കാലങ്ങൾക്ക് മുമ്പ് ഒരര്ത്ഥരാത്രി സമയം. ഉറക്കത്തിനിടയില്‍ ഞാനൊന്ന് തിരിഞ്ഞ് കിടന്നതാണ്. ഉറക്ക ചടവോടെ ഞാനെന്റെ വലതു കൈ കിടക്കയിൽ നീട്ടി വിരിച്ചു. സീറോ ബള്‍ബിന്റെ ചുവന്ന പ്രകാശത്തില്‍ അവിടെ ശൂന്യമായിരുന്നു. എന്നുവെച്ചാല്‍, ഉമ്മയെ അവിടെ കാണുന്നില്ല. കൈ ഒന്ന് കൂടി നീട്ടി പിടിച്ച് തപ്പി നോക്കി. ഇല്ലതന്നെ. ഞാൻ മറുവശത്തേക്കും തിരിഞ്ഞ് തപ്പി. അവിടെയുമില്ല. ഉപ്പയേയും കാണുന്നില്ല. ഉറങ്ങാൻ കിടക്കുമ്പോള്‍ അവരെന്റെ കൂടെ തന്നെ ഉണ്ടായിരുന്നല്ലോ. ഇവരിതെവിടെ പോയി. ഇനി തറയിലെങ്ങാൻ പായ വിരിച്ച് കിടന്ന് കാണുമോ. ഞാൻ പതിയെ ഏന്തി വലിഞ്ഞ് താഴേക്ക് നോക്കി. ചുവന്ന് തിളങ്ങി നില്ക്കുന്ന കാവി മാത്രമാണ് കാഴ്ച്ച. കൂടെ, കട്ടിലിനടിയിലേക്കും നോക്കി. അവിടെയും ശൂന്യം. മുറിയുടെ വാതില്‍ ചെറുതായി തുറന്നിട്ടുണ്ട്. അതിലൂടെ വാതിലിനപ്പുറത്തെ നീണ്ട പൂമുഖം കാണാം... അവിടെ കൂരാകൂരിരുട്ട് തളം കെട്ടി നില്ക്കുന്നു.
എന്നെ ഇവിടെ തനിച്ചാക്കി ഉമ്മയും ഉപ്പയും ഇതെങ്ങോട്ട് പോയി. മനസ്സിലേക്കനേകം ഭീകര കഥകൾ പൊന്തി വരുന്നു.
ചുരുക്കത്തിൽ, ഉറക്കം നഷ്ടപ്പെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ. ആകെ കൂടി ഒരു വെപ്രാളം... മനസ്സിലൊരാതി. എന്ത് ചെയ്യണമെന്നൊരു പിടിയും കിട്ടുന്നില്ല. ആ കിടന്ന കിടപ്പിൽ 'അയ്യോ പൊത്തോ' എന്നുറക്കെ അങ്ങോട്ട് കരഞ്ഞ് മറ്റുള്ളവരെയൊക്കെ ഉറക്കിൽ നിന്നും വിളിച്ചെണീപ്പിക്കണോ, അതോ മേല്‍ക്കൂരയിലെ നരച്ച ഓടുകൾക്കിടയിലെ ചില്ല് പ്രതലത്തിലേക്ക് നോക്കി നേരം വെളിച്ചം വെക്കും വരെ കണ്ണും തുറന്നങ്ങനെ കിടക്കണോ എന്ന് ഞാന്‍ ചിന്തിച്ചു. അതിനിടയിലാണൊരു സ്റ്റൈലൻ മൂത്രശങ്കക്കും തുടക്കം കുറിച്ചത്.
സൂർർർർ....
മൂത്രം വലിയൊരു ഫൗണ്ടൻ പോലെ ട്രൗസറിന് വെളിയിലേക്കുയർന്ന് പൊങ്ങിയമർന്നു. ഹാവൂ... പരമ സുഖം. അങ്ങനെ തുടർന്നുള്ള കിടപ്പ് മധുര മനോഹര സുന്ദര സുരഭില മൂത്രത്തിലായി. അതിൽ ഗമയിലങ്ങനെ കിടന്ന് ഞാനെന്റെ ചിന്തകൾ തുടർന്നു.
ഉമ്മ എവിടെ?
മൂത്രം നിറഞ്ഞ് കുതിര്‍ന്ന മെത്തയില്‍ നിന്നും പതിയെ എണീറ്റ് കൂരിരുട്ട് പരന്ന് കിടക്കുന്ന പൂമൂഖത്തേക്ക് തുറക്കുന്ന വരാന്തയിലേക്ക് ഞാന്‍ പതിയെ നോക്കി. അവിടെ മറുതലക്കൽ ഇരുണ്ട നിറം പൂശിയൊരു കര്ട്ടൺ കാണാം. കടകട ശബ്ദമുണ്ടാക്കി കറങ്ങികൊണ്ടിരിക്കുന്നൊരു ഫാനിന്റെ കാറ്റിലത് ചെറുതായി ഇളകുന്നത് കാണുമ്പോള്‍ ഉള്ളില്‍ ഭയം വിടരുന്നു. പക്ഷേ, ഉമ്മയെ കണ്ടെടുക്കണമല്ലോ. ഞാൻ ധൈര്യം സമ്പാദിച്ച് മുറിയുടെ വെളിയിലേക്കിറങ്ങി വരാന്തയിലേക്ക് നടന്നു. ട്രൗസറിൽ നിന്നും ചെറുതായി മൂത്രം ഉറ്റി വീഴുന്നുണ്ട്. ആ തുള്ളികളും എന്നോടൊപ്പം പുറത്തേക്ക് പോരുന്നു. കൂടെ രൂക്ഷമായ മൂത്ര ഗന്ധവും. മുന്നില്‍ ഇരുട്ടില്‍ കുളിച്ച വരാന്ത. തലക്കൽ മേല്‍ വലിയ കര്ട്ടൺ. വലത് ഭാഗത്ത് 'അറ മുറി'. അവിടെയും സര്‍വ്വത്ര ഇരുട്ട് തന്നെ. പിന്നില്‍ ചുവന്ന പ്രകാശത്തിൽ കുളിച്ച എന്റെ മുറി.
എങ്ങും കൂരാകൂരിരുട്ട്. ഇരുട്ടിന്റെ മഹാസമ്മേളനം.
അങ്ങനെ എന്ത് ചെയ്യണമെന്നറിയാതെ അവിടെ അന്ധാളിച്ചങ്ങനെ നിൽക്കുമ്പോൾ മുന്നിലെ കര്ട്ടൺ നീക്കി ഇരുട്ടിലൂടെ ഒരു രൂപം എന്നെ ലക്ഷ്യമാക്കിയെന്നോണം വരുന്നത് ഞാന്‍ കണ്ടു. ജിന്നോ, മറുതയോ... അതോ യക്ഷിയോ. ഹൃദയം പടപടാന്ന് സ്തംഭിച്ച് കൊണ്ടിരുന്നു. അടുത്തെത്തിയപ്പോഴാണ് ആളെ മനസ്സിലായത്. എന്റെ സ്നേഹനിധിയായ ഉപ്പപ്പയായിരുന്നു അത്.
"എന്റെ കുട്ടി നീച്ചോ..."
മൂത്രം ഒഴിച്ച് നനഞ്ഞ ട്രൗസറുമായി അദ്ദേഹം എന്നെ കൂട്ടി പിടിച്ച് മുറിയിലേക്കു തന്നെ കൊണ്ടു പോയി. വിരിയിലെ മൂത്രം പുരളാത്ത ഭാഗത്തേക്കെന്നെ മലര്‍ത്തി കിടത്തി നെഞ്ചില്‍ പതിയെ തലോടി വീണ്ടും ഉറക്കാൻ ശ്രമമാരംഭിച്ചു. അപ്പോഴും ഉമ്മയൈവിടെ എന്ന ചോദ്യമെന്റെ മനസ്സിലവശേഷിക്കുന്നു. പക്ഷേ, ചോദിക്കാൻ ചെറിയൊരു ചമ്മൽ. ചുരുക്കത്തിൽ അവർക്കെന്തോ സംഭവിച്ചിട്ടുണ്ട് എന്നെനിക്കുറപ്പായി. ഒരുപക്ഷേ, എന്നെ ഉപേക്ഷിച്ച് മറ്റേതെങ്കിലും മക്കളെ നോക്കാന്‍ പോയിക്കാണും. അല്ലെങ്കിൽ, ഭൂതമോ പിശാചോ മറുതയോ അവരെ പിടിച്ചിരിക്കാനും സാധ്യതയുണ്ട്. ഞാൻ വെറുതെ ഓരോ ഭീകര ചിന്തകളുമായി ഉറക്കത്തിലേക്ക് വഴുതി വീണു.
കാലത്ത് ഏറെ വൈകി ഞാന്‍ ഉണരുമ്പോള്‍ ഉപ്പ എന്റെ അടുത്ത് തന്നെ ഉറങ്ങുന്നുണ്ടായിരുന്നു. രാത്രിയിലെപ്പോഴോ വന്ന് കയറിയതായിരിക്കാം. പല്ല് തേപ്പ്, കുളി, നാസ്ത തുടങ്ങിയ പ്രഭാത കൃത്യങ്ങളെല്ലാം ചെയ്യാൻ പതിവിനു വിപരീതമായി ഉപ്പയാണ് സഹായിച്ചത്. അപ്പോഴൊന്നും ഉമ്മയെ കുറിച്ചന്വേഷിക്കാന്‍ ഞാന്‍ മിനക്കെട്ടില്ല. അവരെന്നെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞിരിക്കുന്നു എന്നായിരുന്നു എന്റെ മനസ്സിൽ. ഒടുവില്‍, പുത്തനുടുപ്പൊരണ്ണം അലമാരയിൽ നിന്നും എടുത്തെന്നെ ധരിപ്പിച്ചപ്പോൾ മനസ്സ് ഏറെ സന്തോഷമായി. ഞാനെല്ലാം മറന്നു.
ചുങ്കത്ത് നിന്നും ബസ്സില്‍ കയറി ഉപ്പയുടെ കൂടെ മുന്‍ സീറ്റിലിരിക്കുമ്പോൾ പിന്നിലേക്ക് കുതിച്ച് നീങ്ങുന്ന ജാലകത്തിനപ്പുറത്തെ കാഴ്ച്ചകളിലായിരുന്നു എന്റെ ശ്രദ്ധ മുഴക്കെയും. ആദ്യമാദ്യം പരിചയമുള്ള സ്ഥലങ്ങള്‍. പിന്നെപിന്നെ അപരിചിതമായ വഴികൾ, കെട്ടിടങ്ങള്‍, മനുഷ്യര്‍, ആൾകൂട്ടങ്ങൾ. ബസ്സ് കുതിച്ച് നീങ്ങികൊണ്ടിരിക്കുകയാണ്. ഒടുവിലത് പെരിന്തല്‍മണ്ണ നഗരപ്രാന്തത്തിലെ ഒരിടത്തെത്തിയപ്പോൾ വേഗത പെട്ടന്ന് പതിയെ ആയി. ബസ്സിലെ കണ്ടക്ടറുൾപ്പെടെയുള്ള യാത്രക്കാര്‍ ബസ്സിനു മുന്നിലെ വലിയ ചില്ലു ജാലകത്തിനു മുന്നിൽ തടിച്ച് കൂടി പുറത്തേക്കെന്തോ എത്തി നോക്കുന്നു. ചിലര്‍ കമ്പി ജാലകത്തിനു വെളിയിലേക്ക് തലനീട്ടി പുറത്തെ കാഴ്ച്ചകളാസ്വദിക്കുന്നു. ചിലരാണങ്കിലോ പരസ്പരം എന്തൊക്കെയോ അടക്കം പറയുന്നതും കേൾക്കാം. ആകെക്കൂടി മൊത്തത്തിലെന്തോ പന്തികേട്. ബസ്സിന് മുന്നിലെ വലിയ ചില്ലു ജാലകത്തിന് മുന്നിലെ തിരക്കൊന്നൽപ്പം ശമിച്ചപ്പോൾ ഞാനും സീറ്റില്‍ നിന്നുയർന്നവിടേക്ക് തല നീട്ടി. ബസ്സിനു മുന്നിലൂടെ വലിയൊരു ജനക്കൂട്ടം നീങ്ങികൊണ്ടിരിക്കുന്നതാണ് കാഴ്ച്ച. അവർ ചിതറി തെറിച്ചെന്നോണം നിശബ്ദമായി നീങ്ങുകയാണ്. ഞങ്ങളുടെ ബസ്സുൾപ്പെടെയുള്ള അനേകം വാഹനങ്ങള്‍ ഒരു ജാഥപോലെ അവരുടെ പിന്നാലെയും നീങ്ങുന്നു. മുന്നിലും പിന്നിലുമായി നിരന്ന് നിരങ്ങി നീങ്ങുന്ന ബസ്സ്, ലോറി, ജീപ്പ്, കാര്‍, ഓട്ടോറിക്ഷ, ബൈക്ക്, സൈക്കിള്‍ എന്നിത്യാദി വാഹനങ്ങൾ. അവക്കിടയില്‍ അരിവാള്‍ ചുറ്റികാങ്കിത ചുവപ്പ് പതാക ഉയർത്തിയ ദണ്ഡുകളുമായി വികാര തീക്ഷ്ണതയോടെയെന്നോണം നിശബ്ദമായി നീങ്ങുന്ന ജനസഞ്ചയവും.
കമ്മ്യുണിസ്റ്റുകൾ...
വീടിന്റെ ഇരുമ്പ് ഗേറ്റിനപ്പുറത്തെ പാതയിലൂടെ നീങ്ങുന്ന... എത്രയോ കൊടി വാഹക ജാഥകൾ ഞാന്‍ കണ്ടിട്ടുണ്ട്. ഉയരത്തിൽ പാറി കളിക്കുന്ന പതാക. അതിന് താഴെ ഉയർന്ന് പൊങ്ങുന്ന അനേകം മുഷ്ടി ചുരുട്ടിയ കൈകൾ. അവരങ്ങനെ എന്തൊക്കെയോ ഉച്ചത്തില്‍ പറഞ്ഞ് കൊണ്ട് തെരുവിലെ പാതകളിൽ നിറഞ്ഞ് നീങ്ങുന്നത് കാണാം. കാഴ്ച്ചക്കാരായി പീടിക തിണ്ണകളിലും പാതയോരത്തും നില്ക്കുന്ന ജനങ്ങളും വാഹനങ്ങളിൽ നിന്നും പുറത്തേക്കെത്തി നോക്കുന്ന യാത്രക്കാരും. അവർ ചൊല്ലുന്ന ആ അതിഭയങ്കരമായ മുദ്രാവാക്യങ്ങളുടെ ആഴവും പരപ്പുമറിയാതെ ഗേറ്റിൽ തൂങ്ങി നിന്ന് എത്രയോ പ്രാവശ്യം ഞാനാ പ്രതിഷേധ കൊടുങ്കാറ്റുകളെ നോക്കി നിന്നിട്ടുണ്ട്. ഒടുവില്‍, അത് കണ്ണില്‍ നിന്നും മറഞ്ഞാൽ വീട്ടു മുറ്റത്തൊരു വടി പൊക്കി പിടിച്ചാ ജാഥയെ അനുകരിക്കാനും ഞാൻ മറക്കാറില്ല.
ജയ്... ജയ്... സിന്ദാവാ...
എന്നാൽ, ഇവിടെ കാണുന്ന ഈ കൊടിവാഹക ജാഥയിൽ പ്രകമ്പനം കൊള്ളിക്കുന്ന കഠിന കഠോര മുദ്രാവാക്യങ്ങളോ, ഉയർന്ന് പൊങ്ങുന്ന മുഷ്ടി ചുരുട്ടിയ കൈകളോ, ക്രമാനുഗതമായ പ്രയാണമോ കാണാനില്ല. പകരം നിശബ്ദ... സര്‍വ്വത്ര നിശബ്ദത. ഒരു ചുകപ്പൻ മൗനജാഥ. ആ നിശബ്ദതയെ ഭേദിച്ചുകൊണ്ടന്തരീക്ഷത്തിൽ ലയിക്കുന്ന വാഹനങ്ങളുടെ മൂളൽ മാത്രമാണതിനൊരു അപവാദം. ഒടുവില്‍ ബാലഗോപാലന് ആശുപത്രിയുടെ വലിയ പടി വാതിലിനു മുന്നില്‍ ബസ്സ് പതിയെ നിന്നു.
"ബാലഗോപാലന്... ബാലഗോപാലന്... ബാലഗോപാലന്"
ഉറക്കിൽ നിന്നും വിളിച്ചുണർത്താനെന്ന വണ്ണം ബസ്സിന്റെ തകര ചട്ട കൂടിൽ ആഞ്ഞാഞ്ഞു തല്ലികൊണ്ട് കിളി ആവര്‍ത്തിച്ചു പറയുന്നു. ഞാനും ഉപ്പയും ബസ്സില്‍ നിന്നുമവിടെ ചാടിയിറങ്ങി. ഒഴുകി നീങ്ങുന്നതിനിടയില്‍ പെട്ടന്ന് ബ്രേക്കിട്ടതിന്റെ കലി തീർക്കാനെന്ന വണ്ണം ശക്തിയായി ഹോണടിക്കുന്ന പിന്നിലെ വാഹനങ്ങളെ മാറി കടന്ന് ഞങ്ങൾ ബാലഗോപാലനിലേക്ക് വേഗത്തിൽ നടന്നു കയറി. ജനക്കൂട്ടം അപ്പോഴും ഇരമ്പി നീങ്ങുകയാണ്... എങ്ങോട്ടെന്നറിയാത്ത, എന്തിനെന്നറിയാത്ത യാത്ര പോലെ.
നഗരത്തിലെ ഒരു പുരാതീന ആശുപത്രിയാകുന്നു ബാലഗോപാലന്. ഒറ്റക്കാഴ്ച്ചയിൽ... ഒരു തരം നിഗൂഢ ബംഗ്ലാവ് മാതിരി. ഇരുവശത്തും മുറികളുള്ള അവിടുത്തെ ഇടുങ്ങിയ ഇടനാഴി കടന്ന്, സിമന്റിൽ പണിത കട്ടിയുള്ള പിടിയുള്ള പടികൾ കയറി ഞങ്ങൾ മുകൾ നിലയിലേക്ക് കയറി. ഇടക്ക് വെച്ച് ഞാന്‍ ഉപ്പയോട് പറഞ്ഞു.
"പ്പാ... ലിഫ്റ്റില്‍ പോകാം..."
"വ്ടെ ലിഫ്റ്റില്ലടാ... പഴേ ആസ്പത്ര്യല്ലേ"
ഉപ്പ മറുപടി നല്കി.
ലിഫ്റ്റ്...
ലിഫ്റ്റൊരു ഭയാനക മഹാശ്ചര്യ വാഹനമാകുന്നു. റോക്കറ്റ് പോലെ ഉയർന്ന് പൊങ്ങുകയും... വിമാനം പോലെ താഴ്ന്നു വരികയും ചെയ്യുന്ന മഹാത്ഭുദ പേടകം. ആരായിരിക്കാം ഈ വാഹനം ഓടിക്കുന്നതെന്ന് ഞാനക്കാലങ്ങളിൽ കാര്യമായി ചിന്തിക്കാറുണ്ട്. അതിനെ നിയന്ത്രിക്കാന്‍ ലിഫ്റ്റ് പടിയില്‍ കസേരയിട്ടിരിക്കുന്ന ജീവനക്കാരെ അത്ഭുദത്തോടെ ഞാന്‍ നോക്കുമായിരുന്നു. അതിസാഹസികൻ, ധീരൻ... നീണ്ടു വളഞ്ഞ് പുളഞ്ഞ് പോകുന്ന റോഡിലൂടെ പായുന്ന നച്ചക്ര വാഹനമല്ല, അഗാധമായ വെള്ളത്തിന് മുകളിലൂടെ തുഴഞ്ഞ് നീങ്ങുന്ന കപ്പലോ, ബോട്ടോ അല്ല, മഹാവിസ്മയവും നിഗൂഢവുമായ ആകാശത്ത് പറക്കുന്ന വിമാനമോ, പറക്കും തളികയോ അല്ല. ഉരുളുന്ന ചക്രമോ, തെന്നി നീങ്ങുന്ന ചിറകോ, തുഴയുന്ന പങ്കായമോ കൂടാതെ അന്തമില്ലാതെ റോക്കറ്റ് കണക്കേ ഉയർന്ന് പൊങ്ങുന്ന മഹാത്ഭുദ വാഹനം... അതാകുന്നു ലിഫ്റ്റ്.
ലിഫ്റ്റിനെ കുറിച്ച് ചിന്തിച്ച് പടികള്‍ കയറി ഞങ്ങൾ നേരെ ഇടത്തോട്ട് തിരിഞ്ഞ് നീണ്ട വരാന്തയിലൂടെ മുന്നോട്ട് നടന്നു. വലതു വശത്ത് ക്രമത്തില്‍ നിരയൊപ്പിച്ച വലിയ കോൺക്രീറ്റ് തൂണുകൾ. അവക്കിടയില്‍ അലങ്കരിച്ച സിമന്റ് കെട്ടുകൾ. അതിനു താഴേക്ക് നോക്കിയാല്‍ രണ്ടു നില താഴ്ച്ചയാണ്. അതിന്റെ അങ്ങേ തലക്കൽ ഞങ്ങൾ കയറി വന്ന പടിപ്പുര കെട്ടിടം കാണാം. അതിനു മുകളിലും മുറികളാണ്.
ഞങ്ങൾ നടന്നുനീങ്ങികൊണ്ടിരുന്ന വരാന്തയുടെ ഇടതുവശത്ത് നിരനിരയായ മുറികളാണ്. 316, 317, 318... തുടങ്ങി അതങ്ങനെ നീളുന്നു. അതിനുള്ളിലെ മനുഷ്യരുടെ അടക്കം പറച്ചിലുകൾ കേൾക്കാം. ഒടുവില്‍, 342നു മുന്നില്‍ ഞങ്ങൾ എത്തി നിന്നു. ഉപ്പ വാതിൽ പതിയെ തള്ളി നോക്കി. കുറ്റിയിട്ടിട്ടില്ല എന്ന് ബോധ്യമായതിനാൽ അത് മലർക്കെ തുറന്നു. അവിടെ... ഉമ്മു എന്ന് ഞാന്‍ സ്നേഹത്തോടെ വിളിക്കുന്ന ഉമ്മയുടെ ഉമ്മ ചിരിക്കുന്ന മുഖത്തോടെ ഞങ്ങളെ എതിരേറ്റു. അവർ രോഗിയെ അനുഗമിക്കുന്നവർക്ക് ഉപയോഗിക്കാനുള്ള വീതി കുറഞ്ഞ ഇരുമ്പ് കട്ടിലിലിരിക്കുകയാണ്. ഞാൻ ഇവരന്താ ഇവിടെ എന്നാലോചിച്ച് പതിയെ അകത്ത് കയറി.
"ആസിപ്പ് മോനേ..." അവരെന്നെ നീട്ടി വിളിക്കുന്നു...
ഞാൻ തിരിഞ്ഞ് നോക്കിയില്ല. കാരണം, അതാ... എതിർ ഭാഗത്ത് മറ്റൊരു ഇരുമ്പ് കട്ടിലിൽ എന്റെ പ്രിയപ്പെട്ട മാതാവ് ചിരിച്ച് കിടക്കുന്നു. ഇന്നലെ മുതൽ ഞാനന്വേഷിക്കുന്ന എന്റെ പ്രിയപ്പെട്ട ഉമ്മ. അവരുടെ ശരീരമാകെ ഒരു പച്ച തുണികൊണ്ട് മൂടിയിട്ടുണ്ട്. കൈയിൽ നിന്നും ഉയർന്ന് പൊങ്ങി നീങ്ങുന്ന പൈപ്പിന്റെ മറുതലക്കൽ കമ്പി സ്റ്റാന്‍ഡിൽ ഗ്ലൂക്കോസ് കുപ്പി. തൊട്ടരികിൽ ഒരു വെളുത്ത തുണി കെട്ട്. അതിലൊരു കുഞ്ഞിന്റെ തല. തലയില്‍ അൽപ്പാൽപ്പമായി മാത്രമാണ് തലമുടിയുള്ളത്. വെള്ളത്തുണിയിൽ പൊതിഞ്ഞ് സുമുഖയായി അവളങ്ങനെ എന്റെ ഉമ്മയുടെ അടുത്ത് സുഖമായുറങ്ങുന്നു. എന്താണീ കാണുന്നതിന്റെയൊക്കെ അര്‍ത്ഥം. ഒരു പിടിയും കിട്ടുന്നില്ല. ഞാൻ ഉമ്മ കിടക്കുന്ന ആ കട്ടില് ലക്ഷ്യമാക്കി പതിയെ നടന്നു നീങ്ങി. മുറിയില്‍ മരുന്നുകളുടേയും മറ്റെന്തൊക്കയോ മണം.
പ്രസവ ഗന്ധം...
ഞാനുപ്പയെ ദയനീയമായൊന്ന് തിരിഞ്ഞ് നോക്കി. അദ്ദേഹം ഞാനെന്താണ് ചെയ്യാൻ പോകുന്നതെന്ന് നിരീക്ഷിച്ച് വാതിലിൽ തന്നെ ചാരി നില്‍ക്കുകയാണ്. ഉമ്മു നിറ പുഞ്ചിരിയോടെ എന്നെ നോക്കികൊണ്ട് പറഞ്ഞു.
"നോക്കാ... കുട്ടി... അന്റെ അഞ്ചത്തി".
കാര്യങ്ങളുടെ കിടപ്പ് എകദേശമെനിക്ക് മനസ്സിലായി. പക്ഷേ, ഇതൊക്കെ എപ്പോ. ഞാനൊന്നും കണ്ടില്ലല്ലോ. ഉന്തി നില്ക്കുന്ന ഉമ്മയുടെ വയര്‍ കണ്ടില്ല. ഒരടയാളവും ഞാൻ കണ്ടില്ലല്ലോ... ചിലപ്പോൾ ഞാൻ ശ്രദ്ധിച്ചു കാണില്ല.
ദൈവമേ...
ആ നിന്ന നില്‍പ്പിലൊരു പ്രതിമ കണക്കേ ഞാന്‍ മുറിയിലെ ചെറിയ ഒറ്റ പോളി ജനല്‍ വഴി പുറത്തേക്ക് നോക്കി. റോഡില്‍ നിറഞ്ഞ് നീങ്ങുന്ന ജനക്കൂട്ടം ഇരമ്പി നീങ്ങുന്നു. ഇടക്ക് വടി കഷ്ണങ്ങളിൽ പാറി കളിക്കുന്ന ചുവപ്പ് പതാകകൾ കാണാം. അവര്‍ക്കിടയിലൂടെ നിറയെ പൂക്കള്‍ കൊണ്ടലങ്കരിച്ച ഒരു വാഹനം റോഡിന്റെ ഒത്ത മധ്യത്തിലൂടെ പോകുന്നത് ഞാനൊരു നോക്ക് കണ്ടു. അത്യധികം ആകര്‍ഷകമായൊരു കാഴ്ച്ച തന്നെയായിരുന്നു അത്. പക്ഷേ, ഞാനത് കാണാൻ ജനലിന്റെ സമീപത്തേക്ക് പോകാൻ നിന്നില്ല... മനസ്സ് അസ്വസ്ഥമായിരുന്നു. എന്റെ കാലുകൾ അനങ്ങിയില്ല. ഞാൻ പെട്ടന്ന് തന്നെ പുറത്തെ കാഴ്ചയില്‍ നിന്നും കട്ടിലിലേക്ക് മുഖം തിരിച്ചു.
ഇവളാര്?
ഞാൻ എന്റേത് മാത്രമാണന്ന് തെറ്റിദ്ധരിച്ചിരുന്ന എന്റെ പ്രിയപ്പെട്ട ഉമ്മയുടെ അടുത്ത് ഇതേതാണൊരു പെങ്കൊച്ച് കിടന്നുറങ്ങുന്നത്. ഇനി എന്റെ സ്ഥാനമെന്താകും. ഇനി ഞാന്‍ എവിടെ കിടന്നുറങ്ങും. ആവലാതിയുമായി ഏത് കോന്തലയിൽ പിടിച്ച് തൂങ്ങും. ഏത് ഒക്കത്ത് കേറും. ഇനി തവിട് കൊടുത്ത് പകരം വാങ്ങിയത് തന്നെയാണോ എന്നെ. ഞാൻ ചിന്തിച്ചു കാടു കയറി. ഭൂമി കീഴ്മേല്‍ മറിഞ്ഞ മാതിരി ഒരു തോന്നൽ. ആകെ കൂടിയൊരു തരിപ്പ്. ഉപ്പ എന്നെ മാത്രം നോക്കുന്നു. ഉമ്മയും അവ്യക്തമായി എന്തൊക്കെയോ എന്നോട് പറയുന്നുണ്ട്. ഉമ്മുവിന്റെ ചിരിക്കുന്ന ശബ്ദം പിന്നില്‍ നിന്നും കേൾക്കാം. ഞാനാണങ്കിൽ ആ കുഞ്ഞിനെ മാത്രം നോക്കി കൊണ്ട് നില്ക്കുന്നു. ഈ പ്രപഞ്ചമാകുന്ന പ്രപഞ്ചം മുഴക്കെയും ആ ഒരൊറ്റ കുഞ്ഞില്‍ കേന്ദ്രീകരിച്ച് നില്ക്കുന്ന മാതിരി. ശൂന്യമായ മനസ്സ്.
ജാലകത്തിനപ്പുറം
പൂക്കള്‍ നിറഞ്ഞ വാഹനം
ചുവപ്പ് കൊടി
ഇരമ്പി നീങ്ങികൊണ്ടിരിക്കുന്ന ജനം.
ദൈവമേ... എന്റെ ഉമ്മയുടെ അരികിലതാ ഒരു കുഞ്ഞ്.
ഞാൻ കട്ടിലിനോട് തൊട്ട് മുട്ടുകാലിലിരുന്നു. അവളെ കൂടുതൽ വ്യക്തമായി കാണുക അങ്ങനെ ഇരിക്കുമ്പോഴാണ്. ഞാനവളെ തന്നെ നോക്കി നിന്നു. എന്റെ കവിളിൽ തലോടി കൊണ്ട് ഉമ്മ പതിയെ എന്നോട് പറഞ്ഞു.
"ഇമ്മാട്ടിന്റെ അഞ്ചത്ത്യാ... ഒരുമ്മ കൊട്ത്തോ"
അഖില ലോക പ്രപഞ്ചമേ... ഇതാ എന്റെ അനിയത്തി. ഹാ... ഞാനിതാ ഒരു ജ്യേഷ്ഠനായിരിക്കുന്നു. എനിക്കൊരു കുഞ്ഞു പെങ്ങളും. എന്റെ ദുഖവും സന്തോഷവും പങ്കുവെക്കാന്‍, ജീവിതത്തിന്റെ ഓരോ പടവുകളിലും കൈത്താങ്ങാകാൻ, പരസ്പരം തല്ലു കൂടാൻ, കളിക്കാൻ... ഞാൻ നിർവികാരത്തോടെ അവളെ തന്നെ നോക്കി നിന്നു. അവൾ കണ്ണുകൾ തുറന്ന് അവളുടെ ആങ്ങളയെ മതിമറന്ന് നോക്കുകയാണ്. കൈകൾ രണ്ടും വെള്ള തുണികള്‍ക്കുള്ളില്‍ കെട്ടിവെച്ചിരുന്നില്ല എങ്കിൽ അവളെന്റെ മുഖത്ത് തലോടുമായിരുന്നെന്ന് എനിക്ക് തോന്നിപ്പോകുന്നു.
"അഞ്ചന്തിക്കുമ്മ കൊടുക്കടാ..."
ഉമ്മ വീണ്ടും പറഞ്ഞു.
ചുംബനം... അനിര്‍വചനീയമായ സ്നേഹത്തിന്റെ അടയാളം... പക്ഷേ, എനിക്കവളെ ചുംബിക്കാൻ തോന്നിയില്ല. അല്ലെങ്കിൽ, എന്ത് ചെയ്യണമെന്നറിയാതെ ഞാനവിടെ തന്നെ നിന്നു. എന്നാൽ, അടുത്ത നിമിഷമാണത് സംഭവിച്ചത്. മുട്ടുകാലിലിരുന്ന ആ ഇരിപ്പിൽ കണ്ണില്‍ ഇരുട്ട് കയറി. കണ്ണീര് ധാരയായി കവിൾ വഴി ഒലിച്ചിറങ്ങി. നെഞ്ച് പടാപടാന്ന് സ്പന്ദിച്ച് കൊണ്ടിരിക്കുന്നു. തല വിയര്‍ത്തു. വാ തുറന്ന് നീട്ടിയൊരു കരച്ചില് വച്ച് കൊടുത്തു. ലോകം മുഴുവന്‍ കേള്‍ക്കാനായി ഉറക്കെ... വളരെ വലിയ ശബ്ദത്തില്‍. മുട്ടു കാൽ നിവര്‍ത്തി വെറും നിലത്ത് ചന്തി കുത്തി നിന്ന് നല്ല ഒന്നാം തരം കരച്ചില്. ഉപ്പാ ഓടി വന്നെന്നെ കോരിയെടുത്ത് പുറത്തേക്കോടി. അപ്പോഴും ഉമ്മു ആര്‍ത്താർത്ത് ചിരിച്ച് കൊണ്ടേയിരിക്കുന്നു. വരാന്തയിലെ മരബെഞ്ചിലെന്നെ ഇരുത്തി ഉപ്പ എന്റെ അരികിലിരുന്ന് കവിളിലൊരു മുത്തം തന്ന് പറഞ്ഞു...
ഞാൻ തലയാട്ടി.
സത്യത്തിൽ എന്തിനാണ് ഞാനന്ന് കരഞ്ഞത്. ഒരുപക്ഷേ, അതിനെ ആയിരിക്കാം ആനന്ദ കണ്ണീരെന്ന് വിളിക്കുന്നത്...
പിന്കുറി-
അവൾ ജനിച്ച തിയ്യതി വെച്ച് സ്ഥലത്തെ പ്രധാന സഖാവിനൊരു മെസേജയച്ചു...
"കാലം 1996. കൃത്യമായി പറഞ്ഞാൽ ജനുവരി 17നോ 18നോ. അന്നേ ദിനം പെരിന്തല്‍മണ്ണ നഗരത്തിൽ കമ്മ്യുണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ട എന്തോ അതി ഭയങ്കരമായ സംഭവം നടന്നിട്ടുണ്ട്. അന്ന് നഗരം ഒഴുകി നീങ്ങുന്ന ജനങ്ങളാൽ നിഭിഢമായിരുന്നു. എന്നാലവർ സമ്പൂര്‍ണ്ണ നിശബ്ദരായിരുന്നു എന്ന് ഞാനോര്‍ക്കുന്നു. ഒരു ശോകമൂകമായ ജാഥപോലെ. അവരുടെ കൈകളിൽ ചുവപ്പ് പതാക പാറി കളിച്ചിരുന്നു. സംഭവം എന്താണെന്നറിയുമോ"
ഉത്തരം ഉടനെ വന്നു.
"മനഴി മാസ്റ്റർ... മനഴി മാസ്റ്ററുടെ മരണം"






Wonderful writing.so continue.whish you good writer in future. Congratulations dear.
ReplyDeleteവളരെ നന്ദി സുഹൃത്തേ... Thanks lot
DeleteSuper
ReplyDelete