
വള്ളുവനാട് ദേശം പ്രവിശാലമാണ്... അതിസമ്പന്നമായിരുന്ന കേരളത്തിലെ ഒരു പഴയ നാട്ടുരാജ്യം. ഇന്നത്തെ പെരിന്തൽമണ്ണ, മണ്ണാർക്കാട് എന്നീ താലൂക്കുകളും... പിന്നീട് നെടുങ്ങനാട്ടിൽ നിന്നും കൂട്ടിച്ചേർത്ത പട്ടാമ്പി, ഒറ്റപ്പാലം, പൊന്നാനി താലൂക്കുകളും... ഏറനാട്, പാലക്കാട് താലൂക്കുകളുടെ ചില ഭാഗങ്ങളും ചേർന്നതാണ് പഴയ വള്ളുവനാട് രാജ്യം. രാജ്യത്തിന്റെ ഒരു ഭാഗത്ത് പന്തല്ലൂര്‍ മലനിരകളും മറ്റൊരു ഭാഗത്ത് പൊന്നാനിപ്പുഴയും അതിർത്തിയൊരുക്കുന്നു. മേല്‍ വള്ളുവനാട് ദേശത്തെ ലക്കും ലഗാനുമില്ലാതെ ഒരു കാലത്ത് ഭരിച്ചു നടന്നിരുന്ന രാജാക്കന്മാർ വള്ളുവക്കോനാതിരിമാർ എന്നാണ് അറിയപ്പെട്ടിരുന്നത്. അങ്ങാടിപ്പുറത്തെ തിരുമാന്ദാംകുന്നിലമ്മയെ ധ്യാനിച്ചും ഉപവസിച്ചും ഒരു സന്യാസിയെപ്പോലെ ആയിരുന്നു അവർ ജീവിച്ച് വന്നിരുന്നത് എന്ന് ഞാനെവിടെയോ വായിച്ചിട്ടുണ്ട്. അതിനിടയിൽ വീണുകിട്ടുന്ന അല്‍പ്പം സമയം മാത്രമവർ രാജ്യം ഭരണം നിര്‍വ്വഹിച്ചുപോന്നു. സദാസമയവും പൂജമുറിയില്‍ ചിലവഴിച്ചിരുന്ന രാജാവിന് പകരം ഭരണചക്രം മുന്നോട്ട് നയിച്ചിരുന്നത് അനന്ദിരവന്മാരായിരുന്നു. പിന്നീടാ ഭരണം വേഗത്തിൽ തന്നെ അസ്തമിക്കാൻ അത് വലിയ അളവില്‍ കാരണമായെന്ന് ചരിത്രകാരന്മാര്‍ നിരീക്ഷിക്കുന്നുണ്ട്. വെള്ളാട്ടിരി എന്നും വള്ളുവർ എന്നും പലകാലങ്ങളിൽ അറിയപ്പെട്ടിരുന്ന ഇവരായിരുന്നു പണ്ട് കോഴിക്കോട്ടെ സാമൂതിരിയുടെ ജീവന് വില പറഞ്ഞ് തിരുമാന്ദാംകുന്നിലെ മണപ്പുറത്തേക്ക് അതിശക്തരും മഹാപോരാളികളുമായ ചാവേറുകളെ അനുഗ്രഹിച്ചാശീര്‍വദിച്ച് പറഞ്ഞ് വിട്ടിരുന്നത്.
മാമാങ്കം... രക്തം മണക്കുന്ന മണിക്കിണറിന്റെ ഓര്‍മ്മകള്‍ ചരിത്ര താളുകളിൽ വായിക്കാം...
വള്ളുവനാട് ദേശത്ത് വള്ളുവക്കോനാതിരിക്കനേകം സാമാന്ദന്മാരുണ്ടായിരുന്നു. സാമൂതിരിയിൽ നിന്നും രാജ്യത്തിന്റെ മാനം കാക്കാൻ പോരിനിറങ്ങുന്ന അതിവിശിഷ്ട ചാവേർ കുടുംബങ്ങള്‍ മുതൽ വലിയ വലിയ നിലങ്ങളുടെ ഉടമസ്ഥന്മാരായ മൂപ്പന്മാർ, ജന്മിമാർ, അധികാരികള്‍ വരെ അക്കൂട്ടത്തിലുണ്ട്. മണ്ണാര്‍ക്കാട് മൂപ്പിൽ നായര്‍, പുലാപ്പെറ്റ അംശം തമ്പുരാൻ, മണ്ണാർമല തമ്പുരാൻ തുടങ്ങിയവർ അവരില്‍ ചിലരാണ്. കൂടാതെ, പേരറിയാത്ത മറ്റനേകം പ്രഭുകുടുംബങ്ങള്‍ വേറെയും. പുലാപ്പെറ്റ തമ്പുരാക്കന്മാർ വള്ളുവനാട് വെള്ളാട്ടിരിക്ക് കീഴില്‍ പുലാപ്പെറ്റയിലും സമീപ പ്രദേശങ്ങളിലുമായി ഏക്കര്‍ കണക്കിന് വ്യാപിച്ച് കിടക്കുന്ന നിലങ്ങളുടെ സര്‍വ്വധിപനായി കുതിരവട്ടത്ത് കോട്ടയിലെന്ന അതിപുരാതന കെട്ടിൽ വാഴ്ന്ന് വന്നിരുന്ന കാലം. വീട്ടുപണി, നിലം പണി, പാറാവ്, മരാമത്ത്, ആനക്കാര്യം, സുരക്ഷയൊരുക്കൽ തുടങ്ങിയ എല്ലാ പണികള്‍ക്കും നിരവധി പണിക്കാര്‍ കുതിരവട്ടത്ത് കെട്ടിലെപ്പോഴും സജ്ജമായിരുന്നു. കൂടാതെ, കാര്യസ്ഥന്മാരുമുണ്ട് ധാരാളം... നോക്കാത്ത ദൂരത്തോളം പരന്ന് കിടക്കുന്ന ഭൂസ്വത്തുക്കള്‍ നോക്കി നടത്താൻ ഏതാനും പേരേകൊണ്ടെങ്ങനെ സാധിക്കാനാണ്... കാര്യസ്ഥന്മാരില്‍ ഹിന്ദുക്കളും മുസ്ലിമീങ്ങളുമുണ്ട്. പരസ്പരം സ്നേഹ സഹവര്‍ത്തിത്വത്തോടെ അവരങ്ങനെ അവിടെ കഴിഞ്ഞു വന്നു.
ഞാന്‍ പറഞ്ഞല്ലോ... അനേകമായിരം നിലങ്ങളുടെ അധിപനാകുന്നു പുലാപ്പറ്റ തമ്പുരാനെന്ന്. കളങ്ങളെന്നും ആ നിലങ്ങള്‍ അറിയപ്പെടുന്നു. വലിയ വലിയ വനപ്രദേശങ്ങള്‍, വെട്ടി തളിക്കപ്പെട്ട കാടുകള്‍, പാടശേഖരങ്ങൾ, വെളിം പ്രദേശങ്ങൾ... തുടങ്ങി അനവധി നിരവധി രൂപഭാവത്തിലുളള കളങ്ങൾ. ഒരു കാലം ഈ നാട് മുഴക്കെയും കളങ്ങളായിരുന്നത്രെ. കളങ്ങളുടെ കൂട്ടങ്ങൾ. നിലമ്പൂര്‍ തമ്പുരാൻ വക പൂക്കോട്ടൂർ കളം, മഞ്ചേരി കോവിലകത്തിന്റെ മണ്ണാര്‍മല കളം തുടങ്ങി പേരറിയാത്ത വേറെയും നിരവധി കളങ്ങള്‍. മേല്‍ കളങ്ങളിൽ ജീവിച്ച് പണി എടുത്താണ് ഈ നാടൊരിക്കല്‍ പുലർന്നു വന്നിരുന്നത്... കളങ്ങളിൽ വിരിയുന്ന ജീവിതങ്ങള്‍. സ്വാതന്ത്ര്യാനന്ദരം നിലവില്‍ വന്ന ഭൂപരിഷ്കരണ നിയമത്തോടെ നിലമില്ലാ ജനങ്ങൾക്കിടയിൽ വീതം വെച്ചതും ഈ കളങ്ങൾ തന്നെയായിരുന്നെന്ന് പിന്നീടുള്ള ചരിത്രം.
അമ്പലപ്പാറ എന്നൊരു സുന്ദരമായ വനപ്രദേശമുണ്ട് പാലക്കാട് ദേശത്ത്. നിറയെ മരങ്ങൾ തിങ്ങി നിറഞ്ഞ് വളരുന്ന മനോഹരമായൊരു പ്രദേശം. ഇന്നവിടെ കൂടുതലും റബ്ബർ മരങ്ങളുടെ നിരകളാണങ്കിലും ഒരു കാലത്ത് നെല്ലും മുതിരയും വളരുന്ന പാടശേഖരങ്ങളായിരുന്നു അവിടെ മുഴുവനെന്ന് ഞാൻ പറഞ്ഞ് കേട്ടിട്ടുണ്ട്. വിശാലമായ റബ്ബർ തോട്ടങ്ങൾക്കിടയിൽ അവിടവിടെയായി ഏതാനും വീടുകളുടെ കൂട്ടങ്ങളും ഇടക്കിടെ കാണാൻ കഴിയും. തോട്ടമുടമസ്ഥരുടേതാകാം. കുറച്ച് വീടുകൾ കഴിഞ്ഞാൽ ഒരു ചെറിയ തെരുവ് കാണുകയായി. അവിടെ ഒരു നാൽകവല, ഏതാനും ചെറിയ പെട്ടിക്കടകള്‍, ഒരു കൊടിമരം പിന്നെ, വെറുതെ സൊറച്ചിരിക്കുന്ന കുറച്ചാളുകളുടെ കൂട്ടം. എന്നാൽ, പണ്ടങ്ങനെയൊന്നുമായിരുന്നില്ല മേല്‍ പ്രദേശത്തിന്റെ രൂപ ഭാവമെന്നുറപ്പിക്കാം. പുലാപ്പറ്റ തമ്പുരാന്റെ 'മഹത്തായ' കളങ്ങളായിരുന്നു അവിടെ മുഴുവന്‍. അളന്ന് തിട്ടപ്പെടുത്താൻ കഴിയാത്തത്ര വിശാലമായ പറമ്പുകളുടെ കൂട്ടം. അതിലവിടവിടെയായി കളങ്ങളില്‍ പണിയെടുത്ത് പുലരുന്ന മനുഷ്യരുടെ ചെറിയ ചെറിയ വീടുകൾ.
നിശബ്ദ താഴ്‌വാരമെന്ന് ഖ്യാതിയുള്ളൊരു മലം പ്രദേശത്ത് നിന്നും ഉത്ഭവിക്കുന്ന വീതിയേറിയൊരു പുഴയുണ്ടാ പ്രദേശത്ത്. നല്ല വെളുത്തതും, വെണ്ണീർ നിറമുള്ളതും, സ്വര്‍ണ്ണ വര്‍ണ്ണ നിര്‍മാർന്നതുമായ ധാരാള കണക്കിന് ഉരുളൻ കല്ലുകൾ നിറഞ്ഞ സ്ഫടിക തുല്ല്യമായ ജലനിരപ്പാണ് അതിലെപ്പോഴും. വെള്ള മണലിൽ പൂന്തി നില്‍ക്കുന്ന ഉരുളൻ കല്ലുകളും... അവക്കിടയില്‍ പായുന്ന പരലുകളും പേരറിയാത്ത മറ്റേതൊക്കെയോ മത്സ്യങ്ങളും. ഞാനാലോചിക്കുന്നതാ ഉരുളൻ കല്ലുകളെ കുറിച്ചാണ്. ഒരു കാലത്ത് വലിയൊരു പാറയുടെ ശരീരത്തിലെ ഭാഗമായിരുന്ന ഈ കല്ലുകൾ എന്നായിരിക്കാം അമ്മയുടെ ഗർഭപാത്രത്തിൽ നിന്നും പിറന്ന് വീണ കുഞ്ഞ് കണക്കെ പ്രകൃതിയുടെ മടിത്തട്ടിലേക്കടര്‍ന്നു വീണത്. പിളര്‍ന്ന് പൊട്ടി വീഴുമ്പോഴുണ്ടാകുന്ന സ്വാഭാവികമായ വികൃത രൂപങ്ങള്‍ക്ക് പകരം ആരാണിവയെ മനോഹരമായ രൂപത്തിലിങ്ങനെ ഉരുളകളാക്കി കൊത്തിയെടുത്തത്.
സംവത്സരങ്ങള്‍... അനേകം വർഷങ്ങൾ പ്രകൃതി അതിനു വേണ്ടി അധ്വാനിച്ചിരിക്കാം.
പുഴക്കിരുകരകളിലും പരന്ന് കിടക്കുന്ന പാറകൾ പെറ്റ് കൂട്ടിയ ഉരുളൻ കല്ലുകള്‍ക്ക് മുകളില്‍ വെള്ളമങ്ങനെ കുതിച്ചൊഴുകി നീങ്ങി കൊണ്ടിരിക്കുന്നത് ആവേശം തരുന്ന കാഴ്ച്ചയാണ്. മേല്‍ പുഴയുടെ കരയിലാണ് ഞാന്‍ പറയാൻ പോകുന്ന കഥയിലെ കഥാനായകൻ ആലി ഹാജിക്കും മക്കള്‍ക്കും വിവിധങ്ങളായ കൃഷികളുണ്ടായിരുന്നത്. വർഷങ്ങൾക്ക് മുമ്പത്തെ സംഭവമാണ്. ഞാൻ പറഞ്ഞല്ലോ... ഇന്നത്തെ പോലെയല്ല. അന്നവിടെ വിശാലമായ നെൽ പാടങ്ങളുടെ കൂട്ടമായിരുന്നു. ഇടയിലിടയിൽ അവയെ ഭാഗിച്ചെന്നോണം നീളത്തിലും കുറുകെയുമുള്ള മൺതിട്ടകളും. പുഴയില്‍ നിന്നുള്ള വെള്ളത്തിന്റെ വരവുപോക്ക് നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ പുഴയോട് ചേര്‍ന്നു തന്നെ കാണാം. കൃഷിക്കാവശ്യമായ വളം, പച്ചിലകള്‍ എന്നിവ മറ്റൊരു വശത്ത് കൂട്ടി വച്ചിരിക്കുന്നു. പിന്നെ, പണിക്കിടയിൽ അല്‍പ്പ നേരമൊന്ന് വിശ്രമിക്കാനും, പണിയായുധങ്ങൾ സൂക്ഷിക്കാനും മറ്റുമായി ഒരോല മേഞ്ഞ ചെറിയ കുടില്‍. സമീപത്തു തന്നെ കല്ലുകൾ വച്ചുണ്ടാക്കിയ ചെറിയൊരു വിറകടുപ്പ്.

അമ്പലപ്പാറയിൽ നിന്നും ഏറെ ദൂരം സ്ഥിതിചെയ്യുന്ന ആലി ഹാജിയുടെ വീടിനു മുന്നിലെ ഇരട്ടമൂങ്ങൻ കുന്നിലെ നടവഴിയിലൂടെ കുത്തനെ കയറി വേണം അമ്പലപ്പാറയിലെത്തി ചേരാന്‍. ഇന്നത്തെ കാലത്ത് ഇടതടവില്ലാതെയൊരു മുപ്പത് മിനുട്ട് വാഹനമോടിച്ചാൽ എത്തി ചേരാന്‍ കഴിയുന്നത്ര വഴി ദൂരം. എന്നാൽ, അന്നങ്ങനെ വല്ലതുമായിരുന്നോ... നിറയെ മരങ്ങൾ തിങ്ങി നിറഞ്ഞ... പാമ്പുകളും കീരിയും വിഹരിക്കുന്ന... കുറുക്കന്‍, നായ, പട്ടി, നരി, മുള്ളം പന്നി തുടങ്ങിയ ജന്തുക്കള്‍ വിലസുന്ന നിഗൂഢ സുന്ദര കാനനമായിരുന്നു അത്. കൃഷിക്കാലമാകുമ്പോൾ ഇരട്ടമൂങ്ങൻ കുന്നിലെ വെട്ടുവഴിയിലൂടെ ഹാജിയാർ തന്റെ മക്കളുമായി അമ്പലപ്പാറ ലക്ഷ്യമാക്കി നീങ്ങും. മക്കളെ കൂടാതെ, ഏതാനും പണിക്കാര്‍, വെച്ചു വിളമ്പാന്‍ പ്രിയ പത്നി കൈജു എന്നിവരും അകൂട്ടത്തിലുണ്ടാകും. അനേകം നാഴികയെടുക്കുന്ന ആ യാത്രക്കിടയിൽ ഇരട്ട മൂങ്ങനെ കൂടാതെ മറ്റു ചില കുന്നുകളും കവച്ച് വെക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ, ചില അവസരങ്ങളിൽ പണിക്കാലം കഴിയുന്നത് വരെ ആ സംഘം അമ്പലപ്പാറയിൽ തന്നെ കഴിച്ച് കൂട്ടും. മാറ്റിയുടുക്കാൻ വസ്ത്രങ്ങൾ, പാത്രം, കുടുക്ക, വെളിച്ചത്തിനുള്ള സംവിധാനങ്ങള്‍ തുടങ്ങി അരിസമാനങ്ങൾ വരെ യാത്രയിലവർ കരുതും. ഇതൊന്നും കൂടാതെ മറ്റൊരു കൂട്ടരുമുണ്ടാകും ആ സംഘത്തിൽ...
പൊത്തിൻ കൂട്ടങ്ങളാണവർ.
സാധാരണ നിലം ഉഴുതുവാനുപയോഗിക്കുന്ന മുതിര കഴിച്ച് വളര്‍ന്ന 'സഹന ശാന്തരായ' പോത്തുകൾ മുതൽ അതിബലിഷ്ഠരായ കൂറ്റൻ പോത്തുകള്‍ വരെ അക്കൂട്ടത്തിലുണ്ടാകും. വേനലിന്റെ ആലസ്യത്തില്‍ ഉറച്ച് കിടക്കുന്ന പാടത്തെ മണ്ണിനെ കലപ്പകൊണ്ടുഴുത് മറിക്കുക, അപ്രകാരമുഴുതു മറിച്ച ഭൂമിയിൽ ക്രമരഹിതമായുയർന്ന് നില്‍ക്കുന്ന മണ്ണിനെ ഊർച്ച മരം കൊണ്ട് നിരത്തി എടുക്കുക തുടങ്ങിയ കഠിനമായ പരിപാടികൾക്കൊക്കെയാണീ കൂറ്റന്മാരെ ഉപയോഗിക്കുന്നത്. പരമ നിഷ്കളങ്കനായൊരു പോത്തിനെ കൂറ്റനായി മാറ്റിയെടുക്കുന്ന പരിപാടിയില്‍ അതിവിദഗ്ധനാണ് ആലി ഹാജി. സാധാരണയായി പശു, മൂരി, ആട്, പോത്ത് എന്നിവർ കഴിക്കുന്ന വൈക്കോല്‍, പുല്ല്, മുതിര, കഞ്ഞിവെള്ളം, പിണ്ണാക്ക് എന്നിത്യാദികൾ കൂടാതെ നല്ല ശുദ്ധ കോഴിയിറച്ചി കൂടി കഴിക്കുന്നവരാണത്രെ ഈ കൂറ്റന്‍ പോത്തുകൾ.
തനി മാംസഭുക്കുകൾ.
നല്ല നാടന്‍ കോഴിയെ വെള്ളത്തിലിട്ട് തിളപ്പിച്ചെടുത്ത് തൂവലുകള്‍ പറിച്ച് കളഞ്ഞ ശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് ഉരലിൽ നിക്ഷേപിക്കുന്നു. അതിലേക്ക്, ഉപ്പ്, മഞ്ഞള്‍പ്പൊടി, ജീരകം എന്നിവ കൂടി ചേര്‍ത്തിടിച്ച ശേഷം വലിയ ഉരുളകളാക്കി വെക്കുന്നതോടെ കൂറ്റന്മാർക്കുള്ള കോഴിയിറച്ചി റെഡി. പിന്നെ, വലിയ തളികയില്‍ കുനകുനാന്ന് കൂട്ടി വെക്കുന്ന ഈ ഉരുളകളിൽ നിന്നും ഓരോ വീതമെടുത്ത് കൂറ്റന്‍ പോത്തുകളുടെ വായ പിളർത്തി ഹാജിയാരവകളുടെ വായിലേക്കത് വെച്ച് കൊടുക്കുന്നു. പുല്ലും വൈക്കോലിനുമിടയിൽ ലഭിച്ച ആ പുതിയ രുചിയെ ഒരുപക്ഷേ സന്തോഷത്തോടു കൂടിയായിരിക്കാം ആ പോത്തുകൾ ആസ്വദിക്കുന്നത്. അല്ലെങ്കിൽ, ഗുളിക മാതിരി അതിനെ മുണുങ്ങി വിടുകയുമാവാം.
എന്നിരുന്നാലും, ഇപ്രകാരം കോഴി ഇറച്ചി കഴിച്ച പോത്തുകളെയാണ് കൂറ്റന്‍ പോത്തുകളെന്ന് പറയുന്നതെന്ന് ചുരുക്കം. ആലി ഹാജിയുടെ യാത്ര സംഘത്തിൽ ഗമയിലങ്ങനെ അവരുമുണ്ടാകും ഏതാനുമെണ്ണം.
കുത്തനെയുള്ള അനേകം മൺപാതകൾ കടന്ന് അല്‍പ്പാല്‍പ്പമായി മാത്രം സൂര്യ പ്രകാശമിറങ്ങുന്ന വനത്തിനുള്ളിലൂടെ നിരനിരയായി അമ്പലപ്പാറയിലെ പുഴവക്കത്തേക്ക് ഘോഷയാത്രയായവർ നീങ്ങും. മുന്നില്‍ ഹാജിയാർ. പിന്നില്‍ മൂത്ത മകന്‍ മരക്കാറ്റിയും ഭാര്യ കൈജുവും. അവർക്ക് പിന്നില്‍ കൂറ്റന്‍ പോത്തുകളുടെ കൂട്ടങ്ങൾ. ഏറ്റവുമൊടുവിലായി അവയെ തളിച്ചുകൊണ്ടെന്നോണം മറ്റ് മക്കളും. ചട്ടി, കലം, പാത്രങ്ങള്‍, അരി, സാമാനം തുടങ്ങിയവയൊക്കെ ഒരു ഭാണ്ഡത്തിലാക്കി പോത്തുകളുടെ മുതുകത്തുമുണ്ടാകും.
അനേകം ദൂരം യാത്ര ചെയ്തവർ അമ്പലപ്പാറയിൽ എത്തുമ്പോഴേക്കും പണിക്കാരവിടെ തയ്യാര്‍. പിന്നെ, വിശ്രമമില്ലാത്ത ജോലികളാണ്. മേൽനോട്ടത്തിനായി ഹാജിയാരും മരക്കാറ്റിയും എല്ലായിടത്തും സജീവം. ഈ രണ്ടു പോത്തുകളെ വീതം ബന്ധിച്ച് നുകം ഘടിപ്പിച്ച് നിയന്ത്രിക്കുന്ന മക്കളേയും പണിക്കാരേയും പാടത്തവിടവിടെയായി കാണാം. നുകത്തിൽ ഘടിപ്പിച്ച മൂര്‍ച്ചയേറിയ കരിയെ മണ്ണിലേക്കാഴ്ത്തി മുടിങ്കോലുകൊണ്ട് പോത്തിന്റെ പുറത്തൊന്നാഞ്ഞടിച്ചാൽ സര്‍വ്വശക്തിയുമെടുത്തത് മുന്നോട്ട് കുതിക്കും. അതോടു കൂടി മണ്ണിനെ പിളര്‍ത്തിയൊരു ചാലവിടെ രൂപപ്പെടുകയായി. അങ്ങനെ നിര്‍ജ്ജീവമായി കിടന്നിരുന്ന അമ്പലപ്പാറയിലെ മണ്ണ് അവരെല്ലാവരും കൂടി വിത്തിറക്കാൻ പാകത്തില്‍ ശരിപ്പെടുത്തി കൊണ്ടിരുന്നു. കൈജു സമീപത്തു തന്നെ തിന്നാനും കുടിക്കാനുമുള്ള വെട്ടത്തിലാണ്. കലത്തിൽ ചോറ് വെന്തുകൊണ്ടിരിക്കുന്നു. കൊതിയൂറുന്ന ഗന്ധം പരത്തി ചട്ടിയിൽ കറിയും. ഇടക്കിടെ തള്ളക്കയിലുകൊണ്ട് അതിലൊന്നാട്ടി കൊണ്ട് കൈജു അടുപ്പിന് ചുറ്റും സജീവം.
അന്ന് വൈകുന്നേരം ഏറെ വൈകിയാണവർ പണി നിർത്തിയത്. കൂലിയൊക്കെ കണക്കാക്കി നല്‍കി പണിക്കാരെ പറഞ്ഞുവിട്ട ശേഷം ഹാജിയാർ കാലികളെ മുഴുവന്‍ തളിച്ച് കൊണ്ട് വന്ന് കരക്ക് കയറ്റി ബന്ധിച്ചു. നേരത്തെ വെട്ടി കൊണ്ട് വന്ന പച്ചിലകളും അമ്മിയിലിട്ടരച്ച് കൊണ്ടുവന്ന മുതിരയുമവര്‍ക്ക് ആവോളം നല്‍കി. പിന്നെ, മക്കളുമായദ്ദേഹം വെള്ളാരം കല്ലിന്റെ തിളക്കം കാണുന്ന പുഴയിലെ സ്ഫടിക സമാനമായ വെള്ളത്തിൽ കൈയും കാലും കഴുകി കരക്ക് കയറി നിന്നു. നിരന്ന പാടത്തിനപ്പുറം ഉയർന്ന് നില്‍ക്കുന്ന പാറക്ക് മുകളിലാണവരുടെ വിശ്രമ കേന്ദ്രം. അവിടെ കൈജു കലവും പാത്രങ്ങളും വൃത്തിയാക്കുന്നത് കാണാം. പാടവരമ്പിലൂടെ നടന്ന് പാറക്ക് മുകളില്‍ കയറി ഒരിക്കല്‍കൂടി ഹാജിയാർ തന്റെ വയലിലേക്ക് നോക്കി...
താനും മക്കളും ചേര്‍ന്ന് ഉഴുതു മറിച്ച് ചുവന്ന മണ്ണ്... അതിനപ്പുറം നിശബ്ദ താഴ്‌വരയിൽ നിന്നും കളകൂജനവുമായൊഴുകി വരുന്ന പുഴ. അതിന്റെ മറുവശമൊരു ഘോരവനമാണ്. അവിടെ കൂട്ടമായി വളരുന്ന കൈതച്ചെടിക്കു മുകളില്‍ ചീപ്പിലെ പല്ല് പോലെ ഇടതൂർന്ന് വളർന്ന് നില്‍ക്കുന്ന നാനാവിധ മരങ്ങൾ കാണാം. തെങ്ങ്, മാവ്, പ്ലാവ്, കവുങ്ങ് തുടങ്ങി അനേകം മരങ്ങളുണ്ടതിൽ.
നിഗൂഢ സുന്ദരം...
അതിനിടെ... കൈജു ഓരോ ഗ്ലാസ്സ് കടുംചായ എല്ലാവർക്കും നല്‍കി. മധുരം കുറഞ്ഞ കട്ടന്‍ ചായ. പിന്നെ, ഉച്ചക്കൊരുക്കിയ ഭക്ഷണ വെട്ടത്തിന്റെ ചിന്തയിലായി കൈജു. ഇനി നാളെ എന്തുണ്ടാക്കണം എന്നവർ ചിന്തിച്ച് കൊണ്ടിരിക്കുന്നു, മക്കള്‍ സമീപത്തു തന്നെ മറ്റെന്തോ പണിയിലാണ്. നാളെ പുഴയില്‍ നിന്നും വെള്ളം പാടത്തേക്കൊഴുക്കണം. അതിന്റെ ചിന്തയിലായിരുന്നു ഹാജിയാർ. അനേകം നാൾ വരണ്ടുണങ്ങി കിടന്ന ആ മണ്ണിലേക്ക് നാളെ തെളിനീര്‍ ഒഴുകുകയാണ്. പ്രിയതമനെ കാത്തിരിക്കുന്ന പെണ്ണിനെ പോലെ വയലിലെ ചുവന്ന മണ്ണ് കാണാം. ജീവിതങ്ങൾ വിളയുന്ന മണ്ണ്. ഭക്ഷണമെന്നാൽ ശ്വാസവും ജീവനുമാണ്. ആ ഭക്ഷണത്തിന്റെ തുടിപ്പുയരുന്നതോ മണ്ണില്‍ നിന്നും.
ഇതിനിടെ സൂര്യൻ പതിയെ താഴ്ന്നു തുടങ്ങി. പ്രകൃതി ഇരുട്ടിനെ വരവേല്‍ക്കാൻ കാത്തിരിക്കുകയാണ്. അതിന്റെ സൂചന പോൽ പക്ഷികള്‍ കൂട്ടിലേക്ക് മടങ്ങിയിരക്കുന്നു. ചീവിടുകൾ രംഗം കീഴടക്കി വരുന്നു. കുറുക്കന്‍, നെരി, പന്നി, വവ്വാൽ തുടങ്ങിയവർ അന്നത്തെ ഭക്ഷണ വേട്ട തുടങ്ങാനായി മാളങ്ങളില്‍ കാത്തു കെട്ടി നില്‍ക്കുന്നുണ്ടായിരിക്കാം.
ഈ സമയം വീട്ടിലേക്ക് നടന്നാൽ ഒരുപക്ഷേ, രാത്രിയോടെ മാത്രമേ ദുര്‍ഘടമായ വഴി താണ്ടി വീട്ടിലെത്തിച്ചേരാന്‍ സാധിക്കുകയുള്ളു. അതിനാല്‍, ഇന്നിവിടെ തങ്ങാം... ഹാജിയാരാണത് കൈജുവിനോട് പറഞ്ഞത്. പോത്ത്, വിത്ത്, വളം തുടങ്ങിയവക്ക് മക്കളെ കാവലിരുത്തി കൊണ്ട് ഹാജിയാരും കൈജുവും വീട്ടിലേക്ക് മടങ്ങാറാണ് സാധരണ പതിവ്. എന്തായാലും കൈജുവിന് സന്തോഷം. ഇതൊക്കെയും താങ്ങി പിടിച്ചിനി വീട്ടിലേക്ക് മടങ്ങേണ്ടല്ലോ... നേരം സന്ധ്യയോടടുക്കുകയാണ്. രാത്രി വെളിച്ചത്തിലേക്ക് മിഴി തുറക്കുന്ന പ്രഭാത സമയത്തെ അപേക്ഷിച്ച്... വെളിച്ചം രാത്രിയുടെ ഇരുട്ടിലേക്ക് വഴിമാറുന്ന മുഹൂര്‍ത്തം മനുഷ്യ മനസ്സുകളില്‍ ഭയപ്പാട് വിതറുന്ന സമയം കൂടിയാണ്. സകല മതങ്ങളും ഈ സമയത്തെ പ്രാർത്ഥന നിര്‍ഭരമായ കര്‍മ്മങ്ങളെകൊണ്ട് സജീവമാക്കാൻ നിര്‍ദ്ദേശിക്കുന്നു. ഇസ്ലാമിലുമതെ.
മഗ്രിബായി...
അടുത്തെങ്ങും ഒരു സാമ്പ്രി പോലുമില്ലാത്ത ഇവിടേക്ക് പള്ളിയില്‍ നിന്നുയയരുന്ന ബാങ്കൊലി കേള്‍ക്കുകയില്ല. അതിനാല്‍, ആകാശത്തെ ചുവപ്പ് മായുന്നതിന് മുമ്പേ എല്ലാവരും പുൽപായയില്‍ മഗ്രിബ് നമസ്കാരം നിര്‍വ്വഹിച്ചു. സന്ധ്യയോടെ ആകാശത്ത് ചായമിടുന്ന ചുവപ്പ് ഇരുളായി മാറുന്നത് വരെയാകുന്നു മഗ്രിബ് നമസ്കാരത്തിനുള്ള സമയം. സലാം ചൊല്ലി ഇരുവശത്തേക്കും ഭക്തി പുരസരം തല തിരിച്ച് നമസ്കാരത്തിൽ നിന്നും വിരമിച്ച ശേഷമാണ് കൈജുവിനൊരു കാര്യം ഓര്‍മ്മ വന്നത്.
"അല്ലാഹ്... കൈയിൽ വെളിച്ചത്തിനുള്ള ഒരു ചുക്കുമില്ലല്ലോ"
വിളക്കില്ല. തിരിയില്ല, ചൂട്ടില്ല, തീപ്പെട്ടിയില്ല മണ്ണെണ്ണയില്ല, കര്‍പ്പൂരമില്ല. ചുറ്റും കൂരാ കൂരിരുട്ടിലേക്ക് നടന്നടുക്കുന്ന ഇളം നിഷ്‌പ്രഭ മാത്രം. പാറകളും, പാടവും, പുഴയും, കാടും അന്ധകാരത്തിന്റെ പുതപ്പിനുള്ളില്‍ വിറങ്ങലിച്ചങ്ങനെ നില്‍ക്കുന്നു. ഒരല്‍പ്പം വെളിച്ചത്തിന്നായി സമീപത്തൊരു കടയുമില്ല... വീടില്ല... മനുഷ്യരില്ല. എങ്ങും ഘോര ഘോരമായ നിശബ്ദത. ചീവീടുകളുടെ ചിറകടി മാത്രം ഉയർന്ന് കേൾക്കാം. എങ്കിലും, അല്‍പ്പമകലെയായി മനോഹരമായ പുകത്തോട് കളം ഇരുട്ടത്തങ്ങനെ കുളിച്ച് നില്‍ക്കുന്നത് കാണാൻ കഴിയുന്നു. വള്ളുവനാട് രാജാവിന്റെ സാമാന്ദനായ പുലാപ്പെറ്റ കുതിരവട്ടത്ത് കോട്ടയില്‍ തമ്പുരാന്റെ വിശാലമായ കളത്തിന് സമീപത്തൈ രമ്യഹർമ്മമാകുന്നു മേല്‍ ഭവനം. മനോഹരമായ കൊത്തു പണികള്‍ നിറഞ്ഞ കഴുക്കോലുകളെ താങ്ങി നിര്‍ത്തുന്ന മിനുസമാർന്ന തടിയന്‍ മരത്തൂണുകൾ. അതിന് മുകളില്‍ മേത്തരം ബാസ്റ്റിൻ ഓടുകളുടെ നിര. ചുണ്ണാമ്പു കൊണ്ട് മനോരമായി ചായം തേച്ച ചുമരുകള്‍ക്ക് താഴെ ചുവചുവാന്നിരിക്കുന്ന കാവി നിലം. പിന്നെ, കൊലായില്‍ എതാനും ഇരിപ്പിടങ്ങള്‍. പുകത്തോട് കളത്തിന് ചുറ്റുമുള്ള കുതിരവട്ടത്ത് കോട്ടയില്‍ വക നിലയങ്ങളുടെ നിരീക്ഷണത്തിന്നും അല്‍പ്പം കുറച്ച് വിശ്രമത്തിനുമൊക്കെയായി തമ്പുരാൻ വളരെ അപൂര്‍വ്വമായി മാത്രമാണിങ്ങോട്ട് എഴുന്നള്ളാറുള്ളൂ. അതിനാല്‍ തന്നെ, യക്ഷിയെ തളച്ചിട്ട ഭവനം പോലെ മിക്ക സമയവും അതടഞ്ഞ് കിടപ്പാണ്.
"തല്‍കാലം ഇന്ന് രാത്രി അവിടെ തങ്ങാം..." നിലവത്ത് കുളിച്ചു കിടക്കുന്ന പുകത്തോട് കളത്തിലേക്ക് കൈ ചൂണ്ടികൊണ്ട് ഹാജിയാർ പറഞ്ഞു.
കൈജുവിനും മക്കള്‍ക്കും സമ്മതം. എല്ലാവരും ഒരു ജാഥപോലയങ്ങോട്ട് നടന്നു. കളം താഴിട്ട് പൂട്ടിയിരിക്കുകയാണ്. അനേകം നാളുകളായി ആൾ പെരുമാറ്റമില്ലന്ന സൂചന നല്‍കിക്കൊണ്ട് വരാന്തയിലും ഉമ്മറത്തും നിറയെ കരിയിലകള്‍ വീണു കിടക്കുന്നത് നിലാവിൽ കാണാൻ കഴിയും. പിന്നെ, ഇരുട്ടു മൂലം നരച്ച നിറം പടര്‍ന്ന ചുമരും തൂണുകളും. പ്രദേശത്തെ തമ്പുരാന്റെ സ്ഥലം നോക്കി നടത്തുന്നത് അദ്ദേഹത്തിന്റെയൊരു കാര്യസ്ഥനാണ്. തമ്പുരാൻ വരുന്നതിന്റെ തലേ ദിവസം മാത്രമാണയാൾ കളം വൃത്തിയാക്കി വെക്കുക. എന്തായാലും തല്‍കാലം ഒരു രാത്രി കയ്യാൻ ഇതുതന്നെ ധാരാളമെന്ന് ചിന്തിച്ച് ഇരുട്ടില്‍ ഭക്ഷണ സാധനങ്ങള്‍, പുൽപ്പായ, വെള്ളം എന്നിത്യാദികളെടുത്ത് ഹാജിയാരും കുടുംബവും പുകത്തോട് കളത്തിലെ വരാന്തയിലേക്ക് കയറി നിന്നു. അവിടെയൊന്ന് വൃത്തിയാക്കി പായ വിരിച്ചെല്ലാവരും നിരന്ന് കിടക്കാന്‍ നില്‍ക്കുമ്പോഴാണ് കളത്തിനല്‍പ്പമകലത്തായി താമസിച്ചു വരുന്ന പോക്കര്‍ ചൂട്ടിന്റെ വെളിച്ചവുമായങ്ങോട്ട് കടന്നു വന്നത്. ഒരുപക്ഷേ, വിജനമായ കളത്തിലെ ആൾ പെരുമറ്റം കണ്ട് വന്നതാകാമയാൾ.
"ആരാപ്പോ ഈ മോന്തിക്ക്വ്ടെ...?"
അയാൾ ചൂട്ടൊന്ന് മുന്നോട്ട് കുടഞ്ഞ് ചോദിച്ചു.
"എന്റെ പോക്കരെ... വെളിച്ചമില്ല... ഒരു തുള്ളി എണ്ണയോ തിരിയോ ഇല്ല. തല്‍കാലം ഇവിടെ കിടക്കാന്ന് കര്തി". കൈജു തന്റെ പരിഭവം പോക്കരെ അറിയിച്ചു.
"ആ... ആലിക്കാക്കീറ്റ്വോണൊ..." പകല്‍ മുഴുവന്‍ പാടത്തെ ബഹളം കേട്ടിരുന്ന പോക്കർക്ക് ആ ശബ്ദം ചിരപരിചിതമായിരുന്നു.
പോക്കറുടെ വീട്ടിലെ ഉമ്മറപ്പടിയിൽ മുരിഞ്ഞ് കത്തുന്ന ഒരു ഓട്ടുവിളക്കിന്റെ പ്രഭാവലയം പുകത്തോടിന്റെ വരാന്തയില്‍ നിന്നും നോക്കിയാല്‍ കാണാം.
പോക്കര്‍ തിക്കും പോക്കും നോക്കി. എന്നിട്ട് പതിയെ കൈജുവിനോട് പറഞ്ഞു.
"എന്റെ കുഞ്ഞി പാത്തുമ്മയൊന്ന് ഇശാ നിസ്കാരത്തിന്നായി കയറട്ടെ. അപ്പോൾ കിട്ടിയിരിക്കും നിങ്ങള്‍ക്കൊരോട്ടു വിളക്കിന്റെ വെളിച്ചം"
മാലോകരുടെ പ്രയാസങ്ങളിൽ അങ്ങേയറ്റം വേദനയും ദുഖവുമുള്ള... സർവ്വോപരി സ്വന്തം കെട്ടിയോളായ കുഞ്ഞി പാത്തുമ്മയെ പേടിയോടെ ബഹുമാനിക്കുകയും ചെയ്യുന്ന പോക്കരുടെ മറുപടി കേട്ട് ആ രാത്രിയൊന്നെല്ലാവരും നിറഞ്ഞ് ചിരിച്ചു.
ശുഭം.