Tuesday, 21 April 2020

തീർത്ഥാടനം

"പലസ്തീനിലെ മുസ്ലിമീങ്ങൾ എത്ര ക്രൂരരാണല്ലേ. അവർ അവിടെയുള്ള പാവം ജൂതന്മാർക്കെതിരിൽ മതത്തിന്റെ പേരു പറഞ്ഞക്രമണം അഴിച്ചു വിടുന്നത് ദുഃഖകരമായ വാർത്ത തന്നെ"

അയാൾ സംസാരിച്ചു നിര്‍ത്തിയത് അവിടെ ആയിരുന്നു...

"അതെങ്ങനെ ശരിയാവും... ഇസ്രായേല്‍ എന്ന തെമ്മാടി കൂട്ടം അവിടെ ഭരണം പിടിച്ചടക്കുന്നത് വരേയും ആ പ്രദേശം മുസ്ലീങ്ങളുടെ കൈകളിലായിരുന്നല്ലോ... അന്ന് പോലുമില്ലാത്ത എന്ത് അസഹിഷ്‌ണുതയാണ് ഇന്നവിടെയുള്ളത്..." ഞാൻ വിഷയത്തിൽ ഇടപെട്ടു.

"മുസ്ലീങ്ങളുടെ കൈകളിലോ..."

"അതേ സുഹൃത്തേ... അനേകം നൂറ്റാണ്ടുകള്‍ തുടക്കം കുറിച്ച് ആയിരത്തി തൊള്ളായിരമാണ്ട് വരേക്കും അവരായിരുന്നു ആ പ്രദേശത്തിന്റെ സര്‍വ്വാധികാര്യക്കാർ..."

ക്രൈസ്തവരുടെ വിശുദ്ധ സ്ഥലങ്ങളായ യേശു ജനിച്ചയിടം, വളര്‍ന്നയിടം, ഒടുവില്‍ കഴുവിലേറ്റിയ ഗോൽഗോതാ കുന്ന്, അടക്കം ചെയ്ത കല്ലറ, ഉയിര്‍ത്തെഴുന്നേറ്റ ഗുഹ മുഖം, ജൂതരുടെ വിശുദ്ധ സ്ഥലമായ സോളമന്‍ ക്ഷേത്ര മതില്‍ കെട്ടുകൾ തുടങ്ങി നൂറ്റാണ്ടുകള്‍ പഴക്കം ചെന്ന നിരവധിയായ ദേവാലയങ്ങൾ, സെനഗോഗുകൾ, മഠങ്ങൾ വരെ ഇന്നും തലയെടുപ്പോടെ ആ രാജ്യത്ത് നിലനിന്ന് വരുന്നുണ്ട്. ഉത്തരവാദിത്വത്തോടെ അതെല്ലാം സംരക്ഷിച്ച് പരിപാലിച്ച്... അതിക്രമിച്ചാണങ്കിലും കടന്നു വന്ന കൂട്ടര്‍ക്കത് കൈമാറിയവരാണവർ... പലസ്തീന്‍ മുസ്ലീങ്ങള്‍. ആ കാലം വരേക്കും പ്രബലമായ ആ മൂന്ന്‌ മതങ്ങളുടേയും തീര്‍ത്ഥാടകര്‍ക്ക് പലസ്തീന്‍ മണ്ണ് സ്വാഗതമരുളി. അവര്‍ക്ക് വേണ്ടുന്ന സഹായ സഹകരണങ്ങൾ നല്‍കി.

ഈജിപ്തിൽ നിന്നുള്ള യഹൂദരുടെ കൂട്ട പലായനത്തെ സൂചിപ്പിക്കുന്ന പാസ്സ് ഓവർ, സിനായി പർവതത്തിനു മുകളിലെ അരുളപ്പാടിനെ സൂചിപ്പിക്കുന്ന പെന്തക്കോസ്ത്, മരുഭൂമികളിലൂടെ അലഞ്ഞു നടന്നതിന്റെ ഓര്‍മ്മയായ കൂടാരപ്പെരുന്നാൾ തുടങ്ങി പുരാതന കാലം മുതൽ ഹാഗ് എന്നറിയപ്പെട്ടിരുന്ന യഹൂദരുടെ തീർത്ഥാടനാഘോഷങ്ങൾ ഇസ്ലാമിക് പലസ്തീന്റെ തെരുവുകള്‍ എത്ര കണ്ടിരിക്കുന്നു. പ്രായപൂർത്തിയായ എല്ലാ പുരുഷന്മാരും ഈ മൂന്ന് അവസരങ്ങളിലും ജെറുസലേമിലേക്ക് തീർത്ഥയാത്ര നടത്തണമെന്നാണ് യഹൂദ നിയമം നിഷ്കർഷിക്കുന്നത്.

അയാൾ... നിശബ്ദനായി അല്‍പ്പ നേരമെന്തോ ആലോചിച്ചിരുന്നു.

അപ്പോൾ ഞാൻ പറഞ്ഞ്‌ വരുന്നത് തീർത്ഥ യാത്രകളെ കുറിച്ചാണ്...

ആചാരസംഹിതകൾക്ക് അനുസൃതമായി പുണ്യസ്ഥലത്തേക്ക് നടത്തുന്ന യാത്രയാണ് തീർത്ഥാടനം എന്നറിയപ്പെടുന്നത്. പുരാതനകാലം മുതൽ മിക്ക മതങ്ങളിലും തീർഥാടന സമ്പ്രദായം നിലനിന്നിരുന്നു. ഭൗതികമോ ആത്മീയമോ ആയ നേട്ടങ്ങൾ ലക്ഷ്യമാക്കിയാണ് തീർഥാടനം നടത്തുന്നത്. രോഗശാന്തി, സന്താനലബ്ധി, സമ്പദ്സമൃദ്ധി അങ്ങനെ നീളുന്നു അവരുടെ ആവശ്യങ്ങള്‍. ഉദ്ദിഷ്ട കാര്യം നടന്നതിന്റെ ഉപകാരസ്മരണയും, തീവ്രഭക്തിയും തീർഥാടനത്തിനു പ്രചോദനമേകുന്നു. മതപരമായ ഉദ്ദേശ്യങ്ങൾ സഫലമാകുന്നതിനു പുറമേ പുതിയ സ്ഥലങ്ങൾ കാണുവാനും കൂടുതൽ മനുഷ്യരെ പരിചയപ്പെടുവാനും ഇതിലൂടെ അവര്‍ക്കവസരം ലഭിക്കുന്നു.

നിരവധി ക്ളേശങ്ങൾ സഹിച്ചും ദീർഘദൂര യാത്രകള്‍ നടത്തിയുമാണ് അവർ തങ്ങളുടെ കേന്ദ്രങ്ങളിൽ എത്തിച്ചേരുന്നത്. ചില തീർഥാടന കേന്ദ്രങ്ങൾ വ്യത്യസ്ത മതക്കാർക്ക് ഒരുപോലെ പ്രധാനപ്പെട്ടവയാണ്. ഉത്തര ആഫ്രിക്കയിലെ ചില ദേവാലയങ്ങൾ ഇസ്ലാം മതവിശ്വാസികളേയും യഹൂദരേയും ഒരു പോലെ ആകർഷിക്കുന്നു. ഇന്ത്യയിലെ ഏതാനും തീർഥാടന കേന്ദ്രങ്ങൾ ബുദ്ധമത വിശ്വാസികൾക്കും ഹിന്ദുമത വിശ്വാസികൾക്കും തുല്യ പ്രാധാന്യമുള്ളവയാണ്.

അങ്ങനെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകളാണ് തീര്‍ത്ഥാടനത്തെ സംബന്ധിച്ചുള്ളത്. ഒരിക്കല്‍, ഞാനും തീര്‍ത്ഥാടനത്തിനിറങ്ങിയിട്ടുണ്ട്. മരുഭൂ പരക്കുന്ന മക്കയിലേക്ക്. ഇസ്ലാമിനെ സംബന്ധിച്ച് മൂന്നേ മൂന്ന്‌ സ്ഥലങ്ങളിലേക്ക് മാത്രമാണ് തീര്‍ത്ഥാടനം അനുവദിച്ചിടരിക്കുന്നത്. മക്കയിലേക്ക്, മദീനയിലേക്ക് പിന്നെ, ഞാന്‍ മുകളില്‍ പറഞ്ഞ പലസ്തീനിലെ ബൈത്തുൽ മുഖദ്ദസിലേക്ക്.

ഒരിക്കലും ഉറങ്ങാത്ത... മക്കയെന്ന ആ മഹാനഗരം അന്നന്നെ വല്ലാതെ അദ്ഭുതപ്പെടുത്തിയതായി ഞാനോര്‍ക്കുന്നു. ഹറമിൽ ഹജ്ജും ഉംറയും നിർവ്വഹിക്കാൻ ലക്ഷങ്ങളാണ് ദിനംപ്രതി വന്നു പോയി കൊണ്ടിരിക്കുന്നത്. രാവും പകലുമവിടെ തിരക്കാണ്. എത്ര വാഹനങ്ങളാണ് അർധരാത്രിയിലും ആ പുണ്യഭൂമിയിലേക്ക് തീർഥാടകരുമായി ഒഴുകികൊണ്ടിരിക്കുന്നത്. എന്നിട്ടും അതിന്റേതായൊരു തിക്കോ തിരക്കോ ഒച്ചപ്പാടോ അവിടെ അനുഭവപ്പെടുന്നില്ല. ഹറമിലേക്ക് ഒരുകൂട്ടം ആകാംക്ഷാപൂർവം കയറി ചെല്ലുമ്പോൾ... മറ്റൊരു കൂട്ടം ആത്മനിർവൃതിയോടെ അവിടെ നിന്നും മടങ്ങുന്നു.

ആരാണ് ഇവരെയൊക്കെ നിയന്ത്രിക്കുന്നത്...?

സർവശക്തനായ ഈശ്വരൻ മാത്രമറിയുന്ന പരമ മഹാരഹസ്യം. തീര്‍ത്ഥാടകർക്കായി മെച്ചപ്പെട്ട പശ്ചാത്തല സൗകര്യം  ഒരുക്കുന്നതിൽ സൗദി സർക്കാർ എപ്പോഴും മുൻപന്തിയിലാണ്. അതിനാല്‍ തന്നെ, അവിടെ എത്തുന്ന ഓരോ മനുഷ്യനും ഹജ്ജോ ഉംറയോ നിർവ്വഹിക്കാൻ സാധിച്ചില്ലെന്ന് പരാതിപ്പെടാറില്ല. എത്ര തിരക്കുണ്ടായാലും എല്ലാ കർമ്മങ്ങളും നിര്‍വ്വഹിക്കാനവർക്ക് കഴിയുന്നു. കാരണം അവർ ദൈവത്തിന്റെ അതിഥികളാണ്. അതിഥികളെ ഏറ്റവും മുന്തിയ നിലയില്‍ സ്വീകരിക്കേണ്ടത് ആതിഥേയരുടെ ഉത്തരവാദിത്തവും.

ഒരിക്കല്‍ ഒരു സംഭവമുണ്ടായി. നടക്കുന്നത് അങ്ങ് അമേരിക്കയിലാണ്. കഅബക്ക് ചുറ്റിലും പ്രദക്ഷിണ കര്‍മ്മം നിര്‍വ്വഹിക്കുന്ന പത്ത് ലക്ഷത്തോളം വരുന്ന ജനസഞ്ചയത്തിന്റെ ഉപഗ്രഹചിത്രം കാണിച്ച് ഒരു അമേരിക്കൻ പട്ടാള കമാൻഡറോട് ഒരാൾ ചോദിച്ചുവത്രേ...

"ഹജ്ജിന് സമ്മേളിച്ച ഈ മനുഷ്യരൊക്കെ നിങ്ങളുടെ പട്ടാളക്കാരാണെന്ന് കരുതുക... എങ്കിൽ, ഇവരെ വരിയൊത്ത് നിർത്താൻ എത്രസമയം നിങ്ങള്‍ക്ക് വേണ്ടിവരും...?"

"ദിവസങ്ങൾ വേണ്ടിവരും..."
ആ പട്ടാളക്കാരന്റെ സംശയലേശമന്യേ മറുപടി നല്‍കി.

എന്നാൽ, ഹറമിലൊരു ബാങ്ക് മുഴങ്ങിയപ്പോഴേക്കും എതാനും നിമിഷ നേരങ്ങൾ കൊണ്ട് ആ മനുഷ്യർ നമസ്കാരത്തിനായി വരിയൊത്ത് നിന്ന കാഴ്ച്ച കണ്ടപ്പോൾ ആ കമാൻഡർ അദ്ഭുതപ്പെട്ടുപോയന്നാണ് കഥ. നമസ്കാരവേളയിലൊഴിച്ച് ജനങ്ങൾ ഇരുപത്തി നാല് മണിക്കൂറും വലംവെച്ചുകൊണ്ടിരിക്കുന്ന ഈ കഅ്ബാലയം ഒരു ലോകാദ്ഭുതം തന്നെയാണെന്ന് എങ്ങനെ പറയാതിരിക്കാന്‍ കഴിയും.

അന്നാ ദിനം വളരെ യാദൃശ്ചികമായാണ് മക്കയുടെ പ്രാന്ത പ്രദേശങ്ങളിലേക്ക് പോകാൻ എനിക്കൊരു അവസരം കൈവരുന്നത്. ആദ്യം ജബലുനൂർ മലനിരകള്‍ക്കു സമീപമാണ് ഞാനെത്തിയത്. അവിടെയാണ് പ്രശസ്തമായ ഹിറ ഗുഹയുള്ളത്. മക്കയിൽ നിന്നും കുറവില്ലാത്ത ദൂരമുണ്ടവിടേക്ക്. കുത്തനെയുള്ള ജബലുനൂർ മല കയറ്റത്തിന് രണ്ട് മണിക്കൂറെങ്കിലും സമയമെടുക്കും. നേരെ നടക്കുകയാണങ്കിൽ പോലും കടുത്ത ക്ഷീണമനുഭവപ്പെടുന്ന ആ സാഹചര്യത്തിൽ, കുത്തനെയുള്ള കയറ്റമാകുമ്പോൾ എന്താകും സ്ഥിതിയെന്ന് ഞാന്‍ വെറുതെ ചിന്തിച്ചു. മലയുടെ മാറിടത്തിൽ വെള്ളനൂലരഞ്ഞാണം പോൽ ആളുകൾ വളഞ്ഞു പുളഞ്ഞ് പോകുന്നത് കാണാം. അവർ മലമുകളിലെ ഹിറാ ഗുഹ കാണാനായാണാ പോകുന്നത്. തീര്‍ത്ഥാടകര്‍ക്ക് മലകയറ്റം പരമാവധി ആയാസരഹിതമാക്കാൻ മലം പാതയിൽ സൗകര്യപ്രദമായ രീതിയില്‍ കരിങ്കൽ പടികളും ഇടക്ക് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളുമൊക്കെ കാണാം. ആ മലകയറ്റ കാഴ്ച്ച അത്ഭുതത്തോടെ ഞാൻ നോക്കി നിൽക്കുമ്പോൾ എനിക്കോര്‍മ്മ വരുന്നത് റസൂൽ ജീവിച്ച ആ കാലത്തെ കുറിച്ചാണ്. കുത്തനെയുള്ള ഈ കഠിനമായ മല കേറാന്‍ അവിടുന്ന് എത്ര ആയാസപ്പെട്ടിരിക്കും. അന്നദ്ദേഹം മലക്ക് മുകളിലെ ഗുഹക്കകത്ത് ധ്യാനനിരോധനായിരിക്കുമ്പോള്‍ അവിടത്തേക്കുള്ള ഭക്ഷണവും വെള്ളവുമായി പോയിരുന്നത് പ്രിയ പത്നി ഖദീജയായിരുന്നു. ശത്രുക്കളുടെ കണ്ണില്‍ പെടാതിരിക്കാൻ അവർ ഭക്ഷണ സാധനങ്ങളോടൊപ്പം ആട്ടിൻ കൂട്ടത്തേയുമന്ന് തെളിച്ച് കൊണ്ട് പോയിരുന്നെന്ന് ചരിത്രത്തിൽ കാണാൻ കഴിയും. ഒരു ഇടയത്തിപെണ്ണിന്റെ ആടുമേക്കലായി മാത്രമാ ഉദ്യമത്തെ തോന്നിപ്പിക്കാനായിരുന്നു അവരങ്ങനെ ചെയ്തിരുന്നത്.

ഇന്നത്തെ സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന അക്കാലത്ത് എത്ര കഷ്ടപ്പെട്ടായിരിക്കാം ആ മനുഷ്യരീ മല കയറിയിരുന്നതെന്നോർത്തപ്പോൾ അവരോട് വല്ലാത്ത ആദരവ് തോന്നുന്നു.

അവിടെ നിന്നും ഞങ്ങൾ നേരെ അറഫയിലേക്കാണ് പോയത്. വഴി മധ്യേ ഹറം പള്ളിയിലെ ഇമാമുരുടെ വീട് കണ്ടു. ഗംഭീരമായ കാഴ്ച്ച. വിശാലമായ പുൽമൈതാനത്തിന്റെ അങ്ങേതലക്കൽ വെള്ളകൊട്ടാരം പോലെ കുറെ വീടുകൾ. അഴുക്ക് പുരണ്ട ബസ്സിന്റെ ചില്ലിലൂടെ അത് കാണുമ്പോൾ അവയുടെ സൗന്ദര്യം പൂര്‍ണ്ണതയിലെനിക്ക് ആസ്വദിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല.

അറഫയില്‍ ഞങ്ങളാദ്യം സന്ദര്‍ശിച്ചത് ജബലുറഹ്മയാണ്. ഹജ്ജത്തുൽ വദാഅ പ്രഭാഷണത്തിന്നായി റസൂല്‍ കയറി നിന്ന കുന്നാണത്. അവിടെ വച്ചാണ് തിരുമേനി വിശ്വാസികളോടായി തന്റെ അവസാന പൊതു പ്രഭാഷണം നടത്തിയത്. വിടവാങ്ങല്‍ പ്രഭാഷണമെന്ന പേരില്‍ പ്രസിദ്ധമാണതിലെ ഓരോ വരികളും. അന്നത്‌ കേള്‍ക്കാന്‍ അദ്ദേഹത്തിന്റെ അനേകം അനുയായികള്‍ അവിടെ തടിച്ച് കൂടിയിരുന്നു. തന്റെ പ്രഭാഷണത്തിനൊടുക്കം അവരോടായി തിരുമേനി പറഞ്ഞു.

"എന്റെ സന്ദേശം കേട്ടവർ കേട്ടവരത് കേള്‍ക്കാത്തവർക്ക് എത്തിച്ചു നല്‍കുക"

അതിലാവേശം കൊണ്ട അവരിലെ അനേകം ആളുകൾ തങ്ങളുടെ കുതിരകള്‍ എങ്ങോട്ടാണോ തിരിഞ്ഞ് നിന്നത്‌ അവിടേക്ക് ഇസ്ലാമിക സന്ദേശവുമായി കുതിച്ചു നീങ്ങി എന്നാണ്‌ ചരിത്രം. അതിനാല്‍ തന്നെ, അന്നവിടെ സമ്മേളിച്ച മിക്ക അനുയായികളുടേയും ഖബറുകള്‍ അറേബ്യക്ക് പുറത്തെ നാടുകളിലായിരുന്നു എന്നുള്ളത് യാദൃശ്ചികമാകാൻ വഴിയില്ല. ആ മഹാപ്രഭാഷണത്തിന്റെ സ്മാരകമായി അവിടെയൊരു വെള്ളചായം പൂശിയ കൽകെട്ട് കാണാം. അതിന്‌ മുകളില്‍ കത്തുന്ന സൂര്യനും... കൊടും ഉഷ്ണവും.

പതിനഞ്ച് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നബി തങ്ങളുടെ ശബ്ദലയൊലികള്‍ പരന്നൊഴുകിയ ആകാശ കീറാണത്. ഒരുപക്ഷേ, ഇപ്പോഴും ആ ശബ്ദവീചികള്‍ ഇവിടെ എവിടെയെങ്കിലും തങ്ങി നില്‍പ്പുണ്ടായിരിക്കും... ഇവിടെ അടിക്കുന്ന ഇളം കാറ്റിലതൊക്കെയും പാറി പരന്ന് നടക്കുന്നുണ്ടായിരിക്കുമോ. അതിനെ കുറിച്ചോര്‍ത്തപ്പോൾ എന്റെ മനസ്സിലേക്ക് കടന്ന് വരുന്നത് മറ്റൊരു കാര്യമാണ്.

അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിൽ വീരോതിഹാസം രചിച്ച  എബ്രഹാം ലിങ്കൺ ഒരു വലിയ പ്രഭാഷകനായിരുന്നല്ലോ... അദ്ദേഹത്തിന്റെ പ്രഭാഷണം അന്തരീക്ഷത്തിൽ നിന്നുമെടുക്കാൻ ഏതൊക്കെയോ ശാസ്‌ത്രജ്ഞര്‍ പണ്ടൊരിക്കല്‍ ശ്രമിച്ചിരുന്നുവത്രെ. അതിനായി അന്നദ്ദേഹം പ്രസംഗിച്ച വീഥികള്‍, മൈതാനങ്ങൾ, സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളിലൊക്കെയും പ്രത്യേകം യന്ത്രം ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്തി. ഗവേഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും നിഗമനങ്ങൾക്കുമൊടുവിൽ അവരതിൽ വിജയിച്ചോ എന്നൊന്നും എനിക്കറിയില്ല. എങ്കിലും, അതുപോലെയുള്ള പരീക്ഷണങ്ങൾ ഇവിടെയും സാധ്യമാകുമോ എന്നാണ്‌ എന്റെ ചിന്തയത്രയും.

അവിടെ നിന്നും നേരെ മുസ്തലിഫയിലേക്കാണ് ഞങ്ങൾ നീങ്ങിയത്. അവിടെ ഹജ്ജ് വേളയില്‍ മാത്രം പ്രവർത്തന സജ്ജമാകുന്ന വിശാലമായ റെയിൽവേ ഞങ്ങൾ കണ്ടു. തൂണുകളിൽ നാട്ടപ്പെട്ട ആ പാളങ്ങളിൽ മെട്രോ ട്രെയിനുകൾ അലസമായി വിശ്രമിക്കുന്നു. ഹജ്ജ് കാലത്ത്‌ ഹാജിമാരെ ഹറമില്‍ നിന്നും അറഫയിലെത്തിക്കുക എന്ന ഒരൊറ്റ ദൗത്യം മാത്രമാണവക്ക് ചെയ്യുനുള്ളത്. ബാക്കി ദിവസങ്ങളില്‍ ഇവിടെതാ... ഈ വെറുതെയിരിപ്പ് മാത്രമാണ്‌ അവയുടെ പ്രധാന 'ജോലി'.

തുടർന്ന്, അറഫാ മൈതാനം ലക്ഷ്യമാക്കി ഞങ്ങൾ നീങ്ങി. അവിടെ വിശ്വപ്രസിദ്ധനായ അറബ് ഭരണാധികാരി ഹാറൂണ്‍ റഷീദ് പണിത വെള്ളകനാല്‍ കാണാം. കൂടാതെ, മുസ്ത്വലിഫ പള്ളി, നമീറ പള്ളി എന്നിവയും. ശപിക്കപ്പെട്ട ചെകുത്താന്റെ പ്രതീകമായ ജംറയിൽ എറിയുവിനുള്ള കല്ലെടുക്കാനുള്ള മൈതാനത്തിന്റ വിശാലതയും അത്ഭുദപ്പെടുത്തുന്നത് തന്നെ. ശീതീകരിക്കപ്പെട്ട അഞ്ചുനില ജംറ സമുച്ചയം പൂർണസജ്ജമായതോടെ കൂടുതൽ പ്രയാസങ്ങളോ അത്യാഹിതങ്ങളോ ഇല്ലാതെ സുഗമമായി ജംറകളിൽ കല്ലെറിയാൻ ഹാജിമാർക്ക് കഴിയുന്നുണ്ട്. ഹജ്ജ് വേളയിൽ മിനയിലെ ജംറകളിൽ കല്ലെറിയുന്ന തീർഥാടകർക്ക് ചൂടിനാശ്വാസം പകരാൻ നൂതന എയർകണ്ടീഷനിങ് സംവിധാനവും അവിടെ ഒരുക്കിവച്ചിട്ടുണ്ട്. മരുഭൂമികളിൽ ഉപയോഗിക്കുന്നതരത്തിലുള്ള ഒരുതരം എയർകണ്ടീഷനിങ് സംവിധാനമാണത്. ഇതുമൂലം ജംറയുടെ ഏറ്റവും മുകളിലെ ഓപൺ ടെറസിലും പുറത്ത് മൈതാനത്തും ചൂടിന്റെ അളവ് ഇരുപത്തി നാല് സെൽഷ്യസ് വരെയായി കുറക്കാനാവുന്നു.

ജംറക്കപ്പുറം നിരനിരയായി നില്‍ക്കുന്ന ടെന്റുകളുടെ കാഴ്ച്ച ഏവരെയും അത്ഭുദപ്പെടുത്തുന്നതാണ്. വിശാലമായ പാടത്ത് വെള്ള വര്‍ണ്ണത്തിലുള്ള എന്തോ കൃഷി വരിവരിയായി നട്ടുപിടിപ്പിച്ചത് മാതിരിയാണതിന്റെ കാഴ്ച്ച. മുകൾ കൂര്‍ത്ത എന്തോ ഒരുതരം പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് നിർമ്മിച്ചവയാണത്. ഹജ്ജ് സമയങ്ങളില്‍ മാത്രം സജീവമാകുന്നയിടങ്ങൾ. ഒരു ടെന്റില്‍ ഏകദേശം ഇരുപതോളം പേർക്ക് സകല സൗകര്യങ്ങളോടേയുമവിടെ താമസിക്കാന്‍ കഴിയുന്നു. എസി, കിടപ്പ് സംവിധാനങ്ങള്‍ തുടങ്ങി ഭക്ഷണ സാധനങ്ങള്‍ വരെ അതിനകത്തവര്‍ക്ക് ലഭ്യമാകുന്നു. ഏതാനും വർഷങ്ങളായി സൗദി ഭരണകൂടം മക്കയിൽ നടപ്പിലാക്കി വരുന്ന നവീകരണ പദ്ധതികളുടെ ഫലമായി ഹജ്ജ് വേളയിൽ അറഫ ഉള്‍പ്പെടെയുള്ള ഈ പ്രദേശങ്ങളിലൊന്നും വലിയ തിക്കും തിരക്കും അനുഭവപ്പെടുന്നില്ല എന്നുള്ളത് ആശ്വാസകരമായ കാര്യമാണ്. കാരണം, നേരത്തെ ഹറമിന്റെ കാര്യം പറഞ്ഞത് പോലെ ലക്ഷക്കണക്കിനാളുകൾ ഇവിടെയും അന്നേ ദിവസങ്ങളില്‍ വന്നു പോവുന്നുണ്ടല്ലോ...

അറഫ മൈതാനം ഇന്നൊരു തിരക്കൊഴിഞ്ഞ പൂരപ്പറമ്പ്‌ പോലെയാണുള്ളത്. ഞാനവിടുത്തെ ആ തിരക്കിന്റെ നാളുകളെക്കുറിച്ച് വെറുതെ ചിന്തിച്ചു. എത്രയോ വർഷങ്ങളായി തുടരുന്ന തിരക്ക്... എത്രയോ ആളുകൾ കടന്ന് പോയ വഴിത്താരകള്‍. അവരിൽ പലരും പിന്നീട് അമ്മയുടെ തിരുവയറൊഴിഞ്ഞതുമാതിരി പരിശുദ്ധരായി നാടണഞ്ഞിരിക്കുന്നു... അവർ അവരവരുടെ നാടുകളില്‍ എത്രയെത്രയോ നല്ല മാറ്റങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നു... ചരിത്രം രചിച്ചിരിക്കുന്നു. അതിന്റെ പ്രകാശം സംവത്സരങ്ങളീ ഭൂമിയില്‍ അണയാതെ നില്‍ക്കുമായിരിക്കും.

എന്റെ ചിന്തകൾ അവസാനിക്കുന്നേയില്ല...

ഞങ്ങൾ യാത്ര വീണ്ടും തുടർന്നു. അടുത്ത കാഴ്ച്ച എന്തായിരിക്കുമെന്ന ആവേശത്തിലങ്ങനെ ഇരിക്കുമ്പോള്‍ പരിചിതമായ വഴിത്താരകളിലൂടെ അവന്റെ വാഹനം കുതിക്കുന്നത് ഞാൻ കണ്ടു. കാഴ്ചകള്‍ ഏതാണ്ട് അവസാനിച്ചിരിക്കുന്നു. റൂമിലെത്തി അൽപ്പനേരം വിശ്രമിച്ച ശേഷം വീണ്ടും ഞാന്‍ ഹറമിലേക്ക് നടന്നു... ഹറം ലക്ഷങ്ങളെ പുണര്‍ന്ന് നിറഞ്ഞൊഴുകുകയാണ്. നിറയെ മനുഷ്യര്‍... മനുഷ്യ കടൽ... പലപ്പോഴുമെന്നെ വിശ്രമിക്കാന്‍ അനുവദിക്കാതെ, ഉറങ്ങാൻ അനുവദിക്കാതെ, രുചിയുടെയൊരു ഭക്ഷണം പോലും കഴിക്കാനനുവദിക്കാതെ നിരന്തരം അസ്വസ്ഥമാക്കുന്നൊരു വികാരമാണ് ഹറം. അവിടെ എത്തിച്ചേരുക, ത്വവാഫ് ചെയ്യുക, നമസ്കരിക്കുക, പിന്നെ ഒരു കപ്പ് തണുത്ത സംസം കുടിച്ചാ മുസല്ലയിൽ മലര്‍ന്നു കിടന്നോരോന്ന് ചിന്തിക്കുക എന്ന മിനിമം പരിപാടിയില്‍ ഒതുക്കപ്പെട്ടിരിക്കുന്നു മക്കയിലെ എന്റെ ദൈനംദിന കാര്യപരിപാടികൾ...

സ്വര്‍ഗ്ഗമണിഞ്ഞ ഖബറുകൾ

മദീനയിലെ ഒരു പ്രഭാതം. ഇന്ന്‌ അതിരാവിലെ എണീറ്റ് ഹറമിൽ ചെന്ന് സുബഹി നമസ്കാരം നിര്‍വ്വഹിക്കണമെന്ന് ഞാന്‍ കരുതിയതാണ്. പക്ഷേ, ഇന്നലെ രാത്രി വരെ നീണ്ടു നിന്ന കഠിനമായ പ്രവര്‍ത്തികൾ മൂലമുണ്ടായ ഉറക്ക ക്ഷീണം കാരണം അതിന് തീരെ സാധിച്ചില്ല. പകല്‍ നേരത്തെ കടുത്ത ചൂടിലൂടെയുള്ള പെരുമാറ്റവും പിന്നീട്, മുറിയിലെ സുഖകരമായ എസിയുടെ കുളിരും അന്തമില്ലാതെ കിടന്നുറങ്ങാൻ നമ്മെ പ്രേരിപ്പിക്കുന്ന ഘടകമാണ്. കിടക്കയിൽ ധാരാളകണക്കിനുള്ള മൂട്ടയുടെ കടിപോലുമപ്പോൾ സപ്രമഞ്ചമാകുന്നു. അത്രക്ക് സുഖസുന്ദരമായ പകലുറക്കം... രാവുകള്‍. സ്വപ്നങ്ങൾ... സൗദി യാത്രക്കൊരുങ്ങുന്നതിന് മുമ്പേ അനുഭവസ്ഥരായ പല അഭ്യുദയകാംക്ഷികളും അക്കാര്യമെന്നോട് പ്രത്യേകം സൂചിപ്പിച്ചിരുന്നു.

"ഇപ്പോൾ നീ ഉറങ്ങുന്നത് പോലെയല്ല... അവിടെ എത്തി ചേര്‍ന്നാല്‍ മലര്‍ന്നുള്ള കിടത്തത്തിനും ഉറക്കത്തിനുമൊക്കെ എന്തന്നില്ലാത്ത ഒരു ആസ്വാദനമനുഭവപ്പെടും... അതിന്റെ സുഖമനുഭവിച്ച് ആ വിലപ്പെട്ട ദിനങ്ങള്‍ അവിടെ ഉറങ്ങി തീർത്താൽ അതൊരു വലിയ നഷ്ടമായി തീരും" അവർ മുന്നറിയിപ്പ് നല്‍കി.

അത് അക്ഷരംപ്രതി ശരിയാണെന്നെനിക്ക് തീര്‍ത്തും ബോധ്യമായികൊണ്ടിരിക്കുന്നു.

പ്രഭാത ഭക്ഷണ ശേഷം എട്ട് മണിയോടെ ഹോട്ടൽ ലോബിയുടെ അരികിലുള്ള ചെറിയ പള്ളിയില്‍ നടന്ന് കൊണ്ടിരിക്കുന്ന ഉസ്താദിന്റെ ക്ലാസിൽ ഞാൻ പങ്കുകൊണ്ടു. എന്റെ ചെറിയ അറിവുവെച്ച് അദ്ദേഹം തനി കോഴിക്കോടനുമല്ല, മലപ്പുറംകാരനുമല്ല... അതൊന്നുമല്ലാത്ത ഏതോ ഒരു അജ്ഞാത ശൈലിയിലാണ് അദ്ദേഹം ഞങ്ങളോട് സംസാരിച്ചു കൊണ്ടിരിക്കുന്നത്. എങ്കിലും, അത് ഏതെങ്കിലുമൊരു ദേശത്തെ ജനങ്ങൾ വ്യാപകമായി ഉപയോഗിച്ചു വരുന്നൊരു ഭാഷ ശൈലി ആയിരിക്കുമെന്ന കാര്യത്തിലൊരു തർക്കവുമില്ല. താന്‍ പറഞ്ഞ കാര്യങ്ങൾ സ്ഥിരീകരിക്കുന്നതിന്നായി സദസ്സിലേക്ക് വിരൽ ചൂണ്ടിയക്കാര്യം ആവര്‍ത്തിച്ച് ചോദിക്കുന്ന ഒരു ശീലമുണ്ട് അദ്ദേഹത്തിന്. സദസ്സില്‍ വച്ച് ആ വിരലുകള്‍ ചിലപ്പോഴൊക്കെ എന്റെ നേരെയും ചൂണ്ടപ്പെടാറുണ്ട്. ചിന്തകളുടെ മഹാപ്രളയത്തിലങ്ങനെ നീന്തി തുടിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടന്ന് എനിക്ക് എതിരിലുയരുന്ന ആ ചോദ്യം തെല്ലൊന്നുമല്ല എന്നെ പ്രയാസപ്പെടുത്താറ്. മിക്കപ്പോഴും ഞാന്‍ ചൂളിപ്പോകാറാണ് പതിവ്. അതിനാല്‍ തന്നെ കൂടുതൽ നേരം പ്രഭാഷണം ശ്രവിച്ചു നില്‍ക്കാതെ വേഗത്തിൽ തന്നെ ഞാന്‍ പുറത്തേക്ക്‌ നടന്നു.

അന്നൊരു വെള്ളിയാഴ്‌ച്ചയായിരുന്നു. റൂമിലെത്തി കുളി മുതലായവ കഴിച്ച് ജുമുഅ നമസ്കാരത്തിന്നായി നേരത്തെ ഹറമിലെത്തിച്ചേരുവാൻ ഞാന്‍ തീര്‍ച്ചയാക്കി. കണ്ണില്‍ കൂളിംഗ് ഗ്ലാസ്സും തലയില്‍ കഫിയയും പുതച്ചാണ് പുറത്തേക്കിറങ്ങിയത്. തെരുവിന്റെ ഓരം ചേര്‍ന്ന് നടക്കുമ്പോൾ ധാരാളം പേർ കുടയുമായി നീങ്ങുന്നത് കാണാം. തെരുവിന്റെ ഒരു ഭാഗം മുഴുവനും ധാരാളകണക്കിന്‌ കടകളുടെ നിരയാണ്. അവിടെ സാമ്പ്രാണി തിരികളുടെ ധൂമകേതുക്കൾ അന്തരീക്ഷത്തിലേക്ക് പറന്നുയരുന്നത് കാണാം. കടുത്ത ഒരുതരം ഗന്ധമാണവിടെ. പുരാതനത്വം തോന്നിപ്പിക്കുന്ന കഠിനമായ ഏതോ അറേബ്യന്‍ പരിമളം... ആ 'പുരാതന' പുക പടലങ്ങളെ വകഞ്ഞു മാറ്റിയാണ് ഞാന്‍ മുന്നോട്ട് നടക്കുന്നത്. ഒരു പ്രത്യേക തരം സൈറണുമായി കുതിച്ച് പായുന്ന പോലീസ് വചനങ്ങളുടെ കാഴ്ച്ച ഇടക്കിടെ പ്രധാന പാതയിൽ കാണുന്നു. സൗദി പോലീസുകാരെ 'മലക്കുകളുമായി' ഉപമിച്ച ഒരു സുഹൃത്ത് ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു. അതിന്‌ അദ്ദേഹം പറഞ്ഞ കാരണം രസകരമായിരുന്നു. മേലുദ്യോഗസ്ഥര്‍ എന്താണോ ആജ്ഞാപിക്കുന്നത് അതപ്പടി ചെയ്യാൻ സദാസമയവും ജാഗരൂകരാണത്രെ അവർ.

മദീന പള്ളിക്കു മുന്നിൽ സമ്മേളന നഗരിപേലെ തിങ്ങി നിറഞ്ഞ ജനക്കൂട്ടമാണ്. ജുമഅക്കിനിയും സമയം ധാരാളമുണ്ടെങ്കിലും ആളുകളുടെ വലിയ കൂട്ടങ്ങളെ നിറയെ അവിടെ കാണാന്‍ സാധിക്കുന്നു. റൗളക്ക് സമീപത്തൊരു സ്ഥലമന്വേഷിച്ച ഞാനൊടുവില്‍ ചരിത്രം തുടിക്കുന്ന തുര്‍ക്കി കെട്ടിന്റെ തൊട്ടു പിന്നിലുള്ള ഭാഗത്താണ് സ്വസ്ഥമായൊന്നിരിക്കാനുള്ള സ്ഥലം കണ്ടെത്തിയത്‌.

വ്യാഴം, വെള്ളി ദിനങ്ങളില്‍ സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരങ്ങളാണ് ഇഹ്റാം കെട്ടി മക്കയിലേക്കും പിന്നീട് മദീന ഹറമിലേക്ക് വരുന്നതത്രെ. ജോലി തിരക്കുകൾക്കിടയിലെ ഒഴിവ് വേളകളെ ഈ രീതിയിലവർ ഉപയോഗപ്പെടുത്തുന്നു... ഭാഗ്യവാന്‍മാര്‍. ആ യാത്രക്കാവശ്യമുള്ള അവധി സൗദിയിൽ പ്രവർത്തിക്കുന്ന കമ്പനികൾ വേഗത്തിൽ തന്നെ അനുമതി നല്‍കാറുണ്ടന്ന കാര്യം പണ്ട്‌ ഉപ്പ പറഞ്ഞത് ഞാന്‍ കേട്ടിട്ടുണ്ട്. കൂടാതെ, യാത്ര ചിലവിലേക്കായി പണവും അനുവദിക്കാറുണ്ടത്രെ. അവരുടെയും കൂടി തിരക്ക് വരുന്നതിനാല്‍ ഒരു വമ്പിച്ച ജനക്കൂട്ടമായി അന്നേ ദിനം ഇവിടെ ഒരു മനുഷ്യകടൽ രൂപപ്പെടുന്നു. അതിലൊരാളായി ഞാനും മുസല്ലയിൽ വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനക്കായി കാത്തിരുന്നു. പള്ളിക്കു പുറത്ത്‌ കത്തുന്ന വെയില്‍ ചൂടാണ്. അതിനെ തരിമ്പും കൂസാതെ തണുപ്പ് പ്രസരിപ്പിക്കുന്ന യവന മാർബിളുകളിൽ കുറെ മനുഷ്യര്‍ ക്ഷമയോടെ കാത്തിരിക്കുന്നു. ചിലര്‍ ഖുർആന്‍ പാരായണം ചെയ്യുന്നു. ചിലര്‍ ജപമാലയിലെ ഓരോ മുത്തുകളും സ്വലാത്തിന്റെ അകമ്പടിയോടെ ഉള്ളംകൈയിലേക്ക് നീക്കി വെക്കുന്നു.

ജുമുഅ കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു.

നാട്ടില്‍ നിന്നും പരിചിതമായ രീതിയില്‍ നിന്ന് ജുമുഅയുടെ ക്രമത്തിൽ ചില വെത്ത്യസ്തതകളുണ്ടായിരുന്നു. ആദ്യബാങ്ക് കൊടുത്ത ശേഷം ഉടനെ തന്നെ ഖത്തീബ് അഥവാ പ്രാസംഗികന്‍ സലാം ചൊല്ലി പ്രസംഗ പീഠത്തിൽ ഉപവിഷ്ടനാകുന്നു. ശേഷം ഉടനെ തന്നെ രണ്ടാമത്തെ ബാങ്കും കൊടുക്കുകയായി. തുടർന്ന്, ഖുതുബക്ക് തുടക്കം കുറിക്കപ്പെട്ടു. കേവലം പുസ്തക പാരായണത്തിന് പകരം അറബി ഭാഷയിലുള്ളൊരു വിവരണമായിരുന്നു അത്. ഒരു വിഷയത്തെ ആസ്പദമാക്കിയുള്ള നീണ്ട പ്രഭാഷണം. വിഷയത്തിന്റെ തീവ്രതയും വൈകാരികതയുമനുസരിച്ച് പ്രാസംഗികന്‍ കൈയും തലയും ചലിപ്പിക്കുന്നുണ്ട്. ഇടക്ക് സദസ്സിലേക്ക് നോക്കി "നിങ്ങൾ പറയൂ ഞാന്‍ പറഞ്ഞത് ശരിയല്ലേ" എന്നൊക്കെ പറയുന്ന മാതിരി കേള്‍വിക്കാരെ അഭിമുഖീകരിക്കുന്നു. എന്നിരുന്നാലും, ഏകദേശം 15-20 മിനിറ്റ് മാത്രമായിരുന്നു ഖുതുബയുടെ ദൈര്‍ഘ്യം. ഒരുപക്ഷേ, പള്ളിക്ക് വെളിയില്‍ കൊടും വെയിലത്തിരിക്കുന്ന വിശ്വാസികളെ കൂടുതൽ പ്രയാസപെടുത്താതിരിക്കാനായിരിക്കണം അദ്ദേഹമപ്രകാരം ഖുതുബയെ ലഘൂകരിക്കുന്നത്. ഖുതുബ അവസാനിച്ചതോടെ വേഗത്തിൽ തന്നെ എല്ലാവരും ചാടി എണീറ്റ് നമസ്കാരത്തിലേക്ക് നീങ്ങി. മധുര മനോഹര ശബ്ദത്തിലുള്ള ആ ഖുര്‍ആൻ പാരായണം ആകര്‍ഷകമായിരുന്നു.

നമസ്കാര ശേഷം പരേതരായവർക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥന നമസ്കാരമുണ്ടായിരുന്നു. കാരണം, ദിനവും മദീന പള്ളിക്കകത്തും ചുറ്റുവട്ടത്തുമായി അനേകം മനുഷ്യര്‍ മരണപ്പെടാറുണ്ടത്രെ. അവര്‍ക്ക് വേണ്ടിയുള്ള അവസാന നമസ്കാരമാണത്. തുടർന്നവരെ മദീന പള്ളിക്കു തന്നെ സമീപമുള്ള ജന്നത്തുൽ ബഖീ എന്ന വിശാലമായ ഖബർസ്ഥാനിൽ കൊണ്ടുപോയി മറവ് ചെയ്യുന്നു.

ഞാന്‍ ചിന്തിക്കുന്നത് ആ പരേതരെ കുറിച്ചാണ്. മഹത്തായ ഉംറ കര്‍മ്മങ്ങള്‍ക്കായി ഇവിടേക്കവർ വണ്ടി കയറുമ്പോള്‍ ജീവിതത്തിന്റെ സകല കെട്ടുപാടുകളില്‍ നിന്നുമവർ സ്വാതന്ത്ര്യരരായിട്ടുണ്ടാകാം... അറ്റമില്ലാത്ത ആകാശ വിശാലതയിലൂടെ പറന്ന് നടക്കാൻ കഴിയുമാറ് സ്വതന്ത്രരായ പരമ ഭാഗ്യവാന്‍മാര്‍... നാട്ടിലെ തങ്ങളുടെ ജീവിത ചുറ്റുപാടിനൊരു വലിയ ഫുൾ സ്റ്റോപ്പവർ രേഖപ്പെടുത്തി കാണും. സമ്പത്തിക ബാധ്യതകൾ, പിണക്കങ്ങൾ, തര്‍ക്കങ്ങള്‍ തുടങ്ങി എല്ലാം പരിഹരിച്ച് സംതൃപ്തരായി കൊണ്ടായിരിക്കാം അവരിവിടെ വന്ന് ചേർന്നിരിക്കുന്നത്. അതിനാല്‍ തന്നെ ആ മരണത്തിന്‌ വല്ലാത്തൊരു മാധുര്യമനുഭവപ്പെടുന്നു. പണ്ട്‌ കാലങ്ങളില്‍ ഈ യാത്രക്ക് മുന്നോടിയായി മരണാനന്ദര ക്രിയയകൾ വരെ ചെയ്തായിരുന്നത്രെ മനുഷ്യര്‍ പുറപ്പെട്ടിരുന്നത്. ഒരായുസ്സിലെ ജീവിതം മുഴുവന്‍ ജീവിച്ച് തീര്‍ത്ത് ഒടുവിലീ മണ്ണിൽ തങ്ങളുടെ ശരീരത്തെയവർ സമര്‍പ്പിക്കുന്നു.

ഒടുവില്‍, പ്രാർത്ഥനകളെല്ലാം പൂര്‍ത്തിയാക്കി പള്ളിയില്‍ നിന്നും പുറത്തിറങ്ങുമ്പോൾ പതിവിന് വിപരീതമായ വഴിയിലൂടെയാണ് ഉസ്താദ് ഞങ്ങളെ നയിക്കുന്നത്. ആദ്യം കാര്യം മനസിലായില്ല. എന്നാൽ, ഞങ്ങളുടെ നേരെ മുന്നില്‍ അല്‍പ്പമകലത്തായി സ്ഥിതിചെയ്യുന്ന ജന്നത്തുൽ ബഖീ എന്ന ഖബറിസ്ഥാൻ മതില്‍ കെട്ടുകളുടെ കാഴ്ച്ച അതിന്റെ സമീപത്തേക്കാണ് ഉസ്താദ് ഞങ്ങളെ നയിക്കുന്നതെന്ന് ബോധ്യപ്പെടുത്തുന്നു.

ഇസ്ലാമിക ചരിത്രവുമായി ബന്ധപ്പെട്ട അനേകം മഹാന്മാർ അന്തിയുറങ്ങുന്ന വിശുദ്ധ ഭൂമികയാണ് ജന്നത്തുൽ ബഖീ. ഒരാൾ പൊക്കത്തിലുള്ള നീണ്ടു നീണ്ടു പോകുന്ന മതില്‍ കെട്ടിനുള്ളിലത് പ്രൗഢമായി നിലകൊള്ളുന്നു. ആ മതില്‍ കെട്ടിന് ചുറ്റും കോട്ട കൊത്തളങ്ങളെപ്പോലുള്ള കെട്ടിട ഭീമന്‍മാരുടെ നിര കാണാം. തങ്ങളുടെ പ്രഭാതവും രാവും ആ ഖബറുകൾ കണ്ട് മിഴി തുറക്കുകയും അടക്കുകയും ചെയ്യുന്ന കുറേ മനുഷ്യരാ കെട്ടിടങ്ങള്‍ക്കുള്ളിൽ ജീവിച്ച് വരുന്നുണ്ടാകാം...

ബഖീയുടെ പടിഞ്ഞാറ് ഭാഗത്തെ മതില്‍ കെട്ടിനുള്ളിൽ നിരന്നു നില്‍ക്കുന്ന ഖബറുകളെ ഞാൻ കണ്ടു. സ്വര്‍ഗ്ഗപൂന്തോപ്പുകൾ ഉള്ളിലൊതുക്കി അവയങ്ങനെ കണ്ണാത്ത ദൂരത്തോളം പരന്ന് കിടക്കുകയാണ്. അവക്കിടയില്‍ ആളുകള്‍ക്ക് നടന്ന് നീങ്ങാനുള്ള വെള്ള പൂശിയൊരു വഴിത്താരയുണ്ട്. ഒരു വമ്പന്‍ മരത്തിന്റെ വേരുപോലത് ഖബറുകൾക്കിടയിലൂടെ തലങ്ങും വിലങ്ങും പരന്ന് കിടക്കുന്നു. അവിടെ പ്രധാന കവാടം കടന്നു ചെല്ലുമ്പോള്‍ വലതു ഭാഗത്ത് പ്രവാചക പുത്രി ഫാത്തിമയുടെ ഖബറിടമാണ്. അത് കഴിഞ്ഞാല്‍ ഖദീജ, മൈമൂന എന്നിവരൊഴികെയുള്ള പ്രവാചക പത്‌നിമാരും അവിടുത്തെ മറ്റ് പെണ്‍മക്കളും അന്തിയുറങ്ങുന്നു. ഇടതു വശം ചേര്‍ന്ന് നടന്നാല്‍ നബിയുടെ മകന്‍ ഇബ്രാഹീമിന്റെ ഖബറിടം കാണാം. മീറ്ററുകള്‍ക്കപ്പുറത്ത് നബിയെ മുലയൂട്ടിയ ഹലീമ ബീവിയുടെ വിശ്രമ സ്ഥലവും. ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്താരമുള്ള ബഖീയുടെ ഒത്ത നടുവിലായാണ് ഇസ്ലാമിലെ മൂന്നാം ഖലീഫ ഉസ്മാന്‍ ബിൻ അഫാൻ അന്ത്യനിദ്രകൊള്ളുന്നത്.

ബഖീയിനു മുന്നിലെത്തിയ ശേഷം ഞങ്ങളാദ്യം അവര്‍ക്ക് മനം നിറഞ്ഞൊരു സലാം ചൊല്ലി.

"അസ്സലാമു അലൈക്ക യാ അഹ്ലുദിയാർ" 

ഞങ്ങളുടെ ചെവികൾക്ക് പിടിച്ചെടുക്കാന്‍ കഴിയാത്ത ശബ്ദ വീചികളിലൂടെ അവരും പ്രത്ത്യാഭിവാദ്യം ചെയ്തിരിക്കും...

യാഥാര്‍ത്ഥത്തിൽ ജന്നത്തുൽ ബഖീ എന്നാൽ 'മുൾമരങ്ങളുടെ തോട്ടം' എന്നാണർഥം. ഇസ്ലാമിന്റെ ആവിര്‍ഭാവത്തിന് മുമ്പും ഈ ശ്മശാനം തന്നെയായിരുന്നു മദീനയിലെ പ്രധാന അടക്ക് കേന്ദ്രം. പ്രവാചകൻ മുഹമ്മദ് നബിയുടെ കാലത്ത് ഇവിടെ അടക്കം ചെയ്ത പ്രശസ്തനായ വ്യക്തി അവിടുത്തെ മകനായ ഇബ്രാഹീമായിരുന്നു. ആ ഖബറിന്റെ അടുത്ത് ഇടക്കിടെ ചെന്ന് അവിടുന്ന് പ്രാർത്ഥിച്ചിരുന്നതായി നിരവധി തെളിവുകൾ വിശദീകരിക്കുന്നുണ്ട്. പിന്നീട്, ഉസ്മാൻ എന്ന പേരായ പ്രവാചകന്റെയൊരു കൂട്ടുകാരനെ ഇവിടെ മറവ് ചെയ്തതോടെയാണ് ഈ ശ്മശാനം പ്രത്യേകം ശ്രദ്ധ നേടുന്നത്. ഷിയാ മുസ്ലിങ്ങളുടെ പ്രധാനപ്പെട്ട നാല് ഇമാമുമാരായ ഹസൻ ബിൻ അലി, അലി ബിൻ ഹുസൈൻ, മുഹമ്മദ് അൽ ബഖിർ, ജഅ്ഫർ സ്വാദിഖ് എന്നിവരെയും അടക്കം ചെയ്തിരിക്കുന്നത് ഇവിടെതന്നെയാണ്. അതുകൊണ്ട്‌ തന്നെ അവര്‍ക്കാഭിമുഖ്യമുണ്ടായിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരേയും ഇവിടെ വലിയ വലിയ താഴിക കുടങ്ങളും മിനാരങ്ങളും ഉയർന്ന് നില്‍ക്കുന്ന ശവകുടീരങ്ങളുണ്ടായിരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ, അന്നതൊന്നുമില്ലാതിരുന്ന പ്രവാചക കാലത്തെ അനുസ്മരിപ്പിക്കുന്ന വിധം നിരന്ന പ്രദേശമാണ് ഇന്നവിടം.

1924 വരെ ഈ പ്രദേശത്ത് ഭരണം നടത്തിയിരുന്നത് ഒട്ടോമൻ തുര്‍ക്കികളായിരുന്നു. അവർ ഖബറുകൾ കെട്ടി ഉയര്‍ത്തുന്നതിനും അവിടെ പ്രത്യേകമായ പ്രാര്‍ത്ഥന ചടങ്ങുകൾ നിര്‍വ്വഹിക്കുന്നതിനേയും അംഗീകരിക്കുന്നവരും അതിനെ പ്രോത്സാഹിപ്പിക്കുന്നവരുമായിരുന്നു. തുര്‍ക്കിയിലെമ്പാടും പ്രത്യേകിച്ച് ഇസ്തംബൂളിൽ നിരവധിയായ ഇത്തരം മഹാസൗദങ്ങൾ ഇന്നും കാണാൻ കഴിയും. പ്രശസ്ത സൂഫി കവി ജലാലുദ്ദീന്‍ മുഹമ്മദ് റൂമിയുടെ കൊനിയയിലെ ശവകുടീരം പ്രത്യേകം പ്രസ്താവ്യമാണ്. അത് പോലെ തന്നെ വിവിധ കാലങ്ങളിലവിടെ മരണപ്പെട്ട സുല്‍ത്താന്മാരുടെ ഖബറുകൾ ചിത്രപ്പണികളാലും വിവിധ വര്‍ണങ്ങളാലും മാര്‍ബിള്‍ കല്ലുകളുപയോഗിച്ച് വളരെ കമനീയമായി തന്നെ അവിടെ അലങ്കരിച്ചിരിക്കുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് തുര്‍ക്കികൾ ഇത്തരം പ്രവർത്തനങ്ങളെ അംഗീകരിക്കുന്നവരും അവര്‍ക്ക് മേല്‍കൈയുള്ള പ്രദേശങ്ങളില്‍ അത് നടപ്പിൽ വരുത്താൻ പ്രോത്സാഹനം ചെയ്യുന്നവരാണെന്നാണ്. അതിനാലാണ് ഒട്ടോമൻ തുര്‍ക്കികളുടെ സുവര്‍ണ്ണ കാലത്ത്‌ ഇന്ത്യയില്‍ ഭരണം നടത്തിയിരുന്ന മുഗളന്മാരും ഹൈദരാബാദിലെ നിസാമുമാരുമൊക്കെ തുര്‍ക്കിയില്‍ നിന്നും മാതൃക ഉൾകൊണ്ടുകൊണ്ട് വലിയ തോതില്‍ ഇത്തരം പരിപാടികളുമായി മുന്നോട്ട് പോയിരുന്നത്. സ്വാഭാവികമായും തുര്‍ക്കികൾക്ക് വളരെ വലിയ സ്വാധീനമുണ്ടായിരുന്ന ഹിജാസ് പ്രദേശത്തും അവരങ്ങനെ ചെയ്തു വന്നു. അതിന്റെ ഫലമാണ് ഒരുകാലത്തീ പ്രദേശത്ത് ഖുബ്ബകളും കൊത്തുപണികളുള്ള മഖ്ബറകളും ഉയർന്ന് വന്നത്. എന്നാൽ, ചരിത്രത്തിന്റെ പ്രതികാരം വീട്ടല്‍ പോലെ ഇന്നതെല്ലാം ഓര്‍മ്മയിലേക്ക് മറഞ്ഞിരിക്കുന്നു.

ജന്നത്തുൽ ബഖീ നിരവധിയായ മഹത്തുക്കളുടെ വിശ്രമ സ്ഥലമായതിനാൽ തന്നെ കൂട്ട് പ്രാര്‍ത്ഥനകളും കൂട്ട് നിലവിളികളും സ്വാഭാവികമായും സംഭവിക്കാനിടയുണ്ട്. പ്രത്യേകിച്ച് ഷിയ സഹോദരങ്ങളുടെ. അവരുടെ കൈവശമിന്നുള്ള ഇമാം ഹുസ്സൈന്‍ ബിൻ അലി, അലി ബിൻ അബീത്വാലിബ് തുടങ്ങിയവരുടെയൊക്കെ ഖബറുകളുടെ ഇന്നത്തെ അവസ്ഥയും അവിടെ ഇവർ കാട്ടികൂട്ടുന്ന പേക്കൂത്തുകളുടെ വ്യാപ്തിയും കുപ്രസിദ്ധമാണല്ലോ. അതിനാല്‍, അവരുടെ വിശ്വസധാരയുമായി ബന്ധപ്പെട്ട ഫാത്തിമ ബിൻത് മുഹമ്മദ്, ഹസ്സന്‍ ബിൻ അലി തുടങ്ങിയവരുടെയൊക്കെ ഖബറുകളിവിടെ ഉള്ളതുകൊണ്ടു തന്നെ യഥാർത്ഥ വിശ്വാസത്തിൽ നിന്നും വ്യതിചലിച്ച് പോകാതിരിക്കാന്‍ സന്ദര്‍ശകരെ നിരീക്ഷിച്ചും ഉപദേശിച്ചും ഏത് സമയവുമിവിടെ പോലീസുകാരുണ്ട്. അതിനാല്‍ വളരെ ശബ്ദം കുറച്ചാണ്‌ ഉസ്താദവിടെ ഞങ്ങളോട് സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ ചുണ്ടനങ്ങുന്നത് മാത്രമാണ് കാഴ്ച്ച.

കള്ളന്മാരെപ്പോലെ ഞങ്ങളത് കേട്ടുകൊണ്ടും ചുറ്റുമുള്ള കാഴ്ച്ചകൾ കണ്ടുകൊണ്ടുമവിടെ നിൽക്കുന്നു...

നബി തങ്ങൾ തന്റെ അവസാന കാലത്ത് ചില രാത്രികളുടെ അന്തിയാമങ്ങളിൽ ഇവിടെ വന്ന് തനിച്ച് നില്‍ക്കാറുണ്ടായിരുന്നുവത്രെ. വിദൂരതയിലേക്ക് നോക്കി നില്‍ക്കുന്ന അദ്ദേഹത്തിന്റെ കണ്ണുകളില്‍ നിന്നും ചിലപ്പോഴൊക്കെ കണ്ണുനീര്‍ ധാര ധാരയായി ഒഴുകും. അതുകണ്ട് പ്രിയ പത്നി ആയിഷ ചോദിക്കുമായിരുന്നത്രെ... 

"എന്തിനാണ് റസൂലെ താങ്കളിങ്ങനെ കരയുന്നത്... താങ്കൾ ചെയ്തതും, ചെയ്യാൻ പോകുന്നതുമായ സകല തെറ്റുകളും അല്ലാഹു താങ്കള്‍ക്ക് പൊറുത്ത് നല്‍കിയിട്ടില്ലേയോ..." എന്ന്.

"ആയിഷാ... ഞാൻ അല്ലാഹുവിന്റെ നന്ദിയുള്ള ഒടിമയായിരിക്കേണ്ടേ..." അവിടുന്ന് പറയും

ഒരു നല്ല അടിമയുടെ പ്രധാന സ്വഭാവ സവിശേഷതയാണ് തന്റെ യജമാനന്‍ നല്‍കിയ അനുഗ്രഹത്തോട് നിസ്വാര്‍ത്ഥമായ നന്ദി പ്രകാശിപ്പിക്കുക എന്നുള്ളത് മറ്റാരേക്കാളും അറിയുന്നവനല്ലേ റസൂല്‍. ഒടുവില്‍, ഞങ്ങളന്നവിടുന്ന് മടങ്ങുമ്പോൾ എന്റെ മനസ്സിൽ നിറയെ ബഖീയെക്കുറിച്ച് എത്ര ചിന്തിച്ചാലും പറഞ്ഞാലും തീരാത്ത കഥകളായിരുന്നു.

ഹാജറ

തിരഞ്ഞെടുക്കപ്പെട്ട ജനകീയ ഭരണാധികാരിയിൽ നിന്നും സായുധ വിപ്ലവത്തിലൂടെ ഭരണം പിടിച്ചെടുത്ത ശേഷം കെയ്റോ നഗരമദ്ധ്യത്തിലെ റാബിയ അദബിയ്യ ചത്വരത്തിൽ പട്ടാളം നിലക്കാത്ത വെടിവെപ്പ് നടത്തി കൊണ്ടിരിക്കുന്നതിനിടയിലൊരു ദിവസമാണ് ഞാൻ ഷാർജയിൽ വന്നിറങ്ങുന്നത്. അഥവാ, അന്നു മുതലാണ് ഞാനെന്റെ പ്രവാസത്തിന് തുടക്കം കുറിക്കുന്നതെന്ന് സാരം. ഷാർജയിലെ എന്റെ ആദ്യ നാളുകളെ റാബിയ ചത്വരം കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കിയിരുന്നതെന്ന് ഞാനിപ്പോൾ ദുഃഖത്തോടെയോർക്കുന്നു. അവിടെ അനേകം മനുഷ്യരന്ന് വെടിയേറ്റ് കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളുമുണ്ടതിൽ... കുട്ടികൾ... എന്തിനു വേണ്ടിയായിരുന്നു അവരുടെയാ രക്തസാക്ഷിത്വം? ഒരു വശത്ത് ജനാതിപത്യ സംവിധാനങ്ങളെ നിലനിര്‍ത്തുവാനുള്ള ആഗ്രഹവുമായി പ്രതിരോധത്തിനിറങ്ങിയ കുറേ കുഞ്ഞു മനുഷ്യർ... മറുവശത്ത്‌ സ്വന്തം താല്‍പര്യങ്ങളെ മാത്രം മുന്നില്‍ കണ്ടതിനെ അടിച്ചമര്‍ത്താനിറങ്ങിയ മര്‍ദ്ദന പ്രഭുക്കളും. അന്നാ ധീര വിപ്ലവകാരികളുടെ ആര്‍ത്തനാദങ്ങൾ കേട്ട് ദുഃഖം വമിക്കുന്ന മനസ്സുമായാണ് ഞാൻ നാട്ടില്‍ നിന്നും വിമാനം കയറുന്നത്. നാട്ടിലെ ഓരോ ബിന്ദുവിലും റാബിയ അദബിയ്യ അനുഭവേദ്യമായിരുന്നു. എല്ലാവരും അതിനെ കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു. വായന ശാലകള്‍, പാർട്ടി ഓഫീസുകൾ, വീടുകൾ തുടങ്ങിയ അനേകം സ്ഥലങ്ങളിൽ.

ഇതുപോലെയൊക്കെ തന്നെയാണ് സിറിയയിലേയും പലസ്തീനിലേയും അവസ്ഥകളും. പലസ്തീനിൽ അധിനിവേശകരായ ജൂതന്മാരാലാണ് അവിടുത്തെ ജനത വേട്ടയാടപ്പെടുന്നെങ്കിൽ സിറിയയിൽ മറ്റൊന്നാണ് കാരണം. സിറിയ ലോകവന്‍ശക്തികളുടെ ആയുധ പരീക്ഷണ സ്ഥലവും... പരസ്പരം പോരടിക്കാനുള്ള വിളനിലവുമായി മാറിയിരിക്കുന്നു. സ്വന്തമായി ഒരു സംസ്കാരത്തെ മൊട്ടിട്ട് വളര്‍ത്തിയ ഒരു രാജ്യം... ഗൾഫ് രാജ്യങ്ങളിലെ പ്രത്യേകിച്ച് ജിസിസി രാഷ്ട്രങ്ങളിലെ മ്യൂസിയങ്ങൾ സന്ദര്‍ശിച്ചാൽ അവിടെ നൂറോ ഇരുനൂറോ കൊല്ലങ്ങള്‍ പഴക്കമുള്ള അവരുടെ ചരിത്രമേ നമുക്ക് വായിച്ചെടുക്കാൻ സാധിക്കുകയുള്ളൂ... എന്നാൽ, സിറിയയിലെ മ്യൂസിയങ്ങളിൽ ആയിരമോ രണ്ടായിരമോ കൊല്ലങ്ങള്‍ പഴക്കമുള്ള പുരാവസ്തുവഹകളെയാണ് നമുക്ക് കാണാന്‍ കഴിയുക. കാരണം, അത്രത്തോളം സമ്പന്നമായിരുന്നു ആ പ്രദേശത്തിന്റെ ഇന്നലകള്‍. ആ സുവര്‍ണ്ണ ഭൂമികയേയാണ് നിഷ്ഠൂരരായ സാമ്രാജ്യത്വ ശക്തികള്‍ തങ്ങളുടെ ബലപരീക്ഷണ സ്ഥലമായി തിരഞ്ഞെടുത്തിരിക്കുന്നത്.

ഈയിടെ അവിടെ നിന്നും വരുന്ന ഏറ്റവും പുതിയ വാര്‍ത്തകളില്‍ ആ രാജ്യം കൊടും ദാരിദ്രമാണനുഭവിച്ച് വരുന്നത് എന്നറിയാൻ കഴിയുന്നു. തണുപ്പ് കാലത്ത്‌ കൊടും തണുപ്പും, ചൂട് കാലത്ത്‌ ശരീരമുരുകുന്ന കൊടും ചൂടും. കൂടാതെ, കുടിവെള്ള ദൗര്‍ലഭ്യം, ഭക്ഷണമില്ലായ്മ തുടങ്ങി ഏത് നിമിഷവും തലക്ക് മുകളില്‍ പതിക്കാവുന്ന ഒരു ബോംബിനേയും പ്രതീക്ഷിച്ചാണവരുടെ ദൈനംദിന ജീവിതം മുന്നോട്ട് പോയി കൊണ്ടിരിക്കുന്നതത്രെ. ഒന്നാലോചിച്ചു നോക്കൂ... എത്ര ദുരിതപൂർണ്ണമായിരിക്കുമത്. തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക്‌ ഒരിറ്റ് വെള്ളം കൊടുക്കാനാകാതെ... അവരെ ഒരു വറ്റൂട്ടാനാകാതെ... ആ മരുഭൂമിയില്‍ എത്രയോ ഉമ്മമാർ, ഉപ്പമാർ അലയുന്നുണ്ടായിരിക്കാം.

സ്വതവേ... തീരെ വരണ്ട ഭൂഭാഗങ്ങളാണാ പ്രദേശങ്ങൾ. അവിടവിടെയായി ഈത്തപ്പന, ഒലീവ് തുടങ്ങിയ മരുഭൂസസ്യങ്ങളൊക്കെ കാണാൻ കഴിയുമെങ്കിലും... കുടിവെള്ള അപര്യാപ്തത രൂക്ഷമായിരിക്കുമവിടങ്ങളിലെന്ന് നിസ്സംശയം പറയാൻ കഴിയും. അത് ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയില്‍ ലഭ്യമാക്കാൻ സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമുണ്ടാകാൻ വഴിയുമുണ്ടാകില്ല. കേവലം പോരാട്ടങ്ങൾ മാത്രം നടക്കുന്ന സര്‍ക്കാറെന്ന സ്ഥാപനം തന്നെ കിട്ടാക്കനിയായ ഇത്തരം പ്രദേശങ്ങളിലെ ജനങ്ങളനുഭവിക്കുന്ന പ്രയാസങ്ങളുടെ ഭീകര വാര്‍ത്തകൾ കേട്ട് മനസ്സങ്ങനെ മരവിച്ച് നില്‍ക്കുമ്പോഴാണ് ഞാന്‍ നടത്തിയ മക്ക യാത്രയിലെ ഒരു സവിശേഷാനുഭവം എനിക്കോര്‍മ്മ വന്നത്.

അന്നായാത്ര സംഘത്തിൽ ഞങ്ങൾ അനേകം ആളുകളുണ്ടായിരുന്നു. മക്കയിലെത്തിയ അന്ന് തന്നെ ഞങ്ങൾ ഹറം പള്ളിയിലേക്ക് നീങ്ങി. അവിടെ ആദ്യം എത്തിയാല്‍ ചെയ്യേണ്ട പ്രവര്‍ത്തനം കഅബയെ ത്വവാഫ് ചെയ്യല്‍ അഥവാ പ്രദക്ഷിണം ചെയ്യുക എന്നതാണ്. പ്രദക്ഷിണം അവസാനിച്ചതിന് ശേഷം തുടർന്ന് വരുന്ന മറ്റു കര്‍മ്മങ്ങളിലേക്ക് ഞങ്ങൾ സമയം കളയാതെ പ്രവേശിച്ചു. അടുത്തത് സഫ മർവ്വ മലകള്‍ക്കിടയിലെ നടത്തമാണ്. അതിനായി അവിടേക്ക് പോകും വഴിയില്‍ വിശുദ്ധ പാനീയമായ സംസം പാനം ചെയ്യുവാനുള്ള അതിവിശാലമായ സംവിധാനങ്ങളുണ്ടായിരുന്നു. കടുത്ത ചൂടില്‍ നിന്നും കയറിവന്ന ഞങ്ങള്‍ക്ക് അവിടെയുണ്ടായിരുന്ന ആ തണുത്ത സംസം വലിയ ആശ്വാസമാണ് നല്‍കിയതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ... യഥേഷ്ടം കുടിച്ചു. ശേഷം സഫയിലേക്ക് നീങ്ങി.

സുമാര്‍ ഒരു കിലോമീറ്ററോളം ദൂരത്തില്‍ സ്ഥിതിചെയ്യുന്ന വലിയ രണ്ട് പാറകുന്നുകളാണ് സഫയും മർവ്വയും. ആദ്യ കാലങ്ങളില്‍ അതൊരു വലിയ മലയായിരുന്നിരിക്കണം. പിന്നീട്, ചെറുതായി ഇന്നത്തെ രൂപത്തിൽ രൂപമാറ്റം സംഭവിച്ചതായിരുന്നിരിക്കാം. എന്നിരുന്നാലും, പണ്ട്‌ വെറും മണല്‍ പരപ്പായിരുന്ന ആ ഇരു മലകൾക്കും നടുവിലിന്ന്‌ തീര്‍ത്ഥാടകരുടെ ആധിക്യം പരിഗണിച്ച് അഞ്ചോ ആറോ നിലകളിലുള്ള വലിയ സംവിധാനങ്ങളാണ് പണിതു വെച്ചിട്ടുള്ളത്. ചിലര്‍ കുന്നിന്റെ മരട് കാണുമ്പോൾ ചിലരതിന്റെ നടുഭാഗമോ... മുകൾ ഭാഗമോ കാണുന്നു. ഞങ്ങളതിന്റെ ഏറ്റവും മുകൾ ഭാഗത്തേക്കാണ് പോയത്. ആ ഇരു മലകളുടേയും ശിഖരത്തെ തൊട്ട് താലോടാമല്ലോ എന്നായിരുന്നു ഞങ്ങളുടെ മനസ്സിലെ ചിന്ത. വളരെ നന്നായി പ്രകാശ സംവിധാനങ്ങളൊക്കെ ചെയത് വച്ചിട്ടുള്ള അതിവിശാലമായൊരു ശീതീകരിച്ച ഭാഗമാണിന്നതൊക്കെ.

ഞങ്ങൾ സഫ മർവ്വ പർവ്വത പ്രദക്ഷിണം തുടങ്ങി. സഫയിൽ നിന്നും തുടങ്ങി മർവ്വ വരെ ഒരു വട്ടം പൂര്‍ത്തീകരിച്ചാൽ ഒരു സഅയ് പൂര്‍ത്തിയായി. അപ്പോഴാണ് ഉംറ കര്‍മ്മത്തിന്റെ അഭിവാജ്യ ഘടകമായ സഅയ് ഒന്ന് പൂര്‍ത്തീകരിക്കപ്പെടുന്നത്. അങ്ങനെ മൊത്തം ഏഴ് പ്രാവശ്യമത് തുടരണം. സഅയ് പാതയിലൊരിടത്ത് പച്ച വര്‍ണ്ണത്തിൽ പ്രകാശിക്കുന്ന ട്യൂബുകൾ പ്രകാശിക്കുന്നൊരു ഭാഗമുണ്ട്. അവിടെ എത്തുമ്പോള്‍ നടത്തത്തിന്റെ വേഗതയല്‍പ്പം വർദ്ധിപ്പിക്കേണ്ടതുണ്ട്. പ്രവാചകൻ ഇബ്രാഹീം തന്റെ ഭാര്യ ഹാജറയേയും മകന്‍ ഇസ്മായിലിനേയും വിജനമായ മക്ക മരുഭൂമിയില്‍ ഉപേക്ഷിച്ച് പോകേണ്ടി വന്നതിൽ നിന്നാണ്‌ ഈ ചടങ്ങിന്റെ തുടക്കമെന്ന് ചരിത്രത്തിൽ കാണാൻ കഴിയും. അന്ന് വിശന്ന് വലഞ്ഞ് വാവിട്ട് കരഞ്ഞു കൊണ്ടിരുന്ന തന്റെ അരുമ സന്താനത്തിന് ഒരിറ്റ് വെള്ളത്തിന്നായി ആ യുവതി ഈ പർവ്വതങ്ങൾക്കിടയിൽ അന്തമില്ലാതെ അലഞ്ഞിരുന്നുവത്രെ. ആദ്യം സഫയിലേക്കും പിന്നെ മർവ്വയിലേക്കും... അവിടെ കയറി നിന്ന് ദൂരെ എവിടെയെങ്കിലുമൽപ്പം മരുപ്പച്ച കാണുന്നുണ്ടോ എന്നവർ പ്രതീക്ഷയോടെ നോക്കും. ഇടയില്‍ വേഗത്തിൽ ഇറങ്ങി വന്ന് സമീപത്തെ അടുത്ത കുന്നിലേക്ക് കയറി അതാവര്‍ത്തിക്കും... തന്റെ കുഞ്ഞ് ദാഹിച്ചു നിലവിളിക്കുന്ന ശബ്ദം ചെവിയില്‍ അലയടിക്കുമ്പോൾ വീണ്ടുമവർ താഴെയിറങ്ങി ജലാന്വേഷണം തുടരും. ഇന്ന്‌ പച്ച ട്യൂബുകൾ പ്രകാശിക്കുന്ന സഫ മർവ്വ കുന്നുകൾക്കിടയിലെ ആ സ്ഥലത്തെത്തുമ്പോൾ വേദനയോടെ ആ യുവതി കുറച്ച് വേഗതയിലോടിയിരുന്നു എന്നാണ്‌ ചരിത്രം. ആ ചരിത്രത്തെ അനുസ്മരിച്ചുകൊണ്ട് മക്കയിലെത്തുന്ന ഓരോ മനുഷ്യനുമത് ആവര്‍ത്തിക്കുന്നു.

ഒരു യുവതി അനുഭവിച്ച അവളുടെ ഏറ്റവും വലിയ ദുഃഖം. സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞ് ദാഹിച്ചു വലഞ്ഞൊരിറ്റ് വെള്ളത്തിനു വേണ്ടി ആർത്താർത്ത് കരയുമ്പോള്‍ അതവന് കൊടുക്കാൻ കഴിയാതെ വരുന്നതിന്റെ ആ വേദനയെ സ്മരണയായി നാമിന്നും അനുഭവിക്കുന്നു...

പ്രാണവേദനയേക്കാൾ വലിയ വേദന...

സഅയിനു ശേഷം അടുത്ത ചടങ്ങ് മുടി മുറിക്കലാണ്. ചടങ്ങിന്റെ ഭാഗമായി തലയില്‍ നിന്നും ഒരല്‍പ്പം മുറിയെടുത്ത് മുറിച്ചാലും മതിയാകും. അത്തരത്തില്‍ മുറിച്ച് കളഞ്ഞ കുറേയധികം രോമങ്ങളവിടെ ചിന്നിച്ചിതറി കിടക്കുന്നത് കാണാം. ഞങ്ങൾ അല്‍പ്പം മുടി മുറിച്ച് ചടങ്ങുകൾ കഴിഞ്ഞതിന്റെ ആശ്വാസത്തിൽ മർവ്വയിൽ വിശ്രമിച്ചു. ഒരുതരം പശകൊണ്ട്‌ മൂടപെട്ടിരിക്കുകയാണ് മർവ്വ. പാറ കഷ്ണങ്ങൾക്കു മേല്‍ ഒരു കട്ടിയായ ആവരണം പോലത് വ്യാപിച്ച് കിടക്കുന്നു. അതിന്റെ കാരണം അന്വേഷിച്ച ഞങ്ങൾക്ക് രസകരമായ ഒരു വിവരമാണ് ലഭിച്ചത്‌. അല്ലാഹുവിന്റെ അടയാളങ്ങളായി ഖുര്‍ആനിൽ പ്രതിപാദിച്ച സഫ, മർവ്വ മലകളിൽ നിന്നും കല്ലുകൾ അടർത്തി മാറ്റി വീടുകളില്‍ കൊണ്ട് പോകുന്ന ഒരു രീതി ചിലര്‍ക്കിടയില്‍ പണ്ടുണ്ടായിരുന്നവത്രെ. ഇത് അധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടത് കൊണ്ടാണ് അത്തരം ഒരു ആവരണംകൊണ്ട്‌ മലയെ മറച്ചത്. താഴെ ഭാഗങ്ങളും ഇത്തരത്തിൽ ആർക്കും സ്പര്‍ശിക്കാനാകാതെ ചില്ല്കൂട്ടിനുള്ളിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നതായും ഞാന്‍ പിന്നീട് കണ്ടു. ഞാനോർത്തത് അത്തരമാളുകളുടെ മാനസികാവസ്ഥയെക്കുറിച്ചാണ്. എന്താണ്‌ അവരത് കൊണ്ട്‌ ചെയ്തിരുന്നത് എന്നതിനെ ചൊല്ലി എന്റെ മനസ്സത്ഭുദം കൂറി. ചിലര്‍ക്കത് മരുന്നായി ഉപയോഗിക്കാനായിരിക്കാം, ചിലര്‍ക്കോ... വീടിന്റേയും ജോലി സ്ഥലത്തിന്റെയോ 'ഐശ്വര്യത്തിന്നായി' കവാടങ്ങളിൽ സ്ഥാപിക്കാനായിരിക്കാം. എന്നാൽ, ചിലരത് മ്യൂസിയത്തിലെന്നപോലെ വീട്ടിലെ ചില്ലു കൂടാരത്തിൽ സൂക്ഷിക്കുമായിരിക്കും.

എന്തായാലും, ബുദ്ധിശൂന്യമാണാ പരുപാടി എന്ന് പറയാതിരിക്കാന്‍ കഴിയില്ല.

ഞങ്ങൾ സഫയുടെ നെറുകയിലിരുന്നു. നെറുകയിലെന്ന് പറയുമ്പോൾ ഒരു മുറിയുടെ മൂലയിലിരിക്കുന്ന പോലെയേ തോന്നുകയുള്ളൂ. കാരണം മലയുടെ ഉച്ചിയുടെ സമാന്തരമായാണ് ഞങ്ങളിരിക്കുന്ന തട്ട് പണിതു വെച്ചിട്ടുള്ളത്. അഥവാ, ഒരു വലിയ കെട്ടിടത്തിനകത്ത് തളച്ചിട്ട വലിയൊരു മലയുടെ മുകളിലാണ് ഞങ്ങളുടെ ഇരുത്തമെന്ന് ചുരുക്കം. ഇതിന്റെ മറ്റു ഭാഗങ്ങൾ താഴ നിലകളില്‍ കാണാൻ കഴിയും. ഏറ്റവും ഒടുക്കമായി മല തുടക്കം കുറിക്കുന്ന ഭാഗവും. സഫക്ക് മുകളിലങ്ങനെ വിശ്രമിച്ചിരിക്കുമ്പോൾ താഴെ സഫ മർവ്വക്കിടയിലെ നീണ്ട പാതയിലൂടെ സഅയ് പൂര്‍ത്തീകരിക്കാൻ നടക്കുന്ന മനുഷ്യരെ കാണാം. ഇടയില്‍ പച്ച വര്‍ണ്ണം പ്രകാശിക്കുന്ന ഭാഗത്തെത്തുമ്പോൾ നെട്ടോട്ടമോടും പോലെ അവരോടുന്നു. മൂവായിരത്തോളം വര്‍ഷങ്ങളായി തുടരുന്ന കീഴ്‌വഴക്കം. എന്തിനു വേണ്ടിയായിരിക്കാം ദൈവം മനുഷ്യനോടത് ആവശ്യപ്പെട്ടിട്ടുണ്ടായിരിക്കുക... അനേകം നാളുകള്‍ക്ക് മുമ്പ് നടന്ന വളരെ നിസ്സാരമെന്ന് നമുക്ക് തോന്നിപ്പോയേക്കാവുന്ന ആ സംഭവത്തെ വീണ്ടും വീണ്ടും നമ്മോടവൻ സ്മരിക്കാൻ പറയുന്നതിന്റെ പൊരുളെന്തായിരിക്കാം...

സൂര്യൻ കത്തി ജ്വലിക്കുന്ന മരുഭൂമിയില്‍ ഒറ്റപ്പെട്ട ഹാജറ ബീവി ഒരിറ്റ് വെള്ളത്തിന്നായി നെട്ടോട്ടമോടിയ ഭാഗങ്ങളാണിതൊക്കെ. ഇന്നതിലൂടെ അതിന്റെ ഓര്‍മ്മയെ പുതുക്കിയെന്നോണം ഞാന്‍ നീങ്ങുമ്പോള്‍ ലോകത്തിന്റെ വിവിധയിടങ്ങളില്‍ പീഢനം അനുഭവിക്കുന്ന അനേകായിരം മനുഷ്യരുടെ... പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും മുഖങ്ങൾ മനസ്സിൽ തെളിഞ്ഞ് വരേണ്ടതുണ്ട്. ഈ ചടങ്ങുകളെല്ലാം കഴിഞ്ഞ് വിശുദ്ധരായി നാം നമ്മുടെ സ്വകാര്യതയിലേക്ക് മടങ്ങുമ്പോൾ അവര്‍ക്കായി നിലകൊള്ളേണ്ടതിന്റെ ആസൂത്രണങ്ങളായിരിക്കണം നമ്മുടെ മനസ്സകങ്ങളില്‍ തെളിഞ്ഞു വരേണ്ടത്. കഴിഞ്ഞ കാലങ്ങളിലെ നാമമാത്രമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ഇവിടെ വന്ന് മടങ്ങിയ നമ്മുടെ പൂര്‍വ്വികർ നമുക്ക് കാണിച്ചു തന്ന വഴികളായിരുന്നതൊക്കെ. അവരുടെ അന്നത്തെ ത്യാഗത്തിന്റെ ഫലം കൂടി ആയിരുന്നിരിക്കാം നമ്മളിന്നീ അനുഭവിക്കുന്ന സ്വതന്ത്രത്തിന്റെ ശീതളിമ.

ഞങ്ങൾ കര്‍മ്മങ്ങളവസാനിപ്പിച്ച് മടങ്ങുമ്പോൾ ഉപയോഗ വസ്തുക്കളുടെ വിപുലമായ ശേഖരവുമായി അറബി പെണ്ണുങ്ങളുടെ കച്ചവടം ഹറമിനു മുന്നില്‍ തകൃതിയായി നടക്കുന്നത് കാണാൻ കഴിയുന്നു. ഏത് സമയത്ത് പോലീസ് വന്നാലും എല്ലാം പെട്ടന്നുതന്നെ അടുക്കിപെറുക്കി കൊണ്ട്‌ പോകാൻ കഴിയുന്ന രൂപത്തിലൊരു നീളൻ ശീലയിലാണ് അവരതെല്ലാം നിരത്തി വച്ചിരിക്കുന്നത്. അതിലെ ഓരോ സാമാനങ്ങളും എടുത്തുയർത്തി അതിന്റെ വില ഉച്ചത്തിലവർ പറയുന്നത് ഞാന്‍ കേട്ടു. അത് കാണാനൊന്നോണം വലിയ ജനക്കൂട്ടവും അവിടെ തടിച്ച് കൂടിയിട്ടുണ്ട്. അവരാ കാഴ്ച്ചയുടെ കൗതുകത്തിലവിടെ മുഴുകി ഇരിക്കുന്നതല്ലാതെ അത് വാങ്ങിക്കുന്നതൊന്നും ഞാൻ കണ്ടില്ല. റോഡിന്റെ അറ്റത്തുനിന്നും ഇടക്കിടെ ഉയരുന്ന പോലീസ് വാഹനത്തിന്റെ സൈറൺ ആ കച്ചവടക്കാരികളെ ഏറെ അലോസരപ്പെടുത്തുന്നുണ്ടന്നെനിക്ക് തോന്നി. അവരുടെ ആ മുഖാവരണത്തിനുള്ളിലവർ സ്വപ്നങ്ങൾ നെയ്ത് കൂട്ടുന്നു...

കഅബ കണ്ട ദിനം

ഭൂമിയിൽ പടുത്തുയർത്തിയ ആദ്യ ആരാധനാലയമായ കഅബ ലക്ഷ്യമാക്കിയാണ് ലോകത്തെമ്പാടുമുള്ള ലക്ഷോപലക്ഷം വിശ്വാസികൾ മക്കയിലേക്ക് പുറപ്പെടുന്നത്. ആദം നബി നിർമ്മിച്ച് പിന്നീട് ഇബ്രാഹിം നബി പുതുക്കി പണിത പരിശുദ്ധ കഅബാലയത്തിലേക്ക് മനുഷ്യരെ മുഴുവന്‍ ദൈവം ക്ഷണിക്കുകയായിരുന്നു. നിങ്ങളില്‍ യാത്രക്കാവശ്യമായ സമ്പത്തും ആരോഗ്യവുമുളളവർ തീര്‍ത്ഥയാത്രക്ക് തയ്യാറാവുക എന്നവൻ കൽപ്പിച്ചു. എന്തായിരിക്കാം ആ കല്‍പ്പനയുടെ പൊരുള്‍...

അഖില ലോക പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ ദൈവത്തിന് മാത്രമറിവുളള മഹാരഹസ്യങ്ങളിലൊന്ന്.

ധനികനും ദരിദ്രനും ഭരണാധികാരിയും സാധാരണക്കാരനും കറുത്തവനും വെളുത്തവനുമായ സകലരും ഒരേ വേഷത്തിലും ഒരേ മന്ത്രത്തിലുമവിടെ എത്തുന്നു. ഇബ്രാഹീം നബിയുടെ പ്രത്ത്യേക പ്രാര്‍ത്ഥനക്ക് പത്രമായ പട്ടണം. പ്രവാചകന്മാരുടെ കാൽപാതമൂന്നിയ... മക്ക വിജയത്തിന്റെ അലയൊലികൾ വാനിലുയർന്ന... നാല് ഖലീഫമാരുടെയും അനേകമായിരം സ്വഹാബത്തിന്റെയും ദൃഷ്ടികള്‍ പതിഞ്ഞ മഹാപട്ടണമായ മക്ക. ഒരിക്കല്‍ എനിക്കുമവിടെ സന്ദര്‍ശിക്കാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്.

വാതുറന്നൊരു നീളമുള്ള തുരങ്കത്തിനപ്പുറം, വലിയ ഗിരിനിരകള്‍ക്ക് നടുവിലെന്നോണമാണ് മക്ക നഗരം സ്ഥിതിചെയ്യുന്നത്. ഹോട്ടൽ കെട്ടിടത്തിന് മുന്നിലന്ന് ഞാനെത്തിയപ്പോഴേക്കും നേരം പരപരാ പുലർന്നിരുന്നു. വെളുപ്പിന് നാല് മണി. ഉറക്കചടവോടെയാണങ്കിലും അത്യധികം ബഹുമാനത്തോടെയും അതിനപ്പുറമുള്ള കൗതുകവുമായി ഞാനാ പുണ്യഭൂമിയിലേക്ക് കാലൂന്നി. ബസ്സിറങ്ങിയ ഉടനെ ഏതോ ഒരു വീഥിയിലൂടെ ഇരുട്ടിനെ വകഞ്ഞുമാറ്റികൊണ്ട് ഉപ്പ ദാ എന്റെ അരികിലേക്ക് കടന്ന് വരുന്നു. ഞാനദ്ഭുതപ്പെട്ടു. ഞാനീ ഹോട്ടൽ മുറ്റത്താണ് എത്തിചേര്‍ന്നിരിക്കുന്നതെന്ന് എങ്ങനെയാണാവോ അദ്ദേഹം കൃത്യമായി മനസ്സിലാക്കിയത്. അദ്ദേഹമക്കാലത്ത് മക്കക്ക് സമീപമുള്ള തീരനഗരമായ ജിദ്ദയിൽ ജോലി ചെയ്ത് വരികയാണ്. ഒരു തൂവെള്ള ഒറ്റമുണ്ടെടുത്തും മറ്റൊന്ന് പുതച്ചുമാണദ്ദേഹത്തിന്റെ വേഷം. ഇഹ്റാം... ഇഹ്റാം എന്നാണാ വേഷത്തിനെ വിളിക്കുക. മക്കയിലെ കര്‍മ്മങ്ങളനുഷ്ഠിക്കാൻ ഈ വേഷവിധാനം നിര്‍ബന്ധമാണ്. ഉപ്പയുമായി ഇത്രയും പെട്ടന്നൊരു സമാഗമം പ്രതീക്ഷിക്കാത്ത ഞാന്‍ പെട്ടന്നദ്ദേഹത്തെ കണ്ടപ്പോൾ അന്തംവിട്ടു നിന്നു പോയി.

ഹോട്ടൽ നടപടി ക്രമങ്ങള്‍ക്ക് ശേഷം റൂം ലഭ്യമായപ്പോഴേക്കും നേരം പുലരാൻ തുടങ്ങിയിരുന്നു. അങ്ങകലെ എവിടെ നിന്നോ മധുര മനോഹര ശബ്ദത്തിലപ്പോൾ സുബഹി ബാങ്ക് കേട്ടു. ഒരുപക്ഷേ, ഹറമിൽ നിന്നായിരിക്കാമത്... കഅബാലയത്തിനു സമീപത്തെ ഉയർന്ന് നില്‍ക്കുന്ന മിനാരങ്ങളിൽ നിന്ന്. ഒരിക്കല്‍, ബിലാലിന്റെ മനോഹരമായ ശബ്ദത്തിൽ ബാങ്കൊലികളുയർന്ന അതേ ഭാഗത്ത് നിന്നും.

"ബിലാല്‍... മക്ക വിജയത്തിന്റെ ഈ സുദിനത്തിൽ കഅബാലയത്തിന്റെ ഉച്ചിയില്‍ കയറി മനുഷ്യരെ നമസ്കാരത്തിന് ക്ഷണിക്കാൻ നീ തന്നെ ഉത്തമന്‍" പ്രവാചകന്റെ ആ വാക്കുകളെനിക്കപ്പോൾ ഓര്‍മ്മ വന്നത്.

മക്കയിലെത്തിയതിന്റെ ആദ്യ ദിവസം തന്നെ ഹറമിലെ ജമാഅത്ത് നമസ്കാരം നഷ്ടപ്പെട്ടതിന്റെയൊരു വിഷമം മനസ്സിലുണ്ടായിരുന്നെങ്കിലും... ആദ്യ ദിവസമല്ലെ സാരമില്ല എന്നാശ്വസിച്ച് മുറിയിലേക്ക് ഞങ്ങൾ നടന്നു. ഹോട്ടലിനകത്തെ ആഢ്യത്വത്തിന്റെ അടയാളങ്ങള്‍ ഏവരേയും അത്ഭുദപ്പെടുത്തുന്നതായിരുന്നു. എനിക്കപ്പോളോർമ്മ വന്നത് റൂബാത്തുകളെന്നറിയപ്പെട്ടിരുന്ന മക്കയിലെ പഴയകാല അതിഥി മന്ദിരങ്ങളെ കുറിച്ചായിരുന്നു. അതിപുരാതനകാലം മുതൽ തുടങ്ങിയ ഈ തീര്‍ത്ഥ യാത്രയുടെ ഫലമായി എത്ര എത്ര സത്രങ്ങളാണ് മക്കയിലുടനീളം പണികഴിക്കപ്പെട്ടിട്ടുള്ളത്. മക്കയിലേയും മക്കയുടെ സമീപ പ്രദേശങ്ങളിലെ ധനാഢ്യരേയും കൂടാതെ ലോകത്തെമ്പാടുമുള്ള രാജാക്കന്മാര്‍, സുല്‍ത്താന്മാർ, കച്ചവടക്കാർ തുടങ്ങിയ അനേകമാളുകൾ ഇപ്രകാരം മക്കയിൽ റൂബാത്തുകൾ പണികയുണ്ടായിട്ടുണ്ട്. എന്നാൽ, അനിവാര്യമായ ഹറമിന്റെ വികസന പ്രവര്‍ത്തനങ്ങൾക്ക് വേണ്ടി ഇന്നതെല്ലാം പൊളിച്ചു മാറ്റപ്പെട്ടിരിക്കുന്നു.

കുലീനത്തം തോന്നുന്ന ഒരൊറ്റ മുറിയായിരുന്നു ഞങ്ങളുടേത്. മൂലയില്‍ ഒരു ചെറിയ ബാത്ത്റൂം. കൂടാതെ, വെള്ള പുതപ്പ് വിരിച്ച മൂന്ന്‌ പഞ്ഞി കിടക്കകളും... കൂട്ടിന് എസിയുടെ ഇളം തണുപ്പും. മക്കയിലെ ആദ്യ പ്രഭാതം ഞങ്ങളുറങ്ങാതെ കാത്തിരുന്നു. ജനല്‍ കര്‍ട്ടണപ്പുറത്ത് രാത്രി പകലിന് വഴിമാറുന്ന മനോഹരമായ ദൃശ്യമപ്പോൾ കാണുന്നുണ്ടായിരുന്നു.

വിഭവസമൃദ്ധമായ പ്രഭാത ഭക്ഷണം ശേഷം ഉറക്ക ചടവോടെയാണങ്കിലും അത്യധികം ആകാംക്ഷയോടേയും പറഞ്ഞറിയിക്കാൻ പറ്റാത്ത ഏതോ ഒരുതരം വികാരവുമായി ഞങ്ങൾ ഹറമിലേക്ക് നടന്നു. ഹൃദയം വല്ലാതെ സ്തംഭിച്ചു കൊണ്ടിരിക്കുന്നു. കഅബാലയത്തെ ആദ്യമായി കാണുമ്പോൾ എന്ത് ചെയ്യണം എന്നതിനെ ചൊല്ലി മനസ്സാകെ ആശങ്കപ്പെടുന്നുണ്ടായിരുന്നു. പ്രവാചകന്റെ തിരുദൃഷ്ടി പതിഞ്ഞ... ആ കാല്‍പാദം മുട്ടിയ തറയിലൂടെ... ഹറമിലേക്ക് തുറക്കുന്ന നീണ്ട ഇടനാഴിയുടെ മുന്നിൽ ഞങ്ങളെത്തിചേർന്നു.

റോഡില്‍ നിന്നും പള്ളിയിലേക്ക് പ്രവേശിക്കുന്നതിന് തൊട്ട് മുമ്പ് ചെറിയ ഒരു ടാറിട്ട സ്ഥലമുണ്ട്. ഒരു തരം തിട്ട. അവിടെ നിറയെ പ്രാവിൻ കൂട്ടങ്ങളെ കാണാം. ചുറ്റും അവക്കുള്ള ഭക്ഷണം വില്‍പ്പനക്കാരും. ആളുകൾ അവരില്‍ നിന്നും ധാന്യമണികൾ വിലകൊടുത്ത് വാങ്ങിച്ച് പ്രാവുകള്‍ക്ക് പരത്തി എറിഞ്ഞു കൊടുക്കുന്നു. അത് കാണാന്‍ നല്ല ചന്തമാണ്. ഗോതമ്പിൻ മണികൾ കൂടാതെ ഖുബ്ബൂസിന്റെ കഷണങ്ങളും അവര്‍ക്കെഥേഷ്ടം ലഭിക്കുന്നുണ്ട്. ആരാധനാലയങ്ങൾക്ക് മുന്നില്‍ കാണുന്ന ഇത്തരം പക്ഷി കൂട്ടങ്ങള്‍ വല്ലാത്ത സന്തോഷവും മനസ്സിന്‌ കുളിര്‍മ്മയും നല്‍കുന്ന കാഴ്ച്ചയാണെന്ന് പറയാതിരിക്കാന്‍ കഴിയില്ല. ഒരു യാഥാര്‍ത്ഥ ഭക്തന്‍ മനുഷ്യരുള്‍പ്പടെയുള്ള സകല ജന്തുജാലകങ്ങളോടും അങ്ങേയറ്റത്തെ കരുണയുള്ളവനായിരിക്കണം എന്നുള്ള പാഠത്തിന്റെ പ്രായോഗികതയാണ് ഒരു വിശ്വാസിയുടെ മുന്നിലെ ഈ പക്ഷികൂട്ടങ്ങളെന്നെനിക്ക് തോന്നുന്നു.

അങ്ങകലെ കഅബ കാണാം. ജനം നിറഞ്ഞൊഴുകുകയാണവിടെ. സൗദി രാജകുടുംബത്തിന്റെ നേരിട്ടുള്ള ഉടമസ്ഥതയിൽ പണിത മക്ക ക്ലോക്ക് ടവറിനെ വലതു വശത്താക്കി അബ്ദുൽ അസീസ് രാജാവിന്റെ നാമധേയത്തിലുള്ള വലിയ ഭീമാകാരമായ വാതിലിലൂടെ ഞങ്ങൾ ഹറം പള്ളിക്കകത്ത് പ്രവേശിച്ചു. കഅബക്ക് ചുറ്റുമുള്ള അതിവിശാലമായ കെട്ടിട നിരകളുടെ ഒരു ഭാഗത്ത് എത്തിചേർന്നിരിക്കുകയാണ് ഞങ്ങളപ്പോൾ. ആദ്യം ആധുനികമായ കെട്ടിട ഭാഗം. പിന്നെ, സൗദികൾ അവരുടെ ആദ്യ കാലത്ത്‌ പണിത ഭാഗങ്ങൾ. ഒടുക്കം, ഓട്ടോമൻ തുര്‍ക്കികൾ പണിത അതിമനോഹരമായ പുരാതന എടുപ്പുകൾ. അതെല്ലാം അവസാനിക്കുന്നത് മത്താഫെന്ന കഅബക്ക് ചുറ്റുമുള്ള മാര്‍ബിള്‍ വിരിച്ച മൈതാനത്തും. അതിന്റെ ഒത്ത നടുക്കാണ് വിശ്വമുസ്ലിങ്ങൾ അഞ്ച് നേരവും തങ്ങളുടെ മുഖം തിരിച്ച് നമസ്കാരിക്കുന്ന... അഖിലലോക സ്രഷ്ടാവിന്റെ ഭൂമിയിലെ ആദ്യ ആരാധനാലയം നിലകൊള്ളുന്ന കഅബ സ്ഥിതിചെയ്യുന്നത്.

അവിടെ ഹറം സേവകരായ പച്ചവസ്ത്രധാരികൾ നിരന്തര ജോലിയിലായിരുന്നു. അവർ കൊണ്ടുവക്കുന്ന സംസം വെളളത്തിന്റെ വലിയ പാത്രങ്ങളിൽ നിന്നും വെള്ളം മൊത്തികുടിക്കുന്നവരെ ധാരാള കണക്കിനവിടെ കാണാൻ സാധിക്കും. എന്നാൽ, ഞങ്ങൾക്കതിപ്പോളത് പാടില്ലന്ന് ഞങ്ങളുടെ ഇമാം വിളിച്ച് പറയുന്നത് കേട്ടു. ഹറം സന്ദര്‍ശിക്കുന്നവർ ആദ്യമായി ചെയ്യേണ്ടത് കഅബക്ക് ചുറ്റും ഏഴു തവണ വലം വെക്കലാണ്. അതിനെ 'ത്വവാഫ്' എന്നാണ് പറയുക. അതിനു ശേഷമെ ഹറമിനകത്ത് മറ്റെന്ത് 'വ്യപാരവും' അനുവദിക്കുകയുള്ളൂ. പള്ളിക്കകത്തെ തണുപ്പില്‍ നിന്നും ഞങ്ങൾ അങ്ങകലെയുള്ള പരിശുദ്ധ കഅബാലയം കൺകുളിർക്കെ കണ്ടു. സ്വര്‍ണ്ണ നൂലിഴകൾകൊണ്ട് മനോഹരമാക്കിയ കറുത്ത പട്ട് പുതച്ച ലോകത്തെ ഏറ്റവും പഴക്കം ചെന്ന ആ മഹാമന്ദിരം പ്രഭാത വെയിലിന്റെ തിളക്കത്തിൽ തലയെടുപ്പോടെയങ്ങനെ നില്‍ക്കുന്നു. ഓരോ മുസ്ലിമും അവന്റെ ദൈനംദിന ജീവിതത്തിനിടയില്‍ നിര്‍ബന്ധമായും ദിവസത്തില്‍ അഞ്ച് തവണയെങ്കിലും എതിരിടുന്ന മഹാസൗധം. ആ കറുത്ത കൽകെട്ട് അപ്രകാരം പടുത്തുയര്‍ത്തുന്നതിന് കൊഴിഞ്ഞ് വീണത് ഇബ്രാഹീം നബിയുടെയും മകന്‍ ഇസ്മാഈല്‍ നബിയുടെയും വിയര്‍പ്പും ഊര്‍ജവുമായിരുന്നു എന്നോര്‍ക്കുമ്പോള്‍ മനസ്സ് വല്ലാതെ ആവേശഭരിതമികുന്നുണ്ട്.

ഖന ചതുരാകൃതിയിലുള്ള ഒരു കെട്ടിടമാണ്‌ കഅബ. 40 അടി നീളവും 35 അടി വീതിയും 56 അടി ഉയരവും. തെക്ക് ഭാഗത്ത് കിഴക്കേ മൂലയിലാണ് ഹജറുൽ അസ്‌വദ് എന്ന കറുത്ത ശില സ്ഥിതിചെയ്യുന്നത്. ഇസ്ലാമികമായി ഏറ്റവും പവിത്രമായ സ്ഥലമാണ് കഅബയും അതിന്റെ ചുറ്റുഭാഗങ്ങളും. മക്കയിലെ പ്രാന്തപ്രദേശങ്ങളിൽ നിന്നുള്ള ഗ്രാനൈറ്റ് ഉപയോഗിച്ച് നിർമ്മിച്ച കഅബയുടെ തറ പുർണ്ണമായും മാർബിളിലാണ് പണിതിരിക്കുന്നത്. തറനിരപ്പിൽ നിന്നും 2.2 മീറ്റർ ഉയരത്തിലാണ് പ്രവേശന കവാടം നിലകൊള്ളുന്നത്. മേൽക്കുരയും സീലിങ്ങും നിർമ്മിച്ചതാകട്ടെ സ്റ്റൈൻലെസ് സ്റ്റീലും തേക്കും ഉപയോഗിച്ചും. 1200 വര്‍ഷത്തെ പഴക്കവുമായി നിലകൊണ്ടിരുന്ന ആ മരഉരുപ്പടികൾ സൗദി ഭരിച്ച ഫഹദ് രാജാവിന്റെ കാലത്താണ്‌ മാറ്റിസ്ഥാപിച്ച് പകരം മ്യാന്‍മറിൽ നിന്നുള്ള ഗുണമേന്മയേറിയ തേക്ക് കൊണ്ട്‌ നിര്‍മ്മിക്കുന്നത്. എന്നാൽ, അതുവരെ കഅബക്കുള്ളിലുണ്ടായിരുന്നത് മലബാറിൽ നിന്ന് കൊണ്ടുവന്ന തേക്കുകളായിരുന്നെന്ന് ഞങ്ങളുടെ കൂട്ടത്തിലെ ആരോ പറയുന്നത് ഞാൻ കേട്ടു. എന്തായാലും, അതിൽ ചരിത്രപരമായി വസ്തുതാംശം തീരെയില്ല എന്ന് പറയാൻ കഴിയില്ല. കാരണം, സുലൈമാന്‍ അഥവാ സോളമന്‍ പ്രവാചകന്റെ കാലത്തോളം പഴക്കം ചെന്ന ചരിത്രമാണ് മലബാർ എന്നറിയപ്പെട്ടിരുന്ന കേരള തീരത്തിനും അറബ് നാടിനും പറയാനുണ്ടായിരിക്കുക. പ്രവാചകന്റെ കാലത്ത് ജീവിച്ച ജനങ്ങൾക്ക് ഏറ്റവും നല്ല വാൾ ഇന്ത്യയിൽ കാച്ചി നിർമ്മിക്കുന്നതാണെന്നൊരു ധാരണ പണ്ടേ ഉണ്ടായിരുന്നതായി ഞാനെവിടെയോ വായിച്ചതോർക്കുന്നു. അഥവാ, സവിശേഷമായ ഒരു സ്ഥാനമാണ് മലബാര്‍ ദേശത്തിന് അറബികൾക്കിടയിൽ ഉണ്ടായിരുന്നതെന്ന് സാരം. അതെത്രത്തോളമെന്നാൽ... തങ്ങൾക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് പോലും അവർ ഹിന്ദ് അഥവാ ഇന്ത്യ എന്ന് പേരിട്ടു വിളിച്ചിരുന്നു എന്ന് ചരിത്രത്തിൽ കാണാൻ സാധിക്കും. ഏറ്റവും നല്ലത്... ഏറ്റവും ഗുണമേന്മയുളളത്... ഭംഗിയുള്ളത് തുടങ്ങിയവയുടെ അവസാന വാക്കായിരുന്നു ഇന്ത്യൻ ഉല്‍പ്പന്നങ്ങള്‍... പ്രത്യേകിച്ചും മലബാര്‍ ഉത്പന്നങ്ങള്‍. അതിനാല്‍ തന്നെ, ലോകത്തന്ന് നിലവിലുണ്ടായിരുന്ന ഏറ്റവും മുന്തിയ വസ്തു എന്ന നിലയില്‍ തേക്കുമരം കൊണ്ട് തന്നെ കഅബയയുടെ മേല്‍ക്കൂര നിർമ്മിച്ചെടുക്കാനുള്ള സാധ്യത ഏറേയാണ്.

മത്താഫിൽ ബ്രൗണ്‍ കളർ മാർബിൾ പതിച്ച ഭാഗത്തിന്‌ നേരെ മുന്നിലായി കഅബയുടെ ഒരു മൂലയിലെ ഭിത്തികള്‍ക്കുള്ളിൽ ഹജറുൽ അസ്‌വദ് കാണാം. അവിടെ പതിവ് പോലെ തിങ്ങി നിറഞ്ഞ ജനക്കൂട്ടമാണ്. അതിനപ്പുറം സ്വര്‍ണ്ണ മകുടത്തോട് കൂടിയ ചില്ല്‌ കൂട്ടിനകത്ത് സൂക്ഷിച്ച ഇബ്രാഹിം നബിയുടെ കാല്‍പാദം പതിഞ്ഞ കല്ലാണുള്ളത്. അത് കഅബയിൽ നിന്നും അല്‍പമകലത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഞാനത് അടുത്ത് ചെന്ന് കണ്ടു. കേവലമൊരു അടയാളത്തിന് മാത്രമായി സ്ഥാപിച്ച ഇബ്രാഹീം മക്കാമിനെ വലിയ ഭയഭക്തി ബഹുമാനത്തോടെ തൊട്ടു മുത്തുന്നവരെ ധാരാള കണക്കിനവിടെ കാണാം. അവരെ അത്തരം പ്രവര്‍ത്തികളിൽ നിന്നും വിലക്കുന്ന ഹറം ഉദ്യോഗസ്ഥർ അവരോടായി 'ഇത് നിഷിദ്ധം... ഇത് നിഷിദ്ധം' എന്ന് അറബിയിൽ പറയുന്നുണ്ടെങ്കിലും അവരത് കേള്‍ക്കുന്ന ഭാവവമേ ഉണ്ടായിരുന്നില്ല... അവർ തങ്ങളുടെ തട്ടം കൊണ്ടും കൈകൾ കൊണ്ടും നിര്‍ഭാധമത് മുത്തി തുടച്ച് 'പുണ്യം' നേടികൊണ്ടേയിരിക്കുന്നു. കൃത്യമായൊരു മാര്‍ഗ്ഗദര്‍ശനമില്ലാതായാൽ വിശ്വസം എത്ര ബുദ്ധിശൂന്യമായി മാറുമെന്ന് ഇത്തരം കാഴ്ചകള്‍ കണ്ടാല്‍ നമുക്ക് ബോധ്യമാകും.

ഇബ്രാഹീം മക്കാമിന്റെ നേരെ മുന്നിലാണ് കഅബയുടെ സ്വര്‍ണ്ണ വാതില്‍ സ്ഥിതി ചെയ്യുന്നത്. പ്രാമാണികമായി അത് സ്വര്‍ണ്ണം കൊണ്ട്‌ തന്നെ വേണമെന്നൊന്നുമല്ല. പണ്ടു കാലങ്ങളില്‍ മരവാതിലുകള്‍ തന്നെയായിരുന്നു അവിടെ ഉണ്ടായിരുന്നത്. എന്നാൽ, സൗദികളുടെ കാലത്താണത് സ്വര്‍ണ്ണം പൂശുന്നത്. 230 കിലോ സ്വര്‍ണ്ണവുമായി രണ്ടാൾ പൊക്കത്തിലതവിടെ സ്ഥിതി ചെയ്യുന്നു. മക്കയിൽ തന്നെയുളള ഏതോ ഒരു മ്യൂസിയത്തിൽ കഅബയുടെ പഴയ വാതിലുകളുടെ അവശിഷ്ടങ്ങളൊക്കെ പ്രദര്‍ശനത്തിനുണ്ടന്ന് ഞാനെവിടെയോ കേട്ടിട്ടുണ്ട്. അവസരം കിട്ടുകയാണങ്കിൽ അതൊന്ന് പോയി കാണണമെന്ന് ഞാൻ കരുതി.

അവിടെ നിന്നും കഅബയുടെ കില്ലയില്‍ തലോടി വലത്തോട്ട് നീങ്ങിയാൽ കഅബയുടെ ഇറാഖി മൂലയിലെത്തി ചേരാം. അതിനപ്പുറമാണ് ഹിജ്ർ ഇസ്മായിലെന്ന കഅബയുടെ തന്നെ ഭാഗമായൊരു എടുപ്പുള്ളത്. അര്‍ത്ഥ വൃത്താകൃതിയിൽ ഒരു തറ പോലെ ഉയർത്തി കെട്ടിയ ആ ഭാഗത്തിന്റെ മുകളിലുള്ള പുരാതനത്വം തുളുമ്പുന്ന ഇലക്ട്രിക് വിളക്ക് ആകര്‍ഷണീയമാണ്. ഞാൻ ഹിജ്ർ ഇസ്മായിലിൽ കയറി രണ്ട് റകഅത്ത് നമസ്കരിച്ചു. അവിടെയും ധാരാളകണക്കിനാളുകളുണ്ടായിരുന്നു. ചിലര്‍ കരയുന്നു... ചിലര്‍ ഇരു കൈയും മുകളിലേക്കുയർത്തി പ്രാര്‍ത്ഥിക്കുന്നു... ചിലര്‍ കഅബയിൽ കൈ ചേര്‍ത്തുവെച്ച് പ്രാര്‍ത്ഥനകള്‍ ഉരുവിടുന്നു. കഅബയുടെ ആ ഭാഗത്തിന്റെ നേരെ മുകളിലാണ് കഅബക്ക് മുകളില്‍ പെയ്യുന്ന മഴവെള്ളം പുറം തള്ളുവാനുള്ള സ്വര്‍ണ്ണ പാത്തി സ്ഥിതിചെയ്യുന്നത്. അറേബ്യൻ പാരമ്പര്യ വാസ്തു പ്രകാരം മുകൾ ഭാഗമെടുത്ത് കളഞ്ഞ രൂപത്തിലുള്ളൊരു നീണ്ട ചതുരാകൃതിയിലുള്ള കുഴലാണത്. അതിന്റെ ഒടുക്കം താഴേക്ക് ഞാഞ് നില്‍ക്കുന്ന മനോഹരമായ തൊങ്ങലോടുകൂടിയ ഭാഗവും. അതിലൂടെ മഴവെള്ളം നീണ്ടൊഴുകാതെ കൃത്യമായി താഴേക്ക് പതിക്കുന്നു. കഅബയുടെ ആ ഭാഗത്തിന്റെ ഒടുവിലാണ് സിറിയൻ മൂല സ്ഥിതിചെയ്യുന്നത്. പിന്നെ, സ്വര്‍ണ്ണ വാതിൽ നില്‍ക്കുന്ന ഭാഗത്തിന്റെ നേരെ പിൻഭാഗവും. അതിന്റെ മറ്റേ മൂലയുടെ പേര്‌ 'യമനി മൂല' എന്നാണ്‌. ഒരുപക്ഷേ, ആ ഭാഗം യമന് മുഖം തിരഞ്ഞ് നില്‍ക്കുന്നത് കൊണ്ടായിരിക്കാം അതിനെ അങ്ങനെ വിളിക്കുന്നത്. അപ്രകാരം മറ്റു മൂലകളും.

കഅബയുടെ പുറത്ത് പുതപ്പിക്കുന്ന കറുത്ത വസ്ത്രമാണ് കിസ്‌വ അഥവാ കില്ല എന്നറിയപ്പെടുന്നത്. കട്ടിയുള്ള ഒരുതരം പുതപ്പാണത്. അത് വലിയ വടങ്ങളില്‍ കഅബയുടെ മാര്‍ബിള്‍ തറയില്‍ കെട്ടിവച്ചിരിക്കുന്നത് കാണാം. ഓരോ വർഷവും അറഫദിനത്തിലാണ് കഅബയുടെ കിസ്‌വ അഴിച്ചുമാറ്റി പുതിയത് സ്ഥാപിക്കുന്നത്. പ്രത്യേക പട്ടിൽ സ്വര്‍ണ്ണ നൂലിഴകളാൽ തയ്യാറാക്കുന്ന കിസ്‌വ ഹറമിനു സമീപത്തെ ഉമ്മുൽ ജൂദിലെ ഫാക്ടറിയിലാണ് നെയ്‌തെടുക്കുന്നത്. ഒട്ടോമൻ ഭരണ കാലത്ത്‌ ഒട്ടകപുറത്തേറ്റിയ 'മഹ്മല്‍' എന്ന അലങ്കാര പെട്ടിയില്‍ വലിയ ആഘോഷമായാണത് മക്കയിലേക്ക് കൊണ്ട് വന്നിരുന്നത് (അതിനെ കുറിച്ച് 'മഹ്മല്‍' എന്ന ലേഖനത്തില്‍ വിശദമായി ഞാനെഴുതിയിട്ടുണ്ട്).

കഅബയുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന ചടങ്ങാണ് കഅബ കഴുകൽ ചടങ്ങ്. മക്ക വിജയ ദിവസം പ്രവാചകൻ വിശ്വാസികളുമൊത്ത് കഅബ കഴുകി വൃത്തിയാക്കിയിരുന്നു. ഇതിന്റെ സ്മരണാർത്ഥമാണ് പിന്നീടുള്ള വർഷങ്ങളിലും വിശ്വാസികളീ ചടങ്ങ് നിർവ്വഹിച്ചു പോരുന്നത്. ഇപ്പോൾ ഓരോ വർഷവും ശഅബാൻ, മുഹറം മാസങ്ങളിലായി രണ്ടുതവണ സംസം പാനീയവും റോസും കലർത്തിയ മിശ്രിതം ഉപയോഗിച്ച് കഅബയുടെ ഉൾഭാഗവും ചുമരും കഴുകി വൃത്തിയാക്കുന്നുണ്ട്. അതിനായി സൗദിയുടെ ഭരണാധികാരി തന്നെ നേരിട്ടെത്തുന്നു എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. കൂടാതെ ഹറം കാര്യാലയ മേധാവികൾ, മന്ത്രിമാർ, പണ്ഡിതൻമാർ, വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ, നേതാക്കൾ, നയതന്ത്രജ്ഞർ തുടങ്ങിയവരെല്ലാം അതിന്റെ ഭാഗമാകുന്നു.

മത്താഫിൽ നിന്നും ചുറ്റും നോക്കിയാല്‍ ഹറം കെട്ടിടങ്ങൾക്ക് മുകളിൽ നിലക്കാത്ത വികസന പ്രവര്‍ത്തനങ്ങളുടെ അടയാളം പോൽ ഉയർന്ന് നില്‍ക്കുന്ന ധാരാള കണക്കിന്‌ ക്രൈനുകൾ കാണാം. ഇവിടെ ഏത് സമയത്തും മരാമത്ത് പണികളാണ്. ഓരോ ഭരണകൂടങ്ങളും കാലാന്തരത്തില്‍ ഇവിടെ ചെയ്ത അനേകം വികസന പ്രവര്‍ത്തനങ്ങളുടെ ഫലമാണ്‌ ഇന്നിവിടെ നമുക്കിങ്ങനെ സൗകര്യപ്രഥമായി നിൽക്കാൻ സാധിക്കുന്നത് എന്നുള്ളത് വാസ്തവമാണ്. ഞങ്ങളിങ്ങോട്ട് കടന്ന് വന്ന അബ്ദുൽ അസീസ് കവാടത്തിന് മുന്നിലെ നീണ്ട പാതയോരത്തിന്റെ ഇരു വശങ്ങളിലും നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി മുന്നേറുന്നത് ഞാൻ കണ്ടിരുന്നു. തുര്‍ക്കിയുമായുള്ള ഏതോ കരാറിന്റെ ഫലമാണ്‌ തുടർച്ചയായി നടന്ന് കൊണ്ടിരിക്കുന്ന ഈ വികസന പ്രവര്‍ത്തനങ്ങളെന്ന് ഞാൻ മുന്നേ കേട്ടിട്ടുണ്ട്. ഹറമിലെ പണി തീരുന്ന മുറക്ക് ഹറം തുര്‍ക്കിക്ക് തിരിച്ച് നല്‍കണമെന്നാണത്രേ ആ കരാര്‍. അതിനാൽ, തങ്ങൾക്ക് ഹറം നഷ്ടപ്പെടാതിരിക്കാൻ കാലാകാലങ്ങളിൽ വികസനമെന്ന പേരില്‍ മരാമത്ത് പണികൾ നിലനിര്‍ത്തികൊണ്ട്‌ പോവുകയാണത്രെ സൗദി സര്‍ക്കാര്‍.

അത് ശരിയാണോ എന്തോ...

എന്നിരുന്നാലും, ഹറമിൽ നിരന്തരം പണിയാണ് എന്നുള്ളത് വാസ്തവമാണ്. നിലവിലെ ഹറമിന്റെ വാസ്തുശിൽപ ചാരുതക്ക് കോട്ടം തട്ടാത്ത രീതിയിലാണ് പുതിയ വികസന പദ്ധതികൾ മിക്കതും നടപ്പിലാക്കിവരുന്നത്. തീർഥാടകർക്ക് വെള്ളം കുടിക്കാനുള്ള ടാപ്പുകൾ, മാലിന്യം നീക്കം ചെയ്യുന്നതിനുള്ള നൂതന സംവിധാനങ്ങൾ, ഇലക്ട്രിക് ലിഫ്റ്റുകൾ, കോണികൾ, മികച്ച എയർ കണ്ടീഷനിങ് സംവിധാനങ്ങൾ, സുരക്ഷ നിരീക്ഷണത്തിനാവശ്യമായ സംവിധാനങ്ങൾ തുടങ്ങി തീർഥാടകർക്കാവശ്യമായ എല്ലാ സേവനങ്ങളും ലഭ്യമാകുന്ന തരത്തിലാണ് പുതിയ പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ ഹറം വികസന പദ്ധതികൾ പൂർത്തിയാകുന്നതോടെ 15 ലക്ഷം പേർക്ക് കൂടി ഇവിടെ നമസ്കാരം നിർവ്വഹിക്കാനുള്ള സൗകര്യമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. 3.57 ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഹറം പള്ളിയുടെ അകത്തും പുറത്തുമായി നിലവില്‍ 40 ലക്ഷത്തോളം പേർക്ക് പ്രാർത്ഥന നിർവഹിക്കാനുള്ള സൗകര്യമാണുള്ളത്.

അതാതു കാലത്തെ വിശ്വാസികളുടെ എണ്ണക്കൂടുതലിനനുസരിച്ചും പുതുപുത്തന്‍ സൗകര്യങ്ങളുടെ കടന്നുവരവിനനുസരിച്ചും ഹറം പ്രദേശം കാലാകാലങ്ങളിൽ വിപുലീകരിച്ച് വന്നിട്ടുണ്ട്. എങ്കിലും, ഒരു വലിയ മാറ്റമിവിടെ ആദ്യമായി നടപ്പിലാക്കുന്നത് എഡി 638 രണ്ടാം ഖലീഫ ഉമർ ബിൻ ഖത്താബാണ്. പിന്നീട്, എഡി 692ൽ പള്ളിയുടെ മറ്റൊരു പ്രധാന പുനർനിർമ്മാണം നടന്നു. ചുറ്റുഭാഗത്തെ ചുമരുകൾ കൂടുതൽ ഉയർത്തി. എട്ടാം നൂറ്റാണ്ടാകുമ്പോഴേക്കും ഹറം പള്ളിയുടെ മരത്തൂണുകൾ മാറ്റി മാർബിൾ തൂണുകളാക്കി. പ്രദക്ഷിണ മുറ്റം വിശാലമാക്കി. കൂടുതൽ മിനാരങ്ങൾ നിർമ്മിച്ചു. 1399ലുണ്ടായ തീപ്പിടുത്തവും പ്രളയവും മൂലം പള്ളിക്ക് ചെറിയ കേടുപാടുകളുണ്ടായെങ്കിലും പിന്നീട്, ആറു വർഷത്തോളം സമയമെടുത്താണ് പള്ളി പുതുക്കി പണിതത്.

ഞാൻ കഅബയുടെ അരികില്‍നിന്നും അല്‍പ്പം ദൂരേക്ക് മാറി നിന്നുകൊണ്ട് രംഗം വീക്ഷിച്ചു. 3000 വര്‍ഷത്തോളമായി തുടരുന്ന ത്വവാഫ് കര്‍മ്മമവിടെ ഇന്നും നടന്ന് കൊണ്ടേയിരിക്കുന്നു. എത്ര എത്ര മനുഷ്യരാണതിന്റെ ഭാഗമായി നമ്മെ പിരിഞ്ഞ് പോയിരിക്കുന്നത്. അറ്റവും അന്തവുമില്ലാത്ത ആലോചന വിഷയം. ലോകത്തെ ഏതോ ഒരു കോണില്‍... ഗംഭീരമല്ലാത്തതോ അയതോ ആയ ഏതെങ്കിലുമൊരു ചരിത്ര സംഭവത്തിന്റെ ഭാഗമായ ഏതൊരു വ്യക്തിയും കുറഞ്ഞത് ഏഴ് തവണയെങ്കിലും ഭക്തി നിര്‍മ്മല മനസ്സുമായതിലൂടെ നടന്ന് നീങ്ങിയിട്ടുണ്ടാകാം... അവർ തലോടിയിട്ടുള്ള വിശുദ്ധ കഅബയുടെ ചുമര്‍ ഭാഗം വെയിലേറ്റ് തിളങ്ങി നില്‍ക്കുന്നു. അവർ സന്തോഷത്തിന്റെ കണ്ണുനീര്‍ പൊഴിച്ചുമ്മവെച്ച ഹജറുൽ അസ്വദ് എന്ന കറുത്ത കല്ലിനെ കഅബയുടെ ഒരു മൂലയിലെ വെള്ളി കൂട്ടില്‍ കാണാം. മനുഷ്യനവന്റെ സൃഷ്ടാവിനെ ആരാധിക്കുന്നതിനു വേണ്ടി ഭൂമിയിൽ സ്ഥാപിച്ച ആദ്യ മന്ദിരത്തിൽ അതിന്റെ ആരംഭം മുതല്‍ക്കേ സൂക്ഷിച്ചു പോരുന്ന അതിപുരാതനമായൊരു കല്ലാണ് ഹജറുൽ അസ്വദ്. ഏകദൈവാരാധനയുടെ നിശബ്ദ സാക്ഷിയായി അതിന്നുമവിടെ നിലകൊള്ളുന്നു. ഒരചേതന വസ്തു മാത്രമായ ഈ കല്ലിന് ഇത്രമേൽ ശ്രേഷ്ഠത കൈവരാൻ കാരണമെന്താണെന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. കല്ലിൽ കൊത്തിയെടുത്ത ബിംബങ്ങളെ പൂജിക്കുന്നത് തെറ്റായി കാണുന്ന ഇസ്‌ലാം എന്തുകൊണ്ടാണ് ഹജറുൽ അസ്വദിനെ ചുംബിക്കുന്നതിനും അതിനെ വന്ദിക്കുന്നതിനും വലിയ പ്രാധാന്യം കൽപ്പിക്കുന്നത് എന്ന് ചോദിച്ചാല്‍ അത് പ്രവാചകൻ കാണിച്ച് നല്‍കിയ ഒരു അടയാളം മാത്രമാണന്നാണ് ഉത്തരം. മുഹമ്മദ് നബി കഅബ പ്രദക്ഷിണ ചെയ്യാൻ ആരംഭം കുറിക്കാനുള്ള അടയാളമായി ഹജറുൽ അസ്വദിനെ നിശ്ചയിച്ചിരുന്നു. അതിനെ ചുംബിച്ചോ തൊട്ടുമുത്തിയോ... കഴിഞ്ഞില്ലെങ്കിൽ കൈകൊണ്ടൊരു ആംഗ്യമെങ്കിലും കാണിച്ചായിരിക്കണം കഅബ പ്രദക്ഷിണത്തിനാരംഭം കുറിക്കേണ്ടതെന്നവിടുന്ന് കല്‍പ്പിച്ചു. അതിൽ കവിഞ്ഞൊരു പ്രത്യേകതയോ ദിവ്യത്തമോ അതിന് സങ്കൽപ്പിച്ചു കൂടാ എന്നും അവിടുന്നരുൾ ചെയതു.

എത്ര എത്ര മനുഷ്യരാണാ ശിലയിൽ മുത്തം വെച്ചിട്ടുള്ളത്. അതിന്റെയരികിലെ ജനബാഹുല്യം കാരണം അതിനരികിൽ പോലുമെന്നെത്താന്‍ കഴിയാത്ത അനേകം ആളുകളെ ഞാനവിടെ കണ്ടു. ഞാനുമതിൽ പെട്ട ഒരാളാണ്. കാരണം, എല്ലായിപ്പോഴും വലിയ തിരക്കാണവിടെ. വലിയ വലിയ ഭീമാകാരന്മാരായ മനുഷ്യരതിനെയൊന്ന് സ്പര്‍ശിക്കാൻ തിക്കും തിരക്കും കൂട്ടുന്നതിനിടയിൽ നിസ്സാരന്മായ നമുക്കെങ്ങനെയവിടെ എത്താൻ കഴിയുന്നു.

ഉംറ കര്‍മ്മങ്ങളായ ത്വവാഫ്, സംസം പാനം, സഅയ്, തലമുടി മുറിക്കല്‍, നമസ്കാരം, പ്രാർത്ഥന, ഖുർആൻ പാരായണം തുടങ്ങിയവയൊക്കെ സൗകര്യം പോലെ നിര്‍വ്വഹിച്ച് പതുപതുത്ത മുസല്ലയിൽ അൽപ്പനേരം ഞാനാലോചിച്ചു മലര്‍ന്നു കിടന്നു. എത്ര എത്ര മനുഷ്യരാണിവിടെ ഇങ്ങനെ മലര്‍ന്നു കിടന്നിട്ടുണ്ടായിരിക്കുക... ഇന്ത്യൻ സ്വതന്ത്ര സമരത്തില്‍ പങ്കെടുത്ത അനേകം ദേശാഭിമാനികൾ ഒരുകാലത്ത് ഈ പള്ളിയിലെ അന്തേവാസികളായിരുന്നു. ഇവിടെ വിദ്യഭ്യാസം ചെയതവർ... അധ്യാത്മിക ജീവിതം നയിച്ചവർ... ഒളിവു കാലമനുഷ്ഠിച്ചവർ... അബ്ദുൽ കലാമിനെ പോലെ ഇവിടെ ജനിച്ച് വളര്‍ന്നവർ... അങ്ങനെ... അങ്ങനെ എത്ര മനുഷ്യര്‍. ബ്രിട്ടീഷുകാരുടെ കോളനി പ്രദേശങ്ങളില്‍ നിന്നും പീഢനങ്ങൾ സഹിക്കാതെ വരുമ്പോൾ ഓട്ടോമൻ സുല്‍ത്താന്മാർ ഭരിക്കുന്ന പ്രദേശങ്ങളിലേക്ക് കുടിയേറി പാര്‍ക്കുന്ന പ്രവണത അന്ന് വളരെ കൂടുതലായിരുന്നു. പിന്നീട്, ഇവിടുത്തെ സംസര്‍ഗ്ഗത്തിൽ നിന്നും ലഭിച്ച ആത്മീയ വിശുദ്ധിയുമായി കത്തിയാളുന്ന സമര സന്നദ്ധതയുമായാണ് അവരവരുടെ നാടുകളിലേക്ക് മടങ്ങുക. സ്വതന്ത്രത്തിന്റെ പൊൻപുലരികൾ കിനാവ് കണ്ട് അവരാ നാടുകളിൽ പോരാട്ട ചരിതങ്ങൾ രചിക്കുകയായിരുന്നു.

നിലക്കാത്ത പോരാട്ടങ്ങള്‍... സ്വതന്ത്ര സമരങ്ങൾ...

എന്നാൽ,  നിലവിൽ ഹറം ലോകത്തിന് എന്താണ്‌ നല്‍കുന്നത്? അതൊരു ചോദ്യമായി എന്റെ മനസ്സിലിന്നും അവശേഷിക്കുന്നു. ആത്മീയതയിൽ മാത്രം അഭിരമിക്കുന്ന നിര്‍ജ്ജീവമായ ഇസ്ലാമിനേയാണ് ഹറം ലോകത്തിന് സംഭാവനയായി നല്‍കുന്നത് എന്നുള്ളത് ദുഖാർത്ഥമായൊരു സംഗതി തന്നെയാണന്ന് പറയാതിരിക്കാൻ കഴിയില്ല.

മദ്ധ്യാഹ്ന നമസ്കാര ശേഷം റൂമിലേക്ക് മടങ്ങുമ്പോൾ ഹറമിലെ പോലീസുകാരുടെ 'ഹാജി' വിളി എങ്ങും കേൾക്കാം.

"യാ ഹജ്ജിത്തരീഖ്... തആൽ..." എന്നിങ്ങനെയവർ ഒച്ചയിടുന്നു.

എനിക്കാഭിസംബോധന രീതി ഏറെ ഇഷ്ടമാണ്. ലോകത്തിന്റെ വിവിധ കോണില്‍ നിന്നും ദൈവത്തിന്റെ അതിഥികളായി ഹജ്ജിനെത്തുന്നവരെ സ്നേഹത്തോടെ ഹാജി എന്ന പേര്‌ വിളിച്ച് ശീലിച്ചതിനാലാവാം അവർ ഹജ്ജ് കര്‍മ്മത്തിനല്ലാതെ ഹറമിലെത്തിച്ചേരുവരേയും അങ്ങനെ വിളിക്കുന്നത്. അവരെ പിന്നിലാക്കി വേഗത്തിൽ തന്നെ ഞാനെന്റെ താമസ സ്ഥലം ലക്ഷ്യമാക്കി നടന്നു. ഹറമിനു പുറത്തെ തെരുവിന്റെ കാഴ്ച്ചയപ്പോൾ രസകരമായിരുന്നു. ആളുകളെ ഉന്തു വണ്ടിയില്‍ കഅബാലയത്തിലെത്തിച്ച് ഉംറ ചെയ്യിപ്പിക്കുന്ന സൗദിയുടെ യുവമിഥുനങ്ങൾ ഉച്ചവെയിലിന്റെ ഒഴിവുസമയം റോഡിന്റെ വശങ്ങളിലിരുന്ന് സിഗരറ്റ് പുകക്കുകയാണ്. അവരെ കണ്ടാല്‍ അറബികളിലെ കടുത്ത ദരിദ്ര്യരെപ്പോലെയാണ് തോന്നിപ്പിക്കുക. നീണ്ട തലമുടിയുടെ മുകൾ ഭാഗം കഫിയകൊണ്ട് ചുറ്റി അതിന്റെ താഴെ ഭാഗം പുറത്തേക്ക്‌ തള്ളിയെന്നോണമാണ് അവരുടെ ശിരോ വസ്ത്രമുള്ളത്. ഒരുപക്ഷേ, അവർക്കിടയിലെ ഒരു പുതിയ ഫാഷനായിരിക്കാമത്.

മദീന മ്യൂസിയം

മദീന സന്ദേശത്തിന്റെ മൂന്നാം നാൾ... ഉച്ച തിരിഞ്ഞ സമയമല്‍പ്പം ഉറങ്ങാം എന്ന് കരുതി വെറുതെ ഓരോന്ന് ചിന്തിച്ച് കട്ടിലില്‍ നീണ്ടു നിവര്‍ന്ന് കിടക്കുമ്പോഴാണ് മുറിയിലൊരു അതിഥി ഞങ്ങളെ തേടി വന്നിരിക്കുന്നത്. എന്റെ നാട്ടുകാരനായ സുഹൃത്താണ് കക്ഷി. അവന്‍ മദീനയിൽ കഴിഞ്ഞ മൂന്ന് നാല് വര്‍ഷങ്ങളായി ജോലി ചെയത് വരികയാണ്. സ്നേഹ ഭാഷണങ്ങളുമായി അല്‍പ്പനേരം ഞങ്ങൾ അവിടെതന്നെയിരുന്ന് സംസാരിച്ചു. പിന്നെ, പുറത്തേക്കിറങ്ങി. മദീനയുടെ ഉൾവഴിലൂടെയൊക്കെ ഒന്ന് കാൽനടയായി കറങ്ങാനാണ് ഞങ്ങളുടെ പരുപാടി. മദീനയിലെ മെയ്ൻ റോഡിന്റെ ഇരു വശത്തുമുള്ള കെട്ടിടങ്ങള്‍ക്കിടയിലുള്ള ആ ടാറിട്ട വഴികള്‍ സജീവമാണ്. നിറയെ ഇടുങ്ങിയ ഖല്ലികളതിരിടുന്ന അവിടെ വെത്ത്യസ്ഥമായൊരു ജീവിതമാണത്രെ പുലരുന്നത്. അന്യദേശക്കാരും തനി അറബികളുമായ അനേകം മനുഷ്യരെയവിടെ കാണാൻ കഴിയും. അവർ മദീന നഗരത്തിലെ വലിയ അധ്വാനികളാണ്. ഒരുപക്ഷേ, വിശുദ്ധ മദീന പള്ളിയോ, അവിടെയുള്ള പരമ പവിത്രമായ റൗളയോ ആയിരുന്നിരുന്നിരിക്കില്ല അവരുടെ ചിന്താ വിഷയങ്ങൾ. ജീവിതമെങ്ങനെ അല്ലലില്ലാതെ മുന്നോട്ട് കൊണ്ടുപോകാം എന്ന് മാത്രം ചിന്തിക്കുന്ന പരമപാവങ്ങൾ.

എന്റെ ആ സുഹൃത്ത് മദീനയിലെ ഒരു വലിയ  ടിവി ചാനലിലാണ് ജോലി ചെയത് വരുന്നത്. നടത്തത്തിനിടയിൽ ആ ചാനലിനെ കുറിച്ചുളള ചില വിവരങ്ങൾ അവനെന്നോട് പങ്കുവെച്ചു. ഇടയിലവൻ പതിയെ പറഞ്ഞു...

"യാഥാര്‍ത്ഥത്തിൽ ഞാന്‍ ജോലി ചെയ്യുന്ന ഈ ചാനൽ ഷിയാക്കൾക്കെതിരെയുള്ളൊരു ഭയങ്കരൻ ജിഹ്വയാണ്" എന്ന്.

അതിന്‌ വേണ്ടി മാത്രമാണ്‌ ഇത് തുടക്കം കുറിച്ചതെങ്കിലും സര്‍ക്കാരിന്റെ കണ്ണില്‍ പൊടിയിടുക ലാക്കാക്കി പലജാതി പരിപാടികൾ തങ്ങൾ സംപ്രേഷണം ചെയ്ത് വരുന്നുണ്ടന്നവന്‍ കൂട്ടിചേര്‍ത്തു. അതുകൊണ്ട്‌ തന്നെ പല കോണില്‍ നിന്നും തങ്ങൾ ഭീഷണികള്‍ നേരിടുന്നുണ്ടന്നും അവന്‍ പറഞ്ഞു നിർത്തി. സലഫി രാജ്യമായ സൗദിയിൽ അതിന്റെ നേർവിപരീത വിചാരധാരയായ ഷിയാ വിശ്വസത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ ശക്തമായിരിക്കും എന്നത് യാദൃച്ഛികമല്ല. പക്ഷേ, ആ കാരണം കൊണ്ട്‌ ആരാണിവരെ ഇത്രത്തോളം വേട്ടയാടുന്നതെന്ന് എനിക്കെത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. ഞാനതവനോട് ചോദിക്കാനും വിട്ടുപോയി. എന്നിരുന്നാലും, മദീനയുടെ ഉള്‍തെരുവിന്റെ കാഴ്ച്ചകളും അവിടെ പുലരുന്ന ജീവിതവും കണ്ട് ഏറെ ദൂരം ഞങ്ങളപ്പോഴേക്കും നടന്ന് കഴിഞ്ഞിരുന്നു. മദീനയെ സംബന്ധിച്ച അവന്റെ അറിവുകൾ അവനെന്നോട് പങ്കുവെക്കുമ്പോൾ ഈ നാടിന്റെ ഭാഗമാകാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ഞാന്‍ വെറുതെ ആശിച്ചു പോകുന്നു. സംസാരിച്ചും പറഞ്ഞും ഞങ്ങളങ്ങനെ മുന്നോട്ട് നടക്കുമ്പോഴാണ് വഴിയിൽ കണ്ടൊരു സൂചന ബോർഡ് ഞങ്ങളുടെ ശ്രദ്ധയിൽപ്പടുന്നത്.

"മദീന മീഡിയ മ്യൂസിയം"

യാഥാര്‍ത്ഥത്തിൽ, ഇങ്ങനെയൊരു സംഭവമവിടെ പ്രവൃത്തിക്കുന്നുണ്ടന്ന് അവനുപോലും അന്നാദ്യമായാണ് അറിയുന്നത്. റോഡിന്റെ ഓരത്ത് നിന്നും അല്‍പ്പം ഉള്ളിലേക്ക് നീങ്ങാനായിരുന്നു ഞങ്ങളുടെ ആദ്യ പരുപാടി. എന്നാൽ, ആ ബോർഡവിടെ കണ്ടതോടെ മ്യൂസിയം കാണാനുറച്ച് അതിന്റെ ദിശയിലൂടെ നടക്കാൻ ഞങ്ങൾ തീരുമാനിച്ചു. അവിടെ പാതയോരങ്ങളിൽ നിറയെ മദീനയുടെ യുവതയെ കാണാം. അന്‍സാരി യുവാക്കള്‍... ഒരുപക്ഷേ, അവർ അന്‍സാരികളൊന്നും ആയിരിക്കുകയില്ല. എങ്കിലും, അവരെ അങ്ങനെ അഭിസംബോധന ചെയ്യാനാണ് ഞാനിഷ്ടപ്പെട്ടത്. വെടിവട്ടവുമായി കൂട്ടം ചേര്‍ന്നിരിക്കുന്ന അവരോട് ഞങ്ങൾ മ്യൂസിയത്തെക്കുറിച്ച് ചോദിച്ചറിഞ്ഞു.

"മാലൂ മത്ത്ഹഫ്?"

ചോദിച്ചത്‌ ഞാനായിരുന്നു. കാരണം, ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മക്കയിൽ വച്ച് അവിടുയുള്ളൊരു പ്രശസ്ത മ്യൂസിയം അന്വേഷിച്ച് ഞാന്‍ കുറേ അലഞ്ഞിരുന്നു. അന്നവിടെ വച്ചാണ് മ്യൂസിയം എന്ന വാക്കിന്റെ അറബി പദമെനിക്ക് മനസ്സിലാകുന്നത്... മത്ത്ഹഫ്

എന്റെ ചോദ്യം കേട്ട അവർ മ്യൂസിയത്തിന്റെ സ്ഥാനം അറബിയിൽ ഞങ്ങൾക്ക് വിവരിച്ച് നല്‍കിയെങ്കിലും, അത് ഞങ്ങള്‍ക്ക് തീരെ മനസ്സിലാകുന്നില്ല എന്ന് ബോധ്യമായതിനാൽ പിന്നീട് ആങ്ങ്യ ഭാഷയിലത് വിവരിച്ച് നൽകാൻ തുടങ്ങി. ആർക്കും മനസ്സിലാക്കാൻ കഴിയുന്ന ഒരു ലോക ഭാഷതന്നെയാണീ ആങ്ങ്യ ഭാഷ എന്ന് അപ്പോഴാണെനിക്ക് ബോധ്യമായത്. ആ ഭാഷയെ അറിയുന്നവവരെയാണ് 'മിണ്ടാപ്രാണികൾ, പൊട്ടൻ' എന്നൊക്കെ നമ്മൾ അഭിസംബോധന ചെയ്യാറ് എന്നോർത്തപ്പോൾ ലജ്ജ തോന്നുന്നു. ഇത്തരം അനുഭവങ്ങൾ നമ്മളാണോ അതോ അവർതന്നെയാണോ മേല്‍ വിശേഷങ്ങൾക്കർഹർ എന്ന് നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്നു.

അവിടെനിന്നും തിരിഞ്ഞ് അല്‍പ്പം കൂടി മുന്നോട്ട് നടന്നാലെത്തുന്ന സുൽത്താൻ റോഡിന്റെ ഒടുവിലായാണ് മ്യൂസിയം സ്ഥിതിചെയ്യുന്നത്. അവിടെയുള്ള അന്തലൂസ് മാളിലാണത് പ്രവർത്തിക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. ഞങ്ങൾ അന്തലൂസ് മാളന്വേഷിച്ച് നടത്തം തുടർന്നു. അവിടെ കണ്ട ഇടുങ്ങിയ വഴിയിലൂടെ കച്ചവടമവസാനിപ്പിച്ച് മടങ്ങുന്ന മൂടുപടം അണിഞ്ഞ സ്ത്രീകൾ ഞങ്ങളെ കടന്നുപോകുന്നു. ഇന്ത്യയടക്കമുള്ള വെത്ത്യസ്ഥ രാജ്യങ്ങളിലെ വൈവിധ്യമിർന്ന രുചി വിളമ്പുന്ന ഭോജന ശാലകളവിടെ ധാരാളകണക്കിനുണ്ട്. അവിടേയും രംഗം സജീവമാണ്. ഓരോ ഉൾവഴി കാണുമ്പോഴും അതിന്‌ സമീപത്ത് നിന്ന് അതിന്റെ തലക്കലേക്ക് പ്രതീക്ഷയോടെ ഞങ്ങൾ നോക്കും. അവിടെയെങ്ങാനും അന്തലൂസ് മാൾ കാണുന്നുണ്ടോ എന്ന്.

ഒടുക്കം ഞങ്ങളത് കണ്ടത്തുകതന്നെ ചെയ്തു. 'അൽ അന്തലൂസ് മാൾ' എന്ന ബോര്‍ഡ് തൂങ്ങി കിടക്കുന്നൊരു വലിയൊരു കെട്ടിടം. അതിന്റെ താഴെ ഒരു കോണില്‍ 'മത്ത്ഹഫല്‍ മദീന' എന്ന് കാലിഗ്രഫിയിലെഴുതിയ ചെറിയൊരു ബോർഡും. അത് കണ്ടപ്പോൾ തന്നെ എന്റെ മനസ്സ് ആകാംക്ഷ കൊണ്ട്‌ പെരുമ്പറ കൊട്ടി. നിറയെ കാഴ്ചകൾ ഉള്ളിലൊതുക്കികൊണ്ട്‌ അവനങ്ങനെ സഞ്ചാരികളെ കാത്തുകെട്ടി കിടക്കുകയാണ്. എന്തൊക്കെ ആയിരിക്കും അതിനുള്ളില്‍ ഉണ്ടായിരിക്കുക എന്നതിനെ ചൊല്ലി എന്റെ മനസ്സ് ആവേശഭരിതമായിരുന്നു. ഉച്ച മയങ്ങുന്ന വെയിലിനെ വകവെക്കാതെ വേഗം തന്നെ ഞങ്ങൾ മ്യൂസിയത്തിനുള്ളിലേക്ക് കയറി ചെന്നു.

അന്തലൂസ് മാളിന്റെ അകത്തെ ഒരു തരം ബങ്കറുപോലെ തോന്നിപ്പിക്കുന്ന സ്ഥലത്താണ് മ്യൂസിയം പ്രവർത്തിക്കുന്നത്. അവിടേക്കുള്ള കോണിപ്പടിയിലൂടെ താഴെ നിലയിലേക്ക് ഞങ്ങൾ പ്രവേശിക്കുമ്പോൾ അവിടെ പ്രതീക്ഷിച്ചതുമാതിരി ടിക്കറ്റ് കൗണ്ടറോ മറ്റോ ഞാന്‍ കണ്ടില്ല. പകരം, വിശാലമായൊരു സുവനീര്‍ കടയാണ് അവിടെ സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നത്. പൊതുവില്‍ മ്യൂസിയങ്ങളിൽ കാഴ്ച്ചകൾക്കൊടുവിലാണ്  ഇത്തരം വിപണന ശാലകളുണ്ടാകാറ്. ചരിത്രം തഴുകി നീങ്ങിയ അനേകം വസ്തുക്കളുടെ വിശദമായ കാഴ്ച്ചകൾക്ക് ശേഷം അതുമായി ബന്ധപ്പെട്ട... ആ കാഴ്ച്ചകളുടെ ഓര്‍മ്മകളെ ഉണർത്തുന്ന വസ്തുക്കളെ പ്രദര്‍ശിപ്പിച്ച സുവനീര്‍ കോർണറുകളുടെ സ്ഥാനം എന്തുകൊണ്ടും മ്യൂസിയങ്ങൾക്കൊടുവിൽ തന്നെയാണ് വേണ്ടിയിരുന്നത്. എന്നാൽ, ഇവിടെ എന്തുകൊണ്ടിങ്ങനെയെന്ന് മനസ്സിലായില്ല. സുവനീര്‍ കടയുടെ അപ്പുറം വിശാലമായ ഹാളില്‍ മദീനയുടെ ചരിത്രം നിശബ്ദമായി നില്‍ക്കുന്ന കാഴ്ച്ച എന്നെ അങ്ങോട്ടേക്ക് ശക്തമായി ആനയിച്ചു. അവിടെ കാഴ്ചകളുടെ വസന്തമാണ്. ചില്ലുകൂട്ടിലും ചുമരിലുമായി അനേകം വസ്തുവഹകള്‍. ചിലത് യാഥാർത്ഥ വസ്തുക്കള്‍ തന്നെ. ചിലതാണങ്കിലോ നിര്‍മ്മിത രൂപവും. പിന്നെ വൈവിധ്യമാര്‍ന്ന ചിത്രങ്ങൾ തൂക്കിയിട്ട വിശാലമായ ചുമർ.

മദീന സന്ദര്‍ശിച്ച ഏതോ പടിഞ്ഞാറന്‍ സഞ്ചാരിയുടെ ക്യാമറയിൽ വിരിഞ്ഞ മക്ക മദീന നഗരങ്ങളുടേയും അവിടെ ഒഴുകി നീങ്ങുന്ന ജനസഞ്ചയത്തിന്റേയും ചിത്രങ്ങൾ ആകര്‍ഷകമായിരുന്നു. പണ്ട്‌ കാലങ്ങളില്‍ അമുസ്ലീം സഞ്ചാരികള്‍ ഇത്തരത്തില്‍ വേഷ പ്രച്ഛന്നരായി ഹറമുകൾ സന്ദര്‍ശിച്ചിരുന്നതായി ഏതൊക്കെയോ ഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്നുണ്ടന്ന കാര്യമാണ് എനിക്കപ്പോളോർമ്മ വന്നത്. ആ ചിത്രങ്ങളില്‍ കണ്ട ആ മനുഷ്യർ പരിമിതമായ സൗകര്യങ്ങളുപയോഗിച്ച് ഇവിടെ വന്ന് കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ച് സംതൃപ്തിയോടെ മടങ്ങിയിരിക്കുന്നല്ലോ എന്നോര്‍ത്തപ്പോൾ അത്ഭുദവും അഭിമാനവും തോന്നി. ആ പഴയകാല ചിത്രങ്ങൾക്കപ്പുറം മദീനയിലെ അന്ത്യനിദ്രാ സ്ഥലമായ ജന്നത്തുൽ ബഖീയുടെ രൂപമാണ്. അതൊരു വലിയ ചില്ല് കൂട്ടില്‍ വിശദമായി തന്നെ നിര്‍മ്മിച്ച് വച്ചിരിക്കുന്നു. പ്രധാനപ്പെട്ട പ്രവാചക അനുയായിമാരുടെ ഖബറുകൾ വളരെ കൃത്യമായി അതിൽ സൂചിപ്പിച്ചു വച്ചിരിക്കുന്നു. അതിനപ്പുറം മദീന പള്ളിയുടെ പഴയ കാല ചിത്രങ്ങളുടെ ശേഖരണമാണ്. ലോകത്തിന്റെ കുതിപ്പിനൊപ്പം സഞ്ചരിച്ച പാരമ്പര്യമാണ് ഈ നഗരങ്ങൾക്കുള്ളതെന്ന് ആ ചിത്രങ്ങളിലൂടെ കണ്ണോടിച്ചാൽ നമുക്ക് ബോധ്യമാകും. ലോകത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ എന്തെങ്കിലും ഒന്ന് കണ്ടുപിടിക്കപ്പെട്ടാൽ അതെങ്ങനെ ഹറമിനും അതിന്റെ അതിഥികൾക്കും ഉപയോഗപ്പെടുത്താം എന്ന ചിന്തയുടെ പ്രതിഫലനമാണ് ആ ചിത്രങ്ങൾ നമുക്ക് പകരുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ അടയാളമാണ്‌ മദീനയിൽ തുടക്കം കുറിക്കാന്‍ പോകുന്ന 'ഇ-പാസ്സ്' സംവിധാനമെന്നെനിക്ക് തോന്നി.

മദീന മ്യൂസിയത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാഴ്ച്ചയിലേക്കാണ് പിന്നീട് ഞങ്ങൾ നീങ്ങിയത്. കഅബയുടെ അകത്തളത്തെ നിര്‍മ്മിച്ച് വച്ചിരിക്കുന്ന ആ രൂപം വിവരണാതീതമായ സന്തോഷമാണ് നമുക്ക് നല്‍കുന്നത്. കൂടാതെ, മദീന പള്ളിയില്‍ നബി തങ്ങളും അബൂബക്കര്‍ സിദ്ദീഖ്, ഉമര്‍ എന്നിവരും അന്ത്യവിശ്രമം കൊള്ളുന്ന റൗള ഷെരീഫിനകത്തെ വസ്തുക്കളുടെ ക്രമീകരണങ്ങളും അവിടെ കാണാന്‍ കഴിഞ്ഞു. തെറ്റിദ്ധരിക്കപ്പെട്ട അതിപ്രധാനമായൊരു വിഷയത്തിലേക്കാണ് റൗളയുടെ ആ രൂപം വെളിച്ചം വീശുന്നതെന്നെനിക്ക് തോന്നി. പ്രവാചകന്റേയും അവിടുത്തെ സ്നേഹിതരുടേയും അന്ത്യവിശ്രമ സ്ഥലങ്ങള്‍ ശവകുടീരംപോലെ കെട്ടിപ്പൊക്കപ്പെട്ടതല്ല എന്ന് ആ രൂപങ്ങള്‍ നമുക്ക് ബോധ്യമാക്കിത്തരുന്നു. അതിൽ പ്രവാചകനെ മറമാടിയ കേവലം മണല്‍ പരപ്പും അതിന്‌ ചുറ്റും യഥാക്രമം ചതുരാകൃതിയിലും പിന്നെ ഷഡ്ഭുജാകൃതിയിലുമുള്ള ചുമരുകളും ഒടുവില്‍, അവയെ സംരക്ഷിച്ച് ഭൂനിരപ്പിന് താഴെയുള്ള ലോഹ ആവരണവുമൊക്കെ വ്യക്തമായി കാണാൻ കഴിയുന്നു. കൂടാതെ, റൗള ഷെരീഫിലെ കൃത്യം എണ്ണം തൂണുകളും പച്ചയിൽ സ്വര്‍ണ്ണ വര്‍ണ്ണം പൂശിയ അവിടുത്തെ ഇരുമ്പ് കവാടവുമൊക്കെ അതിൽ കാണാൻ കഴിയും.

പ്രവാചകനും അനുയായികളും പങ്കെടുത്ത യുദ്ധങ്ങളുടെ വിശദാംശങ്ങളും അവിടെ സൈനികര്‍ നിലയുറപ്പിച്ച മേഖലകളുമൊക്കെ വിശദമാക്കുന്ന ഭാഗത്തേക്ക് പിന്നീട് നടന്നെത്തുക. അതിനപ്പുറം, ചരിത്രം തളം കെട്ടി നില്‍ക്കുന്ന മദീനയിലെ വിവിധ പള്ളികളുടെ രൂപങ്ങളാണ്. അതൊക്കെ കുമ്മായത്തിലോ പ്ലാസ്റ്റർ ഓഫ് പാരീസിലോ ആണ് നിർമ്മിച്ചിരിക്കുന്നതെന്ന് തോന്നുന്നു. അക്കൂട്ടത്തിലാണ് മദീന പള്ളിയുടെ ആദ്യകാല രൂപം പ്രദര്‍ശിപ്പിച്ചു വച്ചിരിക്കുന്ന ഭാഗമുള്ളത്.

അനേകം മൊട്ട കുന്നുകള്‍ അതിരിടുന്ന മദീന പട്ടണം... അതിനുള്ളിൽ അല്‍പ്പാൽപ്പമായി മാത്രം പച്ചപ്പുള്ള നിരപ്പിൽ വളരുന്ന സവിശേഷമായ മദീന തമൂർ കുലച്ച വിശാലമായി ഈത്തപ്പന തോട്ടങ്ങള്‍ക്കിടയില്‍ അന്‍സാരികളും മുഹാജിറുകളുമായ മദീന പൗരന്മാരുടെ കര്‍ഷക ഭവനങ്ങൾ. അവിടെ ആയിരുന്നു വിശാലമായി ഒരു കെട്ടിനുള്ളില്‍ ഏതാനും മരത്തൂണുകളിൽ ഉയർന്ന് നില്‍ക്കുന്ന മദീനയുടെ മഹാമന്ദിരം സ്ഥിതിചെയ്തിരുന്നത്. ആ കെട്ടിന്റെ പകുതിയും തുറന്ന സ്ഥലമായിരുന്നു. അവിടെ പഞ്ചാര മണല്‍ വിരിച്ച് മനോഹരമാക്കിയ സ്വഫുകൾ കാണാം. ഈത്തപ്പഴ മടലുകൾകൊണ്ട് മെഴുകിയ നിലവും മേല്‍ക്കൂരയുമായിരുന്നു പള്ളിക്കുണ്ടായിരുന്നത്. പള്ളിയുടെ ഇടത്തും വലത്തുമായി പ്രവാചക ഭവനങ്ങളുടെ നിരകളാണ്.

നബിതിരുമേനി എല്ലാ സൗകര്യങ്ങളുമുളള കൊട്ടാരങ്ങളിലല്ല, മറിച്ച് അങ്ങേയറ്റം അസൗകര്യങ്ങളുളള കുടിലുകളിലാണ് താമസിച്ചിരുന്നതെന്ന് ആ രൂപങ്ങള്‍ നമുക്ക് ബോധ്യപ്പെടുത്തി നല്‍കുന്നു. അന്ന് മദീന പളളിയുടെ പണി പൂര്‍ത്തിയായപ്പോള്‍ അതിന്റെ വടക്ക് ഭാഗത്തായി ആയിശ, സൗദ എന്നീ പത്‌നിമാര്‍ക്ക് വേണ്ടി വീടുകള്‍ നിര്‍മിക്കുകയും അവിടേക്ക് താമസം മാറ്റുകയും ചെയ്തു. പ്രസ്തുത ഭവനങ്ങൾ അന്നത്തെയാ പള്ളിയുടെ രൂപാകൃതിയില്‍ തന്നെയാണ് നിര്‍മ്മിക്കപ്പെട്ടത്. അഥവ, ഇഷ്ടികയുടെ ചുമരും ഈത്തപ്പനമടലുകളുടെ മേല്‍കൂരയുമായിരുന്നു അവക്കുണ്ടായിരുന്നതെന്ന് ചുരുക്കം. പിന്നീട്, തിരുമേനി വിവാഹം ചെയ്ത ഓരോ ഭാര്യമാര്‍ക്കും അതാതു സമയങ്ങളില്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. ഹുജറകൾ അഥവാ റൂമുകള്‍ എന്നാണവക്ക് ഖുര്‍ആനില്‍ വിശേഷിപ്പിച്ചു കാണുന്നത്. കാരണം, അധികം വിശാലമായതോ കൂടുതല്‍ റൂമുകളോ സൗകര്യങ്ങളോ ഉള്ളതായിരുന്നില്ല അവകള്‍. മിക്ക വീടുകള്‍ക്കും ഉറങ്ങാനുള്ള ഒരു റൂം മാത്രമാണുണ്ടായിരുന്നത്. ഭക്ഷണം പാകം ചെയ്യാനുള്ള അടുക്കള വീടിന്റെ പുറത്ത് ഒരു പൊതു അടുക്കള മാതിരിയാണുണ്ടായിരുന്നത്. പ്രവാചകന്റെ വീടുകളില്‍ ചിലതിന്റെ ചുമര്‍ ഇഷ്ടികയാണെങ്കില്‍ മറ്റ് ചിലതിന്റെ ഭിത്തികള്‍ കല്ലുകള്‍ അടുക്കി വെച്ചതായിരുന്നു. മേല്‍ക്കൂരയാണെങ്കില്‍ പലതിലും ഈത്തപ്പനയോല മാത്രവും. ചിലതില്‍ ചില മരക്കഷണങ്ങള്‍ക്ക് മേലെ ഓലയും മണ്ണും പാകിയതായിരുന്നതായും ചരിത്രത്തിൽ കാണാൻ സാധിക്കും.

ഇത്തരം നിര്‍മ്മാണ രീതികള്‍ പുരാതനകാലത്തെ അറബ് വസ്തു വിദ്യ ശൈലി മാത്രമാണ്‌ എന്ന് സാമാന്യ വൽക്കരിന്നതിൽ അര്‍ത്ഥമില്ല എന്ന് തോന്നുന്നു. കാരണം, അക്കാലത്തും അവര്‍ വീടുകളുടെ വലിപ്പവും ഉയരവും അന്തസ്സിന്റെയും ആഭിജാത്യത്തിന്റെയും അടയാളമായിയാണ് ഗണിച്ചിരുന്നത്. വീടുകളുടെ വലിപ്പവും ഉയരവും ഭംഗിയുമൊക്കെ എടുത്ത് പറയുന്ന ജാഹിലിയ്യ അഥവ പ്രവാചക പൂര്‍വ്വ കവിതകൾ ധാരാള കണക്കിന്‌ അന്നുണ്ടായിരുന്നു എന്നുള്ളത് പ്രത്യേകം പ്രസ്ത്യാവമാണ്. എന്നാല്‍, തിരുനബിയുടെ ഗേഹങ്ങള്‍ അതിന്റെ ലാളിത്യം കൊണ്ട്‌ വേറിട്ടു തന്നെ നിന്നു എന്ന് വേണം പറയാൻ.

വീട്ടിലെ ഗൃഹോപകരണങ്ങളുടെ കാര്യമെടുക്കുകയാണെങ്കില്‍ അക്കാര്യത്തിലും തിരുമേനി അതീവ ലാളിത്യം പുലര്‍ത്തിയിരുന്നതായി കാണാം. ഈത്തപ്പനയോലകള്‍ കൊണ്ട് നെയ്ത പായയിലാണ് അദ്ദേഹവും കുടുംബവും അന്തിയുറങ്ങിയിരുന്നത്. പലപ്പോഴും അതിന്റെ പാടുകള്‍ ദൈവദൂതന്റെ ശരീരത്തില്‍ പതിഞ്ഞു കാണാമായിരുന്നുവത്രെ. ഉണക്കിയ മൃഗതോലിനുളളില്‍ പനയോല നിറച്ച് നിര്‍മിച്ച കനം കുറഞ്ഞ ഒരു തലയണ മാത്രമാണ്‌ അവിടുന്ന്  ഉപയോഗിച്ചിരുന്നത്. അതിഥികള്‍ക്കിരിക്കാന്‍ പറ്റിയ ഒരു ഇരിപ്പിടം പോലും തിരുഭവനത്തിലുണ്ടായിരുന്നില്ല. പാകം ചെയ്ത് കഴിക്കേണ്ട ഭക്ഷണം പലപ്പോഴും ഇല്ലാത്തതുകൊണ്ടുകൂടിയായിരുന്നു ഗൃഹോപകരണങ്ങളുടെ പഞ്ഞം. ഗോതമ്പ് പൊടിച്ചതിന് ശേഷം അതിലെ ഉമി നീക്കാന്‍ ആവശ്യമായ ഒരു തരിപ്പ പോലും പ്രവാചകന്റെ വീട്ടിലന്ന് ഉണ്ടായിരുന്നില്ല എന്ന് പറയുമ്പോൾ അതിന്റെ വ്യാപ്തി എത്രയെന്ന് ബോധ്യമാകും. ബാര്‍ലിയുടെ ഉപയോഗത്തെക്കുറിച്ചുള്ള ഭാര്യമാരിലൊരാളുടെ മറുപടി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ പറയുന്നു.

"ബാര്‍ലി ഞങ്ങള്‍ കുത്തും. എന്നിട്ട് അതൊരു മുറത്തിലിട്ട് അതിലെ ഉമി പാറ്റിക്കളയും. ഇനിയും വല്ലതും അതിലവശേഷിക്കുന്നുവെങ്കില്‍ അത് റൊട്ടിയില്‍ ഉള്‍പെടുകയും ചെയ്യും" 

ധാന്യപ്പൊടിയിലെ ഉമി നീക്കാന്‍ ഒരു അരിപ്പ വാങ്ങാന്‍ മാത്രം എല്ലാ ദിവസവും റസൂലിന്റെ വീട്ടില്‍ ബാര്‍ലി റൊട്ടി ഉണ്ടാക്കിയിരുന്നില്ല എന്ന് സാരം. ഇനി പാത്രങ്ങളുടെ കാര്യമെടുക്കുകയാണെങ്കില്‍ വക്ക് പൊട്ടിയതും, കമ്പിയിട്ട് മുറുക്കിയതുമായ മരപ്പാത്രങ്ങളിലായിരുന്നു തിരുമേനി പാലും തേനും ഈത്തപ്പഴം കുതിര്‍ത്ത വെള്ളവും മറ്റുമൊക്കെ കുടിച്ചിരുന്നത്. അക്കാലത്തെ റോമ, പേര്‍ഷ്യന്‍ ചക്രവര്‍ത്തിമാര്‍ സ്വര്‍ണ്ണ പാത്രങ്ങളിലും വെള്ളി കൂജകളിലും മറ്റുമൊക്കെ ആയിരുന്നു ഭക്ഷണം കഴിച്ചിരുന്നത് എന്നകാര്യം ഇതോടൊപ്പം ഓര്‍ക്കുക.

ഒടുവില്‍, സന്ധ്യ മയങ്ങാൻ തുടങ്ങുമ്പോഴാണ് ഞങ്ങൾ മ്യൂസിയം വിട്ടത്. ജോലി സംബന്ധമായ ചില തിരക്കുകൾ കാരണം ഹോട്ടലിനു മുന്നില്‍ നിന്നു തന്നെ അവനെന്നോട് യാത്ര പറഞ്ഞിറങ്ങി.

Saturday, 11 April 2020

മക്കത്തേക്ക് തുറക്കുന്ന കവാടം

യാത്രകള്‍ ചെയ്യാൻ മനുഷ്യന് വലിയ ആവേശമാണല്ലോ. അത് അപൂര്‍വതകളിലൂടെ ആവുമ്പോൾ ആവേശം ഇരട്ടിക്കും. പണ്ട്‌... ഞാൻ ചെറിയ കുഞ്ഞായിരുന്ന കാലത്ത് വിമാനത്താവളങ്ങളുടെ ചില്ലു ജാലകങ്ങൾക്കപ്പുറമാണ് വിശാല സുന്ദരമായ ഗൾഫ് നാടെന്ന് ചിന്തിച്ച് വച്ചിരുന്നു. ഇപ്പുറം പച്ചപ്പ് തുളുമ്പുന്ന കേരളം. അപ്പുറമാണങ്കിലോ ഈത്തപ്പഴം വിളയുന്ന അറേബ്യൻ മണലാരണ്യം. അവിടെ പണം കായ്ക്കുന്ന മരമുണ്ട്. കൂടാതെ, ബദാം... പിസ്ത... വിവിധ വര്‍ണ്ണത്തിലും രുചിയിലുമുള്ള മിഠായികളും. അവിടത്തുകാർ ചറപറയെന്നോണമാണ് അതെല്ലാം കഴിച്ചു നടക്കുന്നത്. സമൃദ്ധിയുടെ ഭൂമികയിലെ മഹാഭാഗ്യവാന്‍മാർ. "എന്റെ ഉപ്പ മക്കത്താ..." എന്ന് പറയുമ്പോള്‍ ആ ചിത്രങ്ങൾ ഓരോന്നോരോന്ന് മനസ്സിൽ തെളിയും. പ്ലാസ്റ്റിക് കയറുകൊണ്ട്‌ വരിഞ്ഞ് മുറുക്കിയ വലിയൊരു കടലാസു പെട്ടി. കൂടെ ഒരു സ്യൂട്ട് കേസ്, പിന്നെ സുന്ദര സുരഭിലമായ പരിമളം.

ഗൾഫ് മണം...

'മക്കത്ത്' നിന്നും വന്ന ശേഷം അല്‍പ്പം ദിവസങ്ങൾ കഴിഞ്ഞാൽ ഉമ്മയെ കരയിപ്പിച്ചുകൊണ്ട് ഉപ്പ വീണ്ടുമാ പെട്ടികൾ നിറക്കും. ഇത്തവണ കടലാസു പെട്ടികളിലല്ല. പകരം, ആ ഒറ്റ സ്യൂട്ട് കെയ്സ് മാത്രം. അതിൽ വസ്ത്രങ്ങൾ, ഭക്ഷണ പൊതികൾ, മസാല പൊടികൾ നിറച്ച കവറുകൾ തുടങ്ങി അനേകം വസ്തുവഹകൾ നിക്ഷേപിക്കും. ഉപ്പാ മക്കത്തേക്കു തന്നെ തിരിച്ച് പോവുകയാണ്. ഈത്തപ്പഴം, ബദാം, പിസ്ത, മിഠായി തുടങ്ങിയവ വാങ്ങി വരാൻ.

വീട്ടിലെ മുതിർന്നവരെ ഗാഢമായി പുണർന്ന്. യാത്ര ചൊല്ലും... അപ്പോൾ, അടക്കി പിടിച്ച കരച്ചിലുകൾ കേൾക്കാം.

വിശാലമായ പാതയിലൂടെ അനേകം ദൂരം യാത്ര ചെയത് വേണം മക്കത്തേക്ക് തുറക്കുന്ന വാതില്‍പ്പടിക്കലെത്തിച്ചേരാൻ. അവിടെയാണ് വിമാനമെന്ന അത്യാത്ഭുദവാഹനം സ്ഥിതിചെയ്യുന്നത്. അതുമായി ചേര്‍ത്ത് കൊണ്ട്‌ വിമാനതാവളമെന്നാണ് ആ കെട്ടിടത്തിന്റെ നാമം. പൂന്തോട്ടം അതിരിടുന്ന വെള്ള വരകള്‍ വരഞ്ഞിട്ട കറുത്ത പാതകളാണ് അവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം. അടുക്കും ചിട്ടയോടേയും നിരന്ന് നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളതിൽ കാണാം. അകലെ 'മക്കത്തിന്റെ' അതിർത്തികളായ വലിയ ഉയരമുള്ള മതിലുകള്‍. ആ മതിലുകളിൽ നിറയെ കമ്പി വേലികളാണ്. ഈത്തപ്പഴം മോഷണക്കാർ മതിലെടുത്ത് ചാടാതിരിക്കാൻ വേണ്ടി ആയിരിക്കാമത്.

വാഹനം നിർത്തിയിട്ട ശേഷം വിമാനത്താവള കെട്ടിടത്തിന്റെ വരാന്ത പോലുള്ള ഭാഗത്തേക്ക് നടക്കുമ്പോൾ ഞങ്ങളെ പോലെയുള്ള അനേകം മനുഷ്യരെ അവിടെ കാണാൻ കഴിയും. പലപല വേഷങ്ങൾ, സംസാര ശൈലികള്‍, വിലപിടിപ്പുള്ള മിഠായികൾ കഴിക്കുന്നവർ അങ്ങനെ അങ്ങനെ. അവിടെ ജനങ്ങൾ കൂട്ടമായി നില്‍ക്കുന്ന നില്‍ക്കുന്ന ഒരിടത്ത്‌ ആ കെട്ടിടത്തിന്റെ ഉള്ളിലേക്ക് തുറക്കുന്ന ഒരു നീണ്ട വഴിത്താരയുണ്ട്. അതിന്റെ അങ്ങേ തലക്കലാണ് 'മക്കത്തേക്ക് തുറക്കുന്ന' ചില്ലു വാതില്‍ സ്ഥിതിചെയ്യുന്നത്. അതിലൂടെ ഉപ്പ തന്റെ പെട്ടി കയറ്റി വെച്ച ഉന്ത് വണ്ടിയുമായി നീങ്ങും. കറുത്ത വര്‍ണ്ണത്തിലുള്ള ഒരു ചെറിയ ബുക്ക് കൈവശമുള്ളവർക്ക് മാത്രമേ അതിലൂടെ പ്രവേശനമുള്ളൂ. ഒടുവിലതാ.. ഉപ്പ മക്കയുടെ ആ കവാടത്തിങ്കൽ വീണ്ടും എത്തി ചേര്‍ന്നിരിക്കുന്നു. അവിടെ കാവല്‍ നില്‍ക്കുന്ന തോക്ക് പിടിച്ച അജാനബാഹുക്കളായ പോലീസുകാരെ കാണാം. അയാൾ ഉപ്പയിൽ നിന്നും ആ ബുക്കൊന്ന് തുറന്ന് വായിച്ച ശേഷം അത് തിരികെ കൊടുക്കും. ഉപ്പ ഒരിക്കല്‍ കൂടി ഞങ്ങൾക്കായി കൈവീശി അകത്തേക്ക് നീങ്ങും...

നീണ്ട കാലങ്ങൾക്ക് ശേഷം ആ കവാടത്തിനപ്പുറം തന്നെയാണോ മക്കം എന്ന 'അന്വേഷണവുമായി' ഞാനവിടേക്ക് നടത്തിയ എന്റെ യാത്രാനുഭവം എനിക്കത്രമേൽ പ്രിയതമാണ്.

മക്കയിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട നീണ്ട തിരക്കുകളിലായിരുന്നു ഞാന്‍. കുടുംബ സന്ദര്‍ശനങ്ങൾ, അവശ്യ സാധനങ്ങളുടെ വാങ്ങൽ, വിജയകരമായി എങ്ങനെ മക്കയിലെ കര്‍മ്മങ്ങൾ പൂര്‍ത്തീകരിക്കാം എന്നതിനെ ചൊല്ലിയുള്ള പ്രഭാഷണങ്ങള്‍ കേൾക്കൽ... അങ്ങനെ കുറെയേറെ പണികള്‍. ഒരു ഏകാന്ത യാത്രയാണ് ഞാനുദ്ദേശിച്ചിരുന്നതെങ്കിലും ഇടയിൽ കുറെ ആളുകൾ എന്നോടൊപ്പം ചേര്‍ന്നു. എങ്കിലും, ഞാന്‍ മാത്രമായിരുന്നു അക്കൂട്ടത്തിലെ ആൺതരി. എന്നെ കൂടാതെ, മാതാവ്, മാതാവിന്റെ മാതാവ്, അവരുടെ ജ്യേഷ്ഠ സഹോദരി. പിന്നെ, എന്റെ അനിയൻ തുടങ്ങിയവരൊക്കെയാണവർ. അങ്ങനെ അനേക ദിവസത്തെ ആ തിരക്കുകളൊക്കെ കഴിഞ്ഞ് യാത്രയുടെ തലേന്നാൾ എന്ന സുന്ദരമോഹന ദിവസത്തിലേക്ക് ഞങ്ങളെത്തി ചേര്‍ന്നു. എന്റെ ക്ഷീണം മുഴുവന്‍ കിടക്കയിലമർത്തി ഞാനന്നുറങ്ങാൻ കിടക്കുമ്പോള്‍ രാത്രി ഏറെ വൈകിയിരുന്നു.

പിറ്റേന്ന്‌, ഒരു രാഷ്ട്രനായകൻ തന്റെ വിദേശ പര്യടനത്തിന് തൊട്ടുമുമ്പ് നിരന്നു നില്‍കുന്ന ഉദ്യോഗസ്ഥരേയും അനുയായികളേയും അഭിവാദ്യം ചെയ്യുന്നപോലെ കുടുംബങ്ങൾക്കും അയല്‍വാസികള്‍ക്കും കൈകൊടുത്ത് ഞങ്ങളിറങ്ങി. തിരികെ വരുമെന്ന് ഉറപ്പില്ലാത്ത യാത്രയാണ്. പണ്ട്‌ അടിയന്തിരം പോലുള്ള മരണാനന്ദര ക്രിയകള്‍ വരെ ചെയതായിരുന്നത്രെ മനുഷ്യരീ യാത്രക്കിറങ്ങി പുറപ്പെട്ടിരുന്നത്. ദിവസങ്ങളോളം നീളുന്ന ജലയാത്രകൾക്ക് ശേഷം ഭാഗ്യമുണ്ടങ്കിൽ മാത്രമവർ മക്കയിലെത്തും... ഉരുവെന്ന ആ ജല വാഹനത്തിന്റെ സാങ്കേതികമായ പരിമിതകളോ, കടലിലെ പ്രക്ഷുബ്ധ സാഹചര്യങ്ങളോ മാത്രമായിരുന്നില്ല അതിന്റെ കാരണം. അന്നത്തെ സ്ഫോടനാത്മകമായ രാഷ്ട്രീയ സാഹചര്യങ്ങളും ഹജ്ജ് യാത്രയുടെ വിജയത്തിന് വിഘാതമായി നിലനിന്നിരുന്നു. എത്രയെത്ര പായ കപ്പലുകളാണ് അറബിക്കടലിന്റെ ആഴങ്ങളിലേക്കവർ തള്ളി മറിച്ചിരിക്കുന്നത്. പീരങ്കി ഗര്‍ജ്ജനങ്ങളേറ്റു വാങ്ങിയ ഹജ്ജ് കപ്പലുകളും ചരിത്രത്തിൽ കാണാം. പുതിയ കണ്ടുപിടിത്തങ്ങളുടെ വരവോടെയാണ് മക്ക യാത്ര കൂടുതൽ അപായ മുക്തമായതെന്ന് വേണമെങ്കിൽ പറയാം. എന്നിരുന്നാലും, ഹജ്ജ് യാത്രയെ സംബന്ധിച്ച് ആ പഴയ കാലത്തിന്റേതായ അപായ സൂചനകളിപ്പോഴും മനുഷ്യ മനസ്സുകളിൽ നിന്നും വിട്ട് മാറിയിട്ടില്ല എന്ന് തോന്നുന്നു.

നാല് മ‌ണിയോടെയാണ് വിമാനത്താവളത്തിലെത്തിയത്. സുമാര്‍ ഒരു മണിക്കൂറിലധിധികം ഞങ്ങളവിടെ ഞങ്ങളുടെ യാത്രസംഘത്തിലെ സഹയാത്രികരെ കാത്തു കെട്ടി കിടന്നു. ഒരുപക്ഷേ, അനേകം, മാമൂലുകളുമായി നടക്കുന്നവരാകാം അവര്‍. വിട്ടു പോയേക്കാവുന്ന അത്തരം കര്‍മ്മങ്ങളെ ചൊല്ലി പിന്നീടൊരു മാനസിക സംഘർഷം വേണ്ട എന്നുകരുതി അവസാന നിമിഷം വരെ അതിനായി ഓടിനടക്കുന്നവർ. അല്ലെങ്കിൽ, കുടുംബങ്ങള്‍ എത്രയോ കൂടുതലുള്ളവരുമാകാം അവർ. എന്നിരുന്നാലും, ഞങ്ങൾ ക്ഷമയോടെ അവര്‍ക്കായി കാത്തിരുന്നു. അതിനിടയില്‍ സ്ത്രീകള്‍ക്കിടയിൽ യാത്ര ഗ്രൂപ്പിന്റെ പേര്‌ ആലേഖനം ചെയ്ത ഒരു ചുവന്ന ശിരോവസ്ത്രവും, ഓരോരുത്തരുടേയും പേര്‌ വിവരങ്ങളടങ്ങിയ കഴുത്തിലും കൈയിലും അണിയുവാനുള്ള ടാഗും വിതരണം ചെയ്യപ്പെട്ടു. പാസ്സ്പോര്‍ട്ട്, ടിക്കറ്റ് തുടങ്ങിയവ എല്ലാവരുമെത്തിയെന്ന് ഉറപ്പാക്കിയ ശേഷമാണ് ഞങ്ങളുടെ കൈയിൽ തന്നത്. ഒടുവില്‍, ഒരൊറ്റ വലിയ കുടുംബമായി ഞങ്ങൾ 83 യാത്രികര്‍ ഗ്രൂപ്പ് മേധാവിയുടെ പ്രതിനിധികളുടെ അകമ്പടിയോടെ വിമാനതാവളത്തിനുള്ളിലേക്ക് വരിവരിയായി നീങ്ങി.

മക്കത്തേക്ക് തുറക്കുന്ന കവാടം...

എന്റെ ചെറുപ്പം മഹാത്ഭുദത്തോട് നോക്കിയിരുന്ന വാതില്‍. ഇപ്പുറം കേരളമാകുന്ന പച്ചപ്പ്... അപ്പുറം തനി മണലിരണ്യം.. ബദാം, പിസ്ത, ഈത്തപ്പഴം, പലതരം മിഠായികൾ തുടങ്ങിയവ പൂക്കുന്ന സുന്ദര ലോകം. ഇന്ന്‌ ഞാനാ കവാടം കടന്നിരിക്കുന്നു.

അതിവിശാലമായ ഒരു വലിയ ഹാളാണത്. അനേകം മനുഷ്യർ അങ്ങോട്ടുമിങ്ങോട്ടും നടന്ന് നീങ്ങുന്ന തിരക്കിന്റേതായൊരു ലോകം. അവര്‍ക്കിടയില്‍ അവിടവിടെയായി ഇരിപ്പിടങ്ങള്‍, ഉന്തുവണ്ടി, ശക്തമായ വെളിച്ചം വീശുന്ന ബൾബുകൾ, ചുമരില്‍ കേരള സാംസ്കാരവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, രൂപങ്ങള്‍, ശില്‍പങ്ങള്‍, മനോഹരമായ പൂക്കുടങ്ങളിൽ വിരിഞ്ഞ് നില്‍കുന്ന പ്ലാസ്റ്റിക് ചെടികളുടെ നിര ആകര്‍ഷകമായ സംഗതിയാണ്. ചിത്രവേലകള്‍ കൊത്തിയ ചില ചുമർഭാഗങ്ങൾ കണ്ടാല്‍ ഏതോ പഴയ ഇല്ലങ്ങളെ അനുസ്മരിപ്പിക്കുന്നു. ഹാളിന്റെ അങ്ങേ തലക്കൽ ഒരു കാലത്തെ യാത്രികരുടെ മഹാസ്വപ്നങ്ങളെ ഓളങ്ങള്‍ക്കപ്പുറത്തേക്ക് നയിച്ചിരുന്ന ഉരുവിന്റെ മാതൃക കാണാം. അതെന്തുകൊണ്ടും സന്ദര്‍ഭോചിതമായൊരു സംഗതിയാണന്നെനിക്ക് തോന്നി.

അവിടെ ആദ്യമായി ഞങ്ങളെ വരവേറ്റത് പാസ്സ്പ്പോര്‍ട്ട്, ടിക്കറ്റ് പരിശോധനകയായ ഒരു പൊലീസ് യുവതിയാണ്. അവർ ഓരോരുത്തരുടേയും പാസ്സ്പോര്‍ട്ട് വളരെ ശ്രദ്ധയോടെ തന്നെ പരിശോധിക്കുന്നുണ്ടായിരുന്നു. അതിനു ശേഷമാണ് ലഗേജ് പരിശോധന. ഒടുവില്‍, കൈപ്പറ്റിയ വിമാന ഇരിപ്പിട നമ്പർ രേഖപ്പെടുത്തിയ ബോര്‍ഡിംഗ് പാസ്സുമായി ഞങ്ങൾ രണ്ടാം നിലയിലേക്ക് നടന്നു. അവിടെയാണ് ഏറ്റവും ഒടുവിലത്തെ നടപടി ക്രമങ്ങള്‍. ചെക്കിന്‍ നടപടികളുമായി ബന്ധപ്പെട്ട എമിഗ്രേഷൻ ഓഫീസറുടെ വിസ/പാസ്സ്പോർട്ട് പരിശോധനയും, ശരീര പരിശോധനയും. അതും കഴിഞ്ഞതിനൊടുക്കം ഞങ്ങൾ അതിവിശാലമായ കാത്തിരിപ്പ് കേന്ദ്രത്തിലേക്കെത്തി ചേര്‍ന്നു. നിറയെ സുവനീര്‍ കടകളും ഇരിപ്പിടങ്ങളും നിറഞ്ഞ വലിയൊരു ലോബിയാണത്. മുന്നിലെ വലിയ ചില്ലിനപ്പുറം അതിവിശാലമായ റൺവേയുടെ പശ്ചാത്തലത്തിൽ നിരന്ന് നിന്ന് വിശ്രമിക്കുന്ന ആകാശ വാഹനങ്ങൾ കാണാം... വിമാനങ്ങള്‍.

ഹാളിനകത്ത് പരന്നൊഴുകുന്ന കാപ്പിയുടെ ഗന്ധം  മൂക്കില്‍ വല്ലാതെ ഇക്കിളി പടര്‍ത്തുന്നുണ്ട്. അത് വലിയ 'ഉന്മേഷമാണ്' ഞങ്ങൾ യാത്രക്കാര്‍ക്ക് നല്‍കി വരുന്നതെന്നെനിക്ക് തോന്നി.

ഉംറ ചെയ്യുന്നതിനു മുന്നോടിയായി 'ഇഹ്റാം കെട്ടാല്‍' എന്നൊരു ലളിതമായ ചടങ്ങുണ്ട്. കര തുന്നാത്ത, അലങ്കാര രഹിതമായ കട്ടിയുള്ള രണ്ട് തൂവെള്ള മുണ്ടുകൾ കൊണ്ട്‌ ശരീരം മറക്കുന്നൊരു പരുപാടിയാണത്. ഒന്ന് ഉടുക്കും. മറ്റൊന്ന് ഇടത് കക്ഷം വഴി നെഞ്ചിലൂടെ വലത് കൈകുഴക്ക് മുകളിലേക്ക് ഞാഞിടും. തലയില്‍ തൊപ്പിയോ ആടയാഭരണങ്ങളോ ധരിക്കാതെ തീര്‍ത്തും ലളിതമായൊരു വസ്ത്ര രീതിയാണത്. അത് ധരിക്കുന്നതോടെ വേട്ടയാടൽ, ശരീര രോമം നീക്കൽ, നഖം മുറിക്കല്‍ തുടങ്ങി ഒരുപാട്‌ പ്രവര്‍ത്തികൾക്ക് കര്‍മ്മശാസ്ത്രപരമായ പരിമിതികളുണ്ട്. ഞങ്ങൾ യാത്രികരെല്ലാം തന്നെ വുളുയെടുത്ത് രണ്ട് റക്അത്ത് സുന്നത്തും നമസ്കരിച്ച് ഇഹ്റാമിൽ പ്രവേശിച്ചു.

ഒടുവില്‍, വിമാനത്തില്‍ കയറുവാനുള്ള അറിയിപ്പ് വന്നതിനെ തുടർന്നെല്ലാവരും റൺവേയിലേക്കിറങ്ങി. അവിടെയൊരു മൂലയിലുണ്ടായിരുന്ന ബസ്സില്‍ അങ്ങകലെ വിശ്രമിക്കുന്ന വിമാനത്തിനടുത്തേക്ക് ഞങ്ങൾ നീങ്ങുമ്പോൾ മനസ്സ് ആവേശ ഭാരത്താൽ തുടിക്കുകയായിരുന്നു.

ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞാൽ...

ഇളകിയാടുന്ന ഇരുമ്പ് കോണിയിലൂടെ ആ വലിയ യന്ത്രപക്ഷിയുടെ വയറിനുള്ളിലേക്ക് കയറിചെല്ലുമ്പോൾ അതിന്റെ വാതില്‍ക്കല്‍ ഇരുകൈകളും കൂപ്പിയുള്ള വിമാനപാരിചാരകരാണ് ഞങ്ങൾക്കാദ്യം അഭിവാദ്യമർപ്പിച്ചത്. അങ്ങനെ... ജീവിത്തിലാദ്യമായി ഞാനൊരു വിമാനത്തിനുള്ളില്‍ കയറി പറ്റിയിരിക്കുന്നു. സിനിമകളിലൂടേയും ചിത്രങ്ങളിലൂടേയും മാത്രം കണ്ടു പരിചയിച്ച ഒരു മഹാവാഹനം... ചെറുപ്പം മുതലേ മറ്റു പലരെയും പോലെ വിമാനം എനിക്കൊരു അത്ഭുതമായിരുന്നു. കഴിയുന്നിടത്തോളം അതിനെ സംബന്ധിക്കുന്ന വാർത്തകൾ, ചിത്രങ്ങൾ, സിനിമകള്‍ എല്ലാം ഞാൻ അന്വേഷിച്ച് കണ്ടത്തുമായിരുന്നു. സിനിമകളിൽ വിമാനവുമായി ബന്ധപ്പെട്ട സീനുകൾ വീണ്ടും വീണ്ടും കണ്ടാലും തൃപ്തി വരാത്ത ഒരു കാലമെന്നെ കടന്ന് പോയിരിക്കുന്നു. ഇന്നിതാ അതിന്റെയൊക്കെ ഒടുക്കം, ഞാനാ വാഹനത്തിൽ എത്തിപെട്ടിരിക്കുന്നു. തുടർന്നുള്ള എതാനും മണിക്കൂറുകൾ ഞാനിതിനകത്തുതന്നെ ആയിരിക്കുമെന്ന് വിശ്വസിക്കാനെനിക്ക് പ്രയാസമുള്ളത് പോലെ തോന്നി.

ഉംറ യാത്രക്കാരുടെ ആധിക്യം കൊണ്ടുതന്നെയാകാം, വിമാനത്തിനുള്ളില്‍ സീറ്റ് വ്യവസ്ഥ കര്‍ശനമായിരുന്നില്ല. ആർക്കും എവിടെ പോയി വേണമെങ്കിലും ഇരിക്കാം. അതുകൊണ്ട്‌ തന്നെ വിമാനത്തിന്റെ ചെറിയ ജാലകത്തിന്നരികിലാണ് ഞാനിരിപ്പിടം കണ്ടെത്തിയത്‌. അതുവഴി വിശാലമായ റൺവേയിൽ വിമാനവുമായി ബന്ധപ്പെട്ട അനേകം ജോലികളിൽ മുഴുകിയിരിക്കുന്നവരെ നിരീക്ഷിച്ചിരിക്കാൻ ബഹുരസമാണ്. വിമാനത്തിലേക്ക് ഇന്ധനം നിറക്കുന്നവര്‍, കുറെ പേപ്പറുകള്‍ അടുക്കി വെച്ച ചട്ടയും ഒക്കത്ത് വെച്ച് കാര്യസ്ഥൻമാരെപ്പോലെ തലങ്ങും വിലങ്ങും പായുന്നവർ, പിന്നെ, മറ്റെന്തൊക്കെയോ പണികള്‍ ചെയ്യുന്നവർ. വിമാനത്തിന്റെ താഴെ ഭാഗത്തെ വിള്ളലിനകത്തേക്ക് ചലിച്ച് കൊണ്ടിരിക്കുന്നൊരു യന്ത്രത്തിലൂടെ സാധന-സാമഗ്രികള്‍ കയറി പോകുന്ന കാഴ്ച ആകര്‍ഷകമായിരുന്നു. അതിൽ ഞങ്ങളുടെ പെട്ടികൾ കാണുന്നുണ്ടോ എന്നായിരുന്നു ഞാനും അനിയനും നിരീക്ഷിച്ച് കൊണ്ടിരുന്നത്.

ഒടുവില്‍, വിമാനത്തിനുളളിൽ സീറ്റ് ബെല്‍റ്റുമായി ബന്ധപ്പെട്ട അറിയിപ്പുവന്നു. എല്ലാവരും അത് ധരിച്ച് യാത്രക്ക് തയ്യാറായി 'പിടിച്ചിരുന്നു'. വിമാനം പതുക്കെ റൺവേയിലൂടെ അതിന്റെ ഒരറ്റത്തേക്ക് നീങ്ങുമ്പോള്‍ മനസ്സിൽ മുഴുവന്‍ പറഞ്ഞുകേട്ട ടൈക് ഓഫ് സമയത്തെ ഭീതിയേറിയ ചിത്രങ്ങളായിരുന്നു. വിമാനം അവിടെയൊന്ന് വട്ടം കറങ്ങി. പിന്നെ, ഒന്ന് നിന്നു. എല്ലാം ശാന്തം. പിന്നെ, വളരെ പതുക്കെ... പതുക്കെ... വേഗത കൂടി കൂടി വന്ന് വളരെ വേഗത്തിലത് നീങ്ങി... പറക്കാനുള്ള ശക്തി സമ്പാദനത്തിനുള്ള കുതിപ്പിന് ശേഷം ഭയങ്കരമായ അലര്‍ച്ചയോടെ ആകാശ നീലിമയിലേക്കത് ഞങ്ങളുമായി ലയിച്ചുചേർന്നു. താഴെ, എയർപ്പോര്‍ട്ട് കണ്ടു. ഒരു കളി വീടുപോലെ. പിന്നെ, പച്ചക്കാട്. അതിൽ വെള്ളിയരഞ്ഞാണം പോൽ നീണ്ടുനിവര്‍ന്ന് പോകുന്നൊരു പുഴ. ചാലിയാറോ കടലുണ്ടിയോ ആയിരിക്കാം. പിന്നെ, മുടിനാരുപോലെത്തെ റോഡുകൾ, അതിനിരുവശത്തും തീപ്പെട്ടികൂടുപോലുള്ള ചെറിയ വീടുകൾ... ആ കാഴ്ചകളൊക്കെ നീല വർണ്ണത്തിലുള്ള മൊട്ടപറമ്പുപോലത്തെ ആകാശത്തിനു മുന്നില്‍ അലിഞ്ഞലിഞ്ഞ് തീരെ ഇല്ലാതായികൊണ്ടിരിക്കുന്നു. ഇപ്പൊൾ കാഴ്ച്ച പഞ്ഞികെട്ടുപോലെ ഒഴുകി നടക്കുന്ന മേഘങ്ങളുടേത് മാത്രമാണ്.

വിമാനത്തിനുള്ളില്‍ എല്ലാവരും പരമ നിശബ്ദരാണ്. ചിലര്‍ എന്തോ ആലോചിച്ചിരിക്കുന്നു. ചിലരുടെ ചുണ്ടുകള്‍ സ്ഥിരം ധ്യാനത്തിലാണ്. അവരുടെ കൈയിൽ തസ്ബീഹ് ചലിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. ചിലര്‍ വിമാനത്തിന്റെ കിളിവാതിലിലേക്ക്  മുഖം പൂഴ്ത്തി പുറത്തെ കാഴ്ച്ചകളിൽ അഭിരമിക്കുന്നു. അതിനിടയില്‍ എന്തൊക്കെയോ അറിയിപ്പുകൾ സമയാസമയങ്ങളില്‍ മുഴങ്ങുന്നുണ്ടൈങ്കിലും ആർക്കെങ്കിലുമത് മനസ്സിലാകുന്നുണ്ടന്ന് തോന്നുന്നില്ല. വിമാനത്തിനുള്ളിലെ മേല്‍ക്കൂരയുടെ അര്‍ധഗോളരൂപം അതിന്റെ ആകൃതി എടുത്ത് കാണിക്കുന്നു. ഇടക്ക് വലിയതരം പഞ്ഞി കെട്ടുകളെ വകഞ്ഞു മാറ്റി വിമാനം മുന്നോട്ട് കുതിക്കുമ്പോള്‍ ഞങ്ങൾ തെന്നിയാടുന്നത് പോലെ തോന്നും. അൽപ്പം ഭീതിപ്പെടുത്തുന്നൊരനുഭവമാണത്. അപ്പോൾ ഊഞ്ഞാലിലെന്നപോലെ വിമാനം ഞങ്ങളുമായി താഴേക്ക് നീങ്ങും. പിന്നെ, മുകളിലോട്ടൊരു കുതിപ്പാണ്. ചിലപ്പോൾ ഇടത്തോട്ടും അല്ലെങ്കിൽ വലത്തോട്ടും... അപ്പോഴേക്കും, സീറ്റ് ബെല്‍റ്റ് ധരിക്കുവാനുള്ള അറിയിപ്പ് വരികയായി. എന്നാൽ, മനസ്സിനെ ഭയവിഹ്വലമാക്കുന്നത് മറ്റൊരു കാര്യമായിരുന്നു. ഇങ്ങനെയൊക്കെ സംഭവിക്കുമ്പോൾ വിമാനത്തിന്റെ ഏതെങ്കിലുമൊരു മൂലയില്‍ നിന്നുയരുന്ന പ്രാർത്ഥന ഗീതങ്ങൾ എന്തുകൊണ്ടോ എനിക്ക് വല്ലാത്ത പേടി സമ്മാനിച്ചിരുന്നതായി ഞാനോര്‍ക്കുന്നു. ഞങ്ങളെ സര്‍വ്വാപത്തുകളിൽ നിന്നും രക്ഷിക്കണമേ എന്ന അപേക്ഷയാണതെങ്കിലും... അതുയരുന്നതോടെ കാര്യങ്ങളേകദേശം തീരുമാനമായിരിക്കുന്നു ഇനി ദൈവം മാത്രമാണ്‌ രക്ഷ എന്നുള്ളൊരു ആകസ്മികതയതിൽ ഒളിഞ്ഞിരിക്കുന്നു എന്ന് തോന്നിപ്പോകുന്നു.

ഇങ്ങേ കരയില്‍ കുറെ സ്വപ്നങ്ങളുമായി ഏതാനും മനുഷ്യര്‍. നാളെ ദൈവത്തിങ്കൽ അര്‍പ്പിക്കേണ്ട കര്‍മ്മങ്ങളെക്കുറിച്ചും പ്രാര്‍ത്ഥനകളെക്കുറിച്ചുമൊക്കെ ചിന്തിക്കുന്നവർ. അങ്ങേകരയില്‍ വിശാലമായ ആകാശം, പഞ്ഞി കെട്ടുകള്‍... പിന്നെ ഇടക്കിടെ പുതു മണവാട്ടിയെപ്പോലെ എത്തിനോക്കി പോകുന്ന പൂര്‍ണ്ണചന്ദ്രൻ. ഒരു പക്ഷേ, ഇവിടെ എവിടെയെങ്കിലുമാകാം ദൈവത്തിന്റെ പരിശുദ്ധമാക്കപ്പെട്ട ഇരിപ്പിടം. പ്രപഞ്ചമായ പ്രപഞ്ചം മുഴുവന്‍ പരന്നൊഴുകുന്ന ആ ദിവ്യപ്രകാശത്തിന്റെ ഒരു പൊട്ടെങ്കിലുമവിടെ കാണാന്‍ കഴിയുമോ. അറിയില്ല. ഞാനിമവെട്ടാതെ പുറത്തേക്ക്‌ തന്നെ നോക്കിയിരുന്നു. യഥാർത്ഥത്തിൽ, ജീവിതത്തിന്റെയും മരണത്തിന്റേയുമിടയിലെ ഒരു നേര്‍ത്ത ഇരുമ്പ് പ്രതലം മാത്രമാണ് ഈ വിമാന ഭിത്തി. ഒരു ഭാഗത്ത് ജീവൻ തുടിക്കുന്ന കുറെ മനുഷ്യര്‍. മറ്റൊരു വശത്ത് അന്ധകാരത്തിൽ ലയിച്ച് ചേര്‍ന്ന നിഗൂഢവും അഗാതവുമായ വിശാലത. എങ്കിലും, ഈ ആകാശ ഭാഗങ്ങൾ തീര്‍ത്തും വിജനമാണെന്നാരും തെറ്റുധരിച്ച് പോകരുത്. തലങ്ങും വിലങ്ങും പായുന്ന അനേകം ആകാശ വാഹനങ്ങളുടെ നീണ്ടനിരതന്നെയുണ്ടിവിടെ. 'എയർ ട്രാഫിക് കൺട്രോൾ' എന്ന ആ പരുപാടി വലിയ കൗതുകമുള്ള കാര്യമാണ്. ഓരോ വിമാനതാവളത്തിലേയും കൺട്രോൾ ടെക്കുകളില്‍ ഇരുന്ന് കുറെ മനുഷ്യര്‍ ഇക്കണ്ട വിമാനങ്ങളെ മുഴുവന്‍ നിയന്ത്രിക്കുന്നു. അവര്‍കൊക്കെ കൃത്രിമമായ പാത നിശ്ചയിച്ച് കൊടുക്കുന്നു, കര്‍ശനമായ സമയം നല്‍കുന്നു. അതിനാൽ, തമ്മിലൊന്ന് ഉരസുകയോ കാണുകയോ ചെയ്യാതെ ഈ ആകാശം നീലിമയില്‍ അവകളങ്ങനെ സുഗമമായി നീന്തികൊണ്ടിരിക്കുന്നു. ഭൂമിയില്‍ നിന്നും മുകളിലേക്ക് നോക്കുമ്പോൾ വിശാലമായ ഈ ആകാശത്ത് ഏതാനും പക്ഷികളും, എപ്പോഴെങ്കിലും കാണുന്ന കളിപ്പാട്ടംപോലുള്ള ചെറുവിമാനവും മാത്രമാണങ്കിലും, സസൂക്ഷ്മം നിരീക്ഷിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യുന്ന വലിയൊരു ട്രാഫിക്‌ ശൃംഖലയിലെ പാതകളാണെതൊക്കെ എന്ന കാര്യം കുറച്ചൊന്നുമല്ല എന്നെ അത്ഭുദപ്പെടുത്തുന്നത്.

നിരന്തര യാത്രകളുടേയും കഴിഞ്ഞുപോയ മുൾമുനയിലെ നിമിഷങ്ങളുടേയുമൊക്കെ കാരണം കൊണ്ടാകാം വയര്‍ വല്ലാതെ വിശക്കുന്നതായി തോന്നി തുടങ്ങിയിരുന്നു. എങ്കിലും, കൂടുതൽ കാത്തിരിക്കേണ്ടി വന്നില്ല. അല്‍പം കഴിഞ്ഞപ്പോഴേക്കും ഭക്ഷണമെത്തി. ചക്രങ്ങളുള്ള ഒരു വലിയ ഇരുമ്പുപ്പെട്ടിയിൽ കൊണ്ടുവന്ന ഭക്ഷണ പൊതികൾ ഞങ്ങളോരോരുത്തർക്കുമവർ വിതരണം ചെയ്തു. വിമാനത്തിന്റെ അന്താരാഷ്ട്ര രീതികളെ പരിഗണിച്ചാൽ സംഗതി വല്ല ചൈനീസോ, സാന്‍ഡവിച്ച് മാതിരിയുള്ള പടിഞ്ഞാറന്‍ ഭക്ഷണമോ, ഉത്തരേന്ത്യൻ ഭക്ഷണവൈവിധ്യമോ ആകാമെന്നാണ്‌ ഞങ്ങളാദ്യം കരുതിയത്. എന്നാൽ, പൊതി തുറന്നപ്പോള്‍ അതിൽ നല്ല ചൂടുള്ള നാടൻ ബിരിയാണി ആയിരുന്നു. കൂട്ടിന് നല്ല മധുരമുള്ള പായസവും പച്ചക്കറി സാലഡും. ഭക്ഷണം സുഭിക്ഷമായിരുന്നെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഞാനും പാപ്പനും നല്ല വിശാലമായി തന്നെ കഴിച്ചു. വിശപ്പ് മാറിയതിന്റെ സന്തോഷത്തില്‍ വിമാന ജോലിക്കാർക്ക് നല്ലൊരു നന്ദിയും അറിയിച്ച് അല്‍പം 'ഇരുന്നുറങ്ങാൻ' ഞാൻ തീരുമാനിച്ചു. എന്റെ നേരെ മുന്‍ സീറ്റിന്റെ പിറകു വശത്തെ ടിവി സ്ക്രീനില്‍ വിമാന പാതയുടെ എല്ലാ വിവരങ്ങളുമുണ്ട്. കോഴിക്കോട്ട് നിന്നും ജിദ്ദ ലക്ഷ്യമാക്കി നീങ്ങുന്ന വിമാനമിപ്പൊൾ ഏകദേശം പകുതി ദൂരം താണ്ടി കഴിഞ്ഞിരിക്കുന്നു. 4052 കിലോമീറ്റര്‍. ഇനി 2000 കിലോമീറ്റര്‍ കൂടി ഞങ്ങൾക്ക് മുന്നില്‍ ബാക്കിയുണ്ട്.

വിമാനത്തിന്റെ ചെറിയ ചില്ലു ജാലകം വഴി താഴേക്ക് നോക്കിയാല്‍ വിശാലമായ അറബിക്കടലാണ് കാഴ്ച്ച. പണ്ട്‌ പത്തേമാരികളിൽ അറബികളും യവനരും പിന്നെ ചീനരുമൊക്കെ കടന്ന് പോയ വഴിത്താര. അന്ന് കടലില്‍ അടിക്കുന്ന കാറ്റിന് പോലുമറിയാമിയിരുന്നു ഇന്ത്യ ഉപഭൂഖണ്ഡത്തിലെ ദക്ഷിണഭാഗത്തെ പടിഞ്ഞാറേ കരയില്‍ മലബാറെന്നൊരു ദേശമുണ്ടന്ന്. അവിടെ സ്നേഹം മാത്രം വില്‍പനക്ക് വെച്ച കുറെ മനുഷ്യരുണ്ടന്ന്... അന്നവർ വന്നും പോയിമിരുന്ന കടൽപാതക്ക് തൊട്ടുമുകളിലൂടെ ആയിരിക്കാം ഒരുപക്ഷേ ഞങ്ങളീ നീങ്ങി കൊണ്ടിരിക്കുന്നത്. ഇനി ഒമാന്‍ ഭൂമികയുടെ മുകളിലൂടെ പറന്ന് ഞങ്ങളുടെ ലക്ഷ്യസ്ഥാനമായ സൗദി അറേബ്യയുടെ മണ്ണിലിറങ്ങണം.

അല്‍പം ഉറങ്ങി എണീറ്റെപ്പോഴേക്കും വിമാനം ഒമാന്റെ ഹജര്‍ പർവ്വതനിരകളുടെ മുകളിലൂടെ പറക്കുകയായിരുന്നു. ചില്ലു ജാലകത്തിലൂടെ നോക്കിയാല്‍ താഴെ മലക്കുമുകളിലെ ചുളിവുകളും പരപ്പുകളും ഇടയിൽ മണൽപരപ്പും കാണാം. ചളിപിടിച്ച് വികൃതമായൊരു സിറാമിക് ടൈല്‍സ് പോലെയാണത് കണ്ടാല്‍ തോന്നുക. ഒരു നിരപ്പായ പറമ്പ്. എന്നാൽ, അനേകം നാഴിക ഉയരമുള്ള മഹാപര്‍വ്വതങ്ങളാണതൊക്കെ എന്നുള്ളതാണ് സത്യം. അതിന്റെ താഴ്‌വാരത്ത് ചിലയിടങ്ങളില്‍ ചെറിയ നദികളൊഴുകുന്ന വാദികളും, അതിനുചുറ്റും രൂപപ്പെട്ട ജനജീവിതങ്ങളുടെ അടയാളമൊക്കെ കൗതുകം തോന്നുന്ന കാഴ്ചയാണ്. ഒരു നദിക്ക് ചുറ്റും എപ്രകാരമാണ് ജനപഥങ്ങൾ രൂപപ്പെടുക എന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണതൊക്കെ. അവിടേയും മനുഷ്യര്‍ ജീവിക്കുന്നു. അവരുടെ വ്യായത്തിനുള്ള വക തേടുന്നു.

ഒടുവില്‍, ജിദ്ദ പട്ടണത്തിന്റെ ഉറങ്ങാത്ത കാഴ്ചകള്‍ കൺ മുന്നിലേക്ക് വരുമ്പോൾ രാത്രി ഏറെ വൈകിയിരുന്നു. സുവര്‍ണ്ണ അരഞ്ഞാണം പോലെ നീണ്ടു നിവര്‍ന്ന് കണ്ണത്താദൂരത്തോളമുള്ള പാത. അതിന്റെ ഇരുവശത്തും ഒരു സമാന്തര രേഖപോലെ നിയോൺ ബൾബുകൾ പ്രകാശിക്കുന്നു. നടുവില്‍ മിന്നാമിനുങ്ങുകളെപ്പോലെ കുതിച്ച് പായുന്ന വാഹനങ്ങളുടെ മഞ്ഞയും ചുവപ്പും നിറത്തിലുള്ള വെട്ടം. വിമാനം താഴ്ന്ന് പറന്ന് പറന്ന് പതുക്കെ പതുക്കെ താഴേക്ക് നീങ്ങി നിലം തപ്പിപിടിച്ചെന്നോണം ഒരൊറ്റ പതിക്കല്‍. അറിവായറ്റിൽ ഒരു മേളം അനുഭവപ്പെട്ടു. പിന്നെ റൺവേയിലൂടെ കുലുങ്ങി നീങ്ങി കുറേ ദൂരം സഞ്ചരിച്ച് അതിന്റെ ഒരരികില്‍ സാവധാനം നിന്നു. ഒരു വിമാനത്തെ സംബന്ധിച്ചെടുത്തോളം രണ്ട് പ്രധാന അപകട സാധ്യതകളാണ് അതിന് മുന്നിലുള്ളത്. ഒന്ന്, പറക്കാന്‍ ഉയരുമ്പോഴും മറ്റൊന്ന്, പറന്നിറങ്ങുമ്പോഴും. ആ ഘട്ടങ്ങള്‍ വളരെ വിജയകരമായി പൂര്‍ത്തീകരിച്ച സന്തോഷത്തിലാണന്ന് തോന്നുന്നു എല്ലാവരും നിറമനസ്സോടെ കൈ അടിക്കുന്നത് കേട്ടു. ഞാനും അവരോടൊപ്പം ചേര്‍ന്നു. തുടർന്ന്, അതുവരെ അക്ഷമരായി ഇരുന്നിരുന്ന യാത്രക്കാരെല്ലാവരും വേഗത്തിൽ പെട്ടികൾ എടുക്കുന്ന തിരക്കിലേര്‍പ്പെടാൻ തുടങ്ങി. എല്ലാവരും വരിയായി പുറത്തേക്ക്‌ നീങ്ങുമ്പോൾ തങ്ങളുടെ സേവനത്തിന്റെ ഒടുവിലത്തെ ഘട്ടം കണക്കെ വിമാന ജോലിക്കാർ വീണ്ടും ഇരു കയ്യും കൂപ്പി ഞങ്ങളോട് നന്ദി അറിയിക്കുന്നുണ്ടായിരുന്നു.

നീണ്ട യാത്രക്കൊടുവിൽ ജിദ്ദ അന്താരാഷ്ട്ര വിമാനതാവളത്തില്‍ എത്തിച്ചേർന്നിരിക്കുകയാണ് ഞങ്ങൾ. ഇന്നലെ രാത്രി കരിപ്പൂരിൽ നിന്നും പുറപ്പെട്ട് ഇവിടെ എത്തിച്ചേർന്നപ്പോഴേക്കും യാത്ര സമയമായ 4 മണിക്കൂർ കൂടാതെ അധികമായി 2.30 മണിക്കൂറും ഞങ്ങളെ കടന്ന് പോയിരിക്കുന്നു. ഗ്രീനിച്ച് രേഖയുടെ കണക്കില്‍ പെടുന്ന ആ 2.30 മണിക്കൂര്‍ ഇനി ഇവിടുന്ന് മടങ്ങുന്ന വേളയില്‍ മാത്രമാണ്‌ തിരികെ ലഭിക്കുക.

വിമാനത്താവളം രാത്രിയുടെ ചെറിയ കുളിരിലും നിലാവിലും കുളിച്ച് കിടക്കുകയാണ്. ശക്തമായ പ്രകാശ സംവിധാനത്തിൽ കെട്ടി ഉയർത്തിയ വിമാനത്താവള എടുപ്പുകൾ മനോഹരമായ കാഴ്ച്ച തന്നെയാണ്. പ്രവാചക പരമ്പരയെ കണ്ട നാടാണിത്. പ്രവാചകൻ ഇബ്രാഹീമിനേയും മുഹമ്മദിനേയും തുടങ്ങി ഒട്ടനവധി മഹത്തുക്കള്‍ ആ സരണിയിലുണ്ട്. അവര്‍ക്ക് വലിയ തണലായി പടർന്നു പന്തലിച്ചു നിന്ന ആകാശകീറ്. അതിനു താഴെ, അവരെ തഴുകിയും അനുഭവിച്ചും കടന്നുപോയ ചെറിയ കുളിരുള്ള അന്തരീക്ഷം. പിന്നെ, അവർ നടന്ന് നീങ്ങിയ മണല്‍ പരന്ന ഭൂമികയുടെ ഒരു പൊട്ട്. ഇന്നിതാ ഞാനും അവിടേക്കെന്റെ കാൽ എടുത്തുവച്ചിരിക്കുന്നു. ഇനി കുറച്ചു ദിവസങ്ങൾ ഇവിടെയാണ്‌ ഞങ്ങൾ. ഉറക്കചടവോടെ വിമാനത്താവള കെട്ടിടത്തിലേക്ക് ഞങ്ങൾ ഒരു കൂട്ടമായി നീങ്ങി. എസിയുടെ ശക്തമായ സാന്നിധ്യംകൊണ്ട്‌ നല്ല തണുപ്പും സുഗന്ധവുമാണ് വിമാനത്താവള കെട്ടിടത്തിനകത്ത്. എന്നാൽ, ഞങ്ങളിലെ പലരും വളരെ അസഹ്യമായാണത് അനുഭവിച്ചത് എന്ന് പിന്നീട് ഞാന്‍ കേട്ടു.

എങ്ങും പ്രൗഢവും മനോഹരമായ കാഴ്ചകള്‍ മാത്രം. ലോകോത്തര സംവിധാനങ്ങൾ. വിശാലമായ കാത്തിരുപ്പ് കേന്ദ്രങ്ങൾ. പിന്നെ, അവരവരുടെ ജോലികളിൽ മുഴുകിയിരിക്കുന്ന ജീവനക്കാർ. നിലവില്‍ സൗദി ഭരിക്കുന്ന രാജാവിന്റെ പിതാവും സൗദി അറേബ്യയുടെ സ്ഥാപകനേതാവുമായ വ്യക്തിയുടെ നാമധേയത്തിലാണ് ഈ വിമാനത്താവളം അറിയപ്പെടുന്നത്. കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം എന്ന പേരിലുള്ള ഇത് സൗദിയിലെ ഏറ്റവും വലിയ മൂന്നാമത്തെ വിമാനത്താവളമാണ്. വര്‍ഷംതോറും ഇവിടേക്കെത്തിച്ചേരുന്ന ഹറം തീര്‍ത്ഥാടകർക്കായി വിപുലമായ സംവിധാനങ്ങളാണിവിടെ ഒരുക്കിവച്ചിരിക്കുന്നത്. അവര്‍ക്കായി ലോകത്തെ ഏറ്റവും വലിയ തീര്‍ത്ഥാടന ടെര്‍മിനല്‍ തന്നെ ഇവിടെ പ്രത്യേകമായി നിര്‍മ്മിച്ചിരിക്കുന്നു. ഒരേ സമയം ഏകദേശം 80000ത്തോളം യാത്രക്കാരെ ഉള്‍കൊള്ളാന്‍ ശേഷിയുള്ള അതിവിപുലമാണത്.

യാത്രരേഖകളുടെ പരിശോധനയിടത്തേക്ക് നീങ്ങുമ്പോള്‍ 'യാ ശൈഖ് തആൽ' എന്ന് ഉച്ചത്തില്‍ കഠിനമായി ആവശ്യപ്പെടുന്ന അറബ് യുവത്വത്തെ കാണാം. മഹാന്മാരെ കടന്ന് വരൂ എന്നാണ്‌ ആ വാക്കുകൾ കൊണ്ട്‌ അര്‍ത്ഥമാക്കുന്നതെങ്കിലും അവർ അക്ഷമരായാണ് അങ്ങനെ വിളിക്കുന്നത് എന്നുള്ളതാണ് സത്യം. ഇനി ഞങ്ങളുടെ സമസ്ത കാര്യങ്ങളും അവരുടെ ഭരണത്തിലാണല്ലോ. അറബികളുടെ സര്‍വ്വാധിപത്യം... വിമാനം കയറുമ്പോള്‍ ഞങ്ങൾക്ക് പരസ്പരം പറയാന്‍ കഴിയുമായിരുന്ന പലതിലും ഇനി അഭിപ്രായം പ്രകടിപ്പിക്കാന്‍ കഴിയില്ല. അഥവാ, ചിന്തിക്കുന്ന തലച്ചോറും ചൂണ്ടപ്പെടുന്ന വിരലുകളും മുറിച്ചുമാറ്റപ്പെട്ട രീതിയിലാണ് ഞങ്ങളവിടെ ഇറങ്ങിയിരിക്കുന്നത്. സധൈര്യം ചെയ്യാൻ കഴിയുമായിരുന്ന പലതും ഇനി നിശബ്ദമായി കണ്ടിരിക്കാം. മനുഷ്യൻ തികച്ചും ഷണ്ഡീകരിക്കപ്പെട്ട ഒരവസ്ഥ. ഇവിടെ രാജഭരണമാണ്... രാജശാസനയിലമർന്ന വ്യവസ്ഥിതി.

എന്റെ വാച്ചിലെ സമയം അപ്പോഴും ഇന്ത്യൻ സമയമായിരുന്നു. അതിനാല്‍, രണ്ടര മണിക്കൂര്‍ മുന്നിലേക്ക് സമയം മാറ്റിവെച്ചു. അതോടെ ഞാൻ പെട്ടന്ന് അര്‍ദ്ധരാത്രിയുടെ കൂരിരുട്ടിൽ എത്തിപ്പെട്ടു. ഇപ്പോൾ സമയം രാത്രി പന്ത്രണ്ട് മണി ആയിരിക്കുന്നു.

വിമാനത്താവളത്തിലെ യാത്രരേഖ പരിശോധനക്കായി പതിയെ നീങ്ങുന്ന ക്യൂവിൽ ഞങ്ങൾ കാത്തിരുന്നു. രാത്രിയുടെ ആലസ്യത്തിലമർന്ന ജീവനക്കാർ വളരെ മന്ദഗതിയിലാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു വരുന്നത്. കഴിഞ്ഞവർ കഴിഞ്ഞവർ ഹാളിന്റെ അങ്ങേ തലക്കലേക്ക് പോയി അവിടെ മറ്റുള്ളവരെ കാത്തിരിക്കുന്നത് കാണാം. ഈ സമയത്തെന്റെ മനസ്സിലേക്ക് കടന്നു വന്നത് ചരിത്രത്തിൽ നമ്മെ കടന്ന് പോയ ചില കുപ്രസിദ്ധ മുഹൂർത്തങ്ങളാണ്‌. രക്തരൂക്ഷിതമായിരുന്ന രണ്ടാം ലോകമഹായുദ്ധ കാലം ഹിറ്റ്‌ലറുടെ കോൺസൻട്രേഷൻ ക്യാമ്പിലേക്ക് പോകാൻ വിധിക്കപ്പെട്ട ഹതഭാഗ്യരുടെ കാളരാത്രികളെ അനുസ്മരിപ്പിക്കുന്ന ചിത്രങ്ങളായിരുന്നു അത്. കുട്ടികളും സ്ത്രീകളും വൃദ്ധന്മാരുമടങ്ങിയ ആ ജനകൂട്ടത്തെ അന്ന് ഇതുപോലെ വരിയായി നിർത്തി ഏതൊക്കെയോ വെത്ത്യസ്ഥ നാടുകളിൽ സ്ഥിതിചെയ്തിരുന്ന കോൺസൻട്രേഷൻ ക്യാമ്പുകളിലേക്ക് നയിച്ചിരുന്നു. രാത്രിയുടെ നിഗൂഢതയിൽ ചിന്നിചിതറിയ ആ പാവം മനുഷ്യരെ അവിടെ കാത്തിരുന്നിരുന്നത് നരകയാതനകളായിരുന്നെന്ന് ചരിത്രത്തിൽ വായിച്ചെടുക്കാൻ കഴിയും.

ഒടുവില്‍, എല്ലാം അവസാനിച്ചപ്പോഴേക്ക് രാത്രി ഏറെ വൈകിയിരുന്നു. അവിടെ നിന്നും ലഗേജെടുക്കാൻ കൺവെയർ ബെല്‍ട്ടിനരികിൽ ചെന്നു. അവിടുത്തെ കാഴ്ച കുറച്ചധികം കോൺസൻട്രേഷൻ ഭാവമുള്ളതാണന്നെനിക്ക് തോന്നി. യാത്രയുടെയും ഉറക്ക ചടവിന്റെയും ക്ഷീണത്താൽ തളര്‍ന്ന യാത്രക്കാരെ ഒരു ദാക്ഷിണ്യവുമില്ലാതെ 'സൂറ... സൂറ' എന്ന ആക്രോശമാണ് അവിടെ വരവേൽക്കുന്നത്. 'വേഗം... വേഗം' എന്നാണാവാക്കുകൊണ്ടവർ അര്‍ത്ഥമാക്കുന്നത്. അറബി പോലീസുകാരുടെ ആ നടപടികള്‍ക്കിടയിൽ അന്ധാളിച്ചെന്നോണം തങ്ങളുടെ ബാഗുകൾക്കായി നെട്ടോട്ടമോടുന്ന സ്ത്രീകളുൾപ്പെടെയുളളവരുടെ ദയനീയമായ രംഗം എന്നെ വല്ലാതെ വേദനിപ്പിച്ചു. കൂട്ടത്തിലെ പുരുഷന്മാരാണ് അതിനവരെ കുറേയേറെ സഹായിച്ചത്. അപ്പോഴും "സൂറ... സൂറ" എന്ന വാക്കവിടെ ഉയർന്ന് കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.

ഒടുക്കം, ലഗേജെല്ലാം വിമാനത്താവളത്തിന് പുറത്തുണ്ടായിരുന്ന ബസ്സിനുള്ളില്‍ കുത്തി നിറച്ച് വിശാലമായ ഹൈവേയിലൂടെ മക്കയിലേക്ക് നീങ്ങുമ്പോള്‍ എല്ലാവരും നന്നേ പരിക്ഷീണത്തിലായിരുന്നു. നേരെത്തെ ഉണ്ടായ അനുഭവങ്ങൾ എല്ലാവരെയും വല്ലാതെ തളര്‍ത്തിയിരുന്നതായെനിക്ക് തോന്നി. ബസ്സില്‍ കയറിയതോടെ പലരും നല്ല ഉറക്കമായി. ഞാൻ ഉറങ്ങിയും ഉണര്‍ന്നും യാത്രയെ അസ്വസ്ഥമായി അനുഭവിച്ചു. രാത്രിയുടെ ഇരുട്ടില്‍ റോഡിലെ പല ഭാഗങ്ങളും കാണാന്‍ കഴിഞ്ഞിരുന്നില്ല. ഒരുപക്ഷേ, വിശാലമായ മരുഭൂമികളായിരിക്കാമത്. ഇടക്കിടെ വരുന്ന നിയോൺ ബൾബിന്റെ പ്രകാശം വീഥികളെ സ്വര്‍ണ്ണം പോലെ തിളക്കമുള്ളതാക്കുന്നു. ഏകദേശം 2 മണിക്കൂറിനു ശേഷമാണ് ഞങ്ങൾ മക്ക പട്ടണത്തിലേക്ക് ചെന്നിറങ്ങുന്നത്. ആധുനിക സൗദി അറേബ്യയിലെ മക്ക പ്രവിശ്യയുടെ തലസ്ഥാന നഗരം കൂടിയാണ് മക്ക നഗരം. ചെങ്കടൽ തീരത്തുള്ള തുറമുഖ നഗരമായ ജിദ്ദയിൽ നിന്ന് 73 കിലോമീറ്റർ ഉള്ളിലോട്ടുമാറി തീര പ്രദേശത്തിന്റെതായ തിരക്കുകളോ ഭീഷണികളോ ഇല്ലാതെ ചുറ്റുപാടും ഉയർന്ന് നില്‍ക്കുന്ന ഗിരിനിരകളുടെ സുരക്ഷക്കുള്ളിലാണീ നഗരം സ്ഥിതിചെയ്യുന്നത്.