Saturday, 24 August 2019

മഹ്മൽ

ദുബൈ നഗരത്തിലെ ഘന ഗംഭീരം കെട്ടിട കാഴ്ചകള്‍ക്കിടയിലെ ഒരു വലിയ നിര്‍മ്മിതിയാണ് ബുര്‍ജ് ഖലീഫ. ലോകത്തെ ഏറ്റവും നീളമേറിയ കെട്ടിടം. ആ കെട്ടിടത്തിന്റെ ഭൂപ്രതലത്തിലേക്കുയർന്ന് നില്‍ക്കുന്ന വേരുപോലെ തോന്നിപ്പിക്കുന്ന ഒന്നാണ്‌ ദുബൈ മാൾ എന്നറിയപ്പെടുന്നത്. ഉപഭോക്ത്ര് സംസ്കാരത്തിന്റെ അവസാന വാക്ക്. എന്നാൽ, ദുബൈ മാളൊരു ഷോപ്പിങ് വിസ്മയത്തിന്റെ വര്‍ണ്ണലോകം മാത്രമാണന്നാരും ധരിച്ച് പോകരുത്. മാളിന്റെ പല കോണുകളിലും ചിന്താപരവും ആകര്‍ഷകവുമായ അനേകം പ്രദര്‍ശനങ്ങളും കാഴ്ച്ചകളും ഉണ്ടാകാറുണ്ട്. മാളിലെ വര്‍ണ്ണപ്പകിട്ടിനിടയിൽ അവകൾ മിക്കപ്പോഴും നമ്മുടെ ശ്രദ്ധയിൽ പെടാതെ കണ്ണ് വെട്ടിച്ച് കടന്ന് പോവുകയാണന്ന് മാത്രം.

ഞാൻ പറഞ്ഞു വരുന്നത് ദുബൈമാളിൽ ഞാനൊരിക്കൽ കണ്ടൊരു കാഴ്ചയെ കുറിച്ചാണ്.

മഹ്മല്‍...

മാളിന്റെ ഒരു കോണില്‍ ഒരു വലിയ താഴികക്കുടത്തിന് താഴെയാണ് വിലമതിക്കാനാവാത്ത ആ ചരിത്ര വസ്തു പ്രദര്‍ശിപ്പിച്ചു വെച്ചിരുന്നത്. പലരും അതിലൊന്ന് എത്തി നോക്കി പോകുന്നത് ഞാന്‍ കണ്ടു. ചിലര്‍ അതിൽ എഴുതി വച്ചിരിക്കുന്നത് ശ്രമപ്പെട്ട് വായിക്കുന്നതും കാണുന്നു. ചിലര്‍ ചിത്രങ്ങളെടുക്കുന്നു. തൊട്ട് നോക്കുന്നു. എല്ലാവരും ഇതെന്തോ പ്രാധാന്യമേറിയ വസ്തുവാണെന്ന് മനസ്സിലേക്കുന്നുണ്ടെങ്കിലും മിക്ക പേര്‍ക്കും ഇതെന്താണന്ന് മനസ്സിലാകുന്നില്ല എന്നാണെനിക്ക് തോന്നിയത്. ഒരു കാലഘട്ടത്തെ മനുഷ്യര്‍ അത്യധികം ഭയഭക്തി ബഹുമാനത്തോടെ കണ്ടിരുന്ന, ഒരു കാലഘട്ടത്തിന്റെ ചരിത്രം പേറി നില്‍കുന്ന ഒരു വലിയ സംഗതിയാണതെന്ന് മനസ്സിലാക്കാൻ എനിക്കും അനേകം നാളുകളെടുത്തു എന്ന് ചുരുക്കം.

ഇസ്ലാമിലെ മഹത്തായ ആരാധന കര്‍മ്മമായ ഹജ്ജുമായി ബന്ധപ്പെട്ട് വിശുദ്ധ കഅബയെ കട്ടിയുള്ള ഒരുതരം പുതപ്പ് കൊണ്ട്‌ അഥവാ കിസ്-വകൊണ്ട് പുതപ്പിക്കുന്ന ഒരു ചടങ്ങുണ്ട്. എല്ലാ കൊല്ലത്തിലും ദുല്‍ഹജ്ജ് മാസം ഒമ്പതിനാണ് ആ ചടങ്ങ് നടക്കാറുള്ളത്. മേല്‍ത്തരം തുണിയിൽ സ്വര്‍ണ്ണനൂലിഴകൾകൊണ്ട് വിശുദ്ധ ഖുറാനിലെ വചനങ്ങൾ തുന്നിചേര്‍ത്ത അതിമനോഹരമായ ഒരു കറുത്ത പുതപ്പാണ് കിസ്-വ എന്ന് പറയുന്നത്. കഅബ നിലകൊള്ളുന്ന ഹറം പള്ളിക്കു സമീപത്തെ നിര്‍മാണ യൂണിറ്റിൽ നിന്നും ഒരു വലിയ വാനിൽ കൊണ്ടുവരുന്ന കിസ്-വയെ വിദഗ്ധരായ കുറെ ആളുകളുടേയും യന്ത്രങ്ങളുടേയുമൊക്കെ സഹായത്തോടെയാണ് മത്താഫിലേക്ക് അഥവ കഅബയുടെ പരിസരത്തിലേക്ക് കൊണ്ടുവരുന്നതും കഅബയെ പുതപ്പിക്കുകയുമൊക്കെ ചെയ്യുന്നത്. അന്നത് കാണാൻ ലക്ഷങ്ങൾ കഅബക്കു ചുറ്റും കൂടുന്നു. കൂടാതെ ഹറം ടിവി മേല്‍പരുപാടി തല്‍സമയം സംപ്രേഷണം ചെയ്യുകയും ചെയ്യുന്നു.

ഇന്നത് വലിയൊരു സംഭവവമായി കൊണ്ടാടപ്പെടുന്നില്ലങ്കിലും, ഒരു കാലത്ത്‌ അതൊരു അത്യാഢംബരമായ പരുപാടിയായിരുന്നെന്ന് ചരിത്രത്തിൽ കാണാൻ സാധിക്കും. കൃത്യമായി പറഞ്ഞാൽ എഡി 1926ലെ ദുല്‍ഹജ്ജ് ഒമ്പത് വരെ. അന്നു വരെ യമനിൽ നിന്നും ഡമാസ്കസിൽ നിന്നുമൊക്കെ കുന്നും മലകളും മരുഭൂമിയും താണ്ടി അനേകം ആളുകളുടെ അകമ്പടിയോടെ വര്‍ണ്ണാഭമായി അലങ്കരിച്ച ഒട്ടകപ്പുറത്ത് ഒരു വലിയ കാരവനിലായിലായിരുന്നു കിസ്-വയെ കൊണ്ടുവന്നിരുന്നത്. അത് കടന്നുപോകുന്ന ഓരോ പ്രദേശത്തും അതിന്‌ വലിയ സ്വീകരണവും വരവേല്‍പ്പും ലഭിച്ചിരുന്നു. അവിടെ നിന്നും അനേകം പേർ ആ ഘോഷയാത്രക്കൊപ്പം ചേര്‍ന്ന് അതൊരു വലിയ സംഘമായി മക്കയിലെത്തുകയും കിസ്-വയെടുത്ത് കഅബയെ പുതപ്പിച്ച് മടങ്ങുകയും ചെയ്തിരുന്നു.

അത് ചരിത്രം.

അന്ന് കിസ്-വ കൊണ്ടുവന്നിരുന്ന ആ കാരവന്റെ പേരാണ് മേല്‍ മഹ്മല്‍. ഖുര്‍ആൻ സൂക്തങ്ങളും നബിവചനങ്ങളുമൊക്കെ ആലേഖനം ചെയ്ത പച്ചയും ചുവപ്പും നിറങ്ങളിലുഉള്ള സില്‍ക്ക് കൊണ്ട്‌ പണിത വലിയ ഒരു ചതുരാകൃതിയിലുള്ള പെട്ടിയാണത്. അത് സ്വര്‍ണ്ണം-വെള്ളി നൂലിഴകള്‍കൊണ്ട് അലങ്കരിക്കപ്പെട്ടിരുന്നു. ആ കാരവനകത്തിട്ടായിരുന്നു ഓട്ടോമൻ സുല്‍ത്താന്മാരാരുടെ അധികാരത്തിന്റെ അടയാളമായിരുന്ന കിസ്-വ കൊണ്ട്‌ വന്നിരുന്നത്. പതിമൂന്ന്‌ ഭാഗങ്ങളായി ഒരു പിരമിഡുപോലെ തോന്നിപ്പിക്കുന്ന മഹ്മലിന്റെ മുകൾ വശത്ത് നാല് മൂലയിലും പിന്നെ ഏറ്റവും ഉയരമുള്ള ഭാഗത്തും ഓരോ ലോഹഗോളവും കാണാൻ സാധിക്കും. പിന്നെ, അതി മനോഹരങ്ങളായ സില്‍ക്ക് തൊങ്ങലുകളും...

തുര്‍ക്കിയിലെ മാംമലൂക്ക് സുല്‍ത്താന്മാരുടെ കാലത്ത്‌ ഈജിപ്തിലെ അവരുടെ പ്രതിനിധിയായിരുന്ന സാഹിർ ബയ്ബേഴ്സർ 1272ലാണ് ഈ ചടങ്ങിന് ആദ്യം തുടക്കമിട്ടതെന്നാണ് ചരിത്രം. ആഘോഷപൂര്‍വ്വം ഒട്ടകപ്പുറത്ത്‌ ആ കാരവനുമായി അനേകം ദൂരങ്ങള്‍ താണ്ടി ഹജ്ജിന് മുമ്പായി അവർ ഈജിപ്തിൽ നിന്നും മക്കയിലെത്തുകയും അതിനകത്തെ കിസ്-വകൊണ്ട് കഅബയെ പുതപ്പിക്കുകയും ചെയതുവന്നു. മാംമലൂക്കുകൾക്ക് ശേഷം തുര്‍ക്കിയില്‍ അധികാരത്തിലെത്തിയ ഓട്ടോമൻ സുല്‍ത്താന്മാരും ഇത് തുടർന്നു. അക്കാലത്താണ് മഹ്മല്‍ ഘോഷയാത്ര ഡമാസ്കസില്‍നിന്നും യമനില്‍നിന്നുമൊക്കെ തുടക്കം കുറിക്കുന്നത്. ഇരുഹറമുകളുടേയും (മക്ക, മദീന) സേവകനെന്ന നിലയില്‍ ഓട്ടോമൻ സുല്‍ത്താന്റെ ആഢ്യത്വത്തിനനുസരിച്ച് മഹ്മലിന്റെ വര്‍ണ്ണപൊലിമയും അക്കാലത്ത് വര്‍ധിച്ച വന്നു. ദുബൈമാളിൽ ഞാനീകണ്ട മഹ്മല്‍ 1876 മുതൽ 1909 വരെ ഒട്ടോമൻ സാമ്രാജ്യം ഭരിച്ച അബ്ദുൽ ഹമീദ് രണ്ടാമന്റെ കാലത്ത്‌ നിർമ്മിക്കപ്പെട്ടതാണ്. ഇത് പിന്നീട് ഈജിപ്തിലെ ഖദീവിയിരുന്ന (ഓട്ടോമൻ സുല്‍ത്താന്റെ പ്രതിനിധിയായി ഓരോ പ്രദേശങ്ങളിലും ഭരണം നടത്തുന്നയാൾ) അബ്ബാസ് ഹെൽമി രണ്ടാമന്‍ 1894ലാണ് അവസാനമായി കിസ്-വ എഴുന്നള്ളത്തിന് ഉപയോഗിച്ചത്. ഇന്നതൊരു കാഴ്ച്ച വസ്തു മാത്രമാണ്.

അനേക കാലത്തെ ചരിത്രം നമ്മോട് വിളിച്ച് പറയുന്ന മൂകനായ ഒരു ചരിത്രകാരൻ. 

പ്രവാചകന്റെ കാലഘട്ടത്തിനു മുമ്പും ഈ കിസ്-വ പുതപ്പിക്കൽ ഒരു വലിയ ചടങ്ങായി അക്കാലത്തെ ഹറം സേവകരായ ഖുറൈശി ഗോത്രക്കാർ കൊണ്ടാടിയിരുന്നു. അത് മറ്റൊരു രൂപത്തിലായിരുന്നെന്ന് മാത്രം. എന്നാൽ, പ്രവാചകന്റെ കാലത്ത്‌ അതൊരു വലിയ ചടങ്ങോ നിര്‍ബന്ധബാധ്യതയോ ആയി അവിടുന്ന് അംഗീകരിക്കുകയോ കല്‍പ്പിക്കുകയോ ചെയ്തില്ല. അതിനാല്‍ തന്നെ അവിടുത്തെ വിയോഗ ശേഷം അനുയായികളും അത് അനുവര്‍ത്തിച്ചു വന്നു. എന്നാൽ, ഭരണം രാജ വ്യവസ്ഥയിലേക്ക് വഴി മാറിയപ്പോൾ രാജാവിന്റെ ആഢ്യത്വം നിലനിര്‍ത്തി കൊണ്ട് പോകാനാണ് ഇത്തരത്തിലുള്ള അനേകം ചടങ്ങുകൾ മതത്തില്‍ കൂട്ടി ചേര്‍ക്കപ്പെട്ടതെന്ന് കാണാൻ സാധിക്കും. അതുകൊണ്ട്‌ കൂടിയിയിരിക്കാം മക്കയും മദീനയുമുൾപ്പെട്ട ഹിജാസ് പ്രദേശത്തുനിന്നും 1922ഓടെ പിന്മാറിയ ഒട്ടോമൻ തുര്‍ക്കികൾക്ക് ശേഷം അവിടെ അധികാരത്തിലെത്തിയ സൗദി ഭരണകൂടം ആ ചടങ്ങ് അവസാനിപ്പിച്ചത്. കാരണം, പ്രവാചകൻ നിര്‍ദേശിച്ചതോ ചെയ്തതോ അല്ലാത്ത കാര്യങ്ങൾ ഒരു ഇസ്ലാമിക കര്‍മ്മം പോലെ നിര്‍ബന്ധ ബാധ്യതയായി ചെയ്യുന്നത് ഇസ്ലാമിനെ സംബന്ധിച്ചെടുത്തോളം വലിയ തിന്മയാണന്നാണത് പഠിപ്പിക്കുന്നത്.

Monday, 19 August 2019

കഫിയ

പ്രവാസ ലോകം ചരിത്രമയമുള്ളതാണ്. അതിന്റെ ആഴത്തിലേക്ക് നൂണ്ടിറങ്ങിയാൽ ഗ്രന്ഥത്താളുകൾക്കുള്ളിൽ മയങ്ങികിടക്കുന്ന അനേകം സന്ദര്‍ഭങ്ങളുടെ പൊട്ടും പൊടിയും നമുക്ക് കാണുവാന്‍ സാധിക്കും. കാരണം, വിഭിന്നമായ അനേകം ഗ്രാമങ്ങള്‍, നഗരങ്ങള്‍, രാഷ്ട്രങ്ങള്‍ തുടങ്ങിയവനിന്നും വരുന്ന അനേകമാളുകളെയവിടെ ദിനേനയെന്നോണം നമുക്ക് കാണാൻ കഴിയും. ചരിത്ര പുസ്തകത്തില്‍ വായിച്ചു തള്ളിയ ഏതെങ്കിലുമൊരു ഭയങ്കമഹാ സംഭവം നടന്നത് ഒരുപക്ഷേ അതിലെ ആരുടേയെങ്കിലുമൊരാളുടെ അയല്‍പക്കത്തായിരിക്കാം. അല്ലെങ്കിൽ, ചരിത്രത്തിൽ വായിച്ചറിഞ്ഞ ഏതെങ്കിലുമൊരു നേതാവ്, ശാസ്‌ത്രജ്ഞൻ, പീഢിതൻ, പര്യവേക്ഷകൻ തുടങ്ങിയവരുടെ അയല്‍വാസിയും ആയിരുന്നിരിക്കാം അവർ. അതുമല്ലെങ്കിൽ, അവരുടെ തലമുറയോ കുടുംബമോ ആകാം.

ചാച്ചാ...

പ്രവാസ ലോകത്തു നിന്നും ഞാന്‍ പരിചയപ്പെട്ടൊരു പഞ്ചാബിയാണ് കക്ഷി. പിന്നീട് ഞങ്ങൾ വലിയ സുഹൃത്തുക്കളായി മാറി. അവ്യക്തമായ ഭാഷയിൽ ഹിന്ദിയും, പഞ്ചാബിയും ഇടകലർത്തിയാണ് അദ്ദേഹമെന്നോട് സംസാരിക്കാറ്. ഒരിക്കല്‍, അയാളെന്നോട് പറഞ്ഞു. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ജ്വലിക്കുന്ന നക്ഷത്രമായ ഭഗത് സിങിന്റെ വീടിന്‌ തൊട്ടടുത്താണ് പഞ്ചാബിലെ തന്റെ വീടെന്ന്. ആ ധീര വിപ്ലവകാരിയുടെ കുടുംബാംഗങ്ങളെ ദിവസവുമയാൾ കാണുന്നു. സംസാരിക്കുന്നു... ചിരിക്കുന്നു... സല്ലപിക്കുന്നു. ഒരിക്കലവരുമായി തനിക്ക് വഴക്കിടേണ്ടിയും വന്നിട്ടുണ്ടെന്നയാൾ പറഞ്ഞ്‌ നിർത്തി.

അത്ഭുദം...

ആ ധീര രക്തസാക്ഷിയുടെ അയല്‍ക്കാരൻ ചാച്ചാ...

ചാച്ചായുടെ കഥ അവിടെ നില്‍ക്കട്ടെ. ഇനി മറ്റൊരു കാര്യം പറയാം...

ഓഫീസ് സമയം ഇടക്കിടെ ചില്ലറ പണികളും വർത്തമാനങ്ങളുമൊക്കെയായി എന്നെ കാണാൻ വരുന്ന എന്റെ മറ്റൊരു സുഹൃത്താണ് നാസര്‍ അല്‍ ജൂബേലി. ഫലസ്തീനി സ്വദേശിയായ സുമുഖനായൊരു യുവാവ്. ഫലസ്തീനിലെ ഏറ്റവും പടിഞ്ഞാറെ തുരുത്തായ ഗസ്സ എന്നൊരു പ്രദേശത്തു നിന്നുമാണവന്‍ വരുന്നത്. അതി ഭീകര ഭീകരങ്ങളായ അനേകം യുദ്ധ കഥകളുടെ ഓര്‍മ്മകള്‍ വിഹരിക്കുന്ന ചെറിയൊരു നഗര രാജ്യമാണ് ഗസ്സ. അവിടെ ഈജിപ്തിലേക്ക് തുറക്കുന്ന റഫ എന്നൊരു അതിർത്തി പ്രദേശമുണ്ട്. ആ ഗ്രാമത്തിന്റെ തന്നെ പേരായ റഫ എന്നാണ് ആ കവാടത്തിന് നല്‍കിയിരിക്കുന്ന പേരും. റഫ കവാടം. മേല്‍ അതിർത്തിയുടെ തുറക്കലടക്കലുമായി ബന്ധപ്പെട്ട അനേകം വാർത്തകൾ ഞാൻ പത്രങ്ങളിൽ വായിച്ചറിഞ്ഞിട്ടുണ്ട്. സന്തോഷിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ ദുഃഖിച്ചിട്ടുമുണ്ട്. നമ്മുടെ നാസര്‍ ആ ഗ്രാമ വാസിയാണന്നാണ് ഞാൻ പറഞ്ഞ്‌ വരുന്ന കാര്യം.

മിക്ക ദിവസങ്ങളിലും ഇശാനമസ്കാരത്തിനായി പള്ളിയിലേക്ക് പോകുമ്പോൾ അവനെന്റെ അടുത്തൊന്ന് കയറും. കുറേ നേരമിരുന്ന് അനേകം കാര്യങ്ങൾ സൊറക്കും. ഞാൻ പറഞ്ഞല്ലോ അവന്റെ ജോലിയുടെ ഭാഗമായ ചില്ലറ പണികളുമായും അവന്‍ വരാറുണ്ടെന്ന്. അതുമായി ബന്ധപ്പെട്ട സംസാരങ്ങളാണ് ആദ്യമാദ്യം ഉണ്ടാവുക. തീര്‍ത്തും ഔദ്യോഗികമായ വിഷയങ്ങൾ. സ്വാഭാവികം. വിസ സംബന്ധമായ സംശയ നിവാരണങ്ങൾ, നിർദ്ദേശങ്ങൾ, അറിയിപ്പുകള്‍... അങ്ങനെയങ്ങനെ അത് നീളും. പിന്നെയൊരു ദീര്‍ഘ നിശ്വാസത്തിന്റെ അകമ്പടിയോടെ അവനെന്നോട് ചോദിക്കും.

"യാ നവീന്‍... കൈഫ് ബിലാദ്... കൈഫ് ഹാൽ" എന്ന്.

അതൊരറിയിപ്പാണ്. ഔദ്യോഗികമിവിടെ അവസാനിപ്പിക്കാം. ഒരു വലിയ ഫുൾ സ്റ്റോപ്പ്. ഇനി നമുക്ക് നമ്മുടെ നാടിനെ കുറിച്ച് സംസാരിക്കാമെന്നാണതിന്റെ സൂചന. ഞാനാണാദ്യം പറഞ്ഞ്‌ തുടങ്ങുക.

"കുല്ലു തമാം യാ നാസര്‍... അൽഹംദുലില്ലാഹ്"

പലസ്തീനിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ, പ്രതീക്ഷകള്‍, അവന്റെ ചില കുടുംബകാര്യങ്ങൾ തുടങ്ങി അനേകം വിഷയങ്ങൾ ഞങ്ങൾ പരസ്പരം ചർച്ച ചെയ്യും. ഇടയില്‍ ചിരിക്കും, അട്ടഹസിക്കും, ചുണ്ടുകള്‍ പരത്തി ദുഃഖം കാണിക്കും. വെളുത്ത് തുടുത്ത ആ മുഖത്തെ മുന്‍നിരയിലുള്ള വെള്ളപല്ലുകള്‍ പരത്തി കാണിച്ചുള്ള അവന്റെ പുഞ്ചിരി കാണാന്‍ വലിയ ഭംഗിയാണ്. സംസാരത്തിനിടയിൽ തന്റെ നാട്ടിലെ നിലവിലെ സാഹചര്യങ്ങളെ എന്റെ നാടിന്റെ സാഹചര്യങ്ങളുമായി തുലനം ചെയ്യാനാണ് അവന്‍ കൂടുതലും ശ്രമിക്കാറെന്നെനിക്ക് തോന്നിയിട്ടുണ്ട്.

പലസ്തീനിൽ മുസ്ലിമും ക്രൈസ്തവരും ജൂതരും വലിയ ഒത്തൊരുമയോടെയാണ് കഴിഞ്ഞ് വരുന്നത്. ജനങ്ങൾ തമ്മിലെന്ത് പോര്. സര്‍ക്കാറുകളല്ലേ പരസ്പര ശത്രുക്കൾ. മതത്തിന്റെ പേരില്‍ തുല്യതയില്ലാത്ത പീഢനം നേരിടുന്ന മുസ്ലിങ്ങളുടെ കൂടെ അവരും തോളോടുതോൾ ചേര്‍ന്ന് നിന്ന് സയണിസ്റ്റ് അധിനിവേശ സർക്കാറിനെതിരെ പോരാടികൊണ്ടിരിക്കുന്നു. അതിനെപറ്റി അവനെന്നോട് പറയുമ്പോൾ പ്രതീക്ഷയോടെ അവനെന്നോട് ചോദിക്കും.

"നവീന്‍... താങ്കളുടെ രാജ്യത്തും വിഭിന്ന മതസ്ഥർ പരസ്പരം സ്നേഹത്തോടെ തന്നെയല്ലെ കഴിഞ്ഞ് വരുന്നത്"

"അതേയതെ" ഞാൻ തലയാട്ടി പ്രതികരിക്കും.

അപ്പോളവന്റെ സന്തോഷം മുഖത്ത് കാണാം. പലസ്തീനിൽ ആയിടെ നടന്ന വല്ല ബോംബ് സ്ഫോടനത്തിന്റെയോ അക്രമത്തിന്റെയോ കഥയാണ് ഞങ്ങളുടെ ചർച്ച വിഷയമെങ്കിൽ അവന്‍ അത്തരത്തിലുള്ള മറ്റൊരു ചോദ്യമാണ് ചോദിക്കുക.

"നിന്റെ നാട്ടിലും ഇമ്മാതിരി കാര്യങ്ങളൊക്കെ നടക്കാറുണ്ടോ നവീന്‍"

 "ഏയ്... ഇല്ലേയില്ല"

ഞാനപ്രകാരമിണുത്തരം നല്‍കുന്നതെങ്കിൽ വളരെ വിഷമത്തോടെ അവനെന്നോട് പറയും.

"ഹോ കഷ്ടം... പലസ്തീനിൽ മാത്രം എന്തുകൊണ്ടിങ്ങനെയൊക്കെ എപ്പോഴും നടക്കുന്നു" എന്ന്.

നമസ്കാരം തുടങ്ങാൻ സമയമായിരിക്കുന്നെന്ന പള്ളിയിലെ ഇമാമിന്റെ വിളി കേട്ടാല്‍ പിന്നെ കൂടുതൽ നേരം അവനെന്റെയടുക്കൽ നില്‍ക്കാറില്ല.

"മ'അസലാമ"... ഒരൊറ്റ ഓട്ടമാണ്.

അനേകം സംസാരങ്ങൾ. ഹ്രസ്വമായത്. ദീര്‍ഘമായത്. കൂടിച്ചേരലുകൾ. അങ്ങനെയങ്ങനെ. അതിനിടയില്‍ പെട്ടെന്നൊരു ദിവസമവനെ കാണാതായി. അനേകം ദിവസങ്ങൾ. ഒരു വിവരവുമില്ല. വരവ് തീരെ നിന്നിരിക്കുന്നു. അന്വേഷിക്കാൻ അവനെ പരിചയമുള്ള ആരെക്കുറിച്ചും അറിവില്ല. ഇലക്ട്രോണിക്ക് മാധ്യമങ്ങളിലൊന്നും തന്നെ അവനെ കാണുന്നില്ല. അയച്ച സന്ദേശങ്ങൾക്കൊന്നും മറുപടിയുമില്ലെന്ന്. 

അങ്ങനെയിരിക്കെ പെട്ടന്നാണൊരു വൈകുന്നേരം അവന്‍ കയറി വന്നത്. വേഷം കന്തൂറ തന്നെ. പുതിയതാണ്. തലയില്‍ ഇമാറാത്തി രീതിയില്‍ മനോഹരമായി ചുറ്റിയ കഫിയ. കൈയിലൊരു പൊതി. ഓടി കിതച്ച് വന്ന് ബിസ്മി ചൊല്ലി ആചാരപരമായി എനിക്കത് നീട്ടിയവൻ പറഞ്ഞു.

"ഹബീബ് നവീന്‍... നാട്ടിലായിരുന്നു. ഇന്നലെയാണ് വന്നത്. ഇത് നിനക്കുള്ള എന്റെ സമ്മാനം"

അദ്ഭുതവും സന്തോഷവും ഇടകലര്‍ന്ന വികാരത്തോടെ ഞാനാ പൊതി വാങ്ങിച്ചു. സമ്മാനം നല്‍കിയതില്‍ അകമഴിഞ്ഞ നന്ദിയവനോട് പറയാൻ ഞാൻ മറന്നില്ല.

"ഷുക്രന്‍ ജസീറ യാ ഹബീബ് നാസര്‍"

വമ്പിച്ച ആകാംക്ഷ കാരണം അവന്റെ മുന്നില്‍ വെച്ച് തന്നെയത് തുറക്കാൻ ഞാൻ തീരുമാനിച്ചു. തുറന്നു.

കഫിയ...
ഒരു പലസ്തീനി കഫിയായിരുന്നു അത്. എനിക്ക് ലഭിച്ച അതിവിശിഷ്ടമായൊരു സമ്മാനം.

എന്താണീ കഫിയ എന്നല്ലേ...

കട്ടിയുള്ള ഒരു തരം പതുപതുത്ത വെള്ളത്തുണിയില്‍ കറുത്ത നിറത്തിലുള്ള കുറെ നൂലുകൾ നീട്ടിയും കുറുകെയും ചാർത്തിയൊരു ശിരോവസ്ത്രമാണ് കഫിയ. അതിന്റെ നാല് മൂലയിലും മനോഹരമായ വെള്ള തൊങ്ങലുകളും കാണപ്പെടുന്നു. സ്ത്രീകളുടെ കഫിയയിൽ വര്‍ണ്ണാഭമായ ചില അലങ്കാര പണികളൊക്കെ ഉണ്ടാകുമെങ്കിലും പുരുഷന്മാരുടേത് ഞാൻ മുകളില്‍ പറഞ്ഞ് വച്ചത് പോലെ വെളുപ്പിൽ കറുപ്പ് വരകള്‍ വരഞ്ഞിട്ട പോലെ തോന്നിപ്പിക്കുന്ന ഒന്നാണ്‌. പുരുഷന്മാരത് തലയില്‍ വിടര്‍ത്തി വെച്ച് മുകളില്‍ അഗൽ എന്ന കറുത്ത വട്ടണിയുന്നു. സ്ത്രീകൾ സ്കാർഫ് പോലെയാണത് തലയില്‍ ധരിക്കുന്നത്. ചിലര്‍ കഴുത്തിൽ ചുറ്റി തൊങ്ങലുകളാടുന്ന അതിന്റെ ഇരു മൂലകളും കഴുത്തിന് താഴേക്കിറക്കി വെക്കുന്നതും കാണാം.

ഇസ്രായേലിലെ രക്തദാഹികളായ ഭരണാധികാരികളെ വിറളിപിടിപ്പിക്കുന്ന തുണിശീലയാണ് അവനന്നെനിക്കീ കൊണ്ടു വന്ന് തന്നിട്ടുള്ള സാധനമെന്ന് പറയുമ്പോൾ അതിൽ ഒട്ടും തന്നെ അതിശയോക്തിയില്ല. മിസൈല്‍, മേല്‍തരം തോക്കുകള്‍, നിരീക്ഷണ സംവിധാനങ്ങൾ, ബുള്ളറ്റ് പ്രൂഫുകൾ, ബോംബ്, കത്തി, കഠാര തുടങ്ങിയ അത്യാധുനികമായ ആയുധങ്ങളുമായി യുദ്ധത്തിനിറങ്ങുന്ന
ഇസ്രായേലിന്റെ ത്രിസേനക്ക് മുന്നില്‍ ദ്വിവര്‍ണ്ണത്തിലുള്ള ഈ തുണിയും തലയില്‍ ചുറ്റി, കല്ലും കവണയുമായി പ്രതിരോധിക്കാനിറങ്ങുന്ന ഫലസ്തീനി ചെറുപ്പക്കാരെ ഞാൻ എത്രയോ തവണ പത്രതാളുകളിലും ടിവി വാര്‍ത്തകളിലും കണ്ടിരിക്കുന്നു. ഫലസ്തീനികളുടെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്‌ അവരുടെ സമരവും. കഫിയ അവരുടെയാ സമരത്തിന്റെ വര്‍ണ്ണമാണന്ന് പറയാം. ഫലസ്തീന്റെ ധീരയോദ്ധാക്കളുടെ വര്‍ണ്ണം. അത്തരത്തിലൊന്നിതാ എന്റെ കൈകളിലേക്കെത്തിച്ചേർന്നിരിക്കുന്നു. ഓര്‍ക്കുമ്പോളെനിക്ക് അഭിമാനം തോന്നാതിരിക്കുന്നതെങ്ങനെ.

ഏതാനും ചിത്രങ്ങളെടുത്ത് 'ഗംഭീര' അടിക്കുറിപ്പുമായി ഞാനത് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്യാൻ മറന്നില്ല.

മറ്റൊരിക്കല്‍, യാദൃശ്ചികമായാണ് അവന്റെ ചില യാത്രരേഖകളെനിക്ക് കാണാനവസരം ലഭിക്കുന്നത്. അതിലുണ്ടായിരുന്ന അവന്റെ പാസ്പോർട്ട് എന്നെ തെല്ലൊന്നാകര്‍ഷിച്ചു. ഫലസ്തീന്റെ പേരിലുള്ളൊരു സുന്ദരന്‍ പാസ്സ്പോർട്ട്. സ്വന്തമായൊരു 'രാജ്യമില്ലാത്ത' പലസ്തീനികൾക്ക് അവരുടെ രാജ്യത്തിന്റെ തന്നെ നാമധേയത്തിലുള്ള ആ പാസ്സ്പോർട്ട് കണ്ടപ്പോൾ വല്ലാത്ത കൗതുകമാണെനിക്ക് തോന്നിയത്. കാര്യങ്ങളവനോട് ചോദിച്ച് മനസ്സിലാക്കാൻ ഞാൻ മറന്നില്ല. ഒരു രാജ്യമായിരുന്നിട്ടും, അധിനിവേശ ശക്തികള്‍ ഒരു രാഷ്ട്രമാകാൻ സമ്മതിക്കാത്ത ഫലസ്തീനുമുണ്ടത്രെ സ്വന്തമായൊരു പാസ്സ്പ്പോര്‍ട്ട്. അവന്‍ വിശദീകരിച്ച് തന്നു.

ബ്രിട്ടീഷ് ഭരണ കാലത്ത് ഇന്ത്യക്കാരുടെ പാസ്സ്പോര്‍ട്ട് ബ്രിട്ടീഷ് പാസ്സ്പ്പോര്‍ട്ടായിരുന്നത് പോലെ സ്വതന്ത്രലബ്ദിക്കു ശേഷവും ഗോവയിലെ ജനങ്ങൾക്ക് പോര്‍ച്ചുഗലും, മാഹിയിലെ തങ്ങളുടെ 'പൗരന്മാർക്ക്' ഫ്രാൻസും പാസ്സ്പ്പോര്‍ട്ട് അനുവദിച്ചുവരുന്നെന്നാണ് ചരിത്രം. കോളനിയാണെങ്കിൽ പോലും അവിടങ്ങളിലെ പൗരന്മാർ തങ്ങളുടെ തന്നെ രാജ്യത്തിന്റെ ഭാഗമാണന്നാണ് അവർ വിശ്വസിച്ചിരുന്നത്. ബ്രിട്ടീഷ് രീതിയില്‍ നിന്നും വെത്ത്യസ്ഥമായി ഫ്രാന്‍സും പോര്‍ച്ചുഗലും കോളനികളിലെ തങ്ങളുടെ പൗരന്മാർക്ക് വോട്ടാവകാശം പോലും നല്‍കിയിരുന്നെന്നും ചരിത്രത്തിൽ കാണാൻ സാധിക്കും. ഫ്രഞ്ച് പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പുകളിൽ 1962 വരേയും മാഹിയിലേയും പോണ്ടിച്ചേരിയിലേയും ജനങ്ങൾ തങ്ങളുടെ സമ്മതിദാനിവകാശം വിനിയോഗിച്ചിരുന്നു എന്ന് കേൾക്കുമ്പോൾ അത്ഭുദം തോന്നാതിരിക്കുന്നതെങ്ങനെ.

ഞാൻ മേലെ പറഞ്ഞ്‌ വെച്ചത് കൗതുകം തോന്നുന്ന ചില ചരിത്ര വസ്തുതകളാണ്. ഇനി പലസ്തീന്റെ കാര്യമെടുക്കാം...

അധിനിവേശ സര്‍കാരിന്റെ ഒരു തരത്തിലുള്ള യാത്രരേഖകളും തങ്ങൾക്കാവശ്യമില്ലന്നാണ് ആത്മാഭിമാനമുള്ള ഫലസ്തീനികൾ പറഞ്ഞ് വെച്ചിരിക്കുന്ന്. അതിനാല്‍ തന്നെ ഇസ്രായേല്‍ സര്‍ക്കാരിന്റെ പേരൊട്ടിച്ച പാസ്സ്പ്പോര്‍ട്ടിനായി അവർ കാത്തിരിക്കാറില്ല. പകരം, ഫലസ്തീൻ ദേശത്തിന്റെ അയല്‍ രാജ്യങ്ങളായ സിറിയ, ഈജിപ്ത്, ലബനോൻ തുടങ്ങിയ രാഷ്ട്രങ്ങള്‍ പലസ്തീനികൾക്ക് പ്രത്യേകിച്ച് തങ്ങളുടെ രാജ്യാതിര്‍ത്തിക്കുള്ളിൽ തങ്ങിവരുന്ന ഫലസ്തീനി അഭയാര്‍ത്ഥികൾക്ക് നല്‍കുന്ന 'travel document' എന്ന പാസ്സ്പ്പോര്‍ട്ടാണ് 1993 വരേയും അവര്‍ക്കുണ്ടായിരുന്ന യാത്രോപാധി. എങ്കിലും, വിവേചന രഹിതമായി തന്നെയാണ്‌ മേല്‍ രാജ്യങ്ങളത് ഫലസ്തീനി അഭയാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്നത്. തങ്ങളുടെ സ്വന്തം പൗരന്മാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും മേല്‍ സര്‍ക്കാറുകള്‍ പലസ്തീനികൾക്കും ലഭ്യമാക്കിയിരുന്നെന്ന് സാരം.

അതിനിടയില്‍, 1993ൽ യുഎന്നിന്റെ മേല്‍നോട്ടത്തിൽ വാഷിംഗ്ടണില്‍വെച്ചൊരു സമ്മേളനം നടന്നു. ഇസ്രായേല്‍ ഫലസ്തീൻ സമാധാന സമ്മേളനം. സമ്മേളനത്തില്‍ ഇസ്രായേലിനെ പ്രതിനിധീകരിച്ച് റബീനും ഫലസ്തീന്റെ പ്രതിനിധിയായി യാസർ അറഫാത്തും അമേരിക്കൻ പ്രസിഡന്റ് ബില്‍ ക്ലിന്‍റന്റെനുമവിടെ ഒത്തുകൂടി. അതിൽ രൂപപ്പെട്ട പരസ്പര ധാരണയുടെ പേരാണ് ഓസ്ലോ കരാര്‍ എന്നറിയപ്പെടുന്നത്. മേഖലയിലെ സമാധാനത്തിന് വേണ്ടിയുള്ള അതിലെ അനേകം നിര്‍ദ്ദേശങ്ങളുടെ കൂട്ടത്തിലെയൊരു പ്രധാന ചുവട് വെപ്പായിരുന്നു ഫലസ്തീനികൾക്ക് സ്വന്തം രാജ്യത്തിന്റെ പേരിലൊരു പാസ്സ്പോര്‍ട്ടാകാം എന്നുള്ളത്. അത്തരമൊന്നായിരുന്നു എന്റെ സുഹൃത്തിന്റെ കൈവശമുണ്ടായിരുന്ന ഈ പാസ്സ്പ്പോര്‍ട്ട്.

സാധാരണ ഒരു യാത്ര രേഖപോലത്തെ ഒന്നല്ല ഇത് എന്നുള്ളത് കൊണ്ട് മാത്രമാണ്‌ അവനിത്രയും അതിനെ പറ്റി പറയേണ്ടി വന്നതും എനിക്ക് ക്ഷമയോടെ കേട്ടിരിക്കേണ്ടിവന്നതും. എങ്കിലും, പൂര്‍ണ്ണാര്‍ത്ഥത്തിലുള്ള ഒന്നല്ല ഇതും എന്നും അവന്‍ പറഞ്ഞ് വെക്കുന്നുണ്ട്. പാസ്സ്പ്പോര്‍ട്ടിന്റെ പുറം ചട്ടയിലുള്ള ഫലസ്തീൻ പ്രദേശം എന്ന നാമം 'സ്റ്റേറ്റ് ഓഫ് ഫലസ്തീൻ' അല്ലെങ്കിൽ 'റിപ്പബ്ലിക് ഓഫ് ഫലസ്തീൻ' അഥവാ ഫലസ്തീന് രാഷ്ട്രം എന്നാക്കി മാറ്റണം എന്നതിനെ ചൊല്ലി വലിയ ചര്‍ച്ചകളും കോലാഹലങ്ങളുമാണ് ലോകത്തെ വെത്ത്യസ്ഥ കോണുകളിലിന്ന് നടന്ന് കൊണ്ടിരിക്കുന്നതെന്നും അവന്‍ പറഞ്ഞുവെച്ചു.

കഫിയയുടേയും പലസ്തീന്‍ പാസ്സ്പോർട്ടിന്റേയും ചരിത്രം പോലെ നാസര്‍ അല്‍ ജുബേലി എന്നൊരു പ്രവാസിക്ക് പറയാനുള്ള കഥയാണ് ഞാന്‍ മുകളില്‍ പറഞ്ഞ്‌ വെച്ചത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില അടരുകൾ മാത്രം. ചരിത്രത്തിൽ മാത്രം വായിച്ചറിഞ്ഞ ഓസ്ലോ കരാറുമായും പത്ര താളുകളിൽ മാത്രം കണ്ട റഫ അതിർത്തിയുമായും നമ്മുടെ മുന്നിലിരിക്കുന്ന ഈ മനുഷ്യന്‍ എത്ര മേല്‍ ബന്ധപ്പെട്ട് കിടക്കുന്നു എന്ന് നമുക്കത് മനസ്സിലാക്കി തരുന്നു. അതാകുന്നു പ്രവാസം. ചരിത്രം തേര് തെളിച്ച് നീങ്ങിയ വഴിയിലൂടെയുള്ളൊരു സഞ്ചാരമാണ് പ്രവാസികളുടെ ഓരോ ചര്‍ച്ചകളും സാധ്യമാക്കുന്നത്. അതുകൊണ്ടാണ് പ്രവാസം ചരിത്ര മയമുള്ളതാണന്ന് ഞാൻ മേലെ പറഞ്ഞ്‌ വെച്ചത്.

ശുഭം

Wednesday, 14 August 2019

ഗാന്ധിയും ശൈഖ് സായിദും

അബുദാബിയിലെ ലോകോത്തര എക്സിബിഷൻ വേദിയായ മനാറാത്ത് സാംസ്കാരിക നഗരം ഞാനൊരിക്കൽ സന്ദര്‍ശിച്ചിട്ടുണ്ട്. നിരനിരയായി വച്ച് പിടിപ്പിച്ചിട്ടുള്ള ഈത്തപ്പനകളും ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന മനോഹരമായ പ്രകാശ സംവിധാനങ്ങളും നിറഞ്ഞൊരു വലിയ മൈതാനിയാണത്. അതിന്റെ ഒരറ്റത്ത് മനാറാത്ത് സാദിയാത്ത് എന്ന പ്രധാന പ്രദര്‍ശനഹാൾ. മനോഹരമായൊരു ചില്ലു നിര്‍മ്മിതിയാണത്. അതിനുള്ളിലാണ് 2018 ഡിസംബറോടെ പ്രവര്‍ത്തനം തുടങ്ങിയ ഗാന്ധി-സായിദ് ഡിജിറ്റൽ എക്സിബിഷൻ സംവിധാനിച്ചിരിക്കുന്നത്.

യുഎഇയുടെ രാഷ്ട്ര സ്ഥാപകന്‍ ശൈഖ് സായിദ് അൽ നഹ്യാന്റേയും ഇന്ത്യയുടെ രാഷ്ട്രപിതാവ് മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെയും പ്രവർത്തന മേഖലയിലെ സമാനതകളെക്കുറിച്ചും, അവരുടെ ജീവിതത്തിലെ മനുഷ്യത്വപരമായ മൂല്യങ്ങൾ, അവർ നിലകൊണ്ട ആശയാദദര്‍ശങ്ങൾ തുടങ്ങിയവയെക്കുറിച്ച് വാചാലമാകുന്ന വിപുലമായൊരു പ്രദര്‍ശനമാണവിടെ സങ്കടിപ്പിച്ചിട്ടുള്ളത്. അതിനായി ഇന്ത്യയിലെ മഹാത്മാഗാന്ധി ഡിജിറ്റൽ മ്യൂസിയത്തില്‍ നിന്നും കൊണ്ടുവന്ന ചില വസ്തുവഹകളുമവിടെ പ്രദര്‍ശനത്തിനു വച്ചിട്ടുണ്ട്.

2019 മാർച്ച് വരെയാണ് പ്രദര്‍ശന കാലയളവ്. യുഎഇയില്‍ 2018ല്‍ കൊണ്ടാടപ്പെട്ട സായിദ് വര്‍ഷത്തിന്റെയും (year of Zayed) ഈ വര്‍ഷമായ 2019ൽ കൊണ്ടാടപ്പെടുന്ന സഹിഷ്ണുത വര്‍ഷത്തിന്റേയും (year of tolerance) പാത പിന്തുടര്‍ന്നാണ് ഇത്തരമൊരു പ്രദര്‍ശനം അവിടെ സാധ്യമാക്കിയതെന്നെനിക്ക് തോന്നുന്നു. കൂടാതെ, ഇന്ത്യയിൽ ഇതേ വര്‍ഷം മഹാത്മാഗാന്ധിയുടെ നൂറ്റി അൻപതാം ജന്മദിനാഘോഷങ്ങള്‍ നടക്കുന്ന കാലവുമാണ്.

പ്രദര്‍ശനത്തിന്റെ ഉദ്‌ഘാടനം യുഎഇ സാംസ്കാരിക മന്ത്രി നൗറ അല്‍ കാബിയാണ് നിര്‍വ്വഹിച്ചിരുന്നത്. ഉദ്ഘാടന പ്രസംഗത്തിലവർ പറഞ്ഞു.

"ഇത്തരമൊരു പ്രദര്‍ശനം ഒരുപക്ഷേ ഈ മേഖലയിലെ ആദ്യത്തെതായിരിക്കാം. നമ്മുടെ നാടിന്റെ സാംസ്കാരിക തനിമയും സഹിഷ്ണുതയുമാണ് ഇതിലൂടെ എടുത്തുകാണിക്കപ്പെടുന്നത്. നമുക്കിടയിലൂടെ കടന്നുപോയ രണ്ട് നേതാക്കള്‍ എപ്രകാരമാണ് അവരുടെ ജനതക്കുമേല്‍ സഹിഷ്ണുതയുടെയും സ്നേഹത്തിന്റെയും വിത്തു പാകിയതെന്ന് ഈ പ്രദര്‍ശനം നമ്മോട് വിളിച്ച് പറയുന്നു"

മന്ത്രിയുടെ വാക്കുകളെ അനുസ്മരിപ്പിക്കും വിധം തന്നെയായിരുന്നു അതിനകത്തെ ഓരോ കാഴ്ച്ചകളും. ആധുനിക രീതിയില്‍ സചിത്ര സഹിതമുള്ള വിശദീകരണങ്ങളും വീഡിയോകളും കൂടാതെ ഇരുനേതാക്കളുടെയും വിവിധ അര്‍ധകായ പ്രതിമകളും ജീവിത്തിന്റെ വിവിധ ഘട്ടങ്ങളിൽ പകര്‍ത്തിയ ചിത്രങ്ങളുമവിടെ ധാരാളകണക്കിനുണ്ടായിരുന്നു. പ്രദര്‍ശനയിടത്ത്‌ ക്യാമറ അനുവദിക്കപ്പെടത്താതിനാൽ അവയുടെ ചിത്രങ്ങളൊന്നുമെനിക്കെടുക്കാൻ സാധിച്ചില്ല എന്ന് വേദനയോടെ പറയട്ടെ.

മനാറാത്തല്‍ സാദിയാത്ത് ഹാളിലെ പ്രദര്‍ശനം കണ്ടിറങ്ങുമ്പോൾ എന്റെ മനസ്സിൽ തോന്നിയ ചില കാര്യങ്ങൾ കുറിക്കാനാണ് ഞാനീ ബ്ലോഗ്ഗെഴുതുന്നത്.

പ്രദര്‍ശനത്തിൽ ഗാന്ധിജിയെ കുറിച്ചും ഇന്ത്യയെ കുറിച്ചുമുള്ള വിശദീകരണങ്ങൾ അപൂര്‍ണ്ണമാണന്നെന്റെ മനസ്സെന്നോട് പറയുന്നുണ്ടായിരുന്നു. കാരണം, യുഎഇ... തങ്ങൾ ഒറ്റകെട്ടായി നിന്നതിന്റെ മഹാവിജയത്തെക്കുറിച്ച് ശൈഖ് സായിദിന്റെ പ്രവർത്തനങ്ങളുടെ പരിപ്രേക്ഷ്യത്തിൽ വാചാലമാകുന്നുണ്ടങ്കിലും, ഇന്ത്യ ആ മേഖലയിലനുഭവിച്ച തുല്യതയില്ലാത്ത കടുത്ത സാഹചര്യങ്ങളെക്കുറിച്ചും തീക്ഷ്ണമായ നാളുകളെക്കുറിച്ചും അതിലൊരിടത്തും പറയാതെ വിട്ടത് എന്തുകൊണ്ടായിരിക്കാം എന്ന് ഞാൻ ചിന്തിക്കാതിരുന്നില്ല. ഗാന്ധിജി തന്റെ ആത്മാർത്ഥമായ കര്‍മ്മങ്ങൾ, വീരചരമം തുടങ്ങിയവയിലൂടെ അതിൽ വിജയിച്ചവനായെങ്കിലും സര്‍വ്വ ഇന്ത്യക്കാരും അഥവാ ഇന്ത്യൻ ഉപഭൂഘണ്ഡത്തിലെ മനുഷ്യര്‍ മുഴക്കെയും പരാജയപ്പെട്ടൊരു കാര്യമായിരുന്നതെന്ന് ആർക്കെങ്കിലും നിഷേധിക്കാൻ സാധിക്കുമോ. ഒരുപക്ഷേ, ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കൊണ്ടായായിരിക്കാം യുഎഇ അക്കാര്യങ്ങൾ പറയാതെ പോയത് എന്ന് ഞാന്‍ കരുതുന്നു.

ഒരു കാലത്ത്‌ യുഎഇയിലെ എമിറേറ്റുകളെല്ലാം സ്വയം ഭരണാധികാരമുള്ള അനേകം നാട്ടുരാജ്യങ്ങളായി വിഘടിച്ചു കിടക്കുകയായിരുന്നു. ശൈഖിംഗ്ടം എന്ന പേരിലാണ് ആ രാജ്യങ്ങൾ അന്നറിയപ്പെട്ടിരുന്നത്. ആ പേരിനു പിന്നിലൊരു കാരണമുണ്ട്. അറബികള്‍ക്കിടയിൽ രാജാവ്‌, സുല്‍ത്താന്‍ എന്നീ പദങ്ങളേക്കാൾ ആഢ്യത്വം നല്‍കുന്നൊരു പദമാണ് ശൈഖ്. പണ്ഡിതന്‍, പണക്കാരന്‍, സ്വാധീനമുള്ളവൻ, അധികാരി, നേതാവ് തുടങ്ങിയ നിരവധി അര്‍ത്ഥങ്ങളും പദവികളൊക്കെ ആ ഒരൊറ്റ വാക്കില്‍ അടങ്ങിയിരിപ്പുണ്ട്. അതിനാല്‍ തന്നെ ശൈഖന്മാർ ഭരിക്കുന്ന പ്രദേശം എന്ന നിലയില്‍ മേല്‍ നഗരരാജ്യങ്ങൾ ശൈഖിംഗ്ടം എന്നറിയപ്പെട്ടു.

തീര്‍ത്തും മണല്‍ കൊണ്ട്‌ മൂടിയ അനേകം മൊട്ട മലനിരകൾ നിറഞ്ഞ ഈ ഭൂമികയില്‍ ജീവിതം അസാധ്യമാണന്ന് പുറമെയുള്ള നമുക്ക് തോന്നാമെങ്കിലും, അവിടങ്ങളിലോരോ തീരപ്രദേശങ്ങളും കേന്ദ്രീകരിച്ച് രൂപപ്പെട്ട ഓരോ ജനപദങ്ങൾ കാലക്രമത്തില്‍ ഓരോ നാട്ടുരാജ്യങ്ങളായി പരിണാമിച്ചു. നികുതി പിരിവ്, നീതി ന്യായം, വിദ്യാഭ്യാസം, ചികിത്സ തുടങ്ങി ആഭ്യന്തരം, വിദേശ ബന്ധം, സമുദ്ര രക്ഷ തുടങ്ങിയ സകലമാന കാര്യങ്ങളിലും അവര്‍ക്ക് സ്വതന്ത്രമായ നിലപാടുണ്ടായിരുന്നു. അവര്‍ക്കിടയിലേക്കാണ് ഒരുമിച്ച് നില്‍ക്കുവാനുള്ള ആഹ്വാനവുമായി അബുദാബിയുടെ ഭരണാധികാരി ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നെഹ്യാൻ കടന്ന് വരുന്നത്.

ബ്രിട്ടീഷുകാരുടെ ഇന്ത്യക്കുമേലുള്ള സ്വാധീനം അവസാനിച്ച ഘട്ടത്തില്‍ ട്രൂഷ്യൽ സംസ്ഥാനങ്ങളെന്ന പേരിൽ അവര്‍ക്കു കീഴ്പ്പെട്ടിരുന്ന മേല്‍ അറബ് രാജ്യങ്ങളെ ബ്രിട്ടൺ കയ്യൊഴിഞ്ഞ് വന്നിരുന്ന ഒരു സാഹചര്യം കൂടി അന്നവിടെ സംജാതമായിരുന്നു. അത്തരമൊരു സാഹചര്യത്തിലാണ് യാത്ര മാര്‍ഗ്ഗം തീരെ ഇല്ലായിരുന്ന 1970കളിൽ കഠിനമായ കാലാവസ്ഥയും കുന്നും മലകളും മണല്‍ കാടുകളും കയറിയിറങ്ങി ഓരോ തീരപ്രദേശങ്ങളിലുമുള്ള അറബ് നേതാക്കളെ കാണാൻ ശൈഖ് സായിദ് ഇറങ്ങിപ്പുറപ്പെടുന്നത്. യുഎഇയുടെ തെക്കന്‍ സംസ്ഥാനമായ ഫുജൈറയിലേക്കിന്നുള്ള വിശാലമായ പാതയുടെ ഇരു വശത്തേക്കും നോക്കിയാൽ ഒരു കാലത്ത് മേല്‍ പ്രദേശം എത്ര കാഠിന്യമുള്ളതായിരുന്നെന്ന് നമുക്ക് ബോധ്യമാകും.

മൊട്ടകുന്നുകളും അതിനിടയിലെ പൊടിപാറുന്ന മണല്‍കാടും താണ്ടി ശൈഖ് സായിദ് തങ്ങൾ ഒന്നിച്ച് നില്‍ക്കേണ്ട ആവശ്യകതയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും അറബികളെ ബോധവാന്മാരാക്കി. അതിന്റെ ഫലം കൂടിയാണ്‌ വെത്ത്യസ്ഥ രാജ്യങ്ങളായി വിഭജിച്ച് കിടക്കേണ്ടിയിരുന്ന മേല്‍ അറബ് പ്രദേശങ്ങൾ ഒരൊറ്റ ജനതയായി മാറിയത്. വിഭജനത്തിന് പകരം സഹകരണത്തിന്റെ പാതകള്‍ വെട്ടി തുറന്നാല്‍ ചരിത്രം തന്നെ അവര്‍ക്ക് മുന്നില്‍ വഴിമാറുമെന്നുള്ളതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് കാലങ്ങള്‍ക്കിപ്പുറത്തെ യുഎഇയുടെ ഇന്നത്തെ വളര്‍ച്ചയും പുരോഗതിയും.

1945നും തുടർന്നുള്ള രണ്ട് വര്‍ഷക്കാലവും ഇന്ത്യയില്‍ ഉയർന്ന് വന്നതും ആ സാഹോദര്യത്തിന്റെ സന്ദേശം തന്നെയായിരുന്നു. ജിന്നയും തീവ്രഹിന്ദുത്വ വക്താക്കളും വിഭജനാശയവുമായി ഇന്ത്യൻ രാഷ്ട്രീയ രംഗത്തേക്ക് കടന്ന് വരുമ്പോള്‍ ഗാന്ധിജി അതിനെ സ്നേഹം കൊണ്ടാണ് പ്രതിരോധിക്കാന്‍ ശ്രമിച്ചത്. അതിനായി ശൈഖ് സായിദിന്റെ യാത്രപോലെ ഗാന്ധിജിയും ഇന്ത്യയിലൊട്ടാകെ സഞ്ചരിച്ചു. എന്നാൽ, കേള്‍ക്കേണ്ട ചെവികളൊന്നും തന്നെയത് കേട്ടില്ല. കാണേണ്ട കണ്ണുകളൊന്നും തന്നെയത് കണ്ടില്ല. പകരം, ഡല്‍ഹിയിലെ ബിര്‍ള മന്ദിര ചുവരുകള്‍ക്കിടയിൽ മാത്രമായത് പ്രതിധ്വനിച്ച് നിന്നു.

മതാടിസ്ഥാനത്തിലുള്ള ആ വിഭജനം അക്രമത്തിന്റേതായ ഭീകരരൂപം പ്രാപിച്ചതോടെ ഗാന്ധിജി പ്രഖ്യാപിച്ചു.

"ഞാനുത്തമനായൊരു മുസ്ലിമാണ്. കാരണം, ഞാനൊരുത്തമനായ ഹിന്ദുവായത് കൊണ്ട്‌" എന്ന്.

പക്ഷേ, അപ്പോഴേക്കും സമയമേറെ വൈകിയിരുന്നു. ഹിന്ദുവിന് ഇന്ത്യയും മുസല്‍മാന് പാകിസ്താനുമെന്ന ആശയം രാജ്യത്താകെ പടർന്നു കയറി, രക്തത്തിന്റെ നിറമുള്ള മിന്നലിന്റെ അകമ്പടിയോടെ വലിയൊരു പേമാരിയായത് രാജ്യത്തിനു മീതെ വർഷിച്ചു. 1970കളിൽ ശൈഖ് സായിദ് നടന്ന വഴിത്താരകളേക്കാൾ ദൈർഘ്യമേറിയ വഴികളിലൂടെയായിരുന്നു ഗാന്ധിജി എന്ന ആ വന്ദ്യവായോധികൻ നമുക്ക് വേണ്ടി നടന്ന് താണ്ടിയത്. പക്ഷേ, മതംകൊണ്ട്‌ ഉന്മത്തരാക്കപ്പെട്ട ഒരു ജനതയും, അവരുടെ നേതാക്കളുടെ സ്വാര്‍ത്ഥമായ അധികാര മോഹവും, അധിനിവേശകരുടെ കുടിലതകളുമെല്ലാം കൂടി ഈ രാജ്യത്തെ വെട്ടി മുറിച്ച് കഷ്ണങ്ങളാക്കി മാറ്റി.

മുസ്ലിമിന് പാകിസ്താനും ഹിന്ദുവിന് ഇന്ത്യയുമെന്ന്.

പിന്നീട് ലോകം കണ്ടത് ലോകത്തിന്നേവരെ ഉണ്ടായതിൽ വച്ചേറ്റവും ബൃഹത്തായ വെട്ടിമുറിക്കല്‍ നടപടികളായിരുന്നു. മനുഷ്യന്‍ മനുഷ്യനെ കേവലമൊരു മതമായി മാത്രം കണ്ട നാളുകള്‍. അതിന്റെ ഭീകരതയെക്കുറിച്ച് ബോധ്യമാകാൻ പ്രശസ്ത ചരിത്രകാരന്മാരായ ലാരി കോളിന്‍സ്, ഡൊമിനിക് ലാപിയർ എന്നിവരെഴുതിയ 'സ്വതന്ത്രം അര്‍ദ്ധരാത്രിയിൽ' എന്ന ഗ്രന്ഥത്തിലെ വരികളിലൂടെ കണ്ണോടിച്ചാൽ മാത്രം മതിയാകും. അതിര്‍ത്തി പ്രദേശങ്ങളിലെ സർക്കാർ മന്ദിരങ്ങളിലുള്ള സ്പൂണും പേപ്പറും വരെ എണ്ണി ഇരുകൂട്ടര്‍ക്കും വീതിച്ച് കൊടുക്കേണ്ടി വന്ന ആഭാസകരമായ ദിനങ്ങള്‍.

ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ പലായന പാതയിലൂടെ അവർ കൊന്നും കൊലവിളിച്ചും നടന്നുനീങ്ങുമ്പോള്‍ ഗാന്ധിജി ഡല്‍ഹിയിലെ ഏതോ ഇരുണ്ട ഗല്ലിയിൽ വേദനയോടെ നിരാഹാരമനുഷ്ഠിക്കുകയായിരുന്നു. വിഭജനമല്ല ഒന്നിച്ചു നില്‍ക്കലാണ് നല്ല നാളെയുടെ നിര്‍മ്മിതിക്ക് വേണ്ടതെന്നും, ഹിന്ദുവും മുസല്‍മാനും പരസ്പര ശത്രുക്കളല്ലന്നും ഒരൊറ്റ അമ്മ പെറ്റ മക്കളാണെന്നും നീരുവറ്റിയ തൊണ്ടകൊണ്ടദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചെങ്കിലും ആരുമത് കേൾക്കാനുണ്ടായിരുന്നില്ല.

അവർ പരസ്പരം തീ വാരി എറിഞ്ഞ് കത്തി ചാമ്പലായികൊണ്ടിരുന്നു. ഇന്നുമത് നിഷേശം തുടരുന്നല്ലോ എന്നോർക്കുമ്പോൾ അപമാന ഭാരത്താൽ തല കുനിഞ്ഞ് പോകുന്നു.

നാടിനെ വെട്ടിമുറിച്ച് പോലും കലി തീരാത്ത ആ മനുഷ്യരൊടുവിൽ... രണ്ടാളുടെ തോളില്‍ കൈയൂന്നി മാത്രം നടന്ന് നീങ്ങാൻ സാധിക്കുന്ന ആ വൃദ്ധന്റെ നെഞ്ചിലേക്ക് നിറത്തോക്ക് പ്രയോഗം ചെയ്താണ് അവരുടെ വിഭജനം സമ്പൂര്‍ണ്ണമാക്കിയത്. വെടിയേറ്റ് വീഴുന്നതിന്റെ തൊട്ടു മുമ്പുവരെ പോലും അവിടെയന്ന് മുഴങ്ങിയിരുന്നത് അക്രമരാഹിത്യത്തിന്റേയും പരസ്പര സ്നേഹ സഹവർതിത്തത്തിന്റേയും സന്ദേശമായിരുന്നു എന്നുള്ളത് ചരിത്രത്തിലെ ഒരു വിരോധാഭാസമായി തോന്നാം.

വെത്ത്യസ്ഥ രാജ്യങ്ങളായി വിഭജിച്ച് കിടക്കേണ്ടിയിരുന്ന സപ്ത നാട്ടുരാജ്യങ്ങളെ ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവന്ന് ഒരു ജനതയാക്കി മാറ്റിയ യുഎഇയുടെ രാഷ്ട്രനായകന്‍ ശൈഖ് സായിദും... ഇന്ന്‌ വിഭിന്ന രാജ്യങ്ങളായി മാറി പരസ്പരം തമ്മിലടിക്കുന്ന ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ രാശ്ട്രങ്ങളെ ഒരുമിച്ചു നിൽക്കാനുപദേശിച്ചതിന്റെ പേരില്‍ ഹിന്ദുത്വ ഫാസിസ്റ്റുകളാൽ വെടിയുണ്ടകളേറ്റു വാങ്ങിയ ഗാന്ധിജിയും ഉയർത്തിവിട്ടത് ഒരൊറ്റ ആശയമായിരുന്നു. അത് സാഹോദര്യത്തിന്റെ വെളിച്ചമായിരുന്നു. ശൈഖ് സായിദ് അതിൽ വിജയിച്ചു. മരണം വരിച്ചാണെങ്കിലും ഗാന്ധിജിയും വിജയിച്ചു. പരാജയപ്പെട്ടത് നമ്മൾ മാത്രമാണ്‌... വിഡ്ഢികളായ നമ്മൾ മാത്രം.

ശുഭം.

Thursday, 8 August 2019

മരക്കാര്‍

ഒരു വലിയ മലയുടെ പാർശ്വത്തിൽ എന്റെയൊരു കുടുംബം വസിച്ചു വരുന്നുണ്ട്.

കുറുക്കനും കുറു നരികളും വഴി യാത്രക്കാരെ പോലെ അവിടെ ഉലാത്തി നടക്കാറുണ്ടന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ഇരുട്ട് പടര്‍ത്തി കണ്ണത്താ ദൂരത്തോളം പരന്ന് കിടക്കുന്ന റബ്ബര്‍ മരങ്ങൾക്കിടയിലൂടെ നടന്ന് നീങ്ങുമ്പോള്‍ ഉണക്ക പച്ചിലകളുടെ കര കര ശബ്ദം കേൾക്കാൻ കഴിയും. അതിന്റെ താഴ്‌വരയിലെ കവുങ്ങും വാഴയും ഇടവിട്ട് വളരുന്ന തൊട്ടത്തിനപ്പുറത്ത് ഏറെ വീതിയും നീളവുമുള്ളൊരു പുഴ നിറഞ്ഞൊഴുകുന്നത് കാണാം. സിറാമിക് പാത്രം പോലെ തിളങ്ങുന്ന വെള്ളം വര്‍ണ്ണം പൂശിയ പാറകളിലാണതൊഴുകുന്നത്. അതിൽ വിതറിയ വെള്ളാരം കല്ലില്‍ സ്ഫടിക സമാനമായതങ്ങനെ തെന്നി നിറഞ്ഞൊഴുകുന്നു.

സൈലന്‍ഡ് വാലി വനാന്തരങ്ങളില്‍ നിന്നൊഴുകി വരുന്ന പുഴയായിരിക്കണമത്. കാരണം, ഏത് കാലത്തും അതിൽ നല്ല തണുത്ത തെളിഞ്ഞ വെള്ളമുണ്ട്. ആ നിശബ്ദത താഴ്‌വരയെ അനുസ്മരിപ്പിച്ചെന്നോണം ഒഴുക്കിന്റെ കളകൂജനങ്ങളല്ലാതെ മറ്റൊരു ശബ്ദവും അവിടെ ഉയർന്ന് പൊങ്ങിയിരുന്നില്ല. ഞാൻ പറഞ്ഞല്ലോ പുഴയോരത്ത് നിറയെ പാറ കൂട്ടങ്ങളാണന്ന്. യുഗയുഗാന്തരങ്ങളായി ഒഴുകി കൊണ്ടിരിക്കുന്ന ജലധാരകൾ ചിത്രം വരച്ച് തഴുകി നീങ്ങി മനോഹരമാക്കിയ മിനുസമുള്ള വെളുത്ത പാറകൂട്ടങ്ങൾ.

പണ്ട്‌ കാലത്ത്‌ റബ്ബർ മരങ്ങൾ നിറഞ്ഞു നില്‍ക്കുന്ന ഈ പ്രദേശത്താകെ നെല്‍കതിരുകള്‍ വിളഞ്ഞ് നില്‍കുന്ന പുഞ്ചവയൽ പാടങ്ങളായിരുന്നെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ഏതോ ഒരു കൊല്ലം ഇവർ നേരിട്ട കനത്ത കൃഷി നാശവും, അതിനെ തുടർന്നുണ്ടായ വറുതിയുമാണ് നെല്ല് മാറ്റി റബ്ബർ എന്ന ആശയം ഇവരില്‍ രൂപപ്പെടുന്നത്. അന്ന് നെല്‍കൃഷിക്ക് വേണ്ട വെള്ളം സമൃദ്ധമായാ പുഴയില്‍ നിന്നും ലഭിച്ചതിനിലാണ് കൃഷിയോടൊപ്പം ജീവിതവും അവരിവിടെ തുടക്കം കുറിക്കുന്നത്. പിന്നീട്, റബ്ബർ കൃഷിയുടെ വ്യാപനത്തോടെ കൂടുതൽ കുടുംബംങ്ങള്‍ ഇവിടേക്ക് ചേക്കേറി. അവർ റബ്ബർ കൃഷിയില്‍ നൂറുമേനി 'വിള കൊയ്തു'. ഇന്ന്‌ നാനാതരം റബ്ബർ തൈകളുടെ നീണ്ട നിരകള്‍ എപ്പോഴുമിവിടെ നിഗൂഢമായ ഒരു ഇരുട്ട് സൃഷ്ടിക്കുന്നു. സൂര്യ പ്രകാശമിറങ്ങുന്ന ചെറിയ വിടവുകള്‍പോലും മറക്കാൻ റബ്ബറിലകൾ നിതാന്ത ജാഗ്രതയിലാണന്ന് തോന്നിപ്പോകും.

മേല്‍ പുഴയുടെ ഓരത്ത് അല്‍പം ഉയർന്ന പ്രദേശത്താണ് മേല്‍ എന്റെ കുടുംബം താമസിച്ച് വരുന്നത്. 'മലയില്‍' എന്നാണ്‌ ആ പ്രദേശത്തെ ഞങ്ങൾ വിളിക്കാറ്. മലയിലേക്ക് പോവുക എന്നാൽ... റബ്ബർ മരങ്ങൾ, പുഴ, പുഴയിലെ കുളി, നീന്തല്‍, ഉരുണ്ട വെള്ളാരം കല്ലുകൾ, വാഴത്തോണി, ചൂണ്ടയിടൽ, മീന്‍ ചുടൽ അങ്ങനെ പോകുന്നു സ്വപ്നങ്ങളും മനസ്സിനുള്ളിലെ ചിത്രങ്ങളും.

അവരെ കൂടാതെ മറ്റു ചില കുടുംബങ്ങൾ അവിടെ താമസിച്ച് വരുന്നുണ്ട്. അവരുടെ പ്രാഥമിക ആവശ്യങ്ങളുടെ നിവര്‍ത്തിക്കായി ഏതാനും ചില്ലറ പെട്ടിക്കടകളും അവിടെ പ്രവർത്തിക്കുന്നു. ഗ്രാമീണ വിശുദ്ധിയുടെ അടയാളം പോൽ പഴയ കാല കെട്ടിടങ്ങളും അതിനുള്ളിൽ സംസാരിച്ച് കൊണ്ടിരിക്കുന്ന മനുഷ്യരേയുമവിടെ കാണാൻ കഴിയുന്നു.

എന്റെ ആ കുടുംബ വീട്ടില്‍ അവരുടെ ഗൃഹനാഥനായ ഒരു വ്യക്തിയുണ്ട്. അത്യധികം ബഹുമാനത്തോടെയല്ലാതെ ഞങ്ങളദ്ദേഹത്തെ നോക്കുക പോലും ചെയ്യാറില്ല. കുടുംബത്തിലെ ഏത് വിഷയങ്ങളുടെയും ഒടുവിലത്തെ വാക്കവിടെ നിന്നുമാണ്‌. എല്ലാവരുമതനുസരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നു. അതിനാൽ തന്നെ പ്രമാദമായ പല വിഷയങ്ങളും അവിടുത്തേക്കെത്തുകയും അത് തീര്‍പ്പ് കല്‍പ്പിക്കുകയും ചെയതതായാണ് ചരിത്രം.

മരക്കാരെന്നാണ്‌ അദ്ദേഹത്തിന്റെ പേര്.

മരക്കാര്‍...

ഞാൻ ആലോചിക്കാറുണ്ട് ആ നാമം അദ്ദേഹത്തിന് വന്ന വഴിയെക്കുറിച്ച്. വനാന്തരങ്ങളെപ്പോലെ തോന്നിപ്പിക്കുന്നൊരു പ്രദേശത്ത് വസിക്കുന്നവരെന്ന നിലയില്‍ പിന്നീട് ചാര്‍ത്തപ്പെട്ടതാണോ ആ നാമമെന്ന് ഞാൻ ചിലപ്പോഴൊക്കെ സന്ദേഹിച്ചിരുന്നു. അതല്ലെങ്കിൽ, മരവുമായി ബന്ധപ്പെട്ടവർ മരക്കാര്‍ എന്നുമാകാനും വഴിയുണ്ട്. എന്നിരുന്നാലും, അനേകം മനോഹരങ്ങളായ നാമങ്ങള്‍ക്കിടയില്‍ ആ പേരിൽ മാത്രമെന്തോ വെത്ത്യസ്ഥത നിലനില്‍ക്കുന്നത് മറ്റാരെയും പോലെ എന്റെയും സവിശേഷ ശ്രദ്ധയിലുയർന്ന് വന്നു. ഒടുവില്‍, ആ പേരിന്റെ പിന്നിലെ യഥാർത്ഥ ചരിത്രമറിഞ്ഞപ്പോഴാണ് എത്ര മഹത്തരമാണ് ആ പേര് വന്ന വഴി എന്നു ഞാന്‍ മനസ്സിലാക്കിയത്.

യഥാര്‍ത്ഥത്തില്‍ മരക്കാരെന്ന ആ നാമം അദ്ദേഹത്തിന് ലഭിക്കുന്നത് അദ്ദേഹത്തിന്റെ പിതാമഹനിൽ നിന്നുമാണ്.

ഇനി അല്‍പ്പ കാലം പിന്നിലേക്ക് പോകാം...

കുതിരവട്ടത്ത് കോട്ടയില്‍ എന്ന പുലാപ്പറ്റയിലെ ഒരു അതിപ്രശസ്ത തറവാട്ടിലെ കാര്യസ്ഥനായിരുന്നു മേല്‍ പിതാമഹ മരക്കാര്‍. ദാമോദരന്‍ എന്ന കുഞ്ഞുണ്ണി തമ്പുരാൻ അവര്‍കളുടെ വീടും പുരയിടവും നിലങ്ങളും നോക്കി നടത്താൻ ഏല്‍പ്പിക്കപ്പെട്ട മരക്കാര്‍ അത്യധികം ആത്മാര്‍ത്ഥതയോടെ തന്നെ തന്റെ ജോലി ചെയത് വന്നു. സ്വന്തം നാട്ടില്‍ നിന്നും ഏറെ അകലത്തിൽ സ്ഥിതിചെയ്യുന്നതാണങ്കിൽ പോലും കുതിരവട്ടത്ത് കോവിലകത്തെ ഓരോ പ്രഭാതവും മരക്കാറില്ലാതെ പൊട്ടി വിടരാറില്ലിയിരുന്നു.

നിലങ്ങള്‍... കണ്ണത്താ ദൂരത്തോളം പരന്ന് കിടക്കുന്ന നിലയങ്ങളുടെ സാഗരം. അതിന്റെ ഓരോ കണക്കും മരക്കാർക്ക് ഹൃദിസ്ഥമായിരുന്നു. അങ്ങനെ നാടുകളില്‍ ശാന്ത ഗംഭീരമായി ജീവിതം ഒഴുകികൊണ്ടിരിക്കുന്നതിനിടയിലാണത് സംഭവിച്ചത്.

വസൂരി...

നാട്ടില്‍ വസൂരി രോഗം വ്യാപിച്ചു. ദൈവ കോപമാണ് വസൂരിയുടെ കാരണമെന്നാണ് അക്കാലങ്ങളില്‍ മനുഷ്യര്‍ വിശ്വസിച്ച് പോന്നിരുന്നുവത്രെ.

ദേവിയുടെ ഉഗ്രകോപം.

വീട്ടിലാര്‍ക്കെങ്കിലും വസൂരി വന്നല്‍ ആ വീട് ഒറ്റപ്പെട്ടെന്നര്‍ത്ഥം. ആരും അങ്ങോട്ടടുക്കില്ല. പകര്‍ച്ചവ്യാധിയായതിനാല്‍ രോഗം തങ്ങൾക്കും പകരുമോ എന്ന പേടിയാണവരെ അതിൽ നിന്നും വില്‍ക്കുന്നത്. അതിനാല്‍ വസൂരി ബാധിച്ച് കഴിയുന്നവര്‍ക്ക് ഭക്ഷണമോ വസ്ത്രമോ മരുന്ന് പോലുമോ ആരും എത്തിക്കില്ല. നടുക്കടലിലെന്നപോലെ ഒറ്റപ്പെട്ട് പോയ ആ വീട്ടില്‍ എന്തെങ്കിലും ഭക്ഷണ സാധനങ്ങളണ്ടങ്കിൽ അതുണ്ടാക്കിയവർ കഴിക്കും. അതും തീര്‍ന്നാല്‍ പട്ടിണി കിടക്കും. വസൂരി കൊണ്ടല്ല. പലരും ഭക്ഷണം കിട്ടാതെ പട്ടിണികിടന്നായിരുന്നത്രെ അന്ന് മരിച്ചിരുന്നത്.

പട്ടിണി... ദൈവമേ വിശക്കുന്ന ആ വയറിന്റെ വിളിയാളം എത്രയായിരിക്കും. 

നിര്‍ഭാഗ്യവശാൽ കുഞ്ഞുണ്ണി തമ്പുരാനേയും വസൂരി തേടിയെത്തി. വസൂരിക്കെന്ത് തമ്പുരാനും പ്രജയും അരിയിട്ടു വാഴ്ച്ചയും. വീട്ടുകാർ പേടിച്ചു. നാട്ടുകാരും. നാട്ടു നടപ്പനുസരിച്ച് തമ്പുരാനെ നടുക്കടലിന്റെ വിജനതയിലെന്നപോലെ ഉപേക്ഷിച്ച് ഭാര്യയും മക്കളുമെല്ലാം സ്ഥലം കാലിയാക്കി. ദൈവകോപമാണ്. ബാധിച്ചവർ ബാധിച്ചവരത് സഹിക്കുക. അത്രമാത്രം. അങ്ങനെ ആ കോവിലകത്ത് മക്കളോ ബന്ധുക്കളോ കൂട്ടിനില്ലാതെ പുലാപ്പെറ്റ കുഞ്ഞുണ്ണി തമ്പുരാൻ ആകെ ഒറ്റപ്പെട്ടു പോയി. തന്റെയീ വാര്‍ദ്ധക്യ കാലത്ത്‌ തന്നെ ശുശ്രൂഷിക്കിനൊരു മനുഷ്യ കുഞ്ഞുമില്ലല്ലോ ദൈവമേ എന്നദ്ദേഹം വേദനിച്ചു മരണത്തെ കാത്തിരുന്നു.

വേണമെങ്കിൽ സമീപത്തുള്ള ഏതെങ്കിലും വസൂരിപ്പുരയിലേക്ക് മാറാം. പണ്ടാരപ്പുര എന്നാണതറിയപ്പെട്ടിരുന്നത്. അത്രമേലസഹ്യമായ ജീവിതമാണവിടെ പുലർന്നിരുന്നത്. അവിടെ ശിഷ്ടകാലം ജീവിച്ച് തീര്‍ക്കാം. ഭക്ഷണവും മരുന്നും കൃത്യമായി ലഭിക്കും. പരിശോധിക്കാൻ ആഴ്‌ചയിലൊരിക്കലൊരു സര്‍ക്കാര്‍ ഡോക്ടറും വരും. പണ്ടാരപ്പുരയുടെ വളരെ അകലത്ത് നിന്നയാൾ മരിച്ചവരുടെ കണക്കെടുത്ത് മറമാടാൻ പണിക്കാർക്കുത്തരവ് കൊടുത്ത് മടങ്ങും. അത്രമാത്രം. അതാണ് ചികിത്സ. മരണ ചികിത്സ.

എന്നിരുന്നാലും, തമ്പുരാന്റെ പ്രാർത്ഥന ദൈവം കേട്ടു. ദൈവ ദൂതനെപ്പോലെയൊരാൾ മുന്നോട്ട് വന്നു. അങ്ങയുടെ ഭക്ഷണ ചികിത്സ കാര്യങ്ങൾ താന്‍ നോക്കി കൊള്ളാമെന്നയാൾ തമ്പുരാനുറപ്പ് നല്‍കി. അഖില ലോക പ്രപഞ്ചത്തിലൊരു മനുഷ്യനായി ജനിച്ചാൽ മരണമുറപ്പ്. ശരീരം പ്രകൃതിയുടേതാണ്. നല്ല മനസ്സ് ദൈവീകവും അയാൾ ചിന്തിച്ചിരിക്കാം

പിതാമഹ മരക്കാർ...

അങ്ങനെ, കുഞ്ഞുണ്ണി തമ്പുരാനും മരക്കാറും ആ വലിയ വീട്ടില്‍ ഒറ്റക്ക് താമസിച്ച് വന്നു. മരക്കാര്‍ തന്റെ നാട്ടില്‍ നിന്നും അനേകം നാഴിക അകലത്തുള്ള പുലാപെറ്റയിൽ വന്ന് ആ വൃദ്ധനും രോഗിയുമായ വയോധികനെ ശുശ്രൂഷിക്കുകയും അദ്ദേഹത്തിന് വേണ്ട കാര്യങ്ങൾ ചെയത് കൊടുക്കുകയും ചെയ്തത് മനുഷ്യസഹജമായ തന്റെ ഉത്തരവാദിത്തമെന്ന നിലയില്‍ കൂടിയായിരുന്നിരിക്കാം.

കുഞ്ഞുണ്ണി തമ്പുരാനന്ന് "മരക്കാരേ" എന്നെത്രയോ പ്രാവശ്യം നീട്ടി വിളിച്ച് കാണണം. അവർ തമ്മില്‍ തങ്ങളുടെ കുടുംബത്തിന്റെ പാരമ്പര്യങ്ങളെക്കുറിച്ച് വാചാലരായിരുന്നിട്ടുണ്ടാകണം. അക്കാലത്ത് ഇന്ത്യയിലും ഭൂലോകത്തിന്റെ വിവിധ ദിക്കുകളിലും നടന്ന് കൊണ്ടിരുന്ന രാഷ്ട്രീയ സംഭവ വികാസങ്ങളെക്കുറിച്ച് ഗഹനമല്ലാത്ത ചർച്ചകളിലും സംവാദങ്ങളിലുമവർ മുഴുകിയിരുന്നിരിക്കാം... ഒടുവില്‍, രാത്രിയുടെ യാമങ്ങളിൽ കോവിലക വരാന്തയില്‍ ഒരു പുല്‍പ്പായ വിരിച്ച് നിലാവെളിച്ചം കണ്ടു കൊണ്ട്‌ മരക്കാര്‍ കിടന്നുറങ്ങുമ്പോൾ അദ്ദേഹത്തിന്റെ മനം നിറയെ തന്റെ നാടും വീടും മക്കളും മാത്രമായിരുന്നിരിക്കണം. എങ്കിലും, ഒരു നിയോഗം പോലെ സന്തോഷത്തോടെ ആ സേവനം അദ്ദേഹം തുടർന്ന് വരിക തന്നെ ചെയതു.

മരക്കാര്‍ എന്ന വാക്കിന് മനുഷ്യ സ്നേഹം എന്നൊരര്‍ത്ഥം കൂടിയുണ്ടന്ന്  തെളിയിക്കപ്പെട്ട ഒരു ചരിത്രമാണ് ഞാന്‍ മുകളില്‍ പറഞ്ഞ് വെച്ചത്. ആ ചരിത്രം രചിച്ച മനുഷ്യന്റെ ഓര്‍മ്മകള്‍ എന്നെന്നും തങ്ങളില്‍ നിലനല്‍കണമെന്ന് കരുതിയിട്ടാവും അദ്ദേഹത്തിന്റെ പേരക്കുട്ടികളിൽ ഒരാള്‍ക്ക് ആ വിളിപ്പേർ നല്‍കപ്പെട്ടത് എന്നെനിക്ക് തോന്നുന്നു.

മരക്കാര്‍...

ചരിത്രത്തിൽ അതുല്യമായ സ്ഥാനം നിര്‍ണ്ണയിക്കപ്പെട്ട് കിടക്കുന്നൊരു വ്യക്തിയുടെ പേരുകൂടിയാണത്. ഒരു ധീരയോദ്ധാവിന്റെ. അറബിക്കടലിൽ ചോര വാരിവിതറാൻ വന്ന സാമ്രാജ്യത്വ കഴുകന്മാരുടെ പേടിസ്വപ്നമായിരുന്നൊരു മഹാമനീഷിമാരുടെ സ്ഥാനപ്പേരായിരുന്നു അത്. ആ നാമത്തിലൂടെയാണ് ഒരിക്കലാ രാജ്യ സ്നേഹം ഈ നാട്ടിലാകെ ഒഴുകി നീങ്ങിയത്.

കടലിൽ കൈ കരുത്ത് കൊണ്ട്‌ നാട് കത്തിക്കിനിറങ്ങിയ പറങ്കികളെ തുരത്താൻ ശുഷ്കമായ നാവിക സൈന്യവുമായി പോരിനിറങ്ങിയ സാമൂതിരിക്ക് തോല്‍വിയല്ലാതെ മറ്റൊന്നുമന്ന് മുന്നിലുണ്ടായിരുന്നില്ല. കടൽ പോരാട്ട സാമര്‍ഥ്യത്തിൽ അൽപ്പമെങ്കിലും വൈദക്ത്യമുണ്ടായിരുന്ന അയല്‍ രാജാക്കന്മാർ പറങ്കികളുടെ ആലയത്തിലും അവരുടെ സാമന്തന്മാരായ ഭൂപ്രഭുക്കൾ മതകീയമായമായ ചിട്ട വട്ടങ്ങളുടെ കൂടാരങ്ങളിലും ഒതുങ്ങി കൂടിയപ്പോൾ സാമൂതിരിക്കൊപ്പം തോളോട് തോൾ നിന്ന് പോരാടാന്‍ മുന്നോട്ട് വന്നത് മരക്കാര്‍മാർ മാത്രമായിരുന്നുവെന്നാണ് ചരിത്രം. കാലങ്ങള്‍ക്കിപ്പുറത്ത് പുലാപ്പറ്റ കോവിലകത്തിന്റെ ഉമ്മറത്ത് വീണ്ടും ആ ചരിത്രം പുനർജീവിച്ചത് ചരിത്രത്തിലെ സമാനതകളില്ലാത്ത ആവര്‍ത്തനമല്ലാതെ മറ്റെന്താണ്.

ഇനിയൽപ്പം ചരിത്രം പറയാം... കുഞ്ഞാലി മരക്കാര്‍മാരുടെ ചരിത്രം.

മരക്കാര്‍മാരുടെ ജന്മദേശം അറേബ്യയാണന്നാണ് പൊതുവെ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. വ്യാപാരത്തിനായാണ് ക്രിസ്തുവര്‍ഷം എഴാം നൂറ്റാണ്ടിൽ കേരളത്തിന്റെ പടിഞ്ഞാറന്‍ തീരത്ത് അവരെത്തിപ്പെടുന്നത്. അന്ന് കോഴിക്കോട് കപ്പലിറങ്ങിയ അവരോട് നിങ്ങൾ എവിടെ നിന്ന് വരുന്നുവെന്ന് നാട്ടുകാർ ചോദിക്കുകയും, ചോദ്യം മനസ്സിലാകാതെ അവർ 'മര്‍ക്കബ' എന്നു പറഞ്ഞ്‌ തോണി ചൂണ്ടിക്കാട്ടി നല്‍കുകയുമാണ് ഉണ്ടായതെന്നാണ് വിശ്വസം. തോണി എന്ന അര്‍ത്ഥം വരുന്ന അറബി പദമാണ് മര്‍ക്കബ. ആ വാക്ക് പിന്നീട് മരക്കാര്‍ എന്നായി തീര്‍ന്നുവെന്ന് ഒരു പക്ഷം ചരിത്രകാരന്മാര്‍ പറയുന്നു. എന്നാൽ, സാമൂതിരി ആ അറബി വണിക്കുകൾക്ക് നല്‍കിയ സ്ഥാനപ്പേരാണ് മരക്കാര്‍ എന്നും മറ്റൊരു വിഭാഗം ചരിത്ര പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. പിന്നീട്, അവരുടെ സമുദ്ര വൈദക്ത്യം പരിഗണിച്ച് കോഴിക്കോട് രാജ്യത്തിന്റെ നാവിക പ്രമുഖരായി സാമൂതിരി അവരെ ഉയർത്തുകയാണുണ്ടായത്. മരക്കാര്‍ കുടുംബത്തിലെ അധിപന് കുഞ്ഞാലി അഥവാ, കുഞ്ഞാലി മരക്കാര്‍ എന്നും രണ്ടാമനെ കുട്ടി ഹസ്സന്‍ എന്നും സ്ഥാനപ്പേരായി വിളിച്ചു. അവരെ തിരിച്ചറിയാൻ കസവിൻ തലക്കെട്ടും സാമൂതിരി നല്‍കിയത്രെ.

കുഞ്ഞാലി എന്നാൽ വിശ്വസ്തൻ, പ്രിയങ്കരൻ എന്നല്ലാമാണര്‍ത്ഥം. ഇസ്ലാമിക ചരിത്രത്തിലെ ധീരതയുടെ പേരായി ഗണിക്കപ്പെടുന്ന ബദര്‍യുദ്ധ പോരാളിയും അതിവിശാലമായ ഇസ്ലാമിക സാമ്രാജ്യത്തിന്റെ നാലാം ഖലീഫയുമായ (ഭരണാധികാരി) പ്രവാചക അനുചരൻ അലിയുടെ പേര്‌ ചേര്‍ത്തു കൊണ്ട്‌ ധീരന്‍ എന്ന അര്‍ത്ഥത്തില്‍ അവരെ കുഞ്ഞാലി എന്ന് വിളിച്ചിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. എന്നിരുന്നാലും, ശക്തമായ അധിനിവേശ വിരുദ്ധ മനസ്സും പ്രത്യയശാസ്ത്ര വിശുദ്ധിയുടെ പിന്‍ബലവുമുള്ള ഒരു കൂട്ടമായിരുന്നു മരക്കാര്‍മാർ എന്ന് നിസ്സംശയം പറയാം.

നാടിന് വേണ്ടി പോരാടിയ അനേകം ധീരദേശാഭിമാനികളുടെ പോരാട്ട ചരിത്രത്തിന്റെ  ഓര്‍മ്മപെടുത്തലുകളടങ്ങിയ മണ്ണാണ് നമ്മുടെ കേരളം ഭൂമി. പ്രത്യേകിച്ച്, മലബാറിന്‍റേത്. കുഞ്ഞാലി മരക്കാര്‍മാരുടെ സംഭാവന അതിൽ വിലമതിക്കാനാവാത്തതാണ്. അല്‍പം ചില കടലാസ് തുണ്ടുകളിൽ മാത്രം അവശേഷിക്കുന്ന ചരിത്രമായിരുന്നില്ല കുഞ്ഞാലിമാരുടേത്. സര്‍ദാര്‍ കെഎം പണിക്കര്‍ പറയുന്നു...

"ഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും സമര്‍ഥനായ അഡ്മിറൽമാരിലൊരാളാണ് കുഞ്ഞാലി മരക്കാര്‍" എന്ന്.

കേരള തീരം സംരക്ഷിക്കുന്നതിനായി 1498 മുതൽ 1630 വരെ കുഞ്ഞാലിമാര്‍ നടത്തിയ പോരാട്ടങ്ങളുടെ ഫലമാണ് പോര്‍ച്ചുഗീസുകാർ ഗോവയിൽ മാത്രമായി ഒതുക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞ്‌ വെക്കുന്നുണ്ട്.

കൊതുമ്പ് വള്ളങ്ങൾ കോര്‍ത്തിണക്കി രാജ്യത്താദ്യമായി കരുത്തുറ്റ നാവിക സേനയെ വാര്‍ത്തെടുത്ത മരക്കാര്‍മാരുടെ ആ ചരിത്രം വായിച്ചറിഞ്ഞ അന്ന് മുതൽ തുടങ്ങിയതാണ് കോഴിക്കോട് വടകരയിൽ ചെന്ന് കുഞ്ഞാലി മരക്കാരുടെ ഭവനവും, മ്യൂസിയം, പള്ളി, മരക്കാര്‍ കോട്ടാവശിഷ്ടങ്ങൾ, വെളിയാംകല്ല് തുടങ്ങിയവയൊക്കെയൊന്ന് കാണണമെന്നുള്ള ആഗ്രഹം. അവിടെ വെച്ച് ആ ചരിത്രത്തെ ഒന്നുകൂടി മനസ്സിൽ പുനർചിന്തക്ക്  വിധേയമാക്കണം. പീരങ്കിയും വെടിക്കോപ്പുകളുമായി പത്തേമാരികളിലെത്തിയ പോര്‍ച്ചുഗീസ് അധിനിവേശത്തെയവർ ചെറുത്തുനിന്നതിന്റെ സ്പന്ദനമവിടെ കേള്‍ക്കുന്നുണ്ടോ എന്ന് കാതോർക്കണം.

അങ്ങനെ കണ്ണൂരിലേക്ക് പോവുകയായിരുന്ന ഒരു ദിവസം വടകരയിൽ ഞാനിറങ്ങി. കണ്ണൂരില്‍ എന്റെ സഹോദരനെന്നെ കാത്തിരിക്കുന്നുന്നുണ്ടായിരുന്നു. കേരളത്തിന്റെ തീരപ്രദേശത്ത് കടലിനോരം ചേർന്ന് സമാന്തരമായി നീണ്ടുനിവര്‍ന്നു പോകുന്ന വലിയൊരു ദേശീയപാതയുണ്ടല്ലോ. ആ പാതയില്‍ നിന്നും മറ്റൊരു വഴിയിലൂടെ അല്‍പ്പമുള്ളിലേക്ക് പോയാലാണ് മരക്കാരോര്‍മ്മകള്‍ വിഹരിക്കുന്ന കാഴ്ചകളിലേക്കെത്തിപ്പെടുക. ബസ്സിറങ്ങി ഒരോട്ടോ പിടിച്ച് ഇരിങ്ങലിലേക്ക് പോകുമ്പോൾ റിക്ഷക്കാരനോട് വരവിന്റെ ഉദ്ദേശം പറഞ്ഞത്‌ ഉപകാരത്തിൽപെട്ടു. പോകും വഴി ഒരിടത്തെത്തിയപ്പോൾ വണ്ടി നിർത്തിയദ്ദേഹം റോഡിന്റെ വലത് വശത്തേക്ക് ചൂണ്ടിക്കൊണ്ടെന്നോട് പറഞ്ഞു...

"വെളിയാംകല്ലതാ..." 

ഞാൻ ആകാംഷയോടെ പുറത്തേക്ക് നോക്കി. അപ്പോഴത് ഉച്ചവെയിലിന്റെ കാഠിന്യത്തിൽ ഒരു വലിയ വജ്രകട്ടപോലെ തിളങ്ങി നില്‍ക്കുകയായിരുന്നു. സാധാരണ പാറകളുടെ കരി നിറത്തിന് വിത്യസ്തമായി അതൊരു വെള്ള നിറത്തിലാണുള്ളത്. ആ കാരണം കൊണ്ടായിരിക്കാം ഒരു പക്ഷേ അതിനെ വെളിയാംകല്ല് എന്ന പേര് വിളിച്ചത്. സമയകുറവ് കാരണം, ആ കാഴ്ചയിലേക്ക് കൂടുതൽ കടക്കാതെ ഏതാനും ചിത്രങ്ങൾ മാത്രമെടുത്ത് ഞങ്ങൾ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങി.

അവിടെ നിന്നും കുറച്ച് ദൂരം മാത്രമാണ് മരക്കാര്‍ ഭവനത്തേക്കുണ്ടായിരുന്നുള്ളൂ. കൊയിലാണ്ടി താലൂക്കിൽപെട്ട ഇരിങ്ങല്‍ എന്ന പ്രദേശമാണിത്. പാതയോരത്ത് നിന്നും ചെറിയ പച്ചിലകള്‍ വളരുന്ന ബുഷ് ചെടികള്‍ക്കിടയിലൂടെയുള്ള കരിങ്കൽ പാതയുടെ അറ്റത്താണ് മരക്കാര്‍ ഭവനം. ഇന്ത്യൻ നാവിക സേന സ്ഥാപിച്ച ഒരു കറുത്ത മാര്‍ബിള്‍ സ്തൂപമാണ് ഗൈറ്റ് കടന്നുള്ളില്‍ പ്രവേശിച്ചാല്‍ നമ്മെ ആദ്യം സ്വാഗതം ചെയ്യുക. അതിലിങ്ങനെ ആലേഖനം ചെയ്തിരിക്കുന്നു.

"കുഞ്ഞാലി മരക്കാര്‍ മലബാറിന്റെ ചരിത്രത്തിൽ സവിശേഷമായ സ്ഥാപനമാണ് അലങ്കരിക്കുന്നത്. അധിനിവേശകർക്കെതിരെയുള്ള പ്രതിരോധത്തിന്റെ പ്രതീകമാണവർ. നമ്മുടെ മഹത്തായ സമുദ്ര സഞ്ചാര പാരമ്പര്യങ്ങൾക്ക് ഈടുറ്റ സംഭാവനകൾ അവർ നല്‍കി"

ബുഷ് ചെടികള്‍കളുടെ നീണ്ട നിരകള്‍ക്കിടയിൽ കറുത്ത മാര്‍ബിള്‍ വിരിച്ച രണ്ട് ഇരിപ്പിടങ്ങളുണ്ട്. ഉച്ചവെയിലിൽ അത് തിളങ്ങുന്നുണ്ടായിരുന്നു. മുറ്റത്ത്‌ നിറയെ പച്ചപുല്ല് വളർത്തി, അതിന്‌ ചുറ്റും ചെറിയൊരു പൂന്തോട്ടം വെച്ച് പിടിപ്പിച്ചിരിക്കുന്നത് നയന മനോഹരമായ കാഴ്ചയാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പൊരു മഹാമനുഷ്യന്‍ വീറോടെ പോരിനിറങ്ങുകയും. പിന്നീട്, യുദ്ധമവസിനിച്ച ക്ഷീണവുമായി വന്ന് കയറുകയും ചെയ്ത വഴിത്താരകളാണിത്. ഒരുപക്ഷേ, എന്തായിരിക്കാം അന്നദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്ന ചിന്ത വിഷയങ്ങൾ. തിരിച്ച് വരുമെന്ന് ഒരുറപ്പുമില്ലന്ന മാതാവിനും ഭാര്യക്കും നല്‍കിയ വാക്കുകളായിരിക്കുമോ... അതോ, മക്കളുടെ നിഷ്കളങ്കമായ മുഖമോ. എന്തായാലും ഒന്നുറപ്പാണ്, നാടിന്റെ സ്വതന്ത്രത്തിനായി തുടിക്കുന്ന ഒരു ഹൃദയമണിഞ്ഞവരായിരുന്നു അവർ.

സ്വാതന്ത്ര്യം കിനാവ് കാണുന്ന മനസ്സുള്ളവർ.

കുഞ്ഞാലി മരക്കാരുടെ ജീവിതവുമായി ബന്ധപ്പെട്ട ഒരു പുരാതന ഭവനത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണിത്. ആ ചരിത്രവുമായി ബന്ധപ്പെട്ട അവശേഷിക്കുന്ന ഏക സ്മാരകവും ഇത് തന്നെ. ഒരു തളവും മൂന്ന് മുറികളും കൂടാതെ ഒരു നീണ്ട വരാന്തയും മാത്രമാണ്‌ ഇതിനകത്ത് ആകെയുള്ള കാഴ്ചകള്‍. മേല്‍ക്കൂര ഒരു പ്രത്യേക തരം ഓടുകൊണ്ടാണ് മേഞ്ഞിരിക്കുന്നത്. പണ്ടവിടെ ക്രമത്തില്‍ അടുക്കിയടുക്കിവെച്ച തെങ്ങോലകളായിരിക്കാം ഉണ്ടായിരുന്നത്. പഴയ കാലത്ത്‌ നാട്ടുപ്രഭുക്കളുടേയും നമ്പൂതിരിമാരുടേയും വീടുകൾ മാത്രമാണ്‌ ഓടുകൊണ്ട്‌ മേയുവാനവകാശം ഉണ്ടായിരുന്നുള്ളൂ. ചുമരിന്റെ ഉയരം പോലും ഒരു നിശ്ചിത പരിധിക്കപ്പുറം ഉയര്‍ത്താനന്ന് കഴിയുമായിരുന്നില്ല.

ഉണ്ടും ഉറങ്ങിയും തന്റെ മക്കളോട് കളിചിരിയില്‍ ഏര്‍പ്പെട്ടും മാതാപിതാക്കളോടും ഭാര്യയോടുമൊക്കെ സംസാരിച്ചും ഇടപെട്ടും കുറെ ധീര തലമുറകള്‍ ഈ ആകാശ കീറിനു താഴെ ജീവിച്ച് മറഞ്ഞിരിക്കുന്നു എന്നോർക്കുമ്പോൾ വല്ലാത്തൊരു വികാരം മനസ്സിലനുഭവപ്പെടുന്നു. സാമൂതിരിയുടെ നിലപാടുകളെകുറിച്ചും പോര്‍ച്ചുഗീസുകാരുടെ ക്രൂരതയെക്കുറിച്ചുമൊക്കെ അന്നവരിവിടെയിരുന്ന് സംസാരിച്ചിരുന്നിരിക്കണം. തന്റെ ഇരുകൈകളും മേലേക്കുയർത്തി എത്രയോ രാത്രികള്‍ മരക്കാര്‍മാർ ഇവിടെ ജന്മനാടിനുവേണ്ടി കലങ്ങിയ കണ്ണുകളുമായി പ്രാര്‍ത്ഥിച്ചുകാണും. ഇന്നതൊക്കെ ഓര്‍ത്തെടുക്കാർ തന്നെ വല്ലാത്തൊരു രസമാണ്. ചരിത്രത്തിലേക്ക് ഊളിയിട്ടിറങ്ങുന്നത് മാതിരിയുള്ള ഒരനുഭവം.

ആദ്യകാലത്ത് പന്തലായനി കൊല്ലത്ത് താമസമാക്കിയ കുഞ്ഞാലി മരക്കാര്‍മാർ പോര്‍ച്ചുഗീസ് ആക്രമണകാലത്ത്‌ തിക്കോടിയിലേക്കും, പിന്നീട് കോഴിക്കോട്ട് രാജ്യത്തെ വടകരയിലേക്കും ആസ്ഥാനം മാറുകയായിരുന്നെന്നാണ്‌ പ്രബലമായ വാദം. കൊച്ചിയിലായിരുന്ന ഇവർ പോര്‍ച്ചുഗീസ് ഭരണ കാലത്ത്‌ പൊന്നാനിയിലെക്കും, അവിടെവെച്ച് മക്തൂമാരുടെ ഉപദേശത്തെ തുടർന്നിവിടേക്കും പലായനം ചെയതെന്നും പറയപ്പെടുന്നു. എന്നിരുന്നാലും, മരക്കാര്‍മാർ നാവിക വൈദക്ത്യമുള്ള കച്ചവടക്കാരായിരുന്നെന്ന് എല്ലാവരും അംഗീകരിക്കുന്ന വസ്തുതയാണ്‌. പോര്‍ച്ചുഗീസ് ആക്രമണത്തെ ചെറുക്കാനായാണ് കോഴിക്കോട്ടെ ഈ പ്രദേശത്തേക്കവർ എത്തിയതെന്നാണ് ബഹുഭൂരിപക്ഷം ചരിത്രകാരന്മാരും സമര്‍ഥിക്കുന്നത്.

പറങ്കികളുമായി ഏറ്റുമുട്ടിയ മരക്കാര്‍ വംശത്തിലെ ആദ്യത്തെ പോരാളി മമ്മാലി മരക്കാരായിരുന്നു. 1505ല്‍ കൊടുങ്ങല്ലൂരിൽ വച്ചു നടന്ന യുദ്ധത്തിൽ പറങ്കികൾക്കേറെ നാശനഷ്ടങ്ങൾ വരുത്തി കൊണ്ടദ്ദേഹം വീരചരമം പ്രാപിച്ചു. യുദ്ധത്തിന്റെ അവസാന ഘട്ടത്തിൽ കോഴിക്കോട് നഗരത്തില്‍ നിന്നുള്ള പടകപ്പലുകള്‍ തന്നെ സഹായിക്കാനായി നിശ്ചിത സമയത്ത്‌ എത്താത്തതിനാലാണ് തന്റെ രണ്ട് പുത്രന്മാരോടൊപ്പം അദ്ദേഹം കൊല്ലപ്പെടുന്നത്.

അദ്ദേഹത്തിനു ശേഷം പിന്നീട് കുട്ട്യാലി മരക്കാരാണ് നേതൃത്വം ഏറ്റെടുക്കുന്നത്. അദ്ദേഹത്തിന്റെ മകനായ മുഹമ്മദ് മരക്കാരാണ്‌ ആദ്യത്തെ കുഞ്ഞാലി മരക്കാരായി ചരിത്രത്തിലറിയപ്പെടുന്നത്. കൊച്ചിയിലെ ഒരു വ്യപാര പ്രമുഖനായ മുഹമ്മദ് മരക്കാര്‍ കൊച്ചിയില്‍ മുസ്ലീങ്ങൾക്ക് നേരെയുള്ള പറങ്കികളുടെ ശത്രുതയും ശല്യവും സഹിക്കാതെ വന്നപ്പോൾ കുട്ട്യാലി മരക്കാര്‍, വലിയ ഹസ്സന്‍, പച്ചി മരക്കാര്‍ എന്നീ പ്രമാണിമാരെയും ഒരു പറ്റം നാട്ടുകാരേയും കൂട്ടി സാമൂതിരിയെ മുഖം കാണിക്കാൻ കോഴിക്കോട് രാജ്യത്ത് ചെന്ന് പോര്‍ച്ചുഗീസുകാര്‍ക്കെതിരിൽ യുദ്ധം ചെയ്യാൻ തങ്ങൾ തയ്യാറാണന്നറിയിച്ചു. സന്തുഷ്ടനായ സാമൂതിരി മുഹമ്മദ് മരക്കാരെ 'കുഞ്ഞാലി' എന്ന സ്ഥാനപ്പേർ നല്‍കി 'കുഞ്ഞാലി മരക്കാര്‍' എന്ന് വിളിച്ചു. അദ്ദേഹത്തെ തുടർന്ന് മൂന്ന് മരക്കാര്‍മാരാണ് കോഴിക്കോട് രാജ്യത്തിന്റെ നാവിക പ്രമുഖരായി പിന്നീടുദയം ചെയതത്.

ഭവനത്തിനകത്ത് ഓര്‍ത്തെടുത്ത് ചിന്തിക്കാനുള്ള ചരിത്രമല്ലാതെ കാര്യമായ പ്രദര്‍ശനവസ്തുക്കളൊന്നും തന്നെ ഇല്ലാത്തതിനാൽ, സ്മാരകത്തോട് ചേര്‍ന്ന് പുതിയ കാലത്ത്‌ പണിതൊരു കെട്ടിടത്തിലേക്ക് ഞാൻ കയറി ചെന്നു. അവിടെ ചെറിയ രൂപത്തിലൊരു മ്യൂസിയം സജ്ജമാക്കിയിട്ടുണ്ടായിരുന്നു. കുഞ്ഞാലി മരക്കാര്‍മാരുടെ ചരിത്രവുമായി ബന്ധപ്പെട്ട വലിയ വസ്തുക്കളൊന്നും തന്നെ അവിടെയുമുണ്ടായിരുന്നില്ല. മരക്കാര്‍ ഭവനത്തിന്‌ സമീപത്ത് നിന്നും കുഴിച്ചെടുത്ത വാളുകളോ പീരങ്കിയുണ്ടാകളോ നേരിട്ടാ ചരിത്ര പുരുഷൻമാരുമായി ബന്ധപ്പെട്ടതാണന്ന് അനുമാനിക്കാൻ കഴിയില്ല. എങ്കിലും, ശാസ്ത്രീയമായ പരിശോധനകളിലൂടെ അവയുടെ കാലഘട്ടം ഏകദേശം കണക്കാക്കി അത് കുഞ്ഞാലി മരക്കാർമാർ ഉപയോഗിച്ചതാകാമെന്ന നിഗമനത്തില്‍ ചരിത്രകാരന്മാരെത്തിചേർന്നിരിക്കുന്നു. അത്തരത്തിലുള്ള വാളുകൾ, പീരങ്കിയുണ്ടകൾ, നന്നങ്ങാടികൾ, നാണയങ്ങൾ തുടങ്ങി ഒട്ടേറെ പുരാവസ്തുക്കൾ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

2004ൽ പ്രവര്‍ത്തനം തുടങ്ങുന്ന ഈ കൊച്ചു മ്യൂസിയത്തിലെ സവിശേഷമായൊരു കാഴ്ച്ച ഈ പ്രദേശത്തൊരിക്കല്‍ ഗരിമയോടെ ഉയർന്ന് നിന്നിരുന്ന മരക്കാര്‍ കോട്ടയുടെ ചെറിയ കാര്‍ബോർഡ് മാതൃകയാണ്.

പട്ടു മരക്കാര്‍ എന്ന കുഞ്ഞാലി മരക്കാര്‍ മൂന്നാമനാണ് പുതുപട്ടണം എന്നക്കാലത്തറിയപ്പെട്ടിരുന്ന ഈ പ്രദേശത്തൊരു കോട്ട പണിയുവാന്‍ സാമൂതിരിപ്പാടനുവാദം നല്‍കുന്നത്. ആ കോട്ടയാണ് 'മരക്കാര്‍ കോട്ട' എന്നറിയപ്പെടുന്നത്. കുഞ്ഞാലി മരക്കാര്‍ രണ്ടാമന് ശേഷം സാമൂതിരിയുടെ നാവിക സേന തലവനായി അവരോധിതനാകുന്ന മരക്കാര്‍ മൂന്നാമന്‍ സൈന്യത്തിന്റെ നവീകരണത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. ഗറില്ലാ പോരാട്ടങ്ങളെ കൂടാതെ കൊതുമ്പ് വള്ളങ്ങളുപയോഗിച്ചുള്ള പാശ്ചാത്യ യുദ്ധ രീതികള്‍, പടകോപ്പുകളുടെ ഉപയോഗം തുടങ്ങിയവയും അവർ അക്കാലഘട്ടങ്ങളിൽ സ്വായത്തമാക്കി. പിന്നീട്, സൈനിക നേതൃത്തിലേക്ക് അവരോധിതനായ നാലാം മരക്കാരെ സാമൂതിരിയുടേയും പോര്‍ച്ചുഗീസുകാരുടേയും സംയുക്ത സൈന്യം വന്നാക്രമിച്ച് കീഴ്പ്പെടുത്തുന്നതിന്നും ഈ കോട്ട സാക്ഷ്യം വഹിക്കുകയുണ്ടായി എന്നുള്ളത് ചരിത്രത്തിലെ ഒരു വിരോധാഭാസമായി തോന്നാം. നാലാം മരക്കാര്‍ സാമൂതിരിയെ വെല്ലുവിളിച്ചതാണെന്നും അതല്ല, സാമൂതിരിയെ പോര്‍ച്ചുഗീസുകാർ തെറ്റിദ്ധരിപ്പിച്ച് മരക്കാരുമായി യുദ്ധത്തിന് പ്രേരിപ്പിച്ച് ചതിക്കുകയായിരുന്നെന്നും ചരിത്രകാരന്മാര്‍ വെത്ത്യസ്ഥ നിരീക്ഷണങ്ങള്‍ പങ്കുവെക്കുന്നുണ്ട്.

ഞാൻ മ്യൂസിയത്തില്‍ നിന്നിറങ്ങുമ്പോള്‍ സമീപത്ത് കണ്ട ചില വീടുകളെകുറിച്ച് വെറുതെ ചിന്തിച്ചു. മരക്കാര്‍മാരുടെ അയല്‍വാസികളാണവർ. ഒരുപക്ഷേ, ആ വീട്ടുകാരുടെ പൂര്‍വികര്‍ മരക്കാര്‍മാരുടെ ഇഷ്ട തോഴന്മാരായിരുന്നിരിക്കാം. അദ്ദേഹത്തിന്റെ കൂടെ തോളോട് തോൾ ചേര്‍ന്ന് യുദ്ധത്തിൽ പങ്കു ചേര്‍ന്നവരുമാകാം. ഈ കൊലായിയില്‍ ഇരുന്നുകൊണ്ട് എത്രയോ തവണ അവർ സൊറച്ചിരുന്നിട്ടുണ്ടാകാം. എന്നാൽ, പുതിയ തലമുറ അവരുടെ ആ പാരമ്പര്യത്തെകുറിച്ച് അറിവുള്ളവരാണോ എന്ന് സംശയമാണ്. ചരിത്ര പ്രാധാന്യമര്‍ഹിക്കുന്ന ഈ ദേശത്തിന്റെ ഐതിഹാസിക ചരിത്രത്തെക്കുറിച്ച് നമ്മില്‍ പലരും അത്രകണ്ട് ബോധവാന്മാരല്ല എന്നുള്ളതാണ്‌ യാഥാര്‍ത്ഥ്യം. മരക്കാര്‍മാരുടെ സങ്കേതമായിരുന്ന കോട്ടക്കല്‍ ദേശം ഇന്ന്‌ അതേ കെട്ടിടങ്ങളോട് കൂടി കാണാന്‍ സാധിക്കില്ല. എല്ലാം മണ്ണടിഞ്ഞ് പോയിരിക്കുന്നു. എങ്കിലും, കുറച്ച് മിനുക്ക് പണികളോട് കൂടി ഈ ഭവനം ഇന്നും നിലനിൽക്കുന്നത് ചരിത്ര പ്രേമികളെ സംബന്ധിച്ചെടുത്തോളം വലിയ ഭാഗ്യമാണെന്നെനിക്ക് തോന്നുന്നു.

മരക്കാര്‍ ഭവനത്തില്‍ നിന്നും പിന്നെ ഞാൻ നേരെ പോയത് ചരിത്ര പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു കെട്ടിട കാഴ്ചയിലേക്കാണ്. ഇരിങ്ങല്‍ വലിയ ജമാഅത്ത് പള്ളിയിലേക്ക്. കരയിലേക്ക് കയറി വന്ന സമുദ്രഭാഗത്തിന്റെ ഓരത്ത് വെള്ള മണല്‍ വിരിച്ച് മനോഹരമാക്കിയ മുറ്റത്താണ് ആ പള്ളിയിന്നുള്ളത്. കേരളത്തിലെ പുരാതന ക്ഷേത്ര മാതൃകയില്‍ നിര്‍മിച്ച മനോഹരമായ ഒരു പള്ളിയാണത്. അതിന്റെ നരച്ച ഓടുകൾ അതിനൊരു പുരാഭാവം നല്‍കുന്നുണ്ടൈന്നെനിക്ക് തോന്നി.

പള്ളി പൂട്ടി കിടപ്പായിരുന്നു. ഇനി മദ്ധ്യാഹ്ന പ്രാര്‍ത്ഥനക്ക് മാത്രമേ പള്ളി തുറക്കുകയൂള്ളു എന്നെനിക്ക് മനസ്സിലായി. ഈ ദേശത്തെ മതസൗഹൃദം ഊട്ടിയുറപ്പിക്കാന്‍ കുഞ്ഞാലി നാലാമൻ നടത്തിയ മഹത് സേവനത്തിന്റെ സ്മാരകം കൂടിയാണീ പള്ളി. അക്കാലത്തുപയോഗിച്ചിരുന്ന വാളുകളുടെ ശേഖരം കൂടാതെ, പോര്‍ച്ചുഗീസുകാരിൽ നിന്നും കുഞ്ഞാലി മരക്കാര്‍മാർ പിടിച്ചെടുത്ത വാളും പരിചയുമൊക്കെ ഗർഭം പേറിയാണ് അടഞ്ഞു കിടക്കുന്ന പള്ളിയുടെ പ്രധാന ഹാൾ നിലകൊള്ളുന്നത്. ആ വാളാണത്രെ ഇന്നും വെള്ളിയാഴ്ച പ്രഭാഷണത്തിന് പ്രാസംഗികന്‍ ആചാരപരമായി കൈയിലേന്തുന്നത് എന്നറിഞ്ഞപ്പോള്‍ അത് നേരിട്ട് കാണാന്‍ കഴിയാത്തതിലുള്ള വലിയ ദുഃഖമാണെനിക്ക് തോന്നിയത്‌.

പള്ളിക്ക് നേരെ മുന്നില്‍ വലിയൊരു കുളമുണ്ട്. നമസ്കാരത്തിന് മുന്നോടിയായി അംഗസ്നാനം നിര്‍വഹിക്കുന്നതിനും കുളിക്കുന്നതിനുമൊക്കെയുള്ള ഒരു സംവിധാനമാണത്. ഒരു കാലത്ത്‌ മരക്കാര്‍ ഉള്‍പ്പടെയുള്ള പോരാളികള്‍ ഉപയോഗിച്ചിരുന്നതായിരിക്കാം അതും. സമീപത്തെ ആ പള്ളിയില്‍ നിന്നും നമസ്കാരം നിര്‍വ്വഹിച്ച് തെങ്ങുകളതിരിടുന്ന ഈ സമുദ്ര ഭാഗം താണ്ടി പുറം കടലിലേക്കവർ കൊതുമ്പ് വള്ളങ്ങളിൽ നീങ്ങിയിരുന്നിരിക്കാം. ഏഡി 1500 മുതൽ 1600 വരെയുള്ള ആ കാലത്ത് ഈ പ്രദേശം എത്ര സജീവമായിട്ടായിരിക്കും ഉണ്ടായിരുന്നിട്ടുണ്ടാവുക എന്ന് ഞാന്‍ വെറുതെ ചിന്തിച്ചു.

മരക്കാര്‍ കോട്ടയുടെ അവശിഷ്ടങ്ങള്‍ കാണുവാനായിരുന്നു പിന്നീടെനിക്കാഗ്രഹം. എന്നാൽ, കത്തുന്ന വെയില്‍ ചൂടും, കണ്ണൂരിലെ സുഹൃത്തിന്റെ കാത്തിരിപ്പും എന്നെ അതിൽ നിന്നും വിലക്കി. അങ്ങനെ, മരക്കാര്‍ കോട്ടാവശിഷ്ടങ്ങള്‍ കാണുവാനുള്ള മോഹം വഴിയിലുപേക്ഷിച്ച് ഞാനവിടെ നിന്നും മടങ്ങാൻ തീരുമാനിച്ചു.

ഒരുപക്ഷേ, അസ്ഥിവാരം പോലും കാണാമറയത്ത് കുഴിച്ച് മൂടിയിട്ടായിരിക്കാം പറങ്കികളുടെ പടയോട്ടമീ വഴിയിലൂടെ കടന്ന് പോയിട്ടുണ്ടായിരിക്കുക. എങ്കിലും, ഒരു കല്ലിന്റെ അടയാളമെങ്കിലും ചരിത്രമിവിടെ അവശേഷിപ്പിക്കാതെ കടന്ന് പോകില്ലെന്നെനിക്കുറപ്പുണ്ട്.

കോഴിക്കോടിന്റെ ചരിത്രത്തെ സംബന്ധിച്ച് പ്രശസ്ത ചരിത്രകാരൻ എംജിഎസ് മുന്നോട്ട് വെക്കുന്ന ചില നിർദ്ദേശങ്ങൾ പ്രസക്തമാണന്നെനിക്ക് തോന്നുന്നു.

അദ്ദേഹം പറയുന്നു...

"നിലവില്‍ ചരിത്രത്തിന്റെ മഹാകോവിലായ കോഴിക്കോട് നഗരത്തിൽ അതിനെ സംബന്ധിച്ച് വിവരം നല്‍കുന്ന മ്യൂസിയങ്ങളോ വിപുലമായ മറ്റ് സംവിധാനങ്ങളോ ഒന്നും തന്നെയില്ല. സാമൂതിരിയുടെ ചരിത്രമുറങ്ങുന്ന ഒരു മ്യൂസിയം അവരുടെ ആസ്ഥാനമായ കോഴിക്കോട് നഗരത്തിലും, കുഞ്ഞാലി മരക്കാര്‍മാരുടെ പോരാട്ട ചരിത്രം വിശദീകരിക്കുന്നൊരു മ്യൂസിയം വടകര പ്രദേശത്തും. തീ വാരിയെറിഞ്ഞവനാണെങ്കിലും നമ്മുടെ ചരിത്രത്തിന്റെ തന്നെ ഭാഗമായ വാസ്കോഡഗാമയെ സംബന്ധിച്ചുള്ളൊരു ചരിത്രാലയം കാപ്പാട് കടലോരത്തൊരു കപ്പലിലും സംവിധാനിക്കുകയാണെങ്കിൽ അത് ചരിത്രത്തെ സ്നേഹിക്കുന്നവര്‍ക്ക് വലിയ അനുഭവമായിരിക്കും"

ഈ മൂന്ന്‌ പ്രദര്‍ശനസ്ഥലങ്ങളേയും ബന്ധിച്ചൊരു ടൂറിസം പാത കൂടി ആസൂത്രണം ചെയ്താൽ അത് ബന്ധപ്പെട്ടവർക്കൊരു വരുമാന മാര്‍ഗ്ഗം കൂടി ആയിരിക്കുമെന്നദ്ദേഹം പറഞ്ഞ്‌ വെക്കുന്നു.

അവിടെ നിന്നും മടങ്ങുമ്പോൾ വീണ്ടും വീണ്ടും ഞാൻ കുഞ്ഞാലിമാരെക്കുറിച്ച് ചിന്തിക്കാതിരുന്നില്ല. ഒരു നൂറ്റാണ്ട് കാലമാണ് ശക്തമായ ആ ചെറുത്ത് നില്‍പ്പീ മണ്ണില്‍ നീണ്ടു പോയത്. അക്കാലത്ത് ലോകം കണ്ട ഏറ്റവും വലിയ നാവിക സൈന്യത്തിനുടമകളാണ് കുഞ്ഞാലി മരക്കാര്‍മാരുടെ പ്രതിയോഗികളെന്ന വസ്തുത മുന്നില്‍ വെക്കുമ്പോൾ അവരുടെ പോരാട്ടത്തിലടങ്ങിയിരിക്കുന്ന ത്യാഗം എത്രത്തോളമാണെന്ന് നമുക്കൂഹിക്കാൻ കഴിയും. ആ പോരാട്ടങ്ങള്‍ക്ക് സൈനിക, രാഷ്ട്രീയ, പ്രത്യയശാസ്ത്രപരമായ നിരവധി മാനങ്ങളുണ്ടായിരുന്നു. പ്രഥമ പാശ്ചാത്യ അധിനിവേശ ശക്തിയിയിരുന്ന പോര്‍ച്ചുഗീസ് സംഘങ്ങളെ അന്ന് ഇന്ത്യൻ തീരങ്ങളില്‍ നിന്നും തുരത്തിയോടിക്കുക എന്ന കുഞ്ഞാലിമാരുടെ ദൗത്യം ലക്ഷ്യം കണ്ടിരുന്നെങ്കിൽ ഇന്ത്യയുടെ ചരിത്രം തന്നെ മറ്റൊന്നാകുമായിരുന്നെന്ന് നിസ്സംശയം പറയാൻ കഴിയും.

Friday, 2 August 2019

വറ്റാത്ത ഉറവ

ഉസ്മാൻ ഇബ്നു അഫ്ഫാൻ...

ആദ്യമായി ഇസ്‌ലാമിലേക്ക് കടന്ന് വന്ന പ്രമുഖരിലൊരാൾ, അതു കാരണം പിതൃവ്യനായ ഹകത്തിൽ നിന്നും ഏറെ ശിക്ഷ ഏറ്റു വാങ്ങേണ്ടി വന്നവന്‍. പക്ഷേ, എന്ത് ശിക്ഷ നൽകിയാലും ഇസ്‌ലാമിനെ താന്‍ കയ്യൊഴിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ഭാഷ്യം. അതിനാല്‍, ഏറെ നാളത്തെ പരിശ്രമ ശേഷം ഹകം അദ്ദേഹത്തെ അഴിച്ചു വിട്ടു. പിന്നീട്, ആദ്യമായി കുടുംബ സമേതം എത്യോപ്യയിലേക്ക് പലായനം ചെയ്തത് ഉസ്മാനായിരുന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ രണ്ട് പുത്രിമാരെയാണ് ഉസ്മാന്‍ വിവാഹം ചെയ്തിരിക്കുന്നത്. ആദ്യം റുഖിയ്യയെ. അവരുടെ മരണ ശേഷം ഉമ്മുഖുൽസൂം. അതിനാല്‍, രണ്ട് വിളക്കുകളുടെ ഉടമ എന്നദ്ദേഹം അറിയപ്പെടുന്നു. 

ദുന്നൂറൈനി...

നബിയോടൊപ്പം ബദർ ഒഴിച്ചുള്ള എല്ലാ യുദ്ധങ്ങളിലും ഉസ്മാന്‍ പങ്കെടുത്തിട്ടുണ്ട്. ബദർ യുദ്ധ വേളയിൽ ഭാര്യ റുഖിയ്യക്ക് കലശലായ രോഗം വന്നു. അതറിഞ്ഞ പ്രവാചകൻ കൽപ്പിച്ചു.

"രോഗിയായ ഭാര്യയെ ശുശ്രൂഷിക്കലാണ് വിശുദ്ധ യുദ്ധത്തേക്കാൾ താങ്കള്‍ക്കിപ്പോൾ അഭികാമ്മ്യം" എന്ന്.

അക്കാലത്തൊരിക്കല്‍ മദീനയിൽ വെള്ളത്തിന് വലിയ ക്ഷാമം നേരിട്ടത്രെ. റുമ്മാത്ത് അൽ ഖിഫ്ഫാരി എന്നൊരു ജൂതന്റെ കിണറിൽ വെള്ളം സുലഭമായുണ്ടായിരുന്നു. എന്നാൽ, കച്ചവട സാധ്യത മുന്നില്‍ കണ്ട റുമ്മാത്ത് വെള്ളത്തിന്‌ വലിയ വിലയിട്ട് വില്‍ക്കാൻ തുടങ്ങി. ദാരിദ്ര്യരാരായ മദീന നിവാസികളെ ഇത് കുറച്ചൊന്നുമല്ല പ്രയാസപ്പെടുത്തിയത്. അവരിലെ പണമില്ലാത്തവർ എന്ത് ചെയ്യും. അവർ വിവരം പ്രവാചകരെ അറിയിച്ചു.

വിവമറിഞ്ഞ മദീനയുടെ നേതാവിന്റെ മനസ്സലിഞ്ഞു. അവിടുന്ന് പറഞ്ഞു.

"ആരാണ് മദീന നിവാസികള്‍ക്കായി ആ കിണറൊന്ന് വാങ്ങി നല്‍കുക... എങ്കിൽ, ഞാനുറപ്പ് നല്‍കുന്നു... ലോകാവസാനം വരെ വറ്റാത്ത ഉറവ പോലെ അയാളിലേക്കതിന്റെ പുണ്യം പരന്നൊഴുകിയിരിക്കും" എന്ന്.

കേള്‍ക്കേണ്ട താമസം മേല്‍ ഉസ്മാൻ ഇബ്നു അഫ്ഫാൻ അതിനായി മുന്നോട്ട് വന്നു

"താനതിന്‌ തയ്യാറാണ് പ്രവാചകരെ"

തുടർന്ന്, റുമ്മാത്തിൽ നിന്നും ആ കിണർ വലിയ വില കൊടുത്ത് വാങ്ങി ക്രിസ്ത്യനും ജൂതനും മുസ്ലീമുമടങ്ങുന്ന മദീനയിലെ സകല മനുഷ്യര്‍ക്കുമായത് തുറന്ന് നല്‍കിയെന്നാണ് കഥ.

ഞാനിതു വരെ പറഞ്ഞ്‌ വന്നത് ചരിത്രത്തിൽ നിന്നുള്ള ചിലയേടുകളാണ്. ഇനിയൊരു കാര്യം പറയാം...

മദീനയിലെ ആ കിണറും അതിനു ചുറ്റുമുള്ള തോട്ടങ്ങളും ഇന്നും സജീവമായി തന്നെ അവിടെ നിലനിന്നു വരുന്നുണ്ടെന്ന കാര്യം നിങ്ങള്‍ക്കറിയുമോ. അദ്ദേഹത്തിന്റെ തലമുറ ഇന്നും ആ തോട്ടത്തിലെ വരുമാനമെടുത്ത് പാവങ്ങൾക്കിടയിൽ വിതരണം ചെയ്ത് വരുന്നുവത്രെ. അതിനായി ഒരെക്കൗണ്ടുമവിടെ നിലവിലുണ്ടത്രെ. 1365 വർഷങ്ങൾക്കിപ്പുറത്തും ആ ബേങ്കിൽ കൃത്യമായി പണം നിക്ഷേപിക്കപ്പെടുന്നു. ജനസേവന പ്രവർത്തനങ്ങൾക്കായത് ചിലവഴിക്കപ്പെടുന്നു. വീണ്ടും അക്കൗണ്ടിൽ പണമെത്തുന്നു... വീണ്ടും പാവങ്ങളെ തേടിയതിറങ്ങുന്നു.

ഞാൻ പ്രവാചകന്റെ ആ വാക്കുകൾ ഒരിക്കല്‍ കൂടി ഓര്‍ത്തു.

"ആരാണ് മദീന നിവാസികള്‍ക്കായി ആ കിണറൊന്ന് വാങ്ങി നല്‍കുക... എങ്കിൽ, ഞാനുറപ്പ് നല്‍കുന്നു... ലോകാവസാനം വരെ വറ്റാത്ത ഉറവ പോലെ അയാളിലേക്കതിന്റെ പുണ്യം പരന്നൊഴുകും" എന്ന്.

ശുഭം.

ഒരു പുലിറ്റ്സര്‍ ചിത്രം

1994ലെ പുലിറ്റ്സര്‍ അവാര്‍ഡ് ലഭിച്ച കെവിന്‍ കാര്‍ട്ടറുടെ ഒരു ചിത്രമുണ്ട്...

തലതാഴ്ത്തി ഇപ്പൊ മരിച്ച് വീഴുമെന്നോണമുള്ള ഒരു കുഞ്ഞും, സമീപം ആ കുഞ്ഞിന്റെ മരണത്തെ കാത്തെന്നോണമൊരു കഴുകനും.

ദക്ഷിണാഫ്രിക്കൻ പൗരനായ കെവിന്‍ കാര്‍ട്ടറുടെ ക്യാമറ ലൻസിൽ വിരിഞ്ഞ ആ അപൂര്‍വ്വ നിമിഷം ലോകത്ത് ഏറെ സംവാദങ്ങൾക്കാണന്ന് വഴി മരുന്നിട്ടത്. ആഫ്രിക്കൻ രാജ്യങ്ങളിലെ പട്ടിണി പരിവെട്ടങ്ങളെക്കുറിച്ചും അവർ നേരിടുന്ന തുല്യതയില്ലാത്ത നീതി നിഷേധത്തെക്കുറിച്ചുമൊക്കെയുള്ള അനേകം ചർച്ചകളതിനെ തുടർന്ന് ലോകത്തെമ്പാടും പൊട്ടിപുറപ്പെട്ടു. അതോടൊപ്പം തന്നെ ആ ഫോട്ടോഗ്രാഫറുടെ മനുഷ്യത്വമില്ലായ്മയെക്കുറിച്ചും പല കോണില്‍ നിന്നും വിമര്‍ശനങ്ങളുയര്‍ന്നു.

മരിച്ചു മറിഞ്ഞ് വീഴാന്‍ കാത്തിരുന്ന ആ കുഞ്ഞിനെ ആ കഴുകൻ പിന്നീട് ഭക്ഷണമാക്കിയോ ഇല്ലയോ എന്നൊന്നും പിന്നീടറിവുണ്ടായില്ലെങ്കിലും, കേവലമൊരു ഫോട്ടോ മാത്രമെടുത്ത ശേഷം ആ കുഞ്ഞിനെ കഴുകന് വിട്ടുകൊടുത്ത് രംഗം വിട്ട കെവിന്‍ കാര്‍ട്ടര്‍ വ്യാപകമായ എതിര്‍പ്പാണന്ന് മധ്യമ ലോകത്തിൽ നിന്നും ക്ഷണിച്ചുവരുത്തിയത്. അദ്ദേഹമൊരു യാഥാര്‍ത്ഥ പത്രപ്രവര്‍ത്തകന്റെ എത്തിക്സിനു വിപരീതമായാണ് നീങ്ങിയതെന്ന് വ്യാപകമായി പ്രതിഷേധമിരമ്പി.

ആ കുഞ്ഞിനെ അവന്റെ അമ്മയുടെ അടുത്ത് എത്തിക്കാമായിരുന്നു, ഭക്ഷണം ലഭ്യമാക്കാമായിരുന്നു, സര്‍ക്കാര്‍ സംവിധാനങ്ങളെ അറിയിക്കാമായിരുന്നു, റെഡ് ക്രോസ്, യു എൻ തുടങ്ങിയ സംഘാടനകളെയെങ്കിലും ഏല്‍പ്പിക്കാമായിരുന്നു. ഇതൊന്നും ചെയ്തില്ലെങ്കിലും... ആ പക്ഷിയെ അവിടുന്നൊന്ന് ആട്ടിയകറ്റുകയെങ്കിലും ചെയ്യാമായിരുന്നില്ലേ എന്ന് ലോകം കെവിനോട് ചോദിച്ചു.

ഒടുക്കം, വലിയ മാനസിക സംഘർഷത്തിലായ കെവിന്‍ എല്ലാ ചോദ്യത്തിനും ഒരൊറ്റ ഉത്തരം നല്‍കിക്കൊണ്ട് ആത്മഹൂതിയുടെ വഴി തിരഞ്ഞെടുക്കുകയാണുണ്ടായത്.

ഇനി മറ്റൊരു കാര്യം പറയാം.

തൊട്ടടുത്തുള്ള ഈ ചിത്രങ്ങൾ കണ്ടാൽ കെവിന്‍ കാർട്ടറുടെ ചിത്രവുമായി വലിയ തോതിലുള്ള സമാനത തോന്നുമെങ്കിലും... 2008ൽ ചൈനീസ് ഫോട്ടോഗ്രാഫറായ ക്സൂ സെൻ 'സുഡാനിലെ ദാരിദ്ര്യം' എന്ന പേരിലെടുത്ത ചില ചിത്രങ്ങളാണത്.

ഗിനിയയിൽ നിന്നും ചൈനയിലേക്ക് കുടിയേറിയൊരു ആഫ്രിക്കൻ കുടുംബത്തിലെ കുഞ്ഞിനെയാണ് ക്സൂ അതിനുള്ള മോഡലായി തിരഞ്ഞെടുത്തത്. ഈ ഫോട്ടോക്കൊപ്പമുള്ള മേക്കിങ്ങ് വീഡിയോയിൽ ആ കുഞ്ഞുമായി കളിച്ചുല്ലസിക്കുന്ന ക്സൂവിനെ കാണാൻ കഴിയും. കുഞ്ഞിന്‌ ചോക്ലേറ്റ് നല്‍കിക്കൊണ്ടും കുഞ്ഞിന്റെ മാതാവുമായി സംസാരിച്ചും ക്സൂ ആ ചിത്രങ്ങൾ ആഘോഷ പൂര്‍വ്വം പകർത്തുന്നതായാണ് വീഡിയോയിൽ കാണാൻ കഴിയുക.

ഒരു കാലത്ത്‌ മനുഷ്യത്വമില്ലായ്മയെകുറിച്ച് വ്യാപകമായി വിമര്‍ശനമുയർന്നൊരു ചിത്രത്തെ തന്നെ തീമായി ഉപയോഗിച്ച് ഒരു യഥാർത്ഥ ഫോട്ടോഗ്രാഫറുടെ സമൂഹിക പ്രതിബദ്ധത എപ്രകാരമായിരിക്കണമെന്ന് ഉയർത്തി പിടിക്കാനാണ് ക്സൂ ഈ ചിത്രത്തിലൂടെ ശ്രമിച്ചതെന്ന് തോന്നുന്നു.

2018ലെ ഷാർജ ബിനാലെയിൽ നിന്നാണ്‌ ഞാനിത് പകർത്തുന്നത്.