പ്രിയതമയുടെ പ്രസവവേദന ശക്തമായ വാര്‍ത്ത കേട്ടാണ് ഞാനിന്നുണർന്നത്. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചേരാൻ ഉമ്മ പറഞ്ഞിരിക്കുന്നു. അത്യാവശ്യ പ്രഭാത കൃത്യങ്ങളൊക്കെ വേഗത്തിൽ ചെയത് തീര്‍ത്ത് ഉടനെ തന്നെ ഞാനിറങ്ങി. ആശുപത്രിയുടെ പിരിയന്‍ ഗോവണി കയറി ലേബർ മുറിക്കു മുന്നിലെ വിശാലമായ വരാന്തയില്‍ ഞാനെത്തി ചേരുമ്പോള്‍ എല്ലാലരുമവിടെ സന്നിഹിതരായിരുന്നു. അവളുടെ ഉമ്മ, നാത്തൂന്‍, ഏട്ടൻ, എന്റെ ഉമ്മ, സഹോദരിമാര്‍ തുടങ്ങി മിക്കവരും. എല്ലാവരും ആശങ്ക നിയലിച്ച മുഖവുമായി ആകാംഷയോടെ അവിടെ കാത്തിരിക്കുന്നു.
ശക്തമായികൊണ്ടിരിക്കുന്ന പ്രസവവേദനയുടെ വാര്‍ത്ത ഇടക്കിടെ ഡോക്ടർ ബുഷ്റ ഞങ്ങളെ അറിയിച്ചുകൊണ്ടിരുന്നു. ഹിജാബും പര്‍ദ്ദയുമൊക്കെ ധരിച്ച... വളരെ മാന്യമായി പെരുമാറുന്ന ഒരാളാണവർ. ആവശ്യമെങ്കിൽ മാത്രമേ തങ്ങൾ സർജറിക്കുള്ള ഏർപ്പാടുകൾ ചെയ്യുകയുള്ളൂ എന്നും അവരറിയിച്ചു. ശേഷം... അനേകം സ്ത്രീകൾ തങ്ങളുടെ പൊന്നോമനകളെ പ്രാണന്‍ മരവിക്കുന്ന വേദനയുമായി കാത്തുകെട്ടികിടക്കുന്ന ലേബർ റൂമിന്റെ സ്വകാര്യതയിലേക്കവർ മറഞ്ഞു.
കാത്തിരിപ്പ്.
പ്രസവം...
മനുഷ്യന്റെ ഭൂവാസത്തിനു തുടക്കം കുറിക്കുന്ന പരിശുദ്ധമാക്കപ്പെട്ട പ്രക്രിയ. വിശാലാത്ഭുദ ലോകത്തെ നിറമേറിയതും ഇരുളടഞ്ഞതുമായ കാഴ്ച്ചയിലൂടെ പിച്ച വെച്ച് നടക്കാൻ അതോടു കൂടി അവന്‍ തുടക്കം കുറിക്കുന്നു. ഭൂമിയിലെ ചൂട്, തണുപ്പ്, കാറ്റ്, മഴ, തീ, ദാഹം, വിശപ്പ്, യുദ്ധം, അക്രമം, കൊള്ള, കൊള്ളിവെപ്പ്, സ്നേഹം, പ്രേമം തുടങ്ങി എല്ലാമെല്ലാം അവിടം മുതൽ അവനും അനുഭവിച്ച് തുടങ്ങുന്നു... പങ്കാളിയാകുന്നു. ചിലതിന് ഉത്തരവാദിയുമാകുന്നു... നന്മ തിന്മകൾ രേഖപ്പെടുത്തി തുടങ്ങുന്നു.
എന്നാൽ, കഴിഞ്ഞ് പോയ എത്ര എത്ര പ്രസവങ്ങൾക്കിടയിലാണ് മനസ്സുകളിൽ ആഴത്തിലുള്ള വേദന സമ്മാനിച്ചു കൊണ്ടത് സംഭവിച്ചിരിക്കുന്നത്...
മരണവും പ്രസവവും... നാണയത്തിന്റെ ഇരു വശങ്ങളാണെന്ന് തോന്നുമാറ്... ആ ഓര്‍മ്മകള്‍ മനസ്സിനെ വല്ലാതെ അലട്ടുമ്പോൾ ഞാനിന്നും അശാന്തനാകുന്നു.
പന്ത്രണ്ട് മണിയോടെയാണന്ന് തോന്നുന്നു ഒരു നെഴ്സ് ലേബർ റൂമിൽനിന്നും തല വെളിയിലേക്കിട്ട് സർജറി പൂര്‍ത്തിയായ വാര്‍ത്ത ഞങ്ങളെ അറിയിച്ചു. അവിട്ടം തിരുനാളിന്റെ സൂര്യതേജസ്സുമായി രണ്ട് പൊന്നോമനകൾ. അവനാണ് ആദ്യം പുറത്ത് വന്നത്. പിന്നാലെ അവളും. ഒരു ചെറിയ വയറികത്ത് ഇരട്ടകളായി വളര്‍ന്നതിന്റേതായ പങ്കുവെക്കൽ കാരണം അവർ തൂക്കം അൽപ്പം കുറവായിരുന്നെങ്കിലും തള്ളയും മക്കളും സുഖമായിട്ടു തന്നെ ഇരിക്കുന്ന വാര്‍ത്ത അവർ ഞങ്ങളെ നിർവികാരമായറിയിച്ചു.
അനേക നാളത്തെ കാത്തിരിപ്പിനൊടുവിൽ ഞാനിതാ ഇന്നൊരു വാപ്പയായി മാറിയിരിക്കുന്നു. അതും ഒറ്റയടിക്ക് രണ്ട് മക്കളുടെ. ഇരുട്ട് പടര്‍ന്ന ഈ ലോകത്ത് ഒരു ചെറിയ വെട്ടമെങ്കിലും ഇവരാലുണ്ടാകട്ടെ. നന്മയുടെ വാക്കും നോക്കും കയ്യും മെയ്യുമാകട്ടെ ഇവർ. ഞാൻ മനസ്സ് കൊണ്ട് പ്രാര്‍ത്ഥിച്ചു.
കഷ്ടി 8 മാസം മാത്രമാണവർ ഗർഭാശയത്തിൽ കഴിഞ്ഞിരിക്കുന്നത്. നേരത്തേയായ പ്രസവം കാരണം അൽപ്പ ദിവസത്തേക്കവരെ കൃത്രിമ ഗർഭാശയത്തിലേക്ക് മാറ്റേണ്ടതുണ്ട്. അതിനായുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം അവളെ മുറിയിലേക്ക് മാറ്റി. മക്കളെ 'നിയോബ്ലസ്സ്' എന്ന് വിളിക്കുന്ന അത്യാധുനികമായൊരു പ്രത്യേക തരം മുറിയിലേക്കും.
ഭൂമിയിലേക്ക് പിറന്നു വീണതിന്റെ അത്ഭുദം മാറാതെ നിയോബ്ലസ്സിലെ കൃത്രിമ ഇളം ചൂടിലവർ കഴിഞ്ഞ് വരുമ്പോൾ... തങ്ങളേതാനും നിമിഷങ്ങൾക്ക് മുമ്പ് കിടന്ന് മറഞ്ഞിരുന്ന ആ വഴുവഴുത്ത ദ്രാവകം നിറഞ്ഞ ഇടം എവിടെയെന്നവർ ചിന്തിക്കുന്നുണ്ടായിരിക്കാം. ഇടക്കിടെ വരുന്ന അമ്മയുടെ തലോടലും ലാളനകളും ഫോണിലൂടെ ഒഴുകി വന്നിരുന്ന ഉപ്പയുടെ ശബ്ദ വീചികളുമൊക്കെ എവിടെ എന്നുമവർ ചിന്തിക്കുന്നുണ്ടാകാം.
തങ്ങളുടെ അമ്മയനുഭവിക്കുന്ന മഹാവേദനയറിയാതെ ഭൂമിയുടെ വിശാലതയിലേക്ക് തങ്ങൾക്കും ചേരാനായോ എന്നവർ ഇടക്കിടെ അന്വോഷിക്കാനിറങ്ങിവന്നിരുന്ന ഗർഭാഷയ കുഴലിന്റെ ഇടുങ്ങിയ ഭിത്തിക്കുപകരം ഒരു വെളുത്ത തുണിയില്‍ മലര്‍ന്നും കമഴ്ന്നും കിടക്കുന്ന ഈ പുതിയ രീതി അവരെ വല്ലാതെ ബോറടിപ്പിക്കുന്നുണ്ടാകണം. അവരുടെ സഹമുറിയന്മാരായ മറ്റ് കുട്ടികളുടെ കരച്ചിലും ശബ്ദ കോലാഹലങ്ങളുമൊക്കെ വളരെ വലിയ ശല്യമാണ് അവര്‍ക്കുണ്ടാക്കുന്നതെന്നും എനിക്ക് തോന്നി.
പിറ്റേ ദിവസം രാവിലെ ഒരു സവിശേഷ ചടങ്ങിനായി ഞാനവരുടെ അരികിലേക്ക് ആദ്യമായി ചെന്നു. ഈ ഭൂമിയിലെ പ്രഥമ ശബ്ദമായി അല്ലാഹുവിന്റെ വചനങ്ങൾ കേൾപ്പിക്കാൻ.
"അല്ലാഹു അക്ബറുല്ലാഹു അക്ബര്‍..."
അതിനു ശേഷം നമസ്കാരത്തിന്റെ വിളിയാള വചനങ്ങളും ഞാന്‍ ചൊല്ലി. അതുവരെ അക്ഷമരായി കൈയും കാലും ചലിപ്പിച്ച് കിടന്നിരുന്ന അവരത് കേട്ടതോടു കൂടി വളരെ ശാന്തരായി. ഒരുപക്ഷേ, അവരെന്റെ ഗന്ധം തിരിച്ചറിഞ്ഞ് കാണും. അതിന്റെ അച്ചടക്കവും ബഹുമാനവുമാകാമത്. അല്ലാഹുവിന്റെ അനന്തമായ ഈ ദുനിയാവിലെ വിശാല പരിമിതമായൊരു കാലത്തിന്റെ മഹാനുഭവവുമായി ഇവർ മരണപ്പെടുമ്പോൾ അവരുടെ മേലനുശ്ഠിക്കുന്ന മയ്യത്ത് നമസ്കാരത്തിനുള്ള ബാങ്കും ഇഖാമത്തുമാണത്രെ അത്.
ഒരു പിതാവ് തന്റെ മക്കള്‍ക്കായി കാത്തുവെക്കുന്ന പ്രഥമ സമ്പാദ്യം.
സുബ്ഹാനല്ലാ...
അല്‍പ്പ നാളത്തെ ആശുപത്രി വാസത്തിനിടയിൽ കുട്ടികളിപ്പോൾ ഏറെ ഉത്സാഹികളായി മാറിയിരിക്കുന്നു. ചെറിയ തോതിലുള്ള കുസൃതികളളൊക്കെ അവർ കാട്ടി തുടങ്ങിയിട്ടുണ്ടന്ന് നെഴ്സ് പറഞ്ഞു. എങ്കിലും, സദാസമയവും ഉറക്കത്തിലാണവര്‍. നീണ്ട ഏഴരമാസക്കാലത്തെ സുഖനിദ്രയുടെ ഉറക്കച്ചടവ് പതുക്കെ മാത്രമെ അവരിൽ നിന്നും വിട്ടകലുകയുള്ളൂ എന്നാണ് ശാസ്ത്രം. മകൻ കുറച്ചധികം ശക്തനാണന്ന് തോന്നുന്നു. മകൾ ഒരു സ്ത്രീയുടെ ബലഹീനതകളെ സൂചിപ്പിച്ചെന്നോണം സ്വല്‍പ്പം പിറകിലാണ്. എങ്കിലും, അവർ തമ്മിൽ കടുത്ത മത്സരത്തിലാണന്ന് തോന്നുന്നു.
ഒടുവിൽ സര്‍ക്കാര്‍ രേഖകളും തയ്യാറായിരിക്കുന്നു. ഇനി അവരെ ഈ ലോകം വിളിക്കുക കുഞ്ഞുങ്ങളെന്നോ, പൈതങ്ങളെന്നോ, ആശുപത്രിക്കാർ അവര്‍ക്ക് നല്‍കിയിരിക്കുന്ന തിരിച്ചറിയല്‍ യഞ്ജത്തിനായുള്ള ഫസ്റ്റ് ബേബി, സെക്കന്‍ഡ് ബേബി എന്ന പേരോ ആയിരിക്കില്ല. പകരം, ഗനഗംഭീരമായൊരു naamam ഞാനവര്‍ക്ക് ചാര്‍ത്തി നൽകിയിരിക്കുന്നു.
"മെഹ്നൂർ ഷറഫ്, മെഹ്സിൻ ഷറഫ്"
'മെഹ്നൂർ' എന്നാൽ ചന്ദ്രന്റെ പ്രകാശം എന്നാണര്‍ത്ഥം. അഥവ നിലാവ്. രാത്രിയിലെ നിലാവെന്നാൽ അതിനൊരു പ്രത്യേക സൗന്ദര്യമുണ്ടല്ലോ. ഇരുട്ട് മൂടിയ ഭൂമിയിലെ ദിക്കുകളിലെ നിലാവിന്റെ ആവരണം ഒരു പ്രതീക്ഷകൂടിയാണ്. യഥാർതഥത്തിൽ ഈ നാമം ഒരു പാക്കിസ്ഥാനിയിൽ നിന്നുമാണ് എനിക്ക് ലഭിക്കുന്നത്. അഥവാ, അശാന്തമായ അതിർത്തിക്കപ്പുറത്തെ പാകിസ്താനിൽ നിന്നും കടമെടുത്തത്.
'മെഹ്സിൻ' എന്നാൽ അതിന്റെ അർത്ഥത്തെക്കുറിച്ച് എനിക്ക് വലിയ രൂപമൊന്നുമില്ല. എങ്കിലും മോശമാകാൻ വഴിയില്ല എന്നെനിക്കുറപ്പുണ്ട്. ആ പേരിന്റെ സൗന്ദര്യവും മെഹ്നൂർ എന്ന നാമത്തോട് അതിനുള്ള സാമ്യതയുമാണ് അത് തിരഞ്ഞെടുക്കാനെന്നെ പ്രേരിപ്പിച്ചത്. രണ്ട് പേരിന്റെയും ഒടുക്കമുള്ള 'ഷറഫ്' എന്ന ഉച്ചാരണം അവര്‍ക്ക് വലിയ കുടുംബ ബോധവും അതുവഴി ബന്ധങ്ങളുടെ മൂല്ല്യവും സുരക്ഷബോധവും നല്‍കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.
ഒടുവിൽ, 7 ദിവസങ്ങൾക്ക് ശേഷം മെഹ്നുവും മെഹ്സിനും തമ്മിലിന്നാണ് കണ്ടുമുട്ടിയത്. അവരിരുവരേയും ഞങ്ങൾക്കരികിൽ ഒരേ കിടക്കയിലേക്ക് മാറ്റി. തങ്ങളുടെ കൂടപ്പിറപ്പിനെ കണ്ട ഇരുവരും തമ്മിൽ എന്തെക്കെ ആയിരിക്കാം സല്ലപിക്കുന്നത്. അന്നാ ഗർഭാശയമെന്ന ഇരുട്ടറിയിലെ പതുപതുത്ത വെള്ളത്തിൽ കിടന്ന് കളിച്ചിരുന്ന നാൾ മുതൽ ഇന്നീ ആശുപത്രി ദിനങ്ങള്‍ വരെയുള്ള ഓരോ സംഭവങ്ങളും അവർ അവരുടെ ഭാഷയിൽ ചർച്ച നടത്തുന്നുണ്ടാകാം. പരസ്പരം വിശേഷങ്ങൾ പങ്കുവെക്കുന്നുമുണ്ടാകാം.
എന്റെ പ്രിയതമയുടെ കാൽകീഴില്‍ സ്വര്‍ഗ്ഗം ഒളിപ്പിച്ചു വെച്ചാണവർ ഭൂമിയിലെ വിശാലതയിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്. മക്കളുടെ സ്വര്‍ഗ്ഗം അവരുടെ മാതാവിന്റെ കാൽകീഴിലാണെന്നാണ് പ്രവാചകൻ പഠിപ്പിച്ചിരിക്കുന്നത്. അതിനാലായിരിക്കാം ഒരു ഭാര്യ എന്ന നിലയില്‍ നിന്നും അവളൊരമ്മയായി മാറിയപ്പോൾ അവളോടുള്ള സ്നേഹത്തോടൊപ്പം ബഹുമാനവും കൂടി എനിക്കനുഭവപ്പെടുന്നത്. പേറ്റ് നോവുമായി ആശുപത്രിപ്പടി കയറിയ കേവലമൊരു സ്ത്രീ സ്വര്‍ഗത്തെ അണിഞ്ഞവളായി മാറി പരിശുദ്ധമാക്കപ്പെടുന്ന അത്ഭുത മഹാസംഭവമാകുന്നു പ്രസവം.
ഒരു മനുഷ്യനെ സംബന്ധിച്ച് അപൂര്‍വ്വമായി മാത്രമവന് ലഭിക്കുന്ന ദൈവീകമായ സ്ഥാനം. കേവലമൊരു സ്ഥാനം എന്നതിനപ്പുറം ഒരു നിയോഗമാണത്. വീട്ടില്‍ വൃദ്ധയായ മാതാവുള്ളതിനാൽ ധർമ്മയുദ്ധം പോലും ഒരുവന് അനിവാര്യമല്ലാതാക്കി മാറ്റുന്ന കടമയാണതന്ന് സാരം.
ഒരു പിതാവെന്നാൽ അതൊരു വലിയ ഉത്തരവാദിത്തമാണന്ന് ഞാനിന്ന് തിരിച്ചറിയുന്നു. എന്റെ കേവലം അഞ്ച് വിരലുകളുള്ള ഇരുകെെകളും തണൽ വിരിക്കുന്ന അനേകം തൂവലുകളുള്ള രണ്ട് വലിയ ചിറകുകളായി രൂപാന്തരപ്പെടുന്ന നിത്യമഹാദ്ഭുത പ്രക്രിയ. അതെന്റെ ഓരോ അണുവിലും പരന്ന് വ്യാപിക്കുന്നപോലെനിക്ക് തോന്നുന്നു.
കാരണവന്മാരെപ്പോലെ ഒറ്റമുണ്ടടുത്ത് അതിന്റെ നെറി പൊക്കിളിനു മുകളിലേക്കുയർത്തി വെറുതെ ഉലാത്താനെനിക്ക് തോന്നുന്നു. വീടിന്റെ ഉമ്മറപ്പടിയിൽ ഒരു ഗ്ലാസ് ചായയുമായി പ്രഭാതത്തിലും പ്രദോഷത്തിലും ദൂരേക്ക് കണ്ണും നട്ട് മക്കളെ കാത്തെന്നോണം വെറുതെ ചിന്തിച്ചിരിക്കാനും തോന്നുന്നു. ഞാനൊരു പിതാവുകൂടിയാണിപ്പോൾ. വലിയ ഉത്തരവാദിത്തങ്ങളുള്ള അല്ലാഹുവിന്റെ സൃഷ്ടി കർമ്മത്തിലെ ഒരു സുപ്രധാന ഭാഗദേയം നിർവ്വഹിച്ച ഒരു പരമ നിസ്സാരനായ പിതാവ്.


No comments:
Post a Comment