പ്രിയ സന്തോഷ് ജോർജ്ജ് കുളങ്ങര,
ഞാനിതെഴുതുന്നത് മലപ്പുറം ജില്ലയിലെ ശാന്തപുരം എന്നൊരു കൊച്ചു ഗ്രാമത്തിൽ നിന്നുമാണ്. എന്റെ മുറിയിലൊരു കസേരയില്‍ സുമുഖനായങ്ങനെ ഇരുന്ന് തെല്ലൊരു അഭിമാനത്തോടെയാണ് ഞാനീ കത്ത് എഴുതികൊണ്ടിരിക്കുന്നത്. കാരണം, എന്റെ മേശപ്പുറത്ത് എതാനും സിഡികളിരിപ്പുണ്ട്. 3000 രൂപ നല്‍കി പ്രത്യേകമായി മരങ്ങാട്ടുപിള്ളിയിൽ നിന്നും വരുത്തിച്ച വിശ്വവിഖ്യാതമായ സഞ്ചാരം സിഡികൾ. കേരളത്തിലെ ഒരു കുഗ്രാമത്തിൽ കിടക്കുന്ന എന്നെ പോലുള്ള അനേകം പേര്‍ക്ക് ലോകത്തിന്റെ വെത്ത്യസ്ഥവും ആവേശകരവുമായ കാഴ്ച്ച സമ്മാനിച്ച നിധികളിണതൊക്കെ എന്ന് പറയേണ്ടതില്ലല്ലോ. ഇവിടെ ഇങ്ങനെയിരുന്ന് ചൈനയിലെ വന്‍ മതിലിന്റെ കാഠിന്യവും... ന്യൂയോര്‍ക്ക് നഗരത്തിന്റെ ജനത്തിരക്കും... ജപ്പാനിലെ തീവണ്ടികളുടെ വേഗതയും അനുഭവിച്ച് വരുന്നു. ഭൂട്ടാന്റെ സ്വച്ഛതയും... സ്വിസ് നഗരങ്ങളിലെ തണുപ്പും... മാലദ്വീപിലെ കടലോരത്തെ ട്യൂണ മത്സ്യത്തിന്റെ രുചിയും ഞങ്ങളറിയുന്നു. യാത്രകള്‍ തുടരുക. എല്ലാ ആശംസകളും നേരുന്നു. മറുപടി പ്രതീക്ഷിച്ചുകൊണ്ട്.
സ്നേഹത്തോടെ
പ്രിയ ശിഷ്യന്‍... നവീന്‍ ഷറഫ്.
4/ 1/ 2011,
പ്രിയ സുഹൃത്തേ,
ക്ഷേമമെന്ന് കരുതുന്നു. ജീവിത തിരക്കുകൾക്കിടയിലും മുടങ്ങാതെ സഞ്ചാരം കാണുന്നു എന്നറിയുന്നതിൽ ആഹ്ലാദമുണ്ട്. താങ്കളെ പോലുള്ളവരുടെ പ്രോത്സാഹനത്തില്‍ നിന്നുള്ള പ്രചോദനമാണ് സഞ്ചാരത്തെ മുന്നോട്ട് നയിക്കുന്നത്. ഇപ്പോൾ 70 രാജ്യങ്ങൾ പിന്നിട്ട് കഴിഞ്ഞു. 7 ഭൂഖണ്ഡങ്ങളിലും സഞ്ചരിച്ചു. ഇന്ത്യയുടെ ആദ്യ സ്പേസ് ടൂറിസ്റ്റെന്ന നിലയില്‍ ബഹിരാകാശ യാത്രക്കുള്ള തയ്യാറെടുപ്പുകള്‍ തുടരുന്നു. കാണാത്ത നാടുകളിലെ കാഴ്ച്ചകൾ തേടി ക്യാമറയുമായുള്ള സഞ്ചാരവും. നമ്മുടെ ഊഷ്മളമായ സൗഹൃദം കാലാതീതമാകട്ടെ.
ചെറിയൊരു സ്നേഹോപഹാരമായി ഞാന്‍ രചിച്ച ബാൾട്ടിക്ക് ഡയറിയുടെ ഒരു കോപ്പി ഇതോടൊപ്പം അയക്കുന്നു. സ്വീകരിക്കുക.
താങ്കൾക്കും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കൾക്കും നവവത്സരാശംസകള്‍ നേരുന്നു.
ഹൃദയപൂര്‍വ്വം
സന്തോഷ് ജോർജ്ജ് കുളങ്ങര.
പ്രിയ സന്തോഷ് ജോർജ് കുളങ്ങര,
താങ്കൾ അയച്ച മറുപടിക്കും പുസ്കങ്ങൾക്കും ഒരായിരം നന്ദി. താങ്കളുടെ യാത്രകളിൽ നിന്നും പ്രചോദനമുൾകൊണ്ടുള്ള എന്റെ കേരള യാത്രകൾ പുരോഗമിക്കുന്നതായി ഞാൻ അറിയിച്ചുകൊള്ളുന്നു. സന്ദര്‍ശിക്കുന്ന നാടിന്റെ ചരിത്രവും സംസ്കരവും ചിന്തിച്ചുകൊണ്ടുളള ഇത്തരം ഏകാന്ത യാത്രകൾ മനസ്സിന് ഏറെ ആനന്ദം നല്‍കുന്നതും വിജ്ഞാന പ്രധവുമാണ്. വലിയ യാത്രകള്‍ക്ക് അതിന്റെതായ സമാനതകളില്ലാത്ത മുല്ല്യമുണ്ട് എന്നുള്ളത് അവിതർക്കമായ കാര്യമാണ്. എങ്കിലും, താങ്കൾ പ്രാഗും വെനീസും ഡമാസ്കസും സന്ദർശിച്ചപ്പോൾ താങ്കളിലുണ്ടായ ഒരാത്മ സംപ്രപ്തിയുണ്ടല്ലോ അതെനിക്കീ കൊച്ചു കേരളം സന്ദര്‍ശിക്കുമ്പോഴും ലഭിക്കുന്നു. സ്ഥലകാല വെത്ത്യാസങ്ങൾക്കപ്പുറം യാത്രകളെ വെത്ത്യസ്തമാക്കുന്നത് അതിനെ ആസ്വദിക്കാനുള്ള കഴിവിന്റെ അടിസ്ഥാനത്തിലാണന്നാണ് ഞാനിതിൽ നിന്നും മനസ്സിലാക്കുന്നത്.
എന്നാൽ, ചില യാത്രകളെനിക്ക് വലിയ മനപ്രയാസങ്ങള്‍ നല്‍കാറുണ്ട് എന്ന് പറയാതിരിക്കാൻ കഴിയില്ല. അത്തരം യാത്രകളില്‍ വഴിവക്കിലും തൊട്ടരികിലുമൊക്കെ കാണുന്ന സഹജീവികളുടെ ദെെനതയാർന്ന മുഖങ്ങൾ മനസ്സിൽ വല്ലാത്ത ദുഃഖം ജനിപ്പിക്കാറുണ്ട്. അപ്പോഴൊക്കെയും സഞ്ചാരത്തെ പാതിവഴിലുപേക്ഷിച്ച് മടങ്ങുവാനോ കശ്ടതകളനുഭവിക്കുന്ന ആ മനുഷ്യര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുവാനോ എന്റെ മനസ്സെന്നോട് മന്ത്രിക്കും. യാത്രകൾ മനുഷ്യന്റെ മുൻധാരണകൾ അകറ്റുമെന്ന് പറയുന്നത് എത്ര ശരിയാണ്.
കൂടുതൽ ദീർഘിപ്പിച്ച് മുശിപ്പിക്കുന്നില്ല. മലപ്പുറം പെരിന്തല്‍മണ്ണ വഴി വരികയാണങ്കിൽ സമയം അനുവദിച്ചാൽ എന്റെ ആതിഥ്യം സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു. എന്റെ വിലാസവും നമ്പറും താഴെ ചേര്‍ത്തിട്ടുണ്ട്. ഇനിയും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ താങ്കള്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നതോടൊപ്പം അതിന്നായി സര്‍വ്വശക്തനോട് ആത്മാർത്ഥമായി പ്രാത്ഥിച്ചുകൊണ്ട് നിർത്തുന്നു.
പ്രിയത്തില്‍
നവീന്‍ ഷറഫ്.
14/ 3/ 2011
പ്രിയപ്പെട്ട നവീന്‍,
സ്നേഹ പൂര്‍വ്വം അയച്ച് കത്ത് കിട്ടി. പഠനവും ജോലിയും തുടരുമ്പോള്‍ തന്നെ യാത്രകള്‍ ചെയ്യാനുള്ള താങ്കളുടെ അഭിനിവേശത്തെ ആദ്യമേ അഭിനന്ദിക്കട്ടെ.
യാത്രകള്‍ നമ്മുടെ കാഴ്ചപ്പാടുകളിൽ വലിയ മാറ്റങ്ങൾ വരുത്തുന്നുണ്ട്. ചെറിയ രീതിയിലെങ്കിലും ഒരു യാത്രക്കാരനായി കഴിഞ്ഞ നവീന് ഇക്കാര്യം വ്യക്തമായിട്ടുണ്ടാവുമെന്ന് കരുതട്ടെ. വിശാലമായ ലോകം വലിയ അറിവുകൾ ആണ് പകര്‍ന്നു നല്‍കുന്നത്.
നന്മതിന്മകളും വിജയപരാജയങ്ങളും വന്‍വികസനങ്ങളും നമുക്ക് യാത്രകളിലൂടെ നേരില്‍ കണ്ടറിയാനാകും. ചൈന സന്ദര്‍ശിച്ച വേളയില്‍ ആ രാജ്യം നടത്തുന്ന വികസന കുതിപ്പ് കണ്ട് ഞാന്‍ അത്ഭുദപ്പെട്ടു നിന്നിട്ടുണ്ട്. അടുത്തിടെ മ്യാന്‍മര്‍ സന്ദര്‍ശിച്ചപ്പോൾ ആ നാടിന്റെ അധോഗതി ദര്‍ശിച്ച് നൊമ്പരപ്പെട്ടിട്ടുണ്ട്. യാത്രകള്‍ കാഴ്ചപ്പാടുകളെ മാത്രമല്ല വ്യക്തിത്വത്തന്നെയാണ് സംസ്കരിച്ചെടുക്കുന്നത് എന്നാണ് ഞാന്‍ കരുതുന്നത്.
താങ്കളുടെ യാത്രക്ക് എല്ലാ ആശംസകളും നേരുന്നു. താങ്കളുടെ സ്നേഹത്തിൽ ചാലിച്ച ക്ഷണത്തിന് നന്ദി. അവസരം കിട്ടുമ്പോൾ നമുക്ക് ഒത്തുകൂടാമെന്ന് കരുതുന്നു. കൂടാതെ, താങ്കളുടെ കേരള യാത്രക്കിടയിൽ കോട്ടയം സന്ദര്‍ശിക്കുകയാണങ്കിൽ ചുരുങ്ങിയ സമയത്തെ ഒരു കണ്ടു മുട്ടൽ നമുക്ക് സാധ്യമാകുമെന്ന് കരുതട്ടെ. അതിന് വേണ്ടി ലേബർ ഇന്ത്യ ഓഫീസിലേക്ക് വിളിച്ച് നേരത്തെ സമയം നിശ്ചയിക്കുന്നത് നന്നായിരിക്കും.
സ്നേഹ പൂര്‍വ്വം
സന്തോഷ് ജോർജ്ജ് കുളങ്ങര.
പ്രിയ സന്തോഷ് ജോർജ് കുളങ്ങര,
താങ്കളയച്ച മറുപടി കത്ത് കിട്ടി. താങ്കളുടെ ക്ഷണത്തിന് നന്ദി അറിയിക്കുന്നു. ചൈനയിലും മ്യാന്‍മറിലും താങ്കൾ നടത്തിയ ആ യാത്രകളുടെ അനുഭവം ഞങ്ങൾ ചാനലിരുന്ന് കണ്ടപ്പോൾ വലിയ അത്ഭുദം തോന്നി എന്ന് പറയേണ്ടതില്ലല്ലോ. എന്റെ സമീപത്തിരുന്ന് അത് കണ്ടിരുന്ന എന്റെയൊരു സുഹൃത്തിന് ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല... ഈ യാത്രകളൊക്കെയും താങ്കൾ തനിച്ചാണോ നടത്തുന്നതെന്ന്. തീര്‍ത്തും അപരിചിതമായ വഴിത്താരകളിലൂടെ, നാടുകളിലൂടെ, മനുഷ്യര്‍ക്കിടയിലൂടെ താങ്കളൊഴുകി നീങ്ങുന്നത് കാണുമ്പോള്‍ സ്വാഭാവികമായും ആരിലുമുയരുന്ന സന്ദേഹം.
പിന്നെ മറ്റൊരു കാര്യം. സംഗതിയല്‍പ്പം മത സംബന്ധമാണ്. കാര്യമിങ്ങനെ... യാത്രകളെ കുറിച്ച് എന്റെ മതം വല്ലാതെ വാചാലമാകുന്നുണ്ട്. ദൈവത്തിന്റെ ഭൂമി എത്ര വിശാലവും സുന്ദരമാണെന്ന് ബോധ്യപ്പെടാനായി മാത്രമല്ല ഇസ്ലാം യാത്രയെ പ്രോത്സാഹിപ്പിച്ചു കാണുന്നത്. മറിച്ച്, ജനങ്ങളുടെ അവകാശങ്ങളും അധികാരങ്ങളും കാറ്റില്‍ പറത്തികൊണ്ട് താന്‍ പെരുമ നടിച്ച് ഈ ഭൂമിക്ക് മുകളിലൂടെ നടന്ന് നീങ്ങിയ ഒരുപറ്റം നേതാക്കന്മാരുടെ പര്യവസാനം എങ്ങനെ ആയിരുന്നു എന്ന് നിരീക്ഷിക്കാനും അവരിന്ന് കഴിയുന്നതെവിടെയാണന്ന് ബോധ്യപ്പെടാനും കൂടിയാണ് ഇസ്ലാം യാത്രയെ പ്രോത്സാഹിപ്പിച്ചു കാണുന്നത്. കൂടാതെ, യാത്രകള്‍ മനുഷ്യന്റെ തെറ്റുകളെ മായ്ച്ച് കളയുമെന്നും ഇസ്ലാം അനുശാസിക്കുന്നു. കാരണം, യാത്രകള്‍ക്കിടയിലുണ്ടാകുന്ന പ്രയാസങ്ങളൊരു സ്ഥായിയായ സത്യമാണ്. അത്തരം പ്രയാസങ്ങളിലൂടെ കടന്ന് പോകുന്ന ഒരു മനുഷ്യനെ അവന്‍ ചെയ്യുന്ന തെറ്റുകളുടെ പേരില്‍ വീണ്ടും പ്രയാസപ്പെടുത്തരുതന്ന് ദൈവം തീരുമാനിച്ച് കാണണം.
എന്തായാലും, മുശിപ്പിച്ചില്ല എന്ന് വിശ്വസിക്കട്ടെ. ഇനിയും ഏറെ ഉയരങ്ങളിലേക്ക് താങ്കള്‍ക്ക് എത്തിച്ചേരാൻ കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട് നിര്‍ത്തട്ടെ. പ്രാര്‍ത്ഥിച്ചുകൊണ്ട്...
പ്രിയത്തില്‍
നവീന്‍ ഷറഫ്.
09/ 05/ 2012
ശ്രീ നവീന്‍ ഷറഫ്
മലപ്പുറം
സുഹൃത്തേ,
അയച്ച ആശംസ സന്ദേശം കൈപ്പറ്റി. അഭിനന്ദനങ്ങള്‍ക്കും പ്രാർത്ഥനക്കും നന്ദി.
താങ്കളുടെ കേരള യാത്രകള്‍ പുരോഗമിക്കുന്നു എന്നറിയുന്നതിൽ സന്തോഷം. അതിന് എന്റെ സഞ്ചാരം പ്രചോദനമായിട്ടുണ്ട് എന്ന അറിവ് കൂടുതൽ ആഹ്ലാദകരമായ കാര്യം. യാത്രകള്‍ തുടരുക. അങ്ങനെ വിജ്ഞാനത്തിന്റെയും മാനവികതയുടേയും മണ്ഡലത്തെ കൂടുതൽ വിപുലമാക്കുക.
ആശംസകൾ
സന്തോഷ് ജോർജ്ജ് കുളങ്ങര.
തിരക്കോട് തിരക്ക് പിടിച്ച ഒരു രാജ്യാന്തര പര്യവേക്ഷകൻ... യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെർജിൻ ഗാലക്ടിക് കമ്പനിയുടെ ബഹിരാകാശ വിനോദയാത്ര പരിപാടിയിൽ ഇന്ത്യയിൽ നിന്നും പങ്കെടുക്കുന്ന ആദ്യത്തെ ആൾ. മലയാളത്തിൽ നിർമ്മിതമായ ആദ്യ ദൃശ്യയാത്ര വിവരണമായ സഞ്ചാരം 7 ഭൂഖണ്ഡങ്ങളിലുള്ള 130 രാജ്യങ്ങളിലൂടെ സഞ്ചരിച്ച് സമഗ്രമായി ചിത്രീകരിച്ച വ്യക്തി... സ്നേഹത്തോടെയാണങ്കിലും ഞാനയക്കുന്ന കത്തുകൾക്കൊക്കെയും ഒട്ടുമേ പ്രതീക്ഷിക്കാതെ ചറപറ അദ്ദേഹം മറുപടികളയക്കുന്നു. ആശംസ സന്ദേശങ്ങൾ കൈമാറുന്നു. താന്‍ മേനേജിംഗ് ഡയറക്ടറായ ഇന്ത്യയിൽ തന്നെ പ്രമുഖ വിദ്യാഭ്യാസ പ്രസിദ്ധീകരണമായ ലേബർ ഇൻഡ്യ, ഹെറിറ്റേജ് ടൂറിസംരംഗത്തെ 'പോണ്ട്‌ഷോർ' റിസോർട്ട്, ലേബർ ഇൻഡ്യ വിദ്യാഭ്യാസ ഗവേഷണകേന്ദ്രം തുടങ്ങിയവയുടെ അറിയിപ്പുകളടങ്ങിയ ബ്രോഷറുകൾ എത്തിക്കുന്നു. കൂടാതെ, പുസ്തകങ്ങളയക്കുന്നു. പുസ്തകങ്ങളെന്ന് വെച്ചാൽ ഇതുവരെ ഒന്നിനൊന്ന് മെച്ചപ്പെട്ട 3 പുസ്തകങ്ങൾ! അത്ഭുദം തോന്നാം. പക്ഷേ, സമയത്തെ കാര്യക്ഷമമായി ഉപയോഗിക്കുന്ന ഏതൊരു മനുഷ്യനും സാധ്യമാകുന്ന കാര്യങ്ങളാണിതൊക്കെ എന്ന് നിസ്സംശയം പറയാൻ കഴിയും. അത് കൊണ്ടാണ്. എങ്ങോ കിടന്ന് സ്വപ്നം കാണുന്ന ഈ എന്നെപ്പോലും നിറഞ്ഞ പുഞ്ചിരിയോടെ അദ്ദേഹത്തിന് പരിഗണിക്കാൻ കഴിയുന്നതെന്ന് ഞാന്‍ മനസ്സിലാക്കുന്നു.
സഞ്ചാരം പരിപാടിക്കായി യാത്ര ചെയ്യുന്നതും, കാഴ്ചകൾ ഷൂട്ട് ചെയ്യുന്നതും, ദൃശ്യങ്ങൾ എഡിറ്റു ചെയ്യുന്നതും അദ്ദേഹം തനിച്ചാണന്ന് കേട്ടിട്ടുണ്ട്. ഈ പ്രത്യേകത മൂലം 'ലിംക ബുക് ഓഫ് റെക്കോർഡ്‌സിലും' അദ്ദേഹം സ്ഥാനം പിടിച്ചിട്ടുണ്ടെന്ന് ഞാനീയിടെ വായിച്ചറിഞ്ഞു.














