്കും തനിക്കും കോവിലകം വയലില്‍ കൃഷിപ്പണിയിലേർപ്പെട്ടതിന് ലഭിച്ച നാലിടങ്ങഴി നെല്ലിന്റെ ഓര്‍മ്മകളെ കുറിച്ച് കോവിലകത്തിന് സമീപം താമസിച്ചു വരുന്ന ഒരമ്മ പറഞ്ഞത് ഞാനോര്‍ക്കുന്നു. കൂടാതെ, നെല്ലു കുത്തി അതിന്റെ ചെറിയൊരംശം കൂലിയായി എടുത്ത് ബാക്കി മുഴുവന്‍ കോവിലകത്തേക്ക് നല്‍കി വന്നിരുന്ന ഓര്‍മ്മകൾ പങ്കുവെച്ച ഇണ്ണ്യാമ്പത്ത് വീട്ടുകാരെയും ഞാനവിടെ കാണുകയുണ്ടായി. പുരാതന മലബാറില്‍ ഭക്ഷണം മാത്രം കൂലിയായി ലഭിച്ചിരുന്ന അടിയാളർക്ക് ജോലിക്കിടെ ഭക്ഷണം നല്‍കിയിരുന്ന രീതിയെ കുറിച്ചുള്ള ചിന്ത ഏവരെയും അത്ഭുദപ്പെടുത്തുന്ന കാര്യമാണന്ന് പറയാതിരിക്കാന്‍ കഴിയില്ല. മേൽജാതിക്കാരുടെ വീട്ടിൽ നിന്ന് കുറച്ചുമാറി ദൂരെ പറമ്പിൽ കുഴികൾ കുഴിച്ച് അതിൽ കൂമ്പിൾ വെച്ചാണ് നെല്ലു കുത്തിയ അരിയുടെ കഞ്ഞിയും പുഴുക്കും അവര്‍ക്ക് നല്‍കി വന്നിരുന്നത്. ചക്ക, കപ്പ, കാച്ചിൽ, ചേന, ചേമ്പ്, ഏത്തക്ക, വാഴക്ക, കിഴങ്ങ്, തവിട് കാച്ചിയത്, ഇണ്ണിത്തണ്ട്, കപ്പ തുടങ്ങിയവയിലേതെങ്കിലും ചേർത്ത് പുഴുങ്ങിയതായിരുന്നു പുഴുക്ക്. പിന്നീട്, ഭക്ഷണം തൊടിയില്‍ വെച്ചുകൊടുക്കുന്ന രീതിക്ക് മാറ്റം വരികയും മുറ്റത്ത് കുഴി കുഴിച്ച് അതിൽ ഇല വെച്ച് കൊടുക്കാൻ തുടങ്ങുകയും ചെയതു.
പഴയകാല കേരളത്തിൽ നിലവിലിരുന്ന ഉത്പാദന വിനിമയ രീതിയായിരുന്നു കാണപ്പാട്ട സമ്പ്രദായം. ഭൂമിയിൽ സർവ്വ അവകാശങ്ങളുള്ളവനും ഉത്പാദനത്തിന്റെ പ്രധാനഭാഗം കൃഷിയെടുത്തിരുന്ന പാട്ടക്കാരിൽ നിന്നും അനുഭവിക്കാൻ സ്വാതന്ത്ര്യം ഉള്ളവരുമായിരുന്ന ജന്മിമാർ തങ്ങളുടെ ഭൂമി അന്യാധീനപ്പെട്ടു പോകാതിരിക്കാൻ ഏർപ്പെടുത്തിയ പാട്ട സമ്പ്രദായമാണ് കാണപ്പാട്ട സമ്പ്രദായം. പാട്ടത്തിനു വാങ്ങുമ്പോൾ കുടിയാൻ ജന്മിക്കു കൊടുക്കുന്ന തുകയാണ് കാണം അഥവാ കാണപ്പണം. നിശ്ചിതമായ പ്രതിഫലം ഉറപ്പിച്ചു കൃഷിക്കുള്ള അവകാശം മറ്റൊരാളെ ഏല്പിക്കുന്നതിനെ പാട്ടം എന്നും പറയുന്നു. ഭൂമി പാട്ടക്കാരനു പണയമായി നൽകുന്നതു പോലെയാണ് കാണപ്പാട്ടം വ്യവസ്ഥകൾ. മലബാറിലാണ് പാട്ട വ്യവസ്ഥ ഏറ്റവും ശക്തമായി നിലനിന്നത്. തീയ്യരും, മാപ്പിളമാരുമാണ് വെറും പാട്ടക്കാർ. ഇവർ ജന്മികളുടെ കയ്യിൽ നിന്നും കാണപ്പണം കൊടുത്ത് ഭൂമി പാട്ടത്തിനെടുക്കുന്നത് പതിവായിരുന്നു. നമ്പുതിരി മുതൽ നായന്മാർ വരെ കാണക്കാരായും, തിയ്യന്മാരും മാപ്പിളമാരും വെറുമ്പട്ടക്കാരായും, ശേഷം, കരകൗശലത്തൊഴിലാളികൾ, ആശാരി, തട്ടാൻ, കൊല്ലൻ തുടങ്ങിയ സേവന ജാതികളും, അവർക്ക് താഴെ ഏറ്റവും ഒടുവിലായി പുലയർ, ചെറുമക്കൾ തുടങ്ങിയ കർഷകത്തൊഴിലാളികളും ഈ ശ്രേണിയെ സജീവമാക്കുന്നു.

പൂര്‍ണ്ണമായും മരം കൊണ്ട് നിർമ്മിച്ച പത്തായപ്പുരയുടെ നിര്‍മ്മണ വെെഭവം കമനീയമായ ഒരു മാതൃക തന്നെയാണ്. കോവിലകത്തിന്റെ പ്രധാന വാതില്‍ക്കല്‍ തന്നെ അന്നം ശേഖരിച്ച് വെക്കാനുള്ള ഇത്തരമൊരിടം നീക്കി വെച്ചത് യാദൃശ്ചികമാകാൻ വഴിയില്ല. ചില ഉയർന്ന മൂല്യങ്ങളാണത് പ്രതിനിധാനം ചെയ്യുന്നതെന്നുറപ്പാണ്. പത്തായ പുരക്ക് താഴെ ഒരു നിലവറ കൂടി ആ ഭാഗത്തുണ്ട് എന്ന് പറയപ്പെടുന്നു. അതിലായിരുന്നത്രേ വലിയ ചെമ്പുകൾ, ഉരുളികൾ, ചക്ക് എന്ന ഒരുതരം വലിയ ഉരുളി എന്നിവ സൂക്ഷിച്ചു വെച്ചിരുന്നത്. കോവിലകത്തെ അവശ്യങ്ങൾ കൂടാതെ കോവിലകം സമീപത്തെ വീടുകളില്‍ നടക്കുന്ന വിശേഷങ്ങൾക്കായി അവരത് വാങ്ങിക്കാൻ വരുന്നതിനെ സംബന്ധിച്ചുള്ള രസകരമായ ഒരു ചടങ്ങിനെ കുറിച്ചന്ന് അറിയുകയുണ്ടായി. ക്ഷേത്ര പരിശുദ്ധിയിൽ നിലനിര്‍ത്തി പോരുന്നതിനാൽ നായന്മാരിലെ പോലും ഉയർന്ന ജാതികൾക്ക് മാത്രമാണ് കോവിലകമകത്തളത്തേക്ക് അക്കാലങ്ങളില്‍ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. അതിനാല്‍, ആവശ്യക്കാരുടെ ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള പാത്രങ്ങള്‍ നിലവറയില്‍ നിന്നും എടുത്ത് പൊക്കി കോവിലകം പടിക്കലോ പടിപ്പുരയിലോ കൊണ്ടുപോയി നിരത്തി വെച്ച് എണ്ണമെടുക്കേണ്ട ഉത്തരവാദിത്തം കാര്യസ്ഥനിൽ നിക്ഷിപ്തമായിരുന്നു. കാര്യസ്ഥൻ... പണിക്കാരുടെ സഹായത്തോടെ ആവശ്യമായ പാത്രങ്ങള്‍ പുറത്തെടുത്ത് ഓരോ പത്രങ്ങളിലും തന്റെ ചൂണ്ടു വിരൽ മുട്ടുകൊണ്ട് 'ക്ണിം' എന്നൊരു ശബ്ദം ഉണ്ടാക്കുമത്ര. കൊണ്ടുപോകാനായി നില്‍ക്കുന്ന ആളുകള്‍ക്ക് കേള്‍ക്കാനായാണ് അപ്രകാരമാ ശബ്ദം പുറപ്പെടുവിക്കുന്നത്. 'ക്ണിം' നാദം വ്യതിയാനങ്ങളേതുമില്ലാതെ വളരെ ലോലമായ രൂപത്തിലാണ് അവസാനിക്കുന്നതെങ്കിൽ പാത്രങ്ങൾക്കൊന്നും ഒരു പോറലുപോലുമില്ലാ എന്നാകുന്നു സൂചന. ശബ്ദത്തിന് വ്യതിയാനങ്ങളെന്തെങ്കിലും സംഭവിച്ചാൽ പാത്രങ്ങളിൽ കാര്യമായ പൊട്ടോ പോറലോ ഉണ്ടെന്നും അര്‍ത്ഥമാക്കുന്നു. അതുപോലെ തിരിച്ച് കൊണ്ട് വരുമ്പോഴും കാര്യസ്ഥന്റെ സാന്നിധ്യത്തില്‍ ആ ശബ്ദം ഉണ്ടാക്കി മാത്രമായിരുന്നു അവ നിലവറയിലേക്ക് എടുത്ത് വെച്ചിരുന്നത് എന്നാണ് ചരിത്രം.
പത്തായപ്പുരയുടെ മുന്നിലെ മനോഹരമായ കൊത്തു പണികള്‍ നിറഞ്ഞ ഇടനാഴിയിലൂടെ മുന്നോട്ട് നടന്നാൽ കോവിലക നടുമുറ്റത്തേക്കാണ് എത്തിച്ചേരുക. കോവിലകമൊരു നാല് കെട്ടാണന്ന് അവിടുത്തെ കാഴ്ച്ചകണ്ടാൽ തോന്നുമെങ്കിലും നടുമുറ്റത്ത് നിന്നും മുന്നോട്ട് നടന്നാൽ ആ ധാരണ തിരുത്തപ്പെടുമെന്നുള്ളതാണ് അനുഭവം.
കരിങ്കൽ വിളക്ക് സ്വാഗതം ചെയ്യുന്ന നടുമുറ്റത്തിന്റെ ഇടതു വശത്ത് അടുക്കളയും വലതു ഭാഗത്ത് അല്‍പ്പമുയരത്തിലൊരു തറയും കാണാം. അതിൽ സ്ഥാപിച്ചിരിക്കുന്ന നാല് വലിയ മരത്തൂണുകളാണ് തറയുടെ ഒത്ത മുകളിലുള്ള മാളികമുകളിനെ താങ്ങിനിർത്തുന്നതെന്ന് തോന്നുന്നു. അതിന്റെയൊരു വശത്ത് മാളികയിലേക്ക് കയറുവാനുള്ള മൃദാവസ്ഥയിലുള്ള ഒരു മരഗോവണിയും നടുവില്‍ കളവും അതിനുമപ്പുറം തെക്കിനി എന്ന് വിളിക്കുന്ന ചെറിയൊരു പൂജാ മുറിയുമാണുള്ളത്. തിരുമാന്ധാംകുന്നിലമ്മയെ കുടിയിരുത്തിയിരിക്കുന്ന തേക്കിനിക്കു വെളിയിലെ തറയില്‍ ദേവിയുടെ ചിത്രം വരച്ച് പൂജാതി കര്‍മ്മങ്ങൾ ചെയ്യുന്ന ഒരു ചടങ്ങ് പണ്ടു കാലങ്ങളിലിവിടെ ഉണ്ടായിരുന്നുവത്രെ. കളംപ്പാട്ട് എന്ന വിളിപ്പേരിലറിയപ്പെടുന്ന ആ കർമ്മം നിര്‍വ്വഹിച്ചിരുന്നത് പ്രകൃതിയിൽ നിന്നും ലഭിക്കുന്ന വര്‍ണ്ണങ്ങള്‍ ഉപയോഗിച്ചായിരുന്നു. അന്നേ വരെ തെക്കിനിക്കുള്ളിൽ കഴിഞ്ഞ് വരുന്ന ദേവിയെ തെക്കിനിക്കു വെളിയിലെ തറയില്‍ കളംപ്പാട്ട് വരച്ചതിലേക്ക് ആവാഹിക്കുന്ന ചടങ്ങ് എന്ന നിലയിലാണാ കര്‍മ്മത്തിന്റെ വിശ്വാസ സങ്കല്‍പ്പം. പകല്‍ സമയമായിട്ട് പോലും പൂജ മുറിയില്‍ കനത്ത ഇരുട്ടായിരുന്നു. ഞങ്ങൾ മൊബൈൽ ടോര്‍ച്ചിന്റെ പ്രകാശത്തിലതിനുള്ളിലേക്ക് കയറി ചെന്നു.
ഈ കോവിലക കെട്ടിൽ ഒരു കാലത്ത് ഏറ്റവും ഭക്തിയാദരവോടെ മാത്രം സമീപിച്ചിരുന്ന പവിത്രമായ മുറി. എന്നാൽ, ഇന്നതിന്റെ അവസ്ഥയോർത്ത് വല്ലാത്ത ദുഃഖം തോന്നുന്നു. നിറയെ മാലിന്യ കൂമ്പാരങ്ങൾ, മൂത്രത്തിന്റെ അസഹ്യമായ ഗന്ധം. മുറിയുടെ രൂപഭാവവും കിടപ്പും അതൊരു കക്കൂസാണന്ന് തെറ്റിദ്ധരിച്ചതിനാലാകാം സാമൂഹ്യ വിരുദ്ധരവിടെ കാര്യം സാധിച്ച് പോയിരിക്കുന്നത്. അവിടെ നിലത്ത് പഴകി ദ്രവിച്ചൊരു വാളും നിലത്ത് പറ്റി പിടിച്ചുകിടക്കുന്നൊരു ചുവന്ന തുണിയും കാണാം. വെളിച്ചപ്പാടിന്റെ വാളും ഉടവസ്ത്രവുമാണത്. ഒരുകാലത്ത് പരമ പവിത്രമായി കരുതി പോന്നിരുന്ന ഒരു കോവിലകത്തിലെ ഗർഭഗൃഹമെന്നവകാശപ്പെടാൻ കഴിയുന്ന ആ ഭാഗത്തിന്റെ ഇന്നത്തെ അവസ്ഥ ഏതൊരു സന്ദര്‍ശകന്റെ ഉള്ളിലും മനപ്രയാസമുണ്ടാക്കുന്നു.
കോവിലകത്തെ സകല വസ്തുക്കളും മോഷ്ടിച്ച് കൊണ്ടുപോയ സമൂഹ്യ വിരുദ്ധർ ആ വാളും തുണിയും കൽവിളക്കുമൊക്കെ അപഹരിക്കാതെ അവിടെ ഉപേക്ഷിച്ചിട്ട് പോയത് ഒരുപക്ഷേ അതിന്മേലുള്ള ദൈവീകമായ വിശ്വാസം കൊണ്ടായിരിക്കാം. ഇത്തരം വിശ്വാസാദർശങ്ങളും ചരിത്രപഠന ശാഖയും തമ്മില്‍ എക്കാലത്തും പരസ്പരം കലഹച്ചിട്ടുണ്ടന്നെനിക്ക് തോന്നിയിട്ടുണ്ട്. കേവലമായൊരു മോഷണം അത്യധികം അപലപനീയം തന്നെയാണ്. അതിൽ തർക്കത്തിന് ലവലേശം സാധ്യതയില്ല തന്നെ. എന്നാൽ, ഇന്നുവരെ ഒരാളുപോലും ആ വസ്തുക്കള്‍ പഠനാവശ്യത്തിനോ മറ്റോ എടുക്കുകയോ പുരാവസ്തു വകുപ്പ് പോലുള്ള ബന്ധപ്പെട്ട സ്ഥാപനങ്ങളെ അറിയിച്ച് സംരക്ഷിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയോ ചെയ്തതായി ഇവിടെ കാണുന്നില്ല എന്നുള്ളത് എന്നെ അത്ഭുദപ്പെടുത്തുന്നു. ഒരു കാലഘട്ടത്തിന്റെ നീണ്ട കഥകൾ ഒളിഞ്ഞിരിക്കുന്ന വിലമതിക്കാനാവാത്ത ആ വസ്തുക്കള്‍ കേവലം വിശ്വാസത്തിന്റെ പേരില്‍ മണ്ണിലുപേക്ഷിക്കപ്പെട്ടത് അത്യധികം സങ്കടകരം തന്നെയാണെന്ന് പറയാതിരിക്കാന്‍ കഴിയില്ല. അഥവാ, ഒരു കാലഘട്ടത്തിന്റെ പഠനങ്ങള്‍ക്കായുള്ള വലിയ സാധ്യതകൾ നമ്മുടെ നാടുകളിലെ കേവല വിശ്വാസാചരങ്ങളുമായി കൂട്ടിമുട്ടി തകരുന്നു എന്ന് വേണം കരുതാന്‍. അതുകൊണ്ടു കൂടിയാണ് അനേകം നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകൾ ഇന്ന് വെറും വിവാദ വിഷയമായി പരിണമിച്ചിരിക്കുന്നത്. എങ്കിലും, ഇത്തരം വിശ്വാസാചാരങ്ങൾക്കെതിരെ നീങ്ങി വിജയം കണ്ട മുഹൂര്‍ത്തങ്ങൾക്കും ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട് എന്നുള്ളത് വസ്തുതയാണ്. 1890 വരെ കാത്തിരിക്കേണ്ടി വന്നങ്കിലും 8000 വര്‍ഷത്തോളം പഴക്കമുള്ള എടക്കൽ ഗുഹയിലെ ചുവർചിത്രങ്ങൾ നമ്മളിന്ന് കണ്ട് കഴിഞ്ഞിരിക്കുന്നു. ഈജിപ്തിലെ 4000 വര്‍ഷങ്ങള്‍ക്കപ്പുറത്തെ ചരിത്രം പറയുന്ന പിരമിഡുകൾക്കുള്ളിലെ മഹാ രഹസ്യങ്ങള്‍ പഠിക്കാൻ പത്തൊമ്പതാം നൂറ്റാണ്ട് വരെ കാത്തിരിക്കേണ്ടിവന്നങ്കിലും അതുമിന്ന് സാധ്യമായിരിക്കുന്നല്ലോ. അങ്ങനെ എത്ര എത്ര ചരിത്രങ്ങളാണ് വിശ്വാസങ്ങളുടെ മൂടു പടത്തിൽ നിന്നും ചരിത്ര പഠനത്തിന്റെ സാധ്യതകളിലേക്ക് സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരിക്കുന്നത്.
മഞ്ചേരി കോവിലകത്തിന്റെ പരദേവതകളായ ഏറനാട് കാളനും (ശിവൻ) മാത്രകുന്ന് ഭഗവതിയുമാണ് (ദുര്‍ഗ്ഗ) മണ്ണാർമല കോവിലകത്തേയും പരദേവതകളെന്ന് കരുതാം. കൂടാതെ, മഞ്ചേരി കോവിലകക്കാർക്ക് അധികാരമെല്ലാം കല്‍പ്പിച്ചു കൊടുത്ത വള്ളുവക്കോനാതിരിമാരോടുള്ള ആദര സൂചകമായി അവരുടെ പരദേവതയായ അങ്ങാടിപ്പുറത്തെ തിരുമാന്ധാംകുന്നിലമ്മയും മണ്ണാർമല കോവിലകത്തിന്റെ ദേവസങ്കല്‍പ്പ ഭാഗമാണ്. അതിനാൽ തന്നെ, തിരുമാന്ധാംകുന്നിലമ്മക്കും മഞ്ചേരി കോവിലത്തിലെ പാട്ടുതറയിൽ വച്ച് പാട്ട് നടത്താറുണ്ട്. ദിവസവും പൂജയും, മാസം മുടങ്ങാതെ ഭഗവതിക്ക് കളം പാട്ടും കൂടാതെ കൊല്ലാകൊല്ലം മകരമാസത്തിൽ താലപ്പൊലിയും നടന്നിരുന്നു. താലപ്പൊലി ഈ നാടിന്റെ ഒരു ആഘോഷമായാണ് കൊണ്ടാടപ്പെട്ടിരുന്നത്. മറ്റേതൊരു വള്ളുവനാടൻ വേനല്‍ക്കാല ആഘോഷങ്ങളെ പോലെ തന്നെ നിറഞ്ഞ് നില്‍കുന്ന കച്ചവടക്കാർക്കും ജനങ്ങള്‍ക്കും നടുവിലേക്ക് കോവിലക തെക്കിനിയിലെ പ്രതിഷ്ഠയുടെ കൊട്ടി വരവ് ആഘോഷപൂര്‍വ്വം വിശ്വാസികള്‍ കൊണ്ടാടിയിരുന്നു. പതിനാറ് ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന താലപ്പൊലി ദിനങ്ങളിൽ ഏറ്റവും ഒടുവിലാണ് കൊട്ടി വരവ് കൊണ്ടാടപ്പെട്ടിരുന്നത്. അത്രയും ദിവസങ്ങളില്‍ സുഭിക്ഷമായി സദ്യയും കോവിലകത്തുണ്ടാകാറുണ്ടന്ന് കോവിലക സമീപസ്ഥർ പറയുന്നത് കേൾക്കാം. വിപുലമായ തോതില്‍ ഏറ്റവും ഒടുവിലായി താലപ്പൊലി നടന്നത് 1967 കാലത്തായിരുന്നത്രെ. അതിനുശേഷം പേരിനു മാത്രം ചില കൊല്ലങ്ങള്‍ കൂടി ആ ആഘോഷം കൊണ്ടാടിയെങ്കിലും കൃത്യമായ നേതൃത്വമില്ലാതെ അത് പറ്റേ മുടങ്ങി പോയി. പുരുഷാന്തരം പാട്ട് എന്നറിയപ്പെടുന്ന മുടക്കം വരാതെ 120 കളംപാട്ടുകൾ കഴിച്ച അപൂർവം സ്ഥലങ്ങളിലൊന്നാണ് മണ്ണാർമല കോവിലകം എന്നും പറയപ്പെടുന്നു. പുരുഷാന്തരം പാട്ട് കഴിച്ചയിടങ്ങളിൽ ഒരു കേടാ വിളക്ക് എന്നെന്നും ശോഭിച്ച് നില്‍ക്കണം എന്നാണെത്ര നിയമം. വളരെ കാലങ്ങളോളം കോവിലകത്തത് നിലനിര്‍ത്തി വന്നിരുന്നത്രെ. നിലവിളക്കിലെ എണ്ണ കഴിയുന്ന മുറക്ക് എണ്ണയും, തിരി ദ്രവിച്ചു പോകുന്ന മുറക്ക് തിരികളും മാറ്റി നൽകികൊണ്ട് അനേകം കാലങ്ങള്‍ ആ കെടാവിളക്കവിടെ ജ്വലിച്ചു നിന്നു. എന്നാൽ, വെളിച്ചം കേട്ട് പോയ ആ വിളക്കായിരുന്നു കോവിലകത്തന്ന് ഞങ്ങൾ കണ്ടത്. കോവിലകം തങ്ങളുടെ അവസാന നാളുകളില്‍ ആ ചടങ്ങെങ്കിലും നിലനിർത്തിപ്പോരാൻ ശ്രമിച്ചിരുന്നു എന്നതിന്റെ തെളിവാണ് ഇടിഞ്ഞു പൊളിഞ്ഞു വീഴാറായെങ്കിൽ പോലും കോവിലക പാട്ടുതറയിലെ ഉപേക്ഷിക്കപ്പെട്ട ആ കാൽ വിളക്കിന്റെ സാന്നിധ്യമെന്ന് സ്വാഭാവികമായും ഊഹിക്കാം.

കോവിലകത്തിന്റേയും കോവിലകവുമായി ബന്ധപ്പെട്ട് നടന്നിരുന്ന താലപ്പൊലിയുടേയും പോയകാല പ്രതാപത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ നാട്ടുകാരുടെ മുഖത്ത് വലിയ സന്തോഷം തെളിഞ്ഞു നില്‍ക്കുന്നതായി ഞങ്ങൾ കണ്ടു. തങ്ങളുടെ മുടങ്ങിപ്പോയ ക്ഷേത്ര കര്‍മ്മങ്ങളുടെ പുനഃസ്ഥാപനത്തിന്നായി അവരൊരു രക്ഷകനെ കാത്തിരിക്കുന്ന പോലെ തോന്നുന്നു. ഈ നാടിന് മേല്‍ കോവിലകവുമായി വല്ലാത്ത അടുപ്പമാണുണ്ടായിരുന്നതെന്ന് ആ വാക്കുകളില്‍ നിന്നും വ്യക്തമാണ്. ഞാൻ നേരത്തെ വിശദമാക്കിയിരുന്നത് മാതിരി ഒരു ക്ഷേത്രം പോലെയാണ് അവരീ കോവിലകത്തേയും അതിനുള്ളിലെ പാട്ടുതറയേയും സമീപത്തെ തെക്കിനിയേയും മറ്റും കണ്ടിരുന്നത് എന്ന് ന്യായമായും ചിന്തിക്കാം. പക്ഷേ, കോവിലകമിനി ഒരു പുനഃസ്ഥാപനം സാധ്യമാകാത്ത തരത്തിൽ കൈയെത്തും ദൂരത്ത് നിന്നും അകന്നകന്ന് പോയികൊണ്ടിരിക്കുന്നു എന്നുള്ളതാണ് യാഥാർത്ഥ്യം. ഏതെങ്കിലുമൊരു വിദൂര ഭാവിയില്‍ ഈ കോവിലകത്തെ പുനര്‍നിര്‍മ്മിച്ച് സംരക്ഷിച്ചാലെങ്ങനെ ഇരിക്കും എന്ന കാര്യം ഞാന്‍ ചിലപ്പോഴൊക്കെ ചിന്തിക്കാറുണ്ട്. എന്നാൽ, ഈ കോവിലകം വളപ്പിന്റെ അധികാരം ലഭിച്ചാല്‍ പോലും ഇനി ഒരു പുനര്‍നിര്‍മ്മാണത്തിന് സാധ്യമല്ലാത്ത വിധമിത് മണ്ണിൽ ലയിച്ചുകൊണ്ടിരിക്കുകയാണന്നാണ് വാസ്തവം.
പ്രദേശത്തെ മണ്ണാൻ വിഭാഗം തിരുമാന്ധാംകുന്നിലമ്മയുടെ ഉണ്ണിക്കാളി ദേവസങ്കല്‍പ്പത്തെ വളരെ കാലങ്ങളായി ഉപാസിച്ച് വരുന്നൊരു കൂട്ടരാണ്. വ്രതങ്ങളും, പൂതകെട്ടും, ആട്ടവും, കോമരവുമൊക്കെയായി അവർ കഠിനമായ വിശ്വസം വെച്ചു പുലര്‍ത്തുന്നു. മണ്ണാര്‍മലക്ക് ചുറ്റുമുള്ള ആറ് മലകളിൽ ഏറ്റവും ഉയരം കൂടിയ ഭാഗമായ ഉണ്ണിക്കാളി കൂമ്പനിലാണവർ ഉണ്ണിക്കാളി ദേവസങ്കല്‍പ്പത്തിന് വിളക്ക് കത്തിച്ചു വരാറ്. അതേ സമയം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ നിന്നും ഒരു വിളക്ക് ഉണ്ണിക്കാളി കൂമ്പന് നേരേയും കത്തിച്ചു വെക്കുന്നു. ഈ അടുത്ത കാലത്താണ് മല മുകളില്‍ കയറി വിളക്ക് കൊളുത്തുന്നതിന് പകരം താഴ്‌വരയില്‍ സംവിധാനിച്ചിട്ടുള്ള മണ്ഡകമെന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ചെറു ക്ഷേത്രത്തിൽ വിളക്ക് കൊളുത്തിയാൽ മതിയെന്ന് തീര്‍പ്പിൽ അവരെത്തി ചേരുന്നതും... കൊടിയാഴ്ച്ച എന്ന പേരില്‍ വിളിക്കപ്പെടുന്ന വെള്ളി, ചൊവ്വ, ഞായര്‍ ദിവസങ്ങളിൽ അത് നിര്‍വ്വഹിച്ച് പോരുകയും ചെയ്യുന്നത്. തോടിന്റെ കരയില്‍ വലിയ വീതിയേറിയ കൽപ്പാലങ്ങൾക്കപ്പുറം പുരാതനമെന്ന് തോന്നുന്ന അവരുടെ വീടും മണ്ഡകവും കാണാന്‍ സാധിക്കും. പ്രകൃതിയുടെ മടിത്തട്ടില്‍ രൂപപ്പെടുന്ന കാളി ക്ഷേത്രങ്ങളുടെ നിഗൂഢ ഭാവം അവിടെ ദർശിക്കാൻ കഴിയും.
കോവിലകത്തിന്റെ അവസാന നാളുകളില്‍ മണ്ണാർമല തമ്പുരാൻ സ്ഥാനം വഹിച്ചിരുന്ന പി എം തിരുമുല്‍പ്പാടെന്ന മഞ്ചേരി കോവിലകത്തെ അപ്പുക്കുട്ടൻ തമ്പുരാനെക്കുറിച്ച് മാത്രമാണ് കാര്യമായ വിവരങ്ങൾ ലഭ്യമായിട്ടുള്ള. മഞ്ചേരി കോവിലകത്തെ അഞ്ചാം സ്ഥാനീയനായനാണ് മണ്ണാര്‍മലയിലേക്ക് നിയോഗിക്കപ്പെടുന്നത് എന്നതിനാല്‍, യുവ രാജാക്കന്മാരുടെ സുദീര്‍ഘമായ അധികാര കാലം കാരണമായിരിക്കാം മുന്‍ സ്ഥാനീയരുടെ പേരു വിവരങ്ങൾ രേഖപ്പെടുത്താതെ പോയത്. യഥാര്‍ത്ഥത്തിൽ, അക്കാലത്ത് മഞ്ചേരി കോവിലകത്തെ അഞ്ചാം തിരുമുൽപ്പാട് ഉണ്ണിരാജ എന്ന മാനവേദൻ തിരുമുൽപ്പാടായിരുന്നു. കോവിലകത്തിന് മുന്നിലൂടെ പോകുന്ന തോട് നിർമ്മിക്കാൻ അനുമതി നല്‍കിയ കുഞ്ഞുണ്ണി തമ്പുരാന് ശേഷമാണ് ഉണ്ണി തമ്പുരാൻ അധികാരമേറുന്നത്. ഔദ്യോഗികമായി അദ്ദേഹമായിരുന്നു അന്നത്തെ മണ്ണാര്‍മല രാജ എന്ന കോവിലകമധികാരി. എന്നാൽ, മഞ്ചേരിയിൽ സ്ഥിരതാമസക്കാരനായ അദ്ദേഹത്തിന് അനാരോഗ്യം കാരണം അവിടെനിന്നും വിട്ടുപോരാൻ സാധ്യമാകാത്തതിനാൽ തന്റെ അനന്ദിരവൻ അപ്പുക്കുട്ടന് അധികാരാവകാശങ്ങളെല്ലാം ചാർത്തി നൽകി മണ്ണാര്‍മലയിലേക്ക് പറഞ്ഞുവിടുകയായിരുന്നുവത്രെ. കോവിലകത്തെ സകല സ്വത്തുവഹകളുടേയും കെെകാര്യാധികാരം അദ്ദേഹത്തിനുണ്ടായിരുന്നെങ്കിലും ഒപ്പധികാരം മാത്രം ഉണ്ണിരാജയിൽ നിക്ഷിപ്തമായിരുന്നു എന്ന് വേണം മനസ്സിലാക്കാൻ. താലപ്പൊലി പോലുള്ള വിശേഷ ദിവസങ്ങളില്‍ മാത്രമാണ് ഉണ്ണിരാജ മണ്ണാര്‍മലയിലേക്ക് എഴുന്നള്ളാറുള്ളു. അങ്ങനെ വരുന്ന അവസരത്തില്‍ കോവിലകത്ത് കഴിയാന്‍ അദ്ദേഹത്തിനൊരു പ്രത്യേക മുറിയും അതിൽ വലിയ സജ്ജീകരണങ്ങളും ഉണ്ടായിരുന്നതായി അറിയാൻ കഴിഞ്ഞു. ഇന്നും അടഞ്ഞ് കിടക്കുന്ന നിലയില്‍ മുകൾ ഭാഗത്താ മുറി കാണാൻ കഴിയും. ഒരു സപ്രമഞ്ച കട്ടിലും അലമാരയും അതിനകത്തുണ്ടത്രെ. വർത്തമാന 'കോവിലകാധികാരികളായ' സമൂഹിക വിരുദ്ധർ എന്തുകൊണ്ടായിരിക്കാം അതിനകത്ത് കയറി പറ്റാഞ്ഞതെന്ന ചിന്ത സ്വാഭാവികമായും എന്റെ മനസ്സിലേക്കുയർന്ന് വന്നിരുന്നു അന്ന്. തമ്പുരാനോടുള്ള ബഹുമാനം ഈ നാട്ടിലെ യുവാക്കള്‍ പോലും കാത്തു സൂക്ഷിച്ചു പോരുന്നത് കൊണ്ടായിരിക്കുമോ അങ്ങനെ...? അതോ, സമകാലീന യുവത്വം എത്രകണ്ട് വീരഷൂര പരാക്രമികളാണെങ്കിലും അമാനുഷികമായ വിശ്വസങ്ങളിൽ സകല ദൈര്യങ്ങളും ചോര്‍ന്നൊലിച്ച് പോകുന്ന ഭീരുക്കളായേക്കുമോ അവർ. കോവിലകത്ത് ഞങ്ങൾ നേരത്തെ കണ്ട കൽവിളക്കിന്റെ കാഴ്ച്ചയും തെക്കിനിയിലെ വെളിച്ചപ്പാടിന്റെ വാളിന്റെ കാഴ്ച്ചയും നല്‍കുന്ന സൂചനയും മറ്റൊന്നല്ലല്ലോ. എന്തായാലും, കഴിഞ്ഞ കാലത്തെങ്ങോ ആരോ താമസിച്ചു വന്ന് പിന്നീടുപേക്ഷിച്ചുപോയ ഒരു വീട് എന്നതിനപ്പുറം തമ്പുരാക്കന്മാരെ അറിയുന്നവരോ അവരെ കാണുക പോലും ചെയ്തവരോ ആയിരിക്കില്ല നാട്ടിലെ പുതിയ തലമുറ എന്ന കാര്യത്തിൽ സംശയമേതുമില്ല. അതിനാൽ, ജാതി മത ഭേദമന്യേ കേരള സമൂഹത്തിൽ ആഴത്തില്‍ പതിഞ്ഞു നില്‍ക്കുന്ന ശക്തമായ ദൈവീക വിശ്വാസം കാരണമാണ് മേല്‍ പ്രവര്‍ത്തികളിൽ നിന്നും അവരെ തടഞ്ഞ് നിര്‍ത്തുന്നതെന്ന് സ്വാഭാവികമായും ചിന്തിക്കാം. അത്തരം വസ്തുക്കളിൽ സ്പര്‍ശിക്കുന്നത് പോലും വലിയ പാപമായി അവർ കരുതുന്നു.

പാട്ടുതറയുടെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന തെക്കിനിക്ക് നേരെ മുകളിലായിരുന്നു ആദ്യകാലങ്ങളില്‍ രാജാവ് പള്ളിക്കുറുപ്പ് കൊണ്ടിരുന്ന പള്ളിയറ. പാട്ടുതറയുടെ ഒരു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഇന്ന് തീര്‍ത്തും നശിച്ചു കഴിഞ്ഞ ഒരു മരഗോവണി കയറി ചെന്നാൽ കാണുന്ന വിശാലമായൊരു മുറിയുടെ വശത്തായിരുന്നു അത്. എന്നാൽ, കോവിലകത്ത് അടിക്കടി ഉണ്ടായികൊണ്ടിരുന്ന എന്തൊക്കെയോ ദോഷങ്ങളും ദുരിതങ്ങളും കാരണം ജ്യോത്സ്യനെ വിളിച്ച് വരുത്തി പരിശോധന നടത്തിയപ്പോൾ ഈശ്വരസേവ മുറിക്ക് മുകളിലുള്ള പള്ളി അറയാണ് പ്രശ്നക്കാരനെന്ന് കാണുകയും, പള്ളിയറ തലസ്ഥാനത്തു നിന്ന് പടിഞ്ഞാറ്റിക്ക് മുകളിലെ വടക്കേ തലക്കലിൽ ഇന്ന് കാണുന്ന ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു എന്നുമാണ് ചരിത്രം. ഈ ലോകം കടന്ന് പോയ സമൂഹിക പരിവര്‍ത്തന ഘട്ടങ്ങളിലെ ഏതെങ്കിലും മുഹൂര്‍ത്തങ്ങളാണോ കൃത്യമായ കാലഘണന ലഭിക്കാത്ത ആ സംഭവത്തിന് ഹേദുവായ ആ ദോഷങ്ങളും ദുരിതങ്ങളും എന്നതിനെ സംബന്ധിച്ച് കൂടുതൽ അറിവ് ലഭ്യമല്ല. കാരണം, തങ്ങളുടെ കുടുംബത്തിലോ സ്ഥാപനങ്ങളിലോ ഉണ്ടായേക്കാവുന്ന ദുരിതം പോലെ തന്നെ ആയിരിക്കുമല്ലോ തങ്ങളുടെ അധികാരത്തിൻ കീഴിലുള്ള ഒരു പ്രദേശത്തിന് മേലുള്ള ബാഹ്യ ഇടപെടലുകളെ അവർ കണ്ടിരുന്നിരിക്കുക.
അപ്പുക്കുട്ടൻ തമ്പുരാന് കോഴിക്കോട് സാമൂതിരി കോവിലകവുമായുണ്ടായ വിവാഹ ബന്ധത്തില്‍ രണ്ട് മക്കളാണുണ്ടായിരുന്നത്. ഭാര്യ അനുജത്തി തമ്പാട്ടി അധ്യാപികയായിരുന്നു. അവർ പിന്നീട് അങ്ങാടിപ്പുറം തരകന്‍സ് ഹൈസ്കൂളിലെ അധ്യാപനത്തിൽ നിന്നും വിരമിച്ചു. മൂത്ത മകൾ ഗംഗാദേവി തമ്പാട്ടിയെ അവരുടെ അമ്മ വീടായ കോഴിക്കോട് സാമൂതിരി കോവിലകത്തേക്കും, രണ്ടാമത്തെ മകൾ മീര തമ്പാട്ടിയെ മണ്ണാര്‍ക്കാടടുത്ത് പുലാപ്പറ്റ കുതിരവട്ടം സ്വരൂപം തമ്പാൻ കുടുംബത്തിലേക്കുമാണ് കല്യാണം കഴിപ്പിച്ചു വിട്ടിരിക്കുന്നത്. അവർ യഥാക്രമം, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, തൂത ദാറുൽ ഉലൂം ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപനം നോക്കി വരുന്നു. ചെർപ്പുളശ്ശേരിയിലെ മോയികുന്നത്ത് മനയുടെ സമീപം 'വെൺമാടം' എന്ന വീട്ടിലാണ് ഭർത്താവൊന്നിച്ച് മീര തമ്പാട്ടി താമസിച്ചു വരുന്നത്. കേരളത്തിലെ മറ്റേതൊരു കുലീന കുടുംബങ്ങളേയും പോലെ മരുമക്കത്തായ സമ്പ്രദായമനുശ്ഠിച്ച് വരുന്ന ഈ കുടുംബത്തിലും മക്കള്‍ രണ്ടുപേര്‍ക്കും കോവിലകം സ്വത്തുവഹകളിൽ അവകാശമേതുമില്ല. അനന്തരാവകാശം തമ്പുരാന്റെ സഹോദരി പുത്രർക്കാണ്.
പരമ്പരാഗതമായി സ്വത്തവകാശം സ്ത്രീവഴി സന്താനങ്ങൾക്ക് മാത്രമായി നൽകിപ്പോരുന്ന രീതിയായിരുന്നു മരുമക്കത്തായം. കുറച്ചുകാലം മുമ്പുവരെ ഈ സമ്പ്രദായം കേരളത്തിലെ പല സമുദായങ്ങളിലും നിലനിന്നിരുന്നു. മലബാറിലെ ചില പ്രദേശങ്ങളിൽ ഇതിന്റെ ഭാഗമായി വധൂഗൃഹത്തിൽ അന്തിയുറങ്ങുന്ന പുതിയാപ്പിള സമ്പ്രദായം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കൂടാതെ, നായർ സമുദായം, മലബാറിലെ ചില ഉയർന്ന തീയ്യ വിഭാഗങ്ങള്‍, രാജകുടുംബങ്ങൾ, ചില ബ്രാഹ്മണര വിഭാഗങ്ങള്‍, അമ്പലവാസികൾ തുടങ്ങിയവരും ഭൂരിഭാഗം ആദിവാസികളും ഇത് പാലിച്ചു പോരുന്നു. കർണ്ണാടകയിൽ ഇതിനെ 'അളിയൻ സന്താന നിയമം' എന്നാണ് വിളിക്കുന്നത്. ഈ സമ്പ്രദായമനുസരിച്ച് മരുമക്കളുടെ രക്ഷാധികാരികള്‍ അമ്മാവന്മാരായിരിക്കും. ഭാര്യാഗൃഹത്തില്‍ ഭര്‍ത്താക്കന്മാര്‍ക്ക് അവകാശമൊന്നുമില്ല. അമ്മാവന്റെ കാലശേഷം അയാളുടെ സഹോദരിമാരിൽ മൂത്തവളുടെ മൂത്തമകനാണ് അടുത്ത അവകാശി. അതുപ്രകാരം മണ്ണാര്‍മല കോവിലകത്തെ അപ്പുക്കുട്ടന്‍ തമ്പുരാന്റെ മക്കളെ മഞ്ചേരി കോവിലകത്തെ മക്കളാണന്ന് പറയുന്നതിനു പകരം സാമൂതിരി കോവിലകത്തെ സന്താനങ്ങളാണെന്നാണ് പറയുക. മരുമക്കത്തായ സമ്പ്രദായത്തിന്റെ ശൈഥില്യം മാക്കത്തോറ്റം, മാരന്‍പ്പാട്ട് തുടങ്ങിയ നാടന്‍പാട്ടുകളിൽ ആഖ്യാനം ചെയ്യപ്പെട്ട നിലയില്‍ വള്ളുവനാട്ടിൽ സുലഭമാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറി കിടക്കുന്ന അൻപതോളം അവകാശികളാണ് ഈ കോവിലകത്തിനിന്നുളളത്. അഥവാ, ഏകോപിക്കാനോ പരിഹരിക്കാനോ കഴിയാത്ത അൻപത് അഭിപ്രായങ്ങളും അതിന്മേലുള്ള തര്‍ക്കങ്ങളുമാണ് ഈ കോവിലകത്തിനോടുള്ള കടുത്ത അവഗണനക്കും അതിന്റെ ഫലമായുണ്ടായ ശോചനീയാവസ്ഥക്കും കാരണമെന്ന് ന്യായമായും ചിന്തിക്കാം. ചരിത്രത്തിന്റെ ഇന്നലെകളെ സജീവമാക്കിയിരുന്ന ഈ വിചിത്രാചാരം എത്ര അനുചിതമായാണ് വർത്തമാന കാലത്തോട് സംവദിക്കുന്നത് എന്ന് കാണുമ്പോൾ ആശ്ചര്യം തോന്നുന്നു. ഇത്തരം ആചാരങ്ങള്‍ മൂലം ചരിത്രത്തിന്റെ ചെങ്ങലകളിൽ കുടുങ്ങി രക്തസാക്ഷികളാകുന്ന എത്ര എത്ര ചരിത്ര സ്ഥാപനങ്ങളാണ് ദേശ ദേശാന്തരങ്ങളിലുള്ളത്.
അപ്പുക്കുട്ടന്‍ തമ്പുരാന്റെ കാലത്താണ് രാജ കുടുംബം കടലുണ്ടിപ്പുഴയുടെ ഒരു പോഷകനദി കടന്നുപോകുന്ന തിരുമാന്ധാംകുന്നമ്പലത്തിലെ വടക്കേ നടക്ക് സമീപത്ത് മണ്ണാര്‍മല കോവിലകം എന്നു തന്നെ പേരായ ഒരു ഉപ കോവിലകം നിര്‍മ്മിക്കുകയും അവിടെ താമസം തുടങ്ങുകയും ചെയ്യുന്നത്. തിരുമാന്ധാംകുന്നിലെ 'മണ്ണാര്‍മല തമ്പുരാൻ ജന്മാവകാശം' കാരണം നേരിട്ട് ക്ഷേത്ര ദര്‍ശനം സാധ്യമല്ല എന്നുള്ളത് കൊണ്ടു തന്നെ പൂജാതി കര്‍മ്മങ്ങളുടെ പൂര്‍ണ്ണതക്കായി പൂജാരിമാർക്ക് പണം നല്‍കുന്നതടക്കമുള്ള സൗകര്യവും... ഭാര്യ അനുജത്തി തമ്പാട്ടിയുടെ തരകന്‍ സ്കൂളിലേക്കുള്ള യാത്ര സുഖവും അവർ മുന്നില്‍ കണ്ടിരുന്നിരിക്കാം. എന്നിരുന്നാലും, പിന്നീട് രാജകുടുംബം അവിടെ സ്ഥിര താമസത്തിലേർപ്പെടുകയും പവിത്രമായ ഒരു ഫാം ഹൗസ് എന്ന രൂപേണ മണ്ണാര്‍മല കോവിലകത്തെ കാണുകയും ചെയതു എന്നുള്ളതാണ് ചരിത്രം. തിരുമാന്ധാംകുന്നിൽ മണ്ണാര്‍മല കോവിലകം പോലെ മങ്കട, അരിപ്ര, ആയിരം നാഴിക, കടന്നമണ്ണ തുടങ്ങിയ കോവിലകങ്ങൾക്കും ചെറു ചെറു കോവിലകങ്ങളവിടെ കാണാൻ കഴിയുമെങ്കിലും മണ്ണാര്‍മല ഉപകോവിലകത്തെ പോലെ സ്ഥിര താമസാവശ്യത്തിൽ നിന്നും വ്യത്യസ്തമായി സൗകര്യപ്രഥമായ പൂരമാസ്വാദനം എന്ന ഒറ്റ ബിന്ദുവിലാണ് അവകളവിടെ സജീവമാകുന്നത് എന്ന് മാത്രം. തിരുമാന്ധാംകുന്ന് അമ്പലത്തിൽ നിന്നും തോട്ടിൻ കരയിലേക്കിറങ്ങുന്ന കൽപ്പടവിന് സമീപം ഇന്നും ആ വീടവിടെ കാണാൻ സാധിക്കും.
അക്കാലത്ത് വളരെ അപൂര്‍വ്വമായി മാത്രമാണ് രാജ കുടുംബം മണ്ണാര്‍മല സന്ദര്‍ശിച്ചു വന്നിരുന്നത്. സന്ദര്‍ശിക്കുന്ന വേളകളിൽ തന്നെ നിശ്ചിത ദിവസങ്ങളിൽ പടിപ്പുര കെട്ടിലുമവർ താമസിച്ചു വന്നു. അതിനെ കുറിച്ച് ഞാന്‍ നേരത്തെ പറഞ്ഞുവല്ലോ... എന്നാൽ, ചിലയവസരങ്ങളിൽ തമ്പുരാൻ തനിച്ച് കോവിലകത്ത് വന്ന് താമസിക്കാറുണ്ടായിരുന്നുവെത്രെ. സഹായമഭ്യര്‍ഥിച്ചും ആവശ്യങ്ങളറിയിച്ചും അനേകം പേർ ദിനവും വന്നും പോയികൊണ്ടുമിരുന്ന അങ്ങാടിപ്പുറത്തെ തിരക്കു പിടിച്ച ജീവിതത്തിനിടയിൽ സന്ദര്‍ശക പ്രവാഹങ്ങളേതുമില്ലാതെ അല്‍പ്പമൊരാശ്വാസം തേടി കോവിലകത്തെ പടിപ്പുര മുകളില്‍ അദ്ദേഹം സ്വസ്ഥമായി താമസിക്കും. സ്വതവേ, ജനങ്ങൾക്ക് എളുപ്പത്തില്‍ എത്തിച്ചേരാൻ കഴിയുന്ന സാഹചര്യമായിരുന്നില്ലല്ലോ അന്നീ പ്രദേശത്തുണ്ടായിരുന്നത്. എന്നാൽ, വളരെ അപൂര്‍വ്വമായി മാത്രം വരുന്ന ബസ്സില്‍ മണ്ണാര്‍മല തെരുവിലിറങ്ങി അവിടെ നിന്നും രണ്ട് കിലോമീറ്ററിലധികം ദൂരമുള്ള കാട്ടുവഴികളിലൂടെ ഒറ്റക്കൊരു കാലൻ കുടയും കുത്തി പിടിച്ച് നടന്നു നീങ്ങുന്ന തമ്പുരാന്റെ കാഴ്ച്ച ഇന്നും അകക്കണ്ണിൽ കാണുന്ന അനേകം പേരെ ഞങ്ങളവിടെ കാണുകയുണ്ടായി.

വലിയ നീളമുള്ള ഒരൊത്ത മനുഷ്യനായിരുന്നത്രെ അദ്ദേഹം. ഗാംഭീരം തുളുമ്പുന്ന ആ മുഖത്ത് സദാ ഒരു നിർവികാരത നിഴലിക്കുമെന്നതിനാൽ ആര്‍ക്കും ചെന്ന് നേരിട്ടിടപെടാൻ അല്‍പ്പമൊന്ന് മടി തോന്നുമെന്ന് അനുഭവസ്ഥർ പറയുന്നു. ഒരുപക്ഷേ, അതുകൊണ്ട് കൂടിയായിരിക്കാം മഞ്ചേരിയിലെ അഞ്ചാം സ്ഥാനിയൻ തിരുമുല്‍പ്പാട് ഉണ്ണി രാജ അദ്ദേഹത്തെ തന്നെ പ്രത്യേകമായി ഈ പ്രദേശത്തേക്ക് നിയോഗിച്ചതെന്നൊരു അഭിപ്രായവും നിലവിലുണ്ട്. എന്നിരുന്നാലും, പഠിപ്പുര കെട്ടിന്റെ മുകൾ നിലയില്‍ അദ്ദേഹവും താഴെ ഇടനാഴിയുടെ വലതു വശത്തുള്ള മുറിയില്‍ പ്രധാന കാര്യസ്ഥനുമന്ന് കഴിഞ്ഞു വന്നു. തമ്പുരാന്റെ അസാന്നിധ്യത്തിൽ രേഖകളിൽ പോലും ഒപ്പ് ചാർത്താൻ അനുമതിയുള്ള മുക്ത്യാർ കാര്യസ്ഥനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് കീഴിൽ കൃഷി നിലങ്ങൾ നോക്കി നടത്തുക, പാട്ടം കൃത്യമായി വാങ്ങിക്കുക, തോട്ട പരിപാലനത്തിൽ ശ്രദ്ധിക്കുക, കേസുകൾ നടത്തുക, സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധിക്കുക, മറ്റു ഓഫീസ് കാര്യങ്ങൾ നിര്‍വ്വഹിക്കുക തുടങ്ങിയ ജോലികളിൽ ഏര്‍പ്പെടുന്ന കാര്യസ്ഥന്മാർ വേറെയും കോവിലകത്തുണ്ടായിരുന്നു. പടിപ്പുരയുടെ മുൻ വശത്തെ വരാന്തയിലേക്ക് തുറക്കുന്ന ജനൽ വഴി ജനങ്ങളുടെ പരാതികള്‍ക്കും ആവശ്യങ്ങള്‍ക്കും പരിഹാരം കാണുന്നതിനുള്ള അധികാരവും പ്രധാന കാര്യസ്ഥനിൽ നിക്ഷിപ്തമായിരുന്നു. അതിന്റെ ഓര്‍മ്മകളെ സ്മരിച്ചു കൊണ്ട് കാര്യസ്ഥന്റെ മുറിയില്‍ നിന്നു തുറക്കുന്ന ആ ജനൽ പൊളികൾ ഇന്നും തുറന്നിരിക്കുന്നത് ഞങ്ങളവിടെ കണ്ടു.
കാലങ്ങളായി ഒരു കുടുംബം നിലനിര്‍ത്തി പോന്ന സമ്പ്രദായങ്ങളിൽ നിന്നും മാറി ചിന്തിക്കാൻ പ്രേരണ നല്‍കുന്ന സമൂഹിക ചുറ്റുപാടിനു മുന്നില്‍ കിതച്ചു നില്‍ക്കുകയാണ് കോവിലകമിന്നെന്ന് തോന്നിപ്പോകുന്നു. അതിന്റെ അടയാളമെന്നോണം നടുമുറ്റത്ത് അനാസ്ഥയുടെ വലിയ പനകൾ വളര്‍ന്ന് പന്തലിച്ചു നില്‍ക്കുന്നത് കാണാം. ചില വള്ളി ചെടികള്‍ നടുമുറ്റത്ത് നിന്നും മേല്‍ക്കൂരയിലേക്ക് പടർന്നു കയറിയിരിക്കുന്നു. അവ മുകൾ തട്ടിനെ തറയിലേക്ക് പിടിച്ചു വലിക്കുകയാണെന്ന് തോന്നിപ്പോകുന്നു. വരാന്തയുടെ ഒരു ഭാഗത്ത് ഇടിഞ്ഞുപൊളിയാറായൊരു കോണിക്കൂടിനെ താങ്ങി നിര്‍ത്തുന്ന മരഗോവണി കാണാം. മുകൾ ഭാഗത്ത് ചില മുറികളൊക്കെയുണ്ടെങ്കിലും അങ്ങോട്ടേക്ക് കയറി ചെന്നത് കാണുക എന്നുള്ളത് അപകടകരമാണന്ന് ഞങ്ങൾക്ക് തോന്നി. അവിടെയാണ് മണ്ണാര്‍മല രാജാവിനായി പ്രത്യേകം സജ്ജമാക്കിയ ഇന്നും അടഞ്ഞ് കിടക്കുന്ന ഒരു മുറിയുള്ളത്. കോവിലകം സജീവമായിരുന്ന കാലത്ത് വ്യത്യസ്തമായ എന്തെങ്കിലുമൊക്കെ പേരിലറിയപ്പെടുന്ന മറ്റാരുടേയൊക്കെയോ മുറികളും അവിടെ ഉണ്ടായിരുന്നിരിക്കാം. ഈ നാടിനെ ഒരു കാലത്ത് നയിച്ച കുടുംബാംഗങ്ങൾ അവരുടെ സ്വകാര്യ നിമിഷം ചിലവഴിച്ചയിടം. അവരെത്രയോ തലമുറകളായി ഈ മച്ചിനു മുകളില്‍ അന്തിയുറങ്ങിക്കാണും. ഓരോ കാലഘട്ടത്തെയും സമൂഹിക അവസ്ഥകളെക്കുറിച്ചുളള എത്രയെത്ര സംഭാഷണങ്ങളായിരിക്കും അവിടെയന്ന് മുഴങ്ങിയിട്ടുണ്ടായിരിക്കുക.
കഴിഞ്ഞ കാലങ്ങളെ കുറിച്ചുള്ള ചിന്തകൾ നിലക്കാത്ത നദിപോലെ ഒഴുകിക്കൊണ്ടിരിക്കുന്നു...
ഗോവണിക്കു സമീപമുള്ള സ്റ്റോറൂമിൽ മര അലമാരകളും മഞ്ചയും പിന്നെ ചില കൽ നിര്‍മ്മിതമായ ആട്ടുകല്ലുകളുമൊക്കെ കാണാം. എന്തൊക്കെയോ ഏതൊക്കെയോ സാധനങ്ങള്‍ കെട്ടി തൂക്കിയിട്ടിരുന്ന അയൽ പോലത്തെ ഒരു സംവിധാനവും അവിടെ കണ്ടു. പണ്ട് കോവിലകത്ത് ആൾ താമസമുണ്ടായിരുന്ന കാലത്ത് സല്‍ക്കാരങ്ങൾക്കും മറ്റും ഉരുളി, ചെമ്പ്, പാത്രങ്ങള്‍ തുടങ്ങിയവക്കൊക്കെയായി അയല്‍ വാസികൾ കോവിലകത്തെ സമീപിക്കാറുണ്ടായിരുന്നുവത്ര. ഒരുപക്ഷേ, അന്ന് അയല്‍ക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാനാവശ്യമായ 'രാജകീയ മുദ്രയുള്ള' ധാരാളം വസ്തുക്കള്‍ ഈ മുറിയില്‍ യഥേഷ്ടമുണ്ടായിരുന്നിരിക്കണം. അവിടെ നിന്നും എനിക്ക് കിട്ടിയ തകർന്ന് ചിതറിയൊരു ചൈനീസ് സിറാമിക്സ് പത്രത്തിന്റെ അവശിഷ്ടങ്ങൾ ഞാന്‍ പെറുക്കി കൂട്ടി ശ്രദ്ധയോടെ പോക്കറ്റിലിട്ടു. മണ്ണില്‍ ലയിക്കാന്‍ കാത്തിരിക്കുന്ന ആ വസ്തുവെങ്കിലും കോവിലകത്തിന്റെ ഓര്‍മ്മക്കായി ഞാന്‍ സൂക്ഷിക്കട്ടെ എന്ന് കരുതി.
സ്റ്റോറൂമിനു തൊട്ടു തന്നെയാണ് ഒരുകാലത്ത് അല്‍പ്പം അലങ്കരിക്കപ്പെട്ടിരുന്നു എന്ന് തോന്നിപ്പിക്കുന്നൊരു മുറി കാണാൻ കഴിയുക. ഒരുപക്ഷേ, തിരുമുൽപ്പാടുമാരുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രധാന കോവിലകാംഗത്തിന്റെ ശയനമുറിയായിരുന്നിരിക്കാം അത്. അതിനു മുന്നിലായി നടുമുറ്റ ഭാഗത്ത് നിന്നും ഉള്ളിലേക്ക് തുറക്കുന്നൊരു കവാടം കാണാം. അത് കടന്നാൽ അടുക്കളയിലേക്കാണ് എത്തിച്ചേരുക. അവിടുത്തെ കെട്ടിട രൂപം നിരീക്ഷിച്ചാല്‍ കോവിലകമൊരു നാല് കെട്ടല്ല എട്ടു കെട്ടാണന്ന് ബോധ്യപ്പെടും. ആ ഭാഗവും തീരെ നിര്‍ജ്ജീവമായ അവസ്ഥയിൽ തന്നെയാണ്. അവിടെ ചുമരില്‍ പൊട്ടിപ്പൊളിഞ്ഞൊരു പഴയ കാല വൈദ്യുതി സ്വിച്ച് ഞാന്‍ കാണ്ടു. ഒരുപക്ഷേ, ഈ പ്രദേശത്ത് ആദ്യമായി വൈദ്യുതി സേവനം ലഭിച്ചത് കോവിലകത്തായിരുന്നിരിക്കണം.
പ്രശസ്ത സാഹിത്യകാരനായ തേലപ്പുറത്ത് നാരായണനമ്പി ആദ്യമായി പത്രപ്രവര്‍ത്തനം തുടങ്ങുന്നത് അപ്പുക്കുട്ടൻ തമ്പുരാന്റെ കൂടെയായിരുന്നു. മണ്ണാര്‍മല തമ്പുരാന്റെ ഉടമസ്ഥതയിൽ പട്ടാമ്പിയിൽ നിന്നും 1905ൽ ആരംഭിച്ച 'സാഹിത്യ ചിന്താമണി' മാസികയുടെ പത്രാധിപജോലിയിലൂടെയായിരുന്നു കേരളത്തിലെ എക്കാലത്തേയും പ്രഗൽഭനായ പത്രപ്രവര്‍ത്തകരിലൊരാളെന്ന മികവിലേക്ക് നമ്പി ഉയർത്തപെട്ടത്. എന്തൊക്കെയോ കാരണങ്ങൾകൊണ്ട് 1906 പകുതിയോടെ തന്നെ ആ മാസിക അവസാനിച്ചതാണ് അതിന്റെ പിന്നീടുള്ള ചരിത്രം. എങ്കിലും, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കൂടെ കൊട്ടക്കലിൽ മഹാഭാരത വിവര്‍ത്തനത്തിലും കടത്തനാട്ടു ഉദയവർമ്മ തമ്പുരാന്റെ സാഹിത്യ പ്രസ്ഥാനത്തിലും തുടര്‍ന്ന് 1912നു ശേഷം നാല് കൊല്ലത്തോളം കോട്ടക്കലിലെ ലക്ഷ്മി സഹായം പ്രസ്സിൽ ക്രശ്ണ വാരിയറുടെ സഹായിയായും തേലേപ്പുറത്ത് നാരായണി നമ്പി നിയോഗിക്കപ്പെടുന്നത് മണ്ണാര്‍മല തമ്പുരാന്റെ കൂടെയുള്ള പ്രവര്‍ത്തന കാലങ്ങളവിന് ശേഷമാണ് എന്നുള്ളത് പ്രത്യേകം സ്മരണീയമാണ്.
1800ഓടെയാണ് മലബാർ പ്രദേശം ബ്രിട്ടീഷുകാരുടെ അധീനതയിലാകുന്നത് എന്ന് നമ്മൾ നേരത്തെ പറഞ്ഞു വെച്ചല്ലോ. അപ്പോഴേക്കും മിക്ക നാട്ടുരാജാക്കന്മാരും അവരുടെ ആധിപത്യം അംഗീകരിച്ചു കഴിഞ്ഞിരുന്നു. ബ്രിട്ടിഷ് ഭരണം കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ ആകെ താറുമാറാക്കിയിരുന്നതായി ചരിത്രം പറയുന്നു. അവര്‍ക്കു മുന്നേ പോർച്ചുഗീസുകാരും കേരളത്തോട് ചെയ്തത് മറിച്ചായിരുന്നില്ല. അതിന്റെയൊക്കെ ഫലമായി 1836 മുതൽ 1921 വരെ ചെറുതും വലുതുമായ ഡസൻ കണക്കിന് ലഹളകളാണ് മലബാറിലെങ്ങും അലയടിച്ചുയർന്നത്. അതിൽ ഭുരിഭാഗവും മലബാറിലെ തെക്കൻ താലൂക്കുകളായ ഏറനാട്ടിലും വള്ളുവനാട്ടിലുമായിരുന്നു നടന്നുവന്നിരുത്. ഈ താലൂക്കുകളിലെ ജീവിതസാഹചര്യങ്ങൾ ഒട്ടും മെച്ചമായിരുന്നില്ല എന്നുള്ളതാണ് അതിന്റെ പിന്നിലുള്ള യഥാർത്ഥ കാരണം. ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്‌തും കൂലിവേല ചെയ്‌തും ഉപജീവനം നടത്തി വരുന്നതിനിടയിൽ അടിക്കടി നേരിടേണ്ടി വന്ന കുടിയൊഴിപ്പിക്കൽ, അന്യായമായ നികുതി പിരിവ്, ഉയർന്ന പാട്ടം തുടങ്ങിയവ കര്‍ഷകരുടെ ബുദ്ധിമുട്ടുകൾ ദിനവും വർധിപ്പിച്ചു വന്നു. 1841ൽ വള്ളുവനാട്ടെ പള്ളിപ്പുറത്തും മണ്ണൂരിലുമുണ്ടായ കലാപങ്ങൾക്ക് കാരണമായത് കർഷകരും ജന്മിമാരും തമ്മിലുള്ള തർക്കമായിരുന്നു. 1849ൽ മഞ്ചേരിയിലും, 1851ൽ കുളത്തൂരിലും 1852ൽ മട്ടന്നൂരിലും അസംതൃപ്തരായ മാപ്പിളമാർ ഭൂവുടമകൾക്കും ബ്രിട്ടീഷുകാർക്കുമെതിരെ കലാപങ്ങൾ നടത്തി. എന്നാൽ, അതിവിശാലമായ പാടശേഖരങ്ങളും അതിൽ ജോലി നോക്കുന്ന കീഴ്ജാതിക്കാരും മാപ്പിളമാരുമായ അനേകം കര്‍ഷകരിവിടെ ഉണ്ടായിട്ട് കൂടി ചരിത്ര താളുകളിലൊന്നും ഈ പ്രദേശത്തൊരു അനിഷ്ട സംഭവമുണ്ടായതായി രേഖപ്പെടുത്താതെ പോയത് ഈ പ്രദേശത്തെ ജന്മികളായിരുന്ന മണ്ണാർമല കോവിലകക്കാരുടെ നിതാന്ത ജാഗ്രത മൂലമാണെന്ന് നിസ്സംശയം പറയാൻ കഴിയും.
1921ൽ പൊട്ടിപ്പുറപ്പെട്ട മലബാര്‍ സമരം നേരത്തെ ഉണ്ടായ മലബാര്‍ സമര പരമ്പരകളുടെ തുടർച്ചയാണെങ്കിലും അവയിൽ നിന്ന് വ്യത്യസ്തമായ ചില ഘടകങ്ങളും അതിൽ ഉൾച്ചേർന്നിരുന്നു എന്നുള്ളത് ചരിത്രമാണ്. അതിൽ പ്രധാനപ്പെട്ടതാണ്, ആസൂത്രണത്തികവോടെ അതിലേക്ക് കടന്ന് വന്ന അധികാര രാഷ്ട്രീയത്തിന്റെ സാന്നിധ്യം. സമര സേന ബ്രിട്ടീഷ് ഭരണകൂടത്തേയും അവരുടെ ദാസ്യരായ നാട്ടുരാജാക്കന്മാരേയും ആക്രമിച്ചപ്പോൾ അവര്‍ക്ക് വേണ്ട ഒത്താശകളും സൗകര്യങ്ങളും ചെയ്തുവന്നിരുന്ന കുറേയേറെ ജന്മികളേയും ഉയർന്ന ജാതികളേയും അവർ വിചാരണ ചെയ്യുകയും വധിക്കുകയും ചെയ്തിരുന്നു. ഈ പ്രദേശത്തിന്റെ തൊട്ടടുത്ത സ്ഥലങ്ങളായ പെരിന്തല്‍മണ്ണ, മുള്ള്യാകുർശ്ശി, കിഴാറ്റൂർ, പൂന്താനം, നെന്മിനി തുടങ്ങിയ സ്ഥലങ്ങളിൽ ഇത്തരത്തിൽ ബ്രിട്ടീഷുകാരും ഖിലാഫത്തുക്കാരും തമ്മിൽ അനേകം സംഘട്ടനങ്ങളിലേർപ്പെട്ടിരുന്നു എങ്കിലും അത്തരമൊരു സംഘട്ടനങ്ങളിലൊരിടത്തും മണ്ണാര്‍മല കോവിലകത്തിന്റെ പേര് വരാതെ പോയത് യാദൃശ്ചികമാകാൻ വഴിയില്ല. ഒരുപക്ഷേ, മണ്ണാർമല കോവിലകം നിലകൊണ്ട നിഷ്പക്ഷതയുടേയോ, നീതിയുടേയോ ഓരം ചേര്‍ന്ന് നിന്നതിന്റെ അടയാളമായിരിക്കാമതെന്ന് സ്വാഭാവികമായും അനുമാനിക്കാം.
മലബാർ യുദ്ധങ്ങളുടെ ചരിത്രമെടുത്താൽ അതിൽ നിഷേധിക്കാൻ കഴിയാത്ത സ്ഥാനം അലങ്കരിക്കപ്പെട്ടുകിടക്കുന്ന സ്ഥലമാണ് മഞ്ചേരി നഗരം. മമ്പുറം ഫസല്‍ തങ്ങളുടെ നാടുകടത്തലുമായി ബന്ധപ്പെട്ട് തുടങ്ങി വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിയുടെ മലയാള രാജ്യ പ്രഖ്യാപനം വരെയുള്ള അതിന്റെ ഓരോ ചരിത്ര സന്ധിയിലും അനേകം തവണ കടന്ന് വരുന്ന പേരാണ് മഞ്ചേരി. മേല്‍ മഞ്ചേരിയിലെ ഭൂപ്രഭുക്കൾ എന്ന നിലയില്‍ മഞ്ചേരി കോവിലകത്തിന്റെ പേര് ആ അധ്യായങ്ങളിലൊരിടത്തും പരാമര്‍ശിക്കപ്പെടാതെ പോയത് എന്തു കൊണ്ടാണെന്ന് ഞാൻ കാര്യമായി ചിന്തിക്കാറുണ്ട്. ഭൂഅധികാരത്തിന്റെ കേന്ദ്രമെന്ന നിലയില്‍ അവർ ആ ചരിത്ര സംഭവങ്ങളുടെ എതിർ ചേരിയിലോ, കുറഞ്ഞത് അവരുടെ സാന്നിധ്യമെങ്കിലും അവിടെ അടയാളപ്പെടുത്തേണ്ടിയിരുന്നതാണ്. കൂടാതെ, സമരത്തോടൊപ്പം ചേര്‍ന്ന് നിന്ന വര്‍ത്തമാനങ്ങളും പൊതുവില്‍ അവരെ കുറിച്ച് പറഞ്ഞ് കേള്‍ക്കാറില്ല. ബ്രിട്ടീഷുകാർക്ക് സമാന്തരമായൊരു അധികാര കേന്ദ്രം തങ്ങൾക്ക് തൊട്ടപ്പുറത്ത് പിറവികൊള്ളുന്ന അവസരത്തിലെങ്കിലും അവർ തങ്ങളുടെ താല്പര്യത്തിനു വേണ്ടി ശക്തിയുക്തം നിലകൊള്ളേണ്ടതായിരുന്നു. എന്നാൽ, ചരിത്രത്തിലൊരു സൗമ്യ സാന്നിധ്യമായി അവർ കടന്ന് പോകുന്നു എന്നുള്ളതാണ് സത്യം. ഒരുപക്ഷേ, മണ്ണാർമല പ്രദേശത്തെ മലബാര്‍ സമരവുമായി ബന്ധപ്പെട്ട മണ്ണാർമല കോവിലകത്തിന്റെ ഞാൻ മേലേ പറഞ്ഞ് വെച്ച ആ സവിശേഷമായ സ്ഥാനം അവർ കരസ്ഥമാക്കുന്നത് അവരുടെ ആസ്ഥാന കോവിലകമായ മഞ്ചേരിയിൽ നിന്നായിരിക്കാനെ സാധ്യതയുള്ളൂ എന്ന് വേണമെങ്കിൽ പറയാം.
പ്രദേശത്ത് കോഴിക്കോട് സാമൂതിരി സ്ഥാപിക്കുന്നൊരു അതിപുരാതന ക്ഷേത്രമാണ് കുന്നത്തമ്പലം എന്ന പേരില്‍ പ്രശസ്തമായ ശ്രീ മൂതൃക്കുന്ന് ഭഗവതീ ക്ഷേത്രം. മലബാര്‍ സമര നാളുകളില്‍ നടന്ന ഒരു പ്രക്ഷോഭ ഫലമായി ബ്രിട്ടീഷുകാർ ആരംഭിച്ച മനുഷ്യ വേട്ടയുടെ ഫലമായി നൂറിലധികം മാപ്പിളമാരാണ് അക്കാലത്തീ ക്ഷേത്ര വളപ്പിൽ അഭയം കൊണ്ടിരുന്നത്. ബ്രിട്ടീഷുകാരുടെ കണ്ണ് വെട്ടിച്ച് ദിവസങ്ങളോളം അവരീ ക്ഷേത്രത്തിൽ അഭയം പാർക്കുമ്പോള്‍ അവര്‍ക്കുള്ള ഭക്ഷണം എത്തിച്ചേരുന്നത് സമീപത്തെ മഞ്ചേരി കോവിലകത്തിൽ നിന്നായിരുന്നു എന്നുള്ളത് ചരിത്ര പുസ്തകങ്ങളിൽ കാണുവാൻ കഴിയുന്നു. മാപ്പിളമാർ അത് ബലമായി പിടിച്ചെടുക്കുകയായിരുന്നോ അതോ... കോവിലകമത് സ്വമനസ്സാലെ നല്‍കിയതാണോ എന്ന് വ്യക്തമല്ല. എന്നാൽ, കോവിലകത്തെ സംബന്ധിച്ച് ഞാന്‍ മേലേ പറഞ്ഞു വെച്ച ഇരുപ്പുവശം പരിഗണിച്ചാൽ അതിൽ ബലപ്രയോഗങ്ങളേതുമില്ലാതിരിക്കിനെ തരമുള്ളു എന്ന് വേണമെങ്കിൽ അനുമാനിക്കാം. പിന്നീട്, അതിഭീകരമായൊരു വെടിവെപ്പോടെയാണ് അന്നാ സംഭവത്തിന് അറുതിയായത് എന്നും കാണാൻ കഴിയും. ചരിത്രത്തിൽ കുന്നത്തമ്പലം സംഭവം എന്ന പേരിലാണാ സംഭവം അറിയപ്പെടുന്നത്.

1957ൽ ഇ എം എസ് മന്ത്രിസഭയുടെ അധികാരമേൽക്കലോടു കൂടിയാണ് കോവിലകത്തിന്റെ പ്രതാപം അസ്തമിച്ചു തുടങ്ങിയത് എന്ന് വേണമെങ്കിൽ പറയാം. ഇ എം എസ് മന്ത്രിസഭ നിലവിൽ വന്ന് ഒരാഴ്ച തികയുന്നതിനു മുമ്പ് തന്നെ സർക്കാർ കുടിയൊഴിപ്പിക്കൽ നിരോധന നിയമം നടപ്പിൽ വരുത്തി. ഇതുപ്രകാരം കർഷകൻ താമസിക്കുന്ന ഭൂമിയിൽ നിന്നും അവനെ കുടിയൊഴിപ്പിക്കുന്നത് എന്ത് കാരണങ്ങൾ കൊണ്ടായാലും നിയമം മൂലം തടയപ്പെട്ടു. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഇത്തരലമൊരു ഓർഡിനൻസ് നിലവിൽ വരുന്നതെന്ന് നിയമം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി ഇ എം എസ്സ് പറയുകയുണ്ടായി. കേരളത്തിലെ ഭൂവുടമ ബന്ധങ്ങളിൽ സമഗ്രവും, സമൂലവും ആയ മാറ്റങ്ങൾ വരുത്തുവാൻ ഉദ്ദേശിച്ചുകൊണ്ട് കൊണ്ടുവന്ന 'കേരള സ്റ്റേ ഓഫ് എവിക്ഷൻ പ്രൊസീഡിംഗ്സ് ഓർഡിനൻസ് 1957' എന്ന ഈ നിയമത്തോടെയാണ് കൃഷി ചെയ്യുന്ന കർഷകന് ആ ഭൂമിയിൽ സ്ഥിരാവകാശം, കുടിയാന് മര്യാദപ്പാട്ടം, ഭൂവുടമസ്ഥതക്ക് പരിധി, കൃഷിക്കാർക്ക് അവർ കൈവശം വെക്കുന്ന ഭൂമി ഉടമസ്ഥനിൽ നിന്നും ന്യായമായ വിലക്ക് സ്വന്തമാക്കാനുള്ള അവകാശം എന്നിവ ലഭിച്ചത്. പുതിയ ബിൽ നടപ്പിലാക്കാൻ ശ്രമിക്കുക വഴി കാലാകാലങ്ങളായി നിലനിന്നിരുന്ന ജന്മി സമ്പ്രദായത്തെ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിച്ചുകൊണ്ടിരുന്നത്.
ഭൂപരിഷ്കരണനിയമം കൊണ്ടുവരുന്നതിനു മുന്നോടിയായി നടപ്പിലാക്കിയ മേല്‍ നിയമത്തോടെ എല്ലാതരം ഒഴിപ്പിക്കലുകളും തടയപ്പെട്ടു. കാർഷികബന്ധനിയമം പ്രാബല്യത്തിൽ വരുന്നതിനു മുമ്പായി കഴിയുന്നേടത്തോളം കുടിയാൻമാരെ ഒഴിപ്പിച്ച് ഭൂമി നേരിട്ട് കൈവശപ്പെടുത്തുവാനുള്ള ജന്മിമാരുടെ അടവിനെ പരാജയപ്പെടുത്തുകയായിരുന്നു ഇതിന്റെ സുപ്രധാന ലക്ഷ്യം. എന്നിരുന്നാലും, ജന്മി ഗൃഹങ്കണങ്ങളിൽ ഇത് വലിയ പരിവര്‍ത്തനമാണതുണ്ടാക്കിയത് എന്ന് പറയേണ്ടതില്ലല്ലോ. യുഗങ്ങളായി ജീവിച്ച് വന്നിരുന്ന ഒരു ശൈലിയിൽ നിന്നും പുതിയ സമൂഹിക ചുറ്റുപാടിലേക്കുള്ള പറിച്ചു നടലിന്റെ ആഘാതം വലിയ അളവില്‍ മണ്ണാര്‍മല കോവിലകത്തേയും ബാധിച്ചു എന്നു തന്നെ പറയാം. കണക്കില്‍ കൂടുതൽ ഭൂസ്വത്തുക്കളുള്ള ആളുകളില്‍ നിന്നും ഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യുന്ന ഒരു പദ്ധതി സര്‍ക്കാര്‍ മേല്‍നോട്ടത്തിൽ നടപ്പാക്കി വരുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ കൂടി 'കിട്ടുന്നത് പോരട്ടെ' എന്ന രൂപേണ വളരെ തുച്ഛമായ വിലക്ക് പോലും കോവിലകം തങ്ങളുടെ കൈവശമുള്ള ഭൂമികൾ വില്‍ക്കാൻ തുടങ്ങി. സര്‍ക്കാര്‍ നേരിട്ടേറ്റെടുക്കുമ്പോള്‍ നഷ്ട പരിഹാരമൊന്നും ലഭിക്കുന്നില്ല എന്ന കാരണവും അതിനുള്ള പ്രേരണയായിരുന്നിരിക്കാം. അങ്ങനെയാണ് നാട്ടിലെ നാനാജാതി മനുഷ്യർക്കിടയിൽ മണ്ണാര്‍മല കോവിലകം വക ഭൂസ്വത്തുക്കള്‍ വിതരണം ചെയ്യപ്പെടുകയും പ്രദേശത്തിന്റെ അധികാര കേന്ദ്രമെന്ന നിലയില്‍ കോവിലകത്തിന്റെ പ്രസക്തി നഷ്ടപ്പെടുകയും ചെയ്യുന്നത്. എന്നാൽ, ലക്ഷ്യം വെച്ച പ്രവർത്തനങ്ങളിൽ വിജയം കാണാതെ വിമോചന സമരത്തെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധികൾ കാരണം ഇ എം എസ് മന്ത്രിസഭ പിരിച്ചുവിടുകയും കേരളത്തില്‍ രാഷ്ട്രപതി ഭരണം നടപ്പിലാവുകയും ചെയ്തു.
ടിപ്പു സുല്‍ത്താന്റെ കാലത്തും... അദ്ദേഹത്തിന്റെ പരാജയ ശേഷം ശ്രീരംഗപട്ടണം ഉടമ്പടിയോടെ ബ്രിട്ടീഷുകാർ മലബാര്‍ ഭരണം ഏറ്റെടുത്ത കാലത്തും രൂപപ്പെട്ട സവിശേഷമായ സാഹചര്യത്തിൽ വള്ളുവക്കോനാതിരിമാരിൽ നിന്ന് മണ്ണാര്‍മല പ്രദേശത്തിന്റെ ഭരണം മഞ്ചേരിയിലെ അഞ്ചാം സ്ഥാനീയനിലേക്ക് മാറ്റപ്പെട്ട അതേ സാഹചര്യം തന്നെയായിരുന്നു കൃത്യം ഒന്നര നൂറ്റാണ്ടുകള്‍ക്ക് ശേഷം ഇ എം എസിന്റെ ഭൂപരിഷ്കരണത്തോടെ മഞ്ചേരി കോവിലകത്തു നിന്നും സമൂഹത്തിലെ നാനാജാതി സാധാരണക്കാരിലേക്ക് പ്രദേശം വിഭജിക്കപ്പെടുന്നത്. കാലഘട്ടങ്ങളെ അഭിമുഖീകരിക്കുമ്പോൾ കാലം പിന്തുടരുന്ന ആസൂത്രണങ്ങൾ എത്ര മികവുറ്റതാണന്ന് ഇതിൽ നിന്നും ബോധ്യമാകുന്നു. ഇനി ഒരു നൂറ് വർഷങ്ങൾ കൂടി കടന്ന് പോയാല്‍ മറ്റെന്തല്ലാം കൂട്ടി ചേര്‍ക്കലുകളായിരിക്കാം കാലം ജനജീവിതങ്ങളിൽ പ്രയോഗിക വൽക്കരിക്കുക.
1967ൽ കേരളത്തില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് കേരളം അതുവരെ കാണാത്ത ഇന്ന് ചിന്തിക്ക പോലും ചെയ്യാൻ കഴിയാത്ത രാഷ്ട്രീയ സമവാക്യങ്ങൾ രൂപപ്പെട്ട കാലമായിരുന്നു. സപ്തകക്ഷി മുന്നണി എന്ന പേരില്‍ സി പി എമ്മും, സി പി ഐയും, മുസ്ലീം ലീഗും, എസ് എ എസ് പിയും, ആര്‍ എസ് പിയും, കെ ടി പിയും, കെ എസ് പിയും ഒരുമിച്ച് ചേര്‍ന്ന് മത്സരിച്ച് വമ്പിച്ച ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ സര്‍ക്കാരാണ് അന്ന് കേരളം ഭരിച്ചിരുന്നത്. അങ്ങനെയാണ് ഇ എം എസ് നമ്പൂതിരിപ്പാട് രണ്ടാമതും അവസാനവുമായി കേരള മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്. എന്നാൽ, മുന്നണിയിലെ പ്രശ്‌നങ്ങള്‍ രൂക്ഷമായപ്പോള്‍ ആ സര്‍ക്കാരിന്റെ ആയുസ്സ് വെറും 32 മാസത്തില്‍ ഒതുങ്ങി. അതിന് പിറകെയായാണ് സി പി ഐയുടെ സി അച്യുതമേനോന്‍ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്.
1964 കാലത്ത് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിയിലുണ്ടായ വലിയൊരു വിള്ളൽ കാരണം സി പി ഐ എന്നും സി പി ഐ എം എന്നും അവർ രണ്ടായി വിഭജിക്കപ്പെട്ടിരുന്നു. 1970ലെ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മേല്‍ അഭിപ്രായ ഭിന്നതകള്‍ വളരെയേറെ മുര്‍ച്ചിക്കുകയും ആ തിരഞ്ഞെടുപ്പില്‍ സി പി ഐ കോണ്‍ഗ്രസിനൊപ്പം ചേർന്ന് മത്സരിക്കുകയും ചെയ്യുന്നത്. അങ്ങനെ സി പി ഐ കോൺഗ്രസ്സ് മുന്നണി തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടുകയും സി പി ഐ നേതാവ് സി അച്യുതമേനോന്‍ വീണ്ടും മുഖ്യമന്ത്രിയാവുകയും ചെയ്തു. അക്കാലത്ത് വലിപ്പചെറുപ്പമില്ലാതെ സമൂഹത്തിന്റെ നാനാ കോണുകളിലും ഭക്ഷണ ക്ഷാമം പിടിമുറുക്കിയൊരു സാഹചര്യത്തില്‍ സത്വര നടപടിയിലൂടെ അത് പരിഹരിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കിയ നടപടി വ്യാപക പ്രശംസ പിടിച്ചു പറ്റിയൊരു രാഷ്ട്രീയ സംഭവവികാസമായിരുന്നു. അക്കാലങ്ങളില്‍ മഞ്ചേരി കോവിലകമുൾപ്പെടെയുള്ള കേരളത്തിലെ മിക്ക സവര്‍ണ്ണ ഗൃഹാങ്കണങ്ങളിൽ പോലുമൊരു സിപിഐ അനുഭാവം മുളപൊട്ടിയത് അങ്ങനെയാണ്. അന്ന് കോവിലകത്തെ തമ്പുരാക്കന്മാരൊക്കെയും കമ്മ്യുണിസ്റ്റ് നേതാക്കൾക്കൊപ്പം വട്ടം കൂടിയിരുന്ന് രാഷ്ട്രീയ വർത്തമാനങ്ങളിൽ മുഴുകാറുണ്ടായിരുന്നത് എന്ന് പെണ്‍മക്കളിലെ ഇളയവളായ മീര തമ്പാട്ടി പിന്നീടെന്നോട് പറയുകയുണ്ടായി. അതേ കാലത്താണ് ജനങ്ങൾക്ക് ഒരാശ്വാസ കേന്ദ്രം എന്ന നിലയില്‍ ഇതിനോടകം തന്നെ പ്രശസ്തനായ അപ്പുക്കുട്ടന്‍ തമ്പുരാൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് നയിക്കപ്പെടുന്നത്.
ഇ എം എസ് സര്‍ക്കാര്‍ കൊളുത്തി വിട്ട ഭൂപരിഷ്കരണ നടപടിയും പിന്നീട് കോൺഗ്രസ്സിന്റെ നേതൃത്വത്തില്‍ വിമോചന സമരം കത്തി പടര്‍ത്തി മേല്‍ സര്‍ക്കാരിനെ നിലംപരിശാക്കിയതിലൂടെ തന്റെ കോവിലകം ഭൂസ്വത്തുക്കൾക്ക് താല്‍ക്കാലികമെങ്കിലും ലഭിച്ച പരിരക്ഷ അപ്പുക്കുട്ടന്‍ തമ്പുരാനെ ഒരു ചെറിയ കോൺഗ്രസ്സ് അനുഭാവിയാക്കിയിരുന്നു. അക്കാലത്താണ് സപ്തകക്ഷി മുന്നണിയുടെ പരാജയത്തിന് ശേഷം കോൺഗ്രസ്സ് സി പി ഐയുമായി ചേര്‍ന്ന് മുന്നണി രൂപപ്പെടുത്തുന്നതും അധികാരത്തിലേറുകയും ചെയ്യുന്നത്. അതിനാൽ, വെട്ടത്തൂർ പഞ്ചായത്തിലേക്കുള്ള 'സി പി ഐ സ്വതന്ത്രൻ' ടിക്കറ്റിൽ മത്സരിക്കാൻ തമ്പുരാന് മറുത്തൊന്നും ചിന്തിക്കേണ്ടതുണ്ടായിരുന്നില്ല. ഇന്നത്തെപ്പോലെ കൃത്യമായ അഞ്ച് വർഷങ്ങൾ കൂടുമ്പോഴുള്ള പഞ്ചായത്ത് തെരഞ്ഞെടുപ്പൊന്നും ഇല്ലാതിരുന്ന അക്കാലത്ത് (കേരളത്തില്‍ പഞ്ചായത്ത് രാജ് നിയമം പ്രാബല്യത്തില്‍ വരുന്നത് 1994ൽ മാത്രമാണ്) ദീര്‍ഘകാലം അദ്ദേഹമാ സ്ഥാനത്തിരുന്നു എന്ന് പറയപ്പെടുന്നു. ചുങ്കം പ്രദേശത്തുണ്ടായിരുന്ന ഒരേയൊരു ലോവർ പ്രൈമറി സ്കൂൾ കരുവമ്പാറയിലെ വാടക കെട്ടിടത്തിൽ നിന്നും ചുങ്കം ചന്തപ്പറമ്പിലെ ഒരേക്കർ സ്ഥിരം ഭൂമിയിലേക്ക് കൊണ്ടുവന്നത് ആ കാലയളവില്‍ അദ്ദേഹമെടുത്ത സ്ഥിരോത്സാഹ ഫലമായിരുന്നെന്ന് കാണാൻ കഴിയും. 1977ലായിരുന്നു ആ സംഭവം. ചോദിച്ചു ചെല്ലുന്നർക്ക് എന്തും നൽകുന്ന പ്രകൃതക്കാരനായിരുന്നു അപ്പുക്കുട്ടൻ തമ്പുരാനെന്ന അഭിപ്രായത്തെ ശരിവെക്കുന്ന മറ്റൊരു നിത്യസ്മാരകമാണ് മണ്ണാര്‍മല പ്രദേശത്ത് ഇന്നും തലയെടുപ്പോടെ നില്‍ക്കുന്ന പച്ചീരി സ്കൂൾ കെട്ടിടങ്ങൾ. സ്കൂൾ തുടങ്ങുന്നതിന്നായി തന്നെ സമീപച്ചവർക്ക് ഒരു പ്രത്യുപകാരവും പ്രതീക്ഷിക്കാതെ കെട്ടിടത്തിനാവശ്യമായ സ്ഥലവും പണവും അദ്ദേഹം അനുവദിച്ച് നല്‍കിയെത്രെ. അതിന്റെ ഓര്‍മ്മയെ നിലനിർത്താൻ ഇന്നും സ്കൂൾ ഗേറ്റിൽ 'മാനവേദൻ തിരുമുല്‍പ്പാട് മെമ്മോറിയൽ' എന്ന് ആലേഖനം ചെയ്തിരിക്കുന്നതായി കാണാം.
ക്ഷയം ബാധിച്ച് 1988 സെപ്തംബര്‍ 10നാണ് പെരിന്തല്‍മണ്ണ നഴ്സിങ് ഹോം ആശുപത്രിയിൽ വെച്ച് അപ്പുക്കുട്ടന്‍ തമ്പുരാൻ നിര്യാതനാകുന്നത്. ഭൗതിക ശരീരം നേരെ അങ്ങാടിപ്പുറത്തെ മണ്ണാര്‍മല കോവിലകത്തേക്ക് കൊണ്ട് വന്ന് ശേഷം മഞ്ചേരിയിലെത്തിച്ചു ദഹിപ്പിക്കുകയായിരുന്നു. യാഥാര്‍ത്ഥ മണ്ണാര്‍മല രാജയായിരുന്ന മഞ്ചേരി കോവിലകത്ത് ഉണ്ണി തമ്പുരാനേക്കാൾ മണ്ണാര്‍മല പ്രദേശത്തുകാർക്ക് ചിരപരിചിതനായ അപ്പുക്കുട്ടന്‍ തമ്പുരാന്റെ വിയോഗ വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് നാട് കേട്ടത്. അന്നാ മരണ വാര്‍ത്ത കേട്ട ശേഷം കോവിലകത്തിന് സമീപം താമസിച്ചു വരുന്ന ശ്രീമാൻ രാമചന്ദ്രൻ വാരിയര്‍ തന്റെ ഡയറിയിൽ ഇങ്ങനെ കുറിക്കുകയുണ്ടായി...
"പെരിന്തല്‍മണ്ണ നഴ്സിങ് ഹോമിലെ താഴെ നിലയിലെ ഗോവണിക്കടുത്തുള്ള മുറിയില്‍ വെച്ച് ആദരണീയനായ തമ്പുരാൻ വിട ചൊല്ലി... My beloved thamburan passed away..." എന്ന്.
അദ്ദേഹത്തിന്റെ മരണശേഷം ഉണ്ണിത്തമ്പുരാൻ കുറച്ച് കാലം കോവിലകം കൊണ്ടുനടന്നെങ്കിലും കാലത്തിന്റെ മാറ്റങ്ങൾ ഉള്‍കൊള്ളാന്‍ കഴിയാതെ തീര്‍ത്തും അസ്വസ്ഥമായിരുന്നു കോവിലകമകത്തളം. പിന്നീട്, അക്കാലത്തെ മാര്‍ക്കറ്റ് വിലയനുസരിച്ച് കുറേ നിലങ്ങള്‍ വിറ്റൊഴിവാക്കികൊണ്ടും... കുറേ സ്ഥലങ്ങള്‍ അന്യാധീനപ്പെട്ടുകൊണ്ടും കുടുംബത്തിന് നാടിനുമേലുള്ള സ്വാധീനം സമ്പൂര്‍ണ്ണമായി അസ്തമിച്ചു. കൊടുങ്ങല്ലൂര്‍ കോവിലകത്തെ സ്ഥിരതാമസക്കാരനായ ശ്രീധരന്‍ തിരുമുൽപ്പാടാണ് നിലവിലെ (2022 കാലം) മഞ്ചേരി കോവിലകം അഞ്ചാം സ്ഥാനീയനായ മണ്ണാര്‍മല തമ്പുരാൻ. എന്നാൽ, എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് അദ്ദേഹം കോവിലകമോ സ്വത്തുക്കളോ സംരക്ഷിക്കാൻ മുന്നോട്ട് വരാത്തത് ഈ ചരിത്ര മന്ദിരത്തിന്റെ സമ്പൂർണ്ണ തകര്‍ച്ചക്ക് ആക്കംകൂട്ടി.
ചരിത്രം നടന്നു നീങ്ങിയ ആ നാലുകെട്ടിനുള്ളിലൂടെ കഴിഞ്ഞ കാലങ്ങളെ മനസ്സിലേക്കാവാഹിച്ച് ഏറെ നേരം ഞങ്ങളവിടെ ചിലവഴിച്ചു. എന്തൊക്കെയാവും അന്നവരിവിടെ ഈ മേല്‍ക്കൂരക്കു കീഴിൽ ചർച്ച ചെയ്തിട്ടുണ്ടായിരിക്കുക..?
വള്ളുവക്കോനാതിരിമാരുടെ സ്ഥാനാരോഹണത്തെ സംബന്ധിച്ച്... വള്ളുവക്കോനാതിരിക്കുമേൽ സാമൂതിരി നേടിയ വിജയത്തെക്കുറിച്ച്... സാമൂതിരിക്കുമേൽ ടിപ്പുവിന്റെ വിജയത്തെക്കുറിച്ച്... ഒടുവിൽ, ബ്രിട്ടീഷ്കാരുടെ സമ്പൂര്‍ണ്ണാധികാരത്തിന്റെ ഗതിവികതികളെക്കുറിച്ചുമൊക്കെ അവരിവിടെ സംസാരിച്ചിരുന്നിരിക്കണം. 1921ലെ അരക്ഷിതമായ നാളുകൾ... ഒന്നാം ലോക മഹായുദ്ധ കഥകൾ... രണ്ടാം ലോകമഹായുദ്ധങ്ങളുടെ നടുക്കുന്ന വാര്‍ത്തകളെക്കുറിച്ചും... ഒടുവിൽ, 1947ലെ സ്വാതന്ത്ര്യത്തിന്റെ പൊൻപുലരിയെക്കുറിച്ചുമൊക്കെ എവ്വിദമായിരിക്കാം അവർ സമീപിച്ചുണ്ടായിരിക്കുക.
തങ്ങളെപ്പോലെയുള്ള ഭൂപ്രഭുക്കൾക്കെതിരിൽ ജനങ്ങളെ സംഘടിപ്പിച്ചവർ പിന്നീട് ഭരണാധികാരികളായിമാറിയതും അവർ തങ്ങളുടെ അവസാന പിടിവള്ളിയായ ഭൂമിക്കു മേലുള്ള അവകാശം തട്ടി തെറിപ്പിച്ചുകൊണ്ട് ഭൂപരിഷ്കരണം നടപ്പിൽ വരുത്തിയതുമൊക്കെ ഒരാഘാതമെന്നോണം അവരനുഭവിച്ചത് ഈ മേല്‍ക്കൂരക്ക് താഴെയിരുന്നാണ്. എങ്കിലും, ഉദാരമതികളും വിദ്യാസമ്പന്നരായിരുന്ന ഇവർ ഭൂപരിഷ്ക്കരണം വരുന്നതിന് മുമ്പേ തന്നെ പ്രദേശവാസികളായ ഒരു പാട് കുടിയാൻമാർക്ക് ഭൂമി നൽകിയിട്ടുണ്ടന്നും അനുഭവസ്ഥർ പറയുന്നത് കേൾക്കാം. മണ്ണാര്‍മല കോവിലകത്തിന്റെ ഭൂസ്വത്തുക്കളങ്ങനെ അനിവാര്യമായ സാമൂഹിക മാറ്റങ്ങളുടെ പ്രേരണയാൽ നാനാജാതി ജനങ്ങൾക്കിടയിൽ വിഭചിക്കപ്പെട്ടപ്പോൾ കോവിലകത്തിന്റെ പ്രതാപവും അവസാനിച്ചു എന്നുവേണമെങ്കിൽ കരുതാം.
വരും തലമുറക്കായി കാലം അല്‍പ്പം കൂടി ബാക്കിവെച്ച ആ എടുപ്പുകളിൽ നിന്നും ഞങ്ങളിറങ്ങുമ്പോൾ കോവിലകം നിശ്ശബ്ദ മൂകമായിരുന്നു. പറമ്പിൽ നിരനിരയായി ആകാശം മുട്ടെ വളർന്ന തേക്കിൻ മരങ്ങൾ ഇലപൊഴിച്ച് വരും കാലത്തെ സമൃദ്ധിക്കായ കാത്തിരിക്കുന്നത് കാണാം. കോവിലകം അതിന്റെ അവസാന കഴുക്കോലും ഭൂമിയിലേക്ക് പതിച്ചില്ലാതകാനും കാത്തിരിക്കുന്നു.
കാലം ആരെയും കാത്തിരിക്കാതെ മുന്നോട്ട് കുതിക്കുകയാണല്ലോ...
ഞാനപ്പോൾ ചിന്തിച്ചത് കഴിഞ്ഞ കാലങ്ങളില്‍ കോവിലകങ്ങൾ കേന്ദ്രമായി രൂപപ്പെട്ട സമൂഹിക ചുറ്റുപാടുകളെ കുറിച്ചാണ്. സ്വകാര്യ സ്വത്ത് സമ്പാദനത്തിൽ വലിയ താല്‍പര്യമോ ആർത്തിയോ ഇല്ലാത്ത, അന്നാന്ന് കിട്ടുന്നത് കൊണ്ട് അന്നാന്നാഹരിച്ച് ഒരു ജനത ആയിരുന്നല്ലോ അക്കാലത്ത് നാടുകളില്‍ ഉണ്ടായിരുന്നത്. ഒരില്ലത്തിനോ കോവിലകത്തിനോ ചുറ്റുമായാണ് അവർ രൂപപ്പെടുന്നത്. ഒരു ദേശത്ത് അത്തരമൊരു സ്ഥാപനം രൂപപ്പെട്ടാൽ പ്രദേശത്തെ ഉല്‍പാദനത്തിന്റെ പ്രധാന ഭാഗം ആ കേന്ദ്രത്തിലേക്ക് ജനങ്ങള്‍ നിക്ഷേപിക്കുകയും, പകരമായി ആ സ്ഥാപനവുമായി ബന്ധപ്പെട്ട എല്ലാ ജോലികളും ആ ജനതക്കിടയില്‍ തന്നെ വിഭജിച്ച് നല്‍കുകയും ചെയ്യുന്ന ഒരു രീതിയായിരുന്നു അത്. പൂജാതി കര്‍മ്മങ്ങള്‍ക്ക് ബ്രാഹ്മണർ, അരി വെപ്പിന് എമ്പ്രാന്തിരിമാർ, തുണി അലക്കലിന് വെളുത്തേടത്ത് നായര്‍മാരും മണ്ണാത്തിമാരും, കാര്യസ്ഥ പണിക്കായി വാര്യര്‍മാര്‍, കാവല്‍ ആയോധനം തുടങ്ങിയവക്കായി നായന്മാർ, കണക്ക് നോട്ടം കുറുപ്പന്മാർ തുടങ്ങി, കൃഷിപ്പണികൾ തുടങ്ങിയ മറ്റ് ജോലികള്‍ക്ക് താഴ്ന്ന ജാതികളും കൂടാതെ നായാടികൾ, ആളന്മാർ തുടങ്ങി ധർമ്മാവശ്യത്തിന് വേണ്ടി ആ കേന്ദ്രത്തെ സമീപിക്കുന്നവരും ധാരാള കണക്കിന് കാണും. അവര്‍ക്കുള്ള നെല്ല്, വസ്ത്രങ്ങൾ തുടങ്ങി വിശേഷാവസരങ്ങളിലെ സഹായം വരെ ആ കേന്ദ്രം ചെയത് വരുന്നു. പകരം അധ്വാനവും, സ്വത്ത് സമ്പാദനത്തിനുള്ള അഭിലാഷങ്ങളുടെ സമര്‍പ്പണവും, ജാതി വിഭജനത്തോടുള്ള അകമഴിഞ്ഞ വിധേയത്വവുമാണ് ആ ജനത ആ കേന്ദ്രത്തിന് പകരം നല്‍കുന്നത്. അവശ്യക്കാർ അവരുടെ അവകാശം പോലെയല്ല ആ കേന്ദ്രത്തെ സഹായങ്ങള്‍ക്കായി സമീപിക്കുന്നത്. പകരം, നല്‍കുന്നവർ തങ്ങളുടെ അവകാശം പോലെ അതവര്‍ക്ക് നല്‍കുന്നു എന്ന സവിശേഷത ഇതിനുണ്ട് എന്ന് കാണുവാൻ കഴിയും. വര്‍ഷാവര്‍ഷങ്ങളിൽ നടക്കുന്ന താലപ്പൊലി, പൂരം പോലുള്ള ആഘോഷ ദിനങ്ങളിലെ സകല ചിലവുകളും വഹിക്കപ്പെടുന്നത് ആ കേന്ദ്രം ആകയാല്‍ കൂടി വര്‍ഷാവര്‍ഷങ്ങളായി വരവ് ലഭിക്കുന്ന പാട്ടം അതിന് മതിയാകാതെ വരികയാണ് പതിവ് എന്ന് അനുഭവസ്ഥർ പറയുന്നത് കേൾക്കാം. അതിനാല്‍, വലിയ അളവില്‍ പാട്ടം കരസ്ഥമാക്കുന്നവർ എന്ന നിലയിലും നാടിന്റെ സ്വകാര്യ സ്വത്തുക്കള്‍ മുഴുവന്‍ അടക്കി വെച്ചനുഭവിക്കുന്നവർ എന്ന നിലയിലും പഴയകാല ജന്മിത്തത്തെ അടയാളപ്പെടുത്തുമ്പോൾ തന്നെ അവരായിരുന്നു ആ സമൂഹത്തിലെ കൊടുക്കലിന്റെ കേന്ദ്രമെന്ന വസ്തുതയെ മറച്ച് വെക്കുന്നത് അഭികാമ്യമല്ല എന്ന് തോന്നുന്നു. എന്നാൽ, അതൊരിക്കലും ജന്മിത്വത്തോടുള്ള ന്യായീകരണമായി കണക്കാക്കാൻ കഴിയില്ല എന്നും പറഞ്ഞ് വെക്കട്ടെ.
ഞങ്ങൾ പടിപ്പുര കെട്ടിന് മുന്നിലെ ചരിത്രം പറയുന്ന ആ പാറകൂട്ടങ്ങളുടെ കാഴ്ച്ച കണ്ടു. പ്രകൃതി തന്നെ നിത്യവും സത്യവും. കേട്ട ചരിത്രത്തിന്റെ ആഴം കണ്ട അമ്പരപ്പോടെ തിരികെയുള്ള യാത്രക്കിറങ്ങുമ്പോൾ ഞാൻ ചിന്തിച്ചത് എന്നെ കടന്ന് പോകുന്ന ആ വഴിത്താരയെ കുറിച്ചാണ്. മണ്ണാര്‍മല തമ്പുരാക്കന്മാരുടെ അരിയിട്ടു വാഴ്ച്ചാനന്ദരമുള്ള സ്വീകരണ യാത്ര മുതൽ മഞ്ചലിലും കാളവണ്ടിയിലും പിന്നീട് കാറിലുമായി അവർ നടത്തിയ അനേകം യാത്രകള്‍... ഒടുവിൽ, തീപ്പെട്ട തമ്പുരാന്റെ ബൗദ്ധിക ശരീരം വഹിച്ച് മഞ്ചേരിയിലേക്കുള്ള വിലാപ യാത്ര വരെയുള്ള അവരുടെ ഓരോ മുഹൂര്‍ത്തങ്ങളും കടന്ന് പോയ വഴികളാണിത്. ചെറുമട്ടത്തിലെങ്കിലുമൊരു രാജപാത. വാഹനങ്ങള്‍ പ്രചാരത്തില്‍ വരുന്നതിന് മുമ്പേ മഞ്ചേരിയിൽ നിന്നും കാളവണ്ടിയിലായിരുന്നത്രെ വലിയ കാരണവപ്പാടുൾപ്പെടെയുള്ളവർ എഴുന്നള്ളിയിരുന്നത്. അക്കാലത്ത് ആ കാളവണ്ടി നിർത്തിയിടാനായി നിര്‍മ്മിച്ച ചെറിയൊരു ഷെഡ്ഡിൽ നിന്നുമാണ് ആ കവലയുടെ ജൈത്രയാത്രക്ക് തുടക്കം കുറിക്കുന്നതെന്ന് കാണാം. മേല്‍ മുക്കവലക്കപ്പുറം കഠിനമായ പാറക്കൂട്ടങ്ങളും വയലുകളും മറ്റുമൊക്കെ ആകയാലാണ് വാഹനം സുഖമമായി പോകുന്ന അവസാന ഇടമെന്ന നിലയില്‍ മുക്കവല വരെ മാത്രം വാഹനങ്ങൾ വന്നിരുന്നത്. പിൽകാലങ്ങളിൽ അതൊരു കീഴ്‌വഴക്കമായി കോവിലകക്കാർ അനുഷ്ഠിച്ച് വന്നിരുന്നു എന്നുള്ളത് മറ്റൊരു കാര്യം.
ചരിത്രം തുടരും...
അവലംബം-
വ്യക്തികൾ-
-അപ്പുക്കുട്ടന്‍ തമ്പുരാൻ മകള്‍ മീര തമ്പാട്ടി
-മോഹനന്‍ മാസ്റ്റർ മണ്ണാര്‍മല
-അമീര്‍ മാസ്റ്റർ ചുങ്കം
-രാമചന്ദ്രന്‍ വാരിയര്‍ മണ്ണാര്‍മല
-ഇണ്ണ്യാമ്പത്ത്, മണ്ണാൻ വീട്ടുകാർ
-പച്ചീരി സ്കൂൾ അധ്യാപകർ
-യൂസുഫലി പാണ്ടിക്കാട്
പുസ്തകങ്ങൾ-
-വള്ളുവനാട് ചരിത്രം- ഡോ രാജേന്ദു
-കേരള മുസ്ലിം ഹെറിറ്റേജ് പ്രബന്ധങ്ങൾ
-കേരളത്തിലെ നവോത്ഥാനസമരങ്ങൾ- ഡോ r രാധാകൃഷ്ണൻ
-മലബാർ കലാപവും ദേശീയ പ്രസ്ഥാനവും- k ഗോപാലൻ കുട്ടി
-മാപ്പിള സമുദായം- ടി മുഹമ്മദ്
-ആംഗ്ലോ മാപ്പിള യുദ്ധം 1921- കോഡൂർ