Friday, 19 January 2018

തിളങ്ങുന്ന മുഖം

സുബഹി നമസ്കാരത്തിന്നായി പള്ളിയിലേക്കിറങ്ങും നേരമാണ് രാത്രിയിലെപ്പോഴോ ഉണർന്ന് വീടിനകത്തെ ആളനക്കത്തിന്നായി കാത്തിരിക്കുന്ന ഉമ്മമ്മയെ ഞാന്‍ മുറിയില്‍ കാണുന്നത്. എന്നെ കണ്ടതും വളരെ പ്രയാസപ്പെട്ടെന്നോണം അവർ പറഞ്ഞു.
 
"കുടിക്കാനിത്തിരി വെള്ളമെടുത്ത് തരുമോ" എന്ന്.
 
ആ വാക്കുകളില്‍ വല്ലാത്തൊരു അപേക്ഷയുണ്ടായിരുന്നു. പേടിപ്പെടുത്തുന്ന എന്തോ സ്വപ്നം കണ്ട് ഞെട്ടിയുണർന്നത് മാതിരിയോ… ശാരീരിക വല്ലായ്മ മൂലമോ അവരാകെ പരിക്ഷീണിതയിലായിരുന്നു. ഞാൻ വേഗത്തിൽ അടുക്കളയിലേക്ക് ചെന്ന് ഒരു ഗ്ലാസിലല്‍പ്പം വെള്ളമെടുത്ത് അവര്‍ക്ക് നീട്ടി. ചെറിയ കുഞ്ഞുങ്ങള്‍ വെള്ളം കുടിക്കുന്നത് പോലെ അവരാ വെള്ളം മൊത്തി കുടിക്കുമ്പോൾ ആ കെെകൾ വിറക്കുന്നുണ്ടായിരുന്നു. ഗ്ലാസ്സിലെ വെള്ളത്തുള്ളികള്‍ മേലുടുപ്പിൽ ഉറ്റിവീഴുമ്പോഴും ആര്‍ത്തിയോടെ അവരത് കുടിക്കുന്നത് കാണാം. ഞാൻ അല്‍പ്പം നേരം അത് നോക്കി നിന്നു. പിന്നെ, ഒന്നും തന്നെ ചോദിക്കാൻ നിക്കാതെ സുബഹി ജമാഅത്തിന്നായി വേഗത്തിൽ പള്ളിയിലേക്കിറങ്ങി. അന്ന് ഞാനറിഞ്ഞിരുന്നില്ല... വരാനിരിക്കുന്ന ആ നമസ്കാരത്തേക്കാൾ പുണ്യകരമായതൊന്ന് വീട്ടിലുപേക്ഷിച്ചാണ് പള്ളിയിലേക്ക് ന്നടന്ന് നീങ്ങിയതെന്ന്.
 
പിന്നെ, കുറെ നാളുകള്‍ക്ക് ശേഷം അന്നവസാനമായി ഞാനവരെ കാണുന്നത് നഗരത്തിലെ ഒരു പഴയ ആശുപത്രി കെട്ടിടത്തിലെ 15ആം നമ്പര്‍ മുറിയിലായിരുന്നു. ആശുപത്രിയുടെ മരപിടിയുള്ള ഗോവണിയിലൂടെ കയറി ചെന്നാൽ എത്തിച്ചേരുന്ന ഇടുങ്ങിയ ഇടനാഴിയുടെ ഒത്തമധ്യത്തിലാണ് ആ മുറി സ്ഥിതി ചെയ്തിരുന്നത്. അവിടേക്കന്ന് ഞാൻ കയറി ചെല്ലുമ്പോൾ മക്കളുടേയും മരുമക്കളുടേയും നടുവില്‍ തൂവെള്ള വസ്ത്രമൊക്കെ ധരിച്ച് സന്തോഷവദിയായി അവരെ കാണപ്പെട്ടു. അവർ കട്ടിലില്‍ ഇരുകാലുകളും നീട്ടി അന്തസ്സോടെ ഇരിക്കുകയായിരുന്നു. മരുമക്കളിലാരോ ഒരു സ്പൂണിൽ ഭക്ഷണം വായിലേക്ക് പകര്‍ന്ന് നല്‍കുന്നുമുണ്ട്. ഞാനന്നുവരെ കാണാത്ത ഒരു തരം പ്രസരിപ്പ് അവരുടെ മുഖത്ത് നിന്നും ഞാൻ വായിച്ചെടുത്തു. ആ തടിച്ച് ചുളിവ് വീണ വെള്ള മുഖത്ത് വല്ലാത്തൊരു പ്രകാശം... അതവിടെ വെളിച്ചമായി പരന്നൊഴുകുന്നു. ഒരുപക്ഷേ, ആശുപത്രിയാണങ്കിൽ പോലും വല്ലാത്തൊരു ആശ്വാസം അവരവിടെ അനുഭവിക്കുന്നുണ്ടായിരിക്കാം... മക്കളും മരുമക്കളും പേരക്കുട്ടികളുമായ കുടുംബത്തിലെ ആപാലവൃദ്ധം ജനങ്ങൾ തനിക്ക് ചുറ്റിലും പൂമ്പാറ്റകളെപ്പോലെ പാറി നടക്കുന്ന ഒരു ലോകമാണ് അവരുടെ സ്വപ്ന വീട്... ഒരു വലിയ തടവാട്. ആ വീടിന്റെ ഒത്ത നടുക്ക് ഒരു റാണി കണക്കെ അവരും. ആ ജീവിതാന്ത്യത്തിലുടനീളം അത്തരമൊരു ജീവിതത്തിനവർ അറ്റമില്ലാതെ ദാഹിച്ചിരുന്നു എന്നെനിക്ക് തോന്നിയിട്ടുണ്ട്.
 
ഒടുവില്‍, അന്നോ അതിന്റെ പിറ്റേ ദിവസമോ ആണന്ന് തോന്നുന്നു... തിരക്കിട്ട ഒരു ഓഫീസ് ദിനത്തിനിടയിലാണ് ഉപ്പ ഒരു വാര്‍ത്ത എന്നെ വിളിച്ച് അറിയിക്കുന്നത്.
 
“ഉമ്മമ്മ മരിച്ചു”
 
എനിക്കെന്തോ അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇന്നലെ അത്രക്ക് ആരോഗ്യവതിയായി ഞാന്‍ കണ്ട അവർ മരിക്കുകയോ... അതെങ്ങനെ നടക്കും... എങ്കിലും, ഓഫീസിൽ ലീവ് വേണമെന്നപേക്ഷിച്ചു. കാരണം ചോദിച്ചപ്പോൾ അവരോട് പറഞ്ഞു.
 
“ഉമ്മമ്മ ആശുപത്രിയിലാണ്, എന്നെ കാണണമെന്ന് പറയുന്നു” എന്ന്.
 
ഞാൻ വീണ്ടും ആ ആശുപത്രിയിലെത്തി മരപ്പിടിയുള്ള കോണി കയറി ഇടുങ്ങിയ ഇടനാഴിയുടെ മദ്ധ്യത്തിലെ ആ മുറിയുടെ മുന്നില്‍ അല്‍പ്പ നേരം അനങ്ങാതെ നിന്നു. പിന്നെ, ചാരിയ വാതിൽ പൊളിയിലൂടെ അതിനകത്തേക്ക് ഒളിഞ്ഞുനോക്കി... എല്ലാവരും നല്ല കരച്ചിലിലാണ്. അവർക്ക് മുന്നില്‍ കട്ടിലില്‍ അനക്കമില്ലാത്ത ഉമ്മമ്മയുടെ ശരീരം ഉണ്ടായിരുന്നിരിക്കണം. ഒരു വെള്ള തുണി മാത്രമാണ് ഞാന്‍ കണ്ടത്. അവിടേക്ക് നോക്കിയില്ല എന്ന് പറയുന്നതാവും ശരി. എനിക്കെന്റെ കാലുകൾ വിറക്കുന്നുണ്ടായിരുന്നു... ഹൃദയം നുറുങ്ങി. പക്ഷേ, ഞാന്‍ കരഞ്ഞില്ല. എന്തിന്‌ കരയണം. ഞാൻ അവസാനമായി കണ്ട എന്റെ ഉമ്മമ്മ നല്ല പ്രസന്നവദിയായിരുന്നു. പൂര്‍ണ്ണ ചന്ദ്രന്റെ നിലാവ് പോലെ തിളങ്ങുന്ന മുഖവുമായാണ് ഞാന്‍ അവരെ ഒടുവില്‍ കാണുന്നത്... ആ മുഖമോര്‍ത്ത് എങ്ങനെ കരയാന്‍ കഴിയും. ഞാൻ ആ മുറിയുടെ മുന്നില്‍ നിന്നും അല്‍പ്പം നടന്ന ശേഷം അവിടെ കണ്ട ഒരു കസേരയിലിരുന്ന് എന്തൊക്കെയോ ആലോചിച്ചു. പിന്നെ, എണീറ്റ് ബസ്സ് കയറി വീട്ടിലേക്ക് തിരിച്ചു.
 
മയ്യത്ത് വീട്ടില്‍ കൊണ്ട്‌ വന്നപ്പോഴും അവസാനമായി ആ മുഖമൊന്നൊരു നോക്കുകാണാൻ ഞാനവരുടെ അരികില്‍ ചേന്നില്ല. തിരക്കിട്ട ജോലികളിലായിരുന്നു ഞാന്‍. ആളുകള്‍ക്കിരിക്കാനുള്ള കസേരകൾ ശരിയാക്കുന്നതിലും, കുഞ്ഞുങ്ങളെ നോക്കുന്നതിലും ഞാന്‍ മുഴുകി. നിരന്തരമായ തിരക്ക്. ഒടുവില്‍, മറവ് ചടങ്ങുകളെല്ലാം തീര്‍ത്ത് വൈകുന്നേരത്തോടെ ഖബറിസ്ഥാനിൽ നിന്നും മടങ്ങുമ്പോൾ എന്റെ മനസ്സെന്നോട് മന്ത്രിച്ചു.
 
ഉമ്മമ്മ ഇപ്പോഴുമുണ്ടവിടെ... ആ തിളങ്ങുന്ന മുഖവുമായി... മര ഗോവണി കയറിയാൽ കാണുന്ന ഇടനാഴിക്ക് വലതുവശത്തെ 15ആം നമ്പര്‍ മുറിയില്‍.
 
ചിലത് ഓർമിക്കുമ്പോഴേ മനസ്സിനകത്ത് ഒരു വിങ്ങൽ രൂപപ്പെടും. പുക നിറഞ്ഞ മുറിയിൽ നിന്നും പുറത്ത് കടക്കാൻ ശ്രമിക്കും പോലെ ആ ഓർമ്മകളിൽ നിന്നും എത്ര കുതറി മാറാൻ ശ്രമിച്ചാലും സാധ്യമാകില്ല. അവരുടെ അഭാവത്തില്‍ മനസ്സ് ഞെരിഞ്ഞമരുമ്പോൾ പലജാതി ചിന്തകൾ മനസ്സിലേക്ക് കടന്ന് വരും. തിരക്കുകളൊക്കെ മാറ്റിവെച്ച് അവരുടെ കൂടെ വിഷമങ്ങളും സന്തോഷങ്ങളുമൊക്കെ അന്വോഷിച്ച് കുറച്ചധികം സമയം വർത്തമാനം പറഞ്ഞിരിക്കാമായിരുന്നു എന്ന് തോന്നും. ഒടുവിൽ, കൂടെ നിന്നൊരു സെല്‍ഫി എടുത്ത് സലാം പറഞ്ഞ് വിട പറയുമ്പോൾ നെറ്റിയില്‍ ഒരു ചുടു മുത്തം കൊടുത്തിരുന്നെങ്കിലെന്നും മനസ്സെന്നോട് മന്ത്രിക്കാറു‌ണ്ട്.
 
അല്ലാഹു അവരുടെ മരണാനന്തര ജീവിതം വിജയിപ്പിക്കട്ടെ.

No comments:

Post a Comment