നെയ്യപ്പം എനിക്കൊരു സുന്ദര ഓര്‍മ്മയാകുന്നു. അത് കാണുമ്പോഴൊക്കെയും ചില മനോഹര മുഹൂര്ത്തങ്ങളെന്റെ മനസ്സിലേക്കോടി വരാറുണ്ട്.
കാലങ്ങൾക്ക് മുന്നേയാണ്. ഇരുപതോ ഇരുപത്തഞ്ചോ വർഷങ്ങൾക്ക് മുമ്പ്. അന്ന്, പുഞ്ചിരിക്കുമ്പോൾ മേല്‍ മോണയിൽ നിന്നും കീഴ് നിരയിലേക്ക് പല്ലുകളെ അടര്‍ത്തി കാണിച്ച് കയ്യടി വാങ്ങി വന്നിരുന്ന ഒരു ഉപ്പാപ്പ ഞങ്ങൾക്കുണ്ടായിരുന്നു. ഇതെങ്ങനെ സാധ്യമാകുമെന്നാലോചിച്ച് അത്ഭുദപരതന്ത്രരായി അങ്ങനെ നോക്കി നില്ക്കുന്ന ഞങ്ങളെ നോക്കി അദ്ദേഹമപ്പോൾ ഉറക്കെ ഉറക്കെ ചിരിക്കും. വീണ്ടും ആ പല്ലുകള്‍ മോണയിൽ നിന്നടരും. നാക്കുകൊണ്ടതിനെ വീണ്ടും മുകളിലേക്കുയർത്തി വെക്കും. ഞങ്ങൾ വാ പൊളിച്ച് കൌതുകത്തോടെ ആ 'മഹാത്ഭുദ പ്രക്രിയ' നോക്കി നിൽക്കുന്നത് തുടരും. പിന്നീട്, കാലങ്ങള്‍ അനവധി കഴിഞ്ഞാണ് അതൊരു വെപ്പ് പല്ല് സെറ്റായിരുന്നെന്ന് തിരിച്ചറിവ് ഞങ്ങൾക്കുണ്ടാകുന്നത്.
അക്കാലത്താണ് ഒരിക്കല്‍ ആ വീട്ടിലേക്ക് യാദൃശ്ചികമായി ചെല്ലാൻ എനിക്കൊരു അവസരം ലഭിക്കുന്നത്. എപ്പോഴും ഒരു ഉത്സവമട്ടാണവിടെ. ഒരു വലിയ വീട്, വളരെ വിസ്താരമേറിയ പൂമുഖം. ധാരാളകണക്കിന് കുട്ടികൾ. അവരുടെ കളികൾ, ചിരികള്‍. അട്ടഹാസങ്ങൾ.
അടുക്കള സജീവമായിരുന്നു. ചട്ടിയിൽ കുറേ നെയ്യപ്പങ്ങൾ കിടന്ന് മുരിയുന്നു. പാകമായവ ഒരു വലിയ തട്ടിൽ കൂനെ കൂട്ടി വെച്ചിരിക്കുന്നു. ഞാനതിൽ നിന്നൊന്നെടുത്ത് കഴിച്ചു. അതീവ രുചികരം. പൊതുവെ ഏതെങ്കിലും വിശേഷാവസരങ്ങളിലാണ് നെയ്യപ്പം പോലുള്ള മധുര പലഹാരങ്ങള്‍ പാകം ചെയ്യാറ് എന്ന ചിന്ത "എന്താണ് ഇന്നിവിടുത്തെ വിശേഷം" എന്ന ചോദ്യത്തിലേക്കെന്നെ നയിച്ചു.
സംഗതി ഒരു അതിമനോഹരമായ കാര്യമാണ്. മേല്‍ ഉപ്പാപ്പ തന്റെ ഖുറാന് ഖത്തം ഒരുതവണ പൂര്‍ത്തീകരിക്കുമ്പോൾ അതിന്റെ സന്തോഷം പങ്കുവെക്കാനായി എല്ലാവർക്കും മധുരം വിളമ്പാന്‍ അവശ്യപ്പെടുമത്രെ. അതുപ്രകാരം മരുമക്കൾ ഉത്സാഹത്തോടെ അത് നിര്‍വ്വഹിച്ചു വരുന്നതാണ് സംഗതി. ഒരുപക്ഷേ, പ്രവാചകചര്യകളിലോ ദൈവകല്പ്പനകളിലോ ഇങ്ങനെ ഒരു കാര്യത്തെ കുറിച്ച് സൂചനയുണ്ടോ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. പക്ഷേ, വല്ലാത്തൊരു ഹൃദ്യത ആ നെയ്യപ്പത്തിനുണ്ടന്ന് പറയാതിരിക്കാന്‍ കഴിയില്ല... നെയ്യപ്പ കുമിളകളിലൊളിപ്പിച്ച വലിയ കുറെ പാഠങ്ങൾ. ഒരു സുന്ദര മഹാകാവ്യം.
ഇന്നദ്ദേഹം ഖബറിലാണ്. അല്ലാഹുവിന്റെ അടുക്കൽ. എങ്കിലും, ഖുർആൻ കാണുമ്പോഴൊക്കെയും ഞാനദ്ദേഹത്തെ ഓര്‍ക്കാറുണ്ട്... ആ നെയ്യപ്പത്തെ കുറിച്ച് ചിന്തിക്കാറുണ്ട്. പടച്ച തമ്പുരാൻ അവിടുത്തെ മരണാനന്തര ജീവിതം സുഖത്തിലാക്കി നല്കട്ടെ...

സുന്ദരമായ എഴുത്ത്...തുടരൂ..
ReplyDeletethanks lot
Delete