Saturday, 4 August 2018

സയ്യിദ്

കോഴിക്കോട് തളി ക്ഷേത്ര കുളം. അതിന്റെ കരയില്‍ വെറുതെ ഇരിക്കുകയാണ് ഞാന്‍. അതി പുരാതനവും വിശാലവുമായ ക്ഷേത്രകുളം. അരികിലായി പ്രശസ്തവും സാമൂതിരിമാരുടെ ആസ്ഥാന കോവിലുമായ തളി ക്ഷേത്രം. സമചതുരമാണ് കുളത്തിന്റെ രൂപം. കൂടാതെ നല്ല ആഴവും കാണുമായിരിക്കുമതിന്.

അഗാധമായ ആഴം.

ഈ ഭൂമിയിലെ ഏറ്റവും ആഴം കൂടിയ ഭാഗം മനുഷ്യന്‍ കീഴടക്കിയിട്ടുണ്ടോ. അത്ഭുദ വിശാലമായ സമുദ്രത്തിലാണത് സ്ഥിതി ചെയ്യുന്നതെന്നെനിക്കറിയാം. സമുദ്രത്തിന്റെ അടിത്തട്ടിൽ നിശബ്ദനായങ്ങനെ അവന്‍ കഴിഞ്ഞ് വരുന്നു. സംശയം ഗൂഗിൾ ഗുരുവിനോട് ചോദിച്ചു. ഉത്തരമിതാ കിടക്കുന്നു.

'മാറിയ ട്രഞ്ച്'

അവിടുത്തെ കാണാ താഴ്ചയിലെ ഏതോ ഒരു നിഗൂഢ പ്രതലത്തിനെ ശാസ്ത്ര ലോകം 'മറിയ ട്രഞ്ച്' എന്നാണ്‌ പേരിട്ട് വിളിക്കുന്നതെന്ന് സാരം.

കുളത്തിന്റെ മറു കരയില്‍ ആരൊക്കെയോ മുങ്ങി കളിക്കുന്നുണ്ട്. ചിലര്‍ വസ്ത്രം അലക്കുന്നതും കാണാം. വെള്ള പുതളയിൽ മുങ്ങിയ വസ്ത്രങ്ങൾ കുളകരയിലെ കല്ലില്‍ ദേഷ്യത്തോടെ എന്നോണം ആഞ്ഞാഞ്ഞയാൾ തല്ലുന്നു.

പ്രശാന്ത സുന്ദരമായ ഈ വൈകുന്നേരം ഈ മനോഹര കുള കടവില്‍ ഞാന്‍ എത്തിയത് രാവിലെ മുതൽ തുടങ്ങിയ അലച്ചിലിനൊടുവിലാണ്. ചില ആവശ്യങ്ങള്‍ക്കായി നഗരത്തിൽ എത്തി ചേര്‍ന്നതായിരുന്നു ഞാന്‍. പരിപാടികളൊക്കെ കഴിഞ്ഞ വേളയില്‍ ഒരല്‍പ്പം ശുദ്ധ വായു ശ്വസിക്കാനിവിടെ... ഈ കുളക്കടവില്‍ വന്നു ചേർന്നിരിക്കുന്നു. കൂടെ അല്‍പം ചരിത്രത്തെ കൂടി മനസ്സിന്റെ ഭാവന ലോകത്തേക്കാനയിച്ചാനന്ദിക്കാം എന്ന് ഞാന്‍ കരുതി. ചരിത്ര മന്ദിരങ്ങളോട് ചേര്‍ന്നുള്ള പ്രകൃതി സുന്ദരമായ ഇത്തരമിടങ്ങള്‍ എന്തു കൊണ്ടുമതിന്‌ പറ്റിയതാണ്. ചരിത്രം നടന്ന് നീങ്ങിയ വഴിത്താരകളിലൂടെയതും ചിന്തിച്ച് നടക്കുന്നതിനേക്കാൾ മറ്റെന്ത് ആനന്ദമാണീ ഭൂവിലുള്ളത്.

അങ്ങനെ ചിന്തകൾ മനസ്സിനുള്ളിലൂടെ നില്‍ക്കാതെ പ്രവഹിച്ചു കൊണ്ടിരുന്നു. വീട്, ജോലി, പഠനം, എന്നെ ഉപദ്രവിച്ച ചില കാശ്മളന്മാർ, കാശ്, കൂടുതൽ സമാധാനം, സൗന്ദര്യം... പലതിനെ കുറിച്ചുമങ്ങനെ ഗഹന മനോഹരമായി ചിന്തിച്ചിരിക്കുമ്പോഴാണ് കുളത്തിന്റെ ഇടത്തേ കരയില്‍ കല്‍ക്കെട്ടിനോട് ചേര്‍ന്ന് പാടിത്തുയർത്തിയൊരു കെട്ടിടമെന്റെ ശ്രദ്ധയിൽ വരുന്നത്. ഒരു വേദ പഠന കേന്ദ്രം. ഒരു ചെറിയ ക്ലാസിക് രൂപത്തിലുള്ള ബോർഡിൽ സ്ഥാപനത്തിന്റെ പേരും വിലാസവും എഴുതിയിട്ടുണ്ട്. സ്ഥാപനത്തിന്റെ ഘനഗംഭീരമായ ആ പേര്‌ ഞാനോര്‍ക്കുന്നില്ല. എന്തായാലും അവിടുന്നെനിക്കുണ്ടായ ഒരു ചെറിയ അനുഭവമാണ് ഞാനീ കഥയില്‍ അല്ലെങ്കിൽ കുറിപ്പില്‍ പറയാൻ പോകുന്നത്.

അങ്ങനെ ഞാന്‍ നടന്നവിടെ ആ സ്ഥാപനത്തിന്റെ നേരെ മുന്നില്‍ എത്തിച്ചേർന്നിരിക്കുന്നു. ബ്രാഹ്മണ സമൂഹം വേദ പഠന കേന്ദ്രം. ഒരു ചരിത്ര മന്ദിരത്തിന്റേതായ എല്ലാ കെട്ടിലും മട്ടിലുമത് സംരക്ഷിച്ചിരിക്കുന്നത് കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷമാണെനിക്ക് തോന്നിയത്‌. നല്ല വൃത്തിയിലും വെടുപ്പിലുമത് സന്ദര്‍ശകരെ കാത്തിരിക്കുന്നു. ഞാൻ പടിവാതില്‍ കടന്നകത്തേക്ക് കയറി അവിടെ കണ്ടൊരാളോട് വെറുതെ സൊറ പറയാന്‍ തുടങ്ങി. മൂപ്പരവിടുത്തെ സർവസ്വനാണ്. എന്നുവെച്ചാ... വാച്ച് മേനൊക്കെ മാതിരി ഒരു പുള്ളി.

പ്രധാനമായും സംസ്കൃതം, വേദം, ക്ഷേത്രാനുഷ്ഠാനങ്ങൾ, വ്യക്തിത്വ വികസനം തുടങ്ങിയവയൊക്കെയാണ് അവിടെ പഠിപ്പിച്ചു വരുന്നതെന്നയാളെന്നോട് പറഞ്ഞു. വളരെ വിപുലവും ഗഹനുവുമായ പാഠ്യരീതികളിലൂടെയാണത്രേ അതിവിടെ പഠിപ്പിക്കുന്നത്. സംസാരമധ്യേ ഞാനയാളോട് വെറുതെ ചോദിച്ചു.

"ഇവിടെ ബ്രാഹ്മണർക്കു മാത്രമാണോ പ്രവേശനമനുവദിക്കുക... അതോ"

പ്രതീക്ഷിച്ചൊരു ചോദ്യം പോലെ തലയുയർത്തി അയാളെനിക്കുത്തരം നല്‍കി.

"ആദ്യകാലങ്ങളിൽ ക്ഷേത്രാതി കര്‍മ്മങ്ങളിൽ ബ്രാഹ്മണർക്ക് മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളൂ. എന്നാൽ, ഇന്ന് കഥയാകെ മാറിയല്ലോ... മറ്റുളളവർക്കും അതാകാമെന്ന് വന്നിരിക്കുന്നു. അതിനാൽ, ഈ വാതിലുകളിന്ന് എല്ലാവർക്കുമായാണ് തുറന്നിരിക്കുന്നത്".

എന്നു മാത്രമല്ല വേദ പഠനത്തിന് തയ്യാറായി താങ്കൾ വന്നാലും തങ്ങൾ സ്വീകരിക്കുമെന്നും അയാളെന്നോട് അഭിമാനത്തോടെ പറഞ്ഞു.

മാറിയ കാലത്ത് വന്ന ഈ തിരിച്ചറിവ്‌ എത്ര മനോഹരമായിരിക്കുന്നു എന്ന് ഞാന്‍ വെറുതെ ആലോചിച്ചു. ചരിത്രത്തിന്റെ കൗശലപൂര്‍ണ്ണമായൊരു പകരം വീട്ടല്‍ പോലെ.

ദൈവമേ എത്ര എത്ര ചെവികള്‍... ഈയം ഉരുക്കി ഒഴിക്കപ്പെട്ട എത്ര എത്ര അവർണ്ണ ചെവികള്‍. അതായിരുന്നുവത്രെ പോന്നു തമ്പുരാക്കന്മാരുടെ ഏകാധിപത്യ കാലത്ത്‌ വേദം കേള്‍ക്കാനിടയാകുന്ന അവർണ്ണന് ലഭിച്ചിരുന്ന ശിക്ഷ. ഉരുകി ഒലിക്കുന്ന ഈയം ചെവിക്കുള്ളിലേക്കൊഴിക്കുക.

ഹാ... എന്തായാലും ചരിത്രമിവിടെയും നല്ല അസ്സലായി തന്നെ പകരം ചോദിച്ചിരിക്കുന്നു. വളരെ നല്ലത്.

വേദ പഠന ശാലയിൽ നിന്നും മടങ്ങുമ്പോൾ ഞനോർത്തത് മറ്റൊരു കാര്യത്തെക്കുറിച്ചായിരുന്നു. പൂക്കോട്ടൂരിലുള്ള എന്റെയൊരു സഹോദരന്റെ മനപ്രയാസത്തെ കുറിച്ച്.

വളരെ വളരെ സാമ്പത്തിക പ്രയാസമനുഭവിക്കുന്നവനായിരുന്നു അവന്‍. ഒരിക്കല്‍, തന്റെ കുഞ്ഞിന്റെ തുടർ പഠനാവശ്യത്തിന്നായി വീടിന്‌ സമീപത്ത് തന്നെയുള്ള 'മഅദിൻ സാദത്ത് അക്കാദമി' എന്ന വിദ്യാലയത്തിലേക്കവന്‍ ചെന്നുവത്രെ. പഠനം വീടിന്‌ തൊട്ടാകുമ്പോൾ യാത്ര, ഭക്ഷണം എന്നിത്യാദികളുടെയൊക്കെ ചിലവ് നിയന്ത്രിക്കാമല്ലോ എന്നായിരിക്കാം അവന്‍ ചിന്തിച്ചത്. 

അവിടെ ചെന്നുസ്താദിനോട് കാര്യം പറഞ്ഞു. ചോദ്യം മുഴുമിക്കുന്നതിന് മുമ്പേ ഉസ്താദവനോട് തലയുയർത്തി ചോദിച്ചു.

"താങ്കൾ സയ്യിദാണോ". എന്ന്
(ഒരു തരം മുസ്ലീം ജാതി... ലേശം ഉയർന്നത്!).

"മുസ്ലിമാണ്... ഒരു മനുഷ്യനും" അവനുത്തരം നല്‍കി.

"ഓഹോ... എങ്കിൽ മറ്റേതെങ്കിലും സ്ഥാപനം താങ്കൾ തേടികൊൾക. ഇവിടെ സയ്യിദുമാരെ മാത്രമേ പഠിപ്പിക്കൂ. സാധാരണക്കാരെ പഠിപ്പിക്കില്ല".

ശുഭം സുന്ദരം.

No comments:

Post a Comment