ഇന്ത്യയിലേയോ അല്ലെങ്കിൽ ലോകത്തിലെ തന്നെയും മലയാളികളോ അല്ലാത്തവരുമായ മനുഷ്യരെ ആകര്‍ഷിക്കാനുതകുന്ന. അല്ലെങ്കിൽ, ഏവര്‍ക്കും മാതൃകയാക്കാൻ തോന്നൂമാറ് ജനഹൃദയങ്ങളിൽ പ്രതിഷ്ഠ നേടുന്ന ചില കേരളീയ രീതികള്‍ അല്ലെങ്കിൽ, സവിശേഷതകളെയാണല്ലോ കേരള മോഡൽ എന്ന് വിളിക്കുന്നത്. യാഥാര്‍ത്ഥത്തിൽ, ഈയിടെ നമ്മുടെ നാട്ടില്‍ രൂപപ്പെട്ടൊരു സംഗതിയാണോ അത്? അല്ലെങ്കിൽ, പ്രത്യേകമായ ചില നടപടികളിലൂടെ കൃത്രിമമായോ പൂർവ്വ നിർമ്മിതമായോ രൂപം കൊണ്ടതാണോ അത്? എന്നിരുന്നാലും, 'കേരള മോഡൽ' എന്ന മാതൃകയുടെ ഒടുവിലത്തെ അടയാളങ്ങളെ ലോക രാജ്യങ്ങള്‍ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് നാമിന്നുള്ളത്. അതേസമയം അതിനെ ഹൈജാക്ക് ചെയ്യുവാനുള്ള കുത്സിത പ്രവണതകളും പല ഭാഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നുമുണ്ട്. ബിബിസിയുടെ വാര്‍ത്ത കുറിപ്പില്‍ കൊറോണ വൈറസിനെ കേരളം നേരിടുന്ന രീതിയെക്കുറിച്ച് ഒഴുക്കൻ മട്ടില്‍ പരാമര്‍ശിപ്പിക്കുന്നുണ്ടങ്കിലും, വാഷിംഗ്ടൺ പോസ്റ്റ് അതിനെ നോക്കികാണുന്നത് കേരളത്തിലെ ലെനിനിസത്തിലധിഷ്ടിതമായ കമ്യൂണിസ്റ്റ് ഭരണത്തിന്റെ വിജയം കണക്കേയാണ്. കഴിഞ്ഞ ദിവസം മേല്‍ വാര്‍ത്ത അവരുടെ പത്രത്തിൽ വന്നപ്പോൾ കേരള സര്‍ക്കാരിലെ ഒരു മന്ത്രി പോലും കാര്യമറിയാതെ അതെടുത്ത് പരാമര്‍ശിക്കുന്നത് കാണാനിടയായി. എന്തായാലും ഒരു കാര്യമുറപ്പാണ്. കാലങ്ങളായി നമ്മുടെ നാട് സ്വായത്തമാക്കിയ ഒരു സ്വഭാവ സവിശേഷതയെ നമ്മൾ വിളിക്കുന്ന പേരാണ് കേരള മോഡൽ. അത് പുതുതായുണ്ടായ ഒരു സംജദയല്ല. അതിപുരാതനവുമല്ല. നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടാൻ കഴിയുന്ന... തലമുറകള്‍ കൈമാറ്റം ചെയതതിനൊടുവിൽ അതിന്റെ വാഹകരായി മാറിയിരിക്കുക മാത്രമാണ് നാം.
അങ്ങനെയെങ്കിൽ എന്താണീ കേരള മോഡൽ? എങ്ങനെയാണിത് നമ്മിലേക്ക് എത്തിപ്പെട്ടത്? അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ചാലക ശക്തികൾ എന്തൊക്കെയാണ്? ഇത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നതും ചർച്ച നടത്തുന്നതും സന്ദര്‍ഭോചിതമായിരിക്കുമെന്ന് തോന്നുന്നു.
ശിലാശാസനങ്ങളിലെ കേരളം
കേരളത്തെക്കുറിച്ച് പരാമര്‍ശമുള്ള ആദ്യത്തെ ശിലാരേഖ പാട്ലീപുത്ര കേന്ദ്രീകരിച്ച് ഭരണം നടത്തിയിരുന്ന മൗര്യ ചക്രവര്‍ത്തി മഹാനായ അശോകന്റേതാണ്. അദ്ദേഹത്തിന്റെ രണ്ടാം ശിലാശാസനത്തില്‍ പറയുന്നത് കാണുക. 'അശോക സാമ്രാജ്യത്തിന്റെ അതിര്‍ത്തിക്കപ്പുറം കേരള പുത്രർ അഥവാ മലയാളികള്‍ അധിവസിക്കുന്ന പ്രദേശത്ത് മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും വേണ്ടിയുള്ള ധര്‍മാശുപത്രികള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. മനുഷ്യരുടെയും മൃഗങ്ങളുടെയും ഉപയോഗത്തിനായി റോഡരികില്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുകയും ജലാശയങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തിരിക്കുന്നു' എന്ന്. ഉത്തരേന്ത്യയിലെ ആറ് സ്ഥലങ്ങളിലാണ് ഈ ശിലാശാസനം സ്ഥാപിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുള്ളത്. അഥവ, 2000 വർഷങ്ങൾക്ക് അപ്പുറമുള്ള ചോള പാണ്ഡ്യ ചേര ഭരണകാലത്ത് പോലും സമൂഹത്തിന്റെ താഴെ തട്ടിലുള്ളവർക്ക് വേണ്ടിയുള്ള ഒരുപാട് നല്ല കാര്യങ്ങൾ കേരളത്തിൽ ചെയതു വന്നിരുന്നു എന്ന് വേണം മനസ്സിലാക്കാൻ. ഇതേ കാലഘട്ടത്തിൽ തന്നെയാണ് ജാതീയത പോലെയുള്ള അപരിഷ്കൃതമായ വ്യവസ്ഥിതികളും അതിനോടനുബന്ധിച്ചുള്ള സമൂഹിക ഉച്ഛനീചത്വങ്ങളും കേരളത്തിൽ അരങ്ങു തകർത്തിരുന്നത്. എങ്കിലും, ദക്ഷിണേന്ത്യക്ക് മുകളിലുള്ള ഒരു സമൂഹത്തിന് ഇവിടുത്തെ അക്കാലത്തെ പരിഷ്കൃതമായ രീതികള്‍ ഏറെ ആകര്‍ഷകമായിരുന്നു എന്ന് വേണം കരുതാന്‍. അതുകൊണ്ടുകൂടിയാണ് തന്റെ രാജ്യത്തെ പൗരന്മാർക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശം കണക്കെ അശോകനത് ശില ഫലകങ്ങളിലെഴുതി രാജ്യത്തുടനീളം പരസ്യപ്പെടുത്തിയത്.
ബത്തൂത്ത കണ്ട കേരളം
മൊറോക്കോയിൽ ജനിച്ച ഇബ്നു ബത്തൂത്ത ഡൽഹി സുൽത്താൻ മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ കാലത്താണ് അഫ്ഗാനിസ്ഥാനിലെ ബലൂചിസ്താൻ വഴി ഇന്ത്യയിലെത്തുന്നത്. ഡൽഹിയിൽ തന്റെ ഭരണം ദൃഢമാക്കുന്നതിനായി തുഗ്ലക്ക് പല ഇസ്ലാമിക പണ്ഡിതന്മിരേയും രാജ്യത്തേക്കും തന്റെ ദര്‍ബാറിലേക്കും വരുത്തിയിരുന്നു. ഇബ്നു ബത്തൂത്തയുടെ പാണ്ഡിത്യത്തേയും ലോകപരിചയത്തെയും മാനിച്ച് അദ്ദേഹത്തിന് രാജ്യത്തെ ഒരു പ്രധാന ന്യായാധിപസ്ഥാനം തന്നെ മുഹമ്മദ് ബിന്‍ തുഗ്ലക്ക് നൽകുകയുണ്ടായി. എങ്കിലും, സ്ഥാനമാനങ്ങളുമായി അവിടെ ഒതുങ്ങി കൂടാനല്ല ബത്തൂത്ത തീരുമാനിച്ചത്. അദ്ദേഹം തന്റെ യാത്രകള്‍ വീണ്ടും തുടര്‍ന്നു. പ്രസിദ്ധനായ ഒരു സഞ്ചാരിയെന്ന പേരിലാണ് അദ്ദേഹം പിന്നീട് ലോകത്തറിയപ്പെട്ടത്. ഏറ്റവും കൂടുതൽ പ്രാവശ്യം കേരളം സന്ദർശിച്ചിട്ടുള്ള വിദേശ സഞ്ചാരിയായിരുന്നു ഇബ്നു ബത്തൂത്ത. ആറ് തവണയാണ് അദ്ദേഹം കേരളം സന്ദർശിച്ചിട്ടുള്ളത്. 1355ൽ പൂർത്തിയാക്കിയ അദ്ദേഹത്തിന്റെ 'ലോക നഗരങ്ങളെപ്പറ്റിയും വിസ്മയകരമായ യാത്രകളെപ്പറ്റിയും ചിന്തിക്കുന്നവർക്കുള്ള സമ്മാനം' എന്ന പുസ്തകം 'യാത്ര' അഥവാ 'റിഹ്‌ല' എന്ന പേരിലാണറിയപ്പെടുന്നത്. ഇതിലെ ചില ഭാഗങ്ങൾ സാങ്കൽപ്പികമാണങ്കിലും, പതിനാലാം നൂറ്റാണ്ടിലെ ലോകത്തിന്റെ, പ്രത്യേകിച്ച് കേരളത്തിന്റേതായ ഒരു പൂർണ്ണ വിവരണം അതിൽ നിന്നും ലഭ്യമാകുന്നുണ്ട് എന്ന് പറയാതിരിക്കാന്‍ കഴിയില്ല.
'മുലൈബാർ' എന്നാണ് അദ്ദേഹം കേരളത്തെ സൂചിപ്പിച്ചിരിക്കുന്നത്. നിറയെ വൃക്ഷങ്ങളും കൃഷിയുമുള്ള ഒരു പ്രദേശമെന്ന് ഇബ്നു ബത്തൂത്ത കേരളത്തെപ്പറ്റി എഴുതിയിരിക്കുന്നു. സഞ്ചാരികളെ ആദിത്യമര്യാദയോടെ അവിടുത്തെ ജനങ്ങൾ സ്വീകരിച്ചിരുന്നുവെത്രെ. കോഴിക്കോടെത്തിയ ഇബ്നു ബത്തൂത്ത അതൊരു മികച്ച തുറമുഖപട്ടണമെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ലോകത്തിന്റെ എല്ലാ കോണിൽ നിന്നുള്ള വ്യാപാരികളേയും സഞ്ചാരികളേയും അദ്ദേഹമവിടെ കണ്ടന്നും അതിൽ പറയുന്നുണ്ട്. കള്ളന്മാർക്കും കൊള്ളക്കാർക്കും കടുത്ത ശിക്ഷ നൽകിയിരുന്നതിനാൽ മലബാറിലൂടെയുള്ള യാത്ര അത്യന്തം സുരക്ഷിതമായിരുന്നെന്നും, മലബാറിനെപ്പോലെ ഇത്രയും നിർഭയമായി സഞ്ചരിക്കാവുന്ന പാതകൾ ലോകത്തൊരിടത്തും താൻ കണ്ടിട്ടില്ലെന്നും അദ്ദേഹമതിൽ പറഞ്ഞ് വെക്കുന്നു. കള്ളന്മാർക്കും കൊള്ളക്കാർക്കും ഇത്രയും കടുത്ത ശിക്ഷകൾ നൽകുന്ന രാജ്യങ്ങൾ വളരെ വിരളമാണന്നും അദ്ദേഹം കൂട്ടി ചേര്‍ക്കുന്നുണ്ട്. നാളികേരമോ, പഴമോ വീണു കിടക്കുന്നുണ്ടെങ്കിൽ അതിന്റെ ഉടമസ്ഥൻ കാണുന്നതുവരെ അതവിടെത്തന്നെ കിടക്കും. മറ്റാരും തന്നെ അതെടുക്കുകയില്ല. ആരെങ്കിലും എടുത്തതായി അറിയുകയാണെങ്കിൽ കടുത്തതും മാതൃകാപരവുമായ ശിക്ഷ നൽകാൻ രാജാവൊരിക്കലും അമാന്തിച്ചിരുന്നില്ല എന്നും ഇബ്നുബത്തൂത്ത പതിമൂന്നാം നൂറ്റാണ്ടിലെ മലബാറിനെക്കുറിച്ച് എഴുതിയിരിക്കുന്നു. അത് കൂടാതെ, ഈ പ്രദേശത്തിന്റെ പ്രസക്തിയെ ഉള്‍ക്കൊള്ളുന്ന ധാരാളകണക്കിന് വരികള്‍ അദ്ദേഹത്തിന്റെ വിവരണങ്ങളിൽ പിന്നേയും കാണാൻ കഴിയും. കപ്പലുകളിൽ നിറക്കുന്ന കച്ചവട ചരക്കുകൾ കപ്പലുകള്‍ തകർന്ന് നഷ്ടപ്പെട്ടാൽ മലബാറിലല്ലാതെ മറ്റൊരിടത്തു നിന്നും വണിക്കുകൾക്കത് തിരിച്ചു ലഭിച്ചിരുന്നില്ല എന്ന അദ്ദേഹത്തിന്റെ പ്രസ്താവന സാമൂതിരിയുടേയും അതുവഴി ഈ നാടിന്റെയും യശസ്സ് ലോകത്തിനു മുന്നില്‍ ഉയർത്തപ്പെട്ടു.
1442ല്‍ കോഴിക്കോട് സന്ദര്‍ശിച്ച പേര്‍ഷ്യന്‍ രാജാവിന്റെ പ്രതിനിധി അബ്ദുറസാഖും ഇത്തരത്തിലെ ചില വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതിങ്ങനെയാണ്.
"കോഴിക്കോട് നഗരം പുറത്ത് നിന്ന് വരുന്ന സമുദ്ര വ്യാപാരികള്‍ക്ക് ഏറ്റവും സുരക്ഷിതത്വവും നീതിയും ഉറപ്പ് വരുത്തിയിരുന്നു. കപ്പലില്‍ കൊണ്ടുവരുന്ന ചരക്കുകള്‍ തീരത്തിറക്കി സുരക്ഷിതമായി സൂക്ഷിക്കാനുള്ള പാണ്ടികശാലകളും, അവക്ക് കാവല്‍ക്കാരും, കണക്കുകള്‍ കൃത്യമായി സൂക്ഷിക്കാനുള്ള സംവിധാനവുമുണ്ടായിരുന്നു. ചരക്കുകള്‍ വിറ്റാല്‍ നാല്‍പതില്‍ ഒരു ഭാഗം ചുങ്കമായി നല്‍കണം. വിറ്റില്ലെങ്കില്‍ നല്‍കേണ്ടതുമില്ല"
പെണ്‍താവഴിയുടെ തങ്കപ്പെരുമ
കേരളത്തിലെ രാജകുടുംബങ്ങളിൽ ഒരു കാലത്ത് വ്യാപകമായുണ്ടായിരുന്ന ഒരു രീതിയായിരുന്നു മരുമക്കത്തായം. കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് വലിയ പ്രാധാന്യം നല്‍കി വരുന്ന ഇത് ഇന്ത്യയില്‍ തന്നെ അത്യപൂര്‍വ്വമായൊരു അധികാര കൈമാറ്റ രീതിയാണ്. ചരിത്രപരമായ ചില മുഹൂര്‍ത്തങ്ങള്‍ ഈ രീതിയെ നമുക്കിടയിൽ നിന്നും മായ്ച്ച് കളഞ്ഞെങ്കിലും കുടുംബത്തിലെ സ്ത്രീകള്‍ക്ക് അല്ലെങ്കിൽ, രാജാവിന്റെ പെങ്ങള്‍ വഴിയുള്ള സന്താനങ്ങൾക്ക് ഇത്രമേല്‍ പ്രാധാന്യം നല്‍കിയിരുന്ന മറ്റൊരിടവും ഇന്ത്യയില്‍ തന്നെ ഇല്ല എന്നു പറയാൻ കഴിയും. അതിലെ കേവലമൊരു അധികാര കൈമാറ്റത്തെക്കുറിച്ചല്ല ഞാന്‍ പറഞ്ഞ് വരുന്നത്. മറിച്ച്, കേരളത്തിന്റേതായൊരു മാതൃക ഉള്‍ച്ചേർന്നു കിടക്കുന്ന ഈ സാമ്പ്രദായത്തിലെ സ്ത്രീ പ്രധാന്യത്തെ കുറിച്ചാണ്. സ്ത്രീകളെ അന്തപ്പുരങ്ങളിലെ ഭോഗ വസ്തുവായി മാത്രം കണ്ടിരുന്ന, അല്ലെങ്കിൽ സതി പോലുള്ള അതിക്രൂരമായ അനുഷ്ഠാനങ്ങൾ അവരുടെ മേലിൽ അടിച്ചേൽപ്പിച്ചിരുന്ന ഒരു കാലത്താണ് ഇത്തരം രീതികള്‍ കേരള പൊതു മണ്ഡലങ്ങളിൽ വ്യാപകമായിരുന്നെന്ന് ഇതോടൊപ്പം കൂട്ടി വായിക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ രാജകുടുംബാംഗങ്ങളിൽ തൊട്ട് നായര്‍, നമ്പൂതിരി, തിയ്യ കുടുംബങ്ങളില്‍ വരെ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയോടെയെങ്കിലും നിലനിന്നിരുന്ന മരുമക്കത്തായം ബൃഹത്തായ ഒരു പഠന ശാഖയാണ്. അതിലെ സവിശേഷമായ അറക്കല്‍ രീതി മാത്രമാണ് ഞാനിവിടെ പരിഗണിക്കുന്നത് എന്ന് പ്രത്യേകം പ്രസ്താവിക്കുന്നു.
അറക്കല്‍ സ്വരൂപത്തിലെ വനിതാ സാരഥ്യത്തിന്റെ സവിശേഷമായ മുഖം ഒരുപക്ഷേ, മുസ്‌ലിംസമൂഹത്തിന്റെ യാഥാസ്തിഥിക മനസ്സിനെ മാത്രമല്ല, മുസ്‌ലിംകളിലെ ആധുനിക സ്ത്രീപദവി വാദത്തെപ്പോലും വിസ്മയപ്പെടുത്തുന്നതാണ്. ആ ഭരണ കാലഘട്ടത്തില്‍ മൂന്നിലൊന്നും സ്ത്രീകൾ കൈയാളിയ സ്ഥിതിവിശേഷം ഇസ്ലാമിക ചരിത്രത്തിൽ മാത്രമല്ല ലോക ചരിത്രത്തിലും, ആധുനിക ജനാതിപത്യത്തിലും വരെ വിരളമാണന്ന് നമുക്ക് കാണാൻ കഴിയും. അറക്കല്‍ സ്വരൂപത്തില്‍ പുരുഷന് നേടിയെടുക്കാനാവാത്ത പലതും സ്ത്രീകള്‍ കരസ്ഥമാക്കി. യുദ്ധവും, സന്ധിയും, വ്യാപാരവും, അന്താരാഷ്ട്ര വിനിമയവും എന്നു വേണ്ട, നാട്ടു കോടതികളിലെ നീതി പാലകർപ്പോലും സ്ത്രീ സാരഥിയുടെ മേല്‍നോട്ടത്തിലായിരുന്നു ഉണ്ടായിരുന്നത് എന്ന് നമുക്ക് കാണാം. അറക്കല്‍ സ്വരൂപം ബീവിമാരുടെ കീഴില്‍ അക്ഷരാര്‍ഥത്തില്‍ ഭരിക്കപ്പെടുകയായിരുന്നു. ഇക്കാലത്ത്, താവഴി സ്ഥാനാരോഹണമെന്ന നിലയിൽ മാത്രമാണ് ബീവിമാരുടെ നിയോഗമെങ്കിലും അന്ന് ഏറ്റവും വലിയ നാട്ടുരാജ്യമെന്ന നിലയില്‍ കൊളോണിയല്‍ സാമ്രാജ്യങ്ങൾക്ക് മുന്നിലുടെ നടന്നു നീങ്ങുകയായിരുന്നു ബീവിമാര്‍.
പോര്‍ച്ചുഗീസുകാരും, ഡച്ചുകാരും, ബ്രിട്ടീഷുകാരും അറക്കല്‍ പ്രതാപം തട്ടിയെടുക്കാന്‍ വട്ടമിട്ട് പറന്ന കാലഘട്ടത്തില്‍ ഒരു വലിയ പങ്ക് ബീവിമാരുടെ ഭരണത്തിൻ കീഴിലായിരുന്നുവെന്നത് കൗതുകമോ അല്ലെങ്കിൽ രാഷ്ട്രീയമോ ആയി അറക്കലിന്റെ ദൗര്‍ബല്യമായിരുന്നു എന്ന് വേണമെങ്കിൽ കരുതാം. കാരണം, ബീവിമാരുടെ സ്ത്രീസഹജമായ ദൗര്‍ബല്യത്തില്‍ ചവിട്ടിയാണ് സാമ്രാജ്യത്വം അതിന്റെ പല ചതിപ്പയറ്റുകളും അടവു നയങ്ങളും ആവിഷ്‌കരിച്ചത്. എങ്കിലും, പുരുഷനെക്കാള്‍ ചങ്കൂറ്റത്തോടെയായിരുന്നു ബീവിമാര്‍ കോളോണിയലിസത്തെ നേരിട്ടത് എന്നും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടിയിരിക്കുന്നു. ഇവ്വിഷയകമായി മലബാര്‍ മാന്വലിൽ ഇപ്രകാരം വിവരിക്കുന്നു...
"അങ്ങനെ ഇന്ത്യയുടെ കടലോരങ്ങളിൽ ആദ്യമായി യൂറോപ്പ്യന്മാരെ സ്വാഗതം ചെയ്ത കണ്ണൂര്‍ ബ്രിട്ടീഷ് അധിനിവേശ സൈന്യത്തിന് കീഴടങ്ങിയ മലബാറിലെ അവസാന കേന്ദ്രങ്ങളിലൊന്നായി"
കേരളത്തിന്റെ പുകൾപ്പെറ്റ നാവിക പാരമ്പര്യം
മതപരമായി സമുദ്രയാത്ര ഹിന്ദു രാജാക്കന്മാര്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ അവർ ഇന്ത്യയുടെ നാലതിരുകൾക്കുള്ളിൽ നിന്നു കൊണ്ടാണ് ശത്രുക്കളുമായി പടവെട്ടിയത്. മുഗള്‍-ഡെല്‍ഹി സുല്‍ത്താനേറ്റ് കാലത്ത് വലിയ അളവിലുള്ള നാവിക അക്രമണങ്ങളെയോന്നും തന്നെ അവര്‍ക്ക് നേരിടേണ്ടി വന്നിട്ടില്ലാത്തതിനാൽ ശക്തമായൊരു നാവിക സേന സാന്നിധ്യം അവര്‍ക്കുണ്ടായിരുന്നില്ല എന്ന് കരുതാം. 15 മുതൽ 17 വരെ നൂറ്റാണ്ടുകളിൽ ഇന്ത്യയെ പിടിച്ചടക്കാനുള്ള വിദേശ ശക്തികളുടെ നാവിക ആക്രമണത്തിനു മുന്നില്‍ ശക്തമായ പ്രതിരോധം തീര്‍ത്തിരുന്നത് ഹിന്ദു രാജസ്വരൂപങ്ങളുടെ കീഴിലെ കുഞ്ഞാലി മരക്കാറെപ്പോലുള്ള നാവികരും, അറക്കലിനെ പോലുള്ള മുസ്ലിം നാട്ടുരാജ്യങ്ങളുമായിരുന്നു. അതുകൊണ്ട് തന്നെ കേരള അതിര്‍ത്തിക്കപ്പുറം ഗോവ പോണ്ടിച്ചേരി വരെ മാത്രമേ അവര്‍ക്ക് മുന്നേറാന്‍ കഴിഞ്ഞൊള്ളൂ. പിന്നീട്, രാഷ്ട്രീയപരമായ ചില കാരണങ്ങൾ കൊണ്ട് തകർന്ന ആ നാവിക പ്രതിരോധത്തിന്റെ അവശിഷ്ടങ്ങളിലൂടെയാണ് ബ്രിട്ടീഷുകാർ ഇന്ത്യയിലേക്ക് കടന്ന് വരുന്നത്. തുടർന്നുണ്ടായ ശക്തമായ കരയുദ്ധങ്ങളിലൂടേയും, രാഷ്ട്രീയ നീക്കുപോക്കുകളിലൂടേയും, മനുഷ്യത്വ രഹിതമായ തന്ത്രങ്ങളിലൂടേയുമാണ് അവർ ഇന്ത്യയെ മൊത്തമായി ഗ്രസിച്ചത് എന്ന് ചരിത്രത്തിൽ കാണാൻ സാധിക്കും.
1498ൽ വാസ്കോഡഗാമ കാപ്പാട് കപ്പലിറങ്ങിയതു മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ ഒരു കൊച്ചു നാട് എങ്ങനെയാണ് അവരോടേറ്റുമുട്ടി വിജയം കരസ്ഥമാക്കിയതെന്ന് നമുക്ക് ബോധ്യമാകും. കോഴിക്കോട് രാജ്യം നിരന്തരം പറങ്കികൾക്കെതിരെ കടലിലും, കരയിലും പട നയിച്ചു. കൊതുമ്പ് വള്ളങ്ങളിൽ മിന്നലാക്രമണം നടത്തി അപ്രത്യക്ഷമാകുന്ന കുഞ്ഞാലി മരക്കാര്‍മാരാരുടെ ഗറില്ലാ യുദ്ധതന്ത്രങ്ങൾക്ക് മുന്നില്‍ പറങ്കികൾ തീര്‍ത്തും നിസ്സഹായാരായി പോയി എന്നുള്ളതാണ് യാഥാർത്ഥ്യം. അക്കാലത്ത് ഈജിപ്ത്, തുര്‍ക്കി രാജ്യങ്ങളില്‍ നിന്ന് പോലും വ്യാപാര താല്‍പര്യങ്ങള്‍ക്കപ്പുറം സാമൂതിരിക്ക് ഉന്നത സൈനിക സഹായങ്ങൾ ലഭിച്ചിരുന്നുവത്രെ. ലോകത്തിന്റെ ഒരു പൊതുശത്രു എന്ന നിലയില്‍ പോര്‍ച്ചുഗലിനെതിരെ പടപൊരുതാൻ അവരും സാമൂതിരിക്കൊപ്പം ചേര്‍ന്നു എന്നുള്ളതാണ് യാഥാർത്ഥ്യം. മുസ്ലിം രാജാക്കന്മാരുടെ സൈനിക സഖ്യത്തിനിടയിലെ ഹിന്ദു രാജാവ് എന്നായിരുന്നു അന്ന് ലോകരാഷ്ട്രങ്ങളിൽ സാമൂതിരി അറിയപ്പെട്ടിരുന്നതു തന്നെ (മൂറിസ് കിങ്ങ്). ഇന്ത്യയിലെ ഏതൊരു നാട്ടുരാജ്യത്തിനും അവകാശപ്പെടാന്‍ കഴിയാത്തത്ര വിപുലമായിരുന്നു സാമൂതിരി രാജാവിന്റെ ഖ്യാതിയും അദ്ദേഹത്തിന് വേണ്ടി പടക്കളത്തിൽ പൊരുതി നിന്ന മുസ്ലീങ്ങളുടെ എണ്ണവും. പോര്‍ച്ചുലിലിനെ നേരിടാന്‍ തുര്‍ക്കിയിലെ ഖലീഫ പറഞ്ഞയച്ച ഈജിപ്ഷ്യൻ പട്ടാളക്കാര്‍ക്ക് കഴിയാന്‍ പൊന്നാനി വലിയ ജമാഅത്ത് പള്ളിക്കു സമീപം നിർമ്മിച്ച നമസ്കാര പള്ളി പ്രശസ്തമാണല്ലോ. ഇന്നുമത് 'മിസ്രി പള്ളി' എന്നപേരിലാണ് അറിയപ്പെടുന്നത് എന്നത് പ്രത്യേകം പ്രസ്താവനയർഹിക്കുന്നു.
കേരളത്തിൽ നിന്നും പറങ്കികളെ തുരത്തിയ ചാലിയം യുദ്ധം ഇതിലെടുത്ത് പറയാവുന്ന കാര്യമാണ്. തന്ത്രപ്രാധാന്യമുള്ള പ്രദേശമായിരുന്നു ചാലിയം. വടക്ക് ബേപ്പൂർ പുഴയും തെക്ക് കടലുണ്ടി പുഴയും പടിഞ്ഞാറ് അറബിക്കടലും അതിരിടുന്ന ദ്വീപ് പോലെ തോന്നിക്കുന്ന ചാലിയത്ത് അറബി കടലിലൂടെയുള്ള കച്ചവടക്കാരുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുവാനും ആക്രമിച്ച് തകർക്കാനും പറ്റിയ സുരക്ഷിത താവളം എന്ന നിലക്കാണ് 1531ൽ ഒരു കോട്ട പണിയാൻ പോർച്ചുഗീസുകാർ പ്രത്യേകം താൽപര്യമെടുത്തത്. ചാലിയം കോട്ട സാമൂതിരിയുടെ മുഴുവൻ വാണിജ്യത്തേയും ബാധിക്കുന്നതായിരുന്നു. സാമൂതിരിയുടെ രാജ്യത്തേക്ക് യുദ്ധം നയിക്കാനുള്ള ഒരു അടിത്തറയാണ് ഇതിലൂടെ പോർച്ചുഗീസുകാർക്ക് ലഭിച്ചത്. പോർച്ചുഗീസുകാരുടെ ചതിക്ക് പലതവണ ഇരയായിട്ടും വളരെ തന്ത്രപ്രധാനമായൊരു സ്ഥലത്ത് കോട്ടകെട്ടാൻ സാമൂതിരി അനുമതി നൽകിയത് അക്കാലത്തെ സാമൂതിരിയുടെ അമിത മദ്യസേവയും പ്രായാധിക്ക്യവും കാരണമായിരുന്നു എന്ന് ചരിത്രകാരന്മാര്‍ അനുമാനിക്കുന്നു. ചാലിയം യുദ്ധമായപ്പോഴേക്കും കോട്ട കെട്ടാൻ അനുമതി നൽകിയ സാമൂതിരിപ്പാട് മരണപ്പെട്ടു. തുടർന്ന് അധികാരത്തിലെത്തിയ അദ്ദേഹത്തിന്റെ അനന്തിരവൻ നമ്പ്യാതിരിയുടെ നേതൃത്വത്തില്‍ കുറ്റിച്ചിറ വലിയ പള്ളിയില്‍ യോഗം ചേരുകയും, രാജ്യം നേരിടുന്ന ഈ പോർച്ചുഗീസ് ക്രൂരതകൾക്കവസാനം കാണുന്നതിനായി ചാലിയം കോട്ട പിടിച്ചെടുക്കൽ അത്യന്താപേക്ഷിതമാണന്ന തീരുമാനത്തിലവർ എത്തിച്ചേരുകയും ചെയ്തു. ഈ സാമൂതിരിയുടെ നേതൃത്ത്വത്തിലാണ് 1571ൽ ചാലിയം യുദ്ധം നടക്കുന്നത്.
കുഞ്ഞാലി മരക്കാരുടെ നാവിക സൈന്യം കടലിൽ നിന്നും, സാമൂതിരിയുടെ നായർ കാലാൾ കരയിൽ നിന്നും ചാലിയം കോട്ട വളഞ്ഞു. പീരങ്കികളും വെടിക്കോപ്പുകളുമായി പറങ്കി സൈന്യം സാമൂതിരി സൈന്യത്തെ ശക്തമായി എതിരിട്ടു. യുദ്ധവും ഉപരോധവും 4 മാസം നീണ്ടു നിന്നു. കോട്ടക്കകത്ത് കുടുങ്ങിയ പോർച്ചുഗീസ് സൈനികർക്ക് ഭക്ഷ്യ ദൗർബല്യം നേരിടാൻ തുടങ്ങിയതോടെ അവരുടെ നില പരുങ്ങലിലായി. ഉപരോധം ഭേദിക്കാനെത്തിയ പോർച്ചുഗീസ് യുദ്ധക്കപ്പലുകളെ കുഞ്ഞാലി മരക്കാരുടെ സൈന്യം കനത്ത ആക്രമണത്തിൽ നശിപ്പിച്ചു. തുടർന്നുള്ള നാളുകളിൽ യുദ്ധഗതി മാറുകയും യുദ്ധത്തിൽ കോഴിക്കോട് സൈന്യം വിജയശ്രീലാളിതരാവുകയും ചെയ്തു. കോട്ടക്കകത്ത് കയറിയ സാമൂതിരിയുടെ സൈന്യം കീഴടങ്ങിയ മുഴുവൻ പോർച്ചുഗീസ് പടയാളികളെയും ബന്ധനത്തിലാക്കി. ശേഷം, ചാലിയം കോട്ട പൂർണ്ണമായും ഇടിച്ചു നിരത്തി നശിപ്പിക്കുവാനും, കോട്ടയുടെ വസ്തുക്കൾ പോർച്ചുഗീസുകാർ മുന്നേ നശിപ്പിച്ച പ്രദേശത്തെ പുഴക്കര പള്ളി, കുറ്റിച്ചിറയിലെ മിശ്കാൽ പള്ളി എന്നിവയുടെ പുനരുദ്ധാരണത്തിന് ഉപയോഗിക്കുവാനും സാമൂതിരി കൽപ്പിച്ചു. കോട്ടയുടെ നഷ്ടത്തോടെ മലബാർ തീരത്തെ പോർച്ചുഗീസ് സ്വാധീനം പൂർണ്ണമായും ഇല്ലാതായി. പതിനാറാം നൂറ്റാണ്ടിൽ കടലിലെ ലോകശക്തിയായി വിശേഷിപ്പിക്കപ്പെട്ട പോർച്ചുഗീസ് സൈന്യത്തിന്റെ ശക്തിദുർഗ്ഗം സഖ്യസൈന്യമില്ലാതെ ഒറ്റക്ക് കീഴ്പ്പെടുത്തിയ കോഴിക്കോടിന്റെ സൈനിക വീര്യം ലോകമൊട്ടുക്കും തന്നെ അന്ന് സംസാര വിഷയമായിരുന്നന്ന് കാണാം. ചാലിയം യുദ്ധവുമായി ബന്ധപ്പെട്ട് രചിക്കപ്പെട്ട ഫത്ഹുൽ മുബീൻ തുടങ്ങിയ കൃതികളിൽ സാമൂതിരിയേയും, ചാലിയം കോട്ട യുദ്ധത്തിൽ സാമൂതിരി നേടിയ വിജയത്തേയും വരച്ചു കാട്ടുന്നുണ്ട്.
പതിനാറാം നൂറ്റാണ്ടിലാണ് ഇന്ത്യയില്‍ മറ്റേതൊരു രാജ്യത്തിനും അവകാശപ്പെടാൻ കഴിയുന്നത്ര ശക്തമായ നാവികപ്പടയുടെ അവകാശികളായി അറക്കല്‍ രംഗപ്രവേശനം ചെയ്യുന്നത്. പിന്നീട്, ആ നാവിക ശക്തിയുടെ വീര്യത്തിലാണ് ലക്ഷദ്വീപ്, മാലദ്വീപ് മുതൽ ബംഗാള്‍ ഉള്‍ക്കടല്‍ വരെയുള്ള പ്രദേശം അറക്കലിനു കീഴെ വന്ന് ഭവിക്കുന്നതും. പോര്‍ച്ചുഗല്‍ ലോകത്തൊരിടത്തും അനുഭവിക്കാത്ത പ്രതിരോധമാണ് മലബാറിന്റെ മണ്ണില്‍ അന്നനുഭവിച്ചത് എന്ന് നിസ്സംശയം പറയാം. സാമൂതിരിയുടെ കുഞ്ഞാലി മരക്കാര്‍മാര്‍ നേതൃത്വം കൊടുക്കുന്ന നാവികപ്പടയും, അറക്കലിന്റെ നാവിക സൈന്യവും നിരന്തരം നടത്തിയ പോരാട്ടത്തിന്റെ ഫലം കൂടിയാണ് അവരെ ഗോവന്‍ തീരത്തേക്കാട്ടി പായിക്കാൻ കഴിഞ്ഞത്. അതായിരുന്നില്ല അന്ന് സംഭവിച്ചിരുന്നതെങ്കിൽ ഇന്നീ പ്രദേശം മുഴുവന്‍ ഗോവന്‍ നഗരങ്ങളെപോലെ പാശ്ചാത്യ സംസ്കാരത്തില്‍ ഗ്രസിച്ചില്ലാതായാകുമായിരുന്നു. പോര്‍ച്ചുഗലിന്റെ പിന്നാലെ വന്ന ഡച്ചുകാർക്കും അത്തരമൊരു അധോഗതിയാണിവിടെ സംഭവിച്ചത്. എന്നാൽ, അവര്‍ക്കേറ്റവും കൂടുതൽ പ്രതിരോധം നേരിടേണ്ടി വന്നത് കേരളത്തിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ വച്ചാണ്. 1741ൽ കുളച്ചലിൽ വച്ച്. അന്ന് തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന മാര്‍ത്താണ്ഡ വര്‍മ്മയുടെ സേനക്ക് മുന്നില്‍ ഡച്ചുകാർക്ക് അടിപതറുമ്പോൾ ഇന്ത്യയില്‍ വിദേശ സേനയോട് വിജയിച്ച രണ്ടാമത്തെ യുദ്ധമായി അത് മാറി.
ടിപ്പുവിന്റെ ആക്രമണത്തെ തുടർന്ന് രൂപപ്പെട്ട സവിശേഷതയായൊരു സാഹചര്യത്തിലാണ് കേരളത്തിന്റെ, പ്രത്യേകിച്ച് കോഴിക്കോടിന്റെ നാവിക പ്രാധാന്യത്തിന് അസ്തമയമുണ്ടാക്കുന്നത്. അതോടൊപ്പം അറക്കലിന്റെ നാവിക ശക്തി സൈനികപരമെന്ന നിലയില്‍ നിന്നും വ്യപാര താല്‍പര്യത്തിലേക്ക് മാറ്റപ്പെടുകയും ചെയതു. പിന്നീട്, ടിപ്പുവിന്റെ പതനത്തോടെ രംഗം കൈക്കലാക്കിയ ബ്രിട്ടീഷുകാർ സമ്പൂര്‍ണ്ണമായ സൈനിക രാഹിത്യമാണ് മേഖലയില്‍ ആദ്യമേ നടപ്പിൽ വരുത്തിയത്. അറക്കലിന്റെ ഉള്‍പ്പെടെയുള്ള കടൽ വ്യാപാരത്തിനു പോലും അവർ പിന്നീട് തടയിട്ടു എന്ന് കാണാൻ കഴിയും. ഒരുപക്ഷേ, ആ നാവിക ശക്തി കേരള തീരത്തെ സംരക്ഷിച്ചുകൊണ്ട് ബ്രിട്ടീഷ് കാലത്തും നിലനിന്നിരുന്നുവെങ്കിൽ ഈ നാടിന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നു എന്ന് നിസ്സംശയം പറയാം.
കേരളത്തിന്റെ വിദേശ ബന്ധങ്ങൾ
പോര്‍ച്ചുഗീസ് അധിനിവേശ കാലത്ത് സാമൂതിരി പൊന്നാനിയിലെ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമുമായി ബന്ധപ്പെടുകയും, ഇന്ത്യക്കകത്തും പുറത്തുമുള്ള മുസ്‌ലിം ഭരണാധികാരികളുടെ സഹകരണം തേടാന്‍ അദ്ദേഹത്തിന്റെ സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. സാമൂതിരിയുടെ നിര്‍ദ്ദേശ പ്രകാരം അദ്ദേഹം തുര്‍ക്കി സുല്‍ത്താനടക്കം പലര്‍ക്കും കത്തുകള്‍ എഴുതി. ഇന്ത്യക്ക് പുറത്തുള്ള മുസ്‌ലിം ഭരണാധികാരികളുടെ പിന്തുണ സാമൂതിരിക്ക് ലഭിക്കാനാണ് ശൈഖ് സൈനുദ്ദീന് ഒന്നാമന്‍ 'തഹ്‌രീള്' എന്ന അറബി കാവ്യവും, ശൈഖ് സൈനുദ്ദീന്‍ രണ്ടാമന്‍ 'തുഹ്ഫതുല്‍ മുജാഹിദീന്‍' എന്ന ചരിത്ര ഗ്രന്ഥവും, ഖാദി മുഹമ്മദ് 'ഫത്ഹുല്‍ മുബീന്‍' എന്ന ചാലിയം യുദ്ധ ചരിത്രവും രചിച്ചത്. പോര്‍ച്ചുഗീസ് അധിനിവേശത്തിന്റെ ആദ്യ നാളുകളില്‍ സാമൂതിരി-മുസ്‌ലിം രാജ്യ സഖ്യം രൂപപ്പെട്ട് വരുന്നതില്‍ ഇത്തരം രചനകള്‍ക്ക് വലിയ പങ്കുണ്ട്. ഈ പണ്ഡിത-പോരാളികളുടെ ശ്രമഫലമായാണ് ലോകത്തിലെ പ്രധാന മുസ്‌ലിം ഭരണാധികാരികള്‍ സാമൂതിരിയുമായി പോര്‍ച്ചുഗീസുകാര്‍ക്കെതിരെ സഖ്യമുണ്ടാക്കിയത്. ഈജിപ്ത്, പേര്‍ഷ്യ മുതലായ രാജ്യങ്ങളും കോഴിക്കോടും നയതന്ത്ര പ്രതിനിധികളെ കൈമാറിയിരുന്നു. ശൈഖ് സൈനുദ്ദീനും മരക്കാരുമാരുമെല്ലാം സാമൂതിരിയുടെ ദൂതന്‍മാരായി മുസ്‌ലിം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഗുജറാത്തിലെ സുല്‍ത്താന്‍ ബഹദൂര്‍ ഷാ, ബീജാപൂര്‍ സുല്‍ത്താനായ ആദില്‍ ഷാ, അഹമ്മദ് നഗര്‍ ഭരണാധികാരിയായ നൈസാം ഷാ തുടങ്ങിയവര്‍ പലപ്പോഴും പോര്‍ച്ചുഗീസുകാര്‍ക്കെതിരെ സാമൂതിരിയുമായി സഖ്യം ചെയ്തു. സാമൂതിരി ഈജിപ്തുകാരുടെ സഹായത്തോടുകൂടി വീരരായന്‍പണം എന്നപേരിൽ പണം അടിച്ചിറക്കിയിരുന്നു എന്നും ചരിത്രത്തിൽ നമുക്ക് കാണാൻ സാധിക്കും.
സാമൂതിരിമാരും കോഴിക്കോട്ടെ വിവിധ തുറകളിലുള്ള വണിക്കുകളും നടത്തിയ ബോധപൂര്‍വ്വമായ ഇടപെടലുകളിലൂടെയാണ് കോഴിക്കോട് സത്യത്തിന്റെ നഗരമായത് എന്ന് കാണാം. വിദേശരാജ്യങ്ങളില്‍നിന്നുമെത്തുന്ന ചരക്കുകള്‍ സൂക്ഷിക്കുന്നതിലും, കൈകാര്യം ചെയ്യുന്നതിലും ഭരണകൂടം പുലര്‍ത്തിയ ഈ കണിശത ഫ്രഞ്ച് സഞ്ചാരിയായ പിറാര്‍ദ് ദ ലവാല്‍ അദേഹത്തിന്റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. അതിങ്ങനെ.
"കടല്‍ തീരത്ത് രാജാവിന്റെ ഉദ്യോഗസ്ഥന്‍മാര്‍ക്കായി മൂന്ന് കെട്ടിടങ്ങളുണ്ട്. അവയില്‍ ഒന്നില്‍ കപ്പലിറക്കിയ ചരക്കുകള്‍ സൂക്ഷിക്കും. മറ്റൊന്നില്‍ ഇറക്കിയ സാധനങ്ങളുടെ എണ്ണവും തൂക്കവും പരിശോധിച്ച് ആ വിവരം എഴുതി വെക്കും. മൂന്നാമത്തേത് കണക്കെടുത്ത ശേഷം കൊണ്ടുപോയി ഇടാനുള്ള പാണ്ടികശാലയാണ്. ഓരോ വാതിലിലും ഓരോ പാണ്ടികശാലയിലും സൂക്ഷിച്ചുവെച്ചിട്ടുള്ള സാധനങ്ങളുടെ പേരുവിവരം പതിക്കും. ഓരോ മുറിക്കും ഈരണ്ട് താക്കോലുകള്‍കൊണ്ട് പൂട്ടുണ്ടാവും. ഒരു താക്കോല്‍ രാജാവിന്റെ ഉദ്യോഗസ്ഥനും മറ്റൊന്ന് ചരക്കിന്റെ ഉടമസ്ഥനും കൈവശം വെക്കുന്നതിനാല്‍ ആര്‍ക്കും ഒറ്റക്ക് മുറി തുറക്കാന്‍ പറ്റില്ല"
കേരളത്തിന്റെ സവിശേഷമായ ഭൂപ്രകൃതിയുടെ കാരണം കൊണ്ട് മാത്രമല്ല. മറിച്ച്, ചേരമാന്‍ പെരുമാളിന്റെ അറേബ്യന്‍ യാത്രയുടെ കഥയും ഒരു പരിധി വരെ കേരളത്തിന്റെ വിദേശ ബന്ധങ്ങളുടെ ദൃഢത വർദ്ധിപ്പിക്കാൻ കാരണമായെന്ന് പറയാൻ കഴിയും. 'വിദേശത്തു നിന്നും മടങ്ങി വന്നേക്കാവുന്ന തങ്ങളുടെ അമ്മാവൻ വരുന്നത് വരെ രാജ്യഭാരം ഏറ്റെടുക്കുന്നു' എന്നും പറഞ്ഞാണ് കോഴിക്കോട്ടെ സാമൂതിരി അടക്കമുള്ള രാജാക്കന്മാര്‍ അരിയിട്ടു വാഴ്ച്ചയെന്ന തങ്ങളുടെ അധികാരമേൽക്കല്‍ ചടങ്ങ് നടത്താറുള്ളത്. അതിന്റെ സ്വാധീനം കൊണ്ട് കൂടിയായിരിക്കാം അറബികളുമായുള്ള വ്യാപാരം കൂടുതൽ ശക്തിപ്പെട്ടതും കേവലമായ വാണിജ്യ താല്‍പര്യങ്ങള്‍ക്കപ്പുറമായി അത് വളര്‍ന്ന് പന്തലിച്ചതും. ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഇന്ത്യയിലെ തുറമുഖങ്ങളില്‍ വെച്ചേറ്റവും പ്രധാന്യം കോഴിക്കോടിനുണ്ടായിരുന്നു. കോഴിക്കോട് പട്ടണത്തിന്റെ സാമ്പത്തിക ഭദ്രതക്കും, സാമൂതിരിപ്പാടന്‍മാരുടെ പ്രൗഢിക്കും, പ്രതിഭക്കുമുള്ള കാരണം അറബികള്‍ മുഖാന്തരം അന്താരാഷ്ട്രതലത്തിലുള്ള കച്ചവടമായിരുന്നു. ഈ കച്ചവടത്തിന്റെ ഖ്യാതികൊണ്ടു മാത്രമാണ് പോര്‍ച്ചുഗീസുകാരും പിന്നീട് ഡച്ചുകാരും ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും ഇന്ത്യയില്‍ എത്തിച്ചേരുന്നത്.
സമൂഹിക മാറ്റങ്ങൾ ടിപ്പുവിന്റെ നേതൃത്വത്തിൽ
ഇതുവരെ പറഞ്ഞ് വന്നത് കേരളത്തിലെ രാഷ്ട്രീയ സമൂഹിക മണ്ഡലങ്ങളെ കുറിച്ചാണ്. എന്നാൽ, ഇതേസമയം മറ്റുചില രംഗങ്ങൾ പല കാരണങ്ങൾ കൊണ്ടും പുകഞ്ഞ് കൊണ്ടിരിക്കുകയായിരുന്നു. മത, സാംസ്കാരിക, ആചാര രംഗങ്ങളിലായിരുന്നു കൂടുതലും അത് പ്രകടമായിരുന്നത്. കേരളത്തിൽ ആര്യന്മാരുടെ കടന്ന് വരവിന് ശേഷമുണ്ടായ ഉച്ചനീചത്വങ്ങളുടേയും കീഴാള അടിമത്തത്തിന്റേതുമായ പരിസ്ഥിതിയിലേക്കാണ് മൈസൂര്‍ സുല്‍ത്താന്മാരുടെ കടന്നുവരുന്നത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ രാജ്യത്ത് ഒട്ടേറെ പുരോഗമനപരമായ പദ്ധതികള്‍ നടപ്പിലാക്കാന്‍ ടിപ്പുവിന് സാധിച്ചു. അതില്‍ പ്രധാനപ്പെട്ടതാണ് മലബാര്‍ മേഖലയിലെ സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായ പരിഷ്‌കാരങ്ങള്‍. കാലോചിതവും പുരോഗമനപരവും വൈദേശികാധിപത്യത്തെ ചെറുത്തുനിന്നുകൊണ്ടുമുള്ള അദ്ദേഹത്തിന്റെ ഭരണരീതി ശത്രുക്കളില്‍പ്പോലും മതിപ്പുളവാക്കാന്‍ പോന്നതായിരുന്നു. മൈസൂരിന്റെ 1799 മുതൽ 1792 വരെയുള്ള കേരള അധിനിവേശ കാലത്താണ് ഈ സമൂഹിക മാറ്റങ്ങള്‍ക്ക് കേരളം സാക്ഷിയായത്. വളരെ കുറഞ്ഞ കാലയളവിലാണെങ്കിലും അക്കാലത്തെ ഇന്ത്യയിലെ മറ്റേതൊരു നട്ടുരാജ്യങ്ങളിലെ സാഹചര്യങ്ങളേയും മുന്നില്‍ വെക്കുമ്പോൾ വിപ്ലവകരമായ മുന്നേറ്റമായിരുന്നു അതൊക്കെയെന്ന് പറയാതിരിക്കാന്‍ കഴിയില്ല.
നമ്പൂതിരി-നായര്‍ കുടുംബങ്ങളില്‍ വ്യാപകമായിരുന്ന സംബന്ധം, നായര്‍-കീഴാള കുടുംബാംഗങ്ങളിലെ ബഹുഭര്‍തൃത്വം, അവയില്‍ നിന്നും രൂപപ്പെട്ട പിതാക്കളാരന്ന് തിരിച്ചറിയാൻ കഴിയാത്ത തലമുറകൾ, നമ്പൂതിരി സ്ത്രീകളല്ലാത്തവർക്ക് മാറു മറക്കാനുള്ള സ്വതന്ത്രമില്ലായ്മ തുടങ്ങിയ ജീവിത സാഹചര്യം കാരണം സ്ത്രീയെന്നത് പുരുഷന്റെ ആസ്വാദനത്തിനും ഉപഭോഗത്തിനും മാത്രമുള്ളതാണെന്നും, 'തന്തയില്ലായമ' എന്നത് അപമാനകരമായ ഒരു സംഗതിയേ അല്ലന്നുമുള്ള സ്ഥിതിയിലേക്ക് കേരളീയ സാമൂഹിക ചുറ്റുപ്പാട് മാറ്റപ്പെട്ടിരുന്നു. നമ്പൂതിരി മേലാളന്മാരുടെ ഭൂമിക്ക് മുകളിലുള്ള കുത്തകാവകാശം, ലഹരി പദാര്‍ഥങ്ങളുടെ അമിതോപയോഗം, തൊട്ടലും തീണ്ടലും തുടങ്ങി 'നിയമ' ലംഘിക്കുന്നവർക്ക് നല്‍കുന്ന ക്രൂരവും അവിവേകമായ ശിക്ഷാ രീതികള്‍ വരെ കേരളീയ പൊതുമണ്ഡലത്തെ മലിനമാക്കി.
ഈ സാഹചര്യത്തിലേക്കാണ് മൈസൂരിന്റെ ആഗമനം സംഭവിക്കുന്നത്. അവർ ബഹുഭര്‍തൃത്വം നിരോധിക്കുകയും, കേരളീയ സാമൂഹ്യഘടന സമൂലമായി പുനസംഘടിപ്പിക്കുന്നതില്‍ അതീവ ജാഗ്രത പുലര്‍ത്തുകയും ചെയ്തു. മാറ് മറക്കാതെയുള്ള സ്ത്രീകളുടെ സാമൂഹ്യജീവിതം, യൗവ്വന യുക്തകളായ സ്ത്രീകളെ വീട്ടുപണിക്ക് നിര്‍ത്തുന്ന രീതി തുടങ്ങിയവ സദാചാര നിഷ്ഠ തകര്‍ക്കുന്ന എല്ലാതരം ജാതീയാചാരങ്ങളും അവർ 1788ലെ കുറ്റിപ്പുറം വിളംബരത്തോടെ നിര്‍ത്തലാക്കി. മുന്‍കാലങ്ങളില്‍ നടത്തിയിരുന്ന കലാപങ്ങളെല്ലാം അവസാനിപ്പിച്ച് സമാധാനത്തിന്റെ മാര്‍ഗ്ഗം സ്വീകരിക്കാനും, നികുതികളെല്ലാം യഥാസമയം ഒടുക്കി നല്ല പ്രജകളായി ജീവിതം നയിക്കാനും ടിപ്പു അവരെ ഉദ്ബോധിപ്പിക്കുന്നുണ്ട്. അപരിഷ്‌കൃതവും, സദാചാരബോധത്തിനു നിരക്കാത്തതുമായ സകല അനാചാരങ്ങളും ഉപേക്ഷിച്ച് പരിഷ്‌കൃതനായ മനുഷ്യനെപ്പോലെ ജീവിക്കേണ്ടതിന്റെ ആവശ്യകത ടിപ്പു വിളംബരത്തില്‍ എടുത്ത് പറയുന്നു. മലബാറിലെ വയനാടന്‍ പ്രദേശത്തും, മറ്റുമലയോര മേഖലകളിലുമുള്ള ഗിരിവര്‍ഗക്കാര്‍ പൂര്‍ണനഗ്നരായാണ് കഴിഞ്ഞുകൂടുന്നതെന്നു മനസ്സിലാക്കിയ സുല്‍ത്താന്‍ മൂപ്പനെ വിളിച്ചുപദേശിക്കുകയും ദാരിദ്ര്യമാണ് കാരണമെങ്കില്‍ സൗജന്യത്തുണി വിതരണം ഏര്‍പ്പാടാക്കാമെന്ന് വാക്ക് കൊടുക്കുകയും ചെയ്യുന്ന സംഭവവും നമുക്ക് ചരിത്രത്തിൽ നിന്നും വായിച്ചെടുക്കാൻ കഴിയും.
ധാര്‍മികതയുടെ തകര്‍ച്ചക്ക് മുഖ്യകാരണമായ മദ്യവും ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും 1787ഓടെ അദ്ദേഹം കര്‍ശനമായി നിരോധിച്ചു. രാജ്യത്തൊരു സമ്പൂര്‍ണ്ണ ഭൂസര്‍വ്വേ നടത്തി അന്യായമായ കൈവശഭൂമി കണ്ടുകെട്ടി പുതിയ നികുതി നിര്‍ണയം നടത്തി. കാര്‍ഷികരംഗത്ത് പ്രത്യേക ആജ്ഞകള്‍ പുറപ്പെടുവിച്ച് പല പരിഷ്‌കാരങ്ങളും അദ്ദേഹം നടപ്പാക്കി. മലബാറില്‍ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ജെമീന്താരി സമ്പ്രദായത്തിന്റെ പകര്‍പ്പായ ജന്മി സമ്പ്രദായത്തിനാണ് ഇതുമുഖേന ഉലച്ചില്‍ പറ്റിയത്. കൃഷിഭൂമിയില്‍ ടിപ്പു സുല്‍ത്താന്‍ ആരംഭിച്ച ഉല്‍പ്പാദന വിപ്ലവം മലബാറിലെ ജന്മിമാരുടെ ശക്തമായ എതിര്‍പ്പാണ് ഉയര്‍ത്തിവിട്ടത്. കൃഷിക്കാര്‍ക്ക് വാര്‍ഷിക കടം കൊടുക്കുക, ഫലസമൃദ്ധി തിട്ടപ്പെടുത്തി നികുതി നിശ്ചയിക്കുക, ഭൂമിയുടെ ഉടമസ്ഥാവകാശം നിശ്ചയിച്ചുറപ്പിക്കുക, വിനാശം വരുമ്പോള്‍ നികുതി ഇളവ് ചെയ്തുകൊടുക്കുക, അറ്റാദായത്തിന്റെ ചെറിയ ശതമാനം നികുതിയായി അടക്കുവാന്‍ അനുമതി നല്‍കുക എന്നിവയായിരുന്നു കാര്‍ഷിക പരിഷ്‌കാരങ്ങളില്‍ ചിലത്.
ഈ കാലത്ത് മലബാറിലുണ്ടായ സാമ്പത്തിക പുരോഗതി ബ്രിട്ടീഷ് ചരിത്രകാരന്‍ എഡ്‌വേഡ് മൂര്‍ രേഖപ്പെടുത്തുന്നു.
''മലബാറിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ സമൃദ്ധമായ കൃഷിസ്ഥലങ്ങള്‍ കാണാം. ഇവിടുത്തെ പട്ടണങ്ങളിലെ ജനത്തിരക്കും, സാമ്പത്തികാഭിവൃദ്ധിയും കാണുമ്പോള്‍ പ്രഗത്ഭനായ ഒരു ഭരണാധിപന്റെ കീഴിലുള്ള രാജ്യമാണിതെന്ന് വേഗത്തില്‍ ബോധ്യപ്പെടും''
ടിപ്പുവിന്റെ മലബാര്‍ വിജയം സാമ്പത്തികവും സാമുദായികവുമായ പരിവര്‍ത്തനങ്ങള്‍ക്ക് കാരണമായി. അക്കാലത്ത് ഇന്ത്യയില്‍ മുഴുക്കെയും വ്യാപകമായിരുന്ന ബ്രാഹ്മണിക്കൽ മേല്‍ക്കോയ്മയെ തുടച്ചുമാറ്റാനും, അനാചാരങ്ങളും, ഉച്ഛനീചത്വങ്ങളും ഇല്ലായ്മ ചെയ്യാനും ഇത് സഹായകമായി എന്ന് കരുതാം. ജന്മിത്വത്തിന് അയവുവന്നതോടെ മാപ്പിളമാരുൾപ്പെടെയുള്ള താഴെ തട്ടിലുള്ള ജനങ്ങൾ ഭൂസ്വത്തിനുടമകളായിത്തീരുകയും ചെയ്തു. ടിപ്പു എയ്തുവിട്ട സാമൂഹ്യ പരിഷ്‌കരണത്തിന്റെ ഫലങ്ങള്‍ ജാതി അധീശത്വത്തിന്റെ ഉന്മൂലനമായും, റോഡുകളായും, കാര്‍ഷിക രംഗത്തെ പുരോഗതിയുമൊക്കെയായി ഇപ്പോഴും കേരള മോഡലുകളായിവിടെ നിലനില്‍ക്കുന്നു.
ഒന്നാം സ്വതന്ത്രസമര കാലത്തെ കേരളം
ഉത്തരേന്ത്യയിലെ വിവിധ നാട്ടുരാജാക്കന്മാരായ നവാബുമാർ, റാണമാർ, റാണിമാർ തുടങ്ങിയവർ അവശിഷ്ട മുഗള്‍ ഭരണത്തിന്റെ നേതാവായ ബഹദൂര്‍ഷാ സഫറിന്റെ നേതൃത്വത്തില്‍ നടത്തിയ ഐതിഹാസികമായ പോരാട്ടമായി പരിഗണിക്കുന്ന സമരമാണ് ഒന്നാം ഇന്ത്യൻ സ്വതന്ത്രസമരമെന്ന് പുകൾപ്പെറ്റ ശിപായി ലഹള. മലപ്പുറം വലിയങ്ങാടി പള്ളിയിലെ ഖത്തീബായിരുന്ന ഇമ്പിച്ചി കോയ തങ്ങൾ വെള്ളിയാഴ്ച പ്രഭാഷണത്തില്‍ ഉത്തരേന്ത്യയിലെ വിവിധ നഗരങ്ങളില്‍ ശക്തമായി മുന്നേറികൊണ്ടിരുന്ന ആ പോരാട്ടത്തെക്കുറിച്ച് പ്രസ്താവിച്ചിരുന്നു. രാജ്യത്തിന് വേണ്ടി പോരാടികൊണ്ടിരിക്കുന്ന സമരസേനാനികളുടെ ആയുരാരോഗ്യത്തിന് വേണ്ടിയും, കൊളോണിയല്‍ ശക്തികളുടെ തോല്‍വിക്കു വേണ്ടിയും അന്നവിടെയവർ പ്രാര്‍ത്ഥിച്ചിരുന്നു എന്നും ചരിത്രത്തിൽ കാണാൻ സാധിക്കും. അക്കാലത്തു തന്നെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബ്രിട്ടീഷ് വിരുദ്ധവും സ്വാതന്ത്ര്യാഗ്രഹത്തിൽ അധിഷ്ഠിതവുമായ മുന്നേറ്റങ്ങള്‍ ആരംഭിച്ച് കഴിഞ്ഞിരുന്നു. ഡച്ചുകാര്‍ക്കും പോര്‍ച്ചുഗീസുകാര്‍ക്കും എതിരായ തദ്ദേശീയ പോരാട്ടങ്ങളെ മുന്നില്‍ നിന്നും നയിച്ച പാരമ്പര്യമാണ് കേരളത്തിനതുവരെ ഉണ്ടായിട്ടുള്ളതെന്ന് കാണാൻ കഴിയും. മതപരവും വിശ്വാസപരവുമായി സങ്കീര്‍ണ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതോടൊപ്പം തന്നെ സ്വസ്ഥമായ സാമൂഹിക നിലനില്‍പ്പ് അസാധ്യമാക്കുകയും ചെയ്യുന്ന ബാഹ്യമായ ഇടപെടല്‍ എന്ന നിലക്കാണ് കേരളം ഈ വിദേശാധിനിവേശ നീക്കങ്ങളെ കണ്ടുവന്നിട്ടുള്ളത്. രാഷ്ട്രീയവും മതവും വിശ്വാസവും കൂടിക്കുഴയുന്ന നിരവധിയായ പോരാട്ടങ്ങളാണ് അവർ ഡച്ചുകാര്‍, പോര്‍ച്ചുഗീസുകാര്‍ തുടങ്ങി ബ്രിട്ടീഷുകാര്‍ വരെയുള്ളവർക്കെതിരെ നടത്തേണ്ടിവന്നത്. ആ പോരാട്ടങ്ങളുടെ തുടര്‍ച്ച തന്നെയായിരുന്നു ബ്രിട്ടീഷുകാര്‍ക്കെതിരായ നീക്കങ്ങളും.
അക്കാലത്തെ കേരളത്തിന്റെ സവിശേഷമായ സാഹചര്യം കണക്കിലെടുത്ത് മാത്രമേ അതിലെ ഉന്നതമായ കേരള മോഡലിനെ അഥവാ മാതൃകയെ നമുക്ക് വായിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. ബ്രിട്ടീഷ് സാമാന്തന്മാരായി തങ്ങളുടെ രാജ്യം ഭരിച്ച് വന്നിരുന്ന തിരുവിതാംകൂര്‍ രാജ്യത്തിനും, കൊച്ചി രാജ്യത്തിനും ബദലായി മലബാര്‍ പ്രദേശത്തിന് ഒഴുക്കിനെതിരെ നീന്തിയ പാരമ്പര്യമാണ് അവകാശപ്പെടാനുള്ളത്. പ്രദേശത്തെ സമര പ്രവര്‍ത്തനങ്ങളിൽ മലബാറിലെ നാട്ടു രാജാക്കന്മാര്‍ പോലും പങ്കാളികളായി എന്നുള്ളത് എടുത്ത് പറയത്തക്ക സവിശേഷതയാണ്. അവരുടെ കൂടെ മുസ്ലിം പണ്ഡിത നേതൃത്വവും അവരാൽ പ്രചോദിതരായ സാധാരണക്കാരും അണിനിരന്നു. അത് കൊണ്ട് തന്നെ ആ കാലത്തിന്റെ വായന അധിനിവേശ ശക്തികള്‍ക്കെതിരെ മുസ്ലിങ്ങൾ നടത്തിയ പോരാട്ടങ്ങളുടെ നിറം പ്രകടമാകുന്നത് യാദൃശ്ചികമല്ല. വെളിയങ്കോട് ഉമര്‍ഖാദിയെ പോലുള്ള ധീര ദേശാഭിമാനികൾ ഈ കാലയളവില്‍ ബ്രിട്ടീഷ് സര്‍ക്കാരിന് തലവേദന സൃഷ്ടിച്ച് മുന്നേറി. പട്ടിണിയും ദാരിദ്ര്യവും കാരണം കഷ്ടപ്പെട്ട് ജീവിക്കുന്ന മാപ്പിളമാര്‍ക്ക് നികുതി പീഢനം ഏര്‍പ്പെടുത്തിയ ബ്രിട്ടീഷ് ഗവണ്‍മെന്‍റിനെതിരെ അദ്ദേഹം ശബ്ദിക്കുകയും, ഗാന്ധിജിക്ക് മുന്നേ നികുതി നിഷേധ പ്രസ്ഥാനം ആരംഭിക്കുകയും ചെയ്തു. തന്‍റെ ഭൂമിക്ക് മറ്റൊരാള്‍ക്ക് എന്തിന് നികുതി കൊടുക്കണം എന്നായിരുന്നു ഉമര്‍ ഖാളിയുടെ ഭാഷ്യം. അദ്ദേഹത്തെ കൂടാതെ, അധിനിവേശ കാല്‍വെപ്പുകള്‍ക്കെതിരെ പോരാടിയ അക്കാലത്തെ വീരയോദോദ്ധാക്കള്‍ അനേകമാണ്. ദേശസ്നേഹം എന്നത് ഏതൊരു പൗരനും അവകാശമാണ്. എന്നാല്‍ മുസ്ലിം പോരാളികള്‍ക്കത് ആവേശമായിരുന്നു. അധിനിവേശ പടയുടെ കണ്ണിലെ കരടായിരുന്ന എളംപുതുശ്ശേരി മൂസ ഒന്നാം സ്വാതന്ത്ര്യസമര കാലത്തെ മായ്ക്കപ്പെടാൻ കഴിയാത്ത സാന്നിദ്ധ്യമാണ്.
നിലക്കാത്ത അധിനിവേശ വിരുദ്ധ പോരാട്ടങ്ങൾ
മമ്പുറം തങ്ങന്മാരുടെ ധീരമായ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളിലൂടെ കടന്ന് പോയി 1921ലെ ഐതിഹാസികമായ മലബാര്‍ സമരത്തിലെത്തി നില്‍ക്കുമ്പോഴും കേരളത്തിന്റേതായി മാത്രമുള്ള പല സവിശേഷതകളുമതിൽ വായിച്ചെടുക്കാൻ കഴിയും. ഒന്നാം ലോക മഹായുദ്ധത്തിലെ മുസ്ലിം പ്രാതിനിധ്യത്തിന് ബ്രിട്ടീഷുകാർ നല്‍കിയ വാഗ്ദാനമായിരുന്നു മുസ്ലീങ്ങളുടെ ആത്മീയ രാഷ്ട്രീയ ഗേഹമായിരുന്ന ഇസ്താംബുളിലെ ഖിലാഫത്തിനെ ഞങ്ങളൊരു സാഹചര്യത്തിലും ഉലച്ചിൽ തട്ടിക്കുകയില്ല എന്ന ഉറപ്പ്. എന്നാൽ, യുദ്ധാനന്ദരം ഖിലാഫത്തിനെ മുച്ചൂടും തകർത്തു എന്നു മാത്രമല്ല അതിന്റെ കീഴിലുണ്ടായിരുന്ന മുഴുവന്‍ പ്രദേശങ്ങളും സഖ്യകക്ഷികള്‍ പങ്കിട്ടെടുക്കുകയാണുണ്ടായത്. ഇസ്ലാമിക ലോകത്ത് വിപുലമായ അധികാരമുണ്ടായിരുന്ന ഖലീഫയെ സ്ഥാനഭംഗം വരുത്തി, പകരം മതവിരുദ്ധരായ ഒരു വിഭാഗത്തെ തലസ്ഥാനത്തേക്കാനയിച്ച് സാമ്രാജ്യത്വം അതിന്റെ സ്വതസിദ്ധമായ വിശ്വസ വഞ്ചന തുടർന്നു. അതിനെതിരിൽ രൂപപ്പെട്ടൊരു പ്രതികാരം എന്ന നിലയിലാണ് ഇന്ത്യയുടെ സ്വതന്ത്രം മാത്രം ലാക്കാക്കി 1921ലെ സമരം രൂപപ്പെടുന്നത്. വിദേശിയമായ ഒരു പ്രചോദനത്തിൽ നിന്നും രൂപപ്പെട്ട സ്വദേശിയമായൊരു സ്വതന്ത്ര ദാഹമായിരുന്നു അതെന്ന് ഒറ്റവരിയിലതിനെ സൂചിപ്പിക്കാം.
അങ്ങ് തുര്‍ക്കിയില്‍ നടന്ന ഒരു സംഭവ വികാസത്തെ പോലും എങ്ങനെയാണ് കേരളത്തെ ജനങ്ങൾ അവര്‍ക്കും രാജ്യത്തിനും അനുകൂലമായ സാഹചര്യം രൂപപ്പെടുത്താൻ ഉപയോഗപ്പെടുത്തിയതെന്ന കാര്യം ഇന്ത്യയെ സംബന്ധിച്ച് വലിയ മാതൃക തന്നെയാണ്. വിദേശ വ്യപാര ശൃംഖലയുമായി ചേര്‍ന്ന് നിന്ന ഒരു വലിയ പാരമ്പര്യം അവകാശപ്പെടാനുള്ളതു കൊണ്ടോ കേരളത്തിന്റേതായ ഭൂപ്രകൃതിയുടെ സവിശേഷത കൊണ്ടോ മാത്രമല്ല അങ്ങനെ സംഭവിച്ചത്. മറിച്ച്, ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിൽ നിന്നും വെത്ത്യസ്ഥമായി ലോകത്തിന്റെ വിശാലതക്കൊപ്പം ചേര്‍ന്നു നില്‍ക്കാനുള്ള കേരളീയ സമാജത്തിന്റെ സവിശേഷമായ സ്വഭാവം കൊണ്ടു കൂടിയാണങ്ങനെ സംഭവിച്ചതെന്ന് കാണാൻ കഴിയും.
1921മായി ബന്ധപ്പെട്ട ചരിത്ര വായനയിൽ ഒരിക്കലും വിട്ടു കളയാന്‍ പാടില്ലാത്ത അധ്യായമാണ് 'മലയാള രാജ്യ'മെന്ന ഷഹീദ് സുല്‍ത്താന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തുടക്കം കുറിച്ച സ്വതന്ത്ര രാഷ്ട്രം. 1921 ആഗസ്റ്റ് മുതൽ 1922 ഫിബ്രവരി വരെ മലബാർ കേന്ദ്രീകരിച്ച് 5200 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയിൽ നിലനിന്നിരുന്ന ഒരു രാജ്യമോ സ്വയംഭരണ പ്രദേശമോ ആയിരുന്നു മലയാള രാജ്യം. ഏറനാട്ടിൽ പൊട്ടിപ്പുറപ്പെട്ട വിമോചന വിപ്ലവത്തെ തുടർന്ന് ബ്രിട്ടീഷുകാരുടെ അധീനതയിൽപ്പെട്ട മദ്രാസ് പ്രെസിഡെൻസിയിലെ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകളിലെ ഇരുന്നൂറ്റമ്പത്തി ആറോളം വില്ലേജുകൾ കേന്ദ്രീകരിച്ച് പിറന്ന ഈ സ്വതന്ത്ര രാജ്യത്തിന്റെ യഥാർത്ഥ നാമം 'ദൗലത്തുൽ ഖിലാഫ'യാണെന്നാണ് കൊളോണിയൽ രേഖകൾ വാദിക്കുന്നത്. മുപ്പത് രാഷ്ട്രങ്ങളിലായി വ്യാപിച്ചു കിടന്നിരുന്ന സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്നും ജനകീയ സായുധ പോരാട്ടത്തിലൂടെ വിഘടിച്ച് സ്വയംഭരണം നടത്തിയ ആദ്യത്തേതും അവസാനത്തേതുമായ ഒരു ദേശമെന്ന നിലയില്‍ മലയാള രാജ്യം കേരള മോഡലിന്റെ മകുടോദാഹരണം തന്നെ ആയിരുന്നെന്ന് പറയാതിരിക്കാൻ കഴിയില്ല. ബ്രിട്ടീഷ് സംവിധാനത്തിന് സമാനമായ കലക്ടർ, ഗവർണർ, വൈസ്രോയി, രാജാവ് തുടങ്ങിയ അധികാര കേന്ദ്രങ്ങളിലൂടെയായിരുന്നു ഭരണ നിവ്വഹണം മുന്നോട്ട് കൊണ്ടുപോയിരുന്നത്. കൂടാതെ, രാജ്യത്തിന് സ്വന്തമായി സേനയും, പരിശീലനകേന്ദ്രവും, അതിർത്തി രക്ഷാ സംവിധാനങ്ങളും, നികുതി കേന്ദ്രവും, ഭക്ഷ്യസംഭരണ കേന്ദ്രങ്ങളും, പോലീസും കോടതിയുമടങ്ങുന്ന നിയമ നീതി സംവിധാനങ്ങളും, പാസ്പോർട്, കറൻസി, പതാക പോലുമുണ്ടായിരുന്നു എന്നതിൽ നിന്നും ഈ രാഷ്ട്ര സംവിധാനത്തിന്റെ ആഴം എത്രത്തോളമുണ്ടായിരുന്നെന്ന് മനസ്സിലാക്കാൻ കഴിയും.
സ്വയം ഭരണം പ്രഖ്യാപിക്കപ്പെട്ട് ആറുമാസം പൂർത്തിയാകുന്നതിന് മുമ്പേ ഈ പ്രദേശങ്ങൾ തിരിച്ചു പിടിച്ചു ബ്രിട്ടീഷ് ഇന്ത്യയിൽ ലയിപ്പിക്കാൻ വെള്ളക്കാർക്കായെങ്കിലും, കേരള ജനതയുടെ ധീരതയെ പ്രതിരോധിക്കാൻ ഇംഗ്ലീഷ് പട്ടാളത്തിന്റെ പാതിഭാഗത്തെ തന്നെയും അന്നിവിടെ നിയോഗിക്കപ്പെട്ടിരുന്നു എന്നുള്ളത് മലബാറിന്റെ പോരാട്ട വീര്യത്തേയാണ് സൂചിപ്പിക്കുന്നത്. ഡോർസെറ്റ്, കരെൻ, യനിയർ, ലിൻസ്റ്റൺ, രജതപുത്താന, ഗൂർഖ, ഗർവാലെ, ചിൻ കച്ചിൻ തുടങ്ങി എണ്ണം പറഞ്ഞ ബ്രിട്ടീഷ് സൈനിക റെജിമെന്റുകൾ മുഴുവനന്ന് മലബാറിലെത്തി. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ബ്രിട്ടീഷ് സാമ്രാജ്യം നടത്തിയ ഏറ്റവും വലിയ സൈനിക നീക്കമായിയാതിനെ കണക്കാക്കുന്നവരുമുണ്ട്. അന്ന് മലയാള രാജ്യത്തിന്റെ നേതാക്കന്മാർ ഒന്നൊഴിയാതെ ബ്രിട്ടീഷ് സൈന്യത്താൽ കൊല്ലപ്പെട്ടുവെങ്കിലും, സമാന്തര ഭരണകൂടം നിർമ്മിക്കാൻ സഹായിച്ചതിന്റെ പേരില്‍ ദീര്‍ഘകാലം ജയിൽവാസത്തിന് വിധേയരായ വ്യക്തികളുടെ പേരു വിവരങ്ങൾ കേട്ടാല്‍ 1921ന്റേയോ മലയാള രാജ്യത്തിന്റെയോ ഉള്ളടക്കം വര്‍ഗ്ഗീയമാണന്നൊരിക്കലും പറയാൻ കഴിയില്ല. എടപ്പോള കുട്ടൻ പണിക്കർ, ചേനപ്ര അച്ചു പണിക്കർ, വലിയവീട്ടിൽ അച്ചു പണിക്കർ, പെരുമനത്ത് അഷ്ടമൂർത്തി നമ്പൂതിരി, വൈക്കോത്ത് ദാമോദര പണിക്കർ, അച്ചുള്ള കേശവൻ നായർ, വേഴപ്പള്ളി കോരുനായർ, കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാർ, പൂക്കോട്ടൂർ കുഞ്ഞിക്കോയ തങ്ങൾ, ഒടയപുറത്ത് ചേക്കുട്ടി സാഹിബ്, മോഴകുന്നത് ബ്രഹ്മദത്തൻ നമ്പൂതിരി, എം പി നാരായണമേനോൻ തുടങ്ങി വെത്ത്യസ്ഥ മതത്തിന്റെ ഭാഗമായിരുന്നവർ അതിന്റെ ഭാഗമായിരുന്നെന്ന് കാണാൻ കഴിയും.
ആധുനികതയിലെ കേരള മോഡലുകൾ
ഉത്തര കേരള പ്രദേശത്ത് അഥവാ മലബാര്‍ ജില്ലകളിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള സുസംഘടിതമായ സമരപ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ട് പോയിരുന്ന അതേ കാലയളവില്‍ തന്നെ തിരുവിതാംകൂര്‍-കൊച്ചി മേഖലയിലെ ജനജീവിതം സമൂലമായ മാറ്റങ്ങൾക്ക് വിധേയമായികൊണ്ടിരിക്കുകയായിരുന്നു. ഇന്നത്തെ കേരളത്തെ രൂപപ്പെടുത്തിയതിന്റെ അടിത്തറയാകാൻ നിയോഗിക്കപ്പെട്ട അതിലെ നിരവധി പുരോഗമനപരമായ കാര്യങ്ങൾ കേരള മാതൃകയുടെ അല്ലെങ്കിൽ മോഡലിന്റെ മകുടോദാഹരണങ്ങൾ തന്നെയായിരുന്നു. തിരുവിതാംകൂര്‍ രാജാക്കന്മാരായ മാര്‍ത്താണ്ഡ വര്‍മ്മ മുതലിങ്ങോട്ടുള്ള അനേകം ഭരണാധികാരികളിലൂടെയാണ് അതീദേശത്ത് സാധ്യമായത്. കേരളത്ത് ഒരു വശത്ത് ബ്രിട്ടീഷുകാർക്കെതിരിൽ സന്ധിയില്ലാ സമരം മുന്നോട്ട് പോയികൊണ്ടിരിക്കുമ്പോൾ തന്നെ മറ്റൊരു വശം ബ്രിട്ടീഷുകാരുടെ സഹകരണത്തോടെ സമൂലമായ സാമൂഹിക മാറ്റത്തിന് പത്രമായികൊണ്ടിരിക്കുകയായിരുന്നു എന്ന് വേണമെങ്കിൽ കരുതാം. അതിന്റെ രാഷ്ട്രീയമായ വിലയിരുത്തലുകൾ മറ്റൊരു വിഷയമാണ്.
സ്വാതിതിരുനാൾ മഹാരാജാവിന്റെ കാലത്ത് 1834ല്‍ തന്നെ തിരുവിതാംകൂറിൽ ഇംഗ്ലീഷ് വിദ്യാലയങ്ങളും ധർമ്മാശുപത്രിയും തുടക്കം കുറിച്ചിരുന്നു. അതിനെ തുടർന്ന് രാജ്യത്തെ നിരവധി പ്രദേശങ്ങളിൽ ആശുപത്രികളും വിദ്യാലയങ്ങളും തുറക്കപ്പെട്ടു. ആയുരാരോഗ്യ രംഗത്തെ കേരളത്തിന്റെ ഇന്നത്തെ കുതിപ്പിന്റെ തുടക്കം അവിടെ നിന്നുമായിരുന്നു എന്ന് കരുതാം. അതേകാലയളവില്‍ 1837ലാണ് തിരുവനതപുരത്തൊരു വാനനിരീക്ഷണ കേന്ദ്രം സ്ഥാപിക്കപ്പെടുന്നത്. ശാസ്ത്രീയാന്വേഷണ രംഗത്ത് യൂറോപ്യന്‍ രാഷ്ട്രങ്ങളോടൊപ്പം കിടപിടിക്കത്തക്ക പുരോഗതിയായാണ് ചരിത്രം അതിനേയും അതിനെ തുടർന്നുണ്ടായ ശാസ്ത്രീയ ഗവേഷണങ്ങളേയും വിലയിരുത്തുന്നത്. സ്വാതിതിരുനാളിനു ശേഷം പിന്‍ഗാമി ഉത്രംതിരുനാളിന്റെ കാലത്താണ് അടിമത്തം നിര്‍ത്തലാക്കികൊണ്ടും വസ്ത്രധാരണത്തിന് പരിപൂര്‍ണ്ണാവകാശം ഇല്ലാതിരുന്ന ജാതികാർക്ക് അതിനുള്ള അവകാശം നല്‍കിയും ഉത്തരവാകുന്നത്. 1855 മുതൽ 1924 വരെ ഭരിച്ചിരുന്ന ശ്രീമൂലം തിരുനാളിന്റെ കാലത്ത് അനേകം കലാലയങ്ങളും പള്ളിക്കൂടങ്ങളും ദക്ഷിണ കേരളത്ത് സ്ഥാപിക്കപ്പെട്ടു. ഇവിടുത്തെ വിദ്യാഭ്യാസ രംഗം ബ്രിട്ടീഷ് ഇന്ത്യയിലേക്കാൾ മികച്ചതാണന്ന് 1920ല്‍ തിരുവിതാംകൂര്‍ സന്ദര്‍ശിച്ച ജവഹര്‍ലാല്‍ നെഹ്‌റു അഭിപ്രായപ്പെട്ടത് ഇതോടൊപ്പം കൂട്ടി വായിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ ജനകീയ നിയമ നിര്‍മ്മാണ സംവിധാനമായ ശ്രീമൂലം അസംബ്ലിയും രൂപപ്പെടുന്നത് ഈ കാലയളവില്‍ തന്നെയാണ്. പിന്നീട്, ക്ഷേത്ര പ്രവേശ വിളംബരം, വ്യവസായ-കാര്‍ഷിക പുരോഗതികൾ, പൊതുഗതാഗത രംഗത്തെ കുതിപ്പ് തുടങ്ങിയവയൊക്കെ കേരളം കണ്ടു. ഒടുവില്‍, സ്വതന്ത്രന്ത്യയിലെ നിരവധി നാടകീയ മുഹൂര്‍ത്തങ്ങൾക്കൊടുവിൽ കേരള സംസ്ഥന രൂപീകരണവും, അവിടെ ലോക ചരിത്രത്തിലാദ്യമായി ബാലറ്റ് പേപ്പറിലൂടെ ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാർ അധികാരത്തിലേറുന്നതിനും നമ്മൾ സാക്ഷിയായി.
ഇന്നും കേരളത്തിന്റേതായ ആ വ്യതിരിക്തതയിലൂടെ ഈനാട് കുതിച്ചു കൊണ്ടേയിരിക്കുകയാണ്.
കാലഗമനത്തിനനുസരിച്ച് ഈ പ്രദേശം കൈവരിക്കുന്ന സ്വാഭാവികമായൊരു വികസനത്തിനപ്പുറം കേരളത്തിന്റേതായ ചില അടയാളപ്പെടുത്തലുകൾ അതിന്റെ സര്‍വ്വ മേഖലകളിൽ കൂടിയും കടന്ന് പോയിട്ടുണ്ടെന്നുള്ളത് നിസ്സംശയം പറയാൻ കഴിയും. 'ഇന്ത്യയിലാദ്യമായി, ലോകത്താദ്യമായി, അപൂര്‍വ്വമായി' എന്നിങ്ങനെയൊക്കെയുള്ള അളവ് കോലുകൊണ്ടതിനെ അടയാളപ്പെടുത്താൻ കഴിയുമെങ്കിലും, കേരളീയരുടെ സഹജമായ ഒരു രീതി കൊണ്ടാണ് അത് സാധ്യമാകുന്നതെന്ന് പറയാം. അതിപുരാതന കാലം തൊട്ട് തുടങ്ങിയ വിദേശ വ്യപാര ബന്ധങ്ങൾ, മത ചിന്തകള്‍ക്കതീതമായ പാരസ്പര്യ ബന്ധങ്ങൾ, ഒരുഭാഗം മുഴുവന്‍ കടലിലേക്ക് തുറന്ന നിലയിലുള്ള തീര പ്രദേശത്തിന്റെ ബാഹുല്യം, ഭൂപ്രകൃതി തുടങ്ങിയ ഘടകങ്ങളൊക്കെ അതിനെ സ്വാധീനിച്ചിട്ടുണ്ടന്ന് കാണാം. അതിന്റെയൊക്കെ തുടർച്ച തന്നെയാണ് 'കേരള മോഡൽ' എന്ന് പുകൾപ്പെറ്റ പുതിയ കാലത്തെ ഈ സമ്പ്രദായങ്ങളും രീതികളും. സ്വതന്ത്രാനന്ദരം മാറിമാറി വന്ന സര്‍ക്കാരുകളെല്ലാം തന്നെ ആരോഗ്യരംഗമുൾപ്പെടെയുള്ള അതിന്റെ എല്ലാ മേഖലയിലും തങ്ങളുടേതായ മുദ്ര പതിപ്പിക്കാതെ കടന്ന് പോയിട്ടില്ല. അത് കേവലം ഏതെങ്കിലുമൊരു പാർട്ടിക്കോ, സ്ഥാപനത്തിനോ, വ്യക്തിക്കോ അവകാശപ്പെടാൻ കഴിയാത്ത തക്ക രീതിയില്‍ പരന്ന് പടര്‍ന്നിരിക്കുന്നതായി നമുക്ക് കാണാൻ കഴിയും.



















