നോമ്പ് കാലം വിശുദ്ധ കര്‍മ്മങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും മാത്രം കാലമല്ല. ഭക്ഷണ വൈവിധ്യത്തിന്റെയും, സ്നേഹോഷ്മളതയുടേയും കാലം കൂടിയാണത്. നോമ്പ് കാലത്ത് സല്‍മാന്‍ പള്ളിയുടെ മുറ്റത്ത് ചെറിയൊരു പന്തലുയരും. തെരുവില്‍ ജോലിക്കായി വരുന്ന അന്യ നാട്ടുകാരായ ആളുകൾക്കും നാട്ടുകാർക്കുമായാണത്. അവിടെ വിശുദ്ധ മാസത്തിലെ എല്ലാ വൈകുന്നേരങ്ങളില്‍ മൊരിഞ്ഞ സമൂസയുടെ ഗന്ധം അന്തരീക്ഷത്തില്‍ നിറഞ്ഞൊഴുകും. ചില ദിവസങ്ങളില്‍ പൊക്കവടയും കാണും. വലിയ പത്രത്തിലേക്ക് പിഴിഞ്ഞെടുത്ത നാരങ്ങയുടെ മണവും വലിയ താലത്തിൽ വെട്ടി നിരത്തി വെക്കുന്ന വത്തക്ക, പൈനാപ്പിൾ തുടങ്ങിയവയുടെ നിരയും മനോഹരമായ അനുഭവം തന്നെ. ഉസ്താദിന്റെ കട്ടിലിനടിയിലൊരു കടലാസ് പെട്ടിയില്‍ കുനേ കൂട്ടിയടച്ച് വച്ചിരിക്കുന്ന അറേബ്യൻ ഈത്തപ്പഴമാണ് അതിലെ ഏറ്റവും വലിയ സ്ഥാനീയൻ.
ഒരുപക്ഷേ, പ്രവാചകൻ കൈ വിരലുകൊണ്ട് പിളർത്തി ചീന്തുകളായി കഴിച്ച ഏതോ ഈത്തപ്പഴം... അതിൽ നിന്നും ഉപേക്ഷിച്ച കുരുവിൽ നിന്നും തളിരിട്ട പനയില്‍ തളിര്‍ത്ത ഈത്തപ്പഴം.
അല്ലാഹു അഅലം...
അക്കാലത്ത് മദ്ധ്യാഹ്ന നമസ്കാരം കഴിഞ്ഞിരിക്കുന്ന വേളയില്‍ എല്ലവരും അല്‍പ്പം സംസാരിക്കുന്ന സമയമാണ്. കാരണവന്മാരുടെ വീരവാദങ്ങൾ അഥവാ, അനുഭവങ്ങൾ. കുട്ടികളുടെ സ്വപ്നങ്ങൾ, യുവാക്കളുടെ വാഗ്വാദങ്ങൾ. സംവാദങ്ങൾ.
ഞാനങ്ങനെ വെറുതെ നിൽക്കുമ്പോളതാ... എന്റെയൊരു സുഹൃത്ത് പള്ളിയിലെ കോണിപ്പടിക്കു താഴെയങ്ങനെ വെറുതെ ഇരിക്കുന്നു.
ഇംഗ്ലണ്ട്...
സ്വയം ഒരു ചരിത്രം. അനേകം ദേശങ്ങള്‍ക്ക് വീറും വാശിയുമുള്ള ചരിത്രങ്ങൾ സംഭാവന നല്‍കിയ രാഷ്ട്രം. അതിൽ യുദ്ധമുണ്ട്, കീഴ്പ്പെടുത്തലുകളുണ്ട്, ചതിയുണ്ട്, വഞ്ചനയുണ്ട്... അധികാരാരോഹണങ്ങൾ, ക്രൂരതകൾ, ചർച്ചകൾ, അടിച്ചമര്‍ത്തലുകൾ, സമരങ്ങള്‍, കത്തിയാളുന്ന കലാപങ്ങള്‍ ഒടുക്കം യൂണിയൻ ജാക്ക് പതിയെ കൊടിമരത്തെ അള്ളിപ്പിടിച്ചുതിർന്ന് താഴുന്ന വരേക്കുമുള്ള ചരിത്രം. പിന്നെ... സ്വതന്ത്ര ദിനമാണ്. അങ്ങനെ എത്ര എത്രയോ നാടുകൾക്ക് സ്വതന്ത്രം 'നല്‍കിയ' രാഷ്ട്രം. അതാകുന്നു ഇംഗ്ലണ്ട് ദേശം. അവിടെയാണ് പുള്ളി ജോലി ചെയത് വരുന്നത്. ഇപ്പോൾ ലീവിലാണ്.
അക്കാലത്തെ അദ്ദേഹത്തിന്റെ ജീവിത കാലയനുഭവങ്ങൾ ഒട്ടൊരു അത്ഭുതത്തോടെയല്ലാതെ കേട്ടിരിക്കാന്‍ കഴിയില്ല. ബ്രിട്ടനിലെ ഓരോ ഇടവഴികളിലൂടേയും അന്ന് ഞങ്ങൾ വാക്കുകളിലൂടെ സഞ്ചരിച്ചു. അവിടുത്തെ കാറ്റും ഗന്ധവും തണുപ്പും ഞാനനുഭവിച്ചു. ഇംഗ്ലീഷ് ചാനലിന്റെ നിഗൂഡാത്ഭുദമായ ആഴങ്ങളീലേക്ക് ഞങ്ങളൂളിയിട്ടു. ലോകത്തിലെ ഏറ്റവും ശക്തനായ രാഷ്ട്രനായകരിലൊരാളായ ബ്രിട്ടീഷ് പ്രധാനമന്ത്രി വസിക്കുന്ന 'ടെൻ ഡൗണിംഗ് സ്ട്രീറ്റെ'ന്ന വീടിനു മുന്നിലൂടെയാണ് ദിനവും താൻ ജോലിക്ക് പോയി വരുന്നതെന്ന് കേട്ടപ്പോൾ അടക്കാൻ കഴിയാത്ത ജിജ്ഞാസയാണ് അതെന്നിലന്നുണ്ടാക്കിയത്.
ട്രഫാൾഗർ ചത്വരത്തിലെ സാഹസികനായൊരു ബ്രിട്ടീഷ് നാവികന്റെ പേരിലുള്ള നെല്‍സണ്‍ കോളത്തിന്റെ ഒരറ്റത്താണ് അഡ്മിനിസ്ട്രാലിറ്റി ആര്‍ച്ച് നില നില്‍ക്കുന്നത്. അതിനപ്പുറമുള്ള പച്ചപ്പ് പടര്‍ത്തി തണലിട്ട് നില്‍ക്കുന്ന വൃക്ഷങ്ങൾക്ക് നടുവിലൂടെ നീണ്ടു പോകുന്ന ചെമ്മണ്ണു പാത അവസാനിക്കുന്നത് പ്രശസ്തമായ വിക്ടോറിയ കോളത്തിനു മുന്നിലാണ്. അതിനുമപ്പുറത്താണ് യൂണിയൻ ജാക്ക് നെറുകയില്‍ പറക്കുന്ന ബാങ്കിങ്ഹാം കൊട്ടാരകെട്ടുള്ളതത്രെ... എത്രയോ ചരിത്രം പിറവികൊണ്ടയിടം.
ഡോട്ടൻഹാമില്‍ നടന്ന കലാപത്തെ കുറിച്ചും ഞങ്ങൾ ചർച്ച ചെയതു. അദ്ദേഹത്തോട് ഞാനോരോ ചോദ്യങ്ങളും ചോദിക്കുമ്പോഴും വളരെ താല്പര്യത്തോടെയാണ് അതിനൊക്കെ അദ്ദേഹം ഉത്തരം നല്‍കി വന്നത്. അപ്പോഴൊക്കെയും അത്ഭുതത്തോടെ ഞാനാ കണ്ണുകളിലേക്ക് നോക്കി നിന്നു. ഈ ലോകത്തിന്റെ ചരിത്രം മാറ്റി എഴുതിയ ഒരു ചെറിയ നാട് കണ്ട കണ്ണുകളാണത്. കഷണ്ടി ആക്രമിച്ച ആ തലക്ക് മുകളില്‍ അൽപ്പകാലം മുമ്പ് വരെ ഒരു കാലത്ത് 'സൂര്യര്യനസ്തമിക്കാത്ത സാമ്രാജ്യ'മെന്ന് പേരു കേട്ടൊരു രാജ്യത്തിന്റെ ആകാശം പരന്നു കിടന്നിരുന്നു. ചരിത്രം കുളമ്പടിയടിച്ചു നടന്ന് നീങ്ങിയ മണ്ണിലൂടെയായിരുന്നു അദ്ദേഹം നിരന്തരം നടന്ന് നീങ്ങിയിരുന്നത്.
ഒടുവില്‍, ആ സംസാരം അവസാനിക്കുമ്പോള്‍ സവിശേഷമായ ഒരനുഭൂതിയിൽ ഞാനകപ്പെട്ടുപോയിരുന്നു. ഇംഗ്ലണ്ടിലെ ഏതോ തെരുവിലാണ് ഞാനെന്നൊരു തോന്നല്‍. സായാഹ്ന പ്രാർത്ഥനക്ക് ശേഷം പാട വരമ്പിലൂടെ വീട്ടിലേക്ക് ഞാന്‍ നടന്ന് നീങ്ങുമ്പോള്‍ ലണ്ടന്‍ ഗ്രാമപ്രാന്തത്തിലെ എന്റെ വസതിയിലേക്കുള്ള കരിങ്കൽ പാതയാണോ അതന്നെനിക്ക് തോന്നി. കൊയ്ത്ത് തീരാത്ത മനോഹരമായ ഹരിത വര്‍ണ്ണ പാട ശേഖരം പച്ച പുല്ല് വളരുന്ന ഏതോ ഇംഗ്ലീഷ് ഗ്രാമങ്ങളിലെ അടിവാരങ്ങളെ പോലെ തോന്നിപ്പിച്ചു. അങ്ങകലെ കണ്ട തെക്കന്‍ മലയെ ആല്‍പ്സ് പര്‍വ്വത നിരകളുടെ ഏതോ ഉച്ചി പോലെ തോന്നി. ഉച്ച വെയിലിലും കുളിരുകൊണ്ട് ഞാൻ വിറങ്ങലിച്ചു.
അതേ, ഇന്നൊരു ദിനം ഞാന്‍ ഇംഗ്ലണ്ടിലായിരുന്നു



No comments:
Post a Comment