Sunday, 6 September 2020

വെള്ള വെളിച്ചം

പുള്ളിച്ചിപാറയെ താങ്ങി നിര്‍ത്തുന്ന തെക്കന്‍ മല. ആ തെക്കന്‍ മലയുടെ പള്ളയില്‍ പണ്ടെങ്ങോ വെട്ടിയുണ്ടാക്കിയ കാട്ടുപാത കാലത്തിന്റെ കുത്തൊഴുക്കിലൊരു ജനവാസ കേന്ദ്രമായി പരിണമിക്കുകയായിരുന്നു. ആ പാതയുടെ ഇരു വശത്തും നിറയെ വീടുകൾ മുളച്ച് പൊങ്ങി... താഴേക്ക് താഴേക്കും മലയുടെ അല്‍പ്പം മുകളിലേക്കും. അഥവാ, ആ മലം പാത കടന്ന് പോകുന്ന ആ ഭാഗമൊരു ചെറിയ രൂപത്തിലുള്ള താഴ്‌വരയായി പരിണമിച്ചെന്ന് ചുരുക്കം. വീടുകളെ കൂടാതെ, സ്കൂൾ, കടകള്‍ തുടങ്ങിയവയൊക്കെ അവിടെ നിര്‍മ്മിക്കപ്പെട്ടു. മേൽ പാതയുടെ ഓരത്തുളള ഒമ്പത് സെന്റ് സ്ഥലത്താണ് ഈയുള്ളവന്റെ വീടും സ്ഥിതിചെയ്യുന്നത്. അവിടെ ചെറുമട്ടത്തിലുള്ളൊരു തൊടിയുടെ അരികില്‍ ജില്ലി വിരിച്ച് മനോഹരമാക്കിയ മുറ്റത്തെ ഇരുനില വീട്. മേല്‍ വീടിന്റെ മുകള്‍ നിലയില്‍ ഏറ്റവും പിറകു വശത്തെ മുറിയിലിരുന്നാണ് ഞാനിത് എഴുതികൊണ്ടിരിക്കുന്നത്. എന്നുവെച്ചാല്‍ അവിടെയാണ് ഈയിടെയായി ഏകാന്തപഥികൻ കണക്കെ ഞാന്‍ കഴിഞ്ഞ് വരുന്നതെന്ന് ചുരുക്കം. ഞാനെന്നു പറഞ്ഞാൽ ഞാന്‍ തനിച്ചു തന്നെ. മാനും മനുഷ്യനും കൂട്ടിനില്ലാതെ, മാതാവോ, പിതാവോ, ഭാര്യയോ, മക്കളോ ആരുമില്ലാതെ കുറെ ഏകാന്ത സുന്ദരമായ പകലുകള്‍... രാവുകള്‍. പിന്നെയും പൊട്ടി വിടരുന്ന പകലുകള്‍.
 
കോറന്‍റൈൻ ദിന രാത്രങ്ങൾ.
 
പണ്ട്‌, കരയില്‍ നിന്നും കരകളിലേക്ക് കച്ചവട ചരക്കുകളുമായി സമുദ്രാന്തര യാത്രകള്‍ നടത്തിയിരുന്ന കപ്പലുകളിൽ പകര്‍ച്ചവ്യാധിക്കാരുടെ സാന്നിധ്യമുണ്ടായാൽ കരയുമായുമായി ഇടപെടാതെ കടലില്‍ തന്നെ നില്‍ക്കുന്ന കാലയളവിനാകുന്നു 'കോറന്‍റൈൻ' എന്ന് പറഞ്ഞിരുന്നത്. ഏകദേശം അതുപോലെ തന്നെയാണ് ഈയുള്ളവന്റെ കാര്യവും. ഒരു കപ്പലിലെന്നപോലെ തനിച്ചൊരു മുറിയില്‍ ഞാന്‍ കഴിഞ്ഞ് വരുന്നു. ചുറ്റും സമുദ്രം പോൽ വിശാല വിസ്മയ സുന്ദരമായ പ്രപഞ്ചം. പ്രകൃതി... മരങ്ങൾ... ജന്തു ജാലങ്ങൾ. കൂടാതെ, കടൽ നിരപ്പിലേക്കുയർന്ന് വരുന്ന മത്സ്യങ്ങളെ പോലെ ഇടക്കിടക്ക് കാണുന്ന മനുഷ്യര്‍. പുരുഷന്മാരും സ്ത്രീകളും. തൊടിയിലുയർന്ന് നില്‍ക്കുന്ന ഇലചാര്‍ത്തുക്കൾ മറഞ്ഞ് നില്‍ക്കുന്നതിനാൽ മലയുടെ പള്ളിയിലൂടെ പോകുന്ന ആ പാതയുടെ ഒരു പൊട്ട് മാത്രമാണെനിക്ക് കാണാൻ കഴിയുക. നടുകീറിയൊരു വാഴ ഇലയുടെ ഇടയിലൂടെ കാണുന്ന മണ്ണിന്റെ ഒരു ചെറിയ പൊട്ട്. എനിക്കീ ഭൂമിയിലെ മനുഷ്യരുമായി ആകെ കൂടിയുള്ളൊരു ബന്ധം.
 
അരി വെപ്പിനും മറ്റും കൂട്ടിനെന്റെ സ്വന്തം മാതാവുണ്ടങ്കിലും അവര്‍ താഴത്തെ നിലയില്‍ എന്റെ കൺവെട്ടത്തു നിന്നും ഒളിച്ചെന്നോണമാണ് പാർത്തു വരുന്നത്. യാഥാര്‍ത്ഥത്തിൽ ഞാൻ വലിയ ഭാഗ്യവാനാണെന്ന് പറയാം. കാരണം, കോറന്‍റൈൻ അനുഷ്ഠിക്കുന്ന പലർക്കും നിഷേധിക്കപ്പെട്ടൊരു സൗകര്യമാണ് താഴത്തെ നിലയിലാണെങ്കിലും കൂടെ പാര്‍ക്കാനൊരാളെ കിട്ടുക എന്നുള്ളത്. തടിയിൽ ഭയമുള്ള ബന്ധുക്കളെല്ലാവരും വീട്ടില്‍ നിന്നും മാറി നിൽക്കുന്നത് മൂലം അരിവെപ്പ് മുതൽ കക്കൂസ് മോറല്‍ വരെ സ്വന്തമായി ചെയ്യേണ്ടി വരുമോ എന്ന സന്ദേഹമെന്നെ വേട്ടയാടി കൊണ്ടിരിന്നപ്പോഴാണ് പ്രിയപ്പെട്ട എന്റെ മാതാവ് എന്നെ സഹായിക്കാനായി ധൈര്യപൂർവ്വം മുന്നോട്ട് വന്നത്.
 
"കോറന്‍റൈനാണെങ്കിലും ഒരുമിച്ച്... കൊറോണയാണെങ്കിലും ഒരുമിച്ച്..." അവർ പറഞ്ഞുവത്രെ.
 
കരുണാവാരിധിയായ ദൈവം എന്റെ മാതാവിനെ എല്ലാ ആപത്തിൽ നിന്നും സഹായിക്കട്ടെ. അതുപോലെ, എല്ലാ മാതാക്കളേയും സഹായിക്കട്ടെ.
 
ഏകാകിയായി ഞാനങ്ങനെ കഴിഞ്ഞ് വരുമ്പോൾ പലതിനെ കുറിച്ചും കാര്യമായി തന്നെ ഞാന്‍ ചിന്തിക്കുന്നുണ്ട്. അനേകം കാടു കയറിയ ചിന്തകൾ. പണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ഭീകര സര്‍ക്കാറുകളുടെ മര്‍ദ്ദന പ്രഭുക്കളായ പൊലീസുകാർക്ക് പിടികൊടുക്കാതെ ഒളിവു ജീവിതം നയിച്ചിരുന്ന മഹാന്മാരെ കുറിച്ച്... ഒളിവിലെ ജീവിതങ്ങൾ, സ്വതന്ത്രം സ്വപ്നം കണ്ട് റോബൺ ദ്വീപില്‍ തടവില്‍ പാർത്തിരുന്ന ആഫ്രിക്കയുടെ ഇതിഹാസം നെൽസൺ മണ്ഡേല. ഇതെഴുതികൊണ്ടിരിക്കുമ്പോള്‍ പോലും എത്രയോ നാളുകളായി കശ്മീരിലെ വീട്ടുതടങ്കലില്‍ പാര്‍ത്തു വരുന്ന മുന്‍മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള രാഷ്ട്രീയ പ്രവര്‍ത്തകരെ ക്കുറിച്ച്, ചെയ്ത തെറ്റ് എന്താണെന്ന് പോലുറിയാതെ ജീവിതത്തിലെ യുവത്വം മുഴുവന്‍ എത്രയോ നാളുകളായി ജയിലറകളില്‍ ഹോമിക്കപ്പെടുന്ന അനേകരുടെ സ്മരണയില്‍ നിസ്സാരമായ എന്റെ ദിനങ്ങളെ ഞാന്‍ പതിയെ പതിയെ മുന്നോട്ട് നയിക്കുന്നു.
 
ഞാനീ രാജ്യത്തിനു വേണ്ടി സ്വയം ബന്ധിതനായിരിക്കുകയാണ്. കോവിഡ് എന്ന വിദേശ ശക്തികളിൽ നിന്നും എന്റെ മാതൃരാജ്യത്തേയും അതുവഴി മനുഷ്യ കുലത്തേയും സംരക്ഷിക്കുന്നതിനായുള്ള സ്വതന്ത്രസമര പോരാട്ടത്തിന്റെ ഭാഗമായ ഒരെളിയ സമരഭടൻ തന്നെയാണ് ഈ ഞാനും.
 
സ്വാതന്ത്രസമര സേനാനി...
 
എന്റെ മുറിയുടെ തെക്ക് ഭാഗത്തെ ജനല്‍ തുറന്നാല്‍ പിതാവിന്റെ ഏറ്റവും ചെറിയ അനിയന്‍ മുത്തപ്പാന്റെ വീടും അതിനപ്പുറം അദ്ദേഹത്തിന്റെ തൊടിയുമാണ്. തെക്കന്‍ മലയില്‍ നിന്നും ഉത്ഭവിച്ച് അറബി കടലിന്റെ വിസ്തൃതിയിലേക്ക് ലയിക്കാന്‍ ധൃതിയോടെ കുതിക്കുന്നൊരു നദി ആ തൊടിയുടെ അറ്റത്തുണ്ട്. ജനല്‍ വഴി നോക്കിയാൽ നദിയെ കാണാൻ കഴിയില്ലെങ്കിലും തോടിനപ്പുറമുള്ള വിശാലമായ വയലുകളുടെ ഒരു വലിയ കഷ്ണം കാണാം. പണ്ടെങ്ങോ അവസാനിച്ച കൃഷിയുടെ സ്മരണ പേറുന്ന പച്ചപുല്ലുകള്‍ വളര്‍ന്ന് പന്തലിച്ച പള്ളി വക വയലോലകളാണത്. പള്ളിയാലുകൾ... അതിനപ്പുറം, വിശാലമായ സംസ്ഥന പാതയുടെ ഒരു ഭാഗം. പിന്നേയും വയലുകളുടെ വിശാലത. അവിടെ പക്ഷേ, അല്‍പ്പാൽപ്പമായി മാത്രം കൃഷി നടക്കുന്നുണ്ട്. അതിന്റേയൊക്കെ ഒടുക്കമായാണ്... രാജ്യത്തുടനീളം ഞരമ്പുകൾ പോലെ പടര്‍ന്ന് പരന്ന് കിടക്കുന്ന റെയിൽവേ പാളങ്ങളുടെ ചെറിയൊരു ഭാഗമെനിക്ക് കാണാൻ കഴിയുന്നത്. നിറയെ തേക്കിന്‍ മരങ്ങള്‍ ഇടതൂർന്ന് വളരുന്നതിനിടയിലൂടെ ആ പാളങ്ങൾ നീണ്ടു പോകുന്നു. ആ പാതയുടെ ഒരറ്റം നിലമ്പൂരിലാണുള്ളത്. മറ്റേ അറ്റം ഷൊര്‍ണൂരും. പണ്ട്‌ നിലമ്പൂർ കാടുകളില്‍ നിന്നും തേക്ക് കൊണ്ട് പോകാൻ വെള്ളക്കാർ നിര്‍മ്മിച്ച ഇരുമ്പ് പാളങ്ങളാണതൊക്കെ എന്ന് ചരിത്രത്തിൽ കാണാൻ കഴിയും. അതുവഴി എത്രയോ തേക്ക് മരങ്ങൾ ബ്രിട്ടീഷ് ഖജനാവിലേക്ക് ഒഴുകി നീങ്ങിയിരിക്കുന്നു. ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അകത്തളങ്ങളില്‍ വരെ ഈ നിലമ്പൂരടയാളങ്ങള്‍ കാണാന്‍ കഴിയുമെന്നുള്ളത് ഞാനെവിടെയോ വായിച്ചിട്ടുണ്ട്.
 
അവിടെ മണിക്കൂര്‍ ഇടവിട്ട് ദീര്‍ഘമായ ചൂളം വിളികളുമായി തലങ്ങും വിലങ്ങും തീവണ്ടികൾ പായുന്നത് ഞാൻ കേട്ടിട്ടുണ്ട്. യാഥാര്‍ത്ഥത്തിൽ, ആ ദീര്‍ഘമായ ചൂളവിളിക്കൊരു കാരണമുണ്ട്. പാതയുടെ ആ ഭാഗത്തായൊരു ചെറിയ വളവാണുള്ളത്. റെയിൽവെ ലൈനിന് ചുറ്റിലും താമസിച്ച് വരുന്ന മനുഷ്യര്‍, പശുക്കള്‍, ആട്, കോഴി, നായ്ക്കൾ തുടങ്ങിയവരാരെങ്കിലും ലൈനിലെ ആ വളവിനപ്പുറം ചിന്താമണ്ഡലത്തിൽ ലയിച്ചു നിൽപ്പുണ്ടങ്കിൽ അവരെ ഉണര്‍ത്താനാണാ കൂകി വിളി. പേടിപ്പെടുത്തുന്ന സൈറൺ പോലെ നാട് മുഴുവനത് കേൾക്കാം. എന്നാൽ, ഇന്നാ ചൂളം വിളികളി തീരെ കേള്‍ക്കാതെയായിരിക്കുന്നത് മറ്റ് പലരെയും പോലെ എന്നേയും ദുഖിപ്പിക്കുന്നു. കോവിഡ് മഹാമാരി കാരണം എല്ലാം യാത്ര സംവിധാനങ്ങളും താല്‍ക്കാലികമായി നിര്‍ത്തലാക്കിയിരിക്കുകയാണ്. റെയിൽ പാളങ്ങൾക്ക് സമാന്തരമായി നീങ്ങുന്ന ദേശിയ പാതയിലെ വാഹനത്തിരക്കും തീരെ കുറഞ്ഞിരിക്കുന്നു. എങ്ങും ഭയാനകമായ സ്തംഭനം മാത്രം.
 
ഒരുപക്ഷേ, സാമ്പത്തിക പരാധീനതകളുടെ ഉഗ്രമായ കഥകളായിരിക്കാം ആ സ്ഥാപനങ്ങൾക്കും മനുഷ്യര്‍ക്കും പറയാനുണ്ടാവുക.
 
മുറിയുടെ പടിഞ്ഞാറ് ഭാഗത്തേക്കുള്ള ജനല്‍ എന്റെ സ്വന്തം തൊടിയിലേക്ക് തുറക്കുന്നതാണ്. മഴക്കാലത്തിന്റെ പ്രാരംഭ കാലമായതിനാൽ പുൽനാമ്പുകള്‍ തീര്‍ത്ത പൊന്തക്കിടയില്‍ ഞാന്‍ നട്ട അനേകം മരങ്ങളവിടെ തളിര്‍ത്തു പച്ചപ്പ് വിടര്‍ത്തി നില്‍ക്കുന്നുണ്ടായിരുന്നു. ഒമ്പത് സെന്റ് സ്ഥലത്തിന്റെ നാലിലൊന്ന് മാത്രം വിസ്താരമുള്ള ആ തൊടിയിൽ മരങ്ങൾ ഇടതൂർന്ന് വളരുന്നതിനാൽ ഒരു നിഗൂഢ സുന്ദര വനം പോലെയതിനെ തോന്നിപ്പോക്കും. ആ വനത്തിന് ചുറ്റിലും പുരാതീനമായൊരു കോട്ട പോലെ തറവരെ മാത്രം ഉയർത്തി പണിത മതില്‍ കെട്ട് കാണാം. അതിനപ്പുറം കുഞ്ഞാപ്പാക്കാന്റെ പഴയകാല വീടും പുരയിടവും. അവിടുത്തെ കരിങ്കല്ലു കൊണ്ട്‌ ഭംഗിയായി കെട്ടിച്ച കുളം എനിക്കെന്റെ മുറിയില്‍ നിന്നും കാണാൻ സാധിക്കും. അവിടെ മിക്ക സമയത്തും ഉയർന്ന ശബ്ദത്തില്‍ കലപില കൂട്ടികൊണ്ടിരിക്കുന്ന കുട്ടികളാണ്. അവരുടെ ചർച്ചകൾ, ഭീഷണികള്‍, നേരമ്പോക്കുകൾ പിന്നെ, കുളത്തിലേക്കുള്ള ചാട്ടവും കയറ്റവും...
 
ഗൃഹാതുരത്വ ഓര്‍മ്മകളുടെ ചിന്താ പുസ്തകങ്ങളെ സജീവമാക്കാൻ തങ്ങളുടെ ഒഴിവു ദിനങ്ങളെ ആഘോഷമാക്കുന്നതാകാം അവർ.
 
തൊടിയുടെ ഒരു വശത്ത് നീണ്ടു പോകുന്നൊരു വൈദ്യുതി കമ്പിയാണുള്ളത്. അത് വൈദ്യുതിയെ പുതച്ച് മുത്തപ്പാന്റെ തൊടിയും നദിയും പാടവും കടന്ന് ദൂരെ ദൂരേക്ക് നീണ്ടു പോകുന്നു.
 
കഴിഞ്ഞ തവണ നാട്ടിൽ വന്ന സമയം അതിരാവിലെ പല്ലു തേപ്പും കുളിയും കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ നിര്‍ഭാഗ്യകരമായൊരു സംഭവമുണ്ടായി. മേല്‍ കരണ്ട് കമ്പികളെന്റെ തൊടിയെ ഉമ്മ വെക്കാനെന്നോണം വളരെ താഴേക്ക് വില്ലു പോലെ തൂങ്ങിവന്നിരിക്കുന്നു. അക്ഷരാര്‍ത്ഥത്തില്‍ പറഞ്ഞാൽ... കൈ എത്തും ദൂരത്ത് തന്നെ. വലിയ സംഹാര വീര്യത്തോടെ വൈദ്യുതിയും പ്രവഹിച്ച് നീങ്ങുന്ന ആ തടിച്ച പിരിയന്‍ കമ്പികൾ വെള്ള വിതരണ പൈപ്പ് പോലെ എന്റെ മുന്നിലങ്ങനെ താഴ്ന്ന് നീണ്ട് പരന്ന് കിടക്കുന്നത് കണ്ടപ്പോൾ ഉള്ളൊന്ന് കാളി... സ്വാഭാവികം. ഇനിയിപ്പോ എന്ത് ചെയ്യും. സാധാരണ പണിക്കാരെ വിളിപ്പിച്ച് ശരിപ്പെടുത്താൻ കഴിയുന്ന വല്ല വേലയുമാണോ ഇത്. പരാതിയുമായി കറണ്ടാപ്പീസിൽ ചെന്നു. അവര്‍ക്ക് വിഷയത്തിന്റെ കാര്യ ഗൗരവമങ്ങോട്ട് ബോധ്യപ്പെട്ടില്ലെന്ന് തോന്നുന്നു. എന്തോ ഒരൊഴുക്കൻ മറുപടി പറഞ്ഞെന്നെ തിരിച്ചയച്ചു. അഥവാ, കറണ്ട് കമ്പിക്ക് തൂങ്ങി കിടക്കാന്‍ തന്നെ വിധിയെന്ന് ചുരുക്കം. എന്റെ മനസ്സമാധാനം നഷ്ടപ്പെട്ടെന്ന് പറഞ്ഞാൽ മതിയല്ലോ... ഞാൻ സ്വൈര്യ വിഹാരം നടത്തി വന്നിരുന്ന എന്റെ സ്വന്തം തൊടിയാണത്... കളക്കൽ, കള പറിക്കൽ, മരങ്ങൾ നടീൽ, പച്ചക്കറി തോട്ട പരിപാലനം, വികൃതമായി വളരുന്ന കൊമ്പുകളെ മുറിച്ച് കളയൽ, മാലിന്യ സംസ്കരണം തുടങ്ങി ദിനവും ഞാൻ പെരുമാറി വന്നിരുന്ന എന്റെ സ്വന്തം തൊടി. ഇപ്പോളതിലേക്ക് പ്രവേശിക്കാന്‍ തന്നെ ഭയമായിരിക്കുന്നു. ഒരു സമാധാന മില്ലായ്മ. നിത്യമഹാ സത്യമായ മരണത്തെ വഹിച്ച് കൊണ്ടുപോകുന്ന ആ കമ്പികൾ സമീപത്തങ്ങനെ ഞാഞ് തൂങ്ങി നിൽക്കുമ്പോൾ എങ്ങനെ ശാന്തി ലഭിക്കാനാണ്. ഉറക്കം കുറഞ്ഞു. ദുസ്വപ്നങ്ങൾ കാണാൻ തുടങ്ങി. എങ്കിലും, കറണ്ടാപ്പീസുകളുടെ വാതിലുകൾ മുട്ടികൊണ്ടേയിരുന്നു.
 
ടും.. ടും... ടും... അനേകം തവണ. അനേകം വാതിലുകള്‍.
 
തൊടിയുമായുള്ള സകല ബന്ധങ്ങളും തല്‍കാലം നിര്‍ത്തലാക്കികൊണ്ട്... കറന്റ് കമ്പിയെ ശരിപ്പെടുത്താൻ വരുന്ന ഉദ്യോഗസ്ഥരെ പ്രതീക്ഷിച്ചനേകം നാളുകൾ ഞാന്‍ കാത്തു കെട്ടി കിടന്നു. തൊടിയിലെ മണ്ണുറച്ചു, പുല്ല് വളര്‍ന്നു, പച്ചക്കറി കൃഷി ശ്രദ്ധിക്കാതെയായി, മാലിന്യങ്ങള്‍ കുന്ന് കൂടി, മര ചില്ലകള്‍ വളര്‍ന്ന് പന്തലിച്ചു. പക്ഷേ, രാവും പകലും മാറി മാറി വരുന്നുണ്ടെന്നല്ലാതെ തൊടിയിൽ ഒരു മനുഷ്യനും വന്നില്ല.
 
അങ്ങനെയിരിക്കെ ഒരു ദിവസം ഞാനൊരു വെള്ള കടലാസെടുത്ത് അതിൽ അക്ഷരങ്ങള്‍ നിരത്തി. ഒരു വലിയ പരാതി... നിവേദനം. അതിന്റെയൊടുക്കം ഇങ്ങനെ എഴുതി.
 
"അതിനാല്‍... ഭീതി ജനകമായ മേല്‍ കരണ്ട് കമ്പിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിലുള്ള അപായമുണ്ടായാൽ അതിന്റെ പൂര്‍ണ്ണ ഉത്തരവാദികൾ കേരള കറണ്ട് ബോര്‍ഡും കറണ്ടാപ്പീസുമായിരിക്കുമെന്ന് ഞാനിതിനാൽ സാക്ഷ്യപ്പെടുത്തുന്നു"
 
ഉദ്വേഗജനകമായ ആ കാത്തിരുപ്പ് വീണ്ടും തുടര്‍ന്നു. കറണ്ടാപ്പീസ് ജീവനക്കാരത് ശരിയാക്കാൻ വരുമോ അതോ, സ്വതന്ത്ര പരമാധികാര സര്‍ക്കാറിനേയും സര്‍വ്വശ്രീ കറണ്ട് ബോര്‍ഡ്, അസിസ്റ്റന്റ് എഞ്ചിനീയർ തുടങ്ങിയവരെ ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ എനിക്കെതിരിൽ നടപടി എടുക്കാൻ വരുമോ എന്ന സന്ദേഹവും എന്നെ പിടികൂടിയെന്ന് പറയാം. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവരെത്തി. കാക്കി വസ്ത്ര ധാരികളായ കുറേ തടിമാടന്മാർ... പോലീസല്ല. പാവം കറണ്ടാപ്പീസ് ജീവനക്കാരാണ്. അവർ കമ്പി നേരെയാക്കാൻ വന്നതാണ്. കമ്പി, കത്തി, കയര്‍, തോട്ടി തുടങ്ങിയ ആയുധങ്ങളും അവരുടെ കൈയിലുണ്ടായിരുന്നു. പോസ്റ്റില്‍ കയറിയും കമ്പി മാറ്റിയും മുറിച്ചും വലിച്ചും തിരിച്ചും അവർ അത്യധ്വാനം ചെയതു. വിയര്‍ത്തൊലിച്ചു.
 
പാവം മനുഷ്യര്‍... സ്വാർത്ഥനായ എന്റെ പരാതിയാൽ മാത്രം ഇവിടെ വന്ന് കഷ്ടപ്പെടേണ്ടി വന്നവര്‍. അതിനാല്‍, ഞാനൊരു പാത്രത്തിൽ അല്‍പ്പം വെള്ളം നിറച്ചവര്‍ക്ക് കൊണ്ടുപോയി കൊടുത്തു. അവർക്കത് വലിയ ആശ്വാസമായെന്ന് തോന്നുന്നു. നിറയെ കുടിച്ചു. ദാഹം മാറിയിരിക്കും. എനിക്കും ആശ്വാസമായി. കൂടെ, അല്‍പ്പം കുശലാന്വേഷണങ്ങളും നടത്തി. എങ്കിലും, നിങ്ങള്‍ക്കെതിരെ പരാതി കൊടുത്ത ആ കശ്മളൻ ഞാനായിരുന്നെന്ന് അവരോട് പറയാൻ ഞാൻ നിന്നില്ല. അവർ പരാതിക്കാരനെ അന്വേഷിക്കുന്നതായി തോന്നിയതുമില്ല. ഒടുവിൽ, എല്ലാം ശരിപ്പെടുത്തിയവർ മടങ്ങുമ്പോൾ ഞാൻ സ്വയം പറഞ്ഞു.
 
ഹമ്പട ഞാനേ...
 
അപ്പോൾ ഞാന്‍ പറഞ്ഞു വന്നത് തൊടിയെ കുറിച്ചാണല്ലോ. ഞാന്‍ പറഞ്ഞല്ലോ നിറയെ മരങ്ങളാണതിലെന്ന്. അവക്കിടയിലൊരു കോണില്‍ ഒരു കരിങ്കൽ കെട്ടുണ്ട്. ഒരു തിരുമ്പ് കല്ല്. അനിയന്റെ പ്രസവ സമയത്താണത് തൊടിയില്‍ സ്ഥാപിച്ചതെന്നാണ് എന്റെ ഓര്‍മ്മ. മനോഹരമായി പടുത്തുയർത്തിയ ഒരെടുപ്പിനു മുകളില്‍ പ്രതിഷ്ഠ മാതിരി ഒരു പരന്ന കല്ല് സ്ഥാപിച്ചിരിക്കുന്നു. താഴെ വെള്ളം കെട്ടി വന്ന് നിന്നത് കൃത്യമായി തൊടിയിലേക്കൊഴുകി നീങ്ങാനുള്ളൊരു ഓവുചാലുമവിടെ കെട്ടിച്ചിട്ടുണ്ട്. അടുക്കള തോട്ടാമാവശ്യത്തിനോ, മറ്റെന്തെങ്കിലും നിര്‍മ്മാണത്തിനോ ആ തിരുമ്പ് കല്ല് നീക്കം ചെയ്യാൻ ശ്രമിച്ചാൽ... അഥവ, ഒന്നാലോചിച്ചാൽ പോലും ഉമ്മ ചാടി വന്നെന്നോട് പറയും.
 
"അതെനിക്കെന്റെ കുഞ്ഞേവിയുണ്ടാക്കി നല്‍കിയതാ..." എന്ന്.
 
കുഞ്ഞേവി സ്ഥലത്തെയൊരു പ്രധാന മരാമത്തുക്കാരനാണ്. തെക്കന്‍ മലയുടെ മുകളില്‍ അതിന്റെ മുനെയെന്നോണം ഉയർന്ന് നില്‍ക്കുന്ന ഭാഗത്താണ് അദ്ദേഹവും കുടുംബവും താമസിച്ചു വരുന്നത്.
 
തൊടിയില്‍ കാര്യമായിട്ടുള്ളത് 'സ്കൂൾ മരങ്ങളാണ്'. അഥവാ, വര്‍ഷാവര്‍ഷങ്ങളിൽ സ്കൂളില്‍ നിന്നും ലഭിക്കുന്ന തൈകളാണത്. വിദ്യാർത്ഥികളുടെ പ്രകൃതിയോടുള്ള ബന്ധം ദൃഢമാക്കിനുദ്ദേശിച്ച് എല്ലാ വര്‍ഷവും പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ചാണത് വിതരണം ചെയത് വരുന്നത്. അരിനെല്ലിക്ക, മാവ്, ബദാം പിന്നെ പേരറിയാത്ത മറ്റേതൊക്കെയോ മരങ്ങളും അക്കൂട്ടത്തിലുണ്ട്. അന്നൊരിക്കൽ, വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ കാലത്ത്‌ അനിയത്തിക്ക് ലഭിച്ചൊരു തൈ വലിയ മരമായതുമുണ്ട് അക്കൂട്ടത്തിൽ. അവളന്നാ തൈ കുഞ്ഞനേയും തൂക്കിപ്പിടിച്ചു വന്നെന്നോട് പറഞ്ഞു... വളര്‍ന്നാലിതെന്തോ വലിയ മഹത്തരമായ മരമായി മാറുമെന്ന്.
 
"എന്നാരു പറഞ്ഞു..." ഞാന്‍ ചോദിച്ചു. 
 
"മുഖ്യമന്ത്രി"
 
എന്തായാലും എനിക്കുമതിൽ ഒട്ടു വലിയ കൗതുകം തോന്നി. അതിനാല്‍... തൈ നടാനും മറ്റും ഞാനുമവളോടൊപ്പം ചേര്‍ന്നു. തൊടിയിലതിനുള്ള സ്ഥലം കണ്ടത്തി നൽകിയതും വളം നിര്‍ദ്ദേശിച്ചതും ഈ ഞാനായിരുന്നു. ആ വകയില്‍ വീടിന്‌ ചുറ്റും സുലഭമായുണ്ടായിരുന്ന പൂച്ചകള്‍, കോഴികള്‍ എന്നിവക്ക് ഞാന്‍ നല്‍കി വരാറുണ്ടായിരുന്ന ചോറു വറ്റുകളായ വറ്റുകളും, ഉമ്മ തെങ്ങിൻ മൊരടിൽ കൊണ്ടു പോയി ഒഴിക്കാറുള്ള മീന്‍ വെള്ളങ്ങളായ വെള്ളങ്ങളൊക്കെയും വകമാറ്റി ഞാനവൾക്ക് കൊണ്ടുപോയി കൊടുത്തു. അവൾ പേരറിയാത്ത തന്റെയാ മരത്തിന്റെ മുരടിലതൊക്കെയും കൂനെ കൂട്ടി ഒഴിച്ചുവെച്ചു. എന്നിട്ട് മൊഴിഞ്ഞു...
 
"ഇതിൽ പഞ്ചാര പോലത്തെ നല്ല മധുരമുള്ള പഴങ്ങൾ കായ്ച്ചു വരും" എന്ന്.
 
അങ്ങനെ, സ്കൂൾ മരത്തിൽ തളിര്‍ത്തു വരുന്ന പേരറിയാത്ത ആ പഴയത്തിന്റെ മാധുര്യത്തിനായി ഞങ്ങളെല്ലാവരും കാത്തിരുന്നു. വളര്‍ന്നാൽ അതെന്തോ വലിയ സംഗതി ആയായിരിക്കുമെന്നുമുറപ്പാണ്. കാരണം, സര്‍ക്കാറാണത് നല്‍കിയിരിക്കുന്നത്... ഇന്ത്യയിലെ മുക്കിലും മൂലയിലും സ്വാധീനമുള്ള പരമാധികാര സര്‍ക്കാര്‍. അവര്‍ ലോകത്തിലെ ഏത് പ്രദേശത്തു നിന്നുള്ള തൈകളും ഇന്ത്യാ മഹാരാജ്യത്തിലെവിടേക്കും ഇറക്കുമതി ചെയ്യാൻ കഴിവുളളവരാണ്. കൂടാതെ, എന്നേക്കാളും അവളേക്കാളും ബുദ്ധിയും വിവരവുമുള്ള അധ്യാപക ബഹുമാന്യരാണ് അവള്‍ക്കത് നല്‍കിയിരിക്കുന്നത്. അവര്‍ക്കെങ്ങനെ തെറ്റ് പറ്റാനാ. ലക്ഷോപലക്ഷം കുരുന്നുകള്‍ക്ക് വിജ്ഞാനമെന്ന മഹാനിധി കുംഭത്തിലേക്കുള്ള വഴി കാട്ടുന്നവരല്ലയോ അവർ. ഞങ്ങൾ പഴങ്ങളെ സ്വപ്നം കാണാൻ തുടങ്ങി. ഹിമാലയന്‍ പ്രദേശങ്ങളിൽ വളരുന്ന ആപ്രിക്കോട്ടായിരിക്കുമോ അത്. അല്ലെങ്കിൽ, ആപ്പിൾ മരം. അതുമല്ലെങ്കിൽ, പ്ലംസ്. ആഫ്രിക്കൻ വന്‍കരകളില്‍ വളരുന്ന പോൻസ് തൈ ആകാനും സാധ്യത ഏറെയാണ്. അതൊന്നുമല്ലെങ്കിൽ ലോകത്തിന്റെ ഏതോ മൂലയില്‍ വിനീത വിധേയനായി വളരുന്ന ഏതോ ഒരു വലിയ ഫലവൃക്ഷത്തിന്റെ കുഞ്ഞ്.
 
ഞങ്ങളതിൽ കായ്ക്കുന്ന വിശിഷ്ട ഭോജനത്തിന്നായി നാളുകളെണ്ണി കാത്തിരിപ്പ് തുടർന്നു...
 
ചുമ്മാ കാത്തിരിപ്പല്ല. കുശാലായി ഒന്നാന്തരം ജൈവ മാലിന്യങ്ങൾ യഥേഷ്ടമതിന്റെ കാൽ ചുവട്ടില്‍ ഞങ്ങൾ സമര്‍പ്പിച്ച് പോന്നു. കൂടാതെ, ഒരു പെന്നും ബുക്കുമായി അവളുമുണ്ട് മുരടിൽ. മരത്തിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും നോട്ട് പുസ്തകത്തില്‍ രേഖപ്പെടുത്തി വെക്കണമെന്നുള്ളത് അധ്യാപകരുടെ ഉത്തരവാണ്. ഓരോ ദിവസവും ആ പുസ്തകമവർ നിരീക്ഷിച്ചുറപ്പ് വരുത്തുന്നുണ്ടായിരിക്കാം. പുതു നാമ്പ് വന്നത് ഇന്ന ദിവസം, കടും പച്ച വര്‍ണ്ണം തൂകി അതൊരു ഇലയായി മാറിയത് ഇന്ന ദിവസം, തണ്ടിൽ ചില്ലകള്‍ വിടര്‍ന്നത് ഇന്ന ദിവസം തുടങ്ങി ആ തൈയുടെ വിഷമങ്ങൾ, അസുഖങ്ങൾ, സുഖവിവരങ്ങൾ വരെ അവൾ രേഖപ്പെടുത്തി വരുന്നുണ്ടായിരുന്നു. ഒടുക്കം... കായ് വന്നത്, കായ് പഴുത്തത്, അത് പറിച്ച് രുചിയോടെ തിന്നത് തുടങ്ങിയ വിശേഷങ്ങളും ആ പേജുകളിൽ എഴുതുമായിരിക്കും. ഞങ്ങൾ കൊതിയോടെ കാത്തിരിക്കുന്നു...
 
സഖാവ്‌ വിഎസും അദ്ദേഹത്തിന്റെ സുന്ദര മോഹന സര്‍ക്കാറും ആചന്ദ്ര കാലം നീണാൽ വാഴട്ടെ...
 
വെള്ളം, വളം, മറ്റ് പരിചരണങ്ങൾ തുടങ്ങിയവ മുറക്ക് അവൾ തന്നെ നല്‍കുന്നുണ്ടായിരുന്നന്ന് ഞാന്‍ പറഞ്ഞല്ലോ. ഒരു കൈ സഹായത്തിന് ഞാനുമുണ്ട് കൂടെ. അങ്ങനെ പേരറിയാത്ത ആ പഴവും പ്രതീക്ഷിച്ച് ഞങ്ങളങ്ങനെ അതിന്റെ മൊരടിൽ കാത്തു കെട്ടിയിരിക്കുമ്പോൾ തൈയങ്ങനെ വളര്‍ന്ന് വന്നുകൊണ്ടിരുന്നു. അദ്യം, തെങ്ങ് മാതിരി നീളത്തില്‍ മേലേക്കൊരു പോക്കായിരുന്നു. പിന്നെ, നീട്ടി പിടിച്ച കൈകൾ പോലെ അല്‍പ്പം കുറച്ച് കൊമ്പുകളതിൽ വളര്‍ന്നു. അവയിൽ നിറയെ കുറുന്തോട്ടിയുടെ ഇലകള്‍ മാതിരി ചെറിയ ചെറിയ ഇലകള്‍ തളിര്‍ത്തു. പക്ഷേ, പഴം മാത്രം കായ്ച്ചതുകണ്ടില്ല. തണ്ടും, ചില്ലകളും ശൂന്യം. ഒരു പൂവിന്റെ കണിക പോലുമില്ല. അല്‍പ്പനാൾ കഴിഞ്ഞപ്പോൾ ഞങ്ങളെയെല്ലാം പ്രതീക്ഷയുടെ മുൾമുനയിൽ നിർത്തികൊണ്ട്‌ നല്ല കനത്ത മുള്ളുകളതിൽ വളരാൻ തുടങ്ങി.
 
ഒടുവില്‍, വഴിയേ പോകുന്നവരോടൊക്കെ ചോദിക്കേണ്ടി വന്നു... ഏതാണീ മരമെന്ന്...?
 
ചിലര്‍ പറഞ്ഞു... "ഹോ ഇതൊരു പുറമ്പോക്ക് മരമാണ്... ഒരുപകാരവുമില്ല. വെട്ടി കളഞ്ഞേക്ക്" എന്ന്.
 
ചിലര്‍ പറഞ്ഞു. "വീടിനും കുടുംബത്തിനും അത്യാപത്ത് ക്ഷണിച്ച് വരുത്തുന്ന ഭയങ്കരനാണിവൻ. ജീവനില്‍ കൊതിയുണ്ടേൽ വെട്ടിയേക്ക്" എന്ന്.
 
"ഇത് മറ്റൊന്നുമല്ല... രാമച്ചം എന്ന സുന്ദരവിശിഷ്ട മരമാണ്" അല്‍പ്പം പ്രകൃതി സ്നേഹമുള്ളൊരു മാന്യനാണത് മൊഴിഞ്ഞത്. ആവശ്യത്തിന് തൊലി പൊളിച്ചെടുത്ത് വെള്ളത്തിലിട്ട് ചൂടാക്കി കുടിച്ചാൽ ശരീര പുശ്ടിക്കും മറ്റും ഉത്തമമാണെന്നും ടിയാൻ കൂട്ടിചേര്‍ത്തു.
 
എന്തായാലും, ആളുകൾ വന്ന് അത്ഭുതത്തോടെ നോക്കി നിന്ന് പോകുന്ന... ഇതെവിടെ നിന്നാണ്‌ ലഭിച്ചതെന്ന് ചോദിക്കുമ്പോള്‍ അത്യാഭിമാനത്തോടെ അതിന്റെ വൈതരണിയെക്കുറിച്ചുള്ള കഥകൾ പറഞ്ഞ് ആനന്ദകുഞ്ചകമാടാൻ കഴിയുമായിരുന്ന... നല്ല മധുരമുള്ളൊരു പഴുത്ത സുന്ദരന്‍ പഴത്തിനെ കാത്തു നിന്ന ഞങ്ങൾക്കൊടുവിൽ ആ മരത്തിന്റെ പുറം ചീള് കലക്കിയ കരിം പാനീയം കുടിച്ച് സംതൃപ്തി അടയാനായിരുന്നു വിധി.
 
വിഎസ് സര്‍ക്കാറും അധ്യാപക ബഹുമാന്യരും ഞങ്ങളെ അതിസുന്ദരമായി പറ്റിച്ചിരിക്കുന്ന് എന്ന് ചുരുക്കം.
 
എന്തായാലും, ആ കഥകളെന്നെ ഓര്‍മ്മപ്പെടുത്തികൊണ്ട് അവനങ്ങനെ തൊടിയിൽ ഒരൊറ്റ കൊമ്പനെ പോലെ മുള്ള് വിടര്‍ത്തി പടർന്ന് പന്തലിച്ച് നില്‍ക്കുന്നത് ജനല്‍ വഴി എനിക്ക് കാണാൻ കഴിയും. സമീപം കുല പ്രതീക്ഷയില്ലാത്ത ഏതാനും വാഴകളും. മതിലിനു വെളിയിലേക്ക് തല നീട്ടി പിടിച്ചു നില്‍ക്കുന്ന പേരക്ക മരം റോഡിലൂടെ പോകുന്ന മനുഷ്യര്‍ക്കുള്ളതാണ്. അവർ യഥേഷ്ട പേരക്കകൾ പറിച്ച് തിന്നുന്നുണ്ടാകാം. അതിനപ്പുറത്താണ് 'ലക്ഷ്മി തരു' എന്ന കേൻസർ മരം സ്ഥിതിചെയ്യുന്നത്. നീണ്ട ഇലകളുള്ള അതിന്റെ ഏതാനും ഭാഗം മാത്രമാണ്‌ ജനല്‍ വഴി എനിക്ക് കാണാൻ സാധിക്കുകയുള്ളൂ. എങ്കിലും, മുറ്റത്തേക്ക് തണൽ വിരിച്ചുകൊണ്ട് അവനവിടെ വിശാലമായി നില്‍ക്കുന്നുണ്ടാകാം. വേദനകളുടെ മഹാപ്രപഞ്ചമായ കേൻസർ എന്ന അസുഖത്തിനുള്ള വിശിഷ്ടമായൊരു മരുന്നാണാ വൃക്ഷം എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. അതിനാലാണ് ഞാനതിനെ കേൻസർ മരമെന്ന് വിശേഷിപ്പിച്ചു വരുന്നത്. തൊടിയിലെ മാവ്, പ്ലാവ്, തെങ്ങ് തുടങ്ങിയ വന്‍ മരങ്ങൾക്ക് സ്വസ്ഥമായി വളരാൻ ലക്ഷ്മിതരുവിന്റെ തണ്ടും ചില്ലുകളും ഒരു പ്രയാസമാണ്ടെങ്കിലും അതിനെ വെട്ടിമാറ്റി കളയാന്‍ ഉമ്മയോ ഉപ്പയോ ഇതുവരേക്കും ശ്രമിച്ചുകണ്ടിട്ടില്ല. ഒരുപക്ഷേ, ഏതൊക്കെയോ കാൻസർ രോഗികള്‍ക്ക് വേദനയില്‍ നിന്നും ഒരല്‍പ്പം ആശ്വാസമോ ശമനമോ നൽകാൻ അതവിടെ കിടക്കട്ടെ എന്നവര്‍ ചിന്തിച്ചിരിക്കാം. ലക്ഷ്മിതരുവിന്റെ സമീപത്തുതന്നെയാണ് പപ്പായ, ചക്കപ്പഴ മരം, മുരിങ്ങ, തുളസി, ആര്യ വേപ്പ് തുടങ്ങിയവയും വളരുന്നത്. അവക്കിടയിൽ ചേന, ചേമ്പ്, മാങ്ങയിഞ്ചി എന്നിത്യാദികളും കൂട്ടമായി തളിര്‍ത്തു വരുന്നുണ്ട്. അതിനൊക്കെ അപ്പുറത്താണ് കറണ്ട് കമ്പിയെ തൊട്ടു തൊട്ടില്ല എന്ന മട്ടിലൊരു തേക്ക് വളർന്ന് വരുന്നത്.
 
ബ്രിട്ടീഷ് ഭരണകാലത്ത് മലബാര്‍ പ്രദേശത്ത് ഒരുപാട്‌ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയ പ്രശസ്തനായ കളക്ടര്‍ സായിപ്പായിരുന്നു എച്ച് വി കനോലി. അക്കാലത്തൊരിക്കൽ, നാട്ടില്‍ നിര്‍മ്മാണാവശ്യത്തിനുള്ള തടിയുടെ ക്ഷാമം രൂക്ഷമായപ്പോൾ അത് പരിഹരിക്കുന്നതിനായാണ് കനോലിയുടെ നിർദ്ദേശപ്രകാരം ഫോറസ്റ്റ് കൺസർവേറ്ററായിരുന്ന ചാത്തുമേനോൻ 1846ൽ നിലമ്പൂരിലൊരു തേക്ക് തോട്ടം സ്ഥാപിക്കാൻ തീരുമാനിക്കുന്നത്. ഇന്ന്‌ ലോകത്തെ ഏറ്റവും ആദ്യത്തെ മനുഷ്യനിർമ്മിത തേക്കുതോട്ടമാണ് കനോലി പ്ലോട്ട് എന്നറിയപ്പെടുന്ന ആ തേക്കിന്‍ വനം. ഏക്കർ കണക്കിന്‌ പ്രദേശത്ത് ഇടതൂർന്ന് ഭയങ്കരമായ നീളത്തില്‍ വളരുന്ന തേക്ക് മരങ്ങളുടേയും, അതിനൊത്ത നടുവിലൂടെ കളകൂജനവുമായി ഒഴുകി നീങ്ങുന്ന ചാലിയാര്‍ നദിയുടേയും കാഴ്ച്ച അതി മനോഹരം തന്നെ. ഏകദേശം ആറോ ഏഴോ പേർ വട്ടത്തിൽ കൈ പിടിച്ചു നിന്നാൽ പോലും പരസ്പരമിണക്കാൻ കഴിയാത്തത്ര തടിയൻ തേക്കുകൾ വരെ അക്കൂട്ടത്തിലുണ്ട്.
 
ഒരിക്കല്‍, ഈ ഞാനും കനോലി പ്ലോട്ട് സന്ദര്‍ശിച്ചിട്ടുണ്ട്. അന്ന് അതിരാവിലെ ഞാനവിടേക്ക് പോയി വൈകുന്നേരം വരേയും അവിടെ ചിലവഴിച്ചതോർക്കുന്നു. ആ പ്ലോട്ടിനോളം തന്നെ പഴക്കം ചെന്ന സുന്ദരനായൊരു തേക്കിന്റെ താഴെ ചിന്താ പ്രപഞ്ചങ്ങളുമായി ഞാനേറെ നേരമന്ന് ഇരുന്നിട്ടുണ്ടെന്ന കാര്യം അഭിമാനത്തോടെ ഞാനിപ്പോൾ ഓര്‍ക്കുന്നു. ഒരുപാട്‌ മനുഷ്യരെ ഞാൻ കണ്ടു. വിദേശികളും സ്വദേശികളുമായ അനേകം സന്ദര്‍ശകർ. അവര്‍ക്കിടയില്‍ ചോലനായ്ക്കരെന്ന അതിപുരാതന ആദിമ മനുഷ്യരുടെ പ്രതിനിധികളേയും. നിഗൂഢമായ കാടുകൾക്കുള്ളിലെ ഗുഹകളില്‍ വസിച്ച് വരുന്ന ലോകത്ത് തന്നെ വിരളമായ ആദിവാസി ഗോത്ര വിഭാഗക്കാരാണവർ. അതിലൊരു പ്രതിനിധി പയ്യൻ അന്നെന്റെ അരികിലേക്ക് വന്ന് ചുമ്മാ ഒരു കോലിൻ കഷ്ണം നീട്ടിയിട്ട് പറഞ്ഞു...
 
"പത്തു രൂപ..."
 
യാചനയല്ല. കച്ചവടമാണ്. ആ മനുഷ്യനെന്റെ നേരെ നീട്ടിയ ആ കോലിൻ കഷ്ണം ചുമ്മാ ഒരു കോലിൻ കഷ്ണവുമല്ല. ഒരു ചരിത്രമാണ്. അതിവിശിഷ്ടമായൊരു വൃക്ഷ തൈ. കനോലി സായിപ്പ് പാത്തിരുന്നൂറ് കൊല്ലങ്ങള്‍ക്ക് മുമ്പ് നിലമ്പൂരിലെ ചാലിയാര്‍ പുഴവക്കത്ത് നട്ട അനേകം തേക്ക് മരങ്ങളിലൊന്നിന്റെ സന്തതി. അതാകുന്നു കേവലം പാത്തു രൂപക്ക് ആ യുവാവെനിക്ക് നേരെ നീട്ടിയിരിക്കുന്നത്. ഞാനത് സന്തോഷത്തോടെ ഏറ്റുവാങ്ങി. വിലയായി അയാളാവശ്യപ്പെട്ട പാത്ത് രൂപയല്ല... മറിച്ച്, ഇരുപത് രൂപാ തന്നെ ഞാൻ നല്‍കി. കാരണം, അത് വിശിഷ്ടമായ നിലമ്പൂര്‍ തേക്കിന്‍ തൈയാണ് എന്നുള്ളത് കൊണ്ട്‌ മാത്രമല്ല. ലോകത്തിൽ തന്നെ അത്യപൂര്‍വമായൊരു ഗുഹാവാസി മനുഷ്യനാണ് എനിക്കത് നല്‍കിയിരിക്കുന്നത് എന്നത് കൊണ്ട് കൂടിയാണ്‌. ജീവിക്കുന്ന ചുറ്റുപാടിൽ നിന്നും ഇനിയും മാറാൻ കൂട്ടാക്കാത്ത നമ്മുടെ ഏതോ പൂര്‍വ്വിക പ്രതിനിധി.
 
അവന് സന്തോഷമായി... എനിക്കും.
 
അപ്പോൾ, ഞാന്‍ പറഞ്ഞു വരുന്നത്... അന്നവിടെ നിന്നും ലഭിച്ച ആ തേക്കിന്‍ തൈയെ കുറിച്ചാണ്. എന്റെ ഈ കൊച്ചു തൊടിയുടെ ഒരു മൂലയില്‍ പച്ചപ്പാവമായി വളര്‍ന്ന് വരുന്ന ഇവനാണവൻ... നിലമ്പൂര്‍ തേക്കിന്‍ തോട്ടത്തിൽ നിന്നും ദത്തെടുത്ത് ഞാൻ വളര്‍ത്തുന്ന തേക്ക് മരം. അവനന്ന് 'കുട്ടിയും കോലിലെ' കുട്ടിയെപോൽ കൈപിടിയിലൊതുങ്ങുന്നൊരു ചെറിയ ഒറ്റ വടി മാത്രമായിരുന്നു. എന്നാൽ, ഇന്ന്‌ ആകാശം മുട്ടാനെന്നോണം നീണ്ടു വളര്‍ന്നു പോകാനുള്ള ശ്രമത്തിലാണവനെന്ന് തോന്നിപ്പോകുന്നു.
 
തൊടിയില്‍ പണ്ടു ഞാന്‍ നട്ട പുളി മരം ഇപ്പോൾ ഏകദേശം വളര്‍ന്ന് തുടങ്ങിയിട്ടുണ്ട്. അലങ്കോലമായി വളരുന്ന തല മുടി കണക്കെ വികൃതമായിരുന്നു അന്നതിന്റെ അവസ്ഥ. തണ്ടേത്, കൊമ്പേത് എന്ന് തിരിച്ചറിയാൻ കഴിയാത്ത ഭയാനകമായൊരു കോലം. എന്നാൽ, ഇപ്പോൾ ജനല്‍ വഴി നോക്കുമ്പോൾ വളരെ അച്ചടക്കത്തോടെയത് സുന്ദരമായി വളരുന്നത് കാണാം. മിനുസം തീരെയില്ലാത്ത നീളൻ തണ്ട്, മുകളിലൊരു കുടപോലെ പടര്‍ന്ന് നില്‍ക്കുന്ന കുഞ്ഞിലകളും.
 
അതിനപ്പുറം പണ്ട്‌ ഞാൻ നട്ടൊരു മൂവാണ്ടൻ മാവാണുള്ളത്. നാട്ടിലേക്ക് വരുന്നതിന്റെ എതാനും മാസങ്ങള്‍ക്ക് മുമ്പ് ആ മാവിൽ ആദ്യമായി കായ്ച്ച മാങ്ങയെ കുറിച്ചുമ്മ സൂചിപ്പിച്ചിരുന്നു. മൂന്നോ നാലോ എണ്ണമാണ് അതിൽ ആകെ ഉണ്ടായിരുന്നതത്രെ. അതിലെ ഏകദേശമെല്ലാം അവർ പറിച്ചു തിന്നു. നല്ല മധുരമുള്ള മൂവാണ്ടൻ മാങ്ങ. നട്ടത് വിനീതനായി ഈ ഞാനാണ്. അതിനാൽ തന്നെ, ഒന്നവർ എനിക്കായി പാത്തു വച്ചിട്ടുണ്ട്. സംഗതി മാവിൽ തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്. മാമ്പഴത്തിനു മുകളിലെ ഇത്തിരി പോന്ന തണ്ടിൽ കെട്ടി വെച്ച പ്ലാസ്റ്റിക് കവറിന്റെ സുരക്ഷയിൽ. പക്ഷികളോ, അണ്ണാന്മാരോ മറ്റൊരു ജന്തു ജാലങ്ങളും കാണാതെ അതങ്ങനെ അതിനകത്ത് നിശബ്ദമൂകമായി നിൽക്കുന്നുണ്ടായിരിക്കാം. ഏതായാലും, അക്കാര്യം പെട്ടന്നാണെനിക്കോര്‍മ്മ വന്നത്. ഉടനെ തന്നെ, വലിയ ശബ്ദത്തില്‍ ഞാൻ താഴേക്ക് വിളിച്ച് ചോദിച്ചു.
 
"ഉമ്മ... ഇങ്ങള് പറഞ്ഞ ആ മാങ്ങ ആ മാവിൽ തന്നെയുണ്ടല്ലോ അല്ലേ" എന്ന്.
 
ഉത്തരം ഞെട്ടിക്കുന്നതായിരുന്നു. പ്രപഞ്ചം നടുങ്ങിയ മറുപടി.
 
"മകനേ... ആ കവറേതോ ജെന്തു കുത്തി തുറന്നിരിക്കുന്നു" അവർ ഉത്തരം നല്‍കി.
 
അപ്പോൾ... മൂവാണ്ടനെ ആരോ മോഷ്ട്ടിച്ചിരിക്കുന്നു എന്ന് ചുരുക്കം. കഷ്ടം... എങ്കിലും, സാരമില്ല.
 
കുട്ടികൾ, പക്ഷികള്‍, മൃഗങ്ങൾ, മറ്റു ജന്തു ജാലകങ്ങൾ തുടങ്ങിയവക്കെന്ത് പ്രവാസി, എന്തതിർത്തി. പ്രവാസ ലോകത്തിൽ നിന്നും ഗൃഹാതുരത്വ ഓര്‍മ്മകളുമായി വരാനിരിക്കുന്ന ഈ ഞാൻ എന്ന വിനീതനെക്കുറിച്ച് അവരെങ്ങനെ അറിയാൻ. വീട്ടു മുറ്റത്ത്‌ കായ്ച്ചൊരു നാടന്‍ മാമ്പഴം കഴിക്കാനുള്ള പൂതിയുമായാണ് അനേക മാസങ്ങളുടെ കാത്തിരിപ്പിനൊടുവിലീ മനുഷ്യന്‍ നാടണഞ്ഞിരിക്കുന്നതെന്ന് അവര്‍ക്കെങ്ങനെ അറിയും. അതിര്‍ത്തികളും അവകാശവാദങ്ങളും നമുക്കിടയില്‍ മാത്രമല്ലെ. എന്നോ മടങ്ങി വരാനിരിക്കുന്ന തന്റെ മകനൊരു മാതാവ് എടുത്തു വച്ച ആ മാമ്പഴക്കഥ വല്ലതും അവരറിയുന്നുണ്ടോ...
 
മരത്തിലും, പറമ്പിലും, മലമുകളിലും എന്നുവേണ്ട നിങ്ങള്‍ക്ക് പറന്നു ചെന്ന് ചാടി മറിഞ്ഞോടി എത്തിപ്പെടാന്‍ കഴിയുന്നിടത്തെല്ലാം നിങ്ങൾ പോയി വേട്ടയാടി ഭക്ഷിച്ചു കൊൾക എന്നാണ് അവര്‍ക്ക് ലഭിച്ചിരിക്കുന്ന ദൈവീക നിര്‍ദ്ദേശം. അവരത് ഭംഗിയായി നിര്‍വഹിക്കുന്നു എന്ന് മാത്രം. അഥവാ, അങ്ങനെയാ മാമ്പഴമെനിക്ക് നഷ്ടമായിരിക്കുന്നു. എന്തായാലും, ഞാന്‍ കഷ്ടപ്പെട്ട് കൊണ്ടു വന്ന് നട്ട്... വെള്ളമൊഴിച്ച്... തനി നാടൻ വള പ്രയോഗം നടത്തി... തൊട്ട് തലോടി വളർത്തി വലുതാക്കിയ ഈ മാവ് നല്ല മധുരമുള്ള മാമ്പഴമെല്ലാവർക്കും നല്‍കി വരുന്നുണ്ടല്ലോ എന്നറിഞ്ഞപ്പോൾ എനിക്ക് വലിയ സന്തോഷം തോന്നുന്നു.
 
ധാരാള കണക്കിന്‌ തൈകളുടെ വിപണനം നടക്കുന്ന പ്രദേശത്തെ ഒരു ഫാമിൽ നിന്നും ഞാന്‍ വാങ്ങി കൊണ്ട്‌ വന്ന മറ്റൊരു മാവും, പ്ലാവും അതിന്റെ സമീപത്ത് തന്നെ വളര്‍ന്ന് വരുന്നുണ്ട്. ഒരു പ്രത്യേക ജൈവ പ്രവര്‍ത്തനം അവയിൽ ചെയ്തതിന്റെ പേരിൽ വലിയ ഉയരം വെക്കാത്ത അവസ്ഥയില്‍ തന്നെ ധാരാള കണക്കിന്‌ മാങ്ങയും, ചക്കയും അവകൾ നല്‍കുമെന്നാണ് ഫാം ജീവനക്കാരുടെ ഭാഷ്യം. എന്തായാലും ഞങ്ങൾ കാത്തിരിപ്പിലാണ്. കൈയെത്തും ദൂരത്ത് പറിച്ചെടുത്ത് തിന്നാൻ പാകത്തിന് അനേകമനേകം മാങ്ങകൾ നിറഞ്ഞ് നില്‍ക്കുന്ന മാവിലെ ആ സുന്ദരന്‍ മുഹൂര്‍ത്തത്തിനായി. വലിയ വലിയ ചക്കകൾ കായ്ച്ച് വില്ലു പോലെ തൂങ്ങിയാടുന്ന പ്ലാവിൻ ചില്ലകളുടെ അത്ഭുദപ്പെടുത്തുന്ന ദൃശ്യത്തിനായി. എന്തായാലും, ഇതും നട്ടത് ഈ ഞാന്‍ തന്നെയാണ്. പക്ഷേ, വളം നാടനൊന്നുമല്ല. ഫാം ജോലിക്കാർ തന്നെ നല്‍കിയ ഏതാനും പേക്കറ്റ്‌ രാസ വളമാണ്. ജനല്‍ വഴിയങ്ങനെ നോക്കിയാല്‍ തൊടിയിലെ കാടുകൾക്കിടയിൽ വളര്‍ന്ന് വരുന്ന ആ തൈകളുടെ തൂമ്പ് കാണാം. വാഴകളും കാൻസർ മരവും അതിനെ മറക്കുന്നു.
 
ഇങ്ങനെയൊക്കെ ആണങ്കിലും മഴക്കാലത്തിന്റേതായ അലസതയിലാണ് തൊടിയെന്ന് തോന്നിപ്പോകുന്നു. നിറയെ പുല്ല് വളര്‍ന്ന് ആകെ കൂടി നിഗൂഢമായ കാട് കണക്കേയാണ് ഇപ്പൊഴതിന്റെ കോലം. ഇടയില്‍ ഞാന്‍ മേലെ പറഞ്ഞ മരങ്ങൾ ഉയർന്ന് നില്‍ക്കുന്നത് കാണാം. അവയുടെ ചില്ലകള്‍ ഒരു പന്തല് പോലെ തൊടിയെ ചുറ്റി പൊതിഞ്ഞിരിക്കുന്നു. പിന്നെ, നിശബ്ദ വനത്തിലെ കരിമ്പാറ കുന്ന് പോലെ കുഞ്ഞേവി ചേട്ടൻ നിര്‍മ്മിച്ചു നല്‍കിയ ഉമ്മയുടെ തിരുമ്പ് കല്ലും. അതിന്റെ സമീപത്തും മറ്റും പലവിധത്തിലുള്ള മാലിന്യങ്ങൾ അവിടവിടെയായി പരന്ന് കിടക്കുന്നത് വേദന തോന്നുന്ന കാഴ്ചയാണെന്ന് പറയാതിരിക്കാന്‍ കഴിയില്ല. തടവ് കഴിഞ്ഞിറങ്ങുന്ന അന്ന് തന്നെ അവിടെയെല്ലാം ശുചിയാക്കണം. കൂടാതെ, തൊടിയിൽ ഇനിയും കൂടുതൽ കൂടുതൽ മരങ്ങൾ നട്ട് പിടിപ്പിക്കാനും എനിക്ക് പദ്ധതിയുണ്ട്. ചാമ്പക്ക, ഈനാമ്പഴം, സര്‍ബത്തും കായി, വത്തക്ക, മുന്തിരി, കുരുമുളക് മുതലായവയും, കൂടാതെ ഒരു തെങ്ങ് കൂടി തൊടിയില്‍ വേണമെന്ന് ഉമ്മയും മുറവിളി കൂട്ടി തുടങ്ങിയിട്ടുണ്ട്. തൊടിയിൽ അനധികൃതമായി വളരുന്ന ആ കാട് മുഴുവന്‍ വെട്ടി തെളിച്ച്... മണ്ണായ മണ്ണ് മുഴുവന്‍ കുഴച്ച് മറിച്ച്... ഇടവിട്ടിടവിട്ട് വരമ്പുകള്‍ പോലെ മണ്ണ് കൂനെ കൂട്ടിയിട്ട്... അതിൽ നിറയെ പയര്‍, വഴുതനങ്ങ, പച്ചമുളക്, വെണ്ട, ചീര, തക്കാളി തുടങ്ങിയ പച്ചക്കറി വിത്തുകൾ പാകാനും ഞാന്‍ കാര്യമായി ആസൂത്രണം ചെയത് വരുന്നുണ്ട്.
 
അതിനെല്ലാം പക്ഷേ... ഈ തടവൊന്ന് അവസാനിക്കണം.
 
വീടിന്റെ ഗേറ്റിനപ്പുറം തെക്കന്‍ മലയുടെ അരയില്‍ ചുറ്റിയ അരഞ്ഞാണം പോൽ നീണ്ടു പോകുന്ന പഞ്ചായത്ത് റോഡിന്റെ ഒരു ചെറിയ ഭാഗം കാണാം. അതിനപ്പുറം തെക്കന്‍ മലയുടെ ഉച്ചിയിലേക്കുള്ള കുത്തനെയുള്ള കയറ്റമാണ്. ചില വൈകുന്നേരങ്ങളിൽ ജനല്‍ വഴി വെറുതെ പുറത്തേക്കും നോക്കിയിരിക്കുമ്പോൾ റോഡിൽ പോകുന്ന അനേകമാളുകളുടെ കാൽ പെരുമാറ്റവും സംസാരവും വാഹനങ്ങളുടെ ശബ്ദവുമൊക്കെ കേൾക്കാൻ കഴിയും. പിന്നെ, ഗേറ്റിന്റെ അഴികളിലൂടെ അവരുടെ ശരീര ഭാഗങ്ങളും. ചില ദിവസങ്ങളില്‍ ആ നടത്തക്കാർക്കിടയിലെ ചില വളയിട്ട കൈകൾ വീടിന്‌ സമീപം മതിലിനോട് ചാരി ഉയർന്ന് താഴുന്നത് ഞാന്‍ കാണാറുണ്ട്. ആദ്യമൊക്കെ അതെന്താണെന്ന് എനിക്ക് തീരെ മനസ്സിലായിരുന്നില്ല. പിന്നെയാണ് കാര്യം പിടികിട്ടിയത്. ഞാൻ നേരത്തെ പറഞ്ഞില്ലേ... മതിലിനോട് ചാരിയൊരു പേരക്ക മരമവിടെ നില്‍പ്പുണ്ടന്ന്. അതിന്റെ ചില്ലകളിൽ ധാരാള കണക്കിന്‌ പേരക്കകളുണ്ട്. കടും പച്ച നിറത്തിലുള്ള കൊട്ട എന്ന പുളിക്കാത്തവയും... ഇളം പച്ച നിറത്തിലുള്ള പുളിച്ചവയും. അത് കൈയെത്തി പിടിക്കാൻ ശ്രമിക്കുന്ന അയല്‍വക്കത്തെ കുട്ടികളായിരുന്നവർ. റോഡിലൂടെ കലപില കൂട്ടികൊണ്ടവർ നടന്ന് വരുന്നത് ആദ്യം കേൾക്കാം. പിന്നെ, ഉയർന്ന് നില്‍ക്കുന്ന പച്ചില ചാര്‍ത്തുകൾക്ക് അടുത്തെത്തിയാല്‍ പൊങ്ങി താഴുന്ന അനേകമനേകം കൈകളുടെ കാഴ്ച്ച...
 
പേരക്കയിലേക്ക് നീളുന്ന അനേകം കൂമ്പിച്ച വിരലുകൾ.
 
ഈ ലോകവുമായി ഇടപെടാനുള്ള ഒരേയൊരു വാതായനമായ ജനല്‍ വഴി മാത്രമാണ് ഈ മഹാപ്രപഞ്ചത്തേയും അതിലെ സൃഷ്ടി വൈവിധ്യങ്ങളേയും ഞാന്‍ കണ്ടും കേട്ടും തള്ളി നീക്കി വരുന്നത്. ഒടുവില്‍, പതിനാല് ദിവസത്തെ വിജയകരമായ 'മുറി തടവിന്' ശേഷം മുറിയുടെ വെളിയിലേക്കിറങ്ങാൻ എനിക്ക് അനുമതി ലഭിച്ചിരിക്കുന്നു. മുകൾ നിലയിലെ മറ്റു മുറികള്‍, ബാൽക്കണി, കോണിക്കൂട് തുടങ്ങിയ വിശാല സുന്ദര ലോകത്തും ഇനി എനിക്ക് ധൈര്യമായി ഉലാത്തി നടക്കാം. ഇനിയുള്ളത് 'മുകൾ തടവാണ്'. അഥവാ, മുകൾ നിലയിൽ മുഴുവന്‍ വിശാലമാക്കപ്പെട്ട തടവ്. നാട്ടിലെ ജനങ്ങാളായ ജനങ്ങളുടെയൊക്കെ ആരോഗ്യ വിഷയങ്ങൾ അതിസൂക്ഷ്മമായി നിരീക്ഷിച്ചു വരുന്ന സ്ഥലം ആരോഗ്യ വകുപ്പുദ്യോഗസ്ഥനാണ് മേല്‍ വിവരമെനിക്ക് കൈമാറിയിരിക്കുന്നത്.
 
അങ്ങനെ ഒരു ശുഭം മുഹൂര്‍ത്തത്തില്‍ ബാൽക്കണി എന്ന ആ രണ്ടാം ലോകത്തേക്ക് ഞാനിതാ ഇറങ്ങിയിരിക്കുന്നു.
 
രംഗം ആകെ പൊടിപിടിച്ചതാണ്. മാറാല ചിത്രം വരച്ച മേൽത്തട്ട്. ചിതല്‍ നിർമ്മിച്ച മണ്ണുകൊണ്ടുള്ള നീളൻ പൊത്തുകൾ നിറഞ്ഞ ചുമര്. പിന്നെ, പൂച്ച, പല്ലി തുടങ്ങിയവയുടെ കാഷ്ഠവും മൂത്രവും ആവശ്യത്തിലേറെ. അദ്യം തന്നെ ഞാന്‍ അവിടെയാക്കെ ഒന്നാകെ പൊടിതട്ടി അടിച്ചുവാരി വൃത്തിയാക്കി. പിന്നെ, നല്ല മണമുള്ള ലായനി ഒഴിച്ച വെള്ളം കൊണ്ടവിടെ തുടച്ച് വെടിപ്പാക്കി. അങ്ങനെ വെട്ടി തിളങ്ങുന്ന ആ ബാൽക്കണിയിലേക്ക് ഒരു കസേര, ചെറിയൊരു മേശ, ഒരു കൂജയിൽ അൽപ്പം വെള്ളം, ആവശ്യമെങ്കില്‍ ഫാൻ വെക്കാനായി അധികം ഉയരമില്ലാത്തൊരു മരസ്റ്റൂൾ എന്നിവ കൊണ്ടുപോയി സ്ഥാപിച്ചു.
 
ശുഭം...
 
ഇപ്പോൾ കുറച്ച് കൂടുതൽ കാഴ്ചകള്‍ കണ്‍മുന്നിലേക്ക് വരുന്നു. തെക്കന്‍ മലയുടെ പള്ളയെ ചുറ്റി വരിഞ്ഞ് പോകുന്ന റോഡ് നന്നായി കാണാം. റോഡിന്റെ അങ്ങേ വശത്ത് കാടു പിടിച്ചു കിടക്കുന്നൊരു വളപ്പിനപ്പുറം തെക്കന്‍ മലയുടെ മുകളിലേക്കുള്ള ചെങ്കുത്തായ കയറ്റമാണ്. ആ വഴിയെ മുകളിലേക്ക് നടന്നാൽ മലയുടെ ഉച്ചിയിലെത്തിച്ചേരാം. അവിടെയാണ് പുള്ളിച്ചിപ്പാറ എന്ന വലിയൊരു പാറ കഷ്ണം സ്ഥിതിചെയ്യുന്നത്. പണ്ടൊരിക്കല്‍... കൂട്ടുകാരോടൊത്ത് ഞാനങ്ങോട്ടേക്കൊരു യാത്ര നടത്തിയതോർക്കുന്നു. പുള്ളിച്ചിയിൽ കയറി നിന്ന് ബൈനോകുലറിൽ താഴയുള്ള കാഴ്ച്ച കാണുക എന്ന് മാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അതിനായി ആദ്യമേ ഞങ്ങളൊരു ബൈനോക്കുലർ സംഘടിപ്പിച്ചു. പിന്നെ... വടി, കത്തി, തൊപ്പി, വെള്ളം, പൊറോട്ട തുടങ്ങിയ സാധനങ്ങളുമായി ഞങ്ങളൊരു പര്യവേക്ഷകനെപ്പോലെ അവിടേക്ക് കയറി ചെന്നു. ഭയാനകമായ കയറ്റങ്ങൾ, പാറകൾ, ചെങ്ങണ അതിരിടുന്ന കാട്ടു വഴികൾ, വിജനമായ ഊടുവഴികൾ, ചെങ്കുത്തായ വിശാലമായ തെങ്ങിൻ തോട്ടങ്ങൾ, റബ്ബർ മരക്കാടുകൾ, കാട്ടരുവികൾ...
 
പോകുന്ന വഴിയിലുടനീളം കണ്ട പഴങ്ങളത്രയും ഞങ്ങൾ കട്ടു തിന്നു. തെങ്ങിന്റെ മണ്ടയിൽ കയറി ഇളനീരായ ഇളനീരുകൾ മുഴുവനും ഞങ്ങൾ കുടിച്ചു തീര്‍ത്തു. ഒടുക്കം പുള്ളിച്ചിപ്പാറക്ക് സമീപത്ത് ഞങ്ങളെത്തി. അള്ളിപ്പിടിച്ച് കഷ്ടപ്പെട്ട് മുകളിലേക്ക് ഞങ്ങൾ കയറിപറ്റുമ്പോൾ ഏതോ വലിയ കൊടുമുടി കീഴ്പ്പെടുത്തിയത് മാതിരിയായിരുന്നു ഞങ്ങളുടെ ഊറ്റം. ശക്തമായി വീശുന്ന കാറ്റില്‍ കൂകി വിളിച്ച് വിജയം ആഘോഷിച്ച ശേഷം ബൈനോക്കുലറെടുത്ത് മാറി മാറി ഞങ്ങൾ താഴെയുള്ള കാഴ്ച്ചകളെ കണ്ടാസ്വദിച്ചു. സമീപത്തെ മലകളിലെ മൊബൈൽ ടവറുകൾ, മലയടിവാരം വരെ നീളുന്ന പച്ചില കാട്, അടിവാരത്തെ നദി... പിന്നെ, കൃഷി അവസാനിപ്പിച്ച വിശാലമായ പാട ശേഖരവും അതിന്‌ നടുവിലൂടെ വളഞ്ഞ് പുളഞ്ഞ് പോകുന്ന ആ നദിയുടെ ബാക്കി ഭാഗവും ഞങ്ങൾ കണ്ടു. അതിരുകളിലെ തീപ്പെട്ടി പോലത്തെ വീടുകളിൽ ഞങ്ങളുടെ വീടുകളെ കാണുന്നുണ്ടോ എന്ന് ഞങ്ങൾ തിരഞ്ഞു.
 
ഹിമാലയം കീഴ്പ്പെടുത്തിയ എഡ്മണ്ട്, ടെന്‍സിംഗ് എന്നിവരെ ഞാനപ്പോൾ ഓര്‍ത്തു... "ഞങ്ങളുമിതാ ചെറുമട്ടത്തിലുള്ളൊരു ഹിമാലയം കീഴ്പ്പെടുത്തിയിരിക്കുന്നു സഖാക്കളെ..."
 
വീടിന്റെ ബാൽക്കെണിയിൽ നിന്നാൽ പുറത്തെ കാഴ്ചകള്‍ വ്യക്തമായി കാണാൻ കഴിയുമെങ്കിലും റോഡിലൂടെ പോകുന്ന ഒരു കുഞ്ഞിനും അകത്തേക്ക് കാണില്ല. കാരണം, ഒരു വലിയ ഷീറ്റ് ബാൽക്കെണിയുടെ മുഖദാവിനെ മൊത്തം മറച്ച് കൊണ്ടവിടെ വലിച്ച് കെട്ടിയിട്ടുണ്ട്. അതിലൂടെ അകം കാഴ്ച്ച ലഭിക്കില്ല. പക്ഷേ, പുറം കാഴ്ച്ച വളരെ വ്യക്‌തമായി ലഭിക്കും. അതിനാൽ, വൈകുന്നേരങ്ങളിൽ എന്തെങ്കിലും വായിക്കാനോ എഴുതാനോ ഉദ്ദേശിച്ചവിടെ ഇരിക്കുമ്പോള്‍ റോഡിലൂടെ പോകുന്ന സുഹൃത്തുക്കൾ, കുടംബാംഗങ്ങൾ, നാട്ടുകാർ, അയല്‍വാസികള്‍ എന്നിങ്ങനെ എല്ലാവരെയും കാണാം. കൂടാതെ, 'സോപ്പു കാരന്‍ വന്നേ' എന്ന് അലമുറയിട്ട് പായുന്ന സോപ്പ് വില്‍പനക്കാരൻ ഉള്‍പ്പടെയുള്ള കച്ചവടക്കാരേയും. എന്നാൽ, ഞാനൊരു കള്ളനെപോലെ അവിടെ പതിയിരുന്ന് അവരെയൊക്കെ അങ്ങനെ വീക്ഷിക്കും.
 
ചിലര്‍ വീടിന്‌ സമീപത്തെത്തിയാല്‍ ഒന്ന് തിക്കും പൊക്കും നോക്കുന്നത് കാണാം. അല്ലെങ്കിൽ, എന്റെ വീടിനു നേരെ വിരൽ ചൂണ്ടി ഇവിടെയൊരു പ്രവാസി മടങ്ങി വന്നിരിക്കുന്നു എന്നോ മറ്റോ കൂടെയുള്ളവരോട് പറയുന്നത് കേൾക്കാം. എന്നാൽ, ചില 'ധൈര്യത്തികൾ' ഞാനിരിക്കുന്ന ഈ ബാൽക്കെണിയുടെ തൊട്ട് താഴെയുള്ള വരാന്തയിൽ ചുമ്മാ ഇരിക്കുന്ന ഉമ്മയോട് വിശേഷങ്ങളന്വേഷിക്കുന്നതും കാണാം.
 
സുഖം തന്നെയല്ലേ?
കുഴപ്പങ്ങളൊന്നുമില്ലല്ലോ?
പുറത്തിറങ്ങാറുണ്ടോ?
എന്നിത്യാദി 'ആവേശകരമായ' ചില ചോദ്യ ശരങ്ങൾ. ഉമ്മ വ്യക്തമായി തന്നെ ഉത്തരങ്ങളും നല്‍കും. "ഇവിടെ ആര്‍ക്കും ഒരു രുചി വെത്ത്യാസവുമില്ല... പനിയുമില്ല... കൊറോണയുമില്ല... സര്‍ക്കാരിന്റെ നിര്‍ബന്ധത്താൽ അവന്‍ മുകളില്‍ ചുമ്മാ വെറുതെ കുത്തിയിരിക്കുന്നു എന്നുമാത്രം..." ഇതായിരുന്നു ഉമ്മ നല്‍കുന്ന ഉത്തരങ്ങളുടെ ആകെ തുക. എല്ലാത്തിനും നിശബ്ദ മൂകസാക്ഷിയായി ബാൽക്കണിയിൽ ഈ ഞാനും.
 
ഉച്ച ഭക്ഷണം കഴിഞ്ഞ ശേഷം അല്‍പ്പം ചിന്തിച്ചിരിക്കാനുദ്ദേശിച്ച് ബാൽക്കണിയിലേക്കിറങ്ങുമ്പോൾ എന്റെ നേരെ മുന്നിലെ തെക്കന്‍മലയുടെ അടിവാരത്ത് കുരങ്ങന്മാരെ കാണാറുണ്ട്. പിന്നെ, റോഡ് മുഴുവന്‍ അടിച്ചു വാരി വൃത്തിയാക്കി നീങ്ങുന്ന വലിയ പീലിയുള്ള പെണ്‍മയിലും, ചെറിയ വാലുള്ള ആൺമയിലും, കുളക്കോഴി എന്ന കാട്ട്കോഴിയേയും ഇടക്കിടെ കാണാം. തെക്കന്‍ മലക്ക് മുകളിലെ ക്രഷർ യുണിറ്റ് കാരണം അവറ്റകളുടെ സ്വൈര ജീവിതം ആകെ താറുമാറായിരിക്കുകയാണ്. നിലക്കാത്ത ശബ്ദ കോലാഹലങ്ങൾ, നശിപ്പിക്കപ്പെട്ട കാടിന്റെ സ്വകാര്യതയും സുരക്ഷയും, ഭക്ഷണം ദൗര്‍ലഭ്യം തുടങ്ങിയവയൊക്കെ കാരണം അവറ്റകൾക്ക് നിരന്തരം ജനവാസ മേഖലകളിലേക്കിറങ്ങേണ്ടി വരുന്നു.
 
തങ്ങൾ ഡല്‍ഹിയില്‍ വരെ പിടിപാടുള്ള ദേശീയ പക്ഷിയാണന്ന അഹങ്കാരത്തോടെ പീലിയൊക്കെ വിടര്‍ത്തി ഗമയോടെ അങ്ങനെ നടുറോഡില്‍ നില്‍ക്കുന്ന പെൺ മയിലുകളെ ഞാനിടക്ക് ചില വൈകുന്നേരങ്ങളിൽ കാണാറുണ്ട്. വല്ല വാഹനത്തിന്റേയും ശബ്ദം അകലെ നിന്നു കേട്ടാല്‍ മതി... അതോടുകൂടി അവർ നാണത്തോടെ കാടുകയറും. മേല്‍ മലയിറക്കകാരുടെ കൂടെ സ്ഥിരമായി വരാറില്ലങ്കിലും ഇടക്കിടെ വരുന്ന മറ്റൊരു അതിഥിയുണ്ട്... പേര്‌ കേട്ടാല്‍ ഞെട്ടും...
 
പുള്ളിപ്പുലി...
 
മാവേലിയെപ്പോലെ ഇടവേളകളിൽ മാത്രമാണവർ നാട്ടിലേക്കിറങ്ങി വരാറ്. തൊടികളിലും വയലോലകളിലും കാണുന്ന പുലിയുടെ കാല്‍പാദ അടയാളങ്ങളിൽ നിന്നുമാണ് അവന്റെ വരവിനെ കുറിച്ചുള്ള ആദ്യ സൂചനകള്‍ നാട്ടുകാര്‍ക്ക് ലഭിക്കുന്നത്. അതോടുകൂടി, നാട്ടുകാർ വലിയ ഉത്തരവാദിത്തമുള്ളവരായി മാറും. അച്ചടക്കവും ചിട്ടയും ജീവിതത്തിന്റെ ഭാഗമാക്കും. സന്ധ്യ വീഴുന്നതിന് മുന്നേ വീടണയുന്ന ഭാര്യാസ്നേഹമുള്ള ഭർത്താക്കന്മാരായി അവർ മാറിയിരിക്കും. നേരത്തെ പഠിപ്പ് തുടങ്ങി... നേരത്തെ അവസാനിപ്പിച്ചു കിടന്നുറങ്ങുന്ന ഉത്തമ വിദ്യാർത്ഥികളായി അവരുടെ മക്കളും. പച്ചപകൽ പോലും തടിമാടനായ ഒരാളെ ഒപ്പം കൂടിയല്ലാതെ അവർ വിജന വഴിയിലൂടെ നടന്ന് പോകില്ല. ഇതിനിടിയിലോരോ കഥകളും നാട്ടിൽ പരന്നൊഴുകും...
 
"ഇന്ന വീട്ടിലെ ഇന്ന വ്യക്തി ഇന്ന ആവശ്യമായി ഇന്ന സ്ഥലത്ത്‌ പോയപ്പോൾ പുലിയെ കണ്ട് കടുകിടാ വിറച്ചിരിക്കുന്നു... ജാഗ്രതൈ" എന്നിങ്ങനെ അവർ പറഞ്ഞ് നടക്കും.
 
എന്തായാലും, പട്ടാപകൽ പോലും ടോർച്ചും കുറു വടിയുമായി ആളുകൾ റോഡിലൂടെ നടക്കും. സംസാരങ്ങളായ സംസാരങ്ങളും, ചര്‍ച്ചകളായ ചർച്ചകളൊക്കെയും പുലിയെ കുറിച്ച് മാത്രം. വീടിന്‌ വെളിയില്‍ നിന്നും ഒരു കരിയില ഇളകുന്ന ശബ്ദം കേട്ടാല്‍ മതിയാകും സകലരും പേടിച്ച് വിറച്ച് വീടിനുള്ളിൽ പതിങ്ങിയിരിക്കും. പുലിപ്പേടി കാരണം നേരം സന്ധ്യയാകുന്നതോടെ തന്നെ തങ്ങളുടെ കൊല കൊമ്പനും, പരമ ധൈര്യവാന്മാരുമായ ഭർത്താക്കന്മാർ വീടണയുമല്ലോ എന്ന കാരണം കൊണ്ട്‌ പുലിയുടെ വരവില്‍ സന്തോഷിക്കുന്ന ഒരു കൂട്ടരുണ്ട്...
 
വീട്ടിലെ പെണ്ണുങ്ങള്‍.
 
സന്ധ്യ കഴിഞ്ഞാൽ പീടിക കൊലായികളിൽ വെറുതെ ഇരുന്ന് നേരം കൊല്ലുക, ഹോട്ടലുകളില്‍ ചായയും മോന്തിയിരിക്കുക, ക്ലബ്ബുകളിൽ ക്യാരംസ് കളിയിലേര്‍പ്പെടുക, കൂട്ടുകാരെന്ന 'അലവലാതി'കളുടെ കൂടെ ടിവിയും കണ്ടിരുന്ന് അട്ടഹസിക്കുക, അന്തിക്കള്ളിനായി ഷാപ്പിലേക്ക് പോവുക എന്നിത്യാദി പരിപാടികളില്‍ നിന്നൊക്കെയവർ മേല്‍ പുലി കാരണം വിട്ടു നില്‍ക്കുന്നത് മൂലമാണ് പുലിയുടെ വരവില്‍ അവർ സന്തോഷിക്കുന്നത്. എന്നാലിതവർ പുറത്ത്‌ കാണിക്കാറില്ല എന്ന് മാത്രം.
 
എന്നാൽ, പെണ്ണുങ്ങളുടെ സ്വന്തം മുതലുകളായ കോഴികള്‍, താറാവ്, ആട്, പശു, തുടങ്ങിയവയൊക്കെ ആശാന്‍ ശാപ്പിടാൻ തുടങ്ങുന്നതോടെ കഥായാകെ മാറും. 'അയ്യോ പുലി വരുന്നേ... പുലി വരുന്നേ' എന്ന നിലവിളികളെങ്ങുമുയരും. ഉടൻ വിവരം വനപാലകരെ അറിയിക്കും. അവർ ഒരു വലിയ ഇരുമ്പ് കൂടുമായി വന്ന് ഏതെങ്കിലും ഉരുവിനെ അതിൽ ഇര വെച്ച് പുലിയേയും കാത്തിരിക്കും. ഒടുവില്‍, ഒന്ന്‌ രണ്ട്‌ ദിവസത്തിനുള്ളില്‍ പുലിയെ കൂട്ടിലാക്കും. വലിയ ആരവത്തോടെ ആഘോഷമായാണ് നാട്ടുകാർ പുലിയെ യാത്രയാക്കുക. അതോടുകൂടി ആ വർഷത്തെ പുലിയധ്യായത്തിനവിടെ ഔദ്യോഗികമായി തിരശ്ശീല വീഴും. പുരുഷ കേസരികള്‍ വീണ്ടും പീടിക കൊലായികൾ, ചായ മക്കാനികൾ, ക്ലബ്ബുകൾ, കള്ളുഷാപ്പുകൾ തുടങ്ങിയ ഇടങ്ങളില്‍ നേരം പാതിര വരെ തിന്നും കുടിച്ചും കറങ്ങി നടക്കാനിറങ്ങും. അവരുടെ പെണ്ണുങ്ങള്‍ അടച്ചു വെച്ച ഭക്ഷണത്തിനു മുന്നില്‍ സങ്കടത്തോടെ തങ്ങളുടെ ഭർത്താക്കന്മാരെ കാത്തിരിക്കും... പുലിയേയും.
 
ബാൽക്കെണിയിൽ ഇടത്തും വലത്തുമായി രണ്ട് തൂണുകളുണ്ട്. അതിലൊന്നിന്റെ താഴെ കുടുംബ സമേതം താമസിക്കുന്ന എതാനും ഉറുമ്പുകള്‍ ഈ ഏകാന്ത വാസകാലത്ത് എന്റെ വലിയ സുഹൃത്തുക്കളാണ്. തൂണിനു താഴെയുള്ള നീളൻ ഇരിപ്പിടത്തിൽ ടൈൽസ് പതിപ്പിച്ചപ്പോൾ രൂപപ്പെട്ടൊരു കുഴിയിലാണവർ ജീവിച്ച് വരുന്നത്. പുറത്ത് ചെറിയൊരു സുഷിരമാണങ്കിലും അകം അതി വിപുലമായിരിക്കണം. നാലു മണി നേരം നമസ്കാരം നിര്‍വ്വഹിച്ച ശേഷം എന്തെങ്കിലും വായന, എഴുത്ത്, ചിന്ത എന്നിത്യാദികൾക്കായി ശകലം ചായയും ബിസ്കറ്റുമായി ആ തൂണിനു കീഴെ മര കസേരയിലിരിക്കുമ്പോൾ അവർ കൂട്ടത്തോടെ മാളത്തില്‍ നിന്നും പുറത്തേക്ക്‌ വരുന്നത് കാണാം. തുടർന്ന് ചായക്ക് ചുറ്റിലും അക്ഷമയോടെയവർ കറങ്ങി നടക്കും. അതിനാല്‍, ബിസ്കറ്റെടുത്ത് ചായയില്‍ മുക്കുന്നതിന് മുമ്പ് അതിൽ നിന്നൊരു ചെറിയ കഷ്ണം പൊട്ടിച്ചെടുത്ത്... വിരലുകൊണ്ട് ഞരടി പൊടിച്ച് അവര്‍ക്കു മുമ്പിലേക്ക് ഞാൻ ഇട്ടുകൊടുക്കും. അതോടു കൂടി കൂടുതൽ കൂട്ടാളികൾ മാളത്തില്‍ നിന്നും വെളിയിലേക്കിറങ്ങുകയായി. അവർ ഓരോ തരിയും എടുത്ത് പൊക്കി അവരുടെ മാളത്തിലേക്ക് മടങ്ങും.
 
തിരക്കോട് തിരക്ക്.
 
തുടരെ തുടരെ അവര്‍ക്കിട്ടു നല്‍കിയ ബിസ്കറ്റ് പൊടികളെല്ലാം തന്നെ നിമിഷ നേരം കൊണ്ട്‌ അവിയായി പോകുന്ന ഒരു അത്ഭുത മഹാപ്രതിഭാസമാകുന്നു അത്. അതവർ കഴിക്കുകയാണോ അതോ മാളത്തിൽ സൂക്ഷിച്ചുവെക്കുകയാണോ... അറിയില്ല. വരാനിരിക്കുന്ന മഴക്കാലം പോലുള്ള വറുതി കാലത്ത്‌ കഴിക്കുന്നതിന്നായി അതവർ സൂക്ഷിച്ച് വരികയാവാം. ദൈവത്തിന്റെ സൃഷ്ടിവൈഭവം എത്ര മനോഹരമാണന്ന് ഓർത്ത് പോകുന്നു. ചില ദിവസങ്ങളില്‍ ഒരു ബിസ്കറ്റ് മുഴുവനായും ഞാനവര്‍ക്ക് നല്‍കാറുണ്ട്. പിറ്റേന്നാൾ നേരം വെളിച്ചം വീഴുമ്പോഴും അവരതിൽ പണിഞ്ഞു കൊണ്ടേയിരിക്കുന്നത് കാണാം. ഒരു രാത്രി മുഴുവൻ ചെയ്ത അത്യദ്ധ്വാനത്തിന്റെ ഫലമായി ആ ബിസ്കറ്റപ്പോൾ ഉള്ള് പൊള്ളയായ ഒരാവരണം മാത്രമായി മാറിയിരിക്കും.
 
ബാൽക്കെണിയിൽ ഉറുമ്പുകളെ കൂടാതെ മറ്റു ചില കൂട്ടരുമുണ്ട്. ജനല്‍ ചില്ലിൽ മൺ കൂട് കൂട്ടിയിരിക്കുന്ന വേട്ടളന്മാർ, മേശക്ക് ചുറ്റും അരിമണിയോളം വലിപ്പമുള്ള കറുത്ത കാഷ്ഠം നിക്ഷേപിക്കുന്ന കാക്ക തൊള്ളായിരം പല്ലികൾ, ഇടക്കിടെ പറന്നെത്തുന്ന മൈന, തത്ത, മീന്‍ കൊത്തി പൊന്‍മാന്‍, കറുത്ത തൂവലിനിടയില്‍ പച്ച തൂവലുള്ള പേരറിയാത്തൊരു പക്ഷി, പിന്നെ, അതിഥികളാരും ഈ വഴി വരില്ലെന്നുറപ്പുണ്ടായിട്ടും അവരുടെ വരവറിയിച്ചുകൊണ്ടെന്നോണം 'കാ... കാ...' വിളികളുമായി കാക്കകൂട്ടങ്ങൾ, ചെമ്പോത്ത് തുടങ്ങിയവരൊക്കെ ഇവിടെ വരുന്നു. ഇവരൊക്കെയും എന്റെ പലജാതി കാഴ്ചപ്പാടുകളെ തിരുത്തി കുറിച്ചാണ് ഇവിടെ നിന്നും മടങ്ങാറ്. മനുഷ്യരുടെ പ്രകൃതിക്കുമേലുള്ള അനാവശ്യ കൈകടത്തലുകൾ മൂലം ഭൂമിയില്‍ കാക്ക, മയില്‍ തുടങ്ങിയ ഏതാനും പക്ഷികള്‍ മാത്രമാണ് ആകെ അവശേഷിച്ചിരിക്കുന്നത് എന്നായിരുന്നു എന്റെ ഇതുവരെയുമുണ്ടായിരുന്ന ധാരണ. ഏകദേശം പക്ഷികൾക്കെല്ലാം വംശനാശം സംഭവിച്ചിരിക്കുന്നു എന്ന് ഞാന്‍ വൃഥാ ചിന്തിച്ചു വച്ചിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ്‌ ഇവരെ മുഴുവന്‍ ഞാനെന്റെ കൺമുന്നിലിങ്ങനെ കണ്ടുവരുന്നത്.
 
ചേട്ടാ... ഞങ്ങൾ അല്‍പ്പം കൂടി ഇവിടെ ബാക്കിയുണ്ട് കേട്ടോ എന്ന് അവരെന്നോട് പറയുന്നുണ്ടായിരിക്കാം...
 
ഞാൻ മൂന്ന് നേരവും ഭക്ഷണം കഴിക്കുന്നത് കോണി കൂട്ടിൽ വെച്ചാണ്. അവിടെ ചെറിയൊരു കസേര, മേശ, മേശയിൽ ആവശ്യത്തിനുള്ള പാത്രങ്ങള്‍ എന്നിവയുണ്ട്. ഭക്ഷണ സമയം കിറുകൃത്യമാണ്. നാസ്ത രാവിലെ ഒമ്പതിന്, ഊണ് ഉച്ചക്ക് ഒന്നിനും അത്താഴം രാത്രി എട്ടിനും. ഉമ്മ തന്റെ വരവറിയിച്ചാദ്യം കോണി കൂട്ടിലെ ലൈറ്റ് ഓൺ ചെയ്യും. അതോടു കൂടി കുറച്ച് സമയത്തേക്കാ സ്ഥലമെനിക്ക് നിരോധിക്കപ്പെട്ടതാണ്. മാസ്കും, കയ്യുറയും ധരിച്ച്... ചോറ്‌, കറി, ഉപ്പേരി, വറുത്ത കൂട്ടാനെന്തെങ്കിലും ഉണ്ടങ്കിൽ അതും ഉമ്മ കൊണ്ടു വന്ന് അവിടെ നിരത്തി വച്ചിട്ടുള്ള പാത്രത്തിലേക്ക് പകരും. 'പട്ടി തൊട്ട കലം' പോലെ എന്ന് പറയും പോലെ ഞാനുപയോഗിക്കുന്ന പത്രങ്ങളിൽ മറ്റാരും സ്പര്‍ശിക്കരുത് എന്നാണ് ചട്ടം. ഉമ്മ പോയി കഴിഞ്ഞാൽ കൈകൾ കഴുകി കോണി കൂട്ടിലെ ഇത്തിരി വെട്ടത്തിൽ അവിടെയുള്ള കസേരയില്‍ വന്നിരുന്ന് ഞാന്‍ തീറ്റ തുടങ്ങും. അടുക്കളയിലോ മറ്റോ എന്ത് തിരക്കുണ്ടങ്കിലും ഉമ്മ താഴെ മറ്റൊരു കസേരയിലും ആ സമയമിരിക്കുന്നത് ഉമ്മാക്കും എനിക്കും സൊറ പറയാനുള്ളൊരു സമയം കൂടിയാണത് എന്നുള്ളത് കൊണ്ട് കൂടിയാണ്‌.
 
ഇന്നലെ വരെ ഇവിടെ വന്നും പോയിയും കൊണ്ടിരുന്ന അയല്‍ വാസികളാരും തന്നെയിപ്പോൾ തിരിഞ്ഞ് നോക്കുന്നില്ല എന്നുള്ളത് അവരുടെ പ്രധമവും ഭയങ്കരവുമായൊരു ദുഃഖമാണ്.
 
"എന്റെ ഏകാന്ത വാസം തീരുന്ന അന്നു തന്നെ വലിയൊരു ചെമ്പ് മുഴുവന്‍ കോഴി ബിരിയാണി വെച്ച്... ആ മനുഷ്യത്തികളെ മുഴുവന്‍ നമുക്കങ്ങ് ക്ഷണിച്ചു കളയാം" അപ്പോൾ ഞാനുമ്മയെ പറഞ്ഞ്‌ സമാധാനിപ്പിക്കും.
 
ഭക്ഷണ ശേഷം ഒരല്‍പ്പം... കറി ഒഴിച്ച് കുഴച്ച ചോറ്‌, വേപ്പില ഉള്‍പ്പെട്ട പച്ചക്കറികൾ, മീനുള്ള ദിവസമാണങ്കിൽ മീന്‍ തല, മുള്ള്, ഇറച്ചിയാണങ്കിൽ എല്ലിൻ കഷണങ്ങള്‍ തുടങ്ങിയവ ഞാനെന്റെ പാത്രത്തിൽ അല്‍പ്പം ബാക്കി വെക്കാറുണ്ട്. ഉമ്മ കാണാതെ ഞാനത് ബാൽക്കണിയിൽ സൂക്ഷിച്ചിട്ടുള്ള മറ്റൊരു പത്രത്തിലേക്കത് പകരും. നാനാവിധ പക്ഷികള്‍, പൂച്ചകള്‍ തുടങ്ങിയവയുടെ ഈ ഭൂമിയിലെ എന്റെ ഭക്ഷണ പങ്കാണത്... അവരുടെ അവകാശം. അത് കൊണ്ട്‌ ചെന്ന് വെക്കുമ്പോഴേക്കും കാക്കകൾ ഹാജര്‍. പൂച്ചകള്‍ അല്‍പ്പമകലെ വാലാട്ടി കാത്തിരിക്കുന്നതും കാണാം. എന്റെ ഈ ഭക്ഷണ വിതരണമറിറിഞ്ഞതോടെ അനേകം പൂച്ചകള്‍ ഈയിടെയായി വീടിന്‌ ചുറ്റും കറങ്ങി നടക്കുന്നുണ്ട്. ഉമ്മയാണ് ആ വിവരം എനിക്ക് കൈമാറിയത്. ആ പൂച്ചകള്‍ സദാസമയവും തൊടിയിലും, പെരപ്പുറത്തും, ബാൽക്കെണിയിലും തല്ല് കൂടി നടക്കുന്നു.
 
ഒരു വെളുമ്പി, ഒരു കറുമ്പി, പിന്നെയൊരു ചാര നിറമുള്ളതും, വെളുപ്പും കറുപ്പും ഇട കലര്‍ന്ന നിറമുള്ളതും.
 
കറുമ്പിയും ചാരനും നല്ല സൗഹാര്‍ദത്തിലാണന്ന് തോന്നുന്നു. ഒപ്പമാണ് നടപ്പും ഇരിപ്പും ആലോചനയും... എന്നാൽ, ചാരുവും വെളുമ്പിയും അങ്ങനെയല്ല. പരസ്പരം കൊടും ശത്രുക്കളാണവർ. മിക്കപ്പോഴും പരസ്പരം മുരണ്ട് തല്ലു കൂടാൻ കാത്തിരിക്കുന്നവരാണവർ. ഒരു തീപ്പൊരി പാറിയാൽ കത്തിയാളുന്ന മാതിരി ഒരുതരം ശബ്ദത്തിന്റെ അകമ്പടിയോടെ ഇരു മുഖങ്ങളും പരസ്പരം രൂക്ഷമായി നോക്കിക്കൊണ്ടവർ മുറ്റത്തും ബിൽക്കണിയിലും നില്‍ക്കുന്നത് കാണാം. ഏതാനും നിമിഷങ്ങൾ. പിന്നെ, കൊടും അക്രമണം. കടിച്ചു വാരി നിലത്തടിക്കൽ... അടിയുടെ പൂരം.
 
ഇങ്ങനെയൊക്കെയാണങ്കിലും അതിലെ വെളുമ്പിയോടാണെനിക്ക് കൂടുതൽ വാത്സല്യം. കാരണം, ഞാന്‍ സ്ഥിരമായി ഭക്ഷണം നല്‍കുന്നത് മൂലം അവളെന്നോട് ഏറെ ഇണങ്ങിയിരിക്കുന്നു. ഷാർജയില്‍ ഞാന്‍ കണ്ട നാനാവിധ പൂച്ചകളെ അപേക്ഷിച്ച് ഇവിടുത്തെ പൂച്ചകള്‍ക്ക് മനുഷ്യരെയൽപ്പം ഭയക്കൂടുതലുണ്ടന്നെനിക്ക് തോന്നിയിട്ടുണ്ട്. പക്ഷേ, വെളുമ്പി അങ്ങനെയല്ല. അവളെ ഞാന്‍ അടുത്ത് നിന്ന് തലോടിയിട്ടു പോലുമുണ്ടന്ന് പറയുന്നത് അതിശയോക്തിയല്ല. അനുസരണയോടെ അപ്പോളവൾ കണ്ണുകളടച്ച് ധ്യാനത്തിലെന്നപോലെയത് ആസ്വദിക്കുന്നത് കാണാം.
 
"പെര മുഴുവന്‍ പൂച്ചകളാണ്. അവറ്റകളെ കൊണ്ട്‌ ഞാന്‍ തോറ്റു". ഇടക്ക് അടുക്കളയില്‍ നിന്നും ഉമ്മയുടെ ശബ്ദമുയരും.
 
ഉമ്മാക്ക് കോഴികളെ പോലെ പൂച്ചകളേയും തീരെ കണ്ടുകൂടാ. തെങ്ങിന്റെ മൂട് ചിനച്ച് നാശ കോശമാക്കുക, മുറ്റത്തും തൊടിയില്‍ വെറുതെ കാഷ്ഠിച്ചു നടക്കുക എന്നിത്യാദികളാണ് കോഴികളുമായുള്ള ഉമ്മയുടെ അഭിപ്രായ ഭിന്നതയെങ്കിൽ, മുറ്റത്തെ ചുവപ്പ് മണ്ണില്‍ കുഴിയുണ്ടാക്കി അപ്പി നിക്ഷേപിക്കുക, പാകം ചെയതതോ അതിന്‌ തയ്യാറാക്കി വച്ചതോ ആയ മീന്‍ കട്ട് തിന്നുക. ഭക്ഷണം അടച്ച് വെച്ച മൂടി തട്ടി തെറിപ്പിക്കുക, പിന്നെ, ഒരു ചെവി തല കേള്‍ക്കാതെ 'മ്യാവൂ... മ്യാവൂ' എന്ന് കരഞ്ഞ് നടക്കുക തുടങ്ങിയവയാണ് ഉമ്മാക്ക് പൂച്ചകളുമായുള്ള സ്വരചേര്‍ച്ചയില്ലായ്മയുടെ യാഥാർത്ഥ കാരണം. അതിനാല്‍, അവര്‍ക്ക് ഭക്ഷണമൊന്നും തന്നെ ഈ വീട്ടില്‍ നിന്ന് കൊടുത്തു പോകരുത് എന്നുള്ള രാജകല്‍പ്പന മാതിരിയുള്ള ശിസനകളൊക്കെ ഉമ്മയുടെ വകയായുണ്ട്.
 
ഉമ്മയുടെ തീട്ടൂരം.
 
ചുരുക്കി പറഞ്ഞാൽ... കല്ലു പിളർക്കുന്ന മേല്‍ ആജ്ഞകളെ കാറ്റില്‍ പറത്തിയാണ് പരമ രഹസ്യമായി ഞാനീകൂട്ടർക്കൊക്കെ ഭക്ഷണം നല്‍കി വരുന്നത്. പ്രത്യേകിച്ച് പൂച്ചകള്‍ക്ക്. എന്നാൽ അവര്‍ക്കെന്നോടാ സ്നേഹമൊട്ടുമേ ഇല്ല താനും.
 
അങ്ങനെ ഇരിക്കുമ്പോഴാണ് ഉമ്മ ആ ഭയങ്കരമായ വാര്‍ത്ത എന്നോട് വന്ന് പറയുന്നത്. അയല്‍വാസിയും നാവികനുമായ അബു അവന്റെ കോറന്റൈൻ വിജയകരമായി പൂര്‍ത്തീകരിച്ചിരിക്കുന്നെന്ന മംഗളകരമായ വാര്‍ത്ത. ഇരുപത്തി എട്ട് ദിവസത്തെ കാത്തിരിപ്പിനൊടുക്കം ഒരു കാറുമായി പോയി അവന്‍ തന്റെ കുടുംബത്തെ മുഴുവന്‍ അവന്റെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നിരിക്കുന്നത്രെ.
 
ഭാഗ്യവാൻ...
 
അബു തന്റെ തടങ്കൽ പൂര്‍ത്തീകരിച്ചിരിക്കുന്നു എന്ന് ചുരുക്കം. ഇരുപത്തൊമ്പതാം നാളിന്റെ മധുര മനോഹര നിമിഷത്തിലായിരിക്കാം അവന്‍. ഉമ്മ, ഉപ്പ, ഭാര്യ, മക്കള്‍, സഹോദരന്മാർ എന്നുവേണ്ട കൂട്ടുകാർ വരെയുള്ളവരൊക്കെ അബുവിനെ കാണുന്നതിനായി അവന്റെ വീട്ടില്‍ വന്നു പോയി കൊണ്ടിരിക്കുന്നത് ബാൽക്കണിയിലെ മറയിൽ നിന്നുകൊണ്ടെനിക്ക് കാണാൻ കഴിയുന്നു. കോറന്റൈൻ അനുഭവങ്ങളെ അവന്‍ അവരുമായി പങ്കുവെക്കുന്നുണ്ടായിരിക്കാം.

സമൂഹത്തില്‍ നിന്നും കുടുംബത്തിൽ നിന്നും ഒറ്റപ്പെട്ട്... ഒരു ഗുഹയിലെന്നോണം ഏകാകിയായി കഴിയുന്ന ഞാന്‍ വളരെ കഷ്ടപ്പെട്ട്, പരിശ്രമിച്ച്, വിയര്‍പ്പൊഴുക്കിയാണ് ഓരോ ദിനങ്ങളും ഉന്തിയുന്തി നീക്കുന്നത്. അതിൽ പങ്കു പറ്റി പുറത്തെ വിശാലമായ ഈ ലോകവും അതിലെ നിമിഷങ്ങളും നീങ്ങി കൊണ്ടിരിക്കുന്നു. അഥവാ, മാറാരോഗികൾ, ശരീരം തളര്‍ന്നവർ, കാലൊന്നനക്കാൻ കഴിയാത്തവർ, ഊര തകർന്നവർ, കിഡ്നി രോഗികള്‍, വീട്ടുതടങ്കലിലുള്ളവർ, ജയിൽ പുള്ളികള്‍, വൃദ്ധർ തുടങ്ങിയവരൊക്കെയാണ് ഈ പ്രപഞ്ചമായ പ്രപഞ്ചത്തെ മുഴുവന്‍ മുന്നോട്ട് നയിക്കുന്നത്. അവരാകുന്നു ഈ ഭൂഗോളത്തിന്റെ ഭ്രമണ പരിക്രമണം സാധ്യമാക്കുന്നത്. അവർ പ്രതീക്ഷയോടെ എണ്ണിയെണ്ണി തീര്‍ക്കുന്ന നിമിഷങ്ങൾ, മണിക്കൂറുകൾ, ദിനങ്ങള്‍...
 
കൊഴിഞ്ഞ് പോകുന്ന സമയത്തിന്റെ വില അറിയാതെ സുഖ ശീതളിമയിലെന്നോണം കഴിഞ്ഞ് വരുന്ന സര്‍വ്വസ്വാതന്ത്ര ജനത വെളിയില്‍ നെട്ടോട്ടമോടി കൊണ്ടിരിക്കുന്നു. എന്നിട്ടും അവര്‍ക്ക് വല്ലതും തികയുന്നുണ്ടോ... ഈ സമയം.
 
മഴക്കാലമാണ്... മിക്ക ദിവസങ്ങളിലും രാത്രി നല്ല കനത്തിലുള്ള മഴയുണ്ടാകും... കൂടെ, ഇടിയും മിന്നലും. പോയ വര്‍ഷങ്ങളിലെ പ്രളയാനുഭവങ്ങൾക്കു ശേഷം അല്‍പ്പമൊന്ന് ശക്തമായി അടിക്കുന്ന കാറ്റോ മഴയോ ഉണ്ടായാല്‍ ഉള്ളൊന്ന് കിടുങ്ങും. നല്ല ഉശിരൻ കാറ്റും മഴയും, പിന്നെ ഇടിയും മിന്നലും കൂടി ചേര്‍ന്നാല്‍ ഉറക്കം സ്വാഹ. അര്‍ത്ഥ മയക്കത്തിൽ ഭയാനകമായ പ്രളയം സ്വപ്നം കാണും. വീടിന്റെ ഒരു ഭാഗം പൊളിഞ്ഞ് വീണാലുള്ള അവസ്ഥയെ കുറിച്ച് ചിന്തക്കും. വീട് മുഴുവനായും മണ്ണിനടിയിലെ ആഴങ്ങളിലേക്ക് ഊളിയിട്ടാലുള്ള അവസ്ഥയൊന്ന് ചിന്തിച്ച് നോക്കൂ. എത്ര ഭയാനകമായിരിക്കുമത്. അങ്ങനെ എത്ര എത്ര മനുഷ്യർ മണ്ണിനകത്ത് അകപ്പെട്ട് പോയിട്ടുണ്ട്. ഭൂമിക്ക് പുറത്ത്‌ മനുഷ്യന്‍ വരഞ്ഞിട്ട അതിർത്തികളെപ്പോലെ മതിലോ വേലിയോ പൗരത്വമോ ഇല്ലാത്ത മണ്ണിനടിയിലെ സര്‍വ്വ വിശാല ഭൂമിക. അതിൽ മരിച്ചും അല്ലാതെയും അടക്കം ചെയ്യപ്പെട്ട അനേകങ്ങൾ. ജീവനോടെ... സ്പന്ദിക്കുന്ന ഹൃദയവുമായി... മണ്ണിന്റെ ഗന്ധമറിഞ്ഞ്... തുറന്നിരിക്കുന്ന കണ്ണുകളുമായി... അതാകുന്നു പ്രളയ മരണങ്ങൾ. എന്റെ വീടിനു മുന്നിലും ചെങ്കുത്താണ്. അതിന്‌ മുകളിലാണ് പുള്ളിച്ചി പാറയെ താങ്ങി നിര്‍ത്തുന്ന തെക്കന്‍ മലയുള്ളത്. അവനെങ്ങാൻ ചുമലൊന്നനക്കിയാൽ... മഴ വെളളത്തോടൊപ്പം കുത്തിയൊലിച്ച് വന്നാൽ...
 
സര്‍വ്വ പ്രതാപിയായ ദൈവം തമ്പുരാൻ മാത്രമാണ് രക്ഷകൻ.
 
ആ ഏകാന്ത സുന്ദരാത്ഭുത രാത്രികളിൽ ഉറങ്ങാൻ കിടക്കുമ്പോള്‍ ഞാൻ ജനല്‍ വഴി വെറുതെ ഒന്ന് പുറത്തേക്കെത്തി നോക്കും. കൂരിരുട്ട്. അങ്ങകലെ തീവണ്ടി പാതയുടെ ഭാഗത്ത് നിന്നും പട്ടി, നായി, നരി, കുറുക്കന്‍ എന്നിവരുടെ ഓരിയിടൽ കേൾക്കാം. തൊടിയുടെ ഒരു ഭാഗത്തെ പോസ്റ്റ് കാലില്‍ വെള്ള വെളിച്ചം വിതറി പ്രകാശിക്കുന്ന ഒരു ബൾബുണ്ട്. സര്‍ക്കാര്‍ വക. കൂരകൂരിരുട്ടത്ത് അവിടെ മാത്രം ഒരു വെള്ള വെളിച്ചം. സമീപത്തെ പേരക്ക മരത്തിന്റെ കടും പച്ച നിറമുള്ള ഇലകളപ്പോൾ ഇളം പച്ചയായി പരിണമിച്ചിരിക്കും. രാത്രിയിലെ ഇളം തെന്നലിൽ പച്ചിലകള്‍ ഇളകുന്നത് വ്യക്തമായി കാണാന്‍ സാധിക്കും. കറുത്ത വര്‍ണ്ണത്തിലെ വെളുത്ത നിഗൂഢത. ഞാൻ ജനാലകളും വാതിലും അടച്ചുറങ്ങാൻ കിടക്കും. ഈ അഖില ലോക പ്രപഞ്ചത്തിലെ ഇത്രയൊക്കെ കാഴ്ച്ചകൾ മാത്രമാണെനിക്ക് കാണാൻ കഴിയൂ എന്ന് സമാധാനിച്ച്... ഈ ഭൂമിയുടെ വിശാലത തല്‍കാലം ഇത്രയൊക്കെയുള്ളൂ എന്ന് ഞാന്‍ വിചാരിക്കും... ഈ അനന്തമവർണ്ണനീയ ഭൂവിലേക്കിറങ്ങാൻ ഇനി മൂന്ന് ദിവസം മാത്രമാണെനിക്ക് ബാക്കി... വെറും മൂന്ന് ദിവസം. ഞാനെന്റെ കാത്തിരുപ്പ് തുടരുന്നു...

No comments:

Post a Comment