ഞാൻ മാധ്യമം പത്രത്തിന്റെയൊരു സ്ഥിരം വരിക്കാരനാണ്. നാട്ടിലുള്ളപ്പോൾ ദിനവും പ്രഭാത കട്ടനോടൊപ്പം മാധ്യമവും വായിച്ചാനന്ദിക്കാറുണ്ട്. മേല്‍ മാധ്യമത്തെ കുറിച്ച് ഈയുള്ളവന്‍ വായിച്ചറിഞ്ഞ ഒരു ചെറിയ കാര്യം പറയാം... വളരെ കാലങ്ങൾക്ക് മുമ്പത്തെയൊരു കഥയാണ് സംഗതി.
മാധ്യമം പത്രം കോഴിക്കോട് ആസ്ഥാനമായി പിറവി കൊള്ളാൻ വെമ്പി നില്‍ക്കുന്ന സമയം... പത്രത്തിനൊരു പ്രധാന പത്രാധിപരെ വേണം. സംഘാടകരാ സ്ഥാനത്തിനാഗ്രഹിച്ചത് നമ്മുടെ ബഷീറിനെ ആയിരുന്നു.
നമ്മുടെ വൈക്കം മുഹമ്മദ് ബഷീറിനെ തന്നെ...
ആവശ്യം ബേപ്പൂര്‍ സുല്‍ത്താന്റെ 'കൊട്ടാരമായ' വൈലാലിൽ വീട്ടില്‍ ചെന്നറിയിച്ചു. ബഷീർ മാങ്കോസ്റ്റിൻ മരത്തണലിലെ സ്ഥിരം ചാരുകസേരയിൽ സുമുഖനായിരുന്ന് കാര്യങ്ങളെല്ലാം വിശദമായി കേട്ടുകൊണ്ട് അതിഥികളെ തലയുയർത്തി നോക്കി. മുന്നിലിരിക്കുന്നവരെല്ലാം പരിചിതമായ മുഖങ്ങൾ. ആവശ്യം ന്യായവും. എന്നാൽ, സംഗതി അല്‍പ്പം കഠിനമാണന്ന് പറയാതിരിക്കാന്‍ കഴിയില്ല. കാരണം മറ്റൊന്നുമല്ല. തന്നെ വിടാതെ പിന്തുടരുന്ന ശാരീരികാസ്വസ്ഥതകൾ തന്നെ. അദ്ദേഹത്തിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ... മരിക്കാൻ പാകമായ അവസ്ഥ. സകല ചുറ്റുപാടുകളുടേയും ഭാരങ്ങളിറക്കി വെച്ച് മലക്കുൽ മൗത്തിന്റെ സ്നേഹാഗമനത്തിനായി കാത്തിരിക്കുന്ന എണ്ണി തീര്‍ത്തു കൊണ്ടിരിക്കുന്ന ദിനങ്ങള്‍. ഈ സാഹചര്യത്തിൽ ഭയങ്കരങ്ങളായ ഉത്തരവാദിത്തങ്ങളൊന്നും വയ്യ. പരമശാന്തനായി കാലത്തില്‍ ലയിച്ചു ചേർന്നില്ലാതാകണം. അതിനാൽ, ബഷീറാ ആവശ്യം നിഷ്കരുണം നിരസിച്ചു. കൂടെ ഒരു നിര്‍ദ്ദേശവും അതിഥികൾക്ക് മുന്നില്‍ വെച്ചു.
"പികെ ബാലകൃഷ്ണന്‍"
പികെ ബാലകൃഷ്ണനെന്ന തന്റെ ആത്മമിത്രത്തെ മാധ്യമത്തിന്റെ പ്രധാന പത്രാധിപരാക്കി നിയമിക്കുക.
പി, കെ എന്ന രണ്ടക്ഷരത്തിലറിയപ്പെടുന്ന സാമൂഹിക രാഷ്ട്രീയ വിമർശകൻ, നിരൂപകൻ, പത്രപ്രവർത്തകൻ, നോവലിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തിയുടെ കൊടുമുടി കേറിയ മാന്യദേഹം. പണിക്കശ്ശേരിൽ കേശവൻ ബാലകൃഷ്ണൻ എന്നാണ് മുഴുവന്‍ പേര്.
ചുരുക്കി പറഞ്ഞാൽ ഇദ്ദേഹത്തെ മാധ്യമം പത്രത്തിന്റെ പ്രധാന പത്രാധിപരാക്കുന്നത് ബഷീറിന് വലിയ താല്‍പര്യമുള്ള കാര്യമാണന്ന് സംഖാടകർക്ക് മനസ്സിലായി. പത്രമൊരു മുസ്ലിം മേനേജ്മെന്റിന്റെ കീഴിലായത് കൊണ്ട് തന്നെ തന്റെ മുന്നിലിരിക്കുന്ന ഈ കശ്മളന്മാർ മേല്‍ നിര്‍ദ്ദേശം അപ്പടി നിരസിച്ച് കളയുമോ എന്ന് ബഷീര്‍ ആശങ്കപ്പെട്ടിരിക്കാം. എന്നാൽ, അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം മാധ്യമമാ നിര്‍ദ്ദേശം സ്വീകരിക്കുകയും പികെ ബാലകൃഷ്ണനെ അതിന്റെ ആദ്യ പത്രാധിപരാക്കി നിയമിക്കുകയും ചെയതെന്നാണ് കഥയുടെ ക്ലൈമാക്സ്.
ബഷീർ പിന്നീട് പികെ ബാലകൃഷ്ണനിങ്ങനെ എഴുതി...
പ്രിയപ്പെട്ട ബാലൻ,
മാധ്യമം ദിനപത്രത്തിന്റെ പത്രാധിപരാകുന്ന കാര്യം ബാലൻ സമ്മതിച്ചല്ലോ. ബാലന് പരിപൂർണ സ്വാതന്ത്ര്യമുണ്ടായിരിക്കും. പത്രത്തിന്റെ ഉടമ മുസ്‌ലിം സംഘടനയാണ്. ജമാഅത്തെ ഇസ്‌ലാമി, അവരുദ്ദേശിക്കുന്നതൊരു നല്ല ദിനപത്രമാണ്. മനുഷ്യരുടെ ദിനപത്രം.
ബാലനക്കാര്യം മനാസ്സിലായല്ലോ. ബാലൻ മനസ്സുവെച്ചാൽ മാധ്യമം കേരളത്തിലെ ഏറ്റവും നല്ല ദിനപത്രമായിത്തീരും.
പത്രാധിപർ പികെ ബാലകൃഷ്ണനും മാധ്യമം ദിനപത്രത്തിനും വിജയം നേരുന്നു.
വൈക്കം മുഹമ്മദ് ബഷീർ
ഒപ്പ്.
തന്റെ സുഹൃത്തായ ബാലകൃഷ്ണന് ആ സ്ഥാനം ലഭിച്ചതില്‍ റ്റാറ്റാ ഏറെ ആഹ്ലാദിച്ചിരുന്നെന്ന് ബഷീറിന്റെ അരുമ സന്താനം അനീസ് ബഷീര്‍ പിന്നീട് തന്റെ ഓര്‍മ്മ കുറിപ്പില്‍ എഴുതിയിട്ടുള്ളത് ഞാന്‍ വായിച്ചിട്ടുണ്ട്. അത് കൊണ്ട് കൂടിയായിരിക്കാം "വെള്ളിമാട് കുന്നിൽ നിന്നുയർന്ന് പൊങ്ങിയ വെള്ളി നക്ഷത്ര"മെന്ന് ബഷീര്‍ മാധ്യമത്തെ വിശേഷിപ്പിച്ചത്.

No comments:
Post a Comment