Tuesday, 18 October 2022

അസാധാരണ ദിനം

അസാധാരണങ്ങളായ പല അനുഭവങ്ങളുമെന്നെ തഴുകി നീങ്ങിയിട്ടുണ്ട്. സുദീര്‍ഘമായ യാത്രകളുടെ മടിയിലെ ദിവസങ്ങൾ. വീട്ടില്‍ നിന്നും ഇറങ്ങുന്നത് വരെ ചുറ്റുമുള്ള സാഹചര്യങ്ങളെന്നെ അതിൽ നിന്നും പിന്നോട്ട് നയിച്ചുകൊണ്ടിരിക്കും. അവിടെ പോയിട്ടെന്ത് കാര്യം...? സമയം നഷ്ടങ്ങളുടെ കൂമ്പാരങ്ങളല്ലാതെ അവിടെ നിന്നും മറ്റെന്ത് ലഭിക്കാൻ... എന്നിങ്ങനെയെന്റെ മനസ്സെന്നോട് മന്ത്രിക്കും. പക്ഷേ, അവയിലെ ഏതോ ഒരു മുഹൂര്‍ത്തത്തില്‍ യാത്രകള്‍ തുടരാൻ ഞാൻ തീരുമാനിക്കുന്നതോടു കൂടിയാണ്‌ അസാധാരണങ്ങളായ അനുഭവങ്ങളിലേക്ക് ഞാൻ കൺമിഴി തുറക്കുന്നത്. നിമിഷങ്ങളാകുന്ന വാഹനത്തിൽ കാലങ്ങളാകുന്ന ഇടങ്ങളിലൂടെയുള്ള നിരന്തര യാത്രകളാകുന്നു ജീവിതം. അനുഭവങ്ങളുടെ സ്വര്‍ഗ്ഗ രാജ്യങ്ങളെ കണ്ട് മിഴി തുറന്നിരിക്കുമ്പോൾ ഞാനോർക്കും... ഞാനീ വഴി വന്നില്ലായിരുന്നുവെങ്കിൽ എനിക്ക് എത്ര നഷ്ടമാകുമായിരുന്നതെന്ന്.

ഈ അസാധാരണമായ ദിനത്തെ കുറിച്ച് എന്തെഴുതണം എന്തിനെഴുതണമെന്ന് ഞാന്‍ കുറേ ചിന്തിച്ചു. ഒടുവില്‍, എന്തെങ്കിലും ഒന്ന് കുത്തിക്കുറിച്ച് മനസ്സിന്റെ ദാഹം ശമിപ്പിക്കാനുറച്ച് കാട്ടുകുളം വീടിന്റെ വെളിയിലേക്ക് തുറന്ന വരാന്തയില്‍ ഇരിക്കുകയാണ് ഞാൻ. പണ്ട്‌ വളരെ നീളത്തിലുണ്ടായിരുന്ന മനോഹരമായി കാവി മെഴുകിയൊരു കൊലായിയായിരുന്നു ഈ ഭാഗം. അതിന്റെ അരികിലുണ്ടായിരുന്ന അരച്ചുമരിലിരുന്ന് എനിക്കെന്റെ മാതാവ് കുറേ ചോറുരുളകൾ വാരി നല്‍കിയിട്ടുണ്ട്. ആപ്പ കൊണ്ടുവരുന്ന ചുവന്ന മുന്തിരി വളരെ ശ്രദ്ധയോടെ തൊലി പൊളിച്ച് ഞാനിവിടിരുന്ന് സുന്ദരമായി കഴിച്ചിരുന്നതും ഞാനോര്‍ക്കുന്നു. പിന്നീട്, എന്തോ അവ്യക്തമായൊരു ആവശ്യം പ്രമാണിച്ചാണ് ഈ ഭാഗം മൊത്തമായി പൊളിച്ച് അവിടെ അടുക്കള ഭാഗത്ത് നിന്നും തുറക്കുന്ന വരാന്ത, ഭക്ഷണ മുറി പിന്നെ, സ്വീകരണ മുറിയില്‍ നിന്നും തുറക്കുന്ന മറ്റൊരു ചെറിയ വരാന്ത എന്നിവ നിര്‍മ്മിക്കുന്നത്. അതിലെ സ്വീകരണ മുറിക്ക് വേളയിലാണ് ഞാനിപ്പോൾ ഇരിക്കുന്നത്.

പുറത്ത്‌ ആകാശത്ത് ഇടക്കിടെ ഇടിമിന്നല്‍ മിന്നുന്നു. അന്തരീക്ഷം ഒരു മഴക്കായി കാത്തിരിക്കയാണന്ന് തോന്നുന്നു. ചെറിയ ചെറിയ പുൽനാമ്പുകള്‍ വിടര്‍ന്ന മുറ്റത്തിന്റെ അരികിലെ സിമന്റ് പടവിനപ്പുറം തല മൊട്ട അടിച്ചത് പോലുള്ള തൊടിയാണ്. അവിടെ നിറയെ സമൃദ്ധമായി വാഴകൾ വളർന്ന് നില്‍ക്കുന്നു. ഇന്നലെയോ മിനിഞ്ഞാന്നോ ആയിരിക്കണം അവിടെ കാട് വെട്ടി തെളിച്ചത്. കാർ മേഘങ്ങൾ പരന്ന ആകാശം തീര്‍ത്ത ചെറിയ ഇരുട്ടും, സമവൃത്തിയായി തല തകർന്നിരിക്കുന്ന പുൽനാമ്പുകൾ തീര്‍ത്ത മനോഹാരിതയും എന്നെ തൊടിയിലേക്ക് നയിക്കുന്നുണ്ട്. ഇരിക്കുന്ന ഈ പ്ലാസ്റ്റിക് കസേര അവിടേക്ക് വലിച്ചിട്ട് അന്തസ്സായി ഇരുന്ന് എഴുതിയാലോ... ഞാൻ വെറുതെ ചിന്തിച്ചു. ഇടിമിന്നലിന്റെ ചെറിയ ഇരമ്പൽ അകലെ നിന്നും കേള്‍ക്കാം. കാക്ക, കുയില്‍, മയില്‍, പട്ടി തുടങ്ങി ചീവിട് വരെയുള്ളവരുടെ ആര്‍ത്തു കരച്ചിലുകൾ വേറെയും. ആ ശബ്ദ കോലാഹലങ്ങൾ എന്നെ ഈ വരാന്തയില്‍ തന്നെ പിടിച്ചിരുത്തുന്നു എന്നുള്ളതാണ് സത്യം.

യാഥാര്‍ത്ഥത്തിൽ അവർ ആർത്ത് കരയുക തന്നെയാണോ...? അതോ, മഴ വരുന്നതും കാത്ത് ആനന്ദിക്കുകയോ...

വെള്ള പേപ്പറില്‍ നിന്നും കുറച്ച് സമയം എന്റെ ചിന്തകൾ എങ്ങോ അലഞ്ഞു നടന്നു. കഴിഞ്ഞ ദിനം ഞാൻ കണ്ടൊരു കഥാപാത്രത്തിന്റെ ഓര്‍മ്മയിലേക്ക് അദ്യം. പിന്നെ, ഇന്ന്‌ കാലത്ത്‌ ഷാർജയിലേക്ക് വിമാനം കയറിയ എന്റെ പിതാവിനെ കുറിച്ചും ഞാനല്‍പ്പം എന്തെല്ലാമോ ചിന്തിച്ചു.

അദ്ദേഹം ഷാർജയില്‍ വിമാനമിറങ്ങി കാണുമോ...? അവിടെ മുറിയില്‍ എത്തി കാണുമോ...? എല്ലാം പ്രയാസ രഹിതമായി വേഗത്തിൽ നടന്ന് കാണുമോ എന്നൊക്കെ.

അത് കുറേശെയായി എന്നെ അസ്വസ്ഥമാക്കുന്നുണ്ട്. പക്ഷേ, എന്തിനാണീ അസ്വസ്ഥത. 'ലീവിറ്റ്'... ഞാനെന്നോട് തന്നെ പറഞ്ഞു. ഏർപ്പാടുകളില്ലാത്ത മനുഷ്യർ വേഗത്തിൽ വയോധികനാവുമെന്ന 'ആപ്തവാക്യത്തിൽ' തല്‍കാലം ഞാനെന്റെയാ ദുഖം മൂടിവെച്ചാശ്വസിച്ചു.

ശ്രദ്ധ വീണ്ടും തൊടിയിലേക്ക് തന്നെ നീങ്ങി. അവിടെ വാഴയില്‍ അള്ളിപ്പിടിച്ച് കയറിയും താഴേക്ക് ഉതിര്‍ന്നും കളിച്ച് രസിക്കുന്ന ഏതാനും അണ്ണാൻമാർ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. വാഴയിലയെ ഒന്ന് കുലുക്കി ഇളക്കി അവകൾ താഴേക്ക് ഉതിര്‍ന്നു വീഴുന്നത് കാണുമ്പോള്‍ രസമാണ്. പിന്നെ വീണ്ടും അള്ളി പിടിച്ച് അതിലേക്ക് ബത്തപ്പെട്ട് കയറുന്നത് കാണുമ്പോൾ എല്ലാ ചിന്തകളും മറന്ന് മനസ്സ് സമ്പൂര്‍ണ്ണമായതിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു. അണ്ണന്മരുടെ ഈ കളി കണ്ടെന്നോണം ഏതാനും ചെമ്പോത്തുകളും മൈനകളും അവയുടെ അടുത്തേക്ക് കുതിച്ച് ചെന്നെന്തോ പറയുന്നത് ഞാന്‍ കേട്ടു. പടച്ച തമ്പുരാന് മാത്രറിയുന്ന ഭാഷയിൽ... പക്ഷിമൃഗാദികളുടെ ഭാഷ. അവരെങ്ങനെയാകും സംഭാഷണത്തിൽ മുഴുകുന്നുണ്ടായിരിക്കുക...? അവരുടെ ഭാഷക്ക് ലിപിയുണ്ടാകുമോ... അക്ഷരങ്ങള്‍ കൊണ്ട്‌ മാത്രമല്ല. ആംഗ്യം കൊണ്ടോ മറ്റെന്തെങ്കിലും മാധ്യമം കൊണ്ട്... അറിയില്ല. സകലമാന രഹസ്യങ്ങളുടേയും താക്കോൽ സൂക്ഷിപ്പുകാരനായ പടച്ച തമ്പുരാന് മാത്രമറിയുന്ന പരമ മഹാരഹസ്യങ്ങളാണതൊക്കെ.

ഈ വീടിന്റെ തൊട്ടപ്പുറത്ത് സ്ഥിതിചെയ്യുന്ന, കാക്കുപ്പായെന്ന് ഞങ്ങൾ സ്നേഹത്തോടെ വിളിക്കുന്ന തെക്കന്‍ മമ്മുകാക്കാന്റെ വീട്ടിലെ പ്രാവുകളുടെ ദുര്യോഗത്തെ കുറിച്ച് കഴിഞ്ഞ ദിവസം ഉമ്മ പറയുന്നത് ഞാൻ കേട്ടിരുന്നു. ഈ വീട്ടിലെ അറക്ക് മുകളില്‍ അനധികൃതമായി താമസിച്ച് വരുന്ന എതാനും പൂച്ചകള്‍ അവയെ പിടിച്ച് ഭക്ഷിച്ച് കളഞ്ഞുവത്രെ. അതിൽ ക്ഷുഭിതയായ ഉമ്മ അവറ്റകളെ പിടിച്ച് പുറത്താക്കിയതും ഒരു നായ വന്ന് ആ പൂച്ചകളെ കടിച്ചെടുത്ത് കൊണ്ടുപോയി എന്നുമാണാ കഥ. കേട്ടപ്പോൾ ചെറിയ വിഷമം തോന്നി. എന്റെ മുന്നില്‍ ആര്‍ത്തുല്ലസിച്ച് കളിക്കുന്ന ഈ അണ്ണാന്മാരെ പോലെയുള്ള... മൈനകളേയും കാക്കകളേയും പോലുള്ള ഏതാനും പ്രാവുകള്‍, പൂച്ചകള്‍... അവരിന്നില്ല. ജന്തു ഭക്ഷ്യ ചംക്രമണ വ്യവസ്ഥയിൽ പങ്കാളിത്തം വഹിച്ചുകൊണ്ടവർ ധീരമായി മരണപ്പെട്ടിരിക്കുന്നു. വേട്ടയാടി ഭക്ഷിച്ച് കൊൾകാൻ ദൈവം അവറ്റകൾക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങൾ എന്നല്ലാതെ അതിനെ സംബന്ധിച്ച് മറ്റെന്ത് പറയാനാണ്‌. എങ്കിലും, ആ പ്രാവുകളുടെ, പൂച്ചകളുടെ സംരക്ഷണത്തിൽ കഴിയുന്ന അവരുടെ മക്കളുടെ തുടർന്നുള്ള ജീവിതം എപ്രകാരം ആയിരിക്കും. അച്ഛനേയും അമ്മയേയും കാണാതെ ദുഖത്തിന്റെ പടുകുഴിയിലേക്ക് വഴുതി വീണ് തുടര്‍ന്നുള്ള ജീവിതമവർ നയിക്കുമോ... അതോ, ഭാവിയിലേക്ക് സ്വയമേവ ചിറകടിച്ച് പറന്നു കാണുമോ അവർ. അറിയില്ല. എങ്കിലും, അല്ലാഹു അവര്‍ക്ക് തുണയുണ്ടായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്.

ഇനി, ആ അസാധാരണമായ ദിനത്തെ കുറിച്ചുള്ള ഓര്‍മ്മയിലേക്ക് നീങ്ങിയേക്കാമെന്ന് നിനച്ചിരിക്കുമ്പോഴാണ്‌ ഇരട്ട മൂങ്ങൻ കുന്നിന്റെ ഉച്ചിയില്‍ നിന്നുമൊരാൾ നൃത്തം ചവിട്ടി എന്നോണം ഓടിച്ചാടി കളിച്ചുല്ലസിച്ച് രസിച്ചു കടന്ന് വന്നത്. ഒന്ന് തൊട്ടാലോ പിടിച്ചാലോ കനത്ത പിഴ കൈപ്പറ്റിയേക്കാവുന്ന പീകോക്ക് അഥവാ മയിലുകളായിരുന്നു അത്. സംരക്ഷണം കേന്ദ്രം വകയാണ്‌. ഡല്‍ഹിയിലെ ദേശിയ സര്‍ക്കാര്‍ വക ദേശിയപക്ഷി. അതിനാൽ തന്നെ ഒരല്‍പ്പം അകല്‍ച്ച നിലനിര്‍ത്തി കൊണ്ട്‌ ഞാനവളെ നിരീക്ഷിച്ചു. കളഞ്ഞ് പോയതെന്തോ തിരഞ്ഞ് നടക്കും പോലെ തന്റെ പാമ്പ് പോലുള്ള തല ചലിപ്പിച്ച് കൊണ്ടവൾ നടന്ന് നീങ്ങുന്നു. ആദ്യമേ പറയാം... നിർബന്ധിച്ചോ ബലമായോ ഞാൻ പിടിച്ച് കൊണ്ട്‌ വരാത്ത തരത്തിൽ സ്വന്തം ഇഷ്ടപ്രകാരം മാത്രം എന്റെ അരികിലേക്ക് കടന്ന് വന്ന അവളുടെ ഒരു ചിത്രം ഞാനെന്റെ മൊബൈൽ ഫോണില്‍ എടുത്തിട്ടുണ്ട്. വെറുതെ ഒരു രസത്തിന്.

ആ അസാധാരണമായ ദിനം...

അന്നാ മരണ വാര്‍ത്ത അറിഞ്ഞ ദിവസം മുതൽ ഞാൻ അസ്വസ്ഥനായിരുന്നു. എങ്ങനെയായിരിക്കും ആ മക്കളുടെ തുടർന്നുള്ള ജീവിതമെന്ന് ഞാന്‍ ആലോചിച്ചു. ഉപ്പയും ഉമ്മയുമില്ലാതെ അവരെങ്ങനെ മുന്നോട്ട് പോകും. അവരുടെ ആവശ്യങ്ങള്‍ നിറവേറ്റും... കൊച്ചു കൊച്ചു വാശികൾ... പിണക്കങ്ങൾ. എനിക്ക് കരയാന്‍ തോന്നി. ദൈവമേ... ഉപ്പയും ഉമ്മയും നഷ്ടമായാൽ എന്താകും സ്ഥിതി. നിര്‍വ്വചിക്കാന്‍ കഴിയാത്ത സ്നേഹ പരിലാളനകളുടെ വേദപുസ്തകം.

പ്രിയപ്പെട്ട മാതാപിതാക്കളെ, നിങ്ങൾ കടലോളം ജീവിക്കുക... അമ്മയുടേയും അച്ഛന്റേയും സ്നേഹ വാത്സല്യങ്ങൾ ലഭിക്കാതെ അനാഥമായി നടന്നു നീങ്ങുന്ന ഒരു കുഞ്ഞിനെ കാണുവാനുള്ള ശക്തി ഞങ്ങള്‍ക്കില്ല. അതിനാൽ സകലര്‍ക്കു വേണ്ടിയും നിങ്ങൾ കാലിതീതരായി ജീവിച്ചുകൊൾക.

ഇവിടുന്നല്‍പ്പം അകലത്തായി സ്ഥിതിചെയ്യുന്ന അയ്യപ്പൻ കാവിലെ വിഷ്ണു ക്ഷേത്രത്തിൽ നിന്നുയരുന്ന സായാഹ്ന സംഗീതം ഒരു ഇളം തെന്നല്‍ പോലെ ഞാന്‍ കേള്‍ക്കുന്നുണ്ട്. സംഗീതത്തിന്റെ ചില ഉയര്‍ച്ച താഴ്ച്ചകൾ തിരമാല പോലെ വന്നെന്റെ ചെവിയിലടിച്ചെന്റെ ശ്രദ്ധയെ കവരുന്നു. പിടിവിട്ട് പോകുന്ന ശ്രദ്ധകളെ പിടിച്ച് കെട്ടി എന്റെ ചിന്താ വിഷയത്തിലേക്ക് തിരിച്ച് നടക്കാൻ ഞാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു.

നാട്ടിലെത്തിയ ശേഷമുള്ള ആദ്യ പരുപാടികളൊന്ന് ആ മക്കളെ കാണാൻ ചെല്ലുക എന്നായിരുന്നു. പറ്റിയ സന്ദര്‍ഭം നോക്കി ഞങ്ങളിറങ്ങി. ഉപ്പയും ഉമ്മയും പിന്നെ ഞാനും. ഒരു മനോഹരമായ വൈകുന്നേര സമയമായിരുന്ന് അത്. സൂര്യൻ താഴ്ന്ന് തുടങ്ങിയിരുന്നു. വലിയ വീട്. ഇരുനില മാളിക. ഭൂമിയെ വലയം ചെയത് വരുന്ന ഇരുട്ടില്‍ ആ വെള്ള വര്‍ണ്ണ ഗൃഹം തെളിമയോടെ നിന്ന് മന്ദഹസിക്കുന്നു. രണ്ട് വലിയ നഷ്ടങ്ങൾ സംഭവിച്ച വീടാണ് അതെന്ന് തോന്നിയതേ ഇല്ല. എല്ലാ ദുഃഖങ്ങളേയും മറവി എന്ന മഹാ അനുഗ്രഹത്തിലൂടെ പരിഹരിക്കുന്നവനല്ലെയോ ദൈവം. ഞാനപ്പോൾ ഉമ്മയില്ലാത്ത വീടകങ്ങളെ കുറിച്ച് ചിന്തിച്ചു. അടുക്കളയിലെ പൂയി പിടിച്ച പാത്രങ്ങളെ കുറിച്ചും, ഉണങ്ങി വരണ്ട തിണ്ണകളുടേയും, ജലാംശം പുരളാത്ത കൊട്ടത്തളങ്ങളേയും കുറിച്ച് ചിന്തിച്ചു. സജീവമായ അടുക്കള ഇല്ലാത്ത വീട്ടകങ്ങൾ നിര്‍ജ്ജീവതയുടെ അടയാളമാണ്‌. ഉണങ്ങി വരണ്ട തിണ്ണകൾ അമ്മമാരുടെ അഭാവങ്ങളേയാണ് സൂചിപ്പിക്കുന്നത്.

ദൈവം നമ്മുടെ മാതാപിതാക്കൾക്ക് കരുണ ചെയ്യുമാറാകട്ടെ.

അകത്ത് ആളനക്കമുണ്ട്. ബെല്ലടിച്ചു. ഞങ്ങളെ പ്രതീക്ഷിച്ചത് മാതിരി വാതിലുകൾ തുറക്കപ്പെട്ടു. ഉള്ളില്‍ നിയോൺ വെളിച്ചം മാതിരിയൊരു ഓറഞ്ച് പ്രകാശം. അവിടെ നിശബ്ദത തളം കെട്ടി നില്‍ക്കുന്നു. അല്‍പ്പം അപരിചിതരായ ഞങ്ങളെ കണ്ടപ്പോളുണ്ടായ സ്വാഭാവിക നിശബ്ദതയാണോ അതോ, മരണാനന്തര വീടുകൾക്കുള്ളിലെ സര്‍വ്വസാധാരണമായ മൂകതയോ... അറിയില്ല. അവിടെയുള്ള എല്ലാ വസ്തുക്കളിലും ഒരു തരം ദുഃഖം നിഴലിക്കുന്നുണ്ടെന്നെനിക്ക് തോന്നി. കണ്ണാടി ചില്ലിനുള്ളിലെ ട്രോഫികളിലും മറ്റലങ്കാര വസ്തുക്കളിലും മറ്റെല്ലാം. ഞാനവിടെ കണ്ടൊരു പതുപതുത്ത സോഫയിൽ പോയിരുന്നു. ഉമ്മയും ഉപ്പയും നേരെ അകത്തേക്ക് ചെന്നു. ഞാൻ തനിച്ചിരുന്നെന്തെല്ലാമോ ചിന്തിച്ചു. ഇടക്ക് ഇരുട്ടിലൂടെ ആ കുഞ്ഞവിടേക്ക് കടന്ന് വരുന്നത് കണ്ടു. വെളുത്ത് മെലിഞ്ഞ ശരീരം. ദൃഢത നിഴലിക്കുന്ന കണ്ണുകൾ. അവളെ കാണാൻ ഒരു കൊച്ചു മാലാഖയെപ്പോലെ തോന്നി.

അവളെ തിരിച്ചറിഞ്ഞപ്പോൾ എന്റെ തൊണ്ട വരണ്ടു പോയി. എനിക്ക് വാക്കുകൾ കിട്ടുന്നില്ല. ശ്രദ്ധ മുഴുവന്‍ ആ കൊച്ചു പെണ്‍ കുട്ടിയിലേക്ക് മാത്രം നീണ്ടു. അവളുടെ അംഗവിക്ഷേപണത്തിലേക്ക് മാത്രമായി ഞാൻ മിഴിയൂന്നി നിന്നു. ഞാൻ ചോദ്യ ദാരിദ്ര്യത്തോടെ അവളോട് ചോദിച്ചു

"കാക്കു എവിടെ"

"ഓൻ പൊറത്ത്ക്ക് പോയി" അവൾ നാണത്തോടെ പറഞ്ഞു.

"ഞാൻ അണക്കൊരു സമ്മാനം കൊണ്ട് വന്നിട്ടുണ്ട്... കാണണോ"

അവൾ ചുമരില്‍ ചാരി നിന്ന് നാണത്തോടെ ചെരിഞ്ഞൊന്നെന്നെ നോക്കി. എന്റെ കൈയിലെ കവറില്‍ എന്താണെന്ന ആകാംക്ഷയിൽ അവൾ എന്നെ തന്നെ നോക്കി നിന്നു.

ഞാനപ്പോൾ ചിന്തിച്ചത് ആ കുഞ്ഞിന്റെ ഇളം മനസ്സിനെ കുറിച്ചാണ്. അവളെങ്ങനെ ആയിരുന്നിരിക്കാം ആ ദിവസത്തെ കടന്ന് പോയിട്ടുണ്ടായിരിക്കുക. ആ മനസ്സിലെ ദുഃഖത്തിനന്ന് കര കാണാ ബഹറിനേക്കാൾ ദൂരമുണ്ടായിരുന്നിരിക്കണം. എങ്കിലും, പുഞ്ചിരി തൂകുന്ന മുഖവുമായി ഭൂതകാലത്തിന്റെ വർത്തമാന കാലമെന്ന തുമ്പത്തവൾ വന്നിങ്ങനെ നില്‍ക്കുന്നത് കാണുമ്പോൾ മനസ്സിന്‌ വല്ലാത്ത സന്തോഷം തോന്നുന്നു. മാലോകർക്ക് മുന്നില്‍ വലിയ ഉത്തരവാദിത്തമാണ് അവൾ. അവള്‍ക്ക് മുന്നില്‍ സ്വന്തം കുഞ്ഞുങ്ങളെ താലോലിക്കാന്‍ പാടില്ല... അമ്മയെ പുണരാൻ പാടില്ല. അവരുടെ അവകാശമായ സ്വത്തിൽ നിന്നും ഒരു ചില്ലി കാശിൽ സ്പര്‍ശിക്കാൻ പാടില്ല. അത് ദൈവീക മുതലുപോലെ പവിത്രമായി അവര്‍ക്കായി സൂക്ഷിക്കേണ്ടതുണ്ട്... അങ്ങനെ അനേകം കാര്യങ്ങൾ. ഞാൻ ഭവ്യതയോടെ അവളുടെ തലയില്‍ തലോടി. അവളുടെ തലയില്‍ തലോടുന്നത് പോലും പുണ്യമേറിയ കാര്യമെന്നാണ് പ്രവാചകൻ പഠിപ്പിച്ചിരിക്കുന്നത്...

ഒരു കുഞ്ഞുടുപ്പും ഏതാനും മിഠായികളും നിറച്ച ആ കവർ ഞാനവൾക്ക് നേരെ നീട്ടി. അവൾ സന്തോഷത്തോടെ അത് വാങ്ങി അകത്തേക്ക് ഓടിപ്പോയി.

സൂര്യൻ കടലിലേക്ക് മറഞ്ഞ ശേഷം ചക്രവാളത്തിൽ അവശേഷിക്കുന്ന സൂര്യന്റെ ചുവന്ന ശോഭ ഇരുട്ടിലേക്ക് ലയിക്കും വരേക്കുമാണ് മഗ്രിബ് നമസ്കാരത്തിന്റെ സമയം. സമയം തെറ്റി തുടങ്ങിയത്‌ ഓര്‍മ്മ വന്നപ്പോൾ നമസ്കാരത്തിലേക്ക് നീങ്ങാന്‍ തീരുമാനിച്ചു. വുളു എടുത്ത് വന്നപ്പോഴേക്കും മുസല്ല വിരി തയ്യാര്‍. സാധാരണയായി ഉപ്പയാണ് പ്രാര്‍ത്ഥനയുടെ നേതൃത്വം നിര്‍വ്വഹിക്കാറ്. ഇസ്ലാമിക നിയമ പ്രകാരം പ്രായവും പക്വതയും ഉയർന്നവരാണ് അതിനർഹർ. എന്നാൽ, മുസല്ല വിരിപ്പിൽ കയറി നിന്ന ശേഷം എന്തോ ചിന്തിച്ചെന്നോണം അസ്വസ്ഥനായികൊണ്ട് അദ്ദേഹം പിറകിലേക്ക് മാറി നിന്നെന്നോട് മുന്നില്‍ നിന്നുകൊള്ളാൻ ആംഗ്യം കാണിച്ചു. കൈ മുട്ടുകളുയർത്തി ചെവിയില്‍ തലോടി ഇരുകൈകളും വയറിലെ സ്ഥാപിച്ച് ഞാൻ നമസ്കാരത്തിന് തുടക്കം കുറിച്ചു.

അല്ലാഹു അക്ബര്‍...

ആദ്യം അല്‍ ഫാത്തിഹയിണ്. പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങളെ മുഴുവന്‍ സൃഷ്ടിച്ചു പരിപാലിക്കുന്ന പടച്ച തമ്പുരാന്റെ സവിതത്തിലേക്ക് നീട്ടിയ പ്രാർത്ഥന വരികളാണ്‌ അല്‍ ഫാത്തിഹ. സ്വിറാത്തൽ മുസ്തഖീമായ വഴിയിലേക്ക് നീ അനുഗ്രഹിച്ചവരായി കൊണ്ട്‌ നിന്റെ കോപത്തിന് ഇരയായവരുടെ മാര്‍ഗ്ഗത്തിലൂടെയല്ലാതെ ഞങ്ങളെ നീ നയിച്ചേക്കണമേ എന്നതിൽ നാം അല്ലാഹുവോട് അപേക്ഷിക്കുന്നു.

ശേഷം, വിശുദ്ധ ഖുര്‍ആനിലെ ഏതെങ്കിലുമൊരു അധ്യായം പാരായണം ചെയ്യണമെന്നാണ് നിയമം. പതിഞ്ഞ ശബ്ദത്തില്‍ ഞാനതും നിര്‍വ്വഹിച്ചു.

'പരമദയാലുവും കരുണ നിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. മരണാനന്തര ശിക്ഷകളെ തള്ളി പറയുന്നവനെ നീ കണ്ടിട്ടുണ്ടോ. അവന്‍ അനാഥയെ ആട്ടിയകറ്റുന്നവനും... അഗതിയുടെ ആഹാരം കൊടുക്കാൻ പ്രേരിപ്പിക്കാത്തവനുമാണത്രെ'... ഞാനത് അറിയാതെ ചൊല്ലുകയായിരുന്നു. മനസ്സും ചുണ്ടും വിറങ്ങലിച്ചു. മനസ്സിന്റെ ഉള്ളിലേക്കൊരു വേദന പടർന്നു കയറി. നെഞ്ചിലൊരു വേദന. കണ്ണുകളില്‍ ഒരു നനവ്. ഞാൻ വേഗത്തിൽ തന്നെ റുകൂഇലേക്ക് നീങ്ങി. നമസ്കാരം വേഗത്തിൽ അവസാനിപ്പിക്കാൻ ശ്രമിച്ചു.

ഉടനെ രണ്ടാം റക്അത്തിലേക്ക് പ്രവേശിച്ചു. ഖുർആനിലെ സ്വതവേ ചെറിയ ചെറിയ അധ്യയങ്ങൾ സ്ഥിതിചെയ്യുന്നത് അതിന്റെ ഒടുവിലത്തെ ഭാഗങ്ങളിലാണ്. അവയില്‍ തന്നെ അര്‍ത്ഥമറിയുന്നവയും വേഗത്തിലും എളുപ്പത്തിലും പാരായണം ചെയ്യാൻ കഴിയുന്നവയുമായ അധ്യായങ്ങളിലൂടെ എന്റെ മനസ്സ് സഞ്ചരിച്ച് കൊണ്ടിരുന്നു. മനസ്സ് അസ്വസ്ഥമായിരുന്നതിനാൽ വാക്കുകൾ തെറ്റിപ്പോയി നാണംകെട്ട് പോകുമോ എന്ന സന്ദേഹമായിരുന്നു സുഗമമായൊരു തിരഞ്ഞെടുപ്പിനുള്ള എന്റെ മുന്നിലെ തടസ്സം. എങ്കിലും, സൂറത്ത് ദുഖാനിൽ എന്റെ മനസ്സ് ഉടഞ്ഞ് നിന്നു. ദിവ്യ പ്രബോധനം നിന്ന് പോയതിനാൽ തിരുമേനിക്കുണ്ടായ ഉത്കണ്ഠ ദുരീകരിക്കുന്നതുമായി ബന്ധപ്പെട്ടാണതിന്റെ ഇതിവൃത്തം. പകല്‍ വെളിച്ചത്തേയും രാത്രിയുടെ പ്രശാന്തിയേയും സത്യം ചെയത് കൊണ്ട്‌ നബി തിരുമേനിയോട് ഖുർആൻ അരുളുന്നു... 'നിന്റെ നാഥൻ ഒരിക്കലും നിന്നെ കൈവെടിഞ്ഞിട്ടില്ല. നിന്നോട് അതൃപ്തനായിട്ടുമില്ല. പോയ കാലത്തേക്കാൾ നിനക്ക് ഗുണകരം വരും കാലം തന്നെയാകുന്നു. നിനക്ക് തൃപ്തി ആകും വണ്ണം അടുത്ത് തന്നെ നിനക്ക് നാം നല്‍കുന്നുണ്ട്. ഒരു അനാഥനായി അവന്‍ നിന്നെ കണ്ടിട്ടും അവന്‍ നിനക്ക് അഭയം നല്‍കിയില്ലയോ...' എന്ന്.

ഖുർആനിലാകെ 114 അധ്യായങ്ങളുണ്ട്. അതിൽ മുപ്പത്തി രണ്ടോളം സൂറകൾ ഈ ഉള്ളവൻ കുത്തിയിരുന്ന് മനഃപ്പാടമാക്കിയിട്ടുണ്ട്. അതിൽ തന്നെ ചിലത് അര്‍ത്ഥ സഹിതവും ചിലവ വിശദീകരണ സഹിതവും പഠിച്ച് വച്ചിരിക്കുന്നു. എന്നാൽ, അതിൽ അനാഥകളെ കുറിച്ച് വാചാലമാകുന്ന ഈ സൂക്തങ്ങള്‍ തന്നെ ഈ ഉള്ളവൻ പ്രത്യേകം പാരായണം ചെയ്തത് എന്തുകൊണ്ടായിരിക്കും. അറിഞ്ഞു കൊണ്ടായിരുന്നില്ല അതെന്നെനിക്കുറപ്പുണ്ട്. എല്ലാം സ്വാഭാവികമായൊരു തോന്നൽ മാത്രം. തോന്നിപ്പിച്ചത് ആരായിരിക്കും. അഖില ലോക സ്രഷ്ടാവായ ദൈവമല്ലാതെ മറ്റാരാണത്. സകലതുമറിയുന്നവനും നിയന്ത്രിക്കുന്നവനും അവനല്ലാതെ മറ്റാര്. ആ കുഞ്ഞുങ്ങളുടെ ഹൃദയത്തിലുള്ളതും എന്റെ ഹൃദയത്തിലുള്ളതും അവന്‍ അറിയുന്നു. ആനന്ദത്തിന്റെ ഉന്നതിയും ദുഃഖത്തിന്റെ ആഴങ്ങളും അവൻ തൊട്ടറിയുന്നു. മനുഷ്യ മനസ്സുകളുടെ ഉള്ളറകളിലുള്ളതവന്‍ കാണുന്നുണ്ടന്ന് ചുരുക്കം. അതിനാല്‍ തന്നെ, എന്റെ ആ വേദനയിലേക്കുള്ളൊരു തെളിനീരായിരുന്നു ആ സൂക്തങ്ങള്‍. അനാഥകൾക്ക് മാത്രമായി ദൈവം അരുള്‍ ചെയ്ത വാക്കുകൾ. അവര്‍ക്ക് തണലും രക്ഷയുമായി സദാ അവനുണ്ടാകുമെന്ന തോന്നലുകളത് സൃഷ്ടിക്കുന്നു. ആശ്വാസത്തോടെ ഞാനെന്റെ നമസ്കാരം അവസാനിപ്പിച്ച് മുസല്ല മടക്കി വെച്ചു. ആ കുഞ്ഞുങ്ങള്‍ എന്റെ പിറകില്‍ തന്നെ നിൽക്കുന്നുണ്ട്. ഞാനവരെ ഒന്ന് തലയുയർത്തി നോക്കി. അവരെന്നേയും. ഇപ്പോൾ എനിക്ക് വേദന ഒട്ടുമേ ഇല്ല. ഞാന്‍ സംതൃപതനാണ്. കാരണം, അല്ലാഹു അവര്‍ക്കൊപ്പമുണ്ടല്ലോ... പിന്നെന്തിന് ഞാൻ ദുഃഖിക്കുന്നു.

ഈ അസാധാരണമായ ദിനത്തെ കുറിച്ചാണ് എന്തെങ്കിലും എഴുതണമോ വേണ്ടയോ എന്ന് ഞാനിതുവരേയും ചിന്തിച്ചിരുന്നത്. എന്നെ ഒരു പേപ്പറും പേനയുമായി ഈ വരാന്തയില്‍ ഇരുത്തിയത് ആ ദിനത്തിന്റെ അസാധാരണത്വമായിരുന്നു എന്ന് ചുരുക്കം. പുറത്ത് മഴ ചെറുതായി ചാറി തുടങ്ങിയിരിക്കുന്നു. മുണ്ടത്ത് പള്ളിയില്‍ നിന്നും മധുര മനോഹര ശബ്ദത്തില്‍ മഗ്രിബ് ബാങ്കുയരുന്നത് കേള്‍ക്കുന്നുണ്ട്. ആ ശബ്ദത്തിനുടമ ഈ ഉള്ളവന്റെ പഴയൊരു ഇഷ്ടക്കാരനായിരുന്നു. എന്റെ മുന്നിൽ കാണുന്ന ഈ ഇരട്ട മൂങ്ങൻ കുന്നിന്റെ പള്ളയിലാണ് അദ്ദേഹത്തിന്റെ വീട് സ്ഥിതിചെയ്യുന്നത്. 'ഒരുവണ്ടി' സൈക്കിളിന്റെ ഹാന്‍ഡിലിലൊരു പുസ്തകവും ചോറ്റ് പാത്രവും സ്ഥാപിച്ച് അവിടെ നിന്നും വേഗതയില്‍ സൈക്കളോടിച്ച് വരുന്ന അദ്ദേഹത്തിന്റെയൊരു പഴയ ചിത്രം എന്റെ മനസ്സിലുണ്ട്.

അണ്ണാറകണ്ണന്മാർ, മൈനകൾ, കാക്കകൾ, പീകോക്ക് എല്ലാവരും അവരവരുടെ ഗൃഹങ്ങളിലേക്ക് പിന്‍വാങ്ങിയിട്ടുണ്ട്. പകരം തൊടിയിൽ ചീവിടുകളാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. അവർ ആര്‍ത്താർത്ത് കരയുന്നു. ആകാശത്ത് ചക്രവാള ചുവപ്പ്... മഞ്ഞില്‍ വീണു പടർന്ന രക്തം പോലെ പതിയെ വ്യാപിച്ച് തുടങ്ങിയിരിക്കുന്നു. ഇരുട്ടിനെ പുണരാൻ വെമ്പല്‍ പൂണ്ട മുറ്റം മങ്ങി മങ്ങി തുടങ്ങിയതോടെ ഞാനകത്തേക്ക് നടന്നു.

ഇനി മഗ്രിബ് നമസ്കരിക്കണം...

ശുഭം... സുന്ദരം.

Thursday, 13 October 2022

ദൈവ ചിന്ത

ലോകത്ത് നിലവിലുള്ള വേദനകള്‍, പ്രയാസങ്ങള്‍ എന്നിവയെ സൂചിപ്പിച്ചു കൊണ്ട്‌... 'ഇത് കണ്ടോ ദൈവം എത്ര അനീതികരമായാണ് ഈ ലോകത്തെ പരിപാലിച്ച് വരുന്നതെന്ന്' ആക്ഷേപിക്കുന്ന അനേകം സുഹൃത്തുക്കൾ എനിക്കുണ്ട്. അവരില്‍ ഏറെയും കമ്മ്യുണിസ്റ്റ് സഹോദരങ്ങളാണന്ന് പറയാതിരിക്കാന്‍ കഴിയില്ല. ദൈവത്തില്‍ വിശ്വസമില്ലാതിരിക്കുമ്പോൾ തന്നെ ദൈവീകമായ നടപടികള്‍ മൂലമാണ് അത്തരം നിര്‍ഭാഗ്യകരമായ സംഭവങ്ങളിവിടെ നടന്ന് വരുന്നതെന്നവർ പറഞ്ഞ്‌ പ്രചരിപ്പിക്കുന്നത് ദുഷ്ടലാക്കോടെയല്ലാതെയാകാൻ തരമില്ല. തങ്ങളുടെ കൈവശം ദൈവമില്ല എന്നുറപ്പുണ്ട് എന്നും... നിങ്ങൾ ദൈവത്തിന്റെ ആളുകളാണ് മേല്‍ ചോദ്യത്തിന്‌ ഉത്തരം ബോധിപ്പിക്കേണ്ടതെന്നും തിരിച്ചടിക്കുന്ന അവർ മനസ്സിലാക്കുന്നില്ല... മതവിശ്വാസികളിലെ ഒരു പ്രബല വിഭാഗം ആ പ്രയാസത്തിന്റേയും വേദനയുടേയും പേരില്‍ ദൈവത്തിൽ പഴിചാരാതെ നാളത്തെ സമൃദ്ധിക്കായി പരിശ്രമിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ശുഭാപ്തി വിശ്വാസം വഹിക്കുന്നവരാണവരെന്ന്.

അപ്പോഴും ഒരു ചോദ്യമവിടെ അവശേഷിക്കുന്നു...

കുറ്റകരമായ ഏതോ കടുത്ത അനാസ്ഥ കാരണം ജനങ്ങളെ മേല്‍ സാഹചര്യങ്ങളിലേക്ക് നയിച്ച ആ ശക്തി യാഥാർത്ഥത്തിൽ ആരാണ്? ദൈവ നിഷേധികൾ ദൈവത്തിന്റെ മേലിലും ദൈവ വിശ്വാസികള്‍ ശുഭ പ്രതീക്ഷയുടെ തണലിലും അതിന്റെ കാരണങ്ങളെ സമർപ്പിക്കുമ്പോൾ മറഞ്ഞ് നില്‍ക്കുന്ന ആ കാരണക്കാരനാരാണന്ന് കണ്ടത്തുന്നതിലൂടെ ദൈവ നിഷേധികളുടെ അല്ലെങ്കിൽ കമ്മ്യുണിസ്റ്റുകളുടെ യഥാർത്ഥ കപട മുഖം വ്യക്തമായും വെളിവാക്കപ്പെടും.

കമ്യൂണിസം പോലുള്ള ഒരു നിരീശ്വരവാദ പ്രസ്ഥാനത്തിലെ പ്രവർത്തകരെന്ന നിലയില്‍ കമ്യൂണിസ്റ്റുകളിലെ ചിലര്‍ തീരെ ദൈവവിശ്വാസികളല്ല എന്നതുകൊണ്ടായിരിക്കാം ലോകത്തെ സകലമാന ദുഖങ്ങളുടേയും കാരണക്കാരനായി അവർ ദൈവത്തെ നിശ്ചയിച്ച് വരുന്നത്.

"ദൈവം ഇല്ലേയില്ല..." തല്‍കാലം ഞാനുമത് വിശ്വസിക്കുന്നു.

അങ്ങനെ എങ്കിൽ ഈ ലോകത്തെ പട്ടിണിക്കും ദാരിദ്ര്യത്തിനും രോഗങ്ങള്‍ക്കുമൊക്കെ കാരണക്കാരാരാണ്?

ദൈവമാണോ...?

അല്ലേയല്ല...

കാരണം നമ്മൾ പറഞ്ഞു കഴിഞ്ഞു. ദൈവം എന്നൊരു സംഗതി തന്നെ ഇല്ല എന്നാണല്ലോ നമ്മൾ മുന്നേ പറഞ്ഞു വെച്ചതും പൊതുവില്‍ ഘോരഘോരം വാദിക്കുന്നതും പ്രചരിപ്പിക്കുന്നതും...

പിന്നെ, കാരണക്കാരാരാണ്...?

ചെകുത്താനോ... മാടനോ... രക്തരക്ഷസോ... അതോ, മാലാഖമാരോ... ഇനി യക്ഷികളുമെങ്ങാനുമാണോ... ഞാൻ പറഞ്ഞല്ലോ... അദൃശ്യ ശക്തികളെന്ന് ജനങ്ങൾ വിശ്വസിക്കുന്ന ഒന്നിലും നമുക്ക് തീരെ വിശ്വാസമില്ല...

എങ്കിൽ പിന്നെ, ഈ ലോകത്തെ പട്ടിണി മരണങ്ങള്‍... നീതി നിഷേധങ്ങൾ... ചികില്‍സാ നിഷേധങ്ങൾ... അസുഖങ്ങള്‍... അപകടങ്ങൾ... കേൻസർ... എയ്ഡ്സ്... കോവിഡ്... വീടു കയറിയ കടങ്ങള്‍... പീഢന പീഢന പർവ്വങ്ങൾ... ഘോര ഘോരമായ യുദ്ധങ്ങൾ, ചെങ്ങലകള്‍, തടവ്, കലാപം. ലഹള, അടിപിടി, കരിവാരി തേക്കൽ... കളിയാക്കൽ എന്നിത്യാദികൾക്കൊക്കെ കാരണക്കാരാരാണ്...?

ഇനി നീയും ഞാനുമാണോ... അതോ, ഈ സമൂഹമോ...

"ഇനി സര്‍ക്കാരുകളെങ്ങാനുമാണോ...?"

മനുഷ്യന്റെ ചെറിയ ചെറിയ സ്വപ്നങ്ങൾക്ക് മേലെ പോലും വികസനത്തിന്റെ കൂരമ്പുകൾ പെയ്തിറക്കുന്ന ജനവിരുദ്ധ ഭരണക്കാരോ... അവനെ പട്ടിണിയിൽ നിന്നും പട്ടിണിയിലേക്ക് നയിക്കുന്ന യുദ്ധ പ്രഭുക്കളോ... അതോ അവന് താങ്ങാന്‍ കഴിയാത്ത നികുതി ഭാരം കൊണ്ട്‌ കഷ്ടപ്പെടുത്തുന്ന രാഷ്ട്രീയ ചാവേറുകളോ...

"ചിന്തിക്കുക..."

ഇതെല്ലാം ചെയത് വെച്ചതിനൊടുവിൽ അവർ ജനതകളുടെ ശ്രദ്ധയെ കവർന്നുകൊണ്ട് പറയുന്നു... ദൈവമാണ് എല്ലാത്തിനും ഉത്തരവാദിയെന്ന്...!

പഞ്ചാര ചിന്തകൾ

യൗവ്വന തീക്ഷ്ണവും പ്രേമ സുരഭിലവുമായ ഒരു മനുഷ്യൻ തന്റെ പങ്കാളിയെ സ്നേഹ ബഹുമാനത്തോടെ വിളിക്കുന്നത് പഞ്ചാരെ എന്നാണെത്രെ. നീ എന്റെ പഞ്ചാര കട്ടയല്ലേ എന്നവർ തമ്മില്‍ അഭിസംബോധന ചെയ്യുന്നു. സ്കൂളില്‍ പഠിക്കുന്ന കാലം വിരസവും അരോചകവുമായ ബോറൻ വിഷയങ്ങൾ മാറി മാറി പഠിപ്പിക്കാൻ കടന്ന് വരുന്ന ഓരോ പിരിയേഡുകൾക്കും ഇടയിലെ അല്‍പ്പ സമയത്തെ ആനന്ദപൂരിതമാക്കാൻ അങ്ങേ തലക്കലിരിക്കുന്ന പെണ്‍ കുട്ടികളോടെന്തെങ്കിലും മിണ്ടാനോ പറയാനോ പോയാൽ അതിനെ പഞ്ചരയടിക്കുന്നു എന്നാണ് പൊതുവില്‍ ആരോപിക്കപ്പെടാറ്. അവർ തമ്മില്‍ പറയുന്നത് ആത്മീയതക്കും മുകളിലെ അത്ത്യാത്മീയതയാണങ്കിൽ കൂടി ഒപ്പമുള്ള കുണ്ടന്മാരതിനെ

'ദേ അവന്‍ പഞ്ചാരയടിക്കുന്ന കണ്ടോ...' എന്ന് വിളിച്ചു കൂകി നാറ്റിക്കുന്നത് കഷ്ടമല്ലാതെ മറ്റെന്ത് പറയാൻ.

കൂടാതെ, സകലമാന സന്തോഷ പരിപാടികളുടേയും ഒരു തലക്കലീ പഞ്ചാര ജന്യമായ മധുരത്തിന് വലിയ സ്ഥാനമുണ്ട് എന്നും കാണാൻ കഴിയുന്നു. ഓണത്തിന് പായസമെന്നപോലെ... ജനന അനുസ്മരണം, വിവാഹ വാര്‍ഷികം തുടങ്ങിയ വ്യത്യസ്ത പരിപാടികള്‍ക്ക് വിവിധ വര്‍ണ്ണത്തിലും ആകൃതിയിലുമുള്ള പഞ്ചസാര സുലഭം തന്നെ. ദീപാവലി, ക്രിസ്മസ്, പെരുന്നാള്‍ തുടങ്ങി ലോകത്തിന്റെ വ്യത്യസ്തവും നിഗൂഢവുമായ മൂലകളിൽ പേരറിയുന്നതും അറിയാത്തതുമായ സര്‍വ്വ പരിപാടികള്‍ക്കും വിളമ്പുന്നതീ മധുരം തന്നെ ആയിരുന്നിരിക്കാം. ചില വിഭാഗക്കാർ മരണം നടന്ന് മൂന്നാം നാൾ വിതരണം ചെയ്യുന്നത് ചീര്നി എന്ന വിളിപ്പേരിലറിയപ്പെടുന്ന മേല്‍ മധുരമാണെന്ന വാര്‍ത്ത... സന്തോഷത്തിന്റെ അടയാളം മാത്രമാണീ സംഗതി എന്ന വാദത്തിന്റെ കടക്കല്‍ കത്തി വെക്കാനെന്നെ പ്രേരിപ്പിക്കുന്നു. എങ്കിലും, മരണ ദുഃഖത്തിനിടയിൽ വിളമ്പുന്ന മേല്‍ മധുരത്തെ ഒഴിച്ച് നിര്‍ത്തിയാല്‍ മനുഷ്യന്റെ സന്തോഷ നിമിഷങ്ങളുമായി ഇത്രമേല്‍ ബന്ധപ്പെട്ട്‌ കിടക്കുന്ന ഈ സുന്ദരൻ പധമെങ്ങനെയാണ് ഒരു ലക്കും മര്യാദയുമില്ലാതെ അവനെ തലമുറകളോളം കാർന്ന് തിന്നുന്ന ഒരു അസുഖത്തിന്റെ പേരായി മാറിയത് എന്ന ചിന്ത എന്നെ ഏറെ അലട്ടി കൊണ്ടിരിക്കുന്ന ഒരു വിഷയമാണ്.

ഷുഗർ... പഞ്ചാര... ഡയബറ്റിക്...

കുറച്ച് കാലങ്ങളായി ഈ പഞ്ചസാരയെ ചൊല്ലി മാത്രം ഞാനക്കാരണത്താൽ അതീവ ദുഃഖിതനാകുന്നു. മറ്റൊരു കാരണം കൂടി ആ വേദനക്ക് പിന്നിലുണ്ടെന്ന് പറയാതിരിക്കാന്‍ കഴിയില്ല. അതൊരു ഒന്നൊന്നര കാര്യമാണ്. ഒരു പരമരഹസ്യം. രഹസ്യം എന്നു പറഞ്ഞാൽ എന്നെ സംബന്ധിച്ച് വലിയ പ്രാധാന്യമുള്ളതും എന്റെ ചുറ്റിലുള്ളവര്‍ക്ക് അത്രക്കൊരു വിശേഷവുമാകാൻ തരമില്ലാത്തതുമായ പരമ ലഘുവായൊരു കാര്യം. എങ്കിൽ പിന്നെ എന്തിനിങ്ങനെ കഷ്ടപ്പെട്ടത് എഴുതാൻ നില്‍ക്കുന്നു എന്നാണ്‌ ചോദ്യമെങ്കില്‍ ഇത്തരം 'ഒരു രസത്തിന് മാത്രം' എന്നൊരൊഴുക്കൻ മട്ടിലെനിക്ക് പറയാനാണ് ആഗ്രഹം. എങ്കിലും, ഈ വായനക്കൊടുക്കം മാന്യദേഹങ്ങൾക്കതിന്റെ കാരണം പിടികിട്ടും എന്നാണ്‌ എന്റെ പ്രതീക്ഷ. നാലാൾക്ക് മുന്നില്‍ വിളിച്ച് പറയാൻ പറ്റുന്ന വല്ല കാര്യമാണോ ഇതെന്ന ചോദ്യം അവശേഷിക്കുമ്പോൾ തന്നെ സ്വയം മനസ്സിലത് കൊണ്ടു നടന്നതിനൊടുക്കം ഞാനുമായി മണ്ണില്‍ ലയിച്ചില്ലാതാകാന്‍ പോകേണ്ടിയിരുന്ന... എന്റെ ജീവിതത്തിന്‌ ചുറ്റും നിറഞ്ഞാടിയിരുന്ന ആ അനുഭവങ്ങളെ ഈ പേപ്പറാകുന്ന മരത്തിൽ ഞാൻ തറച്ച് ആവാഹിക്കുകയാണ്...

പാലക്കാട് ജില്ലയിലെ മനോഹരമായൊരു പ്രദേശമാണ് കാട്ടുകുളം. പേര്‌ പോലെതന്നെ ഒരു കുളത്തിന്റെ കരയിൽ രൂപപ്പെട്ട വനം തന്നെയാണ് മേല്‍ പ്രദേശം. അവക്കിടയിലുള്ള വീടുകളില്‍ അനേകം മനുഷ്യരുമവിടെ യഥേഷ്ടം പുലരുന്നു. അതിലൊരു വീട് ഈ ഉള്ളവന്റെ ഉമ്മ വീടാണ്. ഉമ്മ വീടെന്നു പറഞ്ഞാൽ അത് പൂർണ്ണമായും ശരിയാണന്ന് ഞാൻ പറയുന്നില്ല. കാരണം, എന്റെ പ്രിയപ്പെട്ട ഉമ്മയുടെ ഉമ്മ വീടാണാകുന്നു യാഥാർത്ഥത്തിലാ വീട്. എന്നാൽ, ആ വീട് എന്റെ ഉമ്മ വീടായതിന് പിന്നിലൊരു കഥയുണ്ട്... സംഭവമിങ്ങനെ...

അവ്യക്തമായ എന്തോ കാരണം കൊണ്ട്‌ പരസ്പരമകന്ന് രണ്ടു വീടുകളില്‍ കഴിഞ്ഞ് വരുന്നവരാണ് എന്റെ ഉമ്മയുടെ മാതാപിതാക്കള്‍... 'അവ്യക്തം' എന്നു പറഞ്ഞാൽ അവർ തമ്മിലുള്ള എന്തെങ്കിലും സൗന്ദര്യ പിണക്കമായേക്കാം അതിന്റെ കാരണം എന്ന് ഞാന്‍ അനുമാനിച്ചു വരുന്നു എന്ന് മാത്രം. എങ്കിലും, ഏതാനും ആഴ്ചകള്‍ മാത്രം ജീവൻ തുടിച്ചു തുടങ്ങിയ തന്റെ വയറ്റിനുള്ളിലെ കുഞ്ഞിനെ കാണാതെ തന്നെ ഒഴിവാക്കാൻ മൂപ്പര്‍ കാണിച്ച മനസ്സിനെ പരിതപിച്ചു കൊണ്ട്‌ അവരും... പ്രത്യേകമായൊന്നും ഉരിയാടാതെ അദ്ദേഹവും ഇത്രയും കാലം കഴിച്ചു കൂട്ടി വരുന്നു എന്ന് ചുരുക്കം. അതിനാല്‍, എന്റെ മാതാവ് അവരുടെ ചെറുപ്പം ആ രണ്ടു വീടുകളിലായി മാറിമാറിയാണ് ജീവിച്ച് വന്നത്. ചെറുപ്പവും ശൈശവവും വളരെ സുന്ദരമായി തന്നെ അവരാ രണ്ടു വീടുകളില്‍ ജീവിച്ച് വന്നു. ഉമ്മയെ കാണാന്‍ കണ്ടം കടന്നപ്പുറത്തേക്കും... ഉപ്പായെ കാണാന്‍ കണ്ടം കടന്നപ്പുറത്തേക്കുമവരന്ന് യാത്ര ചെയതു. അതിനിടക്കവർക്ക് കല്യാണ പ്രായവുമായി. ആ കാലത്താണ് എന്റെ ഉപ്പ അവരെ പെണ്ണുകാണാൻ ചെല്ലുന്നത്. ആ സമയത്ത്‌ എന്റെ മാതാവേതോ പുളിമര തണലില്‍ പുളി തിരഞ്ഞ് നടക്കുകയായിരുന്നെന്ന് കേട്ടിട്ടുണ്ട്. 'നാവിൻ തുമ്പത്ത് വെള്ളവുമൂറി നില്‍ക്കുന്ന ഈ സമയത്തിതാരപ്പ ഒരു പെണ്ണ് കാണലുകാരൻ' എന്നവരന്ന് പരിഭവപ്പെട്ടിരിക്കുമോ ആവോ... ആ അറിയില്ല. ഞാന്‍ ചോദിച്ചിട്ടുമില്ല. എന്നിരുന്നാലും... പുളിമര തണലിലന്ന് ഉമ്മ അനുഷ്ഠിച്ച ആ ത്യാഗത്തിന് ഫലം ലഭിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ. അവരുടെ കല്യാണം നല്ല അടിപൊളിയായി തന്നെ കഴിഞ്ഞു. ഉമ്മയുടെ പിതാവിന്റെ വീട്ടില്‍ വെച്ചായിരുന്നു ആ കല്യാണ മഹാമഹം. അന്നേ ദിവസമാണ് ആ വീടിന്റെ കുടിയിരിപ്പും നിര്‍വ്വഹിക്കപ്പെട്ടത് എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. അഥവാ, ഇതെഴുതി കൊണ്ടിരിക്കുമ്പോളാ വീടിന് മുപ്പത്തി നാല് വര്‍ഷമായി കാണും. അഥവ എന്റെ വയസ്സിന് കൂടെ ഒരു വര്‍ഷം കൂടിയാല്‍ അതിന്റെ വാര്‍ഷികവും എന്റെ മാതാപിതാക്കളുടെ വിവാഹ വാര്‍ഷികവും ലഭിക്കുമെന്ന് ചുരുക്കം.

"ഇച്ചിന്റെ പയിനഞ്ചാം വയസ്സില്ണ്ടായ ന്റെ കടിഞ്ഞൂലാണ് ജ്ജ്..." എന്നവർ സ്നേഹത്തോടെ പറയുന്നത് ഞാന്‍ എത്രയോ തവണ കേട്ടിരിക്കുന്നു.

എന്നിരുന്നാലും, അങ്ങനെ ഞങ്ങൾ നാല് മക്കളുണ്ടായി. എന്റെ തൊട്ട് താഴെയായി ജനിച്ച എന്റെ ആദ്യ അനുജത്തിയെ കുറിച്ചുള്ള എന്റെ ഓര്‍മ്മയെ 'മനഴി മാസ്റ്റർ' എന്ന കഥയില്‍ നല്ല വിശദമായി തന്നെ ഞാന്‍ എഴുതി സൂക്ഷിച്ചിട്ടുണ്ട്. അവള്‍ക്ക് താഴെയായി മറ്റൊരു അനിയത്തിയും എനിക്കുണ്ടായി. ഒടുവില്‍, ഞങ്ങളെല്ലാവർക്കുമെളേതായി ഓരനിയനും.

ഉമ്മയുടെ വീട് എന്ന് പറയുമ്പോൾ ഞങ്ങൾക്ക് ലഭിക്കേണ്ട ലാളന, പരിഗണന, സ്വതന്ത്രം തുടങ്ങിയ സ്നേഹ വികാരങ്ങള്‍ കൂടുതലും ഞങ്ങൾ കുട്ടികള്‍ക്ക് ലഭിച്ചത് ഉമ്മയുടെ ഉമ്മ വീടായ കാട്ടുകുള കടവിലെ ആ വീട്ടില്‍ നിന്നായിരുന്നു എന്നുള്ളത് കൊണ്ട് ആ വീട് ഞങ്ങൾക്ക് 'ഉമ്മാന്റെ കുടി'യായി മാറി. അതിനാല്‍ ഒഴിവു സമയത്തെ ഉല്ലാസങ്ങൾ, പെരുന്നാള്‍, ഓണം, വാര്‍ഷിക സ്കൂളടവ് തുടങ്ങിയ ഒഴിവ് സമയങ്ങളെ ആനന്ദമാക്കാൻ ഉമ്മയും മക്കളും ഉമ്മയുടെ ഉമ്മ വീട്ടിലേക്ക് മാത്രമായി പോകുന്നത് സ്ഥിരം പരിപാടിയായി മാറ്റപ്പെട്ടു.

വെട്ടത്തൂരിന്റെ ഒരതിരില്‍... വളഞ്ഞ് പുളഞ്ഞ് പോകുന്ന തോടിന്റെ അപ്പുറത്താണ് പാലക്കാട് ജില്ല തുടക്കം കുറിക്കുന്നതെന്ന് ഞാൻ കേട്ടിട്ടുണ്ട്. ആ... അത് ശരിയാണോ എന്തോ. ശരിയായിരുന്നിരിക്കാം. എന്നിരുന്നാലും, മേല്‍ തോട് കഴിഞ്ഞാൽ പ്രകൃതിയിലൊരു വല്ലാത്ത മാറ്റം ദൃശ്യമികുന്നത് ഞാനെപ്പോഴും ശ്രദ്ധിക്കാറുണ്ട്. ചൂട് കാലമാണങ്കിൽ കഠിനമായ ചൂട്. തണുപ്പ് കാലമാണെങ്കിലോ നല്ല എല്ല് കോച്ചുന്ന തണുപ്പും. എന്തായാലും, അതുവഴി അല്‍പ്പ ദൂരം കൂടി യാത്ര ചെയ്ത് ഒരു പുരാതന മര മില്ലിനപ്പുറത്തുള്ള സ്റ്റോപ്പിൽ ബസ്സിറങ്ങിയാൽ ഒരു പഴയകാല സാമ്പ്രി പള്ളിയുടെ അരികിലായി ഒരു വലിയ കുളം കാണാം കഴിയും. അതാകുന്നു മേല്‍ കാട്ടുകുളം. ആ കുളത്തിന്റെ അരികിലൂടെയുള്ള നടവഴിയിലൂടെ അല്‍പ്പ ദൂരം നടന്നാൽ എന്റെ ഉമ്മ വീട്ടിലേക്കെത്തി ചേരാം. വഴി നീളെ പ്രകൃതി വരഞ്ഞിട്ട മനോഹാരിതകളാണ്. ഒരു മഴ കൂടി ഉണ്ടെങ്കിൽ പറയുകയും വേണ്ട. അവിടവിടെയായി വെള്ളം കെട്ടി നില്‍ക്കുന്ന ആ മൺ വഴിയിലൂടെ നടന്ന് നീങ്ങുമ്പോള്‍ ഒരു കാടിന് നടുവിലൂടെ നടക്കുന്ന അനുഭൂതിയാണ്. മൺ വഴിയുടെ രണ്ട് വശത്തും ഉയർന്ന് നില്‍ക്കുന്ന കാട്ട് ചെടികളും അതിനപ്പുറത്തെ റബ്ബർ മരം കാടുകളും... പിന്നെ പാടം, തോട്, മലകള്‍.

എന്റെ ചെറുപ്പം അനേകം തവണ കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി നടന്ന് നീങ്ങിയ വഴിത്താരകളാണിത് എന്ന് പറയുന്നതിൽ അതിശയോക്തിയില്ല തന്നെ. ഉമ്മയോടൊന്നിച്ചുള്ള ആഹ്ലാദപൂർണ്ണമായ ഒഴിവ് ദിനാഘോഷത്തിനൊടുവിൽ തേങ്ങുന്ന മനസ്സോടെ എന്റെ ചെറുപ്പം എത്രയോ തവണ ഏകനായി സഞ്ചരിച്ച വഴിയാണിത്. ഉമ്മയുടെ കുറച്ച് ദിവസം കൂടി കൂടുതൽ അവരുടെ വീട്ടില്‍ നില്‍ക്കേണ്ട ആഗ്രഹത്തിന് മുന്നില്‍ ഹോമിച്ച എന്റെ എത്ര എത്രയോ മനസമാധാനങ്ങൾ പെയ്തുടഞ്ഞ സ്ഥലം. മേല്‍ വഴിയുള്ള എന്റെ വരവ് അത്യാനന്ദപൂരിതമായിരുന്നെങ്കിൽ മടക്കം ആരുടെയെങ്കിലും കൂടെ കരഞ്ഞ് തളര്‍ന്ന്‌ മൂക്കൊലിപ്പിച്ച് തേങ്ങികൊണ്ടായിരുന്നു എന്നുള്ളത് പ്രപഞ്ച സത്യമാണ്.

കറുത്ത സ്ലൈറ്റ് പ്രതലത്തിലെഴുതുന്ന അക്ഷരങ്ങളെ നല്ല ലാവണ്യമായി മായ്ച്ച് കളയാന്‍ മുളം തണ്ടിന്റെ നേര്‍ത്ത അറ്റം പൊട്ടിച്ച് ഉപയോഗിച്ചാൽ മതിയെന്ന് പണ്ട്‌ ഉപ്പ പഠിപ്പിച്ചതും ഈ വഴിയിലൂടെയുള്ള ഒരു യാത്രയിലായിരുന്നു. അത് കൊണ്ടെങ്ങാൻ മെഴുകിയാൽ എന്തൊരു സുന്ദരന്‍ മണമായിരുന്നെന്നോ സ്ലൈറ്റിന്.

അന്നധികം മഴ ഇല്ലാത്ത ഒരു മഴക്കാലത്താണ് ഞങ്ങൾ ഉമ്മ വീട്ടില്‍ എത്തി ചേര്‍ന്നിരുന്നത്. ഞാനന്ന് ഏഴാം ക്ലാസ്സ് കഴിഞ്ഞ് എട്ടിലേക്ക് എത്തി ചേരുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന സമയമാണ്. വീട്ടിലെ അലസമായ ദിന രാത്രങ്ങൾക്കിടയിൽ കാട്ടുകുളം വീട്ടില്‍ ചെലവഴിക്കാന്‍ തീരുമാനിച്ച് ഇറങ്ങി പുറപ്പെട്ടതാണ് ഞങ്ങൾ. സ്വാഭാവികമായും ആനന്ദ വര്‍ണ്ണം പുൽകേണ്ടിയിരുന്ന മനസ്സ്. എന്നാൽ, നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ഞാനൊരു കാരണം കൊണ്ട്‌ നന്നേ വിഷമത്തിലായിരുന്നു. മറ്റൊന്നുമല്ല... ആകെ കൂടി ഒരു ക്ഷീണം. ക്ഷീണം എന്ന് പറഞ്ഞാൽ അത്യാവശ്യം നല്ല ക്ഷീണം തന്നെ. കൂടാതെ, രാത്രി സമയങ്ങളിൽ പോലും കഠിനമായ ദാഹം, അതിന്റെ ഫലമായി അടിക്കടി മൂത്രമൊഴിക്കാനുളള പ്രവണത, ഞാനുറങ്ങി കിടക്കുമ്പോള്‍ എന്റെ പ്രിയപ്പെട്ട മാതാവെന്റെ സമീപം കൊണ്ട്‌ വന്ന് വെക്കുന്ന വെള്ളം മതിയാകാതെ പിന്നെയും ദാഹം... കടുത്ത ദാഹം. ദാഹത്തിന്റെ മഹാ സമ്മേളനങ്ങൾ... തൊണ്ട വരണ്ടു പ്രയാസപ്പെടുമ്പോള്‍ രാത്രിയുടെ ഭയാനതയിലൂടെ ഇരുട്ട് പുതച്ച് അടുക്കളയിലേക്ക് ഞാൻ നീങ്ങും. ശബ്ദമുണ്ടാക്കാതെ വാതില്‍, ഗ്രില്ല് എന്നിവ തുറന്ന്... എന്റെ ഉമ്മ പാത്രത്തിൽ പിടിച്ച് വെക്കുന്ന ശുദ്ധമായ വെള്ളം എടുത്ത് ഞാൻ കുടിക്കും... വീണ്ടും വീണ്ടും കുടിക്കും... ഒരു രാത്രി തന്നെ നാലും അഞ്ചും തവണകള്‍... അത്രതന്നെ മൂത്രമൊഴിക്കലും. ഇതിനൊക്കെ ഇടയില്‍ അല്‍പ്പാൽപ്പം മാത്രമാണ് ഉറക്കം ലഭിച്ചു വരുന്നത്. ഒന്ന് കണ്ണടച്ച് വരുമ്പോഴേക്കുമതാ കിടക്കുന്നു അറിവയറ്റിലാ മേളം... ഒരു ചെറു തിര. മൂത്രശങ്ക. അല്ലെങ്കിൽ, ചങ്കിനു മുകളില്‍ ഒരു കല്ല് കയറ്റി വച്ചത്‌ മാതിരി ഒരനുഭവം. നാവിന്റെ അങ്ങേ അറ്റം മരുഭൂമിയിലെ വരണ്ട മണല്‍ പരപ്പില്‍ ഒരിറ്റ് ജലത്തിനായി കാത്തിരിക്കുന്ന പോലെ...

തൊണ്ട വരള്‍ച്ച...

രാത്രിയിലെ ഈ ഭയാനകമായ ഉറക്ക കുറവ് മൂലം പകല്‍ മുഴുക്കെയും കടുത്ത കണ്ണുകാച്ചൽ... എന്നുവെച്ചാല്‍, നല്ല സുന്ദരൻ അലസ നിമിഷങ്ങൾ. അതിൽ മുങ്ങി കുളിച്ച് കൊണ്ടിരിക്കുന്ന എന്റെ പഠനം, ജോലി, പ്രാർത്ഥന, കായികം... തുടങ്ങിയവ. ചുരുക്കി പറഞ്ഞാൽ... മനസ്സിനും ശരീരത്തിനും തീരെ വയ്യാ എന്ന് ചുരുക്കം. മനസ്സിന്റെ വാതിലുകള്‍ ആകുന്നു മുഖം. ഒരു മനുഷ്യന്റെ മനസ്സിൽ എന്താണ്‌ മിന്നി മറഞ്ഞ് കൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ അയാളുടെ മുഖത്തേക്കൊരു നോട്ടം മതിയാകുമെത്രെ. അതിനാല്‍ എന്റെ മുഖത്തും ചില കറുത്ത നിഴലുകള്‍ തെളിയാൻ തുടങ്ങിയിരുന്നു... ശരീരം നന്നേ ക്ഷീണിച്ച് വരുന്നതിനാൽ തോളെല്ലുകൾ പുറത്തേക്കുന്തി വരുവാനും തുടങ്ങിയിട്ടുണ്ട്. അതിനാല്‍, ചിലര്‍ ആശ്ചര്യത്തോടെ എന്നോട് ചോദിക്കും...

"അല്ല സുഹൃത്തേ... നിനക്കിതെന്ത് പറ്റി... വളർച്ച താഴേക്കാണോ..." എന്ന്. ബോഡി ഷൈമിങ്ങ്... അപമാന ഭീകരത...

ഞാൻ സങ്കോചത്തോടെ മുഖം താഴ്ത്തും.

ഈ വേദനകൾക്കൊക്കെ ഇടയിലാണ് ഞാന്‍ കാട്ടുകുളം കുളക്കടവില്‍ ബസ്സിറങ്ങിയിരിക്കുന്നത്.

പതിവിന് വിപരീതമായി തീരെ ഉത്സാഹ രഹിതമായാണ് ഞാനന്നവിടെ പെരുമാറിയത്. അതവിടെയുള്ള എന്റെ പ്രിയപ്പെട്ട കളിക്കൂട്ടുകാരി പ്രത്യേകം മനസ്സിലാക്കിയെന്ന് തോന്നുന്നു. അവൾ ഇടക്കിടെ എന്റെ അരികില്‍ വന്ന് പലതും ചോദിക്കുന്നുണ്ട്. കുളത്തിലെ വെളളത്തിനെ കുറിച്ച്... അതിൽ പുതുതായി മൊട്ടിട്ട പരൽ മീനിനെ കുറിച്ച്... രാത്രി കാടിറങ്ങി ഓരിയിടുന്ന നരികളെ കുറിച്ച്... അങ്ങനെ പലതും.

"മോന്തിക്ക് നരി കൂകാറ്ണ്ട്പ്പോ..." അവൾ ആശ്ചര്യത്തോടെ എന്നോട് പറഞ്ഞു...

ഞാൻ അതേപ്പടി അത്ഭുദപ്പെട്ടെന്നോണം... "തന്നേ" എന്ന് പറയുമെന്നാണവൾ പ്രതീക്ഷിക്കുന്നതെങ്കിലും ഞാൻ ഏതാനും വാക്കുകളില്‍ മാത്രമായി മറുപടി അവസാനിപ്പിച്ചു.

"മ്..." പിന്നെ വീണ്ടും ചിന്താമഗ്നനായി കുത്തിയിരുന്നു.

കുളത്തിലൊന്ന് മുങ്ങി കുളിച്ചെണീറ്റാൽ അല്‍പ്പം ഉഷാറ് ലഭിച്ചേക്കുമോ എന്ന ചിന്തയോടെ പിറ്റേ ദിവസം തന്നെ ഒരു മുണ്ട് ചുറ്റി തീരെ തേച്ച് മാഞ്ഞു പോയ ഒരു ജീവൻ സോപ്പിൻ കഷണവുമായി വീട്ടു മുറ്റത്തിനൊരരികില്‍ സ്ഥിതിചെയ്യുന്ന കുളത്തിലേക്ക് നടന്നു. ടിവി പരസ്യങ്ങളിൽ പറയുന്നത് പ്രകാരം ജീവൻ സോപ്പുകളുടെ ഉള്ളില്‍ കുഴിച്ച് വച്ചിരിക്കുന്ന സ്വര്‍ണ്ണ നാണയം പ്രതീക്ഷിച്ചുകൊണ്ടാണ് കാലങ്ങളായി അവിടെ ജീവൻ സോപ്പ് മാത്രമുപയോഗിച്ച് വരുന്നത്. അതിന്‌ മുമ്പ്‌ നിര്‍മ്മ എന്ന പേരിലുള്ള മറ്റൊന്നായിരുന്നു ഉപയോഗിച്ചിരുന്നത്. എന്തായാലും രണ്ടിനും നല്ല മണമാണുള്ളതെന്ന് വേറെ കാര്യം.

വീട്ടു നിരപ്പിൽ നിന്നും അല്‍പ്പം താഴ്ചയിലേക്കിറങ്ങി ചെറിയ വെട്ടുക്കൽപ്പടവിറങ്ങിയാൽ മേല്‍ കുളത്തിലേക്കിറങ്ങാം. അധികം ആഴമില്ലാത്ത ആ പരുക്കന്‍ കുളത്തിന്റെ ഒത്ത പകുതി സമീപത്തെ വീട്ടു വളപ്പിലാണ് സ്ഥിതിചെയ്യുന്നത്. അവിടെ കുളത്തിൽ നിന്നും തുടങ്ങുന്ന എട്ടോ പത്തോ മൺപ്പടികെട്ടുകൾക്ക് മുകളിൽ അവരുടെ പുരാതന ഗൃഹം കാണാം. മണ്ണു കൊണ്ട്‌ മെഴുകിയ നിലയില്‍ പരുക്കനായി ഓട് മേഞ്ഞ ഒരു ചെറിയ വീട്. ഒരു കാലഘട്ടം വരെ അത് ഓല മേഞ്ഞതായിരുന്നിരിക്കണം. അനേകം വർഷങ്ങൾ പഴക്കമുള്ള ആ ഇരു കുളത്തിലുമായാണ് എന്റെ ഉമ്മയും അവരുടെ ഉമ്മയും ഒരു പക്ഷേ എന്റെ ഉമ്മുമ്മയുടെ ഉമ്മയുമൊക്കെ വസ്ത്രമലക്കൽ, കുളി മുതലായ കാര്യങ്ങളൊക്കെ ചെയതു വന്നിരുന്നത്.

ഞാന്‍ പറഞ്ഞല്ലോ മഴയില്ലാത്ത ഒരു മഴക്കാലമാണ്‌. അതിനാല്‍ കുളത്തിൽ വെള്ളം തീരെ കഷ്ടി. കുളത്തിലേക്ക് വെള്ളം ഒഴുകി വരുന്നത് സമീപത്തെ മാടമ്പി എന്ന് വിളിക്കുന്ന പട ശേഖരത്തിൽ നിന്നുമാണ്. അതിന്‌ സമീപത്താണ് മഹത്തായ കുന്തിപ്പുഴയിലേക്കൊഴുകി നീങ്ങുന്ന വീതി കുറഞ്ഞൊരു തോട് പടിഞ്ഞാറോട്ടൊഴുകി നീങ്ങി കൊണ്ടിരിക്കുന്നത്. ആ തോടിനപ്പുറം നിറയെ നിരനിരയായി വാഴകള്‍ വളരുന്ന പാട ശേഖരങ്ങളാണ്. പിന്നെ ഇരട്ട മൂങ്ങൻകുന്നും. ആ കുന്നില്‍ മുകളില്‍ നിന്നാണ് നരിയും കൂട്ടരും രാത്രി ഓരിയിടാനിറങ്ങി വരുന്നത്.

കുളത്തിന്റെ നടുവിലേക്കിറങ്ങി ചുറ്റും നിറഞ്ഞു വളരുന്ന പായല്‍ കൂട്ടങ്ങളെ ഒന്ന് വകഞ്ഞു മാറ്റി മൂന്ന്‌ നാല് പ്രാവശ്യം ഞാന്‍ മുങ്ങി നിവര്‍ന്ന് കരക്ക് കയറി...

ഹാവൂ നല്ല ആശ്വാസം... ആശ്വാസത്തിന്റെ സുന്ദരൻ സൂര്യ കിരണങ്ങള്‍ എന്റെ മൂര്‍ദ്ധാവിൽ വെളിച്ചം പരത്തി.

"ക്ഷീണമേ വിട... ക്ഷീണമേ വിട... എന്നന്നേക്കും വിട... വിട..."

സോപ്പ് പുരട്ടിയ ചകിരി നാരുകൊണ്ട് ശരീരം അമർത്തി തേച്ച് ഞാൻ വീണ്ടും കുളത്തിലിറങ്ങി കരക്ക് കയറി തോര്‍ത്തി. പിന്നെ, ഒരൊറ്റ മുണ്ടെടുത്ത് കുളത്തിന് ചുറ്റും സുലഭമായി വളരുന്ന കമ്മ്യുണിസ്റ്റെപ്പയുടെ നെറുകയില്‍ നിന്നും ഒരില പറിച്ചെടുത്ത് അതിൽ സോപ്പ് പൊതിഞ്ഞ് മൺപ്പടികൾ കയറി വീടിനകത്തേക്ക് നടക്കുമ്പോൾ വീടിന്റെ ഉമ്മറപ്പടിയിലെ മരബെഞ്ചിലിരുന്ന് മുറുക്കാന്‍ തുടങ്ങുന്ന എന്റെ ഉമ്മയുടെ ഉമ്മുമ്മ എന്നെ നോക്കി പറഞ്ഞു.

"എന്താണ്‌ റബ്ബേ ഈ ചെറുക്കന്റെ കോലം..." എന്ന്.

പറയുന്നത്‌ മഹത്തായ എന്റെ ശരീരത്തെ കുറിച്ചാണ്. നിരന്തരം പലരിൽ നിന്നുമത് ഞാൻ കേട്ടു വരുന്നുണ്ട്. എല്ലും കോലും, എള്ളിക്കൊയ്ത്ത തുടങ്ങിയ ലളിതമായ പദ പ്രയാഗങ്ങളിലൂടെ നന്നായി ഞാനത് 'ആസ്വദിച്ചു' വരുന്നു. അതിനാല്‍, മേല്‍ വാക്കുകൾ വലിയ കാര്യമായൊന്നും എനിക്ക് തോന്നിയില്ല. എങ്കിലും, വ്യസനത്തോടെ... തലതാഴ്ത്തി വേഗത്തില്‍ തന്നെ വസ്ത്രങ്ങൾ ധരിച്ചേക്കാം എന്നു കരുതി വീടിനകത്തേക്ക് ഞാൻ ഊളി നടന്നു.

"കുഞ്ഞമ്മ്യേ... ഇവനെന്തോ കാര്യമായിട്ട് കൊഴപ്പൊണ്ട്... കണ്ടില്ലേ... പിന്നാമ്പർത്തെ എല്ലുകള്‍..."

ഹോ, പിന്നിലെ എല്ലുകള്‍.... എന്റെ വാരി എല്ലുകളാണത്. ദൈവമേ... അതും പുറത്ത്‌ വെളിവാകാൻ തുടങ്ങിയോ. ഞാനെന്റെ പിന്നില്‍ കാണുന്ന ആ എല്ലുകളെക്കുറിച്ച് ചിന്തിച്ചു. തലക്ക് താഴെ പുറത്തേക്കുന്തി നില്‍ക്കുന്ന തോളെല്ലുകൾ.

ഉമ്മുമ്മയുടെ പ്രസ്താവനയോടെ തീരെ ഈസലിൽ അകപ്പെട്ട ഉമ്മയുടേയും അവരുടെ മാതാവ്... ഉമ്മു എന്ന് ഞങ്ങൾ വിളിക്കുന്ന എന്റെ ഉമ്മുമ്മയുടേയും കണ്ണുകൾ വിടര്‍ന്നു. അവരുടെ തലയില്‍ പുതിയ തരം ചില ബുദ്ധികൾ ഉദിച്ചുപൊങ്ങി. ഇതങ്ങനെ വിട്ടാല്‍ പറ്റില്ല. പുറത്തേക്കുന്തി നില്‍ക്കുന്ന അവന്റെ എല്ലുകളെ അകത്തേക്കയച്ചേ പറ്റൂ. നല്ലോരു ഡോക്ടറെ കാണുക തന്നെ.

അങ്ങനെ കാട്ടുകുളത്ത് നിന്നും മടങ്ങിയ പിറ്റേ ദിവസം തന്നെ വൈകുന്നേരം ഞങ്ങൾ ചുങ്കം തെരുവ് പ്രാന്തത്തിൽ അതിപുരാതന കാലം തൊട്ടേ ചികിത്സ നടത്തി വരുന്ന ഡോക്ടര്‍ അലിയെ കാണുന്നതിനായി ചെന്നു. എന്റേതുൾപ്പെടെ കുടുംബത്തിലേയും നാട്ടിലേയും അനേകരുടെ സുന്നത്ത് കല്യാണങ്ങളുടെ 'കാർമികത്വം' വഹിച്ച് പോന്ന അതിപ്രഗൽപ്പനാണദ്ദേഹം...

ആ ദിവസം ഞാനിന്നും ഓര്‍ക്കുന്നു...

അന്ന് ക്ലിനിക്കിനു വെളിയിലെ മരബെഞ്ചില്‍ അകത്തെന്താണ് നടക്കുന്നത് എന്നറിയാനുള്ള ജിജ്ഞാസയിൽ അക്ഷമയോടെ ഇരിക്കുമ്പോഴാണ് ഡോക്ടറുടെ മുറിയുടെ വാതില്‍ക്കല്‍ തൂക്കിവെച്ച ജനൽ കര്‍ട്ടന്‍ പതിയെ നീക്കപ്പെട്ടത്. ഒരു വെളുത്ത മുണ്ടുടുത്ത് മുന്‍ വശം അല്‍പ്പം പുറകിലേക്ക് നീക്കി പിടിച്ച് പതിയെ വേച്ചുവേച്ചെന്നോണമെന്റെ സഹോദരന്‍ അതിലൂടെ കടന്ന് വരുന്നു. അപാര ദൈര്യവാനാണവന്. കാരണം, സുന്നത്ത് കല്യാണത്തിനായി ഒരുമിച്ചാണ് ഞങ്ങൾ വീട്ടില്‍ നിന്നുമിറങ്ങി പുറപ്പെട്ടത്. എന്നാൽ, ഒരാശങ്കക്കും ഇടം നല്‍കാതെ ആദ്യമായി തന്നെ തന്റേതതിന് നീട്ടി നല്‍കി അവനെനിക്ക് മഹത്തായ ദൈര്യം പകർന്നു നല്‍കിയിരിക്കുന്നു. എന്റേത് പുഷ്പം പോലെ കഴിഞ്ഞു. ഇനി നീ... അവനെന്റെ അരികിലിരുന്ന് പറയാതെ പറഞ്ഞു. വേദനയുണ്ടാകുമോ എന്തോ... അറിയില്ല. അവനോട് ചോദിക്കുന്നത് നാണക്കേടാണ്. എന്തായാലും ഈ കാണുന്ന ലോകം കീഴ്മേല്‍ മറിഞ്ഞാലും അടുത്തത് ഞാനാണ്... ഈ ഞാൻ തന്നെ. അതിനാൽ ദൈര്യത്തോടെ ഞാൻ കാത്തിരുന്നു.

മുറിക്കുള്ളിൽ ലോഹ പത്രത്തിൽ എന്തൊക്കെയോ നിക്ഷേപിക്കുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്... ഒരു യുദ്ധത്തിനുള്ള പുറപ്പാട് പോലെ. എനിക്കായുള്ള മണിയൊച്ചയാണത്. അതിന്റെ ഒടുക്കത്തിൽ ഈ ഉള്ളവന്റെ പേരുച്ചത്തില്‍ മുഴങ്ങി. നെഞ്ചിടിപ്പോടെ ഞാനാകത്തേക്ക് കടന്നു. ലോകമിതാ ഇവിടെ അവസാനിക്കാന്‍ പോകുന്നു. ഇനി പെരും ശൂന്യത മാത്രം. ആ ശൂന്യതയാകുന്ന പ്രപഞ്ചത്തില്‍ ഈയുള്ളവൻ തനിച്ച്... മുറിക്കുള്ളിൽ പേടിപ്പെടുത്തുന്ന ആശുപത്രി ഗന്ധമാണ്. അവിടെ ചുമരിനോട് ചാരി ഒരു പരുക്കന്‍ ഇരുമ്പ് കട്ടിൽ സ്ഥിതിചെയ്യുന്നു. അതിൽ രോഗാതുരതയുടെ വര്‍ണ്ണമായ പച്ച വിരിപ്പ്. ഡോക്ടര്‍ അലി എന്നെ എടുത്തു പൊക്കി അതിൽ മലര്‍ത്തി കിടത്തി. മുകളില്‍ നരച്ച മേൽപ്പുരക്ക് താഴെ വേഗതയില്‍ കറങ്ങി കൊണ്ടിരിക്കുന്ന ഫാൻ മാത്രമാണ്‌ കൺ മുന്നില്‍. അതിന്റെ ചിറകിൻ തുമ്പത്ത് എട്ടുകാലി നെയ്ത മാറാലകൾ തൊങ്ങലുകൾ പോലെ കറങ്ങികൊണ്ടിരിക്കുന്നു.

ശരീരത്തിന്റെ ഒത്ത മദ്ധ്യത്തില്‍ പെട്ടെന്നൊരു വേദന. ഒരു ചെറുത്... ഒരു കൊതുക് കടിക്കുന്നത് മാതിരി. ഉടനെ തന്നെയാ വേദനയമർന്നു. ഡോക്ടര്‍ അലി കാര്യ നിര്‍വ്വഹണത്തിലേക്ക് കടന്നന്നെന്ന് മനസ്സിലായി. ഏതാനും മിനിട്ടുകള്‍ മാത്രമാണതിനെടുത്തത്. വേദന പിന്നെ വന്നതുമില്ല. സന്തോഷം... ആശ്വാസം. ആ വെളുത്ത തുണി എന്നേയും ഉടുപ്പിച്ചു. വിജയശ്രീലാളിതനായി ഞാൻ കര്‍ട്ടന്‍ നീക്കി പുറത്തിറങ്ങി. പുറത്ത്‌ സഹോദരനും സംഗങ്ങളും പുഞ്ചിരിച്ചു നില്‍ക്കുന്നു.

പിന്നീട്, അനേകം പനികള്‍, കടുത്ത ക്ഷീണങ്ങളുമായി കടന്ന് ചെന്ന എത്രയെത്രയോ വൈകുന്നേരങ്ങൾ. നശിച്ച പല്ലു വേദനകള്‍... ചെവിയില്‍ സ്തെതസ്കോപ്പ് വെച്ച് നെഞ്ചിലും മുതുകത്തുമായുള്ള നിരവധി പരിശോധനകള്‍... ഓറഞ്ച് നിറം പ്രകാശിക്കുന്ന ഒരു ചെറിയ വെട്ടം മാത്രമുള്ള ടോർച്ച് കൊണ്ട്‌ വായ പരിശോധിക്കുന്നത്. ഒടുവില്‍, മൂന്ന് നാല് ദിവസത്തെ മരുന്നിനായുളള കുറിപ്പുമായി പുറത്തേക്ക്‌. അദ്ദേഹം ഒരിക്കല്‍ പോലും ചിരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. അന്നൊക്കെ അലി ഡോക്ടര്‍ അവിടെ കാണാൻ ചെല്ലുമ്പോൾ ചികിത്സാ മുറിയിലെ വലിയ ഷീല കൊണ്ട്‌ മറച്ച വാതിലിനപ്പുറം അദ്ദേഹത്തിന്റെ മക്കളുടെ പെരുമറ്റം ഞാൻ കാണാറുണ്ടായിരുന്നു. ഫാനിന്റെ കറക്കത്തോടൊപ്പം തുണി ഇളകി നീങ്ങുമ്പോള്‍ ഞാനതിനിടയിലൂടെ പതിയെ അകത്തേക്ക് നോക്കും. നിയോൺ ബൾബുകൾ പ്രകാശിക്കുന്ന വര്‍ണ്ണാഭമായ ആ ചുമരുകള്‍ കണ്ടാല്‍ ഏതോ ഇംഗ്ലീഷ് ക്ലാസിക് ഭവനത്തിന്റെ അകത്തളം പോലെ തോന്നിപ്പിക്കും. അവിടെ ഡോക്ടറുടെ കുട്ടികളുടെ കാൽ പെരുമറ്റങ്ങൾ കേൾക്കാം. അവരുടെ പഠന കോലാഹലങ്ങൾ... പൊട്ടി ചിരികള്‍... ഉറക്കെയുള്ള ശബ്ദങ്ങൾ.

ഡോക്ടറുടെ മക്കള്‍...

ഒരു ചെറിയ ഭവനമാണത്. കഷ്ടി രണ്ടോ മൂന്നോ ചെറിയ മുറികള്‍ കാണും. മുറ്റം നിറയെ കുണ്ടും കുഴികൾ. വൈകുന്നേരങ്ങളിൽ അലി ഡോക്ടര്‍ ചികിത്സ തുടങ്ങുന്നതോടെ ഓട്ടോറിക്ഷകൾ വാരവും പോക്കും മാത്രമാകും ആ മുറ്റത്തെ കാഴ്ച്ച. തേക്കിൻ മരങ്ങൾ നീളത്തില്‍ വളരുന്ന ആ മുറ്റത്തിനിടതു വശത്തായി നീളത്തിൽ പണിതു വെച്ചൊരു ഓട് മേഞ്ഞ കെട്ടിടമുണ്ട്. കോട്ടൈസ് എന്ന് വിളിക്കുന്ന ആ കെട്ടിടത്തിലെ താമസക്കാർ മിക്കവരും പുറം നാടുകളില്‍ നിന്നും ചുങ്കം പ്രദേശം കേന്ദ്രമാക്കി കൂലി തൊഴിൽ ചെയ്യാൻ വന്ന മനുഷ്യരാണ്. തമിഴർ, അണ്ണന്മാർ എന്നവര്‍ വിളിക്കപ്പെടുന്നു. വളരെ സ്നേഹത്തോടെ അണ്ണാച്ചികളെന്നും അവരെ ഞങ്ങൾ വിളിക്കാറുണ്ട്. ഉമ്മച്ചി, ഉപ്പച്ചി എന്നൊക്കെ വിളിക്കുന്നത് മാതിരി... അഭിസംബോധന ചെയ്യുന്ന വാക്കിന്റെ അവസാനത്തില്‍ 'ചി' എന്ന് ചേര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന വാത്സല്യം, ബഹുമാനം തുടങ്ങിവയൊക്കെ കാരണമാണ് അവരപ്രകാരം വിളിക്കപ്പെടുന്നത്. എന്നാൽ, അണ്ണാച്ചി എന്ന വാക്കിനെ സംബന്ധിച്ച് അത്യധികം വേദനിപ്പിക്കുന്ന ഒരു വർത്തമാനം ഈയിടെയാണ് ഞാൻ കേട്ടത്...

തമിഴ്നാട്ടില്‍ നിന്നുള്ള എന്റെ ഒരു സുഹൃത്ത് പറയുന്നത് അണ്ണാച്ചി എന്ന വാക്ക് തമിഴ്നാട്ടില്‍ കടുത്തൊരു ജാതി പേരായാണത്രെ ഉപയോഗിച്ച് വരുന്നത്. ഒരുകൂട്ടം പാവം മനുഷ്യരെ സമൂഹത്തില്‍ നിന്നും വേര്‍തിരിച്ച് മനസ്സിലാക്കുന്നതിനുള്ള കടുത്ത വിവേചനാടയാളം... എന്നാൽ,  അക്കാര്യമറായാതെ നിഷ്കളങ്കമായി ഞങ്ങളവരെ അണ്ണാച്ചി എന്നു തന്നെ വിളിച്ച് വരുന്നു. ചില വാക്കുകൾ ചില നാടുകളില്‍ മാന്യതയുടെ അടയാളങ്ങളായി ഉപയോഗിച്ച് വരുമ്പോള്‍ മറ്റിടങ്ങളിൽ അത് തിന്മയുടെ അടയാളങ്ങളാണത്രെ.

കൗതുകകരമെന്നല്ലാതെ മറ്റെന്ത് പറയാൻ...

ഒരു പുരാതന മരമില്ലിനു മുന്‍വശത്ത് ഒരു കാലത്തിന്റെ സമൃദ്ധിയുടെ ഓര്‍മ്മ പേറി നില്‍ക്കുന്ന ആ കെട്ടിടത്തെ കണ്ടാല്‍ ഒരു കൊളോണിയല്‍ പാണ്ടികശാലയാണെന്നാണ് തോന്നിപ്പോവുക. അന്നൊക്കെ അലി ഡോക്ടറെ കാണുന്നതിനായി ആ ഭാഗത്തേക്ക് പോകുമ്പോൾ ആ കെട്ടിടത്തിന്റെ പടി വാതില്‍ക്കല്‍ ചിന്താമഗ്നനായിരിക്കുന്ന തമിഴ് സ്ത്രീകളെ ഞാൻ കാണാറുണ്ട്. അവർ പുറത്തേക്ക്‌ ദീര്‍ഘമായി കണ്ണ് പായിച്ച്... എന്തോ ചിന്തിച്ചെന്നോണമിരിക്കുന്നത് കാണാം. സ്വന്തം നാട് വിട്ട് അന്യനാട്ടിലെത്തുമ്പോൾ സ്വാഭാവികമായും ഉണ്ടായേക്കാവുന്ന പിരിമുറുക്കമായിരിക്കാം ആ ചിന്തകൾക്ക് കാരണമെന്ന് ന്യായമായും ചിന്തിക്കാം. അല്ലെങ്കിൽ... ചാല് കീറൽ, കാട് വെട്ടിതെളിക്കൽ, വിറക് കീറൽ, ചപ്പ് ചാവർ സംസ്കരണം, കുഴിയെടുക്കൽ തുടങ്ങിയ കടുകടുത്ത അധ്വാനങ്ങളുടെ ക്ഷീണവുമായിരിക്കാം. എന്നിരുന്നാലും, അവരനുഭവിക്കുന്ന വറുതിയുടെ ചിത്രം ആ മുഖങ്ങളില്‍ നിന്നും വായിച്ചെടുക്കാൻ കഴിയും.

എന്നാൽ, ഞാനും ഉമ്മയും അന്ന് പോയത് അലി ഡോക്ടറുടെ ആ പുരാതന കെട്ടിടത്തിലേക്കായിരുന്നില്ല. ആ വീടും പുരയിടവും അദ്ദേഹം വിറ്റിരിക്കുന്നു. പകരം അതിന്റെ അല്‍പ്പം ദൂരത്തായി ചുങ്കം തെരുവിന്റെ കുറേ കൂടി അടുത്തായി ഒരു അത്യാധുനികമായ കെട്ടിടമദ്ദേഹം പണിതുവെച്ചിട്ടുണ്ട്. അതിന്റെ മുകൾ നിലയില്‍ താമസവും താഴെ ചികിത്സയും നടന്ന് വരുന്നു.  പതിവുപോലെ തിരക്കിന്റെ ഘോഷയാത്രയാണിപ്പോളവിടെ. ലോകം മുന്നോട്ട് കുതിക്കുന്നതിനനുസരിച്ച് രോഗബാധിതരുടെ എണ്ണവും വര്‍ധിക്കുന്നുണ്ടോ...? എന്തായാലും, അനേകം നേരത്തെ കാത്തിരിപ്പിന് ശേഷമാണ് ഡോക്ടറെ കാണുവാന്‍ കഴിഞ്ഞത്.

അമിതമായ ദാഹം, അനേകം തവണത്തെ മൂത്രമൊഴിക്കൽ, ശരീരത്തിന്റെ ഉഗ്രമായ മെലിച്ചിൽ, കടുത്ത ക്ഷീണം, ഉറക്കം വരൽ... മൊത്തത്തില്‍ ഒരു ഉഷാറില്ലായ്മ... എന്നുവെച്ചാല്‍, മരിക്കാൻ പാകമായത് മാതിരി. ഞാൻ പ്രയാസങ്ങളുടെ കെട്ടുകള്‍ ഡോക്ടറുടെ മുന്നിലഴിച്ച് വെച്ചു.

"ഡോക്ടരേ... എന്തേലും പ്രതിവിധിയുണ്ടോ..." ഉമ്മ ആരാഞ്ഞു.

ഒറ്റയടിക്ക് കാര്യം പിടികിട്ടിയത് മാതിരി ഡോക്ടര്‍ തന്റെ പ്രിസ്ക്രിപ്ഷനിൽ എന്തോ കുത്തി കുറിച്ചു. ശേഷം, തലയുയർത്തി ഉമ്മയെ നോക്കി പറഞ്ഞു.

"ഒന്ന് രക്തം നോക്കിയേക്കാം... എന്നിട്ട് തീരുമാനിക്കാം..."

സമീപത്തെ ലാബിലെ ശുഭ വസ്ത്രധാരികളായ സ്ത്രീകളിൽ ഒരാൾ വലത് കൈ ഉപ്പൂറ്റിയിൽ നിന്നും ചോര വലിച്ചെടുത്ത ശേഷം അല്‍പ്പ നേരം കാത്തിരിക്കാൻ പറഞ്ഞു... ഏകദേശം മുപ്പത് മിനുട്ടോളം. പിന്നെ, സുന്ദരമായ ഒരു കത്ത് കവർ നല്‍കി. അതിനുള്ളിൽ ഈയുള്ളവന്റെ ജാതകമാണ്. നിലവില്‍ നടന്ന് നീങ്ങികൊണ്ടിരിക്കുന്ന പാളത്തിൽ നിന്നും അല്‍പ്പം നീങ്ങി സഞ്ചാരിക്കുന്നതിനുള്ള ഉത്തരവ്... രാജകീയ വിളംബരം. അത് നിരസിച്ചാൽ ആജീവനാന്ത കിടപ്പാടാണ് ശിക്ഷ. നരക ജീവിതം. ആ കത്തുമായി വീണ്ടും ഞങ്ങൾ ഡോ അലിയുടെ സമക്ഷത്തെത്തി. അദ്ദേഹം കാത്തു കവർ തുറന്ന് എന്നെ നോക്കി പറഞ്ഞു.

"അപ്പോ അതാണ് പ്രശ്‌നം... ഷുഗറാണ് കാരണക്കാരൻ..." എന്ന്.

ഷുഗർ... മുന്നൂറ്റി മുപ്പത്തി എട്ട് എന്ന മാന്ത്രിക സംഖ്യയിലാണ് നില്‍ക്കുന്നത്. അവിടന്നങ്ങോട്ടുള്ള എന്റെ ജീവിതം കാത്തിരിക്കേണ്ട അനേകം നമ്പറുകളുടെ തുടക്കക്കാരൻ. എന്റെ ജീവിത പരിവര്‍ത്തനത്തിലേക്കുള്ള കാലൊച്ച. രക്തം പരിശോധിക്കാൻ നല്‍കിയ ശേഷം അതിന്റെ റിപ്പോര്‍ട്ട് ലഭിക്കും വരെയുള്ള കാത്തിരിപ്പിനോളം വിരസമായ മറ്റെന്ത് നിമിഷങ്ങളാണ് വേറെയുള്ളത്... രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമോ കുറയുമോ... അതോ വളരെ കൂടുമോ... അങ്ങനെ നിരവധി അനവധി ചിന്തകളുമായി ഞാനങ്ങെനെ ഇരിക്കും. അഥവാ, കൂടിയാല്‍ ഉമ്മ വക സങ്കടങ്ങൾ. ഡോക്ടറുടെ ഉപദേശങ്ങൾ... അങ്ങനെയുള്ള അനുബന്ധ പ്രയാസങ്ങള്‍ വേറെ. നീണ്ടു പരന്ന് കിടക്കുന്ന ടോക്കൺ നമ്പറുകളുടെ ഒരറ്റം പിടിച്ചെടുക്കാൻ ഓടുന്ന നിമിഷങ്ങളാണ് അതുമൂലമുള്ള കലാപരിപാടികൾ. ഇതെല്ലാമെനിക്ക് സമ്മാനിച്ച മാന്ത്രിക സംഖ്യയാണീ നമ്പര്‍. എന്റെ ഈ എളിയ ജീവിതത്തെ... ഞാനിതെഴുതി കൊണ്ടിരിക്കുന്ന ഈ നിമിഷത്തെ വരെ അനേകം പരിവര്‍ത്തനങ്ങൾക്ക് വിധേയമാക്കിയ ഒരു മഹാ കണ്ടത്തൽ. നൂറ്റി ഇരുപത്, നൂറ്റി മുപ്പത് തുടങ്ങിയവയൊക്കെയാണത്രെ ശരിയായ പരിധി. അവിടെ നിന്നും അനേകം ദൂരത്തിൽ മുന്നൂറ്റി മുപ്പത്തി എട്ടിലാണിപ്പോൾ ഞാൻ സുന്ദരമായി എത്തി നില്‍ക്കുന്നത്.

വിഷയം അത്യാവശ്യം ഭേദപ്പെട്ട മാരകം തന്നെ. പ്രമേഹം എന്ന അസുഖം കൊണ്ട്‌ പ്രയാസപ്പെടുന്ന അനേകരെ ഞാൻ കണ്ടിരിക്കുന്നു. അവരില്‍ തന്നെ നാനാതരം മരുന്ന് സേവിക്കുന്നവർ, ഇന്‍സുലിന്‍ എന്ന ഇഞ്ചക്ഷൻ എടുക്കുന്നവർ തുടങ്ങി അനേകം ഹതഭാഗ്യരെ. സാധാരണ മനുഷ്യര്‍ കഴിക്കുന്ന ഭക്ഷണ ശീലത്തിൽ നിന്നും അല്‍പ്പം വ്യത്യസ്തമായ രൂപത്തിലാണവർ ഭക്ഷണം കഴിക്കുന്നത് എന്ന് ഞാന്‍ കണ്ടിട്ടുണ്ട്. ചപ്പാത്തി, മധുരം തീരെ ഇല്ലാത്ത ചായ... പായസം, അല്‍പ്പ മധുര ജന്യമായ ബിസ്കറ്റ്... അങ്ങനെ പലതും. സന്തോഷത്തിന്റേയും ആഘോഷത്തിന്റേയും രുചിയായ ഈ മധുരമില്ലാതെ എങ്ങനെയാണാവോ അവരത് കഴിച്ചു വരുന്നത്... കുടിക്കുന്നത്... ഞാനന്ന് ചിന്തിക്കുമായിരുന്നു.

മധുരമില്ലാത്ത പായസം... മധുരമില്ലാത്ത ഹലുവ... മധുരമില്ലാത്ത മിഠായികൾ... മധുരമില്ലാ പഞ്ചസാര...!

മധുര രഹിതമായ മധുരങ്ങൾ...!

എന്റെ പിതാവിന്റെ പിതാവിനുണ്ടീ അസുഖം. മാതാവിന്റെ പിതാവിനും. പക്ഷേ, ഇതെഴുതി കൊണ്ടിരിക്കുന്ന ഈ നിമിഷം വരെ എന്റെ മാതാവിനുമില്ലത് പിതാവിനുമില്ല... ആവശ്യമില്ല താനും. ദൈവത്തിന് സ്തുതി.

ഉപ്പ വശത്തെ ഉപ്പാപ്പ അന്ന് കഴിച്ചു വന്നിരുന്ന പ്രധാന ഭക്ഷണം ചപ്പാത്തി ആയിരുന്നു. റേഷന്‍ കടയില്‍ നിന്നും അദ്ദേഹം തന്നെ ഗോതമ്പ് കൊണ്ടു വന്ന് കഴുകി ഉണക്കി മില്ലിൽ കൊണ്ടുപോയി പൊടിച്ച് വീട്ടുകാര്‍ക്ക് നല്‍കും. അതിൽ നിന്ന് ദിനവും ആവശ്യത്തിനുള്ള പൊടി മാത്രമെടുത്ത് സന്ധ്യയോടു കൂടി മരുമക്കളെല്ലാവരും ചേര്‍ന്ന് അദ്ദേഹത്തിനായത് ചുട്ട് അട്ടി അട്ടിയായി പത്രത്തിൽ അടച്ച് വെക്കും. കൂടെ ഉള്ളി കൊണ്ടൊരു കറിയും. ഇശാ നമസ്കാരമൊക്കെ കഴിഞ്ഞ് പള്ളിയില്‍ നിന്നും തിരിച്ചെത്തിയ ശേഷം ഉപ്പാപ്പ കാലിൻമേൽ കാല് കയറ്റി വെച്ച് ആഢ്യത്തത്തോടെ അത് കഴിക്കാനിരിക്കുന്നത് കാണുമ്പോഴേ മണം പിടിച്ചെന്നപോലെ ഞാൻ സമീപത്ത് എത്തിയിരിക്കും. ഓരോ ചപ്പാത്തി വീതമെടുത്ത് ചറപറ പാത്രത്തിൽ കീറിയിട്ട ശേഷം അതിനു മുകളില്‍ ഉള്ളി കറി ഒഴിച്ച്... കുഴച്ച് ഓരോ കഷ്ണങ്ങൾ വീതം വായിലിട്ട് ചവച്ച് കഴിക്കുന്നത് കാണാന്‍ തന്നെ ഒരു ചന്തമേറിയ കാഴ്ചയായിരുന്നു. വായിലെ പല്ലിന്റെ എണ്ണക്കുറവ് കാരണമാകാം ചവക്കലിന്റെ ആ ദൈര്‍ഘ്യമെന്ന് സ്വാഭാവികമായും ചിന്തിക്കാം. അതിൽ നിന്ന് എനിക്കും തരും ഏതാനും ചപ്പാത്തികൾ. എന്നെ പിടിച്ചിരുത്തി ഒരു പാത്രം വരുത്തിച്ച് ചപ്പാത്തി അതിൽ കീറിയിട്ട ശേഷം അതിലേക്ക് ഉള്ളി കറി ഒഴിച്ച് കുഴച്ച് നല്‍കും... ചിലപ്പോൾ വായിലേക്കും. ഞാനത് ആനന്ദത്തോടെ കഴിക്കും.

ഒടുവിൽ, കസേരയില്‍ തല മുകളിലേക്ക് തിരിച്ചു പിടിച്ച്... കാൽ നീട്ടി ഇരിക്കുന്ന അദ്ദേഹത്തിന്റെ മെലിഞ്ഞ കാൽ തുടയിൽ നിന്നും തള്ള വിരലും ചൂണ്ടു വിരലും കൂട്ടി പിടിച്ചെടുക്കുന്ന തൊലിക്കുള്ളിലേക്ക് സൂചി കയറ്റുന്ന കാഴ്ചയും കണ്ടാണ് ഞാന്‍ ഉറങ്ങാൻ പോവുക.

ഇൻസുലിൻ...

എന്നിരുന്നാലും, എന്റെ ഈ പുതിയ പ്രമേഹ വാർത്ത കുടുംബത്തിലും നാട്ടിലും ആകെ പാട്ടായി. ചുമ്മാ ഒരസുഖം ബാധിച്ചിരിക്കുന്നു എന്നതിനപ്പുറം സവിശേഷമായ ഒന്നും തന്നെ എനിക്ക് തോന്നിയില്ല. സ്വല്‍പ്പം അഭിമാനം തോന്നി എന്നുള്ളത് നേരുതന്നെ. കാരണം പണക്കാർക്ക് മാത്രം വരുന്ന ഒരസുഖമാണല്ലോ പ്രമേഹം... പണക്കാരുടെ അഭിമാനം. കൂടാതെ, ക്ഷീണത്തിന്റെ കാരണം പിടികിട്ടിയിരിക്കുന്നു എന്നുള്ളതാണ് ഏറ്റവും വലിയ സന്തോഷ ധായകമായ സംഗതി. മൊത്തത്തില്‍ എന്റെ കാര്യത്തിനൊരു തീരുമാനമായിരിക്കുന്നു. ഇനി മരുന്ന് മറ്റുമൊക്കെ ആയി അസുഖം ഭേദമാക്കാം. ഊർജ്ജസ്വലത വീണ്ടെടുക്കാം. എല്ലാവരെയും പോലെ ഉറക്ക രഹിതമായി കറങ്ങി നടക്കാം. കുടുംബത്തിൽ ഞാനൊരു ചർച്ച വിഷയമായെന്ന് പറഞ്ഞല്ലോ. അവരില്‍ ചിലരോട് ഞാൻ പറഞ്ഞു... രാത്രിയിലെ ചപ്പാത്തി മാത്രം മതി ഈ അസുഖം ഭേദമാക്കാനെന്ന മട്ടില്‍. ഉപ്പാപ്പ പണ്ട്‌ കഴിച്ചിരുന്ന ആ ചപ്പാത്തിയുടെ ഓര്‍മ്മയില്‍ നിന്നാകാം അങ്ങനെ ഞാന്‍ പറഞ്ഞത്.

അതിനിടയില്‍ എന്റെ ഉമ്മയുടെ ഉമ്മ എന്നെ കാണാൻ വന്നു. പതിവിനു വിപരീതമായി അവർ ബസ്സ് പിടിച്ച് തനിച്ചാണ് വന്നിരിക്കുന്നത്. തെരുവില്‍ ബസ്സിറങ്ങി എന്നെ ലക്ഷ്യമാക്കി നടന്നു വരുന്നത് ദൂരെ നിന്നും ഞാന്‍ കണ്ടിരുന്നു. മുഖത്ത് പ്രകാശമില്ല. കാർ മേഘം നിറഞ്ഞ ആകാശം പോലെ ഇരുണ്ടതാണത്. എപ്പോഴുമുള്ള ചിരിക്കുന്ന മുഖത്തിന് പകരം വാടി തളര്‍ന്ന മുഖമാണവര്‍ക്കപ്പോൾ ഉണ്ടായിരുന്നത്. എന്നെ കണ്ടതും ഒന്ന് പുഞ്ചിരിച്ചു. പിന്നെ, നടന്ന് നടന്ന് വന്നെന്റെ അരികിലെത്തി കൈകൾ കൂട്ടി പിടിച്ച് മുഖത്തേക്ക് നോക്കി.

"ആസിപ്പ് മോനെ..." കണ്ണുനീര്‍ പൊഴിച്ചുകൊണ്ടവർ എന്നെ വിളിച്ചു.

അന്നേ വരെ കേട്ടു കേള്‍വി മാത്രമുണ്ടായിരുന്ന പ്രമേഹമെന്ന അസുഖം തന്റെ പേരക്കുട്ടിയേയും നിഷ്കരുണം പിടികൂടിയല്ലോ എന്ന ചിന്തയായിരിക്കാം അവരെ കരയിപ്പിക്കുന്നതെന്നെനിക്ക് മനസ്സിലായി. ഞാന്‍ വിചാരിച്ചിരിക്കുന്ന പോലെയല്ല കാര്യങ്ങൾ. എതാനും ചപ്പാത്തി കഷ്ണങ്ങൾ കൊണ്ട്‌ പരിഹരിക്കാൻ കഴിയുന്ന ഒന്നല്ല എന്നെ ബാധിച്ചിരിക്കുന്ന ഈ അസുഖമെന്നെനിക്ക് ബോധ്യമായി തുടങ്ങി... എന്നെ ഒരു ചെറിയ പേടി പിടികൂടി എന്ന് പറഞ്ഞാൽ മതിയല്ലോ. ഞാൻ ഭയങ്കരമായ ചിന്തയിലായി. ഞാൻ മാത്രമല്ല... എല്ലാവരും ചിന്തയിലാണ്‌. അവർ പരസ്പരം ചർച്ചയിലായിരിക്കാം. സംസാരങ്ങളിലായിരിക്കാം. ഈ എന്നെ സംബന്ധിച്ച്... ഞാനാണ് കേന്ദ്ര ബിന്ദു. അതെന്നെ അല്‍പ്പം നാണിപ്പിക്കുന്നുണ്ടന്ന് പറയാതിരിക്കാന്‍ കഴിയില്ല. എങ്കിലും, സ്നേഹമുള്ള എന്റെ ബന്ധു ജനങ്ങൾ എനിക്കായി ചര്‍ച്ചയിലാണ്‌. ഒടുക്കം, അവർ മറ്റൊരു ചികിത്സ... കുറേ കൂടി മെച്ചപ്പെട്ട ഒന്ന് എവിടെയെങ്കിലും കണ്ടത്തുമായിരിക്കും.

ഞാൻ കാത്തിരുന്നു...

ഈ അസുഖത്തിനുള്ള ചികില്‍സക്കു പേരുകേട്ട ഡോക്ടര്‍.... ഇ എം എസ് ആശുപത്രിയിൽ സേവനമനുഷ്ടിച്ച് വരുന്ന ഡോ മോഹൻദാസ് മാത്രമാണ്‌. അദ്ദേഹത്തിന്റെ ഉപദേശം തേടാനാണ് ആദ്യ തീരുമാനം. നിഗൂഢവനമായിരുന്ന പാണമ്പി കുന്നിൻ മുകളിൽ ആര്‍ച്ച് ഡാം പോലെ പണിത് വച്ചിരിക്കുന്ന ഇന്നത്തെ അത്യാധുനിക ഇ എം എസ് ആശുപത്രി ആയിരുന്നില്ല ഒരുകാലത്ത് ഇ എം എസ്. എതാനും നിലകളിലായി കുറേ കുടുസ്സ് മുറികളാൽ സമ്പന്നമായ... സൗകര്യങ്ങള്‍ തീരെ കുറഞ്ഞ ഒരു ചെറിയ ആശുപത്രി മാത്രമായിരുന്നു അത്. പെരിന്തല്‍മണ്ണയിൽ നിന്നും ഒഴുകിയെത്തുന്ന അഴുക്ക് വെള്ളമത്രയും സ്വീകരിച്ചാനയിച്ചു നീങ്ങുന്ന വലിയൊരു ഓടക്ക് സമീപമാണ് ആശുപത്രി സ്ഥിതി ചെയ്തിരുന്നത് എന്ന കാര്യം വലിയ വ്യാസനത്തോടെയാണ്  ഞാനോര്‍ത്തുപോകുന്നത്. ആശുപത്രിയുടെ മുന്‍വശത്ത് വരാന്തയില്‍ തന്നെ സ്ഥിതിചെയ്യുന്ന സഖാവ്‌ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ വലിയ ഛായചിത്രത്തിന്റെ സമീപത്ത് നിന്നും നേരെ വലതു വശത്ത് ഉള്ളിലേക്ക് നീങ്ങിയാൽ ഡോക്ടര്‍ മോഹൻദാസിന്റെ ക്യാബിനിലെത്തിച്ചേരാം. അദ്ദേഹത്തിന്റെ കൂടി ഉപദേശം മുന്നില്‍ വെച്ചുകൊണ്ട് കൊയമ്പത്തൂരിൽ ചെന്ന് വിദഗ്ധ ചികിത്സ തേടാനാണ് ഞങ്ങളുടെ ആദ്യ തീരുമാനം.

അങ്ങനെ അടുത്ത ഒരു ദിവസം തന്നെ കൊയമ്പത്തൂരിലേക്ക് പോകാൻ ഞങ്ങൾ തീര്‍ച്ചപ്പെടുത്തി. ഉപ്പയുടെ സഹോദരന്റെ അംബാസഡര്‍ കാറിലായിരുന്നു യാത്ര. ഒരു വിനോദയാത്രക്കെന്നപോലെ ചിരിച്ചും ഉല്ലസിച്ചും ഒരു കാറു നിറയെ ആളുകൾ. അതിന്റെ ഒരരികിൽ ഈ ഞാനും. എന്റെ യാത്രകളൈ പറ്റി പറയുകയാണങ്കിൽ... ഓര്‍മ്മ വെച്ച എന്റെ ജീവിതത്തിലെ ആദ്യ ദീര്‍ഘദൂര യാത്രയായിരുന്നു അതെന്ന് പറയണേണ്ടി വരും. കാരണം, ചെറുപ്പത്തില്‍... വളരെ ചെറുപ്പത്തില്‍ മാതാപിതാക്കളുമായി ഊട്ടി സന്ദര്‍ശിച്ച ഒരു ചെറിയ ഓര്‍മ്മ മാത്രമേ എന്റെ മനസ്സിലൊള്ളു. ആ യാത്രയെ കുറിച്ചുള്ള എന്റെ മനസ്സിനുള്ളിലെ ചിത്രങ്ങൾ വളരെ ശുഷ്കമാണ് താനും. ഏതോ ഒരു അര്‍ത്ഥ രാത്രി സമയമോ അതോ പുലര്‍ച്ചയിലാണോ എന്നറിയില്ല... നിറയെ ആളുകളുള്ള ഒരു ബസ്സിനുളളിലേക്ക് ഉപ്പയുടേയും ഉമ്മയുടേയും കൂടെ കയറാൻ നില്‍ക്കുന്ന എന്റെ ഒരു ചിത്രം മാത്രമാണ് അതിനെ സംബന്ധിച്ച് എനിക്കാകെ ഉള്ള ഓര്‍മ്മ. അതിനാല്‍, കേരളം വിട്ടുള്ള എന്റെ ആദ്യ യാത്രയായിരുന്നു അതെന്ന് പറയുന്നതിൽ തെറ്റില്ല. അതിനാല്‍ തന്നെ രോഗവുമായി ബന്ധപ്പെട്ട സ്വാഭാവികമായ ആശങ്കകൾക്കപ്പുറം യാത്രയിലുടനീളമുണ്ടായിരുന്ന കാഴ്ച്ചകളിലായിരുന്നു ഞാനുണ്ടായിരുന്നത്. എല്ലാം പുതിയ കാഴ്ചകളും അനുഭവങ്ങളും. കേരള അതിർത്തി കഴിഞ്ഞാൽ കാണുന്ന വിശാലമായ കൃഷിയിടങ്ങളും അവര്‍ക്കിടയിലെ കൊച്ചു കൊച്ചു വീടുകളും പിന്നെ വരണ്ട പ്രദേശങ്ങളും കുറച്ചൊന്നുമല്ല എന്നെ അത്ഭുദപ്പെടുത്തിയത്. കേരളത്തിന്റെ ഭൂപ്രകൃതിയിൽ നിന്നും കാലാവസ്ഥയില്‍ നിന്നുമുള്ള ഈ മാറ്റം കേരള തമിഴ്നാട് അതിര്‍ത്തികൾക്കിടയിലെ ഏത് കോണില്‍ വെച്ചായിരിക്കാം സംഭവിച്ചിട്ടുണ്ടായിരിക്കുക എന്നതിനെ സംബന്ധിച്ച് ഞാന്‍ വല്ലാതെ അത്ഭുദപ്പെട്ടതോർക്കുന്നു. കൂടാതെ, എന്റെ ചില അബദ്ധ ബോധ്യങ്ങളെ കൂടി ആ യാത്ര ചോദ്യം ചെയ്തു... അതെന്റെ പലതരം കാഴ്ച്ചപ്പാടുകളെ മാറ്റി കളഞ്ഞു.

തമിഴ്നാടിലെ വ്യത്യസ്ത ദേശങ്ങളിൽ നിന്നും വന്ന്... എന്റെ നാട്ടിലെ ചെറുകിട പണികളില്‍ മുഴുകി കഴിയുന്ന അണ്ണന്മാർ കൂട്ടത്തോടെ താമസിക്കുന്ന ഇടമായിരുന്നു ഞങ്ങളുടേത്. ചാല് കീറൽ, കാട് വെട്ടൽ, മരം മുറി, റോഡ് പണി തുടങ്ങി കക്കൂസ് കുഴി വൃത്തിയാക്കൽ വരെ അവർ ചെയത് വരുന്നു. കിട്ടുന്ന വരുമാനത്തിൽ നിന്നും അത്യാവശ്യമുള്ളത് മാത്രമെടുത്ത് ബാക്കി മുഴുവനും അവരുടെ നാടുകളിലേക്ക് അയക്കുന്ന പരമ പാവങ്ങളായിരുന്നു അവർ. തീരെ കഷ്ടിയായ ജീവിത സ്വകാര്യങ്ങളുമായാണ് അവരവിടെ കഴിഞ്ഞ് വന്നിരുന്നതെന്ന് ചുരുക്കം. മഴയാണെങ്കിലും വെയിലാണെങ്കിലും അവർ തങ്ങളുടെ ജോലി ഒരു സങ്കോചവുമില്ലാതെ തുടരും. പീടിക കൊലായികളിലെ വൃത്തി രഹിതമായ വെറും നിലത്ത് കടലാസ് ഷീറ്റ്‌ വിരിച്ചോ പായ വിരിച്ചോ ആയിരിക്കും അവരുടെ ഉറക്കം. പുതക്കാൻ ഒരു കരിമ്പടം കാണുമെന്നുള്ളത് ഉറപ്പാണ്. തണുപ്പ്, കൊതുക്, വെളിച്ചം എന്നിവയില്‍ നിന്നുള്ള ശക്തമായൊരു പ്രതിരോധമാണല്ലോ കട്ടിയുള്ള കമ്പിളി പുതപ്പുകൾ. ഭക്ഷണം ഒരു നേരമോ രണ്ട് നേരമോ മാത്രമായിരിക്കാം അവർ കഴിച്ചു വരുന്നത്. അതിന്‌ മറ്റൊരു കാരണം കൂടിയുണ്ട്. അക്കാര്യം പിന്നീട് പറയാം. എന്തായാലും... ഏത് പണി ഏല്‍പ്പിച്ചാലും ഉത്തരവാദിത്തത്തോടെ അതെല്ലാം ചെയത് തീര്‍ത്ത് തരുമെന്നുള്ളതാണ് അണ്ണന്മാരുടെ പ്രധാന സവിശേഷത എന്ന് കാണാൻ കഴിയും. അതിനായി കഠിനമായവർ തൊഴിലെടുക്കുന്നു.

അതിരാവിലെ തെരുവിലേക്കിറങ്ങിയാൽ അടഞ്ഞ് കിടക്കുന്ന കടകള്‍ക്ക് മുന്നില്‍ ഇരു കൈയും മുട്ടിൽ നീട്ടി വെച്ച് കാത്തിരിക്കുന്ന ധാരാള കണക്കിന്‌ അണ്ണന്മാരുടെ കൂട്ടങ്ങളെ കാണാൻ കഴിയും. അവരുടെ സമീപത്ത് ചെന്നാൽ ഭക്ഷണത്തിന്നായി പ്രതീക്ഷയോടെ നോക്കുന്ന പൂച്ചകളെ പോലെ അവർ നമ്മെ ഉറ്റു നോക്കുന്നത് കാണാം. അങ്ങനെയാണ് നാട്ടുകാർ അവരെ പണികള്‍ക്കായി തെരഞ്ഞെടുത്ത് കൊണ്ടുപോകുന്നത്. ആ കാഴ്ച്ച വല്ലാത്തൊരു വേദന നല്‍കുന്ന ഒരനുഭവമാണന്ന് പറയാതിരിക്കാന്‍ കഴിയില്ല. സമകാലീന ലോകത്തെ നാടന്‍ പണികളുമായി ബന്ധപ്പെട്ട ഒരു സ്വാഭാവികമായ രീതിയാണ് അതെന്ന് പറയാമെങ്കിലും പഴയകാലത്തെ അടിമത്ത സമ്പ്രദായത്തെയാണ് ആ കാഴ്ച്ച എന്നിൽ ഓര്‍മ്മപ്പെടുത്താറ് എന്നുള്ളത് വാസ്തവമാണ്. ഞാനാ സമയങ്ങളിൽ വല്ലാതെ ചൂളിപ്പോകാറുണ്ടന്നോർക്കുന്നു. എവിടെയോ ഒരു ജോലി തയ്യാറായിരിപ്പുണ്ട്... അതിലേക്കുള്ള ജോലിക്കാരെ അന്വേഷിച്ചാണീ പുള്ളി ഇറങ്ങിയിരിക്കുന്നതെന്ന് ബോധ്യമായാൽ അവർ ഇരിപ്പിടത്തിൽ നിന്നും എണീറ്റ് അയാള്‍ക്ക് ചുറ്റിലും കൂടും.

എങ്കേ... എങ്കേ... വേല എങ്കേ... എന്നവർ പറഞ്ഞു കൊണ്ടിരിക്കും.

നല്ല ആരോഗ്യവും ചെറുപ്പക്കാരനുമായ തമിഴനു വേണ്ടി ആളുകളാ പരിസരത്ത് വട്ടം കറങ്ങുന്നത് കാണാം. അപ്പോൾ സ്ത്രീകളും ആരോഗ്യം കുറഞ്ഞവരുമായ മനുഷ്യരുടെ കാര്യമോ...? ആ അറിയില്ല. എന്നിരുന്നാലും, ആളുകൾ അവര്‍ക്കിടയില്‍ നിന്നും ഇഷ്ടപ്പെട്ട പണിക്കരനെ കണ്ടത്തി പണി പറഞ്ഞ്‌ നല്‍കി പണം ഉറപ്പിക്കുന്നു. പിന്നെ, അവരുടെ അധ്വാനത്തിന് മണിക്കൂറുകളാണ്‌. ഞാൻ പറഞ്ഞ്‌ വരുന്നത് അവരുടെ ജീവിത രീതിയെ കുറിച്ചാണ്‌... അതിരാവിലെ അവർ എണീക്കും. ശേഷം, ഏകദേശം ഒരു കിലോമീറ്ററോളം അപ്പുറത്തുള്ള കോറിയിലേക്ക് നടന്ന് പോയി അവിടെ വെച്ച് മറക്കിരിക്കലും കുളിയുമൊക്കെ സുന്ദരമായി നിര്‍വ്വഹിക്കും. ദൈവ ഭയം അവരില്‍ തുലോം കുറവാണന്നാണ് തോന്നുന്നത്. തീരെ ഇല്ല എന്ന് തന്നെ പറയാം. കാരണം, ഒരു ചെറിയ കുറിയെങ്കിലും തൊട്ട ഒരണ്ണനെ പോലും ഞാനിക്കാലം വരെയും എന്റെ നാട്ടില്‍ കണ്ടിട്ടില്ല. ഇനി ദൈവഭയം അവരുടെ മനസ്സിൽ മാത്രമായിരിക്കുമോ ഉണ്ടായിരിക്കുക. അതോ, എന്തെങ്കിലും അബദ്ധ ധാരണയാൽ അതവർ മറച്ചു പിടിച്ചിരിക്കുകയായിരിക്കുമോ...?

ഞങ്ങളുടെ തെരുവില്‍ അവരെത്തിയാൽ ജോലി മാത്രമാണ്‌ അവരുടെ മുഖ്യ അജണ്ട എന്ന് തോന്നും... ജോലി തന്നെ ജോലി. സര്‍വ്വത്ര ജോലി. മറ്റൊരു പണിയുമില്ല... വിനോദവുമില്ല. എന്നാൽ, അല്‍പ്പ സ്വല്‍പ്പം മദ്യപിക്കുന്നവരും വലിക്കുന്നവരുമായ അപൂര്‍വ്വം ചില ആളുകൾ അവരുടെ കൂട്ടത്തിലുണ്ടാകാറുണ്ട് എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. കോറിയിലെ കുളി എന്നിത്യാദികൾക്ക് ശേഷം അവർ തെരുവിലേക്ക് തന്നെ തിരിച്ച് വന്ന് വളരെ ലഘുവായൊരു നാസ്തയിൽ ഏര്‍പ്പെടുന്നു. ചിലര്‍ക്ക് അതും പതിവില്ല. കാരണം, പണിക്കിടയില്‍ പത്തു മണിക്ക് കിട്ടുന്ന  ഭക്ഷണത്തിലായിരിക്കാം അവരുടെ പ്രതീക്ഷ മുഴുവനും. അത് പലഹാരമായാലും തലേ ദിവസം രാത്രിയിലെ ചോറായാലും അവരാന്ദത്തോടെ കഴിക്കും. അപ്രകാരമുള്ള പഴം ചോറിലേക്ക് തലേ ദിവസം രാത്രിയിലെ കുമ്പളം കറി ഒഴിച്ച് സ്വദോടെ കഴിക്കുന്ന എന്റെ ഉമ്മമ്മയുടെ അരുമയായിരുന്ന ശ്രീനി അണ്ണനെ ഞാനിപ്പോൾ ഓര്‍ത്തുപോകുന്നു.

അണ്ണന്മാർ. തമിഴ് മക്കള്‍ എന്നിവ കൂടാതെ അണ്ണാച്ചി എന്ന പേരിലും അവർ തെരുവില്‍ വിളിക്കപ്പെടാറുണ്ട്. അമ്മ, അച്ഛൻ തുടങ്ങിയ അഭിസംബോധന വാക്യങ്ങളെ അല്‍പ്പം ലാളന ചേര്‍ത്ത് വിളിക്കപ്പെന്ന അമ്മച്ചി, ഉമ്മച്ചി, ഉപ്പച്ചി, വാപ്പച്ചി എന്നൊക്കെ മാതിരി ഒരു വിളി മാത്രമാണത്. അണ്ണന്മാരെ അണ്ണാ എന്ന് വിളിച്ചവസാനിപ്പിക്കുന്നതിന് പകരം അണ്ണാച്ചി എന്ന് സ്നേഹത്തോടെ വിളിക്കുന്നു എന്ന് മാത്രം. എന്നാൽ, തമിഴ്‌നാട്ടില്‍ അതൊരു കടുത്ത ജാതി പേരായാണ് അറിയപ്പെടുന്നത് എന്ന് വളരെ വൈകിയാണ് ഞാനറിഞ്ഞത് എന്ന് പറഞ്ഞല്ലോ. സമൂഹത്തിന്റെ താഴെ തട്ടില്‍ നിലകൊള്ളുന്നവരെന്ന് മാറ്റി നിര്‍ത്തപ്പെട്ട കുറേ പാവം മനുഷ്യരെ അണ്ണാച്ചി എന്ന് അവിടെ ചിലര്‍ ആക്ഷേപിച്ച് വിളിക്കാറുണ്ടത്രെ. ഒരുപക്ഷേ, അണ്ണാച്ചി എന്ന ആ വിളി ആ മനുഷ്യരെ വേദനിപ്പിച്ചിട്ടുണ്ടായിരിക്കുമോ ആവോ. കാരണം, ഒന്നോ രണ്ടോ നേരങ്ങളിൽ മാത്രം വയറു നിറച്ച് ഭക്ഷണം കഴിച്ച്... ഏത് വെയിലത്തും മഞ്ഞത്തും പണിയെടുക്കുന്ന ഒരു കൂട്ടം പാവം മനുഷ്യരായിരുന്നു അവർ. അവരെങ്ങനെയെന്നാവോ ഇങ്ങനെ ഒരു അരിശ്ട ജീവിതം നയിച്ചു വരുന്നതെന്ന് ഞാൻ ചിന്തിക്കാറുണ്ട്. സുഖമായി കിടന്നുറങ്ങാൻ ഒരു തലയണ പോലുമില്ലാത്ത മനുഷ്യര്‍... സമാധാനത്തോടെ ഒന്ന് മറക്കിരിക്കാൻ കഴിയാത്തവർ. അപരിഷ്കൃത ജീവിതം എന്ന വാക്യത്തിന് ഇതിൽ പരം മറ്റെന്ത് വിശദീകരണം വേണം. ഒരു പക്ഷേ, അവരുടെ നാടും ഇങ്ങനെയൊക്കെ ആയിരിക്കുമോ. എങ്ങും എവിടെയും തീരെ ദാരിദ്ര്യമായ കാഴ്ച്ചകള്‍... വറുതിയുടെ ചിഹ്നങ്ങള്‍. പരിഷ്കാരങ്ങളെ കുറിച്ച് കേട്ടറിവ് പോലുമില്ലാത്ത കുറേ പാവം മനുഷ്യരുടെ സ്വദേശം...

തമിഴ്നാട്...

നാട്ടില്‍ ജോലി ചെയത് വന്നിരുന്ന മേല്‍ അണ്ണന്മാരിലൂടെ ആയിരുന്നു ഞാനാ നാടിനെ കണ്ടിരുന്നത്. കോയമ്പത്തൂരിലെ ഒരാശുപത്രിയില്‍ പ്രമേഹവുമായി ബന്ധപ്പെട്ട എന്തോ വിദഗ്ധ ചികിത്സയുണ്ട് എന്ന് കേട്ടപ്പോളെന്റെ മനസ്സിലേക്കാദ്യം ഓടി വന്നതും... ആ അപരിഷ്കൃത ജനതയുടെ നാടിനെ കുറിച്ച് എന്റെ മനസ്സിലുണ്ടായിരുന്ന ആ ചിത്രമായിരുന്നു. ദാരിദ്ര്യ നാരായണന്മാര്‍... അവർ വസിക്കുന്ന ആ നാട്ടില്‍ വിദഗ്ധ ചികിത്സയോ... അതെങ്ങനെ...?

പരുക്കനായി മെഴുകിയ ഒരു മുറിക്കുള്ളില്‍ നിന്നും മര അഴികളുള്ള ഒരു ജനല്‍ വഴി ധാരാളം ഇല ചാർത്തുകളും മരങ്ങളും നിറഞ്ഞ വൃത്തിഹീനമായ ഒരു തെരുവിലേക്ക് ഞാൻ നോക്കി നില്‍ക്കുന്ന ഒരു ചിത്രമായിരുന്നു ആ യാത്രയെ കുറിച്ചെന്നോട് പറഞ്ഞപ്പോൾ ആദ്യമെന്റെ മനസ്സിൽ പതിഞ്ഞ ചിത്രം. എന്നാൽ, അതൊക്കെയുമൊരു മിഥ്യ ധാരണ മാത്രമായിരുന്നെന്ന് പിന്നീട് തെളിയിക്കപ്പെട്ടു എന്നുള്ളതാണ് സത്യം.

തമിഴ്നാട്...

വികസിത മഹാനഗരം. വീതി ഏറിയ റോഡുകൾ, ഫ്ലൈ ഓവറുകൾ. റോഡിന്റെ ഇരുവശത്തും നിലകൊള്ളുന്ന ആകാശം തൊട്ടു കിടക്കുന്ന കെട്ടിട കാഴ്ച്ചകൾ ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. മിക്ക ആളുകളുടെ കൈകളിലും മൊബൈൽ ഫോണുണ്ട് എന്നുള്ളതാണ് മറ്റൊരു സവിശേഷത... ഒരുപക്ഷേ, അക്കാലത്തെ ആധുനികതയുടെ ഏറ്റവും വലിയ അടയാളം ആ മൊബൈൽ ഫോണായിരുന്നു എന്നാണെനിക്ക് തോന്നുന്നത്. തുമ്പി എന്ന് ഞാന്‍ സ്വയം വിളിക്കുന്ന (ഇനി മറ്റുള്ളവർക്കിടയിലും അതങ്ങനെയെങ്ങാനുമാണോ അറിയപ്പെടുന്നത്) ഒരു സ്കൂട്ടർ തലങ്ങും വിലങ്ങും റോഡിലൂടെ പറക്കുന്നത് കാണുവാന്‍ സാധിക്കും. മോട്ടോര്‍ ബൈക്കില്ലാത്തവർ തീരെ വിരളമാണവിടെ. കൂടാതെ, ആധുനികവും പടിഞ്ഞാറന്‍ രീതിയിള്ളതുമായ കച്ചവട സാധ്യതകള്‍ പരീക്ഷിക്കുന്ന വ്യപാര സ്ഥാപനങ്ങളുടെ ആദിത്യ മര്യാദ നമ്മൾ കണ്ടു പഠിക്കേണ്ടത് തന്നെയാണ്. തീര്‍ത്തും മനോഹരവും കുലീനവുമായ കാഴ്ച്ചകള്‍ മാത്രമാണെങ്ങും കാണുവാൻ കഴിയുക. ഒരുപക്ഷേ, ഒരു നഗരമെന്ന നിലയിലുള്ള പളപളപ്പിന്റെ ഭാഗമായിരിക്കാം അതെന്ന് സ്വാഭാവികമായും ചിന്തിക്കാമെങ്കിലും വലിയ കെട്ടിടങ്ങളില്ല എന്നതൊഴിച്ചാൽ ഗ്രാമങ്ങളിലും ഇങ്ങനെയൊക്കെ തന്നെയാണ് സാഹചര്യങ്ങളെന്ന് കാണുവാന്‍ കഴിയും.

കോവൈ മെഡിക്കല്‍ സെന്റർ എന്ന് ഞങ്ങളന്ന് സന്ദര്‍ശിച്ച ആ ആശുപത്രി അതിലേറെയുമെന്നെ അത്ഭുദപ്പെടുത്തി എന്ന് വേണമെങ്കില്‍ പറയാം. അനേകം നിലകളിലായി ഉയർന്ന് നില്‍ക്കുന്ന ആ വലിയ ആശുപത്രിയുടെ അകം മുഴുവൻ ശീതീകരിച്ചതും മനോഹരവുമായിരുന്നു. അതിൽ അത്യാധുനികമായ ചികിത്സ സ്വകാര്യങ്ങളും പ്രഗത്ഭരായ ഡോക്ടർമാരും. രുചികരമായ സസ്യഭക്ഷണം മാത്രം വിളമ്പുന്ന നല്ല നിലയില്‍ പരിപാലിക്കുന്ന ഒരു ഹോട്ടലാണ് അവിടെ ഞാന്‍ കണ്ട മറ്റൊരു സവിശേഷമായ കാഴ്ച്ച... അതിന്റെ സമീപത്ത് തന്നെ രോഗികള്‍ക്കും കൂടെ വരുന്നവർക്കും അല്‍പ്പമൊന്നിരുന്ന് ആശ്വസിക്കാൻ കഴിയുന്ന നടുമുറ്റമെന്നപോലയുള്ള മനോഹരമായൊരു പൂന്തോട്ടവും കാണാം. ഉയർന്ന് നില്‍ക്കുന്ന മരങ്ങൾ, വള്ളിചാർത്തുകൾ, പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്ന ചെടികള്‍ എന്നിവക്കിടയിൽ മാര്‍ബിള്‍ വിരിച്ച ഇരിപ്പിടങ്ങളും അവിടെ ധാരാള കണക്കിനുണ്ടായിരുന്നു. അതിലിരുന്നും കിടന്നും പുസ്തകങ്ങൾ വായിക്കുന്നവർ... ഉറങ്ങുന്നവർ... ഓരോന്ന് ആലോചിച്ചിരിക്കുന്നവർ. ചികില്‍സക്കായി വരുന്നവര്‍ക്ക് അല്‍പ്പമൊരു സ്വച്ഛത അവിടെ നിന്നും കരസ്ഥമാക്കുവാൻ കഴിയുമെന്ന് തീര്‍ച്ചയാണ്.

എന്റെ ഈ കൊച്ചു ജീവിത്തില്‍ എനിക്കുണ്ടായൊരു വലിയ പരിവര്‍ത്തനത്തിന്റെ കാഹള ധ്വനിയെ കുറിച്ചാണ് ഞാനിത് വരേയും വാചാലമായത്. പ്രമേഹം അറിഞ്ഞത് മുതൽ ഏകദേശം അഞ്ച് വര്‍ഷ കാലമോ അതിൽ അല്‍പ്പം കൂടുതൽ കാലമോ ഞാനാ പരിവര്‍ത്തനത്തെ എപ്രകാരം എതിരിടണം എന്ന് ചിന്തിച്ച് മാത്രം നടന്നിട്ടുണ്ട്. എങ്ങനെ ഉറങ്ങണം, എങ്ങനെ കളിക്കണം, എന്ത് ഭക്ഷിക്കണം, എത്ര ദൂരം സഞ്ചരിക്കണം തുടങ്ങി ദൈവത്തോടുള്ള എന്റെ സമീപനം പോലും എങ്ങനെ ആയിരിക്കണം എന്ന് ഞാനക്കാലങ്ങളില്‍ കാര്യമായി ആലോചിച്ചു വന്നിരുന്നു. കാരണം, ഞാനിന്നൊരു നിത്യരോഗിയാണ്. എന്നുവെച്ചാല്‍ സാധാരണ ഒരു കുഞ്ഞിനെ പോലെയല്ല. സംത്തിങ്ങ് ഡിഫറന്റ്... അതിനാൽ എന്റെ വിശ്വാസങ്ങളിലും സമീപനങ്ങളിലും ചില മാറ്റങ്ങൾ അനിവാര്യമാണെന്ന് ഞാന്‍ മൂഢമായി ചിന്തിച്ചു വന്നു. ആ ചിന്തയുടെ ഏതോ ഒരു മുഹൂര്‍ത്തത്തിൽ ഞാനൊരു ദൈവ നിഷേധി ആയാല്‍ പോലും എന്തിരിക്കുന്നു എന്ന് ഞാന്‍ ആലോചിച്ചിട്ടുണ്ട്. കടുത്ത ക്ഷീണമായി എന്തോ എവിടെയോ ഞാനനുഭവിച്ച് വന്ന ഏതോ ഒരുതരം വേദനയുടെ മുഹൂര്‍ത്തത്തിലുണ്ടായ ദേഷ്യത്തില്‍ കണ്ണീര്‍ വാർത്തുകൊണ്ട് ഞാൻ ദൈവത്തെ തള്ളി പറഞ്ഞ ഒരു ദിനം കൂടി എന്നെ കടന്ന് പോയിരിക്കുന്നു എന്ന് ചുരുക്കം.

"ഇതെന്തൊരു വേദനയാണിത്... ദൈവം എനിക്ക് മാത്രമെന്തിനിങ്ങനെ കഷ്ടപ്പാട് നല്‍കുന്നു..." എന്ന് പരിതപിച്ചു കൊണ്ട്‌..

എന്നാൽ, വിഷയത്തിൽ ഇടപെട്ട എന്റെ പ്രിയപ്പെട്ട മാതാവെന്നെ ഏതാനും കടുത്ത വാക്കുകള്‍ കൊണ്ട് ശാസിച്ചതോർക്കുന്നു. അതൊരു മതപണ്ഡിതന്റെ ഉപദേശം പോലെയോ... ഒരു ദൈവചിന്തകന്റെ തത്വ വാചകങ്ങളെ പോലെയോ ആയിരുന്നില്ല... ഏതാനും വാക്കുകളും ചിരിയും കൊണ്ട്‌ മാത്രമെന്നെ കൈപിടിച്ച് സുന്ദരമായി തിരികെ നടത്തി കൊണ്ടു വന്നൊരു അനുഭവം. ഞാന്‍ പറഞ്ഞ്‌ വരുന്നത് എന്തെന്നാല്‍... സംത്തിങ്ങ് ഡിഫറന്റല്ല... സംത്തിങ്ങ് സ്പെഷ്യലാണ് ഞാനെന്ന ചിന്ത എനിക്ക് നല്‍കിയ ഊര്‍ജ്ജം അളവറ്റതായിരുന്നു എന്ന കാര്യമാണ്. ദൈവീക പരീക്ഷണം മൂലം എന്തൊക്കെ എനിക്കീ ഭൂമിയില്‍ നിഷേധിക്കപ്പെട്ടുവോ അതെല്ലാം ഏറ്റവും മനോഹരമായ രൂപത്തിൽ അവന്‍ നാളെ എനിക്ക് തന്നിരിക്കുമെന്ന വിശ്വസം എന്റെ പരിമിതികളെ ഉള്‍കൊള്ളാന്‍ എനിക്ക് പ്രചോദനമേകി. ചുറ്റും കാണുന്ന വ്യത്യസ്ത നിറവും ഗന്ധവുമുള്ള ധാരാളകണക്കിന്‌ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നെ ആകര്‍ഷിക്കുമ്പോൾ തന്നെ ഞാനെന്റെ മനസ്സിനോട് പറയും

"അതൊന്നും വേണ്ടന്നേ... അതൊക്കെ നല്ലവണ്ണം ജോറായി നിനക്ക് നാളെ കഴിക്കാമല്ലോ..." എന്ന്.

അപ്രകാരം ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന മാങ്ങ, ചോക്ലേറ്റ്, പൊരിച്ചതും കരിച്ചതുമായ മാംസ വിഭവങ്ങള്‍, എണ്ണ കടികൾ, ബേക്കറികള്‍, ഐസ്ക്രീം തുടങ്ങിയ അനേകം വസ്തുക്കളെ ഞാൻ ലക്കും ലഗാനുമില്ലാതെ ഉപേക്ഷിച്ചിട്ടുണ്ട്. ഭൂമിയിലെ ഭക്ഷണ പദാര്‍ത്ഥങ്ങൾ കഴിക്കാൻ അനുവാദമില്ലാത്ത അന്യഗ്രഹ ജീവികളെ പോലെ കുറെ മനുഷ്യര്‍. ശ്വസന വായുവില്ലാത്ത, ജല സാന്നിധ്യമില്ലാത്ത എന്നൊക്കെ പറയും മാതിരി... മധുരമില്ലാത്ത ഏതോ വിദൂര ഗ്രഹം. യാദൃശ്ചികമായി മധുര സമ്പന്നമായ ഭൂമിയിലേക്കവർ എത്തിപ്പെട്ടു. അത്രമാത്രം. 

എന്നിരുന്നാലും ഒരു കാര്യം പറയാതിരിക്കാന്‍ കഴിയില്ല. അത്തരമൊരു അസുഖം ബാധിച്ചവൻ എന്ന നിലയില്‍ എനിക്കുണ്ടായ വ്യത്യസ്തങ്ങളായ നിയന്ത്രണങ്ങളിൽ പ്രബലമായിരുന്നു... ഏകാന്ത യാത്രകൾക്കുള്ള നിരോധനവും... അപരിചിതരായ മനുഷ്യരോടൊപ്പമോ സ്ഥലങ്ങളിലോ ഉള്ള താമസങ്ങളും തുടങ്ങിയ കാര്യങ്ങൾ. കൂടാതെ, കൃത്യമായ ഊഷ്മാവിൽ സൂക്ഷിക്കേണ്ടതായ മരുന്നും മറ്റ് സാമഗ്രികളും കരുതേണ്ടി വരുന്നു എന്നതിനാല്‍ മുന്‍കൂട്ടി തയ്യാറാക്കിയ യാത്രകളോ പെട്ടന്നുണ്ടാകുന്ന യാത്രകളോ എനിക്ക് നിഷേധിക്കപ്പെടുന്നു. ഇനി ഒരു യാത്രയിൽ ഏര്‍പ്പെട്ടു എന്നുതന്നെ ഇരിക്കട്ടെ... എങ്കിൽ അമിതമായ നടത്തം, മല കയറ്റം, നീന്തല്‍ തുടങ്ങിയ പലതരം വിനോദങ്ങളും ഉപേക്ഷിക്കുകയോ എല്ലാവരേക്കാളും വളരെ ശ്രദ്ധയോടെ അത് ചെയ്യേണ്ടി വരികയോ ചെയ്യുന്നു. എന്നാൽ, തനിച്ചുള്ള സോളോ യാത്രകളെ ഏറെ സ്നേഹിക്കുന്ന ഞാൻ ഇതുവരേക്കും അനേകം യാത്രകള്‍ നടത്തി കഴിഞ്ഞിരിക്കുന്നു എന്നുള്ളതാണ് അതിനെ സംബന്ധിച്ച എന്റെ വലിയ സന്തോഷം. 'ഒ... എനിക്കിങ്ങനെയൊക്കെയുള്ള അനേകം നിയന്ത്രണങ്ങളുണ്ടല്ലോ എന്നാല്‍ അതിനെതിരെ ഒന്ന് നീന്തിക്കളയാം' എന്ന ചിന്തയായിരുന്നില്ല എന്റെ അതിനുള്ള പ്രചോദനം. തികച്ചും സ്വാഭാവികമായ പ്രവര്‍ത്തികൾ. അപ്രകാരം... ഒറ്റക്കും കൂട്ടമായും ദിവസങ്ങളോളം ഞാൻ നടന്നും ഓടിയും അനുഷ്ഠിച്ച എന്റെ യാത്രകള്‍ക്ക് കയ്യും കണക്കുമില്ല. എത്തിപ്പെട്ട ഓരോ സ്ഥലത്തേയും മുന്‍കൂട്ടി തയ്യാറാക്കിയ ഓരോ കാഴ്ച്ചകളും ഒന്നിടവിടാതെ ഓടി നടന്ന് ഞാൻ കണ്ടതായി ഓര്‍ക്കുന്നു.

ചെറുപ്പ കാലത്ത്‌ തീന്‍ മേശകളെനിക്കൊരു പേടി സ്വപ്നമായിരുന്നു. ആരും കൂടെ ഇല്ലാതെ തരിച്ചിരുന്നു ഭക്ഷിക്കുന്നതിലായിരുന്നു എന്റെ താല്‍പര്യം. കാരണം, എനിക്ക് പ്രമേഹമുണ്ട് എന്നറിവുള്ള ഏതെങ്കിലും മനുഷ്യരെന്നെ നോക്കി 'ദേ നോക്ക് അവന്‍ ഫുഡടിടുക്കുന്നത് കണ്ടോ' എന്നെന്നിൽ ആരോപിച്ചേക്കുമെന്ന് ഞാന്‍ വല്ലാതെ അക്കാലങ്ങളില്‍ ഭയപ്പെട്ടതോർക്കുന്നു. അപകര്‍ഷതാബോധത്തിന്റെ നീറുന്ന ഓര്‍മ്മകള്‍... എന്നെ കുറിച്ചുള്ള ചർച്ചകൾ, അന്വേഷണങ്ങൾ എല്ലാത്തിനെയും ഞാനന്ന് പേടിച്ചു വന്നു. സ്നേഹ സംവാദത്തിൽ ഏര്‍പ്പെടുമ്പോൾ സാധാരണയായി മനുഷ്യര്‍ തമ്മില്‍ ചോദിക്കുന്ന രോഗ വിവരങ്ങൾ, ആരോഗ്യ വിവരങ്ങൾ എന്നിവയെ കുറിച്ചുള്ള സംസാരങ്ങൾക്ക് എന്ത് മറുപടി നൽകണം എന്നതിനെ സംബന്ധിച്ച് വലിയ ആശയ കുഴപ്പങ്ങളിൽപ്പെട്ട് ഞാൻ കുഴഞ്ഞിരുന്നു. ഒരുവേള പോലീസിൽ പോയി പോലും പരാതി ബോധിപ്പിച്ച് എന്റെ പ്രയാസത്തിനൊരറുതി വരുത്താൻ ഞാനിറങ്ങി പുറപ്പെട്ടിരുന്നു എന്ന് വരികയിൽ എത്രത്തോളമുണ്ടായിരുന്നു ആ പ്രായത്തിന്റെ ആഴമെന്ന് മാന്യ വായനക്കാര്‍ക്ക് മനസ്സിലാകുമെന്ന് കരുതട്ടെ.

"ഒരു പ്രമേഹ രോഗിയായ എന്നോട് നിരന്തരം എല്ലാവരും ആരോഗ്യ വിവരങ്ങൾ അന്വേഷിച്ച് പീഡിപ്പിക്കുന്നു..." ഒരുപക്ഷേ, ഇപ്രകാരമായിരുന്നേനെ ആ പരാതി.

പ്രമേഹം അനേകം അസുഖങ്ങളിലേക്കുള്ള കവാടമാണന്നാണ് പറയുക. കണ്ണുകൾ, ഞരമ്പ്, കിഡ്നി തുടങ്ങിയ ശരീര ഭാഗങ്ങൾ തുടങ്ങിയവയെ ഒരു ലക്കും ലഗാനുമില്ലാതെ അത് ബാധിക്കുമ്പോൾ ഹൈപ്പോഗ്ലൈസീമിയ എന്നൊരവസ്ഥ 'അതി ഗംഭീരമാണന്ന്' പറയാതിരിക്കാന്‍ കഴിയില്ല. സുന്ദരമായ കുറേ സ്വപ്നങ്ങളെ അത് നമ്മെ കാണിക്കും. ആ ദിവസം നമ്മെ ഏറ്റവും ചിന്തിപ്പിച്ച അല്ലെങ്കിൽ മനസ്സിന്റെ ഏതെങ്കിലുമൊരു കോണിലൊരു ചെറിയ ചലനമെങ്കിലുമുണ്ടാക്കിയ കാര്യങ്ങൾ ഒരു സിനിമയിലെന്നപോലെ അടുക്കും ചിട്ടയോടും കൂടി നമ്മുടെ മനസ്സിലേക്ക് കടന്ന് വരും. അതിനിടയിൽ എപ്പോഴെങ്കിലുമൊന്ന് തല നീട്ടി വലിയുന്ന എന്റെ സ്വബോധമാണ് എന്നെ ബാധിച്ചിരിക്കുന്ന മേല്‍ ബാധയെ കുറിച്ച് മുന്നറിയിപ്പ് നല്‍കുക. പിന്നെ ഉടനെ പോയി മധുരം വല്ലതും കഴിച്ച് അല്‍പ്പം കഴിഞ്ഞാൽ പൂര്‍വ്വസ്ഥിതിയീലേക്ക് മടങ്ങി വരാം. ഇല്ലെങ്കിലൊരുപക്ഷേ, കോമ എന്ന അതിധാരുണമായ അവസ്ഥയിലേക്കാണെത്തിച്ചേരുക.

മരിച്ചുപോകലല്ലയോ ജീവിച്ചിരിക്കലും ഭേദം എന്ന് ചുരുക്കം...

ഒരിക്കല്‍ കണ്ണുകള്‍ക്കുള്ളിലൊരു പാട പ്രത്യക്ഷപ്പെട്ടു. കാഴ്ചക്കു മുന്നില്‍ നൃത്തമാടുന്ന കോലങ്ങള്‍. എന്തോ ഒരു തരം ജീവിയെ പോലെ അത് കണ്ണിനുള്ളിൽ ചലിച്ചു കൊണ്ടിരിക്കുന്നു. ഇനി വല്ല പാമ്പോ മറ്റോ ആണന്നാണ് ആദ്യം കരുതിയത്. കണ്ണു തുറന്നാല്‍ തുടങ്ങുകയായി ആനന്ദ നൃത്തം ചവിട്ടുന്ന മേല്‍ കോലങ്ങള്‍. കൃഷ്ണമണി തിരിക്കുന്നതിനനുസരിച്ച് ഇടത്തേക്കും വശത്തേക്കും താഴേക്കും മുകളിലേക്കുമത് വ്യാപിക്കുന്നു. അന്നാണ് കൊളസ്ട്രോളും എന്നെ സുന്ദരമായി ബാധിച്ചിരിക്കുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നത്. കണ്ണിനുള്ളിൽ ഇപ്രകാരം നൃത്ത മഹാമഹം  തുടര്‍ന്നാൽ അത് പതിയെ മങ്ങി വരുമെന്ന ഡോക്ടറുടെ മുന്നറിയിപ്പ് എന്നെ ചികിത്സക്ക് പ്രേരിപ്പിച്ചു. എന്നിരുന്നാലും, കണ്ണുകൾ പൂര്‍ണ്ണമായും മിഴി അടയുന്നതിന് മുമ്പേ ഒരുപാട് കാര്യങ്ങൾ എനിക്ക് ചെയത് തീർക്കാനുണ്ട്. ഒരുപാട്‌ യാത്രകള്‍ ചെയ്യണം. ഒരുപാട് വായിക്കണം. ചിന്തിക്കണം എഴുതണം... അങ്ങനെ അനേകം ആഗ്രഹങ്ങൾ. യാത്രകള്‍ മിക്കതും ചരിത്രം അരങ്ങേറിയ ഇടത്തേക്ക് ആകുന്നതിലാണ് താല്‍പര്യം. അല്‍പ്പം കുറച്ച് നമ്മെ അത്ഭുദപരതന്ത്രരാക്കുന്ന പ്രകൃതിയുടെ മടിത്തട്ടുകളിലേക്കും. ചരിത്രം വഴി തെളിച്ചു നീങ്ങിയ കൊട്ടാര കെട്ടുകളും കോട്ട കൊത്തളങ്ങൾക്കും മുകളില്‍ ആ ചരിത്രത്തെ ഓര്‍ത്തു കൊണ്ട്‌ ആ കഥയിലെ കഥാപുരുഷനെ പോലെ നില്‍ക്കുന്നതിന്റെ മാസ്മരികത വിവരണീതമാണല്ലോ. മയ്യഴിപ്പുഴയുടെ തീരങ്ങളിലിരുന്ന് 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' എന്ന നോവല്‍ വായിച്ചിരിക്കുന്നതിന്റെ രസത്തെ കുറിച്ച് ചിന്തിച്ച് നോക്കൂ. മാനാഞ്ചിറയിലെ പാര്‍ക്കിലെ ഇരിപ്പിടത്തിലിരുന്ന് സാമൂതിരി രാജാക്കന്മാരെ കുറിച്ചാലോചിക്കണം. അവർ കുളിച്ച കുളമാണ് മുന്നില്‍. അവരുടെ അടുക്കള തോട്ടത്തിൽ നമ്മളിരിക്കുന്നു. ഇനി ഒരുപക്ഷേ സാമൂതിരി കോവിലകത്തിന്റെ സ്വീകരണ മുറി, കിടപ്പ് മുറി... ഇനി, തമ്പുരാൻ തിരുമനസ്സിന്റെ പള്ളിയറ... അങ്ങനെ വല്ലതും നിലനിന്നിരുന്ന ഇടമായിരുന്നിരിക്കുമോ ഈ സ്ഥലം. ചരിത്രത്തിൽ ചില സാധ്യതകളെ തള്ളിക്കളയാൻ കഴിയില്ലന്നേ. ഞാൻ പറഞ്ഞ്‌ വരുന്നത് അനേകം കാലങ്ങള്‍ അകലെയുള്ള ഒരു കാര്യത്തിന്റെ ഓര്‍മ്മയെ കുറിച്ചല്ല. ടിപ്പു സുല്‍ത്താന്റെ കേരള അധിനിവേശ കാലത്തിന്റെ തൊട്ട് മുമ്പ് വരെ ഇന്നത്തെ മാനാഞ്ചിറ കുളത്തിന്റെ കരയില്‍ ഒരു വലിയ കോവിലകം ഉണ്ടായിരുന്നു എന്നുള്ളത് ചരിത്രമാണ്. തൊട്ട് സമീപത്തെ ഒരു സ്ഥലത്തിന്റെ പേര്‌ തന്നെ കോട്ടപ്പറമ്പ് എന്നാവുകിൽ കോവിലകത്തിന്റെ ഒരു ഏകദേശ സ്ഥാനം മനസ്സിൽ വരക്കാന്‍ സാധിക്കുന്നു.

ചരിത്രത്തിന്റെ ഇരുളടഞ്ഞ കാലത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ ആലോചിക്കുന്നത്  തന്നെ ആനന്ദകരമാണ്. അങ്ങനെ ഓരോ പുരാനഗരങ്ങളിലൂടേയും എനിക്ക് നടന്ന് നീങ്ങണം. കാലത്തിന്റെ യവനികക്കുള്ളിൾ മറഞ്ഞ് പോയ അനേകം മനുഷ്യര്‍ ഇരമ്പി നീങ്ങിയ തെരുവുകളായിരിക്കാം അതൊക്കെ. ഒടുക്കം... ഒടുക്കം എനിക്കുമാ കാലത്തിന്റെ യവനികയിൽ ലയിച്ചോർമ്മയാകണം. ശൂന്യതയെ പുൽകണം.

ശുഭം

Wednesday, 12 October 2022

മധുര നോമ്പുകൾ

ഇതെന്റെ അനുഭവ കുറിപ്പാണ്‌. പച്ചയായ എന്റെ ജീവിതം. പത്ത് മുപ്പത്തി രണ്ട് വര്‍ഷക്കാലം ആർക്കു മുന്നിലും വെളിവാക്കാതെ ഞാനെന്റെ മനസ്സിന്റെ ആഘാതതയില്‍ സൂക്ഷിച്ച എന്റെയൊരു വലിയ ദുഃഖത്തെ ഞാനിന്ന് വെളിച്ചം കാണിക്കുകയാണ്. അതിനൊരു അനിവാര്യതയുണ്ട്. സമാനമായ സാഹചര്യങ്ങളിലൂടെ കടന്ന് പോയേക്കാവുന്ന എന്റെ സഹോദരങ്ങൾക്കിതൊരു നടവഴി ആയേക്കും എന്ന് ഞാന്‍ തീര്‍ച്ചയായും കരുതുന്നു.

അത്രമാത്രം.

നിര്‍ഭാഗ്യവശാലോ ഭാഗ്യവശാലോ വളരെ ചെറുപ്പത്തിലേ ഞാനൊരു പ്രമേഹ രോഗിയായിരുന്നു. പണ്ടെന്റെ നാട്ടില്‍ വ്യാവസായിക വിപ്ലവ മുന്നേറ്റങ്ങളുടെ അടയാളം പോൽ ടപ്പേ... ടപ്പേ എന്ന് നിരന്തരം ശബ്ദം പുറപ്പെടുവിക്കുന്ന ഒരു പഴയകാല അച്ചടി ശാലയുടെ സമീപത്ത് വര്‍ഷങ്ങളുടെ പ്രവർത്തന പാരമ്പര്യവുമായി പ്രവർത്തിച്ചു വരുന്ന ഒരു വൈദ്യരുണ്ടായിരുന്നു. കെട്ടിലും മട്ടിലും ഒരു തമ്പുരാനെ പോലെ തോന്നിപ്പിക്കുന്ന അദ്ദേഹത്തിന്റെ പേര്‌ ചിന്നന്‍ വൈദ്യരോ മറ്റോ ആണെന്നാണ് എന്റെ ഓര്‍മ്മ. അദ്ദേഹമാണ് ആദ്യമായി എനിക്ക് പ്രമേഹം സ്ഥിരീകരിക്കുന്നത്.

"ഉമ്മാച്ചു... ഇത് പ്രമേഹം തന്നെയാ... മറ്റെവിടെ കാണിച്ചിട്ടും കാര്യല്ല... സമയം കൊർച്ചങ്ങട്ട് പോകും അത്രമാത്രം..."

വൈദ്യർ തറപ്പിച്ചു പറഞ്ഞു. പറഞ്ഞത് ശരിയാണ് താനും. ഞാനന്നൊരു പ്രമേഹ രോഗിയായി അഭിഷേകം ചെയ്യപ്പെട്ടു. എന്റെ ജീവിതത്തെ സംബന്ധിച്ച വളരെ പ്രധാനപെട്ടൊരു നിമിഷം. വിലക്കുകളുടെ ഘോഷയാത്ര. കുട്ടികൾ സ്വതവേ കഴിക്കുന്ന മിഠായികൾ പാടില്ല, ഐസ്ക്രീം, ബിസ്കറ്റ്, ചോക്ലേറ്റ്, തേൻ, ജ്യൂസ് തുടങ്ങിയ അതി രുചികരമായ ഭക്ഷണങ്ങളെല്ലാം എനിക്ക് വിലക്കപ്പെട്ട സുന്ദര മുഹൂര്‍ത്തം. പാവക്ക നീര്, ഒരു നേരത്തെ മാത്രമുള്ള അരി ഭക്ഷണ ഭോജനം, തീരെ സ്വാദോ ഗന്ധമോ കാണാത്ത കോറ എന്ന ഒരുതരം കഞ്ഞി, രാത്രിയിൽ സുലഭമായി കഴിക്കാൻ അനുമതിയുള്ള ഉണക്ക ചപ്പാത്തികൾ... തുടങ്ങിയവയൊക്കെയാണ് പ്രധാന ഭക്ഷണങ്ങൾ. 'പാടില്ല' എന്ന സ്വരം മാത്രമാണ് ഞാനക്കാലങ്ങളിൽ ശ്രവിച്ചു വന്നിരുന്നതെന്ന് ഞാനിപ്പോളോര്‍ക്കുന്നു. ഞാൻ പറഞ്ഞല്ലോ... തടസ്സങ്ങളുടെ മഹാകുമ്പ മേളകളാണ് എവിടെയും. ജീവിതത്തേക്ക് പിച്ചവെച്ചു കയറി അതിന്റെ താള മാനങ്ങളെ പരിചയപ്പെട്ട് തുടങ്ങിയ ഒരു കുഞ്ഞിന്റെ മുന്നില്‍ ഈ അനുഭവങ്ങൾ വലിയ സംഭ്രമത്തിനാണ് വഴിവെച്ചത് എന്ന് പറയേണ്ടതില്ലല്ലോ. അതുകൊണ്ട്‌ തന്നെ എന്റെ നോമ്പോർമ്മകളും അല്‍പ്പം വ്യത്യസ്തമായിരുന്നു. ചെറുപ്പ കാലത്ത്‌ പ്രമേഹം പിടികൂടിയ ഒരു കുഞ്ഞിന്റെ മനസ്സിലെ മനോവ്യാപാരങ്ങള്‍. നോമ്പില്ലാത്തവനും നോമ്പുകാരെ പോലെ പെരുമാറണമെന്ന താക്കീതിന് മുന്നില്‍ എന്താണ്‌ തനിക്ക് സംഭവിക്കുന്നതെന്ന് പോലുമറിയാൻ കഴിയാതെ... നോമ്പിനാൽ താന്‍ അനുഭവിക്കുന്ന ശാരീരിക പ്രയാസങ്ങള്‍ തനിക്ക് ചുറ്റുമുള്ളവരും അനുഭവിച്ച് വരുന്നുണ്ടായിരിക്കാം എന്ന മിഥ്യാധാരണക്ക് മുന്നില്‍ സമര്‍പ്പിക്കപ്പെട്ട എന്റെ കർമ്മോത്സുകതകൾ.

നിരന്തരമെന്നെ വേട്ടയാടി കൊണ്ടിരുന്ന ഒരു വലിയ ദുഖത്തിന്റെ ഓര്‍മ്മ പെടുത്തലുകളാണ് എനിക്കെന്റെ ഓരോ നോമ്പ് കാലങ്ങളും.

ഓരോ റമദാനും കടന്ന് വരുമ്പോൾ ഞാനെന്റെയാ കഴിഞ്ഞ കാലങ്ങളെ ഓര്‍ക്കാറുണ്ട്. ഒരുപക്ഷേ, ഭക്തിയുടെയും ദാനധര്‍മ്മങ്ങളുടേയും ആ കാലങ്ങളെ നിലക്കാത്ത ക്ഷീണത്തിന്റേയും ശാരീരിക പ്രയാസങ്ങളുടേയും ഉറക്ക ചടവിന്റേയും മിശ്രിതമായി തീര്‍ത്തും ആലസ്യമായ ദിനങ്ങളായാണ് ഞാനനുഭവിച്ച് വന്നിട്ടുള്ളത്. കുടിക്കാൻ വെള്ളം ലഭിക്കാതെ, കഴിക്കാൻ കൃത്യമായി ഭക്ഷണം ലഭിക്കാതെ, നേരം കെട്ട നേരമെന്നപോലെ പ്രഭാതത്തിന് മുമ്പും സന്ധ്യക്ക് ശേഷവും ഭക്ഷണം കഴിക്കേണ്ടി വന്നിരുന്ന ഒരു പ്രയാസ മാസമെന്നോളം ഞാനതിനെ കണ്ടു. സര്‍വ്വശക്തനും കരുണ നിധിയുമായ അല്ലാഹ് എനിക്ക് പൊറുത്ത് നല്‍കട്ടെ. ഞാൻ പറഞ്ഞല്ലോ... ഓരോ റമദാനുമെനിക്ക് കടുത്ത ക്ഷീണത്തിന്റെ അടയാളങ്ങളാണെന്ന്. മനുഷ്യനെ ഇത്രമേല്‍ പ്രഹരിക്കുന്ന ഈ കര്‍മ്മം എന്തിനാണ് ദൈവം മുസ്ലീങ്ങളുടെ മേലെ നിര്‍ബന്ധമാക്കിയതെന്ന് പോലും ഞാനന്ന് ബുദ്ധി ശൂന്യമായി ചിന്തക്കുമായിരുന്നു. ദൈവം അത്രക്ക് ഹൃദയ ശൂന്യനാണോ? ക്ഷീണത്തിനു മേല്‍ ക്ഷീണവുമായി വേച്ച് വേച്ച് നീങ്ങുന്ന കാൽ പാതങ്ങളുമായി അലൗകികവും ആദ്ധ്യാത്മികവുമായ ഭക്തി ലോകത്ത് മനുഷ്യര്‍ക്കെങ്ങനെയാണ് വിഹാരിക്കാൻ സാധിക്കുന്നതെന്ന എന്റെ മൂഢധാരണക്കു മുന്നില്‍ കാലം പോലും തല കുനിച്ചിരുന്നിരിക്കാം.

നാട്ടിൽ പ്രവര്‍ത്തിച്ചു വരുന്ന വിശ്വപ്രസിദ്ധമായ അറബി കലാലയമാണ്‌ ജാമിയ നൂരിയ അറബി കോളേജ്. കോളേജ് വക ജുമ മസ്ജിദിന്റെ പിന്‍ഭാഗത്തെ അതിവിശാലമായ ഹൗളിന്റെ ഒത്ത നടുക്കുയർന്ന് നില്‍ക്കുന്ന മൂന്ന് ശിലാ നിര്‍മ്മിതമായ കുടിവെള്ള സ്രോതസ്സുകളുടെ കാഴ്ച്ച അതി മനോഹരമാണ്. ഒരു പുരാതന ശില്‍പം പോലെ തോന്നിക്കുന്ന അതിലേക്ക് നിലക്കാതെ വെള്ളം പമ്പ് ചെയ്യപ്പെടുന്നത് പള്ളിക്ക് തൊട്ട് സമീപത്തു തന്നെയുള്ള ആഴമേറിയ കുളത്തിൽ കുഴിച്ച ആഘാതമായ കിണറിനുള്ളിലെ തെളിവെള്ളമാണ്. അറബി കോളേജിനായി തന്റെ സകല സ്വത്തും ദാനം നല്‍കിയ കൊടുവായക്കൽ ബാപ്പു ഹാജി തന്റെ വളപ്പിന്റെ ഒരതിരിൽ കുഴിച്ച മേല്‍ കുളവും പള്ളിക്കായി സ്ഥലമനുവദിച്ച കൂട്ടത്തിൽ നല്‍കിയതാകാനെ വഴിയുള്ളു. ഹൗളിലെ മേല്‍ ശുദ്ധ ജല ധാരയിൽ നിന്നും ധാരധാരയായി താഴേക്കൊഴുകുന്ന കുടിവെള്ളം കൈയിൽ കോരി മുക്കി കുടിക്കുന്നതിൽ ആനന്ദം കണ്ടിരുന്ന എന്റെ ചെറുപ്പകാലം റമദാനിലും ആ പരുപാടി തുടർന്ന് വന്നു എന്നുള്ളതാണ് അതിനെ സംബന്ധിച്ച എന്റെ ഏറ്റവും വലിയ ഓര്‍മ്മ. പാത്തും പതുങ്ങിയും... നമസ്കാരം തുടങ്ങുന്നതിന് മുമ്പ് വളരെ നേരത്തെ എത്തിയും... അല്ലെങ്കിൽ, ഒടുവില്‍ അതിന്റെ ഒടുക്കം നോക്കി എത്തി ചേര്‍ന്നും 'നോമ്പുകാരനായി' കൊണ്ട്‌ തന്നെ ഞാനെന്റെ കടുത്ത ദാഹം അകറ്റി വന്നു.

"കേൾക്കണോ റംലേ... എന്റെ മകനുമിന്ന് നോമ്പാണ്..."

അയല്‍ വീട്ടിലെ സ്വറ പറച്ചിലിനിടയിൽ എന്റെ പ്രിയ മാതാവ് അഭിമാനത്തോടെ അങ്ങനെ പറയുന്നത് ഞാന്‍ പലപ്പോഴും കേട്ടിട്ടുണ്ട്. അവിടെയുള്ള എന്റെ സമപ്രായക്കാരായ കുട്ടികളും നോമ്പുകാരാകുമ്പോൾ ഞാൻ മാത്രമെങ്ങനെയാണീ ശാരീരിക വൈഷമ്യത്തിന്റെ പേരും പറഞ്ഞ്‌ നോമ്പുപേക്ഷിച്ച് നടക്കുക എന്നുള്ളതായിരുന്നു നോമ്പെടുക്കാൻ കഴിയാത്ത കാര്യം വെളിപ്പെടുത്താൻ എനിക്ക് മുന്നിലുള്ള ഏക തടസ്സം. എന്റെ മാതാവിന് ഞാനാല്‍ അപൂര്‍വ്വം മാത്രം അഭിമാനിക്കാൻ ലഭിക്കുന്ന ഈ അവസരം പാഴാക്കി കളയാന്‍ ഞാനെന്തിനു വെറുതെ ശ്രമിക്കണം... നോമ്പുകാരനെന്ന പത്രാസ്സ് എല്ലാവരാലും വലിയ പ്രശംസക്കും പാത്രമാകുന്നു എന്ന കാര്യം മറ്റൊന്ന്. എളാപ്പമാരിൽ ചിലര്‍ പറയും...

"ഇങ്ങനെ മുഴുവന്‍ നോമ്പുമെടുത്താൽ നിനക്കൊരു ഉഗ്രന്‍ സമ്മാനം" എന്ന്.

സമാനമായ അനേകം കാലങ്ങൾ കഴിഞ്ഞു പോയി. നോമ്പ് കാലത്തെ ശാരീരിക പീഡനങ്ങളും തുടർന്നു വന്നു. ഭക്ഷണം കഴിക്കാതെയും, വെള്ളം കുടിക്കാതെയും  മുന്നോട്ട് നീങ്ങാന്‍ സാധിക്കില്ല എന്ന് വ്യക്തമായ നിമിഷത്തില്‍ നാട്ടിലെ ഒരു തിയ്യ തറവാട് മുറ്റത്തെ അവരുടെ പഴയകാല കാലി തൊഴുത്തിൽ റമദാൻ കാലത്ത്‌ മാത്രമായി തുറന്ന് പ്രവർത്തിച്ചിരുന്ന നാടൻ ഭക്ഷണ ശാലയിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ഞാന്‍. നോമ്പ് കാലത്ത്‌ എന്തിന്റെ പേരിലായാലും ഹോട്ടലുകളിൽ കയറുന്നത് മഹാ മാനഹാനി വരുത്തുന്ന സംഗതി ആകയാല്‍ വളരെ സൂക്ഷ്മതയോടെ മാത്രമാണ്‌ ഞാനാ പ്രവര്‍ത്തിക്കിറങ്ങാറ്. ഹോട്ടലിന് സമീപത്തെത്തി ചേര്‍ന്നാല്‍ ആദ്യം ചുറ്റുമൊന്ന് നിരീക്ഷിക്കും. എന്നെ പിന്തുടരുന്നവർ, ഹോട്ടലിനു സമീപത്തെ കെട്ടിടങ്ങളിൽ നിന്നും ബസ്സുകളിലെ ചെറിയ കവാടങ്ങളിൽ നിന്നും പുറത്തേക്ക്‌ ദൃഷ്ടി പായിക്കുന്നവർ, തെരുവിലൂടെ നടന്ന് പോകുന്നവർ, വാഹന യാത്രികര്‍ അങ്ങനെ ആരെങ്കിലും എന്നെ മാത്രമായി തുറിച്ച് നോക്കുന്നുണ്ടോ എന്ന്. അവരിലെ ആർക്കെങ്കിലും എന്നെ അറിയുമോ എന്ന്. എനിക്കവരെ അറിയുമോ എന്നും. എല്ലാം ഭദ്രമാണന്ന് ഉറപ്പായാൽ മാത്രം തലയില്‍ മുണ്ടിട്ടെന്നപോലെ ഞാൻ ഹോട്ടലിനുള്ളിലേക്ക് വലിഞ്ഞ് കയറും. പിന്നെ, മുൾമുനയിലെ നിമിഷങ്ങളാണ്. പരുക്കന്‍ മരമേശമേൽ വിളമ്പി വെച്ച ഭക്ഷണത്തിന്റെ ഹൃദ്യമായ വാസനക്കപ്പുറം, വയറിലെ വിശപ്പിനും കടുത്ത ദാഹത്തിനുമപ്പുറം ഹൃദയം നുറുങ്ങുന്ന ഭയമെന്നെ വലയം ചെയ്യുകയായി. തന്നെ അറിയുന്ന ആരെങ്കിലും പെട്ടെന്നീ വഴി വന്നാൽ... അവരെങ്ങാനുമെന്നെ കണ്ടാല്‍... എന്താകും എന്റെ സ്ഥിതി. ദൈവമേ...

പക്ഷേ, ദൈവം കാരുണ്യവാനായിരുന്നു.

നോമ്പ് കാലത്തെ ആദ്യ ആഴ്ച്ചകളിൽ അത്താഴം കഴിച്ച് ഉറങ്ങി വീണ്ടും എണീറ്റതിനെ തുടര്‍ന്നുള്ള ഉറക്കച്ചടവോടെ സ്കൂളിലെത്തി ഡെസ്കിന് ചുറ്റും കൂട്ടമായി ഇരുന്ന് നോമ്പിനെ കുറിച്ച് കൂട്ടുകാർ വാചാലരാകുമ്പോൾ വ്യസനത്തോടെ ഞാനത് കേട്ടു നിന്നതോര്‍ക്കുന്നു.

"ഇന്നലത്തെ നോമ്പ് പരമ സുഖമായിരുന്നു... തീര്‍ത്തും അറിഞ്ഞതേ ഇല്ല..." ചിലര്‍ പറയുന്നത് കേൾക്കുമ്പോൾ ദുഃഖം തോന്നും. എനിക്കും അവരെപ്പോലെ നോമ്പിന്റെ ദിവ്യാനുഭൂതിയെ കുറിച്ച് എന്തുകൊണ്ട്‌ വാചാലമാകാൻ സാധിക്കുന്നില്ല എന്നോര്‍ത്തെന്റെ ശിരസ്സപ്പോൾ താഴും.

"അതേ... എനിക്കുമതേ..." എങ്കിലും, ഞാനും നുണകള്‍ കൊണ്ടവരുടെ ഒപ്പമെത്താൻ മത്സരിക്കും... തകർന്ന് പോകുന്നവന്റെ ആകെയുള്ള പിടിവള്ളിയാണല്ലോ കള്ളങ്ങള്‍.

"വൈകുന്നേരമായെങ്കിലും ഇന്നും ക്ഷീണം ലവലേശമില്ല" എന്ന് സ്ഥിരമായി പറയുന്ന സമീര്‍ എന്ന എന്റെയൊരു കൂട്ടുകാരനോട് എനിക്കക്കാലങ്ങളിൽ വെറുപ്പായിരുന്നു. കടുത്ത ദാഹം കാരണം വരണ്ടുണങ്ങിയ തൊണ്ടയുമായി ഞാനവനോട് പറയും,

"ഇന്നെനിക്കും നല്ലോരു നോമ്പ് ദിവസം തന്നെ. വിശപ്പ് ഒട്ടുമേ ഇല്ല... ദാഹവും" ഒരു നുണയെ മറച്ച് വെക്കാൻ വീണ്ടും വീണ്ടും നുണകള്‍ പറയേണ്ടി വരുന്നവന്റെ വേദന വമ്പിച്ചതാണ്. ക്ഷീണം... ക്ഷീണത്തിന്റെ മഹാ കുത്തൊഴുക്കുകൾ. നിദ്രയിലേക്ക് വഴുതി വീഴാന്‍ തുടങ്ങുന്ന മനസ്സ്. കഠിനമായ ഉറക്ക ചടവ്. ആലസ്യത്തിന്റെതായ സ്കൂൾ മണിക്കൂറുകൾ...

ചില ദിവസങ്ങൾ സ്കൂളിലേക്കുള്ള യാത്ര നേരെ പള്ളിയിലേക്ക് ഞാൻ നീട്ടാറുണ്ട്. സ്വഫുകളിലിരുന്നും തൂണുകൾ, ചുമരുകൾ തുടങ്ങിയവയില്‍ ചാരിയിരുന്നും മുന്നോട്ടും പിന്നോട്ടുമുള്ള ചെറിയ ആട്ടത്തോടെ വിശുദ്ധ ഖുർആന്‍ പാരായണം ചെയ്യുന്ന മനുഷ്യരെ കാണുമ്പോള്‍ ഞാൻ അത്ഭുദപ്പെട്ട് പോകും... വയറ്‌ കാലിയാക്കി എങ്ങനെയാണീ മനുഷ്യര്‍ക്ക് മധുരമനോഹരമായ ശബ്ദത്തിലീ വിശുദ്ധ ഗ്രന്ഥം പാരായണം ചെയ്യാനും അത് ഗ്രഹിക്കാനും സാധ്യമാകുന്നതെന്ന് ഞാനിപ്പോൾ ചിന്തക്കും. അവരെ അനുഗമിച്ചെന്നോണം അലമാരയിൽ നിന്നുമൊരു ഖുർആനെടുത്ത് വിശാലമായ സ്വഫിലെവിടെയെങ്കിലും ചമ്രം പടിഞ്ഞിരിക്കുമ്പോഴേ ഉറക്കമെന്നെ വലയം ചെയ്യാൻ തുടങ്ങുകയായി. പള്ളി വരാന്തയിലെ നീട്ടി നിവര്‍ത്തി വിരിച്ചിരിക്കുന്ന പുൽപ്പായയിലെന്റെ ക്ഷീണം ഞാനിറക്കി വെക്കുമ്പോൾ ആശ്വാസകരമാണ്. ശാന്ത സുന്ദരമായ ഉറക്കം. ക്ഷീണത്തിന് നന്നേ കുറവ്.

അത്തരമൊരു ദിവസമാണ് സമീപത്ത് നിന്നുമെന്തോ ശബ്ദം കേട്ട് ഞാനുണരുന്നത്. എന്റെ ഇരു വശത്തുമായി അനേകം ആളുകൾ നിരനിരയായി മലര്‍ന്നു കിടന്നുറങ്ങുന്നുണ്ട്. പുറത്ത്‌ നല്ല ഉഷ്ണമാണ്. കഠിനമായ ജോലിക്കിടയില്‍ കിട്ടുന്ന വിശ്രമ വേളകളായിരുന്നിരിക്കാം അവർക്കാ നേരം. സുന്ദരമായ ഉറക്കത്തിൽ നിന്നുള്ള വ്യതിചലനം ഉണ്ടാക്കിയ ഈർശയോടെ ഞാൻ എണീറ്റിരുന്ന് ആ ശബ്ദം കേള്‍ക്കുന്ന ഭാഗത്തേക്ക് കണ്ണ് പായിച്ചു. അല്‍പ്പം അകലത്തായി പള്ളിയുടെ ഒരു മൂലയില്‍ ഒരു ചെറിയ ആൾ കൂട്ടം വട്ടത്തിലിരിക്കുന്നത് കാണുന്നു. അതിന്റെ ഒത്ത നടുവില്‍ നിന്നാണ് ശബ്ദമുയർന്ന് കേള്‍ക്കുന്നത്. പരമഭക്തി ആദരവോട് കൂടി നിശബ്ദമായവരാ ശബ്ദം കേള്‍ക്കുന്നു. എല്ലാവരുടേയും ശ്രദ്ധ ആ വൃത്തത്തിന്റെ നടുവിലേക്കാണ്. പ്രാസംഗികൻ ഒരു വൃദ്ധനാണന്ന് ശബ്ദം ശ്രവിച്ചപ്പോൾ മനസ്സിലായി. എന്നാൽ, അദ്ദേഹത്തിന്റെ തലയില്‍ ഉയർത്തി കെട്ടി വെച്ച വെള്ള തുണിയുടെ ഒരു ഭാഗം മാത്രമാണ് ദൂരെ നിന്നും ഞാൻ കാണുന്നുണ്ടായിരുന്നുള്ളൂ. ഈ ഉച്ചവെയില്‍ താഴുന്ന സമയം ഇതെന്തായിരിക്കാം അയാളീ മനുഷ്യരോട് പറയുന്നത് എന്ന് ഞാന്‍ ചിന്തിച്ചു. തീര്‍ച്ചയായും ഉപദേശങ്ങള്‍ ആയിരുന്നിരിക്കാം... നോമ്പ്, സകാത്ത്, നമസ്കാരം തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത അനേകം വിഷയങ്ങളുമായി പരന്ന് നിവർന്ന് കിടക്കുന്ന ഇസ്ലാമിക കര്‍മ്മ ശാസ്ത്ര സംബന്ധമായ ചർച്ചകളായേക്കാമത്. ഉറക്കം നഷ്ടപ്പെട്ട വ്യാസനത്താൽ അല്‍പ്പം നേരം കൂടി ഞാനാ ഭാഗത്തേക്ക് നോക്കി നിന്നു. പിന്നെ, യാന്ത്രികമായി അവിടേക്ക് നടന്ന് നീങ്ങി...

"ഈ ലോകം നോമ്പ് ഇല്ലാത്തവരുടേത് കൂടിയാണ്‌..."

നടന്ന് നീങ്ങുമ്പോള്‍ ആ വാക്കാണ് പെട്ടന്ന് ഞാനാ കൂട്ടത്തിൽ നിന്നും ഉയർന്ന് കേട്ടത്. എന്റെ മനസ്സിനെ പിടിച്ച് കുലുക്കിയ ഒരു വാചകമായിരുന്നു അതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അനേകം നാളത്തെ എന്റെ ആത്മ സംഘർഷത്തിനു മുകളിലുദിച്ച ആശ്വാസ കിരണം. എന്റെ തൊട്ടരികിൽ അല്‍പ്പം അകലത്തായി പള്ളിയുടെ ചെറിയ വാതായനം കാണാം. അവിടെ പ്രപഞ്ചം മന്ദസ്മിതം തൂകി നില്‍ക്കുന്നു. ദൈവമേ... ഞാനിങ്ങോട്ട് ആകര്‍ഷിക്കപ്പെടുകയായിരുന്നോ... അതോ, നയിക്കപ്പെടുകയോ... അറിയില്ല. ഞാന്‍ നടത്തം വേഗത്തിലാക്കി. പുറം പള്ളിയിൽ നിന്നും അകം പള്ളിയിലെ മിഹ്റാബിന് സമീപത്തേക്ക് കാതങ്ങൾ അനേകം ദൂരമുണ്ടന്നെനിക്ക് തോന്നി.

"രോഗം കൊണ്ട്‌ പ്രയാസമനുഭവിക്കുന്നവർ, യാത്രക്കാർ, അമുസ്ലീങ്ങൾ, മതത്തെ യഥാവിധി മനസ്സിലാക്കാത്തവർ, നോമ്പിന്റെ പ്രാധാന്യമോ അതിന്റെ ചൈതന്യമോ അറിയാതെ യാന്ത്രികമായി മാത്രമതിനെ അനുഭവിച്ച് വരുന്നവര്‍, ഇതുവരേക്കും നോമ്പിന്റെ ദൈവീക അനുഭൂതി അനുഭവിച്ചിട്ടില്ലാത്തവർ.... അങ്ങനെ അനേകം അനേകം ആളുകൾ നമുക്ക് ചുറ്റിലുമുണ്ട്. അവരേയും നമുക്ക് പരിഗണിക്കേണ്ടതുണ്ട്... അവരിലൂടെ കൂടിയാണ്‌ നമുക്ക് നമ്മുടെ നോമ്പ് പൂര്‍ത്തീകരിക്കപ്പെടുന്നത്..."

അയാൾ അയാളുടെ പ്രഭാഷണം തുടർന്ന് കൊണ്ടേ ഇരിക്കുന്നു...

അനേകം വര്‍ഷങ്ങളായി ഞാനനുഭവിച്ചു വന്നിരുന്ന എന്റെ മനോവ്യഥക്കിന്നിതാ ഉത്തരം ലഭിച്ചിരിക്കുന്നു. നോമ്പെടുത്താലുള്ള ശാരീരിക പ്രയാസങ്ങൾ മാത്രമായിരുന്നില്ല എന്റെ മനസ്സിനുള്ളിലെ സംഘർഷങ്ങൾ. ഒരു കള്ളനെപ്പോലെ ആരും കാണാതെ ഭക്ഷണം കഴിക്കേണ്ടി വരുന്ന അവസ്ഥ, അത് മറ്റുള്ളവരിൽ നിന്നും മറച്ച് വെക്കാനുള്ള പ്രയാസങ്ങള്‍, അതുകാരണം അസ്വാസ്ഥമാകുന്ന എന്റെ മനസ്സ്, എന്നെ നിരന്തരം വേട്ടയാടിയിരുന്ന പശ്ചാത്താപ പഴികൾ. ഒടുവില്‍, മറ്റുള്ളവരുടെ കൂടെ നോമ്പ് തുറക്കാനിരിക്കേണ്ടി വരുന്ന സ്ഥിതിവിശേഷം. വിശപ്പും ദാഹവും കാരണം ക്ഷീണിതനാണങ്കിൽ കൂടി ഒരു കപ്പ് വെള്ളവും ഏതാനും ചുള ഈത്തപ്പഴവും ആകര്‍ഷകങ്ങളായ പഴങ്ങളും മുന്നില്‍ നിരത്തി വെച്ച് ഖുർആൻ എന്ന ദൈവീക വചനങ്ങളിലേക്കൂളിയിട്ട് ദൈവത്തെ കുറിച്ച് മാത്രം ചിന്തിച്ചിരിക്കുന്ന ആ മനുഷ്യരെ കാണുമ്പോൾ എന്റെ ഉള്ളൊന്ന് പിടക്കും. "എനിക്കും എന്തുകൊണ്ടങ്ങനെ...". ഒടുവില്‍, അങ്ങകലെ നിന്നും ബാങ്കുവിളി ഉയരുമ്പോൾ നോമ്പ് തുറക്കാനെന്ന ഭാവേനെ ഈത്തപ്പഴ ചുള ചവച്ചരച്ച് വെള്ളം കുടിക്കുമ്പോള്‍ എനിക്കുണ്ടാകുന്ന ഖേദം..."ദാഹം ശമിച്ചു... നരമ്പുകള്‍ നനഞ്ഞു... അല്ലാഹു ഉദ്ദേശിച്ചാല്‍ പ്രതിഫലം ഉറച്ചു" ആത്മാവില്ലാത്ത പ്രാർത്ഥന പോലെ ഞാനതുരുവിടുമ്പോൾ ദൈവം എന്നോട് കോപിക്കുന്നുണ്ടായിരിക്കുമോ... ഈ മാനസിക സംഘർഷങ്ങൾടയില്‍ നഷ്ടപ്പെടുന്ന എന്റെ ഖുറാന്‍ പാരായണം... തറാവിഹ്... അങ്ങനെ അനേകം അനേകം കാര്യങ്ങൾ വേറെയും. അതിനെല്ലാം കൂടി ഒരുത്തരം... ഒരേയൊരു ഇത്തരം...

"ഈ ലോകം നോമ്പ് ഇല്ലാത്തവരുടേത് കൂടിയാണ്‌..." അതെന്റെ ചെവിയില്‍ തിരമാല പോലെ വന്നടിക്കുന്നു.

ശുഭം