ലോകം മുഴുവനും ഇരുട്ട് തളം കെട്ടി നില്‍ക്കുന്ന തണുത്ത ഡിസംബറിയൻ രാവിന്റെ അവസാന ദിവസത്തെ ആഘോഷ ലഹരിയില്‍ മതിച്ച് നില്‍ക്കുകയാണ്. എങ്ങും കൂരകൂരിരുട്ട്. ടിവി സ്ക്രീനില്‍ ഏതാനും നിമിഷങ്ങൾക്കുള്ളിൽ പ്രകാശവര്‍ണ്ണപ്രപഞ്ചം തീർക്കാൻ കാത്തിരിക്കുന്ന കെട്ടിടങ്ങളുടെ മൂകത അക്ഷോഭ്യമായി നില്‍ക്കുന്നത് കാണാം. മുകളില്‍ കരിമരുന്ന് ഗോളങ്ങളെ വരവേല്‍ക്കാൻ വെമ്പി നില്‍ക്കുന്ന ആകാശവും.
മണി 11.57...
ഇനി എതാനും നിമിഷങ്ങൾ മാത്രം. ഒന്നോ രണ്ടോ മിനിട്ടുകള്‍. അതു കഴിഞ്ഞാൽ അര്‍ത്ഥ രാത്രിയിൽ പൊതിഞ്ഞ പൊൻപുലരിയാണ്. പുതുസ്വപ്നങ്ങൾ. നവനാമ്പുകള്‍... വലിയ വലിയ പ്രതീക്ഷകള്‍... അറ്റമില്ലാത്ത പ്രത്യാശകൾ. എങ്ങും ആഘോഷ തിരക്ക് മാത്രം.
സമയം 11.59 ലേക്കടുത്തു.
പെട്ടന്ന് മധുരമനോഹര ശബ്ദത്തില്‍ ഫോൺ ചലിക്കുന്നു.
അറിയുന്ന ഒരാളാണ് മറുതലക്കൽ. ഇയാളെന്തിനീ നേരം വിളിക്കുന്നു? മനസ്സെന്നോട് മന്ത്രിച്ചു. ചിലപ്പോൾ ഏറ്റവുമാദ്യം പുതുവത്സര ദിനാശംസകള്‍ നല്‍കാനായിരിക്കാം. അല്ലെങ്കിൽ, എന്തെങ്കിലും അതിവിശേഷ വാർത്തകൾ പങ്കുവെക്കാൻ... അതുമല്ലങ്കിലൊരു പക്ഷേ, പ്രയാസങ്ങളെന്തെങ്കിലും പറയാനായിരിക്കുമോ? ഏയ് അതായിരിക്കില്ല. ദിനം പുതുവത്സരമാണ്... സന്തോഷത്തിന്റേയും സമൃദ്ധിയുടേയും പുതുവത്സരം.
എന്തായാലും, ഞാൻ ഫോണെടുത്തു.
മറുതലക്കലിൽ നിന്നും അശരീരി മാതിരിയൊരു പതിഞ്ഞ ശബ്ദമാണെന്നെ സ്വാഗതം ചെയതത്…
"ഡാ... മരിച്ചു... മാഷ് മരിച്ചു"
ടിവി സ്ക്രീനിൽ 3... 2... 1... ബുര്‍ജ് ഖലീഫയുടെ ഇരുവശങ്ങളിൽ നിന്നും മുകളിലേക്ക് അതിവേഗത്തില്‍ പ്രകാശം കുതിക്കുന്ന അത്ഭുദദൃശ്യവിധാനം ഒരു നോക്ക് ഞാന്‍ കണ്ടു. ഒപ്പം, ആകാശത്തിന്റെ നെറുകയിലേക്കൊരു കൊള്ളിയാന്‍ പോലൊരു വെടി മരുന്ന് ശീഘ്രം പാഞ്ഞു പോയി... അത് വലിയ പ്രകാശക്കുടകൾ മാതിരി ബുർജിനു മുകളില്‍ വര്‍ണ്ണ പ്രപഞ്ചം തീര്‍ത്തുകൊണ്ടമർന്നു.
എന്നാല്‍, എന്റെ തൊണ്ട വരണ്ടുണങ്ങി. മനസ്സാകെ തകർന്ന് തരിപ്പണമായ പോലെ. ഷോക്കേറ്റത് മാതിരിയൊരു മരവിപ്പ്. എന്തു ചെയ്യണമെന്നറിയാൻ കഴിയാതെ ഞാന്‍ നിന്ന് പരുങ്ങി.
ക്യാൻസറെന്ന അസുഖം മൂലം മാഷ് എന്തോ ചില പ്രയാസങ്ങളിലാണന്ന് എതാനും ദിവസങ്ങൾക്ക് മുമ്പ് ഞാനറിഞ്ഞിരുന്നു. എന്നാൽ, ഒന്ന് ചെന്ന് കാണാനുള്ള സാവകാശം പോലും ലഭിക്കാതെ ഇത്ര പെട്ടന്ന്... അതും ഈ പുതുവത്സര ദിനത്തില്‍.
"ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ" തീര്‍ച്ചയായും ഞങ്ങൾ അല്ലാഹുവിൽ നിന്നുള്ളവരും അവനിലേക്ക് തന്നെ മടങ്ങുന്നവരുമാണ്.
പിന്നീടനേകം പൊൻപുലരികളെന്നെ കടന്ന് പോയിരിക്കുന്നു. അന്ന് മുതലിന്നു വരെ പുതുവത്സര ദിനത്തിന്റെ അന്ത്യയാമങ്ങളിലെന്നെയാ ഓര്‍മ്മകൾ പിടികിട്ടും. പിന്നെയൊരു നെടുവീർപ്പാണ്. എനിക്ക് ചുറ്റും ലോകത്തിന്റെ വിവിധ കോണുകളില്‍ നടക്കുന്ന വിവിധങ്ങളായ ആഘോഷ പരുപാടികളെ കുറിച്ച് നിര്‍വികാരമായി ഞാനോർക്കും. നാളെ പുതുപുലരിയാണല്ലോ... പിന്നെ, കണ്ണുകളടച്ച് നിശബ്ദതയി ഉറക്കത്തെ കാതോര്‍ക്കും. എന്റെ സമീപത്തു തന്നെയുള്ള ബുര്‍ജ് ഖലീഫയിലും സമീപത്തും ഇപ്പോഴും ആഘോഷ പരിപാടികളവസാനിച്ചു കാണില്ല.
ശുഭ രാത്രി.

No comments:
Post a Comment