എന്റെ വീടിന്റെ സമീപത്ത് നിന്നും ഏറെ ദൂരമില്ലാത്തൊരിടത്താണ് മണ്ണാര്‍മല തമ്പുരാന്റെ പുരാതന കോവിലകം സ്ഥിതിചെയ്യുന്നത്. കാലപ്പഴക്കം കൊണ്ടും നോക്കാനാളില്ലാതേയും ആകെ നിര്‍ജ്ജീവമാണിന്നത്. കാടു മറച്ച എട്ടുകെട്ടിന്റെ പല ഭാഗങ്ങളും ഇടിഞ്ഞു പൊളിഞ്ഞ് പ്രേതഭവനം പോൽ കിടപ്പാണങ്കിലും ചില ഭാഗങ്ങൾ കാലത്തിന്റെ കുത്തൊഴുക്കിൽ തകരാതെയങ്ങനെ പിടിച്ചു നില്‍ക്കുന്നത് കാണാന്‍ കഴിയുന്നു. ഒരിക്കല്‍ ഞാനവിടം സന്ദര്‍ശിച്ചിരുന്നു. പച്ചപകലു പോലും ഭയം മാടി വിളിക്കുന്ന ഭാർഗ്ഗവീനിലയം. ഞാനേറെ ഭയവിഹ്വലതയോടെയാണ് അന്നവിടെ ചിലവഴിച്ചത്. മനുഷ്യ രക്തം ഊറ്റി കുടിക്കുന്ന പ്രേതങ്ങൾ, ജിന്ന്, മറുത, ഇഴജന്തുക്കൾ, ശ്വാനന്മാർ, വവ്വാലുകൾ തുടങ്ങിയവരെയൊക്കെ ഞാനന്നവിടെ പ്രതീക്ഷിച്ചിരുന്നെങ്കിലും ദൈവാധീനം കൊണ്ടാരേയും കണ്ടില്ല... ഭാഗ്യം. ആ കോവിലക കെട്ടുകൾ തകർന്ന് തരിപ്പണമായി നിത്യവിസ്മൃതിയിൽ ലയിക്കാതെ ബാക്കിയിരിപ്പുണ്ടങ്കിൽ ഒരിക്കല്‍കൂടി അവിടെ ചെല്ലാനെനിക്ക് അതിയായ ആഗ്രഹമുണ്ട്. വെറുതെ അവിടെയൊക്കെ ഒന്ന് ചുറ്റി നടക്കണം... കുറേ ഫോട്ടോകൾ എടുക്കണം എന്നിത്യാദികളാണ് 'പുതിയ' ആഗ്രഹങ്ങള്‍...
അവസാനിക്കാത്ത ആഗ്രഹങ്ങളുടെ മറ്റൊരു പേരാണല്ലോ മനുഷ്യന്‍.
ഒരു കാലത്ത് മേല്‍ മണ്ണാര്‍മല തമ്പുരാന്റെ കീഴിലുണ്ടായിരുന്ന തെങ്ങിൻ തോപ്പുകളായിരുന്നു ഞങ്ങളുടെ പറമ്പുള്‍പ്പെടുന്ന ഈ കരുവമ്പാറ പ്രദേശം മുഴുവനുമെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. കറുകറുത്ത അനേകം പാറ കൂട്ടങ്ങൾ മുളച്ച് പൊന്തി നില്‍ക്കുന്നതിനാലായിരിക്കാം ഈ സ്ഥലത്തിന് കറുത്ത പാറയുള്ള സ്ഥലം എന്ന നിലയില്‍ കരുവമ്പാറ എന്ന പേര് ലഭിച്ചത്. അല്ലെങ്കിൽ, ഇവിടെയുള്ള പാറയിലൊന്നിൽ പണ്ടുണ്ടായിരുന്നൊരു കരുവാന്റെ ആലയിൽ നിന്നുമായിരിക്കാം ആ പേര് വന്നത്... കരുവാന്റെ പാറ. അഥവാ, കരുവമ്പാറ. എന്നിരുന്നാലും, ആരുടെക്കെയോ കൈകളിലൂടെ മാറിമറിഞ്ഞ് വന്നതിനൊടുവിൽ ആ മണ്ണിന്റെ ചെറിയൊരു ഭാഗമെന്റെ പിതാവിന്റെ കൈവശവുമെത്തിച്ചേർന്നു. അവിടെ പണിയിച്ച വീട്ടിലാണ് ഞങ്ങളിപ്പോൾ സസന്തോഷം കഴിഞ്ഞ് വരുന്നത്.
തെക്കന്‍ മലയുടെ വേരുകൾ പോലുള്ള വലിയ പാറകള്‍ നിറഞ്ഞു നില്‍ക്കുന്ന ഗർത്തം. അവിടെ നിന്നും താഴേക്ക് നോക്കിയാല്‍ പാറക്കൂട്ടങ്ങളാണ് കാഴ്ച്ചയിൽ. അതിലവിടെവിടെയായി ധാരാള കണക്കിന് പൊത്തുകൾ കാണാം. അഥവാ, അഗാധമായ മടകൾ... ഇങ്ങനെയൊക്കെ ആയിരുന്നു ഒരു കാലത്തീ പുരയിടത്തിന്റെ അവസ്ഥ എന്ന് ഉമ്മമ്മ പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്. അവരെന്റെ ഉപ്പയുടെ മാതാവാണ്. മരിച്ചു പോയിരിക്കുന്നു... അവരുടെ ഖബറിടം ദൈവം വിശാലമാക്കട്ടെ... അമീന്‍. ഒരുപക്ഷേ, ആ പാറമടകളിൽ കല്ലും മണ്ണും നിറച്ച്... നിരന്ന പറമ്പായി രൂപപ്പെടുത്താൻ എന്റെ വന്ദ്യ പിതാവ് ഏറെ കഷ്ടപ്പെട്ടിരിക്കാം. ഇന്നത് മരങ്ങളും ചെടികളും വളരുന്ന... ഞങ്ങളുടെ വീട് സ്ഥിതി ചെയ്യുന്ന... മനോഹരമായൊരു പുരയിടമാണ്.
ദൈവത്തിന് നന്ദി.
തൊടിയുടെ ഒത്ത മധ്യത്തിലാണ് എന്റെ വീട്ടിലെ ഒരേയൊരു തെങ്ങ് 'ഹമ്പട ഞാനേ' എന്ന മട്ടില്‍ വളര്‍ന്ന് വരുന്നത്. തെങ്ങോലകള്‍ ഒരു പന്തല്‍ കണക്കെ തൊടിക്ക് മുകളില്‍ പരന്ന് വിടര്‍ന്നു കിടക്കുന്നത് കാണാം. ഉമ്മയുടെ വലിയ ചങ്ങാതിയാണാ തെങ്ങ്. ഉമ്മയുടെ അഞ്ചാമത്തെ മകനാണവനെന്ന് ഞങ്ങളിടക്കിടക്ക് പറഞ്ഞവരെ കളിയാക്കാറുണ്ട്. ഓരോ കൊല്ലവും മാസവും അതിൽ നിന്നും ലഭിക്കുന്ന തേങ്ങയുടെ എണ്ണം, അത് ആർകൊക്കെ കൊടുത്തു, അതുകൊണ്ടെന്തെല്ലാം ചെയ്തു, പെങ്ങള്‍ എത്ര എണ്ണം അവളുടെ വീട്ടിലേക്ക് കടത്തി... എന്നിത്യാദി വിവരങ്ങളൊക്കെയും അവരുടെ കൈയിൽ ഭദ്രമാണ്. തെങ്ങിൻ തടിയിൽ അയല്‍ കെട്ടാനോ മറ്റെന്തെങ്കിലും ആവശ്യത്തിനോ ഉള്ള കയറിട്ട് മുറുക്കുക, നിഷ്കരുണം ആണിയോ അതുപോലുള്ള മറ്റെന്തെങ്കിലും സാധനങ്ങൾ അടിച്ചു കയറ്റുക, തെങ്ങിൻ മുരടിൽ നിന്നും ലക്കും ലഗാനുമില്ലാതെ മണ്ണ് മാന്തിയെടുക്കുക, അവിടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിക്ഷേപിക്കുക, സമീപത്ത് തീപുകക്കുക, മണ്ടയിലേക്കാവശ്യമില്ലാതെ നോക്കിയിരിക്കുക, കുലയിലെ തേങ്ങകളുടെ കണക്കെടുക്കുക എന്നിത്യാദി പരിപാടികൾ കയ്യും നഖവുമപയോഗിച്ചാണ് അവരെതിർക്കാറ്. മുരടിൽ വെറുതെ ഒരു രസത്തിനെന്നോണം ചിനക്കാൻ വരുന്ന കോഴികളെ മുഴുവന്‍ എറിഞ്ഞോടിച്ചുമ്മ പറയും...
"റബ്ബേ... ന്റെ തെങ്ങ്... ഈ കുരിപ്പാൾക്ക് ചെനക്കാനെന്റെ തെങ്ങിൻ മൂടേ കിട്ട്യോ ഒള്ളോ" എന്ന്.
കോഴികളപ്പോൾ ജീവനും കൊണ്ട് പരക്കം പായും. പക്ഷികള്‍ പറന്നകലും...
പണ്ട്... 'ആദിമ' കാലത്ത് എന്റെ ഉമ്മയുടെ വീട്ടിലൊരു തെങ്ങുണ്ടായിരുന്നു. വലിയ ഏക്കർ കണക്കിന് റബ്ബർ തൊട്ടത്തിനു നടുവിലെ വീടും പുരയിടവും നില്‍ക്കുന്ന സ്ഥലത്തെ ധാരാളം കണക്കിന് തെങ്ങുകൾക്കിടയിലെ ഒരു തെങ്ങ്. ആ തെങ്ങിന്റെ സവിശേഷത എന്താണെന്നു വെച്ചാൽ... അതിന്റെയവകാശി മേല്‍ എന്റെ ഉമ്മ മാത്രമായിരുന്നു. അഥവാ, അതിലുണ്ടാകുന്ന തേങ്ങ, പട്ട, ഓല, മെടൽ, ചകിരി തുടങ്ങിയ എല്ലാ വിഭവങ്ങളും എന്റെ ഉമ്മാക്ക് സ്വന്തം. തെങ്ങിൽ തേങ്ങ കുലക്കുമ്പോൾ, ഉണങ്ങിയ പട്ടകൾ താഴെ വീഴുമ്പോള്‍ ഉമ്മയത് ഓടി ചെന്ന് പെറുക്കി കൂട്ടി ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവരും. ഉമ്മ ഹാജറല്ലെങ്കിൽ ഉമ്മാക്കായത് സൂക്ഷിച്ച് വെക്കും. ഇന്ന് പക്ഷേ, വാര്‍ദ്ധക്യത്തിന്റെ പരീക്ഷീണത്തിലാണവനെന്ന് തോന്നുന്നു. തേങ്ങയില്ല... പച്ച പട്ടകളില്ല... മിനുസമാർന്ന ചര്‍മ്മമില്ല. എങ്കിലും, കുഞ്ഞമ്മിയുടെ തെങ്ങ് എന്ന പേരില്‍ ഇന്നുമവനവിടെ ഗമയോടെ നില്‍ക്കുന്നു. എന്നിരുന്നാലും, ഞാൻ പറഞ്ഞു വരുന്നത് അത് പോലൊക്കെയാണ് എന്റെ തൊടിയിലുള്ള മേല്‍ തെങ്ങിന്റേയും അവസ്ഥ എന്നാകുന്നു. നിയന്ത്രണാവകാശം ഉമ്മയിൽ മാത്രം നിക്ഷിപ്തമായ മറ്റൊരു തെങ്ങ്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഏതാനും കരണ്ടാപ്പീസ് ജീവനക്കാരാ വഴി വന്നിരുന്നു. അറ്റത്ത് നല്ല മൂര്‍ച്ചയുള്ള കൊടുവാൾ പിടിപ്പിച്ച നീളൻ തോട്ടി, ഊരാംകുടുക്കുള്ളൊരു കയര്‍, മരത്തിൽ പൊത്തിപ്പിടിച്ച് കയറാനുളള വടം തുടങ്ങിയവയൊക്കെയാണ് അവരുടെ കൈവശമുണ്ടായിരുന്നത്. ആ വരവിന്റെ ഉദ്ദേശം അല്‍പ്പം കടന്ന കൈയായിരുന്നു. അഥവാ, ഇളം പച്ച നിറത്തില്‍ തൂങ്ങിയാടുന്ന തെങ്ങിന്റെ പട്ടകൾ ചട്ടപ്പടി അറഞ്ചം പുറഞ്ചം വെട്ടി കളയുക. തൊടിയുടെ ഒരു വശത്ത് നീണ്ടു പോകുന്നൊരു കറണ്ട് കമ്പിയുടെ ഭാഗമാണുള്ളത്. ആ കമ്പിക്ക് മുകളിൽ മേല്‍ തെങ്ങിലെ ഏതാനും പട്ടകൾ ഞാഞു കിടന്നാടുന്നുണ്ട്. ചില മഴയുള്ള ദിവസങ്ങളിലത് കമ്പിയിലേക്ക് താഴ്ന്നു വരും. കാറ്റ് കൂടിയുണ്ടങ്കിൽ പറയുകയും വേണ്ട. അതിനാല്‍, പട്ടവധമല്ലാതെ മറ്റൊരു പോംവഴിയും അവരുടെ മുമ്പിലില്ല. കറണ്ട് കമ്പികളെ ചുംബനം കൊടുത്തു നില്‍ക്കുന്ന സമീപ തൊടികളിലെ മരചില്ലകൾ, തെങ്ങിൻ പട്ടകൾ എന്നിവരെ നിഷ്കരുണം വെട്ടി കളഞ്ഞാണ് അവരുടെയാ വരവ്. ദൂരെ നിന്നും 'പ്ടോം, പ്ടോം' എന്ന് വീഴുന്ന ആ ശബ്ദം കേട്ടപ്പോൾ തന്നെ ഉമ്മാക്ക് കാര്യം പിടികിട്ടിയെന്ന് തോന്നുന്നു. ഉച്ച മയക്കത്തിലായിരുന്ന അവർ ഞെട്ടിയുണർന്ന് തെങ്ങിൻ മൂട്ടില്‍ ഹാജരായി. ഞാൻ നിർവികാരനായി മുകൾ നിലയിലെ എന്റെ മുറിയിലെ ജനല്‍ വഴി പുറത്തേക്കും നോക്കി നിന്നു.
വെട്ടുകാർ വലിയ തോട്ടിക്ക് മുകളില്‍ ഘടിപ്പിച്ച മൂര്‍ച്ചയുള്ള മടവാളുമായി ഞങ്ങളുടെ തൊടിയുടെ സമീപത്ത് ഏതാനും മിനിട്ടുകള്‍കൊണ്ട് എത്തിച്ചേരും
ഉദ്വേഗജനകമായ നിമിഷം.
തെങ്ങിന്റെ പേരും പറഞ്ഞ് ഉമ്മ വിരട്ടിയോടിക്കാറുള്ള ഞാനോ, എന്റെ സഹോദരങ്ങളോ, പച്ചപാവത്തുങ്ങളായ കോഴികളോ, പൂച്ചകളോ അല്ല എതിർചേരിയില്‍. സര്‍ക്കാറാണ്. സ്വതന്ത്രജനാതിപത്യ സര്‍ക്കാര്‍. അവര്‍ക്ക് ചോദിക്കാനും പറയാനും ആളുകളുണ്ട്. പോലീസുണ്ട്... കോടതിയുണ്ട്... കളക്ടറുണ്ട്... വൈദ്യുതി വകുപ്പ് മന്ത്രിയുമുണ്ട്... പോരാത്തതിന് ബങ്കറിൽ സര്‍വ്വസജ്ജമായ പട്ടാളവും അവരുടെ കൈയിൽ തോക്കും ബോംബുമുണ്ട്... പേരെങ്കിൽ മിസൈലും കവചിത വാഹനങ്ങളുമുണ്ട്. ഉമ്മാക്കിവിടെ എന്ത് ചെയ്യാൻ കഴിയും... ഞാനത് കാണാനായി ജനല്‍ വഴി അക്ഷമയോടെ കാത്തു നിന്നു.
ഏതാനും നിമിഷങ്ങൾ...
ഒന്നുകിൽ തെങ്ങിൻ പട്ടകൾ ഉമ്മയുടെ മുന്നിലേക്ക് പെയ്തിറങ്ങും. അല്ലെങ്കിൽ, അത് വെട്ടാൻ വന്നവർ തോട്ടിയുമെടുത്ത് ജീവനും കൊണ്ടോടിപ്പോകും. രണ്ടായാലും യുദ്ധമുറപ്പ്.
അവർ അതിര്‍ത്തിയിലെത്തി. അടുത്ത ഒരു കാൽ മുന്നോട്ട് വെച്ചാല്‍ ഞങ്ങളുടെ സാമ്രാജ്യമാണ്. അവിടെ അതികായനായ മേല്‍ തെങ്ങ്. അതിൽ ഏതാനും കാക്കകള്‍... മുരടിൽ ഒന്ന് രണ്ട് പൂച്ചകളും അയൽപക്കത്തെ കോഴികളും... പിന്നെ, 'സര്‍വ്വായുധ' സജ്ജമായെന്നോണമൊരു സ്ത്രീ... അവരുടെ തന്നെ ഭാഷയിൽ പറഞ്ഞാലൊരു താത്ത. അഥവാ, എന്റെ പ്രിയങ്കരിയായ മാതാവ്.
പന്തികേട് തോന്നിയിട്ടോ എന്തോ... കമ്പിക്ക് മുകളില്‍ വീഴാന്‍ പാകത്തിന് നില്‍ക്കുന്ന ചില്ലകൾ വെട്ടി മാറ്റാനാണ് തങ്ങളീ സന്നാഹങ്ങളുമൊക്കെയായി വന്നിരിക്കുന്നതെന്ന് അതിർത്തിക്കപ്പുറത്ത് തന്നെ നിലയുറപ്പിച്ചാ കറന്റ് ജീവനക്കാർ ഉമ്മയോട് മൊഴിഞ്ഞു.
"അതിന് ഞാന്‍ സർക്കാറിലേക്ക് ഹരജി നല്‍കിയിട്ടുണ്ടല്ലോ..." കൈകൾ രണ്ടും പിന്നിലേക്ക് കൂട്ടി പിടിച്ച് ഉമ്മ അവരോടായി പറഞ്ഞു.
"അല്ല... എന്റെ തെങ്ങിന് തടസ്സമായി നില്‍ക്കുന്ന നിങ്ങളുടെ ഈ കമ്പി ഇവിടെ നിന്നും മാറ്റാൻ"
ഉമ്മയുടെ മറുപടി കേട്ട്... അന്തം വിട്ടെന്നോണം അവരൊന്ന് പരസ്പരം നോക്കി.
അതിനായി സര്‍ക്കാറിലേക്ക് അയ്യായിരം രൂപയും താന്‍ അടക്കി വസൂലാക്കിയിരിക്കുന്നു എന്ന് കൂടി കേട്ടപ്പോൾ അവര്‍ക്ക് അവിടെ നിന്നും പോവുകയല്ലാതെ മറ്റൊരു നിവൃത്തിയുമില്ലാതായി.
അവർ നിയമപരമായ തങ്ങളുടെ ഉത്തരവാദിത്ത നിര്‍വ്വഹണത്തിൽ നിന്നും പിന്തിരിഞ്ഞു.
"ഉദ്യോഗസ്ഥൻമാരെങ്ങാൻ ഈ വഴി വന്നാൽ അവരോടും ഇക്കാര്യം പറയാൻ മറക്കരുത്. അല്ലെങ്കിൽ, നിങ്ങൾ കൈക്കൂലി നല്‍കിയിട്ടിണ് ഞങ്ങളീ പട്ട വെട്ടാതെ വിട്ടതെന്നവർ പറഞ്ഞ് നടക്കും..." അവർ തിരിഞ്ഞ് നടക്കുമ്പോൾ ഉമ്മയോടുറക്കെ പറയുന്നുണ്ടായിരുന്നു.
ഉമ്മ തലയാട്ടി. പിന്നെ, തെങ്ങിൻ മൊരടിൽ ഒരുകാര്യവുമില്ലാതെ നില്‍ക്കുകയായിരുന്ന പൂച്ചകള്‍, കോഴികള്‍ എന്നിവരെ ആട്ടി പറഞ്ഞു വിട്ട്... അവിടെ വീണു കിടക്കുന്ന തേങ്ങ, പട്ട, മടൽ എന്നിവ പെറുക്കി മുറ്റത്തേക്കെടുത്തിട്ട് ഉച്ച മയക്കത്തിലേക്ക് മടങ്ങി.
ഒരു വലിയ ഉഷാറ് മരതടിയുടെ താങ്ങിൽ ധ്യാനനിമഗ്നനായി നില്‍ക്കുന്ന കോണ്ക്രീറ്റ് പോസ്റ്റിന്റെ മണ്ടയിലേക്ക് വലിച്ച് മുറുക്കി കെട്ടി വെച്ച... ദൂരെ ദൂരെ നിന്ന് വരുന്ന നെടു നീളൻ അലൂമിനിയം കമ്പികളാകുന്നു ഈ കറന്‍റ് കമ്പികൾ. അതിലൂടെ പ്രവഹിക്കുന്നത് സംഹാര സ്പന്ദനമായ വൈദ്യുതി എന്ന അതിമഹത്തായ ഊർജ്ജ സ്രോതസ്സാണ്. ഒന്ന് സ്പര്‍ശിച്ചാൽ ക്ഷണ നേരം കൊണ്ട് കത്തി ചാമ്പലായി പോകുന്ന വജ്രായുധം. ആ കമ്പികളാണ് കുഞ്ഞമ്മിയുടെ തെങ്ങിലെ ഏതാനും പീറ തെങ്ങോലകളെ പേടിച്ച് തൽസ്ഥാനത്തു നിന്നും ചുരുട്ടി കൂട്ടി ദൂരെക്കളയാൻ പോകുന്നത്.
ബല്ലാത്ത ജാതി തെങ്ങു തന്നെ...


