Tuesday, 15 August 2017

ചാമ്പമരം

വീഥികളിൽ പുതിയ ഒരു തരം കച്ചവടക്കാർ രംഗപ്രവേശനം ചെയ്തിരിക്കുന്നു. പണ്ടുകാലങ്ങളില്‍ നാട്ടിന്‍ പുറങ്ങളിലെ തൊടികളിൽ സുലഭമായി ലഭിച്ചിരുന്ന കായ്കനികൾ, പ്രത്യേകിച്ച് ഞാവൽ, ചാമ്പക്ക തുടങ്ങിയ വിഭവങ്ങളെല്ലാം വയനാട് പോലുള്ള പ്രദേശങ്ങളില്‍ നിന്നും വന്‍തോതില്‍ ഇറക്കുമതി ചെയത് വിപണനം നടത്തുന്നവർ. വാഹനത്തിന് വെളിയില്‍ ടാര്‍പോളിന്‍ ഷീറ്റിനുള്ളിൽ കുന്നുകൂട്ടിയ നിലയില്‍ കൊണ്ടുവരുന്ന അവക്ക് കനത്ത വിലയാണ് അവരീടാക്കാറെന്ന് തോന്നുന്നു. ചില ഉപഭോക്താക്കള്‍ റോഡിലേക്കിറങ്ങി പലപ്പോഴും അതിനെ ചോദ്യം ചെയ്യുന്നതും ഞാന്‍ കണ്ടിട്ടുണ്ട്.

"അമേരിക്കൻ ഭൂഖണ്ഡം കടന്ന്, അറ്റ്ലാന്റിക് സമുദ്രവും, പിന്നെ യൂറോപ്പും കവച്ച് വെച്ച് നമ്മുടെ നാട്ടിലെത്തുന്ന ആപ്പിളിനു പോലും ഇല്ലല്ലോ മാഷേ ഇത്രക്ക് വില" എന്നവർ അവരോട് പരിദഭിക്കുന്നത് കേൾക്കാം. പക്ഷേ, അവ്യക്തമായ ഉത്തരം നല്‍കി കൊണ്ടാണ്‌ അവരാ ചോദ്യത്തെ നേരിടാറ് എന്നാണ്‌ എന്റെ ഓര്‍മ്മ.

മനുഷ്യരുടെ ഗൃഹാതുരത്വ ചിന്തകളെ ഉപയോഗപ്പെടുത്തി വിപണി കണ്ടെത്തുന്നവരാണ് ആ കച്ചവടക്കാരെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അവരുടെ അടുത്ത് ചെന്ന് ആ പഴങ്ങളെ കുറിച്ച് ചോദിച്ചാൽ നമുക്കത് ബോധ്യമാകും.

"പഴയ കാലത്ത്‌ നമ്മുടെ തൊടികളിലുണ്ടായിരുന്ന സംഗതികളാണിതൊക്കെ... അതേ പരിശുദ്ധിയിൽ ഒരു മായവും ചേര്‍ക്കാതെ തന്നെയാണ് ഇന്നും ഞങ്ങളിത് ഉല്പാദിപ്പിക്കുന്നത്" എന്നിങ്ങനെ അവരതിനെ പുകഴ്ത്തുന്നത് കാണാം.

ആ പഴങ്ങള്‍ എത്രത്തോളം നല്ലതാണെന്നോ? അവയില്‍ എത്ര കണ്ട് പോഷക മൂല്യമടങ്ങിയിട്ടുണ്ടെന്നോ ഒരുപക്ഷേ, അത് വാങ്ങിക്കുന്നവർക്കോ, കഴിക്കുന്നവർക്കോ, അറിഞ്ഞോളണമെന്നില്ല. കൂടാതെ, സുലഭമായി കടകളില്‍ നിന്നും ലഭിക്കുന്ന മറ്റുപഴങ്ങളുടെ അത്ര രുചിയുള്ളതും ആയിക്കൊള്ളണമെന്നില്ല. എങ്കിലും പക്ഷേ, ജനങ്ങളത് വലിയ വില നല്‍കി വാങ്ങിച്ച് കൂട്ടുന്നു. എന്നിട്ട്, മണ്ണിട്ടുമൂടിയ അവരുടെ പഴയ തറവാട് മുറ്റത്തെ ഞാവൽ മരത്തേയും, അവരുടെ പിതാമഹർ പണ്ടെങ്ങുനിന്നോ കൊണ്ടുവന്ന് നട്ടുവളര്‍ത്തിയ ചാമ്പക്ക മരത്തേയും സ്വപ്നം കണ്ട്... അക്കാലത്തെ അകക്കണ്ണിൽ കിനാവ് കണ്ട് അവരങ്ങനെ ഓരോ പഴവും വായയിലിടും. ചവച്ചരച്ച് തിന്നും.

എനിക്കും ചാമ്പക്ക ഒരു മധുരിക്കുന്ന ഓര്‍മ്മയാണ്. ഒരു സ്നേഹോശ്മളതയുടെ ജീവിക്കുന്ന ഓര്‍മ്മ. ഒരു വലിയ നല്ല ഗുണം എനിക്ക് പരിചയപ്പെടുത്തി നല്‍കിയ... ഞാനുള്ള കലാമെന്നിൽ നിലനില്‍ക്കുന്നൊരോർമ്മ. ചെറുതാണങ്കിൽ പോലും സഹജീവികളെ സഹായിക്കുവാനുള്ള മനസ്സിന്റെ ആഗ്രഹത്തെ എന്നിൽ നിലനിർത്തുവാൻ പ്രേരണ നൽകിയ നല്ലൊരനുഭവം. വാഴയിലകുമ്പിളിൽ ചുവന്ന് തുടുത്ത ചാമ്പക്കയും പെറുക്കികൂട്ടി പാടവരമ്പിലൂടെ കുട്ടികൾ ആർത്തുല്ലസിക്കുന്ന കാലമാണോ ഇത്? ഇളം തണുപ്പിൽ ചെറു ചാറ്റൽ മഴ ഉറ്റി വീഴുന്ന ഒരു കാലത്താണ് ചാമ്പക്ക വിടരുന്നത് എന്നാണ് എന്റെ ഓർമ്മ. പാത്തുമ്മയുടെ ആടിൽ വൈക്കം മുഹമ്മദ് ബഷീര്‍ രേഖപ്പെടുത്തിയ പോലെ...

'തൊടിയില്‍ ഇളം ചുവപ്പാർന്ന മഞ്ഞു തുള്ളികളെ പോലെ ഇലകള്‍ക്കിടയിൽ തലയിട്ടു നില്‍ക്കുന്ന ചാമ്പങ്ങകൾ'. 

എനിക്കും ഒരു ചാമ്പക്ക കഴിക്കണമെന്ന ആഗ്രഹം വല്ലാതുണ്ട്. അതിന്റെ അറ്റത്തെ പച്ച തണ്ട് കടിച്ചുമാറ്റി... നെഞ്ചിനെ പിളർത്തി... കെെപ്പു രസമുള്ള വിത്തുകളെ ഞരടി മാറ്റി... ആ ചെറു മധുരത്തിൽ ചാലിച്ച പുളി രസം ഒന്നാസ്വദിക്കണം. പക്ഷേ, അത് തെരുവില്‍ നിന്ന് വാങ്ങുന്ന പ്ലാസ്റ്റിക് കവറുകളിൽ നിന്നല്ല. മറിച്ച്, ചാമ്പമരത്തിന്റെ ചില്ലകളെ താഴ്ത്തി അതിൽ നിന്നും പറിച്ച് കഴിക്കണം. കുറെ എണ്ണം പോക്കറ്റിലിട്ടു വെക്കുകയും വേണം. ആഗ്രഹങ്ങള്‍ അറ്റമില്ലാത്തതാണ്...

മദ്റയിൽ പഠിക്കുന്ന കാലം ഇളം തണുപ്പുള്ള പ്രഭാതങ്ങൾ പ്രഥമ ഖുർആൻ സൂക്തമായ ഫാത്തിഹയിൽ തുടങ്ങുന്ന നാളുകളുടേതാണ്. ഉസ്താദ് ഓതി തരുന്ന ഖുർആൻ വാക്യങ്ങൾ സുഹൃത്തുക്കളോടൊപ്പം അത്യുച്ചത്തിൽ ഈണത്തോടെ ചൊല്ലുമ്പോഴും ഞങ്ങൾ മിക്കവരുടേയും ശ്രദ്ധ അയൽപ്പക്കത്തെ മതിലിനപ്പുറമുള്ള ചാമ്പക്ക മരത്തിലായിയിരിക്കും. നിറയെ ചാമ്പക്ക കുലകൾ വിളഞ്ഞു നിൽക്കുന്ന അതിലെ പഴങ്ങളെ മറ്റുള്ളവരേക്കാൾ കൂടുതൽ സ്വന്തമാക്കാനുള്ള ആഗ്രഹത്തിന്റെ ചിന്തകളിൽ പലപ്പോഴും ഖുർആൻ പാരായണം വെറും 'പാരായണമായി' അവശേഷിക്കാറാണ് പതിവ്. മദ്റസ സമയത്തിന്റെ ഒത്ത പാതി പിന്നിടുമ്പോൾ ഒരു ചെറിയ ഇന്റർബെല്ലുണ്ട്. അത്ത്യാവശ്യം മൂത്രമൊഴിക്കാനും വെള്ളം കുടിക്കാനുമൊക്കെയുളള  ഒരു കുറഞ്ഞ സമയം. ആ സമയം പെട്ടന്നുതന്നെ ചാമ്പക്ക സ്വന്തമാക്കാനുള്ള ഓട്ടത്തിലേക്ക് ഞങ്ങൾ നീങ്ങും. മതിലെടുത്ത് ചാടിയും ഗെയിറ്റുവഴി 'മാന്യമായി' നടന്നു ചെന്നും നിറയെ പൂക്കൾ വിടർന്ന് നിൽക്കുന്ന ഒരു പൂന്തോട്ടത്തിനപ്പുറമുള്ള ചാമ്പക്ക മരത്തിനടുത്തേക്ക് ഞങ്ങൾ ഓടിക്കൂടും. അതികം ഉയരമില്ലാത്തതുകൊണ്ട് കെെ എത്തും ദൂരത്തുള്ളവയും താഴെ കിടക്കുന്നവയുമൊക്കെ പെറുക്കി കീശയിൽ നിറക്കുന്ന വ്യഗ്രതയിൽ അടുക്കള ഭാഗത്തെ ഇരുമ്പ് ജനാലകൾക്കപ്പുറം വീട്ടുകാരെ കാണുന്ന ഒരു സമയമുണ്ട്. അപ്പോൾ, കലപില ശബ്ദമൊക്കെ താഴ്ത്തി, അച്ചടക്കത്തോടെ, ബഹുമാന പുരസരം... പെറുക്കി കൂട്ടിയ ചാമ്പക്ക പരസ്പരം കെെമാറികൊണ്ടും, പങ്കുവെച്ചുകൊണ്ടും ഞങ്ങൾ മാന്യന്മാരാണെന്ന് അവരെ ബോധ്യപ്പെടുത്താൻ ഞങ്ങൾ ശ്രമിക്കും. ആ ഭാഗത്തുനിന്നുള്ള ഒരു ആട്ടിപ്പായിക്കൽ മദ്രസാ കാലഘട്ടത്തിലുടനീളം ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു എന്നുവേണം കരുതാന്‍. അതിനാല്‍ തന്നെ, ചെറുവറ്റുകൾ കൊത്തിപ്പെറുക്കുന്ന കാക്കകളെപ്പോലെ അടുക്കള ഭാഗത്തെ ആൾ പെരുമാറ്റത്തിലേക്ക് ഞങ്ങൾ കണ്ണ് പായിക്കും. പക്ഷേ, സ്വാഭാവികമായ എന്തൊക്കെയോ സംസാരത്തോടൊപ്പം, 'ആരാണവിടെ ഈ കാലത്തുതന്നെ പുറത്ത്‌' എന്ന ഒരന്വേഷണ നോട്ടത്തിനപ്പുറം അവിടെയൊന്നും തന്നെ സംഭവിക്കാറില്ല. ആ വീട്ടുകാരിൽ നിന്നും മദ്രസ കാലത്തെ 7 വർഷങ്ങൾക്കിടയിൽ ഒരു വിരട്ടൽ പോലും ഞങ്ങളനുഭവിച്ചിട്ടില്ല എന്നാണ്‌ എന്റെ ഓര്‍മ്മ.

എല്ലാ കൊല്ലവും ഇളം തണുപ്പിൽ ആ ചാറ്റൽ മഴ വരും. ഇടതൂർന്ന് വളരുന്ന പച്ചിലകൾക്കിടയിൽ പൂ വിതറിയ പോലെ ചാമ്പക്കകൾ പുഷ്പ്പിക്കും. അത് പഴുത്ത് ഇളം ചുവപ്പ് നിറമണിഞ്ഞ് കഴിക്കാൻ പാകമാകും. ഞങ്ങൾ കൊത്തിയെടുത്ത് പറക്കും. അതിനപ്പുറം ഒന്നുമവിടെ സംഭവിച്ചില്ല. അദ്ഭുതം തോന്നാറുണ്ട് അക്കാര്യം ഓർക്കുമ്പോൾ... അന്യന്റെ പഴം മോഷ്ടിച്ച് കഴിക്കുന്നതിന്റെ പേരിൽ വഴക്കും വക്കാണവും കേട്ടു വന്നിരുന്ന ആ കാലത്തെ വ്യത്ത്യസ്തമായൊരു അനുഭവമായിരുന്നു ആ ചാമ്പക്കയെ സംബന്ധിച്ചുള്ള ഓര്‍മ്മകള്‍. വിളവെടുപ്പ് കാലത്ത്‌ ഏതാനും വാഴകളിലെ കുലകൾ വെട്ടാതെ വിടുന്ന നാട്ടിലെ ഒരാളെക്കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്. സഹാനുഭൂതിയുടെ ഭാഗമായി പക്ഷികള്‍ ഉള്‍പ്പടെയുള്ള ജന്തുജാലകങ്ങള്‍ക്ക് ഭക്ഷിക്കാനാണത്രെ അതങ്ങനെ അവിടെ തന്നെ നിലനിര്‍ത്തുന്നത്. മതപരമായി അതും ദാനധര്‍മത്തിന്റെ പരിധിയിലാണ് വരിക എന്ന് അവർ മനസ്സിലാക്കുന്നു. ജന്തുജാലങ്ങള്‍ അത് വന്ന് കഴിക്കുമ്പോൾ അതൊരു മഹത്തായ പുണ്യ പ്രവര്‍ത്തനമായി രൂപാന്തരപ്പെടുന്ന മനോഹരമായ ദൃശ്യം അവിടെ പ്രകടമാകും. ഒരുപക്ഷേ, അന്നാ വീട്ടുകാർ അവരുടെ ആ ചാമ്പക്ക മാത്രമായിരുന്നില്ല ഞങ്ങൾക്കായി പകുത്ത് തന്നിരുന്നത്. ആവശ്യക്കാരനെ സഹായിക്കാനുള്ള മനുഷ്യരുടെ ഉത്തമ ഗുണത്തെക്കുറിച്ചുള്ള ഗൃഹ പാഠങ്ങൾക്കൂടിയായിരുന്നു. ഒരുപക്ഷേ, പക്ഷികൾക്കും കുഞ്ഞുമക്കൾക്കുമായി ഇന്നും ആ ചാമ്പക്ക ചില്ലകൾ യഥേഷ്ടമവിടെ തുറന്നിരിപ്പുണ്ടാകും.

Wednesday, 8 March 2017

മണമുള്ള ഡയറി

ഡയറികൾ പല വിധമുണ്ട്. അന്നന്നത്തെ ഇടപാടുകളുടെ കണക്കുകൾ മാത്രം എഴുതി സൂക്ഷിക്കുന്ന ഒരു കണക്ക പിള്ളയുടെ ഡയറി, വേദനയോടെ തള്ളി നീക്കിയ ഓരോ ദിനങ്ങളേയും കണ്ണീരിന്റെ മഷിയിൽ രേഖപ്പെടുത്തിയ ആന്‍ഫ്രാങ്കിന്റെ ഡയറി, ഇരുചക്ര വാഹനത്തിൽ സാഹസികമായി നടത്തിയ ഒരു യാത്രയുടെ അനുഭവങ്ങളെ അക്ഷരങ്ങളാക്കിയ ചെഗുവേരയുടെ ഡയറി മുതൽ കല്യാണം കഴിഞ്ഞ ശേഷമുള്ള ഒരു വര്‍ഷത്തെ അനുഭവങ്ങളും, കാഴ്ചപ്പാടുകളും ജീവിത്തിലുണ്ടായ മാറ്റങ്ങളും തിരുത്തലുകളുമൊക്കെ കോര്‍ത്തിണക്കിയ എന്റെ പിതാവിന്റെ ഡയറി വരെ അതങ്ങനെ നീണ്ടുപരന്ന് കിടക്കുന്നു. ഒരു പക്ഷേ, എത്ര എത്ര ഡയറികളായിരിക്കാം ഓരോ ദിനവും ഈ ഭൂമിയില്‍ എഴുതപ്പെട്ട് കൊണ്ടിരിക്കുന്നത്. അതെല്ലാം ചേര്‍ത്ത് വച്ചാൽ ഈ പ്രപഞ്ചത്തിലെ ഓരോ ദിനത്തേയും വളരെ സൂക്ഷ്മമായി അതിൽ വായിച്ചെടുക്കാൻ കഴിയുമായിരിക്കും. കാരണം, വീട്ടിലനങ്ങിയ ഒരു ഇലയെക്കുറിച്ചുള്ള കഥ മുതൽ സൂര്യ-ചന്ദ്രന്മാരുടെ ഗ്രഹണ നിലയെ അപഗ്രഥിച്ച് കുറിച്ച് വച്ച ഒരു വാനനിരീക്ഷകന്റെ ഡയറി വരെ ദിനവും ഈ ഭൂമിയില്‍ എഴുതപ്പെട്ടുകൊണ്ടിരിക്കുന്നു. മനുഷ്യന്റെ നന്മ തിന്മകളെ എഴുതി സൂക്ഷിക്കപ്പെടുന്ന വലിയ ഡയറികളുമായി രണ്ട് എഴുത്തുകാര്‍ നമ്മുടെ തോളെല്ലിന് തൊട്ട് പിന്നിലുണ്ടന്ന് ഇസ്ലാമിക അധ്യാപനങ്ങളിൽ പറയുന്നു. ഭൂലോകത്തെ എല്ലാവരും മരിച്ചു കഴിഞ്ഞുള്ള വിചാരണ നാളില്‍ ആ വലിയ ഡയറി നമ്മുടെ കൈയിൽ കിട്ടുമെന്നും അത് പറഞ്ഞ്‌ വെക്കുന്നു. അങ്ങനെയൊക്കെ ആണങ്കിലും, 'അഞ്ച് നേരം കൃത്യമായി നമസ്കരിക്കാത്തവർ എന്റെ വീട്ടിൽ തങ്ങുന്നതെനിക്ക് പൊരുത്തമില്ല' എന്ന് പറഞ്ഞ എന്റെ ഉപ്പപ്പയുടെ ഡയറിയാണ് എന്നെ ആദ്യമായി അദ്ഭുതപ്പെടുത്തിയ ഡയറി താളുകള്‍.
 
മനുഷ്യര്‍ എന്തിനായിരിക്കാം ജീവിതം ജീവിച്ച് തീർക്കുന്നതോടൊപ്പം ആ അനുഭവങ്ങളെ എഴുതി സൂക്ഷിക്കുന്നതെന്ന് ഞാനന്ന് ചിന്തിക്കാതെയിരുന്നില്ല. ഒരു പക്ഷേ, ഇന്ന ദിവസം, ഇന്ന സമയം നീ എന്തെടുക്കുകയായിരുന്നു എന്ന് എവിടെനിന്നെങ്കിലും ആരെങ്കിലും ചോദിച്ചേക്കാം എന്നതിനാലായിരിക്കാം ഉപ്പപ്പ കിടക്കുന്നതിന് മുമ്പ്‌ അതെല്ലാം എഴുതി കൂട്ടിയിരുന്നതെന്ന് ഞാനന്ന് ധരിച്ചവശയായി പോയിരുന്നു.
 
മക്കളുടെ ജനനത്തിയ്യതി, പലചരക്ക് കടകളിലെ ദെെനംദിന കണക്കുകൾ, വാടക കെട്ടിടങ്ങളുടെ എഴുത്ത് കുത്തുകൾ തുടങ്ങി തന്റെ കാലശേഷം ഇത് തുറന്ന് വായിക്കാനിടയുള്ള മക്കൾക്ക് കരുതിവെച്ച നിർദ്ദേശങ്ങൾ വരെ ആ താളുകളിൽ അദ്ദേഹം എഴുതിയിരുന്നു. ചില അഭ്യര്‍ത്ഥനകളും അതിൽ കാണാം. എന്തൊക്കെയോ കാരണം കൊണ്ട്‌ അന്ന് അദ്ദേഹത്തിന് ചെയ്യാൻ കഴിയാതെ പോയ കടമകളോ ഉത്തരവാദിത്തങ്ങളോ നിങ്ങൾ ചെയ്യണമേയന്ന അഭ്യര്‍ത്ഥന അതിൽ നിഴലിച്ചിരിക്കുന്നു. ഞാൻ ഇന്ന മകനെ ഇന്ന വിഷയത്തിൽ കൂടുതൽ പരിഗണിച്ചില്ല. അതിനാല്‍ അവന് വേണ്ടി നിങ്ങൾ ഇന്ന കാര്യം ചെയ്യണം... എന്നൊക്കെ പോലെ. അതിൽപ്പെട്ട ഒന്നായിരുന്നു മേൽ ഞാൻ എഴുതിയ നമസ്കാര നിർദ്ദേശം. അതികം ചിത്രപണികളോ വർണ്ണ മനോഹാരിതയോ അല്ലാത്ത പരുക്കൻ ഡയറികളാണ് അന്ന് ഉപ്പപ്പ ഉപയോഗിച്ചു വന്നിരുന്നത്. കടന്ന് പോകുന്ന ഓരോ ദിവസങ്ങളിലേയും വിശദവിവരങ്ങൾ എഴുതി ചേർക്കുന്നതിന് പകരം അതാതു ദിവസത്തെ പ്രധാന കണക്കുകൾ, ഓർമ്മപ്പെടുത്തലുകൾ തുടങ്ങിയവയായിരുന്നു ആ ഡയറിയുടെ മുഖ്യ ആകര്‍ഷണീയത. ഒരു പക്ഷേ, അദ്ദേഹത്തിന്റെ ഓർമ്മകൾ മായുന്നത് വരെ അദ്ദേഹം ആ എഴുത്ത് തുടർന്ന് കാണണം.
 
ഉപ്പപ്പാന്റെ കയ്യക്ഷരം
ഉപ്പപ്പയോടൊപ്പമുള്ള കുട്ടിക്കാലത്തെ ഓര്‍മ്മകളെ കിനാവ് കാണുന്നതേ വലിയ ആനന്ദം നല്‍കുന്ന കാര്യമാണ്. ഉപ്പ എന്ന നിരന്തര പ്രവാസിക്കിടയില്‍ ഉപ്പപ്പയായിരുന്നു എനിക്ക് ഉപ്പ. പിതാവിനോടുള്ള മക്കളുടെ കടമകളെ കുറിച്ച് ചെറുപ്പത്തിലേ ഒരേകദേശ രൂപം കിട്ടണമെങ്കിൽ നമ്മൾ മുത്തച്ഛരോടൊപ്പം അല്‍പ്പകാലമെങ്കിലും കഴിയണമെന്നെനിക്ക് തോന്നിയിട്ടുണ്ട്. കുട്ടിക്കാലത്ത് നല്ല മണമുള്ള, പഴുത്ത് കറുത്ത നിറമാർന്ന നേന്ത്രപ്പഴം കഴിക്കാൻ ഉപ്പപ്പ എന്നെ മുറിയിലേക്ക് ക്ഷണിക്കുമ്പോൾ അദ്ദേഹത്തിന്റെ പച്ച നിറമാർന്ന തകര അലമാരയിലെ പുസ്തക കെട്ടുകളിലേക്കാണ് ഞാൻ ശ്രദ്ധയൂന്നാറ്. അതിനകത്തെ റസ്കിന്റെ മണം കൂടികലർന്ന പുസ്തകങ്ങളുടെ ഗന്ധം മുറിയിൽ നിറഞ്ഞിരിക്കുന്നതായി എനിക്കപ്പോൾ തോന്നാറുണ്ട്. അനേകം കട്ടിയുള്ള പുസ്തകങ്ങൾക്കിടയിൽ വെട്ടുകല്ലിനിടയിലെ സിമന്റ് മിശ്രിതം പോലെ കുറേ ഡയറികളും കാണാമായിരുന്നു. പിന്നെ എന്താല്ലാമോ മറ്റു വസ്ഥുക്കളും. ക്ഷേത്ര നട തുറക്കപ്പെട്ടത് പോലെ വളരെ വലിയ ആദരവോടേയും, ഭക്തി ബഹുമാനത്തോടേയും ഞാനതിനകത്തേക്ക് കണ്ണ് നട്ടുനില്‍ക്കും. പൊതുവില്‍ ഉപ്പപ്പയുടെ അസാന്നിദ്ധ്യത്തിൽ ആ മുറിയിലേക്ക് പ്രവേശിക്കാന്‍ തന്നെ ഞങ്ങൾ കുട്ടികള്‍ക്ക് ഭയമായിരുന്നു. കാരണം, അത്രക്ക് അടുക്കും ചിട്ടയുമായാണ് സാധന സാമഗ്രികള്‍ അവിടെ വച്ചിരുന്നത്. അതിൽ ഏതെങ്കിലുമൊന്ന് സ്ഥാനം തെറ്റിയാല്‍ അദ്ദേഹമറിയും എന്ന ധാരണ കൊണ്ടായിരുന്നു അങ്ങനെ. ചിലയവസരങ്ങളില്‍ മുറിയുടെ ആ ചാരിയ വാതിൽ തുറന്ന് ഞാനതിനകത്ത് ചെല്ലുമ്പോൾ മേശപ്പുറത്ത് പകുതി എഴുതി വച്ച് നിര്‍ത്തിയപോലെ ഡയറി കാണാം. പേജുകള്‍ക്കിടയിൽ പുറത്തേക്ക്‌ തല ഇട്ടെന്നോണം സ്വർണ്ണ വർണ്ണത്തിലുള്ള ഹീറോ പെന്നിന്റെ മുനയും.
 
ചെന്നി രോഗം ബാധിച്ച അദ്ദേഹത്തിന്റെ അവസാന നാളുകളിലാണ് ആ അലമാര തുറന്ന് പരിശോധിക്കാൻ വീട്ടുകാർക്ക് അവസരം ലഭിച്ചതെന്ന് തോന്നുന്നു. ഒരായുസ്സ് മുഴുവന്‍ ഉപ്പപ്പ സമ്പാദിച്ച പുസ്തകങ്ങളും, അദ്ദേഹമെഴുതി കൂട്ടിയ വിലപിടിപ്പുള്ള ഓര്‍മ്മകളുമാണ്‌ അതെന്ന ചിന്തയില്ലാതെ വളരെ ക്രൂരമായാണ് അവരതിനെ കൈകാര്യം ചെയതതെന്നെനിക്ക് ഉറപ്പാണ്. കാരണം, ഡയറികളുൾപ്പെടെയുള്ള ആ പുസ്തക കെട്ടുകളെ പിന്നീട് ഞാന്‍ കാണുന്നത് അടുക്കളക്കു വെളിയിലെ ചിമ്മിനിക്കു മുകളിലായിരുന്നു. തകര ഷീറ്റിലെ ചെറിയ വിടവിലൂടെ ഉറ്റി വീഴുന്ന വെള്ളത്തുള്ളികളും ചൂടും വെയിലും പുകയുമേറ്റ് അനേകം നാളുകൾ അവറ്റകളവിടെ മൃതപ്രായരായി കിടന്നുകാണണം. വേദനയോട് കൂടി അന്ന് ഞാനോടിച്ചെന്ന് ആ അലമാര പരിശോധിച്ചതോര്‍ക്കുന്നു. അതിൽ പുസ്തകങ്ങൾക്കും ഉപ്പപ്പയുടെ സാമാനങ്ങൾക്കും പകരം നിറയെ വാരിക്കൂട്ടിയ വസ്ത്രങ്ങളായിരുന്നു ഞാന്‍ കണ്ടത്. എങ്കിലും, ആ മണം അപ്പോഴും അതിൽ അവശേഷിച്ചിരുന്നു. നല്ല പഴുത്ത പൂവൻ പഴത്തിന്റേയും റസ്കിന്റേയും മണം. ഉപ്പപ്പയുടെ മരണ ശേഷം കുറെ കാലങ്ങള്‍ കഴിഞ്ഞ് ഒരിക്കൽ ഞാനും എന്റെ സഹോദരനും ആ പുസ്തക ചാക്ക് താങ്ങിപിടിച്ചിറക്കി അതിലൊരു പരിശോധന നടത്തി. എന്നാൽ, എന്തുകൊണ്ടോ അൽപ്പം ചില പുസ്തകങ്ങളൊഴിച്ച് ബാക്കിയുള്ളവയെല്ലാം തന്നെ അവിടെ ഞാനുപേക്ഷിച്ചു പോന്നു എന്നാണന്റെ ഓർമ്മ. കാരണം, അപ്പോഴേക്കും ആ മണമുള്ള ഡയറികളെക്കുറിച്ചും, സജീവമായിരുന്ന ആ അലമാരയെക്കുറിച്ചുമൊക്കെയുള്ള ഹൃദ്യമായ ഓർമ്മകൾ എന്നില്‍ നിന്നും മാഞ്ഞുപോയിരുന്നു. അങ്ങനെ, തിരിച്ച് പിടിക്കാൻ കഴിയാത്ത വിസ്മൃതിയിലേക്ക് ആ പുസ്തകങ്ങളെല്ലാം തന്നെ മറഞ്ഞു. ആ ഡയറികളും...
 
പിന്നെ, കാലങ്ങൾക്ക് ശേഷം എങ്ങനെയൊക്കെയോ അവയില്‍ ചിലത് എന്റെ കൈവശം വന്നുചേര്‍ന്നു. ഒരു ഗവേഷക വിദ്യാർത്ഥിയെപ്പോലെ ആ പുസ്തകങ്ങളും ഡയറികളും ഞാന്‍ പഠനവിധേയമാക്കി. അതിലെ ഓരോ താളുകളും വിശദമായി ഞാൻ പരിശോധിച്ചു. അകർഷകമല്ലാത്ത ആ കയ്യക്ഷരങ്ങളെ വായിച്ചെടുക്കുമ്പോൾ എത്ര ദീർഘ വീക്ഷണത്തോടെയാണ് അദ്ദേഹം ആ രചനകളൊക്കെ നിരവഹിച്ചതെന്ന് ഞാന്‍ അദ്ഭുതപ്പെടാതിരുന്നില്ല. മക്കളെ അതിതീവ്രമായി സ്നേഹിക്കുന്ന ഒരു പിതാവിന്റെ മനസ്സ് അതിൽ വായിച്ചെടുക്കാൻ കഴിയുന്നു. പരിലാളനകളെ അക്ഷരങ്ങളായും രൂപം മാറ്റാൻ കഴിയുമെന്ന് അന്നെനിക്ക് ബോധ്യമായി. ആ ഡയറി താളുകളിൾ അപ്പോഴും ആ റസ്കിന്റെ ഗന്ധം അവശേഷിച്ചിരുന്നതായി എനിക്ക് തോന്നി. വെള്ളിയാഴ്ച പ്രാർത്ഥനക്കായി അദ്ദേഹം പള്ളിയിലേക്ക് പുറപ്പെടുമ്പോൾ ഒരു ചെറിയ പഞ്ഞിയിൽ പുരട്ടി തന്റെ ചെവിപടലത്തിനു മുകളിൽ വെച്ചിരുന്ന അത്തറിന്റെ ഗന്ധവും അതിലപ്പോഴുണ്ടായിരുന്നു. കുടുംബത്തിൽ പല ചർച്ചകൾക്കും പൊല്ലാപ്പുക്കൾക്കും വരെ ഇടവരുത്തിയേക്കാവുന്ന പല വിവരങ്ങളും അതിലെനിക്ക് വായിക്കാൻ കഴിഞ്ഞു. കൂടാതെ, പ്രവാചകന്മാരെക്കുറിച്ച് അദ്ദേഹം എഴുതിയ ചില ലേഖനങ്ങൾ അതാതു വിഷയത്തെക്കുറിച്ചുള്ള സംക്ഷിപ്ത രൂപങ്ങളായിരുന്നു. പ്രത്ത്യേകിച്ച് പ്രവാചകൻ ഇബ്രാഹീമിനെക്കുറിച്ചുള്ള വിവരങ്ങൾ.
 
ലോകത്ത് ചരിത്രം രചിച്ച മിക്ക മഹാന്മാരുടെയും കയ്യക്ഷരം മോശമായിരുന്നു എന്ന തികച്ചും സ്വകാര്യമായ ഒരു ധാരണ എനിക്കന്നുണ്ടായിരുന്നു. അതിനാലായിരിക്കും, വായിക്കാൻ പ്രയാസമാണങ്കിൽ കൂടി എന്റെ ഉപ്പപ്പയുടെ മോശമായ കയ്യക്ഷരത്തെ ചൊല്ലി ഞാനൽപ്പം അഭിമാനിച്ചത്... അദ്ദേഹത്തെ ചൊല്ലിയും… 
 
അദ്ദേഹത്തിൽ സര്‍വ്വ ശക്തനായ ദൈവം സകലാനുഗ്രഹങ്ങളും വര്‍ഷിക്കുമാറാകട്ടെ.