ഞാനൊരു ഖബറിനെ കുറിച്ച് പറയാം. ഖബറെന്ന് പറഞ്ഞാൽ നിഗൂഢ സുന്ദരമായൊരു വലിയ പറമ്പിന്റെ ഒത്ത മധ്യത്തിൽ ആകാശം മുട്ടെ ഉയർന്ന് നില്ക്കുന്ന വലിയ മരങ്ങൾക്കിടയിൽ പൊട്ടി തകർന്ന് കിടക്കുന്ന കുറേ പുരാതന കല്ലറകൾ... ഒന്നോ രണ്ടോ... അതിൽ കൂടുതലോ ഉണ്ടാകാമത്. മരങ്ങളുടെ ചില്ലകള്‍ തീര്‍ത്ത മറവിൽ പകല്‍ പോലുമവിടെ ചെറിയ ഇരുട്ട് പരന്നിരുന്നു. വള്ളിച്ചെടികളും കാട്ടുമരങ്ങളും തുടങ്ങി പേരറിയുന്നതും അറിയാത്തതുമായ ചെടികള്‍ വിരിച്ച പരവതാനിയാ മണ്ണിനെ മറച്ചിരുന്നു. അവയുടെ മൊരടിൽ നിറയെ പാമ്പുകൾ വസിക്കുന്നുണ്ടായിരിക്കാം... ദൈവാധീനം കൊണ്ട് അന്ന് ഞാനതിലെ ഒന്നിനെ പോലും കണ്ടിരുന്നില്ല. ഭാഗ്യം... കണ്ടിരുന്നെങ്കിൽ ഒരുപക്ഷേ, ഈ കൊച്ചു വൈകുന്നേരത്തൊരു ഗ്ലാസ്സ് ചായയും മൊത്തിക്കുടിച്ചിങ്ങനെ ഗമയിലിരുന്ന് എഴുതാൻ എനിക്ക് കഴിയുമായിരുന്നോ.
അറിയില്ല... ദൈവം രക്ഷാ...
പറമ്പിന്റെയൊരു മൂലയിൽ ആളൊഴിഞ്ഞൊരു പുരാതന ഗൃഹവുമുണ്ടായിരുന്നു. കരിങ്കല്ലുകളടുക്കി പെറുക്കി വെച്ചത് പോലെ തോന്നുന്ന ആ പരുക്കന്‍ വീടിന്റെ പിന്‍വശമാണ് പറമ്പില്‍ നിന്നും കാണാൻ കഴിയുന്നത്. അതിൽ വലിയ ഒറ്റക്കൽ മൂത്രപാത്തി പുറത്തേക്കുന്തി നില്‍ക്കുന്നത് കാണാം. കൂടാതെ, കവാടമാണോ വാതായനമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത മരചട്ടകൂടുകളും അതിൽ കൊത്തുപണികള്‍ നിറഞ്ഞ അടപ്പുകളും പ്രൗഢമായ കാഴ്ച്ച തന്നെ. കാലം പരിക്കേല്‍പ്പിച്ച ചെറിയ ചെറിയ വിളളലുകളുമായി ചരിത്രത്തിൽ നിന്നും ആധുനികതയിലേക്കാ ചുമരുകളൊളിഞ്ഞു നോക്കുകയാണ്. ഞാൻ പറഞ്ഞല്ലോ... പകല്‍പ്പോലും ഇരുട്ട് തൂങ്ങിയാടുന്ന പറമ്പ്. വരും തലമുറക്കായെന്നോണം കാരണവന്മാര് നട്ടുപിടിപ്പിച്ച് വെള്ളമൊഴിച്ച് വളര്‍ത്തിയ പടുമരങ്ങളുടെ നിഗൂഢ ഭാവം. അതും പേരെങ്കിൽ വീടിന്റെ അല്പ്പമകാലത്തായി സ്ഥിതിചെയ്യുന്ന ആ കല്ലറകൾ. എങ്ങനെയെന്നാവോ ആ കുടുംബം ഇത്രയും നാളീ വീട്ടില്‍ കഴിഞ്ഞു വന്നത്. നിലാവ് പെയ്തിറങ്ങുന രാത്രിയില്‍ ആ ജനൽ വഴി അവരീ പറമ്പിലേക്ക് നോക്കിയിരുന്നോ ആവോ...
ആ പുരാതന വീടിന്റെ സമീപത്ത് വലിയൊരു വീട് വെച്ച് താമസിച്ച് വന്നിരുന്ന എന്റെയൊരു സുഹൃത്ത് വഴിയാണ് ഞാനങ്ങോട്ട് തിരിക്കുന്നത്. നൂറ് വർഷത്തിൽ കൂടുതൽ പഴക്കം വരുന്ന ആ വീട്ടില്‍ നിന്നും ആയിടെയാണ് അവനും കുടുംബവും പുതിയ വീട്ടിലേക്ക് താമസം മാറ്റുന്നത്. ആ വകയില്‍ പുരാതനത്വം തുളുമ്പുന്ന അനേകം വസ്തുവഹകൾ അവരവിടെ ഉപേക്ഷിച്ചു പോന്നത്രെ... സ്വാഭാവികം... എനിക്കാ പുരാവസ്തുക്കളൊക്കെ ഒന്ന് കാണണം... പറ്റുമെങ്കില്‍ അവനോട് ചോദിച്ചത് സ്വന്തമാക്കണം... പിന്നെ, കുറേ ഫോട്ടോകളെടുക്കണം... ഇതൊക്കെയാണെന്റെ ആ യാത്ര ഉദ്ദേശങ്ങൾ.
വീടിന്റെ കാഴ്ച്ചകളിലേക്ക് കയറും മുമ്പ് പെട്ടന്നാണ് അവനെനിക്കാ ഖബറുകളെ ചൂണ്ടിക്കാണിച്ചു തന്നത്. അതിനാല്‍, അത് കണ്ടിട്ടാകാം തുടര്‍ന്നുള്ള സഞ്ചാരമെന്ന് നിശ്ചയിച്ച് ഞങ്ങളങ്ങോട്ട് നടന്നു. ഞാന്‍ പറഞ്ഞല്ലോ പറമ്പ് മുഴുവന്‍ പച്ചിലക്കാട് പുതച്ചിരിക്കുകയാണ്. കൂടാതെ, മുൾപടർപ്പുകൾ, പൊട്ടിവീണ മരചില്ലകള്‍, ജൈവ മാലിന്യങ്ങള്‍ തുടങ്ങി അലക്ഷ്യമായി ഉപേക്ഷിച്ച കുപ്പിച്ചില്ലുകള്‍ വരെ അക്കൂട്ടത്തിലുണ്ട്... അതുകൊണ്ട് തന്നെ, വളരെ ശ്രമപ്പെട്ടാണ് ഞങ്ങളതിലൂടെ നടക്കുന്നത്. ഓരോ കാലും മുന്നോട്ട് വെച്ച് പ്രതീക്ഷയോടെ ഞങ്ങൾ തറയെ തിരയുമ്പോൾ... കാൽപാതങ്ങളെ ആഞ്ഞു കൊത്താനായി കുതിച്ചുയരുന്നൊരു പാമ്പിനെ ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. ആ കടിയെങ്ങാൻ കാലില്‍ വീണാല്‍ മരണം സുനിശ്ചിതം. അതിനാല്‍, ഭയത്തിന്റെ പുതപ്പു പുതച്ചാണ് പറമ്പിന്റെ ഒത്തമധ്യത്തിലേക്ക് ഞങ്ങൾ നടന്നടുക്കുന്നത്.
ഒടുവില്‍ ഞങ്ങൾ ലക്ഷ്യസ്ഥാനത്തെത്തി ചേര്‍ന്നു. പച്ചവര്‍ണ്ണത്തിലുള്ള വിശാലമായ നിലം കാണുമ്പോള്‍ ഭീകര രൂപികളായ വിഷപാമ്പുകളുടെ ചിത്രങ്ങൾ വീണ്ടും മനസ്സിലേക്ക് കടന്ന് വരുന്നു. അവിടെ ഒരാൾ പോക്കത്തിലുയർന്ന് നില്ക്കുന്ന ചെങ്ങണ തൈകളുടെ മറവില്‍ വേരുകൾ പടർന്നു കയറിയൊരു ചെറിയ തറകാണാം. അതിന്റെ ഇരുവശത്തും പിഴുത് മറിയാൻ നില്ക്കുന്ന മീസാൻ കല്ലുകളുടെ ചിത്രം അതൊരു ഖബറാണെന്ന സൂചന നല്കുന്നു. മീസാൻ കല്ലുകൾ കരിങ്കൽ നിര്‍മ്മിതമാണ്. പുരാതനത്വത്തിന്റെ അടയാളം. കാലപ്പഴക്കത്തിന്റെ കയ്യൊപ്പ് പോലെ തറയിലെ കല്ലുകൾ മിക്കതും അടര്‍ന്ന് പോയിട്ടുണ്ട്. ആരായിരിക്കാം ഇതിനുള്ളിൽ അന്ത്യവിശ്രമം കൊള്ളുന്നത്. ഞാനവനോട് ചോദിച്ചു.
"അറിയില്ല... തങ്ങളുടെ ഉപ്പമാർക്കും അറിയില്ല" അവന് പറഞ്ഞു.
ഒരുപക്ഷേ, അവന്റെ പിതാവിന്റെ പിതാക്കൾക്കറിയുമായിരിക്കാം... ആ മനുഷ്യരേത് സാഹചര്യത്തിലാണിവിടെ മറമാടപ്പെട്ടതെന്ന്. മുസ്ലീം വിശ്വസ പ്രകാരമനുസരിച്ച് പ്രാർത്ഥന നിർഭരമായി അനുഗമിച്ച് നീങ്ങുന്ന അനേകം മനുഷ്യരുടെ കൂടെ പള്ളിയില്‍ കൊണ്ടുപോയാണ് പരേതരെ മറവ് ചെയ്യാറ്. എന്നാൽ, ഇവിടെ അങ്ങനെയല്ല സംഭവിച്ചിരിക്കുന്നത്. എന്തായിരിക്കാമതിന്റെ കാരണം. അനേകം ചോദ്യങ്ങൾ ബാക്കി വെച്ചാ ഖബറുകൾ ഞങ്ങളെ ദയനീയമായി നോക്കുന്നത് പോലെ തോന്നുന്നു. എന്തായാലും, പുറം ലോകമറിയാതെ അനേകം കാലങ്ങള്‍ക്കിപ്പുറം ഇന്നുമതവിടെ നിലനിന്ന് വരുന്നത് അത്ഭുദപ്പെടുത്തുന്ന കാര്യം തന്നെയാണന്ന് പറയാതിരിക്കാന്‍ കഴിയില്ല. ആരാണന്നറിയാത്ത, എപ്പോള്‍, എങ്ങനെ മരിച്ചെന്നറിയാത്ത കുറേ ആത്മാക്കള്‍. ഒരുപക്ഷേ, അവരുടെ തലമുറ ഞങ്ങള്ക്കിടയിലീ നാട്ടില്‍ ജീവിച്ച് വരുന്നുണ്ടായിരിക്കാം... രക്തം പകുത്ത് നല്കിയ അവരുടെ മക്കള്‍. ആ തലമുറക്കെങ്കിലും ഇക്കാര്യമറിയാതിരിക്കുമോ ആവോ... ഓ, ആർക്കെന്തറിയാൻ. ജീവിക്കുന്നവരുടെ കാര്യങ്ങൾ പോലും തിരക്കാൻ സമയമില്ലാത്തവർക്കെന്ത് മരിച്ച് മണ്ണടിഞ്ഞവരുടെ കാര്യം.
അനന്ദമജ്ഞാതമയം...
"വിശ്വാസി സമൂഹമേ... നിങ്ങളുടെ മേല്‍ അല്ലാഹുവിന്റെ രക്ഷയുണ്ടാകട്ടെ. നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന ഒരു കാര്യം നിങ്ങള്‍ക്കിതാ വന്നെത്തിയിരിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ പ്രതിഫലം ലഭിക്കാന്‍ നാളേക്ക് അവധി വെക്കപ്പെട്ടവരാണ്. സര്‍വ്വശക്തനായ ദൈവം വിചാരിച്ചാൽ ഞങ്ങളും നിങ്ങളോടൊപ്പം വന്നു ചേരുന്നവരാണ്. അല്ലാഹുവേ... ഈ ഖബറാളികള്‍ക്ക് നീ പൊറുത്തുകൊടുക്കണേ"
ഞങ്ങളാ ഖബറാളികൾക്ക് വേണ്ടി നിശബ്ദമായി പ്രാര്‍ത്ഥിച്ച് അവിടെ നിന്നും മടങ്ങി.
ഞാനിപ്പോൾ ചിന്തിക്കുന്നത് കല്ലറകളെ കുറിച്ചാണ്. ലോകത്താകമാനം പരന്ന് കിടക്കുന്ന ലക്ഷോപലക്ഷം കല്ലറകളെ കുറിച്ച്. എത്ര എത്ര കല്ലറകളാണീ ഭൂമി ചുമലിലേറ്റി നില്‍ക്കുന്നത്. ലോകം തുടക്കം കുറിച്ചത് മുതലുള്ള മനുഷ്യരതിൽ അന്ത്യവിശ്രമം കൊള്ളുന്നു. ചിലർ ആളികത്തുന്ന തീയിൽ ലയിച്ചൊരുപിടി ചാരമായിമാറിയിരിക്കുന്നു. ചിലര്‍ ആകാശ നീലിമയിലേക്ക് ചിറകടിച്ചു പറക്കുന്ന കഴുകൻമാർക്ക് ഭക്ഷണമായി മാറിയിരിക്കുന്നു. എന്നാലും, എല്ലാവരും അന്തിമമായി മണ്ണിലേക്ക് തന്നെയാണ് ലയിക്കുന്നത്. രാജാവും, ചക്രവര്‍ത്തിയും, പടയാളികളും, പൗരപ്രമുഖരും, ഹിസ് ഹൈനസ്സുമാരും തുടങ്ങി യാചകരും, പീഡിതരും, അഭയാർത്ഥികളും വരെ ഒരേയൊരു സപ്രമഞ്ചത്തിലേക്ക്. കൃമികളും, കീടങ്ങളും, പുഴുക്കളും, ഒഴുകിയിറങ്ങുന്ന ചെളി വെള്ളവും, കെട്ടിക്കിടക്കുന്ന മലിന ജലവും ചിത്രം വരക്കുന്ന വെറും മണ്ണെന്ന മഹാമറവിയിലേക്ക്.
നോക്കൂ... ഈ ജീവിതമെത്ര നിസ്സാരമല്ലേ.
ഒരിക്കല്‍, എന്റെയൊരു സുഹൃത്തിനോട് ഞാനൊരു സഹായം ആവശ്യപ്പെട്ടതോർക്കുന്നു. ചില അത്യാവശ്യങ്ങൾക്കായി ചില്ലറ പണ സഹായമായിരുന്നു അത്. കൂടെ അവനോട് ഞാൻ ചോദിച്ചു... താങ്കള്‍ക്കത് പ്രയാസകരമോ മറ്റോ ആവുമോ എന്ന്.
അതുകേട്ട് പുഞ്ചിരിച്ചുകൊണ്ടവനെന്നോട് പറഞ്ഞു...
"നവീന്‍... നാളെ ഒരേ പറമ്പില്‍ ഒരേ മരത്തണലിൽ കിടന്നുറങ്ങേണ്ടവരല്ലേ നമ്മൾ"
അതേ, പള്ളിപ്പറമ്പിലെ വിശാലമായ പറങ്കി മരത്തിനു ചുവട്ടില്‍... ഭൂമിയിലേക്കാഴ്ന്നിറങ്ങിയ അതിന്റെ വേരുകള്‍ക്കിടയിൽ അനേകം മനുഷ്യര്‍ തങ്ങളുടെ വിചാരണക്കായി കാത്തു കെട്ടി കിടക്കുന്നുണ്ടാകാം. അവരവിടെ പരസ്പരം സംവദിക്കുന്നുണ്ടായിരിക്കുമോ. തങ്ങൾ നടന്ന് നീങ്ങിയ വൈതരണിയെ കുറിച്ച്... അനുഭവ വിസ്മയങ്ങളെ കുറിച്ച്. അറിയില്ല... ആർക്കറിയാൻ. ഭൂമിക്ക് മുകളിലൂടെ നടന്നു നീങ്ങിയിരുന്ന ആ തലമുറകൾ മുഴക്കെയും ആ ഭൂമിയുടെ ഉള്ളറയിലല്ലെ ഇപ്പോഴും താമസിച്ചു വരുന്നത്. എല്ലാവരും അവിടേക്കെത്തിച്ചേരേണ്ടവർ തന്നെ. അലക്സാണ്ടർ ദ ഗ്രേറ്റ് മരിച്ചിരിക്കുന്നു... അതിശക്തമായ സാമ്രാജ്യങ്ങളെ നയിച്ചിരുന്ന മഹാമഹാ ചക്രവര്‍ത്തിമാരും ലോക യുദ്ധങ്ങളെ വീറോടെ നയിച്ച പട്ടാള ജെനറല്‍മാരും മരിച്ച് മണ്ണോട് ചേര്‍ന്നിരിക്കുന്നു. ഒരു വലിയ കല്ലറയുടെ ഭാരം പേറി നില്ക്കുന്ന ആത്മാക്കള്‍. എന്നിട്ടും ഈ ലോകത്തിനെന്തെങ്കിലും സംഭവിച്ചോ... ലോകത്തൊരു മാറ്റവും കണ്ടില്ല... ആര് മരിച്ചാലും ലോകം പഴേപടി തന്നെ നീങ്ങുന്നു.
ഇന്നും എന്റെയൊരു സുഹൃത്ത് മരണപ്പെട്ടിരിക്കുന്നു. ഇന്നലെ ഈ സമയം... തന്റെ അസുഖം ഭേദമായതിലുള്ള സന്തോഷം തന്റെ സുഹൃത്തുക്കളുമായി പങ്കുവെച്ച് ഉറങ്ങാൻ കിടന്നവനായിരുന്നു അവന്. അവരോടെല്ലാവരോടും തന്റെ കാര്യങ്ങളെല്ലാം സമാധാനമായിരിക്കുന്നെന്ന് പറഞ്ഞ് ദൈവത്തെ സ്തുതിച്ചവൻ. ജീവിതത്തിലേക്ക് പതിയെ തിരിച്ച് വരുമെന്ന് തോന്നിയ ഒരു നിമിഷത്തില്‍ പെട്ടന്നാണവനെ മരണം മാടി വിളിച്ചത്. ഇന്നവനെവിടെയാണ്...
ഞാൻ പറഞ്ഞില്ലേ... ഈ ജീവിതമെത്ര നിസ്സാരമല്ലേ...



Mashallah
ReplyDelete