Monday, 31 March 2025

അല്ലൂർ ഉണ്ണീൻകുട്ടി മൂപ്പൻ

ചുങ്കം തെരുവില്‍ നിന്നും ശാന്തപുരം ഇസ്ലാമിയ കോളേജിലേക്കുള്ള വഴിയില്‍ റെയിൽവെ ലൈനിന് സമീപത്താണ് പ്രശസ്തരായ അല്ലൂർ മൂപ്പന്മുടെ ജന്മഗൃഹം സ്ഥിതി ചെയ്തിരുന്നത്. നിലവില്‍ അടുത്തടുത്ത് സ്ഥിതിചെയ്യുന്ന അനേകം വീടുകളാൽ സമ്പന്നമായ മേല്‍ പ്രദേശം പഴയ കാലത്ത്‌ തീര്‍ത്തും വിഭിന്നമായ രൂപത്തിലും ഭാവത്തിലുമാണുണ്ടായിരുന്നത് എന്ന് അനുമാനിക്കാം. ചുങ്കം തെരുവില്‍ നിന്നും നോക്കിയാല്‍ കാണുന്ന വിശാലമായ വയലോലകൾക്കപ്പുറം ഈ നാടിന്റെ ആധികാരികളായി വാണ മൂപ്പന്മാരുടെ ഒന്നോ രണ്ടോ വീടുകൾ മാത്രമുള്ളോരു മൺതിട്ട മാത്രമായിരുന്നിരിക്കാം അന്നവിടെ. കാലഘട്ടം അനേകം മുന്നോട്ട് പോയപ്പോള്‍ പലതരത്തിലുള്ള മാറ്റങ്ങൾ ഈ തെരുവിനേയും ഇവിടുത്തെ ജനതയേയും ബാധിച്ചു. അനേകം ചരിത്ര വർത്തമാനങ്ങൾ മറവിയുടെ മനോലോകത്തിൽ ലയിച്ചു. അതിലൊന്നാണ് പ്രദേശത്തെ മൂപ്പന്മാരുടെ ചരിത്രവും അവരിലെ ഷഹീദ് അല്ലൂർ ഉണ്ണീൻകുട്ടി മൂപ്പനും എന്ന് പറയാം.

ഈ പഠന ലേഖനം ആ ചരിത്രത്തിന്റെ വീണ്ടെടുപ്പുദ്ദേശിച്ചുള്ള ചെറിയൊരു ഉദ്യമമാണ്.

മേല്‍ പ്രദേശത്ത് ഈ അടുത്ത കാലം വരെയും ഉയർന്ന് നില്‍ക്കുന്ന രണ്ട് മീസാൻ കല്ലുകളുണ്ടായിരുന്നതായി പഴമക്കാർ പറയുന്നത് കേൾക്കാം. നൂറ്റാണ്ടുകള്‍ക്ക് മുന്നേ ബ്രിട്ടീഷ് കമ്പനി സൈന്യത്തിനെതിരെ പട നയിച്ച ധീരനായ അല്ലൂർ ഉണ്ണീൻകുട്ടി മൂപ്പന്റെ ഖബറിടമാണതെന്ന് അവർ പറയുന്നു. ആദ്യകാലങ്ങളിൽ, കൃത്യമായി പറഞ്ഞാൽ ശാന്തപുരം പുത്തൻ പള്ളി സ്ഥാപിക്കപ്പെടുന്നത് വരെയും ആ ഖബറിനെ ചുറ്റിപ്പറ്റി ഒരു ദർഗ്ഗ സംസ്കാര സംബന്ധമായ കുറേ കീഴ് വഴക്കങ്ങൾ ആചരിച്ചു വന്നിരുന്നുവത്രെ. വെട്ടുകല്ലുകൊണ്ട് കെട്ടിപ്പടുത്ത നിലയിലുള്ള ഖബറിന് (മഖ്ബറ) മുകളില്‍ ചെറിയ പുര സ്ഥാപിച്ച് സമീപം എണ്ണ ഒഴിച്ച് വിളക്ക് സ്ഥാപിക്കുക, അതിലേക്കുള്ള ചിലവിലേക്കായി സമീപത്ത് ഭണ്ഡാരം സ്ഥാപിച്ച് പണം സ്വരൂപിക്കുക തുടങ്ങിയ കാര്യങ്ങൾ അല്ലൂർ കുടുംബത്തിന്റെ നേതൃത്വത്തില്‍ ചെയ്തു വന്നിരുന്നുവെങ്കിലും ആണ്ട്, ഉറൂസ് പോലുള്ള ആചാരങ്ങള്‍ ചെയ്യാതെ പോയത് അക്കാലത്തെ സാമ്പത്തിക പരാധീനതകൊണ്ട്‌ മാത്രമായിരിക്കും എന്ന് പറയാം. എന്നിരുന്നാലും, കൊണ്ടോട്ടി കൈ, പൊന്നാനി കൈ വിവാദങ്ങളുടെ ഉത്പന്നമായി പ്രദേശത്ത് രൂപം കൊണ്ട വിശ്വാസ വിപ്ലവങ്ങൾക്ക് ശേഷമാണ് അത്തരം കീഴ്‌വഴക്കങ്ങൾ അവിടെ ഉപേക്ഷിക്കപ്പെട്ടതും സാധാരണ ഒരു ഖബറിന്റേതായ വിശുദ്ധിയിലേക്ക് അത് മാറ്റപ്പെടുകയും ചെയ്തത് എന്ന് നിസ്സംശയം പറയാൻ കഴിയുന്ന സംഗതിയാണ്.

യഥാർത്ഥത്തിൽ ആരായിരുന്നു മൂപ്പന്മാർ, കേരള ചരിത്ര നിര്‍മ്മിതിയിൽ, പ്രത്യേകിച്ച് മലബാറിനെ സംബന്ധിച്ച പഠനത്തില്‍, മലബാറിന്റെ കൊളോണിയല്‍ വിരുദ്ധ പോരാട്ട ചരിത്രത്തിൽ എന്തായിരുന്നു അവരുടെ ഭാഗദേയം എന്ന പഠനം അല്ലൂർ ഉണ്ണീൻകുട്ടി മൂപ്പന്റെ ചരിത്രത്തിലേക്കും വെളിച്ചം വീശുന്ന സംഗതിയാണ്.

ലഭ്യമായ ചരിത്ര വസ്തുതകൾ മുന്നില്‍ വെച്ചാൽ ടിപ്പു സുല്‍ത്താന്റെ കാലത്ത്‌ രൂപപ്പെട്ട ഒരു അവരേണ്യ അഥവാ, സവര്‍ണ്ണ കേന്ദ്രീകൃതമല്ലാത്തൊരു അധികാരരൂപം, അല്ലെങ്കിൽ ഉദ്യോഗസ്ഥ വൃന്ദമാണ് മൂപ്പന്മാർ എന്ന് പറയാം. വിശാലമായ പാട ശേഖരങ്ങളും ഇടയില്‍ ഏതാനും വീടുകളും മാത്രമുണ്ടായിരുന്ന ഒരു സമൂഹിക ചുറ്റുപാടിൽ ചന്ത എന്ന് വിളിച്ചു വരുന്ന കച്ചവട കേന്ദ്രങ്ങളായിരുന്നു ജനജീവിതങ്ങളുടെ ആകെക്കൂടിയുള്ള സമ്പര്‍ക്ക കേന്ദ്രങ്ങൾ. തങ്ങളുടെ ഉല്‍പ്പന്നം ജനങ്ങളിലേക്കെത്തിക്കുന്നതിനുള്ള കൃഷിക്കാരുടെ ഒരേയൊരു മാര്‍ഗ്ഗം ചന്തയായിരുന്നു. രാജകീയ ശാസനങ്ങൾ, ശിക്ഷാനടപടികള്‍ തുടങ്ങിയ രാഷ്ട്രീയാധികാര കേന്ദ്രത്തിന്റെ പ്രകടപരതയായും രാഷ്ട്രീയ വിമര്‍ശനങ്ങളുടെ കാഹളമായും ചന്തകൾ പരിവര്‍ത്തിക്കപ്പെട്ടു. ഈയൊരു പ്രാധാന്യം മനസ്സിലാക്കിയത് കൊണ്ടാവാം ടിപ്പുവിന്റെ നേതൃത്വത്തിലമർന്ന മലബാര്‍ പ്രദേശത്തെ അങ്ങോളമിങ്ങോളം ഉണ്ടായിരുന്ന ചന്തകളെ മുഴുവന്‍ സവിശേഷമായി പരിഗണിക്കാൻ സുല്‍ത്താന്‍ തയ്യാറായതും ഒരു കേന്ദ്രീകൃത അധികാരത്തിന് കീഴിലേക്ക് അവയെ പരിവര്‍ത്തിപ്പിക്കാനും, വിവിധയിനം നികുതികളുടെ ശേഖരണം (ചുങ്കം), ക്രമസമാധാന പാലനം തുടങ്ങിയ കര്‍ത്തവ്യങ്ങള്‍ അവിടെ നിര്‍വ്വഹിക്കപ്പെടാനുമായി മൂപ്പന്മാരുടെ സംഗത്തെ നിയമിക്കുകയും ചെയ്യുന്നത്.

തമിഴ്‌നാട്, കേരളം, കര്‍ണാടക തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ചില ആദിവാസി വിഭാഗങ്ങളുടെയും പരമ്പരാഗത സമൂഹങ്ങളുടെയും നേതാക്കളെയാണ് പൊതുവില്‍ മൂപ്പന്മാർ എന്ന് സൂചിപ്പിച്ചു വന്നിരുന്നത്. 'മൂപ്പൻ' എന്ന പദം പല സംസ്കാരങ്ങളിലും വൈവിധ്യമാർന്ന അർത്ഥതലങ്ങളാണുള്ളത്. എന്നാൽ, പൊതുവിൽ ആദിവാസി ഗോത്രങ്ങളുടേയും ഗ്രാമസമൂഹങ്ങളുടേയും മുതിർന്ന നേതാവിനെയാണ് മൂപ്പൻ എന്ന് വിളിച്ചിരുന്നത്. മൂപ്പന്മാരുടെ ഉത്ഭവത്തെ സംബന്ധിച്ച് നേരിട്ട് രേഖപ്പെടുത്തപ്പെട്ട ചരിത്രരേഖകളൊന്നും ലഭ്യമല്ല. എന്നാൽ, കേരളത്തിലെ മലയോര പ്രദേശങ്ങളിലും തമിഴ്‌നാട്ടിലെ ചില മേഖലകളിലും കര്‍ണാടകത്തിലെ മലനാട് മേഖലകളിലും ഇവർ ജനസമൂഹത്തെ നയിച്ചിരുന്നതായി പല ഗവേഷകരും വിശ്വസിക്കുന്നുണ്ട്. ഗ്രാമത്തിലെ ഏറ്റവും മുതിർന്ന വ്യക്തി, ദണ്ഡാധിപതി, വഴികാട്ടി, ഒത്തുതീർപ്പുകാരൻ എന്നിങ്ങനെ പല നിലകളിലും ഇവർ വർത്തിച്ചു വന്നിരുന്നു. തറവാടുകളിലെ മൂപ്പന്മാർ കുടുംബത്തിൻ്റെ മേൽനോട്ടം വഹിക്കുന്ന വ്യക്തിയായിരുന്നു. പ്രത്യേകിച്ച് ഭൂമി ഉടമസ്ഥതയും കുടുംബപരമായ തീരുമാനം എടുക്കലുകളും അവരില്‍ നിക്ഷിപ്തമായിരുന്നെന്ന് പറയാം.

ചുങ്കം തെരുവിൽ നിന്നും പള്ളിക്കുത്തേക്ക് പോകുന്ന വഴിയിൽ ഇടതു വശത്ത് അല്‍പ്പം അകലെയായി സ്ഥിതിചെയ്യുന്ന പഞ്ചായത്ത് ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് ഈ നാടിന്റേയും അല്ലൂർ മൂപ്പന്മാരുടേയും വീരോതിഹാസം കുടികൊള്ളുന്ന പുരാതന ചന്ത സ്ഥിതിചെയ്തിരുന്നത്. ഒരുപക്ഷേ, നാടിനെ സംബന്ധിച്ചെഴുതപ്പെട്ട ഗ്രന്ഥങ്ങളിലോ ലേഖനങ്ങളിലോ ആ സ്ഥാപനത്തിന്റെ പങ്ക് രേഖപ്പെടുത്താതെ പോയത് സവിശേഷമായി തോന്നാം. ഒരുപക്ഷേ, ഈ നാടിന്റെ ചരിത്രം പഠിച്ചാല്‍, സമാനമായ മറ്റു പല സംഭവങ്ങളിലും നാം കണ്ടുവന്നിട്ടുള്ള അധിനിവേശ ഗൂഢാലോചന ഇതിനു പിന്നിലും സംഭവിച്ചിട്ടുണ്ടോ എന്ന് ന്യായമായും സംശയം തോന്നിയാൽ കുറ്റം പറയാവതല്ല. നിലവില്‍ മേല്‍ ചന്ത തെരുവിന്റെ ഒരരികിലാണ് സ്ഥിതിചെയ്യുന്നത് എങ്കിലും പഴയ കാലത്ത്‌ തെരുവ് മുഴുവന്‍ വ്യാപിച്ചു കിടന്ന് വന്നിരുന്ന നിലയിലോ അല്ലെങ്കിൽ ചന്തയാൽ തന്നെ തെരുവ് അറിയപ്പെട്ടു വന്നിരുന്ന നിലയിലോ  ആയിരുന്നിരിക്കണം ചന്തയുടെ ഈ തെരുവിലെ ഭാഗധേയം എന്ന് പറയാന്‍ സാധിക്കും. കേവലം പ്രാദേശിക ചന്ത എന്ന നിലയില്‍ നിന്നും ഒരു സുപ്രധാന വാണിജ്യപാത കടന്ന് പോകുന്ന തെരുവ് എന്ന നിലയിലേക്ക് പ്രദേശം പരിവര്‍ത്തിക്കപ്പെട്ടതോടു കൂടിയാണ് ചന്ത തെരുവിന്റെ ഒരു ഭാഗത്തേക്ക് മാത്രമായി ഒതുക്കപ്പെട്ടത്.

'വിദ്യാലയ വഴി' എന്ന എന്റെ ഒരനുഭവ കുറിപ്പില്‍ മേല്‍ ചന്തയുമായി ബന്ധപ്പെട്ട ചില ഓര്‍മ്മകള്‍ ഞാന്‍ രേഖപ്പെടുത്തിയിട്ടുണ്ട്,

"മതിലിന്റെ വലതു ഭാഗത്ത്  ഗ്രന്ഥശേഖരണമില്ലാത്ത ഗ്രന്ഥാലയവും ഇടതു ഭാഗത്ത് കാടുപിടിച്ചു കിടക്കുന്ന ചുങ്കം പ്രദേശത്തിന്റെ പഴയകാല ചന്തയുമാണുള്ളത്. അവിടെ ചില കെട്ടിടാവശിഷ്ടങ്ങളൊക്കെ കാണാൻ കഴിയും. ഒരു കാലത്ത് പ്രദേശത്ത് സജീവമായിരുന്നൊരു ചന്തയുടെ ബാക്കിപത്രങ്ങളാണതൊക്കെ. നിറയെ കച്ചവടക്കാരും നാട്ടുകാരും വന്നണഞ്ഞിരുന്ന അതീവ നിരക്കുള്ള ഒരു സ്ഥലമായിരുന്നിരിക്കണം അന്നാ പ്രദേശമെന്ന് പറയാം. കോൺക്രീറ്റ് കെട്ടിടങ്ങളുടെ സുരക്ഷയിലേക്ക് കച്ചവടത്തെ മാറ്റിയതോടെ അന്യംനിന്നുപോയത് ഇത്തരം ഗതകാല സ്മരണകള്‍ ഉയർത്തിവിടുന്ന ഗ്രാമീണ വിശുദ്ധിയുടെ അടയാളങ്ങളാണ്. ചന്തക്ക് സമീപമെത്തിയാൽ കച്ചവടക്കാരും നാട്ടുകാരും വന്നണഞ്ഞ് പൊടിപാറുന്ന കച്ചവട മുഖരിതമായ അക്കാലത്തെ മനസ്സിലേക്കാവഹിക്കാൻ ഞാന്‍ വൃഥാ ശ്രമിക്കാറുണ്ട്. ഇടിഞ്ഞു വീണു കിടക്കുന്ന അവിടുത്തെ ആ പഴയ കെട്ടിടത്തിലേക്ക് വെറുതെ ഞാനൊന്നെത്തി നോക്കും. ഒരുപക്ഷേ, ചരിത്രം നടന്നു നീങ്ങിയ വഴിത്താരകള്‍ കാണുമ്പോൾ കൗതുകത്തോടെ അതിനെ നോക്കിയിരുന്നു പോകുന്ന എന്റെ ശീലം തുടക്കമിട്ടത് അന്നവിടെ നിന്നുമായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്..."

പ്രദേശത്തിന് ചുങ്കം എന്ന പേര്‌ കടന്നു വന്നതിന്‌ പിറകിലും പ്രദേശത്തിന്റെ ഈ വാണിജ്യപരത പങ്കുവഹിച്ചിട്ടുണ്ടന്ന് പറയാം. ചന്തകളിൽ വിൽക്കുന്ന സാധനങ്ങൾക്ക് പലപ്പോഴും നികുതി/ചുങ്കം അടക്കേണ്ടി വന്നിരുന്നത് കൊണ്ട് അതിൽ നിന്നുത്ഭവിച്ചതാകാം ചുങ്കം എന്ന പേര്‌ എന്നതാണ് ഒരു നിരീക്ഷണം. അല്ലെങ്കിൽ, ചരക്ക് കയറ്റുമതി, ഇറക്കുമതി, നഗരപ്രവേശനം മുതലായവക്കു ചുമത്തിയിരുന്ന നികുതിയിൽ നിന്നുമാകാം അത്. അതുമല്ലെങ്കില്‍, വർത്തക സംഘങ്ങൾ തങ്ങളുടെ വാണിജ്യ യാത്രക്കിടെ നികുതി അടക്കേണ്ടി വന്നതുകൊണ്ട് അതീടാക്കുന്ന സ്ഥലങ്ങൾ അഥവാ ചെക്ക് പോസ്റ്റുകൾ ചുങ്കം എന്ന പേരു കൊണ്ട് പ്രസിദ്ധമായതാകാനും വഴിയുണ്ട്. എന്നിരുന്നാലും, വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നും ചരക്കുകൾ കൊണ്ടുവരുന്നവരിൽ നിന്ന് നികുതി ഈടാക്കിയിരുന്ന അത്തരം സ്ഥലങ്ങൾ ചുങ്കം എന്ന പേരിലാണ് പിന്നീടറിയപ്പെട്ടു വന്നത് എന്ന് നിസ്സംശയം പറയാൻ സാധിക്കുന്ന കാര്യമാണ്. കൊട്ടാരക്കര ചുങ്കം, തിരുവനന്തപുരം ചുങ്കം, പാലക്കാട് ചുങ്കം, മണ്ണാര്‍ക്കാട് ചുങ്കം, പാലാരിവട്ടം ചുങ്കം തുടങ്ങിയവ കേരളത്തിലെ പ്രശസ്തമായ ചുങ്കം പേരുള്ള ചില സ്ഥലങ്ങളാണ്. ഇവയുടെയൊക്കെ പിറകിലും സമാനമായ ചരിത്രം നമുക്ക് വായിച്ചെടുക്കാൻ സാധിക്കും.

അല്ലൂർ മൂപ്പന്മാരുടെ പ്രദേശത്തെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ശക്തമായ തെളിവുകളോട് കൂടിയ വിവരങ്ങളൊന്നും തന്നെ ലഭ്യമല്ല. മൈസൂര്‍ ആധിപത്യ കാലത്തിന് മുന്നേ പ്രദേശത്തിന്റെ നിയന്ത്രണാധികാരികളായിരുന്ന മണ്ണാർമല കോവിലകം മൈസൂരിന്റെ കടന്ന് വരവോടു കൂടിയാണ്‌ രംഗം വിടുന്നത് എന്ന് ചരിത്രത്തിൽ പറയുന്നു. അതിനു ശേഷമാണ് തങ്ങളുടെ മേല്‍ക്കോയ്മ അംഗീകരിക്കപ്പെടാൻ എളുപ്പത്തില്‍ സാധ്യമാകുന്ന മുസ്ലീം നാട്ടുപ്രമുഖരെ നികുതി പിരിവിനും മറ്റുമായി പ്രദേശങ്ങളിൽ നിയമിക്കാൻ മൈസൂര്‍ ഭരണാധികാരികള്‍ തയ്യാറാകുന്നതും അതുവഴി മൂപ്പന്മാർ എന്ന പേരിലുള്ള ഈ അധികാര വര്‍ഗ്ഗം പ്രദേശങ്ങളിൽ രൂപപ്പെടുകയും ചെയ്യുന്നത്. അഥവാ, തങ്ങളുടെ നിലനില്‍പ്പ് അവതാളത്തിലായെന്ന് മനസ്സിലാക്കിയ മേലാള വര്‍ഗ്ഗത്തിന്റെ വിടവിലേക്കാണ് അക്കാലം വരെയും വിവിധ തരത്തിലുള്ള വിവേചനങ്ങൾ അനുഭവിച്ചു വന്ന മാപ്പിളമാര്‍ ഉയര്‍ന്നു വന്നത് എന്ന് ചുരുക്കം.

മൈസൂറിന്റെ ആക്രമണകാലത്ത് അട്ടപ്പാടി താഴ്‌വരയും ഇന്നത്തെ ഒറ്റപ്പാലം താലൂക്കിന്റെ ഒരു ഭാഗവും മാത്രമെ വള്ളുവനാട് രാജ്യത്തിന്റെ അധീനതയിൽ ഉണ്ടായിരുന്നുള്ളൂ. ടിപ്പുവിന്റെ ആക്രമണത്തെ തുടർന്ന് വള്ളുവക്കോനാതിരി തിരുവിതാംകൂറിൽ അഭയം പ്രാപിക്കുകയും 1800കളോടെ ബ്രിട്ടീഷുകാർ മലബാർ കയ്യടക്കിയപ്പോൾ അന്നത്തെ എല്ലാ നാട്ടുരാജാക്കന്മാർക്കുമെന്നപോലെ വള്ളുവനാട്ടു രാജാവിനും മാലിഖാൻ ഏർപ്പെടുത്തി അധികാരങ്ങൾ ഇല്ലാതാക്കുകയും ചെയ്തതായി കാണാൻ സാധിക്കും. മൈസൂര്‍ ഭരണം മലബാറിലെ ജന്മിത്വവ്യവസ്ഥിതിയുടെ ക്ഷയത്തിനും രാജ്യഭരണത്തിന് നൂതനവും പുരോഗാത്മകരവുമായ ആശയങ്ങളുടെ അവതരണത്തിനും വഴിതെളിച്ചു എന്ന് ചരിത്രത്തിൽ പറയുന്നുണ്ടല്ലോ. കേന്ദ്രീകൃത ഭരണസംവിധാനം കൊണ്ടുവരുന്നതോടൊപ്പം തന്നെ നികുതിക്രമം ആധുനിക രീതിയില്‍ കൂടിയാന്മാര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ കൊണ്ടുവരപ്പെടുകയും കരത്തിന്റെ തുക ആ ഭൂമിയില്‍ നിന്നും ലഭിക്കുന്ന വിളവിനനുസൃതമായി നിശ്ചയിക്കുകയും ചെയതു. ഭൂസര്‍വ്വേ നടത്തി അന്യായമായ കൈവശഭൂമി കണ്ടുകെട്ടി പുതിയ നികുതി നിര്‍ണയം നടത്തി. കാര്‍ഷികരംഗത്ത് പ്രത്യേക ആജ്ഞകള്‍ പുറപ്പെടുവിച്ച് പല പരിഷ്കാരങ്ങളും നടപ്പാക്കി. മലബാറില്‍ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ജെമീന്താരി സമ്പ്രദായത്തിന്റെ തനി പകര്‍പ്പായ ജന്മി സമ്പ്രദായത്തിനാണ് ഇതുമുഖേന ഉലച്ചില്‍ പറ്റിയത്. കൃഷിഭൂമിയില്‍ ടിപ്പുസുല്‍ത്താന്‍ ആരംഭിച്ച ഉല്‍പ്പാദന വിപ്ലവം മലബാറിലെ ജന്മിമാരുടെ ശക്തമായ എതിര്‍പ്പാണ് ഉയര്‍ത്തിവിട്ടത്. ഒരുപക്ഷേ, ഈ സാഹചര്യം ഉയർത്തി വിട്ട സവിശേഷമായ രാഷ്ട്രീയ അസ്ഥിരതക്കിടയിലായിരിക്കാം പ്രദേശത്തിന്റെ ഭരണം വള്ളുവക്കോനാതിരിക്ക് അപ്രാപ്യമായി തുടങ്ങിയത്‌. പിന്നീട്‌ 1799ൽ ശ്രീരങ്കപ്പട്ടണത്ത് വെച്ചുള്ള ടിപ്പു സുല്‍ത്താന്റെ രക്തസാക്ഷിതത്തോടെ മലബാര്‍ പ്രദേശം സമ്പൂര്‍ണ്ണമായി ബ്രിട്ടീഷ് അധികാര മേല്‍ക്കോയ്മക്കു കീഴെ അമർന്നതോടെ വള്ളുവനാട് രാജ്യം തന്നെ അപ്രസക്തമായി മാറി.

മൂപ്പന്മാർ എപ്രകാരമാണ് തങ്ങളുടെ അധികാര നിര്‍വ്വഹണത്തിലൂടെ പ്രദേശത്തിന്റെ രാഷ്ട്രീയാധികാരം ടിപ്പു സുല്‍ത്താനനുകൂലമാക്കി തീര്‍ത്തത് എന്നും, അവരുടെ ഭരണം എങ്ങനെയാണ് പ്രദേശത്ത് നടപ്പിലാക്കിയത് എന്നതിനെ സംബന്ധിച്ചുള്ള സൂക്ഷ്മ പഠനങ്ങൾ തുലോം കുറവാണെങ്കിലും അവരുടെ ചരിത്രം അധികമായി കടന്ന് വരുന്നത് ടിപ്പുവാനന്ദരം മലബാറിലുണ്ടായ സവിശേഷമായ ചില രാഷ്ട്രീയ സാഹചര്യങ്ങളില്‍ അവർ ബ്രിട്ടീഷ് അധികാരികള്‍ക്കെതിരിൽ നടത്തിയ പോരാട്ടവുമായി ബന്ധപ്പെട്ടുള്ളതാണ്. അല്ലൂർ ഉണ്ണീൻകുട്ടി മൂപ്പന്റെ ചരിത്രത്തിലും ഈ ഒരു സവിശേഷത കാണാൻ കഴിയും. അദ്ദേഹത്തെ കുറിച്ചുള്ള നാട്ടിലെ ഒരേയൊരു ഓര്‍മ്മ ആ പോരാട്ട ചരിത്രവുമായി ബന്ധപ്പെട്ടുള്ളതാണന്ന് പറയാം. മൂപ്പന്മാരുടെ വീരോതിഹാസം കുടികൊള്ളുന്ന മലബാറിൽ അങ്ങോളമിങ്ങോളമുള്ള സ്മാരകങ്ങളും മറ്റൊരു കഥയല്ല നമ്മോട് പറയുന്നത്. അതിനാൽ, മൂപ്പന്മാരുടെ ഭരണനൈപുണ്യത്തെ കുറിച്ചുള്ള പഠനത്തേക്കാൾ പ്രസക്തമാണ് അവരുടെ പോരാട്ടകഥകൾ എന്ന് പറയാം.

തിരുവിതാംകൂര്‍ ആക്രമിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കിടെ 1790ല്‍ യുദ്ധമുന്നണിയില്‍ നിന്നും തിരുവിതാംകൂര്‍ പിന്‍വാങ്ങിയതിനെ തുടര്‍ന്ന് മൈസൂര്‍ സൈന്യം കൊടുങ്ങല്ലൂര്‍, ആലങ്ങല്‍, പറവൂര്‍ എന്നിവ കീഴടക്കിയശേഷം ആലുവയില്‍ തമ്പടിച്ചു വന്ന അവസരത്തിലാണ് ബ്രിട്ടീഷുകാര്‍ മൈസൂരിനെതിരിൽ യുദ്ധം ആരംഭിച്ചേക്കുമെന്ന വാര്‍ത്ത ടിപ്പു സുല്‍ത്താന്റെ ചെവിയിലെത്തുന്നത്. അതിനാൽ, 1790 മാര്‍ച്ച് 24ന് അദ്ദേഹം മൈസൂരിലേക്ക് തിരിച്ചുപോയി. അവസരം മുതലാക്കി കമ്പനി സൈന്യം 1790 ഡിസംബർ 7നും 12നും ഇടയിൽ തിരൂരങ്ങാടിയിൽ വച്ച് കോഴിക്കോടിനെതിരെ യുദ്ധം നടത്തുകയും ലെഫ്റ്റ് കേണൽ ജയിംസ് ഹാർട്‌ലിയുടെ നേതൃത്വത്തിൽ 1500 പേരടങ്ങിയ മൂന്നു റജിമെന്റ് കമ്പനി സൈന്യം 9000 പേരടങ്ങിയ മൈസൂർ സൈന്യത്തെ തോൽപ്പിക്കുകയും ചെയ്തു. മൈസൂരിന്റേയും ആലിരാജയുടെയും കൈയ്യിലായിരുന്ന കണ്ണൂർ ജനറൽ റോബർട്ട് അബെർ ക്രോംബിയുടെ നേതൃത്വത്തിൽ 1790 ഡിസംബർ 14നാണ് കമ്പനി സൈന്യം കീഴടക്കുന്നത്. മൈസൂര്‍ സേനയെ പരാജയപ്പെടുത്തി കണ്ണൂർ കോട്ട പിടിച്ചെടുത്തതോടെ മലബാർ തീരത്തിന്റെ മുഴുവൻ നിയന്ത്രണവും കമ്പനിയുടെ കയ്യിലായി എന്ന് പറയാം. 1792 മാര്‍ച്ച് 18ന് ഒപ്പുവെച്ച ഉടമ്പടി പ്രകാരം മലബാര്‍ പൂര്‍ണമായും ബ്രിട്ടീഷ് നിയന്ത്രണത്തിനു കീഴിലാവുകയും അതുവഴി വളരെയധികം പ്രദേശങ്ങൾ മൈസൂരിന് നഷ്ടമാവുകയും ചെയ്തു. അവയിൽ മിക്കവയും പിന്നീട് മറാഠ, ഹൈദരാബാദ് നൈസാം, ബ്രിട്ടീഷ് മദ്രാസ് എന്നിവയുടെ കൈയ്യിലുമായി.

മേല്‍ സാഹചര്യത്തെ കുറിച്ച് ആംഗ്ലോ-മാപ്പിള യുദ്ധം എന്ന ഗ്രന്ഥത്തിൽ എ കെ കോഡൂർ പറയുന്നുണ്ട്,

"ഈ താലൂക്കുകളടങ്ങുന്ന മലബാർ നാടുകളുടെ പൊതുഭരണം സ്ഥാപിച്ച് ബോംബെ ഗവർണ്ണർ റോബർട്ട് അംബർ ക്രോംബി കോഴിക്കോട് ഗവൺമെൻ്റ് ഹൗസിൽ (പഴയ ഇംഗ്ലീഷ് ഫാക്ടറി) ശപിക്കപ്പെട്ട യൂനിയൻ ജാക്ക് ഉയർത്തികൊണ്ട് പ്രഖ്യാപിച്ചു. “സ്വതന്ത്രവ്യാപാരവും ഇടപാടുകളും സാർവ്വത്രികമാക്കും, സമൂഹത്തിലെ മേലേക്കിട വർഗ്ഗക്കാരുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കും" (മലബാർ മാന്വൽ പേജ് 539). ഇതോടെ മലബാറിൽ നാടുവാഴികളുടെ രാഷ്ട്രീയാധികാരം അവസാനിക്കുകയും എന്നാൽ അവർക്കും ജന്മിമാർക്കും ഏക ഉൽപാദനോപകരണമായ ഭൂമിക്കുമേലുള്ള കുത്തകാവകാശവും ചൂഷണ വ്യവസ്ഥയും സംരക്ഷിക്കാനുള്ള ബാദ്ധ്യത ബ്രിട്ടൺ ഏറ്റെടുക്കുകയും ചെയ്തു. നാടുവാഴികളുടെ നായർപട വ്യത്യസ്‌ത പഠന പരിശീലനങ്ങളോടെ പഴയ വാളിനും കൊരടാവിനും (ചമ്മട്ടി) പകരം തോക്കും ബയണറ്റുമേന്തിയ കോൽക്കാർ എന്ന പുതിയ പട്ടാളമായി മാറി. യൂണിയൻ ജാക്ക് മലബാറിൻ്റെ വിഹായസ്സിലേക്ക് ഉയർന്നപ്പോൾ മലയാളം കരയുകയായിരുന്നു. എന്നാൽ ആഹ്ലാദപൂർവ്വം അതിനെ അഭിവാദ്യം ചെയ്ത് സ്വീകരിച്ചവർ ദേശസ്നേഹത്തിനും രാജ്യത്തിന്റെ ഐശ്വര്യത്തിനും കടൽ കടന്ന് കച്ചവടത്തിനുവന്ന ബ്രിട്ടീഷുകാരുടെ കോളനി സിദ്ധാന്തം അംഗീകരിക്കുകയായിരുന്നു..."

1792ല്‍ ടിപ്പു സുല്‍ത്താന്‍ മലബാറിന്റെ നിയന്ത്രണം ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് നല്‍കിയതു മുതല്‍ മലബാറിലെ മുസ്ലീങ്ങള്‍ അഥവാ മാപ്പിളമാര്‍ ബ്രിട്ടീഷ് അധികാരത്തെ ധിക്കരിക്കാന്‍ തുടങ്ങിയിരുന്നു. ടിപ്പുവിന്റെ ഭരണകാലത്ത്‌ മലബാർ വിട്ടുപോയ ഭൂപ്രഭുക്കൾ തിരിച്ചുവന്ന് അന്യാധീനപ്പെട്ട തങ്ങളുടെ ഭൂമിയും അധികാരാവകാശങ്ങളും വീണ്ടെടുക്കാന്‍ തുടങ്ങിയത് ഈ സംഘട്ടനത്തെ കൂടുതൽ തീവ്രമയമാക്കി. മൈസൂര്‍ ഭരണകാലത്ത് നടപ്പാക്കിയ കൃഷിഭൂമി കൃഷിക്കാരന് എന്ന നിയമം റദ്ദാക്കി പഴയ മേലാള സമ്പ്രദായം പുനഃസ്ഥാപിച്ചുകൊണ്ട് ജന്മിത്വത്തിന് പുനർജീവൻ നൽകിയത് മലബാറിന്റെ സമ്പദ്ഘടനയെ ചൂഷണമയമാക്കി മാറ്റി. കർഷകരിൽ നിന്ന് ഭൂമി ഒഴിപ്പിച്ചെടുക്കാൻ ജന്മിമാരും അവരുടെ സിൽബന്ധികളും രംഗത്തിറങ്ങുകയും ഒഴിപ്പിക്കലിനെതിരെ ഹരിജനങ്ങളും ഈഴവരും മാപ്പിളമാരുമടങ്ങുന്ന കർഷകർ ഒറ്റക്കെട്ടായി പ്രതിരോധിക്കാനിറങ്ങിയതോടെ വെള്ളപ്പട്ടാളത്തെ രംഗത്തിറക്കി ജന്മിമാരെ രക്ഷിക്കാൻ സാമ്രാജ്യഭരണകൂടം തീരുമാനിച്ചു.

1794 മുതലുള്ള കമ്പനി നയം ഹിന്ദുപ്രമാണിമാരെ അവരുടെ ഭൂസ്വത്തുക്കളില്‍ പുനര്‍വിന്യസിക്കുക എന്നതായിരുന്നു. കേരളത്തിലെ ഭൂവുടമകളും ജന്മികളുമെല്ലാം ഹിന്ദുക്കളായതിനാൽ മുസ്ലിംകളുടെ താൽപ്പര്യങ്ങൾ ചവിട്ടി മെതിക്കുന്നതിൽ അവർക്കു യാതൊരു സങ്കോചവും തോന്നിയിരുന്നില്ല. നാടുവാഴി പ്രഭുക്കളും ഭൂവുടമകളും മുസ്ലിംകളുടെ അവകാശങ്ങൾ ഹനിച്ചുകൊണ്ടിരുന്നപ്പോൾ തങ്ങളുടെ അവകാശങ്ങൾ അംഗീകരിച്ചു കിട്ടാൻ പുതിയ ഭരണമേധാവികളെ മുസ്ലിം നേതാക്കന്മാർ സമീപിച്ചെങ്കിലും അവർ കേട്ടഭാവം നടിച്ചില്ല എന്ന് മാത്രമല്ല അവരെ എങ്ങനെയെല്ലാം ദ്രോഹിക്കാനാവുമോ അങ്ങനെയെല്ലാം ദ്രോഹിക്കാനാണ് അവർ ഉദ്യമിച്ചത്. അതുവഴി, മാപ്പിള ജനത ടിപ്പുവിന് നല്‍കിയ കൂറിന് കടുത്ത മര്‍ദ്ദനമുറയിലൂടെ പകരം ചോദിക്കുകയായിരുന്നു അവർ. അടിമകളെപ്പോലെ അതെല്ലാം സഹിച്ചുകൊള്ളുമെന്നാണ് തൽപരകക്ഷികൾ കണക്കു കൂട്ടിയത് എങ്കിലും മൈസൂർ വ്യാഘ്രത്തെപ്പോലും വെല്ലുവിളിക്കാൻ മടിച്ചിട്ടില്ലാത്ത മാപ്പിളമാർ അതിന് തയ്യാറായില്ല എന്ന് മാത്രമല്ല അതെ നാണയത്തിൽ തിരിച്ചടിക്കുകയായിരുന്നു. അത്തൻ കുരിക്കൾ, ചെമ്പൻ പോക്കർ, പുലത്ത് ചേക്ക് മൂപ്പൻ, എളമ്പുലാശ്ശേരി ഉണ്ണിമൂസ്സ, നാലകത്ത് ഐദ്രോസ്സ് കുട്ടി തുടങ്ങിയ പോരാളികള്‍ കമ്പനിക്കെതിരെ പ്രതിരോധനിര തീര്‍ക്കുകയും ബ്രിട്ടീഷ് അധികാരികളുമായി നിരന്തരം കലഹിക്കുകയും ചെയ്തു. ഇത് പ്രക്ഷുബ്ധമായൊരു സാഹചര്യത്തിലേക്കാണ് മലബാറിനെ നയിച്ചത്. സാഹചര്യത്തെ മറികടക്കാൻ വിപ്ലവകാരികളുടെ പോരാട്ടങ്ങളെ മനപ്പൂര്‍വ്വം വികലമാക്കാനും ബ്രിട്ടൻ ശ്രമിച്ചുപോന്നു. തങ്ങള്‍ക്കെതിരെ പോരിനിറങ്ങിയ നേതാക്കളെ കൊള്ളക്കാരായും റബലുകളായും ടിപ്പുസുൽത്താന്റെ ചാരന്മാരായും അവർ ചിത്രീകരിച്ചു. മൂപ്പന്മാരുടെ ഭരണകാലത്തെ നേട്ടങ്ങളെ ജനങ്ങൾക്കിടയിൽ ചർച്ചചെയ്യപ്പെടാതിരിക്കാൻ മനപ്പൂര്‍വ്വം ശ്രമിക്കുകയും അവരെ ക്രിമിനലുകളായി ചിത്രീകരിച്ചുകൊണ്ട് അവരുടെ ചരിത്രം വികലമാക്കാനാണ് ബ്രിട്ടീഷ് അധികാരികള്‍ ശ്രമിച്ചുപോന്നത്. ഒരുപക്ഷേ, അതിന്റെ ഭാഗമായിരുന്നിരിക്കാം അല്ലൂർ ഉണ്ണിൻകുട്ടി മൂപ്പനെ പോലുള്ളവരുടെ ചരിത്രം തീരെ ലഭ്യമാകാതെ പോയതും മറവിയെന്ന മഹാവിസ്മൃതിയിലേക്കവർ ലയിച്ചു പോയതും.

ഫ്യൂഡലിസത്തെ എന്ത് വില കൊടുത്തും പിടിച്ചുനിർത്താനായി ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തും, ജനിച്ചുവളർന്ന നാടിനെ ഒറ്റികൊടുത്തും വളര്‍ന്ന് വന്ന നമ്പൂതിരി-നാടുവാഴി-നായർ പരിവാറുകാർ തങ്ങളുടെ മുന്നിലെ ഒരേയൊരു തടസ്സം മാപ്പിള വര്‍ഗ്ഗമാണന്ന് മനസ്സിലാക്കിയതോടെ കടൽ കടന്നെത്തിയവരുടെ സഹായത്തോടെ അവരുടെ വായും മൂക്കും പിടിച്ച് ശ്വാസം മുട്ടിക്കാൻ ശ്രമിച്ചുപോന്നു. പാരതന്ത്ര്യം ഒരിക്കലും അംഗീകരിക്കാത്തവരും സ്വാതന്ത്യത്തിന് വേണ്ടി ഏതറ്റം വരെയും പോകാൻ തയാറാകുന്നവരുമാണ് മാപ്പിളമാരന്ന് മനസ്സിലാക്കിയതോടെ അവരുടെ മുഖ്യശത്രു എന്ന ഗണത്തിലേക്ക് മുസ്ലീം ജനസമൂഹം മാറ്റപ്പെട്ടു. ഇത് മലബാറിന്റെയോ കേരളത്തിൻ്റേയോ മാത്രം സ്ഥിതിയായിരുന്നില്ല, മുഴുവൻ ഇന്ത്യയിലും ഇന്ത്യക്ക് വെളിയിലും ബ്രിട്ടീഷുകാരുടെ ഒന്നാം നമ്പർ ശത്രു മുസ്‌ലിംകൾ തന്നെയായിരുന്നു.

ഉണ്ണീൻകുട്ടി മൂപ്പന്റെ സമകാലികരായ മലബാറിന്റെ വ്യത്യസ്തമായ മേഖലകളിൽ പട നയിച്ച അനേകം നേതാക്കളുടെ ചരിത്രം സൂചിപ്പിക്കാതെ ഈ ലേഖനം അവസാനിപ്പിക്കാൻ കഴിയില്ല. ആ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന എ കെ കൊഡൂരിന്റെ 'ആംഗ്ലോ മാപ്പിള യുദ്ധം 1921' ലെ എന്ന ഗ്രന്ഥത്തിലെ ഏതാനും വരികള്‍,

"പുരാതന കാലത്ത് സാമൂതിരി വടക്കെ മലബാറിലെ മൗവ്വഞ്ചേരിയിൽ നിന്നും സേനാപരിശീലനത്തിന് കൊണ്ടുവന്ന അത്തൻ, കുഞ്ഞറമു എന്നീ രണ്ട് മുസ്ല‌ിം സേനാനികളുടെ പിൻഗാമികളാണ് മൗവ്വഞ്ചേരി ലോപിച്ച് മാഞ്ചേരി പുതുശ്ശേരി കരുക്കന്മാരായത്. കുഞ്ഞാലി മരക്കാർ മൂന്നാമനെ സാമൂതിരി പോർച്ചുഗീസുകാർക്ക് പിടിച്ചു നൽകിയപ്പോൾ സാമൂതിരി ഭരണകൂടത്തിൻ്റെ മതേതര സ്വഭാവത്തിന് കളങ്കം വന്നതോടെയാണ് സാമൂതിരിയുമായി അകന്ന് ഏറനാട്ടിലെ മഞ്ചേരി പയ്യനാട്ടേക്ക് കുരിക്കൾ കുടുംബം താമസം മാറ്റുന്നത്. അവിടെ കോക്കൂത്ത് പറമ്പിൽ കോട്ടയും കളരിയും കെട്ടി സൈനിക പരിശീലനം നടത്തി വരവെയാണ് ഹൈദരലി വരുന്നത്. ഹൈദരലിയുടെയും ടിപ്പുവിന്റെയും കാലത്ത് ഏറനാടിൻ്റെ ചാർജ് അന്നത്തെ അത്തൻ കുരിക്കൾക്കായിരുന്നു. മലപ്പുറം കുന്നുമ്മലിലെ കോട്ടക്കുന്നിൽ കോട്ട നിർമ്മിച്ചത് അത്തൻ കുരിക്കളുടെ മേൽനോട്ടത്തിലായിരുന്നെന്ന് പറയപ്പെടുന്നു. ഏതായാലും, 1800കളിൽ ജീവിച്ച അത്തൻ കുരിക്കൾ ചുറ്റ് വെടി പ്രയോഗത്തിൽ നിപുണനും ടിപ്പുവിന്റെ റോക്കറ്റ് സേനയുടെ തലവനുമായിരുന്നു.

സാമൂതിരിയുടെ നെടുങ്ങനാട് (ചെര്‍പ്പുളശ്ശേരി) പ്രദേശത്തിന്റെ അഞ്ചംഗ മന്ത്രി സഭയിലൊരംഗമായിട്ടാണ് എളമ്പുലാശ്ശേരി ഉണ്ണിമൂസ്സ അറിയപ്പെടുന്നത്. കുതിരവട്ടത്ത് നായരെപ്പോലെ എളമ്പുലാശ്ശേരി പ്രദേശം പൂർണ്ണമായും മൂസ്സ കുടുംബത്തിന്റെ സ്വത്തായിരുന്നു. ചേറനാട്ടിലെ (തിരൂരങ്ങാടി) സാമൂതിരിയുടെ ഗവർണ്ണർ ചെമ്പൻ അത്തീതിന്റെ പിൻഗാമിയാണ് ചെമ്പൻ പോക്കർ മൂപ്പൻ. പിന്നീട് ഹൈദർ-ടിപ്പുമാരുടെ കാലത്ത് അത്തീതിൻ്റെ പിൻഗാമികൾ മൂപ്പൻ സ്ഥാനം സ്വീകരിച്ച് സ്ഥാനങ്ങളിൽ തുടർന്നു. ഏറനാട്ടിൽ അത്തൻകുട്ടി കുരിക്കളുടെ കീഴിൽ ടിപ്പുവിൻ്റെ മൂപ്പൻ സ്ഥാനം ലഭിച്ചവരാണ് പുലത്ത് കുടുംബം. ഷേക് (ചേക്ക്) മൂപ്പനായിരുന്നു ഇവരിൽ പ്രധാനി. പുലത്ത് മൂസ്സ മൂപ്പൻ എന്നൊരാളുമുണ്ടായിരുന്നു. നാലകത്ത് ഹൈദ്രോസ്സ് കുട്ടി പൊന്നാനിയുടെ ചാർജ്ജുള്ള മൂപ്പനായിരുന്നു.

കൃഷിക്കാർക്കും അയിത്ത-അടിമ വർഗ്ഗത്തിനും ഇവരാണ് നേതൃത്വം നൽകിയത്. ഇവരുടെ കീഴിൽ നടന്ന ഒളിപ്പോരുകൾക്കും സംഘട്ടനങ്ങൾക്കും അവസാനത്തിൽ ജനങ്ങളോട് നികുതി ബഹിഷ്‌കരിക്കാൻ ഈ നേതാക്കൾ ആഹ്വാനം നൽകി. അതോടെ സൂര്യനസ്‌തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം മലബാറിൽ തളർന്നു. അതിനെ തുടർന്ന് മാപ്പിളനേതാക്കളുമായി മധ്യസ്ഥന്മാർ മുഖേന ഒത്തുതീർപ്പ് സംഭാഷണം തുടങ്ങി. ഉണ്ണിമൂസ്സയുടെ എളമ്പുലാശ്ശേരി ഗ്രാമം അദ്ദേഹത്തിന് തിരിച്ച് കൊടുക്കാമെന്നും, അത്തൻകുരിക്കൾക്കും, ചെമ്പൻപോക്കർക്കും ഏറനാട്ടിലും ചേറനാട്ടിലും കോൺസ്റ്റബ്ൾമാരായും സബ്ബ് ഇൻസ്പെക്ടർമാരായും സ്ഥാനം നൽകാമെന്നും ഓഫർ നൽകി. പക്ഷേ, മലബാറിലെ ഭൂവുടുമസമ്പ്രദായത്തിൽ ടിപ്പുവിന്റെ നിയമം തിരിച്ചു കൊണ്ടു വരണമെന്ന മാപ്പിള നേതാക്കളുടെ നിർദ്ദേശം ബ്രിട്ടണ് സ്വീകാര്യമായില്ല എന്ന് മാത്രമല്ല, ബ്രാഹ്മണ-മാടമ്പിമാരായ പഴയ നാടുവാഴി കുടുംബങ്ങളെ ഭൂവുടമകളാക്കുകയും ആ ഘടനയനുസരിച്ച് ജാതി സമ്പ്രദായം നിലനിർത്തുകയും ചെയ്യുന്ന നിലപാടിൽ സർക്കാർ ഉറച്ച് നിന്നു. ഗവർണ്ണർക്ക് വേണ്ടി സംസാരിച്ചിരുന്ന മേജർ മുറെ, മാപ്പിള നേതാക്കളുടെ നിലപാട് നിരാശാജനകമാണെന്ന് റിപ്പോർട്ട് ചെയ്‌തു. ഓഫർ കുറച്ചി കൂടി ഉദാരമാക്കാനാണ് ഗവർണ്ണർ മുറെക്ക് നിർദ്ദേശം നൽകിയത്. അതനുസരിച്ച് വീണ്ടും സംഭാഷണം തുടർന്നു.

വാസ്ത‌വത്തിൽ, രണ്ട് ചിന്താരീതികൾ തമ്മിലുള്ള ഒത്തുതീർപ്പിന് വേണ്ടിയുള്ളതായിരുന്നു ഈ മധ്യസ്ഥ ചർച്ച. ഭൂവുടമ സമ്പ്രദായത്തില്‍ കൃഷി നടത്തുന്നവന് ഉടമസ്ഥാവകാശം നൽകിയാൽ ഭൂമി മുഴുവൻ മാപ്പിള-ഈഴവ-ഹരിജൻ വിഭാഗത്തിന്റെ കയ്യിൽ വരും എന്നും, ഭൂമിയെ അടിസ്ഥാനമാക്കി നിലനിൽക്കുന്ന ജാതി സമ്പ്രദായവും അടിമ-അയിത്ത നിയമങ്ങളും മാപ്പിളമാർ അതോടെ അവസാനിപ്പിക്കുമെന്നും കമ്പനി മനസ്സിലാക്കി. അതുവഴി, ബഹുഭൂരിപക്ഷം വരുന്ന ജനങ്ങൾ സ്വതന്ത്രരരാവുകയും അവർ മാപ്പിള നേതൃത്വത്തിന് കീഴിൽ വന്നാൽ ടിപ്പുവിനെ എന്നെന്നേക്കുമായി നശിപ്പിക്കാനുള്ള തങ്ങളുടെ തന്ത്രത്തെ അത് ബാധിക്കുമെന്നും അവർ മനസ്സിലാക്കി. കേവലം പ്രാദേശിക പരാജയം എന്നതിനപ്പുറം സൂര്യനസ്‌തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന് തങ്ങളുടെ ലോകോത്തര ശക്തിയുള്ളപ്പോൾ തന്നെ മലബാർ എഴുതിത്തള്ളേണ്ടി വരികയും ചെയ്യും. വെല്ലസ്ലിക്കോ മുറേക്കോ മാത്രമല്ല ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനാകെ അറിയാവുന്ന ഈ കാര്യങ്ങൾ മാപ്പിള നേതാക്കൾക്കും പഴശ്ശിരാജാവിനും വാരിക്കോരി സൗജന്യങ്ങൾ അനുവദിക്കാൻ അവരെ പ്രേരിപ്പിച്ചു. എളമ്പുലാശ്ശേരി ഗ്രാമം മാത്രമല്ല വള്ളുവനാട്ടിലെ പഴയ നെടുങ്ങനാട്, ചെർപ്പുളശ്ശേരി ഉൾപ്പെടെ മൂസ്സക്ക് നൽകാനും, മഞ്ചേരിയും തിരൂരങ്ങാടിയും കുരിക്കൾക്കും പോക്കർക്കും, പൊന്നാനി ഐദ്രോസ് കുട്ടിക്കും നൽകാൻ ബ്രിട്ടൺ തയ്യാറായി. പക്ഷെ, സൗജന്യങ്ങളെല്ലാം ടിപ്പുവുമായി ബ്രിട്ടൻ നടത്തുന്ന ആസന്നമായ യുദ്ധത്തിന്റെ ഫലത്തെ ആശ്രയിച്ചിരിക്കുമെന്നറിയാവുന്ന മാപ്പിള നേതാക്കൾ തങ്ങളുടെ നിലപാടില്‍ ഉറച്ച് നിൽക്കുകയും ബ്രിട്ടീഷ് സൗജന്യങ്ങൾ നിരാകരിക്കുകയും ചെയ്തു‌.

അതോടുകൂടി തുറന്ന യുദ്ധമായി. അത്തൻ കുരിക്കളേയും ഉണ്ണിമുസ്സയേയും പിടിച്ച് കൊടുക്കുന്നവർക്ക് 3000 ഇനാം വിളംബരം ചെയ്യപ്പെട്ടു. ബ്രിട്ടീഷുകാർക്ക് നികുതി നൽകരുതെന്ന് നേതാക്കളും പ്രഖ്യാപിച്ചു. അക്കൊല്ലം സർക്കാരിന് തീരെ നികുതി ലഭിച്ചില്ലന്ന് മാത്രവുമല്ല, ഭൂമി ഒഴിപ്പിക്കാൻ വെള്ളപ്പട്ടാളവും കോൽക്കാരും നടത്തിയ ശ്രമങ്ങൾ ഗ്രാമങ്ങളിൽ കലാപം സൃഷ്ടിക്കാനെ ഉപകരിച്ചുള്ളൂ. അതോടെ ഒഴിപ്പിക്കൽ നിർത്തിവെച്ച് മാപ്പിള നേതാക്കളെ വേട്ടയാടാൻ തീരുമാനിച്ചു. മുസ്സയുടെ എളമ്പുലാശ്ശേരി മലഞ്ചെരുവിലെ കൊട്ടാരം വളഞ്ഞു. ഘോരയുദ്ധം നടന്നു. പക്ഷെ, മുസ്സയും അനുയായികളും രക്ഷപ്പെട്ടു. ടിപ്പുസുൽത്താൻ്റെ റോക്കറ്റ് സേനയുടെ തലവനായിരുന്ന അത്തൻകുരിക്കളുടെ മഞ്ചേരി പയ്യനാടുള്ള കോക്കൂത്ത് കൊട്ടാരം അക്രമിക്കപ്പെട്ടു. അദ്ദേഹത്തിന് സാമൂതിരി നൽകിയിരുന്ന ഭൂമി കണ്ടുകെട്ടി. അതിനിടക്ക് സതേൺ ഡിവിഷൻ കമാണ്ടായിരുന്ന മേജർ വഡേലിനെ വധിക്കാൻ അങ്ങാടിപ്പുറത്തുവെച്ച് ശ്രമിച്ച ചെമ്പൻ പോക്കറും അനുയായികളും പിടിക്കപ്പെട്ടു. എന്നാൽ, പാലക്കാട് കോട്ടയിൽ തടവിലിരിക്കെ പോക്കർ രക്ഷപ്പെട്ടു. പിന്നീട് മലബാറിലാകെ യുദ്ധമായിരുന്നു. കോൽക്കാർക്ക് അഥവാ പഴയ നായർ പടക്കു പുറമെ സാക്ഷാൽ വെള്ളപ്പട്ടാളം തുരുതുരേ ഇംഗ്ലണ്ടിൽ നിന്നുമെത്തിക്കൊണ്ടിരുന്നു. മാപ്പിള ഗറില്ലകൾക്ക് മൈസൂരുമായും പഴശ്ശിയുമായും ബന്ധപ്പെടാൻ കഴിയാത്ത വിധമാണ് ബ്രിട്ടീഷ് ജനറൽമാർ മലബാറിൽ പട്ടാളത്തെ വ്യന്യസിച്ചത്.

പെരിന്തൽമണ്ണ താലൂക്കിലെ മാപ്പാട്ടുകരിയിൽ ഗറില്ലകൾക്ക് പരിശീലനം കൊടുത്ത് കൊണ്ടിരിക്കെ അത്തൻ കുരിക്കൾ രാത്രി താമസിച്ചിരുന്ന തന്റെ ബന്ധുവീട് 1798 ജൂൺ 5ന് പുലർച്ചെ ജനറൽ വാട്സൻ്റെ നേതൃത്വത്തി വെള്ളക്കാരും കോൽക്കാരുമടങ്ങുന്ന സംഗം വളഞ്ഞു. പരിശീലനം നൽകുന്നവരെയൊക്കെ രാത്രി അവരവരുടെ വീട്ടിലേക്ക് വിടുമായിരുന്നതിനാൽ പരിശീലകരായി നിയുക്തരായിരുന്ന 18 പേർ മാത്രമേ അദ്ദേഹത്തോടൊപ്പം വീട്ടിലുണ്ടായിരുന്നുള്ളൂ. കീഴടങ്ങാനുള്ള വാട്‌സൻ്റെ ആജ്ഞ കുരിക്കൾ പുഛത്തോടെ തള്ളിക്കളഞ്ഞുവെന്ന് മാത്രമല്ല യുദ്ധം ചെയ്യാൻ വാട്‌സനെ വെല്ലുവിളിക്കുകയും ചെയ്‌തു. കുരിക്കളുടെ പ്രസിദ്ധമായ ചുറ്റുവെടി പ്രയോഗത്തിനു മുമ്പിൽ വാട്‌സൻ അമ്പരന്ന് പോയി. കുരിക്കളുടെ കൂടെ എത്ര പേരുണ്ടെന്ന് കണക്കാക്കാൻ പോലും ബ്രിട്ടീഷ് ജനറലിന് കഴിഞ്ഞില്ല. ദൂരെ എവിടെ നിന്നോ കേട്ട സുബ്ഹി ബാങ്കിൻ്റെ മാറ്റൊലി അവസാനിച്ചപ്പോഴാണ് സംഘട്ടനം കെട്ടടങ്ങിയത്. വാട്‌സൺ കുരിക്കൾ നിലയുറപ്പിച്ച വീട്ടുമുറ്റത്തേക്ക് ചെന്നു. കുരിക്കളടക്കം 19 പേരുടെ മൃതദേഹം ആ വീടിന് മുമ്പിൽ തിരിച്ചറിഞ്ഞു. എന്നാൽ, വാട്സന്റെ കൂടെ പോന്ന 600 പട്ടാളക്കാരിൽ വെറും 40 പേർ മാത്രമാണ്‌ അദ്ദേഹത്തിന്റെ കൂടെ തിരിച്ച് പോയത്.

വെട്ടത്ത് പുതിയങ്ങാടിയിലെ ഹൈദ്രോസ് കുട്ടി മൂപ്പൻ കൂട്ടായി എന്ന സ്ഥലത്ത് വെച്ച് അദ്ദേഹത്തെ പിടിക്കാൻ ശ്രമിച്ച 60 ഓളം പട്ടാളക്കാരുമായി ഏറ്റുമുട്ടി രക്ഷപ്പെട്ടുവെങ്കിലും അന്ന് രാത്രി വെളിയങ്കോടിനടുത്ത് ഒരു വീട്ടിൽ വിശ്രമിച്ച മൂപ്പനെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ചിലർ ഒറ്റിക്കൊടുക്കുകയായിരുന്നു. അദ്ദേഹത്തെ വധിച്ച ശേഷം മൃതദേഹം ചാവക്കാട് മണത്തല പള്ളി ശ്മശാനത്തിൽ ഖബറടക്കി. തിരൂരങ്ങാടി പറമ്പിൽപീടിക എന്ന സ്ഥലത്തിനടുത്തുണ്ടായിരുന്ന ചെമ്പൻ പോക്കരുടെ വീട് ബ്രിട്ടീഷ് സേന തകർത്തു. വയനാട്ടിൽ പഴശ്ശിരാജയുമായി ചേർന്ന് ബ്രിട്ടനെതിരെ നടത്തിയ യുദ്ധത്തിൽ പരാജയപ്പെടുകയും ബ്രിട്ടീഷ് പട്ടാളത്താൽ വധിക്കപ്പെടുകയും ചെയ്ത പോക്കറുടെ വികൃതമാക്കിയ മൃതദേഹം അവർ മമ്പുറം പള്ളിക്ക് സമീപം മരത്തിൽ കെട്ടിത്തൂക്കി പ്രദർശിപ്പിച്ചു. അതിനിടക്ക് മമ്പുറം സയ്യിദ് അലവി തങ്ങളുടെ നേതൃത്വത്തിൽ ഏറനാട്ടിലും ചേരനാട്ടിലുമുള്ള പതിനായിരക്കണക്കിന് ജനങ്ങളുടെ സാന്നിദ്ധ്യത്തിൽ മുന്നിയൂർ ആലിൻചുവട്ടിലെ പുരാതനമായ ഒടുങ്ങാട്ട്ചിറ പള്ളിയിൽ അദ്ദേഹത്തെ സംസ്കരിച്ചു. നാടിന്റെ നാനാഭാഗത്ത് നിന്നുമെത്തുന്ന ആയിരകണക്കിന് ജനങ്ങൾ ഇന്നും അദ്ദേഹത്തിൻ്റെ മഖ്ബറ സന്ദർശിക്കുന്നു.

ആയിരക്കണക്കിന് ഗറില്ലകളുമായി നിലമ്പൂരിലൂടെ വയനാട്ടിലേക്ക് മാർച്ച് ചെയ്യുന്നതിനിടയിൽ ചാരന്മാർ മുഖേന മണത്തറിഞ്ഞ ബ്രിട്ടീഷുകാർ തോമസ് വാട്സന്റെ നേതൃത്വത്തിലുള്ള വെള്ളക്കാരും കോൽക്കാരുമടങ്ങിയ സേന ഉണ്ണിമൂസ്സയെ നേരിട്ടു. പഴശ്ശിസേനയുമായി ചേർന്ന് ബ്രിട്ടീഷ് പട്ടാളത്തെ മറികടക്കുന്ന തന്ത്രം പാളിയതോടെ കാട്ടിൽ 48 മണിക്കൂർ നേരത്തെ പൊരിഞ്ഞ പോരാട്ടത്തിന് ശേഷം ബേബറുടെ നേതൃത്വത്തിലെത്തിയ വൻ ബ്രിട്ടീഷ് സേന ഉണ്ണിമൂസ്സയുടെ ഗറില്ലകൾക്ക് താങ്ങാവുന്നതിലപ്പുറമായിരുന്നു. ഉണ്ണിമൂസ്സയും പുലത്ത് ഷേക്ക് മൂപ്പനും ചെന്നോരൻ ചാത്തൻ കുട്ടിയെന്ന മൂസ്സയുടെ ഹരിജൻ ലെഫ്റ്റനന്റും ഈ പോരാട്ടത്തിൽ മരിച്ചു വീണു. പുലത്ത് ഷേക്കിന്റേതെന്ന് പറയപ്പെടുന്ന ഒരു ഖബർ നാടുകാണി ചുരത്തിലെ രണ്ടാം വളവിൽ കാണുന്നുണ്ട്. മറ്റ് രണ്ടുപേരുടെയും ഖബറുകൾ തിരിച്ചറിഞ്ഞിട്ടില്ല.

പ്രമുഖ മാപ്പിളപ്പോരാളികളുടെയൊക്കെ അന്ത്യം 1800ൻ്റെ ആദ്യദശകങ്ങളിൽ മാപ്പിള-പിന്നോക്ക വർഗ്ഗത്തിന് തീരാനഷ്ടമായി കരുതുന്നു. ഉണ്ണിമൂസ്സ, ചെമ്പൻ പോക്കർ, അത്തൻ കുരിക്കൾ, ഐദ്രോസ്സ് കുട്ടി, പുലത്ത് ചേക്ക് മൂപ്പൻ തുടങ്ങിയവർ നസാറാക്കളുമായി പോരാടി മരിച്ചവരാകയാൽ ശുഹദാക്കന്മാരാണെന്ന് മമ്പുറം സയ്യിദ് അലവി തങ്ങൾ, വെളിയങ്കോട് ഉമർഖാസി, സയ്യിദ് മുഹമ്മദ് മൗല ബുഖാരി തങ്ങൾ എന്നിവർ രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ പ്രക്ഷുബ്ധതതക്കിടയിൽ തന്നെ ആയിരിക്കാം അല്ലൂർ ഉണ്ണീൻകുട്ടി മൂപ്പനെപ്പോലുള്ളവരുടെ സമരപ്രവര്‍ത്തനങ്ങളും പിന്നീട് രക്തസാക്ഷിത്വവും സംഭവിക്കുന്നത്. മലബാറിലെ ഓരോ മുക്കിലും മൂലയിലും വരെ അനുഭവേദ്യമായിരുന്ന അക്കാലത്തെ പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ പെരിന്തല്‍മണ്ണ ഉള്‍പ്പടെയുള്ള വള്ളുവനാടൻ പ്രദേശങ്ങളിലും വ്യാപകമായി നടന്നു വന്നിരുന്നു എന്നുള്ളത് ചരിത്ര താളുകളിൽ രേഖപ്പെടുത്തിയിട്ടുള്ള വസ്തുതയാണ്. എന്നാൽ, ഞാന്‍ മുന്നേ പറഞ്ഞത് മാതിരി കലാപം കെട്ടടങ്ങിയ പശ്ചാത്തലത്തില്‍ ഇവരുടെ സമാനതകളില്ലാത്ത വീരചരിതം ജനങ്ങൾക്കിടയിൽ ചർച്ച ചെയ്യപ്പെടരുത് എന്നാഗ്രഹിച്ച, അത് തങ്ങൾക്കെതിരെയുള്ള ജനവികാരം വീണ്ടും കേന്ദ്രീകരിക്കാൻ കാരണമായേക്കുമെന്ന ബ്രിട്ടീഷുകാരുടെ നിരീക്ഷണ ഫലമാണ്‌ ആ ചരിത്ര വസ്തുതകള്‍ മനപ്പൂര്‍വ്വം തിരസ്കരിക്കപ്പെട്ടത് എന്ന് മനസ്സിലാക്കാം. അതോടൊപ്പം തന്നെ, ജനതക്കിടയിൽ വലിയ വിള്ളലുകൾ രൂപപ്പെടുത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ ഹിന്ദുമതം എന്നൊരു പുതിയ മതത്തെ സൃഷ്ടിച്ചുകൊണ്ട്  ജനങ്ങളെ കൂടുതൽ സമയം അതിൽ എങ്കേജ് ചെയ്യിപ്പിക്കാനും അധികാരികൾ ശ്രമിച്ചു പോന്നു. അതുവഴി, മാപ്പിള ജനതക്ക് ലഭിച്ചിരുന്ന അടിയാള പിന്തുണ ഉള്‍പ്പെടെയുള്ള കാര്യങ്ങൾ പരമാവധി കുറച്ചുകൊണ്ടുവരാമെന്നും അവർ കണക്കുകൂട്ടി.

ജനങ്ങൾക്കിടയിൽ ഭയം രൂപപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പിടിക്കപ്പെടുന്ന പോരാളികളെ പരസ്യമായി ശിക്ഷിക്കുന്നതും അക്കാലത്തെ ഒരു പതിവായിരുന്നു. പോര്‍ച്ചുഗീസ് കാലത്തും ബ്രിട്ടീഷ് അധിനിവേശ കാലത്തുടനീളം അത്തരത്തിലുള്ള അനേകം ശിക്ഷനടപടികളെ കാണാൻ സാധിക്കും. ഒന്നാം സ്വതന്ത്രസമരാനന്ദര കാലത്താണ്‌ ഇത് വ്യാപകമായ തോതില്‍ നടപ്പിൽ വരുത്തിയത് എന്ന് കാണുന്നു. സമരത്തിന്റെ മുന്നണി പോരാളികളായിരുന്ന മംഗൾ പാണ്ഡെ ഉള്‍പ്പെടെയുള്ള നേതാക്കളെ പരസ്യമായി തൂക്കിലേറ്റികൊണ്ടാണ് സമരപ്രവര്‍ത്തനങ്ങളെ ഒരു പരിധിവരെയെങ്കിലും നിയന്ത്രിക്കാൻ ബ്രിട്ടീഷ് അധികാരികള്‍ക്ക് സാധ്യമായത് എന്ന് ചുരുക്കം. കച്ചവടയാത്രകള്‍ നീങ്ങുന്ന വഴിയോരങ്ങളൊ ചന്തപോലുള്ള പൊതു ഇടങ്ങളോ ആണ്‌ ശിക്ഷ നടപ്പിൽ വരുത്തുന്നതിനുള്ള സ്ഥലമായി പൊതുവെ തിരിഞ്ഞെടുക്കപ്പെടുന്നത്. അതുപ്രകാരം, ചുങ്കം പ്രദേശത്ത് നിന്നും അല്‍പ്പമകലെ പൂപ്പലം എത്തുന്നതിന് മുന്നേയുള്ള തെക്കന്‍ മലയുടെ താഴ്‌വരയിലാണ് അല്ലൂർ ഉണ്ണീൻകുട്ടി മൂപ്പന്റെ ശിക്ഷ നടപ്പാക്കിയത് എന്നൊരു വാമൊഴി നാട്ടില്‍ പ്രചാരത്തിലുണ്ട്. ഒരുപക്ഷേ, ഒരു പോരാളി എന്ന നിലയില്‍ അല്ലൂർ മൂപ്പന്റെ ചരിത്രം മുഴക്കെയും കേന്ദ്രീകരിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വവുമായി ബന്ധപെട്ട ഈ വാമൊഴിയിലാണന്ന് പറയാം. അഥവാ, രേഖപ്പെടുത്തി വെക്കപ്പെട്ട ഒരു ചരിത്ര വർത്തമാനങ്ങളും നിലവിലില്ലെങ്കിലും അല്ലൂർ മൂപ്പൻ ആരായിരുന്നു എന്നും, എന്താണ്‌ നാടിനു വേണ്ടി അദ്ദേഹം ചെയ്തത് വെച്ചത് എന്നും മേല്‍ ഒരൊറ്റ സംഭവത്തിലൂടെ പിൻമുറകൾക്ക് മനനം ചെയ്തെടുക്കാൻ സാധ്യമാകുന്നു എന്ന് ചുരുക്കം. ചരിത്രം പലപ്പോഴും അങ്ങനെയാണ്. എത്ര മൂടിവെക്കാൻ ശ്രമിച്ചാലും ചെറിയ ചെറിയ വിടവുകളിലൂടെ അത് പുറത്ത് കടക്കാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കും.

എന്നിരുന്നാലും, കെട്ടിതൂക്കിയ മൃതശരീരം താഴെയിറക്കാൻ പോലും ഭയപ്പെട്ട ജനങ്ങൾ ആ ശരീരം മുഴുക്കെ അഴുകി നശിക്കുന്നത് വരേയും അതിന്റെ കാഴ്ച്ചക്കാരായി നിന്നു എന്ന് പറയപ്പെടുന്നു. പ്രക്ഷോഭാനന്ദരം മലബാറിന്റെ അധികാരം കൈപിടിയിലൊതുക്കിയ ബ്രിട്ടീഷ് കമ്പനിയുടെ നടപടിക്രമങ്ങളെ ചോദ്യം ചെയ്യാൻ സാധാരണക്കാരായ ജനതക്കെങ്ങെനെ ധൈര്യം വരാനാണ്. ബ്രിട്ടീഷ് അധികാരികളെ സംബന്ധിച്ചെടുത്തോളം പാണ്ടിക്കാട്- പെരിന്തല്‍മണ്ണ കച്ചവട യാത്രകള്‍ കടന്ന് പോകുന്ന മേല്‍ പാത എന്തുകൊണ്ടും ജനതയെ ഭയപ്പെടുത്തി നിര്‍ത്താന്‍ അനിയോജ്യമായ സ്ഥലമായിരുന്നു എന്നും അവർ മനസ്സിലാക്കിയിരിക്കണം.

കയറില്‍ ബാക്കിയായ താടിയെല്ല് അതിനുള്ളിലെ രാസപദാര്‍ഥങ്ങളുടെ സാന്നിധ്യം കാരണം രാത്രി സമയങ്ങളില്‍ തിളങ്ങുന്നത് കാണാനിടയായ നാട്ടുകാരാണത്രെ അതെടുത്ത് നിലവില്‍ അദ്ദേഹത്തെ മറമാടിയിരിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുവന്ന് അതിനു മുകളില്‍ കുടീരം പണിയുന്നത്. അതല്ല, കൃഷിയിലേർപ്പെട്ട ഏതോ കൃഷിക്കാരന്റെ തൂമ്പ തട്ടി ശബ്ദമുണ്ടായതോടു കൂടിയാണ്‌ അതെടുത്ത് ആദരവോട് കൂടി മേല്‍ സ്ഥലത്തേക്ക് മാറ്റി മറമാടിയത് എന്നും പറയപ്പെടുന്നു.

No comments:

Post a Comment