Friday, 25 December 2020

പൊൻപുലരി

സമയം രാത്രി 11.55… അര്‍ത്ഥ രാത്രി.
 
ലോകം മുഴുവനും ഇരുട്ട് തളം കെട്ടി നില്‍ക്കുന്ന തണുത്ത ഡിസംബറിയൻ രാവിന്റെ അവസാന ദിവസത്തെ ആഘോഷ ലഹരിയില്‍ മതിച്ച് നില്‍ക്കുകയാണ്. എങ്ങും കൂരകൂരിരുട്ട്. ടിവി സ്ക്രീനില്‍ ഏതാനും നിമിഷങ്ങൾക്കുള്ളിൽ പ്രകാശവര്‍ണ്ണപ്രപഞ്ചം തീർക്കാൻ കാത്തിരിക്കുന്ന കെട്ടിടങ്ങളുടെ മൂകത അക്ഷോഭ്യമായി നില്‍ക്കുന്നത് കാണാം. മുകളില്‍ കരിമരുന്ന് ഗോളങ്ങളെ വരവേല്‍ക്കാൻ വെമ്പി നില്‍ക്കുന്ന ആകാശവും.
 
മണി 11.57...
 
ഇനി എതാനും നിമിഷങ്ങൾ മാത്രം. ഒന്നോ രണ്ടോ മിനിട്ടുകള്‍. അതു കഴിഞ്ഞാൽ അര്‍ത്ഥ രാത്രിയിൽ പൊതിഞ്ഞ പൊൻപുലരിയാണ്. പുതുസ്വപ്നങ്ങൾ. നവനാമ്പുകള്‍... വലിയ വലിയ പ്രതീക്ഷകള്‍... അറ്റമില്ലാത്ത പ്രത്യാശകൾ. എങ്ങും ആഘോഷ തിരക്ക് മാത്രം.
 
സമയം 11.59 ലേക്കടുത്തു.
 
പെട്ടന്ന് മധുരമനോഹര ശബ്ദത്തില്‍ ഫോൺ ചലിക്കുന്നു.
 
അറിയുന്ന ഒരാളാണ് മറുതലക്കൽ. ഇയാളെന്തിനീ നേരം വിളിക്കുന്നു? മനസ്സെന്നോട് മന്ത്രിച്ചു. ചിലപ്പോൾ ഏറ്റവുമാദ്യം പുതുവത്സര ദിനാശംസകള്‍ നല്‍കാനായിരിക്കാം. അല്ലെങ്കിൽ, എന്തെങ്കിലും അതിവിശേഷ വാർത്തകൾ പങ്കുവെക്കാൻ... അതുമല്ലങ്കിലൊരു പക്ഷേ, പ്രയാസങ്ങളെന്തെങ്കിലും പറയാനായിരിക്കുമോ? ഏയ് അതായിരിക്കില്ല. ദിനം പുതുവത്സരമാണ്... സന്തോഷത്തിന്റേയും സമൃദ്ധിയുടേയും പുതുവത്സരം.
 
എന്തായാലും, ഞാൻ ഫോണെടുത്തു.
 
മറുതലക്കലിൽ നിന്നും അശരീരി മാതിരിയൊരു പതിഞ്ഞ ശബ്ദമാണെന്നെ സ്വാഗതം ചെയതത്…
 
"ഡാ... മരിച്ചു... മാഷ് മരിച്ചു"
 
ടിവി സ്ക്രീനിൽ 3... 2... 1... ബുര്‍ജ് ഖലീഫയുടെ ഇരുവശങ്ങളിൽ നിന്നും മുകളിലേക്ക് അതിവേഗത്തില്‍ പ്രകാശം കുതിക്കുന്ന അത്ഭുദദൃശ്യവിധാനം ഒരു നോക്ക് ഞാന്‍ കണ്ടു. ഒപ്പം, ആകാശത്തിന്റെ നെറുകയിലേക്കൊരു കൊള്ളിയാന്‍ പോലൊരു വെടി മരുന്ന് ശീഘ്രം പാഞ്ഞു പോയി... അത് വലിയ പ്രകാശക്കുടകൾ മാതിരി ബുർജിനു മുകളില്‍ വര്‍ണ്ണ പ്രപഞ്ചം തീര്‍ത്തുകൊണ്ടമർന്നു.
 
എന്നാല്‍, എന്റെ തൊണ്ട വരണ്ടുണങ്ങി. മനസ്സാകെ തകർന്ന് തരിപ്പണമായ പോലെ. ഷോക്കേറ്റത് മാതിരിയൊരു മരവിപ്പ്. എന്തു ചെയ്യണമെന്നറിയാൻ കഴിയാതെ ഞാന്‍ നിന്ന് പരുങ്ങി.
 
ക്യാൻസറെന്ന അസുഖം മൂലം മാഷ് എന്തോ ചില പ്രയാസങ്ങളിലാണന്ന് എതാനും ദിവസങ്ങൾക്ക് മുമ്പ് ഞാനറിഞ്ഞിരുന്നു. എന്നാൽ, ഒന്ന് ചെന്ന് കാണാനുള്ള സാവകാശം പോലും ലഭിക്കാതെ ഇത്ര പെട്ടന്ന്... അതും ഈ പുതുവത്സര ദിനത്തില്‍.
 
"ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ" തീര്‍ച്ചയായും ഞങ്ങൾ അല്ലാഹുവിൽ നിന്നുള്ളവരും അവനിലേക്ക് തന്നെ മടങ്ങുന്നവരുമാണ്.
 
പിന്നീടനേകം പൊൻപുലരികളെന്നെ കടന്ന് പോയിരിക്കുന്നു. അന്ന് മുതലിന്നു വരെ പുതുവത്സര ദിനത്തിന്റെ അന്ത്യയാമങ്ങളിലെന്നെയാ ഓര്‍മ്മകൾ പിടികിട്ടും. പിന്നെയൊരു നെടുവീർപ്പാണ്. എനിക്ക് ചുറ്റും ലോകത്തിന്റെ വിവിധ കോണുകളില്‍ നടക്കുന്ന വിവിധങ്ങളായ ആഘോഷ പരുപാടികളെ കുറിച്ച് നിര്‍വികാരമായി ഞാനോർക്കും. നാളെ പുതുപുലരിയാണല്ലോ... പിന്നെ, കണ്ണുകളടച്ച് നിശബ്ദതയി ഉറക്കത്തെ കാതോര്‍ക്കും. എന്റെ സമീപത്തു തന്നെയുള്ള ബുര്‍ജ് ഖലീഫയിലും സമീപത്തും ഇപ്പോഴും ആഘോഷ പരിപാടികളവസാനിച്ചു കാണില്ല.
 
ശുഭ രാത്രി.

Tuesday, 15 December 2020

അവസാന കാഴ്ച്ച

കഴിഞ്ഞ തവണത്തെ ലീവിന് നാട്ടിലുള്ള സമയം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടൊരു യോഗം സുഹൃത്ത് അമീന്‍ സാഹിബിന്റെ വീട്ടില്‍ ചേര്‍ന്നിരുന്നു. മഗ്രിബ് നമസ്കാര ശേഷം അസ്ലം സാഹിബിന്റെ കൂടെയാണ്‌ ഞങ്ങളങ്ങോട്ട് തിരിച്ചത്. ഞങ്ങളെന്നു പറഞ്ഞാൽ ഞാനും എന്റെ അനിയൻ ഷാ മുഹമ്മദും. അവിടെ എത്തി അല്‍പ്പം കഴിഞ്ഞപ്പോഴേക്കും യോഗം തുടങ്ങി. മുഖ്യപ്രഭാഷകനായ ഫാറൂഖ് സാഹിബ് അല്‍പ്പം കഴിഞ്ഞാണ് യോഗത്തിലേക്ക് കടന്ന് വന്നത്. ഷർട്ടും... പാന്റും... ഷൂസ് പോലെ തോന്നിപ്പിക്കുന്ന ഒരു ചെരുപ്പുമായിരുന്നു വേഷം. ഒരുപക്ഷേ, ഏതെങ്കിലും പരുപാടിയിൽ പങ്കെടുത്ത ശേഷമുള്ള വരവായിരിക്കാം. ഇനി ഇതിൽ പങ്കുകൊണ്ട ശേഷം അടുത്ത പരുപാടിയിലേക്ക് അദ്ദേഹം ശീഘ്രം നീങ്ങും.

അനന്ദമായ സമയത്തിനുടമസ്ഥനായ റബ്ബുൽ ആലമീൻ മനുഷ്യര്‍ക്ക് കനിഞ്ഞു നല്‍കിയ അമൂല്യമായ സമയത്തെ അത്രകണ്ട് കാര്യക്ഷമമായി ഉപയോഗിക്കുന്ന മനുഷ്യര്‍ ഈ ലോകത്ത് വിരളമാണല്ലോ...

പരിപാടിയില്‍ യുവാക്കളായിരുന്നു കൂടുതൽ. അതുകൊണ്ട്‌ തന്നെ ഫാറൂഖ് സാഹിബിന്റെ പ്രസംഗം തുടങ്ങിയതോടെ രംഗം സജീവമായി. ആദ്യം തന്നെ എല്ലാവരെയുമൊന്ന് വിശദമായി പരിചയപ്പെട്ടു. പേര്‌... ഉപ്പയുടെ പേര്‌... പഠിക്കുന്ന ക്ലാസ്... എന്നിങ്ങനെയായിരുന്നു ആ പരിചയപ്പെടൽ. പിതാക്കളുടെ പേരുവിവരങ്ങളന്വേഷിച്ച് ആളെ മനസ്സിലാക്കുന്ന ആ രീതി കണ്ടപ്പോൾ എനിക്ക് വലിയ അത്ഭുദമുണുണ്ടായത്. നാടിനെ കുറിച്ചും നാട്ടുകാരെ കുറിച്ചുമുള്ള വിശദമായ വിവരങ്ങളുള്ളവർക്കെ നിഷ്പ്രയാസമത് സാധ്യമാകുകയുള്ളൂ എന്ന് പറയേണ്ടതില്ലല്ലോ...

പിന്നെ പ്രഭാഷണത്തിലേക്ക് നീങ്ങി.

ഒരു വിദ്യാർത്ഥി ആയികൊണ്ട്‌ എങ്ങനെയാണൊരു സംശുദ്ധ രാഷ്ട്രീയ ജീവിതം നയിക്കേണ്ടതെന്ന് ഉദാഹരണ സഹിതം അദ്ദേഹം ഞങ്ങള്‍ക്ക് വിശദീകരിച്ചു നല്‍കി. വ്യക്തി, വീട്, കുടുംബം, നാട്, രാജ്യം... തുടങ്ങിയ ജീവിതത്തിന്റെ വെത്ത്യസ്ഥ തുറകളെ ഒരു കൗണ്‍സിലിംഗ് ക്ലാസ്സുപോലെ ആ പ്രസംഗം തഴുകി നീങ്ങി. രാഷ്ട്രീയ പ്രവര്‍ത്തന മികവിനുള്ള ചില നുറുങ്ങുകൾ വിശദമാക്കി നല്‍കി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അവലോകനങ്ങള്‍ നടത്തി. സമൂഹിക മാധ്യമങ്ങളിലെ പെരുമാറ്റ രീതികളെ കുറിച്ച് വാചാലമായി.

ഒടുക്കം, പരുപാടി അവസാനിച്ച് എല്ലാവരും ഭക്ഷണത്തിലേക്ക് നീങ്ങുമ്പോഴും ഫാറൂഖ് സാഹിബിന്റെ 'പ്രസംഗം' അവസാനിച്ചിരുന്നില്ല. ഓരോ നിമിഷങ്ങളേയുമദ്ദേഹം ജീവസുറ്റതാക്കി മാറ്റുന്നു. നിലത്ത് നിരന്നിരുന്ന് ഭക്ഷണം കഴിക്കുന്ന ഞങ്ങൾക്ക് സമീപം നിരത്തിയിട്ട കസേരയിലൊന്നിലിരുന്ന് അദ്ദേഹം ഭക്ഷണം കഴിക്കുമ്പോൾ സമീപത്തിരിക്കുന്ന അസ്ലം സാഹിബുമായി ആ സംസാരം തുടർന്ന് കൊണ്ടേയിരുന്നു. ഒരുപക്ഷേ... നിലക്കാത്ത അദ്ദേഹത്തിന്റെ സ്വപ്നങ്ങളായിരുന്നിരിക്കാം ആ പങ്കുവെച്ച് കൊണ്ടിരിക്കുന്നത്.

ഒടുവിൽ, ഭക്ഷണം കഴിച്ച്... കൈ കഴുകി തുടച്ച് ഞാൻ വരുമ്പോൾ തിരക്കിനിടയിൽ നിന്ന് ഒരിക്കല്‍കൂടി ഞാനാ വിളി കേട്ടു...

"നവീന്‍ജി..."

അങ്ങനെയായിരുന്നു അദ്ദേഹമെന്നെ വിളിച്ചിരുന്നത്. എന്നെ കണ്ടപാടെ ചേര്‍ത്തു പിടിച്ച് ഇടക്ക് മുറിഞ്ഞ ആ സംസാരം വീണ്ടും തുടര്‍ന്നു. ജോലി സംബന്ധമായ എന്തോ അന്വേഷിച്ചു. ഉപ്പയെ കുറിച്ച് ചോദിച്ചു. എന്റെ കൂടെ ഉണ്ടായിരുന്ന അനിയനെ പരിചയപ്പെട്ടു. അവനോട് വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. ചില ഉപദേശങ്ങൾ നല്‍കി. മറ്റെന്തൊക്കെയോ പറഞ്ഞു. പിന്നെ... സലാം ചൊല്ലി.

അസ്സലാം... ദൈവത്തിന്റെ രക്ഷയും സമാധാനവും താങ്കളിൽ സദാ വര്‍ഷിക്കുമാറാകട്ടെ...

ഒടുവിൽ, എല്ലാവരോടും യാത്ര പറഞ്ഞദ്ദേഹം പോകാനിറങ്ങുമ്പോൾ "ഇരുട്ടത്ത് ഒറ്റക്ക് പോവണ്ട... വാഹനത്തിൽ വിട്ടു തരാം" എന്നദ്ദേഹത്തോട് അസ്ലം സാഹിബ് വിളിച്ച് പറയുന്നുണ്ടായിരുന്നെങ്കിലും ഫാറൂഖ് സാഹിബുണ്ടോ അത് വല്ലതും കേള്‍ക്കുന്നു. "വേണ്ട" എന്ന് പറഞ്ഞ്‌... കൈക്കൊണ്ട് താളത്തിലാട്ടി എന്തോ ചിന്തിച്ചെന്നോണം അദ്ദേഹം ഗേറ്റ് കടന്ന് പുറത്തേക്ക്‌ നടന്നു. അപ്പോഴും അസ്ലം സാഹിബിന്റെ ശബ്ദമവിടെ ഉയർന്ന് കേൾക്കുന്നുണ്ടായിരുന്നു. അമീന്‍ സാഹിബിന്റെ വീടിനു മുന്നിലെ ഇരുട്ടിറങ്ങിയ വയലിന് കുറുകെയുള്ള മൺ വഴിയിലൂടെ പതിയെ പതിയെ അദ്ദേഹം നടന്ന് നടന്ന് മാഞ്ഞ് തീരെയില്ലാതാകുന്നത് അൽപ്പ നേരം ഞാന്‍ നിര്‍വികാരമായി നോക്കി നിന്നു.

അപ്പോൾ... രാത്രിയുടെ നിഗൂഢതപോൽ അര്‍ത്ഥമറിയാത്തൊരു സുദീര്‍ഘമായൊരു ചിന്ത എന്നെ തഴുകി നീങ്ങി.

അല്ലാഹുവേ... ചിരിയും തമാശയും കാര്യവുമൊക്കെയായി നിരന്തരം ഞങ്ങള്‍ക്ക് വഴി തെളിച്ച് നല്‍കിയ ആ മനുഷ്യന്റെ കാഴ്ച്ച ഇനിയൊരിക്കലുമീ ഭൂമിയിലെനിക്ക് സാധ്യമാകില്ലല്ലോ എന്നപ്പോൾ ഞാനറിഞ്ഞിരുന്നില്ല. അല്ലാഹുവിന്റെ ആലങ്കനീമായ വിധി. ഓരോ യാത്ര പറച്ചിലുകളും ഒരു വലിയൊരു യാത്രയിലേക്കുള്ള തുടക്കമാണ്. ലോകാവസാനവും... ശേഷമുള്ള അനന്ദമായ കാത്തിരിപ്പും... വിചാരണ നാളും... സ്വര്‍ഗ്ഗം നരക ജീവിതവുമൊക്കെ അനുഭവിച്ച ശേഷം പരസ്പരം കണ്ടുമുട്ടുന്നതുവരേയുമുള്ള കാത്തിരിപ്പ്.

അസുഖമൊക്കെ മാറി ജീവിതത്തിലേക്ക് തിരിച്ച് വന്ന ശേഷം "ഫാറൂഖ് സാഹിബ്... ഇങ്ങള് നല്ല ആളാ... ഞങ്ങളെയൊക്കെ അങ്ങ് പേടിപ്പിച്ച് കളഞ്ഞല്ലോ" എന്ന് വിളിച്ച് പരാതി പറയണമെന്ന് വിചാരിച്ചിരിക്കുമ്പോളായിരുന്നു ദുഖാർത്ഥമായ ആ വാര്‍ത്ത ഞങ്ങളെ തേടിയെത്തിയത്.

ഞാൻ പറഞ്ഞില്ലേ... വിധി... അല്ലാഹുവിന്റെ വിധി മാറ്റാൻ ആരെക്കൊണ്ടാകും.