ഒരു തൊടി മാഹാത്മ്യം പറയാം...
തെക്കന്‍ മലയുടെ ചെരുവിൽ എന്റെ പിതാവിന്റെ പേരിലുള്ള 9 സെന്റ് സ്ഥലത്താണ് ഞങ്ങളുടെ പുരയിടം സ്ഥിതി ചെയ്യുന്നത്. ജില്ലി കല്ലുകൾ വിരിച്ച് മനോഹരമാക്കിയ മുറ്റത്ത് ഏകദേശം ഇടത്തുമാറി ഞങ്ങളുടെ ഇരു നില വീടും, അതിന്റെ വലത് വശത്ത് ചാടി കടക്കാൻ പാകത്തിലുള്ളൊരു തിണ്ടു കെട്ടിയതിനപ്പുറം തൊടിയും സ്ഥിതി ചെയ്യുന്നു. ഏകദേശം 3 സെന്റിൽ കൂടാത്ത സ്ഥലമേ അവിടെയുള്ളൂ. തൊടിയുടെ ഒരു ഭാഗത്ത് ഭൂനിരപ്പിന് താഴെ ഒരു വലിയ സെപ്റ്റിക് ടാങ്കാണുള്ളത്. കോണ്‍ക്രീറ്റ് ഭീമുകൊണ്ട് മറച്ച അതിനു മുകളിലല്‍പ്പം മണ്ണുയർത്തി വെച്ചിട്ടുണ്ടങ്കിലും ചില അലപലാതി കളകളൊഴിച്ച് കാര്യമായൊന്നും ആ ഭാഗത്ത് വളരുന്നില്ല എന്ന് പറയേണ്ടതില്ലല്ലോ. അതിന് തൊട്ടടുത്താണ് നിറയെ തേങ്ങകളുമായി ഉമ്മയുടെ സ്വന്തം തെങ്ങ് സ്ഥിതിചെയ്യുന്നത്. തെങ്ങിന് വളരെ ചെറിയ പ്രായമാണ്.
മധുര പതിനേഴ്
അതിനാല്‍ തന്നെ ഏവരെയും അത്ഭുദപ്പെടുത്തിയെന്നോണം നല്ല മാധുര്യവും കഴമ്പുമുള്ള ധാരാള കണക്കിന് തേങ്ങകൾ അത് ഞങ്ങൾക്ക് നല്‍കുന്നു. തെക്കന്‍ മലയില്‍ നിന്നും ഇടക്കിറങ്ങി വരുന്ന കുരങ്ങന്മാർ താഴ്‌വാരത്തെ തെങ്ങുകളിൽ നിന്നൊക്കെയും തേങ്ങകൾ തുരന്ന് വെള്ളമകത്താക്കാറുണ്ടങ്കിലും മഹത്തായ ഞങ്ങളുടെ തെങ്ങിലേക്ക് മാത്രം അവരുടെ ദൃഷ്ടി പതിഞ്ഞിട്ടില്ല. അത് കൊണ്ട് തന്നെ തേങ്ങകൾ സുലഭമായി ലഭിച്ച് വരുന്നു. തെങ്ങിനെ കൂടാതെ എന്റെ ഓരോ ഒഴിവ് കാലത്തും ഞാന്‍ നട്ട് പിടിപ്പിച്ചതും തനിയെ വളര്‍ന്നതുമായ അനവധി നിരവധി മരങ്ങളാണ് തൊടിയിലങ്ങനെ വളര്‍ന്ന് പന്തലിച്ച് നില്‍ക്കുന്നത്. ഞാൻ മാത്രമല്ല... ഉപ്പയും ഉമ്മയും അതിനായി വിയര്‍പ്പൊഴുക്കിയിരിക്കുന്നു.
വാഴ 15
പ്ലാവ് 2
മൂച്ചി 2
വേപ്പ് വലുത് 1
തേക്ക് 1
മുള 1
പേര 2
ലക്ഷ്മി തരു 1
പപ്പായ 3
മുരിങ്ങാ വലുത് 1
അരി നെല്ലി 1
പുളി 1
ഈനാമ്പഴം 1
ഇതൊക്കെയാണ് ആ മരങ്ങൾ. എന്നിരുന്നാലും, അങ്ങനെ വീണ്ടുമൊരൊഴിവ് ദിനത്തിലാണ് ഞാനിന്നുള്ളത്. വിരസമായ ദിനങ്ങള്‍. സദാസമയവും തൊടിയിൽ ചിലവഴിക്കാനാണ് എനിക്കിഷ്ടം... അതിന് സാധ്യമാകാറില്ലെങ്കിലും. മരങ്ങള്‍ക്ക് ചുറ്റും മണ്ണ് മാന്തിയിടുക, അനാവശ്യ ചില്ലകള്‍ മുറിച്ച് മാറ്റുക, കള പറിച്ച് നിലമടിച്ചുവാരി വൃത്തിയാക്കുക, ചെമ്മലയിൽ തീയിടുക, പുതിയ തൈകൾ നട്ട് പിടിപ്പിച്ച് വെള്ളമൊഴിക്കുക. അങ്ങനെ അനേകമനേകം ജോലികള്‍. മനസ്സിനും ശരീരത്തിനും അത് എന്തെന്നില്ലാത്ത ഊർജ്ജമാണ് പകര്‍ന്നു നല്‍കുന്നതെന്ന പറയേണ്ടതില്ലല്ലോ. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ചിരകാല ബന്ധത്തിന്റെ തെളിവുപോലെയാണ് ആ അനുഭവം.
"എന്തിനാ മകനെ നീ അവിടെ കിടന്നങ്ങനെ കഷ്ടപ്പെടുന്നത്" ഉമ്മയുടെ ശബ്ദമപ്പോൾ ഉയരും.
വീട്ടില്‍ വിരുന്ന് പാര്‍ക്കാൻ വരുന്നവര്‍, ഉമ്മയുടെ അടുത്ത് വൈകുന്നേരത്തെ വെടി പറച്ചിലിന് വരുന്നവര്‍, വെറുതെ സന്ദര്‍ശനത്തിന് വരുന്നവര്‍ തുടങ്ങിയവർകൊക്കെയും തൊടിയിൽ വളരുന്ന ആ വിഭവങ്ങൾ അഭിമാനത്തോടെയവർ കാണിച്ചു നല്‍കുന്നത് കാണാറുണ്ടങ്കിലും ഞാന്‍ തൊടിയിലേക്കിറങ്ങുന്നത് തീരെ അവർക്കിഷ്ടമല്ല. ശരീരത്ത് മണ്ണ് പുരളുക, ക്ഷീണിച്ച് വിയര്‍ത്തൊലിക്കുക, ആയുധങ്ങളെന്തെങ്കിലും ശരീരത്ത് കൊണ്ട് മുറിപ്പെടുക, വെയിലടിച്ച് കരുവാളിക്കുക എന്നിത്യാദികളെന്തെങ്കിലുമെനിക്ക് സംഭവിച്ചേക്കുമോ എന്നാണ് അവരുടെ ഭീതി.
"എനിക്ക് വേണ്ടിയല്ലുമ്മ... മക്കള്‍ക്ക്... അവരുടെ മക്കള്‍ക്ക്... അവരുടെ മക്കളുടെ മക്കള്‍ക്ക് ഒക്കെ വേണ്ടിയുള്ളതാണിത്" ഞാന്‍ വെറുതെ ഉമ്മയോട് കസറും.
അങ്ങനെ തൊടിയിലോരോ പ്രവര്‍ത്തനങ്ങളുമൊക്കെയായി അങ്ങനെ നില്‍ക്കുമ്പോഴാണ് ഗയ്റ്റ് കടന്ന് ഏതാനും പേർ കടന്നു വരുന്നത് ഞാന്‍ കണ്ടത്. ഇൻസൈഡ് ചെയ്ത ഷർട്ടും പേന്റുമാണവരുടെ വേഷം. തനി പരിഷ്കാരികൾ. കയ്യിലേതാനും പുസ്തകങ്ങളും തോളിലൊരു സഞ്ചിയും. ഞാൻ കൈകാൽ കഴുകി അവരുമായി അകത്തേക്കിരുന്നു. അവർ അവരെ സ്വയം പരിചയപ്പെടുത്തി.
"യഹോവയുടെ സാക്ഷികൾ"
യഹോവ,
സകല ലോക ചരാചരങ്ങളേയും സൃഷ്ടിച്ച് പരിപാലിച്ച് മടക്കി വിളിക്കുന്ന ഏകദൈവവും, സ്രഷ്ടാവും, സർവ്വശക്തനുമായവൻ. മുസ്ലീങ്ങളുടെ അല്ലാഹുവും, ജൂതന്മാരുടെ യഹോവയും, ക്രൈസ്തവരുടെ പിതാവും അവനാകുന്നു. ആദിപരാ ശക്തി. ഈ ലോകവും പ്രപഞ്ചവും ഉണ്ടായി തീരുന്നതിന് മുന്നേ... അറ്റമില്ലാത്തൊരു കാലത്തിന്റെ അധീശൻ. എല്ലാത്തിന്റെയും സ്രഷ്ടാവ്. പ്രവാചകന്മാരായ അബ്രാഹാമും മോശയും യേശുവും ആരാധിച്ച ദൈവം. പിന്നീട് പ്രവാചകൻ മുഹമ്മദ് ആരാധിച്ച അല്ലാഹുവും അവന്‍ തന്നെ. ഏതെങ്കിലും ഒരുകൂട്ടം ആളുകളുടെ മാത്രമല്ല ഭൂമിയിലുള്ള സകലരുടെയും ദൈവമാണ് യഹോവ.
യഹോവയുടെ സാക്ഷികൾ ക്രെെസ്തവ മതത്തിലെ ഒരു സ്വാതന്ത്ര്യ പ്രബോദക സംഗമാണ്. 100ൽ കുറയാത്ത വർഷങ്ങൾക്ക് മുമ്പ് അമേരിക്കയിലോ മറ്റോ ആണ് അവരുടെ ജനനമെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ക്രെെസ്തവ മതത്തിലെ തികച്ചും വെത്ത്യസ്തമായൊരു വിഭാഗം. കുരിശാരധന, ത്രിത്വസങ്കൽപ്പം പോലുള്ള ചില പ്രധാന വിഷയങ്ങളിൽ മറ്റു ക്രൈസ്തവ വിഭാഗങ്ങളിൽ നിന്നും അവർ ശക്തമായ അകലം പാലിച്ച് വരുന്നു. കൂടാതെ, ക്രിസ്തുമസ്, ഈസ്റ്റർ, ജന്മദിനം എന്നിവക്ക് മതത്തിൽ സ്ഥാനമേയില്ല എന്നവർ വാദിക്കുന്നു. അക്കൂട്ടരിലെയൊരു പ്രതിനിധി സംഗമാണ് ഇന്നെന്റെ വീട്ടിൽ വന്ന മേല്‍ സുഹൃത്തുക്കൾ. പ്രബോധനാവശ്യാർത്ഥം അവരുടെയൊരു പരിപാടിയിലേക്ക് ക്ഷണിക്കലായിരുന്നു ഉദ്ദേശ്യം.
അവർ അവരുടെ മതത്തെക്കുറിച്ച് ഏറെ സംസാരിച്ചു. അവരുടെയും എന്റേയും വിശ്വാസങ്ങളിലെ ചില പൊതുധാരകളെക്കുറിച്ച് ഞങ്ങൾ വാചാലരായി. എന്റെ ചില സംശയങ്ങൾക്കവർ മറുപടി നല്‍കി. ചിലവയുടെ ഉത്തരം പിന്നീട് പഠിച്ച് അറിയിക്കാമെന്നേറ്റു. എന്നുവെച്ചാൽ, അവരെ അനങ്ങാൻ സമ്മതിക്കാത്ത കുറേ കനപ്പെട്ട ബുദ്ധിജീവി ചോദ്യങ്ങളൊന്നും ആയിരുന്നില്ല അത്. എന്നിരുന്നാലും, ഒരു ഔദ്യോഗിക സംവാദം കണക്കേ ശാന്തവും ഗംഭീരവുമായിരുന്നു അതെന്ന് പറയാതിരിക്കാന്‍ കഴിയില്ല. വായിച്ചഭിപ്രായം അറിയിക്കണമെന്നപേക്ഷിച്ച് എതാനും പുസ്തകങ്ങളും അവരെനിക്ക് സമ്മാനിച്ചു. ഞാൻ സ്വീകരിച്ചു. സന്തോഷം... സംസാര മധ്യേ ഒരു ചിത്രം അവരെനിക്ക് കാണിച്ചു നല്‍കിക്കൊണ്ട് പറഞ്ഞു.
"ഇതാണ് ഞങ്ങൾ മുന്നോട്ട് വെക്കുന്ന നീതിയുടെ ലോകം"
ഒരു സിംഹവും, അതിന്റെ സമീപത്ത് അരുമയോടെ അതിനെ തലോടിയെന്നോണം ഒരു ചെറിയ കുഞ്ഞും... അതായിരുന്നു ആ ചിത്രം.
സകല തിന്മകളുടേയും... അസൂയ കുശുമ്പ് തുടങ്ങി അനീതിയന്യായങ്ങളുടേയും ഉച്ഛനീചത്വങ്ങളുടേയും ഏറ്റവും ഉയർന്ന പ്രാഗ് രൂപമാണ് മൃഗരാജനായ സിംഹത്തിലവർ പ്രതിഫലിപ്പിച്ചിരിക്കുന്നതെന്ന് എനിക്ക് തോന്നി. ആ അതിഭയങ്കരനായ സിംഹരാജന്റെ അടുത്ത് സാഹോദര്യം കൊണ്ടും പരസ്പര സഹകരണ മനോഭാവം കൊണ്ടും മാത്രം നേടാൻ കഴിയുന്ന സവിശേഷമായൊരു സാഹചര്യത്തിന്റെ ഫലമായൊരു കുഞ്ഞ് നില്‍ക്കുന്നു.
എന്നാൽ, മേലുദ്ദേശത്തിന്റെ ഒരു പ്രതിഫലനവും ആ ചിത്രത്തിലില്ല എന്നെനിക്ക് തോന്നി. പരമ നിഷ്കളങ്കയായ ആ കുഞ്ഞിന്റേയും സിംഹത്തിന്റേയും സ്ഥാനത്ത് മനുഷ്യരാകുന്നതായിരുന്നു ഉചിതമെന്ന് ഞാൻ വെറുതെ ചിന്തിച്ചു. കാരണം, വര്‍ഗ്ഗ ശത്രുക്കൾ മനുഷ്യരും മൃഗങ്ങളും തമ്മിലല്ലല്ലോ മനുഷ്യരും മനുഷ്യരും തമ്മിലാണല്ലോ.
ലോകത്ത് നടമാടുന്ന ഇന്നത്തെ സകല ഉഛനീചത്വങ്ങൾക്കും പരിഹാരം യഹോവയുടെ അഥവ ദെെവത്തിന്റെ പരമാധികാരം ഭൂമിയില്‍ നടപ്പിൽ വരുത്തുക മാത്രമാണന്നവർ പറഞ്ഞ് വെച്ചു. ഇപ്പോൾ നാം ജീവിക്കുന്നത് ഒരന്ത്യകാലത്താണെന്നും വളരെ പെട്ടെന്നു തന്നെ യഹോവയായ ദൈവം ഈ ഭൂമിയെ കീഴ്മേല്‍ മറിക്കുമെന്നും അവർ വിശ്വസിക്കുന്നു.
അതിശയസംഭ്രമമായ ലോകാവസാനം...
സ്വാഭാവികമായി ചലിച്ച് കൊണ്ടിരിക്കുന്ന ഒരു ദിനത്തിന്റെ അന്ത്യത്തില്‍ എവിടെനിന്നോ ഒരു കാഹള ശബ്ദമുയരുന്നത് കേള്‍ക്കുന്നതോടു കൂടിയാണ് ലോകാവസാനത്തിന്റെ തുടക്കം. ഒരു പക്ഷേ, ഭൂനിവാസികള്‍ മുഴുക്കെയും ഒരേ സമയം കേള്‍ക്കുന്ന ആദ്യ നാദമതായിരിക്കാം അത്. മഹാ വിസ്മയകരമായ അത്ഭുദ നാദം. സൈറൺ പോലെ. അതാകുന്നു അന്തിമ കാഹളം. അതോടു കൂടി മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയാതാകും. തന്റെ മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞിനെ ഉപേക്ഷിച്ച് മാതാവ് പോലും ഇറങ്ങിയോടുന്ന നിമിഷം. എന്നാൽ, ഒരുകൂട്ടർ മാത്രം അന്ന് തങ്ങളുടെ ജോലിയില്‍ മുഴുകിയിരിക്കുന്നത് കാണാൻ കഴിയുമത്രെ.
"ആരാണവർ?" ഞാന്‍ ചോദിച്ചു.
"മരങ്ങൾ നട്ടു പിടിപ്പിക്കുന്നവർ. അതിൽ വെള്ളം ഒഴിക്കുന്നവർ... തടം കെട്ടി കൊണ്ടിരിക്കുന്നവർ". അവർ പറഞ്ഞു നിർത്തി.
ഒടുവിൽ... ഒരോ ക്ലാസ് നാരങ്ങ വെള്ളം കുടിച്ച് പിന്നീട് കാണാമെന്ന് പറഞ്ഞ് യാത്ര പറഞ്ഞവരിറങ്ങുന്ന വേളയില്‍ ഞാനെന്റെ ലെെബ്രറിയൽ നിന്നും 'ക്രിസ്തുമതവും ക്രിസ്തുവിന്റെ മതവും' എന്ന ഗ്രന്ഥം അവര്‍ക്ക് സമ്മാനിച്ചു. എന്റെ സ്വകാര്യ ഗ്രന്ഥാലയത്തിന്റെ ഏറ്റവും ഉചിതമായ ഉത്തരവാദിത്ത നിര്‍വ്വഹണമാണതെന്നാണ് എനിക്ക് തോന്നിയത്.
ഈ രാജ്യത്തിന്റെ ഭരണഘടന ഒരോ പൗരനും നൽകിയ ആശയം കൈമാറ്റത്തിനുള്ള സ്വാതന്ത്രം എത്ര തന്മയത്വത്തോടെയാണ് ഞങ്ങളുപയോഗിച്ചത്. ഒരു കമ്മ്യൂണിസ്റ്റിന് തൊഴിലാളി വർഗ്ഗ സിദ്ധാന്തം പ്രചരിപ്പിക്കാൻ അവകാശമുള്ളപോലെ, ഒരു നാസ്തികൻ മതനിഷേധം ഉദ്ഘോഷിക്കുവാൻ അവകാശമുള്ളത് പോലെ, ഓരോ ക്രിസ്ത്യാനിക്കും മുസ്ലിമിനും ഹിന്ദുവിനും സൗഹൃദ സംഭാഷണങ്ങൾ പോലെ അവരുടെ വിശ്വസവും മറ്റുള്ളവർക്ക് പകർന്ന് നൽകുവാൻ സാധിക്കേണ്ടതുണ്ടന്ന് എനിക്ക് തോന്നി. അതിനെ തടയിടാൻ ശ്രമിക്കുന്നവരാരായാലും, അവർ ആശയദാരിദ്രം അനുഭവിക്കുന്നവരല്ലാതെ മറ്റാരുമാകാൻ തരമില്ല.
ഞാൻ വീണ്ടും ചെറിയ തിണ്ട് കടന്ന് തൊടിയിലെ മരതണലിലേക്ക് നടന്നു.



No comments:
Post a Comment