ചരിത്രത്തിൽ ചില കഥകളുണ്ട്. അതി വിശാലമായി പടര്‍ന്ന് പരന്ന് കിടക്കുന്ന സമുദ്രത്തിന്റെ അറ്റത്ത് മനുഷ്യവാസമില്ലാത്ത ഏതെങ്കിലമൊരു ദ്വീപില്‍ അകപ്പെട്ട് പോയ കുറേ മനുഷ്യരെക്കുറിച്ചുള്ള കഥകൾ. ഒരുപക്ഷേ, ഏതോ സാഹിത്യകാരന്റെ വിരൽ തുമ്പിലൂടെ പരന്നൊഴുകിയ നോവലുകളാകാം അത്. അല്ലെങ്കിൽ ചെറുകഥകൾ. എന്നിരുന്നാലും, ആ ദ്വീപുകളില്‍ ആ മനുഷ്യര്‍ ഒരു പുതിയ ജീവിതത്തിന് തുടക്കം കുറിക്കുന്നതിലൂടെയാണ് അവയുടേയൊക്കെ സഞ്ചാരമെന്ന് നമുക്ക് കാണാൻ കഴിയും. അവരുടെ വ്യഥകളും ആധികളും നമുക്കതിൽ വായിച്ചെടുക്കാം. തങ്ങൾ ജീവിച്ച പരിസ്ഥിതിയിൽ നിന്നും തീര്‍ത്തും വിഭിന്നമായ ദേശത്ത് പ്രതിലോമമായ കാലാവസ്ഥയും, വന്യജീവികളുടെ ആക്രമണവും, ഭയാനകമായ ഇരുട്ടും സഹിച്ച് സഹജീവികളുടെ താങ്ങും തണലും ആശ്വാസ വാക്കുകളുമില്ലാതെ ജീവിതത്തെ മുന്നോട്ട് നയിച്ച കുറേ മനുഷ്യരെക്കുറിച്ചുള്ള കഥകൾ. എങ്കിലും, ആ കടുത്ത സാഹചര്യത്തിലും ഒരു മടക്കയാത്രയുടെ സ്വപ്നമവർ താലോലിച്ച് കൊണ്ടുനടക്കുന്നതായി അവയിലുടനീളം നമുക്ക് കാണാൻ സാധിക്കും. ആകാശ നീലിമയിലേക്ക് പുക വാരി വിതറി നീങ്ങുന്ന ഏതെങ്കിലും കപ്പലുകളുടെ പുകക്കുഴല്‍ അങ്ങകലെ എവിടെയെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കാൻ കടൽ തീരത്ത് കണ്ണും നട്ടിരിക്കുന്ന അവരുടെ ചിത്രം ആ നോവലുകളില്‍ വരഞ്ഞിട്ടിരിക്കുന്നത് കാണുമ്പോൾ മനസ്സ് വല്ലാതെ പിടയാറുണ്ട്. എങ്കിലും, പതിയെ പതിയെ ആ പുതിയ ലോകത്തവർ ലയിച്ച് ചേരുന്നു. അവിടെ ഉദ്വേഗജനകമായ പുതിയൊരു ജീവിതത്തിന് നാമ്പിടുന്നു. സ്വപ്നങ്ങൾ നെയ്ത് കൂട്ടുന്നു.
യാഥാര്‍ത്ഥത്തിൽ, പ്രവാസത്തിന്റെ തനതായ പ്രതീക്ഷകള്‍ വളരെ തീക്ഷ്ണതയോടെ രേഖപ്പെടുത്തപ്പെട്ട വരികളാണ് ആ മനുഷ്യരുടെ ദ്വീപുവാസനാളുകള്‍ വരഞ്ഞിട്ട മേല്‍ കൃതികള്‍. പ്രവാസ ലോകത്ത് എത്തുന്നത് മുതൽ അക്കരെയുള്ള തങ്ങളുടെ രാജ്യത്തിന്റെ പുരോഗതിയിലേക്കും സാമ്പത്തിക വളർച്ചയിലേക്കും കണ്ണും നട്ടുകൊണ്ടാണ് ഓരോ പ്രവാസിയുടേയും പ്രതീക്ഷകൾക്ക് തുടക്കം കുറിക്കുന്നത്. അതോടൊപ്പം തന്നെ എത്തിപ്പെട്ട പ്രദേശത്തിന്റെ സവിശേഷ സാഹചര്യങ്ങളോട് ഒട്ടിച്ചേര്‍ന്ന് അതിനെ കൂടുതൽ വര്‍ണ്ണാഭമാക്കാനും അവർ ശ്രമിക്കാതെ പോകുന്നില്ല.
അന്നൊരു ദിവസം സഹമുറിയന്മാർ വളരെ ആവേശത്തിലായിരുന്നു. ഞങ്ങളുടെ ചർച്ച ഗള്‍ഫിലെ പുതിയ സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചും, അതിനെ കവച്ചുവെക്കാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചുള്ള അന്വേഷണവുമായിരുന്നു. പ്രവാസ ലോകത്തിന്റെ സഹജമായ തിരക്കുകൾക്കിടയിൽ ഭക്ഷണ മേശക്ക് ചുറ്റുമാണ് ഞങ്ങളുടെ സംസാരങ്ങളൊക്കെയും നാമ്പിടാറ്. ഓരോ ഉരുളയും വലയിലേക്കിടുന്നതിന് മുമ്പ് ഓരോരുത്തരും തങ്ങളുടെ നിരീക്ഷണങ്ങൾ പറഞ്ഞുകൊണ്ടേയിരുന്നു. പിന്നെ അത് വായയിലേക്കിട്ട് ചവച്ചരക്കുമ്പോൾ മറ്റുള്ളവർ പറയുന്നത് ചെവിയോർക്കും. കൂട്ടത്തിലുള്ള ഒരുത്തന്റെ വിശദീകരണം പണം സമ്പാദിക്കാനുള്ള ചെപ്പടി വിദ്യകളെ സംബന്ധിച്ചായിരുന്നു. അവനതിനെക്കുറിച്ച് അപസര്‍പ്പക കഥകളെപ്പോലെ എന്തെല്ലാമോ പറഞ്ഞു. ഗൾഫ് രാജ്യങ്ങളിലെ പഴയ കാല ജീവിതത്തെക്കുറിച്ചുള്ള അലിക്കയുടെ വാചാലത ഏറെ ചിന്തിപ്പിക്കുന്നതായിരുന്നു. അദ്ദേഹം തന്റെ പുതിയകാല അനുഭവങ്ങൾ പഴയ കാല ജീവിത സാഹചര്യങ്ങളുമായി തുലനം ചെയത് സംസാരിച്ചു. എന്നിരുന്നാലും, പ്രതീക്ഷകള്‍ക്കിനി അവസരങ്ങൾ ഏതുമില്ലന്നതായിരുന്നു ആ ചര്‍ച്ചക്കൊടുവിൽ എല്ലാവരും ഏകകണ്ഠമായി എത്തിച്ചേർന്ന നിഗമനം. ഒറ്റക്കാര്യത്തിൽ എല്ലാവരുടെയും അഭിപ്രായം ഏകോപിച്ച് നിന്നു. അധികം വിദൂരമല്ലാത്ത ഒരു നാളില്‍ ഈ നാട്ടില്‍ നിന്നും യാത്ര പറഞ്ഞിറങ്ങേണ്ടി വരികതന്നെ ചെയ്യുമെന്ന്.
അന്നേ ദിനം വൈകുന്നേരം ഞാന്‍ ഷാർജയുടെ പുകൾപ്പെറ്റ കോർണിഷിന്റെ കാഴ്ചയിലേക്കിറങ്ങി. ഷാർജ നഗരത്തിന്റെ ശ്വാസകോശമാണാ പ്രദേശം. പതാക ദ്വീപിലേക്ക് നീളുന്ന ആർച്ച് രൂപത്തിലുള്ളൊരു മരപ്പാലത്തിനു സമീപത്തുനിന്നും ഒരു നീണ്ട 'റ' പോലെ തുടങ്ങി ആ പാലത്തിന്റെ മറുകരയില്‍ അവസാനിക്കുന്ന രൂപത്തിലാണ് കോർണിഷ് സംവിധാനിച്ചിരിക്കുന്നത്. അവിടെയാണ് യുഎഇയിലെ ആദ്യത്തെ ആധുനിക ഷോപ്പിംഗ് സെന്ററായ സെൻട്രൽ സൂക്കുള്ളത്. ഇന്‍ഡോ അറബ് വാസ്തുവിദ്യ ശൈലിയില്‍ നിർമ്മിച്ച അതിന്റെ ഖുബ്ബകളും മനോഹരമായ മുസൈക്ക് കൊത്തുപണികളും ആകര്‍ഷണീയമാണ്. അര്‍ത്ഥ വൃത്താകൃതിയിലുള്ള മേല്‍ക്കൂര നീണ്ടു കിടക്കുന്ന അതിന്റെ ഇരു എടുപ്പുകൾക്ക് സമീപത്ത് നിന്നുമാണ് കോർണിഷ് പാതക്ക് തുടക്കം കുറിക്കുന്നത്. ആ വഴിയങ്ങനെ നീണ്ടുനിവർന്ന്... അൽനഖീൽ ഈത്തപ്പഴ തോട്ടവും അല്‍നൂര്‍ പള്ളി മുറ്റത്തെ ടര്‍ക്കിഷ് സബീലും കടന്ന് അല്‍ മജാസ് ജലകേളി പ്രദേശത്തു നിന്നും വളഞ്ഞ് കസബ കനാലിനു മുകളിലൂടെ നീങ്ങി അവസാനിക്കുന്നു. അതിന്റെ ഒരു വശത്ത് പച്ച പുല്ല് വിരിച്ച അതിമനോഹരമായ ഈത്തപ്പഴ തോട്ടവും മറുവശത്ത് പേർഷ്യൻ ഉള്‍ക്കടല്‍ ഷാർജയുടെ മണ്ണിലേക്ക് അതിക്രമിച്ച് കയറിയതുമാതിരിയുള്ള ഖാലിദ് തടാകവും കാണാം. ഖാലിദ് തടാകത്തിലേക്ക് സമീപത്തെ അൽഖാൻ തടാകത്തില്‍ നിന്ന് തുറക്കുന്ന വീതി കുറഞ്ഞ നീർച്ചാലാണ് കസബ കനാല്‍ എന്ന് പറയുന്നത്.
കോർണിഷിന്റെ ആ നീണ്ട പാതയിലൂടെ നടക്കുമ്പോൾ ധാരാളകണക്കിന് ആളുകളെ അവിടെ കാണാൻ കഴിയും. അനേകം ജീവിതങ്ങള്‍. ചിലര്‍ പാർക്കിൽ വെടിവട്ടവുമായി ചടഞ്ഞിരിക്കുന്നു. ചിലര്‍ പാതയിലൂടെ വ്യായാമ കസര്‍ത്തിലൂടെയാണ്. ചിലരാണങ്കിലോ കടലിന്റെ വിശാലതയിലേക്ക് കണ്ണും നട്ട് എന്തെല്ലാമോ ചിന്തിക്കുന്നു. ഒരു പക്ഷേ, ബഹറിന്റെ അനന്തതയിലേക്ക് നോക്കി പ്രതീക്ഷയുടെ വല്ല വെള്ളി വെളിച്ചവും തിരയുന്നവരാകാം അവർ. അവിടെ പുൽതകിടിയിൽ വിരിക്കപ്പെട്ട അനേകം വലിയ പായകൾ കാണാം.
പരവതാനികൾ...
ഭക്ഷണവും പാത്രങ്ങളും മറ്റ് അനുബന്ധ വസ്തുക്കളും നിറഞ്ഞ അവകളിൽ അറബ് കുടുംബാംഗങ്ങള്‍ ഒത്തു ചേര്‍ന്ന് ഭക്ഷണം കൈമാറി സ്നേഹ സംഭാഷണങ്ങളില്‍ മുഴുകിയിരിക്കുന്നത് കാണുന്നത് തന്നെ വല്ലാത്തൊരു ചന്തമാണ്. ഒരുപക്ഷേ, അഭ്യന്തര കലാപങ്ങള്‍കൊണ്ടോ യുദ്ധങ്ങള്‍കൊണ്ടോ അരാചകമിയിതീര്‍ന്ന തങ്ങളുടെ രാജ്യത്തുനിന്നും പ്രതീക്ഷയോടെ ഈ പ്രവാസലോകത്ത് എത്തിച്ചേർന്നവരാകാം അവരും. ഇവിടെ അവർ പുതിയൊരു ജീവിതം കെട്ടിപ്പടുത്തിരിക്കുന്നു. അതിന്റെ നിര്‍വൃതിയുടെ പുഞ്ചിരി ആ സുന്ദരന്മാരായ മനുഷ്യരുടെ മുഖത്ത് നിന്നും വായിച്ചെടുക്കാൻ സാധിക്കുന്നു. കാരണം, മരുപ്രദേശങ്ങളിൽ കെട്ടിയുയർത്തിയ കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന ടെന്റുകളിലല്ല അവരവിടെ കഴിഞ്ഞ് വരുന്നത്. നീണ്ടൊരു ക്യൂവിനു പിറകില്‍ ഭക്ഷണ പാത്രം നീട്ടി പിടിച്ച് നില്‍ക്കുന്ന ഹതഭാഗ്യരുമല്ല അവർ. മറിച്ച്, ഭക്ഷണവും വീടും അന്തസ്സാർന്ന ജോലിയും ലോകോത്തര നിലവാരത്തിലുള്ള ചികിത്സയും അവര്‍ക്കിവിടെ ലഭിക്കുന്നു. ഇതും പ്രവാസികളാണ്. ഈ അടുത്ത കാലത്തൊന്നും തങ്ങളുടെ മണ്ണിലേക്ക് മടങ്ങാന്‍ സാധിക്കുമെന്ന ധാരണ ലവലേശമില്ലാത്ത പ്രവാസികള്‍. അവര്‍ക്കും ഇവിടെ പ്രതീക്ഷയാണ്. നാളെ തങ്ങളുടെ മക്കളും അവരുടെ തലമുറകളും ഈ സുരക്ഷക്ക് കീഴിലിവിടെ കഴിയട്ടെ എന്നാഗ്രഹിച്ച് പോരുന്ന വലിയ പ്രതീക്ഷ. അവരിലൊരാളാണ് എന്റെ ഇറാഖി സുഹൃത്തും കാൽപന്തുകളിക്കാരനുമായ മഹ്സൂൻ. ചൂടുചായ മൊത്തികുടിച്ച് കൊണ്ടിരിക്കെ അയാളെന്നോടൊരിക്കൽ പറഞ്ഞു.
"സദ്ദാമിന് ശേഷം ഇറാഖ് അവസാനിച്ചിരിക്കുന്നു" എന്ന്.
കോർണിഷിലെ അല്‍നൂര്‍ പള്ളിക്ക് മുമ്പിലെ പൂമ്പാറ്റകളുടെ ആദിവാസ കേന്ദ്രമാണ് അല്‍നൂര്‍ ദ്വീപ്. ഖാലിദ് തടാകത്തിലാണാ ദ്വീപിന്റെ സ്ഥാനം. വെള്ള നിറത്തിലുള്ളൊരു നീണ്ട മരപ്പാലവുമായി അതിനെ കോർണിഷുമായി ബന്ധിപ്പിച്ചിരിക്കുന്നു. നിറയെ പച്ചില മരങ്ങൾ ഇടതൂർന്ന് വളരുന്ന ആ ദ്വീപിന്റെ അപ്പുറം റോമന്‍ യുദ്ധ വീരന്‍മാരുടെ സ്മരണകളുണർത്തുന്ന ആംഫി തിയറ്ററിന്റെ വലിയ എടുപ്പുകളാണ്. അതും ഒരു ദ്വീപിലാണ് സ്ഥിതിചെയ്യുന്നത് എങ്കിലും കസബ കനാലിന്റെ സമീപത്ത് ചെന്നാൽ മാത്രമാണ് ആംഫി തീയറ്റർ വ്യക്തമായി കാണാന്‍ കഴിയുന്നത്.
അല്‍നൂര്‍ ദ്വീപിന്റെ ഒരു വശത്ത് വിശ്രമ ജീവിതം നയിക്കുന്ന വയോധികനെപ്പോലെ തോന്നിപ്പിക്കുന്നൊരു പഴയ പായകപ്പൽ കാണാം. അതിന്നൊരു ഹോട്ടലായി പരിണമിച്ചിരിക്കുന്നു. ധാരാളകണക്കിന് കടൽ വിഭവങ്ങളും പലജാതി അറേബ്യൻ ഭക്ഷണ വൈവിധ്യങ്ങളും സുലഭമായി ലഭിക്കുന്ന ബഹുജോറൻ സല്‍ക്കാരമാണവിടെ അതിഥികളെ കാത്തിരിക്കുന്നത്. ചില വൈകുന്നേരങ്ങളിൽ ഞാനാ കപ്പലിലേക്ക് നോക്കി വെറുതെ ഓരോന്ന് ചിന്തിച്ച് കൂട്ടാറുണ്ട്. ചരിത്രത്തിന്റെ ഇന്നലെകളുടെ ആവിഷ്കാരങ്ങളെ കുറിച്ച്. അതിന്റെ ചില വഴി തിരിവുകളെ കുറിച്ച്. വിജയപരാജയങ്ങളെകുറിച്ച്.
കാലങ്ങൾക്ക് മുമ്പേ നിറയെ ചരക്കുകളുമായി അറേബ്യൻ തീരത്തുനിന്നും ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഓളങ്ങളിലൂടെ കുതിച്ചു കിതച്ചും അനേകം കപ്പലുകൾ കേരളാതീരമണഞ്ഞിരിക്കുന്നു. അറേബ്യൻ കടലിന്റെ തെക്കേ അറ്റത്ത് സ്നേഹം മാത്രം വില്‍പ്പന ചരക്കായി കാത്തിരിക്കുന്ന 'മലബാര്‍' എന്നൊരു ദേശമുണ്ടന്ന് പ്രകൃതിക്കുപോലും അന്ന് അറിവുണ്ടായിരുന്നു. അതുകൊണ്ടിയിരിക്കുമല്ലോ, കൃത്യം മഴക്കാലം തുടങ്ങുന്നതിന് അൽപ്പകാലം മുമ്പേ കേരള തീരത്തേക്കും മഴയെല്ലാം ഒതുങ്ങി ആകാശം പ്രസന്നമാകുമ്പോള്‍ തിരിച്ചും ഒരു കാറ്റ് സ്ഥിരമായി സമുദ്ര തിരകളോടൊപ്പം അലയടിച്ചിരുന്നത്. ആ കാറ്റിന്റെ ഓരം ചേര്‍ന്നായിരുന്നു ആ അറേബ്യൻ പായ കപ്പലുകള്‍ തങ്ങളുടെ വാണിജ്യ യാത്രകള്‍ നടത്തിയിരുന്നത്. ഒരുപക്ഷേ, അന്ന് നമ്മുടെ പൂര്‍വികര്‍ അറേബ്യൻ കടലിന്റെ വിജനതയിലേക്ക് കണ്ണുപായിച്ച് ഏതെങ്കിലുമൊരു അറബി നൗകയുടെ കൊടിമരതുമ്പെങ്ങാൻ കാണുന്നുണ്ടോ എന്ന് എത്രയോ തവണ പ്രതീക്ഷിയോടെ കാത്തിരുന്നിട്ടുണ്ടാകാം.
പ്രവാസ ലോകത്തിന്റെ പ്രതീക്ഷകളുടെ ചരിത്രം പിറവി കൊള്ളുന്നത് അവിടം മുതൽക്കാണ്.
പിന്നീട്, പറങ്കികളെന്ന പേരില്‍ കൊടുംകാറ്റ് വന്നു, കോളു വന്നു. അവർ അറബികളെ മലബാറില്‍ നിന്നും ആട്ടിയകറ്റി. പകരം അവരുടെ ആധിപത്യം സ്ഥാപിച്ചു. തങ്ങൾക്ക് കീഴ്പ്പെടുന്ന നാടുകളിലെ അധികാരം കൈക്കലാക്കുകയായിരുന്നു അവരുടെ ആദ്യത്തെ പരുപാടി. അവരത് ഭംഗിയായി നിര്‍വ്വഹിച്ചു. തുടര്‍ന്ന് തങ്ങളുടെ തന്നിഷ്ടങ്ങളവർ നടപ്പാക്കി. മലബാറിലെ തീരനഗരങ്ങളില്‍ നിന്നും രക്തപുഴയുടെ നീണ്ട രേഖകള്‍ കടലിലേക്കൊഴുക്കി പരന്നു. അതേറ്റ് വാങ്ങിയ അറേബികടൽ ചെഞ്ചോരനിറമണിഞ്ഞു. അറബികളുടെ നീതിയിലും ന്യായത്തിലും അധിഷ്ഠിതമായ കച്ചവടം പറങ്കികളുടെ കൊടിയ അനീതിയീലേക്കും മഹാക്രൂരതയിലേക്കും വഴിമാറിയ കാഴ്ചയാണ് ലോകം പിന്നീട് കാണുന്നത്. എന്നാൽ, അന്നും നമ്മുടെ പ്രതീക്ഷകള്‍ അറബികളിലായിരുന്നു. മുസ്ലിം രാജസഖ്യത്തിലെ ഹിന്ദു രാജാവ് എന്ന് പുകൾപ്പെറ്റ സാമൂതിരിയെ സഹായിക്കാൻ എത്ര എത്ര അറേബ്യൻ പടകപ്പലുകളാണ് അന്ന് മലബാർ തീരമണഞ്ഞിരുന്നത്. പിന്നെ സുദീര്‍ഘമായ അധിനിവേശ കഥകള്‍ക്കപ്പുറം മലബാര്‍ കലാപത്തിന്റെ തീജ്വാലയിലൂടെ കടന്നുപോയി ഷണ്ഡീകരിക്കപ്പെട്ട ഒരു ജനതക്ക് മുന്നില്‍ വീണ്ടും അറബികള്‍ തന്നെ പ്രത്യക്ഷപ്പെട്ടു. ഇത്തവണ അറേബ്യൻ കപ്പലുകള്‍ മലയാള തീരത്തേക്കല്ല വന്നത്. മറിച്ച് മലബാറികൾ അവരുടെ നാടുകളിലേക്കായിരുന്നു.
വിസ...
ആ തുണ്ട് പേപ്പറിനായി പ്രതീക്ഷയോടെ നമ്മളെത്ര കാത്തിരുന്നിരിക്കുന്നു. അത് കിട്ടിയവർ കിട്ടിയവർ നാടനഞ്ഞു. അവര്‍ക്കവിടെ ഉയർന്ന നിലവാരത്തിലുള്ള ജീവിത സാഹചര്യങ്ങൾ നല്‍കപ്പെട്ടു. അവരാനാടിന്റെ പുരോഗതിക്കൊപ്പം സഞ്ചരിച്ചു. സ്വപ്നങ്ങള്‍ കണ്ടു.
ലോകചരിത്രത്തോടൊപ്പം നീങ്ങിയ പാരമ്പര്യമാണ് ഗൾഫ് പ്രവാസികൾക്ക് പറയാനുള്ളത്. കുടിയേറ്റങ്ങൾക്കും കുടിയിറക്കങ്ങൾക്കും നൂറ്റാണ്ടുകളുടെ ചരിത്രം പറയാനുണ്ടാകുമല്ലോ. കേരളത്തിലേക്ക് പണ്ട് വന്ന് മടങ്ങിയ ചൈനക്കാരുടെ കഥാ പറയും പോലെയോ യവന-റോമാക്കാരെപോലെയോ അല്ല അറബ് നാടുമായുള്ള കേരളത്തിന്റെ സഞ്ചാര ചരിത്രത്തെകുറിച്ചും അതിന്റെ ഉത്പന്നമായ പ്രവാസത്തെകുറിച്ചും പറയുമ്പോൾ സൂചിപ്പിക്കാനുണ്ടാവുക. നൂറ്റാണ്ടുകള്‍ക്ക് മുന്നേ തുടങ്ങി ഇന്നും നില്‍ക്കാതെ ഒഴുകുന്നൊരു നദി പോലെയാണത്. അത് കൊണ്ടുതന്നെ മനസ്സിൽ ആദിയില്ല. മറിച്ച്, പ്രതീക്ഷകളല്ലാതെ. വരുന്ന കാലത്ത് പ്രവാസം ദുസ്സഹമാകുമെന്ന് അര്‍ദ്ധശങ്കയില്ലാത്ത വിധം ഉറപ്പിക്കുന്നവർക്ക് മുന്നില്‍ നമ്മൾ അന്ധാളിച്ചു നിന്ന കഴിഞ്ഞ കാല ചരിത്രമുഹൂര്‍ത്തങ്ങളേയും അതിനെ ഈ നാടിന്റെ സഹായത്തോടെ നമ്മൾ എതിരിട്ട് നിന്നതിന്റേയും ചരിത്രം പറഞ്ഞ് മനസ്സിലാക്കി കൊടുക്കുക.
ആ പഴയ കപ്പല്‍ ചരിത്ര സത്യങ്ങളുടെ സ്മാരകമെന്ന കണക്കെ ഖാലിദ് തടാകത്തിന്റെ ഓളങ്ങളിൽ ഇന്നും വിശ്രമിക്കുന്നു.
കോർണിഷിൽ നിന്നും മടങ്ങുമ്പോൾ തടാകത്തിന്റെ ആഴങ്ങളിലേക്ക് ചൂണ്ടതാഴ്ത്തി പ്രതീക്ഷയോടെ കാത്തിരിക്കുന്ന യുവത്വത്തെ അവിടെ കാണാം. വെള്ളത്തിലേക്കാണ്ടുപോയ ചൂണ്ടയിലെ കൊളുത്ത് തടിച്ച് കൊഴുത്ത കടൽ വിഭവവുമായി കരകയറുന്നതും കാത്തിരിക്കയാണവർ. ക്രമത്തില്‍ ഇടതീര്‍ത്ത് വളര്‍ത്തുന്ന ഈത്തപ്പഴമരങ്ങൾക്കിടയില്‍ താല്‍ക്കാലിക കസേരകളിൽ വിശ്രമിക്കുന്ന വൃദ്ധ ജനങ്ങൾ കടലിന്റെ അനന്തതയിലേക്ക് നോക്കി പരസ്പരം എന്തെല്ലാമോ സംസാരിക്കുന്നു. അവരും പങ്കുവെക്കുന്നത് പ്രവാസ നാടിന്റെ പ്രതീക്ഷകളാവാം. അല്ലെങ്കിൽ, അവർ നേടിയെടുത്ത വിജയത്തിന്റെ കഥകളുമാകാം.
ശുഭം.





No comments:
Post a Comment