Tuesday, 28 September 2021

വെട്ടി മാറ്റുന്ന മലബാര്‍ വിപ്ലവം

മധ്യകാലഘട്ടത്തിൽ കേരളം മലബാര്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഈ പ്രദേശത്തിനാ പേര്‌ നല്‍കിയത് അറബികളായിരുന്നു എന്ന് ചരിത്ര ഗ്രന്ഥങ്ങളില്‍ പരാമര്‍ശം കാണാം. മല എന്ന മലയാളം വാക്കിനോട് നാട് എന്നര്‍ത്ഥം വരുന്ന ബാർ ചേര്‍ന്നാണീ പ്രദേശത്തിന് മലബാര്‍ എന്ന പേര്‌ ലഭിച്ചത്‌ എന്നവർ വാദിക്കുന്നുണ്ടെങ്കിലും ഗുണ്ടർട്ടിന്റെ അഭിപ്രായത്തിൽ ഇത് ബർ (തീരം) എന്ന അറബി പദത്തിൽ നിന്നാണ് നിഷ്പന്നമായത് എന്നാകുന്നു. അറബികളുടെ വ്യപാര സഞ്ചാര ഭൂപടത്തില്‍ വലിയ സ്ഥാനമാണീ പ്രദേശത്തിന് ഉണ്ടായിരുന്നത് എന്നതിനാല്‍ അവരുടെ മതപ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കും ഈ പ്രദേശം വലിയ തോതില്‍ പാത്രമാവുകയുണ്ടായിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍, മലബാർ ഇസ്ലാമിനെ സ്വയം സ്വീകരിക്കുകയായിരുന്നു എന്ന് വേണമെങ്കിൽ പറയാം. ജാതി വിവേചനങ്ങൾ അനുഭവിച്ചിരുന്ന ഒരു ജനതക്കുള്ള ആശ്വാസ കേന്ദ്രമായിരുന്നു മാര്‍ഗ്ഗം കൂടല്‍ അഥവാ ഇസ്ലാം മതവിശ്വാസം സ്വീകരിക്കൽ. അതോടുകൂടി, സമൂഹത്തിലെ ഉയർന്ന് ശ്രേണിയിലവർ എത്തിചേരുന്നു. വിശേഷപ്പെട്ടത് അല്ലെങ്കിൽ പുതിയത് എന്നൊക്കെ സൂചന നല്‍കുന്ന മാപ്പിള എന്ന പേരങ്ങനെയാണ് അവര്‍ക്കിടയില്‍ രൂപപ്പെട്ടത്. സുദീര്‍ഘമായ വ്യപാര യാത്രകളുടെ ഭാഗമായി കേരള തീരത്തേക്കെത്തുന്ന അറബ് വ്യാപാരികളുമായുള്ള വിവാഹ ബന്ധങ്ങളിലൂടേയും മലബാറിൽ മുസ്ലീം ജനസംഖ്യ വര്‍ദ്ധിക്കുകയുണ്ടായി. കൂടാതെ, മുസ്ലിങ്ങളുടെ വിട്ടുവീഴ്ച്ചയില്ലാത്ത നീതി ബോധത്തെ രാഷ്ട്രസുരക്ഷയുടെ ഭാഗമാക്കി മാറ്റാമെന്നു കണ്ട സാമൂതിരി മുക്കുവ കുടുംബങ്ങളില്‍ ഒരു കുട്ടിയെ എങ്കിലും മുസ്ലീമാക്കിയിരിക്കണമെന്ന പോലുള്ള നിയമങ്ങളും മുസ്ലിം ജനസംഖ്യാ വര്‍ധനവിന് അനുകൂലമായ ഘടകങ്ങളായിരുന്നു.
 
കേവലമൊരു പ്രദേശം എന്നതിൽ കവിഞ്ഞ് മേല്‍ മാപ്പിള സമുദായം കൂട്ടമായി വസിക്കുന്ന സ്ഥലമെന്ന നിലയില്‍ മുസ്ലിം സമാജത്തിനോട് ചേര്‍ത്ത് കൊണ്ടാണ്‌ മലബാറിനെ പ്രത്യേകിച്ചും മലപ്പുറത്തെ പരിഗണിച്ച് വരുന്നത്. സഹോദര മതവിശ്വാസികള്‍ അനേകമീ പ്രദേശത്ത് താമസമുണ്ടങ്കിലും പോര്‍ച്ചുഗീസ് കാലം തൊട്ട് ഇക്കാലം വരെയും മലബാര്‍ എന്നാൽ മുസ്ലിം എന്നൊരു പരികൽപ്പന രൂപപ്പെട്ട വന്നതോടു കൂടിയാണ്‌ പ്രദേശം സാമ്രാജ്യത്വത്തിന്റേയും ഫാസിസ്റ്റുകളുടേയും കണ്ണിലെ കരടായി മാറിയത്. അതുകൊണ്ട്‌ തന്നെ പ്രദേശത്തെ കുറിച്ചുള്ള ഏത് ചര്‍ച്ചകളിലും മാപ്പിളമാരും സ്വാഭാവികമായും കടന്ന് വരുന്നു. മാപ്പിളമാരുടെ അനീതിക്കെതിരായ പോരാട്ട വീര്യവും ലോക രാഷ്ട്രീയ ചലനങ്ങളും മലബാര്‍ വിവേചനത്തിന്റെ അടിസ്ഥാന കാരണമാണങ്കിലും കാലങ്ങള്‍ക്കിപ്പുറത്ത് ഇന്നാ ചരിത്രം ചില കേന്ദ്രങ്ങളില്‍ നിന്നും മായ്ക്കാൻ ശ്രമിക്കുന്നത് ഗൂഢ ലക്ഷ്യത്തോടെയാണന്ന് പറയാതിരിക്കാന്‍ കഴിയില്ല. അധിനിവേശത്തിന്റെ തുടക്ക നാളുകള്‍ തൊട്ട് ആധുനിക മോഡി യുഗം വരെയുള്ള കാലത്തില്‍ ഈ പ്രദേശത്തിനും ഇവിടത്തെ ജനതക്കും നേരിടേണ്ടി വരുന്ന അനീതിക്കും വിവേചനത്തിനും തുല്യമായതൊന്ന് ലോകത്ത് മറ്റൊരിടത്തും കാണുക വയ്യ. അടിമത്തത്തിന് പോലും ചരിത്രം പ്രാദേശികമായൊരു വിവേചനം കല്‍പ്പിച്ചിരുന്നോ എന്ന് സംശയമാണ്. കറുത്ത വര്‍ഗ്ഗക്കാർ ധാരാള കണക്കിന്‌ അതിവസച്ച് വരുന്ന... അവരുടെ പോരാട്ട കഥകളനേകം ഉറങ്ങുന്ന അമേരിക്കയാണ് പിന്നീട് മുതലാളിത്തത്തിന്റെ ഈറ്റില്ലമായി മാറുന്നത് എന്ന് നാം കണ്ടു. എന്നാൽ, മലബാറിൽ ഒരു ജനത നൂറ്റാണ്ടുകളായി ഭൗതിക വികസന കാര്യങ്ങളിൽ നിന്നു പോലും വെട്ടി മാറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. അവരുടെ ത്യാഗോജ്ജ്വലമായ ചരിത്രങ്ങളിൽ പോലും വിഷം കലക്കി അരികു വല്‍ക്കരിക്കാൻ ശ്രമിക്കുന്നത് ആ ജനത താണ്ടിയ വൈതരണിയിലെ ചില അസുലഭ മുഹൂര്‍ത്തങ്ങൾ കൊണ്ടാണന്ന് അഭിമാനത്തോടെ തന്നെ നമുക്ക് പറയാൻ കഴിയും.
 
അടിച്ചമര്‍ത്തലിനും ചൂഷണ സംവിധാനത്തിനുമെതിരെയുള്ള പോരാട്ട കഥകളുടെ സ്മരണയെ എല്ലാക്കാലത്തും ഫാസിസ്റ്റുകൾ ഭയപ്പെട്ടിരുന്നു. അത്തരം ഓര്‍മ്മകളില്‍ നിന്നും ലഭിക്കുന്ന നിലക്കാത്ത ഊര്‍ജ്ജം സിംഹാസനങ്ങളെ പോലും പിടിച്ചു കുലുക്കാന്‍ പര്യാപ്തമാണന്നാദ്യം തിരിച്ചറിഞ്ഞത് ബ്രിട്ടീഷുകാരാണ്. ഒരുപക്ഷേ, പോര്‍ച്ചുഗീസ് വിരുദ്ധ കലാപങ്ങളുടെ സ്മാരകങ്ങൾ അതുയർന്ന് വന്ന പ്രദേശങ്ങളിൽ ഒരു കല്ല് പോലും അവശേഷിക്കാതെ നാശോന്മുഗമായത് അവരുടെ ആ ഭയത്തില്‍ നിന്നായിരിക്കാം. പോര്‍ച്ചുഗീസ് അധിനിവേശത്തിന്റെ ബാക്കി പത്രങ്ങളായ ചാലിയം കോട്ട, കുഞ്ഞാലി മരക്കാര്‍ കോട്ട, കുഞ്ഞാലി മരക്കാര്‍മാരുടെ ഖബറുകൾ തുടങ്ങി അനേകം സ്മാരകങ്ങള്‍ കാലാന്തരത്തില്‍ അപ്രത്യക്ഷമായത് ബ്രിട്ടീഷുകാരുടെ മേല്‍ ജാഗ്രതയിൽ നിന്നാണ്. കുഞ്ഞാലി മരക്കാര്‍മാരുടെ കുടുംബ ഗൃഹം, പോര്‍ച്ചുഗീസ് വൈസ്രോയി അല്‍ ബുക്കര്‍ക്ക് അക്രമിച്ച മിശ്കാൽ പള്ളി ചുമരുകള്‍, പോര്‍ച്ചുഗീസുകാർ നശിപ്പിച്ച് പിന്നീട് സാമൂതിരി പുതുക്കി പണിത ബേപ്പൂരിലെ പുഴക്കര പള്ളി തുടങ്ങിയവ കാലത്തെ വെല്ലുവിളിച്ച് ഇന്നും നിലനില്‍ക്കുന്നത് ഈ നാടിന്റെ ചരിത്രത്തോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ടാണെന്ന് നിസ്സംശയം പറയാൻ കഴിയും. മമ്പുറം തങ്ങന്മാരുടെ കാലത്ത്‌ അവരെ സന്ദര്‍ശിക്കുന്നത് തടഞ്ഞ് കൊണ്ടും... അവരുടെ കാല ശേഷം ആ മഹാന്മാരന്ത്യ വിശ്രമം കൊള്ളുന്ന ഖബറിടം സന്ദര്‍ശിക്കുന്നത് തടഞ്ഞ് കൊണ്ടും വെള്ള പട്ടാളം നിരന്തരം അഴിഞ്ഞാടിയത് ജനതയെ ചരിത്ര ബോധമില്ലാത്തവരാക്കി ശണ്ഡീകരിക്കാനായിരുന്നെന്ന് നിസംശയം പറയാം.
 
ജനങ്ങളുടെ മറവി ഏത് കാലത്തും അധികാര വര്‍ഗ്ഗത്തിന്റെ കരുതലാണ്. നിരന്തരമുറക്കം തൂങ്ങുന്ന ജനതയാണ് ചൂഷണത്തിന്റെ പ്രധാന ഇന്ധനം. അതിനാൽ, ഉറക്കം തൂങ്ങാനും മറക്കാൻ സന്നദ്ധമാകാത്ത ജനതയെ വഴി തെറ്റിക്കാൻ ചരിത്രത്തിന്റെ വക്രീകരണമാണ് അവര്‍ക്ക് മുന്നിലുള്ള ഒരേയൊരു മാര്‍ഗ്ഗം. അതാണ് നിലവിലവർ ചെയത് വരുന്നതും. എന്നാൽ, പോര്‍ച്ചുഗീസ് അധിനിവേശത്തിന്റെ നിത്യ സാക്ഷിയായ മിശ്കാൽ പള്ളി ചുമരുകള്‍ പോലെ... ചാലിയം കോട്ടയുടെ കല്ലുകൾ കൊണ്ട്‌ പണിത പുഴക്കര പള്ളി എടുപ്പ് പോലെ... നിരന്തര ജാഗ്രതകൊണ്ട് നമുക്കാ വെട്ടി മാറ്റലിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് നിസംശയം പറയാം. നിരന്തരോർമ്മയാണ് അതിനുള്ള ഒരേയൊരു പോംവഴി.
 
മുന്‍കാല കേരള സമൂഹം
 
പോര്‍ച്ചുഗീസുകാര്‍ക്ക് മുന്നേ വളരെ ശാന്തമായി ഒഴുകി കൊണ്ടിരുന്ന ഒരു ജനതയായിരുന്നു മലബാറിലുണ്ടായിരുന്നത്. സമൂഹത്തില്‍ ജാതീയമായ വേര്‍തിരിവുകളും അതിര്‍ വരമ്പുകളുമൊക്കെ ഉണ്ടായിരുന്നെങ്കിലും അത്തരം സമൂഹിക സാഹചര്യങ്ങളെ തരണം ചെയ്യുവാനുള്ള മേല്‍ സംവിധാനങ്ങളെ വളരെ സാമാന്യമായാണവർ കൈകാര്യം ചെയ്തിരുന്നത്. മതം മാറുക അതിലൂടെ സമൂഹികമായ ഉന്നതി കരസ്ഥമാക്കുക, പൊതുവഴിയിലൂടെ നടക്കാൻ സാധിക്കുക, മേല്‍ വസ്ത്രം ധരിക്കാൻ സാധിക്കുക തുടങ്ങി അക്കാലത്തെ ആഭിജാത്യത്തിന്റെ അടയാളമായ തലപ്പാവ് അണിയാനുള്ള അവകാശം വരെ അതിലൂടെ നേടിയെടുക്കാൻ സാധിക്കുമായിരുന്നു. മതം മാറുന്നവർക്ക് അത് വക വെച്ചു നൽകാൻ അന്നത്തെ സമൂഹം സന്നദ്ധമായിരുന്നു എന്ന് പറയുന്നതാണ് കൂടുതൽ ശരി. മേല്‍ സാഹചര്യം മലബാര്‍ പ്രദേശത്ത് സാധ്യമായത് വിദേശ കച്ചവടക്കാരായ അറബികളുമായുള്ള കച്ചവടം കൊണ്ടും അതിലൂടെ സമുദായം നേടിയെടുത്ത ആര്‍ജ്ജവം കൊണ്ടുമായിരുന്നെന്ന് പറയാം. അറബികള്‍ കാലു കുത്തുന്നത് ഐശ്വര്യമായി കണ്ടിരുന്ന ആ ജനത അവര്‍ക്കായി കാത്തിരുന്നു. ആധുനിക വ്യപാര നിയമങ്ങളോട് കിടപിടിക്കുന്ന സ്വതന്ത്ര വ്യാപാര സാധ്യതകളെ ഉപയോഗപ്പെടുത്തി കൊണ്ട്‌ അക്കാലത്ത് കടന്ന് വന്ന അറബികളെക്കുറിച്ച് അക്രമത്തിന്റേതായോ പിടിച്ചടക്കലിന്റേതായോ ഒരു കഥയും ചരിത്രത്തിൽ ഇന്നേവരെ രേഖപ്പെടുത്തേണ്ടി വന്നില്ല എന്ന വസ്തുത ഇത് സംബന്ധമായി പ്രത്യേകം പ്രസ്താവ്യമാണ്. 1442ല്‍ കോഴിക്കോട് സന്ദര്‍ശിച്ച പേർഷ്യൻ രാജാവിന്റെ പ്രതിനിധി അബ്ദു റസാക്ക് പറയുന്നത് കാണുക...
 
"കോഴിക്കോട് നഗരം പുറത്ത്‌ നിന്ന്‌ വരുന്ന വ്യപാരികള്‍ക്ക് ഏറ്റവും സുരക്ഷിതത്തവും നീതിയും ഉറപ്പ് വരുത്തുന്നു. കപ്പലില്‍ കൊണ്ട്‌ വരുന്ന ചരക്കുകൾ നിരത്തിലിറക്കി സുരക്ഷിതമായി സൂക്ഷിക്കാനുള്ള പാണ്ടികശാലകളും അവക്ക് കാവല്‍കാരും കണക്കുകൾ കൃത്യമായി സൂക്ഷിക്കാനുള്ള സംവിധാനവും അവിടെ ഉണ്ടായിരുന്നു. ചരക്കുകൾ വിറ്റാൽ നാല്‍പതിൽ ഒരു ഭാഗം ചുങ്കമായി നല്‍കണം. വിറ്റില്ല എങ്കിൽ നല്‍കേണ്ടതുമില്ല"
 
വെട്ടിമാറ്റലിന്റെ തുടക്കം
 
അറബികളും കേരള സമൂഹവും തമ്മിലുള്ള ഈ കൊടുക്കൽ വാങ്ങലിന്റേതായ ശാന്ത പ്രകൃതിയിലേക്കാണ് 1498ൽ വാസ്കോഡ ഗാമ കടന്നു വരുന്നത്. മലബാറിന്റെ വെട്ടി മാറ്റല്‍ പ്രക്രിയക്ക് ഔദ്യോഗികമായ തുടക്കം കുറിക്കുന്നത് അവിടം മുതലാണന്ന് പറയാൻ സാധിക്കും. ലാഭത്തിനപ്പുറം നീതിക്കും ന്യായത്തിനും പ്രാധാന്യം നല്‍കി ഒരു ദൈവികാരാധനയായി കച്ചവടത്തെ കണ്ടിരുന്ന മൂറുകളെന്ന മുസ്ലീം വിശ്വാസികളെ ഈ മേഖലയില്‍ നിന്നും അകറ്റി നിര്‍ത്തിയാല്‍ മാത്രമേ ചൂഷണാധിഷ്ഠിതമായ തങ്ങളുടെ സര്‍വ്വാധിപത്യം നാടുകളില്‍ സ്ഥാപിക്കാൻ കഴിയുകയുള്ളൂ എന്ന ഗൂഢചിന്തയില്‍ നിന്നുമാണ് പോര്‍ച്ചുഗീസ് രാജാവ്‌ ഇമ്മാനുവൽ 'നാട് കണ്ടത്തൽ' യാത്രക്ക് ഉത്തരവിറക്കുന്നത്. എന്നാൽ മിക്ക പ്രദേശങ്ങളിലും അവര്‍ക്ക് നേരിടാനുണ്ടായിരുന്നത് മൂറുകളെ തന്നെയായിരുന്നു. തങ്ങളുടെ സ്വത്തിനും ജീവനും ഹാനി വരുത്തുന്ന നടപടികളുമായി കടന്ന് വരുന്ന ആരെയും എതിര്‍ത്ത് തോല്‍പ്പിക്കേണ്ടത് ദൈവികാരാധനയുടെ ഭാഗം തന്നെയാണെന്ന് വിശ്വസിച്ചിരുന്ന ആ ജനത ഖോർഫുക്കാൻ ഒമാൻ തീര പ്രദേശങ്ങളില്‍ പോര്‍ച്ചുഗീസ് നാവികരുമായി അസാധാരണമായ പോരാട്ടം കാഴ്ച്ചവെച്ചു.
 
മൊറോക്കൻ തീരം മുതൽ മലബാറിന്റെ ഉള്‍നാടുകള്‍ വരെ നീളുന്ന ക്രൂരതയും മനുഷ്യത്വമില്ലായ്മയും കൈമുതലായുണ്ടായിരുന്ന പറങ്കികൾ അവരുടെ ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ചിരുന്ന മുസ്ലീങ്ങളെ തന്നെയായിരുന്നു അവര്‍ക്ക് മലബാറിലും നേരിടാനുണ്ടായിരുന്നത്. ചിന്തയിലും ആദര്‍ശത്തിലും സമാനത പുലർത്തുന്നവരായിരുന്നു അവർ. പറങ്കികൾക്കെതിരെ മാപ്പിളമാരോടൊപ്പം ചേര്‍ന്ന് പോരാടിയതിന്റെ പേരില്‍ 'മൂറുകൾക്കിടയിലെ ഹിന്ദു രാജാവ്' എന്നായിരുന്നു സാമൂതിരിമാർ പോലും അക്കാലത്തെ പറങ്കി രേഖകളില്‍ അറിയപ്പെട്ടിരുന്നത് എന്ന് വാരികയാല്‍ എത്ര സൂക്ഷ്മതയോടെയാണ് അവരത് നിരീക്ഷിച്ചു വന്നിരുന്നതെന്ന് നമുക്ക് ബോധ്യമാകും. നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ത്ത പറങ്കികൾക്കെതിരിൽ സാമൂതിരിക്കൊപ്പം ചേര്‍ന്ന് പോരാടേണ്ടത് മുസ്ലീങ്ങളുടെ ബാധ്യത എന്നല്ല നിര്‍ബന്ധ ബാധ്യതയാണന്നായിരുന്നു പൊന്നാനി വലിയ പള്ളിയില്‍ നിന്നും സൈനുദ്ദീന്‍ മക്തൂം തങ്ങൾ തന്റെ കൃതിയായ തുഹ്ഫത്തുൽ മുജാഹിദീനിലൂടെ മാപ്പിളമാർക്ക് നല്‍കിയ നിര്‍ദ്ദേശം. അതിനാല്‍ തന്നെ ഗോവയും കൊച്ചിയും പറങ്കികൾക്ക് വലിയ സ്വീകരണം നല്‍കി സ്വയം കീഴടങ്ങിയപ്പോൾ കുഞ്ഞാലി മരക്കാര്‍മാരുടെയും കോഴിക്കോട് ഖാസിമാരുടേയും നേതൃത്വത്തിൽ മലബാര്‍ മണ്ണവര്‍ക്ക് ഇരിക്കപ്പൊറുതി നല്‍കിയിട്ടില്ല. ഒരു വിദേശ ശക്തി ഇന്ത്യയിൽ നിര്‍മ്മിക്കുന്ന ആദ്യ കോട്ടയെന്ന ഖ്യാതിയുമായി ഇമ്മാനുവല്‍ കോട്ട കൊച്ചിയിലന്ന് ഉയർന്ന് വരുമ്പോൾ ആ കോട്ടക്കെതിരെ പ്രതിരോധം തീർക്കാൻ പട്ടു മരക്കാരുടെ നേതൃത്വത്തില്‍ ശക്തമായ മരക്കാര്‍ കോട്ട മലബാറിലും ഉയർന്നു വന്നു.
 
ഒരു വിദേശ ശക്തി എന്ന നിലയില്‍ പോര്‍ച്ചുഗീസുകാര്‍ക്ക് എതിര്‍പ്പ് നേരിടേണ്ടി വന്നത് ഭരണ കൂടത്തിൽ നിന്ന് മാത്രമായിരുന്നില്ല. മറിച്ച്, സ്വദേശം ആക്രമിക്കാൻ വരുന്ന ഏത് കൂട്ടര്‍ക്കുമെതിരേയും മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം ലാക്കാക്കി വിശുദ്ധ യുദ്ധം നയിക്കേണ്ടത് വിശ്വാസി സമൂഹത്തിന്റെ ബാധ്യയാണണന്ന് വിശ്വസിക്കുന്ന ഒരു ജനതയിൽ നിന്ന് കൂടിയായിരുന്നു. അതിനാല്‍ സാമ്രാജ്യത്വ ശക്തികളുടെ ശത്രു പക്ഷത്ത് ഭരണ കൂടത്തേക്കാൾ നിലയുറപ്പിക്കേണ്ടി വന്നത് മുസ്ലിമിനായിരുന്നു. ആയുധബലം കൊണ്ട്‌ മാത്രം ജനതകളെ കീഴ്പ്പെടുത്താമെന്ന് കരുതിയ പോര്‍ച്ചുഗീസുകാർക്ക് അവരില്‍ നിന്നേറ്റ കനത്ത പ്രതിരോധത്തിന്റെ ഫലമാണവർ ഗോവയിലും കൊച്ചിയിലും മാത്രമായി ഒതുക്കപ്പെട്ടത്. അതുകൊണ്ട് കൂടിയാണ്‌ മലബാര്‍ ചരിത്രത്തിന്റെ വെട്ടി മാറ്റൽ പ്രക്രിയയിൽ ഇസ്ലാം വിരുദ്ധതയുടെ അംശം പ്രകടമായി കാണുവാന്‍ സാധിക്കുന്നത്. എന്നാൽ, 1921 മലബാര്‍ സമരം പോലെ 15 16 നൂറ്റാണ്ടുകളിൽ പോര്‍ച്ചുഗീസുകാർക്കെതിരെ രൂപപ്പെട്ട സമരം വർഗ്ഗീയിലധിഷ്ഠിതമാണന്നൊരു പരികല്‍പ്പന അന്ന് രൂപപ്പെട്ട വരാത്തതിന്റെ പ്രധാന കാരണം വിപ്ലവ നേതാക്കളുടെ നിതാന്ത ജാഗ്രത കൊണ്ട് ഭിന്നിപ്പിച്ച് ഭരിക്കുക എന്ന സാമ്രാജ്യത്വ തന്ത്രം വിലപോവാത്തതുകൊണ്ടാണ്. എന്നാൽ, കോഴിക്കോട് പറങ്കി പോരാട്ടങ്ങളുടെ അവസാന കാലത്തത് വിജയം കണ്ടു എന്നുള്ളത് വിസ്മരിക്കുന്നില്ല.
 
വക്രീകരിക്കുന്ന ടിപ്പുവിന്റെ ചരിത്രം
 
പോര്‍ച്ചുഗീസുര്‍ക്ക് ശേഷം കടന്ന് വന്ന ഫ്രഞ്ചുകാരും ഡച്ചുകാരും തുലോം ശാക്തിക ചേരിയായി എതിർ പക്ഷത്ത് നിലയുറപ്പിക്കാത്തതിനാൽ അവരുമായി വലിയ തോതിലുള്ള സംഘട്ടനമോ പ്രതിരോധമോ നടന്നതായി മലബാർ ചരിത്രത്തിൽ രേഖപ്പെടുത്തി കണ്ടിട്ടില്ല. എന്നാൽ, പറങ്കി കാലത്തെ നിരന്തരമായ സംഘട്ടനം മൂലവും വ്യപാര സാധ്യതകൾ അടഞ്ഞത് മൂലവും അരക്ഷിതമായ സാഹചര്യലേക്ക് നടന്നടുക്കുകയായിരുന്ന മാപ്പിള-അടിയാളരെ കൂടുതൽ പടുകുഴിയിലേക്ക് തള്ളി വിടുന്ന സാഹചര്യങ്ങളിലേക്കാണ് കേരള സമൂഹിക മണ്ഡലം പിന്നീട് നടന്നടുത്തത്. അവർ പുതുതായി രംഗപ്രവേശനം ചെയ്ത സവര്‍ണ്ണ ഭൂപ്രഭുക്കൾക്ക് കീഴിലെ അടിയാളരായി മാറി. രാജാക്കന്മാര്‍ക്കു കീഴെ ഏകീകൃതമായ വ്യപാര ചട്ടക്കൂടിള്ളില്‍ കഴിഞ്ഞ് വന്നിരുന്ന മാപ്പിളമാര്‍ കൃഷി വൃത്തിയിലേക്ക് കടന്നതോടെ ഭൂപ്രഭുക്കളുടെ നിരന്തര ചൂഷണത്തിനവർ പാത്രമായി മാറ്റപ്പെട്ടു. കാണം പാട്ടം സമ്പ്രദായത്തിലെ ഭീകരമായ അനീതിയെ കണ്ടില്ലെന്ന് നടിച്ച അധികാര വര്‍ഗ്ഗത്തിനേറ്റ പ്രതിഷേധത്തിന്റെ ഒടുവിലത്തെ തിരമാലയായിരുന്നു 1921 ലെ മലബാര്‍ സമരം.
 
സാമൂതിരിയുടെ ആക്രമണത്തില്‍ നിന്നുള്ള സംരക്ഷണം ലാക്കാക്കി പാലക്കാട്ട് രാജയുടെ ക്ഷണ പ്രകാരമാണ് 1756 ഓടെ മൈസൂര്‍ മലബാറിലേക്ക് കടന്ന് വരുന്നത്. രാജാക്കന്മാരില്‍ നിന്നും ഭൂപ്രഭുക്കളിലേക്കെത്തിയ കൃഷി ഭൂമി അക്കാലത്ത് ചൂഷണത്തിന്റെ കേന്ദ്ര ബിന്ദുവായിരുന്നു. ചെറിയ കൂലിക്കായി രാവന്തിയോളം പണി എടുക്കുന്ന മനുഷ്യരെ നാനാവിധത്തിലുള്ള ചൂഷണ നിയമങ്ങൾ അടിച്ചേൽപ്പിച്ചു കൊണ്ട്‌ സവര്‍ണ ഭൂപ്രഭുക്കൾ തടിച്ച് കൊഴുത്ത് നിൽക്കുമ്പോളാണ്‌ ആ സകല നിയമങ്ങളേയും നിർത്തൽ ചെയത് കൊണ്ട് പിന്നീട് ടിപ്പു സുല്‍ത്താന്‍ രംഗ പ്രവേശം ചെയ്യുന്നത്. സവര്‍ണ്ണരിൽ നിന്നും ഭൂമി പിടിച്ച് എടുത്ത് കൊണ്ട് പാടത്ത് പണി എടുക്കുന്ന പാവപ്പെട്ട കൃഷിക്കാരെ സഹായിക്കുന്ന നിലപാടിയിരുന്നു ടിപ്പുവിന്റേത്. സവര്‍ണ്ണ മേല്‍ക്കോയമക്കേറ്റ ഈ കനത്ത ആഘാതം അവരെ ടിപ്പു സുല്‍ത്താനെതിരെ തിരിയിക്കുകയും അധിനിവേശകർക്കൊപ്പം ചേര്‍ന്ന് ടിപ്പുവിനെതിരെ പട നയിക്കാനവരെ പ്രേരിപ്പിക്കുകയും ചെയ്തു. കൂടാതെ, നമ്പൂതിരി-നായര്‍ കുടുംബങ്ങളില്‍ വ്യാപകമായിരുന്ന സംബന്ധം, നായര്‍-കീഴാള കുടുംബാംഗങ്ങളിലെ ബഹുഭര്‍തൃത്വം, നമ്പൂതിരി സ്ത്രീകളല്ലാത്തവർക്ക് മാറു മറക്കാനുള്ള സ്വതന്ത്രമില്ലായ്മ തുടങ്ങി ലഹരി പദാര്‍ഥങ്ങളുടെ അമിതോപയോഗം, തൊട്ടലും തീണ്ടലും, നിയമ ലംഘകർക്ക് നല്‍കുന്ന അവിവേകമായ ശിക്ഷാ രീതികള്‍ വരെ കേരളീയ പൊതുമണ്ഡലത്തെ മലിനമാക്കി. ഈ സാഹചര്യത്തിലേക്കാണ് മൈസൂരിന്റെ ആഗമനം സംഭവിക്കുന്നത്. സമൂഹത്തിലെ സ്ത്രീകളുടെ ജീവിത നിലവാരം ഉയർത്തി കൊണ്ട്‌ പുറപ്പെടുവിച്ച 1788ലെ കുറ്റിപ്പുറം വിളംബരം, ധാര്‍മികതയുടെ തകര്‍ച്ചക്ക് കാരണമായ മദ്യവും ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം നിര്‍ത്തലാക്കിയ 1787ലെ നിയമം തുടങ്ങി കാര്‍ഷികരംഗത്ത് പ്രത്യേക ആജ്ഞകള്‍ പുറപ്പെടുവിച്ച് പല പരിഷ്‌കാരങ്ങളും അദ്ദേഹം നടപ്പാക്കി.
 
ഈ കാലത്ത് മലബാറിലുണ്ടായ സാമ്പത്തിക പുരോഗതി ബ്രിട്ടീഷ് ചരിത്രകാരന്‍ എഡ്‌വേഡ് മൂര്‍ രേഖപ്പെടുത്തുന്നത് കാണുക...
 
''മലബാറിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ സമൃദ്ധമായ കൃഷിസ്ഥലങ്ങള്‍ കാണാം. ഇവിടുത്തെ പട്ടണങ്ങളിലെ ജനത്തിരക്കും, സാമ്പത്തികാഭിവൃദ്ധിയും കാണുമ്പോള്‍ പ്രഗത്ഭനായ ഒരു ഭരണാധിപന്റെ കീഴിലുള്ള രാജ്യമാണിതെന്ന് വേഗത്തില്‍ ബോധ്യപ്പെടും''
 
എന്നാൽ, ടിപ്പുവിന്റെ മേല്‍ നന്മകളെ പാടെ വിസ്മരിക്കുന്ന പ്രചാരണങ്ങൾക്കാണ് പിന്നീട് കേരളം സാക്ഷിയാകുന്നത്. അക്കാലത്തെ യുദ്ധതന്ത്രങ്ങളുടെ ഭാഗമായി ക്ഷേത്രങ്ങളിൽ ഒളിച്ചിരിക്കുന്ന ജന്മീ പടയാളികളെ അവരുടെ കേന്ദ്രങ്ങളില്‍ ചെന്ന് നേരിട്ട ചരിത്ര വസ്തുതകളെ ചൂണ്ടിക്കാട്ടി ടിപ്പുവിനെ ഒരു മതഭ്രാന്തനാണന്ന് വരുത്തി തീർക്കാനുള്ള ശ്രമവും ഇസ്ലാം പേടിയും വ്യാപകമായി അഴിച്ചു വിട്ടു. അതിന്‌ മുന്നില്‍ ടിപ്പുവിന്റെ വിപ്ലവകരമായ കാര്‍ഷിക നിയമങ്ങൾ, വികസന കുതിപ്പുകള്‍, മതവിത്യാസങ്ങൾക്ക് അപ്പുറത്തുള്ള മൂല്യങ്ങൾ തുടങ്ങിയ ജനക്ഷേമ നടപടികള്‍ മാത്രമല്ല... ഹിന്ദു ക്ഷേത്രങ്ങൾക്ക് നല്‍കി വന്ന പ്രത്യേകം ആനുകൂല്യങ്ങള്‍, തന്റെ പടയാളികളിലും സര്‍ക്കാര്‍ സംവിധാനങ്ങളിലുമുള്ള മുസ്ലീമിതര മതസ്ഥരുടെ എണ്ണം തുടങ്ങിയ എല്ലാ കാര്യങ്ങളും വിസ്മരിക്കപ്പെട്ടു. ടിപ്പുവിന് മുമ്പ് നൂറ്റാണ്ടുകളോളം അതിക്രൂരമായി ഇന്ത്യ മുഴുക്കെയും ഭരണം നടത്തിയ സാമ്രാജ്യത്വ മതം എന്തു കൊണ്ടാണവർ പ്രതിസ്ഥാനത്ത് നിര്‍ത്താതെ പോയതെന്ന് ചോദ്യം അപ്പോഴും ബാക്കിയാവുന്നു. യുദ്ധത്തിന്റെ ഒടുവിലെ വിജയം അധിനിവേശകർക്കായിരുന്നു എന്നതിനാലും... ഭിന്നിപ്പിച്ചു ഭരിക്കലിന്റെ 'കാര്യക്ഷമത' മനസ്സിലാക്കിയവരായിരുന്നു അവർ എന്നതിനാലും പിന്നീട് ബ്രിട്ടീഷുകാരതേറ്റുപിടിച്ച് പ്രചരിപ്പിച്ചതാണ് ടിപ്പു ഭയവും അതിലൂടെ ഇസ്ലാം വിരുദ്ധതയും... ഈ പ്രദേശത്തിന്റെ ധീരവും സുദീര്‍ഘവുമായ പോരാട്ട ചരിത്രത്തിന്റെ വെട്ടിമാറ്റലിനുള്ള ശ്രമങ്ങളും സംഭവിക്കുന്നത്.
 
ടിപ്പു ഒരു തികഞ്ഞ മതഭ്രാന്തനായിരുന്നു എന്ന് വരുത്തി തീർത്തുകൊണ്ട് തങ്ങൾക്കൊരു വിമോചന വീരന്‍മാരുടെ പ്രതിച്ഛായ ഉണ്ടാക്കി തങ്ങളുടെ ഭരണം അരക്കെട്ടുറപ്പിക്കാനുള്ള സാമ്രാജ്യത്വ ഗൂഢതന്ത്രത്തിന്റെ ഭാഗം കൂടിയായിരുന്നു അത്. ആ ഇന്ധനത്തിലാണ് ഇന്ത്യ മുഴുക്കെയും ബ്രിട്ടീഷകാര്‍ക്ക് അവരുടെ കൈപിടിയിലൊതുക്കാൻ കഴിഞ്ഞത്.
 
കാര്‍ഷിക കലാപങ്ങളുടെ കാലം
 
മലബാര്‍ കേന്ദ്രീകരിച്ചായിരുന്നു ടിപ്പു തന്റെ കേരള ഭരണം നിര്‍വ്വഹിച്ച് വന്നിരുന്നത് എന്നതിനാലും... മലബാര്‍ പ്രദേശത്ത് വ്യാപകമായുള്ള മതത്തിൽപ്പെട്ട ആളാണ് ടിപ്പു എന്നതിനാലും... ടിപ്പുവിന്റെ ഭരണ കാലത്തിന്റെ നന്മയുടെ ഏറ്റവും വലിയ ഉപഭോക്താക്കളെന്ന നിലയില്‍ മലബാറും പ്രതിസ്ഥാനത്ത് വരികയുണ്ടായി. ബ്രിട്ടീഷ് ഭരണ വര്‍ഗ്ഗവും അവരെ പിന്തുണക്കുന്ന സവര്‍ണ്ണ മാടമ്പിമാരും ഒരുതരം സംശയത്തോടേയും അവജ്ഞയോടെയുമാണ് മലബാര്‍ പ്രദേശത്തെ നോക്കികണ്ടത്. അതിനാല്‍, ഏത് സമയത്തും പൊട്ടിപുറപ്പെട്ടേക്കാവുന്ന ഒരു അധിനിവേശ വിരുദ്ധ സമരത്തെ പ്രതീക്ഷിച്ചിരുന്ന ബ്രിട്ടീഷുകാർ അതിനെ ചെറുക്കാൻ പ്രദേശത്തെ സാമ്പത്തികമായി ഉന്മൂലനം ചെയ്യുക എന്ന ഉദ്ദേശത്തോടെ ചൂഷണ കാര്‍ഷിക നിയമങ്ങൾ, സാമൂഹിക അസമത്വങ്ങൾ തുടങ്ങിയവ പൂര്‍വ്വസ്ഥിതിയിലേക്ക് കൊണ്ടു വരികയുണ്ടായി. ഒരു കാലത്ത് വ്യാപാരത്തിലുടെ കരുത്തരായിരുന്ന ഒരു വിഭാഗം ചൂഷണ വാഹകരായി മാറി. ആ അസമത്വം പല വിധത്തിലുള്ള കലാപങ്ങൾക്കും സാക്ഷ്യം വഹിച്ചു. ഒരുപക്ഷേ, നൂറ്റാണ്ട് കാലത്തെ അധിനിവേശ വിരുദ്ധ സമരത്തിൽ നിന്നുള്ള ഊർജ്ജം മാപ്പിളമാരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന് നില്‍ക്കുന്നതിനാലാവാം കൃഷി സ്ഥലത്തെ ഈ അനീതിക്കും ആക്രമണത്തിനുമെതിരെ കൈവിരലുകളുയർത്തി പ്രതിഷേധിക്കാനവരെ പ്രേരിപ്പിച്ചത്.
 
അക്കാലത്ത് അനേകം സവര്‍ണ്ണ വിരുദ്ധ സമരങ്ങൾ മലബാര്‍ മണ്ണില്‍ ഉണ്ടായിത്തീർന്നു. മേല്‍ കലാപങ്ങളുടെയൊക്കെ മുഖ്യകാരണം കാര്‍ഷിക അസമത്വങ്ങളും ചൂഷണങ്ങളുമായിരുന്നു എങ്കിൽ മറ്റൊരു വശത്ത് സാമൂഹികമായ ഇന്നതി ലഭിക്കുന്ന അടിയാളരുടെ മതം മാറ്റത്തിന്‌ ലഭിച്ച സംരക്ഷണം കൂടി ആയിരുന്നു. ബ്രിട്ടീഷിന്ത്യയില്‍ സമാനതയില്ലാത്ത അസ്വസ്ഥതകളാണ് ഇതുമൂലം അധികാരികളിലുണ്ടാക്കിയത്. കേരളത്തിലെ കൊച്ചി തിരുവിതാംകൂര്‍ നാട്ടു രാജ്യങ്ങളും മദ്രാസ് സംസ്ഥാനത്തെ മലബാര്‍ ജില്ലാ ഒഴിച്ചുള്ള ഭൂഭാഗങ്ങളിലും ബ്രിട്ടീഷ് മേല്‍ക്കോയ്മക്കു കീഴെ പരമപുച്ഛമടക്കി അടിമ ജീവിതം നയിച്ച് വന്നിരുന്ന കാലത്ത്‌ മലബാര്‍ പ്രദേശം മാത്രം സാമ്രാജ്യത്വ ജന്മിവിരുദ്ധാധിഷ്ഠിതമായ ധീരസമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു എന്ന ഒറ്റ ഉദാഹരണം മതി മേല്‍ പ്രദേശം സാമ്രാജ്യത്തിന്റേയും അതുവഴി സവര്‍ണ്ണ മേലാളന്മാരുടെയും കണ്ണിലെ കരടായി മാറിയതിന്റെ കാരണമെന്താണെന്ന് ബോധ്യപ്പെടാൻ.
 
പ്രസിദ്ധമായ 1857ലെ ഒന്നാം സ്വതന്ത്രസമര കാലത്ത്‌ ഉത്തരേന്ത്യയില്‍ ഒരിടത്ത്‌ നടക്കുന്ന കേവലമൊരു പോരാട്ടം എന്നതിൽ കവിഞ്ഞ് മലബാറിന്റെ മണ്ണാ പോരാളികള്‍ക്ക് വലിയ തോതിലുള്ള ഐക്യദാര്‍ഢ്യം അര്‍പ്പിച്ചിരുന്നു. തലശ്ശേരിയിലും പൊന്‍മലയിലുമായിരുന്നു ഒന്നാം സ്വതന്ത്രസമര സഖാക്കൾക്കുള്ള ഐക്യദാര്‍ഢ്യം സമരം നടന്നിരുന്നൈന്ന് ചരിത്രത്തിൽ കാണാൻ കഴിയും. കൂടാതെ, മലപ്പുറം പള്ളിയിലെ മിമ്പര്‍ അഥവ പ്രസംഗപീഠം പോലും സമരത്തിനനുകൂലമായി ഉപയോഗിക്കപ്പെട്ടത് ബ്രിട്ടീഷുകാരിൽ വല്ലാത്ത നടുക്കമുണ്ടാക്കിയത്.
 
നിലക്കാത്ത അധിനിവേശ വിരുദ്ധ പോരാട്ടങ്ങൾ
 
മമ്പുറം തങ്ങന്മാരുടെ ധീരമായ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളിലൂടെ കടന്ന് പോയി 1921ലെ ഐതിഹാസികമായ മലബാര്‍ സമരത്തിലെത്തി നില്‍ക്കുമ്പോഴും മലബാറിന്റേത് മാത്രമുള്ള പല സവിശേഷതകളുമതിൽ വായിച്ചെടുക്കാൻ കഴിയും. ഒന്നാം ലോക മഹായുദ്ധത്തിലെ മുസ്ലിം പ്രാതിനിധ്യത്തിന് ബ്രിട്ടീഷുകാർ നല്‍കിയ വാഗ്ദാനമായിരുന്നു മുസ്ലീങ്ങളുടെ ആത്മീയ രാഷ്ട്രീയ ഗേഹമായിരുന്ന ഇസ്താംബുളിലെ ഖിലാഫത്തിനെ ഞങ്ങളൊരു സാഹചര്യത്തിലും ഉലച്ചിൽ തട്ടിക്കുകയില്ല എന്ന ഉറപ്പ്. എന്നാൽ, യുദ്ധാനന്ദരം ഖിലാഫത്തിനെ മുച്ചൂടും തകർത്തു എന്നു മാത്രമല്ല അതിന്റെ കീഴിലുണ്ടായിരുന്ന മുഴുവന്‍ പ്രദേശങ്ങളും സഖ്യകക്ഷികള്‍ പങ്കിട്ടെടുക്കുകയാണുണ്ടായത്. ഇസ്ലാമിക ലോകത്ത് വിപുലമായ അധികാരമുണ്ടായിരുന്ന ഖലീഫയെ സ്ഥാനഭംഗം  വരുത്തി, പകരം മതവിരുദ്ധരായ ഒരു വിഭാഗത്തെ തലസ്ഥാനത്തേക്കാനയിച്ച് സാമ്രാജ്യത്വം അതിന്റെ സ്വതസിദ്ധമായ വിശ്വസ വഞ്ചന തുടർന്നു. അതിനെതിരിൽ രൂപപ്പെട്ടൊരു പ്രതികാരം എന്ന നിലയിലാണ് ഇന്ത്യയുടെ സ്വതന്ത്രം മാത്രം ലാക്കാക്കി 1921ലെ സമരം രൂപപ്പെടുന്നത്. വിദേശിയമായ ഒരു പ്രചോദനത്തിൽ നിന്നും രൂപപ്പെട്ട സ്വദേശിയമായൊരു സ്വതന്ത്ര ദാഹമായിരുന്നു അതെന്ന് ഒറ്റവരിയിലതിനെ സൂചിപ്പിക്കാം.
 
അനേക വർഷത്തെ സ്വതന്ത്ര ദാഹം ശമിപ്പിക്കാൻ ഒരു ജനത രക്തവും ജീവനും പകരം നല്‍കി പോരാടുമ്പോൾ ആ സമരത്തിനെതിരെ അധിനിവേശകരോടൊപ്പം ചേര്‍ന്ന് രാജ്യത്തെ ഒറ്റികൊടുക്കാൻ ശ്രമിച്ച സവര്‍ണ്ണ ഭൂപ്രഭുക്കളെ നേരിടേണ്ട വണ്ണം നേരിട്ടപ്പോൾ അതിനെ ഹിന്ദു വിരുദ്ധ ആക്രമണമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നവർ നാളെ ആ അധിനിവേശ സമരവും വലിയൊരു തെറ്റായിരുന്നെന്ന വിധി എഴുതുമായിരിക്കും. അതുവഴി രാജ്യത്തെ മോചിപ്പിക്കാൻ വന്ന മോശയായി ചിത്രീകരിച്ചു കൊണ്ട്‌ സാമ്രാജ്യത്വത്തിനെ വിശുദ്ധരാക്കി മാറ്റിയെടുക്കാനും അവർ ശ്രമിച്ചേക്കാം. മുസ്ലിം സമൂഹത്തെ അപരവല്‍ക്കരിച്ച് കൊണ്ട്‌ മലബാര്‍ പ്രദേശത്തേയും അവിടുത്തെ ധീര ചരിത്രത്തേയും മറക്കാൻ ശ്രമിക്കുന്നവരലീ അവിശുദ്ധ കൂട്ടുകെട്ട് നമുക്ക് കാണുവാന്‍ സാധിക്കും. അന്ന് അധിനിവേശകര്‍ക്ക് ഓശാന പാടിയ ക്രൈസ്തവ മേലധ്യക്ഷന്മാരും... ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഏതാനും വരി മാപ്പിലൂടെ ഒറ്റികൊടുത്ത ഹിന്ദുത്വ ശക്തികളും ഇത്തരത്തിലുള്ള ഒരു വെട്ടിമാറ്റൽ വിവേചനം നേരിടുന്നില്ല എങ്കിൽ മലബാര്‍ മക്കളുടെ സമരത്തിന്റെ തീക്ഷ്ണത കണ്ട് സാമ്രാജ്യത്വം തൊടുത്തുവിട്ട വെട്ടി മാറ്റൽ പ്രക്രിയയാണ്‌ ഇപ്പോഴും അഭംഗുരം തുടർന്ന് കൊണ്ടേയിരിക്കുന്നതെന്ന് നിസ്സംശയം പറയാൻ കഴിയും. കാരണം, മലബാര്‍ സമരമെന്ന അധിനിവേശ വിരുദ്ധ സമരത്തെ ഏതാനും ബ്രിട്ടീഷ് ചാരന്മാരിലൂടെ ഒരു വർഗ്ഗീയ/കൊള്ള കലാപമാക്കി മാറ്റാൻ ശ്രമിച്ചത്‌ മുതൽ ഷഹീദ്‌ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേയും ആലി മുസ്ലിയാരൂടേയും നേതൃത്വത്തില്‍ ഏതാനും മാസങ്ങൾ പ്രവർത്തിച്ച മലയാള രാജ്യമെന്ന ഭരണകൂടത്തിന്റെ സകല ഇടപാട് രേഖകളും കോട്ടകുന്നിൽ ദഹിപ്പചച്ചു കളയാൻ ബ്രിട്ടീഷുകാർ ശ്രദ്ധിച്ചതും ആ സമരത്തിന്റെ സുഗന്ധം ജനമനസ്സുകളിൽ നിന്നും തടയാൻ വേണ്ടി മാത്രമായിരുന്നല്ലോ.

മലബാര്‍ സമരത്തെ കേവലം രാഷ്ട്രീയ വർഗ്ഗീയ ലഹളയോ കലാപമോ ഒക്കെ ആക്കി ഒതുക്കി തീർക്കാൻ ശ്രമിക്കുമ്പോൾ… അധിനിവേശകർക്ക് മുന്നില്‍ രാജ്യത്തെ ഒറ്റികൊടുത്ത ഖാന്‍ ബഹാദുര്‍മാരുടേയും റാവുബഹാദുര്‍മാരുടേയും സ്ഥാനം ചരിത്രത്തിൽ എവിടെയായിരുന്നു എന്ന ചോദ്യം സ്വാഭാവികമായും ഉയർന്ന് വരുന്നു. മതഭ്രാന്തിന്റെ മൂര്‍ത്തി രൂപമായി ടിപ്പു സുല്‍ത്താന്‍, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയവരെ ചിത്രീകരിക്കുമ്പോള്‍ അവരുടെ കാലത്തെ ചൂഷണ മുക്തമായ ആ സമൂഹിക ചുറ്റുപാടനുഭവിച്ച… സമൂഹത്തിന്റെ അടിത്തട്ടിൽ വസിച്ച് നമ്മെ കടന്നുപോയ ആ പച്ചമനുഷ്യരുടെ ആത്മാവിഷ്കാരത്തിന്റെ സ്വാദും വൈകാരികതയും ചരിത്രത്തിൽ എവിടെയാണ് രേഖപ്പെടുത്തി വെക്കുക എന്ന ചോദ്യം എന്തുകൊണ്ടാണവരെ അസ്വസ്ഥമാക്കാത്തത്.

Sunday, 8 August 2021

സ്ഫടിക കുപ്പി

പ്രൗഢവിശാലമാണ് കാട്ടുകുളം ദേശം. മറ്റേതൊരു പാലക്കാടൻ ഗ്രാമാന്തരങ്ങളെപ്പോലേയും കണ്ണത്താ ദൂരത്തോളം പരന്ന് കിടക്കുന്ന പാടശേഖരങ്ങളും അതിലവിടവിടയായി വളരുന്ന വാഴ, കവുങ്ങ്, തെങ്ങ്, പന എന്നിത്യാദികളുമുളള മനോഹരമായ പ്രദേശം. പേരിന്റെ സൂചന പോലെ തന്നെ ഒരു വലിയ കുളക്കരയിലാണത് സ്ഥിതിചെയ്യുന്നത്. ആവഴി യാത്ര ചെയ്യുന്നവരുടെ സവിശേഷ ശ്രദ്ധയെ കവര്‍ന്നു കൊണ്ടാ കുളമങ്ങനെ റോഡിന്റെ ഓരത്ത് വിശാലമായി പരന്ന് കിടക്കുന്നു. കരിങ്കല്ലുകൊണ്ട് പടവുകൾ കെട്ടിച്ച കുളത്തിന്റെ അങ്ങേ തലക്കൽ സ്ത്രീകളുടെ അലക്ക് പണികളും കുട്ടികളുടെ കുളികളും മറ്റും നടക്കുന്നതാണ് പൊതുവെയുള്ള കാഴ്ച്ച. അതുകൊണ്ട്‌ തന്നെ പുരുഷന്മാർക്കാ ഭാഗത്തേക്കുള്ള പ്രവേശനം പരമ നിഷിദ്ധമാണ്. അതുപോലെ, ഇങ്ങേ തലക്കലെ റോഡിന്റെ വശത്തേക്ക് സ്ത്രീകള്‍ക്കും പ്രവേശനമില്ല. കാരണം, അവിടെ ഒരു പുരാതന നമസ്കാര പള്ളിയുണ്ട്... പ്രാർത്ഥന നിര്‍വ്വഹിക്കാൻ അംഗസ്നാനം ചെയ്യാൻ വരുന്നവരെ കൂടാതെ, റോഡില്‍ വാഹന യാത്രക്കാരും വശങ്ങളില്‍ സല്ലപിച്ചു നില്‍ക്കുന്ന നാട്ടുകാരും അവിടെ നിത്യസാന്നിധ്യമാണ്.

ഒരുപക്ഷേ, ആ കുളത്തിന്റെ കരയില്‍ നിന്നായിരിക്കാം ഈ പ്രദേശത്തിന്റെ തുടക്കവും വളര്‍ച്ചയുമെന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു ഘോര വനത്തിനുള്ളിൽ ഒരൊറ്റപ്പെട്ട് നിന്നൊരു കുളത്തിന്റെ കാഴ്‌ച്ചയില്‍ നിന്നും ഈ പ്രദേശത്തിന് കാട്ടിലെ കുളം അഥവാ കാട്ടുകുളം എന്ന പേര്‌ ലഭിച്ചിരിക്കാം. സമീപത്തെ വിശാലമായ കൃഷിയിടങ്ങളിലേക്കുള്ള വെള്ളം മുടക്കമില്ലാതെ ലഭ്യമാക്കാൻ പൂര്‍വ്വികർക്കാർക്കോ തോന്നിയൊരു ചിന്തയിൽ നിന്നാവാം ഈ കുളത്തിന്റെ പിറവി. ഏത് വേനലിലും വള്ളം സുലഭമാണതിൽ. മഴക്കാലത്ത് കുളക്കരയിലെ കൽപ്പടവിനു മുകളിലേക്ക് വരെ വെള്ളം ഇരച്ചു കയറുന്നതും വേനല്‍ കാലം വെള്ളപരപ്പിൽ ഒരിളം പച്ചവര്‍ണ്ണം തൂകിയത് പരിക്ഷീണതയിലാവുന്നതും ഞാനെത്രയോ പ്രാവശ്യം കണ്ടിട്ടുണ്ട്.

ഞാൻ പറഞ്ഞല്ലോ... അതിന്റെ ഒരു വശത്ത് പുരാതനമായൊരു നമസ്കാര പള്ളിയുണ്ടന്ന്. അതുപോലെ മറ്റൊരു വശത്ത് ഹയാത്തുൽ ഇസ്ലാം മദ്രസ എന്നൊരു മതപാഠശാലയും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. എന്റെ ഉമ്മയും അവരുടെ ഉമ്മയുമൊക്കെ മതം പഠിച്ചിരിക്കുന്നത് അവിടെയാണത്രെ. പണ്ട്‌... എന്റെ ചെറുപ്പ കാലത്ത്‌ പ്രഭാത സമയങ്ങളിൽ മേല്‍ മദ്രസക്ക് മുന്നിലൂടെ ഞാൻ നടന്ന് പോകുമ്പോൾ ഉച്ചത്തില്‍ മുഴങ്ങുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ എത്രയോ പ്രാവശ്യം ഞാന്‍ കേട്ടിട്ടുണ്ട്. കുട്ടികളുടെ ആ ശബ്ദ കോലാഹലങ്ങളും അധ്യാപകരുടെ ഉറക്കെയുള്ള ക്ലാസെടുപ്പും വല്ലാത്തൊരു ഭയപ്പാടോടെന്റെ മനസ്സിൽ അന്നുണ്ടാക്കിയിരുന്നത് എന്തിനാണെന്ന് ഇപ്പോഴും എനിക്ക് മനസ്സിലാക്കാൻ കഴിയാത്ത സംഗതിയാണ്. എങ്കിലും, ഞാനാലോചിക്കുന്നത് മറ്റൊരു കാര്യമാണ്. കാരുണ്യവാനായ ദൈവത്തെ കുറിച്ച്... ഏതാനും അധ്യാപകരുടെ നിയന്ത്രണത്തിന് കീഴില്‍ പ്രവർത്തിക്കുന്ന... ധാരാള കണക്കിന്‌ കുഞ്ഞു മക്കള്‍ പഠിക്കുന്ന ഒരു പാഠശാല. അതിന്‌ മുന്നിലാണ് അഗാധമായ ആഴം ഉള്ളിലൊതുക്കികൊണ്ട് ഏതോ ഇരപിടിയൻ യന്ത്രം കണക്കെ മേല്‍ കുളമങ്ങനെ ഒരു കൈവരിപോലുമില്ലാതെ വാ പൊളിച്ചു നില്‍ക്കുന്നത്. സര്‍വ്വശക്തനായ ദൈവത്തെ അന്വേഷിച്ചു കണ്ടത്താൻ വന്നിരിക്കുന്ന ആ മക്കളെ അവന്‍ നിരന്തരം കാക്കുന്നുണ്ടായിരിക്കാം.

ആ കുളത്തിന്റെ കരയിലൂടെ അല്‍പ്പം ഉള്ളിലേക്ക് നടന്നാൽ നിറയെ റബ്ബർ തോട്ടങ്ങളാണ്. അതിലൊരു തോട്ടത്തിന്റെ ചെരുവിലാണെന്റെ അമ്മ വീട് സ്ഥിതി ചെയ്യുന്നത്. അമ്മ വീടെന്നാൽ മാതൃഗൃഹം എന്നര്‍ത്ഥം. പണ്ട്‌ തിരുവിതാംകൂറിൽ അമ്മ വീടുകളെന്നാൽ ഭാര്യ വീടെന്നായിരുന്നത്രെ സൂചന. തിരുവിതാംകൂര്‍ രാജാക്കന്മാർ തങ്ങളുടെ ഭാര്യമാർക്കായി പണിതു നൽകിയ പ്രേമോപഹാരങ്ങളായിരുന്നു അത്. ഇന്ന്‌ തിരുവനന്തപുരത്തിന്റെ പൈതൃക സമ്പത്തായ ഈ വീടുകളിൽ ചിലത് കാലത്തിന്റെ കെടുതികളെ അതിജീവിച്ച് നഗരത്തിന്റെ പലഭാഗങ്ങളിലും തലയുയർത്തി നിൽക്കുന്നത് കാണാൻ കഴിയും. എന്നാൽ, ഇവിടെ അമ്മ വീടെന്നാൽ അമ്മയുടെ ഗൃഹം എന്നു തന്നെയാണ് ഞാനര്‍ത്ഥം നല്‍കിയിരിക്കുന്നതെന്ന് സാന്ദര്‍ഭികമായി സൂചിപ്പിക്കുന്നു.

കുളക്കടവിൽ നിന്നും മേല്‍ വഴിയിലൂടെ കുറച്ച് ദൂരം യാത്ര ചെയ്താൽ മാടമ്പി എന്ന് വിളിക്കുന്നൊരു കൃഷിയില്ലാ പാടശേഖരം കാണാം. പണ്ട്‌ ഇടതൂർന്ന് വളരുന്നൊരു കവുങ്ങിൻ തോട്ടമായിരുന്നു അത്. എന്റെ ചെറുപ്പം എത്രയോ പ്രാവശ്യം കളിച്ചുല്ലസിച്ച് നടന്ന വരമ്പുകള്‍. ഇന്നതൊക്കെയും വെട്ടി മാറ്റി ആകെക്കൂടി വെളിച്ചപൂരിതമാണവിടെ. മാടമ്പിയിൽ നിന്നുള്ള ഇരുമ്പ് ഗേറ്റ് കടന്ന്... ഉയരം കൂടിയ കരിങ്കല്ല് പടിയിലൂടെ കയറി ചെന്നാൽ കാണുന്ന റബ്ബർ തൊട്ടത്തിന്റെ വശത്തുള്ള സമൃദ്ധിയായി വളരുന്നൊരു വേപ്പില വൃക്ഷത്തിനും... ഏത് കാലത്തും വെള്ളം സുലഭമായി ലഭിക്കുന്നൊരു കിണറിനുമപ്പുറം എന്റെ അമ്മവീടങ്ങനെ പ്രൗഢ ഗംഭീരമായി ഉയർന്ന് നില്‍ക്കുന്നു. വീടിന്റെ അടുക്കള ഭാഗത്തോട് തൊട്ട് തൊട്ടെന്നോണമാണാ കിണറിന്റെ സ്ഥാനമുള്ളത്. വയലോലകൾക്കും... അതിന് നടുവിലൂടെ കുതിച്ച് പായുന്നൊരു അരുവിക്കും സമീപത്താണതിന്റെ സ്ഥാനം എന്നുള്ളത് കൊണ്ട്‌ തന്നെ ഏത് കാലത്തും വെള്ളം സുലഭമാണതിൽ. 

മേല്‍ വീട്ടിലെ ഉമ്മ... അഥവാ, എന്റെ ഉമ്മയുടെ ഉമ്മയുടെ ഉമ്മ ആ കിണറിന്റെ അഗതതയിലേക്കൊരിക്കൽ കാൽ തെന്നി വീണ കഥ ഞാന്‍ പറഞ്ഞു കേട്ടിട്ടുണ്ട്.

സംഭവമിങ്ങനെ...

അന്നെന്റെ ഉമ്മയുടെ ഏറ്റവും ഒടുവിലത്തെ അമ്മാവനെ ഗർഭം ധരിച്ച അവസ്ഥയില്‍ നിറവയറുമായി നില്‍ക്കുകയായിരുന്നു അവർ. ആറെണ്ണം പെറ്റ ശേഷം ഏഴാമാനാണ് മേല്‍ ഗർഭസ്ഥൻ. അതിനാല്‍ തന്നെ ക്ഷീണത്തിനു മേല്‍ ക്ഷീണവുമായി അവരങ്ങനെ ജീവിച്ചു വരുന്നതിനിടയിലാണ് സഹായത്തിനാരും തന്നെ വീട്ടിലില്ലാത്തൊരു ദിവസം ലേശം വെള്ളത്തിനവർക്കാവശ്യം വന്നത്. ഇന്നത്തെ പോലെ പൈപ്പോ... ടാങ്കോ ഇല്ലാ കാലം. വെള്ളം വേണമെങ്കിൽ കപ്പിയും കയറുമപയോഗിച്ച് കിണറിൽ നിന്ന് കോരിയെടുക്കണം. മേല്‍ കിണറിനാണങ്കിലോ ഉൾപടവുമില്ല... കൈവരികളുമില്ല. വെള്ളം കോരുന്നവർക്ക് നില്‍ക്കുന്നതിന്നായി നടുവേ ഛേദിച്ച ഏതാനും കാവുങ്ങിൻ പാളികളവിടെ പാലം പോലെ നിരത്തി വച്ചിട്ടുണ്ട്. അതിൽ കയറി നിന്ന് വേണം വെള്ളം കോരാൻ. കൂടാതെ, വെള്ളം കോരി എടുക്കുന്നതിനുള്ള അക്കാലത്തെ 'അതിനൂതനമായ' സംവിധാനങ്ങളായ കപ്പി, കയർ, പാള എന്നിവ നാട്ടിനിർത്തിയ ഒരു മരത്തടിയും സമീപത്തുണ്ട്.

അങ്ങനെ നിര്‍ഭാഗ്യകരമായ ആ ദിവസം വന്നത്തി...

വെള്ളം കോരാനായി കഷ്ടപ്പെട്ടവർ കവുങ്ങിൻ തടിയിൽ കയറി നിന്നു. വയറിനുള്ളിൽ നമ്മുടെ അമ്മാവന്‍ പ്രപഞ്ചത്തിന്റെ വിശാലതയിലേക്കിറങ്ങാൻ കാത്തു കെട്ടി കിടക്കുകയാണ്... പ്രകൃതിയുടെ വര്‍ണ്ണങ്ങള്‍ കണ്ടാസ്വദിക്കാൻ... കണ്ണത്താ ദൂരത്തോളം പരന്ന് കിടക്കുന്ന ഭൂമിയിലൂടെ ഓടിച്ചാടി നടക്കാൻ...

കപ്പി ഇളക്കി കയറിനെ മുകളിലേക്ക് ചലിപ്പിച്ച് പളയെ കിണറിന്റെ ആഴങ്ങളിലേക്ക് പതിയെ അവർ താഴ്ത്തി വിട്ടു. അത് ജലനിരപ്പിന് മുകളില്‍ എത്തിച്ചേര്‍ന്നു എന്ന് ബോധ്യപ്പെട്ടാൽ കയറയച്ച്... പാള വെള്ളത്തിലേക്കൂളിയിടുന്നതും കാത്ത് അല്‍പ്പ നേരമവിടെ കാത്തിരിക്കണം. ഒന്നോ രണ്ടോ നിമിഷം മാത്രം. പിന്നെ, കയറിനെ ശക്തമായി താഴ്ത്തി വലിച്ചാല്‍ മത്സ്യവുമായി ഉയരുന്ന ചൂണ്ടലുപോലെ വെള്ളവുമായത് ഉയർന്ന് വരും. അത് കിണറിനു വെളിയിലേക്കെത്തി നിന്ന് കപ്പിക്കു തൊട്ട് താഴെ നിന്നാടുമ്പോൾ കവുങ്ങിൻ പാലത്തില്‍ നിന്നും അല്‍പ്പമൊന്ന് മുന്നോട്ടാഞ്ഞ് വേണം വെള്ളം നിറഞ്ഞു നില്‍ക്കുന്ന പാളയെ പിടിച്ച് കരക്ക് കയറ്റാൻ. അവർ പതിയെ മുന്നോട്ടാഞ്ഞ് കയറിനെ പിടിച്ച് വലിച്ചു. കയര്‍ കൈയിൽ കിട്ടിയ ശേഷം വെള്ളപാളയെ താങ്ങി പിടിച്ച് കരക്ക് കൊണ്ടുവരാന്‍ ശ്രമിക്കുമ്പോഴാണത് സംഭവിച്ചത്. കവുങ്ങ് ചതിച്ചു. അമിതമായ ഭാരം കാരണമത് ഒടിഞ്ഞ് തൂങ്ങി. അതിന്‌ മുകളിലുണ്ടായിരുന്ന ഉമ്മയും കുഞ്ഞും വെള്ള പാളയുമായി കിണറിന്റെ ആഴങ്ങളിലേക്ക് പതിച്ചു. വേനല്‍ കാലമായതിനാൽ വെള്ളം അധികമുണ്ടായിരുന്നില്ല. എങ്കിലും, ആഴം... പെട്ടന്നുള്ള വീഴ്ചയുടെ ആഘാതം... പാറ... ചളിവെള്ളം... ജീവികള്‍... ഇതൊന്നും പോരാത്തതിന് നിറവയറും. അവർ അവിടെ ഇരുന്ന് നിലവിളിച്ചിരുന്നിരിക്കാം. ആളുകൾ കൂടി... ഭയങ്കരമായ രക്ഷാപ്രവര്‍ത്തനം. ഒടുവില്‍, തള്ളയേയും വയറിനുള്ളിലെ കുഞ്ഞിനേയും സുരക്ഷിതമായി തന്നെ മുകളിലേക്കവർ കയറ്റുക തന്നെ ചെയ്തു. ദൈവത്തിനു നന്ദി... കിണറിനകത്തെ കഠിന കഠോരമായ പാറക്ക് സമീപത്തെ ചളിയിൽ സുരക്ഷിതമായി ഊരകുത്തിയാണവർ വീണത് എന്നതിനാല്‍... വലിയ അപകടം തലനാരിഴക്ക് വഴിമാറി എന്ന് പറഞ്ഞാൽ മതിയല്ലോ.

ഒരുപക്ഷേ, ദൈവത്തിന്റെ കൈകളവരെ മൃദുലമായി താങ്ങി പിടിച്ച് കിണറിന്റെ അടിത്തട്ടിലേക്കിറക്കി വച്ചിരിക്കും... അറിയില്ല. എല്ലാമറിയുന്നവൻ പടച്ച തമ്പുരാൻ മാത്രമല്ലോ...

എതായാലും... ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഉമ്മമ്മ വളരെ സുന്ദരമായി തന്നെ പ്രസവിച്ചു. ഇന്നത്തെ പോലെ മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രികളില്ലാ കാലത്ത്‌ വീട്ടില്‍ തന്നെയായിരുന്നു പ്രസവം... സുഖ പ്രസവം. അവന്‍ വളര്‍ന്നു. പഠിച്ച് പഠിച്ച് വലിയ മാര്‍ക്കുകള്‍ വാങ്ങി കൂട്ടി. ഒടുവില്‍, സര്‍ക്കാറുദ്യോഗസ്ഥനെന്ന ഉയർന്ന നിലയിലവനെത്തി ചേര്‍ന്നു. അനേകം സ്ഥലങ്ങളിലേക്ക് ജോലിമാറ്റം നേടി. പ്രമോഷനുകൾ വാങ്ങി കൂട്ടി. ഒടുവില്‍, ഒരു ജില്ലയുടെ മുഴുവന്‍ ഭൂഇടപാടുകളുടേയും നിരീക്ഷകനായ ജില്ലാ രെജിസ്ട്രാറെന്ന അധികാര കസേരയില്‍ നിന്നും പിരിഞ്ഞ് വിശ്രമ ജീവിതം നയിച്ചു വരികയാണ് അദ്ദേഹമിപ്പോൾ. മൂപ്പര്‍ക്ക് ശേഷം തന്റെ അവസാന പ്രസവത്തിലൂടെ ഒരു മകള്‍ക്കുമവർ പിന്നീട് ജന്മം നല്‍കിയിരുന്നു. ആ മകൾക്കുമൊരു പെണ്‍കുഞ്ഞ് ജനിച്ചു. ആ ജനിച്ച പെണ്‍കുട്ടിക്ക് പതിനഞ്ചാം വയസ്സില്‍ പിറന്ന കടിഞ്ഞൂല്‍ കണ്‍മണിയാണ് ഈ എഴുതി കൊണ്ടിരിക്കുന്ന ഞാൻ എന്നുള്ളത് സാന്ദര്‍ഭികമായി പറഞ്ഞു കൊള്ളട്ടെ.

വീടിന്റെ മറ്റൊരു വശത്ത് മഴക്കാലത്ത് മാത്രം സജീവമാകുന്ന ചെറിയൊരു കുളമാണുള്ളത്. ചെറിയ കുളമെന്നു പറഞ്ഞാലൊരു ചെറിയ വലിയ കുളം. നിര്‍ഭാഗ്യകരമെന്നു പറയട്ടെ അതിന്റെ നേർപകുതി അയല്‍വക്കത്തെ പറമ്പിലാണ് സ്ഥിതിചെയ്യുന്നത്. അതിനെ വേര്‍തിരിച്ചെന്നോണമൊരു കരിങ്കല്ല് മതിലൊക്കെ അവിടെ പണിത് വച്ചിട്ടുണ്ട്. അഥവാ, കുളത്തിന്റെ പകുതി അവരും പകുതി ഞങ്ങളും ഉപയോഗിച്ച് വരുന്നു എന്ന് ചുരുക്കം. ഞാന്‍ ചിന്തിക്കുന്നത് ആ കുളത്തിലെ മീനുകളെ കുറിച്ചാണ്... തങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയായി നില്‍ക്കുന്ന ഈ മതില്‍ കെട്ട് ഇതാരാണപ്പ ഈ ജലാശയത്തിന് നടുവില്‍ പണിത് വെച്ചിരിക്കുന്നതെന്ന് അവർ ചിന്തിക്കുന്നുണ്ടായിരിക്കുമോ. അതിർത്തി ഭേദങ്ങൾ മനുഷ്യർക്കല്ലെയുള്ളൂ. വീട് നിർമ്മാണമുദ്ദേശിച്ച് ഈ സ്ഥലം വാങ്ങിക്കുമ്പോൾ ഈ കുളവും ആ കിണറും ഈ പറമ്പില്‍ തന്നെ ഉണ്ടായിരുന്നു എന്നാണ്‌ പഴമക്കാർ പറയുന്നത്.

ആ കിണറിനും കുളത്തിനും സമീപത്താണ് നമ്മുടെയാ മാളിക നിലനിന്ന് വരുന്നത് ഞാന്‍ പറഞ്ഞല്ലോ. വെട്ടിതിളങ്ങുന്ന കാവി കൊണ്ട്‌ മെഴുകി സുന്ദരമാക്കിയിരിക്കുന്ന തറയും... തലക്ക് മുകളില്‍ മരം കൊണ്ട്‌ നിർമ്മിച്ച മേല്‍ക്കൂരയുമുള്ള അറ എന്ന മുറിക്ക് ചുറ്റിലുമാണാ ഗൃഹാങ്കണം വളര്‍ന്ന് വന്നിരിക്കുന്നതെന്ന് തോന്നിപ്പോകുന്നു. വിജനമായ സ്ഥലത്തുയർന്ന് വന്ന ഫാക്ടറി കെട്ടിടത്തിനാൽ രൂപപ്പെട്ട നഗരം പോലെയാണത്. അറയുടെ ഒരു വശത്ത് പുറകിലേക്ക് തുറക്കുന്ന ചെറിയ മരജനാലയും... നേരെ എതിർവശത്ത് വീതിയേറിയ തടികൊണ്ട് നിർമ്മിച്ചൊരു കനമുള്ള വാതിലുമാണവിടെ സ്ഥിതിചെയ്യുന്നത്. വാതിൽ കടന്ന് പുറത്തേക്കിറങ്ങിയാൽ ഇടതുവശത്ത് മുറുകുള്ളി എന്ന ശയന മുറിയും... അതിനപ്പുറം പൂമുഖമെന്ന അതിഥി മുറിയും കാണാം. ഇടതുവശത്തേക്ക് തിരിഞ്ഞ് നേരെ മുകളിലേക്ക് നോക്കിയാല്‍ അറക്ക് മുകളിൽ സ്ഥിതിചെയ്യുന്ന മാളിയമ്മലേക്കുള്ള ഗോവണിയും അതിന്റെ മര നിര്‍മ്മിതമായ ക്യാബിനും മറ്റുമൊക്കെയാണ് കാഴ്ച്ച. താഴെ ഔത്ത് എന്ന വിശ്രമ മുറിയും വടക്കിനിയും സ്ഥിതിചെയ്യുന്നു. ഒടുവിലായി, ഇതൊക്കെയും ഉള്ളിലൊതുക്കി... വീടിന്റെ മൂന്ന്‌ വശത്തേയും പൊതിഞ്ഞുകൊണ്ട് നിറയെ തൂണുകൾ നിരന്ന് നില്‍ക്കുന്ന തായേരം, പടിഞ്ഞാറെ കൊലായി എന്നീ പേരുകളിലറിയപ്പെടുന്ന തുറസ്സായ ഭാഗങ്ങൾ പുറത്തും കാണാൻ കഴിയുന്നു.

കൊലായിൽ നിന്ന് ദീര്‍ഘമായി വടക്കോട്ട് നോക്കിയാല്‍ മേല്‍ കിണറും... കാണുന്നവര്‍ കാണുന്നവര്‍ വളരെ അത്ഭുദത്തോടെ നോക്കി നിന്ന് പോകുന്ന ഉയരമുള്ള വേപ്പ് മരവും... പശ്ചാത്തലത്തില്‍ തെങ്ങ്, മാവ്, പ്ലാവ് തുടങ്ങിയ മരങ്ങള്‍ നിരന്ന് നിന്ന് വളരുന്ന തൊടിയും സുന്ദരമായി കാണാൻ കഴിയും. അതിനപ്പുറം... കരിങ്കൽ പടികള്‍ക്കപ്പുറത്തെ മാടമ്പി എന്ന വിശാല പാടശേഖരങ്ങളും ഇരട്ട മൂങ്ങൻ മലനിരകളുമാണ് കാഴ്ച്ചയിൽ.

മോഹന സുന്ദരമായ പാലക്കാടൻ പ്രകൃതി.

ഞാൻ പറഞ്ഞാല്ലോ... അറയിൽ നിന്നും വലത്തോട്ടിറങ്ങിയാൽ കാണുന്ന ഗോവണിയും അതിനെ താങ്ങി നിർത്തിനെന്നവണ്ണം പണിത് വച്ചിരിക്കുന്ന മരനിർമിത്തമായ ക്യാബിനെ കുറിച്ചും. ഗോവണിക്കല്‍പ്പം ഇളക്കം തട്ടിയിട്ടുണ്ടെങ്കിലും, കാലത്തെ വെല്ലുവിളിച്ചവനവിടെ സുമുഖനായി നിന്നാടുകയാണ്. എത്ര എത്ര മനുഷ്യര്‍ ഇതുവഴി കയറുകയും ഇറങ്ങുകയും ചെയ്തിരിക്കുന്നു. രാപ്പാർക്കാൻ വന്ന അതിഥികൾ, കെട്ടിച്ചയച്ച പെണ്ണിന്റെ സല്‍ക്കാര ദിവസത്തെ വിശ്രമ മുറി തുടങ്ങി തറവാട്ടിലെ കാര്‍ഷിക ഉത്പന്നങ്ങളുടെ പണ്ടകശാലയായി വരെ ഈ ഭാഗം ഉപയോഗിച്ചിരുന്നതായി ഞാൻ കേട്ടിട്ടുണ്ട്. മരക്യാബിന്റെ ഒരു വശം മാളിയമ്മലിന്റെ കവാടവുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. അഥവാ, ഗോവണി കയറി ക്യാബിനിലെത്തി ഇടത്തോട്ട് തിരിഞ്ഞാൽ മാളിയമ്മലിലേക്ക് കാൽ വെച്ചു കയറാം. സിമന്റ് മെഴുകിയിരിക്കുന്ന നിലത്തിന് താഴെ വെറും മണ്ണാണുള്ളത്. കാലപ്പഴക്കം കൊണ്ടവിടെ രൂപപ്പെട്ട ചെറിയ ചെറിയ കുഴികളിൽ നിന്നും ആ മണ്ണവിടെ പരന്ന് പാറി നടക്കുന്നത് കാണാൻ കഴിയും. ആ മണ്ണാവരണത്തിനു താഴെ കഠിനമരങ്ങളുടെ നീണ്ട പാളികളാണുള്ളത്. മാളിയമ്മലിന്റെ നേരെ താഴത്തെ മുറിയായ അറയിൽ നിന്നും മുകളിലേക്ക് നോക്കിയാല്‍ കാണുന്ന കറുത്ത ചായം പൂശിയ മേല്‍ക്കൂരയാണത്. ഒരുപക്ഷേ, അറയിലെ സവിശേഷമായ കുളിരിന് കാരണം ആ മരപ്പലകകളുടേയും അതിന്‌ മുകളിലെ വെറും മണ്ണിന്റെ സാന്നിധ്യവും കൊണ്ടാകാം.

ഈ അടുത്ത കാലത്തൊരിക്കല്‍ മാളിയമ്മലിൽ കയറിയപ്പോൾ സവിശേഷമായൊരു കാഴ്ച്ച ഞാനവിടെ കണ്ടു... മാളിയമ്മലിന്റെ മുകളിലേക്ക് കൂമ്പിച്ച ഓടുമേല്‍ത്തട്ടിന്റെ അറ്റത്ത് മാറാല ചുറ്റി പടര്‍ന്ന് കയറിയൊരു ചൂടിക്കയറില്‍ ചെറിയ താളത്തിൽ നിന്നാടുന്നൊരു സുന്ദരന്‍ സ്ഫടിക കുപ്പി. അതിന്റെ ചുറ്റുഭാഗവും മാറാലയാൽ മുഖരിതമാണ്. മാറാല വല വിരിച്ച് കാത്തിരിക്കുന്ന എട്ടുകാലി കുഞ്ഞുങ്ങളുടെ സംസ്ഥന സമ്മേളനം.

എന്താണാ കുപ്പി അവിടെ...?

ഞാനൽപ്പ നേരമത് നിരീക്ഷിച്ചു നിന്നു. ചുമ്മാ ഒരു കുപ്പിയാണത്. കാലപ്പഴക്കത്താലതിന്റെ പ്രതലം കറുത്തിരുണ്ട് പോയിരിക്കുന്നു. എങ്കിലും, കുപ്പിക്കകത്തെന്തോ ഉണ്ട്... ഒരു കറുത്ത അന്ധകാരം. ഞാൻ താഴെ പോയി കാര്യം ചോദിച്ചറിഞ്ഞു.

ഉത്തരം പെട്ടന്ന് തന്നെ ലഭിച്ചു...

"രക്ഷ. രക്ഷയാണത്..."

ഈ വീടിന്റെയും ഈ വീട്ടില്‍ നിന്നും ശാഖകളായി പിരിഞ്ഞ അനേകരുടേയും രക്ഷ. അവരുടെ മക്കള്‍, കുട്ടികൾ തുടങ്ങിയവരെ ഇക്കാലം വരെയും 'സംരക്ഷിച്ച് പോന്ന' വിശ്വമഹാരക്ഷകനായ കവചം. അങ്ങനെ ഒരു നാടിന്റെ രക്ഷകൻ. കാലത്തിന്റെ രക്ഷകന്‍. ഒരുപക്ഷേ, ഈ പ്രപഞ്ചത്തിന്റെ രക്ഷകനും ഇവനായിരിക്കുമോ... ഈ കുടുംബ ഇതുവരേക്കും നടന്ന് നീങ്ങിയ അനേകം മുഹൂര്‍ത്തങ്ങളെ ശുഭകരമായ പര്യവസാനമാക്കി നല്‍കിയ അതിഭയങ്കരനാണവൻ. കിണറിന്റെ ആഴങ്ങളിലേക്ക് വീണ ആ ഉമ്മയെ നിര്‍മ്മലമായി മുകളിലേക്കുയർത്തിയത് ഈ കുപ്പിയുടെ ശക്തിയാലായിരിക്കുമോ... കുടുംബാംഗങ്ങളുടെ അനേകം പരീക്ഷകളുടെ വിജയങ്ങള്‍, ഉയർന്ന ജോലികള്‍, ലാഭം, സര്‍വ്വാരോഗ്യം... അവനങ്ങനെ കാലങ്ങളായി തന്റെ ശരീലമാസകലം ഏറ്റുവാങ്ങിയ പുക, മാറാല, ചിതല്‍ തുടങ്ങിയവക്കിടയില്‍ നിന്നും ഉഗ്രനായി എല്ലാവരെയും കാത്തു രക്ഷിച്ച് പോരുന്നു.

അനേകം വർഷങ്ങൾക്ക് മുമ്പ്... ലോകം കൂരിരുട്ടിൽ കഴിഞ്ഞു വന്ന ഒരു രാത്രി... കുടുംബത്തിലെ കാരണവരാരോ പ്രത്യേകമായി ക്ഷണിച്ചു വരുത്തിയൊരു മാന്ത്രികന്‍... പ്രാർത്ഥന, മന്ത്രം, ഹോമം തുടങ്ങിയ കാസർത്തുമായി വന്ന് കെട്ടിവെച്ച് പോയതായിരിക്കാം ആ കുപ്പിയെ. ഇനി അറബ് മന്ത്രോച്ചാരണവുമായാണോ അയാൾ വന്നിട്ടുണ്ടാവുക... അറബ് ഹോമം എന്നൊരു സംഗതി ഉണ്ടായിരിക്കുമോ ആവോ... അറിയില്ല.

പക്ഷേ, ഞാന്‍ ചിന്തിക്കുന്നത് മറ്റൊരു കാര്യമാണ്. ഇത് കെട്ടി വച്ച ശേഷവും കുടുംബത്തിൽ അനേകം മരണങ്ങൾ സംഭവിച്ചിരിക്കുന്നല്ലോ. അപകടമരണങ്ങൾ... വീടു കയറിയ കടങ്ങൾ... രോഗങ്ങള്‍... അങ്ങനെ അനേകമനേകം പ്രയാസങ്ങള്‍. ഈയുള്ളവൻ മേലേകുന്നിലെ ചെങ്കല്ലിൽ ലക്കും ലഗാനുമില്ലാതെ ചൾക്കോം പൊൾക്കോം എന്നും പറഞ്ഞ്‌ എത്രയോ തവണ മോന്തയും കുത്തി വീണിരിക്കുന്നു. കാൽമുട്ട് രക്തപങ്കിലമായി അയ്യോ പത്തോയെന്ന് നിലവിളിച്ച് കുന്നിറങ്ങുമ്പോൾ വീണ്ടും വീണ് കാൽ മട്ടിൽ നിന്നും രക്തപ്പുഴകൾ ഉത്ഭവിച്ചിരിക്കുന്നു. കമ്യൂണിസ്റ്റപ്പയുടെ പച്ചനീരിന്റെ വേദനയില്‍ നീറിയ പകലുകള്‍... രാത്രികള്‍.

പകല്‍ വെയിലുകൊണ്ട് നടന്നതിനാൽ നീരിറക്കം വന്നെന്റെ കവിളുകൾ ബലൂണുപോലെ എത്രയോ പ്രാവശ്യം വീര്‍ത്ത് തൂങ്ങിയിരുന്നു. കൂടാതെ, സഹിക്കാൻ കഴിയാത്ത പല്ലുവേദന, വയറുവേദന, വയറിളക്കം മുതലായവ കാലങ്ങളായി ഞാനനുഭവിച്ച് വന്നിരുന്നു. ഓര്‍ക്കുക... ഇതെന്റെ മാത്രം കാര്യമാണ്. ഒരുപക്ഷേ, എനിക്കതിൽ വിശ്വാസമില്ലാത്തതിനാലാണ് അങ്ങനെയൊക്കെ സംഭവിച്ചതെന്ന് ഒരൊഴുക്കൻ മട്ടിലങ്ങ് പറയാമെങ്കിലും... ഇതിൽ വിശ്വസമുള്ളവരുടെ കാര്യവും ഇങ്ങനെയൊക്കെ തന്നെയാണന്ന് കാണാൻ കഴിയും. അങ്ങനെ എത്ര എത്ര വയറുവേദനകൾ, തലവേദനകൾ, പല്ലുവേദനകൾ തുടങ്ങി മൂലക്കുരു... ഗ്യാസ്ട്രബിള്‍ വരെയുള്ള അസുഖങ്ങള്‍ ഈ വീടും ശാഖാവീടുകളും കണ്ടിരിക്കുന്നു. അപ്പോഴൊക്കെ എവിടെയായിരുന്നു ഈ സർവ്വരക്ഷാ സങ്കേതം. അയ്യോ... ഇനിയിപ്പോ മേല്‍ കുപ്പിയെ ചോദ്യം ചെയ്യുന്നത് കൊടും പാപം വല്ലതുമായിരിക്കുമോ. ഇതെഴുതി അവസാനിക്കുന്ന മുറക്കെന്റെ തലയിലേക്കൊരു വലിയ അമ്മിക്കുട്ടിയെങ്ങാൻ ചാടിയേക്കുമോ... അതോ, എന്റെ കാൽ പാതത്തിന് താഴയൊരു വലിയ അഗാധ ഗർത്തം രൂപപ്പെട്ട് ഞാനതിലേക്ക് വഴുതി വീഴാനും സാധ്യതയുണ്ടോ.

അറിയില്ല...

എങ്കിലും പിന്നെ എന്തിനാണ് ഇമ്മാതിരി രക്ഷകൾ...?

ഇനിയിപ്പോ നന്മയോടൊപ്പം പ്രയാസങ്ങളും വരുമെന്നാണ്‌ ഉത്തരമെങ്കിൽ ഞാൻ ചോദിക്കട്ടെ... പെരപ്പുറത്ത് തൂങ്ങി കിടക്കുന്ന ഇമ്മാതിരി കുപ്പികളില്ലാത്ത എത്ര വീടുകളുണ്ട് സമീപ പ്രദേശങ്ങളിൽ. ആ വീടുകളിലും ഇങ്ങനെയൊക്കെ തന്നെയല്ലെ. പ്രയാസങ്ങളും ദുരിതങ്ങളും വേദനകളും പരാജയങ്ങളും അവരനുഭവിക്കുന്നു. സന്തോഷവും സമൃദ്ധിയും വിജയ വർത്തമാനങ്ങളും സമാധാനവും അവരെ തേടിയെത്തുന്നു. ഈ പ്രപഞ്ചം മുഴുവനും അങ്ങനെയാണല്ലോ. രാത്രിയും പകലും മാറി മാറി വരുന്നു. പ്രതീക്ഷയുടെ പ്രഭാതവും ഭയവിഹ്വലതയുടെ സന്ധ്യാ സമയവും നമ്മെ തേടിയെത്തുന്നു. സമൃദ്ധിയുടെ വിളവ് കാലവും വറുതിയുടെ മഴക്കാലവും വേനലും ചൂടും തണുപ്പും നമുക്ക് മുന്നില്‍ മാറി മാറി വരുന്നത് നാമെത്ര കണ്ടിരിക്കുന്നു. വെട്ടിയിട്ട മരത്തിന്റെ ഉണങ്ങിയ വേരിൻ തുമ്പിൽ വളരുന്നൊരിളം പച്ച വര്‍ണ്ണം തൂകിയ തണ്ടു പോൽ... പ്രകൃതിയുടെ വിജയ പരാജയങ്ങളുടെ എത്ര എത്ര അടയാളങ്ങളാണീ ഭൂമിയിലുള്ളത്.

അങ്ങനെയെങ്കിൽ... പിന്നെന്തിനാണീ രക്ഷാ...?

അതിനാല്‍... മേല്‍ രക്ഷയെ താഴെ ഇറക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. ഒരു ടോര്‍ച്ചും ലാഡറുമായി ഗോവണി കയറി മാളിയമ്മലിലേക്ക് കയറുമ്പോള്‍ ഞാൻ ചിന്തിച്ചത് ലോകത്ത് മഹാചരിതങ്ങൾ രചിച്ച അനേകം ചരിത്ര ഗവേഷകരെ കുറിച്ചാണ്. തുത്തൻഗാമന്റെ ശവപേടകം തുറക്കാൻ മുൻകൈയെടുത്ത... ഈജിപ്തിലെ അനേകം പിരമിഡുകളും ശവകല്ലറകളും ഗവേഷണാവശ്യങ്ങള്‍ക്കായി ലോകത്തിന് മുന്നിലേക്ക് നിവര്‍ത്തി വെക്കാൻ ധൈര്യകാണിച്ച ആ സാഹസികരായ മനുഷ്യരെ കുറിച്ച്. ഇൻകാ സമൂഹത്തിന്റെ... മഹത്തായ മറ്റനേകം സംസ്കാരങ്ങളുടെ... ഹാരപ്പ... മോഹൻജതാരോ... സിന്ധു നദീതട... അറേബ്യയിലെ ഉമ്മുനൂർ... മെസപ്പോട്ടോമിയ... ലോകത്ത് മഹാവിസ്മൃതിയിൽ ലയിച്ച് ചേര്‍ന്നുറങ്ങികൊണ്ടിരുന്ന... പേടിപ്പെടുത്തുന്ന അനേകം വിശ്വസധാരകളാൽ കെട്ടി പിടഞ്ഞു കിടക്കുന്ന സ്ഥലങ്ങളിലേക്ക്... വിഷയങ്ങളിലേക്ക് ധൈര്യപൂർവ്വം കയറി ചെന്ന ആ മനുഷ്യർ. അവർ നല്‍കുന്ന ഊർജ്ജം ചേര്‍തല്ല. പണ്ട് വയനാടന്‍ കാടുകളിലേക്ക് വേട്ടയാടാൻ ഇറങ്ങിയ ഏതോ ബ്രിട്ടീഷ് ഉദ്യോഗസ്ഥനോട് അദ്ദേഹത്തെ അനുഗമിച്ചിരുന്ന ഒരാദിവാസി പറഞ്ഞുവത്രേ.

"താ... അത് കണ്ടോ... ആ ഗുഹകള്‍ക്കപ്പുറമാണ് ഞങ്ങളുടെ മരണാനന്തര ലോകം. അവിടെയാണ്‌ ഞങ്ങളുടെ സ്വര്‍ഗ്ഗ നരകങ്ങൾ" എന്ന്.

പിന്നീടാ ഗുഹാ മുഖത്തിനപ്പുറത്ത് സവിശേഷമായ എന്തോ കാഴ്ച്ചയുണ്ടന്ന ആ ബ്രിട്ടീഷുകാരന്റെ ചിന്തയില്‍ നിന്നുമാണ് ലോകത്തിന് മുന്നില്‍ എടക്കൽ ഗുഹ പുനര്‍ജനിക്കുന്നതെന്നത് ഞാനെവിടെയോ വായിച്ചിട്ടുണ്ട്. ഇന്ന്‌ ദിനംപ്രതി ആയിരങ്ങളാണവിടെ സന്ദര്‍ശിച്ച് ആ ഗുഹാ ചിത്രങ്ങളെ പഠന വിധേയമാക്കുന്നത്. നിലക്കാത്ത പഠന വിഷയമാകുന്നു ഈ പ്രപഞ്ചം മുഴുക്കെയും.

ഞാൻ പറഞ്ഞല്ലോ... മാളിയമ്മലിനു മേല്‍ക്കൂര സര്‍വ്വത്ര മാറാലയാണ്. നിലം മൺപൊടിയാൽ മലിനം. അത് നല്‍കുന്ന ഭീതിതമായൊരു കാഴ്ച്ചക്കിടയിൽ നിന്നും ഗ്ലാസ്സ് പ്രതലം പതിച്ച ഓടിനിടയിലൂടെ ഉള്ളിലേക്ക് പ്രവഹിക്കുന്ന പ്രതീക്ഷയുടെ സൂര്യ പ്രകാശം വല്ലാത്ത ആശ്വാസം നല്‍കുന്നതാണെന്ന് പറയാതിരിക്കാന്‍ കഴിയില്ല. കാരണം, ഏതോ വലിയ മന്ത്രവാദി മഹാമന്ത്രങ്ങളും ചില കസര്‍ത്തുക്കളുമൊക്കെയായി കോണി കയറി വന്ന്... ലാഡറോ മറ്റ് സൗകര്യങ്ങളോ ഇല്ലാകാലം വളരെ കഷ്ടപ്പെട്ട് തൂങ്ങി നിന്ന് കെട്ടി വെച്ചുപോയ കുപ്പിയാണ് ഏതോ മുടന്തൻ ന്യായവും പറഞ്ഞ്... ഏതൊക്കെയോ ചില ചരിത്രഗവേഷകരേയും സ്മരിച്ചൊരുത്തൻ കോണി കയറി വന്നറുത്ത് മാറ്റാൻ പോകുന്നത്. ഒന്നുകിലെന്റെ തല പൊട്ടി തെറിച്ചേക്കാം. അല്ലെങ്കിൽ, ഞാന്‍ കുഴഞ്ഞ് വീഴാനും മതി... നിത്യനിദ്ര. അതുമല്ലെങ്കിൽ, ജന്മ ജന്മാന്തരങ്ങൾ... തലമുറ തലമുറകളോളം നീണ്ടു നില്‍കുന്ന സ്ഥിരം ശാപത്തിനുള്ള വകുപ്പും ഇതിലുണ്ടെന്ന് പറയാതിരിക്കാന്‍ കഴിയില്ല. ഇനിയിപ്പോ... കുപ്പി അറുത്തെടുക്കുന്ന മുറക്ക് വല്ല സത്വവും എന്റെ നേര്‍ക്കട്ടഹസിച്ചു വരുമോ. അല്ലെങ്കിൽ... ചെകുത്താൻ, ദുർഭൂതം, പിശാച്, രാക്ഷസൻ, വേതാളം, യക്ഷി, മാട... എന്നിത്യാദികൾ രൗദ്രഭാവത്തോടെ എന്റെ മുന്നില്‍ പ്രത്യക്ഷപ്പെടാനും സാധ്യതയേറേയാണ്.

ചരിത്ര ഗവേഷണ മേഖലക്കൊരു രക്തസാക്ഷി...

ആദ്യം അട്ടമൊന്ന് ശ്രദ്ധയോടെ വീക്ഷിച്ചു. പിന്നെ, കുപ്പിക്ക് നേരെ താഴെ ലാഡർ സ്ഥാപിച്ച് അതിൽ പതിയെ കയറി നിന്നു... എന്റെ തൊട്ട് മുകളില്‍ മാറാല പൊതിഞ്ഞ ഏതോ പുരാതന ചൂടി കയറില്‍ തൂങ്ങിയാടുന്ന ആ സ്ഫടിക കുപ്പി കാണാം. ഇരുനിറമാണതിന്റെ കാഴ്ചയെങ്കിലും പതിറ്റാണ്ടുകളായി നിന്നു കൊണ്ട ചൂടും പുകയും കാരണം ഇരുണ്ട നിറമത് പുല്‍കിയിരിക്കുന്നു. അതിനു മുകളില്‍ മേലെ ഓട് വരെ നീണ്ടു പോകുന്ന മാറാല കൂട്ടമാണ് കാഴ്ച്ച. ഞാൻ കൂടുതൽ നേരം കാത്തിരിക്കാതെ മഹത്തായ എന്റെ പ്രവര്‍ത്തിയിലേക്ക് നീങ്ങി. ചെയ്യുന്ന പണിയുടെ 'പരിശുദ്ധത' കണക്കാക്കി വലതു കൈ തന്നെ ഉയർത്തി പിടിച്ച് കുപ്പിയിൽ മുറുകെ പിടിച്ചു. പിന്നെ, ഒരൊറ്റ വലി.

ബിസ്മില്ലാ...

ഏകദേശം അമ്പതിൽപ്പരം വർഷങ്ങൾ അവനീ മേല്‍ക്കൂരയിൽ നിന്നാടിയിരിക്കുന്നു. അന്‍പത് വർഷത്തെ വേനലും മഴക്കാലവും കണ്ടതിനൊടുവില്‍, ഇന്നിതാ അവന്‍ സ്വതന്ത്രമായിരിക്കുന്നു.

കയറിന്റെ കാലപ്പഴക്കം കാരണമാകാം... സംഗതി ക്ഷണ നേരം കൊണ്ടെന്റെ കൈയിൽ പോന്നു. പക്ഷേ, വലിയുടെ ആഘാതത്തിൽ സട കുടഞ്ഞ മാറാല കൂട്ടത്തിൽ നിന്നും ഒരു ചെറിയ കരട് മുകളിലേക്ക് തുറന്ന് പിടിച്ചിരുന്ന എന്റെ കണ്ണിലേക്ക് വീണത് ആകെ കൂടി പൊല്ലാപ്പായി. ഞാൻ കുപ്പിയുമായി കണ്ണുകളടച്ച് താഴേക്കിറങ്ങി വെറും നിലത്തത് ഭദ്രമായി വെച്ചു... കരടിന്റെ സാന്നിധ്യം കാരണം കണ്ണില്‍ അസഹ്യമായ കടച്ചില്‍. കണ്ണുകൾ തുറന്ന് പിടിക്കാൻ തന്നെ പ്രയാസം. എന്തോ ഒരു തടസ്സം. അന്ധകാരം. ഇനി ഇങ്ങനെ വല്ലതുമായിരിക്കുമോ ആ പ്രത്യാഘാതം. ഏതാനും നിമിഷങ്ങൾക്കുള്ളിൽ എന്റെ കണ്ണുകൾ പുഴുത്ത് നീരൊലിച്ച് വികൃതമായേക്കുമോ. നിത്യാന്ധത... കണ്ണുപൊട്ടൻ. കണ്ണുകളില്ലാതെ ഞാനെങ്ങനെ ഈ പ്രപഞ്ചത്തെ കാണും... വായിക്കും... വായിനോക്കും. ഇതിലും വലിയൊരു ദണ്‌ഡനമീ ഭൂമിയില്‍ മറ്റെന്താണുളളത്. ഞാൻ ചിന്തിച്ചു. മരങ്ങളില്‍ കൂടോത്രം ചെയ്ത് അടിച്ചു കയറ്റിയ ആണികളിൽ തളക്കപ്പെട്ട സാരിധാരികളായ യക്ഷികളെ ആ ആണി വലിച്ചെടുത്തേതെങ്കിലും നിഷ്കളങ്കൻ സ്വാതന്ത്ര്യമാക്കുമ്പോൾ സാധാരണ ഇങ്ങനെയൊക്കെ സംഭവിക്കുന്നത് ഞാൻ സിനിമകളിൽ കണ്ടിട്ടുണ്ട്. ആണി വലിച്ചെടുക്കന്നതോടുകൂടി അയാളുടെ കണ്ണിലൊരു കരടു വീഴും. അത് ശരിപ്പെടുത്തുവാനുള്ള ശ്രമത്തിനിടെ കൊടുങ്കാറ്റും പേമാരിയുമായി പ്രകൃതി ആടി ഉലയും. പശ്ചാത്തലമായി കാൽചിലമ്പിന്റെ അകമ്പടിയോടെ ദീര്‍ഘമായ അട്ടഹാസങ്ങൾ കേൾക്കാം. പെൺ പൊട്ടിച്ചിരികളുടെ മാലപ്പടക്കം. അയാൾ ജീവനും കൊണ്ട്‌ തലങ്ങും വിലങ്ങും പരക്കം പായും.

എന്നിരുന്നാലും... കൈകൊണ്ട്‌ കണ്ണീനെ നന്നായൊന്ന് തിരുമ്മിയതോടെ സംഗതി ക്ലിയർ. ആശ്വാസമായി. കണ്ണുകൾക്കൊന്നും സംഭവിച്ചിട്ടില്ല. ഞാനാ കണ്ണുകൾ മലർക്കെ തുറന്ന് ചുറ്റുമൊന്ന് നിരീക്ഷിച്ചു. മുറിയുടെ നരച്ച ചുമരുകളും ചപ്പു ചവറുകൾ നിറഞ്ഞ നിലവും കണ്ടു. പിന്നെ, തുറന്ന് കിടക്കുന്ന ജനല്‍ വഴി പുറത്തേക്കെത്തി നോക്കി. മരങ്ങൾ ചെരിഞ്ഞ് തൂങ്ങി നില്‍ക്കുന്ന ഭീകര കൊടുങ്കാറ്റോ... കോരി ചൊരിയുന്ന മഴയോ... യക്ഷിയുടെ പൊട്ടിച്ചിരിയോ... കാൽ ചിലമ്പു നാദമോ ഇല്ല. അസ്തമയ സൂര്യന്റെ ചുവന്ന പ്രകാശത്തില്‍ ശാന്ത ഗംഭീരമായി പ്രകൃതി മന്ദസ്മിതം തൂകി നില്‍ക്കുന്നു. ഭൂമിയുടെ ഭ്രമണ പരിക്രമണത്തിനും ഒരു തടസ്സവും നേരിട്ടതായി അറിവില്ല. കാറ്റ്... തിരമാലകൾ... ഒഴുക്ക്... മഞ്ഞ്... രാത്രി... പകല്‍ തുടങ്ങിയ പ്രകൃതി ചലനങ്ങള്‍ പതിവ് പോലെ തന്നെ.

ശാന്തം... സമ്പൂര്‍ണ്ണം. ലോകത്തൊന്നും തന്നെ പ്രത്യേകമായി സംഭവിച്ചതിനു തെളിവില്ല.

ഞാൻ കുപ്പി പരിശോധിച്ചു. കറുത്ത പുക മാതിരി എന്തോ പുരണ്ട അതിനെ തുടച്ച് വൃത്തിയാക്കുമ്പോൾ അതിന്റെ ഏറ്റവും താഴെ ഇങ്ങനെ എഴുതിയിരിക്കുന്നതായി കണ്ടു...

"സൂപ്പർ മാര്‍ക്ക് ബ്രാണ്ടി"

അഥവാ, നല്ല ശുദ്ധമായ മദ്യം കുപ്പി തന്നെ.

പടച്ചോനെ... പണ്ടെങ്ങോ എവിടെയോ ഉള്ളൊരു ഭയങ്കരനായ കള്ള് കുടിയന്‍ കുടിച്ചു പൂസായി വന്ന് നാട്ടുകാരെ തെറി വിളിച്ച്... ഭാര്യയെ തൊഴിച്ച്... മക്കളെ തല്ലി പഞ്ചറാക്കി... അവരുടെ പുസ്തകങ്ങൾ, ചട്ടി, കലം, പാത്രങ്ങൾ തുടങ്ങിയ ചവിട്ടി തെറിപ്പിച്ച്... വാളു വെച്ച് അകം മുഴുവന്‍ മലിനമാക്കി ഉപേക്ഷിച്ച ഒരു കുപ്പിയാണീ കക്ഷി... കള്ളു കുപ്പി. ഇവനായിരുന്നത്രേ ഈ വീടിന്റെ രക്ഷാപുരുഷൻ... ഇത്രയും കലമീ വീടിന്റെ മച്ചിനു മുകളില്‍ സര്‍വ്വാധികാരിയെപ്പോലെ കഴിഞ്ഞു വന്നിരുന്നതിവനായിരുന്നു പോൽ.

ഞാന്‍ വെറുതെ ഓരോന്ന് ചിന്തിച്ചു നിന്നു... സൂപ്പർ മാര്‍ക്ക് ബ്രാണ്ടിയെ കുറിച്ചും... വിഡ്ഢികളായ മനുഷ്യരെ കുറിച്ചും.

ശുഭം... സുന്ദരം.

Saturday, 17 July 2021

കുഞ്ഞെമ്മിയുടെ തെങ്ങ്

എന്റെ വീടിന്റെ സമീപത്ത് നിന്നും ഏറെ ദൂരമില്ലാത്തൊരിടത്താണ് മണ്ണാര്‍മല തമ്പുരാന്റെ പുരാതന കോവിലകം സ്ഥിതിചെയ്യുന്നത്. കാലപ്പഴക്കം കൊണ്ടും നോക്കാനാളില്ലാതേയും ആകെ നിര്‍ജ്ജീവമാണിന്നത്. കാടു മറച്ച എട്ടുകെട്ടിന്റെ പല ഭാഗങ്ങളും ഇടിഞ്ഞു പൊളിഞ്ഞ് പ്രേതഭവനം പോൽ കിടപ്പാണങ്കിലും ചില ഭാഗങ്ങൾ കാലത്തിന്റെ കുത്തൊഴുക്കിൽ തകരാതെയങ്ങനെ പിടിച്ചു നില്‍ക്കുന്നത് കാണാന്‍ കഴിയുന്നു. ഒരിക്കല്‍ ഞാനവിടം സന്ദര്‍ശിച്ചിരുന്നു. പച്ചപകലു പോലും ഭയം മാടി വിളിക്കുന്ന ഭാർഗ്ഗവീനിലയം. ഞാനേറെ ഭയവിഹ്വലതയോടെയാണ് അന്നവിടെ ചിലവഴിച്ചത്. മനുഷ്യ രക്തം ഊറ്റി കുടിക്കുന്ന പ്രേതങ്ങൾ, ജിന്ന്, മറുത, ഇഴജന്തുക്കൾ, ശ്വാനന്മാർ, വവ്വാലുകൾ തുടങ്ങിയവരെയൊക്കെ ഞാനന്നവിടെ പ്രതീക്ഷിച്ചിരുന്നെങ്കിലും ദൈവാധീനം കൊണ്ടാരേയും കണ്ടില്ല... ഭാഗ്യം. ആ കോവിലക കെട്ടുകൾ തകർന്ന് തരിപ്പണമായി നിത്യവിസ്മൃതിയിൽ ലയിക്കാതെ ബാക്കിയിരിപ്പുണ്ടങ്കിൽ ഒരിക്കല്‍കൂടി അവിടെ ചെല്ലാനെനിക്ക് അതിയായ ആഗ്രഹമുണ്ട്. വെറുതെ അവിടെയൊക്കെ ഒന്ന് ചുറ്റി നടക്കണം... കുറേ ഫോട്ടോകൾ എടുക്കണം എന്നിത്യാദികളാണ് 'പുതിയ' ആഗ്രഹങ്ങള്‍...

അവസാനിക്കാത്ത ആഗ്രഹങ്ങളുടെ മറ്റൊരു പേരാണല്ലോ മനുഷ്യന്‍.

ഒരു കാലത്ത് മേല്‍ മണ്ണാര്‍മല തമ്പുരാന്റെ കീഴിലുണ്ടായിരുന്ന തെങ്ങിൻ തോപ്പുകളായിരുന്നു ഞങ്ങളുടെ പറമ്പുള്‍പ്പെടുന്ന ഈ കരുവമ്പാറ പ്രദേശം മുഴുവനുമെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. കറുകറുത്ത അനേകം പാറ കൂട്ടങ്ങൾ മുളച്ച് പൊന്തി നില്‍ക്കുന്നതിനാലായിരിക്കാം ഈ സ്ഥലത്തിന് കറുത്ത പാറയുള്ള സ്ഥലം എന്ന നിലയില്‍ കരുവമ്പാറ എന്ന പേര്‌ ലഭിച്ചത്. അല്ലെങ്കിൽ, ഇവിടെയുള്ള പാറയിലൊന്നിൽ പണ്ടുണ്ടായിരുന്നൊരു കരുവാന്റെ ആലയിൽ നിന്നുമായിരിക്കാം ആ പേര്‌ വന്നത്... കരുവാന്റെ പാറ. അഥവാ, കരുവമ്പാറ. എന്നിരുന്നാലും, ആരുടെക്കെയോ കൈകളിലൂടെ മാറിമറിഞ്ഞ് വന്നതിനൊടുവിൽ ആ മണ്ണിന്റെ ചെറിയൊരു ഭാഗമെന്റെ പിതാവിന്റെ കൈവശവുമെത്തിച്ചേർന്നു. അവിടെ പണിയിച്ച വീട്ടിലാണ് ഞങ്ങളിപ്പോൾ സസന്തോഷം കഴിഞ്ഞ് വരുന്നത്.

തെക്കന്‍ മലയുടെ വേരുകൾ പോലുള്ള വലിയ പാറകള്‍ നിറഞ്ഞു നില്‍ക്കുന്ന ഗർത്തം. അവിടെ നിന്നും താഴേക്ക് നോക്കിയാല്‍ പാറക്കൂട്ടങ്ങളാണ് കാഴ്ച്ചയിൽ. അതിലവിടെവിടെയായി ധാരാള കണക്കിന്‌ പൊത്തുകൾ കാണാം. അഥവാ, അഗാധമായ മടകൾ... ഇങ്ങനെയൊക്കെ ആയിരുന്നു ഒരു കാലത്തീ പുരയിടത്തിന്റെ അവസ്ഥ എന്ന് ഉമ്മമ്മ പറഞ്ഞ്‌ ഞാൻ കേട്ടിട്ടുണ്ട്. അവരെന്റെ ഉപ്പയുടെ മാതാവാണ്. മരിച്ചു പോയിരിക്കുന്നു... അവരുടെ ഖബറിടം ദൈവം വിശാലമാക്കട്ടെ... അമീന്‍. ഒരുപക്ഷേ, ആ പാറമടകളിൽ കല്ലും മണ്ണും നിറച്ച്... നിരന്ന പറമ്പായി രൂപപ്പെടുത്താൻ എന്റെ വന്ദ്യ പിതാവ് ഏറെ കഷ്ടപ്പെട്ടിരിക്കാം. ഇന്നത് മരങ്ങളും ചെടികളും വളരുന്ന... ഞങ്ങളുടെ വീട് സ്ഥിതി ചെയ്യുന്ന... മനോഹരമായൊരു പുരയിടമാണ്.

ദൈവത്തിന് നന്ദി.

തൊടിയുടെ ഒത്ത മധ്യത്തിലാണ് എന്റെ വീട്ടിലെ ഒരേയൊരു തെങ്ങ് 'ഹമ്പട ഞാനേ' എന്ന മട്ടില്‍ വളര്‍ന്ന് വരുന്നത്. തെങ്ങോലകള്‍ ഒരു പന്തല്‍ കണക്കെ തൊടിക്ക് മുകളില്‍ പരന്ന് വിടര്‍ന്നു കിടക്കുന്നത് കാണാം. ഉമ്മയുടെ വലിയ ചങ്ങാതിയാണാ തെങ്ങ്. ഉമ്മയുടെ അഞ്ചാമത്തെ മകനാണവനെന്ന് ഞങ്ങളിടക്കിടക്ക് പറഞ്ഞവരെ കളിയാക്കാറുണ്ട്. ഓരോ കൊല്ലവും മാസവും അതിൽ നിന്നും ലഭിക്കുന്ന തേങ്ങയുടെ എണ്ണം, അത് ആർകൊക്കെ കൊടുത്തു, അതുകൊണ്ടെന്തെല്ലാം ചെയ്തു, പെങ്ങള്‍ എത്ര എണ്ണം അവളുടെ വീട്ടിലേക്ക് കടത്തി... എന്നിത്യാദി വിവരങ്ങളൊക്കെയും അവരുടെ കൈയിൽ ഭദ്രമാണ്. തെങ്ങിൻ തടിയിൽ അയല്‍ കെട്ടാനോ മറ്റെന്തെങ്കിലും ആവശ്യത്തിനോ ഉള്ള കയറിട്ട് മുറുക്കുക, നിഷ്കരുണം ആണിയോ അതുപോലുള്ള മറ്റെന്തെങ്കിലും സാധനങ്ങൾ അടിച്ചു കയറ്റുക, തെങ്ങിൻ മുരടിൽ നിന്നും ലക്കും ലഗാനുമില്ലാതെ മണ്ണ് മാന്തിയെടുക്കുക, അവിടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിക്ഷേപിക്കുക, സമീപത്ത് തീപുകക്കുക, മണ്ടയിലേക്കാവശ്യമില്ലാതെ നോക്കിയിരിക്കുക, കുലയിലെ തേങ്ങകളുടെ കണക്കെടുക്കുക എന്നിത്യാദി പരിപാടികൾ കയ്യും നഖവുമപയോഗിച്ചാണ് അവരെതിർക്കാറ്. മുരടിൽ വെറുതെ ഒരു രസത്തിനെന്നോണം ചിനക്കാൻ വരുന്ന കോഴികളെ മുഴുവന്‍ എറിഞ്ഞോടിച്ചുമ്മ പറയും...

"റബ്ബേ... ന്റെ തെങ്ങ്... ഈ കുരിപ്പാൾക്ക് ചെനക്കാനെന്റെ തെങ്ങിൻ മൂടേ കിട്ട്യോ ഒള്ളോ" എന്ന്.

കോഴികളപ്പോൾ ജീവനും കൊണ്ട്‌ പരക്കം പായും. പക്ഷികള്‍ പറന്നകലും...

പണ്ട്‌... 'ആദിമ' കാലത്ത്‌ എന്റെ ഉമ്മയുടെ വീട്ടിലൊരു തെങ്ങുണ്ടായിരുന്നു. വലിയ ഏക്കർ കണക്കിന്‌ റബ്ബർ തൊട്ടത്തിനു നടുവിലെ വീടും പുരയിടവും നില്‍ക്കുന്ന സ്ഥലത്തെ ധാരാളം കണക്കിന്‌ തെങ്ങുകൾക്കിടയിലെ ഒരു തെങ്ങ്. ആ തെങ്ങിന്റെ സവിശേഷത എന്താണെന്നു വെച്ചാൽ... അതിന്റെയവകാശി മേല്‍ എന്റെ ഉമ്മ മാത്രമായിരുന്നു. അഥവാ, അതിലുണ്ടാകുന്ന തേങ്ങ, പട്ട, ഓല, മെടൽ, ചകിരി തുടങ്ങിയ എല്ലാ വിഭവങ്ങളും എന്റെ ഉമ്മാക്ക് സ്വന്തം. തെങ്ങിൽ തേങ്ങ കുലക്കുമ്പോൾ, ഉണങ്ങിയ പട്ടകൾ താഴെ വീഴുമ്പോള്‍ ഉമ്മയത് ഓടി ചെന്ന് പെറുക്കി കൂട്ടി ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവരും. ഉമ്മ ഹാജറല്ലെങ്കിൽ ഉമ്മാക്കായത് സൂക്ഷിച്ച് വെക്കും. ഇന്ന്‌ പക്ഷേ, വാര്‍ദ്ധക്യത്തിന്റെ പരീക്ഷീണത്തിലാണവനെന്ന് തോന്നുന്നു. തേങ്ങയില്ല... പച്ച പട്ടകളില്ല... മിനുസമാർന്ന ചര്‍മ്മമില്ല. എങ്കിലും, കുഞ്ഞമ്മിയുടെ തെങ്ങ് എന്ന പേരില്‍ ഇന്നുമവനവിടെ ഗമയോടെ നില്‍ക്കുന്നു. എന്നിരുന്നാലും, ഞാൻ പറഞ്ഞു വരുന്നത് അത് പോലൊക്കെയാണ് എന്റെ തൊടിയിലുള്ള മേല്‍ തെങ്ങിന്റേയും അവസ്ഥ എന്നാകുന്നു. നിയന്ത്രണാവകാശം ഉമ്മയിൽ മാത്രം നിക്ഷിപ്തമായ മറ്റൊരു തെങ്ങ്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഏതാനും കരണ്ടാപ്പീസ് ജീവനക്കാരാ വഴി വന്നിരുന്നു. അറ്റത്ത് നല്ല മൂര്‍ച്ചയുള്ള കൊടുവാൾ പിടിപ്പിച്ച നീളൻ തോട്ടി, ഊരാംകുടുക്കുള്ളൊരു കയര്‍, മരത്തിൽ പൊത്തിപ്പിടിച്ച് കയറാനുളള വടം തുടങ്ങിയവയൊക്കെയാണ് അവരുടെ കൈവശമുണ്ടായിരുന്നത്. ആ വരവിന്റെ ഉദ്ദേശം അല്‍പ്പം കടന്ന കൈയായിരുന്നു. അഥവാ, ഇളം പച്ച നിറത്തില്‍ തൂങ്ങിയാടുന്ന തെങ്ങിന്റെ പട്ടകൾ ചട്ടപ്പടി അറഞ്ചം പുറഞ്ചം വെട്ടി കളയുക. തൊടിയുടെ ഒരു വശത്ത് നീണ്ടു പോകുന്നൊരു കറണ്ട് കമ്പിയുടെ ഭാഗമാണുള്ളത്. ആ കമ്പിക്ക് മുകളിൽ മേല്‍ തെങ്ങിലെ ഏതാനും പട്ടകൾ ഞാഞു കിടന്നാടുന്നുണ്ട്. ചില മഴയുള്ള ദിവസങ്ങളിലത് കമ്പിയിലേക്ക് താഴ്ന്നു വരും. കാറ്റ് കൂടിയുണ്ടങ്കിൽ പറയുകയും വേണ്ട. അതിനാല്‍, പട്ടവധമല്ലാതെ മറ്റൊരു പോംവഴിയും അവരുടെ മുമ്പിലില്ല. കറണ്ട് കമ്പികളെ ചുംബനം കൊടുത്തു നില്‍ക്കുന്ന സമീപ തൊടികളിലെ മരചില്ലകൾ, തെങ്ങിൻ പട്ടകൾ എന്നിവരെ നിഷ്കരുണം വെട്ടി കളഞ്ഞാണ് അവരുടെയാ വരവ്. ദൂരെ നിന്നും 'പ്ടോം, പ്ടോം' എന്ന് വീഴുന്ന ആ ശബ്ദം കേട്ടപ്പോൾ തന്നെ ഉമ്മാക്ക് കാര്യം പിടികിട്ടിയെന്ന് തോന്നുന്നു. ഉച്ച മയക്കത്തിലായിരുന്ന അവർ ഞെട്ടിയുണർന്ന് തെങ്ങിൻ മൂട്ടില്‍ ഹാജരായി. ഞാൻ നിർവികാരനായി മുകൾ നിലയിലെ എന്റെ മുറിയിലെ ജനല്‍ വഴി പുറത്തേക്കും നോക്കി നിന്നു.

വെട്ടുകാർ വലിയ തോട്ടിക്ക് മുകളില്‍ ഘടിപ്പിച്ച മൂര്‍ച്ചയുള്ള മടവാളുമായി ഞങ്ങളുടെ തൊടിയുടെ സമീപത്ത് ഏതാനും മിനിട്ടുകള്‍കൊണ്ട് എത്തിച്ചേരും

ഉദ്വേഗജനകമായ നിമിഷം.

തെങ്ങിന്റെ പേരും പറഞ്ഞ് ഉമ്മ വിരട്ടിയോടിക്കാറുള്ള ഞാനോ, എന്റെ സഹോദരങ്ങളോ, പച്ചപാവത്തുങ്ങളായ കോഴികളോ, പൂച്ചകളോ അല്ല എതിർചേരിയില്‍. സര്‍ക്കാറാണ്. സ്വതന്ത്രജനാതിപത്യ സര്‍ക്കാര്‍. അവര്‍ക്ക് ചോദിക്കാനും പറയാനും ആളുകളുണ്ട്. പോലീസുണ്ട്... കോടതിയുണ്ട്... കളക്ടറുണ്ട്... വൈദ്യുതി വകുപ്പ് മന്ത്രിയുമുണ്ട്... പോരാത്തതിന് ബങ്കറിൽ സര്‍വ്വസജ്ജമായ പട്ടാളവും അവരുടെ കൈയിൽ തോക്കും ബോംബുമുണ്ട്... പേരെങ്കിൽ മിസൈലും കവചിത വാഹനങ്ങളുമുണ്ട്. ഉമ്മാക്കിവിടെ എന്ത് ചെയ്യാൻ കഴിയും... ഞാനത് കാണാനായി ജനല്‍ വഴി അക്ഷമയോടെ കാത്തു നിന്നു.

ഏതാനും നിമിഷങ്ങൾ...

ഒന്നുകിൽ തെങ്ങിൻ പട്ടകൾ ഉമ്മയുടെ മുന്നിലേക്ക് പെയ്തിറങ്ങും. അല്ലെങ്കിൽ, അത് വെട്ടാൻ വന്നവർ തോട്ടിയുമെടുത്ത് ജീവനും കൊണ്ടോടിപ്പോകും. രണ്ടായാലും യുദ്ധമുറപ്പ്.

അവർ അതിര്‍ത്തിയിലെത്തി. അടുത്ത ഒരു കാൽ മുന്നോട്ട് വെച്ചാല്‍ ഞങ്ങളുടെ സാമ്രാജ്യമാണ്. അവിടെ അതികായനായ മേല്‍ തെങ്ങ്. അതിൽ ഏതാനും കാക്കകള്‍... മുരടിൽ ഒന്ന് രണ്ട് പൂച്ചകളും അയൽപക്കത്തെ കോഴികളും... പിന്നെ, 'സര്‍വ്വായുധ' സജ്ജമായെന്നോണമൊരു സ്ത്രീ... അവരുടെ തന്നെ ഭാഷയിൽ പറഞ്ഞാലൊരു താത്ത. അഥവാ, എന്റെ പ്രിയങ്കരിയായ മാതാവ്.

പന്തികേട് തോന്നിയിട്ടോ എന്തോ... കമ്പിക്ക് മുകളില്‍ വീഴാന്‍ പാകത്തിന് നില്‍ക്കുന്ന ചില്ലകൾ വെട്ടി മാറ്റാനാണ് തങ്ങളീ സന്നാഹങ്ങളുമൊക്കെയായി വന്നിരിക്കുന്നതെന്ന് അതിർത്തിക്കപ്പുറത്ത് തന്നെ നിലയുറപ്പിച്ചാ കറന്റ് ജീവനക്കാർ ഉമ്മയോട് മൊഴിഞ്ഞു.

"അതിന്‌ ഞാന്‍ സർക്കാറിലേക്ക് ഹരജി നല്‍കിയിട്ടുണ്ടല്ലോ..." കൈകൾ രണ്ടും പിന്നിലേക്ക് കൂട്ടി പിടിച്ച് ഉമ്മ അവരോടായി പറഞ്ഞു.

"എന്തിന്‌... തെങ്ങിൻ പട്ട വെട്ടുന്നത് തടയാനോ...?" അവരുടെ തികച്ചും ന്യായമായ സംശയം.

"അല്ല... എന്റെ തെങ്ങിന് തടസ്സമായി നില്‍ക്കുന്ന നിങ്ങളുടെ ഈ കമ്പി ഇവിടെ നിന്നും മാറ്റാൻ"

ഉമ്മയുടെ മറുപടി കേട്ട്... അന്തം വിട്ടെന്നോണം അവരൊന്ന് പരസ്പരം നോക്കി.

അതിനായി സര്‍ക്കാറിലേക്ക് അയ്യായിരം രൂപയും താന്‍ അടക്കി വസൂലാക്കിയിരിക്കുന്നു എന്ന് കൂടി കേട്ടപ്പോൾ അവര്‍ക്ക് അവിടെ നിന്നും പോവുകയല്ലാതെ മറ്റൊരു നിവൃത്തിയുമില്ലാതായി.

അവർ നിയമപരമായ തങ്ങളുടെ ഉത്തരവാദിത്ത നിര്‍വ്വഹണത്തിൽ നിന്നും പിന്തിരിഞ്ഞു.

"ഉദ്യോഗസ്ഥൻമാരെങ്ങാൻ ഈ വഴി വന്നാൽ അവരോടും ഇക്കാര്യം പറയാൻ മറക്കരുത്. അല്ലെങ്കിൽ, നിങ്ങൾ കൈക്കൂലി നല്‍കിയിട്ടിണ് ഞങ്ങളീ പട്ട വെട്ടാതെ വിട്ടതെന്നവർ പറഞ്ഞ് നടക്കും..." അവർ തിരിഞ്ഞ് നടക്കുമ്പോൾ ഉമ്മയോടുറക്കെ പറയുന്നുണ്ടായിരുന്നു.

ഉമ്മ തലയാട്ടി. പിന്നെ, തെങ്ങിൻ മൊരടിൽ ഒരുകാര്യവുമില്ലാതെ നില്‍ക്കുകയായിരുന്ന പൂച്ചകള്‍, കോഴികള്‍ എന്നിവരെ ആട്ടി പറഞ്ഞു വിട്ട്... അവിടെ വീണു കിടക്കുന്ന തേങ്ങ, പട്ട, മടൽ എന്നിവ പെറുക്കി മുറ്റത്തേക്കെടുത്തിട്ട് ഉച്ച മയക്കത്തിലേക്ക് മടങ്ങി.

ഒരു വലിയ ഉഷാറ് മരതടിയുടെ താങ്ങിൽ ധ്യാനനിമഗ്നനായി നില്‍ക്കുന്ന കോണ്ക്രീറ്റ് പോസ്റ്റിന്റെ മണ്ടയിലേക്ക് വലിച്ച് മുറുക്കി കെട്ടി വെച്ച... ദൂരെ ദൂരെ നിന്ന് വരുന്ന നെടു നീളൻ അലൂമിനിയം കമ്പികളാകുന്നു ഈ കറന്‍റ് കമ്പികൾ. അതിലൂടെ പ്രവഹിക്കുന്നത് സംഹാര സ്പന്ദനമായ വൈദ്യുതി എന്ന അതിമഹത്തായ ഊർജ്ജ സ്രോതസ്സാണ്. ഒന്ന് സ്പര്‍ശിച്ചാൽ ക്ഷണ നേരം കൊണ്ട്‌ കത്തി ചാമ്പലായി പോകുന്ന വജ്രായുധം. ആ കമ്പികളാണ് കുഞ്ഞമ്മിയുടെ തെങ്ങിലെ ഏതാനും പീറ തെങ്ങോലകളെ പേടിച്ച് തൽസ്ഥാനത്തു നിന്നും ചുരുട്ടി കൂട്ടി ദൂരെക്കളയാൻ പോകുന്നത്.

ബല്ലാത്ത ജാതി തെങ്ങു തന്നെ...

Monday, 14 June 2021

ജീവിതമെത്ര നിസ്സാരം

ഞാനൊരു ഖബറിനെ കുറിച്ച് പറയാം. ഖബറെന്ന് പറഞ്ഞാൽ നിഗൂഢ സുന്ദരമായൊരു വലിയ പറമ്പിന്റെ ഒത്ത മധ്യത്തിൽ ആകാശം മുട്ടെ ഉയർന്ന് നില്‍ക്കുന്ന വലിയ മരങ്ങൾക്കിടയിൽ പൊട്ടി തകർന്ന് കിടക്കുന്ന കുറേ പുരാതന കല്ലറകൾ... ഒന്നോ രണ്ടോ... അതിൽ കൂടുതലോ ഉണ്ടാകാമത്. മരങ്ങളുടെ ചില്ലകള്‍ തീര്‍ത്ത മറവിൽ പകല്‍ പോലുമവിടെ ചെറിയ ഇരുട്ട് പരന്നിരുന്നു. വള്ളിച്ചെടികളും കാട്ടുമരങ്ങളും തുടങ്ങി പേരറിയുന്നതും അറിയാത്തതുമായ ചെടികള്‍ വിരിച്ച പരവതാനിയാ മണ്ണിനെ മറച്ചിരുന്നു. അവയുടെ മൊരടിൽ നിറയെ പാമ്പുകൾ വസിക്കുന്നുണ്ടായിരിക്കാം... ദൈവാധീനം കൊണ്ട്‌ അന്ന് ഞാനതിലെ ഒന്നിനെ പോലും കണ്ടിരുന്നില്ല. ഭാഗ്യം... കണ്ടിരുന്നെങ്കിൽ ഒരുപക്ഷേ, ഈ കൊച്ചു വൈകുന്നേരത്തൊരു ഗ്ലാസ്സ് ചായയും മൊത്തിക്കുടിച്ചിങ്ങനെ ഗമയിലിരുന്ന് എഴുതാൻ എനിക്ക് കഴിയുമായിരുന്നോ.
 
അറിയില്ല... ദൈവം രക്ഷാ...
 
പറമ്പിന്റെയൊരു മൂലയിൽ ആളൊഴിഞ്ഞൊരു പുരാതന ഗൃഹവുമുണ്ടായിരുന്നു. കരിങ്കല്ലുകളടുക്കി പെറുക്കി വെച്ചത് പോലെ തോന്നുന്ന ആ പരുക്കന്‍ വീടിന്റെ പിന്‍വശമാണ് പറമ്പില്‍ നിന്നും കാണാൻ കഴിയുന്നത്. അതിൽ വലിയ ഒറ്റക്കൽ മൂത്രപാത്തി പുറത്തേക്കുന്തി നില്‍ക്കുന്നത് കാണാം. കൂടാതെ, കവാടമാണോ വാതായനമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത മരചട്ടകൂടുകളും അതിൽ കൊത്തുപണികള്‍ നിറഞ്ഞ അടപ്പുകളും പ്രൗഢമായ കാഴ്ച്ച തന്നെ. കാലം പരിക്കേല്‍പ്പിച്ച ചെറിയ ചെറിയ വിളളലുകളുമായി ചരിത്രത്തിൽ നിന്നും ആധുനികതയിലേക്കാ ചുമരുകളൊളിഞ്ഞു നോക്കുകയാണ്. ഞാൻ പറഞ്ഞല്ലോ... പകല്‍പ്പോലും ഇരുട്ട് തൂങ്ങിയാടുന്ന പറമ്പ്‌. വരും തലമുറക്കായെന്നോണം കാരണവന്‍മാര്‍ നട്ടുപിടിപ്പിച്ച് വെള്ളമൊഴിച്ച് വളര്‍ത്തിയ പടുമരങ്ങളുടെ നിഗൂഢ ഭാവം. അതും പേരെങ്കിൽ വീടിന്റെ അല്‍പ്പമകാലത്തായി സ്ഥിതിചെയ്യുന്ന ആ കല്ലറകൾ. എങ്ങനെയെന്നാവോ ആ കുടുംബം ഇത്രയും നാളീ വീട്ടില്‍ കഴിഞ്ഞു വന്നത്. നിലാവ് പെയ്തിറങ്ങുന രാത്രിയില്‍ ആ ജനൽ വഴി അവരീ പറമ്പിലേക്ക് നോക്കിയിരുന്നോ ആവോ...
 
ആ പുരാതന വീടിന്റെ സമീപത്ത് വലിയൊരു വീട് വെച്ച് താമസിച്ച് വന്നിരുന്ന എന്റെയൊരു സുഹൃത്ത് വഴിയാണ് ഞാനങ്ങോട്ട് തിരിക്കുന്നത്. നൂറ് വർഷത്തിൽ കൂടുതൽ പഴക്കം വരുന്ന ആ വീട്ടില്‍ നിന്നും ആയിടെയാണ് അവനും കുടുംബവും പുതിയ വീട്ടിലേക്ക് താമസം മാറ്റുന്നത്. ആ വകയില്‍ പുരാതനത്വം തുളുമ്പുന്ന അനേകം വസ്തുവഹകൾ അവരവിടെ ഉപേക്ഷിച്ചു പോന്നത്രെ... സ്വാഭാവികം... എനിക്കാ പുരാവസ്തുക്കളൊക്കെ ഒന്ന് കാണണം... പറ്റുമെങ്കില്‍ അവനോട് ചോദിച്ചത് സ്വന്തമാക്കണം... പിന്നെ, കുറേ ഫോട്ടോകളെടുക്കണം... ഇതൊക്കെയാണെന്റെ ആ യാത്ര ഉദ്ദേശങ്ങൾ.
 
വീടിന്റെ കാഴ്ച്ചകളിലേക്ക് കയറും മുമ്പ്‌ പെട്ടന്നാണ് അവനെനിക്കാ ഖബറുകളെ ചൂണ്ടിക്കാണിച്ചു തന്നത്. അതിനാല്‍, അത് കണ്ടിട്ടാകാം തുടര്‍ന്നുള്ള സഞ്ചാരമെന്ന് നിശ്ചയിച്ച് ഞങ്ങളങ്ങോട്ട് നടന്നു. ഞാന്‍ പറഞ്ഞല്ലോ പറമ്പ്‌ മുഴുവന്‍ പച്ചിലക്കാട് പുതച്ചിരിക്കുകയാണ്. കൂടാതെ, മുൾപടർപ്പുകൾ, പൊട്ടിവീണ മരചില്ലകള്‍, ജൈവ മാലിന്യങ്ങള്‍ തുടങ്ങി അലക്ഷ്യമായി ഉപേക്ഷിച്ച കുപ്പിച്ചില്ലുകള്‍ വരെ അക്കൂട്ടത്തിലുണ്ട്... അതുകൊണ്ട്‌ തന്നെ, വളരെ ശ്രമപ്പെട്ടാണ് ഞങ്ങളതിലൂടെ നടക്കുന്നത്. ഓരോ കാലും മുന്നോട്ട് വെച്ച് പ്രതീക്ഷയോടെ ഞങ്ങൾ തറയെ തിരയുമ്പോൾ... കാൽപാതങ്ങളെ ആഞ്ഞു കൊത്താനായി കുതിച്ചുയരുന്നൊരു പാമ്പിനെ ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. ആ കടിയെങ്ങാൻ കാലില്‍ വീണാല്‍ മരണം സുനിശ്ചിതം. അതിനാല്‍, ഭയത്തിന്റെ പുതപ്പു പുതച്ചാണ് പറമ്പിന്റെ ഒത്തമധ്യത്തിലേക്ക് ഞങ്ങൾ നടന്നടുക്കുന്നത്.
 
ഒടുവില്‍ ഞങ്ങൾ ലക്ഷ്യസ്ഥാനത്തെത്തി ചേര്‍ന്നു. പച്ചവര്‍ണ്ണത്തിലുള്ള വിശാലമായ നിലം കാണുമ്പോള്‍ ഭീകര രൂപികളായ വിഷപാമ്പുകളുടെ ചിത്രങ്ങൾ വീണ്ടും മനസ്സിലേക്ക് കടന്ന് വരുന്നു. അവിടെ ഒരാൾ പോക്കത്തിലുയർന്ന് നില്‍ക്കുന്ന ചെങ്ങണ തൈകളുടെ മറവില്‍ വേരുകൾ പടർന്നു കയറിയൊരു ചെറിയ തറകാണാം. അതിന്റെ ഇരുവശത്തും പിഴുത് മറിയാൻ നില്‍ക്കുന്ന മീസാൻ കല്ലുകളുടെ ചിത്രം അതൊരു ഖബറാണെന്ന സൂചന നല്‍കുന്നു. മീസാൻ കല്ലുകൾ കരിങ്കൽ നിര്‍മ്മിതമാണ്. പുരാതനത്വത്തിന്റെ അടയാളം. കാലപ്പഴക്കത്തിന്റെ കയ്യൊപ്പ് പോലെ തറയിലെ കല്ലുകൾ മിക്കതും അടര്‍ന്ന് പോയിട്ടുണ്ട്. ആരായിരിക്കാം ഇതിനുള്ളിൽ അന്ത്യവിശ്രമം കൊള്ളുന്നത്. ഞാനവനോട് ചോദിച്ചു.
 
"അറിയില്ല... തങ്ങളുടെ ഉപ്പമാർക്കും അറിയില്ല" അവന്‍ പറഞ്ഞു.
 
ഒരുപക്ഷേ, അവന്റെ പിതാവിന്റെ പിതാക്കൾക്കറിയുമായിരിക്കാം... ആ മനുഷ്യരേത് സാഹചര്യത്തിലാണിവിടെ മറമാടപ്പെട്ടതെന്ന്. മുസ്ലീം വിശ്വസ പ്രകാരമനുസരിച്ച് പ്രാർത്ഥന നിർഭരമായി അനുഗമിച്ച് നീങ്ങുന്ന അനേകം മനുഷ്യരുടെ കൂടെ പള്ളിയില്‍ കൊണ്ടുപോയാണ് പരേതരെ മറവ് ചെയ്യാറ്. എന്നാൽ, ഇവിടെ അങ്ങനെയല്ല സംഭവിച്ചിരിക്കുന്നത്. എന്തായിരിക്കാമതിന്റെ കാരണം. അനേകം ചോദ്യങ്ങൾ ബാക്കി വെച്ചാ ഖബറുകൾ ഞങ്ങളെ ദയനീയമായി നോക്കുന്നത് പോലെ തോന്നുന്നു. എന്തായാലും, പുറം ലോകമറിയാതെ അനേകം കാലങ്ങള്‍ക്കിപ്പുറം ഇന്നുമതവിടെ നിലനിന്ന് വരുന്നത് അത്ഭുദപ്പെടുത്തുന്ന കാര്യം തന്നെയാണന്ന് പറയാതിരിക്കാന്‍ കഴിയില്ല. ആരാണന്നറിയാത്ത, എപ്പോള്‍, എങ്ങനെ മരിച്ചെന്നറിയാത്ത കുറേ ആത്മാക്കള്‍. ഒരുപക്ഷേ, അവരുടെ തലമുറ ഞങ്ങള്‍ക്കിടയിലീ നാട്ടില്‍ ജീവിച്ച് വരുന്നുണ്ടായിരിക്കാം... രക്തം പകുത്ത് നല്‍കിയ അവരുടെ മക്കള്‍. ആ തലമുറക്കെങ്കിലും ഇക്കാര്യമറിയാതിരിക്കുമോ ആവോ... ഓ, ആർക്കെന്തറിയാൻ. ജീവിക്കുന്നവരുടെ കാര്യങ്ങൾ പോലും തിരക്കാൻ സമയമില്ലാത്തവർക്കെന്ത് മരിച്ച് മണ്ണടിഞ്ഞവരുടെ കാര്യം.
 
അനന്ദമജ്ഞാതമയം...
 
"വിശ്വാസി സമൂഹമേ... നിങ്ങളുടെ മേല്‍ അല്ലാഹുവിന്റെ രക്ഷയുണ്ടാകട്ടെ. നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന ഒരു കാര്യം നിങ്ങള്‍ക്കിതാ വന്നെത്തിയിരിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ പ്രതിഫലം ലഭിക്കാന്‍ നാളേക്ക് അവധി വെക്കപ്പെട്ടവരാണ്. സര്‍വ്വശക്തനായ ദൈവം വിചാരിച്ചാൽ ഞങ്ങളും നിങ്ങളോടൊപ്പം വന്നു ചേരുന്നവരാണ്. അല്ലാഹുവേ... ഈ ഖബറാളികള്‍ക്ക് നീ പൊറുത്തുകൊടുക്കണേ"
 
ഞങ്ങളാ ഖബറാളികൾക്ക് വേണ്ടി നിശബ്ദമായി പ്രാര്‍ത്ഥിച്ച് അവിടെ നിന്നും മടങ്ങി.
 
ഞാനിപ്പോൾ ചിന്തിക്കുന്നത് കല്ലറകളെ കുറിച്ചാണ്. ലോകത്താകമാനം പരന്ന് കിടക്കുന്ന ലക്ഷോപലക്ഷം കല്ലറകളെ കുറിച്ച്. എത്ര എത്ര കല്ലറകളാണീ ഭൂമി ചുമലിലേറ്റി നില്‍ക്കുന്നത്. ലോകം തുടക്കം കുറിച്ചത് മുതലുള്ള മനുഷ്യരതിൽ അന്ത്യവിശ്രമം കൊള്ളുന്നു. ചിലർ ആളികത്തുന്ന തീയിൽ ലയിച്ചൊരുപിടി ചാരമായിമാറിയിരിക്കുന്നു. ചിലര്‍ ആകാശ നീലിമയിലേക്ക് ചിറകടിച്ചു പറക്കുന്ന കഴുകൻമാർക്ക് ഭക്ഷണമായി മാറിയിരിക്കുന്നു. എന്നാലും, എല്ലാവരും അന്തിമമായി മണ്ണിലേക്ക് തന്നെയാണ് ലയിക്കുന്നത്. രാജാവും, ചക്രവര്‍ത്തിയും, പടയാളികളും, പൗരപ്രമുഖരും, ഹിസ് ഹൈനസ്സുമാരും തുടങ്ങി യാചകരും, പീഡിതരും, അഭയാർത്ഥികളും വരെ ഒരേയൊരു സപ്രമഞ്ചത്തിലേക്ക്. കൃമികളും, കീടങ്ങളും, പുഴുക്കളും, ഒഴുകിയിറങ്ങുന്ന ചെളി വെള്ളവും, കെട്ടിക്കിടക്കുന്ന മലിന ജലവും ചിത്രം വരക്കുന്ന വെറും മണ്ണെന്ന മഹാമറവിയിലേക്ക്.
 
നോക്കൂ... ഈ ജീവിതമെത്ര നിസ്സാരമല്ലേ.
 
ഒരിക്കല്‍, എന്റെയൊരു സുഹൃത്തിനോട് ഞാനൊരു സഹായം ആവശ്യപ്പെട്ടതോർക്കുന്നു. ചില അത്യാവശ്യങ്ങൾക്കായി ചില്ലറ പണ സഹായമായിരുന്നു അത്. കൂടെ അവനോട് ഞാൻ ചോദിച്ചു... താങ്കള്‍ക്കത് പ്രയാസകരമോ മറ്റോ ആവുമോ എന്ന്.
 
അതുകേട്ട് പുഞ്ചിരിച്ചുകൊണ്ടവനെന്നോട് പറഞ്ഞു...
 
"നവീന്‍... നാളെ ഒരേ പറമ്പില്‍ ഒരേ മരത്തണലിൽ കിടന്നുറങ്ങേണ്ടവരല്ലേ നമ്മൾ"
 
അതേ, പള്ളിപ്പറമ്പിലെ വിശാലമായ പറങ്കി മരത്തിനു ചുവട്ടില്‍... ഭൂമിയിലേക്കാഴ്ന്നിറങ്ങിയ അതിന്റെ വേരുകള്‍ക്കിടയിൽ അനേകം മനുഷ്യര്‍ തങ്ങളുടെ വിചാരണക്കായി കാത്തു കെട്ടി കിടക്കുന്നുണ്ടാകാം. അവരവിടെ പരസ്പരം സംവദിക്കുന്നുണ്ടായിരിക്കുമോ. തങ്ങൾ നടന്ന് നീങ്ങിയ വൈതരണിയെ കുറിച്ച്... അനുഭവ വിസ്മയങ്ങളെ കുറിച്ച്. അറിയില്ല... ആർക്കറിയാൻ. ഭൂമിക്ക് മുകളിലൂടെ നടന്നു നീങ്ങിയിരുന്ന ആ തലമുറകൾ മുഴക്കെയും ആ ഭൂമിയുടെ ഉള്ളറയിലല്ലെ ഇപ്പോഴും താമസിച്ചു വരുന്നത്. എല്ലാവരും അവിടേക്കെത്തിച്ചേരേണ്ടവർ തന്നെ. അലക്സാണ്ടർ ദ ഗ്രേറ്റ് മരിച്ചിരിക്കുന്നു... അതിശക്തമായ സാമ്രാജ്യങ്ങളെ നയിച്ചിരുന്ന മഹാമഹാ ചക്രവര്‍ത്തിമാരും ലോക യുദ്ധങ്ങളെ വീറോടെ നയിച്ച പട്ടാള ജെനറല്‍മാരും മരിച്ച് മണ്ണോട് ചേര്‍ന്നിരിക്കുന്നു. ഒരു വലിയ കല്ലറയുടെ ഭാരം പേറി നില്‍ക്കുന്ന ആത്മാക്കള്‍. എന്നിട്ടും ഈ ലോകത്തിനെന്തെങ്കിലും സംഭവിച്ചോ... ലോകത്തൊരു മാറ്റവും കണ്ടില്ല... ആര് മരിച്ചാലും ലോകം പഴേപടി തന്നെ നീങ്ങുന്നു.

ഇന്നും എന്റെയൊരു സുഹൃത്ത് മരണപ്പെട്ടിരിക്കുന്നു. ഇന്നലെ ഈ സമയം... തന്റെ അസുഖം ഭേദമായതിലുള്ള സന്തോഷം തന്റെ സുഹൃത്തുക്കളുമായി പങ്കുവെച്ച് ഉറങ്ങാൻ കിടന്നവനായിരുന്നു അവന്‍. അവരോടെല്ലാവരോടും തന്റെ കാര്യങ്ങളെല്ലാം സമാധാനമായിരിക്കുന്നെന്ന് പറഞ്ഞ്‌ ദൈവത്തെ സ്തുതിച്ചവൻ. ജീവിതത്തിലേക്ക് പതിയെ തിരിച്ച് വരുമെന്ന് തോന്നിയ ഒരു നിമിഷത്തില്‍ പെട്ടന്നാണവനെ മരണം മാടി വിളിച്ചത്. ഇന്നവനെവിടെയാണ്...
 
ഞാൻ പറഞ്ഞില്ലേ... ഈ ജീവിതമെത്ര നിസ്സാരമല്ലേ...

Saturday, 12 June 2021

മെഴുക്‌ തിരി

ഏറനാട് വള്ളുവനാട് പ്രദേശങ്ങളിൽ കത്തിപ്പടർന്ന മലബാര്‍ സമരത്തിന്റെ ഓർമ്മകൾക്ക് രണ്ടായിരത്തി ഇരുപത്തൊന്നോടെ നൂറ് വയസ്സ് തികയുകയാണ്. വലിയൊരു ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട്‌ നമ്മുടെയൊക്കെ ചിന്തകൾക്കധീതമായ സമരപ്രവർത്തനങ്ങൾ കാഴ്ച്ചവെച്ചൊരു മഹാചരിതമാണ് 1921. ഇന്ത്യയിലങ്ങളോമിങ്ങോളമുണ്ടായ അനേകം സ്വാതന്ത്രസമര പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാൽ മലബാര്‍ സമരത്തെ വെത്ത്യസ്തമാക്കുന്നത് അതിലെ ബ്രിട്ടീഷ് ക്രൂരതയുടെ ആഴവും, അതിനെ പ്രതിരോധിക്കാൻ ജാതിമതങ്ങൾക്കതീതമയി ഒരു ജനത നടത്തിയ പോരാട്ട കഥകളുമാണ്. വാസ്കോഡഗാമ കോഴിക്കോട് കപ്പലിറങ്ങിയതു മുതൽ തുടങ്ങിയ ആ ചരിത്രത്തിന്റെ ഒടുവിലത്തെ ആളികത്തലായിരുന്നു തൊള്ളായിരത്തി ഇരുപത്തൊന്ന്. എത്രയെത്രയോ മനുഷ്യര്‍ ജീവൻ നല്‍കി പടുത്തുയർത്തിയ ആ മഹാസ്ഥാപനം ഒരുപക്ഷേ, ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതൽ പഠന വിധേയമാക്കപ്പെട്ട സ്വതന്ത്രസമര സംഭവങ്ങളിലൊന്നാണ്. ഏകദേശം നൂറിൽപരം ഗ്രന്ഥങ്ങളാണ് ഈ വിഷയത്തെ ആസ്പദമാക്കി മലയാളത്തിൽ മാത്രം രചിക്കപ്പെട്ടിട്ടുള്ളത്.
 
ഇതുവരെ പഠിച്ച പാഠങ്ങൾ മാത്രമല്ല, അതിനകത്ത് പലതരം അടരുകളും വഴിത്തിരിവുകളും തൊള്ളായിരത്തി ഇരുപത്തൊന്നുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ടന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ഒരു ജനതയുടെ ചരിത്രമെന്നാല്‍ അവര്‍ വസിക്കുന്ന ദേശത്തിന്റെയും ചരിത്രമെന്നാണര്‍ത്ഥം. ഒരു ജനതയുടെ രാഷ്ട്രീയം, സാമൂഹികം, സാമ്പത്തികം, മതപരം, സാംസ്കാരികം തുടങ്ങിയ സമസ്ത മേഖലകളുടെയും പ്രാരംഭം മുതല്‍ വളര്‍ച്ച, പരിണാമ ഘട്ടങ്ങളിലൂടെയുള്ള വര്‍ത്തമാനകാലത്തിലെത്തി നില്‍ക്കുന്നതുവരെയുള്ള കാര്യങ്ങളതില്‍പെടും. ആ ചരിത്രത്തെ ഓർത്തെടുക്കൽ തന്നെ ഒരു സമരമാണന്നാണ് എനിക്ക് തോന്നുന്നത്.
 
കഴിഞ്ഞ് പോയ ആ തലമുറയുടെ രാഷ്ട്രീയ ത്യാഗത്തിൽ നിന്നും ഉയിര്‍കൊണ്ടതാണ് ഞമ്മളിന്നീ അനുഭവിക്കുന്ന സ്വതന്ത്രവും മനുഷ്യാവകാശങ്ങളുമൊക്കെ. അതൊന്നുമില്ലാ കാലത്തെ ആ മനുഷ്യരുടെ വിയര്‍പ്പിന്റെ മുകളിലാണ്‌ ഞമ്മളിന്നീ മഹാമന്ദിരങ്ങളൊക്കെയും നിര്‍മ്മിച്ചു വച്ചിരിക്കുന്നത്. നമുക്ക് മുന്നിലൂടെ നടന്ന് നമുക്കായുള്ള വഴിവെട്ടി നീങ്ങിയ ആ തലമുറയെ സ്മരിച്ച് കൊണ്ടല്ലാതെ... അവര്‍ക്കായി ഒരു നേരമെങ്കിലും ഒന്ന് മനസ്സിരുത്തി പ്രാര്‍ത്ഥിച്ചുകൊണ്ടല്ലാതെ ഒരു ദിനവും നമ്മളിലൂടെ കടന്ന് പോയിക്കൂട എന്ന് ഞാന്‍ വിശ്വസിക്കുന്നു. ആ പോരാട്ടങ്ങളിൽ രക്തസാക്ഷികളായ മഹാന്മാർ നമുക്കായി കെെമാറിയ പോരാട്ടവീര്യവും അവർ നിലകൊണ്ട ആദര്‍ശവും നമുക്ക് കൈമോശം വന്നുകൂട. മാറിയ ഈ കാലത്തും അത് പ്രസക്തമായി തന്നെ നിലകൊള്ളുന്നുണ്ട്. സമരരീതികളിൽ വന്ന കാലോചിതമായ മാറ്റങ്ങൾ ഉൾകൊണ്ടുതന്നെ ആ ആദർശത്തിൽ അടിപതറാതെ നിലകൊള്ളാൻ നമുക്കാകണം എന്നാണ്‌ എന്റെ പക്ഷം.
 
മലബാര്‍സമര നാളുകളില്‍ നിന്നും ഒരു നൂറ്റാണ്ട് കവച്ചുവെച്ചിന്നിവിടെ ലോകം കിതച്ച് നിൽക്കുമ്പോൾ കാലമൊരു മിഥ്യ മാത്രമാണോ എന്ന് തോന്നിപ്പികുന്നത് എനിക്ക് മാത്രമാണോ. എന്തൊരു വേഗതയാണീ കാലത്തിന്. അന്നാ സമരനാളുകളില്‍ എത്രയെത്ര ജീവനുകളാണീ മണ്ണില്‍ പൊലിഞ്ഞു വീണത്. ഒരുപക്ഷേ, ലക്ഷോപലക്ഷം വരുമായിരിക്കുമത്. അനേകം പേരെ നാടു കടത്തുകയും ചെയ്തിരിക്കുന്നു... ആന്‍ഡമാന്‍ ദ്വീപുകളിലേക്കും ലക്ഷദ്വീപിലേക്കും എന്നുവേണ്ട വിദൂര വിദൂരമായ പല നാടുകളിലേക്ക്. അതിലേറെ പേരെ കാണാതായിട്ടുമുണ്ട്. വെള്ളക്കാരുടെ ഭീകര തടവറകളിൽ കഠിന കഠോരമായ ശിക്ഷകൾ ഏറ്റുവാങ്ങിയവർ കൊല്ലപ്പെട്ടിരിക്കാനും സാധ്യതയേറേയാണ്. പിന്നീട്, ആരുമറിയാത്ത സ്ഥലങ്ങളിൽ പരമരഹസ്യമായി അവരെ മറമാടിയിരിക്കും. സര്‍ക്കാര്‍ രേഖകളിലവർ കാഴ്ച്ചയില്‍ നിന്നും മറഞ്ഞവർ മാത്രമാണ്. അഥവാ, കാണാതായവർ. അവരങ്ങനെ നൂറ്റാണ്ടുകള്‍ കഴിഞ്ഞ് ഇന്നും കാണാതായവരായി തന്നെ ഈ ഭൂമിയില്‍ തുടരുന്നു.
 
കാണാതായ പരേതർ...
 
മലബാറിലെ സ്വാതന്ത്ര്യ ദാഹികളായ നമ്മുടെ പൂര്‍വികരോടൊപ്പം ധാരാള കണക്കിന്‌ ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥരും അന്നീ മണ്ണില്‍ കൊല്ലപ്പെട്ടിരുന്നു. മലപ്പുറം കുന്നുമ്മലിൽ സിഎസ്‌ഐ പള്ളിക്കു പിന്നിൽ കാടുമൂടിക്കിടക്കുന്ന ഒരു പഴയ സെമിത്തേരിയുണ്ട്‌. കാട്ടുവള്ളികൾ താഴ്ന്നുനിൽക്കുന്ന മരച്ചാർത്തുകൾക്കിടയിലുള്ളൊരു മൺപാതയിലൂടെ ഒരിക്കല്‍ ഞാനങ്ങോട്ടേക്കൊരു യാത്ര നടത്തിയതോർക്കുന്നു. ഉദ്ദേശം മറ്റൊന്നുമല്ല... എന്റെ പൂര്‍വ്വികരുടെ കടക്കല്‍ കത്തിവെച്ച ആ നിഷ്ഠൂരരുടെ അന്ത്യയുറക്കം കണ്ട ആ ആകാശ കീറൊന്ന് കാണാൻ. അവരുടെ അന്ത്യകര്‍മ്മങ്ങള്‍ക്ക് സാക്ഷിയായ മരച്ചാർത്തുക്കളിലൊന്ന് തലോടാൻ.
 
എന്നാൽ, അനാസ്ഥയുടെ പച്ചില കാടുകളാ കുരിശുകളെ മറച്ചു തുടങ്ങിയിരുന്നു. സമീപത്തെ വൻമരങ്ങൾ ശവക്കല്ലറകളെ മണ്ണില്‍ നിന്നും പിഴുത് പുറത്ത്‌ കളയാന്‍ വെമ്പല്‍ കൊള്ളുന്നുണ്ടായിരുന്നു. മലബാർ സമരത്തിനിടയിൽ 1921 ഓഗസ്റ്റ്‌ 26ന് പൂക്കോട്ടൂരിൽ വെച്ച്‌ മാപ്പിളപോരാളികളുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മലപ്പുറം അസിസ്റ്റന്റ്‌ പോലീസ്‌ സൂപ്രണ്ടിന്റേയും അതേ വര്‍ഷം സെപ്തംബർ 23ന് പാണ്ടിക്കാട്ടെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ചില ബ്രിട്ടീഷ്‌ പട്ടാളക്കാരുടെ ഉള്‍പ്പെടെ നിരവധി കല്ലറകളായിരുന്നു അവിടെ ഉണ്ടായിരുന്നത്. പലതും നശിച്ചുപോയികൊണ്ടിരിക്കുന്നു. പേരും തിയ്യതിയും സംഭവങ്ങളും കൊത്തിവെച്ച മാർബിൾ കല്ലുകൾ മറഞ്ഞു പോയിരിക്കുന്നു. എന്നാൽ, അത്ര പെട്ടെന്നൊന്നും മറവിയെന്ന മഹാവിസ്തൃതിയിലേക്ക് മറിച്ചിടേണ്ടവയല്ല ആ കല്ലറകൾ എന്നുള്ളതാണ് സത്യം.
 
എന്നാൽ, ഞാന്‍ പറഞ്ഞ്‌ വരുന്നത് മറ്റൊരു കാര്യമാണ്...
 
അന്നാ കല്ലറകൾക്ക് സമീപം കത്തി തീര്‍ന്ന അനേകം മെഴുക്‌ തിരകൾ ഞാൻ കണ്ടിരുന്നു. വാടി തളര്‍ന്ന പൂക്കുടകളും! ഒരുപക്ഷെ, ഇന്നും ആ കല്ലറകളെ ആരായിരിക്കും ഇത്രകണ്ട് സ്മരിച്ചു വരുന്നത്. അതിനായി അനേകം ഇളുകളീ വഴി ഇന്നും വരുന്നുണ്ടായിരിക്കാം. ബ്രിട്ടനിൽ നിന്നുൾപ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും ഏറെ ദൂരം താണ്ടി വന്ന് തങ്ങളുടെ പൂര്‍വ്വികരുടെ കല്ലറയിലൊരു മെഴുക് തിരി കൊളുത്തിയവർ മടങ്ങുന്നു. എന്തൊരത്ഭുദമാണത്. അനേകം വർഷങ്ങൾക്ക് മുമ്പത്തെ ചരിത്രത്തിന്റെ ഭാഗമായവരുടെ അടുക്കലേക്ക് കിലോമീറ്ററുകൾ താണ്ടി വരുന്ന കുറേ മനുഷ്യര്‍. അവരിവിടേക്ക് കയറിവരുമ്പോൾ പാതക്കിരുവശത്തും കണ്ട മലപ്പുറത്തിന്റെ പുതുതലമുറയെ കുറിച്ചവർ എന്തായിരിക്കാം ചിന്തിച്ചിട്ടുണ്ടായിരിക്കുക. തങ്ങളുടെ പൂര്‍വ്വികരെ നിഷ്ഠൂരമായി വധിച്ചു കളഞ്ഞ ഹൃദയ ശൂന്യരായ മനുഷ്യരുടെ പുതിയ തലമുറ എന്നോ? അതോ, സ്വതന്ത്ര ദാഹത്താൽ സ്വന്തം ശരീരം നോക്കാതെ സമരതീജ്വാലയിലേക്കെടുത്ത് ചാടിയ കുറേ നിസ്വാര്‍ത്ഥ മനുഷ്യരുടെ മക്കളെന്നോ...
 
അറിയില്ല...

Monday, 3 May 2021

റൂഹ് അഫ്സ

പണ്ടൊരിക്കൽ... ഉപ്പ ഗൾഫിൽ നിന്നും ലീവിന് വന്നപ്പോൾ കടും റോസ് നിറത്തിലുള്ളൊരു പാനീയം നിറഞ്ഞ മനോഹരമായൊരു കുപ്പി കൊണ്ടു വന്നതോർക്കുന്നു. കുപ്പിയുടെ പ്രൗഢമായ ആകാരം കാണുമ്പോൾ അതൊരു മദ്യകുപ്പിപോലെ തോന്നിക്കുന്നതുകൊണ്ടും... അതിലെ പാനീയം പരിചിതമായ വര്‍ണ്ണങ്ങളിൽ നിന്ന് അല്‍പ്പം വ്യതിരിക്തമായി നില്‍ക്കുന്നത് കൊണ്ടും അതൊരു മദ്യകുപ്പിയാണോ എന്ന സന്ദേഹം ഞങ്ങൾ കുട്ടികളില്‍ വന്നുകൂടി. എന്തായാലും കാര്യം ഉപ്പയോട് തന്നെ ചോദിച്ചുറപ്പിക്കാൻ തീരുമാനിച്ച് ഞങ്ങളദ്ദേഹത്തോട് കാര്യമാരാഞ്ഞു.

"അതേ... അത് നല്ല സ്വയമ്പൻ കള്ളും കുപ്പി തന്നാ അത്... എന്ത്യേ..." ഉപ്പാ ചിരിച്ചുകൊണ്ടാണ് ഞങ്ങൾക്കുത്തരം നല്‍കിയത്.

ആ ചിരിയില്‍ ഞങ്ങള്‍ക്കൊരു ചെറിയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും കുപ്പിയെ വീണ്ടും ഉയർത്തി കണ്ടപ്പോൾ ആ ഉള്ള പ്രതീക്ഷയും നഷ്ടമായി. സംഗതി സത്യം. സാധനം കള്ളുകുപ്പി തന്നെ.

നല്ല വിദേശ മദ്യം...

പടച്ച റബ്ബുൽ ആലഅമീനായ തമ്പുരാനെ... ഞങ്ങളുടെ ഉപ്പാ ഒരു കള്ളുകുടിയനാണോ... കള്ളുകുടിച്ച് ഭാര്യയേയും മക്കളേയും ഉപദ്രവിച്ചു നടക്കുന്ന അങ്ങ്യേപ്പുറത്തെ വീട്ടിലെ ഏട്ടന്റെ പോലെതന്നെ ആയിരിക്കുമോ ഈ സംഗതി അകത്ത് ചെന്നാൽ ഞങ്ങളുടെ പ്രിയങ്കരനായ ബാപ്പയും. ഭാര്യയെ അടിക്കുക, തൊഴിക്കുക, മുടി കൂട്ടിപിടിച്ച് കറക്കുക, കുട്ടികളെ തള്ളി മാറ്റി അവരുടെ പുസ്തകങ്ങൾ എടുത്തെറിയുക, വീടിനകത്തും മുറ്റത്തുമെന്നുവേണ്ട സകലയിടങ്ങളിലും വാളുവെച്ച് നാശകകോശമാക്കുക എന്നിത്യാദി സുന്ദരൻ പരിപാടികൾ ഉപ്പയും ചെയ്യുയിരിക്കും.

ഞങ്ങളാകെക്കൂടി അസ്വസ്ഥമായി.

എന്തായാലും, ഉപ്പയുടെ പെട്ടിയില്‍ കണ്ട ആ പുതിയ സംഗതിയെക്കുറിച്ചുള്ള കഥ ഓടിച്ചെന്നുമ്മയോട് പറഞ്ഞതു വരെ മാത്രമേ ആ ഉള്ളുലക്കുന്ന നുണക്ക് ആയുസ്സുണ്ടായതള്ളൂ എന്ന് ആശ്വാസത്തോടെ ഞാനിപ്പോളോര്‍ക്കുന്നു. അന്ന് ഞങ്ങള്‍ക്ക് പിറകെ ഉപ്പയും ഓടി വന്നുമ്മയോട് പറഞ്ഞു...

"എന്റെ പൊന്നാര ബീവി... ആ മണുങ്ങൂസുകൾ പറയുന്നത് വിശ്വസിക്കല്ലേ... അത് കള്ളുമല്ല... കഞ്ചാവുമല്ല. റൂഹ് അഫ്‌സയാണ്... അതി വിശിഷ്ടമായ റൂഹ് അഫ്‌സ..."

പാകിസ്ഥാനിൽ നിർമ്മിച്ചു വരുന്ന മധുരമുള്ളൊരു മുഹബ്ബത്തിന്റെ സല്‍ക്കാര വെള്ളമാണത്രെ അത്. ലോകം മുഴുവനുമിത് ലക്കും ലഗാനുമില്ലാതെ ഉപയോഗിച്ച് വരുന്നു... ഈ നാടൊഴിച്ച്.

അങ്ങനെ കുപ്പി തുറന്നു. ഒരു പ്രത്യേക തരം വാസനാ വെള്ളം. ഉള്ളം കൈയിൽ അല്‍പ്പമൊഴിച്ച് രുചിച്ച് നോക്കി. നല്ല കടും മധുരം... ഇതുവരേക്കും രുചിച്ചിട്ടില്ലാത്തൊരു സ്വാദുപോലെ തോന്നുന്നു. പിന്നീട്, ഉപ്പ തന്നെ മുന്‍കയ്യെടുത്ത് അതുകൊണ്ടെന്തല്ലാമോ ഉണ്ടാക്കി നല്‍കി. പാലില്‍ ചേര്‍ത്ത് മിക്സിയിലിട്ടടിച്ചും. വെറും വെള്ളത്തിൽ ചേര്‍ത്തും... അങ്ങനെ അനേകം വകഭേദങ്ങൾ. പക്ഷേ, സത്യം പറഞ്ഞാൽ ഒന്നും തന്നെ വായിൽ വെക്കാൻ കൊള്ളില്ലായിരുന്നു. വീട്ടിലെ മറ്റുള്ളവരുടെ റൂഹ് അഫ്‌സയുമായുള്ള ഇഷ്ടക്കേട് എന്താണന്ന് ഈയുള്ളവനറിവില്ലെങ്കിലും എന്റെ പ്രശ്‌നം മറ്റൊന്നായിരുന്നു...

കഫം പുടവയുടെ ഗന്ധത്തെ മനസ്സിലേക്ക് കൊണ്ട് വരുന്നൊരു പാനീയമായിരുന്നു അത്. അഥവാ, മരണ വീടുകളില്‍ മയ്യത്തിനെ കുളിപ്പിച്ച ശേഷം പുരട്ടുന്നൊരു ലേപനത്തിന്റെ ഗന്ധം റൂഹ് അഫ്‌സയുമായി വലിയ സാമ്യത കാത്തു സൂക്ഷിക്കുന്നുണ്ട് എന്നതിനാലായിരുന്നു ഞാനാ പാനീയത്തിന്റെ വഴിക്ക് പോകാതിരുന്നത്. എങ്കിലും, 'പാകിസ്താന്‍' എന്ന് ഉറുദുവിലും ഇംഗ്ലീഷിലും കൊത്തിവച്ചിരിക്കുന്ന സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള അതിന്റെ കോര്‍ക്കും, മനോഹരമായ ചിത്രവേലകള്‍ നിറഞ്ഞ സ്ഫടിക പ്രതലത്തിൽ ഒട്ടിച്ചു ചേര്‍ത്ത പുരാരേഖ പോലെ തോന്നിപ്പിക്കുന്ന അതിന്റെ പേരും, കുപ്പിക്കുള്ളിലെ റോസ് നിറമാർന്ന ആ വഴുവഴുത്ത ദ്രാവകവും എന്നെ ഏറെ ആകര്‍ഷിച്ചിരുന്നു എന്നെനിക്ക് പറയാതിരിക്കാന്‍ കഴിയില്ല. ഞാനത് ഇടക്കിടെ എടുത്ത് കുലുക്കി നോക്കും. തിരിച്ചും മറിച്ചുമതിനെ പരിശോധിക്കും, ഉണ്ടാക്കിയ വര്‍ഷം, സ്ഥലം, അതിലടങ്ങിയിരിക്കുന്ന അസംസ്കൃത വസ്തുക്കളുടെ പേരു വിവരങ്ങൾ തുടങ്ങിയവ വെറുതെ വായിച്ചു നോക്കും.

അങ്ങനെ ആരോപണങ്ങളുടെ കൂരമ്പുകളേറ്റ് തകർന്ന ആ കുപ്പി ഒരധകൃതനെപ്പോലെ കുറേ കാലം സ്റ്റോറൂമിലെ അലമാരക്കകത്ത് തന്നെ പൊടിപിടിച്ചു കിടന്നു. പിന്നീട്, എവിടെയോ അത് നഷ്ടമായെന്നാണെന്റെ ഓര്‍മ്മ. ഒരുപക്ഷേ, ആരുമത് ഉപയോഗിക്കുന്നത് കാണാതായപ്പോൾ ഞാൻ തന്നെ അതെടുത്ത് പുറത്ത്‌ കളഞ്ഞിരിക്കാനും മതി... അതോ, വല്ലവർക്കും കൊടുത്തോ.

എന്തായാലും, അതെല്ലാം കഴിഞ്ഞ് കുറേ വർഷങ്ങൾക്ക് ശേഷമാണ് ഞാന്‍ പ്രവാസ ലോകത്തെത്തിപ്പെടുന്നത്... ഒരു നോമ്പ് കാലത്ത്‌. അന്നേതോ ഒരു മാൾ സന്ദര്‍ശിക്കുമ്പോൾ വീണ്ടും ഞാനാ മനോഹരമായ കുപ്പികള്‍ കണ്ടു. റോസ് വെള്ളം നിറച്ച അതേ രൂപഭാവവുമുള്ള കുപ്പികള്‍ തന്നെ... റൂഹ് അഫ്‌സ. മാളിലെ ജനശ്രദ്ധ പതിയുന്ന മൂലകളിൽ ചെറിയ കുന്നുകള്‍ കണക്കേ അവകളങ്ങനെ കുനകുനാന്നടുക്കി വച്ചിരിക്കുന്നത് കാണാം. റമദാൻ കാലത്ത്‌ മാത്രമാണതിന്റെ വന്‍തോതിലുള്ള വരവ് എന്ന് ഞാന്‍ പിന്നീട് മനസ്സിലാക്കി. മാളുകളുടെ മൂലകളിൽ ഉയരത്തിലതങ്ങനെ അത് കാണുമ്പോള്‍ ഇതൊക്കെയിതാര് വാങ്ങാനാണന്ന് തോന്നുമെങ്കിലും അറബികള്‍ക്കിടയിലും അഫ്ഗാന്‍ പാകിസ്താന്‍ ബംഗ്ലാദേശ് തുടങ്ങിയ ദേശത്തുള്ളവരുടേയുമൊരു ഇഷ്ടപാനീയമാണതെന്നാണ് സത്യം.

റൂഹ് അഫ്സ എന്നപേരിലറിയപ്പെടുന്ന ഈ സർബത്തിന്റെ ചരിത്രം തുടങ്ങുന്നത് ഡല്‍ഹിയിലെ തുഗ്ലക്കാബാദ് കോട്ടയിൽ നിന്നാണത്രെ. അനേകം വർഷങ്ങൾക്ക് മുമ്പ്‌ കോട്ടയുടെ ഇടവഴിയിൽ യുനാനി പാരമ്പര്യ ചികിത്സാ കേന്ദ്രം നടത്തിയിരുന്ന ഹക്കീം ഹാഫിസ് അബ്ദുൽ മജീദാണ് ഈ പാനീയത്തിന്റെ ഉപജ്ഞാതാവെന്ന് ചരിത്രത്തിൽ കാണാൻ സാധിക്കും. അന്ന്  ഉത്തരേന്ത്യയിലെ കഠിനമായ ഉഷ്ണത്തിൽ നിന്നും ശരീരത്തെ തണുപ്പിക്കുന്ന ഏതോ ഒരു യുനാനി മരുന്നിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇങ്ങനെയൊരു പാനീയം അദ്ദേഹമുണ്ടാക്കുന്നത്. പിന്നീടത് വമ്പിച്ച വിജയമായി, ഉല്‍പാദനം വര്‍ദ്ധിപ്പിച്ചു, അനേകം ഫാക്ടറികൾ പൊങ്ങി. മക്കള്‍, പേരകുട്ടികൾ തുടങ്ങിയവരതിന്റെ ഭാഗമായി. ഇന്ത്യ പാകിസ്താൻ വിഭജന ശേഷവും, ബംഗ്ലാദേശ്‌ വിമോചനാനന്ദരവും കമ്പനിയുടെ സ്വത്തുവഹകൾ വിഭജിക്കപ്പെട്ടെങ്കിലും ഉള്ള പ്രദേശത്ത് ഉല്‍പാദനം മുന്നോട്ട് തന്നെ കൊണ്ടുപോയി. കൂടാതെ, പാനീയത്തിന്റെ കൂട്ട് ചേരുവകള്‍ ഇന്നും പരമരഹസ്യമായി തന്നെ സൂക്ഷിക്കുന്നു എന്നാണ് കൗതുകമുള്ള മറ്റൊരു കാര്യം.

ഏതോ പുരാതന ഉത്തരേന്ത്യന്‍ ലിപിയെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ കുപ്പിയിൽ രേഖപ്പെടുത്തിയിരിക്കുന്ന ആ പേരിനു പിന്നിലുമുണ്ട് ചരിത്രമനേകം. 'ആത്മാവിനെ ഉദ്ദേജിപ്പിക്കുന്ന' എന്നർത്ഥമുള്ള ആ വാക്ക് കടമെടുത്തിരിക്കുന്നത് ഉറുദു കവി പണ്ഡിറ്റ് ദയാ ശങ്കർ നസീം ലഖ്നവിയുടെ പ്രശസ്ത ഗ്രന്ഥമായ മസ്നവി ഗുൽസാറെ നസീമിൽ നിന്നുമാണ്‌. കൂടാതെ, മിർസാ നൂർ അഹ്മദ് എന്ന പ്രശസ്ത ചിത്രകാരൻ ഡിസൈൻ ചെയ്ത പേരും ചിത്രവുമാണ് 1910 മുതൽ റൂഹ് അഫ്സ ബോട്ടിലുകളിലെ സ്റ്റിക്കറുകളിൽ ഇന്നും പിന്തുടരുന്നത്.

ഞാനിപ്പോൾ ഓർക്കുന്നത്... എന്റെ വീട്ടിലെ അലമാരക്കകത്ത് പൊടി പിടിച്ച് കിടന്നിരുന്ന ആരോപണ വിധേയനായ ആ റൂഹ് അഫ്‌സയെ സംബന്ധിച്ചാണ്.

Thursday, 29 April 2021

ഇന്നീ സാഇമുൻ

കണ്ണുകൾ ചുവന്നു ഞരമ്പുകൾ വലിഞ്ഞു. കയ്യിലുള്ള പേപ്പറുകള്‍ മുന്നിലേക്ക് പരത്തിയെറിഞ്ഞയാൾ കൈമുഷ്ടി മേശയില്‍ ആഞ്ഞടിച്ച് ഇരിപ്പിടത്തിൽ നിന്നും ചാടി എണീറ്റ് പറഞ്ഞു.

"നിനക്കറിയില്ലേ എനിക്ക് നോമ്പാണെന്ന്... ഐ സേ ഗെറ്റൗട്ട്"

മേശക്ക് മുകളിൽ വിശുദ്ധ ഖുർആനും വെള്ള മുത്തുകള്‍ കോര്‍ത്ത തസ്ബീഹും അയാളെ നോക്കി ചിരിക്കുന്നു. നോമ്പ് കാലത്തെ പകലാണ്. മുന്നില്‍ നോമ്പ് തലയില്‍ കയറിയ മുസ്ലിം...

വിശുദ്ധ സുന്ദരമായ റമദാൻ. കൈകൾ പരസ്പരമറിയാത്തത്ര വിശാലമായ കൊടുക്കൽ വാങ്ങലുകൾ. മനുഷ്യ മനസ്സുകള്‍ ഒരു കുഞ്ഞിന്റെ മനംപോലെ സാന്ദ്രമാകുന്ന ദിനങ്ങൾ, പ്രാർത്ഥന നിര്‍ഭരമായ യാമം. എങ്ങും സമാധാനം. സന്തോഷം. തീന്‍ മേശയിലെ പങ്കുവെക്കലുകൾ, ഭക്തി സാന്ദ്രമായ നമസ്കാരങ്ങൾ, ഖിറാഅത്ത്, ദിക്ർ.

പക്ഷേ, ആ ഉദ്യോഗസ്ഥൻ...!

നിലത്ത് ചിതറി കിടക്കുന്ന പേപ്പറുകള്‍ വേദനയോടെ പെറുക്കിയെടുത്ത് രവി തിരിഞ്ഞ് നടക്കുമ്പോൾ അവന്‍ പതിയെ ചൊല്ലി.

"ഇന്നീ സാഇമുൻ... ഇന്നീ സാഇമുൻ".

Saturday, 6 February 2021

മാധ്യമവും ബഷീറും

ഞാൻ മാധ്യമം പത്രത്തിന്റെയൊരു സ്ഥിരം വരിക്കാരനാണ്. നാട്ടിലുള്ളപ്പോൾ ദിനവും പ്രഭാത കട്ടനോടൊപ്പം മാധ്യമവും വായിച്ചാനന്ദിക്കാറുണ്ട്. മേല്‍ മാധ്യമത്തെ കുറിച്ച് ഈയുള്ളവന്‍ വായിച്ചറിഞ്ഞ ഒരു ചെറിയ കാര്യം പറയാം... വളരെ കാലങ്ങൾക്ക് മുമ്പത്തെയൊരു കഥയാണ് സംഗതി.
 
മാധ്യമം പത്രം കോഴിക്കോട് ആസ്ഥാനമായി പിറവി കൊള്ളാൻ വെമ്പി നില്‍ക്കുന്ന സമയം... പത്രത്തിനൊരു പ്രധാന പത്രാധിപരെ വേണം. സംഘാടകരാ സ്ഥാനത്തിനാഗ്രഹിച്ചത് നമ്മുടെ ബഷീറിനെ ആയിരുന്നു.
 
നമ്മുടെ വൈക്കം മുഹമ്മദ് ബഷീറിനെ തന്നെ...
 
ആവശ്യം ബേപ്പൂര്‍ സുല്‍ത്താന്റെ 'കൊട്ടാരമായ' വൈലാലിൽ വീട്ടില്‍ ചെന്നറിയിച്ചു. ബഷീർ മാങ്കോസ്റ്റിൻ മരത്തണലിലെ സ്ഥിരം ചാരുകസേരയിൽ സുമുഖനായിരുന്ന് കാര്യങ്ങളെല്ലാം വിശദമായി കേട്ടുകൊണ്ട് അതിഥികളെ തലയുയർത്തി നോക്കി. മുന്നിലിരിക്കുന്നവരെല്ലാം പരിചിതമായ മുഖങ്ങൾ. ആവശ്യം ന്യായവും. എന്നാൽ, സംഗതി അല്‍പ്പം കഠിനമാണന്ന് പറയാതിരിക്കാന്‍ കഴിയില്ല. കാരണം മറ്റൊന്നുമല്ല. തന്നെ വിടാതെ പിന്തുടരുന്ന ശാരീരികാസ്വസ്ഥതകൾ തന്നെ. അദ്ദേഹത്തിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ... മരിക്കാൻ പാകമായ അവസ്ഥ. സകല ചുറ്റുപാടുകളുടേയും ഭാരങ്ങളിറക്കി വെച്ച് മലക്കുൽ മൗത്തിന്റെ സ്നേഹാഗമനത്തിനായി കാത്തിരിക്കുന്ന എണ്ണി തീര്‍ത്തു കൊണ്ടിരിക്കുന്ന ദിനങ്ങള്‍. ഈ സാഹചര്യത്തിൽ ഭയങ്കരങ്ങളായ ഉത്തരവാദിത്തങ്ങളൊന്നും വയ്യ. പരമശാന്തനായി കാലത്തില്‍ ലയിച്ചു ചേർന്നില്ലാതാകണം. അതിനാൽ, ബഷീറാ ആവശ്യം നിഷ്കരുണം നിരസിച്ചു. കൂടെ ഒരു നിര്‍ദ്ദേശവും അതിഥികൾക്ക് മുന്നില്‍ വെച്ചു.
 
"പികെ ബാലകൃഷ്ണന്‍"
 
പികെ ബാലകൃഷ്ണനെന്ന തന്റെ ആത്മമിത്രത്തെ മാധ്യമത്തിന്റെ പ്രധാന പത്രാധിപരാക്കി നിയമിക്കുക.
 
പി, കെ എന്ന രണ്ടക്ഷരത്തിലറിയപ്പെടുന്ന സാമൂഹിക രാഷ്ട്രീയ വിമർശകൻ, നിരൂപകൻ, പത്രപ്രവർത്തകൻ, നോവലിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തിയുടെ കൊടുമുടി കേറിയ മാന്യദേഹം. പണിക്കശ്ശേരിൽ കേശവൻ ബാലകൃഷ്ണൻ എന്നാണ് മുഴുവന്‍ പേര്‌.
 
ചുരുക്കി പറഞ്ഞാൽ ഇദ്ദേഹത്തെ മാധ്യമം പത്രത്തിന്റെ പ്രധാന പത്രാധിപരാക്കുന്നത് ബഷീറിന് വലിയ താല്‍പര്യമുള്ള കാര്യമാണന്ന് സംഖാടകർക്ക് മനസ്സിലായി. പത്രമൊരു മുസ്ലിം മേനേജ്മെന്റിന്റെ കീഴിലായത് കൊണ്ട്‌ തന്നെ തന്റെ മുന്നിലിരിക്കുന്ന ഈ കശ്മളന്മാർ മേല്‍ നിര്‍ദ്ദേശം അപ്പടി നിരസിച്ച് കളയുമോ എന്ന് ബഷീര്‍ ആശങ്കപ്പെട്ടിരിക്കാം. എന്നാൽ, അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം മാധ്യമമാ നിര്‍ദ്ദേശം സ്വീകരിക്കുകയും പികെ ബാലകൃഷ്ണനെ അതിന്റെ ആദ്യ പത്രാധിപരാക്കി നിയമിക്കുകയും ചെയതെന്നാണ് കഥയുടെ ക്ലൈമാക്സ്.
 
ബഷീർ പിന്നീട് പികെ ബാലകൃഷ്ണനിങ്ങനെ എഴുതി...
 
പ്രിയപ്പെട്ട ബാലൻ,
മാധ്യമം ദിനപത്രത്തിന്റെ പത്രാധിപരാകുന്ന കാര്യം ബാലൻ സമ്മതിച്ചല്ലോ. ബാലന് പരിപൂർണ സ്വാതന്ത്ര്യമുണ്ടായിരിക്കും. പത്രത്തിന്റെ ഉടമ മുസ്‌ലിം സംഘടനയാണ്. ജമാഅത്തെ ഇസ്‌ലാമി, അവരുദ്ദേശിക്കുന്നതൊരു നല്ല ദിനപത്രമാണ്. മനുഷ്യരുടെ ദിനപത്രം.
ബാലനക്കാര്യം മനാസ്സിലായല്ലോ. ബാലൻ മനസ്സുവെച്ചാൽ മാധ്യമം കേരളത്തിലെ ഏറ്റവും നല്ല ദിനപത്രമായിത്തീരും.
പത്രാധിപർ പികെ ബാലകൃഷ്ണനും മാധ്യമം ദിനപത്രത്തിനും വിജയം നേരുന്നു.
 
വൈക്കം മുഹമ്മദ് ബഷീർ
ഒപ്പ്.
 
തന്റെ സുഹൃത്തായ ബാലകൃഷ്ണന് ആ സ്ഥാനം ലഭിച്ചതില്‍ റ്റാറ്റാ ഏറെ ആഹ്ലാദിച്ചിരുന്നെന്ന് ബഷീറിന്റെ അരുമ സന്താനം അനീസ് ബഷീര്‍ പിന്നീട് തന്റെ ഓര്‍മ്മ കുറിപ്പില്‍ എഴുതിയിട്ടുള്ളത് ഞാന്‍ വായിച്ചിട്ടുണ്ട്. അത് കൊണ്ട്‌ കൂടിയായിരിക്കാം "വെള്ളിമാട് കുന്നിൽ നിന്നുയർന്ന് പൊങ്ങിയ വെള്ളി നക്ഷത്ര"മെന്ന് ബഷീര്‍ മാധ്യമത്തെ വിശേഷിപ്പിച്ചത്.