വിശാലമായ പാട ശേഖരം. അതിന്റെ ഒരു വശത്ത് നിരനിരയായി നില്‍ക്കുന്ന മല നിരകളുടെ കാഴ്ച്ച. അതിലൊന്നിന്റെ ഉച്ചിയില്‍ വെറുതെ സമയം കൊല്ലാൻ നിൽക്കുമ്പോഴായിരുന്നു അങ്ങകലെ ആകാശത്ത് മയില്‍ പീലി വിടര്‍ത്തിയതു മാതിരി വലിയൊരു 'റ' മഴവിൽ അവന്റെ ശ്രദ്ധയിൽ പെടുന്നത്. സപ്ത വര്‍ണ്ണങ്ങളാൽ അലങ്കാരിക്കപ്പെട്ട അത് വലിയൊരു കമാനംപോൽ ആകാശത്ത് പരന്ന് വിടര്‍ന്നങ്ങനെ കിടക്കുന്നു. അതിന്റെ തൊട്ട് താഴെ ഞാൻ നേരത്തെ പറഞ്ഞ വയലുകളുടെ നരച്ച പച്ച വര്‍ണ്ണം. ഒരുപക്ഷേ, ഭൂമിയിലേക്കുള്ള മാലാഖമാരുടെ കവാടമാകാം ആ മഴവില്ല്. കവാട കെട്ടിലെ മനോഹരമായ മേലാപ്പ്. സ്വര്‍ഗ്ഗ ലോകത്തു നിന്നും മനുഷ്യര്‍ വസിക്കുന്ന ഈ ഗ്രഹത്തിലേക്കുള്ള അവസാന കവാടം. അതിലൂടെ സുന്ദര മുഖവുമായി വലിയ വലിയ ചിറകുകള്‍ വിടര്‍ത്തിയാ മാലാഖമാര്‍ ഭൂമിയുടെ മടിത്തട്ടിലേക്ക് ഉതിര്‍ന്ന് ചാടുന്നുണ്ടാകാം.
അവന്‍ വെറുതെ ഓരോന്ന് ചിന്തിച്ചു നിന്നു.
കുടിനീർ കിട്ടാതെ തളര്‍ന്നുറങ്ങിപോയിരുന്ന ചെടികള്‍ക്കും മറ്റു ജീവജാലങ്ങൾക്കും ചെറിയ ചാറ്റൽ മഴയിലൂടെ ആശ്വാസം പകര്‍ന്ന്... അവയുടെ തലയില്‍ സ്നേഹത്തോടെ തലോടിയാ മാലാഖമാര്‍ ആകാശ ലോകത്തേക്കുയർന്ന് പൊങ്ങുന്നതും അതുവഴിയിയിരിക്കാം. അതിനപ്പുറമാണ് നിത്യ മനോഹരമായ സ്വര്‍ഗ്ഗ ലോകം.
ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച, നീല അങ്ങനെ നീണ്ടുപോകുന്നു അതിലെ വര്‍ണ്ണ മനോഹാരിത. മലയുടെ ഒരു താഴ്‌വര മുഴുവനത് പരന്ന് കിടക്കുകയാണ്. അതിലെ ഏത് വര്‍ണ്ണം വേണം തനിക്ക് സ്വന്തമായി എന്നവൻ വെറുതെ ചിന്തിച്ചു. ആരെങ്കിലും ചോദിച്ചാൽ അഭിമാനത്തോടെ പറയാമല്ലോ തനിക്കേറ്റവും ഇഷ്ടം ഇന്ന വര്‍ണ്ണമാണന്ന്. അല്ലെങ്കിൽ, ദാ ആ നില്‍ക്കുന്നത് കണ്ടോ അതാണ് തന്റെ വര്‍ണ്ണമെന്ന്. അതിന്റെ അഴക് കണ്ട് മറ്റുള്ളവർ തന്നെ പുകഴ്ത്തുന്നതവന്‍ മനക്കണ്ണിൽ വെറുതെ കണാൻ ശ്രമിച്ചു.
ചുവപ്പാണെങ്കിൽ അത് ചെമ്പരത്തി പൂവിന്റെ വര്‍ണ്ണമാണ്. പക്ഷെ, അവന് ചെമ്പരത്തി പൂവ് തീരെ ഇഷ്ടമില്ലായിരുന്നു. വേദനയുടെ നിറം കൂടിയാണ് ചുവപ്പ്. രക്തത്തിന്റെ നിറം. ഓടിച്ചാടി നടക്കുന്നതിനിടയിലെങ്ങാൻ കാൽ തെറ്റിയെങ്ങാൻ വീണുപോയാൽ വേദനയോടൊപ്പം മൃദുലമായ തന്റെ തൊലിയെ പിളര്‍ത്തി പുറത്തേക്കെത്തി നോക്കുന്നതാ വര്‍ണ്ണമാണ്.
രക്തത്തിന്റെ വര്‍ണ്ണം.
ഓറഞ്ച് വീട്ടുമുറ്റത്തെ മധുരമൂറും മാമ്പഴത്തിന്റെ നിറമാണ്. കൂടാതെ, രുചികരമായ അനേകം മിഠായികളുടേയും. പച്ചയുടെ കഥ പറഞ്ഞാൽ തീരില്ല. പാടത്തും, വരമ്പത്തും പുഴയോരത്തും തുടങ്ങി കുളക്കടവില്‍ വരെ പച്ചമയം തന്നെ. പക്ഷേ, എന്തുകൊണ്ടോ കറുപ്പിനെ പോലെ പച്ചയും അവന് സ്വീകാര്യമല്ലായിരുന്നു.
ദിനവും കുളിച്ച് മാറ്റിയുള്ള സ്കൂളിൽ പോക്കവന് ഇച്ചിരി കഷ്ടമേറിയ കാര്യമാണ്. രാവിലെ കളിച്ചുല്ലസിച്ച് നടക്കുന്നതിനിടയിൽ അമ്മയുടെ വിളി ഉയരുമ്പോൾ തന്നെ അവന് കലി കയറും. പിന്നെ, വസ്ത്രംമാറി ബുക്കും സാമഗ്രികളുമെടുത്ത് സ്കൂളിലേക്കൊരോട്ടമാണ്. യൂണിഫോം വെള്ളയും നീലയും ആയതിനാലാവാം ആ വര്‍ണ്ണങ്ങളുമവന് സ്വീകാര്യമേ അല്ലായിരുന്നു. പക്ഷേ, ഏതെങ്കിലുമൊരു വര്‍ണ്ണം സ്വീകരിച്ചല്ലേ മതിയാകൂ. അവന്‍ മഴവില്ലിലേക്കു തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു. അതിലെ ഓരോ വര്‍ണ്ണത്തിനും അവന്‍ മാര്‍ക്കിടാന്‍ തുടങ്ങി. പക്ഷേ, എല്ലാം ഒന്നിനൊന്ന് മെച്ചം. എന്നാല്‍, അസ്വീകാര്യവും.
അവന്‍ കഴിഞ്ഞപോയ ചില കാര്യങ്ങൾ വെറുതെ ഓര്‍ത്തെടുക്കാൻ ശ്രമിച്ചു.
കഴിഞ്ഞ ദിവസം കോളജിലുണ്ടായ ഒരു വാക്കേറ്റത്തിന്റെ കഥ ഏട്ടനവനോട് പറഞ്ഞിരുന്നു. നീലകൊടിക്കാരായ ചില വിദ്യാര്‍ഥികളും ചുവപ്പ് കൊടിക്കാരായ മറ്റു ചിലരും തമ്മില്‍ നടന്ന അതിദാരുണമായ അടിപിടിയുടെ കഥ. മഴവില്ലിലെ ചുവപ്പ് വര്‍ണ്ണാങ്കിതമായ ഒരു കൊടിക്ക് സമീപം അതേ മഴവില്ലിലെ നീലവര്‍ണ്ണപതാക പാറിയതുകൊണ്ട് എന്താണ് പ്രശ്നമവർക്കെന്നവന്‍ ഏട്ടനോട് ചോദിച്ചു നോക്കി. പക്ഷേ, ഏട്ടൻ പറഞ്ഞ മറുപടികളൊന്നും തന്നെ അവനെ തൃപ്തനാക്കുന്നതായിരുന്നില്ല.
വിപ്ലവം, ഇടതുപക്ഷം, വലതുപക്ഷം... അങ്ങനെ പോകുന്നു ആ മറുപടികൾ.
അവന്റെ മനസ്സിന്റെ ഉള്ളറകളിലെവിടെയോ ആ വര്‍ണ്ണങ്ങൾ ഭീതിജനകമായ ഓര്‍മ്മയായി മാറി. ആ രണ്ട് വര്‍ണ്ണങ്ങൾക്കും കാര്യമായി എന്തോ പ്രശ്‌നമുണ്ടന്നവൻ ഉറച്ചു വിശ്വസിച്ചു.
അങ്ങനെയിരിക്കെ ഒരു ദിവസം സ്കൂളില്‍ ചെന്നപ്പോൾ അവിടെയുണ്ടായിരുന്ന കറുത്ത ബോർഡുകളെല്ലാം പച്ചവര്‍ണ്ണത്തിലുള്ളതായി മാറിയിരിക്കുന്നു. അന്നേ ദിവസം ക്ലാസിലേക്ക് കടന്ന് വന്ന അധ്യാപകന്‍ വിദ്യാര്‍ഥികളോടായി പറഞ്ഞു.
"നിങ്ങളുടെ ശ്രദ്ധ കൂടുതലായി ബോർഡിലേക്ക് പതിയുവാനുള്ള സൂത്രമാണിത്. നിങ്ങൾ കറുത്ത പ്രതലത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിനേക്കാൾ കൂടുതൽ പച്ച ബോർഡ് നിങ്ങളെ അതിന്റെ പ്രതലത്തിലേക്ക് വശീകരിക്കുന്നു".
ലോകത്തെമ്പാടുമുള്ള പല കലാലയങ്ങളും ഈ രീതി അവലംബിച്ചിട്ടുണ്ടെന്നും അധ്യാപകന്‍ ഒടുവിലായി കൂട്ടിചേര്‍ത്തു. കറുപ്പിനേക്കാൾ അഴകും ആകര്‍ഷകവും ഇതു തന്നെ. കൂടാതെ, പുതിയ ബോർഡായതിനാൽ നല്ല വൃത്തിയും വെടുപ്പുമുണ്ട്. കറുത്ത പഴഞ്ചൻ ബോര്‍ഡിൽ നിന്നും വെത്ത്യസ്ഥമായി അലൂമിനിയം ചട്ടക്കൂടിനകത്താണത് സ്ഥാപിച്ചിരിക്കുന്നത് എന്നതിനാല്‍, കാണാനൊരു ഉഷാറൊക്കെയുണ്ട്. കുട്ടികളെല്ലാം അത്യധികം സന്തോഷിച്ചു. എന്നാൽ, പിറ്റേദിവസം സ്കൂളില്‍ ചെന്നപ്പോൾ ആക്രമാസക്തരായ ചിലരതിലെ പച്ചവര്‍ണ്ണത്തെ ചൊല്ലി അധ്യാപകനോട് കയർക്കുന്നതാണാ കുട്ടികൾ കാണുന്നത്. അധ്യാപകര്‍ കാര്യങ്ങളവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നുണ്ടങ്കിലും അവർ തീരെ വഴങ്ങുന്നേ ഉണ്ടായിരുന്നില്ല. അവർക്കതിന്റെ നിറമായിരുന്നു പ്രശ്നം.
പച്ച വര്‍ണ്ണം...
മറ്റാരുടെയോ നിര്‍മാണത്രെ അത്.
ഒടുവില്‍, പൊട്ടി പൊളിഞ്ഞ ആ പഴയ കറുത്ത ബോർഡ് തന്നെയവിടെ പുനഃസ്ഥാപിക്കാൻ അധ്യാപകര്‍ നിര്‍ബന്ധിതരായി. സ്റ്റോറൂമിന്റെ ഇരുട്ടറയിലേക്ക് ആ പച്ച ബോര്‍ഡുകളെല്ലാം തന്നെ എടുത്തെറിയപ്പെട്ടു. പ്രകൃതിയുടെ വര്‍ണ്ണമായിരുന്നിട്ടും, ലോകത്തെമ്പാടുമുള്ള കുരുന്നുകളെ പഠനത്തിലേക്ക് വശീകരിക്കുന്ന നിറമായിരുന്നിട്ടും അവര്‍ക്കത് അസ്വീകാര്യമായിട്ടുണ്ടെങ്കിൽ ആ വര്‍ണ്ണത്തിനും കാര്യമായിട്ടെന്തോ കോട്ടമുണ്ടന്നവന്‍ ഉറച്ചു വിശ്വസിച്ചു.
മഴവില്ലിലെ വര്‍ണ്ണം ഇനിയും ബാക്കിയുണ്ടല്ലോ. മറ്റുള്ളതിൽ ഏതെങ്കിലുമൊന്ന് സ്വന്തമാക്കാം എന്ന ചിന്തയിലാണ്ട അവനുമുന്നില്‍ പിന്നെയും വന്നു ചില ചിത്രങ്ങൾ.
നഗരത്തിലെ ഒരു തിരക്കുള്ള പാത. ഇരുവശത്തും തിങ്ങി നിറഞ്ഞ ജനക്കൂട്ടം. അവർ കൊടി തോരണങ്ങളുയർത്തി ആരെയോ കാത്തിരിക്കുകയാണ്. അവര്‍ക്ക് നടുവില്‍ വിശാലമായ റോഡ് ഒഴിഞ്ഞ് നീണ്ട് പരന്ന് കിടക്കുന്നു. അതിന്റെ ഓരത്ത് അങ്ങിങ്ങായി പൊലീസ് കാവല്‍ കാണാം. ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോളതാ റോഡിന്റെ ഒത്ത മധ്യത്തിലൂടെ ചുവപ്പ് ബീക്കണ്‍ മിന്നിച്ചുകൊണ്ട് പോലീസ് വാഹനങ്ങൾ ചീറിപ്പാഞ്ഞ് വരുന്നു. തൊട്ടു പിറകെ സ്റ്റേറ്റ് വാഹനം. ഏതോ മന്ത്രിയുടെ വാഹനമാണ്. തീവണ്ടി ബോഗികളെപ്പോലെ നിരയൊപ്പിച്ചവ മുന്നോട്ട് വരുന്നു. അതിനിടയില്‍ പെട്ടന്നാണാ ആൾ കൂട്ടത്തിനിടയിൽ നിന്നൊരു ആക്രോശം കേട്ടത്. ഏതാനും ചെറുപ്പക്കാര്‍ വാഹനത്തിന് മുന്നിലേക്കെടുത്തൊരു ചാട്ടമാണ്. മുകളിലേക്കുയർത്തി പിടിച്ച അവരുടെ കൈകളില്‍ കറുത്തൊരു തുണിക്കഷ്ണമുണ്ടായിരുന്നു. അതുയർത്തി വീശിയവർ വാഹനത്തിലിരിക്കുന്ന മന്ത്രിക്കെതിരിൽ കടുത്ത വാക്കുകൾ പ്രയോഗിക്കുന്നു.
ഉദ്വേഗജനകമായ നിമിഷങ്ങള്‍... വലിയൊരു തിരമാല വരുന്നതിന് മുമ്പത്തെ മൂളക്കം...
എന്നിരുന്നാലും, കുതിച്ച് വന്നുകൊണ്ടിരുന്ന വാഹന വ്യൂഹം ആ ബഹളം കണ്ടവിടെ സഡൻ ബ്രേക്കിട്ടു നിന്നു. ഓരത്തുണ്ടായിരുന്ന പോലീസുകാർ അവരെ മാറ്റി വഴിയൊരുക്കാൻ അവിടേക്ക് കുതിച്ചു പായുന്നു. മന്ത്രി വാഹനത്തിന് മുന്നിലുണ്ടായിരുന്ന പോലീസ് വാഹനങ്ങളിലെ പൊലീസുകാരും രംഗത്തെത്തി. അവർ ഓങ്ങി പിടിച്ച ലാത്തിയുമായവടെ ചാടിയിറങ്ങി.
"ചാര്‍ജ്..."
അടിപിടി... ചോര... അട്ടഹാസം.
പ്രകടനക്കാരുടെ ശരീരത്തിൽ കനത്തിലടി വീഴുമ്പോഴും അവരുടെ കൈയിലെ ആ കറുത്ത കൊടിയവർ ഉയർത്തി പിടിച്ചു തന്നെ നിൽക്കുകയാണ്. പോലീസുകാരത് ആവും വിധം പിടിച്ചു വാങ്ങാൻ ശ്രമിക്കുന്നുണ്ടങ്കിലും അവരതിൽ നിന്ന് പിടി വിടാന്‍ ഒരുക്കമില്ലായിരുന്നു. വാഹനത്തിന് മുന്നില്‍ നടക്കുന്ന ഈ അടിപിടിയെല്ലാം കണ്ടന്ധാളിച്ചെന്നോണം മന്ത്രിവാഹനം നാടു റോട്ടിൽ തന്നെ നില്‍ക്കുകയാണ്. പ്രകടനക്കാരിൽ കുറേ പേരതിന്റെ മുന്നിലും കുറേ പേർ പിറകിലും. അവരുടെയൊക്കെ കൈയിലെ ഉയർത്തി പിടിച്ച വടികളിൽ കറുത്ത കൊടി ആകാശത്ത് പാറി കളിക്കുന്നു.
കരിങ്കൊടി...
ഒടുക്കം, അതിക്രൂരമായ പോലീസ് മര്‍ദ്ദനങ്ങൾക്കൊടുവിൽ ചോര വാർന്നൊഴുകുന്ന ആ കൈകളില്‍ നിന്നവരാ കരിങ്കൊടികൾ തട്ടിപ്പറിച്ച് വാങ്ങിക്കുക തന്നെ ചെയതു. തുടർന്ന്, പോലീസ് വാഹനങ്ങൾക്കുള്ളിലെ കാണാമറയത്തേക്കത് തള്ളി. ബഹളമൊന്നമർന്നപ്പോൾ മന്ത്രി വാഹനം റോഡില്‍ നിന്നും പതിയെ മുന്നോട്ട് നീങ്ങികൊണ്ടിരിക്കുമ്പോൾ അടികൊണ്ട് പരിക്ഷീണിതയിലായ ആ യുവത്വം ആകാശം നോക്കി മലര്‍ന്നു കിടക്കുകയായിരുന്നു.
ഇതെല്ലാം ടിവിയിൽ കണ്ട് നെടുവീര്‍പ്പിട്ട അവനൊരു കാര്യം മനസ്സിലായി. അവിടെ പ്രശ്നം കറുപ്പായിരുന്നു.
കറുത്ത കൊടി... കരിങ്കൊടി.
അടിയേറ്റ് പിടയുമ്പോഴും ആ യുവാക്കളത് ഉയർത്തി തന്നെ പിടിക്കാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പൊലീസുകാരെന്തോ മോശപ്പെട്ട സംഗതി കണ്ടത് മാതിരി മന്ത്രിയുടെ കണ്ണില്‍ നിന്നുമത് പരമാവധി മറക്കാനും ശ്രമിക്കുന്നതവൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഒടുക്കം, അതിനെപ്പറ്റി അച്ഛനോടവന്‍ ചോദിച്ചു. പ്രകടനക്കാർ മന്ത്രിക്ക് കരിംകൊടി കാട്ടിയതുകൊണ്ടാണ് പോലീസിൽ നിന്നും ആക്രമണം നേരിടേണ്ടി വന്നതെന്ന് അച്ഛനും സ്ഥിരീകരിച്ചു. അതോടുകൂടി അവന്റെ മനസ്സിൽ പിന്നെയും കുറെ ചോദ്യങ്ങൾ മുളപൊട്ടി. നാനാവര്‍ണ്ണങ്ങളിലുമുള്ള പൂക്കളും, കണ്ണഞ്ചിപ്പിക്കുന്ന വര്‍ണ്ണതോരണങ്ങളും, പ്രകാശ വിസ്മയങ്ങളും നിറഞ്ഞ ഈ ലോകത്ത് കറുത്ത നിറത്തിലുള്ളൊരു തുണിശീലക്ക് മാത്രമെന്താണിത്ര സവിശേഷതയെന്നവന്‍ ചിന്തിച്ചു.
അത് അരാജകത്തിന്റെ വര്‍ണ്ണമാണത്രേ. വേദനയുടെയും... ദുഃഖത്തിന്റെയും... പിന്നെ, ഭീതിയുടെയും, ഭീകരതയുടേയും കലാപത്തിന്റേയും നിറം.
ഓറഞ്ച് വര്‍ണ്ണം പുതച്ച വിശുദ്ധ കാവിയും അവന് ഏറെ ഇഷ്ടമാണ്. കാരണം, അപ്പൂപ്പന്റെ ഇഷ്ടവര്‍ണ്ണമാണത്. അപ്പൂപ്പനെ അവന്‍ കാവി വസ്ത്രങ്ങളിലല്ലാതെ കണ്ടിട്ടില്ല. കാവി മുണ്ടും, കാവി ജുബ്ബയും തോളിലൊരു തോല്‍ സഞ്ചിയുമായി ദിവസങ്ങളോളം നീളുന്ന ക്ഷേത്ര ദര്‍ശനത്തിനത്തിനായി അദ്ദേഹം വീട്ടില്‍ നിന്നിറങ്ങുമ്പോൾ അവനത് വലിയ സന്തോഷമാണ്. കാരണം, അപ്പൂപ്പന്‍ മടങ്ങി വരുമ്പോൾ തീർച്ചയായും കൈയിലൊരു പൊതി അവനായുണ്ടാകും. അതിൽ മധുരവും. അതിനാല്‍ തന്നെ കാവി വര്‍ണ്ണം മധുര വര്‍ണ്ണം കൂടിയാണവന്.
ഇങ്ങനെയൊക്കെ ആണെങ്കിലും പത്ര വാർത്തകൾ പലതും അവനെയെന്നപോലെ പലരേയും അസ്വസ്ഥമാക്കുന്നു.
വർഗ്ഗീയതയും കലാപങ്ങളും അരങ്ങു തകര്‍ത്ത് മുന്നേറുകയാണ്. രാഷ്ട്രീയക്കാരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി ജനമനസ്സുകളിലവർ വെറുപ്പിന്റെ വിത്തു പാകുന്നു. പശുവിന്റെ പേരിലും ദൈവനാമത്തിന്റെ പേരിലും ആയിരങ്ങള്‍ തെരുവില്‍ ആൾകൂട്ട വിചാരണക്ക് വിധേയമായി തല്ലി ചതക്കപ്പെടുന്നു. ചിത്രവധത്തേക്കാൾ ക്രൂരമായവർ കൊല്ലപ്പെടുന്നു. എന്നാൽ, അതിനേക്കാള്‍ അസ്വസ്ഥമായ കാര്യം... അക്രമത്തിന് നേതൃത്വം നല്‍കുന്ന ആ കാട്ടാളന്മാരുടെ കൈകളിലൊക്കെയും ഒരു കാവി വര്‍ണ്ണക്കൊടിയുണ്ട് എന്നുള്ളതാണ്. അവര്‍ക്ക് വേണ്ടി സംസാരിക്കുന്നവരും കാവി പുതച്ച് പ്രത്യക്ഷപ്പെടുന്നു. കാവിയുടെ നിറം മതമൗലികതയുടെ നിറമായി പരിണമിച്ചിരിക്കുന്നു.
കലാപത്തീകളില്‍ ആയിരങ്ങളെ കൊന്ന് തള്ളിയൊവന്‍ ശൂലമുയർത്തി ജയ് ശ്രീരാം വിളിക്കുന്നു. അവന്റെ കൈയിലുമതാ വിശുദ്ധ കവിയുടെ ഒരു കഷ്ണം.
ചുവപ്പ്, പച്ച, കാവി, കുങ്കുമം, കറുപ്പ്, വെള്ള.... മഴവില്ലിലെ ഓരോ വര്‍ണ്ണങ്ങളും ഇത്തരത്തില്‍ അപഹരിക്കപെട്ടിരിക്കുന്നു. അപഹരിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു. പലർക്കുമത് ഭീതിയുടെ ഓര്‍മ്മകളാണ്. അടിപിടികളുടെ കഥയാണ്. ചിലര്‍ ചില വര്‍ണ്ണങ്ങളെ പുല്‍കി... അതിനു വേണ്ടി മാത്രം സംസാരിക്കുമ്പോള്‍, ചിലർ ചില വര്‍ണ്ണങ്ങളെ വെറുപ്പോടെ മാത്രം നോക്കികാണുന്നു. അതിന്റെ ചെറിയ വെട്ടം പോലും ഇല്ലായ്മ ചെയ്യുന്നു. മുഖം ദേഷ്യംകൊണ്ട് ചുവന്ന് തുടിക്കുന്നു. അല്ലെങ്കിൽ, ഒന്നോര്‍ത്തു നോക്കൂ... തൊലിയിൽ കണ്ട കറുത്ത വര്‍ണ്ണത്തിന്റെ പേരില്‍ മാത്രം ഒരു ജനതയെ നൂറ്റാണ്ടുകളോളം ഈ ലോകം പീഢിപ്പിച്ചത് എന്തിന്റെ പേരിലാണ്. വെള്ളത്തൊലി ഉണ്ടന്ന പേരില്‍ മാത്രം ഒരു വിഭാഗത്തെ എത്ര കലാമാണ് നമ്മൾ മേലാളന്മാരായി കൊണ്ടു നടന്നത്.
മനുഷ്യന്റെ യോഗ്യത വര്‍ണ്ണങ്ങളിൽ മാത്രം തിരയുന്ന പരമ വിഡ്ഢികള്‍.
നിറത്തെ സ്നേഹിക്കുന്നവര്‍ മനുഷ്യരേയും പ്രകൃതിയേയും സ്നേഹിക്കുന്നു. അഭിപ്രായ വിത്യാസങ്ങളെ മാനിക്കുന്നു. ആരുടെയും നിറം നോക്കാതെ യോഗ്യത കൊണ്ട് മാത്രമവരെ അംഗീകരിക്കുന്നു. കാരണം, മഴവില്ലിലെ നിറങ്ങൾ കണ്ണ് സ്നേഹിക്കുന്ന നിറങ്ങളാണ്. ആ നിറങ്ങൾ കൊണ്ട് നാട് കത്തിക്കാമെന്ന് കണ്ടു പിടിച്ചവരെ മഴവില്ലിലെ മുഴുവന്‍ വര്‍ണ്ണങ്ങൾ കൊണ്ടും നമുക്ക് തോല്‍പ്പിക്കേണ്ടതുണ്ട്.
അവന്‍ മഴവില്ലിന്റെ മനോഹാരിതയിലേക്ക് കണ്ണെടുക്കാതെ നോക്കി നിന്നു. അത് അൽപ്പാല്‍പ്പമായി ആകാശ നീലിമയിലേക്ക് മാഞ്ഞ് പോയികൊണ്ടിരിക്കുന്നു. ഒരുപക്ഷേ, ഭൂമിയിലെ അവസാന മാലാഖയും സ്വര്‍ഗ്ഗലോകത്തെ അവരുടെ പാര്‍പ്പിടത്തിലേക്ക് എത്തിചേർന്നിട്ടുണ്ടാകാം.




