ഞാൻ പറയാൻ പോകുന്നത് ഒരു ചെറിയ കഥയാണ്. ഒരു യാത്ര കുറിപ്പ്. ഒരു വലിയ ചരിത്രത്തിന്റെ ജീവിക്കുന്ന അടയാളമായി ഈ ഭൂമിയില്‍ അവശേഷിക്കുന്ന ഒരു സ്ഥലത്തേക്ക് നടത്തിയ എന്റെ ചെറിയൊരു യാത്രാനുഭവം. സ്ഥലത്തേക്ക് എന്നതിനേക്കാള്‍ ഒരു വസ്തുവിലേക്ക് എന്ന് പറയുന്നതായിരിക്കും നല്ലതെന്ന് തോന്നുന്നു. ഒരുപക്ഷേ, മാന്യവായനക്കാര്‍ക്കതിലെ ചില കാര്യങ്ങൾ ഉള്‍കൊള്ളാന്‍ കഴിയുമോ എന്നെനിക്ക് ന്യായമായും സംശയമുണ്ട്. എന്റെ അവിവേകമായോ ബുദ്ധിശൂന്യതയായോ അവരതിനെ വിലയിരുത്തിയേക്കാം... ചിലരത് 'നന്നായി' എന്ന് പറയുവാനും സാധ്യത തീരെ ഇല്ല എന്ന് ഞാന്‍ പറയുന്നില്ല. എന്നിരുന്നാലും, ഞാൻ ചെയ്ത ആ പ്രസ്തുത കാര്യം എന്റെ അനുഭവമാണ്. ഞാനൊരിക്കൽ ചെയതത്... എന്റെ പ്രവര്‍ത്തി. അത് തെറ്റാവട്ടെ ശരിയാവട്ടെ എന്റെ കഴിഞ്ഞു പോയ ജീവിതത്തിന്റെ ഏതോ ഘട്ടത്തിൽ എന്നിലുയര്‍ന്ന ഏതോ ഒരു ചിന്തയുടെ പ്രതിഫലനമായിരുന്നു അതെന്നെനിക്ക് നിസ്സംശയം പറയാൻ കഴിയും. അത് പച്ചയായി ഇവിടെ എഴുതാന്‍ സന്നദ്ധമായി എന്നതുകൊണ്ട് യാഥാര്‍ത്ഥത്തിൽ ഞാനൊരു സത്യസന്ധനാണ് എന്നാണ് എന്റെ വിശ്വസം.
സംഭവം നടന്നത് അനേകം നാളുകള്‍ക്ക് മുന്നേയാണ്...
അന്നൊരിക്കല്‍ മുസല്ല വിരിച്ച മേശയിൽ ഒരു ചെറിയ പുസ്തകം നിവർത്തി വെച്ച് 'വലിയൊരു' വായനയിലാരുന്നു ഞാൻ. സമീപം ചെറിയൊരു സിറാമിക്സ് കപ്പിൽ ആവി പാറുന്ന ചായയും ഒരു ചെറിയ ബസ്സിയിൽ അല്‍പ്പം ചിപ്സുമുണ്ട്. ഗൗരവമായ വായനകൾക്കിടയിൽ എന്തെങ്കിലും കൊറിച്ചുകൊണ്ടിരിക്കുന്നത് രസമുള്ള ഒരു കാര്യമാണ്. യാന്ത്രികമെന്നോണം... കുടിക്കുന്നതും തിന്നുന്നതും എന്തെന്നറിയാതെ വായനയുടെ സുഖത്തിലങ്ങനെ ലയിച്ചിരിക്കാം. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ആർക്കഥി ഖൈദറിന്റെ 'ജീവിത വിദ്യാലയം' എന്ന പുസ്തകമാണ് ഞാനാദ്യമായി കുത്തിയിരുന്ന് വായിച്ച് തീര്‍ക്കുന്ന പുസ്തകം... പൊതുജന വായനശാലയിലെ തകര അലമാരയിൽ നിന്നും ഞാനത് 'കണ്ടെടുക്കുമ്പോൾ' എനിക്ക് പത്തോ പന്ത്രണ്ടോ ആണ് പ്രായം. വായന എന്ന മഹാവിസ്മയാനുഭവം പിന്നെയും പിന്നേയും തേടി പിടിക്കാനെനിക്ക് പ്രേരകമായത് ആ ആദ്യവായനാനുഭവം നല്‍കിയ പ്രചോദനമാണെന്ന് നിസ്സംശയം പറയാം.
ഞാനന്ന് വായിച്ച് കൊണ്ടിരുന്നത് രക്തമുറക്കുന്ന ക്രൂരതകളെ വരഞ്ഞിട്ട ഒരു ചരിത്ര പുസ്തകമായിരുന്നു. ഈ നാടൊരിക്കൽ അനുഭവിച്ച ചരിത്രം. രാഘവവാരിയർ, രാജന്‍ ഗുരുക്കള്‍ എന്നിവർ ചേര്‍ന്നെഴുതിയ ഗവേഷണ ഗ്രന്ഥമായ കേരള ചരിത്രം രണ്ടാം ഭാഗം. മൂര്‍ച്ചയുള്ള വാളിന്റെ തിളക്കമുളള രക്തം മണക്കുന്ന പേജുകൾ.
"ബോട്ടുകളിൽ കരയിലെത്തിയ വെടിപ്പട കോഴിക്കോട് നഗരത്തിനു നേരെ ദിവസങ്ങളോളം നിര്‍ത്താതെ വെടിയുതിര്‍ത്തു. കോഴിക്കോട് നഗരം നീലംപരിശായി എന്നുതന്നെ പറയാം. സന്ധി സംഭാഷണത്തിന് സാമൂതിരി പറഞ്ഞയച്ച ബ്രാഹ്മണനെ കയ്യും ചെവിയും ചുണ്ടും അരിഞ്ഞു തിരിച്ചയച്ചു. അരിഞ്ഞെടുത്ത അവയവങ്ങൾ പൊതിഞ്ഞുകെട്ടി സാമൂതിരിക്കെത്തിച്ച് കൊടുക്കുകയും ചെയ്തു. കുഞ്ഞു കുട്ടികളും സ്ത്രീകളും ഉള്‍പ്പടെ കപ്പലിൽ തടവുകാരായി പിടിച്ച ആളുകളെതലയറുത്ത് ശവമായും, കയ്യും കാലും വെട്ടി ജീവച്ചമായും കരയിൽ എത്തിച്ചു. ഏകദേശം എണ്ണൂറോളം മുക്കവരെയെങ്കിലും അന്ന് മാത്രം പറങ്കികൾ കശാപ്പു ചെയതു എന്ന് പറയാം"
ധർമ്മയുദ്ധങ്ങളിൽ പങ്കാളികളായി ലോകത്തിന്റെ വെത്ത്യസ്ഥയിടങ്ങളിൽ കാലകാലാന്തരങ്ങളിൽ മരിച്ചു വീണ നൂറുകണക്കിന് മനുഷ്യർക്ക് എന്റെ ഹൃദയത്തിൽ നിന്നുള്ള അഭിവാദ്യങ്ങൾ അര്‍പ്പിക്കുന്നു.
പോര്‍ച്ചുഗീസ് പ്രതിനിധിയായി വന്ന് നാട്ടില്‍ അധിനിവേശത്തിന്റെ ക്രൂരമ്പുകളെയ്ത വാസ്കോഡ ഗാമയുടെ ചെയതികളെ കുറിച്ചാണതിൽ പറയുന്നത്. ഒരു നാടിനോട് ഒരു നീണ്ട കാലഘട്ടം മുഴുക്കെയും അധിനിവേശകർ ചെയ്ത അപരാധങ്ങളുടെ ഉത്ഘാടന മാമാങ്കം. പിന്നീട് കടന്നു വന്ന അഞ്ച് നൂറ്റാണ്ടുകള്‍... തുടക്കം തന്നെ ഇപ്രകാരമായിരുന്നെങ്കില്‍ തുടര്‍ന്നുള്ള കാലഘട്ടങ്ങൾ എങ്ങനെ ആയിരുന്നെന്ന് ചരിത്രം സാക്ഷി. അക്കാലങ്ങങ്ങളിലെ മനുഷ്യരതെങ്ങനെ ആയിരുന്നിരിക്കണം അനുഭവിച്ചത്. ഒരു സാഹിത്യകാരന്റെ മേശക്ക് താഴെ ചുരുട്ടിയെറിഞ്ഞ പേപ്പറുണ്ടകളെപ്പോലുള്ള അടിമത്തത്തിന്റെ അഞ്ഞൂറ് വർഷങ്ങൾ. അവക്കിടയില്‍ ഞെരിഞ്ഞമർന്ന ജീവിതങ്ങൾ. എത്ര എത്ര ജീവിതങ്ങൾ മരണം പുൽകി. നിര്‍ബന്ധിത മരണങ്ങൾ. ഷഹീദ്... രക്ത സാക്ഷികള്‍ എന്നിവരെ അഭിമാനത്തോടെ നാം വിളിക്കുമെങ്കിലും അവരുടെ ശൂന്യതയെ വേദനിച്ചു തീര്‍ത്ത മനുഷ്യര്‍ അവര്‍ക്ക് ചുറ്റിലെത്രയെത്ര ഉണ്ടായിരുന്നിരിക്കും. അമ്മാമാർ. ഭാര്യമാര്‍, മക്കള്‍... കാലാപാനി എന്ന സിനിമയിലെ ആ രംഗം ഓര്‍മ്മ വരുന്നു... വിവാഹ പന്തലിൽ നിന്നും അധിനിവേശ സൈന്യം കൊണ്ടുപോയ തന്റെ പ്രിയതമനെ കാലങ്ങളോളം കാത്തിരിക്കുന്ന ഒരു പെണ്ണ്. തീവണ്ടി ആപ്പീസിലെ നരച്ച നെഞ്ചില്‍ തീവണ്ടി ശബ്ദവും കാതോർത്ത് റെയിൽവേ ട്രാക്കിന്റെ വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന ആ യുവതി ആ കാത്തിരിപ്പുകളുടെ അടയാളമാണ്. നാടുകടത്തലിന്റെ ചൂളം വിളികളുമായി എത്ര എത്ര വാഗണുകളതിലൂടെ കടന്ന് പോയിരിക്കുന്നു. പീഢന യാത്രകള്‍. കഴുമരത്തിൽ തീര്‍ന്ന സ്വപ്നങ്ങൾ. ജീവിതങ്ങൾ. തോക്കും പീരങ്കിയും കഴുമര വളയവും മതിയാകാതെ മതവർഗ്ഗീയതയുടെ വിത്തു കൂടിയവരീ നാട്ടില്‍ വിതറിയെറിഞ്ഞു. ഹിന്ദു, മുസ്ലിം... രണ്ടു മഹാമതങ്ങൾ. സമാധാനത്തിന്റെ ആലയില്‍ വാര്‍ത്ത രണ്ടു ജീവിത തത്വങ്ങൾ. വര്‍ഗ്ഗീയതയുടെ കണ്ണിലൂടെ നോക്കുമ്പോൾ രണ്ടു വലിയ അശ്ലീല പദങ്ങളെപ്പോലെയതിനെ തോന്നുന്നു. ഇന്നും നിലക്കാത്ത യുദ്ധം. ഇന്ത്യ... പാകിസ്താൻ... രണ്ടു രാഷ്ട്രങ്ങളുടെ നാമങ്ങളെന്നതിലുപരി പരസ്പരം കടിച്ചു കീറാൻ കാത്തിരിക്കുന്ന രണ്ടു മതങ്ങൾ.
മനസ്സിൽ വല്ലാത്ത നോവിനെ സമ്മാനിച്ചു കൊണ്ട് ഒറ്റയിരുപ്പിനാ വായന ഞാൻ പൂര്‍ത്തീകരിച്ചു. വളരെ അപൂര്‍വ്വമായി മാത്രമാണ് ഇത്തരത്തിൽ ഒരേ ഇരുപ്പിൽ ഞാൻ വായനകൾ മുഴുമിക്കാറ്. ചിന്തകൾക്ക് അടിമപ്പെടാതെ മനസ്സത്രമേൽ ഏകീകരിക്കപ്പെടുമ്പോൾ മാത്രം. മനസ്സിൽ മുഴുവന്‍ ആ തുടക്കത്തെ കുറിച്ചായിരുന്നു. ശേഷം അവിടന്നങ്ങോട്ടുള്ള അഞ്ച് നൂറ്റാണ്ടുകള്‍ എന്റെ നാട് വീണ്ടും വീണ്ടും അനുഭവിച്ച ആ വേദനയെ കുറിച്ച്. ഈ രാജ്യം അതിനായി നല്‍കിയ ഊര്‍ജ്ജം എത്രയായിരിക്കാം. ജീവനുകളെത്ര... മനുഷ്യര്‍. എന്റെ പ്രദേശത്തുമുണ്ട് ആ ത്യാഗത്തിന്റെ ഒരു അടയാളം. പോര്‍ച്ചുഗീസ് കാലത്ത് കൊലചെയ്യപ്പെട്ട ഒരു മഹാന്റെ അന്ത്യവിശ്രമ സ്ഥലം. ഖബറുകൾ. കഥ പറയുന്ന ഖബറുകൾ. സ്കൂളില്‍ പഠിക്കുന്ന കാലം... ഉയരം കുറഞ്ഞൊരു ചന്ദന മരതൈക്കു കീഴിലെ ആ ഖബറിനു മുന്നിലൂടെ ഞാൻ നടന്ന് നീങ്ങുമ്പോള്‍ ഭവ്യതയോടെ ഞാനതിലേക്കെത്തി നോക്കാറുണ്ട്. അതിൽ കിടക്കുന്ന ആ മനുഷ്യനെ കുറിച്ച് വെറുതെ ഞാന്‍ ചിന്തിക്കും. ഒരുപക്ഷേ, അദ്ദേഹത്തെ വധിച്ചതും ഗാമ തന്നെ ആയിരിക്കുമോ... അറിയില്ല. ചരിത്രമാണ്. എല്ലാം ചരിത്രം. മറഞ്ഞു കിടക്കുന്നത് അറിയുന്നവനും വെളിവാക്കുന്നവനും പടച്ച തമ്പുരാൻ മാത്രം...
ഇന്ത്യയുടെ വിദേശാടിമത്തത്തിന്റെ കര്‍ത്താവായ ഗാമയെ ചുറ്റിപ്പറ്റി ഒരുപാട് ചരിത്ര രചനകൾ ഞാൻ പിന്നീട് വായിച്ചു. ഭീരുത്വത്തിന്റെ അടയാളം പോൽ കട്ടിപൂട്ടിയ പടച്ചട്ടയണിഞ്ഞ അയാളുടെ ചിത്രം മനസ്സിലെപ്പോഴും മായാതെ നില്‍ക്കുന്നു. ഒരുപക്ഷേ, അയാളീ നാട്ടിലേക്ക് കടന്ന് വന്നില്ലയിരുന്നുവെങ്കിൽ ഈ നാടിന്റെ ചരിത്രം തന്നെ മറ്റൊരു ദിശയിലേക്കൊഴുകി നീങ്ങുമായിരുന്നു എന്നെനിക്ക് തോന്നിയിട്ടുണ്ട്. അന്നത്തെ ആ കൊടും ക്രൂരതയിൽ ജീവനറ്റ് പോയ ആ മനുഷ്യരില്‍ എത്ര എത്ര പ്രഗത്ഭരുണ്ടായിരുന്നിരിക്കാം. പണ്ഡിതര്‍, യോദ്ധാക്കള്‍, കായികക്ഷമതയുള്ളവർ, തൊഴിൽ വിദക്തർ, സാധാരണക്കാർ. ആ മനുഷ്യരുടെ കൂടി സംഭാവനയിൽ വളര്‍ന്നേക്കുമായിരുന്ന ആ ലോകം അല്‍പ്പമെങ്കിലും വെത്ത്യസ്ഥമാകാതിരിക്കുന്നതെങ്ങനെ. അവരു കൂടി പങ്കാളികളാവുന്ന വികസന പ്രവർത്തനങ്ങൾ... നാടിന്റെ ഉയര്‍ച്ചകൾ. അനീതിയുടേയും അടിമത്തത്തിന്റേയും ആ നൂറ്റാണ്ടുകള്‍ക്ക് പകരമായി ഏതായിരുന്നിരിക്കാം ദൈവം നമുക്ക് നല്‍കുമായിരുന്ന വഴി...
എന്നിരുന്നാലും... നാട്ടിലെവിടെയെങ്കിലും അവശേഷിക്കുന്ന ആ നീചന്റെ ഏതെങ്കിലുമൊരു സ്മാരകത്തിലേക്കൊരു യാത്ര നടത്തണമെന്നു ഞാൻ തീരുമാനിച്ചുറച്ചു. കഴിഞ്ഞു പോയ അനേകം നൂറ്റാണ്ടുകള്‍ക്കിടയിൽ രക്തം ചിന്തി മരണം പുൽകിയ ആയിരങ്ങൾക്ക് വേണ്ടി ആ സ്മാരകത്തിലേക്കൊന്ന് കാര്‍ക്കിച്ച് തുപ്പണം... അതാകുന്നു എന്റെ പരമ പ്രധാനമായ ലക്ഷ്യം. ശരിക്കും തുപ്പാൻ തന്നെ. അങ്ങനെയെങ്കിലും എനിക്കെന്റെ പ്രതിഷേധമീ ലോകത്തെ അറിയിക്കണം. തുപ്പലും ഒരു പ്രതിഷേധമാണല്ലോ. ഒന്നും ചെയ്യാൻ കഴിയാത്തിടത്ത് ചെയ്യാൻ കഴിയുന്ന അവസാനത്തെ ആയുധം. ചരിത്ര വസ്തുക്കളെ ഒരു പഠനവസ്തു എന്നതിനപ്പുറം മുന്‍കഴിഞ്ഞ അവയുടെ നിയോഗങ്ങളുടെ പേരില്‍ അവയില്‍ പ്രതിഷേധമേല്‍പ്പിക്കുന്നത് ഒരു ശരിയായ കീഴ്‌വഴക്കമാണന്ന് ഞാൻ കരുതുന്നേയില്ല. തികഞ്ഞ ബുദ്ധി ശൂന്യതയായി തന്നെ ഞാനതിനെ ഇന്ന് മനസ്സിലാക്കുന്നു. എങ്കിലും, ഞാന്‍ പറഞ്ഞല്ലോ... ഞാൻ ചെയത് പോയ കാര്യമാണത്. ചെയത് പോയതെന്തും ചരിത്രമാണ്. അതിൽ കൃത്രിമം ചെയ്യുന്നവന്‍ തികഞ്ഞ അപരാധിയും.
എന്തായാലും യാത്ര ഞാൻ തീരുമാനിച്ചുറപ്പിച്ചു. നിരന്തരം കാക്ക കൂട്ടങ്ങളുടെ പ്രതിഷേധത്തിന് പാത്രമായി കൊണ്ടിരിക്കുന്ന കാപ്പാട് കടലോരത്തെ ഗാമയുടെ പ്രഥമാഗമന സ്മാരകം എന്റെ പരിഗണനയിലുണ്ടായിരുന്നേയില്ല എന്നുതന്നെ പറയാം. കാരണം, നീണ്ട ത്രികോണാകൃതിയിലുള്ള ആ പരുക്കന്‍ കൽകെട്ടിനു മുകളിലെ കാക്ക കൂട്ടങ്ങളുടെ കാര്യം സാധിക്കലിനോളം പ്രതിഷേധമീ ലോകത്ത് മറ്റെന്താണുള്ളത്. കടലിന്റെ ഉപ്പുകാറ്റേറ്റ് വെയിലത്തും മഴയത്തും പതിറ്റാണ്ടുകളായി അതങ്ങനെ ഇന്ത്യയുടെ വിശാല സുന്ദര വിസ്താരത്തിലേക്ക് നോക്കി പീഢിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
എന്തായാലും കൊച്ചിയുമായി ഗാമക്കുണ്ടിയിരുന്ന സൗഹൃദം കാരണം അവിടെ അനേകം പോര്‍ച്ചുഗീസ് സ്മാരകങ്ങള്‍ ഉണ്ടന്നെനിക്കറിയാമായിരുന്നു. സാമൂതിരിമാരുമായുള്ള കലഹവും കൊച്ചി രാജാക്കന്മാരുമായുള്ള തന്ത്രപ്രധാന ബന്ധവും സൃഷ്ടിച്ച ചുറ്റുപാടിൽ അയാൾ അവിടെയൊരു വീര കഥാപാത്രമായിരുന്നു എന്ന് ചരിത്രത്തിൽ നിന്നും വായിച്ചെടുക്കാൻ കഴിയുന്ന സംഗതിയാണ്. പടിഞ്ഞാറ് അഫ്ഗാനിസ്താൻ മല നിരകള്‍ മുതൽ കിഴക്ക് ബർമ്മ വരേയും... വടക്ക് ഹിമാലയം വരെയുമുള്ള ഒരു പ്രദേശത്തിനെ നൂറ്റാണ്ടുകളോളം പിടികൂടുന്നൊരു മാരക വിഷവിത്താണവിടെ തങ്ങൾ നട്ടു പിടിപ്പിച്ചതെന്ന് അവരന്നറിഞ്ഞിരുന്നോ ആവോ...
എന്തായാലും... കൊച്ചിക്ക് ഞാൻ വണ്ടി കയറി.
കാലങ്ങളായി മനസ്സിൽ കൊണ്ട് നടന്ന് താലോലിച്ച എന്റെ ലക്ഷ്യത്തിന്റെ സാക്ഷാത്കാരത്തിലേക്കാണ് ഞാൻ ചൂളം വിളിച്ച് നീങ്ങുന്നത് എന്നോര്‍ക്കുമ്പോള്‍ വല്ലാത്ത അത്ഭുദമെനിക്ക് തോന്നുന്നു. ഒരു നാടിന്റെ ചരിത്രം മാറ്റി എഴുതിയ ഒരു കുപ്രസിദ്ധ കഥാപുരുഷന്റെ പര്യവസാനം കണ്ട് സംതൃപ്തിയടഞ്ഞ ഒരു നാട്ടിലേക്കാണ് എന്റെയാ യാത്ര എന്നുള്ളത് എന്നില്‍ കൂടുതൽ കൂടുതൽ ആവേശമുളവാക്കി എന്നു വേണമെങ്കിൽ പറയാം. സമാധാനത്തിൽ കൊണ്ടും കൊടുത്തും യുഗാന്തരങ്ങളായി ജീവിച്ചു വന്നിരുന്ന ഒരു ജനതക്കുമേൽ ചോരയുടെ ഗന്ധം വാരിവിതറിയ ഒരു മഹാക്രൂരന്റെ അസ്ഥിമഞ്ചരങ്ങളേറ്റുവാങ്ങിയ മണൽതരികൾ കാണാനുള്ള യാത്ര... അതിനു മുകളില്‍ കെട്ടി ഉയർത്തിയ കല്ലറയിലൊന്ന് ചവിട്ടി നിൽക്കാൻ... പറ്റുമെങ്കില്‍ കാർക്കിച്ചൊന്നതിൽ തുപ്പാൻ...!
എറണാങ്കുളം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും രാത്രി ഏറെ വെെകിയിരുന്നു. അതിനാൽ തീവണ്ടിയാപ്പീസിന്റെ തൊട്ടരികിൽ ഒരു ചെറിയ മുറി ഞാൻ വാടകക്കെടുത്തു. അറ്റാച്ച് ബാത്ത്റൂമോ വലിയ കൂഷ്യനിട്ട സോഫകളോ എന്തിന് കുടിക്കാനിത്തിരി വെള്ളം പോലുമില്ലാത്ത ഒരു ചെറിയ കുടുസു മുറി. പക്ഷേ, റെയില്‍വേ സ്റ്റേഷനിലെ തിരക്കിന്റെ ലോകവും സമീപത്തെ പാതകളിൽ നിറഞ്ഞ് നീങ്ങുന്ന ജനക്കൂട്ടങ്ങളേയും അതിനപ്പുറം മെയിൻ റോഡിൽ ചീറിപ്പായുന്ന വാഹനങ്ങളൊക്കെ കാണാവുന്ന വലിയൊരു കര്‍ട്ടൺ കൊണ്ട് മറച്ച ചില്ലിട്ട ജാലകം ആ മുറിയിലുണ്ടായിരുന്നു. ആ കര്‍ട്ടൺ നീക്കിയാൽ പുറത്തെ കാഴ്ച്ചകളൊക്കെ വ്യക്തമായി കാണാൻ സാധിക്കും.. അതൊക്കെ കണ്ടങ്ങനെ കിടക്കയിൽ കിടക്കാം. ഏറെ ചിന്തിക്കാം. പിന്നെ, കര്‍ട്ടൺ നീക്കി സുഖമായി കിടന്നുറങ്ങുകയുമാവാം.
അതിരാവില തന്നെ എണീറ്റു. മുറി തുറന്നടച്ച് താക്കോലുമായി പുറത്തെ കുളിപ്പുരയിലേക്ക് സോപ്പും തോര്‍ത്തും മാറ്റിയെടുക്കാനുള്ള വസ്ത്രവുമായി പോകലാണ് ഏറ്റവും വലിയ അഭ്യാസം. എന്തായാലും പ്രഭാത കൃത്യങ്ങളെല്ലാം ഭംഗിയായി മുറക്ക് നിര്‍വ്വഹിച്ച് നേരത്തെ തന്നെ ഹോട്ടൽ മുറിയിൽനിന്നും ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള യാത്രക്കായി ഞാനിറങ്ങി. മേനക ബസ്സ് സ്റ്റോപ്പിൽ നിന്നും സ്നേഹാദരണീയനായ മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന്റെ നാമധേയത്തിലുള്ള അബ്ദുള്‍ കലാം മാര്‍ഗ്ഗിലൂടെ നടന്ന് നീങ്ങുമ്പോള്‍ കൊച്ചിയുടെ ഒരു ദിനത്തിന്റെ തുടക്കമാണ് കാഴ്‌ചയില്‍. എന്തെല്ലാമോ അത്യാവശ്യങ്ങൾക്കായി പായുന്ന ജനങ്ങൾ. റോയൽ മ്യൂസിക്കൽ പാലം കടന്നാൽ മറൈൻ ഡ്രൈവിന്റെ വര്‍ണ്ണ പൊലിമ കാണാം. ഒരു വശത്ത് തണൽ വിരിച്ച മരങ്ങള്‍ക്കപ്പുറം ബ്രിസ്റ്റോ പണിത കൊച്ചി തീരത്തിന്റെ വിശാലതയും വിദൂര സുന്ദരമായ കടലും. അതിനപ്പുറം കത്തി ജ്വലിച്ചു നില്‍ക്കുന്ന സൂര്യനെ ഉള്ളിലാക്കി തിളങ്ങുന്ന നിഗൂഢമായ ഭയാനകമായ ആകാശം. ഇടതു വശത്ത് കച്ചവട സ്ഥാപനങ്ങളും അതിനുള്ളിലെ തിരക്കുമാണ് കാഴ്‌ചയില്‍.
മറെെൻ ട്രെെവിലെ എറണാകുളം വൈപ്പിന്‍ ഫെറിക്ക് തുടക്കം കുറിക്കുന്ന സ്റ്റാര്‍ട്ടിംഗ് പോയിന്റിൽ നിന്നും അഞ്ചു രൂപ ടിക്കറ്റെടുത്ത് വേണം ഫോർട്ടു കൊച്ചിയിലേക്ക് പോകാൻ. കേരളത്തിന്റെ ഒരു ഉള്‍പ്രദേശത്തു നിന്നും വരുന്ന എന്നെ സംബന്ധിച്ച് ബോട്ട് യാത്രയുമായി ബന്ധപ്പെട്ട ഏറ്റവും വലിയ പ്രയാസം അതിലേക്ക് ചെന്ന് കയറുമ്പോഴും അതിൽ നിന്നിറങ്ങുമ്പോഴുമുള്ള സമയമാണ്. ഓരോ ആളുകളും അതിലേക്ക് ചാടി കയറുമ്പോഴുണ്ടാകുന്ന തിരയിളക്കവും... തീര ഭിത്തിയിൽ സ്ഥാപിച്ച റബ്ബർ പ്രതലത്തിൽ ബോട്ടിന്റെ ബോഡി ചെന്നടിക്കുമ്പോളുണ്ടാകുന്ന ഉലച്ചിലും ശബ്ദവും... സര്‍വ്വോപരി ബോട്ടെങ്ങാൻ മുങ്ങി പോയേക്കുമോ എന്ന ആശങ്കയും വല്ലാത്ത അസ്വസ്ഥതയാണ് എനിക്ക് സമ്മാനിക്കാറ്. നേരത്തെ നിരവധി തവണ ബോട്ട് യാത്ര നടത്തിയിട്ടുണ്ടെങ്കിലും ആ ഓരോ യാത്രയിലും ആ ശങ്ക എന്നെ പിടികൂടാതിരുന്നിട്ടില്ല. എങ്കിലും യാത്ര തുടങ്ങുന്നത് വരെ മാത്രമേ ആ ശങ്കക്ക് ആയുസ്സൊള്ളൂ എന്നത് പരമ സത്യമായ കാര്യമാണ്. പനയോല തണ്ടുകൾക്കിടയിൽ വിശ്രമിക്കുന്ന ആന എണീക്കുന്നത് പോലെ... ഒന്ന് പിന്നിലേക്കെടുത്ത് തിരിഞ്ഞ് വട്ടം കറങ്ങി ബോട്ട് തന്റെ യാത്രക്ക് തുടക്കം കുറിക്കുന്നതോടുകൂടി മനസ്സ് ശാന്തമാകുന്നു. അഥവാ, പുറം കാഴ്ചകളിലേക്ക് ശ്രദ്ധ തിരിയുന്നു എന്ന് ചുരുക്കം. അതോടുകൂടി... ബോട്ടിന് ചുറ്റുമുള്ള ഓളപ്പരപ്പും കാഴ്ചകളും... അകലെ അകലെയായി കൊണ്ടിരിക്കുന്ന തീരത്തിന്റെ ചിത്രവും നീലാകാശവും... ആ മായിക പ്രപഞ്ചത്തിൽ സകലതും മറക്കുകയായി.
ബോട്ടിൽ നിറയെ സാധാരണക്കാർ മാത്രമാണുളളത്. വിദേശ ടൂറിസ്റ്റുകളധികവും സൗകര്യങ്ങള്‍ കൂടിയ മറ്റ് ചില ബോട്ടുകളിലാണ് യാത്ര ചെയ്യുനത് എന്ന് തോന്നുന്നു. സൗകര്യങ്ങളുടെ എണ്ണമനുസരിച്ച് യാത്ര കൂലിയും അവയില്‍ കൂടുതലാണ്. വിദേശാടിമത്ത കാലത്തെ ഇത്തരം രീതികളില്‍ നിന്നും ഒട്ടും വെത്ത്യസ്ഥമല്ല സ്വതന്ത്രാനന്ദര കാലത്തുമെന്ന് പറഞ്ഞ് ഇതിനെ ആക്ഷേപിക്കുന്ന ചിലരെ ഞാനന്നാ യാത്രയിൽ കണ്ടിരുന്നു. നമ്മേക്കാൾ എത്രയോ സൗകര്യങ്ങള്‍ കൂടുതലുള്ള യൂറോപ്പ് പോലുള്ള നാടുകളില്‍ നിന്നും മാലിന്യത്തിൽ പൊതിഞ്ഞ 'ദൈവത്തിന്റെ സ്വന്തം നാട്' കാണാനെത്തുന്ന ആ മനുഷ്യര്‍ക്ക് മെച്ചപ്പെട്ട ഇത്തരം സൗകര്യങ്ങളെങ്കിലും നൽകൽ നമ്മുടെ ഉത്തരവാദിത്തമാണന്ന രൂപേണ അതിനെ വിലയിരുത്തുന്നവരേയും ഞാൻ കാണാതിരുന്നില്ല...
വഴിനീളെ കാഴ്ച്ചകളാണ്... ഓരോന്നിനെപ്പറ്റിയും ഓരോ പുസ്തകങ്ങൾ വരെ എഴുതാൻ കഴിയുന്നത്ര ചരിത്രം പേറി നല്‍കുന്നത്. ഇടതു വശത്തെ ഡയമണ്ട് ദ്വീപും വലതു വശത്തെ നേവിയുടെ ആസ്ഥാനവും എയര്‍പോര്‍ട്ടുമൊക്കെ സ്ഥിതിചെയ്യുന്ന വിശാലമായ വെല്ലിംഗ്ടണ്‍ ദ്വീപും കഴിഞ്ഞാല്‍ ഫോര്‍ട്ട് കൊച്ചിയിൽ എത്തിച്ചേരാം. അവിടെ ആദ്യം നമ്മെ സ്വാഗതം ചെയ്യുന്നത് ഗതകാല സ്മരണകളുയർത്തിവിടുന്ന ചീനവലകളാണ്. പണ്ടെങ്ങോ ഇവിടെ വന്ന് മടങ്ങിയ മംഗോളിയക്കാരാണ് ഈ മീൻവല സൂത്രം ഫോർട്ടുകൊച്ചിയെ പഠിപ്പിച്ചു നൽകിയതെന്നാണ് ചരിത്രം. യൂറോപ്പിൽ നിന്ന് ഇന്ത്യയിലേക്കുള്ള കടൽ മാര്‍ഗ്ഗം കണ്ടു പിടിച്ച ഗാമ 1498ൽ കോഴിക്കോട് അടുത്തുള്ള കാപ്പാട് എന്ന സ്ഥലത്താണ് ആദ്യം എത്തിചേര്‍ന്നത്. ഗാമയെ തുടർന്ന് പെട്രോ അല്‍വാരസ് കാബ്രാൾ, അൽബുക്കര്‍ക്ക് എന്നിവരും കേരളത്തിലെത്തി. പിന്നീട് കൊച്ചി രാജാവിന്റെ അനുവാദത്തോടെ അവരിവടെ ഒരു കോട്ട പണിതു. ഈ കോട്ട നിലനിന്ന പ്രദേശം എന്ന നിലയിലാണ് ഈ സ്ഥലത്തിന് ഫോർട്ട് കൊച്ചി എന്ന പേര് ലഭിക്കുന്നത്.
നൂറ്റാണ്ടുകൾക്ക് മുമ്പ് ഒട്ടോമൻ തുർക്കികൾ വാഴുന്ന അറബ് നാടുകളിൽ നിന്നും ധാരാളകണക്കിന് പായകപ്പലുകൾ ഈ തീരത്തണഞ്ഞിരുന്നു. പ്രധാനമായും മധ്യഥരണ്യാഴി പ്രദേശത്തും മെഡിറ്റേറിയൻ ഉൾക്കടലിന്റെ ഇരുവശത്തുമായി ചിതറികിടക്കുന്ന നാടുകളിൽ നിന്നുമുള്ള വിഭവങ്ങളുമായാണ് അവർ വന്നിരുന്നതെങ്കിൽ നിറയെ സുഗന്ധ വ്യജ്ഞനങ്ങൾ, മരത്തടി, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തുടങ്ങിയവയൊക്കെയുമായാണ് അവർ മടങ്ങിയിരുന്നതെന്നാണ് ചരിത്രം. ഹോര്‍മൂസ്, ഏഡൻ ഉള്‍ക്കടലുകളിൽ നിന്നും അല്‍പ്പം കിഴക്ക് മാറി തെക്കോട്ട് നീങ്ങിയാൽ മലബാറെന്നൊരു ദേശമുണ്ടന്ന് കടലിലെ കാറ്റിനുപോലും അന്നറിയുമായിരുന്നെന്ന് ചുരുക്കം. ലോക വിപണിയിലെ പല കേരള വിഭവങ്ങളുടേയും ആഗോള കുത്തക അറബികളുടെ കെെവശമായിരുന്നു അന്നുണ്ടായിരുന്നത്. പായ കപ്പലുകൾ വഴി അറേബ്യൻ തീരങ്ങളിലേക്കും പിന്നെ ഒട്ടകപ്പുറത്ത് സുദീര്‍ഘമായ മണൽ പാതകളിലൂടെ അറേബ്യൻ മണലാരണ്യത്തിന്റെ അറ്റങ്ങളിലേക്കും പിന്നീട് വിവിദ മാര്‍ഗ്ഗങ്ങളിലൂടെ ലോകത്തിന്റെ വ്യത്ത്യസ്ത കോണുകളിലേക്കും അവരുടെ ചരക്ക് നീങ്ങി കൊണ്ടിരുന്നു. യൂറോപ്പ്യന്മാർക്കിടയിൽ ആവശ്യക്കാരേറെ ഉണ്ടായിരുന്ന കുരുമുളകും ഈ ചരക്കുകളിലെ ഒരു പ്രധാന വിപണന വസ്തുവായിരുന്നു. സകലതും മരവിച്ചു കിടക്കുന്ന കൊടും ശെെത്യകാലത്തേക്കുള്ള മാംസവിഭവങ്ങൾ ഉപ്പിലിട്ട് സൂക്ഷിക്കുന്നൊരു സമ്പ്രദായം അക്കാലങ്ങളിൽ യൂറോപ്പ്യൻ നാടുകളിലുണ്ടായിരുന്നു. ഉപ്പിനോടൊപ്പം അല്‍പം കുരുമുളകുകൂടി ചേർക്കുമ്പോൾ വരും കാലത്തേക്ക് സൂക്ഷിക്കുന്ന ആ മാംസത്തിന് ഗുണവും രുചിയും വർദ്ധിക്കുമെന്നുള്ളത് അവരേതോ കാലത്ത് മനസ്സിലാക്കി. അങ്ങനെയാണ് കുരുമുളകിന് അത്രത്തോളം പ്രിയം യൂറോപ്പിലുണ്ടായതെന്നാണ് ചരിത്രം.
ബോട്ട് ജെട്ടിയിറങ്ങി വലതു തിരിഞ്ഞ് കൽവത്തി റോഡിലൂടെ ഫോർട്ടുകൊച്ചിയുടെ ഉള്ളറകളിലൂടെ നടന്ന് നീങ്ങുമ്പോള്‍ ഇടുങ്ങിയ വഴിയുടെ ഇരുവശത്തുമായി സ്ഥിതിചെയ്യുന്ന പോർച്ചുഗീസുകാരും ഡച്ചുകാരും ഇംഗ്ലീഷുകാരുമൊക്കെ പണികഴിപ്പിച്ച സൗദങ്ങളുടെ കാഴ്ച്ചകൾ ഏതോ പാശ്ചാത്യ നഗരത്തിന്റെ പഴയ ചിത്രങ്ങളെയാണ് അനുസ്മരിപ്പിക്കുന്നത്. അവയിൽ ഭൂരിഭാഗവും ചരിത്രത്തിന്റെ തിരുശേഷിപ്പുകളാണ്... അനേകം വർഷത്തെ കഥകൾ പറയുന്ന അവയൊക്കെയും ഇന്നും പ്രൗഢിചോരാതെ സംരക്ഷിച്ച് വരുന്നുണ്ടെന്നുള്ളത് സന്തോഷമുള്ള കാര്യം തന്നെ. വിവധ മതങ്ങളിൽ വിശ്വസിക്കുന്നവരീ പ്രദേശത്തുണ്ടങ്കിലും വലിയൊരു വിഭാഗം ക്രിസ്തീയ വിശ്വാസികളായ ലാറ്റിൻ കാത്തലിക്കരും ആംഗ്ലോ ഇന്ത്യരുമാണ്. അതുകൊണ്ട് തന്നെ നിരവധി ക്രൈസ്തവ ദേവാലയങ്ങള്‍ വഴിനീളെ ഞാൻ കണ്ടു.
ഓരോ മലയാളിയുടേയും ഉള്ളിൽ എവിടെയൊക്കെയോ ചിതറിക്കിടക്കുന്ന ചിന്തകളിൽ ഫോർട്ടുകൊച്ചിക്ക് എന്തന്നില്ലാത്ത ഒരു ആകര്‍ഷണീയതയും പ്രത്യേകതയും എക്കാലത്തുമുണ്ടായിട്ടുണ്ട്. എറണാങ്കുളം ജില്ലയുടെ പ്രധാനപ്പെട്ട ഒരു ഭാഗമാണങ്കിലും ജില്ലയുടെ മറ്റ് പ്രദേശങ്ങളിൽ നിന്നും തീര്‍ത്തും വ്യത്ത്യസ്തമാണിവിടം. കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികളെത്തുന്നതും ഒരുപക്ഷേ ഫോർട്ടുകൊച്ചിയിലായിരിക്കും. ഇവിടുത്തെ കെട്ടിടങ്ങളും ആരാധനാലായങ്ങളും നടപ്പാതകളും എന്തിനേറെ ഗന്ധത്തിനുപോലും പുതിയ കാലത്തെ മാറ്റങ്ങളിൽ നിന്നും മാറി നില്‍ക്കുന്നൊരു മനസ്സുണ്ടന്നെനിക്ക് തോന്നിയിട്ടുണ്ട്. ഇവിടെയുള്ള ഓരോ എടുപ്പുകൾക്കും നൂറ്റാണ്ടിൽ കുറയാത്ത കഥകളാണ് പറയാനുണ്ടായിരിക്കുക. അതിനാൽ തന്നെ കൊച്ചിപോലൊരു മഹാനഗരത്തിന്റെ വർണ്ണപ്പൊലിമകളിൽ നിന്നും മാറി പുതിയ കാലത്തെ ഒരു ഭൂതകലയിടമാണ് ഫോർട്ടുകൊച്ചി.
അതിനിടയിലാണ് ചെറിയൊരു പ്രശ്‌നം തലപൊക്കിയത്. നാട്ടില്‍ നിന്നും എറണാകുളത്തേക്ക് വന്നപ്പോഴോ... ഹോട്ടൽ മുറിയില്‍ നിന്ന് ബോട്ട് ജെട്ടി വഴി ഇവിടെ വന്നിറങ്ങിയത് വരേക്കുമോ എന്നെ അസ്വസ്ഥമാക്കാതിരുന്ന ഒരു കാര്യം ഫോര്‍ട്ട് കൊച്ചിയുടെ ഈ ഇടുങ്ങിയ പാതയിലൂടെ ഏകാന്തനായി നടന്നു നീങ്ങുമ്പോളെന്നെ അലട്ടുന്നുണ്ടായിരുന്നു. മേല്‍ സന്ദര്‍ഭങ്ങളിലൊക്കെ നേര്‍ത്ത ഒരു കൊള്ളിയാന്‍ പോലെ ആ വേദന ഞാന്‍ അനുഭവിച്ചിരുന്നു എങ്കിലും ഫോര്‍ട്ട് കൊച്ചിയില്‍ ഇറങ്ങിയത് മുതൽ ഞാൻ തീര്‍ത്തും അസ്വസ്ഥനാണ്. കാരണം മറ്റൊന്നുമല്ല... എന്റെ വരവിന്റെ ഉദ്ദേശം തന്നെ. ഒരു കള്ളനെ പോലെയാണ് ഞാൻ നടന്നു നീങ്ങുന്നതെന്ന് എനിക്ക് തോന്നിപ്പോകുന്നു. നെഞ്ചിന്റെ ഒത്ത മധ്യത്തിലെ വാരിയെല്ലുകള്‍ കൂടി ചേര്‍ന്ന് നില്‍ക്കുന്ന ഭാഗത്തൊരു ചെറിയൊരു വേദന. ലക്ഷ്യം വഴിയിലുപേക്ഷിച്ച് മടങ്ങണമോ അതോ മുന്നോട്ട് തന്നെ നീങ്ങണമോ... ഇനി ഞാനെങ്ങാൻ പിടിക്കപ്പെട്ടേക്കുമോ... അങ്ങനെ വന്നാൽ എന്റെ ഉമ്മ... വീട്ടുകാർ... നാട്ടുകാർ... അവരൊക്കെ എന്നെപ്പറ്റി എന്ത് വിചാരിക്കും. അവരുടെ ഇടയില്‍ ഞാനൊരു വിവേകമില്ലാത്തവനായേക്കുമോ... അങ്ങനെ നിരവധി ചോദ്യങ്ങളെന്റെ മനസ്സിലുയർന്ന് വരുന്നു. എന്തായാലും ഞാന്‍ മുന്നോട്ട് തന്നെ നീങ്ങി.
ചരിത്രാതീത കാലം മുതൽ അഭംഗുരമായി ഇന്ത്യൻ സമുദ്ര തീരങ്ങളില്‍ അധിവസിച്ചുവന്ന ഒരു ജനതക്കു മേല്‍ കളങ്കം ചാര്‍ത്തപ്പെട്ട ആ കഴിഞ്ഞ കാല സംഭവങ്ങളെന്റെ മനസിലേക്ക് കടന്നു വരുന്നു. പോര്‍ച്ചുഗീസുകാർക്ക് മുമ്പേ ഈ തീരമണഞ്ഞിരുന്ന ലന്തക്കാരോ റോമക്കാരോ ചൈനക്കാരോ അറബികളോ അത്തരമൊരു മുറിവീ നാടിനേൽപ്പിച്ചിരുന്നില്ല. ആ അനുഭവം കൂടിയാണല്ലോ തങ്ങളുടെ തീരത്ത് കപ്പലിറങ്ങിയ പോര്‍ച്ചുഗീസ്കാർക്ക് സ്വാഗതമേകാനാ പാവം ജനങ്ങളെ പ്രേരിപ്പിച്ച ഘടകം. എന്നാല്‍, അവര്‍ക്ക് ലഭിച്ചതാകട്ടെ ചരിത്രത്തിൽ തുല്യതയില്ലാത്ത പീഢന പർവ്വവും.
ഒടുവിൽ, ബ്രിട്ടീഷ് കാലത്ത് നടന്നിരുന്ന സൈനിക പരേഡുകളുടെ ഓര്‍മ്മകളെ പരിചിന്തിപ്പിക്കുന്ന പരേഡ് ഗ്രൗണ്ടിനു സമീപത്തെ പുരാതനമായൊരു കെട്ടിടത്തിന്റെ മുന്നില്‍ ഞാനെത്തി ചേർന്നു. എന്റെ ലക്ഷ്യ സ്ഥാനമതാണ്... വിശുദ്ധ ഫ്രാന്‍സിസ് സി എസ് ഐ പള്ളി. ഒരു വിദേശ ശക്തി ഇന്ത്യയില്‍ നിർമ്മിക്കുന്ന ആദ്യ ദുര്‍ഗ്ഗമായ ഇമ്മാനുവല്‍ കോട്ടയുടെ സുരക്ഷക്കുള്ളിൽ പ്രൗഢിയോടെ സ്ഥിതി ചെയ്തിരുന്ന ക്രിസ്തീയ ദേവാലയം. 1503ൽ സ്ഥാപിക്കപ്പെട്ട ഈ പള്ളിയാണ് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള യൂറോപ്പ്യൻ ചർച്ച്. ഇമ്മാനുവല്‍ കോട്ടക്കുള്ളില്‍ ഫ്രാൻസിസ്കൻ പാതിരിമാരാൽ മരം കൊണ്ട് നിർമ്മിച്ച് വിശുദ്ധ ബർത്തിലോമിയോവിന് സമർപ്പിക്കപ്പെട്ട ആ പള്ളിയാണ് പിന്നീട് വിശുദ്ധ ഫ്രാന്‍സിസ് സി എസ് ഐ പള്ളി എന്നറിയപ്പെട്ടത്. ഇന്ത്യയില്‍ കോളനി ഭരണത്തിന്നായി വിവിധ യൂറോപ്പ്യൻ അധിനിവേശ ശക്തികള്‍ നടത്തിയ പോരാട്ടങ്ങളുടെ മൂകസാക്ഷി എന്ന നിലയില്‍ ഈ പള്ളിക്ക് വലിയ ചരിത്ര പ്രാധാന്യമാണുള്ളത്. വാസ്കോഡഗാമയുടെ ശവം ആദ്യം മറവ് ചെയ്തിരുന്ന സ്ഥലം എന്ന നിലയിലും ഈ പള്ളിക്ക് വലിയ ചരിത്ര പ്രാധാന്യമുണ്ട്.
ഞാൻ വലിയ ഇരുമ്പ് കവാടം കടന്ന് അകത്ത് കടന്നു. പള്ളിക്കു മുന്നിലെ ചെറിയ പുൽതകിടിയിൽ കറുത്ത മഗ്മ കല്ലുകൾ കൊണ്ട് നിർമ്മിച്ച സ്മാരകം കാണാം. ഒന്നാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത് 'വീരമൃത്യു' വരിച്ച കൊച്ചിക്കാരുടെ സ്മരണാര്‍ത്ഥം സ്ഥാപിച്ച സ്തൂപമാണത്. 1920ലാണ് അതിന്റെ നിര്‍മ്മിതി നടന്നിട്ടുള്ളതെന്ന് അതിൽ നിന്നും വായിച്ചെടുക്കാൻ കഴിയുന്നു.
പടിഞ്ഞാറോട്ട് ദര്‍ശനമായാണ് പള്ളി നില്‍ക്കുന്നത്. വാതിലുകളും ജനാലകളും ഫ്രഞ്ച് വാതായനങ്ങള്‍ പോലെ വലുതും കമാനാകൃതിയിലുള്ളതുമാണ്. പള്ളിഭിത്തി വളരെ കട്ടിയുള്ളതും തൂണുകൾ രണ്ടാൾ പൊക്കത്തിൽ നീളമുള്ളതുമാണന്ന് തോന്നുന്നു. പള്ളിക്കകത്തേക്കുള്ള കവാടത്തിന് മുകളിലുള്ള ഫലകം ഡച്ചുകാരും പള്ളി പുതുക്കി പണിതിട്ടുണ്ടന്ന് സൂചിപ്പിക്കുന്നു. കാരണം, അവരുടെ അടയാളമായ 'voc' എന്നതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പള്ളിയുടെ മുന്‍വശത്ത് വലിയൊരു ഘടികാരം കാണാം. അത് ആസ്പിൻവാൾ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായിരുന്ന ഹാരിസൺ ജോണ്‍സിന്റെ സ്മരണയ്ക്കായി സ്ഥാപിച്ചതാണന്ന് മനസ്സിലായി.
ഞാന്‍ പള്ളിക്കുള്ളിലേക്ക് നടന്നു. നൂറ്റാണ്ടുകളുടെ കാൽ പെരുമാറ്റമേറ്റ് തിളങ്ങുന്ന കരിങ്കൽ തറയുടെ ഇരു വശത്തും കാലപ്പഴക്കത്തിന്റെ നിറം പടര്‍ന്ന മര ഇരിപ്പിടങ്ങള്‍ കാണാം. കൂടാതെ, പേരറിയാതെ എന്തെല്ലാമോ പുരാതന നിര്‍മ്മിതികളും ശില്‍പങ്ങളും പ്രതിമകളും. പ്രാർത്ഥനക്കായി എത്തുന്നവര്‍ക്ക് കാറ്റ് ലഭിക്കുന്നതിനുള്ള വലിയ വിശറികൾ സ്ഥാപിച്ചത് ബ്രിട്ടീഷുകാരാണന്ന് ഒരു ഗൈഡ് തന്റെ സഹയാത്രികരോട് പറയുന്നത് കേട്ടു. മനോഹരമായ ശില്‍പ ചാതുരിയുള്ള ധാരാളം ശിലകള്‍ പള്ളിക്കകത്ത് ചുമരുകളിൽ സ്ഥാപിച്ചിട്ടുണ്ട്. അവയില്‍ ചിലതിലെ ശില്‍പങ്ങള്‍ മഞ്ഞു പോയിട്ടുണ്ടെങ്കിലും മിക്കതിലും വംശ സൂചകങ്ങളായ ആലേഖനങ്ങളും പദവികളെ സൂചിപ്പിക്കുന്ന ചിഹ്നങ്ങളും കാണാം. പള്ളിയുമായി ബന്ധപ്പെട്ടവരുടേയും പള്ളിക്കായി പ്രവർത്തിച്ചവരുടേയും വിവരങ്ങളടങ്ങിയ ആ ശിലകള്‍ക്കൊരിടത്ത് ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് കൊച്ചി സന്ദര്‍ശിച്ചപ്പോള്‍ സ്ഥാപിച്ച ശിലയും കാണാം. ആ ഓര്‍മ്മ ശിലകളുടെ മഹാശേഖരണങ്ങളുടെ ഒരറ്റത്ത് ഒരു കറുത്ത ശില ഞാൻ കണ്ടിരുന്നു. അതായിരുന്നു 1524ൽ ഗാമ തന്റെ മൂന്നാമത്തെ കേരള സന്ദര്‍ശനത്തിനിടെ കൊച്ചിയില്‍ വെച്ച് മരണപ്പെട്ടപ്പോൾ അതിന്റെ ഓര്‍മ്മക്കായി സ്ഥാപിച്ച കരിങ്കല്ല്.
വെറുപ്പിന്റെ പാപക്കറ പോലത് കറുത്തിരുണ്ട് കിടക്കുന്നു... ഗാമയുടെ ശവമന്നേറ്റു വാങ്ങിയ ഫോര്‍ട്ട് കൊച്ചിയുടെ കടൽ തീരത്തെ ഈ മണല്‍ കൂനയിൽ കിടന്ന് ആ ശവം പുഴുക്കള്‍ ഭക്ഷണമാക്കുമ്പോഴും അയാൾ നട്ടിട്ട് പോയ ആ വിഷവിത്ത് പിന്നെയുമീ നാട് ഏറ്റുവാങ്ങി കൊണ്ടേയിരിക്കയായിരുന്നല്ലോ. എനിക്കോർമ്മ വന്നത് കേരള ചരിത്രം രണ്ടാം ഭാഗത്തിലെ ഏതാനും വരികളാണ്.
"രണ്ട് വലിയ കപ്പലുകളും പത്തിരുപത്തിരണ്ട് സബൂക്കുകളും കിഴക്കൻ തീരത്തുനിന്ന് അരിയും കയറ്റി തീരക്കടലിൽ എത്തിചേർന്നു. ഈ കപ്പലുകൾ കാണേണ്ട താമസം പോർച്ചുഗിസ് നാവികപ്പട അവയെ വളഞ്ഞു പിടികൂടി. ചരക്കു തോണികളെ കൊളളയടിക്കുവാൻ ഗാമ ഉത്താരവിട്ടു. വെടിപ്പട ഉടനെതന്നെ അവയിലുണ്ടയിരുന്ന അരിയും മറ്റും പിടിച്ചെടുക്കുകയും ആളുകളുടെ കയ്യും മൂക്കും ചെവിയും ചെത്തികളയുകയും ചെയ്തു. ചെത്തിയെടുത്ത അവയവങ്ങളെല്ലാം കൂടി ചേർത്തുകെട്ടി ഒരു പനയോലക്കുറിയും വച്ച് സാമൂതിരിക്ക് അയച്ചുകൊടുത്തു. അയക്കുന്ന സാധനം കറിവച്ച് കൂട്ടികൊള്ളൂ എന്നായിരുന്നാ പനയോലക്കൂറി. അവർ രക്ഷപ്പെട്ടു പോകാതിരിക്കാൻ കാലുകൾ തമ്മിൽ കൂട്ടികെട്ടി. കയ്യില്ലാത്തത് കൊണ്ട് കടിച്ചഴിച്ചേക്കുമെന്ന് കരുതി എല്ലാവരുടെയും പല്ല് അടിച്ചുകൊഴിച്ചു. തോണിയിൽ കരക്കടിഞ്ഞ ജീവച്ചവങ്ങൾ കണ്ട് കടപ്പുറത്തുള്ളവർ വവിട്ടു നിലവിളിച്ചു"
പള്ളിക്കകത്ത് ഗാമയെ അടക്കം ചെയ്ത ആ ഭാഗം ഒരു മര ഫ്രെയിം കൊണ്ട് അടയാളപ്പെടുത്തി വച്ചിട്ടുണ്ട്. ഗാമ മരണപ്പെട്ട് പതിനാല് വര്‍ഷങ്ങൾക്ക് ശേഷം അയാളുടെ അഞ്ചാമത്തെ പുത്രന്‍ 'പെട്രോഡ സില്‍വ ഗാമ' കൊച്ചിയിലെത്തി കല്ലറയിളക്കി മാറ്റി കാലം ബാക്കി വെച്ച ആ അസ്ഥിമഞ്ജരങ്ങൾ പെറുക്കിയെടുത്ത് പോര്‍ച്ചുഗലിലെ വിദിഗ്വരയിലേക്ക് കൊണ്ട് പോയി അവിടുത്തെ പ്രശസ്തമായ ജെറോനിമസ് മോണാസ്ട്രിയയിൽ 'രാജകീയ' പദവിയോടെ അടക്കം ചെയതു. അനേകായിരങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന ശാപവാക്കുകളുമായി വലിയൊരു മാര്‍ബിള്‍ കൂട്ടിലാ എല്ലിൻ കഷണങ്ങള്‍ ഇന്നും നിലനിന്ന് വരുന്നു.
ഞാൻ പള്ളിക്കകത്തൊരു വിഹക വീക്ഷണം നടത്തി. ആളുകൾ അധികമില്ല. എന്നാൽ തീര്‍ത്തും വിജനമാതന്ന് പറയുവാനും കഴിയില്ല. എല്ലാവരും അവരവരുടേതായ ലോകത്താണ്. ദീര്‍ഘ ചതുരാകൃതിയിൽ നിര്‍മിച്ച് വച്ചിട്ടുള്ള ആ ലോഹ ഫ്രെയ്മിനുള്ളിലേക്ക് പതിയെ ഞാനെന്റെ ഇടതു കാൽപാത്തി പ്രവേശിപ്പിച്ചമർത്തി ചവിട്ടി... പോര്‍ച്ചുഗീസുകാർ, ഡച്ചുകാർ, ഫ്രഞ്ചുകാർ, ബ്രിട്ടീഷുകാർ... അവരാൽ കൊല്ലപ്പെട്ട അനേകായിരങ്ങൾ, അന്നിരുപത്തൊന്നിൽ കൊല്ലപ്പെട്ട എന്റെ പൂര്‍വ്വികര്‍, പീഢനങ്ങളുടെ മഹാപര്‍വ്വം താണ്ടി നമ്മെ കടന്ന് പോയ അവരുടെ ഭാര്യമാര്‍, മക്കള്‍, അമ്മമാര്‍, ഒരു കഷണം തൂക്ക് കയറില്‍ ജീവിതം ഹോമിക്കപ്പെട്ട അവരുടെ പ്രതീക്ഷകൾ... കടൽ കടത്തി ജയിലുകളിൽ ജീവിച്ചു തീര്‍ത്തവർ... ധീര ദേശാഭിമാനികൾ, രക്തസാക്ഷികൾ... ഒടുവില്‍, സ്വതന്ത്ര പുല്‍കിയിട്ടും വെറുപ്പിന്റെ സന്ദേശങ്ങള്‍ പ്രസരിപ്പിക്കുന്ന അഭിനവ സാമ്രാജ്യത്വ വാദികള്‍, രാഷ്ട്ര പിതാവിന്റെ നെഞ്ചിലേക്കുതിർന്ന വെടിയുണ്ടകൾ... എല്ലാം എല്ലാത്തിനും ഞാനിതാ എന്റെ കാൽ വിരലൊകൊണ്ട് പകരം ചോദിച്ചിരിക്കുന്നു...
ത്ഫൂ...
ശുഭം... ആശ്വാസം.






