Tuesday, 6 December 2022

ചുങ്കം ചുറ്റുവട്ടം- ഒരു ദേശത്തിന്റെ ഇന്നലകള്‍

സമര്‍പ്പണം


ഈ നാടിന്റെ ഇന്നലകളെ സജീവമാക്കി കാലയവനികക്കുള്ളിൽ മറഞ്ഞു പോയ അറിയുന്നവരും അറിയാത്തവരുമായ പ്രശസ്തരോ പാമരരോ സമ്പന്നരോ ദരിദ്രരോ ആയ സകലമാന മനുഷ്യരുടേയും നിത്യസ്മരണകള്‍ക്കു മുന്നില്‍ ഞാനെന്റെയീ കൊച്ചു ശ്രമത്തെ ആദരവോടുകൂടി സമര്‍പ്പിക്കുന്നു. മൺമറഞ്ഞ് പോയ ആ മനുഷ്യര്‍ക്കെല്ലാവർക്കുമെന്റെ മൗനമായ കൂപ്പുകൈ... പ്രാർത്ഥനകൾ.


അപേക്ഷ


മരിച്ച് മൺമറഞ്ഞു പോയാലും ആചന്ദ്രകാലം നിലനിൽക്കുന്ന മഹാസുകൃതമാകുന്നു 'സ്വദക്കത്തുൻ ജാരിയ'. അഥവാ, കാലാതീതമായി നിലനില്‍ക്കുന്ന മഹാപുണ്യ കര്‍മ്മം. പണത്തിനും പദവികൾക്കുമപ്പുറം എന്റെ പരമമായ ലക്ഷ്യവും അത് മാത്രമാണ്. അതിനാൽ, ഈ പുസ്തക പാരായണത്തിലൂടെ ഒരു വാക്കോ നിമിഷങ്ങളോ നിങ്ങള്‍ക്ക് ഹൃദ്യമായി തോന്നിയെങ്കിൽ ഈ ഉള്ളവനെ നിങ്ങൾ നിങ്ങളുടെ പ്രാർത്ഥനക്കിടയിൽ ഓര്‍ത്തുകൊള്ളണമേ എന്നപേക്ഷിക്കുന്നു.


ഉളളടക്കം


1- ആമുഖം


2- പ്രാദേശിക ചരിത്രരചന ഒരു മുഖവുര


3- ഭൂപ്രകൃതി


4- സമൂഹം, സാമൂഹിക ബന്ധങ്ങൾ

A- ഹരിജനങ്ങൾ
B- മറ്റു ഹിന്ദു വിഭാഗങ്ങള്‍
C- മാപ്പിളമാര്‍

5- പ്രാദേശിക ഭാഷാ പ്രയോഗങ്ങള്‍

A- ക്രിയ
B- നാമം
C- ചില വ്യക്തിനാമങ്ങൾ

6- ആദ്യകാല ചരിത്രം

A- ചേരമർ
B- കേരളത്തിലെ ബൗദ്ധനാളുകള്‍
C- ബുദ്ധമതത്തിന്റെ അസ്തമയം
D- പ്രാദേശിക ചരിത്രത്തിലെ ബൗദ്ധാടയാളങ്ങൾ

7- വള്ളുവനാട്- മഞ്ചേരി കോവിലകങ്ങളുടെ ആധിപത്യ നാളുകള്‍

A- മണ്ണാർമല കോവിലകവും തിരുമാന്ധാംകുന്ന് ജന്മാവകാശവും
B- വള്ളുവനാട് ആധിപത്യ കാലം
C- മൈസൂരാധിപത്യത്തിനു കീഴിലേക്ക്
D- മഞ്ചേരി കോവിലകത്തിന്റെ കടന്നു വരവ്
E- ശ്രീ അപ്പുക്കുട്ടൻ തമ്പുരാൻ
F- ശക്തമായിരുന്ന ജാതീയതയുടെ അടയാളങ്ങള്‍

8- പോര്‍ച്ചുഗീസ് അധിനിവേശ കാലത്തെ പ്രദേശം

A- മരക്കാര്‍മാർ
B- ജിഹാദും ഹിജ്റയും
C- മാപ്പിളമാരുടെ അതിജീവന സഞ്ചാരങ്ങള്‍
D- മലയാള ഭാഷയിലെ പോര്‍ച്ചുഗീസ് 'അധിനിവേശങ്ങൾ'
E- ചരിത്രത്തിലെ ചില സമാനതകൾ

9- കൊണ്ടോട്ടിയുടെ കടന്നു വരവും ശാന്തപുരം മഹല്ല് രൂപീകരണവും

A- കൊണ്ടോട്ടി തങ്ങന്മാർ
B- കൊണ്ടോട്ടികൈ, പൊന്നാനികൈ
C- കൊണ്ടോട്ടികൈ അഥവാ, മുള്ള്യാകുർശ്ശി തക്കിയ
D- പൊന്നാനികൈ അഥവാ ശാന്തപുരം മഹല്ല് രൂപീകരണം

10- മലബാറിലെ മൈസൂര്‍ കാലം

A- ടിപ്പു സുല്‍ത്താൻ
B- മൈസൂര്‍ അധിനിവേശ കാലത്തെ കേരള സമൂഹിക മണ്ഡലം
C- ടിപ്പു സുല്‍ത്താന്റെ മേല്‍നോട്ടത്തിൽ നടന്ന മലബാര്‍ വികസന മുന്നേറ്റങ്ങൾ.
D- അല്ലൂർ ഉണ്ണീൻകുട്ടി മൂപ്പൻ

11- മലബാര്‍ പോരാട്ട കാലത്തെ പ്രദേശം

A- ആദ്യകാല പോരാട്ട നാളുകളില്‍
B- 

ആമുഖം


ചുങ്കം ഒരു ചെറിയ തെരുവാണ്. ഞാൻ ജനിച്ചതും വളര്‍ന്നതുമീ തെരുവിലായിരുന്നു. റോഡരികിൽ നിരന്ന് നില്‍ക്കുന്ന ഓടു മേഞ്ഞ കെട്ടിടങ്ങൾക്ക് പിന്നിലെ ഒരു ചെറിയ വീട്ടില്‍. എന്റെ വീടിന്റെ പിറകുവശത്ത് വിശ്വപ്രസിദ്ധ അറബിക് കലാലയമായ ജാമിഅ നൂരിയ അറബിക് കോളേജിന്റെ വിശാലമായ മൈതാനമാണ്. അനേകം ദേശിയ അന്താരാഷ്ട്ര വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട്‌ അനുഗ്രഹീതമാക്കപ്പെട്ട മണ്ണ്. വര്‍ഷാവർഷങ്ങളിൽ മാത്രം സജീവമാകുന്നൊരു സമ്മേളന നഗരിയാണത്. വീട്ടില്‍ അപ്രതീക്ഷിതമായി കടന്നു വരുന്ന അനേകം അതിഥികളാൽ സമ്പന്നമാകുന്ന ആ ദിനരാത്രങ്ങൾ ഈ നാടിനെ സംബന്ധിച്ചെടുത്തോളവും സുപ്രധാനമായൊരു അധ്യായമാണന്ന് പറയാം. നാടിന്റെ ഒരു വ്യപാര മേള... ചുങ്കം ഷോപ്പിങ് ഫെസ്റ്റിവൽ. അന്നീ തെരുവിനും ജനങ്ങൾക്കും ആഘോഷ രാവാണ്. റോഡും വീഥികളും കടകളും ജനനിബിഡമാകുന്ന യാമം. ഒരു നദിയിലെ വെള്ളം പോൽ റോഡിലൂടെ തിങ്ങി നിറഞ്ഞൊഴുകി നീങ്ങുന്ന കനത്ത ജനസഞ്ചയങ്ങൾ. നദിയെ അതിന്റെ മധ്യത്തിൽ വേര്‍തിരിച്ചു നീങ്ങുന്ന മരത്തടികളെ പോലെ ഇടക്കിടെ വരുന്ന വാഹനങ്ങൾ. ഒരുപക്ഷേ, ആ മനുഷ്യര്‍ക്കവരുടെ ഗതകാല സ്മരണാ പുസ്തകങ്ങളിലെ ഒരു സുപ്രധാന അധ്യായമായിരിക്കാം ആ സമ്മേളന ദിനരാത്രങ്ങളെന്ന് നിസ്സംശയം പറയാൻ സാധിക്കും.

ചിലര്‍ക്കീ നാടവരുടെ ചോറാണ്, ചിലര്‍ക്ക് സമയം പോക്കിനുള്ളൊരു ഉപകരണമോ അവരുടെ അവശ്യ നിര്‍വ്വഹണത്തിനുള്ള കേന്ദ്രമോ ആണ്‌. മറ്റു ചിലര്‍ക്ക് തങ്ങളുടെ ആശയങ്ങളുറക്കെ ഉറക്കെ വിളിച്ചു പറയാനുള്ളൊരു വേദിയായോ വിജ്ഞാന ദാഹം തീര്‍ക്കാനുള്ള വിശ്വകലാലയമായോ ഈ തെരുവ് വര്‍ത്തിച്ചു വരുന്നു. ആ അനേകം അനുഭവ വഴികള്‍ 'ചുങ്കം ചുറ്റുവട്ടം' എന്നൊരു ചെറിയ വൃത്തത്തിനുള്ളിൽ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുകയില്ല തന്നെ. എങ്കിലും ഇതൊരു എളിയ ശ്രമമാണ്. ഇതിൽ കാലങ്ങൾക്കപ്പുറത്തെ ചരിത്രമുണ്ട്. തലമുറകളുടെ സ്പന്ദനവും.

ഞാൻ പറഞ്ഞല്ലോ... എന്റെ വീടിനു വശത്തെ നീണ്ട ഇടവഴിയിലൂടെ പോയാല്‍ കാണുന്ന ഇരുമ്പ് ഗേറ്റിനപ്പുറം ആ ലോകമവിടെ കാണാൻ സാധിക്കുമായിരുന്നു. ഇന്നാവീടും അവിടെ ഇല്ല, ഇരുമ്പ് ഗേറ്റുമില്ല. എല്ലാം കാലത്തില്‍ ലയിച്ചു ചേര്‍ന്നു. അവിടമൊക്കെയും കോണ്ക്രീറ്റ് കെട്ടിടങ്ങള്‍ വളർന്നുവന്നു പൊങ്ങി എന്ന് പറയുന്നതാകും കൂടുതൽ ശരി. വികസനമെന്നോമനപ്പേരിട്ടു വിളിക്കുന്ന കാലത്തിന്റെ അനിവാര്യമായ മാറ്റങ്ങളിണതൊക്കെയും. എങ്കിലും, തെരുവിലെ തിരക്കിന്റെ ആ മഹാസമ്മേളനങ്ങളെ ഇപ്പോഴുമവിടെ കാണാം. കടകളിലും റോഡരികിലുമായി കച്ചവടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവർ, വരാന്തകളിലവരുടെ ഉപഭോക്താക്കള്‍. ഒരു ചായയുടേയോ മറ്റോ അകമ്പടിയോടെ സൊറ പറഞ്ഞിരിക്കുന്ന വരേയും വെറുതെ കൂനെകൂടി ചിന്താവ്യപാരത്തിൽ മുഴുകി ഇരിക്കുന്നവരേയും അവിടെ കാണാം. യാത്രക്കാര്‍, വിദ്യാര്‍ഥികള്‍, കാൽനടക്കാർ, സവാരി പ്രതീക്ഷിച്ചിരിക്കുന്ന ജീപ്പ്, കാറ്, റിക്ഷ, ലോറി തുടങ്ങിവയുടെ ഡ്രൈവർമാർ, ഘോരഘോരം ഇങ്ക്വിലാബ് വിളിച്ചു നീങ്ങുന്ന പ്രതിഷേധക്കാർ, സായാഹ്ന ധർണ്ണക്കാർ, തെരുവ് സര്‍ക്കസ്സുകാർ, 'നാളെയാണ്... നാളെയാണ്' എന്ന് സദാ കോളാമ്പിയിലൂടെ വിളിച്ചു പറയുന്ന ലോട്ടറിക്കാർ തുടങ്ങി, ചൂടു മണൽ വേവുന്ന ഇരുമ്പ് ചട്ടിയിലുറക്കെ തവികൊണ്ടടിച്ച് താളാത്മകമായി ശബ്ദമുണ്ടാക്കുന്ന കടല വില്‍പ്പനക്കാരെ വരെ അവിടെ കാണാം. അവരെല്ലാവരും ചേര്‍ന്നാണീ തെരുവിനെ സജീവമാക്കുന്നത്. അവരുടെ ചർച്ചകൾ, സംവാദങ്ങൾ, തമാശകള്‍, അട്ടഹാസങ്ങൾ, ആക്രോശങ്ങൾ, വെല്ലുവിളികൾ.

കാലത്തിന്റെ കണക്ക് പുസ്തകത്തിലെ ഒടുവിലെ പേജുകളെ സജീവമാകുന്ന ആ മനുഷ്യര്‍ക്ക് മുന്നേ നീണ്ടൊരു തലമുറ നമ്മെ കടന്ന് പോയിരിക്കുന്നു. അവരിൽ പലരുടെയും പേരോ ഊരോ നമുക്കറിവില്ല. അവരീ തെരുവിന് ചെയ്ത സേവനം എന്താണെന്നറിയില്ല. തെരുവിന്റെ മധ്യത്തിലൂടെ കടന്ന് പോകുന്ന, ഇന്ന്‌ ഡാറിട്ട് സുന്ദരമായി കാണുന്ന ആ പാതക്ക് സ്ഥലം നീക്കി നല്‍കിയ ഒരു വ്യക്തി മുതൽ തെരുവിലെ ഏതെങ്കിലുമൊരു കടയില്‍ നിന്നൊരു ബീഡി വാങ്ങി വലിച്ച ഒരു സാധാരണ മനുഷ്യൻ വരെ ഈ നഗരത്തിന് സേവനം ചെയ്തവരാണ്. ഒരുപക്ഷേ, തീര്‍ത്തും കാട് മൂടി കിടന്ന ഈ പ്രദേശത്തൊരു കുടിലോ മറ്റോ നിര്‍മ്മിച്ച് ജീവിതം തുടങ്ങിയ ഏതോ ഒരു മനുഷ്യനിൽ നിന്നാണാ ചരിത്രം തുടങ്ങുന്നത്. ഏറ്റവും ഒടുവിലിതാ, യുഗയുഗാന്ദരങ്ങളുടെ അറ്റത്തിരുന്നീ ലേഖനം വായിച്ചുകൊണ്ടിരിക്കുന്ന ഞാനും നിങ്ങളും അതിന്റെ ഭാഗമാകുന്നു.


പ്രാദേശിക ചരിത്രരചന ഒരു മുഖവുര

 
ചരിത്രം കാലത്തിന്റെ കഥയാണ്. കാലത്തിന്റെ കഥയിൽ ജീവന്റെ കഥയുണ്ട്. ജീവജാലങ്ങളുടെ കഥയുണ്ട്. പ്രാകൃതമനുഷ്യന്റേയും പരിഷ്‌കൃതമനുഷ്യന്റേയും കഥയുണ്ട്. വിവിധ സംസ്‌കാരങ്ങളുടെ പടവുകൾ താണ്ടി വന്ന മനുഷ്യവർഗ്ഗത്തിന്റെ കഥയാണ് ചരിത്രം. ചരിത്രമറിയുന്നതിലൂടെ നമ്മൾ നമ്മെത്തന്നെയാണ് തിരിച്ചറിയുന്നത്. വർത്തമാന കാലമോ ഭാവി കാലമോ ഇല്ല. ഓരോ നിമിഷവും കഴിഞ്ഞ് പോയി കൊണ്ടിരിക്കുന്നതിനാൽ വർത്തമാന കാലമെല്ലാം ഭൂതകാലമാണ്‌. ഭാവികാലമാണങ്കിലോ അത് വ്യാജമോ അനിശ്ചിതവുമായി തുടരുന്നു. അതിനാൽ, ഭൂതകാലം മാത്രമാണ്‌ സത്യവും നിത്യവുമെന്ന് പറയേണ്ടി വരും. ഭൂതകാലത്തിന്റെ ഓര്‍മ്മകളെയാണ്‌ പൊതുവില്‍ ചരിത്രം എന്ന മൂന്നക്ഷരങ്ങളെ കൊണ്ട് സൂചിപ്പിച്ചു വരുന്നത്. മനുഷ്യന്റെ അടിവേര് തേടിയുള്ള അവന്റെ യാത്രക്കവന്‍ പുരാതന കാലം മുതൽക്കേ തുടക്കം കുറിച്ചിരുന്നു. അവന്റെ സംസ്കാരം, ഭാഷ, മതം, തുടങ്ങി അവനെ ബാധിക്കുന്ന ഓരോന്നിനെയും കുറിച്ചുള്ള അന്വേഷണം ചരിത്ര പഠനത്തിന് നിരന്തര പ്രേരകമായിട്ടുണ്ട്. ഭാവിയിലേക്ക് വേണ്ടി വർത്തമാന കാലത്ത്, ഭൂതകാലത്തിന്റെ ശേഷിപ്പുകൾ കരുതി വെക്കുന്നതിനെയാണ് ചരിത്ര പഠനമെന്ന് പറയുന്നതെന്ന് വേണമെങ്കിൽ സൂചിപ്പിക്കാം.
 
കൊളോണിയലിസത്തിന്റേയും ജന്മിത്തത്തിന്റേയും ഉപകരണങ്ങളിലൂടെയാണ് പൊതുവില്‍ സമ്പ്രദായിക ചരിത്ര രചനകളുണ്ടാകുന്നത്. രാജാക്കന്മാരും പ്രഭുക്കന്മാരും സാമൂഹിക ജീവിതത്തിനുമേൽ ആധിപത്യം പുലർത്തുന്നവരുമായി ബന്ധപ്പെടുന്ന സംഭവങ്ങൾ രേഖപ്പെടുത്തുന്ന വിജ്ഞാന ശാഖ എന്ന അർത്ഥം മാത്രമാണ്‌ ഒരു കാലഘട്ടം വരെ അതിന്‌ നല്‍കിയിരുന്നത്. ദേശങ്ങളുടേയും അവിടങ്ങളിലെ മനുഷ്യരേയും തിരിച്ചറിയുന്നതില്‍ അവ തീര്‍ത്തും പരാജയപ്പെടുന്നു. അതിനാൽ, മുകളില്‍ നിന്നും അടിച്ചേല്‍പ്പിക്കുന്നതാണ് കൊളോണിയല്‍ ചിത്രമെന്നും, താഴെ നിന്ന് ജനതകളിൽ നിന്ന് രൂപപ്പെട്ട് വരുന്നതാണ് പ്രാദേശിക ചരിത്ര പഠനമെന്നും പറയേണ്ടി വരും. അപ്പോഴും കീഴാള ജീവിതം മിക്കവാറും ചരിത്രത്തിന് പുറത്തായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ കീഴാളരുടെ ചെറുത്തു നിൽപ്പുകൾക്കും ത്യാഗങ്ങൾക്കും അർഹമായ ഇടം കിട്ടാതെ പോയത് അതുകൊണ്ടാണ്. അതിനാൽ, ചരിത്രമെന്നാൽ അതിവിടെയുള്ള രാഷ്ട്രീയ ചരിത്രം മാത്രമല്ല, അത് ജനങ്ങളുടെ ഉള്ളറകളിലേക്കുള്ള നിരീക്ഷണം കൂടിയാണ്‌. അവിടേക്ക് പ്രാദേശികവും ജനകീയവുമായ അന്വേഷണം അനിവാര്യമാണ്‌.

ചരിത്രം ഒരു പഠനവിഷയമെന്ന നിലയിൽ വലിയ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. ജനങ്ങളുടെ ചരിത്രബോധമില്ലാതാക്കുക എന്നത് ഫാസിസ്റ്റ് ശക്തികളുടെ പ്രധാനപ്പെട്ട ലക്ഷ്യമാണ്. ഇന്ത്യയിൽ രൂപപ്പെട്ട സങ്കുചിത ദേശീയതയിലധിഷ്ടിതമായ വർഗീയ ഫാഷിസ്റ്റ് ഭരണകൂടങ്ങൾ തങ്ങളുടെ അധികാരം നിലനിർത്താൻ ചരിത്രത്തെ വളച്ചൊടിക്കുന്നതിനാണ് മുഖ്യ ഊന്നൽ നൽകി വരുന്നതെന്ന് ചുരുക്കം. മിത്തുകളുടെ ചരിത്രവൽക്കരണമാണ് ഇവിടെ നടക്കുന്നത് എന്ന് പറയേണ്ടി വരും. ചരിത്രബോധമുള്ള ജനത തങ്ങളുടെ പൂര്‍വികര്‍ കടന്നു വന്ന അനുഭവങ്ങളിൽ നിന്നും പാഠമുള്‍കൊണ്ട് കൊണ്ട്‌ വർത്തമാന കാലത്തെ നേരിടുമെന്നവർക്കറിയാം. അധികാര വര്‍ഗ്ഗത്തിന്റെ രാഷ്ട്രീയ സാമ്പത്തിക സാംസ്‌കാരിക നീക്കങ്ങളുടെ പിന്നിലെ യഥാർത്ഥ ഉദ്ദേശ്യങ്ങൾ വളരെ പെട്ടെന്നവര്‍ക്ക് തിരിച്ചറിയാൻ കഴിയുമെന്നുള്ളത് കൊണ്ടു കൂടിയാണങ്ങനെ. രാഷ്ട്രീയമായ നിരക്ഷരതയും ചരിത്രബോധത്തിന്റെ അഭാവവുമായി വര്‍ത്തമാനത്തിൽ മാത്രം ജീവിച്ചു വരുന്നവരെ വേഗത്തിൽ കീഴടക്കാൻ കഴിയുമല്ലോ. അതിനാലാണ് വിപണി സമ്പദ്ഘടനയുടെ സൂത്രധാരന്മാർ ചരിത്രബോധമില്ലായ്മ ചെയ്യുന്നതിനുള്ള ആശയരൂപീകരണത്തിന് വലിയ തോതിൽ ഊർജം ചെലവഴിക്കുന്നത്. ഇത്തരം ശ്രമങ്ങളെ ചെറുത്ത് തോല്‍പ്പിക്കാനുള്ള പോംവഴി ചരിത്രത്തെ കൂടുതൽ ജനകീയമാക്കുകയും അതിന്റെ പഠനവും ചർച്ചകളും സംസാരങ്ങൾ പോലും പ്രാദേശിക തലത്തിലേക്ക് കൊണ്ടു വരിക എന്നുള്ളതുമാകുന്നു. അഥവാ, ഓരോരുത്തരും അവരവർ ജനിച്ചു വളർന്ന മണ്ണിന്റെ ചരിത്രം പഠിക്കുന്നത് മാത്രമാണ്‌ അതിനുള്ള ഏക പ്രതിവിധി. സ്വന്തം നാടിന്റെ ചരിത്രമന്വേഷിക്കുക എന്നാൽ സ്വന്തം വേരുകൾകൂടിയുള്ള സഞ്ചാരം കൂടിയാണല്ലോ. അവിടെ പലതരം പുതു അറിവുകൾ നമുക്ക് പരിചയപ്പെടാൻ സാധിക്കുന്നു.

പൊതുവില്‍ ചരിത്ര പഠിതാക്കൾ ചരിത്രത്തെ പഠന വിധേയമാക്കുമ്പോൾ ചേര്‍ക്കുന്ന ഉപദാനങ്ങൾ സാഹിത്യം, ചരിത്രം, വിദേശ സഞ്ചാര വിവരണം, പുരാവസ്തുക്കൾ, നാണയങ്ങൾ, ശാസനങ്ങൾ, പത്രങ്ങൾ തുടങ്ങിയവയൊക്കെയാണ്‌. എന്നാൽ, ആ പട്ടികയില്‍ പെടാതെ പോകുന്ന വമ്പിച്ച ഒരു സാധ്യതയാണ് ജനങ്ങൾ. ജനതകളിൽ നിന്നും ലഭിക്കുന്നത് പലപ്പോഴും നിഷ്കളങ്കമായ ചരിത്രങ്ങളായിരിക്കും. പ്രത്യേക സങ്കുചിത താല്‍പര്യങ്ങളോടെയല്ലാതെ, തങ്ങളോ തങ്ങളുടെ പൂര്‍വ്വികരോ അനുഭവിച്ച സംഭവങ്ങൾ ഒരു കഥ രൂപേണ നിഷ്കളങ്കമായവർ അവതരിപ്പിക്കുന്നു എന്നതിനാൽ, പ്രദേശിക ചരിത്രത്തിനു മാത്രമേ ഒരു ദേശത്തിന്റെ ജനജീവിതം സഹസ്രാബ്ദങ്ങളിലൂടെ എങ്ങനെ പരിണമിച്ചു എന്ന് സസൂക്ഷ്മം വിശദാംശങ്ങളിൽ ഊന്നിനിന്നുകൊണ്ട് ആഖ്യാനം ചെയ്യാനാവൂ. അഥവാ, പ്രാദേശിക ചരിത്ര പഠനം കൂടുതൽ സൂക്ഷ്മമായ നിരീക്ഷണം ആവശ്യമായി വരുന്ന ഒന്നാണെന്ന് പറയുന്നതിൽ അതിശയോക്തിയില്ല. പക്ഷെ, അത് അർഹിക്കുന്ന ഗൗരവത്തോടെ സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. പ്രാദേശിക ചരിത്രത്തെ ഒരു മരത്തോട് ഉപമിക്കാമെങ്കിൽ അതിലെ ഓരോ കുടുംബത്തിന്റെയും ചരിത്രം അതിന്റെ ഓരോ ശാഖകളായിരിക്കും. അഥവാ, 'Micro historical analysis' ആണ് പ്രാദേശിക ചരിത്ര പഠനമെങ്കിൽ, കുടുംബചരിത്രപഠനത്തെ 'Nano historical analysis' എന്നു വിശേഷിപ്പിക്കാം. ഓരോ കുടുംബവും നാനോ രീതിയിൽ പരിവർത്തിക്കപ്പെടുമ്പോഴും, വരുംതലമുറക്ക് വേണ്ടി കൈമാറേണ്ടുന്ന അനിവാര്യമായ പാരമ്പര്യ സ്വത്തായിരിക്കണം മൂല്യങ്ങൾ നിറഞ്ഞ കുടുംബ ചരിത്രവും അനുഭവ സമ്പത്തുമെന്ന് ചുരുക്കം.
 
ചുങ്കം പ്രദേശത്തിന്റെ ചരിത്രമെഴുതുമ്പോള്‍ വള്ളുവനാട് ഉള്‍പ്പടെയുള്ള മലബാർ ദേശങ്ങളിലെ പല ഗ്രാമങ്ങളിലേയും സാധാരണ ജനങ്ങൾ കൈവരിച്ച നേട്ടങ്ങൾ കാണാതെ പോകാനാണ്‌ സാധ്യത. അവർപക്ഷേ, വള്ളുവക്കന്മാരുടെ മാഹാത്മ്യമോ, കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ഹൈന്ദവ ആരാധനാലയങ്ങളിലൊന്നെന്ന നിലയില്‍ പ്രശസ്തമായ ശ്രീ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന്റെ ചരിത്രമോ എഴുതി ആ രചന അവസാനിപ്പിക്കുകയാണ് പതിവ്. എന്നാൽ, പ്രദേശത്തെ പാവപ്പെട്ടവർ നാട്ടുരാജാക്കന്മാരുടെയും ഭൂപ്രഭുക്കളുടെയും കീഴിൽ എന്തൊക്കെ ദുരിതങ്ങൾ തിന്ന് ജീവിതം തള്ളി നീക്കി എന്നുകൂടി പരിഗണിക്കപ്പെടുമ്പോൾ മാത്രമാണ്‌ ആ രചന പൂര്‍ത്തീകരിക്കപ്പെടുകയുള്ളൂ എന്നാണ്‌ ഞാന്‍ പറഞ്ഞു വന്നത്. ഒരു കാലഘട്ടത്തിലെ ജനങ്ങളുടെ മാനോലോകത്തെ രൂപപ്പെടുത്തിയ വിശ്വാസങ്ങളെയും, ആചാരങ്ങളെയും, സദാചാര സങ്കൽപങ്ങളെയും, സാമാന്യ ജനത്തിന്റെ ജീവിതസമരങ്ങളുടെ അടിയൊഴുക്കുകളേയും ചരിത്രകാരന്‍ അഭിമുഖീകരിക്കേണ്ടതുണ്ട്. അതുവഴി മാത്രമേ ഒരു പ്രദേശത്തിന്റെ പ്രാദേശിക ചരിത്രം പൂർണമാവുകയുള്ളൂ എന്ന് ചുരുക്കം.
 
ഓരോ നാടിനും ഓരോ ചരിത്രമുണ്ട്. മനുഷ്യ മനസ്സുകളുടെ ഉള്ളറകളിലോ അപൂര്‍വ്വം ചില താളുകളിൽ അക്ഷരങ്ങളായോ പരാമര്‍ശങ്ങളായോ മാത്രമാണ് പലപ്പോഴുമത് ലഭ്യമാകുന്നത്. കൃത്യതയോ ക്രമബന്ധമോ ഇല്ലാതെ അനേകം കഷ്ണങ്ങളായി തിരിച്ചറിയപ്പെടാൻ കഴിയാത്ത രൂപത്തിലായാണത് പലപ്പോഴുമത് ലഭ്യമാകുന്നത് എന്നതിനാല്‍ അച്ചടക്കത്തോടെ അതിനെ മനസ്സിലാക്കാൻ കഴിയാതെ പോകുന്നു. നമ്മൾ ജീവിക്കുന്ന മേല്‍ നാടിനെ കുറിച്ചുള്ള ആ വിവരങ്ങളെ ക്രമത്തിൽ അടുക്കി പെറുക്കി വെക്കുന്ന ഉദ്യമം മാത്രമാണ്‌ ഒരു പ്രാദേശിക ചരിത്രകാരന്‍ ചെയ്യേണ്ടതുള്ളൂ. അഥവാ, ഉള്ളതിനെ കണ്ടെത്തുക അല്ലെങ്കിൽ 'കുഴിച്ചെടുക്കുക' എന്ന ജോലി. കൃത്യമായ രൂപത്തിലത് സാധ്യമായാൽ ചരിത്ര രചനമേഖലക്കത് വലിയ മുതൽ കൂട്ടാകുമെന്ന് നിസ്സംശയം പറയാൻ കഴിയും. അഥവാ, അത് അത്ഭുദങ്ങൾ സൃഷ്ടിക്കുമെന്നുറപ്പാണ്. ഒരു ചെറിയ ഉദാഹരണം പറയാം. മലബാര്‍ സമരത്തിന്റെ ഭാഗമായ അനേകം രചനകൾ നാം കണ്ടു കഴിഞ്ഞിരിക്കുന്നു. സമരത്തിന്റെ ഏറ്റവും മുന്നണി ചരിത്രമോ അതിന്റെ തൊട്ട് പിറകിലുള്ള ചരിത്രമോ മാത്രമാണ്‌ ഇക്കാലഘട്ടം വരേയും നമുക്ക് കണ്ടെടുക്കാൻ കഴിഞ്ഞിട്ടുള്ളത്. പ്രശസ്ത സാഹിത്യകാരന്‍ ശ്രീ റഹ്മാന്‍ കിടങ്ങയത്തിന്റെ 'അന്നിരുപത്തൊന്ന്' പോലത്തെ രചനകൾ മാറ്റി നിര്‍ത്തിയാല്‍ സമരത്തിന്റെ തീക്ഷ്ണത ഏറ്റവും രൂക്ഷമായി അനുഭവിച്ച മലബാറിലെ സാധാരണ വീട്ടകങ്ങളിലെ മനോവ്യധകളെ കുറിച്ച് കൂടുതലായൊന്നും ഇന്നുവരേക്കും എഴുതപ്പെട്ടിട്ടില്ല എന്നുള്ളതൊരു സത്യമാണ്. അഥവാ, ശക്തമായ പ്രാദേശിക ചരിത്ര രചനയിലൂടെ മാത്രമേ അത്തരം അറിവുകളുടെ സമ്പാദനം സാധ്യമാകൂ എന്ന് നിസ്സംശയം പറയാം.
 
ചുങ്കം പ്രദേശത്തിന്റെ ചരിത്ര പഠനത്തിനുള്ള ശ്രമത്തിന് അനേക കാലത്തെ പഴക്കമുണ്ട്. പ്രദേശത്തെ പുകൾപ്പറ്റ രണ്ട് സര്‍വകലാശാലകളിൽ നിന്നുമിറങ്ങുന്ന സുവനീറുകളിലോ ജൂബിലി ഉപഹാരങ്ങളിലോ മറ്റോ അല്‍പ്പാൽപ്പം തഴുകി നീങ്ങുന്ന തരത്തിൽ മാത്രമാണ്‌ അതിന്റെ സാന്നിധ്യം പലപ്പോഴും അടയാളപ്പെടുത്തി വന്നിട്ടുള്ളത്. കൂടാതെ, പ്രദേശത്തെ സ്കൂളുകൾ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിൽ നിന്നിറങ്ങുന്ന അപൂര്‍വ്വം ചില ലഘുലേഖകളിലും അത് ലഭ്യമാണ്‌. എന്നാൽ, മേല്‍ സ്ഥാപനവുമായി ബന്ധപ്പെട്ട പ്രത്യേക കാലത്തെ മാത്രം അഭിസംബോധന ചെയ്യുന്നതും ഈ നാടിന്റെ വിശാലമായ ചരിത്രത്തിന് മുതൽകൂട്ടാവുന്ന രൂപത്തിലല്ലാത്ത രീതിയിലുമാണവയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നിരുന്നാലും, വിലപ്പെട്ടതു തന്നെയായ മേല്‍ വിവരങ്ങളും നാട്ടിലെ പ്രായമായവരിൽ നിന്ന് ശേഖരിച്ച വായ്ത്താരികളും ചരിത്ര ഗ്രന്ഥങ്ങളിലെ സംഭവങ്ങളുമായി താരതമ്യ പഠനങ്ങളും പരിശോധനകളും നടത്തി തീര്‍പ്പിലെത്തിചേർന്നുകൊണ്ട് പരമാവധി വിഷയത്തിൽ സത്യസന്ധത പുലര്‍ത്താന്‍ ഞാൻ ശ്രമിച്ചിട്ടുണ്ട്.

എന്നിരുന്നാലും, ചരിത്രമെന്നാൽ അത് നിരന്തര അന്വേഷണങ്ങളും തിരുത്തലുകളുമാണല്ലോ. അതിനാൽ, വരും കാലങ്ങളിലെ അതിനുള്ള സാധ്യതകളേയും തള്ളിക്കളയുന്നില്ല.

മറ്റൊരു പ്രധാനപ്പെട്ട കാര്യം പരിഗണിക്കപ്പെടുന്ന പ്രദേശത്തിന്റെ ഭൂപരിധികളെ സംബന്ധിച്ചുള്ളതാണ്. കൃത്യമായൊരു ഭൂപരിധിക്കകത്ത് നിന്ന് കൊണ്ടൊരു പ്രാദേശിക ചരിത്ര രചന സാധ്യമാകില്ല എന്ന വസ്തുതയെ പരിഗണിക്കുമ്പോൾ പ്രദേശത്തിന് സമീപത്തോ, അകലത്തോ സ്ഥിതിചെയ്യുന്ന ചില സ്ഥലങ്ങളും സംഭവങ്ങളും എഴുത്തിലേക്ക് സ്വാഭാവികമായും കടന്നുവരാവതാണ്. ചരിത്രാന്വേഷണത്തിന്നായി തിരഞ്ഞെടുക്കുന്ന പ്രദേശവുമായുള്ള മേല്‍ സ്ഥലങ്ങളുടെ ബന്ധമോ പരാമര്‍ശങ്ങളോ ആയിരിക്കാം അതിന്റെ കാരണമെന്ന് അതിനെ സംബന്ധിയായി മനസ്സിലാക്കണം. അതേസമയം, അടുത്തു കിടക്കുന്ന ചില ഇടങ്ങളെ പരിഗണിച്ചില്ല എന്നും വന്നേക്കാം. ഒരുപക്ഷേ, മേല്‍ പ്രദേശത്തെ സംബന്ധിച്ചുള്ള വിവരങ്ങളുടെ ലഭ്യതക്കുറവ് മൂലം മാത്രമാണ് അങ്ങനെ സംഭവിക്കുന്നത് എന്ന് മുന്‍കൂട്ടി പറഞ്ഞ്‌ കൊള്ളട്ടെ. കൂടാതെ, ഓരോ അധ്യായങ്ങൾക്കുമിടയിൽ കാണുന്ന സുദീര്‍ഘമായ വര്‍ഷ വ്യത്യാസങ്ങൾ അക്കാലങ്ങളില്‍ പ്രസക്തമായതൊന്നും പ്രദേശത്ത് നടന്നിട്ടില്ല എന്നുള്ളതിന്റെ സൂചനയല്ല തന്നെ. മറഞ്ഞു കിടക്കുന്ന ചരിത്ര വസ്തുതകളെ തിരഞ്ഞുപിടിച്ച് വെളിച്ചത്തില്‍ കൊണ്ടുവരാന്‍ സാധിക്കുമാറ് ആ കാലയളവില്‍ സംഭവിച്ച കാര്യങ്ങളൊന്നും തന്നെ സൂക്ഷിച്ചുവെക്കപ്പെട്ടില്ല എന്ന കാരണം കൊണ്ടാണങ്ങനെ സംഭവിച്ചത്. ഒരുപക്ഷേ, ഈ ഉദ്യമം പോലും അത്തരമൊരു സാഹചര്യം ഇനി മേല്‍ വന്നുഭവിക്കരുത് എന്ന ചിന്തയിൽ നിന്നുമാണുണ്ടായത് എന്ന് വേണമെങ്കിൽ പറയാം.

അവലംബം-
1- ഇറ്റിറ്റിപ്പുള്ള്- എൻ പ്രഭാകരന്‍ ധര്‍മ്മടം
2- മധ്യകാല കേരളം സമ്പത്ത്‌ സമൂഹം സംസ്കാരം- രാഘവവാരിയർ
3- അന്നിരുപത്തൊന്ന്- റഹ്മാന്‍ കിടങ്ങയം


ഭൂപ്രകൃതി


മലയാളത്തുകാരായ നമുക്ക് പ്രകൃതി കനിഞ്ഞു നല്‍കിയ ചില സവിശേഷതകളുണ്ട്. ഒരുപക്ഷേ, ഇന്ത്യയിലൊരിടത്തും നമുക്കത് കാണാൻ കഴിയുമോ എന്നെനിക്കറിയില്ല. നമ്മളഭിമാനത്തോടെ പറയുന്ന ഈ ഭൂമി മലയാളത്തിലെന്ന വാക്കിന്റെ ആദരവും ആ സവിശേഷതയായിരിക്കാം. ഇവിടുത്തെ ഭൂമിയും ജലവും വായുവും ചേര്‍ന്ന് നമുക്ക് സമ്മാനിച്ച ആ അനന്യതയാണ്‌ മലയാളി എന്ന സ്വത്തത്തിന്റെ ആധാരം. ആ ആവാസവ്യവസ്ഥ ചെറിയ ചെറിയ തട്ടകങ്ങളാണ്‌. താരതമ്യേന വിസ്തൃതമായൊരു മേഖല. അവിടെ ഒട്ടേറെ കുടിയിരുപ്പുകൾ, ഒരു നദി, ഏതാനും ജല സ്രോതസ്സുകൾ. വിശാലമായ കൃഷിയിടങ്ങള്‍, പീടികകൾ, ഒരു ചന്ത, പള്ളി, അമ്പലം ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങൾ, കൊടിമരം പിന്നെ ഒരു വിദ്യാലയം എന്നിവ കാണുന്നു. ഇതാണ് കേരളത്തിന്റെ കാലങ്ങളായുള്ളൊരു പൊതുധാര. കേരളത്തിലെ ഏതൊരു പ്രദേശത്തിന്റേയും ഭൂസവിശേഷതകളെ പരിഗണിക്കുമ്പോൾ മേല്‍ ഘടകങ്ങളും അതിലേക്ക് കടന്ന് വരിക സ്വാഭാവികമാണ്.

കിഴക്ക്‌ പശ്ചിമഘട്ടത്തിൽ തുടങ്ങി പടിഞ്ഞാറ്‌ അറബിക്കടൽ വരെയുളള കേരളത്തിന്റെ ഭൂമിശാസ്ത്രം ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനങ്ങളിൽ നിന്നും ഏറെ വിഭിന്നമാണ്‌. തെക്ക് മുതൽ വടക്കുവരെ ഇടതടവില്ലാതെ വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ട മലനിരകളാണ്‌ കേരളത്തിന്റെ കാലാവസ്ഥയെ നിയന്ത്രിക്കുന്നതെന്ന് പറയാം. പ്രകൃതി നിർമ്മിതമായ ഒരു മതിലുപോലെയാണീ മലനിരകൾ. പാലക്കാട്‌ ജില്ലയിലെ വാളയാറിൽ മാത്രമാണ്‌ പശ്ചിമഘട്ടം മുറിക്കപ്പെടുന്നത്‌. വാളയാർ ചുരം എന്ന ഈ ചുരമുളളതിനാൽ പാലക്കാടു ജില്ലയിൽ മാത്രം മറ്റു ജില്ലകളിൽ നിന്നും വ്യത്യസ്തമായി വരണ്ട കാലാവസ്ഥ കാണപ്പെടുന്നു.

ഭൂപ്രകൃതിയനുസരിച്ച് കേരളത്തെ മലനാട്, ഇടനാട്, തീരപ്രദേശം എന്നിങ്ങനെ മൂന്നായി തരം തിരിക്കാം. സഹ്യാദ്രിയോടു ചേര്‍ന്ന് തെക്ക് വടക്കായി നീണ്ടുകിടക്കുന്നതാണ് മലനാട് അല്ലെങ്കില്‍, കിഴക്കന്‍ മലനാട്. ഉഷ്ണമേഖല നിത്യഹരിതവനങ്ങളും ചോലവനങ്ങളുമുള്ള ഈ ഭാഗങ്ങളില്‍ വന്യമൃഗങ്ങള്‍ നിറഞ്ഞ പ്രദേശങ്ങളാണ് കൂടുതല്‍. കേരളത്തിലെ മിക്ക നദികളുടെയും ഉദ്ഭവസ്ഥാനവും മലനാടു തന്നെ. പാലക്കാട്  ജില്ലയിലെ സൈലന്റ് വാലി ലോകപ്രശസ്ത ജൈവ വൈവിധ്യ മേഖലകളിൽ ഒന്നാണ്. 2695 കിമി ഉയരമുള്ള ആനമുടിയാണ്  കേരളത്തിലെ ഏറ്റവും ഉയർന്ന കൊടുമുടി. പടിഞ്ഞാറ് ഭാഗത്തായി പശ്ചിമ ഘട്ടത്തിന് സമാന്തരമായി തെക്കു വടക്കു ദിശയിൽ തീരദേശം സ്ഥിതിചെയ്യുന്നു. 580 കിലോമീറ്റർ നീണ്ടു കിടക്കുന്നതാണ്‌ കേരളത്തിന്റെ തീരപ്രദേശം. കോട്ടയം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്‌ എന്നീ ജില്ലകളൊഴികെ ബാക്കി ജില്ലകളെയെല്ലാം അറബിക്കടൽ സ്പർശിക്കുന്നുണ്ട്‌. തീരദേശത്തിനും മലനാടിനും ഇടക്കായി ഇടനാട്  സ്ഥിതിചെയ്യുന്നു. കുന്നുകളും സമതലങ്ങളും അടങ്ങിയ ഭൂപ്രകൃതിയാണിവിടെ. പടിഞ്ഞാറ്  അറബിക്കടലിലേക്കും കായലുകളിലേക്കും ഒഴുകുന്ന 41 നദികൾ, കിഴക്കോട്ടൊഴുകുന്ന മറ്റ് മൂന്നു നദികൾ, കായലുകൾ, തോടുകൾ എല്ലാം കേരളത്തെ ജലസമ്പന്നമാക്കുന്നു.

ഭൂമധ്യരേഖയിൽ നിന്ന് 8 ഡിഗ്രി മാത്രം അകലത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ പൊതുവെ പ്രസന്നമായ ഉഷ്ണമേഖലാ കാലാവസ്ഥയാണ് കേരളത്തിൽ അനുഭവപ്പെടുന്നത്. കേരളത്തിൽ മൂന്നു തരത്തിലുള്ള കാലാവസ്ഥയാണുള്ളത്. ഇടവപ്പാതി അല്ലെങ്കിൽ തെക്ക് പടിഞ്ഞാറൻ മൺസൂൺ (ജൂൺ- സെപ്തംബർ), തുലാവർഷം അല്ലെങ്കിൽ വടക്ക് കിഴക്കൻ മൺസൂൺ (ഒക്ടോബർ- ഡിസംബർ), വേനൽക്കാലം (മാർച്ച്- മേയ്) എന്നിവയാണവ. ഡിസംബർ- ഫെബ്രുവരി മാസങ്ങളിൽ അനുഭവപ്പെടുന്ന തണുപ്പുകാലം ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചു അത്ര പ്രസക്തമല്ല.

വേഗം കുറഞ്ഞ കാറ്റുകളും ഉയർന്ന അളവിലുള്ള മഴയുമാണ്  കേരളത്തിന്റെ കാലാവസ്ഥയുടെ പൊതുസവിശേഷതകൾ. സമൃദ്ധമായ മഴക്കാലങ്ങളും സുന്ദരമായ ഭൂപ്രകൃതിയും ജലസമ്പത്തും വനങ്ങളും നീണ്ട കടൽത്തീരവും നാൽപതിലധികമുള്ള നദികളും കേരളത്തിന്റെ സവിശേഷ ഭൂപ്രകൃതിക്ക് കാരണമാകുന്നു. അക്ഷരാർത്ഥത്തിൽ "ദൈവത്തിന്റെ സ്വന്തം നാട്" എന്ന പരസ്യവാക്യം കേരളത്തെ സംബന്ധിച്ച് അതിശയോക്തിയല്ല.

കേരളത്തിന്റെ ഏകദേശം മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന മലപ്പുറം ജില്ലയുടെ ഭൂഘടനയെ താഴ്ന്ന പ്രദേശം, ഉള്‍പ്രദേശം, ഉയര്‍ന്ന പ്രദേശം എന്നിങ്ങനെ മൂന്നായി തരം തിരിക്കാൻ സാധിക്കും. സമുദ്ര തീരത്തുടനീളമായി താഴ്ന്ന പ്രദേശവും, മധ്യഭാഗത്ത് ഉള്‍പ്രദേശവും, കിഴക്കൻ അതിര്‍ത്തികളിലായി ഉയര്‍ന്ന പ്രദേശവും സ്ഥിതി ചെയ്യുന്നു. കിഴക്ക് നീലഗിരി കുന്നുകളോട് ചേര്‍ന്ന് വലിയ കാടുകളിൽ നിന്നും തുടങ്ങി പതിയെ ചെറുകുന്നുകളിലൂടെയും താഴ്‌വരകളിലൂടെയും പോയി പടിഞ്ഞാറ് ഭാഗത്തുള്ള മണല്‍ത്തിട്ടകളില്‍ നിലകൊള്ളുന്ന വലിയ തെങ്ങിന്‍തോപ്പുകളില്‍ അവസാനിക്കുന്ന തികച്ചും നിമ്നോന്മതമായ ഭൂപ്രകൃതി സ്വന്തമായുള്ളതാണീ ജില്ല എന്ന് പറയാം. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ അനവധി ചെറുകുന്നുകളും പുഴകളും ഒഴുകുന്ന സ്ഥലമാണ് മലപ്പുറം. കേരളത്തിലെ പ്രധാനപ്പെട്ട നദികളിൽ ഒന്നായ കടലുണ്ടിപ്പുഴ നഗരത്തിലൂടെ ഒഴുകുന്നു. മലയുടെ മുകളിൽ കാറ്റു വീശുന്നത് കാരണം താഴ്‌വരയില്‍ സുഖകരമായ കാലാവസ്ഥയുമുണ്ടാകുന്നു.

മലപ്പുറം ജില്ലയുടെ ഏറ്റവും തെക്ക് ഭാഗത്ത് മധ്യത്തിലായാണ് ചുങ്കം പ്രദേശം സ്ഥിതിചെയ്യുന്നത്. കൃത്യമായി പറഞ്ഞാൽ കേരള സംസ്ഥാനത്തിന്റെ കൃത്യം മധ്യഭാഗത്ത് നിന്നും അല്‍പ്പം മുകളിലായി. അതിനാൽ തന്നെ ഇടനാടിന്റെ ഭൂപ്രകൃതിയെ വലിയ അളവില്‍ നിരീക്ഷിക്കാന്‍ കഴിയുന്നൊരു പ്രദേശമാണിതെന്ന് വേണമെങ്കിൽ പറയാൻ സാധിക്കും. മലനാടിന്റേതായ ഉന്നതികളിൽ നിന്നും ഇടനാടിലൂടെ തീരപ്രദേശ സവിശേഷതകളിലേക്കൊഴുകി നീങ്ങുന്ന മണ്ണ്. എങ്കിലും, ചുറ്റിലും മനുഷ്യവാസം തീരെ കുറഞ്ഞ മലകളുടെ സാന്നിധ്യം ഒരു മലനാട് പോലെ തോന്നിപ്പിക്കുമെന്നുള്ളത് വാസ്തവമാണ്. പ്രദേശത്തിന്റെ കിഴക്ക്, തെക്ക് ഭാഗങ്ങളിലും പടിഞ്ഞാറ്‌ ഭാഗത്തുമായി നിലകൊള്ളുന്ന ഗിരിനിരകളുടെ മടിത്തട്ടില്‍ പ്രകൃതി വരഞ്ഞിട്ടൊരു കവിതയാണീ ദേശമെന്ന് പറയാം. മലകളുടെ താഴ്‌വരയില്‍ നിന്ന് തുടങ്ങുന്ന വിശാലമായ പാടശേഖരങ്ങൾക്കപ്പുറം ഫലവൃക്ഷങ്ങള്‍ ഇടതൂർന്ന് വിളയുന്ന അല്‍പ്പം ഉയർന്ന ചെമ്മണ്ണ് പ്രദേശത്ത് ജനങ്ങൾ വസിച്ചു വരുന്നു. പ്രദേശത്തിന്റെ വടക്ക് ഭാഗത്ത് തുറക്കുന്ന ആ വാതായനത്തിലൂടെയാണ് പുറം ലോകവുമായുള്ള പ്രദേശത്തിന്റെ ബന്ധങ്ങൾ ഏറെയും സാധ്യമാകുന്നത്. കൂടാതെ, തെക്കിലും പടിഞ്ഞാറുമായി സ്ഥിതിചെയ്യുന്ന മലകള്‍ക്ക് കൃത്യം ഇടയിലായുള്ള വിടവിലൂടെയും പ്രദേശത്തിന്റെ പുറം യാത്രകള്‍ സാധ്യമാകുന്നു എന്നും കാണാം. ആ ഇരു വിടവുകളിലൂടെയുമാണ് നിലമ്പൂരിൽ നിന്നുള്ള തീവണ്ടിപ്പാത, പെരുമ്പിലാവ് സംസ്ഥാന പാത തുടങ്ങിയവ പ്രദേശത്തിനുള്ളിലൂടെ കടന്ന് പോകുന്നത്.

പ്രദേശത്തിന്റെ ഏറ്റവും തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പുരാതന കാലത്ത്  ഉണ്ണിക്കാളിമല എന്നറിയപ്പെട്ടിരുന്ന തെക്കന്‍മലയുടെ ഉച്ചിയിൽ നിന്നാണ് ഈ ദേശത്തിന്റെ ചരിത്രം തുടങ്ങുന്നത്. നാടിന്റെ ചരിത്രത്തിന്റേയും പ്രകൃതി സമ്പത്തിന്റേയും കാവല്‍ക്കാരനാണ് തെക്കന്‍മല എന്ന് പറയാം. ആ മലയുടെ മടിത്തട്ടിലാണീ നാട് വളര്‍ന്നു വന്നത്‌. ഒരുപക്ഷേ, തെക്കന്‍മലയുടെ ഈ സവിശേഷത കൊണ്ടാകാം പുരാതന കാലത്ത്‌ ഉണ്ണിക്കാളി എന്ന പേരീ മലക്ക് കൈവരുന്നത്. ഇന്നും ആ പേരില്‍ തന്നെ മലയെ സൂചിപ്പിക്കുന്നൊരു വിഭാഗം പ്രദേശത്ത് കഴിഞ്ഞ് വരുന്നു.

അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ മറ്റൊരു രൂപമോ അവതാരമോ ആയാണ് ഉണ്ണിക്കാളി വിശ്വസം പ്രദേശത്തേക്ക് കടന്ന് വരുന്നത് എന്ന് കാണാൻ കഴിയും. താഴ്‌വരയിലെ മനുഷ്യര്‍ കടന്ന് ചെല്ലാന്‍ ഭയപ്പെട്ടിരുന്ന തെക്കന്‍മലയുടെ ഉച്ചിയിലായിരുന്നു പഴയ കാലത്ത് ഉണ്ണിക്കാളി ദേവിയുടെ ഒരു പ്രതിഷ്ഠ ഉണ്ടായിരുന്നതായി പറയപ്പെടുന്നത്. അക്കാലത്ത് തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ നിന്നും ഒരു വിളക്ക് ഉണ്ണിക്കാളി മലയുടെ ദിശയിലേക്കായി തിരിയിട്ടു വെക്കൽ പതിവായിരുന്നു. സ്വാഭാവികമായും ആ പേരില്‍ നിന്നായിരിക്കാം മലക്ക് ഉണ്ണിക്കാളി എന്ന പേർ ലഭിക്കുന്നത് എന്ന് സ്വഭാവികമായും അനുമാനിക്കാൻ സാധിക്കും. അല്ലെങ്കിൽ, തങ്ങളുടെ കൺമുന്നിൽ യശഃശരീരനായൊരു സ്വത്തം കണക്കേ ഉയർന്ന് നില്‍ക്കുന്ന മലയെ കണ്ട് താഴ്‌വരയിലെ ജനങ്ങളതിനെ തങ്ങളുടെ ദൈവ സങ്കല്‍പ്പത്തിന്റെ ഭാഗമായി ആരാധിച്ച് തുടങ്ങിയതാവാനും വഴിയുണ്ട്. രണ്ടായാലും പ്രദേശത്ത് തെക്കൻമല ആരാധിക്കപ്പെട്ടിരുന്നു എന്ന് ഉറപ്പായും പറയാൻ കഴിയും.

സമുദ്ര നിരപ്പിൽ നിന്നും 600 മീറ്റര്‍ ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊടികുത്തിമലയുടെ പടിഞ്ഞാറന്‍ ഭാഗത്ത് നിന്നും പ്രദേശത്തേക്ക് നീണ്ടുകിടക്കുന്ന മണ്ണാര്‍'മലയുടെ കൈവിരലുകള്‍ പോലെയാണ് തെക്കന്‍മല പ്രദേശത്തേക്ക് നീണ്ടു കിടക്കുന്നതെന്ന് പറയാം. കൊടികുത്തി മലയില്‍ നിന്നും മണ്ണാര്‍മലയിലേക്കെത്തുന്നതോട് കൂടി മലയുടെ ഏറ്റവും കൂടിയ ഉയരം 500 മീറ്ററും തെക്കന്‍ മലയിലേക്കെത്തുന്നതോടു കൂടി അത് 200 മീറ്ററുമായി കുറയുന്നത് കാരണമാണ് തെക്കന്‍മലക്ക് മുകളില്‍ മനുഷ്യവാസം സാധ്യമാകുന്നുവെന്ന് പറയാം. അതിനാൽ തന്നെ, മലയുടെ ഉച്ചിയിലും പള്ളയിലും താഴ്‌വരയിലുമായി ഏകദേശം മുപ്പതോളം കുടുംബങ്ങളവിടെ കഴിഞ്ഞ് വരുന്നു (2024).

തെക്കന്‍മലയുടെ മുകളില്‍ സ്ഥിതിചെയ്യുന്ന പുള്ളിച്ചിപ്പാറ എന്ന ശിലാപാളിയെ ചൊല്ലിയുള്ള അനേകം വിശ്വാസങ്ങൾ പ്രദേശത്തെ ജനങ്ങൾക്കിടയില്‍ നിലവിലുണ്ട്. പുള്ളിച്ചിപ്പാറ ഇളകിയാൽ നാട് മുഴുവന്‍ വെള്ളത്തിലും, നാട് നശിച്ച് മണ്ണടിയും തുടങ്ങിയ വിശ്വസങ്ങളാണതിൽ പ്രധാനം. എന്നാൽ, എന്താണതിന്റെ അടിസ്ഥാനമെന്നതിനെ ചൊല്ലി കൃത്യമായ ഒരു നിരീക്ഷണവും നിലവിലില്ല. നിലവില്‍, നാലകത്ത് കോറിയുടെ ഉൽഖനനത്തിൽ പുള്ളിച്ചിപ്പാറ മുഴുവനായും എടുത്ത് പോയെങ്കിലും താഴ്‌വരയിലെ ജനങ്ങളുടെ മേല്‍ വിശ്വാസം ഇന്നും ഒരു വായ്ത്താരിയായി നിലനില്‍ക്കുന്നുണ്ട് എന്നുള്ളത് കൗതുകകരമാണ്. തെക്കന്‍ മലയുടെ കിഴക്കേ അറ്റത്ത് ഏറ്റവും ഉയരം കൂടിയ നിലയിലായിരുന്നു പുളളിച്ചിക്കല്ലിന്റെ സ്ഥാനമുണ്ടായിരുന്നത്. ഒരു വലിയ പാറക്ക് മുകളില്‍ എടുത്ത് വച്ചത്‌ പോലെയുള്ള വലിയൊരു കല്ല്. അതിനടിയില്‍ കൂടി ഒരാള്‍ക്ക് കഷ്ടി കുനിഞ്ഞ് പോകാനാൻ കഴിയുന്നൊരു ചെറിയ ഗുഹ അവിടെ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. 1921ലെ ആംഗ്ലോ മലബാര്‍ യുദ്ധകാലത്ത്‌ ബ്രിട്ടീഷ് സൈന്യത്തിനെതിരെ സമരം നയിച്ചിരുന്ന നാട്ടിലെ വിപ്ലവകാരികള്‍ അതിനിടയില്‍ ഒളിച്ചു പാര്‍ത്തിരുന്നതായി പഴമക്കാർ പറയുന്നത് കേൾക്കാം.

കിഴാറ്റൂർ, അങ്ങാടിപ്പുറം, വെട്ടത്തൂർ പഞ്ചായത്തുകളിലായി സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ഭൂരിഭാഗവും വെട്ടത്തൂർ പഞ്ചായത്തിന്റെ അധികാര മേഖലയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. 2022 കാലത്ത് പ്രാബല്യത്തിലുള്ള തദ്ദേശ സ്വയംഭരണ അതിർത്തി നിയമ പ്രകാരം പഞ്ചായത്തിന്റെ ഒന്നും പതിനാറും വാര്‍ഡുകൾ. അഥവാ, പഞ്ചായത്തിന്റെ ഒടുക്കവും തുടക്കവും പ്രദേശത്ത് നിന്നാണെന്ന് പറയാം. മലയുടെ വടക്ക് ഭാഗത്ത് തൊട്ട് താഴെ നിരനിരയായി യഥാക്രമം മണ്ണാര്‍മല, പള്ളിപ്പടി, കൂരിക്കുന്ന്, പള്ളിക്കുത്ത്, കരുവമ്പാറ എന്നീ സ്ഥലങ്ങളും. അതിനപ്പുറം, മലയുമായി നേരിട്ട് ബന്ധമില്ലാത്ത രൂപത്തിൽ സ്ഥലത്തെ ആകെയുള്ള സാമ്പത്തിക മേഖലയായ ചുങ്കവും സ്ഥിതിചെയ്യുന്നു. മലയുടെ തെക്ക് ഭാഗം മാട്, കക്കൂത്ത്, മാനത്തുമംഗലം വഴി പെരിന്തല്‍മണ്ണയിലേക്കും തുറക്കുന്നു.

ചുങ്കം നഗരത്തിന്റെ തെക്ക്, കിഴക്ക് വശത്തിലൂടെയാണ് തെക്കന്‍മലയുടെ താഴ്‌വരയില്‍ നിന്ന് തുടങ്ങുന്ന മണ്ണാര്‍മല, പള്ളിപ്പടി, കൂരിക്കുന്ന്, പള്ളിക്കുത്ത്, കരുവമ്പാറ എന്നീ പ്രദേശങ്ങൾ ചുങ്കത്തേക്ക് വന്നു ചേരുന്നതെങ്കിൽ, പടിഞ്ഞാറ്‌ വശത്ത് പട്ടിക്കാട് പ്രദേശത്തിന്റെ ചില ഭാഗങ്ങള്‍, കാഞ്ഞിരപ്പള്ളി, ശാന്തപുരം, മുള്ള്യാകുർശ്ശി എന്നീ സ്ഥലങ്ങളെ സംരക്ഷിച്ചുകൊണ്ടുള്ള ചേരിയം മലയുടെ ഭാഗമായ കൈക്കോട്ട് മല, മൊട്ടക്കുന്ന്, ചെകുത്താന്‍ പാറ തുടങ്ങിയ കുന്നിൻ പ്രദേശങ്ങളും സ്ഥിതിചെയ്യുന്നു എന്ന് പറയാം. അതിനാലാണ്, തെക്ക്, പടിഞ്ഞാറ്‌ ഭാഗങ്ങളിലെ കുന്നുകള്‍ക്ക് മദ്ധ്യേ നിലകൊള്ളുന്ന സ്ഥലമെന്ന് നിലയില്‍ ചുങ്കവും ചുറ്റുവട്ടവും അറിയപ്പെട്ടു വരുന്നത്. പ്രദേശത്തിന്റെ കിഴക്കൻ അതിർത്തി കൊടികുത്തി മലയുമായാണ് ബന്ധപ്പെട്ട് കിടക്കുന്നതെങ്കിൽ, പടിഞ്ഞാറ്‌ വശം കൊടികുത്തിക്കല്ലെന്ന ഉന്നതിയെ താങ്ങി നിര്‍ത്തുന്ന സമുദ്ര നിരപ്പിൽ നിന്നും 600 മീറ്ററോളം ഉയരത്തിൽ സ്ഥിതിചെയ്യുന്ന നെന്മിനി മലകളാണ് ബന്ധപ്പെട്ടു കിടക്കുന്നത്.

പ്രശസ്തമായ മണ്ണാര്‍മല കോവിലകത്തിന് സമീപത്തെ മലമുകളില്‍ നിന്നും ഉത്ഭവിച്ച് നാടിന്റെ മണ്ണിനെ മുഴുവന്‍ തഴുകി നീങ്ങുന്നൊരു തോടിന്റെ ഇരുകരകളിലുമായാണീ നാട് വികസിച്ചതെന്ന് പറയാം. ആവശ്യാനുസരണം ഓരോ പ്രദേശത്തേക്കും വേണ്ട വെളളത്തിന്റെ ലഭ്യതയെ സുഗമമാക്കാനുള്ള അനേകം ചിറകൾ സ്ഥിതിചെയ്യുന്ന തോടിന്റെ ഇരുവശത്തുമായാണ് പ്രദേശത്തെ കൃഷിയിടങ്ങൾ നിലകൊള്ളുന്നത്. ആദ്യകാലങ്ങളില്‍ തെക്കന്‍മലയുടെ തൊട്ട് താഴെയായി അതിന്റെ ഓരം ചേര്‍ന്നുകൊണ്ടാണീ തോടൊഴുകി നീങ്ങിയിരുന്നത്. പിന്നീട് കൃഷിയിടങ്ങളിലേക്കുള്ള ജലസേചനം സുഗമമാക്കാനുദ്ദേശിച്ചായിരിക്കാം തോടിന്റെ ദിശയില്‍ മാറ്റം വരുത്തി അതിനെ കൃഷിയിടങ്ങളുടെ മധ്യഭാഗത്തിലൂടെ കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടപ്പിലാക്കിയത്. എങ്കിലും, ചില സ്ഥലങ്ങളിൽ തെക്കന്‍മലയുടെ ഓരം പറ്റി തന്നെയാണ് ഇന്നും തോട് ഒഴുകി നീങ്ങുന്നതെന്ന് കാണാം. മലയുടെ താഴ്‌വര അവസാനിക്കുന്നിടത്ത് വെച്ച് തോടും അതിനപ്പുറം കൃഷിയിടങ്ങളും പിന്നെ ഫലവൃക്ഷക്കാടിന് നടുവിൽ ജനവാസവും കാണാം. ഒഴുകി നീങ്ങുന്ന പ്രദേശത്തിന്റെ പേരിനോട് ചേര്‍ത്ത് വിളിക്കപ്പെടുന്ന രൂപത്തിൽ മണ്ണാര്‍മലത്തോട്, കറുവമ്പാറത്തോട്, വലമ്പൂര്‍ത്തോട് പിന്നെ ചിറക്കല്‍ തുടങ്ങിയ പേരുകളിലറിയപ്പെടുന്ന മേല്‍ തോടിന്റെ സമീപം വിശാലമായ പാടശേഖരങ്ങളും അരികില്‍ കര്‍ഷകരുടെ ഭവനങ്ങളും സ്ഥിതി ചെയ്യുന്നു. പരമ്പരാഗത ഭൂവുടമകൾ കൃഷിയിടത്തിന് ചുറ്റിലുമായി കര്‍ഷകർക്കിടയിലും, മറ്റ് തൊഴിലുകളിൽ ഏര്‍പ്പെടുന്നവർ വെളിമ്പറമ്പുകളിലും ജീവിച്ച് വരുന്നു. അവിടെയാണ് ചന്തയും ആരാധനാലായങ്ങളും പള്ളിക്കുടങ്ങളും മറ്റും സ്ഥിതിചെയ്യുന്നത്.

നാടിന്റെ ഒത്ത മധ്യത്തിലൂടെ സമാന്തരമായി നീങ്ങുന്ന രണ്ട് പാതകളാണ് നിലമ്പൂര്‍ ഷൊര്‍ണൂര്‍ റെയിൽവേ ലൈനും പെരുമ്പിലാവ് സംസ്ഥാന പാതയും. നാം നേരത്തെ ചർച്ച ചെയ്തതു പ്രകാരം പ്രദേശത്തിന് ചുറ്റിലുമുള്ള ഗിരിശൃംഗങ്ങൾക്കിടയിൽ പ്രദേശത്തിന്റെ പുറത്തേക്ക്‌ തുറന്ന വടക്കേ ദിശയില്‍ നിന്നും തെക്ക്, പടിഞ്ഞാറ്‌ ഭാഗത്തെ മലകള്‍ക്ക് നടുവിലെ വിള്ളലിലൂടെയാണത് കടന്ന് പോകുന്നതെന്ന് കാണാൻ കഴിയും. മണ്ണാര്‍മലയിൽ നിന്നും തുടക്കം കുറിച്ച് ഏകദേശം നാല് കിലോമീറ്ററോളം സഞ്ചരിച്ച് മേല്‍ പെരുമ്പിലാവ് സംസ്ഥന പാതയെ കരുവമ്പാറയിൽ വെച്ച് കവച്ചുവെച്ച് റെയിൽവേ ലൈനിന് സമാന്തരമായി തെക്കോട്ട് നീങ്ങുന്നതായാണ് തോടിന്റെ യാത്രാപഥം. അതിൽ പിന്നീട് വലമ്പൂര്‍ തോട് ചേര്‍ന്ന്, അങ്ങാടിപ്പുറത്ത് വെച്ച് ഏറാൻതോടുമായി കൂടി കലര്‍ന്ന്, കടലുണ്ടി പുഴയുമായി ചേരുന്നതോടു കൂടി അറബിക്കടലിന്റെ അഗാധതയിലേക്കത് ലയിച്ചില്ലാതാകുന്നു. 

തോടും പാടവും ഒന്നുചേരുന്ന ഭാഗങ്ങൾ പലപ്പോഴും നാടിനെ രണ്ടായി വിഭജിക്കാറുണ്ട്. മഴക്കാലം തോട് നിറഞ്ഞ് കവിയുമ്പോൾ അതൊഴുകി നീങ്ങുന്ന പ്രദേശത്തെ പാട ശേഖരങ്ങളും വെള്ളത്തിനടിയാലാകും. അതോടു കൂടി അക്കരെ ഇക്കരെ എന്നൊരു പ്രതീതി നാട്ടില്‍ സംജാതമാകുമെന്ന് പറയാം. അതിന്റെ ഓര്‍മ്മയിലാകാം മഴക്കാലമോ തോട്ടിൽ വെള്ളമോ ഇല്ലെങ്കിൽ പോലും അക്കരെ ഇക്കരെ എന്ന് തോടിന്റെ ഇരു കരകളിലുമുള്ള പഴയ ആളുകൾ പരസ്പരം സൂചിപ്പിച്ചു വരുന്നത്.

മറ്റേതൊരു വള്ളുവനാടന്‍ കൃഷിയിടങ്ങളെ പോലെയും നെല്ലാണ് ഇവിടുത്തെ പ്രധാന കൃഷിയെങ്കിലും ഇടവേളകളിൽ പയര്‍, മുതിര, തുടങ്ങിയ പച്ചക്കറികളും വാഴ, തെങ്ങ് കവുങ്ങ് തുടങ്ങിയ നാണ്യവിളകളും വ്യാപകമായി കൃഷി ചെയത് വരുന്നുണ്ട്. ജൈവ വൈവിധ്യങ്ങളുടെ കലവറകളായ പ്രദേശത്തിന് ചുറ്റിലുമുള്ള മലമുകളില്‍ പ്രധാനമായും തെങ്ങ്, പറങ്കിമാവ്, റബ്ബർ തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. കൂടാതെ, പ്രദേശത്തെ മറ്റൊരു പ്രധാന സാന്നിധ്യം തേക്കുകളുടേതാണ്. ബ്രിട്ടീഷ് ഭരണകാലത്ത് നിലമ്പൂര്‍ കോവിലകം വക ഭൂമിയിൽ 1840ൽ തുടക്കം കുറിച്ച തേക്ക് കൃഷിയോടനുബന്ധിച്ചാണ് നിലമ്പൂര്‍ ഷൊര്‍ണൂര്‍ റെയിൽ പാതക്ക് തുടക്കം കുറിക്കുന്നതും പാതയുടെ ഇരുവശത്തുമായി തേക്ക് മരങ്ങള്‍ നട്ടുപിടിപ്പിക്കുകയും ചെയ്യുന്നത്. നിലമ്പൂർ തേക്ക് പുറംലോകത്തേക്ക് കടത്തുക എന്ന ഉദ്ദേശ്യത്തോടെ 1921ൽ ആരംഭിച്ച ഈ പാത കേരളത്തിലെ ആദ്യത്തെ റെയിൽ പാതകളിലൊന്നാണ്. പ്രദേശത്ത് പച്ച പൊതിഞ്ഞൊരു നീണ്ട വെട്ടുവഴി കണക്കെ റെയിൽവേ പാതക്ക് ഇരുവശത്തുമുള്ള തേക്കിന്‍കാട് കാണാൻ കഴിയും. മഴക്കാലത്തെ വെള്ളക്കെട്ടിനെ പേടിച്ച് മണ്ണ് നിറച്ചുയർത്തിയ തിട്ടയിലൂടെ പ്രദേശത്തിന്റെ പടിഞ്ഞാറ്‌ വശം ചേര്‍ന്നു കൊണ്ടാണ് പാത കടന്നുപോകുന്നത്. നിലമ്പൂര്‍ തേക്കിന്റെ സുവര്‍ണ്ണ കാലഘട്ടത്തു തന്നെ അതിൽ നിന്നും പ്രചോദനമുൾകൊണ്ടുകൊണ്ട് തേക്ക് മരങ്ങൾ പ്രദേശത്തും വ്യാപകമായി വളര്‍ത്തപ്പെട്ടിരുന്നു.

വെള്ളി അരഞ്ഞാണം പോലൊഴുകി നീങ്ങുന്ന തോടിന്റെ ഇരു കരകളിലുമുള്ള വയലിന്റെ സാന്നിധ്യം കാലാന്തരത്തില്‍ കുറഞ്ഞ് കുറഞ്ഞ് വരുന്നത് ജനവാസ കേന്ദ്രങ്ങള്‍ പാട ശേഖരത്തിലേക്കിറങ്ങി വരുന്നതുകൊണ്ടാവാം. തെക്ക് വശത്തെ മലമുകളില്‍ നിന്നും ഇറങ്ങി വരുന്ന കൃഷിയിടത്തിനപ്പുറം അല്‍പ്പം ഉയര്‍ച്ചയിലാണ് ജനവാസ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത് എന്ന് ഞാന്‍ നേരത്തെ പറഞ്ഞു കഴിഞ്ഞു. പൊതുവായ വർഗ്ഗീകരണത്തിൽ കേരളത്തിൽ കാണുന്ന മണ്ണിനങ്ങളിലെ ലാറ്ററൈറ്റ് മണ്ണാണ് അവിടെ കൂടുതലും എന്ന് പറയാം. കൂടാതെ, ചുവന്നമണ്ണും മലയോരമണ്ണും അല്‍പ്പാൽപ്പമായി പ്രദേശത്ത് കാണപ്പെടുന്നു. അതിനാൽ, കൃഷിയിടത്തേയും വാസസ്ഥലത്തേയും പരസ്പരം വേറിട്ട് തിരിച്ചറിയാൻ സാധ്യമാകുന്നു എന്ന് കരുതാം. എന്നാൽ, അല്‍പ്പകാലം കൂടി കഴിഞ്ഞാൽ വയലിനുമുകളിൽ ചുവന്നമണ്ണ് നിറഞ്ഞ് ജനവാസ കേന്ദ്രങ്ങളും മലയുടെ താഴ്‌വരയും പരസ്പരം സന്ധിക്കുമോയെന്ന് തോന്നിപ്പോകുന്നത് ദുഃഖകരമായ യാഥാർത്ഥ്യമാണ്.

വില്ല്യം ലോഗന്റെ മലബാര്‍ മാന്വൽ എന്ന വിശ്രുത ഗ്രന്ഥത്തിലെ ജനങ്ങൾ എന്ന അധ്യായത്തിൽ പറയുന്നത് കാണുക,

"ഫലപ്രദമായ ഒരു കുന്നിൻ താഴ്‌വരയുടെ അല്ലെങ്കിൽ മലമടക്കുകളുടെ ഓരത്ത് വീട്ടു പടിക്ക് മുമ്പിൽ വിശാലമായ പച്ചവിരിച്ച പാടങ്ങൾ പറന്നു കിടക്കുന്നിടത്ത് സ്വന്തം വീടു പണിത് താമസിക്കാന്‍ അയാൾ ഇഷ്ടപ്പെടുന്നു (മലബാർ നിവാസികളാണ് സൂചന). താഴ്‌വരയിലൂടെ അഥവാ, മലമടക്കുകളിലൂടെ ഒഴുകിയെത്തുന്ന അരുവികളും തോടുകളും സമര്‍ത്ഥമായി ഇടത്തോട്ടും വലത്തോട്ടും തട്ടിത്തിരിച്ച് കുന്നിൻ ചേരുവകളിലൂടെ നെൽപ്പാടങ്ങൾക്ക് വള്ളമെത്തിക്കാം. താഴെ, താഴ്‌വരകളിലും സമതലങ്ങളിലും വരെ ഈ ജലസേചന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നു. ചാലുകൾ വെട്ടി വീട്ടു പടിവരെയും അവർ വെള്ളമെത്തിക്കാറുണ്ട്. വീടു വെക്കുന്നതിൽ ഒരു മലയാളി സ്ഥലം തിരഞ്ഞെടുക്കുന്നതിന്റെ പിന്നിലുള്ള യഥാർത്ഥ പ്രേരണ ശാന്തതയും വാര്‍ദ്ധക്യകാല സ്വസ്ഥതയുമാണ്..."

ഏഡി പതിനാലാം നൂറ്റാണ്ടിലെ മലബാറുകാരെ സംബന്ധിച്ച് ഷേഖ് ഇബ്നു ബത്തൂത്ത നല്‍കിയൊരു വിവരണം കൂടി ഈ അവസരത്തിൽ പ്രസക്തമാണന്ന് തോന്നുന്നു,

"ഞങ്ങൾ പിന്നീട് ചെന്നെത്തിയത് കറുത്ത കുരുമുളകിന്റെ നാടായ മലബാര്‍ എന്ന രാജ്യത്താണ്. സിന്തബൂരിൽ (കര്‍ണാടകയിലെ) നിന്നും കാവ്ലം (കൊല്ലം) വരെയുള്ള അതിന്റെ ദൈര്‍ഘ്യം താണ്ടാന്‍ രണ്ട് മാസമെടുക്കും. കരയിലൂടെയുള്ള യാത്രയിലുടനീളം വൃക്ഷത്തണലുണ്ട് എന്നുള്ളതാണീ നാടിന്റെ പ്രധാന സവിശേഷത. എന്നാൽ, തീരപ്രദേശങ്ങളിലുടനീളം കുലച്ചു നില്‍ക്കുന്ന തെങ്ങിൻ തോപ്പുകളുടെ അനുസ്യൂതമായൊരു പ്രവാഹമാണ്. രണ്ടു മാസം നീണ്ടു നിന്ന യാത്രയിലൊരിടത്തും കൃഷി ചെയ്യാതെ കിടക്കുന്ന ഒരു തുണ്ട് പോലും ഞാന്‍ ഭൂമി കണ്ടില്ല. ഓരോരുത്തര്‍ക്കും ഓരോ പറമ്പുണ്ട്. പറമ്പിന്റെ ഒത്ത മദ്ധ്യത്തിലായി അയാൾ വീടു വെക്കുന്നു. അവിടെ വീടും പറമ്പും വലയം ചെയത് കൊണ്ട്‌ മരം കൊണ്ട്‌ കെട്ടിയ വേലിയാണ് ഓരോരുത്തരുടേയും പാര്‍പ്പിടാതിർത്തി..."

മലബാർ പ്രദേശത്ത് പഴയ കാലത്ത് നിലവിലുണ്ടായിരുന്ന ഭൂമിശാസ്ത്രം, കൃഷിരീതികൾ, ജനജീവിതം തുടങ്ങിയവയെ കുറിച്ചുള്ളൊരു ഏകദേശ വിവരണങ്ങളാണ് ലോഗനും, ഇബ്നു ബത്തൂത്തയും നല്‍കുന്നതെങ്കിലും ചുങ്കം പ്രദേശത്തിന്റെ സാഹചര്യങ്ങളുമായി ആ വാക്കുകള്‍ക്ക് അഭേദ്യമായ ബന്ധമുണ്ടന്ന് പറയാൻ കഴിയും.

പ്രദേശത്തിന്റെ സമ്പത്തിക തലസ്ഥാനമായി അറിയപ്പെടുന്ന ചുങ്കമാണ് സ്ഥലത്തെ അത്യാവശ്യം ഭേദപ്പെട്ടൊരു നഗരസ്വഭാവമുള്ള സ്ഥലമെന്ന് പറയാം. സമീപത്തെ വയലുകളുടെ സാന്നിധ്യം കൊണ്ട് ജലത്തിന്റെ സാന്നിധ്യം സുലഭമായിരുന്ന കഴിഞ്ഞ കാലത്തില്‍ നിന്നും വ്യത്യസ്തമായി ഈയിടെ നഗരത്തിന്റെ ഭൂഗര്‍ഭജല വിന്യാസത്തിൽ കാര്യമായ കോട്ടം വന്നുഭവിച്ചിട്ടുണ്ടെന്ന് പറയാം. വയലിൽ ഉയർന്ന് പൊങ്ങുന്ന കിണറുകളുടെ കാഴ്ച്ച അതാണ് സൂചന നല്‍കുന്നത്. മറ്റേതൊരു കേരള പരിസ്ഥിതിയിലുള്ള വീട്ടുവളപ്പുകളെപ്പോലെയും ഉയർത്തി കെട്ടിയ മതിലിനുള്ളിൽ തൊടിക, വീട്, വീടിനു മുന്നിലെ മുറ്റം എന്നിങ്ങനെ തന്നെയാണ് പ്രദേശത്തിന്റെ കുടിയിരിപ്പുകളുടെ രീതി. വീട്ടുവളപ്പിൽ തെങ്ങ്, മാവ്, പ്ലാവ്, പേരക്ക തുടങ്ങിയ അനേകം മരങ്ങളും അടുക്കള തോട്ടവും സാര്‍വത്രികമായി കാണാം. പഴയ കാലത്തില്‍ നിന്നും വ്യത്യസ്തമായി തൊടി, വീടു നില്‍ക്കുന്ന ഭാഗം എന്നിവയെ വേര്‍തിരിച്ചുകൊണ്ടുള്ള ചെറിയ മതിലും സിമന്റ് കട്ട അടുക്കിവെച്ച് മിനുസപ്പെടുത്തിയ മുറ്റവും വ്യാപകമായി കാണാൻ സാധിക്കുന്ന കാഴ്ച്ചയാണ്.

മലബാര്‍ പ്രദേശത്തെ പഴയകാല കുടിയിരുപ്പുകളുടെ രീതിയെ കുറിച്ച് ലോഗന്റെ വാക്കുകള്‍,

"പടി കടന്ന് മുറ്റത്തേക്ക് നടന്നാൽ ആദ്യം ശ്രദ്ധിക്കുക വീടിനെ പുൽകി നില്‍ക്കുന്ന ഫലവൃക്ഷങ്ങളും, സസ്യലതാതികളും, വീട്ടുപറമ്പിനെ മുഴുവന്‍ ആശ്ലേഷിച്ചുകൊണ്ട് വാരിചൊരിയുന്ന സുഖശീതളിമയുമാണ്. തെങ്ങ്, ഇരുണ്ട് മിനുത്ത ഇലകള്‍ മുറ്റിത്തഴച്ച് നില്‍ക്കുന്ന പിലാവ് തുടങ്ങിയവ ചേര്‍ന്ന് വിരിച്ച് തരുന്ന സമൃദ്ധമായ തണൽ. നീണ്ടു മെലിഞ്ഞ അടക്കാ മരങ്ങൾ, നീണ്ടു വിശാലമായ ഇലകള്‍ പച്ചപ്പന്തലിടുന്ന വാഴകൾ ഇതൊക്കെ ചേര്‍ന്ന് ഗൃഹാന്തരീക്ഷത്തിന് അവാച്യമായ അസ്വാദ്യത പകരുന്നു. കാൽക്കീഴിലുള്ള ഭൂമിക്ക് നിതാന്തമായ ഒരു കുളിര്‍മ്മ. ഏപ്രിലില്‍, മെയ് മാസങ്ങളിലെ കത്തിയാളുന്ന വേനല്‍ചൂടിലും സുഖദായകമായൊരു ഉണര്‍വ്വ്.

ചുട്ടു വേവിച്ചെടുത്ത കളി മണ്ണിന്റെ കട്ടകൾ വിരിച്ച മിനുസമുള്ള വിശാലമായ നടപ്പാത അവക്കിടയില്‍ കാണാം. അതിന്റെ ഇരുവശവും അല്‍പ്പം ഒന്നുയർത്തി മെനഞ്ഞുകെട്ടിയ തുമ്പ്. നടപ്പാത കടന്ന് ചെല്ലുന്ന തുറന്നു പരന്ന വിശാലമായ മുറ്റം. അവിടെ നട്ടുച്ച സമയത്ത്‌ ഉണങ്ങാൻ കോരിയിട്ട നെല്ലിന്റേയും മറ്റ് കാര്‍ഷിക വിളകളുടേയും കൂമ്പാരങ്ങളിൽ സൂര്യൻ കിടന്ന് തപിക്കുന്നു. വീട്ടുമുറ്റം നല്ലപോലെ അടിച്ചു പരത്തി മിനുസപ്പെടുത്തിയ ചാണകവും കരിയും മെഴുകിയതായിരിക്കും. വേനല്‍ക്കാലങ്ങളിൽ മുറ്റവും അകത്തളങ്ങളും ഇടക്കിടെ ചാണകവും കരിയും ചേര്‍ത്ത് മുഴുകുന്നത് ദിനചര്യയുടെ ഒരു ഭാഗമാണ്.

പാവപ്പെട്ട വിഭാഗങ്ങളുടെ വീടുകൾ എളിയ രീതിയില്‍ പണിതതാണങ്കിലും പാരമ്പര്യ വിധിക്കനുസൃതമായിരിക്കുമെന്നത് അംഗീകരിക്കപ്പൊട്ടൊരു പൊതുതത്വമാണ്. വൃത്തിയുടേയും ശുചിത്വത്തിന്റേയും വെടിപ്പിന്റേയും കാര്യത്തിൽ എളിയവരുടെ വസതികള്‍ മേല്‍ വര്‍ഗ്ഗക്കാരുടേതിൽ നിന്ന് ഒട്ടും പിറകിലായിരിക്കുകയില്ല. എല്ലാ വിഭാഗക്കാരുടേയും ഗൃഹോപകരണങ്ങൾ പൊതുവെ ഓരേ മട്ടിലുള്ളതാണ്. ലോഹം കൊണ്ടുള്ള ഒരു വാല്‍ കിണ്ടി, വെള്ളോടുകൊണ്ടുണ്ടാക്കിയ തളികകൾ, ചെമ്പോ ഓടോ കൊണ്ടുനിർമ്മിച്ച മറ്റു ചില വെപ്പു പാത്രങ്ങൾ, പിത്തളകൊണ്ടുണ്ടാക്കിയ തുപ്പൽ കോളാമ്പി, വെറ്റില പെട്ടി, കിടക്കാനും ഇരിക്കാനും നാലഞ്ച് പായകൾ, ഒരു വാക്കത്തി, ഒന്നോ രണ്ടോ കട്ടില്‍, ധാന്യങ്ങള്‍ ഇട്ടു വെക്കാൻ ചില പെട്ടികൾ..."

അവലംബം-
1- കടന്നമണ്ണ ശ്രീനിവാസൻ
2- മണ്ണാർമല കോവിലകത്ത് മീര തമ്പാട്ടി
3- അമീര്‍ മാസ്റ്റര്‍ ചുങ്കം
4- കേരള സര്‍ക്കാര്‍ ഔദ്യോഗിക വെബ്‌പോര്‍ട്ടല്‍
5- മലബാര്‍ മാന്വല്‍- വില്ല്യം ലോഗന്‍
6- കേരളം അറുനൂറു കൊല്ലങ്ങള്‍ക്ക് മുമ്പ്- ഇബ്നു ബത്തൂത്ത


സമൂഹം, സമൂഹിക ബന്ധങ്ങൾ


കേരള ഭൗമപരിസ്ഥിതിയില്‍ ഇടനാടുകളുടെ പ്രധാന സവിശേഷതയായ നിരന്ന പ്രദേശങ്ങളുടെ അഭാവവും കുന്നിൻ ചെരുവകളുടെ സാന്നിധ്യവുമാണ് പ്രദേശത്തിന്റെ ഏറ്റവും വലിയ സവിശേഷത എന്ന് മനസ്സിലാക്കാം. തീരപ്രദേശം വിട്ട് മലമ്പ്രദേശത്തേക്കുള്ള യാത്രയുടെ ഒരു ഇടത്താവളം എന്ന നിലയിലാണ്‌ ഇടനാട് എന്ന് സൂചിപ്പിച്ചു വരുന്നതെങ്കിലും പ്രദേശത്തിന്റെ ഭൗമ സവിശേഷതകളെ പരിഗണിക്കുമ്പോൾ ഇതൊരു മലമ്പ്രദേശമാണോ എന്ന് സ്വാഭാവികമായും തോന്നിപ്പോകും. കാരണം, ഗിരിശൃംഗങ്ങളുടെ മടിത്തട്ടിലും താഴ്‌വരകളിലുമൊക്കെയാണ് ഇവിടെ ജീവിതം പുലര്‍ന്നു വരുന്നത്. അതിനിടയില്‍ പാടശേഖരങ്ങളുടേയും നീര്‍ച്ചാലുകളുടേയും സാന്നിധ്യം ഈ നാട്ടിലെ ജീവിതം സുഗമമാക്കുന്നു എന്ന് പറയാം. വയലുകളുടെ സാന്നിധ്യം പ്രദേശത്തെ സാധാരണ കൂലി തൊഴിലാളികളുടെ ആഗമനത്തെ ത്വരിതപ്പെടുത്തി. അവരെ ചുറ്റിപറ്റി രൂപം കൊണ്ട കാര്‍ഷിക സംസ്കാരത്തിന്റെ ഓരം പറ്റിയായിരിക്കാം പിന്നീട് ഭൂപ്രഭുക്കളും വിശ്വകർമ്മജരും ഇവിടെ രൂപം കൊള്ളുന്നത്. എന്നിരുന്നാലും, പ്രദേശത്ത് ഏറ്റവും പുരാതനമായി വാസം തുടങ്ങിയത്‌ ഹരിജനങ്ങളുടെ പൂര്‍വ്വികരാകാനെ തരമുള്ളു. കേരളത്തിന്റെ ആദ്യകാല ചരിത്രവും ചില സാഹചര്യ തെളിവുകളിൽ നിന്നുള്ള ഊഹങ്ങളുമൊക്കെയാണ് അതിന്റെ പ്രേരകമെന്ന് പറയാം. അതുകൊണ്ട്‌ തന്നെ പ്രദേശത്തെ സമൂഹിക പശ്ചാത്തലത്തെ കുറിച്ചന്വേഷിക്കുമ്പോള്‍ ആദ്യമായി പരിഗണിക്കേണ്ടി വരുന്നത് ഹരിജനങ്ങളെ തന്നെ ആയിമാറുന്നു.

ഹരിജനങ്ങൾ


ഇന്ത്യയിലെ തന്നെ ജാതിവ്യവസ്ഥയുടെ ഉൽപത്തിയെപ്പറ്റി രണ്ട്‌ സിദ്ധാന്തങ്ങളാണ്‌ നിലവിലുള്ളത്‌. ഒന്ന് ആര്യന്മാർ ഇന്ത്യയിൽ വരുന്നതിനു മുന്നേ തന്നെ ഇവിടെ ജാതി സമ്പ്രദായങ്ങൾ നിലവിലുണ്ടായിരുന്നു എന്നും മറ്റേത്‌ ആര്യന്മാരാണ്‌ ജാതി സമ്പ്രദായം ആരംഭിച്ചതെന്നുമാണ്‌. ആദ്യത്തേതിന്‌ തെളിവുകളുടെ പിൻബലമില്ല. അഥവാ, ആര്യന്മാരുടെ വരവിനു മുന്നേ ജാതി വ്യവസ്ഥ ഇവിടെ നിലനിന്നു എന്നതിനോ സാമൂഹ്യ വ്യവസ്ഥിതി എങ്ങനെയായിരുന്നു എന്ന് അറിയുന്നതിനോ ശക്തമായ തെളിവുകളൊന്നും തന്നെ ലഭ്യമല്ല. എന്നാൽ, രണ്ടാമത്തെ നിരീക്ഷണം ശരിവെച്ചുകൊണ്ട് വില്ല്യം ലോഗൻ മലബാർ മാന്വലിൽ ചില നിരീക്ഷണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതുപ്രകാരം, ആദിവാസികളില്‍ നിന്നും കാര്‍ഷിക ജോലിക്കായി ജന്മിമാർ കാട്ടില്‍ നിന്ന് നാട്ടിലേക്ക് കൊണ്ടുവന്ന് കൃഷിഭൂമികളുടെ ഓരത്ത് താമസിപ്പിച്ചവരാണിവർ എന്ന് പറയുന്നു. കാര്‍ഷിക അടിമകളായി നൂറ്റാണ്ടുകളോളം ജീവിച്ച ഈ വിഭാഗം വയലില്‍ ചോര നീരാക്കി അധ്വാനിച്ച് വരേണ്യവര്‍ഗ്ഗത്തിന്റെ പത്തായം നിറക്കാന്‍ വിധിക്കപ്പെട്ടവരായിരുന്നു. എങ്കിലും, പ്രാചീന കേരളത്തിൽ രാജ്യാധികാരം വരെ കയ്യാളിയിരുന്നവരായിരുന്നു ഇവരെന്ന് ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്.

ഏതാണ്ട് എട്ട്, ഒമ്പത് ദശകങ്ങളോടെയാണ് കേരളത്തിൽ ജാതിവ്യവസ്ഥ ശക്തമാകാൻ തുടങ്ങിയത്. ശ്രേണീബദ്ധമായ ജാതിക്രമത്തിൽ നമ്പൂതിരിമാർക്കായിരുന്നു ആധിപത്യം. തുടർന്ന് താഴേക്ക് നാല് വർണ്ണങ്ങളും അവയുടെ ഉപവിഭാഗങ്ങളും സ്ഥിതിചെയ്യുന്നു. ഏറ്റവും ഉയർന്നവർ എന്നംഗീകരിക്കപ്പെടുന്ന ബ്രാഹ്മണരാണ് ഓരോ ജാതിയുടെയും ധർമത്തെ സംബന്ധിച്ച് മനുസ്മൃതിയിലെ നിയമങ്ങൾ കർശനമായി പാലിക്കുവാൻ ഉത്തരവാദിത്തപ്പെട്ടവർ. നമ്പൂതിരിമാരുടെ സാമൂഹികഘടന കൂടുതൽ ശക്തമാക്കുന്നതിനും ജാതിശ്രേണിയിൽ അവരുടെ മേധാവിത്വം സ്ഥാപിക്കുന്നതിനും വേണ്ടി ആചാരങ്ങൾ ആവിഷ്കരിച്ചത് അവരാണെന്ന് പറയാം. ശങ്കരാചാര്യരാണ് ഇത് നടപ്പിലാക്കിയതെന്നൊരു അഭിപ്രായം ചരിത്രകാരന്മാർക്കിടയിലുണ്ട്. നമ്പൂതിരിമാർ തങ്ങളുടെ നിത്യജീവിതവൃത്തികളുടെ ഭാഗമായി ബന്ധപ്പെടുന്ന കീഴ്ജാതികളുമായുള്ള ഇടപാടുകളില്‍ പാലിക്കേണ്ട പെരുമാറ്റ സംഹിതകളാണ് ഈ ആചാരങ്ങൾ. അതിന്റെ ഭാഗമായാണ് തീണ്ടൽ, തൊടീൽ, അയിത്തം തുടങ്ങിയ തിന്മകൾ ചിട്ടപ്പെടുത്തപ്പെട്ടത്.

പത്തൊമ്പതാം ശതകത്തിന്റെ ആരംഭത്തിൽ ഡോ ബുക്കാനൻ മലബാറിലെ അടിമകളെപ്പറ്റി എഴുതിയിട്ടുള്ളതിന്റെ ചുരുക്കം ഇതാണ്. 

"ചെറമരാണ് കൃഷിപ്പണിക്കാരിൽ ഭൂരിഭാഗവും. ഉടമകളുടെ ജൻമസ്വത്താണവർ. എങ്കിലും, ഭൂസ്വത്തിന്റെ ഒരു ഭാഗമായി അവരെ ഗണിച്ചിരുന്നില്ല. അവരെ ഇഷ്ടപ്പടി കൈമാറാം. ഭർത്താവിനേയും ഭാര്യയേയും തമ്മില്‍ വേർപിരിക്കരുതെന്നൊരു പതിവുണ്ട്. പക്ഷേ, കുട്ടികളെ തനിയെ വിൽക്കാം. പണിയെടുക്കാൻ പ്രാപ്തിയുള്ളൊരു ചെറമന് രണ്ടിടങ്ങഴി നെല്ലാണ് ദിവസക്കൂലി. അവരെ ജന്മമോ കാണമോ പാട്ടമോ ആയി കൈമാറാം. ഒരു ജോടിയുടെ വില 250-400 പണമാണ്. പാട്ടത്തിനാണെങ്കിൽ പുരുഷന് 8 പണവും സ്ത്രീക്ക് 4 പണവും ലഭിക്കും. മറ്റു വസ്തുക്കൾ വിൽക്കുമ്പോൾ എഴുതുന്ന പ്രമാണങ്ങൾ അടിമകളെ വിൽക്കുമ്പോഴും സാധാരണ എഴുതി വന്നിരുന്നു..."

ഇന്ത്യയിലെ ഇതരപ്രദേശങ്ങളെ അപേക്ഷിച്ച് അയിത്താചാരം ഏറ്റവും കർശനമായി പാലിക്കപ്പെട്ടിരുന്ന പ്രദേശമായിരുന്നു കേരളം. ഈഴവർ, നാടാർ, കമ്മാളർ, അരയർ, പുലയർ, പറയർ, കുറവർ, ഉള്ളാടർ തുടങ്ങിയവരെല്ലാം അവർണ്ണ വിഭാഗത്തിൽപ്പെടുന്നു. സവർണരും അവർണരും മതപരമായി ഹിന്ദുക്കളാണെങ്കിലും അവർക്കിടയിൽ അയിത്തം നിലനിന്നിരുന്നു എന്ന് കാണാം. സവർണ വിഭാഗത്തിൽത്തന്നെ ബ്രാഹ്മണനും നായർക്കും തമ്മിൽ അയിത്തമുണ്ട്. നായർ ബ്രാഹ്മണനിൽ നിന്നു 16 അടി മാറിനിൽക്കണം. അല്ലെങ്കിൽ ബ്രാഹ്മണൻ അശുദ്ധപ്പെടും. ഈഴവർ ബ്രാഹ്മണനിൽനിന്നു 32 അടിയും നായരിൽനിന്നു 16 അടിയും അകന്നുനിൽക്കണം. പുലയർക്കും പറയർക്കും മറ്റും ഈഴവന്റെ അടുത്തും ചെല്ലാൻ പാടില്ല. പുലയരും മറ്റും ബ്രാഹ്മണനിൽനിന്നു 64 അടി മാറിയേ നിൽക്കാവൂ. അടുക്കുവാൻ പാടില്ലാത്ത ജാതികൾ തമ്മില്‍ അടുത്താൽ അതിനെ 'തീണ്ടുക' എന്നാണ് പറയുക. അപ്രകാരം തീണ്ടപ്പെട്ട ഒരാൾ സ്വജാതിക്കാരനെ തൊട്ടാൽ അവനും അശുദ്ധപ്പെടും. അതിനെ 'കൂട്ടിത്തൊടുക' എന്നാണ്‌ പറയുക. ജാതികൾ തമ്മിൽ ഐക്യം ഉണ്ടാവുകയും അത്‌ തങ്ങളുടെ ഭാവിക്ക്‌ അപകടം സൃഷ്ടിക്കുവാൻ ഇടയാവുകയും ചെയ്യാതിരിക്കാനാണ് ജാതികൾ താഴ്‌ന്ന ജാതിക്കാരോട്‌ തൊടൽ തീണ്ടൽ എന്നീ അതിർ വരമ്പുകൾ സൃഷ്ടിച്ചു. എല്ലാ ജാതിക്കാർക്കും ഇത്‌ താഴ്‌ന്ന ജാതിക്കാരോട്‌ പ്രയോഗിച്ച്‌ ചാരിതാർത്ഥ്യം അടയാൻ പറ്റുന്ന ഒരു അഭിമാനപ്രശ്നമാക്കി മാറ്റി. ഇത്‌ സംഘടിത ശക്തി ചെറുക്കാനുള്ള ജന്മി മേധാവിത്യത്തിന്റെ വജ്രായുധമായിരുന്നു.

ജാതിവ്യവസ്ഥയുടെ നിയമങ്ങൾ ലംഘിക്കുന്നവർക്കുള്ള ശിക്ഷ അതിനിഷ്ഠൂരമായിരുന്നു. ഈ അയിത്താചാരത്തിന്റെ ഫലമായി അവർണർക്കു സാധാരണ പൗരാവകാശങ്ങൾപോലും നിഷേധിക്കപ്പെട്ടു. പല പൊതുനിരത്തുകളിലൂടെയും നടക്കാൻ പോലും അവരെ അനുവദിച്ചിരുന്നില്ല. ക്ഷേത്രങ്ങളിൽ കയറി ആരാധന നടത്താൻ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. വിദ്യാലയങ്ങൾ, പോസ്റ്റാഫീസുകൾ തുടങ്ങിയ പൊതുസ്ഥാപനങ്ങളിലും അവർക്കു പ്രവേശനമില്ലായിരുന്നു. അവർ രോഗബാധിരായാൽ ഡോക്ടർമാർ തൊട്ട് പരിശോധിക്കുമായിരുന്നില്ല. ഗുളികകൾ എറിഞ്ഞുകൊടുക്കും. ഇപ്രകാരം ഭീകരമായ ബഹിഷ്കരണങ്ങളാൽ ദുരിതപൂർവമായിരുന്നു അധഃസ്ഥിതരുടെ ജീ‍വിതം എന്ന് പറയാം. ഇവക്കു പുറമെ ജാതിയുടെ അടയാളമായ കല്ലുമാലകൾ കഴുത്തിലണിഞ്ഞു നടക്കാനും ഇവർ നിർബന്ധിതരായി. അരക്കു മുകളിലും മുട്ടിനു താഴേയും വസ്ത്രം ധരിക്കുവാനും അന്നത്തെ അയിത്താചാരങ്ങൾ പിന്നോക്ക ജനവിഭാഗങ്ങളെ അനുവദിച്ചിരുന്നില്ല എന്ന് പറയാം.

കേരളത്തിൽ പത്തൊമ്പതാം ശതകത്തിന്റെ മധ്യകാലത്താണ് അടിമകളുടെ സംഖ്യ നിർണയിക്കാനുള്ള ശ്രമത്തിന് തുടക്കം കുറിക്കുന്നത്. 1857ൽ മലബാർ ജില്ലയിലെ പാലക്കാട് ഡിവിഷനിൽ (വള്ളുവനാട്, പാലക്കാട്, പൊന്നാനി താലൂക്കുകൾ) 89,000 അടിമകളും കൊച്ചിയിൽ 1854ൽ 60,000 അടിമകളും തിരുവിതാംകൂറിൽ 1847ൽ 160,000 അടിമകളും ഉണ്ടായിരുന്നുവെന്ന് അക്കാലത്തെ ചില പ്രസ്താവങ്ങളിൽ കാണാം. ചിറക്കൽ, കോട്ടയം, കോഴിക്കോട്, കുറുമ്പ്രനാട്, വയനാട് എന്നീ പഴയ മലബാർ താലൂക്കുകളിലെ അടിമകളുടെ എണ്ണം ഏതാണ്ട് ഒരു ലക്ഷമെന്നു കണക്കുകൂട്ടിയാൽ പത്തൊമ്പതാം ശതകത്തിന്റെ മധ്യകാലത്ത് ഏകദേശം 4.25 ലക്ഷം അടിമകൾ മലബാറില്‍ ഉണ്ടായിരുന്നുവെന്ന് കണക്കാക്കാം. ഈ കണക്ക് മുന്നില്‍ വെച്ചുകൊണ്ട് 1857ൽ നിന്നും 1960ലേക്കെത്തുമ്പോൾ അവരുടെ എണ്ണം ഏകദേശം 12.5 ലക്ഷത്തിലധികം ആകേണ്ടിയിരുന്നതാണ്. എന്നാൽ, വളരെയധികം ഹരിജനങ്ങൾ മതംമാറി അടിമത്തത്തിൽ നിന്നും സ്വതന്ത്രരായതിനാൽ കേരളത്തിൽ അവരുടെ അനുപാതമിന്ന് ജനസംഖ്യയിൽ 11 ശതമാനം മാത്രമാണെന്ന് കാണാം കഴിയും. അടിമത്തത്തിന്റെ രൂക്ഷതയിൽനിന്ന് ചെറിയ തോതിലെങ്കിലുമുള്ള ആശ്വാസം മലബാറിലെ ഹരിജനങ്ങൾ മതപരിവർത്തനം കൊണ്ട് നേടി എന്ന് ചുരുക്കി പറയാം.

കാര്‍ഷിക വൃത്തിക്കായി അടിമകളാക്കിയ ഈ വിഭാഗത്തിന് വിദ്യഭ്യാസം ആര്‍ജ്ജിക്കുവാനോ സമൂഹ്യപുരോഗതി കൈവരിക്കുവാനോ ജന്മിത്വമേധാവിത്വ കാലങ്ങളില്‍ അനുവാദമുണ്ടായിരുന്നില്ല. എന്നാല്‍, രാഷ്ട്രീയ മാറ്റങ്ങളോടൊപ്പം വിദ്യഭ്യാസം കൂടി ആര്‍ജ്ജിച്ചതോടു കൂടിയാണ്‌ അവരുടെ ജീവിതം കുറെയൊക്കെ മെച്ചപ്പെട്ട് തുടങ്ങിയത്‌ എന്നും കാണാൻ കഴിയും.

1927ൽ പ്രദേശത്ത് തുടക്കം കുറിച്ചൊരു വിദ്യാലയത്തിന്റെ ചരിത്രം പരിശോധിച്ചാൽ ആ മുന്നേറ്റത്തിന്റെ ചരിത്രം വേഗത്തിൽ ബോധ്യമാകും. അക്കാലത്ത് മുസ്ലീം കുട്ടികളെ മാത്രം ലക്ഷ്യം വെച്ച് നടത്തപ്പെട്ടിരുന്ന ഒരു ഓത്തുപള്ളിയിൽ നിന്നും എല്ലാവർക്കും വിദ്യ കരസ്ഥമാക്കാൻ കഴിയുന്ന ഒരു സ്കൂൾ എന്ന വിശാലമായ ചിന്ത ജനങ്ങളിലുയർന്നപ്പോൾ അതിനുള്ള സ്ഥലം കണ്ടെത്തുന്നത് ഹരിജനങ്ങൾ കൂട്ടമായി വസിക്കുന്ന സ്ഥലത്തിന് സമീപത്തിയിരുന്നു എന്ന് കാണുവാന്‍ കഴിയും. ഒരുപക്ഷേ, ഒരു വാടക കെട്ടിടത്തിന്റെ സാധ്യതക്കനുകൂലമായൊരു സാഹചര്യം മേല്‍ സ്ഥലത്ത് രൂപം കൊണ്ടതിൽ നിന്നാണത് സ്ഥാപിക്കപ്പെട്ടതെന്ന് വേണമെങ്കിൽ പറയാമെങ്കിലും കാലത്തിന്റെ അനിവാര്യമായൊരു ദിശാനിര്‍ണ്ണയം അതിൽ നിന്നും വായിച്ചെടുക്കാൻ കഴിയും. 1921ലെ ആംഗ്ലോ മാപ്പിള യുദ്ധം കൊളുത്തിവിട്ട സമരതീജ്വാലകള്‍ നിർമ്മിച്ചെടുത്ത സമൂഹ്യ പരിവര്‍ത്തനങ്ങളുടെ ഫലമായി ഈ പ്രദേശം ഉള്‍പ്പെടെയുള്ള മലബാറിലെ മിക്ക പ്രദേശങ്ങളും സവര്‍ണ്ണ ജന്മിത്വ വ്യവസ്ഥിതിയില്‍ നിന്നും മുക്തമായികൊണ്ടിരുന്ന അതേ കാലത്തു തന്നെയാണ്‌ ഹരിജനങ്ങൾ കൂട്ടമായി താമസിച്ച് വന്നിരുന്ന തെക്കന്‍ മലയുടെ ചെരുവിലെ കരുവമ്പാറയിലൊരു വിദ്യാലയം സ്ഥാപിക്കപ്പെടുന്നതും അതിലവരെ പങ്ക് ചേര്‍ക്കാനുള്ള ശ്രമങ്ങൾ ഒത്തൊരുമയോടെ മുന്നോട്ട് കൊണ്ട്‌ പോവുകയും ചെയതതു വന്നത്.

എന്നാൽ, കേരള സാഹചര്യത്തിലേക്ക് കടന്ന് വരുമ്പോൾ 1950കളിലാണവിടെ ജാതിവ്യവസ്ഥയിലെ സമൂല പരിവർത്തനങ്ങൾ നടന്ന് വന്നത് എന്ന് പറയാം. ആ പശ്ചാത്തലത്തില്‍ അതിനും എത്രയോ കാലങ്ങള്‍ക്ക് മുമ്പ് ചുങ്കം പ്രദേശം കരസ്ഥമാക്കിയ മേല്‍ മുന്നേറ്റം പ്രത്യേകം പ്രസ്താവ്യമർഹിക്കുന്നുണ്ട്. അതിന്റെ പിന്നിലെ പ്രേരക ശക്തിയായി മാപ്പിള സാന്നിധ്യത്തെ വിലയിരുത്തുമ്പോൾ തന്നെ കൊണ്ടോട്ടി തങ്ങന്മാരുടെ സാന്നിധ്യവും അതിന് കാരണമായിട്ടുണ്ടന്ന് മറ്റു ചില കൂട്ടരും വാദിച്ചു വരുന്നു. രണ്ടായാലും, നാടിനെ സംബന്ധിച്ച് അത്തരമൊരു മുന്നേറ്റം മാതൃകാപരമാണന്ന് പറയാം. ഇന്ന്‌ ഉയർന്ന വിദ്യാഭ്യാസം കൊണ്ടും ഉയർന്ന നിലയിലുള്ള തൊഴിലുകൾ കൊണ്ടും സമ്പന്നരാണവർ എന്ന് പറയാം. വയലുകളുടെ നിര്‍ജ്ജീവാവസ്ഥ ഉണ്ടാക്കിയ കാര്‍ഷിക വൃത്തിയിലേക്കുള്ള സാധ്യതക്കുറവുകൾ അവരിൽ ചിലരെ വീടു പണികളിലേക്കും സാധാരണ കൂലി തൊഴിലുകളിലേക്കും മറ്റും പരിവര്‍ത്തിപ്പിച്ചു എങ്കിലും, പുതിയ തലമുറ അത്തരം ജോലികളിൽ വിമുഖത കാണിക്കുന്നവരായി മാറുകയും അവർ മറ്റു സാധ്യതകള്‍ തേടി പോവുകയും ചെയ്യുന്നതായി കാണാൻ സാധിക്കും.

മറ്റ് ഹിന്ദു വിഭാഗങ്ങൾ


ഹരി ജനങ്ങളെ കൂടാതെ സാമ്പ്രദായിക ഹിന്ദു ജാതികളായി കണക്കാക്കി വന്നിരുന്ന അനേകം മറ്റു സമൂഹങ്ങളും പ്രദേശത്ത് താമസിച്ച് വരുന്നുണ്ട്. പഴയ കാലത്ത് ക്ഷേത്ര സംബന്ധമായ ജോലികളിൽ ഏര്‍പ്പെട്ടു വന്നിരുന്ന അഥവാ, ക്ഷേത്രത്തിലേക്കുള്ള പുഷ്പങ്ങൾ, മാലകൾ തയ്യാറാക്കി നൽകുക, സംസ്കൃതം, ജ്യോതിഷം തുടങ്ങിയ വേദാംഗങ്ങളിലെ പഠനവും മനനവും ചെയത് വരിക തുടങ്ങിയവ ചെയ്ത് വന്നിരുന്ന വാരിയന്മാരാണ് അതിൽ ഒന്ന്. മറ്റൊന്ന്, തെയ്യാരാധാന നടത്തി വന്നിരുന്ന തിയ്യർ വിഭാഗവുമാണ്. തിയ്യന്മാർ മുൻകാലങ്ങളിൽ യുദ്ധപാരമ്പര്യത്തിനും അക്രമണവീര്യത്തിനും പേരുകേട്ട ഒരു സമൂഹമായിരുന്നു എന്ന് ചരിത്രത്തിൽ കാണാം. പുരാതന കാലം മുതലേ മലബാറിലെ മിക്ക നാട്ടുരാജാക്കന്മാരുടെ കാലാൾപ്പടയായി ആ ജനത സേവനമനുഷ്ഠിച്ചിരുന്നുവത്രെ. ഇവരുടെ വീടുകളില്‍ മരണം, പ്രസവം, ഋതുസ്നാനം എന്നിവ സംഭവിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട പുല കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചുവന്നിരുന്ന മണ്ണാൻ വിഭാഗത്തെ സ്വാഭാവികമായും മേല്‍ രണ്ട് വിഭാഗവുമായി ചേര്‍ത്ത് സൂചിപ്പിക്കാന്‍ സാധിക്കും. കൂടാതെ, പരമ്പരാഗതമായി മന്ത്രവാദം, തെയ്യംതിറ, തിറയാട്ടം, കാവട്ടം എന്നീ ക്ഷേത്ര കലകളിൽ വേഷം കെട്ടാൻ പാരമ്പര്യാവകാശമുള്ള ഒരു വിഭാഗം കൂടിയായിരുന്നു അവർ. ഭഗവതി, ഭദ്രകാളി, ഭൂതം, നാഗം, യക്ഷഗന്ധർവൻ, പുലിദൈവങ്ങൾ, വീരന്മാർ തുടങ്ങി വിവിധ തരത്തിലുള്ള തെയ്യങ്ങൾ അവർ കെട്ടിയാടുന്നു.

പഴയ കാലത്ത് ജ്യോതിഷം, വൈദ്യം, അധ്യാപനം തുടങ്ങിയവ കുലത്തൊഴിലായി കൊണ്ടു നടന്നിരുന്ന പണിക്കന്മാരാണ് പ്രദേശത്ത് സാന്നിധ്യമറിയിക്കുന്ന മറ്റൊരു കൂട്ടര്‍. വിവിധ പ്രദേശങ്ങളിൽ കണിയാൻ, കണിശൻ, കണിയാർ, കളരിക്കുറുപ്പ്, കളരിപണിക്കർ തുടങ്ങിയ നാമങ്ങളിലും അവരറിയപ്പെട്ടു വരുന്നുണ്ട്.

ജാതിമതഭേദമന്യേ പ്രദേശത്തെ ഗൃഹ നിർമ്മാണത്തിൽ ആദ്യവസാനം വരെ സാന്നിധ്യമറിയിച്ചിരുന്ന വിഭാഗമായിരുന്ന ആശാരിമാരാണ് പ്രദേശത്തെ മറ്റൊരു സാന്നിദ്ധ്യം. വസ്തുവിൽ സ്ഥാനം കാണൽ, കുറ്റിയടിക്കൽ, കട്ടിള വെക്കൽ, ഉത്തരം സ്ഥാപിക്കൽ, വാസ്തുബലി, താക്കോൽ ദാനം, ഗൃഹപ്രവേശനം തുടങ്ങിയ ചടങ്ങുകളിലെല്ലാം ഒരുകാലത്ത് അവരുടെ സാന്നിദ്ധ്യത്തിലായിരുന്നു നടന്ന് വന്നിരുന്നത്. തൊഴിൽപരമായി അവരുടെ തലപ്പത്തുള്ള മൂത്താശാരി അല്ലെങ്കിൽ വല്ല്യാശാരി എന്ന ഗുരുവില്‍ നിന്നാണ്‌ മരപ്പണിയും കൊത്തുപണിയും പുതിയ തലമുറ പഠിക്കുന്നത്. അതുകൊണ്ടുതന്നെ അവരെ സംബന്ധിച്ച് അവരുടെ തൊഴിലിലുള്ള പരിചയവും സൂക്ഷ്മതയും കർക്കശമായിരുന്നു എന്ന് പറയാം. കേരളത്തിൽ പൊതുവെ കമ്മാളർ എന്നറിയപ്പെടുന്ന വിശ്വകർമ്മ വിഭാഗത്തിലെ ഏറ്റവും ഉയർന്ന ഉപവിഭാഗമാണ് ആശാരിമാർ എന്ന് പറയാം. പരമ്പരാഗതമായി തച്ചുശാസ്ത്ര വിദഗ്ദ്ധരും കൈതൊഴിൽ ചെയ്യുന്നവരും മരപ്പണി, ഇരുമ്പ് പണി (കൊല്ലൻ), സ്വർണ്ണപ്പണി (തട്ടാൻ), കൽപ്പണി (കല്ലാശാരി) അങ്ങനെ ബൃഹത്തായ ശാസ്ത്രങ്ങൾ കൈകാര്യം ചെയ്യുന്നവരുമായ ഇവരെ മൊത്തമായി വിശ്വകർമ്മജർ എന്ന് വിളിച്ച് വരുന്നു.

ജാതിയടിസ്ഥാനത്തിലുള്ള തൊഴിൽ വിഭജനകാലത്തെ ഉത്തരവാദിത്ത നിര്‍വ്വഹണത്തിന്റെ ഭാഗമായി അവർ ചെയത് വന്നിരുന്ന ജോലികള്‍ ഇന്നും അവരില്‍ ചിലര്‍ തുടർന്ന് വരുന്നു എന്നുള്ളത് അത്ഭുദപ്പെടുത്തുന്ന കാര്യമാണ്. ഇവരെയൊന്നും കൂടാതെ, പ്രദേശത്തെ മറ്റൊരു നിറ സാന്നിധ്യം മാപ്പിളമാരാണ്.

മാപ്പിളമാര്‍


ദക്ഷിണേന്ത്യയിലെ കേരളത്തിലെ ഒരു മുസ്‌ലിം വിഭാഗമാണ് മാപ്പിളമാർ അഥവാ മാപ്പിള മുസ്‌ലിംകൾ. ജോനകമാപ്പിള എന്നാണ് ചരിത്രപരമായി അവരറിയപ്പെട്ടിരുന്നത്. ചില പണ്ഡിതരുടെ അഭിപ്രായത്തിൽ ദക്ഷിണേഷ്യയിലെ ഏറ്റവും ആദ്യത്തെ സ്വദേശി മുസ്‌ലിം സമുദായമാണ് മാപ്പിളമാർ എന്ന് പറയാം. പൊതുവേ പറഞ്ഞാൽ, മാപ്പിള എന്നാൽ അയാളൊന്നുകിൽ ഏതെങ്കിലും ഇസ്‌ലാം സ്വീകരിച്ചവരുടെ പിൻഗാമിയോ, അല്ലെങ്കിൽ ഏതെങ്കിലുമൊരു അറബിയുടെ കേരളീയരുമായുള്ള വിവാഹത്തിൽ വന്ന തലമുറയോ ആണ്. അതിനാൽ, മാപ്പിള എന്നാൽ ഒരു സമുദായത്തെയല്ല. മറിച്ച്, വടക്കൻ കേരളത്തിലെ മൊത്തം മലയാളി മുസ്‌ലിംകളെയാണ് സൂചിപ്പിക്കുന്നത് എന്ന് നിരീക്ഷിക്കാം. പ്രധാനമായും സുഗന്ധവ്യഞ്ജന വ്യാപാരത്തെ അടിസ്ഥാനമാക്കിയുള്ള കേരളവുമായുള്ള പശ്ചിമേഷ്യൻ സമ്പർക്കത്തിന്റെ ഫലമായാണ് മാപ്പിള സമൂഹം ഉത്ഭവിച്ചത്. ഇസ്‌ലാം മലബാർ തീരത്ത് ഏഡി ഏഴാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ എത്തിയതു മുതൽ മാപ്പിളമാർ ഇവിടെയുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു. സുഗന്ധവ്യഞ്ജന വ്യാപാരത്തിൽ യൂറോപ്യന്മാർ അറബികളെ മറികടക്കുന്നതിന് മുമ്പ് ഒരു സമ്പന്നമായ വ്യാപാര സമൂഹമായിവിടെ മാപ്പിളമരുണ്ടായിരുന്നു. അറബികളുമായുള്ള മാപ്പിള സമൂഹത്തിന്റെ നിരന്തരമായ ഇടപെടൽ അവരുടെ ജീവിതത്തിലും ആചാരങ്ങളിലും സംസ്കാരത്തിലും ആഴത്തിലുള്ള സ്വാധീനം ചെലുത്തപ്പെട്ടു എന്നും കാണാൻ സാധിക്കും.

പ്രാചീന കാലത്ത് കേരളത്തിന്റെ തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് കച്ചവട വൃത്തിയിലേർപ്പെട്ടിരുന്ന വിഭാഗമായിരുന്നു മാപ്പിളമാര്‍. കേരളക്കരയുമായി വ്യപാരബന്ധം പുലര്‍ത്തിയിരുന്ന അറബികളുമായി ചേര്‍ന്ന് നിന്ന് കേരളത്തിന്റെ ഉള്‍നാടുകളിൽ നിന്നും ചരക്ക് ശേഖരണം ഉള്‍പ്പെടെയുള്ള അനുബന്ധ തൊഴിലുകളിലന്നവർ ഏര്‍പ്പെട്ടു വന്നു. 1498ലെ വാസ്കോഡഗാമയുടെ കേരള അധിനിവേശ കാലത്ത്‌ രൂപപ്പെട്ട സവിശേഷ സാഹചര്യത്തിലാണ് തീരപ്രദേശത്തു നിന്നും കേരളത്തിന്റെ ഉള്‍പ്രദേശങ്ങളിലേക്ക് അഥവാ, ഇടനാടുകളിലേക്ക് അവർ ചിതറുന്നത്. അങ്ങനെ, കച്ചവട സംസ്കാരം കൂടാതെ കാര്‍ഷിക വൃത്തിയിലേക്കുമവർ ശ്രദ്ധയൂന്നാൻ തുടങ്ങി. അന്നേ വരെ ജന്മിക്കു കീഴെ തീര്‍ത്തും അടിമകളെ പോലെ ജോലി നോക്കി വന്നിരുന്ന ഹരിജനങ്ങളുമായി ചേര്‍ന്ന് നിന്ന് കൃഷിപ്പണികളിലെ അനന്ദസാധ്യതകളെ കുറിച്ച് മനസ്സിലാക്കിയ അവർ കാലാന്തരത്തിൽ ഭൂവുടമകളായി മാറുകയും തങ്ങളുടെ മതവിശ്വസത്തിൽ നിന്നും സ്വാംശീകരിച്ച മാനുഷിക മൂല്യങ്ങള്‍ കൂടി കൃഷിയിടങ്ങൾക്ക് പരിചയപ്പെടുത്തി നല്‍കികൊണ്ട് ഹരിജനങ്ങളുടെ വിശ്വസവും സ്നേഹവും പിടിച്ചുപ്പറ്റുകയും ചെയ്തു. പാരമ്പര്യമായി കാര്‍ഷിക വൃത്തിയിലേർപ്പെട്ട് മലമുകളിലും മലഞ്ചെരുവിലുമായി കഴിഞ്ഞ് വന്നിരുന്ന ഹരിജനങ്ങളുമായി ചേര്‍ന്ന് നിന്ന് വാസസ്ഥലങ്ങൾ രൂപപ്പെടുത്തിയ മാപ്പിളമാരുടെ അത്തരം വാസകേന്ദ്രങ്ങള്‍ കാലങ്ങൾക്കിപ്പുറത്ത് ഇന്നും അനേകം സ്ഥലങ്ങളിൽ കാണാൻ സാധിക്കും. ഒരുപക്ഷേ, അങ്ങനെ ആയിരിക്കാം പ്രദേശത്തെ കൃഷിയിടങ്ങൾക്ക് സമീപം ഒരു മതിലുപോലെ നീണ്ടു പോകുന്ന തെക്കന്‍ മലയുടെ താഴ്‌വരകളിലും സമീപത്തുമായി ഹരിജനങ്ങളുടെ വാസസ്ഥലങ്ങളും ഒപ്പം മാപ്പിള തറവാടുകളും സ്ഥാപിക്കപ്പെടുന്നത്.

മാപ്പിള എന്ന വാചകം അവരിലേക്കെങ്ങനെ വന്നുചേർന്നു എന്നതിനെ സംബന്ധിച്ച് അനേകം പഠനങ്ങൾ നിലവിലുണ്ട്. അതിലൊരു പഠനത്തില്‍ പറയുന്നത് ആദിയില്‍ ശൂദ്രന്മാർ പിള്ള എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് എന്നും, അക്കാലത്ത് ധാരാളമായി അവർ ഇസ്ലാം മതത്തിലേക്ക് കടന്ന് വന്നതുവഴി അവരോടുള്ള ബഹുമാന സൂചകമായി മാ'പ്പിള്ള എന്ന വിശേഷിപ്പിക്കാൻ തുടങ്ങി എന്നും കാലാന്തരത്തിൽ അത് മാപ്പിള ആയി രൂപാന്തരപ്പെട്ടതെന്നുമാണ്. മറ്റൊരു നിരീക്ഷണം ബുദ്ധ വിശ്വാസവുമായി ബന്ധപെട്ടുള്ളതാണ്. കേരളത്തിൽ ദ്രാവിഡ സംസ്കാരം നിലനിന്നിരുന്ന കാലത്ത് ആദ്യമായി ഇവിടെ പ്രചരിപ്പിക്കപ്പെട്ടത് ബുദ്ധമതമായിരുന്നു എന്ന് കാണാൻ കഴിയും. അതുവഴി, ചക്രവർത്തിയും രാജാക്കന്മാരും ജനങ്ങളും ബുദ്ധമതാനുയായികളായി തീര്‍ന്നു. ഇങ്ങനെ പുതുതായി ബുദ്ധമതം സ്വീകരിക്കേണ്ടവർ തലമുണ്ഡനം തുടങ്ങി നിരവധി ചടങ്ങുകൾ ആചരിക്കേണ്ടതുണ്ടായിരുന്നു. ഇതിനെ 'മാർഗ്ഗം കൂടുക' അഥവാ 'ധർമ്മ മാർഗ്ഗം ചേരുക' എന്നാണ്‌ പറഞ്ഞു വന്നിരുന്നത്. കാലക്രമേണ ഈ പദം മറ്റു മതങ്ങളിലേക്ക് ചേക്കേറുന്നതിനേയും, 'മാർഗ്ഗപ്പിള്ള' എന്ന പദം അത്തരം മതപരിവർത്തനം നടത്തിയവരേയും സൂചിപ്പിക്കാനുപയോഗിക്കപ്പെട്ടു തുടങ്ങി. അങ്ങനെയെങ്കിൽ മാർഗ്ഗപ്പിള്ള ലോപിച്ച് മാപ്പിളയായിത്തീർന്നിരിക്കാനുള്ള സാധ്യതയേയും തള്ളിക്കളയാനാവില്ല. എന്നിരുന്നാലും, പുത്തൻ, പുതിയത്, വിശേഷപ്പെട്ടതെന്തോ എന്നൊക്കെ തന്നെയാണ് മാപ്പിള എന്ന പദത്തിന്റെ ആത്യന്തികമായ സൂചനയെന്ന് പറയാതിരിക്കാന്‍ കഴിയില്ല. കൂടാതെ, ചുങ്കവും ചുറ്റുവട്ടവും ഉള്‍പ്പടെയുള്ള മലബാറിലെ മിക്ക പ്രദേശങ്ങളിലും ഭർത്താക്കന്മാരെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന പദമായും മാപ്പിള എന്ന വാക്ക് ഉപയോഗിച്ച് വരുന്നു. അതിൽ നിന്നും ലോപിച്ച് വന്ന വിശേഷണമായിരിക്കാം വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്ന മുസ്ലീം യുവാക്കളെ സൂചിപ്പിക്കാനുപയോഗിക്കുന്ന പുതിയാപ്പിള എന്ന പ്രയോഗവും.

താമസിക്കുന്ന വീടിനെ അയാളുടെ ജാതിക്കനുസരിച്ച് വിളിക്കപ്പെട്ടിരുന്നൊരു വിചിത്ര രീതി പണ്ടുകാലങ്ങളിലുണ്ടായിരുന്നു. പറയന്റെ വീട് ചേരി എന്നാണ് അക്കാലത്ത് അറിയപ്പെട്ടിരുന്നത്. അടിയാളരായ ഹരിജനങ്ങൾ ചാളയിൽ അല്ലെങ്കിൽ ചെറ്റ കുടിലില്‍ താമസിക്കുന്നു. കൊല്ലൻ, തട്ടാൻ, ആശാരി, നെയ്ത്തുകാരൻ, കള്ള് ചെത്തുന്നവർ തുടങ്ങിയ വിശ്വകർമ്മജർ താമസിക്കുന്ന വീട് പുര അല്ലെങ്കിൽ കുടി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ക്ഷേത്രോപജീവികളായ വാര്യര്‍മാർ വാരിയം, പിഷാരം അല്ലെങ്കിൽ പൂമഠത്തിൽ താമസിച്ചു വരുന്നു. സാധാരണ നായര്‍ താമസിക്കുന്നിടം വീട് അല്ലെങ്കിൽ ഭവനം എന്നറിയപ്പെടുമ്പോൾ ആ ജാതിയില്‍ തന്നെയുള്ള അധികാരസ്ഥാനത്തുള്ള ആൾക്കാർ ഇട'ത്തിലാണ് താമസിച്ചു വന്നിരുന്നത്. രാജാക്കന്മാരും നാടുവാഴികളും കോവിലകത്തിലോ കൊട്ടാരത്തിലോ വസിക്കുന്നു. നാടൻ നമ്പൂതിരി താമസിക്കുന്ന വീട് ഇല്ലം എന്നും അവരിലെ ആഢ്യന്മാർ താമസിക്കുന്ന വീടിനെ മന അഥവാ മനക്കല്‍ എന്നും വിളിക്കുന്നു. അവരിൽ തന്നെയുള്ള പരദേശി ബ്രാഹ്മണര്‍ താമസിക്കുന്നത് മഠത്തിലുമാകുന്നു.

താണ ജാതിക്കാർക്കെന്തായാലും തങ്ങളുടെ വീടിനെ തനതുപേരിൽ മേല്‍ ജാതിക്കാരുടെ മുന്നില്‍ ഉച്ചരിച്ചുകൂടാൻ സാധിക്കാത്ത കാലമായിരുന്നു അത്. സ്വയം നിന്ദിച്ചുകൊണ്ട് അധകൃതനാണന്ന് സ്വയം സമ്മതിച്ചു കൊണ്ട്‌ മേലാളന്മാരുടെ മുമ്പില്‍ സ്വന്തം വസതിയെ ചാണകക്കുണ്ട, ചാണകക്കുഴി, ചാള എന്നിങ്ങനെയാണവർ പറഞ്ഞു വന്നിരുന്നത്. അതിൽ അവര്‍ക്കൊരു സങ്കോചവുമില്ലായിരുന്നു. പിന്നീട്, വീട്ടുപേര്, വിലാസം അല്ലെങ്കിൽ ഉൽപ്പം എന്ന പേരിലറിയപ്പെട്ട പേരിനോടൊപ്പം ചേര്‍ക്കുന്ന തിരിച്ചറിയപ്പെടാനുള്ള സംജ്ഞകൾ വ്യാപിച്ച കാലത്ത് ചില വിഭാഗം ഹരിജനങ്ങൾ അവർ ജോലി നോക്കി വന്നിരുന്ന മേലാളഗൃഹങ്ങളുടെ പേരിനൊപ്പം ചേര്‍ത്ത് വിളിക്കപ്പെടുന്ന ചില നിന്ദാ വാചകങ്ങളായിരുന്നു സ്വീകരിച്ചത് എന്ന് കാണാൻ സാധിക്കും. അക്കാലത്താണ്‌ പ്രദേശത്തെ മണ്ണാർമല കോവിലകവുമായി ബന്ധപ്പെട്ട് ജീവിച്ചു വന്നിരുന്ന ചില ഹരിജനങ്ങൾ 'കോവിലകത്ത് ചാളയില്‍' എന്ന വിലാസം സ്വീകരിക്കുന്നതും അതിലൂടെ അവരറിയപ്പെടാനും തുടങ്ങിയത്‌. എന്നാൽ, പ്രദേശത്തെ മാപ്പിളരുമായി ബന്ധപെട്ട് ജീവിച്ചിരുന്ന മറ്റൊരു കൂട്ടര്‍ മാപ്പിള തറവാടുകളുടെ അതേ പേരിലായിരുന്നു അറിയപ്പെട്ടത് എന്ന് കാണാന്‍ കഴിയും. അഥവാ, സ്വയംനിന്ദാ വാചകങ്ങളുടേയോ തങ്ങളുടെ ജീവിത സാഹചര്യങ്ങളെ എടുത്ത് കാണിക്കുന്നതോ ആയ ഒരു വാചകവും അവര്‍ക്കവരുടെ വിലാസത്തോടൊപ്പം ചേര്‍ക്കേണ്ടി വന്നില്ല എന്നുള്ളത് പ്രദേശത്തെ ഹരിജന മാപ്പിള സഹവാസത്തിന്റെ സവിശേഷതയായി മനസ്സിലാക്കാം. ചുങ്കം പ്രദേശത്തിന്റെ സമൂഹിക പശ്ചാത്തലം പരിശോധിക്കുമ്പോൾ ഏറ്റവും കൂടുതൽ പരിഗണിക്കപ്പെടുന്നതും ഈ ഹരിജൻ മാപ്പിള സഹവര്‍ത്തിത്വത്തിന്റെ അടയാളങ്ങളെയാണ്. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഒരേ കാലത്ത് രൂപം കൊണ്ട ഒരേ പ്രതിഭാസത്തിന്റെ ഭാഗമായാണ് ഇതൊക്കെ ഈ പ്രദേശത്തും സംഭവിക്കുന്നത് എന്നൊരൊഴുക്കൻ മട്ടില്‍ പറയാൻ കഴിയുമെങ്കിലും ചുങ്കം പ്രദേശത്തിന്റേതായ ചില മുദ്രകള്‍ അതിൽ തീരെ ഇല്ല എന്ന് തീര്‍ത്തും പറയാതിരിക്കാൻ കഴിയില്ല. അതിനുള്ള ഉദാഹരണമാണ് ഞാൻ മേലെ പറഞ്ഞ്‌ വെച്ച വിലാസം പങ്കുവെക്കൽ ഉള്‍പ്പടെയുള്ള രീതികൾ എന്ന് പറയാം.

ജാതിയതയിലധിഷ്ടിതമായ സമൂഹിക ചുറ്റുപാടിൽ ഉയർന്ന ജാതികള്‍ നടന്ന് പോകുന്ന വഴിയിലൂടെ നടന്ന് പോകാനോ, പരസ്പരം നേര്‍ക്കുനേര്‍ സംസാരിക്കാനോ, എന്തിന്‌ സ്വന്തം ഇഷ്ടപ്രകാരം വസ്ത്രം ധരിക്കാനോ പോലും അവകാശമേതുമില്ലാ കാലമാണ് തങ്ങളിലെ ഒരാളായി മാപ്പിളമാര്‍ ഹരിജനങ്ങളെ കണ്ടുവന്നത് എന്ന് പ്രത്യേകം പ്രസ്താവ്യമർഹിക്കുന്നു. സമൂഹത്തില്‍ നിന്നും അത്തരം അസ്പര്‍ശതകളേറ്റു വാങ്ങുന്നവര്‍ എന്ന നിലയില്‍ അവരെ ഏറെ കാരുണ്യത്തോടെയാണ് മാപ്പിളമാര്‍ പരിഗണിച്ചത് എന്ന് ചുരുക്കം. കൂടാതെ, അത്തരം സമൂഹിക ചുറ്റുപാടുകളിൽ നിന്നും സ്വയം മുക്തമാകാൻ അവര്‍ക്ക് മുന്നിലുണ്ടായിരുന്ന ഒരേയൊരു മാര്‍ഗ്ഗം മാപ്പിള മതശ്ലേഷണം മാത്രമായിരുന്നു എന്ന് പറയാം. മാപ്പിളമതം അഥവാ ഇസ്ലാമിനെ പുണരുക എന്നാൽ ജാതി ഭീകരതയിൽ നിന്നുള്ള മോചനം കൂടിയായിരുന്നു. അതോടുകൂടി അവര്‍ക്ക് മുന്നിൽ തടഞ്ഞ് വെക്കപ്പെട്ടിരുന്ന കവാടങ്ങളോരോന്നും അവര്‍ക്കു മുന്നില്‍ തുറക്കപ്പെടുകയും നന്നേ ചുരുങ്ങിയത് ഒരു മനുഷ്യന്‍ എന്ന നിലയിലെങ്കിലും അവർ പരിഗണിക്കപ്പെടുകയും ചെയതു എന്ന് കാണാൻ സാധിക്കും.

അപ്രകാരം, ഇസ്ലാമിലേക്ക് കടന്ന് വന്ന പലരുടേയും പിൻതലമുറയാണ് പ്രദേശത്ത് ഇന്ന്‌ കാണുന്ന മാപ്പിളമാരിൽ പലരും എന്ന് പറയാം. യാഥാർത്ഥത്തിൽ, ചുങ്കം ദേശത്തിന്റെ മതസഹവര്‍ത്തിത്വാടിസ്ഥാനവും ഇതൊക്കെ തന്നെയാണ്.

കോഴിക്കോട് നടന്ന കേരള മുസ്ലീം ചരിത്ര കോൺഫറൻസിൽ അവതരിപ്പിക്കപ്പെട്ട മാപ്പിളമാരും കേരള സമൂഹ നിര്‍മ്മിതിയുമെന്ന പ്രബന്ധത്തിലെ വരികൾ കാണുക,

"പതിനാറാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ കേരളത്തിന്റെ തീരപ്രദേശങ്ങൾ പോര്‍ച്ചുഗീസ് അക്രമണത്തിന്റെ ഇരകളായി തുടങ്ങിയിരുന്നു. പോര്‍ച്ചുഗീസ് സൈന്യത്തിന്റെ വിധ്വംസക പ്രവർത്തനങ്ങൾ അതിരുവിട്ട് തുടങ്ങിയത്‌ സഹിക്കവയ്യാതെ തീരപ്രദേശത്തെ മുസ്ലിം വ്യാപാരികള്‍ ഉള്‍പ്രദേശങ്ങളിലേക്ക് കുടിയേറി തുടങ്ങി. പോര്‍ച്ചുഗീസുകാർ അധികാരികളായി സ്വയം അവരോധിതരായി. ഇവരെ നേരിടാന്‍ സാധ്യമല്ലെന്ന് മനസ്സിലാക്കിയ മുസ്ലിങ്ങൾ അൽപ്പാൽപ്പമായി ഈ പ്രദേശങ്ങൾ വിട്ട് പോവാന്‍ തുടങ്ങി എന്ന് ബര്‍ബോസ തന്റെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഹളർമൗത്തിൽ നിന്നും വന്ന മതപ്രബോധകരാണ് ഉൾപ്രദേശങ്ങളിലേക്ക് മുസ്ലി സമൂഹത്തെ നയിച്ചിരുന്നത് എന്ന് ചരിത്രകാരന്മാര്‍ നിരീക്ഷിക്കുന്നു. താഴ്ന്ന ജാതിയിലെ ഹിന്ദു അവാന്തര വിഭാഗങ്ങളും ഉയർന്ന ജാതിയിലെ ഹിന്ദുക്കളും ഇസ്ലാമിന്റെ മഹിതാശയത്തിൽ ആകൃഷ്ടരായി ഇസ്ലാമതം സ്വീകരിക്കാൻ തുടങ്ങി. ഹിന്ദു മതത്തിൽ നിന്നും ഇസ്ലാം മതത്തിലേക്ക് പരിവർത്തനം നടത്തിയവർക്കും മുസ്ലീങ്ങൾക്ക് ലഭിച്ചിരുന്ന അതെ ആധാരവും പരിഗണയും ലഭിച്ചത് അവരില്‍ കൂടുതൽ മതിപ്പുളവാക്കി. മുൻ കാലങ്ങളിൽ അനുഭവിച്ചിട്ടില്ലാത്ത ഇത്തരം സമീപനങ്ങൾ ഇസ്ലാം മതം സ്വീകരിച്ചതുകൊണ്ടു മാത്രം അവര്‍ക്ക് ലഭ്യമായപ്പോൾ അവര്‍ക്കതൊരു പുതിയ അനുഭവവും ആശ്വാസവുമായി മാറി..."

അവലംബം-
1- വിക്കിപീഡിയ
2- cheramar വെബ്‌സൈറ്റ്
3- Caste and tribes of southern india- Edgar Thurston
4- മലബാർ മാന്വൽ- വില്ല്യം ലോഗൻ
5- കേരളം അറുനൂറു കൊല്ലങ്ങള്‍ക്ക് മുമ്പ്- ഇബ്നു ബത്തൂത്ത
6- മാപ്പിള സമുദായം ചരിത്രം സംസ്കാരം- ടി മുഹമ്മദ്
7- കേരള മുസ്ലിം ചരിത്ര കോൺഫറൻസ് പ്രബന്ധങ്ങൾ


പ്രാദേശികമായി ഉപയോഗത്തിലുള്ള ചില വാക്കുകൾ


ക്രിയ


ഓൽക്ക്- അവര്‍ക്ക്
മനക്കപ്പെടുത്തുക- പ്രയാസപ്പെടുത്തുക
കതംവെട്ടുക- അത്യാവശ്യം
മല്ലികെട്ട്യേപണി- കഠിനമായ ജോലി
കാക്കു സംരക്ഷിക്കുക
വിർണിക്കടി- സമാധാനമില്ലായ്മ
കവാഇദ- ബുദ്ധി
തരംകെടുക- ബുദ്ധിമുട്ടുക
പോരക്കുക- തെറ്റുക
അയ്ന്- അതിന്‌
റൈസർ ചെയ്യുക- രെജിസ്ട്രേഷൻ ചെയ്യുക
പൈച്ച- വിശക്കുക
ചാട്ടാക്ക- സ്റ്റാര്‍ട്ട് ആക്കുക
സൊന്തരവ്- ശല്യം
കീപ്പെട്ട്- താഴെ
നേരങ്ങത്ത്- ശരിയായി
എമ്മാന്തരം- അസ്സലായി
ഒരതുക- സ്പര്‍ശിക്കുക
മാടുക- പൊക്കിപ്പിടിക്കുക
ബാ- വരൂ
പരക്കം പായുക- വിശ്രമമില്ലാതെ ഓടുക
പറ്റുക- ഇഷ്ട്ടപെടുക
തഞ്ചാരം- അസ്വസ്ഥത
ഊറ്റം- താല്‍പര്യം
തൂക്കനാർത്ഥം- ഉത്തരവാദിത്തം
ചാദ്- രുചി
കുത്തിച്ചുളോർക്ക- കഠിന വേദന
നൊലോൾച്ച- കരയുക
എമ്മാന്തരം- ഒന്നാം തരം
ഈറ- ദേഷ്യം
ചിത്താന്തം- വാശി
ബേജാറ്- പേടി
ബത്തപ്പാട്- അത്യാവശ്യം
തിരുപ്പുടി- വെറുതെ ഓരോന്ന് ചെയ്യുക
മോങ്ങുക- കരയുക
പോരിശ- ഖ്യാതി
എൾസരിക്കൽ- കളിയാക്കൽ
ബെക്കം- വേഗം
റൊക്കം- മുഴുവന്‍
ആച്ചിരംകുത്ത്- അനാവശ്യമായി
പൊർദേട്, പെര്ദേടം- വികൃതി
തോനെ- അധികം
എത്ത്- എന്താ
എടങ്ങേറ്, സുയിപ്പ്, സൊന്തരവ്- പ്രയാസം
ചടപ്പ്- ക്ഷീണം
അലാക്ക്- പ്രയാസം
മാണം- വേണം
മാണ്ട- വേണ്ട
മാണ്ട്യേർന്നില- വേണ്ടിയിരുന്നില്ല
ഉസുറും പൂളീം- മാനം
പൊള്ള്- കള്ളം
തെണ്ടിക്കുക- അധ്വാനിക്കുക
കിർവ്വ- സ്നേഹം
പെങ്കെട്ട്- കല്യാണാലോചന
വിലക്കെട്ടുക- വില കൊടുത്ത് വാങ്ങിക്കുക
കൈച്ചിലാവുക- രക്ഷപ്പെടുക
പാട്- വിശേഷം
ഏര്‍പ്പാട്- പ്രവര്‍ത്തി
നാറ്റുക- ചുംബിക്കുക
ബാത്തിൽ- തടസ്സം
തോന്യാസ്റം- വൃത്തികെട്ട
ഒഹമ- കാരണം
ചൊഗ്ഗില്ല- ശരിയില്ല
ജദ്ബളക- ഭ്രാന്ത് പിടിക്കുക
സൈദാവ- വാശിപിടിക്കുക
വിക്രസ്സ്- വികൃതി
കുത്തിതിരിപ്പ്- ഇടങ്കോൽ
റങ്ക്- കേമം
ചീരാപ്പ്- ജലദോഷം
കട്ടകാലം- മോശം അവസ്ഥ
അയ്ശരി- അങ്ങനെയാണല്ലേ
ഔന്റെട- അയ്യോ
കക്കുക- മോഷ്ടിക്കുക
ചെകരം- കുറച്ച്
പൂസി- ചെയതു
തെരക്കും കുതുകുലോം- തിരക്ക്
സൊന്തരവ്- പ്രശ്നം
കൂട്ടം- സംബന്ധിച്ച്
ന്നാസാവും- നാശമാകും
തക്കാരം- സല്‍ക്കാരം
കുൻറ്റ്- ദേഷ്യം
ചായ കാച്ച- ചായ ഉണ്ടാക്കുക
എട്ത്തു- എവിടെ
തിരിഞ്ഞോ- മനസ്സിലായോ
പൈച്ച- വിശപ്പ്
ഒലുംബ- അലക്ക്
എന്തിത്ത്- എന്താ
ഓതുക- പാരായണം ചെയ്യുക
വാവേ- വരൂ
പീത്ത്- മാലിന്യ ജന്യം
ഒന്നും പാടിം- ഒന്നും കൂടി
ന്നാ- ഇതാ
ഇല്ലോലൊ- ഇല്ലത്രെ
ചക്കുക- തിരയുക
പാപ്പറസൂട്ടാക്കും- പരാജയപ്പെടുത്തും
പാത്ത- മൂത്രമൊഴിക്കുക
പാത്തക്ക- സൂക്ഷിച്ചു വെക്കുക
പക്ക- ഉഷാര്‍
അറ്റുറ്റാരം- പരദൂഷണം
നെടുഞ്ചാതം- ഹൃദയ മിടിപ്പ്
പൊരുത്തം- അനുഗ്രഹം
തമർത്തുക- തകര്‍ക്കുക
തുച്ചിരം- അനാവശ്യ വർത്തമാനം
കൊളർക്കുക- ഓര്‍ക്കുക
വെല്ല്യെകെടീല്- വലിയതായി
വുഗ്ഗോ- വീഴുമോ
അവ്ട്ത്തറ്റം- അവിടം വരെ
ഇക്കുറി- ഇപ്രാവശ്യം
ചൂര്- മണം
മെല്ലച്ചനെ- പതിയെ
തൗദാരം- ചീത്ത വിളിക്കുക
വെര്ത്താവ- വേദനിക്കുക
അയിൽ- അതുകൊണ്ട്‌
വെയ്ച്ച- കഴിക്കുക
കൽപ്പിച്ചൂട്ടി- മനസ്സാലെ
തോനെ- കൂടുതൽ
കെട്ടുക- pay ചെയ്യുക
ഇട്ട്ലീം- ശരിയല്ലേ
പാഞ്ഞ് പോവുക- വേഗത്തിൽ പോവുക
തെരക്കെട്- മോശം
പായുക- ഓടുക
ഊക്ക്- ബലം
തേറുക- വർദ്ധിച്ചു
ചെപ്പടക്കി- ചെവി അടക്കി

നാമം


ആകാത്തത്- മോശമായത്
ഉപ്പാട്ടി- ഉപ്പയുടെ കുട്ടി
ഉമ്മാട്ടി- ഉമ്മയുടെ കുട്ടി
വീച്ചി- വിശറി
ചേവൽ- പൂവൻ കോഴി
കുരിപ്പ്- വീര്യം കുറഞ്ഞ ഒരുതരം തെറി
ചെത്ത്- തെരുവ്
കിലാവത്ത്- ഖിലാഫത്ത്
ജന്തുക്കുട്യേൻ- യന്ത്രം
ഉച്ചരീമ്പം- ഉച്ച കഴിഞ്ഞ സമയം
അന്ത്രോപ്പാട്- അനിയന്‍
പാർപ്പേര്ത്തി- വീട്ടു ജോലിക്കാരി
ബന്ധുപ്പാട്- ഭാര്യ വീട്
തന്തപ്പുടി- പിതാവ്
മോന്തി- രാത്രി
സാപ്പാട്- ഭക്ഷണം
കുറോൻ- ഖുർആൻ
ബർളി- പാടത്ത് വെക്കുന്ന കോലം
അഗ്ഗ്- മതില്‍
ബസ്സി- ഒരു തരം പരന്ന പാത്രം
കായി- കാശ്
ബാല്ല്യേക്കാര്- യുവാക്കള്‍
ബാല്ല്യേക്കാരി- യുവതി
ശുജായി- വലിയവന്‍
കുണ്ടൻ- ചെറുപ്പക്കാരൻ
ചക്കാത്ത്- സകാത്ത്
ഇമ്മരം- വീട്ടു പടി
പുമ്മൾ- ചമ്മന്തി
ചീക്ക്- ആശുപത്രി
മൂച്ചി- മാവ്
പീടി- കട
കോലായി- തായേരം
കുടി- വീട്
പുത്യാപ്പള- വരന്‍
പുത്യെണ്ണ്- വധു
ഇച്ച്- എനിക്ക്
അണക്ക്- നിനക്ക്
മജ്ജത്ത്- ശവം
ടെമ്പർവരി- ടെമ്പൊററി
അവുതർച്ചി- ബീഫ് ലിവർ
കുറ്റി- ഓര്‍മ്മ
കുരൊളക്- കുരുമുളക്‌
ഇട്ടലി- ഇടവഴി
കൊസ്രാകൊള്ളി- തന്റേടി
മൊയ്ന്ത്- ബുദ്ധി ശൂന്യൻ
ജാക്കിർത്താൻ- ഭൂതം
പാക്കെട്ട്- പേഴ്സ്
അലാക്ക്- ഭീകരന്‍
ഇമ്മാട്ടി- ഉമ്മയുടെ കുട്ടി
ഇപ്പാട്ടി- ഉപ്പയുടെ കുട്ടി
പെമ്പറന്നോള്- പെണ്ണ്
പെമ്പറന്നോന്- ആണ്
അവ്വല് സുബഇ- പ്രഭാതം
താമ്പാളക്കാരൻ- ആക്രിക്കാരൻ
താമ്പാളം- ഒരുതരം ഇരുമ്പ്
തണ്ട- കുട്ടികളുടെ കാലില്‍ ധരിക്കുന്ന വള
കോളാമ്പി- വെറ്റില മുറുക്കി തുപ്പാൻ
മഞ്ഞ്യേൻ- പുരുഷൻ
മഞ്ഞ്യേത്തി- യുവതി
സാബൂൻ- തിരുമ്പാനുള്ള സോപ്പ്
മുതോമ്പുറം- പുറം
ഔത്ത്- അകത്ത്
കളസം- ട്രൗസർ
അൾക്ക്- കുപ്പി
വാല്ല്യേക്കാരൻ- യുവാവ്
വാല്ല്യേക്കാരി- യുവതി
ഇബന്- ഇവന്‍
മോക്കന- മഫ്ത്ത
പിച്ച- ഭിക്ഷ
മോറ്- മുഖം
കിള്ളക്കുട്ടി- ചെറിയ കുട്ടി
വയള്- ഇസ്ലാമിക പ്രഭാഷണം
വെജജായി, ദണ്ണം- അസുഖം
കണ്ടം- കഷ്ണം
കാര്ണോല്- ജ്യേഷ്ഠ സഹോദരൻ
ഓൻ- അവന്‍
ഓൾ- അവൾ
ഓല്- അവർ
വറ്റും വെള്ളോം- കഞ്ഞി
പിരാന്ത്- ഭ്രാന്ത്
പൂളക്കേങ്ങ്- മരച്ചീനി
കോട്ടി- ഗോലി
കയിൽ- തവി
ചെന്നി- മാനസിക വിഭ്രാന്തി
മേത്ത്- ശരീരം
കൂട്ടക്കാർ- കുടുംബം
മുസയഫ്- മുസ്ഹഫ്/ ഖുർആൻ
തൊണക്കാരൻ- സുഹ്രുത്ത്
വായക്ക- വാഴപ്പഴം
ചായിപ്പ്- വീടിന്‌ പുറത്ത്‌ പണിയുന്ന കുടില്‍
കാക്കോച്ചി- കാക്ക
സുജിഹത്ത്- ധൈര്യം
മുട്ടക്കൂസ്- കേബേജ്
ഹാൽ- അവസ്ഥ
കളികോപ്പ്- കുട്ടികൾ കളിക്കുന്ന സാധനം
ചൗട്ടാനിക്കുറ്റി- ചെവി
പൊക്കണം- കീശ
അരക്കൻ- പിശുക്കൻ
ബെറും ചോറ്‌- സാധാരണ ചോറ്‌
അരൂത്തെ- അരികിലെ
സുബൈ- പ്രഭാതം
ബലാൽ- ഒരു തരം തെറി
പാട്- വിശേഷം
പൊള്ള്- നുണ
ചുണ്ട്- ചുംബനം
കിറുവ- സ്നേഹം
കറ്കത്ത്- പപ്പായ
ബത്ത്- താറാവ്
പോമൊഖം- പൂമുഖം
പെരടി- പുറം നെഞ്ച്
പണ്ടാറം/സുയ്പ്പ്- പ്രശ്നം
പടി- കട്ടിൽ
ജഗൽ- വികൃതി
കിള്ളക്കുട്ടി- കുസൃതി കുട്ടി
തെരവ്- അധികം
ഓഗാലം- വെള്ളചാലിന് മുകളിലെ പാലം
ഇഞ്ചം വണ്ടി- റോഡ് റോലർ

ചില വ്യക്തിനാമങ്ങൾ


യാഹു, കോമു തുടങ്ങിയ പേരുകൾ ഏറനാട്, വള്ളുവനാട് പ്രദേശങ്ങളിൽ ഒരുകാലത്ത് വ്യാപകമായി ഉപയോഗത്തിലുണ്ടായിരുന്ന വ്യക്തി നാമങ്ങളായിരുന്നു. എന്താണ്‌ അവയുടെ അര്‍ത്ഥമെന്ന് ചോദിച്ചാല്‍ ആര്‍ക്കും വലിയ പിടിപാടൊന്നുമില്ല എന്നുള്ളതാണ് നേര്‌. അത്തരം പേരുകള്‍ വ്യാപകമായി വിളിക്കപ്പെട്ടിരുന്ന കാലത്ത്‌ ഓരോരുത്തരും തങ്ങളുടെ മക്കളേയും ലാളനയോടെ അങ്ങനെ വിളിച്ചു വന്നു എന്ന് മാത്രം. മലബാര്‍ പ്രദേശത്തെ പല മാപ്പിള കോണുകളിലുമെന്ന പോലെ ചുങ്കം പ്രദേശത്തും ഇത്തരം പേരുകൾ വ്യാപകമായി ഉപയോഗത്തിലുണ്ടിയിരുന്നു. എങ്കിലും, ഇന്നത്തരം പേരുകൾ പല മാപ്പിള കേന്ദ്രങ്ങളിലുമെന്ന പോലെ പഴയകാല സര്‍ക്കാര്‍ രേഖകളിലും മറ്റുമാണ്‌ കാണാൻ സാധിക്കുക.

മാപ്പിളമാർ ഇസ്‌ലാം മത വിശ്വാസികളാണ് എന്ന നിലയിൽ അറേബ്യൻ വ്യക്തി നാമങ്ങൾ സ്വീകരിക്കുന്നവരാകയാൽ ഈ പഴയ പേരുകളിൽ പലതും അറബ്‌ മുസ്‌ലിം നാമങ്ങളുടെ വികൃത/പ്രാകൃത രൂപങ്ങളാവിനാണ് സാധ്യത. ചിലതിനോ ഉത്ഭവമോ അർത്ഥമോ എന്തെന്ന് പോലും വ്യക്തമാവാത്തവയുമുണ്ട്. മറ്റിതര സമൂഹങ്ങളെ പോലെ വ്യക്തി നാമങ്ങളിലും മാപ്പിളമാർക്ക്‌ തനതായ പ്രാദേശിക നാമ ഭേദങ്ങൾ ഉണ്ടായിരുന്നു. പുരാതന കേരളത്തിലെ അടിസ്ഥാന വിഭാഗങ്ങളിൽ നിന്നാണ് അറബികളാൽ പ്രചാരത്തില്‍ വന്ന ഇസ്ലാമിലേക്ക് പരിവര്‍ത്തനം ഏറെയും സംഭവിച്ചിരിക്കുന്നത് എന്നാകയാൽ അവരുടെ കേരളീയ പാരമ്പര്യ ദളിത് നാമങ്ങളുടെ ഒരംശം പരിവര്‍ത്തനാനന്ദരമുള്ള അവരുടെ പേരുകളിലും കാണുക സ്വാഭാവികം. തേനു, തിയ്യാമു തുടങ്ങിയ പേരുകൾ അതിന്റെ പ്രാരംഭ ദിശയില്‍ പ്രചാരത്തില്‍ വന്ന പേരുകളാണ്. പിന്നീടതിൽ നിന്നുള്ള ഒരു പരിഷ്കാരം എന്ന നിലയിലാണ് മമ്മദ്, കുഞ്ഞാലി തുടങ്ങിയ തനി അറബ് നാമങ്ങളുടെ വികൃത രൂപങ്ങള്‍ രൂപപ്പെട്ടത് എന്ന് വേണമെങ്കിൽ പറയാം. യഥാര്‍ത്ഥത്തിൽ, ഈ കുട്ടികളെ സ്കൂളില്‍ കൊണ്ടുചേര്‍ക്കാന്‍ പോയ കുടുംബത്തിലെ തലമുതിര്‍ന്നവർ അവരുടെ വായില്‍ കൊണ്ടത് മാതിരി പേരുകളെ അധ്യാപകർക്ക് പറഞ്ഞു നല്‍കിയതോടെയാണ് ഇത്തരം പേരുകള്‍ക്കൊരു  ഔദ്യോഗിക സ്വഭാവം കൈവരുന്നത്. അതോടു കൂടി സര്‍ക്കാര്‍ രേഖകളിലും മറ്റും ആ പേരുകള്‍ രേഖപ്പെടുത്തപ്പെട്ടു. അത് തിരുത്തുവാൻ ആ കുട്ടികള്‍ക്കോ അക്ഷരജ്ഞാനമില്ലാത്ത കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്കോ അറിവില്ലാതെയും പോയി.

പൂര്‍വ്വികരുടെ ഓര്‍മ്മകള്‍ നിലനില്‍ക്കാന്‍ ഉദ്ദേശിച്ച് ചിലർ അത്തരം പേരുകൾ പുതുതലമുറകളിലേക്ക് ചാർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും അതിനവർ സന്നദ്ധമാകുന്നില്ല എന്നുള്ളതാണ് സമകാലിക യാഥാർത്ഥ്യം. പുതിയ തലമുറകള്‍ കാലത്തിനനുസരിച്ചുള്ള കോലങ്ങളിലേക്ക് വ്യക്തി നാമങ്ങളെ പരിവര്‍ത്തിപ്പിച്ചു എന്ന് പറയാം. രസം എന്താണെന്ന് വെച്ചാല്‍ പഴഞ്ചൻ, കാലഹരണപ്പെട്ടത് എന്ന് അഭിസംബോധന ചെയ്ത് മാറ്റിവെക്കുന്ന ഇത്തരം പേരുകളിൽ നിന്നും മാറി നിൽക്കുമ്പോഴും പുതിയ തലമുറ അവരുടെ സന്താനങ്ങളെ വിളിച്ച് വരുന്ന പേരുകള്‍ക്കും കാര്യമായ അര്‍ത്ഥമൊന്നുമില്ല എന്നുള്ളതാണ് സത്യം. ഒരുപക്ഷേ, വരും തലമുറക്ക് ചിരിച്ച് തള്ളാനുള്ള പേരുകളായി ഈ പേരുകളും മാറ്റപ്പെടാൻ അധികകാലമൊന്നും വേണ്ടിവരില്ല എന്ന് ചുരുക്കം.

മാപ്പിളമാർക്കിടയിൽ വ്യാപകമായുണ്ടായിരുന്ന ഒരു പേരാണ്‌ വീരാൻ എന്നത്‌. വീരാനോടൊപ്പം ലാളനെയെ പ്രതിഫലിപ്പിക്കുന്ന കുട്ടിയെ ചേർത്ത്‌ വീരാൻകുട്ടിയായും, അടിച്ചു പരത്തി കുഞ്ഞീരാനായും ഉപയോഗിച്ചു വരുന്ന ഈ പേരിന്റെ ഉത്ഭവം പേർഷ്യനിൽ നിന്നാവാനാണ് സാധ്യത. മീരാൻ എന്നുച്ഛാരണമുളള ഈ പേരിന്റെ ഇറാനിയൻ രൂപം മെഹ്‌റാൻ എന്നാണ്‌. മെഹ്‌റാൻ മീരാനായും പിന്നീട്‌ മലബാറിൽ എത്തിയപ്പോൾ വീരാൻ ആയും ലോപിച്ചതാവാം. മീരാൻ എന്ന പേരിനെ പഴയ മുഗൾ ഉദ്യോഗപ്പേരുകൾക്കിടയിൽ 'മീർ മീരാൻ' എന്ന സ്ഥാനപ്പേരായും നമുക്കു കാണാനാവും. അതുപോലെയുള്ള മറ്റൊരു പേരാണ് അഗ്വോമ. ഹവ്വാ ഉമ്മ എന്ന പേരാണ്‌ മലബാറിലെത്തിയപ്പോൾ പരിണാമത്തിന് വിധേയമായി അഗ്വോമ എന്നായി മാറിയത്‌. കോയാമു, കോമു, കോയ എന്നീ പേരുകൾ ഖ്വാജ എന്നതിൽ നിന്നുത്ഭവിച്ചതാവണം‌. ഖ്വോജ എന്ന പേര്‌ സാമൂതിരി കോഴിക്കോട് രാജ്യത്തെ തന്റെ മുസ്ലീം പ്രജകളെ അഭിസംബോധന ചെയ്യാൻ ഉപയോഗിച്ച് വന്നിരുന്ന പേരായിരുന്നു. മാപ്പിളമാരുടെ നേതാവ് അക്കാലത്തറിയപ്പെട്ടിരുന്നത് തന്നെ ഷാഹ്ബന്ദർ കോയ എന്ന പേരിലായിരുന്നു എന്ന് ചരിത്രത്തിൽ പറയുന്നത് കാണാം.

പ്രാദേശികമായി ലഭിച്ച ചില പഴയകാല മാപ്പിള നാമങ്ങളും ലഭ്യമായ അവയുടെ യഥാർത്ഥ രൂപങ്ങളും താഴെ ചേർക്കുന്നു. ചിലതിന്റെ അര്‍ത്ഥം ലഭ്യമായിട്ടില്ല.

അദ്ധു- അബ്ദുളള, അബ്ദു
ഉദ്മാൻ- ഉസ്മാൻ
ഐച്ചു/ആയ്ച്ചു/ഐസമ്മു- ആയിഷ
മ്പായി/ഉമ്പായി- ഇബ്രാഹീം
ആല്യേമു- അലി മുഹമ്മദ്‌
അയ്ദ്രു/അയ്ദ്രുമാൻ - അബ്ദുറഹ്മാൻ
മ്മാത്യ- ഉമ്മു ഹദിയ
മരക്കാർ- ചരിത്ര പുരുഷൻ മരക്കാറുമായി ബന്ധപ്പെട്ടത്
ഇമ്മീര- ഉമ്മു മറിയ
ആലുട്ടി/ആലിക്കുട്ടി/ആലി- അലി
മമ്മു/മമ്മദ്‌/മമ്മിക്കുട്ടി/കുഞ്ഞമ്മി/മമ്മി/മയമു- മുഹമ്മദ്‌
അത്തൻ- ഹസ്സൻ
കുഞ്ഞാലി/കുഞ്ഞാലൻ/കുട്ട്യാലി- ചെറിയ അലി
കമ്മദ്‌- അഹ്മദ്‌
മൊയ്തു/മെയ്തു- മൊഹ്‌യുദ്ധീൻ
മ്മാത്ത- ഉമ്മഹാത്ത്‌
കജ്ജമ്മു/കയ്സുമ്മു- ഖദീജ ഉമ്മ
കദ്യേക്കുട്ടി- ഖദീജക്കുട്ടി
പോക്കർ/ഔക്കർ/അബ്ബോക്കർ- അബൂബക്കർ
പാത്തുമ്മ- ഫാത്തിമ
ചേക്കു/ചേക്കുട്ടി/ചേക്കാമ്‌- ശേഖ്, ശൈഖ്
അയമു- അഹ്മദ്‌
മൂത- മൂസ
വിജ്ജ- ബീവി ഖദീജ
വീക്കുട്ടി- ബീവിക്കുട്ടി
വീവു- ബീബി

വാപ്പു/വാപ്പുട്ടി/ബാപ്പുട്ടി- 
കൊയ്നി/കോയണ്ണി-
തിയ്യാമു-
മാനു/മാന്‌/മാനുട്ടി-
ഇണ്ണിമ്മു-
തിത്തിമ്മു-
ഇത്തീമ-
ഉണ്ണിമേയി-
ആയാൻ/കുഞ്ഞായൻ-
കമ്മു-
ജ്ജാത്ത/ഇജ്ജാത്ത്മ്മ/ഇജ്ജാത്തുട്ടി-
കുട്ടിയ്യ-
ഇത്തീമു-
ഉണ്ണീൻ/ഇണ്ണീൻ-



ആദ്യകാല ചരിത്രം


ആദിയില്‍ എല്ലാം പ്രകൃതിയായിരുന്നു. മനുഷ്യന്റെ ചരിത്രമാവട്ടെ, ഒരു നഗരത്തിന്റേയോ ഒരു രാജ്യത്തിന്റേയോ ഒരു പ്രദേശത്തിന്റേയോ ചരിത്രമാകട്ടെ എല്ലാം തുടക്കം കുറിക്കുന്നത് അതിന്റെ പ്രകൃതിയാലുള്ള സവിശേഷതയിൽ നിന്നാണ്‌. മനുഷ്യന്‍ പണ്ടൊരു ബീജ കണം മാത്രമായിരുന്നു എന്ന് പറയും പോലെ ഇക്കണ്ട ഈ നഗരങ്ങളും രാഷ്ട്രങ്ങളും പണ്ടൊരു കാട് മാത്രമായിരുന്നു എന്ന് പറയുന്നതിൽ അതിശയോക്തിയില്ല തന്നെ. ആ കാട്ടില്‍ താമസം തുടങ്ങിയ ഏതാനും പേരില്‍ നിന്നാണ് വീടും കുടുംബവും ഗോത്രവും നാടും രാജ്യവും വന്‍കരയുമൊക്കെ രൂപപ്പെടുന്നത്. അവർ വേട്ടയാടിയും മേയ്ച്ചും ജീവിച്ച് വന്നു. കാലങ്ങള്‍ക്കപ്പുറത്ത് എവിടെ നിന്നോ സ്വായത്തമാക്കിയ കൃഷിയും അവർ പിന്നീട് പരീക്ഷിച്ചു. ഏതോ ഘട്ടത്തിൽ എഴുത്തും വായനയും അല്‍പ്പ സ്വല്‍പ്പം സംസ്കാരവും അവർ സ്വന്തമാക്കി. അങ്ങനെ ആലോചനകളും ചിന്തകളും ഊഹങ്ങളും അവരെ ചരിത്ര രചനയിലേക്കും അതിന്റെ ചർച്ചകളിലേക്കും നയിച്ചു. ഒരുപക്ഷേ, കാലത്തിന്റെ കണക്ക് പുസ്തകത്തിൽ ഈ പ്രദേശത്തിന്റെ ഭാഗധേയം അതിലെങ്ങനെയായിരുന്നു എന്ന് കൃത്യമായി വിവക്ഷിക്കുക പ്രയാസകരമാണ്. എന്നിരുന്നാലും, ഓരോ കാലഘട്ടത്തിലേയും സമകാലിക സംഭവവികാസങ്ങളുമായി കൂട്ടിയിണക്കിയുള്ള ഒരു യാത്രമാത്രമാണ് ഈ അവസരത്തിൽ ചരിത്രത്തെ സ്നേഹിക്കുന്നവര്‍ക്ക് സാധ്യമാവുകയുള്ളൂ. അതിനാൽ, ഏത് നാടിന്റെയും ദേശത്തിന്റേയും ആദികാല ചരിത്രം കുറെയൊക്കെ സമാനമാണന്ന് പറയാം.

ചേരമർ


ക്രിസ്തുവിന് മുമ്പ് അഞ്ചാം നൂറ്റാണ്ടു മുതൽ ക്രിസ്തുവര്‍ഷം പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനം വരെ തെക്കേ ഇന്ത്യയിലെ ചില പ്രദേശങ്ങളിലായി നിലനിന്നിരുന്ന സാമ്രാജ്യമാണ് ചേരസാമ്രാജ്യം. കേരളപുത്രർ എന്നുകൂടി അറിയപ്പെടുന്ന അവർ മലബാർ പ്രദേശം ഉള്‍പ്പടെ മധ്യകേരളം, കോയമ്പത്തൂർ, സേലം എന്നീ സ്ഥലങ്ങൾ ഭരിച്ചിരുന്നു എന്ന് ചരിത്രത്തിൽ കാണാം. മലകൾ തമ്മിൽ ചേർന്നത് എന്നർത്ഥം വരുന്ന ചേരൽ എന്ന വാക്കിൽ നിന്നാണ് ചേരരുടെ പദോൽപ്പത്തി എന്നു കരുതുന്നു. സംസ്കൃതത്തിൽ കേരളപുത്രർ എന്നും രേഖപ്പെടുത്തിക്കാണുന്നുണ്ട്. പാലി ഭാഷയിലുള്ള അശോകന്റെ ഗിർണാർ ശാസനങ്ങളിൽ അവരെ കേടലപുത്ത എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചേര സാമ്രാജ്യത്തിന്റെ ആദ്യകാലത്തോടെ തന്നെ അത് വിസ്ത്രൃതി പ്രാപിച്ച് തമിഴ്നാടിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലും കേരളത്തിന്റെ സമുദ്രാതിർത്തി വരെയും ചെന്നെത്തി. ചേരരുടെ നേതൃത്വത്തിൽ സംസ്ഥാനങ്ങളും സമൂഹങ്ങളും നിലവിൽ വന്നു. ചേരതലസ്ഥാനം ഇന്നത്തെ കരൂർ ആണെന്നു കരുതുന്നു. പേരാർ നദിക്കും പെരിയാർ നദിക്കും ഇടയിലുള്ള എല്ലാ പ്രദേശങ്ങളും കയ്യടക്കിവാണ ചേരർക്ക് രണ്ട് തുറമുഖനഗരങ്ങൾ ഉണ്ടായിരുന്നു. ഒന്ന് തൊണ്ടി അഥവാ തിണ്ടിസും മറ്റൊന്ന് മുസിരി അഥവാ മുചിരിയും.

കേരളത്തില്‍ അതിപുരാതനകാലത്ത് നിലവിലുണ്ടായിരുന്ന ചേര സാമ്രാജ്യവുമായി ബന്ധപ്പെട്ട സവിശേഷതകളാണ് ചുങ്കം പ്രദേശത്തിന്റെ ആദ്യകാല ചരിത്രത്തിന്റെ വിശദീകരണങ്ങളെന്ന് സ്വാഭാവികമായും അനുമാനിക്കാം. ചരിത്ര രചന ഒരു പഠനോപാധി എന്ന നിലയില്‍ ഉപയോഗത്തിലില്ലാ കാലത്തെ ആ ചരിത്രം സൂക്ഷ്മാവസ്ഥയിൽ കണ്ടെടുക്കുക അതീവ ദുഷ്കരമായ സംഗതിയാകയാൽ ചുങ്കം പോലുള്ള മലബാറിലെ ഉൾപ്രദേശങ്ങളുടെ വിവരങ്ങൾ തീരെ ലഭ്യമല്ല എന്നു തന്നെ പറയാം. ചേരസാമ്രാജ്യത്തില്‍ നിലവിലുണ്ടായിരുന്ന ലോകോത്തര തുറമുഖ നഗരങ്ങളായ മുസിരിസ്, വളപട്ടണം തുടങ്ങിയ സ്ഥലങ്ങളെ കുറിച്ച് പോലും നിലവിലുള്ളത് അനുമാനങ്ങളും ഊഹങ്ങളുമാണന്ന വസ്തുത ഇതോടൊപ്പം ചേര്‍ക്കുന്നു.

ചേരസാമ്രാജ്യത്തിന്റെ രണ്ടാം ഘട്ടമായ പില്‍ക്കാല ചേരവംശ കാലയളവിലാണ് കേരളത്തില്‍ നെല്‍കൃഷി വ്യാപകമാവുന്നതും അതിൽ നിന്നുണ്ടാകുന്ന വരുമാനം കൈകാര്യം ചെയ്യുവാനായി സംഘടിതമായ രീതിയിലുള്ള ഭരണസംവിധാനങ്ങൾ വളർന്നുവരികയും ചെയ്യുന്നത്. ചേരസാമ്രാജ്യത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിക്കാന്‍ കഴിയുന്ന ചുങ്കം പ്രദേശത്തിന്റെ ആദ്യ സവിശേഷതയി ഇതിനെ കാണാവുന്നതാണ്. പ്രദേശത്ത് വ്യാപകമായ തോതില്‍ കാണപ്പെടുന്ന കൃഷിഭൂമിയുടെ സാന്നിധ്യം അതിലേക്ക് വെളിച്ചം വീശുന്ന ഘടകമാണന്ന് പറയാം. കൂടാതെ, പ്രദേശത്തെ ഹരിജനങ്ങളുടെ സാന്നിധ്യം പ്രദേശത്തിന്റെ ചേരബന്ധത്തിലേക്ക് വഴി തുറക്കുന്ന രണ്ടാമത്തെ വസ്തുതയാണ്. ഹരിജനങ്ങളിലെ ചെറമർ വിഭാഗമാണ് പ്രദേശത്ത് കൂടുതലും കാണപ്പെടുന്നത് (വിവരണത്തിന്റെ സാക്ഷാല്‍ ഫലത്തിനു വേണ്ടി മാത്രമാണ്‌ വ്യക്തമായ ജാതിപ്പേരിവിടെ എഴുതേണ്ടി വന്നിരിക്കുന്നത്. ഏതെങ്കിലും തരത്തില്‍ ആർക്കെങ്കിലുമത് വേദനയുണ്ടാക്കിയെങ്കിൽ നിരുപാധികം ക്ഷമ ചോദിക്കുന്നു). ചെറുമർ എന്ന പദം ചേരമർ എന്ന വാക്കു വഴി ചേരന്മാരുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നതാണന്ന നിരീക്ഷണം ചരിത്രകാരന്മാർക്കിടയിൽ നിലവിലുണ്ട്. പുകള്‍പെറ്റ ചേരസാമ്രാജ്യം ഭരിച്ചിരുന്ന ചേരരാജാക്കൻമാരുടെ പിൻതലമുറക്കാരാണ് ചേരമർ എന്ന് അതുവഴി അനുമാനിക്കപ്പെടുന്നു.

സംഘകാല ചരിത്രം പരിശോധിക്കുമ്പോൾ സമത്വസുന്ദരമായ കാലഘട്ടം ചേരരാജാക്കന്മാർ കേരളം ഭരിച്ചിരുന്ന കാലമായിരുന്നെന്ന് മനസ്സിലാക്കാം. എല്ലാവരും ഏക സഹോദരങ്ങളെന്ന പോലെ വാണിരുന്ന കാലം. ധർമിഷ്ടരും സൽസ്വഭാവികളും സ്വന്തം പ്രജകളെ അളവറ്റ് സ്നേഹിച്ചിരുന്നവരും അവരുടെ ക്ഷേമത്തിന് വേണ്ടി പ്രയത്‌നിച്ചിരുന്നവരുമായിരുന്നു ചേരരാജാക്കന്മാർ. ദ്രാവിഡരായ ചേരമരുടെ പിൻഗാമികളാണ് കേരളീയരിൽ സിംഹഭാഗവും. പിന്നീട് പല ജാതികളായി അറിയപ്പെട്ടതും അവർ തന്നെയാണ്. ദക്ഷിണയിന്ത്യയീലെ പ്രാചീനരായ ജനങ്ങൾ സംഘടിച്ച് തിണകൾ എന്നറിയപ്പെട്ടിരുന്ന ഭൂപ്രദേശങ്ങളിൽ താമസിച്ചിരുന്നു എന്നും, അവർ താമസിക്കുന്ന പ്രദേശത്തിന്‍റെ അല്ലെങ്കിൽ മുഖ്യതൊഴിലിന്‍റെ അടിസ്ഥാനത്തിലാണവർ പിന്നീട് അറിയപ്പെട്ടിരുന്നത് എന്നും ചരിത്രത്തിൽ പരാമര്‍ശിക്കുന്നുണ്ട്. അന്ന് ജാതി വ്യവസ്ഥ തീരെ ഉണ്ടായിരുന്നില്ല. ഗ്രീക്ക് ചരിത്രകാരനായ മെഗസ്തനീസ്, മലബാര്‍ കളക്ടറായി സേവനമനുഷ്ഠിച്ചിരുന്ന വില്ല്യം ലോഗൻ എന്നിവരുടെ പുസ്തകത്തിൽ ചേരന്മാരുടെ വികാസ പരിണാമമാണ് യഥാർഥ ചരിത്രമെന്നും അക്കാലത്തീ രാജ്യത്ത് ചേരമർ എന്നരൊറ്റ ജാതി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും അവരിൽ നിന്നുമാണ് നാനാജാതികളിവിടെ ആവിർഭവിച്ചതെന്നും രേഖപ്പെടുത്തി കാണുന്നു.

ഒരുപക്ഷേ, പ്രദേശത്തെ ചെറമർ എന്ന ഹരിജന സാന്നിധ്യം പ്രദേശത്തിന്റെ ഏതെങ്കിലും വിധേനയുള്ള ചേരബന്ധത്തിലേക്ക് വെളിച്ചം വീശുന്ന കാര്യമാണന്ന് ഊഹിക്കാം. പിൽക്കാലത്ത് കേരളത്തിലേക്ക് കുടിയേറി പാർത്ത ചിലർ ചേരരാജാവിനെ ചതിച്ചു രാജ്യം കൈക്കലാക്കുകയും സമൂഹത്തിൽ ഉച്ചനീചത്വത്തിന്‍റെ വേരുകൾ പാകുകയും ചെയതു എന്ന് പറയപ്പെടുന്നു. ഭരണം കൈയിലായതോടെ ഇവർ അയിത്തം എന്ന കൊടും ക്രൂരത്വം ഊട്ടി ഉറപ്പിച്ചുകൊണ്ട് രാജ്യത്തിന്‍റെ സംസ്കാരത്തെ തന്നെ നശിപ്പിച്ചു കളഞ്ഞു. പിന്നീടുള്ള കേരളീയ സമൂഹിക സാഹചര്യത്തെ കുറിച്ച് കഴിഞ്ഞ അധ്യായത്തിൽ ഞാന്‍ വിശദീകരിച്ചു കഴിഞ്ഞിരിക്കുന്നു. അവർ വസ്തു വകകളും, സമ്പത്തും കവർന്നെടുത്തുകൊണ്ട് ഈ മണ്ണിന്‍റെ യഥാർത്ഥ മക്കളെ വഴി നടക്കുവാനോ, വിദ്യ അഭ്യസിക്കാനോ, അധ്വാനിക്കാനോ അനുവദിക്കാതെ സമൂഹിക ജീവിതത്തിന്റെ സമാധാനാന്തരീക്ഷം തീര്‍ത്തും തകർത്തെറിഞ്ഞതിന്റെ വേദനിപ്പിക്കുന്ന കഥ ചരിത്രപുസ്തക താളുകളിൽ നിന്നും നമുക്ക് വായിച്ചെടുക്കാൻ കഴിയും.

കേരളത്തിന്റെ ദേശിയ ആഘോഷമായി കണ്ടുവരുന്ന ഓണം ചേരഭരണകാലത്തിന്റെ ഒടുക്കത്തിൽ തുടക്കം കുറിച്ചൊരു ബൗദ്ധാഘോഷമായി നിരീക്ഷിക്കുന്നു. ഓണത്തിലെ ഒരു പ്രധാന ആഘോഷമാണ് ആണ്ടിലൊരിക്കൽ തന്റെ പ്രജകളെ കാണാന്‍ വരുന്ന മാവേലി തമ്പുരാന്റെ ആഗമനവും അനുബന്ധ ചടങ്ങുകളും. ഓണത്തിന്റെ ചടങ്ങുകളിലൂടെ കണ്ണോടിച്ചാൽ വേഗത്തിൽ മനസ്സിലാക്കാൻ കഴിയുന്ന കാര്യമാണ് അതൊരു കീഴാള പരിസരത്ത് നിന്നും ഉദയം കൊണ്ട ആഘോഷമാണന്ന്.

ഓണത്തെ സംബന്ധിച്ച് ദേശാഭിമാനി വാരികയില്‍ 'ഓണം ഒരു ബൗദ്ധാഘോഷം' എന്ന പേരില്‍ വന്ന ലേഖനത്തിലെ വരികള്‍ കാണുക,

"ജന്മം കൊണ്ട് ബൗദ്ധം എന്നു വിളിക്കാവുന്ന ഓണാഘോഷത്തിന് രണ്ടു സഹസ്രാബ്ദത്തിനടുത്ത് പഴക്കമുണ്ട്. ബിസി മൂന്നാം നൂറ്റാണ്ടില്‍ മൗര്യ ചക്രവര്‍ത്തി അശോകെന്‍റ മുന്‍കയ്യില്‍ ബുദ്ധ ധര്‍മപ്രചാരണം നടന്നിരുന്ന കാലത്തുതന്നെ ദക്ഷിണേന്ത്യയില്‍ ബുദ്ധമതം പ്രചരിച്ചിരുന്നു. എഡി എട്ടാം നൂറ്റാണ്ടുവരെയുള്ള കാലം ബുദ്ധമതത്തിെന്‍റ പുഷ്കലകാലമായിരുന്നു എന്നു പറയാം. ഇക്കാലത്ത് ആഘോഷിക്കപ്പെട്ടിരുന്ന നാല്‍പതിലധികം ബൗദ്ധ പെരുന്നാളുകളില്‍ ഒന്നായിരുന്നു ഓണം. സംഘകാലത്ത് (എഡി ഒന്നുമുതല്‍ അഞ്ചുവരെയുള്ള ശതകങ്ങള്‍) വിശാല തമിഴകത്തിെന്‍റ പല ഭാഗങ്ങളിലും ഓണം ആഘോഷിച്ചിരുന്നതിന് സംഘകാല കൃതികള്‍ തെളിവു നല്‍കുന്നു. നാലാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട മാങ്കുടി മരുതനാരുടെ “മതുരൈ കാഞ്ചി” എന്ന കാവ്യത്തില്‍ ഓണത്തെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്. പാണ്ഡ്യദേശത്തെ മറവന്മാര്‍ ഓണദിവസം ആയുധങ്ങളേന്തി കളിയുദ്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി കവി പറയുന്നു. ഏഴാം നൂറ്റാണ്ടില്‍ തിരുജ്ഞാന സംബന്ധരും ഒമ്പതാം നൂറ്റാണ്ടില്‍ പെരിയാഴ്വരും ഓണത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. അന്നത്തെ ഓണത്തിന് വാമന- മഹാബലി കഥയുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. ബൗദ്ധര്‍ ഉപയോഗിച്ചിരുന്ന പാലി ഭാഷയില്‍ “കഥിന” എന്നറിയപ്പെട്ടിരുന്ന വിളവെടുപ്പിനോടനുബന്ധിച്ചുള്ള ആഘോഷമാണ് പിന്നീട് ഓണം എന്നറിയപ്പെട്ടത്. ശ്രാവണ (ചിങ്ങം) മാസത്തിലെ ആഘോഷമായിരുന്നതുകൊണ്ട് ആ മാസത്തിന്‍റ പേരിൽ തന്നെ (ശ്രാവണം) ഓണം അറിയപ്പെട്ടു. ശ്രാവണത്തിെന്‍റ പാലി രൂപം സാവണമാണ്. ഇതിലെ സ ലോപിച്ച് ആവണമെന്നും തുടര്‍ന്ന് ഓണം എന്നും ഉച്ചാരണഭേദം വന്നതുമാവാം.

ബുദ്ധഭിക്ഷുക്കള്‍ മേടമാസത്തിലെ അമാവാസി മുതല്‍ കര്‍ക്കിടകത്തിലെ അമാവാസി വരെ, അതായത് കാലവര്‍ഷക്കാലം മുഴക്കെയും ധ്യാനഭജനാദികളില്‍ മുഴുകി വിഹാരങ്ങളില്‍ (പള്ളികളിൽ) കഴിഞ്ഞു വന്നു. കര്‍ക്കിടകത്തിലെ കറുത്ത വാവിന്റെ ദിവസം ജനങ്ങള്‍ നദീതീരങ്ങളില്‍ പോയി പിതൃബലി നടത്തി (ശ്രാദ്ധം ഒരു ബൗദ്ധാചാരമായിരുന്നു). വാവോടെ മഴക്ക് ശമനമായി. തുടര്‍ന്ന് വിളവെടുപ്പിെന്‍റ സമയമാണ്. വറുതിയുടെ രണ്ടു മൂന്നു മാസങ്ങള്‍ക്കുശേഷം സമൃദ്ധിയുടെ കാലം. ശ്രാവണമാസത്തിലെ അത്തം മുതല്‍ പത്തുനാള്‍ സദ്യയുടെയും സമ്മാനങ്ങളുടെയും കളികളുടെയും നാളുകളായിരുന്നു. ഈ ദിവസങ്ങളില്‍ ജനങ്ങള്‍ വിഹാരങ്ങളില്‍പോയി ഭിക്ഷുക്കള്‍ക്ക് ഭക്ഷണവും വസ്ത്രങ്ങളും സമ്മാനിച്ചിരുന്നതായി ചരിത്രം പറയുന്നു.

ഓണപ്പൂക്കളത്തിനും അതിനു നടുവിലുള്ള ചെറുസ്തൂപത്തിനും ബുദ്ധമത ബന്ധമുണ്ട്. പൂക്കളം വൃത്താകൃതിയിലേ പാടുള്ളൂ എന്നാണ്. ഈ വൃത്തം ബൗദ്ധരുടെ ധര്‍മചക്രത്തെ സൂചിപ്പിക്കുന്നു. നടുവിലെ സ്തൂപം ബുദ്ധന്‍റ പ്രതീകമാണ്. തെന്‍റ പ്രതിമകള്‍ സ്ഥാപിക്കരുതെന്ന് ശിഷ്യരോട് നിര്‍ദേശിച്ച ബുദ്ധന്‍ അവരുടെ അഭ്യര്‍ത്ഥനക്ക് വഴങ്ങി നിശ്ചിത രൂപമില്ലാത്ത സ്തംഭങ്ങള്‍ തന്‍റ ഓര്‍മ്മക്കായി സ്ഥാപിക്കാന്‍ അവരെ അനുവദിച്ചുവെന്നാണ് കഥ (ബുദ്ധമതം പ്രചരിച്ച ദേശങ്ങളിലെല്ലാം ഇത്തരം സ്തംഭങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്). ഈ സ്തൂപത്തെ ചിലേടങ്ങളില്‍ ഓണത്തപ്പന്‍ എന്നും വിളിക്കാറുണ്ട്. മഹായാനബുദ്ധമതം കേരളത്തില്‍ ശക്തിപ്പെട്ട കാലത്താണ് ഓണത്തപ്പന്‍ എന്ന സങ്കല്‍പം ആവിര്‍ഭവിച്ചത്. മഹായാന വിശ്വാസപ്രകാരം ബുദ്ധന് പല പൂര്‍വ ജന്മങ്ങളുണ്ട് (ബോധിസത്വന്മാര്‍). ബുദ്ധനു തൊട്ടുപിന്നിലുള്ള ബോധിസത്വന്‍റ പേര് മൈത്രേയന്‍ എന്നാണ്. അക്കാലത്ത് ബോധിസത്വന്മാരുടെ വിഗ്രഹം സ്ഥാപിച്ച് ആരാധിച്ചിരുന്നു. അങ്ങനെ ആരാധിക്കപ്പെട്ട മൈത്രേയന് കേരളത്തില്‍ പതിഞ്ഞ പേരാണ് ഓണത്തപ്പന്‍ (മറ്റൊരു ബോധിസത്വനായ അവലോകിതേശ്വരന് പതിഞ്ഞ പേരാണ് അയ്യപ്പന്‍)..."


കേരളത്തിലെ ബൗദ്ധനാളുകള്‍


ക്രിസ്തുവിന് മുമ്പ് ആറാം നൂറ്റാണ്ടിൽ ബുദ്ധസന്യാസികൾ കേരളത്തിലെത്തിയതായി ചരിത്രപരമായ തെളിവുകളുണ്ട്. അശോകന്റേയും കേരളത്തിലെ നിരവധി നാട്ടുരാജാക്കന്മാരുടെ ശാസനങ്ങളും സംഘകാലത്തെ നിരവധി കൃതികളും കേരളത്തിലെ ബുദ്ധമതസ്വാധീനം വ്യക്തമാക്കുന്നു. അശോകചക്രവർത്തി നാനാദിക്കിലേക്കും ബുദ്ധമത സന്യാസികളെ അയച്ച കൂട്ടത്തിൽ നേരിട്ടും ശ്രീലങ്കയിൽ നിന്നും ബുദ്ധസന്ന്യാസിമാരിവിടെ എത്തി എന്ന് കാണാം. അശോകൻ ഇന്ത്യ മുഴുവനും കീഴടക്കണമെന്ന വാഞ്ഛയുള്ള ചക്രവർത്തിയായിരുന്നു. അദ്ദേഹത്തിന്റെ സൈന്യബലത്താലും കേരളത്തിലെ ചേരരാജാക്കന്മാർ മതസഹിഷ്ണുതയുള്ളവരായതിനാലും ബുദ്ധമതം ഇരു കയ്യും നീട്ടി സ്വീകരിക്കപ്പെടുകയായിരുന്നു എന്ന് പറയാം. അഥവാ, കേരളത്തിന്റെ ഇന്നലെകൾ തിരയുമ്പോള്‍ ബുദ്ധ മതത്തിന്റെ ചരിത്രങ്ങൾക്ക് മീതെ വീണിരിക്കുന്ന കരിയിലകൾ പെറുക്കിയില്ലെങ്കിലത്‌ ചരിത്രത്തോടു ചെയ്യുന്ന അവഹേളനമാകുമെന്ന് പറയാം. നമ്മുടെ ഇന്നലെകൾ ബൗദ്ധ ഭിക്ഷുക്കളുടെ ശരണത്രയങ്ങളാൽ ശബ്ദ മുഖരിതമായിരുന്നു എന്ന് ചുരുക്കം.

കേരളത്തെ ബുദ്ധമതവുമായി ബന്ധപ്പെടുത്തുന്ന ഏറ്റവും പ്രാചീനവും വിശ്വാസയോഗ്യവുമായ രേഖ ഗുജറാത്തിലെ ഗിർനാർ പാറയിൽ അശോകചക്രവർത്തി കൊത്തിവെപ്പിച്ച ധർമ്മലിപികളാണ്‌. അതിൽ ഇപ്രകാരം പറയുന്നു,

“ദേവപ്രിയനും പ്രിയദർശിയുമായ രാജാവ് കീഴടക്കിയ സർ‌വ്വദേശങ്ങളിലും അപ്രകാരം തന്നെ അയൽരാജ്യക്കാരായ ചോളർ, പാണ്ഡ്യർ, സത്യപുത്രർ, കേരളപുത്രർ, താമ്രപർണ്ണിയർ, യവനരാജാവായ അന്തിയോക്യൻ, അന്തിയോക്യന്റെ സാമന്തരാജാക്കന്മാർ തുടങ്ങിയവർ അവരുടെ രാജ്യങ്ങളിൽ രണ്ടുതരം ചികിത്സാസമ്പ്രദായം നടപ്പിലാക്കി. മനുഷ്യർക്കുള്ളതും മൃഗങ്ങൾക്കുള്ളതും..."

ഒരു മതമെന്നതിലുപരി ഒരു പരിഷ്കൃത സംസ്കാരമെന്ന നിലയിലാണ് അക്കാലത്ത് കേരളം ഭരിച്ചിരുന്ന ചേരരാജാക്കന്മാർ ബുദ്ധമതത്തെ കണ്ടിരുന്നത്. കേരള ചരിത്രം തന്നെ ഇത്തരത്തിൽ നിസ്വാര്‍ത്ഥമായ സാസ്കാരിക വൈവിധ്യങ്ങളുടെ ഉള്‍കൊള്ളലുകൾ അടങ്ങിയതാണല്ലോ. അതുകൊണ്ട്‌ തന്നെ അധികാരത്തിന്റെ പിൻബലമില്ലാതിരുന്ന ജൈന മതത്തേയും ഈ നാട് സ്വീകരിക്കുകയുണ്ടായി. പിന്നീട് കടന്ന് വന്ന ജൂത, ക്രൈസ്തവ, ഇസ്ലാം മതങ്ങളും ഈ നാട്ടില്‍ സ്വീകരിക്കപ്പെട്ടത് മറ്റൊന്നും കൊണ്ടുമായിരുന്നില്ല. ഇത്തരത്തിൽ മനുഷ്യന്റെ നന്മക്കായുള്ള വഴികൾ പറഞ്ഞു തന്ന ഏത് ആശയവും ചിന്തകളും ഈ നാട്ടിൽ സ്വീകരിക്കപ്പെട്ടു. അതിനാൽ തന്നെ, സമാധാനത്തിലധിഷ്ടിതമായ ബുദ്ധമതത്തിന്റെ സന്ദേശം ഉന്നതരെ എന്നപോലെ അധഃകൃതരേയും ഒരു പോലെ ആകർഷിച്ചു എന്ന് വേണമെങ്കിൽ പറയാൻ കഴിയും. അക്കാലത്ത് സമൂഹത്തില്‍ നടമാടിയിരുന്ന നരബലി‍ക്കും, ജന്തു ബലിക്കും, മറ്റനാചാരങ്ങൾക്കും എതിരായി ബുദ്ധസന്യാസികൾ നടത്തിയ ധാർമ്മിക സമരം ദ്രാവിഡാചാരങ്ങളിലെ സാമൂഹിക തിന്മകൾക്കെതിരെ കേരളത്തിൽ വച്ച് നടന്ന ആദ്യത്തെ പരിഷ്കരണ പ്രവര്‍ത്തനങ്ങളായിരുന്നു എന്ന് കാണാം.

മഹാനായ അശോകന്റെ ശിലാശാസനങ്ങളിൽ കേരപുത്താ എന്നാണ്‌ ചേരന്മാരെ വിശേഷിപ്പിച്ചു കാണുന്നത്. ഇതൊരുപക്ഷേ, ചേരപുത്രന്മാർ എന്നായിരിക്കാം അല്ലെങ്കിൽ ചേരരാജാവിനെ സന്ന്യാസിയായി കണക്കാക്കി കേരള ബുദ്ധൻ എന്ന് വിശേഷിപ്പിച്ചതുമായിരിക്കാം. രണ്ടായാലും അശോകന്റെ കാലത്തെ കേരളത്തിലേക്കുള്ള ബുദ്ധമതത്തിന്റെ കയറ്റുമതിക്ക് തുടക്കം കുറിച്ചിരുന്നു എന്ന് പറയേണ്ടി വരും. അവർ കേരളത്തില്‍ ബുദ്ധമതം പ്രചരിപ്പിക്കാനായി അനുഷ്ഠിച്ച പ്രയത്നങ്ങളെക്കുറിച്ച് സംഘകാല കൃതികളിൽ പരാമർശിക്കുന്നുണ്ട്. മണിമേഖല അത്തരത്തിലുള്ള ഒരു കൃതിയായി കണ്ടുവരുന്നു. അതിൽ കേരളത്തിലെ ആദ്യത്തെ ബൗദ്ധവിഹാരം ചേരരാജാവ് ഇമയവരമ്പന്റെ കാലത്ത് കൊടുങ്ങല്ലൂരിലാണ്‌ സ്ഥാപിക്കപ്പെട്ടതാണെന്ന പരാമർശമുണ്ട്. കൂടാതെ, ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തിയാർജ്ജിച്ച ബുദ്ധചൈത്യം ഒരു വഞ്ചിയിലായിരുന്നു എന്നും അതിൽ കാണുന്നു. ഈ വഞ്ചി ഒരുപക്ഷേ, കൊടുങ്ങല്ലൂരിലെ തിരുവഞ്ചിക്കുളമായിരിക്കാം. അതിനെ സംബന്ധിച്ച വാദങ്ങൾ ഇപ്പോഴും കേരള പൊതുമണ്ഡലത്തില്‍ നടന്നു വരുന്നുണ്ട്.

കേരളത്തിലെ ഒരു പള്ളിബാണപ്പെരുമാൾ അശോകന്റെ പാത പിന്തുടര്‍ന്ന് ബുദ്ധമത സന്യാസിയായി രാജ്യഭരണം ഉപേക്ഷിച്ചതായി ഐതിഹ്യമുണ്ട്. ഈ ഐതിഹ്യവുമായി ബന്ധപ്പെട്ട രണ്ടു ക്ഷേത്രങ്ങളാണ് കോട്ടയം താലൂക്കിലെ കിളിരൂർ ക്ഷേത്രവും, ആലപ്പുഴ താലൂക്കിലെ നീലമ്പേരൂർ ക്ഷേത്രവും. പള്ളിബാണപ്പെരുമാളിന്റെ സ്മാരകാവശിഷ്ടങ്ങൾ ഈ രണ്ടു ക്ഷേത്രങ്ങളിലിന്നും കാണാൻ സാധിക്കും.

ശ്രീമൂലവാസം എന്നൊരു പ്രശസ്ത ബുദ്ധവിഹാരം ഉത്തര കേരളത്തിൽ പുരാതന കാലത്തുണ്ടായിരുന്നു എന്ന് നിരീക്ഷിക്കുന്നു. ദക്ഷിണേന്ത്യയിലെങ്ങും പ്രസിദ്ധി നേടിയിരുന്ന മേല്‍ ബുദ്ധ തീർത്ഥാടന കേന്ദ്രം ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴക്കും തൃക്കുന്നപ്പുഴക്കും ഇടക്കാണെന്ന് അനുമാനിക്കാം. പ്രശസ്ത ആയ്‌ രാജാവ്‌ വിക്രമാധിത്യ വരഗുണൻ ശ്രീമൂലവാസം ബൗദ്ധ വിഹാരത്തിന് ഭൂമി ധാനം ചെയ്തതിനെ സംബന്ധിച്ച് സൂചന നല്‍കുന്ന ശാസനമാണ് പാലിയം ശാസനം. അതിലൂടെ അദ്ദേഹമൊരു ബുദ്ധമത വിശ്വാസിയോ ബുദ്ധ മതാനുഭാവിയോ ആണെന്ന് അനുമാനിക്കാം. കൂടാതെ, ശ്രീമൂലവാസം വിഹാരത്തെ കടൽ ക്ഷോഭത്തിൽ നിന്നും സംരക്ഷിക്കാൻ മൂശിക രാജവംശത്തിലെ രാജാവായിരുന്ന വിക്രമരാമൻ ചിറ കെട്ടി നല്‍കിയിരുന്നതായും ചരിത്ര പുസ്തകത്തിൽ കാണാൻ കഴിയും. ഇതെല്ലാം കാണിക്കുന്നത്‌ കേരളത്തിലെ നാടുവാഴികൾ ബുദ്ധമതത്തിനോടെ കാത്തു സൂക്ഷിച്ചിരുന്ന അടുപ്പത്തേയാണ്.

ബുദ്ധമതത്തിന്റെ അസ്തമയം


കേരളത്തിലെ പ്രാചീന ഹൈന്ദവ രാജാക്കന്മാർ അന്യമതങ്ങൾക്ക് നേരെ സംസ്കാരപൂർണ്ണമായ സഹിഷ്ണുതാനയങ്ങൾ പുലർത്തിപ്പോന്നവരായിരുന്നു. ബുദ്ധക്ഷേത്രങ്ങൾക്കും സംഘങ്ങൾക്കുമവർ സം‌രക്ഷണം നൽകിപ്പോന്നു. എന്നാൽ, ഏഴാം നൂറ്റാണ്ടോടു കൂടി ബുദ്ധമതത്തിന്റെ ശക്തി കേരളത്തില്‍ ക്ഷയിച്ചു തുടങ്ങി എന്ന് ചീനക്കാരായ സഞ്ചാരികളുടെ വിവരണങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിയും. ബ്രാഹ്മണ മതത്തിന്റെ വരവ് മൂലം രാജാക്കന്മാര്‍ ബുദ്ധമതത്തിനെതിരായി തിരിഞ്ഞതാണ് അതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. നമ്പൂതിരി കുടിയേറ്റവും ആ നൂറ്റാണ്ടിൽ ഉത്തര കേരളത്തിലുടലെടുത്ത കുലശേഖരന്മാർ നമ്പൂതിരി കുടുംബങ്ങളുമായി വൈവാഹിക ബന്ധങ്ങളിലേർപ്പെട്ടതും രാജഭരണത്തിൽ അവർക്കുണ്ടായിരുന്ന സ്വാധീനം വർദ്ധിപ്പിച്ചു എന്ന് പറയാം. തികച്ചും യുക്തി ചിന്തയിലും അക്രമരാഹിത്യത്തിലും അധിഷ്ടിതമായിരുന്ന ബുദ്ധമതത്തിന് മുകളിൽ യുദ്ധതോൽവികളുടെ കാരണങ്ങളും ദൈവകോപവുമൊക്കെ കെട്ടിവെക്കുന്നതിൽ ആ ഉപജാപക സംഘങ്ങൾ വിജയിച്ചു. തല്‍ഫലമായി ബുദ്ധമതത്തിന്റെ സ്വാധീനം പടിപടിയായി കുറഞ്ഞ് വന്നു എന്ന് കാണാൻ കഴിയും. നമ്പൂതിരിമാരുടെ പ്രഭാവം അതിന്റെ ഉച്ചകോടിയിൽ എത്തിയ വൈഷ്ണവ കുലശേഖരപ്പെരുമാളുടെ കാലത്ത്‌ 1100 ഓടെ ബുദ്ധമതം ഏതാണ്ട് പൂര്‍ണമായും കേരള സാമൂഹിക മണ്ഡലത്ത് നിന്നും അപ്രത്യക്ഷമായി. ബുദ്ധ സ്വാധീനം കുറഞ്ഞത് മൂലം വിജനമാക്കപ്പെട്ടതോ, ഭിക്ഷുക്കളെ ബലം പ്രയോഗിച്ച് പുറത്താക്കിയതോ ആയ ബുദ്ധവിഹാരങ്ങൾ അല്ലെങ്കിൽ പള്ളികള്‍ ക്ഷേത്രങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെട്ടതിന്റെ ബാക്കി പത്രമാണ് ഞാൻ മുകളില്‍ പറഞ്ഞ ക്ഷേത്ര സംബന്ധിയായ വിവരണങ്ങൾ. ഒൻപതാം നൂറ്റാണ്ടിലെ ശാസനങ്ങൾ പലതും ബുദ്ധക്ഷേത്രങ്ങളുടെ പതനം രേഖപ്പെടുത്തുന്നുണ്ട്. കൂടാതെ, ബുദ്ധമതത്തില്‍ വിശ്വസിച്ചിരുന്ന ജനങ്ങളെ അധികൃതരായി കണക്കാക്കി അവരെ പുതുതായി രൂപം കൊണ്ട ബ്രാഹ്മണ കേന്ദ്രീകൃതമായ മതത്തിലെ ഏറ്റവും താഴ്ന്ന ജാതികളായും അക്കാലം മുതൽ പരിഗണിക്കപ്പെട്ടു വന്നു. അതിന്റെ കൈപ്പുനീർ ഇന്നും ഈ നാട് അനുഭവിച്ച് വരുന്നു.

കേരളത്തിന്റെ സാംസ്കാരിക ഘടനക്ക് വ്യത്യാസം വരുത്തുകയും സമൂഹിക ജീവിത്തില്‍ വിപ്ലവകരമായ മാറ്റമുണ്ടാക്കുകയും ചെയ്ത ബുദ്ധമതം കാലത്തിന്റെ തിരശീലക്ക്‌ പിന്നിലേക്ക്‌ വഴി മാറിയെങ്കിലും അതിന്റെ സാസ്കാരിക സ്വാധീനം കേരളത്തെ ജനമനസ്സുകളിലും അവരുടെ ഇടപാടുകളിലും ഇന്നും കാണാൻ സാധിക്കും. അഥവാ, കേരള സംസ്കാരത്തിൽ ശാശ്വതമായ ചില മുദ്രകൾ അവശേഷിപ്പിക്കുന്നതിന് ബുദ്ധമതത്തിനു കഴിഞ്ഞിട്ടുണ്ടെന്ന് ചുരുക്കം. അഥവാ, നമ്മൾ മലയാളികളുടെ ഉള്ളില്‍ നമ്മളറിയാതെ ഒരു ബൗദ്ധൻ ഉറങ്ങി കിടക്കുന്നുണ്ടെന്ന് സാരം.

ദ്രാവിഡ ദൈവങ്ങളെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രങ്ങളൊക്കെയും ഒരു കാലത്ത്‌ ബൗദ്ധ ദേവാലയങ്ങളായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. ബൗദ്ധ പള്ളികൾ പിടിച്ചെടുത്തതിന്റെ പുനരാവിശ്കാരങ്ങളാണോ ഓര്‍മ്മകളോ ആയിരിക്കാം അത്തരമിടങ്ങളില്‍ ആഘോഷിക്കപ്പെടുന്ന ഉത്സവങ്ങളെന്ന് സ്വാഭാവികമായും പറയാൻ കഴിയും. കൂടാതെ, കൃഷി വേലകൾ ആരംഭിക്കുന്നതിന് മുമ്പും കൃഷി അവസാനിച്ച് കഴിയുമ്പോഴും ബുദ്ധമത വിശ്വാസ പ്രകാരം ഉത്സവനാളുകളായിരുന്നു എന്ന നിരീക്ഷണവും അതു സംബന്ധിയായി നിലവിലുണ്ട്. രണ്ടായാലും, ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ആചാരങ്ങളിൽ കൂടിയ പങ്കും ബുദ്ധമതത്തിന്റെ സംഭാവനയാണെന്നുറപ്പായും പറയാൻ കഴിയും. ക്ഷേത്രാചാരങ്ങളായ എഴുന്നള്ളിപ്പുകൾ, വെടിക്കെട്ട്, കതിന, പറയെടുപ്പ്, പടയണി, പൂരം, കെട്ടുകാഴ്ച്ച, രഥോത്സവം, ശാലയോട്ടം, കുത്തിയോട്ടം, താലപ്പൊലി, അന്നംകെട്ട്, മരമടി തുടങ്ങിയ ചടങ്ങുകളും പുണ്യദിനങ്ങളിലെ സസ്യാഹര ഭോജനം, മഞ്ഞമുണ്ടുടുക്കൽ തുടങ്ങിയ രീതികളും ബുദ്ധമതത്തിൽ നിന്നും സ്വീകരിച്ചതാകാനെ വഴിയുള്ളൂ. കൂടാതെ, കേരളത്തിൽ പരക്കെ പ്രചാരത്തിലുള്ള ‘നാഗാരാധന’ ബുദ്ധമതത്തിന്റെ സംഭാവനയാണന്നും ചരിത്രകാരന്മാര്‍ നിരീക്ഷിക്കുന്നു. ബൗദ്ധർ അവരുടെ ആരാധനാലയങ്ങളായ പള്ളികൾ നിർമ്മിക്കുവാൻ കാടു വെട്ടിത്തെളിക്കുമ്പോൾ നാഗങ്ങൾക്ക് വസികാനും ധ്യാനമിരികാനുമായൊരു ഭാഗം ഒഴിച്ചിടുക പതിവായിരുന്നത്രെ. ഭഗവതി ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള കാവുകളുടെ ഉൽഭവം അവിടുന്നാണന്ന് കാണാം. കൂടാതെ, ദൈവങ്ങളെ പ്രതിഷ്ഠിച്ചാരാധിക്കുന്ന കാവുകളിൽ നിന്നും ഇന്നത്തെ രീതിയിലുള്ള ക്ഷേത്രാചാരങ്ങളിലേക്കും ഉത്സവങ്ങളിലേക്കുമുള്ള ഹൈന്ദവ സംസ്കൃതിയുടെ മാറ്റത്തിന്റെ പിന്നിലും ബൗദ്ധ സ്വാധീനങ്ങളുടെ അംശം കാണുവാൻ കഴിയും. ഹൈന്ദവ പൗരോഹിത്യത്തിനെതിരായി ഒരു നവോത്ഥാനമായി രൂപം കൊണ്ട ബുദ്ധമതം ആന്തരികമായും ബാഹ്യമായും ഹൈന്ദവ സംസ്കൃതിയിൽ തന്നെയാണ് വേരൂന്നി നില്‍ക്കുന്നത്.

ആരാധനാലയങ്ങളിലെ വാസ്തുശിൽപ്പവിദ്യ കേരളത്തിൽ അവതരിപ്പിച്ചത് ബുദ്ധമതക്കാരാണ്. ബുദ്ധമതക്കാരുടെ ആരാധന സമ്പ്രദായത്തിൽ പശ്ചാത്തല സൗന്ദര്യത്തിന് വലിയ പ്രാധാന്യമുണ്ട്. പ്രകൃതിയുടെ മടിത്തട്ടോ അല്ലെങ്കിൽ പ്രകൃതിയിലെ സൗന്ദര്യ രൂപങ്ങളോട് സമരസപ്പെടുന്ന ചിത്ര വേലകളും കാത്തുപണികളും അവർ അവരുടെ ആരാധനാലയത്തിൽ രൂപം കൊടുക്കുന്നത് സര്‍വ്വസാധാരണമായി ഇന്നും കാണാൻ കഴിയുന്ന് കാര്യമാണ്. പിന്നീട്, അത്തരം കലകളുടെ പ്രചാരകരായും അവർ മാറി. ഇന്ന്‌ കേരളത്തിൽ കണ്ടുവരുന്ന രീതിയിലുള്ള ക്ഷേത്രങ്ങള്‍ക്കു നടുവിലെ ഗർഭഗൃഹ നിർമ്മാണ രീതിയും ബൗദ്ധരിൽ നിന്നവലംബിച്ചതാണന്ന് കരുതാം. കളതട്ടുകൾ, ഉത്സവങ്ങളിലെ കുതിരകൾ, വ്യാളി സങ്കൽപ്പങ്ങൾ തുടങ്ങിയവയും ബൗദ്ധ സംഭാവനകൾ തന്നെ. കേരളത്തിലെ നിരവധി ക്ഷേത്രങ്ങൾ പിന്നീട് ഹിന്ദുമതത്തിലേക്ക് പരിവർത്തനപ്പെടുവെങ്കിലും വാസ്തുശിൽപ്പവിദ്യ അചഞ്ചലമായി തുടരുന്നത് കാണാം. കൂടാതെ, കേരളീയ ഭവനങ്ങളിലേക്കും അത്തരം രീതികള്‍ പിന്നീട് വ്യാപിക്കുകയുണ്ടായി.

ബൗദ്ധമതം കേരളത്തിനു നൽകിയ മഹത്തായ സംഭാവന സാക്ഷരത്വവും വിദ്യാസമ്പന്നതയുമായിരുന്നു. ഒരോ വിഹാരവും വിജ്ഞനത്തിന്റെ കേന്ദ്രങ്ങളായിരുന്നു എന്ന് കാണാൻ കഴിയും. അവിടെ എല്ലാത്തരം ജനവിഭാഗങ്ങൾക്കും അക്ഷരവിദ്യ നേടാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. കൂടാതെ, ആരോഗ്യപരിപാലനത്തിലും രോഗ ചികിത്സക്കും വലിയ പ്രാധാന്യം നല്‍കിക്കൊണ്ട് ആതുരശുശ്രൂഷ കേന്ദ്രങ്ങളും അവർ നടത്തി വന്നു. അതിലൂടെയാണ് കേരളത്തിൽ ആയുര്‍വേദത്തിന് ഇത്രമേല്‍ സ്വാധീനം ലഭിച്ചത്. വൈദ്യവും മരുന്നും, ബുദ്ധവിഹാരങ്ങളും ചൈത്യങ്ങളും വഴി സമൂഹത്തിന്റെ എല്ലാ കോണുകളിലേക്കുമവർ എത്തിച്ചതിനാൽ മന്ത്രവാദവും കാട്ടുചെടികളും മാത്രം രോഗ ശമനത്തിന്നായി ഉപയോഗിച്ച് വന്നിരുന്ന ഒരു ജനതക്കത് വലിയ ആശ്വാസമായി. ബൗദ്ധ പണ്ടിതനായ വാഗ്‌ഭടന്റെ അഷ്ടാങ്കഹൃദയമാണ് ആയുർവ്വേദത്തിന്റെ ദക്ഷിണേന്ദ്യയിലെ പ്രചാരണത്തിൽ പ്രധാന പങ്കുവഹിച്ചത്. അപ്രകാരം വൈദ്യശാസ്ത്രത്തെ സാമൂഹിക ജീവിതവുമായി ഇണക്കി ചെർത്തുകൊണ്ടവർ വിപ്ലവം സൃഷ്ടിച്ചു എന്നു പറയാം. ക്ഷേത്രങ്ങളിൽ മിക്കതിലും രോഗചികിത്സയും നടന്നു വന്നിരുന്നു. തകഴി, ഏറ്റുമാനൂർ, മണ്ണാറശ്ശാല, പനച്ചിക്കൽ, ഗുരുവായൂർ, മൂകാംബിക, പള്ളിപ്പുറത്തുകാവ് തുടങ്ങിയ ക്ഷേത്രങ്ങളിൽ ഇന്നും നടന്നു വരുന്ന ചികിത്സാപദ്ധതി ഈ മതങ്ങളുടെ കാലത്തുള്ളതിന്റെ പിൻതുടർച്ചയാണന്ന് നിരീക്ഷിക്കാം. കേരളത്തിലെ ചില ക്ഷേത്രങ്ങളിലും മുസ്ലീം ദർഗ്ഗകളിലും കാണുന്ന സന്ദര്‍ശിക്കാൻ വരുന്നവര്‍ക്ക് എണ്ണ നല്‍കുന്ന സമ്പ്രദായം കേരളത്തിൽ നിന്നും വിട്ടുപോകാത്ത ബൗദ്ധ സംസ്കൃതിയുടെ ബാക്കിപത്രമാണ്.

ഇന്നത്തെ പല പ്രധാന ഹിന്ദുക്ഷേത്രങ്ങളും ഒരു കാലത്ത് ബുദ്ധദേവാലയങ്ങളായിരുന്നു. തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തെയും കഴക്കൂട്ടത്തിനടുത്തുള്ള ശിവക്ഷേത്രത്തെയും ഇക്കൂട്ടത്തിൽ പെടുത്താറുണ്ട്. കേരളത്തിലെ പ്രധാന ബുദ്ധക്ഷേത്രങ്ങൾ പലതും സ്ഥിതിചെയ്തിരുന്നത് ഇന്നത്തെ കൊല്ലം, ആലപ്പുഴ ജില്ലകളിലാണ്. ആ പ്രദേശങ്ങളിൽ നിന്നു ലഭിച്ചിട്ടുള്ള ബുദ്ധമതബിംബങ്ങളും ഇതര ബുദ്ധമതാവശിഷ്ടങ്ങളും ആ വസ്തുത വ്യക്തമാക്കുന്നു. കണ്ടെടുത്ത ശിൽപ്പങ്ങളിൽ പലതും ആറ്, ഒമ്പത് നൂറ്റാണ്ടുകളിലുള്ളവയാണന്ന് ചരിത്രകാരന്മാര്‍ സമര്‍ത്ഥിക്കുന്നുണ്ട്. കൂടാതെ, അവയില്‍ പലതിലും തകര്‍ക്കാനോ തീര്‍ത്തും നശിപ്പിക്കാനോ ശ്രമിച്ചതിനുള്ള അടയാളങ്ങളും ദർശിക്കാനാവും. കേരളത്തിലെ ബുദ്ധാസ്തമയ കാലം എത്ര തീക്ഷ്ണമായിരിക്കുമെന്ന ചിന്തയിലേക്ക് അത് നമ്മെ കൊണ്ടെത്തിക്കുന്നു. കേരള സാംസ്കാരിക ഭൂമികയില്‍ നിന്നും തീര്‍ത്തും തുടച്ചില്ലാതാക്കാനുള്ള ഒരു ഭഗീരഥ പ്രയത്നത്തിന്റെ അടയാളംപോൽ അംഗഭംഗം സംഭവിച്ചതോ കുളം, കിണര്‍, വയൽ, മണ്ണ് തുടങ്ങിയവയിൽ മൂടപ്പെട്ട രീതിയിലോ ആണ്‌ അവകളെ പലതും കണ്ടെത്താൻ കഴിഞ്ഞിരിക്കുന്നത്.

നീണ്ട 1600 വർഷക്കാലം കേരള ജനതയെ ജാതിയതക്കതീതമായി ചിന്തിപ്പിച്ച, അക്രമരാഹിത്യത്തിലധിഷ്ടതിമായ ജീവിതം നയിക്കൻ നൂറ്റാണ്ടുകളോളം കേരളക്കരയെ പ്രേരിപ്പിച്ച ബുദ്ധമതം ചരിത്രത്തിലേക്ക്‌ വഴിമാറിയെങ്കിലും അതിന്റെ അവശേഷിപ്പുകൾ പലതും നമ്മളിലിന്നും ഉറങ്ങികിടക്കുന്നുണ്ടന്ന് കാണാൻ സാധിക്കും. അതിൽ പ്രധാനമാണ് ബുദ്ധകാലത്ത്‌ ഉപയോഗത്തിലിരുന്നതോ, പാലി ഭാഷയിൽ നിന്നും കടം കൊണ്ടതോ ആയ പദങ്ങളുടെ ഉപയോഗങ്ങൾ. പ്രത്യക്ഷത്തിൽ തനി മലയാളമാണെന്ന് കരുതി നാമുപയോഗിച്ച് വരുന്ന നമ്മുടെ പദസമ്പത്തിലെ പല വാക്കുകളും ഈ നാടിന്റെ ബുദ്ധകാലത്തേക്ക് നീളുന്ന പൊക്കിള്‍കൊടികളാണന്ന് പറയാം. അതിൽ പ്രധാനമാണ് പള്ളി എന്ന വാക്കിന്റെ ഉപയോഗം. പുരാതന കാലത്ത്‌ ബുദ്ധ വിഹാരങ്ങളെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന പള്ളി എന്ന വാചകമാണ് പിന്നീട് മുസ്ലീം, ക്രൈസ്തവ ആരാധനാലയങ്ങളെ സൂചിപ്പിക്കാന്‍ ഉപയോഗിച്ച് വന്നത്. കൂടാതെ, പുരാതന കാലത്തെ ബൗദ്ധ വിഹാരങ്ങൾക്ക് സമീപം നടന്ന് വന്നിരുന്ന വിദ്യാലയങ്ങളില്‍ നിന്നും പുതിയ കാലത്തെ സ്കൂളുകള്‍ക്ക് പള്ളിക്കുടമെന്ന പേരും വന്നു ചേര്‍ന്നു. കൂടാതെ, പുത്തൻ (ബുദ്ധൻ), വള്ളി, മറ്റം, വട്ടം, മരുത്വം, കുന്നം, ചേരി, മംഗലം തുടങ്ങിയ പേരുകളും ബുദ്ധ പരിസരത്ത് നിന്നും രൂപം കൊണ്ടതാണന്ന് ചരിത്രകാരന്മാര്‍ സമര്‍ത്ഥിക്കുന്നുണ്ട്.

ഇസ്ലാം- ക്രൈസ്തവ മതങ്ങളുടെ ആഗമന കാലത്ത്‌ വ്യാപകമായ തോതിലതിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് തങ്ങളനുഭവിക്കുന്ന അനീതിയുടെ ആഴം ബോധ്യമായ താഴ്ന്ന ജാതികളായിരുന്നു. ഇപ്രകാരം ജാതിവ്യവസ്ഥയിൽ മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ടവരാണ്‌ ഇസ്ലാമിക, ക്രൈസ്തവ മതപ്രസ്ഥാനങ്ങളിലേക്ക് കൂടുതലും പരിവർത്തനം ചെയ്യപ്പെടുന്നത്. അവർക്ക്‌ ദേവാലയം നിര്‍മ്മിക്കുവാനുള്ള ചിന്ത ഉയർന്ന് വന്നപ്പോൾ തങ്ങളുടെ മനസ്സിൽ ഉറങ്ങി കിടക്കുന്ന പോയ കാല ചരിത്രങ്ങളുടെ ഓര്‍മ്മകളിൽ നിന്നായിരിക്കാം 'പള്ളി' എന്ന നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പദം അവർ കണ്ടെത്തുന്നത്. ഒരുപക്ഷേ, മുസ്ലീം, ക്രൈസ്തവ ആരാധനാലയങ്ങളെ പള്ളി, പള്ളി വാസൽ എന്ന് വിളിക്കുന്നത് ഒരുകാലത്ത് ബുദ്ധ സ്വാധീന ദേശമായിരുന്ന ദക്ഷിണേന്ത്യയിൽ മാത്രമായിരുന്നു എന്ന് കാണാൻ കഴിയും. ഹിന്ദുക്കൾ ആ പദം തങ്ങളുടെ ആരാധനാലയങ്ങളെ സൂചിപ്പിക്കാനുപയോഗിക്കാത്തതിന്റേയും ക്രൈസ്ത- മുസ്ലിങ്ങളത് ഉപയോഗിക്കുന്നതിന്റെയും കാരണമീതാണന്നും മനസ്സിലാക്കാം.

പ്രാദേശിക ചരിത്രത്തിലെ ബൗദ്ധാടയാളങ്ങൾ


സാന്ദ്രതയേറിയ ജനവാസ പ്രദേശങ്ങളും, സജീവമായ വയലുകളും, ഏറെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന മലനിരകളും, നീണ്ട താഴ്‌വരകളും അതിരിടുന്ന ചുങ്കവും അതിന്റെ ചുറ്റുവട്ട പ്രദേശങ്ങളായ പള്ളിക്കുത്ത്, മണ്ണാർമല, കാഞ്ഞിരപ്പള്ളി, കരുവൻപാറ, മുള്ള്യാകുർശ്ശി, കൂരിക്കുന്ന്, പട്ടിക്കാട് തുടങ്ങിയവയും ഒരുകാലത്ത് അറിയപ്പെട്ടിരുന്നത് പള്ളിക്കുത്ത് എന്ന പേരിലാണെന്ന് രേഖകള്‍ സമര്‍ത്ഥിക്കുന്നുണ്ട്. പ്രദേശികമായ ഭൂസവിശേഷതകളിൽ നിന്നോ ചരിത്രത്തിൽ നിന്നോ പാഠമുൾകൊണ്ടുകൊണ്ടാണ് പില്‍ക്കാലത്ത് അവകൾ മറ്റു പേരുകളിൽ അറിയപ്പെട്ടു തുടങ്ങിയത്‌. പുരാതനകാലത്തെ ഒരു നികുതി പിരിവ് കേന്ദ്രം അല്ലെങ്കിൽ, ചന്ത നിലനിന്നിരുന്ന സ്ഥലം എന്ന നിലയില്‍ ചുങ്കം അഥവ നികുതി എന്ന പേര്‌ ചുങ്കം പ്രദേശത്തിലേക്കും മലകളുടേയും കുന്നുകളുടേയും സാന്നിധ്യം കൊണ്ട്‌ സമ്പന്നമായ കരുവം'പാറ, കൂരി'കുന്ന് തുടങ്ങി സ്ഥലങ്ങൾ ആ പേരിലും, ആറ് മലകളാല്‍ ചുറ്റപ്പെട്ട പ്രദേശത്തിന്റെ ഒത്ത നടുവിലെ നിലം അഥവാ മണ്ണ് എന്ന നിലയില്‍ മണ്ണാര്‍മല പ്രദേശം മേല്‍ പേരിലും അറിയപ്പെടാൻ തുടങ്ങി. ഒരു കാലഘട്ടം വരെ വള്ളുവനാട് രാജാവിന്റെ അധീനതയിലുണ്ടായിരുന്ന മണ്ണാർമല പ്രദേശത്ത് അദ്ദേഹത്തിന്റെ പ്രതിനിധിയായി അധികാരം വാണിരുന്ന രാജാവും കോവിലകവും മണ്ണാര്‍മല എന്ന പേരില്‍ തന്നെയാണ് പിന്നീടറിയപ്പെട്ടത്. 1883ൽ തീപെട്ട വള്ളുവക്കോനാതിരി ഈ പ്രദേശം മഞ്ചേരി കോവിലകത്തെ ഇളമുറ തമ്പുരാനായ അഞ്ചാം സ്ഥാനീയന് പതിച്ചു നല്‍കിയ ശേഷവും 'മണ്ണാർമല രാജ' എന്ന പേരും പദവികളുമാണദ്ദേഹവും തുടർന്ന് വന്നത്. ചുരുക്കി പറഞ്ഞാൽ, അഭിപ്രായ ഭിന്നതകൾക്കപ്പുറം കൃത്യമായൊരു കാലഗണന പറയാൻ കഴിയാത്തത്ര കാലത്തിനപ്പുറം മുതൽ ഈ അടുത്ത കാലം വരേക്കും ചുങ്കവും അതിന്റെ ചുറ്റുവട്ട പ്രദേശങ്ങളും പളളിക്കുത്ത് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

പള്ളി എന്ന പദത്തിന്റെ ഉൽപ്പത്തിയെക്കുറിച്ച് വിവിധ അഭിപ്രായങ്ങൾ നിലവിലുണ്ട്. പാലി ഭാഷയിൽ ഹള്ളി എന്നാൽ ബുദ്ധ വിഹാരം, ബുദ്ധൻ വിഹരിക്കുന്ന ഇടം അല്ലെങ്കിൽ ബുദ്ധ സാന്നിദ്ധ്യ പ്രദേശം എന്നൊക്കെയാണര്‍ത്ഥം. ഇംഗ്ലീഷിലെ ഹാൾ എന്ന പദമുണ്ടായത്‌ ഹള്ളിയിൽ നിന്നാണെന്നുള്ളൊരു നിരീക്ഷണം നിലവിലുണ്ട്. പഴയ മലയാളത്തിൽ "ഹ" എന്ന അക്ഷരം നിലവില്ലില്ലാതിരുന്നതിനാൽ "പ" എന്ന അക്ഷരം ഉപയോഗിച്ച് പള്ളി എന്നാക്കി മാറ്റി അതിനെ ഉച്ചരിക്കാൻ തുടങ്ങി എന്ന് കാണാൻ കഴിയും. വാടാനപ്പള്ളി, കരുനാഗപ്പള്ളി, പാരിപ്പള്ളി, വാഴപ്പള്ളി, കാർത്തികപ്പള്ളി, ചന്ദനപ്പള്ളി, പള്ളിക്കൽ, പള്ളിമൺ, പള്ളിപ്പുറം, പള്ളിവാസൽ, തോട്ടപ്പള്ളി, പള്ളിക്കത്തോട്, പള്ളിപ്പാട് എന്നിങ്ങനെ പള്ളി ശബ്‌ദമുള്ള സ്ഥലനാമങ്ങളൊക്കെയും പഴയകാലത്തെ ബുദ്ധവിഹാരകേന്ദ്രങ്ങളായിരുന്നു എന്ന് അതിലൂടെ നിരീക്ഷിക്കാം. ശബരിമല തീര്‍ത്ഥാടനത്തിന് പോകുന്നവർ കൊണ്ടുപോകുന്ന കെട്ടിനെ പള്ളിക്കെട്ടെന്നാണ് വിളിക്കപ്പെടുന്നത്‌. അത് ശബരിമല ഒരു പഴയകാല ബുദ്ധ കേന്ദ്രമായിരുന്നു എന്നുള്ള വാദത്തിന്റെ തുടര്‍ച്ചയായി മനസ്സിലാക്കാൻ കഴിയും. കൂടാതെ, കേരളത്തിൽ പാഠശാലകൾ സ്ഥാപിച്ചത് ബുദ്ധഭിക്ഷുക്കളാണന്ന ചരിത്ര വസ്തുതയിൽ നിന്നാണ്‌ വിദ്യാലയങ്ങളെ പള്ളിക്കുടം എന്ന് ഈ അടുത്ത കാലം വരെയും വിളിക്കപ്പെട്ടിരുന്നത്. ഇത്തരം വസ്തുതകൾ പരിഗണിക്കുമ്പോൾ ബുദ്ധസ്വാധീന പ്രദേശങ്ങളുടെ സൂചകങ്ങളായ പള്ളിക്കുത്ത്, കാഞ്ഞിരപ്പള്ളി തുടങ്ങിയവയോടൊപ്പം പ്രദേശത്ത് തലയുയർത്തി നില്‍ക്കുന്ന ചേരിയം മലയുടെ നാമവും കടന്ന് വരുന്നത് ബുദ്ധ സ്വാധീനത്തില്‍ നിന്നായിരിക്കാമെന്ന് സ്വാഭാവികമായും അനുമാനിക്കാൻ കഴിയും (ചേരിയം എന്ന പദവും ബുദ്ധ സ്വാധീനത്തിന്റെ ബാക്കി പത്രമായാണ് ചരിത്രകാരന്മാര്‍ വീക്ഷിക്കുന്നത്). ഒരുപക്ഷേ, ഏതാനും സ്ഥലങ്ങളുടെ നാമവുമായി ബന്ധപ്പെടുത്തി മാത്രം ഒരു പ്രദേശത്തെ മുഴുവനായും ബുദ്ധ ചരിത്രത്തോടൊപ്പം കൂട്ടികെട്ടാൻ നടത്തുന്ന വൃഥാ ശ്രമമാണോ ഇതെന്ന് ആരോപിക്കാമെങ്കിലും, മേല്‍ സ്ഥലനാമ ചരിത്രത്തോടൊപ്പം പ്രദേശത്ത് വ്യാപകമായി നിവസിച്ച് വരുന്ന ഹരിജനങ്ങളുടെ സാന്നിധ്യവും അവരുടെ ആരാധന വിശ്വസങ്ങളിൽ വളരെ വ്യക്തമായ രൂപത്തിൽ തലോടി നീങ്ങുന്ന ബൗദ്ധ രീതികളും പരിഗണിച്ചാൽ പ്രദേശം ഒരു പുരാതന ബുദ്ധ കേന്ദ്രമായിരുന്നെന്ന് നിസ്സംശയം പറയാൻ സാധിക്കും.

ബ്രാഹ്മണ മതത്തിന്റെ കടന്ന് വരവോടെ അധിനിവേശം ചെയ്യപ്പെട്ട് തങ്ങളുടെ ആരാധനാ കേന്ദ്രങ്ങളില്‍ നിന്നും പുറത്താക്കപ്പെട്ട വിശ്വാസികളെ സമൂഹത്തിലെ ഏറ്റവും അധപതിച്ച വിഭാഗമായാണ് അധിനിവേശ വിഭാഗം കണ്ടു വന്നത്. അവർക്ക്‌ കീഴ്‌പെട്ടവരെ അവർ അഭിമതരായ ജാതിക്കാരാക്കി മാറ്റി. ലോകത്തിന്റെ വ്യത്യസ്ത കോണുകളില്‍ പിന്നീടുണ്ടായ അധിനിവേശങ്ങളുടെ നീണ്ട ചരിത്രം പരിശോധിച്ചാൽ നിലവിലുള്ളവർക്കെതിരിൽ കടന്നു വന്നവര്‍ ചെയ്ത മേധാവിത്തമൊരു പൊതു സവിശേഷതയായി കാണുവാന്‍ കഴിയും. തങ്ങളുടെ 'ഉയർന്ന ചിന്തകളെ' സ്വീകരിക്കാൻ വിസമ്മതിച്ചവരോ അല്ലെങ്കിൽ പഴയ ചിന്തയില്‍ നിലയുറപ്പിച്ചിരുന്നവരോ ആയവർ എന്ന നിലയില്‍ ബ്രാഹ്മണ മതാഗമനാന്ദരമുള്ള പരിസ്ഥിതിയിൽ അവർ അധസ്ഥിതരായി പരിഗണിക്കപ്പെട്ടു. അതുവഴിയാണ് പരിവര്‍ത്തനം ചെയ്യപ്പെട്ട ക്ഷേത്രത്തിലവര്‍ക്ക് പ്രവേശം നിഷേധിക്കപ്പെടുന്നത്. കേരളത്തിൽ ക്ഷേത്ര പ്രവേശന വിളംബരം നടപ്പിലാക്കുന്നത് വരെ അത് തുടർന്ന് വന്നു എന്നുള്ളത് ദുഃഖകരമായ യാഥാർത്ഥ്യമാണ്. എങ്കിലും, ബ്രാഹ്മണമത വാഹകരായ ആര്യന്മാരുടെ കടന്ന് വരവിന് മുന്നേ ഇവിടെ ജാതി സമ്പ്രദായമുണ്ടായിരുന്നു എന്നൊരു സിദ്ധാന്തം നിലവിലുണ്ട് എന്നുള്ളത് നിഷേധിക്കാൻ കഴിയാത്ത വസ്തുതയാണ്. എന്നാൽ, അവരുടെ കടന്ന് വരവിനു  മുമ്പിവിടെ ഉണ്ടായിരുന്ന ആ ജാതി വ്യവസ്ഥയുടെ സവിശേഷതയെ കുറിച്ചോ അന്നത്തെ സാമൂഹ്യ വ്യവസ്ഥിതി എപ്രകാരമായിരുന്നു എന്നതിനെ സംബന്ധിച്ചോ വ്യക്തമായ തെളിവുകളൊന്നും തന്നെ നിലവിലില്ല എന്നുള്ളതൊരു പോരായ്മയായി മനസ്സിലാക്കാം. വില്ല്യം ലോഗനുൾപ്പെടെയുള്ള പല ചരിത്രകാരന്മാരും ആര്യന്മാരാണിവിടെ ജാതി സമ്പ്രദായം ആരംഭിച്ചത് എന്ന വാദക്കാരാണ്.

ചേരമർക്ക് ശേഷം ബുദ്ധ മതത്തിലേക്ക് ആകർശിക്കപ്പെട്ടവർ അപ്രകാരം ബുദ്ധ മതത്തിന്റെ തകര്‍ച്ചയോടെ രൂപപ്പെട്ട ജാതി ശ്രേണിയില്‍ 'താഴ്ന്ന ജാതി' എന്ന് വിളിക്കപ്പെട്ടതായി കാണുവാൻ കഴിയും. ഇത്തരത്തിൽ ഹരിജനങ്ങൾ കൂട്ടമായി വസിക്കുന്നയിടം പഴയകാല ബുദ്ധ കേന്ദ്രമായിരിക്കാമെന്ന നിരീക്ഷണം തള്ളിക്കളയാൻ സാധിക്കില്ല. അപ്രകാരം ദൈവാരാധന കേന്ദ്രങ്ങൾ നിഷേധിക്കപ്പെട്ട വിഭാഗം സ്വന്തം നിലയില്‍ ആരാധനാ വസ്തുക്കള്‍ കണ്ടെത്തിയതിന്റെ ബാക്കി പത്രമാണ് തങ്ങൾ അധിവസിക്കുന്ന പ്രദേശത്തവർ സ്ഥാപിച്ച കല്ലുകൾ കൊണ്ടോ മറ്റോ നിർമ്മിക്കുന്ന പരുക്കന്‍ ആരാധന വസ്തുക്കള്‍. കള്ളിച്ചെടികൾക്ക്  താഴെ സ്ഥാപിക്കുന്ന കോട്ട എന്ന പ്രത്യേകം ആകൃതിയോ രൂപമോ ഇല്ലാത്ത കല്ലുകളുടെ പ്രതിഷ്ഠയിൽ കാലങ്ങൾക്കിപ്പുറത്ത് അനേകം മാറ്റങ്ങള്‍ക്ക് വിധേയമായ ബുദ്ധ രീതിയുടെ അംശങ്ങള്‍ കാണാതിരിക്കാൻ കഴിയില്ല. പ്രാദേശികമായി ഈ കോട്ട പ്രതിഷ്ഠയെ കരിംകുറ്റി എന്ന പേരിലോ ശാസ്താവ് എന്ന പേരിലോ ആണ്‌ അറിയപ്പെടുന്നത്. ശാസ്താവ് എന്നതൊരു ആദി ദ്രാവിഡഗോത്ര ദൈവമായിരുന്നു. ബുദ്ധന്റെ പര്യായമായും അതുപയോഗിച്ചു വരുന്നു. ആചാര്യൻ എന്നാണതിന്റെ അർത്ഥം. ബുദ്ധതത്വങ്ങൾ പഠിപ്പിക്കുക വഴിയായിരിക്കാം ആചാര്യൻ എന്ന പര്യായം ബുദ്ധനു ലഭിച്ചത്. ശാസ്താവ് എന്ന വാക്കില്‍ നിന്നാണ് ചാത്തപ്പൻ എന്ന പേര്‌ രൂപപ്പെടുന്നത്. അത് ഒരു കാലഘട്ടം വരെ ഈ പ്രദേശത്ത് ഹരിജനങ്ങൾ വ്യാപകമായ തോതില്‍ ഉപയോഗിച്ച് വന്നിരുന്ന നാമമായിരുന്നു അത്. ഇന്നും ആ പേരില്‍ പലരും പ്രദേശത്ത് ജീവിച്ചു വരുന്നു.

പന്തളത്ത് രാജകുമാരനായ അയ്യപ്പൻ ശബരിമല ശാസ്താവിൽ ലയിച്ചു എന്നാണ് ഹിന്ദുമത വിശ്വാസികള്‍ വിശ്വസിക്കുന്നത്. ശാസ്താവ്‌ അഥവാ അയ്യപ്പൻ ഹിന്ദു ദേവനാക്കപ്പെട്ട ബുദ്ധനാണെന്നും അതിനു മുമ്പ് അതൊരു ദ്രാവിഡ ദേവനായിരുന്നു എന്നും ധർമ്മശാസ്താവ് എന്ന പേരിൽ തന്നെ ബുദ്ധനെ കണ്ടെത്താമെന്നാണ് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. അതുവഴി, ശബരിമല ആദിവാസികളായ ദ്രാവിഡ ഗോത്രങ്ങളുടെ ക്ഷേത്രമായിരുന്നുവെന്നും പിന്നീട് ബൗദ്ധ ക്ഷേത്രമായി മാറിയ ശേഷം ആര്യാധിനിവേശ കാലത്ത്‌ ഹൈന്ദവ ക്ഷേത്രമായി മാറിയെന്നും അവർ വാദിക്കുന്നു.

സാമ്പ്രദായിക ചരിത്രം പള്ളിക്കുത്ത് പ്രദേശമുൾപ്പെടെയുള്ള ഹരിജനങ്ങൾ തിങ്ങി പാര്‍ക്കുന്ന ഇടങ്ങളിൽ ഇപ്രകാരം ബൗദ്ധബന്ധം അവകാശപ്പെടുന്നുണ്ട് എങ്കിലും പാരമ്പര്യമായി ഇതു സംബന്ധിച്ച കേട്ടറിവ് ഹരിജനങ്ങൾക്കില്ല എന്നുള്ളതൊരു വാസ്തവമാണ്. എന്നാൽ, ഊഹങ്ങളുടേയും ചരിത്രപരമായ നിരീക്ഷണ പഠനങ്ങളുടേയും അടിസ്ഥാനത്തില്‍ അവര്‍ക്ക് ബുദ്ധബന്ധം സ്ഥാപിച്ചെടുക്കാന്‍ വേഗത്തിൽ സാധ്യമാകും.

അവലംബം-
1- കേരളത്തിലെ പുരാതന ബുദ്ധ വിഗ്രഹങ്ങൾ- യോഗിനി അഭയ ദേവി
2- ബുദ്ധ മതവും കേരളവും- നൗഷാദ് ഹനീഫ്
3- കേരളത്തിന്റെ ഇന്നലെകള്‍- സുജീർ മാറഞ്ചേരി
4- കേരള സംസ്കാരം- എ ശ്രീധരമേനോൻ
5- പണ്ടത്തെ മലയാളക്കര- കെ ടി രാമവർമ്മ
6- ദേശാഭിമാനി വാരിക
7- ചുള്ളിയാനം ഓൺലൈൻ പതിപ്പ്
8- പാലി ഭാഷയെ കുറിച്ചുള്ള വിക്കിപീഡിയ ലേഖന സമാഹരം
9- വിക്കിപ്പീഡിയ ലേഖനങ്ങൾ

വള്ളുവനാട്- മഞ്ചേരി കോവിലകങ്ങളുടെ ആധിപത്യ നാളുകള്‍


ഒരു ദേശത്തിന്റെ നിറവും ഗന്ധവും തുടിപ്പും ആത്മാവും സമ്പൂര്‍ണ്ണമാക്കപ്പെടുന്നത് ആ പ്രദേശത്തിന്റെ തനതായ ചരിത്ര സാംസ്കാരിക പെെത്രകത്തിലൂടെയാണല്ലോ. പ്രദേശത്തിന്റെ ഭാഗദേയം കൂടുതലായൊന്നും വിശദീകരിക്കാൻ സാധ്യമാകാത്ത, എന്നാൽ അക്കാലത്തെ പൊതു ചരിത്രത്തോടൊപ്പം കൂട്ടി വായിക്കാൻ സാധിക്കുന്ന സുദീര്‍ഘമായ ചേരകാലവും അതിന്റെ ഒടുക്കം രൂപപ്പെട്ട ബുദ്ധസ്വാധീന നാളുകള്‍ക്കും ശേഷം പ്രദേശം അതിന്റെ സ്ഥാനം അടയാളപ്പെടുത്തുന്നത് വിവിധ നാടുവാഴി ഭരണത്തിന്റെ രൂപകങ്ങളോടൊപ്പമാണന്ന് പറയാം.

ചേരകാലം കേരളത്തിലെ രാഷ്ട്രീയ ഐക്യം നിലനിന്നിരുന്ന കാലമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. സംഭവം നടന്ന കാലഘട്ടത്തിന്റെ കാര്യത്തിൽ ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്ന, അവസാന ചേരരാജാവിന്റെ ഇസ്ലാം സ്വീകരണവും മക്ക യാത്രക്കും ശേഷമാണ് സ്വരൂപ കേന്ദ്രീകൃതമായ രാജഭരണ കാലഘട്ടത്തിന് തുടക്കം കുറിക്കുന്നത്. അഥവാ, പതിനൊന്നാം ശതകത്തോടു കൂടി കേരളം അഭ്യന്തരവും വൈദേശികവുമായ കാരണം കൊണ്ട്‌ ശിഥിലമാവുകയും ശക്തമായ കേന്ദ്രനേതൃത്വത്തിന്റെ അഭാവത്തിൽ നായന്മാരായ നാട്ടുപ്രമാണിമാരെ ഉയർത്തിക്കൊണ്ടു വരികയും ചെയ്തു. തുടര്‍ന്നുള്ള  ആറേഴ് ശതകങ്ങളിൽ ഈ പ്രമാണിമാർ തമ്മിൽ ശക്തമായ സമരങ്ങളിൽ മുഴുകുന്നതാണ് കാണാൻ കഴിയുക. വിജയികളും പ്രബലരുമായവർ തങ്ങൾ ക്ഷത്രിയരാണെന്ന് അവകാശപ്പെട്ടു പോന്നു. ജന്മംകൊണ്ട് ക്ഷത്രിയർ ആയിരുന്നില്ലെങ്കിലും രാഷ്ട്രീയവും സൈനികവുമായ വിജയം കൊണ്ടുയർച്ച കൈവരിച്ചവരായിരുന്നു അവർ. സഹ്യപർവ്വതത്തിന്റെ പ്രത്യേക സ്ഥാനം നിമിത്തം ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിൽ നിന്നും പാടെ വ്യത്യസ്തമായ രാഷ്ട്രീയ സമ്പ്രദായങ്ങളവിടങ്ങളില്‍ വളർന്നു വരുന്നതാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. അപ്രകാരം സൃഷ്ടിക്കപ്പെട്ട രാജാക്കന്മാരെല്ലാവരും തന്നെ തങ്ങൾ ചേരചക്രവർത്തിയുടെ പിന്തുടർച്ചക്കാരണന്നാണ് അവകാശപ്പെട്ടു. ഇവർക്ക് താഴെയാണ് ഓരോ ദേശത്തെയും പ്രധാനികളായ നായർ പ്രമുഖർ വളർന്ന് വരുന്നത്. ഈ ദേശത്തലവന്മാർ അതാതു നാടുവാഴി തമ്പ്രാക്കളോട് വിശ്വസ്തത പാലിച്ചുവന്നു.

ചേരന്മാർക്ക് ശേഷ രാഷ്ട്രീയമായും സൈനികമായും സാമ്പത്തികമായും മുന്നിട്ടു നിന്നിരുന്നത് വേണാട്, കോലത്തുനാട്, കോഴിക്കോട്, കൊച്ചി, വള്ളുവനാട് തുടങ്ങിയ രാജ്യങ്ങളായിരുന്നു. മറ്റെല്ലാ നാട്ടുരാജ്യങ്ങളും മേൽ പറഞ്ഞ രാജ്യങ്ങളുടെ മേൽക്കോയ്മ അംഗീകരിച്ചുകൊണ്ട് അവയുടെ നിയന്ത്രണത്തിലും ആശ്രയത്തിലും കഴിഞ്ഞു വരുന്നവരായിരുന്നു എന്ന് പറയാം. എന്നാൽ, കാലക്രമേണ ഉണ്ടാ‍യ രാഷ്ട്രീയ ധ്രുവീകരണത്തെ തുടർന്ന് കൊച്ചിയും കോലത്തുനാടും പിന്നീട് കോഴിക്കോട്ടെ സാമൂതിരിക്ക് വിധേയമാക്കപ്പെട്ടു. മേല്‍ അധികാര കേന്ദ്രങ്ങളുടെ സുഗമമായ നടത്തിപ്പിന്നായാണ് അവർ പ്രാദേശിക കേന്ദ്രീകൃതമായ ഒരുതരം മാടമ്പി ഭരണത്തിന് അനുമതി നല്‍കുന്നത്. രാജാവിന്റെ മേല്‍ക്കോയ്മ കാലകാലം നിലനിർത്തുക, നികുതി പിരിച്ച് പൊതു ഖജാനയിലേക്കെത്തിക്കുക, രാജാവിന്റെ യുദ്ധാവശ്യത്തിലേക്കുള്ള പടയാളികളേയും സമ്പത്തും ശേഖരിച്ചു നല്‍കുക, വര്‍ണ്ണവ്യവസ്ഥ നിയമങ്ങൾ കര്‍ശനമായി പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുക തുടങ്ങിയവയൊക്കെയായിരുന്നു അവരുടെ ഉത്തരവാദിത്വങ്ങൾ. ഈ പഴുതിലൂടെയാണ് അതുവരെ മാറിനിന്നിരുന്ന നമ്പൂതിരിമാർ രാജ്യഭരണപരമായ കാര്യങ്ങളിൽ നിയന്ത്രിതമായ അധികാ‍രങ്ങൾ കൈയാളാൻ തുടങ്ങുന്നത്. രാജാവിനുപോലും വിധേയരല്ലാത്ത ചില നായര്‍ മാടമ്പിമാർ കുടിയാൻമാരുടെ മേൽ ആധിപത്യം സ്ഥാപിച്ച് കൊല്ലും കൊലയും ഇക്കാലയളവില്‍ നിര്‍ഭാദം നടത്തിപ്പോന്നു.

ഓരോ പ്രദേശത്തിന്റേയും അധീശത്വം അവകാശപ്പെട്ടിരുന്ന ഈ ഭൂപ്രഭുക്കന്മാരുടെ പ്രധാന വരുമാന മാര്‍ഗ്ഗം കൃഷി ആയിരുന്നു. ഭൂമിയുടെ ഏകാവകാശികൾ എന്ന നിലയിൽ അതിന്റെ നിയന്ത്രണത്തിലൂടെ നാടിന്റെ പൊതുഭരണവും നീതിനിര്‍വ്വഹണവും സ്വതന്ത്രമായി അവർ നിര്‍വ്വഹിച്ചു. സ്വാഭാവികമായും, വയലില്‍ കൃഷി ചെയ്യുന്ന താഴ്ന്ന ജാതികള്‍ എന്നറിയപ്പെട്ട കുടിയന്മാർ കഠിനമായ ജോലികളിൽ ഏര്‍പ്പെട്ടുകൊണ്ട് നരകയാതനയാണ് അക്കാലയളവിൽ അനുഭവിച്ച് പോന്നത്. അതിനാൽ തന്നെ, ബുദ്ധാനന്ദര കാലത്ത്‌ രൂപപ്പെട്ട ജാതിയതയുടെ തീനാളങ്ങൾ ഏറ്റവും ശക്തമായി അനുഭവപ്പെട്ട കാലമായിരുന്നു അതെന്ന് പറയാം.

പോർച്ചുഗീസുകാർ കേരളത്തിലെത്തുമ്പോൾ പരസ്പരവൈരവും അധികാരമത്സരവും കാരണം രാഷ്ട്രീയ ഐക്യം നഷ്ടപ്പെട്ട ഈ കേരളവുമാണ് അവർക്കിവിടെ കാണാൻ കഴിഞ്ഞിരുന്നത്. വിദേശാധിനിവേശങ്ങളുടെ കാലത്തും അതിന്റെ പരിമിതികള്‍ക്കുള്ളിൽ നിന്നുകൊണ്ട് തന്നെ ഭൂമിയുടെ ഉടമസ്ഥാവകാശവും ഒരു പരിധിവരെയെങ്കിലും നീതി നിര്‍വ്വഹണവും സാമ്പത്തിക അധീശത്വവും മേല്‍ നാട്ടുരാജ്യാധികാര കേന്ദ്രങ്ങൾ നിര്‍വ്വഹിച്ചു പോന്നു എന്നുള്ളത് പ്രത്യേകം പ്രസ്താവ്യമാണ്. അതുപ്രകാരം, വള്ളുവക്കന്മാർ, പോര്‍ച്ചുഗീസുകാർ, ബ്രിട്ടീഷുകാർ, ടിപ്പു സുല്‍ത്താന്‍, മഞ്ചേരി കോവിലകം തുടങ്ങി 1947ലെ സ്വതന്ത്ര സര്‍ക്കാര്‍ വരെയുള്ള കാലത്തെ അനിവാര്യമായ മാറ്റങ്ങൾക്ക് ഈ പ്രദേശവും പാത്രമായത് മണ്ണാർമല കേന്ദ്രീകരിച്ചായിരുന്നു എന്ന് പറയാം.

പ്രവിശാലമായ ചുങ്കവും അതിന്റെ ചുറ്റുവട്ട പ്രദേശങ്ങൾക്കുമിടയിൽ വയലും കുന്നും മലകളും മരങ്ങളും മാത്രം സ്ഥിതിചെയ്യുന്ന മണ്ണാർമല എന്ന ഈ വനസമാനമായ ഉള്‍പ്രദേശം ഒരു കാലത്തീ നാട് നിറഞ്ഞു നിന്ന സർവ്വാധികാരത്തിന്റെ കേന്ദ്രബിന്ദുവായി തിരഞ്ഞെടുക്കപ്പെട്ടത് എന്തുകൊണ്ടായിരിക്കാം എന്ന ചോദ്യം പ്രസക്തമാണ്. പടിഞ്ഞാറ്‌ കൊടിയേലംകുന്നും അണിയേലംപാറയും, തെക്ക് ഉണ്ണിക്കാളിമല എന്ന തെക്കന്മലയും, വടക്ക് മുട്ടിപ്പാറക്കുന്നും തിണ്ടലീയങ്കുന്നും പിന്നെ, അവയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന പാറകളുടെ നിരകളായ മുത്തിമല, തെളിയാൻമല, കൈകോട്ടുമല, അണിയേലമ്പാറ, മുറംവെട്ടിപ്പാറ, ഉണ്ണിക്കാളികൂമ്പൻ തുടങ്ങിയവയാൽ ചുറ്റപ്പെട്ട ഈ പ്രദേശത്തിന്റെ മടിത്തട്ടിൽ പ്രകൃതി വരഞ്ഞിട്ട കവിതയാണ് മണ്ണാർമല പ്രദേശമെന്ന് പറയാം. ആറു മലകൾക്കിടയിലെ മണ്ണ് എന്ന നിലയിലാണീ പ്രദേശത്തിന് മണ്ണ്-ആറ്-മല അഥവാ മണ്ണാർമല എന്ന പേര്‌ ലഭിക്കുന്നതെന്നൊരു വാമൊഴി നിലവിലുണ്ട്. അഥവാ ഒരു കോട്ടക്കുള്ളിലെ നടുമുറ്റം പോലെ സുശക്തമായ പ്രദേശമാണ് മണ്ണാർമല പ്രദേശമെന്ന് ചുരുക്കം. അതിന്‌ ഒരു വശത്ത് നാം മുന്‍ അധ്യായത്തിൽ പരാമര്‍ശിച്ച തെക്കന്‍ മലയുടെ നിരയാണുള്ളത്. പ്രദേശത്ത് തെക്കന്‍മലയുമായി ഇത്രയും ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്ന മറ്റൊരു സ്ഥലമുണ്ടോ എന്ന് സംശയമാണ്. ഒരുപക്ഷേ, ഒരു ഭരണസിരാകേന്ദ്രം എന്ന നിലയിലീ പ്രദേശത്തിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആലോചനയിൽ അധികാരികളിലേക്ക് ആദ്യമായി കടന്നു വന്നതും ഈ ഒരു കാര്യം തന്നെ ആയിരിക്കാം. രണ്ടാമത്തെ കാരണം, വെളളത്തിന്റേയും അതുവഴി പാടശേഖരങ്ങളുടേയും നിറസാന്നിധ്യമാണ്. പ്രദേശത്ത് സമൃദ്ധമായി ഒഴുകി നീങ്ങുന്നൊരു നദിയുടെ തുടക്കം ഈ പ്രദേശത്താണന്ന് കാണാൻ കഴിയും. വെള്ളം തീരെ കുറവ് വരുന്ന കാലത്തു പോലും ഉള്ള ജലം ഒഴുകി പരന്ന് നീങ്ങുന്നതിന് മുന്നേ ഈ പ്രദേശത്ത് തടഞ്ഞ് വെക്കാനുള്ള സാധ്യതയുള്ളത് പ്രദേശത്തിന്റെ ജല ആവശ്യങ്ങള്‍ക്ക് ഏറെ സഹായകരമാണ് എന്നുള്ളതും പ്രദേശത്തിന്റെ തിരഞ്ഞെടുപ്പിന് കാരണമായ മറ്റൊരു കാര്യമാണന്ന് പറയാം. കൂടാതെ, ഞാന്‍ മുകളില്‍ പറഞ്ഞ മലനിരകളില്‍ സമൃദ്ധമായി വളരുന്ന മേത്തരം മരങ്ങളുടെ സാന്നിധ്യമാണ് മറ്റൊരു കാരണം. അതുവഴി, ധാരാളം മരഉരുപ്പടികൾ ആവശ്യമായി വരുന്ന കോവിലകം പോലുള്ള നിര്‍മ്മിതികൾക്ക് വേഗത്തിലും സുഗമമായും മരങ്ങൾ ലഭ്യമാക്കാൻ സാധിക്കുന്നു. കൂടാതെ, കരിങ്കല്ല്, വെട്ടുകല്ല് തുടങ്ങിയവയുടെ സാധ്യതകളും അതിനൊരു ഘടകമായി വർത്തിച്ചിരിക്കാം.

അഥവാ, മണ്ണാർ'മലകളുടെ താഴ്‌വരയിലൂടെ മണ്ണാര്‍ക്കാട് റോഡിലേക്ക് നീളുന്നൊരു പാതയുടെ ഓരത്തെ ഒരു പുരാതന ഭവനമാണ് ഈ അധ്യായത്തിലെ കേന്ദ്ര കഥാപാത്രമെന്ന് വേണമെങ്കിൽ പറയാം. പ്രദേശത്ത് സര്‍വ്വാധികാരിവകാശങ്ങളോടെ വാഴ്ന്നു വന്നിരുന്ന നാടുവാഴിയുടെ വസതി. മണ്ണാർമല കോവിലകം എന്ന് പ്രശസ്തമായ ആ രാജഗൃഹമായിരുന്നു ഒരു കാലത്തീ ദേശത്തിന്റെ അധികാര കേന്ദ്രം. സുദീര്‍ഘമായ ആ കാലത്തിനു മുമ്പ്‌ സമീപത്തെ ഒരു നായര്‍ ഭവനവും ആ സ്ഥാനം നിര്‍വ്വഹിച്ചു വന്നു എന്ന് ചരിത്രം പരിശോധിച്ചാൽ ബോധ്യമാകും.

മണ്ണാർമല കോവിലകവും തിരുമാന്ധാംകുന്ന് ജന്മാവകാശവും


വിശ്വാസ പ്രകാരം തിരുമാന്ധാംകുന്നിലമ്മയെ പ്രതിഷ്ഠിച്ചിരിക്കുന്ന വള്ളുവനാട് രാജ്യത്തിന്റെ പുരാതന തലസ്ഥാനമായ അങ്ങാടിപ്പുറത്തെ തിരുമാന്ധാം കുന്നിന്റെ അല്ലെങ്കിൽ തിരു മാതാം കുന്നിന്റെ ജന്മാവകാശം മണ്ണാര്‍മല രാജക്കാണന്നാണ് ചരിത്രം. മണ്ണാര്‍മല തമ്പുരാൻ തിരുമാന്ധാംകുന്ന് ഭഗവതിയെ തൊഴുന്നത് ആനയെ മറനിറുത്തിയാണന്ന് പറയപ്പെടുന്നു. ഈ 'ആനയെ മറ നിര്‍ത്തുക' എന്ന സമ്പ്രദായത്തിനു പിന്നിൽ ഒരു കഥയുണ്ട്. ഭൂമിക്കുടയവനായ തമ്പുരാൻ ക്ഷേത്രത്തിലേക്ക് എഴുന്നള്ളുമ്പോൾ ഒരുകാൽ പീഠത്തിൽ കയറ്റി വെച്ച് രൗദ്ര ഭാവത്തിൽ ഉപവിശ്ഠയായ ദേവിക്ക് എഴുന്നേൽക്കേണ്ടി വരുമല്ലോ. അതില്‍ നിന്നാണ്‌, അമ്പലത്തിലേക്കൊരു ആനയെ നടയിരുത്തിയ ശേഷം മേല്‍ ആനയുടെ മറവില്‍ നിന്നുകൊണ്ട് ക്ഷേത്ര ദര്‍ശനം നടത്തിയാൽ മതിയാകുമെന്ന വിശ്വസം രൂപപ്പെടുന്നത്. തന്നെ തൊഴുത് പ്രാര്‍ത്ഥിക്കുന്ന തന്റെ ദാസന്മാര്‍ക്കിടയിൽ നിന്നും ദേവി മണ്ണാര്‍മല തമ്പുരാനെ കാണാതിരിക്കിനാണത്രെ അപ്രകാരം ചെയ്തു വരുന്നതെന്ന് ചുരുക്കം. അഥവാ, വള്ളുവനാട്ടു രാജാക്കന്മാരുടെ കുലദേവത ക്ഷേത്രമായി അങ്ങാടിപ്പുറത്തെ തിരുമാന്ധാംകുന്ന് മാറ്റപ്പെട്ടത് അവര്‍ മണ്ണാർമല തമ്പുരാനുമായി ഉടമ്പടിപ്പെട്ടതിനാലാണന്ന് ചരിത്രം പറയുന്നു. തങ്ങളുടെതന്നെ സാമാന്തന്മാരായിരുന്ന മണ്ണാർമല തമ്പുരാനുമായി വെള്ളാട്ടിരി ഉണ്ടാക്കിയ ഉടമ്പടി പ്രകാരം തിരുമാന്ധാംകുന്നിന്റെ ജന്മാവകാശം മണ്ണാര്‍മല തമ്പുരാനിൽ നിക്ഷിപ്തമാണ്. ഈ 'മണ്ണാര്‍മല തമ്പുരാൻ ജന്മാവകാശം' കടന്നു വരുന്നത് തിരുമാന്ധാംകുന്ന് അമ്പലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട വസ്തുതകളിൽ നിന്നാണെങ്കിൽ ക്ഷേത്രം നിര്‍മ്മിതമായ കാലഘട്ടത്തെ കുറിച്ചുള്ള അന്വേഷണത്തിൽ നിന്നും മണ്ണാര്‍മല കോവിലകത്തിന്റെ കാലപ്പഴക്കത്തെ കുറിച്ച് ഒരേകദേശ ധാരണയിലെങ്കിലുമെത്തിച്ചേരാൻ നമുക്ക് സാധിച്ചേക്കും.

തങ്ങളുടെ പരദേവതയായിരുന്ന അങ്ങാടിപ്പുറത്തെ തിരുമാന്ധാംകുന്നു ഭഗവതീക്ഷേത്രത്തിനു ചുറ്റുമായി കഴിഞ്ഞുകൂടിയിരുന്ന വള്ളുവക്കണക്കന്മാരുടെ ഇടയിലേക്ക് മദ്ധ്യകേരളത്തിൽ നിന്ന് കടൽമാർഗ്ഗം എത്തിപ്പെട്ട് അധികാരം സ്ഥാപിച്ചെടുത്തവരാണ് വള്ളുവക്കോനാതിരിമാർ എന്നും തന്മൂലമാണ് അവരുടെ രാജ്യത്തിന് വള്ളുവനാട് എന്ന് പേർ കിട്ടിയതെന്നുമെന്ന നിരീക്ഷണം മുന്നോട്ട് വെക്കുന്ന പ്രശസ്ത ചരിത്രകാരൻ ഡോ രാജേന്ദുവിന്റെ അഭിപ്രായം പരിഗണിച്ചാൽ വള്ളുവക്കോനാതിരിമാരുടെ കാലഘട്ടത്തിന് മുന്നേ തിരുമാന്ധാംകുന്ന് ക്ഷേത്രം സജീവമായി പ്രദേശത്ത് നിലനിന്നിരുന്നു എന്ന് പറയേണ്ടി വരും. ക്ഷേത്ര നിര്‍മ്മാണ കാലത്ത് അതിനുള്ള സ്ഥലം സംഭാവന നൽകാൻ ആ സ്ഥലത്തിന്റെ ഉടമസ്ഥർ എന്ന നിലയില്‍ മണ്ണാര്‍മല രാജസ്ഥാനം അന്നേ ഉണ്ടാകാതിരിക്കാൻ തരമില്ലല്ലോ.

പില്‍ക്കാല ചേരന്മാർക്ക് ശേഷം കേരളത്തിൽ പ്രാഥമികമായി പ്രത്യക്ഷപ്പെടുന്ന നാട്ടുരാജ്യങ്ങളിലൊന്നാണ്‌ വള്ളുവനാട്. എന്നാൽ, 'വള്ളുവക്കോനാതിരി മൂപ്പിൽ നായര്‍' എന്നും 'കോതൈക്കടുങ്ങോനായ കോവില്‍ കരുമികള്‍' എന്നും അറിയപ്പെടുന്ന വെള്ളാട്ടിരിമാരുടെ മേല്‍ പേരിലെ 'കടുംകോൻ' എന്ന പുരാതന ദ്രാവിഡ നാമത്തിലുള്ള സ്ഥാനപ്പേര് അവരുടെ ഉല്‍പത്തി ആദി ചേരന്മാരുടെ കാലത്തു തന്നെ സംഭവിച്ചിട്ടുണ്ടായിരിക്കാമെന്ന നിഗമനത്തിലെത്തി ചേരാൻ സാധിക്കുന്നു. അങ്ങനെയെങ്കിൽ ഒന്നാം ചേരസാമ്രാജ്യം രൂപപ്പെട്ട ബിസി 500 കളിലോ പില്‍ക്കാല ചേരവംശം അവസാനിച്ച എഡി 13 ആം നൂറ്റാണ്ടോടു കൂടിയോ ആയിരുന്നിരിക്കണം വള്ളുവക്കോനാതിരിമാർ വള്ളുവനാടിന്റെ അധികാരം അധീനപ്പെടുത്തുന്നത് എന്നും അക്കാലത്തും തിരുമാന്ധാംകുന്ന് ക്ഷേത്രം സജീവമായി അവിടെ നിലനിന്നിരുന്നു എന്നും പറയേണ്ടി വരും. അഥവാ, അന്നേ മണ്ണാര്‍മല രാജസ്വരൂപം ഈ ദേശത്തുണ്ടായിരുന്നു എന്ന നിഗമനത്തിലെത്തിച്ചേരേണ്ടി വരുമെന്ന് ചുരുക്കം.

ഇനി, തിരുമാന്ധാംകുന്ന് ക്ഷേത്ര പരിപാലനം വള്ളുവക്കണക്കന്മാരിൽ നിന്നും വള്ളാട്ടിരിമാരേറ്റെടുത്ത ശേഷം രാജ്യത്തിന്റെ കുലദൈവമായി തിരുമാന്ധാംകുന്നിലമ്മയെ അംഗീകരിക്കുന്നതിന്റെ ഭാഗമായി നടന്ന ഏതെങ്കിലുമൊരു പ്രക്രിയകൾക്കിടയിലാണ് 'മണ്ണാര്‍മല തമ്പുരാൻ ജന്മാവകാശം' രൂപപ്പെടുന്നെങ്കിൽ കൂടി മണ്ണാര്‍മല രാജയുടെ ഉല്‍പത്തി ബിസി 500നു തൊട്ട് ശേഷമോ പില്‍ക്കാല ചേരവംശം അവസാനിച്ച എഡി 13ആം നൂറ്റാണ്ടിന്റെ ഒടുവിലോ ആയിരുന്നിരിക്കണമെന്ന നിഗമനത്തിലുമെത്തിച്ചേരേണ്ടി വരും. എന്നിരുന്നാലും, വള്ളുവനാട് രാജ്യ രൂപീകരണ ശേഷമാണ് 'മണ്ണാര്‍മല തമ്പുരാൻ ജന്മാവകാശം' രൂപപ്പെടുന്നത് എന്നുള്ള നിഗമനം തീര്‍ത്തും അംഗീകരിക്കാൻ കഴിയാത്തതാണ്. കാരണം, തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം പോലെ, സാമൂതിരിമാരുടെ തളി ശിവ ക്ഷേത്രം പോലെ, കൊച്ചി രാജാക്കന്മാരുടെ ശ്രീപൂർണ്ണത്രയീശ ക്ഷേത്രം പോലെ, വള്ളുവക്കോനാതിരിമാർ അവരുടെ കുലദൈവത്തെ അതിപുരാതന കാലം തൊട്ടേ ആഘോഷിച്ചും ആരാധിച്ചും പോന്നിരുന്നു. തങ്ങളുടെ അന്തസ്സിന്റെ ഭാഗമായികണ്ട് വളരെ ഉയർന്ന നിലയിലാണ് ക്ഷേത്ര പരിപാലന കര്‍മ്മമവർ അനുഷ്ഠിച്ച് പോന്നിരുന്നത്. തങ്ങളുടെ രാജ്യം തന്നെ പ്രതിഷ്ഠക്കു മുന്നില്‍ സമര്‍പ്പിച്ച് തീര്‍ത്തും ഭക്തിസാന്ദ്രമായിട്ടവർ ജീവിച്ചു വന്നത് എന്ന് ചരിത്രത്തിൽ കാണാൻ സാധിക്കും. അതെത്രത്തോളമെന്നാൽ, വള്ളുവനാട് രാജ്യത്തിന്റെ പതനത്തിന് പോലും രാജാവിന്റെ ഈ അമിത ദൈവഭക്തി കാരണമായി എന്ന് ചൂണ്ടിക്കാണിക്കുന്ന ചരിത്രകാരന്മാരുണ്ട്. അങ്ങനെയിരിക്കെ, മേല്‍ കാലഘട്ടത്തിനിടയിൽ എപ്പോഴെങ്കിലും തിരുമാന്ധാംകുന്നമ്പലത്തിന്റെ നിര്‍മ്മാണവുമായോ അതിന്റെ നവീകരണമായോ ബന്ധപ്പെട്ട് ഏതെങ്കിലുമൊരു വെള്ളാട്ടിരിക്കൊരു സംഭാവന സ്വീകരിക്കേണ്ടി വരാനുള്ള സാധ്യത തീരെ ഇല്ല തന്നെ. അഥവാ, മേല്‍ 'ജന്മാവകാശം' കടന്നു വരുന്നത് വള്ളാട്ടിരിമാർക്ക് മുന്നേയോ അവരുടെ കാലഘട്ടത്ത് തൊട്ടുടനേയോ ആണെന്ന നിഗമനത്തിലെത്തിച്ചേരാൻ അതുവഴി സാധിക്കുന്നു എന്ന് ചുരുക്കം.

വള്ളുവനാട് ആധിപത്യ കാലം


കേരളത്തിന്റെ പൗരാണിക ഉത്ഭവം ഏറ്റവും ഒടുവിലത്തെ ചേരമാൻ പെരുമാളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. പാരമ്പര്യമനുസരിച്ച് എഡി 1100 കാലഘട്ടത്ത് അഖില കേരള ഭരണാധികാരി ചേരരാജാവ് മക്കയിലേക്ക് പോകുന്നതിന് തൊട്ട് മുമ്പ് തന്റെ രാജ്യം ഒട്ടേറെ സാമന്തന്മാർക്ക് വീതിച്ചു നല്‍കി എന്ന് പറയപ്പെടുന്നുണ്ട്. കേരളോൽപ്പത്തിയിലും ഈ കഥ ആവര്‍ത്തിക്കുന്നു. പക്ഷേ, അതിൽ പറയുന്നതിനനുസരിച്ച് ചേരമാൻ പെരുമാള്‍ മക്കയിലേക്ക് പോയത് ഇസ്ലാമിന്റെ സത്യം കണ്ടെത്തിയതു കൊണ്ട് മാത്രമല്ല. മറിച്ച്, വേദവിധികളിൽ പരിഹാരമില്ലാത്ത ഗുരുതരമായ എന്തോ ഒരു പാപം അദ്ദേഹം ചെയതത് കൊണ്ടാണെന്നാണ് പറയുന്നത്. തുടർന്ന്, ബന്ധുക്കള്‍ക്കും മാടമ്പിമാർക്കും പ്രദേശങ്ങളൊക്കെയും വീതിച്ചു നല്‍കിയ ശേഷം മക്കയിലേക്ക് കപ്പല്‍ കയറാൻ തുടങ്ങിയപ്പോളാണ്‌ താന്‍ സാമൂതിരിയെ മറന്നുപോയ കാര്യം പെരുമാൾ ഓര്‍മ്മിക്കുന്നത്. പക്ഷേ, അപ്പോഴേക്കും കോഴി കൂവിയാല്‍ കേള്‍ക്കുന്ന ചുറ്റുവട്ടമൊഴികെയുള്ള ബാക്കി പ്രദേശങ്ങളൊക്കെയും പെരുമാള്‍ വിഭജിച്ചു കഴിഞ്ഞിരുന്നു. എങ്കിലും, തീരെ ചെറിയൊരു പ്രദേശമാണങ്കിൽ കൂടി സാമൂതിരി അത് സ്വീകരിച്ചു തൃപ്തിയടഞ്ഞു. പെരുമാൾ തന്റെ വാളും അതോടൊപ്പം നല്‍കികൊണ്ട് അയല്‍ രാജ്യങ്ങളൊക്കെയും വെട്ടിപ്പിടിച്ച് രാജ്യം വികസിപ്പിക്കാനുള്ള അധികാരവും സാമൂതിരിക്ക് നല്‍കി എന്നും പുരാണം സമര്‍ത്ഥിക്കുന്നുണ്ട്. ഒരുപക്ഷേ, അതേ കാലഘട്ടത്തു തന്നെ ആയിരിക്കാം വള്ളുവക്കന്മാരും രൂപപ്പെടുന്നത്. എന്നാൽ, മേല്‍ കഥയുമായി അവര്‍ക്ക് നേരിട്ടുള്ള ബന്ധമുണ്ടോ എന്ന് ചരിത്രകാരന്മാര്‍ക്കിടയിൽ അഭിപ്രായ ഭിന്നതയുള്ള കാര്യമാണ്. മറിച്ച് അവരുടെ ചരിത്രം പ്രതിപാദിക്കുന്നത് വന്നു ചേര്‍ന്ന് കീഴ്പ്പെടുത്തുന്ന കണക്കേയാണ്. ചേരമാൻ പെരുമാളിൽ നിന്നും ലഭിക്കുന്ന സവിശേഷാധികാരത്തിന്റെ തണലില്‍ രാജ്യങ്ങൾ വെട്ടിപ്പിടിക്കാനിറങ്ങിയ സാമൂതിരിയുടെ ആദ്യത്തേതും പ്രധാനപ്പെട്ടതുമായ ശത്രുപക്ഷമായിരുന്നു വള്ളുവനാട്. ഒരുപക്ഷേ, അതിലേക്കവരെ നയിച്ച പ്രധാന കാരണം വള്ളുവനാട് ഭരിച്ചു വരുന്നത് പെരുമാളാൽ അധികാരം ലഭിച്ച കൂട്ടരല്ല എന്നുള്ളതും, മറിച്ച് വരത്തന്മാരാണെന്നുമുള്ള അവരുടെ ചിന്തയായിരിക്കാം. അതിന്റെ കൂടി ഭാഗമാണ് തങ്ങളുടെ പൂര്‍വ്വികര്‍ (പെരുമാക്കന്മാർ) കൊണ്ടാടിയിരുന്ന മകം നാളിലെ വ്യപാരോത്സവമായ മാമാങ്കത്തിന്റെ രക്ഷാപുരുഷസ്ഥാനം ആദ്യമെ തട്ടിയെടുത്തുകൊണ്ട് സാമൂതിരി ദീര്‍ഘകാലത്തെ വള്ളുവനാടൻ ചാവേര്‍ യുദ്ധ ചരിത്രത്തിന് തുടക്കം കുറിക്കുന്നത്.

അങ്ങാടിപ്പുറത്തെ തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിനു ചുറ്റുമായി കഴിഞ്ഞുകൂടിയിരുന്ന വള്ളുവക്കണക്കന്മാരുടെ ഇടയിലേക്ക് മദ്ധ്യകേരളത്തിൽ നിന്ന് കടൽമാർഗ്ഗം എത്തിപ്പെട്ട് അധികാരം സ്ഥാപിച്ചെടുത്തവരാണ് വള്ളുവനാടിന്റെ ഭരണാധികാരികളായ വള്ളുവക്കോനാതിരിമാർ എന്നാണ് ചരിത്രം പറയുന്നത്. തന്മൂലമാണ് അവരുടെ രാജ്യത്തിന് വള്ളുവനാട് എന്ന് പേർ കിട്ടിയതെന്നും അനുമാനിക്കുന്നു (അതങ്ങനെയല്ല, ആദ്യമെ മേല്‍ പ്രദേശത്തിന്റെ പേര്‌ വള്ളുവനാട് എന്നായിരുന്നു എന്നൊരു നിഗമനവും നിലവിലുണ്ട്). 'വള്ളുവക്കോനാതിരി മൂപ്പിൽ നായർ' എന്നറിയപ്പെട്ടിരുന്ന അവർ വള്ളുവക്കോനാതിരി എന്ന കോതൈക്കടുങ്ങോനായ കോവിൽകരുമികൾ എന്നും വിളിക്കപ്പെട്ടിരുന്നു. അതിലെ കടുംകോൻ എന്ന പുരാതന ദ്രാവിഡനാമം അവര്‍ക്ക് ചേരകാലത്തോളം പഴക്കമുണ്ടാകാമെന്ന നിഗമനത്തിന്റെ സൂചനയാണെന്ന് മനസ്സിലാക്കാം. അഥവാ, അവരുടെ ഉല്‍പ്പത്തി ചേരകാലത്തോ അതിന്റെ ഒടുക്കമോ ആയിരിക്കാം നടന്നിരിക്കുക എന്ന കാര്യത്തിൽ ചരിത്രകാരന്മാര്‍ക്കിടയിൽ അഭിപ്രായ ഭിന്നതയില്ല. അതുപ്രകാരം, ചേരവംശം അവസാനിച്ച ഏഡി 1300 കാലം വള്ളുവനാട് രാജ്യം രൂപപ്പെട്ട് കഴിഞ്ഞിട്ടുണ്ടന്ന് തീര്‍ച്ചയാണ്. അഥവാ, അന്നേ വരെ ചേര ഭരണത്തിന്റെ തണലില്‍ ശക്തമായി നിലനിന്നിരുന്ന കേരള രാഷ്ട്രീയ പരിസരം പുതിയൊരു രീതിയിലേക്കും ഭാവത്തിലേക്കും വഴിമാറിയതിന്റെ തിരയനക്കം ഈ പ്രദേശത്തേക്കും വീശിയടിച്ചത് വള്ളുവക്കോനാതിരിമാരുടെ കൈപിടിച്ചിയിരുന്നെന്ന് പറയാം.

ഏറനാടിനെ വള്ളുവനാടുമായി വേർത്തിരിക്കുന്ന മലപ്പുറത്തെ പന്തലൂർ മലകൾ മുതൽ പൊന്നാനി വരെയാണ് ആദ്യകാലത്താ രാജ്യത്തിന്റെ വിസ്തൃതി എന്ന് വാമൊഴികൾ നിലവിലുണ്ട്. അഥവാ, ഇന്നത്തെ പെരിന്തൽമണ്ണ, മണ്ണാർക്കാട് എന്നീ താലൂക്കുകളും പിന്നീട്, നെടുങ്ങനാട്ടിൽ നിന്നും കൂട്ടിച്ചേർത്ത പട്ടാമ്പി, ഒറ്റപ്പാലം, പൊന്നാ‍നി എന്നീ താലൂക്കുകളും, ഏറനാട്, പാലക്കാട് താലൂക്കുകളുടെ ചില ഭാഗങ്ങളും ചേർന്നതാണ് ആറങ്ങോട്ടുസ്വരൂപമെന്ന പേരിലറിയപ്പെടുന്ന പഴയ വള്ളുവനാട് രാജ്യമെന്ന് ചുരുക്കം. എന്നാൽ, സാമൂതിരിപ്പാട് പടിഞ്ഞാറൻ തീരത്ത് അറബികളുടെ സഹായത്താൽ ശക്തമായ സാന്നിദ്ധ്യം ഉറപ്പിക്കുകയും വള്ളുവനാട്ടിലെ കുറേ സ്ഥലങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതോടെയാണ് രംഗവും അതിര്‍ത്തികളും മാറ്റപ്പെട്ടത്.

മൈസൂർ പ്രദേശങ്ങളിൽ നിന്ന് ഗൂഡല്ലൂർ വഴി നിലമ്പൂരും കടന്ന് കൊടുങ്ങല്ലൂരിനടുത്ത് മതിലകം വരെയും, മധുരയിൽ നിന്ന് പാലക്കട് ചുരം വഴി മണ്ണാർക്കാടും കടന്ന് കോഴിക്കോട്ടേക്കും പോയിരുന്ന പ്രാചീന നാട്ടുപാതകൾ അങ്ങാടിപ്പുറത്തിനു തൊട്ടടുത്ത് പെരിന്തൽമണ്ണയിൽ സന്ധിച്ചിരുന്നു. ഈ നാൽക്കൂട്ടപ്പെരുവഴിയുടെ വ്യാപാരസാദ്ധ്യതകൾ കണക്കിലെടുത്തുകൊണ്ടാകാം വള്ളുവക്കോനാതിരി തന്റെ ഭരണകേന്ദ്രം അങ്ങാടിപ്പുറത്തും പരിസരത്തുമായി കേന്ദ്രീകരിച്ചത് എന്ന് മനസ്സിലാക്കാൻ കഴിയും. എന്നാൽ, അങ്ങാടിപ്പുറത്തേക്കാൾ പ്രബലമായി വളര്‍ന്ന് വന്നത് സമീപത്തെ പെരിന്തല്‍മണ്ണ ആയിരുന്നു. രാജധാനിക്ക് സമീപം തന്നെ ഒരു പ്രധാന വാണിജ്യ കേന്ദ്രമായി പെരിന്തല്‍മണ്ണയെ വളർത്തി കൊണ്ടുവരാനുണ്ടായ സാഹചര്യത്തെ കുറിച്ച് ചരിത്രം വാചാലമാകുന്നുണ്ട്. പുരാതനകാലത്തെന്നോ പ്രദേശത്തുണ്ടായ ഏതോ ഒരു വമ്പിച്ച കൂട്ട തല്ലില്‍ നിന്നാണത്രെ പെരിന്തല്‍മണ്ണ എന്ന പേർ പ്രദേശത്തിനു മേല്‍ ചാര്‍ത്തപ്പെടുന്നത്. കൂടാതെ, വള്ളുവകോനാതിരിയുടെ സേനാനായകനായിരുന്ന കക്കൂത്ത് നായരുടെ അധ്യക്ഷതയിൽ പണ്ടുകാലത്ത് വർഷം തോറും ഇവിടെ കായികാഭ്യാസപ്രകടനം അഥവാ ഒരു പെരുംതല്ല് മത്സരം അരങ്ങേറിയിരുന്നു എന്നും പറയപ്പെടുന്നു. ഒരുപക്ഷേ, അതിനെ കാലാന്തരത്തില്‍ പേരും തല്ലായി പറഞ്ഞു വരാനും സാധ്യത കാണുന്നു. രണ്ടായാലും, പെരും തല്ലുകൾ നടന്നു വന്നിരുന്ന മണ്ണ് എന്ന നിലയിലാണ് ഈ പ്രദേശം അറിയപ്പെട്ടു വന്നത്.

വള്ളുവക്കോനാതിരിയുടെ കുടുംബം കടന്നമണ്ണ, ആയിരനാഴി, മങ്കട, അരിപ്ര എന്നീ നാലുതാവഴികളായിയാണ് പിരിഞ്ഞു കിടക്കുന്നത്. ഈ താവഴികളിലെ മൂത്ത പുരുഷപ്രജയാണ് വള്ളുവക്കോനാതിരി മൂപ്പിൽ നായർ എന്ന സ്ഥാനം സ്വീകരിച്ച് വള്ളുവനാടിന്റെ അധികാരസ്ഥനാകുന്നത്. മേല്‍ മുഴുവൻ കുടുംബത്തിലേക്കും ഏറ്റവും പ്രായം ചെന്ന സ്ത്രീപ്രജ കുളത്തൂർ തമ്പുരാട്ടി എന്നും തൊട്ടടുത്ത ഇളയ സ്ത്രീപ്രജ കടന്നോൺ മൂത്ത തമ്പുരാട്ടി എന്നും അറിയപ്പെട്ടിരുന്നു. കുടുംബത്തിലെ അഞ്ചാംകൂറു വരെയുള്ള കുടുംബാംഗങ്ങൾക്കാണ് ഭരണത്തിൽ സ്ഥാനമുണ്ടായിരുന്നത്. പ്രധാനമന്ത്രി സ്ഥാനത്ത് കരുവയൂർ മൂസ്സതായിരുന്നു. തൊട്ടുതാഴെ ചെറുകര പിഷാരടി, അപ്പംകുളം പിഷാരടി, കുളത്തൂർ വാര്യർ, പാതിരമണ്ണ വെള്ളോടി, എളുമ്പുലാക്കാട് അച്ചൻ, പറക്കാട് നായർ, കക്കൂത്ത് നായർ, മണ്ണാർമല നായർ എന്നിവരും. കൂടാതെ, രണ്ട് നായന്മാർ, രണ്ട് നമ്പൂതിരിമാർ, രാജകുടുംബത്തിൽ നിന്നുള്ള രണ്ടു പേർ എന്നിങ്ങനെ നാമനിർദ്ദേശം ചെയ്യപ്പെട്ടവരും ചേർന്ന് 14 സ്വരൂപികളായിരുന്നു ഭരണതലത്തിൽ ആകെ ഉണ്ടായിരുന്നത്. രാജപുരോഹിതസ്ഥാനം പാതായ്ക്കര, എലംകുളം എന്നീ മനകൾക്കായിരുന്നു ഉണ്ടായിരുന്നത്. നാലുവീട്ടിൽ പണിക്കന്മാർ എന്നറിയപ്പെട്ടിരുന്ന വയങ്കര, വേർക്കോട്ട്, ചെന്ത്രത്തിൽ, പുതുമന എന്നീ പണിക്കർമാരായിരുന്നു പടനായകന്മാർ.

പ്രവിശാലമായ വള്ളുവനാട് രാജ്യത്തിന്റെ ഓരോ ഭാഗങ്ങളിലും ശക്തരായ ഭൂപ്രഭുക്കന്മാരെയാണ് ഇത്തരത്തിൽ അതാതു പ്രദേശത്തിന്റെ അധികാര സ്ഥാനം കൈകാര്യം ചെയ്യാൻ വള്ളുവക്കോനാതിരി നിയമിച്ചിരുന്നത്. അവർ കോനാതിരിയുടെ സര്‍വ്വാധിപത്യം അംഗീകരിച്ചു കൊണ്ടുതന്നെ ഒരു ജനാതിപത്യ രാജ്യത്തിലെ കേന്ദ്രാധികാര സ്ഥാനത്തിനു കീഴിലെ ഗവര്‍ണര്‍ സ്ഥാനം പോലെ തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിച്ചു പോന്നു. അവരില്‍ നിന്ന് തന്നെ തിരഞ്ഞെടുക്കപ്പെടുന്നവരാണ് കോനാതിരിയുടെ നേതൃത്തിലുള്ള ഭരണ സംവിധാനത്തിന്റെ ഭാഗമായി മാറുന്നതും. അതിലൊരു സുപ്രധാനമായ സ്ഥാനം അലങ്കരിക്കുന്ന നാടുവാഴിയായിരുന്നു മുകളില്‍ പറഞ്ഞുവെച്ച മണ്ണാർമല നായന്മാർ. ഇന്നത്തെ മണ്ണാർമല കോവിലകം നില്‍ക്കുന്നതിന്റെ പിന്നിലുണ്ടായിരുന്ന നായര്‍ തറവാടുമായി ഈ ചരിത്ര സന്ധിക്ക് അഭേദ്യമായ ബന്ധമുള്ളതായി കാണാൻ കഴിയും. ടിപ്പു സുല്‍ത്താന്റെ മലബാര്‍ അധിനിവേശത്തിന് മുമ്പ് വള്ളുവക്കോനാതിരിയുടെ അധികാര നിര്‍വ്വഹണ വിഭാഗങ്ങളായ കരുവയൂർ മൂസ്സത്, ചെറുകര പിഷാരടി, അപ്പംകുളം പിഷാരടി, കുളത്തൂർ വാരിയർ, പാതിരമണ്ണ വെള്ളോടി, എളുമ്പുലാക്കാട് അച്ചൻ, പറക്കാട് നായർ, കക്കൂത്ത് നായർ എന്നിവരോടൊപ്പം മണ്ണാർമല നായരും ഉയർന്ന് വന്നത് അവരുടെ പ്രാഗല്ഭ്യം കണക്കിലെടുത്ത് തന്നെയാകാം. ഈ പ്രദേശത്തിന്റെ പേരിനോട് ചേര്‍ത്ത് പറയുന്ന വള്ളുവക്കോനാതിരിയുടെ അധികാര ഘടനയിലൊരു ഭാഗമായ ആ നായര്‍ കുടുംബം കോവിലകത്തിന് സമീപത്തുള്ള മേല്‍ നായര്‍ കുടുബം തന്നെയാണ് എന്നുള്ളത് വാമൊഴികളും വസ്തുതകളും മുന്നില്‍ വെച്ച് സമര്‍ത്ഥിക്കാന്‍ സാധിക്കും. അതിനെ കുറിച്ച് പിന്നീട് വിശദമായി പ്രതിപാദിക്കുന്നുണ്ട്. പ്രദേശത്തെ ഹരിജനങ്ങളും ആദിവാസി ജനവിഭാഗങ്ങളും ആ കുടുംബാംഗങ്ങളെ തമ്പുരാൻ/ തമ്പുരാട്ടി എന്നുതന്നെയാണ് ഇന്നും വിളിച്ചു വരുന്നത്.

ചരിത്രത്തിന്റെ ഒരു ഘട്ടത്തിൽ കേവലം പടയാളായി മാത്രം നിറഞ്ഞു നിന്നിരുന്ന നായന്മാർ ഏത് ഘട്ടത്തിലാണ് രാജാധികാര ശ്രേണിയിലേക്ക് കടന്ന് വരുന്നത് എന്നതിനെ ചൊല്ലി അനേകം പഠനങ്ങൾ നിലവിലുണ്ട്. ചാതുർവ്വർണ്യ ക്രമമനുസരിച്ച് ബ്രാഹ്മണർ നായന്മാരെ ഹിരണ്യഗർഭം എന്ന ചടങ്ങ് നടത്തിയാണ് അവരെ ക്ഷത്രിയ സാമന്ത രാജാക്കന്മാരാക്കി മാറ്റിയത് എന്ന് കാണാൻ കഴിയും. ഇവരുടെ എണ്ണം വളരെ കുറവായിരുന്നു. ഏറാടി, വെള്ളോടി, നെടുങ്ങാടി, അടിയോടി, നായനാർ, ഉണിത്തിരി, കിടാവ്‌, മൂപ്പിൽ നായർ തുടങ്ങിയ നായര്‍ കുടുംബങ്ങളൊക്കെയും ഈ വിഭാഗമായാണ് ഗണിക്കപ്പെടുന്നത്. രാജാധികാരം അഥവാ ഭരണാധികാരികാരമുള്ള ഇവരെ 'സാമന്ത നായർ' എന്നാണ്‌ വിളിച്ചിരുന്നത്. മതപരവും സാമൂഹ്യപരവുമായ സാഹചര്യങ്ങൾക്ക് വഴിപ്പെട്ട് ബ്രാഹ്മണാധിപത്യത്തിനു വഴങ്ങേണ്ടിവരുന്നതുവരെ, ബ്രാഹ്മണരോട് ആചാരപരമായും ബന്ധുതാപരമായും സേവനപരമായും ബന്ധപ്പെടാതെ വർഗ്ഗശുദ്ധി പാലിച്ചു പോന്ന ഉയർന്ന നായർ ഉപജാതിയായിരുന്ന കിരിയത്തിൽ നായന്മാർ. ഇവരിലെ സാമന്ത പദവി നേടിയ ചെറു നാട്ടുരാജാക്കന്മാരായിരുന്നു സാമന്ത നായന്മാർ. പഴയകാലത്തെ മലബാർ, കൊച്ചി പ്രദേശങ്ങളിലാണ് ഇക്കൂട്ടർ പ്രധാനമായും വസിച്ചു വന്നിരുന്നത്.

കണ്ടെടുക്കപ്പെട്ട രേഖകളിൽ ലഭ്യമായതനുസരിച്ച് നായന്മാരെക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തിയവരിൽ ഒരാൾ ഡ്വാർത്തേ ബാർബോസ എന്ന പോർച്ചുഗീസ്സുകാരനാണ്‌. A Description of the Coasts of East Africa and Malabar in the Beginning of the Sixteenth Century എന്ന തന്റെ വിഖ്യാതമായ ഗ്രന്ഥത്തിൽ ബാർബോസ നായന്മാരെക്കുറിച്ച് എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്,

“മലബാറിലെ രാജ്യങ്ങളിൽ നായർ എന്ന് വിളിക്കപ്പെടുന്ന മറ്റൊരു ജനവിഭാഗം ഉണ്ട്, കുലീനരായ ഇവർക്ക് യുദ്ധം ചെയ്യലല്ലാതെ മറ്റൊരു കടമയുമില്ല, വാളുകൾ, വില്ലുകൾ, അമ്പുകൾ, പരിചകൾ, കുന്തങ്ങൾ എന്നീ ആയുധങ്ങൾ ഇവർ സദാ വഹിക്കുന്നു. അവരെല്ലാവരും തന്നെ രാജാക്കന്മാരുടെയോ മറ്റ് പ്രഭുക്കന്മാരുടെയോ രാജാവിന്റെ ബന്ധുക്കളുടെയോ അതല്ലെങ്കിൽ ശമ്പളക്കാരായ അധികാരികളുടെയോ കൂടെ ഒന്നിച്ച് താമസിക്കുന്നു. നല്ല വംശപരമ്പരയിലല്ലെങ്കിൽ ആർക്കും നായരാകാൻ കഴിയില്ല. അവർ വളരെ മിടുക്കരും കുലീനരുമത്രെ. അവർ കർഷകരോട് സഹവസിക്കുകയോ മറ്റ് നായന്മാരുടെ വീടുകളിൽ നിന്നല്ലാതെ ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്യുമായിരുന്നില്ല..."

ചേരഭരണത്തിന് ശേഷം പ്രദേശത്തിന്റെ അധികാരസ്ഥാനം വള്ളുവനാട് രാജാവിന്റെ മേല്‍ക്കോയ്മക്കു കീഴിലെ മണ്ണാർമല നായന്മാരായിരുന്നു നിര്‍വ്വഹിച്ചു പോന്നത് എന്ന് മേല്‍ വിവരണങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിയും. തുടർന്നുള്ള ഈ ദേശത്തിന്റെ ചരിത്രം മണ്ണാർമല നായന്മാരിലൂടെയാണ് മുന്നോട്ട് പോകുന്നത്. നിലവിലുള്ള മണ്ണാർമല കോവിലകമെടുപ്പ് നിര്‍മ്മിക്കുന്നതിന് മുമ്പ് ഈ സ്ഥലത്തിന് തൊട്ട് പിറകിലായി വിശാലമായ സൗകര്യങ്ങളോടെ ഉണ്ടായിരുന്ന ഒരെട്ട് കെട്ട് നിര്‍മ്മിതിയായിരുന്നു ആദ്യകാലത്തെ ആ നായര്‍ ഭവനം. ഒരുവേള, കോവിലക നിർമ്മാണം നടന്നത് പോലും മണ്ണാർമല നായന്മാരുടെ ആ തറവാടിന്റെ രൂപഭാവം കടം കൊണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. അതെന്തായാലും, കോവിലകങ്ങളെപ്പോലെ അക്കാലങ്ങളിൽ നിലവിലുണ്ടായിരുന്ന വിപുലമായ സൗകര്യങ്ങളൊക്കെയും ഉണ്ടായിരുന്ന ഒരു വീടുതന്നെ ആയിരുന്നു അത് എന്ന് മനസ്സിലാക്കാൻ സാധിക്കും. ആ വീടിനെ ചുറ്റിപറ്റി അനേകം ഭൂസ്വത്തുക്കളും അടിയാളന്മാരും നിലവിലുണ്ടായിരുന്നു. വള്ളുവനാട്ടധികാര കേന്ദ്രത്തിന്റെ ഓരം ചേര്‍ന്ന് നീങ്ങിയിരുന്ന ആ തറവാടിന് വള്ളുവക്കോനാതിരിയിൽ നിന്നും അളവറ്റ നിലങ്ങളും പണവും ലഭിക്കുക സ്വാഭാവികമാണല്ലോ. എന്നിരുന്നാലും, ആ ഭവനത്തിന്റെ ഒരസ്ഥിവാരവും കാണാൻ കഴിയാത്ത രൂപത്തിലിന്നത് തീര്‍ത്തും അസ്തമിച്ചിരിക്കുന്നു എന്നുള്ളതാണ് സമകാലീന യാഥാർത്ഥ്യം. പകരം, ആ വീട് നിന്നിരുന്ന സ്ഥലത്തും സമീപങ്ങളിലുമായി ഉണ്ണ്യാമ്പത്ത് എന്ന കുടുംബ പേരിൽ കഴിഞ്ഞ് വരികയാണ് ആ തറവാട്ടംഗങ്ങളിന്ന്. ഏതോ ചരിത്ര സന്ധിയില്‍ തങ്ങളുടെ സ്വത്ത് വഹകളും വിശാലമായ നിലയങ്ങളും ഞങ്ങൾക്ക് നഷ്ടമാവുകയും അതെല്ലാം സമ്പൂര്‍ണ്ണമായി മഞ്ചേരി കോവിലകത്തിനു കീഴിലേക്ക് മാറ്റപ്പെടുകയും ചെയ്തു എന്ന് ആ കുടുംബാംഗങ്ങൾ പറയുന്നത് കേൾക്കാൻ കഴിയും.

അവ്യക്‌തമായ 'ആ ഏതോ' ചരിത്ര സന്ധിയെക്കുറിച്ചുള്ള പഠനം മൈസൂര്‍ അധിനിവേശ കാലത്തേക്കാണ് നമ്മെ കൊണ്ടെത്തിക്കുക.

മൈസൂരാധിപത്യത്തിനു കീഴിലേക്ക്


മൈസൂരാഗമനത്തിന് തൊട്ട് മുമ്പ് അട്ടപ്പാടി താഴ്‌വരയും ഇന്നത്തെ ഒറ്റപ്പാലം താലൂക്കിന്റെ ഒരു ഭാഗവും മാത്രമെ വള്ളുവനാട് രാജ്യത്തിന്റെ അധീനതയിൽ അവശേഷിച്ചിരുന്നൊള്ളു. പിന്നീട്, മൈസൂര്‍ സുല്‍ത്താന്മാരുടെ കടന്ന് വരവോടെ വള്ളുവക്കോനാതിരി തന്റെ രാജ്യം വിട്ട് തിരുവിതാംകൂറിൽ അഭയം പ്രാപിക്കുകയും, രാഷ്ട്രീയാധികാരം അസ്തമിച്ച മണ്ണാർമല ദേശം ഉള്‍പ്പെടെയുള്ള ശിഷ്ട വള്ളുവനാട് പ്രദേശം മുഴുക്കെയും 'മൈസൂരധിനിവേശ മലബാറില്‍' ലയിക്കുകയുമാണുണ്ടായത്. പുരാതന കേരളത്തിൽ നിലവിലുണ്ടായിരുന്ന സകല ഭൂവധികാര ക്രമീകരണങ്ങളും റദ്ദു ചെയതുകൊണ്ട് പകരം ഫറൂഖ് കേന്ദ്രീകരിച്ചുള്ളൊരു കേന്ദ്രീകൃത ഭരണ സംവിധാനമായിരുന്നു മൈസൂരന്ന് മലബാറിൽ നടപ്പിൽ വരുത്തിയത് എന്ന് ചരിത്രത്തിൽ കാണാൻ സാധിക്കും.

മൈസൂര്‍ ഭരണം മലബാറിലെ ജന്മിത്വവ്യവസ്ഥിതിയുടെ ക്ഷയത്തിനും രാജ്യഭരണത്തിന് നൂതനവും പുരോഗാത്മകരവുമായ ആശയങ്ങളുടെ അവതരണത്തിനും വഴിതെളിച്ചു എന്ന് ചരിത്രത്തിൽ പറയുന്നു. കേന്ദ്രീകൃത ഭരണസംവിധാനം കൊണ്ടുവരുന്നതോടൊപ്പം തന്നെ നികുതിക്രമം ആധുനിക രീതിയില്‍ കൂടിയാന്മാര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ കൊണ്ടുവരപ്പെടുകയും കരത്തിന്റെ തുക ആ ഭൂമിയില്‍ നിന്നും ലഭിക്കുന്ന വിളവിനനുസൃതമായി നിശ്ചയിക്കുകയും ചെയതു. ഭൂസര്‍വ്വേ നടത്തി അന്യായമായ കൈവശഭൂമി കണ്ടുകെട്ടി പുതിയ നികുതി നിര്‍ണയം നടത്തി. കാര്‍ഷികരംഗത്ത് പ്രത്യേക ആജ്ഞകള്‍ പുറപ്പെടുവിച്ച് പല പരിഷ്കാരങ്ങളും നടപ്പാക്കി. മലബാറില്‍ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ജെമീന്താരി സമ്പ്രദായത്തിന്റെ തനി പകര്‍പ്പായ ജന്മി സമ്പ്രദായത്തിനാണ് ഇതുമുഖേന ഉലച്ചില്‍ പറ്റിയത്. കൃഷിഭൂമിയില്‍ ടിപ്പുസുല്‍ത്താന്‍ ആരംഭിച്ച ഉല്‍പ്പാദന വിപ്ലവം മലബാറിലെ ജന്മിമാരുടെ ശക്തമായ എതിര്‍പ്പാണ് ഉയര്‍ത്തിവിട്ടത്. ഒരുപക്ഷേ, ഈ സാഹചര്യം ഉയർത്തി വിട്ട സവിശേഷമായ രാഷ്ട്രീയ അസ്ഥിരതക്കിടയിലായിരിക്കാം പ്രദേശത്തിന്റെ ഭരണം വള്ളുവക്കോനാതിരിക്ക് അപ്രാപ്യമായി തുടങ്ങിയത്‌. പിന്നീട്‌, 1799ൽ ശ്രീരങ്കപ്പട്ടണത്ത് വെച്ചുള്ള ടിപ്പു സുല്‍ത്താന്റെ രക്തസാക്ഷിതത്തോടെ മലബാര്‍ പ്രദേശം സമ്പൂര്‍ണ്ണമായി ബ്രിട്ടീഷ് അധികാര മേല്‍ക്കോയ്മക്കു കീഴെ അമർന്നതോടെ വള്ളുവനാട് രാജ്യം തന്നെ അപ്രസക്തമായി മാറി.

മൈസൂർ സുല്‍ത്താന്മാരുടെ പരാജയത്തോടു കൂടി രംഗത്തേക്ക് കടന്ന് വന്ന ബ്രിട്ടീഷുകാർ ആദ്യം ബോംബേ സംസ്ഥാനത്തിന് കീഴിലും, പിന്നീട് മദ്രാസ് സംസ്ഥനത്തിന് കീഴിലുമായി മലബാര്‍ ജില്ലയെ അതേപടി നിലനിര്‍ത്തി. അതിനിടയിലാണ് ബ്രിട്ടീഷ് മേല്‍ക്കോയ്മ അംഗീകരിച്ച വള്ളുവക്കോനാതിരിക്ക് അവർ മാലിഖാൻ അനുവദിക്കുകയും പ്രദേശത്തെ മുന്‍ ഭരണ വിഭാഗമെന്ന നിലയില്‍ ഏതാനും നിലയങ്ങളുടെ അധികാരാവകാശങ്ങൾ മാത്രമവർക്ക് ചാര്‍ത്തി നല്‍കുകയും ചെയ്യുന്നത്. ഈ സവിശേഷമായ ചരിത്ര സന്ധിയിലാണ് അവ്യക്തമായ ഏതോ കരാറിന്റെ അടിസ്ഥാനത്തിൽ മണ്ണാര്‍മല പ്രദേശത്തിന്റെ നിയന്ത്രണം 1883ൽ തീപ്പെട്ട, മങ്കട കോവിലകത്ത് ഉദയ വര്‍മ്മ തമ്പുരാനെന്ന വള്ളുവക്കോനാതിരി മഞ്ചേരി കോവിലകത്തെ അഞ്ചാം തിരുമുല്‍പ്പാടിന് കൈമാറുന്നത്. ഒരുപക്ഷേ, നാമമാത്രമായ ഏതാനും പ്രദേശത്തിന്റെ തമ്പുരാനായി മാത്രം വാഴേണ്ടി വരുന്നതിന്റെ സാംഗത്യം കൊണ്ടോ, സമ്പൂര്‍ണ്ണാധികാരം നഷ്ടപ്പെട്ടതു മൂലം കുറവ് വന്ന നികുതി വരുമാനം, മറ്റു വരവുകൾ തുടങ്ങിയവ കാരണം ഭരണ ചിലവുകള്‍ക്കുള്ള വിഭവ സമാഹാരണം സാധ്യമാകാതെ വന്നതുകൊണ്ടോ ആയിരുന്നിരിക്കാം വള്ളുവനാട് കോനാതിരി മഞ്ചേരി കോവിലകത്തിന് കീഴിലേക്ക് പ്രദേശത്തിന്റെ നടത്തിപ്പാധികാരം പൂര്‍ണ്ണമായും കൈമാറുന്നത് എന്ന് മനസ്സിലാക്കാം. അതോടു കൂടിയാണ് വള്ളുവനാട് ഭരണാധികാരത്തിന്റെ തണലിൽ കാലങ്ങളായി പ്രദേശത്ത് ഭരണം നടത്തി വന്നിരുന്ന മണ്ണാർമല നായന്മാരുടെ പ്രസക്തി സമ്പൂര്‍ണ്ണമായും നഷ്ടമാവുകയും അവർ ചരിത്രത്തിന്റെ തിരശ്ശീലക്കു പിന്നിലേക്ക് മാറ്റപ്പെടുകയും ചെയ്യുന്നത്.

പുരാതന കാലത്ത്‌ രാജാക്കന്മാരുടെ കീഴില്‍ അവർക്കുള്ള സൈനിക സേവനം നിര്‍വ്വഹിച്ച് വന്നിരുന്ന നായന്മാർ, ബ്രിട്ടീഷുകാരുടെ നേതൃത്വത്തിലുള്ള കേന്ദ്രീകൃത ഭരണത്തിന് കീഴില്‍ നാട്ടുരാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾ തീര്‍ത്തും അപ്രസക്തമായ കാലത്താണ് രാജാക്കന്മാരുടെ പിന്മുറക്കാരായ തമ്പുരാക്കന്മാരുടെ ഗൃഹസംബന്ധമായ ജോലികള്‍ക്ക് അവർ നിയോഗിക്കപ്പെടുന്നത്. കേരളീയ സമൂഹിക മണ്ഡലത്തിലേക്ക് കാലാന്തരത്തില്‍ കടന്നുവന്ന ഇത്തരം ചില സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തികൊണ്ടാണ് മണ്ണാർമല പ്രദേശം ഉള്‍പ്പടെയുള്ള ചുങ്കവും അതിന്റെ ചുറ്റുവട്ട പ്രദേശങ്ങളേയും ഒരുകാലത്തടക്കി വാണിരുന്ന പ്രഭുകുടുംബം തങ്ങളുടെ ജീവിതവ്യായത്തിനുള്ള മാര്‍ഗ്ഗം കണ്ടെത്തുന്നത് എന്ന് കാണാം. പ്രദേശത്തിന്റെ പുതിയ ഭൂപ്രഭുക്കളെന്ന നിലയില്‍ മണ്ണാർമല കോവിലകത്തെ ചുറ്റിപറ്റിയുള്ള വീട്ടു ജോലികളിൽ ഏർപ്പെടുന്നവരായാണ് പിന്നീടവരെ കാണാൻ സാധിക്കുക.

മലബാറിലെ ബ്രിട്ടീഷ് ഭരണ നാളുകള്‍ക്കിടയിൽ 1883ൽ തീപ്പെട്ട മങ്കട കോവിലകത്ത് ഉദയ വർമ്മ രാജ എന്ന വള്ളുവക്കോനാതിരിയാണ് ഈ പ്രദേശത്തിന്റെ ഭരണാധികാരം മഞ്ചേരി കോവിലകത്തെ അഞ്ചാം സ്ഥാനിയന് കല്‍പിച്ചരുളുന്നത് എന്ന് മുന്നേ പറഞ്ഞു കഴിഞ്ഞു. അതുവരേക്കും മാറി മാറി വരുന്ന വെള്ളാട്ടിരിമാരുടെ താൽപ്പര്യത്തിനനുസരിച്ചുള്ള ഭരണ സമ്പ്രദായമാണിവിടെ നടന്ന് വന്നിരുന്നത്. മേലെ സൂചിപ്പിച്ച ടിപ്പുവിന്റെ ഭരണ നാളുകളുടെ അവസാന കാലത്തും പിന്നീട്, ബ്രിട്ടീഷ് നാളുകളുടെ തുടക്ക കാലത്തും രൂപപ്പെട്ട രാഷ്ട്രീയ അസ്ഥിരതകൾ കൂടാതെ, വള്ളുവക്കോനാതിരിമാരുടെ അമിത ദൈവഭക്തി സംബന്ധമായ കാര്യങ്ങളും പ്രദേശത്തിന്റെ കൈമാറ്റത്തിനു പിന്നിലെ പ്രേരക ശക്തിയായി വര്‍ത്തിച്ചിട്ടുണ്ടന്ന് ചില ചരിത്രകാരന്മാര്‍ നിരീക്ഷിക്കുന്നു. മാമാങ്കവുമായി ബന്ധപ്പെട്ട് രാജാവിന്റെ ആത്മാഭിമാനത്തിനു വേണ്ടി സ്വശരീരം ആത്മാഹൂതി ചെയ്യുന്ന ചാവേറുകളുടെ സാന്നിധ്യവും അവരെ ചുറ്റിപ്പറ്റിയുള്ള വീരാരാധനകളും വിശ്വസങ്ങളുമൊക്കെ നിലനില്‍ക്കുന്ന ഒരു പരിസ്ഥിതിയിൽ രാജ്യാതിർത്തികളുടെ വിപുലീകരണത്തിനോ നിലവിലുള്ളതിന്റെ സംരക്ഷണത്തിനോ താൽപ്പര്യമെടുക്കാതെ പൊതു ഭരണമെല്ലാം സഹോദരിമാരുടെ മക്കളെ അഥവാ അനന്ദിരവന്മാരെ ഏല്‍പ്പിച്ച് തീര്‍ത്തും ക്ഷേത്രാരാധനയിൽ മാത്രം മുഴുകി ജീവിച്ച രാജാവ്‌ തന്റെ ചുറ്റിലും നടന്നുകൊണ്ടിരുന്നതൊന്നും അറിയാനിടവെന്നില്ല എന്നുള്ളതൊരു വസ്തുതയായിരിക്കാം. ഈ അവസരം മുതലെടുത്ത് അനന്ദിരവന്മാർ പരസ്പരം കലഹിച്ച് അവരുടെ ഇച്ഛാനുസരണം രാജ്യം ഭരിച്ചു മുടിച്ചു എന്നുമവർ നിരീക്ഷിക്കുന്നു.

മഞ്ചേരി കോവിലകത്തിന്റെ കടന്നു വരവ്


ചേരവംശത്തിന്റെ അവസാന ഘട്ടത്തിൽ രൂപപ്പെട്ട മഞ്ചേരി കോവിലകത്തിന് ഏകദേശം ‍എണ്ണൂറിലലധികം വര്‍ഷങ്ങൾ പഴക്കമുണ്ടന്ന് കരുതപ്പെടുന്നു. പ്രദേശത്തെ നികുതി പിരിവിനും അല്ലാത്തതുമായ സകല തീര്‍പ്പിനുമുള്ള അധികാരം അവര്‍ക്ക് ലഭിക്കുന്നത് വള്ളുവനാട് കോനാതിരിയിൽ നിന്നാണ്. അഥവാ, ചുങ്കവും അതിന്റെ ചുറ്റുവട്ട പ്രദേശങ്ങളിലും മണ്ണാർമല നായന്മാർക്കുണ്ടായിരുന്ന അതേ അധികാരവും പദവിയുമായിരുന്നു മഞ്ചേരി പ്രദേശത്ത് മഞ്ചേരി കോവിലകക്കാർക്കുണ്ടായിരുന്നതെന്ന് സാരം. കോവിലകത്തെ വലിയ തമ്പുരാന്‍ 'കാരണമുൽപ്പാട്' എന്നും, അദ്ദേഹമൊഴികെ മറ്റെല്ലാ പുരുഷ പ്രജകളും 'തിരുമുൽപ്പാട്' എന്നുമാണ് അറിയപ്പെട്ടു വന്നിരുന്നത്. ഈ പ്രദേശം കൂടാതെ മഞ്ചേരി, വണ്ടൂർ, പാണ്ടിക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ ഒരുപാട് കളങ്ങൾ (അധീനതിയിലുള്ള സ്ഥലങ്ങൾ) ഇവരുടെ അധികാരത്തിൻ കീഴിലുണ്ടായിരുന്നു എന്ന് മനസ്സിലാക്കാം.

മലബാറിലേക്കുള്ള മൈസൂരാഗമനത്തോടെ അപ്രസക്തരായി മാറിയ മണ്ണാർമല നായന്മാർക്കു ശേഷം ചുങ്കം പ്രദേശം ഉള്‍പ്പെടെയുള്ള മലബാര്‍ മുഴുവനായും ബ്രിട്ടീഷാധിപത്യത്തിനു കീഴിലേക്ക് മാറ്റപ്പെട്ടു. അക്കാലത്ത് മഞ്ചേരി കോവിലകവുമായി വള്ളുവക്കന്മാരുണ്ടാക്കിയ എന്തോ ഒരു കരാർ വഴിയാണ് മണ്ണാർമല തമ്പുരാക്കന്മാരെന്ന മഞ്ചേരി തുരുമുൽപ്പാടന്മാരുടെ സാന്നിധ്യം പ്രദേശത്തടയാളപ്പെടു കിടക്കുന്നത്. എന്നാൽ, തിരുമാന്ധാംകുന്നമ്പലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെടുത്തി പില്‍ക്കാല ചേരന്മാരുടെ കാലത്ത്‌ രൂപപ്പെട്ട 'തിരുമാന്ധാംകുന്ന് ജന്മവകാശ' ചരിത്ര വസ്തുതകൾ പരിഗണിക്കുമ്പോൾ മണ്ണാർമല തമ്പുരാൻ അല്ലെങ്കിൽ മണ്ണാർമല രാജ എന്ന സ്ഥാനത്തിന് അനേകം വർഷങ്ങളുടെ പാരമ്പര്യമുണ്ടന്ന് അവകാശപ്പെടേണ്ടി വരും. അങ്ങനെയെങ്കില്‍, പ്രദേശത്ത് മണ്ണാർമല രാജ എന്ന പേരിലും, മണ്ണാർമല നായന്മാരെന്ന പേരിലും രണ്ട് അധികാര ശക്തികള്‍ ഏതെങ്കിലും കാലത്തുണ്ടായിരുന്നോ എന്ന ചോദ്യം സ്വാഭാവികമായും ഉയർന്ന് വരുന്നു. എന്നാൽ, ദേശ സംബന്ധിയായ ചരിത്ര വസ്തുതകളിലോ നിഗമനങ്ങളിലോ അങ്ങനെ ഒരു കാര്യത്തെ കുറിച്ചുള്ള ഒരുതരത്തിലുമുള്ള സൂചനകളോ, ഒരു പ്രദേശത്ത് രണ്ട് ശക്തികള്‍ ഒരേ സമയം അദിവാസമുറപ്പിക്കുമ്പോൾ ഉണ്ടായേക്കാവുന്ന പരസ്പര മാത്സര്യത്തിന്റെ  കഥകളോ പറയാനില്ല എന്നുള്ളതാണ് നേര്. ഇക്കാര്യം പരിഗണിക്കുമ്പോൾ തിരുമാന്ധാംകുന്നമ്പലവുമായി ബന്ധപെട്ട 'മണ്ണാര്‍മല തമ്പുരാൻ ജന്മാവകാശം' പ്രദേശത്ത് മഞ്ചേരി ആധിപത്യത്തിന് മുന്നേ ഉണ്ടായിരുന്ന മണ്ണാർമല നായന്മാരുമായി ബന്ധപ്പെട്ടു കിടക്കുന്നതാണോ എന്ന സംശയം സ്വാഭാവികമായും ഉയർന്ന് വരുന്നു. ഒരുപക്ഷേ, സ്ഥലത്തെ പുരാതന നാട്ടുരാജാക്കന്മാരെന്ന നിലയില്‍ തിരുമാന്ധാംകുന്നമ്പലവുമായി അത്തരത്തിലുള്ളൊരു ബന്ധം കാത്തുസൂക്ഷിച്ചിരുന്നത് മണ്ണാർമല നായന്മാരായിരുന്നത് പിന്നീട്, മഞ്ചേരി കോവിലകവുമായി വെള്ളാട്ടിരി ഉണ്ടാക്കിയ കൈമാറ്റ ചരിത്രത്തോടെ പ്രദേശത്തിന്റെ നിലങ്ങളുടെ അധികാരാവകാശങ്ങളോടൊപ്പം പാരമ്പര്യമായി അവരുടെ കൈവശമുണ്ടായിരുന്ന പൈതൃക സമ്പത്തും മഞ്ചേരിക്കാർക്ക് നല്‍കിയതാണോ എന്ന സംശയം സ്വാഭാവികമായും ഉയർന്ന് വരുന്നു. അഥവാ, അന്നേ വരെ ഉയർന്ന നിലയില്‍ സകലമാന സമൂഹിക അലങ്കാരങ്ങളുമായി ജീവിച്ചു വന്നവർ പുതുതായി കടന്നു വന്നവർക്ക് വേണ്ടി ചരിത്രത്തിന്റെ അരികിലേക്ക് വഴിമാറി നിന്നതായിരിക്കാം. ചരിത്രത്തിൽ കാണാൻ കഴിയുന്ന ഇത്തരം ഓരോ കൈമാറ്റങ്ങളും കേവലം വസ്തുകേന്ദ്രീകൃതം മാത്രമായിരുന്നില്ലല്ലോ. കൈവശം വെച്ചനുഭവിച്ചുവന്നിരുന്ന സകല അലങ്കാരങ്ങളും ഇങ്ങനെ കൈമാറ്റം ചെയ്യപ്പെട്ടതിന് അനേകം തെളിവുകൾ ലഭ്യമാണ്‌.

വടക്കര സ്വരൂപം എന്നറിയപ്പെടുന്ന മഞ്ചേരി കോവിലകത്തെ വലിയ തമ്പുരാനിൽ നിന്നും കൃത്യം അഞ്ചാം സ്ഥാനക്കാരൻ തിരുമുല്‍പ്പാടിനെയാണ് മണ്ണാർമല രാജ സ്ഥാനം ഏറ്റെടുക്കാന്‍ മണ്ണാർമലയിക്ക് നിയമിക്കപ്പെടുന്നത് എന്ന് മുകളിൽ പറഞ്ഞു കഴിഞ്ഞു. അതോടു കൂടി മേല്‍ അഞ്ചാം സ്ഥാനക്കാരൻ ഒ എ വി രാജ അഥവാ, ഒന്നുകുറെ ആയിരത്തിൽ വല്ലഭ രാമ രാജ എന്ന സ്ഥാനപ്പേരിലറിയപ്പെട്ടു വരും. ആയിരത്തിൽ ഒന്നു കുറവ് (999) പടയാളികളുടെ മേധാവിയായ രാജാവ്‌ എന്നാണ്‌ മേല്‍ വിശേഷണനാമം കൊണ്ട് അര്‍ത്ഥമാക്കുന്നത്. കുടുംബത്തിലെ അഞ്ചാം സ്ഥാനക്കാരനെ തന്നെ ഇപ്രകാരം നിയമിക്കുന്നതിൽ മണ്ണാർമല പ്രദേശത്തിന്റെ ഭൗമ പാരിസ്ഥിതിക സവിശേഷതകൾ പ്രധാന പങ്കുവഹിക്കുന്നുണ്ടന്ന് പറയാം. മഞ്ചേരി കോവിലകത്തിലെ യഥാക്രമം ഒന്നും രണ്ടും മൂന്നും നാലും സ്ഥാനക്കാരെ ഭൂസ്വത്ത് നോക്കി നടത്തൽ, കൃഷിഭൂമി സംരക്ഷണം, കച്ചവടം, മറ്റു ഓഫീസ് ആവശ്യങ്ങൾ തുടങ്ങിയ വ്യത്യസ്തമായ സ്ഥാനങ്ങളിലേക്ക് നിയമിക്കപ്പെടുമ്പോൾ ഒരു കാടിനു നടുവിലെന്നപോലെയുള്ള മണ്ണാര്‍മല കോവിലകത്തേക്ക് ചോര തിളപ്പുള്ള യുവാക്കളെ നിയമിക്കുന്നതിലൂടെ പ്രതിലോമകരമായ സാഹചര്യത്തിലും ധൈര്യസമേതം ഉത്തരവാദിത്തങ്ങൾ നിര്‍വ്വഹിക്കപ്പെടുമെന്ന ദീര്‍ഘവീക്ഷണമാണന്ന് കാണാൻ കഴിയും. ഒരഞ്ചാം സ്ഥാനീയൻ ആ സ്ഥാനം ഏറ്റെടുത്ത് കഴിഞ്ഞാൽ മരണം വരെ അയാളതിൽ തുടരുന്നു എന്നതിനാൽ വലിയൊരു കാലയളവില്‍ മഞ്ചേരി കോവിലകത്തിന് മണ്ണാര്‍മലയുമായി ബന്ധപ്പെട്ട ഒരു ആശങ്കക്കും ഇടയില്ലാതാകുന്നു. തോക്കുൾപ്പെടെയുള്ള സംവിധാനങ്ങളുമായാണ് അവർ അയക്കപ്പടുന്നത് എന്നതിനാല്‍ ഗ്രാമന്തരങ്ങളിലുള്ള അവരുടെ വാസം സുരക്ഷയുള്ളതുമാകുന്നു.

മഞ്ചേരി കോവിലകത്തിന്റെ പരദേവതകളായ ഏറനാട് കാളനും (ശിവൻ) മാത്രകുന്ന് ഭഗവതിയുമാണ് (ദുര്‍ഗ്ഗ) മണ്ണാർമല കോവിലകത്തേയും പരദേവതകളെന്ന് കരുതാം. കൂടാതെ, മഞ്ചേരി കോവിലകക്കാർക്ക് അധികാരമെല്ലാം കല്‍പ്പിച്ചു കൊടുത്ത വള്ളുവക്കോനാതിരിമാരോടുള്ള ആദര സൂചകമായി അവരുടെ പരദേവതയായ അങ്ങാടിപ്പുറത്തെ തിരുമാന്ധാംകുന്നിലമ്മയും മണ്ണാർമല കോവിലകത്തിന്റെ ദേവസങ്കല്‍പ്പ ഭാഗമാണ്. അതിനാൽ തന്നെ, തിരുമാന്ധാംകുന്നിലമ്മക്കും മഞ്ചേരി കോവിലത്തിലെ പാട്ടുതറയിൽ വച്ച് പാട്ട് നടത്താറുണ്ട്. ദിവസവും പൂജയും, മാസം മുടങ്ങാതെ ഭഗവതിക്ക് കളം പാട്ടും കൂടാതെ കൊല്ലാകൊല്ലം മകരമാസത്തിൽ താലപ്പൊലിയും നടത്തി വന്നിരുന്നു. താലപ്പൊലി ഈ നാടിന്റെ ഒരു ആഘോഷമായാണ് കൊണ്ടാടപ്പെട്ടിരുന്നത്. മറ്റേതൊരു വള്ളുവനാടൻ വേനല്‍ക്കാല ആഘോഷങ്ങളെ പോലെ തന്നെ നിറഞ്ഞ് നില്‍കുന്ന കച്ചവടക്കാർക്കും ജനങ്ങള്‍ക്കും നടുവിലേക്ക് കോവിലക തെക്കിനിയിലെ പ്രതിഷ്ഠയുടെ കൊട്ടി വരവ് ആഘോഷപൂര്‍വ്വം വിശ്വാസികള്‍ കൊണ്ടാടിയിരുന്നു. പതിനാറ് ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന താലപ്പൊലി ദിനങ്ങളിൽ ഏറ്റവും ഒടുവിലാണ് കൊട്ടി വരവ് കൊണ്ടാടപ്പെട്ടിരുന്നത്. അത്രയും ദിവസങ്ങളില്‍ സുഭിക്ഷമായി സദ്യയും കോവിലകത്തുണ്ടാകാറുണ്ടന്ന് കോവിലക സമീപസ്ഥർ പറയുന്നത് കേൾക്കാം. വിപുലമായ തോതില്‍ ഏറ്റവും ഒടുവിലായി താലപ്പൊലി നടന്നത് 1967 കാലത്തായിരുന്നു. അതിനുശേഷം പേരിനു മാത്രം ചില കൊല്ലങ്ങള്‍ കൂടി ആ ആഘോഷം കൊണ്ടാടിയെങ്കിലും കൃത്യമായ നേതൃത്വമില്ലായ്മ കാരണം അത് പറ്റേ മുടങ്ങി പോയി.

കോവിലക ദേശം എന്ന യാത്രകുറിപ്പില്‍ കോവിലകത്തെ സംബന്ധിച്ചു പറയുന്നത് കാണുക,

"മനോഹരമായി ചെത്തി മിനുക്കിയ മുറ്റം. മുറ്റത്ത് നിന്നും മുന്നോട്ട് നോക്കിയാല്‍ നീളത്തിൽ കാണുന്ന കോവിലക കൊലായി. അവിടെ തൂകി വൃത്തിയാക്കിയ തിളങ്ങുന്ന നിലം. അതിന്റെ ഇങ്ങേ ഭാഗത്ത് പടിക്കെട്ടിന് സമീപത്തായൊരു പീഠത്തില്‍ സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ളൊരു ചെല്ലപ്പെട്ടിയും താഴെ വലിയ വായയുള്ള കോളാമ്പിയും. തൊട്ടടുത്തൊരു ചാരു കസേരയില്‍ വെറ്റില മുറുക്കികൊണ്ട് തമ്പുരാൻ തിരുമനസ്സ് കാലിന്മേൽ കാലു കയറ്റി വിശ്രമിക്കുന്നു. കസവുള്ള തുണിയും, തോളത്തൊരു മുണ്ടും, നെറ്റിയില്‍ ചന്ദനക്കുറി, കഴുത്തിൽ ഘനമേറിയൊരു സ്വര്‍ണ്ണമാല. സമീപത്ത് ഓച്ഛാനിച്ചു നില്‍ക്കുന്ന കാര്യസ്ഥർ. ഒരു യുഗത്തിന്റെ കഥപറയുന്ന മണ്ണാർമല കോവിലകം..."

പുരുഷാന്തരം പാട്ട് എന്നറിയപ്പെടുന്ന മുടക്കം വരാതെ 120 കളംപാട്ടുകൾ കഴിച്ച അപൂർവം സ്ഥലങ്ങളിലൊന്നാണ് മണ്ണാർമല കോവിലകം എന്നും പറയപ്പെടുന്നു. അത്തരമൊരു ചടങ്ങ് നിര്‍വ്വഹിക്കുന്ന ഇടങ്ങളില്‍ ഒരു കേടാ വിളക്ക് എന്നെന്നും ശോഭിച്ച് നില്‍ക്കണം എന്നൊരു നിബന്ധനയുള്ളത് മൂലം വളരെ കാലങ്ങളോളം കോവിലകമത് നിലനിര്‍ത്തി വന്നിരുന്നു എന്നറിയാൻ കഴിഞ്ഞു. വിളക്കിലെ എണ്ണ കഴിയുന്ന മുറക്ക് എണ്ണയും, തിരി ദ്രവിക്കുന്ന മുറക്ക് തിരികളും മാറ്റികൊണ്ട് അനേകം കാലങ്ങള്‍ ആ കെടാവിളക്കവിടെ ജ്വലിച്ചു നിന്നിരുന്നുവത്രെ. എന്നാൽ, വെളിച്ചം കേട്ട് പോയ ആ വിളക്കാണ് ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ആ കോവിലകത്തിന്ന് കാണാൻ കഴിയുക എന്ന കാര്യം വേദനിപ്പിക്കുന്ന സത്യമാണ്.

പ്രദേശത്തെ മണ്ണാൻ വിഭാഗം തിരുമാന്ധാംകുന്നിലമ്മയുടെ ഉണ്ണിക്കാളി ദേവസങ്കല്‍പ്പത്തെ വളരെ കാലങ്ങളായി ഉപാസിച്ച് വരുന്നൊരു കൂട്ടരാണ്. വ്രതങ്ങളും, പൂതകെട്ടും, ആട്ടവും, കോമരവുമൊക്കെയായി അവർ കഠിനമായ വിശ്വസം വെച്ചു പുലര്‍ത്തുന്നു. മണ്ണാര്‍മലക്ക് ചുറ്റുമുള്ള ആറ് മലകളിൽ ഏറ്റവും ഉയരം കൂടിയ ഭാഗമായ ഉണ്ണിക്കാളി കൂമ്പനിലാണവർ ഉണ്ണിക്കാളി ദേവസങ്കല്‍പ്പത്തിന് വിളക്ക് കത്തിച്ചു വരാറ്. അതേ സമയം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ നിന്നും ഒരു വിളക്ക് ഉണ്ണിക്കാളി കൂമ്പന് നേരേയും കത്തിച്ചു വെക്കുന്നു. ഈ അടുത്ത കാലത്താണ്‌ മല മുകളില്‍ കയറി വിളക്ക് കൊളുത്തുന്നതിന് പകരം താഴ്‌വരയില്‍ സംവിധാനിച്ചിട്ടുള്ള മണ്ഡകമെന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ചെറു ക്ഷേത്രത്തിൽ വിളക്ക് കൊളുത്തിയാൽ മതിയെന്ന് തീര്‍പ്പിൽ അവരെത്തി ചേരുന്നതും, കൊടിയാഴ്ച്ച എന്ന പേരില്‍ വിളിക്കപ്പെടുന്ന വെള്ളി, ചൊവ്വ, ഞായര്‍ ദിവസങ്ങളിൽ അത് നിര്‍വ്വഹിച്ച് പോരുകയും ചെയ്യുന്നത്. തോടിന്റെ കരയില്‍ വലിയ വീതിയേറിയ കൽപ്പാലങ്ങൾക്കപ്പുറം പുരാതനമെന്ന് തോന്നുന്ന അവരുടെ വീടും മണ്ഡകവും കാണാന്‍ സാധിക്കും. പ്രകൃതിയുടെ മടിത്തട്ടില്‍ രൂപപ്പെടുന്ന കാളി ക്ഷേത്രങ്ങളുടെ നിഗൂഢ ഭാവം അവിടെ ദർശിക്കാൻ കഴിയും.

ശ്രീ അപ്പുക്കുട്ടൻ തമ്പുരാൻ


കോവിലകത്തിന്റെ അവസാന നാളുകളില്‍ മണ്ണാർമല തമ്പുരാൻ സ്ഥാനം വഹിച്ചിരുന്ന പി എം തിരുമുല്‍പ്പാടെന്ന മഞ്ചേരി കോവിലകത്തെ അപ്പുക്കുട്ടൻ തമ്പുരാനെക്കുറിച്ച് മാത്രമാണ് കാര്യമായ വിവരങ്ങൾ ലഭ്യമായൊള്ളു. മഞ്ചേരി കോവിലകത്തെ അഞ്ചാം സ്ഥാനീയനായനാണ് മണ്ണാര്‍മലയിലേക്ക് നിയോഗിക്കപ്പെടുന്നത് എന്നതിനാല്‍, യുവ രാജാക്കന്മാരുടെ സുദീര്‍ഘമായ അധികാര കാലം കാരണമായിരിക്കാം മുന്‍ സ്ഥാനീയരുടെ പേരു വിവരങ്ങൾ രേഖപ്പെടുത്താതെ പോയത്. യഥാര്‍ത്ഥത്തിൽ, അക്കാലത്ത് മഞ്ചേരി കോവിലകത്തെ അഞ്ചാം തിരുമുൽപ്പാട് ഉണ്ണിരാജ എന്ന മാനവേദൻ തിരുമുൽപ്പാടായിരുന്നു. കോവിലകത്തിന് മുന്നിലൂടെ പോകുന്ന തോട് നിർമ്മിക്കാൻ അനുമതി നല്‍കിയ കുഞ്ഞുണ്ണി തമ്പുരാന് ശേഷമാണ് ഉണ്ണി തമ്പുരാൻ അധികാരമേറുന്നത് എന്ന് മനസ്സിലാക്കാം. ഔദ്യോഗികമായി അദ്ദേഹമായിരുന്നു അന്നത്തെ മണ്ണാര്‍മല രാജ എന്ന കോവിലകമധികാരി. എന്നാൽ, മഞ്ചേരിയിൽ സ്ഥിരതാമസക്കാരനായ അദ്ദേഹത്തിന് അനാരോഗ്യം കാരണം അവിടെനിന്നും വിട്ടുപോരാൻ സാധ്യമാകാത്തതിനാൽ തന്റെ അനന്ദിരവൻ അപ്പുക്കുട്ടന് അധികാരാവകാശങ്ങളെല്ലാം ചാർത്തി നൽകി മണ്ണാര്‍മലയിലേക്ക് പറഞ്ഞുവിടുകയായിരുന്നുവത്രെ. കോവിലകത്തെ സകല സ്വത്തുവഹകളുടേയും കെെകാര്യാധികാരം അദ്ദേഹത്തിനുണ്ടായിരുന്നെങ്കിലും ഒപ്പധികാരം മാത്രം ഉണ്ണിരാജയിൽ നിക്ഷിപ്തമായിരുന്നു എന്ന് വേണം മനസ്സിലാക്കാൻ. താലപ്പൊലി പോലുള്ള വിശേഷ ദിവസങ്ങളില്‍ മാത്രമാണ്‌ ഉണ്ണിരാജ മണ്ണാര്‍മലയിലേക്ക് എഴുന്നള്ളാറുള്ളു. അങ്ങനെ വരുന്ന അവസരത്തില്‍ കോവിലകത്ത് കഴിയാന്‍ അദ്ദേഹത്തിനൊരു പ്രത്യേക മുറിയും അതിൽ വലിയ സജ്ജീകരണങ്ങളും ഉണ്ടായിരുന്നതായി കോവിലക സഹകാരികളായിരുന്നവർ പറയുന്നത് കേള്‍ക്കാം.

അപ്പുക്കുട്ടൻ തമ്പുരാന് കോഴിക്കോട് സാമൂതിരി കോവിലകവുമായുണ്ടായ വിവാഹ ബന്ധത്തില്‍ രണ്ട് മക്കളാണുണ്ടായിരുന്നത്. ഭാര്യ അനുജത്തി തമ്പാട്ടി അധ്യാപികയായിരുന്നു. അവർ അങ്ങാടിപ്പുറം തരകന്‍സ് ഹൈസ്കൂളിൽ നിന്നാണ് വിരമിക്കുന്നത്. മൂത്ത മകൾ ഗംഗാദേവി തമ്പാട്ടിയെ അവരുടെ അമ്മ വീടായ കോഴിക്കോട് സാമൂതിരി കോവിലകത്തേക്കും, രണ്ടാമത്തെ മകൾ മീര തമ്പാട്ടിയെ മണ്ണാര്‍ക്കാടടുത്ത് പുലാപ്പറ്റ കുതിരവട്ടം സ്വരൂപം തമ്പാൻ കുടുംബത്തിലേക്കുമാണ് കല്യാണം കഴിപ്പിച്ചു വിട്ടിരിക്കുന്നത്. അവർ യഥാക്രമം, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, തൂത ദാറുൽ ഉലൂം ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപനം നോക്കി വരുന്നു. ചെർപ്പുളശ്ശേരിയിലെ മോയികുന്നത്ത് മനയുടെ സമീപം 'വെൺമാടം' എന്ന വീട്ടിലാണ് ഭർത്താവൊന്നിച്ച് മീര തമ്പാട്ടി താമസിച്ചു വരുന്നത്. കേരളത്തിലെ മറ്റേതൊരു കുലീന കുടുംബങ്ങളേയും പോലെ മരുമക്കത്തായ സമ്പ്രദായമനുശ്ഠിച്ച് വരുന്ന ഈ കുടുംബത്തിലും മക്കള്‍ രണ്ടുപേര്‍ക്കും കോവിലകം സ്വത്തുവഹകളിൽ അവകാശമേതുമില്ല. അനന്തരാവകാശം തമ്പുരാന്റെ സഹോദരി പുത്രർക്കാണ്.

പരമ്പരാഗതമായി സ്വത്തവകാശം സ്ത്രീവഴി സന്താനങ്ങൾക്ക് മാത്രമായി നൽകിപ്പോരുന്ന രീതിയാണ് മരുമക്കത്തായം. കുറച്ചുകാലം മുമ്പുവരെ ഈ സമ്പ്രദായം കേരളത്തിലെ പല സമുദായങ്ങളിലും നിലനിന്നിരുന്നു. മലബാറിലെ ചില പ്രദേശങ്ങളിൽ ഇതിന്റെ ഭാഗമായ വധൂഗൃഹത്തിൽ അന്തിയുറങ്ങുന്ന പുതിയാപ്പിള സമ്പ്രദായം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കൂടാതെ, നായർ സമുദായം, മലബാറിലെ ചില ഉയർന്ന തീയ്യ വിഭാഗങ്ങള്‍, രാജകുടുംബങ്ങൾ, ചില ബ്രാഹ്മണര വിഭാഗങ്ങള്‍, അമ്പലവാസികൾ തുടങ്ങിയവരും ഭൂരിഭാഗം ആദിവാസികളും ഇത് പാലിച്ചു പോരുന്നു. കർണ്ണാടകയിൽ ഇതിനെ 'അളിയൻ സന്താന നിയമം' എന്നാണ് വിളിക്കുന്നത്. ഈ സമ്പ്രദായമനുസരിച്ച് മരുമക്കളുടെ രക്ഷാധികാരികള്‍ അമ്മാവന്മാരായിരിക്കും. ഭാര്യാഗൃഹത്തില്‍ ഭര്‍ത്താക്കന്മാര്‍ക്ക് അവകാശമൊന്നുമില്ല. അമ്മാവന്റെ കാലശേഷം അയാളുടെ സഹോദരിമാരിൽ മൂത്തവളുടെ മൂത്തമകനാണ് അടുത്ത അവകാശി. അതുപ്രകാരം മണ്ണാര്‍മല കോവിലകത്തെ അപ്പുക്കുട്ടന്‍ തമ്പുരാന്റെ മക്കളെ മഞ്ചേരി കോവിലകത്തെ മക്കളാണന്ന് പറയുന്നതിനു പകരം സാമൂതിരി കോവിലകത്തെ സന്താനങ്ങളാണെന്നാണ് പറയുക.

അപ്പുക്കുട്ടന്‍ തമ്പുരാന്റെ കാലത്താണ് രാജ കുടുംബം കടലുണ്ടിപ്പുഴയുടെ ഒരു പോഷകനദി കടന്നുപോകുന്ന തിരുമാന്ധാംകുന്നമ്പലത്തിലെ വടക്കേ നടക്ക് സമീപത്ത് മണ്ണാര്‍മല കോവിലകം എന്നു തന്നെ പേരായ ഒരു വീട് നിര്‍മ്മിക്കുകയും അവിടെ താമസം തുടങ്ങുകയും ചെയ്യുന്നത്. തിരുമാന്ധാംകുന്നിലെ 'മണ്ണാര്‍മല തമ്പുരാൻ ജന്മാവകാശം' കാരണം നേരിട്ട് ക്ഷേത്ര ദര്‍ശനം സാധ്യമല്ല എന്നുള്ളത് കൊണ്ടു തന്നെ പൂജാതി കര്‍മ്മങ്ങളുടെ സൗകര്യവും, ഭാര്യ അനുജത്തി തമ്പാട്ടിയുടെ തരകന്‍ സ്കൂളിലേക്കുള്ള യാത്ര സുഖവും അവർ മുന്നില്‍ കണ്ടിരുന്നിരിക്കാം. എന്നിരുന്നാലും, പിന്നീട് കുടുംബം അവിടെ സ്ഥിര താമസത്തിലേർപ്പെടുകയും പവിത്രമായ ഒരു ഫാം ഹൗസ് എന്ന രൂപേണ മണ്ണാര്‍മല കോവിലകത്തെ കാണുകയും ചെയതു എന്നുള്ളതുമാണ് നേര്. വിശേഷ ദിവസങ്ങളിലല്ലാതെ മണ്ണാർമലയിലേക്കുള്ള വരവും അതുവഴി കുറഞ്ഞു വന്നു. തിരുമാന്ധാംകുന്നിൽ മണ്ണാര്‍മല കോവിലകം പോലെ മങ്കട, അരിപ്ര, ആയിരം നാഴിക, കടന്നമണ്ണ തുടങ്ങിയ കോവിലകങ്ങൾക്കും ചെറു ചെറു കോവിലകങ്ങളവിടെ കാണാൻ കഴിയുമെങ്കിലും മണ്ണാര്‍മല കോവിലകം പോലെ സ്ഥിര താമസാവശ്യത്തിൽ നിന്നും വ്യത്യസ്തമായി സൗകര്യപ്രഥമായ പൂരമാസ്വാദനം അല്ലെങ്കിൽ പ്രാര്‍ത്ഥന സൗകര്യം എന്ന ബിന്ദുവിൽ കേന്ദ്രീകൃതമായാണ് അവകളവിടെ സജീവമാകുന്നത്. അമ്പലത്തിൽ നിന്നും തോട്ടിൻ കരയിലേക്കിറങ്ങുന്ന കൽപ്പടവിന് സമീപം ഇന്നും ആ വീടുകളവിടെ കാണാൻ സാധിക്കും.

ക്ഷയം ബാധിച്ച് 1988 സെപ്തംബര്‍ 10നാണ് പെരിന്തല്‍മണ്ണ നഴ്സിങ് ഹോം ആശുപത്രിയിൽ വെച്ച് അപ്പുക്കുട്ടന്‍ തമ്പുരാൻ നിര്യാതനാകുന്നത്. ഭൗതിക ശരീരം നേരെ അങ്ങാടിപ്പുറത്തെ മണ്ണാര്‍മല കോവിലകത്തേക്ക് കൊണ്ട്‌ വന്ന് ശേഷം മഞ്ചേരിയിലെത്തിച്ചു ദഹിപ്പിക്കുകയായിരുന്നു. മരണശേഷം യാഥാര്‍ത്ഥ അഞ്ചാം തിരുമുല്‍പ്പാടായ ഉണ്ണിത്തമ്പുരാൻ കുറച്ച് കാലം കോവിലകം കൊണ്ടുനടന്നെങ്കിലും കാലത്തിന്റെ മാറ്റങ്ങൾ ഉള്‍കൊള്ളാന്‍ കഴിയാതെ തീര്‍ത്തും അസ്വസ്ഥമായിരുന്നു കോവിലകമകത്തളം എന്നു പറയാം. പിന്നീട്, അക്കാലത്തെ മാര്‍ക്കറ്റ് വിലയനുസരിച്ച് കുറേ നിലങ്ങള്‍ വിറ്റൊഴിവാക്കികൊണ്ടും, കുറേ സ്ഥലങ്ങള്‍ അന്യാധീനപ്പെട്ടുകൊണ്ടും മഞ്ചേരി കോവിലക കുടുംബത്തിന് നാടിനുമേലുള്ള സ്വാധീനം സമ്പൂര്‍ണ്ണമായി അസ്തമിച്ചു എന്നു പറയാം. കൊടുങ്ങല്ലൂര്‍ കോവിലകത്തെ ശ്രീധരന്‍ തിരുമുൽപ്പാടാണ് നിലവിലെ (2022 കാലം) മഞ്ചേരി കോവിലകം അഞ്ചാം സ്ഥാനീയൻ. എന്നാൽ, എന്തൊക്കെയോ കാരണങ്ങൾ കൊണ്ട്‌ അദ്ദേഹം കോവിലകമോ സ്വത്തുക്കളോ സംരക്ഷിക്കാൻ മുന്നോട്ട് വരാത്തത് ഈ ചരിത്ര മന്ദിരത്തിന്റെ സമ്പൂർണ്ണ തകര്‍ച്ചക്ക് ആക്കംകൂട്ടി എന്ന് പറയാം.

1957ൽ ഇ എം എസ് മന്ത്രിസഭയുടെ അധികാരമേൽക്കലോടു കൂടിയാണ്‌ കോവിലകത്തിന്റെ പ്രതാപം അസ്തമിച്ചു തുടങ്ങിയത്‌. ഇ എം എസ് മന്ത്രിസഭ നിലവിൽ വന്ന് ഒരാഴ്ച തികയുന്നതിനു മുമ്പ് തന്നെ സർക്കാർ കുടിയൊഴിപ്പിക്കൽ നിരോധന നിയമം നടപ്പിലാക്കി. ഇതുപ്രകാരം കർഷകൻ താമസിക്കുന്ന ഭൂമിയിൽ നിന്നും അവനെ കുടിയൊഴിപ്പിക്കുന്നത് എന്ത് കാരണങ്ങൾ കൊണ്ടായാലും നിയമം മൂലം തടയപ്പെട്ടു. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഇത്തരലമൊരു ഓർഡിനൻസ് നിലവിൽ വരുന്നതെന്ന് നിയമം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി ഇ എം എസ് പറയുകയുണ്ടായി. കേരളത്തിലെ ഭൂവുടമ ബന്ധങ്ങളിൽ സമഗ്രവും സമൂലവുമായ മാറ്റങ്ങൾ വരുത്തുവാൻ ഉദ്ദേശിച്ചുകൊണ്ട് നടപ്പിലാക്കിയ 'കേരള സ്റ്റേ ഓഫ് എവിക്ഷൻ പ്രൊസീഡിംഗ്സ് ഓർഡിനൻസ് 1957' എന്ന ഈ നിയമത്തോടെയാണ് കൃഷി ചെയ്യുന്ന കർഷകന് ആ ഭൂമിയിൽ സ്ഥിരാവകാശം, കുടിയാന് മര്യാദപ്പാട്ടം, ഭൂവുടമസ്ഥതക്ക് പരിധി, കൃഷിക്കാർക്ക് അവർ കൈവശം വെക്കുന്ന ഭൂമി ഉടമസ്ഥനിൽ നിന്നും ന്യായമായ വിലക്ക് സ്വന്തമാക്കാനുള്ള അവകാശം എന്നിവ ലഭിച്ചത്‌. പുതിയ ബിൽ നടപ്പിലാക്കാൻ ശ്രമിക്കുക വഴി കാലാകാലങ്ങളായി നിലനിന്നിരുന്ന ജന്മി സമ്പ്രദായത്തെ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിച്ചത് എന്നും കാണാൻ കഴിയും.

ഭൂപരിഷ്കരണനിയമം കൊണ്ടുവരുന്നതിനു മുന്നോടിയായി നടപ്പിലാക്കിയ മേല്‍ നിയമത്തോടെ എല്ലാതരം ഒഴിപ്പിക്കലുകളും തടയപ്പെട്ടു. കാർഷികബന്ധനിയമം പ്രാബല്യത്തിൽ വരുന്നതിനു മുമ്പായി കഴിയുന്നേടത്തോളം കുടിയാൻമാരെ ഒഴിപ്പിച്ച് ഭൂമി നേരിട്ട് കൈവശപ്പെടുത്തുവാനുള്ള ജന്മിമാരുടെ അടവിനെ പരാജയപ്പെടുത്തുകയായിരുന്നു ഇതിന്റെ സുപ്രധാന ലക്ഷ്യം. എന്നിരുന്നാലും, ജന്മി ഗൃഹങ്കണങ്ങളിൽ ഇത് വലിയ പരിവര്‍ത്തനമാണതുണ്ടാക്കിയത് എന്ന് പറയേണ്ടതില്ലല്ലോ. യുഗങ്ങളായി ജീവിച്ച് വന്നിരുന്ന ഒരു ശൈലിയിൽ നിന്നും പുതിയ സമൂഹിക ചുറ്റുപാടിലേക്കുള്ള പറിച്ചു നടലിന്റെ ആഘാതം വലിയ അളവില്‍ മണ്ണാര്‍മല കോവിലകത്തേയും ബാധിച്ചു എന്നു പറയാം. കണക്കില്‍ കൂടുതൽ ഭൂസ്വത്തുക്കളുള്ള ആളുകളില്‍ നിന്നും ഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യുന്ന ഒരു പദ്ധതി സര്‍ക്കാര്‍ മേല്‍നോട്ടത്തിൽ നടപ്പാക്കി വരുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ കൂടി 'കിട്ടുന്നത് പോരട്ടെ' എന്ന രൂപേണ വളരെ തുച്ഛമായ വിലക്ക് പോലും കോവിലകം തങ്ങളുടെ കൈവശമുള്ള ഭൂമികൾ വില്‍ക്കാൻ തുടങ്ങി. സര്‍ക്കാര്‍ നേരിട്ടേറ്റെടുക്കുമ്പോള്‍ നഷ്ട പരിഹാരമൊന്നും ലഭിക്കുന്നില്ല എന്ന കാരണവും അതിനുള്ള പ്രേരണയായിരുന്നിരിക്കാം. അങ്ങനെയാണ് നാട്ടിലെ നാനാജാതി മനുഷ്യർക്കിടയിൽ മണ്ണാര്‍മല കോവിലകം വകയായുണ്ടായിരുന്ന ഭൂസ്വത്തുക്കള്‍ വിതരണം ചെയ്യപ്പെടുകയും പ്രദേശത്തിന്റെ അധികാര കേന്ദ്രമെന്ന നിലയില്‍ അതിന്റെ പ്രസക്തി നഷ്ടപ്പെടുകയും ചെയ്യുന്നത്. എന്നാൽ, ലക്ഷ്യം വെച്ച പ്രവർത്തനങ്ങളിൽ വിജയം കാണാതെ വിമോചന സമരത്തെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധികൾ കാരണം ഇ എം എസ് മന്ത്രിസഭ പിരിച്ചുവിടുകയും കേരളത്തില്‍ രാഷ്ട്രപതി ഭരണം നടപ്പിലാവുകയും ചെയ്തതോടെ കോവിലകത്തെ സംബന്ധിച്ച് ചെറിയ തോതിലുള്ള ഒരു ആശ്വാസം ലഭിച്ചു എന്നു വേണമെങ്കിൽ പറയാം.

മൈസൂരധിനിവേശ കാലത്തും, അവരുടെ പരാജയ ശേഷമുണ്ടായ ശ്രീരംഗപട്ടണം ഉടമ്പടിയോടുകൂടി ബ്രിട്ടീഷുകാർ മലബാര്‍ ഭരണം ഏറ്റെടുത്ത കാലത്തും രൂപപ്പെട്ട സവിശേഷമായ സാഹചര്യത്തിൽ വള്ളുവക്കോനാതിരിമാരിൽ നിന്ന് മണ്ണാര്‍മല പ്രദേശം ഉള്‍പ്പടെയുള്ള വള്ളുവനാടന്‍ ദേശങ്ങളുടെ സ്വാധീനം അസ്തമിച്ച് അത് മഞ്ചേരി കോവിലകത്തേക്ക് മാറ്റപ്പെട്ട അതേ സാഹചര്യം തന്നെയായിരുന്നു കൃത്യം ഒന്നര നൂറ്റാണ്ടുകള്‍ക്ക് ശേഷം, ഇ എം എസിന്റെ ഭൂപരിഷ്കരണ നിയമം നടപ്പിൽ വന്നതോടു കൂടി ഈ ദേശത്തരങ്ങേറിയത് എന്നു വേണമെങ്കിൽ പറയാം. എന്നാൽ, സവർണ്ണ ഭൂപ്രഭുക്കളായ മഞ്ചേരി കോവിലകത്തിന്റെ സമ്പൂര്‍ണ്ണാധികാരത്തിന് കീഴിലേക്കെന്നതിൽ നിന്നും വ്യത്യസ്തമായി സമൂഹത്തിലെ നാനാജാതി സാധാരണക്കാരിലേക്കാണ് ഭൂപരിഷ്കരണത്തോടെ പ്രദേശം വിഭജിക്കപ്പെട്ടത് എന്നുള്ളത് ഈ സംഭവത്തെ ഒരു ജനകീയ മുന്നേറ്റമായി കാണാൻ പ്രേരിപ്പിക്കുന്നു. അന്നേവരെ വെറും പാട്ടക്കാരായി പ്രവർത്തിച്ചു വന്നിരുന്ന മാപ്പിളമാര്‍ ഉള്‍പ്പടെയുള്ള ജനതയുടെ ജീവിത നിലവാരത്തില്‍ ഇത് വലിയ പരിവര്‍ത്തനമാണുണ്ടാക്കിയത്. ഇപ്രകാരം, കോവിലകവുമായി ചുറ്റിപ്പറ്റി ജീവിച്ചിരുന്ന ആളുകൾ പുതിയ അവസരം ഉപയോഗപ്പെടുത്തികൊണ്ട് നിലങ്ങള്‍ വ്യാപകമായ തോതില്‍ കൈവശപ്പെടുത്തിയതാണ് പ്രദേശത്ത് മണ്ണാർമല കോവിലക സ്വാധീനം അസ്തമിക്കാനുണ്ടായ അദ്യത്തേതും പ്രധാനപെട്ടതുമായ സാഹചര്യങ്ങളിലൊന്ന്. കോവിലകമാണങ്കിൽ നിയമം നടപ്പിലാകുന്ന മുറക്ക് തങ്ങളുടെ കൈയിൽ നിന്നും നിലങ്ങള്‍ പിടിച്ചെടുത്തത് ജനങ്ങൾക്കിടയിൽ വിതരണം ചെയ്യേക്കാവുന്ന സാഹചര്യത്തെ മുൻകണ്ടുകൊണ്ട് കിട്ടുന്ന വിലക്കതൊക്കെയും വിറ്റ് തുലക്കുവാനും ഉത്സാഹം കാണിച്ചു. അത് അന്നേവരെ ജന്മിക്ക് കാണപ്പണം കൊടുത്ത് വെറും പാട്ടക്കാരായി നിലനിന്നിരുന്ന മാപ്പിളമാര്‍ ഉള്‍പ്പടെയുള്ള ജനതകളെ ഭൂവുടമകളാക്കി മാറ്റി എന്ന് പറയാം. എന്നാൽ, മേല്‍ നിലയങ്ങളിൽ അധ്വാനിച്ച് അന്നാന്നേക്കുള്ളത് അന്നാന്ന് മാത്രം കണ്ടെത്തി വന്നിരുന്ന അടിയാള വിഭാഗത്തിന് ഇതൊരു ഗുണവും ചെയ്തില്ല. ഇന്നും അവരുടെ ജീവിത നിലവാരത്തിന് വലിയ മാറ്റമൊന്നും സാധ്യമായിട്ടില്ല. ജനങ്ങൾ സ്വതവേ വീടു വെക്കാൻ മടിക്കുന്ന മലപാര്‍ശ്വം പോലുള്ള ഇടങ്ങളില്‍ തിങ്ങി തിങ്ങിയുള്ള ജീവിതമാണ് ഈ പ്രദേശം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അവരിന്നും ജീവിച്ചു വരുന്നത് എന്നുള്ള കാര്യം സങ്കടകരമായ യാഥാർത്ഥ്യമാണ്. ഒരുപക്ഷേ, ഭൂപരിഷ്കരണ നിയമം നടപ്പിൽ വന്നിട്ടും കൂലിപ്പണിക്കാരും അടിയാളരുമായ സാധാരണക്കാരുടെ ജീവിത നിലവാരത്തിനത് വലിയ തോതിലുള്ള ഗുണമോ മാറ്റമോ വരുത്താൻ കഴിഞ്ഞിട്ടില്ല എന്ന വിമര്‍ശനം ഉയർന്ന് വരുന്നത് ഇത്തരമൊരു സമൂഹിക പരിതസ്ഥിതിയില്‍ നിന്നായിരിക്കാം.

1967ലെ നിയമസഭാ തിരഞ്ഞെടുപ്പ് കേരളം അന്നുവരെ കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത, ഇന്ന്‌ ചിന്തിക്കാൻ പോലും കഴിയാത്ത രാഷ്ട്രീയ സമവാക്യങ്ങൾ രൂപപ്പെട്ട കാലമായിരുന്നു. സപ്തകക്ഷി മുന്നണി എന്ന പേരില്‍ സി പി എമ്മും സി പി ഐയും മുസ്ലീം ലീഗും എസ് എ എസ് പിയും ആര്‍ എസ് പിയും കെ ടി പിയും കെ എസ് പിയും ഒരുമിച്ച് ചേര്‍ന്ന് മത്സരിച്ച് വമ്പിച്ച ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ സര്‍ക്കാരാണ്‌ അന്ന് കേരളത്തിൽ അധികാരത്തിലേറിയത്. അങ്ങനെയാണ് ഇ എം എസ് രണ്ടാമതും അവസാനവുമായി കേരള മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്. എന്നാൽ, മുന്നണിയിലെ അഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായപ്പോള്‍ ആ സര്‍ക്കാരിന്റെ ആയുസ്സ് വെറും 32 മാസത്തില്‍ ഒതുങ്ങി. അതിന് പിറകെയായാണ് സി പി ഐയുടെ സി അച്യുതമേനോന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്.

1964 കാലത്ത്‌ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിയിലുണ്ടായ വലിയൊരു വിള്ളൽ പാർട്ടിയെ സി പി ഐ എന്നും സി പി ഐ എം എന്നും രണ്ടായി വിഭജിച്ചിരുന്നു. 1970ലെ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മേല്‍ അഭിപ്രായ ഭിന്നതകള്‍ വളരെയേറെ രൂക്ഷമാവുകയും ആ തിരഞ്ഞെടുപ്പില്‍ സി പി ഐ കോണ്‍ഗ്രസിനൊപ്പം ചേർന്ന് മത്സരിക്കുവാനും ധാരണയായി. അങ്ങനെ സി പി ഐ- കോൺഗ്രസ്സ് മുന്നണി, തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടുകയും സി പി ഐ നേതാവ് സി അച്യുതമേനോന്‍ വീണ്ടും മുഖ്യമന്ത്രിയാവുകയും ചെയ്തു. അക്കാലത്ത് വലിപ്പചെറുപ്പമില്ലാതെ സമൂഹത്തിന്റെ നാനാ കോണുകളിലും ഭക്ഷ്യക്ഷാമം പിടിമുറുക്കിയപ്പോൾ സത്വര നടപടിയിലൂടെ അത് പരിഹരിക്കാൻ നേതൃത്വം നല്‍കിയതിലൂടെ സി അച്ചുതമേനോൻ സര്‍ക്കാര്‍ വലിയ പ്രശംസ പിടിച്ചുപറ്റിയത് മഞ്ചേരി കോവിലകമുൾപ്പെടെയുള്ള കേരളത്തിലെ ചില സവര്‍ണ്ണ ഗൃഹാങ്കണങ്ങളിൽ കമ്യൂണിസ്റ്റനുഭാവം മുളപൊട്ടാൻ കാരണമായി. ഒരുതരത്തിൽ പറഞ്ഞാലൊരു  സിപിഐ അനുകൂലം മനോഭാവം. ഭൂപരിഷ്കരണ നിയമത്തോടെ പ്രതിസന്ധിയിലായ കോവിലകങ്ങളുടെ നിലനില്‍പ്പു സംബന്ധമായ വിഷയങ്ങളിലവർക്കൊരു താല്‍ക്കാലിക ആശ്വാസമായിരുന്നു വിമോചന സമരം ഇറക്കി വിട്ട രാഷ്ട്രീയ പ്രതിസന്ധികൾ. സര്‍ക്കാര്‍ വിരുദ്ധ വിമോചന സമരത്തിന്റെ മുഖ്യ ആസൂത്രകർ കോണ്‍ഗ്രസ്സ് പാർട്ടി ആയിരുന്നത് കോവിലകങ്ങളെ സംബന്ധിച്ചൊരു കോൺഗ്രസ്സ് അനുകൂല മനോഭാവത്തെ നേരത്തെ തന്നെ രൂപപ്പെടുത്തിയിരുന്നു. അതിനാൽ, കോൺഗ്രസ്സുമായി ചേര്‍ന്ന് നിന്നവരെന്ന നിലയില്‍ സിപിഐലേക്കും അതിന്റെ ഗുണഫലം വ്യാപിക്കുക സ്വാഭാവികമാണല്ലോ. അക്കാലങ്ങളിൽ കോവിലകത്തെ തമ്പുരാക്കന്മാർ കമ്മ്യുണിസ്റ്റ് നേതാക്കൾക്കൊപ്പം വട്ടം കൂടിയിരുന്ന് രാഷ്ട്രീയ വർത്തമാനങ്ങളിൽ മുഴുകാറുണ്ടായിരുന്നു എന്നൊരു അനുഭവം അപ്പുക്കുട്ടന്‍ തമ്പുരാന്റെ പെണ്‍മക്കളിലെ ഇളയവളായ മീര തമ്പാട്ടി സൂചിപ്പിക്കുകയുണ്ടായി. അക്കാലത്താണ്‌ ജനങ്ങളുടെ ഒരാശ്വാസ കേന്ദ്രമെന്ന നിലയില്‍ അതിനോടകം തന്നെ പ്രശസ്തനായ അപ്പുക്കുട്ടന്‍ തമ്പുരാൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങാൻ തീരുമാനിക്കുന്നത്.

ഇ എം എസ് സര്‍ക്കാര്‍ കൊളുത്തി വിട്ട ഭൂപരിഷ്കരണ നടപടിക്ക് ശേഷം കോൺഗ്രസ്സിന്റെ നേതൃത്വത്തില്‍ വിമോചനസമരം കത്തിപടര്‍ത്തി കമ്യൂണിസ്റ്റ് സര്‍ക്കാരിനെ നിലംപരിശാക്കിയതിലൂടെ തന്റെ കോവിലകം ഭൂസ്വത്തുക്കൾക്ക് താല്‍ക്കാലികമെങ്കിലും ലഭിച്ച പരിരക്ഷ അപ്പുക്കുട്ടന്‍ തമ്പുരാനെ ഒരു ചെറിയ കോൺഗ്രസ്സ് അനുഭാവിയാക്കി മാറ്റിയിരുന്നു. അക്കാലത്താണ് സപ്തകക്ഷി മുന്നണിയുടെ പരാജയ ശേഷം കോൺഗ്രസ്സ് സി പി ഐയുമായി ചേര്‍ന്ന് മുന്നണി രൂപപ്പെടുത്തുന്നതും അധികാരത്തിലേറുകയും ചെയ്യുന്നത്. അതിനാൽ, വെട്ടത്തൂർ പഞ്ചായത്തിലേക്കുള്ള 'സി പി ഐ സ്വതന്ത്രൻ' ടിക്കറ്റിൽ മത്സരിക്കാൻ തമ്പുരാന് മറുത്തൊന്നും ചിന്തിക്കേണ്ടി വന്നില്ല. ഇന്നത്തെപ്പോലെ കൃത്യമായ അഞ്ച് വർഷങ്ങൾ കൂടുമ്പോഴുള്ള പഞ്ചായത്ത് തെരഞ്ഞെടുപ്പൊന്നും ഇല്ലാതിരുന്ന അക്കാലത്ത് (കേരളത്തില്‍ പഞ്ചായത്ത് രാജ് നിയമം പ്രാബല്യത്തില്‍ വരുന്നത് 1994ലാണ്) ദീര്‍ഘകാലം അദ്ദേഹമാ സ്ഥാനത്തിരുന്നു എന്ന് പറയപ്പെടുന്നു. ചുങ്കം പ്രദേശത്തുണ്ടായിരുന്ന ഒരേയൊരു ലോവർ പ്രൈമറി സ്കൂൾ കരുവമ്പാറയിലെ വാടക കെട്ടിടത്തിൽ നിന്നും ചുങ്കം ചന്തപ്പറമ്പിലെ ഒരേക്കർ സ്ഥിരം ഭൂമിയിലേക്ക് കൊണ്ടുവന്നത് ആ കാലയളവില്‍ അദ്ദേഹമെടുത്ത സ്ഥിരോത്സാഹ ഫലമായിരുന്നെന്ന് കാണാൻ കഴിയും. 1977ലായിരുന്നു ആ സംഭവം.

ചോദിച്ചു ചെല്ലുന്നർക്ക് എന്തും നൽകുന്ന പ്രകൃതക്കാരനായിരുന്നു അപ്പുക്കുട്ടൻ തമ്പുരാനെന്ന അഭിപ്രായത്തെ ശരിവെക്കുന്ന മറ്റൊരു നിത്യസ്മാരകമാണ് മണ്ണാര്‍മല പ്രദേശത്ത് ഇന്നും തലയെടുപ്പോടെ നില്‍ക്കുന്ന പച്ചീരി സ്കൂൾ കെട്ടിടങ്ങൾ. സ്കൂൾ തുടങ്ങുന്നതിന്നായി തന്നെ സമീപച്ചവർക്ക് ഒരു പ്രത്യുപകാരവും പ്രതീക്ഷിക്കാതെ കെട്ടിടത്തിനാവശ്യമായ സ്ഥലവും പണവും അദ്ദേഹം അനുവദിച്ച് നല്‍കിയെന്നാണ് ചരിത്രം. അതിന്റെ നിത്യ സ്മാരകമാണ് ഇന്നും സ്കൂൾ ഗേറ്റിൽ ആലേഖനം ചെയ്തിരിക്കുന്ന 'മാനവേദൻ തിരുമുല്‍പ്പാട് മെമ്മോറിയൽ' എന്ന വാക്കുകൾ.

ശക്തമായിരുന്ന ജാതീയതയുടെ അടയാളങ്ങൾ


മണ്ണാർമല കോവിലകത്തിന്റെ മുന്‍ഭാഗത്തിന് ചുറ്റിലുമായി നീണ്ട 'റ' പോലെ ഒഴുകി നീങ്ങുന്നൊരു തോട് കാണാൻ കഴിയും. ഏറാൻ തോട് വഴി കടലുണ്ടിയിലേക്ക് ചെന്ന് ചേരുന്ന മേല്‍ തൊടിനെ മുറിച്ചുകൊണ്ട് ആകെ രണ്ട് പാലങ്ങളാണ് കോവിലക വളപ്പിലേക്ക് നീളുന്നത്. ഒന്ന് കോവിലകത്തിന്റെ പ്രധാന പടിപ്പുര വഴി പ്രധാന കെട്ടിലേക്കും മറ്റൊന്ന് സമീപത്തെ അടുക്കള ഭാഗത്തേക്കും. കിണറും അടുക്കളയും ഉള്‍പ്പെടെയുള്ള കോവിലകത്തിന്റെ മേല്‍ ഭാഗത്തേക്ക് നീളുന്ന ആ പാലം 'കിഴക്കെ പാലം' എന്ന പേരിലാണ് പ്രദേശികമായി വിളിച്ചു വരുന്നത്. തൊലിയുടെ നിറത്തിന്റെ പേരില്‍ സമൂഹത്തിൽ വിഭജനങ്ങളുണ്ടായിരുന്ന കാലത്ത്‌ താഴ്ന്ന ജാതികള്‍ക്ക് തമ്പുരാനെ മുഖം കാണിക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗമായിരുന്നു അതെന്ന് പറയാം. ഹീനമായ ജാതി വിവേചനങ്ങളുടെ ഓര്‍മ്മകള്‍ പേറുന്ന ആ പാലത്തിനു മുന്നില്‍ നിന്നാൽ, പുതിയ കാലത്തിന്റെ ബോധോദയങ്ങളുടെ ശക്തിയാൽ തകർന്നത് മാതിരി പൊട്ടി പൊളിഞ്ഞു കിടക്കുന്ന ആ കോവിലകമെടുപ്പുകൾ കാണാൻ കഴിയും. പടിപ്പുര കെട്ടിടത്തിൽ ഉപവിശ്ഠനാകുന്ന രാജാവിനെ കാണാൻ നിശ്ചിത സമയമവർക്ക് അനുവദിക്കപ്പെടുമ്പോൾ രാജാവിനും കീഴ്ജാതികൾക്കുമിടയിലൊരു ദൂതൻ നിലയുറപ്പിച്ച് പരസ്പരം സംഭാഷണങ്ങള്‍ നടത്തുന്ന വിചിത്രമായൊരു പരുപാടിയായിരുന്നു അത്.

തങ്ങളുടെ വേവലാതികള്‍ക്ക് കൃത്യമായൊരു പരിഹാരം ലഭിക്കില്ല എന്ന ബോധ്യമുണ്ടായിട്ടും സവര്‍ണ്ണ സമൂഹം കൽപ്പിച്ചു നല്‍കിയ ആചാരങ്ങളും പ്രതിബന്ധങ്ങളും ശിരസ്സാ വഹിച്ചുകൊണ്ട് തമ്പുരാനെ മുഖം കാണിക്കാനായി അതുവഴി വഴി കടന്ന് പോയ ആ പച്ച മനുഷ്യരുടെ ഓര്‍മ്മയാണാ പാലം എന്നുവേണമെങ്കിൽ പറയാം. ഒരുകാലത്തീ നാടിനെ ഗ്രസിച്ച ജാതീയത എന്ന കരാള ഹസ്തങ്ങളുടെ ഓര്‍മ്മ പേറുന്ന കരിങ്കൽ പാളികൾ. ചരിത്രത്തിൽ അടയാളപ്പെടുത്താത പോയ അവരുടെ അധ്വാനത്തിന്റെ, ത്യാഗത്തിന്റെ ഓര്‍മ്മപ്പെടുത്തൽ. പ്രദേശത്തെ വിശാലമായി പരന്ന് കിടക്കുന്ന വയലോലകളിൽ വീണ അവരുടെ വിയര്‍പ്പിന്റെ, കുടിലുകളില്‍ അമർന്ന അവരുടെ തേങ്ങലുകളുടെ എല്ലാം ഓര്‍മ്മയെ പേറുന്ന ആ പാലം കാലത്തിന് വിട്ടു കൊടുക്കാതെ പ്രകൃതിയുടെ വേരുകളതിനെ പൊതിഞ്ഞു വരിഞ്ഞു കെട്ടിയിരിക്കുന്നു.

വര്‍ണ്ണ വിവേചനത്തിന്റെ ഓര്‍മ്മകള്‍ പേറുന്ന അത്തരം എത്ര എത്ര സ്മാരകങ്ങളാണ്‌ ലോകത്തിന്റെ വ്യത്യസ്ത കോണുകളില്‍ കാലം ബാക്കി വച്ചിരിക്കുന്നത്. ഒരുപക്ഷേ, ഈ പ്രദേശത്തിന്റെ ജാതി ചരിത്രത്തെ കുറിച്ചുള്ള പഠനത്തിന്റെ ജീവിക്കുന്ന അടയാളമാണാ പാലം എന്നുവേണമെങ്കിൽ പറയാം.

കഴിഞ്ഞ കാല കേരളത്തിൽ നിലവിലുണ്ടായിരുന്ന സമൂഹിക  ചുറ്റുപാടുകൾകനുസൃതമായി കോവിലകമകത്തളമുള്‍പ്പടെയുള്ള സ്ഥലങ്ങളിൽ ഉയർന്ന ജാതിക്കാര്‍ക്ക് മാത്രമാണ്‌ പ്രവേശനമനുവദിച്ചിരുന്നത്. അക്കാലത്ത്, കോവിലകങ്ങളിലെ അലക്ക് അടിച്ചുപണികളെല്ലാം ചെയത് വന്നിരുന്നത് പിൽക്കാലത്ത് സേവന വിഭാഗമായി മാറ്റപ്പെട്ട നയർ സ്ത്രീകളായിരുന്നു എന്ന് നാം നേരത്തെ പറഞ്ഞു കഴിഞ്ഞു. അവരുടെ പുരുഷന്മാർ കാവല്‍, കാര്യസ്ഥ സംബന്ധമായ പണികളും ചെയതു വന്നു. ഭക്ഷണ വെപ്പിന് എമ്പ്രാന്തിരിമാരും, ക്ഷേത്ര പുറം കര്‍മ്മങ്ങൾക്ക് വാരിയർമാരുമാണുണ്ടായിരുന്നു. ഇത്തരം സേവനങ്ങൾ സര്‍പ്പിക്കുന്നതിലൂടെ സമ്പത്തിക നേട്ടം കൂടാതെ വലിയ അഭിമാനവും സമൂഹിക ഉന്നതിയുമാണ് അവരന്ന് ലക്ഷ്യം വെച്ചിരുന്നത് എന്ന് പറയാം. കോവിലകത്തിനകത്ത് തെക്കിനിയിൽ തിരുമാന്ധാംകുന്ന് ഭഗവതിയുടെ പ്രതിഷ്ഠയുള്ളതിനാൽ അതിനകത്തേക്കെന്നല്ല നാലയലത്ത് പോലും താഴ്ന്ന ജാതിക്കാർക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. എന്നാൽ, അവര്‍ക്കിടയിലേക്ക് വിവാഹം കഴിച്ച് കൊണ്ടുവരുന്ന പുതുപ്പെണ്ണുങ്ങളെ മണ്ണാര്‍മല രാജാവിനു ദർശനം നൽകുന്നൊരു ചടങ്ങ് അക്കാലത്തുണ്ടായിരുന്നു എന്ന് കേള്‍ക്കുന്നു. കൊലായില്‍ ഉപവിശ്ഠനാകുന്ന തമ്പുരാന് മുന്നില്‍ പുതുപ്പെണ്ണിനെ ഒരുക്കി നിർത്തി അവള്‍ക്ക് ചുറ്റും നൃത്തമാടുന്നൊരു ചടങ്ങ് രൂപമായിരുന്നു അത്. വട്ടക്കളി അല്ലെങ്കിൽ ചവിട്ടുക്കളി എന്ന ആ ചടങ്ങിന്റെ പ്രധാന ഉദ്ദേശം മേല്‍ ജാതികള്‍ക്ക് കോവിലകത്ത് നിന്നും ലഭിക്കുന്ന നെല്ലോ അരിയോ മാത്രയിരുന്നു. പിന്നീട്, മാറിയ കാലത്തവർ കോവിലകത്തിന്റെ പേരിനോട് ചേര്‍ത്ത് 'കോവിലകത്ത് ചാളയിൽ' എന്ന വിലാസത്തിലാണിന്നവർ അറിയപ്പെട്ടു വന്നത്.

"ജാതി വ്യവസ്ഥകളും ആചാരവും കോട്ടം തട്ടാതെ നിലനിര്‍ത്തി കൊണ്ട് പോകാൻ ഹിന്ദുക്കള്‍ വളരയധികം ക്ലേശങ്ങളും കഷ്ടപ്പാടുകളും സഹിക്കുന്നുണ്ട്. എത്ര തന്നെ ക്ലേശങ്ങൾ സഹിക്കേണ്ടി വന്നാലും ആ വ്യവസ്ഥകൾ അവർ ലംഘിക്കാറില്ല. ഇവിടുത്തെ ഹിന്ദുക്കള്‍ വിവിധ ഗോത്രംക്കാരും ജാതിക്കാരുമായി വേര്‍തിരിക്കപ്പെട്ടിരിക്കയാണ്. ഉയർന്ന ജാതിക്കാര്‍, താഴ്ന്ന ജാതിക്കാര്‍, ഇതിന്‌ രണ്ടിനും ഇടക്കുള്ള ജാതിക്കാര്‍ ഇങ്ങനെ പലതരം ഉണ്ടവർ. ഉയർന്ന ജാതിക്കാരും താഴ്ന്ന ജാതിക്കാരും തമ്മില്‍ തൊടുകയോ അവരവര്‍ക്ക് നിശ്ചയിച്ചിട്ടുള്ള പരിധിവിട്ട് അടുക്കുകയോ ചെയ്താൽ ഉയർന്ന ജാതിക്കാര്‍ കുളിക്കാതെ ഭക്ഷണം കഴിക്കുന്നത് നിഷിദ്ധമാണ്‌. അയിത്തമായതിന് ശേഷം കുളിക്കാതെ ഭക്ഷണം കഴിക്കുകയാണെങ്കിൽ അവരുടെ ഉയര്‍ച്ചക്ക് ഹാനി തട്ടുകയും ജാതിയില്‍ നിന്ന് പുറത്ത്‌ പോവുകയും ചെയ്യും. അങ്ങനെ സംഭവിക്കുന്ന വ്യക്തിക്ക് നാടു വിടുകയോ ഇസ്ലാം മതമോ ക്രിസ്തീയ മതമോ സ്വീകരിക്കുക മാത്രമേ ഗത്യന്തരമുള്ളു. കുട്ടികളോ സ്ത്രീകളോ ആണെങ്കിൽ ഭരണാധികാരികൾ അവരെ പിടിച്ച് താഴ്ന്ന ജാതിക്കാർക്കോ ഇതര മതസ്ഥർക്കോ വില്‍ക്കും..."

ലോകം മാറിയതറിയാതെ സമൂഹിക വിവേചനത്തിന്റെ കൈപ്പുനീർ അരുചികരമാണന്ന ബോധമില്ലാതെ ഇന്നും അനേകം മനുഷ്യര്‍ ആ കോവിലകത്തിന് സമീപം ജീവിച്ചു വരുന്നുണ്ടെന്നുള്ളതൊരു അത്ഭുദപ്പെടുത്തുന്ന കാര്യമാണ്. കോവിലകത്തിന് സമീപത്തെ വീട്ടുപടികളിൽ വന്ന് "തമ്പുരാനെ... വല്ലതും തരണേ..." എന്ന് അലമുറയിട്ട് കരയുന്ന ആളന്മാർ എന്ന ആദിവാസി വിഭാഗമാണതിൽ പ്രധാന കൂട്ടർ. മാതൻ എന്നും മാതി എന്നും സ്വയം വിശേഷിപ്പിക്കാൻ ഇഷ്ടപ്പെടുന്ന അവർ ഇന്നും ഗുഹാവാസികളായി പ്രദേശത്തിന് സമീപത്തെ മലഞ്ചെരുവുകളിൽ കഴിഞ്ഞു വരുന്നു. കൂടാതെ, കൈകളിൽ സദാ ഉറി മെടഞ്ഞുകൊണ്ട് നടക്കുന്ന നായാടികൾ ഉള്‍പ്പെടെയുള്ള ചില വിഭാഗങ്ങളും വീട്ടു പടിക്കല്‍ വരെ വന്ന് കൂകിയാർത്ത് തങ്ങളുടെ അടിമത്തം ഉറപ്പിച്ച് കടന്ന് പോകുന്ന കൂട്ടരാണന്ന് അറിയാൻ കഴിഞ്ഞു.

സ്വകാര്യ സ്വത്ത് സമ്പാദനത്തിൽ വലിയ താല്‍പര്യമോ ആർത്തിയോ ഇല്ലാതെ, അന്നാന്ന് കിട്ടുന്നത് കൊണ്ട്‌ അന്നാന്നാഹരിച്ച് വന്നിരുന്ന ഒരു ജനതയായിരുന്നു അക്കാലത്തീ ദേശത്തുണ്ടായിരുന്നത് എന്ന് കാണുവാന്‍ കഴിയും. ഒരില്ലത്തിനോ കോവിലകത്തിനോ ചുറ്റുമായാണ്‌ അവർ രൂപപ്പെടുന്നത്. ഒരു ദേശത്ത് അത്തരമൊരു സ്ഥാപനം രൂപപ്പെട്ടാൽ പ്രാദേശിക ഉല്‍പാദനത്തിന്റെ പ്രധാന ഭാഗം ആ കേന്ദ്രത്തിലേക്ക് ജനങ്ങള്‍ നിക്ഷേപിക്കുകയും, പകരമായി ആ സ്ഥാപനവുമായി ബന്ധപ്പെട്ട എല്ലാ ജോലികളും ആ ജനതക്കിടയില്‍ തന്നെ വിഭജിച്ച് നല്‍കുകയും ചെയ്യുന്ന ഒരേര്‍പ്പാടായിരുന്നു അത്. പൂജാതി കര്‍മ്മങ്ങള്‍ക്ക് ബ്രാഹ്മണർ, അരി വെപ്പിന് എമ്പ്രാന്തിരിമാർ, തുണി അലക്കലിന് വെളുത്തേടത്ത് നായര്‍മാരും മണ്ണാത്തിമാരും, കാര്യസ്ഥ പണിക്കായി വാര്യര്‍മാര്‍, കാവല്‍ ആയോധനം തുടങ്ങിയവക്കായി നായന്മാർ, കണക്ക് നോട്ടം കുറുപ്പന്മാർ തുടങ്ങി, കൃഷിപ്പണികൾ, മറ്റ് ചെറുകിട ജോലികള്‍ തുടങ്ങിയവക്ക് താഴ്ന്ന ജാതികളും കൂടാതെ, നായാടികൾ, ആളന്മാർ തുടങ്ങി ധർമ്മാവശ്യത്തിന് വേണ്ടി മാത്രം ആ കേന്ദ്രത്തെ സമീപിക്കുന്നവരും ധാരാള കണക്കിന്‌ കാണാം. അവര്‍ക്കുള്ള നെല്ല്, വസ്ത്രങ്ങൾ തുടങ്ങി വിശേഷാവസരങ്ങളിലെ സഹായം വരെ ആ കേന്ദ്രം ചെയത് വരുന്നു. പകരം തങ്ങളുടെ അധ്വാനവും, സ്വത്ത് സമ്പാദനത്തിനുള്ള അഭിലാഷങ്ങളും അവരും സമര്‍പ്പിക്കുന്നു, ജാതി വിഭജനത്തോടുള്ള അകമഴിഞ്ഞ വിധേയത്വവുമാണ് ആ ജനത ആ കേന്ദ്രത്തിന് പകരം നല്‍കുന്നത് എന്ന് സാരം. എങ്കിലും, അവശ്യക്കാർ തങ്ങളുടെ അവകാശം പോലെയല്ല ആ കേന്ദ്രത്തെ സഹായങ്ങള്‍ക്കായി സമീപിക്കുന്നത് എന്ന് കാണാം. പകരം, നല്‍കുന്നവർ തങ്ങളുടെ അവകാശം പോലെ അതവര്‍ക്ക് നല്‍കുന്നു എന്ന സവിശേഷത ഇതിനുണ്ട്. വര്‍ഷാവര്‍ഷങ്ങളിൽ നടക്കുന്ന താലപ്പൊലി, പൂരം പോലുള്ള ആഘോഷ ദിനങ്ങളിലെ സകല ചിലവുകളും വഹിക്കപ്പെടുന്നത് ആ കേന്ദ്രം ആകയാല്‍ കൂടി വര്‍ഷാവര്‍ഷങ്ങളായി വരവ് ലഭിക്കുന്ന പാട്ടം അതിന്‌ മതിയാകാതെ വരികയാണ് പതിവ് എന്ന് അനുഭവസ്ഥർ പറയുന്നത് കേൾക്കാം. അതിനാല്‍, വലിയ അളവില്‍ പാട്ടം കരസ്ഥമാക്കുന്നവർ എന്ന നിലയിലും നാടിന്റെ സ്വകാര്യ സ്വത്തുക്കള്‍ മുഴുവന്‍ അടക്കി വെച്ചനുഭവിക്കുന്നവർ എന്ന നിലയിലും പഴയകാല ജന്മിത്തത്തെ അടയാളപ്പെടുത്തുമ്പോൾ തന്നെ അവരായിരുന്നു ആ സമൂഹത്തിലെ കൊടുക്കലിന്റെ കേന്ദ്രമെന്ന വസ്തുതയെ മറച്ച് വെക്കുന്നത് അഭികാമ്യമാകില്ല എന്ന് തോന്നുന്നു. എന്നാൽ, അതൊരിക്കലും ജന്മിത്വത്തെ ന്യായീകരിക്കുവാനുള്ള ഉപകരണമായി കണക്കാക്കാൻ കഴിയില്ല എന്നും അതോടൊപ്പം പറഞ്ഞ്‌ വെക്കട്ടെ.

അവലംബം-
വ്യക്തികൾ-
1- കോഴിക്കോട് സാമൂതിരി കോവിലകത്ത് മീര
2- മോഹനന്‍ മാസ്റ്റർ മണ്ണാര്‍മല
3- അമീര്‍ മാസ്റ്റർ ചുങ്കം
4- രാമചന്ദ്രന്‍ വാരിയര്‍ മണ്ണാര്‍മല
5- ഇണ്ണ്യാമ്പത്ത്, മണ്ണാൻ വീട്ടുകാർ
6- പച്ചീരി സ്കൂൾ അധ്യാപകർ
7- യൂസുഫലി പാണ്ടിക്കാട്
8- മഞ്ചേരി കോവിലകത്ത് ബാലേട്ടൻ

പുസ്തകങ്ങൾ-
1- വള്ളുവനാട് ചരിത്രം- ഡോ രാജേന്ദു
2- കേരള മുസ്ലിം ഹെറിറ്റേജ് പ്രബന്ധങ്ങൾ
3- കേരളത്തിലെ നവോത്ഥാനസമരങ്ങൾ- ഡോ r രാധാകൃഷ്ണൻ
4- മലബാർ കലാപവും ദേശീയ പ്രസ്ഥാനവും- k ഗോപാലൻ കുട്ടി
5- മാപ്പിള സമുദായം- ടി മുഹമ്മദ്
6- ആംഗ്ലോ മാപ്പിള യുദ്ധം 1921- കോഡൂർ
7- മൺസൂൺ ഇസ്ലാം, മധ്യകാല മലബാര്‍ തീരത്തെ വ്യപാരവും വിശ്വാസവും- പ്രാങ്കെ
8- വിക്കിപീഡിയ
9- കോവിലക ദേശം യാത്രകുറിപ്പുകള്‍


പോര്‍ച്ചുഗീസ് അധിനിവേശ കാലത്തെ പ്രദേശം


അശാന്തമായിരുന്ന പോര്‍ച്ചുഗീസ് കാലഘട്ടത്തിൽ ഈ പ്രദേശത്തിന് വല്ല സ്ഥാപനവുമുണ്ടോ എന്ന് ചോദിച്ചാൽ വ്യക്‌തമായി അതിനുത്തരം പറയുക പ്രയാസകരമാണ്. വലിയ തോതില്‍ രേഖപ്പെടുത്തപ്പെട്ട അക്കാലത്തെ കടലോര പ്രദേശങ്ങളിൽ നടന്നു വന്നിരുന്ന ശക്തമായ സമരങ്ങളുടെ പ്രതിധ്വനികള്‍ ഉള്‍പ്രദേശങ്ങളിലേക്കും അനുഭവപ്പെടുക സ്വാഭാവികമാണല്ലോ. പോര്‍ച്ചുഗീസ് അക്രമങ്ങള്‍ക്ക് പലപ്പോഴും ഇരയായി വന്നിരുന്നത് മുസ്ലീങ്ങളും അവരുടെ ചരക്ക് സൂക്ഷിച്ചിരുന്ന പാണ്ടിക ശാലകളും കപ്പലുകള്‍ ആയിരുന്നതിനാലും, ഈ ചരക്കുകള്‍ വന്നിരുന്നത് മലബാറിന്റെ ഉള്‍പ്രദേശങ്ങളിൽ നിന്നായിരുന്നതിനാലും, വ്യാപാരപരമായ അസ്ഥിരതയില്‍ നിന്നുടലെടുക്കുന്ന കാര്‍ഷിക നഷ്ടങ്ങൾ കൂടാതെ, പോര്‍ച്ചുഗീസ് അക്രമങ്ങളുടെ ഇരകള്‍ പലപ്പോഴും മുസ്ലീങ്ങളും അവരുടെ വിശ്വാസവുമായിരുന്നു എന്ന കാരണത്താൽ അതിൽ നിന്നുടലെടുക്കുന്ന ഭയവും അക്കാലത്തെ ഭീതിജനകമായ സാഹചര്യങ്ങൾക്ക് കാരണമായി എന്ന് വിലയിരുത്താം. ലഭ്യമായ ചരിത്ര വസ്തുക്കള്‍ മുന്നില്‍ വെച്ചാൽ പോര്‍ച്ചുഗീസ് അധിനിവേശത്തിന്റെ തുടക്കകാലത്ത്‌ മുസ്ലീങ്ങളുടെ കൂട്ടായ ജീവിതം കടപ്പുറങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു നടന്നു വന്നിരുന്നത്. ഇസ്ലാമിന്റെ പ്രചാരണം തുടക്കം കുറിച്ചത് കപ്പലുകളിലെത്തിയ അറബ്യൻ കച്ചവടക്കാരിൽ കൂടിയായിരുന്നു എന്നതിനാലും അവരുടെ പ്രഥമ പ്രബോധന സംബോധകർ കടലോര നിവാവാസികളായിരുന്നു എന്നതും അതിന്റെ കാരണമായി വിലയിരുത്താം. അതിനാൽ തന്നെ, മുസ്ലീങ്ങളുടെ ഉള്‍പ്രദേശ ജീവിതം തുടക്കം കുറിച്ചത് എന്നു മുതലാണെന്ന പഠനം നമ്മെ കൊണ്ടെത്തിക്കുന്നത് പോര്‍ച്ചുഗീസ് അധിനിവേശത്തോടെ രൂപപ്പെട്ട സവിശേഷമായ സമൂഹിക സാഹചര്യത്തിലേക്കാണ്. ആ ഒരു നിലപാട്‌ തറയില്‍ നിന്നു കൊണ്ടാണ്‌ പോര്‍ച്ചുഗീസ് അധിനിവേശ ചരിത്രത്തെ ചുങ്കം പ്രദേശവുമായി കൂട്ടി കെട്ടാന്‍ സാധ്യമാവുകയുള്ളു.

യൂറോപ്യന്‍ അധിനിവേശ ചരിത്രം രേഖപ്പെടുത്തിയ പലരും വിസ്മരിച്ച ഒന്നാണ് എഡി 1075 മുതല്‍ 1270 വരെ നടന്ന എട്ട് കുരിശു യുദ്ധങ്ങള്‍. ഇസ്‌ലാം-ക്രിസ്ത്യന്‍ മതയുദ്ധങ്ങളുടെ പട്ടികയിലാണ് ചരിത്രപുസ്തകത്തില്‍ പലരും ഇതിന് ഇടം നല്‍കിയിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍, ഫലഭൂയിഷ്ഠ ഭൂമിക്കും ലാഭക്കച്ചവടത്തിനും വേണ്ടി പാശ്ചാത്യരാജ്യങ്ങള്‍ പൗരസ്ത്യ രാജ്യങ്ങളെ കീഴടക്കാന്‍ ശ്രമിച്ചതിന്റെ പ്രാരംഭ സംരംഭങ്ങളായിരുന്നു കുരിശുയുദ്ധങ്ങള്‍. ലോകം വെട്ടിപിടിക്കാനുള്ള തങ്ങളുടെ ഉദ്യമത്തിന് പ്രധന തടസ്സം ഇസ്‌ലാമും മുസ്‌ലിം രാജ്യങ്ങളുമാണെന്ന് തിരിച്ചറിഞ്ഞ യൂറോപ്പ് അധിനിവേശത്തിന് ആളും അര്‍ഥവും ലഭിക്കുവാന്‍ ക്രിസ്തുമതത്തെ കൂട്ടുപിടിക്കുകയായിരുന്നു. നൂറ്റാണ്ടുകളോളം തുടര്‍ന്ന ഈ കുരിശുയുദ്ധങ്ങളുടെ മറ്റൊരു പതിപ്പായിരുന്നു 1492ല്‍ ക്രിസ്റ്റഫര്‍ കൊളംബസ് ഉദ്ഘാടനം നിര്‍വ്വഹിച്ച അധിനിവേശ യാത്രകള്‍ എന്ന് പറയാം. പിന്നീട്, ഏഷ്യനാഫ്രിക്കന്‍ സമുദ്ര മേഖലയിലെ അറബ് മുസ്‌ലിം വ്യാപാര മേല്‍ക്കോയ്മ അവസാനിപ്പിച്ച് തങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള വഴി സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെ 1498ല്‍ വാസ്‌കോഡഗാമയുടെ കപ്പല്‍ കാപ്പാട് തീരത്തണഞ്ഞത് യൂറോപ്പിന്റെ നുരഞ്ഞുപതയുന്ന കുരിശുയുദ്ധ മനസ്സും പേറിയായിരുന്നു. കേരളത്തിന്റെ വിപണിയും വിഭവങ്ങളും പിടിച്ചടക്കാനുള്ള അധിനിവേശലക്ഷ്യത്തിന് മുസ്‌ലിം ചെറുത്ത് നില്‍പ്പ് തടസ്സമായി നിന്നപ്പോള്‍ അതിനെതിരെയുള്ള തങ്ങളുടെ പ്രത്യാക്രമണങ്ങള്‍ക്ക് പോര്‍ച്ച്ഗീസുകാര്‍ പേരിട്ട് വിളിച്ചതും കുരിശ് യുദ്ധങ്ങൾ എന്നു തന്നെ.

അറബികളായ മുസ്ലീങ്ങളുടെ ആഗമനത്തോടു കൂടിയാണ്‌ മുസ്ലീം സംസ്കാരം കേരളത്തിൽ ഉണ്ടായിതീരുന്നത്. ഇസ്ലാമിന്റെ ആവിര്‍ഭാവത്തോടെയാണ് മാപ്പിളമാര്‍ എന്ന വിഭാഗം കേരളത്തില്‍ രൂപപ്പെടുന്നത് എന്ന് വേണമെങ്കിൽ പറയാം. പുരാതന കാലം മുതല്‍ക്കേ കച്ചവട ബന്ധം പ്രോത്സാഹിപ്പിക്കുക എന്നത് നാട്ടുകാരുടെയും നാടുവാഴികളുടേയും ലക്ഷ്യമായിരുന്നു. അറേബ്യയിൽ നിന്നുള്ള കച്ചവടക്കാർ തുറമുഖങ്ങളിൽ താമസിക്കുകയും നാട്ടുകാരായ സ്ത്രീകളെ വിവാഹം കഴിക്കുകയും സന്താനങ്ങൾ ഉണ്ടാക്കുകയും ചെയ്യുക വഴി അവരീ നാട്ടില്‍ വ്യാപിച്ചു. കൂടാതെ, തദ്ദേശീയരായ ജനതയുടെ ഇസ്ലാം മതത്തിലേക്കുള്ള കുടിയേറ്റത്തിലൂടേയും മാപ്പിളമാരുടെ വർദ്ധനവിന് കാരണമായി എന്ന് പറയാം. അഥവാ, അറബി സംസ്കാരവും കേരളീയ ജീവിത രീതികളും സംയുക്തമായി കൂടി ചേര്‍ന്നവരാണ്‌ മാപ്പിളമാരെന്ന് ചുരുക്കം.

പതിനൊന്നാം നൂറ്റാണ്ട് മുതല്‍ തന്നെ പ്രമുഖ കച്ചവട കേന്ദ്രമായിരുന്നു കോഴിക്കോട്. കുരുമുളക്, ഇഞ്ചി, ഏലക്ക, കറുവപ്പട്ട തുടങ്ങിയ ഫലവെഞ്ചനങ്ങൾ കൂടാതെ ആനക്കൊമ്പ്, മയില്‍ തുടങ്ങിയ വസ്തുക്കളും സമൃദ്ധമായി ലഭ്യമാകുന്ന കുലീനമായ പട്ടണം. കോഴിക്കോട് ഭരിച്ചു വന്നിരുന്ന സാമൂതിരി എന്ന സ്ഥാനപ്പേരിലറിയപ്പെടുന്ന രാജാക്കന്മാരുടെ പിന്തുണയിൽ വ്യപാര കാര്യങ്ങളെ നിയന്ത്രിച്ചു വന്നിരുന്നത് ഷാബന്ദർ കോയമാരെന്ന വ്യപാര പ്രമുഖരുടെ കീഴിലായിരുന്നു. മണ്‍സൂണ്‍ കാലത്തിന്റെ തുടക്കത്തോടെ പായകപ്പലുകളിലെത്തിച്ചേരുന്ന അറബികള്‍ കോഴിക്കോട് നിന്നും ഡമാസ്കസ്, ബൈറൂത്ത്, അലക്‌സാന്‍ഡ്രിയ തുടങ്ങിയ പ്രദേശങ്ങളിലേക്കെത്തിക്കുന്ന കേരളീയ വിഭവങ്ങളാണ് അതുവഴി യൂറോപ്പില്‍ എത്തിച്ചേർന്നിരുന്നത്. മുസ്ലീങ്ങളായ ഇടനിലക്കാരിലൂടെ പല ദേശങ്ങളും രാജ്യങ്ങളും കടന്നാണ് തങ്ങൾക്കേറ്റവും പ്രിയപ്പെട്ട കുരുമുളക്‌ പോലുള്ള വസ്തുക്കള്‍ യൂറോപ്പ്യരിലേക്ക് എത്തിചേർന്നിരുന്നത് എന്ന കാരണത്താല്‍ അതിന്റെ കുത്തക പിടിച്ചടക്കുക എന്ന ലക്ഷ്യവുമായാണ് പോര്‍ച്ചുഗീസുകാർ കോഴിക്കോട്ടേക്കുള്ള വഴി കണ്ടെത്തുവാനുള്ള ശ്രമം തുടങ്ങുന്നതും വാസ്കോഡഗാമയിലൂടെ അത് സാധ്യമാക്കുകയും ചെയ്യുന്നത്. അങ്ങനെ 1498ൽ ഗാമ കോഴിക്കോട്ടെ കാപ്പാട് കപ്പലിറങ്ങി. കേരളീയ വിഭവങ്ങളുടെ വ്യാപാരകുത്തക പോര്‍ച്ചുഗലിന് തീറെഴുതി കൊടുക്കാനുള്ള മാനുവല്‍ രാജാവിന്റെ അറബിയിലെഴുതിയ കത്ത് ഗാമ സാമൂതിരിക്ക് കൈമാറി. എന്നാൽ, മുസ്‌ലിം അറബ് കച്ചവടക്കാരുമായി സൗഹൃദപൂര്‍വ്വമായ ദീര്‍ഘകാല വ്യാപാര ബന്ധം നിലനിര്‍ത്തി പോന്നിരുന്ന സാമൂതിരി സ്‌നേഹബുദ്ധ്യാ കത്തിലെ ആവശ്യം നിരസിച്ച് ഗാമയെ മാന്യമായി യാത്രയാക്കി എന്ന് ചരിത്രത്തിൽ കാണാം. എങ്കിലും, അയാളുടെ പക്കലുള്ള ചരക്കുകള്‍ വിറ്റഴിക്കാനും വിപണിയില്‍ നിന്ന് ആവശ്യമായ വിഭവങ്ങള്‍ വാങ്ങാനും സാമൂതിരി അവര്‍ക്ക് സൗകര്യം ചെയ്തുകൊടുത്തത് കടൽ കടന്നെത്തുന്ന കച്ചവടക്കാർക്ക് കോഴിക്കോട് നല്‍കി വന്നിരുന്ന പരിഗണനയുടെ ഉത്തമ മാതൃകയായി മനസ്സിലാക്കാം. തന്റെ സാമ്രാജ്യത്വ ഹിഡന്‍ അജണ്ടക്ക് തടസ്സം സാമൂതിരിയുടെ വ്യപാര കാര്യങ്ങളിൽ വലിയ അളവില്‍ സ്വാധീനം ചെലുത്തുന്ന അറബ് മുസ്‌ലിം കച്ചവടക്കാരാണെന്ന് മനസ്സിലാക്കിയ ഗാമ ശക്തമായ തിരിച്ചുവരവിന് പദ്ധതികള്‍ ആസൂത്രണം ചെയ്ത് 1498 ഓഗസ്റ്റ് 29ന് കോഴിക്കോട്ടു നിന്നും മടങ്ങി.

ഗാമ മടങ്ങി അധികം കഴിയും മുമ്പ് എ.ഡി 1500ല്‍ കബ്രാളിന്റെ നേതൃത്വത്തില്‍ മറ്റൊരു പോര്‍ച്ചുഗീസ് കപ്പല്‍വ്യൂഹം കോഴിക്കോട്ടെത്തി. അന്നത്തെ അത്യാധുനികായുധമായ പീരങ്കിപ്പടയുമായിട്ടായിരുന്നു കബ്രാളിന്റെ വരവ്. കണ്ണില്‍ കണ്ട സകല തീരങ്ങളും കൊള്ളയടിച്ച് നശിപ്പിച്ചാണ് ആ അധിനിവേശ സംഘം കോഴിക്കോട്ടെത്തിച്ചേർന്നത്. കേരള തീരത്ത് നിന്ന് മുസ്‌ലിംകളെ പുറത്താക്കാനും വ്യാപര കുത്തക പോര്‍ച്ചുഗീസ് രാജാവിന് പതിച്ചു നല്‍കാനും ധിക്കാര സ്വരത്തില്‍ കബ്രാള്‍ സാമൂതിരിയോടാവശ്യപ്പെട്ടു. നിര്‍ദ്ദേശം നിരാകരിച്ചെങ്കിലും ആവശ്യമുള്ള വിഭവങ്ങള്‍ വിപണിയില്‍ നിന്ന് വിലക്ക് വാങ്ങാന്‍ സാമൂതിരി പോര്‍ച്ചുഗീസുകാര്‍ക്ക് അനുവാദം നല്‍കി. താന്‍ നിശ്ചയിച്ച വിലക്ക് ചരക്കുകള്‍ വില്‍ക്കുവാന്‍ വ്യാപാരികള്‍ വിസമ്മതിച്ചതിനാല്‍ കോഴിക്കോട് തുറമുഖത്തെ കപ്പലുകള്‍ കബ്രാള്‍ കൊള്ളയടിച്ചു. അതായിരുന്നു കേരളത്തിലെ ആദ്യത്തെ കടല്‍ക്കൊള്ള എന്ന് വേണമെങ്കിൽ പറയാം. തുടര്‍ന്ന് നടന്ന ലഹളയില്‍ എഴുപതോളം പോര്‍ച്ചുഗീസുകാര്‍ കൊല്ലപ്പെട്ടു. അപ്രതീക്ഷിതമായി ലഭിച്ച തിരിച്ചടിയില്‍ കബ്രാള്‍ ക്രുദ്ധനായി. കണ്ണില്‍ കണ്ട സാമൂതിരിയുടെ കപ്പലുകളെല്ലാം പീരങ്കി ഉപയോഗിച്ച് തീവെച്ച് നശിപ്പിച്ചു. അറുനൂറിലധികം പേര്‍ മരിക്കുകയും നിരവധി വീടുകള്‍ തരിപ്പണമാവുകയും ചെയ്ത ആ ആക്രമണ ശേഷം മുസ്‌ലിം വ്യാപാരികളുടെ നേതൃത്വത്തില്‍ സാമൂതിരിയുടെ നാവികസേന പോര്‍ച്ചുഗീസുകാരെ പിന്‍തുടര്‍ന്നെങ്കിലും കൊച്ചി രാജാവുമായി സംഖ്യമുണ്ടാക്കിയ ശേഷം ധൃതിയില്‍ കബ്രാള്‍ കേരളതീരം വിട്ടതായാണ് ചരിത്രത്തിൽ കാണുവാന്‍ സാധിക്കുക. 

സംഘര്‍ഷ ഭരിതമായ കടപ്പുറം വീണ്ടും ശാന്തിയുടെ പുലരിയിലേക്കുണര്‍ന്നു തുടങ്ങി. സമുദ്രത്തില്‍ കച്ചവടക്കപ്പലുകള്‍ സജീവത പ്രാപിച്ചു.

ശേഷം രണ്ടു വർഷങ്ങൾ കഴിഞ്ഞ് 1502ലാണ് ഗാമ വീണ്ടും കോഴിക്കോട്ടെത്തിച്ചേരുന്നത്. ഇന്ത്യ കീഴടക്കാനുള്ള അനുമതി പത്രമെന്നപേരിൽ പോര്‍ച്ചുഗീസ് രാജാവിൽ നിന്നും കരസ്ഥമാക്കിയ 'അധികാരവുമായാണ്' ഗാമയുടെ രണ്ടാം വരവ്. ആ വരവിൽ ഗാമ ചെയത് കൂട്ടിയ ക്രൂരകൃത്യങ്ങളെ കുറിച്ച് പ്രശസ്ത ചരിത്രകാരനായ കൊറിയ പറയുന്നത് കാണുക,

"വരുന്ന വഴിക്ക് കണ്ട മുസ്ലീം കപ്പലുകളൊക്കെയും പറങ്കികൾ ആക്രമിച്ചു. അവയിലെ സമ്പാദ്യങ്ങൾ കൊള്ള ചെയതു. യാത്രക്കാരെ നിഷ്കരുണം അറുകൊല നടത്തി. കപ്പലുകള്‍ തീവെച്ച് നശിപ്പിച്ചു. അവരുടെ ക്രൂരമര്‍ദ്ദനത്തിന് ആദ്യമായി വിധേയമായത് ഹിജാസില്‍ നിന്നു വരുന്ന ഒരു ഹജ്ജ് യാത്ര കപ്പലായിരുന്നു. ഖാജാ ഖാസിം എന്ന മുസ്ലീം നേതാവിന്റെ സഹോദരന്റേതായിരുന്നു ആ കപ്പല്‍. സ്ത്രീകളും കുട്ടികളുമടക്കം മുന്നൂറിലധികം യാത്രക്കാരും എണ്ണമറ്റ സമ്പത്തും ആ കപ്പലിലുണ്ടായിരുന്നതായി വിലയിരുത്തപ്പെടുന്നു. പറങ്കികൾ കപ്പലിലെ സമ്പത്ത്‌ എല്ലാം കവര്‍ന്നു. അനന്തരം യാത്രക്കാര്‍ കൂടെ കപ്പലിന് തീകൊളുത്തി..."

പ്രഥമ യാത്രയെപ്പോലെ കോഴിക്കോടിന്റെ അധികാര സ്ഥാപനങ്ങളുമായുള്ളൊരു ചര്‍ച്ച അയാൾ ആഗ്രഹിച്ചില്ല. വന്ന ഒന്നാം ദിനം മുതല്‍ കടലിലും കരയിലും നിരന്തരം അക്രമണങ്ങള്‍ അഴിച്ചുവിട്ടു. കോഴിക്കോടുമായി മുന്തിയ നിലയില്‍ കച്ചവടം ചെയത് വന്നിരുന്ന അറബ്യൻ കച്ചവടക്കാരെ ഇല്ലായ്മ ചെയ്യാതെ തങ്ങൾക്കൊരു രക്ഷയില്ലെന്ന് മനസ്സിലാക്കിയ ഗാമയും കൂട്ടരും തിരഞ്ഞു പിടിച്ചവരെ നശിപ്പിക്കാന്‍ ശ്രമിച്ചത് സാഹചര്യം കൂടുതൽ സംഘർഷാവസ്ഥയിലേക്ക് നീങ്ങാന്‍ ഹേതുവായി. ഇതിനിടയിലാണ് കൊച്ചി രാജ്യവുമായി കാബ്രാൾ തുടക്കമിട്ട് പോയ സംഭാഷണം ഗാമ തുടർന്നു വന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് കൊച്ചി തീരത്ത് ഫാക്ടറികൾ സ്ഥാപിക്കാനും സൈനിക പരിശീലനങ്ങൾ നടത്താനും അയാള്‍ക്കനുമതി ലഭിക്കുന്നത്.

കൊച്ചി രാജാക്കന്മാരുടെ മൂല തറവാട് സ്ഥിതിചെയ്തിരുന്ന പെരുമ്പടപ്പിന്റെ കൈവശാവകാശത്തിന് വേണ്ടി സാമൂതിരിയുമായി കൊച്ചി നടത്തി വന്നിരുന്ന യുദ്ധ പശ്ചാത്തലത്തില്‍ സാമൂതിരിയുടെ പരാജയം കൊച്ചി രാജാവും ആഗ്രഹിച്ചിരുന്നു എന്ന് വേണം കരുതാന്‍. 

എന്നിരുന്നാലും, കൊച്ചി കേന്ദ്രീകരിച്ച് കോഴിക്കോടും സാമൂതിരിയുടെ രണ്ടാം തലസ്ഥാനമായ പൊന്നാനിയും നിരന്തരം ഗാമ അക്രമിക്കാന്‍ തുടങ്ങി. കടല്‍ മുഴുവന്‍ പോര്‍ച്ചുഗീസ് രാജാവിന്റെ വകയാണെന്നും അയാളുടെ അനുമതിപത്രം വാങ്ങാതെ ഒരു കപ്പലും കടലില്‍ സഞ്ചരിക്കരുതെന്നും ഗാമ വിളംബരം ചെയ്തു. നിര്‍ദ്ദേശം ലംഘിച്ച കപ്പലുകളെല്ലാം അയാള്‍ കൊള്ളയടിച്ച വസൂലാക്കി. ചിലവ തീവെച്ച് നശിപ്പിക്കുകയും ചെയ്തു. തന്റെ സൈനിക ശക്തിയില്‍ അഹങ്കരിച്ച ഗാമ പീരങ്കിപ്പടയെ മുന്നില്‍ നിര്‍ത്തി കേരളതീരങ്ങളില്‍ ക്രൂരതയുടെ പുതിയ അധ്യായങ്ങൾ എഴുതിച്ചേര്‍ത്തതിനെ സാധ്യമായ രീതിയില്‍ അക്ഷരങ്ങള്‍ക്കൊണ്ട് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം വിവരിക്കുന്നു, 

"അവര്‍ മുസ്‌ലിംകളുടെ സ്വത്തുക്കള്‍ കൊള്ളചെയ്തു. പള്ളികളും പട്ടണങ്ങളും തീവെച്ച് നശിപ്പിച്ചു. കപ്പലുകള്‍ പിടിച്ചെടുത്തു. ഖുര്‍ആനും മറ്റ് വിശുദ്ധ ഗ്രന്ഥങ്ങളും ചവിട്ടിമെതിക്കുകയും തീവെക്കുകയും ചെയ്തു. ഹാജിമാരെ കൊല്ലുകയും മറ്റ് മുസ്‌ലിംകളെ പീഡനത്തിനിരയാക്കുകയും നബിയെ അവഹേളിക്കുകയും ചെയ്തു. ചിലരുടെ ശരീരത്തില്‍ തീവെച്ച് പീഡിപ്പിച്ചു. ചിലരെ അടിമകളാക്കി വിറ്റു. ഉന്നത കുടുംബങ്ങളില്‍ പെട്ട എത്രയോ മുസ്‌ലിം സ്ത്രീകളെ പിടിച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തി. അവരില്‍ ജനിക്കുന്ന കുട്ടികളെ ക്രിസ്ത്യാനികളാക്കി. എത്രയോ സയ്യിദന്മാരെയും പണ്ഡിതന്മാരെയും കുലീനരെയും പിടിച്ച് ദേഹോപദ്രവം ചെയ്തു. എത്രയോ ഹീനവും ക്രൂരവുമായ കൃത്യങ്ങളാണ് അവര്‍ ചെയ്തു വന്നത്. അത് വിവരിക്കാന്‍ നാവു പൊങ്ങില്ല. പറയാന്‍ വെറുപ്പുള്ള സംഗതിയാണവയെല്ലാം..."

ചീനരും യവനരും ഒടുവില്‍ അറബികളുമായ കച്ചവടക്കാരുമായി തികച്ചും സമാധാനാന്തരീക്ഷത്തില്‍ കച്ചവടം ചെയത് വന്നിരുന്ന സാമൂതിരി, ആദ്യകാലങ്ങളിൽ യുദ്ധം ചെയത് വന്നിരുന്നത് രാജ്യ വിപുലീകരണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുള്ള കരയുദ്ധങ്ങളിൽ മാത്രമായിരുന്നു. എന്നാൽ, കബ്രാളിന്റെ കോഴിക്കോട് ആക്രമണത്തോടെ നാവികസേനയുടെ ആവശ്യകതയെ കുറിച്ച് സാമൂതിരി ബോധവാനാവുകയും അതിനെ സംഘടിപ്പിക്കിനുള്ള ശ്രമങ്ങളാരംഭിക്കുകയും ചെയതു. വിശ്വാസപരമായ കാരണത്താൽ കടൽ യുദ്ധങ്ങൾക്ക് സാമൂതിരി ഉള്‍പ്പടെയുള്ള കേരളത്തിലെ മിക്ക ഹിന്ദു രാജാക്കന്മാർക്കും നിയന്ത്രണങ്ങളുണ്ടായിരുന്നു. അതിനാൽ, കടൽ കടന്നുള്ള വ്യപാരങ്ങളിൽ വൈദഗ്ധ്യം പ്രകടിപ്പിച്ച മുസ്‌ലിം കച്ചവടക്കാരുടെ പിന്തുണയാണ് സാമൂതിരി അക്കാര്യത്തിൽ തേടിയത്. അവരുടെ പിന്‍ബലത്തോടെ അറബി കടലില്‍ സാമൂതിരി പ്രതിരോധം ശക്തമാക്കി. അക്കാലത്തെ ലോകത്തെ വന്‍കിട നാവികശക്തിയുമായാണ് തങ്ങളുടെ പോരാട്ടമെന്ന് മനസ്സിലാക്കിയ സാമൂതിരി- മുസ്ലീം ചേരി ആദ്യമൊക്കെ പിടിച്ചു നിന്നെങ്കിലും അതെല്ലാം നിസ്സാരമായി പോവുന്നതാണ് പിന്നീട് കാണാൻ കഴിഞ്ഞത്. ഇതിനിടയില്‍, അറബികളുടെ സ്വാധീന ഫലമായി അവരുടെ നാടുകളായ ഈജിപ്തിന്റെയും തുര്‍ക്കിയുടെയും സഹായ സഹകരണങ്ങളും സാമൂതിരിക്ക് ലഭിക്കുകയുണ്ടായി. (അക്കാലത്ത് മുസ്ലീം രാജാക്കന്മാര്‍ക്കിടയിലെ ഹിന്ദു രാജാവ് എന്നായിരുന്നു സാമൂതിരി അറിയപ്പെട്ടിരുന്നത്). എന്നാൽ, അതൊക്കെയും ഏതാനും ചെറു വിജയങ്ങളിൽ മാത്രമായി ഒതുങ്ങി തീര്‍ന്നു.

ഒന്നിനു പിറകെ മറ്റൊന്നായി എത്തിക്കൊണ്ടിരുന്ന പോര്‍ച്ചുഗീസ് സൈനിക വ്യൂഹങ്ങള്‍ക്ക് മുമ്പില്‍ അതെല്ലാം താല്‍ക്കാലിക നേട്ടങ്ങള്‍ മാത്രമായി ചുരുങ്ങി. അശാന്തമായ അറബിക്കടലിലെ വര്‍ധിച്ച കടല്‍കൊള്ള മൂലം നഷ്ടം താങ്ങാനാവാതെ 1520കളോടെ അറബി വ്യാപാരികളെല്ലാം കേരളം വിട്ടു എന്ന് പറയാം. അതോടെ തീരദേശത്ത് തദ്ദേശീയ മുസ്‌ലിംകള്‍ മാത്രം ബാക്കിയായി. അവശേഷിക്കുന്ന മുസ്‌ലിം സമൂഹത്തിന്റെ വംശീയ ഉന്മൂലനം ലക്ഷ്യം വെച്ച് പോര്‍ച്ചുഗീസുകാര്‍ അവരുടെ ആക്രമണത്തിന് മൂര്‍ച്ചകൂട്ടി. പറങ്കികളെ തോല്‍പ്പിച്ചാലല്ലാതെ കോഴിക്കോടിന് തങ്ങളുടെ പഴയകാല പ്രതാപം തിരിച്ചു പിടിക്കാനാകില്ലെന്ന് മനസ്സിലാക്കിയ സാമൂതിരി മുസ്‌ലിംകളോടൊപ്പം പ്രതിരോധത്തിനിറങ്ങിയെങ്കിലും കനത്ത ആള്‍നാശമാണ് അവരെയും കാത്തിരുന്നത്. ശക്തനായ ശത്രുവിനെതിരെയുള്ള അദ്ദേഹത്തിന്റെ നിലപാടില്‍ മാറ്റം വരാന്‍ ഇതുമൂലം കാരണമാവുകയും, ഈ അവസരം മുതലാക്കികൊണ്ട് കൊട്ടാരത്തിനുള്ളിലെ ചിലരെ സ്വാധീനിച്ച് പോര്‍ച്ചുഗീസുകാർ തങ്ങളുടെ അവസാന അടവ് പുറത്തെടുത്തു. അവർ സാമൂതിരിയുമായൊരു സന്ധിയിലേർപ്പെടാൻ ശ്രമിച്ചു. ഒടുവില്‍, സാമൂതിരി പോര്‍ച്ചുഗീസുകാരുമായി കരാറിലേര്‍പ്പെട്ടു.

ഒരു സാമ്രാജ്യത്വ ശക്തിയുമായി സാമൂതിരി കരാറൊപ്പിട്ടതിന്റെ ഭവിഷ്യത്ത് ആദ്യം തിരിച്ചറിഞ്ഞത് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമായിരുന്നു. അക്കാലത്ത് പൊന്നാനി പള്ളിയില്‍ ദര്‍സ് നടത്തി വരികയായിരുന്നു അദ്ദേഹം കരാറിലടങ്ങയിരിക്കുന്ന വിപത്തിന്റെ ഗൗരവം ദീര്‍ഘവീക്ഷണത്തോടെ സാമൂതിരിയെ അറിയിച്ചു. കൊച്ചി രാജ്യത്തുൾപ്പെടെ പറങ്കികൾ നടത്തി വരുന്ന ഭരണപരമായ ഇടപെടലുകളെ സംബന്ധിച്ച് ബോധവാനായ സാമൂതിരി പോരാട്ടത്തിനുള്ള തന്റെ സന്നദ്ധത അറിയിക്കുകയും പോര്‍ച്ചുഗീസ് നാവികശക്തിക്ക് മുമ്പില്‍ തന്റെ സൈന്യത്തിന്റെ നിസ്സഹായത അദ്ദേഹം ശൈഖ് മഖ്തൂമിനെ അറിയിക്കുകയും ചെയതു. കാലഘട്ടത്തിന്റെ പണ്ഡിത ദൗത്യം ഏറ്റെടുത്ത സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ അധിനിവേശ ശക്തിക്കെതിരെ മുസ്‌ലിംകളോട് ജിഹാദിനാഹ്വാനം ചെയ്യുന്നതാണ് പിന്നെ കാണുവാന്‍ കഴിയുന്നത്. മുസ്‌ലിംകളില്‍ സമരാത്മകത ഇളക്കിവിടാന്‍ തന്റെ പ്രസിദ്ധ സമരകാവ്യമായ 'തഹ്‌രീളു അഹ്‌ലുല്‍ ഈമാനി അലാ ജിഹാദി അബ്ദതിസ്സുല്‍ബാന്‍' രചിച്ചത് ഈ സന്ദര്‍ഭത്തിലാണ്. മലയാള മണ്ണില്‍ പിറവികൊണ്ട ആദ്യത്തെ അധിനിവേശ വിരുദ്ധ കൃതിയാണിതെന്ന് പറയാം. പ്രസ്തുത കൃതിയുടെ ആയിരക്കണക്കിന് കോപ്പികള്‍ ശൈഖ് മഖ്ദൂം മുസ്‌ലിം മഹല്ലുകളില്‍ സ്വയം നടന്ന് വിതരണം ചെയ്യുകയും അവരെ ജിഹാദിന് പ്രേരിപ്പിക്കുകയും ചെയ്തു. അതോടു കൂടി ഒറ്റയായും കൂട്ടമായും മുസ്‌ലിം സമൂഹം സൈനിക സജ്ജീകരണങ്ങളൊരുക്കി പ്രതിരോധത്തിന് മുന്നോട്ട് വന്നു.

മരക്കാര്‍മാർ


അധിനിവേശ ശക്തിയുടെ പീരങ്കിപ്പടക്ക് മുമ്പില്‍ ഈ ചെറുത്ത് നില്‍പ്പ് സംഘത്തിന് അധികം പിടിച്ച് നില്‍ക്കാനായില്ല. സാമൂതിരിയുടെ നായര്‍പ്പടക്ക് വീണ്ടും കനത്ത ആള്‍നാശം നേരിട്ടു. തീരപ്രദേശങ്ങള്‍ നിരന്തരം ആക്രമണങ്ങള്‍ക്കും കൂട്ടക്കൊലകള്‍ക്കും സാക്ഷിയായി. പ്രതിരോധത്തിനും പ്രത്യാക്രമണത്തിനും പുതിയ തന്ത്രങ്ങളും ആസൂത്രണങ്ങളും വേണ്ടതുണ്ടായിരുന്നു. ശക്തനായൊരു നാവികമേധാവിയെ ആയിരുന്നു അതിനാവശ്യം. കുഞ്ഞാലിമരക്കാരുടെ രംഗപ്രവേശത്തോടെ അതാണ് നികത്തപ്പെട്ടത്.

ഹക്കീം അഹ്മ്മദ് മരക്കാരും സഹോദരന്‍ കുഞ്ഞാലി മരക്കാരും കൊച്ചിയിലെ സമ്പന്ന വ്യാപാരികളായിരുന്നു. ശൈഖ് മഖ്ദൂമിന്റെ ഫത്‌വയില്‍ പ്രചോതിതരായി മരക്കാര്‍മാര്‍ 1524ല്‍ സാമൂതിരിയുടെ നാവികസേനയുടെ നേതൃത്വം ഏറ്റെടുത്തു. ആദ്യകാലങ്ങളിൽ പൊന്നാനി കേന്ദ്രീകരിച്ചായിരുന്നു കുഞ്ഞാലി മരക്കാരുടെ ചെറുത്ത് നില്‍പ്പ് ശ്രമങ്ങള്‍ നടന്നു വന്നിരുന്നത്. നാവിക സേന വലിയ അളവില്‍ പ്രതിരോധത്തിന് സജ്ജരായതോടെ കേരള തീരമൊരു ജീവന്മരണ പോരാട്ട മുഖത്തേക്ക് ഉണരുന്നതാണ് പിന്നീട് കാണാൻ കഴിഞ്ഞത്. പോര്‍ച്ചുഗീസുകാരുടെ സമുദ്രാധിപത്യത്തിന് മരക്കാര്‍ കനത്ത വെല്ലുവിളി ഉയര്‍ത്തി. നിരവധി കൊച്ചുവള്ളങ്ങള്‍ അണിനിരത്തി അവർ നടത്തിയ ഒളിപ്പോരാക്രമണം പോര്‍ച്ചുഗീസ് കപ്പലുകളുടെ സ്വൈര്യവിഹാരത്തിന് നിത്യ തലവേദനയാണ് സമ്മാനിച്ചത്. മുന്നറിയിപ്പില്ലാതെയും മിന്നല്‍ വേഗതയിലും നടത്തുന്ന ആക്രമണങ്ങള്‍ ചെറുക്കാനോ അവയുടെ ഉറവിടം കണ്ടെത്താനോ കഴിയാതെ ലോക നാവിക സേന എന്ന് സ്വയം വീമ്പിളക്കിയിരുന്ന പറങ്കികൾ വട്ടം കറങ്ങി. ഏത് പോര്‍ച്ചുഗീസ് കപ്പലും എപ്പോഴും ആക്രമിക്കപ്പെടാം എന്ന സ്ഥിതി സംജാതമായി. സ്വതന്ത്രമായി കച്ചവടം ആഗ്രഹിക്കുന്നവര്‍ക്ക് മരക്കാരുടെ കീഴിലുള്ള നാവികപ്പട സംരക്ഷണവും നല്‍കി.
തീരദേശങ്ങളില്‍ താമസിക്കുന്ന നിരപരാധികളെ കൂട്ടക്കശാപ്പ് ചെയ്തും അവരുടെ വീടുകള്‍ തകര്‍ത്ത് തരിപ്പണമാക്കിയുമാണ് പോര്‍ച്ചുഗീസുകാര്‍ കുഞ്ഞാലിയോടുള്ള അരിശം തീര്‍ത്തത്. ഓരോ ആക്രമണത്തിനും ഒളിപ്പോരിലൂടെ കുഞ്ഞാലി മരക്കാര്‍ കനത്ത മറുപടി നല്‍കാന്‍ തുടങ്ങിയതോടെ പോരാട്ടം രൂക്ഷമായി. 1538ല്‍ പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ കുഞ്ഞാലിയുടെ ആക്രമണ രീതിയെപ്പറ്റി മേലുദ്യോഗസ്ഥനെ ഇങ്ങനെ അറിയിച്ചു.

"ഒരു തുറമുഖത്തുനിന്നു പുറപ്പെട്ട 150 പേരുള്ള സംഘം കഴിയുന്നത്ര നാശനഷ്ടങ്ങള്‍ വരുത്തുന്നു. ഞാന്‍ അവരുടെ പിറകെ പോകുമ്പോള്‍ മറ്റൊരു സംഘം വേറൊരിടത്തുനിന്നു പുറപ്പെട്ട് മറ്റേതെങ്കിലും സ്ഥലത്ത് നാശനഷ്ടങ്ങളുണ്ടാക്കുന്നു. എനിക്ക് എങ്ങോട്ട് പോകണമെന്ന് തീരുമാനിക്കാനാവുന്നില്ല..."

പോരാട്ടം വര്‍ഷങ്ങളോളം തുടര്‍ന്നു. ഇരുഭാഗത്തും കനത്ത ആള്‍ നാശങ്ങളുണ്ടായി. കുഞ്ഞാലിയുടെ മുഴുവന്‍ പടയാളികളും കപ്പലുകളും നശിച്ച സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. എങ്കിലും ഉയര്‍ത്തെണീറ്റ് പുതിയ നാവികപ്പടയുണ്ടാക്കി അചഞ്ചല ധീരതയോടെ അവര്‍ പോരാട്ടം തുടര്‍ന്നു. 1540 ആയപ്പോഴേക്കും പോര്‍ച്ചുഗീസുകാര്‍ക്ക് കുഞ്ഞാലിയുടെ നാവികപ്പട ഒഴികെ മറ്റെങ്ങും എതിര്‍പ്പില്ലാതായി. പക്ഷേ, പോരാട്ടത്തിന് നേതൃത്വം കൊടുത്തിരുന്നവര്‍ ഒന്നിന് പിറകെ ഒന്നായി രക്തസാക്ഷിത്വം വരിച്ചത് പ്രതിരോധത്തിന്റെ ശക്തി കുറയാന്‍ കാരണമായി.

പോര്‍ച്ചുഗീസ് വിരുദ്ധ പോരാട്ടത്തിന്റെ അവസാന ചരിത്രം 'കേരള മുസ്‌ലിം അധിനിവേശവിരുദ്ധ ചരിത്രം ഒരു തിരിഞ്ഞുനോട്ടം' എന്ന പ്രബന്ധത്തിൽ പറയുന്നത് കാണുക,

"ചെറുത്തുനില്‍പ്പിന്റെ പോരാട്ടഭൂമിയിലേക്ക് കാലെടുത്ത് വെച്ച കുഞ്ഞാലിമരക്കാരാരും ജീവനോടെ പോര്‍ച്ചുഗീസുകാര്‍ക്ക് കീഴടങ്ങിയില്ല. അവസാന ശ്വാസം വരെ അവര്‍ സാമ്രാജ്യത്വ ശക്തിയോട് പോരാടി. 1535ലെ പറവണ്ണ ആക്രമണത്തില്‍ കുട്ടി ഇബ്രാഹീം മരക്കാരും 1538ലെ നെല്ലുംപള്ളി പോരാട്ടത്തില്‍ അലി ഇബ്രാഹീം മരക്കാരും 1539ല്‍ ശ്രിലങ്കയില്‍ ഹക്കീം അഹമ്മദ് മരക്കാരും ധീരരക്തസാക്ഷിത്വം വരിച്ചു. 1594ല്‍ കുഞ്ഞാലി നാലാമനെന്ന പേരില്‍ മുഹമ്മദ് മരക്കാര്‍ നാവികസേന മേധാവിയായി. സാമൂതിരിയുടെ സൈന്യത്തിന് ശക്തിക്ഷയവും കൊട്ടാരത്തിലുള്ള ഉപജാപസംഘങ്ങള്‍ ശക്തിയാര്‍ജിക്കുകയും ചെയ്ത കാലമായിരുന്നു അത്. കുഞ്ഞാലിയെയും സാമൂതിരിയെയും പരസ്പരമകറ്റാന്‍ പോര്‍ച്ചുഗീസ് ചാരന്മാര്‍ പതിനെട്ടടവും പയറ്റി. ഈ സന്ദര്‍ഭത്തില്‍ സംഭവിക്കാന്‍ പാടില്ലാത്ത ചില വീഴ്ചകള്‍ കുഞ്ഞാലി നാലാമന്റെ ഭാഗത്ത് നിന്നുമുണ്ടായി (അതിന്റെ കൃത്യമായി കാരണം ചരിത്രകാരന്മാര്‍ക്കും വ്യക്തമല്ല). സന്ദര്‍ഭം കാത്തു കിടന്ന ശത്രുക്കള്‍ അവസരം ശരിക്കും ഉപയോഗപ്പെടുത്തി. അതോടെ സാമൂതിരി കുഞ്ഞാലിയോടുള്ള സകല ബന്ധവും വിഛേദിച്ചു. 1599ല്‍ പോര്‍ച്ചുഗീസുകാരുമായി സാമൂതിരി വീണ്ടും സന്ധിയായി. പോര്‍ച്ചുഗീസുകാര്‍ കുഞ്ഞാലിക്കെതിരെ കുതന്ത്രങ്ങള്‍ ആസൂത്രണം ചെയ്തു. സാമൂതിരിയുമായി ഒരുമിച്ച് കുഞ്ഞാലിയെ ആക്രമിക്കാന്‍ പോര്‍ച്ചുഗീസുകാര്‍ പ്ലാനിട്ടു. ഒരു നിമിഷത്തിന്റെ എതോ ഒരു വീഴ്ചയില്‍ ഒരു ദേശത്തിന്റെ സാമ്രാജ്യത്വ വിരുദ്ധ മുന്നേറ്റത്തിന്റെ ഗതി തന്നെ തകിടം മറിഞ്ഞു എന്ന് പറയാം. കടലില്‍ നിന്ന് പോര്‍ച്ചുഗീസുകാരും കരയിലൂടെ സാമൂതിരിയും കുഞ്ഞാലിയെ ആക്രമിക്കാന്‍ തീരുമാനിച്ചു. 1599 മാര്‍ച്ച് 15നാണ് ആക്രമണം ആരംഭിച്ചത്. ആദ്യ ഏറ്റുമുട്ടലില്‍ തന്നെ കുഞ്ഞാലിയുടെ തിരിച്ചടിയേറ്റ് എണ്ണൂറ് പോര്‍ച്ചുഗീസുകാര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് സാമൂതിരിയും പോര്‍ച്ചുഗീസുകാരും സംയുക്തമായി നടത്തിയ ഒരു നിക്കത്തില്‍ കുഞ്ഞാലിയുടെ കോട്ട ഇരു സൈന്യവും കൂടി വളഞ്ഞാക്രമിച്ച് കീഴ്പ്പെടുത്തി..."

കേരളത്തിന്റെ അധിനിവേശ പോരാട്ട ചരിത്രത്തിലെ പൊറുക്കാനാവാത്തൊരു കൊടും വഞ്ചനയാണ് തുടര്‍ന്ന് സംഭവിച്ചത്. അവസാന ശ്വാസം വരെ അധിനിവേശ സേനയോട് പോരാടാനൊരുങ്ങിയ കുഞ്ഞാലിയോട് സാമൂതിരി കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. കുഞ്ഞാലിക്കും കൂടെയുള്ളവര്‍ക്കും പൂര്‍ണ സംരക്ഷണം സാമൂതിരി ഉറപ്പ് നല്‍കികൊണ്ടാണ് ഇത്തരമൊരു നിര്‍ദ്ദേശം സാമൂതിരി മരക്കാര്‍ക്ക് മുന്നില്‍ വെക്കുന്നത്. എന്നാൽ, പറങ്കികൾക്ക് മുമ്പില്‍ തങ്ങൾ അടിയറവ് പറയില്ലെന്നും സാമൂതിരിക്ക് മുമ്പില്‍ മാത്രമേ കീഴടങ്ങൂവെന്നും കുഞ്ഞാലി ഈ അവസരത്തിൽ ഉപാധിവെച്ചു. അത് അംഗീകരിച്ചതോടെ 1600 മാര്‍ച്ച് 16ന് ഇരിങ്ങല്‍ കോട്ടയില്‍ വെച്ച് കുഞ്ഞാലി മരക്കാര്‍ സാമൂതിരിയുടെ മുമ്പില്‍ വാളുവെച്ച് കീഴടങ്ങി. ഉടനെ തന്നെ പോര്‍ച്ചുഗീസുകാരുമായുള്ള രഹസ്യ കരാറിന്റെ അടിസ്ഥാനത്തില്‍ സാമൂതിരി കുഞ്ഞാലിയെയും അദ്ദേഹത്തിന്റെ നാല്‍പത് ധീരസേനാനികളെയും പോര്‍ച്ചുഗീസുകാര്‍ക്ക് കൈമാറി. സ്വന്തം സൈന്യമായ നായര്‍പ്പടയിലെ ഒരു വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പ് പോലും സാമൂതിരിയെ ആ കൊടിയ ചതിയില്‍ നിന്ന് പിന്തിരിപ്പിച്ചില്ല എന്ന് പറയാം. സാമ്രാജ്യത്വ ശക്തിയോട് പോരാടി മരിക്കാനുള്ള കുഞ്ഞാലിയുടെ അന്ത്യാഭിലാഷമാണ് അതുവഴി തകര്‍ന്നത്.

1500ല്‍ കബ്രാള്‍ കോഴിക്കോട് ആക്രമിച്ചപ്പോള്‍ നാവികപ്പട തുടങ്ങിയ ചെറുത്തു നില്‍പ്പ് കൃത്യം 100 വർഷങ്ങൾക്ക് ശേഷം 1600ൽ കുഞ്ഞാലി നാലാമന്റെ രക്തസാക്ഷിത്വത്തോടെ അവസാനിച്ചു എന്ന് പറയാം.

ഇതിനോടകം കൊച്ചി, ഗോവ തുടങ്ങിയ പ്രദേശങ്ങളിൽ നിഷേധിക്കാനാവാത്തൊരു ശക്തിയായി മാറിയിരുന്ന പോര്‍ച്ചുഗീസുകാർ ചോദ്യം ചെയ്യപ്പെടാത്ത അധികാര കേന്ദ്രമായി കോഴിക്കോടും മാറ്റപ്പെട്ടു. കോഴിക്കോടിന്റെ കച്ചവട മര്യാദകളെ കാറ്റില്‍ പറത്തികൊണ്ട് പോര്‍ച്ചുഗീസുകാര്‍ വിപണിയെ മുഴുക്കെയും കുത്തകവത്കരിച്ചു. സമുദ്രത്തിലിറങ്ങുന്ന എല്ലാ കപ്പലുകളും പോര്‍ച്ചുഗീസ് പതാക നാട്ടണമെന്ന നിയമം വൈകാതെ പ്രാബല്യത്തില്‍ വന്നു. പ്രതിഷേധിക്കാനോ പ്രതികരിക്കാനോ ഒരു കുഞ്ഞാലിയും അവശേഷിക്കാത്തതിനാല്‍ കേരള തീരത്ത് പോര്‍ച്ചുഗീസ് അധിനിവേശം സമ്പൂർണ്ണമായി എന്ന് വേണമെങ്കിൽ പറയാം.

കുരിശു യുദ്ധങ്ങളുയർത്തി വിട്ട കടുത്ത മുസ്ലീം വിരുദ്ധതയുമായി കേരളത്തിൽ കപ്പലിറങ്ങിയ പോര്‍ച്ചുഗീസുകാർക്ക് കേരള മണ്ണില്‍ നേരിടേണ്ടി വന്നത് ചരിത്രത്തിൽ തുല്യതയില്ലാത്ത പ്രതിരോധമായിരുന്നു. ലോകത്തെ ഏറ്റവും ശക്തമായ നാവിക സേന എന്ന് സ്വയം മേനി നടിച്ചിരുന്ന പറങ്കികൾക്ക് അവ്വിദം 'സ്വീകരണം' നൽകാൻ മലബാര്‍ ദേശത്ത് നേതൃത്വം നല്‍കിയിരുന്നത് മാപ്പിളമാരായിരുന്നു എന്ന കാരണത്താൽ മുസ്ലീം സമുദായത്തിനെതിരിൽ കടുത്ത വെറുപ്പുണ്ടാക്കാന്‍ അത് കാരണമായി. പോര്‍ച്ചുഗീസ് വിരുദ്ധ സമര പ്രവര്‍ത്തനങ്ങളുടെ ആദ്യ കാലങ്ങളിൽ തന്നെ അത് പ്രകടമായിരുന്നു എങ്കിലും കുഞ്ഞാലി മരക്കാര്‍ നാലാമന്റെ രക്തസാക്ഷിത്തത്തോടെയാണ് അത് കൂടുതൽ ശക്തമായത് എന്ന് മനസ്സിലാക്കാം. സാമൂതിരിയുടെ കൂടി കാർമ്മികത്വത്തിൽ സംഭവിച്ച മരക്കാര്‍മാരുടെ ഇരിങ്ങല്‍ കോട്ടയുടെ തകര്‍ച്ചയോടെ കോഴിക്കോടിന്റെ അധികാരകേന്ദ്രം തീരെ നിഷ്പ്രഭമായതും മാപ്പിളമാരുടെ ദാരുണാവസ്ഥക്ക് കാരണമായി. അവരെ അകാരണമായി മര്‍ദ്ദിക്കുക, പരിഹസിക്കുക, ചെളിയും വെള്ളവുമുള്ള സ്ഥലങ്ങളിലൂടെ കടന്ന് പോകുന്നതിന് മുസ്ലീങ്ങളെ വാഹനമായി ഉപയോഗിക്കുക, മുഖത്തും ശരീരത്തും കാർക്കിച്ച് തൂപ്പുക, കച്ചവട യാത്ര, പ്രത്യേകിച്ച് ഹജ്ജ് യാത്രകളെ മുടക്കുക. മുസ്ലീങ്ങളുടെ സമ്പത്ത്‌ കൊള്ള ചെയ്യുക, അവരുടെ വാഹനം, കപ്പലുകള്‍ പിടിച്ചെടുക്കുക, മുസ്ഹഫും മറ്റ് മതഗ്രന്ഥങ്ങളും അഗ്നിക്കിരയാക്കുക. ചവിട്ടിതേക്കുക. പ്രവാചകനെ ശകാരിക്കുക, ആരാധനാലയങ്ങൾ അഗ്നിക്കിരയാക്കുക, മുസ്ലീങ്ങളെ കൊണ്ട്‌ അവിശ്വാസജനകമായ വാക്കുകൾ ബലാല്‍ക്കാരമായി പറയിപ്പിക്കുക, അങ്ങനെ ചെയ്യുന്നവർക്ക് പണം കൊടുക്കുക, മുസ്ലീം സ്ത്രീകളെ ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടി ക്രിസ്ത്യൻ സ്ത്രീകളെ മോടിയിലുള്ള ഉടുപ്പുകളും വിലപിടിച്ച ആഭരണങ്ങളും അണിയിച്ച് പട്ടണത്തിലേക്കിറക്കി വിടുക, ഹജ്ജ് തീര്‍ത്ഥാടകരേയും മറ്റ് യാത്രക്കാരേയും കൊല്ലുക. ബന്ധനസ്ഥരാക്കുന്ന മുസ്ലീങ്ങളെ കാലില്‍ ചെങ്ങല പൂട്ടി മര്‍ദ്ദിച്ച് അവശരാക്കുക, അവശരായ ആ പാവങ്ങളെ വലിച്ചിഴച്ച് അങ്ങാടിയില്‍ കൊണ്ടുപോയി വില്‍ക്കുക എന്നിത്യാദി കൃത്യങ്ങള്‍ നിത്യ സംഭവങ്ങളായി മാറി.

ഇത്തരമൊരു സാഹചര്യത്തിന്റെ തീവ്രതയിലാണ് അതിനെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ച് കോഴിക്കോടിന്റെ ജനത ആലോചിക്കുന്നത്. രാജ്യ വിസ്താര ലക്ഷ്യവുമായി നടത്തിവന്നിരുന്ന പടയോട്ടങ്ങളുടെ തുടർച്ചയെന്നോണം തന്റെ രാജ്യത്തേക്കതിക്രമിച്ച് കടന്ന വിദേശ ശക്തികള്‍ക്കെതിരെ പോരാടാനുറച്ച് യുദ്ധക്കളത്തിലിറങ്ങിയ സാമൂതിരിയിൽ നിന്നും വ്യത്യസ്തമായി, മുസ്ലീങ്ങള്‍ക്ക് ഇതവരുടെ മതകീയമായ ബാധ്യത കൂടിയായിരുന്നു എന്ന് പറയാം. പറങ്കികളുടെ പ്രഥമ ഇരകള്‍ പലപ്പോഴും മുസ്ലീങ്ങള്‍ ആയതുകൊണ്ട് തന്നെ ഇസ്ലാമിന്റെ അധ്യാപനങ്ങളിൽ നിന്ന് രൂപപ്പെടുത്തിയ പരിഹാര മാര്‍ഗ്ഗത്തെയാണ് മുസ്ലീം പണ്ഡിത നേതൃത്വം പ്രതിരോധത്തിന്റെ ഇന്ധനമായി പ്രധാനമായും തിരഞ്ഞെടുത്തത്. അതിന്റെ അധിനിവേശ വിരുദ്ധ ഊർജ്ജത്തെ തിരിച്ചറിഞ്ഞ സാമൂതിരി തന്റെ മതത്തില്‍ നിന്നും, സ്വകുടുംബത്തിൽ നിന്ന് പോലും ആ ആശയത്തിലേക്കാളുകളെ പറഞ്ഞു വിട്ടു എന്ന് ചരിത്രത്തിൽ കാണാൻ സാധിക്കും.

ജിഹാദും ഹിജ്റയും


ഇസ്ലാമിക വിശ്വാസ പ്രകാരം വലിയ പ്രാധാന്യമർഹിക്കുന്ന ഒന്നായാണ്‌ ജിഹാദിനെ കാണുന്നത്. ആ പദത്തിന്‌ ഒന്നിലേറെ അർത്ഥങ്ങളുണ്ട് എന്ന് വിവക്ഷിക്കപ്പെടുന്നു. സമാധാനവും നന്മനിറഞ്ഞതുമായ ജീവിതം നയിക്കാനുള്ള പരിശ്രമം അഥവാ, സ്വന്തത്തെ സംസ്കരിച്ചെടുക്കൽ, അനീതിക്കും അടിച്ചമർത്തലിനുമെതിരെയുള്ള സമരം അഥവാ, സമൂഹിക ഉത്തരവാദിത്തം, വിശ്വാസവും അനുഷ്ഠാനവും സംരക്ഷിക്കുവാനുള്ള പ്രയത്നം അഥവ, മത സ്വതന്ത്രത്തിന് വേണ്ടിയുള്ള സമരം എന്നിവയെല്ലാം ജിഹാദിന്റെ വിശാലമായ അർത്ഥതലത്തിൽ ഉൾപ്പെടുന്നു. അതിൽ ആത്മശുദ്ധീകരണത്തിനു വേണ്ടി ദേഹേച്ഛകളോട് നടത്തുന്ന സമരത്തെയാണ് വലിയ ജിഹാദായി കണക്കാക്കുന്നത്. കാരണം, ദേഹേച്ഛകൾ വലിയ തോതില്‍ മനുഷ്യ മനസ്സുകളെ കീഴ്പ്പെടുത്തുന്നതായി കാണുവാന്‍ സാധിക്കും. ഒരുപക്ഷേ, മറ്റ് രണ്ട് ജിഹാദി രൂപകങ്ങളെ നിശ്ഫലമാക്കാൻ സ്വന്തത്തോട് നടത്തുന്ന ജിഹാദിന്റെ അപര്യാപ്തത കാരണമായേക്കുമെന്ന് നിശ്ചയമായും പറയാം.

ജിഹാദിന്റെ പോര്‍ച്ചുഗീസ് വിരുദ്ധതതയെ ആദ്യമായി തിരിച്ചറിയുന്നത് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമനായിരുന്നു. അദ്ദേഹത്തിന്റെ രചനകളില്‍ ഒരുവേള ഏറ്റവുമധികം പ്രശസ്തിയാര്‍ജിച്ച ഗ്രന്ഥം തുഹ്ഫതുല്‍ മുജാഹിദീന്‍ ആണെന്ന് പറയാം. ക്രിസ്തു വര്‍ഷം 1560നും 1583നും മധ്യേ അറബി ഭാഷയില്‍ രചിക്കപ്പെട്ട ഇതിന്റെ പൂര്‍ണനാമം 'തുഹ്ഫതുല്‍ മുജാഹിദീന്‍ ഫി ബഅദി അഖ്ബാരില്‍ അല്‍ ബുര്‍തുഗാലിയീന്‍' എന്നാണ്. പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നിന്നാണ് ഈ ഗ്രന്ഥം ആദ്യമായി അച്ചടിച്ചു പ്രസിദ്ധീകരിച്ചത്. ഒന്നാം പതിപ്പിന്റെ ഒരു കോപ്പി കെയ്‌റോയിലെ അസ്ഹര്‍ സര്‍വകലാശാലാ ലൈബ്രറിയില്‍ അമൂല്യനിധിയായി ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി വിദേശ കൊളോണിയല്‍ ശക്തികളായ പോര്‍ച്ചുഗീസുകാരോട് ജിഹാദ് ചെയ്യാന്‍ മലബാര്‍ മുസ്‌ലിംകളോട് ആഹ്വാനം ചെയ്യുന്ന ഈ പുസ്തകത്തില്‍ പതിനഞ്ച് പതിനാറ് നൂറ്റാണ്ടുകളിലെ കേരളത്തിലെ സാമൂഹിക ജീവിതത്തിന്റ നേര്‍ചിത്രങ്ങളും കാണാൻ സാധിക്കും. അതുകൊണ്ടുതന്നെ തുഹ്ഫതുല്‍ മുജാഹിദീന്‍ കേരളത്തിന്റെ ആദ്യ ചരിത്രഗ്രന്ഥമായി കണക്കാക്കാം.

മുഖവുരയും നാല് ഭാഗങ്ങളുമാണ് ഈ ഗ്രന്ഥത്തിനുള്ളത്. ഇതിൽ നാലാം ഭാഗം പതിനാല് അധ്യായങ്ങളായി തിരിച്ചിരിക്കുന്നു. മുസ്‌ലിംകളെ അടിച്ചമർത്തുകയും അവരുടെ പ്രദേശങ്ങൾ ആക്രമിക്കുകയും സ്വൈരജീവിതം നശിപ്പിക്കുകയും ചെയ്ത പറങ്കികൾക്കെതിരെ പടയൊരുക്കത്തിന് മുസ്ലിങ്ങളെ ആഹ്വാനം ചെയ്യുവാൻ ഗ്രന്ഥകാരനെ പ്രേരിപ്പിച്ച കാര്യങ്ങൾ മുഖവുരയിൽ പ്രസ്താവിച്ചിട്ടുണ്ട്. 

"സത്യവിശ്വാസികളെ കുരിശുപൂജകരായ പോര്‍ച്ചുഗീസുകാര്‍ക്കെതിരില്‍ യുദ്ധത്തിനിറങ്ങാന്‍ പ്രേരിപ്പിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഞാനിത് രചിച്ചത്. പോര്‍ച്ചുഗീസുകാര്‍ മുസ്‌ലിം പ്രദേശങ്ങള്‍ കടന്നാക്രമിക്കുക നിമിത്തം അവരോട്  യുദ്ധം ചെയ്യേണ്ടത് ഓരോ മുസ്‌ലിമിന്റെയും വ്യക്തിപരമായ ബാധ്യതയായിത്തീര്‍ന്നതാണ് ഇതിന്റെ നിര്‍മിതിയുടെ സന്ദര്‍ഭം..."

ലക്ഷ്യം പറഞ്ഞ ശേഷം അന്നത്തെ ബീജാപ്പൂര്‍ സുല്‍ത്താനായിരുന്ന അലി ആദില്‍ഷാക്ക് പുസ്തകം സമര്‍പ്പിക്കുന്നു.  പോര്‍ച്ചുഗീസുകാര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ബീജാപ്പുര്‍ സുല്‍ത്താന്‍ മലബാര്‍ മുസ്‌ലിംകള്‍ക്ക് നല്‍കിയ സൈനിക സഹായങ്ങള്‍ സവിസ്തരം ഈ സമര്‍പ്പണ ശേഷം വിശദമാക്കുന്നു. മുസ്ലിങ്ങളോട് യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള അവിശ്വാസികൾക്കെതിരെ വിശുദ്ധ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് കിട്ടാവുന്ന പ്രതിഫലത്തെക്കുറിച്ചുള്ള പ്രവാചക സൂക്തങ്ങളും ഖുർആൻ വചനങ്ങളും ജിഹാദിന്റെ മാഹാത്മ്യവുമാണ് ശേഷമുള്ള പ്രഥമഭാഗത്തിൽ വിവരിച്ചിട്ടുള്ളത്. അവിടെ ജിഹാദ് അനിവാര്യമായിത്തീരുന്ന സാമൂഹിക സന്ദര്‍ഭം വിവരിച്ച ശേഷം, ജിഹാദിന്റെ പ്രാധാന്യവും അത് നിര്‍വഹിക്കുന്നവര്‍ക്ക് ഇസ്‌ലാം വാഗ്ദാനം ചെയ്യുന്ന പ്രതിഫലവും വിശദീകരിക്കുന്നു. ഖുര്‍ആനൂം ഹദീസുകളും ഉദ്ധരിച്ചാണ് ജിഹാദും അതിന്റെ ശ്രേഷ്ഠതയും മഖ്ദൂം രേഖപ്പെടുത്തുന്നത്. ദൈവത്തിന്റെ മാർഗ്ഗത്തിൽ അൽപ്പസമയം യുദ്ധം ചെയ്യുന്നത് 15 തീർഥയാത്രകൾ നടത്തുന്നതിനേക്കാൾ മഹത്തരമാണ് എന്നിങ്ങനെയുള്ള വാചകങ്ങള്‍ വിശുദ്ധ ഖുർ‌ആനിൽ നിന്നുദ്ധരിക്കുമ്പോൾ ചില സാഹചര്യങ്ങളുടേയും കാലഘട്ടങ്ങളുടേയും സ്വാതന്ത്യ മാർഗ്ഗങ്ങൾ പടക്കളങ്ങളിലൂടെ മാത്രമാണെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. യുദ്ധസജ്ജീകരണങ്ങൾക്കും ജവാന്മാരുടെ കുടുംബാംഗങ്ങൾക്കും നൽകുന്ന സഹായം ഈശ്വരന് നൽകുന്നതായി തന്നെ പരിണമിക്കുമെന്നതുകൊണ്ട് അത് നല്‍കുന്നവരും സ്വർഗരാജ്യത്തേക്ക് നയിക്കപ്പെടുമെന്നുള്ള വിശുദ്ധവാക്യം അദ്ദേഹം ഗ്രന്ഥത്തിൽ ആവർത്തിക്കുന്നുണ്ട്. ഇത് ജനതകളുടെ മനോഭാവങ്ങളിൽ വലിയ വഴിത്തിരിവ് സൃഷ്ടിച്ചു എന്ന് പറയാം. കുടിലുകളും കൊട്ടാരങ്ങളും താണ്ടി ജനങ്ങൾ യുദ്ധമുഖത്തണിനിരന്നു. തങ്ങൾക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സ്വൈര്യ ജീവിതത്തിന്റെ ആഴം അതോടെ അവർ തിരിച്ചറിഞ്ഞു തുടങ്ങി എന്ന് പറയാം. കാരണം, ചില നഷ്ടങ്ങളൊരു നഷ്ടപ്പെട്ട അവകാശമാണന്ന കാര്യം മനുഷ്യര്‍ പലപ്പോഴും തിരിച്ചറിയാറില്ല. സ്വാഭാവികമായ പൊരുത്തപ്പെടലിലൂടെ അവരതുമായി യോജിച്ച് നീങ്ങും. എന്നാൽ, അതിനെ തിരിച്ചറിയുന്നവർ അത് സൂചിപ്പിക്കുമ്പോൾ മാത്രമാണ്‌ അത് തങ്ങൾക്ക് നഷ്ടപ്പെട്ടൊരു സ്വതന്ത്രമായിരുന്നെന്ന ബോധ്യം അവര്‍ക്കുണ്ടായി തീരുന്നത്.

പോര്‍ച്ചുഗീസുകാര്‍ക്കെതിരിലുള്ള ജിഹാദ് 'ഫര്‍ദ് ഐന്‍' (ഓരോ മുസ്‌ലിം വ്യക്തിക്കും നിര്‍ബന്ധമായ ദീനീ ബാധ്യത) ആണെന്ന മഖ്ദൂമിന്റെ പ്രശസ്ത ഫത്‌വ ഈ അധ്യായത്തിലാണ്. ഈ ഫത്‌വയില്‍ പ്രചോദിതരായാണ് കുഞ്ഞാലി മര്‍ക്കാര്‍മാരടക്കമുള്ള സേനാനായകന്മാര്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ രക്തസാക്ഷിത്വം വരിക്കുന്നതു വരെ അടരാടിയതെന്ന് പല ചരിത്രകാരന്മാരും നിരീക്ഷിച്ചിട്ടുണ്ട്. സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ നേരിട്ടു തന്നെ ഈ പോരാട്ടത്തിന് ശക്തി പകരാന്‍ രംഗത്തിറങ്ങിയിരുന്നു. സാമൂതിരിക്കു വേണ്ടി സൈനിക സഹായങ്ങള്‍ അഭ്യര്‍ഥിച്ച്  ഇന്ത്യക്കകത്തും പുറത്തുമുള്ള മുസ്‌ലിം സുല്‍ത്താന്മാര്‍ക്ക് അറബിയില്‍ കത്ത് തയാറാക്കിയിരുന്നത് സൈനുദ്ദീന്‍ മഖ്ദൂമായിരുന്നു.

മുസ്ലീം രാഷ്ട്രീയ വിചാരഗതിയുടെ പ്രതിരോധ മാനം ഉരുത്തിരിയുന്ന ഈ കാലഘട്ടത്തെ കുറിച്ച് ചരിത്രകാരനായ സ്റ്റീഫന്‍ ഫ്രെഡറിക് ഡെയ്ൽ നിരീക്ഷിക്കുന്നത് കാണുക,

"പറങ്കികളുടെ കൊള്ളയും കൊള്ളിവെപ്പും ക്രമാതീതമായി വര്‍ധിച്ചു. ഇത് മുസല്‍മാനെ സ്വന്തം സ്വതത്തെ കുറിച്ച് ബോധവാനാക്കുവാനും മലയാളി സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട് സ്വന്തം ശക്തി സംഭരിക്കുന്നതിനെ കുറിച്ച് ചിന്തിക്കുവാനും കാരണമാക്കി. പറങ്കികളുടെ സുഗന്ധദ്രവ്യങ്ങൾക്ക് വേണ്ടിയുള്ള യുദ്ധങ്ങൾ മുസല്‍മാനെതിരെയുള്ള കുരിശു യുദ്ധങ്ങളായിട്ടാണ് അവർ നടത്തിയിരുന്നത്. ഇതിനോടുള്ള പ്രതികരണമായിരുന്നു മുസല്‍മാന്റെ ഈ മനസ്ഥിതി എന്ന് മനസ്സിലാക്കാം. അത് വേഗത്തിൽ ബോധ്യപ്പെടാൻ ബ്രിട്ടീഷ് ഭരണ നാളുകളില്‍ ഉയർന്നു വന്നൊരു ചര്‍ച്ചയിലേക്ക് മാത്രം ശ്രദ്ധയൂന്നിയാൽ മതിയാകും..."

അക്കാലത്ത് കൊടുമ്പിരി കൊണ്ടിരുന്ന മലബാര്‍ സമര പോരാട്ടങ്ങളുടെ പശ്ചാത്തലത്തില്‍, മുസ്ലീങ്ങള്‍ എന്തുകൊണ്ടാണ് ഇത്ര വ്യാപകമായി ഭരണവിരുദ്ധരായി മാറിയത് എന്ന് പഠിക്കാൻ നിയുക്തനായ സിവില്‍ ഉദ്യോഗസ്ഥൻ മിസ്റ്റർ ഹണ്ടറിന്റെ മുന്നില്‍ വൈസ്രോയി മായോ പ്രഭു ചോദിച്ച ചോദ്യം ഇതായിരുന്നു. "Are the indian musalman bounded by their religion to rebel against the queen?". രാജ്ഞിക്കെതിരെ കലാപം നടത്താൻ ഇന്ത്യൻ മുസ്ലീങ്ങള്‍ മതപരമായി ബാധ്യസ്ഥരാണോ എന്നായിരുന്നു ആ ചോദ്യം. അതിന് ചരിത്രകാരനായ കെ എം പണിക്കര്‍ നല്‍ക്കുന്ന ഉത്തരമിതാണ്.

"കൊളോണിയല്‍ ഭരണകൂടത്തിന്റെ സാംസ്കാരിക പ്രത്യയശാസ്ത്ര കടന്നു കയറ്റവും ക്രിസ്ത്യൻ മിഷണറിമാരുടെ പ്രവര്‍ത്തനങ്ങളും മതസേവനം മാത്രം ജീവിതവൃത്തിയാക്കിയ ഉലമാക്കളിലും മറ്റും കടുത്ത അസംതൃപ്തി ഉളവാക്കി. ഇത്തരം ബാഹ്യസ്വാധീനങ്ങളെ നേരിടാന്‍ സ്വന്തം മതവും സംസ്കാരവും പുനരുജ്ജീവിപ്പിക്കേണ്ടതുണ്ടന്ന് മുസ്ലിം മതപണ്ഡിതര്‍ കരുതി. ഈ പശ്ചാത്തലത്തിലാണ് അവരുടെ മതബോധങ്ങൾക്കൊരു ബ്രിട്ടീഷ് വിരുദ്ധതയുടെ മുഖം ലഭിച്ചതെന്ന് സ്വാഭാവികമായും അനുമാനിക്കാം. അതുമൂലം, മാപ്പിള കര്‍ഷകരുടെ പ്രത്യയശാസ്ത്രലോകം അവര്‍ക്കിടയിലുള്ള പാരമ്പര്യ ബുദ്ധിജീവികളുടെ പ്രബോധനങ്ങളുടേയും ശാസനങ്ങളുടേയും നിയന്ത്രിത പരിധിക്കുള്ളിലായി മാറി. മാപ്പിളമാർ അവരുടെ സമൂഹിക മുന്നേറ്റങ്ങൾക്കുള്ള ഊർജ്ജം സംഭരിച്ചത് ഈ ആശയ ലോകത്തു നിന്നുമാണ്..."

ജിഹാദിനോടൊപ്പം ഇസ്ലാം ഏറ്റവും ഉന്നതമായി കാണുന്ന മറ്റു രണ്ട് തത്വങ്ങളാണ് ഈമാനും ഹിജ്റയും. ദൈവത്തോടുള്ള നിഷ്കളങ്കമായ ഭയഭക്തിബഹുമാനമാണ്‌ ഈമാന്‍ എന്നുള്ളതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. അചഞ്ചലമായ ഈമാൻ കൊണ്ടെ ജിഹാദ് സാധ്യമാവുകയുള്ളു എന്ന കാരണത്താൽ ജിഹാദും ഈമാനും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. എന്നാൽ, പലപ്പോഴും ഹിജ്റയും ജിഹാദും പരസ്പരം ഉത്പന്നമാണ് എന്ന് പറയുന്നതാകും കൂടുതൽ ശരി. സാഹചര്യമനുസരിച്ച് ജിഹാദോ ഹിജ്റയോ അദ്യം സംഭവിക്കുന്നു എന്ന് പറയാം. വിശ്വസിക്കുകയും, ഹിജ്റ ചെയ്യുകയും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ജിഹാദില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുള്ളവരാരോ അവരോട് ദൈവം കാരുണ്യം ചൊരിയുന്നു എന്ന് ഖുര്‍ആൻ പറഞ്ഞു വെക്കുന്നുണ്ട്. കൂടാതെ, ഈമാനില്ലാത്തവന് ഹിജ്റയില്ല എന്നും ജിഹാദ് കൊണ്ടല്ലാതെ ഹിജ്റ സാക്ഷാത്കരിക്കപ്പെടുകയില്ല എന്നും അത് പറയുന്നു. അതിനാൽ, തനിക്ക് ചുറ്റുമുള്ള പൈശാചികയില്‍ നിന്നും മോചനം നേടാൻ ഒരു വിശ്വാസി ഹിജ്റ ചെയ്യൽ നിര്‍ബന്ധിതമാണെന്ന് കാണുന്നു.

ഹിജ്‌റ എന്ന അറബി പദം ഒരു പ്രദേശത്തുനിന്നും മറ്റൊരു പ്രദേശത്തേക്ക് യാത്രയാവുന്നതിനെ സൂചിപ്പിക്കുന്നതാണ്. തന്റെ വിശ്വാസങ്ങള്‍ക്കനുസൃതമായി ജീവിക്കാനുള്ള സ്വാതന്ത്ര്യം ഒരിടത്ത് നിഷേധിക്കപ്പെടുകയും അതിന്റെ പേരില്‍ കടുത്ത ഉപദ്രവം നേരിടേണ്ടി വരികയും ചെയ്യുമ്പോള്‍ പ്രസ്തുത സ്വാതന്ത്ര്യം ലഭിക്കുന്നിടത്തേക്കുള്ള പലായനാണ് സാങ്കേതികമായി ഹിജ്‌റ കൊണ്ടുള്ള വിവക്ഷ. ആദര്‍ശപരമായി ജീവിക്കുവാന്‍ ഒരിക്കലും കഴിയാത്ത പ്രദേശങ്ങളില്‍ നിന്നും വിശ്വാസികള്‍ ഹിജ്‌റ പോകണമെന്നും അതിനായി അല്ലാഹു അവര്‍ക്ക് പ്രതിഫലം നല്‍കുമെന്നും പരിശുദ്ധ ഖൂര്‍ആന്‍ സൂചിപ്പിക്കുന്നു,

”തീര്‍ച്ചയായും വിശ്വസിക്കുകയും, സ്വദേശം വെടിഞ്ഞ് പോകുകയും തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമരത്തില്‍ ഏര്‍പെടുകയും ചെയ്തവരും, അവര്‍ക്ക് അഭയം നല്‍കുകയും സഹായിക്കുകയും ചെയ്തവരും അന്യോന്യം ഉറ്റമിത്രങ്ങളാകുന്നു..."

ഇസ്ലാമിനെ സംരക്ഷിക്കുന്നതിനും മുസ്ലീങ്ങളുടെ സംരക്ഷണത്തിനുമായി കലുഷിതമായ ഒരു ദേശത്തു നിന്ന് മറ്റൊരു ദേശത്തേക്ക് പലായനം അഥവാ ഹിജ്റ പോവുക എന്നത് മുസ്ലീങ്ങളെ സംബന്ധിച്ച് നിര്‍ബന്ധമുള്ള കാര്യമാണ്. കേരള മുസ്ലീങ്ങള്‍ മലബാര്‍ തീരപ്രദേശങ്ങളില്‍ നിന്നും ഉള്‍പ്രദേശങ്ങളിലേക്ക് വ്യാപിച്ചതെന്നു മുതലാണെന്ന പഠനവുമായി ബന്ധപ്പെട്ട ചർച്ചകളിലൊക്കെയും ഉയർന്ന വരുന്ന സുപ്രധാനമായൊരു നിരീക്ഷണമാണത്. പോര്‍ച്ചുഗീസ് കാലത്ത്‌ രൂപപ്പെട്ട മനുഷ്യത്വം തൊട്ട് തീണ്ടാത്ത മുസ്ലിം വേട്ടകളും അതിനെ തുടർന്നുണ്ടായ കുടിയേറ്റങ്ങളുമാണ് മുസ്ലീം വ്യാപനത്തിന്‌ ഹേതുവായതെന്ന് ചുരുക്കം. കൂടാതെ, വ്യത്യസ്തമായ ജാതികളിൽ നിന്നുള്ള ഇസ്ലാമിലേക്കുള്ള മതപരിവര്‍ത്തനങ്ങളും അതിന്‌ വേഗം കൂട്ടി. ഒരര്‍ത്ഥത്തില്‍ പറഞ്ഞാൽ പരാജയപ്പെട്ട മാപ്പിള പോരാട്ടങ്ങളുടെ തുടർച്ചയായാണ്‌ അവരുടെ ഉള്‍നാടുകളിലേക്കുള്ള കൂടുമാറൽ അഥവാ ഹിജ്റ എന്ന് പറയാം. പോര്‍ച്ചുഗീസുകാർക്കെതിരിൽ ആയുധമേന്താൻ അവരെ പ്രാപ്തമാക്കിയ അതേ ആദര്‍ശം തന്നെയാണ് സാഹചര്യം പ്രതികൂലമാവകൂലമാവുകയോ കടുത്ത വെല്ലുവിളി ഉയര്‍ത്തുകയോ ചെയ്താൽ കൂടുമാറുക എന്ന പ്രതിവിധിയിലേക്കവരെ നയിക്കുന്നത്. പ്രവാചക ചരിത്രത്തിൽ പോലും ഇത്തരത്തിലുള്ള യാത്രകളെ കാണാന്‍ സാധിക്കും.

മക്കൻ പ്രദേശങ്ങളിൽ മുസ്ലീങ്ങള്‍ക്ക് അവരുടെ മതത്തില്‍ വിശ്വസിക്കാനോ വിശ്വാസം പ്രകടിപ്പിക്കുവാനോ കഴിയാത്ത കടുത്ത കാലഘട്ടത്തിലാണ് അതിലെ ആദ്യത്തെ യാത്ര രൂപപ്പെടുന്നത്. തങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ മക്കൻ നിവാസികള്‍ ക്രൂരമായി ഉപദ്രവിച്ചു പോന്ന ആ കടുത്ത സാഹചര്യത്തിൽ ഉസ്മാനുബ്‌നു മദ്ഊൻ (റ) വിന്റെ നേതൃത്വത്തിലുള്ളൊരു സംഘം നജ്ജാശി രാജാവിനു കീഴിലുള്ള അബ്‌സീനിയയിലേക്കാണ് അദ്യം യാത്ര പോകുന്നത്. പിന്നീട്, അതിന്റെ വിജയത്തെ തുടര്‍ന്ന് യസ്രിബിലേക്കും. ദൈവീക നിര്‍ദ്ദേശത്തെ തുടർന്ന് പ്രവാചകരും അനുയായികളും നടത്തിയ ആ പലായന യാത്ര ഹിജ്റ എന്ന പേരിലാണ് ചരിത്രത്തിൽ അറിയപ്പെട്ടു കിടക്കുന്നത്. പോര്‍ച്ചുഗീസ് കാലത്തെ മലബാര്‍ ചരിത്രത്തിൽ നിന്നും വ്യത്യസ്തമായി ഇവിടെ ഹിജ്റാനന്ദരമാണ് ജിഹാദ് രൂപപ്പെടുന്നത് എന്നും കാണാൻ കഴിയും.

മാപ്പിളമാരുടെ അതിജീവന സഞ്ചാരങ്ങള്‍


പുരാതന കാലത്ത്‌ അറബ് നാടുകളില്‍ നിന്നും പായ കപ്പലുകളിൽ കോഴിക്കോടിന്റെ തീര പ്രദേശങ്ങളിൽ വന്നണഞ്ഞിരുന്ന അറേബ്യന്‍ കച്ചവടക്കാർക്ക് മൊത്തമായും ചില്ലറയായും ചരക്കുകൾ ലഭ്യമാക്കിയിരുന്നത് മാപ്പിളമാരായിരുന്നു. അറബികളുമായുള്ള വിശ്വാസപരമായ സമാനതയായിരുന്നു അതിനു പിന്നിലെന്ന് പറയാം. മതപരമായ കാരണം കൊണ്ട്‌ അറബികളുടെ സംസാര ഭാഷയായ അറബി പഠിക്കുന്നവരാണ് മാപ്പിളമാര്‍ എന്ന നിലയിലും മാപ്പിളമാരുമായി അറബികൾ സമാനത സൂക്ഷിക്കുന്നു. കേരളത്തിലെ ഉള്‍പ്രദേശങ്ങളിൽ നിന്നും വലിയ അളവില്‍ ശേഖരിക്കപ്പെടുന്ന ചരക്കുകൾ അറബികള്‍ ഉള്‍പ്പടെയുള്ള വ്യപാരികള്‍ക്ക് വേണ്ടി പാണ്ടികശാലകളിൽ സൂക്ഷിക്കപ്പെട്ടിരുന്നു. ഇത് ആവശ്യാനുസരണം അവര്‍ക്ക് ലഭ്യമാക്കാൻ ഇടനിലക്കാരായി വർത്തിച്ചിരുന്നത് മാപ്പിളമാരായിരുന്നു എന്ന് പറയാം. ഈ ചരക്കുകളാണ് പിന്നീട്, അറബ്-യൂറോപ്യന്‍ നാടുകളിലേക്ക് കയറ്റുമതി ചെയ്യപ്പെട്ടിരുന്നത്. അഥവാ, ഭൂവുടമകൾക്കും അറബികൾക്കുമിടയിലെ ഇടനിലക്കാരായി മാപ്പിളമാര്‍ വര്‍ത്തിച്ചിരുന്നു എന്ന് ചുരുക്കം.

യഥാർത്ഥത്തിൽ, തീരദേശ ജീവികളായ മാപ്പിളമാരുടെ ഈ ഉൾപ്രദേശ സമ്പര്‍ക്കം പിന്നീട് അവര്‍ക്കിടയിലേക്ക് അപ്രതീക്ഷിതമായി കടന്നു വന്ന കടുത്ത സാഹചര്യങ്ങളെ തരണം ചെയ്യാൻ അവരെ പ്രാപ്തമാക്കി എന്ന് പറയാം. പോര്‍ച്ചുഗീസുകാരുടെ വരവും അവരുടെ ഉപദ്രവം വര്‍ദ്ധിച്ചപ്പോൾ രൂപപ്പെട്ട ജിഹാദിനുള്ള ആഹ്വാനവും, സമരം പരാജയപ്പെട്ടതിനെ തുടർന്നുണ്ടായ ഹിജറയുടേയും അരികുപറ്റിയാണ് മാപ്പിളമാരുടെ ഒരു ഗണ്യമായ ഭാഗം കേരളത്തിന്റെ തീരപ്രദേശങ്ങൾക്കപ്പുറമുള്ള ഇടനാടുകളിലേക്കും മലനാടുകളിലേക്കും വ്യാപിക്കുന്നത്. അതൊരു വ്യവസ്ഥാപിതമായ യാത്രകളായിരൂന്നില്ല. ഒന്നിനു പിറകെ ഒന്ന് എന്ന രൂപത്തിൽ കാലഘട്ടത്തില്‍ വന്ന മാറ്റങ്ങള്‍ക്കനുസരിച്ചാണ് ആ യാത്രകൾ വികസിച്ചുവന്നത് എന്ന് കാണാൻ കഴിയും. പറങ്കികളുടെ കാലത്തുണ്ടായ രൂക്ഷമായ യുദ്ധ സാഹചര്യം, അതിനെ തുടർന്ന് തീരപ്രദേശങ്ങളിൽ നിന്നും ആട്ടിയകറ്റപ്പെട്ട അറബികളിലൂടെ നഷ്ടപെട്ട വ്യാപാര പ്രാധാന്യം, പോര്‍ച്ചുഗീസുകാർക്ക് ശേഷം കടന്ന് വന്ന ഡച്ചുകാരും ഫ്രഞ്ചുകാരും കൃഷിക്കാരുമായി അല്ലെങ്കിൽ ഭൂവുടമകളുമായി നേരിട്ടുണ്ടാക്കിയ ബന്ധങ്ങൾ, അതുവഴി ഒരേ സമയം ഇടനിലക്കാരുടെ റോളില്‍ നിന്നും നേരിട്ട് കൃഷിവൃത്തിയിലേക്ക് മാറ്റപ്പെട്ട മാപ്പിളമാര്‍. അങ്ങനെ അനേകം ഘടകങ്ങൾ അതിനു പിറകിലുണ്ടെന്ന് കാണാൻ കഴിയും.

അങ്ങനെയാണ് ചാലിയം, കൊടുങ്ങല്ലൂർ, തെക്കന്‍ കൊല്ലം, ഏഴിമല, മംഗലാപുരം, പന്തലായനി, ബാർക്കൂർ, ധര്‍മ്മടം, കോഴിക്കോട്, ശ്രീകണ്ഠപുരം തുടങ്ങിയ ആദ്യകാല മുസ്ലീം അധിവാസ കേന്ദ്രങ്ങളിൽ നിന്നും മാപ്പിളമാര്‍ കേരളത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത്. അഥവാ, ചുങ്കം പ്രദേശത്തെ മുസ്ലിം സാന്നിധ്യ ചരിത്രത്തെ പോര്‍ച്ചുഗീസ് അധിനിവേശ പശ്ചാത്തലത്തിൽ രൂപപ്പെട്ട ഹിജ്റയുടെ വീക്ഷണ കോണില്‍ നിന്ന് വേണം മനസ്സിലാക്കാൻ. അതിനെ സംബന്ധിച്ച് കൃത്യമായൊരു ചരിത്രം പറയുക അസാധ്യമാണന്നതിനാൽ അക്കാലത്തെ പൊതു ചരിത്രത്തോടൊപ്പം കൂട്ടി ചേര്‍ത്തു വായിക്കുക മാത്രമാണ്‌ പ്രതിവിധി.

മലയാള ഭാഷയിലെ പോര്‍ച്ചുഗീസ് 'അധിനിവേശങ്ങൾ'


പോർച്ചുഗീസുകാരുടെ പറങ്കി എന്ന പേര് പേർഷ്യൻ ഭാഷയിലെ ഫറങ്കിയിൽ നിന്നും ഉത്ഭവിച്ച് അറബികളിലൂടെ കേരളത്തിൽ എത്തിച്ചേര്‍ന്നതാണന്ന് കരുതപ്പെടുന്നു. പോർച്ചുഗീസുകാർ തെക്കേ അമേരിക്കയിൽ നിന്ന് കൊണ്ടുവന്നതും പിന്നീട് കേരളത്തിൽ സർവ്വസാധാരണവുമായ കശുവണ്ടി ഇപ്പോഴും പലയിടങ്ങളിലും പ്രത്യേകിച്ച് മലബാര്‍ പ്രദേശങ്ങളിൽ പറങ്കിഅണ്ടി അല്ലെങ്കിൽ പറങ്കിമാങ്ങ എന്ന പേരിലാണ് അറിയപ്പെടുന്നത്. കൂടാതെ, പോർച്ചുഗീസ് നാവികരിൽ നിന്ന് കേരളത്തിൽ പടർന്ന സിംഫിലിസ് രോഗം പറങ്കിപ്പുണ്ണ് എന്ന പേരിലും അറിയപ്പെടുന്നു. നമ്മുടെ ദൈനംദിന ഉപയോഗത്തിലുള്ള ചില വാക്കുകളും അവയുടെ മൂലരൂപമായ പോർച്ചുഗീസ് വാക്കുകളും താഴെ ചേർക്കുന്നു...

അലമാരി- Armario
ഇസ്തിരി- Estirar
കസേര- Cadeira
കുമ്പസാരം- Confessar
കുരിശ്- Cruz
കോടതി- Corte
ചങ്ങാടം- Jangada
ചാക്ക്- Saco
ചാപ്പ- Chapa
ചാവി- Chave
ജനാല- Janela
തുറങ്ക്- Tronco
തുവാല- Toalha
തൊപ്പി- Topo
പട്ടാളം- Batalhão
പേന- Pena
പേര- Pera
പ്രവിശ്യ- Província
പ്രാകുക- Pragar
മറുക്- Marco
മേശ- Mesa
മേസ്തിരി- Mestre
രസീത്- Receito
റാന്തല്‍- Lanterna
റോന്ത്- Rondo
ലേലം- Leilao
വരാന്ത- Varanda
വിനാഗിരി- Vinagre
വീഞ്ഞ്- Vinho
വീപ്പ- Pipa
സാത്താന്‍- Sata
സെമിത്തേരി- Cemiterio

ചരിത്രത്തിലെ ചില സമാനതകൾ


പോര്‍ച്ചുഗീസുകാരുടെ വരവോട് കൂടി കേരളത്തിൽ, പ്രത്യേകിച്ച് മലബാര്‍ പ്രദേശത്ത് രൂപപ്പെട്ട മുസ്ലീം വേട്ടക്ക് സമാനമായ സാഹചര്യങ്ങൾ കുരിശു യുദ്ധങ്ങൾക്ക് ശേഷവും ലോകത്തിന്റെ വ്യത്യസ്തമായ കോണുകളിലും നിലവിലുണ്ടായിരുന്നു എന്ന് കാണാൻ കഴിയും. അതിനെ കുറിച്ച് സൂചന നല്‍കിയ പ്രശസ്ത ചരിത്രകാരനായിരുന്നു ഷാർജ ഭരണാധികാരിയായ ശൈഖ് ഡോ സുല്‍ത്താന്‍ ബിൻ മുഹമ്മദ് അല്‍ ഖാസിമി. അദ്ദേഹത്തിന്റെ ഇത് സംബന്ധിയായ പ്രശസ്ത ഗ്രന്ഥമാണ് 'ഇബ്നു മാജിദ് ചരിത്രകാരന്മാര്‍ക്കൊരു നിവേദനം' എന്ന കൃതി. പുരാതനകാലം മുതൽ അദ്ദേഹത്തിന്റെ തന്നെ കുടുംബാംഗങ്ങളായ ഖുവാസിമുകൾ ഭരിച്ചുവരുന്ന റാസൽഖൈമ എന്ന പ്രദേശത്തെ അഹ്മദ് ബിന്‍ മാജീദ് എന്ന നാവികനുമായി ബന്ധപെട്ട് ചരിത്രകാരന്മാര്‍ക്കിടയിൽ നിലവിലുണ്ടായിരുന്ന ഒരു തെറ്റിധാരണയെ തിരുത്തുന്ന ഗ്രന്ഥമാണിത് എന്ന് ഒറ്റവാക്കിൽ ഈ കൃതിയെ സംബന്ധിച്ച് പറയാം. 1490കളിൽ വാസ്കോഡഗാമ കേരള തീരം ലക്ഷ്യമാക്കിയുള്ള തന്റെ സമുദ്രയാത്രക്ക് തുടക്കം കുറിക്കുമ്പോൾ ആ ജലപാത യെക്കുറിച്ച് തികച്ചും അജ്ഞനായിരുന്നു അയാൾ. അക്കാലത്ത് അതിനെക്കുറിച്ച് അറിവുണ്ടായിരുന്നത് നൂറ്റാണ്ടുകളായി കേരളാ തീരവുമായി കച്ചവടബന്ധത്തിൽ ഏര്‍പ്പെട്ടുവന്നിരുന്ന അറബികള്‍ക്ക് മാത്രമായിരുന്നു. അതിനാൽതന്നെ, ആഫ്രിക്കൻ വൻകര ചുറ്റി ശുപാഭ്തി മുനമ്പിലെത്തിച്ചേർന്ന ഗാമക്ക് കേരളത്തേക്കുള്ള വഴി കാണിച്ചു നൽകിയത് അറബിയായ അഹ്മദ് ബിന്‍ മാജിദിയിരുന്നു എന്നാണ് ചരിത്രകാരന്മാര്‍ക്കിടയിൽ കാലങ്ങളായുള്ള വിശ്വസം. ആഫ്രിക്കയില്‍ നിന്നും അല്‍പ്പം കിഴക്ക് മാറി നേരെ തെക്കോട്ട് യാത്ര ചെയ്താൽ ഇന്ത്യ ഉപഭൂഖണ്ഡത്തിന്റെ ഏറ്റവും വടക്കേ അറ്റമായ കേരള തീരത്ത് എത്തിച്ചേരാൻ കഴിയുമെന്ന് അദ്ദേഹമാണ് ഗാമക്ക് അറിവ് നല്‍കിയതെന്നാണ് അവർ വിശ്വസിക്കുന്നത്.

ഡോ സുല്‍ത്താൻ ചരിത്ര ഗവേഷകർക്കുള്ളൊരു തിരുത്ത് എന്ന നിലയില്‍ എഴുതിയ മേല്‍ ഗ്രന്ഥത്തിൽ പോര്‍ച്ചുഗീസുകാർക്ക് ഇന്ത്യയിലേക്കുള്ള വഴി കാണിച്ചു നല്‍കിയത് ഇബ്നു മാജിദോ അല്ലെങ്കിൽ മറ്റേതെങ്കിലുമൊരു അറബിയോ അല്ല എന്ന് തെളിവു സഹിതം സമര്‍ത്ഥിക്കുന്നുണ്ട്. ഗാമ തന്റെ സമുദ്രയാത്രക്കിടെ എഴുതിയ ഡയറി കുറിപ്പുകള്‍, മുബെെയിലെ പഴയ ആർക്കൈവ്സ് രേഖകൾ, ചില ചരിത്ര വസ്തുതകള്‍ തുടങ്ങിയ പലതും അദ്ദേഹം അതിനായി മുന്നോട്ടു വെക്കുന്നു. അതിൻ പ്രകാരം ഗാമയുടെ യാത്ര നടക്കുന്ന സമയം ഇബ്നു മാജിദിന് എഴുപതോളം വയസ്സാണ് പ്രായം. കൂടാതെ, മാലിന്ദിയിലെ ഭരണാധികാരി സമ്മാനിച്ച, ക്രിസ്തുമതാചാരങ്ങള്‍ പിന്തുടര്‍ന്നുവന്നിരുന്നൊരു ഗുജറാത്തി യാത്രയിലുടനീളം ഗാമയെ അനുഗമിച്ചിരുന്നു എന്ന വസ്തുത മുന്നില്‍ വെക്കുമ്പോൾ ഒരുപക്ഷേ, അയാൾ വഴിയായിരിക്കാം കപ്പല്‍ചാൽ വിവരങ്ങൾ ഗാമ കരസ്ഥമാക്കിയത് എന്ന് സ്വാഭാവികമായും അനുമാനിക്കാം.

'കടലിന്റെ സിംഹം' എന്ന് വിളിക്കപ്പെടുന്ന ഇബ്‌നു മാജിദിന്റെ യഥാർത്ഥ പൈതൃകം അദ്ദേഹം രചിച്ച കടൽ വിജ്ഞാനീയങ്ങളെ സംബന്ധിച്ച കൃതികളായിരുന്നു. യൂറോപ്യന്മാർക്കും ഓട്ടോമൻമാർക്കും ഇന്ത്യൻ മഹാസമുദ്രത്തിലെ ഭൂമിശാസ്ത്രത്തെക്കുറിച്ച് പരിമിതമായ അറിവു മാത്രമുണ്ടായിരുന്ന അക്കാലത്ത് ഇബ്‌നു മാജിദിന്റെ കടൽ പാണ്ഡിത്യം അത്യുന്നതിലായിരുന്നു. അദ്ദേഹത്തിന്റെ 'കിതാബ് അൽ-ഫവാഇദ്' എന്ന ഗ്രന്ഥം ഉള്‍പ്പെടെ ആകാശ നാവിഗേഷൻ, കാലാവസ്ഥാ രീതികൾ, കടലിലെ അപകടകരമായ പ്രദേശങ്ങളുടെ ചാർട്ടുകൾ, മറ്റു ഭൂപടങ്ങൾ തുടങ്ങിയവ നാവികർ വ്യാപകമായി അക്കാലങ്ങളിൽ ഉപയോഗിച്ചു വന്നിരുന്ന റഫറന്‍സ് ഗ്രന്ഥങ്ങളായിരുന്നു. ഒരുപക്ഷേ, ഗാമക്കും കൂട്ടര്‍ക്കും അവരുടെ യാത്രയിലുടനീളം മേല്‍ ഗ്രന്ഥങ്ങളൊരു വിലപ്പെട്ട സ്രോതസ്സായിരുന്നുവെന്ന വസ്തുതയുടെ വെളിച്ചത്തിലായിരിക്കാം ഇബ്നു മാജിദിനെ സൂചിപ്പിച്ചു കൊണ്ട്‌ 'വഴികാട്ടി' എന്ന സംജത രൂപപ്പെട്ടത് എന്ന് സ്വാഭാവികമായും അനുമാനിക്കാം.

ജലസ്രോതസ്സുകൾക്ക് പ്രത്യേകിച്ച്‌ കടൽ തീരങ്ങൾക്ക് സമീപം കുടിലുകൾ കെട്ടി കൂട്ടമായി വസിച്ചു വരുന്നവരായിരുന്നു പുരാതന അറബ് ജനതകൾ. എന്നാൽ, വെങ്കലയുഗ സംസ്കാരത്തിന്റെ ഭാഗമായ ഉമ്മുനാർ കാലഘട്ടങ്ങളിൽ അവർ അറേബ്യന്‍ മരുഭൂമിയുടെ ഉള്‍പ്രദേശങ്ങളിലായിരുന്നു വസിച്ചു വന്നിരുന്നത്. ഷാർജയിലെ മലീഹ, അൽ തുഖൈബ, ജബൽ ഫയാഹ്, അല്‍ മദാം, ജബൽ ബുഹൈസ് തുടങ്ങിയ മരുഭൂജന്യമായ പ്രദേശങ്ങളിൽ ആ ജനതയുടെ അവശിഷ്ടങ്ങൾ ഇന്നും കാണാൻ സാധിക്കും. കൂടാതെ, ദുബൈ, അബുദാബി, റാസൽഖൈമ തുടങ്ങിയ എമിറേറ്റുകളിലെ ചില ഭാഗങ്ങളിലും അക്കാലത്തെ സ്മാരകങ്ങള്‍ സംരക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെടുന്നു. പിന്നീട്, കാലാന്തരത്തില്‍ മേല്‍ പ്രദേശങ്ങളിൽ നിന്നും കടൽ തീരങ്ങളിലേക്ക് അവർ പലായനം ചെയ്യുകയും അവിടങ്ങളില്‍ കുടിയിരുപ്പ് കേന്ദ്രങ്ങള്‍ നിർമ്മിക്കുകയും ചെയ്യുകയായിരുന്നു. കാലാവസ്ഥ വ്യതിയാനം, ജലലഭ്യത കുറവ്, അഭ്യന്തരമോ വൈദേശികമോ ആയ യുദ്ധങ്ങൾ തുടങ്ങിയവയൊക്കെയാണ് ഈ കുടിയേറ്റങ്ങളുടെ കാരണമായി ചിത്രകാരന്മാർ സൂചിപ്പിച്ചു വരുന്നത്. എങ്കിലും, തീരപ്രദേശങ്ങളിൽ നിന്നും വളരെ അകലത്തിൽ സ്ഥിതിചെയ്യുന്ന ചില ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽ അറബ് ജനത തുടർന്നും ജീവിച്ച് വന്നത് അവിടങ്ങളിലെ കുടിനീരിന്റേയും കൃഷിയോഗ്യമായ മണ്ണിന്റേയും സാന്നിധ്യം കൊണ്ടാണെന്ന് എളുപ്പത്തില്‍ മനസ്സിലാക്കാൻ സാധിക്കും. അത്തരത്തില്‍പ്പെട്ട സ്ഥലങ്ങളാണ് സംസം വെളളത്തിന്റെ സാന്നിധ്യപ്രദേശമായ മക്കയും, മദീന എന്ന് പിന്നീടറിയപ്പെട്ട യസ്രിബും.

കടൽ തീരങ്ങള്‍ കേന്ദ്രീകരിച്ചുള്ള അറബികളുടെ ജനവാസം ഇസ്ലാമികാവിര്‍ഭാവത്തിന് കാലങ്ങൾക്ക് മുന്നേ തുടക്കം കുറിച്ചിരുന്നു. ഉമ്മുനാർ കാലത്തിനെ തുടര്‍ന്നുള്ള ഒരു നീണ്ട കാലം അവർ അറേബ്യന്‍ ഗള്‍ഫിലെ തീരപ്രദേശങ്ങളായ പേര്‍ഷ്യന്‍ ഉള്‍ക്കടല്‍, ചെങ്കടല്‍, അറേബ്യന്‍ കടൽ എന്നിവയുടെ തീരപ്രദേശങ്ങളിലാണ് ജീവിച്ചു വന്നിരുന്നത്. അതുകാരണം കൊണ്ടാണ്‌ പില്‍ക്കാലത്ത് അബുദാബി, ഷാർജ, ദുബൈ, അജ്മാൻ, ഫുജൈറ, ദോഹ, പനാമ, കുവൈത്ത്, ജിദ്ദ, മസ്കത്ത്, ഹളർമൗത്ത്, സൻആ തുടങ്ങിയ ഒട്ടനവധി അറേബ്യന്‍ നഗരങ്ങൾ കടൽ തീരങ്ങൾ കേന്ദ്രീകരിച്ച് വളര്‍ന്നു വന്നത്. അതിലുള്‍പ്പെട്ട ഒരു അറേബ്യന്‍ പ്രദേശമാണ്  അറേബ്യന്‍ കടലിനഭിമുഖമായി നിലകൊള്ളുന്ന ഖോർഫുക്കാൻ. ഷാർജ എമിറേറ്റിന്റെ ഭാഗമായി Uaeയുടെ ഏറ്റവും തെക്ക് വശത്ത് സ്ഥിതിചെയ്യുന്ന ഖോർഫുക്കാനെ കടലില്‍ നിന്നും നോക്കിയാല്‍ ധാരാളകണക്കിന്‌ മൊട്ടകുന്നുകളും വലിയ വലിയ മലനിരകളുമായാണ് കാണുവാന്‍ സാധിക്കുക. എന്നാൽ, മലയുടെ താഴ്‌വരകളിൽ നിറയെ വാതികളാലും ഈത്തപ്പന നിരകളാലും സമ്പന്നമായ ഈ പ്രദേശം അറേബ്യയിലെ ഒരു കാല്‍പ്പനിക മരുപ്പച്ചയായാണെന്ന് വേണമെങ്കിൽ പറയാം.

ഖോർഫക്കാന് മനുഷ്യവാസത്തിന്റെ നീണ്ട ചരിത്രം പറയാനുണ്ട്. തുറമുഖത്തിനഭിമുഖമായി നിലകൊള്ളുന്ന പാറകെട്ടുകളിൽ കൂട്ടം കൂട്ടമായി അടക്കം ചെയ്ത നിലയില്‍ 34 ശവകുടീരങ്ങൾ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിരുന്നു. കൂടാതെ, ബിസി 2000 കാലത്തെ നിര്‍മ്മിതിയാണെന്ന്‌ കരുതുന്ന ഖോർഫക്കാൻ തീരത്തെ മലനിരകള്‍ക്കിടയിലെ ചെരുവില്‍ കല്ലുകൾകൊണ്ട്‌ നിര്‍മ്മിച്ച വാസസ്ഥലങ്ങളുടെ സാന്നിധ്യം പ്രദേശത്തിന്റെ സഹസ്രാബ്ദങ്ങൾക്ക് മുന്നേയുള്ള ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഘടകങ്ങളായി മനസ്സിലാക്കാം. മരത്തണ്ടുകൾക്ക് മുകളില്‍ മരച്ചില്ലകൊണ്ട് മേല്‍ക്കൂര കെട്ടിയ രൂപത്തിൽ കാണപ്പെട്ട ആ വീടുകളില്‍ മൺപാത്രങ്ങൾ ഉള്‍പ്പടെയുള്ള വീട്ടുപകരണങ്ങളും അവരന്ന് കണ്ടെത്തിയിരുന്നു.

സമുദ്ര യാത്രകളുമായി ദേശാന്തര സഞ്ചാരങ്ങൾക്കിറങ്ങിയ ചില യാത്രികര്‍ ഖോർഫക്കാനിലും സന്ദര്‍ശനം നടത്തിയിരുന്നതായി കാണാൻ കഴിയും. അതിൽ പ്രശസ്തനായൊരു പാശ്ചാത്യ സഞ്ചാരിയാണ് പോർച്ചുഗീസ് വ്യാപാരിയും സഞ്ചാര സാഹിത്യകാരനുമായിരുന്നു ഡുവാർട്ടെ ബാര്‍ബോസ. ഗാമക്ക് ശേഷം കേരളത്തിലെത്തിച്ചേർന്ന പോര്‍ച്ചുഗീസ് നാവികൻ കബ്രാളിന്റെ കൂടെ കേരളത്തിലെത്തിയ അദ്ദേഹം 1500 മുതൽ 1516വരെ കേരളത്തിൽ താമസിച്ച് രേഖപ്പെടുത്തിയ വിവരങ്ങൾ കേരളത്തെ സംബന്ധിച്ച് വളരെ വിലപ്പെട്ട ചരിത്ര സാമഗ്രിയാണ്‌. പോർച്ചുഗീസുകാരുടെ പ്രധാന ദ്വിഭാഷിയായി സേവനമനുഷ്ഠിച്ച അദ്ദേഹം കേരളത്തിലെ എല്ലായിടങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്. കേരളത്തിലെ രാജാക്കന്മാരുടെ മാത്രമല്ല സാധാരണക്കാരുടേയും സാമൂഹിക ജീവിതത്തിന്റെ എല്ലാ ഉള്ളറകളും അദ്ദേഹം ഒന്നൊഴിയാതെ രേഖപ്പെടുത്തി വെച്ചതായി കാണാൻ കഴിയും. അദ്ദേഹം തന്റെ യാത്രക്കിടെ കണ്ട ഖോർഫക്കാനെ "ചുറ്റും ധാരാളകണക്കിന് തോട്ടങ്ങളും കൃഷിയിടങ്ങളുമുള്ള പ്രദേശം" എന്നാണ്‌ സൂചിപ്പിച്ചു കാണുന്നത്. കൂടാതെ, 1580കളില്‍ പ്രദേശം സന്ദര്‍ശിച്ച വെനീഷ്യൻ സഞ്ചാരി ജ്വല്ലറി ഗാസ്പാരോ ബൽബി തയ്യാറാക്കിയ, ഇന്നത്തെ Uae പ്രദേശങ്ങൾ ഉള്‍പ്പെട്ട പട്ടികയിലെ കിഴക്കന്‍ തീരത്തിനൊരിടത്ത്‌ 'ചോർഫ്' എന്ന് രേഖപ്പെടുത്തി വച്ചിരിക്കുന്നത് ഖോർഫക്കാനാണന്ന് ചരിത്രക്കാരന്മാർ അനുമാനിക്കുന്നു.

പോര്‍ച്ചുഗീസ് അധിനിവേശത്തിന്റെ ഉൽപന്നമായി മലബാര്‍ പ്രദേശത്ത് രൂപപ്പെട്ട മുസ്ലീം വിരുദ്ധ സാഹചര്യങ്ങളുടെ ഫലമാണ് മലബാറിന്റെ ഉള്‍പ്രദേശങ്ങൾ ലക്ഷ്യമാക്കിയുള്ള മുസ്ലീം കുടിയേറ്റ യാത്രകൾ വ്യാപകമായ തോതില്‍ തുടക്കം കുറിക്കുന്നത് എന്ന് നാം നേരത്തെ ചര്‍ച്ച ചെയത് കഴിഞ്ഞു. അത്തരമൊരു സാഹചര്യത്തിലായിരിക്കാം ചുങ്കം ഉള്‍പ്പെടെയുള്ള ഗ്രാമാന്തരങ്ങളിൽ മുസ്ലീം അധിവാസങ്ങൾക്ക് തുടക്കം കുറിക്കുന്നതും മലബാര്‍ പ്രദേശങ്ങളിൽ അവർ പ്രചുരമാവുകയും ചെയ്യുന്നതെന്നും പറഞ്ഞു. ഖോർഫക്കാന്റെ എഡി 1500 ശേഷമുള്ള ചരിത്രം പരിശോധിച്ചാൽ അതിന്‌ സമാനമായ ചില സാഹചര്യങ്ങൾ ആ പ്രദേശത്തെയും ഗ്രസിച്ചിരുന്നു എന്ന് മനസ്സിലാക്കാൻ കഴിയും. ഈ സമാനത രൂപപ്പെട്ടത് ഞാന്‍ മുകളില്‍ പറഞ്ഞവെച്ച ഒരേ കാരണങ്ങൾ കൊണ്ടാണെന്ന വസ്തുതയുടെ വെളിച്ചത്തിലാണ് ഖോർഫക്കാന്റെ ചരിത്രവും ഈ ഭാഗത്ത് ചേര്‍ക്കാന്‍ തീരുമാനിക്കുന്നത്. ആയിരകണക്കിന്‌ മൈലുകളുടെ ദൂരങ്ങളിൽ സ്ഥിതിചെയ്യുന്ന ലോകത്തെ രണ്ട് വ്യത്യസ്ത ഭൂപ്രദേശങ്ങൾ ഒരേ കാലത്ത്‌ ഒരേ കാരണങ്ങളുടെ ഫലമായി ചിന്നഭിന്നമാകുന്നതിവിടെ കാണുവാന്‍ സാധിക്കും.

അറേബ്യന്‍ കടലിലെ തീരദേശങ്ങളിൽ നിന്നും അല്‍പ്പം കിഴക്ക്- വടക്ക് മാറി സ്ഥിതിചെയ്യുന്ന ഒമാന്‍ കടലിടുക്ക് പ്രദേശത്താണ് ഖോർഫക്കാൻ സ്ഥിതിചെയ്യുന്നത്. ഇസ്ലാമികാഗമനത്തിന് ശേഷമാണ് പ്രദേശത്തിന്റെ വ്യാപാര വാണിജ്യ പ്രാധാന്യം വര്‍ദ്ധിച്ചത് എന്ന് പറയാം. ഈന്തപ്പനയോല കൊണ്ട്‌ മെടഞ്ഞുകെട്ടിയ നല്ല ഉറപ്പുള്ള ചുമരുകളോട് കൂടിയ വീടുകളിലാണവരന്ന് കഴിഞ്ഞു വന്നത്. ഏഡൻ പ്രദേശം, ചൈന, കോഴിക്കോട് പോലുള്ള വാണിജ്യ കേന്ദ്രങ്ങളിൽ നിന്നും അറബി കടലിലൂടെ ചരക്കുകൾ കൊണ്ടുവന്ന് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യലായിരുന്നു അക്കാലത്തെ അവരുടെ പ്രധാന തൊഴിൽ. കൂടാതെ, കടൽമുത്ത് വാരല്‍, മത്സ്യബന്ധനം, കൃഷി തുടങ്ങിയവയും അവർ ചെയത് വന്നു. ഈത്തപ്പഴത്തിന് പുറമെ നാരങ്ങ, ഓറഞ്ച്, അത്തിപ്പഴം തുടങ്ങിയ പലവിധ ഇനങ്ങളിലായി അവരുടെ കൃഷി പ്രദേശത്ത് വ്യാപിച്ചത് ശുദ്ധജല സാന്നിധ്യം കൊണ്ട്‌ കൂടിയായിരുന്നു എന്ന് പോര്‍ച്ചുഗീസ് വിവരണങ്ങളിൽ കാണാൻ കഴിയും.

1497ൽ കോഴിക്കോട് ലക്ഷ്യമാക്കിയുള്ള ഗാമയുടെ യാത്രക്കിടയിലാണ്‌ അയാൾ ഒമാന്‍ കടലിടുക്കിന് അല്‍പ്പം വടക്ക് വശത്ത് സ്ഥിതിചെയ്യുന്ന പേര്‍ഷ്യന്‍ ഉൾകടലിടുക്കിലേക്കുള്ള വാതായനമായ  ഇടുങ്ങിയതും തന്ത്രപ്രധാനവുമായ ഹോർമൂസിന്റെ തീരത്ത് കപ്പലിറങ്ങുന്നത്. പേർഷ്യൻ ആഭരണങ്ങൾ, ആനക്കൊമ്പ്, ഇന്തോ- ചൈന പട്ട്, ബഹ്‌റൈനിൽ നിന്നുള്ള മുത്തുകൾ തുടങ്ങിയവയുടെ വ്യാപാരം വ്യാപകമായ തോതില്‍ നടന്നുവന്നിരുന്ന അവിടുത്തെ ബന്ദർ അബ്ബാസ് തുറമുഖം 1272 കാലത്ത്‌ മാർക്കോ പോളോ സന്ദര്‍ശനം നടത്തിയിരുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ വൈസ്രോയിയായി നിയോഗിക്കപ്പെട്ട അഫോൺസോ ഡി അൽബുക്കർക്ക് കോഴിക്കോട്ടേക്കുള്ള തന്റെ യാത്രക്കിടെ 'ഈജിപ്തിൽ നിന്നും വെനീസിൽ നിന്നും തങ്ങളുടെ വാണിജ്യ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ' എന്ന വ്യാജേന മേല്‍ പ്രദേശം ഏഴോളം വരുന്ന യുദ്ധകപ്പലുകളുടെ അകമ്പടിയോടെ പിന്നീട് ആക്രമിച്ചു. പേർഷ്യൻ ഗൾഫിലെ വാണിജ്യ താൽപ്പര്യങ്ങളുടെ ഒരു തന്ത്രപരമായ സ്ഥാനമാണ് ഹോർമുസ് തുറമുഖം എന്ന നിഗമനത്തിലാണ് പോര്‍ച്ചുഗീസുകാർ ഈ പ്രദേശത്തെ കൈപ്പിടിയിലൊതുക്കാൻ ശ്രമിച്ചത്‌. അതുവഴി ക്രിസ്തുമതത്തെ പ്രചരിപ്പിക്കുന്നതിനും സുഗന്ധവ്യഞ്ജന വ്യാപാരം ഉറപ്പിക്കുന്നതിനും ഇസ്ലാമിനെതിരെ പോരാടുന്നതിനുമായി ഒരു ബൃഹത്പദ്ധതി അവർ കണക്ക് കൂട്ടി. പൂർവ്വേഷ്യ, മദ്ധ്യപൂർവേഷ്യ, കിഴക്കൻ ഓഷ്യാനിയയിലെ സുഗന്ധ വ്യഞ്ജന പാതകൾ തുടങ്ങിയവയിൽ ഒരു പോർച്ചുഗീസ് സാമ്രാജ്യത്തെ പ്രതിഷ്ടിക്കുന്നതിനും സംരക്ഷിക്കുന്നതിനും അതീവ നിർണ്ണായകമായിരുന്നു അയാളുടെ മേഖലയിലെ സൈനികവും ഭരണപരവുമായ പ്രവർത്തനങ്ങൾ എന്ന് പറയാം.

ഹോർമൂസ് കടലിടുക്കിന് ഭൂമിശാസ്ത്രപരമായി അനേകം സവിശേഷതകളുണ്ടെന്ന് കാണാൻ കഴിയും. അതിന് പടിഞ്ഞാറ് വശത്താണ് ഖസബ് മലനിരകള്‍ക്കപ്പുറം വിശാലമായ അറേബ്യന്‍ പ്രദേശങ്ങൾ നിലകൊള്ളുന്നത്. പശ്ചിമേഷ്യ എന്ന് വിളിക്കപ്പെടുന്ന അതിന്റെ അറ്റം യൂറോപ്പിലേക്കാണ് മിഴി തുറക്കുന്നത്. അതിനാൽ കോഴിക്കോട് നിന്നും കപ്പല്‍ മാര്‍ഗ്ഗം അറേബ്യന്‍ തീരത്തെത്തുന്ന ചരക്കുകൾ കരമാര്‍ഗ്ഗം വേഗത്തിലും സുരക്ഷിതവുമായി യൂറോപ്പിലേക്ക് കയറ്റി അയക്കാം എന്നവർ കണക്ക് കൂട്ടി. കൂടാതെ, ഹോർമൂസിന്റെ കിഴക്ക് ഭാഗം ഹോർമൂസ് പ്രവിശ്യകള്‍ എന്ന് വിളിക്കുന്ന പേർഷ്യൻ സാമ്രാജ്യ ഭാഗങ്ങളാണ്. അതുവഴി മധ്യേഷ്യന്‍- ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലൂടെ ചൈന ഉള്‍പ്പെടെയുള്ള പൂര്‍വേഷ്യന്‍ മാര്‍ക്കറ്റുകളിലേക്കും തങ്ങളുടെ വ്യാപാരം വർദ്ധിപ്പിക്കാൻ കഴിയുമെന്നവരുടെ ദുരാഗ്രഹ ഫലമാണ്‌ ഹോര്‍മൂസിനെ കൈപ്പിടിയിലൊതുക്കാനുള്ള ശ്രമവുമായി അവർ മുന്നോട്ട് പോയത് എന്ന് പറയാം. മാത്രമല്ല, 54 കിലോ മീറ്റർ അഥവ 29 നോട്ടിക്കൽ മൈൽ ദൂരം മാത്രം വീതിയുള്ള ഹോർമൂസെന്ന ഇടുങ്ങിയ ആ ചെറിയ ഇടനാഴിക്കപ്പുറം വലിയൊരു കുളം മാതിരിയുള്ള വിശാലമായ പേർഷ്യൻ ഉള്‍ക്കടലാണ് സാന്നിധ്യം. അറേബ്യൻ ഉള്‍ക്കടല്‍ എന്നുകൂടി വിളിക്കപ്പെടുന്ന അതിന്റെ ചുറ്റിലുമായി ഏകദേശം ഒരു ഡസനിലേറെയുള്ള സമ്പന്ന അറേബ്യന്‍ തീരനഗരങ്ങളുടെ നിരയാണുള്ളത് (ഇന്ന്‌ ലോകത്തിന്റെ പെട്രോളിയം കയറ്റുമതിയുടെ വലിയൊരു ശതമാനം കടന്ന് പോകുന്നത് തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്ക് കേന്ദ്രീകരിച്ചാണ്). അഥവാ, ഈ പ്രദേശങ്ങളെ എല്ലാം കൈപ്പിടിയിലൊതുക്കകൊണ്ട്‌ പോര്‍ച്ചുഗീസ് വാണിജ്യം വർദ്ധിപ്പിച്ച് അതുവഴി പോര്‍ച്ചുഗലിന്റെ സാമ്രാജ്യത്വ മോഹങ്ങളെ ലോകത്തിന്റെ നെറുകയിലെത്തിക്കാമെന്ന് അവരുടെ ചിന്തയാണ് ഒരേ സമയം കോഴിക്കോടിന്റേയും ഹോർമൂസിന്റേയും അധികാരം പിടിച്ചെടുക്കാൻ അവരെ പ്രേരിപ്പിച്ചത് എന്ന് പറയാം.

എഡി 1507 ആഗസ്റ്റ് 10ന് ഇന്നത്തെ ഒമാന്‍ തീരത്തെ സഖ്ത്തറിലാണ് അൽബുക്കർക്ക് ആദ്യമായി കപ്പലിറങ്ങുന്നത്. ആ പ്രദേശം തന്റെ ചൊൽപ്പടിയിലാക്കിയ ശേഷം ഇരുപതോടെ ഹോർമൂസിന് കീഴില്‍ ഭരിക്കപ്പെടുന്ന സമീപത്തെ ഖൽഹാത്തിലേക്കവർ എത്തിച്ചേർന്നു. ഹോർമൂസ് രാജാവിന് വേണ്ടി അവിടെ ഭരണം നിര്‍വഹിച്ചിരുന്നയാൾ അൽബുക്കർക്കിനേയും സംഖത്തേയും സ്വീകരിച്ചാനയിച്ചു എങ്കിലും അയാൾ നല്‍കിയ സമ്മാനവുമായി ബന്ധപ്പെട്ടുണ്ടായൊരു തർക്കം കടുത്ത വാഗ്വാദത്തിലേക്കും അക്രമത്തിലേക്കുമാണവരെ നയിച്ചത്. അതിനെ തുടർന്ന് ഖൽഹാത്തിനെ അക്രമിച്ച് കീഴടക്കിയ ശേഷം സമീപത്തെ ഖർയാത്തിലേക്കവർ എത്തിച്ചേരുമ്പോഴേക്കും ഖൽഹാത്തിലുണ്ടായ അക്രമണ വാർത്തയറിഞ്ഞ് ശക്തമായ ചെറുത്ത് നില്‍പ്പവിടെ രൂപപ്പെട്ടിരുന്നു. പ്രസ്തുത പോരാട്ടത്തില്‍ ആകെ 73 പേർ ഇരുവശങ്ങളിലുമായി കൊല്ലപ്പെട്ടു. പിന്നീട്, ഖർയാത്ത് തീരത്ത് ഏറെ നാശനഷ്ടങ്ങള്‍ വരുത്തിയ ശേഷം ആഗസ്റ്റ് 22 ഓടെ അവർ മസ്കത്തിലെത്തി ചേര്‍ന്നെങ്കിലും ശക്തമായ ചെറുത്തു നില്‍പ്പ് തന്നെ ആയിരുന്നു അവിടേയും അവരെ കാത്തിരുന്നിരുന്നത് എന്ന് പറയാം. പോര്‍ച്ചുഗീസുകാരുടെ വരവ് കാത്തിരിക്കുകയായിരുന്ന മസ്കത്ത് സൈന്യം കടുത്ത പ്രതിരോധം തന്നെ അവിടെ കാഴ്ചവെച്ചു. മസ്കത്ത് സൈന്യത്തെ പരാജയപ്പെടുത്താൻ സാധിക്കില്ലെന്ന് മനസ്സിലാക്കിയ പറങ്കികൾ സമാധാന ശ്രമങ്ങളുമായി മുന്നോട്ട് പോയെങ്കിലും അവർ കടന്നു വന്ന വഴികളിലുടനീളം അവർ ചെയതുവന്ന നെറികെട്ട പ്രവര്‍ത്തനങ്ങൾ കാരണം രണ്ടായിരത്തോളം വരുന്ന അറബ് സൈന്യം അവരെ പിന്തുടര്‍ന്നു വന്നിരുന്നു. രൂക്ഷമായ പോരാട്ടത്തിനൊടുവിൽ മസ്കത്ത് പോര്‍ച്ചുഗീസുകാർക്ക് തീര്‍ത്തും കീഴ്പ്പെട്ടു എന്നു തന്നെ പറയാം. മസ്കത്ത് കൊള്ള ചെയ്ത ശേഷം സോഹാറിലെത്തിയ പോര്‍ച്ചുഗീസുകാർ ഒരു വിജനമായ നഗരം പോലെയാണ്‌ ആ പ്രദേശത്തെ കണ്ടത്. പിന്നീട്, ഹോർമൂസ് രാജാവിന് വര്‍ഷം പ്രതി സോഹാർ നല്‍കി വന്നിരുന്ന പണം പോര്‍ച്ചുഗീസുകാർക്ക് നല്‍കിയേക്കാമെന്ന നിബന്ധനയിൽ അൽബുക്കർക്കും സംഖവും അവിടെ നിന്ന് ഖോർഫക്കാനിലേക്ക് പുറപ്പെട്ടു.

ഖോർഫക്കാനെ ആദ്യമായി കണ്ട അൽബുക്കർക്ക് തന്റെ സഞ്ചാര കുറിപ്പില്‍ ഇങ്ങനെ എഴുതി ചേര്‍ത്തു,

"ഒരു വലിയ പർവതത്തിന്റെ അടിവാരത്തിലാണീ പ്രദേശം നിലകൊള്ളുന്നത്. ഇതൊരു വലിയ നഗരമാണ്, വലിയ വീടുകളും. അവിടെ നിറയെ ഓറഞ്ചിന്റേയും നാരങ്ങയുടേയും അത്തിപ്പഴത്തിന്റേയും കൃഷിയിടങ്ങൾ കാണാൻ കഴിയുന്നു. കൂടാതെ, ഈന്തപ്പന കൃഷികളും പച്ചക്കറികളും ധാരാളകണക്കിന് കാണാം, വിളവെടുപ്പിനുശേഷം പാടങ്ങളിൽ ധാരാളം വൈക്കോൽ അവശേഷിച്ചതായി കാണുന്നു. പോർച്ചുഗലിലെ വയലുകളിലേതുപോലെ ധാരാളം സ്ഥലങ്ങളില്‍ ചോളം നട്ടുപിടിപ്പിച്ചിട്ടുണ്ട്. കൂടാതെ, വൈക്കോൽ സൂക്ഷിച്ചിരിക്കുന്ന വിശാലമായ കുതിരലായങ്ങളും അവിടെയുണ്ട്. മത്സ്യബന്ധനത്തിനായി ധാരാളം ചെറു കപ്പലുകളും അവർ ഉപയോഗിച്ച് വരുന്നു. ഇന്ത്യയില്‍ നിന്നെത്തിയ ധാരാളകണക്കിന് ഗുജറാത്തി വ്യാപാരികളെ പ്രദേശത്തുടനീളം കാണാൻ കഴിയുന്നു..."

1507 മുതൽ തന്നെ ശക്തമായ കര-കടൽ യുദ്ധങ്ങൾ പ്രദേശത്ത് നടന്നു വന്നു. അതോടു കൂടി അക്കാലം വരെ മേഖലയിലുണ്ടായിരുന്ന സമാധാനം തീര്‍ത്തും ഇല്ലാതായി എന്ന് പറയാം. പീരങ്കി ഉപയോഗിച്ചായിരുന്നു പോര്‍ച്ചുഗീസ് പട്ടാളത്തിന്റെ ആക്രമണങ്ങൾ പലതുമെങ്കിലും ഖോർഫക്കാൻ സ്വദേശികൾ അവര്‍ക്കെതിരിൽ ശക്തമായ പോരാട്ടം തന്നെ കാഴ്ച്ച വെച്ചു. എന്നാൽ, പ്രതിഷേധിച്ചവരെ അതിക്രൂരമായാണ് അവർ നേരിട്ടത്. അവരുടെ കുടുംബാംഗങ്ങളെ വരെ പറങ്കികൾ നിഷ്കരുണം വദിച്ചു. കൈകാലുകൾ തല്ലിയൊടിച്ച് ജീവിച്ചവമാക്കുക, ചെവിയും മൂക്കും കഷ്ണിക്കുക, മുസ്ലീം ആരാധന സ്ഥാനങ്ങളെ മലിനപ്പെടുത്തുക തുടങ്ങി അക്കാലത്ത് മലബാറില്‍ അവർ ചെയതുവന്ന എല്ലാ ക്രൂരതകളും അവർ ഖോർഫക്കാനിലും നടപ്പിൽ വരുത്തി. പോര്‍ച്ചുഗീസ് ഭരണകാലത്തെ ഈ ക്രൂരതകളെ സംബന്ധിച്ച് വിശദമായി പ്രതിപാദിക്കുന്ന പുസ്തകമാണ് ഡോ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ 'അല്‍ ഹിഖ്ദുദ്ദഫീന്‍' അഥവാ പകയുടെ രോഷാഗ്‌നി എന്ന ഗ്രന്ഥം. പോര്‍ച്ചുഗീസ് അധിനിവേശത്തിന്റെ മനുഷ്യത്വരഹിതമായ പടനീക്കങ്ങളുടെ ചരിത്രമാണ് ഈ ചെറുപുസ്തകത്തിലുടനീളം  കാണാൻ സാധിക്കുക. കുരിശുയുദ്ധങ്ങളില്‍നിന്ന് പാരമ്പര്യമായി ലഭിച്ച ഇസ്‌ലാം വിരോധം മനസ്സില്‍ പേറി പൗരസ്ത്യ നാടുകളിലേക്ക് പ്രയാണം ചെയ്ത അല്‍ബുക്കര്‍ക്ക് മുസ്‌ലിം നാടുകളില്‍ നടത്തിയ മൃഗീയ വിനോദങ്ങളുടെ സൂചനകള്‍ ഈ ഗ്രന്ഥത്തില്‍ ഡോ സുല്‍ത്താന്‍ അനാവരണം ചെയ്യുന്നു. ഖോർഫക്കാനിൽ എത്തിച്ചേര്‍ന്ന പോര്‍ച്ചുഗീസുകരുടെ ആദ്യ നാളുകളെ കുറിച്ച് അതിൽ പറയുന്നത് കാണുക,

"സോഹാറിൽ രണ്ട് ദിവസം താമസിച്ച ശേഷം അൽബുക്കർക്ക് ഖോർഫക്കാനിലേക്ക് തിരിച്ചു. അവിടെ എത്തിയ അദ്ദേഹത്തിന് നാട്ടുകാരില്‍ നിന്നും ശക്തമായ ചേര്‍ത്തു നില്‍പ്പാണ് നേരിടേണ്ടി വന്നത്. പിന്നീട് നാട്ടുകാർ നഗരത്തിന്റെ പിറകിലുള്ള പർവ്വതങ്ങളിലേക്ക് പിന്‍വലിഞ്ഞു. ഏതാനും പേർ രക്തസാക്ഷികളായെങ്കിലും അവർ വീണ്ടും പോര്‍ച്ചുഗീസുകാരെ ആക്രമിച്ചു. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ ഇരുപതിൽപരം ആളുകളെ അൽബുക്കർക്ക് ബന്ദികളാക്കി. ചെറുത്ത് നില്‍പ്പുകാരെ ഭീതിപ്പെടുത്താൻ എല്ലാ ദിവസവും നാട്ടുകാരില്‍ ഒരാളെ കൊണ്ടുവന്ന് കൊലപ്പെടുത്തുക പതിവായിരുന്നു. തുടർച്ചയായി മൂന്ന് ദിവസം ബന്ദികളിൽ ഒരാളെ വീതം താന്‍ കൊല ചെയ്യും എന്ന് അദ്ദേഹം അവരെ ഭയപ്പെടുത്തി. എന്നാൽ ബന്ധനസ്ഥരായ തങ്ങളുടെ ബന്ധുക്കള്‍ വധിക്കപ്പെടുന്നത് അവർ ഒട്ടും ഭയന്നിരുന്നില്ല. ഖോർഫക്കാൻ പിടിച്ചടക്കി മൂന്ന്‌ ദിവസത്തിന് ശേഷം പോര്‍ച്ചുഗീസ് സേന ഹോർമൂസ് ദ്വീപിലേക്ക് പോയി. 1507 സെപ്തംബറിലായിരുന്നു അത്... "

ധാരാളകണക്കിന് കരിമ്പാറകൾ നിറഞ്ഞ കടൽതീര പ്രദേശമായതിനാൽ തന്നെ അറേബ്യയിലെ മറ്റ് പ്രദേശങ്ങളെ പോലെ കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്ന പ്രദേശത്തു നിന്നും കുടിവെള്ളം ഉള്‍പ്പെടെയുള്ളവ വന്‍തോതില്‍ കൊള്ളയടിച്ച ശേഷം കണ്ണില്‍ കണ്ടതെല്ലാം ചുട്ടെരിച്ചാണ് അൽബുക്കർക്ക് തന്റെ ഇന്ത്യ യാത്രക്കായി പുറപ്പെടുന്നത്. വാസ്കോഡഗാമ, പെഡ്രോ അൽവാരസ് കബ്രാൾ എന്നിവർക്ക് ശേഷം ഇന്ത്യയിലേക്ക് നിയോഗിക്കപ്പെട്ട അവരുടെ ആദ്യ വൈസ്രോയിയായ ഫ്രാന്‍സിസ്കോ ഡി അൽമേഡക്ക് ശേഷമാണ് രണ്ടാം വൈസ്രോയിയായി അഫോൺസോ ഡി അൽബുക്കർക്ക് നിയോഗിക്കപ്പെടുന്നത്. 1509ൽ കേരളക്കരയിൽ എത്തിചേർന്നതോടു കൂടി അതിഭീകരമായ അടിച്ചമര്‍ത്തലിലൂടെ ഇന്ത്യയിലൊരു ശക്തമായ പോര്‍ച്ചുഗീസ് സാമ്രാജ്യം അയാൾ സ്ഥാപിക്കുകയും അവിടെ ഔദ്യോഗികമായി കോളനി വല്‍ക്കരണത്തിന് തുടക്കം കുറിക്കുകയും ചെയ്തു എന്ന് പറയാം.

പിന്നീട്, ഗാസ്‌പർ പെരേര ലെയ്‌റ്റിന്റെ നിർദ്ദേശ പ്രകാരം 1620ലാണ് ഖോർഫക്കാനിലെ ആദ്യ പോർച്ചുഗീസ് കോട്ടയുടെ നിർമ്മാണം നടക്കുന്നത്. അതോടു കൂടി ഖോർഫക്കാനിലെ പോര്‍ച്ചുഗീസ് അധിനിവേശം കൂടുതൽ ശക്തമായി എന്ന് പറയാം. 'ഇന്ത്യൻ സംസ്ഥാനങ്ങളിലെ കോട്ടകളുടെ പുസ്തകം' എന്ന ഗ്രന്ഥത്തില്‍ പറങ്കികൾ നിര്‍മ്മിച്ച ഈ കോട്ടയുടെ രൂപഭാവങ്ങളെ കുറിച്ച് പറയുന്നുണ്ട്. അത് ത്രികോണാകൃതിയിലുള്ളതും ഓരോ മൂലകളിലും മൂന്ന് വീതം ത്രികോണ കൊത്തളങ്ങളുള്ളതുമാണന്ന് കാണുന്നു. കൂടാതെ, മധ്യഭാഗത്ത് വൃത്താകൃതിയിലുള്ള ഒരു വലിയ നിരീക്ഷണ ഗോപുരവും കോട്ടക്കുള്ളിൽ പീരങ്കികളൊന്നും ഉണ്ടായിരുന്നില്ല എന്നും അതിൽ സൂചിപ്പിക്കുന്നുണ്ട്. ക്യാപ്റ്റന്റെ ചുമതലകൾ വഹിക്കുന്ന 'മുഖദ്ദാം' എന്നൊരു അധികാര സ്ഥാനത്തിന് കീഴിൽ പ്രദേശവാസികളിൽ നിന്നടക്കം റിക്രൂട്ട് ചെയ്യപ്പെട്ട മുപ്പതോളം സൈനികരുൾപ്പെട്ടൊരു ബറ്റാലിയൻ സദാ അവിടെ കാവലുണ്ടായിരുന്നു എന്നും അതിൽ പറയുന്നു. ഒമാന്‍ കടലിലെ ഏറ്റവും മികച്ച തുറമുഖമായി അറിയപ്പെടുന്ന ഖോർഫക്കാനിൽ അതിന് ചേര്‍ന്ന് വിധം തന്നെ ഏറ്റവും ശക്തമായ കോട്ടയായി പിന്നീടതിനെ പോര്‍ച്ചുഗീസുകാർ വിപുലീകരിച്ചു. പിന്നീട്, ദിബ്ബ, കൽബ, ബിദ്-യ തുടങ്ങിയ തുടങ്ങിയ സ്ഥലങ്ങളിലും തങ്ങളുടെ ആധിപത്യം നിലനിര്‍ത്താന്‍ ഉദ്ദേശിച്ച് അവർ കോട്ടകള്‍ പണിതു.

കടൽ വ്യാപാരത്തില്‍ മുഴുകി വന്നിരുന്ന അറബികള്‍ക്കിടയിലേക്കുള്ള പോര്‍ച്ചുഗീസ് കടന്നുവരവ് പ്രദേശത്തെ ചെറിയ രീതിയിലൊന്നുമല്ല വീര്‍പ്പു മുട്ടിച്ചത്. അവർ പ്രദേശത്തിന്റെ കടൽ വ്യപാരപാതകളെ അറബികളില്‍ നിന്നും തട്ടിയെടുത്തു. അവർ അനുവദിക്കുന്ന 'ഖുർത്താസി' എന്ന കടൽ വ്യപാരപത്രം കൈയിലുള്ളവർക്കല്ലാതെ മറ്റാര്‍ക്കും കടൽ വ്യപാരത്തിനുള്ള അനുമതി ലഭിക്കുകയില്ല എന്ന് വന്നു. ജീവിതം ദുസ്സഹമായി.

പതിനഞ്ചാം നൂറ്റാണ്ടു കൂടിയാണ്‌ ഷാർജ കേന്ദ്രീകരിച്ചുള്ള ഖുവാസിം കുടുംബ ഭരണം പ്രദേശത്ത് തുടക്കം കുറിക്കുന്നത്. പ്രവാചക കുടുംബമായ ഹാഷിമികളുമായി കുടുംബ ബന്ധം കാത്തു സൂക്ഷിക്കുന്ന ഖവാസിമുകൾ ഇറാഖിലെ ബസ്രയില്‍ നിന്നാണ് ഇന്നത്തെ Uaeയിലേക്ക് എത്തിച്ചേരുന്നത് എന്ന് പറയാം. ബസ്രയിലെ ഗോത്രപോരുകള്‍ക്കിടയില്‍ ജീവിതം ദുസ്സഹമായ സാഹചര്യത്തിലാണ്‌ പേര്‍ഷ്യ ലക്ഷ്യമാക്കിയുള്ള അവരുടെ സഞ്ചാരം തുടക്കം കുറിക്കുന്നതും അവരിലെ ഒരു വിഭാഗം ഇന്നത്തെ റാസല്‍ഖൈമയുടെ ഭാഗമായ ജൽഫാറിൽ തുടരുകയും ചെയ്യുന്നത്. അവർ പിന്നീട് റാസല്‍ഖൈമയുടേയും ഷാർജയുടേയും ഭരണാധികാരത്തിലേക്ക് ഉയർന്ന് വന്നു. 1650കളിൽ ഒമാനിലെ യറൂബ വിഭാഗവുമായി അവരുണ്ടാക്കിയ കരാർ പ്രകാരം പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരെ സംയുക്തമായി കരുക്കൾ നീക്കിയതിന്റെ ഫലമാണ്‌ 1650ഓടുകൂടി പോര്‍ച്ചുഗീസുകാരെ പ്രദേശത്ത് നിന്നും പൂർണ്ണമായും തുടച്ചു നീക്കാൻ സാധിച്ചത് എന്ന് പറയാം. അതോടെ, കൃത്യം 143 വര്‍ഷക്കാലത്തെ പോര്‍ച്ചുഗീസ് അധിനിവേശത്തിന് പ്രദേശത്ത് അന്ത്യമായി.

1666 കാലത്ത് ഖോർഫക്കാൻ സന്ദര്‍ശിച്ച ഡച്ച് കപ്പലായ മീർകത്തിന്റെ ലോഗ് ബൈക്കിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു,

“ഗോർഫകാൻ ഒരു ചെറിയ ഉൾക്കടലിലെ വിശാലമായ സ്ഥലമാണ്, അതിൽ തീരത്തോടടുത്ത് ഈന്തപ്പഴ ശാഖകളാൽ നിർമ്മിച്ചെടുത്ത ഇരുനൂറോളം ചെറിയ വീടുകൾ കാണാൻ കഴിയും. അതിന്റെ വടക്കു ഭാഗത്താണ് ത്രികോണാകൃതിയിലുള്ള പോർച്ചുഗീസ് കോട്ട സ്ഥിതി ചെയ്യുന്നത്. അതിന്റെ വിജനമായ അവശിഷ്ടങ്ങൾ ഇപ്പോഴും അവിടെ കാണാൻ സാധിക്കും. കൂടാതെ, ഉൾക്കടലിന്റെ തെക്കൻ തീരത്തെ കുന്നിൻ മുകളിൽ മറ്റൊരു കോട്ടയുടെ അവശിഷ്ടവും കാണാം. ഈന്തപ്പനകൾക്ക് പുറമേ അത്തിമരം, തണ്ണിമത്തൻ, മൈലാഞ്ചി എന്നിവയും പ്രദേശത്ത് വ്യാപകമായി കൃഷി ചെയത് വരുന്നുണ്ട്. ജലസേചനത്തിനായി ഉപയോഗിക്കുന്ന ശുദ്ധജല കിണറുകളും അനേകം അവിടെ കാണാൻ കഴിയുന്നു..."

ക്രിസ്താബ്ദം 1509ഓട് കൂടിയാണ്‌ അല്‍ബുക്കർക്ക് കോഴിക്കോട് കപ്പലിറങ്ങിയത് എന്ന് നാം നേരത്തെ പറഞ്ഞു കഴിഞ്ഞു. തന്റെ മുന്‍ഗാമികളുടെ കാലത്ത്‌ പ്രദേശത്ത് നിന്നും ഏറ്റ ശക്തമായ പ്രതിരോധത്തിന് തിരിച്ചടി നൽകാൻ കൂടി ഉദ്ദേശിച്ചാണ് അൽബുക്കർക്കിന്റെ ആ കപ്പലിറക്കം എന്ന് പറയാം. കൂടാതെ, ഖോർഫക്കാനിൽ നിന്നേറ്റ പ്രതിരോധത്തിന്റെ മുറിവും അയാളെ ഒരു ക്രൂരമൃഗമാക്കിയിരുന്നു. കണ്ണില്‍ കണ്ടതല്ലാം നശിപ്പിച്ചു കൊണ്ടയാൾ തന്റെ പടയോട്ടം പ്രദേശത്ത് വ്യാപിപ്പിച്ചു. അതിന്റെ ഭാഗമായാണ് 1510 ജനുവരി മൂന്ന് റമദാൻ 22ന് കല്ലായിപ്പുഴ കടന്ന് കോഴിക്കോട് പട്ടണത്തിലേക്കയാൾ പ്രവേശിക്കുന്നതും മിശ്കാല്‍ പള്ളിക്ക് തീവെക്കുകയും ചെയ്യുന്നത്. മുസ്‌ലിംകളെ പ്രകോപിപ്പിക്കുകയായിരുന്നു ലക്ഷ്യം. തുടര്‍ന്ന് നടന്ന സംഘട്ടനത്തില്‍ അഞ്ഞൂറോളം മുസ്‌ലിം-നായര്‍ പടയാളികളാണ്  പോര്‍ച്ചുഗീസുകാര്‍ക്കെതിരെ നേർക്കുനേർ പോരാടി ധീരരക്തസാക്ഷികളായത്. ഇത് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം തന്റെ തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന ചരിത്ര  ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അനേകം നിലയിലുളള പള്ളിക്കു തീവെപ്പില്‍  കാര്യമായ കേടുപാടുകള്‍ സംഭവിച്ചു എന്ന് പറയാം. മിഹ്‌റാബ് (നിസ്‌കാരത്തിന് നേതൃത്വം നല്‍കുന്ന സ്ഥലം) അടക്കം പള്ളിയുടെ വലിയൊരു ഭാഗം കത്തിനശിപ്പിച്ചിരുന്നതായി ചരിത്രകാരന്‍മാര്‍  രേഖപ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തിന്റെ ആ മായാത്ത അടയാളങ്ങള്‍ ഇപ്പോഴും പള്ളിയുടെ മുകള്‍നിലയിൽ കാണാൻ സാധിക്കും. ചാലിയം യുദ്ധത്തിൽ ചാലിയം കോട്ട തകർത്തതിൻെറ മരങ്ങളും മറ്റവശിഷ്ടങ്ങള്‍ കൊണ്ടുമാണ് പിന്നീട് പള്ളി പുതുക്കി പണിയുന്നത്.

ലോകത്തിന്റെ ഏത് കോണിലായാലും അധിനിവേശം മൂലമോ മറ്റേതൊരു കാരണങ്ങൾ കൊണ്ടും ജീവിതം ദുസ്സഹമായി മാറിയാല്‍ സുരക്ഷയും സമാധാനവും ലഭ്യമാകുന്ന ഇടങ്ങളിലേക്ക് ജീവിതത്തെ മാറ്റി സ്ഥാപിക്കുന്നത് ജനതകളിൽ കണ്ടുവരുന്നൊരു പൊതു സവിശേഷതയാണ് എന്ന് ചൂണ്ടിക്കാണിക്കാനാണ് ഖോർഫക്കാന്റെ ചരിത്രം ഇത്രയും വിശദമായി ഇവിടെ പ്രതിപാദിച്ചത്. ഒരുപക്ഷേ, കടൽ കടന്നെത്തുന്ന അധിനിവേശകരുടെ അദ്യ ആഗമനസ്ഥലം തീരപ്രദേശങ്ങളാണ്‌ എന്നതിനാല്‍ അവിടെ പാർത്ത് വരുന്ന ജനങ്ങളാണ് അവരുടെ പ്രഥമ ഇരകളായി മാറുന്നത് എന്ന് ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയും. 1507ൽ അൽബുക്കർക്കിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ച പോര്‍ച്ചുഗീസ് അധിനിവേശ വഴിത്താരകൾ മാത്രം നോക്കുക. ഇന്നത്തെ ഒമാന്‍ രാജ്യത്തിന്റെ യമൻ ഭാഗത്തിന് സമീപം സ്ഥിതിചെയ്യുന്ന തീരനഗരമായ സഖ്ത്തറിൽ നിന്ന് തുടങ്ങി കടൽകരയിലൂടെ നേരെ കിഴക്കോട്ട് നീങ്ങി ഓരോ നഗരവും പിടിച്ചടക്കി ഒടുവിലാണ് അയാൾ ഖോർഫക്കാനിൽ എത്തിച്ചേരുന്നത്. അവിടെ നിന്നും അതേ കടലിന്റെ മറ്റൊരു തീരത്തെ കോഴിക്കോട്ടേക്കും അയാൾ അതിക്രമിച്ചു കയറി എന്ന് വരുമ്പോൾ അൽബുക്കർക്കിന്റെ നേതൃത്വത്തിൽ നടന്ന നീണ്ട അധിനിവേശ ബെല്‍റ്റിന്റെ ഏറ്റവും ഒടുവിലത്തെ കണ്ണിയാണ് കോഴിക്കോട് എന്ന് പറയാം.

അധിനിവേഷകർ മൂലം നീതി നിഷേധിക്കപ്പെടുകയും നിര്‍ഭയമായി തൊഴിൽ ചെയ്യുന്നതുൾപ്പെടെയുള്ള ജീവിത സാഹചര്യങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്യുമ്പോഴാണ് അവരുടെ സ്വാഭാവികമായ പ്രതികരണങ്ങളുണ്ടാവുകയും അത് വലിയ സമരങ്ങളായി രൂപാന്തരപ്പെടുകയും ചെയ്യുന്നത്. അത് ജനതയെ ചിന്നഭിന്നമാക്കുകയും അവരെ അന്യനാടുകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യുന്നത് മൂലം പുതിയ പുതിയ പട്ടണങ്ങൾ ഉള്‍പ്പടെയുള്ള അതിവാസ പ്രദേശങ്ങളും രൂപപ്പെടുന്നു. മതപരമായ വീക്ഷണ കോണിലൂടെ നോക്കിയാല്‍ ഹിജ്റയെ ഒരു വലിയ പുണ്യകര്‍മ്മമായി കാണുമ്പോൾ തന്നെ സ്വഗൃഹത്തില്‍ നിന്നും ആട്ടിയോടിക്കുന്നവരോട് യുദ്ധം ചെയ്യാനും അത് കല്‍പ്പിക്കുന്നുണ്ട്. എന്നാൽ, അതിന്റെ പ്രഥമ പരിഗണനയെ വിവേകപൂർവ്വം കണ്ടത്താനാണ് അത് വിശ്വാസികളോട് നിര്‍ദ്ദേശിക്കുന്നത്. അതിനുള്ള ഉദാഹരണമാണ് ഞാന്‍ നേരത്തെ പറഞ്ഞ മക്ക ചരിത്രം നമ്മോട് പറയുന്നത് എന്ന് പറയാം. എന്നിരുന്നാലും, ഖോർഫക്കാൻ തീരത്തിന്റെ ഉള്‍പ്രദേശങ്ങളായ ദൈദ്, മസാഫി തുടങ്ങിയ ഗ്രാമങ്ങളും മലബാറിലെ എണ്ണിയാലൊടുങ്ങാത്ത ഉൾഗ്രാമങ്ങളും മേല്‍ ചരിത്രത്തിന്റെ ഭാഗമാകുന്നത് അതുവഴിയാണ്. ഒരുപക്ഷേ, മലബാറിനേയും ഖോർഫക്കാനേയും ആ ഒരു സമാനതയുടെ നൂലുകൊണ്ട് ബന്ദിക്കുമ്പോൾ തന്നെ അതിന്റെ ഒരു ഉത്പന്നമെന്ന നിലയില്‍ ചുങ്കം പ്രദേശത്തിന്റെ ചരിത്രവും അതോടൊപ്പം ചേര്‍ത്ത് വായിക്കാൻ സാധിക്കുന്നു എന്ന് പറയാം.

അവലംബം-
1- കേരള മുസ്‌ലിം പോരാട്ടത്തിന്റെ ചരിത്രം- പ്രൊഫ കെ എം ബഹാവുദ്ദീന്‍
2- കേരള മുസ്‌ലിം അധിനിവേശവിരുദ്ധ ചരിത്രം ഒരു തിരിഞ്ഞുനോട്ടം- ബഷീര്‍ തൃപ്പനച്ചി
3- തുഹ്ഫത്തുല്‍ മുജാഹിദീന്‍- സൈനുദ്ദീന്‍ മഖ്ദും
4- ഹിസ്റ്ററി കോൺഫറൻസ് പ്രബന്ധ സമാഹാരങ്ങൾ
5- മാപ്പിള സമുദായം ചരിത്രം സംസ്കാരം- ടി മുഹമ്മദ്
6- മലബാര്‍ മാന്വല്‍- ലോഗന്‍
7- www.maliha.ae
8- Al hisn sharjah museum
9- Southeast asia a historical encyclopedia
10- സുപ്രഭാതം പത്രം- 04/05/2021
11- തേജസ് പത്രം
12- സിറാജ് പത്രം
13- പ്രബോധനം വാരിക 26/07/2013
14- പോര്‍ച്ചുഗീസ് കോട്ട- ഖോർഫക്കാൻ
15- Hisn khorfakkan museum
16- film Khorfakkan. Direct by Ben Mole, Maurice Sweeney
17- പകയുടെ രോക്ഷാഗ്നി- ഡോ സുല്‍ത്താന്‍


കൊണ്ടോട്ടിയുടെ കടന്നു വരവും ശാന്തപുരം മഹല്ല് രൂപീകരണവും


1988ലാണ് കരിപ്പുരിൽ ഒരു അന്താരാഷ്ട്ര വിമാനത്താവളം വരുന്നത്. ആത്മീയവും ചിന്താപരവുമായി വികസിച്ച മലബാര്‍ ജനതയുടെ ലോക സാംസ്‌ക്കാരങ്ങളിലേക്കുള്ള കവാടമായിരുന്നു അതെന്ന് നിസ്സംശയം പറയാൻ കഴിയും. വിമാനത്താവളത്തിന്റെ ആഗമനത്തോട് കൂടിയാണ്‌ സമീപത്തെ ഏറ്റവും വലിയ പട്ടണമായ കൊണ്ടോട്ടിക്ക് പുതിയൊരു മുഖം കൈവന്നതെങ്കിലും ആ കാലത്തിന് മുമ്പും കൊണ്ടോട്ടി സാംസ്കാരിക സമ്പന്നമായിരുന്നു. ചിന്താധാരകള്‍ പലതും കടന്നു വന്ന് ഫലഭൂയിഷ്‌ഠമാവപ്പെട്ട ഈ മണ്ണില്‍ മായാത്ത മുദ്രകളാണതൊക്കെയും ചെലുത്തി കടന്ന് പോയത്. ചിലതൊക്കെ കാലത്തിന്റെ കുത്തൊഴുക്കിൽ വഴുതി നീങ്ങിയെങ്കിലും ചിലതൊക്കെ ഇന്നും ആ നാട്ടില്‍ അവശേഷിക്കുന്നു.

കടലും പുഴകളുമില്ലാത്ത ഈ പ്രദേശത്ത് ജനവാസം തുടങ്ങിയത് ഏത് കാലഘട്ടം മുതലാണന്ന് കൃത്യമായി പറയുക വയ്യ. എങ്കിലും, പാഴ്നിലങ്ങള്‍ ഇളക്കി മറിച്ച് കൃഷിയോഗ്യമാക്കാം എന്ന ചിന്ത രൂപപ്പെട്ടു വരുന്ന കാലത്തു തന്നെ കൊണ്ടോട്ടി സജീവമായിരുന്നു. അതുവഴിയാണ് ചൂഷകരായ നാടുവാഴികള്‍ ഇവിടം കീഴടക്കുന്നതും അവർ കര്‍ഷകരായ പാവങ്ങളെ ചൂഷണം ചെയ്യാൻ ആരംഭിക്കുകയും ചെയ്യുന്നത്. അതുവഴി ഏറനാടിന്റെ പുരാതന ചരിത്രത്തിൽ കൊണ്ടോട്ടിക്കാർക്ക് വലിയ സ്ഥാനമുണ്ടായി തീര്‍ന്നു എന്ന് പറയാം. ആദിമചേര കാലഘട്ടം മുതൽ തുടങ്ങി നെടിയിരുപ്പ് സ്വരൂപത്തിന്റെ തുടക്കം കാലം വരെ അത് നീണ്ടു നില്‍ക്കുന്നു. നെടിയിരുപ്പ്‌ സ്വരൂപവുമായി ബന്ധപ്പെട്ട ഫ്യൂഡല്‍ സാംസ്‌കാരിക പാരമ്പര്യം ഇവിടെയാണ്‌ ഉറവയെടുത്തത്‌. ഇതാകട്ടെ ശക്തമായ ആദിവാസി ഗോത്ര സമൃദ്ധിയില്‍ നിന്നും ശക്തി നേടിയതായിരുന്നു. ഇതിനിടയിലേക്കാണ്‌ ആറാം നൂറ്റാണ്ടോട്‌ കൂടി പൊന്നാനി മഖ്‌ദൂമികളിലൂടെ സെമിറ്റിക്‌ മതപാരമ്പര്യവും ഈ നാട്ടിലേക്ക് വന്നു ചേരുന്നത്‌. പിന്നീട്‌ ഇന്റോ അറേബ്യന്‍ സമന്വയ ചിന്താധാരയുടെ ഫലമയ സൂഫിസവുമായി ബന്ധമുള്ള പേര്‍ഷ്യന്‍ സാംസ്‌കാരികതയും ഈ നാടുമായി ഇഴുകിചേരുകയുമുണ്ടായി. മഖ്ദൂമി പാരമ്പര്യവും മേല്‍ സൂഫിസ ചിന്താധാരയും തമ്മിലുള്ള ആശയ സംവാദത്തിന്റെ ഉത്പന്നമാണ് ഒരു കാലഘട്ടത്തില്‍ മലബാര്‍ പ്രദേശങ്ങളിൽ അലയടിച്ചുയർന്ന കൊണ്ടോട്ടി കൈയും പൊന്നാനി കൈയും എന്ന് പറയാം. 

ഈ ആശയ സംഘട്ടനത്തിന്റെ നാളുകളില്‍ സജീവമായിരുന്നൊരിടമാണ് ചുങ്കവും അതിന്റെ ചുറ്റുവട്ട പ്രദേശങ്ങളും. കൈ വിവാദ നാളുകൾ ഈ നാടിനെ സംബന്ധിച്ച് അതിന്റെ പ്രധാനപ്പെട്ടൊരു നാഴികക്കല്ലാണന്ന് പറയുന്നതാകും കൂടുതൽ അഭികാമ്യം. ഈയൊരു വസ്തുതയിൽ നിന്നാണ്‌ കൊണ്ടോട്ടി ചരിത്രവും ഈ ഭാഗത്ത് എഴുതി ചേര്‍ക്കാനുണ്ടായ സാഹചര്യം.

പ്രാദേശികമായി ഉല്‍പാദിപ്പിക്കപ്പെടുന്ന കാര്‍ഷിക വിളകള്‍ കൂട്ടമായി ശേഖരിച്ചു സൂക്ഷിക്കാന്‍ ഓരോ പ്രദേശത്തേയും കൃഷിയിടങ്ങൾക്ക് സമീപം പാണ്ടികശാലകൾ അഥവാ, വിള സംഭരണ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു പുരാതന കേരളത്തിൽ. കേരള തീരം ലക്ഷ്യം വെച്ച് കപ്പലേറി വരുന്ന അറബികളായിരുന്നു ഈ മലഞ്ചരക്കുകളുടെ പ്രധാന ഉപഭോക്താക്കള്‍. സത്യസന്ധതയും ഉയർന്ന വിലയും ഉള്‍പ്പെടെയുള്ള കച്ചവട മര്യാദകൾ വലിയ അളവില്‍ പാലിക്കപ്പെട്ടിരുന്ന അറബികളുമായുള്ള ഇടപാടുകളില്‍ കച്ചവട ചരക്കുകൾ മാത്രമല്ല അവരുടെ മതവിശ്വസവും വിപണനം ചെയ്യപ്പെട്ടു എന്ന് മുന്‍ അധ്യായങ്ങളിൽ നാം ചർച്ച ചെയ്തു. യാഥാര്‍ത്ഥത്തിൽ കൊണ്ടോട്ടിയിൽ നിലവിലുണ്ടായിരുന്ന ഇത്തരമൊരു പാണ്ടികശാലയുടെ പരിസരത്തു നിന്നാണ് പ്രദേശത്തെ ഇസ്ലാമിക വ്യാപനത്തിന് അടിത്തറയാകുന്നത് എന്ന് പറയാം. കാലാന്തരത്തില്‍ വര്‍ധിച്ചു വന്ന കൊണ്ടോട്ടിയിലേയും സമീപ പ്രദേശങ്ങളിലേയും മുസ്ലീം സമാജത്തിന് മതപരമായ നേതൃത്വം വഹിച്ചിരുന്നത് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്നിരുന്ന ചാലിയം ഖാളിമാരായിരുന്നു. പൊന്നാനി മഖ്ദൂമികളുടെ ആശയ പ്രചാരകരായ ചാലിയം ഖാളിമാർ ഇസ്ലാമിനെ കേവലം അനുഷ്ഠാന മതമായല്ല മറിച്ച്, ജീവിതത്തിന്റെ സമസ്ത മേഖലകളേയും തൊട്ട് തലോടി നീങ്ങുന്നൊരു വിമോചന സിദ്ധാന്തമായിട്ടു കൂടിയാണ് കണ്ടുവന്നിരുന്നത്.

ചേപ്പിലകുന്നിന്റെ താഴ്‌വരയിൽ തലയൂർ മൂസ്സത്ത് നല്‍കിയ സ്ഥലത്ത്‌ ഏറനാട്ടിലെ ആറാമത്തെ ജുമുഅത്ത്‌ പള്ളിയായ പഴയങ്ങാടി പള്ളി നിർമ്മിച്ചതിനു ശേഷമാണ് പൊന്നാനി മഖ്ദൂം നാലാമന്റെ നേതൃത്വത്തിൻ കീഴിലേക്ക് പ്രാദേശിക മുസ്ലീം സമൂഹം പൂര്‍ണ്ണമായും മാറ്റപ്പെടുന്നത്. അഞ്ച് നൂറ്റാണ്ടോളം പഴക്കം കണക്കാക്കുന്ന ഈ പള്ളിയുടെ നിര്‍മ്മാണത്തെ കുറിച്ച് പ്രാദേശികമായി പറയുന്ന കഥ പ്രസ്താവ്യമാണ്. പള്ളി നിർമ്മാണം നടക്കുന്നതിന് മുന്നേ വെള്ളിയാഴ്ച്ച ജുമക്കായി പ്രദേശവാസികൾ  തിരൂരങ്ങാടിയിലെ മമ്പുറം വലിയ പള്ളിയിലേക്കാണത്രെ പോയിരുന്നത്. ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന ആ യാത്രയുടെ ക്ലേശം കണക്കാക്കിയാണ് സ്വന്തമായി ഒരു പള്ളി എന്ന ആശയം അവരിലുദിക്കുന്നതും പള്ളി നിര്‍മാണത്തിലേക്കവർ പ്രവേശിക്കുകയും ചെയ്യുന്നത്. അതല്ല, തിരൂരങ്ങാടിക്കാരുടെ ഇതു സംബന്ധിയായ എന്തോ കളിയാക്കൽ മൂലമാണങ്ങനെ ഒരു തീരുമാനം കൈക്കൊണ്ടത് എന്നും പറയപ്പെടുന്നു. എന്നിരുന്നാലും, വിശാലമായ പാട ശേഖരങ്ങളിലേക്ക് തുറക്കുന്ന ചേപ്പില കുന്നിന്റെ താഴ്‌വരയിലെ ഈ പള്ളി പേര്‍ഷ്യന്‍ കലാവിരുതിന്റെ മകുടോദാഹരണമാണന്ന് പറയാതിരിക്കാന്‍ കഴിയില്ല.

പ്രശസ്‌ത ചരിത്രകാരൻ കെ കെ മുഹമ്മദ്‌ അബ്‌ദുല്‍കരീം മാസ്റ്റർ പള്ളിയുടെ ചരിത്രത്തെ കുറിച്ച് പറയുന്നതിങ്ങനെയാണ്,

"പോര്‍ച്ചുഗീസുകാരുടെ ആഗമന കാലത്ത്‌ കൊണ്ടോട്ടിയിലെയും പരിസരത്തെയും മുസ്‌ലിംകള്‍ ജുമുഅക്ക്‌ പോയിരുന്നത്‌ കാല്‍ നടയായി തിരൂരങ്ങാടി പള്ളിയിലേക്കായിരുന്നു. ഒരിക്കല്‍ പള്ളിക്കകത്തെത്തിയപ്പോഴേക്കും ജുമുഅ കഴിഞ്ഞു. തിരൂരങ്ങാടി പള്ളിയിലെ ഖാളി ഇതു കണ്ടു പറഞ്ഞു. 'ഈന്തിന്‍ പട്ടകൊണ്ടെങ്കിലും നിങ്ങള്‍ക്കവിടെ ഒരു പള്ളി പണിതു കൂടെ' എന്ന്‌. ഖാളിയുടെ ആ ചോദ്യം പ്രദേശത്തൊരു പള്ളി നിര്‍മ്മിക്കുന്നതിനുള്ള പ്രചോദനമാകുകയായിരുന്നു. പള്ളിക്കു വേണ്ടി അന്നത്തെ ധനാഢ്യനായ തലയൂര്‍ മൂസത്‌ പഴയങ്ങാടിയില്‍ സ്‌ഥലം ദാനം ചെയ്‌തു. സ്ഥലം ഖോരവനമായതിനാല്‍ പള്ളി നിര്‍മ്മാണം പ്രയാസമായിരുന്നു. വനം വെട്ടി മാറ്റി വെളുപ്പാക്കാന്‍ മുസ്‌ലിം ധനാഢ്യര്‍ ഒരു തന്ത്രം പ്രയോഗിച്ചു. ജാതിമത ഭേദമന്യേ നാട്ടുകാരെ വിളിച്ചു ചേര്‍ത്ത്‌ അവര്‍ക്കു മുമ്പാകെ കുറെ സ്വര്‍ണ്ണ നാണയങ്ങള്‍ വനത്തിലേക്ക്‌ വലിച്ചെറിഞ്ഞു. സ്വര്‍ണ്ണനാണയങ്ങള്‍ സ്വന്തമാക്കാന്‍ ജനം അരിവാളും വെട്ടു കത്തിയുമായി കാട്‌ വെട്ടിത്തെളിയിച്ചു. ഇതോടെ കൊളത്തൂര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇവിടെ 'കൊണ്ടുവെട്ടി' യായി മാറി. ഇത്‌ ലോപിച്ചാണ്‌ പിന്നീട് പ്രദേശം കൊണ്ടോട്ടി എന്നറിയപ്പെടാൻ തുടങ്ങിയത്‌..."

പള്ളിയുടെ പുനർനിർമ്മാണ ശേഷം പൊന്നാനിയിലെ മഖ്ദൂം നാലാമനെ ഖാളിയായി നിയമിച്ച ശേഷമാണ് പ്രദേശത്തിന്റെ ചരിത്രത്തിന്റെ അടുത്ത ഒരു ഘട്ടം തുടങ്ങുന്നത് എന്ന് പറയാം. തന്റെ പ്രവര്‍ത്തന മേഖല പൂര്‍ണ്ണമായും കൊണ്ടോട്ടിയുടെ തട്ടകത്തേക്ക് മാറ്റിയ മഖ്ദും, കുടുംബസമേതം അവിടെ താമസം തുടങ്ങുകയും ദീനി കാര്യങ്ങളിൽ മുഴുകുകയും ചെയതു. അദ്ദേഹത്തിന്റെ പരമ്പരയാണ് പിന്നീട് പ്രദേശത്ത് കാലങ്ങളോളം ഖാളി സ്ഥാനം തുടർന്ന് വന്നത്. ഈ ഒരു പരിസ്ഥിതിയിലേക്കാണ് മുംബൈയിലെ കല്യാണില്‍ നിന്നും മുഹമ്മദ് ഷാഹ് തങ്ങൾ പ്രദേശത്തേക്ക് കടന്നു വരുന്നത്.

കൊണ്ടോട്ടി തങ്ങന്മാർ


ശൈഖ് അബ്ദുള്‍ ഖാദര്‍ ജിലാനിയുടെ നാലാമത്തെ മകന്‍ ശൈഖ് അബ്ദുൽ വഹാബ് എന്നിവരുടെ മകനായി ഇറാഖിലെ ബസ്വറയിൽ താമസിച്ചു വന്നിരുന്ന ഇബ്രാഹീമുൽ ഹസ്സന്‍ എന്നവരുടെ മകന്‍ മുഹമ്മദ് ഇസ്മായില്‍ പതിനെട്ടാം നൂറ്റാണ്ടില്‍ മുംബൈയിലെ കല്യാൺ ജില്ലയിലെ കര്‍ദാൻ എന്ന സ്ഥലത്ത്‌ വന്ന് താമസമാക്കി. അദ്ദേഹത്തിന് ഫാത്തിമ എന്നവരിൽ ജനിച്ച മകനാണ് മുഹമ്മദ് സാഹിബ് എന്ന മുഹമ്മദ് ഷാഹ് തങ്ങൾ. ചെറുപ്പത്തിലേ പിതാവ് നഷ്ടപ്പെട്ട മുഹമ്മദ് സാഹിബ് ഉമ്മയുടെയും ഉമ്മയുടെ സഹോദരങ്ങളുടേയും സംരക്ഷണയിലും തണലിലുമാണ് വളര്‍ന്നു വന്നത്. മുംബൈയുടെ സമീപപ്രദേശമായ പൻവേലിയിൽ ഔദ്യോഗിക വിദ്യഭ്യാസത്തിന് തുടക്കം കുറിച്ച മുഹമ്മദ് സാഹിബ് പഠനശേഷം ശൈഖ് ഖറം അലി ഷാഹിന്റെ ഖാദിരി ത്വരീഖത്തിൽ ആകൃഷ്ടനായി അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ച് നാഗ്പൂരിലേക്ക് പോവുകയും അവിടെ താമസമാക്കുകയും ചെയതു. അക്കാലങ്ങളിൽ അദ്ദേഹം നാഗ്പൂരിലെ കൊടും വനാന്തരങ്ങളില്‍ ഐഹിക പരിത്യാഗിയായി ഏകാന്തത ജീവിതമനുഷ്ഠിച്ചിരുന്നു എന്ന് പറയപ്പെടുന്നു. ഗുരുവിന്റെ നിര്യാണത്തെ തുടർന്ന് പഠന കേന്ദ്രത്തിന്റെ പ്രധാന ചുമതലയിലേക്കുയർന്ന് വന്ന മുഹമ്മദ് സാഹിബ് ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാനായി ഹിജാസിലേക്ക് പോവുകയും, അവിടെ നിന്നും പലസ്തീന്‍ സന്ദര്‍ശിക്കാനിറങ്ങിയ വേളയില്‍ ലഭിച്ച എന്തോ ഒരു വെളിപാടിന്റെ അടിസ്ഥാനത്തിൽ മലബാറിലേക്കുള്ള യാത്രക്ക് തുടക്കം കുറിക്കുകയും ചെയ്യുന്നത്. ഒരുപക്ഷേ, മലബാര്‍ മാപ്പിളമാരുടെ ആദിത്യ മര്യാദകളെ കുറിച്ചും അവര്‍ക്കിടയില്‍ ഇസ്ലാമിക മതവിശ്വാസങ്ങൾക്ക് ലഭിച്ചു വരുന്ന സ്വീകാര്യതയെക്കുറിച്ചും ആ കാലയളവില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലിയിരിക്കാം മലബാര്‍ യാത്രക്കായി അദ്ദേഹം തീരുമാനിച്ചുറക്കുന്നത് എന്ന് സ്വാഭാവികമായും അനുമാനിക്കാം.

അതുപ്രകാരം, കോഴിക്കോട്ടെ ചാലിയത്താണ് അദ്ദേഹം ആദ്യമായി എത്തിച്ചേരുന്നത്. അവിടെ നിന്നും കുറ്റിച്ചിറയിലേക്ക് പോയി അല്‍പ്പനാൾ അവിടെ കഴിഞ്ഞ ശേഷം അരീക്കോട്ടേക്ക് നീങ്ങിയ അദ്ദേഹം അവിടെയുള്ളൊരു കുന്നിൻ മുകളിലെ വനപ്രദേശത്ത് താമസം തുടങ്ങിയെങ്കിലും നായാട്ടിനിറങ്ങിയ കോയമ്മു എന്നവര്‍ യാദൃശ്ചികമായി അദ്ദേഹത്തെ കാണാനിടയാവുകയും അയാൾ അദ്ദേഹത്തെ അരീക്കോട് പള്ളിയിലേക്ക് കൂട്ടി കൊണ്ടു പോവുകയും ചെയ്യുന്നതോടെയാണ് മലബാറിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ തുടക്കം കുറിക്കുന്നത് എന്ന് കാണാൻ കഴിയും. അരീക്കോട് അദ്ദേഹം കഴിഞ്ഞു വന്ന മലയാണ് പിന്നീട് ശൈഖ് വന്ന മല എന്ന സൂചന നല്‍കുന്ന ശൈഖ് കുന്ന് അഥവാ, ചേക്കുന്ന് എന്ന പേരിൽ അറിയപ്പെട്ടത്. അരീക്കോട്ട് നിന്നും കൊണ്ടോട്ടിയിലെ കാളോത്തേക്ക് താമസം മാറ്റിയ അദ്ദേഹം അവിടെ തന്റെ ആത്മീയ ജീവിതത്തിനവിടെ തുടക്കം കുറിച്ചു. കൊണ്ടോട്ടിയിലെ ആദ്യ കാലങ്ങളില്‍ പഴങ്ങാടി പള്ളി കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെങ്കിലും പിന്നീട് അവിടെ നിന്നും അല്‍പ്പമകലത്തുള്ള തോട്ടിൻ കരയിൽ വലിയ മാളിയേക്കൽ വീടും തഖിയ്യയും സ്ഥാപിച്ച് പ്രവര്‍ത്തനം തുടങ്ങിയതോടെയാണ് അദ്ദേഹവും പിന്മുറക്കാരും കൊണ്ടോട്ടി തങ്ങന്മാർ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. അതോടു കൂടി കൊണ്ടോട്ടി പ്രദേശത്തിന്റെ മറ്റൊരു ചരിത്രം അവിടെ രൂപം കൊണ്ടു എന്ന് പറയാം.

ഫറൂഖാബാദ്‌ (ഫറോക്ക്‌) ആസ്ഥാനമായി കൊണ്ടോട്ടി അടക്കമുള്ള മലബാര്‍ പ്രദേശങ്ങള്‍ മൈസൂര്‍ സുല്‍ത്താൻമാർ ഭരിച്ചു വന്നിരുന്ന കാലം മുഹമ്മദ്‌ ഷാഹ് തങ്ങളിൽ ആകൃഷ്ടനായ ടിപ്പു സുല്‍ത്താന്‍ കൊണ്ടോട്ടിയിലെ 554 ഹെക്‌ടര്‍ പ്രദേശത്തിന്റെ ഇനാംദാര്‍ അഥവാ നികുതി പിരിക്കാനുള്ള അവകാശം അദ്ദേഹത്തിന് നല്‍കിയതോടെയാണ് ഒരു ആത്മീയ നേതാവ് എന്ന നിലയില്‍ നിന്നും ഒരധികാരകേന്ദ്രം എന്ന നിലയിലേക്ക് മുഹമ്മദ് ഷാഹ് തങ്ങൾ ഉയർന്ന് വന്നത് എന്ന് കാണാൻ സാധിക്കും. നാമമാത്രമായൊരു ശക്തിയായിരുന്നെങ്കിലും സാമൂതിരിയെ സമ്പൂർണ്ണമായും ഇല്ലാതാക്കിയാണ് ടിപ്പു മലബാറിന്റെ അധികാരം പിടിച്ചെടുത്തത്. മാപ്പിളമാരാണ് സാമൂതിരിയുടെ പ്രധാന ശക്തി എന്ന് മനസ്സിലാക്കിയ ടിപ്പു സാമൂതിരിയുടെ ഒരു തിരിച്ചുവരവ് ഏത് വിധേയനയും തടയാനായി മാപ്പിളമാര്‍ക്കിടയിൽ സ്വീകാര്യരായവരെ തന്റെ ഇഷ്ടക്കാരാക്കുകയോ അവരെ മൈസൂരിന്റെ മേൽക്കൊയ്മക്ക് കീഴിലുള്ള അധികാര കേന്ദ്രങ്ങളാക്കി പരിവര്‍ത്തിപ്പിക്കുകയോ ചെയത് വന്നിരുന്നു. ഇത്തരം രാഷ്ട്രീയ തന്ത്രങ്ങളുടെ അടിസ്ഥാനത്തിലാണ് കണ്ണൂരിലെ അറക്കല്‍ രാജാവംശത്തേയും, കോഴിക്കോട്‌ കുറ്റിച്ചിറയിലെ ശൈഖ് ജിഫ്രി ഉള്‍പ്പടെയുള്ള മാപ്പിളമാര്‍ക്കിടയിൽ സര്‍വ്വസമ്മതരായവരെ ടിപ്പു സുല്‍ത്താന്‍ ഉയർത്തി കൊണ്ടുവരാന്‍ ശ്രമിച്ചത്‌. അഥവാ, മലബാറിലെ തങ്ങളുടെ അധികാരം കാലാകാലം നിലനിര്‍ത്താന്‍ തങ്ങളോട് കൂറു പുലര്‍ത്തുന്ന അധികാര കേന്ദ്രങ്ങളെ സ്ഥാപിക്കേണ്ടതുണ്ട് എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ബൗദ്ധിക പരിത്യാഗിയായൊരു സൂഫിയായിരുന്നിട്ടും പ്രാദേശികമായി സ്വീകാര്യനായ കൊണ്ടോട്ടി തങ്ങൾക്ക് ഈ അധികാരാവകാശങ്ങൾ മൈസൂര്‍ വകവെച്ചു കൊടുത്തത് എന്ന് ചുരുക്കം.

പി പി മമ്മത് കോയ പരപ്പില്‍ എഴുതിയ കോഴിക്കോട്ടെ മുസ്ലീങ്ങളുടെ ചരിത്രം എന്ന ഗ്രന്ഥത്തിൽ കോഴിക്കോട് ജിഫ്രിയെ ടിപ്പു സുല്‍ത്താൻ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് പറയുന്നത് കാണുക,

"ഹൈദരലിയും ടിപ്പുസുൽത്താനും മലബാറിൽ വന്നിരുന്ന കാലത്ത് ശൈഖ് ജിഫ്‌രിയെ സന്ദർശിച്ചു അനുഗ്രഹങ്ങൾ തേടിയിരുന്നത് ഒരു സുപ്രധാന സംഭവമായിരുന്നു. ടിപ്പു സുല്‍ത്താൻ കോഴിക്കോട്ട് വന്നപ്പോൾ പട്ടണത്തിലെ സൂഫിവര്യനും, ആദരണീയനുമായ ശൈഖ് ജിഫ്‌രിയെ കുറ്റിച്ചിറയിലെ മാളിയേക്കൽ ഭവനത്തിൽ ചെന്ന് സന്ദർശിക്കാൻ അദ്ദേഹം തീരുമാനിച്ചു. ആ വരവോടനുബന്ധിച്ച് ശൈഖ് ജിഫ്രിയുടെ അത്ഭുദ സിദ്ധിക്ക് പ്രത്യക്ഷമായൊരു സംഭവവമുണ്ടായെന്ന് പറയപ്പെടുന്നു. ടിപ്പുസുൽത്താൻ കുറ്റിച്ചിറയിൽ വരുന്ന വിവരമറിഞ്ഞ് കുറ്റിച്ചിറയും പരിസരവും ജനനിബിഡമായി. ജനങ്ങൾ ആകാംക്ഷയോടെ രാവിലെ മുതൽ മൈസൂർ സുൽത്താനേയും കാത്തിരുന്നു. ഏതാണ്ട് ഉച്ചയോടെ അകലെ നിന്ന് കുതിരകളുടെ കുളമ്പടിനാദം കേട്ടു തുടങ്ങി. പരിവാരങ്ങളോ, ഘോഷങ്ങളോ ഇല്ലാതെ കുതിരപ്പുറത്ത് വരുന്ന സാധാരണ പട്ടാളക്കാരുടെ നിര കണ്ട് ജനം നിരാശരായി. സുൽത്താൻ എവിടെ? ജനം പരസ്‌പരം ചോദിച്ചു. കുതിരപ്പുറത്ത് നിന്നിറങ്ങിയ ഒരു ഭടൻ നേരെ ശൈഖ്‌ ജിഫ്രിയുടെ സാന്നിധ്യത്തിലേക്കു പോയി. സലാം ചൊല്ലി. ശൈഖ് മുഖമുയർത്തി സലാം മടക്കി. ഓതിക്കൊണ്ടിരുന്ന കിത്താബ് മടക്കിവെച്ച് കെട്ടിപ്പിടിച്ച് സ്വീകരിച്ചിരുത്തി. എന്താണ് സംഭവിച്ചത്? രാജകീയ വേഷത്തിൽ ശൈഖിന്റെ മുന്നിൽ വരാൻ ബഹുമാനം കൊണ്ട് തോന്നാതിരുന്ന ടിപ്പു സുല്‍ത്താൻ ഒരു സാധാരണ ഭടൻ്റെ വേഷത്തിൽ സാധാരണക്കാരനായിട്ടാണ് ശൈഖിന്റെ മുന്നിലെത്തിച്ചേർന്നിരിക്കുന്നത്. മുൻപരിചയമില്ലാതെ തന്നെ കൂട്ടത്തിൽ നിന്നു തിരിച്ചറിഞ്ഞ് കെട്ടിപ്പിടിച്ച ശൈഖിന്റെ സിദ്ധി ടിപ്പുവിനെ ആശ്ചര്യഭരിതനാക്കി. ടിപ്പുവിനെ തന്റെ അരികിലിരുത്തിയശേഷം രാജ്യകാര്യങ്ങൾ ചോദിച്ചറിയുകയും, ക്ഷേമാന്വേഷണങ്ങൾ നടത്തുകയും ചെയ്‌തു. തന്നെ ഒരു മുരീദായി (ശിഷ്യനായി) സ്വീകരിക്കാൻ ടിപ്പു അദ്ദേഹത്തോടപേക്ഷിച്ചു. പുറത്തെ ജനം ഇതൊന്നും അറിഞ്ഞില്ല. ഏതായാലും ഭടന്റെ വേഷത്തിൽ സുൽത്താൻ വരില്ലല്ലോ, അവർ അങ്ങനെയാണ് കരുതിയത്. പിന്നീട് കാര്യം അറിഞ്ഞതോടെ ടിപ്പുവിനെ ഒരു നോക്ക് കാണാൻ ജനം ശൈഖിന്റെ സന്നിധിയിലേക്ക് ഇരമ്പിക്കയറി..."

കേരളം പിടിച്ചെടുക്കുക ലക്ഷ്യം വെച്ച് ടിപ്പു സുല്‍ത്താൻ നടത്തിയ പടയോട്ടം മലബാറിൽ അരക്കെട്ടുറപ്പിക്കാനായി സ്വദേശികളെ, പ്രത്യേകിച്ചും സ്വദേശി മാപ്പിളമാരുടെ സഹകരണവും പിന്തുണയും ആവശ്യമാണ്‌ എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് കൊണ്ടോട്ടി മുഹമ്മദ് ഷാഹിനേയും കോഴിക്കോട് ജിഫ്രിയേയും മൈസൂര്‍ അധികാരികള്‍ ബന്ധപ്പെടുന്നത് എന്ന് പറയാന്‍ കഴിയും. അതേ ഗണത്തിൽ ചേര്‍ത്ത് വായിക്കപ്പെടുന്ന മറ്റൊരു കേന്ദ്രമായിരുന്നു പൊന്നാനി മഖ്ദൂമികൾ. ഒരു നീണ്ട കാലത്തെ അധിനിവേശ ചരിത്രത്തിന്റെ മുന്നണി പോരാളികളും വിശ്രുതമായൊരു വിജ്ഞാന കേന്ദ്രമെന്ന നിലയിലും പ്രശസ്തമായ പൊന്നാനിയുടെ പിന്തുണ മൈസൂരിന്റെ അധികാര നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ് എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് പൊന്നാനി മഖ്ദും കുടുംബവുമായി മൈസൂര്‍ ബന്ധപ്പെടാൻ ശ്രമിക്കുന്നത്. മലബാറില്‍ അറിയപ്പെടുന്ന ഇസ്ലാമിക പണ്ഡിതരും ത്വരീഖത്ത് നേതാക്കളുമായിരുന്ന മഖ്ദൂമികളുമായി ചേര്‍ന്ന് നിൽക്കാൻ അത്തരം പ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്ന സുല്‍ത്താന്മാർക്ക് മറിച്ചൊന്നും ചിന്തിക്കേണ്ടതില്ലായിരുന്നു. എന്നാൽ, മഖ്ദൂമികൾ ചില രാഷ്ട്രീയ കാരണങ്ങൾ ഉയർത്തി പിടിച്ച് മൈസൂരുമായി അകലം പാലിക്കാനാണ് തീരുമാനിച്ചത് എന്ന് ചരിത്രം പറയുന്നത് കാണാം. അവര്‍ക്ക് പുരാതനകാലം മുതലേ സാമൂതിരിയുമായി ഉണ്ടായിരുന്ന ബന്ധവും മൈസൂരിന്റെ ഭൂപരിഷ്കരണ നിയമവുമായിരുന്നു അതിന്റെ പിന്നിലെ പ്രധാനപ്പെട്ട കാരണം. മഖ്ദൂമികൾ പൊന്നാനിയിൽ നടത്തി വന്നിരുന്ന ഒരു ഉന്നത ഇസ്ലാമിക കലാലയത്തിന്റെ നടത്തിപ്പിനായി ടിപ്പു നല്‍കിയ ഭൂസ്വത്തുക്കള്‍ അതിന്‌ പര്യാപ്തമാകാതെ വരികയും, അതേ സമയം കുറേ ഭൂമി വിവിധ ജാതിമതസ്ഥരായ കര്‍ഷകർക്കിടയില്‍ പതിച്ചു നല്‍കുകയും ചെയതതിൽ പ്രതിഷേധിച്ചാണ് മഖ്ദൂമികൾ ടിപ്പുവിനെതിരെ തിരിയുന്നത്. അവർ മൈസൂര്‍ സുല്‍ത്താന്മാരെ അംഗീകരിക്കാൻ മുന്നോട്ട് വന്നില്ല എന്ന് മാത്രമല്ല ഒരു കാലഘട്ടത്തിന്റെ അധിനിവേശ വിരുദ്ധ സമര നേതൃത്വത്തിന്റെ പാരമ്പര്യം പേറുന്ന മഖ്ദുമികൾ അതേ വീക്ഷണ കോണില്‍ തന്നെയാണ് മൈസൂർ ആഗമനത്തേയും കാണാൻ ശ്രമിച്ചത്. എന്നാൽ, പൊന്നാനി ഖാളി സ്ഥാനത്ത് നിന്നും മഖ്ദൂമികളെ നീക്കം ചെയതുകൊണ്ടാണ് ടിപ്പു അതിനെതിരെ പ്രതികരിച്ചത്.

ആശയപരമായി വ്യത്യസ്തമായ ചേരിയില്‍ നിലയുറപ്പിച്ചു വരുന്ന കോഴിക്കോട് ജിഫ്രിയുടേയും കൊണ്ടോട്ടി മുഹമ്മദ് ഷാഹിന്റേയും ശിഷ്യത്വം ഒരേ സമയം സ്വീകരിക്കുക വഴി ടിപ്പുവിന്റെ രാഷ്ട്രീയ തന്ത്രം വേഗത്തിൽ ബോധ്യമാകും. ടിപ്പുവിന് ശേഷം വന്ന ബ്രിട്ടീഷുകാരും ഈയൊരു നിലപാടാണ് സ്വീകരിച്ചത്. അതിനാലാണ്, കൊണ്ടോട്ടിക്ക് സർവ്വാധികാരങ്ങളും പതിച്ചു നല്‍കിയ മൈസൂരിനെ സമ്പൂര്‍ണ്ണമായി പരാജയപ്പെടുത്തിയ ശേഷവും കൊണ്ടോട്ടി തങ്ങളുടെ അധികാരം അവർ നിലനിർത്തി കൊടുത്തത്. എന്നാൽ, ടിപ്പുവിന്  ശേഷം പ്രതിസന്ധിയിലായ കൊണ്ടോട്ടിയിലെ തങ്ങളുടെ ഭരണം ഉറപ്പിക്കുന്നതിനായി ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുമായി അവർ നടത്തിയ നിരന്തര സംഭാഷണങ്ങളുടെ ഫലമാണ് മുഹമ്മദ് ഷാഹ് തങ്ങൾക്ക് കമ്പനിയിൽ നിന്നും ഭരണ സംബന്ധമായ ഉറപ്പ് ലഭിക്കുന്നത് എന്ന് കാണാൻ സാധിക്കും. ഒരുപക്ഷേ, ആംഗ്ലോ മൈസൂര്‍ യുദ്ധകാലത്ത് മലബാറിലങ്ങോളമിങ്ങോളമുള്ള മാപ്പിള കേന്ദ്രങ്ങൾ ബ്രിട്ടീഷ് വിരുദ്ധ ചേരിയിലാണ് നിലയുറപ്പിച്ചിരുന്നത് എന്നതിനാലും, ടിപ്പുവിന്റെ പരാജയം അവരില്‍ കടുത്ത രോഷത്തിന് കാരണമായിട്ടുണ്ടന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലും കൊണ്ടോട്ടിയുടെ തൂക്കം എങ്ങോട്ടായിരിക്കുമെന്ന് ആദ്യകാലത്ത് കമ്പനി ശങ്കിച്ചിട്ടുണ്ടായിരുന്നിരിക്കണം. കൂടാതെ, കൊണ്ടോട്ടി തങ്ങൾ ടിപ്പുവിനാൽ നേരിട്ട് നിയമിച്ച അധികാര കേന്ദ്രമാണന്ന വസ്തുതയുടെ വെളിച്ചത്തിലായിരിക്കാം കൊണ്ടോട്ടിയിൽ നിന്നുള്ളൊരു മേല്‍ക്കോയ്മ അംഗീകാരം സംബന്ധമായ ഉറപ്പ് ലഭിക്കുന്നത് വരേക്കും ഇംഗ്ലീഷ് ഈസ്റ്റിന്ത്യ കമ്പനി കാത്തിരുന്നത്. ഇത് സംബന്ധിച്ച് മുഹമ്മദ് ഹുസൈൻ മുഖദ്ദം എന്നവര്‍ മുഖേന മുഹമ്മദ് ഷാഹ് തങ്ങൾ കമ്പനിക്കയച്ച കത്ത് കാണുക.

"ദക്ഷിണ മേഖല സൂപ്രണ്ടിൽ നിന്ന്,

മുഹമ്മദ് ഹുസൈൻ മുഖദ്ദം മുഖേന താങ്കൾ ഞാനുമായി നടത്തുന്ന കത്തിടപാടുകളിൽ സന്തുഷ്ട‌നാണ്. താങ്കളുടെ ഭൂപ്രദേശങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനം ദാനധർമ്മങ്ങൾക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നും, അതുകൊണ്ട് തന്നെ ടിപ്പു സുൽത്താൻ അവക്ക് യാതൊരു വിധ നികുതിയും ചുമത്തിയിരുന്നില്ലെന്നും, അത്തരമൊരു നിലപാട് കമ്പനിയുടെ ഭാഗത്ത് നിന്ന് തുടർന്നും ആഗ്രഹിക്കുന്നു എന്നും താങ്കൾ അറിയിക്കുകയുണ്ടായല്ലോ. കമ്പനിയുടെ എല്ലാ കാര്യങ്ങളിലും താങ്കൾ കാണിച്ച് വരുന്ന ശുഷ്കാന്തിയുടെ ഭാഗമായി പടിഞ്ഞാറ് കുലത്തെ രാജാക്കൻമാർ താങ്കളോട് സഹായം അഭ്യർത്ഥിച്ചാൽ അവരെ ഒരു നിലക്കും സഹായിക്കില്ലെന്നും അവരെ സഹായിക്കരുതെന്ന് മറ്റ് മാപ്പിളമാരോട് താങ്കൾ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുകയുണ്ടായി. ഇതെന്നെ വല്ലാതെ സന്തോഷിപ്പിക്കുന്നു. മാത്രമല്ല ബഹുമാനപ്പെട്ട കമ്പനിയോട് താങ്കൾക്കുള്ള കൂറുറപ്പിക്കുന്നതുമാണത്. ആയത് കൊണ്ട് താങ്കളെന്നെ അറിയിച്ചത് പോലെ തന്നെ ടിപ്പുവിന്റെ കാലത്തെ അതേ പ്രകാരം 969ആം കൊല്ലവർഷം മുതൽ താങ്കളുടെ ഭൂമിക്ക് യാതൊരു നികുതിയും ഈടാക്കരുതെന്ന് തെക്കൻ സൂപ്രണ്ട് മി സ്റ്റീവൻ സിംഗിന് ഞാൻ ഉത്തരവാക്കിയിരിക്കുന്നു. താങ്കൾ കമ്പനിയോട് കൂറു കാണിക്കുന്നേടത്തോളം കമ്പനിയുടെ പിന്തുണയും സംരക്ഷണവും നിരന്തരം കിട്ടിക്കൊണ്ടിരിക്കും.

തിയ്യതി 1793, ഒക്ടോബർ 2
മലയാള വർഷം 969 കന്നി 21

(1798 ഓഗസ്റ്റ് 5ലെ രണ്ടാം മലബാർ കമ്മീഷൻ്റെ ഡയറിയിൽ നിന്നും മദ്രാസ് മാന്വൽ രേഖകളുടെ സമാഹാരം, വാള്യം2, പേജ് 208, 1951ലെ മദ്രാസ് എഡിഷൻ)"


രാഷ്ട്രീയാധികാരത്തിനെതിരെ ചോദ്യങ്ങൾ ഉയരാതിരിക്കാനും ആജീവനാന്ത കാലം അത് നിലനിര്‍ത്തി കിട്ടാനുമായി തിരുവിതാംകൂര്‍ രാജ്യത്ത് അനിഴം തിരുനാൾ മാര്‍ത്താണ്ഡവര്‍മ്മ നടത്തിയ തൃപ്പടിദാനം പോലുള്ളൊരു നീക്കമായിരുന്നു 1793 കാലത്ത് ഇംഗ്ലീഷ് കമ്പനിയുമായി കൊണ്ടോട്ടി തങ്ങൾ നടത്തിയ കത്തിടപാടുകളുടെ ആകെ സൂചന എന്ന് വേണമെങ്കിൽ പറയാം. വലിയൊരു ഭൂഭാഗത്തിന്റെ ഇനാംദാർ അഥവാ നികുതി പിരിക്കുന്നതിനുള്ള അധികാരം തങ്ങൾ ആവശ്യപ്പെടുന്നത് ആ സമ്പാദ്യം മുഴുവന്‍ ദാനധര്‍മ്മങ്ങൾക്ക് വേണ്ടി ഉപയോഗിക്കാനാണന്ന് പറയുക വഴി സ്വന്തം ഉന്നമനത്തിനപ്പുറം ദൈവീകമായൊരു സാമൂഹിക നന്മയാണ് തന്റെ ലക്ഷ്യമെന്നൊരു സൂചനയാണ് അതിൽ നിന്നും വായിച്ചെടുക്കാൻ സാധിക്കുന്നത്. കൂടാതെ, ഫക്കീർ അഥവാ സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്നവരുടെ സ്വത്തുക്കളാണ് കൊണ്ടോട്ടി തങ്ങൾ നോക്കി നടത്തേണ്ടത് എന്ന പേരില്‍ ഫക്കീറാക്കി കര്‍മ്മ രംഗത്തിറക്കുക എന്നാണ് അദ്ദേഹത്തിന്റെ അധികാരാരോഹണം അറിയപ്പെട്ടുവരുന്നത്. അതിനാൽ തന്നെ, ആദ്യകാലങ്ങളിൽ പ്രത്യേകം ചില നിബന്ധനകൾക്ക് വിധേയമായിട്ടാണവരെ തെരഞ്ഞെടുത്തിരുന്നത് എന്ന് കാണാൻ സാധിക്കും,

1- ഖാദിരി, ചിശ്തി ത്വരീഖത്തുകളിൽ ബൈഅത്ത്‌ ചെയ്‌ത് സത്യസന്ധതയിലും ദൈവഭക്തിയിലും ജീവിക്കുന്ന വ്യക്തിയായിരിക്കണം.

2- രണ്ട് വർഷം ഭൗതിക സുഖാഢംബരങ്ങൾ പരിത്യജിച്ച് ജീവിക്കണം (ഒന്നോ രണ്ടോ വസ്ത്രം, വെള്ളവും ഭക്ഷണവും കിട്ടുന്നിടത്ത് നിന്ന് വാങ്ങി കഴിക്കാനുള്ള പാത്രം, എത്തുന്നിടത്ത് വിരിച്ചുറങ്ങാൻ കരിമ്പടം എന്നിവ).

3- സ്വത്ത് സംബന്ധമായും കുറ്റകൃത്യങ്ങൾ മൂലം കോടതി കയറാത്ത വ്യക്തിയായിരിക്കണം.

4- മാറാവ്യാധി പിടിപ്പെടാത്ത വ്യക്തിയാകണം.

ഇതു സംബന്ധിച്ച് 1882ൽ ബ്രിട്ടീഷ് കോടതി നടത്തിയ ഒരു നിരീക്ഷണത്തെ ഉദ്ധരിച്ചുകൊണ്ട് ഉമര്‍ മധുവായ് തന്റെ കൊണ്ടോട്ടി തങ്ങൾ എന്ന പുസ്തകത്തിൽ പറയുന്നത്‌ കാണുക.

"ഭൗതിക സുഖാഢംഭരങ്ങൾ ത്യജിച്ച് ആത്മീയ മാർഗ്ഗത്തിൽ ജനങ്ങൾക്ക് വഴികാട്ടിയവരായിരുന്നു പഴയ സ്ഥാനീദാർമാർ. ഭർത്താവ് മരിച്ച ഭ്രാഹ്മണ സ്ത്രീയോട് ഉപമിച്ചായിരുന്നു തക്കിയയുടെ സ്ഥാനവാഹിയെ ബ്രിട്ടീഷ് കോടതി ഒരു കേസിലിടപ്പെട്ട് വിധിയിലൂടെ നിർവ്വചിച്ചത്. വിധവകളായ ബ്രാഹ്മണ സ്ത്രീകൾക്ക് പഴയ കാലത്ത് ആഘോഷങ്ങളിലും കല്യാണങ്ങളിലും സന്തോഷ മുഹൂർത്തങ്ങളിലും പങ്കെടുക്കാനോ അമ്പലങ്ങളിൽ പോകാനോ ആടയാഭരണാധികൾ ധരിച്ച് മറ്റുള്ളവരുടെ കൂടെ പുറത്തിറങ്ങി നടക്കാനോ അനുവാദമില്ലായിരുന്നു. തലമുണ്ഡനം ചെയ്ത‌്, വീടിൻ്റെ അകത്തളങ്ങളിൽ ഒതുങ്ങി, സന്താനങ്ങളുടെയും കുടുംബത്തിന്റെയും അഭിവൃദ്ധിക്ക് വേണ്ടി അവർ ജീവിക്കണമായിരുന്നു. അതുപോലെ തക്കിയയുടെ സ്ഥാനവാഹി ആയിക്കഴിഞ്ഞാൽ ഭൗതിക, വ്യക്തി താൽപര്യങ്ങളെ മാറ്റി നിർത്തി ദൈവപ്രീതിക്കും ജനന്മക്കും ഖാദിരി, ചിശ്‌തി ത്വരീഖത്തുകളുടെ വളർച്ചക്കും തക്കിയ എന്ന ആത്മീയ സ്ഥാപനത്തിൻ്റെ അഭിവൃദ്ധിക്കും വേണ്ടി ജീവിതം നീക്കി വെക്കുന്നവർക്കെ ആ പവിത്രമായ സ്ഥാനത്തിരിക്കാൻ അർഹത ഉണ്ടായിരിക്കുകയുള്ളൂ എന്നുമായിരുന്നു ആ വിധിയുടെ വിവക്ഷ..."

യാഥാര്‍ത്ഥത്തിൽ, കൊണ്ടോട്ടി അധികാര കേന്ദ്രത്തിന്റെ ബ്രിട്ടീഷ് ബാന്ധവത്തെ ന്യായീകരിക്കുന്നവർ ഉയർത്തി പിടിക്കുന്ന സുപ്രധാന ന്യായീകരണമാണ് മുകളില്‍ ഞാന്‍ പ്രസ്താവിച്ചത്, ചോദ്യം ചെയ്യപ്പെടാത്ത രീതിയിലുള്ള ദൈവീകമായ ഒന്നാണത് എന്ന പ്രതീതി സൃഷ്ടിച്ചെടുക്കുക വഴി അധികാരത്തിന്റെ പിടി കാലാകാലം തങ്ങളിൽ നിലനിർത്താം എന്നവര്‍ കരുതി വന്നു. കൂടാതെ, ഭരണക്കരുത്തിലും ആയുധ ബലത്തിലും ശക്തരായ ഇംഗ്ലീഷ് സാമ്രാജ്യത്തോട് ദുര്‍ബലരായ പ്രാദേശിക വാസികൾ ഏറ്റുമുട്ടലിന്റെ വഴി സ്വീകരിക്കുന്നത് തികച്ചും ആത്മഹത്യപരവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്നതും സവർണ്ണരെ മാപ്പിളമാര്‍ക്കെതിരിൽ ബ്രിട്ടീഷ് പക്ഷത്ത് നിലയുറപ്പിക്കാൻ കാരണമായേക്കാവുന്ന നടപടിയാണന്നും അവർ വിശ്വസിച്ചു. എന്നാൽ, ബ്രിട്ടീഷ് വിരുദ്ധത ഒരു പൊതുവികാരമായി നിലനിന്നിരുന്ന അക്കാലത്ത് കൊണ്ടോട്ടകാരല്ലാത്തവർക്ക് ഈ ബ്രിട്ടീഷ് അനുകൂല നിലപാട്‌ തീരെ ഉള്‍കൊള്ളാന്‍ സാധിക്കാത്ത ഒരു കാര്യമായിരുന്നു.

ഇന്ത്യയിലെ തിരുവിതാംകൂര്‍, കൊച്ചി തുടങ്ങിയ നാട്ടുരാജ്യങ്ങളിൽ നിലവിലുണ്ടായിരുന്ന പ്രാദേശിക ഭരണകൂടങ്ങളെ നിരീക്ഷിക്കാനും ഉപദേശിക്കാനുമായുള്ള റെസിഡന്റ് മാതൃകയില്‍ ബ്രിട്ടീഷ് പ്രതിനിധികൾ കൊണ്ടോട്ടിയിലും തങ്ങി വരികയും അവർ കോഴിക്കോട്ടെ ബ്രിട്ടീഷ് കേന്ദ്രത്തിലേക്ക് ദൈനംദിനം പ്രവർത്തന റിപ്പോര്‍ട്ടുകൾ അയക്കുകയും ചെയ്തത് ആംഗ്ലോ മലബാര്‍ യുദ്ധകാല സാഹചര്യത്തിലെ അവരുടെ കടുത്ത ജാഗ്രതയുടെ ഫലമാണെന്ന് കാണുവാന്‍ സാധിക്കും. അക്കാലത്ത് കൊണ്ടോട്ടി തുറക്കൽ ട്രാവലേഴ്സ് ബംഗ്ലാവ് കേന്ദ്രീകരിച്ചു കൊണ്ടാണ് ബ്രിട്ടീഷുദ്യോഗസ്ഥര്‍ പ്രവർത്തിച്ചു വന്നിരുന്നത്. ഖിലാഫത്ത് പ്രക്ഷോഭ സാഹചര്യത്തില്‍ ഹിച്ച്കോക്കടക്കമുള്ള പല ബ്രിട്ടീഷ് പട്ടാള മേധാവികളും അവിടെ നിത്യസന്ദര്‍ശകരായിരുന്നു. വെള്ളക്കാരുടെ പഴയ പ്രൌഡിയെ വിളിച്ചോതുന്ന ഈ കെട്ടിടം ഇന്ന് പൊതുമരാമത്ത് വകുപ്പാണ് കൈകാര്യം ചെയത് വരുന്നത്.

1921 കാലത്ത്‌ പൂക്കോട്ടൂർ, മമ്പുറം, മേൽമുറി, തിരൂരങ്ങാടി, താനൂർ, ചേറുർ തുടങ്ങിയ സ്ഥലങ്ങളില്‍ ഖിലാഫത്ത് പ്രക്ഷോഭം കൊടുമ്പിരി കൊള്ളുമ്പോൾ കൊണ്ടോട്ടി തങ്ങൾ ബ്രിട്ടീഷുകാരോടൊപ്പം ചേര്‍ന്ന് നില്‍ക്കാനാണ് താല്‍പര്യപ്പെട്ടത്. അതിനാല്‍ തന്നെ, ബ്രിട്ടീഷുകാരുടെ പെട്ടെന്നുള്ള ആക്രമണങ്ങളിൽ നിന്നും രക്ഷതേടി ജനങ്ങൾ പലപ്പോഴും കൊണ്ടോട്ടിയിലേക്കൊഴുകി നീങ്ങി. ബ്രിട്ടീഷ് സര്‍കാരിനു കീഴില്‍ കൊണ്ടോട്ടി പ്രദേശത്തിന്റെ അധികാരിയായി അഥവാ ജന്മിയായി വാഴുന്ന കൊണ്ടോട്ടി തങ്ങൾക്ക് ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്നും ലഭിച്ച ഉറപ്പിന്റെ പിന്‍ബലത്തിലാണ് ഈ സുരക്ഷ നിർബാധം നല്‍കപ്പെട്ടത്. അതിലൂടെ ജനങ്ങളിലൊരു ബ്രിട്ടീഷ് അനുകൂല മനോഭാവം സൃഷ്ടിച്ചെടുക്കാൻ കഴിയുമെന്നവർ കരുതി പോന്നു. തങ്ങളുടെ ചൊൽപ്പടിക്ക് നില്‍ക്കുന്നവർക്ക് മാത്രമേ സമാധാനപരമായ ജീവിതം നയിക്കാന്‍ സാധിക്കുകയുള്ളു എന്ന് പറയുക വഴി ബ്രിട്ടീഷ് സര്‍വ്വാധിപത്യം അരക്കെട്ടുറപ്പിക്കാനാണവർ ശ്രമിച്ചതെങ്കിലും അത്തരമൊരു അടിമ ജീവിതത്തിന് തങ്ങൾക്ക് മനസ്സില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് മലബാറിന്റെ മക്കളന്ന് ബ്രിട്ടീഷ് സര്‍ക്കാരിനെതിരിൽ പോരിനിറങ്ങിയത്. ഈ കാലത്താണ്‌ കൊണ്ടോട്ടി പുളിക്കൽ വലിയപറമ്പില്‍ ചെമ്മൺ കൂട്ടക്കൊല അരങ്ങേറുന്നത്. മേല്‍ പ്രദേശത്ത് താമസിച്ചു വന്നിരുന്ന കുടുക്കിൽ വീരാനും അഞ്ച് പെൺമക്കളുമടക്കം നാല്‍പ്പത് പേരെയാണ് അന്ന് വെള്ളപ്പട്ടാളം വെടിവെച്ചുകൊന്നത്. ബ്രിട്ടീഷ് പട്ടാളമേധാവി ഹിച്ച്കോക്കിന്റെ ആജ്ഞപ്രകാരം കയറൂരിവിട്ട വെള്ളസൈന്യം കൊണ്ടോട്ടിയുടെ പരിസരപ്രദേശങ്ങളിൽ നരനായാട്ടിനിറങ്ങിയപ്പോൾ ആത്മരക്ഷാര്‍ത്ഥം സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനം കൊണ്ടോട്ടിയിലേക്കാണ് ഒഴുകി നീങ്ങിയത്. അന്നത്തെ ഏഴാമത്തെ സ്ഥാനീയൻ നസ്റുദ്ദീന്‍ ഷാഹ് തങ്ങളുടെ ആജ്ഞ പ്രകാരം കൊണ്ടോട്ടി തഖിയ്യക്കടുത്ത വിജനമായ പറമ്പിലാണന്നവർ അഭയം തേടിയത്. ഏഴ് കിലോമീറ്ററിനുള്ളിലുള്ള കരുവാങ്കല്ല് വരെ തമ്പടിച്ചവരെ പട്ടാളം ആക്രമിക്കില്ലെന്ന് ബ്രിട്ടീഷുകാർ തങ്ങള്‍ക്ക് ഉറപ്പ് കൊടുത്തിരുന്നതായി ചരിത്രം പറയുന്നു.

ടിപ്പുവാനന്ദര മലബാറെന്നാൽ പ്രദേശത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ വിഭിന്നമായ രൂപത്തിലും ഭാവത്തിലും  ബ്രിട്ടീഷ്/ജന്മി വിരുദ്ധ കര്‍ഷക കലാപങ്ങള്‍ പുകഞ്ഞുപൊങ്ങിക്കൊണ്ടിരുന്ന കാലമായിരുന്നു. പോര്‍ച്ചുഗീസുകാരുടെ ആഗമനത്തോടെ രൂപപ്പെട്ട സുദീര്‍ഘമായൊരു സാമ്രാജ്യത്വ വിരുദ്ധ കലാപത്തിന്റെ തുടര്‍ച്ചയായിരുന്നു അതെന്ന് പറയാം. ഇപ്രകാരം, കൊണ്ടോട്ടി ഒഴിച്ചുള്ള മലബാറിലെ മറ്റു പ്രദേശങ്ങളിലെ ജനങ്ങൾ പ്രാദേശിക മുസ്ലീം നേതൃത്വത്തങ്ങൾക്ക് കീഴില്‍ ഭരണകൂട വിരുദ്ധ മുന്നണിയുടെ ഭാഗമായി നിലയുറപ്പിച്ചിരുന്നത് മതനേതാക്കളിൽ നിന്നും അവര്‍ക്ക് ലഭിച്ചുവന്നിരുന്ന ദാര്‍ശനിക അടിത്തറ കൊണ്ടായിരുന്നു എന്ന് കാണാൻ സാധിക്കും. എന്നാലത്, കൊണ്ടോട്ടിയൻ മാതൃകയിലുള്ള സൂഫി ആദര്‍ശങ്ങളിൽ നിന്നും പ്രചോദിതമായ, ഭരിക്കുന്നവരുടെ കാൽകീഴിലേക്ക് സമ്പൂര്‍ണ്ണമായ സമര്‍പ്പണ രൂപത്തിലുള്ള അഥവാ, ഭരണകൂടം നടത്തി വരുന്ന പൈശാചികതയോട് മുഖം തിരിച്ചു നില്‍ക്കുന്നതിൽ നിന്ന് വ്യത്യസ്തമായി മതത്തെ ഒരു വിമോചന സിദ്ധാന്തമായി കണ്ടുകൊണ്ടതിനെ നാടിന്റെ സ്വതന്ത്രസമര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇന്ധനമായി പരിവര്‍ത്തിപ്പിക്കുന്നതായിരുന്നു. അഥവാ, ആശയധാരകൾ തമ്മിലുള്ള ഈ വ്യതിരിക്തത പ്രദേശത്തെ ഒരു നീണ്ട ആശയ സംവാദത്തിലേക്കാണ് തള്ളിവിട്ടതെന്ന് ചുരുക്കം.

കൊണ്ടോട്ടി തങ്ങളുടെ ശിഷ്യന്മാർ ഗുരുവിനു മുന്നിൽ കുമ്പിടുന്നതും അദ്ദേഹത്തിന്റെ സദസ്സുകളില്‍ സ്ത്രീ പുരുഷന്മാർ ഇടകലർന്നു ഭജനമിരിക്കുന്നതും, ലഹരി ഉപയോഗിക്കുക, ബാഗ്ദാദിലെ സൂഫി പുണ്യളന്മാരുടെ പേരിൽ നടത്തപ്പോന്ന നേർച്ചകളിൽ ചെണ്ട, ആന, അമ്പാരി തുടങ്ങിയവ ഉപയോഗിക്കുക, ഹജ്ജും സകാത്തും നിർബന്ധമല്ലെന്ന് ശിഷ്യരെ ഉപദേശിക്കുക തുടങ്ങിയ കാര്യങ്ങളും അക്കാലത്തെ യാഥാസ്ഥിതിക പണ്ഡിതന്മാരെ ചൊടിപ്പിച്ച സംഗതികളായിരുന്നു. ഈ ആരോപണങ്ങള്‍ ഏറ്റവും കൂടുതൽ ഉയർത്തികൊണ്ടു വന്നത് അക്കാലത്തെ അധിനിവേശ വിരുദ്ധ സമരങ്ങളുടെ മുന്നണി പോരാളികളായിരുന്ന പൊന്നാനി മഖ്ദും, കോഴിക്കോട് ജിഫ്രി തുടങ്ങിയ മതകേന്ദ്രങ്ങളാണന്ന് കാണാൻ കഴിയും. അതിന്റെ ഭാഗമായാണ് കൊണ്ടോട്ടി തങ്ങളെ വിമര്‍ശിച്ചുകൊണ്ട് 'കൺസൂൾ ബറാഹീൻ' എന്ന പുസ്തകം ശൈഖ് ജിഫ്രി രചിക്കുന്നതും കേരളത്തിലെ പാരമ്പര്യ പണ്ഡിത നേതൃത്വങ്ങൾ മുഹമ്മദ് ഷാക്കെതിരെ രംഗത്തു വരികയും ചെയ്യുന്നത്.

1804ൽ മുഹമ്മദ് ഷാഹ് തങ്ങളുടെ വിയോഗം ശേഷം മകള്‍ സൈനബ് ബീവിയുടെ മൂത്ത പുത്രന്‍ സിറാജുദ്ധീൻ ഷാഹ് കൊണ്ടോട്ടിയുടെ ഒന്നാം സ്ഥാനവാഹിയായി അധികാരമേറ്റു. അഫ്താബ് ഷാഹ് എന്ന സ്ഥാനപേരിലാണ് അദ്ദേഹം അറിയപ്പെട്ടത്. അധികാരത്തിലേറുന്നതുമായി ബന്ധപെട്ട ഒരു സുപ്രധാന കീഴ്‌വഴക്കമായി പിന്നീട് ഈ പേരുമാറ്റം കടന്നു വന്നു. കൂടാതെ, ടിപ്പു സുല്‍ത്താന്‍ നല്‍കിയ നികുതി പിരിവിനുള്ള അനുമതിയുമായി ബന്ധപ്പെട്ട് 'ഇനാംദാർ' അഥവാ നികുതി പിരിക്കാൻ അധികാരപ്പെട്ടവയാൾ എന്ന പദത്തിൽ നിന്നും സ്ഥാനവാഹിയുടെ സ്ഥാനപ്പേരായി 'സ്ഥാനീദാർ' എന്ന അധികാര പേര് രൂപപ്പെട്ടതും ഇക്കാലത്താണന്ന് കാണാൻ കഴിയും.

അഫ്താബ് ഷാഹ് തങ്ങളാണ് മുഹമ്മദ് ഷാഹ് തങ്ങളുടെ കാലത്ത് അടിത്തറ നിർമ്മാണം പൂര്‍ത്തീകരിച്ച അദ്ദേഹത്തിന്റെ തന്നെ ഖബറിടമായ കൊണ്ടോട്ടി ഖുബ്ബയുടെ തുടര്‍ പണികള്‍ക്ക് പ്രാരംഭം കുറിച്ചത്. കരിങ്കല്ല് കൊണ്ട്‌ മാത്രം നിർമ്മാണം നടത്തിയിട്ടുള്ള ഈ രമ്യഹർമ്മം പേര്‍ഷ്യന്‍ ശില്‍പകലാ വൈദഗ്ധ്യം വിളിച്ചോതുന്ന ഉന്നതമായൊരു കലാ നിര്‍മ്മിതിയാണ്. മധുര മീനാക്ഷി ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ ശില്‍പി കുടുംബം തന്നെയാണ് കൊണ്ടോട്ടി ഖുബ്ബയുടേയും നിർമ്മാണം നടത്തിയിരിക്കുന്നത് എന്നും പറയപ്പെടുന്നു.

അഫ്താബ് ഷാഹ് യുടെ കാലശേഷം അദ്ദേഹത്തിന് ഇളയ സഹോദരൻ ഹസന്‍ സാഹിബെന്ന ഇശ്തിയാഖ് ഷാഹ് 1840ൽ കൊണ്ടോട്ടിയുടെ അധികാര ഘടനയിലേക്ക് കടന്ന് വന്നു. തന്റെ പിതാമഹന്റെ അന്ത്യവിശ്രമ സ്ഥലമായ ഖുബ്ബയുടെ നിർമ്മാണം പൂര്‍ത്തീകരിച്ചത്  ഇദ്ദേഹമാണ്. കൂടാതെ, മുഹമ്മദ് ഷാഹ് തങ്ങളുടെ കാലത്ത് തുടക്കം കുറിക്കുകയും പിന്നീട് വഴിതെറ്റി നീങ്ങുകയും ചെയ്ത ഖത്തം ഫാത്തിഹ എന്ന കൊണ്ടോട്ടി പൂരം ജനകീയമായതും ഇദ്ദേഹത്തിന്റെ കാലത്താണന്ന് പറയാം.

അദ്ദേഹത്തിന് ശേഷം അഫ്താബ് ഷായുടെ മൂത്തപുത്രന്‍ മുശ്താഖ് ഷാഹ് അധികാരത്തിൽ വന്നെങ്കിലും തക്കിയയുടെ നിരവധിയായ സ്വത്തുക്കളുടെ മേല്‍ സ്ഥാനീദാരായ മുശ്താഖ് ഷാഹ് കടം വരുത്തുകയും കാളപ്പൂട്ട് പോലുള്ള വിനോദങ്ങളിൽ ഏര്‍പ്പെട്ട് തക്കിയയുടെ യശസ്സ് കളങ്കം വരുത്തുകയും ചെയ്തോടെ തങ്ങളുടെ മുരീദന്മാർക്കിടയിലും കുടുംബത്തിനകത്തും വലിയ വിമര്‍ശനങ്ങള്‍ക്കിത് കാരണമായി. അക്കാലത്താണ് ചുങ്കം പ്രദേശത്തിന്റെ സമീപസ്ഥലമായ മുള്ള്യാകുർശ്ശി എന്ന ഗ്രാമത്തിൽ കൊണ്ടോട്ടിയിൽ നിന്നും വന്ന് തക്കിയ സ്ഥാപിച്ച് പ്രവർത്തിച്ചു വന്നിരുന്ന റഹ്മാന്‍ ഷാഹ് തങ്ങള്‍ വിഷയത്തിൽ ഇടപെടുന്നത്. അദ്ദേഹം ഇശ്തിയാഖ് ഷാഹ് തങ്ങളുടെ മകള്‍ ഖമറുന്നിസ ബീവിയുമായി ചേര്‍ന്നുകൊണ്ട് മുശ്താഖ് ഷാഹ് തങ്ങൾക്കെതിരിൽ രംഗത്ത് വരികയും ബ്രിട്ടീഷ് കോടതിയില്‍ കേസ് നടത്തിക്കുകയും ചെയ്തു. 1882ൽ വിധിയായ ആ കേസുമായി ബന്ധപെട്ട ബ്രിട്ടീഷ് കോടതിയുടെ നിരീക്ഷണമാണ് ഉമര്‍ മധുവായുടെ കൊണ്ടോട്ടി തങ്ങൾ എന്ന പുസ്തകത്തിലെ ഉദ്ധരണിയായി ഞാന്‍ മുകളില്‍ ചേര്‍ത്തിരിക്കുന്നത്. വിധിയിലൂടെ കൊണ്ടോട്ടി തക്കിയയുടെ സ്വത്തുക്കള്‍ വഖ്ഫ് സ്വത്തുക്കളാണെന്ന്‌ ബ്രിട്ടീഷ് സര്‍ക്കാര്‍ സ്ഥിരീകരിക്കുകയും മുശ്താഖ് ഷാഹ് തങ്ങളെ കൊണ്ടോട്ടി തങ്ങൾ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും ചെയ്തു.

കൊണ്ടോട്ടികൈ, പൊന്നാനികൈ


സംഘടനകള്‍ രൂപീകരിക്കപ്പെടുന്നതിന് മുമ്പ് മുസ്‌ലിം സമൂഹത്തില്‍ അഭിപ്രായ വ്യത്യസങ്ങളും തര്‍ക്കങ്ങളുമൊന്നും ഇല്ലായിരുന്നുവെന്നും എല്ലാവരും ഒരേ അഭിപ്രായക്കാരായിരുന്നുവെന്നും ചില വാദങ്ങള്‍ കാണാന്‍ സാധിക്കുന്നതാണ്. എന്നാല്‍, ചിന്തകളും വൈജ്ഞാനിക അന്തരീക്ഷവും സ്വതന്ത്ര്യ അഭിപ്രായ പ്രകടന സ്വാതന്ത്ര്യവുമൊക്കെ നിലനിന്ന കാലഘട്ടത്തൊക്കെയും വിവിധ ആശയങ്ങളും സംവാദങ്ങളുമൊക്കെ ഇസ്‌ലാമിക സമൂഹത്തില്‍ നിലനിന്നിട്ടുണ്ട് എന്നതൊരു ചരിത്ര സത്യമാണ്. ഈ ആശയങ്ങളുടെ സംരക്ഷണം, പ്രചാരണം ഏറ്റെടുത്തുകൊണ്ടാണ് പിന്നീട് സമൂഹത്തില്‍ സംഖടനകൾ രൂപപ്പെടുന്നത് എന്ന് വേണമെങ്കില്‍ പറയാം. അഥവാ, അഭിപ്രായാന്തരങ്ങളുടെ കാരണം സംഘടനകളല്ല എന്നും ആശയങ്ങളുടെ ഉത്പന്നമാണ് സംഖടനകൾ എന്നും സാരം. ഉദാഹരണമായി കേരള മുസ്‌ലിം സമൂഹത്തിന്റെ വൈജ്ഞാനിക ചരിത്രമെടുത്ത് പരിശോധിച്ചാല്‍ സംഘടനകള്‍ രൂപീകരിക്കപ്പെടുന്നതിന് മുമ്പും പല വൈജ്ഞാനിക സംവാദങ്ങളും ചര്‍ച്ചകളും നിലനിന്നിരുന്നതായി കാണാന്‍ കഴിയുന്ന വസ്തുതയാണ്.

മനുഷ്യർ വ്യതിരിക്തതകളാൽ നിര്‍മ്മിക്കപ്പെട്ടവനാണ്. തൊലിയുടെ നിറം, സംസാരിക്കുന്ന ഭാഷ, വാസസ്ഥലം, ദേശം, തുടങ്ങി വാസമേഖലകൾ വരെ വ്യത്യസ്തം. എന്നാൽ, ഈ വ്യൈജാത്യങ്ങൾക്കെല്ലാം അതീതമായി മനുഷ്യർക്കിടയിൽ ഒരിക്കലും വേർപ്പെടുത്താനാവാത്ത സാഹോദര്യബോധം സൃഷ്ടിക്കുവാൻ പര്യാപ്തമാണ് മനുഷ്യരെല്ലാം ഒരേ മാതാപിതാക്കളുടെ സന്തതികളാണെന്ന ഇസ്‌ലാമികാധ്യാപനം. മനുഷ്യനെ ദൈവം വ്യത്യസ്തമായ ചട്ടകൂടുകളിൽ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് അവർ തമ്മില്‍ പരസ്പരം കലഹിക്കാനല്ല മറിച്ച്, അവർ അന്യോന്യം അറിയേണ്ടുന്നതിന്‌ വേണ്ടിയാണെന്നും ഖുർആൻ പറഞ്ഞു വെക്കുന്നു. മേല്‍ വചനങ്ങളെല്ലാം ഉയർത്തി പിടിക്കുന്നത് ആശയ വ്യതിരിക്തതകൾക്കിടയിലും മനുഷ്യര്‍ തമ്മില്‍ നിലനിര്‍ത്തിയിരിക്കേണ്ട സൗഹൃദ ബന്ധത്തെ സംബന്ധിച്ചാണന്ന് മനസ്സിലാക്കാം. മനുഷ്യരെല്ലാം ഒരേ ആദിമാതാപിതാക്കളുടെ സന്തതികളാണെന്നും അതിനാൽ ലോകത്തുള്ള മുഴുവൻ മനുഷ്യരും അടിസ്ഥാനപരമായി സഹോദരങ്ങളാണെന്നും അത് പറഞ്ഞു വെക്കുന്നു.

മുസ്ലീം സമൂഹത്തിലെ വിഭാഗീയത അഥവാ സംഖടന ബാഹുല്യത്തെ സംബന്ധിച്ച് പ്രവാചകൻ മുഹമ്മദ് (സ) നേരത്തെ തന്നെ പ്രവചിച്ചുവെച്ചിട്ടുണ്ട്. ഇസ്ലാം അനേകം വിഭാഗങ്ങളായി മാറുമെന്നും അതിൽ ചെറിയൊരു വിഭാഗം മാത്രമായിരിക്കും സന്മാർഗ്ഗം അഥവാ നേരിന്റെ മാര്‍ഗ്ഗം പിന്തുടരുക എന്നുമുള്ള തിരുവചനങ്ങൾ അതിന്റെ തുടര്‍ച്ചയായി മനസ്സിലാക്കാം. അതുപ്രകാരം തങ്ങള്‍ മാത്രമാണ്‌ പ്രവാചകന്റെ വഴിയെ ഗമിക്കുന്നവരെന്നും മറ്റുള്ളവർ മുഴുവന്‍ അബദ്ധ ധാരണയിലാണെന്നും ചിലര്‍ വാദിക്കുമ്പോൾ, ചിലർ പ്രത്യേക സംഖടന സംവിധാനനങ്ങൾക്കതീതമായി ശുദ്ധമനസ്സിനുടമസ്ഥരായ മനുഷ്യരുടെ കൂട്ടമാണ് മേല്‍ വചനത്തിന്റെ സൂചന എന്നും പറഞ്ഞു വെക്കുന്നു. എന്നിരുന്നാലും, അനേകം വർഷങ്ങളുടെ പാരമ്പര്യത്തിലൂടെ കടന്നു വന്ന, സ്വതന്ത്ര മസ്തിഷ്ക ജീവികളായ മനുഷ്യർ ഇടപെട്ടു വരുന്ന ഏതൊരു സംവിധാനത്തിനും വന്നേക്കാവുന്ന മൂല്യശോഷണങ്ങൾ ഇസ്ലാമിലും വന്നുഭവിച്ചിട്ടുണ്ട് എന്ന് നിസ്സംശയം പറയാൻ സാധിക്കുന്ന കാര്യമാണ്. മനുഷ്യരെവിടെയുണ്ടോ അവിടെ അഭിപ്രായാന്തരങ്ങളുണ്ട് എന്ന കേവലം സിദ്ധാന്തത്തിലേക്കാണിത് വിരൽ ചൂണ്ടുന്നത്. കാലങ്ങള്‍ക്കപ്പുറത്ത് നടക്കാൻ പോകുന്ന കൗതുകകരമായൊരു കാര്യം എന്ന നിലയിലായിരുന്നില്ല പ്രവാചകന്റെ ആ വാക്കുകള്‍ രൂപപ്പെട്ടത് എന്നുള്ളതിന്റെ തെളിവാണ് അവിടുത്തെ മരണത്തെ തുടര്‍ന്നുള്ള അല്‍പ്പ കാലങ്ങള്‍ക്ക് ശേഷം തന്നെയാണ് മതത്തില്‍ വിള്ളലുകൾ രൂപപ്പെട്ടതും അത് ഇസ്ലാമിനെ ഒന്നായി വിഭജിക്കുകയും ചെയ്ത ചരിത്രം നമ്മോട് പറഞ്ഞു വെക്കുന്നത്.

നൂറ്റാണ്ടുകള്‍ക്ക് മുന്നേ നടന്ന ആ ചരിത്ര സംഭവത്തിന്റെ അലയൊലികൾ പിന്നീട് കാലങ്ങൾക്കിപ്പുറത്ത് നമ്മുടെ നാടിനെ പോലും ഗ്രസിച്ചു എന്ന വസ്തുത മുന്നില്‍ വെക്കുമ്പോൾ ആ മുറിപ്പാടിന്റെ ആഴം എത്രയാണന്നൂഹിക്കാം.

1718ല്‍ ബോംബെക്കാരനായ മുഹമ്മദ് ഷാഹ് എന്ന വ്യക്തി കൊണ്ടോട്ടിയില്‍ വന്ന് തന്റെ ത്വരീഖത്ത് സ്ഥാപിക്കുകയുണ്ടായി. ചോദ്യം ചെയ്യപ്പെടാത്ത മതനേതൃത്വമായി ജിഫ്രി മഖ്ദൂമികൾ മലബാറിലുടനീളം വളര്‍ന്ന് പന്തലിച്ചു നില്‍ക്കുന്ന സാഹചര്യത്തിലേക്കാണ് മുഹമ്മദ് ഷാഹ് തന്റെ ത്വരീഖത്തുമായി കടന്ന് വരുന്നതും അനുയായികള്‍ വര്‍ധിക്കുകയും ചെയ്യുന്നത്. ഇത് അവര്‍ക്കിടയില്‍ കടുത്ത മുറുമുറുപ്പുണ്ടാക്കി. ഷായുടെ ത്വരീഖത്തിന്റെ വളര്‍ച്ച ഒരു ഭീഷണിയായി അവര്‍ക്ക് മുന്നില്‍ വരുന്ന സാഹചര്യം രൂപപ്പെട്ടപ്പോൾ കൊണ്ടോട്ടി ത്വരീഖത്തിനെതിരെ ജിഫ്രി മഖ്ദൂമികൾ വിമര്‍ശനങ്ങളുയര്‍ത്തി. സയ്യിദ് ജിഫ്രിയുടെ ഒരു ഫത്‌വയാണ് ഈ തര്‍ക്കത്തിന് തുടക്കമിട്ടത് എന്ന് കാണാൻ സാധിക്കും. മുഹമ്മദ് ഷായുടെ ആശയങ്ങള്‍ ഇസ്‌ലാമിക വിരുദ്ധമാണെന്നും അദ്ദേഹം ഷിയാ വിശ്വസം പിന്‍പറ്റുന്നവനുമാണന്നും അതിലൂടെ അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ആരോപണമാണ് പിന്നീട് കേരളത്തിലെ രണ്ട് പ്രബല മതനേതൃത്വങ്ങളായ കോഴിക്കോട്ടെ ജിഫ്‌രി തങ്ങന്‍മാരും പൊന്നാനിയിലെ മഖ്ദൂമുകളും ഒരു പക്ഷത്തും, കൊണ്ടോട്ടി തങ്ങന്മാര്‍ മറുപക്ഷത്തുമായി നിലകൊണ്ട കൊണ്ടോട്ടികൈ, പൊന്നാനികൈ തര്‍ക്കമായി രൂപപ്പെട്ടത് എന്ന് പറയാം. അടിസ്ഥാനപരമായി ഈ വിവാദങ്ങളുടെ വേരുകൾ ഷിയാ സുന്നി അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലാണ് ഉറങ്ങി കിടക്കുന്നത്.

പ്രവാചകൻ മുഹമ്മദ് (സ) യുടെ കർമ്മങ്ങളും നിർദ്ദേശങ്ങളുമാകുന്ന സുന്നത്തിനെ പിൻപറ്റുന്നവരാണ് തങ്ങളെന്ന് സുന്നികൾ വിശ്വസിക്കുമ്പോൾ പ്രവാചക പുത്രി ഫാത്തിമയുടെ സന്താന പരമ്പരകൾക്ക് ചുറ്റിലുമായി രൂപപ്പെടുന്ന മതാദര്‍ശങ്ങളെ പുണരുന്നവരാണ് ഷിയാ വിഭാഗങ്ങള്‍ എന്നും പറയാം. കൂടാതെ, രാഷ്ട്രീയ വീക്ഷണങ്ങളിലെ അഭിപ്രായ ഭിന്നതകളും ഷിയാ, സുന്നി വിഭാഗീയതയുടെ ഒരു അടിസ്ഥാന ഹേതുവാണ്. തിരഞ്ഞെടുപ്പിലൂടെയുള്ള നേതൃത്വ സംവിധാനമാണ് സുന്നികൾ ഉയർത്തിപ്പിടിക്കുന്നതെങ്കിൽ അന്ത്യ പ്രവാചകനായ മുഹമ്മദ് നബിയുടെ കുടുംബ പരമ്പരക്ക് (അഹ്‌ലുൽ ബൈത്ത്) മാത്രമാണതിനുള്ള അവകാശമെന്ന് ഷിയാക്കളും വാദിച്ചു വരുന്നു. അന്ത്യ പ്രവാചകന്റെ മരണശേഷം മുസ്‌ലീം സമൂഹത്തെ നയിക്കേണ്ടതാരെന്ന വിഷയത്തെ ചൊല്ലി അനുയായികൾക്കിടയിൽ വിത്യസ്ത അഭിപ്രായ പ്രകടനങ്ങൾ ഉൾതിരിഞ്ഞിരുന്ന സാഹചര്യത്തിലാണ് ആപത്കരമായ ആ സംഭവങ്ങളുടെ വേരുകൾ കിടക്കുന്നത് എന്ന് പറയാം.

പ്രവാചകൻ അന്ത്യനിദ്ര പ്രാപിച്ചപ്പോൾ അവിടുത്തെ അനുയായികള്‍ നബിയുടെ സന്തതസഹചാരിയും പ്രായത്തിൽ മുതിർന്നയാളുമായ അബുബക്കർ (റ) വിനെയാണ് ഖലീഫയായി തിരഞ്ഞെടുത്തത്. മഹാഭൂരിപക്ഷ പിന്തുണയിൽ ഭരണനേതൃത്വം അദ്ദേഹം ഏറ്റെടുത്തെങ്കിലും ചുരുക്കം ചില പ്രവാചകാനുചരന്മാർ ഭരണനേതൃത്വം അലി ഏറ്റെടുക്കണമെന്ന ആഗ്രഹം വെച്ച് പുലർത്തിയിരുന്നവരായിരുന്നു. സുന്നി-ഷിയാ വിഭജനത്തിന്റെ പ്രധാന കേന്ദ്രബിന്ദുവായി പിൽകാലത്ത് അലി മാറാനിടയായ സാഹചര്യം അതായിരുന്നു എന്ന് പറയാം. അലി ഉള്‍പ്പടെയുള്ള പ്രധാന പ്രവാചകാനുചരന്മാർ ആരും തന്നെ അധികാരമോഹികളായിരുന്നില്ല. തങ്ങളെ ഭരണാധിപന്മാരാക്കാനുള്ള തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് മാറി നിന്നവരായിരുന്നു അവരില്‍ പലരും. എന്നാൽ, അനുയായികളിൽ നിന്നുണ്ടായ ശക്തമായ സമ്മർദ്ദത്താൽ മാത്രമാണ് ഭരണനേതൃത്വം ഏറ്റെടുക്കാൻ അവർ പിന്നീട് സന്നദ്ധമായത് എന്ന് ചരിത്രത്തിൽ പറയുന്നു.

അബൂബക്കർ (റ) വിനു ശേഷം രണ്ടാം ഖലീഫയായി ഉമർ (റ) വിനെയാണ് തിരഞ്ഞെടുന്നത്. ഏകാഭിപ്രായത്തിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടും അധികാരമേറ്റെടുക്കാൻ ഉമർ വിസ്സമ്മതം പ്രകടിപ്പിച്ചപ്പോൾ അലി അടക്കമുള്ളവരുടെ നിർബന്ധത്തിന് വഴങ്ങിയാണ് അതിനദ്ദേഹം സന്നദ്ധമാകുന്നത്. പിന്നീട്, ഉമറിന്റെ കാലത്ത്‌ കാര്യമായ അഭിപ്രായ ഭിന്നതകളൊന്നും തന്നെ ഇസ്ലാമിക ലോകത്ത് ഉണ്ടാകാതിരുന്നത് അദ്ദേഹത്തിന്റെ ഭരണ മികവുകൊണ്ട് മാത്രമായിരുന്നില്ല. മറിച്ച്, പ്രവാചകന്റെ ഏറ്റവും അടുത്ത അനുയായികളിൽ രണ്ടാമൻ എന്ന നിലയില്‍ സര്‍വ്വ സ്വീകാര്യനായിരുന്നു അദ്ദേഹം എന്നത് കൊണ്ടു കൂടിയായിരുന്നു. പ്രേരകം എന്താണെന്ന് വ്യക്‌തമാകാത്ത ഏതോ കാരണത്താൽ കൊല്ലപ്പെട്ട ഉമറിനു ശേഷം മൂന്നാം ഖലീഫയായി ഉസ്മാൻ (റ) വാണ് രംഗത്തേക്ക് കടന്ന് വരുന്നത്. നിർദ്ദേശിക്കപ്പെട്ടവരിൽ നിന്നും അവസാന ഘട്ട തിരഞ്ഞെടുപ്പിൽ അലി, സഅദ് എന്നിവരെ പിന്തള്ളിയാണ് ഉസ്മാന്‍ ഖലീഫയായി തിരഞ്ഞെടുക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ അധികാരവാഴ്ച്ചയോടെ കേവലം നിര്‍ദ്ദേശങ്ങളോ അഭിപ്രായ പ്രകടനങ്ങളോ മാത്രമായി ഉയർന്ന് വന്നിരുന്ന വിഭാഗീയ ചിന്താഗതികൾ ഉഗ്രരൂപം പ്രാപിക്കുകയും അത് ഉസ്മാൻ (റ) വിന്റെ വധത്തിൽ കലാശിക്കുകയും ചെയതു എന്ന് പറയാം.

ജനങ്ങൾക്കിടയിൽ ഒരു സാധാരണക്കാരെ പോലെ വർത്തിച്ചിരുന്ന ഖലീഫമാരെ ഏത് നിലക്കും ചോദ്യം ചെയ്യാൻ പൗരന്മാരെ അനുവദിച്ചിരുന്ന സാഹചര്യമായിരുന്നു ഖുലഫാഉ റാഷിദ എന്ന ഖിലാഫത്തിലുണ്ടായിരുന്നത്. തന്റെ പിന്‍ഗാമികളുടെ പാത പിന്തുടര്‍ന്നു കൊണ്ട്‌ ഉസ്മാന്‍ (റ) ഈ അധികാരം ഒന്നുകൂടി വിശാലമാക്കി നല്‍കുകയും അത് ദുരുപയോഗം ചെയത് കൊണ്ട്‌ ഇസ്ലാമിക സാമ്രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ കലാപം സൃഷ്ടിക്കാൻ ചിലര്‍ ശ്രമിച്ചുകൊണ്ടിരുന്ന കാലത്താണ്‌ ഉസ്മാന്റെ ചില നടപടികളിൽ അസഹിഷ്ണുക്കളായവർ അദ്ദേഹത്തെ കൊലപ്പെടുത്തുകയും തുടർന്ന് അലി നാലാം ഖലീഫയായി സ്ഥാനമേൽക്കുകയും ചെയ്യുന്നത്.

കലാപകലുഷിതമായ സാമ്രാജ്യത്തിന്റെ അധിപനായി അധികാരമേറ്റ അലി രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തിനാണ് പ്രാമുഖ്യം നൽകിയത്. എന്നാൽ, ഉസ്മാന്റെ ഘാതകരെ തേടിപ്പിടിച്ചു പ്രതികാരം നടപ്പിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത് എന്ന് ചിലർ വാദിച്ചു വന്നു. വ്യത്യസ്ത ദേശങ്ങളിൽ അംഗബലമുളുള്ള എണ്ണൂറോളം പേരാണ് ഉസ്മാൻ വധത്തിന് പിന്നിലുണ്ടായിരുന്നത്. അവരില്‍ പലരും രാജ്യത്തിന്റെ സൈന്യത്തിലും നുഴഞ്ഞു കയറിയിരുന്നു. ഇത്തരത്തിൽ ബസ്റയിൽ തമ്പടിച്ച ഒരു സൈനിക യൂണിറ്റിൽ ഉസ്മാന്റെ കൊലയാളികളുമുണ്ടെന്ന ശ്രുതി പരന്ന സാഹചര്യത്തില്‍ അവിടെ നിന്നും ആയിരകണക്കിനാളുകൾ വധത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തുകൊണ്ട് രംഗത്തിറങ്ങിയത് ആശങ്കയുളവാക്കി. ഒരേ സമയം നിരവധി പോർമുഖങ്ങൾ തുറക്കപ്പെട്ട അവസ്ഥ. നിസ്സഹായനായ അലി പ്രതിക്രിയക്കിറങ്ങും മുമ്പ് രാജ്യസുരക്ഷക്കാണ് പ്രാമുഖ്യം നല്‍കേണ്ടത് എന്ന് തീരുമാനിക്കുകയും ഉസ്മാൻ വധവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് താല്‍ക്കാലികമായി വിരാമമിടുകയും ചെയതു. എന്നാൽ, ഇത് പ്രവാചക പത്നി ആയിഷ അടക്കമുള്ളവരിൽ കടുത്ത നിരാശ പ്രധാനം ചെയ്തതു.

ഖലീഫ അലി, ഉസ്മാന്റെ ഘാതകരെ പിടികൂടി ശിക്ഷിക്കാൻ ശ്രമിക്കുന്നില്ല എന്ന പരാതി ഉയർന്ന സാഹചര്യത്തിൽ ആയിശയുടെ നേതൃത്വത്തിലുള്ളൊരു നിവേദക സംഘം അലിയെ കാണാനും തങ്ങളുടെ ആശങ്കകൾ അറിയിക്കാനും അദ്ദേഹത്തെ സന്ദര്‍ശിക്കുകയും സംഭവഗതികൾ വിശദീകരിച്ചുകൊണ്ട് അവര്‍ക്കു മുന്നില്‍ അലി സാവകാശം ആരായുകയും ചെയ്തു. പ്രതിക്രിയ നടപ്പാക്കുമെന്ന അലിയുടെ വാക്ക് വിശ്വസിച്ച നിവേദക സംഘം രാത്രി മടങ്ങാനൊരുങ്ങവെ ബസ്റയിൽ നിന്നുള്ള ചില സൈനികർ അവരെ ആക്രമിച്ചെങ്കിലും അവർ പ്രതിരോധിച്ചു. ഇത് അലിയുടെ സൈന്യവുമായുള്ള നേരിട്ടുള്ളൊരു വാഗ്വാദത്തിനും അതുവഴിയൊരു ഏറ്റുമുട്ടലിലേക്കുമാണ് അവരെ നയിച്ചത്. ഒരുവശത്ത് പ്രവാചകപത്നി ആയിഷ ഉള്‍പ്പടെയുള്ള പ്രവാചകരുമായി ഏറ്റവും അടുപ്പമുള്ളവരും മറുവശത്ത് അവരില്‍ തന്നെയുള്ള മറ്റൊരു വിഭാഗവും. ഒട്ടക യുദ്ധം അഥവാ ഹർബു ജമല്‍ എന്ന പേരിലറിയപ്പെട്ട ഈ ഏറ്റുമുട്ടലിൽ അലിയുടെ സൈന്യം ആയിഷയുടെ അനുയായികളെ തീര്‍ത്തും കീഴടക്കിയെങ്കിലും, ഉസ്മാന്റെ വധത്തിന് പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടുമെന്ന ഉറപ്പ് ആവര്‍ത്തിച്ചുകൊണ്ട് ഖലീഫ അവരെ മാപ്പു നൽകി തിരിച്ചയച്ചു. അലിയുമായി സന്ധി ചെയ്ത ആയിഷ (റ) പിന്നീടു പൊതുജീവിതത്തിൽ നിന്ന് തീര്‍ത്തും പിൻവാങ്ങി എന്നുള്ളതാണ് അവരെ സംബന്ധിച്ച പിന്നീടുള്ള ചരിത്രം.

അതേസമയം, ഉസ്മാന്റെ ബന്ധുവായ ഡമാസ്കസിലെ ഗവർണ്ണർ മുആവിയ വധാസൂത്രകരെ പിടികൂടാതെ അലിയുടെ നേതൃത്വത്തെ അംഗീകരിക്കാൻ വിസമ്മതിച്ചു. ഇതേതുടർന്ന് അലിയുടെ സൈന്യവും മുആവിയയുടെ സൈന്യവും തമ്മില്‍ ഏറ്റുമുട്ടി. സിഫിൻ യുദ്ധം എന്ന് ചരിത്രരേഖകളിൽ അറിയപ്പെടുന്ന ഈ പോരാട്ടത്തില്‍ വിജയം പടിവാതിൽക്കലെത്തി നിൽക്കെ മുആവിയയുടെ സൈന്യവുമായി സന്ധി ചെയ്ത് പിൻവാങ്ങിയ അലിയുടെ നടപടി സൈന്യത്തിലെ ചിലരുടെ കടുത്ത എതിർപ്പിനാണിടയാക്കിയത്. മുആവിയയെ തലസ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാൽ, അലി അതിനോട് വിസ്സമ്മതിച്ചപ്പോൾ ഇവരിൽ ചിലർ ചേർന്ന് അലിയേയും കൊലപ്പെടുത്തി. ഉമർ, ഉസ്മാൻ എന്നിവരുടെ വധത്തിലും, അതിനെ ചോദ്യം ചെയ്ത ആയിശയെ അക്രമിച്ചതിലും, പിന്നീട് അലിയെ വധിച്ചതിനു പിന്നിലും ഒരേ നിഗൂഢ സംഘമായിരിക്കുമെന്ന് ചരിത്രകാരന്മാർ സംശയം പ്രകടിപ്പിക്കുന്നു.

അലിക്ക് ശേഷം ഭൂരിപക്ഷാഭിപ്രായത്തെ തുടർന്ന് അലിയുടെ മൂത്തപുത്രനായ ഹസ്സൻ ഭരണം ഏറ്റെടുത്തു. പിതാവിനെ പോലെ തന്നെ അധികാരത്തോട് ആസക്തി ഇല്ലാതിരുന്ന ഹസ്സൻ സാമ്രാജ്യത്തിൽ ഉയർന്നു വരുന്ന ഭിന്നതകൾ ഇല്ലായ്മ ചെയ്യാനായി ആറു മാസകാലത്തെ ഭരണശേഷം അധികാരം മുആവിയക്ക് കൈമാറിയെങ്കിലും തനിക്ക് ശേഷം പൊതുജനമായിരിക്കണം ഭരണകർത്താവിനെ തിരിഞ്ഞെടുക്കേണ്ടത് എന്ന നിബന്ധന അദ്ദേഹം മുആവിയക്ക് മുന്നില്‍ വെച്ചിരുന്നു. എന്നാൽ, ആ ഉറപ്പ് പൂര്‍ത്തീകരിക്കുന്നതിന് മുന്നേ ഏഡി 680ൽ മുആവിയ മരണമടഞ്ഞു. അതിന്‌ മുന്നേ 670ൽ ഹസ്സനും മരണപ്പെട്ടിരുന്നു.

മുആവിയക്ക് ശേഷം മകൻ യസീദാണ് അധികാരത്തിലെത്തിയത്. തിരഞ്ഞെടുപ്പിലൂടെയുള്ള ഭരണമാറ്റത്തിന് എന്നന്നേക്കുമായി തിരശീലയിട്ടുകൊണ്ട് രാജാധിപത്യത്തിലേക്കുള്ള കൂടുമാറ്റമായി ഇത് വിലയിരുത്തപ്പെടുകയും സമൂഹമധ്യത്തിലിത് വ്യാപകമായി എതിര്‍ക്കപ്പെടുകയും ചെയ്തു. എന്നാൽ, ചോദ്യം ചെയ്തവർക്കെതിരെ മുഴുവന്‍ നടപടിയെടുത്തുകൊണ്ടാണ് യസീദ് ഇതിനോട് പ്രതികരിച്ചത്.

ഈ സാഹചര്യത്തിലാണ് പ്രവാചകന്റെ പേരക്കുട്ടിയും മുന്‍ ഖലീഫ അലിയുടെ രണ്ടാമത്തെ മകനുമായ ഹുസൈനോട് ഖലീഫ പദവി ഏറ്റെടുക്കാൻ ജനങ്ങൾ ആവശ്യപ്പെടുന്നത്. മുന്‍ഗാമികളെപ്പോലെ അധികാര വ്യവസ്ഥിതിയിൽ നിന്നും മാറി നിൽക്കാനിഷ്ടപ്പെട്ട ഹുസൈൻ പക്ഷേ സാമ്രാജ്യത്തില്‍ നടമാടികൊണ്ടിരിക്കുന്ന രാഷ്ട്രീയ അരാജകത്വങ്ങൾക്കെതിരെ പ്രതികരിക്കാന്‍ മടിച്ചില്ല. തന്റെ ജ്യേഷ്ഠസഹോദരനും മുആവിയയും തമ്മിലുണ്ടാക്കിയ കരാറുകൾ പാലിക്കാൻ യസീദിനെ അദ്ദേഹം നിര്‍ബന്ധിച്ചു. എന്നാൽ, യസീദ് ഇത് അംഗീകരിക്കാൻ കൂട്ടാകാതിരുന്ന സാഹചര്യത്തിലാണ് കൂഫയിലെ ജനങ്ങൾ തങ്ങൾക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ നൽകാൻ അഭ്യര്‍ത്ഥിച്ചുകൊണ്ട് ഹുസ്സൈനെ കൂഫയിലേക്ക് ക്ഷണിക്കുന്നത്. ക്ഷണമേറ്റെടുത്ത് ഹുസൈൻ തന്റെ കുടുംബത്തേയും അനുയായികളേയും കൂട്ടി കൂഫയിലേക്ക് യാത്രയായി. എന്നാൽ, ഹുസൈന്റെ കടന്ന് വരവ് തന്റെ അധികാരത്തിനൊരു ഭീഷണിയാകുമെന്ന് മനസ്സിലാക്കിയ യസീദ് അവരുടെ രംഗപ്രവേശനം ഏതുവിധേനയും തടയാനും മദീനയിലേക്ക് തിരിച്ചയക്കാനുമായി ഇബ്നു സിയാദിന്റെ നേതൃത്വത്തിലുള്ളൊരു സൈന്യത്തെ വഴിയില്‍ നിയോഗിച്ചു. അവർ ഹുസ്സൈനേയും സംഘത്തെയും തടയുകയും കനത്ത രക്തചൊരിച്ചിലിലേക്കത് വഴിമാറുകയും ചെയതു. കര്‍ബല സംഭവം എന്നറിയപ്പെട്ട ഈ അക്രമത്തിൽ ഹുസ്സൈനടക്കം നിരവധിപേർ കൊല്ലപ്പെട്ടു.

ഇതോടെ ജനങ്ങൾ തിരഞ്ഞെടുക്കുന്ന ഖലീഫ സമ്പ്രദായത്തിന് പകരം ഏകാധിപത്യത്തിൽ അധിഷ്ഠിതമായ രാജാധിപത്യം നിലവിൽ വന്നു എന്ന് പറയാം. രാജാധിപത്യത്തോടും ഹുസ്സൈന്റെ വധത്തോടും രോഷമുണ്ടായിരുന്നവർ സംഘടിക്കാൻ തുടങ്ങി. ആദ്യ ഖലീഫയായി അലിയെ തിരഞ്ഞെടുത്തിരുന്നെങ്കിൽ അഥവാ, പ്രവാചക കുടുംബാംഗങ്ങളെ മാത്രം അധികാരമേൽപ്പിച്ചിരുന്നുവെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നുവെന്ന് അവർ വാദിച്ചു വന്നു. അവരാണ് പിന്നീട്, പ്രവാചക കുടുംബത്തിൽ അവശേഷിച്ച അവസാന കണ്ണിയായ ഹുസ്സൈന്റെ പ്രായപൂർത്തിയാകാത്ത മകൻ അലി ഇബ്നു ഹുസൈൻ സൈനുൽ ആബിദീൻ എന്നവരെ നേതാവായി കരുതിക്കൊണ്ട് 'ശീഅത്തു അലി' അഥവ, അലി വിഭാഗം എന്ന പേരിലറിയപ്പെട്ടത്. പിന്നീട് 1100 കൂടിയാണ്‌ ഷിയാ എന്ന ഒറ്റപ്പേരിൽ അവർ വിശ്രുതമാകാൻ തുടങ്ങിയത്‌. അതേസമയം, മറ്റൊരു വശത്ത് യസീദിന്റെ കുടുംബ വാഴ്ച്ചയോടും ശീഅത്തു അലിക്കാരുടെ സിദ്ധാതത്തോടും ഒരു പോലെ അകലം പാലിച്ച ഔദ്യോഗിക വിഭാഗവും നിലനിന്നു വന്നു. അവർ പ്രവാചക കുടുംബത്തെ ആദരിക്കുകയും അതേ സമയം തിരഞ്ഞെടുപ്പിലൂടെയുള്ള അധികാരകൈമാറ്റത്തോട് ആഭിമുഖ്യം പുലർത്തുകയും ചെയ്യുന്നവരായിരുന്നു. ബഹുഭൂരിപക്ഷം വരുന്ന ഈ മുസ്ലിം സമൂഹമാണ് പിൽകാലത്ത് പ്രവാചകചര്യ പിന്തുടരുന്നവർ എന്നർത്ഥം പ്രതിഫലിപ്പിക്കുന്ന 'അഹ്ലുസ്സുന്നത്തി വൽ ജമാഅ' അഥവാ, സുന്നി എന്ന പേരിലറിയപ്പെട്ടത്.

വിഭാഗീയതയയുടെ തുടക്ക കാലത്ത് ഈ രണ്ട് വിഭാഗങ്ങളും ശക്തമായ ആശയ സൈനിക സംഖട്ടനങ്ങളിൽ ഏര്‍പ്പെട്ടു വന്നിരുന്നു. പ്രവാചക കുടുബങ്ങളുടെ അധികാര ലബ്ദിക്കായി വാദിച്ചിരുന്ന ഷിയ വിഭാഗവും, മുന്‍ഗാമികൾ വഴിവെട്ടി നല്‍കിയ തിരഞ്ഞെടുപ്പിലൂടെയുള്ള അധികാര കൈമാറ്റ വ്യവസ്ഥക്കായി വാദിച്ചു വന്ന സുന്നികളും, രണ്ടിനെയും അംഗീകരിക്കാതെ തികച്ചും ഏകാധിപത്യ പ്രവണതയിൽ വർത്തിച്ചു വന്ന ഉമവികളും തമ്മിലുള്ള രാഷ്ട്രീയ മാത്സര്യങ്ങളാണ് പിന്നീട് ശക്തമായ ആശയ സംവാദങ്ങളിലേക്ക് നീങ്ങിയത്. ഭരണം നയിച്ചിരുന്ന ഉമയ്യദുകൾ മേല്‍ രണ്ട് പ്രബല വിഭാഗവുമായും, അവർ ഉമവികളേയും കഠിനമായി വിമര്‍ശിച്ചു വന്നു. ഈ അകല്‍ച്ച ഭരണ മേഖലയിലാണ് കൂടുതലും പ്രകടമായത് എന്ന് പറയാം. രാജ്യത്തിന്റെ വ്യത്യസ്ത മേഖലകളില്‍ ഉമവികൾക്ക് കീഴില്‍ ഗവര്‍ണര്‍മാരായും മറ്റും പ്രവർത്തിച്ചു വന്നിരുന്ന എതിർ ആശയക്കാരെ അധികാര സ്ഥാനത്ത് നിന്നും പുറത്താക്കി കൊണ്ടുള്ള ശുചീകരണ യത്നങ്ങളാണ് ഇതിന്റെ ആദ്യഘട്ടത്തിൽ ഉമവികൾ നടപ്പാക്കാൻ ശ്രമിച്ചത്‌. അതേ സമയം ഉമവികളുടെ കീഴിലുള്ള സുന്നി ഭരണാധികാരികൾ അവർ ഭരിക്കുന്ന ഇടങ്ങളിലെ ഷിയാ ന്യൂനപക്ഷത്തേയും പാർശ്വവത്കരിക്കാൻ ശ്രമിച്ചു. ഈ ഏറ്റുമുട്ടലില്‍ വിജയിച്ച വിഭാഗം തങ്ങളുടെ ആശയപ്രചാരകരെ മത രാഷ്ട്രീയാധികാരങ്ങളുടെ തലപ്പത്തിരുത്തുവാൻ പരിശ്രമിക്കുകയും ഭരണപരമായി വേറിട്ടു നിൽക്കാൻ പരിശ്രമിക്കുകയും ചെയതു വന്നത് ഒരുകാലത്ത് അതിശക്തമായി നിലനിന്നിരുന്ന ഇസ്ലാമിക സാമ്രാജ്യത്തിന്റെ വിഭജനത്തിലേക്കാണ് നയിച്ചത് എന്ന് പറയാം. അതുപ്രകാരം, ഷിയാ ധാരയിൽ സഫാവീദ്, ഫാഥ്വിമി ഭരണകൂടങ്ങളും സുന്നി ധാരയിൽ സെങ്കിദ്, അയ്യൂബി, ഓട്ടോമൻ, മുഗൾ ഭരണകൂടങ്ങളും ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിലവില്‍ വന്നു. അവർ തങ്ങളുടെ ആശയക്കാരെ നീതിപീഠങ്ങളിലും മതസ്ഥാപനങ്ങളുടെ അമരത്തും പ്രതിഷ്ഠിച്ചു.

ഇന്ത്യയിലെ ഡല്‍ഹി സുല്‍ത്താനേറ്റ്, മുഗള്‍ കാലഘട്ടത്തെ സുന്നി ആധിപത്യ കാലത്തോടൊപ്പം കൂട്ടി ചേര്‍ത്തുകൊണ്ടാണ് ചരിത്രകാരന്മാർ സൂചിപ്പിച്ചു വരുന്നത്. എന്നാൽ, അഭ്യന്തരമായ അനേകം കൊടുക്കൽ വാങ്ങലുകളിലൂടെ കടന്ന് പോയൊരു വിഭാഗം എന്ന നിലയില്‍ സുന്നിയേത്, ഷിയ ഏത് എന്ന് വേര്‍തിരിച്ചറിയാൻ കഴിയാത്ത സമൂഹമായിരുന്നു അക്കാലത്തെ ഇന്ത്യൻ മുസ്ലിം ജനത എന്ന് തീര്‍ത്ത് പറയാൻ സാധിക്കും. സുന്നി ഷിയാ വിഭജന കാലത്ത് ഷിയാ വിരുദ്ധ ചേരി ഉയർത്തി പിടിച്ച അവരുടെ പ്രഥമ ആവശ്യമായ തിരഞ്ഞെടുപ്പിലൂടെയുള്ള അധികാര കൈമാറ്റ രീതിയെ പോലും കാറ്റില്‍ പറത്തികൊണ്ട് തികച്ചും രാജാധിപത്യ വ്യവസ്ഥയിൽ അടിയുറച്ച ഏകാധിപത്യ ഭരണ സമ്പ്രദായമായിരുന്നു അക്കാലത്ത് ഇന്ത്യയിലുണ്ടായിരുന്നത്. ഇസ്ലാമിക ലോകത്തിന്റെ കേന്ദ്രസ്ഥാനം എന്ന നിലയില്‍ പ്രചുരപ്രചാരം നേടിയിരുന്ന തുര്‍ക്കിയുടെ സ്വാധീനമാണ്‌ ഈ സവിശേഷതയുടെ ഒരു പ്രധാന കാരണമെന്ന് പറയാം. സുന്നി ഷിയാ ആശയ സംവാദങ്ങള്‍ ഏറ്റവും മൂര്‍ത്തമായി അനുഭവിച്ച പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്ഥലം എന്ന നിലയിലും, മാറി മാറി കടന്നു വന്ന വ്യത്യസ്ത ചിന്താധാരകളിൽ അടിസ്ഥാനപ്പെടുത്തിയുള്ള ഭരണരീതികളുടെ സ്വാധീന ഫലമാണ്‌ തുര്‍ക്കി ഉള്‍പ്പെടെയുള്ള അറേബ്യന്‍ പ്രദേശങ്ങളിൽ ഇത്തരമൊരു സാഹചര്യം രൂപപ്പെടുന്നത്. അതിന്റെ മറ പിടിച്ചുകൊണ്ടാണ് ഷിയാ രീതികളിൽ നിന്നും കടം കൊണ്ടിട്ടുള്ള ശവക്കല്ലറ സൗന്ദര്യ വല്‍ക്കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങൾ ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍ തുടക്കം കുറിക്കുന്നതെന്നും കാണാൻ സാധിക്കും. ഇസ്ലാമിക നിയമങ്ങൾ ശക്തമായി എതിര്‍ത്ത ഈ ആചാരങ്ങള്‍ ഷിയാ ആദര്‍ശങ്ങളുടെ ഭാഗമാകുന്നത് ജൂത ക്രൈസ്തവ മതങ്ങളിൽ നിന്നുമാണ്. പുണ്യാത്മാക്കളുടെ ഖബറുകളുടെ സൗന്ദര്യ വല്‍ക്കരണം എന്ന പേരില്‍ തുടക്കം കുറിച്ച ഈ ദുരാചാരം പിന്നീട് മരണപ്പെടുന്ന രാഷ്ട്രീയ ഭരണ നേതൃത്വങ്ങളിലേക്കും കടന്നു ചെല്ലുകയുണ്ടായി. അതിൻപ്രകാരം, മരണപ്പെടുന്ന വ്യക്തിയുടെ ആത്മീയ ഉന്നമനങ്ങൾക്കപ്പുറം അവരുടെ അധികാര ശക്തികൂടി അതിന്റെ മാനദണ്ഡമായി മാറി എന്ന് പറയാം.

മേല്‍ സാഹചര്യങ്ങളിൽ നിന്നും അല്‍പ്പം വ്യത്യസ്തമായിരുന്നു കേരളീയ മുസ്ലീം പൊതുമണ്ഡലം. പുരാതന കാലം മുതലേ പ്രദേശത്തിനുണ്ടായിരുന്ന അറേബ്യന്‍ കേന്ദ്രീകൃത വിദേശ കച്ചവട ബന്ധങ്ങൾ കാരണമാണ് സുന്നി ആശയ ധാരയിലീ ദേശം അടിയുറച്ച് നിന്നത് എന്ന് പറയാം. കേരളത്തിന്റെ പടിഞ്ഞാറ്‌ വശത്തെ നീണ്ട തീരപ്രദേശങ്ങൾ ഹളർമൗത്ത്, ഈജിപ്ത്, ഒമാൻ തുടങ്ങിയ അറേബ്യന്‍ രാജ്യങ്ങളുമായി വിപുലമായ കച്ചവടബന്ധങ്ങളാണന്ന് പുലർത്തിപോന്നിരുന്നത്. മലബാർ സമാധാന ഭൂമികയാണെന്ന ശ്രുതി അറേബ്യൻ നാടുകളിലന്നേ നിലവിലുണ്ടായിരുന്നു. കച്ചവട മര്യാദ, സഹജീവി സ്നേഹം തുടങ്ങി കാലാവസ്ഥ, ജീവിത സാഹചര്യങ്ങൾ തുടങ്ങിയവ കാരണം ഈ ദേശം ജീവിതം കരുപ്പിടിപ്പിക്കാൻ ഉത്തമമാണന്നവർ കണക്കുകൂട്ടി. ഏത് പ്രദേശങ്ങളിലേക്കും കുടിയേറി തങ്ങളുടെ ജീവനും സ്വത്തിനും വിശ്വസത്തിനും എതിരാവാത്ത കാലത്തോളം അവിടങ്ങളിലെ നിയമങ്ങളെ മാനിച്ച് ജീവിക്കാൻ അവരോളം കഴിവുള്ള മറ്റൊരു ജനത വേറെയുണ്ടോ എന്ന് സംശയമാണ്. കച്ചവടം കൂടാതെ തങ്ങളുടെ വിശ്വാസത്തിന്റെ പ്രബോധനവും അവരുടെ മുഖ്യലക്ഷ്യമായിരുന്നു എന്ന് പറയാം. യഥാര്‍ത്ഥത്തില്‍, അറബികള്‍ അവരുടെ വിശ്വാസവുമായി ഇങ്ങോട്ട് വരികയായിരുന്നില്ല മറിച്ച് കേരള ജനത അറബികളുടെ വിശ്വാസത്തെ തേടി അങ്ങോട്ട് പോവുകയായിരുന്നു എന്ന് പറയുന്നതാവും കൂടുതൽ ശരി. കാരണം, പലവിധ ഉഛനീചത്വങ്ങൾ അനുഭവിച്ച് വന്നിരുന്ന ഒരു ജനതയുടെ അവസാന രക്ഷാകേന്ദ്രങ്ങളായിരുന്നു ജാതിയ ചിന്തകളെ പൂര്‍ണ്ണമായും നിരാകരിക്കുന്ന ഇസ്ലാമിക വിശ്വസം എന്ന് പറയാം.

കച്ചവട ലക്ഷ്യങ്ങള്‍ക്കപ്പുറം ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളുടെ സാധ്യതകളെ മനസ്സിലാക്കി കേരളത്തേക്ക് കടന്നുവന്ന മറ്റൊരു വിഭാഗമാണ് പ്രവാചക പരമ്പരയിൽപ്പെട്ട തങ്ങന്മാർ ഉള്‍പ്പെടെയുള്ള പാണ്ഡിതന്മാർ. പതിനേഴാം നൂറ്റാണ്ട് മുതലാണ് ഇവരുടെ വ്യാപകമായ കുടിയേറ്റമുണ്ടാകുന്നത്. അതിൽ സയ്യിദ് വംശത്തിൽപ്പെട്ടരും അങ്ങനെ അല്ലാത്തവരുമുണ്ടായിരുന്നു. ബാഹസൻ, ബാഅലവി, ജിഫ്രി, ബാഫഖി, സഖാഫ്, ജമാലുല്ലൈലി, അഹ്‌ദൽ, മൗലദ്ദവീല, ഐദീദ്, മുനഫർ, ഐദറൂസ് എന്നീ കുടുംബങ്ങളാണ് അതിൽ പ്രധാനപ്പെട്ടവർ. കേരളവുമായി കച്ചവട ബന്ധത്തിലുണ്ടായിരുന്ന യമനിലെ ഹളർമൗത്തിൽ നിന്നാണ്‌ അവരിലെ ഏറിയ പങ്കും കടന്ന് വന്നത് എന്നതിനാല്‍ ഹള്റമികൾ എന്നാണ്‌ അവർ പൊതുവില്‍ അറിയപ്പെടുന്നത്.

അറേബ്യൻ ഉപദ്വീപിന്റെ തെക്കന്‍ പ്രദേശങ്ങളിലവർ വ്യാപിക്കുന്നതിന് മുന്നേ മശാഇഖുമാര്‍ എന്നറിയപ്പെട്ട ഇമാമുമാര്‍ക്കായിരുന്നു മേല്‍ പ്രദേശങ്ങളിൽ സ്വാധീനമുണ്ടായിരുന്നത്. അവരാണ് അവിടങ്ങളിലെ മതകാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. ബാഫള്ല്‍ എന്നറിയപ്പെട്ടു വന്നിരുന്ന ഇവര്‍ പദവികളെല്ലാം സയ്യിദുമാര്‍ക്ക് ഒഴിഞ്ഞു കൊടുക്കുകയും അവരെ ആദരപുരുഷന്‍മാരായി വാഴ്ത്തുകയും ചെയ്തതോടെ ഹളര്‍മൗത്തിലുണ്ടായിരുന്ന ഇബാദീ, ഷിയാ വിഭാഗങ്ങളുടെ സ്വാധീനമില്ലാതായി. സയ്യിദുമാരിൽ ഭൂരിഭാഗവും സുന്നി ആദര്‍ശധാരയിൽ ഉള്‍പ്പെട്ട ശാഫീ കര്‍മ്മ മാര്‍ഗ്ഗം പിന്തുടരുന്നവരായിരുന്നു. അതിനാല്‍, അവർ കടന്ന് ചെന്ന സ്ഥലങ്ങളിലൊക്കെയും സുന്നി ആശയങ്ങൾക്കായിരുന്നു പ്രാമുഖ്യം ലഭിച്ചത്‌. ജനങ്ങളുടെ ആത്മീയമായും മതപരവുമായ നേതൃത്വം ഏറ്റെടുത്തതിനാല്‍ ഈ രണ്ട് വിഷയങ്ങളിലും കാര്‍ക്കശ്യം വേണമെന്നവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ശാഫീ കര്‍മ്മങ്ങളെ ആധാരമാക്കിയുള്ള ഗ്രന്ഥങ്ങള്‍ അവര്‍ പഠിക്കുകയും സ്വാധീനമുള്ള പ്രദേശങ്ങളിലവരത് പ്രചരിപ്പിക്കുകയും ചെയ്തു.

സയ്യിദ് ജിഫ്രി തങ്ങളുടെ കേരളാഗമനവുമായി ബന്ധപ്പെട്ടുകൊണ്ട് ഉമര്‍ മധുവായിയുടെ കൊണ്ടോട്ടി തങ്ങൾ എന്ന ഗ്രന്ഥത്തിലെ ഉദ്ധരണി കാണുക,

"മഹാനായ ശൈഖ് സയ്യിദ് ജിഫ്രി തങ്ങൾ ഒരു കർമ്മ ശാസ്ത്ര പണ്ഡിതനായിട്ടായിരുന്നു കേരളത്തിൽ പ്രബോധനം നടത്തി വന്നിരുന്നത്. അദ്ദേഹം യമനിലെ തരീമിൽ നിന്നും മലബാറിലേക്ക് വരുന്ന കാലത്ത് പതിനേഴ് വയസ്സായിരുന്നു പ്രായം. യമനിലും മധ്യപൂർവ്വ ദേശങ്ങളായ രാജ്യങ്ങളിലും സുന്നീ ശിയാ സംഘർഷങ്ങൾ രൂക്ഷമായിരുന്ന കാലമായിരുന്നു അതെന്ന് പറയാം. ബാഅലവികൾ അടക്കമുള്ള സാദാത്തുക്കൾ അക്രമങ്ങൾക്ക് വിധേയമായി വന്നു. അതിൽ നിന്ന് രക്ഷ നേടാൻ യമനിലെ സാദാത്തുക്കൾ ലോകത്തിൻ്റെ പല ഭാഗത്തേക്കും പോയ കൂട്ടത്തിൽ കേരളത്തിലേക്ക് വന്ന പ്രധാനികളിൽ ഒരാളായിരുന്നു ജിഫ്രി തങ്ങൾ എന്ന് പറയാം. വിശ്വാസപരമായും കർമ്മ ശാസ്ത്രപരമായും യമനിലേയും കേരളത്തിലേയും ഇസ്ലാമിക ചിന്താധാരകൾ ഏറെക്കുറെ സാമ്യമുള്ളതായതിനാൽ ജിഫ്രി തങ്ങൾ കോഴിക്കോട്ട് വന്ന് പ്രബോധനം തുടങ്ങിയപ്പോൾ ഇവിടത്തെ മത ചായവുമായി സമരസപ്പെട്ട് പോകൽ എളുപ്പമായി..."

ഇസ്ലാമിക ചരിത്രത്തിലെ ആദ്യമായി കെട്ടി ഉയര്‍ത്തപ്പെട്ട മഖ്ബറ എന്ന നിലയില്‍ പ്രശസ്തമായ കര്‍ബലയിലെ ഹുസൈന്‍ (റ) വിന്റെ അന്ത്യവിശ്രമ സ്ഥലം ഉള്‍പ്പടെയുള്ള ഇറാഖിലെ വിവിധ ഇടങ്ങളില്‍ ഷിയാ ആശയ ധാരകൾക്കായിരുന്നു കൂടുതൽ സ്വാധീനം ലഭിച്ചിരുന്നത്. ഇസ്ലാം രണ്ട് കൈവഴിയായി ഒഴുകി നീങ്ങിയപ്പോൾ മേല്‍കൈ ലഭിക്കുന്ന ഇടങ്ങളില്‍ അതാതു ആശയങ്ങൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുക സ്വാഭാവികമാണല്ലോ. അത്തരമൊരു ഇടത്ത് നിന്നും കടന്ന് വരുന്ന ഏതൊരു പ്രബോധകരിലും അതിന്റെ അംശങ്ങൾ അനുഭവപ്പെടുകയും സ്വാഭാവികം. ഒരുപക്ഷേ, അതുകൊണ്ട്‌ കൂടിയായിരിക്കാം മൊഹിയുദ്ദീന്‍ അബ്ദുൽ ഖാദർ ജിലാനിയുടെ പരമ്പരയിൽ നിന്നും എന്ന് അവകാശപ്പെട്ട് ഇറാഖിലെ ബസ്ര പോലുള്ളൊരു പ്രദേശത്ത് നിന്നും ഇസ്ലാമിക പ്രബോധനാവശ്യത്തിനാണങ്കില്‍ പോലും ഒരാൾ കടന്ന് വന്നത് സംശയ ദൃഷ്ടിയോടെ നിരീക്ഷിക്കാനും അവരുടെ പ്രവര്‍ത്തനങ്ങളിലെ ഷിയാ അംശങ്ങളെ വേര്‍തിരിച്ച് മനസ്സിലാക്കാനും കോഴിക്കോട് ജിഫ്രി ഉള്‍പ്പെടെയുള്ള ഹള്റമി തങ്ങന്മാർക്ക് വേഗത്തിൽ സാധിച്ചത്. ലോകത്തിന്റെ വിവിധ കോണുകളില്‍ നടക്കുന്ന ഏത് സംഭവവികാസങ്ങളേയും വേഗത്തിൽ ശാംസ്വീകരിച്ചെടുക്കാൻ കഴിയുന്ന കേരളീയ മുസ്ലീങ്ങളുടെ അതേ സവിശേഷത തന്നെയാണ് മുഹമ്മദ് ഷാഹിന്റെ പുതിയ ആശയത്തിന് അതിന്റെ ആദ്യകാലങ്ങളിൽ ഈ നാട്ടില്‍ ലഭിച്ച വമ്പിച്ച സ്വീകാര്യതയുടെ അടിസ്ഥാന കാരണവും. എന്നാൽ, അതൊരു വമ്പിച്ച സംവാദത്തിലേക്ക് നീങ്ങിയത് ഒരേ സമയം നിര്‍ഭാഗ്യകരവും എന്നാൽ, മലയാളികളുടെ മുന്‍കരുതലിന്റെ ഭാഗമായും വിലയിരുത്താൻ സാധിക്കും. ഇന്നും മറ്റൊരു രൂപത്തിലും ഭാവത്തിലും ആ ആശയ സംവാദങ്ങൾ കേരളീയ ഇസ്ലാമിക മണ്ഡലത്തിൽ സജീവമായി നിലനിന്നു വരുന്നു.

മഖ്ദൂം കുടുംബവും കുണ്ടോട്ടി തങ്ങന്മാരും വെവ്വേറെ വളർത്തിയ പൊന്നാനിക്കയ്യും കുണ്ടോട്ടിക്കയ്യും പരസ്പരം ചേരിതിരിഞ്ഞ് തമ്മിലടിച്ചപ്പോൾ അതിനെ നിസ്സംഗമനോഭാവത്തോടെയാണ് ബ്രിട്ടീഷധികാരികൾ എതിരേറ്റത്. തങ്ങളുടെ വിശ്വസ്ത സ്നേഹിതരായ കൊണ്ടോട്ടിയെ എതിര്‍ക്കുന്നതും കേരള മുസ്ലീങ്ങളിലെ വലിയൊരു വിഭാഗത്തിന്റെ ആത്മീയ നേതൃത്വമായ കോഴിക്കോട് ജിഫ്രിയേയും കൂട്ടരെയും എതിര്‍ക്കുന്നതും ഒരുപോലെ തങ്ങൾക്ക് പ്രതികൂലമാകുമെന്ന് അവർ കരുതിക്കാണണം. അതിനാൽ, വിശ്വസ്തനായൊരു മധ്യസ്ഥന്റെ രൂപത്തിൽ ഇരു ചേരികളുടെയും ഗുണകാംക്ഷികളായി അവർ ഭാവിച്ചു പോന്നു. യഥാർത്ഥത്തിൽ, ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കലിന്റെ മറ്റൊരു പ്രായോഗിക രൂപമായി ഇതിനെ വിലയിരുത്താൻ കഴിയും. സാമ്രാജ്യത്വത്തിനെതിരെ ഒരു കാലഘട്ടം മുഴക്കെയും അതിശക്തമായ സമരം നയിച്ച പാരമ്പര്യമവകാശപ്പെടാൻ സാധിക്കുന്ന ഒരു ജനതയെ ഇത്തരം ചില ഊരകുടുക്കുകളിൽ തളച്ചിട്ടാൽ അവർ തങ്ങളുടെ ലോകം അതിന്‌ ചുറ്റിലും മാത്രമായി പരിമിതപ്പെടുമെന്ന ബ്രിട്ടീഷുകാരുടെ കണക്കുകൂട്ടലുകളിൽ നിന്നുമാണ് ഇത്തരമൊരു നിസ്സംഗത രൂപപ്പെട്ടത് എന്ന് പറയാം.

ഇതുമായി ബന്ധപെട്ട് 1907 കാലത്ത് മലപ്പുറം സബ്ബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിലെ ഒരു രേഖയില്‍ പറയുന്നത് കാണുക,

"കട്ടുപ്പാറ (പുലാമന്തോൾ) ജുമുഅത്ത് പള്ളി സംബന്ധിച്ച് കൊണ്ടോട്ടി കൈക്കാരും (ഷിയാ) പൊന്നാനി കൈക്കാരും (സുന്നി) തമ്മിലുള്ള തർക്കം അസിസ്റ്റന്റ് കലക്‌ടർ (തുക്‌ടി) ഇ സി സ്മിത് സായിപ്പിന്റേയും എ എസ് പി ഹിച്ച് കോക്കിന്റേയും മധ്യസ്ഥതയിൽ ഒത്തുതീർപ്പാക്കി. മധ്യസ്ഥതയായെങ്കിലും കുണ്ടോട്ടി തങ്ങളുടെ നേതൃത്വത്തിൽ 5000 കുണ്ടോട്ടി കൈക്കാരും, അങ്ങാടിപ്പുറം വലിയ കുഞ്ഞിക്കോയതങ്ങളുടെ നേതൃത്വത്തിൽ 25000 പൊന്നാനികൈക്കാരും മലപ്പുറത്ത് എത്തിച്ചേർന്നതോടെ ക്രമസമാധാന പ്രശ്‌നത്തിൽ ജില്ലാ അധികൃതർ ഉത്ക്കണ്ഠാകുലരായിരുന്നു..."

മുഹമ്മദ് ഷായുടെ കാലശേഷവും പ്രസ്തുത തര്‍ക്കം നീണ്ടുനില്‍ക്കുകയും ആശയ സംഖട്ടനം പ്രത്യക്ഷമായ സമൂഹിക വിഭജനത്തിലേക്കും ഓരോ വിഭാഗത്തിനും വെവ്വേറെ പള്ളികള്‍ വരെ നിര്‍മ്മിക്കപ്പെടുകയും ചെയ്യുന്ന കാര്യങ്ങളിലേക്കും ഇതവരെ കൊണ്ടെത്തിച്ചു. സാധാരണക്കാർ മുതൽ നാട്ടുപ്രമാണിമാർ, മതപണ്ഡിതന്മാർ വരെയുള്ളവർ ഏതെങ്കിലുമൊരു ചേരിയിൽ അണിനില്‍ക്കേണ്ടത് നിര്‍ബന്ധമായി വന്നു. ഇത് കുഴപ്പത്തിന് കൂടുതൽ ആക്കം കൂട്ടി എന്ന് പറയാം. ഇസ്ലാം മതചിഹ്നങ്ങള്‍ പേറുന്ന ഏതൊരു സ്ഥാപനവും തങ്ങൾ ഏത് കൈ'യെയാണ് പ്രതിനിധീകരിക്കുന്നത് എന്ന് ജനമധ്യത്തിൽ വെളിവാക്കേണ്ടി വന്നൊരു സാഹചര്യം സമൂഹത്തില്‍ സംജാതമായി.

ഇഷ്തിയാഖ് ഷായുടെ കാലത്ത് അദ്ദേഹം നടപ്പിലാക്കാന്‍ ശ്രമിച്ച പലവിധ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഈ തര്‍ക്കങ്ങള്‍ പിന്നേയും കൂടുതൽ രൂക്ഷമായി. മുരീദുമാര്‍ ശൈഖനു മുമ്പില്‍ സുജൂദ് ചെയ്യുന്നത് വലിയ പുണ്യകരമായ കാര്യമാണന്ന് അദ്ദേഹം പ്രചരിപ്പിച്ചു വന്നതും മുഹറം ദിനത്തെ വമ്പിച്ച ആഘോഷമാക്കി കൊണ്ടാടിയതുമാണ് അതിനു പിന്നിലെ പ്രധാനപ്പെട്ട രണ്ടു കാരണങ്ങൾ. മുമ്പു തന്നെ ശിയാ പാരമ്പര്യം ആരോപിക്കപ്പെട്ടിരുന്ന കൊണ്ടോട്ടി കൈവഴിയില്‍ മേല്‍ സമ്പ്രദായങ്ങള്‍ ആരോപണത്തിന് കൂടുതൽ ശക്തിപകര്‍ന്നു എന്ന് പറയാം. പണ്ഡിതന്മാര്‍ ഏറെക്കുറെ ഒറ്റക്കെട്ടായി ഇതിനെ എതിര്‍ത്തെങ്കിലും ചില പണ്ഡിതന്മാരെങ്കിലും ഇതിനെ ന്യായീകരിച്ച് മുന്നോട്ട് വന്നു. കൊണ്ടോട്ടി ഖാദിയായിരുന്ന പുത്തന്‍തൊടിക അലി മുസ്‌ലിയാര്‍ കൊണ്ടോട്ടി തങ്ങള്‍ക്ക് സുജൂദ് ചെയ്യുന്നതിനെ പിന്തുണച്ച് ഫത്‌വ വരെ പുറപ്പെടുവിച്ചു. കൊണ്ടോട്ടി പഴയങ്ങാടി ജുമുഅത്ത് പള്ളിയില്‍ നടന്ന പരസ്യ വാദപ്രദിവാദം കൊണ്ടോട്ടിക്കൈ, പൊന്നാനിക്കൈ തര്‍ക്കത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായിരുന്നു. കൊണ്ടോട്ടി തങ്ങളെ പ്രധിനിധീകരിച്ചത് മുസ്‌ലിയാരകത്ത് അഹമ്മദ് കുട്ടി മുസ്‌ലിയാരും പൊന്നാനിക്കെയുടെ പ്രതിനിധി നിജാഇ മൊയ്തു മുസ്‌ലിയാരുമായിരുന്നു. വാദപ്രതിവാദത്തിന് ശേഷം അഹ്മദ് കുട്ടി മുസ്‌ലിയാര്‍ 'അല്‍ ബുസ്താന്‍' എന്ന പേരിലൊരു പുസ്തകം പ്രസിദ്ധീകരിക്കുകയും കൊണ്ടോട്ടി തങ്ങന്‍മാരുടെ ത്വരീഖത്തിനെയും പാരമ്പര്യത്തിനെയും വിശുദ്ധമാക്കുകയും ആരോപണങ്ങള്‍ക്ക് മറുപടി എഴുതുകയും ചെയ്തു. പുസ്തകം പുറത്തുവന്നപ്പോള്‍ പൊന്നാനി പക്ഷക്കാര്‍ കഴിയുന്നത്ര പണ്ഡിതന്മാരില്‍ നിന്നും കൊണ്ടോട്ടി തങ്ങന്മാര്‍ക്കെതിരെ ഫത്‌വകള്‍ വാങ്ങി പുറത്തിറക്കുകയുണ്ടായി. മഖ്ദൂമികളാൽ രചിക്കപ്പെട്ട 'ഫത്ഉൽ മുഈൻ' പോലുള്ള ഗ്രന്ഥങ്ങളിൽ ഖബറു കെട്ടിപൊക്കൽ പോലുള്ളതും മറ്റുമായ പലതിനെയും എതിർക്കുന്നതായി കാണാം. വെളിയങ്കോട് ഉമര്‍ ഖാദിയെപ്പോലെയുള്ള വേറെയും ധാരാളം പണ്ഡിതന്മാര്‍ ഫത്‌വകളിലൂടെയും കവിതകളിലൂടെയും കൊണ്ടോട്ടി തങ്ങന്മാര്‍ക്കെതിരെ എഴുതിയ രചനകൾ 'മജ്മഅത്തുല്‍ ഫതാവ' എന്ന പേരിലും സമാഹരിക്കപ്പെട്ടിട്ടുണ്ട്. എതിര്‍പ്പ് രൂക്ഷമായതോടെയാണ് കൊണ്ടോട്ടിയിലെ മുരീദുമാരുടെ സുജൂദ് ചെയ്യുന്ന ഏര്‍പ്പാട് അവർ അവസാനിപ്പിച്ചത്. എങ്കിലും, പില്‍ക്കാലത്ത് ഉല്‍പതിഷ്ണു, യാഥാസ്തിക വിവാദത്തിന് തുടക്കം കുറിക്കുന്നത് വരേയും കൈതര്‍ക്കം ഇവിടെ സജീവമായി നിലനിന്നു.

ഒരു കാലഘട്ടം മുഴുക്കെയും കേരളീയ പഠന സംവാദ മണ്ഡലങ്ങളെ സജീവമായി നിര്‍ത്തിയ, മഹത്തുക്കളായ അനേകം പണ്ഡിതന്മാരാൽ ദിശാബോധം നല്‍കപ്പെട്ടൊരു ആശയ സമരത്തിന്റെ അവസാന പരിണിതി എന്തായിരുന്നു എന്ന് പഠന വിധേയമാക്കുമ്പോൾ അത്ഭുദപ്പെടുത്തുന്ന അവസ്ഥാപരിണാമങ്ങളാണ് നമുക്ക് കാണുവാന്‍ സാധിക്കുക. കൊണ്ടോട്ടി ഷിയാ ആശയങ്ങളുടെ നീരൊഴുക്കിനെതിരെ കടുത്ത തടസ്സങ്ങള്‍ സൃഷ്ടിച്ച അതേ ധാരക്കുമേൽ കൊണ്ടോട്ടി ആശയങ്ങള്‍ ലയിച്ചു ചേര്‍ന്ന അത്ഭുദ പരിണിതിയാണ് പിന്നീടീ കാണാൻ കഴിഞ്ഞത്. തുടർന്ന്, പരസ്പരം വേര്‍തിരിച്ചെടുക്കാൻ കഴിയാത്ത രൂപത്തിൽ സുന്നി കൊണ്ടോട്ടി ആശയങ്ങൾ പരസ്പരം കൂടിക്കലർന്ന് ലോകത്തിൽ മറ്റൊരിടത്തും കാണാത്ത അനേകം പുതിയ രീതികള്‍ അഹ്ലു സുന്നത്തി വൽ ജമാഅ എന്ന പേരില്‍ കേരളത്തിൽ പ്രചരിപ്പിച്ചത് ഉത്തരേന്ത്യയെ സംബന്ധിച്ചെ നേരത്തെ പ്രതിപാദിച്ച അതേ സാഹചര്യങ്ങളുടെ തുടര്‍ച്ചയാണന്ന് പറയാം. അതോടു കൂടി പലതും തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥ അവരിലുണ്ടായി. മഖ്ബറകൾ കെട്ടിപൊക്കപ്പെട്ടു, അതിൽ പൂമൂടാനും അലങ്കരിക്കാനും സുജൂദ് ചെയ്യാനും തുടങ്ങി. വിശേഷാവസരങ്ങളിൽ ആനയും ചെണ്ടകൊട്ടും, കരിമരുന്നു പ്രയോഗത്തിനു അനുവാദം കൊടുക്കുന്ന ഫത്‌വകൾ വരെ വ്യാപകമായി. ബഹുമാനിക്കുന്നു എന്ന പേരില്‍ നബി കുടുംബം നിരന്തരം അവഹേളിക്കപ്പെട്ടു. മുഹറം വീണ്ടും വര്‍ണ്ണാഭമായി ആഘോഷിക്കപ്പെട്ടു. കർബല ദിനത്തിൽ ഷിയാ വിഭാഗങ്ങൾ ചെയ്ത് വന്നിരുന്ന സ്വന്തം ശരീരത്തെ സ്വയം മര്‍ദ്ദിക്കുന്ന ഏര്‍പ്പാട് കുത്ത്റാത്തീബ് എന്ന പേരില്‍ ആചരിക്കപ്പെട്ടു. കൂടാതെ, ശൈഖിന് മുന്നില്‍ സുജൂത് ചെയ്യുന്നതും മരണ ശേഷവും അദ്ദേഹത്തോട് സഹായം തേടുന്നതും വരെ നിരന്തരം ന്യായീകരിക്കപ്പെട്ടു. അതിന്റെയൊക്കെ കൂടി ഫലമാണ് ഇസ്ലാമിക പ്രവർത്തനങ്ങൾ കാലക്രമേണ സംഘടന രൂപം പ്രാപിക്കുന്നതും പൊന്നാനി കൈക്ക് ബദലായി അവരില്‍ ചിലര്‍ നിലകൊള്ളുകയും ചെയ്തു വന്നത് എന്ന് കാണാനാകും.

കൊണ്ടോട്ടികൈ അഥവാ മുള്ള്യാകുർശ്ശി തക്കിയ


മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ താലൂക്കില്‍ കീഴാറ്റൂര്‍-വെട്ടത്തൂര്‍ പഞ്ചായത്തുകളുടെ ഏതാനും ഭാഗങ്ങളടങ്ങിയ വിശാലമായൊരു ഭൂപ്രദേശമാണ് മുള്ള്യാകുർശ്ശി പള്ളിക്കുത്ത് ദേശം. 1947 വരെ ബ്രിട്ടീഷ് മലബാര്‍ ജില്ലയുടെ ഭാഗമായിരുന്ന ഈ ഭൂപ്രദേശത്ത് കൂടുതലായും വിശാലമായ പാട ശേഖരങ്ങളാണ് കാണാൻ കഴിയുക. അതിനാല്‍ തന്നെ പരമ്പരാഗതമായി കൃഷിയായിരുന്നു ഈ നാടിന്റെ പ്രധാന ജീവിതോപാധി എന്ന് പറയാം. ചുറ്റും ഉയർന്ന് നില്‍ക്കുന്ന ഗിരിനിരകള്‍ക്ക് നടുവില്‍ ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍വേ പാതയും പെരുമ്പിലാവ് നിലമ്പൂര്‍ സ്റ്റേറ്റ് ഹൈവേയും ഭാഗിച്ചെന്ന നിലയിൽ ഈ പാടശേഖരങ്ങളുടെ വിശാലത കാണാൻ കഴിയുന്നു. മേല്‍ വയലോലകളുടെ ഒരറ്റത്ത് റെയില്‍വേ ലൈനിന് തൊട്ടരികിൽ കെട്ടിപൊക്കപ്പെട്ട നിലയിലുള്ള ഏതാനും ഖബറുകൾ ഉള്‍ക്കൊള്ളുന്ന ഒരു ദർഗ്ഗ സ്ഥിതിചെയ്തു വരുന്നതിനെ പ്രാദേശികമായി തക്കിയ അല്ലെങ്കിൽ തക്കിയക്കൽ എന്നാണ് വിളിച്ചു വരുന്നത്. തസ്ഖിയ എന്ന വാക്കില്‍ നിന്നാണ്‌ ഈ വാക്ക് രൂപപ്പെട്ടിരിക്കുന്നത്. മേല്‍ കെട്ടിടം ഈ നാടിന്റെ ചരിത്രത്തിൽ അടയാളപ്പെട്ടു കിടക്കുന്നൊരു മന്ദിരമാണന്ന് പറയാം. ഏറെ ഉയരത്തിൽ വളര്‍ന്നു നില്‍ക്കുന്ന തേക്ക് മരങ്ങളും, അതിന്‌ നടുവിലെ തക്കിയയും, മുറ്റത്തെ ചന്ദനമരക്കുന്ന കല്ലും, പുരാതനമായ കീഴ്മുറി പള്ളിയും, പള്ളിക്കുളവുമെല്ലാം ആ ഗതകാല ചരിത്രത്തിന്റെ മൂകസാക്ഷികളായി ഇന്നും നിലനിന്ന് വരുന്നു.

മലബാര്‍ മേഖലയില്‍ ജുമനമസ്കാരം നടക്കാത്ത ചെറിയ പുള്ളികളെ സ്രാമ്പി അല്ലെങ്കിൽ സെറാമ്പി എന്നാണ്‌ വിളിച്ചു വരുന്നത്. കൃഷിയിടങ്ങൾക്കും വലിയ ആൾ സഞ്ചാരങ്ങളില്ലാത്ത തെരുവുകളുടെ സമീപത്തും അല്‍പ്പം ഉയർത്തി കെട്ടിയ നിലയിൽ പ്രത്യേകം രൂപഭാവത്തോടു കൂടി ഇത്തരം പള്ളികള്‍ നിർമ്മിച്ച് പരിപാലിക്കുന്നത് അതാതു പള്ളികൾക്ക് അരികില്‍ താമസിച്ചു വരുന്ന വിശ്വാസികളാണെന്ന് കാണാൻ കഴിയും. ഒരുപക്ഷേ, കഴിഞ്ഞകാല മനുഷ്യരുടെ ആത്മീയ ഭൗതിക ജീവിത സമന്വയത്തിന്റെ അടയാളങ്ങളാണ് അത്തരം പള്ളികളെന്ന് നിസ്സംശയം പറയാം. ഏത് തിരക്കിട്ട ജോലികള്‍ക്കിടയിലും സൃഷ്ടിച്ച് പരിപാലിക്കുന്ന തന്റെ രക്ഷിതാവിനെ വിസ്മരിച്ചുകൂട എന്ന കേവല വിശ്വസത്തിന്റെ പ്രതിഫലനം. സ്രാമ്പി എന്ന വാക്കിന് പൊതുവായി കാണപ്പെടുന്ന അർത്ഥം മാളിക, ബംഗ്ലാവ് എന്നൊക്കെയാണ്‌. മലായ്, ഇന്തോനേഷ്യൻ ഭാഷയിലും ഈ വാക്കിനോട് സാമ്യമുള്ള സെറാമ്പി എന്നൊരു വാക്ക് ഉപയോഗിച്ച് വരുന്നുണ്ട്. ഉയർന്ന പ്രതലം, ബാൽക്കണി എന്നൊക്കെയാണ് അതിന്റെ അര്‍ത്ഥമായി സൂചിപ്പിച്ചു വരുന്നത്. എന്നാൽ, മേല്‍ വാക്കിന്റെ ഉത്ഭവം മലായ്-ഇന്തോനേഷ്യൻ ഭാഷയിൽ നിന്നാണോ അതോ, തിരിച്ചാണോ എന്ന് ഇനിയും അന്വേഷിച്ച് കണ്ടത്തേണ്ടിയിരിക്കുന്ന കാര്യമാണ്. എന്നിരുന്നാലും, സ്രാമ്പ്യ എന്ന വാക്കിന് മുകൾ തട്ടോടു കൂടിയ ഭവനം, ഭൂനിരപ്പിൽ നിന്നും ഉയർത്തിക്കെട്ടിയ കെട്ടിടം, തൂണിന്മേൽ കെട്ടിയുണ്ടാക്കിയ പാര്‍പ്പിടം എന്നൊക്കെയാണ് അര്‍ത്ഥമെന്ന് നിസ്സംശയം പറയാൻ സാധിക്കും.

കൊച്ചി ഉള്‍പ്പടെയുള്ള മധ്യകേരളം മുതൽ തിരുവനന്തപുരം വരെയുള്ള സ്ഥലങ്ങളിൽ ഇത്തരം പള്ളികളെ തക്ക്യാവ് അല്ലെങ്കിൽ തക്കിയ എന്നാണ് സൂചിപ്പിച്ചു വരുന്നത്. എന്നാൽ, മലബാർ മേഖലയില്‍ തക്കിയ എന്ന സൂചന പലപ്പോഴും പള്ളികളാണന്ന് പറയാൻ കഴിയില്ല. മറിച്ച്, കൊണ്ടോട്ടി സ്വാധീനത്തിൽ നിന്നും ഉരവം കൊണ്ടുവന്നിട്ടുള്ള, പള്ളിയാണന്ന് പറയാൻ കഴിയാതെ ചില ആത്മീയ കേന്ദ്രങ്ങളെയാണ് ആ പേരുകൊണ്ട് സൂചിപ്പിച്ചു വരുന്നത്. മേല്‍ കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വന്നിരുന്ന ശൈഖിന്റെ ഖബറിടമായും അത് പിന്നീട് പരിവര്‍ത്തിക്കപ്പെടുന്നു. ഒരുപക്ഷേ, മധ്യേഷ്യൻ, കോൺസ്റ്റാന്റിനോപ്പിൾ തുടങ്ങിയ സ്ഥലങ്ങളില്‍ സൂഫി പുണ്യവാളന്മാരുടെ വിശ്രമസ്ഥലം അല്ലെങ്കിൽ അന്ത്യവിശ്രമ സ്ഥലത്തെ തക്യാ എന്ന് സൂചിപ്പിച്ചു വരുന്നതിൽ നിന്നും കടം കൊണ്ടായിരിക്കാം അങ്ങനെയൊരു സംജത ഇവിടെ രൂപപ്പെട്ടത് എന്ന് അനുമാനിക്കാം. അവിടങ്ങളില്‍ അത്തരം കേന്ദ്രങ്ങൾക്ക് സമീപത്തൊരു കൊടിയോ കൽകുറ്റിയോ വെച്ച് അടയാളപ്പെടുത്തുക പതിവായിരുന്നു. അത് ഇവിടേയും പിന്തുടര്‍ന്നു വരുന്നതായി കാണാം. എങ്കിലും, മലബാര്‍ മേഖലയില്‍ അത്തരത്തിലുള്ള ഖബറിടങ്ങളെ തക്യ എന്ന പദത്തേക്കാൾ മഖ്ബറ, ജാറം അല്ലെങ്കിൽ, യാറം എന്ന പേരിലാണ് വ്യാപകമായി വിളിക്കപ്പെടുന്നത് എന്ന് വിസ്മരിക്കാവതല്ല.

അറബിയില്‍ നിന്നും ഉരവം കൊണ്ടിട്ടുള്ളൊരു പേര്‍ഷ്യന്‍ വാക്കായ തക്യാവിനെ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ദക്ഷിണ കേരളത്തിന്റെ ചില ഭാഗങ്ങളിൽ തൈക്കാവ് എന്ന് സൂചിപ്പിച്ചു വരുന്നത്, മേല്‍ വാക്കിനെ മലയാളീകരിക്കാൻ നടത്തിയ ഒരു ഉദ്യമമാണന്ന് തോന്നാം. പ്രഥമദൃഷ്ട്യാ കാവ് എന്ന വാക്കുമായി ബന്ധമുള്ള ഒരു പ്രയോഗമായി തൈക്കാവിനെ അനുഭവപ്പെടുമെങ്കിലും ആത്മസംസ്കരണം എന്ന അര്‍ത്ഥത്തെ ധ്വനിപ്പിക്കുന്ന തസ്കിയ എന്ന മൂല പദത്തിൽ നിന്നാണ് തക്ക്യ രൂപപ്പെട്ടിട്ടുള്ളത് എന്ന് മനസ്സിലാക്കാൻ സാധിക്കും. തസ്ഖിയ എന്ന പദത്തിന്റെ തക്ക്യയയിലേക്കുള്ള യാത്രക്കിടയില്‍ ഉണ്ടായി വന്നിട്ടുള്ള മറ്റൊരു പദമാണ് സാവിയ. ചില അറബ് നാടുകളിൽ സൂഫിയാക്കൾ തങ്ങിയിരുന്ന സത്രങ്ങളെ സാവിയ എന്ന് സൂചിപ്പിച്ചു വന്നിരുന്നു. കൂട്ടം, സമ്മേളനം എന്നൊക്കെയാണ് അതിന്റെ അര്‍ത്ഥമെന്ന് കാണാൻ കഴിയും. അല്ലെങ്കിൽ ഒരുപക്ഷേ, തസ്ഖിയയുടെ പേര്‍ഷ്യന്‍ രൂപാന്തരമായി തക്കിയയും അറേബ്യൻ രൂപാന്തരമായി സാവിയയയും രൂപപ്പെട്ടിരിക്കാനും മതി. എന്നിരുന്നാലും, പേര്‍ഷ്യനിൽ വിശ്രമസ്ഥലം, കസേര കൈ, താങ്ങ് എന്നൊക്കെയാണ്‌ അതിന്റെ അന്തരാർത്ഥമെന്നും കാണാൻ സാധിക്കും.

ചുരുക്കി പറഞ്ഞാൽ, ആത്മസംസ്കരണം എന്ന അര്‍ത്ഥമുള്ള തസ്ഖിയ എന്ന മൂലപദത്തിൽ നിന്നും രൂപപ്പെട്ടിട്ടുള്ള തക്യാ അല്ലെങ്കില്‍ തക്കിയാവ് എന്നതിന്റെ സൂചന ഒരു ശൈഖ് തന്റെ ആരാധനകൾ നിര്‍വ്വഹിക്കുന്ന കേന്ദ്രം അല്ലെങ്കിൽ, അദ്ദേഹത്തിന്റെ ആത്മീയാധ്യാപനം, ജനസമ്പർക്കം തുടങ്ങിയ കാര്യങ്ങൾക്ക് വേണ്ടിയുള്ള കേന്ദ്രമാണെന്ന് പറയാം. ഇത്തരത്തിൽ മുഹമ്മദ് ഷാഹ് തങ്ങളുടെ കാലത്തു തന്നെ കൊണ്ടോട്ടിക്ക് പുറത്ത്‌ വിവിധ ഇടങ്ങളില്‍ തക്കിയകൾ സ്ഥാപിക്കുകയും അത്തരം കേന്ദ്രങ്ങളില്‍ സ്വകുടുംബങ്ങളിൽ നിന്നും മുരീദന്മാർക്കിടയിൽ നിന്നും ആളുകളെ നിയമിക്കുകയും പതിവായിരുന്നു. അതുപ്രകാരമാണ്‌ പാലക്കാട് പുതുനഗരത്ത് സിറാജുദ്ധീൻ എന്നവരും, അരീക്കോട് ഫക്കീര്‍ റഹമാൻ ഷാഹ് എന്നവരും നിയമിക്കപ്പെടുകയും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു വന്നത്. ഒരുപക്ഷേ, അതാതു പ്രദേശത്ത് ജീവിച്ച് വരുന്ന കൊണ്ടോട്ടി തങ്ങന്മാരുടെ അനുയായികളുടെ പ്രേരണ അഥവാ ക്ഷണം മൂലമോ അല്ലെങ്കിൽ, കൊണ്ടോട്ടി തക്കിയക്ക് വഖ്ഫായി ലഭിച്ച സ്ഥലം വഴി തക്കിയയുടെ അധികാര പരിധിക്കുള്ളിൽ വരുന്നതോ ആയ സ്ഥലത്താണ് ഇത്തരം കേന്ദ്രങ്ങൾ അല്ലെങ്കിൽ അവരുടെ ആശയ പ്രചാരണ കേന്ദ്രങ്ങള്‍ തുടക്കം കുറിക്കുന്നത്. മുള്ള്യാകുർശ്ശിയിലെ തക്കിയ ഉള്‍പ്പടുന്ന പ്രദേശം കൊണ്ടോട്ടിക്കു കീഴിലേക്ക് കടന്നു വരുന്നത് ടിപ്പു സുല്‍ത്താന്റെ കാലത്തായിരുന്നു എന്ന് എ കെ കോഡൂർ തന്റെ ആംഗ്ലോ മാപ്പിള യുദ്ധം എന്ന ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നുണ്ട്. അക്കാലത്ത് കൊണ്ടോട്ടി കേന്ദ്രീകരിച്ച് മുഹമ്മദ് ഷാഹ് എന്നൊരു സിദ്ധന്‍ പ്രവർത്തിച്ചു വന്നിരുന്നു എന്ന് മൈസൂരിന് അറിവുണ്ടായിരുന്നു എങ്കിലും ഷിയ വിഭാഗങ്ങളെ പൊതുവെ അംഗീകരിക്കാത്ത മൈസൂര്‍ ആദ്യകാലങ്ങളിൽ അവരുമായി ബന്ധം സ്ഥാപിക്കാൻ ഒരുക്കമായിരുന്നില്ല എന്ന് കാണാൻ കഴിയും. എന്നാൽ, മലബാറിലെ തങ്ങളുടെ സര്‍വ്വാധിപത്യത്തിന് ഏതങ്കിലും തരത്തിലുള്ളൊരു പിടിവള്ളി ആവശ്യമാണ്‌ എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങളിൽ നിന്നും വ്യത്യസ്തമായൊരു ചിന്തധാരയായിരുന്നിട്ട് കൂടി കൊണ്ടോട്ടിയിലെ മുഹമ്മദ് ഷായുമായി സഹകരിക്കാന്‍ ടിപ്പു തീരുമാനിക്കുന്നതും തങ്ങൾ ഫറൂഖാബാദ് കോട്ടയില്‍ ടിപ്പുവിനെ നേരിട്ട് ചെന്ന് കണ്ട് തന്റെ അംഗീകാരം അറിയിക്കുകയും ചെയ്യുന്നത്. അതുവഴിയാണ് പിന്നീട് കൊണ്ടോട്ടി ഖുബ്ബക്ക് ചുറ്റുമുള്ള വലിയൊരു ഭൂപ്രദേശത്തിന്റേയും കൊണ്ടോട്ടിയില്‍ നിന്നും വളരെ അകലത്തിൽ സ്ഥിതിചെയ്യുന്ന മുള്ള്യാകുർശ്ശി, കാളികാവ്, പുതുനഗരം, കട്ടുപ്പാറ തുടങ്ങിയ പ്രദേശങ്ങളിലേയും നികുതി പിരിക്കാനുള്ള അവകാശം അഥവാ ഇനാംദാർ പദവി ടിപ്പു സുല്‍ത്താൻ കൊണ്ടോട്ടി തങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നത്.

മുള്ള്യാകുർശ്ശിയിലെ തങ്ങളുടെ അനുയായികള്‍ക്കായി ഇശ്തിയാഖ് ഷാഹ് തങ്ങളുടെ കാലത്ത് അവിടെ നിര്‍മ്മിക്കപ്പെട്ട പള്ളിയാണ് മുള്ള്യാകുർശ്ശി കീഴ്മുറി ജുമാഅത്ത് പള്ളി. പള്ളി നിർമ്മാണം അവസാനിക്കുന്നതിന് മുമ്പ് തന്നെ അതിൻ്റെ മുൻവാതിലിൽ പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൊത്തിവെക്കപ്പെട്ട ഫലകം ഇന്നും അവിടെ കാണുവാൻ സാധിക്കും. അതിൽ പറയുന്നു,

"സത്യവിശ്വാസികളെ, ഈ പള്ളി ശൈഖുൽ മശാഇഖും ഔലിയാക്കളിൽ പ്രധാനിയുമായ കൊണ്ടോട്ടിയിൽ അന്ത്യവിശ്രമം കൊള്ളുന്ന മുഹമ്മദ് ഷാഹ് തങ്ങളുടെ തക്കിയയുടെ പരിധിയിൽ നിലകൊള്ളുന്നതാണ്. മുഹമ്മദ് ഷാഹ് തങ്ങളുടെ ഖലീഫയും പൗത്രനുമായ ഇശ്‌തിയാഖ് ഷാഹ് ബിൻ അഹ്മദ് ഷാഹ് അൽ ചിശ്‌തി അൽ ഖാദിരിയുടെ സമ്മതപ്രകാരം നാട്ടുപ്രമുഖരായ കടവക്കൽ അലി ബിൻ മുഹിയുദ്ദീനും കൂരിയാട്ട് മരക്കാർ ബിൻ മായനുമാണ് ഇത് നിർമ്മിച്ചത്. പള്ളി നിർമ്മാണം പൂർത്തിയാകുന്നതിന് മുമ്പ് ഹിജ്റ 1255 ജുമാദൽ ഊലാ മാസത്തിലാണ് ഈ ഫലകം എഴുതപ്പെട്ടത്..."

മേല്‍ കീഴ്മുറി പള്ളിയുടെ സമീപത്താണ് പിന്നീട് സൂഫിയും ചിശ്‌തി, ഖാദിരി ത്വരീഖത്തുകളുടെ ശൈഖുമായ അബ്ദുർറഹ്‌മാൻ ഷാഹ് എന്ന വലിയ റഹ്മാന്‍ ഷാഹ് തങ്ങൾ തന്റെ തക്കിയ സ്ഥാപിക്കുകയും പ്രവര്‍ത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്യുന്നത്. എങ്കിലും, റഹ്‌മാൻ ഷാഹ് കൊണ്ടോട്ടി തക്കിയയുടെ സ്ഥാനീദാർ അഥവാ കൊണ്ടോട്ടി വലിയ തങ്ങളായിരുന്നില്ല. മറിച്ച്, അത്തരമൊരു പദവി വഹിക്കുന്നതിനേക്കാൾ ഉന്നതമായ സ്ഥാനവും ആദരവും പ്രദേശത്തെ ശിഷ്യ ഗണങ്ങൾ അദ്ദേഹത്തിന് നൽകിയിരുന്നു എന്ന് കാണാൻ സാധിക്കും. പിന്നീട്, റഹ്മാന്‍ ഷാഹ് തങ്ങൾ തന്റെ അവസാന കാലം ചെലവഴിച്ചതും മരണപ്പെട്ടതും മറമാടപ്പെട്ടതും മുള്ള്യാകുർശി കീഴ്മുറി പള്ളിക്ക് സമീപത്തെ അദ്ദേഹത്തിന്റെ തക്കിയയിൽ തന്നെയായിരുന്നു.

റഹ്മാൻ ശാഹ് തങ്ങളുടെ കാലത്ത് ജീവിച്ച പണ്ഡിതനും കവിയും വാഗ്മിയുമായിരുന്ന മുസ്ലിയരകത്ത് സൈനുദ്ധീൻ മുസ്ലിയാർ എന്ന കുഞ്ഞുട്ടി മുസ്ലിയാർ റഹ്‌മാൻ ശാഹ് തങ്ങളുടെ ചരിത്രം വിവരിക്കുന്ന ഒരു മാല അക്കാലത്ത് എഴുതിട്ടുണ്ട്. മഹ‌ലിയത്തുൽ അഫ്‌വാഹ് ഫീ മനാഖിബി ശൈഖ് റഹ്മാൻ ശാഹ് എന്നാണ് മാലയുടെ മുഴുവൻ പേര്. 136 ഈരടികളിലും 120 വരികളിലുമാണ് റഹ്‌മാൻ ശാഹ് തങ്ങളുടെ ചരിത്രവും കറാമത്തുളും വിവരിക്കുന്ന മാല അദ്ദേഹം രചിച്ചിട്ടുള്ളത്. സാധാരണ മാപ്പിള കവികളുടെ പതിവനുസരിച്ച് ബിസ്മിയും ഹംദും സ്വലാത്തും എഴുതിയിട്ട് മാല തുടരുന്നതിങ്ങിനെയാണ്...

"യദമിൽ മഹാദാനി എങ്കും പിറദാനി യശമിൽ റഹ്മാനി ശാഹ് വലീയാണോവർ അദമിൽ എനെ ഇന്ന് അവരുടെ കശ്‌ഫിന്ന് അൽപ്പം പലേദിന്ന് എടുത്ത് മൊളിന്തോവർ നിദമിൽ ഉലുവ്വിയ്യാ നിശയാം തജല്ലിയ്യാ നിറവാം ഖാദിരിയ്യാ വയ്യിൽ മികത്തോവർ ചിദമിൽ ഫീ ചിശ്‌തിയ്യാ നിറമാൽ അതിൽ അയ്യാ ചിറമായവർ വയ്യാ ശുഹ്റിൽ മതിത്തോവർ..."

ആശയ വ്യതിരിക്തകളിൽ നിന്നുണ്ടാകുന്ന അസ്വസ്ഥതകൾ കൊണ്ടോട്ടിക്കും അതിന്‌ ചുറ്റുവട്ടത്തും അനുഭവപ്പെട്ടത് പോലെ അക്കാലത്തെ ഒരു സുപ്രധാന കൊണ്ടോട്ടി ആശയ കേന്ദ്രം എന്ന നിലയില്‍ മുള്ള്യാകുർശ്ശിയിലും അനുഭവേദ്യമായിരുന്നു എന്ന് സ്വാഭാവികമായും അനുമാനിക്കാൻ സാധിക്കും. അക്കാലത്ത് പ്രദേശത്തെ ഹരിജനങ്ങളുൾപ്പെടെയുള്ള മുസ്ലീം ഇതര വിഭാഗങ്ങളുമായി സൗഹാര്‍ദ്ദത്തിലും ശാന്തിയിലും കഴിഞ്ഞ് വന്നിരുന്ന മുസ്ലീം ജീവിതങ്ങളെ ചുണ്ടികാട്ടി അതൊക്കെയും കൊണ്ടോട്ടി സ്വാധീന ഫലമായാണ് സംഭവിച്ചത് എന്ന് പറയുന്ന ചില കൊണ്ടോട്ടി പക്ഷക്കാരെ കാണാൻ സാധിക്കും. എന്നാൽ, മനുഷ്യരെ മുഴുവനും ഒരൊറ്റ മാതാവിന്റേയും പിതാവിന്റെ സന്താനങ്ങളായി കാണുന്ന ഇസ്ലാമിക ദര്‍ശനത്തിൽ നിന്നും പാഠം ഉൾകൊണ്ടവരെന്ന നിലയില്‍ മാപ്പിളമാര്‍ ജീവിച്ചു വരുന്ന ഏതൊരു പ്രദേശത്തും ഈ സൗഹൃദം കാണാൻ കഴിയും എന്നുള്ളതാണ് നേര്‌. അത് മുസ്ലീം ജീവിതങ്ങളുടെ ഒരു പൊതു സവിശേഷതയായി മനസ്സിലാക്കാം. എന്നിരുന്നാലും, കേരളീയ സംവാദ മണ്ഡലങ്ങളെ കൈ വിവാദങ്ങൾ സജീവമാക്കിയിരുന്ന കാലത്ത്‌ ചുങ്കം പ്രദേശത്തെ സംബന്ധിച്ചെടുത്തോളവും കൊണ്ടോട്ടി ഒരു ചർച്ച വിഷയമായിരുന്നിരിക്കണം. അതിന്റെ സുവര്‍ണ്ണ കാലം തൊട്ട് അസ്തമയ കാലം വരെയുള്ള ഓരോ നാഴികക്കല്ലുകളും ഈ പ്രദേശത്തും പ്രകടമായിരുന്നു എന്ന് പറയുന്നതാകും കൂടുതൽ ശരി. എങ്കിലും, കൊണ്ടോട്ടി ആശയധാരയുടെ അടിസ്ഥാനത്തിലുള്ള ദീനി പ്രവര്‍ത്തനങ്ങൾക്കപ്പുറം അത് ഈ പ്രദേശത്തിന്റെ സമൂഹിക മണ്ഡലങ്ങളെ എങ്ങനെയാണ് സ്വാധീനിച്ചത് എന്നുള്ളതിന് വ്യക്തമായ തെളിവുകളൊന്നും തന്നെയില്ലാതെ പോയത് ഒരുപക്ഷേ, പിൽക്കാലത്ത് കൊണ്ടോട്ടി സുന്നി ലയനം നടന്നത് വഴി കൊണ്ടോട്ടി വാദങ്ങള്‍ അതിന്റെ അസ്സല്‍ പേരില്‍ നിന്നും വ്യതിചലനം സംഭവിച്ചത് കൊണ്ടാകാം എന്ന് പറയാം.

പൊന്നാനികൈ അഥവാ ശാന്തപുരം മഹല്ല് രൂപീകരണം


കൈ വിവാദം ഒരു ചർച്ച വിഷയം എന്ന നിലയില്‍ നിന്നും പ്രത്യക്ഷമായ സമൂഹിക വിഭജനത്തിലേക്ക് അഥവാ ഒരോ വാദക്കാർക്കും പരസ്പരം ഒന്നിച്ചു നിൽക്കാൻ കഴിയാതെ വന്ന സാഹചര്യത്തിലാണ് തങ്ങൾ ഏത് കൈ'യെയാണ് പ്രതിനിധീകരിക്കുന്നത് എന്ന് ജനമധ്യത്തിൽ വെളിവാക്കേണ്ടി വന്ന സാഹചര്യം നാടുകളിൽ സംജാതമായത്. അതുമൂലം സാധാരണക്കാർ മുതൽ മതപണ്ഡിതന്മാർ വരെയുള്ളവർ ഏതെങ്കിലുമൊരു ചേരിയിൽ അണിനില്‍ക്കേണ്ടതായി വന്നു എന്നും നാം മുകളില്‍ പറഞ്ഞു കഴിഞ്ഞു. സ്വാഭാവികമായും, അതവർ പ്രതിനിധീകരിക്കുന്ന സ്ഥാപനങ്ങളിലേക്കും പള്ളികളിലേക്കും വരെ വ്യാപിച്ചു. വിവിധ നാടുകളില്‍ ഓരോ വിഭാഗങ്ങളും പള്ളികള്‍ക്കുമേൽ അവകാശവാദം ഉന്നയിക്കുകയോ വെവ്വേറെ പള്ളികള്‍ വരെ നിര്‍മ്മിക്കപ്പെടുകയും ചെയ്യുന്ന കാലത്താണ്‌ പ്രദേശത്തെ ഏക ജുമ മസ്ജിദായിരുന്ന ഇപ്പോഴത്തെ മുള്ള്യാകുര്‍ശി കീഴ്മുറി ജുമ മസ്ജിദിൽ നിന്നും വേറിട്ടൊരു പള്ളി നിര്‍മ്മിക്കാനുള്ള ചിന്ത നാട്ടുകാരിൽ ഉദിച്ചുയരുന്നത്. അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന് വിരുദ്ധമായ വാദങ്ങൾ പേറുന്നവരെന്ന നിലയില്‍ അതിനോടകം തന്നെ കുപ്രസിദ്ധിയാർജ്ജിച്ചവരുടെ കൂടെയുള്ള സഹവാസാസ്വസ്ഥതകൾ കൂടാതെ പട്ടിക്കാട് പാറമ്മൽ പള്ളി ഉള്‍പ്പടെയുള്ള സമീപ മഹല്ലുകൾ തങ്ങളുടെ പൊന്നാനി അനുകൂല നിലപാട്‌ ആവര്‍ത്തിച്ചുറപ്പിച്ചു വന്ന സാഹചര്യത്തിൽ കൂടിയായിരിക്കാം കൊണ്ടോട്ടിയിൽ നിന്നും മുക്തമായൊരു മഹല്ല് സംവിധാനത്തിലേക്കുള്ള ആഗ്രഹം ഈ പ്രദേശത്തുകാരിൽ രൂപപ്പെടുന്നത് എന്ന് അനുമാനിക്കാം. ഭൗതിക വിദ്യാഭ്യാസം നേടിയവരും ഉയര്‍ന്ന ഉദ്യോഗങ്ങളിലുള്ളവരുമായ അവര്‍ പുരോഗമനവാദികളും ഉല്‍പതിഷ്ണു ചിന്താഗതിക്കാരുമായിരുന്നു. വിശ്വാസപരമായും ആചാരപരമായും തങ്ങള്‍ ആ മഹല്ലില്‍ തുടരുന്നത് ശരിയല്ല എന്ന അഭിപ്രായമുള്ള അവരിലെ വലിയൊരു വിഭാഗമാളുകള്‍ അതില്‍നിന്ന് വേറിട്ട് പുതിയ പള്ളിയും മഹല്ലും സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിച്ചു. അവരത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു. അങ്ങനെയാണ്, മുള്ള്യാകുര്‍ശി പള്ളിക്കുത്ത് പുത്തന്‍പള്ളിയും മഹല്ലും നിലവില്‍ വരുന്നത്.

പുതിയ പള്ളി എന്ന അര്‍ത്ഥം സൂചിപ്പിക്കുന്ന മുള്ള്യാകുര്‍ശി പള്ളിക്കുത്ത് പുത്തന്‍ പള്ളി സ്ഥാപിതമായത് എപ്പോഴായിരുന്നു എന്നതിന് വ്യക്തമായ രേഖകളൊന്നുമില്ല എങ്കിലും 1892ലായിരുന്നു അതെന്ന് ബഹുമാന്യനായ ഹൈദരാലി ശാന്തപുരം തന്റെ 'ഗതകാല സ്മരണകള്‍' എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. അങ്ങനെയാണങ്കിൽ കൊണ്ടോട്ടി പൊന്നാനി വിവാദങ്ങൾ ഏറ്റവും രൂക്ഷമായ കാലത്താണത് സംഭവിച്ചത് എന്ന് അനുമാനിക്കാം. പുതിയ പള്ളിയുടെ നിര്‍മ്മാണ കാലത്തുള്ള സാമ്പത്തിക പ്രയാസങ്ങള്‍ പരിഹരിക്കാൻ ദീനി തല്‍പരരും ഉദാരമതികളുമായ മഹല്ല് നിവാസികള്‍ ധാരാളം സ്വത്തുക്കള്‍ വഖ്ഫ് ചെയ്യുകയും അതുപയോഗിച്ച് പള്ളിയില്‍ ഉന്നത നിലവാരത്തിലുള്ള ദര്‍സുകളാരംഭിക്കുകയും ചെയ്തത് മഹല്ലിലുടനീളം പൊന്നാനി അധ്യാപനങ്ങളുടെ വ്യാപനം സുഗമമാക്കി എന്ന് പറയാം. അതിന്‌ ശക്തി പകര്‍ന്നുകൊണ്ടാണ് പ്രഗത്ഭരായ പണ്ഡിതന്മാരെ പങ്കെടുപ്പിച്ച് മതപ്രഭാഷണങ്ങളും മഹല്ലിൽ സംഘടിപ്പിക്കപ്പെട്ടത്.

ഗതകാല സ്മരണയിൽ പറയുന്നു.

"മുള്ള്യാകുര്‍ശി പള്ളിക്കുത്ത് പുത്തന്‍ പള്ളി മഹല്ല്, കൊണ്ടോട്ടി കൈയില്‍നിന്ന് വേറിട്ട് പൊന്നാനി കൈക്ക് കീഴിലായിത്തീര്‍ന്നുവെങ്കിലും മഹല്ലില്‍ പലതരം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിലനിന്നിരുന്നു. മൗലിദ്, റാത്തീബ് തുടങ്ങിയ അനാചാരങ്ങള്‍ നടന്നു വന്നു. കീഴ്മുറി പള്ളിക്കാരെപ്പോലെ കൊടികുത്തി നേര്‍ച്ചയൊന്നും ഉണ്ടായിരുന്നില്ല. പല കച്ചവടക്കാരും ഒരു പെട്ടിയില്‍ ദിവസം തോറും ഒരു അണ വീതം ഇടുമായിരുന്നു, വര്‍ഷാന്തം മൗലിദ് കഴിക്കാനും നോമ്പ് തുറപ്പിക്കാനും. മൗലിദ് ഒരാചാരമെന്ന നിലയില്‍ തന്നെ നിലനിന്നു വന്നിരുന്നു എന്ന് ചുരുക്കം. മൗലിദ് ദിവസം കുടുംബങ്ങളെല്ലാം ഒരു വീട്ടില്‍ ഒരുമിച്ചുകൂടും. കുത്തുറാത്തീബ് അന്നുണ്ടായിരുന്നില്ലെങ്കിലും പരിഷ്‌കരിച്ച രൂപത്തിലുള്ള ഒരുതരം റാത്തീബ് നിലവിലുണ്ടായിരുന്നു. ഖബ്റുകള്‍ക്ക് മുകളില്‍ കുഴിക്കപ്പുര കെട്ടുകയും അതിനുള്ളിലിരുന്ന് മുസ്ലിയാക്കന്മാരെ കൊണ്ട് ഖുര്‍ആന്‍ ഓതിപ്പിക്കുകയും ചെയ്യുന്ന പതിവുമുണ്ടായിരുന്നു. ബാങ്കിനു മുമ്പ് നഗാറയടിക്കുന്ന സമ്പ്രദായവുമുണ്ടായിരുന്നു. ആദ്യകാലത്ത് മഹല്ല് നിവാസികള്‍ ഇസ്ലാമിക വിദ്യാഭ്യാസം നല്‍കുന്നതില്‍ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല.

മഹല്ലിന്റെ ഹൃദയഭാഗമായ ചുങ്കത്ത് നമസ്‌കാരപ്പള്ളി മുമ്പേ ഉണ്ട്. എന്നാല്‍ അതില്‍ കൃത്യമായി നമസ്‌കാരമോ ദീനീ ക്ലാസ്സുകളോ നടന്നിരുന്നില്ല. പലപ്പോഴും കാലികള്‍ അതില്‍ കയറിക്കിടക്കും. അക്കാലത്താണ് ഒരു അത്തര്‍ കച്ചവടക്കാരന്‍ ആ വഴി വന്നത്. നാട്ടുകാരുടെ ശ്രദ്ധയില്ലായ്മയും അനാസ്ഥയുമാണ് ഈ ശോച്യാവസ്ഥക്ക് കാരണമെന്ന് മനസ്സിലാക്കിയ അദ്ദേഹം ഒരു മൈക്ക് സെറ്റ് വാടകക്കെടുത്ത് നമസ്‌കാരപ്പള്ളിയുടെ കൊലായയില്‍ കൊണ്ട് വെച്ച് ഒരു പ്രസംഗം ചെയ്യുകയുണ്ടായി. നാട്ടുകാര്‍ക്ക് പള്ളി സംരക്ഷിക്കുന്ന കാര്യത്തില്‍ ശ്രദ്ധയില്ലെന്നും നല്ലവരായ ആളുകള്‍ നിര്‍മ്മിച്ച പള്ളി കന്നുകാലി പള്ളിയായിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആ പ്രസംഗം ആളുകളുടെ ജാഗ്രതയെ തൊട്ടുണര്‍ത്തി. അവര്‍ പള്ളി വൃത്തിയായി സൂക്ഷിക്കാനും നമസ്‌കാരം പോലുള്ള ആരാധനാ കാര്യങ്ങളില്‍ ശ്രദ്ധിക്കാനും തുടങ്ങി. ആ സംഭവത്തിനു ശേഷമാണ് പറപ്പൂര്‍ അബ്ദുല്ല ഹാജിയുടെ പ്രസംഗ പരമ്പര നാട്ടില്‍ ഉണ്ടാകുന്നത്. അദ്ദേഹം ഖുര്‍ആനും ഹദീസും ആഴത്തില്‍ പഠിച്ചിരുന്നു. അത് രണ്ടും പ്രമാണമാക്കി അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അദ്ദേഹം തുറന്നെതിര്‍ത്തു. വിവരമറിഞ്ഞ് പെരിന്തല്‍മണ്ണയില്‍ നിന്നും അമ്പതോളം പേരടങ്ങുന്ന ഒരു സംഘം അബ്ദുല്ല ഹാജിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. കെ പി ആലിയമുട്ടി ഹാജിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം നാട്ടുകാര്‍ അവരെ അക്രമത്തില്‍നിന്ന് പിന്തിരിപ്പിക്കുകയാണുണ്ടായത്. അബ്ദുല്ല ഹാജി പ്രസംഗം തുടര്‍ന്നു. പ്രസംഗം ശ്രവിച്ച ചെറുപ്പക്കാരില്‍ പലര്‍ക്കും മനം മാറ്റമുണ്ടായി. അന്ധവിശ്വാസങ്ങളില്‍നിന്നും അനാചാരങ്ങളില്‍നിന്നും അവര്‍ അകലം പാലിച്ചു. പിന്നീട്, നമസ്‌കാരപ്പള്ളി പുനരുദ്ധരിക്കുകയും അതിനെ ഒരു ഇസ്ലാമിക കേന്ദ്രമാവുകയും ചെയ്തു. പ്രദേശത്തെ കൂടുതല്‍ ആളുകള്‍ നമസ്‌കാരാദി കാര്യങ്ങളില്‍ നിഷ്ഠയുള്ളവരായി മാറി..."


കൊണ്ടോട്ടി ഒരു ആശയം എന്ന നിലയില്‍ അപ്രസക്തമായെങ്കിലും കൈ വിവാദ കാലത്ത്‌ സ്ഥാപിക്കപ്പെട്ട മുള്ള്യാകുർശ്ശി പുത്തൻ പള്ളിക്ക് തുടർന്ന് അഭിമുഖീകരിക്കാനുണ്ടായിരുന്നത് രൂപമാറ്റം സംഭവിച്ച മേല്‍ കൊണ്ടോട്ടി ആശയത്തെ തന്നെയായിരുന്നു എന്ന് സൂചന നല്‍കുന്ന വരികളാണ് ഗതകാല സ്മരണയിലെ മേല്‍ ഭാഗങ്ങൾ എന്ന് പറയാം. പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുവില്‍ ശക്തമായിരുന്ന കൊണ്ടോട്ടി പൊന്നാനി വിവാദത്തിന്റെ പരിണത ഫലം കൊണ്ടോട്ടിയുടെ സുന്നിസവുമായുള്ള ലയനമായിരുന്നു എന്ന് നാം പറഞ്ഞു കഴിഞ്ഞ കാര്യമാണ്. അതോടുകൂടിയാണ് മുന്‍കഴിഞ്ഞ നേതാക്കന്മാർ വെട്ടി നല്‍കിയ വഴികളൊക്കെയും വിസ്മരിച്ചു കൊണ്ട്‌ എതിര്‍ക്കപ്പെട്ടിരുന്ന പലതും സമൂഹത്തിലേക്ക് തിരിച്ചു വന്നത്.  കൊണ്ടോട്ടിയേത് പൊന്നാനിയേതെന്ന് കാണാൻ കഴിയാത്ത രൂപത്തിൽ അഹ്ലുസുന്നയുടെ മുകളിലതൊരു വിരിപ്പായി പറന്നു പടർന്നു കയറി. അഥവാ, ആശയപരമായി തങ്ങൾ കൊണ്ടോട്ടി എതിർപക്ഷമാണ് എന്ന് പറയുമ്പോൾ തന്നെ അവരറിയാതെ അതിന്റെ ചിഹ്നങ്ങള്‍ വ്യക്തി തലത്തിലും സമൂഹത്തിലും സര്‍വ്വനാ വ്യാപിച്ചു. പില്‍ക്കാലത്ത് പൊന്നാനി വാദികളായി അറിയപ്പെട്ടിരുന്ന മഹല്ലത്തുകൾ വരെ അത് ഏറ്റെടുക്കുകയും അവരുടെ ഔദ്യോഗിക ഭാഷ്യമായി പോലും അത് മാറ്റപ്പെടുകയും ചെയ്തു എന്ന് വരുമ്പോൾ എത്രത്തോളമാണ് അവരാ വാദത്തില്‍ വേരുറച്ചത് എന്ന് നമുക്ക് കാണാൻ സാധിക്കുന്ന സംഗതിയാണ്. ഈ പുതിയ സാഹചര്യത്തോടുള്ള പ്രതികരണം എന്ന നിലയിലോ പ്രതിരോധം എന്ന നിലയിലോ അക്കാലത്ത് രൂപപ്പെട്ട പരിഷ്കരണവാദ സംഗങ്ങളാണ് ജമാഅത്തെ ഇസ്ലാമി, മുജാഹിദ് പോലുള്ള നവജാകരണ പ്രസ്ഥാനങ്ങൾ. അവർ ആശയപരമായി തങ്ങൾ പൊന്നാനി വാദക്കാരാണന്ന് പറയുന്നില്ല എങ്കിലും പൊന്നാനി വാദികള്‍ മുന്നോട്ട് വെച്ച ചിന്തകൾ തന്നെയാണ് അവർ സമൂഹത്തില്‍ ഉയർത്തി കൊണ്ടുവരാൻ ശ്രമിച്ചത്‌ എന്ന് കാണാൻ സാധിക്കും.

മതത്തിലേക്ക് കടത്താന്‍ ശ്രമിച്ച ഷിയാ ആശയങ്ങൾക്കെതിരെ പടുത്തുയർത്തപ്പെട്ട ശക്തമായ മതിലുകള്‍ നിലംപരിശായപ്പോൾ അതിന്റെ പുനർനിർമ്മാണം ലക്ഷ്യം വെച്ചു കൊണ്ടാണ്‌ ഇത്തരം പ്രസ്ഥാനങ്ങള്‍ ലോകത്തിന്റെ വ്യത്യസ്തമായ കോണുകളില്‍ രൂപപ്പെടുന്നത്. അഥവാ, ഈ നയവ്യതിയാനം ലോകത്തിന്റെ പൊതുവായ ഒരു സവിശേഷത ആയിരുന്നു. അത്തരം വ്യതിയാനങ്ങൾ സംഭവിക്കുമ്പോൾ പരിഷ്കരണ വാദികള്‍ രൂപപ്പെടുക സ്വാഭാവികമാണല്ലോ. കേരളത്തിൽ ഈ പുതിയ വിഭാഗം അറിയപ്പെട്ടത് പുത്തൻവാദികള്‍ എന്ന അധിക്ഷേപസ്വരം കൊണ്ടായിരുന്നു. കൈ വിവാദത്തിന്റെ അലയൊലികള്‍ അടങ്ങിയ പുതിയ ഇസ്ലാമിക സമൂഹിക പരിസരത്ത് ആരാണ് യാഥാർത്ഥത്തിലുള്ള പുതിയ ആശയക്കാർ അഥവാ ബിദ്അത്തിന്റെ ആളുകൾ എന്ന് തിരിച്ചറിയാൻ കഴിയാത്ത പരമനിഷ്കളങ്കരായിരുന്നു ഈ അധിക്ഷേപകരെന്ന് പറയാൻ കഴിയില്ല. മറിച്ച്, കൊണ്ടോട്ടി ആശയം ഒരു വലിയ ധനസമ്പാദന മാര്‍ഗ്ഗം കൂടിയാണന്ന് മനസ്സിലാക്കിയ മതത്തിനുള്ളിലെ തന്നെ പൗരോഹിത്യ വര്‍ഗ്ഗമാണ് അതിനു പിന്നിലെന്ന് നിസ്സംശയം പറയാൻ സാധിക്കുന്ന കാര്യമാണ്. ഒരേസമയം സുന്നിളെന്ന് അവകാശപ്പെട്ടിരുന്ന അവരില്‍ പലരും വിവാദ കാലത്തും അതിന്‌ ശേഷവും കൊണ്ടോട്ടിയുമായി ചേര്‍ന്ന് നിന്ന് പ്രവർത്തിച്ചവരായിരുന്നു.

ദീർഘകാലം സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ച ശംസുൽ ഉമല ഇ കെ അബൂബക്കർ മുസ്ലിയാർ കൊണ്ടോട്ടി ഖുബ്ബയിലെ സ്ഥിരം സന്ദര്‍ശകനും മുഹമ്മദ് ഷാഹ് തങ്ങളുടെ ആരാധകനുമായിരുന്നു എന്ന് അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നത് കേൾക്കാം. കൂടാതെ, സമസ്തയുടെ തന്നെ മുൻ പ്രസിഡൻ്റ് കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാരുടെ ഗുരുനാഥനായിരുന്ന വൈത്തല അഹമ്മദ് കുട്ടി മുസ്‌ലിയാർ 1930 മുതൽ കൊണ്ടോട്ടി തക്കിയക്കൽ ജുമുഅത്ത് പള്ളിയിലെ ഖാളിയും തക്കിയക്ക് കീഴിൽ ഉണ്ടായിരുന്ന നാൽപതോളം മഹല്ലുകളിലെ മേൽഖാളിയുമായിരുന്നു. അദ്ദേഹത്തിനു ശേഷം ഖാളി സ്ഥാനത്തേക്ക് കടന്നുവന്ന ടി കെ എം ബാവ മുസ്ലിയാര്‍ ഒരേ സമയം സമസ്തയുടെ വിദ്യാഭ്യാസ ബോർഡിൻ്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു വന്നിരുന്നു. മേല്‍ ഇരുകൂട്ടരും കൊണ്ടോട്ടി തങ്ങൾ മുതവല്ലിയായ തക്കിയക്കൽ പള്ളികളുടെ ഖാളിമാരായിരിക്കുമ്പോഴാണ് മരണപ്പെടുന്നത് എന്ന് പ്രത്യേകം അനുസ്മരിക്കപ്പെടുന്ന കാര്യമാണ്. കൂടാതെ, മത ഭൗതിക സമന്വയ വിദ്യാഭ്യാസ രീതിക്ക് സുന്നികൾക്കിടയിൽ തുടക്കം കുറിച്ച എം എം ബഷീർ മുസ്ല്യാർ കൊണ്ടോട്ടി പഴയങ്ങാടി വലിയ ജുമുഅത്ത് പള്ളിയിൽ ദീർഘകാലം ദർസ് നടത്തിയവരും കൊണ്ടോട്ടി തക്കിയയുമായി ബന്ധം സ്ഥാപിച്ചിരുന്നവരുമായിരുന്നു. ആ ഗണത്തില്‍ പെടുത്താവുന്ന മറ്റൊരു പേരാണ് ആമയൂർ മുഹമ്മദ് മുസ്ലിയാര്‍. സമസ്‌തയുടേയും പിന്നീട് കേരള ജംഇയ്യത്തുൽ ഉലമയുടേയും നേതാവുമായിരുന്ന ഇദ്ദേഹം പഴയങ്ങാടി വലിയ ജുമുഅത്ത് പള്ളയിൽ മുദർരിസായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഈ പണ്ഡിതന്മാരിൽ പലരും അവിഭക്ത സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുടെ മുൻനിര നേതാക്കളായിരിക്കെത്തന്നെയാണ് പരസ്യമായി കൊണ്ടോട്ടിയെ അംഗീകരിച്ചതും കൊണ്ടോട്ടി തങ്ങൾക്ക് വേണ്ടി സേവനമനുഷ്‌ഠിക്കുകയും ചെയ്തത് എന്ന് കാണാൻ സാധിക്കുന്ന വസ്തുതയാണ്. ഇക്കാര്യത്തിൽ അവരെ സമസ്‌തയിലെത്തന്നെ ഏതെങ്കിലും നേതാക്കൾ തിരുത്തുകയോ അവരോട് അനിഷ്ടം പ്രകടിപ്പിക്കുകയോ ചെയ്‌തതായി അറിവില്ല. ഒരുപക്ഷേ, ആ വിടവിലൂടെ ആയിരിക്കാം കൊണ്ടോട്ടി ആശയങ്ങൾ സുന്നി അകത്തളങ്ങളിലേക്ക് ലയിച്ച് ചേര്‍ന്നതും ഒരു സെമിറ്റിക് മതമായിരുന്നിട്ട് കൂടി ലോകത്ത് എവിടെയുമില്ലാത്ത കുറേ പുത്തൻ ആചാരങ്ങള്‍ മതത്തിലുള്ളത് എന്ന പേരില്‍ ഇവിടെ പഠിപ്പിക്കപ്പെട്ടതും എന്ന് കാണാൻ സാധിക്കും.

1908ൽ മുഹമ്മദ് ബാവ മുസ്‌ലിയാർ പൊന്നാനി മഖ്‌ദൂം സ്ഥാനത്ത് വന്നതിന് ശേഷമാണ് കൊണ്ടോട്ടിയുമായുള്ള അഭിപ്രായ വിത്യാസങ്ങൾ തക്കിയക്കൽ ഖാസി മുസ്‌ലിയാരകത്ത് അഹ്‌മദ് മുസ്ലിയാരുമായി ചർച്ച ചെയ്യുകയും വിവാദങ്ങൾ അവസാനിപ്പിച്ച് ദീനി രംഗത്ത് ഒരുമിച്ച് പ്രവർത്തിക്കാൻ തീരുമാനിക്കുകയും  ചെയ്യുന്നത്. അതിന്‌ വേദിയായതോ മുള്ള്യാകുർശ്ശി തക്കിയയിൽ വെച്ചായിരുന്നു എന്ന് വരുമ്പോൾ ഈ വിവാദം എത്രത്തോളമാണ് ഈ നാടിന്റെ ചരിത്രവുമായി ഉൾചേര്‍ന്ന് നില്‍ക്കുന്നത് എന്ന് കാണാൻ സാധിക്കും. മുള്ള്യാകുര്‍ശിയിൽ സ്ഥിരതാമസമാക്കിയിരുന്ന റഹ്‌മാൻ ശാഹ് തങ്ങളുമായി ചര്‍ച്ച നടത്തിയ ബാവ മഖ്ദൂം പിന്നീട് കൊണ്ടോട്ടിയിൽ ചെന്ന് ഖുബ്ബ സന്ദര്‍ശിക്കുകയും അക്കാലത്തെ കൊണ്ടോട്ടി അധികാരിയായിരുന്ന ഇശ്‌തിയാഖ് ശാഹ് രണ്ടാമനുമായി ഒത്തുതീർപ്പ് വ്യവസ്ഥയിൽ ഒപ്പ് വെക്കുകയും ചെയ്തതോടെ ഒരു നൂറ്റാണ്ട് കാലം കേരളത്തിൽ മുഴങ്ങിയ കൈ വിവാദങ്ങൾക്ക് അവസാനമായി എന്ന് പറയാം. എന്നാൽ, ബാവ മഖ്ദൂമും സംഗവും പൊന്നാനിയിൽ തിരിച്ചെത്തി ഒത്തുതീർപ്പ് വ്യവസ്ഥയുടെ വിശദാംശങ്ങളറിയിച്ചപ്പോൾ വലിയ യാറത്തിലെ അലി ഇമ്പിച്ചിക്കോയ തങ്ങൾ ഉള്‍പ്പടെയുള്ള ഒരു വിഭാഗം അതിനെ എതിര്‍ത്ത് മുന്നോട്ട് വന്നത് പൊന്നാനിയിൽ കടുത്ത സംഘർഷാവസ്ഥയാണുണ്ടാക്കിയത്. ബാവ മഖ്‌ദൂമിന്റേത് ഏകപക്ഷീയമായ നടപടിയാണന്നും അത് സുന്നത്ത് ജമാഅത്തിന് വിരുദ്ധമാണെന്ന് അവർ വാദിച്ചു. തുടർന്ന്, തർക്കം മൂര്‍ച്ഛിക്കുകയും ജുമുഅത്ത് പള്ളി ഏതാനും ദിവസത്തേക്ക് അടച്ചിടേണ്ടി വരികയും ചെയ്തു.

പിന്നീട്, ബാവ മഖ്‌ദൂമിൻ്റെ പിൻഗാമിയായി കടന്ന് വന്ന പഴയകത്ത് അഹമ്മദ് മുസ്ലിയാരുടെ കാലത്താണ്‌ പൊന്നാനിക്കാർ തമ്മിൽ ഉടലെടുത്ത മേല്‍ അഭിപ്രായ വ്യത്യാസങ്ങൾ തീര്‍ത്തും പരിഹരിക്കപ്പെട്ടത്.

കൊണ്ടോട്ടി കൈയിൽ നിന്നും രൂപമാറ്റം സംഭവിച്ച ഈ സവിശേഷ പരിസ്ഥിതിയിലേക്കാണ് 1947 ഓടെ അക്കാലത്തെ പ്രശസ്ത പണ്ഡിതനായ ഇസ്സുദ്ദീന്‍ മൗലവി മുള്ള്യാകുര്‍ശി പള്ളിക്കുത്ത് പുത്തന്‍ പള്ളി മഹല്ല് കമ്മിറ്റിയുടെ ക്ഷണമനുസരിച്ച് കടന്നു വരുന്നത്. പള്ളിയും ദർസും നല്ല നിലയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിന് പണം ഒരു തടസ്സമായപ്പോൾ അതിനുള്ള പരിഹാരമായാണ് വഅള് പരമ്പര സംഖടിപ്പിക്കാൻ കമ്മറ്റി തീരുമാനിക്കുന്നത്. ആരെയാണ് അതിന് ക്ഷണിക്കേണ്ടത് എന്ന ചർച്ച ഉയർന്നപ്പോൾ പല പേരുകള്‍ക്കിടയിൽ നിന്നും ഇസ്സുദ്ദീൻ മൗലവിയെ ക്ഷണിക്കാൻ യോഗം തീരുമാനിച്ചു. അക്കാലത്ത് അദ്ദേഹം വടക്കേ മലബാറിൻ്റെ പല ഭാഗങ്ങളിലും പ്രസംഗപരമ്പരകൾ നടത്തുകയും ആവശ്യമുള്ള സ്ഥലങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്യുന്ന കാലമായിരുന്നു. ഇന്ന്‌ മസ്ജിദ് സല്‍മാനുൽ ഫാരിസി നിലനില്‍ക്കുന്ന സ്ഥലത്തായിരുന്നു പ്രസംഗ പരമ്പരക്കുള്ള ആദ്യവേദി സംവിധാനിച്ചിരുന്നത്. പിന്നീട്, ജാമിയ നൂരിയ അറബിക് കോളേജ് സ്ഥിതിചെയ്യുന്ന കെ വി ബാപ്പു ഹാജിയുടെ വിശാലമായ പറമ്പിലേക്കത് മാറ്റി സ്ഥാപിച്ചു. മഹല്ലിന്റെ വ്യത്യസ്തമായ ഭാഗങ്ങളില്‍ നിന്നും ധാരാളം പേർ പരിപാടിയില്‍ താല്‍പര്യപൂർവ്വം പങ്കെടുത്തിരുന്നു. വിശുദ്ധ ഖുര്‍ആനിലെ സൂറത്തുല്‍ ഫാത്തിഹ അധ്യായത്തിലെ 'ഇഹ്ദിന സ്വിറാത്തല്‍ മുസ്തഖീം' എന്ന ഖുര്‍ആനിക സൂക്തം അടിസ്ഥാനമാക്കിയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം മുഴുക്കെയും. സദസ്യർക്ക് ആ വാചകത്തിന്റെ ആഴവും പരപ്പും ശരിയായി ബോധ്യമാകുന്ന തരത്തിൽ എന്താകുന്നു സ്വിറാത്തൽ മുസ്തഖീം? ആരാണ് മുത്തഖി? തുടങ്ങിയ കാര്യങ്ങൾ വിശദീകരിച്ചു തന്നെ അദ്ദേഹം തന്റെ പ്രഭാഷണത്തിൽ സൂചിപ്പിച്ചു പോന്നു. പ്രസംഗം ഏതാനും ദിവസങ്ങൾ പിന്നിട്ടപ്പോള്‍ ഒരിക്കല്‍ സദസ്യരോടായി അദ്ദേഹം ഇങ്ങനെ പറഞ്ഞു. 'ഞാനീ പറഞ്ഞ രൂപത്തിൽ മുത്തഖിയായി ജീവിക്കാന്‍ ആരെങ്കിലും ഈ കൂട്ടത്തിൽ തയ്യാറുണ്ടോ... ഉണ്ടെങ്കിൽ അവരതീ സ്റ്റേജില്‍ വന്ന് പ്രഖ്യാപിക്കണം'. അത് കേട്ട മൂന്ന് പേര്‍ സ്റ്റേജില്‍ വന്ന് തങ്ങള്‍ മുത്തഖികളായി ജീവിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചു. പള്ളിയിലെ മുദരിസായിരുന്ന അമാനത്ത് കോയണ്ണി മുസ്ലിയാരായിരുന്നു അവരിലൊരാള്‍. രണ്ടാമത്തെയാള്‍ അല്ലൂര്‍ കുഞ്ഞഹമ്മദ് മാസ്റ്റര്‍, മൂന്നാമത്തെയാള്‍ അദ്ദേഹത്തിന്റെ ഭാര്യ സഹോദരൻ കൂരിയാടന്‍ ബാപ്പുട്ടി കാക്ക. പ്രസ്തുത പരിപാടി ജനഹൃദയങ്ങളില്‍ വമ്പിച്ച പ്രതികരണമാണുണ്ടാക്കിയത്. അദ്ദേഹത്തിൽ പലരും ആകൃഷ്ടരായി. ധനാഢ്യനായിരുന്ന കെ വി ബാപ്പു ഹാജിക്ക് ഇസ്സുദ്ദീന്‍ മൗലവിയോട് വലിയ ആദരവും മതിപ്പുമായി.

മൗലവിയുടെ ആഗമനത്തോടെ മഹല്ലിന് പുതിയ രൂപവും ഭാവവും കൈവന്നു. മഹല്ലിനെ പൊതുവായും ജുമുഅത്ത് പള്ളിയേയും ദർസിനെയും പ്രത്യേകമായും ബാധിക്കുന്ന കാര്യങ്ങളിൽ ആവശ്യമായ തീരുമാനങ്ങളെടുത്ത് ഭാവി പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ മഹല്ല് നിവാസികളുടെ മുഴുവൻ പ്രാതിനിധ്യമുള്ള ഒരു കമ്മിറ്റിയെ തെരഞ്ഞെടുത്തതാണ് അതിലെ സുപ്രധാനമായ കാല്‍വെപ്പ്. 1947 മെയ് 30ന് മഹല്ലിന്റെ പ്രഥമ യോഗം ചേർന്ന് താഴെ പറയുന്നവരെ മഹല്ല് കമ്മിറ്റി മെമ്പര്‍മാരായി തെരഞ്ഞെടുത്തു.

1- വി കെ മുഹമ്മദ് ഇസ്സുദ്ദീൻ മൗലവി (ഖാദി & പ്രസിഡൻ്റ്)
2- കെ വി മരക്കാരുട്ടി (വൈസ് പ്രസിഡൻ്റ്)
3- കൊടുവായക്കൽ മുഹമ്മദ് (വൈസ് പ്രസിഡന്റ്)
4- കെ വി മുഹമ്മദ് എന്ന കുഞ്ഞിപ്പ (സെക്രട്ടറി)
5- ആനമങ്ങാടൻ അബ്‌ദുല്ല (ജോ സെക്രട്ടറി)
6- ആനമങ്ങാടൻ മൊയ്‌തു ഹാജി (ട്രഷറർ)
7- കെ വി മുഹമ്മദ് എന്ന കുഞ്ഞിപ്പ (കാരണവർ)
8- കെ പി ആലിയമുട്ടി (കാരണവർ)
9- കൂര്യാട് പുത്തൻപുരയിൽ മുഹമ്മദ് (കാരണവർ)
10- ആനമങ്ങാടൻ അബ്‌ദുല്ല (കാരണവർ)
11- തോരക്കാടൻ ഉണ്ണീൻ
12- കെ.വി. അഹ്‌മദ് കുട്ടി
13- കാടംതൊടി കുഞ്ഞയമ്മു
14- കെ വി മൊയ്തു
15- കൂര്യാട്ട് തച്ചങ്ങാട്ടിൽ മുഹമ്മദ്
16- കുര്യാട്ട് ആലിച്ചത്ത് മൊയ്തു
17- കോഴിപ്പറമ്പൻ അബൂബക്കർ
18- അല്ലൂർ കുഞ്ഞയമ്മു
19- മനച്ചിത്തൊടി ഹൈദറു
20- എം ടി കുഞ്ഞാൻ എന്ന മുഹമ്മദ്
21- കൂര്യാട്ട് വെളികളത്തിൽ മൊയ്‌തു (മെമ്പർമാർ)

കേരള മുസ്‌ലീംകൾക്കിടയിൽ നവോത്ഥാന ചിന്തയുടെ വ്യാപനം സംഭവിച്ച ഈ നാളുകളിൽ യാഥാസ്ഥികതയുടെ ഭാഗം ചേര്‍ന്ന് പ്രവർത്തിച്ച പ്രശസ്ത സുന്നി പണ്ഡിതനായിരുന്നു പതി അബ്ദുൽ ഖാദിർ മുസ്‌ലിയാർ. കൊല്ലം ജില്ലയിലെ കറ്റാനത്ത് ജനിച്ച അദ്ദേഹത്തെ കെ പി മൊയ്തീൻകുട്ടി മുസ്ലിയാര്‍ വഴിയാണ് മലബാറിലേക്ക് ക്ഷണിക്കപ്പെന്നത്. മലബാറിൽ ശക്തിപ്പെട്ടു കൊണ്ടിരുന്ന നവോത്ഥാന ശബ്ദങ്ങളെ ചെറുക്കാനെന്ന പേരില്‍ 1948 ഓടെയാണ് അദ്ദേഹം തന്റെ പ്രവർത്തനങ്ങൾ മലബാറിലേക്ക് മാറ്റി സ്ഥാപിക്കുന്നത്. മുസ്ല‌ിം സമുദായത്തിനകത്തെ പരിഷ്‌കരണ പ്രവർത്തനങ്ങളുമായി മുന്നോട്ട് നീങ്ങിയ നവോത്ഥാന സംഘടനാ നേതാക്കളുമായി അക്കാലത്ത് അദ്ദേഹം നടത്തിയ ഖണ്ഡന പ്രസംഗങ്ങൾ മുസ്ലിംകള്‍ക്കിടയില്‍ വലിയ ചേരിതിരിവാണ് സൃഷ്ടിച്ചത്. സകല അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും സമൂഹത്തില്‍ അരക്കിട്ടുറപ്പിക്കുക, അതിനെതിരായ സകല പ്രസ്ഥാനങ്ങളെയും നേതാക്കളെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുക എന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെ ആകെ ഉള്ളടക്കം. മൗദൂദികള്‍ എന്നൊരു വിഭാഗമുണ്ടെന്നും അവര്‍ കാഫിറുകളാണെന്നും, ഇസ്സുദ്ദീന്‍ മൗലവി അവരിൽ പെട്ടയാളാണെന്നും വഹാബി മൗദൂദികള്‍ കാഫിറുകളാണോ എന്ന് സംശയിക്കുന്നവര്‍ പോലും കാഫിറുകളാണെന്നും ചുങ്കം ഉള്‍പ്പടെയുള്ള പ്രദേശത്തിൽ പുരോഗമിച്ചു വന്ന നവോത്ഥാന ചിന്തകളിൽ അസ്വസ്ഥനായി അദ്ദേഹം നാടുനീളെ പറഞ്ഞും പ്രസംഗിച്ചും നടന്നു.

ഇസ്സുദ്ദീന്‍ മൗലവിയുടെ ആഗമനത്തോടെ പുരോഗതിയുടെ മാര്‍ഗത്തിലൂടെ സഞ്ചരിച്ച മഹല്ല് പതി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ വരവോടെ കടുത്ത പരീക്ഷണങ്ങളെയാണ് അഭിമുഖീകരിച്ചത്. പതിയുടെ പ്രകോപനപരമായ പ്രസംഗങ്ങളില്‍ ആകൃഷ്ടരായ പരിസര പ്രദേശങ്ങളിലുള്ള മഹല്ലുകളും ജനങ്ങളും ശാന്തപുരം മഹല്ലിനെ തകര്‍ക്കാനും മഹല്ലുകാരെ ഉപദ്രവിക്കാനും തുടങ്ങി. ഇക്കാലയളവിലാണ് പരിസരപ്രദേശത്തെ മഹല്ല് നിവാസികള്‍ കാര്യാവട്ടത്തുള്ള കൊടക്കാട്ട് മുഹമ്മദ് കുട്ടിയുടെ വീട്ടില്‍ യോഗം ചേര്‍ന്ന് മുള്ള്യാകുര്‍ശി പള്ളിക്കുത്ത് പുത്തന്‍ പള്ളി കൈയേറാനും മഹല്ല് സ്വത്തുകള്‍ പിടിച്ചടക്കാനും തീരുമാനിക്കുന്നത്. വഖ്ഫ് ഭൂമി കൈവശക്കാരെ സ്വാധീനിച്ച് കൈവശപ്പെടുത്തുക, മഹല്ല് സ്വത്തുക്കള്‍ പിടിച്ചെടുക്കുക, പുത്തന്‍ പള്ളി മഹല്ലുകാരുമായി വിവാഹബന്ധമുള്ളവരുടെ വിവാഹബന്ധം മുറിപ്പിക്കുക, വിവാഹാന്വേഷണങ്ങള്‍ മുടക്കുക, വിവാഹം-മരണം മുതലായ സന്ദര്‍ഭങ്ങളില്‍ നിസ്സഹകരിക്കുക, മാതാക്കളില്‍നിന്ന് പിഞ്ചു കുഞ്ഞുങ്ങളെ വേര്‍പെടുത്തുക തുടങ്ങിയ പല അതിക്രമങ്ങളും മഹല്ലുകാര്‍ക്കെതിരില്‍ അക്കാലത്ത് നിര്‍ബാധം നടന്നുപോന്നു. പെരിന്തല്‍മണ്ണ പ്രദേശത്തെ നവീന വാദികളുയായുള്ള നിസ്സഹകരണം ലക്ഷ്യം വെച്ച് 1953ൽ ഖുതുബി മുഹമ്മദ് മുസ്ലിയാരുടെ നേതൃത്വത്തില്‍ ഒപ്പുവെക്കപ്പെട്ട പ്രഖ്യാപനത്തോടെയാണ് ഇത്തരം അതിക്രമങ്ങൾ വര്‍ദ്ധിച്ചത് എന്ന് മനസ്സിലാക്കാൻ സാധിക്കും.

ഗതകാല സ്മരണയിൽ അക്കാലത്തെ തീക്ഷ്ണാനുഭവങ്ങളെ സംബന്ധിച്ച് ഹൈദരലി ശാന്തപുരം പറയുന്നത് കാണുകയും.

"ശാന്തപുരം മഹല്ലുകാര്‍, വിശിഷ്യാ താടി വളര്‍ത്തിയവര്‍ പെരിന്തല്‍മണ്ണയില്‍ പോയാല്‍ ചെണ്ട കൊട്ടി കൂക്കി വിളിച്ച് അവരെ പരിഹസിക്കുക അക്കാലത്ത് പതിവായിരുന്നു. നാട്ടിലെ ജഡയും മുടിയും വളര്‍ത്തിയ ഒരു ഈഴവ സിദ്ധനെ ജമാഅത്തുകാരനാണെന്ന് തെറ്റിദ്ധരിച്ച് കൂക്കി വിളിച്ച് സ്വയം ഇളിഭ്യരായ സംഭവവുമുണ്ടായിട്ടുണ്ട്. ആ കാലത്തുതന്നെ ഹാജി വി പി മുഹമ്മദലി സാഹിബും ശാന്തപുരത്ത് വരാന്‍ തുടങ്ങി. അദ്ദേഹത്തെയും തല്‍പരകക്ഷികള്‍ വെറുതെ വിട്ടില്ല. പെരിന്തല്‍മണ്ണയിലെത്തിയാല്‍ അദ്ദേഹത്തെയും അവര്‍ പല രൂപത്തിലും ഉപദ്രവിച്ചിരുന്നു. അതിനാല്‍ ഹാജി സാഹിബ് ശാന്തപുരത്ത് വന്ന് തിരിച്ചുപോകുമ്പോള്‍ നാട്ടുകാര്‍ അദ്ദേഹത്തിന്റെ കൂടെ പെരിന്തല്‍മണ്ണയില്‍ പോയി കുറ്റിപ്പുറത്തേക്കുള്ള ബസ്സില്‍ കയറ്റി വിട്ട ശേഷമേ തിരിച്ചുവരാറുണ്ടായിരുന്നുള്ളു. ഒരിക്കല്‍ തൊട്ടടുത്തുള്ള മഹല്ലുകാര്‍ ഒന്നിച്ച് പള്ളി പിടിച്ചടക്കാന്‍ വരുന്നുണ്ടെന്ന വാര്‍ത്ത നാട്ടില്‍ പരന്നപ്പോള്‍ മഹല്ല് നിവാസികളായ മുസ്ലിംകളോടൊപ്പം അമുസ്ലിം സഹോദരങ്ങളും പ്രതിരോധത്തിന് സജ്ജരായി പള്ളിയിലെത്തിയത് ഓര്‍ക്കുന്നു. അക്കാലത്തെ ശാന്തപുരം നിവാസികളായ അമുസ്ലിംകള്‍ മൗദൂദി തിയ്യന്മാർ, മൗദൂദി ആശാരിമാർ, മൗദൂദി ദലിതുകൾ എന്നിങ്ങനെയാണ് അറിയപ്പെട്ടിരുന്നത്. പാണ സമുദായത്തില്‍പെട്ട അയ്യപ്പന്‍ 'അടിയനും മൗദൂദിയാണ്' എന്ന് പരസ്യമായി പ്രഖ്യാപിച്ച സംഭവം വരെ ഉണ്ടായി. തൊട്ടടുത്ത മഹല്ലിന്റെ പരിധിക്കുള്ളിലുണ്ടായിരുന്ന ശാന്തപുരം മഹല്ലിന്റെ കൃഷിഭൂമി കൈവശക്കാരെ സ്വാധീനിച്ച് കൈവശപ്പെടുത്താനുള്ള ഒരു ശ്രമം അക്കാലത്ത് നടന്നു. പന്ത്രണ്ട് മഹല്ലുകളിലെ ആളുകള്‍ മാരകായുധങ്ങളുമായി കൃഷിഭൂമിയുടെ വരമ്പിനു ചുറ്റും വന്നു നില്‍ക്കുന്നുണ്ടെന്നറിഞ്ഞ് അന്നത്തെ മഹല്ല് സെക്രട്ടറിയായിരുന്ന ആനമങ്ങാടന്‍ മൊയ്തു ഹാജിയുടെ നേതൃത്വത്തില്‍ മഹല്ലിലെ മുഴുവന്‍ ആളുകളും അവിടെയെത്തി കൃഷിഭൂമിയില്‍ പ്രവേശിച്ച് കൃഷി ഇറക്കുകയുണ്ടായി. ചുറ്റും കൂടി നിന്നവര്‍ക്ക് സ്തബ്ധരായി നോക്കിനില്‍ക്കാനേ സാധിച്ചുള്ളൂ. അതോടുകൂടി ഈ നാടിന്റെ ഐക്യം കൂടുതല്‍ സുദൃഢമാവുകയും പ്രതിയോഗികളുടെ വീര്യം കെട്ടുപോവുകയും ചെയ്തു..."

ഈ ചരിത്ര സന്ധിയെ ജാമിയ നൂരിയ അറബി കോളേജ് പുറത്തിറക്കിയ 'ജാമിഅകാലം ഓര്‍മ്മകുറിപ്പുകൾ' എന്ന വാര്‍ഷിക പതിപ്പില്‍ വിശദീകരിക്കുന്നത് മറ്റൊരു വിധത്തിലാണ്.

"ജമാഅത്ത് അമീർ കുഞ്ഞാലൻ ഹാജി എന്ന മുഹമ്മദലി മൗലവിയും ഇസ്സുദ്ദീൻ മൗലവിയും അലവിക്കുട്ടി മൗലവിയും മുള്ള്യാർകുർശി കേന്ദ്രീകരിച്ച് ജമാഅത്തിൻ്റെ പ്രചാരണം ഊർജ്ജസ്വലമാക്കി. നിരവധി പേർ അവരുടെ കുതന്ത്രത്തിൽ വീണു. അഹ്ലുസുന്നത്തി വൽജമാഅത്തിൽ നിന്ന് മൗദൂദിസത്തിലേക്കുള്ള ഈ പോക്ക് തടയൽ അനിവാര്യമാണെന്ന് ബോധ്യമായ ബാപ്പുഹാജിയും കൊടക്കാട്ട് മൊയ്‌തുട്ടി സാഹിബും ചേർന്ന് അതിന്റെ വഴികൾ ആലോചിച്ചു. പതി അബ്ദുൽ ഖാദിർ മുസ്‌ലിയാരെയാണ് അതിനവർ കണ്ടെത്തിയത്. പതി മൗദൂദികളെ പരസ്യമായി വാദപ്രതിവാദത്തിന് ക്ഷണിച്ചു. ജാള്യത മറക്കാൻ അവർ വാദപ്രതിവാദത്തിന് സമ്മതിച്ചു. എന്നാൽ, പതിയോട് വാദപ്രതിവാദം നടത്തിയാലുണ്ടാവുന്ന പ്രത്യാഘാതം അവർക്കറിയാമായിരുന്നു. അവർ കുറുക്കുവഴികൾ തേടി. വക്രമായി ചിന്തിച്ച് അവർ കണ്ടെത്തിയ വഴി ഇതായിരുന്നു. പുറത്ത് നിന്ന് നോക്കിയാൽ അകത്തേക്ക് കാണാത്തതും, കാറ്റും വെളിച്ചവും കടക്കാത്തതുമായ ഒരു കൂട് നിർമ്മിക്കുക. പ്രവേശനമാർഗം കുറ്റിയും അഴികളും കൊണ്ട് വളഞ്ഞും തിരിഞ്ഞുമുണ്ടാക്കുക. എന്തോ അപകടം പതിയിരിക്കുന്നുവെന്ന് തോന്നണം. മേല്‍ ആശയം അവർ നടപ്പിൽ വരുത്തി. അപകടം തിരിച്ചറിഞ്ഞ ബഹുജനം പുറത്ത് നിൽക്കുന്നവർ കാണത്തക്കവിധം അൽപ്പം മറനീക്കാൻ അവരോടാവശ്യപ്പെട്ടു. അവരതിന് സന്നദ്ധമായില്ല. ധീരനായ പതി അവരുടെ കൂടിനകത്ത് കടന്ന് സംവാദം നടത്താൻ സന്നദ്ധനായെങ്കിലും ജനം സമ്മതിച്ചില്ല. അങ്ങനെ വാദപ്രതിവാദം നടക്കാതെ പോയി. ജമാഅത്തിന്റെ അപകടക്കൂട് നിർമ്മിക്കപ്പെട്ട സ്ഥലത്താണ് പിൽക്കാലത്ത് ജാമിഅ നൂരിയ സ്ഥാപിക്കപ്പെട്ടത്...!"

എന്നാൽ, വാര്‍ഷിക പതിപ്പില്‍ സൂചിപ്പിക്കുന്ന ഈ 'അപകട കൂട്' മായി ബന്ധപ്പെട്ട വസ്തുത ഗതകാല സ്മരണയിൽ പറയുന്നത് കാണുക. 

"പതി അബ്ദുൽ ഖാദിർ മുസ്‌ലിയാരുമായി വാദപ്രതിവാദം നടത്താൻ ഹാജി വി പി മുഹമ്മദലി സാഹിബ് തയ്യാറായപ്പോൾ പെരിന്തൽമണ്ണ ടി ബിയിൽ വെച്ച് വാദപ്രതിവാദത്തിൻ്റെ തീയ്യതി നിശ്ചയിക്കാൻ ഒരു യോഗം കൂടി. യോഗത്തിൽ വെച്ച് ഒരു ഗുണ്ട ഹാജി സാഹിബിനു നേരെ കഠാര ഊരി ചാടിയെണീക്കുകയും മഹല്ല് മെമ്പറായിരുന്ന കെ വി അഹ്‌മദ് കുട്ടി സാഹിബ് അതിനിടയിലേക്ക് ചാടി തന്റെ വിരിമാറ് കാണിക്കുകയും ചെയ്തു. പതി അബ്ദുൽ ഖാദിർ മുസ്‌ലിയാരുമായി വാദപ്രതിവാദത്തിന് തയ്യാറായ സാഹചര്യത്തിൽ അതിനുവേണ്ടി ചുങ്കത്ത് ഒരു പന്തൽ ഒരുങ്ങി. ആർക്കും തന്ത്രപൂർവം ഓടി രക്ഷപ്പെടാൻ പറ്റാത്ത രൂപത്തിലായിരുന്നു പന്തലിന്റെ നിര്‍മ്മാണം നടത്തിയിരുന്നത്. അതറിഞ്ഞ പതി വാദപ്രതിവാദത്തിന് തയ്യാറാവാതെ പിന്മാറുകയാണുണ്ടായത്. തുടർന്ന് ശാന്തപുരം മഹല്ല് പരിപൂർണ്ണമായി ജമാഅത്തെ ഇസ്‌ലാമിയുടെ ആശയാദർശങ്ങൾ അംഗീകരിക്കുകയും ഹാജി സാഹിബിനെയും ഇസ്സുദ്ദീൻ മൗലവിയെയും മാർഗദർശികളായി സ്വീകരിക്കുകയും ചെയ്തു..."

പിന്നീട്, വിവിധ വേദികളിൽ പ്രതിയോഗികൾക്കെതിരെ പതി ഉയർത്തിവിട്ട വിവാദങ്ങളായ പല പരാമര്‍ശങ്ങളും പ്രഖ്യാപനങ്ങളും അദ്ദേഹത്തിനെതിരെ തന്നെ തിരിഞ്ഞു വരികയായിരുന്നു. നവോത്ഥാന ചിന്തയുടെ വക്താക്കളെല്ലാം അവിശ്വാസികളാണെന്നും അവരെ വധിക്കൽ അനുവദനീയവും പ്രതിഫലാർഹവുമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചത് അദ്ദേഹത്തിന് വലിയ വിനയായി ഭവിച്ചു. ജനങ്ങൾ അതോടെ ഉത്പതിഷ്ണുക്കളുടെ പ്രസംഗങ്ങളും ശ്രവിക്കാൻ തുടങ്ങി. അങ്ങനെ വലിയ വാദപ്രതിവാദങ്ങൾ അരങ്ങേറി. എന്നാൽ, വിവാദങ്ങൾ കൊണ്ട് മാത്രം പിടിച്ചുനിൽക്കാനാണ് അദ്ദേഹം ശ്രമിച്ചുപോന്നത്. അതിലൂടെ ചർച്ചകളെ വഴിതിരിച്ചുവിട്ട് വിഷയങ്ങളിൽ നിന്നും ജനശ്രദ്ധ തിരക്കാനദ്ദേഹം പരിശ്രമിച്ചു. കൂടാതെ, സുന്നികൾക്കിടയിൽ തന്നെ ഭിന്നിപ്പുണ്ടാക്കുക ലക്ഷ്യം വെച്ച് പതി ഉയർത്തി കൊണ്ടുവന്ന അല്ലാഹുവിന്റെ പേര്‌ ഉച്ചരിക്കേണ്ട വിധത്തെ സംബന്ധിച്ച ചർച്ച അഥവാ 'അൽലാ വിവാദത്തിന്' പൊതുജനങ്ങൾക്കിടയിൽ പിന്തുണയില്ലാതെ പോയത് പതിക്ക് വലിയ വിനയായി. അദ്ദേഹം മുസ്‌ലിം സമൂഹത്തിനിടയിൽ വിശിഷ്യാ സുന്നികൾക്കിടയിൽ പോലും ഒറ്റപ്പെടാനും അനഭിമതനാകാനും ഇത് കാരണമായി എന്ന് പറയാം. എന്തിന്റെ പേരിലായാലും ഉമ്മത്തിനെ ഭിന്നിപ്പിക്കുകയും കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നവർക്ക് ഈ പതിയോർമ ഒരു പാഠമാണ്.

ഇന്ന്‌ ശാന്തപുരം എന്നറിയപ്പെടുന്ന ഈ മഹല്ല് സംവിധാനം പൊന്നാനി കൊണ്ടോട്ടി കൈ വിവാദത്തിന്റെ ഉത്പന്നമാണന്ന് പറയാമെങ്കിലും അടിസ്ഥാനപരമായി അത് യാഥാസ്ഥിതികത്വത്തിൽ നിന്നും പുരോഗമന ചിന്തകളിലേക്കും, കേവല പാരമ്പര്യവാദങ്ങളിൽ നിന്നും ഇസ്ലാമിന്റെ യഥാര്‍ത്ഥ തനിമയിലേക്കും തുറന്ന് വെച്ച കവാടമാണന്ന് പറയാം. കൈ വിവാദത്തിലൂടെയാണ് ആ ചിന്തകൾ ഈ പ്രദേശത്ത് സ്ഥാപിക്കപ്പെടുന്നതെങ്കിലും ഇസ്സുദ്ദീൻ മൗലവി പ്രഥമ പ്രസിഡന്റായി രൂപീകരിക്കപ്പെട്ട മഹല്ല്‌ സംവിധാനം പിറന്നതോടെയാണ് അതിന്റെ പൂര്‍ത്തീകരണം സംഭവിക്കുന്നത്. ആ വഴിയില്‍ ഒരുപാട്‌ മുള്‍പാതകൾ താണ്ടിയവരാണ് ഈ നാടിന്റെ മുന്‍ഗാമികൾ. ദീനീ തല്‍പരരും വിശാലമനസ്‌കരുമായിരുന്ന അവർ ഇസ്‌ലാമികാശയങ്ങളെ ജീവിതത്തില്‍ പകര്‍ത്തുകയും അത്‌ ശിരസാവഹിക്കുകയും ചെയ്തവരാണ്. പുത്തന്‍വാദികള്‍ എന്ന പേര്‌ കേട്ടുകൊണ്ടും ബഹിഷ്‌കരണങ്ങള്‍ ഏറ്റുവാങ്ങിയുമാണ്‌ ഈ ദേശത്തെ ഇസ്‌ലാമിന്റെ തനിമയിലേക്കവര്‍ ഉയര്‍ത്തി കൊണ്ടുവന്നത് എന്ന് പ്രത്യേകം അനുസ്മരിക്കപ്പെടേണ്ട കാര്യമാണ്.

മഹല്ലുയർത്തി പിടിക്കുന്ന വിലമതിക്കാനാവാത്ത ആ മൂല്യ ബോധത്തിന്റെ അടയാളമാണ് 1948 ഒക്ടോബർ 15ന് മഹല്ലിൽ നടന്ന തിരഞ്ഞെടുപ്പ് എന്നു പറയാം. പ്രദേശത്തെ യഥാസ്ഥിതികരും ഉല്‍പതിഷ്‌ണുക്കളും തമ്മില്‍ ചേരിതിരിവുണ്ടായ തൊട്ടുടനെയാണ് മഹല്ല് കമ്മറ്റിയിലേക്കുള്ള ആ തെരഞ്ഞെടുപ്പ് നടക്കുന്നത്. ധനാഢ്യരായ പല പ്രമുഖരേയും പിന്നിലാക്കി സാധാരണക്കാരായ ആളുകളാണ് കമ്മറ്റിയിലേക്കന്ന് തിരഞ്ഞെടുക്കപ്പെട്ടത്. മുസ്ലീം സമൂഹം പിന്നാക്കക്കാരാണന്ന് വിധി എഴുതിയ പലരും അതിലുണ്ടായിരുന്നു. എന്നാൽ, ഇതിൽ ക്ഷുഭിതരായ ഒരു വിഭാഗം കമ്മിറ്റിയില്‍ നിന്നും രാജിവെച്ച് പുറത്ത്‌ പോവുകയും മേല്‍ സാധാരണക്കാരെ കമ്മറ്റിയിൽ നിന്നും നീക്കം ചെയ്താൽ മാത്രമേ തങ്ങൾ ഈ മഹല്ലിന്റെ ഭാഗമാവുകയുള്ളു എന്നും അവർ വാദിച്ചു വന്നത് പ്രതിസന്ധി ഉണ്ടാക്കിയെങ്കിലും, സാമ്പത്തിക ലാഭം ലാക്കാക്കി അവരെ നിലനിർത്താൻ ഉദ്ദേശിച്ചുകൊണ്ട് കൈവിട്ട കളികൾക്കൊന്നും തന്നെ കമ്മറ്റി മുതിരാതെ പോയത് മഹല്ല് ഉയർത്തി പിടിക്കുന്ന ജനായത്തബോധം കൊണ്ടാണന്ന് നിസ്സംശയം പറയാൻ സാധിക്കും. യാഥാര്‍ത്ഥത്തിൽ, കൈ വിവാദങ്ങൾ രൂപപ്പെടാനുണ്ടായ പലവിധ കാരണങ്ങളിൽ നിന്നുള്ള പാഠങ്ങൾ അതിൽ നിന്നും വായിച്ചെടുക്കാം. ഇമാനും നേതൃഗുണത്തിനുമപ്പുറം പാരമ്പര്യ മാഹാത്മ്യത്തിന് മാത്രം മുന്‍തൂക്കം നല്‍കികൊണ്ട് കൊണ്ടോട്ടി തക്കിയയുടെ നേതൃത്വത്തിലേക്ക് കടന്നു വരുന്ന അവരുടെ നേതാക്കള്‍ എത്രമാത്രം ബാധ്യതയാണ് ആ സമൂഹത്തിന്‌ വരുത്തി വെച്ചത് എന്ന് കൊണ്ടോട്ടിയുടെ പിന്നീടത്തെ ചരിത്രം പഠിച്ചാല്‍ നമുക്ക് ബോധ്യമാകുന്ന സംഗതിയാണ്. അപ്രകാരം, മഹല്ലിന്റെ പില്‍ക്കാലത്തുള്ള ഓരോ ചുവട് വെപ്പുകളിലും ഈ കൊണ്ടോട്ടി വിരുദ്ധതയുടെ ചെറിയൊരംശമെങ്കിലും നമുക്ക് കാണാതിരിക്കാൻ കഴിയില്ല. അഭിപ്രായ സ്വാതന്ത്ര്യവും ചിന്താസ്വാതന്ത്യവും ഏറെ അനുഭവിക്കാന്‍ കഴിഞ്ഞവരെന്ന നിലയില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്‌ ഏറെ വളക്കൂറുള്ള മണ്ണില്‍ തന്നെ മഹല്ല് കമ്മറ്റികളുടെ ചരിത്രത്തിലെ ആദ്യ സ്ത്രീപ്രാതിനിധ്യം രൂപപ്പെട്ടതും, ഖബറാരാധനയിലേക്ക് നയിക്കുന്ന ഏതൊരു ചെറിയ നടപടികളേയും നിരൂത്സാഹപ്പെടുത്താൻ ഉദ്ദേശിച്ചു കൊണ്ട്‌ മീസാൻ കല്ലുകളായി ജനങ്ങൾ സ്ഥാപിച്ച മാര്‍ബിളിൽ ഫലകങ്ങൾ പിഴുത് കളയാന്‍ നല്‍കിയ നിര്‍ദ്ദേശങ്ങൾ വരെയുള്ള കാര്യങ്ങളിൽ ഇത് വായിച്ചെടുക്കാൻ സാധിക്കും.

1951ൽ മഹല്ലിന് ഒരു ഭരണഘടന രജിസ്റ്റർ ചെയ്യപ്പെടുകയും, എ കെ അബ്ദുൽ ഖാദർ മൗലവി ഖാദിയും ഖത്വീബുമായി സ്ഥാനമേൽക്കുകയും ചെയ്തശേഷം മഹല്ലിലുണ്ടായ പുരോഗമന പ്രവർത്തനങ്ങൾ തൽപരകക്ഷികളെ വിറളിപിടിപ്പിച്ചു. മഹല്ലുനിവാസികൾക്കിടയിൽ ആദർശപരമായ ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ച് അവരെ പരസ്പരം ഭിന്നിപ്പിക്കാനുള്ള സൂത്രമെന്നനിലയിൽ അവർ കണ്ടെത്തിയ മാർഗ്ഗം ഉൽപതിഷ്ണു‌ വിഭാഗങ്ങളെ ആക്ഷേപ ശകാരങ്ങൾകൊണ്ട് അഭിഷേകം ചെയ്യുന്നതിൽ അഗ്രഗണ്യരായി അറിയപ്പെട്ടിരുന്ന യാഥാസ്ഥിതിക പണ്ഡിതന്മാരെ കൊണ്ടുവന്ന് മഹല്ലിൻ്റെ ഹൃദയഭാഗമായ ചുങ്കത്ത് വഅള് പരമ്പരകൾ സംഘടിപ്പിക്കുകയായിരുന്നു. പ്രസ്‌തുത ഗണത്തിൽ കുപ്രസിദ്ധി നേടിയ മറ്റൊരു പണ്ഡിതനായിരുന്നു ഇ കെ അബൂബക്കർ മുസ്ലിയാർ. അവരുടെ പേര് വെച്ചായിരുന്നു വഅളുമായി ബന്ധപ്പെട്ട നോട്ടീസ് പ്രസിദ്ധീകരിച്ചിരുന്നത്. ഇസ്‌ലാമിക പ്രസ്ഥാനത്തിൻ്റെ നേതൃത്വമംഗീകരിച്ചുകൊണ്ട് ശാന്തപുരത്ത് രൂപപ്പെട്ട ഈ മഹല്ല് പ്രവർത്തനമാരംഭിച്ചതു മുതൽ അതിനെ തകർക്കുവാനുള്ള ശ്രമങ്ങൾ യാഥാസ്ഥിതികരുടെ ഭാഗത്തുനിന്ന് നിരന്തരം ഉണ്ടായിക്കൊണ്ടിരുന്നു.

ഹൈദരലി ശാന്തപുരം സാക്ഷിയായ ഒരു സംഭവത്തെ കുറിച്ച് അദ്ദേഹം തന്റെ ഗ്രന്ഥത്തിൽ പറയുന്നുണ്ട്.

"1963ൽ പ്രവർത്തനമാരംഭിച്ച പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക്കോളേജിന്റെ ശിലാസ്ഥാപനത്തോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട പ്രൗഢമായ സമ്മേളനം. കോളേജ് കമ്മറ്റി പ്രസിഡൻ്റ് സയ്യിദ് അബ്ദുർറഹ്‌മാൻ ബാഫഖി തങ്ങൾ, സെക്രട്ടറി ഇ കെ അബൂബക്കർ മുസ്ലിയാർ, ഖജാഞ്ചി കക്കോടൻ മമ്മുഹാജി തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ സ്റ്റേജിലും ജനാവലി സദസ്സിലും സന്നിഹിതരാണ്. സമസ്‌തയുടെ സമുന്നത നേതാവ് ഖുതുബി മുഹമ്മദ് മുസ്‌ലിയാരായിരുന്നു ഉദ്ഘാടകൻ. അദ്ദേഹം തന്റെ പ്രസംഗത്തിൽ ഖുർആനിലെ അന്നിസാഅ് അധ്യായത്തിലെ 'തനിക്ക് സന്മാർഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിർത്തു നിൽക്കുകയും, സത്യവിശ്വാസികളുടേതല്ലാത്ത മാർഗ്ഗം പിന്തുടരുകയും ചെയ്യുന്നപക്ഷം അവർ തിരിഞ്ഞ വഴിക്കുതന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ടവരെ കരിക്കുന്നതുമാണ്' എന്ന നൂറ്റിപ്പതിനഞ്ചാം സൂക്തം പാരായണം ചെയ്തുകൊണ്ട് വിശദീകരിച്ചു. തുടർന്ന്, വഹാബി മൗദൂദി തുടങ്ങിയ പുത്തൻവാദികൾ ഈ വിഭാഗത്തിൽ പെടുന്നവരാണ് എന്ന് സൂചിപ്പിച്ചു. ഈയുള്ളവനടക്കം മഹല്ലിലെ ഒരു സംഘം ആളുകൾ സമീപത്തുള്ള നമസ്കാരപ്പള്ളിയിലിരുന്നു മേല്‍ പ്രസംഗം ശ്രവിച്ചുകൊണ്ടിരിക്കുകയാണ്. മഹല്ല് സെക്രട്ടറിയായിരുന്ന കെ വി മുഹമ്മദ് മാസ്റ്റർ ഖുതുബിയുടെ സംസാരം കേട്ട് ഇരിക്കുന്ന സ്ഥലത്തുനിന്നും ചാടിയെഴുന്നേറ്റ് സമ്മേളന സ്ഥലത്തിനടുത്തുണ്ടായിരുന്ന മതിലിനു മുകളിൽ കയറി അത്യുച്ചത്തിൽ ഇങ്ങനെ വിളിച്ചുപറയുകയും ചെയ്‌തു... 'തങ്ങളാണെങ്കിലും ഖുതുബിയാണെങ്കിലും ഇവിടെ വന്ന് ആളെ ചീത്ത പറയരുത്...' അത് കേട്ട് സദസ്സൊന്നാകെ സ്തംഭിച്ചുപോയി. ബാഫഖി തങ്ങൾ ഖുതുബിയുടെ പ്രസംഗം നിർത്താൻ കൽപ്പിക്കുകയും ഏറെനേരം കഴിഞ്ഞ് പെരിന്തൽമണ്ണയിൽ നിന്നും പോലീസെത്തി അവരുടെ സാന്നിധ്യത്തിലാണ് സമ്മേളനം തുടർന്നത്. പിന്നീടുള്ള പ്രസംഗങ്ങളിലൊന്നും ആരും ആരെയും വിമർശിക്കുകയുണ്ടായില്ല..."

ഇന്ന്‌ തെരെഞ്ഞെടുക്കപ്പെട്ട 50 കൗണ്‍സിലര്‍മാരും അവരില്‍ നിന്ന്‌ തെരെഞ്ഞടുക്കുന്ന 17 മെമ്പര്‍മാരും ഉള്‍ക്കൊള്ളുന്നതാണ്‌ ശാന്തപുരം മഹല്ല്‌ ഭരണസമിതി എന്ന് പറയാം. മുള്ള്യുക്കുര്‍ശ്ശി, ശാന്തപുരം, പടിഞ്ഞാറെ പള്ളിക്കുത്ത്, കിഴക്കേ പള്ളിക്കുത്ത്‌ എന്നിങ്ങനെ നാല്‌ വാര്‍ഡുകള്‍ ചേര്‍ന്നതാണ് മഹല്ല്‌ സംവിധാനം. തെരെഞ്ഞെടുക്കപ്പെടുന്ന കൗണ്‍സിലര്‍മാരും അതാത്‌ മഹല്ലുകളിലെ വാര്‍ഡ് സമിതികളുമാണ്‌ വാര്‍ഡിലെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക്‌ മേല്‍നോട്ടം വഹിക്കുന്നത്. 2011ല്‍ മഹല്ലിലെ സ്‌ത്രീകള്‍ക്ക്‌ വോട്ടവകാശം നല്‍കുകയും പുരുഷന്മാരെ പോലെ തന്നെ സ്‌ത്രീകളും കൗണ്‍സിലര്‍മാരായും കമ്മറ്റി മെമ്പറുമായും തെരഞെടുക്കപ്പെടുകയും ചെയ്‌തത് മഹല്ലിനെ സംബന്ധിച്ചെടുത്തോളം പുതിയൊരു കാല്‍വെപ്പായിരുന്നു.

ഈ ലേഖനത്തിന്റെ തുടക്കത്തിൽ ഞാന്‍ പരാമര്‍ശിച്ച നിശബ്ദത മൂടിയ തേക്കിന്‍തോട്ടത്തിന് നടുവിലെ ആ പഴയ കെട്ടിടം ഈ നാടിന്റെ ഒരു കാലഘട്ടത്തെ നയിച്ച ചരിത്രത്തിന്റെ മൂകസാക്ഷിയാണന്ന് പറയാമെങ്കിലും ഒച്ചയും ബഹളവും അസ്തമിച്ച അതിന്റെ ഇന്നത്തെ ദുര്യോഗത്തിന് പിന്നില്‍ ശാന്തപുരം മഹല്ലിന്റെ കൂടി നിതാന്ത ജാഗ്രത ഉൾചേര്‍ന്നിട്ടുണ്ടന്ന് നിസ്സംശയം പറയാൻ സാധിക്കുന്ന സംഗതിയാണ്. അല്ലെങ്കിൽ, കൊണ്ടോട്ടിക്ക് സമാനമായ ആനയും അമ്പാരിയും അണിനിരക്കുന്ന വലിയൊരു ഉത്സവ കേന്ദ്രമായേനെ ആ ഖബറിടം.

അവലംബം-
1- കൊണ്ടോട്ടി തങ്ങൾ- ഉമര്‍ മധുവായ്
2- Dr സൈതാലി കുട്ടി ഫൈസി മുള്ള്യാകുർശ്ശി
3- സലാഹുദ്ദീന്‍ അയ്യൂബി
4- കിഴാറ്റൂർ മുതുകുർശ്ശികാവ് അമ്പലം കാര്യദര്‍ശി ശ്രീ മുണ്ടക്കാപറ്റ സേതുമാധവന്‍
5- ഫേസ്ബുക് ലേഖനങ്ങൾ- തൗഫീക്ക് സക്കരിയ
6- മാപ്പിള കലാപം- ടി മുഹമ്മദ്
7- ആംഗ്ലോ മാപ്പിള യുദ്ധം- എ കെ കോഡൂർ
8- ഗതകാല സ്മരണകള്‍- ഹൈദരലി ശാന്തപുരം
9- കേരളത്തിലെ പണ്ഡിത പ്രമുഖർ- പതി അബ്ദുൽ ഖാദർ മൗലവി- Islam kavadam
10- My thoughts- കൊണ്ടോട്ടിയുടെ ചരിത്രം ലേഖനങ്ങൾ
11- ആരാമം ലേഖനം- ഫൗസിയ ഷംസ്


മലബാറിലെ മൈസൂര്‍ കാലം


പട എന്ന വാക്ക് മലബാറിൽ വ്യാപകമായി ഉപയോഗത്തിലുള്ളൊരു പദമാണ്. മാനുഷികമായ പരികൽപ്പനകൾക്കപ്പുറത്ത് തീര്‍ത്തും ഹൃദയശൂന്യമായത്, ദാരുണമായത് എന്നൊക്കെയാണ്‌ പൊതുവെ അതിനര്‍ത്ഥം കല്‍പിച്ചു വരാറ്. നീതിക്കും ന്യായത്തിനും വേണ്ടിയല്ലാതെ കേവലം രക്തതളപ്പിനാൽ മാത്രം നിയന്ത്രിക്കപ്പെടുന്ന ഒരു കൂട്ടം ആളുകളാണ് ആ വാക്ക് കൊണ്ടുള്ള സൂചന. പട എന്ന ആ വാക്ക് എങ്ങനെയാണ് മലബാര്‍ മണ്ണില്‍ വിശ്രുതമായത് എന്ന് ചോദിച്ചാൽ അതിന്‌ ടിപ്പുവിന്റെ ഭരണകാലത്തോളം പഴക്കമുണ്ടെന്ന് പറയേണ്ടി വരും. ആ കഥകൾ കേരളത്തിന്റെ മുത്തശ്ശി കഥകളുടെ ഭാഗമാണ്. 'രക്തം അല്ലെങ്കിൽ മതം മാറ്റം' എന്ന ധ്വനി ഉല്‍പാദിപ്പിച്ചുകൊണ്ട് ചരിത്രവുമായി യോജിക്കാത്ത കുറേ അസംഭവ കഥകളുമായി അതിവിടെ പ്രചുരപ്രചാരത്തിലായി. വിശ്വാസികളുടെ ഉത്തരവാദിത്ത രാഹിത്യംകൊണ്ട് തകർന്ന് പോയ ക്ഷേത്രാവശിഷ്ടങ്ങൾ പോലും ചൂണ്ടിക്കാട്ടി ഇത് ടിപ്പുവിന്റെ 'പട' കാരണം തകർന്ന് പോയതാണെന്ന് പറഞ്ഞു വന്നു. 'ഒരു വലിയ തിരമാല പോലെ കേരളത്തിലേക്കടിച്ചു കയറിയ ആ പട കേരളീയ മണ്ണിനെ ചെഞ്ചോരയണിയിപ്പിച്ചു കടന്ന് പോയി' എന്ന് ആ ഉഗ്രകഥകൾ നമ്മോട് പറഞ്ഞ് വെക്കുന്നു. ക്ഷേത്രങ്ങൾ കൊള്ളിവെക്കുക, അഗ്രഹാരങ്ങളിൽ പശുക്കശാപ്പ് ചെയ്യുക, കൈയിൽ കിട്ടിയ ഹിന്ദുക്കളെയെല്ലാം സുന്നത്തു ചെയ്ത് ഗോമാംസം തീറ്റിക്കുക തുടങ്ങിയ ആ ആരോപണങ്ങള്‍ അക്കാലങ്ങളിലെ ചില സാഹിത്യങ്ങളിൽ വരെ തിളങ്ങി നിന്നു. തിരുവിതാംകൂറിലെ രാമരാജ ബഹദൂറിന്റെ ചില കൃതികള്‍ അതിനുദാഹരണമാണ്. ഒരു നേരിയ രജതരേഖപോലുമില്ലാത്ത തികഞ്ഞാന്ധകാരമായിട്ടാണ് ടിപ്പുവിന്റെ പടയോട്ടം ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ ജനതയോട് കൊടും ക്രൂരതകൾ ചെയതത് വന്ന വെള്ളക്കാരുടെ കാലത്തെ 'ബ്രിട്ടീഷ് ഭരണനാളുകള്‍' എന്ന് വിശേഷിപ്പിച്ചു വരുന്ന നമ്മൾ ടിപ്പുവിന്റെ കാലത്തെ 'മൈസൂര്‍ ഭരണകാലം' എന്ന് പോലും വിശേഷിപ്പിക്കാൻ പലപ്പോഴും തയ്യാറാകാറില്ല എന്നുള്ളതൊരു വസ്തുതയാണ്. അങ്ങനെ പടയോട്ടം, പട എന്ന ആ വാക്ക് ടിപ്പുവിന്റെ 'കിരാതാഗമനത്തിന്റെ' തേരിലേറി ഈ നാട്ടില്‍ പ്രചുരപ്രചാരത്തിലായി എന്ന് പറയാം.

മലബാര്‍സമര ചരിത്രത്തിലെ അവസാന ആളികത്തലായ1921 കാലത്തെ വിപ്ലവപ്രവര്‍ത്തനങ്ങളെ ബ്രിട്ടീഷുകാർ റയോൾട്ട് അഥവാ കലാപം എന്ന് വിശേഷിപ്പിച്ച് വന്നതിനെ പിന്തുടര്‍ന്ന് വന്ന പുതുകാല ചരിത്രകാരന്മാര്‍, നാട്ടില്‍ നടക്കാൻ പാടില്ലാത്തതെന്തോ നടന്നിരിക്കുന്നു എന്ന മട്ടില്‍ മലബാര്‍ കലാപം, മാപ്പിള ലഹള, മാപ്പിള കലഹം, ആക്രമണം, കുഴപ്പം തുടങ്ങിയ ഭാഷ്യങ്ങൾ തന്നെ അതിന്‌ നല്‍കി വന്ന സാഹചര്യത്തിലാണ് പട എന്ന ആ വാക്കിനൊരു പുനർഅര്‍ത്ഥം സാധ്യമാകുന്നത് എന്ന് പറയാം. അതുപ്രകാരം, മേല്‍ നിഷേധാർത്ഥകമായ വാക്കുകൾക്ക് പകരം, സമരം, വിപ്ലവം, ആംഗ്ലോ മലബാര്‍ യുദ്ധം തുടങ്ങിയ വാക്കുകളോടൊപ്പം മലബാര്‍ പട എന്ന പേരിലും ആ സമരം വിശ്രുതമായി. അങ്ങനെ, ജനകീയ സമരപ്രവര്‍ത്തനങ്ങളും പട എന്ന വാക്കിൽ ഉള്‍ക്കൊള്ളുന്നുണ്ട് എന്നൊരു സംജത പുതിയ കാലത്ത്‌ രൂപം കൊണ്ടിരിക്കുന്നു എന്ന് ചുരുക്കം.

വിശാലമായ മൈസൂർ സാമ്രാജ്യത്തിൻ്റെ തെക്കുപടിഞ്ഞാറെ അതിർത്തി മാത്രമായിരുന്നു മലബാർ. ഒരു ഗവർണ്ണറുടെ കീഴിലുള്ള ഈ ചെറിയ പ്രവിശ്യ. ഇത് മൈസൂറിൻ്റെ ഭാഗമാകുന്നത് 1766ൽ ടിപ്പുവിൻ്റെ പിതാവായ ഹൈദരാലിയിലൂടെയാണ്. പിന്നീട്, ശ്രീരംഗപട്ടണം സന്ധിപ്രകാരം 1792ലാണ് ഈ പ്രദേശം ബ്രിട്ടീഷുകാരുടെ കൈയിലേക്ക് മാറ്റപ്പെടുന്നത്. ചുരുക്കത്തിൽ, ടിപ്പുവിന്റെ ചരിത്രത്തിലെ പകുതിക്കാലം മാത്രം അദ്ദേഹത്തിന്റെ രാജ്യഭാഗമായിരുന്ന ചെറിയൊരു പ്രവിശ്യക്കുള്ള വിഹിതമേ മലബാറിനുള്ളൂ എന്ന് പറയാം. പക്ഷേ, നമുക്ക് മലബാർ വലുതാണ്, പ്രിയപ്പെട്ടതുമാണ്. നമ്മുടെ നാടിൻ്റെ കാൽ നൂറ്റാണ്ടുകാലത്തെ ചരിത്രം മൈസൂരിന്റെ ചരിത്രം പറയുന്ന പുസ്തകത്താളിലാണ് ഉൾചേർന്ന് കിടക്കുന്നത്. അതിനാൽ, ടിപ്പുവിന്റെ കാലത്തെ വെട്ടിമാറ്റികൊണ്ട് മലബാർ ചരിത്രം പൂർണ്ണമാവുകയില്ല എന്നു തന്നെ പറയാം. എന്നാൽ, അതിനെ സമകാലിക രാഷ്ട്രീയ താല്പര്യങ്ങളുടെ കണ്ണിലൂടെ കാണാനാണ് പലരും ശ്രമിച്ചു വരാറ്. അവരിലെ ടിപ്പു വിമര്‍ശകർ പലപ്പോഴും നിലവിലെ സമൂഹിക സങ്കല്‍പ്പങ്ങളെ അക്കാലവുമായി കൂട്ടികുഴക്കാനും ശ്രമിക്കാറുണ്ട്. ടിപ്പുവുമായി ബന്ധപ്പെട്ട ക്ഷേത്ര ധ്വംസന കഥകൾ അങ്ങനെ രൂപപ്പെട്ടതാണ്. എന്നാൽ, അതിൽ പോലുമവർ സത്യസന്ധത പുലര്‍ത്തുന്നില്ല എന്നുള്ളതിന്റെ ഉദാഹരണമാണ് ആധുനിക കേരളത്തിന്റെ നിര്‍മ്മിതിയിലേക്ക് വെളിച്ചം വീശിയ പല നിർമ്മിതികൾക്കും സാമൂഹിക മാറ്റങ്ങൾക്കും പിറകിൽ ടിപ്പുവിന്റെ കൈകളുണ്ടെന്ന സത്യം അംഗീകരിക്കാൻ പോലും മടിക്കുന്നത് എന്ന് മനസ്സിലാക്കാം.

അറബിക്കടലിലെ തുറമുഖങ്ങളിലേക്കുള്ളൊരു എളുപ്പമാർഗ്ഗം എന്ന നിലയിലാണ് മൈസൂരിന് മലബാര്‍ പ്രദേശങ്ങളിലേക്കുള്ള താല്‍പര്യം രൂപപ്പെടുന്നത് എന്ന് പറയാം. അങ്ങനെ കേരളത്തിലെ നാട്ടുരാജ്യങ്ങള്‍ക്ക് മുകളിൽ സമ്പൂര്‍ണ്ണ മേധാവിത്വം സ്ഥാപിച്ച് ദക്ഷിണേന്ത്യയെങ്കിലും സമ്പൂര്‍ണ്ണമായി ബ്രിട്ടീഷ് അധിനിവേശ മുക്തമാക്കുക എന്ന വിശാലമായ ലക്ഷ്യമാണ് ഹൈദർ മനസ്സിൽ കണ്ടത്. എന്നാൽ, ബ്രിട്ടീഷുകാർക്ക് മലബാറിലെ നാട്ടുരാജ്യങ്ങൾക്ക് മുകളിലുള്ള പിടി കൂടുതൽ ദൃഢമാക്കുവാനും, കൊച്ചിക്കു ശേഷം മൈസൂർ സുൽത്താന്മാർ ആക്രമിച്ച തിരുവിതാംകൂറിനെ വെറുമൊരു സാമന്തരാജ്യമാക്കുവാനും മൈസൂര്‍ ആഗമനം കാരണമായി എന്ന് പറയുന്നതാകും കൂടുതൽ ശരി. എന്നാലും, മൈസൂര്‍ തങ്ങളുടെ നിയോഗം ഈ മണ്ണില്‍ പൂര്‍ത്തീകരിച്ചു തന്നെയാണ് കടന്ന് പോയത് എന്ന് നിസ്സംശയം പറയാൻ സാധിക്കുന്ന കാര്യമാണ്. ആ അടയാളങ്ങളുടെ അന്വേഷണമാണ് ഈ ലേഖനത്തിന്റെ പ്രഥമോദ്ദേശം എന്ന് പറയാം.

പതിനെട്ടാം നൂറ്റാണ്ട് ഇന്ത്യയുടെ രാഷ്ട്രീയരംഗം സവിശേഷമായൊരു സാഹചര്യത്തെ അഭിമുഖീകരിച്ചുകൊണ്ടിരുന്നൊരു കാലമായിരുന്നു. ഇന്ത്യയുടെ എല്ലാ പ്രദേശങ്ങളേയും ഒരു കേന്ദ്രീകൃതഭരണത്തിനു കീഴിൽ കൊണ്ടുവരാനുള്ള മുഗളരുടെ പ്രവർത്തനങ്ങൾ ചക്രവർത്തിയായ ഔറംഗസേബിനോടു കൂടെ അസ്തമിച്ചിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം താരതമ്യേന സ്വതന്ത്രരായ മുഗൾ പ്രതിനിധികൾ തങ്ങളുടെ അധീനപ്രദേശങ്ങൾ സ്വന്തമായി ഭരിക്കുകയും ഡൽഹി സർക്കാറിനോട് ഇണങ്ങിയും പിണങ്ങിയും തങ്ങളുടെ നാമമാത്രമായ കൂറുകാണിച്ചു പോരുകയും ചെയ്തു വന്നു. അങ്ങനെയാണ് ഒരുകാലത്ത് മുഗൾ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഹൈദരാബാദ് പ്രവിശ്യ, മുഗൾ സുബേദാറായിരുന്ന ആസഫ് ജാ നിസാമുൽ മുൽകിന്റെ നേതൃത്വത്തില്‍ സ്വാത്രന്ത്ര്യം പ്രാപിക്കുകയും ഒരു സ്വതന്ത്രരാജ്യമായി മാറുകയും ചെയ്തത്. പിന്നീട്, ഹൈദരാബാദിന്റെ ഭാഗമായിരുന്ന കര്‍ണ്ണാട്ടിക് 1948ഓടെ സ്വതന്ത്രമാവുകയും നൈസാമിന്റെ അനുവാദമില്ലാതെ സ്വന്തമായി തീരുമാനങ്ങൾ കൈകൊണ്ട് വരികയും ചെയ്തു. ഇതേ സമയം നാശോന്മുഖമായ മുഗൾ ശക്തിക്കെതിരെ ശിവജിയുടെ പിൻതലമുറക്കാർ മറാത്താ രാജ്യവും കെട്ടിപ്പടുത്തു പോന്നു. അവിടേയും അധികം താമസിയാതെ പ്രഭുക്കന്മാരുടെ വകയായി പേഷ്വയാകാനുള്ള കളികൾ ഒരു വശത്തും, രജപുത്രന്മാരുടെ അധികാര പടംവലി മറ്റൊരു വശത്തും നിർബാധം തുടര്‍ന്ന്‌ വന്നു.

ഇതേ സമയം കേരളത്തിലെ ചെറുനാട്ടുരാജ്യങ്ങൾ പലതും പരസ്പരം കൂടിച്ചേർന്നും കൂട്ടിച്ചേർത്തും തിരുവിതാംകൂർ, കോഴിക്കോട്, കൊച്ചി എന്നീ കുറിച്ചൊക്കെ വലിയ അധികാരിവകാശങ്ങളുള്ള രാജ്യങ്ങളായി മാറിക്കഴിഞ്ഞിരുന്നു. സ്വാഭാവികമായും രാജ്യവിപുലീകരണത്തിലുള്ള ആഗ്രഹങ്ങള്‍ അവരിലും രൂപപ്പെട്ട് വന്ന സാഹചര്യത്തിലാണ് 1750 കാലത്ത് പാലക്കാട് തരൂർ സ്വരൂപം രാജാക്കന്മാർ തമ്മിലൊരു തർക്കം രൂപപ്പെടുന്നത്. ഇതിൽ ഒരു താവഴി സാമൂതിരി സൈന്യത്തിൻ്റെ സഹായം തേടുകയും അയൽ നാടുകളെ കീഴടക്കി ആധിപത്യം സ്ഥാപിക്കാൻ ആഗ്രഹിച്ച സാമൂതിരി ഇതൊരു അവസരമായിക്കണ്ട് പാലക്കാട്ടുശ്ശേരി ആക്രമിക്കുകയും ചെയ്തത്. ഇതിൽ നിന്നുള്ള രക്ഷ ആഗ്രഹിച്ചുകൊണ്ടാണ് മറുതാവഴി മൈസൂരിന്റെ സഹായഭ്യര്‍ത്ഥിക്കുന്നത്. അക്കാലത്ത് മൈസൂർ രാജ്യത്തിന് കീഴിലുള്ള ഡിണ്ടിഗൽ ഫോജ്‌ദാറായിരുന്നു ഹൈദരലി. തന്റെ സൈനിക ജീവിതത്തിൻ്റെ പടവുകൾ പടുത്തു തുടങ്ങിയിരുന്ന ഹൈദർ അപ്രതീക്ഷിതമായി ലഭിച്ച ഈ അവസരം തീരെ പാഴാക്കിയില്ല. അളിയനായ മഖ്ദും അലിയുടെ നേതൃത്വത്തില്‍ നാലയ്യായിരം വരുന്ന ഒരു സൈന്യത്തെ പാലക്കാട് രാജാവിന്റെ രക്ഷക്കായി പറഞ്ഞയക്കുകയും യുദ്ധത്തിൽ സാമൂതിരി സൈന്യത്തെ സമ്പൂർണ്ണമായി പരാജയപ്പെടുത്തുകയും ചെയ്തു.

കോഴിക്കോട്ട് സേനയെ പരാജയപ്പെടുത്തിയ മൈസൂര്‍ സൈന്യം അറബിക്കടൽ വരെ എത്തിച്ചേർന്നു. സാമൂതിരിയോട് പാലക്കാട്ടുശ്ശേരി പ്രദേശത്ത് നിന്ന് പിന്മാറാനും, യുദ്ധച്ചെലവുകളിലേക്കായി പന്ത്രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുവാനും ഉത്തരവിട്ടുകൊണ്ട് ഹൈദർ അലി അവിടെനിന്നും പിന്മാറുകയും ഇതിനു പ്രതിഫലമായി മൈസൂർ രാജാവ് അദ്ദേഹത്തിനു ബംഗളൂരുവിലെ ഗവർണർ സ്ഥാനം നൽകുകയും ചെയ്തു. മലബാറിലെ മറ്റു നാട്ടുരാജാക്കന്മാരെപ്പോലെ നാട്ടുനടപ്പുകളെ ആശ്രയിച്ചും നികുതി പിരിവുകളിലൂടെയും മാത്രം രാജ്യം ഭരിച്ചുപോന്ന സാമൂതിരി, ഹൈദറിന്റെ മികച്ച രീതിയിൽ പരിശീലനം ലഭിച്ചതും അച്ചടക്കവും ആയുധബലമുള്ളതുമായ സേനയോട് പരാജയപ്പെടുകയായിരുന്നു എന്ന് കാണാൻ കഴിയും. പിന്നീട്, മൈസൂർ സാമ്രാജ്യത്തിലുണ്ടായ ചില അസ്വാരസ്യങ്ങളെ തുടർന്ന് മഖ്ദൂം സാഹിബിന്റെ സേനയെ മലബാറിൽ നിലനിര്‍ത്തിക്കൊണ്ട് ഹൈദരലി മൈസൂറിലേക്ക് തിരിച്ചുപോവുകയും പാലക്കാട്ടെ നായർ പട സഹായത്തിനായി അവരുടെ കൂടെ തുടരുകയും ചെയ്തു.

വിജയനഗര സാമ്രാജ്യത്തിന്റെ അസ്തമയ ശേഷം മൈസൂർ രാജ്യം വൊഡയാർ രാജവംശത്തിനു കീഴിലാണ് ഭരിക്കപ്പെട്ടുകൊണ്ടിരുന്നിരുന്നത്. പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ വൊഡയാർ രാജവംശം ദളവയുടേയും സർവാധികാരിയുടേയും ഉപജാപങ്ങളിൽപ്പെട്ട് ശിഥിലമായി രാഷ്ട്രീയാധികാരം നഷ്ടപ്പെട്ട് ഉലഞ്ഞുകൊണ്ടിരിക്കുന്ന കാലമായിരുന്നു. ഈ അവസരം മുതലാക്കിയാണ്‌ സൈന്യത്തിന്റെ അധിപനും അടുത്തിടെ ദിണ്ടിക്കലില് വച്ച് തിരുച്ചി പിടിക്കാനുള്ള ശ്രമത്തിൽ അജയ്യനെന്നു പേര് ലഭിച്ചയാളുമായ ഹൈദരാലി ഭരണം പിടിച്ചെടുത്തത്. സ്വന്തം പ്രയത്നം കൊണ്ട് മൈസൂരിന്റെ ഭരണാധികാരിയായ ആളാണ് ഹൈദരലി. 1761ൽ ഹൈദരലി മൈസൂർ രാജ്യത്തിന്റെ ഭരണം പിടിച്ചെടുക്കുകയും രാജ്യത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധിക്കുകയും ചെയ്ത് വന്ന കാലയളവിലാണ് ബെദനൂർ, സുന്ദ, സേര, കാനറ തുടങ്ങിയ ദേശങ്ങളെല്ലാം മൈസൂരുമായി ചേരുന്നത്.

പാലക്കാട് സംരക്ഷണാർത്ഥമുള്ള 1757കാലത്തെ മൈസൂര്‍ പടയോട്ടത്തെ തുടർന്നുണ്ടായ യുദ്ധവിരാമ ചർച്ചയിൽ, യുദ്ധ ചിലവുകളിലേക്കായി സാമൂതിരി നല്‍കാം എന്ന് സമ്മതിച്ച പന്ത്രണ്ട് ലക്ഷം നൽകാതെ നിരന്തരം കബളിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട്ടേക്കുള്ള മറ്റൊരു സൈനിക നടപടിയെ കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്ന അതേ അവസരത്തില്‍ തന്നെയാണ് മൈസൂരിന്റെ അഭ്യന്തര പ്രശ്നങ്ങളിൽ അനാവശ്യമായി കോഴിക്കോട് ഇടപെടാൻ ശ്രമിച്ചത്. സാമൂതിരി കോവിലകത്തെ കൊട്ടാരം ചരിത്രകാരനായ കൃഷ്‌ണയ്യർ അതിങ്ങനെ വിവരിക്കുന്നു,

“മൈസൂരിനുള്ള കപ്പം കൊടുക്കുന്നതിനോ അതല്ലെങ്കിൽ രാജ്യം രക്ഷിക്കുന്നതിനോ ഏർപ്പാടു ചെയ്യാതെ കൊച്ചി രാജാവുമായി സാമൂതിരിപ്പാടൊരു സമരത്തിലേർപ്പെട്ടു. തൃപ്രയാർ ക്ഷേത്രത്തിലെ പുരോഹിതനെ നിയമിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിൽ തന്റേയും രാജ്യത്തിന്റേയും അസ്തിത്വം തന്നെ അതിലാണ് സ്ഥിതിചെയ്യുന്നതെന്നു തോന്നിപ്പിക്കുന്ന ഉത്സാഹത്തിലും മൂച്ചിലുമാണ് അദ്ദേഹമാ വിഷയത്തിലിടപെട്ടു വന്നത്..."

അതോടൊപ്പം, കണ്ണൂരിലെ അറക്കല്‍ ആലിരാജയും കോഴിക്കോട് ആക്രമിക്കാൻ ഹൈദറിനെ നിരന്തരം ക്ഷണിച്ചിരുന്നു എന്ന് ചരിത്രം പറയുന്നു. ഹൈദര്‍ ബേദനൂർ രാജ്യം കീഴടക്കിയ വാർത്തയറിഞ്ഞതു മുതൽ ആലിരാജ ഈ ആവശ്യവുമായി ഹൈദരാലിയെ സമീപിച്ചിരുന്നത്രെ. 1766ൽ മംഗലാപുരം വഴി 12000 കാലാൾപ്പടയോടും 4000 കുതിരപ്പടയോടും ധാരാളം ആയുധങ്ങളോടും കൂടി ഒരിക്കല്‍ കൂടി ഹൈദരാലി മലബാറിലേക്ക് പുറപ്പെട്ടു. ഇവരെ പെരുങ്കുളത്ത് വെച്ച് നായർപ്പട പ്രതിരോധിച്ചു. ഇക്കാലത്ത് തനിക്ക് അറബിക്കടലിൽ ഒരു തുറമുഖം സ്വന്തമാക്കാൻ ഹൈദർ വളരെയധികം ആഗ്രഹിച്ചിരുന്നു. തന്റെ ആധുനിക പട്ടാളവുമായി വന്ന ഹൈദർ കോലത്തുനാട്ടിൽ തുടങ്ങി മലബാറിലെ മിക്ക നാട്ടുരാജാക്കന്മാരെയും കീഴടക്കി. ഇതേസമയം തന്നെ, തന്റെ ദീർഘകാല ശത്രുവായിരുന്ന കോലത്തിരിയുടെ കൊട്ടാരം കീഴടക്കികൊണ്ട് കണ്ണൂരിലെ അറക്കല്‍ ആലിരാജയും മൈസൂരിനൊപ്പം ചേര്‍ന്നു. പിന്നീട്, മൈസൂർ കേരളം ഭരിച്ച കാലത്തുടനീളം അവരുടെ മുഖ്യസഖ്യകക്ഷിയായി മേല്‍ കണ്ണൂർ മാറ്റപ്പെട്ടു എന്ന് കാണാൻ സാധിക്കും. ഇതിനിടയിൽ മലബാറിലെ ചില പ്രബലമായ നാട്ടുരാജ്യങ്ങളായ ചിറക്കൽ, കോട്ടയം, കടത്തനാട് തുടങ്ങിയ രാജ്യങ്ങളും മൈസൂര്‍ കൈവശപ്പെടുത്തി. കടത്തനാട് കീഴടക്കിയശേഷം ഹൈദർ തന്റെ പ്രഥമ ലക്ഷ്യമായ കോഴിക്കോട്ടേക്ക് തിരിഞ്ഞു.

ഹൈദർ വരുമ്പോഴേക്കും തന്റെ സ്വന്തക്കാരെയും ബന്ധുക്കളെയും പൊന്നാനിയിലെയും കോട്ടക്കലിലെയും സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി സാമൂതിരി പ്രതിരോധത്തിന് തയ്യാറെടുത്ത് നിന്നു. നായർ പടയാളികളെ കൂടാതെ തീയ്യപ്പടയും കോഴിക്കോട് സേനയുടെ ഭാകമായിരുന്നു. ഇവരുടെ പടത്തലവനായി ചെറായി പണിക്കരേയും സാമൂതിരി നിയമിച്ചിരുന്നു. 1757ൽ നിന്നും ഒരു പാഠവും പഠിക്കാത്ത കോഴിക്കോട് മൈസൂരിന്റെ ആധുനികമായ യുദ്ധോപകരണങ്ങൾക്ക് മുന്നില്‍ ഒരിക്കല്‍ കൂടി നിശ്ശേഷം അടിയറവു പറയുകയും യുദ്ധവിരാമത്തോടെ സാമൂതിരിയെ വീട്ടുതടങ്കലിൽ പാര്‍പ്പിക്കുകയും ചെയ്തു എന്ന് പറയാം. കനത്ത മാനഹാനിയും തന്റെ ദിനചര്യകൾ പോലും ചെയ്യാൻ അനുവദിക്കാതേയുമിരുന്ന സാഹചര്യവും കാരണം അസ്വസ്ഥനായ സാമൂതിരി ഒടുവിൽ ഗതികെട്ട് കൊട്ടാരത്തിലെ വെടിമരുന്നുശാലക്ക് തീവച്ച് സ്വയം ആത്മാഹൂതി ചെയ്യുകയായിരുന്നു എന്നാണ്‌ പിന്നീടുള്ള ചരിത്രം പറയുന്നത്.

സാമൂതിരിയുടെ മരണത്തെത്തുടർന്ന് മൈസൂറിന്റെ ഒരു കേന്ദ്രീകൃത ഭരണത്തിന് കീഴെ കുറഞ്ഞ അധികാരാവകാശങ്ങളോട് കൂടി പഴയ നാടുവാഴികൾക്ക് ഭരണം ഏൽപ്പിച്ചുകൊണ്ട് ഹൈദരരാലി തിരിച്ചുപോയി. എന്നാൽ, നാടുവാഴികളുടെ ദുർഭരണത്തെക്കുറിച്ചുള്ള ആക്ഷേപങ്ങൾ രൂക്ഷമായതോടെ ഹൈദർ വീണ്ടും കേരളത്തിലെത്തുകയും ഇത് അദ്ദേഹത്തിനെതിരിൽ ഒരു നാടുവാഴി-ജന്മി-നായർ സഖ്യം രൂപം കൊള്ളാൻ കാരണമാവുകയും ചെയ്തു എന്ന് പറയാം. സഹായത്തിനായി വിദേശശക്തികളായ ഡച്ചുകാരെയും ഇംഗ്ലീഷുകാരെയുമാണവർ കൂട്ടുപിടിച്ചത്. 1768ൽ ഇംഗ്ലീഷ് സൈന്യം കണ്ണൂരാക്രമിച്ചു. കോട്ടയം, കോലത്തുനാട് എന്നിവിടങ്ങളിലെ രാജാക്കന്മാരും നായന്മാരും ഇംഗ്ലീഷ് സൈന്യത്തിന് ഇതിനായുള്ള സര്‍വ്വസഹായങ്ങളും നല്‍കി. മംഗലാപുരം തുടങ്ങിയ മൈസൂർ കേന്ദ്രങ്ങൾ ഇംഗ്ലീഷുകാർ പിടിച്ചെടുത്ത വാർത്ത അവരെ ആവേശഭരിതരാക്കിയെങ്കിലും ഏറത്താമസിയാതെ ഇംഗ്ലീഷ് സൈന്യത്തെ അപമാനകരമായി തോൽപ്പിച്ചുകൊണ്ട് ഹൈദർ വീണ്ടും ആ പ്രദേശങ്ങളൊക്കെയും തിരിച്ചുപിടിച്ചു. അതുവരെയുള്ള യുദ്ധച്ചെലവുകളിലേക്ക് രാജാക്കന്മാർ വലിയൊരു തുക കൊടുക്കാമെന്നും ആണ്ടിനാൽ കപ്പം കൊടുത്തു മൈസൂർ സൈന്യത്തിന്റെ സംരക്ഷണയിൽ സാമന്തന്മാരായി കഴിഞ്ഞുകൊള്ളാമെന്നും ഇതോടെ തീരുമാനമുണ്ടായി. മലബാറിലെ വിപുലമായ അധികാരവും ധാരാളം പണവും കൈവശം വന്ന ഹൈദരലി പിന്നീട് പാലക്കാട് വഴി കോയമ്പത്തൂരിലേക്ക് പോവുകയും, മലബാറിന്റെ മിലിട്ടറി ഗവർണറായി റാസ അലിയെയും സിവിൽ ഗവർണ്ണറായി മുൻ റവന്യൂ ഓഫീസറായ മദണ്ണ എന്ന ബ്രാഹ്മണനേയും നിയമിച്ചു.

ഈ സംഭവത്തോട് കൂടിയാണ്‌ സ്വയംരക്ഷ കണക്കാക്കി കൊണ്ടുള്ള ജന്മി-നാടുവാഴികളുടെ തിരുവിതാംകൂർ യാത്ര വേഗത്തിലായത് എന്ന് പറയാം. വില്യം ലോഗൻ രേഖപ്പെടുത്തിയതനുസരിച്ച് 280 കുടുംബങ്ങളായിരുന്നു ഈ ജന്മികൾ. അവരാണ് മലബാറിന്റെ അങ്ങോളമിങ്ങോളമുള്ള ലക്ഷക്കണക്കിന് ഹെക്‌ടർ ഭൂമിയുടെ ഉടമസ്ഥത അവകാശപ്പെട്ട് നടന്നിരുന്ന ഭൂപ്രഭുക്കൾ. അവര്‍ക്ക് ശേഷം ഇവിടെ ബാക്കിയായ ജനത വിയര്‍പ്പൊഴുക്കി അധ്വാനിച്ച് തങ്ങളുടെ രാജ്യത്തെ ഐശ്വര്യത്തിലേക്ക് നയിച്ചപ്പോൾ മേല്‍ 280 പേർ തിരുവിതാംകൂറിൽ സുഖജീവിതത്തിലായിരുന്നു. ഇവരുടെ പട്ടാളക്കാരാണ് പിന്നീട് കടല് കടന്ന് വന്ന വെള്ളക്കാരെ ഒളിഞ്ഞും തെളിഞ്ഞും കൂട്ടുപിടിച്ച് ടിപ്പുവിനെതിരെ തിരിഞ്ഞത് എന്ന് പറയാം. 1792ൽ ടിപ്പു സുൽത്താൻ പരാജയപ്പെട്ടപ്പോൾ ഏറ്റവുമധികം ആഹ്ലാദിച്ചതും ഈ സവർണ വർഗ്ഗമായിരുന്നു. ഇന്നത്തെ കണ്ണൂർ, കാസർകോട്, മലപ്പുറം ജില്ലകളിലും, ഭാരതപ്പുഴക്കും ചേറ്റുവപ്പുഴക്കുമിടയിലുള്ള പഴയ ചാവക്കാട് താലൂക്കിലെ അന്നത്തെ 40 ലക്ഷം ജനങ്ങളെ ചൂഷണം ചെയ്ത 300ഓളം ജന്മി-നാടുവാഴികളും പതിനായിരത്തോളം വരുന്ന അവരുടെ നായർപ്പടയും ആഹ്ലാദം പ്രകടിപ്പിച്ചപ്പോൾ ബാക്കിയുണ്ടായിരുന്ന അനേക ലക്ഷം മനുഷ്യർ ടിപ്പുവിൻ്റെ പതനത്തിൽ ദുഃഖിച്ചു. മേലാളന്മാരുടെ ചൂഷണം തടയാൻ ശ്രമിച്ചതിന് ടിപ്പുവിനെ മതഭ്രാന്തനായി ചിത്രീകരിച്ചവരും അതിനെ ചരിത്രമാക്കിയവരും അവർ തന്നെ.

1782 ലാണ് ഹൈദരലി മരണപ്പെടുന്നതും മകൻ ഫത്തേഹ് അലി ടിപ്പു അധികാരമേൽക്കുകയും ചെയ്യുന്നത്. ഹൈദരലി നടപ്പാക്കിയ സാമ്പത്തിക പരിഷ്കരണത്തോടൊപ്പം തന്നെ സാമൂഹ്യപരിഷ്‌കരണവും ടിപ്പു പ്രഖ്യാപിച്ചു. അതിനെ വർണാശ്രമവ്യവസ്ഥയെ അടിസ്ഥാനമാക്കി കെട്ടിപ്പടുത്ത തിയോക്രാറ്റിക് ഫ്യൂഡലിസ്റ്റ് വ്യവസ്ഥയിൽ നിന്നും പരിഷ്കരണ സമൂഹത്തിലേക്കുള്ള യാത്രയുടെ തുടക്കമായി സമൂഹം വിലയിരുത്തുന്നു. അതിന്റെ ഭാഗമായാണ് സ്ത്രീകൾക്ക് മാറ് മറച്ച് വസ്ത്രം ധരിക്കാനുള്ള അവകാശമുൾപ്പെടെയുള്ള പരിഷ്കാരങ്ങൾ മലബാറിലന്ന് നടന്ന് വന്നത് എന്ന് പറയാം. ഇതിന്റേയൊക്കെ ഫലമായി മലബാർ പുതിയൊരു സാമ്പത്തിക ശക്തിയായി മാറുകയും  1775 മുതൽ നാടിൻ്റെ ഉൽപാദനശേഷി നാലിരട്ടിയായി വർധിക്കുകയും ചെയ്തു.

1766 മുതൽ 1790 വരെയാണ് മലബാറിലെ മൈസൂർ ആധിപത്യ കാലം എന്ന് പറയാം. ആ 24 കൊല്ലത്തിൽ 1773 വരെയുള്ള 7 കൊല്ലം കാര്യമായ ഭരണപ്രവർത്തനങ്ങളൊന്നും നടത്താനാവാത്ത ഒരു വിടവാണന്ന് കാണാൻ കഴിയും. 1773ൽ ശ്രീനിവാസറാവു മലബാർ ഗവർണ്ണറായി സ്ഥാനം ഏറ്റെടുത്തശേഷം 90 വരെയുള്ള കാലത്തിനിടക്ക് രണ്ടാം മൈസൂർ യുദ്ധത്തിൻ്റെ ഫലമായുണ്ടായ 11 കൊല്ലകാലത്തെ വിടവൊഴിച്ച് നിര്‍ത്തിയാല്‍ മലബാറിലെ മൈസൂർ ഭരണകാലം ആകെ 16 കൊല്ലമാണ്. അതിൽ 9 കൊല്ലം ഹൈദറും 7 കൊല്ലക്കാലം ടിപ്പുവുമാണ് ഭരിച്ചു വന്നത്.

ടിപ്പു സുല്‍ത്താൻ


പതിനെട്ടാം നൂറ്റാണ്ട് ഇന്ത്യയെ സംബന്ധിച്ചിടത്തോളം മുഗള്‍ ഭരണത്തിന് ശിഥിലീകരണം സംഭവിച്ചുകൊണ്ടിരിക്കുകയും ബ്രിട്ടീഷ് ആധിപത്യത്തിന്റെ വ്യക്തമായ സൂചനകള്‍ കണ്ടുവരികയും ചെയ്ത കാലമായിരുന്നു. ജന്മിത്ത മേധാവിത്വം ശക്തമായി വേരോടുകയും വൈദേശികാധിപത്യത്തിന്റെ പിടിയിലമരുകയും ചെയ്ത ഒരു സമൂഹത്തെ സ്വാതന്ത്ര്യത്തിലേക്ക് കൈപ്പിടിച്ചു നടത്തുകയെന്നത് ഭാരിച്ച ഉത്തരവാദിത്തം കടുത്ത പ്രതിരോധവും പ്രത്യാക്രമണങ്ങളും നേരിടേണ്ടിവരുന്ന ഒന്നായിരുന്നു എന്ന് പറയാം.

1700 കളുടെ ഉത്തരാര്‍ധത്തില്‍ ദക്ഷിണേന്ത്യയില്‍ വളര്‍ന്നുവന്ന മൈസൂര്‍ സാമ്രാജ്യത്തിലെ പ്രധാനപ്പെട്ട ഭരണാധികാരിയായിരുന്നു ടിപ്പു സുല്‍ത്താന്‍. രാജവാഴ്ച്ചയില്‍ നിന്നുള്ള പിന്തുടര്‍ച്ചയോ, പ്രത്യേകമായ കുടുംബപാരമ്പര്യമോ അവകാശപ്പെടാനില്ലെങ്കിലും 1782 മുതല്‍ 1799 വരെ നീണ്ടുനിന്ന തന്റെ ഭരണത്തിലൂടെ ദക്ഷിണേന്ത്യയെ പുരോഗതിയിലേക്ക് നയിക്കുക മാത്രമല്ല യൂറോപ്യന്‍ അധിനിവേശത്തിനെതിരെ ശക്തമായ വെല്ലുവിളികളുയര്‍ത്താനും അദ്ദേഹത്തിന് സാധിച്ചു. ടിപ്പു സാഹബ്, മൈസൂർ കടുവ എന്നീ പേരുകളിൽ അറിയപ്പെട്ടു വന്ന ടിപ്പു മൈസൂരിന്റെ ഭരണാധികാരിയായിരുന്ന ഹൈദരലിയുടെയും പത്നി ഫക്രുന്നീസയുടേയും സീമന്ത പുത്രനായി 1750 നവംബർ 20 നാണ് ജനിക്കുന്നത്. 1782ൽ ഹൈദരലി മരണപ്പെട്ടതിനെ തുടർന്ന് മൈസൂരിന്റെ അധികാരത്തിലെത്തിയ ടിപ്പു 1799ലെ അദ്ദേഹത്തിന്റെ ഷഹാദത്ത് വരെ ആ സ്ഥാനത്ത് തുടര്‍ന്നു വന്നു. ആ കാലയളവില്‍ അദ്ദേഹം തന്റെ രാജ്യത്ത് ഒട്ടനവധി ഭരണ പരിഷ്കാരങ്ങൾ നടപ്പിലാക്കുകയുണ്ടായി. പുതിയ നാണയ സംവിധാനം, ഭൂനികുതി വ്യവസ്ഥ പരിഷ്കരണം, വ്യപാര വ്യാവസായിക മുന്നേറ്റങ്ങൾ, സമൂഹിക ഉന്നമനം തുടങ്ങിയവ അദ്ദേഹം തന്റെ രാജ്യത്ത് നടപ്പിലാക്കിയ ചില മേഖലകളാണ്. കൂടാതെ, ആംഗ്ലോ മൈസൂർ യുദ്ധങ്ങളിലുൾപ്പെടെ ബ്രിട്ടീഷ് സേനക്കും അവരുടെ സഖ്യകക്ഷികൾക്കുമെതിരെ ശ്രീരംഗപട്ടണ ഉപരോധം, പൊള്ളിലർ യുദ്ധം തുടങ്ങിയവയിൽ റോക്കറ്റ് പോലെയുള്ള നൂതന യുദ്ധോപകരണങ്ങളുടെ ഉപയോഗം പ്രതിരോധ രംഗത്തെ അദ്ദേഹത്തിന്റെ സംഭാവനയായും മനസ്സിലാക്കാം.

ബാംഗ്ലൂർ നഗരത്തിന് ഏകദേശം 33 കിലോമീറ്റർ വടക്കായി ഇന്നത്തെ കോലാർ ജില്ലയിലെ ദേവനഹള്ളിയിൽ 1750 നവംബർ 20നാണ് ടിപ്പു സുൽത്താൻ ജനിക്കുന്നത്. ടിപ്പു മസ്താൻ ഔലിയയുടെ പേരിനോടു സാമ്യമുള്ള ടിപ്പു സുൽത്താൻ എന്ന പേരാണ് മാതാപിതാക്കൾ ഈ കുട്ടിക്കു നൽകിയത്. പിതാവായ ഹൈദരലി അന്ന് മൈസൂരിന്റെ ഭരണം നടത്തുകയായിരുന്നു. തനിക്കു നേരെ വരുന്ന ആക്രമണങ്ങൾ തന്റെ കുടുംബത്തെ കൂടി ബാധിക്കുമോ എന്ന ഭയം കാരണം ടിപ്പു ഉള്‍പ്പടെയുള്ള കുടുംബത്തെ ശ്രീരംഗപട്ടണത്ത് നിർത്തികൊണ്ട്‌ അദ്ദേഹം നഗരത്തിന് വെളിയിലേക്ക് പലായനം ചെയ്തത്. പിന്നീട്, അവരെ കുറച്ച് കൂടി കൂടുതൽ സുരക്ഷിതമായ ബാംഗ്ലൂരിലേക്കു മാറ്റുകയായിരുന്നു. കാര്യമായ വിദ്യാഭ്യാസം ലഭിക്കാതിരുന്ന ഹൈദർ പക്ഷേ, തന്റെ മകന് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതിൽ അതീവ ശ്രദ്ധാലുവായിരുന്നു. മിടുക്കരായ അദ്ധ്യാപകരെയാണ് അതിനായി അദ്ദേഹം നിയമിച്ചത്. കുതിരസവാരി, വാൾപ്പയറ്റ്, മറ്റു ആയോധനകലകളിലുള്ള പരിശ്രമങ്ങൾ തുടങ്ങി സര്‍ഗ്ഗാത്മക പരിശീലനങ്ങൾ വരെ അദ്ദേഹം ടിപ്പുവിന് നൽകി. ഹൈദരലി മലബാറിനെ ആക്രമിച്ചപ്പോൾ ബാലനായിരുന്ന ടിപ്പുവും ആ സൈന്യത്തിൽ പിതാവിനെ സഹായിക്കാനുണ്ടായിരുന്നു. ബാലനായിരിക്കുമ്പോൾ തന്നെ യുദ്ധതന്ത്രങ്ങളിലും, ഭരണകാര്യങ്ങളിലും ടിപ്പു താൽപര്യം പ്രകടിപ്പിച്ചിരുന്നു എന്നുള്ളതിന്റെ തെളിവായി അതിനെ കാണാം.

ഫ്രഞ്ച് സർവ്വസൈന്യാധിപനായിരുന്ന നെപ്പോളിയൻ ബോണപ്പാർട്ട് ടിപ്പു സുൽത്താനുമായി സഖ്യം സ്ഥാപിക്കുന്നതിന് അതിയായി ആഗ്രഹിച്ചിരുന്ന ഭരണാധികാരിയായിരുന്നു. ടിപ്പു സുൽത്താനും അദ്ദേഹത്തിന്റെ പിതാവായിരുന്ന ഹൈദരാലിയും ഫ്രഞ്ചുകാരുടെ കീഴിൽ പരിശീലനം നേടിയ തങ്ങളുടെ സൈന്യത്തെ ഫ്രഞ്ച് സഖ്യവുമായിച്ചേർന്ന് ബ്രിട്ടീഷുകാരുമായുള്ള പോരാട്ടങ്ങളിലും, മറാത്തക്കാർ, സിറ, മലബാർ, കൊഡാഗു, ബെഡ്‌നോർ, കർണാടക, തിരുവിതാംകൂർ തുടങ്ങി ചുറ്റുപാടുമുള്ള മറ്റ് നാട്ടുരാജ്യങ്ങളുമായുള്ള നിരവധി പോരാട്ടങ്ങളിലും ഉപയോഗിച്ചിരുന്നു. 1782ൽ ഹൈദര്‍ അലിയുടെ മരണ ശേഷം കൃഷ്ണാനദിയും, പശ്ചിമഘട്ടവും, അറബിക്കടലും അതിർത്തിയായുള്ള ഒരു വലിയ സാമ്രാജ്യത്തിന്റെ അധിപനായി ടിപ്പു സുൽത്താൻ മാറി കഴിഞ്ഞിരുന്നു. കന്നട, ഹിന്ദുസ്ഥാനി, പേർഷ്യൻ, അറബിക്, ഫ്രഞ്ച് തുടങ്ങിയ വ്യത്യസ്ത ഭാഷകളിലെ ടിപ്പുവിന്റെ പ്രാവീണ്യത മറ്റു ഭരണാധികാരികളിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. ബ്രിട്ടീഷുകാർക്കെതിരെ ഫ്രഞ്ച് സൈന്യവുമായി ചേർന്ന് യുദ്ധം നയിച്ച അദ്ദേഹം രണ്ടാം മൈസൂർ യുദ്ധത്തിലുൾപ്പടെ പ്രധാനപ്പെട്ട നിരവധി നിർണ്ണായക യുദ്ധവിജയങ്ങൾ നേടി.

ടിപ്പുവിന്‌ 15 വയസ്സുള്ളപ്പോളാണ് ആദ്യത്തെ ആംഗ്ലോ-മൈസൂർ യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. ഇതിൽ ടിപ്പു തന്റെ പിതാവിനൊപ്പം ഇംഗ്ലീഷുകാർക്കെതിരായി യുദ്ധം ചെയ്യുകയുണ്ടായി. 1767ൽ കർണ്ണാടകത്തിലേക്ക് പടയോട്ടം നയിച്ചതിൽ കാലാൾപ്പടയുടെ ഒരു വിഭാഗത്തിന്റെ നേതൃത്വം ടിപ്പുവിനായിരുന്നു. ഹൈദരലി ബ്രിട്ടീഷുകാരെ ഒറ്റപ്പെടുത്തി നൈസാമുമായി സഖ്യമുണ്ടാക്കി. അക്കാലത്ത് നൈസാമിനുള്ള സമ്മാനങ്ങളുമായി ഹൈദർ അയച്ചത് ടിപ്പു സുൽത്താനെ ആയിരുന്നു. ഇത് ഒരേസമയം ടിപ്പുവിന്റെ സാമർത്ഥ്യവും ഹൈദര്‍ അലിക്ക് തന്റെ മകനിലുള്ള വിശ്വസത്തേയുമാണ് ഈ സംഭവം വിളിച്ചോതുന്നത്. നൈസാമിനെ സന്ദര്‍ശിച്ച ശേഷം ശ്രീരംഗപട്ടണത്തിലേക്കുള്ള മടക്കയാത്രയിൽ തന്റെ സൈന്യത്തോട് മദിരാശിയിലേക്ക് തിരിക്കാൻ ടിപ്പു ആവശ്യപ്പെട്ടെങ്കിലും, ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തിൽ തോൽവി മുന്നിൽ കണ്ട പിതാവിനെ സഹായിക്കാൻ ടിപ്പുവിന് ഉടനെ മടങ്ങേണ്ടി വന്നു. 1767ൽ മംഗലാപുരത്ത് ബ്രിട്ടീഷുകാർക്ക് സഹായങ്ങൾ ചെയ്തു കൊടുത്തിരുന്ന ലുതിഫ് അലി ബെഗ് ആയിരുന്നു ടിപ്പുവിന്റെ അടുത്ത ലക്ഷ്യം. മൂവായിരം കാലാൾപ്പടയും, ആയിരം അശ്വാരൂഢരുമായി ടിപ്പു മംഗലാപുരത്തേക്കു തിരിച്ചു. ടിപ്പുവിന് മംഗലാപുരം ബസാർ പിടിച്ചെടുക്കാൻ കഴിഞ്ഞുവെങ്കിലും, കോട്ട കീഴടക്കാൻ സാധിച്ചില്ല. ഏറെ വൈകാതെ തന്നെ ഹൈദരും ഈ സൈന്യത്തോടു കൂടി ചേരുമെന്ന വാർത്ത ബ്രിട്ടീഷുകാരെ ഭയത്തിലാഴ്ത്തി. അവർ മംഗലാപുരം കോട്ട വിട്ട് രക്ഷപ്പെടാനായി തയ്യാറെടുത്തു. ബ്രിട്ടീഷ് സൈന്യത്തിന്റെ ആയുധസാമഗ്രികൾ വരെ അവർക്ക് കൈയ്യൊഴിയേണ്ടി വന്നു. ടിപ്പുവിന്റെ കൂടെ ഹൈദരും കൂടെ ചേർന്നതോടെ ബ്രിട്ടീഷുകാർക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. 1769 മാർച്ചുവരെ നീണ്ടു നിന്ന യുദ്ധത്തിൽ ഹൈദർ വിജയിക്കുകയും, ബ്രിട്ടീഷുകാരുമായി ഉടമ്പടി ഉണ്ടാക്കുകയും ചെയ്തു.

പിന്നീട്, അതേ വര്‍ഷം തന്നെ മറാഠ സൈന്യം മൈസൂരിനെ ആക്രമിച്ചു. മറാഠ സൈന്യത്തെ മൈസൂരിന്റെ മണ്ണിൽ നിന്നും തുരത്താൻ ഹൈദർ ടിപ്പുവിനോട് നിർദ്ദേശിക്കുകയും, പിതാവ് തന്നിലേൽപ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കാൻ ടിപ്പു പടക്കളത്തിലേക്കിറങ്ങുകയും ചെയ്തു. എന്നാൽ, യുദ്ധത്തിനിടെയുണ്ടായ ചില ആശയക്കുഴപ്പം കാരണം യുദ്ധഭൂമിയിൽ വെച്ച് ഹൈദർ ടിപ്പുവിനെ മർദ്ദിക്കുകയും കുപിതനായ ടിപ്പു തന്റെ വാളും, തലപ്പാവും ഊരിയെറിഞ്ഞ് ഇനി താനിത് ധരിക്കില്ലെന്ന് ശപഥം ചെയ്യുകയും ചെയ്തത് യുദ്ധഭൂമിയില്‍ ആശയ കുഴപ്പം സൃഷ്ടിച്ചു. എന്നിരുന്നാലും, മേല്‍ യുദ്ധത്തിൽ ഹൈദർ അലി പരാജയപ്പെടുകയും, ശ്രീരംഗപട്ടണം പിടിച്ചടക്കാൻ വരുന്ന മറാഠകളിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ ടിപ്പു വീണ്ടും യുദ്ധമുഖത്തേക്കിറങ്ങുകയും ചെയ്തു. എങ്കിലും, കടലുപോലുള്ള മറാഠസേനയെ നേരിടാന്‍ ടിപ്പുവിന്റെ 6000ത്തോളം വരുന്ന കുതിരപ്പടയാളികൾക്കായില്ല എന്ന് തന്നെ പറയാം. ടിപ്പു ശ്രീരംഗപട്ടണത്തേക്ക് തിരിച്ചുപോയെങ്കിലും, ശത്രുസൈന്യത്തിൽ സാരമായ നാശം വരുത്താൻ അദ്ദേഹത്തിനു കഴിഞ്ഞു എന്ന കാര്യം നിഷേധിക്കാനാവില്ല.

മറാഠസൈന്യത്തിന് ആയുധ, ഭക്ഷണസാമഗ്രികൾ വന്നുകൊണ്ടിരുന്നത് പൂനെയിൽ നിന്നുമായിരുന്നു. ആ പാതയിൽ കാര്യമായ എതിർപ്പ് അവർക്കുണ്ടായിരുന്നില്ല. ഹൈദരുടെ നിർദ്ദേശപ്രകാരം 4000ത്തോളം വരുന്ന സൈനികരുടെ സഹായത്തോടെ, മറാഠസേനക്കു വേണ്ടി എത്തിയിരുന്ന സാധനസാമഗ്രികള്‍ ടിപ്പു പിടിച്ചെടുത്തു. ഇത് മറാഠ സൈന്യത്തിന് ഒരു പ്രഹരമായിരുന്നു. 1772ൽ ഹൈദർ മറാഠസേനയുമായി ഒത്തു തീർപ്പിനു തയ്യാറായി. 1772ൽ മറാഠാ രാജാവായിരുന്നു പേഷ്വ മാധവറാവു അന്തരിച്ചതോടെ നാഥനില്ലാതായി മാറിയ മറാഠയുടെ കയ്യിൽ നിന്നും അവർ നേരത്തേ കയ്യടക്കിയ മൈസൂരിന്റെ ഭാഗങ്ങൾ തിരിച്ചു പിടിക്കാൻ ഹൈദർ തീരുമാനിക്കുകയും, ടിപ്പുവിനെ അതിന്റെ ചുമതല ഏൽപ്പിക്കുകയും ചെയ്തു. മറാഠയുടെ കൈയ്യിലായിരുന്ന മദ്ദഗിരി, ബെല്ലാരി പോലുള്ള തന്ത്രപ്രധാനമായ സ്ഥലങ്ങൾ ടിപ്പുവന്റെ ഊർജ്ജ്വസ്വലതക്കു മുന്നിൽ നിസ്സാര ദിവസങ്ങൾകൊണ്ടു മൈസൂരിന് തിരികെ പിടിച്ചടുക്കാന്‍ സാധിച്ചു.

1779ൽ ബ്രിട്ടീഷുകാർ ഫ്രഞ്ച് നിയന്ത്രണത്തിലുള്ള മാഹി തുറമുഖം പിടിച്ചെടുത്തു. അതുവരെ തുറമുഖം ടിപ്പുവിന്റെ സംരക്ഷണത്തിലായിരുന്നു. ഇതിന് മറുപടിയായി ബ്രിട്ടീഷുകാർക്കെതിരെ പോരാടാനുറച്ച് ഹൈദര്‍  ഒരേ സമയം പോർട്ടോ നോവോയിലേക്കും ആർക്കോട്ടിലേക്കും പട നയിച്ചു. ഹൈദരുടെ നീക്കം മണത്തറിഞ്ഞ മദ്രാസ് ഗവർണർ ജനറൽ ബെയ്ലി, മൺറോ എന്നിവരുടെ നേതൃത്വത്തിൽ ഹൈദരുടെ നീക്കം പ്രതിരോധിക്കാനായി സേനയെ അയക്കുകയും, ജനറൽ ബെയ്ലി മൺറോയുമായി ചേരുന്നതിനു മുമ്പ് ആ സൈന്യത്തെ കീഴടക്കാനായി ടിപ്പുവിനോട് ആവശ്യപ്പെടുകയും ചെയ്തു. 1780 ജൂലൈ 20ന് 10000ത്തോളം വരുന്ന സൈന്യവുമായി ടിപ്പു ഗുണ്ടൂരിലേക്കു പുറപ്പെട്ടു. പൊളളിലൂർ യുദ്ധത്തിൽ ടിപ്പു ബെയ്‌ലിയെ പരാജയപ്പെടുത്തിയ ശേഷം ഇരുന്നൂറോളം വരുന്ന യൂറോപ്യന്മാരെ പിടികൂടുകയും, നാലായിരത്തോളം വരുന്ന ശിപായിമാർക്ക് കനത്ത നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു. ബെയ്‌ലിയെ സഹായിക്കാൻ തിരിച്ച മൺറോ പക്ഷേ തോൽവിയുടെ വാർത്ത കേട്ടപ്പോൾ കാഞ്ചീപുരത്തെ വാട്ടർ ടാങ്കിൽ പീരങ്കികൾ ഉപേക്ഷിച്ച് മദ്രാസിലേക്ക് മടങ്ങുകയായിരുന്നു.

1782 ഡിസംബർ 7ന് ഹൈദരലി മരണമടഞ്ഞു. ആ സമയം ടിപ്പു മലബാറിൽ സൈന്യത്തെ നയിക്കുകയായിരുന്നു. ഹൈദരാലിയുടെ മരണത്തിനു മുമ്പ് ടിപ്പുവിനെഴുതിയതെന്നു കരുതപ്പെടുന്ന ഒരു കത്തിൽ അദ്ദേഹം ബ്രിട്ടീഷുകാരോട് ഒത്തുതീർപ്പിനു തയ്യാറാവണമെന്ന് മകനോട് ആവശ്യപ്പെടുന്നുണ്ട്. മാത്രവുമല്ല, ഫ്രഞ്ചുകാരെ വിശ്വസിക്കരുതെന്നും ആ കത്തിൽ രേഖപ്പെടുത്തിയിരുന്നു. ടിപ്പു മലബാറിൽ നിന്നും മടങ്ങി വരുന്നതുവരെ ഹൈദരുടെ മരണവാർത്ത പുറത്തറിയിക്കാതിരിക്കാൻ മൈസൂര്‍ തീരുമാനിച്ചു. കാരണം, വലിയൊരു സാമ്രാജ്യത്തിന്റെ ചുമതലയാണ് ടിപ്പുവിന്റെ കഴിവിനെ ആശ്രയിച്ചിരുന്നത്. അതിനാൽ, അദ്ദേഹത്തെ അസ്വസ്ഥമാക്കുന്ന ഒന്നും തന്നെ പെട്ടന്ന് അദ്ദേഹത്തിലേക്ക് എത്താതിരിക്കാൻ അവർ ശ്രദ്ധിച്ചു. ഹൈദർ മരിക്കുമ്പോൾ ശ്രീരംഗപട്ടണത്തിലുള്ള ഖജനാവിൽ ഏതാണ്ട് മൂന്നുകോടിയോളം രൂപയും സ്വർണ്ണവും രത്നങ്ങളും ഉള്‍പ്പെടെ വിലപിടിപ്പുള്ള ധാരാളം കല്ലുകളും ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

ടിപ്പുവിന്റെ അധികാരരോഹണ ശേഷമാണ് മലബാറിലെ മൈസൂര്‍ ഭരണം കൂടുതൽ വ്യവസ്ഥാപിതമായത് എന്ന് പറയാം. മലബാറിന്റെ സമൂലമായ വളർച്ചയുടെ ചരിത്രം ആ കാലഘട്ടത്തിലാണ് ഒളിഞ്ഞു കിടക്കുന്നത്. ഫറോഖ് കേന്ദ്രീകരിച്ചുകൊണ്ട് മലബാറിലെ തന്റെ ഭരണത്തിന് നാന്ദി കുറിച്ച ടിപ്പു സുല്‍ത്താനെ ഫറോക്കിലേക്കാകർഷിച്ച പ്രധാനഘടകം ആ നാടിന്റെ തന്ത്രപ്രധാന സ്ഥാനമായിരുന്നു. കോഴിക്കോട് നഗരത്തില്‍ നിന്നും പന്ത്രണ്ട് കിലോമീറ്റർ മാറി, പാറമുക്ക് എന്നറിയപ്പെട്ടിരുന്ന സ്ഥലത്തെ ഒരു കുന്നിൻ മുകളിലാണ് ഫറോഖാബാദ് കോട്ട നിർമ്മിക്കപ്പെട്ടിരുന്നത്. അതോടെ ആ സ്ഥലം ഫറോഖാബാദ് എന്ന പേരില്‍ അറിയപ്പെടാൻ തുടങ്ങിയതോടെ ആ നാടിന്റെ പുതിയ ചരിത്രത്തിന് നാന്ദി കുറിക്കപ്പെട്ടു എന്ന് പറയാം. ബ്രിട്ടീഷ് ഭരണകാലത്ത് “ഫാറൂക്കിയ' എന്നറിയപ്പെട്ട ഈ സ്ഥലം ഇപ്പോൾ ഫറോക്ക് എന്ന പേരിലാണ് അറിയപ്പെടുന്നത്.

ഫറോഖ് കോട്ടയെ സംബന്ധിച്ച് സിറാജ് ദിനപത്രത്തിൽ കണ്ട ഏതാനും വരികള്‍,

"ചാലിയാർ തീരത്ത് അറബിക്കടലിനഭിമുഖമായി നിൽക്കുന്ന കുന്നിൻ പ്രദേശമാണ് കോട്ടക്കു വേണ്ടി ടിപ്പു കണ്ടെത്തുന്നത്. പഴയ ഫറോക്ക് ട്രഷറിക്കു സമീപം ഫറോക്ക് റോഡിന്റെ വലതു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഭൂമിശാസ്ത്രപരമായി വളരെ പ്രത്യേകതയുള്ളതാണ്. കടൽ മാർഗമുള്ള യാത്രാ സൗകര്യമായിരുന്നു മുഖ്യം. കൂടാതെ കോഴിക്കോട്, കടലുണ്ടി, ബേപ്പൂർ എന്നീ കടലോര പ്രദേശങ്ങളും കല്ലായി പുഴ, കടലുണ്ടി പുഴ എന്നിവ വീക്ഷിക്കാനും കഴിയുന്ന തരത്തിലുള്ളതായിരുന്നു ഈ പ്രദേശം. മലബാറിൽ താൻ കീഴടക്കിയ പ്രദേശങ്ങൾ ഫറോക്ക് കേന്ദ്രീകരിച്ച് ഭരിക്കാനായിരുന്നു ടിപ്പുവിന്റെ തീരുമാനം.

900ത്തോളം പടയാളികളാണ് കോട്ട നിർമാണത്തിൽ പങ്കാളികളായത്. കോട്ടയുടെ നിർമ്മാണം രണ്ടര വർഷക്കാലം വരെ നീണ്ടുനിന്നു. സൈനിക നീക്കങ്ങൾക്ക് വളരെയേറെ പ്രാധാന്യം നൽകിക്കൊണ്ടാണ് കോട്ടയുടെ നിർമാണ ചാരുതി നിർണയിച്ചതും രൂപവത്കരിച്ചതും. ശത്രു സൈന്യത്തിൻ്റെ ദൃഷ്‌ടി എത്തിപ്പെടാത്ത വിധത്തിൽ കോട്ടമതിലിനോട് ചേർന്ന് ഒരു കീഴറ നിർമിച്ചിരുന്നു. ടിപ്പുവിന്റെയും ഹൈദരലിയുടെയും കോട്ടകളിലെ ശിൽപ്പ മാതൃകയിൽ പാറ തുരന്നെടുത്തൊരു കൃത്രിമ ഗുഹയായിരുന്നു അത്. കലാചാരുതയോടെ കമാന ആകൃതിയിൽ പാറ തുരന്നാണ് മുൻവശത്തെ ഗുഹ പോലെ തോന്നിക്കുന്ന ഭാഗങ്ങൾ ഉണ്ടാക്കിയതെന്ന് 'വില്യം ലോഗൻ' തന്റെ മലബാർ മാന്വലിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഈ ഗുഹയിൽ വെച്ചാണ് യുദ്ധത്തിനാവശ്യമായ വെടിമരുന്നുകളും വെടിക്കോപ്പുകളും നിർമിച്ചിരുന്നതത്രെ. ഇതിനെ പഴമക്കാർ ‘മരുന്നറ' എന്നാണ് പറഞ്ഞിരുന്നണ്. ഗുഹക്കകത്ത് പീരങ്കി വെക്കാനായി പിൻവശത്ത് ഒഴിവുമുണ്ട്. ഇതിന് മുകളിലായി കൊത്തളം അഥവാ വാച്ച് ടവർ ഉണ്ടായിരുന്നതായി തെളിവുകളുണ്ട്. കാര്യമായ കേടുപാടുകളില്ലാതെ ഒരു കിണര്‍ ഇന്നും കോട്ടക്കുള്ളിൽ സ്ഥിതിചെയ്യുന്നു. 'ഇരട്ടക്കിണർ' എന്നാണതറിയപ്പെടുന്നത്. കിണറിനുള്ളിലേക്ക് ഇറങ്ങാനാവുന്ന വിധത്തിൽ പടവുകളുണ്ടെന്നുള്ളതാണ് അതിന്റെ പ്രത്യേകത. കിണറിനുള്ളിൽ നിന്ന് പുറത്തേക്ക് രക്ഷപ്പെടാനുള്ള തുരങ്കങ്ങളുണ്ടാകാനുള്ള സാധ്യതയും ചരിത്രകാരന്മാർ തള്ളിക്കളയുന്നില്ല. കോട്ടയുടെ പല ഭാഗത്ത് നിന്നായി ഇത്തരം തുരങ്കങ്ങളുടെ ശേഷിപ്പുകൾ കണ്ടെടുക്കാൻ സാധിച്ചിട്ടുണ്ട്. 900 ത്തോളം പടയാളികൾ കോട്ട നിർമാണത്തിൽ പങ്കാളികളായി എന്നാണ്‌ പറയപ്പെടുന്നത്. ഒരു പ്രദേശമാകെ പരന്നുകിടന്ന കോട്ടയുടെ നിർമാണം രണ്ടര വർഷക്കാലം വരെ നീണ്ടുനിന്നു. നിർമാണം പൂർത്തീകരിച്ച ശേഷം സമീപങ്ങളിൽ വസിച്ചിരുന്ന ജനങ്ങളെ താഴെ ഭാഗങ്ങളിലേക്ക് മാറ്റി. തുടർന്ന് കോയമ്പത്തൂരിലേക്ക് പോയ ടിപ്പു കോട്ടയുടെ ചുമതല സേനാ തലവൻ മാർത്തബ് ഖാനെ ഏൽപ്പിച്ചു. ഈ അവസരത്തിലാണ് കേണൽ ഹർട്ടിലിയുടെ നേത്യത്വത്തിൽ ബ്രിട്ടീഷ് സൈന്യം മലബാറിലെത്തുന്നത്. പരാജയം മണത്തറിഞ്ഞ മൈസൂർ സൈന്യം ആനപ്പുറത്ത് കയറി രക്ഷപ്പെടുകയായിരുന്നു. മലബാറിലെ ടിപ്പുവിൻ്റെ മോഹങ്ങൾ അതോടെ അവസാനിച്ചു..."

അയൽരാജ്യങ്ങളെ ആക്രമിച്ചു കീഴ്പ്പെടുത്തിയും ബ്രിട്ടീഷുകാർക്കെതിരെ സന്ധിയില്ലാ സമരം ചെയ്തും ടിപ്പു സുൽത്താൻ തന്റെ സാമ്രാജ്യം പടിപടിയായി വികസിപ്പിച്ചുകൊണ്ടിരുന്നു. തടവിലാക്കപ്പെട്ടവരോടുള്ള ടിപ്പുവിന്റെ ശിക്ഷാരീതികൾ വളരെയധികം വ്യത്യസ്തത നിറഞ്ഞതായിരുന്നുവെന്നു എന്ന് ചരിത്രം പറയുന്നുണ്ട്. ഒരേ സമയം ശക്തമായ പോരാട്ടം നയിക്കുകയും, അവര്‍ക്കെതിരെ അയൽ രാജ്യങ്ങളുമായി സഖ്യത്തിന് ശ്രമിച്ചുകൊണ്ടും ടിപ്പു തന്റെ സാമർത്ഥ്യം തെളിയിച്ചു. തന്റെ ശത്രുപക്ഷത്തായിരുന്ന പഴശ്ശിരാജക്കെതിരെ ബ്രിട്ടീഷുകാർ സൈനികനീക്കം നടത്തിയപ്പോൾ പടക്കോപ്പുകളും സൈന്യത്തേയും നൽകികൊണ്ട് ടിപ്പു പഴശ്ശിയെ സഹായിച്ചത് അതിനുള്ള തെളിവായി മനസ്സിലാക്കാൻ കഴിയും. രണ്ടാം മൈസൂർ യുദ്ധത്തിനു ശേഷം ബ്രിട്ടീഷുകാരുമായി ഉണ്ടാക്കിയ പല കരാറുകളും ടിപ്പു ലംഘിച്ചു. നാലാം മൈസൂർ യുദ്ധത്തിൽ ബ്രിട്ടീഷുകാരുടേയും, ഹൈദരാബാദ് നൈസാമിന്റേയും സംയുക്ത ആക്രമണത്തിനിടയിലാണ് ടിപ്പു കൊല ചെയ്യപ്പെടുന്നത്.

മലബാര്‍ മേഖലയെ സംബന്ധിച്ച് മൈസൂര്‍ കാലഘട്ടം അതിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന ഏടാണന്ന് പറയാം. അക്കാലഘട്ടം വരെ കേരളത്തിൽ നടന്ന് വന്നിരുന്ന പലജാതി അനാചാരങ്ങളെ റദ്ദ് ചെയ്ത് പ്രദേശത്തെ പുതിയൊരു പാതയിലേക്ക് നയിക്കുക വഴിയാണ് അതിന്റെ സാന്നിധ്യം ഈ മണ്ണില്‍ അടയാളപ്പെട്ടു കിടക്കുന്നത്. ചുങ്കം പ്രദേശത്തെ സംബന്ധിച്ച് ഈ നാടിന്റെ ചരിത്രത്തിൽ മൈസൂര്‍ കാലത്തിന് എന്താണ്‌ പ്രസക്തി എന്ന് ചോദിച്ചാൽ പ്രദേശത്തെ ജീവിതങ്ങളിലും അവർ ജോലി ചെയ്യുന്ന കൃഷിയിടങ്ങളിലുമാണതിന്റെ സാന്നിധ്യം അടയാളപ്പെട്ടു കിടക്കുന്നത് എന്ന് പറയുന്നതായിരിക്കും കൂടുതൽ ഉത്തമം. മൈസൂര്‍ കാലത്തെ കാര്‍ഷിക വികസന മുന്നേറ്റങ്ങളുടെ ഒരു വിഹിതം ഈ മണ്ണിലും അനുഭവപ്പെടുക സ്വാഭാവികമാണല്ലോ.

മൈസൂര്‍ കാലഘട്ടത്തെ ഹൈദരാലി യുഗം, ടിപ്പു സുല്‍ത്താൻ യുഗം എന്നീ രണ്ട് ഘട്ടങ്ങളായി തരം തിരിച്ചാണ് ചരിത്രകാരന്മാര്‍ പൊതുവെ വിലയിരുത്തി വരാറുള്ളത്. ചുങ്കം പ്രദേശത്തെ സംബന്ധിച്ച് അതില്‍ ഹൈദർ അലി യുഗത്തെ കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തുന്നതിലേക്ക് കൂടുതൽ അന്വേഷണമാവശ്യമാണ് എന്നതിനാല്‍ അതിവിടെ പരിഗണിക്കുന്നില്ല. ദക്ഷിണേന്ത്യയിൽ വടക്ക് കൃഷ്ണാനദി മുതല്‍ തെക്ക് കേരളം വരെ വ്യാപിച്ചുകിടക്കുന്ന സാമ്രാജ്യമായി മൈസൂരിനെ മാറ്റിയത് അദ്ദേഹത്തിന്റേയും പിതാവ് ഹൈദരാലിയുടേയും കഠിനാധ്വാനവും കാര്യപ്രാപ്തിയും കൊണ്ടാണെന്ന് പറയാൻ സാധിക്കുമെങ്കിലും ഹൈദരലിയുടെ കാലം പിടിച്ചടക്കലുകളുടേയും രാഷ്ട്രീയ സമവാക്യങ്ങളുടെ രൂപപ്പെടലിന്റേയും കാലമായതിനാൽ അതിൽ മലബാറിന്റെ കാര്‍ഷിക, സമൂഹിക മുന്നേറ്റങ്ങൾക്ക് വലിയ സ്ഥാനമില്ലാതെ പോയതും മേല്‍ പരിഗണിക്കപ്പെടാത്തതിന്റെ കാരണമായി വിലയിരുത്താം. ചുങ്കം പ്രദേശത്തെ സംബന്ധിച്ച് മൈസൂര്‍ കാലഘട്ടത്തെ അതിന്റെ പ്രാതിനിധ്യം ഒളിഞ്ഞു കിടക്കുന്നത് വള്ളുവനാട് നാട്ടുരാജ്യം മൈസൂര്‍ മലബാറിലേക്ക് ലയിച്ചതിന് ശേഷമുള്ള അതിന്റെ കൃഷി സ്ഥലത്തെയും അവിടെ പണി എടുക്കുന്ന ഹരിജനങ്ങൾ, മാപ്പിളമാർ, മറ്റു തൊഴിൽ ചെയ്യുന്നവർ ഉള്‍പ്പടെയുള്ളവരുടെ ജീവിത നിലവാരവുമായി ബന്ധപ്പെട്ടതാണന്ന് പറയാം.

മൈസൂരാഗമനത്തിന് തൊട്ട് മുമ്പ് അട്ടപ്പാടി താഴ്‌വരയും ഇന്നത്തെ ഒറ്റപ്പാലം താലൂക്കിന്റെ ഒരു ഭാഗവും മാത്രമെ വള്ളുവനാട് രാജ്യത്തിന്റെ അധീനതയിൽ അവശേഷിച്ചിരുന്നൊള്ളു. ഹൈദര്‍ മലബാറിലേക്ക് കടന്ന് വരുമ്പോൾ മലബാറിലുണ്ടായിരുന്ന രാഷ്ടീയ അസ്ഥിരാവസ്ഥയെ സംബന്ധിച്ച് മുകളില്‍ നാം ചർച്ച ചെയ്യുകയുണ്ടായല്ലോ. അതും കൂടാതെ, വള്ളുവനാട് രാജ്യത്തെ ചില അഭ്യന്തര പ്രശ്‌നങ്ങളും വള്ളുവനാട് രാജ്യത്തിന്റെ ഈ ശുഷ്കാവസ്ഥക്ക് കാരണമായി ഭവിച്ചു എന്ന് പറയുന്നതാകും കൂടുതൽ ശരി. അതിനെ സംബന്ധിച്ച് 'വള്ളുവനാട്- മഞ്ചേരി കോവിലകങ്ങളുടെ ആധിപത്യ നാളുകള്‍' എന്ന മുന്‍ അധ്യായത്തിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ടല്ലൊ.

മൈസൂര്‍ സുല്‍ത്താന്മാരുടെ കടന്ന് വരവോടെ മലബാറിലെ മറ്റു ചില നാട്ടു രാജാക്കന്മാരെ പോലെ വള്ളുവക്കോനാതിരി തന്റെ രാജ്യം വിട്ട് തിരുവിതാംകൂറിൽ അഭയം പ്രാപിക്കുകയും, രാഷ്ട്രീയാധികാരം അസ്തമിച്ച മണ്ണാർമല ദേശം ഉള്‍പ്പെടെയുള്ള ശിഷ്ട വള്ളുവനാട് മുഴുക്കെയും 'മൈസൂർ മലബാറില്‍' ലയിക്കുകയുമാണുണ്ടായത്. പുരാതന കേരളത്തിൽ നിലവിലുണ്ടായിരുന്ന സകല ഭൂവധികാര ക്രമീകരണങ്ങളും റദ്ദു ചെയതുകൊണ്ട് പകരം ഫറൂഖ് കേന്ദ്രീകരിച്ചുള്ളൊരു കേന്ദ്രീകൃത ഭരണ സംവിധാനമായിരുന്നു മൈസൂരന്ന് മലബാറിൽ നടപ്പിൽ വരുത്താൻ ശ്രമിച്ചത്‌. അതിന്റെ തണലില്‍ ഈ നാടിന്റെ കാര്‍ഷിക മേഖല ഉള്‍പ്പെടെ ജനതയുടെ ജീവിത നിലവാരത്തില്‍ വ്യക്തമായ അടയാളമാണ് അത് ചെലുത്തിയത്. മൈസൂർ സുല്‍ത്താന്മാരുടെ പരാജയത്തോടു കൂടി രംഗത്തേക്ക് കടന്ന് വന്ന ബ്രിട്ടീഷുകാർ ആദ്യം ബോംബേ സംസ്ഥാനത്തിന് കീഴിലും, പിന്നീട് മദ്രാസ് സംസ്ഥനത്തിന് കീഴിലുമായി മലബാര്‍ ജില്ലയെ അതേപടി നിലനിര്‍ത്തുകയും ടിപ്പു നടപ്പിലാക്കാന്‍ ശ്രമിച്ച പല ഭൂപരിഷ്കരണ നടപടികളും റദ്ദു ചെയ്ത് പഴയ ജന്മിത്ത വ്യവസ്ഥിതി തിരികെ കൊണ്ടുവരികയും ചെയ്തു. അതോടൊപ്പം തന്നെ, മലബാറിലേക്ക് തിരികെ വന്ന വള്ളുവക്കോനാതിരിക്ക് പ്രദേശത്തെ ഒരു മുന്‍ ഭരണവര്‍ഗ്ഗമെന്ന നിലയില്‍ മാലിഖാൻ അനുവദിച്ചുകൊണ്ട് ഏതാനും നിലയങ്ങളുടെ മാത്രം അധികാരാവകാശങ്ങൾ അനുവദിച്ചു കൊടുത്ത ചരിത്ര സന്ധിയിലാണ് അവ്യക്തമായ ഏതോ കരാറിന്റെ അടിസ്ഥാനത്തിൽ ചുങ്കം പ്രദേശം ഉള്‍പ്പടെയുള്ള മണ്ണാര്‍മല പ്രദേശത്തിന്റെ നിയന്ത്രണം 1883ൽ തീപ്പെട്ട, മങ്കട കോവിലകത്ത് ഉദയ വര്‍മ്മരാജ, മഞ്ചേരി കോവിലകത്തെ അഞ്ചാം തിരുമുല്‍പ്പാടിന് കൈമാറുന്നത് എന്ന് മനസ്സിലാക്കാം.

മൈസൂര്‍ അധിനിവേശ കാലത്തെ കേരള സമൂഹിക മണ്ഡലം


മൈസൂർ അധിനിവേശത്തിന് മുമ്പ് നാടുകൾ ദേശങ്ങളായും, ദേശങ്ങൾ ഗ്രാമങ്ങളായും, ഗ്രാമങ്ങൾ തറകളായും ഒപ്പം ചേരികളായും വിഭജിക്കപ്പെട്ടിരുന്നു. ഗ്രാമങ്ങളിൽ നമ്പൂതിരിമാരും തറകളിൽ നായന്മാരും ചേരികളിൽ താഴ്ന്ന ജാതികളുമാണ് അധിവസിച്ചിരുന്നത്. നമ്പൂതിരിമാർ അധികാര ശ്രേണിയുടെ ഭാഗമായി ചേര്‍ന്നു നിന്നുകൊണ്ട് നിഷേധിക്കാൻ കഴിയാത്തൊരു ശക്തിയായി വര്‍ത്തിച്ച് വന്നപ്പോൾ അവരുടെ പടയാളികളായി നായന്മാർ അവരോടൊപ്പവും ചേര്‍ന്നു നിന്നു. ഇവർ രണ്ടുകൂട്ടരുടേയും കീഴില്‍ വളരെ ദയനീയമായ അവസ്ഥയിലായിരുന്നു കാര്‍ഷിക ജീവിതം നയിച്ചിരുന്ന താഴ്ന്ന ജാതികളുടെ ജീവിതം. പില്‍ക്കാലത്ത് ടിപ്പു സുല്‍ത്താന്റെ ഇടപെടലുകളെ ക്ഷണിച്ചു വരുത്തിയ സാഹചര്യങ്ങളായിരുന്നു അവിടെ നിരന്തരം സംഭവിച്ചു കൊണ്ടിരുന്നത് എന്ന് പറയാം. ആര്യന്മാരുടെ കടന്നുവരവിന് ശേഷമുണ്ടായ ജാതീയ ഉച്ചനീചത്വങ്ങളുടേയും കീഴാള അധീശത്വവര്‍ണമേധാവിത്വത്തിന്റേയും കുത്തഴിഞ്ഞൊരു സാംസ്‌കാരിക സാമ്പത്തിക പരിതസ്ഥിതിയായിരുന്നു അതിന്റെ കാരണം. നാടുവാഴികളും ദേശവാഴികളും തുടർന്നുവന്ന ഭരണസമ്പ്രദായങ്ങൾ ഒരേ സമയം മേല്‍ ജാതിയ ചിന്തകളെ അരക്കെട്ടുറപ്പിക്കുന്നതും  രാഷ്ട്രീയമായ ശൈഥില്യത്തിന് വഴിയൊരുക്കുന്നതുമായിരുന്നു. നാടിൻ്റെ നാനാഭാഗങ്ങളിലും അരാജകത്വം നടമാടി. തറകളിൽ താമസിച്ചിരുന്ന നായന്മാർ അവരുടെ മേലാളന്മാരുടെ പിന്തുണയോടെ സ്വയംഭരണ സ്വഭാവത്തോടു കൂടിയ ചെറിയ രാജാക്കന്മാരെ പോലെയാണക്കാലങ്ങളിൽ വർത്തിച്ചിരുന്നതെന്നു ലോഗൻ തന്റെ രചനയില്‍ സൂചിപ്പിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലേക്കാണ് മൈസൂർ ഭരണാധികാരികളുടെ മലബാറാഗമനം സംഭവിക്കുന്നത്. അവർ അരാജകത്വവും രാഷ്ട്രീയാനിശ്ചിതത്വവും പറ്റെ അവസാനിപ്പിച്ചു. നാടുവാഴികളുടെയും ദേശവാഴികളുടെയും അനിയന്ത്രിതമായ അധികാരാവകാശങ്ങളെ എടുത്തുമാറ്റി. നാടിനെ സുശക്തവും ഫലപ്രദവുമായ ഒരു കേന്ദ്രഭരണത്തിനു കീഴിൽ ഭദ്രമാക്കി.

ചുരുങ്ങിയ കാലയളവിനുള്ളില്‍ രാജ്യത്ത് ഒട്ടേറെ പുരോഗമനപരമായ പദ്ധതികള്‍ നടപ്പിലാക്കാന്‍ ടിപ്പുവിന് സാധിച്ചതിനു പിന്നില്‍ അദ്ദേഹത്തിന്റെ ആത്മീയാംശങ്ങളും പങ്കുവഹിച്ചിട്ടുണ്ടന്ന് കാണാൻ കഴിയും. കേരളീയ സംസ്കൃതിയിൽ നിന്നും തികച്ചും വ്യത്യസ്തമായൊരു സാഹചര്യത്തില്‍ ജീവിച്ചു വന്ന ടിപ്പുവിനും കൂട്ടര്‍ക്കും ഈ നാട്ടില്‍ നടന്ന് വന്നിരുന്ന പലതും ശുദ്ധ ഭോഷ്ക് മാത്രമായിട്ടാണ് തോന്നിപ്പോയിരുന്നത് എന്ന് മനസ്സിലാക്കാം. അതുകൊണ്ടാണ് പിന്നീടദ്ദേഹത്തിന് കീഴില്‍ മലബാര്‍ മേഖലയിലെ സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായ പരിഷ്കാരങ്ങള്‍ അതിവേഗത്തിൽ പുരോഗതി കൈവരിച്ചത്. കാലോചിതവും പുരോഗമനപരവും വൈദേശികാധിപത്യത്തെ ചെറുത്തുനിന്നുകൊണ്ടുമുള്ള അദ്ദേഹത്തിന്റെ ഭരണരീതി ശത്രുക്കളില്‍പ്പോലും മതിപ്പുളവാക്കാന്‍ പോന്നതായിരുന്നു.

പന്ത്രണ്ടാം ശതകത്തിന് ശേഷം കേരളത്തിലെ സാന്മാർഗിക നിലവാരം ചില വിഭാഗങ്ങള്‍ക്കിടയിൽ തീരെ അധഃപതിച്ചതായിരുന്നു എന്ന് ചരിത്രം പറയുന്നു. ഭാഷാകൗടിലീയം, വൈശികതന്ത്രം, ഉണ്ണിയച്ചി ചരിതം, ഉണ്ണിച്ചിരുതേവി ചരിതം തുടങ്ങിയവയിലും, പില്‍ക്കാലത്ത് എഴുതപ്പെട്ട ശുകസന്ദേശം, ഉണ്ണുനീലി സന്ദേശം, ഉണ്ണിയാടി ചരിതം, ഇളയച്ചി തുടങ്ങിയ ഗ്രന്ഥങ്ങളിലും ഇതിനെ സംബന്ധിച്ച് പറയുന്നുണ്ട്. കൂടാതെ, വിദേശ സഞ്ചാരികളുടെ വിവരണങ്ങളിലും ധാരാളം വിവരങ്ങൾ കാണാന്‍ സാധിക്കും. 1500 മുതൽ 1517 വരെ കേരളത്തിൽ താമസിച്ച് ജനങ്ങളുമായി ഇടപഴകി ജീവിച്ചു ബർബോസയെ കൂടാതെ, വെല്ലസ്ലിയുടെ നിയോഗപ്രകാരം 1800ലും 1801ലും മലബാറിൽ സഞ്ചരിച്ച് ഇവിടത്തെ സ്ഥിതിവിവരണങ്ങൾ ശേഖരിച്ച ബുക്കാനനും ഇതിനെ സംബന്ധിച്ച് വാചാലമാകുന്നുണ്ട്. ബംഗാളിൽ പഠനം നടത്തി വന്നിരുന്ന ബുക്കാനനെ വെല്ലസ്ലിയാണ് മലബാറിലേക്കുള്ള പുതിയ നിയോഗവശ്യവുമായി ബന്ധപ്പെടുന്നത്. 1800ൽ മദ്രാസിൽ നിന്ന് മൈസൂർ, കർണ്ണാടകം വഴി മലബാറിൽ എത്തിച്ചേർന്ന ബുക്കാനൻ നിരന്തര യാത്രയിലൂടെ വിവിധ മതസ്ഥരായ ജനങ്ങളെ നേരിൽ കണ്ട് അവരുടെ അനുഭവങ്ങൾ, ആചാര വിശേഷങ്ങൾ, ജീവിത മാർഗ്ഗങ്ങൾ, അറിവുകൾ എന്നിവ ചോദിച്ചറിഞ്ഞ് രേഖപ്പെടുത്തി. പ്രഭുഭവനങ്ങളിലെ നായർ സ്ത്രീകൾ അവരവരുടെ 'ഭർത്യ സമൂഹത്തിൽ' ഇത്ര എണ്ണം ബ്രാഹ്മണരും ഇത്ര എണ്ണം ക്ഷത്രിയരും ഉൾപ്പെടുന്നു എന്നു പറഞ്ഞഭിമാനിക്കുക പതിവായിരുന്നു എന്ന ബുക്കാനറുടെ റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിൽ അതിശയോക്തിയുണ്ടെന്നു തോന്നിപ്പോകുമെങ്കിലും എത്രയധികം പുരുഷന്മാരോടവർക്ക് ബന്ധമുണ്ടായിരുന്നോ അത്രകണ്ടു മാന്യയായിട്ടാണ് അവളെ ജനങ്ങൾ കരുതിയിരുന്നതെന്ന് ചില ചരിത്രകാരന്മാർ പറഞ്ഞു വെക്കുന്നുണ്ട്. ഇതിനെ 'സംബന്ധം' എന്നാണ് അക്കാലത്ത് വിളിച്ചു വന്നിരുന്നത്. അതുവഴി നമ്പൂതിരിമാരടങ്ങുന്ന ഉയർന്ന ജാതിക്കാർക്ക് നായർ സ്ത്രീകളെ യഥേഷ്‌ടം ഭോഗിക്കാനുള്ള അവകാശം ലഭിച്ചിരുന്നു എന്ന് പറയാം.

ഇതിനെ സംബന്ധിച്ച് കൊച്ചിന്‍ സ്റ്റേറ്റ് മാനുവലിലുള്ള ചില വിശദീകരണങ്ങൾ കാണുക,

"കേരളത്തില്‍ ആര്യന്മാരുടെ കടന്നുവരവിന് ശേഷമുണ്ടായ ജാതീയ ഉച്ചനീചത്വങ്ങളുടേയും കീഴാള അധീശത്വവര്‍ണ്ണ മേധാവിത്വത്തിന്റേയും കുത്തഴിഞ്ഞ സാംസ്‌കാരിക സാമ്പത്തിക പരിതസ്ഥിതികളിലേക്കാണ് മൈസൂര്‍ സുല്‍ത്താന്മാരുടെ പടയോട്ടമുണ്ടാവുന്നത്. അരാജകത്വവും അസാന്മാര്‍ഗികതയും വ്യാപകമായിരുന്ന ഒരു സമൂഹമായിരുന്നു അത്. നമ്പൂതിരി കുടുംബങ്ങളില്‍ മൂത്തപുത്രന് മാത്രമേ നിയമാനുസൃതം സ്വന്തം ജാതിയില്‍ നിന്നും വിവാഹം കഴിക്കാനുള്ള അവകാശം ഉണ്ടായിരുന്നുള്ളൂ. ഇളയ പുത്രന്മാര്‍ നായര്‍ സമുദായത്തിലെ യുവതികളുമായി സൗകര്യപൂര്‍വ്വം സംബന്ധം നടത്തുക എന്നതായിരുന്നു വ്യവസ്ഥ. ഇതിന് വേണ്ടി നായര്‍ സമുദായത്തില്‍ നിയമാനുസൃത വിവാഹങ്ങള്‍ ജാതിനിയമം മൂലം നിരോധിച്ചു. ശൂദ്ര സ്ത്രീകള്‍ പാതിവ്രത്യം ആചരിക്കേണ്ടതില്ലെന്നും നമ്പൂതിരിമാരുടെ ആഗ്രഹാഭിലാഷങ്ങള്‍ സഫലീകരിക്കാന്‍ സ്വയം സമര്‍പ്പിക്കപ്പെടേണ്ടവരാണെന്നുമാണ് മലയാളികള്‍ക്ക് ആചാരസംഹിത സമ്മാനിച്ച പരശുരാമന്‍ കല്‍പ്പിച്ചിരിക്കുന്നതെന്നാണ് ഇവ കൈകാര്യം ചെയ്യുന്ന ബ്രാഹ്മണന്മാര്‍ നിര്‍ദ്ദേശിക്കുന്നു..."

നമ്പൂതിരി കുടുംബങ്ങളില്‍ മൂത്തപുത്രന് മാത്രമേ നിയമാനുസൃതം സ്വജാതിയില്‍ നിന്നും വിവാഹം കഴിക്കാനുള്ള അവകാശമുണ്ടായിരുന്നുള്ളു. ഇളയ പുത്രന്മാര്‍ നായര്‍ സമുദായത്തിലെ യുവതികളുമായി സൗകര്യപൂര്‍വ്വം ബന്ധം അഥവാ, സംബന്ധം നടത്തുക എന്നതായിരുന്നു സമ്പ്രദായം. ഇതിന് വേണ്ടി നായര്‍ സമുദായത്തില്‍ നിയമാനുസൃത വിവാഹങ്ങള്‍ ജാതി നിയമം മൂലം നിരോധിക്കുകയാണ് അവർ അദ്യം ചെയ്തത്. ഇതിന്റെ പരിണിതഫലമായിട്ടാണ് ബഹുഭർത്തൃത്വം സമൂഹത്തില്‍ വ്യാപകമാവുന്നത് എന്ന് കാണാൻ സാധിക്കും. ഫ്യൂഡലിസ കാലഘട്ടത്തില്‍ നായന്മാര്‍ കായികായോധന കലയില്‍ (കളരി) പ്രാവീണ്യം നേടുകയും, പ്രാദേശികതലത്തില്‍ പ്രത്യേക സായുധ കൂട്ടങ്ങളെ സംഘടിപ്പിക്കുകയും ചെയ്തു പോന്നവരായിരുന്നു. രാജാക്കന്മാര്‍ക്കും ദേശവാഴികള്‍ക്കും വേണ്ടി സൈനികസേവനം നടത്തിയിരുന്നതും അവരായിരുന്നു. ഭൂവുടമസ്ഥാവകാശം ഇല്ലാതിരുന്ന നായന്മാര്‍ക്ക് നമ്പൂതിരിമാരുമായുള്ള സംബന്ധ ബന്ധത്തിലൂടെ ഭൂമി പാട്ടത്തിനെടുത്ത് കൃഷിയിറക്കാൻ അവസരം ലഭിക്കുകയും അതുവഴി അവർ കേവലം യോദ്ധാക്കള്‍ എന്നതിനപ്പുറം ഭൂപ്രഭുക്കളായി അവർ മാറ്റപ്പെടുകയും ചെയ്തു എന്ന് കാണാം.

നായന്മാര്‍ക്ക് കേരള ബ്രാഹ്മണന്മാരോടുള്ള ബന്ധം കൂടുതല്‍ ദൃഢമായിത്തീര്‍ന്നത് 'സംബന്ധ' വിവാഹത്തില്‍ കൂടിയാണ്. കേരള ബ്രാഹ്മണ ഇല്ലങ്ങളിലെ മൂത്ത പുത്രന്‍ മാത്രമേ സജാതീയ വിവാഹം ചെയ്തിരുന്നുള്ളൂ. ഇളമുറക്കാരെല്ലാം നായര്‍സ്ത്രീകളെയോ ക്ഷത്രിയസ്ത്രീകളെയോ 'സംബന്ധം' ചെയ്യുക എന്ന പതിവാണ് ഉണ്ടായിരുന്നത്. സംബന്ധ വിവാഹത്തിലൂടെ ഭാര്യയായിത്തീരുന്ന സ്ത്രീയെയോ മക്കളെയോ പുലര്‍ത്തുവാനുള്ള യാതൊരു ബാധ്യതയും ഭര്‍ത്താവിന് ഉണ്ടായിരുന്നില്ല. ഇതിന് സഹായകമായ മറ്റൊരു ആചാരവും നിലവിലുണ്ടായിരുന്നു. 'താലികെട്ടുകല്യാണം' എന്നാണ് ഈ ആചാരത്തെ പറയുന്നത്. നായര്‍ തറവാടുകളില്‍ പന്ത്രണ്ടുവയസ്സില്‍ താഴെ പ്രായമായ പെണ്‍കുട്ടികളെ ഒന്നിച്ചിരുത്തി ഒരു ബ്രാഹ്മണയുവാവിനെക്കൊണ്ട് താലികെട്ടിക്കുക എന്ന സാമൂഹികമായ ആചാരമുണ്ടായിരുന്നു. ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന ഒരു ചടങ്ങായിരുന്നു അത്. താലികെട്ടു നടന്നുകഴിഞ്ഞാല്‍ ഈ പെണ്‍കുട്ടികള്‍ക്ക് വിവാഹിതരായ സ്ത്രീകളുടെ പദവി ലഭിക്കുന്നു. പക്ഷേ, ഈ പെണ്‍കുട്ടികള്‍ക്കും താലികെട്ടുന്ന ബ്രാഹ്മണ യുവാവിനും തമ്മില്‍ ഭാവിയില്‍ ഭാര്യാഭര്‍ത്തൃബന്ധം ഉണ്ടാകണമെന്നില്ല. 'വിവാഹിതരായ' പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമുള്ളവരുമായി ലൈംഗികവേഴ്ച നടത്തുവാന്‍ സ്വാതന്ത്ര്യം ലഭിക്കുന്നു. താലികെട്ടു കല്യാണം ബ്രാഹ്മണരുമായി യാതൊരു വേഴ്ചയുമില്ലാത്ത പല ജാതിക്കാര്‍ക്കിടയിലും ഉണ്ടായിരുന്നു (ഉദാ. ഈഴവര്‍). അതിനാല്‍ താലികെട്ടു കല്യാണം കേരളബ്രാഹ്മണര്‍ ഉണ്ടാക്കിയതാണെന്ന് കരുതാന്‍ ന്യായമില്ല. ചില ഗോത്രങ്ങള്‍ക്കിടയില്‍ നിലവിലുണ്ടായിരുന്ന ഈ ആചാരത്തെ കേരള ബ്രാഹ്മണര്‍ ഉപയോഗപ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന് അനുമാനിക്കാം. താലികെട്ടു നടന്നുകഴിഞ്ഞ നായര്‍യുവതികളെ 'സംബന്ധ' വിവാഹത്തിനായി ബ്രാഹ്മണര്‍ സമീപിക്കുന്നു. നായന്മാരായ പുരുഷന്മാരുമായും നായര്‍ സ്ത്രീകള്‍ 'സംബന്ധ' വിവാഹമാണ് നടത്തിയിരുന്നത്. 'സംബന്ധ' വിവാഹത്തില്‍ ഏര്‍പ്പെടുന്ന പുരുഷനും സ്ത്രീക്കും അനേകം പേരുമായി 'സംബന്ധ' വിവാഹം നടത്താന്‍ തടസ്സമുണ്ടായിരുന്നില്ല. അങ്ങനെ പുരുഷന്മാര്‍ക്കിടയില്‍ ബഹുഭാര്യാത്വവും (polygamy) സ്ത്രീകള്‍ക്കിടയില്‍ ബഹുഭര്‍ത്തൃത്വവും (polygandry) സര്‍വസാധാരണമായിരുന്നു. ഈ സമ്പ്രദായത്തിന്റെ ഫലമായി കേരള ബ്രാഹ്മണരും നായര്‍ സമുദായവും തമ്മില്‍ രക്തബന്ധം വളര്‍ന്നുവരികയും, ബ്രാഹ്മണ-നായര്‍ സമുദായങ്ങള്‍ തമ്മില്‍ അഭേദ്യമായ അടുപ്പം ഉണ്ടാവുകയും ചെയ്തു. ജാതിവ്യത്യാസംകൊണ്ട് സാമൂഹികമായി അകല്‍ച്ചയും ശൈഥില്യവും സംഭവിക്കേണ്ട സ്ഥാനത്ത്, സാമൂഹിക സംവിധാനത്തിന് കെട്ടുറപ്പും പവിത്രതയും നല്‍കുവാന്‍ ബ്രാഹ്മണ-നായര്‍ സമുദായങ്ങള്‍ തമ്മിലുള്ള ഈ പ്രത്യേകതരം വേഴ്ച ഉപകരിച്ചു.

അധഃപതിച്ച ജന്മിമാരുടെയും മറ്റും കുതന്ത്രങ്ങളെ പറ്റിയും ബുക്കാനർ തന്റെ റിപ്പോര്‍ട്ടില്‍ പ്രസ്താവിക്കുന്നുണ്ട്. അലസതയും ഭോഗാസക്തിയുമാണ് നമ്പൂതിരിമാരുടെ സ്വഭാവമെന്നും, ആഹാരത്തെക്കാൾ വേശ്യാഭോഗവുമാണ് അവർക്ക് പ്രധാനമെന്നും, ഏറ്റവും താഴ്ന്ന വർഗക്കാരൊഴിച്ചുള്ള മറ്റെല്ലാ സ്ത്രീകളെയും സ്വന്തമാക്കാനുള്ള അടവ് അവർ സമ്പാദിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു വെക്കുന്നു. ഇത്തരം കീഴ്‌വഴക്കങ്ങൾക്ക് സമൂഹത്തില്‍ ശക്തമായ അടിത്തറ ലഭിക്കാനായി അതിന്‌ ദൈവഹിതത്തിന്റേതെന്ന പേരിലൊരു പുറം ചട്ടകൊണ്ട് സംരക്ഷിച്ചു നിര്‍ത്താന്‍ എപ്പോഴുമവർ ശ്രദ്ധാലുക്കളായിരുന്നു എന്നും കാണാൻ സാധിക്കും. പിന്നീട്, ജാതി നിയമങ്ങൾ എന്ന പേരില്‍ ആധുനിക നിയമവ്യവസ്ഥയുടെ ഒരു പ്രകൃരൂപമായ ചില നിയമങ്ങൾ ജനങ്ങളിലേക്കവർ കെട്ടിയിറക്കിയത് മാറിയ കാലത്ത്‌ 'ദൈവഹിതം' മാത്രമായി സമൂഹത്തിൽ വിലപ്പോവില്ല എന്നവർ മനസ്സിലാക്കിയതിനാലാവണം.

കൊച്ചിന്‍ സ്റ്റേറ്റ് മാനുവലിൽ സി അച്യുതമേനോന്‍ തുടർന്ന് പറയുന്നു,

"അരാജകത്വവും അസാന്മാര്‍ഗികതയും വ്യാപകമായിരുന്ന ഒരു സമൂഹമായിരുന്നു അത്. ശൂദ്ര സ്ത്രീകള്‍ പാതിവ്രത്യം ആചരിക്കേണ്ടതില്ലെന്നും നമ്പൂതിരിമാരുടെ ആഗ്രഹാഭിലാഷങ്ങള്‍ സഫലീകരിക്കാന്‍ സ്വയം സമര്‍പ്പിക്കപ്പെടേണ്ടവരാണെന്നുമാണ് മലയാളികള്‍ക്ക് ആചാരസംഹിത സമ്മാനിച്ച പരശുരാമന്‍ കല്‍പ്പിച്ചിരിക്കുന്നതെന്നാണ് ഇവ കൈകാര്യം ചെയ്യുന്ന ബ്രാഹ്മണന്മാര്‍ അവരോട് (താഴ്ന്ന ജാതികളോട്) നിര്‍ദ്ദേശിച്ചിരുന്നത്...''

ഒന്നില്‍ കൂടുതല്‍ ഭര്‍ത്താക്കന്മാരെ സ്വീകരിക്കുക വഴി പിതാവേതെന്ന് തിരിച്ചറിയാനാവാത്ത ഒരു തലമുറ സമൂഹത്തില്‍ വ്യാപകമാവുകയും അച്ഛന്റെ സ്ഥാനത്ത് അമ്മയുടെ ആങ്ങളയെ സ്ഥാപിച്ചു കൊണ്ട്‌ കുടുംബത്തിന്റെ ഉത്തരവാദിത്വം മുഴുവന്‍ അമ്മാവന്മാരുടേതായിത്തീരുകയും ചെയതു. സ്ത്രീയെന്നു പറയുന്നത് പുരുഷന്റെ ആസ്വാദനത്തിനും ഉപഭോഗത്തിനും മാത്രമുള്ളതാണെന്നും, തന്തയില്ലായ്മ എന്നത് അപമാനകരമായൊരു സംഗതിയെ അല്ല എന്നൊരു സ്ഥിതിവിശേഷത്തിലേക്ക് കേരളീയ സാമൂഹിക ചുറ്റുപ്പാടിനെ മാറ്റുന്നിടത്തോളം ജന്മിത്വ അധീശത്വ താല്‍പര്യങ്ങള്‍ ഈ സമൂഹത്തില്‍ രൂഢമൂലമായി. ഈ സമ്പ്രദായത്തിൻ്റെ പരിണിതഫലമായിട്ടാണ് മരുമക്കത്തായം കേരളത്തിൽ പിറവിയെടുത്തത്. അതുമൂലം അതിവിചിത്രമായൊരു പിന്തുടർച്ചാവകാശക്രമവും പിതൃപുത്രബന്ധവുമാണ് നിലവിൽ വന്നത്. ഇതിൽനിന്നു ഉന്നത രാജകുടുംബങ്ങൾപോലും ഒഴിവായിരുന്നില്ല. സാമൂതിരിക്കും മറ്റു രാജാക്കന്മാർക്കും അവരവരുടെ സഹോദരി സന്താനങ്ങളല്ലാതെ വേറെ പിന്തുടർച്ചാവകാശികളുണ്ടായിരുന്നില്ല. ഈ വസ്തുത ബർബോസയും ബുക്കാനനും ശൈഖ് സൈനുദ്ദീൻ മഖ്ദൂമും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

നീതിമയമായതോ ക്രോഡീകരിക്കപ്പെട്ടതോ ആയൊരു നിയമവ്യവസ്ഥ അന്ന്‌ കേരളത്തിലുണ്ടായിരുന്നില്ല. ഹിന്ദുമതസ്‌മൃതികൾക്ക് നമ്പൂതിരിമാർ അപ്പപ്പോൾ കല്‍പ്പിച്ചു വന്ന ഭാഷ്യങ്ങളായിരുന്നു നിയമങ്ങൾ. പരശുരാമൻ നേരിട്ടവരോട് പറഞ്ഞൽപ്പിച്ചതെന്ന് വിശ്വസിച്ചു പോരുന്ന ചില പ്രത്യേകം കര്‍മ്മങ്ങള്‍ വേറെയുമുണ്ടായിരുന്നു. സാക്ഷാൽ പത്മനാഭ മേനോന്റെ ഭാഷയിൽ പറഞ്ഞാൽ,

“കുറ്റങ്ങൾക്ക് കൊടുത്തിരുന്ന ശിക്ഷ ഏറ്റവും കഠിനമായതായിരുന്നു. വധിക്കുക, അംഗഭംഗം വരുത്തുക, തടവിലിടുക, അടിമകളാക്കുക, അടിക്കുക, ജാതിഭ്രഷ്‌ട് കൽപ്പിക്കുക ഇതുകളായിരുന്നു സാധാരണശിക്ഷകൾ. മേൽ ജാതിക്കാർ ജാതിവിരോധമായ കുറ്റങ്ങൾ ചെയ്‌താലും ബ്രാഹ്മണർ കൊലപാതകം ചെയ്‌താലും ജാതിഭ്രഷ്ട് കൽപ്പിക്കുക മാത്രം ചെയ്യും. ഒരു നായർ താഴ്ന്ന ജാതിക്കാരനെ കൊന്നാൽ, ആദ്യത്തെ തവണ പിഴ കൽപ്പിക്കുക മാത്രമേ ചെയ്യൂ. കൊലശിക്ഷ നടത്തിയിരുന്നത് വെട്ടിയോ, കഴുവിൽ കയറ്റിയോ, വെടിവെച്ചോ ആയിരുന്നു. കഠിനമയമായ കുറ്റങ്ങൾക്ക് ആനക്കാലിൽ കെട്ടിവലിപ്പിക്കാറുണ്ട്. അംഗഭംഗം വരുത്തുന്നത് മൂക്ക്, വിരൽ, ചെവി, നാക്ക് ഇവയെ ചെത്തിക്കളഞ്ഞിട്ടാണ്. കണ്ണും കുത്തിക്കളയാറുണ്ട്. തടവുശിക്ഷക്ക് വിധിച്ചിട്ടുള്ളവരെ അഴിയിട്ട കൂട്ടിൽ, ഇരിക്കുവാനും നിൽക്കുവാനും പാടില്ലാത്ത വിധത്തിൽ അടക്കും. സത്യപരീക്ഷ സാധാരണയായിരുന്നു. അവകൾ നാലു തരത്തിലുണ്ട്. വിഷപരീക്ഷ, ജലപരീക്ഷ, അഗ്നിപരീക്ഷ, തൂക്കുപരീക്ഷ ഇതുകളാണവ. അഗ്നിപരീക്ഷയിൽ മുഖ്യമായത് തിളക്കുന്ന നെയ്യിൽ കൈയിട്ട് മുക്കുകയാണ്... വിഷപരീക്ഷ രണ്ടുവിധമുണ്ട്. മൂന്നു നെല്ലിട പാഷാണം നെയ്യിൽ സേവിക്കുക. അല്ലെങ്കിൽ വിഷസർപ്പത്തെ ഇട്ടടച്ചിട്ടുള്ള കുടത്തിൽ കയ്യിടുക എന്നിവയായിരുന്നു..."

മേല്‍ സ്ഥിതികളിൽ നിന്നും അല്‍പ്പം ഭേദമായിരുന്നു ഹിന്ദു ഇതരവിഭാഗങ്ങള്‍ എന്ന് പറയാം. മതപരമായും വിശ്വസപരമായും വിഭിന്ന ചേരികളിൽ നിന്ന് വരുന്ന ഒരു വിഭാഗമെന്ന നിലയില്‍ അതിന്റെ വിശ്വാസാദര്‍ശങ്ങൾ ഉയർത്തി പിടിച്ച് അവരെ തങ്ങളുടെ വരുത്തിയിലാക്കാൻ സാധ്യമാകില്ല എന്ന് ബോധ്യമായ ജാതി ഭ്രാന്തന്മാർ ചില കാടനിയമങ്ങളെ ഉപയോഗിച്ച് അവരെ വരിഞ്ഞ് കെട്ടാനാണ് ശ്രമിച്ചത്. സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ളവരുടെ ജീവിതമാര്‍ഗ്ഗമായ കൃഷിയിടവുമായി ബന്ധപ്പെട്ട ചൂഷക നിയമങ്ങൾ കൃഷിക്കാരായ മുസ്ലീങ്ങളേയും ബാധിച്ചിരുന്നു എങ്കിലും ദൈവത്തിന്റെ മുന്നിലല്ലാതെ മറ്റൊരു ശക്തിയുടെ മുന്നിലും തലതാഴത്തരുത് എന്ന വിശ്വാസം രൂഢമൂലമായ അവരില്‍ മറ്റു നാട്ടാചാരങ്ങൾ അടിച്ചേൽപ്പിക്കാൻ കഴിയുമായിരുന്നില്ല. കൂടാതെ, ഒരു പരിധിവരെ സംഖടിതരുമായിരുന്നു അവർ. എങ്കിലും, ഭൂരിപക്ഷം നാടുകളിലും ഭരണം നടത്തിയിരുന്നത് ഹൈന്ദവ രാജാക്കന്മാരായിരുന്നു എന്നതിനാല്‍ മുസ്‌ലിംകള്‍ ഈ നാട്ടുരാജാക്കന്മാര്‍ക്കു കീഴില്‍ രണ്ടാംകിട പൗരന്മാരായാണ് പരിഗണിക്കപ്പെട്ടു പോന്നിരുന്നത്. അതിൽ പ്രധാനപ്പെട്ടതാണ് മുസ്ലീം പള്ളി നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചില കീഴ്‌വഴക്കങ്ങൾ. വ്യാപാര ശൃംഖലയിലെ പ്രധാന കണ്ണികളായി മാപ്പിള വിഭാഗങ്ങള്‍ വളര്‍ന്നുവന്നതിനാൽ സാമ്പത്തിക ശക്തികളായി അവർ ഉയര്‍ന്നുവന്നെങ്കിലും അവര്‍ക്കൊരു പള്ളി പണിയണമെങ്കില്‍ നാടുവാഴിക്ക് പ്രത്യേക കാഴ്ച്ച നല്‍കി അനുവാദം വാങ്ങണമായിരുന്നു. കൂടാതെ, ഒരു മുസ്‌ലിം മരണപ്പെട്ടാല്‍ അയാളുടെ സ്വത്തിന്റെ ഒരു ഭാഗം പുരുഷാന്തരമെന്നപേരില്‍ നാടുവാഴിക്കധീനപ്പെടാനും അക്കാലത്ത് വകുപ്പുണ്ടായിരുന്നു. ഇതിനെതിരെ ഒറ്റപ്പെട്ട ചില എതിര്‍പ്പുകള്‍ പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഉയരാതിരുന്നില്ല. ഈ എതിര്‍പ്പുകൾ അതിന്റെ മൂര്‍ധന്യത്തിലെത്തിയ സമയത്താണ് ഹൈദരാലിയുടേയും ടിപ്പുസുല്‍ത്താന്റേയും മലബാര്‍ അധിനിവേശം ഉണ്ടാവുന്നത് എന്ന് പറയാം.

കാര്‍ഷികരംഗത്തെ കുത്തകാവകാശവും അധികാര മേഖലയിലെ ആധിപത്യശ്രമവും സാമ്പത്തിക മേഖലയിലെ അധീശത്വവും ആത്മീയമേഖലയിലെ നായകത്വവും നമ്പൂതിരി സമുദായം കയ്യടക്കുക വഴി കീഴാള വര്‍ഗത്തിനും ഇതര ജനവിഭാഗങ്ങള്‍ക്കും ജീവിതം ബുദ്ധിമുട്ടേറിയ ഒന്നായിത്തീര്‍ന്നു. ലഹരി പദാര്‍ത്ഥങ്ങളുടെ വര്‍ധിച്ച ഉപയോഗവും മൂല്യചുതിയും ധാര്‍മികതയുടെ തകര്‍ച്ചയുമൊക്കെ കേരളീയ ജനതയില്‍ പടര്‍ന്നുപിടിച്ച കാലയളവായിരുന്നു അത്. 1800ലെ സ്ഥിതി വിവരിക്കുമ്പോള്‍ ഡോ ബുക്കാനന്‍ പറയുന്നത്, ''അറുകുടിയന്മാരാണ് ഇവിടത്തെ നായന്മാര്‍" എന്നായിരുന്നു. നമ്പൂതിരി സ്ത്രീകള്‍ ഒഴിച്ചുള്ളവർക്ക് മാറ് മറക്കാനുള്ള അവകാശം പാടെ നിഷേധിക്കപ്പെട്ടിരുന്നു. അവരുടെ പുരുഷന്മാർക്ക് ഒറ്റമുണ്ട് മാത്രം ധരിക്കാനുള്ള അനുമതി മാത്രമാണ്‌ ഉണ്ടായിരുന്നത്. കീഴ്ജാതിക്കാരില്‍പ്പെട്ട അവർ അതിന്‌ വിരുദ്ധമായി നീങ്ങുന്നത് കടുത്ത അപമര്യാദയും നിയമലംഘനവുമായി അക്കാലത്ത് കണക്കാക്കി വന്നു. ജീവിതകാലം മുഴുവൻ മേലാളന്മാരുടെ കൃഷിയിടങ്ങളിൽ രാവന്തിയോളം പണിയെടുത്ത്, അന്നാന്നത്തെ ഭക്ഷണത്തിന് വേണ്ടി മാത്രം സമ്പാദിക്കുന്നവരായിരുന്നു അവർ. ലഭിക്കുന്ന ഭക്ഷണമാകട്ടെ മുറ്റത്ത്‌ കുഴി കുഴിച്ച് അതിൽ ഇലയിട്ടും. ടിപ്പു സുല്‍ത്താന്റെ കടന്ന് വരവോടു കൂടി, കേവലം മനുഷ്യബുദ്ധിക്ക് നിരക്കാത്തതോ സദാചാര വിരുദ്ധമോ ആയ ഇത്തരം കീഴ്‌വഴക്കങ്ങളെ പാടെ തള്ളിക്കളഞ്ഞത് മേല്‍ ജാതിക്കാരിൽ കടുത്ത അതംതൃപ്തിക്കാണ് കാരണമായത്.

കൃഷിയായിരുന്നു നാടിൻ്റെ സാമ്പത്തിക ജീവിതത്തിന്റെ ആധാരം. രാജാവിന്റെ പോലും അധികാര സീമക്കു പുറത്തായിരുന്നു കൃഷി ഭൂമി. രാജാവിന് അതിൽ ഭോഗമോ അധികാരമോ ഉണ്ടായിരുന്നില്ല. തിരുവിതാംകൂർ പ്രദേശത്ത് മാർത്താണ്ഡവർമ്മയുടെ പിടിച്ചടക്കൽ നടപടികൾ മൂലമുണ്ടായ ചില വ്യത്യാസങ്ങളൊഴിച്ചാൽ അതത്രയും ദേവസ്വവും ബ്രഹ്മസ്വവുമായിരുന്നു. അവരിൽ നിന്നും കാണക്കാരും പാട്ടക്കാരുമായി നായന്മാരും ചിലപ്പോൾ മാപ്പിളമാരും ഇതേറ്റുവാങ്ങി കൃഷി ചെയ്ത് വന്നു. അവിടെ കൃഷിപ്പണി ചെയ്യേണ്ടത് പുലയരും മറ്റു ചെറുമ വിഭാഗങ്ങളുമായിരുന്നു. ഇവർ ജന്മിയുടെ ജന്മംസ്വത്തിൻ്റെ ഭാഗമായാണ് കണക്കാക്കിയിരുന്നത്. ഇവരെ കൊല്ലാം, വിൽക്കാം. ഇവരുടെ സന്താനങ്ങൾ ജന്മിയുടെ വിളവിന്റെ ഭാഗമായിരുന്നു. ഭൂമിയും ഇവരും ഒരുമിച്ചാണ് പാട്ടത്തിനായി കൈമാറ്റം ചെയ്യപ്പെട്ടിരുന്നത് എന്ന് മനസ്സിലാക്കാം.

പാടങ്ങളൊഴികെയുള്ള സ്ഥലങ്ങളൊന്നും കൃഷിഭൂമിയായി ഗണിച്ചിരുന്നില്ല. 'സർവ്വെ' എന്നൊരു സംഗതിയെ സംബന്ധിച്ച് കേട്ടുകേൾവി പോലുമന്നുണ്ടായിരുന്നില്ല. ഭൂമി അളക്കുന്നതിന് 'ഒരു പറ വിത്തു വിതക്കാൻ വേണ്ടിയിരുന്ന സ്ഥലം' എന്ന നിലയിലായിരുന്നു അളവു സമ്പ്രദായമന്ന് കണക്കാക്കിയിരുന്നത്. അതാകട്ടെ ഓരോ സ്ഥലത്തും ഓരോ തരത്തിലുമായിരുന്നു.

ടിപ്പു സുല്‍ത്താന്റെ മേല്‍നോട്ടത്തിൽ നടന്ന മലബാര്‍ വികസന മുന്നേറ്റങ്ങൾ


ജാത്യാചാരങ്ങൾ നിലനിർത്തുന്ന കാര്യത്തിൽ കേരളരാജാക്കന്മാരും നമ്പൂതിരിമാരും പാലിച്ചുവന്ന നിഷ്കർഷ അപാരമായിരുന്നു. അത് ഒരേസമയം അതീ നാടിന്റെ വികസന കുതിപ്പുകളെ പിന്നോട്ട് വലിക്കുന്നതും ജനത ആ ഒരു കെട്ടുപാടുകളിൽ മാത്രം കെട്ടിമറിയുന്നവരുമായിരുന്നു. ആചാരങ്ങൾ എന്ത് വിലകൊടുത്തും സംരക്ഷിക്കുക എന്നതിനപ്പുറം മേല്‍ജാതിക്കാർക്കോ, അടിമത്തത്തെ വിധേയവിധേയനായി സ്വീകരിക്കുക എന്നതിനപ്പുറം കീഴ്ജാതികള്‍ക്കോ മറ്റൊരു അജണ്ടയും ജീവിതത്തിൽ ഉണ്ടായിരുന്നില്ല എന്ന് പറയാം. നൂറ്റാണ്ടുകളായുള്ള അടിച്ചമർത്തലുകൾ അവരിൽ അടിമത്തം ഒരു മനോഭാവമാക്കി മാറ്റിയിരുന്നു. എന്നാൽ, അത്തരം ആചാര സമ്പ്രദായങ്ങളോട് ടിപ്പു സുൽത്താന് തീരെ പൊരുത്തപ്പെടാൻ സാധ്യമായിരുന്നില്ല. സര്‍വ്വ മനുഷ്യരും ഒരേയൊരു മാതാവിന്റേയും പിതാവിന്റേയും മക്കളാണ് എന്ന അധ്യാപനം ഉള്‍കൊണ്ട ഒരു മുസ്ലീമിന് ഇത്തരം ജാതിയ ആചാരങ്ങള്‍ സഹിക്കുന്നതിനും അപ്പുറമാണന്ന് നിസ്സംശയം പറയാൻ സാധിക്കുന്ന വസ്തുതയാണ്. മനുഷ്യനെ ദൈവം പലവിധ ഗോത്രങ്ങളായി വേര്‍തിരിച്ചത് പരസ്പരം പോരടിക്കാനോ ധ്രുവീകരിക്കാനോ അല്ല എന്നും, പരസ്പരം തിരിച്ചറിയാൻ വേണ്ടി മാത്രമാണെന്നും അത് പറഞ്ഞു വെക്കുന്നു. അതിനാൽ, ടിപ്പു സുല്‍ത്താന്റെ പ്രഥമ പരിഗണന ജാതിയ ചിന്തകളെ പൂര്‍ണ്ണമയും ഈ നാട്ടില്‍ നിന്നും തുടച്ചു നീക്കുക എന്നായിരുന്നു. എന്നാൽ, അതിനെ വര്‍ഗ്ഗീയമായി പ്രതിരോധിക്കാൻ ശ്രമിച്ച മേലാളന്മാരുടെ ശ്രമഫലമായാണ് ടിപ്പുവിനെ ഒരു ഹിന്ദു ധ്വംസകനായി ചിത്രീകരിക്കാൻ സാധിച്ചത് എന്ന് പറയാം. മലബാര്‍ സമരങ്ങളുടെ നീണ്ട ചരിത്രം പരിശോധിച്ചാൽ ജാതിയ ചിന്തകൾക്കെതിരായ ഇസ്ലാമിക അധ്യാപനങ്ങളുടെ ഈ ഇടപെടലുകൾ വേഗത്തിൽ വായിച്ചെടുക്കാൻ കഴിയും. ഒരു ഭരണകർത്താവ് എന്ന നിലയിൽ സ്വന്തം നാട്ടിൽ നടമാടുന്ന അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും അധാർമിക ചെയ്തികളെയും ഇല്ലായ്മ ചെയ്യുക എന്നുള്ളത് ഒരു ഭരണാധികാരി എന്ന നിലയില്‍ അദേഹത്തിന്റെ ഉത്തരവാദിത്വമായിരുന്നു. അതിനാൽ, ഈ രംഗത്ത് പരിവർത്തനം സംജാതമാക്കാൻ കച്ചകെട്ടി അദ്ദേഹം പുറപ്പെട്ടു.

ചരിത്രപരമായ കാരണങ്ങളാൽ ഏതാനും കുറഞ്ഞ വർഷങ്ങൾ മാത്രം മലബാറിന്റെ ഭരണനേതൃത്വം കൈയാളിയ ടിപ്പു സുല്‍ത്താൻ ആ കുറഞ്ഞ കാലഘട്ടത്തില്‍ അനേകം ഇടപെടലുകളാണ് ഒരേസമയം നടപ്പാക്കിയത്. മലബാറിൽ നടമാടിയിരുന്ന ബഹുഭർതൃത്വ സമ്പ്രദായത്തെ അദ്ദേഹം കഠിനമായി വിലക്കി. ഒരു ജനകീയ ശാസനം തന്നെ ഇതു സംബന്ധമായി സുല്‍ത്താന്‍ പുറപ്പെടുവിച്ചു. അത്പ്രകാരം ബഹുഭര്‍തൃത്വത്തെ സമ്പൂര്‍ണ്ണമായി നിരോധിക്കുകയും കേരളീയ സാമൂഹ്യഘടന സമൂലമായി പുനസംഘടിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കമിടുകയും ചെയ്തു. അച്ഛനാരണന്ന് അറിയാൻ കഴിയാത്ത കുറേ മക്കള്‍ അമ്മക്കും അമ്മാവനും കീഴില്‍ വളര്‍ന്നു കൊണ്ടിരുന്ന ഒരു കാലമായിരുന്നു അത്. എന്നാൽ, ഒട്ടുമേ അതവരെ അലോസരപ്പെടുത്തിയിരുന്നില്ല എന്ന് പ്രത്യേകം പ്രസ്ത്യാവമാണ്. അവിടെ, ബഹുഭര്‍തൃത്വം അവസാനിപ്പിക്കുന്നതിലൂടെ അണുകുടുംബം എന്ന സങ്കല്‍പ്പമാണ് രൂപപ്പെടാൻ പോകുന്നത് എന്ന് പറയാം. അത് കുഞ്ഞുങ്ങളുടെ ഉത്തരവാദിത്തം അമ്മാവനിൽ നിന്നും അച്ഛനിലേക്കും, അമ്മാവന്റെ ഉത്തരവാദിത്തം പെങ്ങളുടെ മക്കളിൽ നിന്നും സ്വന്തം ചോരയിൽ പിറന്ന മക്കളിലേക്കുമായി പരിവര്‍ത്തിക്കപ്പെടുന്ന അത്യധികം സങ്കീര്‍ണ്ണമായൊരു അവസ്ഥാ പരിണാമത്തിലേക്കാണ് നയിക്കുന്നത് എന്ന് പറയാം. എന്നിരുന്നാലും, അപരിഷ്‌കൃതവും സദാചാരബോധത്തിന് നിരക്കാത്തതും മൃഗങ്ങളുടെ ഇടയിലുള്ളതിനേക്കാള്‍ ലജ്ജാവഹമായതുമായ ബഹുഭര്‍തൃത്വം അവസാനിപ്പിക്കേണ്ടത് തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് സുല്‍ത്താന്‍ പ്രഖ്യാപിച്ചു. അവിവേകമായ ജാതിയ ആചാരങ്ങളെ വഴിയിലുപേക്ഷിച്ച് പരിഷ്‌കൃതനായ മനുഷ്യനെപ്പോലെ ജീവിക്കേണ്ടതിന്റെ ആവശ്യകത സുല്‍ത്താന്‍ തന്റെ വിളംബരത്തില്‍ എടുത്തു പറഞ്ഞു കൊണ്ടിരുന്നു.

നമ്പൂതിരി സമുദായം ഒഴിച്ചുള്ള മറ്റുള്ളവരിലെ സ്ത്രീകള്‍ മാറു മറക്കുന്നതും വലിയ ആചാരലംഘനമായാണ് അക്കാലത്ത് കരുതി പോന്നിരുന്നത്. അവരിലെ മേലാളന്മാരിലെ സ്ത്രീ ജനങ്ങൾ വീടുകങ്ങളിൽ സുരക്ഷിതരായിരുന്നു എങ്കിലും, കീഴ്ജാതികൾ അന്നാന്നത്തേക്കുള്ള വക കണ്ടെത്തുന്നതിന്നായി കാര്‍ഷിക വൃത്തിയിൽ ഏര്‍പ്പെട്ട് പോന്നിരുന്നവരായിരുന്നു. അതിനാൽ തന്നെ, അവരുടെ ജീവിതം സ്വതവേ സുരക്ഷാ രഹിതമായി കാണപ്പെട്ടു. അതിനാൽ, മാറ് മറക്കാതെയുള്ള സ്ത്രീകളുടെ സാമൂഹ്യജീവിതം സദാചാരനിഷ്ഠ തകര്‍ക്കുന്നതാണന്ന് ടിപ്പു സുല്‍ത്താന്‍ ഉറച്ച് വിശ്വസിക്കുകയും ആ ജാതീയാചാരം ഉപേക്ഷിക്കണമെന്ന് അദ്ദേഹം ശഠിക്കുകയും ചെയ്തു. മാറുമറയുന്ന രീതിയിലുള്ള വസ്ത്രധാരണ രീതി സ്വീകരിക്കാൻ മലബാറിലെ തന്റെ പ്രജകളോടു കൽപിച്ച അദ്ദേഹം സമൂഹത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളെ ഓരോന്നായി ഇല്ലാതാക്കാൻ ശ്രമിക്കുകയായിരുന്നു. അക്കാലത്താണ് മലബാറിലെ വയനാടന്‍ പ്രദേശം ഉള്‍പ്പടെയുള്ള മലയോര മേഖലകളിലെ ഗിരിവര്‍ഗ്ഗക്കാര്‍ പൂര്‍ണനഗ്നരായാണ് കഴിഞ്ഞുകൂടുന്നതെന്ന വിവരം സുല്‍ത്താന് ലഭിക്കുന്നത്. സുല്‍ത്താന്‍ മൂപ്പനെ വിളിച്ചുപദേശിക്കുകയും ദാരിദ്ര്യമാണ് കാരണമെങ്കില്‍ സൗജന്യമായ വസ്ത്രവിതരണത്തിന് ഏര്‍പ്പാടുണ്ടാക്കാമെന്നവരെ അറിയിക്കുകയും ചെയ്തു. എന്നാല്‍, ഗിരിവര്‍ഗ്ഗക്കാർ ഈ നിര്‍ദേശത്തെ പരിഹസിക്കുകയാണ് ചെയ്തത്. അത്തരം ബാധ്യതയില്‍ നിന്ന് തങ്ങളെ ഒഴിവാക്കിത്തരണമെന്നവര്‍ സുല്‍ത്താനോട് അപേക്ഷിക്കുകയും നിര്‍ബന്ധ വസ്ത്രധാരണം നടത്തിയാല്‍ ദുര്‍ഘടമായ കൊടുങ്കാറ്റിലേക്ക് തങ്ങൾ പലായനം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതു.

ഈ ചരിത്രവുമായി ബന്ധപെട്ട ഒരനുഭവം നാട്ടുകാരിലൊരാൾ പറഞ്ഞതായി ഞാനോര്‍ക്കുന്നു,

പ്രദേശത്തെ ഒരു വീട്ടില്‍ ജോലി നോക്കി വന്നിരുന്ന ഒരു ഹരിജൻ വൃദ്ധക്ക് മാറ് മറയുന്ന തരത്തിലുള്ള മേല്‍ വസ്ത്രം ധരിക്കുന്ന ശീലം തീരെ ഇല്ലായിരുന്നു. ഒരുപക്ഷേ, സമൂഹത്തില്‍ പിന്നാക്കം നിന്നവർ എന്ന നിലയില്‍ അവരുടെ മുന്‍ തലമുറകളെ വസ്ത്രം ധരിപ്പിക്കാനുള്ള ശ്രമങ്ങൾ ടിപ്പു സുല്‍ത്താൻ മുതലുള്ള അനേകം പരിഷ്കർത്താക്കൾ ചെയ്ത് വന്നിരുന്നു എങ്കിലും സാമൂഹത്തിൽ നിലനിന്ന ഉച്ചനീചത്വങ്ങൾ അവരെ മാറാൻ അനുവദിച്ചിരുന്നില്ല എന്ന് വേണം മനസ്സിലാക്കാൻ. എങ്കിലും, അത്തരമൊരു ശീലം വെച്ചു പുലര്‍ത്തിയ ഒടുവിലത്തെ തലമുറയിൽ പെട്ടവരായിരുന്നു അവരെന്ന് തീര്‍ച്ചയായും പറയാൻ സാധിക്കും. എന്നിരുന്നാലും, അവർ ജോലി നോക്കി വന്നിരുന്ന വീട്ടില്‍ ഒരു കല്യാണമോ മറ്റോ ആയ വിശേഷ ദിവസം വന്നപ്പോൾ അവർ സാധാരണ പോലെ മാറ് മറക്കാതെ വരികയും വീട്ടുകാരിൽ ചിലര്‍ നിര്‍ബന്ധ ബുദ്ധിയാൽ അവരെ മേല്‍ വസ്ത്രം ധരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. എന്നാൽ, അവർ അതിന്‌ സന്നദ്ധമാകാതിരിക്കുക മാത്രമല്ല, "മേല്‍ വസ്ത്രം ധരിച്ച് പുറത്തിറങ്ങാൻ തനിക്ക് നാണമാണ്" എന്ന് പറയുകയും ചെയ്തു എന്നാണാ കഥ...!

സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് സുല്‍ത്താന്‍ നടപ്പാക്കിയ മറ്റൊരു നിയമമാണ് യൗവ്വന യുക്തകളായ സ്ത്രീകളെ വീട്ടുപണിക്ക് നിര്‍ത്തുന്ന രീതിയെ നിരുത്സാഹപ്പെടുത്തുന്ന നടപടി എന്ന് പറയാം. തന്റെ കോഴിക്കോട് ഫൗജ്ദാര്‍ ഒരു നായര്‍ സ്ത്രീയുമായി അവിഹിത ബന്ധം പുലര്‍ത്തുന്നുണ്ടെന്നറിഞ്ഞതിനെ തുടര്‍ന്നാണ് അത്തരമൊരു നിയമ നിർമ്മാണത്തെ കുറിച്ച് സുല്‍ത്താന്‍ ചിന്തിക്കുന്നത്. കാരണം, അസന്മാർഗിക പ്രവർത്തനങ്ങളെ ആചാരമായി കണ്ടുവന്നിരുന്ന ഒരു സമൂഹത്തെ ശരിയായ ദിശയിലേക്ക് പരിവര്‍ത്തിപ്പിക്കണമെങ്കിൽ ശക്തമായ നിയമനിര്‍മ്മാണമാണാവശ്യമെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. ചുരുങ്ങിയ കാലയളവിനുള്ളില്‍ രാജ്യത്ത് ഒട്ടേറെ പുരോഗമനപരമായ പദ്ധതികള്‍ നടപ്പിലാക്കാന്‍ ടിപ്പുവിന് സാധിച്ചു. അതില്‍ പ്രധാനപ്പെട്ടതാണ് മലബാര്‍ മേഖലയിലെ സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായ പരിഷ്‌കാരങ്ങള്‍. കാലോചിതവും പുരോഗമനപരവും വൈദേശികാധിപത്യത്തെ ചെറുത്തുനിന്നുകൊണ്ടുമുള്ള അദ്ദേഹത്തിന്റെ ഭരണരീതി ശത്രുക്കളില്‍പ്പോലും മതിപ്പുളവാക്കാന്‍ പോന്നതായിരുന്നു എന്ന് ചരിത്രം വിലയിരുത്തുന്നു.

കടത്തനാട്ടിലെ കുറ്റിപ്പുറത്തുനിന്ന് 1788ല്‍ മലബാറിലെ ജനങ്ങളെ ഉപദേശിച്ച് പുറപ്പെടുവിച്ച വിളംബരത്തില്‍ സാമൂഹ്യപരിഷ്‌കരണത്തിന്റെ പുതിയ രൂപരേഖ അദ്ദേഹം സമര്‍പ്പിക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍ നടത്തിയിരുന്ന കലാപങ്ങളെല്ലാം അവസാനിപ്പിച്ച് സമാധാനത്തിന്റെ മാര്‍ഗം സ്വീകരിക്കാനും നികുതികളെല്ലാം യഥാസമയം ഒടുക്കി നല്ല പ്രജകളായി ജീവിതം നയിക്കാനും ടിപ്പു അവരെ ഉത്‌ബോധിപ്പിക്കുന്നു. തന്റെ കല്‍പ്പനകള്‍ ലംഘിച്ച് വീണ്ടും പഴയപടി ജീവിക്കാനാണ് ഭാവമെങ്കില്‍ അവരെ ചൊല്‍പ്പടിക്ക് കൊണ്ടുവരാനുള്ള നടപടികള്‍ തങ്ങള്‍ സ്വീകരിക്കുമെന്ന് അദ്ദേഹമതിൽ മുന്നറിയിപ്പ് നല്‍കി.

അതോടൊപ്പം വേറൊരു വിലക്കും സുൽത്താൻ ഏർപ്പെടുത്തി. സാമാന്യജനങ്ങൾക്ക് ഏറ്റവും കൂടുതൽ അസഹ്യമായ മദ്യോപയോഗത്തിന്റെ നിരോധനമായിരുന്നു അത്. 1800ലെ മലബാറിന്റെ സ്ഥിതി വിവരിക്കുമ്പോള്‍ ഡോ ബുക്കാനന്‍ അറുകുടിയന്മാരാണ് ഇവിടത്തെ നായന്മാര്‍ എന്ന് പ്രത്യേകം പറയുന്നുണ്ട്. അത് ടിപ്പുവാനന്ദരമുള്ള ഒരു കാലഘട്ടത്തെ സംബന്ധിച്ച വിവരണമാണെങ്കിലും മലബാറിലെ മദ്യോപയോഗവുമായി ബന്ധപെട്ടൊരു വിഹകവീക്ഷണം ആ വാക്കുകളില്‍ നിന്നും ലഭിക്കുന്നു.

"സാമൂഹിക സാംസ്‌കാരിക നവോത്ഥാനം ടിപ്പുവിന്റെ ആവേശവും ആശയവുമായിരുന്നു. അതുകൊണ്ട് തന്നെ ധാര്‍മികതയുടെ തകര്‍ച്ചക്ക് മുഖ്യകാരണമായ മദ്യവും ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും അദ്ദേഹം കര്‍ശനമായി നിരോധിച്ചു. 1787 ജനുവരി 4ന് ബാംഗ്ലൂരിലെ അമീറിനെഴുതിയ കത്തില്‍ ഇപ്രകാരം പറയുന്നു. ലഹരി പദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കുന്നതും വിപണനം നടത്തുന്നതും നിരോധിക്കുന്നതിനു പുറമെ ഇവ ഉല്‍പാദിപ്പിക്കുന്നവരുമായി ഇനിമേല്‍ അത് ഉണ്ടാക്കുകയോ വില്‍ക്കുകയോ ഇല്ലെന്ന് ലിഖിത കരാറുകള്‍ ഉണ്ടാക്കി വാങ്ങി ഇവര്‍ മറ്റേതെങ്കിലും തൊഴിലില്‍ ഏര്‍പ്പെടുമെന്ന് കരാര്‍ വാങ്ങണമെന്നും അതിൽ പറയുന്നു. ഇവര്‍ക്ക് മറ്റുജോലികള്‍ നല്‍കി ഇവരുടെ ജീവിതം സുരക്ഷിതമാക്കണം..."

നിരോധന നിയമങ്ങള്‍ നടപ്പാക്കുന്നതോടൊപ്പം തന്നെ അവർക്ക് പുതിയ ഉപജീവന മാര്‍ഗങ്ങള്‍ ഒരുക്കികൊടുക്കുവാനും അദ്ദേഹം സന്നദ്ധനായിരുന്നു. അഗതികളേയും അശരണരേയും സഹായിക്കാനുള്ള ട്രസ്റ്റ്, സ്ഥാപനങ്ങള്‍ എന്നിവ രാജ്യത്തെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൊക്കെ ഉണ്ടാക്കികൊണ്ട് ജനങ്ങൾക്കിടയിൽ സാമ്പത്തിക തുല്യതക്ക് വേണ്ടി സുല്‍ത്താന്‍ പരിശ്രമിച്ചുകൊണ്ടിരുന്നു. അടിയന്തിരാഘോഷങ്ങള്‍ക്ക് വേണ്ടി പണം ചിലവഴിക്കുന്നതില്‍ കാണിച്ചിരുന്ന ദുര്‍വ്യയങ്ങള്‍ ടിപ്പു നിയന്ത്രിക്കാൻ ഉത്സാഹം കാണിച്ചത് അതിന്റെ ഫലമായിട്ടായിരുന്നു. സ്വന്തം കയ്യിലുള്ളത് മുഴുവനും ചിലവഴിച്ചും പിന്നെ, കിട്ടാവുന്നത്ര കടം വാങ്ങിയുമാണ് മലബാറിന്റെ ജനത തങ്ങളുടെ ആചാരങ്ങള്‍ കൊണ്ടുനടന്നിരുന്നത് എന്ന് മനസ്സിലാക്കിയ അദ്ദേഹം 'കാണം വിറ്റും ഓണം ഉണ്ണണം' എന്ന അവരുടെ മനോഭാവം മാറ്റിയെടുത്തു എന്ന് പറയാം. തന്റെ രാജ്യത്തെ ഒരു ഗ്രാമവും മൊത്തം വരുമാനത്തിന്റെ ഒരു ശതമാനത്തിലധികം അടിയന്തരാഘോഷങ്ങള്‍ക്ക് ചെലവാക്കരുതെന്ന രാജകീയ തീട്ടൂരം വരെ അതിന്റെ ഭാഗമായി ഉണ്ടായി എന്ന് ചരിത്രകാരൻ ടി മുഹമ്മദ് സാഹിബ് തന്റെ മാപ്പിള സമുദായം- ചരിത്രം സംസ്‌ക്കാരം എന്ന ഗ്രന്ഥത്തിൽ വിശദമാക്കുന്നു.

"ടിപ്പുവിന്റെ മലബാര്‍ ആഗമനം പ്രദേശത്തിന്റെ സുസ്ഥിരമായ സാമ്പത്തിക സാമുദായിക പരിവര്‍ത്തനങ്ങള്‍ക്ക് കാരണമായി. നിലനിന്നിരുന്ന നമ്പൂതിരി മേല്‍ക്കോയ്മയെ തുടച്ചു മാറ്റാനും അനാചാരങ്ങളും ഉച്ഛനീചത്വങ്ങളും ഇല്ലായ്മ ചെയ്യാനും അതുമൂലം സാധ്യമായി എന്ന് പറയാം. മേല്‍ജാതികളെ ചോദ്യം ചെയ്യാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് കീഴ്ജാതികൾക്കും, കീഴ്ജാതികൾ എന്ന് വിളിക്കപ്പെടുന്നവർ തുല്യവകാശം പങ്കിടുന്ന മനുഷ്യരു തന്നെയാണന്ന ബോധം മേല്‍ജാതികൾക്കും മനസ്സിലാക്കുവാൻ മൈസൂര്‍ ഭരണം സഹായകരമായി എന്ന് പറയാം. നായന്മാര്‍ക്ക് കീഴ്ജാതിക്കാരെ വെട്ടിവീഴ്ത്താനുള്ള അവകാശമുണ്ടായിരുന്നത് ഇതോടുകൂടി ഇല്ലാതായി. ടിപ്പുവിന്റെ ഭരണത്തോടെ നായര്‍ സമുദായത്തിനുണ്ടായിരുന്ന അമിത സാമൂഹ്യ രാഷ്ട്രീയ പ്രാധാന്യം ഇല്ലാതാവുകയും താഴ്ജാതിക്കാര്‍ക്ക് സാമൂഹികാംഗീകാരം കൈവരികയും ചെയ്തു എന്ന് സി കെ കരീം തന്റെ കേരള മുസ്‌ലിം ഡയറക്ടറിയിൽ വിശദീകരിക്കുന്നുണ്ട്..."

അതോടൊപ്പം, മലബാറിൽ പുരാതന കാലം മുതലേ അധിവാസമുറപ്പിച്ചിരുന്ന മാപ്പിളമാരുടെ ജീവിതത്തിലും പുരോഗതി സംജാതമായി. ഭൂരിപക്ഷം നാടുകളിലും ഭരണം നടത്തിയിരുന്നത് ഹൈന്ദവ രാജാക്കന്മാരായിരുന്നു എന്നതിനാല്‍ മുസ്ലീങ്ങൾ അവര്‍ക്കു കീഴില്‍ രണ്ടാംകിട പൗരന്മാരായാണ് തുടർന്ന് വന്നിരുന്നത്. അറബികള്‍ ഉള്‍പ്പടെയുള്ള വ്യാപാര ശൃംഖലകളിലെ പ്രധാന കണ്ണികളായിരുന്നു മാപ്പിളമാര്‍ എന്നതിനാല്‍ തന്നെ സാമ്പത്തികമായി അവര്‍ക്കുയർന്ന് വരാന്‍ സാധിച്ചെങ്കിലും ആരാധനാ കാര്യങ്ങൾ ഉള്‍പ്പടെയുള്ളവയിൽ അവര്‍ക്ക് ചില നിയന്ത്രണങ്ങളുണ്ടായിരുന്നു. പള്ളി, ഖബറിസ്ഥാൻ പണിയാനുള്ള നിയന്ത്രണങ്ങളും, പുരുഷാന്തരമെന്ന പേരിലുള്ള ഒരു ഏര്‍പ്പാടുമായിരുന്നു അതിൽ പ്രധാനം എന്ന് പറയാം. നാട്ടുരാജാക്കന്മാരുടെ മുസ്ലീം വിരുദ്ധ സമീപനം എന്നാതിനപ്പുറം അക്കാലത്ത് നടമാടിയരുന്നൊരു നാട്ടുനടപ്പ് എന്ന നിലയിലാണതിനെ നോക്കികാണേണ്ടത്. ക്ഷേത്രങ്ങള്‍ക്കപ്പുറം ഭരണാധികാരിയുടെ വാസസ്ഥലം മാത്രമാണ്‌ കമനീയമായി മോടി പിടിപ്പിക്കുവാനോ നിലകൾ പണിയാനോ അവകാശമുണ്ടായിരുന്നൊള്ളു. അതിനെ മറികടന്ന് പള്ളി നിർമ്മാണം പോലുള്ളവ നടത്തണമെങ്കിൽ നാടുവാഴിക്ക് പ്രത്യേക കാഴ്ച്ച ദ്രവ്യങ്ങൾ സമര്‍പ്പിക്കണമായിരുന്നു കൂടാതെ, മുസ്‌ലിം മരണപ്പെട്ടാല്‍ അയാളുടെ സ്വത്തിന്റെ ഒരു ഭാഗം പുരുഷാന്തരമെന്നപേരില്‍ നാടുവാഴിക്കധീനപ്പെട്ടു പോന്നിരുന്നൊരു ഏര്‍പ്പാടും അക്കാലത്തുണ്ടായിരുന്നു. പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഇതിനെതിരെ ഒറ്റപ്പെട്ട എതിര്‍പ്പുകളുയർന്ന് വന്നിരുന്നെങ്കിലും അതിന്റെ മൂര്‍ധന്യത്തിലാണ് ഹൈദരാലിയുടേയും ടിപ്പുസുല്‍ത്താന്റേയും മലബാര്‍ അധിനിവേശം ഉണ്ടാകുന്നത് എന്ന് പറയാം. തുടർന്നവർക്ക് ആരുടേയും അനുമതിയില്ലാതെ പള്ളികള്‍ പണിതുയര്‍ത്താവുന്ന സാഹചര്യം വരികയും നികുതി നല്‍കാതെ ഖബറിടങ്ങളില്‍ അന്ത്യവിശ്രമം കൊള്ളാൻ സാധിക്കുകയും ചെയ്തു. അതുവഴി മുസ്ലീങ്ങള്‍ക്ക് പ്രതാപം കൈവരികയും അവര്‍ സംരക്ഷിത ജനതയായിത്തീരുകയും ചെയ്തു എന്ന് 'പഴശ്ശിരാജ ചമയങ്ങളില്ലാതെ' എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തി കാണുന്നു.

എം പി നാരയണമേനോനും സഹപ്രര്‍ത്തകരും എഴുതിയ 'മലബാര്‍ സമരം' എന്ന കൃതിയിൽ ടിപ്പുവിന്റെ കാലഘട്ടത്തെ മുസ്ലീം ജീവിത സാഹചര്യങ്ങളെ സൂചിപ്പിച്ചു കൊണ്ട്‌, വളരെയേറെ മാപ്പിളമാർ ഭരണത്തിന്റേയും സൈന്യത്തിന്റേയും പ്രധാനപ്പെട്ട തുറകളില്‍ നിയമിക്കപ്പെട്ടു എന്നും ജന്മിത്വത്തിന് അയവുവന്നതോടെ മാപ്പിളമാര്‍ ഭൂസ്വത്തിനുടമകളായിത്തീരുകയും ചെയ്തു എന്നും പറഞ്ഞ് വെക്കുന്നതായി കാണാൻ സാധിക്കും.

വ്യത്യസ്തമായ ജനതകളുടെ പിന്തുണ ലക്ഷ്യം വെച്ച് അവരുടെ സാന്നിധ്യമുള്ള പ്രദേശങ്ങൾക്കും സ്ഥാപനങ്ങൾക്കും സമ്പത്തികം അടക്കമുള്ള പിന്തുണ നല്‍കൽ ടിപ്പു സുല്‍ത്താന്റെ പതിവായിരുന്നു. ശ്രീരംഗപട്ടണത്തെ ശ്രീരംഗനാഥ ക്ഷേത്രം തുടങ്ങി കേരളത്തിലെ ഗുരുവായൂര്‍ ഉള്‍പ്പടെയുള്ള അനേകം ക്ഷേത്രങ്ങള്‍ക്ക് വിപുലമായ ഭൂസ്വത്തുക്കളും മറ്റും സുല്‍ത്താന്‍ എഴുതി കൊടുത്തതിന് തെളിവുകൾ അനേകം ഇന്നും അവശേഷിക്കുന്നുണ്ട്. സായുധമായി വിപുലമായ സംവിധാനങ്ങളും, ചോദ്യം ചെയ്യപ്പെടാത്ത അധികാരവുമുണ്ടായിരിക്കെ തന്നെ ഇങ്ങനെയുള്ള ജനകീയ പിന്തുണയുടെ ആവശ്യകത ടിപ്പു സുല്‍ത്താനെ പോലുള്ള ഭരണാധികാരികൾക്കെന്തിനായിരുന്നു എന്നതിനെ സംബന്ധിച്ച് കൂടുതലായി മുന്‍അധ്യായത്തിൽ നാം വിവരിച്ചു കഴിഞ്ഞിരിക്കുന്നു. ആ കൂട്ടത്തിൽ തന്നെയാണ് കൊണ്ടോട്ടി മുഹമ്മദ് ഷാഹ് തങ്ങളുമായുണ്ടായ വ്യക്തിബന്ധത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി പ്രദേശത്തെ അനേകം സ്വത്തുവഹകൾ തക്കിയക്കലിനു വേണ്ടി ടിപ്പു സുല്‍ത്താന്‍ നല്‍കിയതുമായി ബന്ധപ്പെട്ട ചരിത്രം വിവരിക്കുന്നത്. കൂടാതെ, മാപ്പിളമാരെ കൂടുതൽ വിശ്വാസത്തിലെടുക്കാനുദ്ദേശിച്ച് അക്കാലത്തെ കേരളത്തിലെ മറ്റ് ആശയ കേന്ദ്രങ്ങളുമായും ടിപ്പു സുല്‍ത്താന്‍ നിരന്തരം ബന്ധം സ്ഥാപിച്ചിരുന്നു. അതുവഴിയാണ് കോഴിക്കോട് ജിഫ്രി തങ്ങളേയും ടിപ്പു സന്ദര്‍ശിക്കുകയും തന്റെ പിന്തുണ അറിയിക്കുകയും ചെയ്തത്.

മലബാറിൽ തന്റെ അധികാരം അരക്കെട്ടുറപ്പിക്കാനായി സ്വദേശികളെ പ്രത്യേകിച്ചും സ്വദേശി മാപ്പിളമാരുടെ സഹകരണവും പിന്തുണയും ആവശ്യമാണ്‌ എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്‌ തങ്ങൾക്ക് താല്‍പര്യമുള്ള പൊന്നാനി മഖ്ദും കുടുംബവുമായി മൈസൂര്‍ ബന്ധപ്പെടാൻ ശ്രമിക്കുന്നത്. മലബാറില്‍ അറിയപ്പെടുന്ന ഇസ്ലാമിക പണ്ഡിതരും ത്വരീഖത്ത് നേതാക്കളുമായിരുന്ന മഖ്ദൂമികളുമായി ചേര്‍ന്ന് നിൽക്കാൻ അത്തരം പ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്ന സുല്‍ത്താന് മറിച്ചൊന്നും ചിന്തിക്കേണ്ടതില്ലായിരുന്നു. എന്നാൽ, മഖ്ദൂമികൾ ചില രാഷ്ട്രീയ കാരണങ്ങളാൽ മൈസൂരുമായി അകലുന്ന കാഴ്ച്ചയാണ് പിന്നീട് കാണാൻ കഴിഞ്ഞത്. അവര്‍ക്ക് പുരാതനകാലം മുതലേ സാമൂതിരിയുമായി ഉണ്ടായിരുന്ന ബന്ധവും മൈസൂരിന്റെ ഭൂപരിഷ്കരണ നിയമവുമായിരുന്നു അതിന്റെ പ്രധാനപ്പെട്ട കാരണം. കൂടാതെ, മഖ്ദൂമികൾ പൊന്നാനിയിൽ നടത്തി വന്നിരുന്ന ഒരു ഉന്നത ഇസ്ലാമിക കലാലയത്തിന്റെ നടത്തിപ്പിനായി ടിപ്പു നല്‍കിയ ഭൂസ്വത്തുക്കള്‍ അതിന്‌ പര്യാപ്തമാകാതെ വരികയും അതേ സമയം കുറേ ഭൂമി വിവിധ ജാതിമതസ്ഥരായ കര്‍ഷകർക്കിടയില്‍ പതിച്ചു നല്‍കുകയും ചെയ്തതിൽ പ്രതിഷേധിച്ചാണ് മഖ്ദൂമികൾ ടിപ്പുവിനെതിരെ തിരിഞ്ഞത് എന്നും ചിലര്‍ പറഞ്ഞു വെക്കുന്നുണ്ട്. അതെന്തായാലും, പൊന്നാനി മഖ്ദൂമികൾ മൈസൂര്‍ ഭരണത്തെ അംഗീകരിക്കാൻ മുന്നോട്ട് വന്നില്ലെന്ന് മാത്രമല്ല ഒരു കാലഘട്ടത്തിന്റെ അധിനിവേശ വിരുദ്ധ സമരപാരമ്പര്യം പേറുന്ന മഖ്ദുമികൾ അതേ വീക്ഷണ കോണില്‍ തന്നെയാണ് മൈസൂർ ആഗമനത്തേയും കാണാൻ ശ്രമിച്ചത് എന്ന് പറയാം.

കൊണ്ടോട്ടി പ്രദേശത്തുൾപ്പെടെ അനേകം നിലങ്ങള്‍ കൊണ്ടോട്ടി തക്കിയക്കലിനു നല്‍കിയ ടിപ്പുവാണ് മുള്ള്യാകുർശ്ശിയിലെ തക്കിയ, പള്ളി, സ്ഥാപനങ്ങള്‍ തുടങ്ങിയവ നിലനിന്നു വരുന്ന വിശാലമായ ഭൂസ്വത്തുക്കൾ കൊണ്ടോട്ടി അധീനതയിൽ തന്നെയുള്ള സ്ഥാപനത്തിന് നല്‍കിയത് എന്നൊരു നിരീക്ഷണം നിലവിലുണ്ട്. ഈ മുള്ള്യാകുർശ്ശി തക്കിയ ഉൾപ്പെട്ട കൊണ്ടോട്ടി കൈയുടെ എതിർപക്ഷമായിരുന്നു ഒരുകാലത്ത് ടിപ്പുവിനോടിടഞ്ഞു നിന്ന പൊന്നാനിയിലെ മഖ്ദൂം തങ്ങന്മാരുടെ പൊന്നാനി കൈ. പിന്നീട്, കൊണ്ടോട്ടി കൈക്കു ബദലായി പ്രദേശത്ത് തുടക്കം കുറിച്ച ശാന്തപുരം പുത്തൻ പള്ളി പൊന്നാനി കൈയെ ഉയർത്തി പിടിച്ചുകൊണ്ടാണ് പ്രദേശത്ത് വളര്‍ന്നു വന്നത് എന്ന് കൗതുകകരമായ കാര്യമായി തോന്നാം. കൊണ്ടോട്ടി കൈക്കെതിരെ പൊന്നാനി കൈ രൂപപ്പെട്ട സാഹചര്യമായാലും, ചുങ്കം പ്രദേശത്തെ കൊണ്ടോട്ടി കൈ, പൊന്നാനി കൈ വിവാദങ്ങളായാലും രണ്ടിലും മഖ്ദൂമികൾക്ക് ടിപ്പുവുമായുണ്ടായിരുന്ന സ്വരചേർച്ചയുടെ അംശം സ്വാധീനിച്ചിട്ടുണ്ടോ എന്ന് വസ്തുതപരമായി ഇനിയും തെളിയിക്കാൻ കഴിയാത്ത കാര്യമാണ്.

മൈസൂര്‍ ഭരണം മലബാറില്‍ ജന്മിത്വ വ്യവസ്ഥിതിയുടെ ക്ഷയത്തിനും രാജ്യഭരണത്തിന് നൂതനവും പുരോഗാത്മകരവുമായ ആശയങ്ങളുടെ അവതരണത്തിനും വഴിതെളിയിച്ചു. കേന്ദ്രീകൃത ഭരണസംവിധാനം കൊണ്ടുവരുന്നതോടൊപ്പം തന്നെ നികുതിക്രമം ആധുനിക രീതിയില്‍ കൂടിയാന്മാര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ കൊണ്ടുവരപ്പെട്ടു. കരത്തിന്റെ തുക ആ ഭൂമിയില്‍ നിന്നും ലഭിക്കുന്ന വിളവിനനുസൃതമായി നിശ്ചയിച്ചു. 1788-89 കാലത്ത് രണ്ടാമത്തെ ഭൂസര്‍വ്വേ നടത്തി അന്യായമായ കൈവശഭൂമി കണ്ടുകെട്ടി പുതിയ നികുതി നിര്‍ണയം നടത്തി. കാര്‍ഷികരംഗത്ത് പ്രത്യേക ആജ്ഞകള്‍ പുറപ്പെടുവിച്ച് പല പരിഷ്‌കാരങ്ങളും അദ്ദേഹം നടപ്പാക്കി. മലബാറില്‍ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ജെമീന്താരി സമ്പ്രദായത്തിന്റെ പകര്‍പ്പായ ജന്മി സമ്പ്രദായത്തിനാണ് ഇതുമുഖേന ഉലച്ചില്‍ പറ്റിയത്. കൃഷിഭൂമിയില്‍ ടിപ്പുസുല്‍ത്താന്‍ ആരംഭിച്ച ഉല്‍പ്പാദന വിപ്ലവം മലബാറിലെ ജന്മിമാരുടെ ശക്തമായ എതിര്‍പ്പാണ് ഉയര്‍ത്തിവിട്ടത്. കൃഷിക്കാര്‍ക്ക് വാര്‍ഷിക കടം കൊടുക്കുക, ഫലസമൃദ്ധി തിട്ടപ്പെടുത്തി നികുതി നിശ്ചയിക്കുക, ഭൂമിയുടെ ഉടമസ്ഥാവകാശം നിശ്ചയിച്ചുറപ്പിക്കുക, വിനാശം വരുമ്പോള്‍ നികുതി ഇളവ് ചെയ്തുകൊടുക്കുക, അറ്റാദായത്തിന്റെ ചെറിയ ശതമാനം നികുതിയായി അടക്കുവാന്‍ അനുമതി നല്‍കുക എന്നിവയായിരുന്നു കാര്‍ഷിക പരിഷ്‌കാരങ്ങളില്‍ ചിലത്.

നികുതി പിരിവു രംഗത്ത് വിപ്ലവാത്മകമായ പരിവർത്തനങ്ങളാണ് ടിപ്പു സുല്‍ത്താന്‍ നടപ്പിൽ വരുത്തിയത്. ഭൂമി അളന്നു തിട്ടപ്പെടുത്തുകയും ഓരോ ഭൂമിയുടെ മേലും അനുയോജ്യമായ നികുതി ചുമത്തുകയും ചെയ്തു. ജന്മികളുമായിട്ടല്ല, കുടിയാന്മാരുമായിട്ട് നേരിട്ടാണ് ഗവൺമെന്റ് ബന്ധം സ്ഥാപിച്ചത്. മംഗലാപുരം സന്ധിക്കുശേഷം ടിപ്പുസുൽത്താൻ അർശദ് ബേഗ് ഖാനെ മലബാറിലെ റവന്യു ഭരണത്തലവനായി നിയോഗിക്കുകയും അദ്ദേഹത്തിന്റെ മലബാറിലെ പ്രവര്‍ത്തനങ്ങൾ ശത്രുക്കൾക്കിടയിൽ പോലും പ്രശംസക്ക് പാത്രമാവുകയും ചെയ്തു. ഒരു പറ വിത്തിറക്കിയാൽ ഭൂമിയിൽ നിന്നും ശരാശരി പത്തു പറ വിളവുണ്ടാവുമെന്ന് കണക്കാക്കി, അഞ്ചരപറ കൃഷിക്കാരനും ബാക്കി ജന്മിക്കും ഗവൺമെന്റിനുമുള്ളതായി നിശ്ചയിച്ചു. മൂന്നുപറ ഗവൺമെന്റിനും ഒന്നര പറ ജന്മിക്കും എന്ന തോതിലാണത് നിശ്ചയിച്ചിരുന്നത്. എന്നാൽ, ജലസേചന സൗകര്യമില്ലാത്തതോ, ക്ഷേത്രങ്ങളുടെ അധീനത്തിലുള്ളതോ ആയ ഭൂമികൾ നികുതിഭാരത്തിൽ നിന്നൊഴിവാക്കിയിരുന്നു. ക്ഷേത്രധ്വംസകനെന്ന് ആക്ഷേപിക്കപ്പെട്ടിരുന്ന ടിപ്പുവിന്റെ ജീവിതത്തെ കുറിച്ചുള്ള പഠനത്തിലേക്കീ നടപടികള്‍ വെളിച്ചം വീശുന്നു.

ഫിദാ ലുലു കെ ജി എന്ന ഗവേഷക വിദ്യാര്‍ത്ഥിനി എഴുതിയ 'ടിപ്പു സുല്‍ത്താനും മലബാറിന്റെ ആധുനികീകരണവും' എന്ന പ്രബന്ധത്തിലെ വരികള്‍ കാണുക,

"വിദേശ കൃഷി സമ്പ്രദായം പരീക്ഷിച്ചു നോക്കാന്‍ സുല്‍ത്താന്‍ ശ്രമിച്ചു. ഗോതമ്പ്, ബാര്‍ലി, തിന വര്‍ഗ്ഗങ്ങള്‍, കരിമ്പ്, പഴകൃഷി എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി. വനവിഭവങ്ങള്‍ കാത്തുരക്ഷിക്കുവാനുള്ള പുതിയ നിയമങ്ങള്‍ നടപ്പാക്കുകയും കപ്പല്‍പ്പണിക്കുപയോഗിക്കാന്‍ നല്ല തരം മരങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കുരുമുളക്, ഏലം, ചന്ദനത്തടി എന്നിവയുടെ കച്ചവടം സര്‍ക്കാരിന്റെ കുത്തകയായി. ഇവ ശേഖരിക്കാന്‍ ഉത്തരകേരളത്തിന്റെ പലഭാഗത്തും പാണ്ടികശാലകള്‍ തുറന്നു. വടകര, കൊയിലാണ്ടി, കോഴിക്കോട്, മയ്യഴി എന്നിവിടങ്ങളിലാണ് ഇതിനുവേണ്ടി തെരഞ്ഞെടുക്കപ്പെട്ടത്. ഈ പാണ്ടികശാലകളില്‍ ഒരു നിശ്ചിത വിലയ്ക്ക് ഈ സാധനങ്ങള്‍ സംഭരിച്ച് വിദേശവ്യാപാരികള്‍ക്ക് വിറ്റിരുന്നു. കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കാന്‍ ഇത് സഹായകമായി. ഈ കാലത്ത് മലബാറിലുണ്ടായ സാമ്പത്തിക പുരോഗതി ബ്രിട്ടീഷ് ചരിത്രകാരന്‍ എഡ്‌വേഡ്മൂര്‍ രേഖപ്പെടുത്തുന്നു.''മലബാറിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ സമൃദ്ധമായ കൃഷിസ്ഥലങ്ങള്‍ കാണാം ഇവിടത്തെ പട്ടണങ്ങളിലെ ജനത്തിരക്കും സാമ്പത്തികാഭിവൃദ്ധിയും കാണുമ്പോള്‍ പ്രഗത്ഭനായ ഒരു ഭരണാധിപന്റെ കീഴിലുള്ള രാജ്യമാണിതെന്ന് വേഗത്തില്‍ ബോധ്യപ്പെടും''. കൊച്ചിയിലും മലബാറിലും അടുത്തകാലം വരെ ഭൂനികുതി ഉണ്ടായിരുന്നില്ലെന്നും മലബാറില്‍ ചരിത്രത്തില്‍ ആദ്യമായി നികുതി ചുമത്തിയത് ടിപ്പുസുല്‍ത്താനാണെന്നും കേരളം മലയാളികളുടെ മാതൃഭൂമി എന്ന പുസ്തകത്തില്‍ ഇ.എം.എസ് രേഖപ്പെടുത്തുന്നു..."

1788-ൽ അമീൽദാർമാർക്ക് ടിപ്പു അയച്ച സർക്കുലറിൽ ഇങ്ങനെ കാണാം,

“കൃഷിയാണ് നാടിന്റെ ജീവരക്തം. മണ്ണിൽ പണിയെടുക്കുന്നവർക്ക് ഈ നാട് സമൃദ്ധവും ഫലഭൂയിഷ്ടവുമായ പ്രതിഫലം നൽകുന്നു. ഈ ഭൂനിയമത്തിലെ 127 വ്യവസ്ഥകളും നിങ്ങൾ ഉടനടി നടപ്പിൽ വരുത്തണം. വിശേഷിച്ചും കലപ്പകൾ വാങ്ങാനുദ്ദേശിക്കുന്ന കർഷകർക്ക് പണം വായ്പ നൽകുക, ആളുകൾ ഉപേക്ഷിച്ച ഭൂമി ഏറ്റെടുക്കാൻ നടപടികളെടുക്കുക, കൃഷിക്കാരനും അയാളുടെ അനന്തരാവകാശികൾക്കും സംരക്ഷണം നൽകുക, കരിമ്പ്, വെറ്റില, നാളികേരം തുടങ്ങിയ കൃഷി ചെയ്യുന്നവർക്ക് നികുതി ഇളവ് നൽകുക, മാവ്, പ്ലാവ് തുടങ്ങിയ മരങ്ങൾ ഓരോ ഗ്രാമത്തിലും 200 വീതം നട്ടുവളർത്താൻ പ്രോത്സാഹിപ്പിക്കുക..."

പ്രബന്ധത്തിൽ തുടർന്ന് പറയുന്നു,

"ടിപ്പു സുല്‍ത്താന്റെ കാലത്ത് മലബാറില്‍ വ്യാപാരവും വ്യവസായവും ഏറ്റവുമധികം വികാസം പ്രാപിച്ചു. ''രാജ്യത്തിന് ക്ഷേമോല്‍ക്കര്‍ഷങ്ങളുണ്ടാവണമെങ്കില്‍ വ്യവസായ വളര്‍ച്ചയും വ്യാപാര വികസനവും അത്യാവശ്യമാണെന്ന് മനസ്സിലാക്കി പ്രവര്‍ത്തിച്ച ഏക ഇന്ത്യന്‍ ഭരണാധികാരി ടിപ്പുവായിരുന്നുവെന്ന് പ്രൊഫ. മുഹിബ്ബുല്‍ ഹസ്സന്‍ഖാന്‍ പറഞ്ഞുവെക്കുന്നുണ്ട്. അന്തര്‍ദേശീയ ചലനങ്ങള്‍ മുഴുക്കെ സൂക്ഷമതയോടെ നിരീക്ഷിച്ചിരുന്ന ടിപ്പു വ്യവസായ വിപ്ലവത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ചിരുന്ന യൂറോപ്പിലെ പ്രധാന രാഷ്ട്രങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. അതിന്റെ വിജയത്തെ മുന്‍നിര്‍ത്തി നടപ്പാക്കിയ വ്യവസായ നയത്തിലൂടെ വ്യവസ്ഥാപിതവും മാതൃകായോഗ്യവുമായ ഭരണം സ്ഥാപിച്ചെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു എന്ന് പറയാം. അതുവഴി കൃഷിയും കച്ചവടവും വികസിച്ചു. അവയുടെ പുരോഗതിക്കുവേണ്ടി സുല്‍ത്താന്‍ വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ടിരുന്നു. ''അദ്ദേഹത്തിന്റെ രാജ്യത്തെ കൃഷിക്കാര്‍ സുരക്ഷിതരാണ്. അവരുടെ പ്രയത്‌നങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നു'' എന്ന് ജോണ്‍ഷോര്‍ എഴുതിയിട്ടുണ്ട്. കൃഷിക്കാവശ്യമായ ജലസേചന പദ്ധതികളും അണക്കെട്ടുകളും നിര്‍മ്മിച്ചതോടൊപ്പം മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിലും രാജ്യത്തെ കമനീയമായി മോടിപിടിപ്പിക്കുന്നതിലും ടിപ്പുവിന്റെ ഭരണകൂടം ശ്രദ്ധിച്ചിരുന്നു..."

കേരളീയ ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനും, ഉൽപ്പന്നങ്ങൾക്ക് ഉയർന്ന വില ലഭ്യമാക്കുന്നതിനും താൽപര്യം പ്രകടിപ്പിച്ചത് പോലെ പുറത്തുള്ള വിഭവങ്ങൾ മലബാറിലേക്ക് ലഭ്യമാക്കുന്നതിനും സുല്‍ത്താന്‍ സംവിധാനമുണ്ടാക്കി. ദിവസവും മൈസൂരിൽ നിന്നും ഏകദേശം 200 കാളച്ചുമട് നിത്യോപയോഗസാധനങ്ങൾ കേരളത്തിന്റെ അതിർത്തിയിലേക്കെത്തിച്ചിരുന്നു. രാജ്യത്തിന്റെ ഒരു ഭാഗത്തെ ഉൽപ്പന്നങ്ങൾ അതിന്റെ ആവശ്യക്കാരുള്ള മറ്റ് ഭാഗങ്ങളിലേക്കെത്തിക്കുന്ന ആഭ്യന്തരകയറ്റുമതിയും ഇറക്കുമതിയും പ്രത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇതെന്ന് മനസ്സിലാക്കാം.

ടിപ്പുവിന്റെ ആസൂത്രിതമായ പരിഷ്കാരപ്രവർത്തനങ്ങളുടെ ഫലമായി വ്യാപാരവാണിജ്യരംഗം കൂടുതൽ വികാസം നേടി. തുടർന്ന് പാലക്കാട്, മങ്കട, മഞ്ചേരി, മലപ്പുറം, പൊന്നാനി, ഫറൂഖ്, സുൽത്താൻബത്തേരി, കണ്ണൂർ, കാസർകോട്, മംഗലാപുരം എന്നിവിടങ്ങളിലെല്ലാം പുതിയ പാണ്ടികശാലകൾ സ്ഥാപിതമാവുകയും അവയെല്ലാം മലബാറിലെ വാണിജ്യ വികസനത്തെ ത്വരിതപ്പെടുത്തുകയും ചെയ്തു. പട്ടണങ്ങളും ജനനിബിഡമായ ഗ്രാമങ്ങളും ഉൾനാടൻ നഗരങ്ങളുമായി അവ വളർന്നുവന്നു. ഈ കേന്ദ്രങ്ങളോടനുബന്ധിച്ച് ഹുജൂർ കച്ചേരികൾ, നികുതി കേന്ദ്രങ്ങൾ, അതിലെ ഉദ്യോഗസ്ഥന്മാരുടെ വാസസ്ഥലങ്ങൾ എന്നിവ നിലവിൽ വരികയും അവിടങ്ങളിലെല്ലാം ഭയം കൂടാതെ സഞ്ചരിക്കാവുന്ന റോഡുകളുടെ നിർമാണം കൂടി പൂർത്തിയായതോടെ അവയെല്ലാം സുരക്ഷിതമായ കച്ചവടകേന്ദ്രങ്ങളായി മാറിയതിന്റെ അടയാളം ഇന്നും നമുക്ക് ചുറ്റും കാണാൻ സാധിക്കും. കോഴിക്കോട്, കണ്ണൂർ, പൊന്നാനി, മാഹി എന്നീ നഗരങ്ങളെ മാറ്റി നിർത്തിയാൽ മറ്റുള്ളവയെല്ലാം മൈസൂർ ഭരണകാലത്താണ് ഉയർന്നുവന്നത്. മാത്രവുമല്ല, മേൽ പരാമർശിച്ച വിധം മലബാറിന്റെ വിവിധ ഭാഗങ്ങളിൽ വേറെയും നിരവധി കമ്പോളങ്ങളും ചെറുകിട നഗരങ്ങളും വളർന്നുവരികയുണ്ടായി.

വ്യാപാര രംഗത്ത് ടിപ്പു സുൽത്താൻ കൊണ്ടുവന്ന മറ്റൊരു പ്രധാന നയം വിദേശികൾ നാട്ടിലെ കച്ചവടക്കാരുമായി നേരിട്ട് ഇടപാട് നടത്തുന്ന രീതി നിരോധിച്ചതാണ്. പകരം മൈസൂർ ഗവൺമെന്റിന്റെ ഉദ്യോഗസ്ഥന്മാരുമായി നേരിട്ടുള്ള വ്യാപാരമാണ് അവർക്ക് അനുവദിക്കപ്പെട്ടത്. ഇത്തരമൊരു നിയമം കൊണ്ടുവരാനുള്ള പ്രധാന കാരണം വിദേശ വ്യാപാരികളുടെ ചൂഷണാധിഷ്ഠിതമായ നിലപാടുകളാണ്. അവർ കർഷകർക്ക് കാർഷികോൽപന്നങ്ങളുടെ ഈടിന്മേൽ പണം കടം നൽകി കുറഞ്ഞ വിലക്ക് അവരുടെ ഉൽപന്നങ്ങൽ ശേഖരിച്ചു വന്നിരുന്ന പ്രവണത ശ്രദ്ധയിൽ വന്നപ്പോഴാണന്ന് പറയാം.

ടിപ്പുവിന്റെ മലബാറിലെ ഹൃസ്വമായ ഭരണകാലത്ത് മലബാറിലെ വാണിജ്യപുരോഗതിക്ക് വേണ്ടി അദ്ദേഹം നിരവധി സംരംഭങ്ങൾ നടത്തുകയുണ്ടായി. മംഗലാപുരത്ത് സ്ഥാപിച്ച കപ്പൽ നിർമാണശാലയും, നാവിക സേന പരിശീലന കോളേജിനും ആവശ്യമായ ഒട്ടുമിക്ക അസംസ്കൃത വസ്‌തുക്കളും മലബാറിൽ നിന്നായിരുന്നു ശേഖരിച്ചിരുന്നത്. പ്രത്യക്ഷമായും പരോക്ഷമായും അത് മലബാറിൻ്റെ വാണിജ്യ വികസനത്തിന് കരുത്തേകി എന്ന് പറയാം. അറബിക്കടലിലെ കടല്‍കൊള്ളക്കാരെ ഒതുക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്ന ഈ സൈനികര്‍ക്ക് ഉടുപ്പു നിര്‍മ്മിക്കുക, മലബാറിലെ തൊഴിലില്ലായ്മ പരിഹരിക്കുക തുടങ്ങിയവ ലക്ഷ്യം വെച്ച് കണ്ണൂരിലും കാസര്‍കോഡും രണ്ട് വലിയ നെയ്ത്തുശാലകള്‍ സ്ഥാപിച്ചത് ഈ കാലയളവിലാണ്. ദക്ഷിണേന്ത്യയില്‍ അധപതിച്ചിരുന്ന നെയ്ത്തു വ്യവസായം പുനരുദ്ധീകരിക്കാന്‍ ടിപ്പു ചെയ്ത ഈ സേവനത്തെ ഇംഗ്ലീഷ് ചരിത്രകാരന്മാര്‍ പോലും അഭിനന്ദിച്ചതായി കാണുന്നു.

തേക്കിൻതടി വ്യവസായം ദേശസാൽക്കരിച്ചതോടെ കപ്പൽ നിർമാണത്തിനാവശ്യമായ മേത്തരം തടികൾ സുലഭമായി ലഭിച്ചു തുടങ്ങി. മാത്രവുമല്ല, വൻലാഭത്തിന് അവകൾ പുറം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും കഴിഞ്ഞു. കോഴിക്കോട് കേന്ദ്രമാക്കി തടി സംസ്‌കരണകേന്ദ്രങ്ങൾ തുടക്കം കുറിച്ചത് അതുവഴിയാണ്. ഇന്നും ലോകത്തെ തന്നെ മികച്ച തടി സംസ്കരണകേന്ദ്രങ്ങളായി കല്ലായിയിലെ മരവ്യവസായ കേന്ദ്രങ്ങൾ നിലനിന്നു വരുന്നു. നിത്യോപയോഗ സാധനങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്ടറികളും, വനവിഭവങ്ങള്‍ സംഭരിച്ച് വ്യാപാരം നടത്തുന്ന കമ്പനികളും, ചായമുക്കുവേല, തൊപ്പി നിര്‍മ്മാണം തുടങ്ങിയ ചെറുകിട വ്യവസായ സ്ഥാപനങ്ങളും അദ്ദേഹത്തിന്റെ വ്യാപാര താല്‍പ്പര്യത്തിന്റേയും സാമ്പത്തിക വൈദഗ്ധ്യത്തിന്റേയും ഉദാഹരണമായി തുടക്കം കുറിച്ചതാണന്ന് പറയാം.

മൈസൂർ ആക്രമണത്തിന് മുമ്പ് മലബാറിലുലുണ്ടായിരുന്ന റോഡുകൾ ഇടുങ്ങിയവയും ഒറ്റയടിപ്പാതകളുമായിരുന്നു. യാത്രാവശ്യങ്ങള്‍ വളരെ കുറഞ്ഞ അക്കാലത്ത്, ഉള്ള യാത്രകള്‍ക്കായി മൃഗങ്ങളേയോ മഞ്ചൽ പോലുള്ള മനുഷ്യാധ്വാനത്തിൽ മാത്രം പ്രവർത്തിക്കുന്നതോ ആയ സംവിധാനങ്ങളാണ് പാരമ്പര്യമായി ഉപയോഗിച്ചു വന്നിരുന്നത്. എന്നാൽ, അവയൊന്നും തന്നെ ദീർഘദൂര സഞ്ചാരത്തിന് യോജിച്ചവയുമായിരുന്നില്ല. ആളുകൾ കാൽനടയായി സഞ്ചരിക്കുമ്പോൾ തന്നെ അവരുടെ ചുമടുകൾ തലച്ചുമടായും തോട്, പുഴ തുടങ്ങിയവയിലൂടെ ചങ്ങാടങ്ങളോ ചെറുതോണികളോ ഉപയോഗിച്ചുമുളള ജലമാർഗ്ഗങ്ങളുമാണ് അവലംബിച്ചു പോന്നിരുന്നത്. ആയുധ നീക്കത്തിന്റെ കാര്യത്തിലും ചക്രങ്ങള്‍ ഘടിപ്പിച്ച ഒന്നും തന്നെ മലബാര്‍ രാജാക്കന്മാര്‍ ഉപയോഗിച്ചിരുന്നില്ല എന്ന്‌ പറയാം. വിവിധ കാരണങ്ങളുടെ പേരില്‍ രാജാക്കന്മാർ പരസ്പരം പോരാട്ടങ്ങൾ നടത്തുക പതിവായിരുന്നെങ്കിലും അവരുടെ സൈനിക മാർച്ചുകൾക്ക് റോഡുകളൊരു അത്യാവശ്യ ഘടകമായിരുന്നില്ല. വാളുകളും പരിചകളും കുന്തങ്ങളുമേന്തിയ സൈനികർ ഒറ്റവരിയായാണ് പരമ്പരാഗതമായി സൈനിക നീക്കങ്ങൾ നടത്തിയിരുന്നത്‌. അതുകൊണ്ടു തന്നെ ഒറ്റയടിപ്പാതകളും വയൽ വരമ്പുകളും തന്നെ അവര്‍ക്ക് ധാരാളമായിരുന്നു എന്ന് പറയാം. പിന്നീട്‌, മലബാറിൽ റോഡുകളുടെ ആവശ്യകത വരുന്നത്‌ ഹൈദരലിയുടേയും ടിപ്പു സുൽത്താന്റേയും നേതൃത്വത്തിലുളള മൈസൂർ ആക്രമണങ്ങളോടെയാണ്. ആനകളും കുതിരകളും കാളകളും വലിച്ച്‌ കൊണ്ട്‌ പോവുന്ന സൈനിക വാഹനങ്ങളായ പീരങ്കി ബാറ്ററികളും ചരക്കു വണ്ടികളും മൈസൂർ സേനയുടെ ഭാഗമായിരുന്നതിനാൽ അവയുടെ സുഖമമായ നീക്കത്തിന് റോഡുകൾ നിർമ്മിക്കേണ്ടത്‌ അത്യാവശ്യമായി വരികയായിരുന്നു. അങ്ങനെ ആദ്യമായി ആവശ്യാനുസരണം സഞ്ചാരയോഗ്യമായ പാതകള്‍ തുറന്നത് ടിപ്പുവാണെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. മലബാറിലെ എല്ലാ പ്രധാന സ്ഥലങ്ങളേയും ബന്ധിപ്പിച്ചു കൊണ്ട്‌ അതിവിപുലമായ റോഡ്‌ ശൃംഖല എന്ന ആശയം ആദ്യമായി ആവിഷ്കരിച്ചതും അത്‌ പ്രാവർത്തികമാക്കിയതും ടിപ്പുസുൽത്താനായിരുന്നു എന്ന് കാണാൻ സാധിക്കും.

ടിപ്പു സുൽത്താൻ നിർമ്മിച്ച റോഡുകളെല്ലാം അദ്ദേഹത്തിന്റെ തലസ്ഥാനമായ ശ്രീരംഗപട്ടണവുമായി ബന്ധിപ്പിച്ചിരുന്നവയായിരുന്നു. അതിനുവേണ്ടി പശ്ചിമഘട്ട മലനിരകൾ മുറിച്ചുപോവുന്ന നിരവധി ഘാട്ട്‌ റോഡുകൾ (ചുരങ്ങൾ) അദ്ദേഹത്തിന് നിർമ്മിക്കേണ്ടതായി വന്നു. അവയിൽ പ്രധാനപ്പെട്ടതായിരുന്നു താമരശ്ശേരി ചുരവും വഴിക്കടവ്‌ ചുരവുമെല്ലാം. അതൊക്കെയും ജനങ്ങളുടെ സമൂഹിക നവീകരണത്തിനും, പരസ്പര സഹകരണത്തിനും, ദര്‍ശനങ്ങളുടെ കൈമാറ്റത്തിനും, മനുഷ്യബന്ധങ്ങളുടെ അടുപ്പത്തിനും ആരംഭമിട്ടു എന്ന് പറയാം. മലബാറിലെ റോഡുകളുടെയും തോടുകളുടേയും വികസനത്തിന് ഒരു പ്രത്യേക ഡിപ്പാര്‍ട്ട്‌മെന്റ് തന്നെ പ്രവര്‍ത്തിച്ചിരുന്നു.

ടി മുഹമ്മദ് സാഹിബ് തന്റെ മാപ്പിള സമുദായം എന്ന ഗ്രന്ഥത്തിൽ ടിപ്പുവിന്റെ പാത വികസനത്തെ കുറിച്ച് പറയുന്നുണ്ട്,

"മലബാറിലെ എല്ലാ റോഡുകളുടെയും കേന്ദ്രസ്ഥാനം കോഴിക്കോടായിരുന്നു. അക്കാരണത്താൽ കോഴിക്കോടിന് കൈവന്ന വ്യാപാരപരവും നാഗരികവുമായ സ്ഥാനം ഇന്ത്യയിൽ മറ്റൊരു നഗരത്തിനും ലഭിച്ചിരുന്നില്ല. 1807ൽ താക്കറെ മദ്രാസ് റവന്യൂ ബോർഡിന് നല്‍കിയ റിപ്പോർട്ടിൽ പറയുന്നു 'ഒരുപക്ഷേ, ഇന്ത്യയിലെ മറ്റേതൊരു പ്രവിശ്യയെക്കാളും നല്ല റോഡുകളാൽ സുഘടിതമാകുന്നു മലബാർ പ്രവിശ്യ...' ലോഗൻ തന്റെ മലബാർ മാന്വലിൽ പ്രസ്‌തുത റോഡുകളെപ്പറ്റി ഒരു സാമാന്യ വിവരണം നൽകിയിട്ടുണ്ട്. പേക്കൂർ നിന്നു കോഴിക്കോട്ടേക്കൊരു റോഡ്, മലപ്പുറത്തു നിന്നു താമരശ്ശേരിക്കൊന്ന്, മലപ്പുറത്തുനിന്നു പുതുപ്പട്ടണം വഴി താമരശ്ശേരിക്ക് മറ്റൊന്ന്, പെരുനിലത്തു നിന്നു ഫറോക്കു വഴി കോഴിക്കോട്ടേക്ക് വേറൊന്ന്, ഫറോക്കു നിന്നും ഏറനാടു താലൂക്ക് താണ്ടി കട്ടുപ്പാറ, മങ്കര, പട്ടാമ്പി എന്നിവിടങ്ങൾ വഴി കോയമ്പത്തൂരെത്തുന്ന ഒന്ന്, പാലക്കാട്ടുനിന്ന് ദിണ്ഡിക്കലിലേക്ക് പിന്നൊന്ന്, അങ്ങാടിപ്പുറം വഴി കോയമ്പത്തൂരിലേക്ക് മറ്റൊന്ന്. ഇങ്ങനെ ഏഴു പ്രധാന റോഡുകൾ തെക്കെ മലബാർ ഭാഗത്തു നിർമിച്ചതായി ലോഗൻ തന്റെ മലബാര്‍ മാന്വലിൽ എടുത്തു പറയുന്നുണ്ട്. അദ്ദേഹം തുടരുന്നു... 'വടക്കെ ഭാഗവും ഇതേ പ്രകാരം റോഡുകളാൽ നിബിഡമായിരുന്നു. അതിൻ്റെ വിശദവിവരം എളുപ്പത്തിൽ ലഭിക്കാവുന്നതേയുള്ളൂ...' 1796ൽ കേണൽ ഡോവ്സൻ തയ്യാറാക്കിയ മിനുട്‌സിൽ നിന്നാണ് ലോഗൻ ഇതെടുത്തുദ്ധരിക്കുന്നത്. ആ രേഖയിൽ അഭിപ്രായപ്പെട്ടിരിക്കുന്നതു നോക്കുക... 'ടിപ്പു സുല്‍ത്താൻ റോഡുകൾ വളരെ സമർഥമായി പ്ലാൻ ചെയ്തിട്ടുള്ളതും പ്രവിശ്യയുടെ നാനാഭാഗങ്ങളെയും പരസ്‌പരം കൂട്ടിയിണക്കുന്നതുമാകുന്നു. അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെടാതെ പോയ റോഡുകൾ കമ്പനി ഏറ്റെടുത്തു നിർമ്മിക്കേണ്ടതാണ്...' പിന്നീട്, കമ്പനി ഏറ്റെടുത്ത ശേഷം ആ റോഡുകൾക്കു അഭിവൃദ്ധിക്കു പകരം ഗുരുതരമായ അനാഥത്വമാണ് ബാധിച്ചതെന്നു ഡോവ്സൻ്റെ ഒരു കുറിപ്പിൽ തുടർന്ന് പറയുന്നുണ്ട്... 'കമ്പനി ഏറ്റെടുത്തശേഷം ഈ റോഡുകൾ ആളുകൾ കൈയേറിത്തുടങ്ങിയിരിക്കുന്നു. പല സ്ഥലത്തും അവ നിശ്ശേഷം ജനങ്ങൾ അടച്ചു കെട്ടിക്കളഞ്ഞിരിക്കുന്നു...' എന്ന് പ്രസ്തുത രേഖയില്‍ അദ്ദേഹം തുടർന്ന് പരിതപിക്കുന്നുണ്ട്..."

മൈസൂരിനു കീഴിൽ മലബാറിനുണ്ടായ അഭിവൃദ്ധി അവർണനീയമാകുന്നു. ആ കാലയളവ് ഹ്രസ്വമാണെങ്കിലും കീഴാളരെ സംബന്ധിച്ചെടുത്തോളം ആ കാലം സുവർണയുഗമായിരുന്നു എന്ന് പറയാം. 1784 കാലത്താണ്‌ ടിപ്പുസുൽത്താൻ മലബാർ ഭരണം കൈപ്പിടിയിലൊതുക്കുന്നത്. തുടർന്ന് നടന്ന ജയപരാജയങ്ങളുടെ കൈമാറ്റ ശേഷം 1790ൽ തന്നെ മലബാര്‍ ഒന്നടങ്കം ഇംഗ്ലീഷുകാരുടെ കൈവശമായി കഴിഞ്ഞിരുന്നെങ്കിലും 1792ലെ ശ്രീരംഗപട്ടണം സന്ധിയോടെയാണ് ഔദ്യോഗികമായി മൈസൂര്‍ ഭരണം മലബാറിൽ അസ്തമിക്കുന്നത് എന്ന് പറയാം. എന്നുവെച്ചാല്‍, ആറോ ഏഴോ വർഷം മാത്രമാണ് ടിപ്പുവിന്റെ ഭരണം മലബാറിൽ നടന്നു വന്നത് എന്ന് ചുരുക്കം. അതിനാൽ, മൈസൂർ സാമ്രാജ്യത്തിൻ്റെ ഇരുപതിലൊന്നു പോലുമല്ലാതിരുന്ന മലബാറിൽ ടിപ്പുസുൽത്താൻ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ മലബാറിന്റെ ചരിത്രത്തെ സംബന്ധിച്ച് സുപ്രധാനമായൊരു അധ്യായമാണന്ന് നിസ്സംശയം പറയാൻ സാധിക്കുന്ന സംഗതിയാണ്.

സർദാർ പണിക്കർ ഉള്‍പ്പെടെയുള്ള ചില ചരിത്രകാരന്മാർ പറയുന്നത് പോലെ മൈസൂർ ഭരണം നായന്മാരുമായുള്ള ഒരു നിരന്തര കുരിശു യുദ്ധവും, നിലക്കാത്ത പടയോട്ടങ്ങളും, ക്ഷേത്രധ്വംസനങ്ങളും, മാർഗ്ഗത്തിൽ കൂട്ടലും, കണ്ണിൽ കണ്ട ഹിന്ദുക്കളെയെല്ലാം പിടിച്ചു സുന്നത്തു കഴിക്കലും മാത്രമായിരുന്നുവെങ്കിൽ ഇത്തരം വികസന പദ്ധതികൾക്കു രൂപം നൽകാനും അവ നടപ്പിൽ വരുത്താനും മൈസൂർ ഭരണാധികാരികൾക്കെങ്ങനെയാണ് സാധ്യമാവുക. തീര്‍ത്തും സമാധാനാന്തരീക്ഷത്തില്‍ ചെയ്ത് തീര്‍ക്കേണ്ടതായ വികസനപ്രവർത്തനങ്ങൾ സംഖട്ടനങ്ങളുടേത് മാത്രമായൊരു സാഹചര്യത്തിലെങ്ങനെയാണ് നടപ്പിലാക്കാന്‍ കഴിയുക എന്ന ചോദ്യം ടിപ്പുവിനെ സംബന്ധിച്ചുള്ള വരേണ്യ കാഴ്ചപ്പാടുകളെ പൊളിച്ചെഴുതാൻ പര്യാപ്തമായ കാര്യമാണന്ന് പറയാം. അതെല്ലാം മലബാറിന്റെ ഭരണം വളരെ കാര്യക്ഷമതയും ഏവര്‍ക്കും ഏറെ തൃപ്‌തികരമായ നിലയിലുമാണ് നടന്നു വന്നിരുന്നത് എന്ന് കാണിക്കുന്ന ചരിത്ര നിഗമനങ്ങളാണ്. മലബാർ തന്റെ രാജ്യത്തിന്റെ ഭാഗമാണെന്നും അവിടത്തെ ഭരണവും അതിൻ്റെ സുരക്ഷയും തൻ്റെ ചുമതലയാണെന്നും വിചാരിക്കുന്ന ഒരു മനസ്സിന്‌ മാത്രമാണ്‌ അത്രയും പണവും അധ്വാനവും ഇവിടെ ചെലവഴിക്കാന്‍ സാധിക്കുകയുള്ളു. അദ്ദേഹത്തിന്റെ ഭരണത്തിൽ നാട്ടിൽ ഐശ്വര്യവും സമൃദ്ധിയും ഇല്ലായിരുന്നെങ്കില്‍, അതിനനുസൃതമായി ഭരണകൂടത്തിന് വരുമാനവുമില്ലായിരുന്നുവെങ്കിൽ, ഒരു സര്‍വ്വാധികാരി എന്ന നിലയില്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ അയാളൊരു താല്‍പര്യവും കാണിച്ചിരുന്നില്ല എങ്കിൽ അത്രയും വിപുലമായ മരാമത്ത് പണികള്‍ ഈ നാട്ടില്‍ ചെയ്ത് തീർക്കാൻ അയാള്‍ക്ക് സാധിക്കുമായിരുന്നില്ലല്ലോ. എന്നിരുന്നാലും, മലബാറിന്റെ ചരിത്രത്തിൽ ഏറ്റവും ഐശ്വര്യപൂർണ്ണമായ ഒരു കാലമായിരിക്കണം ടിപ്പുവിന്റെ ഭരണകാലമെന്നു ന്യായമായി ഊഹിക്കാൻ കഴിയുന്ന കാര്യമാണ്.

അല്ലൂർ ഉണ്ണീൻകുട്ടി മൂപ്പൻ 


ചുങ്കം തെരുവില്‍ നിന്നും ശാന്തപുരം ഇസ്ലാമിയ കോളേജിലേക്കുള്ള വഴിയില്‍ റെയിൽവെ ലൈനിന് സമീപത്താണ് പ്രശസ്തരായ അല്ലൂർ മൂപ്പന്മുടെ ജന്മഗൃഹം സ്ഥിതി ചെയ്യുന്നത്. നിലവില്‍ അടുത്തടുത്ത് സ്ഥിതിചെയ്യുന്ന അനേകം വീടുകളാൽ സമ്പന്നമായ പ്രദേശം പഴയ കാലത്ത്‌ തീര്‍ത്തും വിഭിന്നമായ രൂപത്തിലും ഭാവത്തിലുമാണുണ്ടായിരുന്നത് എന്ന് പറയാം. ചുങ്കം തെരുവില്‍ നിന്നും നോക്കിയാല്‍ കാണുന്ന വിശാലമായ വയലോലകൾക്കപ്പുറം ഈ നാടിന്റെ ആധികാരികളായി വാണ മൂപ്പന്മാരുടെ ഒന്നോ രണ്ടോ വീടുകൾ മാത്രമുള്ളോരു മൺതിട്ട മാത്രമായിരുന്നിരിക്കാം അവിടെ. എന്നാൽ, കാലഘട്ടം അനേകം മുന്നോട്ട് പോയപ്പോള്‍ പലതരത്തിലുള്ള മാറ്റങ്ങൾ ഈ തെരുവിനേയും ഇവിടുത്തെ ജനതയേയും ബാധിച്ചു. അനേകം ചരിത്ര വർത്തമാനങ്ങൾ മറവിയുടെ മനോലോകത്തിൽ ലയിച്ചു. അതിലോരാളാണ് ഷഹീദ് അല്ലൂർ ഉണ്ണീൻകുട്ടി മൂപ്പൻ എന്ന് പറയാം.

ഈ അടുത്ത കാലം വരെയും അവിടെ ഉയർന്ന് നില്‍ക്കുന്ന രണ്ട് മീസാൻ കല്ലുകളുണ്ടായിരുന്നതായി പഴമക്കാർ പറയുന്നത് കേൾക്കാം. നൂറ്റാണ്ടുകള്‍ക്ക് മുന്നേ ബ്രിട്ടീഷ് കമ്പനി സൈന്യത്തിനെതിരെ പട നയിച്ച ധീരനായ അല്ലൂർ ഉണ്ണീൻകുട്ടി മൂപ്പന്റെ ഖബറിടമാണതെന്ന് അവർ പറയുന്നു. ആദ്യകാലങ്ങളിൽ, കൃത്യമായി പറഞ്ഞാൽ ശാന്തപുരം പുത്തൻ പള്ളി സ്ഥാപിക്കപ്പെടുന്നത് വരെയും ആ ഖബറിനെ ചുറ്റിപ്പറ്റി ഒരു ദർഗ്ഗ സംസ്കാര സംബന്ധമായ കുറേ കീഴ് വഴക്കങ്ങൾ ആചരിച്ചു വന്നിരുന്നുവത്രെ. വെട്ടുകല്ലുകൊണ്ട് കെട്ടിപ്പടുത്ത നിലയിലുള്ള ഖബറിന് (മഖ്ബറ) മുകളില്‍ ചെറിയ പുര സ്ഥാപിച്ച് സമീപം എണ്ണ ഒഴിച്ച് വിളക്ക് സ്ഥാപിക്കുക, അതിലേക്കുള്ള ചിലവിലേക്കായി സമീപത്ത് ഭണ്ഡാരം സ്ഥാപിച്ച് പണം സ്വരൂപിക്കുക തുടങ്ങിയ കാര്യങ്ങൾ അല്ലൂർ കുടുംബത്തിന്റെ നേതൃത്വത്തില്‍ ചെയ്തു വന്നിരുന്നുവെങ്കിലും ആണ്ട്, ഉറൂസ് പോലുള്ള ആചാരങ്ങള്‍ ചെയ്യാതെ പോയത് അക്കാലത്തെ സാമ്പത്തിക പരാധീനതകൊണ്ട്‌ മാത്രമായിരിക്കും എന്ന് നിസ്സംശയം പറയാന്‍ സാധിക്കുന്ന കാര്യമാണ്. എന്നിരുന്നാലും, കൊണ്ടോട്ടി കൈ, പൊന്നാനി കൈ വിവാദങ്ങളുടെ ഉത്പന്നമായി പ്രദേശത്ത് രൂപം കൊണ്ട വിശ്വാസ വിപ്ലവങ്ങൾക്ക് ശേഷമാണ് അത്തരം കീഴ്‌വഴക്കങ്ങൾ അവിടെ ഉപേക്ഷിക്കപ്പെട്ടതും സാധാരണ ഒരു ഖബറിന്റേതായ വിശുദ്ധിയിലേക്ക് അത് മാറ്റപ്പെടുകയും ചെയ്തത് എന്ന് നിസ്സംശയം പറയാൻ കഴിയുന്ന സംഗതിയാണ്.

യഥാർത്ഥത്തിൽ, ആരായിരുന്നു മൂപ്പന്മാർ? കേരള ചരിത്ര നിര്‍മ്മിതിയിൽ, പ്രത്യേകിച്ച് മലബാറിനെ സംബന്ധിച്ച പഠനത്തില്‍ എന്തായിരുന്നു അവരുടെ ഭാഗദേയം എന്ന പഠനം അല്ലൂർ ഉണ്ണീൻകുട്ടി മൂപ്പന്റെ ചരിത്രത്തിലേക്കും വെളിച്ചം വീശുന്ന സംഗതിയാണ്. ലഭ്യമായ ചരിത്ര വസ്തുതകൾ മുന്നില്‍ വെച്ചാൽ ടിപ്പു സുല്‍ത്താന്റെ കാലത്ത്‌ രൂപപ്പെട്ട ഒരു അവരേണ്യ അധികാരരൂപം അല്ലെങ്കിൽ ഉദ്യോഗസ്ഥ വൃന്ദമാണ് മൂപ്പന്മാർ എന്ന് പറയാം. വിശാലമായ പാട ശേഖരങ്ങളും ഇടയില്‍ ഏതാനും വീടുകളും മാത്രമുണ്ടായിരുന്ന ഒരു സമൂഹിക ചുറ്റുപാടിൽ ചന്ത എന്ന് വിളിച്ചു വരുന്ന കച്ചവട കേന്ദ്രങ്ങളായിരുന്നു ജനജീവിതങ്ങളുടെ ആകെക്കൂടിയുള്ള സമ്പര്‍ക്ക കേന്ദ്രങ്ങൾ. തങ്ങളുടെ ഉല്‍പ്പന്നം ജനങ്ങളിലേക്കെത്തിക്കുന്നതിനുള്ള കൃഷിക്കാരുടെ ഒരേയൊരു മാര്‍ഗ്ഗം ചന്തയായിരുന്നു. രാജകീയ ശാസനങ്ങൾ, ശിക്ഷാനടപടികള്‍ തുടങ്ങിയ രാഷ്ട്രീയാധികാര കേന്ദ്രത്തിന്റെ പ്രകടപരതയായും രാഷ്ട്രീയ വിമര്‍ശനങ്ങളുടെ കാഹളമായും ചന്തകൾ പരിവര്‍ത്തിക്കപ്പെട്ടു. ഈയൊരു പ്രാധാന്യം മനസ്സിലാക്കിയത് കൊണ്ടാവാം ടിപ്പുവിന്റെ നേതൃത്വത്തിലമർന്ന മലബാര്‍ പ്രദേശത്തെ അങ്ങോളമിങ്ങോളം ഉണ്ടായിരുന്ന ചന്തകളെ മുഴുവന്‍ സവിശേഷമായി പരിഗണിക്കാൻ സുല്‍ത്താന്‍ തയ്യാറായതും ഒരു കേന്ദ്രീകൃത അധികാരത്തിന് കീഴിലേക്ക് അവയെ പരിവര്‍ത്തിപ്പിക്കാനും, വിവിധയിനം നികുതികളുടെ ശേഖരണം (ചുങ്കം), ക്രമസമാധാന പാലനം തുടങ്ങിയ കര്‍ത്തവ്യങ്ങള്‍ അവിടെ നിര്‍വ്വഹിക്കപ്പെടാനുമായി മൂപ്പന്മാരുടെ സംഗത്തെ നിയമിക്കുകയും ചെയ്യുന്നത്.

തമിഴ്‌നാട്, കേരളം, കര്‍ണാടകം തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ചില ആദിവാസി വിഭാഗങ്ങളുടെയും പരമ്പരാഗത സമൂഹങ്ങളുടെയും നേതാക്കളെയാണ് പൊതുവില്‍ മൂപ്പന്മാർ എന്ന് സൂചിപ്പിച്ചു വന്നിരുന്നത്. 'മൂപ്പൻ' എന്ന പദം പല സംസ്കാരങ്ങളിലും വൈവിധ്യമാർന്ന അർത്ഥതലങ്ങളാണുള്ളത്. എന്നാൽ, പൊതുവിൽ ആദിവാസി ഗോത്രങ്ങളുടേയും ഗ്രാമസമൂഹങ്ങളുടേയും മുതിർന്ന നേതാവിനെയാണ് മൂപ്പൻ എന്ന് വിളിച്ചിരുന്നത് എന്ന് പറയാം. മൂപ്പന്മാരുടെ ഉത്ഭവത്തെ സംബന്ധിച്ച് നേരിട്ട് രേഖപ്പെടുത്തപ്പെട്ട ചരിത്രരേഖകളൊന്നും തന്നെ ലഭ്യമല്ല. എന്നാൽ, കേരളത്തിലെ മലയോര പ്രദേശങ്ങളിലും തമിഴ്‌നാട്ടിലെ ചില മേഖലകളിലും കര്‍ണാടകത്തിലെ മലനാട് മേഖലകളിലും ഇവർ ജനസമൂഹത്തെ നയിച്ചിരുന്നതായി പല ഗവേഷകരും വിശ്വസിക്കുന്നുണ്ട്. ഗ്രാമത്തിലെ ഏറ്റവും മുതിർന്ന വ്യക്തി, ദണ്ഡാധിപതി, വഴികാട്ടി, ഒത്തുതീർപ്പുകാരൻ എന്നിങ്ങനെ പല നിലകളിലും ഇവർ വർത്തിച്ചു വന്നിരുന്നു. തറവാടുകളിലെ മൂപ്പന്മാർ കുടുംബത്തിൻ്റെ മേൽനോട്ടം വഹിക്കുന്ന വ്യക്തിയായിരുന്നു. പ്രത്യേകിച്ച് ഭൂമി ഉടമസ്ഥതയും കുടുംബപരമായ തീരുമാനം എടുക്കലുകളും അവരില്‍ നിക്ഷിപ്തമായിരുന്നെന്ന് പറയാം.

ചുങ്കം തെരുവിൽ നിന്നും പള്ളിക്കുത്തേക്ക് പോകുന്ന വഴിയിൽ ഇടതു വശത്ത് അല്‍പ്പം അകലെയായി സ്ഥിതിചെയ്യുന്ന പഞ്ചായത്ത് ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് ഈ നാടിന്റേയും അല്ലൂർ മൂപ്പന്മാരുടേയും വീരോതിഹാസം കുടികൊള്ളുന്ന പുരാതന ചന്ത സ്ഥിതിചെയ്യുന്നത്. ഒരുപക്ഷേ, നാടിനെ സംബന്ധിച്ചെഴുതപ്പെട്ട ഗ്രന്ഥങ്ങളിലോ ലേഖനങ്ങളിലോ ആ സ്ഥാപനത്തിന്റെ പങ്ക് രേഖപ്പെടുത്താതെ പോയത് സവിശേഷമായി തോന്നാം. ഒരുപക്ഷേ, ഈ നാടിന്റെ ചരിത്രം പഠിച്ചാല്‍, സമാനമായ മറ്റു പല സംഭവങ്ങളിലും നാം കണ്ടുവന്നിട്ടുള്ള അധിനിവേശ ഗൂഢാലോചന ഇതിനു പിന്നിലും സംഭവിച്ചിട്ടുണ്ടോ എന്ന് ന്യായമായും സംശയം തോന്നിയാൽ കുറ്റം പറയാവതല്ല. നിലവില്‍ മേല്‍ ചന്ത തെരുവിന്റെ ഒരരികിലാണ് സ്ഥിതിചെയ്യുന്നത് എങ്കിലും പഴയ കാലത്ത്‌ തെരുവ് മുഴുവന്‍ വ്യാപിച്ചു കിടന്ന് വന്നിരുന്ന നിലയിലോ അല്ലെങ്കിൽ ചന്തയാൽ തന്നെ തെരുവ് അറിയപ്പെട്ടു വന്നിരുന്ന നിലയിലോ  ആയിരുന്നിരിക്കണം ചന്തയുടെ ഈ തെരുവിലെ ഭാഗധേയം എന്ന് പറയാന്‍ സാധിക്കും. കേവലം പ്രാദേശിക ചന്ത എന്ന നിലയില്‍ നിന്നും ഒരു സുപ്രധാന വാണിജ്യപാത കടന്ന് പോകുന്ന തെരുവ് എന്ന നിലയിലേക്ക് പ്രദേശം പരിവര്‍ത്തിക്കപ്പെട്ടതോടു കൂടിയാണ് ചന്ത തെരുവിന്റെ ഒരു ഭാഗത്തേക്ക് മാത്രമായി ഒതുക്കപ്പെട്ടത്.

'വിദ്യാലയ വഴി' എന്നൊരനുഭവ കുറിപ്പില്‍ ചുങ്കം ചന്തയുമായി ബന്ധപ്പെട്ട ചില ഓര്‍മ്മകള്‍ രേഖപ്പെടുത്തി വെക്കപ്പെട്ടിട്ടുണ്ട്,

"മതിലിന്റെ വലതു ഭാഗത്ത്  ഗ്രന്ഥശേഖരണമില്ലാത്ത ഗ്രന്ഥാലയവും ഇടതു ഭാഗത്ത് കാടുപിടിച്ചു കിടക്കുന്ന ചുങ്കം പ്രദേശത്തിന്റെ പഴയകാല ചന്തയുമാണുള്ളത്. അവിടെ ചില കെട്ടിടാവശിഷ്ടങ്ങളൊക്കെ കാണാൻ കഴിയും. ഒരു കാലത്ത് പ്രദേശത്ത് സജീവമായിരുന്നൊരു ചന്തയുടെ ബാക്കിപത്രങ്ങളാണതൊക്കെ. നിറയെ കച്ചവടക്കാരും നാട്ടുകാരും വന്നണഞ്ഞിരുന്ന അതീവ നിരക്കുള്ള ഒരു സ്ഥലമായിരുന്നിരിക്കണം അന്നീ പ്രദേശമെന്ന് പറയാം. കോൺക്രീറ്റ് കെട്ടിടത്തിന്റെ സുരക്ഷയിലേക്ക് കച്ചവടത്തെ മാറ്റിയതോടെ അന്യംനിന്നുപോയത് ഇത്തരം ഗതകാല സ്മരണകള്‍ ഉയർത്തിവിടുന്ന ഗ്രാമീണ വിശുദ്ധിയുടെ അടയാളങ്ങളാണ്. ചന്തക്ക് സമീപമെത്തിയാൽ കച്ചവടക്കാരും നാട്ടുകാരും വന്നണഞ്ഞ് പൊടിപാറുന്ന കച്ചവട മുഖരിതമായ അക്കാലത്തെ മനസ്സിലേക്കാവഹിക്കാൻ ഞാന്‍ വൃഥാ ശ്രമിക്കാറുണ്ട്. ഇടിഞ്ഞു വീണു കിടക്കുന്ന അവിടുത്തെ ആ പഴയ കെട്ടിടത്തിലേക്ക് വെറുതെ ഞാനൊന്നെത്തി നോക്കും. ഒരുപക്ഷേ, ചരിത്രം നടന്നു നീങ്ങിയ വഴിത്താരകള്‍ കാണുമ്പോൾ കൗതുകത്തോടെ അതിനെ നോക്കിയിരുന്നു പോകുന്ന എന്റെ ഒരു സൗകര്യ ശീലം തുടക്കമിട്ടത് അന്നവിടെ നിന്നുമായിരിക്കുമെന്നെനിക്ക് ഉറപ്പുണ്ട്..."

പ്രദേശത്തിന് ചുങ്കം എന്ന പേര്‌ കടന്നു വന്നതിന്‌ പിറകിലും പ്രദേശത്തിന്റെ ഈ വാണിജ്യപരത പങ്കുവഹിച്ചിട്ടുണ്ടന്ന് പറയാം. ചന്തകളിൽ വിൽക്കുന്ന സാധനങ്ങൾക്ക് പലപ്പോഴും നികുതി/ചുങ്കം അടക്കേണ്ടി വന്നിരുന്നത് കൊണ്ട് അതിൽ നിന്നുത്ഭവിച്ചതാകാം ചുങ്കം എന്ന പേര്‌ എന്നതാണ് ഒരു നിരീക്ഷണം. അല്ലെങ്കിൽ, ചരക്ക് കയറ്റുമതി, ഇറക്കുമതി, നഗരപ്രവേശനം മുതലായവക്കു ചുമത്തിയിരുന്ന നികുതിയിൽ നിന്നുമാകാം അത്. അതുമല്ലെങ്കില്‍, വർത്തക സംഘങ്ങൾ തങ്ങളുടെ വാണിജ്യ യാത്രക്കിടെ നികുതി അടക്കേണ്ടി വന്നതുകൊണ്ട് അതീടാക്കുന്ന സ്ഥലങ്ങൾ അഥവാ ചെക്ക് പോസ്റ്റുകൾ ചുങ്കം എന്ന പേരു കൊണ്ട് പ്രസിദ്ധമായതാകാനും വഴിയുണ്ട്. എന്നിരുന്നാലും, വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നും ചരക്കുകൾ കൊണ്ടുവരുന്നവരിൽ നിന്ന് നികുതി ഈടാക്കിയിരുന്ന അത്തരം സ്ഥലങ്ങൾ ചുങ്കം എന്ന പേരിലാണ് പിന്നീടറിയപ്പെട്ടു വന്നത് എന്ന് നിസ്സംശയം പറയാൻ സാധിക്കുന്ന കാര്യമാണ്. കൊട്ടാരക്കര ചുങ്കം, തിരുവനന്തപുരം ചുങ്കം, പാലക്കാട് ചുങ്കം, മണ്ണാര്‍ക്കാട് ചുങ്കം, പാലാരിവട്ടം ചുങ്കം തുടങ്ങിയവ കേരളത്തിലെ പ്രശസ്തമായ ചുങ്കം പേരുള്ള ചില സ്ഥലങ്ങളാണ്. ഇവയുടെയൊക്കെ പിറകിലും സമാനമായ ചരിത്രം നമുക്ക് വായിച്ചെടുക്കാൻ സാധിക്കും.

അല്ലൂർ മൂപ്പന്മാരുടെ പ്രദേശത്തെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ശക്തമായ തെളിവുകളോട് കൂടിയ വിവരങ്ങളൊന്നും തന്നെ ലഭ്യമല്ല. മൈസൂര്‍ ആധിപത്യ കാലത്തിന് മുന്നേ പ്രദേശത്തിന്റെ നിയന്ത്രണാധികാരികളായിരുന്ന മണ്ണാർമല കോവിലകം മൈസൂരിന്റെ കടന്ന് വരവോടു കൂടിയാണ്‌ രംഗം വിടുന്നത് എന്ന് മുന്‍ അധ്യായങ്ങളിൽ നാം പറഞ്ഞു കഴിഞ്ഞു. അതിനു ശേഷമാണ് തങ്ങളുടെ മേല്‍ക്കോയ്മ അംഗീകരിക്കപ്പെടാൻ എളുപ്പത്തില്‍ സാധ്യമാകുന്ന മുസ്ലീം നാട്ടുപ്രമുഖരെ നികുതി പിരിവിനും മറ്റുമായി പ്രദേശങ്ങളിൽ നിയമിക്കാൻ മൈസൂര്‍ ഭരണാധികാരികള്‍ തയ്യാറാകുന്നതും അതുവഴി മൂപ്പന്മാർ എന്ന പേരിലൊരു അധികാര വര്‍ഗ്ഗം പ്രദേശങ്ങളിൽ രൂപപ്പെടുകയും ചെയ്യുന്നത്. അഥവാ, തങ്ങളുടെ നിലനില്‍പ്പ് അവതാളത്തിലായെന്ന് മനസ്സിലാക്കിയ മേലാള വര്‍ഗ്ഗത്തിന്റെ വിടവിലേക്കാണ് അക്കാലം വരെയും വിവിധ തരത്തിലുള്ള വിവേചനങ്ങൾ അനുഭവിച്ചു വന്ന മാപ്പിളമാര്‍ ഉയര്‍ന്നു വന്നത് എന്ന് ചുരുക്കം.

മൂപ്പന്മാർ എപ്രകാരമാണ് തങ്ങളുടെ അധികാര നിര്‍വ്വഹണത്തിലൂടെ പ്രദേശത്തിന്റെ രാഷ്ട്രീയാധികാരം ടിപ്പു സുല്‍ത്താനനുകൂലമാക്കി തീര്‍ത്തത് എന്നും, അവരുടെ ഭരണം എങ്ങനെയാണ് പ്രദേശത്ത് നടപ്പിലാക്കിയത് എന്നതിനെ സംബന്ധിച്ചുള്ള സൂക്ഷ്മ പഠനങ്ങൾ തുലോം കുറവാണെങ്കിലും അവരുടെ ചരിത്രം അധികമായി കടന്ന് വരുന്നത് ടിപ്പുവാനന്ദരം മലബാറിലുണ്ടായ സവിശേഷമായ ചില രാഷ്ട്രീയ സാഹചര്യങ്ങളില്‍ അവർ ബ്രിട്ടീഷ് അധികാരികള്‍ക്കെതിരിൽ നടത്തിയ പോരാട്ടവുമായി ബന്ധപ്പെട്ടുള്ളതാണ്. അല്ലൂർ ഉണ്ണീൻകുട്ടി മൂപ്പന്റെ ചരിത്രത്തിലും ഈ ഒരു സവിശേഷത കാണാൻ കഴിയും. അദ്ദേഹത്തെ കുറിച്ചുള്ള നാട്ടിലെ ഒരേയൊരു ഓര്‍മ്മ ആ പോരാട്ട ചരിത്രവുമായി ബന്ധപ്പെട്ടുള്ളതാണന്ന് പറയാം. മൂപ്പന്മാരുടെ വീരോതിഹാസം കുടികൊള്ളുന്ന മലബാറിൽ അങ്ങോളമിങ്ങോളമുള്ള സ്മാരകങ്ങളും മറ്റൊരു കഥയല്ല നമ്മോട് പറയുന്നത്. അതിനാൽ, മൂപ്പന്മാരുടെ ഭരണനൈപുണ്യത്തെ കുറിച്ചുള്ള പഠനത്തേക്കാൾ പ്രസക്തമാണ് അവരുടെ പോരാട്ടകഥകൾ എന്ന് പറയാം.

തിരുവിതാംകൂര്‍ ആക്രമിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കിടെ 1790ല്‍ യുദ്ധമുന്നണിയില്‍ നിന്നും തിരുവിതാംകൂര്‍ പിന്‍വാങ്ങിയതിനെ തുടര്‍ന്ന് മൈസൂര്‍ സൈന്യം കൊടുങ്ങല്ലൂര്‍, ആലങ്ങല്‍, പറവൂര്‍ എന്നിവ കീഴടക്കിയശേഷം ആലുവയില്‍ തമ്പടിച്ചു വന്ന അവസരത്തിലാണ് ബ്രിട്ടീഷുകാര്‍ മൈസൂരിനെതിരിൽ യുദ്ധം ആരംഭിച്ചേക്കുമെന്ന വാര്‍ത്ത ടിപ്പു സുല്‍ത്താന്റെ ചെവിയിലെത്തുന്നത്. അതിനാൽ, 1790 മാര്‍ച്ച് 24ന് അദ്ദേഹം മൈസൂരിലേക്ക് തിരിച്ചുപോയി. അവസരം മുതലാക്കി കമ്പനി സൈന്യം 1790 ഡിസംബർ 7നും 12നും ഇടയിൽ തിരൂരങ്ങാടിയിൽ വച്ച് കോഴിക്കോടിനെതിരെ യുദ്ധം നടത്തുകയും ലെഫ്റ്റ് കേണൽ ജയിംസ് ഹാർട്‌ലിയുടെ നേതൃത്വത്തിൽ 1500 പേരടങ്ങിയ മൂന്നു റജിമെന്റ് കമ്പനി സൈന്യം 9000 പേരടങ്ങിയ മൈസൂർ സൈന്യത്തെ തോൽപ്പിക്കുകയും ചെയ്തു. മൈസൂരിന്റേയും ആലിരാജയുടെയും കൈയ്യിലായിരുന്ന കണ്ണൂർ ജനറൽ റോബർട്ട് അബെർ ക്രോംബിയുടെ നേതൃത്വത്തിൽ 1790 ഡിസംബർ 14നാണ് കമ്പനി സൈന്യം കീഴടക്കുന്നത്. മൈസൂര്‍ സേനയെ പരാജയപ്പെടുത്തി കണ്ണൂർ കോട്ട പിടിച്ചെടുത്തതോടെ മലബാർ തീരത്തിന്റെ മുഴുവൻ നിയന്ത്രണവും കമ്പനിയുടെ കയ്യിലായി എന്ന് പറയാം. 1792 മാര്‍ച്ച് 18ന് ഒപ്പുവെച്ച ഉടമ്പടി പ്രകാരം മലബാര്‍ പൂര്‍ണമായും ബ്രിട്ടീഷ് നിയന്ത്രണത്തിനു കീഴിലാവുകയും അതുവഴി വളരെയധികം പ്രദേശങ്ങൾ മൈസൂരിന് നഷ്ടമാവുകയും ചെയ്തു. അവയിൽ മിക്കവയും പിന്നീട് മറാഠ, ഹൈദരാബാദ് നൈസാം, ബ്രിട്ടീഷ് മദ്രാസ് എന്നിവയുടെ കൈയ്യിലുമായി.

മേല്‍ സാഹചര്യത്തെ കുറിച്ച് ആംഗ്ലോ-മാപ്പിള യുദ്ധം എന്ന ഗ്രന്ഥത്തിൽ എ കെ കോഡൂർ പറയുന്നുണ്ട്,

"ഈ താലൂക്കുകളടങ്ങുന്ന മലബാർ നാടുകളുടെ പൊതുഭരണം സ്ഥാപിച്ച് ബോംബെ ഗവർണ്ണർ റോബർട്ട് അംബർ ക്രോംബി കോഴിക്കോട് ഗവൺമെൻ്റ് ഹൗസിൽ (പഴയ ഇംഗ്ലീഷ് ഫാക്ടറി) ശപിക്കപ്പെട്ട യൂനിയൻ ജാക്ക് ഉയർത്തികൊണ്ട് പ്രഖ്യാപിച്ചു. “സ്വതന്ത്രവ്യാപാരവും ഇടപാടുകളും സാർവ്വത്രികമാക്കും, സമൂഹത്തിലെ മേലേക്കിട വർഗ്ഗക്കാരുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കും" (മലബാർ മാന്വൽ പേജ് 539). ഇതോടെ മലബാറിൽ നാടുവാഴികളുടെ രാഷ്ട്രീയാധികാരം അവസാനിക്കുകയും എന്നാൽ അവർക്കും ജന്മിമാർക്കും ഏക ഉൽപാദനോപകരണമായ ഭൂമിക്കുമേലുള്ള കുത്തകാവകാശവും ചൂഷണ വ്യവസ്ഥയും സംരക്ഷിക്കാനുള്ള ബാദ്ധ്യത ബ്രിട്ടൺ ഏറ്റെടുക്കുകയും ചെയ്തു. നാടുവാഴികളുടെ നായർപട വ്യത്യസ്‌ത പഠന പരിശീലനങ്ങളോടെ പഴയ വാളിനും കൊരടാവിനും (ചമ്മട്ടി) പകരം തോക്കും ബയണറ്റുമേന്തിയ കോൽക്കാർ എന്ന പുതിയ പട്ടാളമായി മാറി. യൂണിയൻ ജാക്ക് മലബാറിൻ്റെ വിഹായസ്സിലേക്ക് ഉയർന്നപ്പോൾ മലയാളം കരയുകയായിരുന്നു. എന്നാൽ ആഹ്ലാദപൂർവ്വം അതിനെ അഭിവാദ്യം ചെയ്ത് സ്വീകരിച്ചവർ ദേശസ്നേഹത്തിനും രാജ്യത്തിന്റെ ഐശ്വര്യത്തിനും കടൽ കടന്ന് കച്ചവടത്തിനുവന്ന ബ്രിട്ടീഷുകാരുടെ കോളനി സിദ്ധാന്തം അംഗീകരിക്കുകയായിരുന്നു..."

1792ല്‍ ടിപ്പു സുല്‍ത്താന്‍ മലബാറിന്റെ നിയന്ത്രണം ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് നല്‍കിയതു മുതല്‍ മലബാറിലെ മുസ്ലീങ്ങള്‍ അഥവാ മാപ്പിളമാര്‍ ബ്രിട്ടീഷ് അധികാരത്തെ ധിക്കരിക്കാന്‍ തുടങ്ങിയിരുന്നു. ടിപ്പുവിന്റെ ഭരണകാലത്ത്‌ മലബാർ വിട്ടുപോയ ഭൂപ്രഭുക്കൾ തിരിച്ചുവന്ന് അന്യാധീനപ്പെട്ട തങ്ങളുടെ ഭൂമിയും അധികാരാവകാശങ്ങളും വീണ്ടെടുക്കാന്‍ തുടങ്ങിയത് ഈ സംഘട്ടനത്തെ കൂടുതൽ തീവ്രമയമാക്കി. മൈസൂര്‍ ഭരണകാലത്ത് നടപ്പാക്കിയ കൃഷിഭൂമി കൃഷിക്കാരന് എന്ന നിയമം റദ്ദാക്കി പഴയ മേലാള സമ്പ്രദായം പുനഃസ്ഥാപിച്ചുകൊണ്ട് ജന്മിത്വത്തിന് പുനർജീവൻ നൽകിയത് മലബാറിന്റെ സമ്പദ്ഘടനയെ ചൂഷണമയമാക്കി മാറ്റി. കർഷകരിൽ നിന്ന് ഭൂമി ഒഴിപ്പിച്ചെടുക്കാൻ ജന്മിമാരും അവരുടെ സിൻബന്ധികളും രംഗത്തിറങ്ങുകയും ഒഴിപ്പിക്കലിനെതിരെ ഹരിജനങ്ങളും ഈഴവരും മാപ്പിളമാരുമടങ്ങുന്ന കർഷകർ ഒറ്റക്കെട്ടായി പ്രതിരോധിക്കാനിറങ്ങിയതോടെ വെള്ളപ്പട്ടാളത്തെ രംഗത്തിറക്കി ജന്മിമാരെ രക്ഷിക്കാൻ സാമ്രാജ്യഭരണകൂടം തീരുമാനിച്ചു.

1794 മുതലുള്ള കമ്പനി നയം ഹിന്ദുപ്രമാണിമാരെ അവരുടെ ഭൂസ്വത്തുക്കളില്‍ പുനര്‍വിന്യസിക്കുക എന്നതായിരുന്നു. കേരളത്തിലെ ഭൂവുടമകളും ജന്മികളുമെല്ലാം ഹിന്ദുക്കളായതിനാൽ മുസ്ലിംകളുടെ താൽപ്പര്യങ്ങൾ ചവിട്ടി മെതിക്കുന്നതിൽ അവർക്കു യാതൊരു സങ്കോചവും തോന്നിയിരുന്നില്ല. നാടുവാഴി പ്രഭുക്കളും ഭൂവുടമകളും മുസ്ലിംകളുടെ അവകാശങ്ങൾ ഹനിച്ചുകൊണ്ടിരുന്നപ്പോൾ തങ്ങളുടെ അവകാശങ്ങൾ അംഗീകരിച്ചു കിട്ടാൻ പുതിയ ഭരണമേധാവികളെ മുസ്ലിം നേതാക്കന്മാർ സമീപിച്ചെങ്കിലും അവർ കേട്ടഭാവം നടിച്ചില്ല എന്ന് മാത്രമല്ല അവരെ എങ്ങനെയെല്ലാം ദ്രോഹിക്കാനാവുമോ അങ്ങനെയെല്ലാം ദ്രോഹിക്കാനാണ് അവർ ഉദ്യമിച്ചത്. അതുവഴി, മാപ്പിള ജനത ടിപ്പുവിന് നല്‍കിയ കൂറിന് കടുത്ത മര്‍ദ്ദനമുറയിലൂടെ പകരം ചോദിക്കുകയായിരുന്നു അവർ. അടിമകളെപ്പോലെ അതെല്ലാം സഹിച്ചുകൊള്ളുമെന്നാണ് തൽപരകക്ഷികൾ കണക്കു കൂട്ടിയത് എങ്കിലും മൈസൂർ വ്യാഘ്രത്തെപ്പോലും വെല്ലുവിളിക്കാൻ മടിച്ചിട്ടില്ലാത്ത മാപ്പിളമാർ അതിന് തയ്യാറായില്ല എന്ന് മാത്രമല്ല അതെ നാണയത്തിൽ തിരിച്ചടിക്കുകയായിരുന്നു. അത്തൻ കുരിക്കൾ, ചെമ്പൻ പോക്കർ, പുലത്ത് ചേക്ക് മൂപ്പൻ, എളമ്പുലാശ്ശേരി ഉണ്ണിമൂസ്സ, നാലകത്ത് ഐദ്രോസ്സ് കുട്ടി തുടങ്ങിയ പോരാളികള്‍ കമ്പനിക്കെതിരെ പ്രതിരോധനിര തീര്‍ക്കുകയും ബ്രിട്ടീഷ് അധികാരികളുമായി നിരന്തരം കലഹിക്കുകയും ചെയ്തു. ഇത് പ്രക്ഷുബ്ധമായൊരു സാഹചര്യത്തിലേക്കാണ് മലബാറിനെ നയിച്ചത്. സാഹചര്യത്തെ മറികടക്കാൻ വിപ്ലവകാരികളുടെ പോരാട്ടങ്ങളെ മനപ്പൂര്‍വ്വം വികലമാക്കാനും ബ്രിട്ടൻ ശ്രമിച്ചുപോന്നു. തങ്ങള്‍ക്കെതിരെ പോരിനിറങ്ങിയ നേതാക്കളെ കൊള്ളക്കാരായും റബലുകളായും ടിപ്പുസുൽത്താന്റെ ചാരന്മാരായും അവർ ചിത്രീകരിച്ചു. മൂപ്പന്മാരുടെ ഭരണകാലത്തെ നേട്ടങ്ങളെ ജനങ്ങൾക്കിടയിൽ ചർച്ചചെയ്യപ്പെടാതിരിക്കാൻ മനപ്പൂര്‍വ്വം ശ്രമിക്കുകയും അവരെ ക്രിമിനലുകളായി ചിത്രീകരിച്ചുകൊണ്ട് അവരുടെ ചരിത്രം വികലമാക്കാനാണ് ബ്രിട്ടീഷ് അധികാരികള്‍ ശ്രമിച്ചുപോന്നത്. ഒരുപക്ഷേ, അതിന്റെ ഭാഗമായിരുന്നിരിക്കാം അല്ലൂർ ഉണ്ണിൻകുട്ടി മൂപ്പനെ പോലുള്ളവരുടെ ചരിത്രം തീരെ ലഭ്യമാകാതെ പോയതും മറവിയെന്ന മഹാവിസ്മൃതിയിലേക്കവർ ലയിച്ചു പോയതും.

ഫ്യൂഡലിസത്തെ എന്ത് വില കൊടുത്തും പിടിച്ചുനിർത്താനായി ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തും ജനിച്ചുവളർന്ന നാടിനെ ഒറ്റികൊടുത്തും വളര്‍ന്ന് വന്ന നമ്പൂതിരി-നാടുവാഴി-നായർ പരിവാറുകാർ തങ്ങളുടെ മുന്നിലെ ഒരേയൊരു തടസ്സം മാപ്പിള വര്‍ഗ്ഗമാണന്ന് മനസ്സിലാക്കിയതോടെ കടൽ കടന്നെത്തിയവരുടെ സഹായത്തോടെ അവരുടെ വായും മൂക്കും പിടിച്ച് ശ്വാസം മുട്ടിക്കാൻ ശ്രമിച്ചുപോന്നു. പാരതന്ത്ര്യം ഒരിക്കലും അംഗീകരിക്കാത്തവരും സ്വാതന്ത്യത്തിന് വേണ്ടി ഏതറ്റം വരെയും പോകാൻ തയാറാകുന്നവരുമാണ് മാപ്പിളമാരന്ന് മനസ്സിലാക്കിയതോടെ അവരുടെ മുഖ്യശത്രു എന്ന ഗണത്തിലേക്ക് മുസ്ലീം ജനസമൂഹം മാറ്റപ്പെട്ടു. ഇത് മലബാറിന്റെയോ കേരളത്തിൻ്റേയോ മാത്രം സ്ഥിതിയായിരുന്നില്ല, മുഴുവൻ ഇന്ത്യയിലും ഇന്ത്യക്ക് വെളിയിലും ബ്രിട്ടീഷുകാരുടെ ഒന്നാം നമ്പർ ശത്രു മുസ്‌ലിംകൾ തന്നെയായിരുന്നു.

ഉണ്ണീൻകുട്ടി മൂപ്പന്റെ സമകാലികരായ മലബാറിന്റെ വ്യത്യസ്തമായ മേഖലകളിൽ പട നയിച്ച അനേകം നേതാക്കളുടെ ചരിത്രം സൂചിപ്പിക്കാതെ ഈ അധ്യായം അവസാനിപ്പിക്കാൻ കഴിയില്ല. ആ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന എ കെ കൊഡൂരിന്റെ 'ആംഗ്ലോ മാപ്പിള യുദ്ധം 1921' ലെ എന്ന ഗ്രന്ഥത്തിലെ ഏതാനും വരികള്‍,

"പുരാതന കാലത്ത് സാമൂതിരി വടക്കെ മലബാറിലെ മൗവ്വഞ്ചേരിയിൽ നിന്നും സേനാപരിശീലനത്തിന് കൊണ്ടുവന്ന അത്തൻ, കുഞ്ഞറമു എന്നീ രണ്ട് മുസ്ല‌ിം സേനാനികളുടെ പിൻഗാമികളാണ് മൗവ്വഞ്ചേരി ലോപിച്ച് മാഞ്ചേരി പുതുശ്ശേരി കരുക്കന്മാരായത്. കുഞ്ഞാലി മരക്കാർ മൂന്നാമനെ സാമൂതിരി പോർച്ചുഗീസുകാർക്ക് പിടിച്ചു നൽകിയപ്പോൾ സാമൂതിരി ഭരണകൂടത്തിൻ്റെ മതേതര സ്വഭാവത്തിന് കളങ്കം വന്നതോടെയാണ് സാമൂതിരിയുമായി അകന്ന് ഏറനാട്ടിലെ മഞ്ചേരി പയ്യനാട്ടേക്ക് കുരിക്കൾ കുടുംബം താമസം മാറ്റുന്നത്. അവിടെ കോക്കൂത്ത് പറമ്പിൽ കോട്ടയും കളരിയും കെട്ടി സൈനിക പരിശീലനം നടത്തി വരവെയാണ് ഹൈദരലി വരുന്നത്. ഹൈദരലിയുടെയും ടിപ്പുവിന്റെയും കാലത്ത് ഏറനാടിൻ്റെ ചാർജ് അന്നത്തെ അത്തൻ കുരിക്കൾക്കായിരുന്നു. മലപ്പുറം കുന്നുമ്മലിലെ കോട്ടക്കുന്നിൽ കോട്ട നിർമ്മിച്ചത് അത്തൻ കുരിക്കളുടെ മേൽനോട്ടത്തിലായിരുന്നെന്ന് പറയപ്പെടുന്നു. ഏതായാലും, 1800കളിൽ ജീവിച്ച അത്തൻ കുരിക്കൾ ചുറ്റ് വെടി പ്രയോഗത്തിൽ നിപുണനും ടിപ്പുവിന്റെ റോക്കറ്റ് സേനയുടെ തലവനുമായിരുന്നു.

സാമൂതിരിയുടെ നെടുങ്ങനാട് (ചെര്‍പ്പുളശ്ശേരി) പ്രദേശത്തിന്റെ അഞ്ചംഗ മന്ത്രി സഭയിലൊരംഗമായിട്ടാണ് എളമ്പുലാശ്ശേരി ഉണ്ണിമൂസ്സ അറിയപ്പെടുന്നത്. കുതിരവട്ടത്ത് നായരെപ്പോലെ എളമ്പുലാശ്ശേരി പ്രദേശം പൂർണ്ണമായും മൂസ്സ കുടുംബത്തിന്റെ സ്വത്തായിരുന്നു. ചേറനാട്ടിലെ (തിരൂരങ്ങാടി) സാമൂതിരിയുടെ ഗവർണ്ണർ ചെമ്പൻ അത്തീതിന്റെ പിൻഗാമിയാണ് ചെമ്പൻ പോക്കർ മൂപ്പൻ. പിന്നീട് ഹൈദർ-ടിപ്പുമാരുടെ കാലത്ത് അത്തീതിൻ്റെ പിൻഗാമികൾ മൂപ്പൻ സ്ഥാനം സ്വീകരിച്ച് സ്ഥാനങ്ങളിൽ തുടർന്നു. ഏറനാട്ടിൽ അത്തൻകുട്ടി കുരിക്കളുടെ കീഴിൽ ടിപ്പുവിൻ്റെ മൂപ്പൻ സ്ഥാനം ലഭിച്ചവരാണ് പുലത്ത് കുടുംബം. ഷേക് (ചേക്ക്) മൂപ്പനായിരുന്നു ഇവരിൽ പ്രധാനി. പുലത്ത് മൂസ്സ മൂപ്പൻ എന്നൊരാളുമുണ്ടായിരുന്നു. നാലകത്ത് ഹൈദ്രോസ്സ് കുട്ടി പൊന്നാനിയുടെ ചാർജ്ജുള്ള മൂപ്പനായിരുന്നു.

കൃഷിക്കാർക്കും അയിത്ത-അടിമ വർഗ്ഗത്തിനും ഇവരാണ് നേതൃത്വം നൽകിയത്. ഇവരുടെ കീഴിൽ നടന്ന ഒളിപ്പോരുകൾക്കും സംഘട്ടനങ്ങൾക്കും അവസാനത്തിൽ ജനങ്ങളോട് നികുതി ബഹിഷ്‌കരിക്കാൻ ഈ നേതാക്കൾ ആഹ്വാനം നൽകി. അതോടെ സൂര്യനസ്‌തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം മലബാറിൽ തളർന്നു. അതിനെ തുടർന്ന് മാപ്പിളനേതാക്കളുമായി മധ്യസ്ഥന്മാർ മുഖേന ഒത്തുതീർപ്പ് സംഭാഷണം തുടങ്ങി. ഉണ്ണിമൂസ്സയുടെ എളമ്പുലാശ്ശേരി ഗ്രാമം അദ്ദേഹത്തിന് തിരിച്ച് കൊടുക്കാമെന്നും, അത്തൻകുരിക്കൾക്കും, ചെമ്പൻപോക്കർക്കും ഏറനാട്ടിലും ചേറനാട്ടിലും കോൺസ്റ്റബ്ൾമാരായും സബ്ബ് ഇൻസ്പെക്ടർമാരായും സ്ഥാനം നൽകാമെന്നും ഓഫർ നൽകി. പക്ഷേ, മലബാറിലെ ഭൂവുടുമസമ്പ്രദായത്തിൽ ടിപ്പുവിന്റെ നിയമം തിരിച്ചു കൊണ്ടു വരണമെന്ന മാപ്പിള നേതാക്കളുടെ നിർദ്ദേശം ബ്രിട്ടണ് സ്വീകാര്യമായില്ല എന്ന് മാത്രമല്ല, ബ്രാഹ്മണ-മാടമ്പിമാരായ പഴയ നാടുവാഴി കുടുംബങ്ങളെ ഭൂവുടമകളാക്കുകയും ആ ഘടനയനുസരിച്ച് ജാതി സമ്പ്രദായം നിലനിർത്തുകയും ചെയ്യുന്ന നിലപാടിൽ സർക്കാർ ഉറച്ച് നിന്നു. ഗവർണ്ണർക്ക് വേണ്ടി സംസാരിച്ചിരുന്ന മേജർ മുറെ, മാപ്പിള നേതാക്കളുടെ നിലപാട് നിരാശാജനകമാണെന്ന് റിപ്പോർട്ട് ചെയ്‌തു. ഓഫർ കുറച്ചി കൂടി ഉദാരമാക്കാനാണ് ഗവർണ്ണർ മുറെക്ക് നിർദ്ദേശം നൽകിയത്. അതനുസരിച്ച് വീണ്ടും സംഭാഷണം തുടർന്നു.

വാസ്ത‌വത്തിൽ രണ്ട് ചിന്താരീതികൾ തമ്മിലുള്ള ഒത്തുതീർപ്പിന് വേണ്ടിയുള്ളതായിരുന്നു ഈ മധ്യസ്ഥ ചർച്ച. ഭൂവുടമ സമ്പ്രദായത്തില്‍ കൃഷി നടത്തുന്നവന് ഉടമസ്ഥാവകാശം നൽകിയാൽ ഭൂമി മുഴുവൻ മാപ്പിള-ഈഴവ-ഹരിജൻ വിഭാഗത്തിന്റെ കയ്യിൽ വരും എന്നും, ഭൂമിയെ അടിസ്ഥാനമാക്കി നിലനിൽക്കുന്ന ജാതി സമ്പ്രദായവും അടിമ-അയിത്ത നിയമങ്ങളും മാപ്പിളമാർ അതോടെ അവസാനിപ്പിക്കുമെന്നും കമ്പനി മനസ്സിലാക്കി. അതുവഴി, ബഹുഭൂരിപക്ഷം വരുന്ന ജനങ്ങൾ സ്വതന്ത്രരരാവുകയും അവർ മാപ്പിള നേതൃത്വത്തിന് കീഴിൽ വന്നാൽ ടിപ്പുവിനെ എന്നെന്നേക്കുമായി നശിപ്പിക്കാനുള്ള തങ്ങളുടെ തന്ത്രത്തെ അത് ബാധിക്കുമെന്നും അവർ മനസ്സിലാക്കി. കേവലം പ്രാദേശിക പരാജയം എന്നതിനപ്പുറം സൂര്യനസ്‌തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന് തങ്ങളുടെ ലോകോത്തര ശക്തിയുള്ളപ്പോൾ തന്നെ മലബാർ എഴുതിത്തള്ളേണ്ടി വരികയും ചെയ്യും. വെല്ലസ്ലിക്കോ മുറേക്കോ മാത്രമല്ല ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനാകെ അറിയാവുന്ന ഈ കാര്യങ്ങൾ മാപ്പിള നേതാക്കൾക്കും പഴശ്ശിരാജാവിനും വാരിക്കോരി സൗജന്യങ്ങൾ അനുവദിക്കാൻ അവരെ പ്രേരിപ്പിച്ചു. എളമ്പുലാശ്ശേരി ഗ്രാമം മാത്രമല്ല വള്ളുവനാട്ടിലെ പഴയ നെടുങ്ങനാട്, ചെർപ്പുളശ്ശേരി ഉൾപ്പെടെ മൂസ്സക്ക് നൽകാനും, മഞ്ചേരിയും തിരൂരങ്ങാടിയും കുരിക്കൾക്കും പോക്കർക്കും, പൊന്നാനി ഐദ്രോസ് കുട്ടിക്കും നൽകാൻ ബ്രിട്ടൺ തയ്യാറായി. പക്ഷെ, സൗജന്യങ്ങളെല്ലാം ടിപ്പുവുമായി ബ്രിട്ടൻ നടത്തുന്ന ആസന്നമായ യുദ്ധത്തിന്റെ ഫലത്തെ ആശ്രയിച്ചിരിക്കുമെന്നറിയാവുന്ന മാപ്പിള നേതാക്കൾ തങ്ങളുടെ നിലപാടില്‍ ഉറച്ച് നിൽക്കുകയും ബ്രിട്ടീഷ് സൗജന്യങ്ങൾ നിരാകരിക്കുകയും ചെയ്തു‌.

അതോടുകൂടി തുറന്ന യുദ്ധമായി. അത്തൻ കുരിക്കളേയും ഉണ്ണിമുസ്സയേയും പിടിച്ച് കൊടുക്കുന്നവർക്ക് 3000 ഇനാം വിളംബരം ചെയ്യപ്പെട്ടു. ബ്രിട്ടീഷുകാർക്ക് നികുതി നൽകരുതെന്ന് നേതാക്കളും പ്രഖ്യാപിച്ചു. അക്കൊല്ലം സർക്കാരിന് തീരെ നികുതി ലഭിച്ചില്ലന്ന് മാത്രവുമല്ല, ഭൂമി ഒഴിപ്പിക്കാൻ വെള്ളപ്പട്ടാളവും കോൽക്കാരും നടത്തിയ ശ്രമങ്ങൾ ഗ്രാമങ്ങളിൽ കലാപം സൃഷ്ടിക്കാനെ ഉപകരിച്ചുള്ളൂ. അതോടെ ഒഴിപ്പിക്കൽ നിർത്തിവെച്ച് മാപ്പിള നേതാക്കളെ വേട്ടയാടാൻ തീരുമാനിച്ചു. മുസ്സയുടെ എളമ്പുലാശ്ശേരി മലഞ്ചെരുവിലെ കൊട്ടാരം വളഞ്ഞു. ഘോരയുദ്ധം നടന്നു. പക്ഷെ, മുസ്സയും അനുയായികളും രക്ഷപ്പെട്ടു. ടിപ്പുസുൽത്താൻ്റെ റോക്കറ്റ് സേനയുടെ തലവനായിരുന്ന അത്തൻകുരിക്കളുടെ മഞ്ചേരി പയ്യനാടുള്ള കോക്കൂത്ത് കൊട്ടാരം അക്രമിക്കപ്പെട്ടു. അദ്ദേഹത്തിന് സാമൂതിരി നൽകിയിരുന്ന ഭൂമി കണ്ടുകെട്ടി. അതിനിടക്ക് സതേൺ ഡിവിഷൻ കമാണ്ടായിരുന്ന മേജർ വഡേലിനെ വധിക്കാൻ അങ്ങാടിപ്പുറത്തുവെച്ച് ശ്രമിച്ച ചെമ്പൻ പോക്കറും അനുയായികളും പിടിക്കപ്പെട്ടു. എന്നാൽ, പാലക്കാട് കോട്ടയിൽ തടവിലിരിക്കെ പോക്കർ രക്ഷപ്പെട്ടു. പിന്നീട് മലബാറിലാകെ യുദ്ധമായിരുന്നു. കോൽക്കാർക്ക് അഥവാ പഴയ നായർ പടക്കു പുറമെ സാക്ഷാൽ വെള്ളപ്പട്ടാളം തുരുതുരേ ഇംഗ്ലണ്ടിൽ നിന്നുമെത്തിക്കൊണ്ടിരുന്നു. മാപ്പിള ഗറില്ലകൾക്ക് മൈസൂരുമായും പഴശ്ശിയുമായും ബന്ധപ്പെടാൻ കഴിയാത്ത വിധമാണ് ബ്രിട്ടീഷ് ജനറൽമാർ മലബാറിൽ പട്ടാളത്തെ വ്യന്യസിച്ചത്.

പെരിന്തൽമണ്ണ താലൂക്കിലെ മാപ്പാട്ടുകരിയിൽ ഗറില്ലകൾക്ക് പരിശീലനം കൊടുത്ത് കൊണ്ടിരിക്കെ അത്തൻ കുരിക്കൾ രാത്രി താമസിച്ചിരുന്ന തന്റെ ബന്ധുവീട് 1798 ജൂൺ 5ന് പുലർച്ചെ ജനറൽ വാട്സൻ്റെ നേതൃത്വത്തി വെള്ളക്കാരും കോൽക്കാരുമടങ്ങുന്ന സംഗം വളഞ്ഞു. പരിശീലനം നൽകുന്നവരെയൊക്കെ രാത്രി അവരവരുടെ വീട്ടിലേക്ക് വിടുമായിരുന്നതിനാൽ പരിശീലകരായി നിയുക്തരായിരുന്ന 18 പേർ മാത്രമേ അദ്ദേഹത്തോടൊപ്പം വീട്ടിലുണ്ടായിരുന്നുള്ളൂ. കീഴടങ്ങാനുള്ള വാട്‌സൻ്റെ ആജ്ഞ കുരിക്കൾ പുഛത്തോടെ തള്ളിക്കളഞ്ഞുവെന്ന് മാത്രമല്ല യുദ്ധം ചെയ്യാൻ വാട്‌സനെ വെല്ലുവിളിക്കുകയും ചെയ്‌തു. കുരിക്കളുടെ പ്രസിദ്ധമായ ചുറ്റുവെടി പ്രയോഗത്തിനു മുമ്പിൽ വാട്‌സൻ അമ്പരന്ന് പോയി. കുരിക്കളുടെ കൂടെ എത്ര പേരുണ്ടെന്ന് കണക്കാക്കാൻ പോലും ബ്രിട്ടീഷ് ജനറലിന് കഴിഞ്ഞില്ല. ദൂരെ എവിടെ നിന്നോ കേട്ട സുബ്ഹി ബാങ്കിൻ്റെ മാറ്റൊലി അവസാനിച്ചപ്പോഴാണ് സംഘട്ടനം കെട്ടടങ്ങിയത്. വാട്‌സൺ കുരിക്കൾ നിലയുറപ്പിച്ച വീട്ടുമുറ്റത്തേക്ക് ചെന്നു. കുരിക്കളടക്കം 19 പേരുടെ മൃതദേഹം ആ വീടിന് മുമ്പിൽ തിരിച്ചറിഞ്ഞു. എന്നാൽ, വാട്സന്റെ കൂടെ പോന്ന 600 പട്ടാളക്കാരിൽ വെറും 40 പേർ മാത്രമാണ്‌ അദ്ദേഹത്തിന്റെ കൂടെ തിരിച്ച് പോയത്.

വെട്ടത്ത് പുതിയങ്ങാടിയിലെ ഹൈദ്രോസ് കുട്ടി മൂപ്പൻ കൂട്ടായി എന്ന സ്ഥലത്ത് വെച്ച് അദ്ദേഹത്തെ പിടിക്കാൻ ശ്രമിച്ച 60 ഓളം പട്ടാളക്കാരുമായി ഏറ്റുമുട്ടി രക്ഷപ്പെട്ടുവെങ്കിലും അന്ന് രാത്രി വെളിയങ്കോടിനടുത്ത് ഒരു വീട്ടിൽ വിശ്രമിച്ച മൂപ്പനെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ചിലർ ഒറ്റിക്കൊടുക്കുകയായിരുന്നു. അദ്ദേഹത്തെ വധിച്ച ശേഷം മൃതദേഹം ചാവക്കാട് മണത്തല പള്ളി ശ്മശാനത്തിൽ ഖബറടക്കി. തിരൂരങ്ങാടി പറമ്പിൽപീടിക എന്ന സ്ഥലത്തിനടുത്തുണ്ടായിരുന്ന ചെമ്പൻ പോക്കരുടെ വീട് ബ്രിട്ടീഷ് സേന തകർത്തു. വയനാട്ടിൽ പഴശ്ശിരാജയുമായി ചേർന്ന് ബ്രിട്ടനെതിരെ നടത്തിയ യുദ്ധത്തിൽ പരാജയപ്പെടുകയും ബ്രിട്ടീഷ് പട്ടാളത്താൽ വധിക്കപ്പെടുകയും ചെയ്ത പോക്കറുടെ വികൃതമാക്കിയ മൃതദേഹം അവർ മമ്പുറം പള്ളിക്ക് സമീപം മരത്തിൽ കെട്ടിത്തൂക്കി പ്രദർശിപ്പിച്ചു. അതിനിടക്ക് മമ്പുറം സയ്യിദ് അലവി തങ്ങളുടെ നേതൃത്വത്തിൽ ഏറനാട്ടിലും ചേരനാട്ടിലുമുള്ള പതിനായിരക്കണക്കിന് ജനങ്ങളുടെ സാന്നിദ്ധ്യത്തിൽ മുന്നിയൂർ ആലിൻചുവട്ടിലെ പുരാതനമായ ഒടുങ്ങാട്ട്ചിറ പള്ളിയിൽ അദ്ദേഹത്തെ സംസ്കരിച്ചു. നാടിന്റെ നാനാഭാഗത്ത് നിന്നുമെത്തുന്ന ആയിരകണക്കിന് ജനങ്ങൾ ഇന്നും അദ്ദേഹത്തിൻ്റെ മഖ്ബറ സന്ദർശിക്കുന്നു.

ആയിരക്കണക്കിന് ഗറില്ലകളുമായി നിലമ്പൂരിലൂടെ വയനാട്ടിലേക്ക് മാർച്ച് ചെയ്യുന്നതിനിടയിൽ ചാരന്മാർ മുഖേന മണത്തറിഞ്ഞ ബ്രിട്ടീഷുകാർ തോമസ് വാട്സന്റെ നേതൃത്വത്തിലുള്ള വെള്ളക്കാരും കോൽക്കാരുമടങ്ങിയ സേന ഉണ്ണിമൂസ്സയെ നേരിട്ടു. പഴശ്ശിസേനയുമായി ചേർന്ന് ബ്രിട്ടീഷ് പട്ടാളത്തെ മറികടക്കുന്ന തന്ത്രം പാളിയതോടെ കാട്ടിൽ 48 മണിക്കൂർ നേരത്തെ പൊരിഞ്ഞ പോരാട്ടത്തിന് ശേഷം ബേബറുടെ നേതൃത്വത്തിലെത്തിയ വൻ ബ്രിട്ടീഷ് സേന ഉണ്ണിമൂസ്സയുടെ ഗറില്ലകൾക്ക് താങ്ങാവുന്നതിലപ്പുറമായിരുന്നു. ഉണ്ണിമൂസ്സയും പുലത്ത് ഷേക്ക് മൂപ്പനും ചെന്നോരൻ ചാത്തൻ കുട്ടിയെന്ന മൂസ്സയുടെ ഹരിജൻ ലെഫ്റ്റനന്റും ഈ പോരാട്ടത്തിൽ മരിച്ചു വീണു. പുലത്ത് ഷേക്കിന്റേതെന്ന് പറയപ്പെടുന്ന ഒരു ഖബർ നാടുകാണി ചുരത്തിലെ രണ്ടാം വളവിൽ കാണുന്നുണ്ട്. മറ്റ് രണ്ടുപേരുടെയും ഖബറുകൾ തിരിച്ചറിഞ്ഞിട്ടില്ല.

പ്രമുഖ മാപ്പിളപ്പോരാളികളുടെയൊക്കെ അന്ത്യം 1800ൻ്റെ ആദ്യദശകങ്ങളിൽ മാപ്പിള-പിന്നോക്ക വർഗ്ഗത്തിന് തീരാനഷ്ടമായി കരുതുന്നു. ഉണ്ണിമൂസ്സ, ചെമ്പൻ പോക്കർ, അത്തൻ കുരിക്കൾ, ഐദ്രോസ്സ് കുട്ടി, പുലത്ത് ചേക്ക് മൂപ്പൻ തുടങ്ങിയവർ നസാറാക്കളുമായി പോരാടി മരിച്ചവരാകയാൽ ശുഹദാക്കന്മാരാണെന്ന് മമ്പുറം സയ്യിദ് അലവി തങ്ങൾ, വെളിയങ്കോട് ഉമർഖാസി, സയ്യിദ് മുഹമ്മദ് മൗല ബുഖാരി തങ്ങൾ എന്നിവർ രേഖപ്പെടുത്തിയിട്ടുണ്ട്.

ചാവക്കാട് മണത്തല പള്ളിയിലെ ഐദ്രോസ്സ് കുട്ടി മൂപ്പന്റേയും, മുന്നിയൂർ ആലിൻചോട്ടിലെ പള്ളിയിലെ ചെമ്പൻ പോക്കരുടെയും, മപ്പാട്ടുകര പള്ളിയിലെ അത്തൻ കുരിക്കളുടെയും, ഖബറിടം എവിടെയെന്നറിയാത്ത ഉണ്ണിമൂസ്സ, സഹോദരൻ കുഞ്ഞാലി എന്നിവരുടെ പേരിൽ എളമ്പുലാശ്ശേരിയിലും, നാടുകാണിയിലെ പുലത്ത് ചേക്കുമൂപ്പൻ്റെ ഖബിറടത്തിലും വർഷങ്ങൾക്ക് ശേഷവും നൂറുകണക്കിന് സന്ദർശകരെത്തുന്നു. ചിലേടങ്ങളിൽ പ്രത്യേക ദിവസങ്ങളിൽ പ്രാർത്ഥനകളും നടക്കാറുണ്ട്..."

ഈ പ്രക്ഷുബ്ധതതക്കിടയിൽ തന്നെ ആയിരിക്കാം അല്ലൂർ ഉണ്ണീൻകുട്ടി മൂപ്പനെപ്പോലുള്ളവരുടെ സമരപ്രവര്‍ത്തനങ്ങളും പിന്നീട് രക്തസാക്ഷിത്വവും സംഭവിക്കുന്നത്. മലബാറിലെ ഓരോ മുക്കിലും മൂലയിലും വരെ അനുഭവേദ്യമായിരുന്ന അക്കാലത്തെ പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ പെരിന്തല്‍മണ്ണ ഉള്‍പ്പടെയുള്ള വള്ളുവനാടൻ പ്രദേശങ്ങളിലും വ്യാപകമായി നടന്നു വന്നിരുന്നു എന്നുള്ളത് ചരിത്ര താളുകളിൽ രേഖപ്പെടുത്തിയിട്ടുള്ള വസ്തുതയാണ്. എന്നാൽ, ഞാന്‍ മുന്നേ പറഞ്ഞത് മാതിരി കലാപം കെട്ടടങ്ങിയ പശ്ചാത്തലത്തില്‍ ഇവരുടെ സമാനതകളില്ലാത്ത വീരചരിതം ജനങ്ങൾക്കിടയിൽ ചർച്ച ചെയ്യപ്പെടരുത് എന്നാഗ്രഹിച്ച, അത് തങ്ങൾക്കെതിരെയുള്ള ജനവികാരം വീണ്ടും കേന്ദ്രീകരിക്കാൻ കാരണമായേക്കുമെന്ന ബ്രിട്ടീഷുകാരുടെ നിരീക്ഷണ ഫലമാണ്‌ ആ ചരിത്ര വസ്തുതകള്‍ മനപ്പൂര്‍വ്വം തിരസ്കരിക്കപ്പെട്ടത് എന്ന് മനസ്സിലാക്കാം. അതോടൊപ്പം തന്നെ, ജനതക്കിടയിൽ വലിയ വിള്ളലുകൾ രൂപപ്പെടുത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ ഹിന്ദുമതം എന്നൊരു പുതിയ മതത്തെ സൃഷ്ടിച്ചുകൊണ്ട്  ജനങ്ങളെ കൂടുതൽ സമയം അതിൽ എങ്കേജ് ചെയ്യിപ്പിക്കാനും അധികാരികൾ ശ്രമിച്ചു പോന്നു. അതുവഴി, മാപ്പിള ജനതക്ക് ലഭിച്ചിരുന്ന അടിയാള പിന്തുണ ഉള്‍പ്പെടെയുള്ള കാര്യങ്ങൾ പരമാവധി കുറച്ചുകൊണ്ടുവരാമെന്നും അവർ കണക്കുകൂട്ടി.

ജനങ്ങൾക്കിടയിൽ ഭയം രൂപപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പിടിക്കപ്പെടുന്ന പോരാളികളെ പരസ്യമായി ശിക്ഷിക്കുന്നതും അക്കാലത്തെ ഒരു പതിവായിരുന്നു. പോര്‍ച്ചുഗീസ് കാലത്തും ബ്രിട്ടീഷ് അധിനിവേശ കാലത്തുടനീളം അത്തരത്തിലുള്ള അനേകം ശിക്ഷനടപടികളെ കാണാൻ സാധിക്കും. ഒന്നാം സ്വതന്ത്രസമരാനന്ദര കാലത്താണ്‌ ഇത് വ്യാപകമായ തോതില്‍ നടപ്പിൽ വരുത്തിയത് എന്ന് കാണുന്നു. സമരത്തിന്റെ മുന്നണി പോരാളികളായിരുന്ന മംഗൾ പാണ്ഡെ ഉള്‍പ്പെടെയുള്ള നേതാക്കളെ പരസ്യമായി തൂക്കിലേറ്റികൊണ്ടാണ് സമരപ്രവര്‍ത്തനങ്ങളെ ഒരു പരിധിവരെയെങ്കിലും നിയന്ത്രിക്കാൻ ബ്രിട്ടീഷ് അധികാരികള്‍ക്ക് സാധ്യമായത് എന്ന് ചുരുക്കം. കച്ചവടയാത്രകള്‍ നീങ്ങുന്ന വഴിയോരങ്ങളൊ ചന്തപോലുള്ള പൊതു ഇടങ്ങളോ ആണ്‌ ശിക്ഷ നടപ്പിൽ വരുത്തുന്നതിനുള്ള സ്ഥലമായി പൊതുവെ തിരിഞ്ഞെടുക്കപ്പെടുന്നത്. അതുപ്രകാരം, ചുങ്കം പ്രദേശത്ത് നിന്നല്‍പ്പം അകലെ പൂപ്പലം എത്തുന്നതിന് മുന്നേയുള്ള തെക്കന്‍ മലയുടെ താഴ്‌വരയിലാണ് അല്ലൂർ ഉണ്ണീൻകുട്ടി മൂപ്പന്റെ ശിക്ഷ നടപ്പാക്കിയത് എന്നൊരു വാമൊഴി നാട്ടില്‍ പ്രചാരത്തിലുണ്ട്. ഒരുപക്ഷേ, ഒരു പോരാളി എന്ന നിലയില്‍ അല്ലൂർ മൂപ്പന്റെ ചരിത്രം മുഴക്കെയും കേന്ദ്രീകരിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വവുമായി ബന്ധപെട്ട ഈ വാമൊഴിയിലാണന്ന് പറയാം. അഥവാ, രേഖപ്പെടുത്തി വെക്കപ്പെട്ട ഒരു ചരിത്ര വർത്തമാനങ്ങളും നിലവിലില്ലെങ്കിലും അല്ലൂർ മൂപ്പൻ ആരായിരുന്നു എന്നും എന്താണ്‌ നാടിനു വേണ്ടി അദ്ദേഹം ചെയ്തത് വെച്ചത് എന്നും മേല്‍ ഒരൊറ്റ സംഭവത്തിലൂടെ പിൻമുറകൾക്ക് മനനം ചെയ്തെടുക്കാൻ സാധ്യമാകുന്നു എന്ന് ചുരുക്കം. ചരിത്രം പലപ്പോഴും അങ്ങനെയാണ്. എത്ര മൂടിവെക്കാൻ ശ്രമിച്ചാലും ചെറിയ ചെറിയ ദ്വാരങ്ങളുണ്ടാക്കി അത് പുറത്ത് കടക്കാന്‍ വെമ്പികൊണ്ടിരിക്കും.

എന്നിരുന്നാലും, ഉയരത്തിൽ നിന്നും മൃതശരീരം താഴെയിറക്കാൻ പോലും ഭയപ്പെട്ട ജനങ്ങൾ ആ ശരീരം മുഴുക്കെ അഴുകി നശിക്കുന്നത് വരേയും അതിന്റെ കാഴ്ച്ചക്കാരായി നിന്നു എന്ന് പറയപ്പെടുന്നു. പ്രക്ഷോഭാനന്ദരം മലബാറിന്റെ അധികാരം കൈപിടിയിലൊതുക്കിയ ബ്രിട്ടീഷ് കമ്പനിയുടെ നടപടിക്രമങ്ങളെ ചോദ്യം ചെയ്യാൻ സാധാരണക്കാരായ ജനതക്കെങ്ങെനെ ധൈര്യം വരാനാണ്. ബ്രിട്ടീഷ് അധികാരികളെ സംബന്ധിച്ചെടുത്തോളം പാണ്ടിക്കാട്- പെരിന്തല്‍മണ്ണ കച്ചവട യാത്രകള്‍ കടന്ന് പോകുന്ന മേല്‍ പാത എന്തുകൊണ്ടും ജനതയെ ഭയപ്പെടുത്തി നിര്‍ത്താന്‍ അനിയോജ്യമായ സ്ഥലമായിരുന്നു എന്നും അവർ മനസ്സിലാക്കിയിരിക്കണം.

കയറില്‍ ബാക്കിയായ താടിയെല്ല് അതിനുള്ളിലെ രാസപദാര്‍ഥങ്ങളുടെ സാന്നിധ്യം കാരണം രാത്രി സമയങ്ങളില്‍ തിളങ്ങുന്നത് കാണാനിടയായ നാട്ടുകാരാണത്രെ അതെടുത്ത് നിലവില്‍ അദ്ദേഹത്തെ മറമാടിയിരിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുവന്ന് അതിനു മുകളില്‍ കുടീരം പണിയുന്നത്. അതല്ല, കൃഷിയിലേർപ്പെട്ട ഏതോ കൃഷിക്കാരന്റെ തൂമ്പ തട്ടി ശബ്ദമുണ്ടായതോടു കൂടിയാണ്‌ അതെടുത്ത് മാറ്റി മറമാടിയത് എന്നും പറയപ്പെടുന്നു.

അവലംബം-
-മലയാളത്തിലെ മാപ്പിളമാർ- ദിവാൻ ബഹദൂർ സി ഗോപാലൻ നായർ
-മലബാറിലെ വ്യാപാര വ്യവസായ പുരോഗതിയിൽ ടിപ്പുവിന്റെ പങ്ക്- ശിഹാബുദ്ദീൻ ആരാമ്പ്രം
-ടിപ്പു സുൽത്താനും മലബാറിൻ്റെ ആധുനികീകരണവും- ഫിദാ ലുലു കെ ജി
മാപ്പിള സമുദായം: ചരിത്രം സംസ്കാരം- ടി മുഹമ്മദ്
-കൊച്ചിന്‍ സ്റ്റേറ്റ് മാനുവല്‍- സി അച്യുതമേനോന്‍
-പടയോട്ടത്തിന്റെ അടയാളങ്ങള്‍- സിറാജ് പത്രം
-A journey from Madras through Mysore, Canara and Malabar (1807) (മദ്രാസിൽ നിന്ന് മൈസൂർ, കർണ്ണാടകം മലബാർ എന്നിവടങ്ങളിലേക്കൊരു യാത്ര)
-മലബാർ മാന്വൽ- വില്യം ലോഗൻ
-നവാബ്‌ ടിപ്പുസുൽത്താൻ- ഡോക്ടർ കെ. കെ എൻ കുറുപ്പ്‌
-ആംഗ്ലോ മാപ്പിള യുദ്ധം 1921- എ കെ കൊഡൂര്‍
-പടയോട്ടത്തിന്റെ അടയാളങ്ങള്‍- സിറാജ് ലേഖനം. By നൗഷാദ് എൻ പി കെ
-വിശ്വ സംവാദ കേന്ദ്രം കേരള വെബ്ബ്


മലബാര്‍ പോരാട്ട കാലത്തെ പ്രദേശം


ആദ്യകാല പോരാട്ട നാളുകളില്‍


ടിപ്പു സുല്‍ത്താന്റെ പരാജയശേഷം മലബാര്‍ പ്രദേശം ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് കീഴില്‍ മലബാര്‍ ജില്ലയുടെ ഭാഗമായി മാറിയതിനെ തുടർന്ന് രൂപപ്പെട്ട ചില രാഷ്ട്രീയ സമൂഹിക സാഹചര്യങ്ങളാണ് മാപ്പിള കുടിയാൻമാരുടെ നേതൃത്വത്തിൽ സവർണ്ണ ബ്രിട്ടീഷ് അധികാര വര്‍ഗ്ഗത്തിനെതിരെ മാപ്പിള ലഹളകൾ രൂപപ്പെടാനുണ്ടായ കാരണം എന്ന് പറയാം. മലബാര്‍ ജില്ലയിലെ ഏറനാട്, വള്ളുവനാട്, പൊന്നാനി പ്രദേശങ്ങളിലാണ് ഇത് ഏറെ പ്രകടമായിരുന്നത്. 1836 മുതൽ 1921 വരെ ചെറുതും വലുതുമായ ഡസൻ കണക്കിന്‌ ലഹളകളാണ് അവിടങ്ങളിൽ അലയടിച്ചുയർന്നത്. മാപ്പിള റയോൾട്ട്, കുടിയാൻ കലാപം, കാർഷിക വിപ്ലവം, ജാതി ലഹള, വർഗ്ഗീയ കലാപം, കൊളോണിയൽ വിരുദ്ധ പോരാട്ടം, സ്വാതന്ത്ര്യ സമരം തുടങ്ങിയ വ്യത്യസ്ത വിശേഷണങ്ങളിൽ ഈ പോരാട്ടം അറിയപ്പെട്ടു വരുന്നുണ്ടങ്കിലും മലബാര്‍ പോരാട്ടങ്ങൾ എന്നാണ് ഇതിനെ വിശേഷിപ്പിക്കാന്‍ ഏറ്റവും ഉചിതമായ പദം എന്ന് തോന്നുന്നു. പുതിയ കാലത്തെ രാഷ്ട്രീയ ചർച്ചകളിൽ ഇടക്കിടെ ഈ സമരം ഉയർന്ന് വരാറുണ്ടെങ്കിലും ബ്രിട്ടീഷ് അനീതികൾക്കെതിരായ കേരളജനതയുടെ ഒരു പ്രതിരോധ പോരാട്ടമായിരുന്നു അതെന്ന വസ്തുതയെ വിസ്മരിച്ചു കൊണ്ട്‌ കേവലം വര്‍ഗ്ഗീയ കലാപം മാത്രമായി അതിനെ വെട്ടിച്ചുരുക്കാനാണ് ചില കോണുകളിൽ ശ്രമം നടക്കുന്നത് എന്ന് പറയാം.

മൈസൂർ രാജാക്കന്മാരായ ഹൈദറും ടിപ്പുവും മലബാറിലെ രാജാക്കന്മാരുടെ കൈയിൽ നിന്നും മലബാർ പിടിച്ചടക്കിയ ശേഷം കുടിയാൻ നിയമങ്ങളെല്ലാം റദ്ദു ചെയ്യുകയും പകരം കൃഷിഭൂമിയുടെ അവകാശം ജന്മിക്കും കുടിയാനുമായി പങ്കിട്ടു നൽകുകയും ചെയ്തിരുന്ന ചരിത്രം വിശദമായി നാം മുന്‍ അധ്യായത്തിൽ ചർച്ച ചെയ്തതാണല്ലോ. ടിപ്പുവിൽ നിന്നും പിടിച്ചെടുത്ത മലബാറിനെ ബ്രിട്ടീഷ് ഇന്ത്യയിൽ ചേർത്ത ശേഷം ഭൂമിയുടെ ഉടമസ്ഥാവകാശം അതിന്റെ മുന്‍ ഉടമകളായ ബ്രാഹ്മണ-നായർ ഭൂപ്രഭുക്കൾക്ക് തന്നെ ബ്രിട്ടീഷ് സര്‍ക്കാര്‍ തിരിച്ചു നൽകുകയാണുണ്ടായത്. ഇത് കുടിയാൻ നിയമങ്ങളും പുനഃസ്ഥാപിക്കപ്പെടാൻ സാഹചര്യമൊരുക്കുകയും കനത്ത നികുതി പോലുള്ള നിയമങ്ങൾ വീണ്ടും വന്നു ചേരാന്‍ കളമൊരുക്കുകയും ചെയ്തു. അതോടെ സഹികെട്ട കുടിയൻമാർ ജന്മികൾക്കെതിരെ അസഹിഷ്ണുത പ്രകടിപ്പിക്കാൻ തുടങ്ങുകയും, ബ്രിട്ടീഷ് സർക്കാർ തങ്ങളുടെ നിലപാടുകൾക്കെതിരെ നിലകൊണ്ട മാപ്പിള ജനതയെ ശത്രുത മനോഭാവത്തോടെ കാണുകയും മലബാർ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയും ചെയ്തു. മലബാറിലെ ബ്രിട്ടീഷ് സർവ്വാധിപത്യത്തിന് ഏറ്റവും വലിയ തടസ്സം മാപ്പിളമാരാണെന്ന ഗവർണ്ണറുടെ വിലയിരുത്തൽ കൂടി വന്നതോടു കൂടിയാണ് മാപ്പിള കലാപങ്ങൾ പ്രദേശത്ത് ശക്തിപ്പെട്ടത്.

പതിനെട്ടാം നൂറ്റാണ്ടോടെയാണ് മലബാർ പ്രദേശം ബ്രിട്ടീഷുകാരുടെ അധീനതയിലാകുന്നത്. അപ്പോഴേക്കും മിക്ക നാട്ടുരാജാക്കന്മാരും അവരുടെ ആധിപത്യം അംഗീകരിച്ചു കഴിഞ്ഞിരുന്നു. ഇവരുടെ മേധാവിത്വത്തിന് കീഴില്‍ കുടിയൻമാർക്കുണ്ടായ അതൃപ്തിയാണ് ലഹളകൾക്കു പിന്നിലെ യഥാർത്ഥ കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. അക്കാലങ്ങളിൽ ഭൂമിയുടെ ഉടമസ്ഥാവകാശം നമ്പൂതിരി/ നായർ വിഭാഗങ്ങളിൽ പെടുന്ന ജന്മികളുടെയോ ദേവസ്വത്തിന്റെയോ പേരിൽ നിക്ഷിപ്തമായിരുന്നു. കുടിയാന്മാരായ അയിത്ത ജാതികൾക്ക് ഭൂമിയുടെ മേൽ തീര്‍ത്തും ഉടമസ്ഥാവകാശമുണ്ടായിരുന്നില്ല. ജന്മി നിശ്ചയിക്കുന്ന കൂലിയായിരുന്നു പാട്ടക്കാർക്കു നൽകിയിരുന്നത്. അതിൽ നിന്നു തന്നെ നികുതിയും ഒടുക്കണമായിരുന്നു. അല്ലാത്തപക്ഷം അടിമകളാക്കി വിൽക്കുവാൻ വരെ ജന്മിക്ക് അവകാശമുണ്ടായിരുന്നു. അയിത്തം ലംഘിച്ചാൽ അവയവങ്ങൾ ഛേദിക്കുകയോ കൊല്ലുകയോ ചെയ്യാം. ജന്മിക്കെതിരെ സംസാരിച്ചാലും ഇതു തന്നെയായിരുന്നു അവസ്ഥ. ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്‌തും കൂലിവേല ചെയ്‌തും ഉപജീവനം നടത്തി വരുന്നതിനിടയിൽ അടിക്കടി നേരിടേണ്ടി വന്ന കുടിയൊഴിപ്പിക്കൽ ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകൾ ദിനവും വർധിപ്പിച്ചുവന്ന സാഹചര്യത്തിലാണ് ഇതിനെതിരെയുള്ളൊരു പ്രതികരണം എന്ന നിലയില്‍ 1841ൽ വള്ളുവനാട്ടെ പള്ളിപ്പുറത്തും മണ്ണൂരിലും കലാപങ്ങളുണ്ടായത് എന്ന് കാണാൻ കഴിയും. ജാതി വിലക്കുകളിൽ നിന്നും, നാടുവാഴിത്വത്തിൽനിന്നും മോചനം നേടാനാഗ്രഹിച്ച ഒരു ജനതയുടെ സ്വപ്‌നങ്ങളെ നാടുവാഴിത്വത്തിന്റെയും, ജന്മിത്വത്തിന്റെയും മറപിടിച്ച് ജാത്യാധിഷ്ഠിത സാമൂഹ്യക്രമത്തിനായി ശ്രമങ്ങൾ നടത്തിയപ്പോൾ അത്തരം ശ്രമങ്ങൾക്കെതിരായുള്ള സ്വാഭാവിക പ്രതികരണമായും കലാപങ്ങളെ കരുതാവുന്നതാണ്.

മാപ്പിള സമുദായം ചരിത്രം സംസ്കാരം എന്ന ഗ്രന്ഥത്തിൽ ഈ സാഹചര്യത്തെ സംക്ഷിപ്തമായി വിവരിച്ചിരിക്കുന്നു.

"1731ലെ മലപ്പുറത്തെ യുദ്ധത്തിനുശേഷവും മാപ്പിളമാരും ഹിന്ദുക്കളും തമ്മിൽ വളരെ മമതയിലും സൗഹൃദത്തിലുമാണ് കഴിഞ്ഞുകൂടിയിരുന്നത്. കമ്പനി ഭരണം സ്ഥാപിതമാകുന്നത് വരെ ആ പ്രദേശങ്ങളിൽ മാപ്പിള കലാപം നടന്നതിന് ഒരു തെളിവുമില്ലായിരുന്നു. എന്നാൽ, കമ്പനിക്കാർ ടിപ്പുസുൽത്താൻ നടപ്പാക്കിയ ഭൂപരിഷ്കരണം അവസാനിപ്പിക്കുകയും ഹിന്ദു നാടുവാഴികളെ പ്രീണിപ്പിച്ചു വശത്താക്കുന്നതിനുവേണ്ടി മാപ്പിള കൃഷിക്കാരെ പരമാവധി ദ്രോഹിക്കുകയും ചെയ്‌തതോടെ സൗഹാർദാന്തരീക്ഷം പറ്റെ വഷളാവാൻ തുടങ്ങി. ദ്രോഹം സഹിക്കാതെ വന്നപ്പോൾ കഴിവുറ്റ ഒരു നേതൃത്വമോ ശരിയായ വിദ്യാഭ്യാസമോ ഇല്ലാത്ത മാപ്പിളമാർ പ്രതികാരത്തിന് മുതിരുകയാണുണ്ടായത്. ഇതാണ് മാപ്പിള കലാപങ്ങളുടെയെല്ലാം പിന്നിലുള്ള രഹസ്യം. ഇതിന് കാർഷിക വിപ്ലവം എന്നോ ജന്മികുടിയാൻ വഴക്കെന്നോ രാഷ്ട്രീയ പ്രക്ഷോഭം എന്നോ എന്തു വ്യാഖ്യാനവും നൽകാം..."

ഏറനാടു-വള്ളുവനാടു താലൂക്കുകളിലെ ഭൂരിഭാഗം മാപ്പിളമാരും ദരിദ്രരും ഹിന്ദുജന്മിമാരുടെ കുടിയാന്മാരുമായിരുന്നു. മേൽച്ചാർത്ത് പ്രകാരം ജന്മിയിൽനിന്നും കുടിയാൻ ഒരു തരിശുസ്ഥലം പാട്ടത്തിന്മേൽ വാങ്ങുന്നതോടു കൂടിയാണ്‌ കുടിയൊഴിപ്പിക്കലെന്ന അനീതിക്ക് തുടക്കം കുറിക്കുന്നത്. ടിപ്പുവാനന്ദര ബ്രിട്ടീഷ് അധികാര സമൂഹത്തിലെ ഭൂമിയുടെ ഉടമകള്‍ പലപ്പോഴും സവർണ്ണ ജനത ആയത് കൊണ്ടും, അടിയാളർക്ക് ഇത്തരം ഇടപാടുകൾ ജന്മിയുമായി നടത്തുവാൻ പലതരം പരിമിതികള്‍ ഉള്ളതുകൊണ്ടും മാപ്പിളമാരാണ് പാട്ടക്കരാറുമായി ജന്മികളെ പലപ്പോഴും സമീപിക്കുന്നത്. കുടിയാൻ കുഴിക്കൂർ ചമയങ്ങൾ അഥവാ മണ്ണില്‍ പണിയെടുത്ത് മേല്‍ സ്ഥലം പുഷ്‌ടിപ്പെടുത്തുകയും തന്റെ കുടുംബമൊന്നിച്ച് അതിൽ കൂരവെച്ചു കെട്ടിപ്പാർക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് മണ്ണിലിറക്കിയ പണികളുടെ പുരോഗതി, അതിൽ ഇറക്കപ്പെട്ട കാര്‍ഷിക മൂലധനത്തിന്റെ വ്യാപ്തി, വിളയുടെ വളര്‍ച്ചഘട്ടം തുടങ്ങിയ ഒന്നും തന്നെ പരിഗണിക്കാതെ പ്രസ്‌തുത സ്ഥലം ജന്മി മറ്റൊരാൾക്ക് കൈമാറ്റം അല്ലെങ്കിൽ കച്ചവടം ചെയ്യുന്നത്. ജന്മിയുടെ വെറും ദുർമോഹത്തിന്റെ പേരിൽ അയാളുടെ സിൽബന്തികളാൽ ആ പാവങ്ങളെ കുടിയിറക്കി വഴിയാധാരമാക്കുന്നു. പുതുതായി രംഗപ്രവേശം ചെയ്‌ത കമ്പനി ഭരണം ഈ അനീതിക്കെതിരെ ഒരു തരത്തിലുള്ള നടപടിയും കൈകൊണ്ടില്ല. അവർ ജന്മി-നാടുവാഴികളെ പ്രീണിപ്പിച്ച് സ്വന്തം അധികാരം കൂടുതൽ വ്യാപിക്കാനാണ് ശ്രമിച്ചുകൊണ്ടിരുന്നത്. മാപ്പിളമാരായ കുടിയാന്മാർ അവരുടെ സങ്കടങ്ങളും പരാതികളും പുതിയ കമ്പനി സർക്കാറിനെ നിരന്തരം ബോധിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഒരു പ്രതികരണവും ലഭിച്ചില്ല.

തൊട്ടുകൂടായ്‌മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സാമൂഹ്യതിന്മകളിൽ നിന്ന് ഇസ്ലാമിലേക്കുള്ള പറിച്ചുനടൽ ഒരു പരിധിവരെ മനുഷ്യനെന്ന പരിഗണനക്ക് ജനവിഭാഗങ്ങളെ പ്രാപ്തമാക്കിയിരുന്നതിനാൽ മാപ്പിള മതത്തിലേക്കുള്ള കീഴാള ഒഴുക്ക് അക്കാലത്ത് വ്യാപകമായിരുന്നെന്ന് മനസ്സിലാക്കാം. ജാതി വര്‍ഗ്ഗ ഭേദമില്ലാതെയുള്ള അവരുടെ കൂടിചേരലുകൾ, കൂട്ട പ്രാർത്ഥനകൾ തുടങ്ങി തങ്ങളിലെ ആരെയെങ്കിലും ഏതെങ്കിലും രീതിയില്‍ ഉപദ്രവമേൽപ്പിച്ചാൽ ജീവനിൽ ഭയമില്ലാതെ അതിനെ ചോദ്യം ചെയ്യാനുള്ള മാപ്പിള ജനതയുടെ ധൈര്യവും കടന്ന് വന്നവർക്ക് പുതിയ അനുഭവമായി മാറി. സമീപപ്രദേശങ്ങളിൽ നിന്നും മറ്റും ധാരാളകണക്കിനാളുകൾ എത്തിചേരുന്ന ആഴ്ച‌ച്ചന്തകൾ കൂടാതെ, മാപ്പിളമാരുടെ വെള്ളിയാഴ്‌ച്ച ദിവസത്തെ നിര്‍ബന്ധ പ്രാർത്ഥന ചടങ്ങും, മൺമറഞ്ഞു പോയ പൂര്‍വികരുടെ കുഴിമാടത്തിന് ചുറ്റിലും രൂപപ്പെടുന്ന തീർത്ഥാടന ചടങ്ങുകളും കലാപങ്ങളെ സംബന്ധിച്ച വാർത്തകൾ വാമൊഴിയായി കൈമാറുന്നതിനുള്ള വേദികളായി രൂപാന്തരപ്പെട്ടു. ജന്മിമാരോടും, ബ്രിട്ടീഷ് ഭടന്മാരോടും പൊരുതി മരിച്ച മാപ്പിളകലാപകാരികളുടെ വീരകൃത്യങ്ങൾ പൊടിപ്പും തൊങ്ങലും വച്ച് ഇവിടങ്ങളിൽ കൈമാറ്റം ചെയ്യപ്പെട്ടത് ജനതയെ ഏത് സാഹചര്യങ്ങളേയും നേരിടുവാന്‍ പ്രാപ്തമാക്കി. ഇതിനെ സംബന്ധിച്ച് 1849ൽ മലബാർ കലക്ടർ കനോലി രേഖപ്പെടുത്തിയത് ശ്രദ്ധേയമാണ്,

“കീഴ്‌പടവിലുള്ള ഒരു മാപ്പിള, മുന്നേ നടന്ന ലഹളയിൽ കൊല്ലപ്പെട്ട ഏതൊരു പങ്കാളിയുടെയും കല്ലറക്ക് മുന്നിലെത്തുമ്പോൾ, ഒരു പള്ളിയുടെ മുന്നിലൂടെ കടന്നു പോകുന്ന സന്ദർഭത്തിൽ കാട്ടുന്ന അതേ ഭക്ത്യാദരവ് കാട്ടുന്നു..."

കേരളത്തിൽ അറിയപ്പെടുന്ന ചരിത്രകാലത്തിനും മുമ്പ് മുതൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടന്നിരുന്ന ബൃഹത്തായ നദീതീര ഉത്സവമായിരുന്നു മാമാങ്കം. ഭാരതപ്പുഴയുടെ തീരത്ത് ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരുനാവായ എന്ന സ്ഥലത്തായിരുന്നു മാമാങ്കം അരങ്ങേറിയിരുന്നത്‌. മാഘമാസത്തിലെ മകം നാളിലെ ഉത്സവമാണ് മാമാങ്കമായത് എന്നൊരു നിരീക്ഷണം നിലവിലുണ്ട്. മാമാങ്കത്തോടനുബന്ധിച്ച് വ്യാപാരമേളകൾ, കായിക പ്രകടനങ്ങൾ, കാർഷികമേളകൾ, സാഹിത്യ, സംഗീത, കരകൗശലവിദ്യകളുടെ പ്രകടനങ്ങൾ, എന്നിവയും അരങ്ങേറിയിരുന്നു. സ്വന്തം കഴിവുകളിൽ മികവു പ്രകടിപ്പിക്കുന്നവർക്ക് സമ്മാനങ്ങളും നൽകിയിരുന്നു. മാമാങ്കത്തിന്റെ രക്ഷാധികാരിയാവുക എന്നത് ആഭിജാത്യം നൽകിയിരുന്ന ഒരു പദവിയായിരുന്നു. അതിനായി വള്ളുവക്കോനാതിരിയും സാമൂതിരിയും തമ്മിൽ നടന്ന വഴക്കും വക്കാണങ്ങളും ചരിത്ര പ്രസിദ്ധമാണ്‌. മാമാങ്കത്തിന് ഇതുമൂലം കൈവന്ന രാഷ്ട്രീയപ്രാധാന്യത്തെ തുടർന്ന് കാലാന്തരേണ മാമാങ്കവേദിയിൽ ചാവേറുകളായി പോരാടാനെത്തിയിരുന്ന വള്ളുവനാടൻ സേനാനികളുടെ പോരാട്ടം മാമാങ്കത്തിലെ പ്രധാന ഇനമായിത്തീർന്നു.

തിരുനാവായ മണപ്പുറത്ത് കേവലമൊരു കച്ചവടോത്സവമായി മാത്രം തുടക്കം കുറിച്ച മേല്‍ ആഘോഷത്തിന്റെ നിയന്ത്രണാധികാരം അഥവാ, രക്ഷാപുരുഷ സ്ഥാനം വള്ളുവനാട് കോനാതിരിയിൽ നിന്നും സാമൂതിരി തട്ടിയെടുത്തത് മുതലാണ് മാമാങ്ക ദിവസം ചാവേറുകളെ അയച്ച് സാമൂതിരിയെ വധിക്കാനുള്ള ശ്രമത്തിന് കോനാതിരി തുടക്കം കുറിക്കുന്നത്. മാമാങ്കോത്സവ വേദിയിൽ ഉപവിശ്ടനാകുന്ന സാമൂതിരിയെ വധിക്കാന്‍ വള്ളുവനാട് രാജ്യത്ത് നിന്നും അയക്കപ്പെടുന്ന ചാവേറുകളെ ചില പ്രത്യേകം ചടങ്ങുകളിലൂടേയും മറ്റുമാണ്‌ വള്ളുവനാട്ടിൽ രൂപപ്പെടുത്തിയെടുക്കുന്നത് എന്ന് ചരിത്ര പുസ്തകങ്ങളിൽ നിന്നും വായിച്ചെടുക്കാൻ കഴിയും. പ്രദേശത്തെ തിരഞ്ഞെടുക്കപ്പെട്ട ചില തറവാടുകളിൽ നിന്നും ചാവറാകാൻ നിയോഗിക്കപ്പെട്ടവർ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് അമ്പലവുമായി ബന്ധപ്പെട്ട വിശ്വസകര്‍മ്മങ്ങൾ അനുഷ്ഠിച്ചതിനൊടുക്കമാണ് മാമാങ്കത്തിലേക്ക് യാത്രയാകുന്നതും അവിടെ പോരാട്ടത്തിൽ ഏര്‍പ്പെടുകയും ചെയ്യുന്നത്.

എതിരാളികൾ ഒരു നിലക്കും ജയിക്കാൻ കഴിയാത്തവിധം ശക്തരും, അവരാൽ ദ്രോഹിക്കപ്പെടുകയും, അപമാനിക്കപ്പെടുകയും, ദ്രോഹം നിർത്താനോ രക്ഷപ്പെടാനോ മറ്റൊരു മാർഗ്ഗമില്ലാതെ വരികയും, ശരിയായ സത്യവും ന്യായവും തങ്ങളുടെ ഭാഗത്താണെന്ന് പൂർണ്ണമായി ബോധ്യമാവുകയും ചെയ്യുന്ന ഘട്ടങ്ങളിൽ മരണഭയമില്ലാതെ ധീരമായി പോരാടി ജയിക്കുക അല്ലെങ്കിൽ, മരണത്തിന് കീഴടങ്ങുക എന്നുള്ള സമ്പ്രദായം ലോക വ്യാപിയാണ്. അങ്ങനെ മരണപ്പെടുന്നവർക്ക് മരണാനന്ദര ജീവിത്തില്‍ വലിയ വിജയയുണ്ട് എന്ന പാഠമാണ് അവരെ അതിലേക്ക് നയിക്കുന്നത് എന്ന് പറയാം. സാമൂതിരിക്കെതിരെ വള്ളുവനാടൻ ചാവേറുകളും ഈ പരമ്പരാഗത രീതികള്‍ തന്നെയാണ് പ്രകടിപ്പിച്ച് പോന്നിരുന്നത്. ബ്രിട്ടീഷുകാർക്കെതിരെ മാപ്പിള ചാവേറുകൾ രൂപപ്പെട്ടുവന്നതിലും ആത്മീയ നേതാക്കളുടെ സ്വാധീനം കൂടാതെ മേല്‍ ചാവേർ സമ്പ്രദായം അവരിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടോ എന്ന് ഇനിയും പഠനം അര്‍ഹിക്കുന്ന വിഷയയമാണ്.

മാപ്പിള ചാവേറുകളുടെ പോരാട്ടങ്ങളെ സംബന്ധിച്ച ഇസ്‌ലാമിക ശാസനകളെ കുറിച്ച് മമ്പുറം സയ്യിദ് അലവി തങ്ങളും, മകന്‍ സയ്യിദ് ഫസലും, ഹുസൈൻ ആറ്റക്കോയ തങ്ങൾ, ഔക്കോയ മുസ്‌ലിയാർ തുടങ്ങിയവരൊക്കെയും ഗാഢമായി ചിന്തിച്ചിരുന്നു. അനേകം പരിചിന്തനങ്ങൾക്ക് ശേഷമാണ് മേല്‍ പണ്ഡിതന്മാരും ത്വരീഖത്തിൻ്റെ ആദ്യകാല ശൈഖുമാർ ഉള്‍പ്പെടെയുള്ളവർ ഇതിനായി അനുമതി നൽകിയത്. അതിനെ തുടർന്ന് ചാവേർ സമര രീതി വ്യാപകമായി മലബാറിൽ അലയടിച്ചുയർന്നു എന്ന് പറയാം. 1800നും 1900 ത്തിനുമിടക്ക് ഏകദേശം 400 ലധികം സമരങ്ങളാണ് ഇത്തരുണത്തിൽ ഇവിടെ നടന്നത് എന്ന് കാണാൻ കഴിയും.

1836 മുതൽ 1919 വരെയായി മാപ്പിള മേഖലയിൽ ഉണ്ടായ ഒട്ടേറെ ചെറുത്തുനിൽപ്പുകളിൽ ആയുധധാരികളായ മാപ്പിളമാർ സൈന്യവുമായി ഏറ്റുമുട്ടി വീരമൃത്യു വരിക്കുകയുണ്ടായി. കോട്ടയം രാജാവ് പഴശ്ശിയുടെ നേതൃത്വത്തിൽ വീറോടെ പൊരുതിയ ജനതയുടെ പോരാട്ടവീര്യം കണ്ടറിഞ്ഞതിനാൽ ബ്രിട്ടീഷ് അധികൃതരും കരുതലോടെയാണ് നീങ്ങിയിരുന്നതെന്ന് അക്കാലത്ത് ഫാക്ടറി രേഖകളും വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് മലബാർ കലക്ടറായിരുന്ന കനോലി 1852 ജനുവരിയിൽ നൽകിയ റിപ്പോർട്ടിൽ 'മാപ്പിള അസ്വസ്ഥതകളെക്കുറിച്ച്' അന്വേഷിച്ച് റിപ്പോർട്ട് ചെയ്യാൻ ഒരു കമ്മീഷനെ നിയമിക്കണമെന്ന നിർദ്ദേശം ബ്രിട്ടീഷ് സര്‍ക്കാരിന് മുന്നില്‍ വെക്കുന്നത്. തുടര്‍ന്ന്, ആദാലത്ത് കോടതി ജഡ്‌ജിയായിരുന്ന തോമസ് സ്ട്രേഞ്ചിനെ മലബാറിലെ മാപ്പിള കലാപങ്ങളെപ്പറ്റി അന്വേഷണം നടത്തുവാനുള സ്പെഷ്യൽ കമ്മിഷണറായി നിശ്ചയിച്ചു. 

ജന്മിയും കുടിയാനുമെന്ന നിലയില്‍ ഹിന്ദു മുസ്ലീം ജനതകൾ തമ്മിലുള്ള ബന്ധങ്ങൾ അസ്വസ്ഥതകളെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടെന്ന് പ്രത്യേകം പരിശോധിക്കാനും നിലവിലുള്ള ബന്ധങ്ങളിൽ മാറ്റം അനിവാര്യമാണങ്കിൽ ഗവൺമെൻ്റിൽ അത് നിർദ്ദേശിക്കാനും സ്പെഷ്യൽ കമ്മീഷണറോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. മലബാർ ജില്ലയിൽ 1836 മുതൽ പൊട്ടിപ്പുറപ്പെട്ട 31 കലാപങ്ങളുടെ സ്വഭാവവും കാരണവും കമ്മിഷൻ വിശകലനം ചെയ്യുകയും അതിലൊന്നിലും ഭൂപ്രഭുക്കളുടെ ചൂഷണവും കലാപവും തമ്മിൽ നേരിട്ട് എന്തെങ്കിലും ബന്ധമുള്ളതായി സ്ട്രേഞ്ചിന് ബോധ്യപ്പെടുകയുണ്ടായില്ല. കുടിയാന്മാർ ആവലാതിപ്പെടുന്ന ജന്മിമാരുടെ പിടിച്ചുപറി എല്ലായിടത്തും നിലനിന്നിരുന്നുവെന്നും, ഹിന്ദുക്കളും മുസൽമാന്മാരും ഇതിന് ഒരുപോലെ ഇരകളാണെന്നുമായിരുന്നു അദ്ദേഹം സമര്‍ത്ഥിക്കാൻ ശ്രമിച്ചത്‌. "അജ്ഞരും, സ്വാർത്ഥരും, ദുഷ്ടരുമായ മുല്ലമാരാൽ ഉദ്ദീപിതരായ മതഭ്രാന്തിനെയാണ്" കലാപങ്ങൾക്കുള്ള കാരണമായ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കൂടാതെ, കീഴാളരുടെ ഇസ്ലാമിലേക്കുള്ള മാർഗ്ഗം കൂടലും അതിന്‌ കാരണമായിട്ടുണ്ടന്ന് അദ്ദേഹം വാദിച്ചു. ജന്മികളുടെ കീഴിൽ അനുസരണയോടെ (അടിമത്തം പേറി) ജീവിച്ചവർ മാർക്കം കൂടിയതോടെ (മതം മാറിയതോടെ) അക്രമാസക്തരായി മാറിയെന്നും അവകാശങ്ങൾ ചോദിച്ചു ലഹളകൾ ഉണ്ടാക്കാൻ തുടങ്ങിയെന്നുമായിരുന്നു സർക്കാർ കണ്ടെത്തലുകൾ എന്ന് ചുരുക്കം. കമ്മിഷണന്റെ തെറ്റായ ഈ നിരീക്ഷണ ഫലമായി സംഘർഷങ്ങളിലേർപ്പെടുന്ന ഭൂവുടമകളും കുടിയാന്മാരുമായ മലബാറിലെ ഗ്രാമീണ വർഗങ്ങൾക്കിടയിൽ അനുരഞ്ജനത്തിൻ്റെ നയം നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത സര്‍ക്കാരിന് ബോധ്യപ്പെടുകയുണ്ടായില്ല എന്ന് മാത്രമല്ല വനവാസികളുടെയും കാടന്മാരുടെയും സ്വഭാവമാണ് മാപ്പിളമാർ പ്രകടിപ്പിക്കുന്നതെന്നും അവരെ അടിച്ചൊതുക്കുകയാണ് ലഹളകൾ തടയാനുള്ള ഏക വഴിയെന്നും വിധിയെഴുതപ്പെട്ടു. ഈ സാഹചര്യത്തിലാണ് 1849ൽ മാപ്പിള ലഹള ആക്ട് രൂപപ്പെടുന്നത്. അതനുസരിച്ച് പ്രധാന മാപ്പിള നേതാക്കൾ ഏതെങ്കിലും പ്രദേശത്ത് കൂടെ നടന്ന് പോയാൽ പോലും ആ പ്രദേശത്തിന് കൂട്ടപ്പിഴ ചുമത്തുക, പട്ടാളവുമായി ഏറ്റുമുട്ടി മരിക്കുന്ന മാപ്പിളമാരുടെ മൃതദേഹങ്ങൾ മണ്ണിൽ മറവ് ചെയ്യാൻ സമ്മതിക്കാതെ ദഹിപ്പിക്കാൻ നിർബന്ധിക്കുക തുടങ്ങിയവയൊക്കെയാണ് ആ ആക്‌ടിലുണ്ടായിരുന്ന നിബന്ധനകൾ.

മാപ്പിള ആക്ടിന്റെ തുടർച്ചയെന്നോണമാണ് 1854ൽ മാപ്പിള ഔട്ട്റേജസ് ആക്ട് എന്ന കരിനിയമം സൃഷ്ടിക്കപ്പെട്ടത്. ബ്രിട്ടീഷ് ഭരണത്തിന് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുന്നത് മുസ്ലിം കലാപകാരികളാണെന്നും അതിനാൽ അവരെ അടിച്ചമർത്തേണ്ടത് അനിവാര്യമാണെന്നുമുള്ള ബ്രിട്ടീഷ് സർക്കാർ വിലയിരുത്തിയതിനെ തുടർന്നാണ് ഈ നിയമം പ്രാബല്യത്തിൽ വന്നതെന്ന് പറയാം. ബ്രിട്ടീഷ് വിരുദ്ധ മാപ്പിളമാരെ കണ്ടിടത്ത് വെച്ച് വെടിവെച്ച് കൊല്ലാനും, പൗരത്വ അവകാശങ്ങൾ നിഷേധിച്ചു നാട് കടത്താനും, ആന്തമാൻ അടക്കമുള്ള തടവറകളിൽ ആജീവനാന്ത തടവിൽ വെക്കാനും, തൂക്കി കൊല്ലാനും സ്വത്ത് വകകൾ പിടിച്ചെടുക്കാനും വ്യവസ്ഥ ചെയ്യുന്നതായിരുന്നു ഈ ഭീകര നിയമം. സായുധ കലാപം സ്വീകരിക്കാൻ മാപ്പിളമാർ പ്രേരിപ്പിക്കപ്പെട്ടതിനു പിറകിൽ ഇത്തരം നിയമങ്ങളും സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് മലബാർ ജില്ല മുൻ കളക്ടർ ആയിരുന്ന വില്യം ലോഗൻ പിന്നീട് തുറന്നു സമ്മതിച്ചിരുന്നു.

ഇതോടെ എല്ലായിടത്തും നിന്നും വരിഞ്ഞു കെട്ടി സമ്പൂർണ്ണ ദുരിതത്തിലേക്ക് മാപ്പിളമാർ കൂപ്പുകുത്തി. പീഡനവും ദുരിതവും പട്ടിണിയും കൂടുതൽ കൂടുതൽ ലഹളകൾ സൃഷ്ടിക്കപ്പെടാനുള്ള കാരണങ്ങളായി മാറി. കുടിയാന്മാർക്കെതിരെ ജന്മികളും ബ്രിട്ടീഷ് അധികാരികളും പരസ്പരം സഹായവർത്തികളായി നിലകൊണ്ടതോടെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളും കാർഷിക പോരാട്ടങ്ങളും പരസ്പരം സംയോജിക്കുകയും ബ്രിട്ടീഷ്-ജന്മി സഖ്യത്തിനെതിരായ ലഹളകളായി അവ പരിണമിക്കുകയും ചെയ്തു. അതോടൊപ്പം, ജന്മികൾ ഹിന്ദുക്കളും കുടിയൻമാർ ഭൂരിഭാഗം മാപ്പിളമാരും ആയത് കൊണ്ട് ലഹളകൾക്ക് മതപരമായ നിറം കലരാനും ഇടയായി. ചെറുതും വലുതുമായി ഏകദേശം 830 ഓളം ലഹളകൾ ഈ കാലയളവിൽ ഉണ്ടായി എന്നാണ് കണക്കാക്കപ്പെടുന്നത്. മുട്ടുചിറ ലഹള, മണ്ണൂർ ലഹള, ചേരൂർ കലാപം, മഞ്ചേരി കലാപം, വണ്ടൂർ ലഹള, കൊളത്തൂർ ലഹള, പൊന്നാനി വിപ്ലവം, മട്ടന്നൂർ കലാപം മണ്ണാർക്കാട് ലഹള, തൃക്കാലൂർ ലഹള എന്നിവയാണ് അവയിൽ പ്രധാനപ്പെട്ട ചിലതാണ്.

അക്കാലത്ത് 1836 നവംബർ 26നാണ് ഏറനാട് ദേശക്കാരനായ കല്ലിങ്ങൽ കുഞ്ഞാലൻ എന്നൊരാൾ കണിശൻ ചക്കുപ്പണിക്കർ എന്ന സവർണ്ണനെ കൊല്ലുകയും വേറെ മൂന്നുപേരെ മുറിപ്പെടുത്തുകയും ചെയ്ത് പള്ളിക്കുത്ത് ചുങ്കം പ്രദേശത്തിന് സമീപത്തെ നെന്മിനിമലയിൽ അപയം പ്രാപിച്ചത്. രണ്ട് ദിവസങ്ങൾക്ക് ശേഷം താസിൽദാരും ശിപായിമാരും നാട്ടുകാരും ചേര്‍ന്ന് അദ്ദേഹത്തെ വെടിവെച്ച് കൊന്നതായും ചരിത്രം പറയുന്നു.

1853 സെപ്‌തംബർ 16ന് നടന്ന മറ്റൊരു സംഭവവും പ്രസക്തമാണ്. കുന്നുമ്മൽ മൊയ്‌തീൻ, ചെറുകാവിൽ മൊയ്‌തീൻ എന്നീ പേരുകളിലുള്ള രണ്ട് മാപ്പിളമാർ ചെങ്ങളാരി വാസുദേവൻ നമ്പൂതിരി എന്ന ജന്മിയെ കൊലപ്പെടുത്തി അങ്ങാടിപ്പുറത്തിന്നടുത്തുള്ള ഒരു കുന്നിൻപുറത്ത് അപയം പാർത്തു. പിന്നീട് പോലീസ് കുന്ന് വളയുകയും ഒരാളെ സംഭവസ്ഥലത്തുവെച്ചു തന്നെ കൊല്ലുകയും, കേവലം കുട്ടിയായിരുന്ന മറ്റേ ആൾ പോലീസുകാരുടേയും നാട്ടുകാരുടേയും മേൽ ചാടിവീണതിനാൽ അവനെ പരിക്കൊന്നു മേൽപ്പിക്കാതെ പോലീസ് പിടിച്ചുകെട്ടിക്കൊണ്ടു പോവുകയും ചെയ്തു.

ശേഷം ഈ പ്രദേശത്തിന് സമീപം നടന്ന മറ്റൊരു സുപ്രധാന സമരത്തെ കുറിച്ച് ലോഗന്‍ തന്റെ റിപ്പോര്‍ട്ടിൽ സൂചിപ്പിക്കുന്നുണ്ട്,

"1884 മാർച്ച് 4ന് ഏറനാട് താലൂക്കിലെ തന്നെ ചെമ്പ്രശ്ശേരി അംശക്കാരനായ മരക്കാർ എന്നൊരാളും വേറെ നാലുപേരും ചേർന്ന് താലൂക്ക് മജിസ്ട്രേട്ടിനു മുമ്പാകെ ഒരു ഹരജി കൊടുത്തു. വാക്കയിൽ മൊയ്‌തീൻകുട്ടിയും അതേ അംശക്കാരനായ കുട്ടിമമ്മു എന്ന വൃക്തിയും കൂടി വള്ളുവനാട് താലൂക്കിൽപ്പെട്ട മേലാറ്റൂർ അംശത്തിലെ ജന്മിയായ അപ്പാദുരപ്പട്ടരെ വധിക്കാനും തുടർന്ന് സ്വയം രക്തസാക്ഷികളാവാനും രഹസ്യാലോചനകൾ നടക്കുന്നതായി ഹരജിയിൽ പറഞ്ഞിരുന്നു. ഹരജിക്കാരിൽ ഒരാളുടെ മകനാണ് ആരോ പണവിധേയനായ മൊയ്‌തീൻകുട്ടി. അയാളുടെ കൂട്ടുകാരൻ മേൽപ്പറഞ്ഞ ബ്രാഹ്മണജന്മിയുടെ ഒരു കുടിയാനുമായിരുന്നു. 1880 സെപ്‌തംബർ 9ന് നടന്നതായി മുന്നേ ഒരു സന്ദർഭത്തിൽ വിവരിച്ച അതിക്രമത്തിലെ ഒരു പ്രധാനകഥാപാത്രമായ അപ്പാദുരപ്പട്ടർ ഒരു ഭൂവുടമ എന്ന നിലയിൽ കൃഷിക്കാരുടെ നോട്ടപ്പുള്ളിയായി മാറിയിട്ട് കാലം കുറച്ചായിരുന്നു. പാട്ടകുടിശ്ശിക അടച്ചുതീർക്കുന്നതുവരെ നിലം ഉഴുന്നതിൽ നിന്നും കുട്ടി മമ്മുവിനെ ജന്മി വിലക്കിയിരുന്നു. കുട്ടിമമ്മുവിൻ്റെ കൈയിൽ മൊയ്‌തീൻ കുട്ടി ഒരു കരു മാത്രമാണെന്നും സംഭവം കാണിക്കുന്നു. കേസ് സംബന്ധിയായി അഞ്ച്‌പേരെ വേറേയും പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ഗൂഢാലോചനയുടെ തലച്ചോറായി പ്രവർത്തിച്ച മറ്റു രണ്ടുപേരേ നാടുകടത്തി. അഞ്ചുപേരെ നല്ല നടപ്പിന്ന് ശിക്ഷിച്ചു. ഒരാളെ താക്കീത് നൽകി വിട്ടയച്ചു. ഗൂഢാലോചന വെളിപ്പെടുത്തിയ ആൾക്ക് 200 രൂപ പാരിതോഷികവും കിട്ടി..."

1921ലെ ആംഗ്ലോ-മാപ്പിള പോരാട്ടം തുടങ്ങുന്നതിനു മുമ്പ് ചാവേർ സമരങ്ങളുടെ ഗണത്തിലുണ്ടായ അവസാന പോരാട്ടത്തിനും വേദിയാകുന്നത് നെന്മിനി പ്രദേശം തന്നെയായിരുന്നു. 'നെന്മിനി സംഭവം' എന്ന പേരില്‍ ആംഗ്ലോ മാപ്പിള യുദ്ധം 1921 എന്ന ഗ്രന്ഥത്തിൽ Ak കോഡൂർ ആ ചരിത്രം വിശദീകരിക്കുന്നുണ്ട്.

"1919ലാണ് നെന്മിനി സംഭവമുണ്ടാകുന്നത്. ആനക്കയം പഞ്ചായത്തിലെ ഇപ്പോൾ പെരിമ്പലത്തെ കൂരിമണ്ണിൽ പാറപ്പുറത്ത് വലിയ ചേക്കുഹാജിയും 11 സഹപ്രവർത്തകരുമാണത് നടത്തിയത്. ജന്മിയായിരുന്ന കടക്കോട്ടിൽ ഭവദാസൻ നമ്പൂതിരി, ചേക്കുഹാജി പരമ്പരാഗതമായി താമസിച്ചിരുന്ന പാറപ്പുറത്ത് കുടിയിരുപ്പുപറമ്പ് ഒഴിപ്പിക്കാനുള്ള കേസ്സിൽ വിജയിച്ചു. കടക്കോട്ടിൽ ഇല്ലത്തെ കാര്യസ്ഥനും പെരിമ്പലം പ്രദേശത്തെ അക്കാലത്തെ വലിയ ധനികനും പ്രമാണിയും വലിയ ചേക്കുഹാജിയുടെ ബന്ധുവുമായ കൂരിമണ്ണിൽ പട്ടിയിൽ ചേക്കുഹാജിയുടെ ഒത്താശയോടെയാണ് കടക്കോട്ടിൽ ഭവദാസൻ കേസ്സ് ജയിച്ചത്. ഒഴിപ്പിക്കൽ തിയ്യതി പ്രഖ്യാപിച്ചതോടെ കടക്കോട്ടിൽ നമ്പൂതിരിയെ വധിക്കാൻ തീരുമാനിച്ച പാറപ്പുറത്ത് ചേക്കുഹാജി കടക്കോട്ടിൽ ഇല്ലത്തെത്തി. ഇല്ലം കാവൽക്കാരനായ കുഞ്ഞിമുഹമ്മത് നമ്പൂതിരിയെ ഒളിപ്പിച്ചു. എന്നാൽ പുലരുംവരെ ഇല്ലത്തിൻ്റെ പടിക്കൽ കാവലിരുന്ന ചേക്കുഹാജി അന്നവിടെ വിരുന്ന് വന്ന ബന്ധുവായ മറ്റൊരു നമ്പൂതിരിയെ വധിക്കുകയും ചെയ്തു. തുടർന്ന് മറ്റു ചിലരും ചേക്കുഹാജിയോടൊപ്പം ചേർന്നു. അവർ പന്തല്ലൂർ വഴി നെന്മിനിയിലെത്തി. പന്തല്ലൂരിൽ അന്നത്തെ അധികാരി കുഞ്ചുനായരെ വധിക്കാൻ ഒരു വിഫലശ്രമം നടത്തി. പക്ഷെ നായർ രക്ഷപ്പെട്ടു. എന്നാൽ അധികാരിയുടെ അനുജൻ ഗോവിന്ദൻനായരെയും, അരിമ്പ്ര കുട്ടൻനായരെയും വധിച്ച് നേരെ നെന്മിനിയിലെ പട്ടേരിത്തൊടി ഇല്ലം കയ്യേറി അവിടെ ഇരിപ്പായി. ആനക്കയം അംശം അധികാരിയും സാമ്രാജ്യ ഭരണത്തിൽ വലിയ സ്വാധീനവുമുള്ള വ്യക്തിയും ചേക്കുഹാജിയുടെ മറ്റൊരു ബന്ധുക്കാരനുമായ കൂരിമണ്ണിൽ വലിയ മണ്ണിൽ ചേക്കധികാരി നെന്മിനിയിലെത്തി, പാറപ്പുറത്ത് ചേക്കുഹാജിയെ വിളിച്ച് നീ എന്തു കുറ്റം ചെയ്‌താലും ഞാൻ രക്ഷിക്കാമെന്നും എൻ്റെ കൂടെ ഇറങ്ങിവരണമെന്നും അപേക്ഷിച്ചു. അംശം അധികാരി അയാളുടെ പണിയെടുത്താൽ മതിയെന്നും കുറ്റക്കാരെ രക്ഷിക്കലല്ല അധികാരിയുടെ പണിയെന്നും ചേക്കു ഹാജി അധികാരിയോട് പറഞ്ഞു. വിവരം ഉടൻ സ്റ്റേഷനിൽ അറിയിച്ച് പട്ടാളത്തെ അയക്കാൻ പറയണമെന്നും ഹാജി വിളിച്ചു പറഞ്ഞു. “ഞങ്ങൾ വീട്ടിലേക്ക് മടങ്ങിച്ചെല്ലാൻ ഇറങ്ങിയവരല്ല, ഭൂമിയിൽ ഇനി ഞങ്ങളുടെ ബാക്കിയുള്ളവർക്കെങ്കിലും നീതി ലഭിക്കാൻ ഏറ്റവും വലിയ കോടതിയിൽ ഹരജി കൊടുക്കാൻ പോവുകയാണ് തങ്ങൾ, ഹാജി മറുപടി നല്‍കി. ശേഷം ഉച്ചത്തിൽ തക്ബീർ ചൊല്ലി. പിന്നീട് പട്ടാളമെത്തി 11 പേരും ഏറ്റുമുട്ടലിൽ മരിച്ചു..."

1887ൽ മലബാർ കളക്ടറായിരുന്ന വില്യം ലോഗൻ ഗവർണ്ണർക്ക് സമർപ്പിച്ച നിർദ്ദേശങ്ങൾ പതിവ് ബ്രിട്ടീഷ് രീതികളിൽ നിന്നും വ്യത്യസ്തമായിരുന്നു. മാപ്പിളമാരെ കാടമാരാക്കിയും കുഴപ്പക്കാരാക്കിയുമുള്ള സ്ട്രേഞ്ച് അടക്കമുള്ള മുൻ ബ്രിട്ടീഷ് അധികാരികളുടെ വാദങ്ങൾ പാടെ തള്ളുന്നതായിരുന്നു ഈ റിപ്പോർട്ട്. കുടിയാന്മാരായിരുന്ന മാപ്പിളമാർ ജന്മികളാലും അവരുടെ കാടന്‍ നിയമങ്ങളാലും കഷ്ടത അനുഭവിക്കുന്നുണ്ടന്നും, മരണകരം പോലുള്ള ജന്മി നിയമങ്ങൾ പൊളിച്ചെഴുതണമെന്നും നികുതികൾ കുറച്ചു മാപ്പിള ഔട്ട്റേജസ് ആക്ട് പോലുള്ള നിയമങ്ങൾ മാറ്റിവെച്ചു മാപ്പിളമാരോട് മാനുഷികപരമായുള്ള ഇടപെടലുകളിലൂടെ കലാപ സാധ്യത കുറക്കണമെന്നുമെല്ലാമായിരുന്നു ലോഗൻ നിർദ്ദേശിച്ചിരുന്നത്. എന്നാൽ, മുല്ലക്കോയ തങ്ങൾ അടക്കമുള്ള മുസ്ലിം പുരോഹിതരുമായി ബന്ധം പുലർത്തിയിരുന്ന ലോഗന്റെ നിർദ്ദേശങ്ങൾ മുഖവിലക്കെടുക്കാൻ ബ്രിട്ടീഷ് ഗവർണ്ണർ തയ്യാറായില്ല. അവർ പുതിയ കമ്മീഷനെ നിയമിക്കുകയും ലോഗനെ തരം താഴ്ത്തുകയുമാണ് ചെയ്തത്.

ലോഗന്റെ കണ്ടത്തലുകൾ ബ്രിട്ടീഷ് ആധികാരികൾ മുഖവിലക്കെടുക്കാഞ്ഞതിനാൽ തന്നെ മാപ്പിള ജീവിതങ്ങൾ ഒരു മാറ്റത്തിനും വിധേയമാവാതെ നിന്നു. അവർ സമൂഹത്തിലെ എല്ലാ രംഗങ്ങളിൽ നിന്നും പിറകോട്ട് തള്ളപ്പെട്ടു. അവരുടെ വിദ്യാഭ്യാസരംഗം ഇംഗ്ലീഷ് വിദ്യഭ്യാസ നിഷേധം ഉള്‍പ്പടെയുള്ള കാര്യങ്ങൾകൊണ്ട് നാശോന്മുഖമായി. സാമ്പത്തിക രംഗം ബ്രിട്ടീഷ് ഭരണയന്ത്രമുപയോഗിച്ച് തകർത്ത് കൊണ്ടിരുന്നു. എന്നാലും, മാപ്പിളമാരുടെ ബ്രിട്ടീഷുകാരോടുള്ള നയത്തിൽ അണുകിട വിട്ടു വീഴ്ചയുണ്ടായില്ല. നാടുവാഴി-നായർ പരിവാറിനേയും വെള്ളപ്പട്ടാളത്തിന്റെയും അക്രമങ്ങളെ അവർ തനിച്ച് ചെറുത്തു നിന്നു.

തുടർന്നുള്ള സാഹചര്യത്തെ സംബന്ധിച്ച് കെ മാധാവന്‍ നായരുടെ മലയാളത്തിലെ മാപ്പിള ലഹള എന്ന ഗ്രന്ഥത്തിൽ പറയുന്നുണ്ട്,

"ഇത്തരം ജാതീയമായ പീഡനങ്ങളാലും കുടിയാൻ വിരുദ്ധ നിലപാടുകളാലും കീഴാള വർഗ്ഗക്കാർ ജീവിതം നയിച്ച് കൊണ്ടിരുന്ന കാലത്താണ് ഇസ്‌ലാമിക മത പ്രചാരണവുമായി സൂഫി സിദ്ധന്മാർ ഏറനാട് വള്ളുവനാട് പൊന്നാനി ഭാഗങ്ങളിലേക്ക് രംഗപ്രവേശനം ചെയ്യുന്നത്. അറബി തങ്ങൾ, ഹസ്സൻ ജിഫ്രി, സയ്യിദ് അലവി, സയ്യിദ് ഫസൽ തുടങ്ങിയ മുസ്‌ലിം മിഷനറിമാരിലൂടെ ഈ ഭാഗങ്ങളിൽ ഇസ്‌ലാം മതം വ്യാപിക്കാൻ തുടങ്ങി. ഒട്ടേറെ കീഴാള വിഭാഗക്കാരായ കുടിയാൻമാർ ഇവരിലൂടെ ഇസ്‌ലാമിലേക്ക് മാർഗ്ഗം കൂടി. മാർഗ്ഗം കൂടിയവരോട് ജന്മികളുടെ ഉച്ചിഷ്ടം കഴിക്കരുത്, വസ്ത്രം ധരിക്കണം, കുഴിയിൽ ഭക്ഷണമിട്ടു തന്നാൽ കഴിക്കരുത്, പൊതുവഴി ഉപയോഗിക്കണം, മാറ് മറക്കണം, അയിത്തമോ, തീണ്ടാപാടോ പാലിക്കരുത് പോലുള്ള നിർദ്ദേശങ്ങൾ മുസ്‌ലിം പണ്ഡിതന്മാർ നൽകി വന്നു. ഈ ഉപദേശങ്ങൾ മാർഗ്ഗം കൂടി മാപ്പിളമാരായവർ നടപ്പിലാക്കാൻ തുടങ്ങിയതോടെയാണ് ലഹളകളുടെ വെടിമരുന്നിനു തീ കൊടുക്കപ്പെടുന്നത്. അന്നുവരെ തങ്ങളെ അനുസരിച്ചവർ ഒരു സുപ്രഭാതത്തിൽ ധിക്കാരപരമായി പെരുമാറുന്നത് ജന്മികൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ജന്മികളുടെ രോഷം കുടിയാൻ നിയമങ്ങളിലൂടെ പ്രകടിപ്പിക്കാൻ തുടങ്ങുകയും അതിനെ മാപ്പിളമാർ വിപ്ലവത്തിലൂടെ നേരിടുകയും ചെയ്തതോടെ ലഹളകൾ വ്യാപിക്കാൻ തുടങ്ങി. മാർഗ്ഗം കൂടിയ അടിയാളന്മാർ മേലാളന്മാരെ ബഹുമാനിക്കാത്തതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് ഇന്ത്യ രൂപീകരണത്തിന് മുമ്പ് തന്നെ നെടിയിരുപ്പ് സ്വരൂപത്തിൽ പെട്ട ഈ പ്രദേശങ്ങളിൽ ഇത്തരത്തിലുള്ള ലഹളകൾ എമ്പാടും നടന്നിട്ടുണ്ട്. തിരൂരങ്ങാടി വിപ്ലവം, ഓമാനൂർ ലഹള എന്നിവ ഇതിനുദാഹരണമാണ് സാമൂതിരിയുടെ നാടുവാഴിയായിരുന്ന പാറനമ്പിക്കെതിരെ അരങ്ങേറിയ മലപ്പുറംപട മാപ്പിള ലഹളകൾക്കു മുൻപ് അരങ്ങേറിയ ഇത്തരം പോരാട്ടങ്ങളിൽ പ്രധാനപെട്ടതാണ്.

സൂഫി സിദ്ധന്മാരും, സയ്യിദന്മാരും യാഥാസ്ഥിതിക പുരോഹിതന്മാരുമായിരുന്നു കലാപങ്ങളുടെയെല്ലാം നേതൃത്വ സ്ഥാനമോ ബുദ്ധികേന്ദ്രമോ ആയി പ്രവർത്തിച്ചിരുന്നത്. ആചാരങ്ങളിൽ ബന്ധിതമായി കിടന്നിരുന്ന അന്നത്തെ മാപ്പിളമാർക്കിടയിൽ ഇവർക്കുണ്ടായിരുന്ന സ്ഥാനം വളരെ വലുതായിരുന്നു. ഇത്തരം പുണ്യ പുരുഷന്മാർ ദൈവികതയുടെ സഹായികളായാണ് മാപ്പിളമാർ കണ്ടിരുന്നത്. അവർ കറാമത്ത് എന്ന അത്ഭുത പ്രവർത്തികൾക്ക് കഴിവുള്ളവരാണെന്ന് വിശ്വസിക്കപ്പെട്ടു. അവരുടെ അനുഗ്രഹങ്ങക്കും പ്രാർത്ഥനകൾക്കും സമൂഹം വലിയ സ്ഥാനം നൽകിയിരുന്നു. പൗരോഹിത്യത്തിനുണ്ടായിരുന്ന ഇത്തരം സ്ഥാനമാനങ്ങൾ അവരുടെ കൽപ്പനകളും നിർദ്ദേശങ്ങളും ശിരസ്സാ വഹിക്കുന്നതിന് മാപ്പിളമാരെ പ്രേരിപ്പിച്ചു എന്ന് കാണാം.

പീഡിപ്പിക്കപ്പെട്ട അടിയാളന്മാരുടെ ബന്ധത്തിൽ മാർക്കം കൂടി മാപ്പിളരായവർ ജന്മികളോട് അക്രമം കാട്ടുകയും തുടർന്ന് ജന്മി കാവലാളുകളായ നായർ പടയാളികളാൽ തിരിച്ചടി നേരിട്ടുമ്പോൾ മാർക്കം കൂടിയവരെ സഹായിക്കാൻ മാപ്പിളമാർ കൂട്ടത്തോടെ എത്തി ജന്മിയെ വധിക്കുകയും ചെയ്യും. പിന്നീട് അടിയാളന്മാർക്കായി മാപ്പിളമാർ നേരിട്ടിടപ്പെടുന്ന രീതിയുമുണ്ടായി. മാർക്കം കൂടലുകളുടെ തോത് വർദ്ധിച്ചപ്പോൾ അടിയാളന്മാർക്ക് പകരം മാപ്പിള കുടിയാന്മാരും ജന്മികളും എന്ന രീതിയിലേക്ക് ഇടപെടലുകൾകൾ മാറി മറിഞ്ഞു. ബ്രിട്ടീഷ് ആഗമനത്തോടെ ബ്രിട്ടീഷ് സർക്കാരിനും ജന്മികൾക്കുമെതിരായ സായുധപോരാട്ടമായി ഇവ പരിണമിച്ചു. മാപ്പിള ലഹളകളുടെ ചരിത്രം ഇവിടം മുതൽക്കാണ് തുടക്കം കുറിക്കുന്നത് എന്ന് കാണാൻ സാധിക്കും..."

മമ്പുറം സയ്യിദ് അലവി തങ്ങളുടെ മരണശേഷം അദ്ദേഹത്തിന്റെ മകൻ സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ മാപ്പിള നേതൃത്വത്തിലേക്കുയർന്നു വന്നു. ജന്മിത്വവിരുദ്ധ പോരാട്ടം ശക്തിപ്പെട്ട ആ കാലത്താണ് കൊണോലി മലബാർ കലക്ടറായി കോഴിക്കോട് എത്തുന്നത്. തനിക്ക് മുന്നേ അന്വേഷിച്ച ഓരോ കമ്മീഷനുകളും കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോരാട്ടങ്ങളെ ശക്തമായി അടിച്ചമര്‍ത്താനാണ് അദ്ദേഹവും തീരുമാനിച്ചത്. കൂട്ടപ്പിഴകള്‍ ചുമത്തി കര്‍ഷകരുടെ മേല്‍ കണക്കറ്റ ദ്രോഹങ്ങളദ്ദേഹം ചെയ്ത് വന്നു.

തന്റെ പിതാവ് മമ്പുറം തങ്ങൾ തിരികൊളുത്തിയ വിപ്ലവ പ്രവര്‍ത്തനങ്ങളുടെ പതാക സയ്യിദ് ഫസലും ഉയർത്തിപ്പിടിച്ചു. ഹിന്ദു-മുസ്ലിം-കീഴാള വ്യത്യാസമില്ലാതെ അദ്ദേഹത്തിന്റെ അനുഗ്രഹം തേടി മമ്പുറത്തേക്കുള്ള സന്ദർശക പ്രവാഹം പതിവായിരുന്നു. അദ്ദേഹത്തിന്റെ കാൽപാദം പതിഞ്ഞ മണൽ വരെ സൂക്ഷിക്കുമാറുള്ള സ്നേഹവും ആദരവും ജനം അദ്ദേഹത്തിന് നൽകിയിരുന്നുവെന്നാണ് വില്യം ലോഗൻ പറയുന്നത്. ഇസ്ലാമിലേക്കുള്ള അടിസ്ഥാന വിഭാഗങ്ങളുടെ മതം മാറ്റം അദ്ദേഹത്തിന്റെ കാലത്ത് വ്യാപകമായിരുന്നു. ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തു വരുന്ന കീഴാള ജനവിഭാഗങ്ങളിൽ പെട്ടവരോട് ഉയർന്ന ജാതിക്കാരുടെ ഉച്ചിഷ്ടം ഭക്ഷിക്കാൻ പാടില്ലെന്നും, അവരെ കാണുമ്പോൾ മുൻ ആചാരമനുസരിച്ചു കുമ്പിടുകയോ, കമിഴ്ന്നു കിടക്കുകയോ ചെയ്യരുതെന്നും, പൂർണ്ണമായി നാണം മറച്ച് വസ്ത്രം ധരിക്കണം എന്നൊക്കെയുള്ള നിർദ്ദേശങ്ങൾ ഫസൽ നിരന്തരം നൽകി വന്നു. ഇത്തരം നിർദ്ദേശങ്ങൾ ജന്മി കുടിയാൻ സംഘർഷങ്ങൾ പെരുകാൻ സാഹചര്യമൊരുക്കുന്നു എന്ന ബ്രിട്ടീഷ് അധികാരികളുടെ നിരീക്ഷണം അവരെ സയ്യിദ് ഫസലിനെതിരെയുള്ള നടപടികളുമായി മുന്നോട്ട് പോകാൻ പ്രേരിപ്പിച്ചു. 

തങ്ങളെ ഔപചാരികമായി വിചാരണക്ക് കൊണ്ടു വരണോ അതോ, ഗവണ്മെന്റിന്റെ തടവുകാരനായി ശിക്ഷിക്കണോ, ഇനി അത് രണ്ടുമല്ലെങ്കിൽ, ഒച്ചപ്പാടുണ്ടാക്കാതെ നാട് കടത്തണമോ എന്നതായിരുന്നു സർക്കാരിന് മുന്നിലെ വെല്ലുവിളി. ഫസൽ തങ്ങൾക്കെതിരെയുള്ള ഏതൊരു കണ്ണുംപൂട്ടിയുള്ള നടപടിയും പ്രശ്‌നങ്ങൾ കൂടുതൽ തീവ്രമാക്കുമെന്ന് ബ്രിട്ടീഷുകാർ നിരീക്ഷിച്ചിരുന്നു. അത് കണ്ണൂരിൽ നിന്നും, ബാംഗ്ലൂരിൽ നിന്നുപോലും പട്ടാളത്തെ കൊണ്ടുവരേണ്ടതായ സാഹചര്യമുണ്ടാക്കുമെന്നും കളക്ടർ കനോലി മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നു.

ഒടുവില്‍, കര്‍ഷകരുടെ ആശാകേന്ദ്രവും ആത്മീയ നേതാവുമായിരുന്ന സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളെ മക്കയിലേക്ക് നാടുകടത്താനാണ് കനോലി തീരുമാനിച്ചത്. സയ്യിദ് ഫസൽ അറേബ്യയിലേക്ക് പോകുന്നതറിഞ്ഞ് ഫെബ്രുവരി ആദ്യആഴ്ചകളിൽ തന്നെ പതിനായിരത്തിലധികം സായുധരായ മുസ്ലിങ്ങൾ തിരൂരങ്ങാടിയിൽ തമ്പടിച്ചിരുന്നു. സയ്യിദ് ഫസൽ വിചാരിച്ചിരുന്നവെങ്കിൽ ബ്രിട്ടീഷുകാരുമായി ഒരു തുറന്ന പോരാട്ടത്തിനു തന്നെ വേദിയാകുമായിരുന്നു തിരൂരങ്ങാടി, എന്നാൽ തന്റെ പേരിൽ മലബാറിൽ രക്തച്ചൊരിച്ചിൽ ഉണ്ടാവുന്നത് ഇഷ്ടപ്പെടാതിരുന്ന സയ്യിദ് ഫസൽ അവരോടെല്ലാം സമാധാനപരമായി പിരിഞ്ഞുപോകാനാണ് ആവശ്യപ്പെട്ടത്. 1852 മാർച്ച് 19ന് രണ്ട് പുത്രന്മാരും , സഹോദരിയും ഉൾപ്പെട്ട ബന്ധുക്കളുമായ 57 പേരുമായാണ് സയ്യിദ് ഫസൽ മക്കയിലേക്ക് കപ്പല്‍ കയറിയത്. ഈ സംഭവിത്തിനോടുള്ള മാപ്പിള പ്രതികരണം എന്ന നിലയിലാണ് കൊണോലിയുടെ വധം സംഭവിക്കുന്നത് എന്ന് ആസൂത്രണത്തെ സംബന്ധിച്ച് 1856 ജനുവരിയിൽ മലബാർ ജോയിന്‍ മജിസ്ട്രേറ്റ് സി കോളിറ്റ്, മജിസ്ട്രേറ്റ് ടി ക്ലാര്‍ക്കിന് അയച്ച വിശദീകരണത്തിൽ എടുത്ത് പറയുന്നുണ്ട്,

"ജയില്‍ ചാടിയ നാല് പേരാണ് ഈ കൃത്യത്തിന് മുന്നോട്ട് വന്നത്. വാളശ്ശേരി ജമാലു, പൊലിയകുന്നത്ത് തേനി, ചെമ്പന്‍ മൊയ്തീന്‍കുട്ടി, വെളുത്തേടത്തു പറമ്പില്‍ മൊയ്തീന്‍ എന്നിവര്‍. ഇവരെ കൂടാതെ അഞ്ചാമതായി ഒസാന്‍ അയ്ദ്റു എന്നൊരു കുട്ടിയും ഉണ്ടായിരുന്നു. 1855 ആഗസ്റ്റ് 4നാണ് നാലു പേര്‍ ജയില്‍ ചാടിയത്. സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളെ നാടുകടത്തിയതിന് പ്രതികാരമായി തങ്ങള്‍ കലക്ടര്‍ കോണോലിയെ കൊല്ലുകയാണെന്ന് ഇവര്‍ പലരോടും പറഞ്ഞിരുന്നു. ജയില്‍ ചാടിയത് ഇതിനു വേണ്ടിയാണെന്നും പറഞ്ഞു..."

ഇതുസം ബന്ധിച്ച് കസ്റ്റംസ് സെൻട്രൽ എക്സൈസ് സൂപ്രണ്ടായിരുന്ന തിരൂരിലെ മണ്ടായപ്പുറത്ത് മുഹമ്മത് മൂപ്പൻ എഴുതിയ മണ്ടായപ്പുറത്ത് മൂപ്പന്മാർ എന്ന കുറിപ്പിൽ ഇങ്ങനെ പറയുന്നു,

"പൂക്കോയ തങ്ങൾ നാടുവിട്ട് കുറച്ച് കഴിഞ്ഞശേഷം വേങ്ങരക്കടുത്ത് കുറ്റൂരിലെ പാലമഠത്തിൽ പുതപ്പ് പറമ്പിൽ കുഞ്ഞാലിയുടെ വീട്ടിൽ വിവിധ ദേശക്കാരായ മുസ്‌ലിംകൾ യോഗം ചേർന്നു. ഇതിൽ മമ്മതുണ്ണി മൂപ്പനും വീരാവുണ്ണി മൂപ്പനും സംബന്ധിച്ചിരുന്നു. ആ യോഗത്തിൽ വെച്ച് ജയിലിൽ നിന്നും ചാടിയ വളാശ്ശേരി ജമാലുവും പുലിയംകുന്നത്ത് തേനു, വള്ളുവനാട്ടുകാരൻ ഒസ്സാൻ അബ്ദു‌റഹ്‌മാൻ എന്നിവർ കലക്‌ടർ കൊണോലിയ വധിക്കുമെന്ന് സദസ്സിനെ സാക്ഷി നിർത്തി പ്രതിജ്ഞ ചെയ്‌തു..."

ജയിൽ ചാടിയ നാലു പേരാണ് ഈ കൃത്യത്തിന് മുന്നോട്ട് വന്നത്. ഏറനാട് താലൂക്കിലെ വാളക്കോട് സ്വദേശിയായ വളാശ്ശേരി ജമാലു, വേങ്ങര സ്വദേശിയായ ചെമ്പന്‍ മൊയ്തീന്‍കുട്ടി, വെട്ടത്തുനാട്ടിലെ തലക്കാട് അംശം താമസക്കാരനായ വെളുത്തേടത്തു പറമ്പില്‍ മൊയ്തീന്‍, പൊലിയകുന്നത്ത് തേനി, പിന്നീടൊപ്പം ചേര്‍ന്ന ഒസാൻ അയ്ദ്രു എന്നിവരാണവർ. ഇതിലെ പൊലിയകുന്നത്ത് തേനി എന്നിവർ പള്ളിക്കുത്ത് ചുങ്കം പ്രദേശത്തിന് സമീപത്തെ നെന്മിനിയിൽ ജനിക്കുകയും കാര്യവട്ടം, മേലാറ്റൂര്‍ എന്നിവിടങ്ങളിൽ വളരുകയും ചെയ്ത വ്യക്തിയാണെന്ന് ചരിത്ര താളുകളിൽ കാണാൻ സാധിക്കും. ലക്ഷ്യം ഉറപ്പിച്ച ശേഷം അവർ ആദ്യമായി ഒരുമിച്ചു ചേര്‍ന്നത് ചുങ്കം പ്രദേശത്തിന് സമീപത്തെ പട്ടിക്കാട് വെച്ചായിരുന്നു. അവിടെ തേനുവിന്‍റെ  ബന്ധുക്കളുടേയും സ്നേഹിതരുടേയും വീടുകളിലാണാദ്യം അവർ തങ്ങിയത്. അവിടെ നിന്നാണ്‌ ബാലനായ ഒസ്സാന്‍ അയ്ദ്രമാന്‍ ഇവരോടൊപ്പം ചേരുന്നത്.

പട്ടിക്കാട്ട് നിന്ന് അങ്ങാടിപ്പുറത്തെ വെള്ളാരം പറമ്പിലാണ് പിന്നീടവർ എത്തി ചേരുന്നത്. അവിടെനിന്ന് ഊരകം മലയിലേക്കും. പകല്‍സമയമവർ അവിടെ തങ്ങി. പിന്നെ വേങ്ങരയിലും കൊടുവായൂരിലുമെത്തി. അവിടെയാണ് ചെമ്പന്‍ മൊയ്തീന്‍ കുട്ടിയുടെ സഹോദരി താമസിക്കുന്നത്. കൊടുവായൂരില്‍ നിന്നും നേരെ മമ്പുറത്ത് വന്നു. രാത്രി പ്രാര്‍ത്ഥന സമയത്താണ് അവർ മമ്പുറത്തെത്തുന്നത്. അന്ന് വലിയ പെരുന്നാളാണ്. പോരാളികള്‍ തൊട്ടടുത്തുള്ള കുഞ്ഞിക്കോയ തങ്ങളെയും കൂട്ടി മമ്പുറം സയ്യിദ് അലവി തങ്ങളുടെ ഖബറിടത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി. അവിടെ ആരൊക്കെ പ്രാര്‍ത്ഥിക്കുന്നു, എന്തൊക്കെ ചെയ്യുന്നു എന്ന് നിരീക്ഷിക്കാന്‍ ഓടക്കല്‍ ആലി ഹസ്സന്‍, അവറാന്‍ കുട്ടി എന്നിവരെ മമ്പുറം മഖാമിന് സമീപം തന്നെ ബ്രിട്ടീഷ് സേന ഏര്‍പ്പാടാക്കി വച്ചിട്ടുണ്ടായിരുന്നു. എന്നാൽ, പോരാളികള്‍ അവിടെ വന്ന് പ്രാര്‍ത്ഥിച്ചത് എന്തുകൊണ്ടോ അവർ ശ്രദ്ധിച്ചില്ല. ആ കാരണം കൊണ്ട് സേന പിന്നീടവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു എന്ന് കേള്‍ക്കുന്നു.

മമ്പുറത്തു ജാറത്തിങ്കല്‍ വിളക്ക് കത്തിക്കുന്നതിനുള്ള ചെലവിലേക്ക് നേര്‍ച്ച നേര്‍ന്ന്, അതിന്‍റെ പണം തൊട്ടടുത്ത് വീട്ടില്‍ ഏല്‍പ്പിച്ച് സംഘം ആഗസ്റ്റ് 28ന് വെട്ടത്തുനാട് താലൂക്കിലെ പുതിയങ്ങാടി തൃപ്പങ്ങോട്ട് ഇല്ലതോട്ടത്തില്‍ താമസിക്കുന്ന നാലകത്ത് മൊയ്തീന്‍റെ വീട്ടിലെത്തി. രാത്രി ഒരു മണി സമയം. മൊയ്തീനും മകന്‍ പക്കി കൂട്ടിയും പോരാളികള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു. പിറ്റേ ദിവസം കല്‍പകഞ്ചേരിയില്‍ എത്തി മുഹമ്മദ് കുട്ടിമൂപ്പനെ കണ്ടു. ആഗസ്റ്റ് 29വരെ അവര്‍ വെട്ടത്തുനാട്ടില്‍ തന്നെ തങ്ങി. പിന്നീട് കോഴിക്കോട് പരിസരത്ത് വന്ന് ഒരു വീട്ടില്‍ താമസിച്ചു. അവിടെവച്ചാണ് കലക്ടറെ കൊല്ലാനുള്ള പരിപാടികള്‍ അന്തിമമായി ആസൂത്രണം ചെയ്യുന്നത്. ഈ വീട്ടില്‍ വച്ച് ഇടക്കിടെ മൗലിദ് കര്‍മ്മം നടത്തുകയും ഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു.

അവിടെ നിന്നും വീണ്ടുമവര്‍ മുമ്പുറത്ത് വന്ന് ഖബറിടത്തിൽ പ്രാര്‍ത്ഥന നടത്തി. അവിടെ നിന്നും വളാഞ്ചേരി മൂന്നാക്കല്‍ ദര്‍ഗയിലും പ്രാര്‍ത്ഥിച്ച് സമീപത്തെ ഒരു വീട്ടിലാണ് അന്ന് തങ്ങിയത്. മൂന്നാക്കല്‍ നിന്നും നേരെ കൊളത്തൂരിലേക്കും അവിടെ നിന്ന് ആനക്കയത്തേക്കുമവർ നീങ്ങി. ഇവിടെയാണ് വാളശ്ശേരി ജമാലുവിന്‍റെ വീട്. ആനക്കയത്തുനിന്ന് പന്തലൂരും പയ്യനാടുമൊക്കെ കറങ്ങി ബന്ധുക്കളെ സന്ദര്‍ശിച്ച് അതുവഴി കോഴിക്കോട്ട് താലൂക്കിലേക്കവർ പ്രവേശിച്ചു. കോഴിക്കോട്ടെ അവരുടെ സഹായത്തിന്നായി മാളികയിൽ മാമു എന്നൊരാളെ അവര്‍ക്ക് ലഭിച്ചു. അയാളുടെ സഹായത്തോടെയാണ് കോഴിക്കോട് വയനാട് റോഡിലൂടെ സഞ്ചരിച്ച് വെസ്റ്റ് ഹില്ലിലെ ബംഗ്ലാവിന് സമീപമുള്ള കാട്ടില്‍ അവർ ഒളിക്കുന്നത്. അതോടുകൂടി അവർ ലക്ഷ്യസ്ഥാനത്തിന് സമീപം അഥവാ, അതീവ സുരക്ഷയുള്ള വെസ്റ്റ് ഹിൽ ബാരക്സിനടുത്ത് എത്തിച്ചേർന്നു എന്ന് പറയാം.

1855 സെപ്‌തംബർ 11, പദ്ധതി വിജയകരമായി പൂര്‍ത്തീകരിക്കുന്നതിനുള്ള വെളിച്ചം അവശേഷിക്കുന്ന മുറക്ക് അഥവാ, സന്ധ്യാനേരം കൃത്യം നടത്താനായിരുന്നു അവരുടെ പദ്ധതി. സന്ധ്യക്ക് കൊണോലി വെസ്റ്റ് ഹില്ലിലുള്ള തന്‍റെ ബംഗ്ലാവിന്‍റെ വരാന്തയിലെ സോഫയില്‍ ഇരിക്കുന്ന സമയമാണന്ന് അവര്‍ക്ക് നേരത്തെ ധാരണയുണ്ടായിരുന്നു. എന്നാൽ, രാത്രി എട്ടിനും ഒമ്പതിനും മധ്യേയാണ് അത് സാധ്യമായത് എന്നും ചരിത്രത്തിൽ കാണുവാൻ സാധിക്കും. പിന്നിലൂടെയാണ് ഘാതകര്‍ വന്നത്. സമീപത്ത് തന്നെ ഇരിക്കുന്ന ഭാര്യ അത് കണ്ടില്ല. ഒറ്റയടിക്ക് തന്നെ കൊണോലി നിലത്തു വീണു. ഘാതകര്‍ പിന്നീട് തുരുതുരാ അദ്ദേഹത്തെ കുത്തി പരിക്കേൽപ്പിച്ചു. ഇടതു കരം ഏതാണ്ട് പൂർണ്ണമായും മുറിഞ്ഞുപോയി എന്ന് പറയാം. വലത്തെ മുട്ടില്‍ ആഴത്തില്‍ മുറിവ് ബാധിച്ചിരുന്നു. മൊത്തം 27 മുറിവുകള്‍. ഭാര്യ നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന സേവകര്‍ ഒന്നുകില്‍ പേടിച്ചരണ്ടു. അല്ലെങ്കില്‍ ഒന്നും ചെയ്യാന്‍ കഴിയാതെ വിറങ്ങലിച്ചു നിന്നു എന്ന് പറയാം. ഭാര്യയുൾപ്പടെയുള്ള സ്ത്രീകളെ പോരാളികള്‍ ഉപദ്രവിച്ചില്ലെങ്കിലും സഹായിക്കാൻ വന്ന ഭൃത്യന്മാരെ അവർ ആക്രമിച്ച് പരിക്കേൽപ്പിച്ചു.

കളക്ടർ കനോലിക്ക് ഏറ്റ ഇരുപത്തിയേഴു മുറിവുകളിൽ ഏഴെണ്ണം തലയിലായിരുന്നുവെന്നും അതിൽ മൂന്നെണ്ണം തലച്ചോറിന് മാരകമായ മുറിവുണ്ടാക്കിയെന്നും ഇരു കൈകളും അറ്റ് തൂങ്ങിയ നിലയിലായിരുന്നുവെന്നും ബ്രിട്ടീഷ് ചരിത്ര രേഖകൾ വ്യക്തമാക്കുന്നുണ്ട്. രാത്രി 9.45ഓടെയാണ് കെനോലി അന്ത്യശ്വാസം വലിക്കുന്നത്.

കൃത്യം നടത്തിയ ശേഷം പോരാളികള്‍ നേരെ താമരശേരി ഭാഗത്തേക്കാണ് പോയത്. അവിടെ ബ്രിട്ടീഷനുകൂലിയായ അധികാരിയില്‍ നിന്നും പണം പിടിച്ചുവാങ്ങിയ ശേഷം മഞ്ചേരിയിലേക്കവർ നീങ്ങി. ആ വഴിക്ക് വച്ചാണ് കൊണ്ടോട്ടി ഭാഗത്തുള്ള ഒരു വില്ലേജോഫീസിലെ പ്യൂണ്‍ അവരെ കാണുന്നത്. ജയില്‍ ചാടി വന്നവരും ഒപ്പം കൂടിയവരുമായി വലിയൊരു സംഗമായിരുന്നു അവരെന്ന വിവരം പ്യൂണ്‍ നേരെ പോയി കൊണ്ടോട്ടി അധികാരിയെ അറിയിക്കുകയും, അധികാരി ഇരുപതോളം പേരടങ്ങുന്ന സംഘവൂമായി അവരെ നേരിടാനിറങ്ങിപ്പുറപ്പെടുകയും ചെയ്തു. എന്നാൽ, അധികാരിക്ക് അവരെ ഒന്നും ചെയ്യാനായില്ല. ഇവര്‍ വിവരം കൊണ്ടോട്ടി തങ്ങളെ അറിയിക്കുകയും തങ്ങള്‍ മുന്നൂറോളം പേരടങ്ങുന്ന സംഘവുമായി പിടികൂടാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാൽ, അതും ഫലവത്തായില്ല. ഘാതകരുടെ കയ്യില്‍ ജയിലില്‍ നിന്ന്  തട്ടിയെടുത്ത കത്തിയും വാളും ഉള്‍പ്പെടെയുള്ള മാരകമായ ആയുധങ്ങളുണ്ട് എന്ന് മനസ്സിലാക്കിയതിനാൽ ബ്രിട്ടീഷ് സൈന്യത്തിന്റെ നടപടിക്കായി അവർ കാത്തിരുന്നു. ഇതിനിടക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ ഘാതകരെ പിടിക്കുന്നവര്‍ക്ക് ആയിരം രൂപ ഇനാമും പ്രഖ്യാപിച്ചു.

മഞ്ചേരിയിലേക്കുള്ള മാര്‍ഗ്ഗമധ്യേ ഘാതകര്‍ ജന്മി മൂസതിന്‍റെ വീട് ആക്രമിക്കുകയും മൂസതിന്‍റെ കഴുത്തില്‍ കയര്‍ കെട്ടി അദ്ദേഹത്തെ തോട്ടത്തിലൂടെ വലിച്ച് തൊട്ടടുത്തുള്ള വയലിലേക്ക് മറിച്ചിടുകയും ചെയ്തു. ആ വീട് സാമാന്യം വലിയതായിരുന്നു. മാവും കഴുങ്ങും തെങ്ങും നിറഞ്ഞ വലിയ തോട്ടമാണ് ചുറ്റുമുള്ളത്. നിറയെ വാഴകള്‍. വീട് പുറത്തുനിന്ന് കാണാന്‍ പ്രയാസം. പോലീസ് സ്ഥലത്തെത്തി. അവര്‍ വീടിനെതിരെ ഷെല്ലാക്രമണം നടത്തി. ഒരു ഷെല്‍ വീട്ടിനുള്ളില്‍ പതിച്ചു. വീട്ടിനകത്തുള്ള ഘാതകര്‍ തൊട്ടടുത്തുള്ള പത്തായപുരയിലേക്ക് മാറി.  തുറന്ന ആക്രമണത്തിനൊന്നും അവര്‍ തയ്യാറായില്ല. സന്ധ്യയായിരിക്കുന്നു. എങ്ങനെയെങ്കിലും ഇവരെ വധിക്കണമെന്ന് ഉദ്ദേശത്തോടെ നാലു ഭാഗത്തുനിന്നും വെടിവെപ്പ് തുടങ്ങിയതോടെ ഘാതകർ രക്ഷപ്പെടാനുള്ള ശ്രമം തുടങ്ങി. അതിൽ ഏതാനും എണ്ണം പോരാളികള്‍ കൊല്ലപ്പെട്ടു.

ആക്രമണത്തിൽ പങ്കെടുത്ത ബാക്കി അഞ്ചു പേർ മൊറയൂരിലെ എടമണ്ണപ്പാറയിൽ എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സെപ്റ്റംബർ 17ന് മേജർ ഹാലിയുടെ കീഴിലുള്ള പോലീസ് സംഘവും, ക്യാപ്റ്റൻ ഡേവിസിന്റെ നേതൃത്വത്തിലുള്ള 74 ഹൈലാൻഡെർസ്കോറിലെ അഞ്ചാം കമ്പനി സൈനിക ബറ്റാലിയനും അക്രമികൾ തമ്പടിച്ചയിടം വളഞ്ഞു. കീഴടങ്ങാൻ കൂട്ടാക്കാത്തതിനെ തുടർന്ന് പീരങ്കി ഉപയോഗിച്ചു കെട്ടിടം പൂർണ്ണമായും തകർത്ത് കനത്ത വെടിവെപ്പ് നടത്തി അഞ്ചു പേരെയും വധിച്ചു. പോരാളികളുടെ പ്രത്യാക്രമണത്തിൽ ഒരു ബ്രിട്ടീഷ് സൈനികൻ കൊല്ലപ്പെടുകയും മറ്റൊരു സൈനികന് ഗുരുതരമായി പരിക്കേൽക്കുയുമുണ്ടായി. ഭാവിയിൽ ഇത്തരം കൃത്യങ്ങൾക്ക് തുനിയുന്നവർക്ക് മുന്നറിയിപ്പെന്നോണം കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഒറ്റ തൂക്കുമരത്തിൽ കെട്ടി തൂക്കി ഒക്ടോബർ എട്ട് വരെ മഞ്ചേരി താലൂക്ക് കച്ചേരിയുടെ അരികിൽ പ്രദർശിപ്പിച്ച് കഴുകന്മാർക്കും കാക്കകൾക്കും ഭക്ഷണമായി നല്‍കി. തൂക്കിയിട്ട അഴുകിയ മൃതദേഹങ്ങള്‍ കത്തിച്ചു കളയണമെന്നും അതിന്‍റെ ചാരം പോലും മാപ്പിളമാര്‍ പുണ്യമായി കാണുന്നതിനുള്ള സാധ്യതയുണ്ടന്നും മനസ്സിലാക്കി അതിനെ പൂർണ്ണമായും മാറ്റി കളയണമെന്നും 1856 സെപ്റ്റംബര്‍ 21ന് ജോയിന്‍ മജിസ്ട്രേറ്റിന്റെ നിർദ്ദേശത്തെ തുടർന്ന് കെട്ടിതൂക്കിയ ശവശരീരങ്ങൾ എട്ടാം തീയതി മഞ്ചേരിയിൽ നിന്നും കോഴിക്കോട് എത്തിച്ച ശേഷം പരസ്യമായി ദഹിപ്പിച്ച് ചാരവും മറ്റ് അവശിഷ്ടങ്ങളും ജയിൽ വളപ്പിൽ തന്നെ കുഴിച്ചിട്ടു. മലബാര്‍സമര ചരിത്രത്തിലെ സുപ്രധാനമായൊരു അധ്യായത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശത്തുകാരനായ തേനി എന്ന ആ ധീരാനായ പോരാളിയും അങ്ങനെ ആ ചാരത്തിലൂടെ ഈ മണ്ണിന്റേയും ചരിത്രത്തിന്റേയും ഭാഗമായിമാറി. 

കൊണോലിയെ കൊന്ന ആളുകളെ ഇസ്ലാമിന്‍റെ വീരമകളായി നാട്ടുകാര്‍ വാഴ്ത്തി. അതിന്‍റെ സന്തോഷമെന്നോണം വീടുകളില്‍ മൗലിദ് കര്‍മ്മം നടത്തി. മാലപ്പാട്ടുകള്‍ പാടി. കാലികളെ അറുത്ത് ഭക്ഷണമുണ്ടാക്കി വിതരണം ചെയ്തു. കോണോലി വധത്തെ ആസ്പദമാക്കി 24 കേസുകളാണ് ആകെ രജിസ്റ്റര്‍ ചെയ്തത്. അതിൽ കൊലപാതകത്തിന് സഹകരണം നൽകിയ 164 പേരുടെ മേൽ കേസെടുത്തു. അറസ്റ്റു ചെയ്യപ്പെട്ടവരിൽ പലരും മർദ്ദനം മൂലം ജയിലിൽ വെച്ചുതന്നെ മരണപ്പെട്ടു. തറമേൽ കുഞ്ഞിക്കോയ തങ്ങൾ അടക്കം 33 പേരെ ആന്തമാനിലേക്കും നാടുകടത്തി.