Thursday, 20 December 2018

ഹെന്നരു ബീഡിക

വയനാടൻ മലനിരകൾ
ജൂൺ  മാസത്തിന്റെ അവസാനം സര്‍ക്കാര്‍ ജോലിക്കായുള്ള എന്റെ പരിശീലനത്തിന്റെ ആദ്യഘട്ടം അവസാനിക്കുകയാണ്. സിലബസ്സനുസരിച്ച് ആദ്യഘട്ടത്തിൽ വിശദമായാണ് ഞാൻ പഠിച്ചിരുന്നത്. ജൂലെെ മുതല്‍ തുടങ്ങുന്ന അടുത്ത ഘട്ടം ഗുളിക രൂപത്തിൽ പരുവപ്പെടുത്തിയ രീതിയിൽ വിജ്ഞാനം സ്വായത്തമാക്കുക എന്നുള്ളതാണ് എന്റെ ലക്ഷ്യം. ഇവക്കിടയിലെ ഒരു ദിനം എന്തെങ്കിലും ഒരു വിനോദത്തിനായി ഉപയോഗപ്പെടുത്താനാണ് ഞാൻ തീര്‍ച്ചപ്പെടുത്തിയിരിക്കുന്നത്. ഒരു യാത്രയാകുമ്പോൾ അതാകും കൂടുതൽ ആനന്ദകരമെന്ന് ഞാൻ കരുതി. കോഴിക്കോടും അവിടെ കാണാൻ ബാക്കിവെച്ച പഴശ്ശി മ്യൂസിയമടക്കമുള്ളവയുടെ ചിത്രങ്ങളാണ് അദ്യമെന്റെ മനസ്സിലേക്ക് കടന്നുവന്നതെങ്കിലും പിന്നീട് എനിക്കി തീരുമാനം മാറ്റി തിരുത്തേണ്ടി വന്നു. കാരണം, കോഴിക്കോട്ടെ ഏത് കാഴ്ച്ചകളും എനിക്ക് ഏറെ പുതുമകൾ സമ്മാനിക്കുന്നതാണങ്കിലും അവിടേക്കുള്ള വഴിത്താര വിരസതയുളവാക്കുന്നതാണന്ന് എനിക്കുറപ്പുണ്ട്. അത്രമേൽ ഞാനാ വഴിയിലൂടെ യാത്ര ചെയതിരിക്കുന്നു. അതിനാൽ മനസ്സിന്‌ ഒട്ടുമേ സംതൃപ്തിയില്ലെങ്കിലും ഒരു പ്രകൃതി രമണീയമായ സ്ഥലത്തേക്കാകട്ടെ യാത്ര എന്ന് ഞാന്‍ തീരുമാനിച്ചുറപ്പിച്ചു.

പ്രാഥമികമായ അന്വേഷണങ്ങൾക്കും ചിന്തകൾക്കുമൊടുവിൽ വയനാടൻ ചുരങ്ങൾക്കപ്പുറത്തെ മലമടക്കുകളിലൊളിച്ചു നില്‍ക്കുന്ന തേയിലതോട്ടങ്ങൾക്കിടയിലെ ടിപ്പു സുല്‍ത്താന്റേയും പഴശ്ശിരാജയുടെയും വീരചരിതം പെയ്തിറങ്ങിയ സുല്‍ത്താൻ ബത്തേരിയെന്ന സുല്‍ത്താൻസ് ബാറ്ററിയിലേക്ക് പോകാൻ ഞാന്‍ തീരുമാനിച്ചു. പോര്‍ച്ചുഗീസ് ഭാഷയിൽ നിന്നും കടം കൊണ്ട 'ബാറ്ററി' എന്ന പദം കൊണ്ട്‌ സൈനിക താവളമെന്നാണ് അര്‍ത്ഥമാക്കുന്നത്. മൈസൂരിൽ നിന്നും കേരളത്തിലേക്കുള്ള ഒരു പ്രധാന പാതയായ ഇവിടെ ടിപ്പു സുല്‍ത്താന്റെ സൈനിക ബാരക് നിലനിന്നിരുന്നിടമെന്ന നിലയിലാണ് 'സുല്‍ത്താന്‍ ബത്തേരി' എന്ന പേര്‌ ലഭിക്കുന്നത്.

പ്രകൃതിയുടെ പച്ചപ്പിനുള്ളിൽ കാലം പാത്തുവച്ച കഥകളുറങ്ങികിടക്കുന്ന വയനാടന്‍ മല നിരകളിലേക്കുള്ള എന്റെ യാത്രയുടെ തിയ്യതി ഞാന്‍ തീരുമാനിച്ചു. വരുന്ന ബുധനാഴ്ച്ച പുലര്‍ച്ചെ 6 മണിക്ക് പെരിന്തൽമണ്ണയിൽ നിന്നും യാത്ര തിരിക്കണമെന്ന് ഞാനുറപ്പിച്ചിരിക്കുന്നത്. യാത്രയെ സംബന്ധിച്ച ചിന്തയില്‍ മനസ്സ് കലുഷിതമായതിനാൽ യാത്രയുടെ തലേ ദിവസത്തെ വളരെ പ്രയാസപ്പെട്ടെന്നോളമാണ് ഞാന്‍ തള്ളി നീക്കിയത്. അന്നേ ദിവസത്തെ ഉച്ചയുറക്കവും രാത്രിയുറക്കവും യാത്രക്കുള്ള ഒരുക്കങ്ങളുടെ നിരന്തര ആലോചനയിൽ മുങ്ങിപ്പോയി. ഉമ്മയോട് കാര്യങ്ങൾ വിശദമായി തന്നെ പറഞ്ഞറിയിച്ചു.

"എന്റെ കുട്ടീന്റെ ഓരോ കാര്യങ്ങൾ"
എന്നും പറഞ്ഞ് തലയാട്ടിയവർ ചിരിച്ചു.

രാത്രി 12.30 ഓടെ, ഒരു ബാഗിൽ എന്റെയൊരു ചെറിയ ക്യാമറ, ശ്രീ സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ 'ഒരു റബ്ബിയുടെ ചുംബനങ്ങൾ' എന്ന പുസ്തകം, ഒരു ഹീറോ പെന്ന്, ഗുളിക, വെള്ളം നിറച്ച കുപ്പി തുടങ്ങിയ സാധനങ്ങളൊക്കെ എടുത്ത് വാച്ച് ഞാനുറങ്ങാൻ കിടന്നു. രാവിലെ 5 മണിക്ക് തന്നെ എണീറ്റ് പതിവ് പരുപാടികളൊക്കെ വേഗത്തിൽ തന്നെ ഓടി നടന്ന് നിര്‍വഹിച്ച ശേഷം ഉമ്മയോട് യാത്ര പറഞ്ഞ് ഞാനിറങ്ങി.

ചെറിയ തണുപ്പുള്ള പ്രദേശത്തേക്കാണല്ലോ പോകുന്നത്. അതിനാല്‍ ഒരു സ്വറ്ററും കയ്യിൽ കരുതിയിരുന്നു. ആദ്യം നേരെ പെരിന്തല്‍മണ്ണ നഗരത്തിലേക്കാണ് പോയത്. അവിടെ പൊതുവാഹന കേന്ദ്രത്തിന്റെ ഒരു മൂലക്കൽ ആളനക്കമേതുമില്ലാതെ നിർത്തിയിട്ടിരുന്ന ഒരു ബസ്സ് എന്റെ ശ്രദ്ധയിൽപെട്ടു.

'വയനാട്'

എന്റെ ബസ്സു തന്നെ. ചാടി കയറി. മാനും മനുഷ്യനുമില്ല. അതിനാല്‍ മുന്‍സീറ്റു തന്നെ എനിക്ക് തരപ്പെട്ടു. ശ്രീ സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞതു പോലെ... മുമ്പിലെ സീറ്റാണ് ചിത്രീകരണത്തിന് ഏറ്റവുമനുയോജ്യമെന്ന വാക്യം വെറുതെ അവിടെ ഇരുന്ന് ഞാന്‍ ചിന്തിച്ചു. Ksrtc ബസ്സിലെ ഏറ്റവും മുമ്പിലെ ഒറ്റ സീറ്റിൽ ഡ്രെെവറുടെ തൊട്ടരികില്‍ ഒരു കോക്-പീറ്റിലെന്നോണമാണ് ഇപ്പോൾ ഞാൻ ഇരുപ്പുറച്ചിരിക്കുന്നത്.

ആളുകൾ വന്ന് തുടങ്ങി. ഇടയില്‍ കണ്ടക്ടറും. അല്‍പ്പം കഴിഞ്ഞ ശേഷം കണ്ടക്ടർ തന്റെ സമീപത്തെ തൂങ്ങി കിടക്കുന്ന കയറില്‍ വലിച്ച് തുടർച്ചയായി മണി നാദം മുഴക്കി കൊണ്ടിരുന്നു. അതിന്റെ പശ്ചാത്തലത്തിൽ ബസ്സല്‍പ്പം പിന്നോട്ടെടുത്ത് മുന്നോട്ട് നീങ്ങിയതോടെ ഞങ്ങളുടെ യാത്രക്ക് തുടക്കം കുറിച്ചു.

ചെവിയിൽ ചെറിയ ശബ്ദത്തിൽ സംഗീതവും മനസ്സിൽ നിറയെ യാത്രയെക്കുറിച്ചുള്ള സ്വപ്നങ്ങളുമായി മുന്നിലെ കാഴ്ച്ചകള്‍ വീക്ഷിച്ച് കൊണ്ട്‌ ആശ്വാസത്തോടെ ഞാനിരുന്നു.

'സര്‍വ്വ സമാധാനം'... ഒരുപക്ഷേ, ഭൂമിയിലിപ്പോൾ ഏറ്റവും സമാധാനം ലഭിക്കുന്നതെനിക്കായിരിക്കാം...

ബസ്സിലെ യാത്രകളെക്കുറിച്ച് വാചാലരാകുന്ന നിരവധി പേരെ ഞാൻ കണ്ടിട്ടുണ്ട്. പ്രത്യേകിച്ച് Ksrtc ബസ്സിലെ. അതിന്റെ ചില്ലില്ലാത്ത വലിയ ജനാലക്കു സമീപം കമ്പിയില്‍ പിടിച്ച് പുറത്തേക്ക് കണ്ണ് പായിച്ച് ചിന്തയിലിണ്ടിരിക്കാൻ ബഹുരാസമാണന്നവർ പറയുന്നത് കേൾക്കാം. ഒരു ചെറിയ ചാറ്റൽ മഴകൂടിയുണ്ടങ്കിൽ രംഗം ഭേഷ്. എന്നാൽ, ഞാനിപ്പോൾ യാത്ര ചെയ്യുന്ന ഈ ബസ്സിനെ സംബന്ധിച്ച് അതിന്റെ മുമ്പിലെ ഈ ഒറ്റസീറ്റിലിരുന്നാലാണ് ആ യാത്രയുടെ സുഖം ഏറ്റവും കൂടുതൽ ആനുഭവേദ്യമാകുന്നതെന്ന് എനിക്ക് പറയാതിരിക്കാന്‍ കഴിയില്ല. കാരണം, മുമ്പിലെ വലിയ ചില്ലിലൂടെ കാഴ്ച്ചകൾ വലിച്ചു കെട്ടിയ ഒരു തിരശ്ചീലയിലെന്നപോലെ സുവ്യക്തമായും മനോഹരമായും കാണാൻ കഴിയുന്നു. കൂടാതെ, അടുത്തിരിക്കുന്നവരുടെയോ മുന്നിലെ സീറ്റിലിരിക്കുന്നവരുടേയോ ശല്ല്യമേതുമില്ലാതെ കാലുരണ്ടും നീളത്തിൽ നീട്ടിവെച്ച് കേമനായങ്ങനെ ആസനസ്ഥനാവുകയുമാവാം.

എന്തായാലും... സംഗതി അടിപൊളി.

ചുരം കാഴ്ച്ച
മുമ്പില്‍... ചാറ്റൽ മഴ വീണ് കടും കറുപ്പ് വീണ റോഡും, ഇരു വശത്തും ഉയരത്തിൽ വളര്‍ന്ന് പന്തലിച്ചു നില്‍ക്കുന്ന തേക്കിൻ കൂട്ടങ്ങളും. നിലമ്പൂരിനെ പിന്നിലാക്കി ബസ്സ് കുതിക്കുമ്പോൾ കുറച്ച് ഭാഗം തേക്കിൻ തോട്ടത്തിനുള്ളിലൂടെ ഒരു വനപാതയിലൂടെയാണ് യാത്ര.

അവിസ്മരണീയമായ അനുഭവം. 

ചെറിയ മഞ്ഞ നിറം കലര്‍ന്ന മുളകളുടെ കൂട്ടങ്ങളെ ഇടക്കിടെ കാണാം... പ്രഭാത വെയിലത്ത് തിളങ്ങുന്ന മുഖങ്ങളുമായി ചിലരേയും. തലേന്ന്‌ പെയ്ത മഴ റോഡിനെ ഏറെ തിളക്കമുള്ളതാക്കിയിരിക്കുന്നു. തേക്കിന്‍കാടുകൾക്കപ്പുറം നീലാകാശത്തെ മറച്ചെന്നോണം ഞാൻ കണ്ട ഒരു കുന്നിൻ ശിഖിരം ഒരു ക്യാൻവാസ് ചിത്രം പോലെ തോന്നിച്ചു. അതിനപ്പുറമാണ് വയനാടന്ന മഹാ സൗന്ദര്യമെന്ന് എന്തുകൊണ്ടോ അത് വരെ ഞാനറിഞ്ഞിരുന്നില്ല. യാത്രയുടെ വിശദാംശങ്ങളന്വേഷിച്ചിരുന്ന വേളയിൽ ഒരു സുഹൃത്തെന്നോടൊരു കാര്യം പറഞ്ഞിരുന്നു...

"വഴിക്കടവിനു ശേഷം ചുരവും, ചുരം പാതയിലൊരിടത്തായി കടന്ന് വരുന്ന തമിഴകത്തിന്റെ കുറച്ച് ഭാഗങ്ങൾക്കും ശേഷമാണ് വയനാട് തുടക്കം കുറിക്കുന്നത്" എന്ന്.

ഒരു പക്ഷേ അകലെയായി ഞാൻ കണ്ട ആ മലയുടെ താഴ്‌വാരത്താകാം ആ ചുരം തുടക്കം കുറിക്കുന്നതെന്ന് ഞാൻ കരുതി. വഴിക്കടവിന് ശേഷം ബസ്സൊരു ചായക്കടക്കരികിൽ ഒതുക്കി നിര്‍ത്തി. അത്യാവശ്യത്തിനുള്ള ഭക്ഷണത്തിനോ പ്രാഥമിക കൃത്യത്തിനോ ഒക്കെയുള്ള സമയം. എനിക്കൊന്നും ആവശ്യമില്ലായിരുന്നു. ഞാന്‍ ബസ്സിനകത്തുതന്നെ വെറുതെ കുത്തിയിരുന്ന് പുറത്തേക്ക്‌ നോക്കി ഓരോന്നാലോചിച്ചു. അൽപ്പ സമയത്തിന് ശേഷം ബസ്സ് പതിയെ മുമ്പോട്ടെടുത്തു. മുന്നിലതാ... മനോഹരാദ്ഭുതകരമായൊരു കാഴ്ച്ച.

വയനാട് ചുരം.

അത് വലിയ വീതിയുള്ള റോഡായി എന്റെ മുന്നിലങ്ങനെ പരന്നുയർന്ന് നില്‍ക്കുന്നു. വയനാടെന്ന ആ ദൃശ്യവിസ്മയത്തിലേക്കുള്ള പടിക്കു തൊട്ടു താഴെയായിരുന്നു ഞങ്ങൾ നിന്നിരുന്നതെന്നെനിക്കപ്പോഴാണ് മനസ്സിലായത്. ചുരത്തിന്റെ ഓരോ വളവും ഞങ്ങൾ പൂര്‍ത്തീകരിക്കുമ്പോൾ ഇടത് വശത്തെ താഴ്വരയിലെ ഓരോരോ കാഴ്ച്ചകളും ഞങ്ങള്‍ക്ക് മുമ്പിൽ കൂടുതൽ കൂടുതൽ വ്യക്തമാക്കപ്പെട്ടുകൊണ്ടിരുന്നു.

ഒരു വലിയ വനപ്രദേശം പോലെ തോന്നിപ്പിക്കുന്ന പച്ചില സമുദ്രം. മധ്യത്തിലായി ഞങ്ങൾ കയറി വന്ന കറുത്ത പാത ചുരത്തിലേക്ക് കയറി വരുന്നു. അതിനിടയില്‍ കാട്ടുമൃഗങ്ങളെപ്പോലെ കുറേ വാഹനങ്ങൾ സാവധാനം നീങ്ങി കൊണ്ടിരിക്കുന്നു. അകലെ, കുന്നുകള്‍... പിന്നെ, ചക്രവാളം.

ചരിത്രം കിതച്ചു കയറിയ ഈ വഴികളിൽ എത്ര എത്ര പടയോട്ടങ്ങളാണുണ്ടായിരിക്കുന്നത്. ആദ്യം പഴശ്ശിയുടെ സെെന്യം, പിന്നീട് ടിപ്പു സുല്‍ത്താന്‍, പിന്നാലെ കുറുച്ച്യർ പടയുടെ അകമ്പടിയോടെ വീണ്ടും പഴശ്ശി. ഒടുവിൽ, ആദ്യം ടിപ്പുവും, പിന്നീട് വീരപഴശ്ശിയും കമ്പനി സൈന്യത്തിനു മുന്നില്‍ അടിയറവ് പറഞ്ഞതും ഈ വഴിത്താരക്കപ്പുറത്തായിരുന്നു. വാട്ടർലൂയിൽ നെപ്പോളിയനെ പരാജയപ്പെടുത്തിയ വെല്ലസ്ലിയും, ബേബറും ഘോര ഘോര യുദ്ധം നയിച്ചതും ഇവിടെ ഈ മണ്ണിലിരുന്നാണ്. ചരിത്രം ചിന്തിക്കുമ്പോൾ ഞാനേറെ ഉന്മേഷവാനായി മാറുന്നു. ഇമവെട്ടാതെ പുറത്തേക്ക് കണ്ണ് പായിച്ച് ഞാനിരുന്നു.

ചുരം കാഴ്ച്ച
ചുരം പാതയിലൂടെ ബസ്സ് ഇടത്തോട്ടും വലത്തോട്ടും വളഞ്ഞ് പുളഞ്ഞ് നീങ്ങികൊണ്ടിരുന്നു. വയനാട് അതിർത്തിയിലെത്തി എന്ന സൂചന നല്‍കിക്കൊണ്ട് 'വയനാട്ടിലേക്ക് സ്വാഗതം' എന്നൊരു ബോര്‍ഡ് ഞാനിടയിൽ കണ്ടു. അതെന്നെ ആവേശഭരിതമാക്കി. പാതകൾ വീതിയേറിയതാണങ്കിലും ഇരു വശത്തുമുള്ള നടപ്പാതകൾ ചെറിയതായിരുന്നു. എങ്കിലും, അത് കല്ലു വിരിച്ച് മനോഹരമാക്കിയിരുന്നതായി കാണാം. അതിലൂടെ ജനങ്ങൾ മന്തം മന്തം നടന്ന് പോകുന്നു.

ഇടതു വശത്ത് മരങ്ങൾ തിങ്ങി നിരന്ന് വളരുന്ന അഗാധമായ താഴ്ച്ച കാണാം. അതിനിടയിൽ കരിനാഗത്തെപ്പോലെ ഞങ്ങൾ കടന്ന് വന്ന റോഡും. വലതു ഭാഗത്താണങ്കിൽ ഏറെ ഉയരത്തിലുള്ള പാറകൾ നിറഞ്ഞ കുന്നിൻ ചെരുവുകളുടെ നിര ഏറെ പേടിപ്പെടുത്തുന്നതാണ്. ഇനി അടുത്തൊരു വളവു കൂടി കഴിഞ്ഞ് വീണ്ടും നേരെ പോകുമ്പോൾ നേരത്തെ വലതു ഭാഗത്ത് കണ്ട കുന്നിൻ പുറം ഇടതു വശത്തെ താഴ്ച്ചയിലേക്ക് ചേര്‍ന്നുനിന്നതിന്റെ വിശ്വരൂപം പൂണ്ടിരിക്കുന്നതായി കാണാം.

പാറകെട്ടുകളിൽ ഇടക്കിടെ ഉയരത്തിൽ നിന്നും പതിക്കുന്ന ചെറു കാട്ടരുവികൾ മനോഹരമായ കാഴ്ച്ചയാണ്. അതുമായി ബന്ധപ്പെട്ട ചെറിയ തണ്ണീർ പൊയ്കകളിൽ നിന്നും പശുക്കള്‍ വെള്ളം കുടിക്കുന്നു. സമീപത്ത് ക്യാൻവാസിൽ വരച്ച ചിത്രങ്ങളെപ്പോലെ ഇളം പച്ച നിറത്തിലുള്ള മുളക്കൂട്ടങ്ങളുടെ കാഴ്‌ച്ച അത്യാകര്‍ഷകമായിരുന്നു. അവിടെ അരുടേയൊക്കെയോ കരവിരുതിൽ വിരിഞ്ഞ ചിത്രങ്ങളാൽ സമ്പന്നമായ ധാരാളം പാറകൾ കാണാൻ കഴിയും. പണ്ടെപ്പോഴോ ഭൂമി തന്റെ തോളൊന്നിളക്കിയപ്പോൾ അടര്‍ന്നു വീണ ഭീമാകാരന്മാരായ ആ വലിയ പാറകൂട്ടങ്ങളെ കണ്ടാൽ അവിടെനിന്നുമിപ്പോളത് അടര്‍ന്ന് വീഴുമെന്ന് തോന്നിപ്പോകുന്നു.

ബസ്സിനുള്ളിൽ എല്ലാവരും കാഴ്ച്ചകളിലായിരുന്നു. ഇളം തണുപ്പിന്റെ അലസത എല്ലാവരിലേക്കും പടര്‍ന്നിരിക്കുന്നു എന്ന് തോന്നുന്നു. ബസ്സിനകത്തെ ആ ഗാഢ നിശബ്ദത എന്നിൽ വല്ലാത്ത അസഹ്യമുളവാക്കി. അതിനാല്‍, ഞാൻ പേനയെടുത്ത് പാടിൽ യാത്രവിവരണം തയ്യാറാക്കുന്നതിലേക്കുള്ള കുത്തിക്കുറിക്കലുകളിലേര്‍പ്പെട്ടു. പുറത്തെ കാഴ്ച്ചകളിലേക്കുള്ള ദീര്‍ഘമായ നോട്ടവും മടിയിലേക്ക് തലതാഴ്ത്തി പേനയെടുത്തുള്ള എഴുത്തും... അങ്ങനെയായിരുന്നു പരുപാടി. വീണ്ടും തലഉയര്‍ത്തി പുറത്തെ കാഴ്ചകളിലേക്ക് മിഴി തുറക്കുന്നു. സഹയാത്രികർ ഇത് ശ്രദ്ധിക്കുന്നുണ്ടായിരിക്കാമെന്ന് എനിക്ക് തോന്നി. എന്റെ തൊട്ട് പിന്നിലെ സീറ്റില്‍ ഒരു പെൺകുട്ടിയുണ്ടായിരുന്നു. നിലമ്പൂരിൽ നിന്നോ മറ്റോ ആണ് അവൾ കേറിയത് എന്ന് തോന്നുന്നു. ഇടക്കിടെ അവളെന്നെ ഇടം കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. ഒരുപക്ഷേ, അവൾ ചിന്തിക്കുന്നുണ്ടായിരിക്കാം... 'ഏതാണീ വലിയ സാഹിത്യകാരനെന്ന്'

ചുരം കയറുന്നതിനനുസരിച്ച് തണുപ്പിനെ കാഠിന്യവും വർദ്ധിക്കുന്നുണ്ടായിരുന്നു. കൂടെ ചെവികൾ രണ്ടും കൊട്ടി അടക്കുന്നത് പോലെ ഒരു തോന്നൽ. എനിക്കിതൊരു ആദ്യാനുഭവമായിരുന്നു. ഉയരങ്ങളിലേക്ക് പോകുന്തോറും ചെവികളിലിങ്ങനെ ചില അസ്വസ്തതകൾ ഉണ്ടായേക്കാമെന്ന് ഞാൻ കേട്ടിട്ടുണ്ടങ്കിലും. അതിത്രക്ക് രൂക്ഷമാകുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല.

ചുരം കാഴ്ച്ച
നട്ടുച്ചനേരത്തുള്ള ഈ തണുപ്പിനെക്കുറിച്ച് സഞ്ചാരികള്‍ അവരുടെ സാഹിത്യ കൃതികളിൽ രേഖപ്പെടുത്തി വെച്ചിട്ടുള്ളത് ഞാൻ വായിച്ചിട്ടുണ്ട്. ഇളം തണുപ്പിലെ ചെറുവെയിലിന്റെ ആ ചൂട് അന്നാണ് ഞാനാദ്യമായി അനുഭവിക്കുന്നത്. കാലാവസ്ഥപ്പോലെ തന്നെ പുറത്തെ കാഴ്ച്ചകളും തണുപ്പ് പുതഞ്ഞതായിരുന്നു. ഓക്ക് മരങ്ങളെപ്പോലെ നീളത്തിൽ ചില്ലകൾ വിടർത്തിയ മരക്കൂട്ടങ്ങളുടെ കാഴ്ച്ചയും അവക്കിടയിലെ തേയില തെെകളുടെ നിരകളും അതിനുമപ്പുറം പച്ചപ്പുൽ മേടുമൊക്കെ കണ്ടാൽ ഇതൊരു യൂറോപ്പ്യൻ യാത്രപോലെ തോന്നുന്നു. ആൽപ്പ്സ് പര്‍വ്വത നിരകളെപ്പോലുള്ള കുന്നിൻ ചെരുവുകളും അതിനപ്പുറമുള്ള നീലാകാശവും പിന്നെ എന്റെ കാതിലെ ഇംഗ്ലീഷ് സംഗീതവുമൊക്കെകൂടി ഒരു സ്കാൻഡിനേവിയൻ ഭൂമികയിലൂടെയുള്ള യാത്രാനുഭൂതിയായിരുന്നു എന്നിൽ. വയനാട്ടിലേക്കുള്ള യാത്രയുടെ ഏറ്റവും വലിയ ആകര്‍ഷണീയത ഈ ചുരം യാത്രതന്നെയാണന്ന് എനിക്ക് തോന്നുന്നു. കുത്തനെയുള്ള ചുരം പാതയിലൂടെയുള്ള യാത്രയിലുടനീളം പ്രകൃതിയൊരുക്കിയ ദൃശ്യവിരുന്ന് മാത്രമാണ്‌ വിഭവം.

ഏകദേശം മുപ്പതു മിനൂട്ടോളമെടുത്താണ് ചുരം കയറി പർവത ശിഖരത്തിലെത്തിപ്പെട്ടത്. അവിടെയാണ് പ്രകൃതിയുടെ കരവിരുതും ചരിത്രവും പിന്നെ ഇതിഹാസങ്ങളും മിത്തുകളും കെട്ടിപ്പിടിച്ചുറങ്ങുന്ന വയനാടന്ന ഭൂമികയുള്ളത്. വഴിയിലുടനീളം ആദ്യമാദ്യം കണ്ട ഒറ്റപ്പെട്ട വീടുകൾക്ക് പകരം ചെറിയതെങ്കിലും അത്യാവശ്യം സൗകര്യങ്ങളൊക്കെയുള്ള ചില ടൗൺ ഷിപ്പുകളും... പ്രാന്തത്തിൽ ചില കൂട്ടവാസ കേന്ദ്രങ്ങളുമാണ് പിന്നെ കാഴ്ച്ചയിലേക്ക് കയറി വന്നത്. മൂടല്‍ മഞ്ഞ് നിറഞ്ഞിരിക്കയായിരുന്നു അവിടെ മുഴുവൻ. അതിനാൽ ബാഗിൽ നിന്നും ഞാൻ കരുതിയ സ്വറ്ററെടുത്തണിഞ്ഞു. എന്റെ സഹയാത്രിക പുറത്തെ കാഴ്ച്ചകളിൽ തന്നെയാണ്. ബസ്സിന്റെ ഇടത് കണ്ണാടി ചില്ലിലൂടെ ഞാനിടക്ക് അവളെ ഒളിച്ചു നോക്കുന്നുണ്ടായിരുന്നു.

തമിഴകം കേരളത്തിലേക്ക് നീട്ടിവെച്ച തമിഴകത്തിന്റെയൊരു ചെറുവിരലോളം പോന്ന ഭാഗം വയനാടിനകത്തുണ്ട്.

എക്കാലത്തും സ്വന്തം അസ്ഥിത്വം ഉയർത്തിപ്പിടിച്ചവരായിരുന്നല്ലോ അവർ. പഴയ കാലത്ത്‌ കൂലികളെന്നും അപരിഷ്കൃത ദ്രാവിഡരെന്നും പരിഹസിക്കപ്പെട്ടവരയിരുന്നു തമിഴർ. സുബ്രഹ്മണ്യ ഭാരതിയുടെ സാഹിത്യത്താൽ സമ്പന്നമായ... കട്ടബൊമ്മന്റെ ധീരതയിൽ പുളകം കൊണ്ട... വഞ്ചിനാഥന്റെയും കപ്പലോടിച്ച തമിഴന്റെയും വീരകഥകളുറങ്ങുന്ന തമിഴ് മണ്ണിലേക്ക് ഞങ്ങൾ കുതിക്കുമ്പോൾ എവിടെയാവും മലയാളിയുടേയും തമിഴിന്റെയും സംസ്കാരങ്ങൾ പരസ്പരം വേര്‍പ്പെട്ടു കിടക്കുന്നയിടം എന്നതിനെ കുറിച്ചായിരുന്നു എന്റെ ചിന്തകളത്രയും. ആദ്യമാദ്യം തമിഴ്-മലയാളം സങ്കര കാഴ്ച്ചകളാണ് കാണാനായത്. കടകളിലെ ബോർഡുകൾ, സൂചന ഫലകങ്ങൾ, വീടുകൾ, മനുഷ്യർ തുടങ്ങി അവരുടെ വസ്ത്രരീതിയിലൊക്കെ അത് പ്രകടമായിരുന്നു. തമിഴകത്തിന്റെ ഉള്ളറകളിലേക്ക് നീങ്ങുന്നതിനനുസരിച്ച് അത് തീരെ ഇല്ലാതായി വരുന്നതും ഞാൻ നിരീക്ഷിച്ചു. പിന്നെ, കാഴ്ച്ചകള്‍ തമിഴന്റെ മാത്രമായി മാറ്റപ്പെട്ടു. കടും നിറത്തിലുള്ള വഴിയമ്പലങ്ങൾ കാണാനായി. തെങ്ങുകൾ അപ്രത്യക്ഷമായി പകരം മരങ്ങൾ തീരെയില്ലാത്ത തൊടികളും ചില മൊട്ട കുന്നുകളും കാണാനായി. പിന്നെ പിന്നെ തമിഴ് ഭാഷയിൽ മാത്രമുള്ള ബോർഡുകളായി കാഴ്ച്ചയില്‍. മനുഷ്യരുടെ നിറത്തിലും ഭാവത്തിലും കണ്ടു ചില പ്രകട മാറ്റങ്ങൾ. ഇരുനിറം മാറി കടും വര്‍ണ്ണത്തിലുള്ള ആളുകൾ. അവർ കവലകളിൽ ഇരു കാൽമുട്ടുകളിലും കൈകൾ നീട്ടി വച്ചിരുന്ന് വെറുതെ എന്തൊക്കെയോ 'സൊള്ളികൊണ്ടിരിക്കുന്നു'. തമിഴ് രാശ്ട്രീയ കഴകങ്ങളുടെ ചുവപ്പും കറുപ്പും നിറത്തിലുള്ള കൊടിതോരണങ്ങളും മുദ്രാവാക്യങ്ങളും തമിഴർക്ക് മാത്രമെന്നോണമെന്ന് ആയിരിക്കുന്നു. റോഡ് നിര്‍മാണത്തിലെ പുതിയ ഒരുതരം രീതി അവിടെ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സിമന്റ് കട്ടകൾ അഥവ ഇന്‍റർലോക്ക് വിരിച്ച അത്തരം പാതകളിലൂടെയുളള യാത്ര നല്ല രസമാണ്.

ടിപ്പു സുല്‍ത്താന്റെ ആയുധ സംഭരണ കേന്ദ്രം അഥവ സെെനിക താവളമായി കുറച്ച് കാലങ്ങൾ ചരിത്രത്തിലിടം പിടിച്ച പ്രദേശമാണ് സുല്‍ത്താൻബത്തേരി. തന്റെ ഐതിഹാസികമായ കേരള പടയോട്ടത്തിന്റെ ഒടുക്കവും തുടക്കവും ആ പ്രദേശം കണ്ടിരിക്കുന്നു. ഏതാനും വഴിദൂരങ്ങൾകൂടി പിന്നിട്ടാൽ അവിടെ എത്തിച്ചേരുമെന്നായപ്പോൾ പുറത്തെ കാഴ്ച്ചയിലും ചില ഭാവ വെത്യാസങ്ങൾ ഞാൻ കണ്ടു. ബോൺസായി വൃക്ഷങ്ങളെപ്പോലെ നിരയായി കണ്ണത്താ ദൂരത്തോളം വളർന്നിരിക്കുന്ന തേയില തോട്ടങ്ങളാണ് പ്രധാനകാഴ്ച. അങ്ങകലെയുള്ള കുന്നിൻ താഴ്വരയിലും കുന്നു കയറി അതിന്റെ ഉച്ചിയിലുമൊക്കെ കാപ്പിരികളുടെ തലയിലെ രോമംപോലെ തേയിലതോട്ടങ്ങൾ കാണാനായി. ഇടതൂർത്തെന്നോണം അടുക്കും ചിട്ടയോടുമാണവയത്രയും വളർത്തികൊണ്ടു വരുന്നത്. സ്വാദിശ്ടമായ ചായ പൊടി ലഭിക്കാനായി കൃത്യമായ ഇടവേളകളിൽ ആവശ്യമായ ചികിത്സ സംരക്ഷണങ്ങൾ അതിന്റെ ഉടമസ്ഥർ അവക്ക് നല്‍കുന്നുണ്ടായിരിക്കാം.

ചുരം കാഴ്ച്ച
പുറത്ത് കെട്ട കെട്ടിവെച്ച് പ്ലാസ്റ്റിക്ക് കവറുകൊണ്ട് തലമറച്ച് തേയിലനുള്ളാനെത്തുന്ന പെണ്ണുങ്ങൾക്ക് നടക്കാനുള്ള ചെറിയ നേർ രേഖ പാതകളും തോട്ടങ്ങൾക്കിടയിൽ കാണാം. ഇടക്കിടെ മിന്നി മറയുന്ന വന്‍കിട തോട്ടയുടമകളുടെ വലിയ കമ്പനികളും അവിടെ നാനാതരം ജോലികളിലേർപ്പെട്ടിരിക്കുന്ന ജോലിക്കാരുടേയും കാഴ്ച്ചകളെന്നെ വല്ലാതെ അദ്ഭുതപ്പെടുത്തി. അവിടെ കൊണ്ട് വന്ന് കൂട്ടിയിട്ട പച്ച തേയിലകൾ കണ്ടാൽ പശുക്കൾക്കായുള്ള പുല്ലാണന്നാണ് തോന്നുക. എന്നാൽ, ഏതാനും സംസ്കരണ പ്രക്രിയകൾക്ക് ശേഷം വിലമതിക്കാനാവാത്ത കറുത്ത മുത്തുകളായി മാറി... അവര്‍ക്കേറെ നാണ്യം നേടികൊടുക്കുന്ന ഒരു വസ്തുവായയി അത് മാറുന്നു എന്നുള്ളതാണ് യാഥാര്‍ത്ഥ്യം.

ഇടക്കൊരിടത്ത് 'തേയില മ്യൂസിയം' എന്നൊരു ബോര്‍ഡ് കാണാനാടിയായി. ബസ്സിൽ നിന്നും ഇറങ്ങി അതൊന്ന് സന്ദർശിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും പിന്നെ ഒരിക്കലാകാമെന്ന് ഞാന്‍ കരുതി. ഈ പ്രദേശത്തെ തേയില വ്യാപാരത്തിന്റെ കുത്തകയാണ് 'ജാൻ ടീ' എന്ന് തോന്നുന്നു. കാരണം, പലയിടത്തുമായി ഞാനതിന്റെ പരസ്യബോര്‍ഡ് കാണ്ടുകഴിഞ്ഞിരിക്കുന്നു. ചില തേയില തോട്ടങ്ങൾക്ക് മുന്നിലെ ഉടമസ്ഥന്റെ പേരെഴുതിയതെന്ന് തോന്നുന്ന വലിയ ഫലകങ്ങളിലും ഞാനത് നേരത്തെ കണ്ടിരിന്നു.

വെെക്കം മുഹമ്മദ് ബഷീറിന്റെ കഥയിലൊരിടത്ത് പറഞ്ഞത് പോലെ 'ഒരു ശകലം ചായ' എന്ന പധം എനിക്ക് വല്ലാത്ത ഇമ്പമുണ്ടാക്കുന്ന വാക്കാണ്. ചുറ്റും നിറഞ്ഞ് നിൽക്കുന്ന തേയിലതോട്ടങ്ങൾക്കിടയിൽ നിന്നും കടുപ്പത്തിലൊരു ചായ കുടിക്കുമ്പോഴുള്ള അനുഭവം ബാഹു രസകരമായിരിക്കാം. പ്രഭാത വെയിൽ മൊട്ടിട്ട ആ ബസ്സിനുള്ളിലെ ഇളം തണുപ്പിലിരുന്ന് ഞാനൊരു കപ്പ് ചായക്കായി കൊതിച്ചു. സുല്‍ത്താൻ ബത്തേരിയിൽ ചെന്നിറങ്ങുമ്പോൾ ആദ്യമേ ഒരു ചായ കുടിച്ചു കളയാമെന്നുറച്ച് ഞാന്‍ കാത്തിരുന്നു.

റോഡിലൂടെ ഞങ്ങളെ കടന്ന് പോയികൊണ്ടിരിക്കുന്ന ചില വാഹനങ്ങളുടെ കാഴ്ച്ച ആകർശണീയമായിരുന്നു. ബ്രിട്ടീഷ് കാലഘട്ടത്തേതെന്ന് തോന്നുന്ന രൂപഭാവത്തിലുള്ള ട്രാക്ക്ട്ടറുകളും പിന്നെ കാളവണ്ടികളുമായിരുന്നു അതൊക്കെ. കാളവണ്ടി കണ്ടപ്പോൾ ഞാനോർത്തത് പ്രശസ്തമായ ഒരു പ്രവചനത്തെക്കുറിച്ചാണ്. "അടുത്ത ഒരു ലോക യുദ്ധത്തിൽ മനുഷ്യൻ ഉപയോഗിക്കുന്ന അത്യാധുനിക ആയുധങ്ങൾ ഏതൊക്കെ ആകുമെന്ന് എനിക്കറിയില്ല. പക്ഷേ, അതിനടുത്ത ഒരു യുദ്ധത്തിലെ ആയുധങ്ങൾ അമ്പും വില്ലും ആയിരിക്കുമെന്നുള്ളതിൽ എനിക്കൊരു സംശയവുമില്ല" എന്ന വിശ്വപ്രസിദ്ധ ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീന്റെ വാക്കുകളായിരുന്നു അത്.

തേയിലതോട്ടങ്ങളുടെ ബാഹുല്ല്യം അൽപ്പാൽപ്പമായി കുറഞ്ഞ് കാഴ്ച്ചകൾ വൻ മരങ്ങൾക്ക് വഴിമാറി. ഇപ്പോൾ ഇടക്കിടെ ചില അങ്ങാടികൾ കാണാൻ തുടങ്ങിയിരിക്കുന്നു. ഏതോ ഒരു ജങ്ഷനിൽ ബസ്സ് നിർത്തിയപ്പോൾ എന്റെ 'സഖി' അവിടെയിറങ്ങി. വയനാട് യാത്രക്കിടയിലെ ഒരു പ്രധാന സ്റ്റോപ്പായിരുന്നു അതെന്ന് തോന്നുന്നു. ബസ്സ് കുറച്ച് നേരം ആരെയോ കാത്തെന്നോണം അവിടെ നിൽക്കുമ്പോൾ ഞാൻ ബസ്സിന്റെ ജാലകത്തിലൂടെ പുറത്തേക്ക്‌ തല നീട്ടി അവളെ കാണുന്നതിനായി ഇടംകണ്ണിട്ടൊന്ന് നോക്കി. ആളുകൾക്കിടയിൽ നിന്നും അവളെന്നേയും തല തിരിച്ച് നോക്കിയത് ഞാൻ പെട്ടന്ന് ഒരു നോക്ക് കണ്ടു. പേടിച്ച് ഞാൻ തല ബസ്സിനകത്തേക്കു തന്നെ തിരിച്ച് നേരെ നോക്കിയിരുന്നു.

ജെെന ക്ഷേത്രം
തേയില തോട്ടങ്ങളും വനഭാഗങ്ങളും ഉയര്‍ന്ന കെട്ടിടങ്ങള്‍ക്കും വ്യാപാര സമുച്ഛയങ്ങൾക്കും വഴിമാറി. അങ്ങനെ ഒടുവില്‍ ഞങ്ങൾ സുല്‍ത്താൻ ബത്തേരി സ്റ്റാന്റിൽ 'പറന്നിറങ്ങി'.

കേവലം ഏതാനും മണിക്കൂറുകൾ മാത്രം നീണ്ടു നില്‍ക്കുന്ന ഒരു ചെറിയ സന്ദര്‍ശനമാണ് ഞാന്‍ നിശ്ചയിച്ചിരിക്കുന്നത്. യാത്ര ചെയ്യൽ മാത്രമായിരുന്നു എന്റെ പ്രധാന ഉദ്ദേശ്യം. നഗരത്തിന് അടുത്ത് സ്ഥിതിചെയ്യുന്ന ഏതാനും ചരിത്ര സ്ഥലങ്ങൾ, ഒഴിച്ചുകൂടാനാവാത്ത ഏതാനും പ്രകൃതി ഭംഗികൾ തുടങ്ങിയവയൊക്കെയുള്ളൂ എന്റെ മനസ്സിൽ. അതിനെക്കുറിച്ചുള്ള ഒരു പ്രാഥമിക അന്യേഷണമാണ് ഞാനാദ്യം നടത്തിയത്. നല്ല മോശമില്ലാത്ത തണുപ്പുണ്ടായിരുന്നു അന്നവിടെ. ഞാനാദ്യം ആ നഗരപ്രാന്തത്തിലൂടെ ഒന്ന് കാല്‍നടയായി കറങ്ങി. ഇമ്പമുള്ള കാഴ്ച്ചകളൊന്നും കണ്ണിൽപെട്ടില്ല.

വയനാട്ടിലെ സമുന്നതനായ രാശ്ട്രീയ നേതാവ് പി സി മുഹമ്മദ് ഹാജിയുടെ നിര്യാണ ദിനമായിരുന്നു അന്നവിടെ. അതിന്റെതായ ഒരു മൂകത ചിലവിടങ്ങളിലൊക്കെ ഞാൻ കണ്ടു. അദ്ദേഹത്തെക്കുറിച്ചുള്ള പഴയ ഓർമ്മകളെ പങ്കുവെച്ചുകൊണ്ടുള്ള ഒന്നിലഥികം അനുശോചന യോഗങ്ങളും അവിടെ അന്നുണ്ടായിരുന്നു.

നടത്തത്തിനിടയിൽ തണുപ്പ് ചെറുതായി അസഹ്യമായി അനുഭവപ്പെടുന്നതിനാൽ ഒരു കടയിൽ കയറി ഒരു കമ്പിളി വസ്ത്രത്തിന്റെ വില ഞാൻ ചോദിച്ചു. എന്നാൽ, വില വളരെ കൂടുതലായിരുന്നു. അതിനാല്‍, കാൽനട യാത്ര ഒഴിവാക്കി ഒരു ഓട്ടോറിക്ഷ പിടിച്ച് ജെെനക്ഷേത്രത്തിലേക്കൊന്ന് പോകാനാണ് ഞാൻ തീരുമാനിച്ചത്.

ഓട്ടോക്ക് കൈകാണിച്ചു.

എന്റെ യാത്ര ഉദ്ദേശം അറിഞ്ഞതോടെ ഓട്ടോ ട്രെെവറൊരു ടൂർ ഗെെഡിനെപ്പോലെ എന്നോട് സംസാരിച്ചു. ഞാൻ നിരന്തരമയാളോട് ചോദ്യങ്ങൾ ചോദിച്ച് കൊണ്ടേയിരുന്നു എന്നുള്ളതാണ്‌ യാഥാർത്ഥ്യം. വയനാടിനെക്കുറിച്ചും ബത്തേരിയുടെ ചരിത്രത്തെക്കുറച്ചുമൊക്കെ അയാളെന്നോട് വാചാലനായി. ബത്തേരിയിലെ അതിപ്രശസ്തമായ ജെെനമേടിനെക്കുറിച്ച് പക്ഷേ അയാള്‍ക്ക് കൂടുതൽ വിവരങ്ങളൊന്നും അറിയുമായിരുന്നില്ല. അതൊരു പ്രത്യേക മതവിഭാഗമായ ജെെനരുടെ ദേവാലയമാണന്നതു മാത്രമാണ്‌ അദ്ദേഹത്തിന് ആകെയുള്ള വിവരമെന്നനിക്ക് തോന്നി.

ജെെന ക്ഷേത്രത്തിന്റെ പടിക്കൽ വരെ എത്തിച്ചേര്‍ന്നെങ്കിലും ഗെയിറ്റ് വലിയ താഴിട്ട് പൂട്ടികിടപ്പായിരുന്നു. എന്തായിരിക്കുമതിന്റെ കാരണമെന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല. ഞാനാകനത്ത ഇരുമ്പ് ഗയിറ്റിനുള്ളിലൂടെ ആ മഹാമന്ദിരം കണ്ട് തൃപ്തിപ്പെട്ടു. പച്ച പുൽ വിരിച്ച് മനോഹരമായി ലാൻഡ്സ്കേപ്പ് ചെയ്ത പൂന്തോട്ടത്തിന് നടുവിൽ ആർക്കിയോളജിക്കൽ സര്‍വ്വെ ഓഫ് ഇന്ത്യയുടെ സംരക്ഷണ വലയത്തിൽ ഒരു കരിങ്കൽ മേട്. ചുറ്റും കുറെ തൂണുകളുമായി ദീര്‍ഘ ചതുരാക്രതീയിലുള്ള ആ കെട്ടിനു ഒത്ത നടുവില്‍ പൂട്ടി കിടക്കുന്ന ഒരു മുറി. ഒരു പക്ഷേ, പ്രധാന പ്രതിഷ്ഠാ അതിനകത്തായിരുന്നിരിക്കണം.

ടിപ്പു സുൽത്താൻ
പതിമൂന്നാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രത്തിനെ പണി പൂർത്തിയാക്കുന്നത്. എഡി 1400 മുതൽ സുല്‍ത്താൻ ബത്തേരിയിലേക്ക് വിജയനഗര സാമ്രാജ്യത്തിന്റെ ഭാഗമായ കർണ്ണാടകയിൽ നിന്നും കുടിയേറികൊണ്ടിരുന്ന ജെെനമതസ്ഥർ അവരുടെ ആരാധനാവശ്യാർത്ഥമാണ് ഇത് നിര്‍മ്മിക്കുന്നത്. അവർ ഈ പ്രധേശത്തെ 'ഹെരഡു വീധി' അഥവ 'ഹെന്നരു ബീഡിക' എന്നാണ് വിളിച്ചിരുന്നത്. സുല്‍ത്താൻ ബത്തേരിയിലേക്ക് നടന്ന അനേകം കുടിയേറ്റ ചരിത്രത്തിന്റെ ആദ്യത്തെ ഏടുകളായിരുന്നു അതെന്ന് പറയാം.

എന്തായാലും കൂടുതൽ നേരം അവിടെ നിന്നതുകൊണ്ട് കാര്യമില്ല എന്ന് ബോധ്യപ്പെട്ടതിനാൽ ഗെയിറ്റിനു പുറത്ത് നിന്നും കുറച്ച് ഫോട്ടോകളെടുത്ത്  തൃപ്തിപ്പെട്ട് ആ ഓട്ടോകാരന്റെ കൂടെ തന്നെ ഞാൻ ബത്തേരി നഗരത്തിലേക്ക് തന്നെ തിരിച്ചു പോയി.

ബത്തേരി ഇന്നൊരു പ്രധാന വ്യാപാര കേന്ദ്രമാണ്. കേരളം-തമിഴ്നാട്-കര്‍ണ്ണാടക തുടങ്ങിയ മൂന്ന് സംസ്ഥാനങ്ങളുമായാണ് ഈ നഗരം അതിർത്തി ബന്ധം സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ, അതിന്റെതായ ഒരു വലിയ പുകിലും പ്രാധാന്യമൊന്നും ഈ നഗരത്തിനില്ലാതെ പോയത് ഒരു പക്ഷേ, ഭൂമിശാസ്ത്രപരമായ ഇതിന്റെ കിടപ്പുകൊണ്ടായിരിക്കാം. ചുറ്റുപാട് നിന്നും കാനന പാതയിലൂടെ ഭയാനകമായ പർവ്വതപാർശ്വത്തിലൂടെ വേണമല്ലോ ഇവിടെ എത്തിച്ചേരാൻ. അതിനാല്‍ തന്നെ ആയിരിക്കാം സെെനികമായ ഒരു വലിയ പ്രാധാന്യം ഈ മേഖലക്ക് കെെവന്നതും. പുറം ലോകമറിയാതെ വലിയ സൈനിക തയാറെടുപ്പുകൾ അന്നവർക്കിവിടെ നടത്താൻ സാധിച്ചിരുന്നു. കൂടാതെ, ഒരു കോട്ടയിൽ നിന്നുമെന്നപോലെ ഈ കുന്നിൻ മുകളില്‍ നിന്നും താഴത്തെ ചുറ്റുപാടുകളെ നിരീക്ഷിക്കാനും കഴിയുമായിരുന്നു. ആ സെെന്യങ്ങളന്ന് നടന്നു കയറിയ വഴിയിലൂടെ കുടിയേറ്റക്കാരും വ്യാപാരികളും ഈ പ്രദേശത്തേക്ക് പിന്നീടെത്തിച്ചേർന്നുവെന്ന് വേണമെങ്കിൽ പറയാം. ഹെന്നരു ബീഡി എന്ന് ഒരു കാലത്ത് വിളിക്കപ്പെട്ട ബത്തേരി നഗരം ചരിത്രത്തെ ഉള്ളിലൊതുക്കി വീണ്ടും മുന്നോട്ട് നീന്തിക്കൊണ്ടിരിക്കുന്നു.

വയനാട്ടിലെ മങ്കമാർക്ക് ഒരേ മുഖഭാവമാണന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ചെറിയ കറുപ്പ് പുരണ്ട ഇരു നിറത്തിൽ വട്ടമുഖം. സുന്ദരികളാണവർ. ഏഷ്യയിലെ അവശേഷിക്കുന്ന ഒരേയൊരു ഗുഹാവാസികളുടെ ചില പ്രതിനിധികളേയും ഞാനവിടെ കണ്ടു. കേരളത്തിലെ ആദിവാസികളിലെ ഭൂരിഭാഗവും താമസിച്ചു വരുന്നത് വയനാട്ടിലാണന്നാണ് കണക്ക് സൂചിപ്പിക്കുന്നത്. പണിയ, കാട്ടുനായ്ക്ക, ഊരാളി തുടങ്ങി അവരിലെ ഭൂവുടമകളും വിദ്യാഭ്യാസത്തിലുയർന്നവരുമായ കുറുമ വിഭാഗങ്ങളേയും ഇവിടെ ധാരാളം കാണാം. വെറ്റില ചുവപ്പിച്ച തടിച്ച ചുണ്ടുകളും ചുരുളൻ തലമുടികളൊക്കെയുള്ള അവർ വെറുതെ അവിടെ ചടഞ്ഞിരിക്കുന്നതായാണ് ഞാൻ കണ്ടത്. ആദിവാസികളനുഭവിക്കുന്ന ഉച്ചനീചത്വങ്ങളുടെ ചില നിഴൽ രൂപങ്ങൾ അവരുടെ മുഖത്ത് നിന്നും വായിച്ചെടുക്കുവാൻ കഴിയുന്നു. ഈ വിശാലമായ ലോകത്തെക്കുറിച്ചറിവില്ലാതെ അത്യാഗ്രഹത്തിന്റെയും അക്രമണത്തിന്റെയും വഴികളറിയാതെ, അവരുടേത് മാത്രമായ ഒരു ചെറിയ ലോകത്തേവർ ജനിക്കുന്നു... ജീവിക്കുന്നു... ഒടുവില്‍, മരിക്കുന്നു. അവര്‍ക്ക് നിഷേധിക്കപ്പെടുന്ന അവകാശങ്ങളുടെ പിന്നിലെ കാരണക്കാർ പോലും ആരാണെന്നവർക്ക് അറിവുണ്ടായിരിക്കില്ല. അവരെപ്പോഴും പൂച്ചകളെ പോലെ സുധീർഘമായ ചിന്തകളിലാണന്നാണ് തോന്നിപ്പോവുക.

പഴശ്ശിരാജ
ഉച്ചഭക്ഷണം കഴിച്ച് വിശ്രമത്തിനും പ്രാര്‍ത്ഥനക്കുമായി ഞാനവിടെ കണ്ട ഒരു പഴയ പള്ളിയിലേക്ക് കയറി. ഒരു കൊട്ടാരം പോലെ തോന്നിക്കുന്ന അതിനകം കടും വര്‍ണ്ണം കൊണ്ടാണ് ചായം പൂശിയിരിക്കുന്നത്. നമസ്കാരത്തിലെ ശ്രദ്ധയെ അത് കവരുമെന്നതിനാൽ ആദ്യം തന്നെ പള്ളിക്കകം ഒന്ന് നടന്നു കാണാൻ ഞാൻ തീരുമാനിച്ചു. നഗരത്തിലെ ഏതെങ്കിലും ഒരു വലിയ പ്രമാണി പണ്ടെന്നോ പണികഴിപ്പിച്ചു നല്‍കിയതായിരിക്കാമത്. പള്ളിക്കകത്തെ തിളങ്ങുന്ന ചുമരുകൾക്കൊപ്പം മരത്തൂണുകളും മിനസമുള്ള പതുപതുത്ത പരവാതാനിയും മുകളിൽ ചെങ്ങലയിൽ തൂങ്ങിയാടുന്ന വർണ്ണവിളക്കുകളും സവിശേഷമായ ഒരു അന്തരീക്ഷമാണ് പള്ളിക്കകത്തുണ്ടാകുന്നത്. നമസ്കാര ശേഷം അല്‍പ്പനേരം അവിടെ ഞാന്‍ മലര്‍ന്നു കിടന്നു. പിന്നെ ചില യാത്രാക്കുറിപ്പുകൾ തയ്യാറാക്കി.

തിരിച്ചുള്ള യാത്രക്കായി പുറത്തിറങ്ങി ബസ്സ് സ്റ്റാന്റിലെത്തിയപ്പോഴേക്ക് ബസ്സിന്റെ മുൻസീറ്റാരോ കെെയടക്കിയിരിക്കുന്നു. അതിനാൽ, അത് കാലിയാകുന്ന മുറക്ക് അങ്ങോട്ടേക്ക് മാറാം എന്ന 'അത്ത്യാഗ്രഹത്തോടെ' തൊട്ട് പിന്നിലെ സീറ്റിൽ ഇരുപ്പറിച്ച് തല്‍കാലം തൃപ്തിപ്പെട്ടു. പോന്ന വഴിയിലൂടെയായിരുന്നില്ല തിരികെ യാത്ര. വീടുകളും കടകളുമൊക്കെ ധാരാള കണക്കിനുള്ള തെരുവുകളിലൂടെയായിരുന്നു യാത്ര. എങ്കിലും, കാൽപ്പനികതയുടെ ചില മനോഹര ഭാവങ്ങളും ഞാനാപാതയിൽ കാണാതിരുന്നില്ല. ഉച്ച തിരിഞ്ഞ സമയമാകയാൽ ഊണും വിശ്രമവുമെല്ലാം കഴിഞ്ഞ് ജോലിക്കാർ പണിയിടങ്ങളിൽ നിന്നും തിരികെ പോകുന്ന സമയമായിരുന്നു അത്. അതിനാൽ, 'കൊട്ടക്കാരികളായ' കുറെ പെണ്ണുങ്ങളെ വഴിയരികിൽ കാണാമായിരുന്നു. അന്നവർ ശേഖരിച്ച തേയിലകൾ കമ്പനിയിലേക്കെത്തിക്കാനുള്ള തയ്യിറെടുപ്പിലായിരിക്കാം അവർ.

തിരികെയാത്ര എനിക്ക് തീരെ ആവേശം നല്കിയില്ല. ഉറക്കറുവും, തണുപ്പും, ബസ്സ് യാത്രയും പിന്നെ, നിരന്തര നടത്തവുമൊക്കെ വല്ലാത്തൊരു ശാരീരികാവസ്ഥയിലാക്കിയിരിക്കുന്നു എന്നെ. നല്ല തലവേദന, കൺപോളകൾ അടയുന്നപോലെ. കൂടെ ചെറിയൊരു കുളിരുകൂടിയായപ്പോൾ സംഗതി ജോർ. താഴേക്ക് കുതിക്കാനെന്നോണം ചുരത്തിന്റെ നെറുകയിലേക്ക് ബസ്സെത്തിയതും ശാരീരിക പ്രയാസങ്ങൾ പിന്നേയും ഏറെ വർദ്ധിച്ചു. ആരോ എന്റെ ഇരു ചെവികളും പൊത്തിപ്പിടിക്കുന്നപോലെ ഒരു തോന്നൽ. ആകെക്കൂടി ഒരു നിഗൂഢതയും നിശബ്ദതയും. അത് കൂടി കൂടി വരുന്ന പോലെ. ആ ഉയർച്ച അതിന്റെ മൂർദ്ധന്യാവസ്ഥയിലെത്തിയാൽ കഥ രക്തപങ്കിലമാകുമോ എന്നൊരു സംശയം എന്നിലുണ്ടാകാതിരുന്നില്ല. ഞാൻ ചെവികളമർത്തി പിടിച്ചു. കെെകൾകൊണ്ട് തട്ടിയുണർത്താന് ശ്രമിച്ചു. ഒരു രക്ഷയുമില്ല. എങ്കിലൽപ്പം ഉറങ്ങാൻ ശ്രമിച്ചു. പക്ഷേ, കണ്ണുകൾ സമരത്തിലെന്നപോലെ അടക്കാനേ കൂട്ടാക്കിയില്ല.

പിന്നീട്, ചുരം ഇറങ്ങിയ ശേഷമാണ് വേദനയൊന്ന് ശമിക്കാൻ തുടങ്ങുന്നത്. ആരോഗ്യം കലാപക്കൊടി കാണിക്കുന്നതിനു മുമ്പേ വീടെത്തുന്നതും കാത്ത് അക്ഷമയോടെ ഞാന്‍ ബസ്സില്‍ കാത്തിരുന്നു.