Saturday, 26 January 2019

ജീവിതസമരം

മുല്ലപ്പൂ വിപ്ലവം...

അറേബ്യൻ തെരുവുകളിൽ ജനാതിപത്യം പുഷ്പ്പിക്കാനുറച്ച ധീര വിപ്ലവ സുദിനങ്ങൾ. യുവാക്കള്‍, കുട്ടികൾ, സ്ത്രീകൾ, വൃദ്ധർ തുടങ്ങി ജീവിതത്തിന്റെ നാനാ തുറകളിലുള്ളവരും ജനാധിപത്യ പുനഃസ്ഥാപനത്തിന്നായി റോഡില്‍ രാത്രികളെ പകലാക്കി മാറ്റിയ ദിവസങ്ങൾ... അവര്‍ക്ക് ചുറ്റും പ്രാർത്ഥന നിര്‍ഭരമായ മനസ്സോടെ ദൈവത്തിലേക്ക് കൈ ഉയർത്തിയ ലോകം.

ഞാനും പ്രാര്‍ത്ഥിച്ചിട്ടുണ്ട്. ഏറെ കുറേ നന്നായി തന്നെ പ്രാര്‍ത്ഥിച്ചിട്ടുണ്ട്. പള്ളിയിലെ ഇമാമിന്റെ കണ്ണീര്‍ പൊഴിച്ചുള്ള പ്രാർത്ഥന ശ്രവിച്ച് ദുഃഖം വമിക്കുന്ന മനസ്സോടെ എത്രയോ പ്രാവശ്യം കൂനൂത്തോതിയിട്ടുണ്ട് ഞാന്‍.

ലോകം വളരെ വലിയ പ്രതിസന്ധികളിലൂടെ കടന്ന് പോകുമ്പോൾ... ഒരിറ്റ് ആശ്വാസം പ്രതീക്ഷിച്ച് പരമ ശക്തനായ ദൈവത്തിലേക്ക് നടത്തുന്ന പ്രത്യേക പ്രാര്‍ത്ഥന രൂപത്തെയാകുന്നു കൂനൂത്ത് എന്ന് പറയുന്നത്. നമസ്കാരത്തിനിടയിൽ നിര്‍വ്വഹിക്കുന്ന അസാധാരണമായൊരു പ്രാർത്ഥന എന്നുള്ളതാണ് ഇതിന്റെ മറ്റൊരു സവിശേഷത.

അങ്ങനെയൊക്കെ ആണങ്കിലും... ജനതയുടെ പ്രാർത്ഥനകൾ ഫലം കണ്ടില്ല. മുല്ലപ്പൂ വിപ്ലവ സമരങ്ങൾ അതി ദയനീയമായി നിഷ്കരുണം അടിച്ചമർത്തപ്പെട്ടു. ഈജിപ്തിലേയും യമനിലേയും ടുണീഷ്യയിലേയും തെരുവുകളിൽ രക്തം പരന്നൊഴുകി. പട്ടാള ഭരണകൂടം സമരപന്തലുകൾ കത്തി ചാമ്പലാക്കികൊണ്ട് പൗരന്മാരുടെ ജനാതിപത്യ സ്വപ്നങ്ങൾക്ക് മേല്‍ നിത്യ സ്മാരകമൊരുക്കി.

അണയാത്ത കറുത്ത കാർമേഘ സ്മാരകങ്ങള്‍. 

'ഹസ്ബുനള്ളാഉ വ നിഅമൽ വക്കീൽ...
ഞങ്ങൾക്ക് പര്യാപ്തനായി പടച്ച തമ്പുരാൻ തന്നെ ധാരാളം'...

മുല്ലപ്പൂ വിപ്ലവ ചക്രങ്ങള്‍ അറേബ്യൻ തെരുവുകളിൽ അലയടിച്ചു നീങ്ങുന്ന കാലത്ത് എന്റെ ഗ്രാമത്തിലും ഒരു അതിജീവന സമരം നടന്നിരുന്നു. മതമോ ജാതിയോ കൊടിയോ കോടിയോ വേര്‍തിരിവില്ലാതെ നാട്ടിലെ സകല മനുഷ്യരും തോളോട് തോൾ ചേര്‍ന്ന് നിന്ന് പോരാടിയ സമര രണാങ്കണം.

തെക്കന്‍മല സമരം...

ചുങ്കം എന്ന അതിപുരാതനമായ ഞങ്ങളുടെ നാടിന്റെ തെക്ക് വശത്ത് നോക്കെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന വയൽ പാടങ്ങൾക്കപ്പുറം മഴക്കാലത്ത് മാത്രം നീരൊഴുക്കുള്ളൊരു തോട് നീണ്ടു പരന്നൊഴുകുന്നുണ്ട്. അതിന്റെ അങ്ങേ കര മുതലങ്ങോട്ടാണ് തെക്കന്‍ മലക്ക് തുടക്കം കുറിക്കുന്നത്. ആദ്യം.... ചെറിയ ചെറിയ ഉയര്‍ച്ച. പിന്നെയത് ഉയർന്നുയർന്ന് പൊങ്ങി... കുത്തനെയുള്ള കയറ്റം കയറി പാറകളും റബ്ബർ തോട്ടങ്ങളും നിഭിഢ വനങ്ങളും പിന്നിലാക്കി പര്‍വ്വതാഗ്രം സ്പര്‍ശിക്കുന്നു. അവിടെയാണ് പുള്ളിച്ചി കല്ല് എന്ന അതി ഭീകരനായൊരു പാറ സ്ഥിതിചെയ്യുന്നത്.

ഒരുപാട് നിഗൂഢതകളൊളിഞ്ഞ് കിടക്കുന്ന ഒരു സംഗതിയാണീ പുള്ളിച്ചി കല്ല് എന്നെനിക്ക് തോന്നിയിട്ടുണ്ട്. ജനങ്ങൾ വസിക്കുന്ന മലയുടെ താഴ്‌വരയിൽ നിന്നും ആകാശത്തെ തൊട്ടെന്നോണമുള്ളൊരു മലയുടെ നെറുകയില്‍ സ്ഥിതി ചെയ്യുന്ന ഭീമാകാരന്‍ കല്ലെന്ന നിലയില്‍ ദൈവികമായ ഒരു ആരാധനയോ സങ്കല്‍പ്പമോ പുള്ളിച്ചി പാറയെ കുറിച്ച് പറയുമ്പോൾ വരുന്നുണ്ടോ എന്ന് നാട്ടിലെ ചില കാരണവന്മാരുടെ സംസാരം കേൾക്കുമ്പോഴെനിക്ക് തോന്നാറുണ്ട്.

"പുള്ളിച്ചി കല്ലിളകിയിൽ അതോടു കൂടി നാട് കുട്ടിച്ചോറികും"
അവര്‍ വിഷമത്തോടെ ചില അവസരങ്ങളില്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.

അല്ലാഹു അഅലം...

എന്നിരുന്നാലും ആ തെക്കന്‍ മലയുടെ ഉച്ചിയിലാണ് എതോ സ്കൂളോ മറ്റോ തുടങ്ങാനെന്നും പറഞ്ഞ്‌ ഒരു മുതലാളി കുറേ സ്ഥലം അന്തവും കുന്തവുമില്ലാതെ വാങ്ങി കൂട്ടിയത്. മെഡിക്കല്‍ വിദ്യാർത്ഥികള്‍ക്കുള്ള താമസ കേന്ദ്രമാണ് താന്‍ നിർമ്മിക്കാൻ പോകുന്നതെന്നും അയാൾ ചിലരോട് പറഞ്ഞിരുന്നത്രെ.

എന്തായാലും വിദ്യാര്‍ഥികളെ വാര്‍ത്തെടുക്കാനല്ലേ... നാളത്തെ പൗരന്മാർ... മന്ത്രിമാര്‍... ഉദ്യോഗസ്ഥര്‍... പണ്ഡിതര്‍...

അതിനാല്‍, തങ്ങളുടെ പേരിൽ തെക്കന്‍ മലക്ക് മുകളിലുള്ള തെങ്ങിൻ തോപ്പ്, റബ്ബർ തോട്ടം, പറങ്കി തോട്ടം, പാറകൂട്ടം, വെളിമ്പറമ്പ്‌ തുടങ്ങിയ സ്ഥലങ്ങൾ സന്തോഷത്തോടു കൂടി മുതലാളിക്ക് തീറെഴുതി കൊടുത്തു. മുതലാളി മലയഗ്രത്തേക്കൊരു വീഥിയുള്ള മൺപാത നിര്‍മ്മിച്ചു. വലിയ വാഹനങ്ങള്‍ വരിവരിയായി ഇടക്കിടെ ആ വഴി മുകളിലേക്ക് പോയിയും വന്നുകൊണ്ടുമിരുന്നു.

അങ്ങനെ ദിവസങ്ങളനേകം കടന്ന് പോയി. ശാന്തമായ ദിനങ്ങൾ. ഒരു വലിയ പ്രക്ഷോഭ തിരമാല അലയടിച്ചുയർന്ന് പൊങ്ങുന്നതിന് മുമ്പത്തെ അസാധാരണമായ ദിനങ്ങള്‍.

ആയിടക്കാണ് ഒരു ദിവസം വലിയ വലിയ അനേകം ഉരുക്ക് തൂണുകൾ മലക്ക് മുകളിലങ്ങനെ ഉയർന്ന് പോങ്ങുന്നത് പ്രദേശവാസികൾ കാണാനിടയായത്. ഭീമാകാരമായ കുറേ യന്ത്രങ്ങളവിടെ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. പാറകൾ തുറക്കുന്ന, കല്ലിനെ പൊടിക്കുന്ന, മണ്ണിനെ കുഴക്കുന്ന അത്യാധുനികമായ ധാരാള കണക്കിന്‌ ഉപകരണങ്ങൾ. അതങ്ങനെ ദിവസവും രാവും പകലുമില്ലാതെയവിടെ കിടന്ന് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതിനാൽ ഒരു തരം വെള്ള ധൂളികകൾ മഞ്ഞിൻ കണം പോലെ താഴ്വരയിലെ മരങ്ങൾക്കും വീടുകൾക്കും മുകളിലങ്ങനെ പെയ്തിറങ്ങുന്നു.

ഠോ... ഠോ...

ഇടക്കിടെ അസംഖ്യം സ്ഫോടന ശബ്ദങ്ങൾ അവിടെ നിന്നുമയർന്നതോടെ നാട് നടുങ്ങി. ജനങ്ങൾ കാര്യമറിയാതെ പുള്ളിച്ചിയുടെ നെറുകയിലേക്ക് നോക്കി വിലപിച്ചു.

എന്താണ് മലമുകളില്‍ നടക്കുന്നത്?

ജനം കൂട്ടമായി മല കയറി മുതലാളിയോട് കാര്യമന്വേഷിച്ചു. അയാൾ നിര്‍വികാരമായി ഉത്തരം നല്‍കി.

"ക്രഷർ..."

നല്ല ഒന്നാം തരം ക്രഷർ തന്നെ!

അങ്ങനെയാണ് സമരം തുടങ്ങുന്നത്. തെക്കന്‍ മലക്കു മുകളില്‍ കുടി വെച്ച് പാര്‍ക്കുന്ന ഭൂതത്തെ പുറത്ത്‌ ചാടിക്കാൻ ജനങ്ങൾ സംഖടിച്ച് പോരാട്ടം തുടങ്ങി. അനേകമനേകം യോഗങ്ങള്‍... സമരങ്ങള്‍... ജാഥ, പ്രകടനം, കുടിവെച്ച് സമരം, നിരാഹാര സമരം, ഒപ്പ് ശേഖരണം, സ്ത്രീ സമരം, വഴി തടയല്‍, സര്‍ഗ്ഗ സമരങ്ങള്‍ തുടങ്ങി ഗറില്ല പോരാട്ട ഗണത്തിൽപ്പെടുന്ന അക്രമണ പ്രവര്‍ത്തനങ്ങള്‍ വരെ....

എന്നാൽ, ചരിത്രത്തിന്റെ എല്ലാ ദശാസന്ധികളിലും രംഗ പ്രവേശനം ചെയ്യുന്ന അതിനീച വര്‍ഗ്ഗമായ ചാരന്മാർ ഇവിടെയും പ്രത്യക്ഷമായി. അവരുടെ പല വിധ പ്രതിലോമ പ്രവര്‍ത്തനങ്ങളും സമാന്തരമായി നടന്നു കൊണ്ടിരുന്നു. അവർ സമര സംബന്ധമായ രഹസ്യ തീരുമാനങ്ങളെ നാല്‍പത് വെള്ളി കാശിന് വേണ്ടി മുതലാളിക്ക് ചോർത്തി നല്‍കി. ജനങ്ങൾക്കിടയിൽ ഭയം ജനിപ്പിച്ചു. പരസ്പരം ചെളി വാരിയെറിയൽ, ആരോപണങ്ങൾ, പ്രത്ത്യാരോപണങ്ങൾ. പിന്നെ, പോലീസ്, അറസ്റ്റ്, കേസ്, കോടതി, വക്കീല്‍, വിധി... നഷ്ട പരിഹാരം... അതങ്ങനെ നീളുന്നു.

കാലക്രമത്തില്‍ ജനങ്ങൾ വിഘടിച്ച് രണ്ട് ചേരികളിലായി നിന്ന് പോരാടിച്ചു. അങ്ങനെ, മുല്ലപ്പൂ വിപ്ലവം പോലെ തെക്കന്‍ മല സമര പ്രവര്‍ത്തനങ്ങളും ലക്ഷ്യം കാണാതെ മണ്ണില്‍ മൃദിയടഞ്ഞു പോയി.

മേല്‍ ക്രഷറിനു തൊട്ട് താഴെ പുള്ളിച്ചി കല്ലിന്റെയരികിൽ ഒറ്റപ്പെട്ടന്നോണമൊരു വീട് നിര്‍മ്മിച്ച് സാഹസിക ജീവിതം നയിച്ചിരുന്ന ഒരു വ്യക്തിയുണ്ടിയിരുന്നു ഞങ്ങളുടെ നാട്ടിൽ. ഒരു സരസനായിരുന്ന അയാളെ വളരെ അപൂര്‍വ്വമായി മാത്രമാണ്‌ ഞാൻ നേരില്‍ കാണ്ടിട്ടുള്ളത്. ചളി പുരണ്ടൊരു നേര്‍ത്ത മുണ്ടുടുത്ത് വലിയ കറുത്ത കാള കൂറ്റന്മാരേയോ പോത്തിൻ കൂട്ടത്തേയോ തെളിച്ച് കൊണ്ടദ്ദേഹം വരുന്നത് കാണുമ്പോൾ കൂടെയുള്ള മാടുകളെ കണ്ട് പേടിച്ച് ബഹുമാന പുരസരം ഞങ്ങൾ റോഡിനോരം ചേര്‍ന്ന് നില്‍ക്കുമായിരുന്നു. അപ്പോൾ, മനോഹരമായി പുഞ്ചിരിച്ചുകൊണ്ടയാൾ ഞങ്ങളെ കടന്ന് പോകും.

"വ്ഹോ... വ്ഹോ... അങ്ങട്ട് നടക്ക് കാളേ...." മുടിങ്കോല്‍ വീശി അയാൾ അവറ്റകളെ നയിക്കും.

റോഡിനു വശത്തെ ഇടുങ്ങിയ വഴി കേറി വലിയ ഉരുളൻ കല്ലുകൾ വിരിച്ച കുത്തനെയുള്ള ഇടുങ്ങിയ കാട്ടുപാതയിലൂടെ മാടുകളുമായി അനായാസമയാൾ കയറി പോകുന്നത് കാണുമ്പോള്‍ വല്ലാത്ത ആശ്ചര്യമെനിക്ക് തോന്നാറുണ്ട്. ആ നടവഴിക്കപ്പുറത്തുള്ള ഉതിരംപാറക്കുമപ്പുറമാണ് അയാളുടെ വീട്. ഉതിരം പാറയിൽ നിന്നും മുകളിലേക്ക് നോക്കിയാൽ കാണുന്ന ഉയരത്തിൽ വളർന്ന് പന്തലിച്ചു നില്‍ക്കുന്ന ചെങ്ങണ ചെടികള്‍ നിറഞ്ഞ തെങ്ങിൻ വളപ്പിനപ്പുറത്താണത് സ്ഥിതിചെയ്യുന്നത്. അവിടെ, നിറയെ മരങ്ങളും കുറ്റി ചെടികളും വളരുന്നൊരു തോട്ടത്തിനു നടുവിലെ ഒരു ചെറിയ ഓട് മേഞ്ഞ വീട്. ആ വീട്ടില്‍ തന്റെ ഭാര്യയും 4 മക്കളുമായി ആ മനുഷ്യന്‍ സസുഖം വാണുവരുന്നു. അടുത്ത കാലത്തോ മറ്റോ ആണ് ആ വീട് ഓട് മേഞ്ഞതെന്ന് തോന്നുന്നു.

ഒരിക്കല്‍ ഒരോണ കാലത്ത് ഞാനാ വീട്ടിലേക്ക് സദ്യക്കായി പോയിരുന്നു. ശരീരത്തിന് തീരെ പരിചയമില്ലാത്ത താളത്തിൽ ശക്തമായി നെഞ്ചിടിച്ചുകൊണ്ടാണ് തെക്കന്‍ മല കയറി ഞാനന്നവിടെ എത്തിപ്പെട്ടത്. അത്രക്ക് ആയാസകരമായിരുന്നു ആ യാത്ര. സ്നേഹോശ്മളമായ സ്വീകരണവും തിരുവോണ നാളിന്റെ സദ്യവട്ടങ്ങളുടെ ഭ്രശ്ടാന ഭോജനവും ശേഷം കൈ കഴുകി ഒരു ഗ്ലാസ്സ് പായസവുമായി കൊലായിൽ നിന്നും പുറത്തേക്ക്‌ വെറുതെ കണ്ണ് പായിച്ചപ്പോൾ മലയിറങ്ങി പോകുന്ന വഴിയിലെ പറങ്കി തോട്ടത്തിനിടയിൽ അവിടവിടെയായി നീളത്തില്‍ കുറേ മണ്ണ് കൂനേ കൂട്ടിയിട്ട ഒരു സ്ഥലം ഞാന്‍ കണ്ടൂ.

എന്താണത്? ഞാനവരോട് ചോദിച്ചു.

"ചുടലപ്പറമ്പ്...!" അവരുത്തരം നല്‍കി.

അവരുടെ പൂർവ്വികർ അന്ത്യവിശ്രമം കൊള്ളുന്ന പരമ നിശബ്ദ ശ്മശാനം. അതിനു തൊട്ട് മുകളിലതിന്റെ കാവൽക്കാരെപ്പോലെ ഈ ചെറിയ ഭവനവും അവിടുത്തെ മനുഷ്യരും.

കുന്നിന്റെ താഴ്വാരത്തുള്ള സര്‍ക്കാര്‍ കിണറ്റിൽ നിന്നും മുക്കിയെടുത്ത കുടിവെള്ള കുടങ്ങൾ തലയില്‍ ചുമന്ന് കുത്തനെയുള്ള പരുക്കന്‍ പാതയിലൂടെ കയറി വേണമവര്‍ക്ക്‌ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍. ആ വെള്ളമൊരു ഗ്ലാസിലൊഴിച്ച് ഞാൻ കുടിക്കുമ്പോൾ എന്തന്നില്ലാത്ത ഒരു രുചി അതിനുണ്ടെന്നെനിക്ക് തോന്നി. ആ മനുഷ്യരുടെ വലിയ അദ്ധ്വാനത്തിന്റെ ചെറിയൊരംശം.

ശ്മശാനോൽക്കണ്ഠയുടെ തീരത്ത്... വന്യ മൃഗളുടെ സാന്നിധ്യത്തെ ഭയപ്പെട്ട്... വെെദ്യുതിയില്ലിതെ, വെള്ളമോ നേർ വഴിയോ ഇല്ലാതെ... സഹജീവികളുടെ സാന്നിദ്ധ്യമില്ലാതെ ആ കുടുംബം എങ്ങനെയാണവിടെ കഴിഞ്ഞ് വരുന്നെന്നോർക്കുമ്പോൾ അത്ഭുതം തോന്നാറുണ്ടെനിക്ക്.

ഒരു ദിവസം ക്രഷർ മുതലാളി ഇവരോട് ചോദിച്ചുവത്രെ...

"നിങ്ങളീ സ്ഥലവും വീടും ഞങ്ങള്‍ക്ക് നൽകുമോ? പകരമായി താഴ്‌വരയിലൊരിടത്ത് മനോഹരമായൊരു വീടും പുരയിടവും ഞങ്ങൾ നല്‍കാം".

നടന്നു കയറാൻ ചെത്തി മിനുക്കിയ നട വഴിയുള്ള... ധാരാള കണക്കിന്‌ വെള്ളമുള്ള... വൈദ്യുതിയുടെ വെളിച്ചവും, സുരക്ഷയുമുള്ള, ഭീതിപ്പെടുത്തുന്ന ശവപ്പറമ്പിന്റെ നിശബ്ദതയില്ലാത്ത... അയല്‍വാസികളെമ്പാടുമുള്ള ഒരു പുതു ജീവിതം നല്‍കാമെന്നാണവർ വാഗ്ദാനം ചെയതത്.

എന്നാൽ, ആ വീട്ടുകാരന്നേ അവര്‍ക്കുത്തരം നല്‍കി.

"സാധ്യമല്ല...."

മലക്കുമുകളില്‍ രാക്ഷസന്മാർക്ക് രാപ്പാർക്കാൻ കോട്ട പണിയുന്ന ക്രഷർ മുതലാളിക്ക് സകലതും വില്‍പ്പന ചെരക്കാണ്. നാടും, വീടും, മലകളും, കുന്നുകളും, മരങ്ങളും എല്ലാം വില്‍പ്പന വസ്തുക്കൾ തന്നെ. ഇനിയും ഈ നാടിനെ അവർക്ക് മുന്നില്‍ കാഴ്ച്ച വെക്കുന്നതിനേക്കാൾ നല്ലത് തുടര്‍ന്നും ഈ കുന്നു കയറി ഈ മണ്ണില്‍ തന്നെ ജീവിച്ച് മരിക്കുന്നത് തന്നെയാണന്നവർ തീരുമാനിച്ചു കാണും...

ആ വീട്ടുകാരുടെ കഠിന ജീവിതസമരം കൊണ്ട്‌ തെക്കന്‍ മല വിജയിച്ച് കൊണ്ടേയിരിക്കുന്നു. മുതലാളിയുടെ കോട്ടക്ക് താഴെ അവരുടെ മൂക്കിൻ തുമ്പത്തവർ ജീവിക്കുന്ന ഓരോ നിമിഷങ്ങളും നാട് വിജയിച്ച് കൊണ്ടിരിക്കുന്നതല്ലാതെ മറ്റെന്താണ്. ലോകത്തെ ഏത് കോണിലെ ഏത് സമരങ്ങളും ഇത് പോലെതന്നെയല്ലേ... താല്‍ക്കാലികമായി പരാജയപ്പെടുന്നുണ്ടങ്കിൽ കൂടി ഇച്ഛാശക്തിയുള്ള ജനത മുന്നിൽ നിന്നും നയിക്കാനുണ്ടെങ്കിൽ എല്ലാ അതിജീവന സമരങ്ങളും വിജയിക്കാനുള്ളത് തന്നെ.

Tuesday, 15 January 2019

ഒരു ചോദ്യം

ഇബ്നു സീന
ഇമാം ഷാഫി ഹാൾ...

ചുവന്ന തിരശ്ശീലക്കു മുന്നിലെ പ്രൗഢമായ വേദിയിൽ മുഹമ്മദ് അലി സാഹിബിന്റെ ഖനഗംഭീരമായ പ്രസംഗം അന്തരീക്ഷത്തിൽ അലയടിക്കുകയാണ്. മുന്നില്‍ വലിയ ജനാവലി മുഖം തിരിച്ച് കാത് കൂർപ്പിച്ചത് ശ്രവിക്കുന്നു. വേദിയുടെ വലത് ഭാഗത്ത് സ്ത്രീ ജനങ്ങൾ നിരന്നിരിക്കുന്നു. ഇടത് ഭാഗത്താണ് പുരുഷ കേസരികള്‍. അവര്‍ക്കിടയില്‍ ഏറ്റവും മുന്നിലായി ദൂരക്കാഴ്ച്ച തീരെ കുറഞ്ഞ കാരണവന്മാർ. ഏറ്റവും പിന്നിലായി യുവാക്കള്‍. അക്കൂട്ടത്തിലാണ് വിനീതനായ ഈയുള്ളവന്റെ സ്ഥാനം.

ഏവരെയും ഇരുത്തി ചിന്തിപ്പിക്കുന്ന ആ മധുര മനോഹരമായ  പ്രഭാഷണം ആവേശത്തോടെ ഞാനും കേട്ടിരുന്നു. പറയുന്ന വിഷയവുമായി കൂട്ടി കെട്ടാനുദ്ദേശിച്ച് ഭാഷണമധ്യേ  മുഹമ്മദ് അലി സാഹിബ് ഒരു കഥ പറഞ്ഞു. കഥയെന്ന് പറഞ്ഞാൽ ഒരുപക്ഷേ, അതൊരു ചരിത്രമായിരിക്കാം. കാരണം, നമ്മൾ വായിച്ചതോ കെട്ടാതോ അനുഭവിച്ചതോ ആയ സകലമാന ചരിത്രങ്ങള്‍ക്കുമിടയിൽ അറിയാതെ പോയ, കാണാതെ പോയ, പറയാൻ മറന്ന പോയ പല ഗൗരവമേറിയ കാര്യങ്ങളുമുണ്ടല്ലോ... അതും ചരിത്രം തന്നെയല്ലെ? മുഹമ്മദ് അലി സാഹിബ് പറഞ്ഞ ആ കഥയെ ഒരു സാങ്കൽപ്പിക കഥയാണന്ന് പറയാനാണ് എനിക്കിഷ്ടം. എങ്കിലും, കഴിഞ്ഞ പോയ കാലത്ത്‌ ഭൂലോകത്തെ ഏതെങ്കിലുമൊരു ദിക്കിലെ ആകാശകീറിനു കീഴെ ഇങ്ങനെയൊരു സംഭവം നടന്നിട്ടേയില്ലെന്നാർക്കും ഉറപ്പ് പറയാനൊന്നുമൊക്കില്ല.

സംഭവം നടക്കുന്നത്... ഏഡി 600നും 1000ത്തിനും ഇടയിലോ... 1000ത്തിനു തൊട്ടടുത്ത ഏതെങ്കിലുമൊരു കാലമാണ്.

അക്കാലത്ത് അനേകം മഹാഗ്രന്ഥങ്ങള്‍ നിറഞ്ഞൊരു മേശ ഒരിടത്തുണ്ടായിരുന്നു. പാപ്പിറസ് ചെടിയാൽ നിർമ്മിച്ച ചുരുളുകളെമ്പാടുമതിൽ ചുരുണ്ട് കിടന്നിരുന്നു. സ്ഫടിക കുപ്പിയിലെ മഷിയിൽ അഗ്രം മുങ്ങി കിടക്കുന്ന നീണ്ട മനോഹരമായ തൂവലുകള്‍ സമീപത്ത് കാണാം. അതൊരു അതിപുരാതന എഴുത്തുപകരണമാകുന്നു. മേശക്കടുത്തുള്ള പ്രൗഢ ഗംഭീരമായ അലമാരകളില്‍ മുഴുവൻ ഭംഗിയായി ക്രമീകരിച്ച കനപ്പെട്ട ഗ്രന്ഥങ്ങളാണ്. പരസ്പര സംസാരവും... ചിന്തകളും... എന്തിന്‌ നോട്ടം പോലും വിജ്ഞാന മണക്കുന്ന ആ പരിസ്ഥിതിയിൽ നിന്നൊരു നാൾ ഒരു വിദ്യാർത്ഥി അവന്റെ അധ്യാപകനോട് ചോദിച്ചുവത്രെ...

"ഗോളശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അനേകം വിഷയങ്ങളിലായി പരന്നു കിടക്കുന്ന കനപ്പെട്ട ഈ ഗ്രന്ഥശേഖരങ്ങളുടേയൊക്കെ പിന്നില്‍ എന്തുകൊണ്ടാണ് പ്രശസ്തരായ അറബ് കർമ്മയോഗികൾ മാത്രമായിമാറിയത്" എന്ന്.

അറബ്-മുസ്ലീം നാടുകളിലെ ശാസ്ത്രജ്ഞരായ ഇബ്നു സീന, ഇബ്നു ഖാൽദൂൺ, ആധുനിക ശാസ്ത്രക്രിയയുടെ പിതാവ് അബൂ അൽ ഖാസിം തുടങ്ങി അൽ ഹസൻ, അൽ ബറൂണി, അൽ ഫറാബി തുടങ്ങിയ ആ മഹാപണ്ഡിത നിരയുടെ ഗ്രന്ഥ ശേഖരങ്ങൾ മാത്രമായിരുന്നു അന്ന് ലോകത്ത് കോശ ഗ്രന്ഥങ്ങളായി നിലവിലുണ്ടായിരുന്നത്. കണ്ടുപിടുത്തങ്ങളുടെ കേതാരമായി പിന്നീടുയർന്നുവന്ന യൂറോപ്പ് അക്കാലത്ത് വിജ്ഞാന മേഖലയില്‍ കൂടുതലായൊന്നും തിളങ്ങിയുരുന്നില്ല.

അത്തരമൊരു സാഹചര്യത്തിലായിരുന്നു ആ ചോദ്യമുയർന്ന് വന്നത്.

"എന്തുകൊണ്ടാണ് ഈ ഗ്രന്ഥങ്ങളുടേയും പഠനങ്ങളുടേയുമൊക്കെ രചിതാക്കൾ അറബ് മുസ്ലീങ്ങൾ മാത്രമായി മാറിയത്" എന്ന്.

"എന്തുകൊണ്ടാണ് ലോകത്തെ വലിയ വലിയ ഗ്രന്ഥാലയങ്ങൾ ബാഗ്ദാദിലും ഡമാസ്കസിലും അനാറ്റോലിയയിലും അന്തലൂസിയുമായി മാത്രം ഒതുക്കപ്പെട്ടത്" എന്ന്.

ഉത്തരത്തിന്നായി ചിന്തയിലാണ്ട ആ അദ്ധ്യാപകനോട് അവൻ വീണ്ടും വീണ്ടും ചോദ്യങ്ങൾ ചോദിച്ചു.

"മദ്ധ്യദരണ്യായിക്കു മുകളിലെ അതേ ആകാശം തന്നെയല്ലേ യൂറോപ്പിനുമുകളിലുമുള്ളത്. അറബ് നാടുകളിലുയരുന്ന അതേ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും യൂറോപ്പിലും ഉദിക്കുന്നു... അസ്തമിക്കുന്നു. പിന്നെ എന്തുകൊണ്ടാണ് നമ്മളീ രംഗത്ത്‌ ബഹുദൂരം പിന്നിലാക്കപ്പെട്ടത്" എന്ന്.

ഗലീലിയോ ഗലീലി
യൂറോപ്പിലെ തണുപ്പൻ രാജ്യങ്ങളിലെ ആലസ്യത്തിലമർന്ന ഒരു തലമുറക്കുള്ള ഉത്തേജനം രൂപപ്പെടുന്നത് ആ ചോദ്യത്തിൽ നിന്നുയര്‍ന്ന് പൊങ്ങിയ അനേകം ചിന്തകളിൽ നിന്നായിരുന്നു എന്നാണ് പ്രഭാഷകന്‍ സൂചിപ്പിച്ചുവെച്ചത്. ആ ചിന്തയുടെ മഹാപ്രളയത്തിനൊടുക്കമാണ് യുറോപ്പ് വിജ്ഞാനത്തിന്റെ മഹാക്ഷേത്രമായി കുതിച്ചുയർന്ന് പൊങ്ങിയത്. സകല മേഖലകളും ശാസ്ത്രഗവേഷണ പഠനങ്ങൾക്കായി തുറക്കപ്പെട്ടു. ലോകത്തെ അതി വിസ്തൃത സർവ്വകലാശാലകളായി ഓക്സഫഡും കേംബ്രിഡ്ജും ഉയര്‍ന്ന് പൊങ്ങി. കണ്ടുപിടുത്തങ്ങൾക്ക് മാത്രം ജീവിതം ഒഴിഞ്ഞു വെച്ച ഒരു തലമുറയെയാണ് പിന്നീട് നാം യൂറോപ്പിൽ കണ്ടത്.

ഒടുവിലന്ന് കണ്ട മേല്‍ ഗ്രന്ഥങ്ങളുടെയൊക്കെ പുറംചട്ടയിൽ വലിയ മാറ്റങ്ങൾ കാലം വരച്ചു ചേര്‍ത്തു. അതിൽ പെെഥഗോറസ്, ഹെറാടോട്ടസ് തുടങ്ങി ഗലീലിയോ ഗലീലി, ന്യൂട്ടൻ, ഐൻസ്റ്റീൻ തുടങ്ങിയ വിശ്വപ്രസിദ്ധരായ ശാസ്‌ത്രജ്ഞരുടെ നാമം എഴുതിചേർക്കപ്പെട്ടു. അവരുടെ തിയറികൾ പകര്‍ന്നു നല്‍കാത്ത പഠന ക്ലാസുകൾ അപൂര്‍ണ്ണമായി മാറി. ഒപ്പം... കഴിഞ്ഞ കാലത്തെന്നോ ജീവിച്ചിരുന്ന ഏതോ അപരിഷ്കൃത ജനതയായി ആ പഴയ മുസ്ലീം പണ്ഡിതന്മാര്‍ ലോകത്തിന്റെ വിസ്മ്രിതിയിലേക്ക് മറയപ്പെട്ടു.

മുഹമ്മദ് അലി സാഹിബ് തന്റെ പ്രഭാഷണം അവസാനിപ്പിക്കുമ്പോള്‍ ഞാൻ ചിന്തിച്ചത് കാല ഭേദങ്ങൾക്കപ്പുറം ഇന്നും ചോദിച്ചുകൊണ്ടേ ഇരിക്കേണ്ട മേൽ ആ ചോദ്യങ്ങളെക്കുറിച്ചാണ്...

'കനപ്പെട്ട ഈ ഗ്രന്ഥശേഖരങ്ങളുടേയൊക്കെ പിന്നില്‍ എന്തുകൊണ്ടാണ് പ്രശസ്തരായ പടിഞ്ഞാറൻ കർമ്മയോഗികൾ മാത്രമായി മാറിയത്' എന്ന്.

Wednesday, 9 January 2019

പത്ത് രൂപ

നാളെ എന്റെ കല്ല്യാണമാണ്. ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസം. സകല മനുഷ്യരും എന്നെ... ഈ എന്നെ മാത്രം പരിഗണിക്കുന്ന ദിവസം. എനിക്കായി മാത്രം കാത്തിരിക്കുന്ന രാജകീയ ഇരിപ്പിടങ്ങള്‍. എന്നോടൊപ്പം നിന്ന് ഫോട്ടോ എടുക്കാൻ മത്സരിക്കുന്നവർ.

ഇന്നതിന്റെ അവസാനവട്ട ഷോപ്പിങ്ങിനായി രാവിലെതന്നെ നഗരത്തിലേക്ക് ഞാനിറങ്ങി. വലിയ വില നല്‍കി കല്ല്യാണ വസ്ത്രങ്ങളും മറ്റ് ആടവസ്ഥുക്കളുമൊക്കെ വാങ്ങേണ്ടതുണ്ട്.

"കല്യാണമല്ലേ... ജീവിതത്തിൽ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്ഭുദ മനോഹര ദിവസം. കാശ് നോക്കണ്ട" കൂട്ടുകാരുടെ ഉപദേശം.

സാധനങ്ങളെല്ലാം വാങ്ങി ഇരുവശങ്ങളിലുമായി കച്ചവടക്കാർ നിരന്നു നില്‍ക്കുന്ന ഫൂട്ബാത്തിലൂടെ നീങ്ങുമ്പോൾ അൽപ്പമകലെയൊരു വൃദ്ധയാചകനെ ഞാന്‍ കണ്ടു. അയാൾ ലോകത്തെ സകല മനുഷ്യര്‍ക്കും, ജീവജാലങ്ങൾക്കും വേണ്ടി തൊണ്ടപൊട്ടുമാറുറക്കെ വിളിച്ചു പ്രാർത്ഥിക്കുന്നു.

പഴങ്ങള്‍, മുട്ട, ഉണക്ക മീന്‍, എണ്ണ പലഹാരങ്ങള്‍ തുടങ്ങി അനേകം കച്ചവട വസ്തുക്കൾ വില്‍പ്പനക്കായി നിരത്തിവച്ച് ഉപഭോക്താക്കളെ മാടിവിളിക്കുന്ന സമീപത്തെ കച്ചവടകാർക്കിടയിൽ... ആ യാചകന് മാത്രം വില്‍പ്പനക്കായുള്ളത് തന്റെ ഇരുളടഞ്ഞ കണ്ണുകളും അല്ലലും വേദനകളും മാത്രം.

"പടച്ച തമ്പുരാനെ നീ സകലർക്കും ആരോഗ്യം കൊടുക്കണേ... ആയുസ്സ് കൊടുക്കണേ..." അങ്ങനെ നീളുന്ന അയാളുടെ ദൊയ.

അല്‍പ്പ നേരം ഞാനത് നോക്കി നിന്നു. ആ പ്രാര്‍ത്ഥന ശകലങ്ങളിലൊന്നും തന്നെ തന്റെ വെളിച്ചം കാണാത്ത കണ്ണോ പ്രാരാബ്ദങ്ങളുടെ 'വിഴുപ്പ് കെട്ടുകളോ' വരുന്നത് ഞാൻ കേട്ടില്ല. അതെന്നെ വല്ലാതെ അദ്ഭുതപ്പെടുത്തി.

അദ്ദേഹത്തിന്റെ വിറക്കുന്ന വലതു കയ്യിലൊരു ബണ്ണിൻ കഷണമുണ്ടായിരുന്നു. ഇടതു കയ്യില്‍ നാണയത്തുട്ടുകൾ ശബ്ദിക്കുന്ന ലോഹപാത്രവും. ആ പത്രം ഇളക്കി ശബ്ദമുണ്ടാക്കുന്നതോടൊപ്പം ആ ബണ്ണ് വിറച്ച് വിറച്ച് ചായയിൽ മുക്കി കഴിക്കുന്നത് കണ്ടപ്പോൾ എന്റെ കെെയ്യിലുള്ള വിലപിടിപ്പുളള കല്ല്യാണ വസ്ത്രങ്ങളെന്നെ നോക്കി പുച്ഛിക്കുന്നുണ്ടന്നെനിക്ക് തോന്നി.

ഞാൻ കുറച്ച് നേരം കൂടി അയാളെ നോക്കി നിന്നു. പ്രായാധിക്യത്താൽ ഏറെ പരിക്ഷീണിതനായ അദ്ദേഹത്തിന്റെ വീട്ടിൽ ഒരുപക്ഷേ, ഭക്ഷണം കാത്തിരിക്കുന്ന കുഞ്ഞു മാലാഖമാരുണ്ടായിരിക്കാം. കേവലം ഏതാനും മണിക്കൂറുകൾ മാത്രം ധരിക്കാൻ ഞാൻ വാങ്ങിയ വില കൂടിയ വസ്ത്രങ്ങൾക്ക് പകരം ഏറെ കാലം ധരിക്കുവാനുള്ള ചെറിയ വസ്ത്രങ്ങൾക്കായി കാത്തിരിക്കുന്നവരോ ആഗ്രഹിക്കുന്നവരോ ആയിരിക്കാമവര്‍.

അദ്ദേഹത്തിന്റെ കയ്യിലെ ആ വിറക്കുന്ന ബണ്ണും എന്റെ കയ്യിലെ വിലപിടിപ്പുള്ള വസ്ത്രങ്ങളും എന്തോ എന്നോടായി സംവിധിക്കുന്നുണ്ടെന്നെനിക്ക് തോന്നി.

ഞാൻ പറഞ്ഞില്ലേ... നാളെ എന്റെ കല്ല്യാണമാണ്. പക്ഷേ, മനസ്സ് വല്ലാതെ വേദനിക്കുന്നു. ആ വിറക്കുന്ന ബണ്ണിന്റെ ഓമ്മകളെന്നെ അസ്വസ്ഥതപ്പെടുത്തികൊണ്ടേയിരുന്നു. എന്റെ കല്ല്യാണ വസ്ത്രങ്ങൾ മേശക്കു മുകളില്‍ എന്റെ തൊട്ടരികിൽ തന്നെയുണ്ട്. അതെന്നെ കളിയാക്കി ചിരിക്കുന്നപോലെ. എങ്കിലും, ഞാനദ്ദേഹത്തിനു വച്ചു നീട്ടിയ ആ 'പത്തുരൂപ നോട്ടി'ന്റെ സമാധാനത്തിൽ ഞാനുറങ്ങാൻ ശ്രമിച്ചു.

Thursday, 3 January 2019

മൂന്നാം പക്കം

ഉച്ചയോടെ ആയിരിക്കും കാര്യങ്ങൾ സ്ഥിരീകരിക്കുക. പിന്നെ, പതിയെ പതിയെ എല്ലാവരും അറിഞ്ഞു തുടങ്ങും. ആദ്യമാദ്യം ഏറ്റവും അടുത്ത കുടുംബങ്ങളും നാട്ടുകാരും... അവരിലൂടെ ദൂരദിക്കുകലുള്ളവരും. എല്ലാവരും ദുഃഖകരമായ ആ വാര്‍ത്തയറിഞ്ഞ് എന്റെ വീട്ടിലേക്കൊഴുകിയെത്തും. ആരുടേയൊക്കെയോ പ്രത്യേക ഇടപെടലുകൾകൊണ്ട് നിയമപരമായ പല നടപടി ക്രമങ്ങളും ലഘുകരിച്ച് കാണും. ഏകദേശം നാല് മണിയോടെ അത്ത്യാവശ്യം വലിയൊരു ജനസഞ്ചയം തന്നെ വീടിനുമുന്നിൽ വികൃതമായി കെട്ടിവെച്ച നീല ടാര്‍പായി ഷീറ്റിനു താഴെ കൂട്ടമായി നിൽക്കുന്നത് കാണാം. അവരില്‍ ചിലർ ഈ വിവരമറിയാൻ സാധ്യതയില്ലാത്തവരെ അല്‍പ്പം മാറി നിന്നു കൊണ്ട്‌ കാര്യങ്ങൾ ഫോൺ വിളിച്ചറിയിക്കും. ചിലര്‍ അങ്ങിങ്ങായി നിരത്തി വെച്ച് വാടകക്കെടുത്ത വര്‍ണ്ണ കസേരകളിൽ ശോകമൂകമായി എന്തോ ചിന്തിച്ചിരിക്കുന്നതും കാണാൻ കഴിയും. എല്ലാവരും എന്തോ കാത്തിരിക്കുകയാണ്. അതവരുടെ മുഖത്ത് നിന്നും വായിച്ചെടുക്കാം. അവരിൽ ചിലർ മുൻവശത്തെ വാതിലിലൂടെ സാമ്പ്രാണിത്തിരികളുടെ ധൂമകേതുക്കൾ നിറഞ്ഞ വീടിനകത്തേക്ക് കയറുകയും അല്‍പ്പം കഴിഞ്ഞ് ദുഃഖം ഘനീഭവിക്കുന്ന മുഖവുമായി പുറത്തിറങ്ങുന്നതും കാണാം.

നെടുവീര്‍പ്പുകൾ...

എന്തോരു നല്ല ചെറുപ്പക്കാരനായിരുന്നു അവന്‍. ഒരു മനുഷ്യന്റെ ഉള്ളിലെ മനുഷ്യനെ മറ്റുള്ളവർ തിരിച്ചറിയുന്ന ഒരേയൊരു നിമിഷം... മരണം.

വീടിന്റെ പുറക് വശം സ്ത്രീ ജനങ്ങൾക്ക് മാത്രമുള്ളതാണ്. അവർ കൂട്ടമാക്കപെട്ടാൽ വന്നേക്കാവുന്ന സ്വാഭാവികമായ വിഷയങ്ങളായ പരദൂഷണം, പൊങ്ങച്ചം... തുടങ്ങിയവക്ക് പകരം ശോകമൂകം തന്നെയാണ് അവിടുത്തെ കാഴ്ചയും. എല്ലാവരും ചിന്തിക്കുന്നതും ശബ്ദം താഴ്ത്തി പറയുന്നതും എന്നെ പറ്റി മാത്രമായിരിക്കാം. ഞാനെന്ന 'വളരെ നല്ലവനായ' ഒരു മനുഷ്യനെ കുറിച്ച്. എന്റെ പ്രവര്‍ത്തനങ്ങള്‍, മാതൃകകള്‍, ഏറ്റവും ഒടുവിൽ ഞാനുമായി അവർ കണ്ടുമുട്ടിയ നിമിഷം, അന്നത്തെ സംസാര വിഷയങ്ങൾ അങ്ങനെ പലതും... അവരുടെ മനസ്സിലൂടെ ഒരു സിനിമയിലെ കേന്ദ്ര കഥാപാത്രം പോൽ ഞാൻ നിരന്തരം കടന്ന് വരും. ഒടുവില്‍, നായകന്‍ മരിച്ചു വീഴുന്ന ദാരുണമായ ക്ലൈമാക്സുപോലാ ചിന്തകൾ മുറിയും.

എന്റെ വീട്ടുകാരാണങ്കിലോ വീടിനകത്ത് ആർത്തലച്ചുള്ള കരച്ചിലിലിയിരിക്കും. ഉമ്മയും ഉമ്മമ്മയും പെങ്ങന്മാരും എന്നുവേണ്ട എല്ലാവരും തന്നെ അതിന്റെ ഭാഗമായി മാറുന്നു. ജീവിതത്തിന്റെ സകല പ്രതീക്ഷകളും അര്‍പ്പിച്ച... തങ്ങളുടെ പല ആഗ്രഹങ്ങളും സ്വപ്നങ്ങളും സമര്‍പ്പിക്കപ്പെട്ടവൻ ഇനിയില്ല എന്നറിയുമ്പോഴുള്ള അവരുടെ ആർത്തനാദം മറ്റുള്ളവരിലേക്കും ഒഴുകി പരക്കുന്നതായി കാണാം. അതുകണ്ട് ചിലര്‍ നിറക്കണ്ണുകൾ തുടക്കും. ചിലർ ഉൾകിടിലത്തോടെ നിശബ്ദമായി തലതാഴ്ത്തി നില്‍ക്കും.

പക്ഷേ...

എന്തായിരിക്കുമപ്പോൾ എന്റെ അവസ്ഥ... ഞാനെവിടെ ആയിരിക്കും... ഈ ഭൂമിയില്‍ തന്നെ... ഒരദൃശ്യനായുണ്ടാകുമോ ഞാന്‍... ആ ജനസഞ്ചയത്തിനിടയിൽ അവരിലൊരാളായി... എന്നെ അടക്കാനെടുക്കുന്നതും കാത്തിരിക്കുന്ന ആ മനുഷ്യര്‍ക്കിടയിൽ ഞാനും അക്ഷമയോടെ നിലയുറപ്പിച്ചിരിക്കുന്നുണ്ടാകുമോ. അതോ മറ്റേതെങ്കിലും ലോകത്ത്... സുഭിക്ഷ സുന്ദരമായ വേറെയൊരു ലോകത്ത്. എന്തായിരിക്കാം ഞാനപ്പോളനുഭവിക്കുന്ന വികാരം... എന്തായിരിക്കാം എന്റെ ചിന്തകൾ. ഒന്നും തിരിച്ചറിയാൻ കംപ്ലീറ്റ് ബ്ലാങ്ക്... അല്ലെങ്കിൽ, എല്ലാം കേള്‍ക്കുന്ന എല്ലാം കാണുന്ന ഒരു അദൃശ്യൻ. അല്ലാഹു അഅലം... സര്‍വ്വ ശക്തനും പ്രതാപിയുമായ പടച്ച തമ്പുരാന് മാത്രമറിയുന്ന പരമരഹസ്യമായ സംഗതികൾ. പ്രപഞ്ച പൊരുള്‍.

ഇനി വിഷയത്തിലേക്ക് വരാം...

ഞാനിന്ന് ചെറുതായിട്ട് മരണത്തെയൊന്ന് മുഖാമുഖം കണ്ടു.

സംഭവമിങ്ങനെ...

കനത്ത മഴയുണ്ടായിരുന്ന ഒരു പകല്‍. മഴയൊന്നൽപ്പം ശമിച്ചപ്പോൾ ഉപ്പ ഗൾഫിൽ നിന്നും കൊണ്ടുവന്ന ബദാമും കൊറിച്ചുകൊണ്ട് തെരുവിലേക്കിറങ്ങിയതായിരുന്നു ഞാൻ. തണുത്ത അന്തരീക്ഷത്തിൽ... പ്രത്യേകിച്ച് മഴ ചോര്‍ന്ന്... മനസ്സിനും ശരീരത്തിനും വല്ലാത്തൊരു ആശ്വാസം അനുഭവേദ്യമാകുമ്പോൾ അല്‍പ്പം ഉണക്ക പഴങ്ങള്‍ കഴിക്കുന്നത് വളരെ രസമുള്ളൊരൂ കാര്യമാണ്. മഴ ദിവസം നല്ല ചൂടുള്ള കടല കഴിച്ചിട്ടുള്ളവർക്കറിയാമത്. വായിലും ശരീരത്തിലും ജലാംശവും കുളിരും കൂടുന്നതിനാലാവാം ചവക്കാനും ദഹിക്കാനും ധാരാളം വെള്ളം ആവശ്യമായി വരുന്ന കടലയെ പോലുള്ള സംഗതികളോടാ സമയങ്ങളില്‍ താല്‍പര്യം കൂടുന്നത്.

എന്തായലും തെരുവില്‍ കൂട്ടുകാരോടൊത്ത് അല്‍പ്പ നേരം സല്ലപിച്ചു നിന്നു. തമാശകള്‍ പങ്കുവെച്ചു. അവര്‍ക്കായി ബദാമും പങ്കുവെച്ചു. അതിനിടയില്‍ എപ്പോഴോ ആണ്‌ സമീപത്തെ കിണറ്റിലേക്ക് ഞങ്ങളിറങ്ങുന്നത്. യഥാർത്ഥത്തിൽ... എന്തായിരുന്നു ആ ഇറക്കത്തിന്റെ പ്രേരണ എന്നെനിക്കോർമ്മയില്ല. ഇറങ്ങിയിരിക്കുന്നത് ആഴമേറിയ കിണറിലേക്കാണെന്നുള്ളത് പിന്നീടുണ്ടായ അനുഭവസാക്ഷി എനിക്കുറപ്പാണ്. നേരത്തെ പെയ്ത മഴയില്‍ സമീപത്തെ തോട് നിറഞ്ഞു കവിഞ്ഞൊഴുകിയിരുന്നു. അതിനാല്‍, വെള്ളം കുറവുള്ള കിണറിലിറങ്ങിയല്‍പ്പം നീന്തലഭ്യസിച്ചേക്കാം എന്ന് 'ന്യായമായും' ഞാന്‍ ചിന്തിച്ചിരിക്കാം. അതോ, ഇനിയൊരു രസത്തിനിറങ്ങിയതാണോ എന്നും എനിക്കോര്‍മ്മയില്ല. എന്തായാലും, കിണറിന് വലിയ ആഴമുണ്ടായിരുന്നില്ല. കിണറിനുള്ളില്‍ അതിന്റെ ഒത്തമധ്യത്തിലായാണ് പ്രധാന കിണറിന്റെ സ്ഥാനമുള്ളത്. ജലക്ഷാമം രൂക്ഷമായ ഏതോ വേനല്‍ കാലത്ത്‌ അല്‍പ്പം വെള്ളം പ്രതീക്ഷിച്ചു കുഴിച്ചതാണത്. ഇന്നതിൽ രണ്ടാൾ പൊക്കത്തിൽ വെള്ളമുണ്ട്. തുടര്‍ന്നതിന്‌ ചുറ്റുമുള്ള പരപ്പിന് മുകളിൽ എന്റെ നെഞ്ചോളവും വെള്ളമുയർന്ന് നില്‍ക്കുന്നു. അതിനാല്‍, മേല്‍ പരപ്പിലൂടെ സുഖമായി ചുറ്റി നടക്കാൻ സാധിച്ചിരുന്നു. ആ ധെെര്യത്തിലായിരുന്നു ഞങ്ങളെല്ലാവരും. മറിഞ്ഞും തിരിഞ്ഞും മുങ്ങാം കുഴിയിട്ടും ഏറെനേരം ഞങ്ങളന്നവിടെ ചിലവഴിച്ചതോർക്കുന്നു.

എന്നാൽ, അതിനിടയിലാണ് മത്സ്യങ്ങള്‍ നീന്തുന്നത് മാതിരി വെള്ളത്തിൽ മുങ്ങി കിടന്നൊഴുകി നീന്താനുള്ളൊരു ശ്രമം ഞാന്‍ നടത്തുന്നത്. കൈ കാലുകളടിച്ച് ആഞ്ഞിഞ്ഞ് ഞാൻ തുഴഞ്ഞു. അല്‍പ്പം മുന്നോട്ട് നീങ്ങി. പിന്നെ, ആവേശമായി... കൂടുതൽ വേഗത്തിൽ നീന്തി. വേഗം കൂടി. മധ്യഭാഗത്തെ കിണറിൽ നിന്നും ഉയർന്ന് നില്‍ക്കുന്ന പരപ്പിന് മുകളിലൂടെ വൃത്താകൃതിയിൽ ചുറ്റിയാണ് ഞാന്‍ നീങ്ങുന്നത്. എന്നാൽ, ഇടക്കെപ്പോഴോ എന്റെ ദിശ തെറ്റിയിരുന്നു എന്ന കാര്യം ഞാനറിഞ്ഞിരുന്നില്ല. കിണറിന്റെ മധ്യത്തിലേക്കാണ് ഞാനപ്പോൾ ആഞ്ഞാഞ്ഞ് തുഴഞ്ഞ് കൊണ്ടിരുന്നത്.

മരണത്തിലേക്കുളള തുഴച്ചില്‍...

ശ്വാസം പിടിച്ചുള്ള നീന്തല്‍ തുടങ്ങിയിട്ട് ഏറെ നേരമായി. ശ്വാസം തിങ്ങി തുടങ്ങി. കൈ കാലുകൾ കുഴയുന്നു. കണ്ണുകൾ കാണാതായി. ശരീരം ജീവവായുവിനായി ദാഹിച്ചു. ഞാൻ കാലുകൾ പരപ്പിൽ സ്പര്‍ശിക്കാനായി ശരീരം നേരെയാക്കി പിടിച്ചു. പാദങ്ങള്‍ വെള്ളത്തിലേക്കൂളിയിട്ട് നിലം തിരഞ്ഞു. കാൽ മടമ്പുകളുയർത്തി പിടിച്ച് തള്ളാം വിരലുകള്‍ ആശ്വാസത്തിന്റേയും ജീവന്റേയും ആധാരശിലയായ മണ്ണിന്റെ മാറിലേക്ക് നീട്ടി പിടിച്ചു. പിന്നേയും... പിന്നെയും നീട്ടി. എന്നാൽ, ഭൂമിയെ കാണുന്നേയില്ല. നെഞ്ചില്‍ ശ്വാസം കൂടുതൽ കൂടുതൽ തിങ്ങി കൊണ്ടിരിക്കുകയാണ്. വെള്ളം കയറിയ കണ്ണുകൾ അടക്കാന്‍ വെമ്പുന്നു. മുഖം മുകളിലേക്കുയർത്തി പിടിച്ചതിനാൽ ആകാശത്ത് നിന്നും സൂര്യ കിരണം കണ്ണില്‍ പതിക്കുന്നത് ഞാനറിയുന്നുണ്ട്.

താഴെ ഭൂമി അപ്രത്യക്ഷമായിരിക്കുന്നു. ഇനി മുകളിലെ ആകാശം മാത്രമാണ്‌ ബാക്കി.

ശ്വാസത്തെ വെള്ളത്തിന്‌ വിട്ടുകൊടുക്കാതെ മൂക്കും വായും മുറുകെ അടച്ച് പിടിച്ച് മുകളിലേക്ക് കുതിക്കാൻ ഞാനേറെ ശ്രമിച്ചെങ്കിലും എന്റെ കെെകൾ തളരുന്നതായി ഞാനറിഞ്ഞു. കൈകൾ കൊണ്ട്‌ ചിറകടിച്ച് വേണം മുകളിലേക്കുയരുവാൻ. പക്ഷേ, കൈകൾ തളര്‍ന്ന്‌ താണു. കാലുകൾ കുഴഞ്ഞു. ഇനി മരണം... മരണത്തെ കൺ മുന്നില്‍ കണ്ട നിമിഷം. ദൈവമേ... എന്റെ ഉമ്മ, ഉപ്പ... എന്റെ സ്നേഹം. ഇതുവരെ എന്റെ കൂടെ ഉണ്ടായിരുന്ന എന്റെ സുഹൃത്തുക്കളിതെവിടെ. അവരെന്നെ തിരയുകയായിരിക്കുമോ. ദൈവമേ... അവരെന്നെ കണ്ടിരുന്നെങ്കിൽ... എന്നെ രക്ഷിച്ചിരുന്നെങ്കിൽ. മുകളിലേക്കുയർത്തി പിടിച്ച എന്റെ കണ്ണുകളിലേക്ക് സൂര്യരശ്മികളാഴ്ന്നിറങ്ങുന്നുണ്ട്. അവയെന്നെ മുകളിലേക്ക് മാടിവിളിക്കുന്നത് പോലെ. എന്നാൽ, കണ്ണുകൾ അടയാൻ വെമ്പല്‍ കൂട്ടുന്നു. ഒരു മനുഷ്യൻ മരണാസന്നനാകുമ്പോൾ അവന്റെ നാവിൻ തുമ്പത്ത് നിന്നവസാനമുയരേണ്ടതായ വിശുദ്ധ കലിമ ശകലങ്ങളോ... കര്‍മ്മങ്ങളോ ഒന്നും തന്നെ എനിക്കോർമ്മയില്ല. നെഞ്ചിനകത്തെ മിടിപ്പ് മാത്രം ഞാനറിയുന്നുണ്ട്. പിന്നെപിന്നെ, മനസ്സും ശരീരവും തീര്‍ത്തും ശൂന്യമായി മാറുന്നു.

ഞാൻ മരണമാകുന്ന മഹാവിസ്മൃതിയിൽ ലയിച്ചില്ലാതാകാൻ പോവുകയാണോ. കഠിന പ്രയത്നത്തിനൊടുക്കം തോല്‍വി സമ്മതിച്ച് ഞാനെന്റെ കൈകാലുകളെ മുക്തമാക്കി മരണത്തെ കാത്തിരുന്നു. എങ്ങനെയായിരിക്കാം മരണം കടന്ന് വരുന്നത്. ചിറകടിച്ചു വരുന്ന ഒരു മാലാഖ കണക്കോ... അതോ, ഊരാം കുടുക്കിട്ട കയറുകൊണ്ടെറിഞ്ഞ് നമ്മെ പിടികൂടുന്ന ഭീകര സ്വത്തം കണക്കോ. ഒരു തൂവല്‍ സ്പര്‍ശം പോലെ നേര്‍ത്ത സുഖമുള്ളൊരു കാര്യമാണോ അത്... ചുറ്റിക കൊണ്ടുള്ള മേട്ടം കണക്കേ പ്രകമ്പനമുള്ളതോ... അറിയില്ല. എന്തായാലും, ഇനി മൂന്നാം പക്കം.

പെട്ടന്ന്... പെട്ടന്നാണത് സംഭവിച്ചത്.

കിണറിന്റെ അഗാതതയിൽ നിന്നും അന്തമില്ലാതെ ഞാൻ മുകളിലേക്കുയരാൻ തുടങ്ങി. ശരീരത്തിലെവിടെയോ ഒരു സ്പര്‍ശനം ഞാനറിയുന്നുണ്ട്. ആകസ്‌മികമായ ചലനം. പ്രതീക്ഷയുടെ തലോടൽ. മൂന്നാം പക്കത്തിന്റെ ദുര്‍ഗന്ധത്തിൽ നിന്നുമെന്നെ രക്ഷിക്കാൻ വന്ന ദൈവത്തിന്റെ കൈകളായിരിക്കുമോ അത്. അതോ, മരണം നടപ്പാക്കാന്‍ വന്ന മാലാഖുൽ മൗത്തിന്റെ സ്പര്‍ശനമോ... മരണത്തിന്റെ അസ്രാഈൽ മാലാഖ. ഞാനുയർന്നുയർന്ന് പൊങ്ങി മുഖം വെള്ളത്തിൽ നിന്നും അന്തരീക്ഷത്തിലേക്കുയർത്തി. ഭൂമിയുടെ ഗന്ധം. വെളുത്ത ആകാശത്തിൽ പ്രകൃതിയുടെ ദിവ്യപ്രകാശം. വെള്ളത്തിനടിയിലെനിക്ക് ദാഹിച്ച പ്രാണവായുവിനെ ആര്‍ത്തിയോടെ ഞാന്‍ ശ്വസിച്ചു. ലോകത്തെ ഏറ്റവും രുചിയുള്ള ഭക്ഷണം.

പ്രാണവായു...

എന്റെ ശ്വാസകോശം ശക്തിയായി ഉയർന്ന് താണു. കൈകാലുകൾ ഊർജ്ജസ്വലമായി. കണ്ണുകൾ തുറന്ന് പിടിച്ച് ജലനിരപ്പും... വിള്ളലുകളിലെന്നപോലെ പച്ചില സസ്യങ്ങള്‍ വളര്‍ന്ന് നില്‍ക്കുന്ന കിണര്‍ ഭിത്തിയിലെ കരിങ്കല്ല് പടവുകളും ഞാന്‍ കണ്ടു. കിണറിൽ നിന്നും ഞാന്‍ മുകളിലേക്കുയർന്ന് കൊണ്ടിരിക്കുകയാണെന്നെനിക്ക് മനസ്സിലാകുന്നുണ്ട്. താഴെ കാൽമടമ്പിൽ പിടിച്ചാരോ മുകളിലേക്ക് തള്ളുന്നു. മുകളില്‍ കൈകളാരോ പിടിച്ച് വലിച്ചുയർത്തുന്നു. കൈതുടയിൽ അതിന്റെതായ ചെറിയൊരു വേദന എനിക്കനുഭവപ്പെടുന്നുണ്ട് പക്ഷേ, സാരമില്ല.

തല കിണര്‍ പടവിനു മുകളിലേക്കെത്തിയതോടെ കിണറിനുള്ളിലെ അരണ്ട വെളിച്ചത്തിനു പകരം ഭൂമിയുടെ വിശാലത എന്റെ കൺമുന്നിലേക്ക് വന്നു. തലേന്നത്തെ പേരും മഴയില്‍ വെള്ളം കെട്ടി നില്‍ക്കുന്ന... നീണ്ടു പരന്ന് കിടക്കുന്ന വയലുകൾ. വാഹനങ്ങള്‍ ചീറി പാഞ്ഞ് പോകുന്ന സംസ്ഥന പാതയിൽ എന്തോ ചെറിയ ബ്ലോക്ക്. അതിനപ്പുറം വീണ്ടും പാടം... തോട്... തെങ്ങുകൾ... പച്ചപ്പ്. പ്രപഞ്ചം എന്റെ മുന്നില്‍ മന്ദസ്മിതം തൂകി നില്‍ക്കുന്നു... പുഞ്ചിരിച്ചു നില്‍ക്കുന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരും. ഞാൻ നനഞ്ഞ പുല്ലിൽ ആകാശത്തെ കണ്ട് മലര്‍ന്ന് കിടന്നു...