അനേകം വർഷങ്ങൾക്ക് മുമ്പ് അന്നൊരിക്കല്‍ ഉപ്പപ്പയുടെ കൂടെയാണ് ഞാനങ്ങോട്ടാദ്യമായി പോയത്. എത്തിച്ചേരുന്ന ആ സ്ഥലത്തെ അത്ഭുതപ്പെടുത്തുന്ന കാഴ്ച്ചകളെ പ്രതീക്ഷിച്ച് വാഹനം കടന്ന് പോകുന്ന വഴിതാരകളോട് സല്ലപിച്ച് ഞാൻ കാത്തിരുന്നു.
തൂതപുഴക്കപ്പുറമുള്ള പുരാതന നഗരമായ ചെര്‍പ്പുളശ്ശേരിയിൽ ഞങ്ങളെത്തിചേരുമ്പോള്‍ നേരം വൈകുന്നേരമായിരുന്നു. അവിടെ ഏതൊക്കെയോ ചില ഊട് വഴികൾ താണ്ടി ഞങ്ങളൊരു വീട്ടിലെത്തി ചേര്‍ന്നു. പുതിയ രീതിയിലുള്ളൊരു ചെറിയ വാര്‍പ്പുവീട്.
നല്ല സ്വീകരണം. മധുര വെള്ളം. പിന്നെ, ചായയും പലഹാരങ്ങളും.
എന്നാൽ, അല്‍പ്പസമയം കഴിഞ്ഞപ്പോഴേക്കും എനിക്കതൊരു മടുപ്പിക്കുന്ന വീടായി മാറി. കാരണം, എല്ലാവരുമവിടെ വലിയ തിരക്കിലായിരുന്നു. പരസ്പരം സംസാരവും തീനും കുടിയും അട്ടഹാസവും മാത്രം. അതിനിടയില്‍ ഞങ്ങൾ കുട്ടികളെ പരിഗണിക്കിനെവിടെ അവര്‍ക്ക് നേരം. ഞാൻ തിരിച്ച് വീട്ടിൽ പോകുന്നതും പ്രതീക്ഷിച്ച് വിഷമത്തോടെ അവിടെ കാത്തിരുന്നു.
എന്നാൽ, ആ വീട്ടിലെ ഒരു മെലിഞ്ഞ് ഉയരം കുറഞ്ഞ ഒരാൾ ഉപ്പപ്പയോടവിടെ തങ്ങാന്‍ നിര്‍ബന്ധിക്കുന്ന കാഴ്ച്ചയാണ് പിന്നെ ഞാന്‍ കണ്ടത്. ക്രമേണ അവരുടെ സ്നേഹവായ്പ്പിനു മുന്നില്‍ ഉപ്പപ്പ വഴങ്ങുക തന്നെ ചെയതു.
"ഇന്നിവിടെ പാർക്കാം"
ഉമ്മമ്മ ഉപ്പപ്പയോടടക്കം പറയുന്നതും കൂടി കേട്ടതോടെ ഇന്നത്തെ രാത്രി ഇവിടെ തന്നെ എന്ന് ഞാനുറപ്പിച്ചു.
സ്ഥിരമായി കഴിക്കുന്ന ഗുളികകൾ വാങ്ങി നല്‍കിയും ആവശ്യമുള്ള രാത്രി ഭക്ഷണ ശീലങ്ങളെക്കുറിച്ചന്വേഷിച്ചും ആ വീട്ടുകാർ അവരുടെ ഓട്ടം പിന്നേയും തുടർന്നു കൊണ്ടേയിരുന്നു. ഞാൻ കൂട്ടിലകപ്പെട്ടപോലെ പക്ഷിയെപ്പോലെ വിഷണ്ണനായവിടെ എവിടെയോ കിടന്നുറങ്ങി.
പിറ്റേ ദിനം...
വല്ലാത്ത സന്തോഷത്തോടു കൂടിയാണ് ഞാന്‍ എണീറ്റത്. അവിടെനിന്നും മടങ്ങുമ്പോൾ മനസ്സിൽ നിന്നുമൊരു വലിയൊരു കല്ലിറക്കി വെച്ചത് പോലെ വല്ലാത്തൊരു സമാധാനമെനിക്കനുഭവപ്പെട്ടു.
ആശ്വാസത്തിന്റെ തെളിനീര്‍...
അന്ന് തൂതപ്പുഴ പാലം കടന്നെന്റെ നാട് ലക്ഷ്യമാക്കി ഞങ്ങൾ മടങ്ങുമ്പോഴറിഞ്ഞിരുന്നില്ല അകലങ്ങളില്‍ മറയുന്ന ചെര്‍പ്പുളശ്ശേരി എന്ന ആ നാടും അവിടുത്തെ ചരിത്രവും എത്രമേലാണ് ഞങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നതെന്ന്.
ഇന്ന് 2014ലെ ഒരു ജനുവരി ദിവസം.
ഏതാനും ദിവസങ്ങൾ കഴിഞ്ഞാൽ എന്റെ വിവാഹ സുദിനമാണ്. പൊടിപാറുന്ന കല്ല്യാണ പറച്ചിൽ യാത്രകളിലായിരുന്നു ഞാൻ. അതിന്റെ ഭാഗമായാണ് ഒരിക്കല്‍കൂടി ആ തൂതപ്പുഴ കടന്ന് ചെർപ്പുളശ്ശേരിയിൽ വന്നിറങ്ങേണ്ടി വന്നത്. അതേ വഴിയിലൂടെ വീണ്ടും ആ വീട്ടിലേക്ക്.
പഴയ മോഡലിലുള്ള ചെറിയ വാര്‍പ്പു വീട്.
ഇത്തവണ കൂടെ ഉപ്പപ്പ ഉണ്ടായിരുന്നില്ല. അദ്ദേഹം കാലയവനികക്കുള്ളിൽ മറഞ്ഞിരുന്നു. അന്നിവിടെ വന്നപ്പോൾ അദ്ദേഹത്തിന് ചുറ്റുമിരുന്ന് വാതോരാതെ സംസാരിച്ചിരുന്ന വെള്ള മക്കന ധാരികളായ ആ ഉമ്മമ്മമാരേയും കാണുന്നില്ല. അവരും മരിച്ചു പോയിട്ടുണ്ടായിരിക്കാം.
അവരദ്ദേഹത്തിന്റെ പെങ്ങന്മാരായിരുന്നത്രെ.
ഒരുപക്ഷേ, ഏതോ ലോകത്ത് അവരെല്ലാവരും സന്ധിച്ചിട്ടുണ്ടായിരിക്കാം. അന്ന് പറയാൻ ബാക്കി വെച്ച വർത്തമാനങ്ങൾ അവരവിടെയിപ്പോൾ പറഞ്ഞു തീര്‍ക്കുന്നുമുണ്ടാകാം.
അല്ലാഹു അഅലം. ദൈവത്തിന് മാത്രം നിശ്ചയം.
ലക്ഷ്യം കല്യാണ പറച്ചിലാണല്ലോ... അതിനാല്‍, അവിടെയുള്ള ഓരോ കുടുംബാംഗങ്ങളിലൂടേയും ഞങ്ങൾ യാത്ര തുടർന്നു. ആദ്യമാദ്യം ആ പെങ്ങന്മാരുടെ വീടുകളിലൂടെ. പിന്നെ, അവരുടെ മക്കളുടെ വീടുകളിലൂടെ.
തങ്ങളുടെ മാതാക്കളുടെ അരുമയാങ്ങളയുടെ തലമുറയെ അത്യധികം കൗതുകത്തോടെ അവർ നോക്കുന്ന കാഴ്ച്ചയാണ് ഞാനവിടെ കണ്ടത്. അവർ ഞങ്ങളെ കാര്യമായി തന്നെ സ്വീകരിക്കുന്നുണ്ടായിരുന്നു. വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. ഉപ്പപ്പ ജീവിച്ചിരുന്ന ആ നാളുകളെക്കുറിച്ചും അന്നത്തെ അവരുടെ കൂടി ചേരലുകളെക്കുറിച്ചുമൊക്കെ അവർ വാചാലമായി.
അവിടുന്നൊക്കെ യാത്ര പറഞ്ഞിറങ്ങി ഒടുവില്‍ ഞങ്ങളെത്തിച്ചേർന്നത് വലിയ തടിമാടൻ മരങ്ങൾ തണലിടുന്ന ഒരു വനത്തിനുള്ളിലെന്നപോലെ തോന്നിക്കുന്ന ഒരു സ്ഥലത്തേക്കാണ്. അവിടം ഒരു പഴയ മരമില്ലുണ്ടായിരുന്നു. അസ്തമയ സൂര്യന്റെ സ്വര്‍ണ്ണവര്‍ണ്ണം പൂശിയ ഇലച്ചാർത്തുകൾ മറച്ച നടവഴിയിലൂടെ ആ മരമില്ലിലേക്ക് ഞങ്ങൾ പ്രവേശിച്ചു.
"മമ്മുട്ടി സാഹിബ്..."
ഞങ്ങൾക്ക് വഴികാട്ടിയായി മുന്നില്‍ നടന്ന പണിക്കാരൻ നീട്ടി വിളിച്ചു.
അവിടെ മുറിച്ചിട്ട വലിയ മരങ്ങളുടെ ഇടയിലൊരു മരബെഞ്ചിൽ ഒരു വൃദ്ധന്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു. അദ്ദേഹമാകുന്നു മമ്മുട്ടി സാഹിബ്.
ഉച്ച മയക്കത്തിലാണ്.
ഞങ്ങൾ സ്വയം പരാജയപ്പെടുത്തി നല്‍കിയ ശേഷം വന്ന കാര്യങ്ങളുണര്‍ത്തി. ആ കിടന്ന കിടപ്പിൽ തന്നെ അദ്ദേഹമെല്ലാം കേട്ട് തലയാട്ടി. പിന്നെ, പതുക്കെ എണീറ്റ് മില്ലിനു സമീപത്തു തന്നെയുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഞങ്ങളെ നയിച്ചു. അടുക്കും ചിട്ടയും ലവലേശമില്ലാത്ത ഒരു പഴയ വീട്. വീടിനു സമീപം തന്നെ ഒരാധുനിക ഭവനം ഉയർന്ന് വരുന്നുണ്ടായിരുന്നു.
അടുക്കളയിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യക്ക് അദ്ദേഹം ഞങ്ങളെ പരിചയപ്പെടുത്തുമ്പോൾ അവരുടെ കണ്ണുകളും അദ്ഭുതത്തോടെ തിളങ്ങുന്നത് ഞാൻ ശ്രദ്ധിച്ചു. ഇടയിലവർ അകത്ത് പോയി ശകലം ചായ കൊണ്ടുവന്ന് നൽകി. സംസാരം വീണ്ടും തുടർന്നു. ഒടുവില്‍ ഹാർദ്ദവമായ കല്യാണ ക്ഷണ ശേഷം ഞങ്ങളവിടെ നിന്നും ഇറങ്ങി നടന്നു.
കാലങ്ങൾക്ക് മുമ്പ് ഒരു പൊലീസുകാരന്റെ ബൂട്ടിന്റെ ശബ്ദമേറ്റ് പ്രകമ്പനം കൊണ്ട മണ്ണായിരുന്നു ഇത്. നാട് കത്തികൊണ്ടിരുന്ന ഒരുനാൾ ഒരു വലിയ ദുരന്തവാര്‍ത്ത ഈ കുടുംബത്തിനെ തേടിയെത്തിയതും ഈ ഉമ്മറപ്പടിയിലായിരുന്നു.
"തിരൂരങ്ങാടി കച്ചേരിക്കു മുന്നില്‍ വെച്ച് മൊയ്തീൻ സര്‍ക്കിൾ കൊല്ലപ്പെട്ടിരിക്കുന്നു".
'ഹെഡ് കോണ്‍സ്റ്റബിള്‍ മൊയ്തീൻ'.
എന്റെ പിതാമഹന്റെ പിതാവ്. ബ്രിട്ടീഷ് ഇന്ത്യൻ പോലീസിലെ ജീവനക്കാരൻ. 1921ന്റെ രൂക്ഷമായ ദിനങ്ങളില്‍ ആ തീയണക്കാന്‍ നിയോഗിക്കപ്പെട്ടവരിലൊരാൾ. പോലിസ് സൂപ്രണ്ട് ഹിച്ച് കോക്ക്, ആമു സാഹിബ്, ഖാന്‍ ബഹാദുര്‍ ചേക്കുട്ടി തുടങ്ങിയവരുടെ ഉത്തരവുകള്‍ ശിരസ്സാ വഹിക്കേണ്ടി വന്നവൻ. മൗലാന ഷൗക്കത്തലി, മൗലാന മുഹമ്മദലി, ആലി മുസ്ലിയാര്‍, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ചമ്പ്രശ്ശേരി തങ്ങൾ തുടങ്ങിയവരെ ശത്രു പക്ഷത്ത് നിർത്തേണ്ടി വന്ന ഹതഭാഗ്യൻ.
ആഗസ്റ്റ് 20ന് കച്ചേരിക്ക് മുന്നില്‍ വെച്ച് അദ്ദേഹം കൊല്ലപ്പെട്ടതിനെ തുടർന്ന്... സർവ്വീസിലിരിക്കെ കൊല്ലപ്പെട്ടൊരു ബ്രിട്ടീഷ് സര്‍ക്കാര്‍ സേവകന്റെ കുടുംബത്തിനുള്ള സർക്കാർ ആനുകൂല്ല്യങ്ങളെന്ന നിലക്ക് നിരവധി സഹായങ്ങളാണ് ഈ കുടുംബത്തിനെ തേടിയെത്തിയത്.
മലബാർ കലാപം കത്തിയമര്‍ന്ന ശേഷം സമരം കൊടുമ്പിരികൊണ്ട നാട്ടിലൊക്കെ കനത്ത കൂട്ടപ്പിഴകളാണ് ബ്രിട്ടീഷുകാർ ചുമത്തിയിരുന്നത്. അന്ന് ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ട... അവരൊഴുക്കിയ ആ രക്തം വൃഥാവിലായോ എന്ന് വേദനിച്ച കുറേ പാവം ജനങ്ങളുടെ കെെകളിൽ നിന്നും ഭീഷണിപ്പെടുത്തിയും കവർന്നും വാങ്ങിയ മുതലിന്റെ ഒരംശം കലാപത്തിൽ കൊല്ലപ്പെട്ട പോലീസുകാരുടേയും സെെനികരുടേയുമിടയിലും വിതരണം ചെയ്യപ്പെട്ടിരുന്നു.
എന്നിരുന്നാലും, ആ സ്വത്തിലോരു പങ്കിനവകാശമുണ്ടായിരുന്ന എന്റെ ഉപ്പപ്പയെന്ന ആ ഒരേയൊരു മകൻ ചരിത്രപരമായ കാരണങ്ങളാൽ പിന്നീട് തന്റെ ഉമ്മയുടെ നാട്ടിൽ സ്ഥിരതാമസമാവുകയാണുണ്ടായത്.
പ്രായപൂർത്തിയായപ്പോൾ ആ സ്വത്തുക്കളൊന്നും തനിക്കാവശ്യമില്ല എന്നു പറയുക മാത്രമല്ല മരിക്കുന്നതിനു മുമ്പ് തന്റെ മക്കളെ വിളിച്ചു വരുത്തി ഒരു സാഹചര്യത്തിലും ആ സ്വത്തിനവകാശം പറഞ്ഞ് അന്നാട്ടിലേക്ക് ചെല്ലരുതെന്നുകൂടി താക്കീത് ചെയ്തു.
ഒടുവില്‍, ചെർപ്പുളശ്ശേരിയിൽ നിന്നും മടങ്ങുമ്പോൾ ഞാനോർത്തത് നമ്മളൊക്കെ അഭിമാന പുരസരം പറയുന്ന പല ചരിത്രമുഹൂർത്തങ്ങളുടേയും അരികിൽ അതിന്റെ ഏതെങ്കിലും ഒരറ്റത്ത് നമുക്കുമുണ്ട് ചില സ്ഥാനമാനങ്ങൾ എന്ന യാഥാര്‍ത്ഥ്യമാണ്. അതോർത്തെടുക്കാൻ തന്നെ രസമാണ്. അന്വേഷിച്ചിറങ്ങുമ്പോൾ വളരെ വലിയ ത്രില്ലും.
തൂതപ്പുഴ പാലം കടന്ന് പെരിന്തല്‍മണ്ണ ലക്ഷ്യമാക്കി ഞങ്ങൾ കുതിക്കുമ്പോൾ ഞാനോർത്തത് ഈ വഴിത്താരക്ക് ഞങ്ങളുമായുളള പൊക്കിള്‍ കോടി ബന്ധത്തെ കുറിച്ചാണ്. ഞങ്ങളുടെ ധമനികളൊഴുകുന്ന ഓരോ രക്തതുള്ളികളും ഈ വഴിയോട് ഏറെ കടപ്പെട്ടിരിക്കുന്നു. എന്നാൽ, ചരിത്രമറിയാത്ത ഞങ്ങൾ നിർവികാരമായി യാത്ര തുടർന്നു.
ബ്രിട്ടീഷ് പൊലീസിൽ ജോലി ചെയത് വന്ന മൊയ്തീൻ സര്‍ക്കിൾ തിരൂരങ്ങാടി താലൂക്ക് ആപ്പീസ് അക്രമണത്തിൽ കൊല്ലപ്പെട്ട വാര്‍ത്തയറിഞ്ഞ ദിനം... ഒരു യുവതി തന്റെ ചോരകുഞ്ഞിനേയും മാറോടണച്ച് കടന്ന് പോയ പാതകളാണിത്. ഒരുപക്ഷേ, അന്നാ യുവതി സ്വാതന്ത്ര ദാഹികളായ സമരസഖാക്കളെ രക്തധാഹികളെന്ന കണക്കെ വെറുത്ത് കാണണം. സ്വാതന്ത്ര സമരത്തെ ഭയപ്പാടോടെയല്ലാതെ അവരന്നോര്‍ക്കാന്‍ തരമില്ല. ഭയത്തിൽ നിന്നുള്ള വിമോചനമാണ് യഥാര്‍ത്ഥ സ്വാതന്ത്രമെന്ന ചിന്ത അവരില്‍ അലയടിച്ചു കാണണം. ഭര്‍ത്താവ് മരിക്കുന്ന ഒരു മുസ്ലീം പെണ്ണിന്റെ അടിസ്ഥാനവകാശമായ ഇദ്ദക്കുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട്... തന്നെ വിട്ടു പിരിഞ്ഞ തന്റെ പ്രിയതമനെയോർത്ത് ഒന്നുറക്കെ കരയാന്‍ പോലും സമ്മതിക്കാതെ തന്നെയും തന്റെയീ ചോര കുഞ്ഞിനേയും തെരുവിലേക്ക് തള്ളിവിട്ട വാരിയൻകുന്നനേയും ആലിമുസ്ല്യാരേയുമൊക്കെ ആ യുവതി എത്രയോ തവണ മനസ്സുകൊണ്ട് ശപിച്ചിരുന്നിരിക്കണം. അവരെ പടച്ചവന്റെ കോടതിയിൽ കാണേണ്ടതുപോലെ തന്നെ താന്‍ കാണുമെന്നും ആ യുവതി ഒടുവില്‍ ആശ്വസിച്ചിട്ടുണ്ടായിരുന്നിരിക്കാം.
സമരം അടിച്ചമർത്താനിറങ്ങിപ്പുറപ്പെട്ട വെള്ളപ്പട്ടാളവും അവരുടെ നേതാക്കളായ വൈസ്രോയി, ഗവർണ്ണർ, തോമസ് കളക്ടർ, വെള്ള സായിപ്പുമാർ, ഖാൻ ബഹദൂർമാർ തുടങ്ങിയവരാണ് യഥാർത്ഥ നായകരെന്ന അവരുടെ തെറ്റിധാരണ ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിലാ മകന്‍ തിരുത്തി നല്‍കിക്കാണണം. തന്റെ ഭര്‍ത്താവ് എന്നെന്നും പുകഴ്ത്തി സംസാരിച്ചിരുന്ന അവരിലൂടെ മാത്രമാണ് ഇന്ത്യയുടെ മോചനമെന്ന് അന്നുവരെ അവർ തെറ്റിദ്ധരിച്ചിട്ടുണ്ടായിരിക്കാം.
നടന്നും കാളവണ്ടി കയറിയുമുള്ള ആ ദുരിത യാത്രക്കിടെ എവിടെയൊക്കെ ആ യുവതി ഈ വഴിത്താരയില്‍ കിതച്ചു നിന്നിട്ടുണ്ടായിരുന്നു. ആരോടൊക്കെയോ സഹായത്തിന് കേണിട്ടുമുണ്ടായിരുന്നിരിക്കാം. യഥാര്‍ത്ഥത്തില്‍, നാലുനൂറ്റാണ്ടിന്റെ കഥ പറയുന്ന ഒരു ചരിത്ര സംഭവത്തിന്റെ ഒടുവിലത്തെ പോരാട്ട ഭൂമികയിൽ നിന്നും ആരുമറിയാതെ അവർ ഒളിച്ചു കടക്കുകയായിരുന്നു. പിന്നിലേക്ക് നോക്കുമ്പോൾ അങ്ങകലെ കാണുന്ന മലബാർ കലാപമെന്ന ആ വലിയ തീഗോളത്തിന്റെ കത്തി ജ്വലിക്കുന്ന അറ്റത്തിൽ നിന്നും പ്രസരിച്ച ഉൾക്കരുത്തിന്റെ ഊർജ്ജമാകാം തന്റെ മകനെ മാറോടണച്ച ആ യാത്രക്ക് അവര്‍ക്കുള്ള ഇന്ധനമായത്.



No comments:
Post a Comment