വിദ്യാലയങ്ങളെല്ലാം കോവിഡ് കാലത്തെ അനിവാര്യമായ വിശ്രമത്തിലാണ്. ദുൻയാവായ ദുൻയാവുകളിൽ മുഴക്കുകയും അവൻ പെറ്റു പെരുകി സ്കൂളടക്കമുള്ള സ്ഥാപനങ്ങളെ മുഴുവനും അനിശ്ചിത കാല ഹർത്താൽ കണക്കേ പൂട്ടിയിട്ടിരിക്കുന്നു. ഇതിൽ നിന്നെന്നൊരു മടക്കം എന്നാണെന്ന് ആർക്കും പ്രവചിക്കാൻ കഴിയാതായിരിക്കുന്നു. എങ്ങും കൊറോണയെ കുറിച്ചുള്ള സംസാരങ്ങൾ മാത്രം. അവലോകനങ്ങൾ. ചർച്ചകൾ. ഇതിനിടയിൽ വിദ്യാർത്ഥികളുടെ കാര്യമാണ് കഷ്ടം. സ്കൂളെന്ന അനുഭവങ്ങളുടെ മഹാപ്രളയം അവര്‍ക്ക് നഷ്ടമാകുന്നത് ഇത് രണ്ടാം വര്‍ഷമാണ്. എങ്കിലും, കുട്ടികൾക്ക് വഴി വെട്ടി നല്‍കുന്ന അധ്യാപകർ വിശ്രമത്തിലാണന്ന് പറയുക വയ്യ. തങ്ങളുടെ ശിഷ്യ ഘണങ്ങളുടെ പഠന കാര്യങ്ങളില്‍ വ്യാപൃതരായി നാനാവിധ ഓൺലൈൻ സേവനങ്ങളിലവർ സജീവമാണ്. കൂടാതെ, ചില അധ്യാപകര്‍ ടിവി ചാനൽ വഴിയും കുട്ടികള്‍ക്കുള്ള ക്ലാസുമായി കടന്നു വരുന്നുണ്ട്. അത് തിരുവനന്തപുരത്ത് നിന്നുമാണ് സംപ്രേഷണം ചെയ്യുന്നതെന്ന് തോന്നുന്നു. അഥവാ, സ്കൂളുകൾ മുഴക്കെയും വീടെന്ന മഹാവിദ്യാലയത്തിന്റെ നാല് ചുമരുകള്‍ക്കുള്ളിൽ നെരിഞ്ഞമർന്നിരിക്കുകയാണെന്ന് ചുരുക്കം.
ഒരു കുഞ്ഞിന്റെ അധ്യാപനം തുടങ്ങുന്നത് ഒന്നാം ക്ലാസിലോ എല്‍കെജിയിലോ ആണോ? അല്ലെന്നാണ് അനുഭവസ്ഥർ പറഞ്ഞുവെക്കുന്നത്. മാതാവ്, പിതാവ്, സഹോദരി, സഹോദരൻ, മുത്തശ്ശി, മുത്തച്ഛന്‍ എന്നിങ്ങനെ ജീവിതാനുഭവങ്ങളെന്ന ബിരുദധാരികളായ മഹാഗുരുക്കന്മാരില്‍ നിന്നുമാണെവരുടെ വിദ്യാഭ്യാസത്തിന് തുടക്കം കുറിക്കുന്നതത്രെ. ഇങ്ങനെയുള്ള അനേകം കാര്യങ്ങൾ ചിന്തിച്ചങ്ങനെ ഇരിക്കുമ്പോഴാണ് രാവിലെ കൃത്യം 6.55ന് അനിയന്റെ പഠനത്തിന് ഔദ്യോഗികമായി സമാരംഭം കുറിക്കുന്നത്.
"അസ്സലാമു അലൈക്കും... സാറേ..."
അങ്ങനെയാണതിന്റെ തുടക്കം. അഥവാ, ദൈവത്തിന്റെ സമാധാനം താങ്കളിൽ കൊടും തണുപ്പിലെ ഇളം വെയിലുപോലെ പരന്നൊഴുകട്ടെ എന്ന്.
വീടകങ്ങളിലെ നിശബ്ദതയിൽ സ്വയം ലയിച്ച് ജീവിക്കുന്ന മാതാക്കള്‍, പിതാക്കളും, സഹോദരനുമൊക്കെയതാ വടിയെടുത്തിറങ്ങിയിരിക്കുന്നു. ഒരു വീട് എല്‍പി, യുപി, ഹൈ, ഹൈ സെക്കണ്ടറി തുടങ്ങി... മഹാതിശയ കലാലയങ്ങൾ വരെ ആയി മാറിയിരിക്കുന്ന അദ്ഭുതകരമായ കാഴ്ച്ച. ഇതായിരിക്കാം 'സ്മാര്‍ട്ട് ക്ലാസ്' എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. പച്ചപ്പരിഷ്കാരം. അഥവാ, എങ്ങോ നില്‍ക്കുന്ന അധ്യാപകര്‍ തങ്ങളുടെ ശിഷ്യർക്ക് തത്സമയം നല്‍കുന്ന പാഠ്യ മണിക്കൂറുകള്‍. അതിനിടയില്‍ സംശയം ചോദിക്കലും മറുപടിയും. പിന്നെ, അധ്യാപകരുടെ വക ചീത്ത പറച്ചിൽ, ശാസനം, ഉപദേശം എന്നിത്യാദികളും സുലഭം.
"ഞാനന്റെ വീട്ട്ക്ക് വരണണ്ട്... ഒരു മുണ്ടം വട്യൂ ആയി..."
ഇടയില്‍ ടീച്ചറു വക ഭീഷണികൾ കേൾക്കാം...
ഇതിനിടക്കാണ് ഉമ്മയുടെ മനസ്സിൽ നിന്നൊരു സങ്കടം നിർഗളിച്ചുയർന്നത്.
"എനിക്കീ അത്യാധുനികരായ വിദ്യാർത്ഥി കൂട്ടങ്ങളെ പഠിപ്പിക്കാന്‍ കഴിയുന്നില്ല മകനെ"
ഇതാകുന്നു അവരുടെ മഹാവേദന. കാര്യം ന്യായം. മോസ്റ്റ് മോഡേണായ ഈ കരിക്കുലത്തോട് തലമുടി നരച്ച അമ്മമാരെങ്ങനെ എതിരിടാനാണ്. എങ്കിലും, അല്‍പ്പം ഉത്സാഹിപ്പിച്ചേക്കാം എന്ന് കരുതി ഞാനുമ്മയോട് ചോദിച്ചു.
"ഉമ്മാ... ഇങ്ങക്ക് മൊല്ലാച്ചിമാരെ അറിയോ...?"
"മൊല്ലാച്ചിമാരോ... അതാരാ...?"
"എകെ അയിഷാ ഹജ്ജുമ്മ, മുക്രിക്കാടകത്ത് കുഞ്ഞാമിന, നഫീസത്ത് ബീവി മുതലായ സ്ത്രീ രത്നങ്ങളില്ലേ ഉമ്മ... അവരെ... "
പെണ്‍ ഉസ്താദുമാര്‍.
മറക്കപ്പുറത്തെ നിശബ്ദതയിൽ മാത്രം ഒതുങ്ങി നിന്ന് കാലം കഴിക്കാതെ തറവാട് വീടുകളിലെ വിസ്താരമുള്ള വരാന്തകളിലിരുന്നാണവർ വിദ്യാർത്ഥികളെ പഠിപ്പിച്ചിരുന്നത്. സമൂഹത്തിന്റെ തനതായ വളര്‍ച്ചക്കും വികസനത്തിനൊപ്പം അവരും നടന്നു നീങ്ങിയെന്ന് സാരം. പള്ളികള്‍ കേന്ദ്രീകരിച്ചുള്ള ഓത്തുപള്ളികളും ദര്‍സുകളും അക്കാലത്ത് വളരെ കുറച്ച് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാലാണ് ആ സ്ത്രീകൾ അധ്യാപനത്തിന്നായി കച്ച കെട്ടിയിറങ്ങിയത്. സമുദായത്തിന്റെ പൊതുനേതൃത്വം യഥാസമയം അവരെ പ്രോത്സാഹിപ്പിച്ചിരുന്നുവെങ്കില്‍ മുസ്‌ലിം പൊതുസമൂഹത്തില്‍ സ്ത്രീകളുടെ സ്ഥാനം ഇന്നത്തേതില്‍ നിന്നും എത്രയോ പുരോഗമിക്കുമായിരുന്നു. വാസ്തവത്തില്‍ അക്കാലം അവരെ വലിയ തോതില്‍ പിറകോട്ടുവലിക്കുകയാണല്ലോ ഉണ്ടായത്.
പരിശുദ്ധ ഖുര്‍ആന്‍, അഖീദ, അഖ്‌ലാഖ്, അറബി മലയാള ലിപികളിലുള്ള തര്‍ജമകള്‍, പാട്ടുകള്‍, ബൈതുകള്‍, നസീഹത്തുമാല, കുപ്പിപ്പാട്ട്, പക്ഷിപ്പാട്ട് മുതലായ അക്കാലത്തെ പ്രസിദ്ധമായ മുസ്‌ലിം കവിതകള്‍, ചരിത്രകഥകള്‍ തുടങ്ങിയവയെല്ലാം പഠിച്ച് ഹൃദിസ്ഥമാക്കിയാണ് ഈ പെണ്‍ ഉസ്താദുമാര്‍ കുട്ടികൾ നിരന്നിരിക്കുന്ന വരാന്തയിലേക്കിറങ്ങിയിരുന്നത്.
കണ്ണൂരിന്റെ മണ്ണിനെ വിജ്ഞാന മയമാക്കാന്‍ തങ്ങളാൽ കഴിയുന്ന പ്രവര്‍ത്തനങ്ങൾ സമർപ്പിച്ച മഹാമഹതികളായ സ്ത്രീ അധ്യാപകരാകുന്നു അവർ. അവരെ പോലെ എന്തു കൊണ്ട് നമ്മുടെ വീടകങ്ങളിലെ സ്ത്രീകളും മാറുന്നില്ലന്ന ചോദ്യമിന്ന് അസ്ഥാനത്തായിരിക്കുന്നു. ഇന്നെല്ലാ വീടുകളിലും മൊല്ലാച്ചിമാർ പുനർജനിച്ചിരിക്കുന്നു. നാടിന്റെ പാരമ്പര്യത്തിലേക്കുള്ള മടക്കം പോലെ.
"മനസ്സിലായോ ഉമ്മ...?"

