ഇന്നെന്റെ ജന്മ ദിനമാണ്. കാലത്തിന്റെ കുത്തൊഴുക്കിനിടയിലെ ഏതോ ഒരു മുഹൂര്‍ത്തത്തിൽ ഞാനീ മണ്ണിലേക്ക് പിറന്നു വീണിട്ടിന്നേക്ക് 33 വർഷങ്ങളായി. നീണ്ട 32 വർഷങ്ങൾ അന്തവും കുന്തവുമില്ലാതെ എന്നെ കടന്ന് പോയിരിക്കുന്നു എന്ന് ചുരുക്കം. സുദീര്‍ഘമായ സമയങ്ങളുടെ ഉടമസ്ഥനായ സർവ്വേശ്വരന്റെ ഖജനാവിൽ നിന്ന് ഇനിയുമൊരൽപ്പം കൂടി സമയമനുവദിച്ചാൽ കുറച്ച് കൂടി കളറായി ജീവിച്ചു കളയാമെന്ന് മറ്റാരേയും പോലെ ഞാനും ആഗ്രഹിച്ചു പോകുന്നു എന്ന് മാത്രം.
ഇന്നേ ദിവസം ഞാന്‍ ചിന്തിച്ചു വരുന്നത് 1989നെ കുറിച്ചാണ്. എന്താണ് ഭൂമിയുടെ സൗരപ്രദക്ഷിണകാലത്തിൽ ആ വര്‍ഷത്തിന്റെ പ്രത്യേകത. മറ്റു പല വർഷങ്ങളേയും പോലെ വെറുമൊരു വര്‍ഷം മാത്രമായി കാലത്തിന്റെ കണക്ക് പുസ്തകത്തിൽ രേഖപ്പെടുത്തി വെച്ചിരിക്കുന്നൊരു പരമ നിസ്സാരനാണോ ഈ 1989. അതോ... ഫ്രഞ്ച് വിപ്ലവം നടന്ന 1789നെപ്പോലെയോ, റഷ്യയിലെ കമ്യൂണിസ്റ്റ് വിപ്ലവം നടന്ന 1917നപ്പോലെയോ, മലബാര്‍ സമരമോ ഇന്ത്യന്‍ സ്വാതന്ത്ര്യസമരമോ നടന്ന 1921, 1947നെപ്പോലെയോ ഉള്ളൊരു ഘനഗംഭീരം വര്‍ഷമെങ്ങാനുമാണോ ഇത്... അറിയില്ല. എന്നിരുന്നാലും, ചരിത്ര പുസ്തകങ്ങളിൽ 1989 എന്ന വര്‍ഷമെന്നെ വല്ലാതെ ആകര്‍ഷിക്കാറുണ്ട്. വായനക്കിടയിൽ എപ്പോഴെങ്കിലും അതെന്റെ ശ്രദ്ധയിൽ പെട്ടാൽ എന്റെ സകല ശ്രദ്ധയുമൂന്നി ഞാനതിലേക്ക് മിഴിച്ച് നോക്കും. എന്റെ ജനനത്തോടെ ഈ പ്രപഞ്ചത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ചോര്‍ത്ത് ഞാനഭിമാനിക്കും.
ഹമ്പട ഞാനേയ്...
ചരിത്രത്തിൽ 1989നെ രേഖപ്പെടുത്തി വെച്ചിരിക്കുന്നത് 'year of the fall of communism' എന്ന പേരിലാണ്. അലയടിച്ചുയർന്ന ജനാതിപത്യ തിരമാലകൾക്കിടയിൽ പെട്ട് തകർന്നടിഞ്ഞ ഒരുപറ്റം കമ്മ്യുണിസ്റ്റ് രാജ്യങ്ങളുടെ ദീനരോദനമുയർന്ന് കേട്ടുയർന്ന വര്‍ഷം. 'രാഷ്ട്രങ്ങളുടെ വസന്ത കാലം' എന്ന് 1989നെ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തി വെച്ചിരിക്കുന്നത് ആ രാഷ്ട്രങ്ങള്‍ കടന്ന് വന്ന തീക്ഷ്ണമായ അനുഭവങ്ങളിൽ നിന്നാണെന്നുറപ്പാണ്. അതിൽ പ്രധാനപ്പെട്ടതാണ് ലോക വിപ്ലവ തലസ്ഥാനമായി വാഴ്ത്തപ്പെട്ടിരുന്ന സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും, അതോടുകൂടി ഉണ്ടായ ശീത യുദ്ധത്തിന്റെ പരിസമാപ്തിയും, കമ്മ്യുണിസ്റ്റ് ഏകാധിപത്യം വാണിരുന്ന കംബോഡിയ, പോളണ്ട്, ഹംഗറി, ബൾഗൂറിയ, ചെക്കോസ്ലോവാക്യ, റൊമാനിയ, ജര്‍മന്‍ തുടങ്ങിയ രാഷ്ട്രങ്ങളിൽ സംഭവിച്ച ജനാതിപത്യ മുന്നേറ്റങ്ങളും മറ്റും.
അക്കാലഘട്ടം വരെ മേല്‍ രാജ്യങ്ങളിലുണ്ടായിരുന്ന 'ഒരൊറ്റ വര്‍ണ്ണം ഒരൊറ്റ ആശയം' എന്ന മനുഷ്യ വിരുദ്ധ തത്വത്തിനാണ് വൈവിധ്യങ്ങളുടെ നിറങ്ങൾ കൊണ്ട് ജനാതിപത്യവാദികൾ പ്രതിരോധം തീര്‍ത്തതെന്ന് ചുരുക്കം. അപ്പോഴേക്കും ലക്ഷകണക്കിന് മനുഷ്യർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. അവരുടെ മരിക്കാത്ത ഓര്‍മ്മയുടെ മാറില്‍ വിതറിയ ഒരുകൂട്ടം ചുവപ്പ് ചാരങ്ങൾക്ക് മുകളില്‍ ശാന്തമായ ഈ ഭൂമിയിലേക്ക് 1989 അവസാനത്തോടെയാണ് ഈ ഞാൻ പിറന്നു വീഴുന്നത്... 1989 നവംബർ മാസം 17ന് ഉച്ചക്ക് ഏതാണ്ടൊരു ഒരു മണി ആകുമ്പോള്‍...

No comments:
Post a Comment