Wednesday, 4 April 2018

പ്രിയ മർഹൂം

മെലിഞ്ഞ് ഉയരം കുറഞ്ഞ ഒരു കുറിയ മനുഷ്യനായിരുന്നു അദ്ദേഹം. തീർത്തും ലളിതമായ ജീവിതം. സ്ഥിരം അടയാളമായ വെള്ള ബനിയനു മുണ്ടിനും കള്ളിത്തുണികുമൊപ്പം ഒരു കാലത്ത് മക്കൾ ഗരിമയോടെ ഉടുത്ത്, പിന്നീടുപേക്ഷിച്ച വസ്ത്രങ്ങളായിരുന്നു അദ്ദേഹം മിക്കപ്പോഴും ധരിക്കാറുണ്ടായിരുന്നത്. വെയിലും മഴയുമുള്ള ദിനങ്ങളിൽ പള്ളിയിലേക്കും മറ്റുമിറങ്ങുമ്പോൾ കയ്യിലൊരു ചെറിയ കുടയുണ്ടാകും. ഇപ്പോൾ സാധാരണ നിലവിലുള്ള വളരെ ചെറിയ കുടയുടേതോ വലിയ കാലൻ കുടയുടേതോ അല്ലാത്ത ഒരു ഇടത്തരം വലിപ്പമുള്ള ഒന്ന്. അതും കയ്യിൽ പിടിച്ച്... മുണ്ടിന്റെ ഒരു നൊറിയും ആട്ടി... ആരോടും പരിഭവമില്ലാതെ, അതികമായി ആരോടുമൊന്നും സംസാരിക്കാനുമില്ലാതെ തൻ്റെ ആവശ്യങ്ങൾക്കായി ചെത്തിലേക്കും (തെരുവ്) തിരിച്ച് വീട്ടിലേക്കും അദ്ദേഹം നടക്കും. അതായിരുന്നു അദ്ദേഹത്തിന്റെ ഒരു ദിനത്തിലെ പ്രധാന ഭാഗവും. പെരിന്തല്‍മണ്ണയിലെ പോലീസ് സ്റ്റേഷന് എതിർവശത്തെ ഒഴിഞ്ഞ പറമ്പില്‍ പണ്ടെന്നോ ഉണ്ടായിരുന്ന ഒരു പൊതുവിതരണ ആപ്പീസിലായിരുന്നു അദ്ദേഹം തന്റെ ഔദ്യോഗിക കാലം ചിലവഴിച്ചിരുന്നത്. അക്കാലത്ത് ഭക്ഷണ പൊതിയും തൂക്കി 4 കിലോമീറ്ററോളം അദ്ദേഹം സൈക്കിളില്‍ അങ്ങോട്ടേക്ക് യാത്ര ചെയ്യുമായിരുന്നത്രെ. ആ വഴികളിന്ന്‌ ഒരു ഇന്ധന വാഹനം കൂടാതെ യാത്ര ചെയ്യാൻ കഴിയാത്ത അത്രത്തോളം ദൂരം 'വര്‍ധിച്ചിരിക്കുന്നു'.

യഥാർത്ഥത്തിൽ, ചുങ്കം പ്രദേശം അദ്ദേഹത്തിന്റെ ഉമ്മവീടായിരുന്നു. ഇവിടെയുള്ള വലിയൊരു മുസ്ലീം ജന്മി കുടുംബത്തിലെ അംഗമായരുന്നു ഉപ്പപ്പയുടെ ഉമ്മ. ബ്രിട്ടീഷ് പോലീസ് സേനയിൽ സേവനമനുശ്ഠിച്ച് വന്നിരുന്ന മൊയ്തീൻ ആലിക്കൽ എന്ന മൊയ്തീൻ സർക്കിളിന്റെ രണ്ടാം ഭാര്യയായി അവർ ചെർപ്പുളശ്ശേരിയിലേക്ക് പോകുമ്പോൾ ആ നവവധുവിനെ അവിടെ കാത്തിരുന്നിരുന്നത് വലിയ പ്രതിസന്ധികളായിരുന്നു എന്നുള്ളത് അക്കാലത്തെ ചരിത്രം. മലബാര്‍ കലാപവുമായി ചേര്‍ത്ത് വായിക്കപ്പെടേണ്ട ചരിത്ര വസ്തുതകളാണ് അവയൊക്കെയും. ഭർത്താവ് മാപ്പിള സമര സഖാക്കളാൽ കൊല്ലപ്പെട്ടതറിഞ്ഞയുടൻ കുടുംബത്തിൻ്റെ നിർദ്ദേശങ്ങൾ കാത്തുനിൽക്കാതെ കേവലം ഏതാനും മാസങ്ങൾ പിന്നിട്ട കെെക്കുഞ്ഞുമായി ആ യുവതി തന്റെ സ്വന്തം വീട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. ഉപ്പപ്പയേയും മാറോടണച്ച് അവർ നടന്നും ഓടിയും കാളവണ്ടി കേറിയും പിന്നേയും നടന്നും ഏറെ കശ്ടപ്പെട്ടാണ് വീടണഞ്ഞത് എന്നാണ്‌ ചരിത്രം. പിന്നീട്, കാലങ്ങൾക്കു ശേഷം യുവാവായ തന്റെ മകനിൽ നിന്നും എന്തങ്കിലും പ്രയസാങ്ങൾ നേരിടുമ്പോൾ... ആ പഴയ യാത്ര ദുരന്തക്കെുറിച്ചവനെ ഓർമിപ്പിച്ചുകൊണ്ട് അവർ ഇങ്ങനെ പറയുമായിരുന്നത്രെ.

"നിനക്കറിയുമോ ഞാനെത്ര കശ്ടപ്പെട്ടാണ് നിന്നെ ഇവിടേക്ക് കൊണ്ടുവന്നതും നിന്നെ ഈ നിലയിൽ വളർത്തി വലുതാക്കിയതും" എന്ന്.

എന്റെ ചെറുപ്പ കാലത്ത് താറവാട്ടു വീട്ടിൽ ആർക്കും പ്രവേശനമില്ലാത്ത ഒരു ചെറിയ മുറിയുണ്ടായിരുന്നു. വളരെ അപൂർവ്വമായി മാത്രമാണ് ഞങ്ങൾ കുട്ടികൾ ആ മുറിക്കകത്ത് കയറാറുള്ളൂ. 'ഉപ്പപ്പാന്റെ മുറി' എന്നൊരു ഉഗ്രശാസന തലക്കുമുകളിലങ്ങനെ നിൽക്കുന്നത് കാരണം വളരെ ശ്രദ്ധയോടുകൂടി മാത്രമാണ് ഞങ്ങളവിടെ പെരുമാറാറുക. പലപ്പോഴും നല്ല കാപ്പിയുടേയും ജന്നാത്തുൽ ഫിർദൗസ് എന്ന അത്തറിന്റെയും ഗന്ധം കൊണ്ട് നിര്‍മലമായിരിക്കും ആ മുറിയിലുടനീളം. അടുക്കും ചിട്ടയോടും നിരത്തിവച്ച പുസ്തകങ്ങൾ, ഒരു പെട്ടി, ഇരുമ്പ് അലമാര പിന്നെ മേശയും കസേരയും കട്ടിലും ഇതൊക്കെയായിരുന്നു ആ മുറിക്കകത്തെ പ്രധാന ആകർഷണങ്ങൾ. ധാരാളം കനപ്പെട്ട പുസ്തകങ്ങളെകൊണ്ട് സമ്പന്നമായിരുന്ന ആ ഇരുമ്പ് അലമാരക്കുള്ളില്‍ ഇംഗ്ലീഷ്, ഹിന്ദി, അറബിക് കൂടാതെ ഉര്‍ദുവിലുള്ള ഗ്രന്ഥങ്ങളുമുണ്ടായിരുന്നു എന്നാണ്‌ എന്റെ ഓര്‍മ്മ. വീട്ടിലെ ടെലിവിഷനും ആ മുറിയിലാണ് ഉണ്ടായിരുന്നത്. ഉപ്പപ്പയുടെ കൂടെയിരുന്ന് ദൂരദര്‍ശന്‍ ചാനലിലെ പരിപാടികൾ കാണുമ്പോള്‍ ഇടക്ക് ഒപ്പന വരും. അപ്പോൾ ഉപ്പപ്പ എന്നോട് പറയും...

"അടുക്കളയിലുള്ള എല്ലാ പെണ്ണുങ്ങളേയും വിളിച്ച് കൊണ്ടുവാ" എന്ന്.

ഞാൻ ഓടിപോയി അടുക്കള വാതിലിന് സമീപം ഉറക്കെ ആ വിവരം വിളിച്ച് പറയും... എല്ലാവരും ഓടി വരും. ഒരിക്കല്‍, അര്‍ധരാത്രി മാത്രം സംപ്രേഷണം ചെയ്യുന്ന ജയ്ഹനുമാന്‍ എന്നൊരു പരമ്പര കാണാൻ എനിക്ക് മോഹമുദിച്ചു. പേടിച്ചാണെങ്കിലും ഉപ്പപ്പയോട് കാര്യം അവതരിപ്പിക്കാൻ മറന്നില്ല. അദ്ദേഹം അല്‍പ്പനേരം ചിന്തിച്ച ശേഷം എന്നോട് പറഞ്ഞു.

"ശരി... എങ്കിൽ, ദിനവും നീ എന്റെ കൂടെ സുബഹിക്ക് പള്ളിയിലേക്കെന്റെ പോരണം... പറ്റുമോ?"

ഞാൻ സമ്മതം മൂളി. അങ്ങനെ ജയ് ഹനുമാനും കൂടെ പള്ളിയില്‍ പോക്കും അന്നുമുതൽ തുടങ്ങി. ഇരുട്ടില്‍ തപ്പി തടഞ്ഞൈന്നോണം ദിനവും അദ്ദേഹമെന്നെ വിളിക്കാൻ മുറിയില്‍ വരും. 'ഇത്ര പെട്ടന്ന് നേരം വെളുത്തോ' എന്ന് ചിന്തിച്ച് ഞാനുണരുമ്പോള്‍ തണുപ്പിനെ പ്രതിരോധിക്കാനെന്നോണമുള്ള ഒരു തരം ടീഷര്‍ട്ട്, തലയിലൊരു കമ്പിളി തൊപ്പി പിന്നെ, ഒരു ടോര്‍ച്ച് തുടങ്ങിയവയൊക്കെയായി പൂർണ്ണ ചന്ദ്രന്റെ നിലാവുപോലെയുള്ള മുഖവുമായി അദ്ദേഹമവിടെ എന്നെ കാത്തുനിൽക്കുന്നത് കാണാം. മടിയോടെയാണങ്കിലും തണുത്ത വെള്ളത്തിൽ മുഖവും കെെകാലുമൊക്കെ കഴുകി ഉപ്പപ്പാന്റെ കൂടെ ഞാന്‍ വേഗത്തിൽ പള്ളിയിലേക്കിറങ്ങും.

ചെറിയ ഇരുട്ടിലൂടെ തെരുവിന്റെ ഓരം പറ്റി പള്ളി ലക്ഷ്യമാക്കി ഞങ്ങൾ നീങ്ങുമ്പോള്‍ ചുങ്കം തെരുവിന്റെ പ്രഭാത വിജനത കൗതുകമുള്ള കാഴ്ചയാണെനിക്ക്. വാഹനങ്ങളില്ലാത്ത റോഡും, ഇരുമ്പ് ഷട്ടര്‍ താഴ്ത്തിയ കടകളും, മനുഷ്യ സഞ്ചാരമില്ലാത്ത റോഡരികും... എന്നാൽ, ആ സമയം സജീവമായ ഒരിടമുണ്ടവിടെ. സ്ഥലത്തെ പ്രധാന ബസ്റ്റോപ്പ്. അതപ്പോൾ പത്രക്കാരുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിനു കീഴിലായിരിക്കും. കുമിഞ്ഞ് കത്തുന്ന മണ്ണെണ്ണ വിളക്കിനും മെഴുകുതിരി വെട്ടത്തിനുമിടയിൽ പത്രകെട്ടുകൾ തരം തിരിച്ച് എണ്ണി തിട്ടപ്പെടുത്തുന്നവരേയും, പത്രത്താളുകൾക്കിടയിൽ പ്രത്ത്യേക അറിയിപ്പുകളടങ്ങിയ നോട്ടീസുകൾ തിരുകി വെക്കുന്നവരേയും അവിടെ കാണാൻ കഴിയും. ബസ്റ്റോപ്പിന് വെളിയില്‍ നിരത്തി വച്ചിരിക്കുന്ന സെെക്കിളിൽ തങ്ങളുടെ കോപ്പികൾ അടുക്കി വെക്കുന്നവർ പുറത്തും സജീവമായിരിക്കും. സൈക്കിളിന്റെ ഒരു കമ്പിയില്‍ തൂക്കിയിട്ടിരിക്കുന്ന ഇരു അറകളുള്ള ഒരുതരം ശീല സഞ്ചിയിലാണ് അവരത് അടുക്കി വെക്കുന്നത്. അവര്‍ക്കിടയില്‍ ഉറക്ക ചടവിന്റെതായ വല്ലാത്തൊരു നിശബ്ദത തളംകെട്ടികിടക്കുന്നതായി പലപ്പോഴുമെനിക്ക് തോന്നിയിട്ടുണ്ട്. കലപില ശബ്ദങ്ങളോ ഒച്ചപ്പാടുകളോയില്ല. തീര്‍ത്തും നിശബ്ദതയും മൂകതയും മാത്രം.

ഹൗളിലെ തണുത്ത വെള്ളത്തിൽ വുളു എടുത്ത് സ്വഫിലേക്ക് നീങ്ങുമ്പോഴേക്കും ഉപ്പപ്പ മുൻഭാഗത്ത് എത്തിക്കാണും. ഒരു കാലത്ത് ഈ പള്ളിയിലെ നമസ്കാരത്തിന് നേതൃത്വം നല്‍കിയിരുന്നത് ഉപ്പപ്പ തന്നെയായിരുന്നു എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ഞാനന്ന് പഠിച്ചുവന്നിരുന്ന മദ്രസയിലെ ഒരു അധ്യാപകന്‍ കൂടിയായിരുന്നത്രെ അദ്ദേഹം. അന്നത്തെ തന്റെ ശിഷ്യന്മാരിൽ പലരുമാണ് പിന്നീട് ഈ പള്ളിയുടേയും മദ്രസയുടേയുമൊക്കെ നേതൃസ്ഥാനത്തിലേക്ക് വന്നത് എന്നുള്ളതാണ് സത്യം. എന്നെ സംബന്ധിച്ച്... എന്റെ നമസ്കാരത്തിന്റെ പല തെറ്റുകളും കുറവുകളും തിരുത്തപ്പെടുന്ന ഒരു സമയം കൂടിയായിരുന്നു അതെന്ന് പറയാം. ഒരിക്കൽ, ഒരു തെറ്റിനെക്കുറിച്ച് അദ്ദേഹമെന്നോട് സൂചിപ്പിക്കുകയുണ്ടായി. എന്നാൽ, പിന്നീട് പലപ്പോഴും ഞാനത് ആവർത്തിച്ചപ്പോഴൊക്കയും ആവർത്തനത്തിന്റെ വിരസതയോ ദേശ്യമോ കൂടാതെ സ്നേഹപൂർവ്വം അദ്ദേഹമത് വീണ്ടും വീണ്ടും തിരുത്തി നൽകിയത് ഞാനോര്‍ക്കുന്നു. ഇപ്പോഴും നമസ്കാരത്തിനിടയിൽ ആയിടത്തെത്തുമ്പോൾ ആ സംഭവമെനിക്കോര്‍മ്മ വരും.

പ്രഭാത നമസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ചുങ്കം തെരുവ് ഒന്നുകൂടി സജീവമായിട്ടുണ്ടാകും. ചായമക്കാനികളിലപ്പോൾ ആളനക്കം കേൾക്കാം. പീടിക തിണ്ണകളിൽ നിരനിരയായി കിടന്നുറങ്ങിയിരുന്ന തമിഴർ ഉറക്കച്ചടവോടെ കാൽമുട്ടിൽ കെെകൾ നീട്ടിവച്ചിരിക്കുന്നത് കാണാം. ബസ്റ്റോപ്പിലെ പത്രക്കാരൊക്കെയും സെെക്കിളുമായി തലേന്നത്തെ ചൂടുള്ള വാർത്തകളുമായി ഗ്രമാന്തരങ്ങളിലേക്ക് പറന്ന് കാണും. വീട്ടിലേത്തി വീണ്ടും ഞാൻ കിടക്കുമെങ്കിലും. സ്ഫടിക ഗ്ലാസിലെ ചൂടു വെള്ളത്തില്‍ തേയിലയിട്ടിളക്കുന്ന 'കിണി കിണി' ശബ്ദത്തോടെ തുടക്കം കുറിക്കുന്നതാകും ഉപ്പപ്പാന്റെ ആ ഒരു ദിനം. ചില ദിവസങ്ങളില്‍ മക്ക പള്ളിയിലെ ഇമാം ഷൈഖ് സൗദല്‍ ഷുറൈമിയുടെ ഖുറാന്‍ പാരായണം ടൈപ്പ് റെക്കോര്‍ഡറിൽ മധുര മനോഹര ശബ്ദത്തോടെ ഉച്ചത്തില്‍ കേൾക്കാം. അപ്പോഴേക്കും ഉമ്മയുടെ വിളി വരികയായി. മേശപ്പുറത്ത്‌ ചൂടാറ്റിയ ചായയും, ആവി പറക്കുന്ന പലഹാരവും എന്നെ കാത്തിരിപ്പുണ്ടാകും.

വെള്ളിയാഴ്ച്ച എനിക്കൊഴിവ് ദിനമാണ്. അന്നേ ദിവസത്തെ എന്റെ കാര്യമായ പരുപാടി പള്ളിയില്‍ പോക്കും... പിന്നെ, ഉച്ച നേരത്തെ ബീഫും കുമ്പളക്കറിയുമുള്ള ഭോജനവുമാണ്. മിക്ക വെള്ളിയാഴ്ച്ചകളും ഞാനും ഉപ്പപ്പയും പ്രദേശത്തെയൊരു പള്ളിയിലേക്കാണ് പോകാറ്. മറ്റുള്ളവരൊക്കെ എത്തുന്നതിന് മുന്നേ ഞങ്ങളവിടെ എത്തിയിരിക്കും. അദ്ദേഹം ആദ്യത്തെ സ്വഫിൽ ഏറ്റവും ഇടത്ത് വശത്തെ വാതിലിനോട് ചേര്‍ന്നിരുന്ന് വിശുദ്ധ ഗ്രന്ഥ പാരായണത്തിൽ മുഴുകിയിരിക്കുമ്പോൾ എന്റെ പ്രധാന പരുപാടി അവിടെയുള്ള അത്തരം മറ്റു ഗ്രന്ഥങ്ങൾ അടുക്കി പെറുക്കി വെക്കലാണ്. ജനലുകളിലും അഴികളിലും മറ്റുമൊക്കെ വച്ചിരിക്കുന്ന അതൊക്കെയുമെടുത്ത് ഉപ്പപ്പയുടെ ഇരുമ്പ് അലമാരിയിൽ പുസ്തകങ്ങൾ അടുക്കി വച്ചിരിക്കുന്ന പോലെ അല്‍പ്പം ചെരിച്ച് നീണ്ടുനിവർത്തി ഞാന്‍ ക്രമീകരിക്കും. പള്ളിയിലെ മുഅദ്ദിനും ചിലയവസരങ്ങളില്‍ എന്നോടൊപ്പം ചേരാറുണ്ട്. എന്നാൽ, അപൂര്‍വ്വമായി ഞാനും ഉപ്പപ്പയും ശാന്തപുരത്തെ പുത്തൻ പള്ളിയിലേക്കും ജുമുഅ കൂടാൻ പോകും. അവിടേക്കാണങ്കിൽ വീട്ടില്‍ നിന്നും കുറച്ചുകൂടി നേരത്തെ ഞങ്ങളിറങ്ങും. പള്ളിക്കു സമീപത്തെ കോളേജ് വക അടുക്കളയിലെ ബന്ധങ്ങളെ പുതുക്കാനാണ് ആദ്ദേഹമാദ്യം ചെല്ലുക. അടുക്കള ആ സമയം സജീവമായിട്ടുണ്ടാകും. കൂട്ടിയിട്ട് കത്തുന്ന ചെകിരിക്കും വിറകിനും മുകളില്‍ ഉച്ചഭക്ഷത്തിനായുള്ള വിഭവങ്ങൾ വേവുന്ന അടുപ്പും... അതിനിടയിൽ തലങ്ങും വിലങ്ങും ഓടിനടക്കുന്ന വെപ്പുകാരേയും കാണാം. അവരോട് കുശലാന്യേഷണങ്ങൾ നടത്തിയും ഉപദേശിച്ചും ബന്ധങ്ങളെ പുതുക്കികൊണ്ട് ഏറെ നേരം അദ്ദേഹമവിടെ ചിലവഴിക്കും. ഒരിക്കല്‍ അവിടെ നിന്നും നല്ല രുചിയോടെ വറുത്തെടുത്ത... സുലഭമായി മുള്ളുള്ള പുതിയാപ്പിള കോര മീനും കഞ്ഞിയും കുടിച്ചത് ഞാന്‍ ഓർക്കുന്നു.

അടുക്കളയുടെ എതിർഭാഗത്ത് ഓടിട്ട ഒരു നീണ്ട കെട്ടിടമുണ്ട്. അവിടെയായിരുന്നു ഉപ്പപ്പ തന്റെ കോളേജ് സേവനകാലത്ത് കഴിഞ്ഞ് വന്നിരുന്നത്. സർക്കാർ ജോലിയിൽ നിന്നും വിരമിച്ച ശേഷം ജമാഅത്തെ ഇസ്ലാമി കേരള ഹൽഖ അമീറുമായി അദ്ദേഹം നടത്തിയ കത്തിടപാടുകളുടെ ഫലമെന്നോണമാണ് ശാന്തപുരം കോളേജ് ഓഫീസിലെ രജിസ്ട്രാറായി അദ്ദേഹത്തിന് നിയമനം ലഭിക്കുന്നത്. അക്കാലത്ത് തന്റെ വീട്ടിൽ നിന്നും കേവലം 1km മാത്രം ദൂരപരിധിയുള്ള അവിടെ അദ്ദേഹം താമസത്തിനായി തെരഞ്ഞെടുത്തതിന്റെ പ്രധാന കാരണം ജോലിയോടൊപ്പം പ്രാർത്ഥനക്കും പഠനത്തിനുമുള്ള സൗകര്യം കൊണ്ടുകൂടിയായിരിക്കാം. അൽപ്പം ഉയരത്തിൽ സ്ഥിതിചെയ്യുന്ന ആ കെട്ടിടത്തിനകത്തെ നീല വർണ്ണത്തിലുള്ള മരപ്പലകകൾകൊണ്ടുള്ള മറക്കപ്പുറമായിരുന്നു അദ്ദേഹത്തിന്റെ ആ ചെറിയ മുറി. അത്യാവശ്യത്തിനുള്ള സൗകര്യങ്ങളൊക്കെയായി വളരെ ശാന്തവും സ്വച്ഛവുമായ ഒരന്തരീക്ഷമാണ് അവിടെ ഉണ്ടായിരുന്നത്. ആ കെട്ടിടത്തിനു സമീപം നിരന്ന് നില്‍ക്കുന്ന മൂന്ന്‌ വലിയ മാവുകളുണ്ടായിരുന്നു. അവയിലെ നല്ല രുചിയും ഗന്ധവുമുള്ള മാമ്പഴങ്ങളും. ജോലിക്കിടയിലെ ഒഴിവു ദിനങ്ങളിൽ വീട്ടിലേക്ക് പോകുമ്പോൾ തന്റെ മക്കള്‍ക്കായി അദ്ദേഹം ആ മാമ്പഴങ്ങൾ കൈയിൽ കരുതുമായിരുന്നു.

1921ലെ മലബാർ സമരത്തിന്റെ നേരെ എതിർദിശയിൽ സഞ്ചരിച്ച ഒരു പിതാവിന്റെ മകനായിരുന്നു താന്‍ എന്നത് കൊണ്ടായിരിക്കാം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിൽ ഒരു സാമ്രാജ്യത്വ വിരുദ്ധത അനുഭവേദ്യമായിരുന്നത്. അത് തന്നെയാകും അദ്ദേഹത്തെ ജമാഅത്തെ ഇസ്ലാമിയുടെ ഒരു ശക്തനായ അനുഭാവവിയും പ്രവര്‍ത്തകനുമാക്കി മാറ്റിയതും. പുസ്തകങ്ങളിലൂടെയായിരുന്നു അദ്ദേഹം പ്രസ്ഥാനത്തെ പഠിച്ചത് എന്ന് തോന്നിപ്പോകുമാർ സമ്പന്നമായിരുന്നു അദേഹത്തിന്റെ ലൈബ്രറി. വാങ്ങിയതും വരുത്തിച്ചതുമായ അനേകം ഭാഷകളിലുള്ള ആ കനപ്പെട്ട ഗ്രന്ഥങ്ങള്‍ക്കിടയിൽ പ്രസ്ഥാനിക സാഹിത്യങ്ങളും പല വിഷയങ്ങളെകുറിച്ചുമുള്ള ധാരാളം ചെറു കുറിപ്പുകളടങ്ങിയ ഡയറികളുമുണ്ടായിരുന്നു. പിതാവിന്റെ നാടായ പാലക്കാട് ജില്ലയിലെ ചെറുപ്പളശ്ശേരിയിൽ നാല് ജ്യേശ്ഠ സഹോദരിമാർ അദ്ദേഹത്തിനുണ്ടായിരുന്നു. ഇടക്കിടെ പരിപാടികൾക്കും മറ്റുമൊക്കെയായി മക്കളെയും കൂട്ടി ചില ഹൃസ്വസന്ദർശനത്തിന് അദ്ദേഹമവിടേക്ക് പോകാറുണ്ട്. ചിലയവസരങ്ങളിൽ അവരുടെ സ്നേഹോഷ്മളതക്കും നിർബന്ധത്തിനും മുന്നിൽ അവിടെ താമസിക്കേണ്ടിയും വരും. സ്ഥിരമായി കഴിക്കാറുള്ള മരുന്നുകൾ വാങ്ങി നൽകിയും ഏറ്റവും പുതിയ ഭക്ഷണ ശീലത്തെക്കുറിച്ച് ചോദിച്ചറിഞ്ഞ്... അത് തയ്യാറാക്കി നൽകിയും അവരുടെ ആദിത്യമര്യാദയപ്പോൾ അത്ഭുതപ്പെടുത്തും. ഒരിക്കല്‍ അത് നേരിട്ട് കാണാന്‍ എനിക്കും അവസരം കിട്ടിയിട്ടുണ്ട്. ആ സഹോദരിമാരുടെ മക്കളോ മരുമക്കളോ ആയ ആരൊക്കെയോ ആയിരിക്കാമത്. അവരുടെ മാതാക്കളുടെ ആകെയുള്ള ഒരു ആങ്ങള എന്നതിനൊക്കെ അപ്പുറം അവരുമായി ഉപ്പപ്പ നിലനിർത്തിപോന്ന അപാരമായ സ്നേഹ സഹകരണങ്ങളുടെ പ്രതിഫലനമാണതന്നെനിക്ക് തോന്നിയിട്ടുണ്ട്.

പിതാവിന്റെ സ്വത്തു വഹകൾ എപ്രകാരമാണ് വീതിച്ചെടുക്കേണ്ടത് എന്നതിനെ ചൊല്ലിയുള്ള ആലോചനകൾ ഉയർന്ന വന്ന ഒരു ദശാസന്ധിയിൽ ചെറുപ്പളശ്ശേരിയിലെ കാരണവന്മാരുടെ  നേതൃത്തിലുള്ള കണക്കെടുപ്പുകൾക്കും കൂടിക്കാഴ്ചകൾക്കുമൊക്കെ ശേഷം ഉപ്പപ്പയെ അവർ വിളിച്ചു വരുത്തി കാര്യം അവതരിപ്പിച്ചുവത്രെ. അദ്ദേഹം പറഞ്ഞു...

"എനിക്കെന്തിനാണ് ഇവിടെയുള്ള സ്വത്തുക്കൾ... എനിക്കും മക്കൾക്കുമുള്ളത് എന്റെ നാട്ടിലുണ്ടല്ലോ". എന്നായിരുന്നു മറുപടി. ഇത്തരമൊരു വിപ്ലവകരമായ തീരുമാനത്തിലേക്ക് ഒരു വ്യക്തി എത്തിപ്പെടണമെങ്കിൽ അയാൾ കടന്നു പോയേക്കാവുന്ന അനേകം പ്രതിസന്ധികളിൽ നിന്നും... സ്വന്തക്കാരുടേയും ബന്ധുക്കളുടേയും കെട്ടുവട്ടങ്ങളിൽ നിന്നും കുതറിമാറി എന്നുള്ളതാണ്‌ ആ മഹാനുഭാവന്റെ വിജയം. ആ സ്വത്തുക്കളത്രയും തന്റെ സഹോദരിമാരുടെ പേര്‍ക്കെഴുതി നല്‍കാന്‍ സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങാനും അദ്ദേഹം മുന്നില്‍ തന്നെ നിന്നു എന്നുള്ളതാണ് ആ സംഭവത്തിന്റെ പിൻകഥ. കൂടാതെ, സാമ്പത്തികമായി എത്ര പ്രയാസപ്പെട്ടാലും ആ സമ്പത്താഗ്രഹിച്ച് ആരും തന്നെ ചെർപ്പളശ്ശേരിയിലേക്ക് ഒരുകാലത്തും വണ്ടികയറരുത് എന്നും അദ്ദേഹം മക്കളെ ഉണര്‍ത്താനും വിട്ടുപോയില്ല. ആ പിൻതുടർച്ചാവകശ ചമയങ്ങളൊന്നും തനിക്ക് വേണ്ട എന്ന അദ്ദേഹത്തിന്റെ ആ നിർബന്ധത്തിനു പിന്നിലെ പ്രേരകശക്തി അജ്ഞാതമായി തുടരുന്ന ഒരു സമസ്യയാണ്. എങ്കിലും, ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിലെ ഒരു സുപ്രധാന അദ്ധ്യയത്തെ ചോരകൊണ്ട് അടയാളപ്പെടുത്താൻ വിധിക്കപ്പെട്ട തന്റെ പിതാവിന്റെ സ്വകാര്യ സ്വത്തിനോടുള്ള ആഗ്രഹം ഈ രാജ്യത്തിന്റെ ചരിത്രത്തോടും അതിന്റെ ധീര രക്തസാക്ഷികളോടും ചെയ്യുന്ന നീതികേടായിരിക്കുമെന്ന് ചിന്തിച്ചത് കൊണ്ടാകാം അതെന്നനുമാനിക്കാം. അന്നത്തെ ആ രക്തസാക്ഷികളുടെ ചങ്കുറപ്പിന്റെ തണലിലാണ് ഇന്ന് നാം ഈ രാജ്യത്തനുഭവിക്കുന്ന സ്വതന്ത്രം എന്ന് ആർക്കാണ് വിസ്മരിക്കാൻ കഴിയുക.

തന്റെ വ്യക്തിത്ത രൂപീകരണത്തിൽ തന്റെതായ ചില ശെെലികൾക്കപ്പുറം പ്രസ്ഥാനം അദ്ദേഹത്തിൽ ചെലുത്തിയ ചില സ്വാധീനങ്ങളുടെ അടയാളങ്ങളാണ് സാമ്പത്തിക കാര്യത്തിലെ അദ്ദേഹത്തിന്റെ ആ സൂക്ഷ്മത എന്ന് സംശയലേശമന്യേ പറയാൻ കഴിയും. ഓരോ പ്രസ്ഥാന പ്രവർത്തകന്റെയും ഒരു പ്രധാന അടയാളമാണ് അവരുടെ സാമ്പത്തിക കാര്യത്തിലെ ഈ ശ്രദ്ധയും കണിശതയുമെന്ന് പ്രസ്ഥാനത്തിന്റെ എതിരാളികൾ പോലും സമ്മതിക്കുന്നൊരു വസ്തുതയാണ്. മനുഷ്യന്റെ സ്വത്തിനോടും അധികാരത്തോടുമുള്ള അഭിനിവേശത്തെക്കുറിച്ച് മനസ്സിൽ കൊണ്ടുനടക്കുന്ന ചില വാർപ്പു മാതൃകകളുണ്ട് നമുക്കിടയിൽ... പണത്തിന് മുകളില്‍ പരുന്തും പറക്കില്ല, പണമെന്നുള്ളത് കൈയ്യിൽ വരുമ്പോൾ ഗുണമെന്നുള്ളത് ദൂരത്താകും... എന്നിങ്ങനെയൊക്കെയുള്ള വാക്കുകൾ കൊണ്ട്‌ നമ്മളതിനെ സൂചിപ്പിക്കുകയും ചെയ്യാറുണ്ട്. എന്നാൽ, അത്തരം ചിന്തകൾക്കെതിരെ നടന്നു നീങ്ങിയെന്നുള്ളതാണ് അദ്ദേഹത്തെ നമ്മളിൽ നിന്നും വ്യതിരിക്തനാക്കുന്ന പ്രധാന ഘടകം. ഇസ്ലാമിക മൂല്ല്യങ്ങളുടെ ചിട്ടവട്ടങ്ങളുടെ കൂടെ നിസ്വാർത്ഥനായി ആ കുറിയ മനുഷ്യൻ നടന്നുനീങ്ങിയിരുന്ന കാലമോർക്കുമ്പോള്‍ ഇങ്ങനെയൊക്കെയുള്ളവർ നമുക്കിടയിൽ കഴിഞ്ഞ് പോയിരുന്നോ എന്ന് നമുക്കദ്ഭുതം തോന്നാതിരിക്കുന്നതെങ്ങനെ. ആല്‍ബെര്‍ട്ട് ഐൻസ്റ്റീൻ പണ്ട് ഗാന്ധിജിയെക്കുറിച്ച് പറഞ്ഞതുപോലെ... 'മജ്ജയും മാംസവുമുള്ള ഈ മനുഷ്യൻ ഈ ഭൂമിയിൽ ജീവിച്ചിരുന്നു എന്ന് വരും തലമുറ ഒരു പക്ഷേ വിശ്വസിച്ചെന്ന് വരില്ല'.

സർവ്വേശ്വരൻ ഭൂമിയിൽ അനേകം ജന്തുജാലകങ്ങളെ സൃഷ്ടിച്ചിരിക്കുന്നു. അതിലെ ഓരോ ജീവജാലങ്ങൾക്കും അവരുടേതായ ഒരു ജീവിത ക്രമവും അവന്‍ കല്പിച്ചരുളിയിരിക്കുന്നല്ലോ. ഉയരങ്ങളിൽ കൂടുകൂട്ടുന്ന തേനീച്ചയും മണ്‍കൂനകളിൽ വാസസ്ഥലമൊരുക്കുന്ന കുഴിയാനകളും അവയുടെയതായ ഒരു രീതികളിലൂടെയാണ് മുന്നോട്ടു ചലിക്കുന്നത്. അതില്‍ നിന്നും ഒരു മാറ്റത്തിന് അവകളെ വിധേയമാക്കിയാൽ ഒരുപക്ഷേ, അതവരുടെ നാശത്തിലേക്കാണ് കൊണ്ടു ചെന്നെത്തിക്കുക എന്നുള്ളത് ശാസ്ത്രമാണ്. മനുഷ്യൻ അതിൽ നിന്നൊക്കെ വിഭിന്നമാണങ്കിലും ചില സാഹചര്യങ്ങളിലെ മാറ്റം മനുഷ്യനും അസഹ്യമായിത്തീരുമെന്നുള്ളത് നിസ്സംശയം പറയാം. അതിനോട് പൊരുത്തപ്പെടാനെടുക്കുന്ന അത്രയും കാലം... അതെത്രവലിയ ഉന്നത സൗകര്യങ്ങളിലാണങ്കിലും ഒരു തിരിച്ചുപോക്കിന് അവനാഗ്രഹമുണ്ടാകും.

അനേകം കാലത്തെ ചിട്ടയായ ജീവിതത്തിനിടയിൽ ഉപ്പപ്പാക്ക് തന്റെ ആവാസ വ്യവസ്തയുടെ ഓരോ താളങ്ങളും കൃത്ത്യമായി വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു. ഒരു സാമൂഹികജീവി എന്ന നിലയിലറിഞ്ഞിരിക്കേണ്ട രാശ്ട്രീയബോധം മുതൽ ചുറ്റുപാടുകളിലെ പ്രകൃതിയുടെ അവസ്ഥ വ്യതിയാനങ്ങൾ വരെ അദ്ദേഹത്തിനറിവുണ്ടായിരുന്നു. പകലിന്റെ വെളിച്ചത്തിലും രാത്രിയുടെ ഇരുട്ടിലും കടന്നു പോകുന്ന ഓരോ വഴിത്താരകളിലേയും കാൽപാദങ്ങളുടെ എണ്ണം, കോണിപ്പടുകൾ, എടുക്കേണ്ട ആയാസം തുടങ്ങി എന്തിനെക്കുറിച്ചും അദ്ദേഹത്തിന് ധാരണയുണ്ടായിരുന്നിരിക്കണം. എന്നാൽ, പകൽ വെളിച്ചത്തിന്റെ സൂക്ഷ്മതയിൽ തന്നെ അദ്ദേഹത്തിന് കാലിടറിയത് ആ ആവാസ വ്യവസ്ഥയിൽ വന്ന ചെറിയ താളമാറ്റം കാരണമാവാം. ഓടുകെട്ടിടങ്ങൾ കോൺക്രീറ്റിനു വഴിമാറി, പടികളുടെ എണ്ണവും ഉയരവും കൂടി, ചുവന്ന മൺവഴികളെ ഉറച്ച സിമന്റ് കല്ലുകൊണ്ട് മൂടി. അനേകം നാളത്തെ ആ സുപരിചിതമായ ചുറ്റുപാടിന് സംഭവിച്ച ആ ചെറിയ മാറ്റത്തോട് പോലും സന്ധിയാകാൻ വാർദ്ധക്യത്തിലായ ആരോഗ്യത്തിന് കഴിയാതെ പോയന്നിരിക്കാം. ഒരു ചെറിയ വീഴ്ച മാത്രമായിരുന്നു അത്. പക്ഷേ, അദ്ദേഹത്തിന്റെ ചെറുപ്പകാലത്തിലേക്കുള്ള ഒരു പിന്മടക്കമായി അത് മാറി. ശരീരം വാർദ്ധക്യസഹജമായ പ്രയാസങ്ങൾ കാണിച്ചിരുന്നെങ്കിലും മനസ്സ് അതിനെ മറികടന്നെന്നോണം പൂർണ്ണാരോഗ്യത്തോടെ അനേകം നാളുകള്‍ പിറകോട്ട് സഞ്ചരിച്ച് തന്റെ ശെെഷവത്തിലേക്ക് പറിച്ച് മാറ്റപ്പെട്ടു. ഒരായുസ്സു മുഴുവൻ ചെയ്ത് തീർക്കേണ്ട ഒട്ടനവധി കാര്യങ്ങളും ചെയ്തു വെച്ച്... പ്രവർത്തന സജ്ജരായ ഒരു വലിയ തലമുറയെ വാർത്തെടുത്ത്... ചെറുപ്പത്തിന്റെ നിഷ്കളങ്കതയിലേക്കുള്ള ഒരു ചെറിയ മടക്കമായിരുന്നു അത്. ഓർമ്മകൾ കയ്യാത്തദുരത്തേക്ക് പറന്നകന്ന അക്കാലത്ത് യാത്രകളിലായിരുന്നു അദ്ദേഹത്തിന് കൂടുതൽ കമ്പം. വീടിനകത്ത് എത്ര തളച്ചിടാൻ ശ്രമിച്ചാലും പുറത്തെ പ്രകൃതിയുടെ വെളിച്ചത്തിലേക്ക് വലിയാൻ ശ്രമിക്കുന്ന കുഞ്ഞുങ്ങളെപ്പോലെ അദ്ദേഹം തന്റെ അവശതകളെ വിസ്മരിച്ച് പുറത്തേക്ക് ആകർശിക്കപ്പെട്ടുകൊണ്ടേയിരുന്നു. ഒരിക്കൽ ഒരു കുഞ്ഞിനെപ്പോലെ തന്റെ ഉമ്മയേയും സഹോദരിമാരേയും കാണാനുള്ള അതിയായ ആഗ്രഹം മക്കളോട് പങ്കുവെക്കുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതായി ഞാന്‍ കണ്ടിരുന്നു. കാലത്തിന്റെ ഒഴുക്കിനെ സ്വയം തടഞ്ഞു നിർത്തി ചെറുപ്പത്തിന്റെ വിശുദ്ധിയിലേക്ക് തിരിച്ചു നടന്ന അദ്ദേഹം തന്റെ കുടുംബങ്ങളെ അന്വേഷിച്ചു നടന്നതിനൊടുവിൽ... അവരെ കണ്ടുകിട്ടാതായപ്പോഴുള്ള വ്യസനമായിരിക്കാം അന്നാ കണ്ണുകളിൽ നിന്നുതിർന്ന ധാരകൾ എന്ന് തോന്നുന്നു .

അസുഖബാധിതനായി കിടപ്പിലായത് ഒരു ദിവസം പെട്ടന്നായിരുന്നു. മറ്റു പലപ്പോഴത്തേയും പോലെ പൂർണ്ണാരോഗ്യത്തോടെ തിരിച്ചുവരും എന്ന് തീർച്ചപ്പെടുത്തിയ ഒരു ദശാ സന്ധിയിൽ ആരെയും ഗൗനിക്കാതെ, ആരോടും യാത്രപറയാതെ അദ്ദേഹം അല്ലാഹുവിങ്കലേക്ക് യാത്രയായി. ശാന്തപുരം മഹല്ല് ഖബർസ്ഥാനിലെ വടക്ക് ഭാഗത്തെ പറങ്കിമാവിന്റെ ചുവട്ടിൽ അദ്ദേഹത്തിന്റെ ഖബർ കമ്മ്യൂണിസ്റ്റ് പച്ചകൾ മറച്ചതു കണ്ട ഒരു നാൾ ഞാനും എന്റെ സഹോദരനും അതിന്റെ പരിഭവം വീട്ടിലറിയിച്ചു. അങ്ങനെയാണ്‌ ഉമ്മമ്മയുടെ നിർദ്ദേശപ്രകാരം അൽപ്പം കറുത്ത ചായവും ബ്രഷുമായി ഞങ്ങളവിടെ എത്തിയത്. ഒരായുസ്സ് മുഴുവൻ ആ കുറിയ മനുഷ്യൻ ചെയ്ത് കൂട്ടിയ ഒരായിരം നന്മകളുടെ അടയാളം പോലെ ആ കറുത്ത വർണ്ണം കൊണ്ട് അദ്ദേഹത്തിന്റെ ഖബറിടത്തിലെ മീസാൻ കല്ലിൽ ഞങ്ങൾ 'എ എച്ച് ചുങ്കം' എന്ന് രേഖപ്പെടുത്തി. ഞങ്ങളുടെ വന്ദ്യ പിതാവിന് ഈ ലോകം നൽകാൻ വിട്ടുപോയ അംഗീകാരത്തിന്റെ പൂർത്തീകരണം പോലെ.

ഞങ്ങളുടെ പ്രിയപ്പെട്ട മർഹൂം... താങ്കൾക്ക് സർവ്വശക്തനായ ദെെവം എല്ലാ അനുഗ്രഹങ്ങളും നൽകുമാറാകട്ടെ...

No comments:

Post a Comment