Sunday, 18 August 2024

വിസ്മയ ഭൂമി


കാടും മലകളും കയറട്ടെ മക്കള്‍,
മരങ്ങളിലള്ളി പിടിക്കട്ടെ.

വീണു വീണു കാലുകൾ പൊട്ടട്ടെ
രക്തമൊലിച്ച് മണ്ണില്‍ ലയിക്കട്ടെ.

തറയിൽ കിടന്നുരുളട്ടെയവർ,
മഴമഞ്ഞു കൊണ്ട് കുളിരട്ടെ.

ചൂടിനാൽ വിയർത്ത് കുളിക്കട്ടെ,
ഓടി ഓടി തളരട്ടെ.
 
മൊബൈൽ ഫോൺ ചിത്രങ്ങൾക്കപ്പുറം,
ബാറ്ററി തീർന്നാലസ്തമിക്കാത്തൊരു,
ഭൂമിയുണ്ട് വെളിയിൽ, നിത്യവും വിസ്മയം.

വാര്‍ദ്ധക്യം മുന്നിലുണ്ട്


പണ്ടെനിക്ക് ചില കുപ്പായങ്ങളുണ്ടായിരുന്നു.
ശരീര വളർച്ചൊക്കൊപ്പം നിന്ന് പോരാടാന്‍ കഴിയാത്ത അവറ്റകളെ,
ചെറുതായി പോയ കുപ്പായങ്ങളെന്നായിരുന്നു അന്ന് വിശേഷിപ്പിച്ചിരുന്നത്...

സത്യത്തിലവകൾ ചെറുതായതാണോ അതോ,
ഞാന്‍ വലുതായിപ്പോയതോ...?

ഇന്ന്‌ ശരീര തളർച്ചൊക്കൊപ്പം നിൽക്കാൻ പ്രയാസപ്പെടുന്ന,
എന്റെ വസ്ത്രങ്ങളെ കാണുമ്പോൾ ചെറുതായി ചെറുതായി,
നിങ്ങളൊത്തിരി വലുതായി പോയല്ലോ എന്ന് തോന്നിപ്പികുന്നു...

സത്യത്തിലവകൾ വലുതായതാണോ
അതോ,ഞാന്‍ ശുഷ്കിച്ചുപ്പോയതോ...?