സമര്‍പ്പണം
അപേക്ഷ
ഉളളടക്കം
1- ആമുഖം
2- പ്രാദേശിക ചരിത്രരചന ഒരു മുഖവുര
3- ഭൂപ്രകൃതി
4- സമൂഹം, സാമൂഹിക ബന്ധങ്ങൾ
5- പ്രാദേശിക ഭാഷാ പ്രയോഗങ്ങള്‍
6- ആദ്യകാല ചരിത്രം
7- വള്ളുവനാട്- മഞ്ചേരി കോവിലകങ്ങളുടെ ആധിപത്യ നാളുകള്‍
8- പോര്‍ച്ചുഗീസ് അധിനിവേശ കാലത്തെ പ്രദേശം
9- കൊണ്ടോട്ടിയുടെ കടന്നു വരവും ശാന്തപുരം മഹല്ല് രൂപീകരണവും
10- മലബാറിലെ മൈസൂര്‍ കാലം
11- മലബാര്‍ പോരാട്ട കാലത്തെ പ്രദേശം
ആമുഖം
പ്രാദേശിക ചരിത്രരചന ഒരു മുഖവുര
ഭൂപ്രകൃതി
സമൂഹം, സമൂഹിക ബന്ധങ്ങൾ
ഹരിജനങ്ങൾ
മറ്റ് ഹിന്ദു വിഭാഗങ്ങൾ
മാപ്പിളമാര്‍
പ്രാദേശികമായി ഉപയോഗത്തിലുള്ള ചില വാക്കുകൾ
ക്രിയ
നാമം
ചില വ്യക്തിനാമങ്ങൾ
ആദ്യകാല ചരിത്രം
ചേരമർ
കേരളത്തിന്റെ ദേശിയ ആഘോഷമായി കണ്ടുവരുന്ന ഓണം ചേരഭരണകാലത്തിന്റെ ഒടുക്കത്തിൽ തുടക്കം കുറിച്ചൊരു ബൗദ്ധാഘോഷമായി നിരീക്ഷിക്കുന്നു. ഓണത്തിലെ ഒരു പ്രധാന ആഘോഷമാണ് ആണ്ടിലൊരിക്കൽ തന്റെ പ്രജകളെ കാണാന്‍ വരുന്ന മാവേലി തമ്പുരാന്റെ ആഗമനവും അനുബന്ധ ചടങ്ങുകളും. ഓണത്തിന്റെ ചടങ്ങുകളിലൂടെ കണ്ണോടിച്ചാൽ വേഗത്തിൽ മനസ്സിലാക്കാൻ കഴിയുന്ന കാര്യമാണ് അതൊരു കീഴാള പരിസരത്ത് നിന്നും ഉദയം കൊണ്ട ആഘോഷമാണന്ന്.
ഓണത്തെ സംബന്ധിച്ച് ദേശാഭിമാനി വാരികയില്‍ 'ഓണം ഒരു ബൗദ്ധാഘോഷം' എന്ന പേരില്‍ വന്ന ലേഖനത്തിലെ വരികള്‍ കാണുക,
"ജന്മം കൊണ്ട് ബൗദ്ധം എന്നു വിളിക്കാവുന്ന ഓണാഘോഷത്തിന് രണ്ടു സഹസ്രാബ്ദത്തിനടുത്ത് പഴക്കമുണ്ട്. ബിസി മൂന്നാം നൂറ്റാണ്ടില്‍ മൗര്യ ചക്രവര്‍ത്തി അശോകെന്‍റ മുന്‍കയ്യില്‍ ബുദ്ധ ധര്‍മപ്രചാരണം നടന്നിരുന്ന കാലത്തുതന്നെ ദക്ഷിണേന്ത്യയില്‍ ബുദ്ധമതം പ്രചരിച്ചിരുന്നു. എഡി എട്ടാം നൂറ്റാണ്ടുവരെയുള്ള കാലം ബുദ്ധമതത്തിെന്‍റ പുഷ്കലകാലമായിരുന്നു എന്നു പറയാം. ഇക്കാലത്ത് ആഘോഷിക്കപ്പെട്ടിരുന്ന നാല്‍പതിലധികം ബൗദ്ധ പെരുന്നാളുകളില്‍ ഒന്നായിരുന്നു ഓണം. സംഘകാലത്ത് (എഡി ഒന്നുമുതല്‍ അഞ്ചുവരെയുള്ള ശതകങ്ങള്‍) വിശാല തമിഴകത്തിെന്‍റ പല ഭാഗങ്ങളിലും ഓണം ആഘോഷിച്ചിരുന്നതിന് സംഘകാല കൃതികള്‍ തെളിവു നല്‍കുന്നു. നാലാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട മാങ്കുടി മരുതനാരുടെ “മതുരൈ കാഞ്ചി” എന്ന കാവ്യത്തില്‍ ഓണത്തെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്. പാണ്ഡ്യദേശത്തെ മറവന്മാര്‍ ഓണദിവസം ആയുധങ്ങളേന്തി കളിയുദ്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി കവി പറയുന്നു. ഏഴാം നൂറ്റാണ്ടില്‍ തിരുജ്ഞാന സംബന്ധരും ഒമ്പതാം നൂറ്റാണ്ടില്‍ പെരിയാഴ്വരും ഓണത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. അന്നത്തെ ഓണത്തിന് വാമന- മഹാബലി കഥയുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. ബൗദ്ധര്‍ ഉപയോഗിച്ചിരുന്ന പാലി ഭാഷയില്‍ “കഥിന” എന്നറിയപ്പെട്ടിരുന്ന വിളവെടുപ്പിനോടനുബന്ധിച്ചുള്ള ആഘോഷമാണ് പിന്നീട് ഓണം എന്നറിയപ്പെട്ടത്. ശ്രാവണ (ചിങ്ങം) മാസത്തിലെ ആഘോഷമായിരുന്നതുകൊണ്ട് ആ മാസത്തിന്‍റ പേരിൽ തന്നെ (ശ്രാവണം) ഓണം അറിയപ്പെട്ടു. ശ്രാവണത്തിെന്‍റ പാലി രൂപം സാവണമാണ്. ഇതിലെ സ ലോപിച്ച് ആവണമെന്നും തുടര്‍ന്ന് ഓണം എന്നും ഉച്ചാരണഭേദം വന്നതുമാവാം.
ബുദ്ധഭിക്ഷുക്കള്‍ മേടമാസത്തിലെ അമാവാസി മുതല്‍ കര്‍ക്കിടകത്തിലെ അമാവാസി വരെ, അതായത് കാലവര്‍ഷക്കാലം മുഴക്കെയും ധ്യാനഭജനാദികളില്‍ മുഴുകി വിഹാരങ്ങളില്‍ (പള്ളികളിൽ) കഴിഞ്ഞു വന്നു. കര്‍ക്കിടകത്തിലെ കറുത്ത വാവിന്റെ ദിവസം ജനങ്ങള്‍ നദീതീരങ്ങളില്‍ പോയി പിതൃബലി നടത്തി (ശ്രാദ്ധം ഒരു ബൗദ്ധാചാരമായിരുന്നു). വാവോടെ മഴക്ക് ശമനമായി. തുടര്‍ന്ന് വിളവെടുപ്പിെന്‍റ സമയമാണ്. വറുതിയുടെ രണ്ടു മൂന്നു മാസങ്ങള്‍ക്കുശേഷം സമൃദ്ധിയുടെ കാലം. ശ്രാവണമാസത്തിലെ അത്തം മുതല്‍ പത്തുനാള്‍ സദ്യയുടെയും സമ്മാനങ്ങളുടെയും കളികളുടെയും നാളുകളായിരുന്നു. ഈ ദിവസങ്ങളില്‍ ജനങ്ങള്‍ വിഹാരങ്ങളില്‍പോയി ഭിക്ഷുക്കള്‍ക്ക് ഭക്ഷണവും വസ്ത്രങ്ങളും സമ്മാനിച്ചിരുന്നതായി ചരിത്രം പറയുന്നു.
ഓണപ്പൂക്കളത്തിനും അതിനു നടുവിലുള്ള ചെറുസ്തൂപത്തിനും ബുദ്ധമത ബന്ധമുണ്ട്. പൂക്കളം വൃത്താകൃതിയിലേ പാടുള്ളൂ എന്നാണ്. ഈ വൃത്തം ബൗദ്ധരുടെ ധര്‍മചക്രത്തെ സൂചിപ്പിക്കുന്നു. നടുവിലെ സ്തൂപം ബുദ്ധന്‍റ പ്രതീകമാണ്. തെന്‍റ പ്രതിമകള്‍ സ്ഥാപിക്കരുതെന്ന് ശിഷ്യരോട് നിര്‍ദേശിച്ച ബുദ്ധന്‍ അവരുടെ അഭ്യര്‍ത്ഥനക്ക് വഴങ്ങി നിശ്ചിത രൂപമില്ലാത്ത സ്തംഭങ്ങള്‍ തന്‍റ ഓര്‍മ്മക്കായി സ്ഥാപിക്കാന്‍ അവരെ അനുവദിച്ചുവെന്നാണ് കഥ (ബുദ്ധമതം പ്രചരിച്ച ദേശങ്ങളിലെല്ലാം ഇത്തരം സ്തംഭങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്). ഈ സ്തൂപത്തെ ചിലേടങ്ങളില്‍ ഓണത്തപ്പന്‍ എന്നും വിളിക്കാറുണ്ട്. മഹായാനബുദ്ധമതം കേരളത്തില്‍ ശക്തിപ്പെട്ട കാലത്താണ് ഓണത്തപ്പന്‍ എന്ന സങ്കല്‍പം ആവിര്‍ഭവിച്ചത്. മഹായാന വിശ്വാസപ്രകാരം ബുദ്ധന് പല പൂര്‍വ ജന്മങ്ങളുണ്ട് (ബോധിസത്വന്മാര്‍). ബുദ്ധനു തൊട്ടുപിന്നിലുള്ള ബോധിസത്വന്‍റ പേര് മൈത്രേയന്‍ എന്നാണ്. അക്കാലത്ത് ബോധിസത്വന്മാരുടെ വിഗ്രഹം സ്ഥാപിച്ച് ആരാധിച്ചിരുന്നു. അങ്ങനെ ആരാധിക്കപ്പെട്ട മൈത്രേയന് കേരളത്തില്‍ പതിഞ്ഞ പേരാണ് ഓണത്തപ്പന്‍ (മറ്റൊരു ബോധിസത്വനായ അവലോകിതേശ്വരന് പതിഞ്ഞ പേരാണ് അയ്യപ്പന്‍)..."
കേരളത്തിലെ ബൗദ്ധനാളുകള്‍
ക്രിസ്തുവിന് മുമ്പ് ആറാം നൂറ്റാണ്ടിൽ ബുദ്ധസന്യാസികൾ കേരളത്തിലെത്തിയതായി ചരിത്രപരമായ തെളിവുകളുണ്ട്. അശോകന്റേയും കേരളത്തിലെ നിരവധി നാട്ടുരാജാക്കന്മാരുടെ ശാസനങ്ങളും സംഘകാലത്തെ നിരവധി കൃതികളും കേരളത്തിലെ ബുദ്ധമതസ്വാധീനം വ്യക്തമാക്കുന്നു. അശോകചക്രവർത്തി നാനാദിക്കിലേക്കും ബുദ്ധമത സന്യാസികളെ അയച്ച കൂട്ടത്തിൽ നേരിട്ടും ശ്രീലങ്കയിൽ നിന്നും ബുദ്ധസന്ന്യാസിമാരിവിടെ എത്തി എന്ന് കാണാം. അശോകൻ ഇന്ത്യ മുഴുവനും കീഴടക്കണമെന്ന വാഞ്ഛയുള്ള ചക്രവർത്തിയായിരുന്നു. അദ്ദേഹത്തിന്റെ സൈന്യബലത്താലും കേരളത്തിലെ ചേരരാജാക്കന്മാർ മതസഹിഷ്ണുതയുള്ളവരായതിനാലും ബുദ്ധമതം ഇരു കയ്യും നീട്ടി സ്വീകരിക്കപ്പെടുകയായിരുന്നു എന്ന് പറയാം. അഥവാ, കേരളത്തിന്റെ ഇന്നലെകൾ തിരയുമ്പോള്‍ ബുദ്ധ മതത്തിന്റെ ചരിത്രങ്ങൾക്ക് മീതെ വീണിരിക്കുന്ന കരിയിലകൾ പെറുക്കിയില്ലെങ്കിലത് ചരിത്രത്തോടു ചെയ്യുന്ന അവഹേളനമാകുമെന്ന് പറയാം. നമ്മുടെ ഇന്നലെകൾ ബൗദ്ധ ഭിക്ഷുക്കളുടെ ശരണത്രയങ്ങളാൽ ശബ്ദ മുഖരിതമായിരുന്നു എന്ന് ചുരുക്കം.
കേരളത്തെ ബുദ്ധമതവുമായി ബന്ധപ്പെടുത്തുന്ന ഏറ്റവും പ്രാചീനവും വിശ്വാസയോഗ്യവുമായ രേഖ ഗുജറാത്തിലെ ഗിർനാർ പാറയിൽ അശോകചക്രവർത്തി കൊത്തിവെപ്പിച്ച ധർമ്മലിപികളാണ്. അതിൽ ഇപ്രകാരം പറയുന്നു,
“ദേവപ്രിയനും പ്രിയദർശിയുമായ രാജാവ് കീഴടക്കിയ സർവ്വദേശങ്ങളിലും അപ്രകാരം തന്നെ അയൽരാജ്യക്കാരായ ചോളർ, പാണ്ഡ്യർ, സത്യപുത്രർ, കേരളപുത്രർ, താമ്രപർണ്ണിയർ, യവനരാജാവായ അന്തിയോക്യൻ, അന്തിയോക്യന്റെ സാമന്തരാജാക്കന്മാർ തുടങ്ങിയവർ അവരുടെ രാജ്യങ്ങളിൽ രണ്ടുതരം ചികിത്സാസമ്പ്രദായം നടപ്പിലാക്കി. മനുഷ്യർക്കുള്ളതും മൃഗങ്ങൾക്കുള്ളതും..."
ഒരു മതമെന്നതിലുപരി ഒരു പരിഷ്കൃത സംസ്കാരമെന്ന നിലയിലാണ് അക്കാലത്ത് കേരളം ഭരിച്ചിരുന്ന ചേരരാജാക്കന്മാർ ബുദ്ധമതത്തെ കണ്ടിരുന്നത്. കേരള ചരിത്രം തന്നെ ഇത്തരത്തിൽ നിസ്വാര്‍ത്ഥമായ സാസ്കാരിക വൈവിധ്യങ്ങളുടെ ഉള്‍കൊള്ളലുകൾ അടങ്ങിയതാണല്ലോ. അതുകൊണ്ട് തന്നെ അധികാരത്തിന്റെ പിൻബലമില്ലാതിരുന്ന ജൈന മതത്തേയും ഈ നാട് സ്വീകരിക്കുകയുണ്ടായി. പിന്നീട് കടന്ന് വന്ന ജൂത, ക്രൈസ്തവ, ഇസ്ലാം മതങ്ങളും ഈ നാട്ടില്‍ സ്വീകരിക്കപ്പെട്ടത് മറ്റൊന്നും കൊണ്ടുമായിരുന്നില്ല. ഇത്തരത്തിൽ മനുഷ്യന്റെ നന്മക്കായുള്ള വഴികൾ പറഞ്ഞു തന്ന ഏത് ആശയവും ചിന്തകളും ഈ നാട്ടിൽ സ്വീകരിക്കപ്പെട്ടു. അതിനാൽ തന്നെ, സമാധാനത്തിലധിഷ്ടിതമായ ബുദ്ധമതത്തിന്റെ സന്ദേശം ഉന്നതരെ എന്നപോലെ അധഃകൃതരേയും ഒരു പോലെ ആകർഷിച്ചു എന്ന് വേണമെങ്കിൽ പറയാൻ കഴിയും. അക്കാലത്ത് സമൂഹത്തില്‍ നടമാടിയിരുന്ന നരബലിക്കും, ജന്തു ബലിക്കും, മറ്റനാചാരങ്ങൾക്കും എതിരായി ബുദ്ധസന്യാസികൾ നടത്തിയ ധാർമ്മിക സമരം ദ്രാവിഡാചാരങ്ങളിലെ സാമൂഹിക തിന്മകൾക്കെതിരെ കേരളത്തിൽ വച്ച് നടന്ന ആദ്യത്തെ പരിഷ്കരണ പ്രവര്‍ത്തനങ്ങളായിരുന്നു എന്ന് കാണാം.
മഹാനായ അശോകന്റെ ശിലാശാസനങ്ങളിൽ കേരപുത്താ എന്നാണ് ചേരന്മാരെ വിശേഷിപ്പിച്ചു കാണുന്നത്. ഇതൊരുപക്ഷേ, ചേരപുത്രന്മാർ എന്നായിരിക്കാം അല്ലെങ്കിൽ ചേരരാജാവിനെ സന്ന്യാസിയായി കണക്കാക്കി കേരള ബുദ്ധൻ എന്ന് വിശേഷിപ്പിച്ചതുമായിരിക്കാം. രണ്ടായാലും അശോകന്റെ കാലത്തെ കേരളത്തിലേക്കുള്ള ബുദ്ധമതത്തിന്റെ കയറ്റുമതിക്ക് തുടക്കം കുറിച്ചിരുന്നു എന്ന് പറയേണ്ടി വരും. അവർ കേരളത്തില്‍ ബുദ്ധമതം പ്രചരിപ്പിക്കാനായി അനുഷ്ഠിച്ച പ്രയത്നങ്ങളെക്കുറിച്ച് സംഘകാല കൃതികളിൽ പരാമർശിക്കുന്നുണ്ട്. മണിമേഖല അത്തരത്തിലുള്ള ഒരു കൃതിയായി കണ്ടുവരുന്നു. അതിൽ കേരളത്തിലെ ആദ്യത്തെ ബൗദ്ധവിഹാരം ചേരരാജാവ് ഇമയവരമ്പന്റെ കാലത്ത് കൊടുങ്ങല്ലൂരിലാണ് സ്ഥാപിക്കപ്പെട്ടതാണെന്ന പരാമർശമുണ്ട്. കൂടാതെ, ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തിയാർജ്ജിച്ച ബുദ്ധചൈത്യം ഒരു വഞ്ചിയിലായിരുന്നു എന്നും അതിൽ കാണുന്നു. ഈ വഞ്ചി ഒരുപക്ഷേ, കൊടുങ്ങല്ലൂരിലെ തിരുവഞ്ചിക്കുളമായിരിക്കാം. അതിനെ സംബന്ധിച്ച വാദങ്ങൾ ഇപ്പോഴും കേരള പൊതുമണ്ഡലത്തില്‍ നടന്നു വരുന്നുണ്ട്.
കേരളത്തിലെ ഒരു പള്ളിബാണപ്പെരുമാൾ അശോകന്റെ പാത പിന്തുടര്‍ന്ന് ബുദ്ധമത സന്യാസിയായി രാജ്യഭരണം ഉപേക്ഷിച്ചതായി ഐതിഹ്യമുണ്ട്. ഈ ഐതിഹ്യവുമായി ബന്ധപ്പെട്ട രണ്ടു ക്ഷേത്രങ്ങളാണ് കോട്ടയം താലൂക്കിലെ കിളിരൂർ ക്ഷേത്രവും, ആലപ്പുഴ താലൂക്കിലെ നീലമ്പേരൂർ ക്ഷേത്രവും. പള്ളിബാണപ്പെരുമാളിന്റെ സ്മാരകാവശിഷ്ടങ്ങൾ ഈ രണ്ടു ക്ഷേത്രങ്ങളിലിന്നും കാണാൻ സാധിക്കും.
ശ്രീമൂലവാസം എന്നൊരു പ്രശസ്ത ബുദ്ധവിഹാരം ഉത്തര കേരളത്തിൽ പുരാതന കാലത്തുണ്ടായിരുന്നു എന്ന് നിരീക്ഷിക്കുന്നു. ദക്ഷിണേന്ത്യയിലെങ്ങും പ്രസിദ്ധി നേടിയിരുന്ന മേല്‍ ബുദ്ധ തീർത്ഥാടന കേന്ദ്രം ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴക്കും തൃക്കുന്നപ്പുഴക്കും ഇടക്കാണെന്ന് അനുമാനിക്കാം. പ്രശസ്ത ആയ് രാജാവ് വിക്രമാധിത്യ വരഗുണൻ ശ്രീമൂലവാസം ബൗദ്ധ വിഹാരത്തിന് ഭൂമി ധാനം ചെയ്തതിനെ സംബന്ധിച്ച് സൂചന നല്‍കുന്ന ശാസനമാണ് പാലിയം ശാസനം. അതിലൂടെ അദ്ദേഹമൊരു ബുദ്ധമത വിശ്വാസിയോ ബുദ്ധ മതാനുഭാവിയോ ആണെന്ന് അനുമാനിക്കാം. കൂടാതെ, ശ്രീമൂലവാസം വിഹാരത്തെ കടൽ ക്ഷോഭത്തിൽ നിന്നും സംരക്ഷിക്കാൻ മൂശിക രാജവംശത്തിലെ രാജാവായിരുന്ന വിക്രമരാമൻ ചിറ കെട്ടി നല്‍കിയിരുന്നതായും ചരിത്ര പുസ്തകത്തിൽ കാണാൻ കഴിയും. ഇതെല്ലാം കാണിക്കുന്നത് കേരളത്തിലെ നാടുവാഴികൾ ബുദ്ധമതത്തിനോടെ കാത്തു സൂക്ഷിച്ചിരുന്ന അടുപ്പത്തേയാണ്.
ബുദ്ധമതത്തിന്റെ അസ്തമയം
കേരളത്തിലെ പ്രാചീന ഹൈന്ദവ രാജാക്കന്മാർ അന്യമതങ്ങൾക്ക് നേരെ സംസ്കാരപൂർണ്ണമായ സഹിഷ്ണുതാനയങ്ങൾ പുലർത്തിപ്പോന്നവരായിരുന്നു. ബുദ്ധക്ഷേത്രങ്ങൾക്കും സംഘങ്ങൾക്കുമവർ സംരക്ഷണം നൽകിപ്പോന്നു. എന്നാൽ, ഏഴാം നൂറ്റാണ്ടോടു കൂടി ബുദ്ധമതത്തിന്റെ ശക്തി കേരളത്തില്‍ ക്ഷയിച്ചു തുടങ്ങി എന്ന് ചീനക്കാരായ സഞ്ചാരികളുടെ വിവരണങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിയും. ബ്രാഹ്മണ മതത്തിന്റെ വരവ് മൂലം രാജാക്കന്മാര്‍ ബുദ്ധമതത്തിനെതിരായി തിരിഞ്ഞതാണ് അതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. നമ്പൂതിരി കുടിയേറ്റവും ആ നൂറ്റാണ്ടിൽ ഉത്തര കേരളത്തിലുടലെടുത്ത കുലശേഖരന്മാർ നമ്പൂതിരി കുടുംബങ്ങളുമായി വൈവാഹിക ബന്ധങ്ങളിലേർപ്പെട്ടതും രാജഭരണത്തിൽ അവർക്കുണ്ടായിരുന്ന സ്വാധീനം വർദ്ധിപ്പിച്ചു എന്ന് പറയാം. തികച്ചും യുക്തി ചിന്തയിലും അക്രമരാഹിത്യത്തിലും അധിഷ്ടിതമായിരുന്ന ബുദ്ധമതത്തിന് മുകളിൽ യുദ്ധതോൽവികളുടെ കാരണങ്ങളും ദൈവകോപവുമൊക്കെ കെട്ടിവെക്കുന്നതിൽ ആ ഉപജാപക സംഘങ്ങൾ വിജയിച്ചു. തല്‍ഫലമായി ബുദ്ധമതത്തിന്റെ സ്വാധീനം പടിപടിയായി കുറഞ്ഞ് വന്നു എന്ന് കാണാൻ കഴിയും. നമ്പൂതിരിമാരുടെ പ്രഭാവം അതിന്റെ ഉച്ചകോടിയിൽ എത്തിയ വൈഷ്ണവ കുലശേഖരപ്പെരുമാളുടെ കാലത്ത് 1100 ഓടെ ബുദ്ധമതം ഏതാണ്ട് പൂര്‍ണമായും കേരള സാമൂഹിക മണ്ഡലത്ത് നിന്നും അപ്രത്യക്ഷമായി. ബുദ്ധ സ്വാധീനം കുറഞ്ഞത് മൂലം വിജനമാക്കപ്പെട്ടതോ, ഭിക്ഷുക്കളെ ബലം പ്രയോഗിച്ച് പുറത്താക്കിയതോ ആയ ബുദ്ധവിഹാരങ്ങൾ അല്ലെങ്കിൽ പള്ളികള്‍ ക്ഷേത്രങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെട്ടതിന്റെ ബാക്കി പത്രമാണ് ഞാൻ മുകളില്‍ പറഞ്ഞ ക്ഷേത്ര സംബന്ധിയായ വിവരണങ്ങൾ. ഒൻപതാം നൂറ്റാണ്ടിലെ ശാസനങ്ങൾ പലതും ബുദ്ധക്ഷേത്രങ്ങളുടെ പതനം രേഖപ്പെടുത്തുന്നുണ്ട്. കൂടാതെ, ബുദ്ധമതത്തില്‍ വിശ്വസിച്ചിരുന്ന ജനങ്ങളെ അധികൃതരായി കണക്കാക്കി അവരെ പുതുതായി രൂപം കൊണ്ട ബ്രാഹ്മണ കേന്ദ്രീകൃതമായ മതത്തിലെ ഏറ്റവും താഴ്ന്ന ജാതികളായും അക്കാലം മുതൽ പരിഗണിക്കപ്പെട്ടു വന്നു. അതിന്റെ കൈപ്പുനീർ ഇന്നും ഈ നാട് അനുഭവിച്ച് വരുന്നു.
കേരളത്തിന്റെ സാംസ്കാരിക ഘടനക്ക് വ്യത്യാസം വരുത്തുകയും സമൂഹിക ജീവിത്തില്‍ വിപ്ലവകരമായ മാറ്റമുണ്ടാക്കുകയും ചെയ്ത ബുദ്ധമതം കാലത്തിന്റെ തിരശീലക്ക് പിന്നിലേക്ക് വഴി മാറിയെങ്കിലും അതിന്റെ സാസ്കാരിക സ്വാധീനം കേരളത്തെ ജനമനസ്സുകളിലും അവരുടെ ഇടപാടുകളിലും ഇന്നും കാണാൻ സാധിക്കും. അഥവാ, കേരള സംസ്കാരത്തിൽ ശാശ്വതമായ ചില മുദ്രകൾ അവശേഷിപ്പിക്കുന്നതിന് ബുദ്ധമതത്തിനു കഴിഞ്ഞിട്ടുണ്ടെന്ന് ചുരുക്കം. അഥവാ, നമ്മൾ മലയാളികളുടെ ഉള്ളില്‍ നമ്മളറിയാതെ ഒരു ബൗദ്ധൻ ഉറങ്ങി കിടക്കുന്നുണ്ടെന്ന് സാരം.
ദ്രാവിഡ ദൈവങ്ങളെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രങ്ങളൊക്കെയും ഒരു കാലത്ത് ബൗദ്ധ ദേവാലയങ്ങളായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. ബൗദ്ധ പള്ളികൾ പിടിച്ചെടുത്തതിന്റെ പുനരാവിശ്കാരങ്ങളാണോ ഓര്‍മ്മകളോ ആയിരിക്കാം അത്തരമിടങ്ങളില്‍ ആഘോഷിക്കപ്പെടുന്ന ഉത്സവങ്ങളെന്ന് സ്വാഭാവികമായും പറയാൻ കഴിയും. കൂടാതെ, കൃഷി വേലകൾ ആരംഭിക്കുന്നതിന് മുമ്പും കൃഷി അവസാനിച്ച് കഴിയുമ്പോഴും ബുദ്ധമത വിശ്വാസ പ്രകാരം ഉത്സവനാളുകളായിരുന്നു എന്ന നിരീക്ഷണവും അതു സംബന്ധിയായി നിലവിലുണ്ട്. രണ്ടായാലും, ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ആചാരങ്ങളിൽ കൂടിയ പങ്കും ബുദ്ധമതത്തിന്റെ സംഭാവനയാണെന്നുറപ്പായും പറയാൻ കഴിയും. ക്ഷേത്രാചാരങ്ങളായ എഴുന്നള്ളിപ്പുകൾ, വെടിക്കെട്ട്, കതിന, പറയെടുപ്പ്, പടയണി, പൂരം, കെട്ടുകാഴ്ച്ച, രഥോത്സവം, ശാലയോട്ടം, കുത്തിയോട്ടം, താലപ്പൊലി, അന്നംകെട്ട്, മരമടി തുടങ്ങിയ ചടങ്ങുകളും പുണ്യദിനങ്ങളിലെ സസ്യാഹര ഭോജനം, മഞ്ഞമുണ്ടുടുക്കൽ തുടങ്ങിയ രീതികളും ബുദ്ധമതത്തിൽ നിന്നും സ്വീകരിച്ചതാകാനെ വഴിയുള്ളൂ. കൂടാതെ, കേരളത്തിൽ പരക്കെ പ്രചാരത്തിലുള്ള ‘നാഗാരാധന’ ബുദ്ധമതത്തിന്റെ സംഭാവനയാണന്നും ചരിത്രകാരന്മാര്‍ നിരീക്ഷിക്കുന്നു. ബൗദ്ധർ അവരുടെ ആരാധനാലയങ്ങളായ പള്ളികൾ നിർമ്മിക്കുവാൻ കാടു വെട്ടിത്തെളിക്കുമ്പോൾ നാഗങ്ങൾക്ക് വസികാനും ധ്യാനമിരികാനുമായൊരു ഭാഗം ഒഴിച്ചിടുക പതിവായിരുന്നത്രെ. ഭഗവതി ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള കാവുകളുടെ ഉൽഭവം അവിടുന്നാണന്ന് കാണാം. കൂടാതെ, ദൈവങ്ങളെ പ്രതിഷ്ഠിച്ചാരാധിക്കുന്ന കാവുകളിൽ നിന്നും ഇന്നത്തെ രീതിയിലുള്ള ക്ഷേത്രാചാരങ്ങളിലേക്കും ഉത്സവങ്ങളിലേക്കുമുള്ള ഹൈന്ദവ സംസ്കൃതിയുടെ മാറ്റത്തിന്റെ പിന്നിലും ബൗദ്ധ സ്വാധീനങ്ങളുടെ അംശം കാണുവാൻ കഴിയും. ഹൈന്ദവ പൗരോഹിത്യത്തിനെതിരായി ഒരു നവോത്ഥാനമായി രൂപം കൊണ്ട ബുദ്ധമതം ആന്തരികമായും ബാഹ്യമായും ഹൈന്ദവ സംസ്കൃതിയിൽ തന്നെയാണ് വേരൂന്നി നില്‍ക്കുന്നത്.
ആരാധനാലയങ്ങളിലെ വാസ്തുശിൽപ്പവിദ്യ കേരളത്തിൽ അവതരിപ്പിച്ചത് ബുദ്ധമതക്കാരാണ്. ബുദ്ധമതക്കാരുടെ ആരാധന സമ്പ്രദായത്തിൽ പശ്ചാത്തല സൗന്ദര്യത്തിന് വലിയ പ്രാധാന്യമുണ്ട്. പ്രകൃതിയുടെ മടിത്തട്ടോ അല്ലെങ്കിൽ പ്രകൃതിയിലെ സൗന്ദര്യ രൂപങ്ങളോട് സമരസപ്പെടുന്ന ചിത്ര വേലകളും കാത്തുപണികളും അവർ അവരുടെ ആരാധനാലയത്തിൽ രൂപം കൊടുക്കുന്നത് സര്‍വ്വസാധാരണമായി ഇന്നും കാണാൻ കഴിയുന്ന് കാര്യമാണ്. പിന്നീട്, അത്തരം കലകളുടെ പ്രചാരകരായും അവർ മാറി. ഇന്ന് കേരളത്തിൽ കണ്ടുവരുന്ന രീതിയിലുള്ള ക്ഷേത്രങ്ങള്‍ക്കു നടുവിലെ ഗർഭഗൃഹ നിർമ്മാണ രീതിയും ബൗദ്ധരിൽ നിന്നവലംബിച്ചതാണന്ന് കരുതാം. കളതട്ടുകൾ, ഉത്സവങ്ങളിലെ കുതിരകൾ, വ്യാളി സങ്കൽപ്പങ്ങൾ തുടങ്ങിയവയും ബൗദ്ധ സംഭാവനകൾ തന്നെ. കേരളത്തിലെ നിരവധി ക്ഷേത്രങ്ങൾ പിന്നീട് ഹിന്ദുമതത്തിലേക്ക് പരിവർത്തനപ്പെടുവെങ്കിലും വാസ്തുശിൽപ്പവിദ്യ അചഞ്ചലമായി തുടരുന്നത് കാണാം. കൂടാതെ, കേരളീയ ഭവനങ്ങളിലേക്കും അത്തരം രീതികള്‍ പിന്നീട് വ്യാപിക്കുകയുണ്ടായി.
ബൗദ്ധമതം കേരളത്തിനു നൽകിയ മഹത്തായ സംഭാവന സാക്ഷരത്വവും വിദ്യാസമ്പന്നതയുമായിരുന്നു. ഒരോ വിഹാരവും വിജ്ഞനത്തിന്റെ കേന്ദ്രങ്ങളായിരുന്നു എന്ന് കാണാൻ കഴിയും. അവിടെ എല്ലാത്തരം ജനവിഭാഗങ്ങൾക്കും അക്ഷരവിദ്യ നേടാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. കൂടാതെ, ആരോഗ്യപരിപാലനത്തിലും രോഗ ചികിത്സക്കും വലിയ പ്രാധാന്യം നല്‍കിക്കൊണ്ട് ആതുരശുശ്രൂഷ കേന്ദ്രങ്ങളും അവർ നടത്തി വന്നു. അതിലൂടെയാണ് കേരളത്തിൽ ആയുര്‍വേദത്തിന് ഇത്രമേല്‍ സ്വാധീനം ലഭിച്ചത്. വൈദ്യവും മരുന്നും, ബുദ്ധവിഹാരങ്ങളും ചൈത്യങ്ങളും വഴി സമൂഹത്തിന്റെ എല്ലാ കോണുകളിലേക്കുമവർ എത്തിച്ചതിനാൽ മന്ത്രവാദവും കാട്ടുചെടികളും മാത്രം രോഗ ശമനത്തിന്നായി ഉപയോഗിച്ച് വന്നിരുന്ന ഒരു ജനതക്കത് വലിയ ആശ്വാസമായി. ബൗദ്ധ പണ്ടിതനായ വാഗ്‌ഭടന്റെ അഷ്ടാങ്കഹൃദയമാണ് ആയുർവ്വേദത്തിന്റെ ദക്ഷിണേന്ദ്യയിലെ പ്രചാരണത്തിൽ പ്രധാന പങ്കുവഹിച്ചത്. അപ്രകാരം വൈദ്യശാസ്ത്രത്തെ സാമൂഹിക ജീവിതവുമായി ഇണക്കി ചെർത്തുകൊണ്ടവർ വിപ്ലവം സൃഷ്ടിച്ചു എന്നു പറയാം. ക്ഷേത്രങ്ങളിൽ മിക്കതിലും രോഗചികിത്സയും നടന്നു വന്നിരുന്നു. തകഴി, ഏറ്റുമാനൂർ, മണ്ണാറശ്ശാല, പനച്ചിക്കൽ, ഗുരുവായൂർ, മൂകാംബിക, പള്ളിപ്പുറത്തുകാവ് തുടങ്ങിയ ക്ഷേത്രങ്ങളിൽ ഇന്നും നടന്നു വരുന്ന ചികിത്സാപദ്ധതി ഈ മതങ്ങളുടെ കാലത്തുള്ളതിന്റെ പിൻതുടർച്ചയാണന്ന് നിരീക്ഷിക്കാം. കേരളത്തിലെ ചില ക്ഷേത്രങ്ങളിലും മുസ്ലീം ദർഗ്ഗകളിലും കാണുന്ന സന്ദര്‍ശിക്കാൻ വരുന്നവര്‍ക്ക് എണ്ണ നല്‍കുന്ന സമ്പ്രദായം കേരളത്തിൽ നിന്നും വിട്ടുപോകാത്ത ബൗദ്ധ സംസ്കൃതിയുടെ ബാക്കിപത്രമാണ്.
ഇന്നത്തെ പല പ്രധാന ഹിന്ദുക്ഷേത്രങ്ങളും ഒരു കാലത്ത് ബുദ്ധദേവാലയങ്ങളായിരുന്നു. തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തെയും കഴക്കൂട്ടത്തിനടുത്തുള്ള ശിവക്ഷേത്രത്തെയും ഇക്കൂട്ടത്തിൽ പെടുത്താറുണ്ട്. കേരളത്തിലെ പ്രധാന ബുദ്ധക്ഷേത്രങ്ങൾ പലതും സ്ഥിതിചെയ്തിരുന്നത് ഇന്നത്തെ കൊല്ലം, ആലപ്പുഴ ജില്ലകളിലാണ്. ആ പ്രദേശങ്ങളിൽ നിന്നു ലഭിച്ചിട്ടുള്ള ബുദ്ധമതബിംബങ്ങളും ഇതര ബുദ്ധമതാവശിഷ്ടങ്ങളും ആ വസ്തുത വ്യക്തമാക്കുന്നു. കണ്ടെടുത്ത ശിൽപ്പങ്ങളിൽ പലതും ആറ്, ഒമ്പത് നൂറ്റാണ്ടുകളിലുള്ളവയാണന്ന് ചരിത്രകാരന്മാര്‍ സമര്‍ത്ഥിക്കുന്നുണ്ട്. കൂടാതെ, അവയില്‍ പലതിലും തകര്‍ക്കാനോ തീര്‍ത്തും നശിപ്പിക്കാനോ ശ്രമിച്ചതിനുള്ള അടയാളങ്ങളും ദർശിക്കാനാവും. കേരളത്തിലെ ബുദ്ധാസ്തമയ കാലം എത്ര തീക്ഷ്ണമായിരിക്കുമെന്ന ചിന്തയിലേക്ക് അത് നമ്മെ കൊണ്ടെത്തിക്കുന്നു. കേരള സാംസ്കാരിക ഭൂമികയില്‍ നിന്നും തീര്‍ത്തും തുടച്ചില്ലാതാക്കാനുള്ള ഒരു ഭഗീരഥ പ്രയത്നത്തിന്റെ അടയാളംപോൽ അംഗഭംഗം സംഭവിച്ചതോ കുളം, കിണര്‍, വയൽ, മണ്ണ് തുടങ്ങിയവയിൽ മൂടപ്പെട്ട രീതിയിലോ ആണ് അവകളെ പലതും കണ്ടെത്താൻ കഴിഞ്ഞിരിക്കുന്നത്.
നീണ്ട 1600 വർഷക്കാലം കേരള ജനതയെ ജാതിയതക്കതീതമായി ചിന്തിപ്പിച്ച, അക്രമരാഹിത്യത്തിലധിഷ്ടതിമായ ജീവിതം നയിക്കൻ നൂറ്റാണ്ടുകളോളം കേരളക്കരയെ പ്രേരിപ്പിച്ച ബുദ്ധമതം ചരിത്രത്തിലേക്ക് വഴിമാറിയെങ്കിലും അതിന്റെ അവശേഷിപ്പുകൾ പലതും നമ്മളിലിന്നും ഉറങ്ങികിടക്കുന്നുണ്ടന്ന് കാണാൻ സാധിക്കും. അതിൽ പ്രധാനമാണ് ബുദ്ധകാലത്ത് ഉപയോഗത്തിലിരുന്നതോ, പാലി ഭാഷയിൽ നിന്നും കടം കൊണ്ടതോ ആയ പദങ്ങളുടെ ഉപയോഗങ്ങൾ. പ്രത്യക്ഷത്തിൽ തനി മലയാളമാണെന്ന് കരുതി നാമുപയോഗിച്ച് വരുന്ന നമ്മുടെ പദസമ്പത്തിലെ പല വാക്കുകളും ഈ നാടിന്റെ ബുദ്ധകാലത്തേക്ക് നീളുന്ന പൊക്കിള്‍കൊടികളാണന്ന് പറയാം. അതിൽ പ്രധാനമാണ് പള്ളി എന്ന വാക്കിന്റെ ഉപയോഗം. പുരാതന കാലത്ത് ബുദ്ധ വിഹാരങ്ങളെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന പള്ളി എന്ന വാചകമാണ് പിന്നീട് മുസ്ലീം, ക്രൈസ്തവ ആരാധനാലയങ്ങളെ സൂചിപ്പിക്കാന്‍ ഉപയോഗിച്ച് വന്നത്. കൂടാതെ, പുരാതന കാലത്തെ ബൗദ്ധ വിഹാരങ്ങൾക്ക് സമീപം നടന്ന് വന്നിരുന്ന വിദ്യാലയങ്ങളില്‍ നിന്നും പുതിയ കാലത്തെ സ്കൂളുകള്‍ക്ക് പള്ളിക്കുടമെന്ന പേരും വന്നു ചേര്‍ന്നു. കൂടാതെ, പുത്തൻ (ബുദ്ധൻ), വള്ളി, മറ്റം, വട്ടം, മരുത്വം, കുന്നം, ചേരി, മംഗലം തുടങ്ങിയ പേരുകളും ബുദ്ധ പരിസരത്ത് നിന്നും രൂപം കൊണ്ടതാണന്ന് ചരിത്രകാരന്മാര്‍ സമര്‍ത്ഥിക്കുന്നുണ്ട്.
ഇസ്ലാം- ക്രൈസ്തവ മതങ്ങളുടെ ആഗമന കാലത്ത് വ്യാപകമായ തോതിലതിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് തങ്ങളനുഭവിക്കുന്ന അനീതിയുടെ ആഴം ബോധ്യമായ താഴ്ന്ന ജാതികളായിരുന്നു. ഇപ്രകാരം ജാതിവ്യവസ്ഥയിൽ മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ടവരാണ് ഇസ്ലാമിക, ക്രൈസ്തവ മതപ്രസ്ഥാനങ്ങളിലേക്ക് കൂടുതലും പരിവർത്തനം ചെയ്യപ്പെടുന്നത്. അവർക്ക് ദേവാലയം നിര്‍മ്മിക്കുവാനുള്ള ചിന്ത ഉയർന്ന് വന്നപ്പോൾ തങ്ങളുടെ മനസ്സിൽ ഉറങ്ങി കിടക്കുന്ന പോയ കാല ചരിത്രങ്ങളുടെ ഓര്‍മ്മകളിൽ നിന്നായിരിക്കാം 'പള്ളി' എന്ന നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പദം അവർ കണ്ടെത്തുന്നത്. ഒരുപക്ഷേ, മുസ്ലീം, ക്രൈസ്തവ ആരാധനാലയങ്ങളെ പള്ളി, പള്ളി വാസൽ എന്ന് വിളിക്കുന്നത് ഒരുകാലത്ത് ബുദ്ധ സ്വാധീന ദേശമായിരുന്ന ദക്ഷിണേന്ത്യയിൽ മാത്രമായിരുന്നു എന്ന് കാണാൻ കഴിയും. ഹിന്ദുക്കൾ ആ പദം തങ്ങളുടെ ആരാധനാലയങ്ങളെ സൂചിപ്പിക്കാനുപയോഗിക്കാത്തതിന്റേയും ക്രൈസ്ത- മുസ്ലിങ്ങളത് ഉപയോഗിക്കുന്നതിന്റെയും കാരണമീതാണന്നും മനസ്സിലാക്കാം.
പ്രാദേശിക ചരിത്രത്തിലെ ബൗദ്ധാടയാളങ്ങൾ
സാന്ദ്രതയേറിയ ജനവാസ പ്രദേശങ്ങളും, സജീവമായ വയലുകളും, ഏറെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന മലനിരകളും, നീണ്ട താഴ്‌വരകളും അതിരിടുന്ന ചുങ്കവും അതിന്റെ ചുറ്റുവട്ട പ്രദേശങ്ങളായ പള്ളിക്കുത്ത്, മണ്ണാർമല, കാഞ്ഞിരപ്പള്ളി, കരുവൻപാറ, മുള്ള്യാകുർശ്ശി, കൂരിക്കുന്ന്, പട്ടിക്കാട് തുടങ്ങിയവയും ഒരുകാലത്ത് അറിയപ്പെട്ടിരുന്നത് പള്ളിക്കുത്ത് എന്ന പേരിലാണെന്ന് രേഖകള്‍ സമര്‍ത്ഥിക്കുന്നുണ്ട്. പ്രദേശികമായ ഭൂസവിശേഷതകളിൽ നിന്നോ ചരിത്രത്തിൽ നിന്നോ പാഠമുൾകൊണ്ടുകൊണ്ടാണ് പില്‍ക്കാലത്ത് അവകൾ മറ്റു പേരുകളിൽ അറിയപ്പെട്ടു തുടങ്ങിയത്. പുരാതനകാലത്തെ ഒരു നികുതി പിരിവ് കേന്ദ്രം അല്ലെങ്കിൽ, ചന്ത നിലനിന്നിരുന്ന സ്ഥലം എന്ന നിലയില്‍ ചുങ്കം അഥവ നികുതി എന്ന പേര് ചുങ്കം പ്രദേശത്തിലേക്കും മലകളുടേയും കുന്നുകളുടേയും സാന്നിധ്യം കൊണ്ട് സമ്പന്നമായ കരുവം'പാറ, കൂരി'കുന്ന് തുടങ്ങി സ്ഥലങ്ങൾ ആ പേരിലും, ആറ് മലകളാല്‍ ചുറ്റപ്പെട്ട പ്രദേശത്തിന്റെ ഒത്ത നടുവിലെ നിലം അഥവാ മണ്ണ് എന്ന നിലയില്‍ മണ്ണാര്‍മല പ്രദേശം മേല്‍ പേരിലും അറിയപ്പെടാൻ തുടങ്ങി. ഒരു കാലഘട്ടം വരെ വള്ളുവനാട് രാജാവിന്റെ അധീനതയിലുണ്ടായിരുന്ന മണ്ണാർമല പ്രദേശത്ത് അദ്ദേഹത്തിന്റെ പ്രതിനിധിയായി അധികാരം വാണിരുന്ന രാജാവും കോവിലകവും മണ്ണാര്‍മല എന്ന പേരില്‍ തന്നെയാണ് പിന്നീടറിയപ്പെട്ടത്. 1883ൽ തീപെട്ട വള്ളുവക്കോനാതിരി ഈ പ്രദേശം മഞ്ചേരി കോവിലകത്തെ ഇളമുറ തമ്പുരാനായ അഞ്ചാം സ്ഥാനീയന് പതിച്ചു നല്‍കിയ ശേഷവും 'മണ്ണാർമല രാജ' എന്ന പേരും പദവികളുമാണദ്ദേഹവും തുടർന്ന് വന്നത്. ചുരുക്കി പറഞ്ഞാൽ, അഭിപ്രായ ഭിന്നതകൾക്കപ്പുറം കൃത്യമായൊരു കാലഗണന പറയാൻ കഴിയാത്തത്ര കാലത്തിനപ്പുറം മുതൽ ഈ അടുത്ത കാലം വരേക്കും ചുങ്കവും അതിന്റെ ചുറ്റുവട്ട പ്രദേശങ്ങളും പളളിക്കുത്ത് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
പള്ളി എന്ന പദത്തിന്റെ ഉൽപ്പത്തിയെക്കുറിച്ച് വിവിധ അഭിപ്രായങ്ങൾ നിലവിലുണ്ട്. പാലി ഭാഷയിൽ ഹള്ളി എന്നാൽ ബുദ്ധ വിഹാരം, ബുദ്ധൻ വിഹരിക്കുന്ന ഇടം അല്ലെങ്കിൽ ബുദ്ധ സാന്നിദ്ധ്യ പ്രദേശം എന്നൊക്കെയാണര്‍ത്ഥം. ഇംഗ്ലീഷിലെ ഹാൾ എന്ന പദമുണ്ടായത് ഹള്ളിയിൽ നിന്നാണെന്നുള്ളൊരു നിരീക്ഷണം നിലവിലുണ്ട്. പഴയ മലയാളത്തിൽ "ഹ" എന്ന അക്ഷരം നിലവില്ലില്ലാതിരുന്നതിനാൽ "പ" എന്ന അക്ഷരം ഉപയോഗിച്ച് പള്ളി എന്നാക്കി മാറ്റി അതിനെ ഉച്ചരിക്കാൻ തുടങ്ങി എന്ന് കാണാൻ കഴിയും. വാടാനപ്പള്ളി, കരുനാഗപ്പള്ളി, പാരിപ്പള്ളി, വാഴപ്പള്ളി, കാർത്തികപ്പള്ളി, ചന്ദനപ്പള്ളി, പള്ളിക്കൽ, പള്ളിമൺ, പള്ളിപ്പുറം, പള്ളിവാസൽ, തോട്ടപ്പള്ളി, പള്ളിക്കത്തോട്, പള്ളിപ്പാട് എന്നിങ്ങനെ പള്ളി ശബ്‌ദമുള്ള സ്ഥലനാമങ്ങളൊക്കെയും പഴയകാലത്തെ ബുദ്ധവിഹാരകേന്ദ്രങ്ങളായിരുന്നു എന്ന് അതിലൂടെ നിരീക്ഷിക്കാം. ശബരിമല തീര്‍ത്ഥാടനത്തിന് പോകുന്നവർ കൊണ്ടുപോകുന്ന കെട്ടിനെ പള്ളിക്കെട്ടെന്നാണ് വിളിക്കപ്പെടുന്നത്. അത് ശബരിമല ഒരു പഴയകാല ബുദ്ധ കേന്ദ്രമായിരുന്നു എന്നുള്ള വാദത്തിന്റെ തുടര്‍ച്ചയായി മനസ്സിലാക്കാൻ കഴിയും. കൂടാതെ, കേരളത്തിൽ പാഠശാലകൾ സ്ഥാപിച്ചത് ബുദ്ധഭിക്ഷുക്കളാണന്ന ചരിത്ര വസ്തുതയിൽ നിന്നാണ് വിദ്യാലയങ്ങളെ പള്ളിക്കുടം എന്ന് ഈ അടുത്ത കാലം വരെയും വിളിക്കപ്പെട്ടിരുന്നത്. ഇത്തരം വസ്തുതകൾ പരിഗണിക്കുമ്പോൾ ബുദ്ധസ്വാധീന പ്രദേശങ്ങളുടെ സൂചകങ്ങളായ പള്ളിക്കുത്ത്, കാഞ്ഞിരപ്പള്ളി തുടങ്ങിയവയോടൊപ്പം പ്രദേശത്ത് തലയുയർത്തി നില്‍ക്കുന്ന ചേരിയം മലയുടെ നാമവും കടന്ന് വരുന്നത് ബുദ്ധ സ്വാധീനത്തില്‍ നിന്നായിരിക്കാമെന്ന് സ്വാഭാവികമായും അനുമാനിക്കാൻ കഴിയും (ചേരിയം എന്ന പദവും ബുദ്ധ സ്വാധീനത്തിന്റെ ബാക്കി പത്രമായാണ് ചരിത്രകാരന്മാര്‍ വീക്ഷിക്കുന്നത്). ഒരുപക്ഷേ, ഏതാനും സ്ഥലങ്ങളുടെ നാമവുമായി ബന്ധപ്പെടുത്തി മാത്രം ഒരു പ്രദേശത്തെ മുഴുവനായും ബുദ്ധ ചരിത്രത്തോടൊപ്പം കൂട്ടികെട്ടാൻ നടത്തുന്ന വൃഥാ ശ്രമമാണോ ഇതെന്ന് ആരോപിക്കാമെങ്കിലും, മേല്‍ സ്ഥലനാമ ചരിത്രത്തോടൊപ്പം പ്രദേശത്ത് വ്യാപകമായി നിവസിച്ച് വരുന്ന ഹരിജനങ്ങളുടെ സാന്നിധ്യവും അവരുടെ ആരാധന വിശ്വസങ്ങളിൽ വളരെ വ്യക്തമായ രൂപത്തിൽ തലോടി നീങ്ങുന്ന ബൗദ്ധ രീതികളും പരിഗണിച്ചാൽ പ്രദേശം ഒരു പുരാതന ബുദ്ധ കേന്ദ്രമായിരുന്നെന്ന് നിസ്സംശയം പറയാൻ സാധിക്കും.
ബ്രാഹ്മണ മതത്തിന്റെ കടന്ന് വരവോടെ അധിനിവേശം ചെയ്യപ്പെട്ട് തങ്ങളുടെ ആരാധനാ കേന്ദ്രങ്ങളില്‍ നിന്നും പുറത്താക്കപ്പെട്ട വിശ്വാസികളെ സമൂഹത്തിലെ ഏറ്റവും അധപതിച്ച വിഭാഗമായാണ് അധിനിവേശ വിഭാഗം കണ്ടു വന്നത്. അവർക്ക് കീഴ്‌പെട്ടവരെ അവർ അഭിമതരായ ജാതിക്കാരാക്കി മാറ്റി. ലോകത്തിന്റെ വ്യത്യസ്ത കോണുകളില്‍ പിന്നീടുണ്ടായ അധിനിവേശങ്ങളുടെ നീണ്ട ചരിത്രം പരിശോധിച്ചാൽ നിലവിലുള്ളവർക്കെതിരിൽ കടന്നു വന്നവര്‍ ചെയ്ത മേധാവിത്തമൊരു പൊതു സവിശേഷതയായി കാണുവാന്‍ കഴിയും. തങ്ങളുടെ 'ഉയർന്ന ചിന്തകളെ' സ്വീകരിക്കാൻ വിസമ്മതിച്ചവരോ അല്ലെങ്കിൽ പഴയ ചിന്തയില്‍ നിലയുറപ്പിച്ചിരുന്നവരോ ആയവർ എന്ന നിലയില്‍ ബ്രാഹ്മണ മതാഗമനാന്ദരമുള്ള പരിസ്ഥിതിയിൽ അവർ അധസ്ഥിതരായി പരിഗണിക്കപ്പെട്ടു. അതുവഴിയാണ് പരിവര്‍ത്തനം ചെയ്യപ്പെട്ട ക്ഷേത്രത്തിലവര്‍ക്ക് പ്രവേശം നിഷേധിക്കപ്പെടുന്നത്. കേരളത്തിൽ ക്ഷേത്ര പ്രവേശന വിളംബരം നടപ്പിലാക്കുന്നത് വരെ അത് തുടർന്ന് വന്നു എന്നുള്ളത് ദുഃഖകരമായ യാഥാർത്ഥ്യമാണ്. എങ്കിലും, ബ്രാഹ്മണമത വാഹകരായ ആര്യന്മാരുടെ കടന്ന് വരവിന് മുന്നേ ഇവിടെ ജാതി സമ്പ്രദായമുണ്ടായിരുന്നു എന്നൊരു സിദ്ധാന്തം നിലവിലുണ്ട് എന്നുള്ളത് നിഷേധിക്കാൻ കഴിയാത്ത വസ്തുതയാണ്. എന്നാൽ, അവരുടെ കടന്ന് വരവിനു മുമ്പിവിടെ ഉണ്ടായിരുന്ന ആ ജാതി വ്യവസ്ഥയുടെ സവിശേഷതയെ കുറിച്ചോ അന്നത്തെ സാമൂഹ്യ വ്യവസ്ഥിതി എപ്രകാരമായിരുന്നു എന്നതിനെ സംബന്ധിച്ചോ വ്യക്തമായ തെളിവുകളൊന്നും തന്നെ നിലവിലില്ല എന്നുള്ളതൊരു പോരായ്മയായി മനസ്സിലാക്കാം. വില്ല്യം ലോഗനുൾപ്പെടെയുള്ള പല ചരിത്രകാരന്മാരും ആര്യന്മാരാണിവിടെ ജാതി സമ്പ്രദായം ആരംഭിച്ചത് എന്ന വാദക്കാരാണ്.
ചേരമർക്ക് ശേഷം ബുദ്ധ മതത്തിലേക്ക് ആകർശിക്കപ്പെട്ടവർ അപ്രകാരം ബുദ്ധ മതത്തിന്റെ തകര്‍ച്ചയോടെ രൂപപ്പെട്ട ജാതി ശ്രേണിയില്‍ 'താഴ്ന്ന ജാതി' എന്ന് വിളിക്കപ്പെട്ടതായി കാണുവാൻ കഴിയും. ഇത്തരത്തിൽ ഹരിജനങ്ങൾ കൂട്ടമായി വസിക്കുന്നയിടം പഴയകാല ബുദ്ധ കേന്ദ്രമായിരിക്കാമെന്ന നിരീക്ഷണം തള്ളിക്കളയാൻ സാധിക്കില്ല. അപ്രകാരം ദൈവാരാധന കേന്ദ്രങ്ങൾ നിഷേധിക്കപ്പെട്ട വിഭാഗം സ്വന്തം നിലയില്‍ ആരാധനാ വസ്തുക്കള്‍ കണ്ടെത്തിയതിന്റെ ബാക്കി പത്രമാണ് തങ്ങൾ അധിവസിക്കുന്ന പ്രദേശത്തവർ സ്ഥാപിച്ച കല്ലുകൾ കൊണ്ടോ മറ്റോ നിർമ്മിക്കുന്ന പരുക്കന്‍ ആരാധന വസ്തുക്കള്‍. കള്ളിച്ചെടികൾക്ക് താഴെ സ്ഥാപിക്കുന്ന കോട്ട എന്ന പ്രത്യേകം ആകൃതിയോ രൂപമോ ഇല്ലാത്ത കല്ലുകളുടെ പ്രതിഷ്ഠയിൽ കാലങ്ങൾക്കിപ്പുറത്ത് അനേകം മാറ്റങ്ങള്‍ക്ക് വിധേയമായ ബുദ്ധ രീതിയുടെ അംശങ്ങള്‍ കാണാതിരിക്കാൻ കഴിയില്ല. പ്രാദേശികമായി ഈ കോട്ട പ്രതിഷ്ഠയെ കരിംകുറ്റി എന്ന പേരിലോ ശാസ്താവ് എന്ന പേരിലോ ആണ് അറിയപ്പെടുന്നത്. ശാസ്താവ് എന്നതൊരു ആദി ദ്രാവിഡഗോത്ര ദൈവമായിരുന്നു. ബുദ്ധന്റെ പര്യായമായും അതുപയോഗിച്ചു വരുന്നു. ആചാര്യൻ എന്നാണതിന്റെ അർത്ഥം. ബുദ്ധതത്വങ്ങൾ പഠിപ്പിക്കുക വഴിയായിരിക്കാം ആചാര്യൻ എന്ന പര്യായം ബുദ്ധനു ലഭിച്ചത്. ശാസ്താവ് എന്ന വാക്കില്‍ നിന്നാണ് ചാത്തപ്പൻ എന്ന പേര് രൂപപ്പെടുന്നത്. അത് ഒരു കാലഘട്ടം വരെ ഈ പ്രദേശത്ത് ഹരിജനങ്ങൾ വ്യാപകമായ തോതില്‍ ഉപയോഗിച്ച് വന്നിരുന്ന നാമമായിരുന്നു അത്. ഇന്നും ആ പേരില്‍ പലരും പ്രദേശത്ത് ജീവിച്ചു വരുന്നു.
പന്തളത്ത് രാജകുമാരനായ അയ്യപ്പൻ ശബരിമല ശാസ്താവിൽ ലയിച്ചു എന്നാണ് ഹിന്ദുമത വിശ്വാസികള്‍ വിശ്വസിക്കുന്നത്. ശാസ്താവ് അഥവാ അയ്യപ്പൻ ഹിന്ദു ദേവനാക്കപ്പെട്ട ബുദ്ധനാണെന്നും അതിനു മുമ്പ് അതൊരു ദ്രാവിഡ ദേവനായിരുന്നു എന്നും ധർമ്മശാസ്താവ് എന്ന പേരിൽ തന്നെ ബുദ്ധനെ കണ്ടെത്താമെന്നാണ് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. അതുവഴി, ശബരിമല ആദിവാസികളായ ദ്രാവിഡ ഗോത്രങ്ങളുടെ ക്ഷേത്രമായിരുന്നുവെന്നും പിന്നീട് ബൗദ്ധ ക്ഷേത്രമായി മാറിയ ശേഷം ആര്യാധിനിവേശ കാലത്ത് ഹൈന്ദവ ക്ഷേത്രമായി മാറിയെന്നും അവർ വാദിക്കുന്നു.
സാമ്പ്രദായിക ചരിത്രം പള്ളിക്കുത്ത് പ്രദേശമുൾപ്പെടെയുള്ള ഹരിജനങ്ങൾ തിങ്ങി പാര്‍ക്കുന്ന ഇടങ്ങളിൽ ഇപ്രകാരം ബൗദ്ധബന്ധം അവകാശപ്പെടുന്നുണ്ട് എങ്കിലും പാരമ്പര്യമായി ഇതു സംബന്ധിച്ച കേട്ടറിവ് ഹരിജനങ്ങൾക്കില്ല എന്നുള്ളതൊരു വാസ്തവമാണ്. എന്നാൽ, ഊഹങ്ങളുടേയും ചരിത്രപരമായ നിരീക്ഷണ പഠനങ്ങളുടേയും അടിസ്ഥാനത്തില്‍ അവര്‍ക്ക് ബുദ്ധബന്ധം സ്ഥാപിച്ചെടുക്കാന്‍ വേഗത്തിൽ സാധ്യമാകും.
അവലംബം-
1- കേരളത്തിലെ പുരാതന ബുദ്ധ വിഗ്രഹങ്ങൾ- യോഗിനി അഭയ ദേവി
2- ബുദ്ധ മതവും കേരളവും- നൗഷാദ് ഹനീഫ്
3- കേരളത്തിന്റെ ഇന്നലെകള്‍- സുജീർ മാറഞ്ചേരി
4- കേരള സംസ്കാരം- എ ശ്രീധരമേനോൻ
5- പണ്ടത്തെ മലയാളക്കര- കെ ടി രാമവർമ്മ
6- ദേശാഭിമാനി വാരിക
7- ചുള്ളിയാനം ഓൺലൈൻ പതിപ്പ്
8- പാലി ഭാഷയെ കുറിച്ചുള്ള വിക്കിപീഡിയ ലേഖന സമാഹരം
9- വിക്കിപ്പീഡിയ ലേഖനങ്ങൾ
വള്ളുവനാട്- മഞ്ചേരി കോവിലകങ്ങളുടെ ആധിപത്യ നാളുകള്‍
ഒരു ദേശത്തിന്റെ നിറവും ഗന്ധവും തുടിപ്പും ആത്മാവും സമ്പൂര്‍ണ്ണമാക്കപ്പെടുന്നത് ആ പ്രദേശത്തിന്റെ തനതായ ചരിത്ര സാംസ്കാരിക പെെത്രകത്തിലൂടെയാണല്ലോ. പ്രദേശത്തിന്റെ ഭാഗദേയം കൂടുതലായൊന്നും വിശദീകരിക്കാൻ സാധ്യമാകാത്ത, എന്നാൽ അക്കാലത്തെ പൊതു ചരിത്രത്തോടൊപ്പം കൂട്ടി വായിക്കാൻ സാധിക്കുന്ന സുദീര്‍ഘമായ ചേരകാലവും അതിന്റെ ഒടുക്കം രൂപപ്പെട്ട ബുദ്ധസ്വാധീന നാളുകള്‍ക്കും ശേഷം പ്രദേശം അതിന്റെ സ്ഥാനം അടയാളപ്പെടുത്തുന്നത് വിവിധ നാടുവാഴി ഭരണത്തിന്റെ രൂപകങ്ങളോടൊപ്പമാണന്ന് പറയാം.
ചേരകാലം കേരളത്തിലെ രാഷ്ട്രീയ ഐക്യം നിലനിന്നിരുന്ന കാലമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. സംഭവം നടന്ന കാലഘട്ടത്തിന്റെ കാര്യത്തിൽ ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്ന, അവസാന ചേരരാജാവിന്റെ ഇസ്ലാം സ്വീകരണവും മക്ക യാത്രക്കും ശേഷമാണ് സ്വരൂപ കേന്ദ്രീകൃതമായ രാജഭരണ കാലഘട്ടത്തിന് തുടക്കം കുറിക്കുന്നത്. അഥവാ, പതിനൊന്നാം ശതകത്തോടു കൂടി കേരളം അഭ്യന്തരവും വൈദേശികവുമായ കാരണം കൊണ്ട് ശിഥിലമാവുകയും ശക്തമായ കേന്ദ്രനേതൃത്വത്തിന്റെ അഭാവത്തിൽ നായന്മാരായ നാട്ടുപ്രമാണിമാരെ ഉയർത്തിക്കൊണ്ടു വരികയും ചെയ്തു. തുടര്‍ന്നുള്ള ആറേഴ് ശതകങ്ങളിൽ ഈ പ്രമാണിമാർ തമ്മിൽ ശക്തമായ സമരങ്ങളിൽ മുഴുകുന്നതാണ് കാണാൻ കഴിയുക. വിജയികളും പ്രബലരുമായവർ തങ്ങൾ ക്ഷത്രിയരാണെന്ന് അവകാശപ്പെട്ടു പോന്നു. ജന്മംകൊണ്ട് ക്ഷത്രിയർ ആയിരുന്നില്ലെങ്കിലും രാഷ്ട്രീയവും സൈനികവുമായ വിജയം കൊണ്ടുയർച്ച കൈവരിച്ചവരായിരുന്നു അവർ. സഹ്യപർവ്വതത്തിന്റെ പ്രത്യേക സ്ഥാനം നിമിത്തം ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിൽ നിന്നും പാടെ വ്യത്യസ്തമായ രാഷ്ട്രീയ സമ്പ്രദായങ്ങളവിടങ്ങളില്‍ വളർന്നു വരുന്നതാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. അപ്രകാരം സൃഷ്ടിക്കപ്പെട്ട രാജാക്കന്മാരെല്ലാവരും തന്നെ തങ്ങൾ ചേരചക്രവർത്തിയുടെ പിന്തുടർച്ചക്കാരണന്നാണ് അവകാശപ്പെട്ടു. ഇവർക്ക് താഴെയാണ് ഓരോ ദേശത്തെയും പ്രധാനികളായ നായർ പ്രമുഖർ വളർന്ന് വരുന്നത്. ഈ ദേശത്തലവന്മാർ അതാതു നാടുവാഴി തമ്പ്രാക്കളോട് വിശ്വസ്തത പാലിച്ചുവന്നു.
ചേരന്മാർക്ക് ശേഷ രാഷ്ട്രീയമായും സൈനികമായും സാമ്പത്തികമായും മുന്നിട്ടു നിന്നിരുന്നത് വേണാട്, കോലത്തുനാട്, കോഴിക്കോട്, കൊച്ചി, വള്ളുവനാട് തുടങ്ങിയ രാജ്യങ്ങളായിരുന്നു. മറ്റെല്ലാ നാട്ടുരാജ്യങ്ങളും മേൽ പറഞ്ഞ രാജ്യങ്ങളുടെ മേൽക്കോയ്മ അംഗീകരിച്ചുകൊണ്ട് അവയുടെ നിയന്ത്രണത്തിലും ആശ്രയത്തിലും കഴിഞ്ഞു വരുന്നവരായിരുന്നു എന്ന് പറയാം. എന്നാൽ, കാലക്രമേണ ഉണ്ടായ രാഷ്ട്രീയ ധ്രുവീകരണത്തെ തുടർന്ന് കൊച്ചിയും കോലത്തുനാടും പിന്നീട് കോഴിക്കോട്ടെ സാമൂതിരിക്ക് വിധേയമാക്കപ്പെട്ടു. മേല്‍ അധികാര കേന്ദ്രങ്ങളുടെ സുഗമമായ നടത്തിപ്പിന്നായാണ് അവർ പ്രാദേശിക കേന്ദ്രീകൃതമായ ഒരുതരം മാടമ്പി ഭരണത്തിന് അനുമതി നല്‍കുന്നത്. രാജാവിന്റെ മേല്‍ക്കോയ്മ കാലകാലം നിലനിർത്തുക, നികുതി പിരിച്ച് പൊതു ഖജാനയിലേക്കെത്തിക്കുക, രാജാവിന്റെ യുദ്ധാവശ്യത്തിലേക്കുള്ള പടയാളികളേയും സമ്പത്തും ശേഖരിച്ചു നല്‍കുക, വര്‍ണ്ണവ്യവസ്ഥ നിയമങ്ങൾ കര്‍ശനമായി പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുക തുടങ്ങിയവയൊക്കെയായിരുന്നു അവരുടെ ഉത്തരവാദിത്വങ്ങൾ. ഈ പഴുതിലൂടെയാണ് അതുവരെ മാറിനിന്നിരുന്ന നമ്പൂതിരിമാർ രാജ്യഭരണപരമായ കാര്യങ്ങളിൽ നിയന്ത്രിതമായ അധികാരങ്ങൾ കൈയാളാൻ തുടങ്ങുന്നത്. രാജാവിനുപോലും വിധേയരല്ലാത്ത ചില നായര്‍ മാടമ്പിമാർ കുടിയാൻമാരുടെ മേൽ ആധിപത്യം സ്ഥാപിച്ച് കൊല്ലും കൊലയും ഇക്കാലയളവില്‍ നിര്‍ഭാദം നടത്തിപ്പോന്നു.
ഓരോ പ്രദേശത്തിന്റേയും അധീശത്വം അവകാശപ്പെട്ടിരുന്ന ഈ ഭൂപ്രഭുക്കന്മാരുടെ പ്രധാന വരുമാന മാര്‍ഗ്ഗം കൃഷി ആയിരുന്നു. ഭൂമിയുടെ ഏകാവകാശികൾ എന്ന നിലയിൽ അതിന്റെ നിയന്ത്രണത്തിലൂടെ നാടിന്റെ പൊതുഭരണവും നീതിനിര്‍വ്വഹണവും സ്വതന്ത്രമായി അവർ നിര്‍വ്വഹിച്ചു. സ്വാഭാവികമായും, വയലില്‍ കൃഷി ചെയ്യുന്ന താഴ്ന്ന ജാതികള്‍ എന്നറിയപ്പെട്ട കുടിയന്മാർ കഠിനമായ ജോലികളിൽ ഏര്‍പ്പെട്ടുകൊണ്ട് നരകയാതനയാണ് അക്കാലയളവിൽ അനുഭവിച്ച് പോന്നത്. അതിനാൽ തന്നെ, ബുദ്ധാനന്ദര കാലത്ത് രൂപപ്പെട്ട ജാതിയതയുടെ തീനാളങ്ങൾ ഏറ്റവും ശക്തമായി അനുഭവപ്പെട്ട കാലമായിരുന്നു അതെന്ന് പറയാം.
പോർച്ചുഗീസുകാർ കേരളത്തിലെത്തുമ്പോൾ പരസ്പരവൈരവും അധികാരമത്സരവും കാരണം രാഷ്ട്രീയ ഐക്യം നഷ്ടപ്പെട്ട ഈ കേരളവുമാണ് അവർക്കിവിടെ കാണാൻ കഴിഞ്ഞിരുന്നത്. വിദേശാധിനിവേശങ്ങളുടെ കാലത്തും അതിന്റെ പരിമിതികള്‍ക്കുള്ളിൽ നിന്നുകൊണ്ട് തന്നെ ഭൂമിയുടെ ഉടമസ്ഥാവകാശവും ഒരു പരിധിവരെയെങ്കിലും നീതി നിര്‍വ്വഹണവും സാമ്പത്തിക അധീശത്വവും മേല്‍ നാട്ടുരാജ്യാധികാര കേന്ദ്രങ്ങൾ നിര്‍വ്വഹിച്ചു പോന്നു എന്നുള്ളത് പ്രത്യേകം പ്രസ്താവ്യമാണ്. അതുപ്രകാരം, വള്ളുവക്കന്മാർ, പോര്‍ച്ചുഗീസുകാർ, ബ്രിട്ടീഷുകാർ, ടിപ്പു സുല്‍ത്താന്‍, മഞ്ചേരി കോവിലകം തുടങ്ങി 1947ലെ സ്വതന്ത്ര സര്‍ക്കാര്‍ വരെയുള്ള കാലത്തെ അനിവാര്യമായ മാറ്റങ്ങൾക്ക് ഈ പ്രദേശവും പാത്രമായത് മണ്ണാർമല കേന്ദ്രീകരിച്ചായിരുന്നു എന്ന് പറയാം.
പ്രവിശാലമായ ചുങ്കവും അതിന്റെ ചുറ്റുവട്ട പ്രദേശങ്ങൾക്കുമിടയിൽ വയലും കുന്നും മലകളും മരങ്ങളും മാത്രം സ്ഥിതിചെയ്യുന്ന മണ്ണാർമല എന്ന ഈ വനസമാനമായ ഉള്‍പ്രദേശം ഒരു കാലത്തീ നാട് നിറഞ്ഞു നിന്ന സർവ്വാധികാരത്തിന്റെ കേന്ദ്രബിന്ദുവായി തിരഞ്ഞെടുക്കപ്പെട്ടത് എന്തുകൊണ്ടായിരിക്കാം എന്ന ചോദ്യം പ്രസക്തമാണ്. പടിഞ്ഞാറ് കൊടിയേലംകുന്നും അണിയേലംപാറയും, തെക്ക് ഉണ്ണിക്കാളിമല എന്ന തെക്കന്മലയും, വടക്ക് മുട്ടിപ്പാറക്കുന്നും തിണ്ടലീയങ്കുന്നും പിന്നെ, അവയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന പാറകളുടെ നിരകളായ മുത്തിമല, തെളിയാൻമല, കൈകോട്ടുമല, അണിയേലമ്പാറ, മുറംവെട്ടിപ്പാറ, ഉണ്ണിക്കാളികൂമ്പൻ തുടങ്ങിയവയാൽ ചുറ്റപ്പെട്ട ഈ പ്രദേശത്തിന്റെ മടിത്തട്ടിൽ പ്രകൃതി വരഞ്ഞിട്ട കവിതയാണ് മണ്ണാർമല പ്രദേശമെന്ന് പറയാം. ആറു മലകൾക്കിടയിലെ മണ്ണ് എന്ന നിലയിലാണീ പ്രദേശത്തിന് മണ്ണ്-ആറ്-മല അഥവാ മണ്ണാർമല എന്ന പേര് ലഭിക്കുന്നതെന്നൊരു വാമൊഴി നിലവിലുണ്ട്. അഥവാ ഒരു കോട്ടക്കുള്ളിലെ നടുമുറ്റം പോലെ സുശക്തമായ പ്രദേശമാണ് മണ്ണാർമല പ്രദേശമെന്ന് ചുരുക്കം. അതിന് ഒരു വശത്ത് നാം മുന്‍ അധ്യായത്തിൽ പരാമര്‍ശിച്ച തെക്കന്‍ മലയുടെ നിരയാണുള്ളത്. പ്രദേശത്ത് തെക്കന്‍മലയുമായി ഇത്രയും ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്ന മറ്റൊരു സ്ഥലമുണ്ടോ എന്ന് സംശയമാണ്. ഒരുപക്ഷേ, ഒരു ഭരണസിരാകേന്ദ്രം എന്ന നിലയിലീ പ്രദേശത്തിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആലോചനയിൽ അധികാരികളിലേക്ക് ആദ്യമായി കടന്നു വന്നതും ഈ ഒരു കാര്യം തന്നെ ആയിരിക്കാം. രണ്ടാമത്തെ കാരണം, വെളളത്തിന്റേയും അതുവഴി പാടശേഖരങ്ങളുടേയും നിറസാന്നിധ്യമാണ്. പ്രദേശത്ത് സമൃദ്ധമായി ഒഴുകി നീങ്ങുന്നൊരു നദിയുടെ തുടക്കം ഈ പ്രദേശത്താണന്ന് കാണാൻ കഴിയും. വെള്ളം തീരെ കുറവ് വരുന്ന കാലത്തു പോലും ഉള്ള ജലം ഒഴുകി പരന്ന് നീങ്ങുന്നതിന് മുന്നേ ഈ പ്രദേശത്ത് തടഞ്ഞ് വെക്കാനുള്ള സാധ്യതയുള്ളത് പ്രദേശത്തിന്റെ ജല ആവശ്യങ്ങള്‍ക്ക് ഏറെ സഹായകരമാണ് എന്നുള്ളതും പ്രദേശത്തിന്റെ തിരഞ്ഞെടുപ്പിന് കാരണമായ മറ്റൊരു കാര്യമാണന്ന് പറയാം. കൂടാതെ, ഞാന്‍ മുകളില്‍ പറഞ്ഞ മലനിരകളില്‍ സമൃദ്ധമായി വളരുന്ന മേത്തരം മരങ്ങളുടെ സാന്നിധ്യമാണ് മറ്റൊരു കാരണം. അതുവഴി, ധാരാളം മരഉരുപ്പടികൾ ആവശ്യമായി വരുന്ന കോവിലകം പോലുള്ള നിര്‍മ്മിതികൾക്ക് വേഗത്തിലും സുഗമമായും മരങ്ങൾ ലഭ്യമാക്കാൻ സാധിക്കുന്നു. കൂടാതെ, കരിങ്കല്ല്, വെട്ടുകല്ല് തുടങ്ങിയവയുടെ സാധ്യതകളും അതിനൊരു ഘടകമായി വർത്തിച്ചിരിക്കാം.
അഥവാ, മണ്ണാർ'മലകളുടെ താഴ്‌വരയിലൂടെ മണ്ണാര്‍ക്കാട് റോഡിലേക്ക് നീളുന്നൊരു പാതയുടെ ഓരത്തെ ഒരു പുരാതന ഭവനമാണ് ഈ അധ്യായത്തിലെ കേന്ദ്ര കഥാപാത്രമെന്ന് വേണമെങ്കിൽ പറയാം. പ്രദേശത്ത് സര്‍വ്വാധികാരിവകാശങ്ങളോടെ വാഴ്ന്നു വന്നിരുന്ന നാടുവാഴിയുടെ വസതി. മണ്ണാർമല കോവിലകം എന്ന് പ്രശസ്തമായ ആ രാജഗൃഹമായിരുന്നു ഒരു കാലത്തീ ദേശത്തിന്റെ അധികാര കേന്ദ്രം. സുദീര്‍ഘമായ ആ കാലത്തിനു മുമ്പ് സമീപത്തെ ഒരു നായര്‍ ഭവനവും ആ സ്ഥാനം നിര്‍വ്വഹിച്ചു വന്നു എന്ന് ചരിത്രം പരിശോധിച്ചാൽ ബോധ്യമാകും.
മണ്ണാർമല കോവിലകവും തിരുമാന്ധാംകുന്ന് ജന്മാവകാശവും
വിശ്വാസ പ്രകാരം തിരുമാന്ധാംകുന്നിലമ്മയെ പ്രതിഷ്ഠിച്ചിരിക്കുന്ന വള്ളുവനാട് രാജ്യത്തിന്റെ പുരാതന തലസ്ഥാനമായ അങ്ങാടിപ്പുറത്തെ തിരുമാന്ധാം കുന്നിന്റെ അല്ലെങ്കിൽ തിരു മാതാം കുന്നിന്റെ ജന്മാവകാശം മണ്ണാര്‍മല രാജക്കാണന്നാണ് ചരിത്രം. മണ്ണാര്‍മല തമ്പുരാൻ തിരുമാന്ധാംകുന്ന് ഭഗവതിയെ തൊഴുന്നത് ആനയെ മറനിറുത്തിയാണന്ന് പറയപ്പെടുന്നു. ഈ 'ആനയെ മറ നിര്‍ത്തുക' എന്ന സമ്പ്രദായത്തിനു പിന്നിൽ ഒരു കഥയുണ്ട്. ഭൂമിക്കുടയവനായ തമ്പുരാൻ ക്ഷേത്രത്തിലേക്ക് എഴുന്നള്ളുമ്പോൾ ഒരുകാൽ പീഠത്തിൽ കയറ്റി വെച്ച് രൗദ്ര ഭാവത്തിൽ ഉപവിശ്ഠയായ ദേവിക്ക് എഴുന്നേൽക്കേണ്ടി വരുമല്ലോ. അതില്‍ നിന്നാണ്, അമ്പലത്തിലേക്കൊരു ആനയെ നടയിരുത്തിയ ശേഷം മേല്‍ ആനയുടെ മറവില്‍ നിന്നുകൊണ്ട് ക്ഷേത്ര ദര്‍ശനം നടത്തിയാൽ മതിയാകുമെന്ന വിശ്വസം രൂപപ്പെടുന്നത്. തന്നെ തൊഴുത് പ്രാര്‍ത്ഥിക്കുന്ന തന്റെ ദാസന്മാര്‍ക്കിടയിൽ നിന്നും ദേവി മണ്ണാര്‍മല തമ്പുരാനെ കാണാതിരിക്കിനാണത്രെ അപ്രകാരം ചെയ്തു വരുന്നതെന്ന് ചുരുക്കം. അഥവാ, വള്ളുവനാട്ടു രാജാക്കന്മാരുടെ കുലദേവത ക്ഷേത്രമായി അങ്ങാടിപ്പുറത്തെ തിരുമാന്ധാംകുന്ന് മാറ്റപ്പെട്ടത് അവര്‍ മണ്ണാർമല തമ്പുരാനുമായി ഉടമ്പടിപ്പെട്ടതിനാലാണന്ന് ചരിത്രം പറയുന്നു. തങ്ങളുടെതന്നെ സാമാന്തന്മാരായിരുന്ന മണ്ണാർമല തമ്പുരാനുമായി വെള്ളാട്ടിരി ഉണ്ടാക്കിയ ഉടമ്പടി പ്രകാരം തിരുമാന്ധാംകുന്നിന്റെ ജന്മാവകാശം മണ്ണാര്‍മല തമ്പുരാനിൽ നിക്ഷിപ്തമാണ്. ഈ 'മണ്ണാര്‍മല തമ്പുരാൻ ജന്മാവകാശം' കടന്നു വരുന്നത് തിരുമാന്ധാംകുന്ന് അമ്പലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട വസ്തുതകളിൽ നിന്നാണെങ്കിൽ ക്ഷേത്രം നിര്‍മ്മിതമായ കാലഘട്ടത്തെ കുറിച്ചുള്ള അന്വേഷണത്തിൽ നിന്നും മണ്ണാര്‍മല കോവിലകത്തിന്റെ കാലപ്പഴക്കത്തെ കുറിച്ച് ഒരേകദേശ ധാരണയിലെങ്കിലുമെത്തിച്ചേരാൻ നമുക്ക് സാധിച്ചേക്കും.
തങ്ങളുടെ പരദേവതയായിരുന്ന അങ്ങാടിപ്പുറത്തെ തിരുമാന്ധാംകുന്നു ഭഗവതീക്ഷേത്രത്തിനു ചുറ്റുമായി കഴിഞ്ഞുകൂടിയിരുന്ന വള്ളുവക്കണക്കന്മാരുടെ ഇടയിലേക്ക് മദ്ധ്യകേരളത്തിൽ നിന്ന് കടൽമാർഗ്ഗം എത്തിപ്പെട്ട് അധികാരം സ്ഥാപിച്ചെടുത്തവരാണ് വള്ളുവക്കോനാതിരിമാർ എന്നും തന്മൂലമാണ് അവരുടെ രാജ്യത്തിന് വള്ളുവനാട് എന്ന് പേർ കിട്ടിയതെന്നുമെന്ന നിരീക്ഷണം മുന്നോട്ട് വെക്കുന്ന പ്രശസ്ത ചരിത്രകാരൻ ഡോ രാജേന്ദുവിന്റെ അഭിപ്രായം പരിഗണിച്ചാൽ വള്ളുവക്കോനാതിരിമാരുടെ കാലഘട്ടത്തിന് മുന്നേ തിരുമാന്ധാംകുന്ന് ക്ഷേത്രം സജീവമായി പ്രദേശത്ത് നിലനിന്നിരുന്നു എന്ന് പറയേണ്ടി വരും. ക്ഷേത്ര നിര്‍മ്മാണ കാലത്ത് അതിനുള്ള സ്ഥലം സംഭാവന നൽകാൻ ആ സ്ഥലത്തിന്റെ ഉടമസ്ഥർ എന്ന നിലയില്‍ മണ്ണാര്‍മല രാജസ്ഥാനം അന്നേ ഉണ്ടാകാതിരിക്കാൻ തരമില്ലല്ലോ.
പില്‍ക്കാല ചേരന്മാർക്ക് ശേഷം കേരളത്തിൽ പ്രാഥമികമായി പ്രത്യക്ഷപ്പെടുന്ന നാട്ടുരാജ്യങ്ങളിലൊന്നാണ് വള്ളുവനാട്. എന്നാൽ, 'വള്ളുവക്കോനാതിരി മൂപ്പിൽ നായര്‍' എന്നും 'കോതൈക്കടുങ്ങോനായ കോവില്‍ കരുമികള്‍' എന്നും അറിയപ്പെടുന്ന വെള്ളാട്ടിരിമാരുടെ മേല്‍ പേരിലെ 'കടുംകോൻ' എന്ന പുരാതന ദ്രാവിഡ നാമത്തിലുള്ള സ്ഥാനപ്പേര് അവരുടെ ഉല്‍പത്തി ആദി ചേരന്മാരുടെ കാലത്തു തന്നെ സംഭവിച്ചിട്ടുണ്ടായിരിക്കാമെന്ന നിഗമനത്തിലെത്തി ചേരാൻ സാധിക്കുന്നു. അങ്ങനെയെങ്കിൽ ഒന്നാം ചേരസാമ്രാജ്യം രൂപപ്പെട്ട ബിസി 500 കളിലോ പില്‍ക്കാല ചേരവംശം അവസാനിച്ച എഡി 13 ആം നൂറ്റാണ്ടോടു കൂടിയോ ആയിരുന്നിരിക്കണം വള്ളുവക്കോനാതിരിമാർ വള്ളുവനാടിന്റെ അധികാരം അധീനപ്പെടുത്തുന്നത് എന്നും അക്കാലത്തും തിരുമാന്ധാംകുന്ന് ക്ഷേത്രം സജീവമായി അവിടെ നിലനിന്നിരുന്നു എന്നും പറയേണ്ടി വരും. അഥവാ, അന്നേ മണ്ണാര്‍മല രാജസ്വരൂപം ഈ ദേശത്തുണ്ടായിരുന്നു എന്ന നിഗമനത്തിലെത്തിച്ചേരേണ്ടി വരുമെന്ന് ചുരുക്കം.
ഇനി, തിരുമാന്ധാംകുന്ന് ക്ഷേത്ര പരിപാലനം വള്ളുവക്കണക്കന്മാരിൽ നിന്നും വള്ളാട്ടിരിമാരേറ്റെടുത്ത ശേഷം രാജ്യത്തിന്റെ കുലദൈവമായി തിരുമാന്ധാംകുന്നിലമ്മയെ അംഗീകരിക്കുന്നതിന്റെ ഭാഗമായി നടന്ന ഏതെങ്കിലുമൊരു പ്രക്രിയകൾക്കിടയിലാണ് 'മണ്ണാര്‍മല തമ്പുരാൻ ജന്മാവകാശം' രൂപപ്പെടുന്നെങ്കിൽ കൂടി മണ്ണാര്‍മല രാജയുടെ ഉല്‍പത്തി ബിസി 500നു തൊട്ട് ശേഷമോ പില്‍ക്കാല ചേരവംശം അവസാനിച്ച എഡി 13ആം നൂറ്റാണ്ടിന്റെ ഒടുവിലോ ആയിരുന്നിരിക്കണമെന്ന നിഗമനത്തിലുമെത്തിച്ചേരേണ്ടി വരും. എന്നിരുന്നാലും, വള്ളുവനാട് രാജ്യ രൂപീകരണ ശേഷമാണ് 'മണ്ണാര്‍മല തമ്പുരാൻ ജന്മാവകാശം' രൂപപ്പെടുന്നത് എന്നുള്ള നിഗമനം തീര്‍ത്തും അംഗീകരിക്കാൻ കഴിയാത്തതാണ്. കാരണം, തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം പോലെ, സാമൂതിരിമാരുടെ തളി ശിവ ക്ഷേത്രം പോലെ, കൊച്ചി രാജാക്കന്മാരുടെ ശ്രീപൂർണ്ണത്രയീശ ക്ഷേത്രം പോലെ, വള്ളുവക്കോനാതിരിമാർ അവരുടെ കുലദൈവത്തെ അതിപുരാതന കാലം തൊട്ടേ ആഘോഷിച്ചും ആരാധിച്ചും പോന്നിരുന്നു. തങ്ങളുടെ അന്തസ്സിന്റെ ഭാഗമായികണ്ട് വളരെ ഉയർന്ന നിലയിലാണ് ക്ഷേത്ര പരിപാലന കര്‍മ്മമവർ അനുഷ്ഠിച്ച് പോന്നിരുന്നത്. തങ്ങളുടെ രാജ്യം തന്നെ പ്രതിഷ്ഠക്കു മുന്നില്‍ സമര്‍പ്പിച്ച് തീര്‍ത്തും ഭക്തിസാന്ദ്രമായിട്ടവർ ജീവിച്ചു വന്നത് എന്ന് ചരിത്രത്തിൽ കാണാൻ സാധിക്കും. അതെത്രത്തോളമെന്നാൽ, വള്ളുവനാട് രാജ്യത്തിന്റെ പതനത്തിന് പോലും രാജാവിന്റെ ഈ അമിത ദൈവഭക്തി കാരണമായി എന്ന് ചൂണ്ടിക്കാണിക്കുന്ന ചരിത്രകാരന്മാരുണ്ട്. അങ്ങനെയിരിക്കെ, മേല്‍ കാലഘട്ടത്തിനിടയിൽ എപ്പോഴെങ്കിലും തിരുമാന്ധാംകുന്നമ്പലത്തിന്റെ നിര്‍മ്മാണവുമായോ അതിന്റെ നവീകരണമായോ ബന്ധപ്പെട്ട് ഏതെങ്കിലുമൊരു വെള്ളാട്ടിരിക്കൊരു സംഭാവന സ്വീകരിക്കേണ്ടി വരാനുള്ള സാധ്യത തീരെ ഇല്ല തന്നെ. അഥവാ, മേല്‍ 'ജന്മാവകാശം' കടന്നു വരുന്നത് വള്ളാട്ടിരിമാർക്ക് മുന്നേയോ അവരുടെ കാലഘട്ടത്ത് തൊട്ടുടനേയോ ആണെന്ന നിഗമനത്തിലെത്തിച്ചേരാൻ അതുവഴി സാധിക്കുന്നു എന്ന് ചുരുക്കം.
വള്ളുവനാട് ആധിപത്യ കാലം
കേരളത്തിന്റെ പൗരാണിക ഉത്ഭവം ഏറ്റവും ഒടുവിലത്തെ ചേരമാൻ പെരുമാളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. പാരമ്പര്യമനുസരിച്ച് എഡി 1100 കാലഘട്ടത്ത് അഖില കേരള ഭരണാധികാരി ചേരരാജാവ് മക്കയിലേക്ക് പോകുന്നതിന് തൊട്ട് മുമ്പ് തന്റെ രാജ്യം ഒട്ടേറെ സാമന്തന്മാർക്ക് വീതിച്ചു നല്‍കി എന്ന് പറയപ്പെടുന്നുണ്ട്. കേരളോൽപ്പത്തിയിലും ഈ കഥ ആവര്‍ത്തിക്കുന്നു. പക്ഷേ, അതിൽ പറയുന്നതിനനുസരിച്ച് ചേരമാൻ പെരുമാള്‍ മക്കയിലേക്ക് പോയത് ഇസ്ലാമിന്റെ സത്യം കണ്ടെത്തിയതു കൊണ്ട് മാത്രമല്ല. മറിച്ച്, വേദവിധികളിൽ പരിഹാരമില്ലാത്ത ഗുരുതരമായ എന്തോ ഒരു പാപം അദ്ദേഹം ചെയതത് കൊണ്ടാണെന്നാണ് പറയുന്നത്. തുടർന്ന്, ബന്ധുക്കള്‍ക്കും മാടമ്പിമാർക്കും പ്രദേശങ്ങളൊക്കെയും വീതിച്ചു നല്‍കിയ ശേഷം മക്കയിലേക്ക് കപ്പല്‍ കയറാൻ തുടങ്ങിയപ്പോളാണ് താന്‍ സാമൂതിരിയെ മറന്നുപോയ കാര്യം പെരുമാൾ ഓര്‍മ്മിക്കുന്നത്. പക്ഷേ, അപ്പോഴേക്കും കോഴി കൂവിയാല്‍ കേള്‍ക്കുന്ന ചുറ്റുവട്ടമൊഴികെയുള്ള ബാക്കി പ്രദേശങ്ങളൊക്കെയും പെരുമാള്‍ വിഭജിച്ചു കഴിഞ്ഞിരുന്നു. എങ്കിലും, തീരെ ചെറിയൊരു പ്രദേശമാണങ്കിൽ കൂടി സാമൂതിരി അത് സ്വീകരിച്ചു തൃപ്തിയടഞ്ഞു. പെരുമാൾ തന്റെ വാളും അതോടൊപ്പം നല്‍കികൊണ്ട് അയല്‍ രാജ്യങ്ങളൊക്കെയും വെട്ടിപ്പിടിച്ച് രാജ്യം വികസിപ്പിക്കാനുള്ള അധികാരവും സാമൂതിരിക്ക് നല്‍കി എന്നും പുരാണം സമര്‍ത്ഥിക്കുന്നുണ്ട്. ഒരുപക്ഷേ, അതേ കാലഘട്ടത്തു തന്നെ ആയിരിക്കാം വള്ളുവക്കന്മാരും രൂപപ്പെടുന്നത്. എന്നാൽ, മേല്‍ കഥയുമായി അവര്‍ക്ക് നേരിട്ടുള്ള ബന്ധമുണ്ടോ എന്ന് ചരിത്രകാരന്മാര്‍ക്കിടയിൽ അഭിപ്രായ ഭിന്നതയുള്ള കാര്യമാണ്. മറിച്ച് അവരുടെ ചരിത്രം പ്രതിപാദിക്കുന്നത് വന്നു ചേര്‍ന്ന് കീഴ്പ്പെടുത്തുന്ന കണക്കേയാണ്. ചേരമാൻ പെരുമാളിൽ നിന്നും ലഭിക്കുന്ന സവിശേഷാധികാരത്തിന്റെ തണലില്‍ രാജ്യങ്ങൾ വെട്ടിപ്പിടിക്കാനിറങ്ങിയ സാമൂതിരിയുടെ ആദ്യത്തേതും പ്രധാനപ്പെട്ടതുമായ ശത്രുപക്ഷമായിരുന്നു വള്ളുവനാട്. ഒരുപക്ഷേ, അതിലേക്കവരെ നയിച്ച പ്രധാന കാരണം വള്ളുവനാട് ഭരിച്ചു വരുന്നത് പെരുമാളാൽ അധികാരം ലഭിച്ച കൂട്ടരല്ല എന്നുള്ളതും, മറിച്ച് വരത്തന്മാരാണെന്നുമുള്ള അവരുടെ ചിന്തയായിരിക്കാം. അതിന്റെ കൂടി ഭാഗമാണ് തങ്ങളുടെ പൂര്‍വ്വികര്‍ (പെരുമാക്കന്മാർ) കൊണ്ടാടിയിരുന്ന മകം നാളിലെ വ്യപാരോത്സവമായ മാമാങ്കത്തിന്റെ രക്ഷാപുരുഷസ്ഥാനം ആദ്യമെ തട്ടിയെടുത്തുകൊണ്ട് സാമൂതിരി ദീര്‍ഘകാലത്തെ വള്ളുവനാടൻ ചാവേര്‍ യുദ്ധ ചരിത്രത്തിന് തുടക്കം കുറിക്കുന്നത്.
അങ്ങാടിപ്പുറത്തെ തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിനു ചുറ്റുമായി കഴിഞ്ഞുകൂടിയിരുന്ന വള്ളുവക്കണക്കന്മാരുടെ ഇടയിലേക്ക് മദ്ധ്യകേരളത്തിൽ നിന്ന് കടൽമാർഗ്ഗം എത്തിപ്പെട്ട് അധികാരം സ്ഥാപിച്ചെടുത്തവരാണ് വള്ളുവനാടിന്റെ ഭരണാധികാരികളായ വള്ളുവക്കോനാതിരിമാർ എന്നാണ് ചരിത്രം പറയുന്നത്. തന്മൂലമാണ് അവരുടെ രാജ്യത്തിന് വള്ളുവനാട് എന്ന് പേർ കിട്ടിയതെന്നും അനുമാനിക്കുന്നു (അതങ്ങനെയല്ല, ആദ്യമെ മേല്‍ പ്രദേശത്തിന്റെ പേര് വള്ളുവനാട് എന്നായിരുന്നു എന്നൊരു നിഗമനവും നിലവിലുണ്ട്). 'വള്ളുവക്കോനാതിരി മൂപ്പിൽ നായർ' എന്നറിയപ്പെട്ടിരുന്ന അവർ വള്ളുവക്കോനാതിരി എന്ന കോതൈക്കടുങ്ങോനായ കോവിൽകരുമികൾ എന്നും വിളിക്കപ്പെട്ടിരുന്നു. അതിലെ കടുംകോൻ എന്ന പുരാതന ദ്രാവിഡനാമം അവര്‍ക്ക് ചേരകാലത്തോളം പഴക്കമുണ്ടാകാമെന്ന നിഗമനത്തിന്റെ സൂചനയാണെന്ന് മനസ്സിലാക്കാം. അഥവാ, അവരുടെ ഉല്‍പ്പത്തി ചേരകാലത്തോ അതിന്റെ ഒടുക്കമോ ആയിരിക്കാം നടന്നിരിക്കുക എന്ന കാര്യത്തിൽ ചരിത്രകാരന്മാര്‍ക്കിടയിൽ അഭിപ്രായ ഭിന്നതയില്ല. അതുപ്രകാരം, ചേരവംശം അവസാനിച്ച ഏഡി 1300 കാലം വള്ളുവനാട് രാജ്യം രൂപപ്പെട്ട് കഴിഞ്ഞിട്ടുണ്ടന്ന് തീര്‍ച്ചയാണ്. അഥവാ, അന്നേ വരെ ചേര ഭരണത്തിന്റെ തണലില്‍ ശക്തമായി നിലനിന്നിരുന്ന കേരള രാഷ്ട്രീയ പരിസരം പുതിയൊരു രീതിയിലേക്കും ഭാവത്തിലേക്കും വഴിമാറിയതിന്റെ തിരയനക്കം ഈ പ്രദേശത്തേക്കും വീശിയടിച്ചത് വള്ളുവക്കോനാതിരിമാരുടെ കൈപിടിച്ചിയിരുന്നെന്ന് പറയാം.
ഏറനാടിനെ വള്ളുവനാടുമായി വേർത്തിരിക്കുന്ന മലപ്പുറത്തെ പന്തലൂർ മലകൾ മുതൽ പൊന്നാനി വരെയാണ് ആദ്യകാലത്താ രാജ്യത്തിന്റെ വിസ്തൃതി എന്ന് വാമൊഴികൾ നിലവിലുണ്ട്. അഥവാ, ഇന്നത്തെ പെരിന്തൽമണ്ണ, മണ്ണാർക്കാട് എന്നീ താലൂക്കുകളും പിന്നീട്, നെടുങ്ങനാട്ടിൽ നിന്നും കൂട്ടിച്ചേർത്ത പട്ടാമ്പി, ഒറ്റപ്പാലം, പൊന്നാനി എന്നീ താലൂക്കുകളും, ഏറനാട്, പാലക്കാട് താലൂക്കുകളുടെ ചില ഭാഗങ്ങളും ചേർന്നതാണ് ആറങ്ങോട്ടുസ്വരൂപമെന്ന പേരിലറിയപ്പെടുന്ന പഴയ വള്ളുവനാട് രാജ്യമെന്ന് ചുരുക്കം. എന്നാൽ, സാമൂതിരിപ്പാട് പടിഞ്ഞാറൻ തീരത്ത് അറബികളുടെ സഹായത്താൽ ശക്തമായ സാന്നിദ്ധ്യം ഉറപ്പിക്കുകയും വള്ളുവനാട്ടിലെ കുറേ സ്ഥലങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതോടെയാണ് രംഗവും അതിര്‍ത്തികളും മാറ്റപ്പെട്ടത്.
മൈസൂർ പ്രദേശങ്ങളിൽ നിന്ന് ഗൂഡല്ലൂർ വഴി നിലമ്പൂരും കടന്ന് കൊടുങ്ങല്ലൂരിനടുത്ത് മതിലകം വരെയും, മധുരയിൽ നിന്ന് പാലക്കട് ചുരം വഴി മണ്ണാർക്കാടും കടന്ന് കോഴിക്കോട്ടേക്കും പോയിരുന്ന പ്രാചീന നാട്ടുപാതകൾ അങ്ങാടിപ്പുറത്തിനു തൊട്ടടുത്ത് പെരിന്തൽമണ്ണയിൽ സന്ധിച്ചിരുന്നു. ഈ നാൽക്കൂട്ടപ്പെരുവഴിയുടെ വ്യാപാരസാദ്ധ്യതകൾ കണക്കിലെടുത്തുകൊണ്ടാകാം വള്ളുവക്കോനാതിരി തന്റെ ഭരണകേന്ദ്രം അങ്ങാടിപ്പുറത്തും പരിസരത്തുമായി കേന്ദ്രീകരിച്ചത് എന്ന് മനസ്സിലാക്കാൻ കഴിയും. എന്നാൽ, അങ്ങാടിപ്പുറത്തേക്കാൾ പ്രബലമായി വളര്‍ന്ന് വന്നത് സമീപത്തെ പെരിന്തല്‍മണ്ണ ആയിരുന്നു. രാജധാനിക്ക് സമീപം തന്നെ ഒരു പ്രധാന വാണിജ്യ കേന്ദ്രമായി പെരിന്തല്‍മണ്ണയെ വളർത്തി കൊണ്ടുവരാനുണ്ടായ സാഹചര്യത്തെ കുറിച്ച് ചരിത്രം വാചാലമാകുന്നുണ്ട്. പുരാതനകാലത്തെന്നോ പ്രദേശത്തുണ്ടായ ഏതോ ഒരു വമ്പിച്ച കൂട്ട തല്ലില്‍ നിന്നാണത്രെ പെരിന്തല്‍മണ്ണ എന്ന പേർ പ്രദേശത്തിനു മേല്‍ ചാര്‍ത്തപ്പെടുന്നത്. കൂടാതെ, വള്ളുവകോനാതിരിയുടെ സേനാനായകനായിരുന്ന കക്കൂത്ത് നായരുടെ അധ്യക്ഷതയിൽ പണ്ടുകാലത്ത് വർഷം തോറും ഇവിടെ കായികാഭ്യാസപ്രകടനം അഥവാ ഒരു പെരുംതല്ല് മത്സരം അരങ്ങേറിയിരുന്നു എന്നും പറയപ്പെടുന്നു. ഒരുപക്ഷേ, അതിനെ കാലാന്തരത്തില്‍ പേരും തല്ലായി പറഞ്ഞു വരാനും സാധ്യത കാണുന്നു. രണ്ടായാലും, പെരും തല്ലുകൾ നടന്നു വന്നിരുന്ന മണ്ണ് എന്ന നിലയിലാണ് ഈ പ്രദേശം അറിയപ്പെട്ടു വന്നത്.
വള്ളുവക്കോനാതിരിയുടെ കുടുംബം കടന്നമണ്ണ, ആയിരനാഴി, മങ്കട, അരിപ്ര എന്നീ നാലുതാവഴികളായിയാണ് പിരിഞ്ഞു കിടക്കുന്നത്. ഈ താവഴികളിലെ മൂത്ത പുരുഷപ്രജയാണ് വള്ളുവക്കോനാതിരി മൂപ്പിൽ നായർ എന്ന സ്ഥാനം സ്വീകരിച്ച് വള്ളുവനാടിന്റെ അധികാരസ്ഥനാകുന്നത്. മേല്‍ മുഴുവൻ കുടുംബത്തിലേക്കും ഏറ്റവും പ്രായം ചെന്ന സ്ത്രീപ്രജ കുളത്തൂർ തമ്പുരാട്ടി എന്നും തൊട്ടടുത്ത ഇളയ സ്ത്രീപ്രജ കടന്നോൺ മൂത്ത തമ്പുരാട്ടി എന്നും അറിയപ്പെട്ടിരുന്നു. കുടുംബത്തിലെ അഞ്ചാംകൂറു വരെയുള്ള കുടുംബാംഗങ്ങൾക്കാണ് ഭരണത്തിൽ സ്ഥാനമുണ്ടായിരുന്നത്. പ്രധാനമന്ത്രി സ്ഥാനത്ത് കരുവയൂർ മൂസ്സതായിരുന്നു. തൊട്ടുതാഴെ ചെറുകര പിഷാരടി, അപ്പംകുളം പിഷാരടി, കുളത്തൂർ വാര്യർ, പാതിരമണ്ണ വെള്ളോടി, എളുമ്പുലാക്കാട് അച്ചൻ, പറക്കാട് നായർ, കക്കൂത്ത് നായർ, മണ്ണാർമല നായർ എന്നിവരും. കൂടാതെ, രണ്ട് നായന്മാർ, രണ്ട് നമ്പൂതിരിമാർ, രാജകുടുംബത്തിൽ നിന്നുള്ള രണ്ടു പേർ എന്നിങ്ങനെ നാമനിർദ്ദേശം ചെയ്യപ്പെട്ടവരും ചേർന്ന് 14 സ്വരൂപികളായിരുന്നു ഭരണതലത്തിൽ ആകെ ഉണ്ടായിരുന്നത്. രാജപുരോഹിതസ്ഥാനം പാതായ്ക്കര, എലംകുളം എന്നീ മനകൾക്കായിരുന്നു ഉണ്ടായിരുന്നത്. നാലുവീട്ടിൽ പണിക്കന്മാർ എന്നറിയപ്പെട്ടിരുന്ന വയങ്കര, വേർക്കോട്ട്, ചെന്ത്രത്തിൽ, പുതുമന എന്നീ പണിക്കർമാരായിരുന്നു പടനായകന്മാർ.
പ്രവിശാലമായ വള്ളുവനാട് രാജ്യത്തിന്റെ ഓരോ ഭാഗങ്ങളിലും ശക്തരായ ഭൂപ്രഭുക്കന്മാരെയാണ് ഇത്തരത്തിൽ അതാതു പ്രദേശത്തിന്റെ അധികാര സ്ഥാനം കൈകാര്യം ചെയ്യാൻ വള്ളുവക്കോനാതിരി നിയമിച്ചിരുന്നത്. അവർ കോനാതിരിയുടെ സര്‍വ്വാധിപത്യം അംഗീകരിച്ചു കൊണ്ടുതന്നെ ഒരു ജനാതിപത്യ രാജ്യത്തിലെ കേന്ദ്രാധികാര സ്ഥാനത്തിനു കീഴിലെ ഗവര്‍ണര്‍ സ്ഥാനം പോലെ തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിച്ചു പോന്നു. അവരില്‍ നിന്ന് തന്നെ തിരഞ്ഞെടുക്കപ്പെടുന്നവരാണ് കോനാതിരിയുടെ നേതൃത്തിലുള്ള ഭരണ സംവിധാനത്തിന്റെ ഭാഗമായി മാറുന്നതും. അതിലൊരു സുപ്രധാനമായ സ്ഥാനം അലങ്കരിക്കുന്ന നാടുവാഴിയായിരുന്നു മുകളില്‍ പറഞ്ഞുവെച്ച മണ്ണാർമല നായന്മാർ. ഇന്നത്തെ മണ്ണാർമല കോവിലകം നില്‍ക്കുന്നതിന്റെ പിന്നിലുണ്ടായിരുന്ന നായര്‍ തറവാടുമായി ഈ ചരിത്ര സന്ധിക്ക് അഭേദ്യമായ ബന്ധമുള്ളതായി കാണാൻ കഴിയും. ടിപ്പു സുല്‍ത്താന്റെ മലബാര്‍ അധിനിവേശത്തിന് മുമ്പ് വള്ളുവക്കോനാതിരിയുടെ അധികാര നിര്‍വ്വഹണ വിഭാഗങ്ങളായ കരുവയൂർ മൂസ്സത്, ചെറുകര പിഷാരടി, അപ്പംകുളം പിഷാരടി, കുളത്തൂർ വാരിയർ, പാതിരമണ്ണ വെള്ളോടി, എളുമ്പുലാക്കാട് അച്ചൻ, പറക്കാട് നായർ, കക്കൂത്ത് നായർ എന്നിവരോടൊപ്പം മണ്ണാർമല നായരും ഉയർന്ന് വന്നത് അവരുടെ പ്രാഗല്ഭ്യം കണക്കിലെടുത്ത് തന്നെയാകാം. ഈ പ്രദേശത്തിന്റെ പേരിനോട് ചേര്‍ത്ത് പറയുന്ന വള്ളുവക്കോനാതിരിയുടെ അധികാര ഘടനയിലൊരു ഭാഗമായ ആ നായര്‍ കുടുംബം കോവിലകത്തിന് സമീപത്തുള്ള മേല്‍ നായര്‍ കുടുബം തന്നെയാണ് എന്നുള്ളത് വാമൊഴികളും വസ്തുതകളും മുന്നില്‍ വെച്ച് സമര്‍ത്ഥിക്കാന്‍ സാധിക്കും. അതിനെ കുറിച്ച് പിന്നീട് വിശദമായി പ്രതിപാദിക്കുന്നുണ്ട്. പ്രദേശത്തെ ഹരിജനങ്ങളും ആദിവാസി ജനവിഭാഗങ്ങളും ആ കുടുംബാംഗങ്ങളെ തമ്പുരാൻ/ തമ്പുരാട്ടി എന്നുതന്നെയാണ് ഇന്നും വിളിച്ചു വരുന്നത്.
ചരിത്രത്തിന്റെ ഒരു ഘട്ടത്തിൽ കേവലം പടയാളായി മാത്രം നിറഞ്ഞു നിന്നിരുന്ന നായന്മാർ ഏത് ഘട്ടത്തിലാണ് രാജാധികാര ശ്രേണിയിലേക്ക് കടന്ന് വരുന്നത് എന്നതിനെ ചൊല്ലി അനേകം പഠനങ്ങൾ നിലവിലുണ്ട്. ചാതുർവ്വർണ്യ ക്രമമനുസരിച്ച് ബ്രാഹ്മണർ നായന്മാരെ ഹിരണ്യഗർഭം എന്ന ചടങ്ങ് നടത്തിയാണ് അവരെ ക്ഷത്രിയ സാമന്ത രാജാക്കന്മാരാക്കി മാറ്റിയത് എന്ന് കാണാൻ കഴിയും. ഇവരുടെ എണ്ണം വളരെ കുറവായിരുന്നു. ഏറാടി, വെള്ളോടി, നെടുങ്ങാടി, അടിയോടി, നായനാർ, ഉണിത്തിരി, കിടാവ്, മൂപ്പിൽ നായർ തുടങ്ങിയ നായര്‍ കുടുംബങ്ങളൊക്കെയും ഈ വിഭാഗമായാണ് ഗണിക്കപ്പെടുന്നത്. രാജാധികാരം അഥവാ ഭരണാധികാരികാരമുള്ള ഇവരെ 'സാമന്ത നായർ' എന്നാണ് വിളിച്ചിരുന്നത്. മതപരവും സാമൂഹ്യപരവുമായ സാഹചര്യങ്ങൾക്ക് വഴിപ്പെട്ട് ബ്രാഹ്മണാധിപത്യത്തിനു വഴങ്ങേണ്ടിവരുന്നതുവരെ, ബ്രാഹ്മണരോട് ആചാരപരമായും ബന്ധുതാപരമായും സേവനപരമായും ബന്ധപ്പെടാതെ വർഗ്ഗശുദ്ധി പാലിച്ചു പോന്ന ഉയർന്ന നായർ ഉപജാതിയായിരുന്ന കിരിയത്തിൽ നായന്മാർ. ഇവരിലെ സാമന്ത പദവി നേടിയ ചെറു നാട്ടുരാജാക്കന്മാരായിരുന്നു സാമന്ത നായന്മാർ. പഴയകാലത്തെ മലബാർ, കൊച്ചി പ്രദേശങ്ങളിലാണ് ഇക്കൂട്ടർ പ്രധാനമായും വസിച്ചു വന്നിരുന്നത്.
കണ്ടെടുക്കപ്പെട്ട രേഖകളിൽ ലഭ്യമായതനുസരിച്ച് നായന്മാരെക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തിയവരിൽ ഒരാൾ ഡ്വാർത്തേ ബാർബോസ എന്ന പോർച്ചുഗീസ്സുകാരനാണ്. A Description of the Coasts of East Africa and Malabar in the Beginning of the Sixteenth Century എന്ന തന്റെ വിഖ്യാതമായ ഗ്രന്ഥത്തിൽ ബാർബോസ നായന്മാരെക്കുറിച്ച് എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്,
“മലബാറിലെ രാജ്യങ്ങളിൽ നായർ എന്ന് വിളിക്കപ്പെടുന്ന മറ്റൊരു ജനവിഭാഗം ഉണ്ട്, കുലീനരായ ഇവർക്ക് യുദ്ധം ചെയ്യലല്ലാതെ മറ്റൊരു കടമയുമില്ല, വാളുകൾ, വില്ലുകൾ, അമ്പുകൾ, പരിചകൾ, കുന്തങ്ങൾ എന്നീ ആയുധങ്ങൾ ഇവർ സദാ വഹിക്കുന്നു. അവരെല്ലാവരും തന്നെ രാജാക്കന്മാരുടെയോ മറ്റ് പ്രഭുക്കന്മാരുടെയോ രാജാവിന്റെ ബന്ധുക്കളുടെയോ അതല്ലെങ്കിൽ ശമ്പളക്കാരായ അധികാരികളുടെയോ കൂടെ ഒന്നിച്ച് താമസിക്കുന്നു. നല്ല വംശപരമ്പരയിലല്ലെങ്കിൽ ആർക്കും നായരാകാൻ കഴിയില്ല. അവർ വളരെ മിടുക്കരും കുലീനരുമത്രെ. അവർ കർഷകരോട് സഹവസിക്കുകയോ മറ്റ് നായന്മാരുടെ വീടുകളിൽ നിന്നല്ലാതെ ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്യുമായിരുന്നില്ല..."
ചേരഭരണത്തിന് ശേഷം പ്രദേശത്തിന്റെ അധികാരസ്ഥാനം വള്ളുവനാട് രാജാവിന്റെ മേല്‍ക്കോയ്മക്കു കീഴിലെ മണ്ണാർമല നായന്മാരായിരുന്നു നിര്‍വ്വഹിച്ചു പോന്നത് എന്ന് മേല്‍ വിവരണങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിയും. തുടർന്നുള്ള ഈ ദേശത്തിന്റെ ചരിത്രം മണ്ണാർമല നായന്മാരിലൂടെയാണ് മുന്നോട്ട് പോകുന്നത്. നിലവിലുള്ള മണ്ണാർമല കോവിലകമെടുപ്പ് നിര്‍മ്മിക്കുന്നതിന് മുമ്പ് ഈ സ്ഥലത്തിന് തൊട്ട് പിറകിലായി വിശാലമായ സൗകര്യങ്ങളോടെ ഉണ്ടായിരുന്ന ഒരെട്ട് കെട്ട് നിര്‍മ്മിതിയായിരുന്നു ആദ്യകാലത്തെ ആ നായര്‍ ഭവനം. ഒരുവേള, കോവിലക നിർമ്മാണം നടന്നത് പോലും മണ്ണാർമല നായന്മാരുടെ ആ തറവാടിന്റെ രൂപഭാവം കടം കൊണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. അതെന്തായാലും, കോവിലകങ്ങളെപ്പോലെ അക്കാലങ്ങളിൽ നിലവിലുണ്ടായിരുന്ന വിപുലമായ സൗകര്യങ്ങളൊക്കെയും ഉണ്ടായിരുന്ന ഒരു വീടുതന്നെ ആയിരുന്നു അത് എന്ന് മനസ്സിലാക്കാൻ സാധിക്കും. ആ വീടിനെ ചുറ്റിപറ്റി അനേകം ഭൂസ്വത്തുക്കളും അടിയാളന്മാരും നിലവിലുണ്ടായിരുന്നു. വള്ളുവനാട്ടധികാര കേന്ദ്രത്തിന്റെ ഓരം ചേര്‍ന്ന് നീങ്ങിയിരുന്ന ആ തറവാടിന് വള്ളുവക്കോനാതിരിയിൽ നിന്നും അളവറ്റ നിലങ്ങളും പണവും ലഭിക്കുക സ്വാഭാവികമാണല്ലോ. എന്നിരുന്നാലും, ആ ഭവനത്തിന്റെ ഒരസ്ഥിവാരവും കാണാൻ കഴിയാത്ത രൂപത്തിലിന്നത് തീര്‍ത്തും അസ്തമിച്ചിരിക്കുന്നു എന്നുള്ളതാണ് സമകാലീന യാഥാർത്ഥ്യം. പകരം, ആ വീട് നിന്നിരുന്ന സ്ഥലത്തും സമീപങ്ങളിലുമായി ഉണ്ണ്യാമ്പത്ത് എന്ന കുടുംബ പേരിൽ കഴിഞ്ഞ് വരികയാണ് ആ തറവാട്ടംഗങ്ങളിന്ന്. ഏതോ ചരിത്ര സന്ധിയില്‍ തങ്ങളുടെ സ്വത്ത് വഹകളും വിശാലമായ നിലയങ്ങളും ഞങ്ങൾക്ക് നഷ്ടമാവുകയും അതെല്ലാം സമ്പൂര്‍ണ്ണമായി മഞ്ചേരി കോവിലകത്തിനു കീഴിലേക്ക് മാറ്റപ്പെടുകയും ചെയ്തു എന്ന് ആ കുടുംബാംഗങ്ങൾ പറയുന്നത് കേൾക്കാൻ കഴിയും.
അവ്യക്‌തമായ 'ആ ഏതോ' ചരിത്ര സന്ധിയെക്കുറിച്ചുള്ള പഠനം മൈസൂര്‍ അധിനിവേശ കാലത്തേക്കാണ് നമ്മെ കൊണ്ടെത്തിക്കുക.
മൈസൂരാധിപത്യത്തിനു കീഴിലേക്ക്
മൈസൂരാഗമനത്തിന് തൊട്ട് മുമ്പ് അട്ടപ്പാടി താഴ്‌വരയും ഇന്നത്തെ ഒറ്റപ്പാലം താലൂക്കിന്റെ ഒരു ഭാഗവും മാത്രമെ വള്ളുവനാട് രാജ്യത്തിന്റെ അധീനതയിൽ അവശേഷിച്ചിരുന്നൊള്ളു. പിന്നീട്, മൈസൂര്‍ സുല്‍ത്താന്മാരുടെ കടന്ന് വരവോടെ വള്ളുവക്കോനാതിരി തന്റെ രാജ്യം വിട്ട് തിരുവിതാംകൂറിൽ അഭയം പ്രാപിക്കുകയും, രാഷ്ട്രീയാധികാരം അസ്തമിച്ച മണ്ണാർമല ദേശം ഉള്‍പ്പെടെയുള്ള ശിഷ്ട വള്ളുവനാട് പ്രദേശം മുഴുക്കെയും 'മൈസൂരധിനിവേശ മലബാറില്‍' ലയിക്കുകയുമാണുണ്ടായത്. പുരാതന കേരളത്തിൽ നിലവിലുണ്ടായിരുന്ന സകല ഭൂവധികാര ക്രമീകരണങ്ങളും റദ്ദു ചെയതുകൊണ്ട് പകരം ഫറൂഖ് കേന്ദ്രീകരിച്ചുള്ളൊരു കേന്ദ്രീകൃത ഭരണ സംവിധാനമായിരുന്നു മൈസൂരന്ന് മലബാറിൽ നടപ്പിൽ വരുത്തിയത് എന്ന് ചരിത്രത്തിൽ കാണാൻ സാധിക്കും.
മൈസൂര്‍ ഭരണം മലബാറിലെ ജന്മിത്വവ്യവസ്ഥിതിയുടെ ക്ഷയത്തിനും രാജ്യഭരണത്തിന് നൂതനവും പുരോഗാത്മകരവുമായ ആശയങ്ങളുടെ അവതരണത്തിനും വഴിതെളിച്ചു എന്ന് ചരിത്രത്തിൽ പറയുന്നു. കേന്ദ്രീകൃത ഭരണസംവിധാനം കൊണ്ടുവരുന്നതോടൊപ്പം തന്നെ നികുതിക്രമം ആധുനിക രീതിയില്‍ കൂടിയാന്മാര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ കൊണ്ടുവരപ്പെടുകയും കരത്തിന്റെ തുക ആ ഭൂമിയില്‍ നിന്നും ലഭിക്കുന്ന വിളവിനനുസൃതമായി നിശ്ചയിക്കുകയും ചെയതു. ഭൂസര്‍വ്വേ നടത്തി അന്യായമായ കൈവശഭൂമി കണ്ടുകെട്ടി പുതിയ നികുതി നിര്‍ണയം നടത്തി. കാര്‍ഷികരംഗത്ത് പ്രത്യേക ആജ്ഞകള്‍ പുറപ്പെടുവിച്ച് പല പരിഷ്കാരങ്ങളും നടപ്പാക്കി. മലബാറില്‍ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ജെമീന്താരി സമ്പ്രദായത്തിന്റെ തനി പകര്‍പ്പായ ജന്മി സമ്പ്രദായത്തിനാണ് ഇതുമുഖേന ഉലച്ചില്‍ പറ്റിയത്. കൃഷിഭൂമിയില്‍ ടിപ്പുസുല്‍ത്താന്‍ ആരംഭിച്ച ഉല്‍പ്പാദന വിപ്ലവം മലബാറിലെ ജന്മിമാരുടെ ശക്തമായ എതിര്‍പ്പാണ് ഉയര്‍ത്തിവിട്ടത്. ഒരുപക്ഷേ, ഈ സാഹചര്യം ഉയർത്തി വിട്ട സവിശേഷമായ രാഷ്ട്രീയ അസ്ഥിരതക്കിടയിലായിരിക്കാം പ്രദേശത്തിന്റെ ഭരണം വള്ളുവക്കോനാതിരിക്ക് അപ്രാപ്യമായി തുടങ്ങിയത്. പിന്നീട്, 1799ൽ ശ്രീരങ്കപ്പട്ടണത്ത് വെച്ചുള്ള ടിപ്പു സുല്‍ത്താന്റെ രക്തസാക്ഷിതത്തോടെ മലബാര്‍ പ്രദേശം സമ്പൂര്‍ണ്ണമായി ബ്രിട്ടീഷ് അധികാര മേല്‍ക്കോയ്മക്കു കീഴെ അമർന്നതോടെ വള്ളുവനാട് രാജ്യം തന്നെ അപ്രസക്തമായി മാറി.
മൈസൂർ സുല്‍ത്താന്മാരുടെ പരാജയത്തോടു കൂടി രംഗത്തേക്ക് കടന്ന് വന്ന ബ്രിട്ടീഷുകാർ ആദ്യം ബോംബേ സംസ്ഥാനത്തിന് കീഴിലും, പിന്നീട് മദ്രാസ് സംസ്ഥനത്തിന് കീഴിലുമായി മലബാര്‍ ജില്ലയെ അതേപടി നിലനിര്‍ത്തി. അതിനിടയിലാണ് ബ്രിട്ടീഷ് മേല്‍ക്കോയ്മ അംഗീകരിച്ച വള്ളുവക്കോനാതിരിക്ക് അവർ മാലിഖാൻ അനുവദിക്കുകയും പ്രദേശത്തെ മുന്‍ ഭരണ വിഭാഗമെന്ന നിലയില്‍ ഏതാനും നിലയങ്ങളുടെ അധികാരാവകാശങ്ങൾ മാത്രമവർക്ക് ചാര്‍ത്തി നല്‍കുകയും ചെയ്യുന്നത്. ഈ സവിശേഷമായ ചരിത്ര സന്ധിയിലാണ് അവ്യക്തമായ ഏതോ കരാറിന്റെ അടിസ്ഥാനത്തിൽ മണ്ണാര്‍മല പ്രദേശത്തിന്റെ നിയന്ത്രണം 1883ൽ തീപ്പെട്ട, മങ്കട കോവിലകത്ത് ഉദയ വര്‍മ്മ തമ്പുരാനെന്ന വള്ളുവക്കോനാതിരി മഞ്ചേരി കോവിലകത്തെ അഞ്ചാം തിരുമുല്‍പ്പാടിന് കൈമാറുന്നത്. ഒരുപക്ഷേ, നാമമാത്രമായ ഏതാനും പ്രദേശത്തിന്റെ തമ്പുരാനായി മാത്രം വാഴേണ്ടി വരുന്നതിന്റെ സാംഗത്യം കൊണ്ടോ, സമ്പൂര്‍ണ്ണാധികാരം നഷ്ടപ്പെട്ടതു മൂലം കുറവ് വന്ന നികുതി വരുമാനം, മറ്റു വരവുകൾ തുടങ്ങിയവ കാരണം ഭരണ ചിലവുകള്‍ക്കുള്ള വിഭവ സമാഹാരണം സാധ്യമാകാതെ വന്നതുകൊണ്ടോ ആയിരുന്നിരിക്കാം വള്ളുവനാട് കോനാതിരി മഞ്ചേരി കോവിലകത്തിന് കീഴിലേക്ക് പ്രദേശത്തിന്റെ നടത്തിപ്പാധികാരം പൂര്‍ണ്ണമായും കൈമാറുന്നത് എന്ന് മനസ്സിലാക്കാം. അതോടു കൂടിയാണ് വള്ളുവനാട് ഭരണാധികാരത്തിന്റെ തണലിൽ കാലങ്ങളായി പ്രദേശത്ത് ഭരണം നടത്തി വന്നിരുന്ന മണ്ണാർമല നായന്മാരുടെ പ്രസക്തി സമ്പൂര്‍ണ്ണമായും നഷ്ടമാവുകയും അവർ ചരിത്രത്തിന്റെ തിരശ്ശീലക്കു പിന്നിലേക്ക് മാറ്റപ്പെടുകയും ചെയ്യുന്നത്.
പുരാതന കാലത്ത് രാജാക്കന്മാരുടെ കീഴില്‍ അവർക്കുള്ള സൈനിക സേവനം നിര്‍വ്വഹിച്ച് വന്നിരുന്ന നായന്മാർ, ബ്രിട്ടീഷുകാരുടെ നേതൃത്വത്തിലുള്ള കേന്ദ്രീകൃത ഭരണത്തിന് കീഴില്‍ നാട്ടുരാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾ തീര്‍ത്തും അപ്രസക്തമായ കാലത്താണ് രാജാക്കന്മാരുടെ പിന്മുറക്കാരായ തമ്പുരാക്കന്മാരുടെ ഗൃഹസംബന്ധമായ ജോലികള്‍ക്ക് അവർ നിയോഗിക്കപ്പെടുന്നത്. കേരളീയ സമൂഹിക മണ്ഡലത്തിലേക്ക് കാലാന്തരത്തില്‍ കടന്നുവന്ന ഇത്തരം ചില സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തികൊണ്ടാണ് മണ്ണാർമല പ്രദേശം ഉള്‍പ്പടെയുള്ള ചുങ്കവും അതിന്റെ ചുറ്റുവട്ട പ്രദേശങ്ങളേയും ഒരുകാലത്തടക്കി വാണിരുന്ന പ്രഭുകുടുംബം തങ്ങളുടെ ജീവിതവ്യായത്തിനുള്ള മാര്‍ഗ്ഗം കണ്ടെത്തുന്നത് എന്ന് കാണാം. പ്രദേശത്തിന്റെ പുതിയ ഭൂപ്രഭുക്കളെന്ന നിലയില്‍ മണ്ണാർമല കോവിലകത്തെ ചുറ്റിപറ്റിയുള്ള വീട്ടു ജോലികളിൽ ഏർപ്പെടുന്നവരായാണ് പിന്നീടവരെ കാണാൻ സാധിക്കുക.
മലബാറിലെ ബ്രിട്ടീഷ് ഭരണ നാളുകള്‍ക്കിടയിൽ 1883ൽ തീപ്പെട്ട മങ്കട കോവിലകത്ത് ഉദയ വർമ്മ രാജ എന്ന വള്ളുവക്കോനാതിരിയാണ് ഈ പ്രദേശത്തിന്റെ ഭരണാധികാരം മഞ്ചേരി കോവിലകത്തെ അഞ്ചാം സ്ഥാനിയന് കല്‍പിച്ചരുളുന്നത് എന്ന് മുന്നേ പറഞ്ഞു കഴിഞ്ഞു. അതുവരേക്കും മാറി മാറി വരുന്ന വെള്ളാട്ടിരിമാരുടെ താൽപ്പര്യത്തിനനുസരിച്ചുള്ള ഭരണ സമ്പ്രദായമാണിവിടെ നടന്ന് വന്നിരുന്നത്. മേലെ സൂചിപ്പിച്ച ടിപ്പുവിന്റെ ഭരണ നാളുകളുടെ അവസാന കാലത്തും പിന്നീട്, ബ്രിട്ടീഷ് നാളുകളുടെ തുടക്ക കാലത്തും രൂപപ്പെട്ട രാഷ്ട്രീയ അസ്ഥിരതകൾ കൂടാതെ, വള്ളുവക്കോനാതിരിമാരുടെ അമിത ദൈവഭക്തി സംബന്ധമായ കാര്യങ്ങളും പ്രദേശത്തിന്റെ കൈമാറ്റത്തിനു പിന്നിലെ പ്രേരക ശക്തിയായി വര്‍ത്തിച്ചിട്ടുണ്ടന്ന് ചില ചരിത്രകാരന്മാര്‍ നിരീക്ഷിക്കുന്നു. മാമാങ്കവുമായി ബന്ധപ്പെട്ട് രാജാവിന്റെ ആത്മാഭിമാനത്തിനു വേണ്ടി സ്വശരീരം ആത്മാഹൂതി ചെയ്യുന്ന ചാവേറുകളുടെ സാന്നിധ്യവും അവരെ ചുറ്റിപ്പറ്റിയുള്ള വീരാരാധനകളും വിശ്വസങ്ങളുമൊക്കെ നിലനില്‍ക്കുന്ന ഒരു പരിസ്ഥിതിയിൽ രാജ്യാതിർത്തികളുടെ വിപുലീകരണത്തിനോ നിലവിലുള്ളതിന്റെ സംരക്ഷണത്തിനോ താൽപ്പര്യമെടുക്കാതെ പൊതു ഭരണമെല്ലാം സഹോദരിമാരുടെ മക്കളെ അഥവാ അനന്ദിരവന്മാരെ ഏല്‍പ്പിച്ച് തീര്‍ത്തും ക്ഷേത്രാരാധനയിൽ മാത്രം മുഴുകി ജീവിച്ച രാജാവ് തന്റെ ചുറ്റിലും നടന്നുകൊണ്ടിരുന്നതൊന്നും അറിയാനിടവെന്നില്ല എന്നുള്ളതൊരു വസ്തുതയായിരിക്കാം. ഈ അവസരം മുതലെടുത്ത് അനന്ദിരവന്മാർ പരസ്പരം കലഹിച്ച് അവരുടെ ഇച്ഛാനുസരണം രാജ്യം ഭരിച്ചു മുടിച്ചു എന്നുമവർ നിരീക്ഷിക്കുന്നു.
മഞ്ചേരി കോവിലകത്തിന്റെ കടന്നു വരവ്
ചേരവംശത്തിന്റെ അവസാന ഘട്ടത്തിൽ രൂപപ്പെട്ട മഞ്ചേരി കോവിലകത്തിന് ഏകദേശം എണ്ണൂറിലലധികം വര്‍ഷങ്ങൾ പഴക്കമുണ്ടന്ന് കരുതപ്പെടുന്നു. പ്രദേശത്തെ നികുതി പിരിവിനും അല്ലാത്തതുമായ സകല തീര്‍പ്പിനുമുള്ള അധികാരം അവര്‍ക്ക് ലഭിക്കുന്നത് വള്ളുവനാട് കോനാതിരിയിൽ നിന്നാണ്. അഥവാ, ചുങ്കവും അതിന്റെ ചുറ്റുവട്ട പ്രദേശങ്ങളിലും മണ്ണാർമല നായന്മാർക്കുണ്ടായിരുന്ന അതേ അധികാരവും പദവിയുമായിരുന്നു മഞ്ചേരി പ്രദേശത്ത് മഞ്ചേരി കോവിലകക്കാർക്കുണ്ടായിരുന്നതെന്ന് സാരം. കോവിലകത്തെ വലിയ തമ്പുരാന്‍ 'കാരണമുൽപ്പാട്' എന്നും, അദ്ദേഹമൊഴികെ മറ്റെല്ലാ പുരുഷ പ്രജകളും 'തിരുമുൽപ്പാട്' എന്നുമാണ് അറിയപ്പെട്ടു വന്നിരുന്നത്. ഈ പ്രദേശം കൂടാതെ മഞ്ചേരി, വണ്ടൂർ, പാണ്ടിക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ ഒരുപാട് കളങ്ങൾ (അധീനതിയിലുള്ള സ്ഥലങ്ങൾ) ഇവരുടെ അധികാരത്തിൻ കീഴിലുണ്ടായിരുന്നു എന്ന് മനസ്സിലാക്കാം.
വടക്കര സ്വരൂപം എന്നറിയപ്പെടുന്ന മഞ്ചേരി കോവിലകത്തെ വലിയ തമ്പുരാനിൽ നിന്നും കൃത്യം അഞ്ചാം സ്ഥാനക്കാരൻ തിരുമുല്‍പ്പാടിനെയാണ് മണ്ണാർമല രാജ സ്ഥാനം ഏറ്റെടുക്കാന്‍ മണ്ണാർമലയിക്ക് നിയമിക്കപ്പെടുന്നത് എന്ന് മുകളിൽ പറഞ്ഞു കഴിഞ്ഞു. അതോടു കൂടി മേല്‍ അഞ്ചാം സ്ഥാനക്കാരൻ ഒ എ വി രാജ അഥവാ, ഒന്നുകുറെ ആയിരത്തിൽ വല്ലഭ രാമ രാജ എന്ന സ്ഥാനപ്പേരിലറിയപ്പെട്ടു വരും. ആയിരത്തിൽ ഒന്നു കുറവ് (999) പടയാളികളുടെ മേധാവിയായ രാജാവ് എന്നാണ് മേല്‍ വിശേഷണനാമം കൊണ്ട് അര്‍ത്ഥമാക്കുന്നത്. കുടുംബത്തിലെ അഞ്ചാം സ്ഥാനക്കാരനെ തന്നെ ഇപ്രകാരം നിയമിക്കുന്നതിൽ മണ്ണാർമല പ്രദേശത്തിന്റെ ഭൗമ പാരിസ്ഥിതിക സവിശേഷതകൾ പ്രധാന പങ്കുവഹിക്കുന്നുണ്ടന്ന് പറയാം. മഞ്ചേരി കോവിലകത്തിലെ യഥാക്രമം ഒന്നും രണ്ടും മൂന്നും നാലും സ്ഥാനക്കാരെ ഭൂസ്വത്ത് നോക്കി നടത്തൽ, കൃഷിഭൂമി സംരക്ഷണം, കച്ചവടം, മറ്റു ഓഫീസ് ആവശ്യങ്ങൾ തുടങ്ങിയ വ്യത്യസ്തമായ സ്ഥാനങ്ങളിലേക്ക് നിയമിക്കപ്പെടുമ്പോൾ ഒരു കാടിനു നടുവിലെന്നപോലെയുള്ള മണ്ണാര്‍മല കോവിലകത്തേക്ക് ചോര തിളപ്പുള്ള യുവാക്കളെ നിയമിക്കുന്നതിലൂടെ പ്രതിലോമകരമായ സാഹചര്യത്തിലും ധൈര്യസമേതം ഉത്തരവാദിത്തങ്ങൾ നിര്‍വ്വഹിക്കപ്പെടുമെന്ന ദീര്‍ഘവീക്ഷണമാണന്ന് കാണാൻ കഴിയും. ഒരഞ്ചാം സ്ഥാനീയൻ ആ സ്ഥാനം ഏറ്റെടുത്ത് കഴിഞ്ഞാൽ മരണം വരെ അയാളതിൽ തുടരുന്നു എന്നതിനാൽ വലിയൊരു കാലയളവില്‍ മഞ്ചേരി കോവിലകത്തിന് മണ്ണാര്‍മലയുമായി ബന്ധപ്പെട്ട ഒരു ആശങ്കക്കും ഇടയില്ലാതാകുന്നു. തോക്കുൾപ്പെടെയുള്ള സംവിധാനങ്ങളുമായാണ് അവർ അയക്കപ്പടുന്നത് എന്നതിനാല്‍ ഗ്രാമന്തരങ്ങളിലുള്ള അവരുടെ വാസം സുരക്ഷയുള്ളതുമാകുന്നു.
മഞ്ചേരി കോവിലകത്തിന്റെ പരദേവതകളായ ഏറനാട് കാളനും (ശിവൻ) മാത്രകുന്ന് ഭഗവതിയുമാണ് (ദുര്‍ഗ്ഗ) മണ്ണാർമല കോവിലകത്തേയും പരദേവതകളെന്ന് കരുതാം. കൂടാതെ, മഞ്ചേരി കോവിലകക്കാർക്ക് അധികാരമെല്ലാം കല്‍പ്പിച്ചു കൊടുത്ത വള്ളുവക്കോനാതിരിമാരോടുള്ള ആദര സൂചകമായി അവരുടെ പരദേവതയായ അങ്ങാടിപ്പുറത്തെ തിരുമാന്ധാംകുന്നിലമ്മയും മണ്ണാർമല കോവിലകത്തിന്റെ ദേവസങ്കല്‍പ്പ ഭാഗമാണ്. അതിനാൽ തന്നെ, തിരുമാന്ധാംകുന്നിലമ്മക്കും മഞ്ചേരി കോവിലത്തിലെ പാട്ടുതറയിൽ വച്ച് പാട്ട് നടത്താറുണ്ട്. ദിവസവും പൂജയും, മാസം മുടങ്ങാതെ ഭഗവതിക്ക് കളം പാട്ടും കൂടാതെ കൊല്ലാകൊല്ലം മകരമാസത്തിൽ താലപ്പൊലിയും നടത്തി വന്നിരുന്നു. താലപ്പൊലി ഈ നാടിന്റെ ഒരു ആഘോഷമായാണ് കൊണ്ടാടപ്പെട്ടിരുന്നത്. മറ്റേതൊരു വള്ളുവനാടൻ വേനല്‍ക്കാല ആഘോഷങ്ങളെ പോലെ തന്നെ നിറഞ്ഞ് നില്‍കുന്ന കച്ചവടക്കാർക്കും ജനങ്ങള്‍ക്കും നടുവിലേക്ക് കോവിലക തെക്കിനിയിലെ പ്രതിഷ്ഠയുടെ കൊട്ടി വരവ് ആഘോഷപൂര്‍വ്വം വിശ്വാസികള്‍ കൊണ്ടാടിയിരുന്നു. പതിനാറ് ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന താലപ്പൊലി ദിനങ്ങളിൽ ഏറ്റവും ഒടുവിലാണ് കൊട്ടി വരവ് കൊണ്ടാടപ്പെട്ടിരുന്നത്. അത്രയും ദിവസങ്ങളില്‍ സുഭിക്ഷമായി സദ്യയും കോവിലകത്തുണ്ടാകാറുണ്ടന്ന് കോവിലക സമീപസ്ഥർ പറയുന്നത് കേൾക്കാം. വിപുലമായ തോതില്‍ ഏറ്റവും ഒടുവിലായി താലപ്പൊലി നടന്നത് 1967 കാലത്തായിരുന്നു. അതിനുശേഷം പേരിനു മാത്രം ചില കൊല്ലങ്ങള്‍ കൂടി ആ ആഘോഷം കൊണ്ടാടിയെങ്കിലും കൃത്യമായ നേതൃത്വമില്ലായ്മ കാരണം അത് പറ്റേ മുടങ്ങി പോയി.
കോവിലക ദേശം എന്ന യാത്രകുറിപ്പില്‍ കോവിലകത്തെ സംബന്ധിച്ചു പറയുന്നത് കാണുക,
"മനോഹരമായി ചെത്തി മിനുക്കിയ മുറ്റം. മുറ്റത്ത് നിന്നും മുന്നോട്ട് നോക്കിയാല്‍ നീളത്തിൽ കാണുന്ന കോവിലക കൊലായി. അവിടെ തൂകി വൃത്തിയാക്കിയ തിളങ്ങുന്ന നിലം. അതിന്റെ ഇങ്ങേ ഭാഗത്ത് പടിക്കെട്ടിന് സമീപത്തായൊരു പീഠത്തില്‍ സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ളൊരു ചെല്ലപ്പെട്ടിയും താഴെ വലിയ വായയുള്ള കോളാമ്പിയും. തൊട്ടടുത്തൊരു ചാരു കസേരയില്‍ വെറ്റില മുറുക്കികൊണ്ട് തമ്പുരാൻ തിരുമനസ്സ് കാലിന്മേൽ കാലു കയറ്റി വിശ്രമിക്കുന്നു. കസവുള്ള തുണിയും, തോളത്തൊരു മുണ്ടും, നെറ്റിയില്‍ ചന്ദനക്കുറി, കഴുത്തിൽ ഘനമേറിയൊരു സ്വര്‍ണ്ണമാല. സമീപത്ത് ഓച്ഛാനിച്ചു നില്‍ക്കുന്ന കാര്യസ്ഥർ. ഒരു യുഗത്തിന്റെ കഥപറയുന്ന മണ്ണാർമല കോവിലകം..."
പുരുഷാന്തരം പാട്ട് എന്നറിയപ്പെടുന്ന മുടക്കം വരാതെ 120 കളംപാട്ടുകൾ കഴിച്ച അപൂർവം സ്ഥലങ്ങളിലൊന്നാണ് മണ്ണാർമല കോവിലകം എന്നും പറയപ്പെടുന്നു. അത്തരമൊരു ചടങ്ങ് നിര്‍വ്വഹിക്കുന്ന ഇടങ്ങളില്‍ ഒരു കേടാ വിളക്ക് എന്നെന്നും ശോഭിച്ച് നില്‍ക്കണം എന്നൊരു നിബന്ധനയുള്ളത് മൂലം വളരെ കാലങ്ങളോളം കോവിലകമത് നിലനിര്‍ത്തി വന്നിരുന്നു എന്നറിയാൻ കഴിഞ്ഞു. വിളക്കിലെ എണ്ണ കഴിയുന്ന മുറക്ക് എണ്ണയും, തിരി ദ്രവിക്കുന്ന മുറക്ക് തിരികളും മാറ്റികൊണ്ട് അനേകം കാലങ്ങള്‍ ആ കെടാവിളക്കവിടെ ജ്വലിച്ചു നിന്നിരുന്നുവത്രെ. എന്നാൽ, വെളിച്ചം കേട്ട് പോയ ആ വിളക്കാണ് ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ആ കോവിലകത്തിന്ന് കാണാൻ കഴിയുക എന്ന കാര്യം വേദനിപ്പിക്കുന്ന സത്യമാണ്.
പ്രദേശത്തെ മണ്ണാൻ വിഭാഗം തിരുമാന്ധാംകുന്നിലമ്മയുടെ ഉണ്ണിക്കാളി ദേവസങ്കല്‍പ്പത്തെ വളരെ കാലങ്ങളായി ഉപാസിച്ച് വരുന്നൊരു കൂട്ടരാണ്. വ്രതങ്ങളും, പൂതകെട്ടും, ആട്ടവും, കോമരവുമൊക്കെയായി അവർ കഠിനമായ വിശ്വസം വെച്ചു പുലര്‍ത്തുന്നു. മണ്ണാര്‍മലക്ക് ചുറ്റുമുള്ള ആറ് മലകളിൽ ഏറ്റവും ഉയരം കൂടിയ ഭാഗമായ ഉണ്ണിക്കാളി കൂമ്പനിലാണവർ ഉണ്ണിക്കാളി ദേവസങ്കല്‍പ്പത്തിന് വിളക്ക് കത്തിച്ചു വരാറ്. അതേ സമയം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ നിന്നും ഒരു വിളക്ക് ഉണ്ണിക്കാളി കൂമ്പന് നേരേയും കത്തിച്ചു വെക്കുന്നു. ഈ അടുത്ത കാലത്താണ് മല മുകളില്‍ കയറി വിളക്ക് കൊളുത്തുന്നതിന് പകരം താഴ്‌വരയില്‍ സംവിധാനിച്ചിട്ടുള്ള മണ്ഡകമെന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ചെറു ക്ഷേത്രത്തിൽ വിളക്ക് കൊളുത്തിയാൽ മതിയെന്ന് തീര്‍പ്പിൽ അവരെത്തി ചേരുന്നതും, കൊടിയാഴ്ച്ച എന്ന പേരില്‍ വിളിക്കപ്പെടുന്ന വെള്ളി, ചൊവ്വ, ഞായര്‍ ദിവസങ്ങളിൽ അത് നിര്‍വ്വഹിച്ച് പോരുകയും ചെയ്യുന്നത്. തോടിന്റെ കരയില്‍ വലിയ വീതിയേറിയ കൽപ്പാലങ്ങൾക്കപ്പുറം പുരാതനമെന്ന് തോന്നുന്ന അവരുടെ വീടും മണ്ഡകവും കാണാന്‍ സാധിക്കും. പ്രകൃതിയുടെ മടിത്തട്ടില്‍ രൂപപ്പെടുന്ന കാളി ക്ഷേത്രങ്ങളുടെ നിഗൂഢ ഭാവം അവിടെ ദർശിക്കാൻ കഴിയും.
ശ്രീ അപ്പുക്കുട്ടൻ തമ്പുരാൻ
കോവിലകത്തിന്റെ അവസാന നാളുകളില്‍ മണ്ണാർമല തമ്പുരാൻ സ്ഥാനം വഹിച്ചിരുന്ന പി എം തിരുമുല്‍പ്പാടെന്ന മഞ്ചേരി കോവിലകത്തെ അപ്പുക്കുട്ടൻ തമ്പുരാനെക്കുറിച്ച് മാത്രമാണ് കാര്യമായ വിവരങ്ങൾ ലഭ്യമായൊള്ളു. മഞ്ചേരി കോവിലകത്തെ അഞ്ചാം സ്ഥാനീയനായനാണ് മണ്ണാര്‍മലയിലേക്ക് നിയോഗിക്കപ്പെടുന്നത് എന്നതിനാല്‍, യുവ രാജാക്കന്മാരുടെ സുദീര്‍ഘമായ അധികാര കാലം കാരണമായിരിക്കാം മുന്‍ സ്ഥാനീയരുടെ പേരു വിവരങ്ങൾ രേഖപ്പെടുത്താതെ പോയത്. യഥാര്‍ത്ഥത്തിൽ, അക്കാലത്ത് മഞ്ചേരി കോവിലകത്തെ അഞ്ചാം തിരുമുൽപ്പാട് ഉണ്ണിരാജ എന്ന മാനവേദൻ തിരുമുൽപ്പാടായിരുന്നു. കോവിലകത്തിന് മുന്നിലൂടെ പോകുന്ന തോട് നിർമ്മിക്കാൻ അനുമതി നല്‍കിയ കുഞ്ഞുണ്ണി തമ്പുരാന് ശേഷമാണ് ഉണ്ണി തമ്പുരാൻ അധികാരമേറുന്നത് എന്ന് മനസ്സിലാക്കാം. ഔദ്യോഗികമായി അദ്ദേഹമായിരുന്നു അന്നത്തെ മണ്ണാര്‍മല രാജ എന്ന കോവിലകമധികാരി. എന്നാൽ, മഞ്ചേരിയിൽ സ്ഥിരതാമസക്കാരനായ അദ്ദേഹത്തിന് അനാരോഗ്യം കാരണം അവിടെനിന്നും വിട്ടുപോരാൻ സാധ്യമാകാത്തതിനാൽ തന്റെ അനന്ദിരവൻ അപ്പുക്കുട്ടന് അധികാരാവകാശങ്ങളെല്ലാം ചാർത്തി നൽകി മണ്ണാര്‍മലയിലേക്ക് പറഞ്ഞുവിടുകയായിരുന്നുവത്രെ. കോവിലകത്തെ സകല സ്വത്തുവഹകളുടേയും കെെകാര്യാധികാരം അദ്ദേഹത്തിനുണ്ടായിരുന്നെങ്കിലും ഒപ്പധികാരം മാത്രം ഉണ്ണിരാജയിൽ നിക്ഷിപ്തമായിരുന്നു എന്ന് വേണം മനസ്സിലാക്കാൻ. താലപ്പൊലി പോലുള്ള വിശേഷ ദിവസങ്ങളില്‍ മാത്രമാണ് ഉണ്ണിരാജ മണ്ണാര്‍മലയിലേക്ക് എഴുന്നള്ളാറുള്ളു. അങ്ങനെ വരുന്ന അവസരത്തില്‍ കോവിലകത്ത് കഴിയാന്‍ അദ്ദേഹത്തിനൊരു പ്രത്യേക മുറിയും അതിൽ വലിയ സജ്ജീകരണങ്ങളും ഉണ്ടായിരുന്നതായി കോവിലക സഹകാരികളായിരുന്നവർ പറയുന്നത് കേള്‍ക്കാം.
അപ്പുക്കുട്ടൻ തമ്പുരാന് കോഴിക്കോട് സാമൂതിരി കോവിലകവുമായുണ്ടായ വിവാഹ ബന്ധത്തില്‍ രണ്ട് മക്കളാണുണ്ടായിരുന്നത്. ഭാര്യ അനുജത്തി തമ്പാട്ടി അധ്യാപികയായിരുന്നു. അവർ അങ്ങാടിപ്പുറം തരകന്‍സ് ഹൈസ്കൂളിൽ നിന്നാണ് വിരമിക്കുന്നത്. മൂത്ത മകൾ ഗംഗാദേവി തമ്പാട്ടിയെ അവരുടെ അമ്മ വീടായ കോഴിക്കോട് സാമൂതിരി കോവിലകത്തേക്കും, രണ്ടാമത്തെ മകൾ മീര തമ്പാട്ടിയെ മണ്ണാര്‍ക്കാടടുത്ത് പുലാപ്പറ്റ കുതിരവട്ടം സ്വരൂപം തമ്പാൻ കുടുംബത്തിലേക്കുമാണ് കല്യാണം കഴിപ്പിച്ചു വിട്ടിരിക്കുന്നത്. അവർ യഥാക്രമം, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, തൂത ദാറുൽ ഉലൂം ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപനം നോക്കി വരുന്നു. ചെർപ്പുളശ്ശേരിയിലെ മോയികുന്നത്ത് മനയുടെ സമീപം 'വെൺമാടം' എന്ന വീട്ടിലാണ് ഭർത്താവൊന്നിച്ച് മീര തമ്പാട്ടി താമസിച്ചു വരുന്നത്. കേരളത്തിലെ മറ്റേതൊരു കുലീന കുടുംബങ്ങളേയും പോലെ മരുമക്കത്തായ സമ്പ്രദായമനുശ്ഠിച്ച് വരുന്ന ഈ കുടുംബത്തിലും മക്കള്‍ രണ്ടുപേര്‍ക്കും കോവിലകം സ്വത്തുവഹകളിൽ അവകാശമേതുമില്ല. അനന്തരാവകാശം തമ്പുരാന്റെ സഹോദരി പുത്രർക്കാണ്.
പരമ്പരാഗതമായി സ്വത്തവകാശം സ്ത്രീവഴി സന്താനങ്ങൾക്ക് മാത്രമായി നൽകിപ്പോരുന്ന രീതിയാണ് മരുമക്കത്തായം. കുറച്ചുകാലം മുമ്പുവരെ ഈ സമ്പ്രദായം കേരളത്തിലെ പല സമുദായങ്ങളിലും നിലനിന്നിരുന്നു. മലബാറിലെ ചില പ്രദേശങ്ങളിൽ ഇതിന്റെ ഭാഗമായ വധൂഗൃഹത്തിൽ അന്തിയുറങ്ങുന്ന പുതിയാപ്പിള സമ്പ്രദായം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കൂടാതെ, നായർ സമുദായം, മലബാറിലെ ചില ഉയർന്ന തീയ്യ വിഭാഗങ്ങള്‍, രാജകുടുംബങ്ങൾ, ചില ബ്രാഹ്മണര വിഭാഗങ്ങള്‍, അമ്പലവാസികൾ തുടങ്ങിയവരും ഭൂരിഭാഗം ആദിവാസികളും ഇത് പാലിച്ചു പോരുന്നു. കർണ്ണാടകയിൽ ഇതിനെ 'അളിയൻ സന്താന നിയമം' എന്നാണ് വിളിക്കുന്നത്. ഈ സമ്പ്രദായമനുസരിച്ച് മരുമക്കളുടെ രക്ഷാധികാരികള്‍ അമ്മാവന്മാരായിരിക്കും. ഭാര്യാഗൃഹത്തില്‍ ഭര്‍ത്താക്കന്മാര്‍ക്ക് അവകാശമൊന്നുമില്ല. അമ്മാവന്റെ കാലശേഷം അയാളുടെ സഹോദരിമാരിൽ മൂത്തവളുടെ മൂത്തമകനാണ് അടുത്ത അവകാശി. അതുപ്രകാരം മണ്ണാര്‍മല കോവിലകത്തെ അപ്പുക്കുട്ടന്‍ തമ്പുരാന്റെ മക്കളെ മഞ്ചേരി കോവിലകത്തെ മക്കളാണന്ന് പറയുന്നതിനു പകരം സാമൂതിരി കോവിലകത്തെ സന്താനങ്ങളാണെന്നാണ് പറയുക.
അപ്പുക്കുട്ടന്‍ തമ്പുരാന്റെ കാലത്താണ് രാജ കുടുംബം കടലുണ്ടിപ്പുഴയുടെ ഒരു പോഷകനദി കടന്നുപോകുന്ന തിരുമാന്ധാംകുന്നമ്പലത്തിലെ വടക്കേ നടക്ക് സമീപത്ത് മണ്ണാര്‍മല കോവിലകം എന്നു തന്നെ പേരായ ഒരു വീട് നിര്‍മ്മിക്കുകയും അവിടെ താമസം തുടങ്ങുകയും ചെയ്യുന്നത്. തിരുമാന്ധാംകുന്നിലെ 'മണ്ണാര്‍മല തമ്പുരാൻ ജന്മാവകാശം' കാരണം നേരിട്ട് ക്ഷേത്ര ദര്‍ശനം സാധ്യമല്ല എന്നുള്ളത് കൊണ്ടു തന്നെ പൂജാതി കര്‍മ്മങ്ങളുടെ സൗകര്യവും, ഭാര്യ അനുജത്തി തമ്പാട്ടിയുടെ തരകന്‍ സ്കൂളിലേക്കുള്ള യാത്ര സുഖവും അവർ മുന്നില്‍ കണ്ടിരുന്നിരിക്കാം. എന്നിരുന്നാലും, പിന്നീട് കുടുംബം അവിടെ സ്ഥിര താമസത്തിലേർപ്പെടുകയും പവിത്രമായ ഒരു ഫാം ഹൗസ് എന്ന രൂപേണ മണ്ണാര്‍മല കോവിലകത്തെ കാണുകയും ചെയതു എന്നുള്ളതുമാണ് നേര്. വിശേഷ ദിവസങ്ങളിലല്ലാതെ മണ്ണാർമലയിലേക്കുള്ള വരവും അതുവഴി കുറഞ്ഞു വന്നു. തിരുമാന്ധാംകുന്നിൽ മണ്ണാര്‍മല കോവിലകം പോലെ മങ്കട, അരിപ്ര, ആയിരം നാഴിക, കടന്നമണ്ണ തുടങ്ങിയ കോവിലകങ്ങൾക്കും ചെറു ചെറു കോവിലകങ്ങളവിടെ കാണാൻ കഴിയുമെങ്കിലും മണ്ണാര്‍മല കോവിലകം പോലെ സ്ഥിര താമസാവശ്യത്തിൽ നിന്നും വ്യത്യസ്തമായി സൗകര്യപ്രഥമായ പൂരമാസ്വാദനം അല്ലെങ്കിൽ പ്രാര്‍ത്ഥന സൗകര്യം എന്ന ബിന്ദുവിൽ കേന്ദ്രീകൃതമായാണ് അവകളവിടെ സജീവമാകുന്നത്. അമ്പലത്തിൽ നിന്നും തോട്ടിൻ കരയിലേക്കിറങ്ങുന്ന കൽപ്പടവിന് സമീപം ഇന്നും ആ വീടുകളവിടെ കാണാൻ സാധിക്കും.
ക്ഷയം ബാധിച്ച് 1988 സെപ്തംബര്‍ 10നാണ് പെരിന്തല്‍മണ്ണ നഴ്സിങ് ഹോം ആശുപത്രിയിൽ വെച്ച് അപ്പുക്കുട്ടന്‍ തമ്പുരാൻ നിര്യാതനാകുന്നത്. ഭൗതിക ശരീരം നേരെ അങ്ങാടിപ്പുറത്തെ മണ്ണാര്‍മല കോവിലകത്തേക്ക് കൊണ്ട് വന്ന് ശേഷം മഞ്ചേരിയിലെത്തിച്ചു ദഹിപ്പിക്കുകയായിരുന്നു. മരണശേഷം യാഥാര്‍ത്ഥ അഞ്ചാം തിരുമുല്‍പ്പാടായ ഉണ്ണിത്തമ്പുരാൻ കുറച്ച് കാലം കോവിലകം കൊണ്ടുനടന്നെങ്കിലും കാലത്തിന്റെ മാറ്റങ്ങൾ ഉള്‍കൊള്ളാന്‍ കഴിയാതെ തീര്‍ത്തും അസ്വസ്ഥമായിരുന്നു കോവിലകമകത്തളം എന്നു പറയാം. പിന്നീട്, അക്കാലത്തെ മാര്‍ക്കറ്റ് വിലയനുസരിച്ച് കുറേ നിലങ്ങള്‍ വിറ്റൊഴിവാക്കികൊണ്ടും, കുറേ സ്ഥലങ്ങള്‍ അന്യാധീനപ്പെട്ടുകൊണ്ടും മഞ്ചേരി കോവിലക കുടുംബത്തിന് നാടിനുമേലുള്ള സ്വാധീനം സമ്പൂര്‍ണ്ണമായി അസ്തമിച്ചു എന്നു പറയാം. കൊടുങ്ങല്ലൂര്‍ കോവിലകത്തെ ശ്രീധരന്‍ തിരുമുൽപ്പാടാണ് നിലവിലെ (2022 കാലം) മഞ്ചേരി കോവിലകം അഞ്ചാം സ്ഥാനീയൻ. എന്നാൽ, എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് അദ്ദേഹം കോവിലകമോ സ്വത്തുക്കളോ സംരക്ഷിക്കാൻ മുന്നോട്ട് വരാത്തത് ഈ ചരിത്ര മന്ദിരത്തിന്റെ സമ്പൂർണ്ണ തകര്‍ച്ചക്ക് ആക്കംകൂട്ടി എന്ന് പറയാം.
1957ൽ ഇ എം എസ് മന്ത്രിസഭയുടെ അധികാരമേൽക്കലോടു കൂടിയാണ് കോവിലകത്തിന്റെ പ്രതാപം അസ്തമിച്ചു തുടങ്ങിയത്. ഇ എം എസ് മന്ത്രിസഭ നിലവിൽ വന്ന് ഒരാഴ്ച തികയുന്നതിനു മുമ്പ് തന്നെ സർക്കാർ കുടിയൊഴിപ്പിക്കൽ നിരോധന നിയമം നടപ്പിലാക്കി. ഇതുപ്രകാരം കർഷകൻ താമസിക്കുന്ന ഭൂമിയിൽ നിന്നും അവനെ കുടിയൊഴിപ്പിക്കുന്നത് എന്ത് കാരണങ്ങൾ കൊണ്ടായാലും നിയമം മൂലം തടയപ്പെട്ടു. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഇത്തരലമൊരു ഓർഡിനൻസ് നിലവിൽ വരുന്നതെന്ന് നിയമം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി ഇ എം എസ് പറയുകയുണ്ടായി. കേരളത്തിലെ ഭൂവുടമ ബന്ധങ്ങളിൽ സമഗ്രവും സമൂലവുമായ മാറ്റങ്ങൾ വരുത്തുവാൻ ഉദ്ദേശിച്ചുകൊണ്ട് നടപ്പിലാക്കിയ 'കേരള സ്റ്റേ ഓഫ് എവിക്ഷൻ പ്രൊസീഡിംഗ്സ് ഓർഡിനൻസ് 1957' എന്ന ഈ നിയമത്തോടെയാണ് കൃഷി ചെയ്യുന്ന കർഷകന് ആ ഭൂമിയിൽ സ്ഥിരാവകാശം, കുടിയാന് മര്യാദപ്പാട്ടം, ഭൂവുടമസ്ഥതക്ക് പരിധി, കൃഷിക്കാർക്ക് അവർ കൈവശം വെക്കുന്ന ഭൂമി ഉടമസ്ഥനിൽ നിന്നും ന്യായമായ വിലക്ക് സ്വന്തമാക്കാനുള്ള അവകാശം എന്നിവ ലഭിച്ചത്. പുതിയ ബിൽ നടപ്പിലാക്കാൻ ശ്രമിക്കുക വഴി കാലാകാലങ്ങളായി നിലനിന്നിരുന്ന ജന്മി സമ്പ്രദായത്തെ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിച്ചത് എന്നും കാണാൻ കഴിയും.
ഭൂപരിഷ്കരണനിയമം കൊണ്ടുവരുന്നതിനു മുന്നോടിയായി നടപ്പിലാക്കിയ മേല്‍ നിയമത്തോടെ എല്ലാതരം ഒഴിപ്പിക്കലുകളും തടയപ്പെട്ടു. കാർഷികബന്ധനിയമം പ്രാബല്യത്തിൽ വരുന്നതിനു മുമ്പായി കഴിയുന്നേടത്തോളം കുടിയാൻമാരെ ഒഴിപ്പിച്ച് ഭൂമി നേരിട്ട് കൈവശപ്പെടുത്തുവാനുള്ള ജന്മിമാരുടെ അടവിനെ പരാജയപ്പെടുത്തുകയായിരുന്നു ഇതിന്റെ സുപ്രധാന ലക്ഷ്യം. എന്നിരുന്നാലും, ജന്മി ഗൃഹങ്കണങ്ങളിൽ ഇത് വലിയ പരിവര്‍ത്തനമാണതുണ്ടാക്കിയത് എന്ന് പറയേണ്ടതില്ലല്ലോ. യുഗങ്ങളായി ജീവിച്ച് വന്നിരുന്ന ഒരു ശൈലിയിൽ നിന്നും പുതിയ സമൂഹിക ചുറ്റുപാടിലേക്കുള്ള പറിച്ചു നടലിന്റെ ആഘാതം വലിയ അളവില്‍ മണ്ണാര്‍മല കോവിലകത്തേയും ബാധിച്ചു എന്നു പറയാം. കണക്കില്‍ കൂടുതൽ ഭൂസ്വത്തുക്കളുള്ള ആളുകളില്‍ നിന്നും ഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യുന്ന ഒരു പദ്ധതി സര്‍ക്കാര്‍ മേല്‍നോട്ടത്തിൽ നടപ്പാക്കി വരുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ കൂടി 'കിട്ടുന്നത് പോരട്ടെ' എന്ന രൂപേണ വളരെ തുച്ഛമായ വിലക്ക് പോലും കോവിലകം തങ്ങളുടെ കൈവശമുള്ള ഭൂമികൾ വില്‍ക്കാൻ തുടങ്ങി. സര്‍ക്കാര്‍ നേരിട്ടേറ്റെടുക്കുമ്പോള്‍ നഷ്ട പരിഹാരമൊന്നും ലഭിക്കുന്നില്ല എന്ന കാരണവും അതിനുള്ള പ്രേരണയായിരുന്നിരിക്കാം. അങ്ങനെയാണ് നാട്ടിലെ നാനാജാതി മനുഷ്യർക്കിടയിൽ മണ്ണാര്‍മല കോവിലകം വകയായുണ്ടായിരുന്ന ഭൂസ്വത്തുക്കള്‍ വിതരണം ചെയ്യപ്പെടുകയും പ്രദേശത്തിന്റെ അധികാര കേന്ദ്രമെന്ന നിലയില്‍ അതിന്റെ പ്രസക്തി നഷ്ടപ്പെടുകയും ചെയ്യുന്നത്. എന്നാൽ, ലക്ഷ്യം വെച്ച പ്രവർത്തനങ്ങളിൽ വിജയം കാണാതെ വിമോചന സമരത്തെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധികൾ കാരണം ഇ എം എസ് മന്ത്രിസഭ പിരിച്ചുവിടുകയും കേരളത്തില്‍ രാഷ്ട്രപതി ഭരണം നടപ്പിലാവുകയും ചെയ്തതോടെ കോവിലകത്തെ സംബന്ധിച്ച് ചെറിയ തോതിലുള്ള ഒരു ആശ്വാസം ലഭിച്ചു എന്നു വേണമെങ്കിൽ പറയാം.
മൈസൂരധിനിവേശ കാലത്തും, അവരുടെ പരാജയ ശേഷമുണ്ടായ ശ്രീരംഗപട്ടണം ഉടമ്പടിയോടുകൂടി ബ്രിട്ടീഷുകാർ മലബാര്‍ ഭരണം ഏറ്റെടുത്ത കാലത്തും രൂപപ്പെട്ട സവിശേഷമായ സാഹചര്യത്തിൽ വള്ളുവക്കോനാതിരിമാരിൽ നിന്ന് മണ്ണാര്‍മല പ്രദേശം ഉള്‍പ്പടെയുള്ള വള്ളുവനാടന്‍ ദേശങ്ങളുടെ സ്വാധീനം അസ്തമിച്ച് അത് മഞ്ചേരി കോവിലകത്തേക്ക് മാറ്റപ്പെട്ട അതേ സാഹചര്യം തന്നെയായിരുന്നു കൃത്യം ഒന്നര നൂറ്റാണ്ടുകള്‍ക്ക് ശേഷം, ഇ എം എസിന്റെ ഭൂപരിഷ്കരണ നിയമം നടപ്പിൽ വന്നതോടു കൂടി ഈ ദേശത്തരങ്ങേറിയത് എന്നു വേണമെങ്കിൽ പറയാം. എന്നാൽ, സവർണ്ണ ഭൂപ്രഭുക്കളായ മഞ്ചേരി കോവിലകത്തിന്റെ സമ്പൂര്‍ണ്ണാധികാരത്തിന് കീഴിലേക്കെന്നതിൽ നിന്നും വ്യത്യസ്തമായി സമൂഹത്തിലെ നാനാജാതി സാധാരണക്കാരിലേക്കാണ് ഭൂപരിഷ്കരണത്തോടെ പ്രദേശം വിഭജിക്കപ്പെട്ടത് എന്നുള്ളത് ഈ സംഭവത്തെ ഒരു ജനകീയ മുന്നേറ്റമായി കാണാൻ പ്രേരിപ്പിക്കുന്നു. അന്നേവരെ വെറും പാട്ടക്കാരായി പ്രവർത്തിച്ചു വന്നിരുന്ന മാപ്പിളമാര്‍ ഉള്‍പ്പടെയുള്ള ജനതയുടെ ജീവിത നിലവാരത്തില്‍ ഇത് വലിയ പരിവര്‍ത്തനമാണുണ്ടാക്കിയത്. ഇപ്രകാരം, കോവിലകവുമായി ചുറ്റിപ്പറ്റി ജീവിച്ചിരുന്ന ആളുകൾ പുതിയ അവസരം ഉപയോഗപ്പെടുത്തികൊണ്ട് നിലങ്ങള്‍ വ്യാപകമായ തോതില്‍ കൈവശപ്പെടുത്തിയതാണ് പ്രദേശത്ത് മണ്ണാർമല കോവിലക സ്വാധീനം അസ്തമിക്കാനുണ്ടായ അദ്യത്തേതും പ്രധാനപെട്ടതുമായ സാഹചര്യങ്ങളിലൊന്ന്. കോവിലകമാണങ്കിൽ നിയമം നടപ്പിലാകുന്ന മുറക്ക് തങ്ങളുടെ കൈയിൽ നിന്നും നിലങ്ങള്‍ പിടിച്ചെടുത്തത് ജനങ്ങൾക്കിടയിൽ വിതരണം ചെയ്യേക്കാവുന്ന സാഹചര്യത്തെ മുൻകണ്ടുകൊണ്ട് കിട്ടുന്ന വിലക്കതൊക്കെയും വിറ്റ് തുലക്കുവാനും ഉത്സാഹം കാണിച്ചു. അത് അന്നേവരെ ജന്മിക്ക് കാണപ്പണം കൊടുത്ത് വെറും പാട്ടക്കാരായി നിലനിന്നിരുന്ന മാപ്പിളമാര്‍ ഉള്‍പ്പടെയുള്ള ജനതകളെ ഭൂവുടമകളാക്കി മാറ്റി എന്ന് പറയാം. എന്നാൽ, മേല്‍ നിലയങ്ങളിൽ അധ്വാനിച്ച് അന്നാന്നേക്കുള്ളത് അന്നാന്ന് മാത്രം കണ്ടെത്തി വന്നിരുന്ന അടിയാള വിഭാഗത്തിന് ഇതൊരു ഗുണവും ചെയ്തില്ല. ഇന്നും അവരുടെ ജീവിത നിലവാരത്തിന് വലിയ മാറ്റമൊന്നും സാധ്യമായിട്ടില്ല. ജനങ്ങൾ സ്വതവേ വീടു വെക്കാൻ മടിക്കുന്ന മലപാര്‍ശ്വം പോലുള്ള ഇടങ്ങളില്‍ തിങ്ങി തിങ്ങിയുള്ള ജീവിതമാണ് ഈ പ്രദേശം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അവരിന്നും ജീവിച്ചു വരുന്നത് എന്നുള്ള കാര്യം സങ്കടകരമായ യാഥാർത്ഥ്യമാണ്. ഒരുപക്ഷേ, ഭൂപരിഷ്കരണ നിയമം നടപ്പിൽ വന്നിട്ടും കൂലിപ്പണിക്കാരും അടിയാളരുമായ സാധാരണക്കാരുടെ ജീവിത നിലവാരത്തിനത് വലിയ തോതിലുള്ള ഗുണമോ മാറ്റമോ വരുത്താൻ കഴിഞ്ഞിട്ടില്ല എന്ന വിമര്‍ശനം ഉയർന്ന് വരുന്നത് ഇത്തരമൊരു സമൂഹിക പരിതസ്ഥിതിയില്‍ നിന്നായിരിക്കാം.
1967ലെ നിയമസഭാ തിരഞ്ഞെടുപ്പ് കേരളം അന്നുവരെ കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത, ഇന്ന് ചിന്തിക്കാൻ പോലും കഴിയാത്ത രാഷ്ട്രീയ സമവാക്യങ്ങൾ രൂപപ്പെട്ട കാലമായിരുന്നു. സപ്തകക്ഷി മുന്നണി എന്ന പേരില്‍ സി പി എമ്മും സി പി ഐയും മുസ്ലീം ലീഗും എസ് എ എസ് പിയും ആര്‍ എസ് പിയും കെ ടി പിയും കെ എസ് പിയും ഒരുമിച്ച് ചേര്‍ന്ന് മത്സരിച്ച് വമ്പിച്ച ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ സര്‍ക്കാരാണ് അന്ന് കേരളത്തിൽ അധികാരത്തിലേറിയത്. അങ്ങനെയാണ് ഇ എം എസ് രണ്ടാമതും അവസാനവുമായി കേരള മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്. എന്നാൽ, മുന്നണിയിലെ അഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായപ്പോള്‍ ആ സര്‍ക്കാരിന്റെ ആയുസ്സ് വെറും 32 മാസത്തില്‍ ഒതുങ്ങി. അതിന് പിറകെയായാണ് സി പി ഐയുടെ സി അച്യുതമേനോന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്.
1964 കാലത്ത് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിയിലുണ്ടായ വലിയൊരു വിള്ളൽ പാർട്ടിയെ സി പി ഐ എന്നും സി പി ഐ എം എന്നും രണ്ടായി വിഭജിച്ചിരുന്നു. 1970ലെ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മേല്‍ അഭിപ്രായ ഭിന്നതകള്‍ വളരെയേറെ രൂക്ഷമാവുകയും ആ തിരഞ്ഞെടുപ്പില്‍ സി പി ഐ കോണ്‍ഗ്രസിനൊപ്പം ചേർന്ന് മത്സരിക്കുവാനും ധാരണയായി. അങ്ങനെ സി പി ഐ- കോൺഗ്രസ്സ് മുന്നണി, തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടുകയും സി പി ഐ നേതാവ് സി അച്യുതമേനോന്‍ വീണ്ടും മുഖ്യമന്ത്രിയാവുകയും ചെയ്തു. അക്കാലത്ത് വലിപ്പചെറുപ്പമില്ലാതെ സമൂഹത്തിന്റെ നാനാ കോണുകളിലും ഭക്ഷ്യക്ഷാമം പിടിമുറുക്കിയപ്പോൾ സത്വര നടപടിയിലൂടെ അത് പരിഹരിക്കാൻ നേതൃത്വം നല്‍കിയതിലൂടെ സി അച്ചുതമേനോൻ സര്‍ക്കാര്‍ വലിയ പ്രശംസ പിടിച്ചുപറ്റിയത് മഞ്ചേരി കോവിലകമുൾപ്പെടെയുള്ള കേരളത്തിലെ ചില സവര്‍ണ്ണ ഗൃഹാങ്കണങ്ങളിൽ കമ്യൂണിസ്റ്റനുഭാവം മുളപൊട്ടാൻ കാരണമായി. ഒരുതരത്തിൽ പറഞ്ഞാലൊരു സിപിഐ അനുകൂലം മനോഭാവം. ഭൂപരിഷ്കരണ നിയമത്തോടെ പ്രതിസന്ധിയിലായ കോവിലകങ്ങളുടെ നിലനില്‍പ്പു സംബന്ധമായ വിഷയങ്ങളിലവർക്കൊരു താല്‍ക്കാലിക ആശ്വാസമായിരുന്നു വിമോചന സമരം ഇറക്കി വിട്ട രാഷ്ട്രീയ പ്രതിസന്ധികൾ. സര്‍ക്കാര്‍ വിരുദ്ധ വിമോചന സമരത്തിന്റെ മുഖ്യ ആസൂത്രകർ കോണ്‍ഗ്രസ്സ് പാർട്ടി ആയിരുന്നത് കോവിലകങ്ങളെ സംബന്ധിച്ചൊരു കോൺഗ്രസ്സ് അനുകൂല മനോഭാവത്തെ നേരത്തെ തന്നെ രൂപപ്പെടുത്തിയിരുന്നു. അതിനാൽ, കോൺഗ്രസ്സുമായി ചേര്‍ന്ന് നിന്നവരെന്ന നിലയില്‍ സിപിഐലേക്കും അതിന്റെ ഗുണഫലം വ്യാപിക്കുക സ്വാഭാവികമാണല്ലോ. അക്കാലങ്ങളിൽ കോവിലകത്തെ തമ്പുരാക്കന്മാർ കമ്മ്യുണിസ്റ്റ് നേതാക്കൾക്കൊപ്പം വട്ടം കൂടിയിരുന്ന് രാഷ്ട്രീയ വർത്തമാനങ്ങളിൽ മുഴുകാറുണ്ടായിരുന്നു എന്നൊരു അനുഭവം അപ്പുക്കുട്ടന്‍ തമ്പുരാന്റെ പെണ്‍മക്കളിലെ ഇളയവളായ മീര തമ്പാട്ടി സൂചിപ്പിക്കുകയുണ്ടായി. അക്കാലത്താണ് ജനങ്ങളുടെ ഒരാശ്വാസ കേന്ദ്രമെന്ന നിലയില്‍ അതിനോടകം തന്നെ പ്രശസ്തനായ അപ്പുക്കുട്ടന്‍ തമ്പുരാൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങാൻ തീരുമാനിക്കുന്നത്.
ഇ എം എസ് സര്‍ക്കാര്‍ കൊളുത്തി വിട്ട ഭൂപരിഷ്കരണ നടപടിക്ക് ശേഷം കോൺഗ്രസ്സിന്റെ നേതൃത്വത്തില്‍ വിമോചനസമരം കത്തിപടര്‍ത്തി കമ്യൂണിസ്റ്റ് സര്‍ക്കാരിനെ നിലംപരിശാക്കിയതിലൂടെ തന്റെ കോവിലകം ഭൂസ്വത്തുക്കൾക്ക് താല്‍ക്കാലികമെങ്കിലും ലഭിച്ച പരിരക്ഷ അപ്പുക്കുട്ടന്‍ തമ്പുരാനെ ഒരു ചെറിയ കോൺഗ്രസ്സ് അനുഭാവിയാക്കി മാറ്റിയിരുന്നു. അക്കാലത്താണ് സപ്തകക്ഷി മുന്നണിയുടെ പരാജയ ശേഷം കോൺഗ്രസ്സ് സി പി ഐയുമായി ചേര്‍ന്ന് മുന്നണി രൂപപ്പെടുത്തുന്നതും അധികാരത്തിലേറുകയും ചെയ്യുന്നത്. അതിനാൽ, വെട്ടത്തൂർ പഞ്ചായത്തിലേക്കുള്ള 'സി പി ഐ സ്വതന്ത്രൻ' ടിക്കറ്റിൽ മത്സരിക്കാൻ തമ്പുരാന് മറുത്തൊന്നും ചിന്തിക്കേണ്ടി വന്നില്ല. ഇന്നത്തെപ്പോലെ കൃത്യമായ അഞ്ച് വർഷങ്ങൾ കൂടുമ്പോഴുള്ള പഞ്ചായത്ത് തെരഞ്ഞെടുപ്പൊന്നും ഇല്ലാതിരുന്ന അക്കാലത്ത് (കേരളത്തില്‍ പഞ്ചായത്ത് രാജ് നിയമം പ്രാബല്യത്തില്‍ വരുന്നത് 1994ലാണ്) ദീര്‍ഘകാലം അദ്ദേഹമാ സ്ഥാനത്തിരുന്നു എന്ന് പറയപ്പെടുന്നു. ചുങ്കം പ്രദേശത്തുണ്ടായിരുന്ന ഒരേയൊരു ലോവർ പ്രൈമറി സ്കൂൾ കരുവമ്പാറയിലെ വാടക കെട്ടിടത്തിൽ നിന്നും ചുങ്കം ചന്തപ്പറമ്പിലെ ഒരേക്കർ സ്ഥിരം ഭൂമിയിലേക്ക് കൊണ്ടുവന്നത് ആ കാലയളവില്‍ അദ്ദേഹമെടുത്ത സ്ഥിരോത്സാഹ ഫലമായിരുന്നെന്ന് കാണാൻ കഴിയും. 1977ലായിരുന്നു ആ സംഭവം.
ചോദിച്ചു ചെല്ലുന്നർക്ക് എന്തും നൽകുന്ന പ്രകൃതക്കാരനായിരുന്നു അപ്പുക്കുട്ടൻ തമ്പുരാനെന്ന അഭിപ്രായത്തെ ശരിവെക്കുന്ന മറ്റൊരു നിത്യസ്മാരകമാണ് മണ്ണാര്‍മല പ്രദേശത്ത് ഇന്നും തലയെടുപ്പോടെ നില്‍ക്കുന്ന പച്ചീരി സ്കൂൾ കെട്ടിടങ്ങൾ. സ്കൂൾ തുടങ്ങുന്നതിന്നായി തന്നെ സമീപച്ചവർക്ക് ഒരു പ്രത്യുപകാരവും പ്രതീക്ഷിക്കാതെ കെട്ടിടത്തിനാവശ്യമായ സ്ഥലവും പണവും അദ്ദേഹം അനുവദിച്ച് നല്‍കിയെന്നാണ് ചരിത്രം. അതിന്റെ നിത്യ സ്മാരകമാണ് ഇന്നും സ്കൂൾ ഗേറ്റിൽ ആലേഖനം ചെയ്തിരിക്കുന്ന 'മാനവേദൻ തിരുമുല്‍പ്പാട് മെമ്മോറിയൽ' എന്ന വാക്കുകൾ.
ശക്തമായിരുന്ന ജാതീയതയുടെ അടയാളങ്ങൾ
മണ്ണാർമല കോവിലകത്തിന്റെ മുന്‍ഭാഗത്തിന് ചുറ്റിലുമായി നീണ്ട 'റ' പോലെ ഒഴുകി നീങ്ങുന്നൊരു തോട് കാണാൻ കഴിയും. ഏറാൻ തോട് വഴി കടലുണ്ടിയിലേക്ക് ചെന്ന് ചേരുന്ന മേല്‍ തൊടിനെ മുറിച്ചുകൊണ്ട് ആകെ രണ്ട് പാലങ്ങളാണ് കോവിലക വളപ്പിലേക്ക് നീളുന്നത്. ഒന്ന് കോവിലകത്തിന്റെ പ്രധാന പടിപ്പുര വഴി പ്രധാന കെട്ടിലേക്കും മറ്റൊന്ന് സമീപത്തെ അടുക്കള ഭാഗത്തേക്കും. കിണറും അടുക്കളയും ഉള്‍പ്പെടെയുള്ള കോവിലകത്തിന്റെ മേല്‍ ഭാഗത്തേക്ക് നീളുന്ന ആ പാലം 'കിഴക്കെ പാലം' എന്ന പേരിലാണ് പ്രദേശികമായി വിളിച്ചു വരുന്നത്. തൊലിയുടെ നിറത്തിന്റെ പേരില്‍ സമൂഹത്തിൽ വിഭജനങ്ങളുണ്ടായിരുന്ന കാലത്ത് താഴ്ന്ന ജാതികള്‍ക്ക് തമ്പുരാനെ മുഖം കാണിക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗമായിരുന്നു അതെന്ന് പറയാം. ഹീനമായ ജാതി വിവേചനങ്ങളുടെ ഓര്‍മ്മകള്‍ പേറുന്ന ആ പാലത്തിനു മുന്നില്‍ നിന്നാൽ, പുതിയ കാലത്തിന്റെ ബോധോദയങ്ങളുടെ ശക്തിയാൽ തകർന്നത് മാതിരി പൊട്ടി പൊളിഞ്ഞു കിടക്കുന്ന ആ കോവിലകമെടുപ്പുകൾ കാണാൻ കഴിയും. പടിപ്പുര കെട്ടിടത്തിൽ ഉപവിശ്ഠനാകുന്ന രാജാവിനെ കാണാൻ നിശ്ചിത സമയമവർക്ക് അനുവദിക്കപ്പെടുമ്പോൾ രാജാവിനും കീഴ്ജാതികൾക്കുമിടയിലൊരു ദൂതൻ നിലയുറപ്പിച്ച് പരസ്പരം സംഭാഷണങ്ങള്‍ നടത്തുന്ന വിചിത്രമായൊരു പരുപാടിയായിരുന്നു അത്.
തങ്ങളുടെ വേവലാതികള്‍ക്ക് കൃത്യമായൊരു പരിഹാരം ലഭിക്കില്ല എന്ന ബോധ്യമുണ്ടായിട്ടും സവര്‍ണ്ണ സമൂഹം കൽപ്പിച്ചു നല്‍കിയ ആചാരങ്ങളും പ്രതിബന്ധങ്ങളും ശിരസ്സാ വഹിച്ചുകൊണ്ട് തമ്പുരാനെ മുഖം കാണിക്കാനായി അതുവഴി വഴി കടന്ന് പോയ ആ പച്ച മനുഷ്യരുടെ ഓര്‍മ്മയാണാ പാലം എന്നുവേണമെങ്കിൽ പറയാം. ഒരുകാലത്തീ നാടിനെ ഗ്രസിച്ച ജാതീയത എന്ന കരാള ഹസ്തങ്ങളുടെ ഓര്‍മ്മ പേറുന്ന കരിങ്കൽ പാളികൾ. ചരിത്രത്തിൽ അടയാളപ്പെടുത്താത പോയ അവരുടെ അധ്വാനത്തിന്റെ, ത്യാഗത്തിന്റെ ഓര്‍മ്മപ്പെടുത്തൽ. പ്രദേശത്തെ വിശാലമായി പരന്ന് കിടക്കുന്ന വയലോലകളിൽ വീണ അവരുടെ വിയര്‍പ്പിന്റെ, കുടിലുകളില്‍ അമർന്ന അവരുടെ തേങ്ങലുകളുടെ എല്ലാം ഓര്‍മ്മയെ പേറുന്ന ആ പാലം കാലത്തിന് വിട്ടു കൊടുക്കാതെ പ്രകൃതിയുടെ വേരുകളതിനെ പൊതിഞ്ഞു വരിഞ്ഞു കെട്ടിയിരിക്കുന്നു.
വര്‍ണ്ണ വിവേചനത്തിന്റെ ഓര്‍മ്മകള്‍ പേറുന്ന അത്തരം എത്ര എത്ര സ്മാരകങ്ങളാണ് ലോകത്തിന്റെ വ്യത്യസ്ത കോണുകളില്‍ കാലം ബാക്കി വച്ചിരിക്കുന്നത്. ഒരുപക്ഷേ, ഈ പ്രദേശത്തിന്റെ ജാതി ചരിത്രത്തെ കുറിച്ചുള്ള പഠനത്തിന്റെ ജീവിക്കുന്ന അടയാളമാണാ പാലം എന്നുവേണമെങ്കിൽ പറയാം.
കഴിഞ്ഞ കാല കേരളത്തിൽ നിലവിലുണ്ടായിരുന്ന സമൂഹിക ചുറ്റുപാടുകൾകനുസൃതമായി കോവിലകമകത്തളമുള്‍പ്പടെയുള്ള സ്ഥലങ്ങളിൽ ഉയർന്ന ജാതിക്കാര്‍ക്ക് മാത്രമാണ് പ്രവേശനമനുവദിച്ചിരുന്നത്. അക്കാലത്ത്, കോവിലകങ്ങളിലെ അലക്ക് അടിച്ചുപണികളെല്ലാം ചെയത് വന്നിരുന്നത് പിൽക്കാലത്ത് സേവന വിഭാഗമായി മാറ്റപ്പെട്ട നയർ സ്ത്രീകളായിരുന്നു എന്ന് നാം നേരത്തെ പറഞ്ഞു കഴിഞ്ഞു. അവരുടെ പുരുഷന്മാർ കാവല്‍, കാര്യസ്ഥ സംബന്ധമായ പണികളും ചെയതു വന്നു. ഭക്ഷണ വെപ്പിന് എമ്പ്രാന്തിരിമാരും, ക്ഷേത്ര പുറം കര്‍മ്മങ്ങൾക്ക് വാരിയർമാരുമാണുണ്ടായിരുന്നു. ഇത്തരം സേവനങ്ങൾ സര്‍പ്പിക്കുന്നതിലൂടെ സമ്പത്തിക നേട്ടം കൂടാതെ വലിയ അഭിമാനവും സമൂഹിക ഉന്നതിയുമാണ് അവരന്ന് ലക്ഷ്യം വെച്ചിരുന്നത് എന്ന് പറയാം. കോവിലകത്തിനകത്ത് തെക്കിനിയിൽ തിരുമാന്ധാംകുന്ന് ഭഗവതിയുടെ പ്രതിഷ്ഠയുള്ളതിനാൽ അതിനകത്തേക്കെന്നല്ല നാലയലത്ത് പോലും താഴ്ന്ന ജാതിക്കാർക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. എന്നാൽ, അവര്‍ക്കിടയിലേക്ക് വിവാഹം കഴിച്ച് കൊണ്ടുവരുന്ന പുതുപ്പെണ്ണുങ്ങളെ മണ്ണാര്‍മല രാജാവിനു ദർശനം നൽകുന്നൊരു ചടങ്ങ് അക്കാലത്തുണ്ടായിരുന്നു എന്ന് കേള്‍ക്കുന്നു. കൊലായില്‍ ഉപവിശ്ഠനാകുന്ന തമ്പുരാന് മുന്നില്‍ പുതുപ്പെണ്ണിനെ ഒരുക്കി നിർത്തി അവള്‍ക്ക് ചുറ്റും നൃത്തമാടുന്നൊരു ചടങ്ങ് രൂപമായിരുന്നു അത്. വട്ടക്കളി അല്ലെങ്കിൽ ചവിട്ടുക്കളി എന്ന ആ ചടങ്ങിന്റെ പ്രധാന ഉദ്ദേശം മേല്‍ ജാതികള്‍ക്ക് കോവിലകത്ത് നിന്നും ലഭിക്കുന്ന നെല്ലോ അരിയോ മാത്രയിരുന്നു. പിന്നീട്, മാറിയ കാലത്തവർ കോവിലകത്തിന്റെ പേരിനോട് ചേര്‍ത്ത് 'കോവിലകത്ത് ചാളയിൽ' എന്ന വിലാസത്തിലാണിന്നവർ അറിയപ്പെട്ടു വന്നത്.
"ജാതി വ്യവസ്ഥകളും ആചാരവും കോട്ടം തട്ടാതെ നിലനിര്‍ത്തി കൊണ്ട് പോകാൻ ഹിന്ദുക്കള്‍ വളരയധികം ക്ലേശങ്ങളും കഷ്ടപ്പാടുകളും സഹിക്കുന്നുണ്ട്. എത്ര തന്നെ ക്ലേശങ്ങൾ സഹിക്കേണ്ടി വന്നാലും ആ വ്യവസ്ഥകൾ അവർ ലംഘിക്കാറില്ല. ഇവിടുത്തെ ഹിന്ദുക്കള്‍ വിവിധ ഗോത്രംക്കാരും ജാതിക്കാരുമായി വേര്‍തിരിക്കപ്പെട്ടിരിക്കയാണ്. ഉയർന്ന ജാതിക്കാര്‍, താഴ്ന്ന ജാതിക്കാര്‍, ഇതിന് രണ്ടിനും ഇടക്കുള്ള ജാതിക്കാര്‍ ഇങ്ങനെ പലതരം ഉണ്ടവർ. ഉയർന്ന ജാതിക്കാരും താഴ്ന്ന ജാതിക്കാരും തമ്മില്‍ തൊടുകയോ അവരവര്‍ക്ക് നിശ്ചയിച്ചിട്ടുള്ള പരിധിവിട്ട് അടുക്കുകയോ ചെയ്താൽ ഉയർന്ന ജാതിക്കാര്‍ കുളിക്കാതെ ഭക്ഷണം കഴിക്കുന്നത് നിഷിദ്ധമാണ്. അയിത്തമായതിന് ശേഷം കുളിക്കാതെ ഭക്ഷണം കഴിക്കുകയാണെങ്കിൽ അവരുടെ ഉയര്‍ച്ചക്ക് ഹാനി തട്ടുകയും ജാതിയില്‍ നിന്ന് പുറത്ത് പോവുകയും ചെയ്യും. അങ്ങനെ സംഭവിക്കുന്ന വ്യക്തിക്ക് നാടു വിടുകയോ ഇസ്ലാം മതമോ ക്രിസ്തീയ മതമോ സ്വീകരിക്കുക മാത്രമേ ഗത്യന്തരമുള്ളു. കുട്ടികളോ സ്ത്രീകളോ ആണെങ്കിൽ ഭരണാധികാരികൾ അവരെ പിടിച്ച് താഴ്ന്ന ജാതിക്കാർക്കോ ഇതര മതസ്ഥർക്കോ വില്‍ക്കും..."
ലോകം മാറിയതറിയാതെ സമൂഹിക വിവേചനത്തിന്റെ കൈപ്പുനീർ അരുചികരമാണന്ന ബോധമില്ലാതെ ഇന്നും അനേകം മനുഷ്യര്‍ ആ കോവിലകത്തിന് സമീപം ജീവിച്ചു വരുന്നുണ്ടെന്നുള്ളതൊരു അത്ഭുദപ്പെടുത്തുന്ന കാര്യമാണ്. കോവിലകത്തിന് സമീപത്തെ വീട്ടുപടികളിൽ വന്ന് "തമ്പുരാനെ... വല്ലതും തരണേ..." എന്ന് അലമുറയിട്ട് കരയുന്ന ആളന്മാർ എന്ന ആദിവാസി വിഭാഗമാണതിൽ പ്രധാന കൂട്ടർ. മാതൻ എന്നും മാതി എന്നും സ്വയം വിശേഷിപ്പിക്കാൻ ഇഷ്ടപ്പെടുന്ന അവർ ഇന്നും ഗുഹാവാസികളായി പ്രദേശത്തിന് സമീപത്തെ മലഞ്ചെരുവുകളിൽ കഴിഞ്ഞു വരുന്നു. കൂടാതെ, കൈകളിൽ സദാ ഉറി മെടഞ്ഞുകൊണ്ട് നടക്കുന്ന നായാടികൾ ഉള്‍പ്പെടെയുള്ള ചില വിഭാഗങ്ങളും വീട്ടു പടിക്കല്‍ വരെ വന്ന് കൂകിയാർത്ത് തങ്ങളുടെ അടിമത്തം ഉറപ്പിച്ച് കടന്ന് പോകുന്ന കൂട്ടരാണന്ന് അറിയാൻ കഴിഞ്ഞു.
സ്വകാര്യ സ്വത്ത് സമ്പാദനത്തിൽ വലിയ താല്‍പര്യമോ ആർത്തിയോ ഇല്ലാതെ, അന്നാന്ന് കിട്ടുന്നത് കൊണ്ട് അന്നാന്നാഹരിച്ച് വന്നിരുന്ന ഒരു ജനതയായിരുന്നു അക്കാലത്തീ ദേശത്തുണ്ടായിരുന്നത് എന്ന് കാണുവാന്‍ കഴിയും. ഒരില്ലത്തിനോ കോവിലകത്തിനോ ചുറ്റുമായാണ് അവർ രൂപപ്പെടുന്നത്. ഒരു ദേശത്ത് അത്തരമൊരു സ്ഥാപനം രൂപപ്പെട്ടാൽ പ്രാദേശിക ഉല്‍പാദനത്തിന്റെ പ്രധാന ഭാഗം ആ കേന്ദ്രത്തിലേക്ക് ജനങ്ങള്‍ നിക്ഷേപിക്കുകയും, പകരമായി ആ സ്ഥാപനവുമായി ബന്ധപ്പെട്ട എല്ലാ ജോലികളും ആ ജനതക്കിടയില്‍ തന്നെ വിഭജിച്ച് നല്‍കുകയും ചെയ്യുന്ന ഒരേര്‍പ്പാടായിരുന്നു അത്. പൂജാതി കര്‍മ്മങ്ങള്‍ക്ക് ബ്രാഹ്മണർ, അരി വെപ്പിന് എമ്പ്രാന്തിരിമാർ, തുണി അലക്കലിന് വെളുത്തേടത്ത് നായര്‍മാരും മണ്ണാത്തിമാരും, കാര്യസ്ഥ പണിക്കായി വാര്യര്‍മാര്‍, കാവല്‍ ആയോധനം തുടങ്ങിയവക്കായി നായന്മാർ, കണക്ക് നോട്ടം കുറുപ്പന്മാർ തുടങ്ങി, കൃഷിപ്പണികൾ, മറ്റ് ചെറുകിട ജോലികള്‍ തുടങ്ങിയവക്ക് താഴ്ന്ന ജാതികളും കൂടാതെ, നായാടികൾ, ആളന്മാർ തുടങ്ങി ധർമ്മാവശ്യത്തിന് വേണ്ടി മാത്രം ആ കേന്ദ്രത്തെ സമീപിക്കുന്നവരും ധാരാള കണക്കിന് കാണാം. അവര്‍ക്കുള്ള നെല്ല്, വസ്ത്രങ്ങൾ തുടങ്ങി വിശേഷാവസരങ്ങളിലെ സഹായം വരെ ആ കേന്ദ്രം ചെയത് വരുന്നു. പകരം തങ്ങളുടെ അധ്വാനവും, സ്വത്ത് സമ്പാദനത്തിനുള്ള അഭിലാഷങ്ങളും അവരും സമര്‍പ്പിക്കുന്നു, ജാതി വിഭജനത്തോടുള്ള അകമഴിഞ്ഞ വിധേയത്വവുമാണ് ആ ജനത ആ കേന്ദ്രത്തിന് പകരം നല്‍കുന്നത് എന്ന് സാരം. എങ്കിലും, അവശ്യക്കാർ തങ്ങളുടെ അവകാശം പോലെയല്ല ആ കേന്ദ്രത്തെ സഹായങ്ങള്‍ക്കായി സമീപിക്കുന്നത് എന്ന് കാണാം. പകരം, നല്‍കുന്നവർ തങ്ങളുടെ അവകാശം പോലെ അതവര്‍ക്ക് നല്‍കുന്നു എന്ന സവിശേഷത ഇതിനുണ്ട്. വര്‍ഷാവര്‍ഷങ്ങളിൽ നടക്കുന്ന താലപ്പൊലി, പൂരം പോലുള്ള ആഘോഷ ദിനങ്ങളിലെ സകല ചിലവുകളും വഹിക്കപ്പെടുന്നത് ആ കേന്ദ്രം ആകയാല്‍ കൂടി വര്‍ഷാവര്‍ഷങ്ങളായി വരവ് ലഭിക്കുന്ന പാട്ടം അതിന് മതിയാകാതെ വരികയാണ് പതിവ് എന്ന് അനുഭവസ്ഥർ പറയുന്നത് കേൾക്കാം. അതിനാല്‍, വലിയ അളവില്‍ പാട്ടം കരസ്ഥമാക്കുന്നവർ എന്ന നിലയിലും നാടിന്റെ സ്വകാര്യ സ്വത്തുക്കള്‍ മുഴുവന്‍ അടക്കി വെച്ചനുഭവിക്കുന്നവർ എന്ന നിലയിലും പഴയകാല ജന്മിത്തത്തെ അടയാളപ്പെടുത്തുമ്പോൾ തന്നെ അവരായിരുന്നു ആ സമൂഹത്തിലെ കൊടുക്കലിന്റെ കേന്ദ്രമെന്ന വസ്തുതയെ മറച്ച് വെക്കുന്നത് അഭികാമ്യമാകില്ല എന്ന് തോന്നുന്നു. എന്നാൽ, അതൊരിക്കലും ജന്മിത്വത്തെ ന്യായീകരിക്കുവാനുള്ള ഉപകരണമായി കണക്കാക്കാൻ കഴിയില്ല എന്നും അതോടൊപ്പം പറഞ്ഞ് വെക്കട്ടെ.
അവലംബം-
വ്യക്തികൾ-
1- കോഴിക്കോട് സാമൂതിരി കോവിലകത്ത് മീര
2- മോഹനന്‍ മാസ്റ്റർ മണ്ണാര്‍മല
3- അമീര്‍ മാസ്റ്റർ ചുങ്കം
4- രാമചന്ദ്രന്‍ വാരിയര്‍ മണ്ണാര്‍മല
5- ഇണ്ണ്യാമ്പത്ത്, മണ്ണാൻ വീട്ടുകാർ
6- പച്ചീരി സ്കൂൾ അധ്യാപകർ
7- യൂസുഫലി പാണ്ടിക്കാട്
8- മഞ്ചേരി കോവിലകത്ത് ബാലേട്ടൻ
പുസ്തകങ്ങൾ-
1- വള്ളുവനാട് ചരിത്രം- ഡോ രാജേന്ദു
2- കേരള മുസ്ലിം ഹെറിറ്റേജ് പ്രബന്ധങ്ങൾ
3- കേരളത്തിലെ നവോത്ഥാനസമരങ്ങൾ- ഡോ r രാധാകൃഷ്ണൻ
4- മലബാർ കലാപവും ദേശീയ പ്രസ്ഥാനവും- k ഗോപാലൻ കുട്ടി
5- മാപ്പിള സമുദായം- ടി മുഹമ്മദ്
6- ആംഗ്ലോ മാപ്പിള യുദ്ധം 1921- കോഡൂർ
7- മൺസൂൺ ഇസ്ലാം, മധ്യകാല മലബാര്‍ തീരത്തെ വ്യപാരവും വിശ്വാസവും- പ്രാങ്കെ
8- വിക്കിപീഡിയ
9- കോവിലക ദേശം യാത്രകുറിപ്പുകള്‍
പോര്‍ച്ചുഗീസ് അധിനിവേശ കാലത്തെ പ്രദേശം
അശാന്തമായിരുന്ന പോര്‍ച്ചുഗീസ് കാലഘട്ടത്തിൽ ഈ പ്രദേശത്തിന് വല്ല സ്ഥാപനവുമുണ്ടോ എന്ന് ചോദിച്ചാൽ വ്യക്‌തമായി അതിനുത്തരം പറയുക പ്രയാസകരമാണ്. വലിയ തോതില്‍ രേഖപ്പെടുത്തപ്പെട്ട അക്കാലത്തെ കടലോര പ്രദേശങ്ങളിൽ നടന്നു വന്നിരുന്ന ശക്തമായ സമരങ്ങളുടെ പ്രതിധ്വനികള്‍ ഉള്‍പ്രദേശങ്ങളിലേക്കും അനുഭവപ്പെടുക സ്വാഭാവികമാണല്ലോ. പോര്‍ച്ചുഗീസ് അക്രമങ്ങള്‍ക്ക് പലപ്പോഴും ഇരയായി വന്നിരുന്നത് മുസ്ലീങ്ങളും അവരുടെ ചരക്ക് സൂക്ഷിച്ചിരുന്ന പാണ്ടിക ശാലകളും കപ്പലുകള്‍ ആയിരുന്നതിനാലും, ഈ ചരക്കുകള്‍ വന്നിരുന്നത് മലബാറിന്റെ ഉള്‍പ്രദേശങ്ങളിൽ നിന്നായിരുന്നതിനാലും, വ്യാപാരപരമായ അസ്ഥിരതയില്‍ നിന്നുടലെടുക്കുന്ന കാര്‍ഷിക നഷ്ടങ്ങൾ കൂടാതെ, പോര്‍ച്ചുഗീസ് അക്രമങ്ങളുടെ ഇരകള്‍ പലപ്പോഴും മുസ്ലീങ്ങളും അവരുടെ വിശ്വാസവുമായിരുന്നു എന്ന കാരണത്താൽ അതിൽ നിന്നുടലെടുക്കുന്ന ഭയവും അക്കാലത്തെ ഭീതിജനകമായ സാഹചര്യങ്ങൾക്ക് കാരണമായി എന്ന് വിലയിരുത്താം. ലഭ്യമായ ചരിത്ര വസ്തുക്കള്‍ മുന്നില്‍ വെച്ചാൽ പോര്‍ച്ചുഗീസ് അധിനിവേശത്തിന്റെ തുടക്കകാലത്ത് മുസ്ലീങ്ങളുടെ കൂട്ടായ ജീവിതം കടപ്പുറങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു നടന്നു വന്നിരുന്നത്. ഇസ്ലാമിന്റെ പ്രചാരണം തുടക്കം കുറിച്ചത് കപ്പലുകളിലെത്തിയ അറബ്യൻ കച്ചവടക്കാരിൽ കൂടിയായിരുന്നു എന്നതിനാലും അവരുടെ പ്രഥമ പ്രബോധന സംബോധകർ കടലോര നിവാവാസികളായിരുന്നു എന്നതും അതിന്റെ കാരണമായി വിലയിരുത്താം. അതിനാൽ തന്നെ, മുസ്ലീങ്ങളുടെ ഉള്‍പ്രദേശ ജീവിതം തുടക്കം കുറിച്ചത് എന്നു മുതലാണെന്ന പഠനം നമ്മെ കൊണ്ടെത്തിക്കുന്നത് പോര്‍ച്ചുഗീസ് അധിനിവേശത്തോടെ രൂപപ്പെട്ട സവിശേഷമായ സമൂഹിക സാഹചര്യത്തിലേക്കാണ്. ആ ഒരു നിലപാട് തറയില്‍ നിന്നു കൊണ്ടാണ് പോര്‍ച്ചുഗീസ് അധിനിവേശ ചരിത്രത്തെ ചുങ്കം പ്രദേശവുമായി കൂട്ടി കെട്ടാന്‍ സാധ്യമാവുകയുള്ളു.
യൂറോപ്യന്‍ അധിനിവേശ ചരിത്രം രേഖപ്പെടുത്തിയ പലരും വിസ്മരിച്ച ഒന്നാണ് എഡി 1075 മുതല്‍ 1270 വരെ നടന്ന എട്ട് കുരിശു യുദ്ധങ്ങള്‍. ഇസ്‌ലാം-ക്രിസ്ത്യന്‍ മതയുദ്ധങ്ങളുടെ പട്ടികയിലാണ് ചരിത്രപുസ്തകത്തില്‍ പലരും ഇതിന് ഇടം നല്‍കിയിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍, ഫലഭൂയിഷ്ഠ ഭൂമിക്കും ലാഭക്കച്ചവടത്തിനും വേണ്ടി പാശ്ചാത്യരാജ്യങ്ങള്‍ പൗരസ്ത്യ രാജ്യങ്ങളെ കീഴടക്കാന്‍ ശ്രമിച്ചതിന്റെ പ്രാരംഭ സംരംഭങ്ങളായിരുന്നു കുരിശുയുദ്ധങ്ങള്‍. ലോകം വെട്ടിപിടിക്കാനുള്ള തങ്ങളുടെ ഉദ്യമത്തിന് പ്രധന തടസ്സം ഇസ്‌ലാമും മുസ്‌ലിം രാജ്യങ്ങളുമാണെന്ന് തിരിച്ചറിഞ്ഞ യൂറോപ്പ് അധിനിവേശത്തിന് ആളും അര്‍ഥവും ലഭിക്കുവാന്‍ ക്രിസ്തുമതത്തെ കൂട്ടുപിടിക്കുകയായിരുന്നു. നൂറ്റാണ്ടുകളോളം തുടര്‍ന്ന ഈ കുരിശുയുദ്ധങ്ങളുടെ മറ്റൊരു പതിപ്പായിരുന്നു 1492ല്‍ ക്രിസ്റ്റഫര്‍ കൊളംബസ് ഉദ്ഘാടനം നിര്‍വ്വഹിച്ച അധിനിവേശ യാത്രകള്‍ എന്ന് പറയാം. പിന്നീട്, ഏഷ്യനാഫ്രിക്കന്‍ സമുദ്ര മേഖലയിലെ അറബ് മുസ്‌ലിം വ്യാപാര മേല്‍ക്കോയ്മ അവസാനിപ്പിച്ച് തങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള വഴി സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെ 1498ല്‍ വാസ്‌കോഡഗാമയുടെ കപ്പല്‍ കാപ്പാട് തീരത്തണഞ്ഞത് യൂറോപ്പിന്റെ നുരഞ്ഞുപതയുന്ന കുരിശുയുദ്ധ മനസ്സും പേറിയായിരുന്നു. കേരളത്തിന്റെ വിപണിയും വിഭവങ്ങളും പിടിച്ചടക്കാനുള്ള അധിനിവേശലക്ഷ്യത്തിന് മുസ്‌ലിം ചെറുത്ത് നില്‍പ്പ് തടസ്സമായി നിന്നപ്പോള്‍ അതിനെതിരെയുള്ള തങ്ങളുടെ പ്രത്യാക്രമണങ്ങള്‍ക്ക് പോര്‍ച്ച്ഗീസുകാര്‍ പേരിട്ട് വിളിച്ചതും കുരിശ് യുദ്ധങ്ങൾ എന്നു തന്നെ.
അറബികളായ മുസ്ലീങ്ങളുടെ ആഗമനത്തോടു കൂടിയാണ് മുസ്ലീം സംസ്കാരം കേരളത്തിൽ ഉണ്ടായിതീരുന്നത്. ഇസ്ലാമിന്റെ ആവിര്‍ഭാവത്തോടെയാണ് മാപ്പിളമാര്‍ എന്ന വിഭാഗം കേരളത്തില്‍ രൂപപ്പെടുന്നത് എന്ന് വേണമെങ്കിൽ പറയാം. പുരാതന കാലം മുതല്‍ക്കേ കച്ചവട ബന്ധം പ്രോത്സാഹിപ്പിക്കുക എന്നത് നാട്ടുകാരുടെയും നാടുവാഴികളുടേയും ലക്ഷ്യമായിരുന്നു. അറേബ്യയിൽ നിന്നുള്ള കച്ചവടക്കാർ തുറമുഖങ്ങളിൽ താമസിക്കുകയും നാട്ടുകാരായ സ്ത്രീകളെ വിവാഹം കഴിക്കുകയും സന്താനങ്ങൾ ഉണ്ടാക്കുകയും ചെയ്യുക വഴി അവരീ നാട്ടില്‍ വ്യാപിച്ചു. കൂടാതെ, തദ്ദേശീയരായ ജനതയുടെ ഇസ്ലാം മതത്തിലേക്കുള്ള കുടിയേറ്റത്തിലൂടേയും മാപ്പിളമാരുടെ വർദ്ധനവിന് കാരണമായി എന്ന് പറയാം. അഥവാ, അറബി സംസ്കാരവും കേരളീയ ജീവിത രീതികളും സംയുക്തമായി കൂടി ചേര്‍ന്നവരാണ് മാപ്പിളമാരെന്ന് ചുരുക്കം.
പതിനൊന്നാം നൂറ്റാണ്ട് മുതല്‍ തന്നെ പ്രമുഖ കച്ചവട കേന്ദ്രമായിരുന്നു കോഴിക്കോട്. കുരുമുളക്, ഇഞ്ചി, ഏലക്ക, കറുവപ്പട്ട തുടങ്ങിയ ഫലവെഞ്ചനങ്ങൾ കൂടാതെ ആനക്കൊമ്പ്, മയില്‍ തുടങ്ങിയ വസ്തുക്കളും സമൃദ്ധമായി ലഭ്യമാകുന്ന കുലീനമായ പട്ടണം. കോഴിക്കോട് ഭരിച്ചു വന്നിരുന്ന സാമൂതിരി എന്ന സ്ഥാനപ്പേരിലറിയപ്പെടുന്ന രാജാക്കന്മാരുടെ പിന്തുണയിൽ വ്യപാര കാര്യങ്ങളെ നിയന്ത്രിച്ചു വന്നിരുന്നത് ഷാബന്ദർ കോയമാരെന്ന വ്യപാര പ്രമുഖരുടെ കീഴിലായിരുന്നു. മണ്‍സൂണ്‍ കാലത്തിന്റെ തുടക്കത്തോടെ പായകപ്പലുകളിലെത്തിച്ചേരുന്ന അറബികള്‍ കോഴിക്കോട് നിന്നും ഡമാസ്കസ്, ബൈറൂത്ത്, അലക്‌സാന്‍ഡ്രിയ തുടങ്ങിയ പ്രദേശങ്ങളിലേക്കെത്തിക്കുന്ന കേരളീയ വിഭവങ്ങളാണ് അതുവഴി യൂറോപ്പില്‍ എത്തിച്ചേർന്നിരുന്നത്. മുസ്ലീങ്ങളായ ഇടനിലക്കാരിലൂടെ പല ദേശങ്ങളും രാജ്യങ്ങളും കടന്നാണ് തങ്ങൾക്കേറ്റവും പ്രിയപ്പെട്ട കുരുമുളക് പോലുള്ള വസ്തുക്കള്‍ യൂറോപ്പ്യരിലേക്ക് എത്തിചേർന്നിരുന്നത് എന്ന കാരണത്താല്‍ അതിന്റെ കുത്തക പിടിച്ചടക്കുക എന്ന ലക്ഷ്യവുമായാണ് പോര്‍ച്ചുഗീസുകാർ കോഴിക്കോട്ടേക്കുള്ള വഴി കണ്ടെത്തുവാനുള്ള ശ്രമം തുടങ്ങുന്നതും വാസ്കോഡഗാമയിലൂടെ അത് സാധ്യമാക്കുകയും ചെയ്യുന്നത്. അങ്ങനെ 1498ൽ ഗാമ കോഴിക്കോട്ടെ കാപ്പാട് കപ്പലിറങ്ങി. കേരളീയ വിഭവങ്ങളുടെ വ്യാപാരകുത്തക പോര്‍ച്ചുഗലിന് തീറെഴുതി കൊടുക്കാനുള്ള മാനുവല്‍ രാജാവിന്റെ അറബിയിലെഴുതിയ കത്ത് ഗാമ സാമൂതിരിക്ക് കൈമാറി. എന്നാൽ, മുസ്‌ലിം അറബ് കച്ചവടക്കാരുമായി സൗഹൃദപൂര്‍വ്വമായ ദീര്‍ഘകാല വ്യാപാര ബന്ധം നിലനിര്‍ത്തി പോന്നിരുന്ന സാമൂതിരി സ്‌നേഹബുദ്ധ്യാ കത്തിലെ ആവശ്യം നിരസിച്ച് ഗാമയെ മാന്യമായി യാത്രയാക്കി എന്ന് ചരിത്രത്തിൽ കാണാം. എങ്കിലും, അയാളുടെ പക്കലുള്ള ചരക്കുകള്‍ വിറ്റഴിക്കാനും വിപണിയില്‍ നിന്ന് ആവശ്യമായ വിഭവങ്ങള്‍ വാങ്ങാനും സാമൂതിരി അവര്‍ക്ക് സൗകര്യം ചെയ്തുകൊടുത്തത് കടൽ കടന്നെത്തുന്ന കച്ചവടക്കാർക്ക് കോഴിക്കോട് നല്‍കി വന്നിരുന്ന പരിഗണനയുടെ ഉത്തമ മാതൃകയായി മനസ്സിലാക്കാം. തന്റെ സാമ്രാജ്യത്വ ഹിഡന്‍ അജണ്ടക്ക് തടസ്സം സാമൂതിരിയുടെ വ്യപാര കാര്യങ്ങളിൽ വലിയ അളവില്‍ സ്വാധീനം ചെലുത്തുന്ന അറബ് മുസ്‌ലിം കച്ചവടക്കാരാണെന്ന് മനസ്സിലാക്കിയ ഗാമ ശക്തമായ തിരിച്ചുവരവിന് പദ്ധതികള്‍ ആസൂത്രണം ചെയ്ത് 1498 ഓഗസ്റ്റ് 29ന് കോഴിക്കോട്ടു നിന്നും മടങ്ങി.
ഗാമ മടങ്ങി അധികം കഴിയും മുമ്പ് എ.ഡി 1500ല്‍ കബ്രാളിന്റെ നേതൃത്വത്തില്‍ മറ്റൊരു പോര്‍ച്ചുഗീസ് കപ്പല്‍വ്യൂഹം കോഴിക്കോട്ടെത്തി. അന്നത്തെ അത്യാധുനികായുധമായ പീരങ്കിപ്പടയുമായിട്ടായിരുന്നു കബ്രാളിന്റെ വരവ്. കണ്ണില്‍ കണ്ട സകല തീരങ്ങളും കൊള്ളയടിച്ച് നശിപ്പിച്ചാണ് ആ അധിനിവേശ സംഘം കോഴിക്കോട്ടെത്തിച്ചേർന്നത്. കേരള തീരത്ത് നിന്ന് മുസ്‌ലിംകളെ പുറത്താക്കാനും വ്യാപര കുത്തക പോര്‍ച്ചുഗീസ് രാജാവിന് പതിച്ചു നല്‍കാനും ധിക്കാര സ്വരത്തില്‍ കബ്രാള്‍ സാമൂതിരിയോടാവശ്യപ്പെട്ടു. നിര്‍ദ്ദേശം നിരാകരിച്ചെങ്കിലും ആവശ്യമുള്ള വിഭവങ്ങള്‍ വിപണിയില്‍ നിന്ന് വിലക്ക് വാങ്ങാന്‍ സാമൂതിരി പോര്‍ച്ചുഗീസുകാര്‍ക്ക് അനുവാദം നല്‍കി. താന്‍ നിശ്ചയിച്ച വിലക്ക് ചരക്കുകള്‍ വില്‍ക്കുവാന്‍ വ്യാപാരികള്‍ വിസമ്മതിച്ചതിനാല്‍ കോഴിക്കോട് തുറമുഖത്തെ കപ്പലുകള്‍ കബ്രാള്‍ കൊള്ളയടിച്ചു. അതായിരുന്നു കേരളത്തിലെ ആദ്യത്തെ കടല്‍ക്കൊള്ള എന്ന് വേണമെങ്കിൽ പറയാം. തുടര്‍ന്ന് നടന്ന ലഹളയില്‍ എഴുപതോളം പോര്‍ച്ചുഗീസുകാര്‍ കൊല്ലപ്പെട്ടു. അപ്രതീക്ഷിതമായി ലഭിച്ച തിരിച്ചടിയില്‍ കബ്രാള്‍ ക്രുദ്ധനായി. കണ്ണില്‍ കണ്ട സാമൂതിരിയുടെ കപ്പലുകളെല്ലാം പീരങ്കി ഉപയോഗിച്ച് തീവെച്ച് നശിപ്പിച്ചു. അറുനൂറിലധികം പേര്‍ മരിക്കുകയും നിരവധി വീടുകള്‍ തരിപ്പണമാവുകയും ചെയ്ത ആ ആക്രമണ ശേഷം മുസ്‌ലിം വ്യാപാരികളുടെ നേതൃത്വത്തില്‍ സാമൂതിരിയുടെ നാവികസേന പോര്‍ച്ചുഗീസുകാരെ പിന്‍തുടര്‍ന്നെങ്കിലും കൊച്ചി രാജാവുമായി സംഖ്യമുണ്ടാക്കിയ ശേഷം ധൃതിയില്‍ കബ്രാള്‍ കേരളതീരം വിട്ടതായാണ് ചരിത്രത്തിൽ കാണുവാന്‍ സാധിക്കുക.
സംഘര്‍ഷ ഭരിതമായ കടപ്പുറം വീണ്ടും ശാന്തിയുടെ പുലരിയിലേക്കുണര്‍ന്നു തുടങ്ങി. സമുദ്രത്തില്‍ കച്ചവടക്കപ്പലുകള്‍ സജീവത പ്രാപിച്ചു.
ശേഷം രണ്ടു വർഷങ്ങൾ കഴിഞ്ഞ് 1502ലാണ് ഗാമ വീണ്ടും കോഴിക്കോട്ടെത്തിച്ചേരുന്നത്. ഇന്ത്യ കീഴടക്കാനുള്ള അനുമതി പത്രമെന്നപേരിൽ പോര്‍ച്ചുഗീസ് രാജാവിൽ നിന്നും കരസ്ഥമാക്കിയ 'അധികാരവുമായാണ്' ഗാമയുടെ രണ്ടാം വരവ്. ആ വരവിൽ ഗാമ ചെയത് കൂട്ടിയ ക്രൂരകൃത്യങ്ങളെ കുറിച്ച് പ്രശസ്ത ചരിത്രകാരനായ കൊറിയ പറയുന്നത് കാണുക,
"വരുന്ന വഴിക്ക് കണ്ട മുസ്ലീം കപ്പലുകളൊക്കെയും പറങ്കികൾ ആക്രമിച്ചു. അവയിലെ സമ്പാദ്യങ്ങൾ കൊള്ള ചെയതു. യാത്രക്കാരെ നിഷ്കരുണം അറുകൊല നടത്തി. കപ്പലുകള്‍ തീവെച്ച് നശിപ്പിച്ചു. അവരുടെ ക്രൂരമര്‍ദ്ദനത്തിന് ആദ്യമായി വിധേയമായത് ഹിജാസില്‍ നിന്നു വരുന്ന ഒരു ഹജ്ജ് യാത്ര കപ്പലായിരുന്നു. ഖാജാ ഖാസിം എന്ന മുസ്ലീം നേതാവിന്റെ സഹോദരന്റേതായിരുന്നു ആ കപ്പല്‍. സ്ത്രീകളും കുട്ടികളുമടക്കം മുന്നൂറിലധികം യാത്രക്കാരും എണ്ണമറ്റ സമ്പത്തും ആ കപ്പലിലുണ്ടായിരുന്നതായി വിലയിരുത്തപ്പെടുന്നു. പറങ്കികൾ കപ്പലിലെ സമ്പത്ത് എല്ലാം കവര്‍ന്നു. അനന്തരം യാത്രക്കാര്‍ കൂടെ കപ്പലിന് തീകൊളുത്തി..."
പ്രഥമ യാത്രയെപ്പോലെ കോഴിക്കോടിന്റെ അധികാര സ്ഥാപനങ്ങളുമായുള്ളൊരു ചര്‍ച്ച അയാൾ ആഗ്രഹിച്ചില്ല. വന്ന ഒന്നാം ദിനം മുതല്‍ കടലിലും കരയിലും നിരന്തരം അക്രമണങ്ങള്‍ അഴിച്ചുവിട്ടു. കോഴിക്കോടുമായി മുന്തിയ നിലയില്‍ കച്ചവടം ചെയത് വന്നിരുന്ന അറബ്യൻ കച്ചവടക്കാരെ ഇല്ലായ്മ ചെയ്യാതെ തങ്ങൾക്കൊരു രക്ഷയില്ലെന്ന് മനസ്സിലാക്കിയ ഗാമയും കൂട്ടരും തിരഞ്ഞു പിടിച്ചവരെ നശിപ്പിക്കാന്‍ ശ്രമിച്ചത് സാഹചര്യം കൂടുതൽ സംഘർഷാവസ്ഥയിലേക്ക് നീങ്ങാന്‍ ഹേതുവായി. ഇതിനിടയിലാണ് കൊച്ചി രാജ്യവുമായി കാബ്രാൾ തുടക്കമിട്ട് പോയ സംഭാഷണം ഗാമ തുടർന്നു വന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് കൊച്ചി തീരത്ത് ഫാക്ടറികൾ സ്ഥാപിക്കാനും സൈനിക പരിശീലനങ്ങൾ നടത്താനും അയാള്‍ക്കനുമതി ലഭിക്കുന്നത്.
കൊച്ചി രാജാക്കന്മാരുടെ മൂല തറവാട് സ്ഥിതിചെയ്തിരുന്ന പെരുമ്പടപ്പിന്റെ കൈവശാവകാശത്തിന് വേണ്ടി സാമൂതിരിയുമായി കൊച്ചി നടത്തി വന്നിരുന്ന യുദ്ധ പശ്ചാത്തലത്തില്‍ സാമൂതിരിയുടെ പരാജയം കൊച്ചി രാജാവും ആഗ്രഹിച്ചിരുന്നു എന്ന് വേണം കരുതാന്‍.
എന്നിരുന്നാലും, കൊച്ചി കേന്ദ്രീകരിച്ച് കോഴിക്കോടും സാമൂതിരിയുടെ രണ്ടാം തലസ്ഥാനമായ പൊന്നാനിയും നിരന്തരം ഗാമ അക്രമിക്കാന്‍ തുടങ്ങി. കടല്‍ മുഴുവന്‍ പോര്‍ച്ചുഗീസ് രാജാവിന്റെ വകയാണെന്നും അയാളുടെ അനുമതിപത്രം വാങ്ങാതെ ഒരു കപ്പലും കടലില്‍ സഞ്ചരിക്കരുതെന്നും ഗാമ വിളംബരം ചെയ്തു. നിര്‍ദ്ദേശം ലംഘിച്ച കപ്പലുകളെല്ലാം അയാള്‍ കൊള്ളയടിച്ച വസൂലാക്കി. ചിലവ തീവെച്ച് നശിപ്പിക്കുകയും ചെയ്തു. തന്റെ സൈനിക ശക്തിയില്‍ അഹങ്കരിച്ച ഗാമ പീരങ്കിപ്പടയെ മുന്നില്‍ നിര്‍ത്തി കേരളതീരങ്ങളില്‍ ക്രൂരതയുടെ പുതിയ അധ്യായങ്ങൾ എഴുതിച്ചേര്‍ത്തതിനെ സാധ്യമായ രീതിയില്‍ അക്ഷരങ്ങള്‍ക്കൊണ്ട് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം വിവരിക്കുന്നു,
"അവര്‍ മുസ്‌ലിംകളുടെ സ്വത്തുക്കള്‍ കൊള്ളചെയ്തു. പള്ളികളും പട്ടണങ്ങളും തീവെച്ച് നശിപ്പിച്ചു. കപ്പലുകള്‍ പിടിച്ചെടുത്തു. ഖുര്‍ആനും മറ്റ് വിശുദ്ധ ഗ്രന്ഥങ്ങളും ചവിട്ടിമെതിക്കുകയും തീവെക്കുകയും ചെയ്തു. ഹാജിമാരെ കൊല്ലുകയും മറ്റ് മുസ്‌ലിംകളെ പീഡനത്തിനിരയാക്കുകയും നബിയെ അവഹേളിക്കുകയും ചെയ്തു. ചിലരുടെ ശരീരത്തില്‍ തീവെച്ച് പീഡിപ്പിച്ചു. ചിലരെ അടിമകളാക്കി വിറ്റു. ഉന്നത കുടുംബങ്ങളില്‍ പെട്ട എത്രയോ മുസ്‌ലിം സ്ത്രീകളെ പിടിച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തി. അവരില്‍ ജനിക്കുന്ന കുട്ടികളെ ക്രിസ്ത്യാനികളാക്കി. എത്രയോ സയ്യിദന്മാരെയും പണ്ഡിതന്മാരെയും കുലീനരെയും പിടിച്ച് ദേഹോപദ്രവം ചെയ്തു. എത്രയോ ഹീനവും ക്രൂരവുമായ കൃത്യങ്ങളാണ് അവര്‍ ചെയ്തു വന്നത്. അത് വിവരിക്കാന്‍ നാവു പൊങ്ങില്ല. പറയാന്‍ വെറുപ്പുള്ള സംഗതിയാണവയെല്ലാം..."
ചീനരും യവനരും ഒടുവില്‍ അറബികളുമായ കച്ചവടക്കാരുമായി തികച്ചും സമാധാനാന്തരീക്ഷത്തില്‍ കച്ചവടം ചെയത് വന്നിരുന്ന സാമൂതിരി, ആദ്യകാലങ്ങളിൽ യുദ്ധം ചെയത് വന്നിരുന്നത് രാജ്യ വിപുലീകരണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുള്ള കരയുദ്ധങ്ങളിൽ മാത്രമായിരുന്നു. എന്നാൽ, കബ്രാളിന്റെ കോഴിക്കോട് ആക്രമണത്തോടെ നാവികസേനയുടെ ആവശ്യകതയെ കുറിച്ച് സാമൂതിരി ബോധവാനാവുകയും അതിനെ സംഘടിപ്പിക്കിനുള്ള ശ്രമങ്ങളാരംഭിക്കുകയും ചെയതു. വിശ്വാസപരമായ കാരണത്താൽ കടൽ യുദ്ധങ്ങൾക്ക് സാമൂതിരി ഉള്‍പ്പടെയുള്ള കേരളത്തിലെ മിക്ക ഹിന്ദു രാജാക്കന്മാർക്കും നിയന്ത്രണങ്ങളുണ്ടായിരുന്നു. അതിനാൽ, കടൽ കടന്നുള്ള വ്യപാരങ്ങളിൽ വൈദഗ്ധ്യം പ്രകടിപ്പിച്ച മുസ്‌ലിം കച്ചവടക്കാരുടെ പിന്തുണയാണ് സാമൂതിരി അക്കാര്യത്തിൽ തേടിയത്. അവരുടെ പിന്‍ബലത്തോടെ അറബി കടലില്‍ സാമൂതിരി പ്രതിരോധം ശക്തമാക്കി. അക്കാലത്തെ ലോകത്തെ വന്‍കിട നാവികശക്തിയുമായാണ് തങ്ങളുടെ പോരാട്ടമെന്ന് മനസ്സിലാക്കിയ സാമൂതിരി- മുസ്ലീം ചേരി ആദ്യമൊക്കെ പിടിച്ചു നിന്നെങ്കിലും അതെല്ലാം നിസ്സാരമായി പോവുന്നതാണ് പിന്നീട് കാണാൻ കഴിഞ്ഞത്. ഇതിനിടയില്‍, അറബികളുടെ സ്വാധീന ഫലമായി അവരുടെ നാടുകളായ ഈജിപ്തിന്റെയും തുര്‍ക്കിയുടെയും സഹായ സഹകരണങ്ങളും സാമൂതിരിക്ക് ലഭിക്കുകയുണ്ടായി. (അക്കാലത്ത് മുസ്ലീം രാജാക്കന്മാര്‍ക്കിടയിലെ ഹിന്ദു രാജാവ് എന്നായിരുന്നു സാമൂതിരി അറിയപ്പെട്ടിരുന്നത്). എന്നാൽ, അതൊക്കെയും ഏതാനും ചെറു വിജയങ്ങളിൽ മാത്രമായി ഒതുങ്ങി തീര്‍ന്നു.
ഒന്നിനു പിറകെ മറ്റൊന്നായി എത്തിക്കൊണ്ടിരുന്ന പോര്‍ച്ചുഗീസ് സൈനിക വ്യൂഹങ്ങള്‍ക്ക് മുമ്പില്‍ അതെല്ലാം താല്‍ക്കാലിക നേട്ടങ്ങള്‍ മാത്രമായി ചുരുങ്ങി. അശാന്തമായ അറബിക്കടലിലെ വര്‍ധിച്ച കടല്‍കൊള്ള മൂലം നഷ്ടം താങ്ങാനാവാതെ 1520കളോടെ അറബി വ്യാപാരികളെല്ലാം കേരളം വിട്ടു എന്ന് പറയാം. അതോടെ തീരദേശത്ത് തദ്ദേശീയ മുസ്‌ലിംകള്‍ മാത്രം ബാക്കിയായി. അവശേഷിക്കുന്ന മുസ്‌ലിം സമൂഹത്തിന്റെ വംശീയ ഉന്മൂലനം ലക്ഷ്യം വെച്ച് പോര്‍ച്ചുഗീസുകാര്‍ അവരുടെ ആക്രമണത്തിന് മൂര്‍ച്ചകൂട്ടി. പറങ്കികളെ തോല്‍പ്പിച്ചാലല്ലാതെ കോഴിക്കോടിന് തങ്ങളുടെ പഴയകാല പ്രതാപം തിരിച്ചു പിടിക്കാനാകില്ലെന്ന് മനസ്സിലാക്കിയ സാമൂതിരി മുസ്‌ലിംകളോടൊപ്പം പ്രതിരോധത്തിനിറങ്ങിയെങ്കിലും കനത്ത ആള്‍നാശമാണ് അവരെയും കാത്തിരുന്നത്. ശക്തനായ ശത്രുവിനെതിരെയുള്ള അദ്ദേഹത്തിന്റെ നിലപാടില്‍ മാറ്റം വരാന്‍ ഇതുമൂലം കാരണമാവുകയും, ഈ അവസരം മുതലാക്കികൊണ്ട് കൊട്ടാരത്തിനുള്ളിലെ ചിലരെ സ്വാധീനിച്ച് പോര്‍ച്ചുഗീസുകാർ തങ്ങളുടെ അവസാന അടവ് പുറത്തെടുത്തു. അവർ സാമൂതിരിയുമായൊരു സന്ധിയിലേർപ്പെടാൻ ശ്രമിച്ചു. ഒടുവില്‍, സാമൂതിരി പോര്‍ച്ചുഗീസുകാരുമായി കരാറിലേര്‍പ്പെട്ടു.
ഒരു സാമ്രാജ്യത്വ ശക്തിയുമായി സാമൂതിരി കരാറൊപ്പിട്ടതിന്റെ ഭവിഷ്യത്ത് ആദ്യം തിരിച്ചറിഞ്ഞത് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമായിരുന്നു. അക്കാലത്ത് പൊന്നാനി പള്ളിയില്‍ ദര്‍സ് നടത്തി വരികയായിരുന്നു അദ്ദേഹം കരാറിലടങ്ങയിരിക്കുന്ന വിപത്തിന്റെ ഗൗരവം ദീര്‍ഘവീക്ഷണത്തോടെ സാമൂതിരിയെ അറിയിച്ചു. കൊച്ചി രാജ്യത്തുൾപ്പെടെ പറങ്കികൾ നടത്തി വരുന്ന ഭരണപരമായ ഇടപെടലുകളെ സംബന്ധിച്ച് ബോധവാനായ സാമൂതിരി പോരാട്ടത്തിനുള്ള തന്റെ സന്നദ്ധത അറിയിക്കുകയും പോര്‍ച്ചുഗീസ് നാവികശക്തിക്ക് മുമ്പില്‍ തന്റെ സൈന്യത്തിന്റെ നിസ്സഹായത അദ്ദേഹം ശൈഖ് മഖ്തൂമിനെ അറിയിക്കുകയും ചെയതു. കാലഘട്ടത്തിന്റെ പണ്ഡിത ദൗത്യം ഏറ്റെടുത്ത സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ അധിനിവേശ ശക്തിക്കെതിരെ മുസ്‌ലിംകളോട് ജിഹാദിനാഹ്വാനം ചെയ്യുന്നതാണ് പിന്നെ കാണുവാന്‍ കഴിയുന്നത്. മുസ്‌ലിംകളില്‍ സമരാത്മകത ഇളക്കിവിടാന്‍ തന്റെ പ്രസിദ്ധ സമരകാവ്യമായ 'തഹ്‌രീളു അഹ്‌ലുല്‍ ഈമാനി അലാ ജിഹാദി അബ്ദതിസ്സുല്‍ബാന്‍' രചിച്ചത് ഈ സന്ദര്‍ഭത്തിലാണ്. മലയാള മണ്ണില്‍ പിറവികൊണ്ട ആദ്യത്തെ അധിനിവേശ വിരുദ്ധ കൃതിയാണിതെന്ന് പറയാം. പ്രസ്തുത കൃതിയുടെ ആയിരക്കണക്കിന് കോപ്പികള്‍ ശൈഖ് മഖ്ദൂം മുസ്‌ലിം മഹല്ലുകളില്‍ സ്വയം നടന്ന് വിതരണം ചെയ്യുകയും അവരെ ജിഹാദിന് പ്രേരിപ്പിക്കുകയും ചെയ്തു. അതോടു കൂടി ഒറ്റയായും കൂട്ടമായും മുസ്‌ലിം സമൂഹം സൈനിക സജ്ജീകരണങ്ങളൊരുക്കി പ്രതിരോധത്തിന് മുന്നോട്ട് വന്നു.
മരക്കാര്‍മാർ
അധിനിവേശ ശക്തിയുടെ പീരങ്കിപ്പടക്ക് മുമ്പില്‍ ഈ ചെറുത്ത് നില്‍പ്പ് സംഘത്തിന് അധികം പിടിച്ച് നില്‍ക്കാനായില്ല. സാമൂതിരിയുടെ നായര്‍പ്പടക്ക് വീണ്ടും കനത്ത ആള്‍നാശം നേരിട്ടു. തീരപ്രദേശങ്ങള്‍ നിരന്തരം ആക്രമണങ്ങള്‍ക്കും കൂട്ടക്കൊലകള്‍ക്കും സാക്ഷിയായി. പ്രതിരോധത്തിനും പ്രത്യാക്രമണത്തിനും പുതിയ തന്ത്രങ്ങളും ആസൂത്രണങ്ങളും വേണ്ടതുണ്ടായിരുന്നു. ശക്തനായൊരു നാവികമേധാവിയെ ആയിരുന്നു അതിനാവശ്യം. കുഞ്ഞാലിമരക്കാരുടെ രംഗപ്രവേശത്തോടെ അതാണ് നികത്തപ്പെട്ടത്.
ഹക്കീം അഹ്മ്മദ് മരക്കാരും സഹോദരന്‍ കുഞ്ഞാലി മരക്കാരും കൊച്ചിയിലെ സമ്പന്ന വ്യാപാരികളായിരുന്നു. ശൈഖ് മഖ്ദൂമിന്റെ ഫത്‌വയില്‍ പ്രചോതിതരായി മരക്കാര്‍മാര്‍ 1524ല്‍ സാമൂതിരിയുടെ നാവികസേനയുടെ നേതൃത്വം ഏറ്റെടുത്തു. ആദ്യകാലങ്ങളിൽ പൊന്നാനി കേന്ദ്രീകരിച്ചായിരുന്നു കുഞ്ഞാലി മരക്കാരുടെ ചെറുത്ത് നില്‍പ്പ് ശ്രമങ്ങള്‍ നടന്നു വന്നിരുന്നത്. നാവിക സേന വലിയ അളവില്‍ പ്രതിരോധത്തിന് സജ്ജരായതോടെ കേരള തീരമൊരു ജീവന്മരണ പോരാട്ട മുഖത്തേക്ക് ഉണരുന്നതാണ് പിന്നീട് കാണാൻ കഴിഞ്ഞത്. പോര്‍ച്ചുഗീസുകാരുടെ സമുദ്രാധിപത്യത്തിന് മരക്കാര്‍ കനത്ത വെല്ലുവിളി ഉയര്‍ത്തി. നിരവധി കൊച്ചുവള്ളങ്ങള്‍ അണിനിരത്തി അവർ നടത്തിയ ഒളിപ്പോരാക്രമണം പോര്‍ച്ചുഗീസ് കപ്പലുകളുടെ സ്വൈര്യവിഹാരത്തിന് നിത്യ തലവേദനയാണ് സമ്മാനിച്ചത്. മുന്നറിയിപ്പില്ലാതെയും മിന്നല്‍ വേഗതയിലും നടത്തുന്ന ആക്രമണങ്ങള്‍ ചെറുക്കാനോ അവയുടെ ഉറവിടം കണ്ടെത്താനോ കഴിയാതെ ലോക നാവിക സേന എന്ന് സ്വയം വീമ്പിളക്കിയിരുന്ന പറങ്കികൾ വട്ടം കറങ്ങി. ഏത് പോര്‍ച്ചുഗീസ് കപ്പലും എപ്പോഴും ആക്രമിക്കപ്പെടാം എന്ന സ്ഥിതി സംജാതമായി. സ്വതന്ത്രമായി കച്ചവടം ആഗ്രഹിക്കുന്നവര്‍ക്ക് മരക്കാരുടെ കീഴിലുള്ള നാവികപ്പട സംരക്ഷണവും നല്‍കി.
തീരദേശങ്ങളില്‍ താമസിക്കുന്ന നിരപരാധികളെ കൂട്ടക്കശാപ്പ് ചെയ്തും അവരുടെ വീടുകള്‍ തകര്‍ത്ത് തരിപ്പണമാക്കിയുമാണ് പോര്‍ച്ചുഗീസുകാര്‍ കുഞ്ഞാലിയോടുള്ള അരിശം തീര്‍ത്തത്. ഓരോ ആക്രമണത്തിനും ഒളിപ്പോരിലൂടെ കുഞ്ഞാലി മരക്കാര്‍ കനത്ത മറുപടി നല്‍കാന്‍ തുടങ്ങിയതോടെ പോരാട്ടം രൂക്ഷമായി. 1538ല്‍ പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ കുഞ്ഞാലിയുടെ ആക്രമണ രീതിയെപ്പറ്റി മേലുദ്യോഗസ്ഥനെ ഇങ്ങനെ അറിയിച്ചു.
"ഒരു തുറമുഖത്തുനിന്നു പുറപ്പെട്ട 150 പേരുള്ള സംഘം കഴിയുന്നത്ര നാശനഷ്ടങ്ങള്‍ വരുത്തുന്നു. ഞാന്‍ അവരുടെ പിറകെ പോകുമ്പോള്‍ മറ്റൊരു സംഘം വേറൊരിടത്തുനിന്നു പുറപ്പെട്ട് മറ്റേതെങ്കിലും സ്ഥലത്ത് നാശനഷ്ടങ്ങളുണ്ടാക്കുന്നു. എനിക്ക് എങ്ങോട്ട് പോകണമെന്ന് തീരുമാനിക്കാനാവുന്നില്ല..."
പോരാട്ടം വര്‍ഷങ്ങളോളം തുടര്‍ന്നു. ഇരുഭാഗത്തും കനത്ത ആള്‍ നാശങ്ങളുണ്ടായി. കുഞ്ഞാലിയുടെ മുഴുവന്‍ പടയാളികളും കപ്പലുകളും നശിച്ച സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. എങ്കിലും ഉയര്‍ത്തെണീറ്റ് പുതിയ നാവികപ്പടയുണ്ടാക്കി അചഞ്ചല ധീരതയോടെ അവര്‍ പോരാട്ടം തുടര്‍ന്നു. 1540 ആയപ്പോഴേക്കും പോര്‍ച്ചുഗീസുകാര്‍ക്ക് കുഞ്ഞാലിയുടെ നാവികപ്പട ഒഴികെ മറ്റെങ്ങും എതിര്‍പ്പില്ലാതായി. പക്ഷേ, പോരാട്ടത്തിന് നേതൃത്വം കൊടുത്തിരുന്നവര്‍ ഒന്നിന് പിറകെ ഒന്നായി രക്തസാക്ഷിത്വം വരിച്ചത് പ്രതിരോധത്തിന്റെ ശക്തി കുറയാന്‍ കാരണമായി.
പോര്‍ച്ചുഗീസ് വിരുദ്ധ പോരാട്ടത്തിന്റെ അവസാന ചരിത്രം 'കേരള മുസ്‌ലിം അധിനിവേശവിരുദ്ധ ചരിത്രം ഒരു തിരിഞ്ഞുനോട്ടം' എന്ന പ്രബന്ധത്തിൽ പറയുന്നത് കാണുക,
"ചെറുത്തുനില്‍പ്പിന്റെ പോരാട്ടഭൂമിയിലേക്ക് കാലെടുത്ത് വെച്ച കുഞ്ഞാലിമരക്കാരാരും ജീവനോടെ പോര്‍ച്ചുഗീസുകാര്‍ക്ക് കീഴടങ്ങിയില്ല. അവസാന ശ്വാസം വരെ അവര്‍ സാമ്രാജ്യത്വ ശക്തിയോട് പോരാടി. 1535ലെ പറവണ്ണ ആക്രമണത്തില്‍ കുട്ടി ഇബ്രാഹീം മരക്കാരും 1538ലെ നെല്ലുംപള്ളി പോരാട്ടത്തില്‍ അലി ഇബ്രാഹീം മരക്കാരും 1539ല്‍ ശ്രിലങ്കയില്‍ ഹക്കീം അഹമ്മദ് മരക്കാരും ധീരരക്തസാക്ഷിത്വം വരിച്ചു. 1594ല്‍ കുഞ്ഞാലി നാലാമനെന്ന പേരില്‍ മുഹമ്മദ് മരക്കാര്‍ നാവികസേന മേധാവിയായി. സാമൂതിരിയുടെ സൈന്യത്തിന് ശക്തിക്ഷയവും കൊട്ടാരത്തിലുള്ള ഉപജാപസംഘങ്ങള്‍ ശക്തിയാര്‍ജിക്കുകയും ചെയ്ത കാലമായിരുന്നു അത്. കുഞ്ഞാലിയെയും സാമൂതിരിയെയും പരസ്പരമകറ്റാന്‍ പോര്‍ച്ചുഗീസ് ചാരന്മാര്‍ പതിനെട്ടടവും പയറ്റി. ഈ സന്ദര്‍ഭത്തില്‍ സംഭവിക്കാന്‍ പാടില്ലാത്ത ചില വീഴ്ചകള്‍ കുഞ്ഞാലി നാലാമന്റെ ഭാഗത്ത് നിന്നുമുണ്ടായി (അതിന്റെ കൃത്യമായി കാരണം ചരിത്രകാരന്മാര്‍ക്കും വ്യക്തമല്ല). സന്ദര്‍ഭം കാത്തു കിടന്ന ശത്രുക്കള്‍ അവസരം ശരിക്കും ഉപയോഗപ്പെടുത്തി. അതോടെ സാമൂതിരി കുഞ്ഞാലിയോടുള്ള സകല ബന്ധവും വിഛേദിച്ചു. 1599ല്‍ പോര്‍ച്ചുഗീസുകാരുമായി സാമൂതിരി വീണ്ടും സന്ധിയായി. പോര്‍ച്ചുഗീസുകാര്‍ കുഞ്ഞാലിക്കെതിരെ കുതന്ത്രങ്ങള്‍ ആസൂത്രണം ചെയ്തു. സാമൂതിരിയുമായി ഒരുമിച്ച് കുഞ്ഞാലിയെ ആക്രമിക്കാന്‍ പോര്‍ച്ചുഗീസുകാര്‍ പ്ലാനിട്ടു. ഒരു നിമിഷത്തിന്റെ എതോ ഒരു വീഴ്ചയില്‍ ഒരു ദേശത്തിന്റെ സാമ്രാജ്യത്വ വിരുദ്ധ മുന്നേറ്റത്തിന്റെ ഗതി തന്നെ തകിടം മറിഞ്ഞു എന്ന് പറയാം. കടലില്‍ നിന്ന് പോര്‍ച്ചുഗീസുകാരും കരയിലൂടെ സാമൂതിരിയും കുഞ്ഞാലിയെ ആക്രമിക്കാന്‍ തീരുമാനിച്ചു. 1599 മാര്‍ച്ച് 15നാണ് ആക്രമണം ആരംഭിച്ചത്. ആദ്യ ഏറ്റുമുട്ടലില്‍ തന്നെ കുഞ്ഞാലിയുടെ തിരിച്ചടിയേറ്റ് എണ്ണൂറ് പോര്‍ച്ചുഗീസുകാര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് സാമൂതിരിയും പോര്‍ച്ചുഗീസുകാരും സംയുക്തമായി നടത്തിയ ഒരു നിക്കത്തില്‍ കുഞ്ഞാലിയുടെ കോട്ട ഇരു സൈന്യവും കൂടി വളഞ്ഞാക്രമിച്ച് കീഴ്പ്പെടുത്തി..."
കേരളത്തിന്റെ അധിനിവേശ പോരാട്ട ചരിത്രത്തിലെ പൊറുക്കാനാവാത്തൊരു കൊടും വഞ്ചനയാണ് തുടര്‍ന്ന് സംഭവിച്ചത്. അവസാന ശ്വാസം വരെ അധിനിവേശ സേനയോട് പോരാടാനൊരുങ്ങിയ കുഞ്ഞാലിയോട് സാമൂതിരി കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. കുഞ്ഞാലിക്കും കൂടെയുള്ളവര്‍ക്കും പൂര്‍ണ സംരക്ഷണം സാമൂതിരി ഉറപ്പ് നല്‍കികൊണ്ടാണ് ഇത്തരമൊരു നിര്‍ദ്ദേശം സാമൂതിരി മരക്കാര്‍ക്ക് മുന്നില്‍ വെക്കുന്നത്. എന്നാൽ, പറങ്കികൾക്ക് മുമ്പില്‍ തങ്ങൾ അടിയറവ് പറയില്ലെന്നും സാമൂതിരിക്ക് മുമ്പില്‍ മാത്രമേ കീഴടങ്ങൂവെന്നും കുഞ്ഞാലി ഈ അവസരത്തിൽ ഉപാധിവെച്ചു. അത് അംഗീകരിച്ചതോടെ 1600 മാര്‍ച്ച് 16ന് ഇരിങ്ങല്‍ കോട്ടയില്‍ വെച്ച് കുഞ്ഞാലി മരക്കാര്‍ സാമൂതിരിയുടെ മുമ്പില്‍ വാളുവെച്ച് കീഴടങ്ങി. ഉടനെ തന്നെ പോര്‍ച്ചുഗീസുകാരുമായുള്ള രഹസ്യ കരാറിന്റെ അടിസ്ഥാനത്തില്‍ സാമൂതിരി കുഞ്ഞാലിയെയും അദ്ദേഹത്തിന്റെ നാല്‍പത് ധീരസേനാനികളെയും പോര്‍ച്ചുഗീസുകാര്‍ക്ക് കൈമാറി. സ്വന്തം സൈന്യമായ നായര്‍പ്പടയിലെ ഒരു വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പ് പോലും സാമൂതിരിയെ ആ കൊടിയ ചതിയില്‍ നിന്ന് പിന്തിരിപ്പിച്ചില്ല എന്ന് പറയാം. സാമ്രാജ്യത്വ ശക്തിയോട് പോരാടി മരിക്കാനുള്ള കുഞ്ഞാലിയുടെ അന്ത്യാഭിലാഷമാണ് അതുവഴി തകര്‍ന്നത്.
1500ല്‍ കബ്രാള്‍ കോഴിക്കോട് ആക്രമിച്ചപ്പോള്‍ നാവികപ്പട തുടങ്ങിയ ചെറുത്തു നില്‍പ്പ് കൃത്യം 100 വർഷങ്ങൾക്ക് ശേഷം 1600ൽ കുഞ്ഞാലി നാലാമന്റെ രക്തസാക്ഷിത്വത്തോടെ അവസാനിച്ചു എന്ന് പറയാം.
ഇതിനോടകം കൊച്ചി, ഗോവ തുടങ്ങിയ പ്രദേശങ്ങളിൽ നിഷേധിക്കാനാവാത്തൊരു ശക്തിയായി മാറിയിരുന്ന പോര്‍ച്ചുഗീസുകാർ ചോദ്യം ചെയ്യപ്പെടാത്ത അധികാര കേന്ദ്രമായി കോഴിക്കോടും മാറ്റപ്പെട്ടു. കോഴിക്കോടിന്റെ കച്ചവട മര്യാദകളെ കാറ്റില്‍ പറത്തികൊണ്ട് പോര്‍ച്ചുഗീസുകാര്‍ വിപണിയെ മുഴുക്കെയും കുത്തകവത്കരിച്ചു. സമുദ്രത്തിലിറങ്ങുന്ന എല്ലാ കപ്പലുകളും പോര്‍ച്ചുഗീസ് പതാക നാട്ടണമെന്ന നിയമം വൈകാതെ പ്രാബല്യത്തില്‍ വന്നു. പ്രതിഷേധിക്കാനോ പ്രതികരിക്കാനോ ഒരു കുഞ്ഞാലിയും അവശേഷിക്കാത്തതിനാല്‍ കേരള തീരത്ത് പോര്‍ച്ചുഗീസ് അധിനിവേശം സമ്പൂർണ്ണമായി എന്ന് വേണമെങ്കിൽ പറയാം.
കുരിശു യുദ്ധങ്ങളുയർത്തി വിട്ട കടുത്ത മുസ്ലീം വിരുദ്ധതയുമായി കേരളത്തിൽ കപ്പലിറങ്ങിയ പോര്‍ച്ചുഗീസുകാർക്ക് കേരള മണ്ണില്‍ നേരിടേണ്ടി വന്നത് ചരിത്രത്തിൽ തുല്യതയില്ലാത്ത പ്രതിരോധമായിരുന്നു. ലോകത്തെ ഏറ്റവും ശക്തമായ നാവിക സേന എന്ന് സ്വയം മേനി നടിച്ചിരുന്ന പറങ്കികൾക്ക് അവ്വിദം 'സ്വീകരണം' നൽകാൻ മലബാര്‍ ദേശത്ത് നേതൃത്വം നല്‍കിയിരുന്നത് മാപ്പിളമാരായിരുന്നു എന്ന കാരണത്താൽ മുസ്ലീം സമുദായത്തിനെതിരിൽ കടുത്ത വെറുപ്പുണ്ടാക്കാന്‍ അത് കാരണമായി. പോര്‍ച്ചുഗീസ് വിരുദ്ധ സമര പ്രവര്‍ത്തനങ്ങളുടെ ആദ്യ കാലങ്ങളിൽ തന്നെ അത് പ്രകടമായിരുന്നു എങ്കിലും കുഞ്ഞാലി മരക്കാര്‍ നാലാമന്റെ രക്തസാക്ഷിത്തത്തോടെയാണ് അത് കൂടുതൽ ശക്തമായത് എന്ന് മനസ്സിലാക്കാം. സാമൂതിരിയുടെ കൂടി കാർമ്മികത്വത്തിൽ സംഭവിച്ച മരക്കാര്‍മാരുടെ ഇരിങ്ങല്‍ കോട്ടയുടെ തകര്‍ച്ചയോടെ കോഴിക്കോടിന്റെ അധികാരകേന്ദ്രം തീരെ നിഷ്പ്രഭമായതും മാപ്പിളമാരുടെ ദാരുണാവസ്ഥക്ക് കാരണമായി. അവരെ അകാരണമായി മര്‍ദ്ദിക്കുക, പരിഹസിക്കുക, ചെളിയും വെള്ളവുമുള്ള സ്ഥലങ്ങളിലൂടെ കടന്ന് പോകുന്നതിന് മുസ്ലീങ്ങളെ വാഹനമായി ഉപയോഗിക്കുക, മുഖത്തും ശരീരത്തും കാർക്കിച്ച് തൂപ്പുക, കച്ചവട യാത്ര, പ്രത്യേകിച്ച് ഹജ്ജ് യാത്രകളെ മുടക്കുക. മുസ്ലീങ്ങളുടെ സമ്പത്ത് കൊള്ള ചെയ്യുക, അവരുടെ വാഹനം, കപ്പലുകള്‍ പിടിച്ചെടുക്കുക, മുസ്ഹഫും മറ്റ് മതഗ്രന്ഥങ്ങളും അഗ്നിക്കിരയാക്കുക. ചവിട്ടിതേക്കുക. പ്രവാചകനെ ശകാരിക്കുക, ആരാധനാലയങ്ങൾ അഗ്നിക്കിരയാക്കുക, മുസ്ലീങ്ങളെ കൊണ്ട് അവിശ്വാസജനകമായ വാക്കുകൾ ബലാല്‍ക്കാരമായി പറയിപ്പിക്കുക, അങ്ങനെ ചെയ്യുന്നവർക്ക് പണം കൊടുക്കുക, മുസ്ലീം സ്ത്രീകളെ ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടി ക്രിസ്ത്യൻ സ്ത്രീകളെ മോടിയിലുള്ള ഉടുപ്പുകളും വിലപിടിച്ച ആഭരണങ്ങളും അണിയിച്ച് പട്ടണത്തിലേക്കിറക്കി വിടുക, ഹജ്ജ് തീര്‍ത്ഥാടകരേയും മറ്റ് യാത്രക്കാരേയും കൊല്ലുക. ബന്ധനസ്ഥരാക്കുന്ന മുസ്ലീങ്ങളെ കാലില്‍ ചെങ്ങല പൂട്ടി മര്‍ദ്ദിച്ച് അവശരാക്കുക, അവശരായ ആ പാവങ്ങളെ വലിച്ചിഴച്ച് അങ്ങാടിയില്‍ കൊണ്ടുപോയി വില്‍ക്കുക എന്നിത്യാദി കൃത്യങ്ങള്‍ നിത്യ സംഭവങ്ങളായി മാറി.
ഇത്തരമൊരു സാഹചര്യത്തിന്റെ തീവ്രതയിലാണ് അതിനെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ച് കോഴിക്കോടിന്റെ ജനത ആലോചിക്കുന്നത്. രാജ്യ വിസ്താര ലക്ഷ്യവുമായി നടത്തിവന്നിരുന്ന പടയോട്ടങ്ങളുടെ തുടർച്ചയെന്നോണം തന്റെ രാജ്യത്തേക്കതിക്രമിച്ച് കടന്ന വിദേശ ശക്തികള്‍ക്കെതിരെ പോരാടാനുറച്ച് യുദ്ധക്കളത്തിലിറങ്ങിയ സാമൂതിരിയിൽ നിന്നും വ്യത്യസ്തമായി, മുസ്ലീങ്ങള്‍ക്ക് ഇതവരുടെ മതകീയമായ ബാധ്യത കൂടിയായിരുന്നു എന്ന് പറയാം. പറങ്കികളുടെ പ്രഥമ ഇരകള്‍ പലപ്പോഴും മുസ്ലീങ്ങള്‍ ആയതുകൊണ്ട് തന്നെ ഇസ്ലാമിന്റെ അധ്യാപനങ്ങളിൽ നിന്ന് രൂപപ്പെടുത്തിയ പരിഹാര മാര്‍ഗ്ഗത്തെയാണ് മുസ്ലീം പണ്ഡിത നേതൃത്വം പ്രതിരോധത്തിന്റെ ഇന്ധനമായി പ്രധാനമായും തിരഞ്ഞെടുത്തത്. അതിന്റെ അധിനിവേശ വിരുദ്ധ ഊർജ്ജത്തെ തിരിച്ചറിഞ്ഞ സാമൂതിരി തന്റെ മതത്തില്‍ നിന്നും, സ്വകുടുംബത്തിൽ നിന്ന് പോലും ആ ആശയത്തിലേക്കാളുകളെ പറഞ്ഞു വിട്ടു എന്ന് ചരിത്രത്തിൽ കാണാൻ സാധിക്കും.
ജിഹാദും ഹിജ്റയും
ഇസ്ലാമിക വിശ്വാസ പ്രകാരം വലിയ പ്രാധാന്യമർഹിക്കുന്ന ഒന്നായാണ് ജിഹാദിനെ കാണുന്നത്. ആ പദത്തിന് ഒന്നിലേറെ അർത്ഥങ്ങളുണ്ട് എന്ന് വിവക്ഷിക്കപ്പെടുന്നു. സമാധാനവും നന്മനിറഞ്ഞതുമായ ജീവിതം നയിക്കാനുള്ള പരിശ്രമം അഥവാ, സ്വന്തത്തെ സംസ്കരിച്ചെടുക്കൽ, അനീതിക്കും അടിച്ചമർത്തലിനുമെതിരെയുള്ള സമരം അഥവാ, സമൂഹിക ഉത്തരവാദിത്തം, വിശ്വാസവും അനുഷ്ഠാനവും സംരക്ഷിക്കുവാനുള്ള പ്രയത്നം അഥവ, മത സ്വതന്ത്രത്തിന് വേണ്ടിയുള്ള സമരം എന്നിവയെല്ലാം ജിഹാദിന്റെ വിശാലമായ അർത്ഥതലത്തിൽ ഉൾപ്പെടുന്നു. അതിൽ ആത്മശുദ്ധീകരണത്തിനു വേണ്ടി ദേഹേച്ഛകളോട് നടത്തുന്ന സമരത്തെയാണ് വലിയ ജിഹാദായി കണക്കാക്കുന്നത്. കാരണം, ദേഹേച്ഛകൾ വലിയ തോതില്‍ മനുഷ്യ മനസ്സുകളെ കീഴ്പ്പെടുത്തുന്നതായി കാണുവാന്‍ സാധിക്കും. ഒരുപക്ഷേ, മറ്റ് രണ്ട് ജിഹാദി രൂപകങ്ങളെ നിശ്ഫലമാക്കാൻ സ്വന്തത്തോട് നടത്തുന്ന ജിഹാദിന്റെ അപര്യാപ്തത കാരണമായേക്കുമെന്ന് നിശ്ചയമായും പറയാം.
ജിഹാദിന്റെ പോര്‍ച്ചുഗീസ് വിരുദ്ധതതയെ ആദ്യമായി തിരിച്ചറിയുന്നത് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമനായിരുന്നു. അദ്ദേഹത്തിന്റെ രചനകളില്‍ ഒരുവേള ഏറ്റവുമധികം പ്രശസ്തിയാര്‍ജിച്ച ഗ്രന്ഥം തുഹ്ഫതുല്‍ മുജാഹിദീന്‍ ആണെന്ന് പറയാം. ക്രിസ്തു വര്‍ഷം 1560നും 1583നും മധ്യേ അറബി ഭാഷയില്‍ രചിക്കപ്പെട്ട ഇതിന്റെ പൂര്‍ണനാമം 'തുഹ്ഫതുല്‍ മുജാഹിദീന്‍ ഫി ബഅദി അഖ്ബാരില്‍ അല്‍ ബുര്‍തുഗാലിയീന്‍' എന്നാണ്. പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നിന്നാണ് ഈ ഗ്രന്ഥം ആദ്യമായി അച്ചടിച്ചു പ്രസിദ്ധീകരിച്ചത്. ഒന്നാം പതിപ്പിന്റെ ഒരു കോപ്പി കെയ്‌റോയിലെ അസ്ഹര്‍ സര്‍വകലാശാലാ ലൈബ്രറിയില്‍ അമൂല്യനിധിയായി ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി വിദേശ കൊളോണിയല്‍ ശക്തികളായ പോര്‍ച്ചുഗീസുകാരോട് ജിഹാദ് ചെയ്യാന്‍ മലബാര്‍ മുസ്‌ലിംകളോട് ആഹ്വാനം ചെയ്യുന്ന ഈ പുസ്തകത്തില്‍ പതിനഞ്ച് പതിനാറ് നൂറ്റാണ്ടുകളിലെ കേരളത്തിലെ സാമൂഹിക ജീവിതത്തിന്റ നേര്‍ചിത്രങ്ങളും കാണാൻ സാധിക്കും. അതുകൊണ്ടുതന്നെ തുഹ്ഫതുല്‍ മുജാഹിദീന്‍ കേരളത്തിന്റെ ആദ്യ ചരിത്രഗ്രന്ഥമായി കണക്കാക്കാം.
മുഖവുരയും നാല് ഭാഗങ്ങളുമാണ് ഈ ഗ്രന്ഥത്തിനുള്ളത്. ഇതിൽ നാലാം ഭാഗം പതിനാല് അധ്യായങ്ങളായി തിരിച്ചിരിക്കുന്നു. മുസ്‌ലിംകളെ അടിച്ചമർത്തുകയും അവരുടെ പ്രദേശങ്ങൾ ആക്രമിക്കുകയും സ്വൈരജീവിതം നശിപ്പിക്കുകയും ചെയ്ത പറങ്കികൾക്കെതിരെ പടയൊരുക്കത്തിന് മുസ്ലിങ്ങളെ ആഹ്വാനം ചെയ്യുവാൻ ഗ്രന്ഥകാരനെ പ്രേരിപ്പിച്ച കാര്യങ്ങൾ മുഖവുരയിൽ പ്രസ്താവിച്ചിട്ടുണ്ട്.
"സത്യവിശ്വാസികളെ കുരിശുപൂജകരായ പോര്‍ച്ചുഗീസുകാര്‍ക്കെതിരില്‍ യുദ്ധത്തിനിറങ്ങാന്‍ പ്രേരിപ്പിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഞാനിത് രചിച്ചത്. പോര്‍ച്ചുഗീസുകാര്‍ മുസ്‌ലിം പ്രദേശങ്ങള്‍ കടന്നാക്രമിക്കുക നിമിത്തം അവരോട് യുദ്ധം ചെയ്യേണ്ടത് ഓരോ മുസ്‌ലിമിന്റെയും വ്യക്തിപരമായ ബാധ്യതയായിത്തീര്‍ന്നതാണ് ഇതിന്റെ നിര്‍മിതിയുടെ സന്ദര്‍ഭം..."
ലക്ഷ്യം പറഞ്ഞ ശേഷം അന്നത്തെ ബീജാപ്പൂര്‍ സുല്‍ത്താനായിരുന്ന അലി ആദില്‍ഷാക്ക് പുസ്തകം സമര്‍പ്പിക്കുന്നു. പോര്‍ച്ചുഗീസുകാര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ബീജാപ്പുര്‍ സുല്‍ത്താന്‍ മലബാര്‍ മുസ്‌ലിംകള്‍ക്ക് നല്‍കിയ സൈനിക സഹായങ്ങള്‍ സവിസ്തരം ഈ സമര്‍പ്പണ ശേഷം വിശദമാക്കുന്നു. മുസ്ലിങ്ങളോട് യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള അവിശ്വാസികൾക്കെതിരെ വിശുദ്ധ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് കിട്ടാവുന്ന പ്രതിഫലത്തെക്കുറിച്ചുള്ള പ്രവാചക സൂക്തങ്ങളും ഖുർആൻ വചനങ്ങളും ജിഹാദിന്റെ മാഹാത്മ്യവുമാണ് ശേഷമുള്ള പ്രഥമഭാഗത്തിൽ വിവരിച്ചിട്ടുള്ളത്. അവിടെ ജിഹാദ് അനിവാര്യമായിത്തീരുന്ന സാമൂഹിക സന്ദര്‍ഭം വിവരിച്ച ശേഷം, ജിഹാദിന്റെ പ്രാധാന്യവും അത് നിര്‍വഹിക്കുന്നവര്‍ക്ക് ഇസ്‌ലാം വാഗ്ദാനം ചെയ്യുന്ന പ്രതിഫലവും വിശദീകരിക്കുന്നു. ഖുര്‍ആനൂം ഹദീസുകളും ഉദ്ധരിച്ചാണ് ജിഹാദും അതിന്റെ ശ്രേഷ്ഠതയും മഖ്ദൂം രേഖപ്പെടുത്തുന്നത്. ദൈവത്തിന്റെ മാർഗ്ഗത്തിൽ അൽപ്പസമയം യുദ്ധം ചെയ്യുന്നത് 15 തീർഥയാത്രകൾ നടത്തുന്നതിനേക്കാൾ മഹത്തരമാണ് എന്നിങ്ങനെയുള്ള വാചകങ്ങള്‍ വിശുദ്ധ ഖുർആനിൽ നിന്നുദ്ധരിക്കുമ്പോൾ ചില സാഹചര്യങ്ങളുടേയും കാലഘട്ടങ്ങളുടേയും സ്വാതന്ത്യ മാർഗ്ഗങ്ങൾ പടക്കളങ്ങളിലൂടെ മാത്രമാണെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. യുദ്ധസജ്ജീകരണങ്ങൾക്കും ജവാന്മാരുടെ കുടുംബാംഗങ്ങൾക്കും നൽകുന്ന സഹായം ഈശ്വരന് നൽകുന്നതായി തന്നെ പരിണമിക്കുമെന്നതുകൊണ്ട് അത് നല്‍കുന്നവരും സ്വർഗരാജ്യത്തേക്ക് നയിക്കപ്പെടുമെന്നുള്ള വിശുദ്ധവാക്യം അദ്ദേഹം ഗ്രന്ഥത്തിൽ ആവർത്തിക്കുന്നുണ്ട്. ഇത് ജനതകളുടെ മനോഭാവങ്ങളിൽ വലിയ വഴിത്തിരിവ് സൃഷ്ടിച്ചു എന്ന് പറയാം. കുടിലുകളും കൊട്ടാരങ്ങളും താണ്ടി ജനങ്ങൾ യുദ്ധമുഖത്തണിനിരന്നു. തങ്ങൾക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സ്വൈര്യ ജീവിതത്തിന്റെ ആഴം അതോടെ അവർ തിരിച്ചറിഞ്ഞു തുടങ്ങി എന്ന് പറയാം. കാരണം, ചില നഷ്ടങ്ങളൊരു നഷ്ടപ്പെട്ട അവകാശമാണന്ന കാര്യം മനുഷ്യര്‍ പലപ്പോഴും തിരിച്ചറിയാറില്ല. സ്വാഭാവികമായ പൊരുത്തപ്പെടലിലൂടെ അവരതുമായി യോജിച്ച് നീങ്ങും. എന്നാൽ, അതിനെ തിരിച്ചറിയുന്നവർ അത് സൂചിപ്പിക്കുമ്പോൾ മാത്രമാണ് അത് തങ്ങൾക്ക് നഷ്ടപ്പെട്ടൊരു സ്വതന്ത്രമായിരുന്നെന്ന ബോധ്യം അവര്‍ക്കുണ്ടായി തീരുന്നത്.
പോര്‍ച്ചുഗീസുകാര്‍ക്കെതിരിലുള്ള ജിഹാദ് 'ഫര്‍ദ് ഐന്‍' (ഓരോ മുസ്‌ലിം വ്യക്തിക്കും നിര്‍ബന്ധമായ ദീനീ ബാധ്യത) ആണെന്ന മഖ്ദൂമിന്റെ പ്രശസ്ത ഫത്‌വ ഈ അധ്യായത്തിലാണ്. ഈ ഫത്‌വയില്‍ പ്രചോദിതരായാണ് കുഞ്ഞാലി മര്‍ക്കാര്‍മാരടക്കമുള്ള സേനാനായകന്മാര്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ രക്തസാക്ഷിത്വം വരിക്കുന്നതു വരെ അടരാടിയതെന്ന് പല ചരിത്രകാരന്മാരും നിരീക്ഷിച്ചിട്ടുണ്ട്. സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ നേരിട്ടു തന്നെ ഈ പോരാട്ടത്തിന് ശക്തി പകരാന്‍ രംഗത്തിറങ്ങിയിരുന്നു. സാമൂതിരിക്കു വേണ്ടി സൈനിക സഹായങ്ങള്‍ അഭ്യര്‍ഥിച്ച് ഇന്ത്യക്കകത്തും പുറത്തുമുള്ള മുസ്‌ലിം സുല്‍ത്താന്മാര്‍ക്ക് അറബിയില്‍ കത്ത് തയാറാക്കിയിരുന്നത് സൈനുദ്ദീന്‍ മഖ്ദൂമായിരുന്നു.
മുസ്ലീം രാഷ്ട്രീയ വിചാരഗതിയുടെ പ്രതിരോധ മാനം ഉരുത്തിരിയുന്ന ഈ കാലഘട്ടത്തെ കുറിച്ച് ചരിത്രകാരനായ സ്റ്റീഫന്‍ ഫ്രെഡറിക് ഡെയ്ൽ നിരീക്ഷിക്കുന്നത് കാണുക,
"പറങ്കികളുടെ കൊള്ളയും കൊള്ളിവെപ്പും ക്രമാതീതമായി വര്‍ധിച്ചു. ഇത് മുസല്‍മാനെ സ്വന്തം സ്വതത്തെ കുറിച്ച് ബോധവാനാക്കുവാനും മലയാളി സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട് സ്വന്തം ശക്തി സംഭരിക്കുന്നതിനെ കുറിച്ച് ചിന്തിക്കുവാനും കാരണമാക്കി. പറങ്കികളുടെ സുഗന്ധദ്രവ്യങ്ങൾക്ക് വേണ്ടിയുള്ള യുദ്ധങ്ങൾ മുസല്‍മാനെതിരെയുള്ള കുരിശു യുദ്ധങ്ങളായിട്ടാണ് അവർ നടത്തിയിരുന്നത്. ഇതിനോടുള്ള പ്രതികരണമായിരുന്നു മുസല്‍മാന്റെ ഈ മനസ്ഥിതി എന്ന് മനസ്സിലാക്കാം. അത് വേഗത്തിൽ ബോധ്യപ്പെടാൻ ബ്രിട്ടീഷ് ഭരണ നാളുകളില്‍ ഉയർന്നു വന്നൊരു ചര്‍ച്ചയിലേക്ക് മാത്രം ശ്രദ്ധയൂന്നിയാൽ മതിയാകും..."
അക്കാലത്ത് കൊടുമ്പിരി കൊണ്ടിരുന്ന മലബാര്‍ സമര പോരാട്ടങ്ങളുടെ പശ്ചാത്തലത്തില്‍, മുസ്ലീങ്ങള്‍ എന്തുകൊണ്ടാണ് ഇത്ര വ്യാപകമായി ഭരണവിരുദ്ധരായി മാറിയത് എന്ന് പഠിക്കാൻ നിയുക്തനായ സിവില്‍ ഉദ്യോഗസ്ഥൻ മിസ്റ്റർ ഹണ്ടറിന്റെ മുന്നില്‍ വൈസ്രോയി മായോ പ്രഭു ചോദിച്ച ചോദ്യം ഇതായിരുന്നു. "Are the indian musalman bounded by their religion to rebel against the queen?". രാജ്ഞിക്കെതിരെ കലാപം നടത്താൻ ഇന്ത്യൻ മുസ്ലീങ്ങള്‍ മതപരമായി ബാധ്യസ്ഥരാണോ എന്നായിരുന്നു ആ ചോദ്യം. അതിന് ചരിത്രകാരനായ കെ എം പണിക്കര്‍ നല്‍ക്കുന്ന ഉത്തരമിതാണ്.
"കൊളോണിയല്‍ ഭരണകൂടത്തിന്റെ സാംസ്കാരിക പ്രത്യയശാസ്ത്ര കടന്നു കയറ്റവും ക്രിസ്ത്യൻ മിഷണറിമാരുടെ പ്രവര്‍ത്തനങ്ങളും മതസേവനം മാത്രം ജീവിതവൃത്തിയാക്കിയ ഉലമാക്കളിലും മറ്റും കടുത്ത അസംതൃപ്തി ഉളവാക്കി. ഇത്തരം ബാഹ്യസ്വാധീനങ്ങളെ നേരിടാന്‍ സ്വന്തം മതവും സംസ്കാരവും പുനരുജ്ജീവിപ്പിക്കേണ്ടതുണ്ടന്ന് മുസ്ലിം മതപണ്ഡിതര്‍ കരുതി. ഈ പശ്ചാത്തലത്തിലാണ് അവരുടെ മതബോധങ്ങൾക്കൊരു ബ്രിട്ടീഷ് വിരുദ്ധതയുടെ മുഖം ലഭിച്ചതെന്ന് സ്വാഭാവികമായും അനുമാനിക്കാം. അതുമൂലം, മാപ്പിള കര്‍ഷകരുടെ പ്രത്യയശാസ്ത്രലോകം അവര്‍ക്കിടയിലുള്ള പാരമ്പര്യ ബുദ്ധിജീവികളുടെ പ്രബോധനങ്ങളുടേയും ശാസനങ്ങളുടേയും നിയന്ത്രിത പരിധിക്കുള്ളിലായി മാറി. മാപ്പിളമാർ അവരുടെ സമൂഹിക മുന്നേറ്റങ്ങൾക്കുള്ള ഊർജ്ജം സംഭരിച്ചത് ഈ ആശയ ലോകത്തു നിന്നുമാണ്..."
ജിഹാദിനോടൊപ്പം ഇസ്ലാം ഏറ്റവും ഉന്നതമായി കാണുന്ന മറ്റു രണ്ട് തത്വങ്ങളാണ് ഈമാനും ഹിജ്റയും. ദൈവത്തോടുള്ള നിഷ്കളങ്കമായ ഭയഭക്തിബഹുമാനമാണ് ഈമാന്‍ എന്നുള്ളതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. അചഞ്ചലമായ ഈമാൻ കൊണ്ടെ ജിഹാദ് സാധ്യമാവുകയുള്ളു എന്ന കാരണത്താൽ ജിഹാദും ഈമാനും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. എന്നാൽ, പലപ്പോഴും ഹിജ്റയും ജിഹാദും പരസ്പരം ഉത്പന്നമാണ് എന്ന് പറയുന്നതാകും കൂടുതൽ ശരി. സാഹചര്യമനുസരിച്ച് ജിഹാദോ ഹിജ്റയോ അദ്യം സംഭവിക്കുന്നു എന്ന് പറയാം. വിശ്വസിക്കുകയും, ഹിജ്റ ചെയ്യുകയും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ജിഹാദില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുള്ളവരാരോ അവരോട് ദൈവം കാരുണ്യം ചൊരിയുന്നു എന്ന് ഖുര്‍ആൻ പറഞ്ഞു വെക്കുന്നുണ്ട്. കൂടാതെ, ഈമാനില്ലാത്തവന് ഹിജ്റയില്ല എന്നും ജിഹാദ് കൊണ്ടല്ലാതെ ഹിജ്റ സാക്ഷാത്കരിക്കപ്പെടുകയില്ല എന്നും അത് പറയുന്നു. അതിനാൽ, തനിക്ക് ചുറ്റുമുള്ള പൈശാചികയില്‍ നിന്നും മോചനം നേടാൻ ഒരു വിശ്വാസി ഹിജ്റ ചെയ്യൽ നിര്‍ബന്ധിതമാണെന്ന് കാണുന്നു.
ഹിജ്‌റ എന്ന അറബി പദം ഒരു പ്രദേശത്തുനിന്നും മറ്റൊരു പ്രദേശത്തേക്ക് യാത്രയാവുന്നതിനെ സൂചിപ്പിക്കുന്നതാണ്. തന്റെ വിശ്വാസങ്ങള്‍ക്കനുസൃതമായി ജീവിക്കാനുള്ള സ്വാതന്ത്ര്യം ഒരിടത്ത് നിഷേധിക്കപ്പെടുകയും അതിന്റെ പേരില്‍ കടുത്ത ഉപദ്രവം നേരിടേണ്ടി വരികയും ചെയ്യുമ്പോള്‍ പ്രസ്തുത സ്വാതന്ത്ര്യം ലഭിക്കുന്നിടത്തേക്കുള്ള പലായനാണ് സാങ്കേതികമായി ഹിജ്‌റ കൊണ്ടുള്ള വിവക്ഷ. ആദര്‍ശപരമായി ജീവിക്കുവാന്‍ ഒരിക്കലും കഴിയാത്ത പ്രദേശങ്ങളില്‍ നിന്നും വിശ്വാസികള്‍ ഹിജ്‌റ പോകണമെന്നും അതിനായി അല്ലാഹു അവര്‍ക്ക് പ്രതിഫലം നല്‍കുമെന്നും പരിശുദ്ധ ഖൂര്‍ആന്‍ സൂചിപ്പിക്കുന്നു,
”തീര്‍ച്ചയായും വിശ്വസിക്കുകയും, സ്വദേശം വെടിഞ്ഞ് പോകുകയും തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമരത്തില്‍ ഏര്‍പെടുകയും ചെയ്തവരും, അവര്‍ക്ക് അഭയം നല്‍കുകയും സഹായിക്കുകയും ചെയ്തവരും അന്യോന്യം ഉറ്റമിത്രങ്ങളാകുന്നു..."
ഇസ്ലാമിനെ സംരക്ഷിക്കുന്നതിനും മുസ്ലീങ്ങളുടെ സംരക്ഷണത്തിനുമായി കലുഷിതമായ ഒരു ദേശത്തു നിന്ന് മറ്റൊരു ദേശത്തേക്ക് പലായനം അഥവാ ഹിജ്റ പോവുക എന്നത് മുസ്ലീങ്ങളെ സംബന്ധിച്ച് നിര്‍ബന്ധമുള്ള കാര്യമാണ്. കേരള മുസ്ലീങ്ങള്‍ മലബാര്‍ തീരപ്രദേശങ്ങളില്‍ നിന്നും ഉള്‍പ്രദേശങ്ങളിലേക്ക് വ്യാപിച്ചതെന്നു മുതലാണെന്ന പഠനവുമായി ബന്ധപ്പെട്ട ചർച്ചകളിലൊക്കെയും ഉയർന്ന വരുന്ന സുപ്രധാനമായൊരു നിരീക്ഷണമാണത്. പോര്‍ച്ചുഗീസ് കാലത്ത് രൂപപ്പെട്ട മനുഷ്യത്വം തൊട്ട് തീണ്ടാത്ത മുസ്ലിം വേട്ടകളും അതിനെ തുടർന്നുണ്ടായ കുടിയേറ്റങ്ങളുമാണ് മുസ്ലീം വ്യാപനത്തിന് ഹേതുവായതെന്ന് ചുരുക്കം. കൂടാതെ, വ്യത്യസ്തമായ ജാതികളിൽ നിന്നുള്ള ഇസ്ലാമിലേക്കുള്ള മതപരിവര്‍ത്തനങ്ങളും അതിന് വേഗം കൂട്ടി. ഒരര്‍ത്ഥത്തില്‍ പറഞ്ഞാൽ പരാജയപ്പെട്ട മാപ്പിള പോരാട്ടങ്ങളുടെ തുടർച്ചയായാണ് അവരുടെ ഉള്‍നാടുകളിലേക്കുള്ള കൂടുമാറൽ അഥവാ ഹിജ്റ എന്ന് പറയാം. പോര്‍ച്ചുഗീസുകാർക്കെതിരിൽ ആയുധമേന്താൻ അവരെ പ്രാപ്തമാക്കിയ അതേ ആദര്‍ശം തന്നെയാണ് സാഹചര്യം പ്രതികൂലമാവകൂലമാവുകയോ കടുത്ത വെല്ലുവിളി ഉയര്‍ത്തുകയോ ചെയ്താൽ കൂടുമാറുക എന്ന പ്രതിവിധിയിലേക്കവരെ നയിക്കുന്നത്. പ്രവാചക ചരിത്രത്തിൽ പോലും ഇത്തരത്തിലുള്ള യാത്രകളെ കാണാന്‍ സാധിക്കും.
മക്കൻ പ്രദേശങ്ങളിൽ മുസ്ലീങ്ങള്‍ക്ക് അവരുടെ മതത്തില്‍ വിശ്വസിക്കാനോ വിശ്വാസം പ്രകടിപ്പിക്കുവാനോ കഴിയാത്ത കടുത്ത കാലഘട്ടത്തിലാണ് അതിലെ ആദ്യത്തെ യാത്ര രൂപപ്പെടുന്നത്. തങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ മക്കൻ നിവാസികള്‍ ക്രൂരമായി ഉപദ്രവിച്ചു പോന്ന ആ കടുത്ത സാഹചര്യത്തിൽ ഉസ്മാനുബ്‌നു മദ്ഊൻ (റ) വിന്റെ നേതൃത്വത്തിലുള്ളൊരു സംഘം നജ്ജാശി രാജാവിനു കീഴിലുള്ള അബ്‌സീനിയയിലേക്കാണ് അദ്യം യാത്ര പോകുന്നത്. പിന്നീട്, അതിന്റെ വിജയത്തെ തുടര്‍ന്ന് യസ്രിബിലേക്കും. ദൈവീക നിര്‍ദ്ദേശത്തെ തുടർന്ന് പ്രവാചകരും അനുയായികളും നടത്തിയ ആ പലായന യാത്ര ഹിജ്റ എന്ന പേരിലാണ് ചരിത്രത്തിൽ അറിയപ്പെട്ടു കിടക്കുന്നത്. പോര്‍ച്ചുഗീസ് കാലത്തെ മലബാര്‍ ചരിത്രത്തിൽ നിന്നും വ്യത്യസ്തമായി ഇവിടെ ഹിജ്റാനന്ദരമാണ് ജിഹാദ് രൂപപ്പെടുന്നത് എന്നും കാണാൻ കഴിയും.
മാപ്പിളമാരുടെ അതിജീവന സഞ്ചാരങ്ങള്‍
പുരാതന കാലത്ത് അറബ് നാടുകളില്‍ നിന്നും പായ കപ്പലുകളിൽ കോഴിക്കോടിന്റെ തീര പ്രദേശങ്ങളിൽ വന്നണഞ്ഞിരുന്ന അറേബ്യന്‍ കച്ചവടക്കാർക്ക് മൊത്തമായും ചില്ലറയായും ചരക്കുകൾ ലഭ്യമാക്കിയിരുന്നത് മാപ്പിളമാരായിരുന്നു. അറബികളുമായുള്ള വിശ്വാസപരമായ സമാനതയായിരുന്നു അതിനു പിന്നിലെന്ന് പറയാം. മതപരമായ കാരണം കൊണ്ട് അറബികളുടെ സംസാര ഭാഷയായ അറബി പഠിക്കുന്നവരാണ് മാപ്പിളമാര്‍ എന്ന നിലയിലും മാപ്പിളമാരുമായി അറബികൾ സമാനത സൂക്ഷിക്കുന്നു. കേരളത്തിലെ ഉള്‍പ്രദേശങ്ങളിൽ നിന്നും വലിയ അളവില്‍ ശേഖരിക്കപ്പെടുന്ന ചരക്കുകൾ അറബികള്‍ ഉള്‍പ്പടെയുള്ള വ്യപാരികള്‍ക്ക് വേണ്ടി പാണ്ടികശാലകളിൽ സൂക്ഷിക്കപ്പെട്ടിരുന്നു. ഇത് ആവശ്യാനുസരണം അവര്‍ക്ക് ലഭ്യമാക്കാൻ ഇടനിലക്കാരായി വർത്തിച്ചിരുന്നത് മാപ്പിളമാരായിരുന്നു എന്ന് പറയാം. ഈ ചരക്കുകളാണ് പിന്നീട്, അറബ്-യൂറോപ്യന്‍ നാടുകളിലേക്ക് കയറ്റുമതി ചെയ്യപ്പെട്ടിരുന്നത്. അഥവാ, ഭൂവുടമകൾക്കും അറബികൾക്കുമിടയിലെ ഇടനിലക്കാരായി മാപ്പിളമാര്‍ വര്‍ത്തിച്ചിരുന്നു എന്ന് ചുരുക്കം.
യഥാർത്ഥത്തിൽ, തീരദേശ ജീവികളായ മാപ്പിളമാരുടെ ഈ ഉൾപ്രദേശ സമ്പര്‍ക്കം പിന്നീട് അവര്‍ക്കിടയിലേക്ക് അപ്രതീക്ഷിതമായി കടന്നു വന്ന കടുത്ത സാഹചര്യങ്ങളെ തരണം ചെയ്യാൻ അവരെ പ്രാപ്തമാക്കി എന്ന് പറയാം. പോര്‍ച്ചുഗീസുകാരുടെ വരവും അവരുടെ ഉപദ്രവം വര്‍ദ്ധിച്ചപ്പോൾ രൂപപ്പെട്ട ജിഹാദിനുള്ള ആഹ്വാനവും, സമരം പരാജയപ്പെട്ടതിനെ തുടർന്നുണ്ടായ ഹിജറയുടേയും അരികുപറ്റിയാണ് മാപ്പിളമാരുടെ ഒരു ഗണ്യമായ ഭാഗം കേരളത്തിന്റെ തീരപ്രദേശങ്ങൾക്കപ്പുറമുള്ള ഇടനാടുകളിലേക്കും മലനാടുകളിലേക്കും വ്യാപിക്കുന്നത്. അതൊരു വ്യവസ്ഥാപിതമായ യാത്രകളായിരൂന്നില്ല. ഒന്നിനു പിറകെ ഒന്ന് എന്ന രൂപത്തിൽ കാലഘട്ടത്തില്‍ വന്ന മാറ്റങ്ങള്‍ക്കനുസരിച്ചാണ് ആ യാത്രകൾ വികസിച്ചുവന്നത് എന്ന് കാണാൻ കഴിയും. പറങ്കികളുടെ കാലത്തുണ്ടായ രൂക്ഷമായ യുദ്ധ സാഹചര്യം, അതിനെ തുടർന്ന് തീരപ്രദേശങ്ങളിൽ നിന്നും ആട്ടിയകറ്റപ്പെട്ട അറബികളിലൂടെ നഷ്ടപെട്ട വ്യാപാര പ്രാധാന്യം, പോര്‍ച്ചുഗീസുകാർക്ക് ശേഷം കടന്ന് വന്ന ഡച്ചുകാരും ഫ്രഞ്ചുകാരും കൃഷിക്കാരുമായി അല്ലെങ്കിൽ ഭൂവുടമകളുമായി നേരിട്ടുണ്ടാക്കിയ ബന്ധങ്ങൾ, അതുവഴി ഒരേ സമയം ഇടനിലക്കാരുടെ റോളില്‍ നിന്നും നേരിട്ട് കൃഷിവൃത്തിയിലേക്ക് മാറ്റപ്പെട്ട മാപ്പിളമാര്‍. അങ്ങനെ അനേകം ഘടകങ്ങൾ അതിനു പിറകിലുണ്ടെന്ന് കാണാൻ കഴിയും.
അങ്ങനെയാണ് ചാലിയം, കൊടുങ്ങല്ലൂർ, തെക്കന്‍ കൊല്ലം, ഏഴിമല, മംഗലാപുരം, പന്തലായനി, ബാർക്കൂർ, ധര്‍മ്മടം, കോഴിക്കോട്, ശ്രീകണ്ഠപുരം തുടങ്ങിയ ആദ്യകാല മുസ്ലീം അധിവാസ കേന്ദ്രങ്ങളിൽ നിന്നും മാപ്പിളമാര്‍ കേരളത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത്. അഥവാ, ചുങ്കം പ്രദേശത്തെ മുസ്ലിം സാന്നിധ്യ ചരിത്രത്തെ പോര്‍ച്ചുഗീസ് അധിനിവേശ പശ്ചാത്തലത്തിൽ രൂപപ്പെട്ട ഹിജ്റയുടെ വീക്ഷണ കോണില്‍ നിന്ന് വേണം മനസ്സിലാക്കാൻ. അതിനെ സംബന്ധിച്ച് കൃത്യമായൊരു ചരിത്രം പറയുക അസാധ്യമാണന്നതിനാൽ അക്കാലത്തെ പൊതു ചരിത്രത്തോടൊപ്പം കൂട്ടി ചേര്‍ത്തു വായിക്കുക മാത്രമാണ് പ്രതിവിധി.
മലയാള ഭാഷയിലെ പോര്‍ച്ചുഗീസ് 'അധിനിവേശങ്ങൾ'
പോർച്ചുഗീസുകാരുടെ പറങ്കി എന്ന പേര് പേർഷ്യൻ ഭാഷയിലെ ഫറങ്കിയിൽ നിന്നും ഉത്ഭവിച്ച് അറബികളിലൂടെ കേരളത്തിൽ എത്തിച്ചേര്‍ന്നതാണന്ന് കരുതപ്പെടുന്നു. പോർച്ചുഗീസുകാർ തെക്കേ അമേരിക്കയിൽ നിന്ന് കൊണ്ടുവന്നതും പിന്നീട് കേരളത്തിൽ സർവ്വസാധാരണവുമായ കശുവണ്ടി ഇപ്പോഴും പലയിടങ്ങളിലും പ്രത്യേകിച്ച് മലബാര്‍ പ്രദേശങ്ങളിൽ പറങ്കിഅണ്ടി അല്ലെങ്കിൽ പറങ്കിമാങ്ങ എന്ന പേരിലാണ് അറിയപ്പെടുന്നത്. കൂടാതെ, പോർച്ചുഗീസ് നാവികരിൽ നിന്ന് കേരളത്തിൽ പടർന്ന സിംഫിലിസ് രോഗം പറങ്കിപ്പുണ്ണ് എന്ന പേരിലും അറിയപ്പെടുന്നു. നമ്മുടെ ദൈനംദിന ഉപയോഗത്തിലുള്ള ചില വാക്കുകളും അവയുടെ മൂലരൂപമായ പോർച്ചുഗീസ് വാക്കുകളും താഴെ ചേർക്കുന്നു...
അലമാരി- Armario
ഇസ്തിരി- Estirar
കസേര- Cadeira
കുമ്പസാരം- Confessar
കുരിശ്- Cruz
കോടതി- Corte
ചങ്ങാടം- Jangada
ചാക്ക്- Saco
ചാപ്പ- Chapa
ചാവി- Chave
ജനാല- Janela
തുറങ്ക്- Tronco
തുവാല- Toalha
തൊപ്പി- Topo
പട്ടാളം- Batalhão
പേന- Pena
പേര- Pera
പ്രവിശ്യ- Província
പ്രാകുക- Pragar
മറുക്- Marco
മേശ- Mesa
മേസ്തിരി- Mestre
രസീത്- Receito
റാന്തല്‍- Lanterna
റോന്ത്- Rondo
ലേലം- Leilao
വരാന്ത- Varanda
വിനാഗിരി- Vinagre
വീഞ്ഞ്- Vinho
വീപ്പ- Pipa
സാത്താന്‍- Sata
സെമിത്തേരി- Cemiterio
ചരിത്രത്തിലെ ചില സമാനതകൾ
പോര്‍ച്ചുഗീസുകാരുടെ വരവോട് കൂടി കേരളത്തിൽ, പ്രത്യേകിച്ച് മലബാര്‍ പ്രദേശത്ത് രൂപപ്പെട്ട മുസ്ലീം വേട്ടക്ക് സമാനമായ സാഹചര്യങ്ങൾ കുരിശു യുദ്ധങ്ങൾക്ക് ശേഷവും ലോകത്തിന്റെ വ്യത്യസ്തമായ കോണുകളിലും നിലവിലുണ്ടായിരുന്നു എന്ന് കാണാൻ കഴിയും. അതിനെ കുറിച്ച് സൂചന നല്‍കിയ പ്രശസ്ത ചരിത്രകാരനായിരുന്നു ഷാർജ ഭരണാധികാരിയായ ശൈഖ് ഡോ സുല്‍ത്താന്‍ ബിൻ മുഹമ്മദ് അല്‍ ഖാസിമി. അദ്ദേഹത്തിന്റെ ഇത് സംബന്ധിയായ പ്രശസ്ത ഗ്രന്ഥമാണ് 'ഇബ്നു മാജിദ് ചരിത്രകാരന്മാര്‍ക്കൊരു നിവേദനം' എന്ന കൃതി. പുരാതനകാലം മുതൽ അദ്ദേഹത്തിന്റെ തന്നെ കുടുംബാംഗങ്ങളായ ഖുവാസിമുകൾ ഭരിച്ചുവരുന്ന റാസൽഖൈമ എന്ന പ്രദേശത്തെ അഹ്മദ് ബിന്‍ മാജീദ് എന്ന നാവികനുമായി ബന്ധപെട്ട് ചരിത്രകാരന്മാര്‍ക്കിടയിൽ നിലവിലുണ്ടായിരുന്ന ഒരു തെറ്റിധാരണയെ തിരുത്തുന്ന ഗ്രന്ഥമാണിത് എന്ന് ഒറ്റവാക്കിൽ ഈ കൃതിയെ സംബന്ധിച്ച് പറയാം. 1490കളിൽ വാസ്കോഡഗാമ കേരള തീരം ലക്ഷ്യമാക്കിയുള്ള തന്റെ സമുദ്രയാത്രക്ക് തുടക്കം കുറിക്കുമ്പോൾ ആ ജലപാത യെക്കുറിച്ച് തികച്ചും അജ്ഞനായിരുന്നു അയാൾ. അക്കാലത്ത് അതിനെക്കുറിച്ച് അറിവുണ്ടായിരുന്നത് നൂറ്റാണ്ടുകളായി കേരളാ തീരവുമായി കച്ചവടബന്ധത്തിൽ ഏര്‍പ്പെട്ടുവന്നിരുന്ന അറബികള്‍ക്ക് മാത്രമായിരുന്നു. അതിനാൽതന്നെ, ആഫ്രിക്കൻ വൻകര ചുറ്റി ശുപാഭ്തി മുനമ്പിലെത്തിച്ചേർന്ന ഗാമക്ക് കേരളത്തേക്കുള്ള വഴി കാണിച്ചു നൽകിയത് അറബിയായ അഹ്മദ് ബിന്‍ മാജിദിയിരുന്നു എന്നാണ് ചരിത്രകാരന്മാര്‍ക്കിടയിൽ കാലങ്ങളായുള്ള വിശ്വസം. ആഫ്രിക്കയില്‍ നിന്നും അല്‍പ്പം കിഴക്ക് മാറി നേരെ തെക്കോട്ട് യാത്ര ചെയ്താൽ ഇന്ത്യ ഉപഭൂഖണ്ഡത്തിന്റെ ഏറ്റവും വടക്കേ അറ്റമായ കേരള തീരത്ത് എത്തിച്ചേരാൻ കഴിയുമെന്ന് അദ്ദേഹമാണ് ഗാമക്ക് അറിവ് നല്‍കിയതെന്നാണ് അവർ വിശ്വസിക്കുന്നത്.
ഡോ സുല്‍ത്താൻ ചരിത്ര ഗവേഷകർക്കുള്ളൊരു തിരുത്ത് എന്ന നിലയില്‍ എഴുതിയ മേല്‍ ഗ്രന്ഥത്തിൽ പോര്‍ച്ചുഗീസുകാർക്ക് ഇന്ത്യയിലേക്കുള്ള വഴി കാണിച്ചു നല്‍കിയത് ഇബ്നു മാജിദോ അല്ലെങ്കിൽ മറ്റേതെങ്കിലുമൊരു അറബിയോ അല്ല എന്ന് തെളിവു സഹിതം സമര്‍ത്ഥിക്കുന്നുണ്ട്. ഗാമ തന്റെ സമുദ്രയാത്രക്കിടെ എഴുതിയ ഡയറി കുറിപ്പുകള്‍, മുബെെയിലെ പഴയ ആർക്കൈവ്സ് രേഖകൾ, ചില ചരിത്ര വസ്തുതകള്‍ തുടങ്ങിയ പലതും അദ്ദേഹം അതിനായി മുന്നോട്ടു വെക്കുന്നു. അതിൻ പ്രകാരം ഗാമയുടെ യാത്ര നടക്കുന്ന സമയം ഇബ്നു മാജിദിന് എഴുപതോളം വയസ്സാണ് പ്രായം. കൂടാതെ, മാലിന്ദിയിലെ ഭരണാധികാരി സമ്മാനിച്ച, ക്രിസ്തുമതാചാരങ്ങള്‍ പിന്തുടര്‍ന്നുവന്നിരുന്നൊരു ഗുജറാത്തി യാത്രയിലുടനീളം ഗാമയെ അനുഗമിച്ചിരുന്നു എന്ന വസ്തുത മുന്നില്‍ വെക്കുമ്പോൾ ഒരുപക്ഷേ, അയാൾ വഴിയായിരിക്കാം കപ്പല്‍ചാൽ വിവരങ്ങൾ ഗാമ കരസ്ഥമാക്കിയത് എന്ന് സ്വാഭാവികമായും അനുമാനിക്കാം.
'കടലിന്റെ സിംഹം' എന്ന് വിളിക്കപ്പെടുന്ന ഇബ്‌നു മാജിദിന്റെ യഥാർത്ഥ പൈതൃകം അദ്ദേഹം രചിച്ച കടൽ വിജ്ഞാനീയങ്ങളെ സംബന്ധിച്ച കൃതികളായിരുന്നു. യൂറോപ്യന്മാർക്കും ഓട്ടോമൻമാർക്കും ഇന്ത്യൻ മഹാസമുദ്രത്തിലെ ഭൂമിശാസ്ത്രത്തെക്കുറിച്ച് പരിമിതമായ അറിവു മാത്രമുണ്ടായിരുന്ന അക്കാലത്ത് ഇബ്‌നു മാജിദിന്റെ കടൽ പാണ്ഡിത്യം അത്യുന്നതിലായിരുന്നു. അദ്ദേഹത്തിന്റെ 'കിതാബ് അൽ-ഫവാഇദ്' എന്ന ഗ്രന്ഥം ഉള്‍പ്പെടെ ആകാശ നാവിഗേഷൻ, കാലാവസ്ഥാ രീതികൾ, കടലിലെ അപകടകരമായ പ്രദേശങ്ങളുടെ ചാർട്ടുകൾ, മറ്റു ഭൂപടങ്ങൾ തുടങ്ങിയവ നാവികർ വ്യാപകമായി അക്കാലങ്ങളിൽ ഉപയോഗിച്ചു വന്നിരുന്ന റഫറന്‍സ് ഗ്രന്ഥങ്ങളായിരുന്നു. ഒരുപക്ഷേ, ഗാമക്കും കൂട്ടര്‍ക്കും അവരുടെ യാത്രയിലുടനീളം മേല്‍ ഗ്രന്ഥങ്ങളൊരു വിലപ്പെട്ട സ്രോതസ്സായിരുന്നുവെന്ന വസ്തുതയുടെ വെളിച്ചത്തിലായിരിക്കാം ഇബ്നു മാജിദിനെ സൂചിപ്പിച്ചു കൊണ്ട് 'വഴികാട്ടി' എന്ന സംജത രൂപപ്പെട്ടത് എന്ന് സ്വാഭാവികമായും അനുമാനിക്കാം.
ജലസ്രോതസ്സുകൾക്ക് പ്രത്യേകിച്ച് കടൽ തീരങ്ങൾക്ക് സമീപം കുടിലുകൾ കെട്ടി കൂട്ടമായി വസിച്ചു വരുന്നവരായിരുന്നു പുരാതന അറബ് ജനതകൾ. എന്നാൽ, വെങ്കലയുഗ സംസ്കാരത്തിന്റെ ഭാഗമായ ഉമ്മുനാർ കാലഘട്ടങ്ങളിൽ അവർ അറേബ്യന്‍ മരുഭൂമിയുടെ ഉള്‍പ്രദേശങ്ങളിലായിരുന്നു വസിച്ചു വന്നിരുന്നത്. ഷാർജയിലെ മലീഹ, അൽ തുഖൈബ, ജബൽ ഫയാഹ്, അല്‍ മദാം, ജബൽ ബുഹൈസ് തുടങ്ങിയ മരുഭൂജന്യമായ പ്രദേശങ്ങളിൽ ആ ജനതയുടെ അവശിഷ്ടങ്ങൾ ഇന്നും കാണാൻ സാധിക്കും. കൂടാതെ, ദുബൈ, അബുദാബി, റാസൽഖൈമ തുടങ്ങിയ എമിറേറ്റുകളിലെ ചില ഭാഗങ്ങളിലും അക്കാലത്തെ സ്മാരകങ്ങള്‍ സംരക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെടുന്നു. പിന്നീട്, കാലാന്തരത്തില്‍ മേല്‍ പ്രദേശങ്ങളിൽ നിന്നും കടൽ തീരങ്ങളിലേക്ക് അവർ പലായനം ചെയ്യുകയും അവിടങ്ങളില്‍ കുടിയിരുപ്പ് കേന്ദ്രങ്ങള്‍ നിർമ്മിക്കുകയും ചെയ്യുകയായിരുന്നു. കാലാവസ്ഥ വ്യതിയാനം, ജലലഭ്യത കുറവ്, അഭ്യന്തരമോ വൈദേശികമോ ആയ യുദ്ധങ്ങൾ തുടങ്ങിയവയൊക്കെയാണ് ഈ കുടിയേറ്റങ്ങളുടെ കാരണമായി ചിത്രകാരന്മാർ സൂചിപ്പിച്ചു വരുന്നത്. എങ്കിലും, തീരപ്രദേശങ്ങളിൽ നിന്നും വളരെ അകലത്തിൽ സ്ഥിതിചെയ്യുന്ന ചില ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽ അറബ് ജനത തുടർന്നും ജീവിച്ച് വന്നത് അവിടങ്ങളിലെ കുടിനീരിന്റേയും കൃഷിയോഗ്യമായ മണ്ണിന്റേയും സാന്നിധ്യം കൊണ്ടാണെന്ന് എളുപ്പത്തില്‍ മനസ്സിലാക്കാൻ സാധിക്കും. അത്തരത്തില്‍പ്പെട്ട സ്ഥലങ്ങളാണ് സംസം വെളളത്തിന്റെ സാന്നിധ്യപ്രദേശമായ മക്കയും, മദീന എന്ന് പിന്നീടറിയപ്പെട്ട യസ്രിബും.
കടൽ തീരങ്ങള്‍ കേന്ദ്രീകരിച്ചുള്ള അറബികളുടെ ജനവാസം ഇസ്ലാമികാവിര്‍ഭാവത്തിന് കാലങ്ങൾക്ക് മുന്നേ തുടക്കം കുറിച്ചിരുന്നു. ഉമ്മുനാർ കാലത്തിനെ തുടര്‍ന്നുള്ള ഒരു നീണ്ട കാലം അവർ അറേബ്യന്‍ ഗള്‍ഫിലെ തീരപ്രദേശങ്ങളായ പേര്‍ഷ്യന്‍ ഉള്‍ക്കടല്‍, ചെങ്കടല്‍, അറേബ്യന്‍ കടൽ എന്നിവയുടെ തീരപ്രദേശങ്ങളിലാണ് ജീവിച്ചു വന്നിരുന്നത്. അതുകാരണം കൊണ്ടാണ് പില്‍ക്കാലത്ത് അബുദാബി, ഷാർജ, ദുബൈ, അജ്മാൻ, ഫുജൈറ, ദോഹ, പനാമ, കുവൈത്ത്, ജിദ്ദ, മസ്കത്ത്, ഹളർമൗത്ത്, സൻആ തുടങ്ങിയ ഒട്ടനവധി അറേബ്യന്‍ നഗരങ്ങൾ കടൽ തീരങ്ങൾ കേന്ദ്രീകരിച്ച് വളര്‍ന്നു വന്നത്. അതിലുള്‍പ്പെട്ട ഒരു അറേബ്യന്‍ പ്രദേശമാണ് അറേബ്യന്‍ കടലിനഭിമുഖമായി നിലകൊള്ളുന്ന ഖോർഫുക്കാൻ. ഷാർജ എമിറേറ്റിന്റെ ഭാഗമായി Uaeയുടെ ഏറ്റവും തെക്ക് വശത്ത് സ്ഥിതിചെയ്യുന്ന ഖോർഫുക്കാനെ കടലില്‍ നിന്നും നോക്കിയാല്‍ ധാരാളകണക്കിന് മൊട്ടകുന്നുകളും വലിയ വലിയ മലനിരകളുമായാണ് കാണുവാന്‍ സാധിക്കുക. എന്നാൽ, മലയുടെ താഴ്‌വരകളിൽ നിറയെ വാതികളാലും ഈത്തപ്പന നിരകളാലും സമ്പന്നമായ ഈ പ്രദേശം അറേബ്യയിലെ ഒരു കാല്‍പ്പനിക മരുപ്പച്ചയായാണെന്ന് വേണമെങ്കിൽ പറയാം.
ഖോർഫക്കാന് മനുഷ്യവാസത്തിന്റെ നീണ്ട ചരിത്രം പറയാനുണ്ട്. തുറമുഖത്തിനഭിമുഖമായി നിലകൊള്ളുന്ന പാറകെട്ടുകളിൽ കൂട്ടം കൂട്ടമായി അടക്കം ചെയ്ത നിലയില്‍ 34 ശവകുടീരങ്ങൾ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിരുന്നു. കൂടാതെ, ബിസി 2000 കാലത്തെ നിര്‍മ്മിതിയാണെന്ന് കരുതുന്ന ഖോർഫക്കാൻ തീരത്തെ മലനിരകള്‍ക്കിടയിലെ ചെരുവില്‍ കല്ലുകൾകൊണ്ട് നിര്‍മ്മിച്ച വാസസ്ഥലങ്ങളുടെ സാന്നിധ്യം പ്രദേശത്തിന്റെ സഹസ്രാബ്ദങ്ങൾക്ക് മുന്നേയുള്ള ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഘടകങ്ങളായി മനസ്സിലാക്കാം. മരത്തണ്ടുകൾക്ക് മുകളില്‍ മരച്ചില്ലകൊണ്ട് മേല്‍ക്കൂര കെട്ടിയ രൂപത്തിൽ കാണപ്പെട്ട ആ വീടുകളില്‍ മൺപാത്രങ്ങൾ ഉള്‍പ്പടെയുള്ള വീട്ടുപകരണങ്ങളും അവരന്ന് കണ്ടെത്തിയിരുന്നു.
സമുദ്ര യാത്രകളുമായി ദേശാന്തര സഞ്ചാരങ്ങൾക്കിറങ്ങിയ ചില യാത്രികര്‍ ഖോർഫക്കാനിലും സന്ദര്‍ശനം നടത്തിയിരുന്നതായി കാണാൻ കഴിയും. അതിൽ പ്രശസ്തനായൊരു പാശ്ചാത്യ സഞ്ചാരിയാണ് പോർച്ചുഗീസ് വ്യാപാരിയും സഞ്ചാര സാഹിത്യകാരനുമായിരുന്നു ഡുവാർട്ടെ ബാര്‍ബോസ. ഗാമക്ക് ശേഷം കേരളത്തിലെത്തിച്ചേർന്ന പോര്‍ച്ചുഗീസ് നാവികൻ കബ്രാളിന്റെ കൂടെ കേരളത്തിലെത്തിയ അദ്ദേഹം 1500 മുതൽ 1516വരെ കേരളത്തിൽ താമസിച്ച് രേഖപ്പെടുത്തിയ വിവരങ്ങൾ കേരളത്തെ സംബന്ധിച്ച് വളരെ വിലപ്പെട്ട ചരിത്ര സാമഗ്രിയാണ്. പോർച്ചുഗീസുകാരുടെ പ്രധാന ദ്വിഭാഷിയായി സേവനമനുഷ്ഠിച്ച അദ്ദേഹം കേരളത്തിലെ എല്ലായിടങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്. കേരളത്തിലെ രാജാക്കന്മാരുടെ മാത്രമല്ല സാധാരണക്കാരുടേയും സാമൂഹിക ജീവിതത്തിന്റെ എല്ലാ ഉള്ളറകളും അദ്ദേഹം ഒന്നൊഴിയാതെ രേഖപ്പെടുത്തി വെച്ചതായി കാണാൻ കഴിയും. അദ്ദേഹം തന്റെ യാത്രക്കിടെ കണ്ട ഖോർഫക്കാനെ "ചുറ്റും ധാരാളകണക്കിന് തോട്ടങ്ങളും കൃഷിയിടങ്ങളുമുള്ള പ്രദേശം" എന്നാണ് സൂചിപ്പിച്ചു കാണുന്നത്. കൂടാതെ, 1580കളില്‍ പ്രദേശം സന്ദര്‍ശിച്ച വെനീഷ്യൻ സഞ്ചാരി ജ്വല്ലറി ഗാസ്പാരോ ബൽബി തയ്യാറാക്കിയ, ഇന്നത്തെ Uae പ്രദേശങ്ങൾ ഉള്‍പ്പെട്ട പട്ടികയിലെ കിഴക്കന്‍ തീരത്തിനൊരിടത്ത് 'ചോർഫ്' എന്ന് രേഖപ്പെടുത്തി വച്ചിരിക്കുന്നത് ഖോർഫക്കാനാണന്ന് ചരിത്രക്കാരന്മാർ അനുമാനിക്കുന്നു.
പോര്‍ച്ചുഗീസ് അധിനിവേശത്തിന്റെ ഉൽപന്നമായി മലബാര്‍ പ്രദേശത്ത് രൂപപ്പെട്ട മുസ്ലീം വിരുദ്ധ സാഹചര്യങ്ങളുടെ ഫലമാണ് മലബാറിന്റെ ഉള്‍പ്രദേശങ്ങൾ ലക്ഷ്യമാക്കിയുള്ള മുസ്ലീം കുടിയേറ്റ യാത്രകൾ വ്യാപകമായ തോതില്‍ തുടക്കം കുറിക്കുന്നത് എന്ന് നാം നേരത്തെ ചര്‍ച്ച ചെയത് കഴിഞ്ഞു. അത്തരമൊരു സാഹചര്യത്തിലായിരിക്കാം ചുങ്കം ഉള്‍പ്പെടെയുള്ള ഗ്രാമാന്തരങ്ങളിൽ മുസ്ലീം അധിവാസങ്ങൾക്ക് തുടക്കം കുറിക്കുന്നതും മലബാര്‍ പ്രദേശങ്ങളിൽ അവർ പ്രചുരമാവുകയും ചെയ്യുന്നതെന്നും പറഞ്ഞു. ഖോർഫക്കാന്റെ എഡി 1500 ശേഷമുള്ള ചരിത്രം പരിശോധിച്ചാൽ അതിന് സമാനമായ ചില സാഹചര്യങ്ങൾ ആ പ്രദേശത്തെയും ഗ്രസിച്ചിരുന്നു എന്ന് മനസ്സിലാക്കാൻ കഴിയും. ഈ സമാനത രൂപപ്പെട്ടത് ഞാന്‍ മുകളില്‍ പറഞ്ഞവെച്ച ഒരേ കാരണങ്ങൾ കൊണ്ടാണെന്ന വസ്തുതയുടെ വെളിച്ചത്തിലാണ് ഖോർഫക്കാന്റെ ചരിത്രവും ഈ ഭാഗത്ത് ചേര്‍ക്കാന്‍ തീരുമാനിക്കുന്നത്. ആയിരകണക്കിന് മൈലുകളുടെ ദൂരങ്ങളിൽ സ്ഥിതിചെയ്യുന്ന ലോകത്തെ രണ്ട് വ്യത്യസ്ത ഭൂപ്രദേശങ്ങൾ ഒരേ കാലത്ത് ഒരേ കാരണങ്ങളുടെ ഫലമായി ചിന്നഭിന്നമാകുന്നതിവിടെ കാണുവാന്‍ സാധിക്കും.
അറേബ്യന്‍ കടലിലെ തീരദേശങ്ങളിൽ നിന്നും അല്‍പ്പം കിഴക്ക്- വടക്ക് മാറി സ്ഥിതിചെയ്യുന്ന ഒമാന്‍ കടലിടുക്ക് പ്രദേശത്താണ് ഖോർഫക്കാൻ സ്ഥിതിചെയ്യുന്നത്. ഇസ്ലാമികാഗമനത്തിന് ശേഷമാണ് പ്രദേശത്തിന്റെ വ്യാപാര വാണിജ്യ പ്രാധാന്യം വര്‍ദ്ധിച്ചത് എന്ന് പറയാം. ഈന്തപ്പനയോല കൊണ്ട് മെടഞ്ഞുകെട്ടിയ നല്ല ഉറപ്പുള്ള ചുമരുകളോട് കൂടിയ വീടുകളിലാണവരന്ന് കഴിഞ്ഞു വന്നത്. ഏഡൻ പ്രദേശം, ചൈന, കോഴിക്കോട് പോലുള്ള വാണിജ്യ കേന്ദ്രങ്ങളിൽ നിന്നും അറബി കടലിലൂടെ ചരക്കുകൾ കൊണ്ടുവന്ന് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യലായിരുന്നു അക്കാലത്തെ അവരുടെ പ്രധാന തൊഴിൽ. കൂടാതെ, കടൽമുത്ത് വാരല്‍, മത്സ്യബന്ധനം, കൃഷി തുടങ്ങിയവയും അവർ ചെയത് വന്നു. ഈത്തപ്പഴത്തിന് പുറമെ നാരങ്ങ, ഓറഞ്ച്, അത്തിപ്പഴം തുടങ്ങിയ പലവിധ ഇനങ്ങളിലായി അവരുടെ കൃഷി പ്രദേശത്ത് വ്യാപിച്ചത് ശുദ്ധജല സാന്നിധ്യം കൊണ്ട് കൂടിയായിരുന്നു എന്ന് പോര്‍ച്ചുഗീസ് വിവരണങ്ങളിൽ കാണാൻ കഴിയും.
1497ൽ കോഴിക്കോട് ലക്ഷ്യമാക്കിയുള്ള ഗാമയുടെ യാത്രക്കിടയിലാണ് അയാൾ ഒമാന്‍ കടലിടുക്കിന് അല്‍പ്പം വടക്ക് വശത്ത് സ്ഥിതിചെയ്യുന്ന പേര്‍ഷ്യന്‍ ഉൾകടലിടുക്കിലേക്കുള്ള വാതായനമായ ഇടുങ്ങിയതും തന്ത്രപ്രധാനവുമായ ഹോർമൂസിന്റെ തീരത്ത് കപ്പലിറങ്ങുന്നത്. പേർഷ്യൻ ആഭരണങ്ങൾ, ആനക്കൊമ്പ്, ഇന്തോ- ചൈന പട്ട്, ബഹ്‌റൈനിൽ നിന്നുള്ള മുത്തുകൾ തുടങ്ങിയവയുടെ വ്യാപാരം വ്യാപകമായ തോതില്‍ നടന്നുവന്നിരുന്ന അവിടുത്തെ ബന്ദർ അബ്ബാസ് തുറമുഖം 1272 കാലത്ത് മാർക്കോ പോളോ സന്ദര്‍ശനം നടത്തിയിരുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ വൈസ്രോയിയായി നിയോഗിക്കപ്പെട്ട അഫോൺസോ ഡി അൽബുക്കർക്ക് കോഴിക്കോട്ടേക്കുള്ള തന്റെ യാത്രക്കിടെ 'ഈജിപ്തിൽ നിന്നും വെനീസിൽ നിന്നും തങ്ങളുടെ വാണിജ്യ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ' എന്ന വ്യാജേന മേല്‍ പ്രദേശം ഏഴോളം വരുന്ന യുദ്ധകപ്പലുകളുടെ അകമ്പടിയോടെ പിന്നീട് ആക്രമിച്ചു. പേർഷ്യൻ ഗൾഫിലെ വാണിജ്യ താൽപ്പര്യങ്ങളുടെ ഒരു തന്ത്രപരമായ സ്ഥാനമാണ് ഹോർമുസ് തുറമുഖം എന്ന നിഗമനത്തിലാണ് പോര്‍ച്ചുഗീസുകാർ ഈ പ്രദേശത്തെ കൈപ്പിടിയിലൊതുക്കാൻ ശ്രമിച്ചത്. അതുവഴി ക്രിസ്തുമതത്തെ പ്രചരിപ്പിക്കുന്നതിനും സുഗന്ധവ്യഞ്ജന വ്യാപാരം ഉറപ്പിക്കുന്നതിനും ഇസ്ലാമിനെതിരെ പോരാടുന്നതിനുമായി ഒരു ബൃഹത്പദ്ധതി അവർ കണക്ക് കൂട്ടി. പൂർവ്വേഷ്യ, മദ്ധ്യപൂർവേഷ്യ, കിഴക്കൻ ഓഷ്യാനിയയിലെ സുഗന്ധ വ്യഞ്ജന പാതകൾ തുടങ്ങിയവയിൽ ഒരു പോർച്ചുഗീസ് സാമ്രാജ്യത്തെ പ്രതിഷ്ടിക്കുന്നതിനും സംരക്ഷിക്കുന്നതിനും അതീവ നിർണ്ണായകമായിരുന്നു അയാളുടെ മേഖലയിലെ സൈനികവും ഭരണപരവുമായ പ്രവർത്തനങ്ങൾ എന്ന് പറയാം.
ഹോർമൂസ് കടലിടുക്കിന് ഭൂമിശാസ്ത്രപരമായി അനേകം സവിശേഷതകളുണ്ടെന്ന് കാണാൻ കഴിയും. അതിന് പടിഞ്ഞാറ് വശത്താണ് ഖസബ് മലനിരകള്‍ക്കപ്പുറം വിശാലമായ അറേബ്യന്‍ പ്രദേശങ്ങൾ നിലകൊള്ളുന്നത്. പശ്ചിമേഷ്യ എന്ന് വിളിക്കപ്പെടുന്ന അതിന്റെ അറ്റം യൂറോപ്പിലേക്കാണ് മിഴി തുറക്കുന്നത്. അതിനാൽ കോഴിക്കോട് നിന്നും കപ്പല്‍ മാര്‍ഗ്ഗം അറേബ്യന്‍ തീരത്തെത്തുന്ന ചരക്കുകൾ കരമാര്‍ഗ്ഗം വേഗത്തിലും സുരക്ഷിതവുമായി യൂറോപ്പിലേക്ക് കയറ്റി അയക്കാം എന്നവർ കണക്ക് കൂട്ടി. കൂടാതെ, ഹോർമൂസിന്റെ കിഴക്ക് ഭാഗം ഹോർമൂസ് പ്രവിശ്യകള്‍ എന്ന് വിളിക്കുന്ന പേർഷ്യൻ സാമ്രാജ്യ ഭാഗങ്ങളാണ്. അതുവഴി മധ്യേഷ്യന്‍- ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലൂടെ ചൈന ഉള്‍പ്പെടെയുള്ള പൂര്‍വേഷ്യന്‍ മാര്‍ക്കറ്റുകളിലേക്കും തങ്ങളുടെ വ്യാപാരം വർദ്ധിപ്പിക്കാൻ കഴിയുമെന്നവരുടെ ദുരാഗ്രഹ ഫലമാണ് ഹോര്‍മൂസിനെ കൈപ്പിടിയിലൊതുക്കാനുള്ള ശ്രമവുമായി അവർ മുന്നോട്ട് പോയത് എന്ന് പറയാം. മാത്രമല്ല, 54 കിലോ മീറ്റർ അഥവ 29 നോട്ടിക്കൽ മൈൽ ദൂരം മാത്രം വീതിയുള്ള ഹോർമൂസെന്ന ഇടുങ്ങിയ ആ ചെറിയ ഇടനാഴിക്കപ്പുറം വലിയൊരു കുളം മാതിരിയുള്ള വിശാലമായ പേർഷ്യൻ ഉള്‍ക്കടലാണ് സാന്നിധ്യം. അറേബ്യൻ ഉള്‍ക്കടല്‍ എന്നുകൂടി വിളിക്കപ്പെടുന്ന അതിന്റെ ചുറ്റിലുമായി ഏകദേശം ഒരു ഡസനിലേറെയുള്ള സമ്പന്ന അറേബ്യന്‍ തീരനഗരങ്ങളുടെ നിരയാണുള്ളത് (ഇന്ന് ലോകത്തിന്റെ പെട്രോളിയം കയറ്റുമതിയുടെ വലിയൊരു ശതമാനം കടന്ന് പോകുന്നത് തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്ക് കേന്ദ്രീകരിച്ചാണ്). അഥവാ, ഈ പ്രദേശങ്ങളെ എല്ലാം കൈപ്പിടിയിലൊതുക്കകൊണ്ട് പോര്‍ച്ചുഗീസ് വാണിജ്യം വർദ്ധിപ്പിച്ച് അതുവഴി പോര്‍ച്ചുഗലിന്റെ സാമ്രാജ്യത്വ മോഹങ്ങളെ ലോകത്തിന്റെ നെറുകയിലെത്തിക്കാമെന്ന് അവരുടെ ചിന്തയാണ് ഒരേ സമയം കോഴിക്കോടിന്റേയും ഹോർമൂസിന്റേയും അധികാരം പിടിച്ചെടുക്കാൻ അവരെ പ്രേരിപ്പിച്ചത് എന്ന് പറയാം.
എഡി 1507 ആഗസ്റ്റ് 10ന് ഇന്നത്തെ ഒമാന്‍ തീരത്തെ സഖ്ത്തറിലാണ് അൽബുക്കർക്ക് ആദ്യമായി കപ്പലിറങ്ങുന്നത്. ആ പ്രദേശം തന്റെ ചൊൽപ്പടിയിലാക്കിയ ശേഷം ഇരുപതോടെ ഹോർമൂസിന് കീഴില്‍ ഭരിക്കപ്പെടുന്ന സമീപത്തെ ഖൽഹാത്തിലേക്കവർ എത്തിച്ചേർന്നു. ഹോർമൂസ് രാജാവിന് വേണ്ടി അവിടെ ഭരണം നിര്‍വഹിച്ചിരുന്നയാൾ അൽബുക്കർക്കിനേയും സംഖത്തേയും സ്വീകരിച്ചാനയിച്ചു എങ്കിലും അയാൾ നല്‍കിയ സമ്മാനവുമായി ബന്ധപ്പെട്ടുണ്ടായൊരു തർക്കം കടുത്ത വാഗ്വാദത്തിലേക്കും അക്രമത്തിലേക്കുമാണവരെ നയിച്ചത്. അതിനെ തുടർന്ന് ഖൽഹാത്തിനെ അക്രമിച്ച് കീഴടക്കിയ ശേഷം സമീപത്തെ ഖർയാത്തിലേക്കവർ എത്തിച്ചേരുമ്പോഴേക്കും ഖൽഹാത്തിലുണ്ടായ അക്രമണ വാർത്തയറിഞ്ഞ് ശക്തമായ ചെറുത്ത് നില്‍പ്പവിടെ രൂപപ്പെട്ടിരുന്നു. പ്രസ്തുത പോരാട്ടത്തില്‍ ആകെ 73 പേർ ഇരുവശങ്ങളിലുമായി കൊല്ലപ്പെട്ടു. പിന്നീട്, ഖർയാത്ത് തീരത്ത് ഏറെ നാശനഷ്ടങ്ങള്‍ വരുത്തിയ ശേഷം ആഗസ്റ്റ് 22 ഓടെ അവർ മസ്കത്തിലെത്തി ചേര്‍ന്നെങ്കിലും ശക്തമായ ചെറുത്തു നില്‍പ്പ് തന്നെ ആയിരുന്നു അവിടേയും അവരെ കാത്തിരുന്നിരുന്നത് എന്ന് പറയാം. പോര്‍ച്ചുഗീസുകാരുടെ വരവ് കാത്തിരിക്കുകയായിരുന്ന മസ്കത്ത് സൈന്യം കടുത്ത പ്രതിരോധം തന്നെ അവിടെ കാഴ്ചവെച്ചു. മസ്കത്ത് സൈന്യത്തെ പരാജയപ്പെടുത്താൻ സാധിക്കില്ലെന്ന് മനസ്സിലാക്കിയ പറങ്കികൾ സമാധാന ശ്രമങ്ങളുമായി മുന്നോട്ട് പോയെങ്കിലും അവർ കടന്നു വന്ന വഴികളിലുടനീളം അവർ ചെയതുവന്ന നെറികെട്ട പ്രവര്‍ത്തനങ്ങൾ കാരണം രണ്ടായിരത്തോളം വരുന്ന അറബ് സൈന്യം അവരെ പിന്തുടര്‍ന്നു വന്നിരുന്നു. രൂക്ഷമായ പോരാട്ടത്തിനൊടുവിൽ മസ്കത്ത് പോര്‍ച്ചുഗീസുകാർക്ക് തീര്‍ത്തും കീഴ്പ്പെട്ടു എന്നു തന്നെ പറയാം. മസ്കത്ത് കൊള്ള ചെയ്ത ശേഷം സോഹാറിലെത്തിയ പോര്‍ച്ചുഗീസുകാർ ഒരു വിജനമായ നഗരം പോലെയാണ് ആ പ്രദേശത്തെ കണ്ടത്. പിന്നീട്, ഹോർമൂസ് രാജാവിന് വര്‍ഷം പ്രതി സോഹാർ നല്‍കി വന്നിരുന്ന പണം പോര്‍ച്ചുഗീസുകാർക്ക് നല്‍കിയേക്കാമെന്ന നിബന്ധനയിൽ അൽബുക്കർക്കും സംഖവും അവിടെ നിന്ന് ഖോർഫക്കാനിലേക്ക് പുറപ്പെട്ടു.
ഖോർഫക്കാനെ ആദ്യമായി കണ്ട അൽബുക്കർക്ക് തന്റെ സഞ്ചാര കുറിപ്പില്‍ ഇങ്ങനെ എഴുതി ചേര്‍ത്തു,
"ഒരു വലിയ പർവതത്തിന്റെ അടിവാരത്തിലാണീ പ്രദേശം നിലകൊള്ളുന്നത്. ഇതൊരു വലിയ നഗരമാണ്, വലിയ വീടുകളും. അവിടെ നിറയെ ഓറഞ്ചിന്റേയും നാരങ്ങയുടേയും അത്തിപ്പഴത്തിന്റേയും കൃഷിയിടങ്ങൾ കാണാൻ കഴിയുന്നു. കൂടാതെ, ഈന്തപ്പന കൃഷികളും പച്ചക്കറികളും ധാരാളകണക്കിന് കാണാം, വിളവെടുപ്പിനുശേഷം പാടങ്ങളിൽ ധാരാളം വൈക്കോൽ അവശേഷിച്ചതായി കാണുന്നു. പോർച്ചുഗലിലെ വയലുകളിലേതുപോലെ ധാരാളം സ്ഥലങ്ങളില്‍ ചോളം നട്ടുപിടിപ്പിച്ചിട്ടുണ്ട്. കൂടാതെ, വൈക്കോൽ സൂക്ഷിച്ചിരിക്കുന്ന വിശാലമായ കുതിരലായങ്ങളും അവിടെയുണ്ട്. മത്സ്യബന്ധനത്തിനായി ധാരാളം ചെറു കപ്പലുകളും അവർ ഉപയോഗിച്ച് വരുന്നു. ഇന്ത്യയില്‍ നിന്നെത്തിയ ധാരാളകണക്കിന് ഗുജറാത്തി വ്യാപാരികളെ പ്രദേശത്തുടനീളം കാണാൻ കഴിയുന്നു..."
1507 മുതൽ തന്നെ ശക്തമായ കര-കടൽ യുദ്ധങ്ങൾ പ്രദേശത്ത് നടന്നു വന്നു. അതോടു കൂടി അക്കാലം വരെ മേഖലയിലുണ്ടായിരുന്ന സമാധാനം തീര്‍ത്തും ഇല്ലാതായി എന്ന് പറയാം. പീരങ്കി ഉപയോഗിച്ചായിരുന്നു പോര്‍ച്ചുഗീസ് പട്ടാളത്തിന്റെ ആക്രമണങ്ങൾ പലതുമെങ്കിലും ഖോർഫക്കാൻ സ്വദേശികൾ അവര്‍ക്കെതിരിൽ ശക്തമായ പോരാട്ടം തന്നെ കാഴ്ച്ച വെച്ചു. എന്നാൽ, പ്രതിഷേധിച്ചവരെ അതിക്രൂരമായാണ് അവർ നേരിട്ടത്. അവരുടെ കുടുംബാംഗങ്ങളെ വരെ പറങ്കികൾ നിഷ്കരുണം വദിച്ചു. കൈകാലുകൾ തല്ലിയൊടിച്ച് ജീവിച്ചവമാക്കുക, ചെവിയും മൂക്കും കഷ്ണിക്കുക, മുസ്ലീം ആരാധന സ്ഥാനങ്ങളെ മലിനപ്പെടുത്തുക തുടങ്ങി അക്കാലത്ത് മലബാറില്‍ അവർ ചെയതുവന്ന എല്ലാ ക്രൂരതകളും അവർ ഖോർഫക്കാനിലും നടപ്പിൽ വരുത്തി. പോര്‍ച്ചുഗീസ് ഭരണകാലത്തെ ഈ ക്രൂരതകളെ സംബന്ധിച്ച് വിശദമായി പ്രതിപാദിക്കുന്ന പുസ്തകമാണ് ഡോ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ 'അല്‍ ഹിഖ്ദുദ്ദഫീന്‍' അഥവാ പകയുടെ രോഷാഗ്‌നി എന്ന ഗ്രന്ഥം. പോര്‍ച്ചുഗീസ് അധിനിവേശത്തിന്റെ മനുഷ്യത്വരഹിതമായ പടനീക്കങ്ങളുടെ ചരിത്രമാണ് ഈ ചെറുപുസ്തകത്തിലുടനീളം കാണാൻ സാധിക്കുക. കുരിശുയുദ്ധങ്ങളില്‍നിന്ന് പാരമ്പര്യമായി ലഭിച്ച ഇസ്‌ലാം വിരോധം മനസ്സില്‍ പേറി പൗരസ്ത്യ നാടുകളിലേക്ക് പ്രയാണം ചെയ്ത അല്‍ബുക്കര്‍ക്ക് മുസ്‌ലിം നാടുകളില്‍ നടത്തിയ മൃഗീയ വിനോദങ്ങളുടെ സൂചനകള്‍ ഈ ഗ്രന്ഥത്തില്‍ ഡോ സുല്‍ത്താന്‍ അനാവരണം ചെയ്യുന്നു. ഖോർഫക്കാനിൽ എത്തിച്ചേര്‍ന്ന പോര്‍ച്ചുഗീസുകരുടെ ആദ്യ നാളുകളെ കുറിച്ച് അതിൽ പറയുന്നത് കാണുക,
"സോഹാറിൽ രണ്ട് ദിവസം താമസിച്ച ശേഷം അൽബുക്കർക്ക് ഖോർഫക്കാനിലേക്ക് തിരിച്ചു. അവിടെ എത്തിയ അദ്ദേഹത്തിന് നാട്ടുകാരില്‍ നിന്നും ശക്തമായ ചേര്‍ത്തു നില്‍പ്പാണ് നേരിടേണ്ടി വന്നത്. പിന്നീട് നാട്ടുകാർ നഗരത്തിന്റെ പിറകിലുള്ള പർവ്വതങ്ങളിലേക്ക് പിന്‍വലിഞ്ഞു. ഏതാനും പേർ രക്തസാക്ഷികളായെങ്കിലും അവർ വീണ്ടും പോര്‍ച്ചുഗീസുകാരെ ആക്രമിച്ചു. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ ഇരുപതിൽപരം ആളുകളെ അൽബുക്കർക്ക് ബന്ദികളാക്കി. ചെറുത്ത് നില്‍പ്പുകാരെ ഭീതിപ്പെടുത്താൻ എല്ലാ ദിവസവും നാട്ടുകാരില്‍ ഒരാളെ കൊണ്ടുവന്ന് കൊലപ്പെടുത്തുക പതിവായിരുന്നു. തുടർച്ചയായി മൂന്ന് ദിവസം ബന്ദികളിൽ ഒരാളെ വീതം താന്‍ കൊല ചെയ്യും എന്ന് അദ്ദേഹം അവരെ ഭയപ്പെടുത്തി. എന്നാൽ ബന്ധനസ്ഥരായ തങ്ങളുടെ ബന്ധുക്കള്‍ വധിക്കപ്പെടുന്നത് അവർ ഒട്ടും ഭയന്നിരുന്നില്ല. ഖോർഫക്കാൻ പിടിച്ചടക്കി മൂന്ന് ദിവസത്തിന് ശേഷം പോര്‍ച്ചുഗീസ് സേന ഹോർമൂസ് ദ്വീപിലേക്ക് പോയി. 1507 സെപ്തംബറിലായിരുന്നു അത്... "
ധാരാളകണക്കിന് കരിമ്പാറകൾ നിറഞ്ഞ കടൽതീര പ്രദേശമായതിനാൽ തന്നെ അറേബ്യയിലെ മറ്റ് പ്രദേശങ്ങളെ പോലെ കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്ന പ്രദേശത്തു നിന്നും കുടിവെള്ളം ഉള്‍പ്പെടെയുള്ളവ വന്‍തോതില്‍ കൊള്ളയടിച്ച ശേഷം കണ്ണില്‍ കണ്ടതെല്ലാം ചുട്ടെരിച്ചാണ് അൽബുക്കർക്ക് തന്റെ ഇന്ത്യ യാത്രക്കായി പുറപ്പെടുന്നത്. വാസ്കോഡഗാമ, പെഡ്രോ അൽവാരസ് കബ്രാൾ എന്നിവർക്ക് ശേഷം ഇന്ത്യയിലേക്ക് നിയോഗിക്കപ്പെട്ട അവരുടെ ആദ്യ വൈസ്രോയിയായ ഫ്രാന്‍സിസ്കോ ഡി അൽമേഡക്ക് ശേഷമാണ് രണ്ടാം വൈസ്രോയിയായി അഫോൺസോ ഡി അൽബുക്കർക്ക് നിയോഗിക്കപ്പെടുന്നത്. 1509ൽ കേരളക്കരയിൽ എത്തിചേർന്നതോടു കൂടി അതിഭീകരമായ അടിച്ചമര്‍ത്തലിലൂടെ ഇന്ത്യയിലൊരു ശക്തമായ പോര്‍ച്ചുഗീസ് സാമ്രാജ്യം അയാൾ സ്ഥാപിക്കുകയും അവിടെ ഔദ്യോഗികമായി കോളനി വല്‍ക്കരണത്തിന് തുടക്കം കുറിക്കുകയും ചെയ്തു എന്ന് പറയാം.
പിന്നീട്, ഗാസ്‌പർ പെരേര ലെയ്‌റ്റിന്റെ നിർദ്ദേശ പ്രകാരം 1620ലാണ് ഖോർഫക്കാനിലെ ആദ്യ പോർച്ചുഗീസ് കോട്ടയുടെ നിർമ്മാണം നടക്കുന്നത്. അതോടു കൂടി ഖോർഫക്കാനിലെ പോര്‍ച്ചുഗീസ് അധിനിവേശം കൂടുതൽ ശക്തമായി എന്ന് പറയാം. 'ഇന്ത്യൻ സംസ്ഥാനങ്ങളിലെ കോട്ടകളുടെ പുസ്തകം' എന്ന ഗ്രന്ഥത്തില്‍ പറങ്കികൾ നിര്‍മ്മിച്ച ഈ കോട്ടയുടെ രൂപഭാവങ്ങളെ കുറിച്ച് പറയുന്നുണ്ട്. അത് ത്രികോണാകൃതിയിലുള്ളതും ഓരോ മൂലകളിലും മൂന്ന് വീതം ത്രികോണ കൊത്തളങ്ങളുള്ളതുമാണന്ന് കാണുന്നു. കൂടാതെ, മധ്യഭാഗത്ത് വൃത്താകൃതിയിലുള്ള ഒരു വലിയ നിരീക്ഷണ ഗോപുരവും കോട്ടക്കുള്ളിൽ പീരങ്കികളൊന്നും ഉണ്ടായിരുന്നില്ല എന്നും അതിൽ സൂചിപ്പിക്കുന്നുണ്ട്. ക്യാപ്റ്റന്റെ ചുമതലകൾ വഹിക്കുന്ന 'മുഖദ്ദാം' എന്നൊരു അധികാര സ്ഥാനത്തിന് കീഴിൽ പ്രദേശവാസികളിൽ നിന്നടക്കം റിക്രൂട്ട് ചെയ്യപ്പെട്ട മുപ്പതോളം സൈനികരുൾപ്പെട്ടൊരു ബറ്റാലിയൻ സദാ അവിടെ കാവലുണ്ടായിരുന്നു എന്നും അതിൽ പറയുന്നു. ഒമാന്‍ കടലിലെ ഏറ്റവും മികച്ച തുറമുഖമായി അറിയപ്പെടുന്ന ഖോർഫക്കാനിൽ അതിന് ചേര്‍ന്ന് വിധം തന്നെ ഏറ്റവും ശക്തമായ കോട്ടയായി പിന്നീടതിനെ പോര്‍ച്ചുഗീസുകാർ വിപുലീകരിച്ചു. പിന്നീട്, ദിബ്ബ, കൽബ, ബിദ്-യ തുടങ്ങിയ തുടങ്ങിയ സ്ഥലങ്ങളിലും തങ്ങളുടെ ആധിപത്യം നിലനിര്‍ത്താന്‍ ഉദ്ദേശിച്ച് അവർ കോട്ടകള്‍ പണിതു.
കടൽ വ്യാപാരത്തില്‍ മുഴുകി വന്നിരുന്ന അറബികള്‍ക്കിടയിലേക്കുള്ള പോര്‍ച്ചുഗീസ് കടന്നുവരവ് പ്രദേശത്തെ ചെറിയ രീതിയിലൊന്നുമല്ല വീര്‍പ്പു മുട്ടിച്ചത്. അവർ പ്രദേശത്തിന്റെ കടൽ വ്യപാരപാതകളെ അറബികളില്‍ നിന്നും തട്ടിയെടുത്തു. അവർ അനുവദിക്കുന്ന 'ഖുർത്താസി' എന്ന കടൽ വ്യപാരപത്രം കൈയിലുള്ളവർക്കല്ലാതെ മറ്റാര്‍ക്കും കടൽ വ്യപാരത്തിനുള്ള അനുമതി ലഭിക്കുകയില്ല എന്ന് വന്നു. ജീവിതം ദുസ്സഹമായി.
പതിനഞ്ചാം നൂറ്റാണ്ടു കൂടിയാണ് ഷാർജ കേന്ദ്രീകരിച്ചുള്ള ഖുവാസിം കുടുംബ ഭരണം പ്രദേശത്ത് തുടക്കം കുറിക്കുന്നത്. പ്രവാചക കുടുംബമായ ഹാഷിമികളുമായി കുടുംബ ബന്ധം കാത്തു സൂക്ഷിക്കുന്ന ഖവാസിമുകൾ ഇറാഖിലെ ബസ്രയില്‍ നിന്നാണ് ഇന്നത്തെ Uaeയിലേക്ക് എത്തിച്ചേരുന്നത് എന്ന് പറയാം. ബസ്രയിലെ ഗോത്രപോരുകള്‍ക്കിടയില്‍ ജീവിതം ദുസ്സഹമായ സാഹചര്യത്തിലാണ് പേര്‍ഷ്യ ലക്ഷ്യമാക്കിയുള്ള അവരുടെ സഞ്ചാരം തുടക്കം കുറിക്കുന്നതും അവരിലെ ഒരു വിഭാഗം ഇന്നത്തെ റാസല്‍ഖൈമയുടെ ഭാഗമായ ജൽഫാറിൽ തുടരുകയും ചെയ്യുന്നത്. അവർ പിന്നീട് റാസല്‍ഖൈമയുടേയും ഷാർജയുടേയും ഭരണാധികാരത്തിലേക്ക് ഉയർന്ന് വന്നു. 1650കളിൽ ഒമാനിലെ യറൂബ വിഭാഗവുമായി അവരുണ്ടാക്കിയ കരാർ പ്രകാരം പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരെ സംയുക്തമായി കരുക്കൾ നീക്കിയതിന്റെ ഫലമാണ് 1650ഓടുകൂടി പോര്‍ച്ചുഗീസുകാരെ പ്രദേശത്ത് നിന്നും പൂർണ്ണമായും തുടച്ചു നീക്കാൻ സാധിച്ചത് എന്ന് പറയാം. അതോടെ, കൃത്യം 143 വര്‍ഷക്കാലത്തെ പോര്‍ച്ചുഗീസ് അധിനിവേശത്തിന് പ്രദേശത്ത് അന്ത്യമായി.
1666 കാലത്ത് ഖോർഫക്കാൻ സന്ദര്‍ശിച്ച ഡച്ച് കപ്പലായ മീർകത്തിന്റെ ലോഗ് ബൈക്കിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു,
“ഗോർഫകാൻ ഒരു ചെറിയ ഉൾക്കടലിലെ വിശാലമായ സ്ഥലമാണ്, അതിൽ തീരത്തോടടുത്ത് ഈന്തപ്പഴ ശാഖകളാൽ നിർമ്മിച്ചെടുത്ത ഇരുനൂറോളം ചെറിയ വീടുകൾ കാണാൻ കഴിയും. അതിന്റെ വടക്കു ഭാഗത്താണ് ത്രികോണാകൃതിയിലുള്ള പോർച്ചുഗീസ് കോട്ട സ്ഥിതി ചെയ്യുന്നത്. അതിന്റെ വിജനമായ അവശിഷ്ടങ്ങൾ ഇപ്പോഴും അവിടെ കാണാൻ സാധിക്കും. കൂടാതെ, ഉൾക്കടലിന്റെ തെക്കൻ തീരത്തെ കുന്നിൻ മുകളിൽ മറ്റൊരു കോട്ടയുടെ അവശിഷ്ടവും കാണാം. ഈന്തപ്പനകൾക്ക് പുറമേ അത്തിമരം, തണ്ണിമത്തൻ, മൈലാഞ്ചി എന്നിവയും പ്രദേശത്ത് വ്യാപകമായി കൃഷി ചെയത് വരുന്നുണ്ട്. ജലസേചനത്തിനായി ഉപയോഗിക്കുന്ന ശുദ്ധജല കിണറുകളും അനേകം അവിടെ കാണാൻ കഴിയുന്നു..."
ക്രിസ്താബ്ദം 1509ഓട് കൂടിയാണ് അല്‍ബുക്കർക്ക് കോഴിക്കോട് കപ്പലിറങ്ങിയത് എന്ന് നാം നേരത്തെ പറഞ്ഞു കഴിഞ്ഞു. തന്റെ മുന്‍ഗാമികളുടെ കാലത്ത് പ്രദേശത്ത് നിന്നും ഏറ്റ ശക്തമായ പ്രതിരോധത്തിന് തിരിച്ചടി നൽകാൻ കൂടി ഉദ്ദേശിച്ചാണ് അൽബുക്കർക്കിന്റെ ആ കപ്പലിറക്കം എന്ന് പറയാം. കൂടാതെ, ഖോർഫക്കാനിൽ നിന്നേറ്റ പ്രതിരോധത്തിന്റെ മുറിവും അയാളെ ഒരു ക്രൂരമൃഗമാക്കിയിരുന്നു. കണ്ണില്‍ കണ്ടതല്ലാം നശിപ്പിച്ചു കൊണ്ടയാൾ തന്റെ പടയോട്ടം പ്രദേശത്ത് വ്യാപിപ്പിച്ചു. അതിന്റെ ഭാഗമായാണ് 1510 ജനുവരി മൂന്ന് റമദാൻ 22ന് കല്ലായിപ്പുഴ കടന്ന് കോഴിക്കോട് പട്ടണത്തിലേക്കയാൾ പ്രവേശിക്കുന്നതും മിശ്കാല്‍ പള്ളിക്ക് തീവെക്കുകയും ചെയ്യുന്നത്. മുസ്‌ലിംകളെ പ്രകോപിപ്പിക്കുകയായിരുന്നു ലക്ഷ്യം. തുടര്‍ന്ന് നടന്ന സംഘട്ടനത്തില്‍ അഞ്ഞൂറോളം മുസ്‌ലിം-നായര്‍ പടയാളികളാണ് പോര്‍ച്ചുഗീസുകാര്‍ക്കെതിരെ നേർക്കുനേർ പോരാടി ധീരരക്തസാക്ഷികളായത്. ഇത് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം തന്റെ തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന ചരിത്ര ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അനേകം നിലയിലുളള പള്ളിക്കു തീവെപ്പില്‍ കാര്യമായ കേടുപാടുകള്‍ സംഭവിച്ചു എന്ന് പറയാം. മിഹ്‌റാബ് (നിസ്‌കാരത്തിന് നേതൃത്വം നല്‍കുന്ന സ്ഥലം) അടക്കം പള്ളിയുടെ വലിയൊരു ഭാഗം കത്തിനശിപ്പിച്ചിരുന്നതായി ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തിന്റെ ആ മായാത്ത അടയാളങ്ങള്‍ ഇപ്പോഴും പള്ളിയുടെ മുകള്‍നിലയിൽ കാണാൻ സാധിക്കും. ചാലിയം യുദ്ധത്തിൽ ചാലിയം കോട്ട തകർത്തതിൻെറ മരങ്ങളും മറ്റവശിഷ്ടങ്ങള്‍ കൊണ്ടുമാണ് പിന്നീട് പള്ളി പുതുക്കി പണിയുന്നത്.
ലോകത്തിന്റെ ഏത് കോണിലായാലും അധിനിവേശം മൂലമോ മറ്റേതൊരു കാരണങ്ങൾ കൊണ്ടും ജീവിതം ദുസ്സഹമായി മാറിയാല്‍ സുരക്ഷയും സമാധാനവും ലഭ്യമാകുന്ന ഇടങ്ങളിലേക്ക് ജീവിതത്തെ മാറ്റി സ്ഥാപിക്കുന്നത് ജനതകളിൽ കണ്ടുവരുന്നൊരു പൊതു സവിശേഷതയാണ് എന്ന് ചൂണ്ടിക്കാണിക്കാനാണ് ഖോർഫക്കാന്റെ ചരിത്രം ഇത്രയും വിശദമായി ഇവിടെ പ്രതിപാദിച്ചത്. ഒരുപക്ഷേ, കടൽ കടന്നെത്തുന്ന അധിനിവേശകരുടെ അദ്യ ആഗമനസ്ഥലം തീരപ്രദേശങ്ങളാണ് എന്നതിനാല്‍ അവിടെ പാർത്ത് വരുന്ന ജനങ്ങളാണ് അവരുടെ പ്രഥമ ഇരകളായി മാറുന്നത് എന്ന് ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയും. 1507ൽ അൽബുക്കർക്കിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ച പോര്‍ച്ചുഗീസ് അധിനിവേശ വഴിത്താരകൾ മാത്രം നോക്കുക. ഇന്നത്തെ ഒമാന്‍ രാജ്യത്തിന്റെ യമൻ ഭാഗത്തിന് സമീപം സ്ഥിതിചെയ്യുന്ന തീരനഗരമായ സഖ്ത്തറിൽ നിന്ന് തുടങ്ങി കടൽകരയിലൂടെ നേരെ കിഴക്കോട്ട് നീങ്ങി ഓരോ നഗരവും പിടിച്ചടക്കി ഒടുവിലാണ് അയാൾ ഖോർഫക്കാനിൽ എത്തിച്ചേരുന്നത്. അവിടെ നിന്നും അതേ കടലിന്റെ മറ്റൊരു തീരത്തെ കോഴിക്കോട്ടേക്കും അയാൾ അതിക്രമിച്ചു കയറി എന്ന് വരുമ്പോൾ അൽബുക്കർക്കിന്റെ നേതൃത്വത്തിൽ നടന്ന നീണ്ട അധിനിവേശ ബെല്‍റ്റിന്റെ ഏറ്റവും ഒടുവിലത്തെ കണ്ണിയാണ് കോഴിക്കോട് എന്ന് പറയാം.
അധിനിവേഷകർ മൂലം നീതി നിഷേധിക്കപ്പെടുകയും നിര്‍ഭയമായി തൊഴിൽ ചെയ്യുന്നതുൾപ്പെടെയുള്ള ജീവിത സാഹചര്യങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്യുമ്പോഴാണ് അവരുടെ സ്വാഭാവികമായ പ്രതികരണങ്ങളുണ്ടാവുകയും അത് വലിയ സമരങ്ങളായി രൂപാന്തരപ്പെടുകയും ചെയ്യുന്നത്. അത് ജനതയെ ചിന്നഭിന്നമാക്കുകയും അവരെ അന്യനാടുകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യുന്നത് മൂലം പുതിയ പുതിയ പട്ടണങ്ങൾ ഉള്‍പ്പടെയുള്ള അതിവാസ പ്രദേശങ്ങളും രൂപപ്പെടുന്നു. മതപരമായ വീക്ഷണ കോണിലൂടെ നോക്കിയാല്‍ ഹിജ്റയെ ഒരു വലിയ പുണ്യകര്‍മ്മമായി കാണുമ്പോൾ തന്നെ സ്വഗൃഹത്തില്‍ നിന്നും ആട്ടിയോടിക്കുന്നവരോട് യുദ്ധം ചെയ്യാനും അത് കല്‍പ്പിക്കുന്നുണ്ട്. എന്നാൽ, അതിന്റെ പ്രഥമ പരിഗണനയെ വിവേകപൂർവ്വം കണ്ടത്താനാണ് അത് വിശ്വാസികളോട് നിര്‍ദ്ദേശിക്കുന്നത്. അതിനുള്ള ഉദാഹരണമാണ് ഞാന്‍ നേരത്തെ പറഞ്ഞ മക്ക ചരിത്രം നമ്മോട് പറയുന്നത് എന്ന് പറയാം. എന്നിരുന്നാലും, ഖോർഫക്കാൻ തീരത്തിന്റെ ഉള്‍പ്രദേശങ്ങളായ ദൈദ്, മസാഫി തുടങ്ങിയ ഗ്രാമങ്ങളും മലബാറിലെ എണ്ണിയാലൊടുങ്ങാത്ത ഉൾഗ്രാമങ്ങളും മേല്‍ ചരിത്രത്തിന്റെ ഭാഗമാകുന്നത് അതുവഴിയാണ്. ഒരുപക്ഷേ, മലബാറിനേയും ഖോർഫക്കാനേയും ആ ഒരു സമാനതയുടെ നൂലുകൊണ്ട് ബന്ദിക്കുമ്പോൾ തന്നെ അതിന്റെ ഒരു ഉത്പന്നമെന്ന നിലയില്‍ ചുങ്കം പ്രദേശത്തിന്റെ ചരിത്രവും അതോടൊപ്പം ചേര്‍ത്ത് വായിക്കാൻ സാധിക്കുന്നു എന്ന് പറയാം.
അവലംബം-
1- കേരള മുസ്‌ലിം പോരാട്ടത്തിന്റെ ചരിത്രം- പ്രൊഫ കെ എം ബഹാവുദ്ദീന്‍
2- കേരള മുസ്‌ലിം അധിനിവേശവിരുദ്ധ ചരിത്രം ഒരു തിരിഞ്ഞുനോട്ടം- ബഷീര്‍ തൃപ്പനച്ചി
3- തുഹ്ഫത്തുല്‍ മുജാഹിദീന്‍- സൈനുദ്ദീന്‍ മഖ്ദും
4- ഹിസ്റ്ററി കോൺഫറൻസ് പ്രബന്ധ സമാഹാരങ്ങൾ
5- മാപ്പിള സമുദായം ചരിത്രം സംസ്കാരം- ടി മുഹമ്മദ്
6- മലബാര്‍ മാന്വല്‍- ലോഗന്‍
7- www.maliha.ae
8- Al hisn sharjah museum
9- Southeast asia a historical encyclopedia
10- സുപ്രഭാതം പത്രം- 04/05/2021
11- തേജസ് പത്രം
12- സിറാജ് പത്രം
13- പ്രബോധനം വാരിക 26/07/2013
14- പോര്‍ച്ചുഗീസ് കോട്ട- ഖോർഫക്കാൻ
15- Hisn khorfakkan museum
16- film Khorfakkan. Direct by Ben Mole, Maurice Sweeney
17- പകയുടെ രോക്ഷാഗ്നി- ഡോ സുല്‍ത്താന്‍
കൊണ്ടോട്ടിയുടെ കടന്നു വരവും ശാന്തപുരം മഹല്ല് രൂപീകരണവും
1988ലാണ് കരിപ്പുരിൽ ഒരു അന്താരാഷ്ട്ര വിമാനത്താവളം വരുന്നത്. ആത്മീയവും ചിന്താപരവുമായി വികസിച്ച മലബാര്‍ ജനതയുടെ ലോക സാംസ്‌ക്കാരങ്ങളിലേക്കുള്ള കവാടമായിരുന്നു അതെന്ന് നിസ്സംശയം പറയാൻ കഴിയും. വിമാനത്താവളത്തിന്റെ ആഗമനത്തോട് കൂടിയാണ് സമീപത്തെ ഏറ്റവും വലിയ പട്ടണമായ കൊണ്ടോട്ടിക്ക് പുതിയൊരു മുഖം കൈവന്നതെങ്കിലും ആ കാലത്തിന് മുമ്പും കൊണ്ടോട്ടി സാംസ്കാരിക സമ്പന്നമായിരുന്നു. ചിന്താധാരകള്‍ പലതും കടന്നു വന്ന് ഫലഭൂയിഷ്‌ഠമാവപ്പെട്ട ഈ മണ്ണില്‍ മായാത്ത മുദ്രകളാണതൊക്കെയും ചെലുത്തി കടന്ന് പോയത്. ചിലതൊക്കെ കാലത്തിന്റെ കുത്തൊഴുക്കിൽ വഴുതി നീങ്ങിയെങ്കിലും ചിലതൊക്കെ ഇന്നും ആ നാട്ടില്‍ അവശേഷിക്കുന്നു.
കടലും പുഴകളുമില്ലാത്ത ഈ പ്രദേശത്ത് ജനവാസം തുടങ്ങിയത് ഏത് കാലഘട്ടം മുതലാണന്ന് കൃത്യമായി പറയുക വയ്യ. എങ്കിലും, പാഴ്നിലങ്ങള്‍ ഇളക്കി മറിച്ച് കൃഷിയോഗ്യമാക്കാം എന്ന ചിന്ത രൂപപ്പെട്ടു വരുന്ന കാലത്തു തന്നെ കൊണ്ടോട്ടി സജീവമായിരുന്നു. അതുവഴിയാണ് ചൂഷകരായ നാടുവാഴികള്‍ ഇവിടം കീഴടക്കുന്നതും അവർ കര്‍ഷകരായ പാവങ്ങളെ ചൂഷണം ചെയ്യാൻ ആരംഭിക്കുകയും ചെയ്യുന്നത്. അതുവഴി ഏറനാടിന്റെ പുരാതന ചരിത്രത്തിൽ കൊണ്ടോട്ടിക്കാർക്ക് വലിയ സ്ഥാനമുണ്ടായി തീര്‍ന്നു എന്ന് പറയാം. ആദിമചേര കാലഘട്ടം മുതൽ തുടങ്ങി നെടിയിരുപ്പ് സ്വരൂപത്തിന്റെ തുടക്കം കാലം വരെ അത് നീണ്ടു നില്‍ക്കുന്നു. നെടിയിരുപ്പ് സ്വരൂപവുമായി ബന്ധപ്പെട്ട ഫ്യൂഡല്‍ സാംസ്‌കാരിക പാരമ്പര്യം ഇവിടെയാണ് ഉറവയെടുത്തത്. ഇതാകട്ടെ ശക്തമായ ആദിവാസി ഗോത്ര സമൃദ്ധിയില്‍ നിന്നും ശക്തി നേടിയതായിരുന്നു. ഇതിനിടയിലേക്കാണ് ആറാം നൂറ്റാണ്ടോട് കൂടി പൊന്നാനി മഖ്‌ദൂമികളിലൂടെ സെമിറ്റിക് മതപാരമ്പര്യവും ഈ നാട്ടിലേക്ക് വന്നു ചേരുന്നത്. പിന്നീട് ഇന്റോ അറേബ്യന്‍ സമന്വയ ചിന്താധാരയുടെ ഫലമയ സൂഫിസവുമായി ബന്ധമുള്ള പേര്‍ഷ്യന്‍ സാംസ്‌കാരികതയും ഈ നാടുമായി ഇഴുകിചേരുകയുമുണ്ടായി. മഖ്ദൂമി പാരമ്പര്യവും മേല്‍ സൂഫിസ ചിന്താധാരയും തമ്മിലുള്ള ആശയ സംവാദത്തിന്റെ ഉത്പന്നമാണ് ഒരു കാലഘട്ടത്തില്‍ മലബാര്‍ പ്രദേശങ്ങളിൽ അലയടിച്ചുയർന്ന കൊണ്ടോട്ടി കൈയും പൊന്നാനി കൈയും എന്ന് പറയാം.
ഈ ആശയ സംഘട്ടനത്തിന്റെ നാളുകളില്‍ സജീവമായിരുന്നൊരിടമാണ് ചുങ്കവും അതിന്റെ ചുറ്റുവട്ട പ്രദേശങ്ങളും. കൈ വിവാദ നാളുകൾ ഈ നാടിനെ സംബന്ധിച്ച് അതിന്റെ പ്രധാനപ്പെട്ടൊരു നാഴികക്കല്ലാണന്ന് പറയുന്നതാകും കൂടുതൽ അഭികാമ്യം. ഈയൊരു വസ്തുതയിൽ നിന്നാണ് കൊണ്ടോട്ടി ചരിത്രവും ഈ ഭാഗത്ത് എഴുതി ചേര്‍ക്കാനുണ്ടായ സാഹചര്യം.
പ്രാദേശികമായി ഉല്‍പാദിപ്പിക്കപ്പെടുന്ന കാര്‍ഷിക വിളകള്‍ കൂട്ടമായി ശേഖരിച്ചു സൂക്ഷിക്കാന്‍ ഓരോ പ്രദേശത്തേയും കൃഷിയിടങ്ങൾക്ക് സമീപം പാണ്ടികശാലകൾ അഥവാ, വിള സംഭരണ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു പുരാതന കേരളത്തിൽ. കേരള തീരം ലക്ഷ്യം വെച്ച് കപ്പലേറി വരുന്ന അറബികളായിരുന്നു ഈ മലഞ്ചരക്കുകളുടെ പ്രധാന ഉപഭോക്താക്കള്‍. സത്യസന്ധതയും ഉയർന്ന വിലയും ഉള്‍പ്പെടെയുള്ള കച്ചവട മര്യാദകൾ വലിയ അളവില്‍ പാലിക്കപ്പെട്ടിരുന്ന അറബികളുമായുള്ള ഇടപാടുകളില്‍ കച്ചവട ചരക്കുകൾ മാത്രമല്ല അവരുടെ മതവിശ്വസവും വിപണനം ചെയ്യപ്പെട്ടു എന്ന് മുന്‍ അധ്യായങ്ങളിൽ നാം ചർച്ച ചെയ്തു. യാഥാര്‍ത്ഥത്തിൽ കൊണ്ടോട്ടിയിൽ നിലവിലുണ്ടായിരുന്ന ഇത്തരമൊരു പാണ്ടികശാലയുടെ പരിസരത്തു നിന്നാണ് പ്രദേശത്തെ ഇസ്ലാമിക വ്യാപനത്തിന് അടിത്തറയാകുന്നത് എന്ന് പറയാം. കാലാന്തരത്തില്‍ വര്‍ധിച്ചു വന്ന കൊണ്ടോട്ടിയിലേയും സമീപ പ്രദേശങ്ങളിലേയും മുസ്ലീം സമാജത്തിന് മതപരമായ നേതൃത്വം വഹിച്ചിരുന്നത് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്നിരുന്ന ചാലിയം ഖാളിമാരായിരുന്നു. പൊന്നാനി മഖ്ദൂമികളുടെ ആശയ പ്രചാരകരായ ചാലിയം ഖാളിമാർ ഇസ്ലാമിനെ കേവലം അനുഷ്ഠാന മതമായല്ല മറിച്ച്, ജീവിതത്തിന്റെ സമസ്ത മേഖലകളേയും തൊട്ട് തലോടി നീങ്ങുന്നൊരു വിമോചന സിദ്ധാന്തമായിട്ടു കൂടിയാണ് കണ്ടുവന്നിരുന്നത്.
ചേപ്പിലകുന്നിന്റെ താഴ്‌വരയിൽ തലയൂർ മൂസ്സത്ത് നല്‍കിയ സ്ഥലത്ത് ഏറനാട്ടിലെ ആറാമത്തെ ജുമുഅത്ത് പള്ളിയായ പഴയങ്ങാടി പള്ളി നിർമ്മിച്ചതിനു ശേഷമാണ് പൊന്നാനി മഖ്ദൂം നാലാമന്റെ നേതൃത്വത്തിൻ കീഴിലേക്ക് പ്രാദേശിക മുസ്ലീം സമൂഹം പൂര്‍ണ്ണമായും മാറ്റപ്പെടുന്നത്. അഞ്ച് നൂറ്റാണ്ടോളം പഴക്കം കണക്കാക്കുന്ന ഈ പള്ളിയുടെ നിര്‍മ്മാണത്തെ കുറിച്ച് പ്രാദേശികമായി പറയുന്ന കഥ പ്രസ്താവ്യമാണ്. പള്ളി നിർമ്മാണം നടക്കുന്നതിന് മുന്നേ വെള്ളിയാഴ്ച്ച ജുമക്കായി പ്രദേശവാസികൾ തിരൂരങ്ങാടിയിലെ മമ്പുറം വലിയ പള്ളിയിലേക്കാണത്രെ പോയിരുന്നത്. ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന ആ യാത്രയുടെ ക്ലേശം കണക്കാക്കിയാണ് സ്വന്തമായി ഒരു പള്ളി എന്ന ആശയം അവരിലുദിക്കുന്നതും പള്ളി നിര്‍മാണത്തിലേക്കവർ പ്രവേശിക്കുകയും ചെയ്യുന്നത്. അതല്ല, തിരൂരങ്ങാടിക്കാരുടെ ഇതു സംബന്ധിയായ എന്തോ കളിയാക്കൽ മൂലമാണങ്ങനെ ഒരു തീരുമാനം കൈക്കൊണ്ടത് എന്നും പറയപ്പെടുന്നു. എന്നിരുന്നാലും, വിശാലമായ പാട ശേഖരങ്ങളിലേക്ക് തുറക്കുന്ന ചേപ്പില കുന്നിന്റെ താഴ്‌വരയിലെ ഈ പള്ളി പേര്‍ഷ്യന്‍ കലാവിരുതിന്റെ മകുടോദാഹരണമാണന്ന് പറയാതിരിക്കാന്‍ കഴിയില്ല.
പ്രശസ്‌ത ചരിത്രകാരൻ കെ കെ മുഹമ്മദ് അബ്‌ദുല്‍കരീം മാസ്റ്റർ പള്ളിയുടെ ചരിത്രത്തെ കുറിച്ച് പറയുന്നതിങ്ങനെയാണ്,
"പോര്‍ച്ചുഗീസുകാരുടെ ആഗമന കാലത്ത് കൊണ്ടോട്ടിയിലെയും പരിസരത്തെയും മുസ്‌ലിംകള്‍ ജുമുഅക്ക് പോയിരുന്നത് കാല്‍ നടയായി തിരൂരങ്ങാടി പള്ളിയിലേക്കായിരുന്നു. ഒരിക്കല്‍ പള്ളിക്കകത്തെത്തിയപ്പോഴേക്കും ജുമുഅ കഴിഞ്ഞു. തിരൂരങ്ങാടി പള്ളിയിലെ ഖാളി ഇതു കണ്ടു പറഞ്ഞു. 'ഈന്തിന്‍ പട്ടകൊണ്ടെങ്കിലും നിങ്ങള്‍ക്കവിടെ ഒരു പള്ളി പണിതു കൂടെ' എന്ന്. ഖാളിയുടെ ആ ചോദ്യം പ്രദേശത്തൊരു പള്ളി നിര്‍മ്മിക്കുന്നതിനുള്ള പ്രചോദനമാകുകയായിരുന്നു. പള്ളിക്കു വേണ്ടി അന്നത്തെ ധനാഢ്യനായ തലയൂര്‍ മൂസത് പഴയങ്ങാടിയില്‍ സ്‌ഥലം ദാനം ചെയ്‌തു. സ്ഥലം ഖോരവനമായതിനാല്‍ പള്ളി നിര്‍മ്മാണം പ്രയാസമായിരുന്നു. വനം വെട്ടി മാറ്റി വെളുപ്പാക്കാന്‍ മുസ്‌ലിം ധനാഢ്യര്‍ ഒരു തന്ത്രം പ്രയോഗിച്ചു. ജാതിമത ഭേദമന്യേ നാട്ടുകാരെ വിളിച്ചു ചേര്‍ത്ത് അവര്‍ക്കു മുമ്പാകെ കുറെ സ്വര്‍ണ്ണ നാണയങ്ങള്‍ വനത്തിലേക്ക് വലിച്ചെറിഞ്ഞു. സ്വര്‍ണ്ണനാണയങ്ങള്‍ സ്വന്തമാക്കാന്‍ ജനം അരിവാളും വെട്ടു കത്തിയുമായി കാട് വെട്ടിത്തെളിയിച്ചു. ഇതോടെ കൊളത്തൂര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇവിടെ 'കൊണ്ടുവെട്ടി' യായി മാറി. ഇത് ലോപിച്ചാണ് പിന്നീട് പ്രദേശം കൊണ്ടോട്ടി എന്നറിയപ്പെടാൻ തുടങ്ങിയത്..."
പള്ളിയുടെ പുനർനിർമ്മാണ ശേഷം പൊന്നാനിയിലെ മഖ്ദൂം നാലാമനെ ഖാളിയായി നിയമിച്ച ശേഷമാണ് പ്രദേശത്തിന്റെ ചരിത്രത്തിന്റെ അടുത്ത ഒരു ഘട്ടം തുടങ്ങുന്നത് എന്ന് പറയാം. തന്റെ പ്രവര്‍ത്തന മേഖല പൂര്‍ണ്ണമായും കൊണ്ടോട്ടിയുടെ തട്ടകത്തേക്ക് മാറ്റിയ മഖ്ദും, കുടുംബസമേതം അവിടെ താമസം തുടങ്ങുകയും ദീനി കാര്യങ്ങളിൽ മുഴുകുകയും ചെയതു. അദ്ദേഹത്തിന്റെ പരമ്പരയാണ് പിന്നീട് പ്രദേശത്ത് കാലങ്ങളോളം ഖാളി സ്ഥാനം തുടർന്ന് വന്നത്. ഈ ഒരു പരിസ്ഥിതിയിലേക്കാണ് മുംബൈയിലെ കല്യാണില്‍ നിന്നും മുഹമ്മദ് ഷാഹ് തങ്ങൾ പ്രദേശത്തേക്ക് കടന്നു വരുന്നത്.
കൊണ്ടോട്ടി തങ്ങന്മാർ
ശൈഖ് അബ്ദുള്‍ ഖാദര്‍ ജിലാനിയുടെ നാലാമത്തെ മകന്‍ ശൈഖ് അബ്ദുൽ വഹാബ് എന്നിവരുടെ മകനായി ഇറാഖിലെ ബസ്വറയിൽ താമസിച്ചു വന്നിരുന്ന ഇബ്രാഹീമുൽ ഹസ്സന്‍ എന്നവരുടെ മകന്‍ മുഹമ്മദ് ഇസ്മായില്‍ പതിനെട്ടാം നൂറ്റാണ്ടില്‍ മുംബൈയിലെ കല്യാൺ ജില്ലയിലെ കര്‍ദാൻ എന്ന സ്ഥലത്ത് വന്ന് താമസമാക്കി. അദ്ദേഹത്തിന് ഫാത്തിമ എന്നവരിൽ ജനിച്ച മകനാണ് മുഹമ്മദ് സാഹിബ് എന്ന മുഹമ്മദ് ഷാഹ് തങ്ങൾ. ചെറുപ്പത്തിലേ പിതാവ് നഷ്ടപ്പെട്ട മുഹമ്മദ് സാഹിബ് ഉമ്മയുടെയും ഉമ്മയുടെ സഹോദരങ്ങളുടേയും സംരക്ഷണയിലും തണലിലുമാണ് വളര്‍ന്നു വന്നത്. മുംബൈയുടെ സമീപപ്രദേശമായ പൻവേലിയിൽ ഔദ്യോഗിക വിദ്യഭ്യാസത്തിന് തുടക്കം കുറിച്ച മുഹമ്മദ് സാഹിബ് പഠനശേഷം ശൈഖ് ഖറം അലി ഷാഹിന്റെ ഖാദിരി ത്വരീഖത്തിൽ ആകൃഷ്ടനായി അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ച് നാഗ്പൂരിലേക്ക് പോവുകയും അവിടെ താമസമാക്കുകയും ചെയതു. അക്കാലങ്ങളിൽ അദ്ദേഹം നാഗ്പൂരിലെ കൊടും വനാന്തരങ്ങളില്‍ ഐഹിക പരിത്യാഗിയായി ഏകാന്തത ജീവിതമനുഷ്ഠിച്ചിരുന്നു എന്ന് പറയപ്പെടുന്നു. ഗുരുവിന്റെ നിര്യാണത്തെ തുടർന്ന് പഠന കേന്ദ്രത്തിന്റെ പ്രധാന ചുമതലയിലേക്കുയർന്ന് വന്ന മുഹമ്മദ് സാഹിബ് ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാനായി ഹിജാസിലേക്ക് പോവുകയും, അവിടെ നിന്നും പലസ്തീന്‍ സന്ദര്‍ശിക്കാനിറങ്ങിയ വേളയില്‍ ലഭിച്ച എന്തോ ഒരു വെളിപാടിന്റെ അടിസ്ഥാനത്തിൽ മലബാറിലേക്കുള്ള യാത്രക്ക് തുടക്കം കുറിക്കുകയും ചെയ്യുന്നത്. ഒരുപക്ഷേ, മലബാര്‍ മാപ്പിളമാരുടെ ആദിത്യ മര്യാദകളെ കുറിച്ചും അവര്‍ക്കിടയില്‍ ഇസ്ലാമിക മതവിശ്വാസങ്ങൾക്ക് ലഭിച്ചു വരുന്ന സ്വീകാര്യതയെക്കുറിച്ചും ആ കാലയളവില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലിയിരിക്കാം മലബാര്‍ യാത്രക്കായി അദ്ദേഹം തീരുമാനിച്ചുറക്കുന്നത് എന്ന് സ്വാഭാവികമായും അനുമാനിക്കാം.
അതുപ്രകാരം, കോഴിക്കോട്ടെ ചാലിയത്താണ് അദ്ദേഹം ആദ്യമായി എത്തിച്ചേരുന്നത്. അവിടെ നിന്നും കുറ്റിച്ചിറയിലേക്ക് പോയി അല്‍പ്പനാൾ അവിടെ കഴിഞ്ഞ ശേഷം അരീക്കോട്ടേക്ക് നീങ്ങിയ അദ്ദേഹം അവിടെയുള്ളൊരു കുന്നിൻ മുകളിലെ വനപ്രദേശത്ത് താമസം തുടങ്ങിയെങ്കിലും നായാട്ടിനിറങ്ങിയ കോയമ്മു എന്നവര്‍ യാദൃശ്ചികമായി അദ്ദേഹത്തെ കാണാനിടയാവുകയും അയാൾ അദ്ദേഹത്തെ അരീക്കോട് പള്ളിയിലേക്ക് കൂട്ടി കൊണ്ടു പോവുകയും ചെയ്യുന്നതോടെയാണ് മലബാറിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ തുടക്കം കുറിക്കുന്നത് എന്ന് കാണാൻ കഴിയും. അരീക്കോട് അദ്ദേഹം കഴിഞ്ഞു വന്ന മലയാണ് പിന്നീട് ശൈഖ് വന്ന മല എന്ന സൂചന നല്‍കുന്ന ശൈഖ് കുന്ന് അഥവാ, ചേക്കുന്ന് എന്ന പേരിൽ അറിയപ്പെട്ടത്. അരീക്കോട്ട് നിന്നും കൊണ്ടോട്ടിയിലെ കാളോത്തേക്ക് താമസം മാറ്റിയ അദ്ദേഹം അവിടെ തന്റെ ആത്മീയ ജീവിതത്തിനവിടെ തുടക്കം കുറിച്ചു. കൊണ്ടോട്ടിയിലെ ആദ്യ കാലങ്ങളില്‍ പഴങ്ങാടി പള്ളി കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെങ്കിലും പിന്നീട് അവിടെ നിന്നും അല്‍പ്പമകലത്തുള്ള തോട്ടിൻ കരയിൽ വലിയ മാളിയേക്കൽ വീടും തഖിയ്യയും സ്ഥാപിച്ച് പ്രവര്‍ത്തനം തുടങ്ങിയതോടെയാണ് അദ്ദേഹവും പിന്മുറക്കാരും കൊണ്ടോട്ടി തങ്ങന്മാർ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. അതോടു കൂടി കൊണ്ടോട്ടി പ്രദേശത്തിന്റെ മറ്റൊരു ചരിത്രം അവിടെ രൂപം കൊണ്ടു എന്ന് പറയാം.
ഫറൂഖാബാദ് (ഫറോക്ക്) ആസ്ഥാനമായി കൊണ്ടോട്ടി അടക്കമുള്ള മലബാര്‍ പ്രദേശങ്ങള്‍ മൈസൂര്‍ സുല്‍ത്താൻമാർ ഭരിച്ചു വന്നിരുന്ന കാലം മുഹമ്മദ് ഷാഹ് തങ്ങളിൽ ആകൃഷ്ടനായ ടിപ്പു സുല്‍ത്താന്‍ കൊണ്ടോട്ടിയിലെ 554 ഹെക്‌ടര്‍ പ്രദേശത്തിന്റെ ഇനാംദാര്‍ അഥവാ നികുതി പിരിക്കാനുള്ള അവകാശം അദ്ദേഹത്തിന് നല്‍കിയതോടെയാണ് ഒരു ആത്മീയ നേതാവ് എന്ന നിലയില്‍ നിന്നും ഒരധികാരകേന്ദ്രം എന്ന നിലയിലേക്ക് മുഹമ്മദ് ഷാഹ് തങ്ങൾ ഉയർന്ന് വന്നത് എന്ന് കാണാൻ സാധിക്കും. നാമമാത്രമായൊരു ശക്തിയായിരുന്നെങ്കിലും സാമൂതിരിയെ സമ്പൂർണ്ണമായും ഇല്ലാതാക്കിയാണ് ടിപ്പു മലബാറിന്റെ അധികാരം പിടിച്ചെടുത്തത്. മാപ്പിളമാരാണ് സാമൂതിരിയുടെ പ്രധാന ശക്തി എന്ന് മനസ്സിലാക്കിയ ടിപ്പു സാമൂതിരിയുടെ ഒരു തിരിച്ചുവരവ് ഏത് വിധേയനയും തടയാനായി മാപ്പിളമാര്‍ക്കിടയിൽ സ്വീകാര്യരായവരെ തന്റെ ഇഷ്ടക്കാരാക്കുകയോ അവരെ മൈസൂരിന്റെ മേൽക്കൊയ്മക്ക് കീഴിലുള്ള അധികാര കേന്ദ്രങ്ങളാക്കി പരിവര്‍ത്തിപ്പിക്കുകയോ ചെയത് വന്നിരുന്നു. ഇത്തരം രാഷ്ട്രീയ തന്ത്രങ്ങളുടെ അടിസ്ഥാനത്തിലാണ് കണ്ണൂരിലെ അറക്കല്‍ രാജാവംശത്തേയും, കോഴിക്കോട് കുറ്റിച്ചിറയിലെ ശൈഖ് ജിഫ്രി ഉള്‍പ്പടെയുള്ള മാപ്പിളമാര്‍ക്കിടയിൽ സര്‍വ്വസമ്മതരായവരെ ടിപ്പു സുല്‍ത്താന്‍ ഉയർത്തി കൊണ്ടുവരാന്‍ ശ്രമിച്ചത്. അഥവാ, മലബാറിലെ തങ്ങളുടെ അധികാരം കാലാകാലം നിലനിര്‍ത്താന്‍ തങ്ങളോട് കൂറു പുലര്‍ത്തുന്ന അധികാര കേന്ദ്രങ്ങളെ സ്ഥാപിക്കേണ്ടതുണ്ട് എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ബൗദ്ധിക പരിത്യാഗിയായൊരു സൂഫിയായിരുന്നിട്ടും പ്രാദേശികമായി സ്വീകാര്യനായ കൊണ്ടോട്ടി തങ്ങൾക്ക് ഈ അധികാരാവകാശങ്ങൾ മൈസൂര്‍ വകവെച്ചു കൊടുത്തത് എന്ന് ചുരുക്കം.
പി പി മമ്മത് കോയ പരപ്പില്‍ എഴുതിയ കോഴിക്കോട്ടെ മുസ്ലീങ്ങളുടെ ചരിത്രം എന്ന ഗ്രന്ഥത്തിൽ കോഴിക്കോട് ജിഫ്രിയെ ടിപ്പു സുല്‍ത്താൻ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് പറയുന്നത് കാണുക,
"ഹൈദരലിയും ടിപ്പുസുൽത്താനും മലബാറിൽ വന്നിരുന്ന കാലത്ത് ശൈഖ് ജിഫ്‌രിയെ സന്ദർശിച്ചു അനുഗ്രഹങ്ങൾ തേടിയിരുന്നത് ഒരു സുപ്രധാന സംഭവമായിരുന്നു. ടിപ്പു സുല്‍ത്താൻ കോഴിക്കോട്ട് വന്നപ്പോൾ പട്ടണത്തിലെ സൂഫിവര്യനും, ആദരണീയനുമായ ശൈഖ് ജിഫ്‌രിയെ കുറ്റിച്ചിറയിലെ മാളിയേക്കൽ ഭവനത്തിൽ ചെന്ന് സന്ദർശിക്കാൻ അദ്ദേഹം തീരുമാനിച്ചു. ആ വരവോടനുബന്ധിച്ച് ശൈഖ് ജിഫ്രിയുടെ അത്ഭുദ സിദ്ധിക്ക് പ്രത്യക്ഷമായൊരു സംഭവവമുണ്ടായെന്ന് പറയപ്പെടുന്നു. ടിപ്പുസുൽത്താൻ കുറ്റിച്ചിറയിൽ വരുന്ന വിവരമറിഞ്ഞ് കുറ്റിച്ചിറയും പരിസരവും ജനനിബിഡമായി. ജനങ്ങൾ ആകാംക്ഷയോടെ രാവിലെ മുതൽ മൈസൂർ സുൽത്താനേയും കാത്തിരുന്നു. ഏതാണ്ട് ഉച്ചയോടെ അകലെ നിന്ന് കുതിരകളുടെ കുളമ്പടിനാദം കേട്ടു തുടങ്ങി. പരിവാരങ്ങളോ, ഘോഷങ്ങളോ ഇല്ലാതെ കുതിരപ്പുറത്ത് വരുന്ന സാധാരണ പട്ടാളക്കാരുടെ നിര കണ്ട് ജനം നിരാശരായി. സുൽത്താൻ എവിടെ? ജനം പരസ്‌പരം ചോദിച്ചു. കുതിരപ്പുറത്ത് നിന്നിറങ്ങിയ ഒരു ഭടൻ നേരെ ശൈഖ് ജിഫ്രിയുടെ സാന്നിധ്യത്തിലേക്കു പോയി. സലാം ചൊല്ലി. ശൈഖ് മുഖമുയർത്തി സലാം മടക്കി. ഓതിക്കൊണ്ടിരുന്ന കിത്താബ് മടക്കിവെച്ച് കെട്ടിപ്പിടിച്ച് സ്വീകരിച്ചിരുത്തി. എന്താണ് സംഭവിച്ചത്? രാജകീയ വേഷത്തിൽ ശൈഖിന്റെ മുന്നിൽ വരാൻ ബഹുമാനം കൊണ്ട് തോന്നാതിരുന്ന ടിപ്പു സുല്‍ത്താൻ ഒരു സാധാരണ ഭടൻ്റെ വേഷത്തിൽ സാധാരണക്കാരനായിട്ടാണ് ശൈഖിന്റെ മുന്നിലെത്തിച്ചേർന്നിരിക്കുന്നത്. മുൻപരിചയമില്ലാതെ തന്നെ കൂട്ടത്തിൽ നിന്നു തിരിച്ചറിഞ്ഞ് കെട്ടിപ്പിടിച്ച ശൈഖിന്റെ സിദ്ധി ടിപ്പുവിനെ ആശ്ചര്യഭരിതനാക്കി. ടിപ്പുവിനെ തന്റെ അരികിലിരുത്തിയശേഷം രാജ്യകാര്യങ്ങൾ ചോദിച്ചറിയുകയും, ക്ഷേമാന്വേഷണങ്ങൾ നടത്തുകയും ചെയ്‌തു. തന്നെ ഒരു മുരീദായി (ശിഷ്യനായി) സ്വീകരിക്കാൻ ടിപ്പു അദ്ദേഹത്തോടപേക്ഷിച്ചു. പുറത്തെ ജനം ഇതൊന്നും അറിഞ്ഞില്ല. ഏതായാലും ഭടന്റെ വേഷത്തിൽ സുൽത്താൻ വരില്ലല്ലോ, അവർ അങ്ങനെയാണ് കരുതിയത്. പിന്നീട് കാര്യം അറിഞ്ഞതോടെ ടിപ്പുവിനെ ഒരു നോക്ക് കാണാൻ ജനം ശൈഖിന്റെ സന്നിധിയിലേക്ക് ഇരമ്പിക്കയറി..."
കേരളം പിടിച്ചെടുക്കുക ലക്ഷ്യം വെച്ച് ടിപ്പു സുല്‍ത്താൻ നടത്തിയ പടയോട്ടം മലബാറിൽ അരക്കെട്ടുറപ്പിക്കാനായി സ്വദേശികളെ, പ്രത്യേകിച്ചും സ്വദേശി മാപ്പിളമാരുടെ സഹകരണവും പിന്തുണയും ആവശ്യമാണ് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് കൊണ്ടോട്ടി മുഹമ്മദ് ഷാഹിനേയും കോഴിക്കോട് ജിഫ്രിയേയും മൈസൂര്‍ അധികാരികള്‍ ബന്ധപ്പെടുന്നത് എന്ന് പറയാന്‍ കഴിയും. അതേ ഗണത്തിൽ ചേര്‍ത്ത് വായിക്കപ്പെടുന്ന മറ്റൊരു കേന്ദ്രമായിരുന്നു പൊന്നാനി മഖ്ദൂമികൾ. ഒരു നീണ്ട കാലത്തെ അധിനിവേശ ചരിത്രത്തിന്റെ മുന്നണി പോരാളികളും വിശ്രുതമായൊരു വിജ്ഞാന കേന്ദ്രമെന്ന നിലയിലും പ്രശസ്തമായ പൊന്നാനിയുടെ പിന്തുണ മൈസൂരിന്റെ അധികാര നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ് എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് പൊന്നാനി മഖ്ദും കുടുംബവുമായി മൈസൂര്‍ ബന്ധപ്പെടാൻ ശ്രമിക്കുന്നത്. മലബാറില്‍ അറിയപ്പെടുന്ന ഇസ്ലാമിക പണ്ഡിതരും ത്വരീഖത്ത് നേതാക്കളുമായിരുന്ന മഖ്ദൂമികളുമായി ചേര്‍ന്ന് നിൽക്കാൻ അത്തരം പ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്ന സുല്‍ത്താന്മാർക്ക് മറിച്ചൊന്നും ചിന്തിക്കേണ്ടതില്ലായിരുന്നു. എന്നാൽ, മഖ്ദൂമികൾ ചില രാഷ്ട്രീയ കാരണങ്ങൾ ഉയർത്തി പിടിച്ച് മൈസൂരുമായി അകലം പാലിക്കാനാണ് തീരുമാനിച്ചത് എന്ന് ചരിത്രം പറയുന്നത് കാണാം. അവര്‍ക്ക് പുരാതനകാലം മുതലേ സാമൂതിരിയുമായി ഉണ്ടായിരുന്ന ബന്ധവും മൈസൂരിന്റെ ഭൂപരിഷ്കരണ നിയമവുമായിരുന്നു അതിന്റെ പിന്നിലെ പ്രധാനപ്പെട്ട കാരണം. മഖ്ദൂമികൾ പൊന്നാനിയിൽ നടത്തി വന്നിരുന്ന ഒരു ഉന്നത ഇസ്ലാമിക കലാലയത്തിന്റെ നടത്തിപ്പിനായി ടിപ്പു നല്‍കിയ ഭൂസ്വത്തുക്കള്‍ അതിന് പര്യാപ്തമാകാതെ വരികയും, അതേ സമയം കുറേ ഭൂമി വിവിധ ജാതിമതസ്ഥരായ കര്‍ഷകർക്കിടയില്‍ പതിച്ചു നല്‍കുകയും ചെയതതിൽ പ്രതിഷേധിച്ചാണ് മഖ്ദൂമികൾ ടിപ്പുവിനെതിരെ തിരിയുന്നത്. അവർ മൈസൂര്‍ സുല്‍ത്താന്മാരെ അംഗീകരിക്കാൻ മുന്നോട്ട് വന്നില്ല എന്ന് മാത്രമല്ല ഒരു കാലഘട്ടത്തിന്റെ അധിനിവേശ വിരുദ്ധ സമര നേതൃത്വത്തിന്റെ പാരമ്പര്യം പേറുന്ന മഖ്ദുമികൾ അതേ വീക്ഷണ കോണില്‍ തന്നെയാണ് മൈസൂർ ആഗമനത്തേയും കാണാൻ ശ്രമിച്ചത്. എന്നാൽ, പൊന്നാനി ഖാളി സ്ഥാനത്ത് നിന്നും മഖ്ദൂമികളെ നീക്കം ചെയതുകൊണ്ടാണ് ടിപ്പു അതിനെതിരെ പ്രതികരിച്ചത്.
ആശയപരമായി വ്യത്യസ്തമായ ചേരിയില്‍ നിലയുറപ്പിച്ചു വരുന്ന കോഴിക്കോട് ജിഫ്രിയുടേയും കൊണ്ടോട്ടി മുഹമ്മദ് ഷാഹിന്റേയും ശിഷ്യത്വം ഒരേ സമയം സ്വീകരിക്കുക വഴി ടിപ്പുവിന്റെ രാഷ്ട്രീയ തന്ത്രം വേഗത്തിൽ ബോധ്യമാകും. ടിപ്പുവിന് ശേഷം വന്ന ബ്രിട്ടീഷുകാരും ഈയൊരു നിലപാടാണ് സ്വീകരിച്ചത്. അതിനാലാണ്, കൊണ്ടോട്ടിക്ക് സർവ്വാധികാരങ്ങളും പതിച്ചു നല്‍കിയ മൈസൂരിനെ സമ്പൂര്‍ണ്ണമായി പരാജയപ്പെടുത്തിയ ശേഷവും കൊണ്ടോട്ടി തങ്ങളുടെ അധികാരം അവർ നിലനിർത്തി കൊടുത്തത്. എന്നാൽ, ടിപ്പുവിന് ശേഷം പ്രതിസന്ധിയിലായ കൊണ്ടോട്ടിയിലെ തങ്ങളുടെ ഭരണം ഉറപ്പിക്കുന്നതിനായി ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുമായി അവർ നടത്തിയ നിരന്തര സംഭാഷണങ്ങളുടെ ഫലമാണ് മുഹമ്മദ് ഷാഹ് തങ്ങൾക്ക് കമ്പനിയിൽ നിന്നും ഭരണ സംബന്ധമായ ഉറപ്പ് ലഭിക്കുന്നത് എന്ന് കാണാൻ സാധിക്കും. ഒരുപക്ഷേ, ആംഗ്ലോ മൈസൂര്‍ യുദ്ധകാലത്ത് മലബാറിലങ്ങോളമിങ്ങോളമുള്ള മാപ്പിള കേന്ദ്രങ്ങൾ ബ്രിട്ടീഷ് വിരുദ്ധ ചേരിയിലാണ് നിലയുറപ്പിച്ചിരുന്നത് എന്നതിനാലും, ടിപ്പുവിന്റെ പരാജയം അവരില്‍ കടുത്ത രോഷത്തിന് കാരണമായിട്ടുണ്ടന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലും കൊണ്ടോട്ടിയുടെ തൂക്കം എങ്ങോട്ടായിരിക്കുമെന്ന് ആദ്യകാലത്ത് കമ്പനി ശങ്കിച്ചിട്ടുണ്ടായിരുന്നിരിക്കണം. കൂടാതെ, കൊണ്ടോട്ടി തങ്ങൾ ടിപ്പുവിനാൽ നേരിട്ട് നിയമിച്ച അധികാര കേന്ദ്രമാണന്ന വസ്തുതയുടെ വെളിച്ചത്തിലായിരിക്കാം കൊണ്ടോട്ടിയിൽ നിന്നുള്ളൊരു മേല്‍ക്കോയ്മ അംഗീകാരം സംബന്ധമായ ഉറപ്പ് ലഭിക്കുന്നത് വരേക്കും ഇംഗ്ലീഷ് ഈസ്റ്റിന്ത്യ കമ്പനി കാത്തിരുന്നത്. ഇത് സംബന്ധിച്ച് മുഹമ്മദ് ഹുസൈൻ മുഖദ്ദം എന്നവര്‍ മുഖേന മുഹമ്മദ് ഷാഹ് തങ്ങൾ കമ്പനിക്കയച്ച കത്ത് കാണുക.
"ദക്ഷിണ മേഖല സൂപ്രണ്ടിൽ നിന്ന്,
മുഹമ്മദ് ഹുസൈൻ മുഖദ്ദം മുഖേന താങ്കൾ ഞാനുമായി നടത്തുന്ന കത്തിടപാടുകളിൽ സന്തുഷ്ടനാണ്. താങ്കളുടെ ഭൂപ്രദേശങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനം ദാനധർമ്മങ്ങൾക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നും, അതുകൊണ്ട് തന്നെ ടിപ്പു സുൽത്താൻ അവക്ക് യാതൊരു വിധ നികുതിയും ചുമത്തിയിരുന്നില്ലെന്നും, അത്തരമൊരു നിലപാട് കമ്പനിയുടെ ഭാഗത്ത് നിന്ന് തുടർന്നും ആഗ്രഹിക്കുന്നു എന്നും താങ്കൾ അറിയിക്കുകയുണ്ടായല്ലോ. കമ്പനിയുടെ എല്ലാ കാര്യങ്ങളിലും താങ്കൾ കാണിച്ച് വരുന്ന ശുഷ്കാന്തിയുടെ ഭാഗമായി പടിഞ്ഞാറ് കുലത്തെ രാജാക്കൻമാർ താങ്കളോട് സഹായം അഭ്യർത്ഥിച്ചാൽ അവരെ ഒരു നിലക്കും സഹായിക്കില്ലെന്നും അവരെ സഹായിക്കരുതെന്ന് മറ്റ് മാപ്പിളമാരോട് താങ്കൾ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുകയുണ്ടായി. ഇതെന്നെ വല്ലാതെ സന്തോഷിപ്പിക്കുന്നു. മാത്രമല്ല ബഹുമാനപ്പെട്ട കമ്പനിയോട് താങ്കൾക്കുള്ള കൂറുറപ്പിക്കുന്നതുമാണത്. ആയത് കൊണ്ട് താങ്കളെന്നെ അറിയിച്ചത് പോലെ തന്നെ ടിപ്പുവിന്റെ കാലത്തെ അതേ പ്രകാരം 969ആം കൊല്ലവർഷം മുതൽ താങ്കളുടെ ഭൂമിക്ക് യാതൊരു നികുതിയും ഈടാക്കരുതെന്ന് തെക്കൻ സൂപ്രണ്ട് മി സ്റ്റീവൻ സിംഗിന് ഞാൻ ഉത്തരവാക്കിയിരിക്കുന്നു. താങ്കൾ കമ്പനിയോട് കൂറു കാണിക്കുന്നേടത്തോളം കമ്പനിയുടെ പിന്തുണയും സംരക്ഷണവും നിരന്തരം കിട്ടിക്കൊണ്ടിരിക്കും.
തിയ്യതി 1793, ഒക്ടോബർ 2
മലയാള വർഷം 969 കന്നി 21
(1798 ഓഗസ്റ്റ് 5ലെ രണ്ടാം മലബാർ കമ്മീഷൻ്റെ ഡയറിയിൽ നിന്നും മദ്രാസ് മാന്വൽ രേഖകളുടെ സമാഹാരം, വാള്യം2, പേജ് 208, 1951ലെ മദ്രാസ് എഡിഷൻ)"
രാഷ്ട്രീയാധികാരത്തിനെതിരെ ചോദ്യങ്ങൾ ഉയരാതിരിക്കാനും ആജീവനാന്ത കാലം അത് നിലനിര്‍ത്തി കിട്ടാനുമായി തിരുവിതാംകൂര്‍ രാജ്യത്ത് അനിഴം തിരുനാൾ മാര്‍ത്താണ്ഡവര്‍മ്മ നടത്തിയ തൃപ്പടിദാനം പോലുള്ളൊരു നീക്കമായിരുന്നു 1793 കാലത്ത് ഇംഗ്ലീഷ് കമ്പനിയുമായി കൊണ്ടോട്ടി തങ്ങൾ നടത്തിയ കത്തിടപാടുകളുടെ ആകെ സൂചന എന്ന് വേണമെങ്കിൽ പറയാം. വലിയൊരു ഭൂഭാഗത്തിന്റെ ഇനാംദാർ അഥവാ നികുതി പിരിക്കുന്നതിനുള്ള അധികാരം തങ്ങൾ ആവശ്യപ്പെടുന്നത് ആ സമ്പാദ്യം മുഴുവന്‍ ദാനധര്‍മ്മങ്ങൾക്ക് വേണ്ടി ഉപയോഗിക്കാനാണന്ന് പറയുക വഴി സ്വന്തം ഉന്നമനത്തിനപ്പുറം ദൈവീകമായൊരു സാമൂഹിക നന്മയാണ് തന്റെ ലക്ഷ്യമെന്നൊരു സൂചനയാണ് അതിൽ നിന്നും വായിച്ചെടുക്കാൻ സാധിക്കുന്നത്. കൂടാതെ, ഫക്കീർ അഥവാ സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്നവരുടെ സ്വത്തുക്കളാണ് കൊണ്ടോട്ടി തങ്ങൾ നോക്കി നടത്തേണ്ടത് എന്ന പേരില്‍ ഫക്കീറാക്കി കര്‍മ്മ രംഗത്തിറക്കുക എന്നാണ് അദ്ദേഹത്തിന്റെ അധികാരാരോഹണം അറിയപ്പെട്ടുവരുന്നത്. അതിനാൽ തന്നെ, ആദ്യകാലങ്ങളിൽ പ്രത്യേകം ചില നിബന്ധനകൾക്ക് വിധേയമായിട്ടാണവരെ തെരഞ്ഞെടുത്തിരുന്നത് എന്ന് കാണാൻ സാധിക്കും,
1- ഖാദിരി, ചിശ്തി ത്വരീഖത്തുകളിൽ ബൈഅത്ത് ചെയ്‌ത് സത്യസന്ധതയിലും ദൈവഭക്തിയിലും ജീവിക്കുന്ന വ്യക്തിയായിരിക്കണം.
2- രണ്ട് വർഷം ഭൗതിക സുഖാഢംബരങ്ങൾ പരിത്യജിച്ച് ജീവിക്കണം (ഒന്നോ രണ്ടോ വസ്ത്രം, വെള്ളവും ഭക്ഷണവും കിട്ടുന്നിടത്ത് നിന്ന് വാങ്ങി കഴിക്കാനുള്ള പാത്രം, എത്തുന്നിടത്ത് വിരിച്ചുറങ്ങാൻ കരിമ്പടം എന്നിവ).
3- സ്വത്ത് സംബന്ധമായും കുറ്റകൃത്യങ്ങൾ മൂലം കോടതി കയറാത്ത വ്യക്തിയായിരിക്കണം.
4- മാറാവ്യാധി പിടിപ്പെടാത്ത വ്യക്തിയാകണം.
ഇതു സംബന്ധിച്ച് 1882ൽ ബ്രിട്ടീഷ് കോടതി നടത്തിയ ഒരു നിരീക്ഷണത്തെ ഉദ്ധരിച്ചുകൊണ്ട് ഉമര്‍ മധുവായ് തന്റെ കൊണ്ടോട്ടി തങ്ങൾ എന്ന പുസ്തകത്തിൽ പറയുന്നത് കാണുക.
"ഭൗതിക സുഖാഢംഭരങ്ങൾ ത്യജിച്ച് ആത്മീയ മാർഗ്ഗത്തിൽ ജനങ്ങൾക്ക് വഴികാട്ടിയവരായിരുന്നു പഴയ സ്ഥാനീദാർമാർ. ഭർത്താവ് മരിച്ച ഭ്രാഹ്മണ സ്ത്രീയോട് ഉപമിച്ചായിരുന്നു തക്കിയയുടെ സ്ഥാനവാഹിയെ ബ്രിട്ടീഷ് കോടതി ഒരു കേസിലിടപ്പെട്ട് വിധിയിലൂടെ നിർവ്വചിച്ചത്. വിധവകളായ ബ്രാഹ്മണ സ്ത്രീകൾക്ക് പഴയ കാലത്ത് ആഘോഷങ്ങളിലും കല്യാണങ്ങളിലും സന്തോഷ മുഹൂർത്തങ്ങളിലും പങ്കെടുക്കാനോ അമ്പലങ്ങളിൽ പോകാനോ ആടയാഭരണാധികൾ ധരിച്ച് മറ്റുള്ളവരുടെ കൂടെ പുറത്തിറങ്ങി നടക്കാനോ അനുവാദമില്ലായിരുന്നു. തലമുണ്ഡനം ചെയ്ത‌്, വീടിൻ്റെ അകത്തളങ്ങളിൽ ഒതുങ്ങി, സന്താനങ്ങളുടെയും കുടുംബത്തിന്റെയും അഭിവൃദ്ധിക്ക് വേണ്ടി അവർ ജീവിക്കണമായിരുന്നു. അതുപോലെ തക്കിയയുടെ സ്ഥാനവാഹി ആയിക്കഴിഞ്ഞാൽ ഭൗതിക, വ്യക്തി താൽപര്യങ്ങളെ മാറ്റി നിർത്തി ദൈവപ്രീതിക്കും ജനന്മക്കും ഖാദിരി, ചിശ്‌തി ത്വരീഖത്തുകളുടെ വളർച്ചക്കും തക്കിയ എന്ന ആത്മീയ സ്ഥാപനത്തിൻ്റെ അഭിവൃദ്ധിക്കും വേണ്ടി ജീവിതം നീക്കി വെക്കുന്നവർക്കെ ആ പവിത്രമായ സ്ഥാനത്തിരിക്കാൻ അർഹത ഉണ്ടായിരിക്കുകയുള്ളൂ എന്നുമായിരുന്നു ആ വിധിയുടെ വിവക്ഷ..."
യാഥാര്‍ത്ഥത്തിൽ, കൊണ്ടോട്ടി അധികാര കേന്ദ്രത്തിന്റെ ബ്രിട്ടീഷ് ബാന്ധവത്തെ ന്യായീകരിക്കുന്നവർ ഉയർത്തി പിടിക്കുന്ന സുപ്രധാന ന്യായീകരണമാണ് മുകളില്‍ ഞാന്‍ പ്രസ്താവിച്ചത്, ചോദ്യം ചെയ്യപ്പെടാത്ത രീതിയിലുള്ള ദൈവീകമായ ഒന്നാണത് എന്ന പ്രതീതി സൃഷ്ടിച്ചെടുക്കുക വഴി അധികാരത്തിന്റെ പിടി കാലാകാലം തങ്ങളിൽ നിലനിർത്താം എന്നവര്‍ കരുതി വന്നു. കൂടാതെ, ഭരണക്കരുത്തിലും ആയുധ ബലത്തിലും ശക്തരായ ഇംഗ്ലീഷ് സാമ്രാജ്യത്തോട് ദുര്‍ബലരായ പ്രാദേശിക വാസികൾ ഏറ്റുമുട്ടലിന്റെ വഴി സ്വീകരിക്കുന്നത് തികച്ചും ആത്മഹത്യപരവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്നതും സവർണ്ണരെ മാപ്പിളമാര്‍ക്കെതിരിൽ ബ്രിട്ടീഷ് പക്ഷത്ത് നിലയുറപ്പിക്കാൻ കാരണമായേക്കാവുന്ന നടപടിയാണന്നും അവർ വിശ്വസിച്ചു. എന്നാൽ, ബ്രിട്ടീഷ് വിരുദ്ധത ഒരു പൊതുവികാരമായി നിലനിന്നിരുന്ന അക്കാലത്ത് കൊണ്ടോട്ടകാരല്ലാത്തവർക്ക് ഈ ബ്രിട്ടീഷ് അനുകൂല നിലപാട് തീരെ ഉള്‍കൊള്ളാന്‍ സാധിക്കാത്ത ഒരു കാര്യമായിരുന്നു.
ഇന്ത്യയിലെ തിരുവിതാംകൂര്‍, കൊച്ചി തുടങ്ങിയ നാട്ടുരാജ്യങ്ങളിൽ നിലവിലുണ്ടായിരുന്ന പ്രാദേശിക ഭരണകൂടങ്ങളെ നിരീക്ഷിക്കാനും ഉപദേശിക്കാനുമായുള്ള റെസിഡന്റ് മാതൃകയില്‍ ബ്രിട്ടീഷ് പ്രതിനിധികൾ കൊണ്ടോട്ടിയിലും തങ്ങി വരികയും അവർ കോഴിക്കോട്ടെ ബ്രിട്ടീഷ് കേന്ദ്രത്തിലേക്ക് ദൈനംദിനം പ്രവർത്തന റിപ്പോര്‍ട്ടുകൾ അയക്കുകയും ചെയ്തത് ആംഗ്ലോ മലബാര്‍ യുദ്ധകാല സാഹചര്യത്തിലെ അവരുടെ കടുത്ത ജാഗ്രതയുടെ ഫലമാണെന്ന് കാണുവാന്‍ സാധിക്കും. അക്കാലത്ത് കൊണ്ടോട്ടി തുറക്കൽ ട്രാവലേഴ്സ് ബംഗ്ലാവ് കേന്ദ്രീകരിച്ചു കൊണ്ടാണ് ബ്രിട്ടീഷുദ്യോഗസ്ഥര്‍ പ്രവർത്തിച്ചു വന്നിരുന്നത്. ഖിലാഫത്ത് പ്രക്ഷോഭ സാഹചര്യത്തില്‍ ഹിച്ച്കോക്കടക്കമുള്ള പല ബ്രിട്ടീഷ് പട്ടാള മേധാവികളും അവിടെ നിത്യസന്ദര്‍ശകരായിരുന്നു. വെള്ളക്കാരുടെ പഴയ പ്രൌഡിയെ വിളിച്ചോതുന്ന ഈ കെട്ടിടം ഇന്ന് പൊതുമരാമത്ത് വകുപ്പാണ് കൈകാര്യം ചെയത് വരുന്നത്.
1921 കാലത്ത് പൂക്കോട്ടൂർ, മമ്പുറം, മേൽമുറി, തിരൂരങ്ങാടി, താനൂർ, ചേറുർ തുടങ്ങിയ സ്ഥലങ്ങളില്‍ ഖിലാഫത്ത് പ്രക്ഷോഭം കൊടുമ്പിരി കൊള്ളുമ്പോൾ കൊണ്ടോട്ടി തങ്ങൾ ബ്രിട്ടീഷുകാരോടൊപ്പം ചേര്‍ന്ന് നില്‍ക്കാനാണ് താല്‍പര്യപ്പെട്ടത്. അതിനാല്‍ തന്നെ, ബ്രിട്ടീഷുകാരുടെ പെട്ടെന്നുള്ള ആക്രമണങ്ങളിൽ നിന്നും രക്ഷതേടി ജനങ്ങൾ പലപ്പോഴും കൊണ്ടോട്ടിയിലേക്കൊഴുകി നീങ്ങി. ബ്രിട്ടീഷ് സര്‍കാരിനു കീഴില്‍ കൊണ്ടോട്ടി പ്രദേശത്തിന്റെ അധികാരിയായി അഥവാ ജന്മിയായി വാഴുന്ന കൊണ്ടോട്ടി തങ്ങൾക്ക് ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്നും ലഭിച്ച ഉറപ്പിന്റെ പിന്‍ബലത്തിലാണ് ഈ സുരക്ഷ നിർബാധം നല്‍കപ്പെട്ടത്. അതിലൂടെ ജനങ്ങളിലൊരു ബ്രിട്ടീഷ് അനുകൂല മനോഭാവം സൃഷ്ടിച്ചെടുക്കാൻ കഴിയുമെന്നവർ കരുതി പോന്നു. തങ്ങളുടെ ചൊൽപ്പടിക്ക് നില്‍ക്കുന്നവർക്ക് മാത്രമേ സമാധാനപരമായ ജീവിതം നയിക്കാന്‍ സാധിക്കുകയുള്ളു എന്ന് പറയുക വഴി ബ്രിട്ടീഷ് സര്‍വ്വാധിപത്യം അരക്കെട്ടുറപ്പിക്കാനാണവർ ശ്രമിച്ചതെങ്കിലും അത്തരമൊരു അടിമ ജീവിതത്തിന് തങ്ങൾക്ക് മനസ്സില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് മലബാറിന്റെ മക്കളന്ന് ബ്രിട്ടീഷ് സര്‍ക്കാരിനെതിരിൽ പോരിനിറങ്ങിയത്. ഈ കാലത്താണ് കൊണ്ടോട്ടി പുളിക്കൽ വലിയപറമ്പില്‍ ചെമ്മൺ കൂട്ടക്കൊല അരങ്ങേറുന്നത്. മേല്‍ പ്രദേശത്ത് താമസിച്ചു വന്നിരുന്ന കുടുക്കിൽ വീരാനും അഞ്ച് പെൺമക്കളുമടക്കം നാല്‍പ്പത് പേരെയാണ് അന്ന് വെള്ളപ്പട്ടാളം വെടിവെച്ചുകൊന്നത്. ബ്രിട്ടീഷ് പട്ടാളമേധാവി ഹിച്ച്കോക്കിന്റെ ആജ്ഞപ്രകാരം കയറൂരിവിട്ട വെള്ളസൈന്യം കൊണ്ടോട്ടിയുടെ പരിസരപ്രദേശങ്ങളിൽ നരനായാട്ടിനിറങ്ങിയപ്പോൾ ആത്മരക്ഷാര്‍ത്ഥം സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനം കൊണ്ടോട്ടിയിലേക്കാണ് ഒഴുകി നീങ്ങിയത്. അന്നത്തെ ഏഴാമത്തെ സ്ഥാനീയൻ നസ്റുദ്ദീന്‍ ഷാഹ് തങ്ങളുടെ ആജ്ഞ പ്രകാരം കൊണ്ടോട്ടി തഖിയ്യക്കടുത്ത വിജനമായ പറമ്പിലാണന്നവർ അഭയം തേടിയത്. ഏഴ് കിലോമീറ്ററിനുള്ളിലുള്ള കരുവാങ്കല്ല് വരെ തമ്പടിച്ചവരെ പട്ടാളം ആക്രമിക്കില്ലെന്ന് ബ്രിട്ടീഷുകാർ തങ്ങള്‍ക്ക് ഉറപ്പ് കൊടുത്തിരുന്നതായി ചരിത്രം പറയുന്നു.
ടിപ്പുവാനന്ദര മലബാറെന്നാൽ പ്രദേശത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ വിഭിന്നമായ രൂപത്തിലും ഭാവത്തിലും ബ്രിട്ടീഷ്/ജന്മി വിരുദ്ധ കര്‍ഷക കലാപങ്ങള്‍ പുകഞ്ഞുപൊങ്ങിക്കൊണ്ടിരുന്ന കാലമായിരുന്നു. പോര്‍ച്ചുഗീസുകാരുടെ ആഗമനത്തോടെ രൂപപ്പെട്ട സുദീര്‍ഘമായൊരു സാമ്രാജ്യത്വ വിരുദ്ധ കലാപത്തിന്റെ തുടര്‍ച്ചയായിരുന്നു അതെന്ന് പറയാം. ഇപ്രകാരം, കൊണ്ടോട്ടി ഒഴിച്ചുള്ള മലബാറിലെ മറ്റു പ്രദേശങ്ങളിലെ ജനങ്ങൾ പ്രാദേശിക മുസ്ലീം നേതൃത്വത്തങ്ങൾക്ക് കീഴില്‍ ഭരണകൂട വിരുദ്ധ മുന്നണിയുടെ ഭാഗമായി നിലയുറപ്പിച്ചിരുന്നത് മതനേതാക്കളിൽ നിന്നും അവര്‍ക്ക് ലഭിച്ചുവന്നിരുന്ന ദാര്‍ശനിക അടിത്തറ കൊണ്ടായിരുന്നു എന്ന് കാണാൻ സാധിക്കും. എന്നാലത്, കൊണ്ടോട്ടിയൻ മാതൃകയിലുള്ള സൂഫി ആദര്‍ശങ്ങളിൽ നിന്നും പ്രചോദിതമായ, ഭരിക്കുന്നവരുടെ കാൽകീഴിലേക്ക് സമ്പൂര്‍ണ്ണമായ സമര്‍പ്പണ രൂപത്തിലുള്ള അഥവാ, ഭരണകൂടം നടത്തി വരുന്ന പൈശാചികതയോട് മുഖം തിരിച്ചു നില്‍ക്കുന്നതിൽ നിന്ന് വ്യത്യസ്തമായി മതത്തെ ഒരു വിമോചന സിദ്ധാന്തമായി കണ്ടുകൊണ്ടതിനെ നാടിന്റെ സ്വതന്ത്രസമര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇന്ധനമായി പരിവര്‍ത്തിപ്പിക്കുന്നതായിരുന്നു. അഥവാ, ആശയധാരകൾ തമ്മിലുള്ള ഈ വ്യതിരിക്തത പ്രദേശത്തെ ഒരു നീണ്ട ആശയ സംവാദത്തിലേക്കാണ് തള്ളിവിട്ടതെന്ന് ചുരുക്കം.
കൊണ്ടോട്ടി തങ്ങളുടെ ശിഷ്യന്മാർ ഗുരുവിനു മുന്നിൽ കുമ്പിടുന്നതും അദ്ദേഹത്തിന്റെ സദസ്സുകളില്‍ സ്ത്രീ പുരുഷന്മാർ ഇടകലർന്നു ഭജനമിരിക്കുന്നതും, ലഹരി ഉപയോഗിക്കുക, ബാഗ്ദാദിലെ സൂഫി പുണ്യളന്മാരുടെ പേരിൽ നടത്തപ്പോന്ന നേർച്ചകളിൽ ചെണ്ട, ആന, അമ്പാരി തുടങ്ങിയവ ഉപയോഗിക്കുക, ഹജ്ജും സകാത്തും നിർബന്ധമല്ലെന്ന് ശിഷ്യരെ ഉപദേശിക്കുക തുടങ്ങിയ കാര്യങ്ങളും അക്കാലത്തെ യാഥാസ്ഥിതിക പണ്ഡിതന്മാരെ ചൊടിപ്പിച്ച സംഗതികളായിരുന്നു. ഈ ആരോപണങ്ങള്‍ ഏറ്റവും കൂടുതൽ ഉയർത്തികൊണ്ടു വന്നത് അക്കാലത്തെ അധിനിവേശ വിരുദ്ധ സമരങ്ങളുടെ മുന്നണി പോരാളികളായിരുന്ന പൊന്നാനി മഖ്ദും, കോഴിക്കോട് ജിഫ്രി തുടങ്ങിയ മതകേന്ദ്രങ്ങളാണന്ന് കാണാൻ കഴിയും. അതിന്റെ ഭാഗമായാണ് കൊണ്ടോട്ടി തങ്ങളെ വിമര്‍ശിച്ചുകൊണ്ട് 'കൺസൂൾ ബറാഹീൻ' എന്ന പുസ്തകം ശൈഖ് ജിഫ്രി രചിക്കുന്നതും കേരളത്തിലെ പാരമ്പര്യ പണ്ഡിത നേതൃത്വങ്ങൾ മുഹമ്മദ് ഷാക്കെതിരെ രംഗത്തു വരികയും ചെയ്യുന്നത്.
1804ൽ മുഹമ്മദ് ഷാഹ് തങ്ങളുടെ വിയോഗം ശേഷം മകള്‍ സൈനബ് ബീവിയുടെ മൂത്ത പുത്രന്‍ സിറാജുദ്ധീൻ ഷാഹ് കൊണ്ടോട്ടിയുടെ ഒന്നാം സ്ഥാനവാഹിയായി അധികാരമേറ്റു. അഫ്താബ് ഷാഹ് എന്ന സ്ഥാനപേരിലാണ് അദ്ദേഹം അറിയപ്പെട്ടത്. അധികാരത്തിലേറുന്നതുമായി ബന്ധപെട്ട ഒരു സുപ്രധാന കീഴ്‌വഴക്കമായി പിന്നീട് ഈ പേരുമാറ്റം കടന്നു വന്നു. കൂടാതെ, ടിപ്പു സുല്‍ത്താന്‍ നല്‍കിയ നികുതി പിരിവിനുള്ള അനുമതിയുമായി ബന്ധപ്പെട്ട് 'ഇനാംദാർ' അഥവാ നികുതി പിരിക്കാൻ അധികാരപ്പെട്ടവയാൾ എന്ന പദത്തിൽ നിന്നും സ്ഥാനവാഹിയുടെ സ്ഥാനപ്പേരായി 'സ്ഥാനീദാർ' എന്ന അധികാര പേര് രൂപപ്പെട്ടതും ഇക്കാലത്താണന്ന് കാണാൻ കഴിയും.
അഫ്താബ് ഷാഹ് തങ്ങളാണ് മുഹമ്മദ് ഷാഹ് തങ്ങളുടെ കാലത്ത് അടിത്തറ നിർമ്മാണം പൂര്‍ത്തീകരിച്ച അദ്ദേഹത്തിന്റെ തന്നെ ഖബറിടമായ കൊണ്ടോട്ടി ഖുബ്ബയുടെ തുടര്‍ പണികള്‍ക്ക് പ്രാരംഭം കുറിച്ചത്. കരിങ്കല്ല് കൊണ്ട് മാത്രം നിർമ്മാണം നടത്തിയിട്ടുള്ള ഈ രമ്യഹർമ്മം പേര്‍ഷ്യന്‍ ശില്‍പകലാ വൈദഗ്ധ്യം വിളിച്ചോതുന്ന ഉന്നതമായൊരു കലാ നിര്‍മ്മിതിയാണ്. മധുര മീനാക്ഷി ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ ശില്‍പി കുടുംബം തന്നെയാണ് കൊണ്ടോട്ടി ഖുബ്ബയുടേയും നിർമ്മാണം നടത്തിയിരിക്കുന്നത് എന്നും പറയപ്പെടുന്നു.
അഫ്താബ് ഷാഹ് യുടെ കാലശേഷം അദ്ദേഹത്തിന് ഇളയ സഹോദരൻ ഹസന്‍ സാഹിബെന്ന ഇശ്തിയാഖ് ഷാഹ് 1840ൽ കൊണ്ടോട്ടിയുടെ അധികാര ഘടനയിലേക്ക് കടന്ന് വന്നു. തന്റെ പിതാമഹന്റെ അന്ത്യവിശ്രമ സ്ഥലമായ ഖുബ്ബയുടെ നിർമ്മാണം പൂര്‍ത്തീകരിച്ചത് ഇദ്ദേഹമാണ്. കൂടാതെ, മുഹമ്മദ് ഷാഹ് തങ്ങളുടെ കാലത്ത് തുടക്കം കുറിക്കുകയും പിന്നീട് വഴിതെറ്റി നീങ്ങുകയും ചെയ്ത ഖത്തം ഫാത്തിഹ എന്ന കൊണ്ടോട്ടി പൂരം ജനകീയമായതും ഇദ്ദേഹത്തിന്റെ കാലത്താണന്ന് പറയാം.
അദ്ദേഹത്തിന് ശേഷം അഫ്താബ് ഷായുടെ മൂത്തപുത്രന്‍ മുശ്താഖ് ഷാഹ് അധികാരത്തിൽ വന്നെങ്കിലും തക്കിയയുടെ നിരവധിയായ സ്വത്തുക്കളുടെ മേല്‍ സ്ഥാനീദാരായ മുശ്താഖ് ഷാഹ് കടം വരുത്തുകയും കാളപ്പൂട്ട് പോലുള്ള വിനോദങ്ങളിൽ ഏര്‍പ്പെട്ട് തക്കിയയുടെ യശസ്സ് കളങ്കം വരുത്തുകയും ചെയ്തോടെ തങ്ങളുടെ മുരീദന്മാർക്കിടയിലും കുടുംബത്തിനകത്തും വലിയ വിമര്‍ശനങ്ങള്‍ക്കിത് കാരണമായി. അക്കാലത്താണ് ചുങ്കം പ്രദേശത്തിന്റെ സമീപസ്ഥലമായ മുള്ള്യാകുർശ്ശി എന്ന ഗ്രാമത്തിൽ കൊണ്ടോട്ടിയിൽ നിന്നും വന്ന് തക്കിയ സ്ഥാപിച്ച് പ്രവർത്തിച്ചു വന്നിരുന്ന റഹ്മാന്‍ ഷാഹ് തങ്ങള്‍ വിഷയത്തിൽ ഇടപെടുന്നത്. അദ്ദേഹം ഇശ്തിയാഖ് ഷാഹ് തങ്ങളുടെ മകള്‍ ഖമറുന്നിസ ബീവിയുമായി ചേര്‍ന്നുകൊണ്ട് മുശ്താഖ് ഷാഹ് തങ്ങൾക്കെതിരിൽ രംഗത്ത് വരികയും ബ്രിട്ടീഷ് കോടതിയില്‍ കേസ് നടത്തിക്കുകയും ചെയ്തു. 1882ൽ വിധിയായ ആ കേസുമായി ബന്ധപെട്ട ബ്രിട്ടീഷ് കോടതിയുടെ നിരീക്ഷണമാണ് ഉമര്‍ മധുവായുടെ കൊണ്ടോട്ടി തങ്ങൾ എന്ന പുസ്തകത്തിലെ ഉദ്ധരണിയായി ഞാന്‍ മുകളില്‍ ചേര്‍ത്തിരിക്കുന്നത്. വിധിയിലൂടെ കൊണ്ടോട്ടി തക്കിയയുടെ സ്വത്തുക്കള്‍ വഖ്ഫ് സ്വത്തുക്കളാണെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ സ്ഥിരീകരിക്കുകയും മുശ്താഖ് ഷാഹ് തങ്ങളെ കൊണ്ടോട്ടി തങ്ങൾ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും ചെയ്തു.
കൊണ്ടോട്ടികൈ, പൊന്നാനികൈ
സംഘടനകള്‍ രൂപീകരിക്കപ്പെടുന്നതിന് മുമ്പ് മുസ്‌ലിം സമൂഹത്തില്‍ അഭിപ്രായ വ്യത്യസങ്ങളും തര്‍ക്കങ്ങളുമൊന്നും ഇല്ലായിരുന്നുവെന്നും എല്ലാവരും ഒരേ അഭിപ്രായക്കാരായിരുന്നുവെന്നും ചില വാദങ്ങള്‍ കാണാന്‍ സാധിക്കുന്നതാണ്. എന്നാല്‍, ചിന്തകളും വൈജ്ഞാനിക അന്തരീക്ഷവും സ്വതന്ത്ര്യ അഭിപ്രായ പ്രകടന സ്വാതന്ത്ര്യവുമൊക്കെ നിലനിന്ന കാലഘട്ടത്തൊക്കെയും വിവിധ ആശയങ്ങളും സംവാദങ്ങളുമൊക്കെ ഇസ്‌ലാമിക സമൂഹത്തില്‍ നിലനിന്നിട്ടുണ്ട് എന്നതൊരു ചരിത്ര സത്യമാണ്. ഈ ആശയങ്ങളുടെ സംരക്ഷണം, പ്രചാരണം ഏറ്റെടുത്തുകൊണ്ടാണ് പിന്നീട് സമൂഹത്തില്‍ സംഖടനകൾ രൂപപ്പെടുന്നത് എന്ന് വേണമെങ്കില്‍ പറയാം. അഥവാ, അഭിപ്രായാന്തരങ്ങളുടെ കാരണം സംഘടനകളല്ല എന്നും ആശയങ്ങളുടെ ഉത്പന്നമാണ് സംഖടനകൾ എന്നും സാരം. ഉദാഹരണമായി കേരള മുസ്‌ലിം സമൂഹത്തിന്റെ വൈജ്ഞാനിക ചരിത്രമെടുത്ത് പരിശോധിച്ചാല്‍ സംഘടനകള്‍ രൂപീകരിക്കപ്പെടുന്നതിന് മുമ്പും പല വൈജ്ഞാനിക സംവാദങ്ങളും ചര്‍ച്ചകളും നിലനിന്നിരുന്നതായി കാണാന്‍ കഴിയുന്ന വസ്തുതയാണ്.
മനുഷ്യർ വ്യതിരിക്തതകളാൽ നിര്‍മ്മിക്കപ്പെട്ടവനാണ്. തൊലിയുടെ നിറം, സംസാരിക്കുന്ന ഭാഷ, വാസസ്ഥലം, ദേശം, തുടങ്ങി വാസമേഖലകൾ വരെ വ്യത്യസ്തം. എന്നാൽ, ഈ വ്യൈജാത്യങ്ങൾക്കെല്ലാം അതീതമായി മനുഷ്യർക്കിടയിൽ ഒരിക്കലും വേർപ്പെടുത്താനാവാത്ത സാഹോദര്യബോധം സൃഷ്ടിക്കുവാൻ പര്യാപ്തമാണ് മനുഷ്യരെല്ലാം ഒരേ മാതാപിതാക്കളുടെ സന്തതികളാണെന്ന ഇസ്‌ലാമികാധ്യാപനം. മനുഷ്യനെ ദൈവം വ്യത്യസ്തമായ ചട്ടകൂടുകളിൽ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് അവർ തമ്മില്‍ പരസ്പരം കലഹിക്കാനല്ല മറിച്ച്, അവർ അന്യോന്യം അറിയേണ്ടുന്നതിന് വേണ്ടിയാണെന്നും ഖുർആൻ പറഞ്ഞു വെക്കുന്നു. മേല്‍ വചനങ്ങളെല്ലാം ഉയർത്തി പിടിക്കുന്നത് ആശയ വ്യതിരിക്തതകൾക്കിടയിലും മനുഷ്യര്‍ തമ്മില്‍ നിലനിര്‍ത്തിയിരിക്കേണ്ട സൗഹൃദ ബന്ധത്തെ സംബന്ധിച്ചാണന്ന് മനസ്സിലാക്കാം. മനുഷ്യരെല്ലാം ഒരേ ആദിമാതാപിതാക്കളുടെ സന്തതികളാണെന്നും അതിനാൽ ലോകത്തുള്ള മുഴുവൻ മനുഷ്യരും അടിസ്ഥാനപരമായി സഹോദരങ്ങളാണെന്നും അത് പറഞ്ഞു വെക്കുന്നു.
നൂറ്റാണ്ടുകള്‍ക്ക് മുന്നേ നടന്ന ആ ചരിത്ര സംഭവത്തിന്റെ അലയൊലികൾ പിന്നീട് കാലങ്ങൾക്കിപ്പുറത്ത് നമ്മുടെ നാടിനെ പോലും ഗ്രസിച്ചു എന്ന വസ്തുത മുന്നില്‍ വെക്കുമ്പോൾ ആ മുറിപ്പാടിന്റെ ആഴം എത്രയാണന്നൂഹിക്കാം.
1718ല്‍ ബോംബെക്കാരനായ മുഹമ്മദ് ഷാഹ് എന്ന വ്യക്തി കൊണ്ടോട്ടിയില്‍ വന്ന് തന്റെ ത്വരീഖത്ത് സ്ഥാപിക്കുകയുണ്ടായി. ചോദ്യം ചെയ്യപ്പെടാത്ത മതനേതൃത്വമായി ജിഫ്രി മഖ്ദൂമികൾ മലബാറിലുടനീളം വളര്‍ന്ന് പന്തലിച്ചു നില്‍ക്കുന്ന സാഹചര്യത്തിലേക്കാണ് മുഹമ്മദ് ഷാഹ് തന്റെ ത്വരീഖത്തുമായി കടന്ന് വരുന്നതും അനുയായികള്‍ വര്‍ധിക്കുകയും ചെയ്യുന്നത്. ഇത് അവര്‍ക്കിടയില്‍ കടുത്ത മുറുമുറുപ്പുണ്ടാക്കി. ഷായുടെ ത്വരീഖത്തിന്റെ വളര്‍ച്ച ഒരു ഭീഷണിയായി അവര്‍ക്ക് മുന്നില്‍ വരുന്ന സാഹചര്യം രൂപപ്പെട്ടപ്പോൾ കൊണ്ടോട്ടി ത്വരീഖത്തിനെതിരെ ജിഫ്രി മഖ്ദൂമികൾ വിമര്‍ശനങ്ങളുയര്‍ത്തി. സയ്യിദ് ജിഫ്രിയുടെ ഒരു ഫത്‌വയാണ് ഈ തര്‍ക്കത്തിന് തുടക്കമിട്ടത് എന്ന് കാണാൻ സാധിക്കും. മുഹമ്മദ് ഷായുടെ ആശയങ്ങള്‍ ഇസ്‌ലാമിക വിരുദ്ധമാണെന്നും അദ്ദേഹം ഷിയാ വിശ്വസം പിന്‍പറ്റുന്നവനുമാണന്നും അതിലൂടെ അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ആരോപണമാണ് പിന്നീട് കേരളത്തിലെ രണ്ട് പ്രബല മതനേതൃത്വങ്ങളായ കോഴിക്കോട്ടെ ജിഫ്‌രി തങ്ങന്‍മാരും പൊന്നാനിയിലെ മഖ്ദൂമുകളും ഒരു പക്ഷത്തും, കൊണ്ടോട്ടി തങ്ങന്മാര്‍ മറുപക്ഷത്തുമായി നിലകൊണ്ട കൊണ്ടോട്ടികൈ, പൊന്നാനികൈ തര്‍ക്കമായി രൂപപ്പെട്ടത് എന്ന് പറയാം. അടിസ്ഥാനപരമായി ഈ വിവാദങ്ങളുടെ വേരുകൾ ഷിയാ സുന്നി അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലാണ് ഉറങ്ങി കിടക്കുന്നത്.
പ്രവാചകൻ മുഹമ്മദ് (സ) യുടെ കർമ്മങ്ങളും നിർദ്ദേശങ്ങളുമാകുന്ന സുന്നത്തിനെ പിൻപറ്റുന്നവരാണ് തങ്ങളെന്ന് സുന്നികൾ വിശ്വസിക്കുമ്പോൾ പ്രവാചക പുത്രി ഫാത്തിമയുടെ സന്താന പരമ്പരകൾക്ക് ചുറ്റിലുമായി രൂപപ്പെടുന്ന മതാദര്‍ശങ്ങളെ പുണരുന്നവരാണ് ഷിയാ വിഭാഗങ്ങള്‍ എന്നും പറയാം. കൂടാതെ, രാഷ്ട്രീയ വീക്ഷണങ്ങളിലെ അഭിപ്രായ ഭിന്നതകളും ഷിയാ, സുന്നി വിഭാഗീയതയുടെ ഒരു അടിസ്ഥാന ഹേതുവാണ്. തിരഞ്ഞെടുപ്പിലൂടെയുള്ള നേതൃത്വ സംവിധാനമാണ് സുന്നികൾ ഉയർത്തിപ്പിടിക്കുന്നതെങ്കിൽ അന്ത്യ പ്രവാചകനായ മുഹമ്മദ് നബിയുടെ കുടുംബ പരമ്പരക്ക് (അഹ്‌ലുൽ ബൈത്ത്) മാത്രമാണതിനുള്ള അവകാശമെന്ന് ഷിയാക്കളും വാദിച്ചു വരുന്നു. അന്ത്യ പ്രവാചകന്റെ മരണശേഷം മുസ്‌ലീം സമൂഹത്തെ നയിക്കേണ്ടതാരെന്ന വിഷയത്തെ ചൊല്ലി അനുയായികൾക്കിടയിൽ വിത്യസ്ത അഭിപ്രായ പ്രകടനങ്ങൾ ഉൾതിരിഞ്ഞിരുന്ന സാഹചര്യത്തിലാണ് ആപത്കരമായ ആ സംഭവങ്ങളുടെ വേരുകൾ കിടക്കുന്നത് എന്ന് പറയാം.
പ്രവാചകൻ അന്ത്യനിദ്ര പ്രാപിച്ചപ്പോൾ അവിടുത്തെ അനുയായികള്‍ നബിയുടെ സന്തതസഹചാരിയും പ്രായത്തിൽ മുതിർന്നയാളുമായ അബുബക്കർ (റ) വിനെയാണ് ഖലീഫയായി തിരഞ്ഞെടുത്തത്. മഹാഭൂരിപക്ഷ പിന്തുണയിൽ ഭരണനേതൃത്വം അദ്ദേഹം ഏറ്റെടുത്തെങ്കിലും ചുരുക്കം ചില പ്രവാചകാനുചരന്മാർ ഭരണനേതൃത്വം അലി ഏറ്റെടുക്കണമെന്ന ആഗ്രഹം വെച്ച് പുലർത്തിയിരുന്നവരായിരുന്നു. സുന്നി-ഷിയാ വിഭജനത്തിന്റെ പ്രധാന കേന്ദ്രബിന്ദുവായി പിൽകാലത്ത് അലി മാറാനിടയായ സാഹചര്യം അതായിരുന്നു എന്ന് പറയാം. അലി ഉള്‍പ്പടെയുള്ള പ്രധാന പ്രവാചകാനുചരന്മാർ ആരും തന്നെ അധികാരമോഹികളായിരുന്നില്ല. തങ്ങളെ ഭരണാധിപന്മാരാക്കാനുള്ള തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് മാറി നിന്നവരായിരുന്നു അവരില്‍ പലരും. എന്നാൽ, അനുയായികളിൽ നിന്നുണ്ടായ ശക്തമായ സമ്മർദ്ദത്താൽ മാത്രമാണ് ഭരണനേതൃത്വം ഏറ്റെടുക്കാൻ അവർ പിന്നീട് സന്നദ്ധമായത് എന്ന് ചരിത്രത്തിൽ പറയുന്നു.
അബൂബക്കർ (റ) വിനു ശേഷം രണ്ടാം ഖലീഫയായി ഉമർ (റ) വിനെയാണ് തിരഞ്ഞെടുന്നത്. ഏകാഭിപ്രായത്തിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടും അധികാരമേറ്റെടുക്കാൻ ഉമർ വിസ്സമ്മതം പ്രകടിപ്പിച്ചപ്പോൾ അലി അടക്കമുള്ളവരുടെ നിർബന്ധത്തിന് വഴങ്ങിയാണ് അതിനദ്ദേഹം സന്നദ്ധമാകുന്നത്. പിന്നീട്, ഉമറിന്റെ കാലത്ത് കാര്യമായ അഭിപ്രായ ഭിന്നതകളൊന്നും തന്നെ ഇസ്ലാമിക ലോകത്ത് ഉണ്ടാകാതിരുന്നത് അദ്ദേഹത്തിന്റെ ഭരണ മികവുകൊണ്ട് മാത്രമായിരുന്നില്ല. മറിച്ച്, പ്രവാചകന്റെ ഏറ്റവും അടുത്ത അനുയായികളിൽ രണ്ടാമൻ എന്ന നിലയില്‍ സര്‍വ്വ സ്വീകാര്യനായിരുന്നു അദ്ദേഹം എന്നത് കൊണ്ടു കൂടിയായിരുന്നു. പ്രേരകം എന്താണെന്ന് വ്യക്‌തമാകാത്ത ഏതോ കാരണത്താൽ കൊല്ലപ്പെട്ട ഉമറിനു ശേഷം മൂന്നാം ഖലീഫയായി ഉസ്മാൻ (റ) വാണ് രംഗത്തേക്ക് കടന്ന് വരുന്നത്. നിർദ്ദേശിക്കപ്പെട്ടവരിൽ നിന്നും അവസാന ഘട്ട തിരഞ്ഞെടുപ്പിൽ അലി, സഅദ് എന്നിവരെ പിന്തള്ളിയാണ് ഉസ്മാന്‍ ഖലീഫയായി തിരഞ്ഞെടുക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ അധികാരവാഴ്ച്ചയോടെ കേവലം നിര്‍ദ്ദേശങ്ങളോ അഭിപ്രായ പ്രകടനങ്ങളോ മാത്രമായി ഉയർന്ന് വന്നിരുന്ന വിഭാഗീയ ചിന്താഗതികൾ ഉഗ്രരൂപം പ്രാപിക്കുകയും അത് ഉസ്മാൻ (റ) വിന്റെ വധത്തിൽ കലാശിക്കുകയും ചെയതു എന്ന് പറയാം.
ജനങ്ങൾക്കിടയിൽ ഒരു സാധാരണക്കാരെ പോലെ വർത്തിച്ചിരുന്ന ഖലീഫമാരെ ഏത് നിലക്കും ചോദ്യം ചെയ്യാൻ പൗരന്മാരെ അനുവദിച്ചിരുന്ന സാഹചര്യമായിരുന്നു ഖുലഫാഉ റാഷിദ എന്ന ഖിലാഫത്തിലുണ്ടായിരുന്നത്. തന്റെ പിന്‍ഗാമികളുടെ പാത പിന്തുടര്‍ന്നു കൊണ്ട് ഉസ്മാന്‍ (റ) ഈ അധികാരം ഒന്നുകൂടി വിശാലമാക്കി നല്‍കുകയും അത് ദുരുപയോഗം ചെയത് കൊണ്ട് ഇസ്ലാമിക സാമ്രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ കലാപം സൃഷ്ടിക്കാൻ ചിലര്‍ ശ്രമിച്ചുകൊണ്ടിരുന്ന കാലത്താണ് ഉസ്മാന്റെ ചില നടപടികളിൽ അസഹിഷ്ണുക്കളായവർ അദ്ദേഹത്തെ കൊലപ്പെടുത്തുകയും തുടർന്ന് അലി നാലാം ഖലീഫയായി സ്ഥാനമേൽക്കുകയും ചെയ്യുന്നത്.
കലാപകലുഷിതമായ സാമ്രാജ്യത്തിന്റെ അധിപനായി അധികാരമേറ്റ അലി രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തിനാണ് പ്രാമുഖ്യം നൽകിയത്. എന്നാൽ, ഉസ്മാന്റെ ഘാതകരെ തേടിപ്പിടിച്ചു പ്രതികാരം നടപ്പിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത് എന്ന് ചിലർ വാദിച്ചു വന്നു. വ്യത്യസ്ത ദേശങ്ങളിൽ അംഗബലമുളുള്ള എണ്ണൂറോളം പേരാണ് ഉസ്മാൻ വധത്തിന് പിന്നിലുണ്ടായിരുന്നത്. അവരില്‍ പലരും രാജ്യത്തിന്റെ സൈന്യത്തിലും നുഴഞ്ഞു കയറിയിരുന്നു. ഇത്തരത്തിൽ ബസ്റയിൽ തമ്പടിച്ച ഒരു സൈനിക യൂണിറ്റിൽ ഉസ്മാന്റെ കൊലയാളികളുമുണ്ടെന്ന ശ്രുതി പരന്ന സാഹചര്യത്തില്‍ അവിടെ നിന്നും ആയിരകണക്കിനാളുകൾ വധത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തുകൊണ്ട് രംഗത്തിറങ്ങിയത് ആശങ്കയുളവാക്കി. ഒരേ സമയം നിരവധി പോർമുഖങ്ങൾ തുറക്കപ്പെട്ട അവസ്ഥ. നിസ്സഹായനായ അലി പ്രതിക്രിയക്കിറങ്ങും മുമ്പ് രാജ്യസുരക്ഷക്കാണ് പ്രാമുഖ്യം നല്‍കേണ്ടത് എന്ന് തീരുമാനിക്കുകയും ഉസ്മാൻ വധവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് താല്‍ക്കാലികമായി വിരാമമിടുകയും ചെയതു. എന്നാൽ, ഇത് പ്രവാചക പത്നി ആയിഷ അടക്കമുള്ളവരിൽ കടുത്ത നിരാശ പ്രധാനം ചെയ്തതു.
ഖലീഫ അലി, ഉസ്മാന്റെ ഘാതകരെ പിടികൂടി ശിക്ഷിക്കാൻ ശ്രമിക്കുന്നില്ല എന്ന പരാതി ഉയർന്ന സാഹചര്യത്തിൽ ആയിശയുടെ നേതൃത്വത്തിലുള്ളൊരു നിവേദക സംഘം അലിയെ കാണാനും തങ്ങളുടെ ആശങ്കകൾ അറിയിക്കാനും അദ്ദേഹത്തെ സന്ദര്‍ശിക്കുകയും സംഭവഗതികൾ വിശദീകരിച്ചുകൊണ്ട് അവര്‍ക്കു മുന്നില്‍ അലി സാവകാശം ആരായുകയും ചെയ്തു. പ്രതിക്രിയ നടപ്പാക്കുമെന്ന അലിയുടെ വാക്ക് വിശ്വസിച്ച നിവേദക സംഘം രാത്രി മടങ്ങാനൊരുങ്ങവെ ബസ്റയിൽ നിന്നുള്ള ചില സൈനികർ അവരെ ആക്രമിച്ചെങ്കിലും അവർ പ്രതിരോധിച്ചു. ഇത് അലിയുടെ സൈന്യവുമായുള്ള നേരിട്ടുള്ളൊരു വാഗ്വാദത്തിനും അതുവഴിയൊരു ഏറ്റുമുട്ടലിലേക്കുമാണ് അവരെ നയിച്ചത്. ഒരുവശത്ത് പ്രവാചകപത്നി ആയിഷ ഉള്‍പ്പടെയുള്ള പ്രവാചകരുമായി ഏറ്റവും അടുപ്പമുള്ളവരും മറുവശത്ത് അവരില്‍ തന്നെയുള്ള മറ്റൊരു വിഭാഗവും. ഒട്ടക യുദ്ധം അഥവാ ഹർബു ജമല്‍ എന്ന പേരിലറിയപ്പെട്ട ഈ ഏറ്റുമുട്ടലിൽ അലിയുടെ സൈന്യം ആയിഷയുടെ അനുയായികളെ തീര്‍ത്തും കീഴടക്കിയെങ്കിലും, ഉസ്മാന്റെ വധത്തിന് പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടുമെന്ന ഉറപ്പ് ആവര്‍ത്തിച്ചുകൊണ്ട് ഖലീഫ അവരെ മാപ്പു നൽകി തിരിച്ചയച്ചു. അലിയുമായി സന്ധി ചെയ്ത ആയിഷ (റ) പിന്നീടു പൊതുജീവിതത്തിൽ നിന്ന് തീര്‍ത്തും പിൻവാങ്ങി എന്നുള്ളതാണ് അവരെ സംബന്ധിച്ച പിന്നീടുള്ള ചരിത്രം.
അതേസമയം, ഉസ്മാന്റെ ബന്ധുവായ ഡമാസ്കസിലെ ഗവർണ്ണർ മുആവിയ വധാസൂത്രകരെ പിടികൂടാതെ അലിയുടെ നേതൃത്വത്തെ അംഗീകരിക്കാൻ വിസമ്മതിച്ചു. ഇതേതുടർന്ന് അലിയുടെ സൈന്യവും മുആവിയയുടെ സൈന്യവും തമ്മില്‍ ഏറ്റുമുട്ടി. സിഫിൻ യുദ്ധം എന്ന് ചരിത്രരേഖകളിൽ അറിയപ്പെടുന്ന ഈ പോരാട്ടത്തില്‍ വിജയം പടിവാതിൽക്കലെത്തി നിൽക്കെ മുആവിയയുടെ സൈന്യവുമായി സന്ധി ചെയ്ത് പിൻവാങ്ങിയ അലിയുടെ നടപടി സൈന്യത്തിലെ ചിലരുടെ കടുത്ത എതിർപ്പിനാണിടയാക്കിയത്. മുആവിയയെ തലസ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാൽ, അലി അതിനോട് വിസ്സമ്മതിച്ചപ്പോൾ ഇവരിൽ ചിലർ ചേർന്ന് അലിയേയും കൊലപ്പെടുത്തി. ഉമർ, ഉസ്മാൻ എന്നിവരുടെ വധത്തിലും, അതിനെ ചോദ്യം ചെയ്ത ആയിശയെ അക്രമിച്ചതിലും, പിന്നീട് അലിയെ വധിച്ചതിനു പിന്നിലും ഒരേ നിഗൂഢ സംഘമായിരിക്കുമെന്ന് ചരിത്രകാരന്മാർ സംശയം പ്രകടിപ്പിക്കുന്നു.
അലിക്ക് ശേഷം ഭൂരിപക്ഷാഭിപ്രായത്തെ തുടർന്ന് അലിയുടെ മൂത്തപുത്രനായ ഹസ്സൻ ഭരണം ഏറ്റെടുത്തു. പിതാവിനെ പോലെ തന്നെ അധികാരത്തോട് ആസക്തി ഇല്ലാതിരുന്ന ഹസ്സൻ സാമ്രാജ്യത്തിൽ ഉയർന്നു വരുന്ന ഭിന്നതകൾ ഇല്ലായ്മ ചെയ്യാനായി ആറു മാസകാലത്തെ ഭരണശേഷം അധികാരം മുആവിയക്ക് കൈമാറിയെങ്കിലും തനിക്ക് ശേഷം പൊതുജനമായിരിക്കണം ഭരണകർത്താവിനെ തിരിഞ്ഞെടുക്കേണ്ടത് എന്ന നിബന്ധന അദ്ദേഹം മുആവിയക്ക് മുന്നില്‍ വെച്ചിരുന്നു. എന്നാൽ, ആ ഉറപ്പ് പൂര്‍ത്തീകരിക്കുന്നതിന് മുന്നേ ഏഡി 680ൽ മുആവിയ മരണമടഞ്ഞു. അതിന് മുന്നേ 670ൽ ഹസ്സനും മരണപ്പെട്ടിരുന്നു.
മുആവിയക്ക് ശേഷം മകൻ യസീദാണ് അധികാരത്തിലെത്തിയത്. തിരഞ്ഞെടുപ്പിലൂടെയുള്ള ഭരണമാറ്റത്തിന് എന്നന്നേക്കുമായി തിരശീലയിട്ടുകൊണ്ട് രാജാധിപത്യത്തിലേക്കുള്ള കൂടുമാറ്റമായി ഇത് വിലയിരുത്തപ്പെടുകയും സമൂഹമധ്യത്തിലിത് വ്യാപകമായി എതിര്‍ക്കപ്പെടുകയും ചെയ്തു. എന്നാൽ, ചോദ്യം ചെയ്തവർക്കെതിരെ മുഴുവന്‍ നടപടിയെടുത്തുകൊണ്ടാണ് യസീദ് ഇതിനോട് പ്രതികരിച്ചത്.
ഈ സാഹചര്യത്തിലാണ് പ്രവാചകന്റെ പേരക്കുട്ടിയും മുന്‍ ഖലീഫ അലിയുടെ രണ്ടാമത്തെ മകനുമായ ഹുസൈനോട് ഖലീഫ പദവി ഏറ്റെടുക്കാൻ ജനങ്ങൾ ആവശ്യപ്പെടുന്നത്. മുന്‍ഗാമികളെപ്പോലെ അധികാര വ്യവസ്ഥിതിയിൽ നിന്നും മാറി നിൽക്കാനിഷ്ടപ്പെട്ട ഹുസൈൻ പക്ഷേ സാമ്രാജ്യത്തില്‍ നടമാടികൊണ്ടിരിക്കുന്ന രാഷ്ട്രീയ അരാജകത്വങ്ങൾക്കെതിരെ പ്രതികരിക്കാന്‍ മടിച്ചില്ല. തന്റെ ജ്യേഷ്ഠസഹോദരനും മുആവിയയും തമ്മിലുണ്ടാക്കിയ കരാറുകൾ പാലിക്കാൻ യസീദിനെ അദ്ദേഹം നിര്‍ബന്ധിച്ചു. എന്നാൽ, യസീദ് ഇത് അംഗീകരിക്കാൻ കൂട്ടാകാതിരുന്ന സാഹചര്യത്തിലാണ് കൂഫയിലെ ജനങ്ങൾ തങ്ങൾക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ നൽകാൻ അഭ്യര്‍ത്ഥിച്ചുകൊണ്ട് ഹുസ്സൈനെ കൂഫയിലേക്ക് ക്ഷണിക്കുന്നത്. ക്ഷണമേറ്റെടുത്ത് ഹുസൈൻ തന്റെ കുടുംബത്തേയും അനുയായികളേയും കൂട്ടി കൂഫയിലേക്ക് യാത്രയായി. എന്നാൽ, ഹുസൈന്റെ കടന്ന് വരവ് തന്റെ അധികാരത്തിനൊരു ഭീഷണിയാകുമെന്ന് മനസ്സിലാക്കിയ യസീദ് അവരുടെ രംഗപ്രവേശനം ഏതുവിധേനയും തടയാനും മദീനയിലേക്ക് തിരിച്ചയക്കാനുമായി ഇബ്നു സിയാദിന്റെ നേതൃത്വത്തിലുള്ളൊരു സൈന്യത്തെ വഴിയില്‍ നിയോഗിച്ചു. അവർ ഹുസ്സൈനേയും സംഘത്തെയും തടയുകയും കനത്ത രക്തചൊരിച്ചിലിലേക്കത് വഴിമാറുകയും ചെയതു. കര്‍ബല സംഭവം എന്നറിയപ്പെട്ട ഈ അക്രമത്തിൽ ഹുസ്സൈനടക്കം നിരവധിപേർ കൊല്ലപ്പെട്ടു.
ഇതോടെ ജനങ്ങൾ തിരഞ്ഞെടുക്കുന്ന ഖലീഫ സമ്പ്രദായത്തിന് പകരം ഏകാധിപത്യത്തിൽ അധിഷ്ഠിതമായ രാജാധിപത്യം നിലവിൽ വന്നു എന്ന് പറയാം. രാജാധിപത്യത്തോടും ഹുസ്സൈന്റെ വധത്തോടും രോഷമുണ്ടായിരുന്നവർ സംഘടിക്കാൻ തുടങ്ങി. ആദ്യ ഖലീഫയായി അലിയെ തിരഞ്ഞെടുത്തിരുന്നെങ്കിൽ അഥവാ, പ്രവാചക കുടുംബാംഗങ്ങളെ മാത്രം അധികാരമേൽപ്പിച്ചിരുന്നുവെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നുവെന്ന് അവർ വാദിച്ചു വന്നു. അവരാണ് പിന്നീട്, പ്രവാചക കുടുംബത്തിൽ അവശേഷിച്ച അവസാന കണ്ണിയായ ഹുസ്സൈന്റെ പ്രായപൂർത്തിയാകാത്ത മകൻ അലി ഇബ്നു ഹുസൈൻ സൈനുൽ ആബിദീൻ എന്നവരെ നേതാവായി കരുതിക്കൊണ്ട് 'ശീഅത്തു അലി' അഥവ, അലി വിഭാഗം എന്ന പേരിലറിയപ്പെട്ടത്. പിന്നീട് 1100 കൂടിയാണ് ഷിയാ എന്ന ഒറ്റപ്പേരിൽ അവർ വിശ്രുതമാകാൻ തുടങ്ങിയത്. അതേസമയം, മറ്റൊരു വശത്ത് യസീദിന്റെ കുടുംബ വാഴ്ച്ചയോടും ശീഅത്തു അലിക്കാരുടെ സിദ്ധാതത്തോടും ഒരു പോലെ അകലം പാലിച്ച ഔദ്യോഗിക വിഭാഗവും നിലനിന്നു വന്നു. അവർ പ്രവാചക കുടുംബത്തെ ആദരിക്കുകയും അതേ സമയം തിരഞ്ഞെടുപ്പിലൂടെയുള്ള അധികാരകൈമാറ്റത്തോട് ആഭിമുഖ്യം പുലർത്തുകയും ചെയ്യുന്നവരായിരുന്നു. ബഹുഭൂരിപക്ഷം വരുന്ന ഈ മുസ്ലിം സമൂഹമാണ് പിൽകാലത്ത് പ്രവാചകചര്യ പിന്തുടരുന്നവർ എന്നർത്ഥം പ്രതിഫലിപ്പിക്കുന്ന 'അഹ്ലുസ്സുന്നത്തി വൽ ജമാഅ' അഥവാ, സുന്നി എന്ന പേരിലറിയപ്പെട്ടത്.
വിഭാഗീയതയയുടെ തുടക്ക കാലത്ത് ഈ രണ്ട് വിഭാഗങ്ങളും ശക്തമായ ആശയ സൈനിക സംഖട്ടനങ്ങളിൽ ഏര്‍പ്പെട്ടു വന്നിരുന്നു. പ്രവാചക കുടുബങ്ങളുടെ അധികാര ലബ്ദിക്കായി വാദിച്ചിരുന്ന ഷിയ വിഭാഗവും, മുന്‍ഗാമികൾ വഴിവെട്ടി നല്‍കിയ തിരഞ്ഞെടുപ്പിലൂടെയുള്ള അധികാര കൈമാറ്റ വ്യവസ്ഥക്കായി വാദിച്ചു വന്ന സുന്നികളും, രണ്ടിനെയും അംഗീകരിക്കാതെ തികച്ചും ഏകാധിപത്യ പ്രവണതയിൽ വർത്തിച്ചു വന്ന ഉമവികളും തമ്മിലുള്ള രാഷ്ട്രീയ മാത്സര്യങ്ങളാണ് പിന്നീട് ശക്തമായ ആശയ സംവാദങ്ങളിലേക്ക് നീങ്ങിയത്. ഭരണം നയിച്ചിരുന്ന ഉമയ്യദുകൾ മേല്‍ രണ്ട് പ്രബല വിഭാഗവുമായും, അവർ ഉമവികളേയും കഠിനമായി വിമര്‍ശിച്ചു വന്നു. ഈ അകല്‍ച്ച ഭരണ മേഖലയിലാണ് കൂടുതലും പ്രകടമായത് എന്ന് പറയാം. രാജ്യത്തിന്റെ വ്യത്യസ്ത മേഖലകളില്‍ ഉമവികൾക്ക് കീഴില്‍ ഗവര്‍ണര്‍മാരായും മറ്റും പ്രവർത്തിച്ചു വന്നിരുന്ന എതിർ ആശയക്കാരെ അധികാര സ്ഥാനത്ത് നിന്നും പുറത്താക്കി കൊണ്ടുള്ള ശുചീകരണ യത്നങ്ങളാണ് ഇതിന്റെ ആദ്യഘട്ടത്തിൽ ഉമവികൾ നടപ്പാക്കാൻ ശ്രമിച്ചത്. അതേ സമയം ഉമവികളുടെ കീഴിലുള്ള സുന്നി ഭരണാധികാരികൾ അവർ ഭരിക്കുന്ന ഇടങ്ങളിലെ ഷിയാ ന്യൂനപക്ഷത്തേയും പാർശ്വവത്കരിക്കാൻ ശ്രമിച്ചു. ഈ ഏറ്റുമുട്ടലില്‍ വിജയിച്ച വിഭാഗം തങ്ങളുടെ ആശയപ്രചാരകരെ മത രാഷ്ട്രീയാധികാരങ്ങളുടെ തലപ്പത്തിരുത്തുവാൻ പരിശ്രമിക്കുകയും ഭരണപരമായി വേറിട്ടു നിൽക്കാൻ പരിശ്രമിക്കുകയും ചെയതു വന്നത് ഒരുകാലത്ത് അതിശക്തമായി നിലനിന്നിരുന്ന ഇസ്ലാമിക സാമ്രാജ്യത്തിന്റെ വിഭജനത്തിലേക്കാണ് നയിച്ചത് എന്ന് പറയാം. അതുപ്രകാരം, ഷിയാ ധാരയിൽ സഫാവീദ്, ഫാഥ്വിമി ഭരണകൂടങ്ങളും സുന്നി ധാരയിൽ സെങ്കിദ്, അയ്യൂബി, ഓട്ടോമൻ, മുഗൾ ഭരണകൂടങ്ങളും ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിലവില്‍ വന്നു. അവർ തങ്ങളുടെ ആശയക്കാരെ നീതിപീഠങ്ങളിലും മതസ്ഥാപനങ്ങളുടെ അമരത്തും പ്രതിഷ്ഠിച്ചു.
ഇന്ത്യയിലെ ഡല്‍ഹി സുല്‍ത്താനേറ്റ്, മുഗള്‍ കാലഘട്ടത്തെ സുന്നി ആധിപത്യ കാലത്തോടൊപ്പം കൂട്ടി ചേര്‍ത്തുകൊണ്ടാണ് ചരിത്രകാരന്മാർ സൂചിപ്പിച്ചു വരുന്നത്. എന്നാൽ, അഭ്യന്തരമായ അനേകം കൊടുക്കൽ വാങ്ങലുകളിലൂടെ കടന്ന് പോയൊരു വിഭാഗം എന്ന നിലയില്‍ സുന്നിയേത്, ഷിയ ഏത് എന്ന് വേര്‍തിരിച്ചറിയാൻ കഴിയാത്ത സമൂഹമായിരുന്നു അക്കാലത്തെ ഇന്ത്യൻ മുസ്ലിം ജനത എന്ന് തീര്‍ത്ത് പറയാൻ സാധിക്കും. സുന്നി ഷിയാ വിഭജന കാലത്ത് ഷിയാ വിരുദ്ധ ചേരി ഉയർത്തി പിടിച്ച അവരുടെ പ്രഥമ ആവശ്യമായ തിരഞ്ഞെടുപ്പിലൂടെയുള്ള അധികാര കൈമാറ്റ രീതിയെ പോലും കാറ്റില്‍ പറത്തികൊണ്ട് തികച്ചും രാജാധിപത്യ വ്യവസ്ഥയിൽ അടിയുറച്ച ഏകാധിപത്യ ഭരണ സമ്പ്രദായമായിരുന്നു അക്കാലത്ത് ഇന്ത്യയിലുണ്ടായിരുന്നത്. ഇസ്ലാമിക ലോകത്തിന്റെ കേന്ദ്രസ്ഥാനം എന്ന നിലയില്‍ പ്രചുരപ്രചാരം നേടിയിരുന്ന തുര്‍ക്കിയുടെ സ്വാധീനമാണ് ഈ സവിശേഷതയുടെ ഒരു പ്രധാന കാരണമെന്ന് പറയാം. സുന്നി ഷിയാ ആശയ സംവാദങ്ങള്‍ ഏറ്റവും മൂര്‍ത്തമായി അനുഭവിച്ച പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്ഥലം എന്ന നിലയിലും, മാറി മാറി കടന്നു വന്ന വ്യത്യസ്ത ചിന്താധാരകളിൽ അടിസ്ഥാനപ്പെടുത്തിയുള്ള ഭരണരീതികളുടെ സ്വാധീന ഫലമാണ് തുര്‍ക്കി ഉള്‍പ്പെടെയുള്ള അറേബ്യന്‍ പ്രദേശങ്ങളിൽ ഇത്തരമൊരു സാഹചര്യം രൂപപ്പെടുന്നത്. അതിന്റെ മറ പിടിച്ചുകൊണ്ടാണ് ഷിയാ രീതികളിൽ നിന്നും കടം കൊണ്ടിട്ടുള്ള ശവക്കല്ലറ സൗന്ദര്യ വല്‍ക്കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങൾ ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍ തുടക്കം കുറിക്കുന്നതെന്നും കാണാൻ സാധിക്കും. ഇസ്ലാമിക നിയമങ്ങൾ ശക്തമായി എതിര്‍ത്ത ഈ ആചാരങ്ങള്‍ ഷിയാ ആദര്‍ശങ്ങളുടെ ഭാഗമാകുന്നത് ജൂത ക്രൈസ്തവ മതങ്ങളിൽ നിന്നുമാണ്. പുണ്യാത്മാക്കളുടെ ഖബറുകളുടെ സൗന്ദര്യ വല്‍ക്കരണം എന്ന പേരില്‍ തുടക്കം കുറിച്ച ഈ ദുരാചാരം പിന്നീട് മരണപ്പെടുന്ന രാഷ്ട്രീയ ഭരണ നേതൃത്വങ്ങളിലേക്കും കടന്നു ചെല്ലുകയുണ്ടായി. അതിൻപ്രകാരം, മരണപ്പെടുന്ന വ്യക്തിയുടെ ആത്മീയ ഉന്നമനങ്ങൾക്കപ്പുറം അവരുടെ അധികാര ശക്തികൂടി അതിന്റെ മാനദണ്ഡമായി മാറി എന്ന് പറയാം.
മേല്‍ സാഹചര്യങ്ങളിൽ നിന്നും അല്‍പ്പം വ്യത്യസ്തമായിരുന്നു കേരളീയ മുസ്ലീം പൊതുമണ്ഡലം. പുരാതന കാലം മുതലേ പ്രദേശത്തിനുണ്ടായിരുന്ന അറേബ്യന്‍ കേന്ദ്രീകൃത വിദേശ കച്ചവട ബന്ധങ്ങൾ കാരണമാണ് സുന്നി ആശയ ധാരയിലീ ദേശം അടിയുറച്ച് നിന്നത് എന്ന് പറയാം. കേരളത്തിന്റെ പടിഞ്ഞാറ് വശത്തെ നീണ്ട തീരപ്രദേശങ്ങൾ ഹളർമൗത്ത്, ഈജിപ്ത്, ഒമാൻ തുടങ്ങിയ അറേബ്യന്‍ രാജ്യങ്ങളുമായി വിപുലമായ കച്ചവടബന്ധങ്ങളാണന്ന് പുലർത്തിപോന്നിരുന്നത്. മലബാർ സമാധാന ഭൂമികയാണെന്ന ശ്രുതി അറേബ്യൻ നാടുകളിലന്നേ നിലവിലുണ്ടായിരുന്നു. കച്ചവട മര്യാദ, സഹജീവി സ്നേഹം തുടങ്ങി കാലാവസ്ഥ, ജീവിത സാഹചര്യങ്ങൾ തുടങ്ങിയവ കാരണം ഈ ദേശം ജീവിതം കരുപ്പിടിപ്പിക്കാൻ ഉത്തമമാണന്നവർ കണക്കുകൂട്ടി. ഏത് പ്രദേശങ്ങളിലേക്കും കുടിയേറി തങ്ങളുടെ ജീവനും സ്വത്തിനും വിശ്വസത്തിനും എതിരാവാത്ത കാലത്തോളം അവിടങ്ങളിലെ നിയമങ്ങളെ മാനിച്ച് ജീവിക്കാൻ അവരോളം കഴിവുള്ള മറ്റൊരു ജനത വേറെയുണ്ടോ എന്ന് സംശയമാണ്. കച്ചവടം കൂടാതെ തങ്ങളുടെ വിശ്വാസത്തിന്റെ പ്രബോധനവും അവരുടെ മുഖ്യലക്ഷ്യമായിരുന്നു എന്ന് പറയാം. യഥാര്‍ത്ഥത്തില്‍, അറബികള്‍ അവരുടെ വിശ്വാസവുമായി ഇങ്ങോട്ട് വരികയായിരുന്നില്ല മറിച്ച് കേരള ജനത അറബികളുടെ വിശ്വാസത്തെ തേടി അങ്ങോട്ട് പോവുകയായിരുന്നു എന്ന് പറയുന്നതാവും കൂടുതൽ ശരി. കാരണം, പലവിധ ഉഛനീചത്വങ്ങൾ അനുഭവിച്ച് വന്നിരുന്ന ഒരു ജനതയുടെ അവസാന രക്ഷാകേന്ദ്രങ്ങളായിരുന്നു ജാതിയ ചിന്തകളെ പൂര്‍ണ്ണമായും നിരാകരിക്കുന്ന ഇസ്ലാമിക വിശ്വസം എന്ന് പറയാം.
കച്ചവട ലക്ഷ്യങ്ങള്‍ക്കപ്പുറം ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളുടെ സാധ്യതകളെ മനസ്സിലാക്കി കേരളത്തേക്ക് കടന്നുവന്ന മറ്റൊരു വിഭാഗമാണ് പ്രവാചക പരമ്പരയിൽപ്പെട്ട തങ്ങന്മാർ ഉള്‍പ്പെടെയുള്ള പാണ്ഡിതന്മാർ. പതിനേഴാം നൂറ്റാണ്ട് മുതലാണ് ഇവരുടെ വ്യാപകമായ കുടിയേറ്റമുണ്ടാകുന്നത്. അതിൽ സയ്യിദ് വംശത്തിൽപ്പെട്ടരും അങ്ങനെ അല്ലാത്തവരുമുണ്ടായിരുന്നു. ബാഹസൻ, ബാഅലവി, ജിഫ്രി, ബാഫഖി, സഖാഫ്, ജമാലുല്ലൈലി, അഹ്‌ദൽ, മൗലദ്ദവീല, ഐദീദ്, മുനഫർ, ഐദറൂസ് എന്നീ കുടുംബങ്ങളാണ് അതിൽ പ്രധാനപ്പെട്ടവർ. കേരളവുമായി കച്ചവട ബന്ധത്തിലുണ്ടായിരുന്ന യമനിലെ ഹളർമൗത്തിൽ നിന്നാണ് അവരിലെ ഏറിയ പങ്കും കടന്ന് വന്നത് എന്നതിനാല്‍ ഹള്റമികൾ എന്നാണ് അവർ പൊതുവില്‍ അറിയപ്പെടുന്നത്.
അറേബ്യൻ ഉപദ്വീപിന്റെ തെക്കന്‍ പ്രദേശങ്ങളിലവർ വ്യാപിക്കുന്നതിന് മുന്നേ മശാഇഖുമാര്‍ എന്നറിയപ്പെട്ട ഇമാമുമാര്‍ക്കായിരുന്നു മേല്‍ പ്രദേശങ്ങളിൽ സ്വാധീനമുണ്ടായിരുന്നത്. അവരാണ് അവിടങ്ങളിലെ മതകാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. ബാഫള്ല്‍ എന്നറിയപ്പെട്ടു വന്നിരുന്ന ഇവര്‍ പദവികളെല്ലാം സയ്യിദുമാര്‍ക്ക് ഒഴിഞ്ഞു കൊടുക്കുകയും അവരെ ആദരപുരുഷന്‍മാരായി വാഴ്ത്തുകയും ചെയ്തതോടെ ഹളര്‍മൗത്തിലുണ്ടായിരുന്ന ഇബാദീ, ഷിയാ വിഭാഗങ്ങളുടെ സ്വാധീനമില്ലാതായി. സയ്യിദുമാരിൽ ഭൂരിഭാഗവും സുന്നി ആദര്‍ശധാരയിൽ ഉള്‍പ്പെട്ട ശാഫീ കര്‍മ്മ മാര്‍ഗ്ഗം പിന്തുടരുന്നവരായിരുന്നു. അതിനാല്‍, അവർ കടന്ന് ചെന്ന സ്ഥലങ്ങളിലൊക്കെയും സുന്നി ആശയങ്ങൾക്കായിരുന്നു പ്രാമുഖ്യം ലഭിച്ചത്. ജനങ്ങളുടെ ആത്മീയമായും മതപരവുമായ നേതൃത്വം ഏറ്റെടുത്തതിനാല്‍ ഈ രണ്ട് വിഷയങ്ങളിലും കാര്‍ക്കശ്യം വേണമെന്നവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ശാഫീ കര്‍മ്മങ്ങളെ ആധാരമാക്കിയുള്ള ഗ്രന്ഥങ്ങള്‍ അവര്‍ പഠിക്കുകയും സ്വാധീനമുള്ള പ്രദേശങ്ങളിലവരത് പ്രചരിപ്പിക്കുകയും ചെയ്തു.
സയ്യിദ് ജിഫ്രി തങ്ങളുടെ കേരളാഗമനവുമായി ബന്ധപ്പെട്ടുകൊണ്ട് ഉമര്‍ മധുവായിയുടെ കൊണ്ടോട്ടി തങ്ങൾ എന്ന ഗ്രന്ഥത്തിലെ ഉദ്ധരണി കാണുക,
"മഹാനായ ശൈഖ് സയ്യിദ് ജിഫ്രി തങ്ങൾ ഒരു കർമ്മ ശാസ്ത്ര പണ്ഡിതനായിട്ടായിരുന്നു കേരളത്തിൽ പ്രബോധനം നടത്തി വന്നിരുന്നത്. അദ്ദേഹം യമനിലെ തരീമിൽ നിന്നും മലബാറിലേക്ക് വരുന്ന കാലത്ത് പതിനേഴ് വയസ്സായിരുന്നു പ്രായം. യമനിലും മധ്യപൂർവ്വ ദേശങ്ങളായ രാജ്യങ്ങളിലും സുന്നീ ശിയാ സംഘർഷങ്ങൾ രൂക്ഷമായിരുന്ന കാലമായിരുന്നു അതെന്ന് പറയാം. ബാഅലവികൾ അടക്കമുള്ള സാദാത്തുക്കൾ അക്രമങ്ങൾക്ക് വിധേയമായി വന്നു. അതിൽ നിന്ന് രക്ഷ നേടാൻ യമനിലെ സാദാത്തുക്കൾ ലോകത്തിൻ്റെ പല ഭാഗത്തേക്കും പോയ കൂട്ടത്തിൽ കേരളത്തിലേക്ക് വന്ന പ്രധാനികളിൽ ഒരാളായിരുന്നു ജിഫ്രി തങ്ങൾ എന്ന് പറയാം. വിശ്വാസപരമായും കർമ്മ ശാസ്ത്രപരമായും യമനിലേയും കേരളത്തിലേയും ഇസ്ലാമിക ചിന്താധാരകൾ ഏറെക്കുറെ സാമ്യമുള്ളതായതിനാൽ ജിഫ്രി തങ്ങൾ കോഴിക്കോട്ട് വന്ന് പ്രബോധനം തുടങ്ങിയപ്പോൾ ഇവിടത്തെ മത ചായവുമായി സമരസപ്പെട്ട് പോകൽ എളുപ്പമായി..."
ഇസ്ലാമിക ചരിത്രത്തിലെ ആദ്യമായി കെട്ടി ഉയര്‍ത്തപ്പെട്ട മഖ്ബറ എന്ന നിലയില്‍ പ്രശസ്തമായ കര്‍ബലയിലെ ഹുസൈന്‍ (റ) വിന്റെ അന്ത്യവിശ്രമ സ്ഥലം ഉള്‍പ്പടെയുള്ള ഇറാഖിലെ വിവിധ ഇടങ്ങളില്‍ ഷിയാ ആശയ ധാരകൾക്കായിരുന്നു കൂടുതൽ സ്വാധീനം ലഭിച്ചിരുന്നത്. ഇസ്ലാം രണ്ട് കൈവഴിയായി ഒഴുകി നീങ്ങിയപ്പോൾ മേല്‍കൈ ലഭിക്കുന്ന ഇടങ്ങളില്‍ അതാതു ആശയങ്ങൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുക സ്വാഭാവികമാണല്ലോ. അത്തരമൊരു ഇടത്ത് നിന്നും കടന്ന് വരുന്ന ഏതൊരു പ്രബോധകരിലും അതിന്റെ അംശങ്ങൾ അനുഭവപ്പെടുകയും സ്വാഭാവികം. ഒരുപക്ഷേ, അതുകൊണ്ട് കൂടിയായിരിക്കാം മൊഹിയുദ്ദീന്‍ അബ്ദുൽ ഖാദർ ജിലാനിയുടെ പരമ്പരയിൽ നിന്നും എന്ന് അവകാശപ്പെട്ട് ഇറാഖിലെ ബസ്ര പോലുള്ളൊരു പ്രദേശത്ത് നിന്നും ഇസ്ലാമിക പ്രബോധനാവശ്യത്തിനാണങ്കില്‍ പോലും ഒരാൾ കടന്ന് വന്നത് സംശയ ദൃഷ്ടിയോടെ നിരീക്ഷിക്കാനും അവരുടെ പ്രവര്‍ത്തനങ്ങളിലെ ഷിയാ അംശങ്ങളെ വേര്‍തിരിച്ച് മനസ്സിലാക്കാനും കോഴിക്കോട് ജിഫ്രി ഉള്‍പ്പെടെയുള്ള ഹള്റമി തങ്ങന്മാർക്ക് വേഗത്തിൽ സാധിച്ചത്. ലോകത്തിന്റെ വിവിധ കോണുകളില്‍ നടക്കുന്ന ഏത് സംഭവവികാസങ്ങളേയും വേഗത്തിൽ ശാംസ്വീകരിച്ചെടുക്കാൻ കഴിയുന്ന കേരളീയ മുസ്ലീങ്ങളുടെ അതേ സവിശേഷത തന്നെയാണ് മുഹമ്മദ് ഷാഹിന്റെ പുതിയ ആശയത്തിന് അതിന്റെ ആദ്യകാലങ്ങളിൽ ഈ നാട്ടില്‍ ലഭിച്ച വമ്പിച്ച സ്വീകാര്യതയുടെ അടിസ്ഥാന കാരണവും. എന്നാൽ, അതൊരു വമ്പിച്ച സംവാദത്തിലേക്ക് നീങ്ങിയത് ഒരേ സമയം നിര്‍ഭാഗ്യകരവും എന്നാൽ, മലയാളികളുടെ മുന്‍കരുതലിന്റെ ഭാഗമായും വിലയിരുത്താൻ സാധിക്കും. ഇന്നും മറ്റൊരു രൂപത്തിലും ഭാവത്തിലും ആ ആശയ സംവാദങ്ങൾ കേരളീയ ഇസ്ലാമിക മണ്ഡലത്തിൽ സജീവമായി നിലനിന്നു വരുന്നു.
മഖ്ദൂം കുടുംബവും കുണ്ടോട്ടി തങ്ങന്മാരും വെവ്വേറെ വളർത്തിയ പൊന്നാനിക്കയ്യും കുണ്ടോട്ടിക്കയ്യും പരസ്പരം ചേരിതിരിഞ്ഞ് തമ്മിലടിച്ചപ്പോൾ അതിനെ നിസ്സംഗമനോഭാവത്തോടെയാണ് ബ്രിട്ടീഷധികാരികൾ എതിരേറ്റത്. തങ്ങളുടെ വിശ്വസ്ത സ്നേഹിതരായ കൊണ്ടോട്ടിയെ എതിര്‍ക്കുന്നതും കേരള മുസ്ലീങ്ങളിലെ വലിയൊരു വിഭാഗത്തിന്റെ ആത്മീയ നേതൃത്വമായ കോഴിക്കോട് ജിഫ്രിയേയും കൂട്ടരെയും എതിര്‍ക്കുന്നതും ഒരുപോലെ തങ്ങൾക്ക് പ്രതികൂലമാകുമെന്ന് അവർ കരുതിക്കാണണം. അതിനാൽ, വിശ്വസ്തനായൊരു മധ്യസ്ഥന്റെ രൂപത്തിൽ ഇരു ചേരികളുടെയും ഗുണകാംക്ഷികളായി അവർ ഭാവിച്ചു പോന്നു. യഥാർത്ഥത്തിൽ, ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കലിന്റെ മറ്റൊരു പ്രായോഗിക രൂപമായി ഇതിനെ വിലയിരുത്താൻ കഴിയും. സാമ്രാജ്യത്വത്തിനെതിരെ ഒരു കാലഘട്ടം മുഴക്കെയും അതിശക്തമായ സമരം നയിച്ച പാരമ്പര്യമവകാശപ്പെടാൻ സാധിക്കുന്ന ഒരു ജനതയെ ഇത്തരം ചില ഊരകുടുക്കുകളിൽ തളച്ചിട്ടാൽ അവർ തങ്ങളുടെ ലോകം അതിന് ചുറ്റിലും മാത്രമായി പരിമിതപ്പെടുമെന്ന ബ്രിട്ടീഷുകാരുടെ കണക്കുകൂട്ടലുകളിൽ നിന്നുമാണ് ഇത്തരമൊരു നിസ്സംഗത രൂപപ്പെട്ടത് എന്ന് പറയാം.
ഇതുമായി ബന്ധപെട്ട് 1907 കാലത്ത് മലപ്പുറം സബ്ബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിലെ ഒരു രേഖയില്‍ പറയുന്നത് കാണുക,
"കട്ടുപ്പാറ (പുലാമന്തോൾ) ജുമുഅത്ത് പള്ളി സംബന്ധിച്ച് കൊണ്ടോട്ടി കൈക്കാരും (ഷിയാ) പൊന്നാനി കൈക്കാരും (സുന്നി) തമ്മിലുള്ള തർക്കം അസിസ്റ്റന്റ് കലക്‌ടർ (തുക്‌ടി) ഇ സി സ്മിത് സായിപ്പിന്റേയും എ എസ് പി ഹിച്ച് കോക്കിന്റേയും മധ്യസ്ഥതയിൽ ഒത്തുതീർപ്പാക്കി. മധ്യസ്ഥതയായെങ്കിലും കുണ്ടോട്ടി തങ്ങളുടെ നേതൃത്വത്തിൽ 5000 കുണ്ടോട്ടി കൈക്കാരും, അങ്ങാടിപ്പുറം വലിയ കുഞ്ഞിക്കോയതങ്ങളുടെ നേതൃത്വത്തിൽ 25000 പൊന്നാനികൈക്കാരും മലപ്പുറത്ത് എത്തിച്ചേർന്നതോടെ ക്രമസമാധാന പ്രശ്‌നത്തിൽ ജില്ലാ അധികൃതർ ഉത്ക്കണ്ഠാകുലരായിരുന്നു..."
മുഹമ്മദ് ഷായുടെ കാലശേഷവും പ്രസ്തുത തര്‍ക്കം നീണ്ടുനില്‍ക്കുകയും ആശയ സംഖട്ടനം പ്രത്യക്ഷമായ സമൂഹിക വിഭജനത്തിലേക്കും ഓരോ വിഭാഗത്തിനും വെവ്വേറെ പള്ളികള്‍ വരെ നിര്‍മ്മിക്കപ്പെടുകയും ചെയ്യുന്ന കാര്യങ്ങളിലേക്കും ഇതവരെ കൊണ്ടെത്തിച്ചു. സാധാരണക്കാർ മുതൽ നാട്ടുപ്രമാണിമാർ, മതപണ്ഡിതന്മാർ വരെയുള്ളവർ ഏതെങ്കിലുമൊരു ചേരിയിൽ അണിനില്‍ക്കേണ്ടത് നിര്‍ബന്ധമായി വന്നു. ഇത് കുഴപ്പത്തിന് കൂടുതൽ ആക്കം കൂട്ടി എന്ന് പറയാം. ഇസ്ലാം മതചിഹ്നങ്ങള്‍ പേറുന്ന ഏതൊരു സ്ഥാപനവും തങ്ങൾ ഏത് കൈ'യെയാണ് പ്രതിനിധീകരിക്കുന്നത് എന്ന് ജനമധ്യത്തിൽ വെളിവാക്കേണ്ടി വന്നൊരു സാഹചര്യം സമൂഹത്തില്‍ സംജാതമായി.
ഇഷ്തിയാഖ് ഷായുടെ കാലത്ത് അദ്ദേഹം നടപ്പിലാക്കാന്‍ ശ്രമിച്ച പലവിധ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഈ തര്‍ക്കങ്ങള്‍ പിന്നേയും കൂടുതൽ രൂക്ഷമായി. മുരീദുമാര്‍ ശൈഖനു മുമ്പില്‍ സുജൂദ് ചെയ്യുന്നത് വലിയ പുണ്യകരമായ കാര്യമാണന്ന് അദ്ദേഹം പ്രചരിപ്പിച്ചു വന്നതും മുഹറം ദിനത്തെ വമ്പിച്ച ആഘോഷമാക്കി കൊണ്ടാടിയതുമാണ് അതിനു പിന്നിലെ പ്രധാനപ്പെട്ട രണ്ടു കാരണങ്ങൾ. മുമ്പു തന്നെ ശിയാ പാരമ്പര്യം ആരോപിക്കപ്പെട്ടിരുന്ന കൊണ്ടോട്ടി കൈവഴിയില്‍ മേല്‍ സമ്പ്രദായങ്ങള്‍ ആരോപണത്തിന് കൂടുതൽ ശക്തിപകര്‍ന്നു എന്ന് പറയാം. പണ്ഡിതന്മാര്‍ ഏറെക്കുറെ ഒറ്റക്കെട്ടായി ഇതിനെ എതിര്‍ത്തെങ്കിലും ചില പണ്ഡിതന്മാരെങ്കിലും ഇതിനെ ന്യായീകരിച്ച് മുന്നോട്ട് വന്നു. കൊണ്ടോട്ടി ഖാദിയായിരുന്ന പുത്തന്‍തൊടിക അലി മുസ്‌ലിയാര്‍ കൊണ്ടോട്ടി തങ്ങള്‍ക്ക് സുജൂദ് ചെയ്യുന്നതിനെ പിന്തുണച്ച് ഫത്‌വ വരെ പുറപ്പെടുവിച്ചു. കൊണ്ടോട്ടി പഴയങ്ങാടി ജുമുഅത്ത് പള്ളിയില്‍ നടന്ന പരസ്യ വാദപ്രദിവാദം കൊണ്ടോട്ടിക്കൈ, പൊന്നാനിക്കൈ തര്‍ക്കത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായിരുന്നു. കൊണ്ടോട്ടി തങ്ങളെ പ്രധിനിധീകരിച്ചത് മുസ്‌ലിയാരകത്ത് അഹമ്മദ് കുട്ടി മുസ്‌ലിയാരും പൊന്നാനിക്കെയുടെ പ്രതിനിധി നിജാഇ മൊയ്തു മുസ്‌ലിയാരുമായിരുന്നു. വാദപ്രതിവാദത്തിന് ശേഷം അഹ്മദ് കുട്ടി മുസ്‌ലിയാര്‍ 'അല്‍ ബുസ്താന്‍' എന്ന പേരിലൊരു പുസ്തകം പ്രസിദ്ധീകരിക്കുകയും കൊണ്ടോട്ടി തങ്ങന്‍മാരുടെ ത്വരീഖത്തിനെയും പാരമ്പര്യത്തിനെയും വിശുദ്ധമാക്കുകയും ആരോപണങ്ങള്‍ക്ക് മറുപടി എഴുതുകയും ചെയ്തു. പുസ്തകം പുറത്തുവന്നപ്പോള്‍ പൊന്നാനി പക്ഷക്കാര്‍ കഴിയുന്നത്ര പണ്ഡിതന്മാരില്‍ നിന്നും കൊണ്ടോട്ടി തങ്ങന്മാര്‍ക്കെതിരെ ഫത്‌വകള്‍ വാങ്ങി പുറത്തിറക്കുകയുണ്ടായി. മഖ്ദൂമികളാൽ രചിക്കപ്പെട്ട 'ഫത്ഉൽ മുഈൻ' പോലുള്ള ഗ്രന്ഥങ്ങളിൽ ഖബറു കെട്ടിപൊക്കൽ പോലുള്ളതും മറ്റുമായ പലതിനെയും എതിർക്കുന്നതായി കാണാം. വെളിയങ്കോട് ഉമര്‍ ഖാദിയെപ്പോലെയുള്ള വേറെയും ധാരാളം പണ്ഡിതന്മാര്‍ ഫത്‌വകളിലൂടെയും കവിതകളിലൂടെയും കൊണ്ടോട്ടി തങ്ങന്മാര്‍ക്കെതിരെ എഴുതിയ രചനകൾ 'മജ്മഅത്തുല്‍ ഫതാവ' എന്ന പേരിലും സമാഹരിക്കപ്പെട്ടിട്ടുണ്ട്. എതിര്‍പ്പ് രൂക്ഷമായതോടെയാണ് കൊണ്ടോട്ടിയിലെ മുരീദുമാരുടെ സുജൂദ് ചെയ്യുന്ന ഏര്‍പ്പാട് അവർ അവസാനിപ്പിച്ചത്. എങ്കിലും, പില്‍ക്കാലത്ത് ഉല്‍പതിഷ്ണു, യാഥാസ്തിക വിവാദത്തിന് തുടക്കം കുറിക്കുന്നത് വരേയും കൈതര്‍ക്കം ഇവിടെ സജീവമായി നിലനിന്നു.
ഒരു കാലഘട്ടം മുഴുക്കെയും കേരളീയ പഠന സംവാദ മണ്ഡലങ്ങളെ സജീവമായി നിര്‍ത്തിയ, മഹത്തുക്കളായ അനേകം പണ്ഡിതന്മാരാൽ ദിശാബോധം നല്‍കപ്പെട്ടൊരു ആശയ സമരത്തിന്റെ അവസാന പരിണിതി എന്തായിരുന്നു എന്ന് പഠന വിധേയമാക്കുമ്പോൾ അത്ഭുദപ്പെടുത്തുന്ന അവസ്ഥാപരിണാമങ്ങളാണ് നമുക്ക് കാണുവാന്‍ സാധിക്കുക. കൊണ്ടോട്ടി ഷിയാ ആശയങ്ങളുടെ നീരൊഴുക്കിനെതിരെ കടുത്ത തടസ്സങ്ങള്‍ സൃഷ്ടിച്ച അതേ ധാരക്കുമേൽ കൊണ്ടോട്ടി ആശയങ്ങള്‍ ലയിച്ചു ചേര്‍ന്ന അത്ഭുദ പരിണിതിയാണ് പിന്നീടീ കാണാൻ കഴിഞ്ഞത്. തുടർന്ന്, പരസ്പരം വേര്‍തിരിച്ചെടുക്കാൻ കഴിയാത്ത രൂപത്തിൽ സുന്നി കൊണ്ടോട്ടി ആശയങ്ങൾ പരസ്പരം കൂടിക്കലർന്ന് ലോകത്തിൽ മറ്റൊരിടത്തും കാണാത്ത അനേകം പുതിയ രീതികള്‍ അഹ്ലു സുന്നത്തി വൽ ജമാഅ എന്ന പേരില്‍ കേരളത്തിൽ പ്രചരിപ്പിച്ചത് ഉത്തരേന്ത്യയെ സംബന്ധിച്ചെ നേരത്തെ പ്രതിപാദിച്ച അതേ സാഹചര്യങ്ങളുടെ തുടര്‍ച്ചയാണന്ന് പറയാം. അതോടു കൂടി പലതും തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥ അവരിലുണ്ടായി. മഖ്ബറകൾ കെട്ടിപൊക്കപ്പെട്ടു, അതിൽ പൂമൂടാനും അലങ്കരിക്കാനും സുജൂദ് ചെയ്യാനും തുടങ്ങി. വിശേഷാവസരങ്ങളിൽ ആനയും ചെണ്ടകൊട്ടും, കരിമരുന്നു പ്രയോഗത്തിനു അനുവാദം കൊടുക്കുന്ന ഫത്‌വകൾ വരെ വ്യാപകമായി. ബഹുമാനിക്കുന്നു എന്ന പേരില്‍ നബി കുടുംബം നിരന്തരം അവഹേളിക്കപ്പെട്ടു. മുഹറം വീണ്ടും വര്‍ണ്ണാഭമായി ആഘോഷിക്കപ്പെട്ടു. കർബല ദിനത്തിൽ ഷിയാ വിഭാഗങ്ങൾ ചെയ്ത് വന്നിരുന്ന സ്വന്തം ശരീരത്തെ സ്വയം മര്‍ദ്ദിക്കുന്ന ഏര്‍പ്പാട് കുത്ത്റാത്തീബ് എന്ന പേരില്‍ ആചരിക്കപ്പെട്ടു. കൂടാതെ, ശൈഖിന് മുന്നില്‍ സുജൂത് ചെയ്യുന്നതും മരണ ശേഷവും അദ്ദേഹത്തോട് സഹായം തേടുന്നതും വരെ നിരന്തരം ന്യായീകരിക്കപ്പെട്ടു. അതിന്റെയൊക്കെ കൂടി ഫലമാണ് ഇസ്ലാമിക പ്രവർത്തനങ്ങൾ കാലക്രമേണ സംഘടന രൂപം പ്രാപിക്കുന്നതും പൊന്നാനി കൈക്ക് ബദലായി അവരില്‍ ചിലര്‍ നിലകൊള്ളുകയും ചെയ്തു വന്നത് എന്ന് കാണാനാകും.
കൊണ്ടോട്ടികൈ അഥവാ മുള്ള്യാകുർശ്ശി തക്കിയ
മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ താലൂക്കില്‍ കീഴാറ്റൂര്‍-വെട്ടത്തൂര്‍ പഞ്ചായത്തുകളുടെ ഏതാനും ഭാഗങ്ങളടങ്ങിയ വിശാലമായൊരു ഭൂപ്രദേശമാണ് മുള്ള്യാകുർശ്ശി പള്ളിക്കുത്ത് ദേശം. 1947 വരെ ബ്രിട്ടീഷ് മലബാര്‍ ജില്ലയുടെ ഭാഗമായിരുന്ന ഈ ഭൂപ്രദേശത്ത് കൂടുതലായും വിശാലമായ പാട ശേഖരങ്ങളാണ് കാണാൻ കഴിയുക. അതിനാല്‍ തന്നെ പരമ്പരാഗതമായി കൃഷിയായിരുന്നു ഈ നാടിന്റെ പ്രധാന ജീവിതോപാധി എന്ന് പറയാം. ചുറ്റും ഉയർന്ന് നില്‍ക്കുന്ന ഗിരിനിരകള്‍ക്ക് നടുവില്‍ ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍വേ പാതയും പെരുമ്പിലാവ് നിലമ്പൂര്‍ സ്റ്റേറ്റ് ഹൈവേയും ഭാഗിച്ചെന്ന നിലയിൽ ഈ പാടശേഖരങ്ങളുടെ വിശാലത കാണാൻ കഴിയുന്നു. മേല്‍ വയലോലകളുടെ ഒരറ്റത്ത് റെയില്‍വേ ലൈനിന് തൊട്ടരികിൽ കെട്ടിപൊക്കപ്പെട്ട നിലയിലുള്ള ഏതാനും ഖബറുകൾ ഉള്‍ക്കൊള്ളുന്ന ഒരു ദർഗ്ഗ സ്ഥിതിചെയ്തു വരുന്നതിനെ പ്രാദേശികമായി തക്കിയ അല്ലെങ്കിൽ തക്കിയക്കൽ എന്നാണ് വിളിച്ചു വരുന്നത്. തസ്ഖിയ എന്ന വാക്കില്‍ നിന്നാണ് ഈ വാക്ക് രൂപപ്പെട്ടിരിക്കുന്നത്. മേല്‍ കെട്ടിടം ഈ നാടിന്റെ ചരിത്രത്തിൽ അടയാളപ്പെട്ടു കിടക്കുന്നൊരു മന്ദിരമാണന്ന് പറയാം. ഏറെ ഉയരത്തിൽ വളര്‍ന്നു നില്‍ക്കുന്ന തേക്ക് മരങ്ങളും, അതിന് നടുവിലെ തക്കിയയും, മുറ്റത്തെ ചന്ദനമരക്കുന്ന കല്ലും, പുരാതനമായ കീഴ്മുറി പള്ളിയും, പള്ളിക്കുളവുമെല്ലാം ആ ഗതകാല ചരിത്രത്തിന്റെ മൂകസാക്ഷികളായി ഇന്നും നിലനിന്ന് വരുന്നു.
മലബാര്‍ മേഖലയില്‍ ജുമനമസ്കാരം നടക്കാത്ത ചെറിയ പുള്ളികളെ സ്രാമ്പി അല്ലെങ്കിൽ സെറാമ്പി എന്നാണ് വിളിച്ചു വരുന്നത്. കൃഷിയിടങ്ങൾക്കും വലിയ ആൾ സഞ്ചാരങ്ങളില്ലാത്ത തെരുവുകളുടെ സമീപത്തും അല്‍പ്പം ഉയർത്തി കെട്ടിയ നിലയിൽ പ്രത്യേകം രൂപഭാവത്തോടു കൂടി ഇത്തരം പള്ളികള്‍ നിർമ്മിച്ച് പരിപാലിക്കുന്നത് അതാതു പള്ളികൾക്ക് അരികില്‍ താമസിച്ചു വരുന്ന വിശ്വാസികളാണെന്ന് കാണാൻ കഴിയും. ഒരുപക്ഷേ, കഴിഞ്ഞകാല മനുഷ്യരുടെ ആത്മീയ ഭൗതിക ജീവിത സമന്വയത്തിന്റെ അടയാളങ്ങളാണ് അത്തരം പള്ളികളെന്ന് നിസ്സംശയം പറയാം. ഏത് തിരക്കിട്ട ജോലികള്‍ക്കിടയിലും സൃഷ്ടിച്ച് പരിപാലിക്കുന്ന തന്റെ രക്ഷിതാവിനെ വിസ്മരിച്ചുകൂട എന്ന കേവല വിശ്വസത്തിന്റെ പ്രതിഫലനം. സ്രാമ്പി എന്ന വാക്കിന് പൊതുവായി കാണപ്പെടുന്ന അർത്ഥം മാളിക, ബംഗ്ലാവ് എന്നൊക്കെയാണ്. മലായ്, ഇന്തോനേഷ്യൻ ഭാഷയിലും ഈ വാക്കിനോട് സാമ്യമുള്ള സെറാമ്പി എന്നൊരു വാക്ക് ഉപയോഗിച്ച് വരുന്നുണ്ട്. ഉയർന്ന പ്രതലം, ബാൽക്കണി എന്നൊക്കെയാണ് അതിന്റെ അര്‍ത്ഥമായി സൂചിപ്പിച്ചു വരുന്നത്. എന്നാൽ, മേല്‍ വാക്കിന്റെ ഉത്ഭവം മലായ്-ഇന്തോനേഷ്യൻ ഭാഷയിൽ നിന്നാണോ അതോ, തിരിച്ചാണോ എന്ന് ഇനിയും അന്വേഷിച്ച് കണ്ടത്തേണ്ടിയിരിക്കുന്ന കാര്യമാണ്. എന്നിരുന്നാലും, സ്രാമ്പ്യ എന്ന വാക്കിന് മുകൾ തട്ടോടു കൂടിയ ഭവനം, ഭൂനിരപ്പിൽ നിന്നും ഉയർത്തിക്കെട്ടിയ കെട്ടിടം, തൂണിന്മേൽ കെട്ടിയുണ്ടാക്കിയ പാര്‍പ്പിടം എന്നൊക്കെയാണ് അര്‍ത്ഥമെന്ന് നിസ്സംശയം പറയാൻ സാധിക്കും.
കൊച്ചി ഉള്‍പ്പടെയുള്ള മധ്യകേരളം മുതൽ തിരുവനന്തപുരം വരെയുള്ള സ്ഥലങ്ങളിൽ ഇത്തരം പള്ളികളെ തക്ക്യാവ് അല്ലെങ്കിൽ തക്കിയ എന്നാണ് സൂചിപ്പിച്ചു വരുന്നത്. എന്നാൽ, മലബാർ മേഖലയില്‍ തക്കിയ എന്ന സൂചന പലപ്പോഴും പള്ളികളാണന്ന് പറയാൻ കഴിയില്ല. മറിച്ച്, കൊണ്ടോട്ടി സ്വാധീനത്തിൽ നിന്നും ഉരവം കൊണ്ടുവന്നിട്ടുള്ള, പള്ളിയാണന്ന് പറയാൻ കഴിയാതെ ചില ആത്മീയ കേന്ദ്രങ്ങളെയാണ് ആ പേരുകൊണ്ട് സൂചിപ്പിച്ചു വരുന്നത്. മേല്‍ കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വന്നിരുന്ന ശൈഖിന്റെ ഖബറിടമായും അത് പിന്നീട് പരിവര്‍ത്തിക്കപ്പെടുന്നു. ഒരുപക്ഷേ, മധ്യേഷ്യൻ, കോൺസ്റ്റാന്റിനോപ്പിൾ തുടങ്ങിയ സ്ഥലങ്ങളില്‍ സൂഫി പുണ്യവാളന്മാരുടെ വിശ്രമസ്ഥലം അല്ലെങ്കിൽ അന്ത്യവിശ്രമ സ്ഥലത്തെ തക്യാ എന്ന് സൂചിപ്പിച്ചു വരുന്നതിൽ നിന്നും കടം കൊണ്ടായിരിക്കാം അങ്ങനെയൊരു സംജത ഇവിടെ രൂപപ്പെട്ടത് എന്ന് അനുമാനിക്കാം. അവിടങ്ങളില്‍ അത്തരം കേന്ദ്രങ്ങൾക്ക് സമീപത്തൊരു കൊടിയോ കൽകുറ്റിയോ വെച്ച് അടയാളപ്പെടുത്തുക പതിവായിരുന്നു. അത് ഇവിടേയും പിന്തുടര്‍ന്നു വരുന്നതായി കാണാം. എങ്കിലും, മലബാര്‍ മേഖലയില്‍ അത്തരത്തിലുള്ള ഖബറിടങ്ങളെ തക്യ എന്ന പദത്തേക്കാൾ മഖ്ബറ, ജാറം അല്ലെങ്കിൽ, യാറം എന്ന പേരിലാണ് വ്യാപകമായി വിളിക്കപ്പെടുന്നത് എന്ന് വിസ്മരിക്കാവതല്ല.
അറബിയില്‍ നിന്നും ഉരവം കൊണ്ടിട്ടുള്ളൊരു പേര്‍ഷ്യന്‍ വാക്കായ തക്യാവിനെ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ദക്ഷിണ കേരളത്തിന്റെ ചില ഭാഗങ്ങളിൽ തൈക്കാവ് എന്ന് സൂചിപ്പിച്ചു വരുന്നത്, മേല്‍ വാക്കിനെ മലയാളീകരിക്കാൻ നടത്തിയ ഒരു ഉദ്യമമാണന്ന് തോന്നാം. പ്രഥമദൃഷ്ട്യാ കാവ് എന്ന വാക്കുമായി ബന്ധമുള്ള ഒരു പ്രയോഗമായി തൈക്കാവിനെ അനുഭവപ്പെടുമെങ്കിലും ആത്മസംസ്കരണം എന്ന അര്‍ത്ഥത്തെ ധ്വനിപ്പിക്കുന്ന തസ്കിയ എന്ന മൂല പദത്തിൽ നിന്നാണ് തക്ക്യ രൂപപ്പെട്ടിട്ടുള്ളത് എന്ന് മനസ്സിലാക്കാൻ സാധിക്കും. തസ്ഖിയ എന്ന പദത്തിന്റെ തക്ക്യയയിലേക്കുള്ള യാത്രക്കിടയില്‍ ഉണ്ടായി വന്നിട്ടുള്ള മറ്റൊരു പദമാണ് സാവിയ. ചില അറബ് നാടുകളിൽ സൂഫിയാക്കൾ തങ്ങിയിരുന്ന സത്രങ്ങളെ സാവിയ എന്ന് സൂചിപ്പിച്ചു വന്നിരുന്നു. കൂട്ടം, സമ്മേളനം എന്നൊക്കെയാണ് അതിന്റെ അര്‍ത്ഥമെന്ന് കാണാൻ കഴിയും. അല്ലെങ്കിൽ ഒരുപക്ഷേ, തസ്ഖിയയുടെ പേര്‍ഷ്യന്‍ രൂപാന്തരമായി തക്കിയയും അറേബ്യൻ രൂപാന്തരമായി സാവിയയയും രൂപപ്പെട്ടിരിക്കാനും മതി. എന്നിരുന്നാലും, പേര്‍ഷ്യനിൽ വിശ്രമസ്ഥലം, കസേര കൈ, താങ്ങ് എന്നൊക്കെയാണ് അതിന്റെ അന്തരാർത്ഥമെന്നും കാണാൻ സാധിക്കും.
ചുരുക്കി പറഞ്ഞാൽ, ആത്മസംസ്കരണം എന്ന അര്‍ത്ഥമുള്ള തസ്ഖിയ എന്ന മൂലപദത്തിൽ നിന്നും രൂപപ്പെട്ടിട്ടുള്ള തക്യാ അല്ലെങ്കില്‍ തക്കിയാവ് എന്നതിന്റെ സൂചന ഒരു ശൈഖ് തന്റെ ആരാധനകൾ നിര്‍വ്വഹിക്കുന്ന കേന്ദ്രം അല്ലെങ്കിൽ, അദ്ദേഹത്തിന്റെ ആത്മീയാധ്യാപനം, ജനസമ്പർക്കം തുടങ്ങിയ കാര്യങ്ങൾക്ക് വേണ്ടിയുള്ള കേന്ദ്രമാണെന്ന് പറയാം. ഇത്തരത്തിൽ മുഹമ്മദ് ഷാഹ് തങ്ങളുടെ കാലത്തു തന്നെ കൊണ്ടോട്ടിക്ക് പുറത്ത് വിവിധ ഇടങ്ങളില്‍ തക്കിയകൾ സ്ഥാപിക്കുകയും അത്തരം കേന്ദ്രങ്ങളില്‍ സ്വകുടുംബങ്ങളിൽ നിന്നും മുരീദന്മാർക്കിടയിൽ നിന്നും ആളുകളെ നിയമിക്കുകയും പതിവായിരുന്നു. അതുപ്രകാരമാണ് പാലക്കാട് പുതുനഗരത്ത് സിറാജുദ്ധീൻ എന്നവരും, അരീക്കോട് ഫക്കീര്‍ റഹമാൻ ഷാഹ് എന്നവരും നിയമിക്കപ്പെടുകയും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു വന്നത്. ഒരുപക്ഷേ, അതാതു പ്രദേശത്ത് ജീവിച്ച് വരുന്ന കൊണ്ടോട്ടി തങ്ങന്മാരുടെ അനുയായികളുടെ പ്രേരണ അഥവാ ക്ഷണം മൂലമോ അല്ലെങ്കിൽ, കൊണ്ടോട്ടി തക്കിയക്ക് വഖ്ഫായി ലഭിച്ച സ്ഥലം വഴി തക്കിയയുടെ അധികാര പരിധിക്കുള്ളിൽ വരുന്നതോ ആയ സ്ഥലത്താണ് ഇത്തരം കേന്ദ്രങ്ങൾ അല്ലെങ്കിൽ അവരുടെ ആശയ പ്രചാരണ കേന്ദ്രങ്ങള്‍ തുടക്കം കുറിക്കുന്നത്. മുള്ള്യാകുർശ്ശിയിലെ തക്കിയ ഉള്‍പ്പടുന്ന പ്രദേശം കൊണ്ടോട്ടിക്കു കീഴിലേക്ക് കടന്നു വരുന്നത് ടിപ്പു സുല്‍ത്താന്റെ കാലത്തായിരുന്നു എന്ന് എ കെ കോഡൂർ തന്റെ ആംഗ്ലോ മാപ്പിള യുദ്ധം എന്ന ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നുണ്ട്. അക്കാലത്ത് കൊണ്ടോട്ടി കേന്ദ്രീകരിച്ച് മുഹമ്മദ് ഷാഹ് എന്നൊരു സിദ്ധന്‍ പ്രവർത്തിച്ചു വന്നിരുന്നു എന്ന് മൈസൂരിന് അറിവുണ്ടായിരുന്നു എങ്കിലും ഷിയ വിഭാഗങ്ങളെ പൊതുവെ അംഗീകരിക്കാത്ത മൈസൂര്‍ ആദ്യകാലങ്ങളിൽ അവരുമായി ബന്ധം സ്ഥാപിക്കാൻ ഒരുക്കമായിരുന്നില്ല എന്ന് കാണാൻ കഴിയും. എന്നാൽ, മലബാറിലെ തങ്ങളുടെ സര്‍വ്വാധിപത്യത്തിന് ഏതങ്കിലും തരത്തിലുള്ളൊരു പിടിവള്ളി ആവശ്യമാണ് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങളിൽ നിന്നും വ്യത്യസ്തമായൊരു ചിന്തധാരയായിരുന്നിട്ട് കൂടി കൊണ്ടോട്ടിയിലെ മുഹമ്മദ് ഷായുമായി സഹകരിക്കാന്‍ ടിപ്പു തീരുമാനിക്കുന്നതും തങ്ങൾ ഫറൂഖാബാദ് കോട്ടയില്‍ ടിപ്പുവിനെ നേരിട്ട് ചെന്ന് കണ്ട് തന്റെ അംഗീകാരം അറിയിക്കുകയും ചെയ്യുന്നത്. അതുവഴിയാണ് പിന്നീട് കൊണ്ടോട്ടി ഖുബ്ബക്ക് ചുറ്റുമുള്ള വലിയൊരു ഭൂപ്രദേശത്തിന്റേയും കൊണ്ടോട്ടിയില്‍ നിന്നും വളരെ അകലത്തിൽ സ്ഥിതിചെയ്യുന്ന മുള്ള്യാകുർശ്ശി, കാളികാവ്, പുതുനഗരം, കട്ടുപ്പാറ തുടങ്ങിയ പ്രദേശങ്ങളിലേയും നികുതി പിരിക്കാനുള്ള അവകാശം അഥവാ ഇനാംദാർ പദവി ടിപ്പു സുല്‍ത്താൻ കൊണ്ടോട്ടി തങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നത്.
മുള്ള്യാകുർശ്ശിയിലെ തങ്ങളുടെ അനുയായികള്‍ക്കായി ഇശ്തിയാഖ് ഷാഹ് തങ്ങളുടെ കാലത്ത് അവിടെ നിര്‍മ്മിക്കപ്പെട്ട പള്ളിയാണ് മുള്ള്യാകുർശ്ശി കീഴ്മുറി ജുമാഅത്ത് പള്ളി. പള്ളി നിർമ്മാണം അവസാനിക്കുന്നതിന് മുമ്പ് തന്നെ അതിൻ്റെ മുൻവാതിലിൽ പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൊത്തിവെക്കപ്പെട്ട ഫലകം ഇന്നും അവിടെ കാണുവാൻ സാധിക്കും. അതിൽ പറയുന്നു,
"സത്യവിശ്വാസികളെ, ഈ പള്ളി ശൈഖുൽ മശാഇഖും ഔലിയാക്കളിൽ പ്രധാനിയുമായ കൊണ്ടോട്ടിയിൽ അന്ത്യവിശ്രമം കൊള്ളുന്ന മുഹമ്മദ് ഷാഹ് തങ്ങളുടെ തക്കിയയുടെ പരിധിയിൽ നിലകൊള്ളുന്നതാണ്. മുഹമ്മദ് ഷാഹ് തങ്ങളുടെ ഖലീഫയും പൗത്രനുമായ ഇശ്‌തിയാഖ് ഷാഹ് ബിൻ അഹ്മദ് ഷാഹ് അൽ ചിശ്‌തി അൽ ഖാദിരിയുടെ സമ്മതപ്രകാരം നാട്ടുപ്രമുഖരായ കടവക്കൽ അലി ബിൻ മുഹിയുദ്ദീനും കൂരിയാട്ട് മരക്കാർ ബിൻ മായനുമാണ് ഇത് നിർമ്മിച്ചത്. പള്ളി നിർമ്മാണം പൂർത്തിയാകുന്നതിന് മുമ്പ് ഹിജ്റ 1255 ജുമാദൽ ഊലാ മാസത്തിലാണ് ഈ ഫലകം എഴുതപ്പെട്ടത്..."
മേല്‍ കീഴ്മുറി പള്ളിയുടെ സമീപത്താണ് പിന്നീട് സൂഫിയും ചിശ്‌തി, ഖാദിരി ത്വരീഖത്തുകളുടെ ശൈഖുമായ അബ്ദുർറഹ്‌മാൻ ഷാഹ് എന്ന വലിയ റഹ്മാന്‍ ഷാഹ് തങ്ങൾ തന്റെ തക്കിയ സ്ഥാപിക്കുകയും പ്രവര്‍ത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്യുന്നത്. എങ്കിലും, റഹ്‌മാൻ ഷാഹ് കൊണ്ടോട്ടി തക്കിയയുടെ സ്ഥാനീദാർ അഥവാ കൊണ്ടോട്ടി വലിയ തങ്ങളായിരുന്നില്ല. മറിച്ച്, അത്തരമൊരു പദവി വഹിക്കുന്നതിനേക്കാൾ ഉന്നതമായ സ്ഥാനവും ആദരവും പ്രദേശത്തെ ശിഷ്യ ഗണങ്ങൾ അദ്ദേഹത്തിന് നൽകിയിരുന്നു എന്ന് കാണാൻ സാധിക്കും. പിന്നീട്, റഹ്മാന്‍ ഷാഹ് തങ്ങൾ തന്റെ അവസാന കാലം ചെലവഴിച്ചതും മരണപ്പെട്ടതും മറമാടപ്പെട്ടതും മുള്ള്യാകുർശി കീഴ്മുറി പള്ളിക്ക് സമീപത്തെ അദ്ദേഹത്തിന്റെ തക്കിയയിൽ തന്നെയായിരുന്നു.
റഹ്മാൻ ശാഹ് തങ്ങളുടെ കാലത്ത് ജീവിച്ച പണ്ഡിതനും കവിയും വാഗ്മിയുമായിരുന്ന മുസ്ലിയരകത്ത് സൈനുദ്ധീൻ മുസ്ലിയാർ എന്ന കുഞ്ഞുട്ടി മുസ്ലിയാർ റഹ്‌മാൻ ശാഹ് തങ്ങളുടെ ചരിത്രം വിവരിക്കുന്ന ഒരു മാല അക്കാലത്ത് എഴുതിട്ടുണ്ട്. മഹലിയത്തുൽ അഫ്‌വാഹ് ഫീ മനാഖിബി ശൈഖ് റഹ്മാൻ ശാഹ് എന്നാണ് മാലയുടെ മുഴുവൻ പേര്. 136 ഈരടികളിലും 120 വരികളിലുമാണ് റഹ്‌മാൻ ശാഹ് തങ്ങളുടെ ചരിത്രവും കറാമത്തുളും വിവരിക്കുന്ന മാല അദ്ദേഹം രചിച്ചിട്ടുള്ളത്. സാധാരണ മാപ്പിള കവികളുടെ പതിവനുസരിച്ച് ബിസ്മിയും ഹംദും സ്വലാത്തും എഴുതിയിട്ട് മാല തുടരുന്നതിങ്ങിനെയാണ്...
"യദമിൽ മഹാദാനി എങ്കും പിറദാനി യശമിൽ റഹ്മാനി ശാഹ് വലീയാണോവർ അദമിൽ എനെ ഇന്ന് അവരുടെ കശ്‌ഫിന്ന് അൽപ്പം പലേദിന്ന് എടുത്ത് മൊളിന്തോവർ നിദമിൽ ഉലുവ്വിയ്യാ നിശയാം തജല്ലിയ്യാ നിറവാം ഖാദിരിയ്യാ വയ്യിൽ മികത്തോവർ ചിദമിൽ ഫീ ചിശ്‌തിയ്യാ നിറമാൽ അതിൽ അയ്യാ ചിറമായവർ വയ്യാ ശുഹ്റിൽ മതിത്തോവർ..."
ആശയ വ്യതിരിക്തകളിൽ നിന്നുണ്ടാകുന്ന അസ്വസ്ഥതകൾ കൊണ്ടോട്ടിക്കും അതിന് ചുറ്റുവട്ടത്തും അനുഭവപ്പെട്ടത് പോലെ അക്കാലത്തെ ഒരു സുപ്രധാന കൊണ്ടോട്ടി ആശയ കേന്ദ്രം എന്ന നിലയില്‍ മുള്ള്യാകുർശ്ശിയിലും അനുഭവേദ്യമായിരുന്നു എന്ന് സ്വാഭാവികമായും അനുമാനിക്കാൻ സാധിക്കും. അക്കാലത്ത് പ്രദേശത്തെ ഹരിജനങ്ങളുൾപ്പെടെയുള്ള മുസ്ലീം ഇതര വിഭാഗങ്ങളുമായി സൗഹാര്‍ദ്ദത്തിലും ശാന്തിയിലും കഴിഞ്ഞ് വന്നിരുന്ന മുസ്ലീം ജീവിതങ്ങളെ ചുണ്ടികാട്ടി അതൊക്കെയും കൊണ്ടോട്ടി സ്വാധീന ഫലമായാണ് സംഭവിച്ചത് എന്ന് പറയുന്ന ചില കൊണ്ടോട്ടി പക്ഷക്കാരെ കാണാൻ സാധിക്കും. എന്നാൽ, മനുഷ്യരെ മുഴുവനും ഒരൊറ്റ മാതാവിന്റേയും പിതാവിന്റെ സന്താനങ്ങളായി കാണുന്ന ഇസ്ലാമിക ദര്‍ശനത്തിൽ നിന്നും പാഠം ഉൾകൊണ്ടവരെന്ന നിലയില്‍ മാപ്പിളമാര്‍ ജീവിച്ചു വരുന്ന ഏതൊരു പ്രദേശത്തും ഈ സൗഹൃദം കാണാൻ കഴിയും എന്നുള്ളതാണ് നേര്. അത് മുസ്ലീം ജീവിതങ്ങളുടെ ഒരു പൊതു സവിശേഷതയായി മനസ്സിലാക്കാം. എന്നിരുന്നാലും, കേരളീയ സംവാദ മണ്ഡലങ്ങളെ കൈ വിവാദങ്ങൾ സജീവമാക്കിയിരുന്ന കാലത്ത് ചുങ്കം പ്രദേശത്തെ സംബന്ധിച്ചെടുത്തോളവും കൊണ്ടോട്ടി ഒരു ചർച്ച വിഷയമായിരുന്നിരിക്കണം. അതിന്റെ സുവര്‍ണ്ണ കാലം തൊട്ട് അസ്തമയ കാലം വരെയുള്ള ഓരോ നാഴികക്കല്ലുകളും ഈ പ്രദേശത്തും പ്രകടമായിരുന്നു എന്ന് പറയുന്നതാകും കൂടുതൽ ശരി. എങ്കിലും, കൊണ്ടോട്ടി ആശയധാരയുടെ അടിസ്ഥാനത്തിലുള്ള ദീനി പ്രവര്‍ത്തനങ്ങൾക്കപ്പുറം അത് ഈ പ്രദേശത്തിന്റെ സമൂഹിക മണ്ഡലങ്ങളെ എങ്ങനെയാണ് സ്വാധീനിച്ചത് എന്നുള്ളതിന് വ്യക്തമായ തെളിവുകളൊന്നും തന്നെയില്ലാതെ പോയത് ഒരുപക്ഷേ, പിൽക്കാലത്ത് കൊണ്ടോട്ടി സുന്നി ലയനം നടന്നത് വഴി കൊണ്ടോട്ടി വാദങ്ങള്‍ അതിന്റെ അസ്സല്‍ പേരില്‍ നിന്നും വ്യതിചലനം സംഭവിച്ചത് കൊണ്ടാകാം എന്ന് പറയാം.
പൊന്നാനികൈ അഥവാ ശാന്തപുരം മഹല്ല് രൂപീകരണം
കൈ വിവാദം ഒരു ചർച്ച വിഷയം എന്ന നിലയില്‍ നിന്നും പ്രത്യക്ഷമായ സമൂഹിക വിഭജനത്തിലേക്ക് അഥവാ ഒരോ വാദക്കാർക്കും പരസ്പരം ഒന്നിച്ചു നിൽക്കാൻ കഴിയാതെ വന്ന സാഹചര്യത്തിലാണ് തങ്ങൾ ഏത് കൈ'യെയാണ് പ്രതിനിധീകരിക്കുന്നത് എന്ന് ജനമധ്യത്തിൽ വെളിവാക്കേണ്ടി വന്ന സാഹചര്യം നാടുകളിൽ സംജാതമായത്. അതുമൂലം സാധാരണക്കാർ മുതൽ മതപണ്ഡിതന്മാർ വരെയുള്ളവർ ഏതെങ്കിലുമൊരു ചേരിയിൽ അണിനില്‍ക്കേണ്ടതായി വന്നു എന്നും നാം മുകളില്‍ പറഞ്ഞു കഴിഞ്ഞു. സ്വാഭാവികമായും, അതവർ പ്രതിനിധീകരിക്കുന്ന സ്ഥാപനങ്ങളിലേക്കും പള്ളികളിലേക്കും വരെ വ്യാപിച്ചു. വിവിധ നാടുകളില്‍ ഓരോ വിഭാഗങ്ങളും പള്ളികള്‍ക്കുമേൽ അവകാശവാദം ഉന്നയിക്കുകയോ വെവ്വേറെ പള്ളികള്‍ വരെ നിര്‍മ്മിക്കപ്പെടുകയും ചെയ്യുന്ന കാലത്താണ് പ്രദേശത്തെ ഏക ജുമ മസ്ജിദായിരുന്ന ഇപ്പോഴത്തെ മുള്ള്യാകുര്‍ശി കീഴ്മുറി ജുമ മസ്ജിദിൽ നിന്നും വേറിട്ടൊരു പള്ളി നിര്‍മ്മിക്കാനുള്ള ചിന്ത നാട്ടുകാരിൽ ഉദിച്ചുയരുന്നത്. അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന് വിരുദ്ധമായ വാദങ്ങൾ പേറുന്നവരെന്ന നിലയില്‍ അതിനോടകം തന്നെ കുപ്രസിദ്ധിയാർജ്ജിച്ചവരുടെ കൂടെയുള്ള സഹവാസാസ്വസ്ഥതകൾ കൂടാതെ പട്ടിക്കാട് പാറമ്മൽ പള്ളി ഉള്‍പ്പടെയുള്ള സമീപ മഹല്ലുകൾ തങ്ങളുടെ പൊന്നാനി അനുകൂല നിലപാട് ആവര്‍ത്തിച്ചുറപ്പിച്ചു വന്ന സാഹചര്യത്തിൽ കൂടിയായിരിക്കാം കൊണ്ടോട്ടിയിൽ നിന്നും മുക്തമായൊരു മഹല്ല് സംവിധാനത്തിലേക്കുള്ള ആഗ്രഹം ഈ പ്രദേശത്തുകാരിൽ രൂപപ്പെടുന്നത് എന്ന് അനുമാനിക്കാം. ഭൗതിക വിദ്യാഭ്യാസം നേടിയവരും ഉയര്‍ന്ന ഉദ്യോഗങ്ങളിലുള്ളവരുമായ അവര്‍ പുരോഗമനവാദികളും ഉല്‍പതിഷ്ണു ചിന്താഗതിക്കാരുമായിരുന്നു. വിശ്വാസപരമായും ആചാരപരമായും തങ്ങള്‍ ആ മഹല്ലില്‍ തുടരുന്നത് ശരിയല്ല എന്ന അഭിപ്രായമുള്ള അവരിലെ വലിയൊരു വിഭാഗമാളുകള്‍ അതില്‍നിന്ന് വേറിട്ട് പുതിയ പള്ളിയും മഹല്ലും സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിച്ചു. അവരത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു. അങ്ങനെയാണ്, മുള്ള്യാകുര്‍ശി പള്ളിക്കുത്ത് പുത്തന്‍പള്ളിയും മഹല്ലും നിലവില്‍ വരുന്നത്.
പുതിയ പള്ളി എന്ന അര്‍ത്ഥം സൂചിപ്പിക്കുന്ന മുള്ള്യാകുര്‍ശി പള്ളിക്കുത്ത് പുത്തന്‍ പള്ളി സ്ഥാപിതമായത് എപ്പോഴായിരുന്നു എന്നതിന് വ്യക്തമായ രേഖകളൊന്നുമില്ല എങ്കിലും 1892ലായിരുന്നു അതെന്ന് ബഹുമാന്യനായ ഹൈദരാലി ശാന്തപുരം തന്റെ 'ഗതകാല സ്മരണകള്‍' എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. അങ്ങനെയാണങ്കിൽ കൊണ്ടോട്ടി പൊന്നാനി വിവാദങ്ങൾ ഏറ്റവും രൂക്ഷമായ കാലത്താണത് സംഭവിച്ചത് എന്ന് അനുമാനിക്കാം. പുതിയ പള്ളിയുടെ നിര്‍മ്മാണ കാലത്തുള്ള സാമ്പത്തിക പ്രയാസങ്ങള്‍ പരിഹരിക്കാൻ ദീനി തല്‍പരരും ഉദാരമതികളുമായ മഹല്ല് നിവാസികള്‍ ധാരാളം സ്വത്തുക്കള്‍ വഖ്ഫ് ചെയ്യുകയും അതുപയോഗിച്ച് പള്ളിയില്‍ ഉന്നത നിലവാരത്തിലുള്ള ദര്‍സുകളാരംഭിക്കുകയും ചെയ്തത് മഹല്ലിലുടനീളം പൊന്നാനി അധ്യാപനങ്ങളുടെ വ്യാപനം സുഗമമാക്കി എന്ന് പറയാം. അതിന് ശക്തി പകര്‍ന്നുകൊണ്ടാണ് പ്രഗത്ഭരായ പണ്ഡിതന്മാരെ പങ്കെടുപ്പിച്ച് മതപ്രഭാഷണങ്ങളും മഹല്ലിൽ സംഘടിപ്പിക്കപ്പെട്ടത്.
ഗതകാല സ്മരണയിൽ പറയുന്നു.
"മുള്ള്യാകുര്‍ശി പള്ളിക്കുത്ത് പുത്തന്‍ പള്ളി മഹല്ല്, കൊണ്ടോട്ടി കൈയില്‍നിന്ന് വേറിട്ട് പൊന്നാനി കൈക്ക് കീഴിലായിത്തീര്‍ന്നുവെങ്കിലും മഹല്ലില്‍ പലതരം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിലനിന്നിരുന്നു. മൗലിദ്, റാത്തീബ് തുടങ്ങിയ അനാചാരങ്ങള്‍ നടന്നു വന്നു. കീഴ്മുറി പള്ളിക്കാരെപ്പോലെ കൊടികുത്തി നേര്‍ച്ചയൊന്നും ഉണ്ടായിരുന്നില്ല. പല കച്ചവടക്കാരും ഒരു പെട്ടിയില്‍ ദിവസം തോറും ഒരു അണ വീതം ഇടുമായിരുന്നു, വര്‍ഷാന്തം മൗലിദ് കഴിക്കാനും നോമ്പ് തുറപ്പിക്കാനും. മൗലിദ് ഒരാചാരമെന്ന നിലയില്‍ തന്നെ നിലനിന്നു വന്നിരുന്നു എന്ന് ചുരുക്കം. മൗലിദ് ദിവസം കുടുംബങ്ങളെല്ലാം ഒരു വീട്ടില്‍ ഒരുമിച്ചുകൂടും. കുത്തുറാത്തീബ് അന്നുണ്ടായിരുന്നില്ലെങ്കിലും പരിഷ്‌കരിച്ച രൂപത്തിലുള്ള ഒരുതരം റാത്തീബ് നിലവിലുണ്ടായിരുന്നു. ഖബ്റുകള്‍ക്ക് മുകളില്‍ കുഴിക്കപ്പുര കെട്ടുകയും അതിനുള്ളിലിരുന്ന് മുസ്ലിയാക്കന്മാരെ കൊണ്ട് ഖുര്‍ആന്‍ ഓതിപ്പിക്കുകയും ചെയ്യുന്ന പതിവുമുണ്ടായിരുന്നു. ബാങ്കിനു മുമ്പ് നഗാറയടിക്കുന്ന സമ്പ്രദായവുമുണ്ടായിരുന്നു. ആദ്യകാലത്ത് മഹല്ല് നിവാസികള്‍ ഇസ്ലാമിക വിദ്യാഭ്യാസം നല്‍കുന്നതില്‍ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല.
മഹല്ലിന്റെ ഹൃദയഭാഗമായ ചുങ്കത്ത് നമസ്‌കാരപ്പള്ളി മുമ്പേ ഉണ്ട്. എന്നാല്‍ അതില്‍ കൃത്യമായി നമസ്‌കാരമോ ദീനീ ക്ലാസ്സുകളോ നടന്നിരുന്നില്ല. പലപ്പോഴും കാലികള്‍ അതില്‍ കയറിക്കിടക്കും. അക്കാലത്താണ് ഒരു അത്തര്‍ കച്ചവടക്കാരന്‍ ആ വഴി വന്നത്. നാട്ടുകാരുടെ ശ്രദ്ധയില്ലായ്മയും അനാസ്ഥയുമാണ് ഈ ശോച്യാവസ്ഥക്ക് കാരണമെന്ന് മനസ്സിലാക്കിയ അദ്ദേഹം ഒരു മൈക്ക് സെറ്റ് വാടകക്കെടുത്ത് നമസ്‌കാരപ്പള്ളിയുടെ കൊലായയില്‍ കൊണ്ട് വെച്ച് ഒരു പ്രസംഗം ചെയ്യുകയുണ്ടായി. നാട്ടുകാര്‍ക്ക് പള്ളി സംരക്ഷിക്കുന്ന കാര്യത്തില്‍ ശ്രദ്ധയില്ലെന്നും നല്ലവരായ ആളുകള്‍ നിര്‍മ്മിച്ച പള്ളി കന്നുകാലി പള്ളിയായിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആ പ്രസംഗം ആളുകളുടെ ജാഗ്രതയെ തൊട്ടുണര്‍ത്തി. അവര്‍ പള്ളി വൃത്തിയായി സൂക്ഷിക്കാനും നമസ്‌കാരം പോലുള്ള ആരാധനാ കാര്യങ്ങളില്‍ ശ്രദ്ധിക്കാനും തുടങ്ങി. ആ സംഭവത്തിനു ശേഷമാണ് പറപ്പൂര്‍ അബ്ദുല്ല ഹാജിയുടെ പ്രസംഗ പരമ്പര നാട്ടില്‍ ഉണ്ടാകുന്നത്. അദ്ദേഹം ഖുര്‍ആനും ഹദീസും ആഴത്തില്‍ പഠിച്ചിരുന്നു. അത് രണ്ടും പ്രമാണമാക്കി അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അദ്ദേഹം തുറന്നെതിര്‍ത്തു. വിവരമറിഞ്ഞ് പെരിന്തല്‍മണ്ണയില്‍ നിന്നും അമ്പതോളം പേരടങ്ങുന്ന ഒരു സംഘം അബ്ദുല്ല ഹാജിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. കെ പി ആലിയമുട്ടി ഹാജിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം നാട്ടുകാര്‍ അവരെ അക്രമത്തില്‍നിന്ന് പിന്തിരിപ്പിക്കുകയാണുണ്ടായത്. അബ്ദുല്ല ഹാജി പ്രസംഗം തുടര്‍ന്നു. പ്രസംഗം ശ്രവിച്ച ചെറുപ്പക്കാരില്‍ പലര്‍ക്കും മനം മാറ്റമുണ്ടായി. അന്ധവിശ്വാസങ്ങളില്‍നിന്നും അനാചാരങ്ങളില്‍നിന്നും അവര്‍ അകലം പാലിച്ചു. പിന്നീട്, നമസ്‌കാരപ്പള്ളി പുനരുദ്ധരിക്കുകയും അതിനെ ഒരു ഇസ്ലാമിക കേന്ദ്രമാവുകയും ചെയ്തു. പ്രദേശത്തെ കൂടുതല്‍ ആളുകള്‍ നമസ്‌കാരാദി കാര്യങ്ങളില്‍ നിഷ്ഠയുള്ളവരായി മാറി..."
കൊണ്ടോട്ടി ഒരു ആശയം എന്ന നിലയില്‍ അപ്രസക്തമായെങ്കിലും കൈ വിവാദ കാലത്ത് സ്ഥാപിക്കപ്പെട്ട മുള്ള്യാകുർശ്ശി പുത്തൻ പള്ളിക്ക് തുടർന്ന് അഭിമുഖീകരിക്കാനുണ്ടായിരുന്നത് രൂപമാറ്റം സംഭവിച്ച മേല്‍ കൊണ്ടോട്ടി ആശയത്തെ തന്നെയായിരുന്നു എന്ന് സൂചന നല്‍കുന്ന വരികളാണ് ഗതകാല സ്മരണയിലെ മേല്‍ ഭാഗങ്ങൾ എന്ന് പറയാം. പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുവില്‍ ശക്തമായിരുന്ന കൊണ്ടോട്ടി പൊന്നാനി വിവാദത്തിന്റെ പരിണത ഫലം കൊണ്ടോട്ടിയുടെ സുന്നിസവുമായുള്ള ലയനമായിരുന്നു എന്ന് നാം പറഞ്ഞു കഴിഞ്ഞ കാര്യമാണ്. അതോടുകൂടിയാണ് മുന്‍കഴിഞ്ഞ നേതാക്കന്മാർ വെട്ടി നല്‍കിയ വഴികളൊക്കെയും വിസ്മരിച്ചു കൊണ്ട് എതിര്‍ക്കപ്പെട്ടിരുന്ന പലതും സമൂഹത്തിലേക്ക് തിരിച്ചു വന്നത്. കൊണ്ടോട്ടിയേത് പൊന്നാനിയേതെന്ന് കാണാൻ കഴിയാത്ത രൂപത്തിൽ അഹ്ലുസുന്നയുടെ മുകളിലതൊരു വിരിപ്പായി പറന്നു പടർന്നു കയറി. അഥവാ, ആശയപരമായി തങ്ങൾ കൊണ്ടോട്ടി എതിർപക്ഷമാണ് എന്ന് പറയുമ്പോൾ തന്നെ അവരറിയാതെ അതിന്റെ ചിഹ്നങ്ങള്‍ വ്യക്തി തലത്തിലും സമൂഹത്തിലും സര്‍വ്വനാ വ്യാപിച്ചു. പില്‍ക്കാലത്ത് പൊന്നാനി വാദികളായി അറിയപ്പെട്ടിരുന്ന മഹല്ലത്തുകൾ വരെ അത് ഏറ്റെടുക്കുകയും അവരുടെ ഔദ്യോഗിക ഭാഷ്യമായി പോലും അത് മാറ്റപ്പെടുകയും ചെയ്തു എന്ന് വരുമ്പോൾ എത്രത്തോളമാണ് അവരാ വാദത്തില്‍ വേരുറച്ചത് എന്ന് നമുക്ക് കാണാൻ സാധിക്കുന്ന സംഗതിയാണ്. ഈ പുതിയ സാഹചര്യത്തോടുള്ള പ്രതികരണം എന്ന നിലയിലോ പ്രതിരോധം എന്ന നിലയിലോ അക്കാലത്ത് രൂപപ്പെട്ട പരിഷ്കരണവാദ സംഗങ്ങളാണ് ജമാഅത്തെ ഇസ്ലാമി, മുജാഹിദ് പോലുള്ള നവജാകരണ പ്രസ്ഥാനങ്ങൾ. അവർ ആശയപരമായി തങ്ങൾ പൊന്നാനി വാദക്കാരാണന്ന് പറയുന്നില്ല എങ്കിലും പൊന്നാനി വാദികള്‍ മുന്നോട്ട് വെച്ച ചിന്തകൾ തന്നെയാണ് അവർ സമൂഹത്തില്‍ ഉയർത്തി കൊണ്ടുവരാൻ ശ്രമിച്ചത് എന്ന് കാണാൻ സാധിക്കും.
മതത്തിലേക്ക് കടത്താന്‍ ശ്രമിച്ച ഷിയാ ആശയങ്ങൾക്കെതിരെ പടുത്തുയർത്തപ്പെട്ട ശക്തമായ മതിലുകള്‍ നിലംപരിശായപ്പോൾ അതിന്റെ പുനർനിർമ്മാണം ലക്ഷ്യം വെച്ചു കൊണ്ടാണ് ഇത്തരം പ്രസ്ഥാനങ്ങള്‍ ലോകത്തിന്റെ വ്യത്യസ്തമായ കോണുകളില്‍ രൂപപ്പെടുന്നത്. അഥവാ, ഈ നയവ്യതിയാനം ലോകത്തിന്റെ പൊതുവായ ഒരു സവിശേഷത ആയിരുന്നു. അത്തരം വ്യതിയാനങ്ങൾ സംഭവിക്കുമ്പോൾ പരിഷ്കരണ വാദികള്‍ രൂപപ്പെടുക സ്വാഭാവികമാണല്ലോ. കേരളത്തിൽ ഈ പുതിയ വിഭാഗം അറിയപ്പെട്ടത് പുത്തൻവാദികള്‍ എന്ന അധിക്ഷേപസ്വരം കൊണ്ടായിരുന്നു. കൈ വിവാദത്തിന്റെ അലയൊലികള്‍ അടങ്ങിയ പുതിയ ഇസ്ലാമിക സമൂഹിക പരിസരത്ത് ആരാണ് യാഥാർത്ഥത്തിലുള്ള പുതിയ ആശയക്കാർ അഥവാ ബിദ്അത്തിന്റെ ആളുകൾ എന്ന് തിരിച്ചറിയാൻ കഴിയാത്ത പരമനിഷ്കളങ്കരായിരുന്നു ഈ അധിക്ഷേപകരെന്ന് പറയാൻ കഴിയില്ല. മറിച്ച്, കൊണ്ടോട്ടി ആശയം ഒരു വലിയ ധനസമ്പാദന മാര്‍ഗ്ഗം കൂടിയാണന്ന് മനസ്സിലാക്കിയ മതത്തിനുള്ളിലെ തന്നെ പൗരോഹിത്യ വര്‍ഗ്ഗമാണ് അതിനു പിന്നിലെന്ന് നിസ്സംശയം പറയാൻ സാധിക്കുന്ന കാര്യമാണ്. ഒരേസമയം സുന്നിളെന്ന് അവകാശപ്പെട്ടിരുന്ന അവരില്‍ പലരും വിവാദ കാലത്തും അതിന് ശേഷവും കൊണ്ടോട്ടിയുമായി ചേര്‍ന്ന് നിന്ന് പ്രവർത്തിച്ചവരായിരുന്നു.
ദീർഘകാലം സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ച ശംസുൽ ഉമല ഇ കെ അബൂബക്കർ മുസ്ലിയാർ കൊണ്ടോട്ടി ഖുബ്ബയിലെ സ്ഥിരം സന്ദര്‍ശകനും മുഹമ്മദ് ഷാഹ് തങ്ങളുടെ ആരാധകനുമായിരുന്നു എന്ന് അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നത് കേൾക്കാം. കൂടാതെ, സമസ്തയുടെ തന്നെ മുൻ പ്രസിഡൻ്റ് കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാരുടെ ഗുരുനാഥനായിരുന്ന വൈത്തല അഹമ്മദ് കുട്ടി മുസ്‌ലിയാർ 1930 മുതൽ കൊണ്ടോട്ടി തക്കിയക്കൽ ജുമുഅത്ത് പള്ളിയിലെ ഖാളിയും തക്കിയക്ക് കീഴിൽ ഉണ്ടായിരുന്ന നാൽപതോളം മഹല്ലുകളിലെ മേൽഖാളിയുമായിരുന്നു. അദ്ദേഹത്തിനു ശേഷം ഖാളി സ്ഥാനത്തേക്ക് കടന്നുവന്ന ടി കെ എം ബാവ മുസ്ലിയാര്‍ ഒരേ സമയം സമസ്തയുടെ വിദ്യാഭ്യാസ ബോർഡിൻ്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു വന്നിരുന്നു. മേല്‍ ഇരുകൂട്ടരും കൊണ്ടോട്ടി തങ്ങൾ മുതവല്ലിയായ തക്കിയക്കൽ പള്ളികളുടെ ഖാളിമാരായിരിക്കുമ്പോഴാണ് മരണപ്പെടുന്നത് എന്ന് പ്രത്യേകം അനുസ്മരിക്കപ്പെടുന്ന കാര്യമാണ്. കൂടാതെ, മത ഭൗതിക സമന്വയ വിദ്യാഭ്യാസ രീതിക്ക് സുന്നികൾക്കിടയിൽ തുടക്കം കുറിച്ച എം എം ബഷീർ മുസ്ല്യാർ കൊണ്ടോട്ടി പഴയങ്ങാടി വലിയ ജുമുഅത്ത് പള്ളിയിൽ ദീർഘകാലം ദർസ് നടത്തിയവരും കൊണ്ടോട്ടി തക്കിയയുമായി ബന്ധം സ്ഥാപിച്ചിരുന്നവരുമായിരുന്നു. ആ ഗണത്തില്‍ പെടുത്താവുന്ന മറ്റൊരു പേരാണ് ആമയൂർ മുഹമ്മദ് മുസ്ലിയാര്‍. സമസ്‌തയുടേയും പിന്നീട് കേരള ജംഇയ്യത്തുൽ ഉലമയുടേയും നേതാവുമായിരുന്ന ഇദ്ദേഹം പഴയങ്ങാടി വലിയ ജുമുഅത്ത് പള്ളയിൽ മുദർരിസായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഈ പണ്ഡിതന്മാരിൽ പലരും അവിഭക്ത സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുടെ മുൻനിര നേതാക്കളായിരിക്കെത്തന്നെയാണ് പരസ്യമായി കൊണ്ടോട്ടിയെ അംഗീകരിച്ചതും കൊണ്ടോട്ടി തങ്ങൾക്ക് വേണ്ടി സേവനമനുഷ്‌ഠിക്കുകയും ചെയ്തത് എന്ന് കാണാൻ സാധിക്കുന്ന വസ്തുതയാണ്. ഇക്കാര്യത്തിൽ അവരെ സമസ്‌തയിലെത്തന്നെ ഏതെങ്കിലും നേതാക്കൾ തിരുത്തുകയോ അവരോട് അനിഷ്ടം പ്രകടിപ്പിക്കുകയോ ചെയ്‌തതായി അറിവില്ല. ഒരുപക്ഷേ, ആ വിടവിലൂടെ ആയിരിക്കാം കൊണ്ടോട്ടി ആശയങ്ങൾ സുന്നി അകത്തളങ്ങളിലേക്ക് ലയിച്ച് ചേര്‍ന്നതും ഒരു സെമിറ്റിക് മതമായിരുന്നിട്ട് കൂടി ലോകത്ത് എവിടെയുമില്ലാത്ത കുറേ പുത്തൻ ആചാരങ്ങള്‍ മതത്തിലുള്ളത് എന്ന പേരില്‍ ഇവിടെ പഠിപ്പിക്കപ്പെട്ടതും എന്ന് കാണാൻ സാധിക്കും.
1908ൽ മുഹമ്മദ് ബാവ മുസ്‌ലിയാർ പൊന്നാനി മഖ്‌ദൂം സ്ഥാനത്ത് വന്നതിന് ശേഷമാണ് കൊണ്ടോട്ടിയുമായുള്ള അഭിപ്രായ വിത്യാസങ്ങൾ തക്കിയക്കൽ ഖാസി മുസ്‌ലിയാരകത്ത് അഹ്‌മദ് മുസ്ലിയാരുമായി ചർച്ച ചെയ്യുകയും വിവാദങ്ങൾ അവസാനിപ്പിച്ച് ദീനി രംഗത്ത് ഒരുമിച്ച് പ്രവർത്തിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നത്. അതിന് വേദിയായതോ മുള്ള്യാകുർശ്ശി തക്കിയയിൽ വെച്ചായിരുന്നു എന്ന് വരുമ്പോൾ ഈ വിവാദം എത്രത്തോളമാണ് ഈ നാടിന്റെ ചരിത്രവുമായി ഉൾചേര്‍ന്ന് നില്‍ക്കുന്നത് എന്ന് കാണാൻ സാധിക്കും. മുള്ള്യാകുര്‍ശിയിൽ സ്ഥിരതാമസമാക്കിയിരുന്ന റഹ്‌മാൻ ശാഹ് തങ്ങളുമായി ചര്‍ച്ച നടത്തിയ ബാവ മഖ്ദൂം പിന്നീട് കൊണ്ടോട്ടിയിൽ ചെന്ന് ഖുബ്ബ സന്ദര്‍ശിക്കുകയും അക്കാലത്തെ കൊണ്ടോട്ടി അധികാരിയായിരുന്ന ഇശ്‌തിയാഖ് ശാഹ് രണ്ടാമനുമായി ഒത്തുതീർപ്പ് വ്യവസ്ഥയിൽ ഒപ്പ് വെക്കുകയും ചെയ്തതോടെ ഒരു നൂറ്റാണ്ട് കാലം കേരളത്തിൽ മുഴങ്ങിയ കൈ വിവാദങ്ങൾക്ക് അവസാനമായി എന്ന് പറയാം. എന്നാൽ, ബാവ മഖ്ദൂമും സംഗവും പൊന്നാനിയിൽ തിരിച്ചെത്തി ഒത്തുതീർപ്പ് വ്യവസ്ഥയുടെ വിശദാംശങ്ങളറിയിച്ചപ്പോൾ വലിയ യാറത്തിലെ അലി ഇമ്പിച്ചിക്കോയ തങ്ങൾ ഉള്‍പ്പടെയുള്ള ഒരു വിഭാഗം അതിനെ എതിര്‍ത്ത് മുന്നോട്ട് വന്നത് പൊന്നാനിയിൽ കടുത്ത സംഘർഷാവസ്ഥയാണുണ്ടാക്കിയത്. ബാവ മഖ്‌ദൂമിന്റേത് ഏകപക്ഷീയമായ നടപടിയാണന്നും അത് സുന്നത്ത് ജമാഅത്തിന് വിരുദ്ധമാണെന്ന് അവർ വാദിച്ചു. തുടർന്ന്, തർക്കം മൂര്‍ച്ഛിക്കുകയും ജുമുഅത്ത് പള്ളി ഏതാനും ദിവസത്തേക്ക് അടച്ചിടേണ്ടി വരികയും ചെയ്തു.
പിന്നീട്, ബാവ മഖ്‌ദൂമിൻ്റെ പിൻഗാമിയായി കടന്ന് വന്ന പഴയകത്ത് അഹമ്മദ് മുസ്ലിയാരുടെ കാലത്താണ് പൊന്നാനിക്കാർ തമ്മിൽ ഉടലെടുത്ത മേല്‍ അഭിപ്രായ വ്യത്യാസങ്ങൾ തീര്‍ത്തും പരിഹരിക്കപ്പെട്ടത്.
കൊണ്ടോട്ടി കൈയിൽ നിന്നും രൂപമാറ്റം സംഭവിച്ച ഈ സവിശേഷ പരിസ്ഥിതിയിലേക്കാണ് 1947 ഓടെ അക്കാലത്തെ പ്രശസ്ത പണ്ഡിതനായ ഇസ്സുദ്ദീന്‍ മൗലവി മുള്ള്യാകുര്‍ശി പള്ളിക്കുത്ത് പുത്തന്‍ പള്ളി മഹല്ല് കമ്മിറ്റിയുടെ ക്ഷണമനുസരിച്ച് കടന്നു വരുന്നത്. പള്ളിയും ദർസും നല്ല നിലയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിന് പണം ഒരു തടസ്സമായപ്പോൾ അതിനുള്ള പരിഹാരമായാണ് വഅള് പരമ്പര സംഖടിപ്പിക്കാൻ കമ്മറ്റി തീരുമാനിക്കുന്നത്. ആരെയാണ് അതിന് ക്ഷണിക്കേണ്ടത് എന്ന ചർച്ച ഉയർന്നപ്പോൾ പല പേരുകള്‍ക്കിടയിൽ നിന്നും ഇസ്സുദ്ദീൻ മൗലവിയെ ക്ഷണിക്കാൻ യോഗം തീരുമാനിച്ചു. അക്കാലത്ത് അദ്ദേഹം വടക്കേ മലബാറിൻ്റെ പല ഭാഗങ്ങളിലും പ്രസംഗപരമ്പരകൾ നടത്തുകയും ആവശ്യമുള്ള സ്ഥലങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്യുന്ന കാലമായിരുന്നു. ഇന്ന് മസ്ജിദ് സല്‍മാനുൽ ഫാരിസി നിലനില്‍ക്കുന്ന സ്ഥലത്തായിരുന്നു പ്രസംഗ പരമ്പരക്കുള്ള ആദ്യവേദി സംവിധാനിച്ചിരുന്നത്. പിന്നീട്, ജാമിയ നൂരിയ അറബിക് കോളേജ് സ്ഥിതിചെയ്യുന്ന കെ വി ബാപ്പു ഹാജിയുടെ വിശാലമായ പറമ്പിലേക്കത് മാറ്റി സ്ഥാപിച്ചു. മഹല്ലിന്റെ വ്യത്യസ്തമായ ഭാഗങ്ങളില്‍ നിന്നും ധാരാളം പേർ പരിപാടിയില്‍ താല്‍പര്യപൂർവ്വം പങ്കെടുത്തിരുന്നു. വിശുദ്ധ ഖുര്‍ആനിലെ സൂറത്തുല്‍ ഫാത്തിഹ അധ്യായത്തിലെ 'ഇഹ്ദിന സ്വിറാത്തല്‍ മുസ്തഖീം' എന്ന ഖുര്‍ആനിക സൂക്തം അടിസ്ഥാനമാക്കിയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം മുഴുക്കെയും. സദസ്യർക്ക് ആ വാചകത്തിന്റെ ആഴവും പരപ്പും ശരിയായി ബോധ്യമാകുന്ന തരത്തിൽ എന്താകുന്നു സ്വിറാത്തൽ മുസ്തഖീം? ആരാണ് മുത്തഖി? തുടങ്ങിയ കാര്യങ്ങൾ വിശദീകരിച്ചു തന്നെ അദ്ദേഹം തന്റെ പ്രഭാഷണത്തിൽ സൂചിപ്പിച്ചു പോന്നു. പ്രസംഗം ഏതാനും ദിവസങ്ങൾ പിന്നിട്ടപ്പോള്‍ ഒരിക്കല്‍ സദസ്യരോടായി അദ്ദേഹം ഇങ്ങനെ പറഞ്ഞു. 'ഞാനീ പറഞ്ഞ രൂപത്തിൽ മുത്തഖിയായി ജീവിക്കാന്‍ ആരെങ്കിലും ഈ കൂട്ടത്തിൽ തയ്യാറുണ്ടോ... ഉണ്ടെങ്കിൽ അവരതീ സ്റ്റേജില്‍ വന്ന് പ്രഖ്യാപിക്കണം'. അത് കേട്ട മൂന്ന് പേര്‍ സ്റ്റേജില്‍ വന്ന് തങ്ങള്‍ മുത്തഖികളായി ജീവിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചു. പള്ളിയിലെ മുദരിസായിരുന്ന അമാനത്ത് കോയണ്ണി മുസ്ലിയാരായിരുന്നു അവരിലൊരാള്‍. രണ്ടാമത്തെയാള്‍ അല്ലൂര്‍ കുഞ്ഞഹമ്മദ് മാസ്റ്റര്‍, മൂന്നാമത്തെയാള്‍ അദ്ദേഹത്തിന്റെ ഭാര്യ സഹോദരൻ കൂരിയാടന്‍ ബാപ്പുട്ടി കാക്ക. പ്രസ്തുത പരിപാടി ജനഹൃദയങ്ങളില്‍ വമ്പിച്ച പ്രതികരണമാണുണ്ടാക്കിയത്. അദ്ദേഹത്തിൽ പലരും ആകൃഷ്ടരായി. ധനാഢ്യനായിരുന്ന കെ വി ബാപ്പു ഹാജിക്ക് ഇസ്സുദ്ദീന്‍ മൗലവിയോട് വലിയ ആദരവും മതിപ്പുമായി.
മൗലവിയുടെ ആഗമനത്തോടെ മഹല്ലിന് പുതിയ രൂപവും ഭാവവും കൈവന്നു. മഹല്ലിനെ പൊതുവായും ജുമുഅത്ത് പള്ളിയേയും ദർസിനെയും പ്രത്യേകമായും ബാധിക്കുന്ന കാര്യങ്ങളിൽ ആവശ്യമായ തീരുമാനങ്ങളെടുത്ത് ഭാവി പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ മഹല്ല് നിവാസികളുടെ മുഴുവൻ പ്രാതിനിധ്യമുള്ള ഒരു കമ്മിറ്റിയെ തെരഞ്ഞെടുത്തതാണ് അതിലെ സുപ്രധാനമായ കാല്‍വെപ്പ്. 1947 മെയ് 30ന് മഹല്ലിന്റെ പ്രഥമ യോഗം ചേർന്ന് താഴെ പറയുന്നവരെ മഹല്ല് കമ്മിറ്റി മെമ്പര്‍മാരായി തെരഞ്ഞെടുത്തു.
1- വി കെ മുഹമ്മദ് ഇസ്സുദ്ദീൻ മൗലവി (ഖാദി & പ്രസിഡൻ്റ്)
2- കെ വി മരക്കാരുട്ടി (വൈസ് പ്രസിഡൻ്റ്)
3- കൊടുവായക്കൽ മുഹമ്മദ് (വൈസ് പ്രസിഡന്റ്)
4- കെ വി മുഹമ്മദ് എന്ന കുഞ്ഞിപ്പ (സെക്രട്ടറി)
5- ആനമങ്ങാടൻ അബ്‌ദുല്ല (ജോ സെക്രട്ടറി)
6- ആനമങ്ങാടൻ മൊയ്‌തു ഹാജി (ട്രഷറർ)
7- കെ വി മുഹമ്മദ് എന്ന കുഞ്ഞിപ്പ (കാരണവർ)
8- കെ പി ആലിയമുട്ടി (കാരണവർ)
9- കൂര്യാട് പുത്തൻപുരയിൽ മുഹമ്മദ് (കാരണവർ)
10- ആനമങ്ങാടൻ അബ്‌ദുല്ല (കാരണവർ)
11- തോരക്കാടൻ ഉണ്ണീൻ
12- കെ.വി. അഹ്‌മദ് കുട്ടി
13- കാടംതൊടി കുഞ്ഞയമ്മു
14- കെ വി മൊയ്തു
15- കൂര്യാട്ട് തച്ചങ്ങാട്ടിൽ മുഹമ്മദ്
16- കുര്യാട്ട് ആലിച്ചത്ത് മൊയ്തു
17- കോഴിപ്പറമ്പൻ അബൂബക്കർ
18- അല്ലൂർ കുഞ്ഞയമ്മു
19- മനച്ചിത്തൊടി ഹൈദറു
20- എം ടി കുഞ്ഞാൻ എന്ന മുഹമ്മദ്
21- കൂര്യാട്ട് വെളികളത്തിൽ മൊയ്‌തു (മെമ്പർമാർ)
കേരള മുസ്‌ലീംകൾക്കിടയിൽ നവോത്ഥാന ചിന്തയുടെ വ്യാപനം സംഭവിച്ച ഈ നാളുകളിൽ യാഥാസ്ഥികതയുടെ ഭാഗം ചേര്‍ന്ന് പ്രവർത്തിച്ച പ്രശസ്ത സുന്നി പണ്ഡിതനായിരുന്നു പതി അബ്ദുൽ ഖാദിർ മുസ്‌ലിയാർ. കൊല്ലം ജില്ലയിലെ കറ്റാനത്ത് ജനിച്ച അദ്ദേഹത്തെ കെ പി മൊയ്തീൻകുട്ടി മുസ്ലിയാര്‍ വഴിയാണ് മലബാറിലേക്ക് ക്ഷണിക്കപ്പെന്നത്. മലബാറിൽ ശക്തിപ്പെട്ടു കൊണ്ടിരുന്ന നവോത്ഥാന ശബ്ദങ്ങളെ ചെറുക്കാനെന്ന പേരില്‍ 1948 ഓടെയാണ് അദ്ദേഹം തന്റെ പ്രവർത്തനങ്ങൾ മലബാറിലേക്ക് മാറ്റി സ്ഥാപിക്കുന്നത്. മുസ്ലിം സമുദായത്തിനകത്തെ പരിഷ്‌കരണ പ്രവർത്തനങ്ങളുമായി മുന്നോട്ട് നീങ്ങിയ നവോത്ഥാന സംഘടനാ നേതാക്കളുമായി അക്കാലത്ത് അദ്ദേഹം നടത്തിയ ഖണ്ഡന പ്രസംഗങ്ങൾ മുസ്ലിംകള്‍ക്കിടയില്‍ വലിയ ചേരിതിരിവാണ് സൃഷ്ടിച്ചത്. സകല അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും സമൂഹത്തില്‍ അരക്കിട്ടുറപ്പിക്കുക, അതിനെതിരായ സകല പ്രസ്ഥാനങ്ങളെയും നേതാക്കളെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുക എന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെ ആകെ ഉള്ളടക്കം. മൗദൂദികള്‍ എന്നൊരു വിഭാഗമുണ്ടെന്നും അവര്‍ കാഫിറുകളാണെന്നും, ഇസ്സുദ്ദീന്‍ മൗലവി അവരിൽ പെട്ടയാളാണെന്നും വഹാബി മൗദൂദികള്‍ കാഫിറുകളാണോ എന്ന് സംശയിക്കുന്നവര്‍ പോലും കാഫിറുകളാണെന്നും ചുങ്കം ഉള്‍പ്പടെയുള്ള പ്രദേശത്തിൽ പുരോഗമിച്ചു വന്ന നവോത്ഥാന ചിന്തകളിൽ അസ്വസ്ഥനായി അദ്ദേഹം നാടുനീളെ പറഞ്ഞും പ്രസംഗിച്ചും നടന്നു.
ഇസ്സുദ്ദീന്‍ മൗലവിയുടെ ആഗമനത്തോടെ പുരോഗതിയുടെ മാര്‍ഗത്തിലൂടെ സഞ്ചരിച്ച മഹല്ല് പതി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ വരവോടെ കടുത്ത പരീക്ഷണങ്ങളെയാണ് അഭിമുഖീകരിച്ചത്. പതിയുടെ പ്രകോപനപരമായ പ്രസംഗങ്ങളില്‍ ആകൃഷ്ടരായ പരിസര പ്രദേശങ്ങളിലുള്ള മഹല്ലുകളും ജനങ്ങളും ശാന്തപുരം മഹല്ലിനെ തകര്‍ക്കാനും മഹല്ലുകാരെ ഉപദ്രവിക്കാനും തുടങ്ങി. ഇക്കാലയളവിലാണ് പരിസരപ്രദേശത്തെ മഹല്ല് നിവാസികള്‍ കാര്യാവട്ടത്തുള്ള കൊടക്കാട്ട് മുഹമ്മദ് കുട്ടിയുടെ വീട്ടില്‍ യോഗം ചേര്‍ന്ന് മുള്ള്യാകുര്‍ശി പള്ളിക്കുത്ത് പുത്തന്‍ പള്ളി കൈയേറാനും മഹല്ല് സ്വത്തുകള്‍ പിടിച്ചടക്കാനും തീരുമാനിക്കുന്നത്. വഖ്ഫ് ഭൂമി കൈവശക്കാരെ സ്വാധീനിച്ച് കൈവശപ്പെടുത്തുക, മഹല്ല് സ്വത്തുക്കള്‍ പിടിച്ചെടുക്കുക, പുത്തന്‍ പള്ളി മഹല്ലുകാരുമായി വിവാഹബന്ധമുള്ളവരുടെ വിവാഹബന്ധം മുറിപ്പിക്കുക, വിവാഹാന്വേഷണങ്ങള്‍ മുടക്കുക, വിവാഹം-മരണം മുതലായ സന്ദര്‍ഭങ്ങളില്‍ നിസ്സഹകരിക്കുക, മാതാക്കളില്‍നിന്ന് പിഞ്ചു കുഞ്ഞുങ്ങളെ വേര്‍പെടുത്തുക തുടങ്ങിയ പല അതിക്രമങ്ങളും മഹല്ലുകാര്‍ക്കെതിരില്‍ അക്കാലത്ത് നിര്‍ബാധം നടന്നുപോന്നു. പെരിന്തല്‍മണ്ണ പ്രദേശത്തെ നവീന വാദികളുയായുള്ള നിസ്സഹകരണം ലക്ഷ്യം വെച്ച് 1953ൽ ഖുതുബി മുഹമ്മദ് മുസ്ലിയാരുടെ നേതൃത്വത്തില്‍ ഒപ്പുവെക്കപ്പെട്ട പ്രഖ്യാപനത്തോടെയാണ് ഇത്തരം അതിക്രമങ്ങൾ വര്‍ദ്ധിച്ചത് എന്ന് മനസ്സിലാക്കാൻ സാധിക്കും.
ഗതകാല സ്മരണയിൽ അക്കാലത്തെ തീക്ഷ്ണാനുഭവങ്ങളെ സംബന്ധിച്ച് ഹൈദരലി ശാന്തപുരം പറയുന്നത് കാണുകയും.
"ശാന്തപുരം മഹല്ലുകാര്‍, വിശിഷ്യാ താടി വളര്‍ത്തിയവര്‍ പെരിന്തല്‍മണ്ണയില്‍ പോയാല്‍ ചെണ്ട കൊട്ടി കൂക്കി വിളിച്ച് അവരെ പരിഹസിക്കുക അക്കാലത്ത് പതിവായിരുന്നു. നാട്ടിലെ ജഡയും മുടിയും വളര്‍ത്തിയ ഒരു ഈഴവ സിദ്ധനെ ജമാഅത്തുകാരനാണെന്ന് തെറ്റിദ്ധരിച്ച് കൂക്കി വിളിച്ച് സ്വയം ഇളിഭ്യരായ സംഭവവുമുണ്ടായിട്ടുണ്ട്. ആ കാലത്തുതന്നെ ഹാജി വി പി മുഹമ്മദലി സാഹിബും ശാന്തപുരത്ത് വരാന്‍ തുടങ്ങി. അദ്ദേഹത്തെയും തല്‍പരകക്ഷികള്‍ വെറുതെ വിട്ടില്ല. പെരിന്തല്‍മണ്ണയിലെത്തിയാല്‍ അദ്ദേഹത്തെയും അവര്‍ പല രൂപത്തിലും ഉപദ്രവിച്ചിരുന്നു. അതിനാല്‍ ഹാജി സാഹിബ് ശാന്തപുരത്ത് വന്ന് തിരിച്ചുപോകുമ്പോള്‍ നാട്ടുകാര്‍ അദ്ദേഹത്തിന്റെ കൂടെ പെരിന്തല്‍മണ്ണയില്‍ പോയി കുറ്റിപ്പുറത്തേക്കുള്ള ബസ്സില്‍ കയറ്റി വിട്ട ശേഷമേ തിരിച്ചുവരാറുണ്ടായിരുന്നുള്ളു. ഒരിക്കല്‍ തൊട്ടടുത്തുള്ള മഹല്ലുകാര്‍ ഒന്നിച്ച് പള്ളി പിടിച്ചടക്കാന്‍ വരുന്നുണ്ടെന്ന വാര്‍ത്ത നാട്ടില്‍ പരന്നപ്പോള്‍ മഹല്ല് നിവാസികളായ മുസ്ലിംകളോടൊപ്പം അമുസ്ലിം സഹോദരങ്ങളും പ്രതിരോധത്തിന് സജ്ജരായി പള്ളിയിലെത്തിയത് ഓര്‍ക്കുന്നു. അക്കാലത്തെ ശാന്തപുരം നിവാസികളായ അമുസ്ലിംകള്‍ മൗദൂദി തിയ്യന്മാർ, മൗദൂദി ആശാരിമാർ, മൗദൂദി ദലിതുകൾ എന്നിങ്ങനെയാണ് അറിയപ്പെട്ടിരുന്നത്. പാണ സമുദായത്തില്‍പെട്ട അയ്യപ്പന്‍ 'അടിയനും മൗദൂദിയാണ്' എന്ന് പരസ്യമായി പ്രഖ്യാപിച്ച സംഭവം വരെ ഉണ്ടായി. തൊട്ടടുത്ത മഹല്ലിന്റെ പരിധിക്കുള്ളിലുണ്ടായിരുന്ന ശാന്തപുരം മഹല്ലിന്റെ കൃഷിഭൂമി കൈവശക്കാരെ സ്വാധീനിച്ച് കൈവശപ്പെടുത്താനുള്ള ഒരു ശ്രമം അക്കാലത്ത് നടന്നു. പന്ത്രണ്ട് മഹല്ലുകളിലെ ആളുകള്‍ മാരകായുധങ്ങളുമായി കൃഷിഭൂമിയുടെ വരമ്പിനു ചുറ്റും വന്നു നില്‍ക്കുന്നുണ്ടെന്നറിഞ്ഞ് അന്നത്തെ മഹല്ല് സെക്രട്ടറിയായിരുന്ന ആനമങ്ങാടന്‍ മൊയ്തു ഹാജിയുടെ നേതൃത്വത്തില്‍ മഹല്ലിലെ മുഴുവന്‍ ആളുകളും അവിടെയെത്തി കൃഷിഭൂമിയില്‍ പ്രവേശിച്ച് കൃഷി ഇറക്കുകയുണ്ടായി. ചുറ്റും കൂടി നിന്നവര്‍ക്ക് സ്തബ്ധരായി നോക്കിനില്‍ക്കാനേ സാധിച്ചുള്ളൂ. അതോടുകൂടി ഈ നാടിന്റെ ഐക്യം കൂടുതല്‍ സുദൃഢമാവുകയും പ്രതിയോഗികളുടെ വീര്യം കെട്ടുപോവുകയും ചെയ്തു..."
ഈ ചരിത്ര സന്ധിയെ ജാമിയ നൂരിയ അറബി കോളേജ് പുറത്തിറക്കിയ 'ജാമിഅകാലം ഓര്‍മ്മകുറിപ്പുകൾ' എന്ന വാര്‍ഷിക പതിപ്പില്‍ വിശദീകരിക്കുന്നത് മറ്റൊരു വിധത്തിലാണ്.
"ജമാഅത്ത് അമീർ കുഞ്ഞാലൻ ഹാജി എന്ന മുഹമ്മദലി മൗലവിയും ഇസ്സുദ്ദീൻ മൗലവിയും അലവിക്കുട്ടി മൗലവിയും മുള്ള്യാർകുർശി കേന്ദ്രീകരിച്ച് ജമാഅത്തിൻ്റെ പ്രചാരണം ഊർജ്ജസ്വലമാക്കി. നിരവധി പേർ അവരുടെ കുതന്ത്രത്തിൽ വീണു. അഹ്ലുസുന്നത്തി വൽജമാഅത്തിൽ നിന്ന് മൗദൂദിസത്തിലേക്കുള്ള ഈ പോക്ക് തടയൽ അനിവാര്യമാണെന്ന് ബോധ്യമായ ബാപ്പുഹാജിയും കൊടക്കാട്ട് മൊയ്‌തുട്ടി സാഹിബും ചേർന്ന് അതിന്റെ വഴികൾ ആലോചിച്ചു. പതി അബ്ദുൽ ഖാദിർ മുസ്‌ലിയാരെയാണ് അതിനവർ കണ്ടെത്തിയത്. പതി മൗദൂദികളെ പരസ്യമായി വാദപ്രതിവാദത്തിന് ക്ഷണിച്ചു. ജാള്യത മറക്കാൻ അവർ വാദപ്രതിവാദത്തിന് സമ്മതിച്ചു. എന്നാൽ, പതിയോട് വാദപ്രതിവാദം നടത്തിയാലുണ്ടാവുന്ന പ്രത്യാഘാതം അവർക്കറിയാമായിരുന്നു. അവർ കുറുക്കുവഴികൾ തേടി. വക്രമായി ചിന്തിച്ച് അവർ കണ്ടെത്തിയ വഴി ഇതായിരുന്നു. പുറത്ത് നിന്ന് നോക്കിയാൽ അകത്തേക്ക് കാണാത്തതും, കാറ്റും വെളിച്ചവും കടക്കാത്തതുമായ ഒരു കൂട് നിർമ്മിക്കുക. പ്രവേശനമാർഗം കുറ്റിയും അഴികളും കൊണ്ട് വളഞ്ഞും തിരിഞ്ഞുമുണ്ടാക്കുക. എന്തോ അപകടം പതിയിരിക്കുന്നുവെന്ന് തോന്നണം. മേല്‍ ആശയം അവർ നടപ്പിൽ വരുത്തി. അപകടം തിരിച്ചറിഞ്ഞ ബഹുജനം പുറത്ത് നിൽക്കുന്നവർ കാണത്തക്കവിധം അൽപ്പം മറനീക്കാൻ അവരോടാവശ്യപ്പെട്ടു. അവരതിന് സന്നദ്ധമായില്ല. ധീരനായ പതി അവരുടെ കൂടിനകത്ത് കടന്ന് സംവാദം നടത്താൻ സന്നദ്ധനായെങ്കിലും ജനം സമ്മതിച്ചില്ല. അങ്ങനെ വാദപ്രതിവാദം നടക്കാതെ പോയി. ജമാഅത്തിന്റെ അപകടക്കൂട് നിർമ്മിക്കപ്പെട്ട സ്ഥലത്താണ് പിൽക്കാലത്ത് ജാമിഅ നൂരിയ സ്ഥാപിക്കപ്പെട്ടത്...!"
എന്നാൽ, വാര്‍ഷിക പതിപ്പില്‍ സൂചിപ്പിക്കുന്ന ഈ 'അപകട കൂട്' മായി ബന്ധപ്പെട്ട വസ്തുത ഗതകാല സ്മരണയിൽ പറയുന്നത് കാണുക.
"പതി അബ്ദുൽ ഖാദിർ മുസ്‌ലിയാരുമായി വാദപ്രതിവാദം നടത്താൻ ഹാജി വി പി മുഹമ്മദലി സാഹിബ് തയ്യാറായപ്പോൾ പെരിന്തൽമണ്ണ ടി ബിയിൽ വെച്ച് വാദപ്രതിവാദത്തിൻ്റെ തീയ്യതി നിശ്ചയിക്കാൻ ഒരു യോഗം കൂടി. യോഗത്തിൽ വെച്ച് ഒരു ഗുണ്ട ഹാജി സാഹിബിനു നേരെ കഠാര ഊരി ചാടിയെണീക്കുകയും മഹല്ല് മെമ്പറായിരുന്ന കെ വി അഹ്‌മദ് കുട്ടി സാഹിബ് അതിനിടയിലേക്ക് ചാടി തന്റെ വിരിമാറ് കാണിക്കുകയും ചെയ്തു. പതി അബ്ദുൽ ഖാദിർ മുസ്‌ലിയാരുമായി വാദപ്രതിവാദത്തിന് തയ്യാറായ സാഹചര്യത്തിൽ അതിനുവേണ്ടി ചുങ്കത്ത് ഒരു പന്തൽ ഒരുങ്ങി. ആർക്കും തന്ത്രപൂർവം ഓടി രക്ഷപ്പെടാൻ പറ്റാത്ത രൂപത്തിലായിരുന്നു പന്തലിന്റെ നിര്‍മ്മാണം നടത്തിയിരുന്നത്. അതറിഞ്ഞ പതി വാദപ്രതിവാദത്തിന് തയ്യാറാവാതെ പിന്മാറുകയാണുണ്ടായത്. തുടർന്ന് ശാന്തപുരം മഹല്ല് പരിപൂർണ്ണമായി ജമാഅത്തെ ഇസ്‌ലാമിയുടെ ആശയാദർശങ്ങൾ അംഗീകരിക്കുകയും ഹാജി സാഹിബിനെയും ഇസ്സുദ്ദീൻ മൗലവിയെയും മാർഗദർശികളായി സ്വീകരിക്കുകയും ചെയ്തു..."
പിന്നീട്, വിവിധ വേദികളിൽ പ്രതിയോഗികൾക്കെതിരെ പതി ഉയർത്തിവിട്ട വിവാദങ്ങളായ പല പരാമര്‍ശങ്ങളും പ്രഖ്യാപനങ്ങളും അദ്ദേഹത്തിനെതിരെ തന്നെ തിരിഞ്ഞു വരികയായിരുന്നു. നവോത്ഥാന ചിന്തയുടെ വക്താക്കളെല്ലാം അവിശ്വാസികളാണെന്നും അവരെ വധിക്കൽ അനുവദനീയവും പ്രതിഫലാർഹവുമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചത് അദ്ദേഹത്തിന് വലിയ വിനയായി ഭവിച്ചു. ജനങ്ങൾ അതോടെ ഉത്പതിഷ്ണുക്കളുടെ പ്രസംഗങ്ങളും ശ്രവിക്കാൻ തുടങ്ങി. അങ്ങനെ വലിയ വാദപ്രതിവാദങ്ങൾ അരങ്ങേറി. എന്നാൽ, വിവാദങ്ങൾ കൊണ്ട് മാത്രം പിടിച്ചുനിൽക്കാനാണ് അദ്ദേഹം ശ്രമിച്ചുപോന്നത്. അതിലൂടെ ചർച്ചകളെ വഴിതിരിച്ചുവിട്ട് വിഷയങ്ങളിൽ നിന്നും ജനശ്രദ്ധ തിരക്കാനദ്ദേഹം പരിശ്രമിച്ചു. കൂടാതെ, സുന്നികൾക്കിടയിൽ തന്നെ ഭിന്നിപ്പുണ്ടാക്കുക ലക്ഷ്യം വെച്ച് പതി ഉയർത്തി കൊണ്ടുവന്ന അല്ലാഹുവിന്റെ പേര് ഉച്ചരിക്കേണ്ട വിധത്തെ സംബന്ധിച്ച ചർച്ച അഥവാ 'അൽലാ വിവാദത്തിന്' പൊതുജനങ്ങൾക്കിടയിൽ പിന്തുണയില്ലാതെ പോയത് പതിക്ക് വലിയ വിനയായി. അദ്ദേഹം മുസ്‌ലിം സമൂഹത്തിനിടയിൽ വിശിഷ്യാ സുന്നികൾക്കിടയിൽ പോലും ഒറ്റപ്പെടാനും അനഭിമതനാകാനും ഇത് കാരണമായി എന്ന് പറയാം. എന്തിന്റെ പേരിലായാലും ഉമ്മത്തിനെ ഭിന്നിപ്പിക്കുകയും കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നവർക്ക് ഈ പതിയോർമ ഒരു പാഠമാണ്.
ഇന്ന് ശാന്തപുരം എന്നറിയപ്പെടുന്ന ഈ മഹല്ല് സംവിധാനം പൊന്നാനി കൊണ്ടോട്ടി കൈ വിവാദത്തിന്റെ ഉത്പന്നമാണന്ന് പറയാമെങ്കിലും അടിസ്ഥാനപരമായി അത് യാഥാസ്ഥിതികത്വത്തിൽ നിന്നും പുരോഗമന ചിന്തകളിലേക്കും, കേവല പാരമ്പര്യവാദങ്ങളിൽ നിന്നും ഇസ്ലാമിന്റെ യഥാര്‍ത്ഥ തനിമയിലേക്കും തുറന്ന് വെച്ച കവാടമാണന്ന് പറയാം. കൈ വിവാദത്തിലൂടെയാണ് ആ ചിന്തകൾ ഈ പ്രദേശത്ത് സ്ഥാപിക്കപ്പെടുന്നതെങ്കിലും ഇസ്സുദ്ദീൻ മൗലവി പ്രഥമ പ്രസിഡന്റായി രൂപീകരിക്കപ്പെട്ട മഹല്ല് സംവിധാനം പിറന്നതോടെയാണ് അതിന്റെ പൂര്‍ത്തീകരണം സംഭവിക്കുന്നത്. ആ വഴിയില്‍ ഒരുപാട് മുള്‍പാതകൾ താണ്ടിയവരാണ് ഈ നാടിന്റെ മുന്‍ഗാമികൾ. ദീനീ തല്‍പരരും വിശാലമനസ്‌കരുമായിരുന്ന അവർ ഇസ്‌ലാമികാശയങ്ങളെ ജീവിതത്തില്‍ പകര്‍ത്തുകയും അത് ശിരസാവഹിക്കുകയും ചെയ്തവരാണ്. പുത്തന്‍വാദികള്‍ എന്ന പേര് കേട്ടുകൊണ്ടും ബഹിഷ്‌കരണങ്ങള്‍ ഏറ്റുവാങ്ങിയുമാണ് ഈ ദേശത്തെ ഇസ്‌ലാമിന്റെ തനിമയിലേക്കവര്‍ ഉയര്‍ത്തി കൊണ്ടുവന്നത് എന്ന് പ്രത്യേകം അനുസ്മരിക്കപ്പെടേണ്ട കാര്യമാണ്.
മഹല്ലുയർത്തി പിടിക്കുന്ന വിലമതിക്കാനാവാത്ത ആ മൂല്യ ബോധത്തിന്റെ അടയാളമാണ് 1948 ഒക്ടോബർ 15ന് മഹല്ലിൽ നടന്ന തിരഞ്ഞെടുപ്പ് എന്നു പറയാം. പ്രദേശത്തെ യഥാസ്ഥിതികരും ഉല്‍പതിഷ്‌ണുക്കളും തമ്മില്‍ ചേരിതിരിവുണ്ടായ തൊട്ടുടനെയാണ് മഹല്ല് കമ്മറ്റിയിലേക്കുള്ള ആ തെരഞ്ഞെടുപ്പ് നടക്കുന്നത്. ധനാഢ്യരായ പല പ്രമുഖരേയും പിന്നിലാക്കി സാധാരണക്കാരായ ആളുകളാണ് കമ്മറ്റിയിലേക്കന്ന് തിരഞ്ഞെടുക്കപ്പെട്ടത്. മുസ്ലീം സമൂഹം പിന്നാക്കക്കാരാണന്ന് വിധി എഴുതിയ പലരും അതിലുണ്ടായിരുന്നു. എന്നാൽ, ഇതിൽ ക്ഷുഭിതരായ ഒരു വിഭാഗം കമ്മിറ്റിയില്‍ നിന്നും രാജിവെച്ച് പുറത്ത് പോവുകയും മേല്‍ സാധാരണക്കാരെ കമ്മറ്റിയിൽ നിന്നും നീക്കം ചെയ്താൽ മാത്രമേ തങ്ങൾ ഈ മഹല്ലിന്റെ ഭാഗമാവുകയുള്ളു എന്നും അവർ വാദിച്ചു വന്നത് പ്രതിസന്ധി ഉണ്ടാക്കിയെങ്കിലും, സാമ്പത്തിക ലാഭം ലാക്കാക്കി അവരെ നിലനിർത്താൻ ഉദ്ദേശിച്ചുകൊണ്ട് കൈവിട്ട കളികൾക്കൊന്നും തന്നെ കമ്മറ്റി മുതിരാതെ പോയത് മഹല്ല് ഉയർത്തി പിടിക്കുന്ന ജനായത്തബോധം കൊണ്ടാണന്ന് നിസ്സംശയം പറയാൻ സാധിക്കും. യാഥാര്‍ത്ഥത്തിൽ, കൈ വിവാദങ്ങൾ രൂപപ്പെടാനുണ്ടായ പലവിധ കാരണങ്ങളിൽ നിന്നുള്ള പാഠങ്ങൾ അതിൽ നിന്നും വായിച്ചെടുക്കാം. ഇമാനും നേതൃഗുണത്തിനുമപ്പുറം പാരമ്പര്യ മാഹാത്മ്യത്തിന് മാത്രം മുന്‍തൂക്കം നല്‍കികൊണ്ട് കൊണ്ടോട്ടി തക്കിയയുടെ നേതൃത്വത്തിലേക്ക് കടന്നു വരുന്ന അവരുടെ നേതാക്കള്‍ എത്രമാത്രം ബാധ്യതയാണ് ആ സമൂഹത്തിന് വരുത്തി വെച്ചത് എന്ന് കൊണ്ടോട്ടിയുടെ പിന്നീടത്തെ ചരിത്രം പഠിച്ചാല്‍ നമുക്ക് ബോധ്യമാകുന്ന സംഗതിയാണ്. അപ്രകാരം, മഹല്ലിന്റെ പില്‍ക്കാലത്തുള്ള ഓരോ ചുവട് വെപ്പുകളിലും ഈ കൊണ്ടോട്ടി വിരുദ്ധതയുടെ ചെറിയൊരംശമെങ്കിലും നമുക്ക് കാണാതിരിക്കാൻ കഴിയില്ല. അഭിപ്രായ സ്വാതന്ത്ര്യവും ചിന്താസ്വാതന്ത്യവും ഏറെ അനുഭവിക്കാന്‍ കഴിഞ്ഞവരെന്ന നിലയില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന് ഏറെ വളക്കൂറുള്ള മണ്ണില്‍ തന്നെ മഹല്ല് കമ്മറ്റികളുടെ ചരിത്രത്തിലെ ആദ്യ സ്ത്രീപ്രാതിനിധ്യം രൂപപ്പെട്ടതും, ഖബറാരാധനയിലേക്ക് നയിക്കുന്ന ഏതൊരു ചെറിയ നടപടികളേയും നിരൂത്സാഹപ്പെടുത്താൻ ഉദ്ദേശിച്ചു കൊണ്ട് മീസാൻ കല്ലുകളായി ജനങ്ങൾ സ്ഥാപിച്ച മാര്‍ബിളിൽ ഫലകങ്ങൾ പിഴുത് കളയാന്‍ നല്‍കിയ നിര്‍ദ്ദേശങ്ങൾ വരെയുള്ള കാര്യങ്ങളിൽ ഇത് വായിച്ചെടുക്കാൻ സാധിക്കും.
1951ൽ മഹല്ലിന് ഒരു ഭരണഘടന രജിസ്റ്റർ ചെയ്യപ്പെടുകയും, എ കെ അബ്ദുൽ ഖാദർ മൗലവി ഖാദിയും ഖത്വീബുമായി സ്ഥാനമേൽക്കുകയും ചെയ്തശേഷം മഹല്ലിലുണ്ടായ പുരോഗമന പ്രവർത്തനങ്ങൾ തൽപരകക്ഷികളെ വിറളിപിടിപ്പിച്ചു. മഹല്ലുനിവാസികൾക്കിടയിൽ ആദർശപരമായ ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ച് അവരെ പരസ്പരം ഭിന്നിപ്പിക്കാനുള്ള സൂത്രമെന്നനിലയിൽ അവർ കണ്ടെത്തിയ മാർഗ്ഗം ഉൽപതിഷ്ണു വിഭാഗങ്ങളെ ആക്ഷേപ ശകാരങ്ങൾകൊണ്ട് അഭിഷേകം ചെയ്യുന്നതിൽ അഗ്രഗണ്യരായി അറിയപ്പെട്ടിരുന്ന യാഥാസ്ഥിതിക പണ്ഡിതന്മാരെ കൊണ്ടുവന്ന് മഹല്ലിൻ്റെ ഹൃദയഭാഗമായ ചുങ്കത്ത് വഅള് പരമ്പരകൾ സംഘടിപ്പിക്കുകയായിരുന്നു. പ്രസ്‌തുത ഗണത്തിൽ കുപ്രസിദ്ധി നേടിയ മറ്റൊരു പണ്ഡിതനായിരുന്നു ഇ കെ അബൂബക്കർ മുസ്ലിയാർ. അവരുടെ പേര് വെച്ചായിരുന്നു വഅളുമായി ബന്ധപ്പെട്ട നോട്ടീസ് പ്രസിദ്ധീകരിച്ചിരുന്നത്. ഇസ്‌ലാമിക പ്രസ്ഥാനത്തിൻ്റെ നേതൃത്വമംഗീകരിച്ചുകൊണ്ട് ശാന്തപുരത്ത് രൂപപ്പെട്ട ഈ മഹല്ല് പ്രവർത്തനമാരംഭിച്ചതു മുതൽ അതിനെ തകർക്കുവാനുള്ള ശ്രമങ്ങൾ യാഥാസ്ഥിതികരുടെ ഭാഗത്തുനിന്ന് നിരന്തരം ഉണ്ടായിക്കൊണ്ടിരുന്നു.
ഹൈദരലി ശാന്തപുരം സാക്ഷിയായ ഒരു സംഭവത്തെ കുറിച്ച് അദ്ദേഹം തന്റെ ഗ്രന്ഥത്തിൽ പറയുന്നുണ്ട്.
"1963ൽ പ്രവർത്തനമാരംഭിച്ച പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക്കോളേജിന്റെ ശിലാസ്ഥാപനത്തോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട പ്രൗഢമായ സമ്മേളനം. കോളേജ് കമ്മറ്റി പ്രസിഡൻ്റ് സയ്യിദ് അബ്ദുർറഹ്‌മാൻ ബാഫഖി തങ്ങൾ, സെക്രട്ടറി ഇ കെ അബൂബക്കർ മുസ്ലിയാർ, ഖജാഞ്ചി കക്കോടൻ മമ്മുഹാജി തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ സ്റ്റേജിലും ജനാവലി സദസ്സിലും സന്നിഹിതരാണ്. സമസ്‌തയുടെ സമുന്നത നേതാവ് ഖുതുബി മുഹമ്മദ് മുസ്‌ലിയാരായിരുന്നു ഉദ്ഘാടകൻ. അദ്ദേഹം തന്റെ പ്രസംഗത്തിൽ ഖുർആനിലെ അന്നിസാഅ് അധ്യായത്തിലെ 'തനിക്ക് സന്മാർഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിർത്തു നിൽക്കുകയും, സത്യവിശ്വാസികളുടേതല്ലാത്ത മാർഗ്ഗം പിന്തുടരുകയും ചെയ്യുന്നപക്ഷം അവർ തിരിഞ്ഞ വഴിക്കുതന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ടവരെ കരിക്കുന്നതുമാണ്' എന്ന നൂറ്റിപ്പതിനഞ്ചാം സൂക്തം പാരായണം ചെയ്തുകൊണ്ട് വിശദീകരിച്ചു. തുടർന്ന്, വഹാബി മൗദൂദി തുടങ്ങിയ പുത്തൻവാദികൾ ഈ വിഭാഗത്തിൽ പെടുന്നവരാണ് എന്ന് സൂചിപ്പിച്ചു. ഈയുള്ളവനടക്കം മഹല്ലിലെ ഒരു സംഘം ആളുകൾ സമീപത്തുള്ള നമസ്കാരപ്പള്ളിയിലിരുന്നു മേല്‍ പ്രസംഗം ശ്രവിച്ചുകൊണ്ടിരിക്കുകയാണ്. മഹല്ല് സെക്രട്ടറിയായിരുന്ന കെ വി മുഹമ്മദ് മാസ്റ്റർ ഖുതുബിയുടെ സംസാരം കേട്ട് ഇരിക്കുന്ന സ്ഥലത്തുനിന്നും ചാടിയെഴുന്നേറ്റ് സമ്മേളന സ്ഥലത്തിനടുത്തുണ്ടായിരുന്ന മതിലിനു മുകളിൽ കയറി അത്യുച്ചത്തിൽ ഇങ്ങനെ വിളിച്ചുപറയുകയും ചെയ്‌തു... 'തങ്ങളാണെങ്കിലും ഖുതുബിയാണെങ്കിലും ഇവിടെ വന്ന് ആളെ ചീത്ത പറയരുത്...' അത് കേട്ട് സദസ്സൊന്നാകെ സ്തംഭിച്ചുപോയി. ബാഫഖി തങ്ങൾ ഖുതുബിയുടെ പ്രസംഗം നിർത്താൻ കൽപ്പിക്കുകയും ഏറെനേരം കഴിഞ്ഞ് പെരിന്തൽമണ്ണയിൽ നിന്നും പോലീസെത്തി അവരുടെ സാന്നിധ്യത്തിലാണ് സമ്മേളനം തുടർന്നത്. പിന്നീടുള്ള പ്രസംഗങ്ങളിലൊന്നും ആരും ആരെയും വിമർശിക്കുകയുണ്ടായില്ല..."
ഇന്ന് തെരെഞ്ഞെടുക്കപ്പെട്ട 50 കൗണ്‍സിലര്‍മാരും അവരില്‍ നിന്ന് തെരെഞ്ഞടുക്കുന്ന 17 മെമ്പര്‍മാരും ഉള്‍ക്കൊള്ളുന്നതാണ് ശാന്തപുരം മഹല്ല് ഭരണസമിതി എന്ന് പറയാം. മുള്ള്യുക്കുര്‍ശ്ശി, ശാന്തപുരം, പടിഞ്ഞാറെ പള്ളിക്കുത്ത്, കിഴക്കേ പള്ളിക്കുത്ത് എന്നിങ്ങനെ നാല് വാര്‍ഡുകള്‍ ചേര്‍ന്നതാണ് മഹല്ല് സംവിധാനം. തെരെഞ്ഞെടുക്കപ്പെടുന്ന കൗണ്‍സിലര്‍മാരും അതാത് മഹല്ലുകളിലെ വാര്‍ഡ് സമിതികളുമാണ് വാര്‍ഡിലെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. 2011ല്‍ മഹല്ലിലെ സ്‌ത്രീകള്‍ക്ക് വോട്ടവകാശം നല്‍കുകയും പുരുഷന്മാരെ പോലെ തന്നെ സ്‌ത്രീകളും കൗണ്‍സിലര്‍മാരായും കമ്മറ്റി മെമ്പറുമായും തെരഞെടുക്കപ്പെടുകയും ചെയ്‌തത് മഹല്ലിനെ സംബന്ധിച്ചെടുത്തോളം പുതിയൊരു കാല്‍വെപ്പായിരുന്നു.
ഈ ലേഖനത്തിന്റെ തുടക്കത്തിൽ ഞാന്‍ പരാമര്‍ശിച്ച നിശബ്ദത മൂടിയ തേക്കിന്‍തോട്ടത്തിന് നടുവിലെ ആ പഴയ കെട്ടിടം ഈ നാടിന്റെ ഒരു കാലഘട്ടത്തെ നയിച്ച ചരിത്രത്തിന്റെ മൂകസാക്ഷിയാണന്ന് പറയാമെങ്കിലും ഒച്ചയും ബഹളവും അസ്തമിച്ച അതിന്റെ ഇന്നത്തെ ദുര്യോഗത്തിന് പിന്നില്‍ ശാന്തപുരം മഹല്ലിന്റെ കൂടി നിതാന്ത ജാഗ്രത ഉൾചേര്‍ന്നിട്ടുണ്ടന്ന് നിസ്സംശയം പറയാൻ സാധിക്കുന്ന സംഗതിയാണ്. അല്ലെങ്കിൽ, കൊണ്ടോട്ടിക്ക് സമാനമായ ആനയും അമ്പാരിയും അണിനിരക്കുന്ന വലിയൊരു ഉത്സവ കേന്ദ്രമായേനെ ആ ഖബറിടം.
അവലംബം-
1- കൊണ്ടോട്ടി തങ്ങൾ- ഉമര്‍ മധുവായ്
2- Dr സൈതാലി കുട്ടി ഫൈസി മുള്ള്യാകുർശ്ശി
3- സലാഹുദ്ദീന്‍ അയ്യൂബി
4- കിഴാറ്റൂർ മുതുകുർശ്ശികാവ് അമ്പലം കാര്യദര്‍ശി ശ്രീ മുണ്ടക്കാപറ്റ സേതുമാധവന്‍
5- ഫേസ്ബുക് ലേഖനങ്ങൾ- തൗഫീക്ക് സക്കരിയ
6- മാപ്പിള കലാപം- ടി മുഹമ്മദ്
7- ആംഗ്ലോ മാപ്പിള യുദ്ധം- എ കെ കോഡൂർ
8- ഗതകാല സ്മരണകള്‍- ഹൈദരലി ശാന്തപുരം
9- കേരളത്തിലെ പണ്ഡിത പ്രമുഖർ- പതി അബ്ദുൽ ഖാദർ മൗലവി- Islam kavadam
10- My thoughts- കൊണ്ടോട്ടിയുടെ ചരിത്രം ലേഖനങ്ങൾ
11- ആരാമം ലേഖനം- ഫൗസിയ ഷംസ്

No comments:
Post a Comment