ഏറനാട് വള്ളുവനാട് പ്രദേശങ്ങളിൽ കത്തിപ്പടർന്ന മലബാര്‍ സമരത്തിന്റെ ഓർമ്മകൾക്ക് രണ്ടായിരത്തി ഇരുപത്തൊന്നോടെ നൂറ് വയസ്സ് തികയുകയാണ്. വലിയൊരു ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് നമ്മുടെയൊക്കെ ചിന്തകൾക്കധീതമായ സമരപ്രവർത്തനങ്ങൾ കാഴ്ച്ചവെച്ചൊരു മഹാചരിതമാണ് 1921. ഇന്ത്യയിലങ്ങളോമിങ്ങോളമുണ്ടായ അനേകം സ്വാതന്ത്രസമര പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാൽ മലബാര്‍ സമരത്തെ വെത്ത്യസ്തമാക്കുന്നത് അതിലെ ബ്രിട്ടീഷ് ക്രൂരതയുടെ ആഴവും, അതിനെ പ്രതിരോധിക്കാൻ ജാതിമതങ്ങൾക്കതീതമയി ഒരു ജനത നടത്തിയ പോരാട്ട കഥകളുമാണ്. വാസ്കോഡഗാമ കോഴിക്കോട് കപ്പലിറങ്ങിയതു മുതൽ തുടങ്ങിയ ആ ചരിത്രത്തിന്റെ ഒടുവിലത്തെ ആളികത്തലായിരുന്നു തൊള്ളായിരത്തി ഇരുപത്തൊന്ന്. എത്രയെത്രയോ മനുഷ്യര്‍ ജീവൻ നല്‍കി പടുത്തുയർത്തിയ ആ മഹാസ്ഥാപനം ഒരുപക്ഷേ, ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതൽ പഠന വിധേയമാക്കപ്പെട്ട സ്വതന്ത്രസമര സംഭവങ്ങളിലൊന്നാണ്. ഏകദേശം നൂറിൽപരം ഗ്രന്ഥങ്ങളാണ് ഈ വിഷയത്തെ ആസ്പദമാക്കി മലയാളത്തിൽ മാത്രം രചിക്കപ്പെട്ടിട്ടുള്ളത്.
ഇതുവരെ പഠിച്ച പാഠങ്ങൾ മാത്രമല്ല, അതിനകത്ത് പലതരം അടരുകളും വഴിത്തിരിവുകളും തൊള്ളായിരത്തി ഇരുപത്തൊന്നുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ടന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ഒരു ജനതയുടെ ചരിത്രമെന്നാല്‍ അവര്‍ വസിക്കുന്ന ദേശത്തിന്റെയും ചരിത്രമെന്നാണര്‍ത്ഥം. ഒരു ജനതയുടെ രാഷ്ട്രീയം, സാമൂഹികം, സാമ്പത്തികം, മതപരം, സാംസ്കാരികം തുടങ്ങിയ സമസ്ത മേഖലകളുടെയും പ്രാരംഭം മുതല്‍ വളര്‍ച്ച, പരിണാമ ഘട്ടങ്ങളിലൂടെയുള്ള വര്‍ത്തമാനകാലത്തിലെത്തി നില്‍ക്കുന്നതുവരെയുള്ള കാര്യങ്ങളതില്‍പെടും. ആ ചരിത്രത്തെ ഓർത്തെടുക്കൽ തന്നെ ഒരു സമരമാണന്നാണ് എനിക്ക് തോന്നുന്നത്.
കഴിഞ്ഞ് പോയ ആ തലമുറയുടെ രാഷ്ട്രീയ ത്യാഗത്തിൽ നിന്നും ഉയിര്‍കൊണ്ടതാണ് ഞമ്മളിന്നീ അനുഭവിക്കുന്ന സ്വതന്ത്രവും മനുഷ്യാവകാശങ്ങളുമൊക്കെ. അതൊന്നുമില്ലാ കാലത്തെ ആ മനുഷ്യരുടെ വിയര്‍പ്പിന്റെ മുകളിലാണ് ഞമ്മളിന്നീ മഹാമന്ദിരങ്ങളൊക്കെയും നിര്‍മ്മിച്ചു വച്ചിരിക്കുന്നത്. നമുക്ക് മുന്നിലൂടെ നടന്ന് നമുക്കായുള്ള വഴിവെട്ടി നീങ്ങിയ ആ തലമുറയെ സ്മരിച്ച് കൊണ്ടല്ലാതെ... അവര്‍ക്കായി ഒരു നേരമെങ്കിലും ഒന്ന് മനസ്സിരുത്തി പ്രാര്‍ത്ഥിച്ചുകൊണ്ടല്ലാതെ ഒരു ദിനവും നമ്മളിലൂടെ കടന്ന് പോയിക്കൂട എന്ന് ഞാന്‍ വിശ്വസിക്കുന്നു. ആ പോരാട്ടങ്ങളിൽ രക്തസാക്ഷികളായ മഹാന്മാർ നമുക്കായി കെെമാറിയ പോരാട്ടവീര്യവും അവർ നിലകൊണ്ട ആദര്‍ശവും നമുക്ക് കൈമോശം വന്നുകൂട. മാറിയ ഈ കാലത്തും അത് പ്രസക്തമായി തന്നെ നിലകൊള്ളുന്നുണ്ട്. സമരരീതികളിൽ വന്ന കാലോചിതമായ മാറ്റങ്ങൾ ഉൾകൊണ്ടുതന്നെ ആ ആദർശത്തിൽ അടിപതറാതെ നിലകൊള്ളാൻ നമുക്കാകണം എന്നാണ് എന്റെ പക്ഷം.
മലബാര്‍സമര നാളുകളില്‍ നിന്നും ഒരു നൂറ്റാണ്ട് കവച്ചുവെച്ചിന്നിവിടെ ലോകം കിതച്ച് നിൽക്കുമ്പോൾ കാലമൊരു മിഥ്യ മാത്രമാണോ എന്ന് തോന്നിപ്പികുന്നത് എനിക്ക് മാത്രമാണോ. എന്തൊരു വേഗതയാണീ കാലത്തിന്. അന്നാ സമരനാളുകളില്‍ എത്രയെത്ര ജീവനുകളാണീ മണ്ണില്‍ പൊലിഞ്ഞു വീണത്. ഒരുപക്ഷേ, ലക്ഷോപലക്ഷം വരുമായിരിക്കുമത്. അനേകം പേരെ നാടു കടത്തുകയും ചെയ്തിരിക്കുന്നു... ആന്‍ഡമാന്‍ ദ്വീപുകളിലേക്കും ലക്ഷദ്വീപിലേക്കും എന്നുവേണ്ട വിദൂര വിദൂരമായ പല നാടുകളിലേക്ക്. അതിലേറെ പേരെ കാണാതായിട്ടുമുണ്ട്. വെള്ളക്കാരുടെ ഭീകര തടവറകളിൽ കഠിന കഠോരമായ ശിക്ഷകൾ ഏറ്റുവാങ്ങിയവർ കൊല്ലപ്പെട്ടിരിക്കാനും സാധ്യതയേറേയാണ്. പിന്നീട്, ആരുമറിയാത്ത സ്ഥലങ്ങളിൽ പരമരഹസ്യമായി അവരെ മറമാടിയിരിക്കും. സര്‍ക്കാര്‍ രേഖകളിലവർ കാഴ്ച്ചയില്‍ നിന്നും മറഞ്ഞവർ മാത്രമാണ്. അഥവാ, കാണാതായവർ. അവരങ്ങനെ നൂറ്റാണ്ടുകള്‍ കഴിഞ്ഞ് ഇന്നും കാണാതായവരായി തന്നെ ഈ ഭൂമിയില്‍ തുടരുന്നു.
കാണാതായ പരേതർ...
മലബാറിലെ സ്വാതന്ത്ര്യ ദാഹികളായ നമ്മുടെ പൂര്‍വികരോടൊപ്പം ധാരാള കണക്കിന് ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥരും അന്നീ മണ്ണില്‍ കൊല്ലപ്പെട്ടിരുന്നു. മലപ്പുറം കുന്നുമ്മലിൽ സിഎസ്‌ഐ പള്ളിക്കു പിന്നിൽ കാടുമൂടിക്കിടക്കുന്ന ഒരു പഴയ സെമിത്തേരിയുണ്ട്. കാട്ടുവള്ളികൾ താഴ്ന്നുനിൽക്കുന്ന മരച്ചാർത്തുകൾക്കിടയിലുള്ളൊരു മൺപാതയിലൂടെ ഒരിക്കല്‍ ഞാനങ്ങോട്ടേക്കൊരു യാത്ര നടത്തിയതോർക്കുന്നു. ഉദ്ദേശം മറ്റൊന്നുമല്ല... എന്റെ പൂര്‍വ്വികരുടെ കടക്കല്‍ കത്തിവെച്ച ആ നിഷ്ഠൂരരുടെ അന്ത്യയുറക്കം കണ്ട ആ ആകാശ കീറൊന്ന് കാണാൻ. അവരുടെ അന്ത്യകര്‍മ്മങ്ങള്‍ക്ക് സാക്ഷിയായ മരച്ചാർത്തുക്കളിലൊന്ന് തലോടാൻ.
എന്നാൽ, അനാസ്ഥയുടെ പച്ചില കാടുകളാ കുരിശുകളെ മറച്ചു തുടങ്ങിയിരുന്നു. സമീപത്തെ വൻമരങ്ങൾ ശവക്കല്ലറകളെ മണ്ണില്‍ നിന്നും പിഴുത് പുറത്ത് കളയാന്‍ വെമ്പല്‍ കൊള്ളുന്നുണ്ടായിരുന്നു. മലബാർ സമരത്തിനിടയിൽ 1921 ഓഗസ്റ്റ് 26ന് പൂക്കോട്ടൂരിൽ വെച്ച് മാപ്പിളപോരാളികളുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മലപ്പുറം അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടിന്റേയും അതേ വര്‍ഷം സെപ്തംബർ 23ന് പാണ്ടിക്കാട്ടെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ചില ബ്രിട്ടീഷ് പട്ടാളക്കാരുടെ ഉള്‍പ്പെടെ നിരവധി കല്ലറകളായിരുന്നു അവിടെ ഉണ്ടായിരുന്നത്. പലതും നശിച്ചുപോയികൊണ്ടിരിക്കുന്നു. പേരും തിയ്യതിയും സംഭവങ്ങളും കൊത്തിവെച്ച മാർബിൾ കല്ലുകൾ മറഞ്ഞു പോയിരിക്കുന്നു. എന്നാൽ, അത്ര പെട്ടെന്നൊന്നും മറവിയെന്ന മഹാവിസ്തൃതിയിലേക്ക് മറിച്ചിടേണ്ടവയല്ല ആ കല്ലറകൾ എന്നുള്ളതാണ് സത്യം.
എന്നാൽ, ഞാന്‍ പറഞ്ഞ് വരുന്നത് മറ്റൊരു കാര്യമാണ്...
അന്നാ കല്ലറകൾക്ക് സമീപം കത്തി തീര്‍ന്ന അനേകം മെഴുക് തിരകൾ ഞാൻ കണ്ടിരുന്നു. വാടി തളര്‍ന്ന പൂക്കുടകളും! ഒരുപക്ഷെ, ഇന്നും ആ കല്ലറകളെ ആരായിരിക്കും ഇത്രകണ്ട് സ്മരിച്ചു വരുന്നത്. അതിനായി അനേകം ഇളുകളീ വഴി ഇന്നും വരുന്നുണ്ടായിരിക്കാം. ബ്രിട്ടനിൽ നിന്നുൾപ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും ഏറെ ദൂരം താണ്ടി വന്ന് തങ്ങളുടെ പൂര്‍വ്വികരുടെ കല്ലറയിലൊരു മെഴുക് തിരി കൊളുത്തിയവർ മടങ്ങുന്നു. എന്തൊരത്ഭുദമാണത്. അനേകം വർഷങ്ങൾക്ക് മുമ്പത്തെ ചരിത്രത്തിന്റെ ഭാഗമായവരുടെ അടുക്കലേക്ക് കിലോമീറ്ററുകൾ താണ്ടി വരുന്ന കുറേ മനുഷ്യര്‍. അവരിവിടേക്ക് കയറിവരുമ്പോൾ പാതക്കിരുവശത്തും കണ്ട മലപ്പുറത്തിന്റെ പുതുതലമുറയെ കുറിച്ചവർ എന്തായിരിക്കാം ചിന്തിച്ചിട്ടുണ്ടായിരിക്കുക. തങ്ങളുടെ പൂര്‍വ്വികരെ നിഷ്ഠൂരമായി വധിച്ചു കളഞ്ഞ ഹൃദയ ശൂന്യരായ മനുഷ്യരുടെ പുതിയ തലമുറ എന്നോ? അതോ, സ്വതന്ത്ര ദാഹത്താൽ സ്വന്തം ശരീരം നോക്കാതെ സമരതീജ്വാലയിലേക്കെടുത്ത് ചാടിയ കുറേ നിസ്വാര്‍ത്ഥ മനുഷ്യരുടെ മക്കളെന്നോ...
അറിയില്ല...

No comments:
Post a Comment