ഒരു പേനകൊണ്ട് ലോകം കീഴടക്കാനിറങ്ങിതിരിച്ച്... ലോകത്തിന്റെ 'തനതായ' അനീതിക്കും സ്വാര്‍ത്ഥതക്കുമെതിരിൽ അക്ഷരങ്ങൾകൊണ്ട് പോരിനിറങ്ങിയ ഒരെഴുത്തുകാരന്റെ കഥകൾ വായിച്ച് 'ഭ്രാന്തുപിടിച്ച' അനേകം പേരിലൊരാളാണ് ഞാന്‍. ആ അനുഭവങ്ങളിലൂടെ ഒരിക്കലെങ്കിലും സഞ്ചരിച്ചിട്ടുള്ളവരുടെ മനസ്സിന്റെ കോണിലെവിടെയെങ്കിലും കാണാം ആ കഥകൾ വിരിഞ്ഞ ഈ ആകാശ കീറിനു താഴത്തെ ആ ഭൂമിയുടെ കഷ്ണമൊന്ന് കാണാൻ. കാരണം, അവിടെ മാത്രമാണ് ആ കഥാപാത്രങ്ങളെ നമുക്ക് തൊട്ടറിയാൻ സാധിക്കുന്നത്. ഒരു വായനാനുഭവം നല്‍കുന്ന ഏറ്റവും വലിയ അനുഭൂതിയാണത്രെ അത്.
ഈ സംഭവം നടക്കുന്നത് ആ കഥാകാരന്റെ ഭാഷയിൽ തന്നെ പറഞ്ഞാൽ 'അതിപുരാതീനകാലത്താണ്'.
ചാലിയത്തെ ചരിത്രം തലോടിയ സ്ഥലങ്ങളിലൂടെയുള്ള ദീര്‍ഘമായൊരു യാത്ര കഴിഞ്ഞതിനൊടുവില്‍ ജങ്കാർ തീരത്തെത്തിയിരിക്കുകയാണ് ഞാൻ. കടലിന്റെ വിശാലതയിലേക്ക് കണ്ണും നട്ട് ഏറെ നേരമവിടെ ഞാന്‍ ചിലവഴിച്ചു. ഏതാനും നിമിഷങ്ങൾക്ക് മുമ്പ് ഞാൻ കണ്ട ചാലിയത്തെ കാഴ്ച്ചകളെ ചരിത്രത്തിൽ ലയിപ്പിച്ചു ചേർത്ത് ഞാനെന്റേതായ ഭാവനയിലവിടെ മുഴുകി നിന്നു. ചൂളമടിച്ച് നമ്മെ കടന്ന് പോയ ചാലിയം തീവണ്ടിയാപ്പീസിന്റെ ഗതകാല സ്മരണകളിലൂടെയും, പോര്‍ച്ചുഗീസുകാരെ ഈ നാട്ടില്‍ നിന്നും കെട്ടുകെട്ടിച്ച ചാലിയം യുദ്ധത്തെകുറിച്ചും, യുദ്ധാനന്തരം കുളംതോണ്ടപ്പെട്ട ചാലിയം കോട്ടയുടെ അവശിഷ്ടങ്ങള്‍കൊണ്ട് പുതുക്കി പണിത പുഴക്കര പള്ളിയെക്കുറിച്ചും ഞാന്‍ ചിന്തിച്ചു. ഫത്ത്ഹുൽ മുബീനെന്ന കാവ്യം രചിച്ച് ജനങ്ങളെ പോരാട്ട വീഥിയിലേക്ക് നയിച്ച ഖാദി മുഹമ്മദിന്റെ മണ്ണിലൂടെ ചാലിയാർ പുഴ കുതിച്ചുവന്ന് ചാലിയത്തേയും ബേപ്പൂരിനേയും പരസ്പരം പകുത്ത് മുന്നോട്ട് നീങ്ങുന്നു. ഒരു പുഴ കടലിലേക്ക് വിലയം പ്രാപിക്കുന്ന മനോഹരമായ കാഴ്ച്ച ഇവിടെ നിന്നാൽ വ്യക്തതയോടെ കാണാന്‍ കഴിയും. ഓളങ്ങളിൽ ജങ്കാറുകൾ ഇടത്തടവില്ലാതെ പോയിയും വന്നുകൊണ്ടുമിരിക്കുന്നു. മനുഷ്യന്മാർ, മനുഷ്യത്തികൾ, വാഹനങ്ങൾ, ആടുമാടുകൾ, ജീവിതനപാധികളായ പലവിധ സംഗതികൾ അങ്ങനെ പലതും അതിലുണ്ട്.
ഇനി എന്താണ് അടുത്ത പരുപാടി. ഞാൻ ആലോചിച്ചു...
ഈ പ്രദേശത്തെ പരമാവധി കാഴ്ച്ചകൾ ഞാൻ ഇതിനാൽ കണ്ടുതള്ളിയിരിക്കുന്നു. നേരമാണങ്കിൽ ഏറെ ബാക്കിയുണ്ട് താനും. പ്രത്യേകിച്ച് ഇവിടെയിനി ഒന്നും തന്നെ കാണാനുമില്ല. അതിനാല്‍, അടുത്തതെന്ത്. തല്‍കാലം, കടുപ്പത്തിൽ ഒരു ചായ കുടിച്ചു കളയാം. അതിൽ നിന്നുമുയരുന്ന ചിന്തയിൽ എന്തെങ്കിലും ഒരു പരിഹാരം ഉരുത്തിരിയുമായിരിക്കും. ആ ഒരു പ്രതീക്ഷയില്‍ സമീപത്തു കണ്ടൊരു ചായ കടയിലേക്ക് ഞാന്‍ ചെന്നു കയറി.
"ഒരു ചായ... ലൈറ്റ് വിത്തൗട്ട്". ഞാൻ ഓര്‍ഡര്‍ ചെയ്തു.
ഈ 'ലൈറ്റ് വിത്തൗട്ട്' ചായകളിലെ ഒരു താഴ്ന്ന ജാതിക്കാരനാണന്ന വിവരം സാന്ദര്‍ഭികമായി ഞാനുണർത്തുന്നു. നിറമില്ലാത്ത അഥവാ വിവർണ്ണനായ, മധുരമില്ലാത്തവനാണല്ലോ അവന്‍. 'ഒരാഢ്യനായിട്ട്' പോലും എനിക്കത് കുടിക്കേണ്ടി വരുന്നതിന്റെ യഥാർത്ഥ കാരണക്കാരൻ ഞാനല്ല. സർവ്വശക്തനായ റബ്ബുൽ ആലാമീനായ തമ്പുരാനാണ്. അവന്‍ ഈ ഭൂമിയിലെ എന്തൊക്കെ വിഭവങ്ങൾ നമുക്ക് വിലക്കുന്നുണ്ടോ... അതൊക്കെയും നാളെ അവന്റെയടുക്കൽ കൊട്ടകണക്കിന് നമുക്ക് ലഭിക്കുമായിരിക്കുമെന്ന് പ്രതീക്ഷിക്കാം. അങ്ങനെയെങ്കിൽ, കടുപ്പത്തിലുള്ള നല്ല മധുരമുള്ള കണ്ണന്‍ ദേവന്‍ ചായ തന്നെ എനിക്കവിടെ കാത്തിരിപ്പുണ്ടാകും.
അല്ലാഹുമ്മ എശ്ഫുക്ക്... എല്ലാ അസുഖങ്ങളിൽ നിന്നും അവന്‍ നമുക്ക് രക്ഷ നല്‍കട്ടെ.
ചായ എത്തി. നല്ല കലക്കൻ ബഹു ജോർ... ഉച്ചവെയിൽ താഴ്ന്ന സമയമാണെങ്കിൽ പോലും ചായയയുടെ ചൂട് ലവലേശം അസഹ്യമാകുന്നില്ല. കൂടുതൽ ഊർജ്ജസ്വലനായി ഓരോ കവിളുകളും മോത്തി കുടിച്ചുകൊണ്ട് ഞാനെന്റെ ചിന്തകൾ തുടർന്നു. ഇവിടെ ഇനിയെന്തുണ്ട് കാണാൻ... വിപുലമായ സാമയത്തിനുടമസ്ഥനായ റഹ്മാനായ റബ്ബെനിക്ക് കനിഞ്ഞു നല്‍കിയ ഈ നിമിഷങ്ങളെ അറബികടലിന്റെ ഓളപരപ്പിലെ ഉപ്പുവള്ളത്തിൽ അലിയിച്ചു കളഞ്ഞാലോ എന്ന് ഞാന്‍ വെറുതെ ചിന്തിച്ചു. ആയുസ്സിൽ ഒന്നും ചെയ്യാൻ കഴിയാതെ വിട്ടു കളഞ്ഞേക്കാവുന്ന കുറെ മണിക്കൂറുകളിതാ എന്റെ മുന്നിൽ നീണ്ട് പരന്നങ്ങനെ കിടക്കുന്നു... ഒരെത്തും പിടിയും അന്തവും കിട്ടാതെ.
ഞാൻ ചായയെ കുറിച്ച് ചിന്തിച്ചുകളയാം എന്ന് തീരുമാനിച്ചു. എന്തായിരിക്കാം ഈ ചായയുടെ ചരിത്രം? ആരായിരിക്കാം ഇതാദ്യമായി കിനാവും കണ്ടിരുന്ന് കുടിച്ചിട്ടുണ്ടായിരിക്കുക? എവിടെനിന്നായിരിക്കാം ഇന്നാട്ടിലിത് എത്തിപ്പെട്ടിരിക്കുക? പറങ്കികളാണോ, അതോ ലന്തക്കാരോ. അല്ലെങ്കിലവർക്ക് മുന്നേ ഈ നാട്ടില്‍ വന്ന് പൊറുതി തുടങ്ങിയ ചീനാരോ, യവനാരോ? നമുക്ക് നേരമിരുട്ടും വരേക്കും ചായയെപ്പറ്റി ചിന്തിക്കാം. അങ്ങനെ കനത്ത കാഴ്ച്ച ദാരിദ്ര്യം കാരണം ചായയെക്കുറിച്ച് ചിന്തിക്കാനുറച്ച് ഞാനവിടെ തന്നെ ഇരുന്നു.
അപ്പോഴേക്കും ഗ്ലാസ്സ് കാലി. ഒരു ഗ്ലാസ്സുകൂടി വരുത്തിയേക്കാം എന്നുറച്ച് കടക്കാരനെ തലയുയർത്തി നോക്കി, ചൂണ്ടു വിരൽ പൊക്കി ഒന്നുകൂടി ഓർഡർ ചെയ്തു.
"ഒരു ശകലം ചായ കൂടി"
ശകലം...
പെട്ടന്ന് ആ വാക്കെന്റെ മനസ്സിൽ ഉടക്കി നിന്നു. അതെവിടെയോ ഞാന്‍ കേട്ടിട്ടുണ്ട്. വളരെ സുപരിചിതം. പക്ഷേ, ഓര്‍മ്മ കിട്ടുന്നില്ല. എന്റെ ചിന്ത വഴിമാറി ഒഴുകി. ഒന്നുറപ്പാണ്. ഏതോ ഒരു മഹാമനീഷിയുടെ ഏതോ സാഹിതിയിലെ വാക്കുകളാണത്. 'ശകലം ചായ... ശകലം ചായ' എന്റെ ചിന്ത മുഴുക്കെയും അതിനെ കുറിച്ചായി. ആരായിരിക്കുമത്? ഒടുവില്‍ ഞാനതോര്‍മ്മയില്‍ നിന്നും ചികഞ്ഞെടുക്കുക തന്നെ ചെയതു.
"വൈക്കം മുഹമ്മദ് ബഷീർ"
മലയാളത്തിൽ സമാനതകളില്ലാത്ത സാഹിത്യ ലോകം രചിച്ചയാൾ. വൈക്കത്തെ തലയോലപ്പറമ്പിൽ ജനിച്ച്, നാട് ചുറ്റി, 'ഭ്രാന്തിളകി' നടന്നതിനൊടുക്കം ബേപ്പൂരിലെ ഈ തീരപ്രദേശത്ത് വന്നടിഞ്ഞ് ഈ ദേശത്തിന്റെ സുല്‍ത്താനായി മാറിയ കഥാകാരൻ. ബേപ്പൂരിലെ സുൽത്താൻ... ബേപ്പൂര്‍ സുല്‍ത്താന്‍... ബേപ്പൂർ...
എന്റെ മുന്നിലുള്ള ഈ ചാലിയം പുഴ കടന്നാൽ കാണുന്ന ആ പ്രദേശമാകുന്നു ബേപ്പൂര്‍. ചാലിയം അറബി കടലിൽ ലയിച്ചില്ലാതാകുന്ന ഓളം പരപ്പിലൂടെ തെന്നി നീങ്ങുന്ന ആ ജങ്കാറുകൾ ബഷീർ സുൽത്താന്റെ രാജ്യത്തേക്കുള്ളതാണ്. സുൽത്താന്റെ കൊട്ടാരവും, അനുബന്ധ സ്ഥാവര-ജംഗമ വസ്തുക്കളും അവിടെ കാണുമായിരിക്കും. ചിലപ്പോൾ ഒരുപക്ഷേ അദ്ദേഹത്തെ തന്നെയും. ഞാൻ പറഞ്ഞില്ലേ... ചിരഞ്ജീവികളായ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ. എന്നാപിന്നെ, യാത്ര അങ്ങോട്ടേക്കാക്കാമെന്ന് ഞാൻ തീരുമാനിച്ചു. അപ്പോഴേക്കും ഓർഡർ ചെയ്ത ചായയെത്തി. പക്ഷെ, കുടിക്കാൻ നിന്നില്ല. അത് കുടിച്ചിരിക്കാൻ സമയം വല്ലതും കയ്യിലുണ്ടോ. എങ്കിലും, ഞാനതിന്റെയുൾപ്പെടെ പണം നൽകി സലാം പറഞ്ഞ് പുറത്തിറങ്ങി.
തീരത്തൊരു ജങ്കാർ എനിക്ക് വേണ്ടിയെന്നോണം കാത്തിരിപ്പുണ്ടായിരുന്നു. മനുഷ്യർ, വാഹനങ്ങൾ, ആട്, പശു, പൂച്ച എന്നിത്യാദികളെല്ലാം ആരെയോ പ്രതീക്ഷിച്ചെന്നോണം അതിൽ കാത്തിരിക്കുന്നു. തന്നെ പ്രവേശിപ്പിക്കാത്തതിലുള്ള മനോവിഷമവുമായി ഒരു പട്ടി വെളിയിലും കാത്തുനിൽക്കുന്നുണ്ട്. ഞാൻ ജങ്കാറിലേക്ക് കയറിപ്പറ്റി. ആകെക്കൂടി തിരക്ക്. എങ്കിലും, പുറത്തെ കാഴ്ച്ചകൾ സുന്ദരമായി കാണാൻ കഴിയുന്ന രൂപത്തിൽ സൗകര്യ പ്രധാനമായൊരിടത്ത് ഞാന്‍ ഇരിപ്പുറച്ചു. ജങ്കാറിന്റെ വിഹക വീക്ഷണം ലഭിക്കത്തക്ക രീതിയിലൊരു ഫോട്ടോ എടുക്കാൻ ഞാന്‍ ശ്രമിച്ചപ്പോൾ ക്യാമറക്കുള്ളിൽപ്പെട്ട ഒരു കോങ്കണിയെന്നെ തുറിച്ച് നോക്കുന്നത് ഞാന്‍ കണ്ടു. പേടിച്ചരണ്ട് ക്യാമറ താഴ്ത്തി ഒന്നുമറിയാത്ത മട്ടിൽ ചാലിയം പുഴയുടെ തുമ്പത്തേക്ക് നോക്കി ഞാന്‍ ചുമ്മാ നിന്നു.
ജങ്കാർ പുറം കടലിലേക്ക് നീങ്ങുമ്പോൾ ഒരു സമ്മേളത്തിനുള്ള ആളുകൾ അതിനകത്ത് കയറി കൂടിയിട്ടുണ്ട്. അവർ കലപില ശബ്ദങ്ങളുണ്ടാക്കി കൊണ്ടിരിക്കുന്നു. തീരാത്ത വർത്തമാനങ്ങൾ... അകന്ന് പോയി കൊണ്ടിരിക്കുന്ന ചാലിയം തീരത്തെക്കുറിച്ചോ, അവിടെ പണ്ടു നടന്ന അതിഭയങ്കരമായ യുദ്ധങ്ങളെക്കുറിച്ചോ, നിരന്നു നിൽക്കുന്ന പുരാതനത്വം തുളുമ്പുന്ന കെട്ടിടങ്ങളെക്കുറിച്ചോ ചിന്തിക്കാനില്ലാത്ത കുറെയധികം കഷ്മളന്മാർ, കഷ്മളയത്തികളും. അങ്ങകലെ ഞങ്ങളുടെ മുന്നില്‍ കാണുന്ന ബേപ്പൂരിനെക്കുറിച്ചോ കടലിലേക്ക് നീണ്ട തുമ്പിക്കൈ പോലെയുള്ള അവിടുത്തെ പുലിമൂട്ടിനെക്കുറിച്ചോ ചന്തിക്കാത്തവരാകുമോ അവർ. ജങ്കാറിലെ അപൂർവ്വം ചിലർ മാത്രമാണ് ബഷീറിന്റെ സാമ്രാജ്യത്തിന്റെ അനന്തതയിലേക്ക് നോക്കി ചിന്തിച്ചു നിൽക്കുന്നത്.
ഒടുവിൽ, ബേപ്പൂർ തീരത്തെ കരയിലേക്ക് ജങ്കാറൊട്ടി ചേര്‍ന്നു നിന്നു. വാഹനങ്ങൾ, മനുഷ്യർ, ആട്, പശു, പൂച്ച എന്നിത്യാഗികളൊക്കെ പുറത്തിറങ്ങാൻ തിക്കും തിരക്കും കൂട്ടി. മുന്നിലെ മനുഷ്യരെയും വാഹനങ്ങളെയും ഭയപ്പെടുത്തിയെന്നോണം വലിയ ശബ്ദത്തില്‍ ഫ്രീക്കന്മാർ അവരുടെ 'അത്യാധുനിക' ബൈക്കുകൾ റൈസാക്കികൊണ്ടിരിന്നു. അതിന്റെ പുകയിലൂടെ ഞാനും ബേപ്പൂരിന്റെ തീരത്തിറങ്ങിയെങ്കിലും സുൽത്താന്റെ വീട്ടിലേക്കുള്ള വഴിയെകുറിച്ചെനിക്ക് ഒരു നിശ്ചയമുണ്ടായിരുന്നില്ല. ഞാൻ മെയിൻ റോഡിലേക്ക് കയറി. അവിടെ ബസ്റ്റോപ്പിൽ ജോലിയൊക്കെ കഴിഞ്ഞെന്നോണം വിശ്രമിക്കുന്ന ചില യൂണിയൻക്കാരെ കാണാം. തലയിലെ കെട്ട് ചുവപ്പാണ്... കമ്മ്യൂണിസ്റ്റുകൾ. അവരെന്നെ കൈകാണിച്ചഭിവാദ്യം ചെയ്തു. ഞാനൊരു പുഞ്ചിരി അവര്‍ക്കും നല്‍കി. അപ്പോഴേക്കും ഓരോട്ടോ പറന്ന് വന്നെന്റെ മുന്നില്‍ സഡൻ ബ്രേക്കിട്ടു നിന്നു.
"വി.എം ബഷീറുമായി ബന്ധപ്പെട്ട എവിടേക്കെങ്കിലും വിടൂ" ഞാൻ ഓട്ടോകാരനോട് പറഞ്ഞു.
അയാൾക്കൊരു ശങ്ക... ആരാണീ വി.എം ബഷീർ.
"വൈക്കം മുഹമ്മദ് ബഷീർ.... സുൽത്താൻ ഓഫ് ബേപ്പൂർ" ഞാൻ നീട്ടി പരത്തി പറഞ്ഞു നൽകി.
"മൂപ്പരുമായി ബന്ധപ്പെട്ട ഒരു ബസ്റ്റോപ്പുണ്ടിവിടെ! അങ്ങോട്ടേക്കാണോ? ശ്രീ വൈക്കം മുഹമ്മദ് ബഷീർ സ്മാരക ബാസ്സു കാത്തിരിപ്പു കേന്ദ്രം".
"ഏയ് അതല്ല. ബഷീറുമായി ബന്ധപ്പെട്ട മ്യൂസിയം, പഠന കേന്ദ്രം, വീട് എന്നിത്യാദി എവിടേക്കെങ്കിലും വിടൂ" ഞാനയാളോട് പറഞ്ഞു.
"വീടുണ്ട്. വൈലാലിൽ വീട്" അയാൾ പറഞ്ഞു നിർത്തി.
"ഹാ... സുൽത്താന്റെ കൊട്ടാരം... എന്നാലങ്ങോട്ട് തന്നെ ശീഘ്രം പോട്ടെ" സന്തോഷത്തോടെ ഞാന്‍ മറുപടി നല്‍കി.
മെയിൻ റോഡ് വഴി അൽപ്പം മുന്നോട്ട് പോയി ഏതോ വഴിയിലേക്കയാൾ വാഹനം തിരിച്ചു. പിന്നെ, ഒരിടവഴിക്ക് മുന്നിൽ വണ്ടി നിർത്തിയിട്ടയാൾ ഓട്ടോയിൽ നിന്നും പുറത്തേക്ക് കൈ ചൂണ്ടി കാണിച്ചെന്നോട് പറഞ്ഞു.
"അതാ... അതാണാ വീട്. അങ്ങോട്ടേക്ക് വണ്ടി പോകില്ല. അവിടെ വഴിയിലൊരു ചാല് കുഴിച്ചിരുക്കുന്നു".
ലോക പ്രശസ്തനായ ഒരു 'ഇമ്മിണി വലിയ സാഹിത്യകാരന്റെ' കൊട്ടാരത്തിലേക്കുള്ള ഈ യാത്രയെ തടഞ്ഞുകൊണ്ട് ചാല് പണിത ഈ വഴി മുടക്കിയാരപ്പ എന്ന് പ്രാകി കൊണ്ട് ഞാനാ ഓട്ടോയിൽ നിന്നും പുറത്തിറങ്ങി.
നല്ല സ്വയമ്പൻ മൺപാത. ഒത്ത നടുക്ക് മാരകമായൊരു കുഴി. സര്‍ക്കാരിന്റെ വേലയാകുമതെന്ന് ഞാന്‍ ചിന്തിച്ചു. ബഷീർ തന്റെ കൃതികളിലൂടെ എത്രയോ തവണ വർണ്ണിച്ച പാതയാണ് എന്റെ മുന്നിലീ നീണ്ടു പരന്ന് കിടക്കുന്നത്. അതിന്റെ അങ്ങേ തലക്കൽ ഒരു ഇരുമ്പ് ഗേറ്റ് കാണാം. ബഷീർ 'സുന്ദരമായി കെട്ടിച്ച' ആ പഴയ വേലിയൊക്കെ മാറ്റി ഇപ്പോൾ കനത്ത മതിലാണ് അവിടെയുള്ളത്. ഞാൻ കൂലി നൽകി ഓട്ടോകാരനെ യാത്രയാക്കി മുന്നോട്ട് നടന്നു.
ബഷീറിന്റെ 'കേശുമൂപ്പൻ' എന്ന കഥയിലെ പിച്ചക്കാരൻ കേശുമൂപ്പൻ മരിച്ചു വീണുകിടന്നിരുന്ന സ്ഥലമാണിത്. സംഭവമിങ്ങനെ...
അന്നൊരിക്കല്‍ ബഷീർ തന്റെ തെർമോ ഫ്ലാസ്കിൽ നിന്നും പകർന്ന് നൽകിയ ഒരു കപ്പ് ചായയും കുടിച്ച്, ഒരു ബീഡിയുമായി നടന്നകന്ന കേശുമൂപ്പൻ ഇവിടെ മരിച്ചു വീഴുകയായിരുന്നു. ആരോരും ശ്രദ്ധിക്കാനില്ലാത്ത പാവങ്ങളുടെ ജനനത്തേയും ജീവിത്തേയും മരണത്തേയും കുറിച്ചാണ് അന്നാ കഥയില്‍ ബഷീർ വരഞ്ഞിട്ടത്. അയാൾ വഴിയില്‍ മരിച്ചു കിടക്കുന്ന വാര്‍ത്തയറിഞ്ഞയുടനെ ഇവിടെയെത്തിയ ബഷീർ കേശുമൂപ്പന്റെ സ്വന്തക്കാരെയും കാത്ത് ബീഡിയും വലിച്ച് മരണത്തെക്കുറിച്ച് ചിന്തിരിക്കുന്ന ആ മുഹൂര്‍ത്തം ഞാന്‍ വെറുതെ മനസ്സിലേക്കാവാഹിച്ചു. അന്ന് സംഭവസ്ഥലത്തെത്തിയൊരു യുവാവിനെ കുറിച്ച് ബഷീർ വർണ്ണിക്കുന്നതിങ്ങനെയാണ്.
"ഒരു ചീഞ്ഞു നാറിയ മണം വന്നു. നോക്കുമ്പോൾ അത്യാധുനികനായാ ഒരു യുവാവ്. നീട്ടി അലങ്കോലം പെടുത്തിയ മുടി, റ മീശ, നെഞ്ച് തുറന്ന ചെറിയ ബ്ലൗസ് ഷർട്ട്, ചൂൽ പാന്റ്, ഷൂസുകൾ, പാന്റ് നിലത്തു കിടന്നിഴയുന്നു. വഴിലുള്ള കഫം, തുപ്പൽ, മൂത്രം, തീട്ടം, ചെളി, ചാണകം എല്ലാം ഭദ്രമായി തൂത്തെടുത്ത് കെങ്കേമനായി നിന്നുകൊണ്ടവൻ എന്നോട് ചോദിച്ചു. ഇവനാര്" എന്ന്. കാലത്തെ അതിജീവിക്കുന്ന, ഇന്നും പ്രസക്തമായ വാക്കുകൾ. ഏത് കാലത്തെയും മോസ്റ്റ് മോഡേണുകളായ യുവതകളെ തേച്ചെടുത്ത് ചുമരിൽ പരത്തിയെടുത്തൊരവസ്ഥ.
വിജനമായ വഴികൾ, വീടുകൾ. നേരം നാല് മണിയായിട്ടു കൂടി ഒരു കുഞ്ഞും പുറത്തില്ല. മാനും മനുഷ്യനുമില്ല. എല്ലാവരും അവരവരുടെ വീടുകളിലെ സുഖ ശീതളിമയിൽ ലയിച്ചിരിപ്പായിരിക്കാം. ഞാൻ വൈലാലിൽ വീടിനു മുന്നില്‍ വന്നു നിന്നു. അവിടെ നിന്നും ആ വഴി വലതുവശത്തേക്ക് തിരിഞ്ഞ് നീണ്ടു പോവുകയാണ്. റോഡില്‍ നിന്നും വീടൽപ്പം ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. അവിടേക്ക് സിമെന്റ് കൊണ്ടൊരു പാത ഉണ്ടാക്കിയിരിക്കുന്നു. ഗേറ്റിന് സമീപമുള്ള മതിലിൽ വീട്ടു നമ്പറും പിന്നെ മറ്റെന്തോ ഒരു വാക്യവും എഴുതിയിരിക്കുന്നതായി ഞാന്‍ കണ്ടു. ആ ഇരുമ്പ് ഗേറ്റിനപ്പുറമാണ് 1962 മുതൽ ബഷീര്‍ താമസം തുടങ്ങിയ വായിലാലിൽ വീട് സ്ഥിതിചെയ്യുന്നത്. അതുവരെ തലയോലപ്പറമ്പിലായിരുന്നു ഭാര്യ ഫാബിയോടൊപ്പം അദ്ദേഹം താമസിച്ചിവന്നിരുന്നത്.
ഞാനൽപ്പനേരം അവിടെ തന്നെ നിന്ന് ചിന്തിച്ചു. വീട്ടില്‍ കയറിയിട്ട് ആ വീട്ടുകാരോടെന്ത് ചോദിക്കണം എന്ത് പറയണമെന്നൊരു പിടിയുമില്ല. എങ്കിലും, രണ്ടും കൽപ്പിച്ച ഗേറ്റ് തുറന്ന് ഞാനകത്തേക്ക് പ്രവേശിച്ചു. ബഷീറിന്റെ വാക്കുകൾ കടമെടുത്ത് പറഞ്ഞാൽ... രണ്ടേക്കർ പറമ്പാണത്. പറമ്പിന്റെ പശ്ചിമ ഭാഗത്ത് ഭംഗിയായി കെട്ടിച്ച ഗേറ്റിനടുത്ത് വീടും.
ഇലകളും പൂക്കളും സ്റ്റൈലായി വളര്‍ന്ന് പന്തലിച്ചു നില്‍ക്കുന്ന ആ വീട്ടിലേക്ക് ഞാന്‍ നടക്കുമ്പോൾ ഇടതുവശത്ത് പച്ചില പടര്‍പ്പുകൾ നിറഞ്ഞ ബഷീറിന്റെ തൊടിക കാണാം. പത്തിരുപത് കാക്കകളും, മറ്റനേകം ജന്തു ജാലകങ്ങളും വാണിരുന്ന ബഷീറിന്റെ സ്വന്തം കാവാണത്. അവിടെയായിരുന്നു ഒരു ചെറിയ മേശക്കും, അതിലുള്ള എഴുത്തുപകരണങ്ങൾക്കും, പേപ്പർ-മാസികകൾക്കും, പിന്നെ വലിയൊരു ജപ്പാൻ നിര്‍മ്മിത തെർമൽ ഫ്ലാസ്കിനും നടുവിൽ ചാരുകസേരയിലിരുന്ന് സുമുഖനായി ബഷീർ ഈ ലോകത്തെ നോക്കി കണ്ടിരുന്നത്. ഞാനാഭാഗത്തേക്ക് നോക്കി അക്കാലത്തെ മനസ്സിലേക്കാവാഹിച്ച് മുന്നോട്ട് നടന്നു.
അരചുമർ കെട്ടിയ വീടിന്റെ കോലായിലെ ചുമരില്‍ തന്റെ കശണ്ടി തലയിൽ കൈവച്ച് നിർവികാരനായി നില്‍ക്കുന്ന ബഷീറിന്റെ വലിയൊരു ചിത്രം കാണാം. താഴെ, പുതിയതാരം കസേരകളും, ട്ടീപോയിയും ചെടിച്ചട്ടികളും.
ഞാൻ ബെല്ലടിച്ചു,
വാതിൽ തുറന്നാൽ അവരോടെന്ത് ചോദിക്കണം എന്ന കാര്യത്തിനപ്പോഴും ഒരു തീരുമാനമായിട്ടുണ്ടായിരുന്നില്ല. ബഷീറിന്റെ വല്ല പുസ്തകങ്ങളും ചോദിച്ചാലോ. അല്ലെങ്കിൽ അദ്ദേഹം ഉപയോഗിച്ചിരുന്ന വല്ല ഉപകരണമോ, വസ്തുക്കളോ ആവശ്യപ്പെട്ടാലോ എന്ന് ഞാൻ ചിന്തിച്ചു. ആ കവാടങ്ങളെനിക്ക് മുന്നിൽ തുറക്കപ്പെടാതിരുന്നെങ്കിലെന്ന് ആത്മാര്‍ത്ഥമായി ഞാനപ്പോഴും ആഗ്രഹിക്കുന്നുണ്ടായിരുന്നു. വീട്ടിലാരുമില്ലങ്കിൽ ആ സ്വാതന്ത്രത്തിൽ ബഷീറിന്റെ തൊടിയിലേക്കിറങ്ങി അവിടെയാകെ ഉലാത്തണമെന്നും ഞാനുറപ്പിച്ചു. അവിടെ ആ മാങ്കോസ്റ്റീൻ മരത്തണലിനു താഴെ ബഷീറിന്റെ കഥാപാത്രങ്ങളിന്നും ജീവിക്കുന്നുണ്ടായിരിക്കാം. അദ്ദേഹത്തിന്റെ കൃതികളിൽ പരാമര്‍ശിക്കപ്പെട്ട അനേകം ജന്തുജാലകങ്ങളുടെ താവളം കൂടിയാണവിടെ. കാക്കത്തൊള്ളായിരം കാക്കകള്‍, പലേതരം പക്ഷികൾ, പൂമ്പാറ്റകൾ, മൂർഖൻ പാമ്പ്, ചേര, കരിന്തേൾ, കുറുക്കൻ, പനമേരുക് എന്ന മരപ്പട്ടി, എലി, കീരി, പിശാചുക്കള്‍, അന്യഗ്രഹ ജീവികൾ, ജിന്ന്, ശൈത്താൻ, ഇഫ്രീത്ത്... അങ്ങനെ അനേകം അനേകം ചെങ്ങായിമാർ.
"ടപ്പേ..."
പെട്ടന്ന് വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ തൊടിയിൽ നിന്നും മുഖം ഞാനങ്ങോട്ടേക്ക് തിരിച്ചു.
"ആരാ... എന്ത് വേണം". ഒരു വെളുത്ത പയ്യൻ മുഖം മാത്രം വെളിയിലേക്കിട്ടെന്നോട് ചോദിച്ചു.
കിരീടാവകാശി പയ്യൻ. ബഷീർ സുല്‍ത്താന്റെ പേരമകനായിരിക്കാം.
"ഉപ്പയില്ലേ" ഞാൻ ചോദിച്ചു.
അനീസ് ബഷീർ വൈക്കം മുഹമ്മദ് ബഷീറിന്റെ അരുമ സന്താനമാണ്. പണ്ട്, ബഷീർ എഴുതി കൊണ്ടിരിക്കേ, മാങ്കോസ്റ്റീൻ മരത്തിന്റെ തണലിലേക്ക് മരചില്ലകളിലിരുന്ന് തൂറൽ യഞ്ജം നടത്തിയിരുന്ന കാക്കളെ വീഴ്ത്താൻ റബ്ബർ തെറ്റാലികൊണ്ട് കല്ലുകളെയ്തു വിട്ടിരുന്ന ബഷീറിന്റെ സ്വന്തം മോനോ...
"ഉപ്പ കോയമ്പത്തൂരാ...". അവൻ പറഞ്ഞുനിർത്തി.
ഭാഗ്യം...
"ഉപ്പ തിരിച്ച് വരുമ്പോൾ ഒരങ്കിളന്വേഷിച്ച് വന്നിരുന്നു എന്ന് പറഞ്ഞേക്ക്" ആശ്വാസത്തോടെ ഞാനവനോടതും പറഞ്ഞ് തിരിച്ചു നടന്നു.
ഗേറ്റിലേക്ക് നടക്കുമ്പോൾ ഒരിക്കൽ കൂടി ഞാനാ ഭാഗത്തേക്ക് കണ്ണോടിച്ചു. ആ മാങ്കോസ്റ്റീൻ മരത്തിന്റെ തണലിന്ന് ശൂന്യമാണ്. ബേപ്പൂരിന്റെ സുൽത്താൻ ഇവിടിയിരുന്നാണീ ദേശം വാണിരുന്നത്. ഈ ലോകമായ ലോകം മുഴുക്കെയും അദ്ദേഹത്തിന് ചുറ്റിലും നിന്ന് കറങ്ങിയതവിടെ വെച്ചാണ്. അദ്ദേഹത്തിന്റെ ഓർമ്മകൾ, ഓരോരോ ജീവിതങ്ങൾ, ഭൂമിയുടെ സ്പന്ദനങ്ങൾ, വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍, കളിയാക്കലിന്റെ ചിരികൾ അങ്ങനെ അനേകം കവിതകളവിടെ വിരിഞ്ഞു. 'സ്റ്റൈൻലെസ്സ് സ്റ്റീലിലിൽ പണിത ജപ്പാൻ നിർമിത' ഫ്ലാസ്കിൽ നിറച്ച പാലു ചേർക്കാത്ത ചായയുമായി ഈ പ്രപഞ്ചത്തെ മുഴുവനയാൾ നോക്കി കണ്ടത് ആ ആകാശ തണലിന് താഴെയുള്ള ഭൂമികയുടെ പൊട്ടിലിരുന്നാണ്. ജീവിതത്തെ തന്നെ അദ്ദേഹമൊരു തമാശയായി കണ്ടു. അലഞ്ഞു തിരിഞ്ഞപ്പോഴും, പട്ടിണി കിടന്നപ്പോഴും, ജീവിക്കാനായി പലേപലേ ജോലികൾ ചെയ്തപ്പോഴും, സ്വന്തം പുസ്തകങ്ങൾ കൊണ്ടുപോയി ഇരന്ന് വിറ്റപ്പോഴും, അത് ആട് തിന്നുന്നത് നോക്കിനിൽക്കേണ്ടി വന്നപ്പോഴും, കൈനോട്ടക്കാരനും, പത്ര വില്‍പനക്കാരനുമായി ജീവിച്ചപ്പോഴും ആ മനുഷ്യനതിനെയൊക്കെ രസകരമായിട്ടാണ് കാണാൻ ശ്രമിച്ചത്. തന്നെ കാണാൻ, അഥവാ 'ശല്ല്യം ചെയ്യാൻ' വരുന്ന അതിഥികളെ വരൂ നമുക്കകത്തിരിക്കാം എന്നായിരുന്നില്ല. മറിച്ച്, നമുക്ക് പ്രകൃതിയാകുന്ന ഈ ഭൂമിയുടെ മടിത്തട്ടിൽ സകലമാന ജന്തുജാലകങ്ങൾക്കും നടുവിലിരിക്കാം എന്നു പറഞ്ഞ് പുറത്തേക്ക് നയിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പതിവ്. ആ മരത്തിന് ചുറ്റുമായിരുന്നു ബഷീറിന്റെ ലോകം. ഒരുപക്ഷേ, ബഷീറിന്റ വീട്ടിൽ വന്ന ഞാനും ആകര്‍ഷിക്കപ്പെടുന്നത് ആ തൊടിയിലേക്കാണെന്നുള്ളത് യാതൃശ്ചികമാകാൻ വഴിയില്ല.
ഞാൻ ഗേറ്റടച്ച് വെളിയിലേക്ക് നടന്നു. ആ സിമന്റ് തറയിൽ നിന്ന് ആ വീടിന്റെയൊരു ഫോട്ടോയെടുക്കാൻ ഞാന്‍ മറന്നില്ല. പിന്നെ ആ വീടിനെ പശ്ചാത്തലമാക്കിയൊരു സെൽഫിയും. എന്തോ അതിഭയങ്കരമായ ആവശ്യത്തിനു വേണ്ടി വികൃതമായി കുഴിച്ച ആ മൺവഴിയും കടന്ന് ഞാന്‍ മുന്നോട്ട് നീങ്ങുമ്പോമ്പോൾ എന്റെ ചിന്താമണ്ഡലത്തിലേക്ക് വീണ്ടും കേശുമൂപ്പൻ കടന്നു വന്നു. കേശുമൂപ്പന്റെ നിശ്ചലമായ ശരീരമെടുക്കാൻ വന്ന മകൾ മാളുവിന് ശവമടക്ക് ചടങ്ങുകൾക്കും മറ്റുമായി ഇരുപതഞ്ച് രൂപ ബഷീറന്ന് നൽകുകയുണ്ടായി. എന്നിട്ടവളോട് പറഞ്ഞു.
"അച്ഛനെ മൃദുവായി മറമാടുക. ജീവിതത്തിൽ വളരെ വളരെ ബുദ്ധിമുട്ടുകൾ തോന്നുമ്പോൾ എന്റെ വീട്ടിൽ വരണം. ഞാൻ ഉടനെ മരിക്കുകയാണങ്കിൽ എന്റെ ഭാര്യയോടും ചോദിക്കാം" എന്ന്.
അതു കേട്ട മാളു പറഞ്ഞുവത്രെ. "സാറിപ്പോഴൊന്നും മരിക്കുകയില്ല" എന്ന്.
അതേ... ആ പെരുത്ത വാക്കുകളെ ഇന്ന് നാം ചിന്തിക്കുമ്പോഴും അതെത്രയോ ശരിയാണെന്ന് നമുക്ക് ബോധ്യമാകുന്നു. ബഷീർ ഇന്നും ജീവിക്കുന്നു... അദ്ദേഹം വരഞ്ഞിട്ട കഥാപാത്രങ്ങളിലൂടേയും, കഥാ സന്ദര്‍ഭങ്ങളിലൂടേയും. അദ്ദേഹത്തിന്റെ ഖബറിടം പടച്ചവന്‍ പ്രകാശമുള്ളതാക്കി തീര്‍ക്കട്ടെ. ഞാൻ മെയിൻ റോഡിലേക്ക് കയറി മറ്റൊരു ഓട്ടോക്കായി അവിടെ കാത്തിരുന്നു.




ഒരു നല്ല വലിയ വിവരണം.
ReplyDeleteതുടരൂ...