Saturday, 14 September 2024

നബിദിനാഘോഷം കൊണ്ടാടുന്നവരോട് 10 കാര്യങ്ങൾ

1- പ്രവാചകന്റെ ജീവിതകാലം അഥവാ 62 വര്‍ഷക്കാലം പ്രവാചക ജീവിതത്തിൽ അവിടുത്തെ ജന്മദിനം കടന്ന് പോയിട്ടുണ്ടെങ്കിലും അവിടുന്നത് ആചരിക്കുകയോ കൊണ്ടാടുകയോ അതിനായി നിര്‍ദ്ദേശിക്കുകയോ ചെയ്തിട്ടില്ല. മാത്രവുമല്ല, ജന്മദിനവുമായി ബന്ധപ്പെടുത്തി ആ ദിനത്തെ സംബന്ധിച്ച് ഖുർആനിലോ ഹദീസിലോ ഒന്നും തന്നെ പറഞ്ഞിട്ടില്ല.

"നബി (സ) പറഞ്ഞു, ഇന്ന്‌ ഞാന്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക്‌ ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക്‌ തൃപ്തിപ്പെട്ടും തന്നിരിക്കുന്നു" 

എന്നാൽ, ക്രൈസ്തവ മതത്തിന്റെ അനുഷ്ഠാനങ്ങളെ മുഴത്തിന് മുഴമായി നിങ്ങൾ ആചരിച്ചു പോകരുത് എന്ന് അവിടുന്ന് ശക്തമായി താക്കീത് നല്‍കിയത് ക്രൈസ്തവ സഹോദരങ്ങളുടെ ക്രിസ്തുമസ് ആഘോഷവുമായി കൂടി ബന്ധപ്പെട്ടായിരിക്കാം.

2- പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ കൂടി പ്രവാചകന്‍ ജനിച്ചത് റബീഉൽ അവ്വൽ 12 തിങ്കളാഴ്ച്ചയാണന്നാണ് പറഞ്ഞു വരുന്നത് (ആനക്കലഹ വർഷത്തിലെ ഒരു തിങ്കളാഴ്ച്ച ദിവസമാണ് നബി തങ്ങൾ ജനിച്ചത് എന്നു മാത്രമാണ് നബിയുടെ ജനനതീയതിയുമായി ബന്ധപ്പെട്ട് പറയാൻ കഴിയുന്ന കാര്യം). തിങ്കളാഴ്ച്ചകൾ തോറും സുന്നത്ത് നോമ്പ് നിര്‍ദേശിച്ച റസൂല്‍ കരീം ആ ദിവസം എന്റെ ജന്മദിനം കടന്നു വന്നാൽ നിങ്ങൾ നോമ്പ് എടുക്കേണ്ടതില്ല എന്ന് പറഞ്ഞതായി വല്ല തെളിവുമുണ്ടോ. അഥവാ, നബിദിനം ആചരിക്കുന്നവരുടെ മുന്നില്‍ തിങ്കളാഴ്ച്ചയാണ് ആ ദിനവുമായി കടന്നു വരുന്നതെങ്കിൽ നിങ്ങൾ നോമ്പെടുക്കുമോ അതോ ഭക്ഷണം കഴിച്ച് നബിദിനം കൊണ്ടാടുമോ?

3- ഞാന്‍ മുന്നേ പറഞ്ഞത് പോലെ നബി തങ്ങളുടെ ജനന ദിവസവുമായി ബന്ധപ്പെട്ട് പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ കൂടി അവിടുത്തെ വഫാത്ത് ദിവസം കൃത്യമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അത് റബീഉൽ അവ്വൽ 12 തിങ്കളാഴ്ച്ചയായിരുന്നു. അഥവാ, പ്രവാചക വഫാത്തിന്റെ ആദ്യ നാളുകളിലെങ്കിലും റബീഉൽ അവ്വൽ 12നെ നടുക്കത്തോടെയല്ലാതെ അക്കാലത്തെ ജനത ഓര്‍ത്തു കാണില്ല എന്ന് ചുരുക്കം. ഒരുപക്ഷേ, അതുകൊണ്ട്‌ കൂടിയായിരിക്കാം ആദ്യ നാല് ഖലീഫമാർ ഉള്‍പ്പടെയുള്ളവർ അത്തരമൊരു ആഘോഷത്തെ കുറിച്ച് ചിന്തിക്കപോലും ചെയ്യാതിരുന്നത്.

"ഇമാം അബൂ അംറ് ഇബ്നുല്‍ അലാഅ് (റ) പറഞ്ഞു, നബി ജനിച്ച റബീഉല്‍ അവ്വല്‍ മാസത്തില്‍ തന്നെയാണ് അവിടുന്ന് വഫാത്തായതും. എങ്കില്‍, ആ മാസത്തില്‍ ദുഖിക്കുന്നതിനേക്കാള്‍ യോജിച്ചതല്ല സന്തോഷം"

4- പ്രവാചകന്റെ കൂടെ ഹിജ്‌റ ചെയ്തവർ, ബദര്‍ യുദ്ധത്തില്‍ പങ്കെടുത്തവർ, ഖുലഫാഉ റാഷിദീങ്ങൾ, മറ്റു സ്വഹാബി വാര്യര്‍, താബിഉകൾ, താബിഉതാബിഉകൾ, ഇമാമുമാർ തുടങ്ങി പ്രവാചക ജീവിതത്തിലെ നിര്‍ണായക സംഭവങ്ങള്‍ക്കെല്ലാം സാക്ഷികളായവരുടെ ഹൃദയാന്തരാളങ്ങളില്‍ പ്രവാചകരൊരു മധുരമൂറുന്ന സ്മരണയാണെങ്കിൽ കൂടി അവരൊന്നും അവിടുത്തെ ജന്മദിവസത്തെ ആഘോഷത്തിനുള്ള അവസരമാക്കിയില്ലെന്നത് ശ്രദ്ധേയമാണ്.

"നബി (സ) പറഞ്ഞു, ഏറ്റവും ഉത്തമരായ ആളുകൾ എന്റെ കൂടെ ജീവിച്ചവരാണ് പിന്നെ അടുത്ത നൂറ്റാണ്ട് പിന്നെ അതിനടുത്ത നൂറ്റാണ്ട്..."

5- ചരിത്രകാരന്മാരുടെ അഭിപ്രായ പ്രകാരം ഷിയാ രീതികള്‍ പിന്തുടരുന്ന ഫാത്വിമിയാക്കളിലെ പ്രധാനി ഉമറുബ്‌നു മുഹമ്മദ് അല്‍ മുല്ലയാണ് ആദ്യമായി പ്രവാചകന്റെ ജന്മദിനം ആഘോഷിക്കാന്‍ തുടങ്ങിയത്. അദ്ദേഹത്തെ പിന്‍പറ്റിയാണ് ഇർബിൽ ഭരിച്ചു വന്നിരുന്ന മുളഫറുദ്ദീൻ കുക്ബൂരി അടക്കമുള്ള ഇത് ചെയ്ത് പോന്നത്. അതിനെ സംബന്ധിച്ച് ഖല്‍ഖഷന്ദി അദ്ദേഹത്തിന്റെ ‘സുബുഹുല്‍ അശാ’ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

"ഇമാം സഖാവി പറയുന്നു, നിശ്ചയമായും ഈ മൗലിദ് കഴിക്കുന്ന സമ്പ്രദായം ഹിജ്റ മൂന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷം പുതുതായിട്ടുണ്ടായതാണ് (സയ്യിദുല്‍ ബഖരിയുടെ ഇആനത്തുത്വാലിബീന്‍)"

ക്രൈസ്തവ മത അനുയായികള്‍ ഈസ നബിയുടെ ജന്മദിനം കൊണ്ടാടുന്നത് കണ്ട് കൊണ്ടായിരിക്കാം അവരിലും അത്തരമൊരു ചിന്ത രൂപപ്പെട്ടത് എന്ന് സ്വാഭാവികമായും അനുമാനിക്കാൻ കഴിയും. അതുകൊണ്ട്‌ തന്നെ, ആഘോഷം പ്രവാചകന്റെ ജന്മദിനത്തില്‍ മാത്രമായി അവർ ഒതുക്കിയിരുന്നില്ല. പ്രവാചകന്റെ മറ്റു കുടുംബാംഗങ്ങള്‍, ഈസാ നബി തുടങ്ങിയവരുടേയും ജന്മദിനങ്ങളും ഫാത്തിമികള്‍ വര്‍ണ്ണാഭമായി ആഘോഷിച്ചിരുന്നു.

6- ബിദ്അത്തുകളെ കുറിച്ച് ശക്തമായ താക്കീതുകൾ നല്‍കിയ ഇസ്ലാമിൽ എന്തിന്റെ പേരിലായാലും പുത്തൻ ആചാരങ്ങള്‍ കൊണ്ടുവരുന്നവർ ഇമാം മാലിക്‌ (റ) വിന്റെ ഈ വാക്കുകൾ എപ്പോഴും ഓര്‍ത്തു വെക്കുക

"ആരെങ്കിലും ദീനിൽ പുതുതായി ഒരു ബിദ്അത്ത് ഉണ്ടാക്കി എന്നിട്ടത് നല്ലതാണന്ന് വാദിച്ചാൽ മുഹമ്മദ് നബി (സ) തന്റെ ദൗത്യത്തിൽ വഞ്ചന കാണിച്ചു എന്നു പറയുന്നതിനത് തുല്യമാണത്"

കൂടാതെ, മാലികി മദ്ഹബിലെ പ്രമുഖ കര്‍മ്മശാസ്ത്ര പണ്ഡിതനായ താജുദ്ദീന്‍, ഇമാം സുയൂത്വി, ഇബ്‌നു ഹജറുല്‍ അസ്ഖലാനി, ഇബ്‌നു ഹജര്‍ ഹൈതമി, ഉമറുബ്‌നു ലഖ്മി തുടങ്ങിയവര്‍ ഇത്തരത്തില്‍ നബിദിനാഘോഷത്തെ നേര്‍ക്കുനേര്‍ എതിര്‍ത്തു രംഗത്തു വന്നവരാണ്. അതു സംബന്ധിയായി ഉമറുബ്‌നു ലഖ്മി രചിച്ച ഗ്രന്ഥമാണ് 'അല്‍ മൗരിദ് ഫില്‍ കലാം അലാ ഔലീദ്'.

7- ഇരു പെരുന്നാളുകൾ, നോമ്പ് തുടങ്ങിയ പ്രവാചക നിര്‍ദ്ദേശത്തിൽ മുസ്ലീങ്ങള്‍ അനുഷ്ഠിച്ച് വരുന്ന കര്‍മ്മങ്ങള്‍ ഒരു ചട്ടക്കൂടിനുള്ളിലെന്ന പോലെ കൃത്യമാണ്. എന്നാൽ, ആ ഒരു കൃത്യത നബിദിനാഘോഷത്തിന്റെ കാര്യത്തിൽ എന്തുകൊണ്ടാണ് കാണാൻ സാധിക്കാത്തത്. ഓരോ നാട്ടിലും ഓരോ പോലെയാണത് ആഘോഷിച്ചു വരുന്നത്. കേവലം നബി കീര്‍ത്തന ആലാപനം മുതൽ പ്രവാചക വേഷം കെട്ടിച്ച് കുതിരപ്പുറത്ത് എഴുന്നള്ളിപ്പ് വരെ അതിന്റെ ഭാഗമായി നടന്നു വരുന്നു. എന്റെ ചോദ്യം ഇതാണ്... എന്താണ്‌ നബിദിനാഘോഷത്തിന്റെ പരിധി. എങ്ങനെ അത് തുടങ്ങണം, എങ്ങനെ അവസാനിപ്പിക്കണം.

8- കേവലം മനുഷ്യർ രചിക്കുന്ന കവിത വാചകങ്ങൾ എന്നതിനപ്പുറം നബി കീര്‍ത്തനങ്ങൾക്ക് അനുഷ്ഠാന സ്വഭാവം കൈവരുന്നതോ അതിൽ അമിതമായ പുകഴ്ത്തൽ, അല്ലാഹുവിന്റെ കഴിവിനോട് പങ്കുചേര്‍ക്കല്‍ തുടങ്ങി ഖുര്‍ആന്‍/ഹദീസ് അധ്യാപനങ്ങൾക്ക് വിരുദ്ധമായ പ്രസ്താവനകൾ കടന്ന് വരുന്നത് ഒരു മുസ്ലിമിനെ സംബന്ധിച്ച് ഭൂഷണമാണോ.

മൻകൂസ് മൗലൂദ് മാത്രം നോക്കുക. അതിൽ പറയുന്നു. സര്‍വ ലോകങ്ങളും അല്ലാഹു സൃഷ്ടിക്കുന്നതിനു മുമ്പായി നബിയുടെ പ്രകാശമാണ് സൃഷ്ടിച്ചതെന്നും അതിന് മുഹമ്മദ് എന്ന് അല്ലാഹു തന്നെ നാമകരണവും ചെയ്തു എന്നുമാണ്. ഈ വാദം ഖുർആനിലോ സുന്നത്തിലോ കാണാൻ സാധ്യമല്ല. ഇതുപോലുള്ള അവിവേകമായ അനേകം വാക്കുകൾ കവിതാ രൂപത്തിൽ അതിൽ പാടി പറഞ്ഞു വരുന്നുണ്ട്.

9- നബിദിനത്തെ സാധൂകരിക്കാൻ അത് ആഘോഷിക്കുന്നവർ പറയുന്ന ചില വാചകങ്ങള്‍ കാണുക,

"ലൈലത്തുല്‍ ഖദ്റിനേക്കാള്‍ ശ്രേഷ്ഠം പ്രവാചക ജന്‍മദിനത്തിനാണെന്ന്"
(മീലാദുന്നബി പൈതൃകം. പേജ് 24)

"അബ്ദുല്ലയുടെ വിധവ ആമിന ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു എന്ന വാർത്ത അബൂലഹബിനെ അറിയിച്ചു. സുവൈബത്തുല്‍ അസ്ലമി എന്ന അടിമയെ മോചിപ്പിച്ചുകൊണ്ട് തല്‍സമയം തന്നെ അദ്ദേഹം ജന്മദിനാഘോഷത്തിന് തുടക്കം കുറിച്ചു"
(സുന്നത്ത് മാസിക. 1985 ഡിസംബർ. എഡിറ്റർ വി.പി.എം. ഫൈസി വില്ല്യാപ്പള്ളി)

നബി തങ്ങള്‍ ജനിച്ചതറിഞ്ഞ് അബൂലഹബ് അടിമയെ മോചിപ്പിച്ചാല്‍ അതെങ്ങനെ ഇസ്ലാമിലെ ഒരാചാരമാകും. അബൂലഹബ് കാഫിറായി ജീവിച്ച് മരിച്ചു പോയ ആളാണ്. അയാള്‍ ജീവിത കാലത്ത് ചെയ്തിട്ടുള്ള കാര്യങ്ങള്‍ നോക്കി ഇസ്ലാമില്‍ തെളിവ് പിടിക്കാന്‍ കഴിയുമോ? അല്ലെങ്കില്‍, താന്‍ ജനിച്ചതറിഞ്ഞ് അബൂലഹബ് അടിമയെ മോചിപ്പിച്ചുവെന്നും അത് പുണ്യകരമായ കാര്യമായിരുന്നുവെന്നും നബി നമുക്ക് അറിയിച്ച് തന്നിരുന്നുവെങ്കില്‍ നമുക്കത് സ്വീകരിക്കാമായിരുന്നു.

10- ഖുർആൻ സുന്നത്തിനെതിരാവാത്ത നബി പ്രകീര്‍ത്തനങ്ങൾ ചൊല്ലുന്നതും, അവിടുത്തെ അനുസ്മരിച്ച് സംസാരിക്കുന്നതും പുണ്യമേറിയതും അനിവാര്യവുമായ കാര്യമാണെങ്കിൽ കൂടി അതിന്‌ പ്രത്യേകം ദിനം നിശ്ചയിക്കുന്നത് ശരിയല്ല. സഅദ് ബിനു അബിവഖാസ് പറയുന്നു, "സ്വഹാബികള്‍ തങ്ങളുടെ മക്കള്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിച്ചു കൊടുക്കുന്നതില്‍ കാണിച്ചിരുന്ന താല്‍പര്യം പ്രവാചക ജീവിതത്തിലെ പോരാട്ടത്തിന്റെ ചരിത്രം വിവരിച്ചു കൊടുക്കുന്നതിലും കാണിച്ചിരുന്നു".