ട്രയാങ്കൾ എന്നൊരു സിനിമയുണ്ട്. ഒരു ഗ്രീക്ക് ഇതിഹാസ കഥയുടെ നവരൂപാന്തരത്തിന്റെ ചലചിത്രാവിഷ്കാരം. എഓലസ് എന്ന കാറ്റ് ദേവന്റെ മകന്‍ സിസിഫസ് എന്തോ കാരണത്തിന്റെ പേരില്‍ ദൈവത്താൽ ശിക്ഷിക്കപ്പെടുന്നു. ശിക്ഷ ഇങ്ങനെ... ഒരു വലിയ കുന്നിന്റെ മുകളിലേക്ക് നിരന്തരം വലിയൊരു പാറകഷ്ണം ഉന്തി തള്ളി കയറ്റിക്കൊണ്ടു പോവുക. മുകളിലെത്തി കഴിഞ്ഞാൽ ആ കല്ലിനെ താഴേക്ക് തള്ളി വിട്ട് വീണ്ടും ഈ പ്രവര്‍ത്തി ആവര്‍ത്തിക്കുക. ഇത് നിരന്തരം തുടരുക എന്നുള്ളതാണ് സിസിഫസ് ദേവന് ദൈവം നല്‍കിയ ശിക്ഷ. കേരളത്തിൽ പരിചിതമായ നാറാണത്ത് ഭ്രാന്തന്റെ കല്ലൂരുട്ടലുമായി ഈ സംഭവത്തിന് വലിയ സാമ്യത കാണുന്നു എന്ന വസ്തുത മുന്നോട്ട് വെച്ചാല്‍ വിശ്വാസങ്ങൾ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളെയാണത് സൂചിപ്പിക്കുന്നത്. എന്നിരുന്നാലും, ലോകന്ത്യം വരെ തുടരുന്നു എന്ന് വിശ്വസിക്കുന്ന ആ കയറ്റിറക്ക് പ്രക്രിയയുടെ ചുവട് പിടിച്ചാണ് ട്രയാങ്കൾ എന്ന സിനിമ മുന്നോട്ട് പോകുന്നത്.
സിനിമയിലെ കഥാപാത്രങ്ങളുടെ ജീവിത്തില്‍ സംഭവിക്കുന്ന ചില അസാധാരണ മുഹൂര്‍ത്തങ്ങള്‍ മൂലം നിരന്തരം ആവര്‍ത്തിക്കപ്പടുന്ന സംഭവങ്ങളും സാഹചര്യങ്ങളും അവര്‍ക്കിടയിൽ ഉണ്ടായി തീരുന്നു. അതിൽ നിന്നും കര കയറാൻ ഒരു സ്ത്രീ നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ട്രയാങ്ക്ൾ എന്ന പദത്തിന്റെ അര്‍ത്ഥം തന്നെ ത്രികോണം എന്നാണല്ലോ. അഥവാ, പരസ്പരം ബന്ധിപ്പിക്കപ്പെട്ട അറ്റമില്ലാത്ത മൂന്ന് മൂലകൾ.
ഞാനിതിവിടെ പറയാനൊരു കാരണമുണ്ട്...
കാലം 2020 ആണ്. കൊറോണ എന്ന അതിസൂക്ഷ്മനായൊരു കീടം മനുഷ്യന്റെ സകല സമാധാനവും നശിപ്പിച്ചു കൊണ്ടിരിക്കുന്ന നാളുകളിലൂടെയാണ് ലോകം കടന്ന് പോയി കൊണ്ടിരിക്കുന്നത്. അവന്റെ സൗകര്യങ്ങള്‍, സ്വതന്ത്രം, കച്ചവടം, ആരാധന, പഠനം, യാത്ര, സ്നേഹം, സംവാദം, പ്രേമം, ചുംബനം... തുടങ്ങി എല്ലാം എല്ലാം മേല്‍ കീടം അപഹരിച്ചിരിക്കുന്നു. സംഗതി മനുഷ്യ നിര്‍മ്മിതമാണന്ന് ചില കോണില്‍ നിന്നൊക്കെ പറയുന്നുണ്ടെങ്കിലും... ചിലരങ്ങനെയല്ല പ്രകൃതിദത്തമായി രൂപം കൊള്ളുന്ന തികച്ചും സ്വാഭാവികനാണവൻ എന്നും പറഞ്ഞ് തള്ളുന്നു. എങ്കിലും, ഒരു കാര്യം പറയാതെ വയ്യ. മാറിയ കാലത്തെ ഏറ്റവും നൂതനമായ വജ്രായുധമാണ് ജൈവായുധങ്ങളെന്ന്. ആയിരം ആറ്റം ബോംബുകള്‍കൊണ്ട് നേടാൻ കഴിയാത്തത് ഒരൊറ്റ വൈറസുകൊണ്ട് നേടാൻ കഴിയുന്നു. നഗര ഗ്രാമങ്ങളുടെ ഉള്ളറകളിലേക്കവൻ എത്തിപ്പെടുന്നു. രാജ്യങ്ങളുടെ നടുവൊടിക്കുന്നു. അതിനാല്‍, അവരവരുടെ കൂട്ടില്‍ പരിമിതമായ സൗകര്യങ്ങളുമായി കഴിഞ്ഞു കൂടുക എന്നുള്ളത് മാത്രമാണ് കീടത്തിനെതിരെയുള്ള താല്‍ക്കാലിക പോംവഴി എന്നാണ് ലോകം നിരീക്ഷിക്കുന്നത്. അതിനാല്‍, ലോക്ക്ഡൗൺ എന്ന ഒറ്റപ്പെടലനുശ്ഠിച്ച് വരികയാണ് ഞങ്ങൾ. ഈ ദിവസങ്ങളെ അനുഭവിക്കുമ്പോൾ ഞാൻ നേരത്തെ പറഞ്ഞ ആ സിനിമയാണെന്റെ മനസ്സിലേക്ക് കടന്നു വരുന്നത്. അതിലെ കഥപോലെ... അല്ലെങ്കിൽ, സിസിഫസ് ദേവന്റെ പ്രയത്നം പോലെ... നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന കുറേ ദിവസങ്ങളുടെ കൂട്ടമാണ് പലര്‍ക്കുമീ ലോക്ക്ഡൗൺ ദിവസങ്ങൾ. അസാധാരണമായ മന്ദഗതിയാണവക്ക്. നേരം വെളുത്താല്‍ ഉച്ചയാകാനും... പിന്നെ, വൈകുന്നേരവും, രാത്രിയുമാകാനും ദിവസങ്ങളോളം സമയമെടുക്കുന്നതുപോലെ.
ചരിത്രത്തിലെ ഒരു കഥ കേൾക്കാം...
അധികാര തര്‍ക്കത്തിന്റെ പേരില്‍ ഔറംഗസേബ് പിതാവായ ഷാജഹാന്‍ ചക്രവര്‍ത്തിയെ ആഗ്ര കോട്ടയിലെ ഒരു ഇരുട്ട് മുറിയില്‍ തടവറയിലിട്ടു. കോട്ടമുറിയിലെ തന്റെ കിടക്കയുടെ സമീപത്തെ കുഞ്ഞു ജനാലയിലൂടെ മെഹ്താബ് ബാഗ് പൂന്തോട്ടത്തിനുമപ്പുറത്തെ താജ്മഹലിലേക്ക് ഷാജഹാന്‍ ദിനവും പ്രതീക്ഷയോടെ ഉറ്റുനോക്കുമായിരുന്നത്രെ. കാരണം, ആ വെള്ളകൊട്ടാരത്തിലായിരുന്നു തന്റെ പ്രിയതമ മുംതാസിനെ ഷാജഹാന്‍ മറമാടിയിരുന്നത്. ഇവിടെ ഞങ്ങളും ഞങ്ങളുടെ മുറിയുടെ ചെറിയ ചില്ലു ജാലകത്തിലൂടെ വെളിയിലേക്ക് ഉറ്റുനോക്കാറുണ്ട്. ഈ പ്രയാസങ്ങളൊക്കെയൊന്ന് തീർന്ന് എല്ലാവരും പുറത്തിറങ്ങിയിട്ടുണ്ടോ എന്ന്... പാകിസ്താനികൾ പാരമ്പര്യ ഖട്ടക് നൃത്തവുമായി അവരുടെ കടകള്‍ക്ക് പുറത്ത് സജീവമാണോ എന്ന്. ശര്‍ക്കരയും മധുരമില്ലാത്ത കടും കറുപ്പാർന്ന കട്ടനുയുമായി നീട്ടി വിരിച്ച ശീലയിലിരുന്ന് അഫ്ഗാനികൾ വെടിവെട്ടം തുടങ്ങിയിട്ടുണ്ടോ എന്ന്. ആകര്‍ഷകമായ ഗന്ധമുള്ള നല്ല മുരിഞ്ഞ കോഴിക്ക് ചുറ്റിലും ചാരുകസേരയിലിരുന്ന് ഫിലിപ്പീനോ പെണ്ണുങ്ങള്‍ ഉറക്കെ അട്ടഹസിച്ച് ചിരിക്കുന്നുണ്ടോ എന്ന്. അവർ കോഴികുഞ്ഞുങ്ങളുടെ ശബ്ദത്തിൽ ഏത് നേരവും കലപില കൂട്ടികൊണ്ടിരിക്കുന്നവരായിരുന്നു.
മുറിയിലെ ചില്ലു ജാലകത്തിലൂടെ ഒരു പര്‍വ്വതത്തിന്റെ ഉച്ചിയിൽ നിന്നെന്നപോലെ ലോക് ഡൗൺ ദിനത്തിന്റെ സൗന്ദര്യം കാണാന്‍ കഴിയുന്നു. പക്ഷേ, തെരുവ് ശൂന്യമാണ്... അർത്ഥശൂന്യമായ കാത്തിരിപ്പിൽ. അപൂര്‍വ്വമായി മാത്രം ചില മനുഷ്യരെ അവിടവിടെയായി കാണുന്നെങ്കിലും അവർ ധ്യാനത്തിലാണന്ന് തോന്നിപ്പോകും. അവരുടെ കണ്ണുകൾ മാത്രമാണ് വെളിയില്‍ കാണുന്നത്. മാസ്കിനുളളിൽ അവർ ചിരിക്കുകയായിരിക്കുമോ അതോ കരയുകയോ. തിങ്ങി നിറഞ്ഞ ജനക്കൂട്ടം പരന്നൊഴുകിയിരുന്ന ഫൂട്ട് പാത്തും, വാഹനങ്ങൾ കുതിച്ച് നീങ്ങിയിരുന്ന പാതകളും ആളും ആരവങ്ങളുമില്ലാതെ കാലിയായി കിടപ്പാണ്. പേരിനു മാത്രം അവിടവിടെയായി ചിലരെ കാണാമെങ്കിലും അവരാ തെരുവിന്റെ വിജനത കണ്ട് എന്തൊക്കെയോ ചിന്തിച്ചു നിൽക്കുന്നു. സിഗരറ്റ് പുകക്കുന്നു.
അവിടെ ആ പാതയോരത്തൊരു വലിയ അഗ്നിശമന കേന്ദ്രം കാണാം. അങ്ങനെയൊരു സംഗതിയവിടെ തുടങ്ങാൻ ചില കാരണങ്ങളുണ്ട്. അതിങ്ങനെ...
ഞങ്ങളുടെ ഈ പ്രദേശം വിപുലമായൊരു വ്യാവസായിക മേഖലയുടെ ഭാഗമാണ്. ഒരു വലിയ തൊഴിൽ ശാലയുടെ ചുറ്റുവട്ടം. പിന്നീട്, ആ തൊഴിൽ ശാലക്കനുബന്ധമായി ധാരാള കണക്കിന് കെട്ടിടങ്ങളുമിവിടെ മുളച്ച് പൊന്തുകയുണ്ടായി. അപ്പാർട്ടുമെന്റുകൾ, കടകള്‍, ആരാധനാലയങ്ങള്‍, സ്കൂളുകള്‍, ആശുപത്രികള്‍ തുടങ്ങി അനേകം കെട്ടിടങ്ങള്‍. ഉമ്മുനൂർ എന്ന പേരിലറിയപ്പെടുന്ന അറേബ്യയിൽ തന്നെ അതിപുരാതനമായൊരു ജനപഥം വാണിരുന്ന 'മലീഹ' എന്ന പ്രദേശം ഞങ്ങളുടെ തൊട്ടടുത്താണ് സ്ഥിതിചെയ്യുന്നത്. മലീഹ എന്ന വാക്കിനോട് സാദൃശ്യമുള്ള മുവൈല എന്ന പേരിലാണ് ഞങ്ങളുടെ ഈ പ്രദേശം അറിയപ്പെടുന്നത് തന്നെ. ഏകദേശം, മേല്‍ മലീഹ വരേയും ആ വ്യവസായ ശാലകള്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ, ഏതു സമയത്തും തീഭയം വളരെ കൂടുതലാണിവിടെ. കൂടാതെ, വേനല്‍ കാലത്ത് വസ്തുക്കള്‍ ചുട്ടു പൊള്ളി നില്‍ക്കുമെന്നതിനാൽ തീ പടർന്ന് പിടിക്കാനും വേഗമുണ്ട്.
ഇതൊക്കെ കൊണ്ടായിരിക്കാം ഇവിടെ ഇങ്ങനെയൊരു അഗ്നി രക്ഷാ കേന്ദ്രം തുറക്കാനിടയായത്.
ഞങ്ങൾ ബാൽക്കണിയിൽ വെറുതെ സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ അകലത്തെവിടെയെങ്കിലും വെളുത്ത ആകാശത്തേക്കുയരുന്ന കറുത്ത ധൂളികകൾ കാണാറുണ്ട്. ആളിപ്പടർന്ന് കത്തുന്ന തീക്കു മുകളിലെ കറുത്ത പുകയാണത്. ഒരുപക്ഷേ, മനുഷ്യന്റെ അധ്വാനവും ജീവനുമവിടെ ഹോമിക്കപ്പെടുന്നുണ്ടായിരിക്കാം. അപ്പോൾ, ഞങ്ങൾക്ക് മുന്നിലൂടെ വലിയ ശബ്ദത്തിലാ അഗ്നിശമന സേന വാഹനങ്ങൾ പായുന്നത് കാണാം. കൊറോണ ഭീഷണി കൂടി നിലനില്‍ക്കുന്നതിനാൽ രാവും പകലുമവിടെ തിരക്കാണ്... തിരക്കെന്ന് പറഞ്ഞാൽ തിരക്കോട് തിരക്ക്. ചില അവസരങ്ങളിൽ അതിന്റെ മുറ്റത്ത് ധാരാള കണക്കിന് ആംബുലന്‍സുകളും ഞങ്ങൾ കാണാറുണ്ട്. അതിന്റെ ബാഹുല്യം കാണുമ്പോള്‍ റൂമിലെ ചിലര്‍ പറയുന്നത് കേൾക്കാം...
"ഇന്ന് കൊറോണ രോഗികള്‍ അല്‍പ്പം കൂടുതലാണെന്ന് തോന്നുന്നു. കണ്ടില്ലേ... നിരനിരയായി ആംബുലന്‍സുകൾ" എന്ന്.
മേല്‍ അഗ്നിശമന കേന്ദ്രത്തിലെവിടെയോ ധാരാള കണക്കിന് കോഴികളെ വളര്‍ത്തുന്നുണ്ട് എന്ന് കുറച്ച് നാളുകളായി ഞങ്ങളുടെയൊരു സംശയമാണ്... നല്ല പൂവന്‍ കോഴികൾ. ഈ സന്ദേഹം ഞങ്ങൾക്ക് മാത്രമല്ല... സ്ഥലത്തെ പ്രധാന പൂച്ചകള്‍ക്കുമുണ്ട്. കാരണം, അവിടെ നിന്നും നല്ല നീട്ടിയുള്ള കൂവലുയരുമ്പോൾ കാമുകിയെ കാണാൻ വെമ്പുന്ന കാമുകനെപോലെ ആ പൂച്ചകള്‍ അഗ്നിശമന കേന്ദ്രത്തിന്റെ വലിയ മതിലില്‍ അള്ളിപ്പിടിച്ച് കയറാൻ ശ്രമിക്കുന്നത് ഞാൻ കാണാറുണ്ട്. സുബഹി നമസ്കരിച്ച് ഖുർആന്‍ പാരായണം ചെയത് കൊണ്ടിരിക്കുമ്പോഴാണ് നല്ല സ്റ്റൈലായുള്ള ആ നീണ്ട കൂവൽ ഞങ്ങൾ കേൾക്കാറ്. പൂച്ചകളപ്പോൾ ഉറക്കിൽ നിന്നുമുണർന്ന് അവിടേക്കോടി പോകുന്നത് കാണാം. പക്ഷേ, ഞാനാ കൂവൽ നല്‍കിയ ഗൃഹാതുരത്വ ഓര്‍മ്മകളുമായി നാടിനെയും നാടിന്റെ സ്പന്ദനങ്ങളേയും ഓര്‍ത്തുകൊണ്ട് കസേരയിലങ്ങനെ കാലും നീട്ടിയിരിക്കും. വല്ലാത്തൊരു അനുഭവമാണത്. വീട്ടിലെ മരകട്ടിലില്‍ പുതപ്പിനുള്ളിൽ ചുരുണ്ട് കൂടി കിടക്കുമ്പോള്‍ നമ്മെ പുറത്തെ ഇളം തണുപ്പിലേക്കുണര്‍ത്തി കൊണ്ട് പോയിരുന്ന ആ ശല്ല്യക്കാരായ കോഴികളുടെ അതേ ശബ്ദം. ഈ സമയം സേന കേന്ദ്രത്തിൽ തലേ ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങാന്‍ നില്‍ക്കുന്നവരുടേയും, അന്നത്തെ ഡ്യൂട്ടിക്ക് തുടക്കം കുറിക്കുന്നവരുടേയും 'ഗാര്‍ഡ് ഓഫ് ചേഞ്ച്' പരേഡ് നടക്കുന്ന സമയം കൂടിയാണ്. ഒരുപക്ഷേ, അവരെ അക്കാര്യം ഓര്‍മ്മിപ്പിക്കാൻ കൂടിയായിരിക്കാം ആ പൂവൻ കോഴികള്‍ അവിടെയങ്ങനെ അപ്പോൾ നീട്ടി പരത്തി കൂവുന്നതെന്ന് തോന്നുന്നു. പുതിയ ഷിഫ്റ്റിലെ ജോലിക്കാരെല്ലാം ജോലിയില്‍ ഹാജരായി കഴിഞ്ഞാൽ കോഴികളവരുടെ കൂവൽ നിർത്തുകയായി. പിന്നെ, അബീമെഹ്ത്തൂറ പള്ളിയുടെ മിനാരങ്ങൾക്കപ്പുറം മഞ്ഞ വര്‍ണ്ണത്തിൽ കുളിച്ച സൂര്യൻ ആകാശത്തേക്കുയരും. അതോടു കൂടി ഞങ്ങളുടെ ഒരു ലോക്ക്ഡൗൺ ദിവസത്തിനവിടെ ഔദ്യോഗികമായവിടെ തുടക്കം കുറിക്കും.
ഞങ്ങളുടെ മുറിയുടെ നേരെ മുന്‍വശത്ത് ഒരു അഫ്ഗാനിയുടെ കിടക്ക കടയാണ്. പള്ളികളും നിരത്തുകളുമൊക്കെ സജീവമായിരുന്ന കാലത്ത് ഒരു വയസ്സനായിരുന്നു ആ കടയുടെ ഉടമസ്ഥൻ. ആമത്തോടു പോലുള്ള ഒരുതരം തൊപ്പിയാണയാൾ ധരിക്കാറ്. ഒരു സാധാരണ മാതിരിയുള്ള തൊപ്പിയും, അതിന് മുകളില്‍ പാറയിൽ തുണിയുണങ്ങാനിട്ടത് മാതിരിയുള്ള ഒരു തുണി കഷ്ണവും. എന്നാലിപ്പോൾ ആ വയസ്സനെ തീരെ അവിടെ കാണാറില്ല. പകരം മക്കളാണ്. തടിമാടന്മാരായ കുറേ ആജാനബാഹുക്കൾ. എന്നിരുന്നാലും വളരെ നല്ല രീതിയില്‍, അച്ചടക്കത്തോടെയാണ് ആ വൃദ്ധന്‍ ആ മക്കളെയൊക്കെ വളർത്തുന്നതെന്ന് തോന്നിപ്പോകുന്നു. കാരണം, പള്ളിയിലെ കൂട്ട നമസ്കാരങ്ങൾക്ക് ശേഷം സ്വലാത്ത് ദിക്റുകളുമായി കുറേ സമയം പള്ളിയില്‍ തന്നെ ചിലവിടുന്നവരാണവർ. അത്യധികം ഭയഭക്തി ബഹുമാനത്തോടെയല്ലാതെ വിശുദ്ധ ഗ്രന്ഥങ്ങളവർ പാരായണം ചെയ്യുന്നത് ഞാന്‍ കണ്ടിട്ടേയില്ല. എങ്കിലും, പിതാവിന്റെ അസാന്നിധ്യത്തിൽ കൈവന്ന സ്വാതന്ത്ര്യമവർ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് തോന്നിപ്പോകുന്ന തരത്തിലാണ് അവരെ സംബന്ധിച്ച ലോക്ക്ഡൗൺ ദിന കാഴ്ചകള്‍. കാരണം, ഏത് നേരവും കടയില്‍ സംസാരത്തിലാണവർ. നിരന്തരം ചർച്ചകളിലും അട്ടഹാസങ്ങളും തന്നെ.
പണ്ടൊരിക്കൽ മരുഭൂമിയിലൊരു വലിയ മഴ പെയ്തതിനെ തുടർന്ന് തെരുവ് മുഴുവന്‍ വെള്ളത്തിൽ മുങ്ങുകയുണ്ടായി. കാലിന്റെ മുട്ട് വരേയും വെള്ളം ഉയര്‍ന്ന് നിന്ന് തെരുവൊരു ആറുപോലെ തോന്നിപ്പിച്ച ആ ദിവസങ്ങളിൽ ആ കടയുടെ ഉള്ളിലേക്കും വെള്ളം ഇരച്ചുകയറിയിരുന്നു. എന്നാൽ, കടക്കകത്ത് ഉയർന്ന് നില്‍ക്കുന്ന ജല നിരപ്പിനെ സാക്ഷി നിർത്തികൊണ്ടവർ സ്റ്റൂളുകളിൽ വട്ടം കൂടിയിരുന്ന് സംസാരിക്കുന്നത് തന്നെയായിരുന്നു അപ്പോഴവിടുത്തെ കാഴ്ച്ച. നിലക്കാത്ത ചർച്ചകൾക്കെന്ത് വെള്ളപാച്ചില്‍...
അവരിലൊരാളെ എനിക്ക് ചെറിയ പരിചയമുണ്ട്. പലപ്പോഴും പ്രഭാത ഭക്ഷണം കഴിക്കാൻ ഞാന്‍ ഹോട്ടലിൽ ചെല്ലുന്ന അതേ സമയത്തു തന്നെയാണ് അയാളുമവിടെ എത്താറ്. ഒരു മലയാളിയെപ്പോലെ ദോശയും സാമ്പാറും അയാൾ ഓർഡർ ചെയ്യും. ഭക്ഷണമെത്തിയാല്‍ അതെല്ലാംകൂടി സമം ചേര്‍ത്ത് കുഴച്ച് വലിയ ഉരുളകളാക്കി ആസ്വാദനത്തോടെ അയാളത് കഴിക്കുന്നത് കാണുമ്പോൾ... എനിക്കയാളുടെ അരികില്‍ പോയി അതു സംബന്ധിച്ച കാര്യങ്ങൾ ചോദിച്ചറിയണമെന്ന ആഗ്രഹമുണ്ടാകാറുണ്ട്... മലയാള നാടിന്റെ സ്വന്തം വിഭവങ്ങളായ ഈ ദോഷ, സാമ്പാർ, ചട്ട്നി, ചമ്മന്തി ഇന്നിത്യാദികളെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണന്ന്. എന്നാൽ, ആ ഭീകര രൂപം കാണുമ്പോള്‍ അതിന് തീരെ ധൈര്യം വരാറില്ല. എങ്കിലും, ഞാനൂഹിച്ചൊരു കാര്യം പറയാം... ഒരുപക്ഷേ, അവരുടെ നാട്ടിലുള്ള ഏതെങ്കിലും വിഭവത്തിന്റെ വകഭേദമായിരിക്കാം മേല്‍ വിഖ്യാതമായ ദോശ. അല്ലെങ്കിൽ, ഏതെങ്കിലുമൊരു മലയാളി പുങ്കവൻ അഭിമാന പുരസരം അയാള്‍ക്കത് പരിചയപ്പെടുത്തി നല്‍കിയതാകാനും മതി.
എന്നാൽ, ഒരു കാര്യം സങ്കടത്തോടെ പറയട്ടെ... ആ ഹോട്ടലുകളെല്ലാം ഇന്ന് അടവാണ്. അനിശ്ചിതമായി നീളുന്ന ഈ ദിനങ്ങളില്‍ അയാളെപ്പോലെയുള്ള അനേകം ബ്രേക്ക് ഫാസ്റ്റ് മേറ്റ്സുകളെ ഞാന്‍ മിസ്സ് ചെയത് വരുന്നു...
ആ കിടക്ക കടയുടെ സമീപത്തെ മണി എക്സ്ചേഞ്ചിലെ നീണ്ട ക്യൂ... ലോക്ക്ഡൗൺ ദിവസത്തിന്റെ മറ്റൊരു സൃഷ്ടിയാണ്. പണ്ടതിനുളളിൽ എത്രപേരെയും ഉള്‍കൊള്ളാന്‍ കഴിയുമായിരുന്നത്ര വിശാലമായിരുന്നു. എന്നാൽ, ഇന്ന് എണ്ണപ്പെട്ടവരെ മാത്രമാണ് അതിനകത്തേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ. അതിനായി ജീവനക്കാർ സദാ കാവലാണവിടെ. അവര്‍ക്കവിടെ പിടിപ്പതു പണിയുമുണ്ട്. ഒന്നിനും സമയമില്ല. കൊറോണ കാലത്തിന്റെ പുതിയ രീതിയനുരിച്ച് അല്‍പ്പാൽപ്പമായി മാത്രമാണ് എക്സചേഞ്ചിനകത്തേക്ക് ഉപഭോക്താക്കളെ പ്രവേശിപ്പിക്കാൻ സാധിക്കുകയുള്ളൂ. അതിനാല്‍, ഇടപാട് തീര്‍ത്തിറങ്ങുന്ന ഓരോരുത്തര്‍ക്കും പകരം, തന്റെ തല മാത്രം വെളിയിലേക്ക് നീട്ടി... പുറത്ത് കാത്തിരിക്കുന്നവരിൽ നിന്നും ഒരാളെ അവർ അകത്തേക്ക് വിളിച്ച് കയറ്റുന്നു. ആ കയറുന്നവർക്ക് പനി ലക്ഷണമുണ്ടോ എന്ന പരിശോധന, അണുനാശിനി കൈകളിലേക്കൊഴിച്ച് നല്‍കൽ, മുഖാവരണം കൃത്യമായി ധരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കൽ തുടങ്ങിയവയും അവരുടെ ജോലിതന്നെ.
അതിനാല്‍, തിരക്കു തന്നെ... നിരന്തര തിരക്കാണവിടെ.
ആ എക്സചേഞ്ചിനപ്പുറത്തെ കഫെറ്റേരിയയുടെ മുറ്റം ധാരാളകണക്കിന് പൂച്ചകളുടെ വിഹാര കേന്ദ്രമാണ്. ഞാന്‍ മുന്നേ പറഞ്ഞ ആ പൂവൻകോഴികളുടെ കൂവൽ കേട്ടാല്‍ അവറ്റകൾ ഇവിടെ നിന്നുമാണ് അഗ്നിശമന കേന്ദ്രത്തിന്റെ ആ മതിലിനു സമീപത്തേക്കോടി പോകാറ്. ഈയിടെയായി പക്ഷേ, ആ പൂച്ചകള്‍ വലിയ ദുഃഖിതരാണന്ന് തോന്നുന്നു. കാരണം, അവര്‍ക്കാ കഫെറ്റേരിയയുടെ പരിസരത്ത് നിന്നും ധാരാളമായി ലഭിച്ചിരുന്ന എല്ലിൻ കഷ്ണങ്ങൾ തീരെ ഇപ്പോൾ കിട്ടാതായിരിക്കുന്നു. അവർ ചിന്തിക്കുന്നുണ്ടായിരിക്കാം...
"പണ്ട് ഇവിടെയിരുന്ന് ഭക്ഷണം കഴിച്ചിരുന്ന ആ മനുഷ്യരൊക്കെ ഇതെവിടെപോയന്ന്..."
നിരത്തിയിട്ടിരുന്ന മേശകൾ, അതിന് ചുറ്റിലുമുണ്ടായിരുന്ന കസേരകൾ, അവക്കിടയില്‍ പാറി നടന്നിരുന്ന ജീവനക്കാർ... അങ്ങനെ സജീവമായിരുന്ന ആ തിരക്കിന്റെ കാലത്തെ അനുസ്മരിച്ചുകൊണ്ടാണ് ആ പൂച്ചകളവിടെ ഇരുകാലുകളും നീട്ടിവെച്ച് അതിനു മുകളില്‍ തലയും വെച്ച് അര്‍ത്ഥ മയക്കത്തിലെന്നോണം കിടക്കുന്നത്. കുശാലായി ഭക്ഷണം ലഭിച്ചിരുന്ന ആ കഴിഞ്ഞ കാലങ്ങളവർക്ക് വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടായിരിക്കാം.
അന്ന് ചില്ലു കൂട്ടിലെ തീയില്‍ മുരിഞ്ഞു കൊണ്ടിരിക്കുന്ന കോഴിയിറച്ചിയുടെ ഗന്ധത്തിൽ ആകൃഷ്ടരായി വഴിയെ പോകുന്ന ആരെങ്കിലും ആ കസേരയിൽ വന്നിരുന്നാൽ, പരിചാരകന്റെ കൂടെ ആ പൂച്ചകളുമവിടെ ഹാജരാകും. പിന്നെ, അയാൾ ഓര്‍ഡര്‍ ചെയ്യുന്നത് എന്താണെന്നും ശ്രദ്ധിച്ച് അയാളുടെ മുഖത്തേക്കും ഉറ്റുനോക്കി അവരവിടെ തന്നെ കാത്തുനിൽക്കുന്നത് കാണാം. ഒരുപക്ഷേ, ഷവർമ്മയാണയാൾ ഓര്‍ഡര്‍ ചെയ്യുന്നതെങ്കിൽ പൂച്ചകൾ തിരികെ പഴയ സ്ഥാനത്തേക്കു തന്നെ മടങ്ങും. ചില്ലുകൂട്ടിനകത്തെ മുരിഞ്ഞ് കറങ്ങുന്ന സ്വാദുള്ള കോഴിയാണയാൾ ഓര്‍ഡര്‍ ചെയ്യുന്നതെങ്കിലോ... അവറ്റകളൊക്കെയും ആ കസേരക്ക് സമീപം തന്നെയിരിക്കും. കാരണം, അപ്പവും പച്ചക്കറിയുമടങ്ങിയ ഷവർമ്മയേക്കാള്‍ അവര്‍ക്കിഷ്ടം കോഴിക്കുള്ളില്‍ നിന്നെടുത്ത് അവര്‍ക്കെറിഞ്ഞ് കൊടുക്കുന്ന എല്ലിൻ കഷ്ണങ്ങളാണ്. ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ കഴിയുന്ന കഴിയുന്ന മുറക്ക് എല്ലുകളവർക്ക് എറിഞ്ഞു നൽകാനെങ്ങാൻ മറന്നു പോയാല്‍... പൂച്ചകളാ കസേരക്കരികില്‍ വന്ന് ഊര നിവര്‍ത്തി ഇരു കൈകളും ആ മനുഷ്യരുടെ മടിയിലേക്ക് കയറ്റി വെച്ച് പതുക്കെയൊന്ന് തോണ്ടും.
"സുഹൃത്തേ, ഞങ്ങളിവിടെ തന്നെയുണ്ട് കെട്ടോ" എന്ന് പറയും പോലെ...
ചില ഫിലിപ്പിനോ പെണ്‍കൊടികള്‍ക്കത് വലിയ പേടിയാണ്. കോഴി കുഞ്ഞുങ്ങളെ പോലെ അവരപ്പോൾ പേടിച്ചു നിലവിളക്കുന്നത് കാണാം. അതോടെ, പൂച്ചകളവിടെ നിന്നും ജീവനും കൊണ്ടോടി മറയും. ഞാൻ പറഞ്ഞല്ലോ... ഇന്നാ പൂച്ചകളൊക്കെയും വലിയ ചിന്തകന്മാരാണ്. മാസ്ക് ധരിച്ച് കണ്ണുകൾ മാത്രം വെളിയില്‍ കാണിച്ച ഏതെങ്കിലും മനുഷ്യരവരുടെ സമീപത്തുകൂടി വരുമ്പോൾ താല്‍പര്യമില്ലായ്മയോടെ പതുക്കെയവർ തല ഉയർത്തിയൊന്ന് നോക്കും. വിശേഷിച്ചൊന്നുമില്ലന്ന് ബോധ്യമാകുമ്പോൾ അവിടെ തന്നെ കിടക്കും... ചിന്തകൾ തുടരും.
പള്ളികളൊക്കെ സജീവമായിരുന്ന കാലത്ത് എല്ലാ നമസ്കാരത്തിനും നേരത്തെ പള്ളിയിലെത്തുന്ന വലിയ നീളമുള്ള ഒരു വൃദ്ധനുണ്ടായിരുന്നു അന്നവിടെ. ചിലയവസരങ്ങളിൽ നീണ്ട താടിയുള്ള മകനേയും, അറബ് പാരമ്പര്യ വസ്ത്രമായ കന്തൂറ ധരിച്ച മകന്റെ മക്കളേയും അയാളുടെ കൂടെ കാണാറുണ്ട്. എങ്കിലും, ഏറിയ കൂറും ആ പേരക്കുട്ടികളെ മാത്രമാണ് ഞാനയാളുടെ കൂടെ കണ്ടിട്ടുള്ളത്. മുംബൈ സ്വദേശികളായ അവർ സ്വദവേ വലിയ നാണക്കാരാണ്. എന്നെ സംബന്ധിച്ച് അങ്ങേയറ്റം അത്ഭുദം തോന്നിപ്പോകുന്ന ആ ഭക്ത കുടുംബത്തിനെ സംബന്ധിച്ച് കൂടുതൽ അറിയാനുദ്ദേശിച്ച് ഒന്നില്‍ കൂടുതൽ തവണ ഞാനവരോട് ബന്ധപ്പെടാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ, സലാം, സുഖം തന്നെയോ, എന്തൊക്കെ വർത്തമാനം, എങ്ങനെയുണ്ട് ഇന്നത്തെ ദിനം എന്നിത്യാദി ചോദ്യങ്ങൾക്ക് കൃത്യവും ശുഷ്ക്കവുമായ ഉത്തരം നല്‍കിയവർ പിന്‍വാങ്ങുന്നതോ, നിശബ്ദമായിരിക്കുന്നതോ ആണ് ഞാന്‍ കണ്ടിട്ടുള്ളത്. അതിനാല്‍ തന്നെ, കൂടുതലൊന്നും അവരോട് ചോദിക്കാൻ ഞാന്‍ നില്‍ക്കാറില്ല.
ഇരു കൈകളും പിന്നിലേക്ക് കൂട്ടി പിടിച്ച് അജാന ബാഹുക്കളായ ആ നാലുപേരുമന്ന് തെരുവിലൂടെ പള്ളിയിലേക്ക് പോകുന്നത് കാണുമ്പോള്‍ ആ വൃദ്ധനെ കുറിച്ച് വെറുതെ ഞാനോരോന്ന് ചിന്തിക്കാറുണ്ട്... എത്ര ശ്രദ്ധയോടു കൂടിയാണയാൾ തന്റെ തലമുറകളെ പരിപാലിക്കുന്നതെന്ന്. ഒരേ വഴിയില്‍ സഞ്ചാരിക്കുന്ന അച്ചടക്കമുള്ള രണ്ട് തലമുറകളെ അയാൾ രൂപപ്പെടുത്തിയിരിക്കുന്നു. ഒരുപക്ഷേ, അത് കൊണ്ടു കൂടിയായിരിക്കാം എന്റെ ചോദ്യങ്ങള്‍ക്ക് അറുത്ത് മറിച്ചുള്ള ഉത്തരങ്ങള്‍ക്കു ശേഷം വിനയാന്വിതരായി, നിശബ്ദതരായി അവർ അന്നിരുന്നത് പോലും. പള്ളിയുടെ അകത്ത് പ്രവേശിച്ചാല്‍ അതിനകത്തെ ഏറ്റവും പുണ്യമുള്ള ആദ്യവരി തന്നെ അയാൾ തിരഞ്ഞെടുക്കുന്നത് പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്. അതിനായി ആളുകൾ ചേര്‍ന്നിരിക്കുന്ന തിരക്കുള്ള ഓരോ വരികളുമയാൾ കവച്ച് മുന്നോട്ട് നീങ്ങും. ഒടുക്കം, ഇടതൂർന്ന തിരക്കാണവിടെ ഉള്ളതെങ്കിൽ പോലും ഏറ്റവും ആദ്യത്തെ വരിയില്‍ തന്നെ അയാൾ ഇരിപ്പുറപ്പിക്കും.
ഈ ലോക്ഡൗൺ ദിനത്തിലും ആ വൃദ്ധന്‍ അയാളുടെ സ്ഥിരം വഴിയെ പള്ളിയുടെ ഭാഗത്തേക്ക് പോകുന്നത് ഞാന്‍ പലപ്പോഴും ജനൽ വഴി കണ്ടിട്ടുണ്ട്. പക്ഷേ, മകനോ പേരക്കുട്ടികളോ അയാളുടെ കൂടെ കാണാറില്ല. കൈകൾ പിന്നിലേക്ക് കൂട്ടി പിടിച്ച്, നല്ല നീളമുള്ള വെളുത്ത കന്തൂറയും, മാസ്കും ധരിച്ച് അയാളാവഴി നടന്ന് പോകുന്നത് കാണുമ്പോള്‍ എന്തിനായിരിക്കാം ദിനവും വൈകുന്നേരം അയാളവിടെ പോയി മടങ്ങുന്നതെന്ന് ഞാന്‍ ചിന്തിക്കാതിരുന്നിട്ടില്ല.
ബാങ്കുയർന്നാൽ പള്ളിയിലേക്ക് പുറപ്പെട്ട് പോകൽ തന്റെ കടമയാണെന്നും... എന്നാൽ, ആ പള്ളിയുടെ കവാടം തനിക്ക് മുന്നില്‍ തുറക്കേണ്ട ഇത്തരവാദിത്തം സര്‍വ്വശക്തനായ ദൈവത്തിൽ നിക്ഷിപ്തമാണന്നും അയാൾ ചിന്തിക്കുന്നുണ്ടായിരിക്കുമോ... അറിയില്ല. എങ്കിലും, ഇരു കൈകളും പിന്നിലേക്ക് കൂട്ടി പിടിച്ച് മണല്‍ പാതയിലൂടെ അയാൾ പള്ളിയിലേക്ക് പോകും... പിന്നെ, അല്‍പ്പനേരമവിടെ ചിലവഴിച്ച ശേഷം തന്റെ മുറിയിലേക്ക് തന്നെ അയാൾ മടങ്ങും.
ഇപ്പോൾ പഴയത് പോലെയല്ല. പള്ളിയിൽ ഓരോ ബാങ്കുയരുമ്പോഴും ചെവികൂർപ്പിച്ച്, നിശബ്ദമായാണ് ഞങ്ങളതിനെ വരവേൽക്കാറ്. പ്രത്യേകിച്ച് ബാങ്കിന്റെ അവസാന ഭാഗത്തെ. കാലം പുതിയൊരു മാറ്റം ആ ബാങ്കിന്റെ തുമ്പത്ത് വരുത്തിയിരിക്കുന്നു. അധികാര പ്രതിധ്വനിയോടെ ഉയരുന്ന ആ നമസ്കാര ക്ഷണത്തിന്റെയൊടുക്കം മുഅദ്ദിൻ ഇങ്ങനെ പറയുന്നത് കേൾക്കാം.
"സ്വല്ലൂ ഫീ ബുയൂത്തിക്കും... സ്വല്ലൂ ഫീ ബുയൂത്തിക്കും" എന്ന്.
നിങ്ങൾ നമസ്കാരം വീട്ടില്‍ നിര്‍വ്വഹിക്കു എന്നാണാ വാക്കിനര്‍ത്ഥം. ചിലപ്പോൾ ശൈഖത് ഉച്ചരിക്കാൻ മറക്കുമ്പോൾ പ്രതീക്ഷയോടെ ഞങ്ങൾ ഉറ്റുനോക്കും... ഈ കെട്ട കാലമെങ്ങാൻ കഴിഞ്ഞോ എന്ന്. അപ്പോൾ പെട്ടന്നദ്ദേഹം ഓര്‍മ്മ വന്നത് മാതിരി അതൊറ്റശ്വാസത്തിൽ ചെല്ലി തീര്‍ക്കും... സ്വല്ലൂ ഫീ ബുയൂത്തിക്കും... സ്വല്ലൂ ഫീ ബുയൂത്തിക്കും. തന്റെ ജീവിതത്തിൽ ആദ്യമായി ഉപയോഗിക്കുന്ന ആ വാക്യത്തിന്റെ പ്രയോഗം ഒരുപക്ഷേ, അദ്ദേഹത്തെ ഏറെ ദുഃഖിപ്പിക്കുന്നുണ്ടാകാം.
ഞങ്ങളിവിടെ ആ പുതുവാക്യമില്ലാത്ത ബാങ്കിനെ കാത്തിരിക്കുകയാണ്. പത്ര താളുകളിലോ, സോഷ്യൽ മീഡിയകളിലോ, പള്ളി ചുമരുകളിലോ വിളംബരം ചെയ്യാതെ ആശ്ചര്യപ്പെടുത്തികൊണ്ടാ പള്ളി കവാടമെങ്ങാനും തുറക്കുന്നുണ്ടോ എന്ന്. ബാങ്ക് വിളിക്കാൻ മാത്രം തന്റെ മകനെയും കൂട്ടി പള്ളിക്കകത്തേക്ക് കയറി പോകുന്ന ആദരണീയനായ ഞങ്ങളുടെ ശൈഖ് പള്ളിക്കുള്ളിലേക്ക് ഞങ്ങളെ മാടി വിളിക്കുന്നുണ്ടോ എന്ന്... പക്ഷേ, പ്രതീക്ഷകള്‍ നിരന്തരം ആസ്ഥാനത്ത് തന്നെ.
നമസ്കാരത്തിനുള്ള വിളികളുയർന്നാലും അവരവരുടെ ജോലികളിൽ തന്നെ മുഴുകിയിരിക്കുന്ന ജനങ്ങളെ തെരുവില്‍ നിറയെ കാണാൻ കഴിയും. സാധാരണ, നമസ്കാരത്തിനുള്ള ബാങ്കുയർന്നാൽ പ്രാർത്ഥന നിര്‍വ്വഹിക്കുന്നതിനായി കടകളടച്ച് പള്ളിയിലേക്ക് പോകുന്നവരാണവർ. എന്നാൽ, ബാങ്കിന്റെ ശേഷവും എല്ലാവരും തങ്ങളുടെ വെടിവട്ടം തുടർന്ന് കൊണ്ടേയിരിക്കുന്നു, മാസ്ക്ക് ധാരികളായ സാധാരണക്കാർ തിരക്കിട്ടെന്നോണം എവിടേക്കോ പോകുന്നതും വരുന്നതും കാണാം.
"നമസ്കാരത്തിലേക്ക് വരൂ... വിജയത്തിലേക്ക് വരൂ..." എന്ന ബാങ്കു വിളിക്കാരന്റെ ചങ്കുപൊട്ടിയുള്ള വിളിയെ കണ്ടില്ലെന്ന് നടിച്ചതിന്റെ പഴിയാവാം നമ്മളിന്നീ അനുഭവിക്കുന്ന ഒറ്റപ്പെടൽ എന്നെനിക്ക് തോന്നുന്നു. എന്റെ സ്വകാര്യമായൊരു ദുഖമാണിത്. രാത്രിയുടെ ഒടുവില്‍ പ്രഭാതം പൊട്ടിവിടരുന്ന സമയം "ഉറക്കത്തേക്കാൾ നിങ്ങള്‍ക്കുത്തമം നമസ്കാരമാകുന്നു" എന്നെത്രയോ പ്രാവശ്യം മുഅദ്ദിൻ നമ്മെ വിളിച്ചറിയിച്ചിരുന്നു. എന്നാൽ, പുതപ്പിന്റെ സുഖ ലഹരിയിലായിരുന്നുവല്ലോ നമ്മൾ. ലോകത്തിലെ സകല ജന്തു ജാലകങ്ങളും പുതിയൊരു ദിനത്തിലേക്ക് കണ്‍മിഴി തുറക്കുന്ന ആ സമയം മനുഷ്യന്‍ മാത്രം സുഖനിദ്രയുടെ ശീതളിമയിൽ കിടന്ന് വിഹരിച്ചു... ഒരുപക്ഷേ, ഇനിയും നമ്മൾ കാത്തിരിക്കേണ്ടിയിരിക്കുന്നു. പാശ്ചാത്താപിച്ച് മടങ്ങാന്‍ ദൈവം നമുക്ക് സമയം നീട്ടി നല്‍കുന്നതാകാം...




No comments:
Post a Comment