Monday, 3 May 2021

റൂഹ് അഫ്സ

പണ്ടൊരിക്കൽ... ഉപ്പ ഗൾഫിൽ നിന്നും ലീവിന് വന്നപ്പോൾ കടും റോസ് നിറത്തിലുള്ളൊരു പാനീയം നിറഞ്ഞ മനോഹരമായൊരു കുപ്പി കൊണ്ടു വന്നതോർക്കുന്നു. കുപ്പിയുടെ പ്രൗഢമായ ആകാരം കാണുമ്പോൾ അതൊരു മദ്യകുപ്പിപോലെ തോന്നിക്കുന്നതുകൊണ്ടും... അതിലെ പാനീയം പരിചിതമായ വര്‍ണ്ണങ്ങളിൽ നിന്ന് അല്‍പ്പം വ്യതിരിക്തമായി നില്‍ക്കുന്നത് കൊണ്ടും അതൊരു മദ്യകുപ്പിയാണോ എന്ന സന്ദേഹം ഞങ്ങൾ കുട്ടികളില്‍ വന്നുകൂടി. എന്തായാലും കാര്യം ഉപ്പയോട് തന്നെ ചോദിച്ചുറപ്പിക്കാൻ തീരുമാനിച്ച് ഞങ്ങളദ്ദേഹത്തോട് കാര്യമാരാഞ്ഞു.

"അതേ... അത് നല്ല സ്വയമ്പൻ കള്ളും കുപ്പി തന്നാ അത്... എന്ത്യേ..." ഉപ്പാ ചിരിച്ചുകൊണ്ടാണ് ഞങ്ങൾക്കുത്തരം നല്‍കിയത്.

ആ ചിരിയില്‍ ഞങ്ങള്‍ക്കൊരു ചെറിയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും കുപ്പിയെ വീണ്ടും ഉയർത്തി കണ്ടപ്പോൾ ആ ഉള്ള പ്രതീക്ഷയും നഷ്ടമായി. സംഗതി സത്യം. സാധനം കള്ളുകുപ്പി തന്നെ.

നല്ല വിദേശ മദ്യം...

പടച്ച റബ്ബുൽ ആലഅമീനായ തമ്പുരാനെ... ഞങ്ങളുടെ ഉപ്പാ ഒരു കള്ളുകുടിയനാണോ... കള്ളുകുടിച്ച് ഭാര്യയേയും മക്കളേയും ഉപദ്രവിച്ചു നടക്കുന്ന അങ്ങ്യേപ്പുറത്തെ വീട്ടിലെ ഏട്ടന്റെ പോലെതന്നെ ആയിരിക്കുമോ ഈ സംഗതി അകത്ത് ചെന്നാൽ ഞങ്ങളുടെ പ്രിയങ്കരനായ ബാപ്പയും. ഭാര്യയെ അടിക്കുക, തൊഴിക്കുക, മുടി കൂട്ടിപിടിച്ച് കറക്കുക, കുട്ടികളെ തള്ളി മാറ്റി അവരുടെ പുസ്തകങ്ങൾ എടുത്തെറിയുക, വീടിനകത്തും മുറ്റത്തുമെന്നുവേണ്ട സകലയിടങ്ങളിലും വാളുവെച്ച് നാശകകോശമാക്കുക എന്നിത്യാദി സുന്ദരൻ പരിപാടികൾ ഉപ്പയും ചെയ്യുയിരിക്കും.

ഞങ്ങളാകെക്കൂടി അസ്വസ്ഥമായി.

എന്തായാലും, ഉപ്പയുടെ പെട്ടിയില്‍ കണ്ട ആ പുതിയ സംഗതിയെക്കുറിച്ചുള്ള കഥ ഓടിച്ചെന്നുമ്മയോട് പറഞ്ഞതു വരെ മാത്രമേ ആ ഉള്ളുലക്കുന്ന നുണക്ക് ആയുസ്സുണ്ടായതള്ളൂ എന്ന് ആശ്വാസത്തോടെ ഞാനിപ്പോളോര്‍ക്കുന്നു. അന്ന് ഞങ്ങള്‍ക്ക് പിറകെ ഉപ്പയും ഓടി വന്നുമ്മയോട് പറഞ്ഞു...

"എന്റെ പൊന്നാര ബീവി... ആ മണുങ്ങൂസുകൾ പറയുന്നത് വിശ്വസിക്കല്ലേ... അത് കള്ളുമല്ല... കഞ്ചാവുമല്ല. റൂഹ് അഫ്‌സയാണ്... അതി വിശിഷ്ടമായ റൂഹ് അഫ്‌സ..."

പാകിസ്ഥാനിൽ നിർമ്മിച്ചു വരുന്ന മധുരമുള്ളൊരു മുഹബ്ബത്തിന്റെ സല്‍ക്കാര വെള്ളമാണത്രെ അത്. ലോകം മുഴുവനുമിത് ലക്കും ലഗാനുമില്ലാതെ ഉപയോഗിച്ച് വരുന്നു... ഈ നാടൊഴിച്ച്.

അങ്ങനെ കുപ്പി തുറന്നു. ഒരു പ്രത്യേക തരം വാസനാ വെള്ളം. ഉള്ളം കൈയിൽ അല്‍പ്പമൊഴിച്ച് രുചിച്ച് നോക്കി. നല്ല കടും മധുരം... ഇതുവരേക്കും രുചിച്ചിട്ടില്ലാത്തൊരു സ്വാദുപോലെ തോന്നുന്നു. പിന്നീട്, ഉപ്പ തന്നെ മുന്‍കയ്യെടുത്ത് അതുകൊണ്ടെന്തല്ലാമോ ഉണ്ടാക്കി നല്‍കി. പാലില്‍ ചേര്‍ത്ത് മിക്സിയിലിട്ടടിച്ചും. വെറും വെള്ളത്തിൽ ചേര്‍ത്തും... അങ്ങനെ അനേകം വകഭേദങ്ങൾ. പക്ഷേ, സത്യം പറഞ്ഞാൽ ഒന്നും തന്നെ വായിൽ വെക്കാൻ കൊള്ളില്ലായിരുന്നു. വീട്ടിലെ മറ്റുള്ളവരുടെ റൂഹ് അഫ്‌സയുമായുള്ള ഇഷ്ടക്കേട് എന്താണന്ന് ഈയുള്ളവനറിവില്ലെങ്കിലും എന്റെ പ്രശ്‌നം മറ്റൊന്നായിരുന്നു...

കഫം പുടവയുടെ ഗന്ധത്തെ മനസ്സിലേക്ക് കൊണ്ട് വരുന്നൊരു പാനീയമായിരുന്നു അത്. അഥവാ, മരണ വീടുകളില്‍ മയ്യത്തിനെ കുളിപ്പിച്ച ശേഷം പുരട്ടുന്നൊരു ലേപനത്തിന്റെ ഗന്ധം റൂഹ് അഫ്‌സയുമായി വലിയ സാമ്യത കാത്തു സൂക്ഷിക്കുന്നുണ്ട് എന്നതിനാലായിരുന്നു ഞാനാ പാനീയത്തിന്റെ വഴിക്ക് പോകാതിരുന്നത്. എങ്കിലും, 'പാകിസ്താന്‍' എന്ന് ഉറുദുവിലും ഇംഗ്ലീഷിലും കൊത്തിവച്ചിരിക്കുന്ന സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള അതിന്റെ കോര്‍ക്കും, മനോഹരമായ ചിത്രവേലകള്‍ നിറഞ്ഞ സ്ഫടിക പ്രതലത്തിൽ ഒട്ടിച്ചു ചേര്‍ത്ത പുരാരേഖ പോലെ തോന്നിപ്പിക്കുന്ന അതിന്റെ പേരും, കുപ്പിക്കുള്ളിലെ റോസ് നിറമാർന്ന ആ വഴുവഴുത്ത ദ്രാവകവും എന്നെ ഏറെ ആകര്‍ഷിച്ചിരുന്നു എന്നെനിക്ക് പറയാതിരിക്കാന്‍ കഴിയില്ല. ഞാനത് ഇടക്കിടെ എടുത്ത് കുലുക്കി നോക്കും. തിരിച്ചും മറിച്ചുമതിനെ പരിശോധിക്കും, ഉണ്ടാക്കിയ വര്‍ഷം, സ്ഥലം, അതിലടങ്ങിയിരിക്കുന്ന അസംസ്കൃത വസ്തുക്കളുടെ പേരു വിവരങ്ങൾ തുടങ്ങിയവ വെറുതെ വായിച്ചു നോക്കും.

അങ്ങനെ ആരോപണങ്ങളുടെ കൂരമ്പുകളേറ്റ് തകർന്ന ആ കുപ്പി ഒരധകൃതനെപ്പോലെ കുറേ കാലം സ്റ്റോറൂമിലെ അലമാരക്കകത്ത് തന്നെ പൊടിപിടിച്ചു കിടന്നു. പിന്നീട്, എവിടെയോ അത് നഷ്ടമായെന്നാണെന്റെ ഓര്‍മ്മ. ഒരുപക്ഷേ, ആരുമത് ഉപയോഗിക്കുന്നത് കാണാതായപ്പോൾ ഞാൻ തന്നെ അതെടുത്ത് പുറത്ത്‌ കളഞ്ഞിരിക്കാനും മതി... അതോ, വല്ലവർക്കും കൊടുത്തോ.

എന്തായാലും, അതെല്ലാം കഴിഞ്ഞ് കുറേ വർഷങ്ങൾക്ക് ശേഷമാണ് ഞാന്‍ പ്രവാസ ലോകത്തെത്തിപ്പെടുന്നത്... ഒരു നോമ്പ് കാലത്ത്‌. അന്നേതോ ഒരു മാൾ സന്ദര്‍ശിക്കുമ്പോൾ വീണ്ടും ഞാനാ മനോഹരമായ കുപ്പികള്‍ കണ്ടു. റോസ് വെള്ളം നിറച്ച അതേ രൂപഭാവവുമുള്ള കുപ്പികള്‍ തന്നെ... റൂഹ് അഫ്‌സ. മാളിലെ ജനശ്രദ്ധ പതിയുന്ന മൂലകളിൽ ചെറിയ കുന്നുകള്‍ കണക്കേ അവകളങ്ങനെ കുനകുനാന്നടുക്കി വച്ചിരിക്കുന്നത് കാണാം. റമദാൻ കാലത്ത്‌ മാത്രമാണതിന്റെ വന്‍തോതിലുള്ള വരവ് എന്ന് ഞാന്‍ പിന്നീട് മനസ്സിലാക്കി. മാളുകളുടെ മൂലകളിൽ ഉയരത്തിലതങ്ങനെ അത് കാണുമ്പോള്‍ ഇതൊക്കെയിതാര് വാങ്ങാനാണന്ന് തോന്നുമെങ്കിലും അറബികള്‍ക്കിടയിലും അഫ്ഗാന്‍ പാകിസ്താന്‍ ബംഗ്ലാദേശ് തുടങ്ങിയ ദേശത്തുള്ളവരുടേയുമൊരു ഇഷ്ടപാനീയമാണതെന്നാണ് സത്യം.

റൂഹ് അഫ്സ എന്നപേരിലറിയപ്പെടുന്ന ഈ സർബത്തിന്റെ ചരിത്രം തുടങ്ങുന്നത് ഡല്‍ഹിയിലെ തുഗ്ലക്കാബാദ് കോട്ടയിൽ നിന്നാണത്രെ. അനേകം വർഷങ്ങൾക്ക് മുമ്പ്‌ കോട്ടയുടെ ഇടവഴിയിൽ യുനാനി പാരമ്പര്യ ചികിത്സാ കേന്ദ്രം നടത്തിയിരുന്ന ഹക്കീം ഹാഫിസ് അബ്ദുൽ മജീദാണ് ഈ പാനീയത്തിന്റെ ഉപജ്ഞാതാവെന്ന് ചരിത്രത്തിൽ കാണാൻ സാധിക്കും. അന്ന്  ഉത്തരേന്ത്യയിലെ കഠിനമായ ഉഷ്ണത്തിൽ നിന്നും ശരീരത്തെ തണുപ്പിക്കുന്ന ഏതോ ഒരു യുനാനി മരുന്നിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇങ്ങനെയൊരു പാനീയം അദ്ദേഹമുണ്ടാക്കുന്നത്. പിന്നീടത് വമ്പിച്ച വിജയമായി, ഉല്‍പാദനം വര്‍ദ്ധിപ്പിച്ചു, അനേകം ഫാക്ടറികൾ പൊങ്ങി. മക്കള്‍, പേരകുട്ടികൾ തുടങ്ങിയവരതിന്റെ ഭാഗമായി. ഇന്ത്യ പാകിസ്താൻ വിഭജന ശേഷവും, ബംഗ്ലാദേശ്‌ വിമോചനാനന്ദരവും കമ്പനിയുടെ സ്വത്തുവഹകൾ വിഭജിക്കപ്പെട്ടെങ്കിലും ഉള്ള പ്രദേശത്ത് ഉല്‍പാദനം മുന്നോട്ട് തന്നെ കൊണ്ടുപോയി. കൂടാതെ, പാനീയത്തിന്റെ കൂട്ട് ചേരുവകള്‍ ഇന്നും പരമരഹസ്യമായി തന്നെ സൂക്ഷിക്കുന്നു എന്നാണ് കൗതുകമുള്ള മറ്റൊരു കാര്യം.

ഏതോ പുരാതന ഉത്തരേന്ത്യന്‍ ലിപിയെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ കുപ്പിയിൽ രേഖപ്പെടുത്തിയിരിക്കുന്ന ആ പേരിനു പിന്നിലുമുണ്ട് ചരിത്രമനേകം. 'ആത്മാവിനെ ഉദ്ദേജിപ്പിക്കുന്ന' എന്നർത്ഥമുള്ള ആ വാക്ക് കടമെടുത്തിരിക്കുന്നത് ഉറുദു കവി പണ്ഡിറ്റ് ദയാ ശങ്കർ നസീം ലഖ്നവിയുടെ പ്രശസ്ത ഗ്രന്ഥമായ മസ്നവി ഗുൽസാറെ നസീമിൽ നിന്നുമാണ്‌. കൂടാതെ, മിർസാ നൂർ അഹ്മദ് എന്ന പ്രശസ്ത ചിത്രകാരൻ ഡിസൈൻ ചെയ്ത പേരും ചിത്രവുമാണ് 1910 മുതൽ റൂഹ് അഫ്സ ബോട്ടിലുകളിലെ സ്റ്റിക്കറുകളിൽ ഇന്നും പിന്തുടരുന്നത്.

ഞാനിപ്പോൾ ഓർക്കുന്നത്... എന്റെ വീട്ടിലെ അലമാരക്കകത്ത് പൊടി പിടിച്ച് കിടന്നിരുന്ന ആരോപണ വിധേയനായ ആ റൂഹ് അഫ്‌സയെ സംബന്ധിച്ചാണ്.