നല്ല വയറു വേദന... അടി വയറ്റിലൊരു പുകച്ചില്‍... ഓരോ മണിക്കൂറുകൾ കൂടുമ്പോഴും വയറിനകത്തൊരു കിരുകിരുപ്പ്... വാലിന് തീപിടിച്ചതു പോലൊരു അസ്വസ്ഥത.
നല്ല ശുദ്ധ വയറിളക്കം.
അതോടുകൂടി ഒന്നിനും വയ്യാതായിരിക്കുന്നു. ഒന്ന് കിടാക്കാൻ കഴിഞ്ഞാൽ മതി എന്നായി. ഇടക്കിടെ ഇങ്ങനെ എണീറ്റ് കക്കൂസിലേക്കോടാനുള്ള സാഹചര്യമേതുമില്ലാതെ സുന്ദരമായൊന്ന് കിടന്നുറങ്ങണം... സ്വപ്നങ്ങൾ കാണണം.
ഇത്രമാത്രമാണ് ആഗ്രഹങ്ങള്‍.
ഭൂമി പ്രവിശാലമാണല്ലോ... സുന്ദരമനോഹരം... പ്രകൃതി, പുഴ, കടൽ, പുൽതകിടി, കാട്, മേട്, കാട്ടരുവി... സുഹൃത്തുക്കൾ, ഇണകൾ, കൂടിച്ചേരലുകൾ, തമാശകൾ, ആര്‍പ്പുവിളികൾ, അട്ടഹാസങ്ങൾ.
ശ്യാമസുന്ദര കെരകേതാര ഭൂമി...
എന്നാൽ, മേല്‍ വിശാലാശ്ചര്യ ഭൂമിയിലെ എവിടേക്കിറങ്ങിയാലും ഒരു നെരിപിരിയാണിപ്പോൾ. ഉടനെ വീടെത്തണം. പിന്നെ, കക്കൂസിന്റെ നാല് ചുമരുകൾ മാത്രമാണ് സുന്ദരസുരഭില ലോകം... ഞാൻ പറഞ്ഞല്ലോ... വയറിളക്കം ശക്തമാണ്.
ഹാവൂ....
ഞാനിപ്പോൾ മറ്റൊരു കാര്യമാണോർക്കുന്നത്.
ട്രമ്പ്, മോഡി, അമിത് ഷാ, ജിൻപിങ്ങ്, കിങ് ജോങ് ഉൻ, സീസി... ലോകം കീഴടക്കാനിറങ്ങി പുറപ്പെട്ട മഹാന്മാര്‍... വേറെയുമുണ്ടനേകം പേർ... ഇവര്‍ക്കൊക്കെ ഇതു മാതിരിയൊരസുഖം വന്നാൽ എന്താകുമായിരിക്കും കഥ. കിരീടം, ചെങ്കോല്‍, പട്ടാളം, തോക്ക്, വെടി... ഒരു ചെറിയ വയറിളക്കത്തിന്റെ അതിരില്‍ അവസാനിക്കുന്ന അത്യാഗ്രഹങ്ങളുടെ മാറാപ്പ് പേറി നടക്കുന്നവർ.
ഒരു തലവേദന വന്നാൽ... അതൊന്നൽപ്പം നീണ്ടു നിന്നാൽ... പിന്നെ, രാജ്യവും ചെങ്കോലും അവനു വേണോ. സുന്ദരമായി ഒന്നുറങ്ങണം, സമാധാനമായൊന്ന് മറക്കിരിക്കണം, അതുമല്ലെങ്കിൽ കാലുകൾ നീട്ടി വെച്ച് ആശ്വാസത്തോടെയൊന്ന് മലര്‍ന്ന് കിടക്കണം. അത് മാത്രമാണവന്റെ ആജീവനാന്ത ജീവിത ലക്ഷ്യം.
വിഡ്ഢികള്‍...
എന്തായാലും... എനിക്കൊരു കാര്യമുറപ്പുണ്ട്...
അലക്സാണ്ടർ, നെപ്പോളിയൻ, ഹിറ്റ്ലർ, മൊസ്സോളീനി തുടങ്ങിയ ഏകാധിപതികൾ തലവേദന, വയറിളക്കം, ജലദോഷം, വയറു കടി, പല്ലു വേദന തുടങ്ങിയ 'നിസ്സാരമായ' അസുഖങ്ങള്‍ക്കിടയിൽ നിന്നും വീണു കിട്ടിയ ചില്ലറ ദിവസങ്ങളിലാണ് ലോകം കീഴടക്കാനിറങ്ങി തിരിച്ചിട്ടുണ്ടായിരിക്കുക.
അതുറപ്പാണ്.

No comments:
Post a Comment