Monday, 29 June 2020

ചാവേറ്റുവരുത്തി

തിരുമാന്ധാംകുന്ന് ക്ഷേത്രം
തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലായിരുന്നു ഞാൻ. ക്ഷേത്രത്തിലെന്നു പറഞ്ഞാൽ ക്ഷേത്രം നിലനില്‍ക്കുന്ന ആ വലിയ കുന്നിന്റെ വടക്കേ തൂക്കിൽ നിന്നും ഇറങ്ങി ഇറങ്ങി വന്ന് തോട്ടിന്റെ കരയിലവസാനിക്കുന്ന കരിങ്കൽ പടികൾക്ക് മുകളില്‍. യഥാർത്ഥത്തിൽ, ക്ഷേത്രം അടുത്ത് നിന്ന് കാണുന്നതിനുള്ള ആഗ്രഹവുമായാണ് ഞാനിവിടേക്ക് എത്തി ചേർന്നിരുന്നത്. അവിടെയാ മുറ്റത്ത്‌ എന്തെല്ലാം നടക്കുന്നു... അവിടെ മനുഷ്യരെന്തെല്ലാം ചെയ്യുന്നു... മനോഹരങ്ങളായ കാഴ്ചകളെന്തൊക്കെയാണ് തുടങ്ങി ചരിത്രം തലോടി നീങ്ങിയ കെട്ടുകളുടെ കാഴ്ചകള്‍ വരെ കാണുന്നതിന്. പ്രധാന പാതയില്‍ നിന്നും വലിയ പ്രവേശന കവാടം പിന്നിട്ട് നടന്നാൽ... നീളൻ പാതയുടെ ഒടുവിലായി മുകളിലേക്ക് പോകുന്ന കുറേ കരിങ്കൽ പടികൾ കാണാം. അതിന്റെ ഏറ്റവും മുകളിലായി നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്ര കെട്ടിടത്തിന്റെ മുഖപ്പിന്റെ സൗന്ദര്യം. ഞാൻ മുകളിലേക്ക് നടന്നു കയറി. തനി കരിങ്കല്ലുകൾ... കരിങ്കൽ മാത്രം. അനേകം കാലങ്ങള്‍ക്ക് മുമ്പ് ആരോ പണിത് വെച്ചതാണ്. എത്ര എത്ര ആളുകൾ ഇതിലൂടെ നടന്ന് നീങ്ങിയിട്ടുണ്ടാകും. ദുഃഖങ്ങൾ ദൈവത്തിലർപ്പിച്ച് ആശ്വാസം തേടി കയറി പോയവര്‍... ദൈവീകമായ സമാധാനം നേടി തിരികെ വന്നവർ. അങ്ങനെ, അനേകമനേകം ആളുകൾ ഈ വഴി നടന്ന് നീങ്ങിയിരിക്കുന്നു. ഞാൻ അക്കണ്ട ആ പടികള്‍ മുഴുക്കെയും കയറി ക്ഷേത്ര മുഖപ്പിന്റെ അടുത്തേക്കെത്തി എന്നായപ്പോൾ അവിടെ ഒരു പുരാതന ആൽമരത്തിൽ സ്ഥാപിച്ചൊരു ബോർഡെന്നെ നോക്കി ചിരിക്കുന്നത് കണ്ടു.

"അഹിന്ദുക്കൾക്ക് പ്രവേശനമില്ല"

അതേ, ഞാനൊരു മുസല്‍മാനാണ്. എന്നു വെച്ചാല്‍ നല്ല നാടൻ അഹിന്ദു തന്നെ. അതിനാല്‍, ആ ബോർഡിനു സമാന്തരമായൊരു രേഖ അന്താരാഷ്ട്ര അതിർത്തിയേക്കാൾ കടുപ്പത്തിലെന്റെ മുന്നിലങ്ങനെ ബന്ധവസ്സായി നീണ്ടു പോകുന്നു. ഞാൻ അവിടെ നിന്ന് കുറച്ച് നേരം ചിന്തിച്ച് നിന്നു. എന്തു ചെയ്യണം. ധൈര്യത്തോടെ കയറി ചെന്ന് ചില കസര്‍ത്തുക്കളൊക്കെ ചെയതവിടെ അല്‍പ്പ നേരം ചെലവഴിക്കേണമോ... അതോ തിരിച്ച് പോകണമോ. ഒരുപക്ഷേ, ഞാനവിടേക്ക് കയറിചെന്നാൽ അതൊരാളും അറിഞ്ഞന്നു വരില്ല. പക്ഷേ, ആ കരിങ്കൽ പടികള്‍ കഷ്ടപ്പെട്ട് കയറി വരുന്ന വിശ്വാസികളായ ആ പാവം മനുഷ്യരോട് ഞാൻ ചെയ്യുന്ന വലിയൊരു നെറികേടായിരിക്കുമത് എന്നെനിക്കുറപ്പാണ്.

ദൈവമേ...

അങ്ങനെ, ക്ഷേത്ര മുറ്റം അശുദ്ധമാക്കാൻ നില്‍ക്കാതെ, ഹിന്ദു ആചാരങ്ങളെ മനസ്സാ മാനിച്ചു കൊണ്ട്‌ അവിടെ നിന്നും തിരികെ ഇറങ്ങാൻ ഞാൻ തീരുമാനിച്ചു. തുടര്‍ന്നാണ് ക്ഷേത്ര കുന്നിന്റെ വടക്കേ കരയിലേക്ക് ഞാനെത്തി ചേര്‍ന്നിരിക്കുന്നത്. നിറയെ ആലും മറ്റെന്തൊക്കെയോ മരങ്ങളും തിങ്ങി നിരന്ന് വളരുന്ന അവിടെ വല്ലാത്തൊരു പുരാഭാവം പുതച്ച് നില്‍ക്കുന്നു. തോടിന്റെ കരയില്‍ ക്ഷേത്രാചാരവുമായി ബന്ധപ്പെട്ട കര്‍മ്മങ്ങള്‍ക്കായി സ്ഥാപിച്ച ചെറിയൊരു ഓട് മേഞ്ഞ കെട്ടിടമുണ്ട്. അതിന്റെ മുന്നില്‍ ചിന്താമഗ്നനായി ഇരിക്കുന്നൊരു കാവിധാരി. അവിടെ അങ്ങനെ നിൽക്കുമ്പോൾ കുറേ കാലങ്ങള്‍ പിന്നോട്ട് പോകുന്നപോലെ എനിക്ക് തോന്നുന്നു... ഭ്രമണവും പരിക്രമണങ്ങളുമെല്ലാം അതിന്റെ ഏതോ ഒരു ബിന്ദുവിലേക്ക് തിരികെ കറങ്ങി കിതച്ചു നില്‍ക്കുന്നത് പോലെ. പക്ഷികളുടെ കളകൂജനവും, ചെറിയ കാറ്റത്താടുന്ന ചില്ലകള്‍ പുറപ്പെടുവിക്കുന്ന ശബ്ദവുമല്ലാതെ മറ്റൊന്നുമില്ല.

രംഗം തീര്‍ത്തും ശാന്തം...

പക്ഷേ, ഞാനിപ്പോൾ ചിന്തിക്കുന്നത് ചാവേറുകളെ കുറിച്ചാണ്. ചാവേറുകള്‍. രക്തം കൊണ്ട്‌ പകരം ചോദിക്കാൻ നിയോഗിക്കപ്പെട്ടവർ. പ്രകൃതി മണക്കുന്ന ഈ സ്ഥലത്തിരുന്ന് എന്തിന്‌ വെറുതെ ചാവേറുകളെ കുറിച്ച് ചിന്തിക്കണമെന്നായിരിക്കും... കുടുമ കെട്ടിയ തലമുടി, ചീറി തെറിക്കുന്ന ഉറുമി, മൂര്‍ച്ചയുള്ള വാൾ തലപ്പ്, കോണകം, രക്തം, അട്ടഹാസം, കരച്ചില്‍, തേങ്ങലുകള്‍... ചാവേറുകളും തിരുമാന്ധാംകുന്നമ്പലവും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്.

അതിനെ കുറിച്ച ഞാൻ വിവരിക്കാം...

മധ്യകാല കേരള ചരിത്രം പരിശോധിച്ചാൽ ചാവേര്‍ കൂട്ടങ്ങളെ ധാരാള കണക്കിന്‌ കാണാം. രാജാവിന് വേണ്ടി ജയിക്കും വരെ പോരാടുക. അല്ലെങ്കിൽ, പോര്‍ക്കളത്തിൽ അടരാടി മരിച്ചു വീഴുക... അത് മാത്രമാണവരുടെ ജീവിത ലക്ഷ്യം. അതിനായി നിരന്തരം മെയ് വഴക്കവും ഏകാഗ്രതയും കളരി അഭ്യാസങ്ങളുമവർ പരിശീലിക്കുന്നു. മര്‍മ്മ വിദ്യകള്‍ സ്വായത്തമാക്കുന്നു. കൊല്ലുകയോ കൊല്ലപ്പെടുകയോ ചെയ്താൽ ലഭിക്കുന്നത് വീര സ്വര്‍ഗ്ഗമാണന്നതിനാൽ... ഒരുതരം ആത്മീയ ജീവിതമാണവർ പൊതുവില്‍ നയിക്കുന്നത്. നിത്യമായ പൂജയും വഴിപാടും നടത്തി ദൈവത്തെ പ്രീതിപ്പെടുത്താൻ ശ്രമിച്ചുകൊണ്ട് വിജയമോ ആകര്‍ഷകമായൊരു മരണമോ അവരാഗ്രഹിക്കുന്നു. അതിന് തടസ്സമാകുന്ന എല്ലാ ബന്ധനങ്ങളിൽ നിന്നുമവർ കുതറിമാറുന്നു. മാതാവിന്റെ ലാളനയേയും, മക്കളുടെ സ്നേഹവായ്പ്പും, പ്രിയതമയുടെ സ്നേഹ സല്ലാപങ്ങളും എല്ലാം. ലക്ഷ്യം ഒന്നുമാത്രം. രാജാവിന്റെ മാനം കാക്കുക. അത് കൊന്നിട്ടായാലും രക്തസാക്ഷിത്വം പുല്‍കിയിട്ടായാലും. വടക്കൻ പാട്ടുകളിലെ ആരോമൽ ചേകവന്മാരും മാമാങ്കതട്ടിലെ ചാവേർമാരും തുടങ്ങി പുതിയ കാലത്തെ അതിര്‍ത്തി സൈന്യങ്ങൾ വരെ ആ പാരമ്പര്യം 'വേരറ്റ്' പോകാതെ മുറുകെ പിടിക്കുന്നതായി നമുക്ക് കാണാം.

ചരിത്രാതീത കാലത്ത് റോമ സാമ്രാജ്യത്തില്‍ നിലനിന്നിരുന്ന ക്രൂര വിനോദങ്ങളും ഒരു തരത്തിൽ ചാവേര്‍ മല്ലയുദ്ധങ്ങളായിരുന്നു. റോമന്‍ ആധിപത്യം കടന്ന് പോയ ഇടങ്ങളിലൊക്കെ അവരതിനായി പ്രത്യേകം കേന്ദ്രങ്ങൾ നിര്‍മ്മിച്ചിരുന്നു എന്ന് ചരിത്രത്തിൽ കാണാം. കുപ്രസിദ്ധമായ ആ കൊളോസിയങ്ങളിൽ അനേകായിരങ്ങളുടെ അട്ടഹാസങ്ങൾക്കും പോര്‍വിളികൾക്കും നടുവില്‍ ഗ്ലാഡിയേറ്റർമാരെന്ന് അറിയപ്പെട്ടിരുന്ന ആ മനുഷ്യര്‍ സ്വയം പോരാടി ഇല്ലാതായി. പലപ്പോഴും മല്ലന്മാരെ കൂടാതെ ദിവസങ്ങളോളം പട്ടിണികിട്ട ഹിംസ്ര ജന്തുക്കളോടും അവര്‍ക്ക് പോരാടേണ്ടി വന്നിരുന്നു. ഗ്ലാഡിയേറ്റർമാരുടെ വിജയത്തിന് വേണ്ടിയുള്ള മല്‍പിടുത്തങ്ങൾ പിന്നീട് ജീവനുവേണ്ടിയുള്ള അശക്തമായ പ്രതിരോധങ്ങളായും... പ്രാണന്‍ വിട്ടുപോകുന്നതിന്റെ വെപ്രാളങ്ങളായും മാറുന്നത് ചുറ്റും തടിച്ച് കൂടിയ കാണികള്‍ ആവേശത്തോടെ കണ്ടാസ്വാദിക്കും... അവരുച്ചത്തിൽ ആർപ്പുവിളിക്കും. സ്വന്തം ജീവനുവേണ്ടി അവസാന ശ്വാസം വരെയും പോരാടുന്ന ആ മനുഷ്യനൊടുവിൽ ആ ജന്തുവിന്റെ കുശാലായ ഭക്ഷണമായി മാറുന്നത് ലവലേശം സങ്കോചമില്ലാതെ ആ ജനത കണ്ടു നിന്നത് ആ കൊല്ലപ്പെടുന്നവനൊരു ചാവേറായത് കൊണ്ട്‌ മാത്രമാണ്‌.

കേരളത്തിലെ പല ചെറു നാട്ടുരാജാക്കന്‍മാരും തങ്ങളുടെ ശക്തി പ്രകടിപ്പിച്ചിരുന്നത് ചാവേറുകളെകൊണ്ട്‌ അങ്കം നടത്തികൊണ്ടായിരുന്നു. അത്തരത്തിലുള്ള പോരാളികളെ 'ചേകവന്മാർ' എന്നാണ്‌ വിളിച്ചിരുന്നത്. വടക്കൻ പാട്ടുകളിലെ തച്ചോളി ഒതേനന്‍, തച്ചോളി ചന്തു, പുത്തൂരം വീട്ടില്‍ ആരോമല്‍ തുടങ്ങിയവരൊക്കെ ഇത്തരത്തിൽ രാജാക്കന്മാര്‍ക്ക് വേണ്ടി അങ്കം വെട്ടുവാൻ നിയോഗിക്കപ്പെട്ട ഹതഭാഗ്യവാന്മാരായിരുന്നു. കൂടാതെ, സ്വന്തം കുടുംബവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് അങ്കത്തിലൂടെ കണക്ക് ചോദിക്കാനുമവർ തയ്യാറാകുന്നു. വസ്തുതകളല്ല മറിച്ച് ആയുധ ബലമായിരുന്നു അവരുടെ ന്യായാന്യായങ്ങൾക്ക് തീര്‍പ്പ് കല്‍പ്പിച്ചിരുന്നത്.

തിരുനാവായ മണപ്പുറത്ത് കാലങ്ങളായി നടക്കാറുള്ള മാമാങ്ക മഹോത്സവത്തിന്റെ നടത്തിപ്പ് ചുമതല അങ്ങാടിപ്പുറം കേന്ദ്രീകരിച്ച് ഭരണം നടത്തിയിരുന്ന വള്ളുവനാട് കോനാതിരിയിൽ നിക്ഷിപ്തമായിരുന്നു. എന്നാൽ, ഏതോ ഒരു ചരിത്ര സന്ധിയില്‍ അദ്ദേഹത്തില്‍ നിന്നും ആ സ്ഥാനം തട്ടിയെടുത്ത് സ്വയം അവരോധിതനായ സാമൂതിരിയുടെ നടപടിയില്‍ നിന്നാണ് വള്ളുവനാടിന്റെ ചാവേര്‍ ചരിത്രത്തിന് തുടക്കം കുറിക്കുന്നത്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മാമാങ്കത്തിന് വെള്ളാട്ടിരി എന്ന വള്ളുവകോനാതിരിക്കുവേണ്ടി വള്ളുവനാടന്‍ ചാവേറുകള്‍ ആയുധമേന്തി ചെല്ലുന്നു. തിരുനാവായ മണപ്പുറത്ത് നിരന്ന് നില്‍ക്കുന്ന സാമൂതിരിയുടെ സൈനിക വിന്യാസത്തിനിടയിലൂടെ അതിവിദഗ്ധമായി സഞ്ചരിച്ച് സാമൂതിരിപ്പാടിനെ വധിക്കാന്‍ നിലപാട് തറയിലേക്ക് കുതിച്ചുയരുന്ന അവർ ഈയാം പാറ്റകൾ കണക്കേ ആ മണ്ണില്‍ തന്നെ മരിച്ചു വീണില്ലാതാവുന്നു. രാജാവിനോട് അത്രമാത്രം കൂറുള്ളവർ മാത്രമേ ചാവേറാകാൻ സ്വയം സന്നദ്ധമാവുകയുള്ളൂ. കാരണം, സ്വയമേവ അവരുടെ മനസ്സിൽ രൂപപ്പെട്ട് വരുന്ന മേലാള ഭക്തിയിൽ നിന്നു മാത്രമേ ഒരു ചാവേര്‍ രൂപപ്പെടുകയുള്ളൂ. അച്ഛൻ, അമ്മ, ഭാര്യ, മക്കള്‍, വീട്, നാട്, പ്രകൃതി എന്നിവയെല്ലാം ഉപേക്ഷിച്ച് മരണം മാത്രം മുന്നില്‍ കണ്ടുകൊണ്ടാണ് അവർ പോരിനിറങ്ങുന്നതെങ്കിൽ എത്രമാത്രം ദൃഢമായ മനസ്സിയിരുന്നിരിക്കണം അവര്‍ക്കുണ്ടായിരുന്നതെന്ന് ചിന്തിക്കാം.

ഞാൻ തോട്ടിൻ കരയില്‍ നിന്നും സമീപത്തെ അല്‍പ്പാകുളക്കടവിലേക്ക് നീങ്ങി. മാമാങ്കത്തിന് ദിവസങ്ങൾക്ക് മുമ്പ് തിരുമാന്ധാംകുന്നിലമ്മയുടെ തിരുനടയില്‍ ഭജനമനുഷ്ഠിക്കുമ്പോൾ ചാവേറുകള്‍ മുങ്ങി കളിച്ചിരുന്ന കുളമാണ് അല്‍പ്പാക്കുളം. വലത് കൈക്കൊണ്ട് മൂക്ക് പൊത്തി, ഇടത് കൈപത്തി നെഞ്ചിൽ വെച്ച്, കണ്ണുകളടച്ച്, മന്ത്രം ജപിച്ച്, ഭയഭക്തി ബഹുമാനത്തോടെ ആ കുളത്തിന്റെ ആഴങ്ങളിലേക്കവരന്ന് തലതാഴ്ത്തിയിരുന്നു. പിന്നെ, വെള്ളത്തിൽ ചെറുതിരമാലകള്‍ സൃഷ്ടിച്ച് ഉയർന്ന് പൊങ്ങും.

അവിടെ കുളക്കടവിലൊരു വൃദ്ധന്‍ വിദൂരതയിലേക്ക് നോക്കി നില്‍ക്കുന്നു. അഴുക്ക് പുരണ്ടതാണങ്കിലും ഒരു വെള്ളമുണ്ടാണയാളുടെ വേഷം. പിന്നെ, മറ്റൊരു വെള്ള തുണികൊണ്ട് ശരീരം പുതച്ചിരിക്കുന്നു. നരവീണ തലമുടി മുകളിലേക്ക് മനോഹരമായി ചീകി ഒതുക്കിയിരിക്കുന്നത് ഒരു കുലീനത്വമുള്ള കാഴ്ച്ച തന്നെ. ഒരു കുടുമക്കുള്ള മുടിയുണ്ടായിരുന്നിരിക്കാം ഒരുകാലത്താ തലയില്‍. കുളത്തിന്റെ ജല നിരപ്പിന് മുകളിലേക്ക് ദൃഷ്ടി പായിച്ച് അയാളെന്തോ പിറുപിറുക്കുന്നത് കാണാൻ കഴിയുന്നു. ഒരുപക്ഷേ, ചരിത്രത്തിൽ നിന്നും ഇറങ്ങിവന്ന ഏതെങ്കിലും ചാവേറായിരിക്കുമോ അയാൾ. ഞാനെന്തിന്‌ വേണ്ടിയാണന്ന് മരണം പുല്‍കിയതെന്നയാൾ ചിന്തിക്കുന്നുണ്ടായിരിക്കുമോ.

രാജാവിനും രാജാവിന്റെ അധികാര പ്രദേശത്തിനും വേണ്ടി ജീവൻ ത്യജിച്ചാൽ ഒരുവനെന്ത് ലഭിക്കും. ഒരുപക്ഷേ, ആ മരണത്തോടെ അവന്റെ കുടുംബത്തിന് സമൂഹത്തില്‍ വലിയ സ്ഥാനം ലഭിച്ചേക്കാം. ധാരാളകണക്കിന് പണവും, ദൂരക്കണക്കിന്‌ നിലവും. ആ പച്ചമനുഷ്യരുടെ പ്രാണന്റെ വിലയായ നിലങ്ങള്‍ ചാവേറ്റുവരുത്തി എന്ന പേരിൽ ഇന്നും വള്ളുവനാട്ടിലുടനീളം കാണാൻ കഴിയും. അനേകം മനുഷ്യരുടെ രക്തത്തിന്റെ കറ പുരണ്ട... വെട്ടേറ്റ് പിടഞ്ഞ് വീഴുമ്പോഴുള്ള ആർത്തനാഥത്തിന്റെ നിലവിളികൾ മുഴങ്ങുന്ന മണ്ണ്. ചാവേറായി മരണപ്പെട്ട് ദൈവത്തിങ്കൽ എത്തിച്ചേർന്ന ശേഷം അവന്റെ മുന്നിലേക്ക് വരുന്ന ആദ്യ ചോദ്യമെന്തായിരിക്കും...

"നീ എന്തിനു നിന്റെ ജീവൻ ത്യജിച്ചു" എന്നോ.

അല്‍പ്പാകുളം
ജീവത്യാഗത്തിനുള്ള പ്രതിഫലം സ്വര്‍ഗ്ഗം തന്നെ. അനുഗ്രഹീതാരമങ്ങൾ ഒഴുകുന്ന സ്വർഗ്ഗ പൂന്തോട്ടവും അവിടെയുള്ള നിത്യജീവിതവും തന്നെയാണ് ഓരോ രക്തസാക്ഷികളേയും കാത്തിരിക്കുന്നത്. എന്നാൽ, ആ മരണമൊരു ജീവത്യാഗമാണന്ന് ആരാണ് തീരുമാനിക്കേണ്ടത്. പന്തയം വച്ച രാജാവോ, തിളങ്ങുന്ന വാളുകൊണ്ട് പിരടി നോക്കി വെട്ടിയ എതിരാളിയോ, അതോ ആ ചാവേറു തന്നെയോ. ഇതുവരെയും ഒരു കുഞ്ഞും മടങ്ങി വന്ന് വൃത്താന്തം പറഞ്ഞ്‌ നല്‍കാത്ത ആ മരണാനന്തര ജീവിതം ഏവര്‍ക്കും വലിയ സമസ്യയാണ്.

നിത്യാകാംക്ഷ...

നാലുവീട്ടിലെന്നറിയപ്പെടുന്ന വയങ്കര, പുതുമന, ചന്ദ്രത്തിൽ, വേര്‍ക്കാട്ട് എന്നീ തറവാടുകളിലാണ് വള്ളുവനാട്ടിലെ ചാവേറുകളുടെ ജനനം. ഏതോ കാലത്ത്‌ കുടുംബത്തിലെ ഏതോ കാരണവര്‍ രാജാവിന് നല്‍കിയ ഉറപ്പിന്റെ ഭാരവും പേറി ഇതുവരെ അനേകായിരങ്ങൾ അവരില്‍ നിന്നും പരലോകം പുൽകിയിരിക്കുന്നു. മേല്‍ തറവാടുകളിൽ ഒരാൺകുട്ടി ജനിച്ച ദിവസം മുതൽ ഘട്ടംഘട്ടമായാണ് അവനൊരു ചാവേറായി പരിണമിക്കുന്നത്. ആൺകുഞ്ഞ് ജനിച്ചാൽ ആ ചോരകുഞ്ഞിനെ അദ്യമായി തറവാട്ട് വീട്ടിലെ ചാവേര്‍ തറയില്‍ കൊണ്ടുപോയി കിടത്തുമെത്രെ. അതോടെ എല്ലാവരും അവനെ ചാവേറായി കണക്കാക്കും. പിന്നെ, ഇരുപത്തി എട്ട് ദിവസത്തിന് ശേഷം തിരുമാന്ധാംകുന്നിലെ ചാവേര്‍ തറയില്‍ കിടത്തുന്നതോടെ അവന്‍ സമ്പൂര്‍ണ്ണമായൊരു ചാവേറായി മാറുന്നു. പിന്നീടുള്ള അവന്റെ ജീവിതം മറ്റുള്ള കുഞ്ഞുങ്ങളില്‍ നിന്നും തികച്ചും വെത്ത്യസ്ഥമായിരിക്കും. അക്ഷരമാലകള്‍ പഠിച്ചെടുക്കേണ്ട പ്രായത്തില്‍ അഭ്യാസ മുറകളവനെ പഠിപ്പിക്കും. പേനയും പെന്‍സിലുമെടുക്കേണ്ട പ്രായത്തില്‍ വാളും കുന്തവും അവന് കളിക്കോപ്പുകളാവും. മുത്തശ്ശി കഥകളിലെ മനോരാജ്യങ്ങൾക്ക് പകരം ശത്രുതയുടെയും പകരം വീട്ടലിന്റെയും തീരാത്ത പകയുടേയും ഭീകരകഥകളവന്റെ ചെവിയിലേക്ക് ഊളിയിട്ടിറങ്ങും. ഒടുവില്‍, ശൈശവവും കൗമാരവും കടന്ന് യുവാവായി മാറുമ്പോള്‍ ഭാവി സ്വപ്നങ്ങളും ഇണയെ തേടിയുള്ള നോട്ടങ്ങൾക്കും പകരം... പണ്ടെങ്ങോ ആരോ വരച്ച ഒരതിര്‍ത്തിയിലേക്ക് കൈചൂണ്ടി കാണിച്ച് ആ സമൂഹം അവനോട് പറയും.

"ആ വരക്കിപ്പുറം നിന്റെ രാജ്യം. അപ്പുറത്ത് നിന്റെ ശത്രുക്കളും. അവരെ മുഴുവനുമില്ലാതാക്കൽ മാത്രമാണ് നിന്റെ ജീവിത ലക്ഷ്യം. അവിടെയുള്ള നഗരങ്ങളും ഗ്രാമാന്തരങ്ങളും കത്തിച്ചു ചാമ്പലാക്കി 'വിജയശ്രീലാളിതനായി' മടങ്ങി വരിക..."

എന്നാലൊരു തിരുത്ത്...

മനുഷ്യരെല്ലാം സഹോദരങ്ങളല്ലെ. സ്വന്തം സഹോദരനെ കൊന്ന് തള്ളുന്നത് എങ്ങനെയാണ് വിജയശ്രീലാളിത വകുപ്പില്‍പ്പെടുന്നത്. പരസ്പരം കൊന്ന് തീര്‍ക്കുന്നത് എന്തിനുമായിക്കൊള്ളട്ടെ സ്വന്തം കൂടപ്പിറപ്പിനെതിരെ വാളെടുക്കേണ്ടി വരുന്നത് ആത്യന്തികമായി പരാജയത്തെയല്ലെ സൂചിപ്പിക്കുന്നത്. വാളും പരിചയും കൊടുത്തു വിടുന്നവർ അറിയുന്നുണ്ടോ സര്‍വ്വ പ്രദേശങ്ങളുമുൾകൊണ്ട ഈ ഭൂമി അതിര്‍ത്തികളില്ലാത്ത പെരുംവിസ്മയ മഹാപ്രപഞ്ചത്തിന്റെ ഭാഗങ്ങളാണെന്ന്. അതിലെവിടെയുണ്ടാകുന്ന ഏത് നശോന്മഗദയും എല്ലാവരെയും ബാധിക്കുമെന്നും.

ചാവേർ തറ
മരണ ശേഷം പരേതനു വേണ്ടി ചെയ്യേണ്ടുന്ന കര്‍മ്മങ്ങള്‍ തങ്ങൾക്കായി കാലെകൂട്ടി ചെയ്യാൻ ചാവേറുകള്‍ തിരുനെല്ലി ക്ഷേത്രാങ്കണത്തിൽ ചെല്ലുന്നതോടെയാണ് മാമാങ്ക ചടങ്ങുകൾക്ക് തുടക്കം കുറിക്കുന്നത്. അടിയന്തിര കര്‍മ്മങ്ങളെല്ലാം ചെയത് തീര്‍ത്ത് മടങ്ങുമ്പോൾ ബ്രഹ്മഗിരി മലനിരകളുടെ അഭൗമമായ സൗന്ദര്യമോ പാപനാശം നദിയിലെ കളകൂജനമോ ആ മനുഷ്യരെ വശീകരിക്കാറില്ല. അവർ നേരെ നടക്കും... മലയിറങ്ങി തിരുമാന്ധാംകുന്നിലമ്മയുടെ നടയിലെ ഭജനമിരിപ്പിലേക്കവർ പ്രവേശിക്കും... ബലി നൽകാൻ വളര്‍ത്തുന്ന കോഴികളെ പോലെ നാല്‍പത്തിയൊന്ന് ദിവസം.

ക്ഷേത്രത്തിന്റെ പടിവാതില്‍ക്കലുള്ള ചാവേര്‍ തറയിൽ നിരന്നിരിക്കുന്ന ആ ഹതഭാഗ്യരെ കാണുമ്പോൾ ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന സാമാന്യജനങ്ങൾ എന്തായിരിക്കാം ചിന്തിച്ചിട്ടുണ്ടായിരിക്കുക. ദൈവമേ... ഇങ്ങനെയൊരു വിധി മറ്റാര്‍ക്കുമിനി വരുത്തല്ലേ എന്നോ. എന്നിരുന്നാലും, ആ ജനതയുടെ മുഖത്ത് നിർവികാരത നിഴലിച്ചിരുന്നിരിക്കാം. ചെരക്കപറമ്പിൽ പോയി തലമൂഢനം ചെയത്, മഞ്ഞൾ തേച്ച്, ചുവന്ന കച്ചയും കെട്ടി മലാപ്പറമ്പ് ക്ഷേത്രത്തിൽ പോയി തെച്ചി മാലയും അണിഞ്ഞാണ്‌ അവരൊടുവില്‍ പുതുമനയിലെത്തുന്നത്. അവിടെ തേക്കിനി തറയിലിരുന്ന് ഉപ്പും വെളിച്ചെണ്ണയും പകര്‍ന്ന ചോറുരുളകൾ പുതുമന അമ്മയില്‍ നിന്നും വാങ്ങി ഭക്ഷിക്കുമ്പോൾ അതിന്റെ സ്വാദവർ അറിയുന്നുണ്ടായിരിക്കുമോ... ഇനി യാത്രയാണ്. തിരിച്ചുവരാത്ത യാത്ര. ലോക ചരിത്രത്തിൽ ഇന്നുവരെ ആരും തന്നെ വിജയക്കൊടി നാട്ടാത്ത 'യുദ്ധമെന്ന' പൈശാചികതയുടെ ഭാഗമാകാൻ. അങ്ങനെ, മണിക്കിണറിന്റെ ആഴംപോൽ ഭൂമിയില്‍ നിന്നും വിസ്മൃതരാവാൻ.

ഗൂഡല്ലൂരിലെ പന്തല്ലൂർ മലകൾ മുതൽ പൊന്നാനി വരെ നീണ്ടു നിന്നിരുന്ന ഒരു നാട്ടുരാജ്യത്തിന്റെ അഭിമാനം കാക്കാനാണ് ആ മനുഷ്യരന്ന് പടവെട്ടിയതെങ്കിൽ ഇന്നാ രാജ്യമെവിടെ... ആ രാജാവെവിടെ... എല്ലാം ചരിത്രത്തിൽ വിലയം പ്രാപിച്ചിരിക്കുന്നു. അന്നാരെയാണോ അവർ ശത്രുവായി മനസ്സിൽ പ്രതിഷ്ഠിച്ച് കൊല്ലാനിറങ്ങി പുറപ്പെട്ടിരുന്നത് അവരും ആ ശത്രുരാജ്യവുമിന്ന് അസ്തമിച്ചിരിക്കുന്നു. എന്നാൽ, സ്വയം ബലിയർപ്പിച്ചവരുടെ ആർത്തനാഥങ്ങൾ മാത്രം വീരകല്ലുകൾക്ക് പോലും വേണ്ടാതെ ബാക്കിയായിരിക്കുന്നു. മാറ്റിയും നീട്ടിയും വരച്ച ആ അതിര്‍ത്തി രേഖകളിന്ന്‌ ഭൂമിയിലെ ഏതെങ്കിലുമൊരു ദേശത്ത് കിതച്ച് നില്‍ക്കുന്നുണ്ടായിരിക്കാം. ഇരുവശത്തും അങ്കക്കലി പൂണ്ട് പരസ്പരം രക്തം ചിന്തി 'വീരസ്വര്‍ഗ്ഗം' പ്രാപിക്കാനെന്നോണം ചാവേറുകളും. എന്നാൽ, മേല്‍ വീരസ്വര്‍ഗ്ഗം ലഭിക്കുന്നതാർക്കാണ്... അപ്പുറത്തുള്ളവർക്കോ അതോ ഇപ്പുറത്തുള്ളവർക്കോ. ചരിത്രത്തിന്റെ കുത്തൊഴുക്കിൽ ആ അതിര്‍ത്തിയും നാളെയൊരുനാൾ ഇല്ലാതാകുമായിരിക്കും. തങ്ങളുടെ ജീവിതം എന്തിന്‌ വൃഥാ ബലിയാക്കപ്പെട്ടു എന്ന് തിരിച്ചറിയാനാകാതെ കുറേ ആത്മാക്കളെ ബാക്കിയാക്കി കൊണ്ട്‌.

കാലത്തിന്റെ കുത്തൊഴുക്കിൽ അതിര്‍ത്തികളോരോന്നും മാഞ്ഞ് തേഞ്ഞില്ലാതാകുന്നു. ലോകത്തിന്റെ കഥ അതിർത്തികളുടെ കൂടി കഥയാണല്ലോ. നിരന്തരം മാറ്റി വരക്കപ്പെട്ടുകൊണ്ടിരിക്കുന്ന അനേകം അതിര്‍ത്തികളുടെ കഥ... കൂട്ടിയും, നീട്ടിയും, കിഴിച്ചും, കുറച്ചും, മുറിച്ചും ഒരു നാളാ രേഖകളെല്ലാം ഒരൊറ്റ ബിന്ദുവില്‍ കേന്ദ്രീകരിക്കപ്പെടുമെന്ന് അവരെന്തേ മനസ്സിലാക്കുന്നില്ല.

കണ്ണിന് കുളിര്‍മയേകുന്ന മക്കളുടെ കുസൃതിക്കും, നിസ്വാര്‍ത്ഥമായ മാതാവിന്റെ ലാളനക്കും, പ്രേമസുരഭിലമായ പ്രിയതമയുടെ കൊഞ്ചി കുഴലുകൾക്കും, മഴക്കും, കാറ്റിനും, തണുപ്പിനുമപ്പുറം രാജ്യവും, രാജ്യത്തിന്റെ പകയും മാത്രമാണെന്ന് ഇന്നുമവർ കേള്‍ക്കുന്നുണ്ടായിരിക്കാം. നിലപാട്‌ തറയിലെ സൈനിക നിരകള്‍ക്ക് വെളിയില്‍ പോർവിളികളും അട്ടഹാസങ്ങളുമായുണ്ടായിരുന്ന ആ പഴയ ജനതയെ പോലെ യുദ്ധ വാർത്തകൾക്ക് കാത്തിരിക്കുന്ന ഒരു സമൂഹം ഇന്നും ഈ അഭിനവ ചാവേറുകള്‍ക്ക് ചുറ്റും സജീവമാണ്. ആ ജനത ആവേശകരമായ ഒരു വാക്കുതര്‍ക്കത്തിനോ, ദാരുണമായ ഒരാക്രമണത്തിനോ, നിഷ്ഠൂരമായ ഒരു യുദ്ധത്തിനോ വേണ്ടി കൊതിയോടെ കാത്തിരിക്കുന്നു.

കാലവും, ദേശവും, വ്യവസ്ഥകളുമാണ് മനുഷ്യരെ ചാവേറുകളാക്കി മാറ്റുന്നത്. സമൂഹത്തിന്റെ സൃഷ്ടികൾ. ആ യുവാക്കള്‍ പൂര്‍ണ്ണമാകാത്ത അവരുടെ സ്വപ്നങ്ങളുമായി എവിടെയോ കാത്തിരിക്കുന്നുണ്ടാകാം... ഒരിക്കല്‍ കൂടി ഭൂമിയെന്ന ഈ വീര സ്വര്‍ഗ്ഗത്തിലേക്ക് പറന്നിറങ്ങാൻ. അങ്കക്കലിയും തീരാപകകളും ഉപേക്ഷിച്ച് സന്തോഷത്തോട് കൂടി ഒരുമിച്ചിരുന്ന് കിനാവ് കാണാൻ, സ്വപ്നങ്ങൾ നെയ്ത് കൂട്ടാൻ.

അയാൾ പതിയെ എണീറ്റ് തിരിഞ്ഞു നിന്ന് ആയാസപ്പെട്ടെന്നോണം കരിങ്കൽ പടികൾ കയറുന്നത് ഞാൻ കണ്ടു. എനിക്കിപ്പോളൊരു പാണൻപാട്ട് ശകലമാണ് ഓര്‍മ്മ വന്നത്...

"അഞ്ചാറു പെറ്റിട്ടിനി നീയല്ലേ എനിക്കുള്ളു...
നീയതുപോയാലുണ്ണീ കണ്ടരായോ..."

ശുഭം.

Monday, 15 June 2020

ചെയ്യാൻ മറന്നത്

കടുത്ത ഹൃദയ വേദന... എന്തെന്നില്ലാത്ത മനോവ്യഥ. ചില സമയങ്ങളില്‍ ഒരു പിടി ചോറ്‌ കാണുമ്പോള്‍, അതിന്റെ തൂവെള്ള നിറം കാണുമ്പോള്‍... എന്റെ ഹൃദയം നുറുങ്ങാറുണ്ട്. അപ്പോൾ, എന്റെ മനസ്സ് എവിടേകൊക്കെയോ ചിതറി തെറിക്കും. പാതിയടഞ്ഞ അവരുടെ കണ്ണുകളപ്പോൾ എന്റെ മുന്നില്‍ തിളങ്ങി നില്‍ക്കും. ക്ഷീണം കാരണം ഉറച്ച് നില്‍ക്കാത്ത ആ കാലുകളുടെ കമ്പനമപ്പോളെനിക്ക് അനുഭവിക്കാം. എന്റെ മുന്നിലേക്കന്ന് നീട്ടിയ ആ കൈകളുടെ വിറയലും ആ ഹൃദയത്തിന്റെ സ്പന്ദനവും എനിക്കോര്‍മ്മ വരും.

എനിക്ക് ചെയ്യാൻ കഴിയുമായിരുന്നൊരു കാര്യമായിരുന്നു അത്. എടുക്കാൻ കഴിയുമായിരുന്ന തീരുമാനങ്ങൾ. എന്നാൽ, മനഃപൂര്‍വ്വം ഞാനത് വിസ്മരിച്ച് കളഞ്ഞിരിക്കുന്നു. ഹോ... എന്തൊരു കഷ്ടം. എടുക്കാൻ കഴിയുമായിരുന്ന ആ തീര്‍പ്പുകളെ അലസമായി വിട്ടു കളഞ്ഞ എന്റെയാ ബുദ്ധിശൂന്യതയെ എവിടെയാണ് ഞാൻ പഴിക്കുക... ഒരു ആപല്‍ക്കരമായ സാഹചര്യത്തിൽ ഒരു പാറയില്‍ മലര്‍ന്നുകിടക്കുന്ന ഞാനും, എന്റെ വലതുകൈയിൽ പ്രാണനു വേണ്ടി തൂങ്ങിയാടുന്ന എന്റെ സുഹൃത്തും... എന്നാൽ, പൊടുന്നനെ ഞാനെന്റെ കൈവിരലുകൾ സ്വതന്ത്രമാക്കി ആഴങ്ങളിലേക്ക് തെറിച്ചു വീഴാനവനെ വിട്ടു കൊടുത്തത് പോലെയാണ് ആ സംഭവത്തെ കുറിച്ചോര്‍ക്കുമ്പോൾ എന്റെ മനസ്സിലേക്കോടി വരിക.

സംഭവമിങ്ങനെ...

ഒരു വിവാഹ ദിനത്തിലായിരുന്നു ഞാൻ. കുടുംബങ്ങളും നാട്ടുകാരും പങ്കെടുത്ത് ധന്യമാക്കിയ ആ ദിവസത്തിന്റെ അവസാന മണിക്കൂറുകൾ ഓഡിറ്റോറിയത്തിലെ അല്ലറ ചില്ലറ പണികളിൽ മുഴുകിയിരിക്കുകയായിരുന്നു ഞാൻ. പൂരം കഴിഞ്ഞ പറമ്പ്‌ പോലെ തീരെ അലങ്കോലമാണ് രംഗം. ചെറിയ ചെറിയ കുന്ന് പോലെ അവിടവിടെയായി ഉയർന്ന് നില്‍കുന്ന ടിഷ്യൂ പേപ്പറുകൾ, തീക്കനലെരിയുന്ന അടുപ്പ്, മാലിന്യ കൂമ്പാരങ്ങൾ നിറഞ്ഞ ഓടകൾ, പിന്നെ കഴുകാൻ വച്ചിരിക്കുന്ന പാത്രങ്ങളുടെ കൂട്ടം. അതിനിടയിലാണ് അല്‍പ്പനേരം വിശ്രമിച്ചേക്കാമെന്ന ഉദ്ദേശത്തോടെ ഞാനവിടെ കണ്ടൊരു കസേരയിൽ ഇരുകാലുകളും നീട്ടി വെച്ച് ഓരോന്നോർത്ത് കിടന്നത്. മുകളില്‍ ശക്തമായി കറങ്ങി കൊണ്ടിരിക്കുന്ന ഫാനിൽ നിന്നും പ്രവഹിക്കുന്ന കാറ്റിന്റെ ആശ്വാസ കുളിരിൽ... ഇറക്കി വിട്ട ആ പെണ്ണിന്റെ ഭാവിയെ കുറിച്ച് ഞാന്‍ ചിന്തിച്ചു. അവൾ കയറി ചെല്ലുന്ന പുതിയ വീടിനെ കുറിച്ച്... കുടുംബം... സാഹചര്യങ്ങൾ... അങ്ങനെ എന്തെല്ലാമോ ചിന്തകൾ.

പെണ്ണായി ജനിച്ച ഏതൊരു മനുഷ്യനും അഭിമുഖീകരിക്കേണ്ട ജീവിത്തിലെ സുപ്രധാനമായൊരു ചടങ്ങ്.

ഞാനങ്ങനെ സുഖ ലഹരിയിലിരിക്കുമ്പോഴാണ് ഉമ്മ എന്റെ അരികില്‍ വന്നൊരു ഇരുപത് രൂപാ ചോദിക്കുന്നത്. അവര്‍ക്ക് എന്തിനിപ്പോ ഒരു ഇരുപത് രൂപ... ഞാൻ മുന്നിലെ കസേരയിലേക്ക് കയറ്റി വച്ച ഇരു കാലുകളും താഴ്ത്തി വെച്ച് തല ഉയർത്തി ചോദിച്ചു. അവരല്‍പ്പം ദൂരേക്ക് വിരൽ ചൂണ്ടി എന്നോട് പതിയെ പറഞ്ഞു.

"ദാ അവിടെ കണ്ടോ ഒരു സ്ത്രീ... അവര്‍ക്ക് തല ചുറ്റുന്നുവത്രേ. വീട്ടില്‍ എത്തണമെങ്കിൽ കുറെ ദൂരം സഞ്ചരിക്കണം. ഒരു ഓട്ടോറിക്ഷ തരപ്പെടുത്തി കൊടുക്കാനാണ്"

പാവം...

ഞാൻ മനസ്സിൽ പറഞ്ഞു. കൂടുതലൊന്നും ചോദിക്കാനോ ചിന്തിക്കാനോ നിന്നില്ല. ഇരുപത് രൂപ തന്നെയാണെന്ന് തോന്നുന്നു... ചെറിയ എന്തോ ഒരു സംഖ്യയെടുത്ത് അവരുടെ കൈയിൽ കൊടുത്തുവിട്ടു. പൂച്ചെടികളുടെ മറവില്‍ ഓഡിറ്റോറിയത്തിന്റെ മാര്‍ബിള്‍ പടിയില്‍ വിശ്രമിക്കുന്ന ആ സ്ത്രീയെ ഞാനൊരു നോക്കുകണ്ടു. സാരിയാണ് വേഷം. വലിയ ക്ഷീണിതയാണന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാകുന്നു. ഉമ്മ കൈവെള്ളയിലാ സംഖ്യ ചുരുട്ടി വെച്ച് അവര്‍ക്ക് കൊണ്ടുപോയി കൊടുക്കുന്നത് ദൂരെനിന്ന് ഞാൻ നോക്കി നിന്നു. അവരത് സന്തോഷത്തോടുകൂടി തന്റെ ബ്ലൗസിനുള്ളിലേക്ക് ഭദ്രമായി എടുത്തുവെക്കുന്നു... പിന്നെ എന്തോ സംസാരിക്കുന്നു.

അത്രമാത്രം...

ലോകത്ത് അങ്ങനെ എത്ര എത്ര മനുഷ്യര്‍. പ്രയാസപ്പെടുന്ന... നീതി നിഷേധിക്കപ്പെട്ട... ഭവനമില്ലാത്ത... ചോദിക്കാനോ പറയാനോ ഒരു മനുഷ്യ കുഞ്ഞു പോലുമില്ലാത്ത എത്ര എത്ര ഹതഭാഗ്യർ. അവരിലൊരു പ്രതിനിധിയാണ് എന്റെ മുന്നില്‍ അല്‍പ്പം അകലത്തായി ആ നില്‍ക്കുന്നത്.

അതിൽ ആർക്കെന്ത് ചേതം...

ഞാൻ വലിയ ആശ്വാസത്തോടെ 'ഭയങ്കരമായൊരു' സേവനം ചെയതതു മാതിരി കസേരയില്‍ മലര്‍ന്നു കിടന്ന് ആലോചന തുടർന്നു. മുകളിലെ ഫാൻ കറങ്ങി കൊണ്ടേയിരിക്കുന്നു. പുറത്തെ ആളുകളുടെ സംസാരം ചെറിയ അലോസരം സൃഷ്ടിച്ചതിനാൽ വീണ്ടും ഞാനെന്റെ തിരക്കുകളിലേക്ക് ലയിച്ചു. ഭക്ഷണമല്‍പ്പം ബാക്കി ഉണ്ട്. അല്‍പ്പമെന്ന് പറഞ്ഞാൽ കുറച്ച് കൂടുതൽ അല്‍പ്പം. ചോറ്‌, കറി... പിന്നെ, മറ്റ് ചില വഹകളും. അതെല്ലാം കവറിലാക്കി കുടുംബാംഗങ്ങള്‍ക്കിടയിൽ വിതരണം ചെയ്യാനായി പൊതിഞ്ഞ് കെട്ടുന്ന പ്രവര്‍ത്തിയിലേക്ക് ഞാൻ തിരിഞ്ഞു. ബാക്കിയായ ആ ഭക്ഷണ ബാഹുല്യം കണ്ടെന്റെ നെഞ്ചുരുകുന്നുണ്ട്. അനേകായിരങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍... വിശപ്പിനെ കെട്ടിപ്പിടിച്ചുറങ്ങാൻ കഴിയാതെ തിരിഞ്ഞും മറിഞ്ഞും വിഷമിക്കുമ്പോൾ... കുറേ ഭക്ഷണം എന്റെ മുന്നിലിങ്ങനെ ബാക്കിയായി നിരന്ന് കിടക്കുന്നു.

"ഒരു കല്യാണമാകുമ്പോള്‍ ഒരല്‍പ്പം ഭക്ഷണമൊക്കെ മിച്ചം വരും... അത് സ്വാഭാവികമാണ്... അതാണതിന്റെയൊരു മര്യാദ" ചിലര്‍ പറയുന്നത് ഞാന്‍ കേട്ടു.

ശരിയായിരിക്കാം... ആശ്വാസം.

അതിനിടയിലെപ്പോഴോ ആണ് ഓഡിറ്റോറിയത്തിന് വെളിയിലേക്ക് ഞാനൊന്നിറങ്ങുന്നത്. അവിടെ കണ്ടൊരു കിണറിന്റെ ആഴത്തിലേക്കൊന്നെത്തി നോക്കി തിരിയുമ്പോള്‍ സ്ഥലകാല ബോധമില്ലാതെയെന്നോണം മാർബിൾ പടിയില്‍ കിടക്കുന്ന ആ സ്ത്രീയെ വീണ്ടും ഞാൻ കണ്ടു. സാരി അതിന്റെ രൂപത്തിൽ നിന്നും മാറിയിട്ടുണ്ട്. അവർ വളരെ ക്ഷീണത്തോടെ എണീറ്റൊന്നിരിക്കാൻ ശ്രമിക്കുന്നതാണ് കാഴ്ച്ച. കൈയിലെ പ്ലാസ്റ്റിക് കുപ്പിയിലുണ്ടായിരുന്ന വെള്ളം സ്വല്‍പ്പം കുടിച്ച്... പതിയെ എണീറ്റു നിൽക്കാനവർ നോക്കുന്നു. പക്ഷെ, കഴിയുന്നുണ്ടായിരുന്നില്ല. എങ്കിലും, ആടിയാടി അവരൊടുവിൽ ആ പടിക്ക് താഴെ നിവര്‍ന്നുനിന്നു. കടുത്ത ക്ഷീണം കാരണം വല്ലാത്ത പ്രയാസമാണവർ അനുഭവിക്കുന്നുണ്ടന്ന് ഒറ്റനോട്ടത്തിൽ ബോധ്യമാകുന്നു. ഞാനത് നിർവികാരമായി നോക്കി നിന്നു. എനിക്കൊന്നും പ്രത്യേകമായി തോന്നിയില്ല. ഒരു സഹജീവി കൺമുന്നിലിങ്ങനെ കഷ്ടപ്പെടുന്നത് ചുമ്മാ ഇങ്ങനെ നോക്കി നിൽക്കുമ്പോൾ എന്തായിരുന്നു എന്റെ മനസ്സിലൂടെ കടന്നുപോയി കൊണ്ടിരുന്നത് എന്നെനിക്കോര്‍മ്മയില്ല. എന്നാൽ, എന്റെ ശിലാ മനസ്സ് കൈകാലുകളനക്കാതെ മരവിച്ചങ്ങനെ നിന്നു എന്നെനിക്കോര്‍മ്മയുണ്ട്.

മുന്‍കാലങ്ങളില്‍ പഠിച്ച മനുഷ്യത്വത്തിന്റെ പാഠങ്ങൾ ഞാന്‍ പാടെ വിസ്മരിച്ചിരിക്കുന്നു... ആർക്കും ഒരുപകാരവും ചെയ്യാൻ കഴിയാത്ത വ്യർത്ഥ പാഠങ്ങൾ പോലെയത് എന്നില്‍ നിന്നും അകന്ന് പോയിരിക്കുന്നു. എങ്കിലും, ഞാൻ പതിയെ അവരുടെ അടുത്തേക്ക് നടന്നു നീങ്ങി. മനസ്സിലെന്തോ മിന്നി മറഞ്ഞത് പോലെ. ഒരു മിന്നല്‍ പിളർ... ഉറങ്ങുന്ന എന്നെ ഉറക്കിൽ നിന്നുമാരോ ഉണര്‍ത്തിയത് മാതിരി.

ഇല്ല... മനുഷ്യത്വം മരിച്ചിട്ടില്ല. ഇനിയുമതിന് സ്വല്‍പ്പം ജീവനുണ്ട്...

ഞാൻ അവരുടെ അരികിലെത്തി. പതിയെ ചോദിച്ചു...

"എന്തുപറ്റി..."

തന്നെ കേൾക്കാൻ വന്നതിന്റെ സന്തോഷത്തിൽ ക്ഷീണിച്ച മുഖം പതിയെ ഉയർത്തി അവരെന്നോട് പറഞ്ഞു...

"വീട്ടിലേക്ക് പോണം..."

"അമ്മയുടെ വീടെവിടെയാണ്..."

"പുത്തൻ പള്ളിക്കരികിൽ. അവിടേക്ക് പോകാൻ നാല്‍പത് രൂപാ വേണം. ഒരു കുട്ടി എനിക്ക് നേരത്തെ കുറച്ച് രൂപാ തന്നിരുന്നു"

എന്റെ ഉമ്മ നേരത്തെ നല്‍കിയ ആ ഇരുപത് രൂപ... കടുത്ത ക്ഷീണം കാരണം വാക്കുകൾ കിട്ടാതെയാണ് അവരെന്നോട് സംസാരിച്ച് കൊണ്ടിരിക്കുന്നത്. കണ്ണില്‍ നിന്നും അല്‍പ്പാൽപ്പമായി കണ്ണീരൊലിക്കുന്നു.

കഷ്ടപ്പെട്ട് താന്‍ വളര്‍ത്തിയ തന്റെ മൂന്ന് മക്കളും തന്നെ സംരക്ഷിക്കുന്നില്ല എന്ന് വേദനയോടെ അവരെന്നോട് പറഞ്ഞു. തനിക്ക് ഭ്രാന്താണന്നാണ് എല്ലാവരും പറയുന്നത്. കൈകാലുകൾ തളര്‍ന്ന് റോഡിനരികിലൊന്ന് വീണാല്‍ പോലും തനിക്കൊരു ഓട്ടോക്കാരനും നിർത്തി തരില്ല.

ഓഡിറ്റോറിയത്തിലെ കല്യാണ ദിവസങ്ങളിൽ ബാക്കിയായ ഭക്ഷണം തേടി അവരിവിടെ ഇടക്കിടെ വരാറുണ്ടത്രെ. ആരോഗ്യമനുവദിച്ചാൽ മിക്ക ഞായറാഴ്ച്ചകളിലും. ഒരു പ്രാവശ്യം കൊണ്ട്‌ പോകുന്ന ഭക്ഷണം രണ്ടോ മൂന്നോ ദിവസമവർ ചൂടാക്കി കഴിക്കും. അവര്‍ക്ക് താങ്ങി പിടിച്ച് കൊണ്ടുപോകാൻ കഴിയുന്നത്ര കുറച്ച് ഭക്ഷണമാണിതെന്നോര്‍ക്കുക. എന്നാൽ, ഇന്ന്‌ ഭക്ഷണത്തിന്നായി പുറപ്പെട്ട് വന്നതു മുതൽ തലചുറ്റല്‍ അനുഭവപ്പെട്ടതിനാൽ രാവിലെ മുതൽ ഇവിടെ ഇങ്ങനെ ഇരിപ്പാണവരെന്ന് ആ സംസാരത്തിലെനിക്ക് ബോധ്യമായി. ഞാനൊരു കസേര കൊണ്ടുവന്ന് അതിലിരിക്കാനവരോട് അവശ്യപ്പെട്ടെങ്കിലും അവരതിന്‌ തീരെ കൂട്ടാക്കിയില്ല.

"ഞാനവടെ കൊർച്ച് ചോറ്‌ എട്ത്ത് വച്ചിട്ടുണ്ട്... അതെടുക്കട്ടെ". അടുക്കള ഭാഗത്തേക്ക് വിരൽ ചൂണ്ടികൊണ്ടവർ പറഞ്ഞു.

"ഞാൻ പോയി കൊണ്ടു വരാം... നിങ്ങളിവിടെ ഇരിക്കൂ..."

ഞാനങ്ങോട്ട് പോകാൻ തിരഞ്ഞപ്പോൾ അവർ തന്റെ തോളിലുണ്ടായിരുന്ന കീറിപറിഞ്ഞൊരു ബാഗില്‍ നിന്നും എന്തോ തപ്പി തിരഞ്ഞു കൊണ്ടിരിക്കുന്നത് ഞാൻ കണ്ടു. എന്തായിരിക്കാം അതെന്ന് ഭാവത്തില്‍ പ്രതീക്ഷയോടെ ഞാനതിലേക്ക് നോക്കി നിൽക്കുമ്പോൾ ഒരു വൃത്തിഹീനമായ കവർ അതിനകത്ത് നിന്നും വലിച്ചെടുത്തെന്റെ കൈയിൽ തന്നു.

കേവലമൊരു കവറു പോലും ഒരായിരം കഥകൾ പറയുന്ന പോലെ. ഭക്ഷണം നിറക്കാന്‍ ഒരു സ്ത്രീ തപ്പിപിടിച്ചു കൊണ്ടുവന്നൊരു സംവിധാനമാണത്. ദൈവമേ... ഇത്രത്തോളം പ്രയാസം അനുഭവിക്കുന്നവരും എനിക്ക് ചുറ്റിലുണ്ടോ. ഞാൻ ചിന്തിച്ചു.

എന്തായാലും, ഞാനാ കവർ വാങ്ങിയില്ല. അവിടെ മറ്റു കവറുകള്‍ കാണുമെന്ന് അവരോട് പറഞ്ഞ്‌ ഞാന്‍ അടുക്കള ലക്ഷ്യമാക്കി നടന്നു. വേച്ചുവേച്ചെന്നോണം അവരെന്റെ പിന്നാലെയും... അടുക്കളയിലെ മൂലയില്‍ ഒരു ചെറിയ പാത്രത്തിൽ അല്‍പ്പം ചോറവർ എടുത്തു വച്ചിരിക്കുന്നു. ബാക്കിവന്ന അനേകം ഭക്ഷ്യവസ്തുക്കളവിടെ നിരന്നിരിപ്പുണ്ടായിരുന്നെങ്കിലും തനിക്കാവശ്യമായ അല്‍പ്പം ചോറ്‌ മാത്രമാണവർ പാത്തു വച്ചിരിക്കുന്നത്.

നല്ല വൃത്തിയുള്ളൊരു കവറില്‍ ചോറ്‌ പാക്ക് ചെയത ശേഷം മറ്റു സാധനങ്ങൾ വല്ലതും വേണോ എന്ന് ചോദിച്ചെങ്കിലും തനിക്കൊന്നും കഴിക്കാൻ വയ്യ എന്നവർ പറഞ്ഞു. ജീവൻ നിലനിർത്താനെന്നോണം ആ ചോറ്‌ മാത്രമവർ ചൂടാക്കി കഴിക്കുന്നുണ്ടായിരിക്കാം. ഞാനാ കവറുമായി പുറത്തേക്ക്‌ നടക്കുമ്പോൾ അവരെന്റെ പിന്നാലെ തന്നെ ഉണ്ടായിരുന്നു.

"മോനെ... അത് നിലത്ത് വെക്കല്ലേ... അന്നമാണത്. വെറും മണ്ണിലത് വെക്കല്ലെ"

ഞാനെങ്ങാനുമത് പുറത്തേക്ക്‌ കൊണ്ടുപോയി താഴെ വച്ചുകളയുമോ എന്നായിരിക്കാം അവരുടെ വേവലാതി...

"ഞാൻ പോയി ഓട്ടോ കൊണ്ടുവരാം... അത് വരെ നിങ്ങളിവിടെ ഇരിക്കണം... എങ്ങും പോകരുത്". ഞാൻ പുറത്തേക്കൊരു കസേര വരുത്തിച്ച് അതിലിരുത്തി അവരോട് പറഞ്ഞു.

അവർ സന്തോഷത്തോടെ തലയാട്ടി. കളിപ്പാട്ടം കിട്ടിയ കൊച്ചു കുഞ്ഞിനെ പോലെ മടിയില്‍ വെച്ച ഭക്ഷണപൊതിയിൽ നിന്നും കൈയെടുക്കാതെ അവരതിനെ തന്നോടടുപ്പിച്ചിരിക്കുന്നു. ഓട്ടോ വിളിക്കാനായി ഞാനെന്റെ ബൈക്കുമായി നീങ്ങുമ്പോള്‍ നിഷ്കളങ്കമായി എന്നെയും നോക്കിയിരിക്കുന്ന അവരെ കണ്ണാടിയിലൂടെ ഞാൻ കാണുന്നുണ്ടായിരുന്നു.

ഓട്ടോ വിളിച്ച് കൊണ്ടുവന്ന് അവരെ അതിലേക്ക് കയറാൻ ആവശ്യപ്പെട്ടപ്പോഴാണ് ഡ്രൈവർ അവരെ ശ്രദ്ധിക്കുന്നത്. അയാൾ അവരെ കണ്ടതോടെ ഈ ഓട്ടം തനിക്ക് വേണ്ടെന്ന് നീരസത്തോടെ എന്നോട് പറഞ്ഞെങ്കിലും യാത്ര ദൂരത്തിനുള്ള പണം മുന്‍കൂറായി ഞാൻ നല്‍കാം എന്നുറപ്പ് നല്‍കിയപ്പോഴാണ് അയാളതിന് സമ്മതിച്ചത്. ഓട്ടോയുടെ കമ്പിയില്‍ വിറക്കുന്ന തന്റെ കുഞ്ഞു കൈ കൊണ്ട്‌ ശ്രദ്ധയോടെ പിടിച്ചു കയറുമ്പോള്‍ അവർ പറയുന്നുണ്ടായിരുന്നു.

"എന്റെ മകന് എല്ലാ അനുഗ്രഹവും ഉണ്ടാക്കട്ടെ... എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ" എന്ന്... പിന്നെ, മറ്റെന്തൊക്കെയോ നന്ദി വാക്കുകളും.

അവരെയും കൊണ്ടാ ഓട്ടോ പോകുമ്പോൾ എന്തുകൊണ്ടോ ഞാനാകെ അസ്വസ്ഥനായിരുന്നു. എന്തൊക്കെയോ ചെയ്യാൻ വിട്ടത് പോലെ. അവരെ കുറച്ചുകൂടി നന്നായി പരിഗണിക്കാമായിരുന്നു. അവരുടെ വീട് എവിടെയാണന്ന് ചോദിക്കാമായിരുന്നു. പണം വല്ലതും ആവശ്യമായിരുന്നോ ആവോ. മരുന്നുകള്‍. മറ്റു വിവരങ്ങൾ... അന്വേഷണങ്ങൾ... അങ്ങനെ അനേകം വേദനകള്‍. ഒരുപക്ഷേ, ആ ഓട്ടോകാരന്‍ അവരെ വഴിയില്‍ ഇറക്കി വിട്ടുകാണും. തന്റെ വീട്ടിലേക്ക് ആ ഭക്ഷണ പൊതിയുമായി അവർ ക്ഷീണത്തിൽ നടന്ന് നീങ്ങുന്നുമുണ്ടാകാം. അല്ലെങ്കിൽ, ഇല കൊഴിഞ്ഞ് വീണത് പോലെ റോഡരികിലവർ തളര്‍ന്ന്‌ വീണിട്ടുമുണ്ടാകാം. അയാൾ ഉൾപ്പെടെയുളള ഈ സമൂഹം എന്താണാ സ്ത്രീയില്‍ കാണുന്ന കുറവ് എന്നെനിക്ക് മനസ്സിലാകുന്നില്ല.

ദാരിദ്രവും.. നിസ്സഹായതയും...

ഞാൻ പറഞ്ഞ്‌ വന്നത് പണ്ടെങ്ങോ ഞാൻ ചെയ്ത 'മഹത്തായൊരു' പ്രവൃത്തിയുടെ വലിയ വര്‍ത്തമാനമല്ല. മറിച്ച്, എനിക്കെന്റെ ജീവിതത്തിലുണ്ടായൊരു ചെറിയ അനുഭവമാണ്. ആ അനുഭവം നിരന്തരമെന്നെ വേദനിപ്പിക്കുന്നത് കൊണ്ടാണ്‌ അതിവിടെ എഴുതേണ്ടി വന്നത്. ആ വിശേഷ ദിവസത്തെ ഓര്‍മ്മകള്‍... വര്‍ണ്ണ പൊലിമകളായല്ല എന്റെ മനസ്സിൽ തങ്ങി നില്‍ക്കുന്നത്. മറിച്ച്, ആ സ്ത്രീയുടെ നിഷ്കളങ്ക മുഖം മാത്രമാണ്. ആ ദിവസത്തിന്റെ ഒടുവിലത്തെ മണിക്കൂറുകളിൽ മാത്രം ഞാനവരെ കാണുന്നത് വരെ എവിടെ ആയിരുന്നിരിക്കാം അവരുണ്ടായിരുന്നത്. എല്ലാമൊരു നിമിത്തം മാത്രം.

എന്റെ മനസ്സിന്റെ ഉള്ളറകളിലൊരു കൂട്ടം അസ്വസ്ഥതകൾ പടർത്തികൊണ്ട് വർഷങ്ങൾക്ക് ശേഷവും ആ ഓര്‍മ്മകള്‍ നിരന്തരമെന്നെ വേട്ടയാടുന്നു...

Wednesday, 3 June 2020

മുന്‍ഗാമി

പ്രവാസം അവസരങ്ങളോടൊപ്പം അനേകം അനുഭവങ്ങളേയും നമുക്ക് സമ്മാനിക്കുന്നു. പലരും പല വിധത്തിലാണതിനെ ആസ്വാദിക്കാറ്. ചിലര്‍ ആധുനിക നഗരത്തിന്റേതായ ആഘോഷങ്ങളും വര്‍ണ്ണ പൊലിമയുമതിൽ തേടുമ്പോൾ... ചിലര്‍ അധ്വാനവും വിശ്രമവും മാത്രമായി സ്വകാര്യ ജീവിതം നയിക്കാനാണ് ഇഷ്ടപ്പെടുക. എന്നാൽ, ചിലരുണ്ട്... ജോലിയോടൊപ്പം ആ നാടിന്റെ ചരിത്രത്തെയും ഇതിഹാസങ്ങളേയും കുറിച്ച് അന്വേഷിച്ചിറങ്ങുന്നവർ. ഒരുതരം പര്യവേക്ഷണ ജീവിതം മാതിരി അവരിവിടെ ജീവിക്കുന്നത് കാണാം. അത്തരക്കാരെ എനിക്ക് വളരെ പ്രിയമാണ്. അവർ പറയുന്നത് കേൾക്കാം...

"പ്രവാസത്തിന്റെ ഓരോ അണുവിലും ചരിത്രത്തിന്റെ നേര്‍ത്ത തലോടകൾ കാണാൻ കഴിയും. അവിടെയുള്ള സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും മാത്രമല്ല, വെത്ത്യസ്ഥ നാടുകളില്‍ നിന്നും അവിടെ എത്തി ചേര്‍ന്ന മനുഷ്യരിലും അവരുടെ സംസാരങ്ങളിലും പ്രവര്‍ത്തികളിലുമൊക്കെ നമുക്കാ ചരിത്രത്തെ വായിച്ചെടുക്കാൻ സാധിക്കും" എന്ന്.

ചരിത്രത്തിൽ നിന്നും ഇറങ്ങി വന്നത് മാതിരിയുള്ള അനേകം മുഖങ്ങൾ ഒരൊറ്റ കോണില്‍ നമുക്കവിടെ കാണാം. നമ്മൾ വായിച്ചതും അറിഞ്ഞതുമായ ജനപഥങ്ങളിലെ ഇന്നത്തെ പ്രതിനിധികള്‍, ചരിത്രം കുളമ്പടിച്ച് കടന്ന് പോയ നഗരങ്ങളില്‍ നിന്നുള്ളവർ, ലോകം മാറ്റി മറിച്ച ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായവർ, അവരുടെ പിന്മുറക്കാർ, വർത്തമാന കാലത്തെ വാർത്തകളിൽ നിറഞ്ഞ സംഭവങ്ങളിൽ കൗതുകത്തോടേയും ഒരുപക്ഷേ വേദനയോടേയും നമ്മൾ ചിന്തിച്ചിരുന്ന് പോയിട്ടുള്ള മനുഷ്യര്‍. അവരൊക്കെയങ്ങനെ നമുക്ക് ചുറ്റിലും ഒരൊറ്റ ഫ്രൈമിൽ കറങ്ങി നടക്കുന്നയിടമാണ് പ്രവാസ ലോകം.

എന്റെ സഹ കെട്ടിടക്കാരായ ഈജിപ്ഷ്യൻ യുവാക്കളിൽ ചിലരുണ്ട്. പണ്ട്‌, ഫറോവമാരുടെ കാലത്ത്‌ വലിയ കരിങ്കൽ കട്ടകള്‍ വലിച്ച് കൊണ്ടുപോയി പിരമിഡുകള്‍ പണിത ഈജിപ്ഷ്യൻ അടിമകളുടെ മുഖഭാവത്തോടു കൂടിയുള്ളവർ. ഇളം കറുപ്പ് നിറത്തില്‍ വലിയ ഉയരമുള്ളവരും തടിച്ച വട്ട മുഖമുള്ളവരാണവർ. തലയില്‍ നിറയെ ചുരുണ്ട് പടർന്ന മുടിയും തടിച്ച ചുണ്ടുകളും അവരെ ആഫ്രിക്കൻ കാപ്പിരികളെപ്പോലെ തോന്നിപ്പിക്കും. എങ്കിലും അവരല്‍പ്പം ഈർഷയോടെയാണ് തങ്ങൾ ആഫ്രിക്കരല്ല എന്നവർ പറയാറ്. ഈജിപ്തുകാരാണ് ഞങ്ങൾ എന്ന് അഭിമാനത്തോടെ അവർ പറയുന്നത് ഞാന്‍ പലപ്പോഴും കേട്ടിട്ടുണ്ട്. അവര്‍ക്ക് പൊതുവില്‍ ചെയ്യാൻ കഴിയുന്നത് പരുക്കന്‍ പണികള്‍ മാത്രമാണന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ഏത് കഠിനമായ ചൂടിലും വലിയ കെട്ടിടങ്ങളിൽ തൂങ്ങി നിന്ന് പെയിന്റ്ടിക്കാന്‍ അവര്‍ക്ക് അനായാസമായി കഴിയുന്നു. കനത്ത ചൂടുകാറ്റുള്ള ഒരു ദിവസം ഞാനവരില്‍ ഒരുവനോട് ചോദിച്ചു...

"നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു സുഹൃത്തേ ഇങ്ങനെയൊക്കെ ജോലി ചെയ്യാൻ..." എന്ന്.

"എന്റെ പിതാവും, അദ്ദേഹത്തിന്റെ പിതാവും തുടങ്ങി ഞങ്ങൾ പാരമ്പര്യമായി ഇത്തരം കഠിനമായ പണികളാണ് ചെയത് വരുന്നത്..." അയാൾ പുഞ്ചിരിയോടെ എന്നോടന്ന് പറഞ്ഞു.

ഒരുപക്ഷേ, ആ പരമ്പര ഞാൻ നേരത്തെ പറഞ്ഞ ആ പ്രാചീന അടിമകളിലേക്കായിരിക്കാം എത്തിച്ചേരുന്നത്. അവിടെ നിന്നും പിന്നെയും ചരിത്രം അവരെ പിന്നിലേക്ക് നയിക്കും. നോക്കൂ. എത്ര കൗശലമായാണ് മനുഷ്യരിലൂടെ ചരിത്രം സഞ്ചരിക്കുന്നതെന്ന്. ഇങ്ങനെയുള്ള അനേകം ആളുകള്‍ക്കിടയിലാണ് ഓരോ പ്രവാസിയും ഉണരുന്നതും ഉറങ്ങുന്നതും.

ഷാർജയിലെ എന്റെ ജോലി ജനങ്ങൾക്ക് നടുവിലാണ്. ജനങ്ങൾക്കുള്ള നിയമ സേവനമാണ് എന്റെ പ്രധാന ദൗത്യം. കുടിയേറ്റ വകുപ്പിലെ അനവധിയായ പ്രശ്നങ്ങളുമായി ലോകത്തിന്റെ വിവിധ കോണില്‍ നിന്നുള്ള പ്രവാസികൾ എന്റെ കൺ മുന്നില്‍ വരാറുണ്ട്. കമ്പനിയിൽ അവർ അനുഭവിക്കുന്ന നീതി നിഷേധത്തിന്റേയും, കരാർ ലംഘനങ്ങളുടേയും കഥകൾ കൂടാതെ, അവരുടെ സ്വകാര്യ ജീവിതത്തിൽ അവരനുഭവിക്കുന്ന പ്രയാസങ്ങളുടെ കെട്ടുകളും അവരെന്റെ മുന്നില്‍ തുറന്ന് വെക്കും. ഇടയില്‍ ചില വേളകളില്‍ അവരെ മാനസിക പിരിമുറുക്കങ്ങളിൽ നിന്നല്‍പ്പം അയവു വരുത്താനുദ്ദേശിച്ച് അവരുടെ രാജ്യത്തെക്കുറിച്ചും അവിടുത്തെ ആചാര രീതികളെ കുറിച്ചും മറ്റുമൊക്കെ ഞാൻ ചോദിച്ച് മനസ്സിലാക്കാറുണ്ട്

അങ്ങനെ യൂറോപ്യന്‍ രാജ്യങ്ങളിലെ തണുപ്പും, ആഫ്രിക്കയിലെ ശബ്ദമുഖരിതമായ നിഭിഢ വനങ്ങളിലെ സ്വച്ഛതയും, ഈജിപ്തിന്റെ സംസ്കാര വാഹിനിയായ നൈല്‍ നദിയിലെ കളകൂജനവും, അഫ്ഗാനിലെ പഹാഡുകളെന്നറിയപ്പെടുന്ന പരുക്കന്‍ മലകളുടെ കാഠിന്യവും ഞാൻ അനുഭവിക്കാറുണ്ട്. കശ്മീരിൽ തണുപ്പേറ്റ് വിറങ്ങലിച്ച് നില്‍ക്കുന്ന നീതി നിഷേധങ്ങളെ കുറിച്ചും, ചൈനയിലെ ഉയിഗൂർ മുസ്ലീങ്ങളനുഭവിക്കുന്ന പീഢന പർവ്വങ്ങളെ കുറിച്ചും ഞാനവരോട് സംസാരിക്കും. മിക്കവരും വളരെ താൽപ്പര്യത്തോടെ തന്നെ അക്കാര്യങ്ങളെക്കുറിച്ചെന്നോട് സംസാരിക്കുമെങ്കിലും, അമിതമായ സിഐഡി ഭയം കാരണം ഇരുന്നിടത്തുനിന്നും ഒന്ന് പിന്നിലേക്ക് കണ്ണ് പായിച്ച് ശബ്ദം വളരെ താഴ്ത്തി താല്‍പര്യമില്ലായ്മയോടെ സംസാരിക്കുന്നവരേയും ഞാൻ കണ്ടിട്ടുണ്ട്.

പരിമിതമായ സമയങ്ങൾക്കിടയിലും പരമാവധി അവരെ കേൾക്കാൻ ഞാന്‍ ശ്രദ്ധിക്കാറുണ്ടെന്ന് ചുരുക്കം.

അവര്‍ക്കിടയില്‍ നിന്നാണ്‌ ഒരു സിറിയന്‍ യുവാവിനെ ഞാനൊരിക്കൽ പരിചയപ്പെടുന്നത്. തങ്ങൾ സിറിയക്കാരായതിന്റെ പേരില്‍ മാത്രം വിസ നിഷേധിക്കുന്ന സര്‍ക്കാര്‍ നടപടിയുടെ നീതിരാഹിത്യത്തെ ചോദ്യം ചെയതുകൊണ്ടാണ്‌ അദ്ദേഹമന്നെന്റെ അരികിലെത്തിച്ചേരുന്നത്. ഞങ്ങളാ മണ്ണില്‍ ജനിച്ച് പോയി എന്നയാൾ ഇരു ചുമരുകളും മുകളിലേക്കുയർത്തി വേദനയോടെ എന്നോട് പറഞ്ഞു. ആയിടെയായി സിറിയയിൽ നടക്കുന്ന അഭ്യന്തര യുദ്ധം കാരണമാണ്‌ പല രാജ്യങ്ങളും വിസ അവര്‍ക്ക് നിഷേധിക്കുന്നതെന്ന് ഞാനയാള്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കാൻ ശ്രമിക്കുമ്പോൾ... ആ യുദ്ധഭീകരത അയാളുടെ കണ്ണുകളില്‍ നിഴലിക്കുന്നതായി എനിക്ക് തോന്നി. എന്റെ മനസ്സിന്റെ അന്തരാളങ്ങളിലെവിടെയെങ്കിലും എന്തെങ്കിലുമൊരു ചലനമുണ്ടാക്കുന്ന സംസാരങ്ങളുണ്ടായാല്‍ അവരുമായി കൂടുതൽ ഇടപെഴുകാൻ ഞാൻ ശ്രമിക്കാറുണ്ട്.

ഞാനാ യുവാവിനോട് കൂടുതൽ സംസാരിച്ചു...

അയാളുടെ കുടുംബം, മക്കള്‍, താമസ സ്ഥലം അങ്ങനെ പലതിനെ കുറിച്ചും. ഒടുവിലായി അവരുടെ രാജ്യത്തെ കുറിച്ചും ഞാനയാളോട് ചോദിച്ചു. സിറിയന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഏത് സിറിയൻ അറബികളോടും "കൈഫ് ബിലാദ്" എന്ന് ചോദിച്ചാൽ അവരുടെയെല്ലാം മുഖഭാവം ഒരേ പോലെയാണന്നെനിക്ക് തോന്നിയിട്ടുണ്ട്. അയാളെനിക്ക് ഉത്തരം നല്‍കി. പക്ഷേ, വിശ്വസംസ്കാരങ്ങളുടെ കളി തോട്ടിലുകളിലൊന്നായ പാല്‍മീറയും മറ്റനേക ജനപധങ്ങളും യുഗങ്ങളായി വസിച്ച ഒരു ഭൂവിനെക്കുറിച്ചാണ് അയാളാ പറയുന്നത് എന്നോര്‍ത്തപ്പോൾ എനിക്ക് ദുഃഖം തോന്നി. അദ്ദേഹം കഥകൾ പറഞ്ഞു കൊണ്ടേയിരുന്നു. എന്റെ ഓര്‍മ്മ ശരിയാണങ്കിൽ... അമേരിക്കൻ സേന സിറിയയിലെ അവരുടെ അധിനിവേശം മതിയാക്കി മടങ്ങാന്‍ ആലോചിച്ച് കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. അതിനാല്‍ തന്നെ കൂടുതലും അയാൾ വാചാലനായത് അതിനെ ചൊല്ലിയായിരുന്നു. ഒരു വശത്ത് സ്വന്തം ജനതയുടെ അഭിലാഷങ്ങളെ കണ്ടില്ലെന്ന് നടിച്ച് അവരെ ചോരയില്‍ മുക്കി കൊണ്ടിരിക്കുന്ന സര്‍ക്കാർ, മറുവശത്ത്‌ സര്‍ക്കാരിനെതിരെ സായുധ പോരാട്ടത്തിനിറങ്ങിയ ഒരു സംഘം, മൂന്നാമതായി ഇസ്ലാമിന്റെ പേരില്‍ യാഥാസ്ഥിതിക ഭാണ്ഡവും പേറി പോരിനിറങ്ങിയ തീവ്രവാദികളും. ഒടുക്കം, ഇവരെയെല്ലാം നേരിടാനെന്ന പേരില്‍ രംഗപ്രവേശം ചെയ്ത അമേരിക്കൻ അധിനിവേശ സൈന്യവും.

ഏറെ നീണ്ടു പോയ ആ സംസാരത്തിനിടയില്‍ ഒടുക്കമാണ്‌ ഞാനയാളുടെ പേര്‌ ചോദിക്കുന്നത്. അതൊരു വലിയ നാമമായിരുന്നു. അതിനാൽ തന്നെ ആ പേരിന്റെ ഒടുവിലത്തെ വാക്യം മാത്രമാണ്‌ എന്റെ ഓര്‍മ്മയിലുള്ളത്...

"അല്‍ ഫദ്ൽ"

ഒരുപക്ഷേ, അതയാളുടെ കുടുംബ പേരായിരിക്കാം. അറേബ്യൻ രീതിയനുസരിച്ച് അവരുടെ പേരിന്റെ ഒടുവിലത്തെ നാമം അവരുൾപ്പെട്ട ഗോത്രത്തിന്റേയോ കുടുംബത്തിന്റേയോ പേരിനേയാണ് സൂചിപ്പിക്കുന്നത്. ഇവിടെയും മറിച്ചാകാൻ തരമില്ല.

"ഫദ്ൽ എന്നുള്ളത് താങ്കളുടെ കുടുംബ നാമമായിരിക്കുമല്ലേ" ഞാനയാളോട് ചോദിച്ചു.

അയാൾ തലയാട്ടി.

"താങ്കള്‍ക്കറിയുമോ... പാരമ്പര്യമുള്ള വലിയൊരു കുടുംബമാണാത്"

അയാൾ സംസാരം തുടർന്നു...

"എന്റെ പൂര്‍വ്വികരിലാരോ ഇന്ത്യയില്‍ നിന്നും അറേബ്യയിലെത്തിയ ശേഷം സിറിയയിൽ താമസമുറപ്പിക്കുകയായിരുന്നു"

അയാളത് പറഞ്ഞ്‌ നിർത്തിയപ്പോൾ ഇന്ത്യയില്‍ നിന്നും കുടിയേറിയ അയാളുടെ ആ മുന്‍ഗാമിയെ കുറിച്ചുള്ള ചിന്തയായിരുന്നു എന്റെ മനസ്സിൽ. ആ വ്യക്തി ഇന്ത്യയിലെ ഏത് നാട്ടുകാരനായിരിക്കാം... എന്തിനായിരിക്കാം അയാൾ നാടു വിട്ടിട്ടുണ്ടായിരിക്കുക. അങ്ങനെ അനേകം ചോദ്യങ്ങൾ മനസ്സിലുയർന്നു. ഞാനതയാളോട് ചോദിച്ചു. അയാൾ നാവിന്‍ തുമ്പത്ത് വെച്ച് മറന്ന ശേഷം ഓര്‍മ്മ കിട്ടിയതുമാതിരി എന്നോട് പറഞ്ഞു.

"മലൈബാർ..."

ഞാൻ ആശ്ചര്യത്തോടെ അയാളെ നോക്കി. യുഗങ്ങള്‍ക്ക് മുമ്പ് വഴിമാറി നീങ്ങിയ എന്റെയൊരു സഹോദരനിതാ കാലങ്ങള്‍ക്ക് ശേഷം എന്റെ മുന്നില്‍ വന്നുപെട്ടിരിക്കുന്നു. കാലത്തിന്റെ നിര്‍ദയമായ കുത്തൊഴുക്കിൽ അയാളുടെ രൂപഭാവത്തില്‍ അനേകം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കറുപ്പില്‍ നിന്ന് വെളുപ്പിലേക്ക് മാറിയ ചര്‍മ്മവും, കടും നിറത്തില്‍ നിന്നും മനോഹരമായ ചെമ്പന്‍ വര്‍ണ്ണങ്ങളിലേക്ക് മാറ്റപ്പെട്ട തലമുടിയും അയാളെ എന്നില്‍ നിന്നും വെത്ത്യസ്ഥമാക്കുന്നു. ചെറിയൊരു പ്രാദേശിക ഭാഷയിൽ നിന്നും വലിയൊരു പാരമ്പര്യ ഭാഷയിലേക്കും, ഒരു ചെറിയ നാടിന്റെ അനുഭവങ്ങൾ വലിയൊരു നാഗരികതയുടെ മഹാപ്രളയത്തിലേക്കും ലയിക്കപ്പെട്ടിരിക്കുന്നു. എങ്കിലും, അയാളുമൊരു മലയാളിയാണ്. ഒരു മലബാറുകാരന്‍. ഓണവും പെരുന്നാളും ഒരുമിച്ചുണ്ട, മഴയും വെയിലും ഒരുമിച്ചനുഭവിച്ച മലയാള പുത്രന്‍.

ഞാനയാളോട് 'ഫദ്ൽ' കുടുംബത്തെ കുറിച്ച് കൂടുതൽ ചോദിച്ച് മനസ്സിലാക്കാൻ ശ്രമിച്ചു. പ്രത്യേകിച്ച്, മലബാറിലെ ഏത് നാട്ടുകാരനാണ് അവരുടെ പൂര്‍വ്വികനെന്ന്. പക്ഷേ, നിര്‍ഭാഗ്യവശാൽ അയാൾക്കതിനെ പറ്റി കൂടുതൽ കാര്യങ്ങളൊന്നും തന്നെ അറിവുണ്ടായിരുന്നില്ല. എങ്കിലും, 'ഫദ്ൽ' എന്ന ആ കുടുംബ പേരുമായി സാമ്യമുള്ള ഒരു വ്യക്തിയാണ് തങ്ങളുടെ ആ പൂര്‍വ്വികനെന്നയാൾ അഭിപ്രായപ്പെട്ടു. ഒരുപക്ഷേ, ആത്മീയത അന്വേഷിച്ച് അറേബ്യൻ തീരം ലക്ഷ്യമാക്കി നീങ്ങിയ ഏതെങ്കിലും മലബാര്‍ മാപ്പിള ആയിരുന്നിരിക്കാം അയാളുടെ പൂര്‍വികനെന്നെനിക്ക് തോന്നി. അല്ലെങ്കിൽ, കച്ചവടാവശ്യത്തിന്നായി പോയി അവിടെ കൂടിയതുമാകാം...

പരപ്പനങ്ങാടി കടലോരം
ഒടുക്കം, സലാം ചൊല്ലി അയാൾ പുറത്തിറങ്ങാനൊരുങ്ങുമ്പോൾ... ഉദ്വോഗജനകമായി വായിച്ച് കൊണ്ടിരുന്ന ഒരു പുസ്തകം പെട്ടന്ന് നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന ഒരുതരം വികാരമായിരുന്നു എനിക്കനുഭവപ്പെട്ടത്. പുറത്ത്‌ നിറഞ്ഞൊഴുകി നീങ്ങുന്ന ജനക്കൂട്ടത്തിലൊരാളായി അയാളും ലയിച്ചു ചേര്‍ന്നു.

പിന്നീട്, കുറേ കാലങ്ങള്‍ കഴിഞ്ഞു...

ഒരിക്കലൊരു വൈകുന്നേരത്ത് പരപ്പനങ്ങാടി കടപ്പുറത്ത് എത്തിചേർന്നിരിക്കുകയാണ് ഞാൻ. കൂടെ ഭാര്യയുമുണ്ട്. ചില ആവശ്യങ്ങള്‍ക്കായി ഇവിടം വരെയൊന്ന് വന്നതായിരുന്നു ഞങ്ങൾ. കാര്യങ്ങളെല്ലാം ചെയത് തീര്‍ത്ത് മടങ്ങാൻ നില്‍ക്കുമ്പോഴാണ് അവള്‍ക്ക് സൂര്യാസ്തമയം കാണാനൊരു പൂതി ഉദിച്ചത്. പടിഞ്ഞാറന്‍ ചക്രവാളത്തിലേക്ക് മഞ്ഞ കലര്‍ന്ന ചുവന്ന സൂര്യൻ ഊളിയിട്ടിറങ്ങുന്ന ആ നയന മനോഹരമായ കാഴ്ച്ച കാണാൻ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. ഞങ്ങളങ്ങോട്ടേക്ക് തിരിച്ചു. അതിവിശാലമായ ആ ബഹ്റിന്റെ അങ്ങേ കര കാണാന്‍ കഴിയുന്നുണ്ടോ എന്ന് ഞങ്ങളവിടെ നിന്നും നോക്കി. ഞങ്ങളെപ്പോലെ അനേകമാളുകളുണ്ടവിടെ. ചിലര്‍ ഭാര്യയുമായി, ചിലര്‍ മക്കളുമായി, ചിലര്‍ കാമുകിയുമായി. എല്ലാവരും അവരവരുടേതായ ലോകത്ത് പരിലസിച്ചാനന്ദിക്കുന്നു. ചിലര്‍ തിരമാലകൾക്കൊപ്പം കളിക്കുന്നത് കാണാം. തിരമാല കരയിലേക്കടിക്കുമ്പോള്‍ പേടിച്ചെന്നോണം അവർ കരയിലേക്ക് പായുന്നു. അതുള്‍വലിയുമ്പോൾ അതിന്റെ കൂടെ കടലിലേക്കുമവർ ഓടുന്നു. ചിലര്‍ക്ക് ഫോട്ടോയെടുപ്പിലാണ് കമ്പം. എന്നാൽ, ചിലര്‍ ആത്മഹത്യ ചെയ്യാൻ വന്നവരെ പോലെ കടലിന്റെ നിഗൂഢതയിലേക്ക് കണ്ണും നട്ട് ചിന്താമഗ്നരായി ഇരിക്കുന്നതു കാണാം. ഇതിനെല്ലാം സാക്ഷിയായി കുമിള തെറിപ്പിച്ച് പാഞ്ഞ് വരുന്ന തിരമാലയുടെ ആവര്‍ത്തന വിരസത... എത്രയോ കാലമായി തുടരുന്ന പ്രക്രിയ. ഒരുപക്ഷേ, ഭൂമി ഉണ്ടായത് മുതലേ ഇത് തുടരുന്നുണ്ടായിരിക്കാം. കാറ്റും, കടലും രൂപപ്പെട്ടത് മുതൽ മുടക്കമില്ലാതെ ഇത് തുടർന്ന് കൊണ്ടിരിക്കുന്നു. തിരമാലക്കപ്പുറം ഓളമിട്ടിളകുന്ന കടൽ പരപ്പും അതിലവിടവിടെയായി മീന്‍ പിടുത്ത ബോട്ടുകളും കാണാം. അതിനുമപ്പുറം വിശാലമായ പരന്ന് കിടക്കുന്ന ലക്കും ലഗാനുമില്ലാത്ത, അറ്റവും ആഴവുമറിയാത്ത, നിറമോ രൂപമോ ഇല്ലാത്ത അനന്ദസമുദ്രാത്ഭുദം. അതിന്റെ ഏറ്റവും ഒടുക്കം കാവി പുതച്ച സൂര്യൻ. ഒരുപക്ഷേ, ഈ ഭൂമിയുടെ ഒടുക്കം അവിടെയായിരിക്കാം... പ്രപഞ്ചത്തിന്റേയും. അത്രക്ക് നിഗൂഢമാണവിടത്തെ കാഴ്ച്ച. 

സൂര്യൻ ഞങ്ങളുടെ കണ്ണിനെ വെട്ടിച്ച് പതിയെ പതിയെ സമുദ്രത്തിലേക്ക് ലയിച്ച് കൊണ്ടിരിക്കുന്നതും നോക്കി ഏറെ നേരം ഞങ്ങളവിടെ ചിലവഴിച്ചു. അത് കടലില്‍ ലയിച്ചില്ലാതാവുകയാണോ എന്ന് തോന്നിപ്പോകുന്നു. എന്നാൽ, മറ്റേതോ ദേശത്ത് ഉദിച്ചുയരുവാനായി താല്‍ക്കാലികമായി വിടചൊല്ലുക മാത്രമാണത്. സൂര്യൻ പൂര്‍ണമായും മറഞ്ഞു. അതോടെ... അകലത്തുള്ളൊരു പുരാതന പള്ളിയില്‍ നിന്നും മഗ്രിബ് നമസ്കാരത്തിനുള്ള ബാങ്ക് മുഴങ്ങുകയായി.

ഈ സമുദ്രഭാഗത്ത് നിന്നും അല്‍പ്പം പടിഞ്ഞാറ്റേക്ക് ചെരിഞ്ഞ് വടക്കോട്ട് സഞ്ചരിച്ചാൽ അറേബ്യൻ തീരത്തെ മണലാരണ്യത്തിൽ എത്തിച്ചേരാം. പണ്ട് അനേകം പായകപ്പലുകള്‍ കടലിലടിക്കുന്ന ഇളം കാറ്റിനോടൊപ്പം തലങ്ങും വിലങ്ങും സഞ്ചരിച്ച പാതയാണത്. അന്നീ തീരത്തേക്കടിക്കുന്ന കാറ്റിനുപോലും അറിയാമായിരുന്നു ഈ നാടും അറേബ്യയും തമ്മിലുള്ള സ്നേഹോഷ്മളമായ ബന്ധത്തെ കുറിച്ച്. എല്ലാ കൊല്ലവും മഴക്കാലത്തിന് തൊട്ട് മുമ്പൊരു കാറ്റീ സമുദ്രത്തില്‍ രൂപപെടാറുണ്ട്. അതിന്റെ വിരിമാറില്‍ തലചായ്ച്ചാണ് അറേബ്യൻ പായകപ്പലുകൾ ഇവിടേക്കും പിന്നീട് തിരിച്ചും യാത്ര പോയിരുന്നത്. മനുഷ്യനെത്തിപിടിക്കാൻ കഴിയാത്തത്ര കാലത്തോളം പഴക്കമുള്ള സഞ്ചാരങ്ങളായിരുന്നത്. രണ്ടായിരമോ മൂവായിരമോ വർഷങ്ങൾ.

ആഴിയിൽ മുങ്ങിയ സൂര്യന്റെ അസാന്നിദ്ധ്യത്തിൽ അന്തരീക്ഷമാകെ ഇരുട്ട് പരക്കാന്‍ തുടങ്ങുമ്പോൾ ഞങ്ങൾ അവിടെ നിന്നും മടങ്ങാന്‍ തീര്‍ച്ചയാക്കി. അവിടെയുള്ള തൊഴിലാളികളുടെ ഓലമേഞ്ഞ വിശ്രമ കുടിലുകളുടെ നീണ്ട നിര ഈ തീരത്തിന് ഒരു പുരാതന ഭാവം നല്‍കുന്നു, അതിന്‌ പിന്നിലുള്ള ആളൊഴിഞ്ഞ ചാപ്പപ്പടി മത്സ്യ വിപണന കേന്ദ്രവും, മുക്കുവരുടെ ആർഭാടങ്ങളില്ലാത്ത ചെറിയ വീടുകളും പിന്നിലാക്കി ഞങ്ങൾ കുതിക്കുമ്പോള്‍ ഞാനോര്‍ത്തത് പരപ്പനങ്ങാടി തീരത്തെ ഇന്നലകളെ കുറിച്ചാണ്...

ആ ചരിത്ര സംഭവങ്ങൾ ഓര്‍ക്കുന്നതേ സമരമാണ്...

കാലം 1852 ഫെബ്രുവരി.

അതിന്റെ ആദ്യ ആഴ്ചകളിൽ പതിനായിരത്തിലധികം സായുധരായ മലബാറുകാരാണ് പരപ്പനങ്ങാടി തീരത്ത് ദിവസങ്ങളോളം തമ്പടിച്ചിരുന്നത്. തങ്ങളുടെ പ്രിയപ്പെട്ട നേതാവ് മമ്പുറം സയ്യിദ് അലവി തങ്ങളുടെ അരുമ സന്താനം മമ്പുറം സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളെ ബ്രിട്ടീഷുകാർ നാടുകടത്താന്‍ തീരുമാനിച്ച ദിനങ്ങളിയിരുന്നു അന്ന്. തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് യാത്ര മംഗളം നേരാനായിരുന്നില്ല അവരവിടെയന്ന് കാത്തിരുന്നിരുന്നത്. മറിച്ച്, ഏതൊരു വ്യവസ്ഥിതിയാണോ അദ്ദേഹത്തെ അന്നാട്ടിൽ നിന്നും പുറത്താക്കാന്‍ ശ്രമിക്കുന്നത് ആ വ്യവസ്ഥിയെ പുച്ഛിച്ച് തള്ളികൊണ്ട്‌ അതിനെതിരെ സമരം പ്രഖ്യാപിച്ചാണ് അവരവിടെ അണിനിരന്നിരുന്നത്. അക്കാലത്ത് കേരളത്തിൽ അരങ്ങേറിയിരുന്ന ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയിയിരുന്നു ഇസ്ലാമിക ജ്ഞാനി, മത പണ്ഡിതന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായ ഫസല്‍ തങ്ങൾ. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനവും പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമാണ്‌ കേരളത്തിൽ കാര്‍ഷിക കലാപങ്ങൾ ഉയർന്ന് വന്നിരുന്നത്. മലബാറിലെ മുസ്ലിം പണ്ഡിതരിൽ ഒരു വിഭാഗം നിരന്തരം ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ആ ജനവിഭാഗങ്ങളെ പ്രതികരണ ശേഷിയുള്ളവരാക്കാൻ ശ്രമങ്ങൾ നടത്തി. അവരിലെ പ്രമുഖനായിരുന്നു സയ്യിദ് ഫസല്‍. 1852 ഫെബ്രുവരി 12ന് മദ്രാസ് സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തിയ ഉത്തരവ് പ്രകാരമാണ് സയ്യിദ് ഫസലിനെ നാടുകടത്താന്‍ തീരുമാനിക്കുന്നത്. സര്‍ക്കാറിന് സ്ഥിരം വെല്ലുവിളികള്‍ സൃഷ്ടിച്ചിരുന്ന ഒരു വ്യക്തിയെ നാട്ടില്‍ നിന്നും ഇല്ലായ്മ ചെയ്യുക എന്ന നിലയിലായിരുന്നു ആ ഉത്തരവ് പ്രാബല്യത്തില്‍ വന്നത്.

ഫസലിന്റെ വര്‍ദ്ധിച്ച ജനപിന്തുണയും സ്വാധീനവും കാരണം ഈ ഉത്തരവ് നടപ്പിലാക്കാനുള്ള ധൈര്യം കലക്ടറിയിരുന്ന കനോലിക്കുണ്ടായിരുന്നില്ല. ഉത്തരവ് നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ തങ്ങളതിനെ എതിര്‍ത്താൽ ഹബ്ബന്റെ നേതൃത്വത്തിലുള്ള മൈസൂര്‍ കുതിരപടയുടെ സേവനം അവശ്യപ്പെടുന്നതിനെ കുറിച്ചും കളക്ടറന്ന് ആലോചിച്ചിരുന്നു. തങ്ങൾ സര്‍ക്കാറിനൊരു തലവേദനയായിരുന്നു എന്നാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌. അദ്ദേഹത്തെ സ്വമേധയാ എന്ന രീതിയില്‍... എന്നാൽ, നിര്‍ബന്ധപൂര്‍വ്വം രാജ്യം വിട്ടുപോകാൻ പ്രേരിപ്പിക്കുന്ന തന്ത്രങ്ങൾ കനോലി ആവിഷ്കരിച്ച് നടപ്പിലാക്കി. അതിനായി സയ്യിദ് ഫസലുമായി വളരെ അടുപ്പമുള്ള വ്യക്തികളെ കനോലി സമീപിച്ചു. ഏറനാട് തഹസിൽദാർ കുട്ടൂസ, ഡെപ്യൂട്ടി കലക്ടർ കണാരന്‍, തങ്ങളുടെ ബന്ധുവും ബ്രിട്ടീഷ് അനുകൂലിയുമായ ആറ്റക്കോയ തങ്ങൾ എന്നിവരാണ് സയ്യിദ് ഫസലുമായി കനോലിക്കു വേണ്ടി ചർച്ചകൾ നടത്തിയത്. തന്റെ പാരമ്പര്യത്തിന് നിരക്കാത്ത നടപടിയാണതെന്ന നിര്‍ബന്ധത്തിന് പുറത്ത്‌ ഫസല്‍ അദ്യമൊക്കെ അവരുടെ ആവശ്യങ്ങള്‍ക്കു മുന്നില്‍ വഴങ്ങിയില്ല എങ്കിലും. മതത്തിനും തന്നെ സ്നേഹിക്കുന്നവര്‍ക്കും കൂടി അപകടം വരുമെന്നായപ്പോൾ അറേബ്യയിലേക്ക് പലായനം ചെയ്യാൻ തന്നെ അദ്ദേഹം തീരുമാനമെടുത്തു. ബ്രിട്ടീഷുകാർക്കെതിരിൽ ചെറൂർ യുദ്ധത്തില്‍ പങ്കെടുത്ത് പരിക്കേറ്റ് മരണപ്പെട്ട മമ്പുറം സയ്യിദ് അലവി തങ്ങളുടെ മകനാണ് താന്‍ എന്ന ബോധ്യം ബ്രിട്ടീഷ് സിൽബന്ദികളുടെ നിരന്തരമായ നിര്‍ബന്ധത്തിന് മുന്നില്‍ അദ്ദേഹം വിസ്മരിച്ച് കാണണം.

കനോലി
നാടുകടത്തൽ നടപടികള്‍ക്ക് രൂപം നല്‍കിയത് കളക്ടര്‍ കനോലിയും മറ്റ് ഉദ്യോഗസ്ഥരുമായിരുന്നു. തിരൂരങ്ങാടി പള്ളി പരിസരത്തെ യൂറോപ്യന്‍ സൈനിക വിന്യാസവും അതിന്‌ പരിസരത്തിലൂടെയുള്ള തങ്ങളുടെ പരസ്യമായ യാത്രയപ്പും രൂക്ഷമായ പ്രതിഷേധത്തിനും രക്ത ചൊരിച്ചിലിനും കാരണമാകുമെന്ന് കനോലി ഭയപ്പെട്ടിരുന്നിരിക്കണം. കാരണം, തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ നാടുകടത്തലിൽ നിന്ന് തങ്ങളുടെ അവസാനം വരെ സംരക്ഷിക്കാൻ അവിടെ സംഘടിച്ചെത്തുന്ന ജനാവലി മുതിരുമെന്ന് സര്‍ക്കാറിനറിയാമായിരുന്നു. അതിനാല്‍, വളരെ രഹസ്യമായാണ് പദ്ധതികൾ ബ്രിട്ടീഷ് സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരുന്നത്. അതിനായി തിരഞ്ഞെടുത്ത തീരമായിരുന്നു പരപ്പനങ്ങാടി കടപ്പുറം. തീരത്ത് നിന്നും വളരെ രഹസ്യമായി കൊതുമ്പു വള്ളങ്ങളിൽ പുറം കടലിലേക്കും പിന്നെ പായകപ്പലില്‍ അറേബ്യയിലേക്കും അദ്ദേഹത്തെ നീക്കാനായിരുന്നു അവരുടെ പദ്ധതി.

ഞാനക്കാലത്തെ വെറുതെ അകകണ്ണിൽ കാണാന്‍ ശ്രമിച്ചു. സായുധരായ കുറേയേറെ മാപ്പിള യുവാക്കള്‍... അവർ പിറന്ന നാടിന്റെ അന്തസ്സ് കാത്തു സൂക്ഷിക്കാന്‍ പ്രതിജ്ഞയെടുത്തിവിടെ കാത്തു നില്‍ക്കുന്നു. കാറ്റും കോളുമുള്ള രാത്രികളും... മഞ്ഞും തണുപ്പുള്ള കാറ്റും അവരിവിടെ അനുഭവിച്ചിരുന്നിരിക്കണം. വിശപ്പും ദാഹവും കൂടപിറപ്പായതിനാൽ അതിൽ വലിയ പ്രയാസമവര്‍ക്ക് തോന്നിക്കാണില്ല. എന്തിനും ഏതിനും തയ്യാറായി നില്‍ക്കുന്ന അവര്‍ക്കിടയിലേക്കാണ് 1852 മാർച്ച് 19ന് സയ്യിദ് ഫസലും അവിടുത്തെ രണ്ട് പുത്രന്മാരും സഹോദരിയും പരിചാരകരുമുൾപ്പെട്ട കുടുംബം കടന്നുവരുന്നത്. അദ്ദേഹമന്ന് നിനച്ചിരുന്നെങ്കിൽ ബ്രിട്ടീഷുകാരുമായി ഒരു തുറന്ന പോരാട്ടം തന്നെ അവിടെ നടക്കുമായിരുന്നു. എന്നാൽ, തന്റെ പേരില്‍ മലബാറിലൊരു രക്തചൊരിച്ചിലുണ്ടാകുന്നിൽ തീര്‍ത്തും അദ്ദേഹം എതിരായിരുന്നു.

തിരൂരങ്ങാടി മുതൽ പരപ്പനങ്ങാടി വരെയുള്ള അനേകായിരങ്ങളുടെ പ്രാർത്ഥനകളും യാത്ര മംഗളങ്ങളും ഏറ്റുവാങ്ങി തീരത്തെ ജനമധ്യത്തിലേക്ക് അദ്ദേഹം വന്നിറങ്ങുമ്പോള്‍ തങ്ങളുടെ ആത്മീയത ഗുരുവിന്റെ മുഖം ഏവരും ശ്രദ്ധിച്ചു കാണണം. ഒരുപക്ഷേ, താന്‍ നിര്‍ബന്ധ പൂര്‍വ്വം ഇന്നാട്ടില്‍ നിന്നും നീക്കം ചെയ്യപ്പെടാന്‍ പോവുകയാണ്‌ എന്നൊന്നുമായിരിക്കില്ല ആ മുഖത്ത് വെളിവാക്കപ്പെട്ട ഭാവം. മറിച്ച്, തന്റെ അസാന്നിധ്യത്തിലും പോരാട്ടം മുന്നോട്ട് തന്നെ കുതിക്കട്ടെ എന്ന് അദ്ദേഹത്തില്‍ നിന്നും അവര്‍ക്ക് വായിച്ചെടുക്കാൻ കഴിഞ്ഞിരിക്കണം. അതുകൊണ്ടായിരിക്കുമല്ലോ... മലബാറിലെ പോരാട്ടങ്ങളുടെ തുടർച്ച പിന്നീട് കൂടുതൽ ശക്തി പ്രാപിച്ച കാഴ്ച്ച അധികാരികള്‍ക്ക് കാണേണ്ടി വന്നത്. ഒരുപക്ഷേ, അന്നാ ജനകൂട്ടത്തിൽ എമാലു, തേനു, ഹൈദർമാൻ എന്നീ പോരാളികളും സന്നിഹിതരായിട്ടുണ്ടായിരുന്നിരിക്കണം. കാരണം, അവരായിരുന്നു 1855ൽ തങ്ങളുടെ നേതാവിനെ നാട് കടത്താൻ ചുക്കാന്‍ പിടിച്ചതിന്റെ പേരില്‍ കളക്ടര്‍ കനോലിയെ കോഴിക്കോട്ടെ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ച് വകവരുത്തുന്നത്.

ഇന്നും അനീതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ ആ ധീര പോരാളികളുടെ തലമുറകളെ പ്രേരിപ്പിക്കുന്ന വലിയൊരു ആവേശമാണ് ആ ചരിത്രത്തിന്റെ ഓർമ്മകൾ...

1853ലാണ് അദ്ദേഹം യമനിലെ ഹദർ മൗത്തിൽ കപ്പലിറങ്ങുന്നത്. തന്റെ പിതാവ് 1770ൽ കേരളത്തിലേക്ക് കപ്പല്‍ കയറിയ അതേ മണ്ണായിൽ. ഒരുപക്ഷേ, അദ്ദേഹത്തിന്റെ കൂട്ടുകുടുംബങ്ങളും ബന്ധുക്കളും ഏറെയുള്ളയിടം. എന്നിട്ടും, സ്വന്തം നാട്ടില്‍ നിന്നും ഏറെ അകലത്തിലാണെന്ന ബോധം അദ്ദേഹത്തെ നിരന്തരം വേട്ടയാടിയിരുന്നിരിക്കണം. അതിനാലായിരിക്കുമല്ലോ പിതാവിന്റെ നാടായ ഹദർ മൗത്തിലെത്തിയിട്ടും അവിടെ തുടരാൻ അദ്ദേഹത്തിന് കഴിയാതെ പോയത്. ആ ഗൃഹാതുരത്വത്തിന്റെ നിലക്കാത്ത ഓർമ്മകളുടെ പ്രേരണയായിക്കാം അദ്ദേഹത്തെ മസ്കത്തിലും അവിടെനിന്ന് ഈജിപ്ത് വഴി തുര്‍ക്കിയിലെ ഇസ്താംബുളിലും എത്തിക്കുന്നത്. ലോക മുസ്ലീങ്ങളുടെ നേതാവും ഖലീഫയുമായ സുല്‍ത്താന്‍ അബ്ദുള്‍ മജീദിനെ കണ്ട് തന്റെ പ്രയാസങ്ങള്‍ ധരിപ്പിക്കുകയായിരുന്നു സയ്യിദ് ഫസലിന്റെ ഇസ്താംബുളിലെ പ്രഥമ ദൗത്യം. സുല്‍ത്താനെ സ്വാധീനിച്ച് മലബാറിലേക്ക് തിരിച്ച് വരാനുള്ള ശ്രമങ്ങൾ സയ്യിദ് ഫസല്‍ അന്നുമുതൽക്കേ തുടക്കം കുറിച്ചു. അതിനായി നിരന്തരം സുല്‍ത്താന്റെ ഉദ്യോഗസ്ഥരെ അദ്ദേഹം സന്ദര്‍ശിച്ചു. ഒടുവില്‍, അതിന്‌ ഫലം കാണുക തന്നെ ചെയ്തു. അതിന്‌ ചരിത്രപരമായ മറ്റൊരു കാരണം കൂടിയുണ്ട്. അക്കാലത്ത് തുര്‍ക്കിയില്‍ സുല്‍ത്താന്‍ അബ്ദുള്‍ മജീദിന്റെ കീഴില്‍ 'ഖത്തേ ശരീഫ്' എന്ന പേരില്‍ മനുഷ്യാവകാശങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന പുതിയൊരു യുഗത്തിന് തുടക്കം കുറിച്ചിരുന്നു. തുര്‍ക്കിയുടെ രാഷ്ട്രീയ ചരിത്രത്തിൽ മനുഷ്യ വികാരങ്ങള്‍ക്കും, സംസ്കാര സമ്പന്നതക്കും ഇത്രമേല്‍ പ്രാധാന്യം കൊടുത്ത മറ്റൊരു കാലഘട്ടമുണ്ടായിട്ടില്ല എന്ന് ലൂയി പെറ്റിറ്റിനെ പോലുള്ള ചരിത്രകാരന്മാര്‍ അക്കാലത്തെ സംബന്ധിച്ച് സൂചിപ്പിക്കുന്നു.

സുൽത്താൻ അബ്ദുൽ മജീദ്
ഓട്ടോമൻ സുല്‍ത്താനുമായി നടത്തിയ ഇടപെടലുകളുടെ ഫലമായാണ് തുര്‍ക്കിയിലെ ബ്രിട്ടീഷ് അംബാസിഡര്‍ സയ്യിദ് ഫസലിനെ പരിചയപ്പെടുത്തികൊണ്ടും, അദ്ദേഹത്തിന് സുഗമമായി ഇന്ത്യയിലേക്ക് വന്നുചേരുവാനുള്ള സാഹചര്യമൊരുക്കാൻ ആവശ്യപ്പെട്ടുകൊണ്ടും ബോംബേയിലെ ബ്രിട്ടീഷ് ഗവര്‍ണര്‍ക്ക് കത്തെഴുതുന്നത്. നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കുമെന്ന നിഷ്കളങ്കമായ പ്രതീക്ഷയിൽ അദ്ദേഹം പിന്നീട് ഈജിപ്തിലേക്ക് തിരിച്ചു. ഒരുപക്ഷേ, യാത്രാനുമതി ലഭിക്കുന്ന മുറക്ക് യമൻ തീരത്തെത്തി കപ്പല്‍ കയറാനായിരിക്കാം അദേഹത്തിന്റെ പദ്ധതി. എന്നാൽ, ഈ വിവരം ലഭിച്ച മദ്രാസ് പ്രവിശ്യാ സെക്രട്ടറി വൈക്രോപ്റ്റ് ബോംബേ ഗവര്‍ണറുമായി നേരിട്ട് ബന്ധപ്പെട്ട് ഏത് വിധേനയും ആ മടക്ക യാത്ര തടയാൻ ആവശ്യപ്പെട്ടു. അതിന്‌ വ്യക്തമായ കാരണവും അദ്ദേഹം ബോധിപ്പിച്ചിരിക്കാം. ഏതൊരു സാഹചര്യത്തിലാണ് സയ്യിദ് ഫസല്‍ ഇന്ത്യയിൽ നിന്നും പുറത്താക്കപ്പെട്ടതെന്നും, ആ വ്യക്തി മടങ്ങി വന്നാൽ മലബാര്‍ പ്രദേശത്ത് ഉണ്ടാകാനിടയുള്ള അനര്‍ത്ഥങ്ങളെ കുറിച്ചും വിശദമായി തന്നെ ബോംബേ ഗവര്‍ണ്ണറെ അദ്ദേഹം ധരിപ്പിച്ചു. അങ്ങനെയാണ്‌ ഇന്ത്യയിലെ എല്ലാ തുറമുഖ അധികാരികള്‍ക്കും സയ്യിദ് ഫസലിന്റെ വാരവുമായി ബന്ധപ്പെട്ട് ജാഗരൂകരായിരിക്കിനുള്ള നിർദ്ദേശങ്ങൾ നല്‍കുന്നത്. ഈ മുന്‍ കരുതലുകളൊക്കെ അതിജീവിച്ച് സയ്യിദ് ഫസല്‍ മദ്രാസ് പ്രവിശ്യയിലെങ്ങാൻ പ്രവേശിച്ചാല്‍ ഉടനെ അദ്ദേഹത്തെ അറസ്റ്റുചെയ്യാനും അധികൃതര്‍ തീരുമാനിച്ചു.

അതിനിടയിലാണ് കോഴിക്കോട് ജയിലിൽ നിന്നും ചാടിയ തടവുപുള്ളികള്‍ തങ്ങളുടെ നേതാവ് സയ്യിദ് ഫസലിനോടും കുടുംബത്തോടും ചെയ്ത നെറികേടിന്റെ പേരില്‍, അതിന്റെ കാരണക്കാരനായ കൊനോലിയെ അദ്ദേഹത്തിന്റെ വസതിയില്‍ ചെന്ന് വധിക്കുന്നത്. സര്‍ക്കാര്‍ സേവകനായ ഒരുയർന്ന ഉദ്യോഗസ്ഥന്റെ വധമെന്ന നിലയില്‍ ആ സംഭവം വലിയ പ്രത്യാഘാതമാണ് ഇന്ത്യയിലുണ്ടാക്കിയത്. കൃത്യം ചെയ്തവരെ കണ്ടത്തി അവരെ തൂക്കിലേറ്റികൊണ്ട് ബ്രിട്ടീഷ് സര്‍ക്കാര്‍ അവരുടെ അരിശം തീര്‍ത്തങ്കിലും, അതും മതിയാകാഞ്ഞിട്ട്, അവരുടെ മൃതദേഹം മഞ്ചേരി കച്ചേരിക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട്‌ ജനങ്ങളെ ഭയചകിതരാക്കുവാനും അവർ ശ്രമിച്ചു. കനോലിയുടെ വധത്തിന് പിന്നിലും സയ്യിദ് ഫസലിന്റെ കരങ്ങള്‍ തന്നെയായിരിക്കുമെന്ന നിഗമനത്തില്‍ തുടരന്വേഷണത്തിന്‌ റോബിന്‍സൺ എന്ന ഉദ്യോഗസ്ഥനെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഈജിപ്തിലേക്കയച്ചു. അവിടെ വച്ച് സയ്യിദ് ഫസലിന്റെ ഈജിപ്തിലേയും പരിസര പ്രദേശങ്ങളിലേയും പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് തന്നെ റോബിന്‍സൺ അധികൃതര്‍ക്ക് അയച്ചുനല്‍കി. 1856ൽ ഏഡനിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ നല്‍കിയ കണക്കനുസരിച്ച് വര്‍ഷം തോറും ഏകദേശം 2000ത്തോളം മലബാര്‍ തീര്‍ത്ഥാടകരാണ് അക്കാലത്ത് മക്ക സന്ദര്‍ശിക്കാറുള്ളത്രെ. അവരുമായുള്ള സയ്യിദ് ഫസലിന്റെ ബന്ധത്തെകുറിച്ചും റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരുന്നു. നാട്ടിലെ മത ചടങ്ങുകളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കുന്നതിനും, ഫതുവ തേടുന്നതിനും അവർ ഫസലുമായി ബന്ധപ്പെട്ടിരുന്നു എന്നും അതിൽ കാണാൻ കഴിയും. അതിനാല്‍, അറേബ്യയില്‍ നിന്നും സയ്യിദ് ഫസലിനെ ഡമാസ്കസിലേക്കോ, ബർസഖിലേക്കോ നാട് കടത്തുന്നതാണ് ഉത്തമമെന്ന് റോബിന്‍സൺ റിപ്പോര്‍ട്ടിൽ പറഞ്ഞുവെക്കുന്നുണ്ട്. അങ്ങനെ ചെയ്താൽ മാത്രമേ ഫസലിന്റെ സ്വാധീനം ഒരളവ് വരെയെങ്കിലും കുറക്കാന്‍ സാധിക്കുകയുള്ളു എന്നും അദ്ദേഹം നിരീക്ഷിച്ചു.

സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ
നാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹം ഒരു സ്വപ്നമായി മാത്രം അവശേഷിക്കുന്നു എന്ന്  ബോധ്യപ്പെട്ടതിനിടയിലാണ് ഒമാനിലെ ദോഫാർ പ്രദേശത്തെ അമീറായി പ്രവർത്തിച്ചു കൊണ്ട്‌ ഒട്ടോമൻ സര്‍ക്കാരിനെ സേവിക്കാൻ തയ്യാറുണ്ടോ എന്ന ചോദ്യം ഇസ്താംബുളിൽ നിന്നും അദ്ദേഹത്തെ തേടി വരുന്നത്. അദ്ദേഹമത് സ്വീകരിക്കുകയും, 1876ഓടെ ദോഫാറിന്റെ അമീറായി ചുമതലയേൽക്കുകയും ചെയതു. 1879ൽ പ്രാദേശിക ശൈഖുമാർ അദ്ദേഹത്തെ പുറത്താക്കി അധികാരം പിടിച്ചെടുക്കുന്നത് വരെ ദോഫാരി ഗോത്രങ്ങളുടെ സഹായത്തോടെ അഭ്യന്തര ബദുക്കൾക്കെതിരെ അദ്ദേഹം പ്രവർത്തിച്ചു. പ്രദേശത്തെ സ്വൈര്യ ജീവിതം തകര്‍ക്കുന്ന രീതിയില്‍ നീങ്ങിയിരുന്ന ആ സംഘത്തെ ദുര്‍ബലമാക്കിയത് കാരണവും, അവിടുത്തെ ഭരണ മികവിന്റെ പേരിലും ബ്രിട്ടീഷ് രാജ്ഞി വരെ തന്റെ അഭിനന്ദനം സയ്യിദ് ഫസലിനെ അറിയിച്ചു എന്നും ചരിത്രത്തിൽ കാണാൻ കഴിയും. 1879ഓടെ അധികാരം നഷ്ടപ്പെട്ട അദ്ദേഹം പിന്നീട് തുര്‍ക്കിയിലേക്കു തന്നെ നീങ്ങി. കാരണം, അപ്പോഴേക്കും തുര്‍ക്കി ഖിലാഫത്തിലെങ്ങും പ്രശസ്തനായ ആ വ്യക്തിയുടെ സേവനം തുടര്‍ന്നും ഇസ്താംബുളിന് ആവശ്യമുണ്ടെന്ന് അവർ അറിയിച്ചിരിക്കാം. അതിനാല്‍, പിന്നീട് കുറച്ച് കാലം സുല്‍ത്താന്‍ അബ്ദുൽ ഹമീദ് രണ്ടാമന്റെ മതോപദേഷ്ടാവായി അദ്ദേഹം തുര്‍ക്കിയില്‍ പ്രവർത്തിച്ചു. ഇതിനിടയിൽ, അദ്ദേഹത്തിന് തുർക്കി ഭരണകൂടം അവരുടെ ഉയർന്ന ബഹുമതിയായ 'പാഷ' പട്ടം നൽകി ആദരിച്ചു. ഓട്ടോമൻ രാഷ്ട്രീയ സൈനിക വ്യവസ്ഥയിൽ ഉയർന്നൊരു പദവിയാ‌ണിത്. സാധാരണ ഗവർണർമാർക്കും ജനറൽമാർക്കും വിശിഷ്ടാതിഥികൾക്കും മാത്രമായി നൽകുന്ന ഒന്ന്. എന്നാൽ, മലബാറിന്റെ നാലതിരുകള്‍ വിട്ട് അറബ് ഒട്ടോമൻ ലോകത്ത് സ്വീകാര്യതയുള്ള ഒരു അന്താരാഷ്ട്ര വ്യക്തിത്വവുമായി അദ്ദേഹം വളരുന്നത് ബ്രിട്ടീഷുകാർ ഏറെ ആശങ്കയോടെയാണ് നോക്കി കണ്ടത്. അതുകൊണ്ട്‌ തന്നെ അദ്ദേഹം ഇന്ത്യൻ തീരമണയാതിരിക്കാനുള്ള എല്ലാ ആസൂത്രണങ്ങളും അവർ കൂടുതൽ ശക്തിയായി മുന്നോട്ട് കൊണ്ടുപോയി. അദ്ദേഹത്തിന് ചുറ്റും ബ്രിട്ടീഷ് ചാരന്മാർ നിരന്തരം വട്ടമിട്ട് പറന്നു. അവർ സയ്യിദ് ഫസലിന്റെ ഓരോ നീക്കങ്ങളും ഒപ്പിയെടുത്ത് ഉന്നത വൃത്തങ്ങളെ അറിയിച്ച് കൊണ്ടിരുന്നു. ഇതേ സമയം തുര്‍ക്കിയിലെ രാഷ്ട്രീയ രംഗവും അതിസങ്കീര്‍ണമായ സാഹചര്യങ്ങളിലൂടെ കടന്ന് പോയി കൊണ്ടിരിക്കുകയായിരുന്നു. ഒരു വശത്ത് റഷ്യയുമായും പിന്നീട് ഗ്രീസുമായും ചെയ്ത യുദ്ധത്തിന്റെ ഫലമായി തകർന്ന സാമ്പത്തിക രംഗവും, മറുവശത്ത്‌ യുവതുര്‍ക്കികളുടെ വിപ്ലവ ചൂടില്‍ തിളച്ച് മറിയുന്ന തെരുവുകളും... ഇത്തരമൊരു പ്രതികൂലമായ സാഹചര്യത്തിൽ തന്റെ തിരിച്ച് പോക്ക് അസാധ്യമാണന്ന തിരിച്ചറിവിലായിരിക്കണം അദ്ദേഹം പിന്നെ ഏറെ നാൾ വിശ്രമത്തിലായിരുന്നു.

1901ല്‍ തന്റെ 77ആം വയസ്സില്‍ സയ്യിദ് ഫസൽ പാഷ ഇസ്താംബുളിൽ മരണപ്പെടുമ്പോൾ തുര്‍ക്കി ഖിലാഫത്തിന്റെ അധികാര ശ്രേണിയില്‍ നിഷേധിക്കാൻ കഴിയാത്തൊരു ശക്തിയായി ആ അതുല്യനായ മലബാറുകാരൻ വളര്‍ന്ന് കഴിഞ്ഞിരുന്നു. അതിനാലായിരിക്കും... ഇസ്താംബുളിലെ സുല്‍ത്താന്‍ മഹ്മൂദ് ഖാന്റെ ഖബറിനരികില്‍ തന്നെ അദ്ദേഹത്തെ മറമാടാൻ അധികാരികൾക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരാതിരുന്നത്. അവിടെ മാർബിൾ വിരിച്ച് മനോഹരമാക്കിയ അദ്ദേഹത്തിന്റെ കല്ലറയിൽ ഇങ്ങനെ എഴുതിയിരിക്കുന്നതായി കാണാം.

"ഫസൽ പാഷ... ഹിജ്റ 1318" എന്ന്.

ഫസൽ പാഷയുടെ ഇസ്തംബൂളിലെ കുടീരം
ഫസലിന്റെ മരണ ശേഷം ചിന്നിച്ചിതറിയ കുടുംബം അറേബ്യയുടെ മറ്റ് ഭാഗങ്ങളിലേക്ക് നീങ്ങുകയും അവിടങ്ങളില്‍ സ്ഥിരവാസമുറപ്പിക്കുകയും ചെയതു. പിന്നീട്, ദേശരാഷ്ട്രങ്ങള്‍ നിലവില്‍ വരുന്ന സന്ധിയില്‍ എത്തിപ്പെട്ട രാജ്യങ്ങളിലെ പൗരന്മാരായി അവർ മാറി. അങ്ങനെ ആ മമ്പുറംകാർ ഈജിപ്തുകാരും, സിറിയക്കാരും, തുര്‍ക്കിളുമൊക്കെ ആയിമാറി. ഒരു കാലഘട്ടത്തിൽ തിളങ്ങി നിന്ന ഒരു വ്യക്തിയുടെ പിന്‍ഗാമികളെന്ന നിലയില്‍ ആ കുടുംബത്തിന് വലിയ ആദരവാണ് ആ രാജ്യങ്ങളില്‍ ലഭിച്ചുവന്നത്‌. ആ കുടുംബങ്ങൾ അദ്ദേഹത്തിന്റെ പേരില്‍ തന്നെ അവിടങ്ങളില്‍ അറിയപ്പെട്ടു.

ഫസല്‍...

അത് അവര്‍ക്കങ്ങനെ അവരുടെ കുടുംബ പേരായിമാറി. അവരിലെ ആദ്യ തലമുറകള്‍ അവരുടെ പാരമ്പര്യത്തെകുറിച്ച് ബോധവാന്മാരായിരുന്നു എങ്കിലും, കാലങ്ങള്‍ മുന്നോട്ട് നീങ്ങുന്നതിനനുസരിച്ച് അവരുടെ നീളമുള്ള പേരിന്റെ അവസാനം ചേര്‍ക്കുന്ന കേവലമൊരു നാമമായത് രൂപാന്തരം പ്രാപിച്ചു. തങ്ങളുടെ ഒരു മുന്‍ഗാമി കടന്ന് വന്ന അതിരൂക്ഷമായ സാഹചര്യത്തെകുറിച്ചും... ഒരു ജനതക്ക് അദ്ദേഹം നല്‍കിയ പ്രചോദനത്തെകുറിച്ചുമറിയാതെ അനേകം പേർ ഇതിനകം അവരിലൂടെ കടന്ന് പോയി കാണും. അതിന്റെ ഒടുവിലത്തെ പ്രതിനിധിയാണ് അന്നെന്റെ മുന്നില്‍ വന്ന ആ സിറിയന്‍ യുവാവ്... അയാള്‍ക്കും സയ്യിദ് ഫസല്‍ മലബാറുകാരനായ തന്റെയൊരു മുന്‍ഗാമി മാത്രമായിരുന്നു.

Tuesday, 2 June 2020

കഥ പറയുന്ന പീരങ്കിയുണ്ടകൾ

ഇന്നത്തെ പത്രത്തിൽ കണ്ണൂർ കോട്ടയെ സംബന്ധിച്ചൊരു വാര്‍ത്ത ഞാൻ കണ്ടു. കോട്ടയിൽ സന്ദർശകർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി നടത്തിയ കുഴി തോണ്ടലിൽ തേങ്ങയുടെയും ഓറഞ്ചിന്റെയും മറ്റും വലിപ്പമുള്ള ആയിരത്തി അഞ്ഞൂറോളം പീരങ്കിയുണ്ടകൾ കണ്ടെത്തുകയുണ്ടായത്രെ. തുടർ ദിനങ്ങളിൽ നടത്തിയ പര്യവേഷണങ്ങളിൽ ഇരുന്നൂറ്റി അമ്പത് ഗ്രാം മുതൽ ഒമ്പത് കിലോവരെ തൂക്കമുള്ള പതിമൂവായിരത്തോളം ഇരുമ്പുണ്ടകൾ ലഭിച്ചു. ഒടുവില്‍, പത്ത് ദിവസങ്ങളോളം നീണ്ടു നിന്ന ആ ഖനനത്തിനൊടുക്കം നാല് കുഴികളിൽ നിന്നായി അനേകം പീരങ്കിയുണ്ടകൾ ലഭിച്ചെന്നാണ്‌ പത്രത്തിൽ രേഖപ്പെടുത്തി കണ്ടത്. പല വലിപ്പത്തിലും ആകൃതിയിലുമുള്ള ഇവയിൽ ചിലത് പൊട്ടിയിട്ടുണ്ട്. ചിലതിന്റെ ഉള്ള് പൊള്ളയാണ്. ചിലതാണങ്കിലോ തുരുമ്പിച്ച് നാശത്തിന്റെ വക്കിലുമെത്തിയിരിക്കുന്നു. നാല് കുഴികളിൽ നാലാമത്തെ കുഴിയിൽ നിന്നാണ് ഏറ്റവുമധികം വെടിയുണ്ടകൾ ലഭിച്ചിരിക്കുന്നത്. കോട്ടയുടെ അതിർത്തിയായ മതില്‍ വരെ ഈ ശേഖരം നീണ്ടു പരന്നുകിടക്കുന്നുണ്ടെന്ന വാര്‍ത്തയോടെ ആ വൃത്താന്തം അവസാനിക്കുന്നു.
 
ആ വാര്‍ത്ത അല്‍പ്പ കാലം പിന്നിലേക്കെന്നെ അന്ന് നയിക്കുകയുണ്ടായി. പോര്‍ച്ചുഗൽ കാലത്തോളമോ, ഡെച്ച്-ബ്രിട്ടീഷ് കാലത്തോളമോ അല്ല. ഈ അടുത്ത് 2009 കാലത്തേക്ക്...

അന്നായിരുന്നു ഞാനെന്റെ സഹോദരനോടൊപ്പം ആ കോട്ട ആദ്യമായി സന്ദര്‍ശിക്കാൻ ചെല്ലുന്നത്. ഒഴിവു ദിനങ്ങളുടെ ആലസ്യത്തിനിടയിലൊരു ദിവസം കണ്ണൂരിൽ ജോലി നോക്കി വരുന്ന എന്റെ മൂത്ത സഹോദരനെ സന്ദര്‍ശിക്കാൻ ഇറങ്ങിയതായിരുന്നു ഞങ്ങൾ. കണ്ണൂരിലെത്തി അവിടെ കാണാനുള്ള സംഗതിയെക്കുറിച്ചൊക്കെ അന്വേഷിക്കുന്ന കൂട്ടത്തിലാണ് കണ്ണൂര്‍ കോട്ടയെ കുറിച്ചറിയാൻ കഴിഞ്ഞത്. എന്നാലവിടേക്കാകട്ടെ ഇന്നത്തെ യാത്ര എന്ന് ഞങ്ങൾ തീര്‍ച്ചപെടുത്തി. കണ്ണൂരിന്റേയോ പ്രത്യേകിച്ച് കണ്ണൂര്‍ നഗരത്തിന്റേയോ അവിടങ്ങളിലെ ചരിത്ര മന്ദിരങ്ങളെ സംബന്ധിച്ചോ വലിയൊരു ധാരണയൊന്നും അന്ന് ഞങ്ങള്‍ക്കില്ലായിരുന്നു. എങ്കിലും, ആ ദുർഗമെന്തായിരിക്കാം സന്ദര്‍ശകർക്കായി അവിടെ കാത്തുവച്ചിരിക്കുന്നതെന്ന ആകാംക്ഷയാണ് ഞങ്ങളെ അവിടേക്ക് നയിച്ചത്.

നടന്നാലെത്തുന്ന ദൂരം മാത്രം... അദ്യം, മെയിൻ റോഡില്‍ നിന്നും അല്‍പ്പം ഉള്ളിലേക്ക്. പിന്നെ, നല്ല തണൽ മരങ്ങൾ അതിരിടുന്ന കോൺക്രീറ്റ് സ്ലാബിലൂടെ നേരെ മുന്നോട്ട് നടന്നാൽ കുറച്ചകലത്തായി കോട്ടയുടെ എടുപ്പ് കാണാം.
 
പൊതുവില്‍ ചതുരാകൃതിയിൽ കാണപ്പെടുന്ന കേരളത്തിലെ മറ്റ് കോട്ടകളില്‍ നിന്നും വെത്ത്യസ്ഥമായി ത്രികോണാകൃതിയിലാണ്‌ ഈ കോട്ട നിര്‍മ്മിച്ചു വച്ചിരിക്കുന്നത്. ഒരുപക്ഷേ, പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ കിടപ്പായിരിക്കാം അതിന്റെ കാരണം. അറബിക്കടലിന്റെ ഓരത്ത് മാപ്പിള ബേ തുറമുഖത്തെ അഭിമുഖീകരിച്ച് കണ്ണൂർ പട്ടണത്തിന്റെ ഒരു തുമ്പത്താണ് കോട്ടയുടെ സ്ഥാനം. കോട്ടയില്‍ നിന്നു നോക്കിയാല്‍ മാപ്പിള ബേ ഉള്‍ക്കടലും, കടല്‍ തീരത്തു നിന്നും നൂറ് മീറ്റര്‍ അകലെ അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ധര്‍മ്മടം ദ്വീപിന്റെ മനോഹാരിതയും കാണാന്‍ കഴിയും.

ധര്‍മ്മടം ദ്വീപ് അറബികടലിൽ ഉയർന്ന് നില്‍ക്കുന്നൊരു ഒറ്റപ്പെട്ട മൺതിട്ടയാണ്. നെറ്റി വരെ കടലില്‍ മുങ്ങിയൊരു ഫ്രീക്കന്റെ വെളിയില്‍ കാണുന്ന തല മുടിപോലെയാണ് ധര്‍മ്മടം. കാരണം, ദ്വീപിന്റെ അഞ്ചേക്കർ വിസ്തൃതിയിൽ ഇടതൂർന്ന നിലയില്‍ ജഡ കെട്ടിയതു മാതിരി വൃക്ഷലഥാതികൾ വളര്‍ന്ന് പന്തലിച്ചു നില്‍ക്കുകയാണ്. ദ്വീപിനെ സംബന്ധിച്ച് രസകരമായ ഒരു കഥ ആരോ പറഞ്ഞത് ഞാന്‍ കേട്ടിട്ടുണ്ട്. മൊബൈലും മറ്റുമൊന്നുമില്ലാ കാലത്തൊരിക്കൽ ഒരു യുവാവ് ദ്വീപു കാണാനിറങ്ങിയെത്രെ. ദ്വീപിലേക്ക് കയറി അതിന്റെ ഉള്ളറകളിലെ കാഴ്ച്ചയൊക്കെ കണ്ടാനന്ദിച്ച് വൈകുന്നേരത്തോടെ മടങ്ങാന്‍ നോക്കുമ്പോഴുണ്ട് ദ്വീപിന് ചുറ്റും ഒരാൾ പൊക്കത്തിൽ വെള്ളം ഉയര്‍ന്ന് നിൽക്കുന്നു. വേലി കയറ്റം എന്നൊരു കടൽ പ്രതിഭാസത്തെക്കുറിച്ച് അജ്ഞാതനായ ആ യുവാവിന് പിറ്റേ ദിവസം മാത്രമാണ്‌ അവിടെനിന്നും കരകയറാൻ കഴിഞ്ഞത് എന്ന് പ്രത്യേകം പറയേണ്ടല്ലോ.
 
കോട്ടകളോ കാലപ്പഴക്കത്താൽ നിഗൂഢമായ കെട്ടിടങ്ങളോ കാണുമ്പോൾ എന്റെ മനസ്സിൽ പെട്ടന്നുയർന്ന് വരുന്ന കാര്യമാണ് അവിടെ വല്ല ഒളിത്താവളങ്ങളോ രഹസ്യ വഴികളോ ഉണ്ടോയെന്നുള്ളത്. ഒരുപക്ഷേ, യുദ്ധങ്ങളുടേയും പോരാട്ടങ്ങളുടേയും കഴിഞ്ഞ കാലങ്ങളിൽ അത്തരം സംവിധാനങ്ങൾ അത്യന്താപേക്ഷിതമായിരുന്നു എന്ന ധാരണയിൽ നിന്നായിരിക്കാം എന്റെ ആ ചിന്ത. അതു സംബന്ധിച്ചന്വേഷിച്ച ഞങ്ങൾക്ക് അത്യാവശ്യം സംതൃപ്തമായ ഉത്തരം തന്നെ ലഭിച്ചു. കണ്ണൂര്‍ കോട്ടയിൽ നിന്നും തലശ്ശേരി ഇംഗ്ലീഷ് കോട്ടയിലേക്ക് നീളുന്ന ഇരുപത് കിലോമീറ്റർ രഹസ്യ തുരങ്കത്തെ കുറിച്ച്... വലിയ ആവേശത്തോടെയാണ് ഞങ്ങളത് കേട്ടുനിന്നത്. കടലിന്റെ അടിത്തട്ടിൽ കൂടി നിമ്മിച്ചിരിക്കുന്ന ആ തുരങ്കം സൈനികർക്ക് രക്ഷപെടാനാണത്രെ നിര്‍മ്മിച്ചു വച്ചിരിക്കുന്നത്. കോട്ടയിലെ ടൂറിസം ഉദ്യോഗസ്ഥനാണ് അക്കാര്യം ഞങ്ങൾക്ക് പറഞ്ഞു തരുന്നത്. എങ്കിലും, അത് പൂര്‍ണ്ണാർത്ഥത്തിൽ ശരിയാണെന്നെനിക്ക് തോന്നിയില്ല.

കോട്ടയുടെ വലിയ കവാടം കയറി ചെന്നാൽ ആദ്യം നമ്മെ സ്വാഗതം ചെയ്യുന്നത് മറ്റേതൊരു ചരിത്ര മന്ദിരത്തിലേയും പോലെ ടിക്കറ്റ് കൗണ്ടർ തന്നെ ആയിരുന്നു. ചോര മണക്കുന്ന കഴിഞ്ഞ കാലത്തിന്റെ പ്രായശ്ചിത്തം പോലെ തോന്നുന്നു ആ കാഴ്ച്ച കണ്ടപ്പോൾ. സംശയത്തോടെ നമ്മെ നിരീക്ഷിക്കുന്ന ഭീകര സുരക്ഷാ ജീവനക്കാരുടെ രൂക്ഷ നോട്ടത്തിന് പകരമായി ചിരിക്കുന്ന മുഖവുമായി തങ്ങളുടെ സേവനം അര്‍പ്പിക്കുന്ന ടൂറിസം ഉദ്യോഗസ്ഥര്‍... കാലം ഒന്നിനും കണക്ക് ചോദിക്കാതെ കടന്ന് പോയിട്ടില്ല.

കോട്ടക്കുള്ളിലേക്ക് കടന്നാൽ ഭംഗിയായി ലാന്‍ഡ് സ്കേപ്പ് ചെയ്ത വിശാലമായ പുൽതകിടിക്കും പൂച്ചെടികള്‍ക്കും വശങ്ങളില്‍ അനേകം കെട്ടിട കാഴ്ചകൾ കാണാം. ഒരു കോട്ട എന്നാൽ കേവലം യുദ്ധം തന്ത്രങ്ങൾ മാത്രം ആസൂത്രണം ചെയ്യുന്ന... സൈനിക പരേഡുകൾകൊണ്ട് മുഖരിതമായൊരു ഇടമാണന്ന് പൊതുവെയുള്ള ധാരണയാണ്. ആയുധങ്ങൾ, സൈനിക കസര്‍ത്തുകൾ, ഭീകര താണ്ഡവമാടുന്ന ജയിലറകൾ, സൈനിക ഉദ്യോഗസ്ഥര്‍ അങ്ങനെ നീളുന്നു കോട്ടയെ സംബന്ധിച്ച മനസ്സുകളിലെ ചിന്തകള്‍. എന്നാൽ, അങ്ങനെയല്ല യാഥാർത്ഥ്യം എന്നുള്ളതാണ് വാസ്തവം. ഒരു നാട്ടുരാജ്യത്തിന്റെ അല്ലെങ്കിലൊരു പ്രത്യേകം ഭൂഭാഗത്തിന്റെ സര്‍വ്വവുമാണ് കോട്ടകള്‍. രാജാവിന്റെ വസതി മുതൽ നിയമനിര്‍മ്മാണ സംവിധാനങ്ങള്‍, സൈനിക പരിശീലന കേന്ദ്രങ്ങള്‍, തടവറകള്‍, കോടതികൾ തുടങ്ങി ഏറ്റവും താഴെ തട്ടിലുള്ള സര്‍ക്കാര്‍ ഓഫീസുകൾ വരെ അതിൽ പ്രവര്‍ത്തിക്കുന്നു. അഥവാ, ഒരു കാലത്തെ ഈ പ്രദേശത്തിന്റെ പാര്‍ലമെണ്ടും കോടതിയും സെക്രട്ടറിയേറ്റും രാജകൊട്ടാരവുമൊക്കെയായിരുന്നു ഞങ്ങള്‍ക്ക് ചുറ്റിലും കണ്ട ആ കെട്ടിട കാഴ്ച്ചകളെന്ന് ചുരുക്കം. അതിൽ പല കാലഘട്ടത്തിന്റേതായ കൂട്ടി ചേര്‍ക്കലുകളെ നമുക്ക് വായിച്ചെടുക്കാൻ സാധിക്കും. പോര്‍ച്ചുഗീസ് മാതൃകയിലുള്ള കോട്ട ഭിത്തികളും വലത് വശത്തെ ഉള്ള് തുറന്നൊരു കെട്ടിടവും. അത് കുതിരാലയമായിരുന്നന്ന് ആരോ പറയുന്നത് കേട്ടു. ഡെച്ച് നിര്‍മ്മാണ രൂപത്തിൽ ഇടതു വശത്ത് കണ്ടൊരു കെട്ടിടം ഓഫീസാവശ്യത്തിന് ഉപയോഗ പെടുത്തിയിരുന്നതായിരുന്നത്രെ. പിന്നെ, ബ്രിട്ടീഷ് കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന കൊത്തളങ്ങളും സിഗ്നല്‍ സംവിധാനങ്ങളും ഞങ്ങളവിടെ കണ്ടു.

ഞങ്ങളാ കൊത്തളങ്ങളുടെ  കയറി ചെന്നു. മുന്നില്‍ അറബി കടലിന്റെ വിശാലത കാണാം. അത് സ്വച്ഛമായി പരന്ന് പരന്ന് നീണ്ടു പോകുന്നു. ചെറിയ തിരമാലകള്‍ കോട്ട ഭിത്തികളിലെ കരിങ്കൽ തറയിലടിക്കുന്നത് മാത്രമാണ്‌ ശബ്ദം. പിന്നെ, കടൽ കാറ്റിന്റെ ചെറിയ മൂളക്കവും. എത്ര എത്ര യുദ്ധങ്ങള്‍ കണ്ട ജലോപരിതലമാണിത്. ഒരുപക്ഷേ, ഉപ്പു വെള്ളത്തിൽ കുതിര്‍ന്ന് പോകാതെ കിടക്കുന്ന കബന്ധങ്ങൾ ഇപ്പോഴുമതിന്റെ അടിത്തട്ടിലുണ്ടായിരിക്കാം. പിന്നെ, ആയുധങ്ങൾ, കൊതുമ്പ് വള്ളങ്ങൾ, പീരങ്കിയുണ്ടകൾ അങ്ങനെ അനേകം വസ്തുക്കള്‍.

ഇന്ത്യ ഉള്‍പ്പെടെയുള്ള കിഴക്കന്‍ നാടുകളിലെ വ്യാപാര രംഗത്തുനിന്നും തുര്‍ക്കിയിലെയും അറബ് നാടുകളിലെയും വണിക് സമൂഹത്തെ മുഴുവന്‍ തുടച്ചുനീക്കുമെന്ന പ്രതിജ്ഞയോടെ സമസ്ത ഇന്തീസിന്റേയും വൈസ്രോയിയായി പോര്‍ച്ചുഗലില്‍ നിന്നും നിയമിതനായ ഡോണ്‍ ഫ്രാന്‍സിസ്‌കോ അല്‍മേദയാണ് 1505 ഒക്ടോബറില്‍ ഈ കോട്ടയുടെ പണി തുടങ്ങുന്നത്. അന്നീ പ്രദേശം ഭരിച്ചിരുന്ന കോലത്തിരി രാജാവിന്റെ പ്രത്യേകം അനുമതി അതിനായി അയാൾ സംഘടിപ്പിച്ചു. അങ്ങനെ, കേവലം അഞ്ച് ദിവസംകൊണ്ട് അത്യാവശ്യത്തിനുള്ള സജ്ജീകരണങ്ങളൊക്കെയായി കോട്ടയുടെ പൂർവ്വരൂപം പൂർത്തിയാക്കപ്പെട്ടു. അല്‍മേദക്ക് ശേഷം വൈസ്രോയിയായി നിയമിതനായ ആല്‍ബുക്കര്‍ക്ക് അറക്കല്‍ രാജാവിന്റെ അധീനതയിലുണ്ടായിരുന്ന മാലിദ്വീപിന്റെ അധികാരം തങ്ങള്‍ക്കാണെന്ന് 1523ൽ വാദിച്ചതോടെയാണ് അറക്കല്‍ രാജാവ് കോട്ടക്കെതിരിൽ വമ്പിച്ച ചെറുത്തുനില്‍പ്പ് നടത്തുന്നതും യുദ്ധ സമാനമായ ഒരന്തരീക്ഷത്തിലേക്കത് എത്തുകയും ചെയ്യുന്നത്.
 
പിന്നീട്, 1663ലാണ് പോർച്ചുഗീസുകാരിൽ നിന്നും ഡച്ചുകാരീ കോട്ട പിടിച്ചടക്കുന്നത്. ചെലവു ചുരുക്കാനായി അവർ കോട്ടയുടെ വലിപ്പം കുറച്ചു. നൂറ്റിപത്ത് വർഷത്തെ അവരുടെ ഭരണ കാലയളവിനൊടുവില്‍ 1773ൽ അറക്കൽ ആലി രാജാവിന്റെ കൈകളിലും ഈ കോട്ട എത്തിച്ചേർന്നു. അറക്കലത് പണം കൊടുത്ത് വാങ്ങുകയായിരുന്നത്രെ. അപ്പോഴേക്കും സാമൂതിരിയിൽ നിന്നുള്ള രക്ഷക്കായി പാലക്കാട് രാജാവ്‌ ക്ഷണിച്ച മൈസൂര്‍ സുല്‍ത്താന്‍ കേരളത്തിലെ തന്റെ പടയോട്ടത്തിന് തുടക്കം കുറിച്ചിരുന്നു. മൈസൂരുമായി രമ്യതയിലായിരുന്ന അറക്കല്‍ രാജാവ്‌ കണ്ണൂര്‍ കോട്ടയുടെ നിയന്ത്രണം പിന്നീട് മൈസൂരിനെ കൈമാറി.

ബ്രിട്ടീഷുകാരുടെ കൈകളിലീ കോട്ട എത്തിച്ചേരുന്നത് 1790ലാണ്. അതോടുകൂടി കണ്ണൂര്‍ കോട്ട അവരുടെ സുപ്രധാനമായൊരു സൈനിക കേന്ദ്രമായി മാറി. ടിപ്പു സുല്‍ത്താനേയും... തുടർന്ന് പഴശ്ശിരാജയേയും തകര്‍ക്കാന്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് സാധിച്ചത് കണ്ണൂര്‍ കോട്ടയുടെ ആധിപത്യം കയ്യടക്കാനായതോടെയാണന്ന് നിസ്സംശയം പറയാൻ കഴിയും. ടിപ്പുവിന്റെ പടയോട്ടത്തില്‍ നടുങ്ങി സൈന്യത്തെ തന്നെ പിരിച്ചയച്ച് നാട്ടിലേക്ക് കപ്പല്‍ കയറേണ്ടിവന്ന ഗതികേടിന്റെ കഥയാണ് 1780കളുടെ അവസാനം വരെ ബ്രിട്ടീഷുകാര്‍ക്ക് പറയാനുണ്ടായിരുന്നത്. ഈ നാണക്കേടില്‍ നിന്ന് കരകയറാന്‍ ബോംബെ ഗവര്‍ണറായിരുന്ന ആല്‍ബര്‍ ക്രോംബി നാലായിരം നാവികരേയും നയിച്ച് കണ്ണൂരിലെത്തി കോട്ടയെ മൂന്നു ഭാഗത്ത് നിന്നും വളഞ്ഞ് പിടിച്ചെടുത്തത് 1790 ഡിസംബര്‍ 16നായിരുന്നു. ഒടുവില്‍, സ്വാതന്ത്ര ലബ്ദിക്കുശേഷം കേന്ദ്ര പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ഒരു ചരിത്ര മ്യൂസിയമെന്ന നിയോഗമാണ് കോട്ടക്ക് ലഭിച്ചത്‌.

കോട്ടയുടെ ചരിത്രത്തെ സംബന്ധിച്ച് കോട്ടയിലെ ടൂറിസം ഉദ്യോഗസ്ഥർ പറഞ്ഞു നല്‍കിയ കാര്യങ്ങളും... പിന്നീട് ഞാൻ മനസ്സിലാക്കിയ കാര്യങ്ങളുമൊക്കെയാണ് ഞാനിവിടെ കുറിച്ചത്. അനുബന്ധമായി മറ്റു ചില കാര്യങ്ങൾ കൂടി ഞാന്‍ വിവരിക്കാം...
 
1498ലാണ് ഗാമ കേരളത്തിൽ കാലുകുത്തുന്നത്. കോഴിക്കോട് കപ്പലിറങ്ങിയ ഗാമ സാമൂതിരിയുമായി നടത്തിയ സൗഹൃദ സംഭാഷണത്തോടെ കേരളത്തിലൊരു സാമ്രാജ്യ സ്ഥാപനത്തിന്റെ സാധ്യത മനസ്സിലാക്കിയിരുന്നു. അല്‍പ്പ നാളത്തെ കേരള വാസത്തിനു ശേഷം തിരിച്ചുപോയ അയാൾ 1502ല്‍ വീണ്ടും മലബാറിലെത്തി ചേര്‍ന്നു. ആ വരവ് വലിയൊരു ജൈത്രയാത്രയുടെ തുടക്കമായിരുന്നന്ന് ചരിത്രത്തിൽ കാണാൻ സാധിക്കും.

തന്റെ രണ്ടാം വരവിന് ശേഷം തിരിച്ചുപോകുമ്പോഴാണ് ഗാമ കണ്ണൂര്‍ കടപ്പുറത്ത് കോലത്തിരിയുടെ സഹായത്തോടെ ഒരു കുഴിയുണ്ടാക്കുന്നത്. കുഴിയെന്ന് പറഞ്ഞാൽ ഒരു പെരും കുഴി. ആ കുഴിക്കുളളിൽ മരം കൊണ്ട് ഭിത്തിയുമുണ്ടാക്കി. മുകളില്‍ കുഴിയോരത്ത് ചുറ്റുമതിലും. ഒടുവില്‍, നിറയെ വെടിക്കോപ്പുകളതിൽ നിക്ഷേപിച്ച് ശക്തമായ കാവലും അയാളതിൽ സ്ഥാപിച്ചു. ഒരുപക്ഷേ, അക്കാലത്തെ നൂതനവും സുപ്രധാനവുമായൊരു ആയുധമെന്ന നിലയില്‍ പീരങ്കിയുണ്ടകളായിരിക്കണം അതിൽ കൂടുതലും ഉണ്ടായിരിക്കുക. പോര്‍ച്ചുഗലിലേക്ക് തിരികെയടുക്കേണ്ടതല്ലാത്തതും ഇനിയും ഇവിടെ ഉപയോഗിക്കേണ്ടി വന്നേക്കാവുന്നതുമായ ആ വെടിക്കോപ്പുകള്‍ ഭദ്രമാക്കിയ ശേഷം അതിന്റെ താക്കോല്‍ കോലത്തിരിയെ ഏൽപ്പിച്ചുകൊണ്ടാണ് ഗാമ 1502 ഡിസംബര്‍ 28ന് അവിടെ നിന്നും കപ്പല്‍ കയറുന്നത്. ആ ആയുധങ്ങളുടെ പിന്‍ബലത്തിൽ ഫണം വിടര്‍ത്തിയാടുന്ന മൂര്‍ഖൻ കണക്കെയായിരുന്നു അയാളന്ന് അറബിക്കടലിൽ പെരുമാറിയത്. കടലിന്റെ ആധിപത്യം പോര്‍ച്ചുഗല്‍ രാജാവിനാണെന്ന് വിളംബരപ്പെടുത്തിയും എതിര്‍ത്തവരെയെല്ലാം കൊന്നൊടുക്കിയും അയാൾ തന്റെ പൈശാചിക മുഖം പുറത്തെടുത്തു.

ആ പടയോട്ടത്തിൽ അനേകായിരങ്ങൾക്ക് ജീവന്‍ നഷ്ടമായി. അറബിക്കടല്‍ ചെഞ്ചോര വര്‍ണ്ണമണിഞ്ഞു.
 
ഒരുപക്ഷേ, മരക്കുറ്റികളും പട്ടികകളും ചളിയുംകൊണ്ട് വളച്ചുകെട്ടി നിർമ്മിച്ച പോര്‍ച്ചുഗീസ് കൊളോണിയല്‍ ആധിപത്യത്തിന്റെ ആ വെടിക്കുഴിയായിരിക്കാം മൂന്നാണ്ടിന് ശേഷം ലോക പ്രശസ്തമായ 'കണ്ണൂര്‍ ഫോര്‍ട് സെന്റ് ആഞ്ചലോ' ആയി മാറിയതെന്ന നിഗമനം ചില ചരിത്രകാരന്മാര്‍ മുന്നോട്ട് വെക്കുന്നുണ്ട്. അങ്ങനെയാണങ്കിൽ ആ ആയുധ ശേഖരം അവിടെ നിന്നും ലഭിച്ചത്‌ യാദൃച്ഛികമാകാൻ വഴിയില്ല. ദക്ഷിണേന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധ സ്മാരകങ്ങളിലൊന്നായ കണ്ണൂര്‍ കോട്ടയില്‍, അതിന്റെ നിര്‍മാണത്തിന് 515 വര്‍ഷങ്ങൾക്ക് ശേഷം കേവലം ഒരു  മീറ്റര്‍ താഴ്ച്ചയില്‍ ഇത്രയധികം ആയുധങ്ങള്‍ കണ്ടെടുത്തുവെന്നത് പുരാവസ്തുവകുപ്പിന്റെ നേട്ടമായല്ല, കോട്ടമായാണ് വാസ്തവത്തില്‍ എനിക്ക് തോന്നുന്നത്. കാരണം, ഇത്ര കാലമായിട്ടും ആ ചരിത്രാവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതിനായി അവിടെ ഒരു ഉല്‍ഖനനം പോലും നടത്താന്‍ കേന്ദ്ര പുരാവസ്തു വകുപ്പുകൾ തയ്യാറായില്ല എന്നുള്ളത് അത്ഭുദപ്പെടുത്തുന്നു.

ചരിത്രാവശിഷ്ടങ്ങളുടെ വലിയൊരു ഖനിയാണ് വിശാലവും കാലപ്പഴക്കാത്താല്‍ ഇനിയും വലിയ പോറലുകളൊന്നും ഏല്‍ക്കാത്തതുമായ കണ്ണൂര്‍ കോട്ട. അവിടെ കൂടുതൽ ഗവേഷണ പഠനങ്ങൾ നടത്താനുളള പ്രചോദനമേകാൻ ആ പീരങ്കിയുണ്ടകൾക്ക് കഴിയുമോ എന്ന് കാത്തിരുന്ന് കാണാം.