മത്താഫ് സംസ്കാരങ്ങളുടെ പുണ്യഭൂമിയാണ്. മക്കയിൽ സ്ഥിതി ചെയ്യുന്ന വിശുദ്ധ കഅ്ബയുടെ ചുറ്റു വശത്തുമായി പരന്ന് കിടക്കുന്ന പ്രദക്ഷിണ വഴിക്ക് പറയുന്ന പേരാകുന്നു മത്താഫ്. കിഴക്കനേഷ്യന്‍ രാജ്യങ്ങളിലെ നീളം കുറഞ്ഞ മഞ്ഞ മനുഷ്യര്‍ മുതൽ പടിഞ്ഞാറെ കരയിലെ ചെമ്പന്‍ തലമുടി പാറികളിക്കുന്ന വെളുത്ത നീളമുള്ള യൂറോപ്പ്യന്മാരെ വരെ കാണുന്ന ഭൂമിയുടെ കേന്ദ്ര ചത്വരം. ഭക്തി തുളുമ്പുന്ന മുഖഭാവത്തോടെയുള്ള വെളുത്ത അറബികളും, അവരില്‍ തന്നെ ഉരുണ്ട മുഖമുള്ള തുര്‍ക്കികളും, തടിച്ച നീളൻ വസ്ത്രമണിഞ്ഞ മധ്യദരണ്യായി പ്രദേശത്തിൽ നിന്നുള്ളവരും, നീളൻ പൈജാമധാരികളായ ഉത്തരേഷ്യക്കാരും തുടങ്ങി ആഫ്രിക്കൻ വന്‍കരയിലെ കറുത്ത സുന്ദരന്‍ മനുഷ്യർ വരെയുള്ള അനേകം രാജ്യനിവാസികളുടെ സംഗമ ഭൂമിയാണത്. സംസ്കാരങ്ങളുടെ ഈറ്റില്ലം. ഞാനെവിടെയോ വായിച്ചറിഞ്ഞിട്ടുണ്ട് അമേരിക്കയിലെ യൂണിയൻ ചത്വരമാണ് സംസ്കാരങ്ങളുടെ സംഗമ ഇടമെന്ന്. എന്നാൽ, മക്ക സന്ദര്‍ശിക്കുന്നത് വരെ മാത്രമേ അവരുടെ ആ അഭിപ്രായത്തിന് ആയുസ്സൊള്ളൂ എന്ന് നിസ്സംശയം പറയേണ്ടി വരും.
നിലക്കാത്ത ചക്രം പോൽ സര്‍വ്വ സമയവും മത്താഫിൽ പ്രദക്ഷിണം നടന്നുകൊണ്ടേയിരിക്കുന്നു.
ജീവിക്കുന്നവരും മണ്‍മറഞ്ഞ് പോയവരുമായ മിക്ക മുസ്ലിങ്ങളും ഇവിടെ വന്നുപോയിരിക്കുന്നു. രാജാക്കന്മാർ, റാണിമാർ, ഏകാധിപതികൾ, മന്ത്രിമാർ, സഞ്ചാരികൾ, ചരിത്രകാരന്മാർ ഗവേഷകർ തുടങ്ങി യാചകരും, പീഡിതരും, അക്രമികളും, വേശ്യകളും വരെ ഈ പാതയിലൂടെ നടന്ന് നീങ്ങിയിട്ടുണ്ടാകാം. ബാബറും, അക്ബറും, ടിപ്പുവും, വാരിയംകുന്നത്തും തുടങ്ങി മുസ്ലിം ലോകത്തിന്റെ ആവേശമായ ഓരോ പ്രവാചകൻമാരും ഇമാമുമാരും അവരുടെ അനുയായികളും ഇവിടെ ഈ മത്താഫിന്റെ കുളിരിൽ കാലൂന്നിയിരിക്കുന്നു. നാശോന്മുഖമായ യുദ്ധങ്ങള്‍ക്ക് ശേഷം പശ്ചാത്താപിച്ച് മടങ്ങിയവരും, സ്വന്തം നാട്ടില്‍ നടക്കുന്ന അക്രമങ്ങളെ ചെറുക്കാന്‍ വിശ്വാസ വിശുദ്ധിയിൽ ചാലിച്ച കരുത്തുമായി തിരികെ പോയവരും അവരില്‍ പെടുന്നു. കാലത്തിന്റെ കുത്തൊഴുക്കിൽ കൊഴിഞ്ഞ് പോയ സകലരേയും ഈ ഭൂമിക സ്വാഗതം ചെയ്തിട്ടുണ്ട്. ആശംസകൾ നേര്‍ന്ന് യാത്ര അയച്ചിട്ടുമുണ്ട്.
അത് മത്താഫിന്റെ നിയോഗം.
ഒരിക്കല്‍, ഈ വിനീതനും ആ മത്താഫിലൂടെ നടന്ന് നീങ്ങാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഒരു കൊടും ഉഷ്ണ കാലത്ത്. അന്ന് ആകാശത്ത് വെട്ടി തിളങ്ങുന്ന സൂര്യനും അന്തരീക്ഷത്തിൽ കത്തുന്ന വെയില്‍ ചൂടായിരുന്നെങ്കിലും മത്താഫിൽ നല്ല സുഖമുള്ള കുളിരാണുണ്ടായിരുന്നത്. കുളിര്‍... അത് കാൽ പാതത്തിലൂടെ ശരീരത്തിലേക്ക് നിലക്കാതെ പ്രവഹിച്ചതിനാൽ ശരീരം ചൂടറിഞ്ഞിരുന്നേയില്ല. ഇടതടവില്ലാതെ കര്‍മ്മങ്ങളില്‍ മുഴുകിയിരിക്കുന്ന മറ്റു വിശ്വാസികള്‍ക്കും മത്തിഫിലെ ആ കുളിര്‍ ആശ്വാസം നല്‍കുന്നുണ്ടന്നെനിക്ക് തോന്നി. അവർ നമസ്കരിക്കുന്നു, വിശുദ്ധ ഗ്രന്ഥം പാരായണം ചെയ്യുന്നു, ഇരു കൈകളും പ്രപഞ്ച നാഥനിലേക്കുയർത്തി പ്രാര്‍ത്ഥിക്കുന്നു. സുദീര്‍ഘമായ സാഷ്ടാംഗത്തിൽ മുഴുകിയിരിക്കുന്നു. ഇരു കാലുകളും നീട്ടി വെച്ചിരുന്ന് ഓരോന്ന് ചിന്തിക്കുന്നു. കൊടും ഉഷ്ണത്തിൽ നിന്നും അവരുടെ ശ്രദ്ധയെ തെറ്റിച്ചെന്നോണം മത്താഫ് തണുപ്പിനെ അവരിലേക്ക് പകർന്ന് കൊണ്ടേയിരിക്കുന്നു.
"ഏത് കടുത്ത ചൂടിലും നിലം എപ്പോഴും തണുത്തിരിക്കാൻ മത്താഫിന്റെ മാർബിൾ പ്രതലത്തിന് കീഴെ എന്തോ സംവിധാനിച്ചിട്ടുണ്ട്"
ചിലര്‍ അഭിപ്രായപ്പെട്ടു.
അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ ചില കാര്യങ്ങളെനിക്ക് ബോധ്യമാക്കി നല്‍കി. അതാണ് ഞാനിവിടെ പറയാൻ ഉദേശിക്കുന്നത്.
യവന കഥകളില്‍ പരാമര്‍ശിക്കുന്ന ഒരു ദ്വീപുണ്ട് മെഡിറ്റേറിയൻ കടലിന്റെ ഭാഗമായ ഈജിയൻ കടൽ പ്രദേശത്ത്. താസസ് ദ്വീപ്. സ്വര്‍ണ്ണ ഖനികളിൽ ആകൃഷ്ടരായി അവിടേക്കു കുടിയേറിയ ഫിനീഷ്യർ മുതൽ ഗ്രീക്കുകാർ, പേർഷ്യക്കാർ, ആഥൻസ്, മാസിഡോണിയ, റോം, ഒട്ടോമൻ, ഈജിപ്ത് തുടങ്ങിയ ലോക ശക്തികൾ കാലാകാലം പിടിച്ചെടുത്ത് അനുഭവിച്ച മനോഹരമായ തീര രാജ്യം. ഒടുവിൽ, 1914ലെ ബുക്കാറസ്റ്റ് കരാർ പ്രകാരം ഗ്രീസിന്റെ ഭാഗമായ മാറിയ മേല്‍ ദ്വീപിന് ആ നാമം ലഭിക്കുന്നത് ഫിനിഷ്യൻ കുടിയേറ്റത്തിന് നേതൃത്വം നല്‍കിയ താസസിന്റെ പേരിൽ നിന്നുമാണ്. താസസ് ദ്വീപിലെ പുരാതന ജനപഥങ്ങളുടെ സമ്മേളന വേദികളായ അഗോറകൾക്ക് സമീപം അലിക്കീ എന്ന പേരിലറിയപ്പെടുന്നൊരു മാർബിൾ ഖനിയുണ്ട്. അവിടെ അനേകം സംവത്സരങ്ങളായി തൂവെള്ള നിറത്തിലുള്ള സുന്ദരൻ മാര്‍ബിളുകൾ പ്രകൃതിയുടെ മടിത്തട്ടിൽ നിന്നും കൊത്തിയുണ്ടാക്കപ്പെടുന്നു. നമ്മോട് നിശബ്ദമായി ചരിത്രം പറയുന്ന എത്രയെത്രയോ എടുപ്പുകൾ, ശില്‍പങ്ങള്‍, സ്തൂപങ്ങൾ തുടങ്ങിയവ ഇതുവരേക്കും അവിടെ നിന്ന് ഉണ്ടാക്കപ്പെട്ടിരിക്കുന്നു. സൂര്യപ്രകാശത്തെ തന്റെ ശരീരത്തിലേക്ക് ശക്തമായ തോതില്‍ സ്വാംശീകരിക്കാൻ കഴിയുന്നത് കൊണ്ടാണ് താസസ് മാര്‍ബിള്‍ സദാസമയവും തണുത്തിരിക്കുന്നത്. അതാണ് മേല്‍ മാര്‍ബിളിന്റെ ഏറ്റവും വലിയ സവിശേഷതയും.
എന്നിരുന്നാലും, താസസ് ദ്വീപിൽ നിന്നും ഇറക്കുമതി ചെയത് മേല്‍ മാര്‍ബിളുകളാണ് മത്താഫിന്റെ മനോഹാരിതക്കും കുളിരിനും കാരണമെന്നാണ് ഞാൻ പറഞ്ഞ് വരുന്നത്. യവനകഥകളിലെ പ്രസിദ്ധങ്ങളായ അനേകം കവിതകൾ വിരിഞ്ഞ ആ മാര്‍ബിള്‍ ശിലയുടെ ഒടുവിലത്തെ തലമുറകളിപ്പോൾ കഅ്ബക്ക് ചാരെ വെയിലേറ്റ് തിളങ്ങി നില്‍ക്കുന്നത് കാണുമ്പോള്‍ ചരിത്രത്തിന്റെ ചില നിയോഗങ്ങളെ കുറിച്ച് ഞാന്‍ ചിന്തിച്ച് പോകുന്നു.
മത്താഫില്‍ ത്വവാഫിന് അഥവ പ്രദക്ഷിണത്തിന് തുടക്കം കുറിച്ചു. ഉസ്താദിന്റെ പ്രാര്‍ത്ഥനയെ ആവര്‍ത്തിച്ചുകൊണ്ട് ഞങ്ങളദ്ദേഹത്തെ അനുഗമിച്ചുകൊണ്ടിരിക്കുന്നു. ലോകത്തെ എല്ലാ ദിക്കുകളിലുള്ളവരും അവിടെ സന്നിഹിതരായിരുന്നു. ചിലര്‍ കരയുന്നു. ചിലര്‍ ദുഃഖം മറച്ചുപിടിക്കാനായി മുഖം കൈകൾ കൊണ്ട് പൊത്തി പ്രാര്‍ത്ഥിക്കുന്നു. ചിലര്‍ ആവേശത്തോടെ ഓടിച്ചാടി കാര്യങ്ങൾ നിര്‍വഹിക്കുന്നു. ഭക്തിസാന്ത്രമായിരുന്ന അവിടെ ധാരാളകണക്കിനാളുകൾ എപ്പോഴുമുണ്ട്. പ്രത്യേകം പ്രയാസങ്ങളൊന്നുമില്ലങ്കിൽ ലോകാവസാനം വരെ ഇതിങ്ങനെ ഇവിടെ തുടർന്ന് കൊണ്ടേയിരിക്കുമത്രെ. ഇതൊരു പ്രതീകമാണ്. ഒരു കെടാവിളക്ക് പോലെ... ഇതിൽ കൊഴിഞ്ഞു പോകുന്നവർക്ക് പകരം ലോകത്തിന്റെ ഏതോ മുക്കില്‍ നിന്നുമൊരാൾ തൽസ്ഥാനത്തേക്ക് കയറി നില്‍ക്കുന്നു. അദ്ദേഹത്തിന്റേത് തീരുമ്പോള്‍ മറ്റൊരാള്‍. അങ്ങനെയങ്ങനെ.
ത്വവാഫിനു ശേഷം നമസ്കാരത്തിന്നായി മത്താഫിൽ ഒരിടത്ത് ഞങ്ങളെല്ലാവരും ഇരിപ്പുറപ്പിച്ചു. മത്താഫ് എന്റെ ശരീരത്തിലേക്ക് കുളിര് കോരി ഒഴിക്കുന്നു.


No comments:
Post a Comment