Sunday, 30 June 2024

ഓര്‍മ്മകളുടെ അറകൾ

വീണ്ടും ഉമ്മ വീട്ടിൽ എത്തി ചേർന്നിരിക്കുകയാണ്. വിശ്രമം, ഭക്ഷണം, യാത്ര എന്നിത്യാദികളാണ് ഉമ്മ വീട്ടിലെ പ്രധാന പരിപാടികൾ. പക്ഷെ, കാർമേഘം മൂടിയ ആകാശം കാണുമ്പോൾ ഒന്നിനും താല്‍പര്യമില്ലാതായിരിക്കുന്നു. പോരാത്തതിന് നല്ല വിശപ്പും. അതിനാല്‍, മടിയന്മാരുടെ കച്ചവട സ്ഥലമായ കട്ടിലില്‍ മലര്‍ന്നു കിടന്ന് സ്വപനം കാണാനാണ് ഇന്നത്തെ എന്റെ പരുപാടി.

പുറത്തു തകർത്തു പെയ്യുന്ന നല്ല മഴയാണ്. കാലം മഴക്കാലമാണല്ലോ. ചവിട്ടടികളുടെ കുറവ് കാരണം മുറ്റത്തെ വളർന്ന് വലുതായ പുൽതകിടിക്കു താഴെ മാടമ്പി എന്ന വയൽ പരപ്പ് പച്ചയണിഞ്ഞ് പുതുനാരിയായി നില്‍ക്കുന്നുണ്ട്. നിറപുഞ്ച എന്നാണ് അതിനെ സര്‍ക്കാര്‍ രേഖകളിൽ വിശേഷിപ്പിച്ചു കാണുന്നത്. മാടമ്പിയിൽ നിന്ന് താളത്തിൽ ഉയരുന്ന തവളകളുടേയും ചീവിട് കുടുബത്തിന്റേയും ശബ്ദം ശ്രവിച്ചു കൊണ്ട്‌ ശരീരത്തിലേക്കനാവശ്യമായി തലോടിയെത്തുന്ന ചെറിയ തണുപ്പിന്റെ അസ്വസ്ഥതയുമായി പൂമുഖത്തെ മരകട്ടിലിൽ മലർന്ന് കിടന്നെന്തൊക്കെയോ ചിന്തിക്കുകയാണ് ഞാന്‍. ചെറിയ തോതില്‍ തുമ്മൽ, ചീരാപ് തുടങ്ങിയവ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഞാൻ പറഞ്ഞല്ലോ... കാലം മഴക്കാലമാണ്. ഇതൊക്കെ പതിവാണ്.

എന്നിരുന്നാലും, അപ്പോഴാണ് കുറെ പഴങ്കഥകളൂമായി ഉമ്മു എന്റെ അരികിലേക്ക് കടന്നു വരുന്നത്. അത്യന്തം ആവേശകരമായ കഥകള്‍... ചെറുപ്പം മുതലേ എനിക്കതൊക്കെ കേള്‍ക്കുന്നത് വലിയ താല്‍പര്യമുള്ള കാര്യമായിരുന്നു. അവര്‍ക്കത് പറയാനും. ഒരായുസ്സ് മുഴുവന്‍ ജീവിച്ചു കടന്ന് വന്ന അവരുടെ മനസ്സിനുള്ളിലെ പൊടിപിടിക്കാതെ കിടക്കുന്ന ഒരുപിടി ഓർമ്മകളാണ് ആ കഥകൾ എന്ന് പറയാം. ഒരു കാലഘട്ടത്തിന്റെ സ്പന്ദനങ്ങൾ. ഒരു വീടും അതിനുള്ളിലെ കുറേ മനുഷ്യരും അവർക്ക് ചുറ്റുമുള്ള ഒരു സമൂഹവും. അവരെങ്ങനെയാണ് ഈ മണ്ണിലൂടെ കടന്ന് പോയത് എന്ന് ആ കഥകൾ നമുക്ക് പറഞ്ഞു തരുന്നു. നടന്ന് നീങ്ങുന്ന ചരിത്ര പുസ്തകങ്ങൾ അല്ലെങ്കിൽ, കനപ്പെട്ടൊരു നോവല്‍ എന്നൊക്കെ ആ മനുഷ്യരെ നമുക്ക് വിശേഷിപ്പിക്കാം. പ്രകൃതിനിയമം പാലിക്കാൻ ജീവിതത്തില്‍ നിന്നും അടര്‍ന്ന് പോയികൊണ്ടിരിക്കുന്ന അവരില്‍ നിന്നും അതൊക്കെ പകര്‍ത്തിയെടുക്കാൻ കഴിഞ്ഞില്ല എങ്കിൽ തികഞ്ഞ നഷ്ടക്കാരായി നമ്മൾ മാറുമെന്നെനിക്കുറപ്പുണ്ട്.

എന്നാൽ, പുതിയ സമയമില്ല കൗമിനെവിടെയാണതിനൊക്കെ സമയം. 

ചെറിയ വീട്, നെല്ല്, പത്തായം, മഴ, അത്രയൊന്നും വൃത്തിയില്ലാത്ത ചുറ്റുപാടുകൾ, ചിമ്മിണി വിളക്ക്, ദാരിദ്ര്യം, സ്നേഹം പങ്കുവെപ്പ്, ബഹുമാനം, കരുണ, സഹജീവി സ്നേഹം തുടങ്ങി... ആ കഥകളിലെ ആ ഓരോ ഉരുപ്പടികളും  കൺമുന്നിലൂടെയങ്ങനെ നൃത്തം ചെയ്ത് നീങ്ങികൊണ്ടിരിക്കുന്നു...

"എത്ര എത്ര കല്യാണങ്ങൾ കഴിഞ്ഞ വീടാണിതെന്നറിയുമോ ആസിപ്പ് മോനെ അണക്ക്...?"

ഇടക്കവർ ഇരുകൈകൾ കൊണ്ടും തന്റെ തലമുടി കഴുത്തിൽ നിന്നും എടുത്തുയർത്തി ചോദിച്ചു.

കഴിഞ്ഞ കാല കല്യാണങ്ങൾ... അതെങ്ങനെ ആയിരിക്കാം ആഘോഷിക്കപ്പെട്ടിരുന്നത്. ഇന്നത്തെ വിവാഹ പാർട്ടികളിൽ നിന്നും എന്തൊക്കെ മാറ്റങ്ങളാണ് അതിനുണ്ടായിരിക്കുക. എന്തായാലും, ഒരു കാര്യമുറപ്പാണ്. കാലാന്തരത്തിൽ കടന്ന് വന്ന അനേകം കൂട്ടിചേർക്കലുകളുമായി നിരന്തരം മാറ്റങ്ങൾക്ക് വിധേയമായികൊണ്ടിരിക്കുന്ന ഒരു കർമ്മമാണ് ഈ വിവാഹമെന്ന സംഗതി. കൂടാതെ, ലോകത്തിന്റെ ഓരോ മൂലയിലും ഓരോ കോലത്തിലത് ആഘോഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വ്യത്യസ്തകളുടെ പൂരം.

"ഇന്നത്തെ പോലൊന്ന്വല്ല. ചുറ്റോറം ലൈറ്റും കത്തിച്ചു വെക്കുന്ന പെട്രോമാസ് വെളക്കിനെ കാണാൻ തന്നെ ഒരു ശേലാണ്..." അവരെന്നോട് പറഞ്ഞു നിർത്തി.

വലിയ മരത്തുണുകളിൽ കെട്ടി ഉയർത്തപ്പെട്ട കാഹളങ്ങളിൽ നിന്നും പൊഴിയുന്ന പാട്ട്. പൂക്കള്‍കൊണ്ടലങ്കരിക്കപ്പെട്ട പട്ടപന്തൽ. അതിൽ ലങ്കുന്ന തുണികൊണ്ട് മേല്‍ഭാഗം കെട്ടിവെച്ചിരിക്കുന്ന പുതിയാപ്പിള ഉപവിശ്ഠനാകുന്ന ഭാഗം. അതിനു മുന്നില്‍ താമ്പാള കസേരകളുടെ നിരകള്‍. വീടിനകത്തെ സ്വീകരണ മുറികള്‍ പുല്‍പ്പായ വിരിച്ച സ്വീകരണ സ്ഥലങ്ങളായി മാറിയിരിക്കും. അതിൽ വെറ്റില, പുകല, നൂറ് തുടങ്ങിയവ പാത്തുവെച്ച മുറുക്കാന്‍ ചെല്ലങ്ങളുടെ സ്വർണ്ണ വര്‍ണ്ണ തിളക്കം.

തറവാടിൽ നടന്ന പഴയ ഏതോ കല്യാണത്തിന് നടന്ന ഒരു കൊൽക്കളിയെ കുറിച്ചവർ പറഞ്ഞു നിർത്തി. കത്തിച്ചു വെക്കുന്ന പെട്രോമാസിന് ചുറ്റിലുമിരുന്ന് പുരുഷന്മാരാൽ നടത്തപ്പെടുന്ന വട്ടപ്പാട്ട്... പിന്നെ, തീപ്പെട്ടി പോലുള്ള എന്തോ ഒരു സാധനം ചുണ്ടില്‍ വെച്ച് താളമിട്ട് പാടുന്ന പാണൻ പാട്ടുകൾ...

പാണന്മാർ...

കഴിഞ്ഞ കാല ജീവിതങ്ങള്‍ തങ്ങളുടെ ദുഃഖങ്ങളും സന്തോഷങ്ങളും പരസ്പരം കൈമാറി ഇഴുകി ചേര്‍ന്നെങ്ങനെയാണ് കഴിഞ്ഞു വന്നിരുന്നത് എന്നുള്ളതിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളാണ് പാണന്മാർ ഉള്‍പ്പടെയുള്ള അധഃസ്ഥിത ജനതയുടെ മാപ്പിള സൗഹൃദങ്ങൾ എന്ന് കാണാൻ കഴിയും. തലേന്നു തന്നെ അവർ കല്യാണ വീടുകളില്‍ എച്ചേരുമെത്രെ. പിന്നെ, വീട്ടുകാര്യങ്ങളിൽ വീട്ടുകാരോടൊപ്പമവർ സജീവമാവുകയായി. ഭക്ഷണം പാകം ചെയ്യൽ, പാത്രം കഴുകൽ, തീന്‍ മേശ വൃത്തിയാക്കൽ അങ്ങനെ അങ്ങനെ ആ സേവനങ്ങൾ നീളുന്നു. പരിപാടികളുടെ എല്ലാം ഒടുക്കം ചേമ്പും കലങ്ങളും പരിസരവുമെല്ലാം വെടിപ്പാക്കി വൃത്തിയാക്കി മാത്രമാണ്‌ അവർ അവിടം വിട്ടു പോവുക.

അതിഥികള്‍ ഇലയിൽ ബാക്കിവെച്ച ഭക്ഷണം തങ്ങളുടെ കൈവശമുള്ള ഓല കൊട്ടകളിലേക്ക് പകർത്തി വീട്ടിലേക്ക് കൊണ്ടുപോകുന്ന കഴിഞ്ഞകാല സാഹചര്യങ്ങൾ അക്കാലത്തെ വറുതിയുടെ അടയാളമായി മനസ്സിലാക്കാം. വലിയ അശുദ്ധ സംഗതിയായി ഇന്ന്‌ കണക്കാക്കി വരുന്ന ആ ഭക്ഷണ ബാക്കി ഒരു കാലത്ത് കുറേ മനുഷ്യരുടെ ഭോജ്യമായിരുന്നു എന്ന് കേട്ടപ്പോൾ മനസ്സിൽ വലിയ ദുഃഖം തോന്നി.

പുറത്ത്‌ മഴ തുടരുന്നു. ഉമ്മുവിന്റെ കഥകളും

ഒരു യുദ്ധം നിര്‍മ്മിച്ചത്

ഗസ്സയിൽ യുദ്ധം തുടർന്ന് കൊണ്ടിരിക്കുന്നു. ഏറ്റവും ഒടുവില്‍ ഇസ്മായില്‍ ഹനിയ്യയുടെ ഒരു കുടുംബാംഗത്തെ കൂടി ബോംബ് വിഴുങ്ങി എന്ന വാര്‍ത്ത കേട്ടുകൊണ്ടാണ് ഞാനിന്ന് ഉറക്കമുണര്‍ന്നത്. പലതും എന്റെ മനസ്സിലൂടെ കടന്ന് പോയി കൊണ്ടിരിക്കുന്നു. സമരമുന്നണിയില്‍ സ്വത്തും ജീവിതവും സന്താനങ്ങളേയും ത്യജിച്ച അനേകം മനുഷ്യരുടെ ത്യാഗോജ്ജ്വലവുമായ കഥകൾ. ചരിത്ര പുസ്തകങ്ങളിലല്ലാതെ ഇത്തരം വാർത്തകൾ കേട്ടതായി നമുക്കറിവില്ല. ധർമ്മ സമരത്തിന്റെ പാതയില്‍ സ്വത്തും സന്താനങ്ങളേയും ത്യജിച്ച വീരോചിത കഥകൾ. അവരെ ചരിത്ര പുരുഷന്മാർ എന്നാണ് ലോകം വിശേഷിപ്പിച്ചു വരുന്നത്. കണ്ണു തുറന്ന് നോക്കിയാല്‍ ഈ പുതിയ കാലത്തും അത്തരം മഹത്തുക്കളെ കാണാൻ കഴിയും.

യുദ്ധം മനുഷ്യനെ നിഗ്രഹിക്കുന്നൊരു ഏർപ്പാട് മാത്രമല്ല എന്നും, അത് മനുഷ്യരെ നിർമ്മിക്കുക കൂടി ചെയ്യുന്നുണ്ട് എന്നെനിക്ക് തോന്നിതുടങ്ങിയ ദിനരാത്രങ്ങളിലൂടെയാണ് ഞാന്‍ കടന്ന് പോയി കൊണ്ടിരിക്കുന്നത്. യുദ്ധങ്ങൾ മനസ്സുകളെ വാര്‍ത്തെടുക്കുന്നു. ഏതൊരു കഠിന ഹൃദയനേയും നിര്‍മ്മല ഹൃദയനായും, ലോല ഹൃദയനെ കരിങ്കല്ലുമാക്കി മാറ്റുന്നു എന്ന് ചുരുക്കം.

നീട്ടി വെക്കുന്ന കാലുകളൊന്ന് അന്യന്റെ ശരീരത്തിൽ സ്പര്‍ശിച്ചാൽ പോലും അസ്വസ്ഥമാകുന്ന സാധാരണ മനസ്സുകള്‍ക്ക് മുന്നിലാണ് മനുഷ്യന്‍ മനുഷ്യനെ കൊന്ന് തീര്‍ക്കുന്ന ഹീനവും ക്രൂരവുമായ യുദ്ധം എന്ന താണ്ഡവം പലപ്പോഴും നടന്ന് വരുന്നത് എന്നുള്ളത് എത്ര വേദനാജനകമാണ്. മനസ്സിന് വല്ലാത്ത മരവിപ്പ് തോന്നുന്നു. മുന്നില്‍ പ്രതീക്ഷയുടെ ഒരു തുരുമ്പുപോലുമില്ലാത്ത അവസ്ഥ. എവിടെ നോക്കിയാലും ഇരുട്ട് തളം കെട്ടി നില്‍ക്കുന്ന നീണ്ട ഇടനാഴികൾ മാത്രം.

ഇടക്കിടെ വന്ന് കൊണ്ടിരിക്കുന്ന ശുഭവാർത്തകൾ മനസ്സിന്‌ വല്ലാത്ത അളവില്‍ സന്തോഷവും നല്‍കുന്നുണ്ട് എന്നുള്ളത് നേരു തന്നെയാണ്. എതാനും വാക്കുകളിൽ മാത്രം ഒതുങ്ങി നില്‍കുന്ന ഒരു തുണ്ട് ശുഭ വാര്‍ത്തയില്‍ പോലും ഒരായിരം സമാധാന കിരണങ്ങൾ... അപ്പോൾ, കനപ്പെട്ടൊരു സമ്മാനം ലഭിച്ചൊരു മനുഷ്യനും ഞാനും തുല്ല്യാഹ്ലാദം പങ്കുവെക്കുന്നവരാണന്ന് തോന്നിപ്പോകുന്നു. എങ്കിലും, അടുത്തൊരു മോശം വാർത്ത വരെ മാത്രമേ ആ ആവേശത്തിന് ആയുസ്സൊള്ളൂ എന്നുള്ളതാണ് സത്യം. തുടരെ തുടരെയുള്ള ഭാവമാറ്റം. മനസ്സിനോട് വല്ലതും പറഞ്ഞ് സമാധാനപ്പെടാൻ ഞാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മനസ്സത് കണ്ട ഭാവമേ നടിക്കുന്നില്ല.

ഗസ്സയെ സംബന്ധിക്കുന്ന പ്രഭാഷണങ്ങള്‍ കേള്‍ക്കുമ്പോൾ കരച്ചില്‍ പിടിച്ചു നിര്‍ത്താന്‍ ഞാന്‍ പലപ്പോഴും വല്ലാതെ പ്രയാസപ്പെടാറുണ്ട്. പ്രഭാഷകന്‍ അവിടെ മരിച്ചു കൊണ്ടിരിക്കുന്ന കുഞ്ഞുങ്ങളുടെ കാര്യം പറയാതിരുന്നെങ്കിലന്ന് ഞാനഗ്രഹിക്കും. എന്നാൽ, വിറക്കുന്ന ചുണ്ടുമായി അയാളത് പറയുന്നതോടെ ഞാന്‍ തളര്‍ന്നു പോവുകയായി. അയാളുടെ വാക്കുകൾ ഇടറും. വിദൂരതയിലേക്ക് അയാളൊരൽപ്പ നേരം നിശബ്ദമായി നോക്കി നില്‍ക്കും. എനിക്കും കരച്ചില്‍ വരും. എന്റെ സമീപത്തുള്ളവരും ഒരുപക്ഷേ കരയുന്നുണ്ടായിരിക്കാം. ഞാന്‍ തിരിഞ്ഞു നോക്കാറില്ല. എല്ലാവരും അവരവരുടെ കുഞ്ഞുമക്കളെ ഓര്‍ക്കുന്ന സ്വകാര്യ നിമിഷമാണത്. അവരുടെ കൂടെ ചിലവഴിച്ച സുന്ദര മുഹൂര്‍ത്തങ്ങൾ. അവരുടെ കളി ചിരികള്‍, സന്തോഷങ്ങൾ. ഒരുപക്ഷേ, കരളിന്റെ കഷണങ്ങളായ നമ്മുടെ ആ കുഞ്ഞുങ്ങള്‍ ആയിരുന്നു ആ മരിച്ചു കിടക്കുന്ന കുട്ടികളെങ്കിൽ... എല്ലാവരുടെയും മനസ്സിലൂടെ ചോര വാർന്നനക്കമില്ലാതെ കിടക്കുന്ന ആ കുഞ്ഞു മക്കളുടെ ചിത്രങ്ങൾ കടന്നു പോയികാണുമെന്നെനിക്ക് ഉറപ്പുണ്ട്.

ഒരിക്കല്‍, ഒരു പ്രഭാഷകന്‍ അദ്ദേഹത്തിന് വരുന്ന ചില ഫോൺ കോളുകളെ സംബന്ധിച്ച് പറയുകയുണ്ടായി. മരിച്ചു കിടക്കുന്ന കുഞ്ഞുങ്ങളെ ഓര്‍ത്തുറങ്ങാൻ കഴിയാത്ത കുറെ മനുഷ്യരുടെ ഫോൺ കോളുകള്‍. "ഉറങ്ങാൻ കഴിയുന്നില്ല സുഹൃത്തേ" എന്നവര്‍ അദ്ദേഹത്തോട് പറയുമെത്രെ. കണ്ണുകളടയമ്പോൾ കാതുകളിൽ കുറെ കുഞ്ഞുങ്ങളുടെ കൂട്ട നിലവിളികൾ മുഴങ്ങി കേള്‍ക്കുന്നു എന്നവര്‍ പരിഭവമറിയിച്ചു. എന്തെങ്കിലും സമാധാന വാക്കുകൾ അദ്ദേഹത്തില്‍ നിന്നും കേൾക്കാൻ കഴിഞ്ഞെങ്കിലെന്നവർ ആഗ്രഹിച്ചു കാണണം. ഒരുപക്ഷേ, അതിജീവനങ്ങളുടെ, ശുഭപ്രതീക്ഷകളുടെ സ്നേഹഭാഷണങ്ങൾ പല വേദികളിലും പങ്കിടുന്നരാകാം ആ ഉറങ്ങാൻ കഴിയാത്ത മനുഷ്യരെന്നെനിക്കുറപ്പുണ്ട്. അവരുടെ ആ വാക്ക്... "എനിക്കുറങ്ങാൻ സാധിക്കുന്നില്ല..." എന്ന ആ വാക്ക് എന്റെ ഹൃദയത്തിൽ പെരുമ്പറ കൊട്ടുന്നു.

സ്വതവേ യാത്രപ്രിയനായ എനിക്ക് യാത്രകളോട് തീരെ ആകര്‍ഷണം തോന്നുന്നില്ല എന്നുള്ളതാണ് മറ്റൊരു കാര്യം. എങ്കിലും, കഴിഞ്ഞ ദിവസം ഞാനൊരു യാത്രക്കിറങ്ങി. എന്റെ പ്രിയപ്പെട്ട ആ പുരാതന നഗരിയിലേക്ക്. ഞാനോര്‍ക്കുന്നു... എനിക്കെത്രത്തോളം മാനസികോല്ലാസം നല്‍കിയിരുന്ന സ്ഥലമായിരുന്നു അതെന്ന്. എന്റെ ഓരോ സന്ദര്‍ശനത്തിനും എന്തെങ്കിലും ഒരു പുതിയ കാഴ്ച്ച എനിക്കായി പാത്തുവെക്കുന്ന നഗരം. അതിന്റെ കഴിഞ്ഞകാല ചരിത്രത്തെ സംബന്ധിച്ച് ചിന്തിച്ചു കൊണ്ട്‌ എത്രയോ തവണ ഞാനാ വീഥിയിലൂടെ സഞ്ചരിച്ചിട്ടുണ്ട്. എന്നാൽ, യുദ്ധം പരിവര്‍ത്തിച്ച മനസ്സുമായി ഞാനതിലൂടെ വഴിനടക്കുമ്പോൾ മനസ്സിൽ ഒന്നും തന്നെ ചിന്തിക്കാൻ സാധിക്കുന്നില്ല എന്നുള്ളതാണ് നേര്‌. ആ നഗരത്തിന്റെ ചരിത്രത്തെ ഓര്‍ത്ത് ആവേശം കൊള്ളാറുള്ള എന്റെ മനസ്സ് മരവിച്ചൊരു അസ്ഥികൂടം കണക്കെ നിശബ്ദമായി നടന്നു നീങ്ങി.

ഞാനിപ്പോൾ പള്ളിയില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ചൊന്നും ചെയ്യാനില്ല എങ്കിലും വെറുതെ ഓരോ കാര്യങ്ങൾ ചിന്തിക്കുന്നു. ചിലപ്പോഴൊക്കെ ഖുറാന്‍ പാരായണം ചെയ്യാൻ തോന്നും. എന്നാൽ, മനസ്സിനെ ഏകീകരിക്കുക എന്നുള്ളത് ഒരു വലിയ പ്രയാസകരമായ കാര്യം തന്നെയാണന്ന് പറയാതിരിക്കാന്‍ കഴിയില്ല. ഒരു ദിവസത്തെ അഞ്ച് പ്രാവശ്യ നമസ്കാരം ഒരു വിശ്വാസിക്ക് എത്രത്തോളമാണ് ആശ്വാസം പ്രധാനം ചെയ്യുന്നത് എന്ന് ഞാന്‍ മനസ്സിലാക്കിയ സന്ദര്‍ഭങ്ങളായിരുന്നു അത്. ഒരു നമസ്കാരം കഴിഞ്ഞ് അടുത്തതിലേക്കുള്ള യാത്രക്കിടെ പലതരം വേദനകളും പ്രയാസങ്ങളും മനസ്സിലേക്ക് മെല്ലെ മെല്ലെ കടന്ന് വരും. കുട്ടികളെ ഓര്‍മ്മ വരും. അവരുടെ കൂടെ ചിലവഴിച്ച നിമിഷങ്ങൾ ഓര്‍മ്മ വരും. മനസ്സ് വല്ലാതെ അസ്വസ്ഥമാകും. അപ്പോഴതാ അടുത്ത നമസ്കാരത്തിന്റെ ബാങ്കൊലി കേള്‍ക്കയായി. അതോടെ അതിലേക്ക് തിരിയും. മനസ്സ് തെല്ലൊന്ന് ശാന്തമാകും.

ആ ഇടക്കാണ് ഞാനൊരിക്കൽ എന്റെ ഒരു സുഹൃത്തിന് ഫോൺ വിളിച്ചത്. പല വിധ കാര്യങ്ങളും സംസാരിക്കുന്നതിനിടക്ക് ഞാനവനോട് പലസ്തീനുമായി ബന്ധപ്പെട്ട എന്തോ ഒരു കാര്യത്തെ കുറിച്ച് സൂചിപ്പിച്ചു. എന്നാൽ, എന്തോ ഒരു പുതിയ കാര്യം കേട്ടത് മാതിരി അവനെന്നെ നോക്കി ചോദിച്ചു...

"സത്യത്തിൽ എന്താണ്‌ അവിടെ പ്രശ്‌നം. ഞാന്‍ ഒന്നും അറിഞ്ഞിരുന്നില്ല... " എന്ന്.

ഭാഗ്യവാൻ... ലോകത്തെ ഏറ്റവും വലിയ ഭാഗ്യവാൻ...! 

അവനൊന്നും അറിയുന്നില്ല. കത്തി തീര്‍ന്നു കൊണ്ടിരിക്കുന്ന ആ ജനതയെ കാണുന്നില്ല. അവരുടെ തലക്കു മുകളില്‍ നിന്നും വീഴുന്ന ബോംബുകളെ കുറിച്ചറിയുന്നില്ല. രക്തം വാർന്ന് മരിക്കുന്ന ആ മനുഷ്യരെ നിലവിളികൾ കേള്‍ക്കുന്നില്ല. അവരുടെ വേദനകളെ കുറിച്ച് ചിന്തിക്കേണ്ടതില്ല. അധ്വാനിക്കുന്നു... തിന്നുന്നു, ഉറങ്ങുന്നു.

ഹാ... സുഖം... സുന്ദരം... മനോഹരം.

ലോകത്തിന്റെ ഏത് കോണില്‍ നിന്നുള്ളതാണെങ്കിലും യുദ്ധ വാർത്തകൾ പലപ്പോഴും അസഹ്യം തന്നെയാണ്‌. അത് കേവലം അതിന്റെ അക്രമോത്സുകത കൊണ്ട്‌ മാത്രമല്ല. യുദ്ധം സാഹചര്യങ്ങളിൽ പിച്ചിചീന്തപ്പെടുന്ന മനുഷ്യന്റെ സ്വൈര്യജീവിതം... റദ്ദു ചെയ്യപ്പെടുന്ന മനുഷ്യാവകാശങ്ങള്‍... അവന്റെ എല്ലാ കേവല സൗകര്യങ്ങളും തടയപ്പെടുന്ന അതിദാരുണമായ അവസ്ഥ. ഒരുപക്ഷേ, അതിനെ വാക്കുകള്‍ കൊണ്ട്‌ പറയുക പ്രയാസകരമാണ്. ഒരു സഹജീവി എന്ന നിലയില്‍ അവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകളല്ലാതെ.

എല്ലാം ശുഭകരമായി പര്യവസാനിക്കട്ടെ,

Monday, 24 June 2024

ഒരു കുടുംബം പിറന്നയിടം

ഇത് മലപ്പുറം ജില്ലാ മ്യൂസിയം. ബ്രിട്ടീഷ് ഭരണകാലത്ത്‌ ഹുജൂർ കച്ചേരിയായും സ്വതന്ത്ര സര്‍ക്കാര്‍ നിലവില്‍ വന്ന ശേഷം തിരൂരങ്ങാടി ബ്ലോക്കോഫീസായും പ്രവർത്തിച്ചിരുന്ന ഈ കെട്ടിട മുറ്റത്തിന് എന്റെ ജീവിതവുമായി അഭേദ്യമായൊരു ബന്ധം നിലനില്‍ക്കുന്നു.

ആ കഥക്ക് നൂറ് വർഷങ്ങൾ പഴക്കമുണ്ട്.
കൃത്യമായി പറഞ്ഞാൽ... 1921 ആഗസ്റ്റ് 20

വള്ളുവനാട്, ഏറനാട് താലൂക്കുകളിൽ പ്രഖ്യാപിക്കപ്പെട്ട നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് സര്‍ക്കാരിനെതിരിൽ സംഘടിച്ച വിപ്ലവകാരികളെ അടിച്ചമര്‍ത്തുന്നതിന്നായി കളക്ടർ ഇ എഫ് തോമസ് തിരൂരങ്ങാടിയിൽ എത്തിച്ചേർന്ന ദിവസമാണ് രംഗം. മമ്പുറം കിഴക്കേ പള്ളിയും ഖിലാഫത്ത് ഓഫീസും ശോധനം ചെയ്തുകൊണ്ട് മൂന്ന് പേരുടെ അറസ്റ്റും രേഖപ്പെടുത്തിയ ശേഷം ഉച്ചയോടെയാണ് അയാൾ സര്‍ക്കാര്‍ ആസ്ഥാനമായ തിരൂരങ്ങാടി കച്ചേരിയിൽ എത്തിച്ചേരുന്നത്.

എന്നാൽ, ഈ വാർത്ത പുറംലോകത്ത് പടര്‍ന്നത് മമ്പുറം പള്ളിയുടെ പവിത്രത നഷ്ടപ്പെടുത്തിയെന്നും അത് നിശ്ശേഷം തകര്‍ക്കപ്പെട്ടന്ന പേരിലുമാണ്. വാർത്ത കാട്ടുതീ പോലെ പരന്നു. നിമിഷ നേരം കൊണ്ടാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. 2000ത്തോളം മുസ്ലിംകൾ തിരൂരങ്ങാടിയിൽ തടിച്ചുകൂടി ബ്രിട്ടീഷ് സര്‍ക്കാരിനെതിരിൽ മുദ്രാവാക്യങ്ങൾ മുഴക്കി. നിരോധനാജ്ഞയുടെ തുടര്‍ച്ചയായുള്ള ലംഘനമെന്ന പേരില്‍ അവര്‍ക്കു നേരെ വെടിവെച്ചുകൊണ്ടാണ് വെള്ള പട്ടാളം ഇതിനെതിരെ പ്രതികരിച്ചത്. 300 ഓളം പേർ അവിടെ കൊല്ലപ്പെട്ടന്ന് ഔദ്യോഗിക കണക്ക്. കുറെ പേരെ അറസ്റ്റും ചെയ്ത് കച്ചേരിയിലേക്ക് കൊണ്ടുപോയി.

മേല്‍ സംഭവങ്ങളെ ചോദ്യം ചെയ്യാൻ വേണ്ടിയാണ് ആലി മുസ്ല്യാരും സംഗവും കച്ചേരിയിലേക്ക് പുറപ്പെടുന്നത്. അപായ സാഹചര്യം കണക്കാക്കി സെക്കൻഡ് ലെഫ്റ്റനന്റ് ജോൺസൺ, ഡി വൈ എസ് പി റൌലി എന്നീ മേലുദ്യോഗസ്ഥരും കുറച്ചു കോൺസ്റ്റബിൾമാരും, അവര്‍ക്ക് മുന്നിലായി സായുധരായ ഏതാനും പട്ടാളക്കാരും കച്ചേരി മുറ്റത്ത്‌ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. അവര്‍ക്കു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ട് കളക്ടര്‍ തോമസ് അകത്തും.

കച്ചേരി മുറ്റത്തെത്തിയ നിവേദക സംഗവുമായുള്ള സംഭാഷണം എളുപ്പമാക്കാൻ ദ്വിഭാഷിയാകാൻ നിയോഗിക്കപ്പെട്ടത് കോൺസ്റ്റബിൾമാർക്കിടയിൽ നിന്നും അവരുടെ ഹെഡ്ഡിനെയായിരുന്നു. ആയിടെ പിറന്നു വീണ തന്റെ മകനെ ഒരു നോക്കു കണ്ട് ജോലിക്കായി തിരക്കിട്ടിറങ്ങിയ ഒരു പൊലീസുകാരൻ. തുക്ക്ടി കളക്ടറും പരിവാരങ്ങളും തിരൂരങ്ങാടിയെ ശോധനം ചെയ്യാൻ കോഴിക്കോട്ടു നിന്നെത്തിയിട്ടുണ്ടെന്ന വാർത്തയറിഞ്ഞ് നേരെ കിഴക്കേ പള്ളിയിലേക്കാണ് അദ്ദേഹം പോകുന്നത്. അവിടെ നിന്നും ഏതാനും പോരാളികളെ അറസ്റ്റ് ചെയ്ത ശേഷം നേരെ കച്ചേരിയിലേക്ക് കൂട്ടി കൊണ്ടുവന്ന് അല്‍പ്പം കഴിഞ്ഞാണ് മേല്‍ വെടിവെപ്പ് നടക്കുന്നതും ആലി മുസ്ലിയാരും സഖാക്കളും കച്ചേരിയിലെത്തുന്നതും.

അകാരണമായി അറസ്റ്റ് ചെയ്ത തങ്ങളുടെ സഹോദരങ്ങളെ വിട്ടുകിട്ടണമെന്നാണവർ ആവശ്യപ്പെടുന്നത്... അയാൾ തന്റെ മേലുദ്യോഗസ്ഥരോട് കാര്യം ധരിപ്പിച്ചു. സംഭാഷണം തുടർന്നു. വാഗ്വാദങ്ങൾ പരസ്പരം വെല്ലുവിളികളിലേക്കും കടുത്ത പദപ്രയോഗങ്ങളിലേക്കും നീങ്ങി. ശബ്ദമുയർന്നു. തക്ബീർ മുഴങ്ങി...

"ഫയർ..."

അപ്പോഴാണ് കച്ചേരിക്ക് മുന്നില്‍ നിലയുറപ്പിച്ചിരുന്ന സായുധ സൈന്യത്തിന് വെടിവെക്കാനുള്ള ഉത്തരവ് പിന്നിൽ നിന്നും കളക്ടര്‍ സായിപ്പ് നല്‍കുന്നത്. മലബാര്‍ കലാപവുമായി ബന്ധപ്പെട്ട വലിയൊരു അവിവേകമായിട്ട് ചരിത്രം ആ നടപടിയെ വിലയിരുത്തുന്നു.

പ്രതിഷേധക്കാരുടെ മുന്നില്‍ നിലയുറപ്പിച്ച് നില്‍ക്കുന്ന തങ്ങളുടെ സഹപ്രവര്‍ത്തകരെ വകവെക്കാതെ സൈന്യം വെടിവെപ്പ് തുടങ്ങി. മറുവശത്ത് നിന്നും പ്രത്യാക്രമണങ്ങളുണ്ടായി... കടുത്ത യുദ്ധം. വെടിയൊച്ചയും ആര്‍പ്പുവിളിയും. എല്ലാം കെട്ടടങ്ങുമ്പോൾ കച്ചേരിക്ക് മുന്നിലെ റോഡുവക്കത്ത് ചോരയിൽ കുളിച്ച നിലയിൽ അനേകം മനുഷ്യരെ കാണാൻ കഴിഞ്ഞു. അവര്‍ക്കിടയില്‍ റൗളിക്കും ജോൺസണും കൂടെ ആ പോലീസുകാരനും. കച്ചേരിക്കു മുന്നിലെ പാതയോരത്തെ പീടിക വാരാന്തയിലാണ് അയാളുടെ മൃതശരീരം കണ്ടെടുക്കുന്നതെന്ന് പിന്നീട് അന്വേഷണ റിപ്പോര്‍ട്ട് രേഖപ്പെടുത്തി. അയാളുടെ പേര് ആലിക്കല്‍ മൊയ്തീന്‍ സാഹിബ് എന്നായിരുന്നു... എന്റെ പ്രിയ പ്രപിതാമഹൻ. അദ്ദേഹത്തിന്റെ ആത്മാവിന് ദൈവം സമാധാനം നല്‍കട്ടെ.

ആ യുദ്ധം സുദീര്‍ഘവും ത്യാഗോജ്ജ്വലവുമായ മലബാര്‍ സ്വതന്ത്ര സമരത്തിലെ അവസാനത്തെ അധ്യായത്തിലേക്കുള്ള അദ്യ വെടിയൊച്ചയും.