ഇന്ന് യാദൃശ്ചികമായാണ് ഞാന്‍ പഠിച്ച എന്റെ ആ പഴയ വിദ്യാലയത്തിലേക്കൊരു സന്ദര്‍ശനം നടത്താൻ എനിക്കവസരം ലഭിച്ചത്. കുറച്ച് നേരം ചില ആവശ്യങ്ങള്‍ക്കായി എനിക്കവിടെ ചിലവഴിക്കേണ്ടതുണ്ടായിരുന്നു. എന്റെ ചെറുപ്പം ഓടി തിമിർത്ത ആ വരാന്തയിലൂടെ... ക്ലാസ് മുറികളിലൂടെ... ഓർമ്മകളെ തട്ടിയുണർത്തിയെന്നോണം ഞാൻ വീണ്ടും നടന്നു. അന്ന് ഞാൻ അക്ഷമയോടെ ഇരുന്നിരുന്ന ആ ചെറിയ ബെഞ്ചിന്റെ തലക്കല്‍ ഒരിക്കല്‍കൂടി അൽപ്പനേരം ഇരിക്കാൻ ഞാന്‍ ആഗ്രഹിച്ചു. അവിടെയന്ന് ഞാനൊരു വെള്ള ചോക്ക് കൊണ്ട് എന്റെ പേര് കോറിയിട്ടിരുന്നു... അത് പക്ഷേ, മാഞ്ഞു പോയിരിക്കുന്നു... എങ്കിലും, അവിടവിടെയായി മറ്റനേകം പേരുകളും മറ്റെന്തൊക്കെയോ ചിത്രങ്ങളും ഞാൻ കണ്ടു. ക്ലാസിലെ പുതിയ അതിഥികളുടെ കലാവിരുന്നുകളായിരിക്കാം അതൊക്കെ. ഇനി പുതിയ കുത്തിവരകൾക്ക് വഴിമാറികൊണ്ട് അതും മായും. ഞാൻ വെറുതെ ചിന്തിച്ചു. ഒടുവിൽ വന്ന കാര്യത്തിന്നായി പ്രധാനാദ്ധ്യാപകനിരിക്കുന്ന ഓഫീസ് മുറിയിലേക്ക് നടക്കുമ്പോഴാണ് ഓഫീസ് കവാടത്തിന്റെ ഇടതു വശത്ത് ചുമരിൽ ഒട്ടിച്ചുചേർത്ത ആ കറുത്ത മാർബിളിലെ വാക്കുകളുടെ ഞാന്‍ ശ്രദ്ധിക്കുന്നത്.
'ബഹു കേരള വിദ്യാഭ്യാസ മന്ത്രി സി എച്ച് മുഹമ്മദ് കോയ അവർകൾ ഈ കെട്ടിടത്തിന്റെ മഹനീയ ഉദ്ഘാടന കര്‍മ്മം നിർവ്വഹിച്ചിരിക്കുന്നു' എന്നാണ് അതിൽ കൊത്തിവച്ചിരിക്കുന്നത്.
പണ്ട് ആ 'ലിപി' വായിച്ചെടുക്കാൻ എത്രയോ തവണ ഞാന്‍ ഈ പരിസരത്ത് ചിലവഴിച്ചിട്ടുണ്ട്. അതിലെ ഇംഗ്ലീഷ് അക്ഷരങ്ങളോരോന്നും ഞാൻ വായിച്ചെടുക്കുമെങ്കിലും അത് കൂട്ടിവായിക്കാൻ ശ്രമിക്കുമ്പോഴൊക്കെയും അര്‍ത്ഥയറിയാത്ത ചിത്രങ്ങളെപോലയതെന്നോട് പല്ലിളിച്ചു നിന്നു.
അന്ന് വീട്ടിലെത്തുമ്പോൾ ഞാനേറെ അസ്വസ്ഥനായിരുന്നു. കഴിഞ്ഞ കാലത്തെ പല ഓർമ്മകളും മനസ്സിലേക്ക് വല്ലാതെ പ്രവഹിക്കുന്നത് പോലെ ഒരു തോന്നല്‍. എന്റെ സ്വപ്നങ്ങളും, ചിന്തകളും മുളപൊട്ടിയ... ഞാൻ ഒരു പറവയെപ്പോലെ പാറിനടന്ന ആ വിദ്യാലയ മുറ്റത്തെ ഓര്‍മ്മകളെന്നെ ചിന്തിപ്പിച്ചുകൊണ്ടേയിരാക്കുന്നു...
എല്ലാവർക്കും അവരവരുടെ സ്കൂൾ ദിനങ്ങൾ പ്രിയപ്പെട്ടതാകാതിരിക്കാൻ തരമില്ല. മറ്റെല്ലാവരെയും പോലെ വർണ്ണമുള്ള ഓർമ്മകളാണ് എനിക്കുമത് സമ്മാനിക്കുന്നത്. ഒരു ചെറിയ തെരുവിലെ 'നഗരജീവിയായിരുന്ന' ഞാൻ മനുഷ്യ സഹചമായ പ്രകൃതി ബോധത്തിലേക്ക് വല്ലാതെ ആകര്‍ഷിക്കപ്പെട്ടുകൊണ്ടേയിരുന്ന കാലമായിരുന്നു അത്. അന്നത്തെ എന്റെ ചിന്തകളൊക്കെയും മണ്ണിനെ സംബന്ധിച്ചുള്ളതായിരുന്നു. ഓരോ കുസൃതികൾക്കായി കോപ്പുകൂട്ടുമ്പോഴും ആസൂത്രണങ്ങൾ മുഴുവന്‍ മണ്ണ്, ചെളി, വെള്ളം, മരങ്ങൾ, ചെറു ജീവികള്‍, പക്ഷികള്‍ തുടങ്ങിയവയൊക്കെയായി ബന്ധപ്പെട്ടുകിടന്നു. 1995 മുതൽ 2000 വരെയുള്ള ആ കാലം എന്റെ ജീവിതത്തിലെ സുവര്‍ണ്ണ കാലഘട്ടമാണ്. അല്ലലും വേദനയൊന്നും പരുക്കേൽപ്പിക്കാതെ... തികച്ചും സ്വതന്ത്രനായി... ഒരു പക്ഷിയെപ്പോലെ പാറി നടന്നിരുന്ന കാലം. അന്നത്തെ എന്റെ ചെറിയ ചെറിയ അനുഭവങ്ങളും ചിന്തകളുമാണ് ഇന്നത്തെ എന്നെ രൂപപ്പെടുത്തുന്നതിൽ ഏറെ സ്വാധീനിച്ചത് എന്ന് ഞാന്‍ കരുതുന്നു. രാവിലെ മദ്രസയിലേക്ക് കണ്‍മിഴികൾ തുറക്കുന്നത് മുതൽ വെെകുന്നേരം വീട്ടിലെത്തി ഉറക്കപ്പയിലേക്ക് തല ചായ്ക്കുന്നത് വരെയുള്ള എന്റെ ഒരു ദിനത്തെ കാഴ്ചകളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചുമുള്ള ഓർമ്മകൾ ഓർത്തെടുക്കുന്നതേ രസകരമായിരിക്കും.
അക്കാലത്തെ ഏതോ കഥാപുസ്തകത്തിലോ പാഠപുസ്തകത്തിലോ മറ്റോ രാജു എന്ന് പേരുള്ള ഒരു കാഥാപാത്രമുണ്ടായിരുന്നു. സ്വഭാവ വിശുദ്ധിയും, വൃത്തിയും, അനുസരണയും എല്ലാം കൂടി ചേര്‍ന്ന ഒരുത്തമ ബാലൻ. എവിടെ നിന്നോ അവനെക്കുറിച്ചുള്ള ചില ചിന്തകൾ എന്റെ മനസ്സിനെ ആഴത്തിൽ സ്വാധീനിക്കാനിടയായി. ഒരുതരം ഉട്ടോപ്പ്യൻ ചിന്തപോലെ... അസ്സൽ വട്ട് എന്നൊക്കെ ഇന്നതിനെ ഞാന്‍ വിലയിരുത്തുമെങ്കിലും അന്നതിനോളം എന്നെ സ്വാധീനിച്ച മറ്റൊരു സംഗതിയും ഈ ഭൂമി മലയാളത്തിലുണ്ടായിരുന്നില്ല എന്ന് പറയുന്നത് അതിശയോക്തിയല്ല. ഉമ്മയോട് കാണിക്കുന്ന ദുർവാശികൾ, വികൃതികള്‍, മറ്റ് കുസൃതിത്തരങ്ങൾ തുടങ്ങിയവകൊക്കെ എതിരായുളള ഒരു മറുമരുന്നായിരുന്നു രാജു. എങ്ങനെയെങ്കിലും രാജു ആകണം... രാജുവിനെ പോലെ ആകര്‍ഷണമുള്ള സ്വഭാവത്തിനുടമസ്ഥനാകണം എന്ന് നിരന്തരം എന്റെ മനസ്സെന്നോട് ഉപദേശിച്ച് കൊണ്ടിരുന്നു. എന്തെങ്കിലും വിഷയത്തിൽ തെറ്റ് പറ്റി എന്ന് മനസ്സ് മന്ത്രിക്കുമ്പോൾ ഇനി മുതലങ്ങോട്ട് രാജുവിനെപ്പോലെയാകും ഞാനെന്ന് സ്വയം പറഞ്ഞ് പശ്ചാത്താപിക്കാനും ഞാന്‍ മറക്കാറില്ല. ഒരു വെള്ളക്കരയുള്ള കുപ്പായവും കറുത്ത ട്രൌസറുമണിഞ്ഞ് ചീകിയൊതുക്കിയ തലമുടിയൊക്കെയുള്ള ഒരു വെളുത്തപയ്യന്റേതായിരുന്നു എന്റെ മനസ്സിലെ രാജുവിന്റെ ചിത്രം. അക്കാലത്തെ എന്റെ മിക്ക പ്രഭാതങ്ങളും രാജുവാകാനുള്ള പ്രതിജ്ഞയുമായാണ് ഞാൻ മിഴി തുറക്കാറ്.
എവിടെനിന്നോ എനിക്ക് ലഭിച്ച എന്റെ ആ പ്രിയ കൂട്ടുകാരനെ ജീവിത യാത്രക്കിടയിലെപ്പോഴോ ഞാൻ പിന്നീട് വിസ്മരിക്കുകയാണുണ്ടായത്.
ഹംസാക്കാന്റെ ഹോട്ടലിൽ നിന്നും ലഭിക്കുന്ന ഒരു തരം പൊറാട്ടയുണ്ടായിരുന്നു അന്ന്. രാവിലെ മദ്രസയിലേക്ക് പോകാൻ നേരം ഒരു രൂപ നാണയം നീട്ടി ഉമ്മ എന്നോടത് വാങ്ങിക്കാൻ പറയുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷമാണ്. വീടിനു മുമ്പിലെ കെട്ടിടങ്ങൾക്കിടയിലൂടെ വെളിയിലേക്കിറങ്ങി അൽപ്പം ഇടതു വശത്തേക്ക് മാറി റോഡരികിലാണ് ആ കടയുള്ളത്. അവിടെ നിന്ന് അതും വാങ്ങി തിരിച്ച് വീട്ടിലെത്തുമ്പോഴേക്ക് നല്ല ചൂടുള്ള കട്ടൻ ചായ മേശപ്പുറത്ത് റെഡിയായി ഇരിപ്പുണ്ടാകും. പിന്നെ പൊറാട്ട ഒരു പാത്രത്തിലിട്ട്... അൽപ്പം പഞ്ചസാര വിതറി... ചായയും ഒഴിച്ച്... കുഴച്ച് കഴിക്കുമ്പോൾ വല്ലാത്തൊരു രുചിയാണതിന്. ചൂട് ചായയുടെ ആവിയിൽ തേയിലയുടേയും പൊറാട്ടയിലെ എണ്ണയുടേയും ഇടകലർന്ന ഗന്ധമാണ് അതിനെ ഏറെ സ്വാദിശ്ടമാക്കുന്നത്. അക്കാലങ്ങളില്‍ ഒരു ആഢ്യത്വത്തിന്റെ അടായളമായാണ് പലപ്പോഴും ഞാനാ പൊറാട്ടയെ കണക്കാക്കിയിരുന്നത്. പണക്കാരുടെ തീന്മേശകളിൽ മാത്രം കാണപ്പെടുന്ന ഒരു സംഗതി പോലെ... കഴിച്ചുകഴിഞ്ഞ് കെെകൾ കഴുകി മദ്രസയിലേക്ക് നീങ്ങുമ്പോഴും പൊറാട്ടയുടെ മണം കെെകളിൽ നിന്നും മാഞ്ഞ് കാണില്ല. വലതു കൈ മൂക്കിനോട് ചേര്‍ത്ത് വെച്ച് ഇടക്കിടെ ഞാനാഗന്ധം അവിടെ തന്നെ ഉണ്ടല്ലോ എന്നുറപ്പിക്കും. മദ്രസയിലെത്തിയാൽ അഭിമാനത്തോടെ ഞാനെന്റെ കൂട്ടുകാരോട് പറയും...
"ഇന്ന് ഞാൻ തിന്നത് എന്താണെന്ന് കേൾക്കണോ... പൊറാട്ടയാ..."
ഹമ്പട പൊറാട്ട.
മദ്രസയിലേക്ക് പോകുമ്പോൾ പൂർണ്ണമായും ഉണർന്നിട്ടില്ലാത്ത ചുങ്കം തെരുവിനെ കാണാം. റോഡില്‍ വാഹനത്തിരക്കില്ല, വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിലെ പൊടിപാറുന്ന കച്ചവടമില്ല, റോഡിനിരുവശത്തുള്ള ജനക്കൂട്ടങ്ങളില്ല, തെരുവു കച്ചവടക്കാരുടെ ആർപ്പുവിളികളോ, അവര്‍ക്ക് ചുറ്റും വെറുതെ കൂടി നില്‍കുന്ന മനുഷ്യരോ ഇല്ല. ഉണരാൻ പണിപ്പെടുന്ന മടിയനെപ്പോലെ ആലസ്യത്തിലായ തെരുവ്. തെരുവിലെ വീഥികൾ മുഴുവന്‍ ഒറ്റയായും കൂട്ടമായും മദ്രസയിലേക്ക് നീങ്ങികൊണ്ടിരിക്കുന്ന ഞങ്ങൾ കുട്ടികൾ പിടിച്ചടക്കിയിട്ടുണ്ടാകുമപ്പോൾ. കൂടാതെ, ശാന്തപുരം കോളേജിലെ സീനിയർ വിദ്യാർത്ഥികളായ ഞങ്ങളുടെ അദ്ധ്യാപകരേയും അവിടെ കാണാൻ കഴിയും. അവർ രണ്ടോ മൂന്നോ പേരടങ്ങുന്ന കൂട്ടമായാണ് സാധാരണ പോവുക. മദ്രാസാദ്ധ്യാപകരോടുള്ള അങ്ങേയറ്റത്തെ ബഹുമാനം നിമിത്തം അവരോടൊന്നും തന്നെ ഞങ്ങൾ സംസാരിക്കാറില്ല. അവർ പഠിപ്പിക്കുന്നത് അതിവിശിഷ്ടമായ മതമായതിനാലായിരിക്കാം അങ്ങനെ. ചെറിയ പുഞ്ചിരിയിലോ അഭിവാദ്യമർപ്പിക്കുന്നതിലോ അവസാനിപ്പിച്ച് നിശബ്ദമായി നീങ്ങുന്നതിലാണ് ഏവര്‍ക്കും താത്പര്യമെന്ന് തോന്നിപ്പോകും. ഇന്നലെ വൈകുന്നേരം പോലും ആര്‍പ്പുവിളികളോടെ പരസ്പരം ഓടി നടന്ന കിളിക്കൂട്ടുകാർ വരെ ഞങ്ങളുടെ ക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ, ഒരു മൗന ജാഥപോലെ എല്ലാവരും നിശബ്ദരാണ്...
പരമ നിശബ്ദർ
മദ്രസയിലെത്തി ആദ്യ ബെല്ലടിച്ചാൽ ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തിൽ വിശുദ്ധ ഖുർആനിലെ ഫാത്തിഹ അദ്ധ്യയത്തിന്റെ പാരായണമാണ് ആദ്യത്തെ ചടങ്ങ്. ഒരു സമർത്ഥനായ വിദ്യാർത്ഥി മദ്രസയുടെ ഒത്തനടുക്കത് ഉറക്കെ ചൊല്ലും. മറ്റു വിദ്യാർത്ഥികളെല്ലാവരും എണീറ്റ് നിന്നത് ഏറ്റ് ചൊല്ലും. 'ആമീന്‍' എന്ന് പറയുന്നതിനൊടുവിൽ പിന്നെ... 'ജിലിസ്' എന്ന് കേൾക്കുകയായി. അതോടെ എല്ലാവരും ഇരിപ്പിടത്തിലിരുന്ന് പാഠപുസ്തകമോ വേദഗ്രന്ഥമോ തുറക്കും. അതോടെ അന്നത്തെ അധ്യായന ദിനത്തിനവിടെ ഔദ്യോഗികമായി തുടക്കം കുറിക്കുകയായി. പിന്നെ, മുൾമുനയിലെ പഠന നിമിഷങ്ങളാണ്. എഴുത്തും... വായനയും... കഥയും... ചിരിയും... അടിയും... ഇടിയും... നുള്ളുമൊക്കെയുള്ള പഠന മണിക്കൂറുകൾ. അതിന്റെ ആദ്യപകുതിയുടെ മധ്യത്തിൽ മൂത്രമൊഴിക്കുന്നതിനുള്ള ഒരു ഇന്റര്‍ബെല്ലുണ്ട്. അധികം ഉയരമില്ലാത്ത ചുമരുകളുള്ള ഒരു മൂത്രപ്പുരയിലായിരുന്നു അന്ന് ഞങ്ങൾ കാര്യം സാധിച്ചിരുന്നത്. ചെമ്പക പൂക്കൾ വീണ് കുതിർന്ന് കിടക്കുന്ന വെള്ളമുള്ള വലിയൊരു കൽപ്പാത്തിയാണ് അവിടുത്തെ മുഖ്യ ആകര്‍ഷണം. ആ വെള്ളത്തില്‍ ദ്രവിച്ച ചെമ്പകത്തിന്റെയും മൂത്രത്തിന്റെയും ഇടകലർന്ന ഗന്ധം സഹിക്കാനാകാതെ പാടുപെട്ടാണ് ഞങ്ങളവിടെയന്ന് കാര്യം സാധിച്ചിരുന്നത്. പലപ്പോഴും ആ വെള്ളത്തിൽ കൈ മുക്കാൻ മടിച്ച ഞങ്ങൾ കല്ലുകളാണ് കഴുകാൻ ഉപയോഗിച്ചിരുന്നത്. മൂന്ന് ചെറിയ കല്ലുകളാണ് അതിനാവശ്യം. മൂത്രമൊഴിച്ച് കഴിഞ്ഞ ശേഷം ജനനേന്ദ്രിയത്തിന്റെ തുമ്പത്ത് ഓരോ കല്ലുകളും മുട്ടിച്ച്... 1, 2, 3 എന്ന് എണ്ണികൊണ്ട് ഞങ്ങളാ കല്ലുകൾ മൂത്രപാത്തിയിലേക്ക് നീട്ടിയെറിയും. അങ്ങനെ കൂനയായി കിടക്കുന്ന കല്ലുകൾകൊണ്ട് നിറഞ്ഞ് നില്‍ക്കുമവിടെ.
മദ്രസയുടെ നേരെ മുമ്പില്‍ മതിലിനപ്പുറം അൽപ്പം വലതുമാറി ഒരു പൂന്തോട്ടം പോലെ തോന്നിപ്പിക്കുന്ന ഇടമുണ്ട്. അതിന്റെ ഒത്ത മധ്യത്തിലായി മനോഹരമായൊരു കോണ്ക്രീറ്റ് വീടും. വെള്ളമണൽ വിരിച്ച അതിന്റെ അതിര്‍ത്തിയില്‍ നിറയെ ഇളം ചുവപ്പും മഞ്ഞയും കലര്‍ന്ന ചെറിയ തേങ്ങകൾ കുലച്ച തെങ്ങുകളാണുണ്ടായിരുന്നത്. അവക്ക് ചുറ്റിലും ഇടതൂർന്ന് വളരുന്ന പേരെന്താണന്നറിയാത്ത ധാരാള കണക്കിന് പൂച്ചെടികളും. അതിന്റെ മറ്റൊരറ്റത്ത് നിറയെ ഫലവൃക്ഷങ്ങൾ വളരുന്ന സജീവമായ ഒരു തൊടിയാണ്ടായിരുന്നു. ബുഷ് ചെടികൾ അതിരിട്ട് നിൽക്കുന്ന അതിനകത്ത് തലങ്ങും വിലങ്ങും കെട്ടി വെച്ച കയറുകളിൽ എന്തൊക്കയോ വള്ളിപടര്‍പ്പുകൾ പടർന്ന് കയറിയിരിക്കുന്നത് കാണാം. വളരെ നല്ല രീതിയിലാണ് അവയൊക്കെയും നിലനിർത്തി വരുന്നത് എന്ന് ഒറ്റനോട്ടത്തിൽ തന്നെ കണ്ടാലറിയാം. ആ തൊടിയിൽ വളരാന്‍ മടിച്ചെന്നോണം പടർന്ന് പന്തലിച്ച് കിടക്കുന്ന ഒരു കുറിയ വൃക്ഷമുണ്ട്. ഒരു ചാമ്പമരം... ഇളം റോസ് നിറത്തിലുള്ള ചെറിയ മധുരമുള്ള ആ ചാമ്പക്കകൾ പെറുക്കാൻ മദ്രസക്കിടയിലെ ആ ഇന്റർബെൽ സമയം ഞങ്ങൾ മതിലെടുത്ത് ചാടി അവിടെയെത്തും. കുലച്ച് നിൽക്കുന്നത് കൂടാതെ താഴെ മണ്ണിൽ പൊടിപിടിച്ച് കിടക്കുന്നവയും ആർത്തിയോടെ ഞങ്ങൾ പെറുക്കികൂട്ടി കീശയിൽ നിറക്കും. ആ ചാമ്പമരത്തെ കുറിച്ച് ഞാനിന്ന് ചിന്തിക്കുമ്പോൾ വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിത്തിലുണ്ടായ രസകരമായ ഒരനുഭവമാണെനിക്കോര്‍മ്മ വരിക. വിശ്വവിഖ്യാതമായ പാത്തുമ്മയുടെ ആട് എന്ന കഥയിലാണ് അക്കാര്യമദ്ദേഹം പറയുന്നത്. സംഭവമിങ്ങനെ...
"തലയോലപ്പറമ്പിലെ വീട്ടുമുറ്റത്ത് മുടിയൊക്കെ ചീകി സുന്ദരനായിയങ്ങനെ ഇരിക്കുന്ന ബഷീറിനു നേരെ സുന്ദരികളായ കുറേ പെണ്‍കുട്ടികള്‍ നടന്ന് വരുന്നത് ബഷീറൊരിക്കൽ കണ്ടുവത്രെ. തെല്ലൊരു അഭിമാനവും സന്തോഷവും തോന്നിയ നിമിഷം. എന്നാൽ, ഗേറ്റ് തുറന്ന് മന്തം മന്തം കടന്നുവന്ന ആ സുന്ദരികൾ പക്ഷെ ബഷീറിനേയും കടന്ന് മുന്നോട്ട് പോയപ്പോഴാണ് അദ്ദേഹത്തിന് കാര്യം പിടികിട്ടിയത്. അവരുടെ കണ്ണുകൾ വീട്ടു വളപ്പിൽ സുലഭമായി വളര്‍ന്ന് പന്തലിച്ചു നില്‍ക്കുന്ന ചാമ്പമരത്തിലായിരുന്നുവത്രേ...
മദ്റസയുടെ ഒരു ഭാഗത്തെ നീണ്ട പാത അതിരിടുന്നത് വലിയ ഊഞ്ഞാലുപോലെയുള്ള വള്ളികൾ പടർന്ന് നിൽക്കുന്ന ഒരു ആൽമരചുവട്ടിലേക്കാണ്. അതിനപ്പുറമാണ് നിറയെ ഉയരമുള്ള തേക്കുമരങ്ങൾ ഇടതൂർന്ന് വളരുന്ന തൊടിയും അതിനൊത്ത നടുവിൽ പ്രേത ഭവനം പോലെ വലിയൊരു പഴഞ്ചൻ വീടുമുണ്ടായിരുന്നത്. വല്ലാത്തൊരു നിശബ്ദത തളം കെട്ടിക്കിടക്കുന്ന ആ നിഗൂഢ വനസമാനമായ കാഴ്ച്ച പേടിപ്പെടുത്തുന്ന ഒരോർമ്മയായിരുന്നു എനിക്ക്. എന്റെ സഹപാഠികൾക്കും അതങ്ങനെതന്നെ ആയിരുന്നിരിക്കാം. കാരണം, ആ ഭാഗത്തേക്ക് തനിച്ച് പോകാൻ ഞങ്ങളുടെ കൂട്ടത്തിലെ ആരും തന്നെയന്ന് സാധാരണ ധൈര്യപ്പെടാറുണ്ടായിരുന്നില്ല. രാത്രി ഉറങ്ങാൻ കിടക്കുമ്പോള്‍ വെറുതെ ആ സ്ഥലത്തെപറ്റി ഭാവനാത്മകമായി ഞാനോരോന്ന് ചിന്തക്കും. അവിടെ ഒറ്റക്ക് അകപ്പെട്ട് പോയാലുള്ള കഥയെ കുറിച്ച്... രാത്രിയുടെ മറവിലവിടെ വന്നേക്കാവുന്ന ശുഭ വസ്ത്രധാരികളായ സ്ത്രീകളെക്കുറിച്ച്.... ആ വഴിയിലൊളിച്ച് നിന്നാക്രമിക്കുന്ന കുറുനരികളെ കുറിച്ച്... അങ്ങനെ എന്തെല്ലാമോ കഥകൾ. ഭാർഗവീനിലയം പോലെയുള്ള ആ വീട് പഴയകാലത്തെ വാസ്തുവിദ്യാ ശെെലിയിൽ നിര്‍മ്മിച്ചിട്ടുള്ളതാണ്. കോണില്‍ പ്രത്യേക രീതിയില്‍ കടഞ്ഞെടുത്ത മരജാലകങ്ങളും, നീളത്തില്‍ ഉയരമുള്ള മര അഴികളിട്ട പൂമുഖവും, സിമന്റുകൊണ്ട് പൊതിയാത്ത ചുമരുകളുമൊക്കെയുള്ള ഒരു പുരാതന ഗൃഹം. അതങ്ങനെ പഴമയുടെ പ്രൗഢിയോടെ ഗിരിനിരകളിലെ നിഗൂഢതയിൽ ലയിച്ച് ഒരു വനത്തിലെന്നപോലെ തലയുയർത്തി നില്‍ക്കുന്നു. വളരെ അപൂർവ്വമായി മാത്രമാണ് ആ വീടിനു വെളിയിൽ മനുഷ്യരെ ഞാന്‍ കണ്ടിട്ടുള്ളത്. ദിവസങ്ങളോളം ഒരു ദ്വീപിലെന്നപോലെ ആവരാ വീട്ടിൽ പുറം ബന്ധങ്ങളില്ലാതെ കഴിഞ്ഞ് കൂടുന്നുണ്ടായിരിക്കാം... ആ വീട്ടിലെയൊരു പെൺകൊടി എന്റെ സഹപാഠിയായിരുന്നു. അവൾ ക്ലാസ്സിൽ മിക്കപ്പോഴും നിശബ്ദമായിരിക്കുകയാണ് പതിവ്. അവളാവീട്ടിലെ അംഗമാണെന്ന കേട്ടറിവ് മാത്രമേ എനിക്കൊള്ളൂ... ഒരു തോന്നല്‍ മാത്രം. ഒരിക്കല്‍ പോലും അവിടേക്കുള്ള ആ മൺവഴിയിലവളെ ഞാന്‍ കണ്ടിട്ടില്ല. അവിടേക്കെത്തി നോക്കുന്ന സമയത്തൊക്കെയും ആ വീടിന്റെ മുറ്റത്തോ കൊലയിലോ മറ്റാരേയും പോലെ അവളുടെ സാന്നിധ്യവും എനിക്കനുഭാവപ്പെട്ടിട്ടില്ല. ഒരു അദൃശ്യ ശക്തിയെപ്പോലെ എവിടെ നിന്നോ വന്ന് എവിടേക്കോ പോയി മറയുന്നത് പോലെയാണ് അവളെ കുറിച്ചുള്ള എന്റെ ഓർമ്മകൾ.
രാവിലെ ഏഴ് മുതല് ഒമ്പത് വരെ നീണ്ടുനിൽക്കുന്ന ആ മദ്റസ അങ്കത്തിനൊടുവിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ചുങ്കം തെരുവിന്റെ മറ്റൊരു ഭാവമവിടെ കാണാന്‍ കഴിയും. തങ്ങൾ ഇങ്ങോട്ട് വരുമ്പോൾ കണ്ട ആ സ്ഥലം തന്നെയാണോ ഇത് എന്ന് സന്ദേഹമുണ്ടാകുന്ന തരത്തിൽ തെരുവിൽ ആളനക്കത്തിന്റെ സജീവതയപ്പോൾ അദ്ഭുതപ്പെടുത്തും. ഇടപാടുകാരാൽ ശബ്ദസാന്ദ്രമായ കടകളും, ചീറിപ്പായുന്ന വാഹനങ്ങൾ നിറഞ്ഞ റോഡും, ബസ്സ് കാത്തിരിപ്പ് കേന്ദ്രങ്ങളിലുള്ള യാത്രക്കാരുടെ തിരക്കുമൊക്കെയായി തെരുവ് വീഥികൾ ആകെക്കൂടി സജീവമായിട്ടുണ്ടാകുമപ്പോൾ. അതിന്റെ ഓരം പറ്റി വീട്ടിലേക്ക് മടങ്ങുമ്പോൾ സ്കൂളിലേക്ക് പോകുന്നതിനുമുമ്പ് ചെയ്ത് തീർക്കേണ്ട കുസൃതികളെക്കുറിച്ചാകും എന്റെ ചിന്തകളത്രയും.
വീട്ടിലെത്തിയാൽ ആദ്യം തന്നെ കുളിച്ച് വസ്ത്രം മാറും. ഉപ്പ ഗള്‍ഫില്‍ നിന്നും കൊടുത്തുവിട്ട ഒരു ചെറിയൊരു സ്പ്രെ കുപ്പിയുണ്ടായിരുന്നു അന്നെന്റെ കൈയിൽ. ഒരു വലിയ സ്ഫടിക ഉള്ളിയെപ്പോലുള്ള മനോഹരമായ ഒന്ന്. പണ്ട് ഇതുപോലൊരു മദ്രസ്സ കഴിഞ്ഞ ദിവസം വീട്ടിലെത്തുമ്പോൾ പൂമുഖത്തെ കസേരയില്‍ ചായയും കുടിച്ചിരുന്ന് ഉപ്പപ്പയോട് സംസാരിക്കുന്ന ഒരു അപരിചിതനെ ഞാന്‍ കണ്ടിരുന്നു. അയാളെന്നെ കണ്ടപാടെ അരികിലേക്ക് വിളിച്ച് പേര് ചോദിച്ചു.
"നവീന്‍ ശറഫ് എ..."
എങ്കിലിതാ പിടിച്ചോ എന്നും പറഞ്ഞ് അയാളൊരു സ്പ്രേ കുപ്പി എനിക്ക് സമ്മാനിച്ചു. ഉപ്പപ്പ എന്നെ നോക്കി പുഞ്ചിരി തൂകിയെന്നോണം അവിടത്തന്നെ ഇരിക്കുന്നു. എന്റെ നെഞ്ചിൽ ക്രമാതീതമായി ഹൃദയം മിടിച്ചു. ഇതെന്ത് കഥ... ഇതെനിക്കുള്ളത് തന്നെയാണോ... അതോ ചുമ്മാ കളിയാക്കിയതാണോ... ഞാനതും പിടിച്ച് അവിടെ തന്നെ നിലയുറപ്പിച്ചു. സ്വന്തം പേര് പറഞ്ഞാൽ ഇത്രയും വലിയ സമ്മാനമോ...
"എന്റപ്പ അണക്ക് കൊട്ക്കാൻ തന്നതാണ്..." അയാൾ എന്റെ കൈവെള്ളയില്‍ തലോടി കൊണ്ട് പറഞ്ഞു...
ആ... എന്റുപ്പ... എനിക്ക് സമ്മാനിച്ചത്... ജീവിതത്തിൽ ആദ്യമായി കിട്ടിയ സമ്മാനം.
അയാൾ ഉപ്പയുടെ സുഹൃത്തായിരുന്നു. ഉപ്പ എനിക്കായി കൊടുത്ത് വിട്ടതാണത്. ഉപ്പ അതിൽ 'ഇത് ആസിഫിന് കൊടുക്കുക' എന്ന് എഴുതി വച്ചിരുന്നത് കൊണ്ടായിരിക്കാം എന്റെ വരവുവരെ അയാളതും കൈയിൽ പിടിച്ച് കാത്തിരുന്നത് (ഔദ്യോഗിക രേഖകളിൽ എന്റെ പേര് മോസ്റ്റ് മോഡേൺ നാമമായ നവീന്‍ ഷറഫും... വീട്ടിലെ വിളിപ്പേര് ആസിഫ് എന്ന പരമ ലളിതമായ പേരുമാണ്) അതിന്റെ നിര്‍മലമായ ഗന്ധം വസ്ത്രത്തിൽ പുരട്ടണമെങ്കിൽ കുളി എന്ന കടമ്പ തീർച്ചയായും ചെയ്തിരിക്കേണ്ടതുണ്ടന്ന ഉമ്മയുടെ തീട്ടൂരം കാരണമാണ് മദ്രസ വിട്ടുവന്നാലുടനെ കുളിക്കുവാനുള്ള എന്റെ അമിതാവേശത്തിന്റെ യഥാർത്ഥ കാരണം. ആ സ്പ്രെ കുപ്പിയുടെ പള്ളയിൾ ഉപ്പ എഴുതി വച്ചിരുന്ന ആ വാക്യങ്ങള്‍ തെല്ലൊരു ആഭിമാനത്തോടെ ഞാൻ നോക്കും. പിന്നെ, വസ്ത്രം മാറി മുടി ചീകിയൊതുക്കി സ്പ്രേ അടിച്ച് ഭക്ഷണത്തിനായി ഞാൻ അടുക്കളയിലേക്ക് പോകും.
അടുക്കളയില്‍ ഉമ്മ ആകെക്കൂടി തിരക്കിലായിരിക്കും. സ്കൂളിലേക്ക് പോകുന്നതിന് മുമ്പത്തെ പ്രധാന ഭക്ഷണം കഞ്ഞിയും അച്ചാറുമായിരുന്നു. ഒരു കുണ്ടം പിഞ്ഞാണത്തിൽ ആവി പറക്കുന്ന കഞ്ഞിയും അതിനു സമീപം അത് പകർന്ന് കഴിക്കാനായി ഒരു പരന്ന പാത്രവും പിന്നെ ഒരു ബസ്സിയില്‍ അൽപ്പം അച്ചാറും... പിഞ്ഞാണത്തിലെ കഞ്ഞി പാത്രത്തിലേക്കൊഴിച്ച് ഊതി പാറ്റി കുടിച്ച് തീർക്കുന്ന മുറക്ക് അടുത്ത് ബാക്കി പാത്രത്തിലേക്കൊഴിക്കും. അക്കാലത്ത് വീട്ടില്‍ എണ്ണയിലോ ആവിയിലോ ചുട്ടെടുത്ത പലഹാരങ്ങൾ പതിവില്ല. പണനെരുക്കം തന്നെ ആയിരിക്കാം അതിന്റെ കാരണം. അനേകം അംഗങ്ങളുള്ള വലിയൊരു തറവാടായിരുന്നു അത്. അപ്രതീക്ഷിതമായ അതിഥികളും ചിലപ്പോളവിടെ വന്ന് കയറും. അതിനാല്‍, ഭക്ഷണം ഉണ്ടാകുമെങ്കിലും അതിൽ വൈവിധ്യം കുറവായിരുന്നു. എന്തായലും കഞ്ഞിയും അച്ചാറും വയറ് നിറയെ കഴിച്ച്... ബേഗും വെള്ളവും... ആവശ്യമെങ്കിൽ കാലൻ കുടയുമൊക്കെ എടുത്ത് ഞാൻ സ്കൂളിലേക്കിറങ്ങുമ്പോൾ ഉമ്മാക്ക് ഒരു മുത്തവും കൊടുക്കാൻ ഞാന്‍ മറക്കാറില്ല.
അങ്ങനെ പതിവ് സ്കൂൾ സഞ്ചാരം തുടങ്ങുകയായി...
ആ വഴിത്താരകൾക്ക് ഇരുവശത്തുമുള്ള കാഴ്ച്ചകൾ കാലമെത്രെ കഴിഞ്ഞാലും ഞാന്‍ മറന്നുകളയാൻ സാധ്യതയില്ല. അത്രക്ക് പരിചിതമാണ് ഇന്നും ആ വഴിയോരത്തെ ജീവിതങ്ങൾ. അന്നവിടെ ഞാനനുഭവിച്ച ഓരോ സ്പന്ദനങ്ങളും ഇന്നുവരെയുള്ള എന്റെ ജീവിതത്തെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ടന്ന് ഉറപ്പായും ഞാൻ വിശ്വസിക്കുന്നു. എന്റെ മനസ്സിന്റെ സൂക്ഷ്മാണുവിൽ പോലും നിറഞ്ഞ് നില്‍ക്കുന്ന... വല്ലാത്തൊരു വൈകാരികാടുപ്പം ഇന്നുമെനിക്കനുഭവപ്പെടുന്ന ഈ ഭൂമിയിലെ ഒരു ചീന്തായിരുന്നു അത്. വിദ്യാലയത്തിലെ പഠനവും, ക്ലാസ് മുറികളിലെ കൃത്രിമ അച്ചടക്കവുമല്ല... മറിച്ച്, ജീവിക്കുന്ന സമൂഹത്തിന്റേയോ സാഹചര്യങ്ങളുടേയോ നിറങ്ങളും വികാരങ്ങളുമാണ് ഒരു മനുഷ്യനെ രൂപപ്പെടുത്തുന്നത് എന്നാണ് എനിക്കതിൽ നിന്നും മനസ്സിലായത്. വല്ലാത്ത ആവേശത്തോടെയാണ് ഞാനവയൊക്കെയും അന്ന് നിരീക്ഷിച്ചും അനുഭവിച്ചും വന്നിരുന്നത്.
റോഡ് മുറിച്ച് കടന്ന് ഇടത്തേക്ക് തിരിഞ്ഞ് അൽപ്പം മുന്നോട്ട് നീങ്ങിയാൽ അദ്യമെന്നെ സ്വാഗതം ചെയ്യുന്നത് അവിടെയുള്ള ഒരു കാസറ്റ് കടയിലെ സിനിമ ഗാനങ്ങളാണ്. പുറത്തേക്ക് തിരിച്ചുവെച്ച വലിയ സ്പീക്കർ പെട്ടിയിലൂടെ ആളുകളെ വശീകരിക്കാനെന്നോണം മധുര മനോഹരമായ പാട്ടുകൾ ആ കടയിൽ നിന്നുമപ്പോൾ കേൾക്കാം. യൂറോപ്പ്യൻ തെരുവുകളിൽ 'നടവഴി ഗായകരുടെ' ഗാനം ശ്രവിച്ചെന്നോണം ചടഞ്ഞിരിക്കുന്ന ഇംഗ്ലീഷുക്കാരെപ്പോലെ കുറേപേർ ആ കടക്കുസമീപം അതാസ്വദിച്ചെന്നോണമവിടെ നിൽക്കുന്നതപ്പോൾ കാണാന്‍ കഴിയും. എന്നാൽ, ആ ഗാനങ്ങൾ മുഴുവനായും അവരെ കേള്‍പ്പിക്കാതിരിക്കാൻ കടക്കാരൻ പ്രത്യേകം ശ്രദ്ധാലുവാണന്ന് തോന്നിപ്പോകുന്നു. സംഗീതത്തിന്റെ മാസ്മരിക ലോകത്തവരെ അലിയിച്ചില്ലാതാക്കാൻ നോക്കി പെട്ടന്നയാളത് നിർത്തി കളയും. ഒരു തരം പ്രലോഭനം പോലെ. അതോട് കൂടി ഉറക്കത്തിൽ നിന്നുണർന്നണ് പോലെ അവർ ചുറ്റുപാടും നോക്കും. ഒരുപക്ഷേ, ആ സംഗീത സദ്യയുടെ പൂര്‍ണ്ണതക്ക് വേണ്ടി വിശപ്പോടെ അവരാ കടയിലേക്ക് കയറി ചെന്ന് ആ കാസറ്റ് വാങ്ങിക്കുന്നുണ്ടായിരിക്കാം... എന്തായാലും, അവിടെ നിന്നും ലഭിച്ച ആ ഗാന ശകലങ്ങള്‍ മൂളിക്കൊണ്ടാണ് അവിടെ നിന്നും ഞാന്‍ നീങ്ങുക...
തുടർന്ന്, മുന്നോട്ട് നീങ്ങിയാൽ അടുത്ത കാഴ്ച്ച ആവണി സ്റ്റുഡീയോയിലേതാണ്. മുള തണ്ടുകൾ ഉപയോഗിച്ച് ധാരാളം അലങ്കാര പണികൾ നിർവ്വഹിച്ചിട്ടുള്ള അതിനകം ആകെക്കൂടി ഒരു പച്ചമയമാണ്. കടും പച്ച ചായം കൊണ്ട് വർണ്ണാഭമാക്കിയ ചുവരുകൾക്കിടയിലെ കറുത്ത തിരശ്ശീലക്കപ്പുറം ഒരു രഹസ്യമുറിയുണ്ടവിടെ. അതിന്റെ അകത്തെ കാഴ്ച്ചയെക്കുറിച്ചുള്ള ജിജ്ഞാസ അക്കാലത്ത് വല്ലാതുണ്ടായിരുന്നു എനിക്ക്. ആ മറ നീങ്ങി അതിനകത്തെ കാഴ്ചകൾ വെളിവാകുന്നതും കാത്ത് ഞാനവിടെ എത്രയോ സമയം നിന്നിട്ടുണ്ട്. ആ സമയം സ്റ്റുഡിയോയുടെ ജീവിത വഴിയിലെ പല അസുലഭ മുഹൂര്‍ത്തങ്ങളും സൂക്ഷിച്ചിരിക്കുന്ന ചില്ലുകൂട്ടിൽ കണ്ണോടിച്ച് നിൽക്കും ഞാൻ. ജനങ്ങൾക്ക് വ്യക്തമായി കാണാവുന്ന തരത്തിൽ പുറത്തേക്കായി പ്രദര്‍ശപ്പിച്ച രൂപത്തിലായിരുന്നു അവകളത്രയുമുണ്ടായിരുന്നത്. പട്ടിക്കാട് ജാമിഅ നൂരിയ അറബി കോളേജ് വാര്‍ഷികത്തോടനുബന്ധിച്ച് പ്രദേശം സന്ദര്‍ശിച്ചിരുന്ന ഇന്ത്യൻ രാഷ്ട്രീയ നേതാക്കന്മാർ മുതൽ ചില കല്ല്യാണ മുഹൂര്‍ത്തങ്ങളും, അദ്ഭുതപ്പെടുത്തുന്ന മുഖവും കോലവുമായി ചില നാട്ടുകാരും വരെ ആ ചിത്രങ്ങളിലുണ്ടായിരുന്നു. വാഴയിലയുടെ മുമ്പിൽ സന്ദേഹത്തോടെ ചോറിനായി കാത്തിരിക്കുന്ന മണവാളൻ. മുടി നീട്ടിവളർത്തി സുമുഖനായി ചിരിച്ചു നില്‍ക്കുന്ന സെന്‍ട്രല്‍ ബേക്കറിയുടമ ബക്കര്‍ക്ക. മേല്‍ക്കോയ്മ സമര്‍പ്പിച്ചെന്നോണം ഭാര്യയെ കസേരയിലിരുത്തി നെഞ്ചുവിരിച്ച് ഗമയോടെയങ്ങനെ നില്‍ക്കുന്ന ഒരു യുവാവ് തുടങ്ങി അക്കാലത്തെ വേദികളെ പ്രകമ്പനം കൊള്ളിച്ചിരുന്ന പലവിധ രാശ്ട്രീയ നേതാക്കന്മാരുടെയൊക്കെ ഫോട്ടോകൾ കൗതുകത്തോടെ ഞാൻ ഏറെ നേരം നോക്കിനിന്നിട്ടുണ്ട്. രാഷ്ട്രീയ നേതാക്കന്മാര്‍ ഘോരഘോരമായി പ്രസംഗിക്കുന്ന ചിത്രങ്ങൾ, അവർക്ക് നല്‍കിയ വര്‍ണ്ണാഭമായ സ്വീകരണം, അവർ സുഹൃത്തുക്കളുമായി സൊറ പറഞ്ഞിരിക്കുന്ന ചിത്രങ്ങൾ... തുടങ്ങി അനേകം ഭൂതകാല ഓര്‍മ്മകള്‍.
ആവണി സ്റ്റുഡിയോക്കപ്പുറത്ത് താളാത്മകമായ ശബ്ദത്താൽ മുഖരിതമായ ഹിലാൽ പ്രസ്സിന്റെ കാഴ്ച്ചയാണ്. അതികത്തെ കറുത്ത ശീലക്കപ്പുറമുള്ള മുറിയിൽ പ്രത്ത്യേക താളത്തിനനുസരിച്ച് വലിയ ശബ്ദത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു അച്ചടിയന്ത്രമുണ്ട്. അവിടെനിന്നാണ് ആ ശബ്ദം ഒഴുകി വന്നിരുന്നത്. ആ ശബ്ദവും കേട്ട് ആ കറുത്ത തിരശ്ചീല മാറുന്നതും കാത്ത് കുറച്ച് നേരം ഞാനവിടെ ചിലവഴിക്കും. ജോലിക്കാർ അകത്തേക്കും പുറത്തേക്കും പോകുന്ന സമയം ചെറുതായി വശത്തേക്ക് നീങ്ങുന്ന കര്‍ട്ടണിനുള്ളിലൂടെ അകത്തെ പേപ്പർ കെട്ടുകളും, മരക്കൂട്ടത്തിനുള്ളിലെ അക്ഷരങ്ങൾ ആലേഖനം ചെയ്ത അച്ചുകളും, ഗ്രീസ് മണക്കുന്ന വലിയ യന്ത്രങ്ങളുമൊക്കെ കാണാം. കഴിഞ്ഞപോയ അധ്യായന വര്‍ഷങ്ങളിലെ നോട്ട് ബുക്കുകളിൽ നിന്നും ബാക്കിയായ പേജുകള്‍ പറിച്ചെടുത്ത് അവര്‍ക്ക് കൊണ്ട് പോയി നല്‍കിയാല്‍ ആ പേജുകളെല്ലാം ചേര്‍ത്ത് വര്‍ണ്ണാഭമായൊരു ചട്ടയൊക്കെ വെച്ച് അവരൊരു പുതിയ നോട്ടുപുസ്തകം തിരിച്ച് നല്‍കും. അതിനായി അവിടെ പോകുമ്പോഴും എങ്ങനെയെങ്കിലും അതിനകത്തേക്കൊന്ന് കയറിപറ്റാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ഞാന്‍ എത്രയോ ആഗ്രഹിച്ചിട്ടുണ്ട്. പിന്നീട്, അച്ചടിയോടും അതിനോടനുബന്ധിച്ച ടെെപ്പിങ്ങിനോടുമൊക്കെ എനിക്കുണ്ടായ അഭിനിവേശത്തിന്റെ പ്രേരകശക്തിയും ഒരുപക്ഷേ അവിടെ നിന്നുള്ള ഈ അനുഭവമാകാം.
പ്രസ്സിന്റെ കാഴ്ച്ചയില്‍ നിന്നും അതിന്റെ അരികിലൂടെ ചിന്നന്‍ വെെദ്യരുടെ വെെദ്യശാലയിലേക്ക് ഞാൻ നീങ്ങുമ്പോഴും ക്രമമായി ഒഴുകിവരുന്ന പ്രസ്സിലെ ആ ശബ്ദകോലാഹലങ്ങൾ അവസാനിച്ചു കാണില്ല. വൈദ്യശാലയുടെ ഒരു വശത്ത് മരുന്ന് നിര്‍മാണത്തിനും സാധനസാമഗ്രികളുടെ സൂക്ഷിപ്പിനുമായി നിർമ്മിച്ച മരുന്നറക്കു മുന്നിലാണ് ആ നീണ്ട മണ്‍പാത അവസാനിക്കുന്നത്. അവിടെ ഏത് നേരവും ജോലി ചെയ്തുവരുന്ന ഒരു കുറിയ മനുഷ്യനുണ്ട്. അദ്ദഹവുമായി അക്കാലങ്ങളില്‍ ഞാൻ വല്ലാത്ത സൗഹൃദത്തിലായിരുന്നു. മിക്ക ദിനങ്ങളിലും ഞാനവിടെ എത്തുമ്പോൾ ഓരോതരം മരുന്നുണ്ടാക്കുന്ന തിരക്കിലാകുമയാൾ. പത്തിരിമാവുപോലെ കുഴൽ പരുവത്തിൽ കുഴച്ച് വച്ച മിശ്രിതത്തിൽ നിന്നും ചെറിയ ഓരോ കഷ്ണങ്ങൾ വീതമെടുത്ത് കെെവെള്ളയിലിട്ട് ഗുളിക രൂപത്തിലാക്കുന്ന പ്രക്രിയയാണ് മിക്കപ്പോഴും ഞാനിവിടെ കാണാറുണ്ടായിരുന്നത്. ചിലപ്പോൾ സ്ഫടിക കുപ്പികളിൽ അരിശ്ടമൊഴിക്കുന്ന തിരക്കിലായിരിക്കുമയാൾ. അതിന്റെയൊക്കെ കൗതുകത്തിലവിടെ കണ്ണും നട്ടിരിക്കുന്ന വേളയിൽ എന്തെക്കെയോ അയാളെന്നോട് ചോദിച്ചുകൊണ്ടിരിക്കും. ഞാനവിടെയാകെ കണ്ണോടിച്ചു കൊണ്ടയാൾക്കുത്തരവും നല്‍കും. ചിലയവസരങ്ങളിൽ വെള്ളം നിറച്ച വലിയൊരു സിമന്റ് പാത്രത്തിൽ നിന്നും സഫടിക കുപ്പികളെടുത്ത് വൃത്തിയാക്കുന്നതും കാണാം. ഏതോ മധ്യകാല യൂറോപ്പ്യൻ പരീക്ഷണ ശാലപോലുള്ള ആ മുറിക്കകത്തെ മര അലമാരകളിൽ മുഴുവൻ ഉണക്കയിലകളും വേരുകളും കായികളുമൊക്കെയാണ്. ഈ മരകഷണങ്ങള്‍ മുഴുക്കെ ആശ്വാസധായകമായ ഔഷധങ്ങളായി മാറുന്ന അത്ഭുതത്തെ കുറിച്ചികും എന്റെ ചിന്തയത്രയും. ചിലയവസരങ്ങളിൽ ആ മുറിക്കകത്തേക്ക് തലയിട്ട് മരുന്നു നിര്‍മ്മാണകാരന് എന്തൊക്കെയോ നിർദ്ദേശങ്ങൾ നൽകുന്ന ചിന്നന്‍ വൈദ്യരേയും അവിടെ ഞാന്‍ കണ്ടിട്ടുണ്ട്. നാട്ടിലെ പേരെടുത്ത ആയ്യുർവ്വേദ വെെദ്യനാണദ്ദേഹം. ആഢ്യത്തം തുളുമ്പുന്ന സ്വര്‍ണ്ണക്കരയുള്ള മുണ്ടും അലക്കി തേച്ച് വടിപോലെ നിൽക്കുന്ന മേൽക്കുപ്പായവും ധരിച്ചുള്ള അദ്ദേഹത്തെ കണ്ടാൽ ഏതോ കോവിലകത്തെ തമ്പുരാനാണന്നാണ് തോന്നുക.
മരുന്നറയുടെ ഒരു വാതിൽ തുറക്കുന്നത് നീണ്ടൊരു വരാന്തയിലേക്കാണ്. കുറുന്തോട്ടി ഇലകളും തണ്ടുകളും ഉണക്കാൻ കെട്ടിവച്ചിരിക്കുന്ന വരാന്തയിലെ മച്ചിനു താഴെ കുഞ്ഞന്‍ വൈദ്യരെ രോഗികൾ കാത്തിരിക്കുന്നത് കാണാം. അവിടെയാണ് അദ്ദേഹത്തിന്റെ മരുന്ന് വിപണന ശാലയുള്ളത്. കുടുംബ കാരണവന്മാരുടെയും, പരദേവതകളുടേയും ചിത്രങ്ങൾ കെട്ടിത്തൂക്കിയ ചുമരിനു താഴെ കറുത്ത കുറേ പാനീയങ്ങൾ നിറച്ച സ്ഫടിക കുപ്പികൾ നിരത്തി വച്ച ചില്ലലമാരകൾ. അതിനു നടുവിൽ മരക്കസേരയില്‍ സുമുഖനായിരുന്ന് രോഗികള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും കുറിപ്പടിയും നല്‍കുന്ന വെെദ്യരദ്ദേഹം. മരുന്ന് ആവശ്യത്തിനുള്ള അളവിനും തൂക്കത്തിനും എടുത്ത് കൊടുക്കുന്നതിന് ഒരു സഹായിയേയും ഇടക്കവിടെ കാണാറുണ്ട്. അവിടുത്തെ മരുന്നുകളുടെ ഗന്ധമെനിക്ക് വലിയ ഇശ്ടമായിരുന്നു. രുചികരമായ അരിശ്ടം കുടിക്കുന്നതിന്നായി എത്രയോ പ്രാവശ്യം ഉമ്മുമ്മയോട് ഞാന്‍ കള്ളയസുഖങ്ങള്‍ പറഞ്ഞ് മരുന്ന് വരുത്തിയിരിക്കുന്നു. അരിശ്ട-ലേഹ്യങ്ങളുടേയും മറ്റ് പൊടി-ചൂർണ്ണങ്ങളുടേയും സുഖമുള്ള ആ ഗന്ധമാസ്വദിക്കാനായി കുറച്ച് നേരം ഞാനവിടെ നില്‍ക്കൽ പതിവാണ്. ചില ദിവസങ്ങളിൽ ഉച്ചതിരിഞ്ഞ സമയം അതുവഴി വീട്ടിലേക്ക് പോകുമ്പോൾ വൈദ്യശാലക്കകത്തെ നിലവറപോലുള്ള ഭാഗത്ത് കുഞ്ഞൻ വെെദ്യർ ശീല വിരിച്ച ചാരുകസേരയിൽ ഉച്ചമയക്കത്തിനായി നീണ്ടു മലര്‍ന്ന് കിടക്കുന്നത് കാണാം... നല്ല സ്റ്റൈലൻ കൂര്‍ക്കം വലിയുമായി.
അവിടെ നിന്നും മുന്നോട്ട് പോകുമ്പോൾ പച്ചക്കറികള്‍ മണ്ണെയടുപ്പില്‍ തിളച്ച് മറിയുന്ന സുഖമുള്ള ഗന്ധമാണെന്നെ സ്വാഗതം ചെയ്യാറ്. കഞ്ഞി കുടിച്ച് വീര്‍ത്ത വയറുമായാണ് ഞാനവിടെ എത്തുന്നതെങ്കിലും വല്ലാത്തൊരു വിശപ്പാണവിടെ എത്തുമ്പോളെനിക്ക്. എന്റെ രുചി മുകുളങ്ങളെന്നെ ആ മുറിക്കകത്തേക്ക് നയിക്കും.
ഗതകാല സ്മരണകളുണര്‍ത്തുന്ന തുന്നല്‍ യന്ത്രങ്ങളും നെയ്ത്ത് ഉപകരണങ്ങളുമൊക്കെയുള്ള ഒരു ബേഗ് നിര്‍മ്മാണ യൂണിറ്റിൽ ജോലിചെയ്ത് വന്നിരുന്ന ഏതാനും സ്ത്രീ തൊഴിലാളികളുടെ വിശ്രമ കേന്ദ്രമാണാ മുറി. അവരുടെ പൊതു അടുക്കളയും അതിനകത്തു തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. അവരുടെ ഉച്ചഭക്ഷണ ക്രമീകരണങ്ങളായിരുന്നു അതൊക്കെ. ഏത് നേരവും നിലത്ത് ചമ്രം പടിഞ്ഞിരുന്ന് യന്ത്രം കണക്കെ വേഗത്തിലും താളത്തിലും ജോലി ചെയ്ത് വന്നിരുന്ന അവര്‍ക്ക് ജോലിക്കിടയില്‍ വീണുകിട്ടുന്ന ഒരവസരമായിരിക്കാം ആ മുറിക്കുള്ളിലെ നിമിഷങ്ങൾ. ഭക്ഷണമുണ്ടാക്കലും മുരിഞ്ഞ് കത്തുന്ന ആ മണ്ണെണ്ണയടുപ്പിനരികിൽ നിന്ന് ഉറക്കെയുള്ള സംസാരവും ചിരിയുമൊക്കെയായി അവരാ നിമിഷത്തെ ധന്യമാക്കുമ്പോൾ കൂടുതൽ നേരാം ഞാനവിടെ ചിലവഴിക്കാൻ നില്‍ക്കാറില്ല. സ്റ്റൗവിലെ ഇളം കറുപ്പുള്ള പുകയേയും, കൊതിയൂറുന്ന ആ പാചക ഗന്ധത്തേയും വകഞ്ഞു മാറ്റി വേഗത്തിൽ തന്നെ അടുത്ത കാഴ്ച്ചയിലേക്ക് ഞാൻ നടക്കും.
അതിനപ്പുറമാണ് ദാമുവേട്ടന്റെ ചിത്രകടയുള്ളത്. നിറയെ ബാനറുകളും, തോരണങ്ങളും, പെയിന്റിങ്ങുകളും, പെന്‍സിലും ബ്രഷുമൊക്കെയായി വര്‍ണങ്ങളുടെ ഒരു ലോകമാണത്. പെയിന്റിന്റെ രൂക്ഷമായ ഗന്ധം നിറഞ്ഞ് നിൽക്കുന്ന ആ അന്തരീക്ഷത്തിൽ ഒരു പെൻസിൽ ചെവിപ്പുറത്ത് വച്ച് വലിയൊരു സ്കെെൽ ചേര്‍ത്തു പിടിച്ച് ബാനറുകളിൽ ഓരോ രചനകളിലേർപ്പെട്ടിരിക്കുന്ന ദാമുവേട്ടനെ കാണുമ്പോൾ വലിയൊരു വിശ്വപ്രസിദ്ധ കലാകാരനാണദ്ദേഹമെന്ന് തോന്നിപ്പോകും. ഞാനവിടെ എത്തുമ്പോൾ തല ഉയർത്തി വാത്സല്യത്തോടെ അദ്ദേഹമെന്നെയൊന്ന് നോക്കി പുഞ്ചിരിക്കും. പിന്നെ, വലിച്ചു കെട്ടിയ ശീലകളിൽ പെയിന്റിൽ മുക്കിയ തടിച്ച ബ്രഷ്കൊണ്ട് അക്ഷരങ്ങള്‍ നിഷ്പ്രയാസം എഴുതി കൂട്ടുന്നത് കാണുമ്പോൾ വലിയ അത്ഭുതമാണെനിക്ക് തോന്നാറ്. ആ എഴുതി കൂട്ടുന്ന വാക്കുകളുടെയും, വലിയ മുദ്രാവാക്യങ്ങളുടേയും ആഴവും പരപ്പുമറിയാതെ... പ്രതിഷേധ കൊടുങ്കാറ്റിന്റെ വ്യാപ്തിയറിയാതെ... അതിന്റെ സൗന്ദര്യത്തിൽ മാത്രം മുഖം ചേര്‍ത്ത് ഞാനവിടെ കുറച്ച് നേരം നില്‍ക്കും. എന്നിലൊരു ചിത്രക്കാരനെ രൂപപ്പെടുത്താൻ എത്രയോ പര്യാപ്തമായിരുന്ന കാഴ്ച്ചകൾ. എന്നാൽ, ദാമുവേട്ടന്റെ അപൂര്‍ണ്ണമായ ചില പെയിന്റിങ്ങുകളെപ്പോലെ ആ കഴിവിനേയും നിലനിര്‍ത്തി കൊണ്ടുപോകാൻ ഞാൻ ശ്രമിച്ചില്ല എന്നുള്ളതാണ് പിന്നീടുള്ള കഥ.
വിപ്ലവങ്ങളുടെ കാഹളധ്വനികൾ വര്‍ണ്ണങ്ങളിലൂടെ മുഴങ്ങുന്ന ആ ഷീല ബാനറുകളുടെ കാഴ്ച്ച മതിയാക്കി മുന്നോട്ട് നടക്കുമ്പോൾ... ആ കെട്ടിടത്തിലെ തന്നെ ആളൊഴിഞ്ഞൊരു മുറിയാണെന്റെ കൺമുന്നിലേക്ക് വരിക. ആളുകൾ ഉപേക്ഷിച്ച് പോയ പഴയ കോവിലകങ്ങളിലേയോ, ബംഗ്ലാവുകളിലേയോ നിഗൂഢതകളെ ഓർമ്മിപ്പിക്കുന്ന തരത്തിൽ പരമ നിശബ്ദമായ ചെറിയൊരു മുറിയാണത്. പാതിയടഞ്ഞ ചെറിയ ജനാലയിലൂടെ അകത്തേക്ക് നോക്കുമ്പോൾ പൊട്ടിപ്പൊളിഞ്ഞതും പൊടിപിടിച്ചതുമായ രണ്ട് കസേരകളും, ഒരു മേശയുമാണവിടുത്തെ പ്രധാന കാഴ്ച്ച. ആ മേശക്കു മുകളിലെ ചില്ലു പാത്രത്തിലൊരു നരച്ച പ്ലാസ്റ്റിക് പൂവും കാണാം. ചുവന്ന പൊടിപടലങ്ങള്‍ ചിത്രം വരച്ച വെള്ള ചുമരിൽ മനോഹരമായി ഫ്രെയിം ചെയ്ത രണ്ടു ചിത്രങ്ങൾ ഒരാണിയിൽ തൂക്കിയിട്ടിരിക്കുന്നു. മുൾകിരീടം തലയിലണിഞ്ഞ്... മുൾ പടര്‍പ്പുകള്‍ ചുറ്റി വരിഞ്ഞ രൂപത്തിൽ പുറത്തേക്ക് തുറിച്ച ചുവന്ന ഹൃദയത്തെ ഇടതു കൈപ്പത്തികൊണ്ട് തലോടി... വലതു കെെവള്ളയിലെ ആണിമുറിപ്പാട് പുറത്ത് കാണിച്ചെന്നോണം പരമ ശാന്തനായി നോക്കുന്ന യേശുക്രിസ്തുവിന്റെയും, തൊട്ട് സമീപം എന്തിനോ വാശിപിടിച്ച് കണ്ണീർ വാർക്കുന്ന ഒരു കുലീനത്വമുള്ള ഇംഗ്ലീഷ് കുഞ്ഞിന്റെയും ഫോട്ടോ. നിർവികാരനായ യേശുവിന്റെ പ്രതീക്ഷക്ക് സമീപം ലോകത്തിന്റെ സമസ്ത ദുഖങ്ങളേയും തന്റെ കണ്ണീരിൽ കുതിർത്തിയെന്നോണം ഒരു കുഞ്ഞിന്റെ വിതുമ്പൽ. ആശയ സമ്പുഷ്ടമാണ് ആ രണ്ടു ചിത്രങ്ങളുമെന്നെനിക്ക് ഇപ്പോൾ തോന്നുന്നു. വളരെ കാലങ്ങൾക്ക് ശേഷമാണ് ആ കുഞ്ഞിന്റെ ചിത്രത്തിനു താഴെ എഴുതിവച്ചിരുന്ന 'Don't worry be happy' എന്ന ഇംഗ്ലീഷ് വാക്കിന്റെ അര്‍ത്ഥമെനിക്ക് പിടികിട്ടുന്നത്.
ആകെക്കൂടി അലങ്കോലമായി കിടക്കുന്ന ആ മുറിക്കകത്തെ; മനുഷ്യന്റെ രണ്ടവസ്ഥകളെ ചുമരിൽ തൂക്കിയിട്ടിരിക്കുന്ന ആ കാഴ്ച്ച ഞാനെത്രയോ നേരം നോക്കിനിന്നിട്ടുണ്ട്. അതുമൂലം എനിക്ക് ലഭിച്ചിരുന്ന ആത്മസംതൃപ്തി എന്തായിരുന്നുവെന്ന് എനിക്കിന്നും അജ്ഞാതമാണ്. പലപ്പോഴും ജീവനുള്ളവയാണ് ആ ചിത്രങ്ങളെന്നെനിക്ക് തോന്നാറുണ്ട്. ഞാൻ ജനാലയടച്ച് കയ്യിലെ പൊടിതട്ടി തിരിച്ച് നടക്കുമ്പോഴേക്കും അവര്‍ രണ്ടു പേരും ആ ചില്ലുകൂട്ടിൽ നിന്നും ചാടിയിറങ്ങി ആ മുറിക്കകത്ത് ഓടിച്ചാടി നടക്കുന്നുണ്ടായിരിക്കുമെന്ന് ഞാൻ വെറുതെ അന്ന് ചിന്തിക്കുമായിരുന്നു.
ഒടുവിൽ പതിയെ ആ ജനാലകളടച്ച് മുന്നോട്ട് നടക്കുമ്പോൾ വലിയ ശബ്ദത്തിലും ഒരേ താളത്തിലുമുള്ള ഭയാനകമായ കൊട്ടാണ് കേള്‍ക്കാൻ കഴിയുക. ടപ്പേ... ടപ്പേ എന്നൊരു ശബ്ദം. ഇടക്ക് മണി നാദം പോലെ മറ്റൊന്നും. അതെന്താണന്ന സംശയം അക്കാലയളവിലെന്നെ വല്ലാതെ അലട്ടിയിരുന്നു. നല്ല താളത്തിലും മേളത്തിലും പരന്നൊഴുകിയിരുന്ന മേല്‍ മുഴക്കം ആ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്നാണ് പ്രവഹിച്ചിരുന്നത്. ആ കെട്ടിടത്തിന്റെ ഇരുമ്പ് ഗേറ്റിനപ്പുറമുള്ള മരഗോവണി കയറിയാൽ കാണുന്ന നീണ്ട വരാന്തയുടെ ഒരുവശത്തുള്ള ഏതാനും മുറികളില്‍ നിന്നാണ് ആ ശബ്ദമുയരുന്നതെന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. പക്ഷേ, ആ ഗോവണി കയറിച്ചെന്ന് ആ കാഴ്ച്ചകളൊക്കെയൊന്ന് കാണാനെനിക്ക് വലിയ ഭയമായിരുന്നു. കാരണം, ആ ശബ്ദ പ്രകമ്പനം തന്നെ. വളരെ സജീവമായി ആളുകൾ പ്രവർത്തിക്കുന്ന ആ മാളിക പുറത്തേക്ക് ഞാൻ കയറി ചെന്നാൽ... ക്ഷണിക്കാതെ കയറി വരുന്ന ഈ കശ്മളനിതാരപ്പ എന്ന മട്ടില്‍ അവരെല്ലാവരുമെന്നെ തുറിച്ച് നോക്കിയേക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടു. എല്ലാ കണ്ണുകളും കൂരമ്പുകള്‍ പോലെ എന്നിൽ മാത്രം കേന്ദ്രീകരിക്കുന്ന അതിഭയങ്കരമായ അവസ്ഥ.
കെട്ടിടത്തിന്റെ മുന്‍വശത്തു നിന്നും നോക്കിയാല്‍ കാണുന്ന കമനീയമായ ആർച്ചുകൾക്കപ്പുറത്താണ് ആ വരാന്തയും, മുറികളുമുള്ളത്. അവിടെ വാര്യര്‍ ടീച്ചറുടെ ടെെപ്പ് റെെറ്റിംഗ് സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നു. ടീച്ചറുടെ വിദ്യാര്‍ത്ഥികള്‍ കൂട്ടമായിരുന്ന് വാദ്യക്കാരെപ്പോലെ വാക്കുകൾ ഒരേതാളത്തിലിരുന്ന് ആഞ്ഞടിക്കുന്നതിനാലാണ് അതൊരു വലിയ ശബ്ദമായി പുറത്തേക്ക് പ്രവഹിച്ചിരുന്നതെന്ന് ഞാൻ പിന്നീട് മനസ്സിലാക്കി. ആ വിദ്യാർത്ഥികളിൽ ചിലർ ഗോവണിയിലൂടെ കയറി പോകുന്നതും ഇറങ്ങി വരുന്നതുമൊക്കെ കാണുമ്പോള്‍... ഒരിക്കല്‍ ഞാനുമവിടെ ചേര്‍ന്നത് പഠിച്ചിരിക്കുമെന്ന് മനസ്സിലുറപ്പിച്ചു. കെട്ടിടത്തിന്റെ നേരെ മുന്‍വശത്തുള്ള റോഡിനു മറുവശം ചെന്നു നിന്നാലാണ് അവിടുത്തെ കഴ്ച്ചകൾ ഒന്നുകൂടി വ്യക്തമായി കാണാൻ സാധിക്കുക. തൂവെള്ള കുമ്മായമിട്ട് മിനുസപ്പെടുത്തിയ വലിയ വെട്ടുകൽ ചുമരുകളും, ചതുരാകൃതിയിലുള്ള വലിയ തടിയന്‍ തൂണുകളും, തൂണുകൾക്ക് മുകളിലെ ദീര്‍ഘ വൃത്താകൃതിയിലുള്ള ആർച്ചുകളുമൊക്കെ കണ്ടാൽ ഇതേതോ ചരിത്രമുറങ്ങുന്ന മഹാമന്ദിരമാണന്നാണ് തോന്നിപ്പോകും. ഒരുപക്ഷേ, അനേകം കാലത്തെ കഥകൾ അതിനും പറയാനുണ്ടാകും. തിരക്കുപിടിച്ചൊരു പ്രവര്‍ത്തി ദിനത്തിന്റെ സജീവത അവിടെ കാണാൻ കഴിയും.
ഞാൻ നേരത്തെ പറഞ്ഞ ആ മരഗോവണിയുടെ തൊട്ടടുത്താണ് തകര ഷീറ്റ് മേഞ്ഞൊരു താല്‍ക്കാലിക ഒറ്റമുറി ഷെഡുള്ളത്. അതിനകത്ത് അയലിൽ നീർത്തി വെച്ച ഏതാനും വസ്ത്രങ്ങൾ, വിരിച്ചു വെച്ച പുൽ പായ, മൂലയിൽ അടുക്കി പെറുക്കിവച്ച പാത്രങ്ങൾ, മടക്കി വെച്ച ഏതാനും കാലി ചാക്കുകൾ എന്നിവ കാണാം. ചിലപ്പോഴൊക്കെ അതിനകത്ത് ആളനക്കം കേൾക്കാം. തമിഴ് നാട്ടിൽ നിന്നും നാട്ടിലേക്ക് തൊഴിലെടുക്കാൻ കുടിയേറിയ ഏതാനും അണ്ണന്മാരുടെ പാർപ്പിട കേന്ദ്രമായിരുന്നു അത്. അണ്ണൻ എന്നാൽ തമിഴ് ഭാഷയിൽ ഏട്ടൻ എന്നാണര്‍ത്ഥം. അല്ലെങ്കിൽ, ബഹുമാനം സൂചിപ്പിക്കുന്ന ഒരു വാക്യം. തമിഴ് നാട്ടില്‍ നിന്നും കുടിയേറിയത് കാരണം അവരും 'അണ്ണൻ' എന്ന് വിളിക്കപ്പെട്ടത് യാദൃശ്ചികമാകാൻ വഴിയില്ല. കാൽമുട്ട് വളച്ചിരുന്ന് രണ്ട് കെെകളും അതിൽ നീട്ടി നിവര്‍ത്തിവച്ച് നിരവ്വികാരരായി എന്തോ ചിന്തിച്ചെന്നോണം അവരവിടെ ചടഞ്ഞിരിക്കുന്നത് കാണുമ്പോൾ അവരുടെ മനസ്സിനകത്തെ സംഘർഷങ്ങൾ വായിച്ചെടുക്കാൻ കഴിയുന്നു. ഒരുപക്ഷേ, അവർ തങ്ങളുടെ നാട്ടിലെ വറുതിയുടെ നാളുകളെ കുറിച്ചോർക്കുന്നതാകാം. അല്ലെങ്കിൽ, ഭാര്യയേയോ മക്കളേയോ അച്ചനമ്മമാരേയോ ഓർത്ത് മനസ്സാൽ വിതുമ്പുന്നതുമാകാം. അതുമല്ലങ്കിൽ, അതി കഠിനമായ ജോലിക്കിടയിലെ മടുപ്പിക്കുന്ന ഒരു ഒഴിവു സമയമായത്തെ വെറുതെയിരുന്ന് കൊല്ലുന്നതുമാകാം. എന്തായാലും, പരമ പാവങ്ങളാണാ മനുഷ്യര്‍. ദിവസകൂലിക്കായി കഠിനാധ്വാനം ചെയ്യുന്ന അത്യധ്വാനികൾ.
പീടിക തിണ്ണകളിലും, ജോലി സ്ഥലങ്ങളിലും മറ്റും ബീഡിയും വലിച്ച് തമിഴ് ഭാഷയുടെ ജനിതക രീതിയായ നീട്ടലും വലിക്കലുമൊക്കെയായി വാതോരാതെ സംസാരിക്കുന്ന അണ്ണൻമാരെ പലപ്പോഴും ഞാന്‍ കാണാറുണ്ടങ്കിലും, അവരുടെ ചിരിക്കുന്ന മുഖം വളരെ അപൂർവ്വമായി മാത്രമാണ് ഞാൻ കാണ്ടിട്ടുള്ളത്. ഒരു വല്ലാത്ത ദുഃഖം ഏത് നേരവും അവരുടെ മുഖത്ത് നിഴലിച്ചു നില്‍ക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. എത്ര കഠിനമായ ജോലിയും വളരെ അച്ചടക്കത്തോടേയും വൃത്തിയായും ചെയ്ത് വരുന്ന അവരുടെ തൊഴിലിനോടുള്ള ആത്മാര്‍ത്ഥത വലിയ അളവിലെന്നെ സ്വാധീനിച്ച ഖടകമാണ്. ഒരിക്കൽ വീട്ടിൽ വിറക് കീറാന്‍ വന്ന മേടിയണ്ണൻ കനത്ത മഴയെ വകവെക്കാതെ ജോലിയെടുക്കുന്നത് വീടിനുള്ളിൽ നിന്നും അത്ഭുതത്തോടെ ഞാന്‍ നോക്കിയിരുന്നിട്ടുണ്ട്. കോരി ചൊരിയുന്ന ആ മഴയത്തയാൾ വിറകിലാഞ്ഞാഞ്ഞ് വെട്ടിക്കൊണ്ടിരുന്നു. ഏത് നേരത്തും എന്തും കഴിക്കാൻ തയ്യാറാകുന്നവരും കൂടിയാണവർ. പണ്ട്, തറവാട്ടു വീട്ടില്‍ പണിക്ക് വന്ന ശ്രീനിയണ്ണൻ ഉമ്മ നല്‍കിയ തലേദിവസത്തെ പഴംകഞ്ഞിയിൽ കുമ്പളംകറി ഒഴിച്ച് രുചിയോടെ കഴിക്കുന്നത് ഞാനങ്ങനെ ആശ്ചര്യത്തോടെ നോക്കി നിന്നതോർക്കുന്നു.
റോഡ് മുറിച്ച് കടന്ന് സ്കൂളിന്റെ ഏകദേശം സമീപത്തെത്തിയാൽ അടുത്ത കാഴ്ച്ച ഒരു ചെറിയ പെട്ടികടയുടേതാണ്. മഴക്കാലങ്ങളിൽ വെള്ളം കുത്തിയൊലിച്ച് പോകുന്ന ഓവുചാലിന് മുകളിൽ ഉയർത്തി സ്ഥാപിച്ചിരിക്കുന്ന ഒരു വലിയ മരപെട്ടിയിലാണത് പ്രവര്‍ത്തിച്ചുവന്നിരുന്നത്. ചായ, എണ്ണ പലഹാരങ്ങൾ, മുറുക്കല്‍, പത്രമാധ്യമങ്ങൾ, പ്രസിദ്ധീകരണങ്ങള്‍. പിന്നെ നാനാജാതി മിഠായികളുമൊക്കെയാണ് അവിടുത്തെ പ്രധാന ആകര്‍ഷണം. അപ്പുണ്ണിയേട്ടൻ എന്നാണ് അവിടുത്തെ കച്ചവടക്കാരന്റെ പേര്. അദ്ദേഹവും മകൻ മോഹന്‍ദാസുമാണാ കടയെ മുന്നോട്ട് കൊണ്ട് പോകുന്നത്.
ചില ദിവസങ്ങളില്‍ പ്രയാസപ്പെട്ട് ചതിക്കി നടന്ന് നീങ്ങുന്ന അപ്പുണ്ണിയേട്ടനെ ഞാൻ വഴിയില്‍ കണ്ടുമുട്ടാറുണ്ട്. ആ നടത്തം കണ്ടാലറിയാം അദ്ദേഹത്തിന്റെ കാലിൽ വലിയ എന്തോ പരിക്കുണ്ടന്നും അതിന്റെ ഒട്ടുവലിയ വേദന സഹിച്ചാണ് ആ നടത്തമെന്നും. അപ്പുണ്ണിയേട്ടന്റെ മറ്റൊരു മകനായ സന്തോഷ് എന്റെ സഹപാഠിയാണ്. അവനെ കാണുമ്പോളെനിക്ക് വല്ലാത്ത അസൂയ തോന്നാറുണ്ട്. കാരണം, ആ മിഠായി ഭരണികളിൽ ഏതിൽ വേണമെങ്കിലും തരം പോലെയവന് കൈയിടാമല്ലോ... ഭാഗ്യവാന്‍. എങ്കിലും, തന്റെ പിതാവിനൊരു മിഠായി കടയുണ്ട് എന്നൊന്നും തോന്നിപ്പിക്കുമാറ് ഏത് നേരവും ചവച്ചരച്ച് നടക്കുന്ന ഒരു കഴ്ചയൊന്നും അവനിൽ ഞാന്‍ കണാറുണ്ടായിരുന്നില്ല. എങ്കിലും, അവനതിനുള്ള സര്‍വ്വ സ്വതന്ത്രവുമുണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ വല്ലാത്തൊരു അസൂയ അവനോടെനിക്ക് തോന്നാതിരിക്കുന്നതെങ്ങനെ. പുളിയച്ചാർ, ജ്യോതി അച്ചാർ, കട്ച്ചപർച്ചി, പഞ്ഞി മുട്ടായി തുടങ്ങി വിവിദ വര്‍ണ്ണങ്ങളിലും രുചിയിലുമുള്ള അനേകം മിഠായികൾ നിരത്തിവച്ച ആ ഭരണികളെ നോക്കി സ്വയം നിയന്ത്രിക്കാൻ ഞാന്‍ വീണ്ടും പാടുപെടും. ആ പെട്ടിക്കടയുടെ സമീപത്ത് വെറ്റില മുറുക്കികൊണ്ട് അലസരായിരിക്കുന്ന ചില ആളുകളെ കാണാം. പച്ചവെറ്റിലയിൽ വെളുത്ത ചുണ്ണാമ്പ് തേച്ച്, അതിൽ പുകയില വെച്ച് ചവച്ച് കഴിഞ്ഞ് 'ത്ഫൂ...' എന്ന് നീട്ടി തുപ്പുമ്പോൾ വായില്‍ നിന്നും ചുവന്നൊരു ദ്രാവകം പുറത്ത് വരുന്ന അത്ഭുദകരമായ കാഴ്ച്ച എന്നിൽ വലിയ കൗതുകം ജനിപ്പിച്ചിരുന്നു. അങ്ങനെ ഒരിക്കല്‍ വീട്ടില്‍ ചെന്ന് ഉമ്മമ്മയുടെ ചെല്ലപ്പെട്ടി മോഷ്ടിച്ചതൊന്ന് പരീക്ഷിക്കാൻ തന്നെ ഞാന്‍ തീരുമാനിച്ചു. പരീക്ഷണത്തിനൊടുക്കം ചുണ്ടും നാവും പൊള്ളിയതു മാത്രമാണ് മിച്ചമായത്.
കൈയിൽ കാശ് വല്ലതുമുണ്ടങ്കിൽ ആ പെട്ടി കടയില്‍ നിന്നും അല്‍പ്പം മിഠായി വാങ്ങി വായിലിട്ട് പിന്നെ പോകുക അതിന്റെ സമീപത്തുതന്നെയുള്ളൊരു ബേങ്ക് മുറ്റത്തേക്കാണ്. ആ സഹകരണ ബാങ്കിന്റെ മുറ്റത്തെ പടുകൂറ്റന്‍ ബദാം മരത്തിന്റെ തണലിലേക്ക്. ബാങ്കുമായി ബന്ധപ്പെട്ട എഴുത്ത് കുത്തുകളും കത്ത് കവറുകളും പിന്നെ എന്തക്കയോ പേപ്പറുകളും മറ്റുമൊക്കെ കുനുകുനാന്ന് കൊണ്ടിടുന്ന ഒരിടമായിരുന്നു അത്.
തനി മാലിന്യ കൂമ്പാരം...
അവിടെ പേപ്പർ കൂട്ടങ്ങൾക്കിടയിൽ എന്നെ കാത്ത് കുറച്ചാളുകളുണ്ടാകും. ഗാന്ധിജി, അംബേദ്കർ, നഹ്രു, ഇന്ദിര തുടങ്ങിയ അനേകം ദേശീയ നേതാക്കളും പിന്നെ ചില ദേശീയ മന്ദിരങ്ങളും. ബാങ്കിൽ നിന്നും കൊണ്ടിടുന്ന കത്ത് കവറുകളിൽ പതിപ്പിച്ചിരിക്കുന്ന സ്റ്റാമ്പിലായിരുന്നു അവരുണ്ടായിരുന്നത്. ഒരുപക്ഷേ, കണ്ണീരിന്റെ ഉപ്പ് രസമുള്ള കത്തുകളായിരിക്കാം അതൊക്കെ. സാമ്പത്തിക പ്രയാസങ്ങള്‍ വല്ലാതെ അലട്ടുമ്പോൾ ബാങ്കിൽ ചെന്ന് പണം കടം വാങ്ങിക്കുന്നവർക്ക് അവരുടെ തവണകൾ തെറ്റിക്കുമ്പോൾ ലഭിക്കുന്ന മുന്നറിയിപ്പുകത്തുകളും അതിലുണ്ടായിരിക്കാം. പണയം വെച്ച വീടിന്റേയോ, സ്വര്‍ണ്ണ ഉരുപ്പടിയുടേയോ... ലേലം നോട്ടീസ്, ലേലം ചെയ്തതായുള്ള അറിയിപ്പ് തുടങ്ങിയവയും അതിൽ കാണുമായിരിക്കും. എന്നിരുന്നാലും, മനുഷ്യരുടെ ഒരുപിടി സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകൾക്കും വിരാമമിട്ട്... നെട്ടോട്ടങ്ങളുടെ നാളുകളവര്‍ക്ക് സമ്മാനിച്ച ആ കത്തുകളിൽ നിന്നും അവയുടെ അര്‍ത്ഥവും വ്യാപ്തിയുമറിയാതെ ഞാനാ സ്റ്റാമ്പുകളെ ക്രൂരമായി പിഴുതെടുത്ത് വന്നു. ഒരു കത്ത് കവറിൽ തന്നെ അനേകം സ്റ്റാമ്പുകളുണ്ടാകും. വലിയ വട്ടത്തിലുള്ള കറുപ്പ് സീൽ മഷി പതിഞ്ഞ ആ സ്റ്റാമ്പുകളെ പതിയെ അതിൽ നിന്നും അടര്‍ത്തി മറ്റി ഞാനെന്റെ ബാഗിൽ നിറക്കും. യാഥാര്‍ത്ഥത്തിൽ, വെെവിദ്യമാർന്ന നിറത്തിലും ഭാവത്തിലുമുള്ള സ്റ്റാമ്പുകളാണ് ഒരു ഫിലാറ്റലി ബുക്കിന്റെ അഴക് എന്നെനിക്കറിയാം. എന്നാൽ, കിട്ടുന്നതത്രയും ഒരേ നിറത്തിലും രൂപത്തിലുമുള്ളതായതിനാൽ ഒരു ചടങ്ങ് പോലെയാണ് ഞാനാ പ്രവര്‍ത്തി ചെയതു വന്നിരുന്നത്.
ബദാം ചുവട്ടിൽ നിന്നും റോഡിലേക്കു കയറി നേരെ പോയാൽ സ്കൂളിന്റെ വാപൊളിച്ചു നില്‍ക്കുന്ന വലിയ ഇരുമ്പ് ഗയിറ്റിനു മുന്നിലിണ് എത്തിച്ചേരുക. കവാടത്തിനപ്പുറം അതിവിശാലമായ മെെതാനത്തിന്റെ അങ്ങേതലക്കലാണ് എന്റെ സ്കൂൾ. എന്നാൽ, മറ്റൊരു പാതയിലൂടെ വായനശാല വഴിയാണ് ഞാൻ പോവുക. പൊതുവെ എപ്പോഴും അടഞ്ഞു കിടക്കുന്ന പഞ്ചായത്തിലെ ഒരു പ്രധാന കെട്ടിടമാണീ വായനശാല. സിമന്റ് വിരിച്ച മുറ്റത്തിന് ചുറ്റും മതിലിനു സമാന്തരമായി നിർമ്മിച്ച കോൺക്രീറ്റ് ഇരിപ്പിടങ്ങളും തണൽ നൽകികൊണ്ട് ധാരാളം ചീനി മരങ്ങളും അവിടെ ഉണ്ടായിരുന്നു. പുറം ചുമരിൽ മഞ്ഞ പശ്ചാത്തലത്തിലെഴുതിയ 'പൊതുജന വായനശാല' എന്ന എഴുത്ത് മാത്രമാണ് അതൊരു വായനശാലയാണ് എന്നുള്ളതിന് ആകെയുള്ള തെളിവ്. ആ വാക്കിനെ അന്വർത്ഥമാക്കും വിധം... നിരത്തിവച്ച അലമാരകളിൽ നിറയെ വിഷയം തിരിച്ച് മനോഹരമായി അടുക്കി വച്ച പുസ്തകങ്ങളും... ചുമരിൽ തറച്ച സ്റ്റാന്‍ഡിൽ അഭിമാന പുരസരം തലയുയർത്തി നില്‍ക്കുന്ന ട്രോഫികളും മെഡലുകളും... പിന്നെ ചില്ലിട്ടുവച്ച മഹാന്മാരുടെ അർത്ഥകായ ചിത്രങ്ങളുമൊക്കെയാണ് അതിനകത്തെന്നാണ് ഞാനന്ന് കരുതിപ്പോന്നിരുന്നത്. അനേകം വായന പ്രിയർ അതിനകത്തെ പ്രഢമായ മേശകൾക്കു ചുറ്റുമിരുന്ന് നിശ്ശബ്ദമായി പുസ്തകങ്ങൾ പാരായണം ചെയതിരിപ്പുണ്ടാകാമെന്നും... ചിലർ കൂലങ്കഷമായ ചര്‍ച്ചകളിൽ മുഴുകിയിരിപ്പുണ്ടാകമെന്നും ഞാൻ കരുതിപ്പോന്നിരുന്നു. എന്നാൽ, യാഥാര്‍ത്ഥ്യം മറ്റൊന്നാണെന്ന കാര്യം പിന്നീട് കുറേ കാലങ്ങൾക്ക് ശേഷമാണ് ഞാന്‍ മനസ്സിലാക്കിയത്. എങ്കിലും, ലെെബ്രറി പുസ്തകങ്ങടോള്ള എന്റെ അടങ്ങാത്ത അഭിനിവേശത്തിന്റെ തുടക്കം ആ വായനശാലയുടെ മുറ്റത്ത് നിന്നായിരുന്നു എന്നുള്ളത് നഗ്നമായൊരു സത്യമാണ്. കാരണം, ഒരു വിജ്ഞാനത്തിന്റെ സുഗന്ധം എനിക്കെപ്പോഴുമവിടെ നിന്നുമനുഭവപ്പെട്ടിരുന്നു.
മുറ്റത്തിന്റെ ഒരു ഭാഗത്തെ നിരത്തി സ്ഥാപിച്ച കോൺക്രീറ്റ് ഇരിപ്പിടങ്ങളിലേക്ക് ചീനി മര കൊമ്പുകളിലൂടെ ഞാനാദ്യം കയറും. പിന്നെ മതിലിലേക്ക് അള്ളിപ്പിടിച്ച് വലിഞ്ഞ് കയറി അതിലൂടെ നേരെ നടക്കും. മതിലിന്റെ വലതുഭാഗത്ത് ഗ്രന്ഥശേഖരണമില്ലാത്ത ഗ്രന്ഥാലയവും ഇടതു ഭാഗത്ത് കാടുപിടിച്ചു കിടക്കുന്ന ചുങ്കം പ്രദേശത്തിന്റെ പഴയ കാല ചന്തയുമാണുള്ളത്. അവിടെ ചില കെട്ടിടാവശിഷ്ടങ്ങളൊക്കെ കാണാൻ കഴിയും. ഒരു കാലത്ത് സജീവമായിരുന്ന ആ ചന്തയുടെ ബാക്കിപത്രങ്ങളാണതൊക്കെ. നിറയെ കച്ചവടക്കാരും നാട്ടുകാരും വന്നണഞ്ഞിരുന്ന അതീവ നിരക്കുള്ള ഒരു സ്ഥലമായിരുന്നു ഒരു കാലത്തീ ചന്ത. ഇന്ന് കച്ചവടം കോൺക്രീറ്റ് തണലിന്റെ സുരക്ഷയിലേക്ക് മാറ്റിയതോടെ അന്യം നിന്നുപോയത് ഇത്തരം ഗതകാല സ്മരണകള്‍ ഉയർത്തിവിടുന്ന ഗ്രാമീണ വിശുദ്ധിയുടെ അടയാളങ്ങളാണ്. അതിനു സമീപമെത്തിയാൽ കച്ചവടക്കാരും നാട്ടുകാരും വന്നണഞ്ഞ് പൊടിപാറുന്ന കച്ചവടം നടന്നിരുന്ന അക്കാലത്തെ വെറുതെ മനസ്സിലേക്കാവഹിക്കാൻ ഞാന്‍ ശ്രമിക്കാറുണ്ട്. ഇടിഞ്ഞു വീണു കിടക്കുന്ന അവിടുത്തെ ആ പഴയ ചന്ത കെട്ടിടത്തിലേക്ക് വെറുതെ ഞാനൊന്ന് എത്തിനോക്കും. ചരിത്രം നടന്നു നീങ്ങിയ വഴിത്താരകള്‍ കാണുമ്പോൾ അത്ഭുതത്തോടെ അതിനെ നോക്കിയിരുന്നാസ്വദിക്കുന്ന എന്റെ ഒരു സവിശേഷ ശീലം തുടക്കമിട്ടത് ഒരുപക്ഷേ അന്നവിടെ നിന്നുമായിരിക്കാം എന്ന് ഞാന്‍ കരുതുന്നു.
തടിച്ച് കുള്ളനായ ഒരാള്‍ എല്ലാ തിങ്കളാഴ്ചയും ഒരു ചടങ്ങിനെന്നപോലെ അവിടെ കുറേ വെറ്റില കൊടികളുമായി വന്നിരിക്കുന്നത് ഞാൻ അക്കാലത്ത് കണ്ടിട്ടുണ്ട്. മുരിഞ്ഞ് കത്തുന്ന മണ്ണണ്ണ വിളക്കിന്റെ ഓറഞ്ച് പ്രകാശത്തിൽ അയാൾ എന്തക്കെയോ തമാശകൾ പറഞ്ഞ് അട്ടഹസിച്ച് ചിരിക്കുന്നത് കാണാം. സന്ധ്യക്കു ശേഷം വെറ്റില വാങ്ങിക്കാൻ ഉമ്മമ്മ ചില്ലറ തുട്ടുകളുമായി എന്നെ അങ്ങോട്ടയക്കും. എന്റെ ഊഴമെത്തുമ്പോൾ മൂന്ന് രൂപ നല്‍കി കുറച്ച് വെറ്റിലയും ചെറിയൊരു പുകയില കഷണവും ഞാൻ പറയും. ഒരു യന്ത്രം കണക്കെ വേഗത്തിൽ അതെടുത്ത് പത്ര കടലാസ്സില്‍ പൊതിഞ്ഞ് നല്‍കുമ്പോള്‍ എന്തൊക്കെയോ അയാൾ എന്നോടും ചോദിക്കും. പിന്നെ ചിരിക്കും. ഞാൻ അതിനൊക്കെ എന്തെല്ലാമോ മറുപടിയും നല്‍കും. അയാൾ വീണ്ടും ഉറക്കെ ചിരിക്കും.
മതിലിനു മുകളിലൂടെയുള്ള ആ വഴിയില്ല വഴി അവസാനിക്കുന്നത് സ്കൂൾ വക അതിവിശാലമായ മെെതാനത്തിന്റെ ഒത്ത നടുഭാഗത്തേക്കാണ്. സ്കൂളിലെത്തുമ്പോൾ മെെതാനത്തെ കാഴ്ചകൾ രസകരമായിരിക്കും. അവിടെ നിറയെ എന്റെ കൂട്ടുകാർ ഓടിച്ചാടി നടക്കുന്നത് മാത്രമാകും കാഴ്ച്ച. അവരിലൊരാളായി ഞാനും അവരുടെ കൂടെ കൂടും.
ഒരു തികഞ്ഞ കാൽപന്ത് കളിക്കാരനെപ്പോലെ പന്തിനു പിന്നാലെ മിന്നൽ വേഗത്തിൽ പായുന്ന കറുത്ത മുത്ത് സുകുവിന്റെ കൂടെ ഒപ്പമെത്താൻ ഞങ്ങൾ മത്സരിക്കും... ബിൻസി ടീച്ചറുടെ മകനും ക്ലാസ്സില്‍ സമര്‍ത്ഥനുമായ ബൈസിൽ ഏലിയാസിന്റെ വാചകമടിയിൽ ഞങ്ങള്‍ ലയിക്കും... ശക്തിമാൻ കഥകളുടെ പ്രചാരകനായ ഫവാസിന്റെ തലേ ദിവസത്തെ എപ്പിസോഡിലെ സംസാരത്തിന്റെ കേള്‍വിക്കാരനാകും... സ്കൂളിനു പിറകിലെ മരത്തിലെ തണ്ടുകൾ കൂട്ടികെട്ടിയുണ്ടാക്കിയ ചൂലുകൊണ്ട് പെണ്‍കുട്ടികള്‍ ചെയ്യുന്നത് പോലെ അവിടെയാകെ അടിച്ചുവാരി വൃത്തിയാക്കാൻ ശ്രമിക്കും... സ്കൂളിന്റെ ഒരു ഭാഗത്ത് കൂനെ കൊണ്ടിട്ട പൊട്ടി പൊളിഞ്ഞ ഓട് കഷ്ണങ്ങൾകൊണ്ട് പെൻസിലുണ്ടാക്കുന്നവരുടെ കൂടെയും കൂടും... സ്കൂളിന്റെ ചുമരിലേക്ക് ആഞ്ഞെറിഞ്ഞുള്ള കോട്ടിക്കളി കളിക്കും.... ആ കളിയുടെ ഒടുവിൽ ചിലപ്പോൾ ഒന്നോ രണ്ടോ കോട്ടികൾ ലാഭം കിട്ടിയെന്നിരിക്കും. ചിലപ്പോൾ, കയ്യിലുള്ളത് മുഴുവനും നശ്ടമായെന്നും വരും. എങ്കിലും, കോട്ടികളിയിലെ അന്താരാശ്ട്ര നിയമം പോലെ ഞങ്ങളാനിയമം അണുവിണ വിടാതെ നിലനിര്‍ത്തി വന്നിരുന്നു.
ജയിക്കുന്നവന് അവനർഹമായത് നൽകുവാനും തോൽക്കുന്നവന് നഷ്ടം സഹിക്കുവാനുമുള്ള മനസ്സ്...
കള്ളനും പോലീസും കളിയിൽ സ്ഥിരമായി കള്ളനാകുന്ന ഒരു സുഹൃത്തുണ്ടായിരുന്നു എനിക്കന്നവിടെ. അവനെ പിടിക്കാൻ നെട്ടോട്ടമോടുന്ന ഞങ്ങൾ 'പോലീസുകാർ' ഒടുവിൽ സുല്ലുപറഞ്ഞ് ക്ലാസിലേക്ക് മടങ്ങുമ്പോൾ ഒരധോലോക നായകനെപ്പോലെ ഞങ്ങളെ കളിയാക്കി ചിരിച്ചു കൊണ്ടവൻ ക്ലാസ്സിന്റെ ഉമ്മറ പടിയില്‍ നില്‍ക്കുന്നത് കാണുമ്പോൾ 'നീ എവിടെ ആയിരുന്നു ഇത്ര നേരം മറഞ്ഞ് നിന്നിരുന്നത്' എന്നവനോടെ ഞാന്‍ അദ്ഭുതത്തോടെ ചോദിച്ചു കൊണ്ടിരുന്നതോർക്കുന്നു. ഒടുവിൽ അന്നത്തെ അദ്ധ്യായന ദിനം അവിടെ തുടങ്ങുകയായി.
ശുഭം...