പ്രൗഢവിശാലമാണ് കാട്ടുകുളം ദേശം. മറ്റേതൊരു പാലക്കാടൻ ഗ്രാമാന്തരങ്ങളെപ്പോലേയും കണ്ണത്താ ദൂരത്തോളം പരന്ന് കിടക്കുന്ന പാടശേഖരങ്ങളും അതിലവിടവിടയായി വളരുന്ന വാഴ, കവുങ്ങ്, തെങ്ങ്, പന എന്നിത്യാദികളുമുളള മനോഹരമായ പ്രദേശം. പേരിന്റെ സൂചന പോലെ തന്നെ ഒരു വലിയ കുളക്കരയിലാണത് സ്ഥിതിചെയ്യുന്നത്. ആവഴി യാത്ര ചെയ്യുന്നവരുടെ സവിശേഷ ശ്രദ്ധയെ കവര്‍ന്നു കൊണ്ടാ കുളമങ്ങനെ റോഡിന്റെ ഓരത്ത് വിശാലമായി പരന്ന് കിടക്കുന്നു. കരിങ്കല്ലുകൊണ്ട് പടവുകൾ കെട്ടിച്ച കുളത്തിന്റെ അങ്ങേ തലക്കൽ സ്ത്രീകളുടെ അലക്ക് പണികളും കുട്ടികളുടെ കുളികളും മറ്റും നടക്കുന്നതാണ് പൊതുവെയുള്ള കാഴ്ച്ച. അതുകൊണ്ട് തന്നെ പുരുഷന്മാർക്കാ ഭാഗത്തേക്കുള്ള പ്രവേശനം പരമ നിഷിദ്ധമാണ്. അതുപോലെ, ഇങ്ങേ തലക്കലെ റോഡിന്റെ വശത്തേക്ക് സ്ത്രീകള്‍ക്കും പ്രവേശനമില്ല. കാരണം, അവിടെ ഒരു പുരാതന നമസ്കാര പള്ളിയുണ്ട്... പ്രാർത്ഥന നിര്‍വ്വഹിക്കാൻ അംഗസ്നാനം ചെയ്യാൻ വരുന്നവരെ കൂടാതെ, റോഡില്‍ വാഹന യാത്രക്കാരും വശങ്ങളില്‍ സല്ലപിച്ചു നില്‍ക്കുന്ന നാട്ടുകാരും അവിടെ നിത്യസാന്നിധ്യമാണ്.
ഒരുപക്ഷേ, ആ കുളത്തിന്റെ കരയില്‍ നിന്നായിരിക്കാം ഈ പ്രദേശത്തിന്റെ തുടക്കവും വളര്‍ച്ചയുമെന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു ഘോര വനത്തിനുള്ളിൽ ഒരൊറ്റപ്പെട്ട് നിന്നൊരു കുളത്തിന്റെ കാഴ്‌ച്ചയില്‍ നിന്നും ഈ പ്രദേശത്തിന് കാട്ടിലെ കുളം അഥവാ കാട്ടുകുളം എന്ന പേര് ലഭിച്ചിരിക്കാം. സമീപത്തെ വിശാലമായ കൃഷിയിടങ്ങളിലേക്കുള്ള വെള്ളം മുടക്കമില്ലാതെ ലഭ്യമാക്കാൻ പൂര്‍വ്വികർക്കാർക്കോ തോന്നിയൊരു ചിന്തയിൽ നിന്നാവാം ഈ കുളത്തിന്റെ പിറവി. ഏത് വേനലിലും വള്ളം സുലഭമാണതിൽ. മഴക്കാലത്ത് കുളക്കരയിലെ കൽപ്പടവിനു മുകളിലേക്ക് വരെ വെള്ളം ഇരച്ചു കയറുന്നതും വേനല്‍ കാലം വെള്ളപരപ്പിൽ ഒരിളം പച്ചവര്‍ണ്ണം തൂകിയത് പരിക്ഷീണതയിലാവുന്നതും ഞാനെത്രയോ പ്രാവശ്യം കണ്ടിട്ടുണ്ട്.
ഞാൻ പറഞ്ഞല്ലോ... അതിന്റെ ഒരു വശത്ത് പുരാതനമായൊരു നമസ്കാര പള്ളിയുണ്ടന്ന്. അതുപോലെ മറ്റൊരു വശത്ത് ഹയാത്തുൽ ഇസ്ലാം മദ്രസ എന്നൊരു മതപാഠശാലയും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. എന്റെ ഉമ്മയും അവരുടെ ഉമ്മയുമൊക്കെ മതം പഠിച്ചിരിക്കുന്നത് അവിടെയാണത്രെ. പണ്ട്... എന്റെ ചെറുപ്പ കാലത്ത് പ്രഭാത സമയങ്ങളിൽ മേല്‍ മദ്രസക്ക് മുന്നിലൂടെ ഞാൻ നടന്ന് പോകുമ്പോൾ ഉച്ചത്തില്‍ മുഴങ്ങുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ എത്രയോ പ്രാവശ്യം ഞാന്‍ കേട്ടിട്ടുണ്ട്. കുട്ടികളുടെ ആ ശബ്ദ കോലാഹലങ്ങളും അധ്യാപകരുടെ ഉറക്കെയുള്ള ക്ലാസെടുപ്പും വല്ലാത്തൊരു ഭയപ്പാടോടെന്റെ മനസ്സിൽ അന്നുണ്ടാക്കിയിരുന്നത് എന്തിനാണെന്ന് ഇപ്പോഴും എനിക്ക് മനസ്സിലാക്കാൻ കഴിയാത്ത സംഗതിയാണ്. എങ്കിലും, ഞാനാലോചിക്കുന്നത് മറ്റൊരു കാര്യമാണ്. കാരുണ്യവാനായ ദൈവത്തെ കുറിച്ച്... ഏതാനും അധ്യാപകരുടെ നിയന്ത്രണത്തിന് കീഴില്‍ പ്രവർത്തിക്കുന്ന... ധാരാള കണക്കിന് കുഞ്ഞു മക്കള്‍ പഠിക്കുന്ന ഒരു പാഠശാല. അതിന് മുന്നിലാണ് അഗാധമായ ആഴം ഉള്ളിലൊതുക്കികൊണ്ട് ഏതോ ഇരപിടിയൻ യന്ത്രം കണക്കെ മേല്‍ കുളമങ്ങനെ ഒരു കൈവരിപോലുമില്ലാതെ വാ പൊളിച്ചു നില്‍ക്കുന്നത്. സര്‍വ്വശക്തനായ ദൈവത്തെ അന്വേഷിച്ചു കണ്ടത്താൻ വന്നിരിക്കുന്ന ആ മക്കളെ അവന്‍ നിരന്തരം കാക്കുന്നുണ്ടായിരിക്കാം.
ആ കുളത്തിന്റെ കരയിലൂടെ അല്‍പ്പം ഉള്ളിലേക്ക് നടന്നാൽ നിറയെ റബ്ബർ തോട്ടങ്ങളാണ്. അതിലൊരു തോട്ടത്തിന്റെ ചെരുവിലാണെന്റെ അമ്മ വീട് സ്ഥിതി ചെയ്യുന്നത്. അമ്മ വീടെന്നാൽ മാതൃഗൃഹം എന്നര്‍ത്ഥം. പണ്ട് തിരുവിതാംകൂറിൽ അമ്മ വീടുകളെന്നാൽ ഭാര്യ വീടെന്നായിരുന്നത്രെ സൂചന. തിരുവിതാംകൂര്‍ രാജാക്കന്മാർ തങ്ങളുടെ ഭാര്യമാർക്കായി പണിതു നൽകിയ പ്രേമോപഹാരങ്ങളായിരുന്നു അത്. ഇന്ന് തിരുവനന്തപുരത്തിന്റെ പൈതൃക സമ്പത്തായ ഈ വീടുകളിൽ ചിലത് കാലത്തിന്റെ കെടുതികളെ അതിജീവിച്ച് നഗരത്തിന്റെ പലഭാഗങ്ങളിലും തലയുയർത്തി നിൽക്കുന്നത് കാണാൻ കഴിയും. എന്നാൽ, ഇവിടെ അമ്മ വീടെന്നാൽ അമ്മയുടെ ഗൃഹം എന്നു തന്നെയാണ് ഞാനര്‍ത്ഥം നല്‍കിയിരിക്കുന്നതെന്ന് സാന്ദര്‍ഭികമായി സൂചിപ്പിക്കുന്നു.
കുളക്കടവിൽ നിന്നും മേല്‍ വഴിയിലൂടെ കുറച്ച് ദൂരം യാത്ര ചെയ്താൽ മാടമ്പി എന്ന് വിളിക്കുന്നൊരു കൃഷിയില്ലാ പാടശേഖരം കാണാം. പണ്ട് ഇടതൂർന്ന് വളരുന്നൊരു കവുങ്ങിൻ തോട്ടമായിരുന്നു അത്. എന്റെ ചെറുപ്പം എത്രയോ പ്രാവശ്യം കളിച്ചുല്ലസിച്ച് നടന്ന വരമ്പുകള്‍. ഇന്നതൊക്കെയും വെട്ടി മാറ്റി ആകെക്കൂടി വെളിച്ചപൂരിതമാണവിടെ. മാടമ്പിയിൽ നിന്നുള്ള ഇരുമ്പ് ഗേറ്റ് കടന്ന്... ഉയരം കൂടിയ കരിങ്കല്ല് പടിയിലൂടെ കയറി ചെന്നാൽ കാണുന്ന റബ്ബർ തൊട്ടത്തിന്റെ വശത്തുള്ള സമൃദ്ധിയായി വളരുന്നൊരു വേപ്പില വൃക്ഷത്തിനും... ഏത് കാലത്തും വെള്ളം സുലഭമായി ലഭിക്കുന്നൊരു കിണറിനുമപ്പുറം എന്റെ അമ്മവീടങ്ങനെ പ്രൗഢ ഗംഭീരമായി ഉയർന്ന് നില്‍ക്കുന്നു. വീടിന്റെ അടുക്കള ഭാഗത്തോട് തൊട്ട് തൊട്ടെന്നോണമാണാ കിണറിന്റെ സ്ഥാനമുള്ളത്. വയലോലകൾക്കും... അതിന് നടുവിലൂടെ കുതിച്ച് പായുന്നൊരു അരുവിക്കും സമീപത്താണതിന്റെ സ്ഥാനം എന്നുള്ളത് കൊണ്ട് തന്നെ ഏത് കാലത്തും വെള്ളം സുലഭമാണതിൽ.
മേല്‍ വീട്ടിലെ ഉമ്മ... അഥവാ, എന്റെ ഉമ്മയുടെ ഉമ്മയുടെ ഉമ്മ ആ കിണറിന്റെ അഗതതയിലേക്കൊരിക്കൽ കാൽ തെന്നി വീണ കഥ ഞാന്‍ പറഞ്ഞു കേട്ടിട്ടുണ്ട്.
സംഭവമിങ്ങനെ...
അന്നെന്റെ ഉമ്മയുടെ ഏറ്റവും ഒടുവിലത്തെ അമ്മാവനെ ഗർഭം ധരിച്ച അവസ്ഥയില്‍ നിറവയറുമായി നില്‍ക്കുകയായിരുന്നു അവർ. ആറെണ്ണം പെറ്റ ശേഷം ഏഴാമാനാണ് മേല്‍ ഗർഭസ്ഥൻ. അതിനാല്‍ തന്നെ ക്ഷീണത്തിനു മേല്‍ ക്ഷീണവുമായി അവരങ്ങനെ ജീവിച്ചു വരുന്നതിനിടയിലാണ് സഹായത്തിനാരും തന്നെ വീട്ടിലില്ലാത്തൊരു ദിവസം ലേശം വെള്ളത്തിനവർക്കാവശ്യം വന്നത്. ഇന്നത്തെ പോലെ പൈപ്പോ... ടാങ്കോ ഇല്ലാ കാലം. വെള്ളം വേണമെങ്കിൽ കപ്പിയും കയറുമപയോഗിച്ച് കിണറിൽ നിന്ന് കോരിയെടുക്കണം. മേല്‍ കിണറിനാണങ്കിലോ ഉൾപടവുമില്ല... കൈവരികളുമില്ല. വെള്ളം കോരുന്നവർക്ക് നില്‍ക്കുന്നതിന്നായി നടുവേ ഛേദിച്ച ഏതാനും കാവുങ്ങിൻ പാളികളവിടെ പാലം പോലെ നിരത്തി വച്ചിട്ടുണ്ട്. അതിൽ കയറി നിന്ന് വേണം വെള്ളം കോരാൻ. കൂടാതെ, വെള്ളം കോരി എടുക്കുന്നതിനുള്ള അക്കാലത്തെ 'അതിനൂതനമായ' സംവിധാനങ്ങളായ കപ്പി, കയർ, പാള എന്നിവ നാട്ടിനിർത്തിയ ഒരു മരത്തടിയും സമീപത്തുണ്ട്.
അങ്ങനെ നിര്‍ഭാഗ്യകരമായ ആ ദിവസം വന്നത്തി...
വെള്ളം കോരാനായി കഷ്ടപ്പെട്ടവർ കവുങ്ങിൻ തടിയിൽ കയറി നിന്നു. വയറിനുള്ളിൽ നമ്മുടെ അമ്മാവന്‍ പ്രപഞ്ചത്തിന്റെ വിശാലതയിലേക്കിറങ്ങാൻ കാത്തു കെട്ടി കിടക്കുകയാണ്... പ്രകൃതിയുടെ വര്‍ണ്ണങ്ങള്‍ കണ്ടാസ്വദിക്കാൻ... കണ്ണത്താ ദൂരത്തോളം പരന്ന് കിടക്കുന്ന ഭൂമിയിലൂടെ ഓടിച്ചാടി നടക്കാൻ...
കപ്പി ഇളക്കി കയറിനെ മുകളിലേക്ക് ചലിപ്പിച്ച് പളയെ കിണറിന്റെ ആഴങ്ങളിലേക്ക് പതിയെ അവർ താഴ്ത്തി വിട്ടു. അത് ജലനിരപ്പിന് മുകളില്‍ എത്തിച്ചേര്‍ന്നു എന്ന് ബോധ്യപ്പെട്ടാൽ കയറയച്ച്... പാള വെള്ളത്തിലേക്കൂളിയിടുന്നതും കാത്ത് അല്‍പ്പ നേരമവിടെ കാത്തിരിക്കണം. ഒന്നോ രണ്ടോ നിമിഷം മാത്രം. പിന്നെ, കയറിനെ ശക്തമായി താഴ്ത്തി വലിച്ചാല്‍ മത്സ്യവുമായി ഉയരുന്ന ചൂണ്ടലുപോലെ വെള്ളവുമായത് ഉയർന്ന് വരും. അത് കിണറിനു വെളിയിലേക്കെത്തി നിന്ന് കപ്പിക്കു തൊട്ട് താഴെ നിന്നാടുമ്പോൾ കവുങ്ങിൻ പാലത്തില്‍ നിന്നും അല്‍പ്പമൊന്ന് മുന്നോട്ടാഞ്ഞ് വേണം വെള്ളം നിറഞ്ഞു നില്‍ക്കുന്ന പാളയെ പിടിച്ച് കരക്ക് കയറ്റാൻ. അവർ പതിയെ മുന്നോട്ടാഞ്ഞ് കയറിനെ പിടിച്ച് വലിച്ചു. കയര്‍ കൈയിൽ കിട്ടിയ ശേഷം വെള്ളപാളയെ താങ്ങി പിടിച്ച് കരക്ക് കൊണ്ടുവരാന്‍ ശ്രമിക്കുമ്പോഴാണത് സംഭവിച്ചത്. കവുങ്ങ് ചതിച്ചു. അമിതമായ ഭാരം കാരണമത് ഒടിഞ്ഞ് തൂങ്ങി. അതിന് മുകളിലുണ്ടായിരുന്ന ഉമ്മയും കുഞ്ഞും വെള്ള പാളയുമായി കിണറിന്റെ ആഴങ്ങളിലേക്ക് പതിച്ചു. വേനല്‍ കാലമായതിനാൽ വെള്ളം അധികമുണ്ടായിരുന്നില്ല. എങ്കിലും, ആഴം... പെട്ടന്നുള്ള വീഴ്ചയുടെ ആഘാതം... പാറ... ചളിവെള്ളം... ജീവികള്‍... ഇതൊന്നും പോരാത്തതിന് നിറവയറും. അവർ അവിടെ ഇരുന്ന് നിലവിളിച്ചിരുന്നിരിക്കാം. ആളുകൾ കൂടി... ഭയങ്കരമായ രക്ഷാപ്രവര്‍ത്തനം. ഒടുവില്‍, തള്ളയേയും വയറിനുള്ളിലെ കുഞ്ഞിനേയും സുരക്ഷിതമായി തന്നെ മുകളിലേക്കവർ കയറ്റുക തന്നെ ചെയ്തു. ദൈവത്തിനു നന്ദി... കിണറിനകത്തെ കഠിന കഠോരമായ പാറക്ക് സമീപത്തെ ചളിയിൽ സുരക്ഷിതമായി ഊരകുത്തിയാണവർ വീണത് എന്നതിനാല്‍... വലിയ അപകടം തലനാരിഴക്ക് വഴിമാറി എന്ന് പറഞ്ഞാൽ മതിയല്ലോ.
ഒരുപക്ഷേ, ദൈവത്തിന്റെ കൈകളവരെ മൃദുലമായി താങ്ങി പിടിച്ച് കിണറിന്റെ അടിത്തട്ടിലേക്കിറക്കി വച്ചിരിക്കും... അറിയില്ല. എല്ലാമറിയുന്നവൻ പടച്ച തമ്പുരാൻ മാത്രമല്ലോ...
എതായാലും... ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഉമ്മമ്മ വളരെ സുന്ദരമായി തന്നെ പ്രസവിച്ചു. ഇന്നത്തെ പോലെ മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രികളില്ലാ കാലത്ത് വീട്ടില്‍ തന്നെയായിരുന്നു പ്രസവം... സുഖ പ്രസവം. അവന്‍ വളര്‍ന്നു. പഠിച്ച് പഠിച്ച് വലിയ മാര്‍ക്കുകള്‍ വാങ്ങി കൂട്ടി. ഒടുവില്‍, സര്‍ക്കാറുദ്യോഗസ്ഥനെന്ന ഉയർന്ന നിലയിലവനെത്തി ചേര്‍ന്നു. അനേകം സ്ഥലങ്ങളിലേക്ക് ജോലിമാറ്റം നേടി. പ്രമോഷനുകൾ വാങ്ങി കൂട്ടി. ഒടുവില്‍, ഒരു ജില്ലയുടെ മുഴുവന്‍ ഭൂഇടപാടുകളുടേയും നിരീക്ഷകനായ ജില്ലാ രെജിസ്ട്രാറെന്ന അധികാര കസേരയില്‍ നിന്നും പിരിഞ്ഞ് വിശ്രമ ജീവിതം നയിച്ചു വരികയാണ് അദ്ദേഹമിപ്പോൾ. മൂപ്പര്‍ക്ക് ശേഷം തന്റെ അവസാന പ്രസവത്തിലൂടെ ഒരു മകള്‍ക്കുമവർ പിന്നീട് ജന്മം നല്‍കിയിരുന്നു. ആ മകൾക്കുമൊരു പെണ്‍കുഞ്ഞ് ജനിച്ചു. ആ ജനിച്ച പെണ്‍കുട്ടിക്ക് പതിനഞ്ചാം വയസ്സില്‍ പിറന്ന കടിഞ്ഞൂല്‍ കണ്‍മണിയാണ് ഈ എഴുതി കൊണ്ടിരിക്കുന്ന ഞാൻ എന്നുള്ളത് സാന്ദര്‍ഭികമായി പറഞ്ഞു കൊള്ളട്ടെ.
വീടിന്റെ മറ്റൊരു വശത്ത് മഴക്കാലത്ത് മാത്രം സജീവമാകുന്ന ചെറിയൊരു കുളമാണുള്ളത്. ചെറിയ കുളമെന്നു പറഞ്ഞാലൊരു ചെറിയ വലിയ കുളം. നിര്‍ഭാഗ്യകരമെന്നു പറയട്ടെ അതിന്റെ നേർപകുതി അയല്‍വക്കത്തെ പറമ്പിലാണ് സ്ഥിതിചെയ്യുന്നത്. അതിനെ വേര്‍തിരിച്ചെന്നോണമൊരു കരിങ്കല്ല് മതിലൊക്കെ അവിടെ പണിത് വച്ചിട്ടുണ്ട്. അഥവാ, കുളത്തിന്റെ പകുതി അവരും പകുതി ഞങ്ങളും ഉപയോഗിച്ച് വരുന്നു എന്ന് ചുരുക്കം. ഞാന്‍ ചിന്തിക്കുന്നത് ആ കുളത്തിലെ മീനുകളെ കുറിച്ചാണ്... തങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയായി നില്‍ക്കുന്ന ഈ മതില്‍ കെട്ട് ഇതാരാണപ്പ ഈ ജലാശയത്തിന് നടുവില്‍ പണിത് വെച്ചിരിക്കുന്നതെന്ന് അവർ ചിന്തിക്കുന്നുണ്ടായിരിക്കുമോ. അതിർത്തി ഭേദങ്ങൾ മനുഷ്യർക്കല്ലെയുള്ളൂ. വീട് നിർമ്മാണമുദ്ദേശിച്ച് ഈ സ്ഥലം വാങ്ങിക്കുമ്പോൾ ഈ കുളവും ആ കിണറും ഈ പറമ്പില്‍ തന്നെ ഉണ്ടായിരുന്നു എന്നാണ് പഴമക്കാർ പറയുന്നത്.
ആ കിണറിനും കുളത്തിനും സമീപത്താണ് നമ്മുടെയാ മാളിക നിലനിന്ന് വരുന്നത് ഞാന്‍ പറഞ്ഞല്ലോ. വെട്ടിതിളങ്ങുന്ന കാവി കൊണ്ട് മെഴുകി സുന്ദരമാക്കിയിരിക്കുന്ന തറയും... തലക്ക് മുകളില്‍ മരം കൊണ്ട് നിർമ്മിച്ച മേല്‍ക്കൂരയുമുള്ള അറ എന്ന മുറിക്ക് ചുറ്റിലുമാണാ ഗൃഹാങ്കണം വളര്‍ന്ന് വന്നിരിക്കുന്നതെന്ന് തോന്നിപ്പോകുന്നു. വിജനമായ സ്ഥലത്തുയർന്ന് വന്ന ഫാക്ടറി കെട്ടിടത്തിനാൽ രൂപപ്പെട്ട നഗരം പോലെയാണത്. അറയുടെ ഒരു വശത്ത് പുറകിലേക്ക് തുറക്കുന്ന ചെറിയ മരജനാലയും... നേരെ എതിർവശത്ത് വീതിയേറിയ തടികൊണ്ട് നിർമ്മിച്ചൊരു കനമുള്ള വാതിലുമാണവിടെ സ്ഥിതിചെയ്യുന്നത്. വാതിൽ കടന്ന് പുറത്തേക്കിറങ്ങിയാൽ ഇടതുവശത്ത് മുറുകുള്ളി എന്ന ശയന മുറിയും... അതിനപ്പുറം പൂമുഖമെന്ന അതിഥി മുറിയും കാണാം. ഇടതുവശത്തേക്ക് തിരിഞ്ഞ് നേരെ മുകളിലേക്ക് നോക്കിയാല്‍ അറക്ക് മുകളിൽ സ്ഥിതിചെയ്യുന്ന മാളിയമ്മലേക്കുള്ള ഗോവണിയും അതിന്റെ മര നിര്‍മ്മിതമായ ക്യാബിനും മറ്റുമൊക്കെയാണ് കാഴ്ച്ച. താഴെ ഔത്ത് എന്ന വിശ്രമ മുറിയും വടക്കിനിയും സ്ഥിതിചെയ്യുന്നു. ഒടുവിലായി, ഇതൊക്കെയും ഉള്ളിലൊതുക്കി... വീടിന്റെ മൂന്ന് വശത്തേയും പൊതിഞ്ഞുകൊണ്ട് നിറയെ തൂണുകൾ നിരന്ന് നില്‍ക്കുന്ന തായേരം, പടിഞ്ഞാറെ കൊലായി എന്നീ പേരുകളിലറിയപ്പെടുന്ന തുറസ്സായ ഭാഗങ്ങൾ പുറത്തും കാണാൻ കഴിയുന്നു.
കൊലായിൽ നിന്ന് ദീര്‍ഘമായി വടക്കോട്ട് നോക്കിയാല്‍ മേല്‍ കിണറും... കാണുന്നവര്‍ കാണുന്നവര്‍ വളരെ അത്ഭുദത്തോടെ നോക്കി നിന്ന് പോകുന്ന ഉയരമുള്ള വേപ്പ് മരവും... പശ്ചാത്തലത്തില്‍ തെങ്ങ്, മാവ്, പ്ലാവ് തുടങ്ങിയ മരങ്ങള്‍ നിരന്ന് നിന്ന് വളരുന്ന തൊടിയും സുന്ദരമായി കാണാൻ കഴിയും. അതിനപ്പുറം... കരിങ്കൽ പടികള്‍ക്കപ്പുറത്തെ മാടമ്പി എന്ന വിശാല പാടശേഖരങ്ങളും ഇരട്ട മൂങ്ങൻ മലനിരകളുമാണ് കാഴ്ച്ചയിൽ.
മോഹന സുന്ദരമായ പാലക്കാടൻ പ്രകൃതി.
ഞാൻ പറഞ്ഞാല്ലോ... അറയിൽ നിന്നും വലത്തോട്ടിറങ്ങിയാൽ കാണുന്ന ഗോവണിയും അതിനെ താങ്ങി നിർത്തിനെന്നവണ്ണം പണിത് വച്ചിരിക്കുന്ന മരനിർമിത്തമായ ക്യാബിനെ കുറിച്ചും. ഗോവണിക്കല്‍പ്പം ഇളക്കം തട്ടിയിട്ടുണ്ടെങ്കിലും, കാലത്തെ വെല്ലുവിളിച്ചവനവിടെ സുമുഖനായി നിന്നാടുകയാണ്. എത്ര എത്ര മനുഷ്യര്‍ ഇതുവഴി കയറുകയും ഇറങ്ങുകയും ചെയ്തിരിക്കുന്നു. രാപ്പാർക്കാൻ വന്ന അതിഥികൾ, കെട്ടിച്ചയച്ച പെണ്ണിന്റെ സല്‍ക്കാര ദിവസത്തെ വിശ്രമ മുറി തുടങ്ങി തറവാട്ടിലെ കാര്‍ഷിക ഉത്പന്നങ്ങളുടെ പണ്ടകശാലയായി വരെ ഈ ഭാഗം ഉപയോഗിച്ചിരുന്നതായി ഞാൻ കേട്ടിട്ടുണ്ട്. മരക്യാബിന്റെ ഒരു വശം മാളിയമ്മലിന്റെ കവാടവുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. അഥവാ, ഗോവണി കയറി ക്യാബിനിലെത്തി ഇടത്തോട്ട് തിരിഞ്ഞാൽ മാളിയമ്മലിലേക്ക് കാൽ വെച്ചു കയറാം. സിമന്റ് മെഴുകിയിരിക്കുന്ന നിലത്തിന് താഴെ വെറും മണ്ണാണുള്ളത്. കാലപ്പഴക്കം കൊണ്ടവിടെ രൂപപ്പെട്ട ചെറിയ ചെറിയ കുഴികളിൽ നിന്നും ആ മണ്ണവിടെ പരന്ന് പാറി നടക്കുന്നത് കാണാൻ കഴിയും. ആ മണ്ണാവരണത്തിനു താഴെ കഠിനമരങ്ങളുടെ നീണ്ട പാളികളാണുള്ളത്. മാളിയമ്മലിന്റെ നേരെ താഴത്തെ മുറിയായ അറയിൽ നിന്നും മുകളിലേക്ക് നോക്കിയാല്‍ കാണുന്ന കറുത്ത ചായം പൂശിയ മേല്‍ക്കൂരയാണത്. ഒരുപക്ഷേ, അറയിലെ സവിശേഷമായ കുളിരിന് കാരണം ആ മരപ്പലകകളുടേയും അതിന് മുകളിലെ വെറും മണ്ണിന്റെ സാന്നിധ്യവും കൊണ്ടാകാം.
ഈ അടുത്ത കാലത്തൊരിക്കല്‍ മാളിയമ്മലിൽ കയറിയപ്പോൾ സവിശേഷമായൊരു കാഴ്ച്ച ഞാനവിടെ കണ്ടു... മാളിയമ്മലിന്റെ മുകളിലേക്ക് കൂമ്പിച്ച ഓടുമേല്‍ത്തട്ടിന്റെ അറ്റത്ത് മാറാല ചുറ്റി പടര്‍ന്ന് കയറിയൊരു ചൂടിക്കയറില്‍ ചെറിയ താളത്തിൽ നിന്നാടുന്നൊരു സുന്ദരന്‍ സ്ഫടിക കുപ്പി. അതിന്റെ ചുറ്റുഭാഗവും മാറാലയാൽ മുഖരിതമാണ്. മാറാല വല വിരിച്ച് കാത്തിരിക്കുന്ന എട്ടുകാലി കുഞ്ഞുങ്ങളുടെ സംസ്ഥന സമ്മേളനം.
എന്താണാ കുപ്പി അവിടെ...?
ഞാനൽപ്പ നേരമത് നിരീക്ഷിച്ചു നിന്നു. ചുമ്മാ ഒരു കുപ്പിയാണത്. കാലപ്പഴക്കത്താലതിന്റെ പ്രതലം കറുത്തിരുണ്ട് പോയിരിക്കുന്നു. എങ്കിലും, കുപ്പിക്കകത്തെന്തോ ഉണ്ട്... ഒരു കറുത്ത അന്ധകാരം. ഞാൻ താഴെ പോയി കാര്യം ചോദിച്ചറിഞ്ഞു.
ഉത്തരം പെട്ടന്ന് തന്നെ ലഭിച്ചു...
"രക്ഷ. രക്ഷയാണത്..."
ഈ വീടിന്റെയും ഈ വീട്ടില്‍ നിന്നും ശാഖകളായി പിരിഞ്ഞ അനേകരുടേയും രക്ഷ. അവരുടെ മക്കള്‍, കുട്ടികൾ തുടങ്ങിയവരെ ഇക്കാലം വരെയും 'സംരക്ഷിച്ച് പോന്ന' വിശ്വമഹാരക്ഷകനായ കവചം. അങ്ങനെ ഒരു നാടിന്റെ രക്ഷകൻ. കാലത്തിന്റെ രക്ഷകന്‍. ഒരുപക്ഷേ, ഈ പ്രപഞ്ചത്തിന്റെ രക്ഷകനും ഇവനായിരിക്കുമോ... ഈ കുടുംബ ഇതുവരേക്കും നടന്ന് നീങ്ങിയ അനേകം മുഹൂര്‍ത്തങ്ങളെ ശുഭകരമായ പര്യവസാനമാക്കി നല്‍കിയ അതിഭയങ്കരനാണവൻ. കിണറിന്റെ ആഴങ്ങളിലേക്ക് വീണ ആ ഉമ്മയെ നിര്‍മ്മലമായി മുകളിലേക്കുയർത്തിയത് ഈ കുപ്പിയുടെ ശക്തിയാലായിരിക്കുമോ... കുടുംബാംഗങ്ങളുടെ അനേകം പരീക്ഷകളുടെ വിജയങ്ങള്‍, ഉയർന്ന ജോലികള്‍, ലാഭം, സര്‍വ്വാരോഗ്യം... അവനങ്ങനെ കാലങ്ങളായി തന്റെ ശരീലമാസകലം ഏറ്റുവാങ്ങിയ പുക, മാറാല, ചിതല്‍ തുടങ്ങിയവക്കിടയില്‍ നിന്നും ഉഗ്രനായി എല്ലാവരെയും കാത്തു രക്ഷിച്ച് പോരുന്നു.
അനേകം വർഷങ്ങൾക്ക് മുമ്പ്... ലോകം കൂരിരുട്ടിൽ കഴിഞ്ഞു വന്ന ഒരു രാത്രി... കുടുംബത്തിലെ കാരണവരാരോ പ്രത്യേകമായി ക്ഷണിച്ചു വരുത്തിയൊരു മാന്ത്രികന്‍... പ്രാർത്ഥന, മന്ത്രം, ഹോമം തുടങ്ങിയ കാസർത്തുമായി വന്ന് കെട്ടിവെച്ച് പോയതായിരിക്കാം ആ കുപ്പിയെ. ഇനി അറബ് മന്ത്രോച്ചാരണവുമായാണോ അയാൾ വന്നിട്ടുണ്ടാവുക... അറബ് ഹോമം എന്നൊരു സംഗതി ഉണ്ടായിരിക്കുമോ ആവോ... അറിയില്ല.
പക്ഷേ, ഞാന്‍ ചിന്തിക്കുന്നത് മറ്റൊരു കാര്യമാണ്. ഇത് കെട്ടി വച്ച ശേഷവും കുടുംബത്തിൽ അനേകം മരണങ്ങൾ സംഭവിച്ചിരിക്കുന്നല്ലോ. അപകടമരണങ്ങൾ... വീടു കയറിയ കടങ്ങൾ... രോഗങ്ങള്‍... അങ്ങനെ അനേകമനേകം പ്രയാസങ്ങള്‍. ഈയുള്ളവൻ മേലേകുന്നിലെ ചെങ്കല്ലിൽ ലക്കും ലഗാനുമില്ലാതെ ചൾക്കോം പൊൾക്കോം എന്നും പറഞ്ഞ് എത്രയോ തവണ മോന്തയും കുത്തി വീണിരിക്കുന്നു. കാൽമുട്ട് രക്തപങ്കിലമായി അയ്യോ പത്തോയെന്ന് നിലവിളിച്ച് കുന്നിറങ്ങുമ്പോൾ വീണ്ടും വീണ് കാൽ മട്ടിൽ നിന്നും രക്തപ്പുഴകൾ ഉത്ഭവിച്ചിരിക്കുന്നു. കമ്യൂണിസ്റ്റപ്പയുടെ പച്ചനീരിന്റെ വേദനയില്‍ നീറിയ പകലുകള്‍... രാത്രികള്‍.
പകല്‍ വെയിലുകൊണ്ട് നടന്നതിനാൽ നീരിറക്കം വന്നെന്റെ കവിളുകൾ ബലൂണുപോലെ എത്രയോ പ്രാവശ്യം വീര്‍ത്ത് തൂങ്ങിയിരുന്നു. കൂടാതെ, സഹിക്കാൻ കഴിയാത്ത പല്ലുവേദന, വയറുവേദന, വയറിളക്കം മുതലായവ കാലങ്ങളായി ഞാനനുഭവിച്ച് വന്നിരുന്നു. ഓര്‍ക്കുക... ഇതെന്റെ മാത്രം കാര്യമാണ്. ഒരുപക്ഷേ, എനിക്കതിൽ വിശ്വാസമില്ലാത്തതിനാലാണ് അങ്ങനെയൊക്കെ സംഭവിച്ചതെന്ന് ഒരൊഴുക്കൻ മട്ടിലങ്ങ് പറയാമെങ്കിലും... ഇതിൽ വിശ്വസമുള്ളവരുടെ കാര്യവും ഇങ്ങനെയൊക്കെ തന്നെയാണന്ന് കാണാൻ കഴിയും. അങ്ങനെ എത്ര എത്ര വയറുവേദനകൾ, തലവേദനകൾ, പല്ലുവേദനകൾ തുടങ്ങി മൂലക്കുരു... ഗ്യാസ്ട്രബിള്‍ വരെയുള്ള അസുഖങ്ങള്‍ ഈ വീടും ശാഖാവീടുകളും കണ്ടിരിക്കുന്നു. അപ്പോഴൊക്കെ എവിടെയായിരുന്നു ഈ സർവ്വരക്ഷാ സങ്കേതം. അയ്യോ... ഇനിയിപ്പോ മേല്‍ കുപ്പിയെ ചോദ്യം ചെയ്യുന്നത് കൊടും പാപം വല്ലതുമായിരിക്കുമോ. ഇതെഴുതി അവസാനിക്കുന്ന മുറക്കെന്റെ തലയിലേക്കൊരു വലിയ അമ്മിക്കുട്ടിയെങ്ങാൻ ചാടിയേക്കുമോ... അതോ, എന്റെ കാൽ പാതത്തിന് താഴയൊരു വലിയ അഗാധ ഗർത്തം രൂപപ്പെട്ട് ഞാനതിലേക്ക് വഴുതി വീഴാനും സാധ്യതയുണ്ടോ.
അറിയില്ല...
എങ്കിലും പിന്നെ എന്തിനാണ് ഇമ്മാതിരി രക്ഷകൾ...?
ഇനിയിപ്പോ നന്മയോടൊപ്പം പ്രയാസങ്ങളും വരുമെന്നാണ് ഉത്തരമെങ്കിൽ ഞാൻ ചോദിക്കട്ടെ... പെരപ്പുറത്ത് തൂങ്ങി കിടക്കുന്ന ഇമ്മാതിരി കുപ്പികളില്ലാത്ത എത്ര വീടുകളുണ്ട് സമീപ പ്രദേശങ്ങളിൽ. ആ വീടുകളിലും ഇങ്ങനെയൊക്കെ തന്നെയല്ലെ. പ്രയാസങ്ങളും ദുരിതങ്ങളും വേദനകളും പരാജയങ്ങളും അവരനുഭവിക്കുന്നു. സന്തോഷവും സമൃദ്ധിയും വിജയ വർത്തമാനങ്ങളും സമാധാനവും അവരെ തേടിയെത്തുന്നു. ഈ പ്രപഞ്ചം മുഴുവനും അങ്ങനെയാണല്ലോ. രാത്രിയും പകലും മാറി മാറി വരുന്നു. പ്രതീക്ഷയുടെ പ്രഭാതവും ഭയവിഹ്വലതയുടെ സന്ധ്യാ സമയവും നമ്മെ തേടിയെത്തുന്നു. സമൃദ്ധിയുടെ വിളവ് കാലവും വറുതിയുടെ മഴക്കാലവും വേനലും ചൂടും തണുപ്പും നമുക്ക് മുന്നില്‍ മാറി മാറി വരുന്നത് നാമെത്ര കണ്ടിരിക്കുന്നു. വെട്ടിയിട്ട മരത്തിന്റെ ഉണങ്ങിയ വേരിൻ തുമ്പിൽ വളരുന്നൊരിളം പച്ച വര്‍ണ്ണം തൂകിയ തണ്ടു പോൽ... പ്രകൃതിയുടെ വിജയ പരാജയങ്ങളുടെ എത്ര എത്ര അടയാളങ്ങളാണീ ഭൂമിയിലുള്ളത്.
അങ്ങനെയെങ്കിൽ... പിന്നെന്തിനാണീ രക്ഷാ...?
അതിനാല്‍... മേല്‍ രക്ഷയെ താഴെ ഇറക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. ഒരു ടോര്‍ച്ചും ലാഡറുമായി ഗോവണി കയറി മാളിയമ്മലിലേക്ക് കയറുമ്പോള്‍ ഞാൻ ചിന്തിച്ചത് ലോകത്ത് മഹാചരിതങ്ങൾ രചിച്ച അനേകം ചരിത്ര ഗവേഷകരെ കുറിച്ചാണ്. തുത്തൻഗാമന്റെ ശവപേടകം തുറക്കാൻ മുൻകൈയെടുത്ത... ഈജിപ്തിലെ അനേകം പിരമിഡുകളും ശവകല്ലറകളും ഗവേഷണാവശ്യങ്ങള്‍ക്കായി ലോകത്തിന് മുന്നിലേക്ക് നിവര്‍ത്തി വെക്കാൻ ധൈര്യകാണിച്ച ആ സാഹസികരായ മനുഷ്യരെ കുറിച്ച്. ഇൻകാ സമൂഹത്തിന്റെ... മഹത്തായ മറ്റനേകം സംസ്കാരങ്ങളുടെ... ഹാരപ്പ... മോഹൻജതാരോ... സിന്ധു നദീതട... അറേബ്യയിലെ ഉമ്മുനൂർ... മെസപ്പോട്ടോമിയ... ലോകത്ത് മഹാവിസ്മൃതിയിൽ ലയിച്ച് ചേര്‍ന്നുറങ്ങികൊണ്ടിരുന്ന... പേടിപ്പെടുത്തുന്ന അനേകം വിശ്വസധാരകളാൽ കെട്ടി പിടഞ്ഞു കിടക്കുന്ന സ്ഥലങ്ങളിലേക്ക്... വിഷയങ്ങളിലേക്ക് ധൈര്യപൂർവ്വം കയറി ചെന്ന ആ മനുഷ്യർ. അവർ നല്‍കുന്ന ഊർജ്ജം ചേര്‍തല്ല. പണ്ട് വയനാടന്‍ കാടുകളിലേക്ക് വേട്ടയാടാൻ ഇറങ്ങിയ ഏതോ ബ്രിട്ടീഷ് ഉദ്യോഗസ്ഥനോട് അദ്ദേഹത്തെ അനുഗമിച്ചിരുന്ന ഒരാദിവാസി പറഞ്ഞുവത്രേ.
"താ... അത് കണ്ടോ... ആ ഗുഹകള്‍ക്കപ്പുറമാണ് ഞങ്ങളുടെ മരണാനന്തര ലോകം. അവിടെയാണ് ഞങ്ങളുടെ സ്വര്‍ഗ്ഗ നരകങ്ങൾ" എന്ന്.
പിന്നീടാ ഗുഹാ മുഖത്തിനപ്പുറത്ത് സവിശേഷമായ എന്തോ കാഴ്ച്ചയുണ്ടന്ന ആ ബ്രിട്ടീഷുകാരന്റെ ചിന്തയില്‍ നിന്നുമാണ് ലോകത്തിന് മുന്നില്‍ എടക്കൽ ഗുഹ പുനര്‍ജനിക്കുന്നതെന്നത് ഞാനെവിടെയോ വായിച്ചിട്ടുണ്ട്. ഇന്ന് ദിനംപ്രതി ആയിരങ്ങളാണവിടെ സന്ദര്‍ശിച്ച് ആ ഗുഹാ ചിത്രങ്ങളെ പഠന വിധേയമാക്കുന്നത്. നിലക്കാത്ത പഠന വിഷയമാകുന്നു ഈ പ്രപഞ്ചം മുഴുക്കെയും.
ഞാൻ പറഞ്ഞല്ലോ... മാളിയമ്മലിനു മേല്‍ക്കൂര സര്‍വ്വത്ര മാറാലയാണ്. നിലം മൺപൊടിയാൽ മലിനം. അത് നല്‍കുന്ന ഭീതിതമായൊരു കാഴ്ച്ചക്കിടയിൽ നിന്നും ഗ്ലാസ്സ് പ്രതലം പതിച്ച ഓടിനിടയിലൂടെ ഉള്ളിലേക്ക് പ്രവഹിക്കുന്ന പ്രതീക്ഷയുടെ സൂര്യ പ്രകാശം വല്ലാത്ത ആശ്വാസം നല്‍കുന്നതാണെന്ന് പറയാതിരിക്കാന്‍ കഴിയില്ല. കാരണം, ഏതോ വലിയ മന്ത്രവാദി മഹാമന്ത്രങ്ങളും ചില കസര്‍ത്തുക്കളുമൊക്കെയായി കോണി കയറി വന്ന്... ലാഡറോ മറ്റ് സൗകര്യങ്ങളോ ഇല്ലാകാലം വളരെ കഷ്ടപ്പെട്ട് തൂങ്ങി നിന്ന് കെട്ടി വെച്ചുപോയ കുപ്പിയാണ് ഏതോ മുടന്തൻ ന്യായവും പറഞ്ഞ്... ഏതൊക്കെയോ ചില ചരിത്രഗവേഷകരേയും സ്മരിച്ചൊരുത്തൻ കോണി കയറി വന്നറുത്ത് മാറ്റാൻ പോകുന്നത്. ഒന്നുകിലെന്റെ തല പൊട്ടി തെറിച്ചേക്കാം. അല്ലെങ്കിൽ, ഞാന്‍ കുഴഞ്ഞ് വീഴാനും മതി... നിത്യനിദ്ര. അതുമല്ലെങ്കിൽ, ജന്മ ജന്മാന്തരങ്ങൾ... തലമുറ തലമുറകളോളം നീണ്ടു നില്‍കുന്ന സ്ഥിരം ശാപത്തിനുള്ള വകുപ്പും ഇതിലുണ്ടെന്ന് പറയാതിരിക്കാന്‍ കഴിയില്ല. ഇനിയിപ്പോ... കുപ്പി അറുത്തെടുക്കുന്ന മുറക്ക് വല്ല സത്വവും എന്റെ നേര്‍ക്കട്ടഹസിച്ചു വരുമോ. അല്ലെങ്കിൽ... ചെകുത്താൻ, ദുർഭൂതം, പിശാച്, രാക്ഷസൻ, വേതാളം, യക്ഷി, മാട... എന്നിത്യാദികൾ രൗദ്രഭാവത്തോടെ എന്റെ മുന്നില്‍ പ്രത്യക്ഷപ്പെടാനും സാധ്യതയേറേയാണ്.
ചരിത്ര ഗവേഷണ മേഖലക്കൊരു രക്തസാക്ഷി...
ആദ്യം അട്ടമൊന്ന് ശ്രദ്ധയോടെ വീക്ഷിച്ചു. പിന്നെ, കുപ്പിക്ക് നേരെ താഴെ ലാഡർ സ്ഥാപിച്ച് അതിൽ പതിയെ കയറി നിന്നു... എന്റെ തൊട്ട് മുകളില്‍ മാറാല പൊതിഞ്ഞ ഏതോ പുരാതന ചൂടി കയറില്‍ തൂങ്ങിയാടുന്ന ആ സ്ഫടിക കുപ്പി കാണാം. ഇരുനിറമാണതിന്റെ കാഴ്ചയെങ്കിലും പതിറ്റാണ്ടുകളായി നിന്നു കൊണ്ട ചൂടും പുകയും കാരണം ഇരുണ്ട നിറമത് പുല്‍കിയിരിക്കുന്നു. അതിനു മുകളില്‍ മേലെ ഓട് വരെ നീണ്ടു പോകുന്ന മാറാല കൂട്ടമാണ് കാഴ്ച്ച. ഞാൻ കൂടുതൽ നേരം കാത്തിരിക്കാതെ മഹത്തായ എന്റെ പ്രവര്‍ത്തിയിലേക്ക് നീങ്ങി. ചെയ്യുന്ന പണിയുടെ 'പരിശുദ്ധത' കണക്കാക്കി വലതു കൈ തന്നെ ഉയർത്തി പിടിച്ച് കുപ്പിയിൽ മുറുകെ പിടിച്ചു. പിന്നെ, ഒരൊറ്റ വലി.
ബിസ്മില്ലാ...
ഏകദേശം അമ്പതിൽപ്പരം വർഷങ്ങൾ അവനീ മേല്‍ക്കൂരയിൽ നിന്നാടിയിരിക്കുന്നു. അന്‍പത് വർഷത്തെ വേനലും മഴക്കാലവും കണ്ടതിനൊടുവില്‍, ഇന്നിതാ അവന്‍ സ്വതന്ത്രമായിരിക്കുന്നു.
കയറിന്റെ കാലപ്പഴക്കം കാരണമാകാം... സംഗതി ക്ഷണ നേരം കൊണ്ടെന്റെ കൈയിൽ പോന്നു. പക്ഷേ, വലിയുടെ ആഘാതത്തിൽ സട കുടഞ്ഞ മാറാല കൂട്ടത്തിൽ നിന്നും ഒരു ചെറിയ കരട് മുകളിലേക്ക് തുറന്ന് പിടിച്ചിരുന്ന എന്റെ കണ്ണിലേക്ക് വീണത് ആകെ കൂടി പൊല്ലാപ്പായി. ഞാൻ കുപ്പിയുമായി കണ്ണുകളടച്ച് താഴേക്കിറങ്ങി വെറും നിലത്തത് ഭദ്രമായി വെച്ചു... കരടിന്റെ സാന്നിധ്യം കാരണം കണ്ണില്‍ അസഹ്യമായ കടച്ചില്‍. കണ്ണുകൾ തുറന്ന് പിടിക്കാൻ തന്നെ പ്രയാസം. എന്തോ ഒരു തടസ്സം. അന്ധകാരം. ഇനി ഇങ്ങനെ വല്ലതുമായിരിക്കുമോ ആ പ്രത്യാഘാതം. ഏതാനും നിമിഷങ്ങൾക്കുള്ളിൽ എന്റെ കണ്ണുകൾ പുഴുത്ത് നീരൊലിച്ച് വികൃതമായേക്കുമോ. നിത്യാന്ധത... കണ്ണുപൊട്ടൻ. കണ്ണുകളില്ലാതെ ഞാനെങ്ങനെ ഈ പ്രപഞ്ചത്തെ കാണും... വായിക്കും... വായിനോക്കും. ഇതിലും വലിയൊരു ദണ്‌ഡനമീ ഭൂമിയില്‍ മറ്റെന്താണുളളത്. ഞാൻ ചിന്തിച്ചു. മരങ്ങളില്‍ കൂടോത്രം ചെയ്ത് അടിച്ചു കയറ്റിയ ആണികളിൽ തളക്കപ്പെട്ട സാരിധാരികളായ യക്ഷികളെ ആ ആണി വലിച്ചെടുത്തേതെങ്കിലും നിഷ്കളങ്കൻ സ്വാതന്ത്ര്യമാക്കുമ്പോൾ സാധാരണ ഇങ്ങനെയൊക്കെ സംഭവിക്കുന്നത് ഞാൻ സിനിമകളിൽ കണ്ടിട്ടുണ്ട്. ആണി വലിച്ചെടുക്കന്നതോടുകൂടി അയാളുടെ കണ്ണിലൊരു കരടു വീഴും. അത് ശരിപ്പെടുത്തുവാനുള്ള ശ്രമത്തിനിടെ കൊടുങ്കാറ്റും പേമാരിയുമായി പ്രകൃതി ആടി ഉലയും. പശ്ചാത്തലമായി കാൽചിലമ്പിന്റെ അകമ്പടിയോടെ ദീര്‍ഘമായ അട്ടഹാസങ്ങൾ കേൾക്കാം. പെൺ പൊട്ടിച്ചിരികളുടെ മാലപ്പടക്കം. അയാൾ ജീവനും കൊണ്ട് തലങ്ങും വിലങ്ങും പരക്കം പായും.
എന്നിരുന്നാലും... കൈകൊണ്ട് കണ്ണീനെ നന്നായൊന്ന് തിരുമ്മിയതോടെ സംഗതി ക്ലിയർ. ആശ്വാസമായി. കണ്ണുകൾക്കൊന്നും സംഭവിച്ചിട്ടില്ല. ഞാനാ കണ്ണുകൾ മലർക്കെ തുറന്ന് ചുറ്റുമൊന്ന് നിരീക്ഷിച്ചു. മുറിയുടെ നരച്ച ചുമരുകളും ചപ്പു ചവറുകൾ നിറഞ്ഞ നിലവും കണ്ടു. പിന്നെ, തുറന്ന് കിടക്കുന്ന ജനല്‍ വഴി പുറത്തേക്കെത്തി നോക്കി. മരങ്ങൾ ചെരിഞ്ഞ് തൂങ്ങി നില്‍ക്കുന്ന ഭീകര കൊടുങ്കാറ്റോ... കോരി ചൊരിയുന്ന മഴയോ... യക്ഷിയുടെ പൊട്ടിച്ചിരിയോ... കാൽ ചിലമ്പു നാദമോ ഇല്ല. അസ്തമയ സൂര്യന്റെ ചുവന്ന പ്രകാശത്തില്‍ ശാന്ത ഗംഭീരമായി പ്രകൃതി മന്ദസ്മിതം തൂകി നില്‍ക്കുന്നു. ഭൂമിയുടെ ഭ്രമണ പരിക്രമണത്തിനും ഒരു തടസ്സവും നേരിട്ടതായി അറിവില്ല. കാറ്റ്... തിരമാലകൾ... ഒഴുക്ക്... മഞ്ഞ്... രാത്രി... പകല്‍ തുടങ്ങിയ പ്രകൃതി ചലനങ്ങള്‍ പതിവ് പോലെ തന്നെ.
ശാന്തം... സമ്പൂര്‍ണ്ണം. ലോകത്തൊന്നും തന്നെ പ്രത്യേകമായി സംഭവിച്ചതിനു തെളിവില്ല.
ഞാൻ കുപ്പി പരിശോധിച്ചു. കറുത്ത പുക മാതിരി എന്തോ പുരണ്ട അതിനെ തുടച്ച് വൃത്തിയാക്കുമ്പോൾ അതിന്റെ ഏറ്റവും താഴെ ഇങ്ങനെ എഴുതിയിരിക്കുന്നതായി കണ്ടു...
അഥവാ, നല്ല ശുദ്ധമായ മദ്യം കുപ്പി തന്നെ.
പടച്ചോനെ... പണ്ടെങ്ങോ എവിടെയോ ഉള്ളൊരു ഭയങ്കരനായ കള്ള് കുടിയന്‍ കുടിച്ചു പൂസായി വന്ന് നാട്ടുകാരെ തെറി വിളിച്ച്... ഭാര്യയെ തൊഴിച്ച്... മക്കളെ തല്ലി പഞ്ചറാക്കി... അവരുടെ പുസ്തകങ്ങൾ, ചട്ടി, കലം, പാത്രങ്ങൾ തുടങ്ങിയ ചവിട്ടി തെറിപ്പിച്ച്... വാളു വെച്ച് അകം മുഴുവന്‍ മലിനമാക്കി ഉപേക്ഷിച്ച ഒരു കുപ്പിയാണീ കക്ഷി... കള്ളു കുപ്പി. ഇവനായിരുന്നത്രേ ഈ വീടിന്റെ രക്ഷാപുരുഷൻ... ഇത്രയും കലമീ വീടിന്റെ മച്ചിനു മുകളില്‍ സര്‍വ്വാധികാരിയെപ്പോലെ കഴിഞ്ഞു വന്നിരുന്നതിവനായിരുന്നു പോൽ.
ഞാന്‍ വെറുതെ ഓരോന്ന് ചിന്തിച്ചു നിന്നു... സൂപ്പർ മാര്‍ക്ക് ബ്രാണ്ടിയെ കുറിച്ചും... വിഡ്ഢികളായ മനുഷ്യരെ കുറിച്ചും.
ശുഭം... സുന്ദരം.






